ഗുരുവിനെപ്പോലെ ആകുക

യഹൂദ പശ്ചാത്തലത്തിൽ യേശുക്രിസ്തുവിന്റെ ശിഷ്യൻ ആകുക എന്നത് എന്താണ് എന്നു മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ ഹൃസ്വ പഠനം.  

യഹൂദ യുവാക്കളിൽ വളരെ കുറച്ചു പേർ മാത്രമേ ഒരു റബ്ബിയുടെ കീഴിൽ പഠിച്ച് അദ്ദേഹത്തിന്റെ പിൻഗാമിയാകുവാൻ ആഗ്രഹിക്കാറുള്ളൂ. വീട് വിട്ടു ഗുരുവിന്റെ കൂടെ, വളരെയധികം ദൂരം, ചിലപ്പോൾ ഒരു ദിവസം വളരെയധികം സമയം, യാത്ര ചെയ്യുക എന്നത് അധികം പേരും ഇഷ്ടപ്പെട്ടില്ല. ഒരു യഹൂദ റബ്ബയിയെ അനുഗമിക്കുന്ന ശിഷ്യൻ, കുറെ നാളത്തേക്ക് എങ്കിലും വീടും, മാതാപിതാക്കളേയും, സഹോദരങ്ങളെയും, ഭാര്യയെയും, കുട്ടികളെയും വിട്ടു ദൂരെ ദേശങ്ങളിലേക്ക് പോകേണം. യാത്ര പലപ്പോഴും ദുഷകരം ആയിരിക്കും. കാലാവസ്ഥ പ്രതികൂലം ആയേക്കാം. അതിനാൽ എല്ലാ സുഖസൌകര്യങ്ങളും ഉപേക്ഷിക്കാതെ ആർക്കും ഒരു ഗുരുവിന്റെ ശിഷ്യൻ ആകുവാൻ സാദ്ധ്യമല്ല. അതിന് സമ്പൂർണ്ണമായ സമർപ്പണം ആവശ്യമാണ്.

ഒരു റബ്ബയിയുടെ കൂടെ സഞ്ചരിച്ചും താമസിച്ചും പഠിക്കുന്നവരെ എബ്രായ ഭാഷയിൽ “താൽമിഡ്” എന്നാണ് വിളിക്കുന്നത് (talmidsingular, talmidimplural). ശിഷ്യൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

താൽമിഡ് ഇന്നത്തെ വിദ്യാർത്ഥികളിൽ നിന്നും വിഭിന്നർ ആയിരുന്നു. അവർ ഗുരുവിനെപ്പോലെ ആകുവാൻ ആഗ്രഹിച്ചു, ഗുരുവിനെ എല്ലാ കാര്യത്തിലും അനുകരിക്കുന്നവർ ആയിരുന്നു. ഗുരു ആരായിരിക്കുന്നുവോ, എന്തായിരിക്കുന്നുവോ, അത് തന്നെ ആയി തീരുവാനാണ് ഒരു യഹൂദ റബ്ബയിയുടെ ശിഷ്യൻ ആഗ്രഹിച്ചത്. അതിനാൽ ഒരു ഗുരു പറയുന്ന എല്ലാ കാര്യങ്ങലും, ചെയുന്ന എല്ലാ പ്രവർത്തികളും ശിഷ്യൻ സൂക്ഷമായി ശ്രദ്ധിച്ചു പഠിക്കും.

ഒരു യഹൂദ റബ്ബിയും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ദൃഡം ആയിരുന്നു. ഗുരു എങ്ങനെ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നുവോ, അതുപോലെ തന്നെ അദ്ദേഹം ജീവിക്കും. ഗുരുവിന്റെ പഠിപ്പിക്കലും ജീവിതവും ഒരു കാര്യത്തിലും വ്യത്യസ്തമാകുകയില്ല. ശിഷ്യന്മാർ അതെല്ലാം കേട്ടു പഠിക്കുകയും, ഗുരുവിനെപ്പോലെ ജീവിക്കുകയും ചെയ്യും. ഗുരുവിനെ ശ്രദ്ധയിടെ അനുകരിക്കുന്ന ശിഷ്യൻ, പഠനകാലത്തിന്റെ അവസാനത്തിൽ, എല്ലാ കാര്യങ്ങളിലും ഗുരുവിനെപ്പോലെ ആയിത്തീരും. അങ്ങനെ ഗുരുവും ശിഷ്യനും വേർതിരിച്ചറിയുവാൻ കഴിയാത്തവർ ആയി മാറും.

