സത്യം എന്നാൽ എന്തു?

പുരാതന കാലം മുതല്‍ ഇന്നേവരെ, ലോകം ഏറ്റവും അധികം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദാര്‍ശനികമായ ചോദ്യമാണ് “സത്യം എന്നാല്‍ എന്ത്? ലോകാരംഭം മുതലുള്ള എല്ലാ തത്വചിന്തകരുടെയും അന്വേഷണം സത്യം എന്താണ് എന്നു കണ്ടെത്തുകയാണ്. സത്യത്തെ എങ്ങനെ നിര്‍വചിക്കാം? എന്താണ് പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും സത്യം? എന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം? മരണത്തിനപ്പുറം മനുഷന് എന്തു സംഭവികുന്നു. എന്താണ് ഇതിന്റെയെല്ലാം സത്യം? ഇതെല്ലാം അവരുടെ അന്വേഷണത്തിലെ വിഷയങ്ങള്‍ ആയിരുന്നു.

 

എന്നാല്‍, ഇന്ന് ലോകത്തിലെ ചിന്തകരും, പ്രഭാഷകരും ഉദ്ധരിക്കുന്ന ഈ ചോദ്യം ചോദിച്ച വ്യക്തി ഒരു തത്വ ചിന്തകന്‍ ആയിരുന്നില്ല. അദ്ദേഹം, റോമന്‍ സാമ്രാജ്യകാലത്ത്, യഹൂദ്യ എന്ന പ്രദേശത്തിലെ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസ് ആയിരുന്നു. അദ്ദേഹം ഇങ്ങനെ ഒരു ചോദ്യം ചോദിച്ച്, അതിന് ദര്‍ശനികമായ ഉത്തരം അന്വേഷിക്കുക ആയിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു മറുപടി ആരെങ്കിലും പറഞ്ഞതായി വേദപുസ്തകത്തിലോ, ചരിത്രത്തിലോ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഉത്തരമില്ലാത്ത ഒരു ചോദ്യമായി തത്വ ചിന്തകര്‍ ഈ ചോദ്യത്തെ കാണുന്നു.

അദ്ദേഹം ചോദിച്ച ചോദ്യം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരികുന്നത് ഇങ്ങനെയാണ്:

 

യോഹന്നാന്‍ 18: 38 പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.

 

Joh 18: 38 Pilate saith unto him, What is truth? And when he had said this, he went out again unto the Jews, and saith unto them, I find in him no fault at all.

 

ഇതൊരു ദര്‍ശനികമായ ചോദ്യമാണ് എന്നതിനാല്‍, അതിന്റെ തത്വശാസ്ത്രപരമായ ചരിത്ര പശ്ചാത്തലം നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

പുതിയനിയമത്തിലെ നാല് സുവിശേഷങ്ങള്‍, AD 66 നും 110 നും ഇടയില്‍ നാല് വ്യക്തികളാല്‍ രചിക്കപ്പെട്ടതാണ്.

അവയുടെ രചയിതാക്കളുടെ പേര് ആദ്യം വ്യക്തമായിരുന്നില്ല എങ്കിലും 2 ആം നൂറ്റാണ്ടോടെ അവര്‍ മത്തായിയും, മര്‍ക്കോസും, ലൂക്കോസും, യോഹന്നാനും ആണ് എന്ന് തീരുമാനിക്കുക ആയിരുന്നു. ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റെ സുവിശേഷം ആയിരിക്കേണം. അത് AD 66 നും 70 നും മദ്ധ്യേ എഴുതപെട്ടതായിരിക്കാം.

മത്തായിയും ലൂക്കോസും സുവിശേഷങ്ങള്‍ എഴുതിയത് AD 85 നും 90 നും മദ്ധ്യേ ആയിരിക്കേണം.

യോഹന്നാന്‍ സുവിശേഷം എഴുതിയത് AD 70/90 നും 110 നും മദ്ധ്യേ ആയിരിക്കേണം.

 

യോഹന്നാന്‍റെ സുവിശേഷം മറ്റ് സുവിശേഷങ്ങളില്‍ നിന്നും വിവിധ കാര്യങ്ങളില്‍ വ്യത്യസ്തം ആണ്. മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍ യേശുവിന്‍റെ ജീവചരിത്രത്തിന്‍റെ ചുരുക്കം ആയിരുന്നു.

എന്നാല്‍ യോഹന്നാന്‍ ഒരു ദാര്‍ശനികമായ സമീപനം ആണ് സ്വീകരിച്ചത്. ഗ്രീക്ക് ചിന്തകര്‍ക്ക്‌ മതിപ്പുളവാകുന്ന രീതിയില്‍ വ്യത്യസ്തമായ ഒരു കാഴചപ്പാടില്‍ യേശുക്രിസ്തുവിനെ അവതരിപ്പിക്കുക ആയിരുന്നു യോഹന്നാന്‍റെ ഉദ്ദേശ്യം.

 

ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു

 

കൊരിത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം AD 53 ലോ 54 ലോ 55 ലോ പൌലൊസ് എഫെസൊസില്‍ വച്ച് എഴുതിയതാണ്. അതായത്, ഈ ലേഖനം, എല്ലാ സുവിശേഷ ഗ്രന്ഥങ്ങളും രചിക്കപ്പെടുന്നതിന് മുമ്പ് എഴുതപ്പെട്ടതാണ്.

 

പുരാതന തത്വ ചിന്തകളുടെ ഈറ്റില്ലം ഗ്രീസ് ആയിരുന്നു എന്നു പറയാം. യേശുവിന്റെ ദൈവത്വത്തെ, അവന്റെ ഭൌതീക ശുശ്രൂഷാ കാലത്തും, അപ്പോസ്തലന്മാരുടെ കാലത്തും യഹൂദന്മാരും, ഗ്രീക്കുകാരും ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഇവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പൌലൊസ്,  കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തില്‍ നല്കുന്നുണ്ട്.

 

1 കൊരിന്ത്യര്‍ 1: 22, 23

22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

 

യെഹൂദന്മാർ അടയാളം ചോദിക്കുന്നു

 

യഹോവയായ ദൈവമാണ് ഏക ദൈവം എന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും യഹൂദന്മാര്‍ വിശ്വസിച്ചു. ദൈവം അവരുടെ വിടുതലിനായി ഒരു മശിഹായെ അയക്കും എന്നു അവര്‍ പ്രതീക്ഷിച്ചു. യഹൂദ ചരിത്രത്തില്‍ ചില പ്രവാചകന്മാരും, റബ്ബിമാരും, രാജാക്കന്മാരും അവരാണ് മശിഹാ എന്നു അവകാശപ്പെട്ടിട്ടുണ്ട്. ചില രാജാക്കന്മാരെ മശിഹാ ആയി ജനം തെറ്റിദ്ധരിച്ചിട്ടുണ്ട്. കാരണം യഹൂദന് മശിഹ ഒരു രാക്ഷ്ട്രീയ നേതാവാണ്. എന്നാല്‍ മുന്‍ കാല ചരിത്രത്തില്‍ മശിഹ എന്നു അവകാശപ്പെട്ട ആര്‍ക്കും ശത്രുക്കളില്‍ നിന്നും യഹൂദര്‍ക്കു എന്നന്നേക്കുമായൊരു വിടുതല്‍ നല്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ ദൈവമാണ് എന്നോ മശിഹ ആണ് എന്നോ ഉള്ള എല്ലാ അവകാശ വാദങ്ങളെയും അവര്‍ സംശയത്തോടെ വീക്ഷിച്ചു.

 

യഹൂദന്മാര്‍ എപ്പോഴും അടയാളം അന്വേഷിക്കുന്നവര്‍ ആയിരുന്നു. അവരോടു സംസാരിക്കുവാന്‍ ദൈവം സീനായ് പര്‍വ്വതത്തില്‍ ഇറങ്ങി വന്നപ്പോള്‍,ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി”. “യഹോവ തീയിൽ സീനായിപർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.” (പുറപ്പാടു 19: 16-20). ഇതിന്റെ മദ്ധ്യത്തില്‍ ദൈവം ഉച്ചത്തില്‍ മോശെയോട് സംസാരിച്ചു.

 

ഇതുപോലെയുള്ള അടയാളങ്ങള്‍ വീണ്ടും യിസ്രയേല്യരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കും, അവന്‍ അയക്കുന്ന പ്രവാചകന്മാരുടെയും മശിഹയുടെയും വരവിനും അവര്‍ സ്വര്‍ഗ്ഗീയമായ അടയാളാങ്ങള്‍ അന്വേഷിച്ചു. അടയാളങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ദൈവത്തിന്റെ ആലോചനയോ, പ്രവര്‍ത്തികളോ ഏറ്റെടുക്കുവാന്‍ കഴിഞ്ഞില്ല.

