മരണത്തിന്നുള്ള പാപം (1 യോഹന്നാൻ 5:16–17)

മരണത്തിനുള്ള പാപം, മരണത്തിന്നല്ലാത്ത പാപം എന്നിങ്ങനെ രണ്ട് തരം പാപങ്ങൾ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്നത്. യോഹന്നാൻ അദ്ദേഹത്തിന്റെ ഒന്നാമത്തെ ലേഖനം 5 ആം അദ്ധ്യായം 16, 17 വാക്യങ്ങളിൽ ആണ് ഇപ്രകാരമൊരു പരാമർശം നടത്തുന്നത്.

യോഹന്നാൻ 20:31 ആം വാക്യത്തിൽ അദ്ദേഹം സുവിശേഷം എഴുതിയത്തിന്റെ ഉദ്ദേശ്യം പറയുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

 

അദ്ദേഹം ഒന്നാമത്തെ ലേഖനം എഴുതിയത്തിന്റെ ഉദ്ദേശ്യം 5:13 ൽ പറയുന്നത് ഇങ്ങനെയാണ്:

 

1 യോഹന്നാൻ 5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.

 

ലേഖനത്തിന്റെ വായനക്കാരായ ക്രിസ്തീയ വിശ്വാസികൾ, ക്രിസ്തുവിലുള്ള അവരുടെ സ്ഥാനം എന്താണ് എന്നു മനസ്സിലാക്കുകയും, ക്രിസ്തുവിൽ വിശ്വസിച്ച് അവർ പ്രാപിച്ച രക്ഷയെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ഉറപ്പ് പ്രാപിക്കുകയും വേണം എന്നു യോഹന്നാൻ ആഗ്രഹിച്ചു. അതിനായിട്ടാണ് അദ്ദേഹം ഒന്നാമത്തെ ലേഖനം എഴുതുന്നതു.


ഈ ലേഖനത്തിൽ 5:16 ൽ രണ്ട് തരത്തിലുള്ള പാപങ്ങൾ ഉണ്ട് എന്നു യോഹന്നാൻ പറയുന്നു. ഒന്ന് “മരണത്തിന്നല്ലാത്ത പാപം”, രണ്ടാമത്തേത്, “മരണത്തിന്നുള്ള പാപം”.


1 യോഹന്നാൻ 5:16, 17

16   സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.

17   ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.

 

പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള ചില പരമാർശങ്ങൾ ആണ് ഈ വാക്യത്തിന്റെ സന്ദർഭം. 14, 15 വാക്യങ്ങളിൽ, ദൈവത്തിന്റെ ഇഷ്ടപ്രകാരമുള്ള നമ്മളുടെ അപേക്ഷകൾ ദൈവം കേൾക്കുന്നു എന്നും അതിന് മറുപടി ലഭിക്കുന്നു എന്നും യോഹന്നാൻ ഉറപ്പ് നല്കുന്നു. 

 

1 യോഹന്നാൻ 5:14, 15

14   അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

15   നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

ദൈവത്തിന്റെ ഇഷ്ടപ്രകാരം അപേക്ഷിക്കുക എന്നത്, നമുക്കായുള്ള ദൈവഹിതം എന്തെന്ന് ഗ്രഹിച്ച്, അതിനായി പ്രാർത്ഥിക്കുക എന്നതാണ്.

 

16, 17 വാക്യങ്ങളിൽ, പ്രാർത്ഥിക്കുക എന്ന വിഷയം യോഹന്നാൻ തുടരുകയാണ്. ഇവിടെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു. എന്നാൽ മുമ്പ് പറഞ്ഞതിൽ നിന്നും ഒരു വ്യത്യാസം ഉണ്ട്. 14, 15 വാക്യങ്ങളിൽ, “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്നാണ് യോഹന്നാൻ പറഞ്ഞത്. 16, 17 വാക്യങ്ങളിൽ ഈ ഉറപ്പിന് ഒരു ഒഴിവ് പറയുകയാണ്. നമ്മൾ പ്രാർത്ഥിക്കേണ്ട ആവശ്യമില്ലാത്ത കാര്യങ്ങൾ ഉണ്ട്. കാരണം ചില കാര്യങ്ങൾക്ക് നമ്മൾ പ്രാർത്ഥിച്ചാലും, അത് ദൈവത്തിന്റെ ഇഷ്ടമല്ലായെങ്കിൽ, അതിന് മറുപടി ലഭിക്കുകയില്ല.

