വ്യത്യസ്തമായ കാഴ്ചപ്പാടുകൾ
യഹൂദ മതം
പുരാതന യഹൂദ മത വിശ്വാസ പ്രകാരം, മരിച്ചവരുടെ ആത്മാക്കൾ “ഷിയോൾ” എന്ന പാതാളത്തിലേക്ക് പോകും. അവർ അവിടെ കാര്യഗൃഹത്തിൽ എന്നതുപോലെ ജീവിക്കും. കാട്ടുമൃഗങ്ങൾ യോസേഫിനെ കടിച്ചുകീറി കൊന്നുകളഞ്ഞു എന്നു അവന്റെ സഹോദരന്മാർ, അവരുടെ അപ്പനായ യാക്കോബിനോടു പറഞ്ഞപ്പോൾ, അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു.” (ഉൽപ്പത്തി 37:35).
യാക്കോബിന്റെ വാക്കുകളിൽ, “പാതാളം” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് “ഷിയോൾ” എന്നാണ്. (sh@'owl - sheh-ole', Sheol). ഈ വാക്കിന്റെ അർത്ഥം, മരിച്ചവരുടെ വാസസ്ഥലം, കല്ലറ, നരകം, കുഴി, എന്നിങ്ങനെയാണ്. ഇത് ഭൂഗർത്തത്തിലുള്ള, അന്ധകാര നിബിഡമായ, നിശബ്ദതയുടെയും, സ്മൃതിഭ്രംശത്തിന്റെയും, സ്ഥലമായിട്ടാണ് പഴയനിയമ വിശ്വാസികൾ കരുതിയത്.
ഇയ്യോബ് 10:20-22
20 എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
21 വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ
22 ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.
ഈ വാക്കിനെ, പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയിൽ, “ഹാഡേസ്” എന്നാണ് മൊഴിമാറ്റിയിരിക്കുന്നത്. (Hades ). മലയാളത്തിൽ ഈ വാക്ക് “പാതാളം” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
യേശുക്രിസ്തു പറഞ്ഞ ധനവാന്റേയും ലാസരിന്റെയും ഉപമയിൽ, പാതാളത്തിന് രണ്ട് ഭാഗങ്ങൾ ഉള്ളതായി നമ്മൾ കാണുന്നു. ഈ ആശയം BC രണ്ട്, മൂന്ന് നൂറ്റാണ്ടുകൾ മുതൽ യഹൂദന്മാർക്കിടയിൽ ഉടലെടുത്തതാണ് എന്നാണ് വേദപണ്ഡിതന്മാരുടെ അഭിപ്രായം. നീതിമാന്മാർ സ്വർഗ്ഗീയ വിശ്രമത്തിന്റെ ഇടത്തേക്കും, ദുഷ്ടന്മാർ യാതനയുള്ള ഇടത്തേക്കും പോകും. യേശുക്രിസ്തുവിന്റെ കാലമായപ്പോഴേക്കും, ഷിയോളിൽ ഉള്ള ആത്മാക്കൾക്ക് ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ട് എന്ന വിശ്വാസം സാധാരണമായി.
പൌരസ്ത്യ ഓർത്തഡോക്സ് സഭ (Eastern Orthodox Church)
പൌരസ്ത്യ ഓർത്തഡോക്സ് സഭയിലെ ദൈവ ശാസ്ത്രജ്ഞൻമാർ ദൈവത്തിന്റെ സ്നേഹത്തിന്റെയും നീതിയുടെയും സാന്നിദ്ധ്യവുമായുള്ള ബന്ധവും അനുഭവവും ആണ് സ്വർഗ്ഗവും നരകവും എന്നു അഭിപ്രായപ്പെടുന്നു. ദൈവീക സാന്നിധ്യമില്ലാത്ത, സൃഷ്ടിക്കപ്പെട്ട ഒരു ഇടവും ഇല്ല. നരകം എന്നത് ജീവതത്ത്വശാസ്‌ത്രമായ ദൈവത്തോടുള്ള വിച്ഛേദം അല്ല. ദൈവത്തിന്റെ തീവ്രമായ സാന്നിധ്യത്തിന്റെ വ്യത്യസ്തങ്ങളായ വ്യാപ്തിയാണ് സ്വർഗ്ഗവും നരകവും. ദൈവത്തിന്റെ സാന്നിദ്ധ്യം സ്വർഗ്ഗമായോ, ദണ്ഡനമായോ അനുഭവപ്പെടുന്നതാണ്. ദൈവ സാന്നിദ്ധ്യം അനുഗ്രഹമായി അനുഭവപ്പെടുമ്പോൾ, ഒരുവന്റെ ആത്മാവ് സ്വർഗ്ഗീയ അവസ്ഥയിലും, അത് യാതന ആയി അനുഭവപ്പെടുമ്പോൾ അവൻ നരകത്തിലും ആണ് എന്നു പറയാം. ഈ അനുഭവം ഒരുവന്റെ ദൈവത്തോടുകൂടെയുള്ള ആത്മീയ വാസത്തിന്റെ അവസ്ഥയ്ക്ക് അനുസൃതമായിരിക്കും. ദൈവത്തോടുള്ള കൂട്ടായ്മയിൽ നിന്നും വിച്ഛേദിക്കപ്പെട്ട അവസ്ഥയെ അവർ നരകം എന്നു വിളിക്കുന്നു.
റോമൻ കത്തോലിക്കാ സഭ
റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ അനുസരിച്ച്, നരകം എന്നത്, അന്ത്യ പശ്ചാത്താപം സ്വീകരിക്കാതെ, ഒരുവൻ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന സ്വർഗ്ഗത്തിന്റെ സ്വയം നിരാസമാണ്. അന്ത്യ പശ്ചാത്താപത്തിന്റെ നിഷേധം എന്നത്, ഒരുവന്റെ മരണ സമയത്ത്, മനപ്പൂർവ്വമായി, മാരകമായ പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കാതിക്കാതിരിക്കുന്നതാണ്. അവൻ മരണ സമയത്തും ദൈവത്തിന്റെ ദയയും കൃപയും അന്വേഷിക്കുന്നില്ല.
നരകത്തിൽ അടയ്ക്കപ്പെട്ടിരിക്കുന്നവർ, സാത്താനെപ്പോലെ, പശ്ചാത്താപരഹിതരായ മനുഷ്യരുടെ ആത്മാക്കൾ ആണ്. സ്വർഗ്ഗത്തിൽ നിന്നുമുള്ള സാത്താന്റെ വീഴ്ച, വ്യത്യാസപ്പെടുത്തുവാന് കഴിയാത്ത സംഭവമാണ്. കാരണം സാത്താൻ ഒരിക്കലും പശ്ചാത്തപിക്കുന്നില്ല. പാപം ചെയ്യുവാനോ, പാപിയായി ജീവിക്കുവാനോ, നരകത്തിലേക്ക് പോകുവാനോ ആയി ഒരു മനുഷ്യനെയും കുറിച്ച് ദൈവത്തിന് മുൻ നിശ്ചയം ഇല്ല. മരണത്തിന് ശേഷം മാനസാന്തരം സാധ്യമല്ല.
നരകം ഉണ്ട് എന്നും അത് നിത്യമാണ് എന്നും കത്തോലിക്കാ സഭ വിശ്വസിക്കുന്നു. പശ്ചാത്തപിക്കപ്പെടാത്ത, മരണകരമായ പാപത്തിൽ മരിക്കുന്നവരുടെ ആത്മാക്കൾ, നരകത്തിലേക്ക് പോകുന്നു. അവിടെ അവർ ശിക്ഷ അനുഭവിക്കുന്നു. നരകത്തിലെ മുഖ്യ ശിക്ഷ, ദൈവത്തിൽ നിന്നുള്ള നിത്യമായ വിച്ഛേദനം ആണ്. ദൈവത്തിൽ നിന്നു മാത്രമേ മനുഷ്യന് ജീവനും സന്തോഷവും പ്രാപിക്കുവാൻ കഴിയൂ. ഇവ അനുഭവിക്കുന്നതാണ് മനുഷ്യന്റെ സൃഷ്ടിയുടെ ഉദ്ദേശ്യം. ദൈവീക ജീവനും സമാധാനവും ആണ് ദൈവത്തോടുള്ള വിച്ഛേദനത്തിലൂടെ ഇല്ലാതെയാകുന്നത്.
സ്വർഗ്ഗവും നരകവും കൂടാതെ മൂന്നാമതൊരു സ്ഥലം കൂടി ഉണ്ട് എന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ഇതിനെ അവർ ശുദ്ധീകരണ സ്ഥലം എന്നു വിളിക്കുന്നു. മരണത്തിന് ശേഷം, സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, അനേകം ആത്മാക്കൾ ഇവിടെ എത്തിച്ചേരുന്നു. ഇവിടെ അവരുടെ പാപങ്ങൾ ശുദ്ധീകരിക്കപ്പെടുന്നു. ഇവിടെ വസിക്കുന്ന ആത്മാക്കളുടെ അവസ്ഥ മെച്ചമായിരിക്കുവാനായി, ജീവിച്ചിരിക്കുന്നവർ, പ്രത്യേക പ്രാർത്ഥനകളും, കാരുണ്യ പ്രവർത്തികളും ചെയ്യേണം എന്ന് സഭ പഠിപ്പിക്കുന്നു.