 

യേശുക്രിസ്തു ദൈവരാജ്യം വന്നിരിക്കുന്നു എന്നു പ്രസ്താവനയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു എങ്കിലും അവന്‍ ഉപദേശിച്ച പുതിയ വിശ്വാസം അവര്‍ക്ക് സ്വീകരിക്കുവാന്‍ പ്രയാസമുള്ളതായി. യേശു ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍ വന്നതാണ് എങ്കില്‍ അവന്‍ യഹൂദന്മാരുടെ പ്രതീക്ഷയായ മശിഹ ആയിരിക്കേണം.

 

യേശുക്രിസ്തു അവന്റെ ശുശ്രൂഷ നാളുകളില്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ എല്ലാം അവന്‍ മശിഹ ആണ് എന്നതിന്റെ അടയാളങ്ങള്‍ ആയിരുന്നു. കാനാവില്‍ കല്യാണ വേളയില്‍ യേശു വെള്ളത്തെ വീഞ്ഞാക്കി. ഇതിനെക്കുറിച്ച് യോഹന്നാന്‍ 2: 11 ല്‍ എഴുതിയതിങ്ങനെയാണ്: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” 2: 23 ല്‍ അദ്ദേഹം വീണ്ടും എഴുതി: “പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.”

 

മത്തായി 3: 16, 17 വാക്യങ്ങളില്‍, യേശു സ്നാനം ഏറ്റതിന് ശേഷം വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍, സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി അവന്‍റെമേല്‍ വന്നു എന്നു പറയുന്നുണ്ട്. മാത്രവുമല്ല, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” ഇതൊരു പരസ്യമായ സംഭവം ആയിരുന്നു.

 

എന്നാല്‍, യേശുക്രിസ്തുവിന്റെ ഭൌതീക ദാരിദ്ര്യവും, കഷ്ടതയും, അവന്‍ അനുഭവിച്ച അപമാനവും നിന്ദയും യഹൂദന്മാര്‍ പ്രതീക്ഷിക്കുന്ന മശിഹയോട് ചേരുന്നതായിരുന്നില്ല. അവരുടെ മശിഹ ജയാളിയായ ഒരു രാക്ഷ്ട്രീയ നേതാവാണ്. യഹൂദന്മാരുടെ മശിഹ രാജാവാണ്. അവന്‍ അവരുടെ രാക്ഷ്ട്രീയ എതിരാളികളോട് യുദ്ധം ചെയ്തു, ശത്രുക്കളെ തോല്‍പ്പിച്ച്, വാഗ്ദത്ത ദേശം തിരികെ പിടിച്ച് ഒരു യഹൂദ സാമ്രാജ്യം സ്ഥാപിക്കുന്നവനാണ്. അവനെ റോമന്‍ സൈന്യത്തിന് പിടിക്കുവാനോ, കാരാഗൃഹത്തില്‍ അടയ്ക്കുവാനോ, കൊല്ലുവാനോ സാദ്ധ്യമല്ല.

 

എന്നാല്‍ യേശു ബലഹീനനും, സൈന്യമില്ലാത്തവനും, യുദ്ധം ചെയ്യുവാന്‍ അറിയാത്തവനും ആയിരുന്നു. അവനെ റോമന്‍ സൈന്യം പിടിച്ചപ്പോള്‍, സ്വയം രക്ഷിക്കുവാന്‍ യേശുവിന് കഴിഞ്ഞില്ല. ശത്രുക്കള്‍ യേശുവിനെ അതി ക്രൂരമായി, നിന്ദ്യമായി ക്രൂശില്‍ തറച്ചു കൊന്നു. അവനെ ദൈവം ഉപേക്ഷിച്ചു കളഞ്ഞു എന്നു അവന്‍ ക്രൂശില്‍ കിടന്നപ്പോള്‍ വിളിച്ച് പറഞ്ഞു. അവന്‍ ദൈവത്തെ സ്വന്ത പിതാവ് എന്നു വിളിച്ച് എങ്കിലും, അവനെ റോമന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവം എത്തിയില്ല. അവന്റെ ശിഷ്യന്മാര്‍ അവനെ ഉപേക്ഷിച്ചു. ഒരു ശിഷ്യന്‍ തന്നെ അവനെ ഒറ്റിക്കൊടുത്തു. അവനെ റോമന്‍ പടയാളികള്‍ അടിച്ചു, മുള്‍കിരീടം അണിയിച്ചു, പരിഹസിച്ചു, വിചാരണ ചെയ്തു, ക്രൂശിച്ചു.

 

ഇത് യഹൂദന്‍മാര്‍ക്ക് ഒരു ഇടര്‍ച്ച കല്ലായി. അവര്‍ക്ക് യേശുവിനെ മശിഹ ആയി സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല. യഹൂദന്മാരുടെ അവിശ്വാസമുള്ള കഠിന ഹൃദയം യേശുവിന്റെ മരണത്തെയും ഉയിര്‍പ്പിനെയും തള്ളിക്കളഞ്ഞു.

 

യവനന്മാർ ജ്ഞാനം അന്വേഷിക്കുന്നു

 

യവനന്‍മാര്‍ തത്വ ജ്ഞാനത്തില്‍ പ്രസിദ്ധര്‍ ആയിരുന്നു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, സിസെറോ, സെനെക്ക, എന്നിവര്‍ പ്രശസ്തരായ ഗ്രീക്കു തത്വ ചിന്തകര്‍ ആണ്. ജീവിതവും, മരണവും, അതിനുശേഷമുള്ള കാലവും വിശദീകരിക്കുവാന്‍ അവര്‍ വളരെ ശ്രമിച്ചിട്ടുണ്ട്.

 

യവനന്‍മാര്‍, സുവിശേഷത്തെ, വിഡ്ഡിത്തം നിറഞ്ഞ, ഭോഷത്തമായ ഒരു കെട്ടുകഥയായാണ് കണ്ടത്. അതില്‍ അവരുടെ, ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ദൈവം മനുഷ്യന്റെ ശരീരം സ്വീകരിച്ച് ഭൂമിയില്‍ ജനിക്കുക എന്നത് അവര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയാത്ത സംഭവം ആയിരുന്നു. കാരണം മനുഷ്യന്റെ ശരീരം തിന്‍മയും, ബലഹീനവും, നശ്വരവുമാണ്. ദൈവത്തിന്നു തിന്‍മയാകുവാനോ, ബലഹീനമാകുവാനോ, നശ്വരമാകുവാനോ കഴിയുക ഇല്ല. മനുഷ്യനു ഒരിയ്ക്കലും ദൈവത്തെ ഒരു കള്ളനെ എന്നപോലെ പിടിക്കുവാനോ, വിചാരണ ചെയ്യുവാനോ, ഉപദ്രവിക്കുവാനോ, കൊല്ലുവാനോ സാധ്യമല്ല. മനുഷ്യനായുള്ള ദൈവത്തിന്റെ അവതാരം അസാദ്ധ്യമാണ് എന്നു യവനന്‍മാര്‍ വാദിച്ചു.

 

മനുഷ്യന്റെ രക്ഷകനായി ജനിച്ചവന്റെ മരണം ആയിരുന്നു യവനന്‍മാര്‍ക്ക് ഏറ്റവും പ്രയാസമുള്ളതായി തോന്നിയത്. മനവരാശിയെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി ജനിച്ചവന്‍ മരിച്ചാല്‍ അവനിലൂടെ എങ്ങനെ രക്ഷയും നിത്യജീവനും ഉണ്ടാകും? ദൈവ പുത്രനായ ക്രിസ്തുവിന്റെ മരണം ഒരു ദൈവ ദൂഷണമായി അവര്‍ കരുതി. മനുഷ്യന്റെ ദാസ്യത്വവും ദൈവത്തിന്റെ സര്‍വ്വാധിപത്യവും; പാപമില്ലാത്ത അവസ്ഥയും, പാപത്തിന്റെ ശിക്ഷയും; മനുഷ്യന്റെ ദുരിതവും ദൈവീക മഹത്വവും -  ഇതെല്ലാം ഒരുമിച്ച് ചേരുകയില്ല എന്നു അവര്‍ വാദിച്ചു. റോമന്‍ ഭരണകൂടം ഒരു രാജ്യദ്രോഹിയെപ്പോലെ ക്രൂശില്‍ തറച്ച് കൊന്ന ഒരു മനുഷ്യനു നിത്യജീവന്‍ നല്കുവാന്‍ കഴിയും എന്നത് ഒരു വിഡ്ഡിത്തം നിറഞ്ഞ ആശയം ആണ്. പാപിയായ മനുഷ്യരെപ്പോലെ കഷ്ടത അനുഭവിച്ച ഒരുവന് ദൈവത്തിന്റെ മഹത്വത്തിലേക്ക് മനുഷ്യരെ ഉയര്‍ത്തുവാന്‍ കഴിയും എന്നത് ഭോഷ്ക്കാണ്.