ശിഷ്യന്റെ ആഗ്രഹം എല്ലാ കാര്യത്തിലും ഗുരുവിനെപ്പോലെ ആകുക എന്നതാണ്. ഗുരുവിനെപ്പോലെ ആകുക എന്നതിന്നാന് ഒന്നാമത്തെ പരിഗണന. അതാണ് അവന്റെ ഏക ലക്ഷ്യം. അതിനാൽ അവൻ പൂർണ്ണ സമയം ഗുരുവിനെപ്പോലെ ആകുവാൻ ഉപേക്ഷിക്കേണ്ടത് എല്ലാം ഉപേക്ഷിക്കുവാൻ ശിഷ്യൻ തയ്യാറാണ്.

തിരുവെഴുത്തുകളുടെ അർത്ഥവും വ്യഖ്യാനവും മാത്രമല്ല, അതെല്ലാം എങ്ങനെ നിത്യ ജീവിതത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരാം എന്നും ശിഷ്യൻ ഗുരുവിൽ നിന്നാണ് പഠിക്കുന്നത്. അവർ ഗുരുവിനെ ശ്രദ്ധയോടെ കേൾക്കും, അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കും, ഗുരുവിന്റെ ചോദ്യങ്ങൾക്ക് മറുപടി നല്കും.

ഗുരുവിന്റെ യാത്രകൾ എങ്ങോട്ട് ആണ് നിശ്ചയമില്ലാതെയാണ് അവർ അദ്ദേഹത്തെ അനുഗമിക്കുക. ഗുരു അവരെ ശരിയായ ഇടങ്ങളിലേക്ക് കൊണ്ടുപോകും എന്ന വിശ്വാസമാണ് അവർക്ക് ഉള്ളത്. ഏറ്റവും ശരിയായത് ഗുരു പഠിപ്പിക്കും. ഗുരുവിന്റെ പഠിപ്പിക്കലുകൾ അത് അവർക്കു എളുപ്പത്തിൽ ഗ്രഹിക്കുവാൻ സഹായിക്കുന്ന പശ്ചാത്തലത്തിൽ വച്ചായിരിക്കും. പ്രകൃതിയിൽ നിന്നും, പക്ഷി മൃഗാദികളുടെ ജീവിതത്തിൽ നിന്നും, ഉപമകളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ശിഷ്യന്മാരെ തിരിവെഴുത്തുകൾ പഠിപ്പിക്കും. പഠിപ്പിക്കുന്നത് അദ്ദേഹം ജീവിതത്തിൽ പാലിച്ച് മാതൃക ആകും.


യേശുവിന്റെ ശിഷ്യൻ

യേശുവിന്റെ ശിഷ്യൻ ആയിരിക്കുക എന്നത് ഒരു യഹൂദ താൽമിഡ് ആകുക എന്നതാണ്. യേശു ഭൌതീക ശുശ്രൂഷകൾ നിവാരത്തിച്ചത് ഒരു യഹൂദ റബ്ബി എന്ന നിലയിൽ ആണ്. ജനം യേശുവിനെ ഒരു റബ്ബി ആയി അംഗീകരിച്ചിരുന്നു.

ലൂക്കോസ് 7:40  ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.

ലൂക്കോസ് 10:25  അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

അവനും ശിഷ്യന്മാരും ഗലീലയിൽ നിന്നും യെരൂശലേമിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്നു. ഈ യാത്രാ മദ്ധ്യേ അവൻ ദൈവരാജ്യത്തിന്റെ ആത്മീയ മർമ്മങ്ങൾ ശിഷ്യന്മാരെ പഠിപ്പിച്ചു.

മത്തായി 6:26, 28

26 ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

28 ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.

