ദാനീയേലിന്റെ 70 ആഴ്ചവട്ടം

വേദപുസ്തകത്തിലെ പഴയനിയമ ഭാഗത്തുള്ള ദാനിയേൽ എന്ന പുസ്തകം എഴുതിയത്, ദാനിയേൽ പ്രവാചകനാണ് എന്നതാണ് പാരമ്പര്യ വിശ്വാസം. ഇതിന് ആസ്പദമായി, ദാനിയേൽ 9: 2, 10: 2 എന്നീ വാക്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ എഴുത്തുകാരൻ ദാനീയേലയാണ് എന്ന സൂചനയാണ് യേശുക്രിസ്തുവും നല്കിയത് (മത്തായി 24: 15). 540 BC യ്ക്കും 537 BC യ്ക്കും ഇടയിൽ ഈ പുസ്തകത്തിന്റെ രചന നടന്നിട്ടുണ്ടാകേണം. 537 BC ആണ് ദാനിയേൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ തീയതി. അതിനാൽ, ഇതേ വർഷത്തോടെ പുസ്തകത്തിന്റെ രചന പൂർത്തിയായതായി കണക്കാക്കാം.

 

ദാനിയേൽ പ്രവചന പുസ്തകത്തിന്റെ മുഖ്യ വിഷയം, ദൈവത്തിന്റെ സർവ്വാധികാരവും, ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും ആണ്. ദൈവീക ഭരണം സ്ഥാപിക്കപ്പെടുന്നതിനുള്ള കാലങ്ങളെക്കുറിച്ചാണ് നെബൂഖദ്നേസർ രാജാവിന്റെ സ്വപ്ന വ്യാഖ്യാനത്തിലും, ദർശനങ്ങളുടെ വിവരണത്തിലും ദാനിയേൽ പ്രവചിക്കുന്നത്. ഈ കാലഗതികളെ കുറിച്ചുള്ള മറ്റൊരു പ്രവചനമാണ് പൊതുവേ “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്നു അറിയപ്പെടുന്നത്.  

  

ദാനിയേൽ, ബാബേല്‍ പ്രവാസത്തില്‍ ആയിരുന്നപ്പോള്‍ ലഭിച്ച ദൈവീക വെളിപ്പാടുകള്‍ ആണിവ. ഇത് ദാനിയേലിന്റെ പുസ്തകം 9 ആം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാബേല്‍ ഇന്നത്തെ ഇറാഖ് എന്ന രാജ്യം ആണ്.

 

പ്രവാസത്തിൽ ജീവിച്ചിരുന്ന ദാനിയേൽ, യെരൂശലേമിന്റെയും യഹൂദ ജനത്തിന്റെയും പുനസ്ഥാപനത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, ഗബ്രീയേൽ ദൂതൻ മുഖാന്തിരം ദൈവം അറിയിച്ച വെളിപ്പാടുകൾ ആണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്ന് അറിയപ്പെടുന്നത്.

 

യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്ന് യിരെമ്യാപ്രവാചകന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ദാനിയേൽ ഗ്രഹിച്ചു. അവരുടെ പ്രവാസ ജീവിതം അപ്പോൾ ഏകദേശം 70 വർഷങ്ങൾ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ദൈവീക ഇടപെടൽ വേഗം ഉണ്ടാകേണ്ടതിനാണ് അദ്ദേഹം പ്രാർത്ഥിച്ചത്. യിരെമ്യാവിന്റെ പ്രവചനത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചു നൽകേണ്ടതിന് ഗബ്രിയേൽ ദൂതൻ, അവന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ പ്രത്യക്ഷനായി. ഗബ്രിയേൽ ദൂതന്റെ വാക്കുകൾ ആണ് പ്രവചനമായി രേഖപ്പെടുത്തിയിരിക്കുന്നത്.  

 

ഈ പ്രവചനം, ഗൂഢാര്‍ത്ഥമായ ഭാഷയിലാണ് (cryptic prophecy) രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, രണ്ടാം യഹൂദ ദൈവാലയ കാലം മുതൽ ഇതിനെക്കുറിച്ച് പണ്ഡിതന്മാർ വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

ചരിത്ര പശ്ചാത്തലം

 

605 BC ൽ കർക്കെമിഷ് യുദ്ധത്തിൽ (Carchemish) നെബൂഖദ്നേസർ രണ്ടാമൻ, ഈജിപ്തിനെ പരാജയപ്പെടുത്തി, നവ-ബാബേൽ സാമ്രാജ്യം സ്ഥാപിച്ചു (Neo-Babylonian). നെബൂഖദുനേസ്സര്‍ രാജാവ്, BC 605 മുതല്‍ 562 വരെ ബാബേൽ സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തി ആയിരുന്നു. ബാബേൽ സാമ്രാജ്യത്തിന്റെ പുനസ്ഥാപനം, യഹൂദ്യ രാജ്യത്തിന് വളരെ പ്രധാനപ്പെട്ട സംഭവമായി. BC 609 മുതൽ യിസ്രായേൽ, ഈജിപ്തിന് കപ്പം കൊടുക്കുന്ന ആശ്രിത രാജ്യം ആയിരുന്നു. ഈജിപ്ത് ബാബേലിന് കീഴടങ്ങിയപ്പോൾ യഹൂദ്യ, ബാബിലോണിന് കപ്പം കൊടുക്കുന്ന ആശ്രിത രാജ്യമായി മാറി.

 

ബാബേലിന്റെ അധിനിവേശത്തിനും കപ്പം കൊടുക്കുന്നതിനും എതിരെ, 597 BC ൽ യെഹൂദാരാജാവായ യെഹോയാഖീൻ, ബാബേൽ രാജാവിനെതിരെ കലാപം ഉണ്ടാക്കി. അതിനാൽ, 597 BC ൽ നെബൂഖദ്നേസർ രാജാവ് യഹൂദ്യയെ ആക്രമിച്ചു, കലാപത്തെ പരാജയപ്പെടുത്തി. യെഹോയാഖീനെയും, അവന്റെ അമ്മയേയും, അവന്റെ ഭൃത്യന്മാരേയും, യഹൂദ പ്രഭുക്കന്മാരേയും, ഷണ്ഡന്മാരേയും ബാബേലിലേക്ക് പിടിച്ചുകൊണ്ട്പോയി.

 

അതിന് ശേഷം യഹൂദ രാജാവായ സിദെക്കീയാവുവിന്റെ കാലത്ത്, ബാബേലിനെതിരെ, വീണ്ടും ഒരു കലാപം ഉണ്ടായി. ഇതിനെതിരെ, 589 BC ഡിസംബര്‍ മാസം, ബാബേല്‍ സൈന്യം യഹൂദ്യയെ ആക്രമിച്ചു. ഇത് ഉപരോധവും യുദ്ധവുമായി 30 മാസങ്ങള്‍ നീണ്ടുനിന്നു. 586 BC ല്‍ ബാബേല്‍ സൈന്യം യഹൂദ്യയെ കീഴടക്കി, യെരൂശലേം പട്ടണത്തെയും ദൈവാലയത്തെയും തകര്‍ത്തു. ബാബേൽ സൈന്യം അനേകം യഹൂദന്മാരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.  

 

യഹൂദന്മാര്‍ ബാബേൽ പ്രവാസത്തിലേക്ക് പോയത് ഒരു പ്രാവശ്യമായിട്ടല്ല എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. യഹൂദ്യയില്‍ ബാബേലിനെതിരെ കലാപങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാം അവര്‍ അതിനെ അടിച്ചമര്‍ത്തുകയും, കുറെ യഹൂദന്മാരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. യഹൂദന്മാരെ മൊത്തമായി ഒരുകാലത്തും ബാബേലിലേക്ക് കൊണ്ടുപോയതും ഇല്ല. ബാബേലിലേക്ക്, പതിനായിരം പേരെ മാത്രമേ നാടുകടത്തി ഉള്ളൂ എന്നും, യഹൂദ്യയിലെ, കഴിവും, നിപുണതയും ഉള്ളവരെയും, പുരോഹിതന്മാരെയും സമ്പന്നരേയും മാത്രമേ ബാബേലിലേക്ക്  കൊണ്ടുപോയുള്ളൂ എന്നും ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.

