എന്താണ് പ്രാർത്ഥന?

മനുഷ്യന്റെ ചരിത്രാതീത കാലം മുതൽ ഉള്ള ഒരു ജീവിതചര്യയാണ് പ്രാർത്ഥിക്കുക എന്നത്. മനുഷ്യർക്ക് അല്ലാതെ, മറ്റൊരു ജീവിക്കും ദൈവത്തോട് പ്രാർത്ഥിക്കുവാൻ ഉള്ള ശേഷിയോ, കഴിവോ ഇല്ല. പക്ഷികളും മൃഗങ്ങളും പ്രാർത്ഥിക്കുന്നു എന്നത് ഒരു കാവ്യ സങ്കൽപ്പം മാത്രമാണ്. പ്രാർത്ഥന മനുഷ്യന് ദൈവം നല്കിയ സവിശേഷമായ അനുഗ്രഹം അന്ന്.

പ്രാർത്ഥന ക്രിസ്തീയ വിശ്വാസികൾ മാത്രം അനുവർത്തിക്കുന്ന ഒരു രീതി അല്ല. പുരാതന കാലം മുതൽ, സകല മനുഷ്യരും അവർ ദൈവം എന്നു വിശ്വസിക്കുന്നതിനോട് പ്രാർത്ഥിക്കാറുണ്ട്.

 

മാനവ ചരിത്രത്തിൽ എന്നുമുതലാണ് മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചത് എന്നു നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. എന്നാൽ വേദപുസ്തകം വിവരിക്കുന്ന ചരിത്രത്തിൽ മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപ്പത്തി 4 ആം അദ്ധ്യയത്തിൽ ആണ്. ഇവിടെ, ആദ്യ മനുഷ്യർ ആയിരുന്ന ആദാമിന്റെയും ഹവ്വായുടെയും മക്കൾ, കയീനും, ഹാബെലും യഹോവയ്ക്ക് വഴിപാട് കഴിക്കുന്നതായി പറയുന്നു.

 

ഇതിന് മുമ്പ്, ആദാമും ഹവ്വായും, യഹോവയ്ക്ക് വഴിപാടു കഴിച്ചിരുന്നുവോ എന്നു വേദപുസ്തകത്തിൽ പറയുന്നില്ല. എങ്കിലും അവരും ദൈവത്തിന് വഴിപാട് കഴിച്ചിരുന്നു എന്നു കരുതുന്നതാകും ശരി. എന്തിനാണ് വഴിപാട് നടത്തിയത് എന്നു 4, 5 വാക്യങ്ങളിൽ നിന്നും മനസ്സിലാക്കാം. അവിടെ പറയുന്നു,

 

ഉൽപ്പത്തി 4:4, 5

4    ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.

5    കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.

 

ദൈവത്തെ പ്രസാദിപ്പിക്കുവാനാണ് കയീനും ഹാബെലും വഴിപാടു അർപ്പിച്ചത്. അതായത് മനുഷ്യർ ആദിമുതൽ പ്രാർത്ഥിച്ചിരുന്നത് ദൈവത്തെ പ്രസാദിപ്പിക്കുവാനാണ്. ദൈവം പ്രസാദിക്കാതെ ഇരുന്നാൽ അവന്റെ മുഖം വാടും.

 

ഉൽപ്പത്തി പുസ്തകം 1, 2 അദ്ധ്യായങ്ങൾ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ ചരിത്രമാണ് വിവരിക്കുന്നത്. അതിന് ശേഷം മൂന്നാം അദ്ധ്യായം മനുഷ്യന്റെ പാപത്തിലുള്ള വീഴ്ചയുടെയും, അവന് ഏദൻ തോട്ടം എന്ന ദൈവരാജ്യം നഷ്ടപ്പെടുന്നതിന്റെയും ചരിത്രമാണ്. മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെടുന്നതോടെ ഈ ചരിത്രം അവസാനിക്കുന്നു. പിന്നീട് നമ്മൾ 4 ആം അദ്ധ്യയത്തിൽ, വഴിപാട് അർപ്പിക്കുന്ന ആദാമിന്റെയും ഹവ്വായുടെയും മക്കളെ ആണ് കാണുന്നത്.

 

മനുഷ്യർ ഏദൻ തോട്ടത്തിൽ ആയിരുന്നപ്പോൾ അവൻ പ്രാർത്ഥിച്ചിരുന്നു എന്നോ, ദൈവത്തെ പ്രസാദിപ്പിക്കുവാനായി പ്രത്യേകമായ വഴിപാടുകൾ അർപ്പിച്ചിരുന്നു എന്നോ വേദപുസ്തകം പറയുന്നില്ല. അതിനുള്ള സാധ്യതയും ഇല്ല. കാരണം അവിടെ മനുഷ്യനും ദൈവവും തമ്മിൽ ക്രമമായ കൂട്ടായ്മയും, കണ്ടുമുട്ടലും, ആശയ വിനിമയവും ഉണ്ടായിരുന്നു. ഇവിടെ ദൈവത്തിന് പ്രസാദകരമല്ലാത്ത യാതൊന്നും സംഭവിച്ചിരുന്നില്ല എന്നതിനാൽ, ദൈവത്തെ പ്രസാദിപ്പിക്കുവാനായി പ്രത്യേകിച്ച് യാതൊന്നും ചെയ്യേണ്ടിയിരുന്നില്ല.

 

ഏദൻ തോട്ടത്തിലെ മനുഷ്യരുടെ ദൈവത്തോടുള്ള പ്രാർത്ഥന, ദൈവത്തോടുള്ള കൂട്ടായ്മ ആയിരുന്നു. ഈ കൂട്ടായ്മ ബന്ധം മനുഷ്യർ പാപം ചെയ്തതോടെ അവസാനിച്ചു. അതിന് ശേഷം കയീനും ഹാബെലും വഴിപാട് കഴിക്കുന്നതിന്റെ ചരിത്രമാണ്. ഇതിനിടയിൽ ഉള്ള കാലഘട്ടത്തിൽ ആദാമും ഹവ്വായും ദൈവത്തിന് വഴിപാട് കഴിച്ചിരുന്നുവോ എന്നു വേദപുസ്തകം പറയുന്നില്ല.

 

എന്നാൽ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യർ, പാപം കാരണം ദൈവ പ്രസാദം നഷ്ടപ്പെട്ടവർ ആയി. അവൻ ശപിക്കപ്പെട്ട ഭൂമിയിൽ ജീവിക്കുവാനും മരിക്കുവാനും വിധിക്കപ്പെട്ടു. പാപത്തിന്റെ എല്ലാ അനന്തര ഫലങ്ങളും അവന്റെ ജീവിതത്തിൽ ഉണ്ടായി. അതിനാൽ, അവൻ വീണ്ടും ദൈവ പ്രസാദം അന്വേഷിച്ചു. 

 

ഉൽപ്പത്തി 4 ആം അദ്ധ്യായം ഇങ്ങനെയാണ് ഈ സംഭവത്തെ അവതരിപ്പിക്കുന്നത്:  

 

ഉൽപ്പത്തി 4:1-3

1   അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.

2   പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.

3   കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു.

4    ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.

 

3 ആം വാക്യത്തിൽ പറയുന്ന കുറെക്കാലം എത്ര വർഷങ്ങൾ ആയിരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ. ഇത് കയീന്റെയും ഹാബെലിന്റെയും ജനനത്തിന് ശേഷമുള്ള കുറെക്കാലം ആണോ, അതോ അവർ കൃഷിക്കാരനും ആട്ടിടയനും ആയി തൊഴിൽ ചെയ്യുവാൻ ആരംഭിച്ചതിന് ശേഷമുള്ള കാലമാണോ എന്നും നമുക്ക് അറിഞ്ഞുകൂടാ. വേദപുസ്തകത്തിൽ ആദ്യമായി മനുഷ്യർ ജീവിതമാർഗ്ഗത്തിനായി വ്യത്യസ്തമായ തൊഴിൽ തിഞ്ഞെടുക്കുന്നത് ഇവിടെ ആണ്. അത് കൃഷിയും ആട്ടിടയനും എന്നതായിരുന്നു.

 

ഇവർ ദൈവത്തിന് വഴിപാട് അർപ്പിച്ചത് ദൈവത്തിന്റെ പ്രസാദത്തിനായിരുന്നു എന്നു 4, 5 വാക്യങ്ങളിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നു. ഇതാണ് മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ആദ്യമായി വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം. ഈ കാലം മുതൽ ഇന്നുവരെ, മനുഷ്യർ ദൈവ പ്രസാദത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മത വിശ്വാസികളും അവർ ദൈവം എന്നു വിശ്വസിക്കുന്നതിനോട്, അവരുടേതായ രീതിയിൽ പ്രാർത്ഥിക്കുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസികളുടെ പ്രാർത്ഥന മറ്റ് മത വിശ്വാസികളുടെ പ്രാർത്ഥനയിൽ നിന്നും വിഭിന്നമായി നിലക്കുന്നു.

 

എന്തുകൊണ്ടാണ് മനുഷ്യർ, പുരാതന കാലം മുതൽ തന്നെ ദൈവത്തോട് പ്രാർത്ഥിക്കുന്ന രീതി പിന്തുടർന്നത്? അതിനുള്ള രണ്ട് കാരണങ്ങൾ ഇതാണ്:

 

1.   മനുഷ്യന് നിയന്തിക്കുവാൻ കഴിയാത്ത ഒരു വിശാല പ്രപഞ്ചത്തിൽ, ഏകനായി ജീവിക്കുന്ന ഒരു ജീവിയാണ് മനുഷ്യർ. അവന്റെ ആവശ്യങ്ങൾ പോലും കണ്ടെത്തുവാൻ മനുഷ്യന് കഴിയുന്നില്ല. അതിനാൽ, ഈ പ്രപഞ്ചത്തെ അനുകൂലമാക്കി തരുന്ന ഒരു ദൈവത്തെ അവന് ആവശ്യമുണ്ട്.

2.  ആ ദൈവത്തോടുള്ള കൂട്ടായ്മ മാത്രമാണ് അവന്റെ ഏകാന്തതയ്ക്ക് പരിഹാരം. ഇത്തരമൊരു കൂട്ടായ്മയാണ് പ്രാർത്ഥനയിലൂടെ മനുഷ്യർ അന്വേഷിക്കുന്നത്.    