 

ഒരു ഉദാഹരണമായി, മരണത്തിന്നല്ലാത്ത പാപം ചെയ്യുന്ന ഒരു സഹോദരനെക്കുറിച്ച് യോഹന്നാൻ പറയുന്നു. ഇദ്ദേഹം ചെയ്യുന്നത് പാപം ആണ് എങ്കിലും, അവനുവേണ്ടി പ്രാർത്ഥിക്കാം. ദൈവം അവന്റെ പാപത്തെ ക്ഷമിച്ച്, അവന് ഭൌതീക ജീവനോ, നിത്യജീവനോ, രണ്ടും കൂടെയോ നല്കും. മറ്റൊരു പാപത്തേക്കുറിച്ച് കൂടി യോഹന്നാൻ തുടർന്നു പറയുന്നു. അത് മരണത്തിന്നുള്ള പാപം ആണ്. ഇത്തരം പാപത്തിൽ ജീവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അദ്ദേഹം പ്രോൽസാഹിപ്പിക്കുന്നില്ല. കാരണം അത് ദൈവത്തിന്റെ ഇഷ്ടപ്രകാരമുള്ള പ്രാർത്ഥന അല്ല. അതിനാൽ മറുപടി ലഭിക്കുക ഇല്ല.

 

യോഹന്നാൻ പറയുന്ന “മരണത്തിന്നല്ലാത്ത പാപം”, “മരണത്തിന്നുള്ള പാപം” എന്നിവ ഏതെല്ലാം പാപം ആണ് എന്നതിൽ ഇന്ന് നമുക്ക് വ്യക്തത ഇല്ല. യോഹന്നാന്റെ കാലത്തെ വായനക്കാർക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നു എന്നതിനാൽ ആകാം, അദ്ദേഹം അത് ഇവിടെ വിശദീകരിച്ചിട്ടില്ല. എന്നാൽ ഈ രണ്ട് തരത്തിലുള്ള പാപത്തെ, അത് ഏതെല്ലാമാണ് എന്നു വേർതിരിക്കുവാൻ ഇന്ന് നമുക്ക് ബുദ്ധിമുട്ടുണ്ട്. എങ്കിലും രണ്ട് വിധത്തിലുള്ള പരിണത ഫലം ഉളവാക്കുന്ന വ്യത്യസ്തങ്ങൾ ആയ അളവിലുള്ള പാപം ഉണ്ട് എന്നാണ് യോഹന്നാൻ പറയുന്നത്. ഈ വാക്യങ്ങളിൽ പറയുന്ന “മരണം” ശാരീരിക മരണമോ, ആത്മീയ മരണമോ, രണ്ടും കൂടെയോ ആകാം.

 

വ്യാഖ്യാനത്തിൽ ഉള്ള ഈ അവ്യക്തത കാരണം ഇതിനെക്കുറിച്ച് വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ വേദപണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്.

 

അതിൽ ഒരു വിശദീകരണം ഇങ്ങനെയാണ്: 16 ആം വാക്യത്തിലെ “സഹോദരൻ” എന്നത് എപ്പോഴും വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസി ആയിരിക്കേണം എന്നില്ല. അവൻ അവിശ്വാസിയായ അക്രൈസ്തവൻ ആകാം. ഈ അവിശ്വാസിയായ മനുഷ്യൻ പാപത്തിൽ തുടർന്നു ജീവിക്കുക ആണ്. അവൻ പാപത്തേക്കുറിച്ച് പശ്ചാത്തപിക്കുകയോ, മാനസന്തരപ്പെടുകയോ ചെയ്യുന്നില്ല. അവൻ സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുകയോ, ദൈവ കൃപ സ്വീകരിച്ചു, യേശുവിലുള്ള വിശ്വാസം മൂലം, രക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. അവന്റെ പാപം യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ നിരന്തരം നിരസിക്കുന്നു എന്നതാണ്. ഇത് മരണത്തിനുള്ള പാപം ആണ്.

 

“മരണത്തിന്നുള്ള പാപം” പരിശുദ്ധാത്മാവിനോടുള്ള ദൂഷണമാണ് എന്നും അഭിപ്രായമുണ്ട്. മത്തായി 12:31, 32, മർക്കോസ് 3:28-30 വരെയുള്ള വാക്യങ്ങൾ, എന്നിവയിൽ യേശുക്രിസ്തു ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ട്. 