 

597 ല്‍ ആണ് ആദ്യമായി യഹൂദന്മാരെ ബാബേലിലേക്ക് പിടിച്ചുകൊണ്ടു പോകുന്നത് എന്നാണ് മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവരും ഉണ്ട്. യിരെമ്യാവു 29: 10 ല്‍ പറയുന്നത് അനുസരിച്ചു അവര്‍ 70 വര്‍ഷങ്ങള്‍ ബാബേലിൽ ആയിരുന്നു. അതിനാല്‍ ചില പണ്ഡിതന്മാർ, പ്രവാസ ജീവിതം 608 BC മുതല്‍ 538 BC വരെ ആയിരുന്നു എന്നും, മറ്റ് ചിലര്‍ 586 BC മുതല്‍, രണ്ടാമത്തെ ദൈവാലയം യെരൂശലേമില്‍ പ്രതിഷ്ഠിച്ച 516 BC വരെ ആയിരുന്നു എന്നും അഭിപ്രായപ്പെടുന്നു.

 

യഹൂദന്മാർക്ക് യെരൂശലേമിലേക്ക് തിരികെ പോകുവാൻ അനുവദിച്ചുകൊണ്ടു പേര്‍ഷ്യന്‍ രാജാവായ കോരെശ് BC 538 ല്‍ കല്‍പ്പന ഇറക്കിയപ്പോള്‍, ഈ പ്രവാസ ജീവിതം അവസാനിച്ചു എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ അതിന് ശേഷവും ബാബേലിൽ യഹൂദന്മാർ ഉണ്ടായിരുന്നു. 458 BC ൽ എസ്രായുടെ നേതൃത്വത്തിലും, 445 BC ൽ നെഹെമ്യാവ് ന്റെ നേതൃത്വത്തിലും യഹൂദന്മാർ യെരൂശലേമിലേക്ക് തിരികെ പോയി.

 

നെബൂഖദ്നേസർ രാജാവ്, പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ടു പോയ യഹൂദന്മാരിൽ ഒരാളായിരുന്നു ദാനിയേല്‍. ദാനിയേലിന് ബാബേലിലെ കൊട്ടാരത്തില്‍ പ്രത്യേക വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചു. നെബൂഖദ്നേസർ രാജാവിന്‍റെ സ്വപ്നം വ്യാഖ്യാനിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ഉപദേഷ്ടാവായും പ്രവാചകനായും ദാനിയേല്‍ മാറി.

 

വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ദാനിയേൽ ബാബേലിലേക്ക് പ്രവാസത്തിൽ പോയത്, അദ്ദേഹത്തിന്റെ 17 ആം വയസ്സിൽ ആയിരുന്നിരിക്കേണം. ഒരു പക്ഷെ അദ്ദേഹം പ്രവാസത്തിൽ പോയപ്പോൾ ഒന്നോ രണ്ടോ വയസ്സ് കൂടി ഇളപ്പമോ കൂടുതലോ ആയിരുന്നിരിക്കാം. ഈ കണക്ക് വച്ചു കൂട്ടിയാൽ, ദാനിയേൽ എന്ന പുസ്തകം എഴുതുമ്പോൾ ആദേഹത്തിന് 85 നും 90 നും ഇടയിൽ പ്രായമുണ്ടായിരുന്നു.   

 

536 BC വരെയാണ് ശരിയായ ബാബേൽ സാമ്രാജ്യത്തിന്റെ കാലം. ബാബേൽ  പട്ടണം യൂഫ്രട്ടീസ് നദിയുടെ തീരത്ത്‌ സ്ഥിചെയ്തിരുന്നു. അത് കിഴക്കന്‍ രാജ്യങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്നു. ഈ പട്ടണത്തെ വേദപുസ്തകത്തില്‍ സ്വര്‍ണ്ണ നഗരം എന്ന് വിളിക്കുന്നുണ്ട്. (യെശയ്യാവ് 14: 4). നെബൂഖദുനേസ്സര്‍ രാജാവ് ഈ പട്ടണത്തെ ഒരു മഹാ സാമ്രജ്യമാക്കി മാറ്റി.

 

ബാബേൽ, ലൂദ്യ (Lydia) ഈജിപ്റ്റ്‌, മേദ്യ എന്നിവ അക്കാലത്തു മദ്ധ്യപൂര്‍വ്വ ദേശത്തെ വലിയ രാജ്യങ്ങള്‍ ആയിരുന്നു. മേദ്യ രാജ്യത്തെ മാത്രമായി  വലിപ്പം കൊണ്ട് ഒരു സാമ്രാജ്യമായി കണക്കാക്കിയിരുന്നു. മേദ്യ രാജ്യത്തിന്‍റെ ഘടകമായ ഇറാനിലെ ആറ് ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരു രാജ്യം ആയിരുന്നു പാര്‍സ്യ. ഇവരെല്ലാം മേദ്യ രാജ്യത്തിന്‌ കപ്പം കൊടുക്കേണമായിരുന്നു. 559 BC ല്‍ കോരേശ് രാജാവ് പാർസ്യ രാജ്യത്തിന്റെ അധികാരത്തില്‍ വന്നു. 553 ല്‍ അദ്ദേഹം മറ്റ് ഗോത്ര വര്‍ഗ്ഗക്കാരെ ഒരുമിച്ചുകൂട്ടി മേദ്യ രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി. അങ്ങനെ പാര്‍സ്യ രാജ്യങ്ങളുടെ കൂട്ടായ്മ മേദ്യ രാജ്യത്തെ 550 BC ല്‍ പിടിച്ചടക്കി. കോരേശും കൂട്ടരും മേദ്യ രാജ്യത്തിന്‍റെ നിയന്ത്രണത്തിന്‍ കീഴിലുണ്ടായിരുന്ന എല്ലാ രാജ്യങ്ങളുടെയും അധികാരം പിടിച്ചെടുത്തു. അങ്ങനെ മേദ്യ-പാര്‍സ്യ സാമ്രാജ്യം ഉടലെടുത്തു.

 

കോരേശ് മേദ്യ-പാര്‍സ്യ സാമ്രാജ്യത്തെ വിശാലമാക്കി. 539 BC ല്‍, ബാബേൽ രാജാവായിരുന്ന ബേൽശസ്സറിന്റെ കാലത്ത്, കോരേശ് ബാബേൽ സാമ്രാജ്യം പിടിച്ചെടുത്തു. അങ്ങനെ യഹൂദ്യ, മേദ്യ-പാർസ്യ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയി.

 

യിരെമ്യാവ് പ്രവചനം

 

ദാനിയേൽ 9 ആം അദ്ധ്യായത്തിലാണ് 70 ആഴ്ചവട്ടത്തിന്റെ വിവരണം ഉള്ളത്. ഈ അദ്ധ്യായം ആരംഭിക്കുന്നത് ഈ ദർശനം അദ്ദേഹത്തിന് ലഭിക്കുന്ന ചരിത്രകാലം സൂചിപ്പിച്ചുകൊണ്ടാണ്.

 

ദാനിയേൽ 9: 1 കല്ദയ രാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ,

 

“കല്ദയ രാജ്യം” എന്നത് ബാബേലിനെക്കുറിച്ചാണ്. അദ്ദേഹം മേദ്യ സന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനാണ് എന്നു ഇവിടെ പറയുന്നുണ്ട്. ദാനിയേൽ 11: 1 “മേദ്യനായ ദാർയ്യാവേശ്” എന്നു പറയുന്നുണ്ട്. 9: 1 ലെ ദാർയ്യാവേശും, 11: 1 ലെ ദാർയ്യാവേശും ഒരാൾ തന്നെ ആയിരിക്കാം. എന്നാൽ, ദാർയ്യാവേശ് എന്നൊരു രാജാവിനെക്കുറിച്ച് യാതൊരു ചരിത്ര രേഖകളും ഇന്നേവരെ ലഭ്യമല്ല.

 

ദാർയ്യാവേശ് ആരായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ട്. ഒന്ന്, മേദ്യനായ ദാർയ്യാവേശും, കോരെശും ഒരാൾ തന്നെയാണ് എന്നതാണ്. വേദപുസ്തകത്തിൽ പറയുന്ന “ദാർയ്യാവേശിന്റെ ഒന്നാം ആണ്ടും” ബാബേൽ സാമ്രാജ്യത്തെ മേദ്യ-പാര്‍സ്യ സാമ്രാജ്യം പിടിച്ചെടുത്തതിന്റെ ഒന്നാം ആണ്ടും ഒരു കാലഘട്ടം ആണ്. അത് 539 BC ആണ്. ബാബേലിന്റെ അവസാനത്തെ രാജാവ്, ബേൽശസ്സർ ആയിരുന്നു. അതിന്ശേഷം ബാബേൽ, മേദ്യ-പാർസ്യ സാമ്രാജ്യത്തിന് കീഴിലായി. പാർസ്യ രാജാവായിരുന്ന കോരെശ് പുതിയ സാമ്രാജ്യത്തിന്റെ രാജാവായി. ബേൽശസ്സറിനും കോരെശിനും ഇടയിൽ മറ്റൊരു രാജാവ് ഉണ്ടാകുന്നില്ല. ചരിത്ര പുസ്തകങ്ങളും മറ്റൊരു രാജാവിനെക്കുറിച്ച് പറയുന്നില്ല. അതിനാൽ “മേദ്യനായ ദാർയ്യാവേശ്” എന്നു ദാനിയേൽ ഉദ്ദേശിച്ചത് കോരേശ് നെക്കുറിച്ച് ആയിരക്കേണം. മിസ്രയീമിലെ രാജാക്കന്മാരെ പൊതുവേ ഫറവോൻ എന്നു വിളിക്കുന്നതുപോലെയുള്ള ഒരു രാജകീയ സ്ഥാനപ്പേര് ആയിരുന്നിരിക്കാം “ദാർയ്യാവേശ്” എന്നത്. 