 

ഈ ചിന്ത മനുഷ്യൻ ഏദൻ തോട്ടത്തിൽ ആയിരുന്നപ്പോൾ അവന് ഉണ്ടായിരുന്നില്ല. കാരണം അവൻ എപ്പോഴും ദൈവവുമായി ഒരു കൂട്ടായ്മ ബന്ധത്തിൽ ആയിരുന്നു. അതിനാൽ അവൻ ഏകാന്തത അനുഭവിച്ചിരുന്നില്ല. എന്നാൽ അവൻ ഏദൻ തോട്ടത്തിൽ നിന്നും പുറത്തായപ്പോൾ, അവൻ ഏകനും, ആശരണനും, അശക്തനും ആയിമാറി. ഇവിടെയാണ് പ്രാർത്ഥനയുടെ ആദ്യത്തെ നിർവചനം രൂപപ്പെടുന്നത്. പ്രാർത്ഥന ദൈവവുമായുള്ള കൂട്ടായ്മയാണ്. അതിനായുള്ള മനുഷ്യന്റെ ആഗ്രഹവും, ഏക മാർഗ്ഗവും ആണ്.

 

നിർവചനം

 

ഇത്രയും മുഖവുരയായി മനസിലാക്കികൊണ്ടു നമുക്ക് പ്രാർത്ഥനയെ ഇങ്ങനെ നിർവചിക്കാം: പ്രാർത്ഥന ദൈവത്തോടോത്തുള്ള കൂട്ടായ്മയാണ്. അത് ദൈവവുമായുള്ള ഒരു സംഭാഷണവും ആശയ വിനിമയവും ആണ്. അതിൽ പറയുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ദൈവവുമായി ഒരു കൂട്ടായ്മയിൽ ആയിരിക്കുക എന്നത് ദൈവം മനുഷ്യർക്ക് നൽകിയിരിക്കുന്ന ഒരു ശ്രേഷ്ഠ പദവി ആണ്.

 

സദൃശവാക്യങ്ങള്‍ 1:23 എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

 

Proverbs 1:23 Repent at my rebuke! Then I will pour out my thoughts to you, I will make known to you my teachings. – NIV

 

നമ്മളുടെ പാപങ്ങൾ ഏറ്റു പറഞ്ഞു, ദൈവത്തിൽ നിന്നും ക്ഷമ പ്രാപിച്ച്, ദൈവത്തോട് നിരപ്പ് പ്രാപിക്കുന്ന മാർഗ്ഗമാണ് പ്രാർത്ഥന. അനുദിനം പാപത്തെ ജയിക്കുവാൻ ശക്തി നല്കുന്ന ദൈവത്തെ സ്തുതിക്കുന്നതാണ് പ്രാർത്ഥന. ദൈവഹിതത്തിനായി നമ്മളുടെ ഹിതത്തെ കീഴ്പ്പെടുത്തി, എൽപ്പിച്ചുകൊടുക്കുന്ന മർഗ്ഗമാണ് പ്രാർത്ഥന. ദൈവത്തിന്റെ ഇഷ്ടം, അത് എന്താണ് എങ്കിലും അത് നമ്മൾ സ്വീകരിക്കുന്നതാണ് പ്രാർത്ഥന. മറ്റുള്ളവർക്കുവേണ്ടി ഇടുവിൽ നിൽക്കുന്നതാണ് പ്രാർത്ഥന. അത് നമ്മളുടേയും മറ്റുള്ളവരുടെയും ആവശ്യങ്ങളും, സൌഖ്യവും, അനുഗ്രഹങ്ങളും ദൈവത്തോട് ചോദിക്കുന്നതിനുള്ള അവസരമാണ്.  

 

ദൈവ സന്നിധിയിൽ ആയിരിക്കുവാനുള്ള വാഞ്ചയാണ് പ്രാർത്ഥനയുടെ പ്രേരകശക്തി. അത് ആവശ്യങ്ങൾ നേടിയെടുക്കുവാനുള്ള മാർഗ്ഗമല്ല. പ്രാർത്ഥനയിൽ സ്തുതിയും, പശ്ചാത്താപവും, പാപങ്ങളുടെ ഏറ്റുപറച്ചിലും, ആരാധനയും, അപേക്ഷയും, ആശ്രയവും വിശ്വാസവും ഉണ്ട്. പ്രാർത്ഥന ദൈവത്തിലുള്ള നമ്മളുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ ആണ്.

 

പ്രാർത്ഥനയ്ക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. പ്രാർത്ഥന ചില വിഷയങ്ങളിൽ പരിമിതമല്ല. മനുഷ്യന്റെ ഏത് വിഷയങ്ങളും പ്രാർത്ഥനയിൽ ദൈവത്തോട് പറയാം. പ്രാർത്ഥനയ്ക്ക് പ്രത്യേകമായ രീതികളോ, സമയ കാലങ്ങളോ, വാക്കുകളോ ഇല്ല. എങ്ങനെ, എപ്പോൾ, ഏതെല്ലാം വാക്കുകൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം എന്നതിന് പ്രത്യേക നിയമങ്ങൾ ഇല്ല. കാരണം പ്രാർത്ഥന നിരന്തരമായ സംഭാഷണമാണ്. 

 

ഇങ്ങനെ പ്രാർത്ഥനയെ നമുക്ക് പലവിധത്തിലും നിർവചിക്കുവാൻ കഴിയും എങ്കിലും ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ദൈവവുമായുള്ള കൂട്ടായ്മയാണ് പ്രാർത്ഥന. കർത്താവിന്റെ പ്രാർത്ഥന

 

പ്രാർത്ഥന എന്താണ് എന്നു മനസ്സിലാക്കുവാൻ നിർവചനങ്ങളെക്കാൾ ഏറെ നല്ലത്, ചില പ്രാർത്ഥനകളെക്കുറിച്ച് പഠിക്കുന്നത് ആയിരിക്കും. വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രാർത്ഥനകളിലും വച്ച് ഏറ്റവും ശ്രേഷ്ടവും മാതൃകാപരവുമായ പ്രാർത്ഥന, നമ്മളുടെ കർത്താവ് ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥന ആണ്. എന്നാൽ അത് ശരിയായി മനസ്സിലാക്കുവാൻ അതിന്റെ പശ്ചാത്തലവും, യേശുക്രിസ്തു ഉദ്ദേശിച്ചത് എന്താണ് എന്നും ശിഷ്യന്മാർ എന്ത് മനസ്സിലാക്കി എന്നും അറിഞ്ഞിരിക്കേണം.

 

കർത്താവിന്റെ പ്രാർത്ഥന, മത്തായി 6:9-13 വരെയുള്ള വാക്യങ്ങളിലും ലൂക്കോസ് 11:2-4 വരെയുള്ള വാക്യങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്ന പ്രാർത്ഥന, മത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനെക്കാൾ ഹൃസ്വമാണ്. യേശു ഇത് പറയുന്ന സന്ദർഭം രണ്ടിടത്തും വ്യത്യസ്തമാണ്.

 

മത്തായി 5 ആം അദ്ധ്യയം മുതൽ 7 ആം അദ്ധ്യയം വരെയുള്ള ഭാഗത്തെ യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണം എന്നാണ് അറിയപ്പെടുന്നത്. യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ഉണ്ടായിരുന്ന ഒരു ഉയർന്ന ഇടം ആയിരുന്നിരിക്കേണം. ശിഷ്യന്മാർ ഉൾപ്പെടെ ഒരു വലിയ ജനകൂട്ടത്തോടാണ് യേശു ഗിരി പ്രഭാഷണം പറഞ്ഞത്. ദൈവരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകളാണ് പ്രഭാഷണത്തിലെ വിഷയം. പല വിഷയങ്ങളെക്കുറിച്ച് യേശു ഇവിടെ സംസാരിക്കുന്നുണ്ട്.

 

6 ആം അദ്ധ്യായം 5 ആം വാക്യം മുതൽ യേശുവിന്റെ വിഷയം പ്രാർത്ഥനയായി. കപടഭക്തിക്കാരെപ്പോലെ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കരുത് എന്നു യേശു ഉപദേശിച്ചു. പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി വാതിൽ അടെച്ചു പ്രാർത്ഥിക്കുവാൻ അവൻ ഉപദേശിച്ചു. പ്രാർത്ഥിക്കുമ്പോൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്തിന് സവിശേഷതയൊന്നും ഇല്ല. ജാതികൾക്ക് തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ എന്നും അവൻ ഉപദിശിച്ചു.

 

ഇത്രയും പറഞ്ഞതിന്നു ശേഷം, അതിന് തുടർച്ചയായി, യേശുക്രിസ്തു, “കർത്താവിന്റെ പ്രാർത്ഥന” പഠിപ്പിച്ചു. 9 ആം വാക്യം ഇങ്ങനെയാണ്: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;” തുടർന്നു 13 ആം വാക്യം വരെ ഈ പ്രാർത്ഥന തുടരുന്നു. അതിന് ശേഷം ഇതിന്റെ ഒരു വിശദീകരണമായി യേശു പറഞ്ഞു:

 

മത്തായി 6:14, 15

14   നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.

15   നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

 

ഈ സമാപന വാക്യത്തെ, കർത്താവിന്റെ പ്രാർത്ഥനായിലെ, നമ്മളോടുള്ള മുഖ്യ സന്ദേശമായി കരുതാം.

 

ലൂക്കോസ് “കർത്താവിന്റെ പ്രാർത്ഥന”യുടെ സന്ദർഭമായി പറയുന്നത് മറ്റൊരു അവസരമാണ്.

ലൂക്കോസ് 11:1 അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

 

യേശു ഒരു സ്ഥലത്ത് പ്രാർത്ഥിച്ചുകൊണ്ടിരിക്കുക ആയിരുന്നു. അവൻ പ്രാർത്ഥിച്ചു തീർന്നപ്പോൾ ശിഷ്യന്മാരിൽ ഒരുവൻ, അവരെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണം എന്നു അപേക്ഷിച്ചു. ഇത് അവർക്ക് അതുവരെ പ്രാർത്ഥിക്കുവാൻ അറിഞ്ഞുകൂടായിരുന്നു എന്നോ, അവർ അതുവരെയും പ്രാർത്ഥിച്ചിട്ടില്ല എന്നോ അർത്ഥമാക്കുന്നില്ല. യഹൂദന്മാർ എല്ലാ ദിവസവും രാവിലേയും, ഉച്ചയ്ക്കും വൈകിട്ടും പ്രാർത്ഥിക്കുക പതിവാണ്. ഇത് കൂടാതെ ഓരോ സന്ദർഭത്തിലും പ്രാർത്ഥിക്കുവാൻ പ്രത്യേകം പ്രാർത്ഥനയുണ്ട്.