 

ഗ്രീക്കുകാര്‍ തത്വശാസ്ത്രാപരമായ വിശദീകരണം ആണ് ചോദിച്ചത്. അത് മനുഷ്യനു യുക്തി ഭദ്രം ആയിരിക്കേണം. യേശു എന്ന ദൈവത്തെയും അവന്റെ മരണത്തെയും അവര്‍ക്ക് യുക്തിഭദ്രമായി തോന്നിയില്ല. അങ്ങനെയാണ് ക്രൂശിക്കപ്പെട്ട ക്രിസ്തു ജാതികൾക്കു ഭോഷത്വമായത്. (1 കൊരിന്ത്യര്‍ 1: 23, 24).

 

ക്രൂശിക്കപ്പെട്ട ക്രിസ്തു

 

അടയാളമന്വേഷിക്കുന്ന യഹൂദനും, തത്വജ്ഞാന പ്രകാരം യേശു മാശിഹ ആണ് എന്നു തെളിയിക്കുവാന്‍ ആവശ്യപ്പെടുന്ന യവനന്‍മാര്‍ക്കും പൌലൊസ് നല്‍കുന്ന ഉത്തരം ഒന്നു തന്നെയാണ്: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. (1 കൊരിന്ത്യര്‍ 1: 23)

 

“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നത് ഒരു ബലഹീനമായ വാദമായിട്ടല്ല പൌലൊസ് പറയുന്നത്. ക്രൂശിക്കപ്പെട്ട ക്രിസ്തു ശക്തമായ ഒരു എതിര്‍ വാദമാണ്. ക്രൂശില്‍ മരിച്ചു, അടക്കം ചെയ്തു, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഒരു സ്വര്‍ഗ്ഗീയ അടയാളവും ബദല്‍ തത്വ ജ്ഞാനവും ആണ്.

 

യോഹന്നാന്റെ സുവിശേഷം

 

നമ്മള്‍ മുകളില്‍ വായിച്ച കൊരിത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം AD 53 ലോ 54 ലോ 55 ലോ പൌലൊസ് എഫെസൊസില്‍ വച്ച് എഴുതിയതാണ്. AD 70 മുതല്‍ 110 വരെയുള്ള കാലയളവില്‍ എപ്പോഴോ ആണ് യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടത്. അതായത് പൌലൊസ് കൊരിന്ത്യര്‍ക്ക് “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്ന എതിര്‍ തത്വശാസ്ത്രം അവതരിപ്പിച്ചതിന് ശേഷമാണ് യോഹന്നാന്‍ സുവിശേഷം എഴുതിയത്. പൌലൊസ് അഭിമുഖീകരിച്ച വെല്ലുവിളി യോഹന്നാനും അഭിമുഖീകരിച്ചിരുന്നു. യഹൂദ, ഗ്രീക്ക് ചിന്തകരുടെ ചോദ്യങ്ങള്‍ക്ക്, യേശു ദൈവം തന്നെ എന്ന് വ്യക്തമായി മറുപടി നല്കുക എന്നത് യോഹന്നാന്‍റെ ഉദ്ദേശ്യം ആയിരുന്നു. 

 

                            (ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

കുറ്റവിചാരണ

 

ഗ്രീക്ക്-റോമന്‍ തത്വശാസ്ത്ര ചിന്തകളുടെ ഉന്നത സ്വധീനം, സമൂഹത്തില്‍ ഉണ്ടായിരുന്ന ഒരു കാലത്താണ്, പീലാത്തൊസ്, യഹൂദ്യയുടെ ഗവര്‍ണര്‍ ആയിരുന്നതും, യേശുക്രിസ്തുവിനെ വിസ്തരിക്കുന്നതും.

 

യഹൂദ്യയിലെ റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തോസും, കുറ്റവാളിയെപ്പോലെ പിടിക്കപ്പെട്ട, രാജ്യദ്രോഹ കുറ്റത്തിനും ദൈവദൂഷണത്തിനും വിചാരണ നേരിടുന്ന യേശുക്രിസ്തുവും തമ്മിലുള്ള ഒരു സംഭാഷണമാണ് പശ്ചാത്തലം. സ്ഥലം റോമന്‍ സൈനീക താവളമാണ് (Praetorium). ഇത് പീലാത്തൊസിന്‍റെ കോടതിയില്‍ നടക്കുന്ന യേശുവിന്‍റെ ഒന്നാമത്തെ കുറ്റ വിചാരണ ആണ്.

 

യോഹന്നാന്‍ 18: 33, 36 – 38

33 പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ (സൈനീക താവളം - Praetorium) ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.

 

36 എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

38 പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.

 

യോഹന്നാന്‍ 18: 37 ആം വാക്യത്തില്‍ പറയുന്ന “സാക്ഷി” എന്ന വാക്കും അപ്പോസ്തല പ്രവൃത്തികള്‍ 1: 8 ല്‍ പറയുന്ന “സാക്ഷികൾ” എന്ന വാക്കും, വ്യാകരണത്തില്‍, ഒരേ വാക്കിന്റെ രണ്ടു രൂപങ്ങള്‍ ആണ്.

 

അപ്പോസ്തല പ്രവൃത്തികള്‍ 1: 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

 

അപ്പോസ്തല പ്രവൃത്തികള്‍ 1: 8 ലെ “സാക്ഷികള്‍” എന്നതിന്റെ ഗ്രീക്കു പദം “മാര്‍ട്ടൂസ്” എന്നതാണ് (G3144 – martys - mar'-toos). വ്യാകരണത്തില്‍ ഇതൊരു നാമം ആണ് (masculine noun). ഈ വാക്കിന്റെ അര്‍ത്ഥം, കോടതിയില്‍ സാക്ഷിയാകുക, ചരിത്ര സംഭവങ്ങള്‍ക്ക് ദൃക്ഷാക്ഷിയാകുക, കാഴ്ചക്കാരന്‍ എന്നിങ്ങനെയാണ്. ഒരുവന്റെ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ശക്തിയും സത്യവും, ക്രൂരമായ മരണത്തിലൂടെ കടന്നുപോയി തെളിയിക്കുന്നവര്‍ എന്നാണ് ഈ വാക്കിന്റെ ആത്മീയ അര്‍ത്ഥം. (martys - mar'-toos - those who after his example have proved the strength and genuineness of their faith in Christ by undergoing a violent death).

 

എന്നാല്‍ യോഹന്നാന്‍ 18: 37 ലെ സാക്ഷി എന്നതിന്റെ ഗ്രീക്ക് വാക്ക് “മാര്‍ട്ടുറെയോ” എന്നാണ് (G3140 - Martyreō - mar-too-reh'-o). ഈ വാക്ക്, അപ്പോസ്തല പ്രവൃത്തികള്‍ 1: 8 ലെ “മാര്‍ട്ടൂസ്” എന്ന വാക്കിന്റെ ക്രിയാ പദമാണ് (verb). “മാര്‍ട്ടുറെയോ” എന്ന വാക്കിന്റെ അര്‍ത്ഥം “സാക്ഷിയായി നില്‍ക്കുക” എന്നാണ്. ഇതിന്റെ ആത്മീയ അര്‍ത്ഥം, ദൈവീക വെളിപ്പാടിനാല്‍ ഗ്രഹിച്ച കാര്യത്തിന് ഉറപ്പുള്ള സാക്ഷിയായി നില്‍ക്കുക എന്നതാണ്. (to be a witness to affirm that one has seen or heard or experienced something, or that he knows it because taught by divine revelation or inspiration).

 

അപ്പോസ്തല പ്രവൃത്തികളില്‍, നമ്മള്‍, മരണത്തോളം, യേശുവിലുള്ള വിശ്വാസത്തിന്റെ സാക്ഷികള്‍ ആകേണം എന്നാണ് പറയുന്നത്. പീലാത്തൊസിന്‍റെ മുന്നില്‍ നില്‍ക്കുന്ന യേശു പറഞ്ഞത്, അവന്‍ ദൈവത്തില്‍ നിന്നും പ്രാപിച്ച സത്യത്തിന്റെ സാക്ഷിയാണ് എന്നാണ്.

 

യോഹന്നാന്‍ ഈ സംഭാഷണം രേഖപ്പെടുത്തിയതില്‍ പിശക് ഇല്ല. അത് ക്രമമായി തന്നെയാണ് അദ്ദേഹം രേഖപ്പെടുത്തിയത്. പീലാത്തൊസ് ചോദ്യം ചോദിച്ചു എന്നല്ലാതെ, യേശുവിന്റെ ഉത്തരം കേള്‍ക്കുവാന്‍ കാത്തിരുന്നില്ല. അതിനാല്‍ സംഭാഷണം തുടരുന്നില്ല.