 

കോരേശ് രാജാവ് പാർസ്യ രാജ്യത്തിന്റെ അധികാരി ആയിരുന്നു. പാർസ്യ മേദ്യ രാജ്യത്തെ പടിച്ചെടുത്താണ് മേദ്യ-പാർസ്യ സാമ്രാജ്യം ഉണ്ടാക്കിയത്. എന്നാൽ ദാനിയേൽ അദ്ദേഹത്തെ “മേദ്യനായ ദാർയ്യാവേശ്” എന്നാണ് വിളിച്ചിരിക്കുന്നത്. അത് എന്തുകൊണ്ട് ആയിരിക്കേണം? കോരേശിന്റെ അമ്മ മേദ്യ രാജ്യത്തുള്ളതായിരുന്നു; അദ്ദേഹത്തിന്‍റെ വല്യപ്പച്ചനായ അസ്റ്റിആഗസ് (Astyages) അക്കാലത്ത് മേദ്യ രാജ്യത്തിന്‍റെ രാജാവും ആയിരുന്നു. അങ്ങനെ അദ്ദേഹത്തിന് മേദ്യ രാജ്യവുമായി ബന്ധം ഉണ്ടായിരുന്നു. 

 

ഈ വിശദീകരണത്തിന് ചില പിഴവുകൾ ഉണ്ട്. കോരെശിന്, മാതാവിലൂടെ മേദ്യ രാജ്യവുമായി ബന്ധം ഉണ്ട് എങ്കിലും, സാധാരണയായി പേർഷ്യൻ രാജാക്കന്മാർ അവരുടെ വംശാവലി പിതാക്കന്മാരിലൂടെയാണ് കണക്കാക്കുന്നത്. ദാനിയേൽ 9: 1 ൽ ദാർയ്യാവേശിന്റെ പിതാവ് അഹശ്വേരോശ് ആണ് എന്നു പറയുന്നുണ്ട് (Ahasuerus). എന്നാൽ കോരെശിന്റെ പിതാവ് കംബൈസെസ് ഒന്നാമൻ ആണ് എന്നാണ് ചരിത്രം പറയുന്നത് (Cambyses I).

 

മറ്റൊരു വിശദീകരണം ഇങ്ങനെയാണ്: മേദ്യ-പാർസ്യ സാമ്രാജ്യം പല രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആയിരുന്നു. ഈ രാജ്യങ്ങളെ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളായി കണക്കാക്കിയാണ് ഭരണം നടത്തിയിരുന്നത്. മുമ്പ് സ്വതന്ത്ര്യ രാജ്യങ്ങൾ ആയിരുന്ന ഈ പ്രവിശ്യകളുടെ രാജാക്കന്മാർ തന്നെ ആയിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്. അവർ പ്രാദേശിക ഭരാണാധികാരികൾ, അല്ലെങ്കിൽ ഗവർണർ ആയി തുടർന്നു. അതിനാൽ “മേദ്യനായ ദാർയ്യാവേശ്” ബാബേൽ പ്രവിശ്യയുടെ പ്രാദേശിക ഭരണാധികാരി ആയിരുന്നിരിക്കാം.

 

ദാനിയേൽ 5: 30, 31 ൽ ബേൽശസ്സർ കൊല്ലപ്പെട്ട രാത്രിയിൽ തന്നെ “മേദ്യനായ ദാർയ്യാവേശ്” ബാബേൽ സാമ്രാജ്യത്തിന്റെ രാജാവായി എന്ന് പറയുന്നുണ്ട്.  

 

ദാനിയേൽ 5: 30, 31

30 ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

31   മേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.

 

ഇതിനെക്കുറിച്ച്, യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജൊസിഫെസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

 

ബാബേലിനെ ദാർയ്യാവേശ് പിടിച്ചെടുത്തു, അവനും അവന്റെ ബന്ധു ആയ കോരെശും ബാബേൽ ഭരണത്തെ അവസാനിപ്പിച്ചു. അപ്പോൾ ദാർയ്യാവേശിന് 62 വയസ്സ് പ്രായമായിരുന്നു. അവൻ അസ്റ്റിആഗസ് (Astyages) ന്റെ മകൻ ആയിരുന്നു. അവന് ഗ്രീക്ക് ഭാഷയിൽ മറ്റൊരു പേരുണ്ടായിരുന്നു. (സ്വതന്ത്ര പരിഭാഷ).     

 

Babylon was taken by Darius, and when he, with his kinsman Cyrus, had put an end to the dominion of the Babylonians, he [Darius] was sixty-two years old. He was the son of Astyages, and had another name among the Greeks.” (Flavius Josephus).

 

മേദ്യ-പാർസ്യ സാമ്രാജ്യത്തിന് ഒരു ഫെഡറൽ ഭരണ സംവിധാനമാണ് ഉണ്ടായിരുന്നത്. പ്രവിശ്യകൾക്ക് പ്രാദേശിക ഭരണാധികാരികൾ ഉള്ളപ്പോഴും, കോരെശ് ആയിരുന്നു സാമ്രാജ്യത്തിന്റെ ചക്രവർത്തി.    

 

2 ദിനവൃത്താന്തം 36: 22, എസ്രാ 5: 13 എന്നീ വാക്യങ്ങൾ അനുസരിച്ച് “പാർസിരാജാവായ കോരെശ്” ബാബേൽ സാമ്രാജ്യത്തിന്റെ രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാം ആണ്ടിലാണ് യെരൂശലേമിലെ ദൈവാലയം പണിയുവാൻ  കൽപ്പന നല്കിയത്.

 

2 ദിനവൃത്താന്തം 36: 22 എന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാൽ:

 

എസ്രാ 5: 13 എന്നാൽ ബാബേൽ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു ഈ ദൈവാലയം പണിവാൻ കല്പന തന്നു.

 

ദാനിയേൽ 6 ആം അദ്ധ്യായത്തിൽ ഒരു ദാർയ്യാവേശിനെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം ബാബേലിന്റെ രാജാവായിരുന്നു. ഈ ദാർയ്യാവേശ് ആണ് ദാനീയേലിനെ സിംഹങ്ങളുടെ ഗുഹയിൽ ഇടുവാൻ കല്പന നല്കിയത്. രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാന ദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ച ഒരു ഉപായത്തിൽ രാജാവ് വീഴുകയായിരുന്നു. ദാനീയേലിനെ രക്ഷിക്കുവാൻ അദ്ദേഹം ശ്രമിച്ചു. അതിനാൽ, അദ്ദേഹത്തെ ക്രൂരനായ ഒരു ഭരണാധികാരിയായി അല്ല ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ദാനിയേലിനോടുള്ള രാജാവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും...” (ദാനിയേൽ 6: 16). സിംഹക്കുഴിയിൽ വീണു എങ്കിലും ദൈവം ദാനീയേലിനെ രക്ഷിച്ചു.

 

ഈ അദ്ധ്യായം അവസാനിക്കുന്നത് ഈ വാക്കുകളോടെയാണ്:

 

ദാനിയേൽ 6: 28 എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.

 

ഇതിൽ നിന്നും ദാനിയേൽ 6 ആം അദ്ധ്യായത്തിൽ പറയുന്ന ദാർയ്യാവേശും, കോരെശും, രണ്ട് രാജാക്കന്മാർ ആണ് എന്നും കോരെശ് പിന്നീട് അധികാരത്തിൽ വന്ന രാജാവാണ് എന്നും മനസ്സിലാക്കാം. ഇവിടെ പേര് പറയുന്ന ദാർയ്യാവേശ് തന്നെയാണോ 9 ആം അദ്ധ്യായത്തിൽ പറയുന്ന ദാർയ്യാവേശ് എന്നു തീർച്ചയില്ല. ദാർയ്യാവേശ് എന്നത് സ്ഥാനപ്പേര് ആകുവാനും സാധ്യതയുണ്ട്.      