 

യിസ്രായേല്യരുടെ ഒരു പ്രശസ്തമായ പ്രാർത്ഥനയാണ് “ഷെമ യീസ്രായേൽ” എന്നു അറിയപ്പെടുന്നത്. (Shema Yisrael). ഇത് അവർ എല്ലാ ദിവസവും രാവിലേയും വൈകിട്ടും പ്രാർത്ഥിക്കുമായിരുന്നു. ആവർത്തനപുസ്തകം 6:4-9, ആവർത്തനപുസ്തകം 11:13-21, സംഖ്യാപുസ്തകം 15:37-41, എന്നീ വേദഭാഗ്യങ്ങൾ അടിസ്ഥാനമാക്കിയാണ് “ഷെമ” പ്രാർത്ഥിക്കുന്ന രീതി നിലവിൽ വന്നത്. കുട്ടികളെ ആദ്യം പഠിപ്പിക്കുന്ന പ്രാർത്ഥനയാണിത്. “ഷെമ” എന്ന എബ്രായ വാക്കിന്റെ അർത്ഥം, “കേൾക്ക” എന്നാണ്. ഇതിൽ കേൾക്കുക, അനുസരിക്കുക, എന്ന ആശയമുണ്ട്. ഇതിലെ ആദ്യ വാചകം ആവർത്തന പുസ്തകം 6:4,5 വാക്യങ്ങൾ ആണ്.  


Hear, O Israel: Adonai is our God, Adonai in One! Blessed is God's name; His glorious kingdom is for ever and ever!

And you shall love Adonai your God with all your heart, with all your soul, and with all your might.

And these words which I command you this day shall be upon your heart; teach them faithfully to your children, speak of them in your home and on your way, when you lie down and when you rise up. Bind them as a sign upon your hand; let them be a symbol before your eyes. Inscribe them on the doorposts of your house and on your gates.

 

യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ദൈവത്തിന്റെ നാമം അനുഗ്രഹീതമാണ്; അവന്റെ മഹത്വമുള്ള രാജ്യം എന്നന്നേക്കുമുള്ളതാകുന്നു.

നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.

ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.

അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.


യഹൂദന്മാർക്ക് പ്രാർത്ഥിക്കുവാൻ ചിട്ടയായി ക്രമീകരിക്കപ്പെട്ട പ്രാർത്ഥന ഉണ്ട്. അത് ശിഷ്യന്മാരും പ്രാർത്ഥിക്കുന്നുണ്ടായിരിക്കേണം. അതിനെ യേശുക്രിസ്തു ഒരിക്കലും വിലക്കിയിട്ടില്ല. അപ്പോൾ അവർ “ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ” എന്നു പറഞ്ഞത് എന്തുകൊണ്ടാണ്.

 

യഥാർത്ഥത്തിൽ ശിഷ്യന്മാർ അവരെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നല്ല പറഞ്ഞത്, “യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ” എന്നാണ് പറഞ്ഞത് (ലൂക്കോസ് 11:1). ഇതിനെ അൽപ്പം കൂടി മനസിലാക്കിയാൽ, യഹൂദ റബ്ബിമാർ അവരുടെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണം എന്നാണ് അവർ ആവശ്യപ്പെട്ടത്. സ്നാപക യോഹന്നാൻ ആണ് യേശുവുമായി ഏറ്റവും അടുത്ത പ്രവാചകനും റബ്ബിയും. അതിനാൽ അവർ “യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ” എന്നു പറഞ്ഞു.

 

ഇത് മനസ്സിലാക്കുവാൻ നമുക്ക് നഥനയേലും യേശുവും കണ്ടുമുട്ടുന്ന സന്ദർഭം സഹായിക്കും. യോഹന്നാന്‍റെ സുവിശേഷം 1 ആം അദ്ധ്യായത്തില്‍ യേശു തന്റെ ശിഷ്യന്മാരിൽ ചിലരെ വിളിച്ച് ചേര്‍ക്കുന്നതിന്റെ വിവരണം ഉണ്ട്. അന്ത്രെയാസ്, ശീമോൻ, മറ്റൊരു ശിഷ്യൻ എന്നിവരെ തിരഞ്ഞെടുത്തത്തിന് ശേഷം, യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു. പിന്നീട്, ഫിലിപ്പോസ്, നഥനയേലിനെ കണ്ടു, യേശുവിനെ കാണുവാന്‍ അവനെ ക്ഷണിച്ചു. (യോഹന്നാന്‍ 1:45). നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്നു അവനെക്കുറിച്ചു പറഞ്ഞു (1:47). നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു (1:48). നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു (1:49).

 

യേശു നഥനയേലിനെ അത്തിയുടെ കീഴില്‍ ഇരിക്കുന്നവനായി കണ്ടു എന്ന പ്രസ്താവനയിൽ ചില ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നഥനയേലിന് വ്യക്തമായി മനസ്സിലായി. അത് യഹൂദന്മാര്‍ പ്രത്യാശ വച്ചിരുന്ന മശീഹ ആണ് യേശു എന്നതിന്റെ തെളിവായിരുന്നു. അതുകൊണ്ടാണ്, “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു” എന്നു അവന് പറഞ്ഞത്.

 

യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാരും അവരുടെ ശിഷ്യന്മാരും വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ശിഷ്യന്മാര്‍, യഹൂദ പള്ളികളിലും അത്തിവൃക്ഷങ്ങളുടെ തണലിലും ഇരുന്നു, റബ്ബിമാരില്‍ നിന്നും കേട്ട് പഠിക്കുമായിരുന്നു. അങ്ങനെ “അത്തിവൃക്ഷ തണലില്‍”,  പാദ പീഠത്തിൽ ഇരിക്കുക” എന്നിങ്ങനെയുള്ള വാക്കുകൾ റബ്ബിമാരുരെയും ശിഷ്യന്മാരുടെയും പഠനരീതിയെ സൂചിപ്പിക്കുന്ന പദമായി മാറി.

 

യഹൂദ റബ്ബിമാരുടെ ശിഷ്യന്മാരുടെ പ്രിയപ്പെട്ട പ്രാര്‍ഥനാ സ്ഥലം കൂടി ആയിരുന്നു അത്തി വൃക്ഷത്തിന്‍റെ തണല്‍. അവിടെ, ശീതളമായ നിഴലില്‍, ശിഷ്യന്മാര്‍ ഏറെനേരം പ്രാര്‍ഥനയില്‍ ഇരിക്കുക പതിവായിരുന്നു. വേദപുസ്തകത്തില്‍ നേരിട്ടു പറയുന്നില്ല എങ്കിലും, നഥനയേലും ഒരു യഹൂദ റബ്ബിയുടെ ശിഷ്യന്‍ ആയിരുന്നിരിക്കേണം. അവന്‍ അത്തിവൃക്ഷത്തിന്റെ തണലില്‍ ഇരുന്നിരുന്നത് പ്രാര്‍ഥനയ്ക്കായി ആയിരുന്നിരിക്കാം. അവന്‍ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആയിരിക്കാം ഫിലിപ്പോസ് അവനെ യേശുവിനെ കാണുവാനായി ക്ഷണിച്ചത്. ഫിലിപ്പൊസ് നഥനയേലിനോട് പറഞ്ഞ വാക്കുകള്‍ ഇതാണ്:

 

യോഹന്നാന്‍ 1: 45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.

 

ഫിലിപ്പൊസ് ഉദ്ദേശിച്ചത്, ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്ന മശീഹയെ കണ്ടെത്തിയിരിക്കുന്നു എന്നാണ്. ഇതിന് നഥനയേലിന്റെ പ്രാർത്ഥനയുമായി ബന്ധമുണ്ട്. 

 

യഹൂദ റബ്ബിമാരുടെ പഠിപ്പിക്കല്‍ അനുസരിച്ചു, ഒരു യഹൂദന്‍, മശീഹയുടെ വരവിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിയ്ക്കുന്നില്ല എങ്കില്‍, അവന്‍റെ പ്രാർത്ഥനകൾ ഒന്നും യഥാര്‍ത്ഥ പ്രാർത്ഥന ആകുന്നില്ല. യേശുവിന്‍റെ കാലത്ത് പ്രബലമായിരുന്ന പരീശന്മാര്‍ മശീഹയുടെ വരവിനായി യിസ്രായേൽ ജനം ഒരുങ്ങേണം എന്നു വിശ്വസിച്ചിരുന്നവര്‍ ആണ്. അവരുടെ ഒരുക്കമില്ലായ്മ കൊണ്ടാണ് മശീഹയുടെ വരവ് താമസിക്കുന്നത് എന്നു പരീശന്മാർ വിശ്വസിച്ചു. യോഹന്നാന്‍ സ്നാപകന്‍ അംഗമായിരുന്ന എസ്സെനെസ് എന്ന സന്യാസിസമൂഹം, പരീശന്മാരെക്കാള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ന്യായപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുകയും, പ്രാർത്ഥനയിലും ഉപവാസത്തിലും തങ്ങളെ തന്നെ സമര്‍പ്പിച്ചവരുമായിരുന്നു. ഇവരെല്ലാം പഴയനിയമ ദൈവീക പ്രമാണങ്ങളിലേക്കും അതനുസരിച്ചുള്ള ജീവിതത്തിലേക്കും തിരികെ പോകേണം എന്ന് പഠിപ്പിച്ചിരുന്നു. മശീഹയുടെ വരവിനെക്കുറിച്ചുള്ള പ്രത്യാശ ഇവര്‍ സജീവമാക്കി.

 

അതായത്, നഥനയേല്‍ ഒരു യഹൂദ റബിയുടെ ശിഷ്യന്‍ ആയിരുന്നിരിക്കാം; അവന്‍ അത്തിവൃക്ഷത്തിന്റെ തണലില്‍ പ്രാർത്ഥനയിൽ  ആയിരുന്നു; അവന്‍ മശീഹയുടെ വരവിനായി പ്രത്യാശയോടെയും വിശ്വാസത്തോടെയും പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഫിലിപ്പൊസ് ചെന്നു പറഞ്ഞത്: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു;” യേശു, അവനോട്, “നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു”, എന്ന് പറഞ്ഞപ്പോള്‍, നഥനയേല്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു എന്നും, അവന്‍ മശിഹായുടെ വരവിനായി പ്രാര്‍ത്ഥിക്കുക ആയിരുന്നു എന്നും, ഇപ്പോള്‍ അതിനു നിവര്‍ത്തിയായി എന്നും ആണ് യേശു പറഞ്ഞത്.