പ്രൊട്ടസ്റ്റന്റ് ഉപദേശം
പാരമ്പര്യ പ്രൊട്ടസ്റ്റന്റ് വിശ്വാസപ്രകാരം, പിശാചിനും വീണുപോയ ദൂതന്മാർക്കും ഉള്ള ശിക്ഷയുടെ ഇടമായിട്ടാണ് നരകം ആദ്യം സൃഷ്ടിക്കപ്പെട്ടത്. പിന്നീട്, ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത, മാനസാന്തരപ്പെടാത്ത മനുഷ്യരുടെ ആത്മാക്കളെ കൂടെ ശിക്ഷിക്കുന്ന ഇടമായി നരകം മാറി. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷിക്കപ്പെടാത്ത എല്ലാ മനുഷ്യരുടെയും നിത്യ ശിക്ഷാവിധിയാണ് നരകം. അവിടെ അവർ അവരുടെ പാപത്തിന് തക്ക ദണ്ഡനം അനുഭവിക്കേണ്ടി വരും. അന്ത്യ ന്യായവിധിയക്ക് ശേഷമായിരിക്കും, പശ്ചാത്താപരഹിതരായ മനുഷ്യരുടെ ആത്മാക്കളെ നരകത്തിലേക്ക് തള്ളിയിടുന്നത്.
ക്രിസ്ത്യൻ യൂണിവേഴ്സലിസം
ക്രിസ്ത്യൻ യൂണിവേഴ്സലിസം ഒരു വചന വിരുദ്ധ ഉപദേശമാണ്. ഈ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ, എല്ലാ മനുഷ്യരും, അവരുടെ വിശ്വാസവും അവിശ്വാസവും എന്ത് തന്നെ ആയിരുന്നാലും, സ്വർഗ്ഗീയമായ നിത്യതയിൽ പ്രവേശിക്കും എന്നു വാദിക്കുന്നു. അവരുടെ ജീവിതത്തിലെ പാപവും നീതിയും ഒരുപോലെ ഗണിക്കപ്പെടുകയില്ല. മനുഷ്യർ മരിക്കുമ്പോഴോ, അതിന് ശേഷം മറ്റൊരു അവസരത്തിലോ, എല്ലാവരും മാനസന്തരപ്പെട്ട് ദൈവത്തോട് നിരപ്പ് പ്രാപിക്കും. അതിനാൽ അവർ നരകത്തിൽ ശിക്ഷ അനുഭവിക്കേണ്ടി വരുകയില്ല. ക്രിസ്ത്യൻ യൂണിവേഴ്സലിസം എന്ന കാഴ്ചപ്പാടിൽ വിശ്വസിക്കുന്നവരിൽ ഒരു കൂട്ടർ, മരിച്ചവരുടെ ആത്മാക്കൾ, ഒരു നിശ്ചിത കാലത്തേക്ക് “ഗെഎന്നാ” എന്ന യാതന സ്ഥലത്ത് ആയിരിക്കും എന്നും, അതിന് ശേഷം, ദൈവവുമായി നിരപ്പ് പ്രാപിച്ച്, അവർ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പ്രവേശിക്കും എന്നും വിശ്വസിക്കുന്നു.
യഹോവ സാക്ഷികൾ
യഹോവ സാക്ഷികൾ എന്ന വിഭാഗവും വചന വിരുദ്ധ ഉപദേശകർ ആണ്. അവർ ശാരീരികമായ മരണത്തിന് ശേഷം ജീവിക്കുന്ന ആത്മാക്കളുടെ നിത്യതയിൽ വിശ്വസിക്കുന്നില്ല. പാതാളം, മരിച്ചവരുടെ ആത്മാക്കൾ ആയിരിക്കുന്ന ഇടമാണ്. അവിടെ നീതിമാന്മാരുടെ ആത്മാക്കൾ എന്നോ, ദുഷ്ടന്മാരുടെ ആത്മാക്കൾ എന്നോ വേർതിരിവ് ഇല്ല.
അക്ഷരാർത്ഥത്തിൽ ഉള്ള നിത്യ ദണ്ഡനം എന്നത് ദൈവത്തിന്റെ നീതിയ്ക്കും സ്നേഹത്തിനും യോജ്യമല്ല എന്നു യഹോവ സാക്ഷികൾ വിശ്വസിക്കുന്നു. “ഗെഎന്നാ” എന്നത് എന്നന്നേക്കുമുള്ള നാശമാണ്, അത് രണ്ടാമത്തെ മരണം ആണ്. ഇതിൽ ഉൾപ്പെടുന്നവർക്ക് പുനരുദ്ധാരണത്തിന് മറ്റൊരു അവസരം ഇല്ല.
ഉന്മൂലനം (Annihilation)
പശ്ചാത്താപരഹിതരായി മരിച്ചവരുടെ ആത്മാക്കൾ എത്ര നാൾ നരകത്തിൽ ജീവിക്കേണ്ടിവരും എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ പല അഭിപ്രായങ്ങളും ഉണ്ട്. രക്ഷിക്കപ്പെടാതെ മരിക്കുന്നവരുടെ ആത്മാക്കൾ, സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി, ശുദ്ധീകരിക്കപ്പെടുന്ന ഇടത്താവളം ആണ് നരകം എന്നു വിശ്വസിക്കുന്നവർ ഉണ്ട്. മറ്റ് ചിലർ ഉന്മൂലനം എന്ന കാഴ്ചപ്പാടിനെ പിന്താങ്ങുന്നു. ഈ സിദ്ധാന്തം അനുസരിച്ച്, നരകത്തിലേക്ക് തള്ളിയിടപ്പെടുന്ന ആത്മാക്കൾ, ഒരു നിശ്ചിത കാലം കഴിയുമ്പോൾ, ഉന്മൂലനം ചെയ്യപ്പെടും, അവർ ഇല്ലാതെയായി തീരും. എന്നാൽ പാരമ്പര്യ ക്രിസ്തീയ വിശ്വാസം, വീണ്ടും ജനനം പ്രാപിക്കാതെ മരിക്കുന്നവരുടെ ആത്മാക്കൾ, നിത്യമായി നരകത്തിൽ ദണ്ഡനം അനുഭവിക്കണ്ടി വരും എന്നാണ്.
ഉന്മൂലനം എന്ന കാഴ്ചപ്പാടിനെ പിന്താങ്ങുന്നവരും, പാരമ്പര്യ ക്രൈസ്തവ വിശ്വാസികളും, മനുഷ്യരുടെ ആത്മാക്കളുടെ നിത്യത എന്ന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉള്ളവരാണ്. ഉന്മൂലനത്തിൽ വിശ്വസിക്കുന്നവർ, പശ്ചാത്താപരഹിതരായി മരിക്കുന്നവരുടെ ആത്മാക്കളുടെ നിത്യതയിൽ വിശ്വസിക്കുന്നില്ല. മാനസന്തരപ്പെടാതെ മരിക്കുന്നവരുടെ ആത്മാക്കൾ തീപ്പൊയ്കയിൽ ഇല്ലാതെയായി തീരും എന്നു അവർ വിശ്വസിക്കുന്നു. ആത്മാക്കൾ ഉന്മൂലനം ചെയ്യപ്പെടും.
സോപാധികമായ അനശ്വരത (Conditional immortality)
വീണ്ടും ജനനം പ്രാപിക്കാതെ മരിക്കുന്നവരുടെ ആത്മാക്കളുടെ അനശ്വരതയെക്കുറിച്ച്, ഉന്മൂലനം എന്ന കാഴ്ചപ്പാടിൽ വിശ്വസിക്കുന്നരുടെ ഇടയിൽ, രണ്ട് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ട്. ഇവരിൽ ഒരു കൂട്ടർ സോപാധികമായ അനശ്വരതയിൽ (conditional immortality) വിശ്വസിക്കുന്നു. രണ്ടാമത്തെകൂട്ടർ, സമ്പൂർണ്ണമായ ഉന്മൂലനത്തിൽ വിശ്വസിക്കുന്നു (conditionalists, annihilationists).
നരകം, ദുഷ്ടന്മാരെ നിത്യമായി ദണ്ഡിപ്പിക്കുന്ന ഒരു ഇടമല്ല എന്നതിൽ, രണ്ടുകൂട്ടരും ഏക അഭിപ്രായക്കാർ ആണ്. പുതുജീവൻ പ്രാപിക്കാത്ത എല്ലാ ആത്മാക്കളും അന്ത്യത്തിൽ ഉന്മൂലനം ചെയ്യപ്പെടും എന്നു ഇവർ രണ്ട് കൂട്ടരും വിശ്വസിക്കുന്നു. എന്നാൽ മനുഷ്യരുടെ ആത്മാക്കളുടെ നിത്യത എന്ന വിഷയത്തിൽ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
സോപാധികമായ അനശ്വരതയിൽ വിശ്വസിക്കുന്നവരുടെ വാദങ്ങൾ ഇങ്ങനെയാണ്: ആദിയിൽ, ഏദൻ തോട്ടത്തിൽ, മനുഷ്യൻ പാപത്തിൽ വീണപ്പോൾ, അവന്റെ ആത്മാവിന്റെ നിത്യത നഷ്ടപ്പെട്ടു. മനുഷ്യൻ നശ്വരനായി മാറി. അതിന് ശേഷം, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ, പരിശുദ്ധാത്മാവിൽ, പുതുജീവൻ പ്രാപിക്കാത്തവർക്ക് അനശ്വരതയില്ല. വീണ്ടും ജനനം പ്രാപിക്കാത്ത എല്ലാവരും, ആദ്യ പാപത്താൽ മരണത്തിന് വിധേയരാണ്.