 

യിരെമ്യാവ് പ്രവാചകന്റെ പ്രവചനം

 

യിരെമ്യാവ് പ്രവാചകന്‍ മുഖാന്തിരം ദൈവം അരുളിച്ചെയ്ത, യഹൂദന്മാരുടെ 70 വര്‍ഷത്തെ പ്രവാസ കാലം ഏകദേശം അവസാനിക്കാറായി എന്നു ദാനിയേൽ മനസ്സിലാക്കി. (ദാനിയേൽ 9: 1). ഇത് അദ്ദേഹം കണക്കാക്കിയത് യിരേമ്യാവു പ്രവാചകന്റെ പുസ്തകം 25: 11, 12; 29: 10-14, എന്നീ വാക്യങ്ങളിൽ നിന്നാണ്.  

 

യിരെമ്യാവ് 25: 11, 12

11    ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.

12   എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.

 

യിരെമ്യാവ് 29: 10-14

10   യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു.

11    നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.

12   നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും

13   നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.

14   നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

 

70 സംവൽസരം കൊണ്ട് പ്രവാസ കാലം അവസാനിക്കേണം എന്നു മനസ്സിലാക്കിയ ദാനിയേൽ, അതിന്റെ നിവർത്തിയ്ക്കായി “ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നും കൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.” (ദാനിയേൽ 9: 3). അവന്റെ പ്രാര്‍ത്ഥനയ്ക്ക് മറുപടിയുമായി ദൈവം ഗബ്രിയേല്‍ ദൂതനെ ആയച്ചു. ഗബ്രിയേല്‍ ദാനീയേലിന് 70 പ്രവചന ആഴ്ചവട്ടത്തെക്കുറിച്ചുള്ള വെളിപ്പാട് നല്കി. അത് ഗബ്രിയേൽ വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്തു.  

 

യിസ്രായേല്‍ ജനത്തിന്റെ സ്വന്ത ദേശത്തിലേക്കുള്ള പുനസ്ഥാപനം വേഗത്തില്‍ സംഭവിക്കേണം എന്നാണ് ദാനിയേല്‍ ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും. എന്നാല്‍ ദൈവം അവന് മറ്റൊരു 70 ആഴവട്ടത്തെക്കുറിച്ചുള്ള ദര്‍ശനമാണ് നല്കിയത്.

 

ദാനിയേല്‍ 9: 24 – 27

24  അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.

25  അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.

26  അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

27  അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.

 

യിരെമ്യാവ് പ്രവാചകന്റെ വാക്കുകൾക്ക് ഒരു അനുബന്ധമാണ് ഗബ്രിയേൽ ദൂതന്റെ വെളിപ്പെടുത്തലുകൾ. യഹൂദന്മാരുടെയും, യെരൂശലേമിന്റെയും പുനസ്ഥാപനം, ഗബ്രിയേൽ അറിയിച്ച 70 ആഴ്ചവട്ടം കൊണ്ട് മാത്രമേ സമ്പൂർണ്ണമായി നിവർത്തിയാകൂ. “ദർശനവും പ്രവചനവും മുദ്രയിടുവാനും” എന്നത്തിന്റെ അർത്ഥം അവൻ അറിയിച്ച പ്രവചന ദർശനങ്ങൾ ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്. (ദാനിയേൽ 9: 24). “നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും” നിയമിക്കപ്പെട്ട എഴുപതു ആഴ്ചവട്ടം നല്കിയിരിക്കുന്നു. ഈ കാലത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് ഗബ്രിയേൽ 24 ആം വാക്യത്തിൽ പറയുന്നു:

 

1.       അതിക്രമത്തെ തടസ്ഥം ചെയ്തു (To finish the transgression - NKJV)

2.     പാപങ്ങളെ മുദ്രയിടുവാനും (To make an end of sins)

3.     അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു (To make reconciliation for iniquity)

4.     നിത്യനീതി വരുത്തുവാനും (To bring in everlasting righteousness)

5.     ദർശനവും പ്രവചനവും മുദ്രയിടുവാനും (To seal up vision and prophecy)

6.     അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും (to anoint the Most Holy) …  എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു

 

70 ആഴ്ചവട്ടം, പാപത്തെ അവസാനിപ്പിക്കുവാനും നിത്യമായ നീതി സ്ഥാപിക്കുവാനും വേണ്ടിയാണ്. യേശുക്രിസ്തു, ആയിരമാണ്ടു വാഴ്ച സ്ഥാപിക്കുന്നതിന് മുമ്പ് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം (millennial kingdom). ഇതിൽ മൂന്നാമത് പറഞ്ഞിരിക്കുന്ന “അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു” എന്നത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ നിവർത്തിയായി (To make reconciliation for iniquity).

 

റോമർ 3: 25, 26 

25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,

26 താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.

 

എബ്രായർ 2: 17 അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.    

 

25 ആം വാക്യം മുതൽ ഗബ്രിയേല്‍, ഈ കാലഘട്ടത്തിൽ സംഭവിക്കുനാരിക്കുന്ന സംഭവങ്ങളുടെ ഒരു പട്ടിക പറയുന്നു. ഇതിൽ ഓരോന്നിനെക്കുറിച്ചും വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ വേദ പണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്.

1.       കഷ്ടകാലങ്ങളിൽ തന്നേ യെരൂശലേം വീണ്ടും പണിയപ്പെടും.

2.     അഭിഷിക്തനായോരു പ്രഭു (മശീഹ) പ്രത്യക്ഷനാകും.

3.     അഭിഷിക്തൻ ഛേദിക്കപ്പെടും; മശീഹ കൊല്ലപ്പെടും

4.     അവന്റെ മരണ ശേഷം യെരൂശലേമിനേയും, ദൈവാലയത്തേയും, “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം” തകര്‍ക്കും.

5.     അവൻ (വരുവാനിരിക്കുന്ന പ്രഭു/എതിർ ക്രിസ്തു, യേശുക്രിസ്തു) ഒരു ഉടമ്പടി ഉറപ്പിക്കും.

6.     മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും (എതിർ ക്രിസ്തു)

7.     അവന്റെ (എതിർ ക്രിസ്തുവിന്റെ) ഭരണത്തിന് സമാപ്തി ഉണ്ടാകും.

  

ബാബേലിലെ പ്രവാസത്തില്‍ നിന്നും യിസ്രായേല്‍ ജനം 538 BC മുതല്‍ സ്വന്ത ദേശത്തേക്ക് തിരികെ വരുവാന്‍ തുടങ്ങി. അവര്‍ യെരൂശലേം പട്ടണത്തെയും ദൈവാലയത്തെയും പുതുക്കി പണിതു. എന്നാല്‍ ദൈവം ഇവിടെ നല്‍കുന്ന 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള വെളിപ്പാട് മറ്റൊരു കാലഘട്ടത്തെക്കുറിച്ചുള്ള ദൈവീക ക്രമീകരണം ആണ്. ഈ കാലഘട്ടം ആരംഭിക്കുന്നത് BC 445 ല്‍ ആണ്.

 

 (ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക)

 

70 ആഴ്ചവട്ടം

 

പ്രവചനത്തിലെ 70 ആഴ്ചവട്ടം എന്നത് 490 വര്‍ഷങ്ങള്‍ ആണ്. ഒരു ആഴ്ചയില്‍ 7 ദിവസങ്ങള്‍ ആണ് ഉള്ളത്. അത് പ്രവചനത്തില്‍ 7 വര്‍ഷങ്ങള്‍ ആയി കണക്കാക്കപ്പെടുന്നു. അങ്ങനെ 7 വര്‍ഷങ്ങളുടെ 70 വര്‍ഷങ്ങള്‍ 490 വര്‍ഷങ്ങള്‍ ആകും.

 

സംഖ്യാപുസ്തകം 14: 34 ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകൽച അറിയും.

 

കനാൻ ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച 12 പേരിൽ 10 പേർ അവിശ്വാസത്തിന്റെ വാർത്ത പറഞ്ഞപ്പോൾ, ജനമെല്ലാം അവരോട് കൂടെച്ചേർന്നു ദൈവത്തെ തള്ളിപ്പറഞ്ഞു. അപ്പോൾ ദൈവം അവർക്കു നല്കിയ ശിക്ഷയാണ് ഈ വാക്യത്തിൽ ഉള്ളത്. മോശെ അയച്ച ഗോത്ര പിതാക്കന്മാർ, 40 ദിവസങ്ങൾ കനാൻ ദേശത്തെ ചുറ്റിനടന്നു നോക്കി. ഓരോ ദിവസത്തിന് ഒരു വർഷം എന്ന നിലയിൽ, 40 വർഷങ്ങൾ അവർ മരുഭൂമിയിൽ ഉഴന്നുനടന്നു. അവിശ്വസിച്ച ജനം മരുഭൂമിയിൽ വച്ച് മരിച്ചു.  

