നരകം: ചില ചോദ്യങ്ങൾ

1.       ദൈവം എന്തുകൊണ്ട് നരകത്തെ സൃഷ്ടിച്ചു?

 

ഒന്നാമത്തെ ചോദ്യം, ദൈവം എന്തുകൊണ്ട് നരകത്തെ സൃഷ്ടിച്ചു എന്നതാണ്. വേദപുസ്തകം, ദൈവം സർവ്വ സ്നേഹവാനും നീതിമാനുമാണ് എന്നു പഠിപ്പിക്കുന്നു. അതായത്, ദൈവം സ്നേഹം ആണ്, എന്നാൽ അവൻ സ്നേഹം മാത്രമല്ല. അവൻ നീതിമാനായ ദൈവമാണ്. നീതി നടപ്പിലാക്കുക അവന്റെ അധികാരവും, കടമയും, പ്രവർത്തന രീതിയും ആണ്.  

 

സൊദോമും ഗൊമോരയും നശിപ്പിക്കുവാൻ പോകുന്നു എന്നു അറിഞ്ഞ അബ്രാഹാം, അവരെ നശിപ്പിക്കാതെ ഇരിക്കേണ്ടതിനായി ദൈവത്തോട് ഇടുവിൽ നിന്നു. ഇവിടെ അബ്രാഹാം ദൈവത്തിന്റെ നീതിയിൽ ആശ്രയിച്ചാണ് ദൈവത്തോട് സംസാരിച്ചത്.

 

ഉൽപ്പത്തി 18:25 ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?

 

ദാവീദ് രാജാവും ദൈവത്തിന്റെ നീതിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

 

സങ്കീർത്തനം 9:8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.

  

ദൈവത്തിന്റെ നീതി നടപ്പിലാക്കുവാൻ, അവൻ സ്വർഗ്ഗത്തിൽ നിന്നും വിഭിന്നമായ ഒരു സ്ഥലം സൃഷ്ടിച്ചു. അതാണ് നരകം. ഇത്, അവന്റെ നിത്യമായ വിശുദ്ധിയുടെ പ്രമാണങ്ങളെ ലംഘിക്കുന്നവർക്കുള്ള വാസസ്ഥലമാണ്.


നരകം ദൈവം ആദ്യം സൃഷ്ടിച്ചത് മനുഷ്യർക്കുവേണ്ടി ആയിരുന്നില്ല. അത് പിശാചിനും അവന്റെ കൂടെയുള്ള ദൂതന്മാർക്കും വേണ്ടി സൃഷ്ടിച്ചത് ആയിരുന്നു. എന്നാൽ പിന്നീട്, ദൈവത്തോട് മൽസരിക്കുന്ന മനുഷ്യരെയും ഇവിടെ തള്ളിയിടുവാൻ ദൈവം തീരുമാനിക്കുക ആയിരുന്നു. കാരണം മൽസരികളായ മനുഷ്യർ, ദൈവത്തിന്റെ പ്രമാണമല്ല, പിശാചിന്റെ ഉപദേശങ്ങൾ ആണ് അനുസരിക്കുന്നത്. മൽസരികൾ ദൈവത്തിന്റെ പക്ഷമല്ല, പിശാചിന്റെ പക്ഷം നിൽക്കുന്നവർ ആണ്.

 

മത്തായി 25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.  

 

പാപത്തിന്റെ കഠിനത, അത് ആർക്ക് എതിരായി ചെയ്യുന്നു എന്നത് അനുസരിച്ചാണ്. പാപം ആദ്യം ലംബമായതും പിന്നീട് തിരശ്ചീനമായതുമാണ്. നിത്യനായ ദൈവത്തോട് ചെയ്യുന്ന പാപങ്ങൾ നിത്യമായി നിലനിൽക്കുന്നതാണ്. അതിനാൽ നിത്യമായ ശിക്ഷ, നീതിപൂർവ്വമുള്ളതാണ്. പാപം എപ്പോഴും നിത്യനായ ദൈവത്തിന്റെ സർവ്വാധികാരത്തിന് എതിരായുള്ള വഞ്ചനയും വെല്ലുവിളിയും ആണ്. അതിന് ദൈവത്തിന്റെ നീതി പ്രകാരം നിത്യമായ നരകം എന്ന ശിക്ഷ ലഭിക്കും.

 

യേശുക്രിസ്തുവിന്റെ ക്രൂശ് നരകം സത്യമാണ് എന്നാണ് നമ്മളോട് പറയുന്നത്. നരകം ഇല്ലായിരുന്നു എങ്കിൽ, ക്രൂശിൽ ഒരു രക്ഷകൻ പാപ പരിഹാരത്തിനായി യാഗമായി തീരേണ്ട ആവശ്യം ഇല്ലായിരുന്നു. നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത വേദന യേശുക്രിസ്തു ക്രൂശിൽ അനുഭവിച്ചു. അത് നരകത്തിലെ അതികഠിനമായ ദണ്ഡനത്തിൽ നിന്നും നമ്മളെ വിടുവിക്കുവാനാണ്. ദൈവം നമ്മളെ വളരെയധികം സ്നേഹിക്കുന്നു. അതിനാൽ ആണ്, അവന്റെ ഏക ജാതനായ മകനെ നമ്മളുടെ പാപങ്ങൾക്ക് പരിഹാരമായ യാഗമായി തീരുവാനായി ഭൂമിയിലേക്ക് അയച്ചത്.   

 

റോമർ 5:8, 9

8    ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.

9    അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.

 

നരകം, കഠിനരായ ദുഷ്ടന്മാർക്ക് വേണ്ടി ഉണ്ടാക്കിയതല്ല. സ്വർഗ്ഗം നല്ല മനുഷ്യർക്കുള്ള വാസ സ്ഥലവും അല്ല. മാനസന്തരപ്പെടാത്ത, പാപങ്ങളിൽ പശ്ചാത്തപിക്കാത്ത മനുഷ്യർക്കുള്ള സ്ഥലമാണ് നരകം. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദാനധർമ്മങ്ങൾ ചെയ്യുകയും, സാധുക്കൾക്ക് ഭക്ഷണം കൊടുക്കുകയും, രാജ്യത്തിന് കൊടുക്കുവാനുള്ള നികുതി കൃത്യമായി അടയ്ക്കുകയും, നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നവരെ മൊത്തമായി പ്രവേശിപ്പിക്കുന്ന ഇടമല്ല സ്വർഗ്ഗം. കൊടും കുറ്റവാളികളെ മാത്രം ദണ്ഡിപ്പിക്കുന്ന ഇടവുമല്ല നരകം. പശ്ചാത്താപരഹിതരായ എല്ലാ മനുഷ്യരും നരകത്തിലേക്ക് പോകും. എന്നാൽ രക്ഷിക്കപ്പെടുന്ന കൊടും കുറ്റവാളികൾ സ്വർഗ്ഗീയ അനുഗ്രഹം കൈവശമാക്കും. മാനസന്തരത്തിന് മുമ്പുള്ള ഒരുവന്റെ ജീവിതമല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം, അവൻ കൈവശമാക്കിയ രക്ഷയാണ് അവനെ സ്വർഗ്ഗത്തിന് അവകാശിയാക്കുന്നത്. യേശു ക്രിസ്തുവിലൂടെ സൌജന്യമായി ലഭ്യമായ രക്ഷയെ നിരസിക്കുന്നതിനാൽ ആണ് ഒരുവൻ നരകത്തിൽ ഏത്തപ്പെടുന്നത്. 