സോപാധികമായ അനശ്വരത എന്ന സിദ്ധാന്തം പുരാതന യഹൂദ വിശ്വാസത്തിന്റെയും ക്രൈസ്തവ കാഴ്ചപ്പാടുകളുടെയും സമന്വയം ആണ്. പുരാതന യഹൂദന്മാർ മനുഷ്യർ നശ്വരർ ആണ് എന്നു വിശ്വസിച്ചിരുന്നു. ക്രിസ്തീയ വിശ്വാസമനുസരിച്ച് രക്ഷിക്കപ്പെട്ടവർ എന്നേക്കും ജീവിക്കും. അതായത്, യേശുക്രിസ്തു മൂലം പുതുജീവൻ പ്രാപിച്ചവരുടെ ആത്മാക്കൾ നിത്യമായി ജീവിക്കും. രക്ഷിക്കപ്പെടാത്തവർ, മാറ്റം വരുത്തുവാൻ കഴിയാത്ത രണ്ടാമതൊരു മരണം അനുഭവിക്കേണ്ടി വരും. ഇത് എന്നേക്കുമായുള്ള ഉന്മൂലനം ആയിരിക്കും.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, സോപാധികമായ അനശ്വരത എന്നത്, നശ്വരമായ ജീവൻ ഉള്ള ഒരു ആത്മാവിന്റെ ഉന്മൂലനം ആണ്. അത്, ആദ്യ പാപത്താൽ തന്നെ നിത്യത നഷ്ടപ്പെട്ട ആത്മാക്കളുടെ അന്ത്യ ഉന്മൂലനം ആണ്. എന്നാൽ സമ്പൂർണ്ണ ഉന്മൂലനം എന്നത്, അനശ്വരമായ ആത്മാവിന്റെ അന്ത്യ ഉന്മൂലനം ആണ്. ഉന്മൂലനം സംഭവിക്കുന്നില്ല എങ്കിൽ, ആത്മാക്കൾ നിത്യമായി ജീവിക്കും. ഇതാണ് ഇവർ തമ്മിലുള്ള വ്യത്യാസം.
സോപാധികമായ അനശ്വരത, ആദ്യ പാപത്താൽ അനശ്വരത നഷ്ടപ്പെട്ട, എന്നാൽ, പിന്നീട് യേശുക്രിസ്തു മൂലം നിത്യജീവൻ പ്രാപിക്കാത്ത, ആത്മാക്കളുടെ സ്വാഭാവികമായ ഉന്മൂലനം ആണ്. ഇവരുടെ കാര്യത്തിൽ ദൈവം കാര്യമായി ഇടപെടേണ്ടതില്ല. കാരണം, അവർ ആദ്യ പാപത്താൽ തന്നെ ഉന്മൂലനത്തിന് വിധേയർ ആണ്. എന്നാൽ, സമ്പൂർണ്ണ ഉന്മൂലനം, അനശ്വരമായ ജീവൻ ഉള്ള, എന്നാൽ യേശുക്രിസ്തു മൂലം പുതുജീവൻ പ്രാപിക്കാത്തവർ, ദൈവത്തിന്റെ ഗൌരവമായ ഇടപെടലിനാൽ ഉന്മൂലനം ചെയ്യപ്പെടുന്നതാണ്.
സോപാധികമായ അനശ്വരത, എല്ലാ മനുഷ്യരുടെയും പുനരുദ്ധാനത്തിൽ വിശ്വസിക്കുന്നു. എന്നാൽ, പുതുജീവൻ പ്രാപിക്കാത്തവർ ഉയിർത്തെഴുന്നേൽക്കുന്നത്, അന്ത്യ ന്യായവിധിക്കുവേണ്ടിയാണ്. അവർക്ക് ഒരിക്കലും നിത്യജീവൻ ലഭിക്കുകയില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം രക്ഷപ്രാപിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നത് നിത്യമായി ജീവിക്കുവാൻ വേണ്ടിയാണ്. അവർ പിന്നീട് ഒരിക്കലും മരിക്കുന്നില്ല. അതായത്, നിത്യ ജീവനും അനശ്വരതയും, യേശുക്രിസ്തുവിലുള്ള രക്ഷ എന്ന ഉപാധിയോടെ ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ, രക്ഷിക്കപ്പെടാത്തവർ നിത്യമായി ജീവിക്കുന്നില്ല.
സോപാധികമായ അനശ്വരതയിൽ വിശ്വസിക്കുന്നവരും, ഉന്മൂലനത്തിൽ വിശ്വസിക്കുന്നവരും രക്ഷിക്കപ്പെട്ടവരുടെ നിത്യതയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, രക്ഷിക്കപ്പെടാത്തവരുടെ ആത്മാക്കളുടെ നിത്യതയിൽ അവർ ഇരുകൂട്ടരും വിശ്വസിക്കുന്നില്ല.
ഉന്മൂലനം (Annihilationism)
നിരുപാധികമായ ഉന്മൂലനം, അല്ലെങ്കിൽ, ഉന്മൂലനം എന്ന കാഴ്ചപ്പാടിന്റെ വ്യക്താക്കൾ, ഉപാധികൾ ഇല്ലാത്ത, എന്നന്നേക്കുമുള്ള നാശത്തിൽ ആണ് വിശ്വസിക്കുന്നത്. ക്രിസ്തുവിൽ വിശ്വസിക്കാതെ മരിക്കുന്നവർ, അന്ത്യ ന്യായവിധിയോടെ തീപ്പൊയ്കയിൽ തള്ളിയിടപ്പെടും. അതോടെ അവർ എന്നന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടും. ഇവർക്ക് അനശ്വരമായ ഒരു ആത്മാവ് ഉണ്ട് എങ്കിലും, അവരെ പാപത്തിന്റെ ശിക്ഷയായ തീപ്പൊയ്കയിൽ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അവർ പിന്നെ എങ്ങും ജീവിക്കുന്നില്ല.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവിശ്വാസികളുടെ ആത്മാക്കൾ, നരകത്തിൽ നിത്യമായ ദണ്ഡനം അനുഭവിക്കുന്നില്ല എന്നാണ് ഉന്മൂലനം എന്ന കാഴ്ചപ്പാട് പഠിപ്പിക്കുന്നത്. അവരുടെ ആത്മാക്കൾ, പാപത്തിന്റെ ശിക്ഷയായി, ഒരു നിശ്ചിത കാലത്തെക്ക് സുബോധത്തോടെ ദണ്ഡനം അനുഭവിക്കേണ്ടിവരും. ആ കാലം കഴിയുമ്പോൾ അവർ എന്നന്നേക്കുമായി ഇല്ലാതെയാകും അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടും. അവരുടെ ശരീരവും ആത്മാവും ഒരുപോലെ ഉന്മൂലനം ചെയ്യപ്പെടും.
ഉന്മൂലന സിദ്ധാന്തക്കാർ, അവരുടെ കാഴ്ചപ്പാട് തെളിയിക്കുവാനായി ചില വേദഭാഗങ്ങൾ ഉദ്ധരിക്കാറുണ്ട്. വേദപുസ്തകത്തിൽ, നശിക്കുക, മരണം, എന്നീ വാക്കുകൾ നരകത്തിലെ അനുഭവത്തെക്കുറിച്ച് പറയുവാൻ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് അവരുടെ പ്രധാന വാദങ്ങൾ. (destroy, perish, death). ഈ വാക്കുകൾ എന്നാണെക്കുമായുള്ള ഉന്മൂലനം ആണ് അർത്ഥമാക്കുന്നത്.
യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ഈ വാക്യത്തിൽ രണ്ട് മർമ്മങ്ങൾ അടങ്ങിയിട്ടുണ്ട്.
1. യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവർ എല്ലാവരും നശിച്ചുപോകും
2. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ നിത്യജീവൻ പ്രാപിക്കും.
ഇവിടെ, “നശിച്ചുപോകാതെ” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം, “അപ്പോളമി” എന്നതാണ് (apollymi - ap-ol'-loo-mee). ഈ വാക്കിന്റെ അർത്ഥം, നശിപ്പിക്കുക, പൂർണമായി ഒഴിവാക്കുക, ഇല്ലാതാക്കുക, അവസാനമിടുക എന്നിങ്ങനെയാണ് (to destroy, to put out of the way entirely, abolish, put an end to ruin). “നശിച്ചുപോകാതെ” എന്നതിന് എതിരായി ഉപയോഗിച്ചിരിക്കുന്ന പദം “നിത്യജീവൻ” എന്നാണ്. അതായത് ഈ വാക്യത്തിന്റെ അർത്ഥം ഇതാണ്: യേശുക്രിസ്തുവിലൂടെ വിശ്വാസം മൂലം പുതുജീവൻ പ്രാപിക്കാത്തവരെ പൂർണമായി നശിപ്പിക്കും, പുതുജീവൻ പ്രാപിച്ചവർ നിത്യമായി ജീവിക്കും.
നോഹയുടെ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ നാശവും, തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും, നാശവും തമ്മിൽ ബന്ധപ്പെടുത്തി പത്രൊസ് എഴുതിയതിങ്ങനെയാണ്:
2 പത്രൊസ് 3:5, 6, 7
5 ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും
6 അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും
7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
ഈ വേദഭാഗത്തും, 6 ആം വാക്യത്തിൽ, “നശിച്ചു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കും “അപ്പോളമി” എന്നതാണ് (apollymi - ap-ol'-loo-mee). പൂർണമായി നശിപ്പിക്കുക, ഇല്ലാതാക്കുക എന്നാണ് ഇവിടെയും അർത്ഥം. 7 ആമത്തെ വാക്യത്തിലെ “നാശവും” എന്നതിന്റെ ഗ്രീക്ക് പദം, “അപ്പോളയ” എന്നതാണ് (apōleia - ap-o'-li-a). ഈ വാക്ക്, 6 ആം വാക്യത്തിലെ “അപ്പോളമി” എന്ന വാക്കിന്റെ മറ്റൊരു രൂപമാണ്. ഇതിന്റേയും അർത്ഥം, ആത്മീയവും ശാരീരികവും ആയ നിത്യമായ സമ്പൂർണ്ണ നാശം എന്നാണ് (physical, spiritual, or eternal ruin or utter destruction).
