സ്വർഗ്ഗവും നരകവും ഒരുപോലെ സത്യമാണ് എങ്കിലും, സ്വർഗ്ഗം ഉണ്ട് എന്നു വിശ്വസിക്കുന്ന എല്ലാവരും നരകം ഉണ്ട് എന്നു വിശ്വസിക്കുന്നില്ല. അന്ത്യ ന്യായവിധിയക്ക് ശേഷം, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷിക്കപ്പെടാത്ത സകലമനുഷ്യരും നരകത്തിലേക്ക് തള്ളിയിടപ്പെടും എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.
ദൈവശാസ്ത്രത്തിൽ, “വ്യക്തിപരമായ യുഗാന്ത ശാസ്ത്ര”ത്തിന്റെ (personal eschatology) ഭാഗമാണ് നരകം എന്ന വിഷയം. പഴയനിയമത്തിലും പുതിയ നിയനിയമത്തിലും വിവരിക്കുന്ന ലോകത്തിന്റെയും മനുഷ്യരാശിയുടെയും അന്ത്യകാലങ്ങളെക്കുറിച്ചുള്ള പഠനമാണ് “യുഗാന്ത ശാസ്ത്രം” (eschatology). ദാനിയേൽ, യെശയ്യാവ്, യെഹേസ്കേൽ, സെഖർയ്യാവ്, വെളിപ്പാട് എന്നീ പുസ്തകങ്ങളെ ഭാഗികമായോ മുഴുവനായോ ഈ പഠന ശാഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലോകത്തിന്റെ അന്ത്യകാലത്ത് സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങൾ പ്രവചന ഭാഷയിൽ ഈ പുസ്തകങ്ങളിൽ വിവരിക്കുന്നു.
ഒരു മനുഷ്യന്റെ അന്ത്യം എന്തായിരിക്കും എന്നാണ് “വ്യക്തിപരമായ യുഗാന്ത ശാസ്ത്ര”ത്തിൽ വിവരിക്കപ്പെടുന്നത്. അത് വളരെ ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെ ആയിരിക്കും. യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കുന്ന വിശ്വാസികൾക്ക് സ്വർഗ്ഗീയ പ്രതിഫലങ്ങൾ ലഭിക്കുകയും ദൈവരാജ്യം കൈവശമാക്കുകയും ചെയ്യും. എന്നാൽ, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ നിരസിക്കുന്നവരുടെ ഭാവി നിത്യമായ നരകത്തിൽ ആയിരിക്കും. ഈ അന്തിമത്വം (finality) ആണ് “വ്യക്തിപരമായ യുഗാന്ത ശാസ്ത്ര”ത്തിൽ വിശദീകരിക്കപ്പെടുന്നത്.
പശ്ചാത്താപരഹിതരായ മനുഷ്യർ, എന്നന്നേക്കുമായി, ദൈവ കൃപയിൽ നിന്നും അകന്ന് നരകത്തിൽ, നിത്യമായ ദണ്ഡനത്തിൽ, കഴിയേണ്ടിവരും എന്നാണ് പൊതുവേയുള്ള ക്രിസ്തീയ വിശ്വാസം. മാനസന്തരപ്പെടാത്ത മനുഷ്യരെ അന്ത്യ ന്യായവിധിക്ക് ശേഷം തള്ളിയിടുന്ന ഇടമായിട്ടാണ് നരകത്തെ കാണുന്നത്. ഒരു മനുഷ്യൻ മരിക്കുമ്പോൾ, അന്ത്യ ന്യാവിധിക്ക് മുമ്പായി തന്നെ, അവന്റെ ആത്മാവ് നരകത്തിലേക്ക് പോകുന്നു എന്ന വിശ്വാസവും ചിലർക്ക് ഇടയിൽ ഉണ്ട്. ദൈവവുമായും, അവന്റെ നീതി, കരുണ, എന്നിവയുമായും ഉള്ള ഐക്യതയെ നിരസിക്കുമ്പോൾ ഉണ്ടാകുന്ന യുക്തിപരമായ പരിണതഫലമാണ് നരകം എന്ന തത്വ ശാസ്ത്രപരമായ ചിന്തകൾ ഇന്ന് വേദപണ്ഡിതന്മാർക്കിടയിൽ നിലവിൽ ഉണ്ട്.
എന്തുകൊണ്ട് നരകത്തെക്കുറിച്ച് ചിന്തിക്കേണം?
പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ ആയിരുന്ന ചാൾസ് സ്പർജൻ (Charles Spurgeon) നരകത്തേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: നരകത്തേക്കുറിച്ച് നിസ്സാരമായി ചിന്തിച്ചാൽ, നിങ്ങൾ ക്രൂശിനെക്കുറിച്ചും നിസ്സാരമായി ചിന്തിക്കും.നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കളെക്കുറിച്ച് നിസ്സാരമായി ചിന്തിച്ചാൽ, അവരിൽ നിന്നും നമ്മളെ വിടുവിക്കുന്ന രക്ഷകനെക്കുറിച്ചും നിസ്സാരമായി ചിന്തിക്കും. (പദാനുപദ പരിഭാഷയല്ല. "Think lightly of Hell, and you will think lightly of the cross. Think little of the sufferings of lost souls, and you will soon think little of the Saviour who delivers you from them.")
നരകത്തേക്കുറിച്ചുള്ള ചിന്ത എല്ലാവർക്കും അസുഖകരമാണ് എങ്കിലും അത് എല്ലാ മനുഷ്യർക്കും വളരെ പ്രാധാന്യമുള്ളതാണ്. മരണം ഒരു അവസാനമല്ല. അത് മരണത്തിന് ശേഷമുള്ള നിത്യമായ ഒരു ജീവിതത്തിന്റെ ആരംഭം ആണ്. ക്രിസ്തീയ വിശ്വാസത്തിൽ നിന്നും നരകത്തെ മാറ്റിയാൽ, ക്രൂശിന്റെയും, ഉയിർപ്പിന്റെയും മൂല്യം ഇല്ലാതെയായിത്തീരും. നരകം ഇല്ല എന്നു വന്നാൽ ക്രിസ്തീയ വിശ്വാസം തന്നെ മൂല്യം ഇല്ലാത്തതായി തീരും. എല്ലാ മനുഷ്യരും നരകത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ യേശുക്രിസ്തുവിന്റെ പാപ പരിഹാരയാഗം, അതിൽ, വിശ്വസിക്കുന്നവരെ നരകത്തിൽ നിന്നും രക്ഷിക്കുന്നു. ക്രിസ്തുവിലൂടെ രക്ഷ പ്രാപിച്ച ആരെയും നരകത്തേക്കുറിച്ചുള്ള ചിന്തകൾ അസ്വസ്ഥമാക്കുന്നില്ല.
ധനവാനും ലാസറും
“വ്യക്തിപരമായ യുഗാന്ത ശാസ്ത്ര”വുമായി ബന്ധപ്പെട്ട ചില ഉപമകൾ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഉപമയാണ് ധനവാന്റേയും ലാസരിന്റെയും കഥ. ഈ ഉപമയെ ഒരു സാങ്കൽപ്പിക കഥയായിട്ടല്ല യേശുക്രിസ്തു പറയുന്നത്. ജീവിച്ചിരുന്ന രണ്ടുപേരുടെ കഥയാണിത്. യേശു ഉപമ ആരംഭിക്കുന്നതിങ്ങനെയാണ്.
ലൂക്കോസ് 16:19,20
19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
മറ്റ് ഉപമകളിൽ നിന്നും വ്യത്യസ്തമായി, യേശു ഈ ഉപമയെ വ്യാഖ്യാനിക്കുകയോ, ഇതിന്റെ അവസാനം ഒരു സാന്മാർഗ്ഗിക പാഠം പറയുകയോ ചെയ്യുന്നില്ല. ഇതിൽ എന്ത് പറഞ്ഞിരിക്കുന്നുവോ അത് അങ്ങനെ തന്നെയാണ്. ഇതിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ, സൂചനകളോ, ചിത്രങ്ങളോ, അടയാളങ്ങളോ അല്ല. അതിനാൽ അതിന് യേശു വീണ്ടും ഒരു വ്യാഖ്യാനം നല്കിയില്ല. സാധാരണ ഉപമകളിലെ കഥാപാത്രങ്ങൾക്ക് പേര് ഉണ്ടാകുകയില്ല. “ഇളയ മകൻ”, “മൂത്ത മകൻ”, “കാര്യവിചാരകൻ”, “യജമാനൻ” എന്നിങ്ങനെ അവർ കഥയിൽ പരാമർശിക്കപ്പെടും. എന്നാൽ ഈ ഉപയിൽ “ലാസർ എന്നു പേരുള്ളോരു ദരിദ്രൻ” പ്രധാന കഥാപാത്രമാണ്. ഉപമയില്‍ ധനവന്റെ പേര് പറയുന്നില്ല. അവന്റെ പേര് യേശു മനപ്പൂർവ്വം പറയാതെയിരുന്നതാകം. പാരമ്പര്യ കഥകള്‍ ഡൈവ്സ് (Dives) എന്നൊരു പേര് പറയുന്നുണ്ടെങ്കിലും അതൊരു വ്യക്തിയുടെ പേര് ആകുവാന്‍ സാധ്യത ഇല്ല; കാരണം നാലാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വേദപുസ്തകത്തില്‍ ഡൈവ്സ് എന്ന പദത്തിന് ധനവാന്‍ എന്ന അര്‍ത്ഥമേ ഉള്ളൂ. ധനവാന്‍റെ പേര്, നീനെവേ, എന്നും ഫിനെയാസ് എന്നും ആണെന്ന് മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും ഉള്ള പാരമ്പര്യ കഥകള്‍ പറയുന്നു.