 

യേഹേസ്കേൽ 4: 5, 6 വാക്യങ്ങളിലും ഇതുപോലെ, സംവത്സരങ്ങളെ ദിവസങ്ങളായി എണ്ണുന്ന രീതി കാണാം.  

 

ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ, ദാനിയേലിന്റെ 70 ആഴ്ചവട്ടത്തെ 490 വർഷങ്ങളായി കണക്കാക്കാം.

 

ഒരു ആഴ്ച                       = 7 ദിവസങ്ങള്‍

ഒരു പ്രവചന ദിവസം    = 1 വര്‍ഷം

ഒരു ആഴ്കവട്ടം                = 7 വര്‍ഷങ്ങള്‍

70 ആഴ്ചവട്ടം                 = 7 x 70 = 490 വര്‍ഷങ്ങള്‍

 

ഗബ്രിയേല്‍ നല്കിയ ഈ വെളിപ്പാടു യിസ്രായേല്‍ ജനത്തിനുള്ളതാണ്, അവരുടെ ഭാവി ചരിത്രമാണ്. ഇത് പുതിയനിയമ സഭയുടെ സമ്പൂർണ്ണ ഭാവി ചരിത്രമല്ല. “നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.” എന്നാണ് ഗബ്രിയേൽ പറഞ്ഞത്. (ദാനിയേല്‍ 9: 24). എന്നാൽ പഴയനിയമ സഭയും പുതിയനിയമ സഭയും തമ്മിലുള്ള വേർതിരിവ് നേർത്തത് ആയതിനാൽ ഇതിൽ പുതിയനിയമ കാലവും ഉലപ്പെടും. പതിയ നിയമ സഭയ്ക്ക് എന്ത് സംഭവിക്കും എന്നല്ല മുഖ്യ വിഷയം എങ്കിലും സഭയെ ബാധിക്കുന്ന സംഭവങ്ങളും ഇതിൽ ഉണ്ട്. ഇതിൽ യേശു ക്രിസ്തുവിന്റെ ഒന്നാമത്തെ വരവും, ക്രശീകരണവും ഉൾപ്പെടുന്നു. ഗബ്രിയേൽ അറിയിച്ച പ്രവചനങ്ങൾ എതിർ ക്രിസ്തുവിന്റെ അവസാനം വരെ നീളുന്ന കാലത്തേക്കുറിച്ച് ഉള്ളതാണ്. എന്നാൽ ഇതെല്ലാം യഹൂദ ജനവുമായി ബന്ധപ്പെടുത്തിയാണ് ഗബ്രിയേൽ ദൂതൻ പറയുന്നത്.

 

ദാനിയേല്‍ 9: 25 ആം വാക്യത്തില്‍ പറയുന്നതനുസരിച്ച്, ഈ പ്രവചനത്തിലെ 70 ആഴ്ചവട്ടം “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ” ആരംഭിക്കും. യെരൂശലേം ദൈവാലത്തെയും പട്ടണത്തെയും പുതുക്കി പണിയുവാന്‍ മേദ്യ-പര്‍സ്യ രാജാക്കന്മാര്‍ കല്പന പുറപ്പെടുവിക്കുന്നത് 4 സന്ദര്‍ഭങ്ങളില്‍ ആണ്. അപ്പോഴെല്ലാം കുറെ യഹൂദന്‍മാർ ബാബേല്‍ പ്രവാസത്തില്‍ നിന്നും യെരൂശലേമിലെക്ക് തിരികെ പോയി.

 

BC 538 -    യെരൂശലേം ദൈവാലയം പുനര്‍ നിര്‍മ്മിക്കുവാന്‍ പാര്‍ശി രാജാവായ കോരെശ് (Cyrus) കല്‍പ്പനയിറക്കി (2 ദിനാവൃത്താന്തം 36: 22, 23; എസ്രാ 1: 1-4; 5: 13; 6: 1-5)

BC 520 -    ദാര്‍യ്യവേശ് രാജാവ് (Darius I), കോരെശിന്റെ ഉത്തരവിനെ ഉറപ്പിച്ചുകൊണ്ട് വീണ്ടും കല്‍പ്പനയിറക്കി. (എസ്രാ 6: 1, 6-12).

BC 458 -    പാർസിരാജാവായ അർത്ഥഹ് ശഷ്ടാവ്, അവന്റെ വാഴ്ചയുടെ 7 ആം ആണ്ടിൽ മറ്റൊരു കല്‍പ്പനയിറക്കി (Artaxerxes Longimanus’, എസ്രാ 7: 11–26) 

BC 445 -    അർത്ഥഹ് ശഷ്ടാവ്, അവന്റെ വാഴ്ചയുടെ 20 ആം ആണ്ടിൽ യെരൂശലേം പട്ടണത്തെ പുതുക്കി പണിയുവാന്‍ രണ്ടാമതൊരു കല്‍പ്പനയിറക്കി. (Artaxerxes Longimanus’, നെഹെമ്യാവ് 2: 1-8)

 

യഹൂദന്മാര്‍ക്ക് പ്രവാസത്തില്‍ നിന്നും തിരികെ പോയി യെരുശലെമിനെയും ദൈവാലയത്തെയും പുതുക്കിപണിയുവാനുള്ള സ്വാതന്ത്രം പ്രഖ്യാപിച്ച രാജാവ് എന്ന നിലയില്‍ കോരേശ് പ്രസിദ്ധന്‍ ആണ്. കോരെശ് ഒരു ബഹുദൈവ വിശ്വാസി ആയിരുന്നതിനാല്‍, അവന്‍ യഹോവയായ ദൈവത്തെ ആരാധിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല. അവന്റെ കല്പനയിൽ പറയുന്ന വാചകം, ബഹുദൈവ വിശ്വാസത്തിന് ഉദാഹരണം ആണ്.

 

എസ്രാ 1: 3 ... യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.

  

അതിനാല്‍, യെരൂശലേം ദൈവാലയം പുതിക്കി പണിയുവാന്‍ യഹൂദന്‍മാര്‍ക്ക് അവന്‍ അധികാരം നല്കി. പ്രവാസത്തിലുള്ളവര്‍ക്ക്  ആലയത്തിന്റെ പണിക്കായി തിരികെ പോകുവാനും അവന്‍ സ്വാതന്ത്ര്യം നല്കി. ഇത് നെബൂഖദുനേസർ രാജാവു യെരൂശലേം ദൈവാലയത്തെ തകര്‍ത്തതിന്, ഏകദേശം 50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചു.

 

കോരെശ് ഇപ്രകാരം, യഹൂദന്മാർക്ക്, യെരൂശലെം ദൈവാലയം പുതുക്കിപ്പണിയുവാൻ കൽപ്പന പുറപ്പെടുവിക്കും എന്നു യെശയ്യാവ് പ്രവാചകനിലൂടെ ദൈവം മുന്നമേ അറിയിച്ചിട്ടുണ്ട്.

 

യെശയ്യാവ് 44: 28 കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.

 

കോരാശിന്റെ കല്പനയെക്കുറിച്ച് എസ്രാ വിവരിക്കുന്നതിങ്ങനെയാണ്:

 

എസ്രാ 1: 1, 2, 3  

1     യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ടു അവൻ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:

2    പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു.

3    നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.

 

കോരെശിന്റെ കല്പനയോടെ, എസ്രാ, സെരുബ്ബാബേൽ എന്നിവരോടുകൂടെ ഏകദേശം അന്‍പത്തിനായിരത്തോളം യഹൂദന്മാര്‍ സ്വന്ത ദേശത്തേക്കു തിരികെ പോയി. അതിനു ശേഷം നെഹെമ്യാവുവിന്റെ കൂടെയും അനേകര്‍ തിരികെ പോയിട്ടുണ്ടാകും. അവര്‍ യെരൂശലേമില്‍ എത്തി, ദൈവാലയം പുതുക്കി പണിതു. ഘട്ടം ഘട്ടമായി ആലയത്തിന്റെ പണി 515 BC ല്‍ പൂര്‍ത്തിയാക്കി. ശലോമോന്റെ ദൈവാലയത്തിന്‍റെ പരിമിതമായ ഒരു രൂപം മാത്രമേ അവര്‍ക്ക് പുനസൃഷ്ടിക്കുവാന്‍ കഴിഞ്ഞുള്ളൂ. ഇതിനെ ആണ് രണ്ടാമത്തെ ദൈവാലയം എന്നു വിളിക്കുന്നത്.