ഇത് യേശുവിന്റെ യാത്രാമദ്ധ്യേ അവർ അപ്പോൾ കണ്ട കാഴ്ചകളാണ്. അതിനെ ഉദാഹരണമായി എടുത്തു യേശു ആത്മീയ മർമ്മങ്ങൾ പഠിപ്പിക്കുക ആണ്.

യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും ഗുരുവിനെപ്പോലെ ആയി തീരേണം എന്നു യേശുവും ശിഷ്യന്മാരും ആഗ്രഹിച്ചു. അതിനായി അവർ യേശു പറഞ്ഞത് എല്ലാം ശ്രദ്ധയോടെ കെട്ടും, യേശു ചെയ്തതെല്ലാം അനുകരിച്ചും പഠിച്ചു. അവർ യേശുവിനെ വിട്ടുമാറാതെ, അവനോടു കൂടെ നടന്നു ഉപദേശങ്ങളും ജീവിതവും പഠിച്ചു. അതെല്ലാം അവർ അവരുടെ ജീവിതത്തിൽ പ്രവർത്തികമാക്കി.

ഗുരുവിനെപ്പോലെയായി തീർന്നു എന്നു മനസ്സിലാക്കുന്നതാണ് ശിഷ്യന്റെ ഏറ്റവും വലിയ സന്തോഷം. അവൻ ചിലത് ഉപേക്ഷിച്ചതും, കഷ്ടതകൾ അനുഭവിച്ചതും, എല്ലാം ഗുരുവിനെപ്പോലെ ആകുവാനാണ്. ഈ സന്തോഷം നമുക്ക് ശിഷ്യന്മാരുടെ വാക്കുകളിൽ വായിക്കാം.

യഹൂദ റബ്ബിമാർ ചെയ്യുന്നതുപോലെ, ചില നാളുകളുടെ പഠനത്തിന് ശേഷം യേശുവും ശിഷ്യന്മാരെ സ്വതന്ത്രമായ പരിശീലനത്തിനായി സമീപത്തുള്ള പട്ടണങ്ങളിലേക്ക് അയച്ചു (ലൂക്കോസ് 9:1-6, ലൂക്കോസ് 10:1-3). ലൂക്കോസ് 9 ൽ “അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു” എന്നു നമ്മൾ വായിക്കുന്നു. ലൂക്കോസ് 10 ലും യേശു “വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു”. അവർ അവരുടെ ദൌത്യം നിർവ്വഹിച്ചു തിരികെ വന്നപ്പോൾ യേശുവിനോട് പറഞ്ഞതിങ്ങനെയാണ്:   

ലൂക്കോസ് 10:17 ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;   

ഗുരുവിന്റെ ശുശ്രൂഷയിൽ സംഭവിക്കുന്നത് അവരുടെ ശുശ്രൂഷയിലും സംഭവിക്കുന്നു എന്നതാണ് അവരുടെ സന്തോഷം. അവർ ഗുരുവിനെപ്പോലെ ആകുകയാണ്. യേശുവും തന്റെ ശിഷ്യന്മാർ അദ്ദേഹത്തെപ്പോലെ പ്രാപ്തർ ആയി എന്നതിൽ സന്തോഷിക്കുന്നു.

ലൂക്കോസ് 10:21 ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.

ഇതാണ് ഗുരുവിന്റെയും ശിഷ്യന്റേയും സന്തോഷം. ഗുരുവിന് പിൻഗാമികൾ ഉണ്ടായി. ഇനി ഗുരുവിന്റെ പഠിപ്പിക്കലും, ജീവിതവും, അവന്റെ മരണത്തോടെ അവസാനിക്കുകയില്ല. അത് ശിഷ്യന്മാരിലൂടെ, അതേ അളവിലും, ശക്തിയിലും തുടരും.