മദ്ധ്യകാലഘട്ടത്തില്‍ ക്രൈസ്തവര്‍ ഈ ഉപമയെ യഥാര്‍ത്ഥത്തില്‍ സംഭവിച്ച ചരിത്രമായി കണ്ടു. ലാസരിനെ കുഷ്ഠരോഗികളുടെ വിശുദ്ധനും മദ്ധ്യസ്ഥനുമായി കരുതി. നവീകരണ നായകരിൽ പ്രധാനി ആയിരുന്ന, ജോൺ കാല്‍വിൻ ഇതിനെ ഒരു യഥാർത്ഥ ചരിത്രമായി കരുതി. എന്നാൽ വ്യത്യസ്തമായ അഭിപ്രായം ഉള്ളവരും ഉണ്ട്.
ഉപമയുടെ സംക്ഷിപ്ത രൂപം ഇതാണ്: ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു. ലാസരിന്റെ ശരീരത്തിലെ വൃണങ്ങള്‍ നായ്ക്കള്‍ വന്നു നക്കുമായിരുന്നു. ധനവാന്‍ ഭക്ഷിച്ചതിന് ശേഷം ശേഷിപ്പുള്ളതു ലാസരിന് ലഭിച്ചാല്‍ അതായിരുന്നു അവന്റെ ആഹാരം.
ഈ ഭൂമിയിലെ ജീവിതത്തില്‍ ലാസരിന് യാതൊരു ആശ്വാസവും പരിചരണവും ലഭിച്ചില്ല. ദൈവം മാത്രമേ അവന് സഹായമായി ഉണ്ടായിരുന്നുള്ളൂ. നായ്ക്കള്‍ മാത്രമേ അവന് കൂട്ട് ഉണ്ടായിരുന്നുള്ളൂ.
ദരിദ്രനായ ലാസര്‍ ഒരു ദിവസം മരിച്ചു. അവനെ ദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
പിന്നീട് ഏതോ ഒരു ദിവസം ധനവാനും മരിച്ചു അടക്കപ്പെട്ടു; അവന്‍ പാതാളത്തിലേക്ക് പോയി. ധനവാന്‍ പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു. അബ്രാഹാം പിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു, എന്നു ധനവാന്‍ വിളിച്ചു പറഞ്ഞു.
ലൂക്കോസ് 16:23-25
23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
എന്നാല്‍, അബ്രഹാം, ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. അതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടും വരുവാന്‍ സാധ്യമല്ല എന്നു പറഞ്ഞു. അപ്പോള്‍ ധനവാന്‍, എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമേ; എന്റെ സഹോദരന്മാര്‍ ഈ യാതനാ സ്ഥലത്തു വരാതിരിപ്പാൻ ലാസര്‍ അവരോടു സാക്ഷ്യം പറയട്ടെ എന്നു അപേക്ഷിച്ചു. അബ്രാഹാം അവനോടു: അവർക്കു ന്യായപ്രമാണങ്ങളും പ്രവചന പുസ്തകങ്ങളും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു. അപ്പോള്‍ ധനവാന്‍, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അതിനു അബ്രഹാം, ന്യായപ്രമാണങ്ങളും പ്രവാചകന്മാരെയും അനുസരിക്കുവാന്‍ മനസ്സില്ലാത്താവര്‍, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
ധനവാൻ പാതാളത്തില്‍ കിടക്കുമ്പോള്‍, “അബ്രഹാം പിതാവേ” എന്നാണ് വിളിക്കുന്നത്. അതിന്റെ അര്‍ത്ഥം, ധനവാന്‍ ഒരു യഹൂദന്‍ ആയിരുന്നു. യഹൂദനും പാതാളത്തില്‍ പോയേക്കാം. ജഡപ്രകാരം അബ്രാഹാമിന്റെ സന്തതി എന്നത് സ്വര്‍ഗ്ഗീയ വിശ്രമത്തിന്റെ ഉറപ്പല്ല.
ഈ ഉപയുടെ ഒരു പ്രത്യേകത, ഇതിൽ, “മോശെയും പ്രവാചകന്മാരും” പരമർശിക്കപ്പെടുന്നു എന്നതാണ്. (16:29). മോശെയുടെ പ്രമാണങ്ങളും പ്രവാചകന്മാരുടെ ഉപദേശങ്ങളും ഒരുവനെ മാനസാന്തരത്തിലേക്ക് നയിക്കുവാനായി ദൈവം നല്കിയിരിക്കുന്നു എന്ന ധ്വനി ഇവിടെ ഉണ്ട്.
യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിന് മുമ്പ് മരിച്ചവരുടെ ആത്മാക്കൾക്ക് എന്ത് സംഭവിക്കുന്നു എന്നാണ് ഇതിൽ പറയുന്നത്. ആത്മാക്കൾ ഒന്നുകിൽ സ്വർഗ്ഗീയ സമാധാനത്തിലേക്കൊ, അല്ലെങ്കിൽ “പാതാളത്തിൽ യാതന” അനുഭവിക്കുന്ന ഇടത്തേക്കോ പോകും.
സഭാപ്രസംഗി 12:7 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
പശ്ചാത്താപരഹിതനായ ഒരു മനുഷ്യന്റെ, മരണാനന്തര ജീവിതത്തിന് യേശുവിന്റെ ക്രൂശ് മരണം യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. എന്നാൽ യേശുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുന്ന ഒരുവന്റെ ആത്മാവിന്റെ ഇപ്പോഴത്തെ അവസ്ഥ ലാസരിന്റെ ആത്മാവിന്റെ അവസ്ഥയിൽ നിന്നും അൽപ്പം വ്യത്യസ്തമാണ്. വീണ്ടും ജനനം പ്രാപിച്ചതിന് ശേഷം മരിക്കുന്ന ഒരുവന്റെ ആത്മാവ് കർത്താവിനോട് കൂടെ ആയിരിക്കുന്നു എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.
ക്രൂശിൽ വച്ച് മാനസന്തരപ്പെട്ട ഒരു ദുഷ്‌പ്രവൃത്തിക്കാരനോട് യേശു പറഞ്ഞതിങ്ങനെയാണ്:
ലൂക്കോസ് 23:43 യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
ക്രിസ്തുവിൽ മരിക്കുന്നവരുടെ ആത്മാക്കൾ, ക്രിസ്തുവിനോടുകൂടെ വസിക്കുന്നു എന്നാണ് പൌലൊസിന്റെ അഭിപ്രായപ്പെട്ടത്.
2 കൊരിന്ത്യർ 5:8 ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
ഫിലിപ്പിയർ 1:23 ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
ഉപമയിലെ ധനവാന്റെ ആത്മാവ് വസിക്കുന്ന പാതാളത്തിലെ യാതന സ്ഥലം ഇപ്പോഴും ഉണ്ട്. യേശുവിന്റെ ക്രൂശ് മരണം, പശ്ചാത്താപരഹിതനായ മനുഷ്യന്റെ ജീവിതത്തിൽ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. അവന്റെ പാപങ്ങൾ മോചിക്കപ്പെട്ടിട്ടില്ല. അതിനാൽ, യാതന സ്ഥലത്തിനും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജീവനോടെ ഇരുന്നപ്പോൾ, മാനസന്തരപ്പെടാതെ മരിച്ചവരുടെ ആത്മാക്കൾ, യാതന സ്ഥലത്ത്, അവരുടെ അന്ത്യ ന്യായവിധിക്കായി കാത്തുകൊണ്ടു കഴിയുന്നു. ധനവാൻ പറഞ്ഞത് അതാണ്: “ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു” (16:24). അതിൽ നിന്നും ഒരു മോചനം അവൻ പ്രതീക്ഷിക്കുന്നില്ല.
വെളിപ്പാട് പുസ്തകം 20:13,14 വാക്യങ്ങളിൽ, അന്ത്യന്യായവിധിക്കായി എല്ലാ മനുഷ്യരും വെള്ള സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തിന്റെ മുമ്പാകെ നിലക്കുന്നതു യോഹന്നാൻ വിശദീകരിക്കുന്നു.
വെളിപ്പാട് 20:13-15
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
“മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു” എന്ന് 13 ആം വാക്യം പറയുന്നു. 14 ആം വാക്യത്തിൽ, “മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു” എന്നും വായിക്കുന്നു. അതിന്റെ അർത്ഥം, അന്ത്യ ന്യായവിധി ദിവസം വരെ മരണവും പാതാളവും ഉണ്ടായിരിക്കും എന്നും, പശ്ചാത്താപരഹിതരായ മനുഷ്യർ ഇപ്പോഴും അവിടെ ഉണ്ട് എന്നുമാണ്. യേശുവിന്റെ ഉപമയിലെ ധനവാൻ എത്തിച്ചേർന്ന പാതാളം (Hades) ഇപ്പോഴും ഉണ്ട്.
ലൂക്കോസ് 16:23 ൽ “യാതന” എന്നതിന് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക്, “ബാസനാസ്” ആണ് (basanos - bas'-an-os). “ഏറ്റവും അടിതട്ടിലേക്ക് പോകുക” എന്ന ആശയം ഈ വാക്കിൽ ഉണ്ട്. അതിനാൽ ഇത് നരകത്തിന്റെ ഏറ്റവും ആഴമുള്ള സ്ഥലത്തെ സൂചിപ്പിക്കുന്നു. 24, 25 വാക്യങ്ങളിൽ, “വേദന” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം, “അഡുനാവോ” എന്നതാണ് (odynaō - od-oo-nah'-o). ഈ വാക്കിന്റെ അർത്ഥം, പീഡിപ്പിക്കുക, അതിയായി വേദനിപ്പിക്കുക, യാതന, ദണ്ഡനം, എന്നിങ്ങനെയാണ്. 23 ആം വാക്യത്തിലും 24, 25 എന്നീ വാക്യങ്ങളിലും ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ വ്യത്യസ്തം ആണ് എങ്കിലും അർത്ഥം ഒന്നുതന്നെയാണ്. അതിയായ യാതന എന്നാണ് ഈ വാക്കുകളുടെ അർത്ഥം.