 

യഹൂദന്മാർക്ക് പ്രവാസ ജീവിതത്തിൽ നിന്നും തിരികെ സ്വന്ത ദേശത്തേക്ക് പോകുവാനും അവിടെ യഹോവയായ ദൈവത്തിന് ആലയം നിർമ്മിക്കുവാനും ഉള്ള രാജകീയ കൽപ്പന ആദ്യമായി പുറപ്പെടുവിച്ചത് കോരെശ് ആയിരുന്നു. എന്നാൽ ഈ കല്പനയോടെയല്ല ദാനിയേലിന്റെ 70 ആഴ്ചവട്ടം ആരംഭിക്കുന്നത്.

 

ഒന്നാമത്തെയും രണ്ടാമത്തെയും കൽപ്പനകൾ, യെരൂശലേം ദൈവാലയത്തെ പുതുക്കി പണിയുവാൻ ഉള്ളതായിരുന്നു. കോരെശ്, ദാര്‍യ്യവേശ്, എന്നിവരുടെ കല്‍പ്പനകളിലും അർത്ഥഹ് ശഷ്ടാവ് രാജാവിന്റെ ആദ്യത്തെ കല്‍പ്പനയിലും യെരൂശലേം പട്ടണത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് പറയുന്നില്ല. മൂന്നാമത്തെ കല്പനയിൽ, അതായത്, അർത്ഥഹ് ശഷ്ടാവ് രാജാവിന്റെ ആദ്യത്തെ കല്‍പ്പനയിൽ, യെരൂശലേമിൽ നീതിന്യായ വ്യവസ്ഥ സ്ഥാപിക്കുവാൻ രാജാവ് കൽപ്പിച്ചു.  

 

എസ്രാ 7: 25, 26  

25 നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.

26 എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.

 

നെഹെമ്യാവിന് നല്കിയ നാലാമത്തെ കല്പനയിലാണ് യെരൂശലേം പട്ടണത്തെ പുതുക്കിപ്പണിയുവാനുള്ള ഉത്തരവ് ഉള്ളത്. ഇത്, 445 BC ല്‍ അർത്ഥഹ് ശഷ്ടാവ് പുറപ്പെടുവിച്ച രണ്ടാമത്തെ കല്‍പ്പനയാണ്. ഗബ്രിയേല്‍ അറിയിച്ച ദൂത് “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ” ആരംഭിക്കുന്ന 70 ആഴ്ചവട്ടത്തെക്കുറിച്ചാണ്. അതിനാല്‍ ഈ പ്രവചനം 445 BC മുതല്‍ ആരംഭിക്കുന്ന ഒരു കാലഘട്ടത്തേക്കുറിച്ചുള്ളതാണ്.   

 

യെരൂശലേം പട്ടണത്തിന്റെ പുനര്‍ നിര്‍മ്മാണം, യഹൂദന്മാരുടെ ആദ്യത്തെ കൂട്ടം ബാബേല്‍ പ്രവാസത്തിലേക്ക് പോയതിന്റെ 90 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരംഭിച്ചു. യെരൂശലേം പട്ടണത്തിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ ദാനീയേലിന്റെ ദര്‍ശനത്തിലെ 70 ആഴ്ചവട്ടം ആരംഭിക്കുന്നു. 

 

പ്രവചനത്തിലെ 70 ആഴ്ചവട്ടത്തെ ഗബ്രിയേല്‍ ദൂതന്‍ മൂന്നു കാലഘട്ടമായി തിരിക്കുന്നു.

 

1.       ഏഴ് പ്രവചന ആഴ്ചവട്ടം   7  x      7  =   49 വര്‍ഷങ്ങള്‍

2.     62 പ്രവചന ആഴ്ചവട്ടം      7  x   62  = 434 വര്‍ഷങ്ങള്‍

3.     ഒരു പ്രവചന ആഴ്ചവട്ടം   7  x      1   =      7 വര്‍ഷങ്ങള്‍

 

പ്രവചന വ്യാഖ്യാനം

 

ഏഴ് പ്രവചന ആഴ്ചവട്ടം – 49 വര്‍ഷങ്ങള്‍

 

ഗബ്രിയേല്‍ ദൂതന്‍ അറിയിച്ച 70 ആഴ്ചവട്ടത്തിലെ ആദ്യത്തെ 69 വര്‍ഷങ്ങളെ, ആദ്യത്തെ 7 വര്‍ഷങ്ങള്‍, അതിനുശേഷമുള്ള 62 വര്‍ഷങ്ങള്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ 7 വര്‍ഷങ്ങളില്‍ ആണ് യെരൂശലേം പട്ടണം പുതുക്കി പണിയുന്നത്. ഇത് 49 വര്‍ഷങ്ങള്‍ ആണ്.  

 

യെരൂശലേം പട്ടണത്തെ പുനര്‍നിമ്മിക്കുവാനായി, മേദ്യ-പാര്‍സ്യ രാജാക്കന്‍മാര്‍ എസ്രാ, നെഹെമ്യാവ് എന്നിവരെ അധികാരപ്പെടുത്തി. അവിടെ നിയമവാഴ്ച സ്ഥാപിക്കുവാനും അവര്‍ക്ക് അധികാരം ഉണ്ടായിരുന്നു. ഈ ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍, BC 445 ല്‍ അർത്ഥഹ് ശഷ്ടാവ് കല്‍പ്പന പുറപ്പെടുവിച്ചത് മുതല്‍ 49 വര്‍ഷങ്ങള്‍ വേണ്ടി വന്നു. അങ്ങനെ BC 395 ല്‍ യെരൂശലേം പട്ടണത്തിന്റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.

 

ദാനിയേൽ 9: 25 ൽ ഗബ്രിയേൽ ദൂതൻ പറഞ്ഞത്, യെരൂശലേമിനെ “വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും” എന്നാണ്. ഈ കഷ്ടകാലം എന്താണ് എന്നു ദൂതൻ വിശദീകരിച്ചില്ല. അത് ഒരു പക്ഷെ, അതിന്റെ പുനർ നിർമ്മാണ വേളയിൽ ഉണ്ടായ എതിർപ്പുകൾ ആകാം.

 

നെഹെമ്യാവ്, അർത്ഥഹ് ശഷ്ടാ രാജാവിന്റെ 2 ആം ആണ്ടിൽ ആണ്, അദ്ദേഹത്തിന്റെ പാനപാത്ര വാഹകനായി ജോലി ചെയ്യുന്നത്. ഒരു ദിവസം, നെഹെമ്യാവുവിനെ ദുഖിതൻ ആയി കണ്ട രാജാവ് അതിന്റെ കാരണം തിരക്കി. നെഹമ്യാവ് രാജ്യമുമ്പാകെ ഇങ്ങനെ ബോധിപ്പിച്ചു:

 

നെഹെമ്യാവ് 2: 3, 5

3    അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.

 

5    രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.   

 

അങ്ങനെ, രാജാവ്, യെരൂശലേമിനെ പുതുക്കിപ്പണിയുവാൻ കല്പന കൊടുത്തു. യെരൂശലേമിൽ ചെന്ന നെഹെമ്യാവ്, രാത്രിയിൽ പട്ടണം ചുറ്റി നടന്നു നോക്കി.

 

നെഹെമ്യാവ് 2: 13 ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.

 

എന്നാൽ നെഹെമ്യാവിന്റെ വരവും പ്രവർത്തനങ്ങളും, ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവ് എന്നിവർക്ക് അനിഷ്ടമായി. അവർ പട്ടണത്തിന്റെ പണിയെ ശല്യം ചെയ്തുകൊണ്ടിരുന്നു.

 

സൻബല്ലത്ത് ഒരു മോവാബ്യനും തോബീയാവ് ഒരു അമ്മോന്യനും ആയിരുന്നു. അവർ, മേദ്യ-പാർസ്യ സാമ്രാജ്യത്തിന് കീഴിൽ, ശമര്യയുടെ പ്രാദേശിക ഭരണാധികാരികൾ ആയിരുന്നു. ഇവരുടെ എതിർപ്പുകൾക്ക് ഇടയിലാണ് യെരൂശലേമിനെ പുതുക്കി പണിതത്. അതായത്, ദാനിയേൽ പ്രവചനത്തിൽ പറയുന്നതുപോലെ തന്നെ, യെരൂശലേമിനെ കഷ്ടകാലങ്ങളില്‍ തന്നെ വീണ്ടും പണിതു.

 

“.... അതിനെ (യെരൂശലേം പട്ടണത്തെ) വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും” എന്ന പ്രവചനത്തിന്, ചരിത്രപരമായ ഒരു വ്യാഖ്യാനം കൂടി ഉണ്ട്. (ദാനിയേല്‍ 9: 25). ഇത് ഗ്രീക്ക് ചക്രവർത്തി ആന്റിഓക്കസ് നാലാമൻ എപ്പിഫാനെസ് ന്റെ കാലത്തുണ്ടായ അതിക്രമങ്ങൾ ആണ് എന്നു ചില വേദ പണ്ഡിതന്മാർ കരുതുന്നു. (Greek Empire, Antiochus IV Epiphanes).