 

ഈ മര്‍മ്മം വേഗത്തില്‍ ഗ്രഹിക്കുവാന്‍ നഥനയേലിന് കഴിഞ്ഞു. അവന്‍ ഉടന്‍തന്നെ യേശുവിനെ മശീഹ ആയി സ്വീകരിച്ചു. നഥനയേൽ യേശുവിനോട്: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.”

 

ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നത് ഇതാണ്: ഓരോ റബ്ബിയും, അവരുടെ ശിഷ്യന്മാരെ, മശീഹയുടെ വരവിനായി പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചിരുന്നു. അത് അവരുടെ കാഴ്ചപ്പാടിന് അനുസരിച്ചായിരുന്നു. സ്നാപക യോഹന്നാനും അവന്റെ ശിഷ്യന്മാരെ മശീഹയുടെ വരവിനായി പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചിരുന്നു. എന്നാൽ യേശു അതുവരെയും, മശീഹയുടെ വരവിനായി പ്രാർത്ഥിക്കുവാൻ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നില്ല.

 

അതായത്, ശിഷ്യന്മാർ യേശുവിനോടു, “യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ” എന്നു പറഞ്ഞപ്പോൾ, അവർ ഉദ്ദേശിച്ചത് ഒരു സാധാരണ പ്രാർത്ഥനയല്ല, മശീഹയുടെ വരവിനായി എങ്ങനെ പ്രാർത്ഥിക്കേണം എന്നു പഠിപ്പിക്കേണം എന്നാണ്. ഇതിന് മറുപടിയായാണ് യേശു ശിഷ്യന്മാരെ “കർത്താവിന്റെ പ്രാർത്ഥന” പഠിപ്പിക്കുന്നത്.

 

എന്നാൽ ശിഷ്യന്മാർ ചോദിച്ചതുപോലെയുള്ള മശീഹയുടെ വരവിനായുള്ള ഒരു പ്രാർത്ഥന അല്ല യേശു പഠിപ്പിച്ചത്. യേശുവിന്റെ പ്രാർത്ഥന മശീഹയുടെ വരവിന് ശേഷം, ദൈവരാജ്യത്തിന്റെ സമ്പൂർണ്ണമായ നിവൃത്തിക്കായുള്ള പ്രാർത്ഥന ആണ്. അത് ദൈവരാജ്യം ഇപ്പോൾ നമ്മളിലും, ഭാവിയിൽ ഈ ഭൂമിയിലും, ശേഷം നിത്യതയിലും വരേണമേ എന്ന പ്രാർത്ഥന ആണ്.  

 

കർത്താവ് പ്രാർത്ഥന ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

മത്തായി 6:9 നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;

 

ലൂക്കോസ് 11:2 അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)

 

പ്രാർത്ഥന പിതാവിനോടുള്ള ഊഷ്മളമായ സംഭാഷണമാണ്

 

ദൈവവുമായി വ്യക്തിപരമായ ബന്ധം ഉള്ളവർക്ക് മാത്രമേ ദൈവത്തോട് പ്രാർത്ഥിക്കുവാൻ കഴിയൂ. എന്നാൽ യഹൂദന്മാർ യഹോവയായ ദൈവത്തെ “പിതാവേ” എന്നു വിളിച്ചു പ്രാർത്ഥിക്കാറില്ല. അവർ പൊതുവേ “ദൈവം” എന്നോ “യഹോവ” എന്നോ ഉച്ചരിക്കാറില്ല. ദൈവത്തിന്റെ പേര് അതിശ്രേഷ്ഠമായിരിക്കയാൽ, അത് ഉച്ചരിക്കുവാൻ അവർ ഭയപ്പെടുന്നു. അതിനാൽ ദൈവത്തെ കർത്താവ്, പ്രഭു എന്നീ അർത്ഥത്തിൽ “അഡോണായ്” എന്നു എബ്രായ ഭാഷയിലും “കൈറിയോസ്” എന്നു ഗ്രീക്കിലും വിളിച്ചു (Adonai, Kyrios).

 

എന്നാൽ യേശു ഈ ചിന്തകളെ തള്ളിക്കളയുകയാണ്. അവൻ പിതാവായ ദൈവവുമായി മനുഷ്യർക്കുള്ള ബന്ധത്തെ പുനർനിർവചിച്ചു. അത് ഒരു പിതാവും മകനും/മകളും തമ്മിലുള്ള ബന്ധത്തിന് സമമാക്കി. അതിനാൽ യേശു പറഞ്ഞു, നിങ്ങൾ പ്രാർത്ഥിക്കുന്നത്, അകലെയെങ്ങോ, കാണാമറയത്ത്, നിൽക്കുന്ന ഒരു ദൈവത്തോടല്ല, നിങ്ങളുടെ പിതാവായ ദൈവത്തോടാണ്. പ്രാർത്ഥന ഒരു പിതാവിനോടുള്ള ഒരു മകന്റെ/മകളുടെ സംഭാഷണമാണ്. അതൊരു ഔപചാരികമായ സംസാരം അല്ല, ഊഷ്മളമായ, തുറന്ന സംഭാഷണമാണ്.

 

ലോകത്തിൽ അനേകം മതങ്ങൾ ഉണ്ട്, അവയ്ക്ക് ഗുരുക്കന്മാരും ഉണ്ട്. എന്നാൽ ഒരു ഗുരു മാത്രമേ ദൈവവുമായി മനുഷ്യന് ഒരു പിതാവ്-പുത്രൻ ബന്ധം വാഗ്ദത്തം ചെയ്യുന്നുള്ളൂ. അതിനാൽ തന്നെ ഒരു ക്രിസ്തീയ വിശ്വാസിയുടെ പ്രാർത്ഥന, മറ്റ് മതങ്ങളുടെ പ്രാർത്ഥനയിൽ നിന്നും വിഭിന്നവും വ്യത്യസ്തവും ആയിരിക്കുന്നു.

 

മറ്റ് മതവിശ്വാസികൾ ഭയത്തോട് ദൈവത്തോടെ പ്രാർത്ഥിക്കുമ്പോൾ, ക്രിസ്തീയ വിശ്വാസി മാത്രം സ്നേഹത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ശിക്ഷിക്കപ്പെടും എന്ന ഭയമല്ല, ദൈവത്തോടുള്ള സ്നേഹമാണ് ക്രിസ്തീയ വിശ്വാസിയുടെ പ്രാർത്ഥനയുടെ കാരണം. ക്രിസ്തീയ വിശ്വാസികൾ മാത്രമേ ജീവനുള്ള ദൈവത്തോട്, പിതാവേ എന്നു അഭിസംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കുന്നുള്ളൂ. ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമേ ദൈവവുമായി ഒരു പിതാവിനോടു എന്നപ്പോലെയുള്ള ബന്ധം ഉള്ളൂ. ഇതാണ് ക്രിസ്തീയ വിശ്വാസിയുടെ പ്രാർത്ഥനയും മറ്റ് മത വിശ്വാസികളുടെ പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസം.

 

ദൈവരാജ്യം വരേണമേ

 

കർത്താവിന്റെ പ്രാർത്ഥനയിലെ രണ്ടാമത്തെ വാചകം ഇതാണ്:

 

മത്തായി 6:10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

 

ഇതൊരു യഹൂദ കാഴ്ചപ്പാട് ആണ്. എന്നാൽ ഇതിലും യേശു ഒരു പുനർവ്യാഖ്യാനം നടത്തിയിട്ടുണ്ട്.

 

എല്ലാ ദിവസവും പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം യഹൂദ പള്ളികളില്‍, മശീഹയെക്കുറിച്ചുള്ള അവരുടെ വിശ്വാസം ഏറ്റുപറയാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ഏറ്റുപറച്ചിൽ ഇങ്ങനെയാണ്:

 

മശീഹ വരുകയും മശീഹായുഗം സ്ഥാപിക്കുകയും ചെയ്യും, ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു, അവന്‍ താമസിച്ചാലും ഞാന്‍ അവനായി കാത്തിരിക്കും”

 

യഹൂദന്മാർക്ക് മശീഹ, ഭാവിയിൽ വരുവാനിരിക്കുന്ന ഒരു ദേശീയ രാക്ഷ്ട്രീയ നേതാവാണ്. അവന്‍ യിസ്രായേല്‍ ജനത്തെ അവരുടെ എല്ലാ ശത്രുക്കളുടെയും കൈയില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കും. അവന്‍ യെരൂശലേം ദൈവാലയത്തെ പുനര്‍നിമ്മിക്കും. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയിരിക്കുന്ന യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെയും അവരുടെ വാഗ്ദത്ത ഭൂമിയായ യിസ്രായേല്‍ ദേശത്ത് വീണ്ടും മടക്കിവരുത്തും. ഇതൊരു പുതിയ “പുറപ്പാട്” ആയിരിയ്ക്കും (Exodus). സമാധാനവും സമൃദ്ധിയും നിറഞ്ഞ നിത്യമായ മശീഹ യുഗം സ്ഥാപിക്കും. ഇതൊക്കെയാണ് യഹൂദന്മാരുടെ പ്രത്യാശ.

 

നിന്റെ രാജ്യം വരേണമേ എന്നു പ്രാർത്ഥിക്കുവാൻ യേശു പഠിപ്പിച്ചപ്പോൾ യഹൂദന്മാർ കാത്തിരിക്കുന്ന ദൈവരാജ്യത്തേക്കുറിച്ചാണ് പറഞ്ഞത്. രാജ്യം എന്നത് ഭരണം ആണ്. ദൈവരാജ്യം എന്നത് ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകുന്ന അവസ്ഥയാണ്. യേശു പഠിപ്പിച്ചത്, മശീഹ വരേണമേ എന്നല്ല. മശീഹയുഗം, അല്ലെങ്കിൽ, ദൈവരാജ്യം വരുന്നതിനായി പ്രാർത്ഥിക്കുവാനാണ്.