 

പശ്ചാത്താപരഹിതനായ മനുഷ്യൻ, അവന്റെ പാപം ഏറ്റു പറയുകയോ, അതിൽ പശ്ചാത്തപിക്കുകയോ, ചെയ്യുന്നില്ല. അവൻ പാപിയാണ് എന്നോ, അവന് ഒരു രക്ഷകനെ ആവശ്യമുണ്ട് എന്നോ അവൻ സമ്മതിക്കുന്നില്ല. അവൻ യേശുക്രിസ്തുവിലൂടെയുള്ള നിത്യ രക്ഷയെ തള്ളിക്കളയുന്നു. അതിനാൽ അവന് സ്വർഗ്ഗീയ വാസസ്ഥലം നഷ്ടമാകുന്നു. വീണ്ടും ജനനം പ്രാപിച്ച മനുഷ്യൻ, അവൻ പാപിയാണ് എന്നും, അതിൽ അവൻ പശ്ചാത്തപിക്കുന്നു എന്നും, ഏറ്റു പറയുന്നു. അവന് രക്ഷയ്ക്കായി ഒരു രക്ഷകനെ ആവശ്യമുണ്ട്. അവന് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ വിശ്വാസത്താൽ സ്വീകരിക്കുന്നു. അവന്റെ ജീവിതം സമ്പൂർണ്ണമായി യേശുവിൽ സമർപ്പിക്കുന്നു. അതിനാൽ അവൻ സ്വർഗ്ഗീയ വാസ സ്ഥലം കൈവശമാക്കും.

 

യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പാപക്ഷമ ലഭിക്കുന്നു. നമ്മളുടെ കഠിനമായ പാപങ്ങൾ, രക്ഷയെ പ്രയാസമാക്കുന്നില്ല. നമ്മളുടെ നല്ല പ്രവർത്തികൾ രക്ഷയെ സുഗമമാക്കുന്നില്ല. നമ്മളെ രക്ഷിക്കുന്നതു ക്രിസ്തുവാണ്. നമ്മളുടെ പങ്ക്, പശ്ചാത്താപവും, യേശു ക്രിസ്തുവിലുള്ള വിശ്വാസവുമാണ്. 

 

മത്തായി 25:31-46 വരെയുള്ള വാക്യങ്ങളിൽ യേശുക്രിസ്തു അന്ത്യ കാലത്തേക്കുറിച്ച് സംസാരിക്കുകയാണ്. ഇവിടെ യേശു പറഞ്ഞതിങ്ങനെയാണ്: ഭാവിയിൽ ഒരു ദിവസം, മനുഷ്യപുത്രൻ സകല മഹത്വത്തോടും കൂടെ പ്രത്യക്ഷനാകും. ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നത് പോലെ, അവൻ രക്ഷിക്കപ്പെട്ടവരെയും രക്ഷിക്കപ്പെടാത്തവരെയും തമ്മിൽ വേർതിരിക്കും. അതിന് ശേഷം, “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു” നന്മ ചെയ്യാതിരുന്ന രക്ഷിക്കപ്പെടാത്തവരെ നിത്യാഗ്നിയിലേക്ക് തള്ളിയിടും. ഈ വേർതിരിക്കൽ, ഘോരവും ദൃഡവും ആണ്. ഇവിടെ ആരുടെയും നന്മ തിന്മകളുടെ ഏറ്റകുറച്ചിൽ പരിഗണിക്കപ്പെടുന്നില്ല.       

   

രക്ഷ പ്രവർത്തിയാൽ ലഭിക്കും എന്നല്ല യേശുക്രിസ്തു ഇവിടെ പറയുന്നത്. എന്നാൽ രക്ഷ അതിന്റെ നല്ല ഫലങ്ങൾ ഉളവാക്കും. നല്ല ഫലങ്ങൾ, രക്ഷിക്കപ്പെട്ട ഒരുവന്റെ ആന്തരീക മാറ്റത്തിന്റെ അടയാളം ആണ്. ഇതിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയാണ് യേശു ഇവിടെ ഊന്നൽ കൊടുക്കുന്നത്. യേശു ഈ വാചകങ്ങൾ പറഞ്ഞ സാഹചര്യത്തിൽ, ആന്തരീകമായി രൂപാന്തരം പ്രാപിക്കാത്ത മനുഷ്യർ, വിശക്കുകയും, ദാഹിക്കുകയും, പരദേശിയും കാരാഗൃഹത്തിൽ ആയിരിക്കുകയും ചെയ്യുന്ന “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു” നന്മ ചെയ്യുവാൻ സാധാരണയായി ആഗ്രഹിക്കുകയില്ല. ഇതാണ് യേശു പറഞ്ഞത്. ആന്തരിക രൂപാന്തരത്തിനാണ് യേശു ഇവിടെ ഊന്നൽ കൊടുക്കുന്നത്.  

 

ദൈവം എല്ലാ മനുഷ്യർക്കും, അവരുടെ നിത്യത എവിടെ ചിലവഴിക്കേണം എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. ദൈവം ഒരിക്കലും മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയിൽ ഇടപെടുന്നില്ല. അതിനാൽ അവന് ദൈവത്തിന്റെ പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുവാനും, ദൈവത്തെ നിരസിച്ചുകൊണ്ടു ജീവിക്കുവാനുമുള്ള സ്വതന്ത്ര്യമുണ്ട്. എന്നാൽ അവന്റെ സ്വന്തം തിരഞ്ഞെടുപ്പിന്റെയും തീരുമാനത്തിന്റെയും പരിണത ഫലം അവൻ അനുഭവിക്കേണ്ടിവരും. സ്വതന്ത്ര ഇച്ഛാശക്തി എന്നത് അർത്ഥമുള്ളത് ആകേണമെങ്കിൽ മനുഷ്യർക്ക് നന്മയോ, തിൻമയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും അതിനുള്ള അവസരവും ഉണ്ടാകേണം. നന്മയും തിന്മയും അവന് തിരഞ്ഞെടുക്കുവാൻ കഴിയത്തക്കവണ്ണം ലഭ്യമായിരിക്കേണം.

 

ഈ ഭൂമിയിൽ, നന്മയും തിന്മയും ഉള്ളതുപോലെ തന്നെ, മരണാനന്തര ജീവിതത്തിലും രണ്ട് അവസ്ഥകൾ ഉണ്ട്. എന്നാൽ, മരണാനന്തര ജീവിതത്തിൽ എവിടെയായിരിക്കേണം നിത്യത ചിലവഴിക്കേണ്ടത് എന്നു, ഈ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ തിരഞ്ഞെടുക്കേണം. മരണത്തിന് ശേഷം സ്വതന്ത്ര ഇച്ഛാശക്തിയോ, തിരഞ്ഞെടുപ്പോ ഇല്ല. ഇത് സാധ്യമാകേണം എങ്കിൽ, സ്വർഗ്ഗം മാത്രം പോരാ, നരകവും ഉണ്ടായിരിക്കേണം.

 

“ദൈവം എന്തുകൊണ്ട് നരകത്തെ സൃഷ്ടിച്ചു” എന്ന ചോദ്യത്തിന്റെ ഉത്തരം നമുക്ക് ഇങ്ങനെ ചുരുക്കിപ്പറയാം: ദൈവം സ്നേഹം മാത്രമല്ല, അവൻ നീതിമാനുമാണ്. നീതി നടപ്പിലാക്കുവാൻ നരകം ആവശ്യമാണ്. നരകം ആദ്യം സൃഷ്ടിക്കപ്പെട്ടത്, മനുഷ്യർക്കായല്ല, സാത്താനും അവനോടുകൂടെ ദൈവത്തോട് മൽസരിച്ച ദൂതന്മാർക്കും വേണ്ടിയാണ്. നരകം കഠിനരായ ദുഷ്ടന്മാരുടെ നിത്യ വാസസ്ഥലം അല്ല. അത്, പശ്ചാത്താപരഹിതരായ മനുഷ്യരുടെ നിത്യ ഇടമാണ്. യേശുക്രിസ്തുവിന്റെ ക്രൂശ്, നരകം സത്യമാണ് എന്നതിന്റെ സൂചനയാണ്. നരകം ഇല്ലായിരുന്നു എങ്കിൽ, യേശുക്രിസ്തു ക്രൂശിൽ മരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. സ്വർഗ്ഗവും നരകവും തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര ഇച്ഛാശക്തി മനുഷ്യർക്ക് ഉണ്ട്. ദൈവം ഈ തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെടുന്നില്ല. തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അർത്ഥവത്താകേണം എങ്കിൽ, സ്വർഗ്ഗവും നരകവും ഉണ്ടായിരിക്കേണം.