 

എന്നാല്‍, പീലാത്തൊസിന്‍റെ ചോദ്യത്തിന് ഉത്തരം ഈ സംഭാഷണത്തില്‍ ഉണ്ട്. ഉത്തരം ആദ്യവും ചോദ്യം പിന്നീടുമായി പോയി എന്നുമാത്രം. ഉത്തരമാണ് ചോദ്യത്തെ ഉളവാക്കിയത്. പീലാത്തൊസിന്‍റെ ചോദ്യവും അതിനു മുമ്പ് യേശു പറഞ്ഞ വാചകവും തിരിച്ചിട്ടാല്‍, അത് ചോദ്യവും ഉത്തരവുമാകും. അതായത് പീലാത്തൊസിന്‍റെ ചോദ്യത്തിന് മുമ്പുള്ള യേശുവിന്റെ സംഭാഷണത്തില്‍, ചോദ്യത്തിനുള്ള ഉത്തരമുണ്ട്.

 

യോഹന്നാന്‍ 18: 38, 37

38 പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു ...

37 (യേശു പറഞ്ഞു) ... സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

 

ഉത്തരം കേള്‍ക്കാതെയല്ല, ഗ്രഹിക്കാതെയാണ് പീലാത്തൊസ് പുറത്തേക്ക് ഇറങ്ങിപ്പോയത്. സത്യമായിരിക്കുന്നവനില്‍ നിന്നും ഉത്തരം ഗ്രഹിക്കാതെ, പുറത്തേക്ക്, അസത്യം വിളിച്ചുപറയുന്ന യഹൂദന്മാരുടെ അടുക്കലേക്ക് പീലാത്തൊസ് പോയി. അവന്‍ സത്യത്തെ കേട്ടിട്ടും ഗ്രഹിക്കാതെ, അതിനെ തള്ളിക്കളഞ്ഞു.

 

37 ആം വാക്യത്തില്‍ “സത്യതല്പരനായവൻ” എന്നതിന്റെ ഇഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്.

 

സത്യത്തെ സ്നേഹിക്കുന്നവര്‍ എല്ലാം ഞാന്‍ പറയുന്നത് സത്യമാണ് എന്നു തിരിച്ചറിയുന്നു (All who love the truth recognize that what I say is true.” (NLT).

 

സത്യത്തിന്റെ വശത്ത് നില്‍ക്കുന്നവര്‍ എല്ലാം എന്നെ ശ്രദ്ധിക്കുന്നു (Everyone on the side of truth listens to me.” (NIV)

 

ഇവിടെ യേശു പറയുന്നതു, അവന്‍ കണ്ടതും കേട്ടതുമായ സത്യത്തിന് സാക്ഷി നില്ക്കുന്നു എന്നല്ല. അവന്‍ സത്യമാണ്, അവന്‍ സാക്ഷിയാണ്. യേശു ഭൂമിയില്‍ വന്നു, അവന്‍ പീലാത്തൊസിന്‍റെ മുന്നില്‍ നില്ക്കുന്നു എന്നത് സത്യം ഉണ്ട് എന്നതിന്റെ തെളിവാണ്. സത്യമാണ് പീലാത്തൊസിന്‍റെ മുന്നില്‍, മനുഷ്യ ശരീരത്തില്‍, നില്‍ക്കുന്നത്. സത്യം അന്വേഷിക്കുന്നവര്‍ എല്ലാവരും അതിനെ കണ്ടുമുട്ടും. 

 

പീലാത്തൊസ് സത്യത്തെ സ്നേഹിക്കുന്നവനോ, അതിന്റെ വശത്ത് നില്‍ക്കുന്നവനോ, സത്യത്തെ അന്വേഷിക്കുന്നവനോ ആയിരുന്നില്ല. അതിനാല്‍ അവന്‍ യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ പുറത്തേക്ക് പോയി.

 

എന്നാല്‍, പീലാത്തൊസിന്‍റെ ചോദ്യത്തിന് ശേഷം അതിനു യേശു മറുപടി പറഞ്ഞതായി യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍, അദ്ദേഹത്തിന്റെ ചോദ്യത്തെ പലവിധത്തിലാണ് പണ്ഡിതന്മാര്‍ വ്യാഖ്യാനം ചെയ്യുന്നത്. പീലാത്തൊസ് ചോദിച്ചത്, യേശു കുറ്റവാളിയാണോ അല്ലയോ, ഏതാണ് സത്യം എന്നാണോ, അതോ സത്യം എന്ന ആശയത്തെക്കുറിച്ചുള്ള ദര്‍ശനികമായ അന്വേഷണമായിരുന്നുവോ എന്നതനിലാണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളത്.

 

പീലാത്തൊസ് ഒരു തത്വജ്ഞാനിയോ, ചിന്തകനോ ആയിരുന്നില്ല. അദ്ദേഹം ഒരു റോമന്‍ ഭരണാധികാരിയും അതിനാല്‍ രാക്ഷ്ട്രീയ നായകനും ആയിരുന്നു. അതിലുപരിയായി യാതൊരു വിശേഷണവും നല്കുവാന്‍ തക്ക വിവരങ്ങള്‍ അദ്ദേഹത്തെക്കുറിച്ചു നമുക്ക് ലഭ്യമല്ല. അതിനാല്‍, യോഹന്നാന്‍ 18: 38 ലെ “സത്യം എന്നാൽ എന്തു” എന്ന പീലാത്തൊസിന്‍റെ ചോദ്യം തത്വ ശാസ്ത്രപരമായ ഒരു ചോദ്യം ആയിരുന്നുവോ എന്നു നമുക്ക് തീര്‍ച്ചയില്ല. എങ്കിലും, അന്നത്തെ ദാര്‍ശനികമായ സാമൂഹിക അന്തരീക്ഷത്തില്‍, പീലാത്തൊസിന്‍റെ ചോദ്യത്തിന് തത്വ ചിന്താപരമായ അംശം ഉണ്ടായിരിക്കുവാനാണ് ഏറെ സാധ്യത.

 

പീലാത്തൊസിന്‍റെ വാക്കുകള്‍ യേശുവിനെ പരിഹസിക്കുന്നതായിരുന്നു എന്ന നിഗമനത്തിലാണ് “പരിഹസിക്കുന്ന പീലാത്തൊസ്” എന്നൊരു ചൊല്ല് ഉണ്ടായത് (jesting Pilate). പരിഹസിക്കുവാന്‍ അദ്ദേഹത്തിന് കാരണങ്ങള്‍ ഉണ്ട്. ആരോരുമില്ലാതെ, സ്വന്ത ജനത്താല്‍ ഒറ്റുകൊടുക്കപ്പെട്ട, എല്ലാവരലാലും തള്ളപ്പെട്ട ഒരുവന്‍, റോമന്‍ ഭരണാധികാരിയുടെ മുന്നില്‍ നിന്നുകൊണ്ടു, “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നു അവകാശപ്പെടുകയാണ്. അവന്‍ സത്യത്തെക്കുറിച്ച് സംസാരിക്കുകയാണ്. അവന്‍ സത്യത്തിന് സാക്ഷിയാകുവാന്‍ വന്നിരിക്കുന്നു എന്നു വാദിക്കുകയാണ്. ഇത് പീലാത്തൊസില്‍ പരിഹാസം ഉളവാക്കിയിട്ടുണ്ടാകേണം.

 

പീലാത്തൊസിന്‍റെ ചോദ്യം ദര്‍ശനികമായ ഒരു ചോദ്യം ആയിരിക്കുവാനും സാധ്യതയുണ്ട്. അന്നത്തെ സാമൂഹിക മണ്ഡലത്തില്‍ ദാര്‍ശനിക ചിന്തകള്‍ക്ക് സാധാരണ മനുഷ്യരുടെ ഇടയില്‍ പോലും സ്വാധീനം ഉണ്ടായിരുന്നു. അതിനാല്‍ യേശു സത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, പീലാത്തൊസിന്‍റെ മനസ്സില്‍, ദര്‍ശനികമായ ചോദ്യം സ്വാഭാഗികമായി ഉയര്‍ന്നുവന്നത് ആകാം. യേശുവിന്റെ മറുപടിയ്ക്കായി അവന്‍ കാത്തു നില്‍ക്കാതെ പുറത്തേക്ക് പോയത്, ദര്‍ശനികമായ ഒരു മറുപടിയോ വിശദീകരണമോ, യേശു എന്ന യഹൂദനില്‍ നിന്നും അവന്‍ പ്രതീക്ഷിച്ചില്ല എന്നതിനാല്‍ ആകാം.