 

അലക്സാണ്ടര്‍ ചക്രവർത്തി യുടെ മരണശേഷം, ഗ്രീക്ക് സാമ്രാജ്യം പ്രധാനമായും മൂന്നായി വിഭജിക്കപ്പെട്ടു. അതില്‍ ഒന്ന് അന്ത്യോക്യായിലെ സിറിയ, മെസപ്പൊത്താമ്യയിലെ (ഇറാഖ്) സെലൂസിയ എന്നീ രണ്ട് തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രൂപീകരിച്ച സെലൂസിഡ് സാമ്രാജ്യം ആയിരുന്നു. വളരെ വിശാലമായ ഒരു സാമ്രാജ്യം ആയിരുന്നതിനാലാണ് അതിന് രണ്ട് ഭരണ തലസ്ഥാനങ്ങൾ ഉണ്ടായിരുന്നത്.

 

യഹൂദ്യ ദേശം സെലൂസിഡ് സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു. അവരുടെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ യഹൂദന്‍മാര്‍ക്ക് പൂര്‍ണ്ണമായ മത സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍, 175 BC ല്‍ അന്‍റിഒക്കസ് നാലാമന്‍ എപ്പിഫാനെസ് (Antiochus IV Epiphanes, reign 175 - 164 BC) എന്ന രാജാവ് അധികാരത്തില്‍ വന്നപ്പോള്‍ അവരുടെ സ്വാതന്ത്ര്യം അപകടത്തില്‍ ആയി. അതിനാൽ, യഹൂദ്യയിൽ ഗ്രീക്ക് സംസ്കാരം അടിച്ചേൽപ്പിക്കുന്നതിന് എതിരെ, കലാപങ്ങൾ ഉണ്ടായി. 167 BC ൽ ഈജിപ്തിനെ ആക്രമിച്ചതിനു ശേഷം തിരികെ പോകുമ്പോൾ, അദ്ദേഹം യെരൂശലേമിനെ ആക്രമിച്ചു, കലാപങ്ങളെ അടിച്ചമർത്തി, അതിന്റെമേൽ പരിപൂർണ്ണ അധികാരം നിലനിറുത്തി.

 

അന്‍റിഒക്കസ്, സാമ്രാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രീക്ക് സംസ്കാരവും ജീവിത രീതികളും, ഗ്രീക് മതവും നിര്‍ബന്ധിതമാക്കി. അങ്ങനെ യെഹൂദ്യയിലും, ശബത്ത് ആചരണവും പരിച്ഛേദനയും നിറുത്തലാക്കി. യെരൂശലേം ദൈവാലയത്തില്‍ ഗ്രീക് ദേവനായ സിയൂസ് ദേവന്‍റെ പ്രതിമ സ്ഥാപിച്ചു, അതിനെ ആരാധിക്കുവാനും അതിന് യാഗം അര്‍പ്പിക്കുവാനും യഹൂദന്മാരോടു കല്‍പ്പിക്കുകയും ചെയ്തു.

 

ഇതിനെക്കുറിച്ച് ആയിരിക്കാം ഗബ്രിയേൽ ദൂതൻ, യെരൂശലേം പട്ടണത്തെ “കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും” എന്നു പ്രവചിച്ചത്. (ദാനിയേല്‍ 9: 25).

 

62 പ്രവചന ആഴ്ചവട്ടം – 434 വര്‍ഷങ്ങള്‍

 

70 ആഴ്ചവട്ടത്തിലെ രണ്ടാമത്തെ ഘട്ടം 62 പ്രവചന ആഴ്ചവട്ടം ആണ്. ഇത് 434 വർഷങ്ങൾ ആണ്. ഇത് യെരൂശലേം പട്ടണത്തിന്റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായത് മുതലുള്ള 434 വര്‍ഷങ്ങള്‍ ആണ്. ഈ കാലഘട്ടം അവസാനിക്കുന്നത് അഭിഷിക്തനായോരു പ്രഭുവിന്റെ (മശീഹയുടെ) വരവോടെയാണ്.

 

ദാനിയേല്‍ 9: 25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.

 

Daniel 9: 25 "Know therefore and understand, That from the going forth of the command To restore and build Jerusalem Until Messiah the Prince, There shall be seven weeks and sixty-two weeks; The street shall be built again, and the wall, Even in troublesome times. (NKJV)

 

Daniel 9: 25 “Know and understand this: From the time the word goes out to restore and rebuild Jerusalem until the Anointed One, the ruler, comes, there will be seven ‘sevens,’ and sixty-two ‘sevens.’ It will be rebuilt with streets and a trench, but in times of trouble. (NIV)

 

ഇവിടെ മലയാളത്തിലുള്ള വിവര്‍ത്തനത്തില്‍ ചെറിയ ഒരു ആശയക്കുഴപ്പം ഉണ്ട്. അത് ശരിയായ സ്ഥലത്ത് വിരാമചിഹ്നം ഇല്ലാത്തതിനാലാണ്. വാക്യം ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്:

 

അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടവും, അറുപത്തുരണ്ടു ആഴ്ചവട്ടവും ഉണ്ടായിരിക്കും. അതിനെ (യെരൂശലേം പട്ടണത്തെ) വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.

 

അതായത്, യെരൂശലേം പുനര്‍നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞ് മശീഹയുടെ വരവ് വരെ 62 ആഴ്കവട്ടം ഉണ്ടായിരിക്കും. അത് 434 വര്‍ഷങ്ങള്‍ ആണ്. ദാനിയേല്‍ 9: 26 ആം വാക്യം അനുസരിച്ചു 62 ആഴ്ചവട്ടം കഴിയുമ്പോള്‍ അഭിഷിക്തന്‍ (മശീഹ) കൊല്ലപ്പെടും.   

 

ദാനിയേല്‍ 9: 26 അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; ....

 

പഴയനിയമ കാലത്ത്, യഹൂദന്മാരുടെ ഒരു വർഷത്തിന് 360 ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് എങ്കിൽ, 70 ആഴ്ചവട്ടം എന്നത് 1,76,400 ദിവസങ്ങൾ ആണ്. ഇതിനെ നമ്മളുടെ സോളാർ കലണ്ടർ (solar calendar) പ്രകാരം, 365 ദിവസങ്ങൾ ഉള്ള വർഷങ്ങൾ ആക്കിയാൽ, അത് 483 വർഷങ്ങൾ ആകും.

 

70     x            7   =   490

490 x       360   =   1,76,400

1,76,400 / 365 =   483.287

 

69 ആഴ്ചവട്ടം എന്നത് 1,73,880 ദിവസങ്ങൾ ആണ്. ഇതിനെ നമ്മളുടെ സോളാർ കലണ്ടർ പ്രകാരം, 365 ദിവസങ്ങൾ ഉള്ള വർഷങ്ങൾ ആക്കിയാൽ, അത് 476 വർഷങ്ങൾ ആകും.

 

69    x           7   =   483

483 x       360 =   1,73,880

1,73,880 / 365 =   476.383

 

യെരൂശലേം പട്ടണത്തിന്റെ പുനർ നിർമ്മാണത്തിന് രാജകീയ കല്പന പുറപ്പെടുന്ന നാൾ മുതൽ “അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; 69 ആഴ്ചവട്ടം എന്നത്, 483 വർഷങ്ങൾ ആണ്. അത് നമ്മളുടെ 476 വർഷങ്ങൾ ആണ്.

 

യെരൂശലേമിനെ പുതുക്കിപ്പണിയുവാൻ അർത്ഥഹ് ശഷ്ടാവ് രാജാവിന്റെ രണ്ടാമത്തെ കൽപ്പന ഉണ്ടായത് 445/444 BC ൽ ആണ്. ഇതിനെ 476 വർഷങ്ങൾ കൊണ്ട് ക്രമീകരിച്ചാൽ, അത് 32/33 AD ആകും. ഇതേ വർഷമാണ് യേശുക്രിസ്തു യെരൂശലേം പട്ടണത്തിലേക്ക് രാജാവായി കഴുതപ്പുറത്ത് പ്രവേശിച്ചത്. അവൻ യെരൂശലേമിലേക്കും ദൈവാലയത്തിലേക്കും പ്രവേശിക്കുന്നത് തിങ്കളാഴ്ച ആണ്. (Matthew 21:1-9; Mark 11:1-10; Luke 19:28-44). അതേ ആഴ്ചയിൽ, വെള്ളിയാഴ്ച, അവൻ ക്രൂശിക്കപ്പെടുകയും ചെയ്തു. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവിന്റെയും ക്രൂശീകരണത്തിന്റെയും വ്യക്തമായ ഒരു പ്രവചനമാണിത്. “അവന്നു ആരും ഇല്ലെന്നു വരും” എന്നത്, യേശുവിന്റെ വിചാരണയിലും ക്രൂശീകരണത്തിലും ശിഷ്യന്മാർ പോലും അവനെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു എന്നത് ആയിരിക്കാം. അങ്ങനെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായാണ് യേശു ക്രൂശിക്കപ്പെട്ടത്.