ധനവാന്റെ ആത്മാവു അനുഭവിക്കുന്ന യാതന അവൻ വിവരിക്കുന്നുണ്ട്. അവൻ പാതാളത്തിന്റെ ഏറ്റവും കഠിനമായ പീഡന സ്ഥലത്താണ്. അവന്റെ നാവ് വെന്തു ഉരുകുന്നു, അതിനാൽ അതിനെ തണുപ്പിക്കുവാൻ ഒരു തുള്ളി ജലം എങ്കിലും ലഭിക്കേണം എന്നു ആഗ്രഹിക്കുന്നു. ഇത്തരം ആശ്വാസങ്ങൾ ഒന്നും പാതാളത്തിൽ ലഭ്യമല്ല. അവന്റെ ആത്മാവിന് ഒരു ജഡശരീരം ഇല്ലായെങ്കിലും, അവൻ വേദന അനുഭവിക്കുന്നു. അവന് വെള്ളത്തിന്റെ തണുപ്പും മറ്റൊരു ആത്മാവിന്റെ സ്പർശനവും അനുഭവിക്കുവാൻ കഴിയും. ലാസർ ആയിരിക്കുന്ന സ്വർഗ്ഗീയ വിശ്രമ സ്ഥലത്തെ കാണുവാനും അബ്രാഹാം പിതാവിനോട് സംസാരിക്കുവാനും അവന് കഴിയുന്നുണ്ട്. അവർ അനുഭവിക്കുന്ന സ്വർഗ്ഗീയ അനുഗ്രഹം ധനവാനും കാണുന്നു. ഈ കാഴ്ച അവന്റെ യാതനയെ കൂടുതൽ വേദനയുള്ളതാക്കി മാറ്റുന്നു.
ധനവാന്റെ പാതാളം അവിടെ ആയിരിക്കുന്നവരുടെ സ്ഥിരമായ ഇടമാണ്. അതും, അബ്രാഹാമും ലാസറും ആയിരിക്കുന്ന ഇടവും തമ്മിൽ വേർതിരിക്കുന്ന ഒരു വലിയ പിളർപ്പ് ഉണ്ട്. ഒരു സ്ഥലത്ത് നിന്നും മറ്റൊന്നിലേക്ക് പോകുവാൻ സാധ്യമല്ല. അവരുടെ ഇടം മാറ്റിയെടുക്കുവാനും സാധ്യമല്ല. ധനവാൻ, ലാസർ ആയിരിക്കുന്ന ഇടത്തേക്ക് ചെല്ലുവാൻ അനുവാദം ചോദിക്കുന്നില്ല, ലാസറിനെ പാതാളത്തിലേക്ക്, ഒരു തുള്ളി വെള്ളവുമായി അയക്കേണമേ എന്നാണ് അപേക്ഷിക്കുന്നത്. ധനവാന് ഇനി ഒരിക്കലും സ്വർഗ്ഗീയമായ ഒരു അനുഭവത്തിലേക്ക് മാറുവാൻ കഴിയും എന്നു അവൻ പ്രതീക്ഷിക്കുന്നില്ല. മരണത്തിന് ശേഷം ഒരു മാനസന്തരമോ, സ്വർഗ്ഗീയ വാസത്തിലേക്കുള്ള മാറ്റാമോ സാധ്യമല്ല.
ധനവാൻ ഇപ്പോൾ പാതാളത്തിലെ യാതന സ്ഥലത്താണ്. അവൻ സ്വർഗ്ഗത്തിനും പാതളത്തിനും ഇടയിലുള്ള ഏതെങ്കിലും ഒരു ശുദ്ധീകരണ സ്ഥലത്തല്ല. അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികൾ, അതിനാൽ മാത്രം സ്വർഗ്ഗീയ വിശ്രമം പ്രാപിക്കേണം എന്നില്ല. മരണത്തിന് ശേഷം ആത്മാക്കൾ ശുദ്ധീകരിക്കപ്പെടുന്ന ഇടവും ഇല്ല. ആത്മാക്കൾക്ക് ഒരു പുനർജന്മമോ, മരണത്തിന് ശേഷം അവസ്ഥയ്ക്ക് മാറ്റമോ ഇല്ല. ആത്മാക്കളുടെ നിത്യതയുടെ ഇടത്തെ മാറ്റിയെടുക്കുവാനും സാദ്ധ്യമല്ല. നമ്മളുടെ നിത്യത എവിടെ ചിലവഴിക്കേണം എന്നു നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ തീരുമാനിക്കേണം.
(ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
നരകം സത്യമാണോ?
സി. എസ്. ലീവിസ് പ്രസിദ്ധനായ ഒരു ഇംഗ്ലീഷ് സാഹിത്യകാരനും ഒരു ആഗ്ലിക്കൻ ദൈവ ശാസ്ത്രജ്ഞനുമാണ്. “ദി പ്രോബ്ലം ഓഫ് പെയിൻ” എന്ന പുസ്തകത്തിൽ, അദ്ദേഹം നരകത്തേക്കുറിച്ച് എഴുതിയതിന്റെ ആശയ സംഗ്രഹം ഇങ്ങനെയാണ്: ദൈവവചനത്തിന്റെ പൂർണ്ണ പിൻതുണയും, നമ്മളുടെ കർത്താവിന്റെ വാക്കുകളും നരകം സത്യമാണ് എന്നു പറയുന്നു. എല്ലാകാലവും ക്രിസ്തീയ സഭ നരകം ഉണ്ട് എന്നു വിശ്വസിച്ചിരുന്നു. യുക്തിപരമായും അത് സത്യമാണ്. (Hell "has the full support of Scripture and, specially, of Our Lord’s own words; it has always been held by Christendom; and it has the support of reason.", Clive Staples Lewis, 29 November 1898–22 November 1963, The Problem of Pain, Macmillan, 1962, p. 118).
വേദപുസ്തകത്തിൽ 167 പ്രാവശ്യം പല വാക്കുകൾകൊണ്ടു നരകത്തെക്കുറിച്ച് പറയുന്നുണ്ട്. യേശുക്രിസ്തു സ്വർഗ്ഗത്തെക്കുറിച്ച് സംസാരിച്ചതിനെക്കാൾ കൂടുതൽ പ്രാവശ്യം നരകത്തേക്കുറിച്ചാണ് സംസാരിച്ചത്. നമുക്ക് നിശ്ചയമില്ലാത്ത എവിടെയോ സ്ഥിതിചെയ്യുന്ന ഒരു യഥാർത്ഥ സ്ഥലമായിട്ടാണ് യേശു നരകത്തെ കാണിച്ചുതന്നത്. നരകത്തിന്റെ യഥാർത്ഥ ഇടം എവിടെയാണ് എന്നു വേദപുസ്തകം വ്യക്തമായി പറയുന്നില്ല. അതിനാൽ അതിനെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ ഉണ്ട്. ചിലർ, ഭൂമിയുടെ അടിത്തട്ടിൽ എവിടെയോ നരകം സ്ഥിതിചെയ്യുന്നു എന്നു കരുതുന്നു. മറ്റ് ചിലർ, ആകാശ മണ്ഡലത്തിൽ എവിടെയോ ആണ് നരകത്തിന്റെ സ്ഥാനം എന്നു വാദിക്കുന്നു.
നരകത്തേക്കുറിച്ച് കൃത്യവും വിശദവുമായ ഒരു വർണ്ണന വേദപുസ്തകം നൽകുന്നില്ല. ആരംഭത്തിൽ നരകം മനുഷ്യർക്കായല്ല, പിശാചിനും കൂട്ടർക്കുമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നു നമുക്ക് അറിയാം (മത്തായി 25:41). നരകത്തെ തീകൊണ്ട് വെന്തുരുകുന്ന അനുഭമായിട്ടാണ് വേദപുസ്തകം ചിത്രീകരിക്കുന്നത്. അത് അന്ധകാരമാണ്, അവിടെ കഠിനമായ പീഡനവും വിലാപവും ഉണ്ട്. നരകം നിശ്ചയമായും ഭീതിജനകമായ സ്ഥലമാണ്.
വേദപുസ്തകത്തിൽ നരകത്തേക്കുറിച്ച് പറയുവാൻ പല വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അതിവേദനയും, ദണ്ഡനവും, തീയും, പാപത്തിന്റെ ശിക്ഷയുടെ അടയാളങ്ങളായി യുഗാന്ത ശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. ദാനിയേൽ, യെഹേസ്കേൽ, സെഖർയ്യാവ്, അപ്പൊസ്തലനായ യോഹന്നാൻ എന്നിവരെല്ലാം അവരുടെ രചനകളിൽ അടയാളങ്ങളും, ദൃഷ്ടാന്തങ്ങളും, സംഖ്യകളും, ചിത്രങ്ങളും, സൂചനകളും, നിഗൂഡ രചനാ രീതികളും, യുഗാന്ത്യത്തേക്കുറിച്ച് വിവരിക്കുവാൻ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ഈ വിവരങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണമോ അതോ ദൃഷ്ടാന്തങ്ങൾ ആയി കാണണമോ എന്നതിൽ തീർച്ചയില്ല. അവരുടെ വാക്കുകൾ ഒരു പക്ഷെ നരകം എന്ന സ്ഥലത്തേകുറിച്ച് പറയുന്നതാകാം. അല്ലെങ്കിൽ, അത് നരകത്തിലെ ചില അനുഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത് ആകാം. എല്ലാ വിവരങ്ങളും, അതികഠിനമായ വേദനയുടെയും ദണ്ഡനങ്ങളുടെയും ചിത്രങ്ങളാണ്. അതിൽ ഒരു മനുഷ്യനും ആഗ്രഹിക്കത്തക്ക യാതൊന്നും ഇല്ല.