 

യോഹന്നാൻ സ്നാപകൻ മാനസാന്തര സ്നാനം പ്രസംഗിക്കുകയും, സ്നാനപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, യഹൂദന്മാർ പ്രതീക്ഷിക്കുന്ന മശീഹ അവനായിരിക്കുമോ എന്നു ജനം സംശയിച്ചു. അതിന് യോഹന്നാൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്:

 

ലൂക്കോസ് 3:15-18

15   ജനം കാത്തു നിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ

16   യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

17   അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

18   മറ്റു പലതും അവൻ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

 

മത്തായി 3:11, 12

11    ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

12   വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

 

യോഹന്നാൻ പറഞ്ഞതിതാണ്: അവൻ മശീഹ അല്ല. എന്നാൽ മശീഹ അവന്റെ പിന്നാലെ വരുന്നുണ്ട്. മശീഹ യോഹന്നാന്നെക്കാൾ ബലവാൻ ആണ്. അവന്റെ അടിമയായിരിക്കുവാനുള്ള യോഗ്യത പോലും യോഹന്നാന് ഇല്ല. പിന്നാലെ വരുന്നവൻ മശീഹ ആണ് എന്നതിന്റെ അടയാളം, അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും എന്നതാണ്. അവൻ ഗോതമ്പിനേയും പതിരിനെയും വേർതിരിക്കുകയും, പതിരിനെ നിത്യാശിക്ഷാവിധിയിൽ ഇടുകയും ചെയ്യും.

 

യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം ഇങ്ങനെയാണ്:

 

യോഹന്നാൻ 1:15, 16

15   യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.

16   അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.

 

യോഹന്നാൻ സ്നാപകൻ ക്രിസ്തുവോ എന്നു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും, ലേവ്യരെയും, പരീശന്മാരെയും അയച്ചു. (യോഹന്നാൻ 1:19, 24). എന്നാൽ അവൻ ക്രിസ്തു അല്ല എന്നു യോഹന്നാൻ അവരോട് പറഞ്ഞു. എങ്കിൽ “നീ ഏലീയാവോ” അല്ലായെങ്കിൽ മറ്റൊരു പ്രവാചകനോ എന്നു അവർ ചോദിച്ചു. അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. “കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു” എന്നു യോഹന്നാൻ സ്വയം പരിചയപ്പെടുത്തി. തുടർന്നു അവൻ പറഞ്ഞു:

 

യോഹന്നാൻ 1:26, 27

26 അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;

27 എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.

 

അടുത്ത ദിവസം യോഹന്നാൻ സ്നാപകൻ വീണ്ടും യേശുവിനെക്കുറിച്ച് സാക്ഷീകരിച്ചതിങ്ങനെയാണ്:

 

യോഹന്നാൻ 1:29-36

29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;

30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.

31   ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

32 യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.

33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.

34 അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.

35 പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ

36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.

യോഹന്നാൻ സ്നാപകന്റെ സാക്ഷ്യം പറയുന്നത് ഇതാണ്, അവൻ ക്രിസ്തു അഥവാ മശീഹ അല്ല. എന്നാൽ അവന് പിന്നാലെ വരുന്നവൻ മശീഹ ആണ്. പരിശുദ്ധാത്മാവ് അവന്റെ മേൽ സ്ഥിരമായി വസിക്കും എന്നതും അവൻ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും എന്നതും അവൻ മശീഹ ആണ് എന്നതിന്റെ അടയാളമാണ്. യേശുക്രിസ്തു ആണ് ഈ മശീഹ.

 

അതായത് യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവോടെ, യഹൂദന്മാർ കാത്തിരിക്കുന്ന മശീഹ വന്നു കഴിഞ്ഞു. അവന്റെ വരവോടെ ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു. യേശുക്രിസ്തു അവന്റെ ശുശ്രൂഷ ആരംഭിക്കുന്നത് ഇത് പ്രഖ്യാപിച്ചുകൊണ്ടാണ്: 

 

മത്തായി 4:17 അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി.

 

മർക്കോസ് 1:14, 15

14   എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:

15   കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.

 

മത്തായി 10:7 നിങ്ങൾ (ശിഷ്യന്മാർ) പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.

 

യേശു ചെയ്ത ഓരോ അത്ഭുത പ്രവർത്തികളും അവൻ മശീഹ ആണ് എന്നതിന്റെയും ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെയും അടയാളങ്ങൾ ആയിരുന്നു.

 

യോഹന്നാൻ 2: 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.

 

യോഹന്നാൻ 2:23 പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.

 

മത്തായി 12: 38 ല്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട്, അവൻ മശീഹ ആണ് എന്നതിന്റെ  ഒരു അടയാളം ചോദിച്ചതായി സുവിശേഷങ്ങളില്‍ പറയുന്നുണ്ട്.

 

മത്തായി 12: 39, 40

38 അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:

39  ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. 

40  യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. 

 

മത്തായി 16:1 ലും പരീശന്മാരും സദൂക്യരും യേശുവിനോട് അടയാളം ചോദിക്കുന്നുണ്ട്.

 

മത്തായി 16:1-4

1     അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

2    അവരോടു അവൻ ഉത്തരം പറഞ്ഞതു: “സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും

3    രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?

4    ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ അവരെ വിട്ടു പോയി. 

 

യോഹന്നാന്‍ 2 ആം അദ്ധ്യായത്തിലും അടയാളമന്വേഷിക്കുന്ന യഹൂദന്മാരെ കാണാം. പെസഹ പെരുനാളിന്റെ സമീപ ദിവസം യേശു യെരൂശലേമിലേക്ക് പോയി. അവിടെ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും പൊൻവാണിഭക്കാരെയും കണ്ടു. യേശു അവരെ ആലയത്തില്‍ നിന്നും ഓടിച്ചുകളഞ്ഞു. അപ്പോള്‍ യെഹൂദന്മാർ “നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.” (യോഹന്നാൻ 2:18).

 

യോഹന്നാൻ 2:19-22

19   യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു.

20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.

21   അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.

22 അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

 

മത്തായി, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളില്‍ യേശു നല്‍കുന്ന അടയാളം അവന്റെ മരണവും ഉയിര്‍പ്പും ആണ്. ഇത് ദൈവീകമായ, ദൈവത്താല്‍ മാത്രം സാദ്ധ്യമാകുന്ന അടയാളങ്ങള്‍ ആണ്. യേശുക്രിസ്തു മശീഹ ആണ് എന്നതിന് അവൻ തന്നെ പറഞ്ഞ അടയാളം ആണിത്.

 

അതായത്, യേശുക്രിസ്തു യഹൂദന്മാർ പ്രത്യാശയോടെ കാത്തിരുന്ന മശീഹ ആണ്. മശീഹ വന്നപ്പോൾ, ദൈവരാജ്യം വന്നു, ഇപ്പോൾ ദൈവരാജ്യത്തിന്റെ സാന്നിധ്യം നമ്മളുടെ ഇടയിൽ ഉണ്ട്, ദൈവരാജ്യം അതിന്റെ പൂർണ്ണതയിൽ ഇനിയും നിവർത്തിക്കപ്പെടും.

 

അതിനാൽ യേശുക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന മശീഹയുടെ വരവവിനായി പ്രാർത്ഥിക്കുന്നതല്ല. അത് ദൈവരാജ്യത്തിന്റെ വരവിനായി പ്രാർത്ഥിക്കുന്നതാണ്. എന്നാൽ യേശുക്രിസ്തു വിളംബരം ചെയ്ത ദൈവരാജ്യം ഐഹീകം അല്ല. 

 

യോഹന്നാൻ 18: 36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

 

റോമർ 14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.

 

ദൈവരാജ്യം ഭൌതീക കാര്യങ്ങൾ അല്ല, അത് ആത്മീയ അനുഭവങ്ങൾ ആണ് എന്നാണ് ഈ വാക്യത്തിന്റെ അർത്ഥം.

 

മത്തായി 20:20-23 

20 അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.

21   നിനക്കു എന്തു വേണം” എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.

22 അതിന്നു ഉത്തരമായി യേശു:നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ” എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.

23 അവൻ അവരോടു: “എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു.

 

ദൈവരാജ്യം പിതാവിന്റെ രാജ്യമാണ്. അവിടെ ആരെല്ലാം ഉണ്ടായിരിക്കേണം എന്നത് പിതാവിന്റെ നിശ്ചയമാണ്. അത് ആത്മീയമായ ഒരു രാജ്യമാണ്.

 

ലൂക്കോസ് 17:20, 21

20 ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;

21   ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു.

 

മത്തായി 13:33

31   മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.

32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.”

33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

 

ദൈവരാജ്യം യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവോടെ വന്നുകഴിഞ്ഞു. അത് ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായി ആരംഭിച്ചു. അത് ക്രമേണ വളർന്ന് ലോകമാകെ കീഴടക്കും. അതായത് ദൈവരാജ്യം യഹൂദന്മാർ പ്രതീക്ഷിക്കുന്നതുപോലെയല്ല വരുന്നത്. അത് വലിയ അടയാളങ്ങളോടെ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നത് അല്ല. ഈ ദൈവരാജ്യം യേശുവിന്റെ പ്രഖ്യപനത്തോടെ ആരംഭിച്ചു കഴിഞ്ഞു. അതിനാൽ, മറ്റൊരു അവസരത്തിൽ ദൈവരാജ്യത്തേക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു:

 

ലൂക്കോസ് 11:20 എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.

 

ലൂക്കോസ് 17:21 ലെ “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ” എന്ന പ്രസ്താവനയെ, ലൂക്കോസ് 11:20 ൽ യേശു പറഞ്ഞതുമായി ചേർത്തു ചിന്തിച്ചാൽ, ദൈവരാജ്യം, യേശുക്രിസ്തു എന്ന മശീഹയിലൂടെ, അവരുടെ ഇടയിൽ ഉണ്ട് എന്ന വ്യാഖ്യാനത്തിൽ എത്തിച്ചേരാം. എന്നാൽ യേശുക്രിസ്തുവിന്റെ മരണത്തോടെയോ, സ്വർഗ്ഗാരോഹണത്തോടെയോ ദൈവരാജ്യം മനുഷ്യരുടെ ഇടയിൽ നിന്നും പോയി എന്ന നിഗമനം ശരിയല്ല. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലൂടെ. ക്രിസ്തുവിന്റെ സാന്നിധ്യമായ ദൈവരാജ്യം ഇന്നും ദൈവജനത്തിന്റെ ഇടയിൽ ഉണ്ട്.

 

അതായത് കർത്താവിന്റെ പ്രാർത്ഥനയിലെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;” (മത്തായി 6:10) എന്ന വാചകത്തെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം നമ്മളുടെ ജീവിതത്തിൽ വരേണം. അത് ദൈവത്തിന്റെ ഭരണമാണ്. അത് അവന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകുന്ന അവസ്ഥയാണ്. ഇത് കൂടാതെ, ദൈവരാജ്യം അതിന്റെ പൂർണ്ണതയിൽ ഇനിയും നിവർത്തിയാകുവാൻ ഇരിക്കുന്നതെയുള്ളൂ. അതിനായി നമ്മൾ പ്രാർത്ഥിക്കേണം.