 

മത്തായി 12:31, 32

31   അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

32 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.   

 

“മരണത്തിന്നുള്ള പാപം” ക്രിസ്തീയ സഭയിലെ അംഗമായിരിക്കുന്ന ഒരു വിശ്വാസി ചെയ്യുന്ന പാപം ആണ് എന്നതാണ് മറ്റൊരു വ്യാഖ്യാനം. അതിന്റെ ഫലമായി ദൈവം അവന്റെ ഭൌതീക ജീവിതം അവസാനിപ്പിക്കുന്നു. അപ്പൊസ്തല പ്രവൃത്തികൾ 5 ആം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന അനന്യാസ്, സഫീര എന്നിവരുടെ മരണം ഒരു ഉദാഹരണം ആണ്. അയോഗ്യമായി കർത്താവിന്റെ മേശയിൽ നിന്ന് തിന്നുകയോ, കുടിക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും എന്നും അവർക്കു ശിക്ഷാവിധി ഉണ്ടാകും എന്നും, അതിനാൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു എന്നും പൌലൊസ് 1 കൊരിന്ത്യർ 11:27-30 വരെയുള്ള വാക്യങ്ങളിൽ പറയുന്നു. “അനേകരും നിദ്രകൊള്ളുന്നു” എന്നത് ശാരീരിക മരണമോ, ആത്മീയ മരണമോ ആകാം.

 

ഇങ്ങനെ, “മരണത്തിന്നുള്ള പാപം” ത്തിൽ ജീവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് നിഷ്ഫലമാണ് എന്നാണ് യോഹന്നാൻ പറയുന്നത്. ഇവരെ മാനസന്തരത്തിലേക്ക് കൊണ്ടുവരുവാൻ സാദ്ധ്യമല്ല എന്നാണ് എബ്രായ ലേഖന കർത്താവ് പറയുന്നത്.

 

എബ്രായർ 6:4-6

4    ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും

5    ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ

6    തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.

 

യോഹന്നാൻ പറയുന്ന “മരണത്തിന്നുള്ള പാപം” എന്നത് ഒരു പ്രത്യേക പാപ പ്രവർത്തി ആകേണം എന്നില്ല എന്നതാണ് മറ്റൊരു വിശദീകരണം. ഇത് ഗൌരവമായ ശിക്ഷ അർഹിക്കുന്ന ഏത് പാപവും ആകാം. ഈ ശിക്ഷ, ശാരീരിക മരണമോ, ആത്മീയ മരണമോ ആകാം.

 

16 ആം വാക്യത്തിൽ മരണത്തിന്നുള്ള പാപത്തെക്കുറിച്ച് പറയുമ്പോൾ, “അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.” എന്നാണ് യോഹന്നാൻ പറയുന്നത്. ഇത് അദ്ദേഹം പ്രാർത്ഥിക്കുന്നത് വിലക്കുകയല്ല. മരണത്തിനുള്ള പാപം ചെയ്യുന്നവനുവേണ്ടി പ്രാർത്ഥിക്കുന്നത് ദൈവം കേൾക്കുക ഇല്ല, മറുപടി ലഭിക്കുകയും ഇല്ല. അവരുടെ ശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനാൽ അത്തരം പ്രാർത്ഥന നിഷ്ഫലമാണ്. അതിനെ അദ്ദേഹം പ്രോൽസാഹിപ്പിക്കുന്നില്ല.  

 

ഇത് വ്യക്തമായി മനസ്സിലാക്കുവാൻ, യോഹന്നാന്റെ ഒന്നാമത്തെ ലേഖനം, ഒന്നാം അദ്ധ്യായം 9 ആം വാക്യം കൂടെ വായിക്കേണം.

 

1 യോഹന്നാൻ 1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

 

ഒരുവൻ, അവന്റെ പാപ ജീവിതത്തെക്കുറിച്ച് ആത്മാർത്ഥമായി പശ്ചാത്തപ്പിക്കുകയും, മനസാന്തരപ്പെടുകയും, അതിനെ ഉപേക്ഷിക്കുകയും ചെയ്താൽ, ദൈവം അവന്റെ പാപങ്ങൾ ക്ഷമിക്കും എന്നാണ് ഈ വാക്യം പറയുന്നത്. ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്ന ഒരു പാപവും “മരണത്തിന്നുള്ള പാപം” ആകുകയില്ല. അത് നിത്യ ജീവനിലേക്കുള്ള മാനസാന്തരമാകും.