ഇതിന്റെ നല്ല ഒരു ഉദാഹാരണമാണ് പത്രൊസ് വെള്ളത്തിൻമീതെ നടക്കുവാൻ ശ്രമിച്ചത് (മത്തായി 14:25-31). വെള്ളത്തിന് മീതെ നടക്കുന്ന ഗുരുവിനെ അനുകരിക്കുവാൻ അവൻ ശ്രമിക്കുകയാണ്. ഗുരുവിനെപ്പോലെ ആകുക എന്നതാണ് അവന്റെ ഉദ്ദേശ്യം. ഗുരുവിനെപ്പോലെ ശിഷ്യൻ ആയെങ്കിലെ, ഗുരുവിന്റെ ഉപദേശങ്ങളും ജീവിതവും അവനിലൂടെ തുടരുക ഉള്ളൂ. പത്രോസിന്റെ ശ്രമം അത്രത്തോളം വിജയിച്ചില്ല എങ്കിലും പത്രൊസ് വെള്ളത്തിന്മീതെ അൽപ്പദൂരം നടന്നു. അവൻ പിന്നീട് വെള്ളത്തിൻ താഴ്ന്നു പോയതിന്റെ കാരണവും അവൻ മനസ്സിലാക്കി.

മത്തായി 14:28-31

30 എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

31   യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

പത്രൊസ് യേശുവിന്റെ ശക്തിയിലല്ല അൽപ്പവിശ്വാസി ആയിപ്പോയത്. യേശു വെള്ളത്തിന് മീതെ നടന്നാണ് അവരുടെ അടുക്കൽ വന്നത്. അവൻ അപ്പോഴും വെള്ളത്തിൻ മീതെ നിൽക്കുകയാണ്. അതിനാൽ യേശുവിന്റെ ശക്തി കുറഞ്ഞു പോയിട്ടില്ല. പത്രൊസ് സംശയിച്ചത് അവനിലുള്ള വിശ്വാസത്തെയും, ശക്തിയെയും, അധികാരത്തെയും ആണ്. അവൻ ഗുരുവിനെപ്പോലെയായി എന്നതിനെ ആണ് അവൻ സംശയിച്ചത്.

അതിനാൽ, ഗുരുവിനെപ്പോലെ ആകുവാൻ ആഗ്രഹിക്കുന്നവർ, ഗുരുവിനെപ്പോലെ ആകുവാൻ കഴിയും എന്നു വിശ്വസിക്കേണം.

ദൌത്യം എൽപ്പിക്കുന്നു

ഗുരുവിനോടോത്തുള്ള പഠിത്തവും പരിശീലനവും അവസാനിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരെ, സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അധികാരവും കൽപ്പനയും നല്കി അയക്കുന്നു. അവർക്ക് ഇനി സ്വതന്ത്രമായി പഠിപ്പിക്കാം, ശിഷ്യന്മാരെ തിരഞ്ഞെടുക്കാം, അവരെ പഠിപ്പിക്കാം, അവരെ ദൌത്യ നിർവഹണത്തിനായി നിയോഗിക്കാം. ഈ പ്രക്രിയ ശിഷ്യന്മാരിലൂടെ തലമുറ തലമുറയായി തുടർന്ന് പോകും.

ഒരു ശിഷ്യൻ ഗുരുവിനെപ്പോലെ എല്ലാ അർത്ഥത്തിലും ആയിത്തീർന്നു എന്നു ഗുരുവിന് വിശ്വാസം വരുമ്പോൾ മാത്രമേ സ്വതന്ത്രമായി പ്രവർത്തിക്കുവാനായി, ഗുരുവിന്റെ ദൌത്യം എൽപ്പിച്ച്, അവനെ നിയോഗിക്കുക ഉള്ളൂ. ഗുരു അദ്ദേഹത്തിന്റെ ദൌത്യവും നിയോഗവും തുടരുവാനാണ് ശിഷ്യനെ ഭരമേൽപ്പിക്കുന്നത്. ശിഷ്യൻ ആകട്ടെ, അവൻ ഗുരുവിനെപ്പോലെ ആയിതീർന്നതിനാൽ, മറ്റൊന്നും പഠിപ്പിക്കുവാനോ, പരിശീലിപ്പിക്കുവാനോ ഇല്ല. അതിനാൽ, എല്ലാ അർത്ഥത്തിലും, വിശദാംശങ്ങളിലും, ശിഷ്യൻ ഗുരുവിന്റെ ദൌത്യം അതേപോലെ നിവർത്തിക്കും. അങ്ങനെ ഈ ശിഷ്യനെ അനുകരിക്കുന്നവർ അവന്റെ ഗുരുവിനെ അനുകരിക്കുന്നവർ ആകും.