 

2.     പശ്ചാത്താപ രഹിതരായ മനുഷ്യരെ എപ്പോഴാണ് നരകത്തിൽ തള്ളിയിടുന്നത്.

 

രണ്ടാമത്തെ ചോദ്യം ഇതാണ്: പശ്ചാത്താപരഹിതരായ മനുഷ്യരെ എപ്പോഴാണ് നരകത്തിൽ തള്ളിയിടുന്നത്? നമ്മൾ മനസ്സിലാക്കിയതുപോലെ, പാപങ്ങളിൽ പശ്ചാത്തപിക്കാത്ത മനുഷ്യരുടെ അന്ത്യ വാസ സ്ഥലമാണ് നരകം. എന്നാൽ, അവരുടെ മരണ ശേഷം ഉടൻ തന്നെ അവർ അവിടെ എത്തുന്നില്ല. അന്ത്യ ന്യായവിധിയ്ക്കു ശേഷം മാത്രമേ അവരെ അവിടെ തള്ളിയിടുന്നുള്ളൂ. അന്ത്യ ന്യായവിധിയെ ആണ് വലിയ വെള്ള സിംഹാസനത്തിന്റെ ന്യായവിധി എന്നു വിളിക്കുന്നത്. യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലുള്ള ആയിരം ആണ്ടു വാഴ്ചയ്ക്ക് ശേഷം മാത്രമേ ഇത് സംഭവിക്കൂ. ഇവിടെ മാനസന്തരപ്പെടാത്ത എല്ലാ മനുഷ്യരെയും ന്യായം വിധിക്കും. അവരെ കുറ്റക്കാർ  എന്നു കണ്ടെത്തി, ശരീരവും ആത്മാവും കൂടെ നരകത്തിൽ തള്ളപ്പെടും. ഈ സംഭവത്തെക്കുറിച്ചുള്ള വിവരണം നമുക്ക് വെളിപ്പാട് പുസ്തകം 20 ആം അദ്ധ്യായം 11 മുതൽ ഉള്ള വാക്യങ്ങളിൽ വായിക്കാം.

 

വെളിപ്പാട് 20:11-15 

11    ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.

12   മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

13   സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.

14   മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.

15   ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

 

രക്ഷിക്കപ്പെടത്തെ മരിച്ചവർ ഇപ്പോൾ എവിടെയാണ് എന്നതിന്റെ ഒരു ചിത്രം, യേശു പറഞ്ഞ ധനവാന്റേയും ലാസരിന്റെയും ഉപമയിൽ നിന്നും ലഭിക്കും. ഈ ഉപമ ലൂക്കോസ് 16:19-31 വരെയുള്ള വേദഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ധനവാന്റെ ആത്മാവ് പാതാളത്തിൽ യാതന അനുഭവിക്കുന്നു. അവന് സുബോധമുണ്ട്, ദാഹം, നിരാശ, വേദന എന്നിവ അനുഭവിക്കുന്നു. അവന് ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മ ഉണ്ട്. അവൻ സ്വർഗ്ഗീയ വിശ്രമ സ്ഥലം കാണുന്നുണ്ട്. ഇതിൽ നിന്നും മാനസന്തരപ്പെടാതെ മരിക്കുന്ന എല്ലാ മനുഷ്യരുടെയും ആത്മാക്കൾ, ഇപ്പോൾ പാതാളത്തിൽ ആണ് എന്നും അവർ അന്ത്യ ന്യായവിധി കാത്തുകൊണ്ടു അവിടെ ആയിരിക്കുന്നു എന്നും നമുക്ക് ഗ്രഹിക്കാം. അന്ത്യ ന്യായവിധി അവരെ കുറ്റവിമുക്തരാക്കുവാനല്ല, നിത്യ നരകത്തിലേക്ക് തള്ളിയിടുവാനാണ്.

 

2 പത്രൊസ് 2:9, 10  

9    കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,

10   ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.   

  

വെളിപ്പാട് പുസ്തകം 20:12 ൽ പറയുന്നത് അനുസരിച്ച്, അപ്പൊസ്തലനായ യോഹന്നാൻ, “മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു”. ഇത് അന്ത്യ ന്യായവിധിയുടെ ചിത്രമാണ്. മരിച്ചവർ ശരീരത്തോടെ ന്യായവിധിക്കായി നിലക്കുകയാണ്. അപ്പോൾ, “പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.” ന്യായവിധിക്ക് ശേഷം “ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും”. അവരെ ശരീരവും ആത്മാവോടും കൂടെ നരകത്തിൽ തള്ളിയിടും.

 

ചുരുക്കിപ്പറഞ്ഞാൽ, രക്ഷിക്കപ്പെടാത്തവരുടെ ആത്മാവ്, അവർ മരിക്കുമ്പോൾ ഉടൻ തന്നെ നരകത്തിൽ പോകുന്നില്ല. അവരുടെ ആത്മാവ് പാതാളം എന്ന യാതന സ്ഥലത്തേക്ക് പോകുന്നു. അവിടെ അവർ അന്ത്യ ന്യായവിധിക്കായി കാത്തിരിക്കുന്നു. അന്ത്യ ന്യായവിധി അവരുടെ പ്രതീക്ഷയല്ല, അവരുടെ നിത്യ ശിക്ഷ വിധിക്കുന്ന അവസരം മാത്രമാണ്. കാരണം, മരണത്തിന് ശേഷം, മാനസന്തരപ്പെടുവാനോ, ദൈവത്തോട് നിരപ്പ് പ്രാപിക്കുവാനോ അവസരം ഇല്ല. ന്യായവിധിക്ക് ശേഷം അവരെ നിത്യ നരകത്തിലേക്ക് തള്ളിയിടും.

                            (ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

3.     എന്തുകൊണ്ടാണ് ദൈവം മനുഷ്യരെ നരകത്തിൽ തള്ളിയിടുന്നത്?

 

മൂന്നാമത്തെ ചോദ്യം, എന്തുകൊണ്ടാണ് ദൈവം മനുഷ്യരെ നരകത്തിൽ തള്ളിയിടുന്നത്, എന്നതാണ്. മാനവികത എന്ന തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ, ക്രിസ്തീയ വിശ്വാസത്തിനെതിരെ ഉയർത്തുന്ന ഒരു ചോദ്യമാണിത്. മനുഷ്യരെ നിത്യമായ ദണ്ഡനത്തിനായി നരകത്തിലേക്ക് തള്ളിയിടുന്നത് എങ്ങനെ ദൈവീക നീതിയാകും?

 

നമ്മൾ മുമ്പ് പറഞ്ഞതുപോലെ, ദൈവം നരകത്തെ ആദ്യം സൃഷ്ടിച്ചത് മനുഷ്യർക്കായിട്ടല്ല, പിശാചിനും അവനോടൊപ്പം ചേർന്ന ദൂതന്മാർക്കും ഉള്ള ശിക്ഷ ആയിട്ടാണ്. എന്നാൽ പിന്നീട്, മനുഷ്യരും സാത്താനോടു കൂടെ ചേർന്ന് ദൈവത്തോട് മൽസരിച്ചപ്പോൾ, അതേ നരകം മാനസന്തരപ്പെടാത്ത മനുഷ്യരുടെയും നിത്യ വാസ സ്ഥലമായി മാറി. സാത്താനായി സൃഷ്ടിക്കപ്പെട്ട നരകം, സാത്താനോടൊപ്പം ചേർന്ന മനുഷ്യർക്കും ലഭിച്ചു.