 

യഹൂദന്മാരുടെ പ്രാർത്ഥനയും, കർത്താവിന്റെ പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസം, യഹൂദന്മാർ മശീഹയുടെ വരവിനായി പ്രത്യാശയോടെ പ്രാർത്ഥിക്കുന്നു, കർത്താവിന്റെ പ്രാർത്ഥനയിൽ ദൈവരാജ്യത്തിന്റെ പൂർണ്ണ നിവർത്തിക്കായി പ്രാർത്ഥിക്കുന്നു എന്നതാണ്. 

 

പ്രാർത്ഥന ദൈവരാജ്യം നമ്മളുടെ ജീവിതത്തിൽ വരുവാൻ വേണ്ടിയാണ്. ദൈവരാജ്യത്തിന്റെ സമ്പൂർണ്ണ നിവൃത്തിക്കായാണ്.
 ദൈവ തേജസ്സിന്റെ പകർച്ച

 

മോശെ ദൈവത്തിന്റെ സന്നിധിയിൽ സമയം ചിലവഴിച്ചതിന് സമാനമായൊരു അനുഭവം വേദപുസ്തകത്തിൽ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അവൻ നാൽപ്പത് പകലും, നാൽപ്പത് രാത്രിയും ദൈവത്തോട് കൂടെ, ആയിരുന്നു. ഈ സംഗമത്തിന്റെ പ്രത്യേകത, ദൈവം തേജസ്സിൽ വെളിപ്പെട്ട ഒരു അവസരത്തിൽ ആണ് മോശെ ദൈവത്തോട് കൂടെ ആയിരുന്നത് എന്നാണ്.

 

പുറപ്പാട് 24:15-18

15   അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.

16   യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു.

17   യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.

18   മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിൽ ആയിരുന്നു.

 

പുറപ്പാടു 34 ആം അദ്ധ്യായത്തിൽ സീനായ് പർവ്വതമുകളിൽ ദൈവം വീണ്ടും പ്രത്യക്ഷമായപ്പോൾ അവൻ തേജസ്സിൽ പ്രത്യക്ഷനായി. ഈ കണ്ടുമുട്ടലിലും മോശെ നാൽപ്പത് പകലും നാൽപ്പത് രാത്രിയും ദൈവത്തോട് കൂടെ ആയിരുന്നു. 

 

പുറപ്പാട് 34:28 അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.

 

ദൈവീക തേജസ്സിൽ നിന്നും നാൽപ്പത് ദിവസങ്ങൾക്ക് ശേഷം പുറത്തേക്ക് വന്ന മോശെയുടെ മുഖം പ്രകാശിച്ചു എന്നാണ് 29 ആം വാക്യത്തിൽ പറയുന്നത്. എന്നാൽ അത് മോശെ തിരിച്ചറിഞ്ഞില്ല, അവനെ കണ്ട യിസ്രായേൽ അത് കണ്ടു, ഭയപ്പെട്ടു (34:30).

 

പുറപ്പാട് 34:35

29 അവൻ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ൿ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പടിച്ചുകൊണ്ടു സീനായിപർവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ അറിഞ്ഞില്ല.

30 അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ൿ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.

 

33 മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.

34 മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രയേൽമക്കളോടു പറയും.

35 യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ൿ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.

 

മോശെയുടെ മുഖത്തേക്ക് പകർന്ന തേജസ്സ് ദൈവത്തിന്റെ തേജസ്സായിരുന്നു. ഇത് ദൈവത്തോട് കൂടെ ആയിരുന്ന മോശെയുടെ മേൽ സ്വാഭാവികമായി പകർന്ന ദൈവീക തേജസ്സായിരുന്നു. പ്രാർത്ഥന ദൈവ സന്നിധിയിൽ ആയിരിക്കുന്ന അനുഭവമാണ്. അത് ദൈവീക തേജസ്സിന്റെ പകർച്ച നമ്മളിൽ ഉണ്ടാക്കുന്ന അനുഭവമാണ്.

 

യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാർത്ഥനയിൽ, അവൻ ഇങ്ങനെയാണ് പറഞ്ഞത്:

 

യോഹന്നാൻ 17:22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു;

 

John 17:22 "And the glory which You gave Me I have given them, that they may be one just as We are one: (NKJV)

 

2 കൊരിന്ത്യർ 3:18 എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.

 

ദൈവീക തേജസ്സിന്റെ പകർച്ച ദൈവത്തിന്റെ സന്നിധിയിൽ സമയം ചിലവഴിക്കുന്ന മനുഷ്യരിലേക്ക് ദൈവത്തിൽ നിന്നും സ്വാഭാവികമായി പകരപ്പെടുന്നതാണ്. ഇതൊരു ദാനമോ, കൃപാവരമോ അല്ല. ഇത് സ്വാഭാവികമായ പകർച്ചയാണ്. ഇതിന് മനപ്പൂർവ്വമായ പ്രവർത്തികളോ, വാക്കുകളോ ഇല്ല.

 

സങ്കീര്‍ത്തനങ്ങള്‍ 19:1- 3

    ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

   പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.

   ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.

 

സങ്കീര്‍ത്തനങ്ങള്‍ 42:7 നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; ....

 

Psalms 42:7 Deep calls unto deep at the noise of Your waterfalls; .... (NKJV)

 

ദൈവ ശക്തിയുടെ പകർച്ച

 

പ്രാർത്ഥന ദൈവ ശക്തിയുടെ പകർച്ചയും ഏറ്റെടുക്കലും ആണ്. പത്രൊസും യോഹന്നാനും മുടന്തനായ ഒരാളെ സൌഖ്യമാക്കുന്നതിന്റെ ചരിത്രം നമ്മൾ അപ്പൊസ്തല പ്രവൃത്തികൾ 3 ആം അദ്ധ്യയത്തിൽ വായിക്കുന്നു. ഇത് കണ്ട ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. അവർ ജനത്തോട് യേശുക്രിസ്തുവിന്റെ സാക്ഷ്യം അറിയിച്ചു. അപ്പോൾ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി (അപ്പൊസ്തല പ്രവൃത്തികൾ 4:1-3). പിറ്റെന്നാൾ യഹൂദ പ്രമാണികളും, മൂപ്പന്മാരും, ശാസ്ത്രിമാരും, മഹാപുരോഹിതനായ ഹന്നാവും, കയ്യഫാവും, മഹാപുരോഹിത വംശത്തിലുള്ളവർ ഒക്കെയും യെരൂശലേമിൽ ഒന്നിച്ചുകൂടി, അവരെ വിചാരണ ചെയ്തു. പത്രൊസിനെയും യോഹന്നാനെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു (4:21). പത്രൊസും യോഹന്നാനും കൂട്ടു വിശ്വസികളുടെ അടുക്കൽ ചെന്നു, സംഭവിച്ചതെല്ലാം അറിയിച്ചു. അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു.    

അപ്പൊസ്തല പ്രവൃത്തികൾ 4:30, 31

30 സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.

31   ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

 

പ്രാർത്ഥന യേശുക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം “പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ” അവന്റെ ദാസന്മാർക്കു ശക്തി നല്കുന്നു. പരിശുദ്ധാത്മാവിന്റെ അളവറ്റ പകർച്ചയാൽ അത് സാധ്യമാകുന്നു. ഈ അത്യന്ത ശക്തി നമ്മളിൽ നിറയ്ക്കുന്ന അനുഭവമാണ് പ്രാർത്ഥന.

 

ഈ ദൈവ ശക്തി പ്രലോഭനങ്ങളിൽ അകപ്പെടാതെ നമ്മളെ സംരക്ഷിക്കും. അതുകൊണ്ടാണ് “എഴുന്നേറ്റു പ്രാർത്ഥിപ്പിൻ” എന്നു യേശുക്രിസ്തു ശിഷ്യന്മാരെ ഉപദേശിച്ചതു.     

 

ലൂക്കോസ് 22: 46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ ” എന്നു പറഞ്ഞു. 

 

ഇടുവിൽ നിൽക്കുന്ന പ്രാർത്ഥന

 

പ്രാർത്ഥന, ദൈവ കൃപയ്ക്ക് അർഹതയുള്ളവർക്കും, അർഹത ഇല്ലാത്തവർക്കും വേണ്ടിയുള്ള ഇടുവിൽ നിൽക്കലാണ്.

 

സൊദോം ഗൊമോറ പട്ടണത്തിലെ ജനങ്ങൾക്കായി ഇടുവിൽ നിന്ന അബ്രാഹാം ഇതിനൊരു ഉദാഹരണം ആണ്. ഉൽപ്പത്തി 18 ആം അദ്ധ്യയത്തിൽ, അബ്രഹാമിന് മൂന്ന് സ്വർഗ്ഗീയ പുരുഷന്മാർ പ്രത്യക്ഷനായി. അവർ ഒരു ആണ്ട് കഴിഞ്ഞിട്ടു അവന്റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും എന്ന് അറിയിച്ചു. അതിന് ശേഷം അവർ സൊദോം വഴിക്കു തിരിഞ്ഞു പോയി. അപ്പോൾ “സൊദോമിന്റെയും ഗൊമോറായുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.” എന്നു യഹോവയായ ദൈവം അബ്രാഹാമിനോടു പറഞ്ഞു. അത് അവരുടെമേൽ ദൈവീക ശിക്ഷ വരുത്തുവാനുള്ള ദൈവീക ആലോചനയാണ് എന്നു മനസ്സിലാക്കിയ അബ്രാഹാം, ഈ പട്ടണങ്ങളിലെ ജനങ്ങലെ മൊത്തമായി നശിപ്പിക്കാതെ ഇരിക്കേണ്ടതിന് അവർക്കായി യഹോവയുടെ സന്നിധിയിൽ ഇടുവിൽ നിന്നു.

 

സൊദോം പട്ടണത്തിലാണ് അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്ത് താമസിച്ചിരുന്നത് എന്നല്ലാതെ, അവിടെയുള്ള നിവാസികളുമായി അബ്രഹാമിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ലോത്തിനെ കരുതി ഈ പട്ടണങ്ങളെ നശിപ്പിക്കരുത് എന്നു അബ്രാഹാം പ്രാർത്ഥിച്ചില്ല. അവൻ ഇടുവിൽ നിന്നത് ലോത്തിന്നും കുടുംബത്തിനും വേണ്ടി ആയിരുന്നില്ല. അബ്രാഹാം പ്രാർത്ഥിച്ചത് ആ പട്ടണങ്ങൾക്കും അതിലെ നിവാസികൾക്ക് വേണ്ടിയും ആണ്.  