യൂദായുടെ ലേഖനത്തിൽ, സൊദോം, ഗൊമോര എന്നീപട്ടണങ്ങളെ തീയും ഗന്ധകവും ഉപയോഗിച്ച് ദൈവം നശിപ്പിച്ചതിനെ, അന്ത്യ ന്യായവിധിക്ക് ശേഷം നരകത്തിലേക്ക് തള്ളിയിടപ്പെടുന്ന ആത്മാക്കളുടെ അവസ്ഥയുമായി തുലനം ചെയ്യുന്നുണ്ട്.
യൂദാ 1:7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
യൂദാ പറയുന്നത് ഇതാണ്: സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും, നിത്യാഗ്നിയുടെ ദൃഷ്ടാന്തമായി കിടക്കുന്നു. പുതുജീവൻ പ്രാപിക്കാത്തവരുടെ ആത്മാക്കളുടെ ശിക്ഷാവിധിയാണ് നിത്യാഗ്നി. സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളിന്മേലും ദൈവം തീയും ഗന്ധകവും വർഷിപ്പിച്ചപ്പോൾ, ആ പട്ടണങ്ങളും, അവിടെ ജീവിച്ചിരുന്ന സകല മനുഷ്യരും, അഗ്നിക്ക് ഇരയായി എന്നന്നേക്കുമായി ഇല്ലാതെയായി. അവരിൽ ആരും നിത്യമായി ദണ്ഡിക്കപ്പെട്ടില്ല. ആ പട്ടണങ്ങളിലെ തീ അണയുകയും ചെയ്തു.
അതിനാൽ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും, നിത്യാഗ്നിയുടെ ശിക്ഷാവിധിയുടെ ദൃഷ്ടാന്തമാണ് എങ്കിൽ, അതിൽ തള്ളിയിടപ്പെടുന്നവർ തീയിൽ നശിച്ചുപോകേണം. അഗ്നി, അതിന്റെ ഉദ്ദേശ്യം നടപ്പിലായി കഴിയുമ്പോൾ, അണയുകയും ചെയ്യും.
വെളിപ്പാട് പുസ്തകം 20:14, 21:8 എന്നീ വാക്യങ്ങൾ രണ്ടാമത്തെ മരണത്തെക്കുറിച്ച് പറയുന്നു. ഇവിടെ പറയുന്ന മരണം, മനുഷ്യർക്ക് ഭൂമിയിൽ ആയിരിക്കുമ്പോൾ സംഭവിക്കുന്ന താൽക്കാലിക മരണം അല്ല. ഭൂമിയിലെ മരണം എല്ലാ മനുഷ്യർക്കും ഒരുപോലെ സംഭവിക്കുന്നു. വെളിപ്പാട് പുസ്തകത്തിൽ പറയുന്ന മരണം, മാറ്റുവാൻ കഴിയാത്ത നിത്യമായ മരണമാണ്. അത് പാപികളായ മനുഷ്യർക്ക്, അന്ത്യ ന്യായവിധിക്ക് ശേഷം മാത്രമേ സംഭവിക്കൂ.
വെളിപ്പാട് 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
വെളിപ്പാട് 21:8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
മരണവും, നിത്യജീവനും എതിരായ അവസ്ഥകളായി പറയുന്ന മറ്റ് അനേകം വാക്യങ്ങൾ വേദപുസ്തകത്തിൽ ഉണ്ട്.
യോഹന്നാൻ 5:24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
ഈ വാക്യങ്ങളിലെ മരണം, നിത്യജീവൻ എന്നിവ തമ്മിലുള്ള വൈപരീത്യം, നിത്യമായ സ്വർഗ്ഗീയ സന്തോഷം, നിത്യമായ ദണ്ഡനം എന്നിവയോട് ചേർന്ന് നിൽക്കുന്നില്ല.
മർക്കോസ് 9:43, 44, 48
43 നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
44 ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
ഈ വാക്യത്തിൽ യേശുക്രിസ്തു, ജീവൻ, കെടാത്ത തീ എന്നീ അവസ്ഥകളെയാണ് വിപരീതമായി അവതരിപ്പിക്കുന്നത്. കെടാത്ത തീ, ജീവന്റെ വിപരീതമാണ് എങ്കിൽ അത് മരണം ആയിരിക്കേണം. 48 ആം വാക്യം, യെശയ്യാവ് 66:24 ന്റെ ഉദ്ധരണി ആണ്.
യെശയ്യാവ് 66:24 അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.
ഈ വാക്യത്തിൽ, “ഗെഎന്നാ” എന്ന സ്ഥലത്തേക്കുറിച്ചാണ് യെശയ്യാവ് പറയുന്നത്. “അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല” എന്നത്, അവിടെ നിക്ഷേപിക്കപ്പെടുന്ന ശവശരീരത്തിന്റെ അവസ്ഥയാണ്. യെശയ്യാവിന്റെ വാക്കുകളിൽ, നിത്യ ദണ്ഡനം എന്ന ആശയം ഇല്ല.
യെരൂശലേമിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്തിരുന്ന ഒരു മലയിടുക്ക് ആയിരുന്നു “ഗെഎന്നാ” എന്ന സ്ഥലം. ഇത്, യെരൂശലേം പട്ടണത്തിലെ മാലിന്യങ്ങളും, ചാത്തുപോകുന്ന മൃഗങ്ങളുടെ ശവശരീരങ്ങളും, കൊല്ലപ്പെടുന്ന അജ്ഞാതരുടെയും കൊടും കുറ്റവാളികളുടെയും മൃതശരീരങ്ങളും കൊണ്ടയിടുന്ന, ചീഞ്ഞു നാറുന്ന ഒരു സ്ഥലം ആയിരുന്നു. കുഷ്ഠരോഗികൾക്ക് പട്ടണത്തിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ, അവർ ഈ സ്ഥലത്ത് താമസിച്ചിരുന്നു. അതിനാൽ ഇവിടെ എപ്പോഴും “കരച്ചലും പല്ലുകടിയും” ഉണ്ടായിരുന്നു. (മത്തായി 8:12). മാലിന്യങ്ങളും, ശവശരീരങ്ങളും ദഹിപ്പിക്കുവാനായി, ഇവിടെ എപ്പോഴും തീ കത്തുമായിരുന്നു. തീ അണയാതെ ഇരിക്കുവാൻ ഗന്ധകവും അതുപോലെയുള്ള വസ്തുക്കളും ഇടുമായിരുന്നു. അങ്ങനെ, “ഗെഎന്നാ”, പശ്ചാത്തപരഹിതരായ മനുഷ്യരുടെ നിത്യവാസ സ്ഥലമായ നരകത്തിന്റെ ഒരു നേർകാഴ്ചയായി മാറി.
ശവശരീരങ്ങൾ പൂർണമായി ദ്രവിക്കുന്നതിന് മുമ്പ്, ചൂട് കാരണം, അതിലെ പുഴുക്കൾ, ചിലപ്പോൾ ചത്തു പോകുമായിരുന്നു. അതുകൊണ്ടാണ്, ശവശരീരങ്ങൾ പൂർണ്ണമായും നശിക്കും എന്നു പറയുവാനായി, “അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല” എന്നു യെശയ്യാവ് പറഞ്ഞത്. കെടാത്ത തീ, അതിൽ ഇടുന്ന വസ്തുവിനെ പൂർണ്ണമായും ദഹിപ്പിക്കും. എല്ലാം അഗ്നിക്ക് ഇരയായി നശിക്കുന്നത് വരെ തീ കെട്ടുപോകുകയില്ല. ഇവിടെ നിത്യമായ ദണ്ഡനം എന്ന ആശയം പ്രവാചകൻ പറയുന്നില്ല. ഉന്മൂലനം എന്ന കാഴ്ചപ്പാടിനെയാണ് ഈ വാക്യം പിന്താങ്ങുന്നത്.
യേശുക്രിസ്തു, മറ്റൊരു അവസരത്തിൽ, ശരീരവും ആത്മാവും ഒരുപോലെ നശിക്കും എന്നും പറഞ്ഞിട്ടുണ്ട്.
മത്തായി 10:28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
തിന്മ പ്രപഞ്ചത്തിൽ ഒരിടത്തും ഉണ്ടാകില്ല
ഉന്മൂലന സിദ്ധാന്തക്കാരുടെ കാഴ്ചപ്പാട് അനുസരിച്ച്, അന്ത്യ ന്യായവിധിക്ക് ശേഷം പ്രപഞ്ചത്തിൽ ഒരിടത്തുപോലും, അൽപ്പം പോലും തിന്മ ഉണ്ടാകുകയില്ല. അന്ത്യ ന്യായവിധി തിന്മയുടെ മേലുള്ള അവസാനത്തെ ന്യായവിധിയും ശിക്ഷയുമാണ്. അതോടെ എല്ലാ തിന്മയും ഈ പ്രപഞ്ചത്തിൽ ഇല്ലാതെയാകും. സാത്താൻ, കള്ള പ്രവാചകൻ, മൃഗം, മരണം എന്നിവയെ എല്ലാം കത്തുന്ന തീപ്പൊയ്കയിൽ തള്ളിയിടും. അവിടെ അവർ എന്നന്നേക്കുമായി ഇല്ലാതെയാകും. തീപ്പൊയ്ക രണ്ടാമത്തെ മരണമാണ്. മരണം അവസാനത്തെ നാശമാണ്. അതിന് ശേഷം ഈ വിശാലമായ പ്രപഞ്ചത്തിൽ തിന്മ ഉണ്ടായിരിക്കുക ഇല്ല.