 

സെന്റ്. തോമസ് അക്വീനാസ്, ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു ഡൊമിനിക്കന്‍ ക്രിസ്തീയ സന്യാസിയായിരുന്നു (Dominican friar). അദ്ദേഹം, ക്രിസ്തീയ സഭയില്‍ വളരെ സ്വാധീനമുണ്ടായിരുന്ന ഒരു ദര്‍ശനികനും, ദൈവശാസ്ത്രജ്ഞനും, നിയമ വിദഗ്ധനും ആയിരുന്നു. (ജനനം - AD 1224/1225, Roccasecca, Italy; മരണം - 7 March 1274, Abbazia di Fossanova, Fossanova Abbey, Italy).

 

സെന്റ്. തോമസ് അക്വീനാസ്, രണ്ട് പ്രതേക വാക്കുകളിലൂടെ, മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം വിശദീകരിക്കുന്നു. ഈ രണ്ട് വാക്കുകൾ, “പൂര്‍വ്വഗാമിയായ” ദൈവഹിതം, “പരിണതഫലമായ” ദൈവഹിതം എന്നിവയാണ് (antecedent will of God, consequent will of God). ഈ വാക്കുകളെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്.

 

ഒരു മനുഷ്യൻ ജീവിക്കേണം എന്നാണ് ഒരു ന്യായാധിപന്റെ പൂര്‍വ്വഗാമിയായ” ഹിതം. എന്നാൽ അവൻ കുറ്റക്കാരൻ ആണ് എന്നു കണ്ടെത്തിക്കഴിയുമ്പോൾ, അവനെ തൂക്കിക്കൊല്ലുവാൻ വിധിക്കുന്നു. ഇത് ന്യായാധിപന്റെ പരിണതഫലമായ” ഹിതമാണ്. ഇതേ രീതിയിൽ, പൂര്‍വ്വഗാമിയായ” ഹിത പ്രകാരം, മനുഷ്യർ എല്ലാവരും രക്ഷപ്രാപിക്കേണം എന്നു ദൈവം ആഗ്രഹിക്കുന്നു. എന്നാൽ പാപത്തിന്റെ പരിണതഫലമായ” ഹിത പ്രകാരം, അവന്റെ നീതിയ്ക്ക് ഒത്തവണ്ണം, ചിലരെ നശിപ്പിക്കുവാൻ ദൈവം തീരുമാനിക്കുന്നു. (ആശയ സംഗ്രഹം).

 

Hence it may be said of a just judge, that antecedently he wills all men to live, but consequently, wills the murderer to be hanged. In the same way God antecedently wills all men to be saved, but consequently wills some to be damned, as His justice exacts."

 

അക്വീനാസിന്റെ വാദത്തെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം. മനുഷ്യരെ സൃഷ്ടിച്ചപ്പോൾ, അവരെക്കുറിച്ച് ദൈവത്തിനുണ്ടായിരുന്ന ഹിതമാണ് പൂര്‍വ്വഗാമിയായ” ഹിതം. അപ്പോൾ അവർ പാപം ചെയ്തിരുന്നില്ല. മനുഷ്യർ ദൈവ സന്നിധിയിൽ നിത്യമായി ജീവിക്കേണം എന്നായിരുന്നു അവന്റെ ഹിതം. എന്നാൽ പിന്നീട് മനുഷ്യർ, ഏദൻ തോട്ടത്തിൽ വച്ച്, സാത്താനോടുകൂടെ ചേരുകയും ദൈവത്തിന് എതിരായി പാപം ചെയ്യുകയും ചെയ്തു. പാപത്തിന്റെ പരിണതഫലമായി, മനുഷ്യരിൽ ഒരു കൂട്ടരെ രക്ഷിക്കുവാനും ശേഷിച്ചവരെ അവരുടെ തിരഞ്ഞെടുപ്പിൻ പ്രകാരം പാപത്തിന്റെ ശിക്ഷ അനുഭവിക്കുവാനും ദൈവഹിതമായി. ഇതിനെ പരിണതഫലമായ” ഹിതം എന്നു വിളിക്കാം.

 

ദൈവത്തോട് മൽസരിച്ച് പാപം ചെയ്ത സാത്താനും ദൂതന്മാർക്കും, പശ്ചാത്തപിച്ച് തിരികെ ചെല്ലുവാൻ, ഒരു അവസരം ദൈവം കൊടുത്തില്ല. എന്നാൽ, കൃപയാൽ, പാപത്തിൽ വീണുപോയ മനുഷ്യർക്ക്, അവരുടെ തെറ്റ് തിരുത്തുവാനും, പശ്ചാത്തപിക്കുവാനും, ദൈവത്തോട് നിരപ്പ് പ്രാപിക്കുവാനുമായി, ഒരു അവസരം ദൈവം നല്കി. അതിനായി, ഒരു പാപ പരിഹാര യാഗവും ദൈവം തന്നെ ക്രമീകരിച്ചു. ഇതിൽ ദൈവം മനുഷ്യരോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തി.

 

യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.  

 

താത്വികമായി, എല്ലാവരും നരകത്തിൽ പോകുന്നത് ആദാമ്യ പാപത്തിന്റെയും അതിന്റെ പരിണത ഫലമായി മനുഷ്യർ ചെയ്യുന്ന പാപ പ്രവർത്തികളുടെയും ഫലമായിട്ടാണ്. എന്നാൽ,  പ്രായോഗികമായി പറഞ്ഞാൽ, ആദാമ്യ പാപത്തിന്റെ ഫലമായി ആരും നരകത്തിൽ പോകുന്നില്ല. ആരെങ്കിലും നരകത്തിൽ പോകുന്നു എങ്കിൽ, അത് അവർ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ നിരസിച്ചത് കൊണ്ടാണ്. ഈ തിരസ്കരണം അവരുടെ സ്വതന്ത്ര ഇച്ഛാശക്തിയുടെ പ്രയോഗമാണ്. അതായത്, ദൈവം ഇടപെട്ട് ആരെയും നരകത്തിലേക്ക് അയക്കുന്നില്ല. ഒരു മനുഷ്യനും നരകത്തിനായി മുൻ നിയമിക്കപ്പെടുന്നില്ല. എന്നാൽ നരകത്തിലേക്ക് പോകുവാനുള്ള തിരഞ്ഞെടുപ്പ് നടത്തിയവരെ ദൈവം തടയുന്നില്ല. സ്വർഗ്ഗീയ നിത്യജീവൻ തിരഞ്ഞെടുക്കുന്നവരുടെ ജീവിതത്തിൽ ദൈവത്തിന്റെ സജീവമായ ഇടപെടൽ ഉള്ളപ്പോൾ, നരകം തിരഞ്ഞെടുത്തവരുടെ ജീവിതത്തിൽ ദൈവം ഇടപ്പെടുന്നതെ ഇല്ല.