 

ഗ്രീക്ക് തത്വ ചിന്തകര്‍, സത്യത്തെ മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ സാധ്യമല്ല എന്നു പഠിപ്പിച്ചു. സത്യത്തെ ശരിയായി തിരിച്ചറിയുവാനും സാധ്യമല്ല. ഈ ചിന്തയും പീലാത്തൊസിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കാം. സത്യം എന്തായിരുന്നാലും അത് മനുഷ്യര്‍ക്ക് ഗ്രഹിക്കുവാന്‍ സാധ്യമല്ല.  

 

സത്യം എന്നതിന്റെ ഗ്രീക്കു പദം “അലെത്തയ” എന്നാണ് (alētheia - al-ay'-thi-a). ഈ വാക്ക് ഗ്രീക്ക് തത്വ ശാസ്ത്രത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു പദമാണ്. ഈ വാക്കില്‍ ശുദ്ധത (sincerity) എന്ന അര്‍ത്ഥമുണ്ട്. മറഞ്ഞിരിക്കുന്ന ഒന്ന് വെളിച്ചത്തു വരുന്നതിനെയാണ് ഗ്രീക്ക് ചിന്തകര്‍ സത്യം എന്നു വിളിച്ചത്. സത്യം എപ്പോഴും ഉണ്ട്, അത് ഒരിയ്ക്കലും ഇല്ലാതാകുന്നില്ല. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുറന്ന് കാണുവാന്‍ കഴിയും. ഈ അര്‍ത്ഥത്തിലാണ്, “മറനീക്കുക” എന്ന വാക്ക് അവര്‍ ഉപയോഗിച്ചത് (un-hide). യാതൊന്നും മറയ്ക്കപ്പെടുന്നില്ല എന്നാണ് ആശയം. അതായത്, ഒന്നും മറഞ്ഞിരിക്കുന്നില്ല, ഒന്നും ഗൂഢമല്ല (obscured). മനുഷ്യര്‍ക്ക് സത്യത്തെ അവഗണിക്കാം. എന്നാല്‍ സത്യത്തെ നിഷേധിക്കുവാന്‍ സാധ്യമല്ല. സത്യം എപ്പോഴും, നിത്യമായി നിലനില്‍ക്കുന്നു. 

 

“സത്യം” എന്നതിന്റെ എബ്രായ വാക്ക് “ഇമെത്ത്” എന്നാണ് (emethem-e-th). ഈ വാക്കിന്റെ അര്‍ത്ഥം, ദൃഢത, മാറ്റമില്ലായ്മ, സ്ഥിരതയുള്ള എന്നിങ്ങനെയാണ് (firmness, constancy, durable). നിത്യമായി നിലനില്‍ക്കുന്ന, അതിനാല്‍ ആശ്രയിക്കുവാന്‍ കഴിയുന്ന ഒന്നാണ് സത്യം എന്ന ആശമാണ് ഈ വാക്ക് നല്‍കുന്നത്. 

 

സെന്‍റ് അഗസ്റ്റീന്‍ സത്യത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: സത്യം പരിവര്‍ത്തന വിധേയമല്ലാത്തതും നിത്യവുമാണ്. (immutable and eternal). അത് യാതൊരു ഭൌതീക വസ്തുവിലോ, മനുഷ്യ മനസ്സിലോ ഇല്ല. ഈ സവിശേഷത ദൈവത്തില്‍ മാത്രമേയുള്ളൂ. അത് ദൈവത്തിന്റെ സ്വരൂപത്തിലും, അവസ്ഥയിലും, ആശയങ്ങളിലും, രൂപങ്ങളിലും, പ്രമാണങ്ങളിലും, യുക്തിയിലും ഉണ്ട്.

 

യഹൂദന്മാരുടെ മതവിശ്വാസത്തിന്റെ ഒരു പ്രധാന കൃതി ആണ് താല്‍മുഡ് (Talmud). താല്‍മുഡ് പ്രധാനമായും യഹൂദ ദൈവശാസ്ത്രത്തേയും അതുമായി ബന്ധപ്പെട്ട നിയമങ്ങളെയും പ്രായോഗികമായി വ്യാഖ്യാനിക്കുന്ന കൃതി ആണ്. മിഷ്ന, എന്ന വാമൊഴിയാലുള്ള പ്രമാണങ്ങള്‍, ഗെമാറാ എന്ന തോറയുടെയും മിഷ്നയുടെയും വ്യാഖ്യാനങ്ങള്‍ എന്നിവയെ ഒരുമിച്ച് വിളിക്കുന്ന പേരാണ് താല്‍മുഡ് (Mishnah, Oral Torah, Gemara).

 

താല്‍മുഡില്‍ “സത്യം” എന്നാൽ എന്തു എന്നുവിശദീകരിക്കുന്നുണ്ട്. അവിടെ പറയുന്നതനുസരിച്ച്, സത്യം ജീവിക്കുന്ന, പരമമായ ദൈവമാണ്. അവന്‍ ലോകത്തിന്റെ സര്‍വ്വാധികാരിയാണ്. (T. Hieros. Sanhedrin, fol. 18. 1.)

 

 (ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

  

ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍

 

സത്യം എന്താണ് എന്ന് നിര്‍വചിക്കുന്ന ചില ദാര്‍ശനിക തത്വങ്ങളെ അറിഞ്ഞിരിക്കുന്നത്, സത്യം എന്താണ് എന്നു മനസ്സിലാക്കുവാന്‍ സഹായിക്കും. ഈ ദാര്‍ശനിക ചിന്തകളുടെ വിശദീകരണമല്ല, അതിന്റെ ന്യൂനതയാണ് ഇവിടെ പറയുന്നത്.

 

·       പ്രയോഗിക തലത്തില്‍ പ്രവര്‍ത്തനക്ഷതമായത് എല്ലാം സത്യമാണ് എന്നതാണ് പ്രായോഗികതാവാദം (philosophy of pragmatism). ഇത് ആദര്‍ശ വാദത്തെ (idealism) എതിര്‍ക്കുന്നു. സമുദ്രം മനോഹരമാണ് എന്നു പൊതുവേ മനുഷ്യര്‍ കരുതുന്നു എങ്കില്‍, അത് മനോഹരമാണ്. ഒരു ഐതീഹ കഥ, അത് സങ്കല്‍പ്പം ആണെങ്കില്‍ കൂടിയും, അത് സന്‍മാര്‍ഗ്ഗികതയോ അപകട സാധ്യതയോ വിനിമയം ചെയ്യുന്നു എങ്കില്‍ അതിനെ സത്യമായി കരുതാം. ഇതാണ് അവരുടെ തത്വത്തിന്റെ ഉദാഹരണങ്ങള്‍.  എന്നാല്‍ സത്യം മാത്രമല്ല, ചിലപ്പോള്‍ അസത്യങ്ങളും പ്രായോഗികമായി പ്രവര്‍ത്തനക്ഷതമാകാറുണ്ട്.  

·   നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുന്നതെല്ലാം സത്യമല്ല. നമുക്ക് ഗ്രഹിക്കുവാന്‍ കഴിയാത്തതെല്ലാം അസത്യവും അല്ല. വിശദമായ വിവരണങ്ങള്‍ തെറ്റായ ഉപസംഹാരത്തിലേക്ക് നയിച്ചേക്കാം.

·   യുക്തിഭദ്രമായതെല്ലാം സത്യമായിക്കേണമെന്നില്ല. അസത്യത്തെയും നമുക്ക് യുക്തിഭദ്രമായി അവതരിപ്പിക്കുവാനും മനുഷ്യരെക്കൊണ്ട് വിശ്വസിപ്പിക്കുവാനും കഴിയും.

·   മനുഷ്യര്‍ക്ക് സന്തോഷവും സമാധാനവും, സംതൃപ്തിയും നല്‍കുന്നതെല്ലാം സത്യമല്ല. മനുഷ്യരെ പ്രചോദിപ്പിക്കുന്നതെല്ലാം സത്യമാകേണമെന്നില്ല. നമ്മളെ ദുഖിപ്പിക്കുന്ന വാര്‍ത്തകളും സത്യമാകാം.

·   ബഹുഭൂരിപക്ഷം ആളുകള്‍ പറയുന്ന അഭിപ്രായങ്ങള്‍ അല്ല സത്യം. ഭൂരിപക്ഷം എപ്പോഴും ശരിയായിരിക്കേണം എന്നില്ല.

·   നമ്മളുടെ നല്ല ഉദ്ദേശങ്ങള്‍ എല്ലാം സത്യമായിരിക്കേണം എന്നില്ല. നല്ല ഉദ്ദേശ്യങ്ങള്‍ ചിലപ്പോള്‍ തെറ്റുകള്‍ ആകാം.

·   സത്യം നമ്മള്‍ എങ്ങനെ അറിയുന്നു എന്നല്ല, നമ്മള്‍ എന്തു അറിയുന്നു എന്നാണ്.