യേശുവും ഇതാണ് ചെയ്തത്. അവൻ സ്വർഗ്ഗാരോഹനം ചെയ്യുന്നതിന് മുമ്പ് ശിഷ്യന്മാരെ ശ്രേഷ്ഠമായ ഒരു ദൌത്യം എൽപ്പിച്ചു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠ ദൌത്യം സുവിശേഷ ഗ്രന്ഥങ്ങളിൽ 4 ഇടത്തും അപ്പൊസ്തല പ്രവൃത്തികളിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്.

മത്തായി 28:16, 19, 20

16 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.

19   ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും

20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

മർക്കോസ് 16:14-18  

14 പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.

15   പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.

16   വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

17   വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

18   സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.

ലൂക്കോസ് 24:36, 45-49  

36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)

45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും

47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.

49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.

യോഹന്നാൻ 20:19-23

19   ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.

20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.

21   യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.

അപ്പൊസ്തല പ്രവൃത്തികൾ 1:

4    അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

5    യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

6    ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

7    അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

8    എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

ഇതെല്ലാം ഒരു ദൌത്യമാണ്, എന്നാൽ പല സ്ഥലങ്ങളിലായി, വ്യത്യസ്തങ്ങൾ ആയ സന്ദർഭങ്ങളിൽ പറഞ്ഞതാണ്. മത്തായിയിൽ, പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയിൽ ആയിരിക്കുമ്പോൾ അവൻ അവർക്ക് പ്രത്യക്ഷനായി ശ്രേഷ്ഠ ദൌത്യം ഏല്പിച്ചു. മർക്കോസിൽ “പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി”. ലൂക്കോസിൽ യെരൂശലേമിൽ “അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ” യേശു പ്രത്യക്ഷനായി. യോഹന്നാനിൽ, യെരൂശലേമിൽ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ വാതിൽ അടച്ച ഒരു മുറിയിൽ ശിഷ്യന്മാർ ആയിരുന്നപ്പോൾ യേശു പ്രത്യക്ഷനായി. അപ്പോൾ തോമസ് അവരോട് കൂടെ ഉണ്ടായിരുന്നില്ല. അപ്പൊസ്തല പ്രവൃത്തികളിൽ, യെരൂശലേമിൽ, യേശു സ്വർഗ്ഗാരോഹണം ചെയ്ത ദിവസം, അവൻ ശിഷ്യന്മാരെ ദൌത്യം എൽപ്പിച്ചു.  

ഇതെല്ലാം ഒരുമിച്ച് വായിച്ചാലെ യേശു എൽപ്പിച്ച ദൌത്യം എന്താണ് എന്നു മനസ്സിലാകൂ. യേശുവിന്റെ ശ്രേഷ്ഠ ദൌത്യത്തിൽ ഏഴ് കാര്യങ്ങൾ ആണ് ഉള്ളത്.

1.       ഭൂലോകത്തിൽ ഒക്കെയും - യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും - സകല സൃഷ്ടിയോടും യേശുക്രിസ്തുവിന്റെ നാമത്തിൽ മാനസന്തരത്തിന്റെയും, പാപമോചനത്തിന്റെയും സുവിശേഷം പ്രസംഗിപ്പിൻ.

2.     നിങ്ങൾ, പ്രസംഗിക്കുന്ന സുവിശേഷത്തിന്റെയും യേശുവിന്റെയും സാക്ഷികൾ ആകേണം.

3.     വിശ്വാസിക്കുന്നവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കേണം.

4.     യേശുക്രിസ്തു ശിഷ്യന്മാരോട് കൽപ്പിച്ചത് എല്ലാം പ്രമാണിപ്പാൻ തക്കവണ്ണം വിശ്വസിക്കുന്നവരെ എല്ലാവരെയും പഠിപ്പിക്കുകയും വേണം.