 

പ്രസിദ്ധനായ ഇംഗ്ലീഷ് സാഹിത്യകാരനും ഒരു ആഗ്ലിക്കൻ ദൈവ ശാസ്ത്രജ്ഞനുമായ സി. എസ്. ലീവിസ് പറഞ്ഞത് ഇങ്ങനെയാണ്:

 

അന്ത്യത്തിൽ രണ്ട് വിഭാഗത്തിലുള്ള മനുഷ്യർ മാത്രമേ ഉണ്ടാകൂ. ഒരു കൂട്ടർ ദൈവത്തോട്, “നിന്റെ ഹിതം നടക്കേണമെ” എന്നു പറയും. രണ്ടാമത്തെ കൂട്ടരോട് ദൈവം പറയും, “നിന്റെ ഹിതം നടക്കട്ടെ”. നരകത്തിൽ എത്തിച്ചേരുന്നവരെല്ലാം അതിനെ തിരഞ്ഞെടുത്തവർ ആണ്. (ആശയ സംഗ്രഹം)

 

"There are only two kinds of people in the end: those who say to God, 'Thy will be done,' and those to whom God says, in the end, 'Thy will be done." "All that are in Hell chose it." - C. S. Lewis (Anglican layman theologian and writer)

 

മനുഷ്യരുടെ ഉത്തരവാദിത്തവും, ദൈവത്തിന്റെ സ്വർവ്വാധികാരവും ചേർന്നുള്ള കൂട്ടായ പ്രവർത്തനം, മനുഷ്യന് ഗ്രഹിക്കുവാൻ പ്രയാസമുള്ള ഒരു ആത്മീയ മർമ്മം ആണ്. എന്നാൽ അത് ഒരു വേദപുസ്തക സത്യമാണ്. മനുഷ്യരുടെ സ്വന്ത ഉത്തരവാദിത്തത്തിൽ അവർ നരകത്തെ തിരഞ്ഞെടുക്കുന്നു.

 

ഈ ഭൂമിയിലെ ജീവിതകാലത്ത്, മനുഷ്യർക്ക് ദൈവത്തെ കണ്ടെത്തുവാനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ട്. അവർക്ക് ദൈവത്തെ സ്വീകരിക്കുവാനും നിരസിക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ഈ സ്വാതന്ത്ര്യം മനുഷ്യരുടെ മരണംവരെ മാത്രമേയുള്ളൂ. ഇതിൽ ദൈവം സജീവമായി ഇടപെടുന്നില്ല. മരണത്തിന് ശേഷം, മനുഷ്യർ ജീവിച്ചിരുന്നപ്പോൾ എന്ത് തിരഞ്ഞെടുത്തുവോ, അതിനെ ദൈവം മാനിക്കുന്നു. മനുഷ്യരുടെ തിരഞ്ഞെടുപ്പിനെ ദൈവം നിറവേറ്റുന്നു.

 

യേശുക്രിസ്തു പറഞ്ഞ, ധനവന്റെയും ലാസരിന്റെയും ഉപമയിൽ, ധനവാന്റെ ഭൂമിയിലുള്ള സഹോദരന്മാരുടെ അടുക്കലേക്ക് ലാസരിനെ അയക്കുവാൻ, അവൻ അബ്രാഹാമിനോട് അപേക്ഷിക്കുന്നുണ്ട്. എന്നാൽ അബ്രാഹാം അതിന് പറഞ്ഞ മറുപടി ഇങ്ങനെയാണ്:

 

ലൂക്കോസ് 16:31 അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.    

 

നരകത്തേക്കുറിച്ച് ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കുവാൻ, മോശെയുടെ പ്രമാണങ്ങളും പ്രവാചകന്മാരും ഉണ്ട്. പാപത്തിൽ നിന്നും മാനസന്തരപ്പെടുവാൻ അവർക്ക് അവസരങ്ങളും സ്വാതന്ത്ര്യവും ഉണ്ട്. തിരുവെഴുത്തുകളും പ്രവാചകന്മാരെയും അവർ വിശ്വസിക്കുന്നില്ല എങ്കിൽ, അവരുടെ കഠിന ഹൃദയത്തെ മാറ്റുവാൻ ആർക്കും സാധ്യമല്ല. അവിശ്വാസം അവരുടെ തിരഞ്ഞെടുപ്പാണ്, അതിനുത്തരവാദി അവർ മാത്രമാണ്. ദൈവം നിഷ്ക്രിയതയോടെ, അവരുടെ തിരഞ്ഞെടുപ്പിനെ മാനിക്കുന്നു.

 

സ്വർഗ്ഗത്തെയോ നരകത്തെയോ മനുഷ്യർ തിരഞ്ഞെടുക്കുന്നതിനെ ഒരിക്കൽ, യേശുക്രിസ്തു അവതരിപ്പിച്ചതിങ്ങനെയാണ്: 

   

ലൂക്കോസ് 13:23, 24  

23  അപ്പോൾ ഒരുത്തൻ അവനോടു: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു:

24 ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

 

മത്തായി 7:13, 14

13   ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.

14   ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.   

 

ലൂക്കോസിൽ യേശു പറഞ്ഞത്, “ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ” എന്നാണ്. “പലരും കടപ്പാൻ നോക്കും കഴികയില്ലതാനും” എന്നും അവൻ കൂട്ടിച്ചേർത്തു. “പോരാടുവിൻ” (strive) എന്നു പറയുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “അഗോണിദ്സൊമയി” എന്നതാണ് (agonizomai, ag-o-nid'-zom-ahee). ഈ വാക്കിന്റെ അർത്ഥം, ഒരു മൽസരത്തിൽ സമ്മാനം ലഭിക്കുവാനായി എന്നവണ്ണം കഠിനമായി പരിശ്രമിക്കുക എന്നാണ്. ഈ വാക്കിനെ, ഒരു എതിരാളിയോട് പോരാടുക, കഠിനമായി യത്നിക്കുക, മല്ലിടുക, എന്നും പരിഭാഷപ്പെടുത്താം. 24 ആം വാക്യത്തിൽ “കടപ്പാൻ നോക്കും” (seek) എന്നതിൽ “നോക്കും” എന്നു പറയുവാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് “സെറ്റെയോ” എന്നതാണ് (zeteo, dzay-teh'- o). ഈ വാക്കിന്റെ അർത്ഥം അന്വേഷിക്കുക, ആഗ്രഹിക്കുക, പരിശ്രമിക്കുക, എന്നിങ്ങനെയാണ്.

 

ഈ വാക്കുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ്: ഒന്നാമത്തെ കൂട്ടർ, ഇടുക്കുവാതിലൂടെ കടപ്പാൻ കഠിനമായി പരിശ്രമിക്കും. അവരെ തടയുന്ന ഒരു പ്രതിയോഗിയുള്ളതുപോലെ അവർ പോരാട്ടം നടത്തും. എന്നാൽ രണ്ടാമത്തെ കൂട്ടർ, ഇടുക്കുവാതിലൂടെ കടപ്പാൻ ആഗ്രഹിക്കും എങ്കിലും തീക്ഷണമായ ഒരു പരിശ്രമവും നടത്തുകയില്ല. അവർ അതിനായി ഒരു പോരാട്ടത്തിന് തയ്യാറാകുകയില്ല. അവർക്ക് ഈ മൽസരത്തിൽ വിജയിക്കേണം എന്ന തീവ്രമായ ആഗ്രഹം ഇല്ല.

 

യേശുക്രിസ്തു അവതരിപ്പിച്ച ചിത്രം, സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര പ്രായസമുള്ളതാണ് എന്നു കാണിക്കുന്നു. യേശുക്രിസ്തു ഇതിനെക്കുറിച്ച്, മത്തായി 7:13 ൽ പറഞ്ഞത് ഇങ്ങനെയാണ്: “നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.”

 

അതായത്, ദൈവം ഒരു മനുഷ്യനെയും നരകത്തിലേക്ക് പോകുവാനായി നിർബന്ധിക്കുന്നില്ല. ആരെയും നരകത്തിനായി മുൻ നിയമിച്ചിട്ടും ഇല്ല. എന്നാൽ അനേകർ നരകത്തിലേക്ക് സ്വന്ത ഇഷ്ടപ്രകാരം പോയിക്കൊണ്ടിരിക്കുന്നു. ദൈവം ഇവരുടെ തിരഞ്ഞെടുപ്പിൽ ഇടപെടുന്നില്ല.

 

4.     യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ച് ഒരിക്കൽ പോലും കെട്ടിട്ടില്ലാത്തവർ നരകത്തിൽ പോകുമോ?

 

നാലാമത്തെ ചോദ്യം ഇങ്ങനെയാണ്: യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ച് ഒരിക്കൽ പോലും കെട്ടിട്ടില്ലാത്തവർ നരകത്തിൽ പോകുമോ?