നരകത്തേക്കുറിച്ച് പറയുവാൻ വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില പദങ്ങൾ ഇവയാണ്:
· ലജ്ജയും നിത്യനിന്ദയും (ദാനിയേൽ 12:2)
· നിത്യാഗ്നി (മത്തായി 25:41)
· നിത്യദണ്ഡനം (മത്തായി 25:46)
· കെടാത്ത തീ (മത്തായി 3:12)
· പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല (മർക്കോസ് 9:48)
· ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു (ലൂക്കോസ് 16:24)
· നിത്യനാശം എന്ന ശിക്ഷാവിധി (2 തെസ്സലൊനീക്യർ 1:10)
· “അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന” സ്ഥലം (യൂദാ 1:13)
· അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം (വെളിപ്പാട് 14:10)
· ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും (വെളിപ്പാട് 14:11 )
· ഗന്ധകത്തീപ്പൊയ്ക, രാപ്പകൽ ദണ്ഡനം (വെളിപ്പാട് 20:10)
നരകത്തേക്കുറിച്ച് യേശു പറഞ്ഞ പല പ്രഭാഷണങ്ങളും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്ന് മത്തായി 25 ആം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്.
മത്തായി 25:31-46
31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് ശേഷം സംഭവിക്കുവാനിരിക്കുന്ന യുഗാന്ത കാലത്തെ ന്യായവിധിയെക്കുറിച്ചാണ് ഈ വേദഭാഗത്ത് പറയുന്നത്. ഈ സംഭവത്തിന്റെ കാലമോ, സ്വഭാവമോ, രീതികളൊ നമുക്ക് നിശ്ചയമില്ല. ഈ യുഗന്ത സംഭവത്തെക്കുറിച്ച് ഒന്നിലധികം വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്.
ചില വേദ പണ്ഡിതന്മാർ, യുഗന്ത കാലയളവിൽ വ്യത്യസ്തങ്ങളായ മൂന്ന് ന്യായവിധികൾ ഉണ്ടാകും എന്നു വിശ്വസിക്കുന്നു. ഒന്നാമത്തേത്, “സകല ജാതികളെയും” ന്യായം വിധിക്കുന്നതാണ്. ഇതിനെക്കുറിച്ചാണ് മത്തായി 25:32 ൽ യേശുക്രിസ്തു സംസാരിക്കുന്നത്. ഇത് മഹാ ഉപദ്രവ കാലത്തിന് ശേഷവും ആയിരം ആണ്ടു വാഴ്ചയ്ക്ക് മുമ്പും സംഭവിക്കും. രണ്ടാമത്തെത്, രക്ഷിക്കപ്പെട്ട വിശ്വാസികളുടെ ന്യായവിധിയാണ്. ഇതിനെ “ക്രിസ്തുവിന്റെ ന്യായാസനം” എന്നു വിളിക്കുന്നു. (2 കൊരിന്ത്യർ 5:10). ഈ ന്യായവിധിയിൽ, വിശ്വാസികൾക്ക് “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം” പ്രതിഫലം ലഭിക്കും. മൂന്നാമത്തേത്, വലിയ വെള്ളസിംഹാസനത്തിന്റെ ന്യായവിധിയാണ് (Great White Throne Judgement). ഇത് ആയിരം ആണ്ടു വാഴ്ചയ്ക്ക് ശേഷം സംഭവിക്കും. (വെളിപ്പാട് 20:11-15). ഇതാണ് ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കുള്ള അന്ത്യ ന്യായവിധി. “പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി” ഉണ്ടാകും (20:12). ന്യായവിധിയ്ക്കു ശേഷം, “ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.” (20:15).
എല്ലാ വേദ പണ്ഡിതന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ചിലർ, വ്യത്യസ്തങ്ങളായ മൂന്ന് ന്യായവിധിയിൽ വിശ്വസിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ഒരു ന്യായവിധി മാത്രമേ ഉണ്ടാകൂ. അത് വലിയ വെള്ള സിംഹാസനത്തിന്റെ അന്ത്യ ന്യായവിധി ആയിരിക്കും. അവിടെ വിശ്വാസികളെയും അവിശ്വാസികളെയും ന്യായം വിധിക്കും. “പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി” ഉണ്ടാകും (വെളിപ്പാടു 20:12). വിശ്വാസികൾക്ക് “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം” പ്രതിഫലം ലഭിക്കും. (2 കൊരിന്ത്യർ 5:10). ന്യായവിധിയ്ക്കു ശേഷം, “ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.” (വെളിപ്പാട് 20:15).
ഈ കാഴ്ചപ്പാടിൽ വിശ്വസിക്കുന്നവർ, മത്തായി 25 ൽ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും എന്നു യേശു പറഞ്ഞ സംഭവം വലിയ വെള്ള സിംഹാസനത്തിന്റെ അന്ത്യ ന്യായവിധി ആയിരിക്കും എന്നാണ് കരുതുന്നത്. ഈ വേർതിരിക്കുന്നതിന്റെയും, വെള്ള സിംഹാസനത്തിലുള്ള അന്ത്യ ന്യാവിധിയുടെയും ഫലം ഒന്ന് തന്നെയാണ്. ചെമ്മരിയാടുകൾ യേശുവിൽ വിശ്വസിക്കുന്നവർ ആണ്, കോലാടുകൾ യേശുവിൽ വിശ്വസിക്കാത്തവരും. ചെമ്മരിയാടുകൾ “പിതാവിനാൽ അനുഗ്രഹിക്കപ്പെട്ട”വരാണ്, അവർ ലോകസ്ഥാപനംമുതൽ അവർക്കായി ഒരുക്കിയിരിക്കുന്ന ദൈവരാജ്യം അവകാശമാക്കും. കോലാടുകൾ, ശപിക്കപ്പെട്ടവരാണ്. അവർ, പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകും. വിശ്വാസികൾ ദൈവരാജ്യം കൈവശമാക്കുന്നതും അവിശ്വാസികൾ നിത്യാഗ്നിയിലേക്ക് പോകുന്നതും എന്നന്നേക്കുമായിട്ടാണ്.
മനുഷ്യർക്ക് രണ്ട് നിത്യത മാത്രമേ ഉള്ളൂ എന്നു യേശു വ്യക്തമാക്കുകയാണ്. ഒന്ന് ദൈവരാജ്യം ആണ്. അവിടെ നീതിമാന്മാർ നിത്യജീവൻ അനുഭവിക്കും. രണ്ടാമത്തെ സ്ഥലം നിത്യാഗ്നിയാണ്. അവിടെ പശ്ചാത്താപരഹിതരായവർ നിത്യദണ്ഡനത്തിലേക്ക് പോകും. മനുഷ്യർക്ക് മറ്റൊരു ഇടത്തവളമോ, മൂന്നാമതൊരു സ്ഥലമോ നിത്യത ചിലവഴിക്കുവാൻ ഇല്ല.
യോഹന്നാനും യുഗാന്ത ന്യായവിധിയെക്കുറിച്ച് യേശു പറഞ്ഞ ഒരു സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയും ജീവനും, ന്യായവിധിയും എന്ന രണ്ട് അവസ്ഥകൾ മാത്രമേ ഉള്ളൂ.
യോഹന്നാൻ 5:28, 29
28 ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
29 നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.
എബ്രായ ഗ്രീക്ക് വാക്കുകൾ
മരിച്ചവരുടെ ആത്മാക്കൾ വസിക്കുന്ന ഇടത്തേക്കുറിച്ച് പറയുവാൻ പ്രധാനമായും മൂന്ന് വാക്കുകൾ ആണ് തിരുവെഴുത്തിൽ ഉപയോഗിക്കുന്നത്.
ഷിയോൾ, ഹാഡേസ് (Sheol and Hades )
പഴയ നിയമത്തിൽ, മരിച്ചവരുടെ ആത്മാക്കൾ പോകുന്ന സ്ഥലത്തെ, എബ്രായ ഭാഷയിൽ, “ഷിയോൾ” എന്നാണ് വിളിച്ചിരിക്കുന്നത്. പഴയനിയമത്തെ ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ, ഇതിന് “ഹാഡേസ് ” എന്ന വാക്ക് ഉപയോഗിച്ചു. പുതിയനിയമത്തിലും “ഹാഡേസ് ” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ രണ്ട് വാക്കുകളും ഒരേ സ്ഥലത്തേക്കുറിച്ചാണ് പറയുന്നത്.
പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന “ഷിയോൾ” എന്ന വാക്കും “ഹാഡേസ് ” എന്ന വാക്കും, മരിച്ചവരുടെ ആത്മാക്കൾ ഇപ്പോൾ, താൽക്കാലികമായി വസിക്കുന്ന സ്ഥലമാണ്. അതിനെ പാതാളം എന്നു വിളിക്കാം. എന്നാൽ ഇത് പശ്ചാത്താപരഹിതരായ മനുഷ്യരുടെ നിത്യമായ ദണ്ഡന സ്ഥലമായ നരകമല്ല. ഇവിടെയുള്ള വാസം നിത്യവുമല്ല.