5.     അങ്ങനെ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പഠിപ്പിച്ചു സകല ജാതികളിൽ (ജന സമൂഹകങ്ങളിൽ) ഉള്ളവരെയും ശിഷ്യരാക്കേണം.  

6.     നിങ്ങൾ ഉയരത്തിൽനിന്നു ശക്തി ധരിക്കും, പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും.

7.     വിശ്വസിക്കുന്നവരാൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കും.  

മത്തായി 28:20 ൽ “ശിഷ്യന്മാരാക്കിക്കൊവീൻ” എന്നു പറയുന്നത്, ആര് ആരുടെ ശിഷ്യന്മാരെ സൃഷ്ടിക്കേണം എന്നാണ്? അപ്പൊസ്തലന്മാർ അവരുടെ ശിഷ്യരെ ആക്കിക്കൊളേണം എന്നാണോ, അതോ അവർ യേശുവിന്റെ ശിഷ്യന്മാരെ ആക്കേണമോ? ഈ വാക്യത്തിൽ ഇത് വ്യക്തമായി പറയുന്നില്ല. അതിനാൽ ഇതിനെക്കുറിച്ച് രണ്ട് അനുമാനങ്ങൾ ഉണ്ട്.

ഒന്നാമത്തെ അനുമാനം അപ്പൊസ്തലന്മാർ സുവിശേഷത്തിൽ വിശ്വസിക്കുന്നവരെ, ഉപദേശങ്ങൾ പഠിപ്പിപ്പിച്ചും, അതിൻ പ്രകാരം ജീവിക്കുവാൻ പരിശീലിപ്പിച്ചും, യേശുവിന്റെ ശിഷ്യന്മാർ ആക്കേണം. ഇവിടെ അപ്പൊസ്തലന്മാരുടെ ഉത്തരവാദിത്തം പഠിപ്പിക്കുക, പരിശീലിപ്പിക്കുക എന്നതിലേക്ക് പരിമിതപ്പെടുന്നു.

എന്നാൽ യേശു അപ്പൊസ്തലന്മാരോട്, അവർ യേശുവിന്റെ സാക്ഷികൾ ആകേണം എന്നും കൽപ്പിക്കുന്നുണ്ട്. ഇത് അവർ യേശുവിനെപ്പോലെ, മരണത്തോളം, എല്ലാ അർത്ഥത്തിലും ജീവിക്കേണം എന്നാണ്.

ഈ വാക്യത്തെ യഹൂദ മതത്തിന്റെയും, ചരിത്ര, സാംസ്കാരികതയുടെയും പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ചാൽ, ഒരു ഗുരു അവന്റെ ശിഷ്യരെയാണ് സൃഷ്ടിക്കുന്നത്. ഒരുവന് അവന്റെ ശിഷ്യരെ മാത്രമേ സൃഷ്ടിക്കുവാൻ കഴിയൂ. ശിഷ്യൻ ഗുരുവിന്റെ അനുകാരിയാണ്. അവൻ കാണുന്നതും കേൾക്കുന്നതും അനുകരിച്ചാണ് ഗുരുവിന്റെ അനുകാരി ആകുന്നത്.

അപ്പൊസ്തലനായ പൌലൊസിന്റെ ശുശ്രൂഷ വേളയിൽ അവൻ മറ്റുള്ളവരോട് ആഹ്വാനം ചെയ്തതും, അവർ അദ്ദേഹത്തിന്റെ അനുകാരികൾ ആകേണം എന്നാണ്. ഇതാണ് നമ്മൾ 1 കൊരിന്ത്യർ 4:16, 11:1 മുതലായ വാക്യങ്ങളിൽ വായിക്കുന്നത്. 

1 കൊരിന്ത്യർ 4:16 ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

1 കൊരിന്ത്യർ 11:1 ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.

1 തെസ്സലൊനീക്യർ 1:6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.

അപ്പൊസ്തല പ്രവൃത്തികൾ 26:28, 29

28 അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.