·   നമ്മള്‍ വിശ്വസിക്കുന്നതെല്ലാം സത്യമായിക്കൊള്ളേണം എന്നില്ല. നമുക്ക് അസത്യത്തെയും വിശ്വസിക്കാം.

·   പൊതുവേ, പരസ്യമായി, തെളിയിക്കപ്പെടുന്നതെല്ലാം സത്യമായിരിക്കേണമെന്നില്ല. മറ്റാര്‍ക്കും അറിയാത്ത കാര്യങ്ങളും സത്യമായിരിക്കാം. ഒരു സ്ഥലത്തു രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു നിധിയെക്കുറിച്ച് ഒരു വ്യക്തിക്കുള്ള രഹസ്യമായ് അറിവ്, മറ്റുള്ളവര്‍ക്ക് അറിഞ്ഞുകൂടാ എങ്കിലും, സത്യമാണ്. 

 

സത്യത്തെക്കുറിച്ചുള്ള മറ്റ് ചില ദാര്‍ശനിക കാഴ്ചപ്പാടുകള്‍ ഇങ്ങനെയാണ്: 

 

·  യാഥാര്‍ഥ്യവുമായി യോജിക്കുന്നതാണ് സത്യം

·  ഉദ്ദേശ്യത്തോട്/ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സത്യം (matches its object)

·  ഒരു വസ്തു/വ്യക്തി മുതലായവ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ അതിനെ വിവരിക്കുന്നതാണ് സത്യം.

 

ഗ്രീക്ക്-റോമന്‍ തത്വ ചിന്തകന്‍മാര്‍ക്കിടയില്‍, സത്യം ആപേക്ഷികവും, അനിശ്ചതവും, അതിനാല്‍ അത് അപ്രധാനവുമാണ് എന്ന ചിന്ത ഉണ്ടായിരുന്നു. (truth is relative, uncertain, unimportant). അത് വ്യക്തികള്‍ക്കും, സാഹചര്യങ്ങള്‍ക്കും, സമൂഹത്തിനും, സംസ്കാരത്തിനും, കാലത്തിനും ആപേക്ഷികമായി വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ പരമമായ സത്യം എന്നൊന്നില്ല. സത്യം എന്നത് ഒരു മിഥ്യമാണ് (illusion). സത്യം അര്‍ത്ഥശൂന്യമായ ഒരു ആശയമാണ്.  

 

നാസ്തികന്‍ എല്ലാ സത്യത്തെയും സംശയിക്കുന്നു (skepticism simply doubt all truth). ലോകത്തെയും പ്രപഞ്ചത്തെയും, അതിന്റെ ഉല്‍പ്പത്തിയേയും നിലനില്‍പ്പിനെയും കുറിച്ചൊന്നും മനുഷ്യര്‍ക്ക് അറിയില്ല എന്നു വാദിക്കുന്നവരെയാണ് അജ്ഞയതാവാദി (agnostic) എന്നു വിളിക്കുന്നത്. അവര്‍ നമുക്ക് സത്യം എന്തെന്ന് അറിയുവാന്‍ സാധ്യമല്ല എന്ന് വാദിക്കുന്നു. ബഹുത്വ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍, സത്യം എന്ന ഏകത്തിലല്ല വിശ്വസിക്കുന്നത് (pluralism). സത്യം എന്ന് അവകാശപ്പെടുന്നതെല്ലാം സത്യമാണ് എന്ന് അവര്‍ കരുതുന്നു.

 

എന്നാല്‍ ഇത് അസാധ്യമാണ്. സത്യം ഏകമാണ്. അത് ഒന്നു മാത്രമാണ്. മറ്റെല്ലാം വ്യാജമാണ്. എല്ലാം സത്യമായാല്‍ അത് സ്വയം നിഷേധിക്കുന്നത് ആയിത്തീരും. ഒരിയ്ക്കലും ഒന്നിന് സത്യമായിരിക്കുവാനും അസത്യമായിരിക്കുവാനും ഒരേ സമയത്ത് കഴിയുകയില്ല. ഒന്നിന്നും വിപരീതമായ രണ്ടു അവസ്ഥയില്‍ ആയിരിക്കുവാന്‍ സാധ്യമല്ല (law of non-contradiction). അതിനാല്‍ അത് ഒന്നുകില്‍ സത്യമായിരിക്കും അല്ലെങ്കില്‍ അസത്യമായിരിക്കും. ഒരു വ്യക്തിക്ക് ജീവന്‍ ഉണ്ടാകുവാനും മരിച്ച അവസ്ഥയില്‍ ആകുവാനും ഒരേ സമയത്ത് കഴിയുകയില്ല. അത് പരസ്പര വിരുദ്ധമായ പ്രസ്താവനയോ ആശയമോ ആകും.

 

ആധുനിക തത്വ ശാസ്ത്രത്തിന്റെ പാലക പുണ്യവാളന്‍ (Patron Saint) എന്ന് അറിയപ്പെടുന്ന ഫ്രെഡ്രിക് നീറ്റ്ഷെ യുടെ അഭിപ്രായത്തില്‍ സത്യം മിഥ്യാധാരണകള്‍ മാത്രമാണ് (Fredrick Nietzsche – “truths are illusions”). ചിത്രങ്ങളും എഴുത്തുകളും, അടയാളങ്ങളും നഷ്ടപ്പെട്ട നാണയങ്ങളെപ്പോലെ മൂല്യമില്ലാത്ത ലോഹങ്ങള്‍ മാത്രമാണ് സത്യം. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ സത്യമാണ് എങ്കില്‍, അതിനര്‍ത്ഥം സത്യം ഇപ്പൊഴും ഉണ്ട് എന്നാണ്.

 

ഗ്രീക്ക് ദാര്‍ശനികനായിരുന്ന പ്ലേറ്റോയുടെ ചിന്തകള്‍ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ് (Plato - 427—347 B.C). നമ്മള്‍ കാണുന്ന ലോകത്തെയാണ്, നമ്മള്‍ സത്യം, യാഥാര്‍ഥ്യം എന്നു വിളിക്കുന്നത്. എന്നാല്‍, ഈ ലോകവും കാഴ്ചകളും പരമമായ സത്യമല്ല (ultimate truth). നമ്മള്‍ കാണുന്നതെല്ലാം പരമമായ സത്യത്തിന്റെ നിഴലുകള്‍ ആണ്. സത്യം, നമ്മള്‍ കാണുന്നതിന്റെ പിന്നിലുള്ള പരമമായ സത്യം ആണ്. ഐ‌ടി‌യു വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ “ഗുഹ സിദ്ധാന്തം” പ്രസിദ്ധമാണ് (cave theory).    

 

ശാസ്ത്രം സത്യമല്ല, അത് സത്യം മനസ്സിലാക്കുവാനുള്ള ശ്രമം മാത്രമാണ്. പലതും സത്യമാണ് എന്ന് അവകാശപ്പെടും എങ്കിലും സത്യം ഒന്നു മാത്രമാണ്. ഒന്നിന് മാത്രമേ സത്യമായിരിക്കുവാന്‍ കഴിയൂ.

 

സത്യത്തെ ഒരിയ്ക്കലും നശിപ്പിക്കുവാന്‍ സാധ്യമല്ല. അസത്യത്തിന് അതിനെ ആക്രമിക്കുവാനും അതിനെ മൂടി വയ്ക്കുവാനും കഴിഞ്ഞേക്കാം. എന്നാല്‍ സത്യം ഇല്ലാതെയാകുകയോ, അതിനു പരിക്കേല്‍ക്കുകയോ, അത് എക്കാലവും മറഞ്ഞിരിക്കുകയോ ചെയ്യുന്നില്ല.

 

പരമമായ, ഏക സത്യം നിത്യമായി, മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനില്ക്കും. അതിനാല്‍ സത്യം, നശ്വരനും, മാറ്റങ്ങള്‍ക്ക് വിധേനയവനുമായ മനുഷ്യരില്‍ നിന്നല്ല, മറ്റൊരു ഇടത്തില്‍ നിന്നും ഉളവായി വരേണം. സത്യം ദൈവത്തില്‍ നിന്നും വരുന്നു, ദൈവമാണ് സത്യം.

 

യേശു എന്ന സത്യം

 

യേശു സത്യമാണ് എന്നു അവന്‍ പല അവസരങ്ങളിലും അവകാശപ്പെട്ടിട്ടുണ്ട്. പിതാവ് സത്യമാണ്, യേശു സത്യമാണ്, പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്.

 

യോഹന്നാന്‍ 14: 16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

 

യേശുക്രിസ്തു തന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

 

യോഹന്നാന്‍ 17: 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ (പിതാവായ ദൈവം) വചനം സത്യം ആകുന്നു.