 

ഈ ചോദ്യത്തിനുള്ള ഉത്തരമാണ്, അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനത്തിൽ വിശദീകരിക്കുന്നത്. യേശുക്രിസ്തുവിലൂടെ, ദൈവം പ്രദാനം ചെയ്യുന്ന വീണ്ടെടുപ്പിന്റെ സുവിശേഷം എന്നതാണ് ലേഖനത്തിലെ മുഖ്യ വിഷയം. മനുഷ്യരെ പാപത്തിന്റെ ശിക്ഷയിൽ നിന്നും വീണ്ടെടുക്കുവാനായി ദൈവം പ്രഖ്യാപിച്ച സുവിശേഷത്തിന്റെ മഹത്വം, ദൈവ കൃപയുടെ ശ്രേഷ്ഠത എന്നിവ അദ്ദേഹം ഈ ലേഖനത്തിൽ വിവരിക്കുന്നു.

 

ആദിയിൽ, പ്രപഞ്ചത്തിന്റെയും, സകല ജീവജാലങ്ങളുടെയും, മനുഷ്യരുടെയും സൃഷ്ടിയിൽ, ദൈവം അവന്റെ നിത്യമായ മഹത്വവും, ശക്തിയും, സർവ്വാധികാരവും വെളിപ്പെടുത്തി, എന്ന് പൌലൊസ് ഒന്നാമത്തെ അദ്ധ്യായത്തിൽ വിശദീകരിക്കുന്നു. സൃഷ്ടിയിലൂടെ ദൈവത്തിന്റെ അസ്തിത്വവും, സവിശേഷതകളും എല്ലാ മനുഷ്യർക്കും വെളിപ്പെട്ടുകിട്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവം ഉണ്ട് എന്നും, അവൻ സർവ്വാധികാരിയും നിത്യനുമാണ് എന്നും, എല്ലാ മനുഷ്യരും അവനോടു കണക്ക് ബോധിപ്പിക്കേണ്ടവർ ആണ് എന്നും, ഈ ഭൂമിയിലെ സകല മനുഷ്യർക്കും അറിയാം. ഈ അറിവ് പ്രപഞ്ചത്തിന്റെ സൃഷ്ടിയിൽ നിന്നും മനുഷ്യന് ഗ്രഹിക്കുവാൻ കഴിയും. ഇതിന് യേശുക്രിസ്തുവിന്റെ സുവിശേഷം കേൾക്കേണം എന്നില്ല.    

 

റോമർ 1:19, 20

19   ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു;

20 ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.    

    

ദൈവത്തെക്കുറിച്ച് അവർക്ക് “വെളിവായിരിക്കുന്നു” എങ്കിലും മനുഷ്യർ ദൈവത്തോട് മൽസരിച്ചു ജീവിക്കുന്നു. അതിനാൽ അവർ എല്ലാവരും നിത്യമായ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു. അവർക്ക് വെളിപ്പെട്ട് കിട്ടിയിരിക്കുന്ന ദൈവത്തെ തിരസ്കരിച്ചതിനാൽ, എല്ലാ മനുഷ്യരും ശിക്ഷാവിധിയ്ക്കു യോഗ്യരാണ്. അതിന്റെ അർത്ഥം, മുമ്പേ നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ഇടയിലേക്കാണ് യേശുക്രിസ്തു രക്ഷകനായി വന്നത്. നരകത്തിലേക്ക് പോയിക്കൊണ്ടിരുന്ന മനുഷ്യരിൽ അനേകരെ രക്ഷിക്കുവാനാണ് യേശു വന്നത്. അവൻ നാശത്തിൽ നിന്നുമുള്ള രക്ഷയുമായാണ് നമ്മളുടെ ഇടയിലേക്ക് വന്നത്. യേശുക്രിസ്തു മനുഷ്യരെ ശിക്ഷിക്കുവാനായി വന്നതല്ല. അവന്റെ വരവിനാൽ ആരും ശിക്ഷാവിധി പ്രാപിക്കുന്നില്ല.

 

യോഹന്നാൻ 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല (not to condemn) ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

 

യേശുക്രിസ്തു വന്നത് ആരെയും നാശത്തിനായി ശിക്ഷ വിധിക്കുവാനല്ല. ശിക്ഷാവിധിയിൽ ആയിരുന്ന മനുഷ്യരിൽ അനേകരെ രക്ഷിക്കുവാനാണ് യേശുക്രിസ്തു വന്നത്. യേശു വരുന്നതിനു മുമ്പായി തന്നെ, ദൈവത്തെ തിരസ്കരിച്ച മനുഷ്യർ ശിക്ഷാവിധിയിൽ ആയിരുന്നു. അവരിൽ അനേകരെയാണ് യേശു രക്ഷിക്കുന്നത്. ശിക്ഷാവിധിയ്ക്കു കാരണം യേശുവിന്റെ വരവോ, അവനെ നിരസിക്കുന്നതോ അല്ല. എന്നാൽ, രക്ഷ പ്രാപിക്കാത്തത്തിന് കാരണം, അവനെ നിരസിക്കുന്നതാണ്.

 

യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

 

യോഹന്നാൻ 3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

  

ഇതിന്റെ സാരം ഇങ്ങനെയാണ്: യേശുക്രിസ്തുവിലൂടെ ഉള്ള രക്ഷയുടെ സുവിശേഷം കേട്ടിട്ടില്ല എന്നതിനാൽ, അവനെ രക്ഷിതാവായി സ്വീകരിക്കുവാൻ കഴിയാതെയിരിക്കുന്ന ആരെയും, അതിനാൽ ശിക്ഷിക്കുന്നില്ല. അവർ ദൈവത്തെ ത്യജിച്ചതിനാൽ, മുമ്പേ തന്നെ നരകത്തിലെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ആണ്. മനുഷ്യർ നരകത്തിലേക്ക് പോകുന്നത്, അവർ യേശുവിനെ തിരസ്കരിച്ചതിനാൽ അല്ല. ഒരുവൻ യേശുവിനെ തിരസ്കരിക്കുമ്പോൾ, അവൻ വാഗ്ദാനം ചെയ്യുന്ന രക്ഷയെ തിരസ്കരിക്കുന്നു. അതിന്റെ പരിണത ഫലം, അവർ നരകത്തിലെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയില്ല എന്നതാണ്.

 

അതായത്, മനുഷ്യരെ നരകത്തിലേക്ക് തള്ളിയിടുന്നത് അവർ യേശുക്രിസ്തുവിനെ നിരസിച്ചത് കൊണ്ടല്ല. എല്ലാ മനുഷ്യരും ദൈവത്തോടുള്ള മൽസരം കാരണം, നരകത്തിന് വിധിക്കപ്പെട്ടവർ ആണ്. അതിനാൽ, അന്ത്യ ന്യായവിധി ദിവസം ഒരു മനുഷ്യനും, അവൻ യേശുക്രിസ്തുവിലൂടെ ഉള്ള രക്ഷയുടെ സുവിശേഷം കേട്ടില്ല, അതിനാൽ വിശ്വസിക്കുവാൻ കഴിഞ്ഞില്ല എന്നു പറയുക ഇല്ല. കാരണം, സൃഷ്ടികളിലൂടെ ദൈവം അവന്റെ അസ്തിത്വവും, മഹത്വവും, സർവ്വാധികാരവും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഗ്രഹിച്ചിട്ടും, മനുഷ്യർ ദൈവത്തെ തിരസ്കരിക്കുകയും അവനോടു പാപം ചെയ്യുകയും ചെയ്തു. അതിനാൽ എല്ലാവരും ദൈവ ക്രോധത്തിന് ഇരയായി തീർന്നു. 