29 അതിന്നു പൗലൊസ്; നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

എന്താണ് പൌലൊസ് ഇവിടെയെല്ലാം അർത്ഥമാക്കുന്നത്? യഹൂദ പശ്ചാത്തലത്തിൽ ഒരു റബ്ബയിയുടെ ശിഷ്യൻ എല്ലാ അർത്ഥത്തിലും വിശദാംശത്തിലും ഗുരുവിനെപ്പോലെ ഉള്ള ഒരു വ്യക്തിയാണ്. അവൻ സംസാരിക്കുന്നതും, ചിന്തിക്കുന്നതും, ഭക്ഷിക്കുന്നതും, വസ്ത്രം ധരിക്കുന്നതും എല്ലാം ഗുരുവിനെപ്പോലെയാണ്. ഗുരു പഠിപ്പിച്ചതാണ് അവൻ പഠിപ്പിക്കുന്നത്. ഗുരു പരിശീലിപ്പിച്ചതുപോലെ ആണ് അവനും അവന്റെ ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നത്.

ആകയാൽ അവന്റെ എല്ലാ ശിഷ്യന്മാരും, അവന്റെ ഗുരുവിന്റെ ശിഷ്യന്മാർ ആണ്. അവന് ലഭിച്ചതെല്ലാം ഗുരുവിൽ നിന്നും ലഭിച്ചതാണ്. അവൻ അവന്റെ ശിഷ്യന്മാർക്ക് പകർന്നു നല്കിയതെല്ലാം അവന് ഗുരുവിൽ നിന്നും ലഭിച്ചതാണ്. അവൻ സ്വന്തമായി യാതൊന്നും അവന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അവന്റെ എല്ലാ ശിഷ്യന്മാരും, അവന്റെ ഗുരുവിന്റെ ശിഷ്യന്മാർ ആണ്.

അതായത് യേശു അവന്റെ അനുകാരികൾ ആയ ശിഷ്യന്മാരെ സൃഷ്ടിച്ചു. അപ്പൊസ്തലന്മാർ അവരുടെ അനുകാരികൾ ആയ ശിഷ്യന്മാരെ സൃഷ്ടിച്ചു. എന്നാൽ അപ്പൊസ്തലന്മാർ യേശുവിന്റെ അനുകാരികൾ ആയിരുന്നതിനാൽ, അവരുടെ ശിഷ്യന്മാർ എല്ലാം യേശുവിന്റെ അനുകാരികൾ ആയി.

കൂടുതൽ വ്യക്തമായി പറഞ്ഞാൽ, യേശുവിന്റെ ശിഷ്യന്മാർ എല്ലാവരും യേശുവിനെപ്പോലെ ആയിരുന്നു. അവർ എല്ലാ അർത്ഥത്തിലും വിശദാംശത്തിലും യേശുവിനെപ്പോലെ ആയിരുന്നു. യേശുക്രിസ്തുവിനെ ഈസ്കായ്യോർത്ത് യൂദാ കാണിച്ചുകൊടുക്കുന്ന സംഭവത്തിലൂടെ ഇത് നമുക്ക് സമർത്ഥിക്കുവാൻ കഴിയും. യൂദാ യേശുക്രിസ്തുവിനെ കാണിച്ചുകൊടുത്തത് ഒരു ചുംബനത്തിലൂടെയാണ്.  

മത്തായി 26:47-49

47 അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.

48 അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.

49 ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.

50 യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.

“ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.” എന്നാണ് മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. യേശു പൊതുസ്ഥലങ്ങളിൽ നിന്നു പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അവൻ യെരൂശലേമിൽ എത്തിയപ്പോഴേക്കും അവന്റെ പ്രശസ്തി നാട്ടിലെല്ലാം പരന്നിരുന്നു. അവന്റെ പിടിക്കുവാൻ വന്നവർ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരം ആയിരുന്നു (മത്തായി 26:47). ഇവർക്ക് സാധാരണ ഗതിയിൽ, യേശുവിനെ കണ്ടാൽ തിരിച്ചറിയുക പ്രയാസമില്ല. പിന്നെ എന്തിനാണ് യൂദാ ചുംബനം എന്ന അടയാളം നല്കിയത്.