 

ഇത് കൂടുതൽ വ്യക്തമാകുവാൻ, ഏശാവിന് സംഭവിച്ചത് എന്താണ് എന്നുകൂടി നോക്കാം.

 

എബ്രായർ 12:16, 17

16   ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ

17   അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.   

 

17 ആം വാക്യം പറയുന്നു, “കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല”. അതായത്, ഏശാവ് മനസന്തരപ്പെട്ട് പ്രാർത്ഥിച്ചു എങ്കിലും ദൈവം ക്ഷമിച്ചില്ല, എന്നല്ല ഈ വാക്യം പറയുന്നത്. ഏശാവ് മാനസാന്തരം അന്വേഷിച്ചു, എന്നാൽ, അവൻ ആത്മാർത്ഥമായി മാനസന്തരപ്പെട്ടില്ല, അല്ലെങ്കിൽ മാനസന്തരപ്പെടുവാൻ അവന് കഴിഞ്ഞില്ല. അതിനാൽ അവന് ദൈവത്തിന്റെ ക്ഷമ ലഭിച്ചില്ല. മാനസന്തരപ്പെടുവാൻ കഴിയാതവണ്ണം ആഴമുള്ളത് ആയിരുന്നു അവന്റെ പാപം. പാപത്തിൽ തുടരുവാൻ അവൻ ആഗ്രഹിച്ചതിനാൽ ആയിരിക്കാം, അവന് മാനസാന്തരപ്പെടുവാൻ കഴിയാതിരുന്നത്. അതിനാൽ ദൈവം അവനെ അന്തിമമായി ഉപേക്ഷിച്ചു.

 

ഒരുവന്, അവന്റെ പാപത്തെ, ആത്മാർത്ഥവും, സത്യമായും, പശ്ചാത്തപിച്ചു, ഉപേക്ഷിക്കുവാൻ കഴിയും എങ്കിൽ, അത് മരണത്തിനായുള്ള പാപം ആകുക ഇല്ല. മാനസന്തരപ്പെടാത്ത ഒരുവന്റെ എല്ലാ പാപവും മരണത്തിനായുള്ള പാപം ആണ്.

 

വേദപണ്ഡിതന്മാരുടെ ഈ അഭിപ്രായങ്ങൾ എല്ലാം ഒരേ കാര്യമാണ് പറയുന്നത്. മരണത്തിനായുള്ള പാപം ചെയ്യുന്ന ഒരുവനുവേണ്ടിയുള്ള പ്രാർത്ഥന നിഷ്ഫലമാണ്.

 

ഒരു പാപിയെ ദൈവം ഉടൻതന്നെ ശിക്ഷിച്ച് മരണത്തിന് ഏൽപ്പിക്കുക ഇല്ലായിരിക്കാം. അത് ദൈവത്തിന്റെ കൃപ മാത്രമാണ്. എന്നാൽ എല്ലാ പാപവും ദൈവത്തോടുള്ള ശത്രുതയും, മൽസരവും ആണ്. മാനസന്തരപ്പെടാത്ത എല്ലാ പാപവും അന്തിമമായി ആത്മീയ മരണത്തിലേക്ക് നയിക്കും.  

 

യോഹന്നാന്റെ വാക്കുകൾ, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ നമ്മളെ പ്രോൽസാഹിപ്പിക്കുന്നതാണ്. പാപികൾക്ക് വേണ്ടിയും, പിൻമാറ്റക്കാർക്ക് വേണ്ടിയും നമ്മൾ പ്രാർത്ഥിക്കേണം. എന്നാൽ മാനസന്തരപ്പെടുവാൻ ആഗ്രഹിക്കാതെ പാപത്തിൽ തുടർന്ന് ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഒരുവനുവേണ്ടിയുള്ള പ്രാർത്ഥനയ്ക്ക്, നമ്മൾ ആഗ്രഹിക്കുന്ന മറുപടി ലഭിക്കുകയില്ല.




 

No comments:

Post a Comment