 

മരിക്കുന്ന ശിശുക്കൾ, മാനസികമായും ബൌദ്ധികമായും വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ രക്ഷയും അന്ത്യവും എന്തായിരിക്കും എന്നതിൽ വേദപുസ്തകം നേരിട്ട് യാതൊന്നും പറയുന്നില്ല. എന്നാൽ, ഇവരെക്കുറിച്ച് ദൈവത്തിന് ചില ഒഴിവാക്കൽ ഉണ്ടാകും എന്നാണ് വേദ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. നമ്മളുടെ ദൈവം നീതിമാനായ ദൈവമാണ്.  

 

പഴയനിയമ കാലത്ത്, ശിശുക്കൾ മരിച്ചാൽ, അവരുടെ ആത്മാക്കൾ സ്വർഗ്ഗീയ അനുഭവത്തിലേക്ക് പോകും എന്ന വിശ്വാസം ഉണ്ടായിരുന്നു. ദാവീദ് രാജാവ്, അവന്റെ മകൻ മരിച്ചപ്പോൾ ഈ വിശ്വാസമാണ് പ്രകടിപ്പിച്ചത്.

 

2 ശമുവേൽ 12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു. 

 

ശിശുക്കളെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞ പ്രശസ്തമായ വാക്യവും, അവരുടെ രക്ഷയെക്കുറിച്ച് ദൈവത്തിന് പ്രത്യേക പദ്ധതി ഉണ്ട് എന്നു വ്യക്തമാക്കുന്നു.

 

മത്തായി 19:14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

 

ഇതേ മാനദണ്ഡം, മാനസികമായും ബൌദ്ധികമായും വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിലും ബാധകമായേക്കാം.

                           (ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

5.     നരകത്തിൽ ശിക്ഷയ്ക്ക് വ്യത്യസ്തമായ നിലകൾ ഉണ്ടോ?

 

നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന, അഞ്ചാമത്തെയും അവസാനത്തെയും ചോദ്യം ഇതാണ്: നരകത്തിൽ ശിക്ഷയ്ക്ക് വ്യത്യസ്തമായ നിലകൾ ഉണ്ടോ? നരകത്തിൽ ആയിരിക്കുന്നവർക്ക് എല്ലാവർക്കും ഒരേ അളവിലുള്ള ദണ്ഡനം ആയിരിക്കുമോ, അതോ ശിക്ഷയിൽ വ്യത്യസ്ത അളവ്  ഉണ്ടാകുമോ?

 

നരകത്തിലെ ശിക്ഷയ്ക്ക് വ്യത്യസ്തങ്ങൾ ആയ അവസ്ഥകളും അനുഭവങ്ങളും ഉണ്ട് എന്നു വ്യക്തമായി പറയുന്ന വാക്യങ്ങൾ വേദപുസ്തകത്തിൽ ഇല്ല. എന്നാൽ, നരകത്തിൽ ശിക്ഷയ്ക്ക് വിവിധ നിലകൾ ഉണ്ടായിരിക്കും എന്നു വിശ്വസിക്കുന്ന വേദപണ്ഡിതന്മാർ ഉണ്ട്. അവർ സാധാരണയായി ഉദ്ധരിക്കുന്ന വാക്യങ്ങൾ ഇതാണ്:

 

വെളിപ്പാട് 20:12, 13

12   മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

13   സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. 

 

ഈ വാക്യങ്ങളിൽ, അന്ത്യ ന്യായവിധി ദിവസം, “പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി”,  “ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.” എന്നിങ്ങനെയാണ്  പറയുന്നത്. ഇത് ഒരു പക്ഷെ, നരകത്തിലെ ശിക്ഷയുടെ വ്യത്യസ്തങ്ങളായ അളവുകളെക്കുറിച്ചായിരിക്കാം സൂചിപ്പിക്കുന്നത്. നരകത്തിൽ പല നിലയിലുള്ള ദണ്ഡനങ്ങൾ കണ്ടേക്കാം.

 

ഈ ചിന്തയ്ക്ക് പിൻബലമേകുന്ന ഒരു പ്രമാണം, മോശെയുടെ ഉടമ്പടിയിൽ ഉണ്ട്. അവിടെ കുറ്റത്തിന് തുല്യമായ ശിക്ഷ എന്ന പ്രമാണം ദൈവം നല്കുന്നുണ്ട്. ഇത് ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന ശിക്ഷാവിധിയുടെ നിഴൽ ആയിരിക്കാം. മോശെയുടെ ന്യായപ്രമാണത്തിലെ നിയമം ഇങ്ങനെയാണ്:

 

പുറപ്പാട് 21:24 കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;

 

ലേവ്യപുസ്തകം 24:19, 20

19   ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.

20 ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.

  

ഈ വാക്യം, ഇപ്പോൾ വായിക്കുന്ന അനേകരും സാധാരണയായി മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: ആരെങ്കിലും ഒരുവന്റെ കണ്ണിന് കേടുവരുത്തിയാൽ, കുറ്റം ചെയ്തവന്റെ കണ്ണിന് അതുപോലെ കേടുവരുത്തേണം. എന്നാൽ ദൈവം അങ്ങനെയല്ല ഉദ്ദേശിച്ചത്. മോശെയും അന്നത്തെ യിസ്രായേൽ ജനവും അങ്ങനെ മനസ്സിലാക്കിയതും ഇല്ല. അവർ ഒരിക്കലും അങ്ങനെ ആരെയും ശിക്ഷിച്ചിട്ടുമില്ല.

 

ഈ ശിക്ഷാ രീതി അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയൽ, ഒരു സമൂഹവും നിലനിൽക്കുക ഇല്ല. അതിനാൽ, ഈ പ്രമാണത്തെ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കേണം എന്നു, യഹൂദന്മാരുടെ വായ്മൊഴി പ്രമാണത്തിൽ വിശദീകരിക്കുന്നുണ്ട് (oral traditions, Mishna).

 

യിസ്രായേലിലെ ന്യായാധിപന്മാർ, ഈ പ്രമാണത്തെ, “തക്ക ശിക്ഷ” എന്നാണ് വ്യാഖ്യാനിച്ചത്. അതായത്, കുറ്റത്തിന് തുല്യമായ ശിക്ഷ എന്ന പ്രമാണമാണ് ഇവിടെ പറയുന്നത്. അതാണ്, “കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ” എന്നു പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലേവ്യപുസ്തകം 24:19 ലെ “അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം” എന്ന ഭാഗമാണ് ഇത്തരമൊരു വ്യാഖ്യാനത്തിന് ഉപയോഗിച്ചത് (as he has done, so shall it be done to him). ഇതാണ് ഈ പ്രമാണത്തിന്റെ സത്ത.

 

ഇത് എല്ലാവർക്കും അവർക്കു ഇഷ്ടമുള്ളതുപോലെ പ്രയോഗിക്കാവുന്ന ഒരു പ്രമാണം ആയിരുന്നില്ല. കുറ്റവും ശിക്ഷയും ന്യായാധിപന്മാരുടെ വിചാരണയ്ക്കും വിധികൾക്കും വിധേയമായിരുന്നു. ഒരു ന്യായാധിപനാണ് ശിക്ഷ വിധിക്കേണ്ടത്. ഒരു കുറ്റം ചെയ്തയാൾ, കുറ്റം അനുഭവിച്ച വ്യക്തിക്ക്, കുറ്റത്തിന് തുല്യമായ ഒരു തുക പരിഹാരമായി നൽകേണം എന്നായിരുന്നു ന്യായാധിപന്മാർ വിധിച്ചിരുന്നത്. ഈ തുക, ദൈവാലയത്തിലേക്കൊ, രാജഭണ്ഡാരത്തിലേക്കൊ വകവരുത്തുകയില്ല. അത് കുറ്റം അനുഭവിച്ച വ്യക്തിക്ക് നേരിട്ട് കൊടുക്കും. ഇതായിരുന്നു ഈ പ്രമാണം നടപ്പിലാക്കിയിരുന്ന രീതി. ഇതുപോലെയുള്ള ഒരു നിയമം റോമൻ സാമ്രാജ്യത്തിലും ഉണ്ടായിരുന്നു. അവർ അതിനെ “ലെക്സ് റ്റാലിഒണിസ്” എന്നു വിളിച്ചിരുന്നു (lex talionis/law of like for like). ഇന്നും നമ്മളുടെ കോടതികളിൽ ഈ പ്രമാണം പാലിക്കപ്പെടുന്നുണ്ട്.