വെളിപ്പാട് 20:10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
വെളിപ്പാട് 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
തീപ്പൊയ്കയിൽ തള്ളിയിടപ്പെടുന്ന, സാത്താനും, കള്ള പ്രവാചകനും, മൃഗവും, മരണവും എന്നന്നേക്കുമായി പൂർണ്ണമായി ഇല്ലാതെയാകുകയാണ് എങ്കിൽ, അതേ തീപ്പൊയ്കയിലേക്ക് തള്ളിയിടപ്പെടുന്ന മനുഷ്യരുടെ ശരീരവും ആത്മാവും എന്നന്നേക്കുമായി ഇല്ലാതെയാകും.
ഉന്മൂലന സിദ്ധാന്തക്കാരുടെ മറ്റൊരു വാദം, കള്ള പ്രവാചകൻ, മൃഗം, മരണം എന്നിവയൊന്നും വ്യക്തികൾ അല്ല, അവ വ്യവസ്ഥകളോ, ക്രമീകരണങ്ങളോ, അനുഭവങ്ങളോ ആണ്. ഇവയൊന്നും വ്യക്തികൾ അല്ലാത്തതിനാൽ, അവയ്ക്ക് നിത്യമായ ദണ്ഡനം അനുഭവിക്കുവാൻ സാധ്യമല്ല. അതിനാൽ, ഇവയുടെ എന്നന്നേക്കുമായുള്ള ഇല്ലായ്മയാണ് അന്ത്യ ന്യായവിധിയ്ക്കു ശേഷം സംഭവിക്കുക. അവയൊന്നും നിത്യമായി നിലനിൽക്കുക ഇല്ല. തീപ്പൊയ്കയിലേക്ക് തള്ളപ്പെടുന്ന സാത്താനും ഇതേ അവസാനം തന്നെ ഉണ്ടാകും. ഇതേ തീപ്പൊയ്കയിൽ തള്ളപ്പെടുന്ന എല്ലാ മനുഷ്യർക്കും ഒരേ അനുഭവം തന്നെ ഉണ്ടാകും, അവർ എന്നന്നേക്കുമായി ഇല്ലാതെയായി തീരും.
ഇതെല്ലാമാണ്, നരകം നിത്യമായ ദണ്ഡമല്ല, അത് എന്നന്നേക്കുമായുള്ള ഉന്മൂലനമാണ് എന്നു വാദിക്കുന്ന ദൈവ ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം.
(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
നിത്യമായ ശിക്ഷ
തുടർന്നു നമുക്ക്, നരകം നിത്യമായ, അനന്തമായ, ദണ്ഡനമാണ് എന്ന സിദ്ധാന്തം എന്നതാണ് എന്നു വിശദമായി പഠിക്കാം.
പാരമ്പര്യ ക്രൈസ്തവ വിശ്വാസം അനുസരിച്ച് എല്ലാ മനുഷ്യരുടെയും ആത്മാക്കൾക്ക് നിത്യത ഉണ്ട്. രക്ഷിക്കപ്പെട്ടവരുടെയും, മാനസന്തരപ്പെടാത്തവരുടെയും ആത്മാക്കൾക്ക് നിത്യത ഉണ്ട്. ആത്മാവ് ഭൌതീകമല്ലാത്തതിനാൽ, അതിന് അനശ്വരത ഉണ്ട്.
പശ്ചാത്താപരഹിതരായ മനുഷ്യരുടെ ആത്മാക്കളെ, അന്ത്യ ന്യായവിധിയ്ക്ക ശേഷം നരകത്തിൽ തള്ളിയിടും. അവിടെ അവർ നിത്യമായി ദണ്ഡനം അനുഭവിക്കേണ്ടിവരും. അവർ ഒരിക്കലും ഇല്ലാതാകുന്നില്ല. നരകവും ഒരിക്കലും ഇല്ലാതാകുകയില്ല. അതായത് നരകവും, അവിടെ രക്ഷിക്കപ്പെടാത്ത ആത്മാക്കളുടെ ശിക്ഷയും നിത്യമാണ്.
സോപാധികമായ അനശ്വരത, ഉന്മൂലനം എന്നീ ചിന്തകൾക്ക് വേദപുസ്തകത്തിൽ യാതൊരു തെളിവുകളും ഇല്ല എന്നാണ് പൊതുവേയുള്ള ക്രൈസ്തവ വിശ്വാസം. മരണത്തിന് ശേഷം, ആത്മാക്കൾക്ക് രണ്ട് അവസ്ഥകൾ മാത്രമേ ഉള്ളൂ. ഒന്നുകിൽ അവർ ദൈവത്തോടൊപ്പം നിത്യതയിൽ ആയിരിക്കും, അല്ലെങ്കിൽ അവർ ദൈവത്തിന്റെ കൃപയിൽ നിന്നും അകന്ന്, നിത്യ ശിക്ഷാവിധിയിൽ ആയിരിക്കും.
ആത്മാക്കളുടെ അനശ്വരത
മനുഷ്യരുടെ ആത്മാക്കൾ അനശ്വരമാണ് എന്നതിനാൽ, രക്ഷിക്കപ്പെട്ടവരുടെയും അല്ലാത്തവരുടെയും ആത്മാക്കൾ, മരണ ശേഷവും നിത്യമായി ജീവിക്കും. ആത്മാവ്, ഭൌതീകമായ ഒന്നല്ല, അത് ആത്മീയമായ ഒന്നാണ്. അതിനാൽ അതിന് നശ്വരത ഉണ്ടാകുകയില്ല. എന്നാൽ ശരീരം ഭൌതീകമാണ്, അതിനാൽ അത് നശ്വരമാണ്. അനശ്വരമായ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല, കാരണം അത് ഒരിക്കലും ഇല്ലാതെയാകുകയില്ല. മനുഷ്യരുടെ ആത്മാക്കൾ, ഒന്നുകിൽ ദൈവ സന്നിധിയിൽ, അല്ലെങ്കിൽ നരകത്തിൽ, നിത്യമായി ജീവിക്കും.
യേശുക്രിസ്തു പറഞ്ഞ, ധനവാന്റേയും ലാസരിന്റെയും ഉപമയിലെ ധനവാന്റെ ആത്മാവ്, അവന്റെ മരണശേഷം, പാതാളത്തിൽ യാതന അനുഭവിക്കുന്നു. ലാസരിന്റെ ആത്മാവ് സ്വർഗ്ഗീയമായ വിശ്രമ സ്ഥലത്തും ആയിരിക്കുന്നു. മനുഷ്യന്റെ ആത്മാവിന് മരണമില്ല എന്നതിന്റെ തെളിവാണ് ഇത്.
ധനവാന്റെ ആത്മാവ്, വേദന അനുഭവിക്കുന്നു. അവന് സുബോധം ഉണ്ട്. അവന്റെ ഭൂമിയിലെ ജീവിതം അവൻ ഓർക്കുന്നുണ്ട്. അവൻ മരിച്ചതുവരെയുള്ള അവന്റെ സഹോദരങ്ങളുടെ ജീവിതവും അവൻ ഓർക്കുന്നുണ്ട്. അവന് ആശ്വാസം ലഭിക്കേണം എന്നു ആഗ്രഹമുണ്ട്. ഇനി മാറ്റങ്ങൾ സാധ്യമല്ല എന്ന തിരിച്ചറിവും ഉണ്ട്. അവന്റെ ആത്മാവ് മരണത്തോടെ ഇല്ലാതായിട്ടില്ല.
വലിയ വെള്ള സിംഹാസനത്തിന്റെ മുന്നിൽ, അന്ത്യന്യായവിധിയ്ക്കായി, ആരൊക്കെ നിലക്കും എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങൾ ആയ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. വെളിപ്പാട് 20:12 ൽ “മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു” എന്നാണ് പറയുന്നത്. ഈ “ആബാലവൃദ്ധം” ആരൊക്കെയാണ്?
ഈ ന്യായവിധി ദിവസം, സിംഹാസനത്തിന് മുന്നിൽ, രക്ഷിക്കപ്പെടാത്തവരുടെ ആത്മാക്കൾ, ശരീരത്തോടെ, നിൽക്കും എന്നതാണ് പാരമ്പര്യ ക്രൈസ്തവ വിശ്വാസം. ഇത് രക്ഷിക്കപ്പെട്ടവരുടെ ന്യായവിധി അല്ല എന്ന് ക്രൈസ്തവർ പൊതുവേ വിശ്വസിക്കുന്നു. രക്ഷിക്കപ്പെടാതെ മരിച്ച, പാതാളത്തിൽ ആയിരിക്കുന്ന എല്ലാ മനുഷ്യരുടെയും ആത്മാക്കൾ അന്ത്യ ന്യായവിധിക്കായി ഉയിർത്തെഴുന്നേൽയ്ക്കും. എന്നാൽ, രക്ഷിക്കപ്പെട്ടവരുടെയും രക്ഷിക്കപ്പെടാത്തവരുടെ ആത്മാക്കൾ ഒരുപോലെ, ഇവിടെ ന്യായവിധിക്കായി നിൽക്കും എന്നൊരു അഭിപ്രായവും ഉണ്ട്. ഇവ രണ്ടിൽ ഏത് ശരിയായാലും ഇത് അന്ത്യ ന്യായവിധിയുടെ ദിവസമാണ്. ഇവിടെ അതിനായി നിയോഗിക്കപ്പെടുന്ന സകല ആത്മാക്കളും നിൽക്കേണ്ടിവരും.