പഴയനിയമത്തിന്റെ മറ്റ് ഭാഷകളിലേക്കുള്ള പരിഭാഷകളിൽ, നരകം, പാതാളം, ഹാഡേസ് , കുഴി, കല്ലറ, മരിച്ചവരുടെ വാസ സ്ഥലം, എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. AD 1200 ഓടെ ലാറ്റിൻ പരിഭാഷകളിൽ, “ഹാഡേസ്” എന്ന വാക്ക് “പർഗറ്റോറിയം” എന്ന് മൊഴിമാറ്റം വരുത്തുവാൻ തുടങ്ങി (Purgatorium - Purgatory). എന്നാൽ മറ്റ് പരിഭാഷകൾ ഇത് അനുധാവനം ചെയ്യുന്നില്ല. പുതിയനിയമത്തിൽ “ഹാഡേസ് ” എന്ന വാക്ക് മരിച്ചവരുടെ ആത്മാക്കൾ ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്തേക്കുറിച്ചാണ് പറയുന്നത്. മലയാളത്തിൽ ഈ വാക്കിനെ പാതാളം എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അപ്പൊസ്തല പ്രവൃത്തികൾ 2:31 31 അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു (ദാവീദ് രാജാവ്) പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:
വെളിപ്പാട് 20:13, 14 ൽ മരിച്ചവരുടെ ആത്മാക്കളെ അന്ത്യ ന്യായവിധിക്കായി എൽപ്പിച്ചുകൊടുത്തത്തിന് ശേഷം പാതാളത്തെ തീപ്പൊയ്കയിൽ തള്ളിയിട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
വെളിപ്പാട് 20:13,14
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
ധനവാന്റേയും ലാസരിന്റെയും ഉപമയിൽ, മരണത്തിന് ശേഷം, അനീതിയുള്ളവരുടെ ആത്മാക്കൾ ആയിരിക്കുന്ന യാതന സ്ഥലത്തെയാണ് “പാതാളം” എന്ന് വിളിക്കുന്നത്. ഈ സ്ഥലത്തിന് വിപരീതമായ സ്വർഗ്ഗീയ വിശ്രമം ഉള്ള സ്ഥലത്തെ “അബ്രാഹാമിന്റെ മടി” എന്നു വിളിക്കുന്നു. ഇത് നീതിമാന്മാരുടെ ആത്മാക്കൾ വിശ്രമിക്കുന്ന ഇടമാണ്.
ലൂക്കോസ് 16:23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
മാത്രവുമല്ല, പാതാളത്തിനും “അബ്രാഹാമിന്റെ മടി” എന്ന സ്ഥലത്തിനും ഇടയിൽ ഒരു വലിയ പിളർപ്പ് ഉള്ളതായും ഉപമയിൽ പറയുന്നു. ആത്മാക്കൾക്ക് ഈ പിളർപ്പ് കടക്കുവാൻ സാദ്ധ്യമല്ല. പാതാളത്തേക്കുറിച്ചുള്ള ഈ വിവരണം, പഴയനിയമ കാലത്തിനും പുതിയനിയമ കാലത്തിനും ഇടയിൽ ഉള്ള കാലത്ത് രൂപപ്പെട്ട യഹൂദ വിശ്വാസമാണ് എന്നാണ് ചില വേദപണ്ഡിതന്മാരുടെ അഭിപ്രായം. ഈ കാഴ്ചപ്പാടിൽ, പാതളത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഷിയോൾ, ഹാഡേസ് എന്നീ വാക്കുകൾ, പഴയനിയമത്തിലും, പുതിയനിയമത്തിലും, മരിച്ചവരുടെ ആത്മാക്കൾ ഇപ്പോൾ ആയിരിക്കുന്ന ഇടത്തേക്കുറിച്ച് പറയുവാനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിനെ പാതാളം എന്നു മലയാളത്തിൽ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാതളത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഈ വിഭജനത്തിന്റെ നടുവിൽ ഒരു വലിയ പിളർപ്പ് ഉണ്ട്. ഒരു വശത്തുള്ളവർക്ക് മറ്റേവശത്തേക്ക് പോകുവാൻ സാധ്യമല്ല. ഇതിൽ ഒരു ഭാഗത്ത് പശ്ചാത്താപരഹിതരായ മനുഷ്യരുടെ ആത്മാക്കൾ യാതന അനുഭവിക്കുന്നു. മറുഭാഗത്ത്, വീണ്ടും ജനനം പ്രാപിച്ച മനുഷ്യരുടെ ആത്മാക്കൾ സ്വർഗ്ഗീയ വിശ്രമം അനുഭവിക്കുന്നു. ഈ സ്ഥലം നിത്യമായ നരകമല്ല.
ടാർടറാഒ (tartaroo - tar-tar-o'-o)
പുതിയനിയമത്തിൽ, നരകത്തേക്കുറിച്ച് പറയുവാൻ “ടാർടറാഒ” എന്ന ഗ്രീക്ക് വാക്ക് ഒരിക്കൽ മാത്രം ഉപയോഗിച്ചിട്ടുണ്ട്.
2 പത്രൊസ് 2:4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
“ടാർടറാഒ” എന്ന വാക്ക് “ടാർടറസ്” എന്ന ഗ്രീക്ക് വാക്കിൽ നിന്നും ഉണ്ടായതാണ് (Tartarus). “ടാർടറസ്” എന്ന വാക്കിന്റെ അർത്ഥം പാതാളത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള, അഗാധമായ സ്ഥലം എന്നാണ്. ഇത് ദൈവശിക്ഷയുടെ ഇടമാണ്. ദുഷ്ടന്മാരുടെ ആത്മാക്കളുടെ വാസസ്ഥലമായിട്ടാണ് ഗ്രീക്കുകാർ ഇതിനെ കണ്ടിരുന്നത്. ഇവിടെ ആത്മാക്കൾ യാതന അനുഭവിക്കുന്നു. മറ്റ് വേദഭാഗങ്ങളിൽ നരകത്തിലേക്ക് തള്ളിയിട്ടു എന്നു പറയുമ്പോൾ, “ടാർടറാഒ” എന്ന അഗാധമായ സ്ഥലമാണ് ഉദ്ദേശിക്കുന്നത്.
ഗെഎന്നാ (Gehenna - gheh'-en-nah)
പശ്ചാത്താപരഹിതരായി മരിച്ചവരുടെ ആത്മാക്കളുടെ വാസ സ്ഥലത്തേക്കുറിച്ച് പറയുവാൻ യേശുക്രിസ്തു ഉപയോഗിച്ച മറ്റൊരു ഗ്രീക്ക് വാക്കാണ്, “ഗെഎന്നാ”. ഈ വാക്ക് മത്തായി, മർക്കോസ്, ലൂക്കോസ് എന്നിവർ രചിച്ച സുവിശേഷങ്ങളിൽ 11 പ്രാവശ്യവും യാക്കോബിന്റെ ലേഖനത്തിൽ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട് (യാക്കോബ് 3:6).
യെരൂശലേമിന്റെ തെക്ക് ഭാഗത്തായി, ഭൂപ്രകൃതിയെ രണ്ടായി വിഭജിച്ചുകൊണ്ടു സ്ഥിതിചെയ്തിരുന്ന ഒരു മലയിടുക്ക് ആയിരുന്നു “ഗെഎന്നാ” എന്ന സ്ഥലം. ഇത് യെരൂശലേം പട്ടണത്തിന് വെളിയിൽ, പട്ടണത്തിലെ മാലിന്യങ്ങളും, ചാത്തുപോകുന്ന മൃഗങ്ങളുടെ ശവശരീരങ്ങളും കൊണ്ടയിടുന്ന, ചീഞ്ഞു നാറുന്ന ഒരു സ്ഥലം ആയിരുന്നു. കൊല്ലപ്പെടുന്ന അജ്ഞാതരുടെയും കൊടും കുറ്റവാളികളുടെയും മൃതശരീരങ്ങളും ഇവിടെ ഇടുമായിരുന്നു. കുഷ്ഠരോഗികൾക്ക് പട്ടണത്തിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ, അവർ ഈ സ്ഥലത്ത് താമസിച്ചിരുന്നു. അതിനാൽ ഇവിടെ എപ്പോഴും “കരച്ചലും പല്ലുകടിയും” ഉണ്ടായിരുന്നു. (മത്തായി 8:12). മാലിന്യങ്ങളും, ശവശരീരങ്ങളും ദഹിപ്പിക്കുവാനായി, ഇവിടെ എപ്പോഴും തീ കത്തുമായിരുന്നു. തീ അണയാതെ ഇരിക്കുവാൻ ഗന്ധകവും അതുപോലെയുള്ള വസ്തുക്കളും ഇടുമായിരുന്നു. അങ്ങനെ, “ഗെഎന്നാ”, പശ്ചാത്തപരഹിതരായ മനുഷ്യരുടെ നിത്യവാസ സ്ഥലമായ നരകത്തിന്റെ ഒരു നേർകാഴ്ചയായി മാറി.
എബ്രായ ഭാഷയിൽ ഈ സ്ഥലം, ഹിന്നോം താഴ് വര എന്ന അർത്ഥത്തിൽ, “ഗെ ഹീന്നോം” എന്നാണ് അറിയപ്പെട്ടിരുന്നത് (Ge Hinnom). ഈ വാക്കിന്റെ ഗ്രീക്ക് പദമാണ് “ഗെഎന്നാ” (geenna, gheh'-en-nah).
ഈ സ്ഥലത്തേക്കുറിച്ചുള്ള, വേദപുസ്തകത്തിലെ ആദ്യത്തെ പരാമർശം, യോശുവയുടെ പുസ്തകം 15:8 ലും 18:16 ലും ആണ് ഉള്ളത്. ഇവിടെ യഹൂദ, ബന്യാമീൻ എന്നീ ഗോത്രക്കാരുടെ പ്രദേശത്തിന്റെ അതിരായിട്ടാണ് ഈ സ്ഥലത്തേക്കുറിച്ച് പറയുന്നത്. അവിടെ ഈ സ്ഥലത്തേക്കുറിച്ച് ബെൻ-ഹിന്നോം താഴ് വര എന്നാണ് പറയുന്നത്.