 

മോശെയുടെ ന്യായപ്രമാണത്തിൽ ഏകദേശം 21 ഓ 23 ഓ കുറ്റങ്ങൾക്ക് മരണ ശിക്ഷ കൽപ്പിച്ചിട്ടുണ്ട്. മറ്റ് കുറ്റങ്ങൾക്ക് മരണ ശിക്ഷയ്ക്കുള്ള പ്രമാണം ഇല്ല. അതായത്, കൂറ്റങ്ങൾക്കുള്ള ശിക്ഷ എല്ലായിപ്പോഴും ഒരേ നിലയിൽ ഉള്ളതല്ല. അതിൽ കഠിനമായ ശിക്ഷയും, ലഘുവായ ശിക്ഷയും ഉണ്ട്. ശിക്ഷ എപ്പോഴും കുറ്റങ്ങൾക്ക് തുല്യമായിരുന്നു. ഇതേ പ്രമാണം നിത്യ ശിക്ഷാവിധിയിലും ഉണ്ടാകും.

 

യേശുക്രിസ്തു പറഞ്ഞ ധനവാന്റേയും ലാസരിന്റെയും ഉപമയിൽ, ധനവാൻ പാതാളത്തിൽ യാതന അനുഭവിക്കുന്നു എന്നു പറയുന്നുണ്ട്. ഇവിടെ “യാതന” (torments) എന്നത് ഗ്രീക്കിൽ “ബാസനോസ്” എന്നാണ് (basanos, bas'-an-os). ഈ വാക്കിന് “യാതന” എന്നു അർത്ഥമുള്ളപ്പോൾ തന്നെ, ഏറ്റവും അഗാധതത്തിലേക്ക് പോകുക, അഗാധമായ നിലയിലുള്ള ദണ്ഡനം, എന്നിങ്ങനെയുള്ള ആശയവും ഉണ്ട്. ഇത് നരകത്തിൽ പല നിലയിലുള്ള ദണ്ഡനമുണ്ട് എന്ന ധ്വനി നല്കുന്നു. ധനവാൻ, ഏറ്റവും അഗാധതയിൽ ഉള്ള ദണ്ഡനം അനുഭവിക്കുക ആണ്.

 

വേദപുസ്തകത്തിലെ ഏകദേശം 25 വാക്യങ്ങൾ, സ്വർഗ്ഗത്തിലെ വിവിധങ്ങളായ പ്രതിഫലങ്ങളെക്കുറിച്ചും നരകത്തിലെ വ്യത്യസ്ത നിലകളിലുള്ള ശിക്ഷയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഒരുവൻ ചെയ്ത പ്രവർത്തികൾക്ക് ഒത്തവണ്ണം പ്രതിഫലവും ശിക്ഷയും ലഭിക്കും.

 

എല്ലാ പാപവും ഒരുപോലെ ഹീനമായത് അല്ല. എന്നാൽ എല്ലാ പാപവും ദൈവത്തിന്റെ പ്രമാണങ്ങളുടെ ലംഘനം ആണ്.

 

എബ്രായർ 2:2 ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ        

  

അതായത്, ഓരോ പാപത്തിനും അതിന് തക്ക പരിണത ഫലം ഉണ്ടായിരിക്കും. ചില പാപങ്ങൾ കൂടുതൽ ഹീനമായിരിക്കും. അതിന് കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കും.

 

ലൂക്കോസ് 12:47, 48 വാക്യങ്ങളിൽ, യേശുക്രിസ്തു പറഞ്ഞ വാക്കുകളും ഈ ആശയത്തെ പിന്താങ്ങുന്നുണ്ട്.

 

ലൂക്കോസ് 12:47, 48

47 യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും.

48 അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.   

   

എന്നാൽ, നരകത്തിലെ ഏറ്റവും ലഘുവായ ശിക്ഷയ്ക്കായി, നമ്മൾ ആഗ്രഹിക്കേണം എന്നായിരുന്നില്ല യേശുവിന്റെ ഉപദേശം. നരകത്തിലെ ഏറ്റവും “സുഖകരമായ” അവസ്ഥയും, അസഹനീയമായ ദണ്ഡനം ആയിരിക്കും. അതിനാൽ എല്ലാവിധേനെയും നരകത്തെ ഒഴിവാക്കേണം.

 

അവസാന വാക്കുകൾ

 

നരകം സത്യമാണോ എന്ന വിഷയത്തെക്കുറിച്ചുള്ള നമ്മളുടെ പഠനം ഇവിടെ അവസാനിക്കുകയാണ്. ഈ പഠനത്തിൽ നമ്മൾ മനസ്സിലാക്കിയത് ഇതെല്ലാമാണ്:

 

നരകം സത്യമാണ്. ഒരു ക്രൈസ്തവ വിശ്വാസിക്കും നരകത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുവാൻ കഴിയുക ഇല്ല. നരകം നിത്യമായ ദണ്ഡനത്തിന്റെ സ്ഥലമാണ്. അത് നിത്യ ശിക്ഷാവിധിയുടെ ഇടമാണ്.

 

എല്ലാ മനുഷ്യരും, മരണത്തിന് ശേഷവും നിത്യമായി ജീവിക്കും. എന്നാൽ, അവർ എവിടെ ആയിരിക്കും എന്നത് വ്യത്യാസപ്പെട്ടിരിക്കും. വീണ്ടും ജനനത്തിലൂടെ ക്രിസ്തുവിന്റെ നീതി ധരിച്ചവർ, നിത്യമായ സ്വർഗ്ഗീയ അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ട് ദൈവരാജ്യത്തിൽ ജീവിക്കും. ദുഷ്ടന്മാർ എന്നന്നേക്കും ദൈവീക ക്രോധം അനുഭവിച്ചുകൊണ്ട് നരകത്തിൽ ജീവിക്കും. അവിടെ അവർ ദൈവത്തിന്റെ സമ്പൂർണ്ണ നീതി എന്തെന്നു ഗ്രഹിക്കും, എങ്കിലും അവർക്കു ഒരിക്കലും നരകത്തിൽ നിന്നും രക്ഷ പ്രാപിക്കുവാൻ സാധ്യമല്ല. നരകത്തിൽ ആയിരിക്കുന്നവർ, അവരുടെ ശിക്ഷ നീതിപൂർവ്വമായത് ആണ് എന്നു തിരിച്ചറിയും. അവരുടെ അന്ത്യത്തിന്റെ ഉത്തരവാദിത്തം അവർക്ക് തന്നെ ആയിരിക്കും. എന്നാൽ രക്ഷിക്കപ്പെടുവാൻ വീണ്ടും ഒരു അവസരം ലഭിക്കുക ഇല്ല.

 

നരകം സത്യമാണ് എന്ന് മനസ്സിലാക്കുന്ന നമ്മൾ, സകല മനുഷ്യരെയും സാത്താന്റെ അടിമത്വത്തിൽ നിന്നും രക്ഷിക്കുവാൻ ശ്രമിക്കേണ്ടതാണ്. ഒരു മനുഷ്യനും, ദൈവത്തിൽ നിന്നും വിച്ഛേദിക്കപ്പെടാതെയിരിക്കേണം. ആരും നരകത്തിലേക്ക് തള്ളപ്പെടരുത്. 

 


 

 

No comments:

Post a Comment