ദാനിയേൽ 12:2,3
2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
വെളിപ്പാട് 20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
നമ്മൾ മരിക്കുമ്പോൾ നമ്മളുടെ ശരീരം മണ്ണിലേക്ക് തിരികെ ചേരും. ഈ മണ്ണിൽ നിന്നും അത് നമ്മളുടെ ആത്മാക്കളോട് വീണ്ടും ചേരുന്ന ഒരു അവസരം ഉണ്ടാകും. അന്ന്, “ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.” അന്ത്യ ന്യായവിധിയ്ക്കായി വെള്ള സിംഹാസനത്തിന് മുന്നിൽ നിലക്കുന്ന ആത്മാക്കൾക്ക്, ഒരു ശരീരം ഉണ്ടായിരിക്കും. അവരുടെ ആത്മാക്കൾ ഈ ശരീരത്തോടൊപ്പം വീണ്ടും ചേർന്നിരിക്കും. അല്ലെങ്കിൽ അവർ ആത്മാവ് ഇല്ലാത്ത ശരീരങ്ങൾ മാത്രമാകും.
നിത്യജ്ജീവനായി ഉയിർക്കുന്ന മനുഷ്യർക്കും, നിത്യ നിന്ദയ്ക്കായി ഉയിർക്കുന്ന മനുഷ്യർക്കും ശരീരവും ആത്മാവും ഉണ്ടായിരിക്കും. അവരുടെ ശരീരവും ആത്മാവും അനശ്വരമായത് ആയിരിക്കും. ഈ അനശ്വരമായ ശരീരത്തോടെയും ആത്മാവോടെയും, രക്ഷിക്കപ്പെട്ടവർ സ്വർഗ്ഗീയമായ നിത്യജീവൻ പ്രാപിക്കും, അല്ലാത്തവർ നിത്യ ശിക്ഷ പ്രാപിക്കും.
മനുഷ്യരുടെ ആത്മാക്കൾ അനശ്വരമാണ്, അവ ഒരിക്കലും നശിക്കുന്നില്ല, ഇല്ലാതെയാകുന്നില്ല. പരിശുദ്ധാത്മാവിനാലുള്ള പുതുക്കം, പാപത്തിന്റെ നിത്യ ശിക്ഷയിൽ നിന്നുള്ള വീണ്ടെടുപ്പിന്റെ ആരംഭമാണ്. വീണ്ടും ജനനം ആത്മാവിന് അനശ്വരത ലഭിക്കുന്ന പ്രക്രിയ അല്ല. അത് അനശ്വരമായ ആത്മാവിന് സ്വർഗ്ഗീയമായ നിത്യജീവൻ ലഭിക്കുന്ന പുതുക്കം ആണ്.
വേദപുസ്തകത്തിൽ പറയുന്ന രക്ഷിക്കപ്പെട്ടവരുടെ നിത്യജീവനും, മനുഷ്യരുടെ ആത്മാക്കളുടെ അനശ്വരതയും ഒരു അവസ്ഥയല്ല. ഒരു മനുഷ്യൻ യേശുക്രിസ്തുവിൽ വിശ്വസിച്ച് രക്ഷ പ്രാപിക്കുമ്പോൾ, അവൻ നിത്യജീവൻ പ്രാപിക്കുന്നു. നിത്യ ജീവൻ ദൈവത്തിൽ നിന്നും ഒരു ദാനമായി, ആത്മാവിൽ പുതുക്കം പ്രാപിച്ച മനുഷ്യർക്ക് ലഭിക്കുന്നു.
യോഹന്നാൻ 3:36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.
അതായത്, ഒരുവൻ വീണ്ടും ജനനം പ്രാപിക്കുമ്പോൾ, പരിശുദ്ധാത്മാവിനാൽ ഉളവാകുന്ന പുതുക്കത്താൽ അവന്റെ ആത്മാവിന് അനശ്വരത ഉണ്ടാകുന്നു എന്ന സോപാധികമായ അനശ്വരതയിൽ വിശ്വാസിക്കുന്നവരുടെ വാദം തെറ്റാണ്. ആത്മാവിന് ഒരിക്കലും അനശ്വരത നഷ്ടപ്പെടുന്നില്ല. എന്നാൽ സ്വർഗ്ഗീയമായ നിത്യ ജീവൻ വീണ്ടെടുക്കപ്പെട്ട ആത്മാക്കൾക്ക് മാത്രമേയുള്ളൂ.
ആത്മാവ് അനശ്വരമായതിനാൽ, മനുഷ്യരുടെ മരണ ശേഷവും അത് ഒന്നുകിൽ സ്വർഗ്ഗീയ അനുഗ്രഹത്തിലോ, അല്ലെങ്കിൽ തീയപ്പൊയ്കയിലോ നിത്യമായി ജീവിക്കും.
നിത്യമായ പാപം
നരകം നിത്യ ശിക്ഷയാണ് എന്ന കാഴ്ചപ്പാടിന്റെ കേന്ദ്ര ആശയം പാപം നിത്യമാണ് എന്നതാണ്. മനുഷ്യർ പാപം ചെയ്യുന്നത് നിത്യമായി വിശുദ്ധനും, സമ്പൂർണ്ണനും ആയിരിക്കുന്ന ദൈവത്തോടാണ്. അതിനാൽ മനുഷ്യരുടെ പാപവും നിത്യമായി നിലനിലക്കും. നിത്യമായ പാപത്തിന് നിത്യശിക്ഷ ലഭിക്കും.
വേദപുസ്തകം പറയുന്നു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” (റോമർ 3:23). “പാപത്തിന്റെ ശമ്പളം മരണമത്രേ” (റോമർ 6:23). പാപം ദൈവത്തിനെതിരെയുള്ള പ്രവർത്തിയാണ്.
സങ്കീർത്തനം 51:4 നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.
നമ്മൾ പാപം ചെയ്തത് നിത്യനായ ദൈവത്തോട് ആയതിനാൽ, നമ്മളുടെ പാപവും അതിന്റെ ശിക്ഷയും നിത്യമായിരിക്കും. അതിനാൽ നരകവും അതിലെ അനുഭവങ്ങളും നിത്യമായിരിക്കും.
നിത്യമായ ശിക്ഷ എന്നതിന് എതിരായി ഉയർത്തുന്ന ഒരു തത്ത്വശാസ്ത്ര ചിന്തയുണ്ട്. എന്നന്നേക്കുമുള്ള ശിക്ഷ എന്നത് മനുഷ്യർ ചെയ്യുന്ന ചെറിയ പാപങ്ങൾക്ക് തുല്യമായത് അല്ല. തെറ്റിനെക്കാൾ വലിയ ശിക്ഷ എന്നത് അനീതിയാണ്. ദൈവം നീതിയുള്ള ദൈവമാണ്, അവൻ ഒരിക്കലും അനീതി ചെയ്യുക ഇല്ല. മനുഷ്യർ നശ്വരരായ, പരിമിതമായ ജീവിതമുള്ള, ജീവികൾ ആണ്. അവർ ചെയ്യുന്ന തെറ്റുകളും പരിമിതമായ ഫലം ഉളവാക്കുന്നത് ആയിരിക്കും. അത് ഒരിക്കലും എന്നന്നേക്കും നിലനിൽക്കുന്നത് ആയിരിക്കുകയില്ല. ശിക്ഷ എപ്പോഴും തെറ്റുകൾക്ക് തുല്യമായിരിക്കേണം. പരിമിതമായ ജീവിതമുള്ള മനുഷ്യർ ചെയ്യുന്ന, പരിമിതമായ ഫലം ഉളവാക്കുന്ന തെറ്റുകൾക്ക്, പരിമിതമായ ശിക്ഷ എന്നതാണ് നീതി.
ഈ വാദത്തിൽ, പാപത്തിന്റെ പരിണത ഫലം, അതിന്റെ വ്യാപ്തി, എന്നതെല്ലാം നമ്മൾ മുന്നമേ നിശ്ചയിച്ചുകൊണ്ടാണ്, ഈ വിഷയത്തെ സമീപിക്കുന്നത്. ദൈവം എന്ത് ചെയ്യേണം എന്നു നമ്മൾ പ്രതീക്ഷിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. ദൈവത്തിന്റെ നീതി എന്തായിരിക്കേണം, അനീതി എന്താണ് എന്നെല്ലാം നമ്മൾ തീരുമാനിക്കുകയാണ്. എന്നാൽ, മനുഷ്യരാൽ നിർവചിക്കപ്പെടുന്ന ഒരു അസ്തിത്വമല്ല ദൈവം. അവൻ മനുഷ്യർ പ്രതീക്ഷിക്കുന്ന വ്യക്തിത്വം ആകേണം എന്നില്ല. മനുഷ്യർ സൃഷ്ടിക്കപ്പെടുന്നതിനും മുമ്പേ, നിത്യമായി അവൻ ഉണ്ടായിരുന്നു. ദൈവമാണ് എന്താണ് നീതി, എന്താണ് അനീതി എന്നു തീരുമാനിക്കുന്നത്.
മനുഷ്യരുടെ പാപം പരിമിതമല്ല, കാരണം അത് അപരിമിതമായ ദൈവത്തിനെതിരെയുള്ള വെല്ലുവിളിയാണ്. എല്ലാ പാപവും, അപരിമിതമായ അനുസരണത്തിന് യോഗ്യനായ, പരിമിതികൾ ഇല്ലാത്ത മഹത്വത്തിലും വിശുദ്ധിയിലും വസിക്കുന്ന, നിത്യമായ ദൈവത്തിന് എതിരായി ചെയ്യുന്ന പ്രവർത്തികൾ ആണ്. ദൈവത്തെക്കാൾ ഉയർന്ന ഒരു മഹത്വമില്ല, അതിനാൽ അവനെതിരെ ചെയ്യുന്ന തെറ്റുകളെക്കാൾ വലിയ പാപവും ഇല്ല.