വേദപുസ്തകത്തിലെ അടുത്ത പരാമർശം യഹൂദ രാജാവായ ആഹാസ് ന്റെ കാലത്തുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് (King Ahaz of Judah). അവൻ ബെൻ-ഹിന്നോം താഴ് വരയിൽ, മോലെക്ക് എന്ന ജാതീയ ദേവന് ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം അവന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. (2 ദിനവൃത്താന്തം 28:3). ആഹാസിന്റെ കൊച്ചുമകനായിരുന്ന മനശ്ശെയും ഇതേ ദുഷ്ടത പ്രവർത്തിച്ചു. (2 ദിനവൃത്താന്തം 33:6).
മനശ്ശെയുടെ മകനായ ആമോൻ ന്റെ മകനായിരുന്നു യോശീയാ രാജാവ് (King Josiah). അദ്ദേഹം യഹൂദയുടെ രാജാവായിരുന്നു (Manasseh, Amon). യോശീയാ രാജാവ് രാജ്യത്ത് ഒരു ആത്മീയ ഉണർവ് വരുത്തി. അവൻ ഹിന്നോം താഴ്വരയിൽ ഉണ്ടായിരുന്ന മോലെക്ക് എന്ന ജാതീയ ദേവന്റെ പൂജാഗിരികളെ തകർത്തു. യഹൂദയിൽ ഉണ്ടായിരുന്ന എല്ലാ ജാതീയ ദേവന്മാരുടെ വിഗ്രഹങ്ങളെയും തകർത്തു. ഹിന്നോം താഴ് വരയിൽ വീണ്ടും ആരും ബലികഴിക്കാതെ ഇരിക്കേണ്ടതിനായി, മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങളെ കൊണ്ട് അവൻ ആ സ്ഥലത്തെ അശുദ്ധമാക്കി. ശവശരീരങ്ങൾ, യഹൂദന്മാർക്കും, മറ്റ് വിശ്വാസമുള്ളമുള്ളവർക്കും ഒരുപോലെ അശുദ്ധമായിരുന്നു.
2 രാജാക്കന്മാർ 23:10-14
10 ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.
11 യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെൿ എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
12 യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
13 യെരൂശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മിൽക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
14 അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു.
യെശയ്യാവ് പ്രവാചകനും ഈ സ്ഥലത്തേക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്ന “ദഹന സ്ഥലം” ഹിന്നോം താഴ് വരയാണ്. അതിനെ ആഴവും, വിശാലവുമായ സ്ഥലം എന്നും, അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട് എന്നും, യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും, എന്നും പ്രവാചകൻ പറയുന്നു.
യെശയ്യാവ് 30:33 പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിലെ അവസാനത്തെ വാചകം ദൈവത്തോട് മൽസരിക്കുന്ന എല്ലാവരുടെയും അന്ത്യം എന്തായിരിക്കും എന്നു പറയുന്നു.
യെശയ്യാവ് 66:24 അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.
ബാബേൽ പ്രവാസ കാലത്തിന് ശേഷം, BC 6 ആം നൂറ്റാണ്ടോടെ, ഹിന്നോം താഴ് വര, യെരൂശലേം പട്ടണത്തിലെ എല്ലാവിധ മാലിന്യങ്ങളും കത്തിച്ചു കളയുവാനായി നിക്ഷേപിക്കുന്ന സ്ഥലമായി.
പുതിയനിയമത്തിൽ, “ഗെഎന്നാ” എന്ന സ്ഥലത്തെ പാപത്തിന്റെ ശിക്ഷയുടെ ഇടമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ശരീരത്തെയും ആത്മാവിനെയും അണയാത്ത തീയിൽ നശിപ്പിക്കുന്ന നരകത്തിന്റെ നേർചിത്രമായിരുന്നു ഈ സ്ഥലം.
മത്തായി 5:22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
മത്തായി 10:28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
മർക്കോസ് 9:44 ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
ഈ വാക്യങ്ങളിൽ എല്ലാം “നരകം” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “ഗെഎന്നാ” എന്നാണ്. “ഏറ്റവും പുറത്തുള്ള ഇരുട്ട്”, “കരച്ചലും പല്ലുകടിയും”, “കെടാത്ത തീ” എന്നീ പദസമുശ്ചയങ്ങളും “ഗെഎന്നാ” യിലെ അനുഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്.
മത്തായി 8:12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മത്തായി 22:13 രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
യോഹന്നാൻ സ്നാപകനും ഈ സ്ഥലത്തേക്കുറിച്ചും അവിടെ ഉള്ള യാതനകളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
മത്തായി 3:12 വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
“ഹിന്നോം താഴ് വര” എന്നും “ഗെഎന്നാ” എന്നും അറിയപ്പെട്ടിരുന്ന സ്ഥലം നരകത്തിന്റെ ഒരു നേർകാഴ്ചയാണ്. യേശുക്രിസ്തുവിന്റെ കാലത്തെ ജനങ്ങൾക്ക്, ഈ സ്ഥലം നേരിൽ കണ്ട് പരിചയമുണ്ട്. അതിനാൽ, നരകത്തിലെ യാതന എത്ര ഭയനകമാകും എന്നു പറയുവാൻ, ഈ സ്ഥലത്തേക്കുറിച്ചുള്ള പരാമർശം മതിയാകുമായിരുന്നു. നിത്യമായ ദണ്ഡനം എന്നത് വേദപുസ്തകത്തിലെ ഒരു സത്യമാണ്.
ദൃഷ്ടാന്തമോ യഥാർത്ഥ ചിത്രമോ?
നമ്മൾ ഇതുവരെ മനസ്സിലാക്കിയതുപോലെ, “ഏറ്റവും പുറത്തുള്ള ഇരുട്ട്”, “കരച്ചലും പല്ലുകടിയും”, “കെടാത്ത തീ”, “തീപ്പൊയ്ക” എന്നിങ്ങനെയാണ് വേദപുസ്തകം നരകത്തെ വിശേഷിപ്പിക്കുന്നത്. ഇത് ദൈവീക അനുഗ്രഹത്തിൽ നിന്നുമുള്ള നിത്യമായ വേർപിരിയൽ ആണ്. ഇതൊരു കാരാഗ്രഹവും, ദണ്ഡന സ്ഥലവും ആണ്. ഇവിടെ “പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല”. ഇതെല്ലാം നിത്യ ശിക്ഷയുടെ നേർകാഴ്ചകൾ ആണ്. എല്ലാ വാക്കുകളും നരകത്തിന്റെ സവിശേഷ സ്വഭാവങ്ങളെയും അനുഭവങ്ങളെയും വിവരിക്കുന്നു.
അതായത്, ഈ വാക്കുകൾ നരകം എന്നതിനെ ദൃഷ്ടാന്തപരമായി ചിത്രീകരിക്കുന്നു. നരകം ഇതിൽ ഏതെങ്കിലും ഒരു വാക്കല്ല, ഇതെല്ലാം കൂടിയും, അതിൽ അധികമായും ചേരുന്ന ഒരു ഭയാനകമായ അനുഭവമാണ്. ഈ വാക്കുകളെ അക്ഷരാർത്ഥത്തിൽ അല്ല, ദൃഷ്ടാന്തങ്ങളായിട്ടാണ് മനസ്സിലാക്കേണ്ടത്.
സ്വർഗ്ഗവും, നരകവും, ഭൌതീക സ്ഥലങ്ങൾ അല്ല. അവ ഭൌതീക വസ്തുക്കളാൽ നിർമ്മിതമല്ല. മനുഷ്യരുടെ ഭാഷയിൽ അതിനെ വിവരിക്കുവാൻ പ്രയാസമാണ്. അതുകൊണ്ടാണ്, അന്ത്യകാല സംഭവങ്ങളെ വിവരിക്കുവാൻ വേദപുസ്തക രചയിതാക്കാൾ, ദൃഷ്ടാന്തം, സൂചനകൾ, സംഖ്യകൾ, അതിശയോക്തി, അസാധാരണങ്ങളായ ചിത്രങ്ങൾ, ഗൂഡാർത്ഥ പ്രയോഗങ്ങൾ, എന്നിവയെല്ലാം ഉപയോഗിക്കുന്നത്. ഇതിലൂടെ അവർ സ്വർഗ്ഗത്തെയോ, നരകത്തെയോ, അക്ഷരാർത്ഥത്തിൽ വിവരിക്കുക അല്ല, അവിടെ ഉള്ള അനുഭവങ്ങളെ മനുഷ്യരുടെ ഭാഷയിൽ വിനിമയം ചെയ്യുവാൻ ശ്രമിക്കുകയാണ്. മനുഷ്യർക്ക് ഗ്രഹിക്കുവാൻ കഴിയുന്ന ഭാഷാ സങ്കേതങ്ങളിലൂടെ അദൃശ്യ ലോകത്തെ വിവരിക്കുവാനുള്ള ശ്രമമാണിത്.
അതിനാൽ നരകത്തേക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും യഥാർത്ഥമല്ല, അവയെല്ലാം ആശയങ്ങളെ വിനിമയം ചെയ്യുന്ന ദൃഷ്ടാന്തങ്ങൾ ആണ്. ദൃഷ്ടാന്തങ്ങൾ അവയിൽ തന്നെ ഒരു ആശയത്തെ ഉൾക്കൊള്ളുന്നില്ല. അത് യഥാർത്ഥ സ്ഥലത്തെയും അനുഭവത്തെയും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. യഥാർത്ഥ അനുഭവം, ദൃഷ്ടാന്തങ്ങളെക്കാൾ കൂടുതൽ തീവ്രമായിരിക്കും. അതിനാൽ നരകം, അതിനെ വിശേഷിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ ആശയങ്ങളെക്കാൾ കൂടുതൽ, കഠിനവും, തീവ്രവും, തീക്ഷണവും ആയിരിക്കും.