അവർ യേശുവിനെ പിടിക്കുവാൻ വന്നപ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. അതിനാൽ പതിനൊന്ന് ശിഷ്യന്മാരോടൊപ്പം നിൽക്കുന്നവരിൽ ആരാണ് യേശു എന്നു തിരിച്ചറിയുക പ്രയാസമായിരുന്നു. യേശുവും ശിഷ്യന്മാരും തമ്മിൽ വേർതിരിച്ചറിയുവാൻ കഴിയുന്ന വസ്ത്രങ്ങളോ, ഇരിപ്പിടങ്ങളോ, പ്രത്യക്ഷമായ അടയാളങ്ങളോ ഇല്ലായിരുന്നു. അതിനാൽ അവിടെ നിന്നിരുന്ന പന്ത്രണ്ട് പേരിൽ ആരാണ് യേശു എന്നു തിരിച്ചറിയുവാൻ യൂദാ  ഒരു അടയാളത്തോടെ കാണിച്ചു കൊടുക്കേണമായിരുന്നു. അതാണ് യൂദാ ചെയ്തത്.

മൂന്നര വർഷത്തെ, പഠിപ്പിക്കലിനും, പരിശീലനത്തിനും ശേഷം, ശിഷ്യന്മാർ ഗുരുവിനെപ്പോലെ ആയി തീർന്നു. തിരിച്ചറിയുവാൻ കഴിയാത്തവിധമുള്ള സാമ്യം അവരിൽ ഉളവായി. ഈ ശിഷ്യന്മാരുടെ അനുകാരികൾ നിശ്ചയമായും അവരുടെ ഗുരുവായ യേശുവിനെപ്പോലെ ആകും.

ഇതിനെക്കുറിച്ചു ഒരിക്കൽ യേശു ഒരു ഉപമ പഞ്ഞതിങ്ങനെയാണ്:

ലൂക്കോസ് 6:39, 40  

39 അവൻ ഒരുപമയും അവരോടു പറഞ്ഞു: “കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,

40 അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.         

ഒരു കുരുടൻ മറ്റൊരു കുരുടനെ വഴികാട്ടിയാൽ, രണ്ട് പേരും കുഴിയിൽ വീഴും. ഒരു കുരുടന് അവൻ പോകുന്ന വഴിയിലൂടെ മാത്രമേ മറ്റൊരുവനെ നയിക്കുവാൻ കഴിയൂ. അവൻ ചെന്നു ചേരുന്ന സ്ഥലത്ത് തന്നെ മറ്റവനും ചെന്നു ചേരും. ശിഷ്യൻ എപ്പോഴും ഗുരുവിനെപ്പോലെ ആയിരിക്കും. ഈ അർത്ഥത്തിൽ ആണ് ശിഷ്യന് ഗുരുവിനും മീതെ വളരുവാൻ കഴിയില്ല എന്നു യേശു പറഞ്ഞത്.

അടുത്ത വാക്യത്തിൽ യേശു പറഞ്ഞു: “അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.” ഒരു ഗുരുവിന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയവൻ അവന്റെ ഗുരുവിനെപ്പോലെ ആകും.

അതിനാൽ യേശുവിന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ പൌലൊസ്, യേശുവിനെപ്പോലെ ആകും. അവന്റെ അനുകാരികൾ യേശുവിന്റെ അനുകാരികൾ ആകും. ഇതാണ് ഗുരുവിനെപ്പോലെ ആകുന്നതിലെ ആത്മീയ മർമ്മം.

അവസാനമായി ഒരു വാചകം കൂടെ പറയട്ടെ. നമ്മൾ യേശുവിന്റെ അനുകാരികൾ ആണെങ്കിൽ, നമ്മൾ യേശുവിനെപ്പോലെ ആകും. നമ്മളെ അനുകരിക്കുന്നവരും യേശുവിനെപ്പോലെ ആകും. നമ്മളുടെ ശിഷ്യന്മാർ യേശുവിന്റെ ശിഷ്യന്മാർ ആകും.No comments:

Post a Comment