മർക്കോസ് 3, മത്തായി 12 എന്നീ അദ്ധ്യായങ്ങളിൽ യേശു ക്രിസ്തു ക്ഷമിക്കപ്പെടാത്ത പാപത്തേക്കുറിച്ച് പറയുന്നുണ്ട്. അത് പരിമിതമായ പാപം അല്ല.
മർക്കോസ് 3:29 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 12:32 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
ഈ വാക്യങ്ങളിലൂടെ യേശുക്രിസ്തു പറഞ്ഞത്, പാപം നിത്യമാണ് എന്നാണ്. അതിൽ ചില പാപങ്ങൾ, നമ്മൾ ദൈവത്തോട് നിരപ്പ് പ്രാപിക്കുമ്പോൾ, ക്ഷമിക്കപ്പെടും. എന്നാൽ, “പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” ദൈവത്തോട് നിരപ്പ് പ്രാപിക്കാത്തവരുടെ പാപങ്ങൾ ഒന്നും ക്ഷമിക്കപ്പെടുകയില്ല. എല്ലാ ക്ഷമിക്കപ്പെടാത്ത പാപങ്ങൾക്കും നിത്യ ശിക്ഷാവിധി ഉണ്ടാകും.
സമാന്തരമായ ജീവിതം
നീതിമാന്മാരുടെ ആത്മാക്കൾ അനുഭവിക്കുന്ന നിത്യമായ സ്വർഗ്ഗീയ അനുഭവവും, അനീതിയുള്ളവർ അനുഭവിക്കുന്ന നിത്യ ശിക്ഷയും സമാന്തരം ആയിരിക്കും. ദൈവം, പുതുജീവൻ പ്രാപിച്ച ഒരുവന് സ്വർഗ്ഗീയ സന്തോഷം അവകാശമായി നല്കുന്നതുപോലെ, ആത്മാവിൽ പുതുക്കം പ്രാപിക്കാത്ത ഒരുവന് നരകം, നിത്യ ദണ്ഡനം ശിക്ഷയായി നല്കുന്നു. നരകത്തിലെ തീപ്പൊയ്ക അവിശ്വാസികൾക്കുള്ള നിത്യമായ യാതന ആയിരിക്കും. സ്വർഗ്ഗം എത്രനാൾ നിലനിൽക്കുന്നുവോ, അത്രയും നാൾ നരകവും നിലനിലക്കും. സമാന്തരമായ ഈ രണ്ട് അവസ്ഥകളെയും അനുഭവങ്ങളെയും ദാനിയേൽ അവതരിപ്പിക്കുന്നത്, “നിത്യജീവന്നായും”, “നിത്യനിന്ദെക്കുമായും” എന്നീ രണ്ട് പദസമുശ്ചയങ്ങൾ കൊണ്ടാണ്.
ദാനിയേൽ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
ഈ ആശയം യേശുക്രിസ്തു മത്തായി 25 ആം അദ്ധ്യായത്തിൽ ആവർത്തിക്കുന്നുണ്ട്. യേശുക്രിസ്തു ഇവിടെ നീതിമാനുമാരുടെയും അനീതിയുള്ളവരുടെയും ഭാവി എന്തായിരിക്കും എന്നു സൂചിപ്പിക്കുക ആണ്.
മത്തായി 25:41, 46
41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
ഈ വാക്യങ്ങളിൽ യേശുക്രിസ്തു “അയോനിയാസ്” എന്ന ഗ്രീക്ക് വാക്ക് മൂന്ന് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് (aiōnios - ahee-o'-nee-os). 41 ആം വാക്യത്തിൽ “നിത്യാഗ്നി” എന്നതിൽ, നിത്യമായത് എന്ന അർത്ഥത്തിൽ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, 46 ആം വാക്യത്തിൽ “നിത്യദണ്ഡനത്തിലേക്കും”, “നിത്യജീവങ്കലേക്കും” എന്നു പറയുന്ന ഇടത്തും, നിത്യമായത് എന്ന അർത്ഥത്തിൽ ഇതേ വാക്കാണ് ഉപയോഗിച്ചത്. ഈ ഗ്രീക്ക് വാക്കിന്റെ അർത്ഥം, അവസാനമില്ലാത്തത്, അവസാനിക്കാത്തത്, നിത്യമായത് എന്നിങ്ങനെയാണ്. ആദിയും അന്ത്യവും ഇല്ലാത്തത്, എല്ലാക്കാലത്തും ഉണ്ടായിരുന്നതും ഉണ്ടായിരിക്കുന്നതും, എന്നും ഈ വാക്കിന് അർത്ഥം ഉണ്ട്. അതിന്റെ അർത്ഥം, ജീവൻ ദൈവത്തിൽ നിന്നാണ് പുറപ്പെട്ട് വന്നത്, അതിനാൽ അതിനെ സമയ കാലങ്ങൾ പരിമിതപ്പെടുത്തുകയില്ല.
യേശു ഇവിടെ പഠിപ്പിക്കുന്നത് ഇതാണ്: അവനെ സ്വീകരിക്കാതെയും രക്ഷ പ്രാപിക്കാതെയും ഇരിക്കുന്ന മനുഷ്യർ നരകത്തിൽ നിത്യമായ ശിക്ഷ അനുഭവിക്കേണ്ടിവരും. അവിടെയുള്ള അവരുടെ വാസത്തിന് അവസാനം ഉണ്ടാകുകയില്ല.
ധനവാന്റേയും ലാസരിന്റെയും ഉപമയിലും യേശു ഇതേ സത്യമാണ് വിനിമയം ചെയ്യുന്നത്. മരണത്തിന് ശേഷം രണ്ട് ഇടങ്ങൾ മാത്രമേ നമുക്കായി ക്രമീകരിച്ചിട്ടുള്ളൂ. അത് സ്വർഗ്ഗീയ മഹത്വവും നരകത്തിലെ ദണ്ഡനവും ആണ്. രണ്ടും ഒരുപോലെ നിത്യമാണ്. ഉപമയിലെ ധനവാന്, യാതന സ്ഥലത്ത് നിന്നും എന്നെങ്കിലും രക്ഷ പ്രാപിക്കുവാൻ കഴിയും എന്നു പ്രതീക്ഷ ഇല്ല. ലാസരിന് ഇനി ഒരിക്കലും സ്വർഗ്ഗീയ അനുഗ്രഹം നഷ്ടപ്പെടുകയുമില്ല.
മറ്റൊരു അവസരത്തിൽ യെശയ്യാവിന്റെ പുസ്തകത്തിലെ അവസാനത്തെ വാക്യം ആവർത്തിച്ചു പറഞ്ഞുകൊണ്ടു യേശു നരകത്തേക്കുറിച്ച്, “അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.” എന്നു പറഞ്ഞു (മർക്കോസ് 9:48). ഇവിടെ യേശു നരകത്തിന്റെ അന്ത്യമില്ലാത്ത ഭീകരതയും ദണ്ഡനവും ആണ് കേൾവിക്കാരെ ഓർമ്മിപ്പിച്ചത്.
യേശു ഉദ്ധരിച്ച, യെശയ്യാവിലെ വാക്യം ഇങ്ങനെയാണ്:
യെശയ്യാവ് 66:24 അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.
ഒരു ശവശരീരത്തെ തിന്നുകൊണ്ടിരിക്കുന്ന പുഴുവിന്റെ ചിത്രമാണ് ഇവിടെ പ്രവാചകൻ അവതരിപ്പിക്കുന്നത്. പുഴു ശരീരം തിന്നുന്നു എങ്കിലും അത് ഒരിക്കലും തിന്നുതീരുന്നില്ല, അതിനാൽ യാതന അനന്തമായി തുടർന്നുകൊണ്ടേയിരിക്കുന്നു.
(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
നാശവും നിത്യതയും
നരകം ഉന്മൂലനമാണ് എന്നു വിശ്വസിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു വാദം ഇതാണ്: പുതിയനിയമത്തിലെ പല വാക്യങ്ങളിലും നരകത്തെ അന്തിമമായ നാശം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മത്തായി 10:28 ൽ “നശിപ്പിപ്പാൻ” എന്നും യോഹന്നാൻ 3:16 ൽ “നശിച്ചുപോകാതെ” എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്. വെളിപ്പാട് 20:14 ൽ നരകത്തെ “രണ്ടാമത്തെ മരണം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാൽ, നരകം നിത്യ ശിക്ഷയാണ് എന്നു വിശ്വസിക്കുന്നവർ, ഈ വാക്യങ്ങളിലെ “നാശം” എന്ന വാക്ക് ഉന്മൂലനം, അല്ലെങ്കിൽ എന്നന്നേക്കുമായി ഇല്ലാതെയാകുക എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത് എന്നു വാദിക്കുന്നു. “നാശം” എന്ന വാക്ക്, അനന്തമായ ദണ്ഡനം, കുഴഞ്ഞുമറിഞ്ഞ അവസ്ഥ, തകർച്ച എന്നിങ്ങനെയുള്ള അർത്ഥത്തിൽ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു മനുഷ്യന്റെ ആത്മാവിന്റെ സമ്പൂർണ്ണ തകർച്ചയാണ്.