യേശുക്രിസ്തുവും, യുഗാന്ത സംഭവങ്ങളെക്കുറിച്ച് എഴുതിയവരും, അവർക്ക് ലഭ്യമായിരുന്ന ഏറ്റവും കഠിനമായ വാക്കുകൾ ആണ് നരകത്തേകുറിച്ച് പറയുവാൻ ഉപയോഗിച്ചത്. യഥാർത്ഥ അവസ്ഥ അവരുടെ വാക്കുകളേക്കാൾ ഭയാനകമാണ്.
(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
നരകത്തിന്റെ സവിശേഷതകൾ
നരകം എവിടെ സ്ഥിതിചെയ്യുന്നു എന്നോ, അത് യാഥാർത്ഥത്തിൽ എന്താണ് എന്നോ വേദപുസ്തകം വ്യക്തമായി പറയുന്നില്ല. കൃത്യമായി, നരകം എങ്ങനെ പ്രവർത്തിക്കുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ. നരകത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകൾ അത് സത്യമാണ്, നിത്യമാണ്, ദണ്ഡനമാണ് എന്നിവയാണ്.
ദണ്ഡന സ്ഥലം
പശ്ചാത്താപരഹിതരായി മരിക്കുന്നവരുടെ ആത്മാക്കളുടെ ദണ്ഡന സ്ഥലമാണ് നരകം. അത് ഒരു വ്യക്തിയുടെ, ശരീരവും ആത്മാവും അനുഭവിക്കുന്നു. മരണത്തിന് ശേഷം, ആത്മാവ് മാത്രമേ നരകത്തിൽ പോകുന്നുള്ളൂ എന്നത് തെറ്റായ ആശയമാണ്. ഇപ്പോൾ, പാതാളത്തിൽ (hades) ആയിരിക്കുന്ന മരിച്ചവരുടെ ആത്മാക്കൾ ശരീരം കൂടാതെയാണ് യാതന അനുഭവിക്കുന്നത്. അവരുടെ ശരീരം കല്ലറകളിൽ വിശ്രമിക്കുന്നു. എന്നാൽ, അന്ത്യന്യായവിധി ദിവസം, സകല മനുഷ്യരും ശരീരം പ്രാപിച്ച് ഉയിർത്തെഴുന്നേൽക്കും. ആ ശരീരം പിന്നീട് നഷ്ടപ്പെടുന്നില്ല. ഉയിർത്തെഴുന്നേറ്റ, ശരീരവും ആത്മാവും ഉള്ള മനുഷ്യരെയാണ് നിത്യ നരകത്തിലേക്ക് തള്ളിയിടുന്നത്. അവിടെ അവർ ശരീരത്തോടെ, നിത്യമായ ദണ്ഡനം അനുഭവിക്കേണ്ടി വരും.
അപ്പൊസ്തല പ്രവൃത്തികൾ 24:15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.
യോഹന്നാൻ 5:28,29
28 ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
29 നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.
വെളിപ്പാട് 20:12,13
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
ശരീരവും ആത്മാവും നരകത്തിൽ പോകേണ്ടിവരും എന്നു യേശുക്രിസ്തുവും മത്തായിയുടെ സുവിശേഷത്തിൽ രണ്ട് പ്രാവശ്യം പ്രസ്താവിച്ചിടുണ്ട്.
മത്തായി 5:29, 30
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
മത്തായി 10:28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
നരകം ദൈവത്തിന്റെ അസാന്നിദ്ധ്യമോ വേർപ്പിരിയലോ അല്ല.
ദൈവം അന്തര്‍ലീനമായും, അപരിമിതമായും, നിത്യമായും സർവ്വവ്യാപിയാണ്. അവൻ സൃഷ്ടിച്ച എല്ലാ സ്ഥലങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ട്. സ്വർഗ്ഗവും, നരകവും ഉൾപ്പെടെയുള്ള ഈ മഹാ പ്രപഞ്ചത്തിൽ, ദൈവം സൃഷ്ടിക്കാത്തത് യാതൊന്നും ഇല്ല. അവൻ സ്വർഗ്ഗത്തിലും, ഭൂമിയിലും, നരകത്തിലും സദാ സന്നിഹിതൻ ആണ്.
സങ്കീർത്തനം 139:7,8
7 നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.
അതിനാൽ, നരകം ദൈവത്തിന്റെ അസാന്നിധ്യമല്ല, അത് സ്നേഹവാനായ ദൈവത്തിന്റെ അസാന്നിധ്യമാണ്. നീതിമാനായ ദൈവത്തിന്റെ ക്രോധത്തിന്റെ സാന്നിധ്യമുള്ള ഇടമാണ് നരകം.
ദൈവത്തിന്റെ അസാന്നിധ്യം എന്നത് മനുഷ്യർ ആഗ്രഹിക്കത്തക്ക ഒരു അവസ്ഥയല്ല. ദൈവത്തിന്റെ അസാന്നിധ്യം അവന്റെ കൃപയുടെ ഇല്ലായ്മയാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യരും ദൈവത്തിന്റെ “പൊതുവിലുള്ള കൃപ” അനുഭവിക്കുന്നുണ്ട് (God’s common grace). ദൈവത്തിന്റെ പൊതുവിലുള്ള കൃപ ഇല്ലാത്ത ഒരു ഇടവും ഈ ഭൂമിയിൽ ഇല്ല. സൂര്യനും, മഴയും, മഞ്ഞും, കാലങ്ങളും, കാലാവസ്ഥയും, രാത്രിയും പകലും എല്ലാം പൊതുവായ ദൈവ കൃപയാൽ എല്ലാ മനുഷ്യരും അനുഭവിക്കുന്നതാണ്. നമ്മളുടെ കഠിന അദ്ധ്വാനത്തിന് പ്രതിഫലം ഉണ്ടാകുന്നതും, രോഗ സൌഖ്യവും, പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നതും, ദൈവകൃപയാണ്. പൊതുവായുള്ള ദൈവ കൃപ, നോഹയുടെ ഉടമ്പടിയോടെ ആണ് ദൈവം മനുഷ്യരുമായി ഉറപ്പിച്ചത്. അതിന് ശേഷം അത് പാപികൾക്കും, വിശുദ്ധന്മാർക്കും ഒരുപോലെ ലഭിക്കുന്നു.
ഉൽപ്പത്തി 8:21, 22
21 യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
22 ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.
മത്തായി 5:45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
ലൂക്കോസ് 6:35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
പൊതുവിലുള്ള ദൈവ കൃപയാൽ, ദൈവം അവന്റെ സ്നേഹത്തെ മനുഷ്യരിലേക്ക് എത്തിക്കുന്നു, മനുഷ്യരുടെ ദുഷ്ടതയെ നിയന്ത്രിക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്നു, നന്മകൾ ഉളവാക്കുന്നു, മാനസന്തരപ്പെട്ട വിശ്വാസിയും, മാനസന്തരപ്പെടാത്ത മനുഷ്യരും സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. ചിലപ്പോൾ, തിന്മയെ നിയന്ത്രിക്കുവാനോ, ഇല്ലാതാക്കുവാനോ, കൂടുതൽ മെച്ചമായ ഒന്ന് ഉളവാക്കുവാനോ വേണ്ടി, ദൈവം കഷ്ടതകളെ അനുവദിക്കുന്നു.
ദൈവത്തിന്റെ പൊതുവായ കൃപ നരകത്തിൽ ഇല്ല എന്നതാണ് അതിന്റെ ഭീകര അവസ്ഥ. ശരിയായി പറഞ്ഞാൽ, നരകം എന്നത്, ദൈവത്തോടുള്ള വേർപിരിയൽ അല്ല, സ്നേഹവാനായ ദൈവത്തിൽ നിന്നുള്ള വേർപിരിയൽ, അല്ലെങ്കിൽ അകൽച്ചയാണ്. പശ്ചാത്താപരഹിതനായ ഒരു മനുഷ്യൻ, നരകത്തിൽ അനുഭവിക്കുന്നത്, ദൈവത്തോടുള്ള അകൽച്ചയായിരിക്കുകയില്ല, കൃപാലുവായ ദൈവത്തിന്റെ അസാന്നിധ്യവും, ദൈവ കൃപയിൽ നിന്നുള്ള അകൽച്ചയും ആയിരിക്കും. അവന്റെ പ്രശ്നം, ദൈവ ക്രോധത്തിന്റെ സാന്നിധ്യമായിരിക്കും.
മറ്റ് സ്വഭാവ വിശേഷങ്ങൾ
നരകം, ആദ്യം സൃഷ്ടിക്കപ്പെട്ടത് മനുഷ്യർക്ക് വേണ്ടിയല്ല, സാത്താനും അവന്റെ കൂടെ വീണുപോയ ദൂതന്മാർക്കും വേണ്ടിയാണ്.
മത്തായി 25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
എല്ലാ മനുഷ്യരും പാപികൾ ആണ്, അവർ ആദാമിന്റെ പാപത്തിൽ പങ്കാളികൾ ആണ്. ആദാമിൽ നിന്നും പാപ പ്രകൃതി എല്ലാ മനുഷ്യരും വഹിക്കുന്നു. പാപം ദൈവത്തോടുള്ള മൽസരം ആണ്. അതിനാൽ എല്ലാ മനുഷ്യരും പാപത്തിന്റെ ശിക്ഷയായ നരകത്തിന് വിധിക്കപ്പെട്ടവർ ആണ്. എന്നാൽ വീണ്ടും ജനനം പ്രാപിക്കുന്ന വിശ്വാസിക്ക് നരകത്തിൽ നിന്നും രക്ഷയുണ്ട്. അവനെ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം, പാപത്തിന്റെ അനന്തര ശിക്ഷയിൽ നിന്നും വീണ്ടെടുത്തിരിക്കുന്നു.
റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
നരകം നിത്യനാശമാണ്. ഇതാണ് നരകത്തിന്റെ ഏറ്റവും ഭയാനകമായ സവിശേഷത. നരകത്തിലെ അനുഭവങ്ങൾക്ക് ഒരു അവസാനമില്ല.
2 തെസ്സലൊനീക്യർ 1:8,9
6 കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി
7 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
8 നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.
9 ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും
10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
മരണത്തിന് ശേഷവും, അന്നേവരെ ജീവിച്ച ജീവിതത്തെക്കുറിച്ച്, ആത്മാക്കൾക്ക് ഓർമ്മ ഉണ്ടായിരിക്കും. ഈ ഭൂമിയിൽ ആയിരുന്നപ്പോൾ പ്രിയം വച്ച, പ്രശസ്തി, ധനം, സ്നേഹിച്ചവർ, വെറുത്തവർ, നല്ലതും അല്ലാത്തതുമായ പ്രവർത്തികൾ, ഇതെല്ലാം മരണത്തിന് ശേഷവും ആത്മാക്കൾ ഓർക്കും. എന്നാൽ മരണത്തിന് ശേഷം ഈ ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് അറിവുണ്ടാകുകയില്ല. ധനവാന്റേയും ലാസരിന്റെയും കഥയിലെ ധനവാന്റെ ആത്മാവ്, അവന്റെ ഭൌതീക ജീവിതവും, അവന്റെ സഹോദരന്മാരുടെ ജീവിതവും ഓർക്കുന്നുണ്ട്.
ദാനിയേൽ പറയുന്ന പ്രകാരം, നരകം, നിത്യ ലജ്ജയുടെയും നിന്ദയുടെയും ഇടമാണ്.
ദാനിയേൽ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
നരകം ഒരു വിശ്രമ കേന്ദ്രം അല്ല. അവിടെ ആർക്കും സ്വസ്ഥത ലഭിക്കുകയില്ല. അത് ഈ ലോകത്തിലെ കഷ്ടതകളിൽ നിന്നുള്ള ആശ്വാസ സ്ഥലം അല്ല. അത് അനന്തമായ ദണ്ഡനത്തിന്റെ ഇടമാണ്.
വെളിപ്പാട് 14:11 അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
നരകം പ്രത്യാശ രഹിതമായ ഇടമാണ്. അവിടെ നിന്നും എന്നെങ്കിലും, ഏത് വിധേനയും രക്ഷ പ്രാപിക്കുവാനുള്ള ഒരു പ്രതീക്ഷയും ഇല്ല. അവിടെ സ്നേഹമോ, ദയയോ, സൽപ്രവർത്തികളോ, ദൈവകൃപയോ ഇല്ല. വെറുപ്പും, വിദ്വേഷവും അവിടെ നിറഞ്ഞുനിൽക്കും. നരകം എല്ലാ അർത്ഥത്തിലും അന്ധകാരത്തിന്റെ ഇടമായിരിക്കും. നരകം നിത്യമായ ഒരു ഇടവും അനുഭവവും ആണ്.
യൂദാ 1:13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
എല്ലാവിധേനയും ഒഴിവാക്കുക
മരണാനന്തര ജീവിതത്തെക്കുറിച്ചും നരകത്തേക്കുറിച്ചും യേശുക്രിസ്തു കഠിനമായ ഉപദേശങ്ങൾ ആണ് പഠിപ്പിച്ചത്. വിശ്വാസത്തിൽ ഇടർച്ച ഉണ്ടാക്കുന്നതിനെ അതീവ ഗൌരമായിട്ടാണ് യേശു കണ്ടത്. ഒരു വിശ്വാസിക്കെങ്കിലും ഒരുവൻ ഇടർച്ച വരുത്തിയാൽ, കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു ഏറെ നല്ലത് എന്നാണ് യേശു പറഞ്ഞത്. ഇതിന് തുടർച്ചയായി, പാപത്തിന് കാരണം ആകുന്ന കണ്ണും, കൈയ്യും, കാലും വെട്ടിക്കളയുവാനാണ് യേശു പറഞ്ഞത്. അംഗഹീനനായി സ്വർഗ്ഗത്തിൽ കടക്കുന്നത് അംഗ പൂർണ്ണനായി നരകത്തിൽ പോകുന്നതിനെക്കാൾ നല്ലതാണ്. യേശുവിന്റെ ഈ സംഭാഷണം, അത് ശരിയായി ഗ്രഹിക്കാത്തതിനാൽ, പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. യേശുവിന്റെ വാക്കുകൾ, മത്തായി 5:29, 30, 18:8,9, മർക്കോസ് 9:41-48 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ വിവരണത്തെക്കാൾ കൂടുതൽ വിശദീകരണം മർക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മർക്കോസ് 9:41-48
41 നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
42 എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
43 നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
44 ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
45 നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
46 മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
47 നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
എന്താണ് യേശു ഈ വാക്കുകളിലൂടെ ഉദ്ദേശിക്കുന്നത്. മനപ്പൂർവ്വമായോ, അല്ലാതെയോ, പാപം കൂടാതെ, ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കുക സാധ്യമല്ല. യേശു പറഞ്ഞത് അക്ഷരാർത്ഥത്തിൽ അനുസരിക്കുകയാണ് എങ്കിൽ, ഒരു മനുഷ്യനും അംഗ പൂർണ്ണനായി ജീവിക്കുക സാധ്യമല്ല. യേശുവിന്റെ വാക്കുകൾ, അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കുവാൻ സാധ്യമല്ല.
ഇന്ന് നമ്മൾ ഈ വേദഭാഗം വായിക്കുമ്പോൾ ഗ്രഹിക്കുന്നതും, യേശു ഇത് പറഞ്ഞപ്പോൾ കെട്ടുകൊണ്ടിരുന്ന ജനങ്ങൾ മനസ്സിലാക്കിയതും വ്യത്യസ്തമായ ആശയങ്ങളാണ്. ഗ്രീക്ക് സംസ്കാരവും തത്വജ്ഞാനവും, യഹൂദ ദേശം ഉൾപ്പെടെ, പഴയ ഗ്രീക്ക് സാമ്രാജ്യത്തിൽ എല്ലായിടത്തും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലത്താണ് യേശുക്രിസ്തു ജീവിച്ചിരുന്നത്. ഗ്രീക്ക് തത്വശാസ്ത്രം അനുസരിച്ച്, ഭൌതീകമായതെല്ലാം അശുദ്ധവും, ആത്മീയമായത് മാത്രം ശുദ്ധവും ആണ്. അതിനാൽ മനുഷ്യരുടെ ശരീരം അശുദ്ധവും ആത്മാവു നല്ലതുമാണ്. എന്നാൽ യഹൂദന്മാർ ഇതിൽ നിന്നും എതിരായ ഒരു തത്വശാസ്ത്രത്തിൽ ആണ് വിശ്വസിച്ചിരുന്നത്. യഹൂദ വിശ്വാസമനുസരിച്ച്, മനുഷ്യരുടെ ശരീരം ദൈവീക ദാനമാണ്. ദൈവം മനുഷ്യനെ, അവന്റെ “സാദൃശ്യപ്രകാരം” “സ്വരൂപത്തിൽ” ആണ് സൃഷ്ടിച്ചത് (ഉൽപ്പത്തി 1:26, 27). അതിനാൽ മനുഷ്യരുടെ ജീവനും, ശരീരവും, അവന്റെ ആരോഗ്യവും, ഭൌതീക നന്മകളും എല്ലാം ദൈവീക ദാനവും, നല്ലതും, മൂല്യമുള്ളതുമാണ്. അതിനാൽ യഹൂദന്മാർ ശരീരത്തെ വളരെ വിലയേറിയതായി കരുതി. അവരുടെ ജീവൻ, കണ്ണുകൾ, കൈകൾ, കാലുകൾ എന്നിവയെല്ലാം വിലയേറിയത് ആയതിനാൽ, അതിനെ സംരക്ഷിക്കുക ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇവയ്ക്ക് യാതൊരു ഹാനിയും ഉണ്ടാകുവാൻ പാടില്ല.
യഹൂദന്മാരുടെ ഈ ചിന്തയെ പിന്താങ്ങുന്ന മോശെയുടെ പ്രമാണം ഉണ്ട്. അത് ശരീരത്തെ മുറിവേൽപ്പിക്കുന്നത് പോലും വിലക്കുന്നു.
ലേവ്യപുസ്തകം 19:28 മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു.
അതിനാൽ, കൈകളെയും, കാലുകളെയും വെട്ടിക്കളയുക, കണ്ണുകളെ ചൂന്നുകളക എന്നിവ ഒരു യഹൂദന് കഠിനമായ ഉപദേശം ആണ്. എന്നാൽ, യേശു പറയുന്നത്, സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ, അക്ഷരാർത്ഥത്തിൽ ഇങ്ങനെ ചെയ്യേണം എന്നല്ല. നരകത്തിൽ പോകുന്നതിനെക്കാൾ നല്ലത്, കൈകളെയും, കാലുകളെയും വെട്ടിക്കളയുന്നതും, കണ്ണുകളെ ചൂന്നുകളയുന്നതും ആണ്. അതിന്റെ അർത്ഥം, നമ്മളുടെ മൂല്യമുള്ള എല്ലാ ഭൌതീക നന്മകളും ഉപേക്ഷിക്കേണ്ടിവന്നാലും നരകത്തിൽ പോകാതെ സൂക്ഷിക്കേണം. എല്ലാവിധേനെയും ഒഴിവാക്കേണ്ടുന്ന ഒരു സ്ഥലമാണ് നരകം.
No comments:
Post a Comment