 

ഇത് പിതാവായ ദൈവം സത്യമാണ് എന്ന പ്രസ്താവനയാണ്. പിതാവ് സത്യമാണ്, പിതാവിന്റെ വചനം സത്യമാണ്. ഈ വാക്യത്തിലെ ആശയം സങ്കീര്‍ത്തങ്ങള്‍ 119 ലെ ഒരു വാക്യത്തിന്റെ ആവര്‍ത്തനമാണ്. 

 

സങ്കീര്‍ത്തനങ്ങള്‍ 119: 160  നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ.

 

ഈ വാക്യത്തില്‍ “സാരം” എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക്, “റോഷ്” എന്നാണ്. ഈ വാക്കിന്റെ അര്‍ത്ഥം, ശിരസ്സ്, മുഖ്യന്‍, ആരംഭം, ആകെത്തുക (സാരാംശം) എന്നിങ്ങനെയാണ് (rō'š – roshe - head, beginning, chief, sum).

 

ഈ വാക്യം ഇഗ്ലീഷില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെയാണ്:   

 

Psalms 119: 160 The very essence of your words is truth; all your just regulations will stand forever. (New Living Translation)

 

Psalms 119: 160 Thy word is true from the beginning: and every one of thy righteous judgments endureth for ever. (KJV)

 

ഈ വാചകങ്ങളെ, അതിന്റെ ആഴത്തിലുള്ള ആശയം ഗ്രഹിക്കുവാനായി, വിശദമായി  പരിഭാഷപ്പെടുത്തിയാല്‍ അത് ഏകദേശം ഇങ്ങനെ ആയിരിയ്ക്കും: 

 

നിന്റെ വചനത്തിന്റെ അനാദികാലം മുതലുള്ള സാരാംശം സത്യം തന്നേ;

 

ഇതിനോടൊപ്പം “റോഷ്” എന്ന വാക്കിന്റെ മുഖ്യന്‍ (chief) എന്ന അര്‍ത്ഥം കൂടി ചേര്‍ത്താല്‍, ഈ വാക്യത്തിന്റെ പരിഭാഷ ഇങ്ങനെയാകേണം.

 

നിന്റെ വചനത്തിന്റെ അനാദികാലം മുതലുള്ള സര്‍വ്വാധികാരിയായ സാരാംശം സത്യം തന്നേ...

 

പിതാവായ ദൈവമാണ് സത്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ത്രിയേക ദൈവത്തിലെ സാരാംശമാണ് സത്യം. ഇതേ സാരാംശം തന്നെയാണ് ത്രിത്വത്തിലെ രണ്ടാമനായ ദൈവപുത്രനിലും ഉള്ളത്. അതിനാല്‍ ദൈവപുത്രനും സത്യമാണ്.

 

യോഹന്നാന്‍ 8: 44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

 

പിശാചില്‍ സത്യം ഇല്ലാത്തതുകൊണ്ടാണ് അവന്‍ സത്യത്തില്‍ നില്‍ക്കാത്തത്. അവന്‍ ഭോഷ്ക് പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു. അവനില്‍ ഭോഷ്ക് മാത്രമേയുള്ളൂ. അതിനാല്‍ അത് മാത്രമേ അവന് പറയുവാന്‍ കഴിയൂ.

 

ഇതിന്റെ മറുവശമാണ് യേശുക്രിസ്തുവിന്റെ വാക്കുകള്‍. യേശുവില്‍ സത്യം മാത്രമേയുള്ളൂ. അവനും അവനില്‍ നിന്നും എടുത്തു പറയുന്നു. അവനില്‍ സത്യം മാത്രമേയുള്ളൂ എന്നതിനാല്‍ അവന്‍ സത്യം മാത്രമേ പറയൂ. യേശുക്രിസ്തു മാത്രമാണു സത്യം, അവനോട് ഒത്തുചേര്‍ന്നു പോകാത്തതെല്ലാം അസത്യമാണ്.

 

യേശു “സത്യം” എന്ന വാക്ക് ഉപയോഗിച്ചത്, പരമമായ സത്യം എന്ന അര്‍ത്ഥത്തിലാണ്. അത് ദൈവമാണ്. യേശുവാണ് മനുഷ്യര്‍ക്ക് വെളിപ്പെട്ട സത്യം.   

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു

 

യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാന്‍ ആകുന്നു” പ്രസ്താവനകള്‍ യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ ഈ പ്രസ്താവനകള്‍ അവതരിപ്പിക്കുന്നത്തിന് ഒരു ഗ്രീക്ക് പശ്ചാത്തലം ഉണ്ട്.

 

“ഞാന്‍ ആകുന്നു” എന്ന അവകാശവാദം ഗ്രീക്ക് മതത്തിലും ഉണ്ട്. അത് ഗ്രീക്ക് ദേവന്മാരുടെയോ ദൈവീകത്വത്തിന്റെയോ അവകാശവാദം ആയിരുന്നു. ഗ്രീക്ക് ഭാഷയില്‍ ഈഗോ എയ്മി (ego eimi) എന്ന വാക്കിന്റെ അര്‍ത്ഥം, “അത് ഞാന്‍ ആകുന്നു” എന്നാണ്. അത് ഒരു വ്യക്തിയെ തിരിച്ചറിയുവാനായി പറയുന്ന പദം ആയിരുന്നു. ഒപ്പം തന്നെ, “അത് ഞാന്‍ തന്നെ ആണ്” എന്നും, “ഞാന്‍ മാത്രമാണ്” എന്നും ഉറപ്പിച്ച് പറയുവാനും ഇതേ പദം ഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നു.

 

ഈ അര്‍ത്ഥം യേശുക്രിസ്തു പറഞ്ഞ “ഞാന്‍ ആകുന്നു” പ്രസ്താവനകളിലും കാണാം. “ഞാന്‍ ആകുന്നു” എന്നത്, ഞാന്‍ അല്ലാതെ മറ്റാരും ഇല്ല എന്ന ധ്വനി നല്കുന്നു. മറ്റൊരു ദേവന്‍റെയോ, മനുഷ്യന്‍റെയോ അവകാശവാദങ്ങളെ അത് റദ്ദാക്കുന്നു.

 

യേശു പറഞ്ഞ, യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏഴു “ഞാന്‍ ആകുന്നു” പ്രസ്താവനകളില്‍ ആറാമത്തേത് ഇങ്ങനെയായാണ്:   

 

യോഹന്നാന്‍ 14: 6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” 

 

ഇവിടെ യേശു പറയുന്നത്, യേശു ആണ് സത്യം, അവന്‍ മാത്രമാണ് സത്യം, അവനല്ലാതെ മറ്റൊരു സത്യമില്ല. അവനാണ് പരമമായ സത്യം.

 

വചനം ദൈവമായിരുന്നു

 

ഗ്രീക്കുകാരുടെ പരമമായ ദൈവം എന്ന ദാര്‍ശനിക ചിന്തയുടെ പശ്ചാത്തലത്തിലാണ്  യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത് തന്നെ. ഒന്നാം വാക്യത്തില്‍, യോഹന്നാന്‍ പറഞ്ഞു തുടങ്ങുന്നത് തന്നെ, ഗ്രീക്കു തത്വ ചിന്തകര്‍, ലോഗോസ് എന്നു വിളിക്കുന്ന വചനം യേശുക്രിസ്തുവാണ് എന്നു പറഞ്ഞുകൊണ്ടാണ്. 

 

യോഹന്നാന്‍ 1: 1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

 

പുതിയ നിയമത്തില്‍, ലോഗോസ്, റീമ എന്നീ രണ്ടു ഗ്രീക്ക് വാക്കുകളെ “വചനം” എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ട് (logos, rhema). ഈ രണ്ടു വാക്കുകള്‍ക്ക് ഏകദേശം ഒരേ അര്‍ത്ഥമാണ് ഉള്ളത് എങ്കിലും ദാര്‍ശനികമായി വ്യത്യാസമുണ്ട്.

 

ലൂക്കോസ് 1: 38 ല്‍, ദൈവപുത്രന്‍റെ മാതാവാകുവാന്‍ പോകുന്നു എന്ന വാര്‍ത്ത, ഒരു സ്വര്‍ഗ്ഗീയ ദൂതന്‍ മറിയയോട് പറയുമ്പോള്‍, അതിനു മറുപടിയായി അവര്‍ പറയുന്ന വാക്കുകള്‍ ഇങ്ങനെ ആണ്: “അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.” ഇവിടെ “വാക്ക്” എന്നതിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത് റീമ എന്ന പദം ആണ്. അതിന്റെ അര്‍ത്ഥം, പറയുന്ന വചനം എന്നാണ്. റീമ പറയപ്പെടുന്ന വചനമാണ്.