യേഹേസ്കേലിൽ 18:4 ൽ “പാപം ചെയ്യുന്ന ദേഹി മരിക്കും.” എന്നു നമ്മൾ വായിക്കുന്നു. എന്നാൽ “മരിക്കും” എന്ന വാക്ക്, ഉന്മൂലനം എന്നോ, ആത്മാവ് അബോധാവസ്ഥയിൽ കഴിയും എന്നോ, എന്നന്നേക്കുമായി ഇല്ലാതായി തീരുമെന്നോ അർത്ഥമാക്കുന്നില്ല.
അപ്പൊസ്തലനായ പൌലൊസ് നരകത്തെ, “നിത്യനാശം എന്ന ശിക്ഷാവിധി” എന്നാണ് വിശേഷിപ്പിച്ചത്.
2 തെസ്സലൊനീക്യർ 1:10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
വെളിപ്പാട് 14: 11 ൽ നരകത്തിൽ, “രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല” എന്നും, മത്തായി 13:50 ൽ “അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും” എന്നും പറയുന്നു. ഇതെല്ലാം മനുഷ്യരുടെ ആത്മാവ് എന്നന്നേക്കുമായി ഇല്ലാതാകുന്നത്തിന്റെ ചിത്രമല്ല.
വെളിപ്പാട് പുസ്തകത്തിൽ ചില വാക്യങ്ങൾ നരകത്തെ തീപ്പൊയ്കയായി ചിത്രീകരിക്കുന്നു.
വെളിപ്പാട് 20:15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
“ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത”വർ വീണ്ടും ജനനം പ്രാപിക്കാത്തവർ ആണ്. അവരുടെ അന്തിമ ഇടം തീപ്പൊയ്ക ആണ്.
ഇതേ ആദ്ധ്യായത്തിന്റെ 10 ആം വാക്യം, പിശാച്, മൃഗം, കള്ളപ്രവാചകൻ എന്നിവരെ ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും എന്നു പറയുന്നു. അവിടെ അവർ “എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” എന്നും പറയുന്നു. വീണ്ടും ജനനം പ്രാപിക്കാത്ത എല്ലാ മനുഷ്യരേയും ഇതേ തീപ്പൊയ്കയിലാണ് തള്ളിയിടുന്നത്. ഈ തീപ്പൊയ്കയാണ് നരകം.
വെളിപ്പാട് 14:11 ൽ “അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും” എന്ന് പറയുന്നതും, നരകം നിത്യമായ അനുഭവമാണ് എന്നാണ് സൂചിപ്പിക്കുന്നത്.
വെളിപ്പാട് 14:9-11
9 മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ
10 ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
11 അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
വെളിപ്പാട് 20:10, 14:11 എന്നീ വാക്യങ്ങളിൽ “എന്നെന്നേക്കും” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്നത് “ഐസ് അയോൺ അയോൺ” എന്നീ ഗ്രീക്ക് വാക്കുകൾ ആണ് (eis aion aion - ice ahee-ohn' ahee-ohn’). ഈ പദ സമുശ്ചയത്തിന്റെ അർത്ഥം, ഒരു കാലത്തേക്ക്, തുടർച്ച നഷ്ടപ്പെടാത്ത ഒരു കാലത്തേക്ക്, അനന്തമായ സമയത്തേക്ക്, എന്നിങ്ങനെയാണ്. ഇതേ ഗ്രീക്ക് വാക്കുകൾ ആണ് വെളിപ്പാട് 20:10 ൽ, നരകത്തിലേക്ക് തള്ളപ്പെടുന്ന പിശാച്, മൃഗം, കള്ളപ്രവാചകൻ എന്നിവർ “എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും” എന്നു പറയുവാനും ഉപയോഗിച്ചിരിക്കുന്നത്. ഇതേ വാക്കുകൾ ഉപയോഗിച്ചാണ് വെളിപ്പാട് 22:5 ൽ രക്ഷിക്കപ്പെട്ടവരുടെ ആത്മാക്കളുടെ നിത്യതയിലുള്ള അനുഭവത്തെക്കുറിച്ചു പറയുന്നത്.
വെളിപ്പാട് 22:5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
നീതിമാന്മാരുടെയും രക്ഷിക്കപ്പെടാത്തവരുടെയും മരണാനന്തര ജീവിതം രണ്ട് സ്ഥലത്താണ് എങ്കിലും അതിന്റെ സമയ ദൈർഘ്യത്തെക്കുറിച്ച് “എന്നെന്നേക്കും” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കുകൾ ആണ് എന്നതിനാൽ, രണ്ട് കൂട്ടരുടെയും ജീവിതം നിത്യമാണ് എന്ന് ന്യായമായി ചിന്തിക്കാം. അതിനാൽ, സ്വർഗ്ഗീയ ജീവിതം നിത്യമായിരിക്കുന്നതുപോലെ തന്നെ, നരകത്തിലെ ജീവിതവും നിത്യമാണ്.
വെളിപ്പാട് പുസ്തകത്തിൽ, നരകത്തെ തീപ്പൊയ്ക എന്നു വിശേഷിക്കുമ്പോൾ, അത് സമ്പൂർണ്ണമായ നാശത്തേയല്ല സൂചിപ്പിക്കുന്നത്. തീപ്പൊയ്ക എപ്പോഴും “ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും” എന്ന അനുഭവത്തെക്കുറിച്ചാണ് പറയുന്നത്. (വെളിപ്പാട് 14:10)
വേദപുസ്തകത്തിൽ ഒരിടത്തുപോലും, രക്ഷിക്കപ്പെടാത്തവർ ഉന്മൂലനം ചെയ്യപ്പെടും എന്നോ, അവർ എന്നന്നേക്കുമായി ഇല്ലാതെയായി തീരും എന്നോ പറയുന്നില്ല. ഒരു നിശ്ചിത കാലയളവിന് ശേഷം, നരകത്തിൽ ആയിരിക്കുന്ന ആത്മാക്കൾ, ദൈവത്തോട് നിരപ്പ് പ്രാപിച്ച്, സ്വർഗ്ഗീയ നിത്യതയിലേക്ക് പ്രവേശിക്കും എന്നും തിരുവെഴുത്ത് പറയുന്നില്ല. രക്ഷിക്കപ്പെട്ടവരുടെ ആത്മാക്കൾ സ്വർഗ്ഗീയ അനുഭവത്തിൽ സന്തോഷിക്കുകയും ദുഷ്ടന്മാരുടെ ആത്മാക്കൾ നരകത്തിൽ നിത്യമായ ദണ്ഡനം അനുഭവിക്കുകയും ചെയ്യും എന്നു പറഞ്ഞുകൊണ്ടാണ് വേദപുസ്തകം അവസാനിക്കുന്നത്.
അതുകൊണ്ടു നമുക്ക്, ഈ പഠനം ഇങ്ങനെ അവസാനിപ്പിക്കാം:
എല്ലാ അവിശ്വാസികളായ മനുഷ്യർക്കും, അവരുടെ മരണ ശേഷം, ഒരു അന്ത്യ ന്യായവിധി ഉണ്ടാകും. ഇത് വലിയ വെള്ള സിംഹാസനത്തിന്റെ ന്യായവിധിയാണ്. രക്ഷിക്കപ്പെടാത്ത എല്ലാവരും ഈ ന്യായവിധിയിൽ നിൽക്കേണ്ടതിനായി, ശരീരത്തോടുകൂടെ ഉയിർത്തെഴുന്നേൽക്കും. ഇതിനെ രണ്ടാം പുനരുത്ഥാനം എന്നു വിളിക്കാം.
ഈ ഭൂമിയിൽ മനുഷ്യർ കടന്നുപോകുന്ന മരണം ഒരു താൽക്കാലികമായ അനുഭവമാണ്. പുതുജീവൻ പ്രാപിക്കാതെ മരിക്കുന്ന മനുഷ്യരുടെ ആത്മാക്കൾ പാതാളത്തിൽ എത്തപ്പെടും. രക്ഷിക്കപ്പെട്ടവരുടെ ആത്മാക്കൾ കർത്താവിനോടുകൂടെ വസിക്കും (2 കൊരിന്ത്യർ 5:8, ഫിലിപ്പിയർ 1:23). അന്ത്യ ന്യായവിധിയ്ക്കു ശേഷം, “മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയി”ടും. പാതാളത്തിന് പകരമായി പിന്നീട് ഉണ്ടായിരിക്കുക നരകം ആയിരിക്കും. അത് നിത്യ ശിക്ഷയുടെ ഇടമായ തീപ്പൊയ്ക ആയിരിക്കും.
ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം ആണ്. മരണം എന്നത്, ദൈവവുമായുള്ള, അവന്റെ കൃപയുമായുള്ള വിച്ഛേദനം ആണ്. മനുഷ്യരുടെ ആത്മാവ് അവന്റെ ശരീരത്തിൽ നിന്നും വിച്ഛേദിക്കപ്പെടുമ്പോൾ ഒന്നാമത്തെ മരണം സംഭവിക്കുന്നു. അതേ ആത്മാവ് ദൈവത്തിൽ നിന്നും എന്നന്നേക്കുമായി വിച്ഛേദിക്കപ്പെടുമ്പോൾ രണ്ടാമത്തെ മരണം ഉണ്ടാകുന്നു.
തീപ്പൊയ്ക നിത്യമായ ശിക്ഷയാണ്. അവിടെ രക്ഷിക്കപ്പെടുവാനുള്ള ഒരു അവസരവും ആർക്കും ഇല്ല. അവിടെനിന്നും തിരികെ വരുവാനുള്ള യാതൊരു സാധ്യതയും ഇല്ല.
No comments:
Post a Comment