 

എന്നാൽ, അവരുടെ ഇടയിൽ പത്ത് നീതിമാന്മാരെപ്പോലും കണ്ടെത്തുവാൻ കഴിയായതെ വന്നപ്പോൾ അബ്രാഹാമിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ദൈവം ഈ പട്ടണങ്ങളേയും അതിലെ ജനങ്ങളേയും, ലോത്തിന്റെ കുടുംബം ഒഴികെ സകലത്തിനെയും നശിപ്പിച്ചു.

 

ഇവിടെ അബ്രാഹാം ഇടുവിൽ നിൽക്കുന്നത്, ദൈവ കൃപയ്ക്ക് അർഹരായവർക്ക് വേണ്ടിയല്ല; പ്രവൃത്തികളാൽ ദൈവകൃപയ്ക്ക് അന്യരായവർക്ക് വേണ്ടിയാണ്. പ്രാർത്ഥന പാപിക്കും, ദൈവത്തിനും ഇടയിൽ വിടുതലിനായി ഇടുവിൽ നിലക്കുന്ന മദ്ധ്യസ്ഥതയാണ്.  

  
ഇത് കൂടുതൽ വ്യക്തമാക്കുന്ന മറ്റൊരു ചരിത്രം സംഖ്യാപുസ്തകം 16 ആം അദ്ധ്യയത്തിൽ വിവരിക്കുന്നുണ്ട്. ഇവിടെ അഹരോൻ, യിസ്രായേൽ ജനങ്ങൾക്കായി ഇടുവിൽ നിൽക്കുകയാണ്. ഇതിന്റെ ചരിത്രം ഇങ്ങനെയാണ്: 

 

സംഖ്യാപുസ്തകം 16 ആം അദ്ധ്യായം ദൈവത്തിന്റെ അഭിഷിക്തനെതിരെയുള്ള ഒരു മൽസരത്തിന്റെ ചരിത്രമാണ്. യിസ്രായേൽ ജനം മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന വഴിയിൽ ആണ് ഈ സംഭവം നടക്കുന്നത്. 13, 14 അദ്ധ്യായങ്ങൾ, കനാൻ ദേശം ഒറ്റു നോക്കുവാനായി മോശെ അയച്ചവർ തിരികെ വന്നു അവിശ്വാസത്തിന്റെയും ഭീതിയുടെയും, പരാജയത്തിന്റെയും കഥ ജനത്തെ അറിയിക്കുന്നതിന്റെ വിവരണമാണ്. അതിനാൽ അവർ ശിക്ഷിക്കപ്പെട്ടു, നാൽപ്പത് വർഷങ്ങൾ മരുഭൂമിയിൽ വീണ്ടും അലഞ്ഞു നടന്നു. ഈ കാലയളവിൽ ആണ് 16 ആം അദ്ധ്യായത്തിലെ സംഭവം നടക്കുന്നത്.

 

ലേവി ഗോത്രത്തിലെ കോരഹ്, രൂബേൻ ഗോത്രത്തിലെ ദാഥാൻ, അബീരാം, ഓൻ എന്നിവരും യിസ്രായേൽ ജനത്തിൽ പ്രമാണികളായ ഇരുനൂറ്റമ്പതു പുരുഷന്മാരും ഒരുമിച്ചു, മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി, അവരോട് മത്സരിച്ചു. മോശെക്കും അഹരോന്നും മാത്രമല്ല, കോരഹിനും കൂട്ടർക്കും യിസ്രായേൽ ജനത്തെ നയിക്കുവാനുള്ള പ്രാപ്തി ഉണ്ട് എന്നതായിരുന്നു വിഷയം. മോശെ ഈ വിഷയം ദൈവ സന്നിധിയിൽ വച്ചു. പിറ്റേ ദിവസം മൽസരിച്ച പുരുഷന്മാരും മോശെയും അഹരോനും ധൂപകലശം എടുത്തു അതിൽ ധൂപവർഗ്ഗവും തീയുമിട്ട് യഹോവയുടെ സന്നിധിയിൽ നിന്നു.

 

എന്നാൽ യഹോവ പ്രത്യക്ഷനായി, കോരഹ്, ദാഥാൻ, അബീരാം എന്നിവരെ, അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളോടും കൂടെ, അവരുടെ കീഴെ ഭൂമി പിളർന്നു വിഴുങ്ങിക്കളഞ്ഞു. ശേഷം, യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

 

എന്നാൽ വീണ്ടും “പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. (സംഖ്യാപുസ്തകം 16:41).

 
അപ്പോൾ മേഘം സമാഗമനകൂടാരത്തിനെ മൂടി,  യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി. “യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു.” (16:44, 45)

 

സംഖ്യാപുസ്തകം 16:46

46 മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

47 മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,

48 മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.

ഈ ബാധയാൽ മരിച്ചവർ 14700 പേർ ആയിരുന്നു. എന്നാൽ അഹരോൻ ഇടുവിൽ നിന്നതിനാൽ ശേഷിച്ചവരെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിഞ്ഞു.

 

ഈ സംഭവത്തിൽ, യിസ്രായേൽ ജനം ദൈവ കൃപയ്ക്ക് അർഹരായിരുന്നില്ല. അവർ തുടർച്ചയായി ദൈവത്തിന്റെ അഭിഷിക്തർക്കും, അതുവഴി ദൈവത്തിനും എതിരെ മൽസരിച്ചു. ദൈവത്തിന്റെ കോപം അവരുടെ നേരെ ജ്വലിച്ചു. ദൈവം അയച്ച ബാധ അവരെ കൊന്നുകളഞ്ഞു. എന്നാൽ മോശെയും അഹരോനും ജനത്തിനുവേണ്ടി ഇടുവിൽ നിന്നു. അവരെ രക്ഷിച്ചു.

 

പ്രാർത്ഥന, പാപത്താൽ, പ്രവൃത്തികളാൽ, ദൈവ കൃപയ്ക്ക് അന്യരായി തീർന്ന ജനത്തിനുവേണ്ടി ഇടുവിൽ നിൽക്കുന്നതാണ്. അത് മരിച്ചവർക്കും, ഇനിയും മരിച്ചിട്ടില്ലാത്തവർക്കും ഇടയിൽ, ജീവനുള്ളവർക്ക് വേണ്ടി ഇടുവിൽ നിൽക്കുന്നതാണ്.

 

ഫലപ്രദമായ  പ്രാർത്ഥന (effective prayer)

 

പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നൊന്നില്ല (effective prayer). പ്രാർത്ഥനയ്ക്ക് അത്ഭുതകരമായ രീതികളോ, മാർഗ്ഗങ്ങളോ, സമയങ്ങളോ, വാക്കുകളോ ഇല്ല. വേദപുസ്തകത്തിലെ വാക്യങ്ങൾ മാന്ത്രിക ശക്തിയുള്ള വാക്കുകൾ അല്ല. അതിന് സ്വർഗ്ഗത്തിൽ നിന്നും ഒന്നും എത്തിച്ചു തരുവാനും ഭൂമിയിൽ നിന്നും എന്തെങ്കിലും എടുത്തുകളയുവാനും ഉള്ള മാന്ത്രിക ശക്തിയില്ല.

 

എന്നാൽ ദൈവ വചനത്തിന് നമ്മളെ രൂപാന്തപ്പെടുത്തുവാനും വിശുദ്ധീകരിക്കുവാനും ഉള്ള ശക്തി ഉണ്ട്. വചനം പിശാചിനോടു എതിർത്തുനിൽക്കുവാൻ നമ്മളെ ശക്തീകരിക്കും. അത് വചനത്തെ സ്വീകരിക്കുകയും, അനുസരിക്കുകയും, ആശ്രയിക്കുകയും ചെയ്യുന്നതനുസരിച്ച് പ്രവർത്തിക്കും.

 

ദൈവ വചനം, നമ്മൾ അനുസരിക്കുവാനും, ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും ഉള്ള ദൈവീക കൽപ്പനയും മാർഗ്ഗരേഖയുമാണ്. വചനം നമ്മളുടെ വിശ്വാസത്തിന്റെ ഏറ്റു പറച്ചിലിനായി ഉപയോഗിക്കാം. ദൈവ വചനം അനുസരിച്ച് നമ്മൾ ജീവിതത്തെ ക്രമപ്പെടുത്തിയിരിക്കുന്നു എന്നു ഏറ്റു പറയുവാൻ അതിനെ ഉപയോഗിക്കാം. പാപത്തോടും പിശാചിനോടും പോരാടുവാൻ ദൈവ വചനത്തെ ആശ്രയിക്കാം. നമ്മൾ ദൈവീക അരുളപ്പാടിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു എന്നാണ് ആ ഏറ്റുപറച്ചിലിന്റെ അർത്ഥം.  

 

എഫെസ്യർ 6:13-17

13   അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.

14   നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും

15   സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം

16   കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.

17   രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.

 

എന്നാൽ, വേദപുസ്തകത്തിലെ ഏതെങ്കിലും വാക്യം ഉരുവിട്ടാൽ, ദൈവത്തിൽ നിന്നും എന്തെങ്കിലും ലഭിക്കും എന്നു വേദപുസ്തകം പഠിപ്പിക്കുന്നില്ല. നമ്മൾ ഏറ്റു പറയുന്നതുകൊണ്ടു, ഒരു വചനവും മാന്ത്രിക ശക്തി ഉള്ളതായി മാറുന്നില്ല. നമ്മൾ ഏറ്റുപറയുന്ന വാക്യങ്ങളോ, പ്രഖ്യാപനങ്ങളോ അനുസരിച്ച് ദൈവീക പദ്ധതികൾ മാറുന്നില്ല.

 

നമ്മളുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു. എല്ലാ പ്രാർത്ഥനകൾക്കും ദൈവം മറുപടി നല്കുന്നു. ഈ മറുപടികൾ, ഉവ്വ്, ഇല്ല (അല്ല), കാത്തിരിക്കുക എന്നിങ്ങനെ ആയിരിക്കും. ദൈവം പ്രാർത്ഥന കേൾക്കാതിരിക്കുകയോ, അതിന് മറുപടി നല്കാതിരിക്കുകയോ ചെയ്യില്ല. ദൈവം കേൾക്കുന്ന എല്ലാ പ്രാർത്ഥനകളും പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന ആണ്. അതിനാൽ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നൊന്നില്ല.   