 

ലോഗോസ് എന്ന വാക്കിന് കൂടുതല്‍ ആഴമുള്ള അര്‍ത്ഥമുണ്ട് (logos - log'-os). ലളിതമായി പറഞ്ഞാല്‍, ലോഗോസ് എന്ന വാക്കിന്റെ അര്‍ത്ഥം, “ജീവനുള്ള ഒരു ശബ്ദം പറയുന്ന, ഒരു ആശയം ഉള്‍ക്കൊള്ളുന്ന വചനം” എന്നാണ്. (a word, uttered by a living voice, embodies a conception or idea). ഇതിന് “ദൈവ വചനം” എന്നു ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ അര്‍ത്ഥമുണ്ട്.

 

ലോഗോസ്, സംസാരിക്കുന്ന വ്യക്തിയുടെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണമായ സന്ദേശമാണ്. ഗ്രീക്ക്കാര്‍ ലോഗോസ് എന്ന വാക്ക് കൊണ്ട് ഒരു വ്യക്തിയുടെ ജ്ഞാനം, യുക്തി, മനസ്സ്, ബുദ്ധി എന്നിവയെ പരാമര്‍ശിച്ചിരുന്നു.

 

തത്വ ചിന്തകനായിരുന്ന ഹെരാക്ലീറ്റസ്, ഏകദേശം 600 BC ല്‍  ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് (Heraclitus). പ്രപഞ്ചത്തെ ഏകോപിക്കുന്ന പരമമായ യുക്തി, ജ്ഞാനം, പദ്ധതി, സംവിധാനം എന്നതിനെയാണ് അദ്ദേഹം ലോഗോസ് എന്നു വിളിച്ചത്. (Cambridge Dictionary of Philosophy, 2nd ed, Heraclitus, 1999).

 

പിന്നീട്, സിറ്റിയത്തിലെ സെനോ എന്ന തത്വ ചിന്തകന്‍റെ അനുയായികളായ സ്റ്റോയിക്ക് ചിന്തകര്‍ ഇതിനെ വിശദീകരിച്ചു (Zeno of Citium334 – 262 BC). എല്ലാ യാഥാര്‍ത്ഥ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന സജീവമായ യുക്തിയും, ജ്ഞാനവും, ആത്മീയ തത്വവും ആണ് ലോഗോസ് എന്നു അവര്‍ പഠിപ്പിച്ചു. അവര്‍ ലോഗോസിനെ, ദൈവം, പ്രകൃതി, ദിവ്യപരിപാലനം, പ്രപഞ്ചത്തിന്റെ ആത്മാവ് എന്നിങ്ങനെ വിശേഷിപ്പിച്ചു. ഇത്, പല പ്രാഥമികവും മൌലീകവും ആയ ലോഗോസ് അടങ്ങിയ പ്രാപഞ്ചികമായ ലോഗോസ് ആണ്. അതായത് പല ദൈവങ്ങള്‍ അടങ്ങിയ പരമമായ ദൈവമാണ് ലോഗോസ്.

 

തകര്‍ക്കപ്പെട്ട നിലയിലുള്ള ഈ ലോകത്തിലേക്ക് ക്രമം കൊണ്ടുവരുന്ന, ഈ ലോകത്തിന് അര്‍ത്ഥം കൊടുക്കുന്ന, ശക്തി ആയിട്ടാണ് ഗ്രീക്ക് തത്വചിന്തകര്‍ ലോഗോസിനെ കണ്ടിരുന്നത്‌. ലോഗോസ് എന്ന ശക്തി ഈ ലോകത്തെ പരിപൂര്‍ണ്ണ ക്രമത്തിലാക്കുകയും അതിനെ പൂര്‍ണ്ണ ക്രമത്തില്‍ പരിപാലിക്കുകയും ചെയ്യുന്നു എന്ന് അവര്‍ വിശ്വസിച്ചു. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന “പരമമായ ജ്ഞാനം” ആണ് ലോഗോസ് എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്.

 

ഈ തത്വചിന്തകളുടെ ആശയമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് യോഹന്നാന്‍ എഴുതിയത്,വചനം ദൈവം ആയിരുന്നു.” (യോഹന്നാന്‍ 1: 1). ലോഗോസ്, ജീവനുള്ള വചനമാണ്. അതില്‍, അത് സംസാരിച്ചവന്റെ ചിന്തകള്‍ ഉണ്ട്. അത് പ്രപഞ്ചത്തെ ഏകോപിക്കുന്ന പരമമായ യുക്തിയും ജ്ഞാനവുമാണ്. ലോഗോസ് എല്ലാ യാഥാര്‍ത്ഥ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന സജീവമായ ആത്മീയ തത്വം ആണ്. ലോഗോസ് പ്രപഞ്ചത്തിന്റെ ആത്മാവാണ്. അവന്‍ ദൈവമാണ്.

 

ഈ ലോഗോസ് അഥവാ ദൈവ വചനമാണ് യേശുക്രിസ്തുവായി ഭൂമിയില്‍ ജനിച്ചത്. യേശുക്രിസ്തു ആണ് ലോഗോസ്. അവന്‍ ദൈവമാണ്. അവനാണ് പരമമായ സത്യം.  

 

സത്യവും പീലാത്തോസും

 

യേശു സത്യത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങിയപ്പോള്‍, “സത്യം എന്നാൽ എന്തു” എന്നൊരു ചോദ്യം ചോദിച്ചുകൊണ്ട്, അതിന്റെ മറുപടിയ്ക്കായി കാത്തുനില്‍ക്കാതെ, പീലാത്തൊസ് പുറത്തു പോയി. സത്യം, അത് എന്തായാലും അദ്ദേഹത്തിന് വിഷയമല്ല, അതിനായി കാത്തു നില്‍ക്കുവാന്‍ അദ്ദേഹം തയ്യാറല്ല.  

 

യേശുക്രിസ്തു പീലാത്തൊസിന്‍റെ മുന്നില്‍ നിന്നപ്പോള്‍, പരമമായ സത്യമാണ് കുറ്റവിചാരണ നേരിട്ടത്. പീലാത്തൊസ് സത്യത്തെ ഗ്രഹിച്ചില്ല. അവന്‍ സത്യത്തെ യഹൂദന്മാരുടെ മുന്നില്‍ നിറുത്തിയിട്ടു ചോദിച്ചു, നിങ്ങള്‍ക്ക് സത്യത്തെ വേണോ ബറബ്ബാസിനെ വേണോ? യഹൂദ ജനം സത്യത്തെ തിരസ്കരിച്ചു, കവര്‍ച്ചക്കാരനായ ബറബ്ബാസിനെ സ്വീകരിച്ചു. അവര്‍ സത്യത്തെ വ്യാജം എന്നും ദൈവ ദൂഷണം എന്നും വിളിച്ചു. യഹൂദ മത നേതാക്കന്മാരും, ന്യായാധിപ സംഘവും, ജനതയും, റോമന്‍ ഭരണകൂടവും സത്യത്തെ കൊല്ലുവാന്‍ തീരുമാനിച്ചു. സത്യം എന്തെന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്.

 

അന്നുമുതല്‍ മനുഷ്യ ചരിത്രത്തില്‍ പീലാത്തൊസിന്‍റെ ചോദ്യം ആവര്‍ത്തിച്ചു മുഴങ്ങുകയാണ്: സത്യം എന്നാല്‍ എന്ത്? 

 

ഇന്ന് നമുക്ക് ഈ സാഹചര്യം വായിക്കുമ്പോള്‍, പീലാത്തൊസിനുണ്ടായ നഷ്ടം എത്ര ഭയങ്കരമാണ് എന്നു മനസ്സിലാകുന്നു. യേശു പ്രപഞ്ചത്തിന്റെ പരമമായ മര്‍മ്മം വെളിപ്പെടുത്തുവാന്‍, അത് അവനെ അറിയിക്കുവാന്‍ ശ്രമിക്കുകയാണ്. നൂറ്റാണ്ടുകളായി തത്വ ചിന്തകന്‍മാര്‍ അന്വേഷിച്ചു കണ്ടെത്തുവാന്‍ കഴിയാതിരുന്ന സത്യമാണ് അവന്റെ മുന്നില്‍ നില്‍ക്കുന്നത്. അതിനെയാണ് അവന്‍ അവഗണിച്ചു പോകുന്നത്.

 

ഇന്നും അനേകര്‍ പീലാത്തോസിനെപ്പോലെയാണ്. സത്യം എന്താണ് എന്നു നമുക്ക് വെളിപ്പെട്ടുകിട്ടിയിട്ടുണ്ട്. എന്നാല്‍ അത് ശ്രദ്ധിക്കുവാനോ, മനസ്സിലാക്കുവാനോ, സ്വീകരിക്കുവാനോ അവര്‍ തയ്യാറാകുന്നില്ല. ഫലമായി അജ്ഞതയുടെ അന്ധകാരത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. അന്വേഷിക്കുന്ന ഏവനും അത് കണ്ടെത്തുന്നു. 

 


 

No comments:

Post a Comment