 

സങ്കീർത്തനങ്ങൾ 34:17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.  

 

1 യോഹന്നാൻ 5:14, 15

14   അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

15   നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.

 

നമ്മൾ ചോദിക്കുന്നതെല്ലാം, പ്രതീക്ഷിക്കുന്ന രീതിയിൽ, പ്രതീക്ഷിക്കുന്ന സമയത്ത് ലഭിക്കുന്നതിനെയല്ല പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ പ്രാർത്ഥന എന്നു വിളിക്കുന്നത്. ദൈവം നമ്മളുടെ പ്രാർഥന കേൾക്കുകയും അതിനോട് അവന്റെ ഹിത പ്രകാരം പ്രതികരിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ നമ്മളുടെ എല്ലാ പ്രാർത്ഥനകളും ഫലപ്രദമാണ്. എന്നാൽ എല്ലായിപ്പോഴും നമ്മളുടെ വിചാരങ്ങൾ ദൈവത്തിന്റെ വിചാരങ്ങൾ ആയിക്കൊള്ളേണം എന്നില്ല എന്നതിനാൽ, ഇല്ല (അല്ല) എന്ന മറുപടിയും, മറ്റൊരു പദ്ധതിയും ദൈവത്തിൽ നിന്നും ലഭിച്ചേക്കാം. ദൈവം കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എങ്കിൽ അതെല്ലാം പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ പ്രാർത്ഥന ആണ്.

 

വേദപുസ്തകത്തിൽ ദൈവം “ഇല്ല” എന്നു പറയുകയും ദൈവത്തിന്റെ മറ്റൊരു പദ്ധതി നടപ്പിലാക്കുകയും ചെയ്ത ശ്രദ്ധേയമായ ഒരു ചരിത്രമുണ്ട്. അത് നമ്മളുടെ കർത്താവിന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. മത്തായി 26 ആം അദ്ധ്യയത്തിൽ യേശുക്രിസ്തു അവന്റെ ക്രൂശീകരണത്തിന് മുമ്പ് ഏറ്റവും അവസാനമായി പ്രാർത്ഥിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഒലീവ് മലയിൽ ഉള്ള ഗെത്ത്ശെമന എന്ന സ്ഥലത്തുവച്ചായിരുന്നു. അവിടെ യേശുക്രിസ്തു സംഭവിക്കുവാനിരിക്കുന്ന തന്റെ ക്രൂശ് മരണത്തെക്കുറിച്ച് ഇങ്ങനെ പ്രാർത്ഥിച്ചു:


മത്തായി 26:39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; ....

 

ഇങ്ങനെ യേശുക്രിസ്തു മൂന്ന് പ്രാവശ്യം പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചു എങ്കിലും അവന്റെ പ്രാർത്ഥനയ്ക്ക് “ഉവ്വ്” എന്ന മറുപടി ലഭിച്ചില്ല. ദൈവത്തിന് മറ്റൊരു പദ്ധതി ഉണ്ടായിരുന്നു. അതിനായി പിതാവായ ദൈവം യേശുക്രിസ്തുവിനെ ശക്തീകരിച്ചു. ദൈവ ഹിതം നിവൃത്തിയാകുകയും ചെയ്തു.

 

ഒരു പ്രാർത്ഥനയെ നമ്മൾ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നു വിളിക്കുന്നുണ്ട് എങ്കിൽ, അത് ദൈവഹിതം നിറവേറ്റുവാനായി നമ്മളെ ശക്തീകരിച്ച പ്രാർത്ഥന ആണ്.

 

ലൂക്കോസ് 22:42, 43

42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.

43 അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.

 

പൌലൊസിന്റെ പ്രാർത്ഥന

 

അപ്പൊസ്തലനായ പൌലൊസിന്റെ ജീവിതത്തിലും, അവൻ ആഗ്രഹിച്ച മറുപടി ലഭിക്കാത്ത ഒരു പ്രാർത്ഥനയുണ്ട്. അതിനെക്കുറിച്ച് പറയുവാനും അദ്ദേഹം മടികാണിച്ചില്ല.

 

2 കൊരിന്ത്യർ 12:7-9

7    വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.

8    അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.

9    അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

 

അദ്ദേഹത്തിന്റെ ജഡത്തിൽ ഒരു ശൂലം ഉണ്ടായിരുന്നു എന്നാണ് പൌലൊസ് പറയുന്നത്. അത് വെളിപ്പാടുകളുടെ ആധിക്യത്താൽ നിഗളിച്ചുപോകാതെ ഇരിക്കേണ്ടതിനായി, ദൈവം അവന്റെമേൽ അനുവദിച്ച സാത്താന്റെ ദൂതൻ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതു എന്തായിരുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ. രോഗങ്ങളോ, ക്ഷീണങ്ങളോ, ദുരിതങ്ങളോ, മറ്റേതെങ്കിലും പ്രയാസങ്ങളോ ആകാം. ഇത് നീങ്ങിപ്പോയി വിടുതൽ ഉണ്ടാകുവാൻ അദ്ദേഹം മൂന്ന് പ്രാവശ്യം ദൈവത്തോടു പ്രാർത്ഥിച്ചു. എന്നാൽ അവൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു മറുപടി ദൈവം നല്കിയില്ല. അവന്റെ ജഡത്തിലെ പ്രയാസം നീങ്ങിപ്പോയില്ല.

 

എങ്കിലും അദ്ദേഹത്തിന്റെ പ്രാർത്ഥന പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന അല്ലായിരുന്നു എന്നു പറയുവാൻ സാദ്ധ്യമല്ല. കാരണം, പ്രാർത്ഥന ദൈവം കേട്ടു, അതിന് മറുപടി ലഭിച്ചു. ദൈവ ഹിതപ്രകാരം അതിൽ ക്രമീകരണങ്ങൾ ഉണ്ടായി. ദൈവം പൌലൊസിനോടു പറഞ്ഞു: “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു”.

 

ഇവിടെ ഉപയോഗിച്ചിരിക്കുന്ന “കൃപ” എന്ന വാക്ക് ഗ്രീക്കിൽ “ഖാരസ്” (Charis - khar'-ece) എന്ന വാക്കാണ്. ഈ വാക്കിന് ഇവിടെ അർത്ഥം, “ശക്തീകരിക്കുന്ന ദൈവ കൃപ” എന്നാണ്. (the favor of Christ, assisting and strengthening his followers and ministers to bear their troubles. - Joseph Henry Thayer's Greek-English Lexicon of the New Testament). പൌലൊസിനെ ദൈവം ജഡത്തിലെ ശൂലം അനുഭവിക്കുവാനും അതിനെ അഭിമുഖീകരിക്കുവാനും, മറികടക്കുവാനും, ആവശ്യമായ ശക്തി നല്കി. എന്നാൽ പൌലൊസ് ആഗ്രഹിച്ചതുപോലെ സൌഖ്യമോ, വിടുതലോ നല്കിയില്ല.  

 

ദൈവ ഇച്ഛയ്ക്ക് വിധേയപ്പെടുന്ന പ്രാർത്ഥന

 

യേശുക്രിസ്തുവിന്റെ പ്രാർത്ഥനയുടെ അവസാന വാചകം, “ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നായിരുന്നു. 

 

മത്തായി 26: 39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.

 

നമ്മൾ ഇച്ഛിക്കും പോലെ കാര്യങ്ങൾ സംഭവിക്കുന്നതല്ല, ദൈവ ഇച്ഛിക്കും പോലെ കാര്യങ്ങൾ നമ്മളുടെ ജീവിതത്തിൽ സംഭവിക്കേണ്ടതിനായി നമ്മൾ വിധേയപ്പെടുന്നതാണ് പ്രാർത്ഥന. നമ്മളെക്കുറിച്ചുള്ള നമ്മളുടെ പദ്ധതികൾ അല്ല, ദൈവത്തിന്റെ പദ്ധതികൾ ആണ് നിവൃത്തിക്കപ്പെടേണ്ടത്. പ്രാർത്ഥന, ദൈവത്തിന്റെ പദ്ധതികൾക്കായി നമ്മളെ ഒരുക്കുവാൻ നമ്മളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

 

പ്രാർത്ഥന ദൈവത്തിലുള്ള ആശ്രയമാണ്. അത് നമുക്ക് സ്വന്തമായി പ്രതിസന്ധികളെയും, പ്രലോഭനങ്ങളെയും തരണം ചെയ്യുവാൻ സാധ്യമല്ല എന്നതിന്റെ ഏറ്റുപറച്ചിലാണ്. പ്രാർത്ഥന നമ്മളുടെമേലുള്ള നിയന്ത്രണം നമ്മൾ ദൈവത്തിന് നല്കുന്ന പ്രക്രിയ ആണ്. ഞാൻ അല്ല, നീ അത് ചെയ്യേണം എന്ന നമ്മളുടെ കീഴപ്പെടൽ ആണ് പ്രാർത്ഥന. എനിക്കു സ്വന്തമായി കഴിയില്ല, നിനക്ക് കഴിയും എന്ന ഏറ്റു പറച്ചിൽ ആണ് പ്രാർത്ഥന. ഞാൻ മാറി നിലക്കുന്നു, എല്ലാം നിന്നെ ഏൽപ്പിക്കുന്നു എന്ന കീഴടങ്ങൽ ആണത്.

 

അവസാന വാക്ക്

 

പ്രാർത്ഥിക്കുവാൻ നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നത് ദൈവമാണ്. ക്രിസ്തീയ വിശ്വാസികൾ എപ്പോഴും പ്രാർത്ഥിക്കേണം എന്നാണ് തിരുവചനം ഉപദേശിക്കുന്നത്.

 

1 തെസ്സലൊനീക്യർ 5:17, 18

17   ഇടവിടാതെ പ്രാർത്ഥിപ്പിൻ

18   എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.  

 

ഫിലിപ്പിയർ 4:6, 7

6    ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.

7    എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

 

ഈ വാക്യത്തിൽ പൌലൊസ് പറയുന്നതിതാണ്. നിങ്ങൾ ഒന്നിനെക്കുറിച്ചും വിചാര്യപ്പെടരുത്. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും, പ്രാർത്ഥനയാലും, അപേക്ഷയാലും, സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളിൽ നിറയുന്ന സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം, ക്രിസ്തുവിൽ നിന്നും അകന്ന് പോകാതെ, നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

 


 

No comments:

Post a Comment