 

ഇവിടെ നമ്മള്‍ ഒരു കാര്യം കൂടെ ശ്രദ്ധിക്കേണം. മശീഹ കൊല്ലപ്പെടുന്നത് 62 ആഴ്ചവട്ടം കഴിയുമ്പോള്‍ ആണ്. അതായത് BC 445 ല്‍ അർത്ഥഹ് ശഷ്ടാവ് രാജാവ് യെരൂശലേം പണിയുവാന്‍ കല്പന പുറപ്പെടുവിച്ച് 69 ആഴ്ചവട്ടം കഴിയുമ്പോള്‍ മശീഹ കൊല്ലപ്പെടും. അത് 32/33 AD ൽ സംഭവിച്ചു. ദാനീയേലിന്റെ 70 ആഴ്ചവട്ടത്തിലെ ഒരു ആഴ്ചവട്ടം കൂടി ഇനി ബാക്കിയുണ്ട്. എന്നാല്‍ അഭിഷിക്തന്‍ കൊല്ലപ്പെടുന്നത് അവസാനത്തെ ഒരു ആഴ്ചവട്ടത്തില്‍ അല്ല. അതിന്റെ അര്‍ത്ഥം അർത്ഥഹ് ശഷ്ടാവിന്റെ കല്പനയ്ക്കു ശേഷമുള്ള 69 ആഴ്ചവട്ടത്തിനും അവസാനത്തെ ഒരു ആഴ്ചവട്ടത്തിനും ഇടയില്‍ ചില സംഭവങ്ങളുടെ ഇടവേളയുണ്ട്.

 

യെരൂശലേമിന്റെ പുനര്‍നിര്‍മ്മാണത്തിന് ശേഷമുള്ള 62 ആഴ്ചവട്ടത്തിനും അഭിഷിക്തൻ ഛേദിക്കപ്പെട്ടതിനും ശേഷം ഒരു വലിയ ചരിത്ര സംഭവം ഉണ്ടാകും എന്ന് ഗബ്രിയേല്‍ ദൂതന്‍ ദാനീയേലിനെ അറിയിച്ചു.

 

ദാനിയേല്‍ 9: 26 ... പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ഗബ്രിയേൽ ദൂതൻ ഇവിടെ പറയുന്നത്, അഭിഷിക്തൻ ഛേദിക്കപ്പെട്ട് കഴിയുമ്പോൾ, “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും” എന്നാണ്. ഈ സംഭത്തെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ട്. ഇത് പ്രതികാരകാലം ആകുന്നു എന്നും യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. ഇത് യഹൂദന്മാരുടെ മേൽ സംഭവിക്കുവാനിരിക്കുന്ന പ്രതികാര കാലം ആയിരുന്നു. 

 

ലൂക്കോസ് 21: 22 – 24

22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.

23 ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും.

24 അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.

 

ഈ സംഭവങ്ങൾ എപ്പോൾ നടക്കും എന്നത് ഏകദേശം യേശു പ്രവചിച്ചിരുന്നു:

 

ലൂക്കോസ് 21: 32 സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല ” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

 

അതിനാൽ, ദാനിയേൽ 26 ലെ പ്രവചനങ്ങളും യേശുക്രിസ്തു പറഞ്ഞ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്, 70 AD യിലെ റോമൻ ആക്രമണവും യെരൂശലേമിന്റെ തകർച്ചയുമാണ്. റോമന്‍ സൈന്യം ദൈവാലയത്തെയും യെരൂശലേം പട്ടണത്തെയും തീവച്ച് നശിപ്പിച്ചു. യഹൂദ ജനം പല ദേശത്തേക്കു ചിതറിപ്പോയി.

 

പ്രളയം” എന്ന വാക്ക് വലിയ നാശത്തെ കാണിക്കുന്നു. പട്ടണവും ദൈവാലയവും നശിപ്പിക്കപ്പെട്ട സമയത്ത്, യഹൂദ കലാപകാരികളുമായി ഉണ്ടായ യുദ്ധത്തിൽ, അനേകമായിരം യഹൂദന്മാർ കൊല്ലപ്പെട്ടു. ഇതിൽ സാധാരണ യഹൂദന്മാരും ഉൾപ്പെടും. അവരുടെ രക്തം പുഴപ്പോലെ പട്ടണത്തിലൂടെ ഒഴുകി എന്നാണ് ചരിത്രകാരനായ ജൊസിഫെസ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഒരു പ്രവചന ആഴ്ചവട്ടം – 7 വര്‍ഷങ്ങള്‍

 

ദാനിയേലിന്റെ 70 ആഴ്ചവട്ടത്തിലെ ആദ്യത്തെ 7 ഉം 62 ഉം വർഷങ്ങൾ മനുഷ്യ ചരിത്രത്തിൽ നിവർത്തിച്ചു കഴിഞ്ഞു. 70 ആഴ്ചവട്ടത്തിൽ ഇനിയും ഒരു ആഴ്ചവട്ടം കൂടി, അതായത് 7 വർഷങ്ങൾ കൂടി നിവര്‍ത്തിയാകുവാനുണ്ട്. 69 നും 70 നും ഇടയ്ക്ക് കാലത്തിന്റെ ഒരു വലിയ വിടവ് ഉണ്ട് എന്നു പണ്ഡിതന്മാർ വിശ്വസിക്കുന്നു. 69 ആഴ്ചവട്ടത്തിന് ശേഷം പ്രവചന ഘടികാരം തലക്കാലികമായി നിന്നിരിക്കുന്നു. 7 ആമത്തെ ആഴ്ചവട്ടത്തെ, എതിർ ക്രിസ്തുവിന്റെ ഭരണകാലമായും, മഹാ ഉപദ്രവ കാലമായും വേദ പണ്ഡിതന്മാർ കാണുന്നു. 

 

ദാനിയേല്‍ 9: 26, 27  

26  അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

27  അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.

 

ദാനിയേല്‍ 9: 26 ല്‍ “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് 70 AD ൽ യെരൂശലേം പട്ടണവും ദൈവാലയവും തകർക്കപ്പെട്ടപ്പോൾ, “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം” ആണ് യെരൂശലേമിനെതിരെ വന്നത്. “വരുവാനിരിക്കുന്ന പ്രഭു” ഇനിയും ഭാവിയില്‍ വരുവാനിരിക്കുന്നതേയുള്ളൂ.

 

യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ശേഷമാണ് “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും” എന്ന പ്രവചനം നിവർത്തിക്കപ്പെടുന്നത്. വരുവാനിരിക്കുന്ന പടജ്ജനത്തിന്റെ “പ്രഭു” ആരാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. “വരുവാനിരിക്കുന്ന പ്രഭു”, “അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും” എന്നിവ എതിർ ക്രിസ്തുവിനെക്കുറിച്ചാണ് എന്നു അഭിപ്രായം ഉണ്ട്. “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം” റോമൻ സൈന്യം 70 AD യെരൂശലേമിനെ ആക്രമിക്കുന്നതിനെ സൂചിപ്പിക്കുന്നു. യേശുക്രിസ്തുവും ഈ സംഭവം പ്രവചിച്ചിട്ടുണ്ട്.

 

ലൂക്കോസ് 21: 20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

 

വരുവാനിരിക്കുന്ന പ്രഭു” എന്നത്, ഭാവിയിൽ വരുവാനിരിക്കുന്ന ഒരു ഭരണാധികാരിയെ സൂചിപ്പിക്കുന്നു. ഇത് എതിർ ക്രിസ്തുവാണ്. ഈ വാക്യം അനുസരിച്ച്, എതിർ ക്രിസ്തുവിന്, റോമൻ സാമ്രാജ്യവുമായി ബന്ധം ഉണ്ടായിരിക്കേണം. റോമൻ സൈന്യമാണ് യെരൂശലേമിനെയും ദൈവാലയത്തെയും തകർത്തത്. 

 

ഗബ്രിയേൽ ദൂതൻ, അവസാനത്തെ 7 വർഷങ്ങളെ, മൂന്നര വർഷങ്ങൾ വീതമുള്ള, രണ്ട് കാലഘട്ടമായി വിഭജിക്കുന്നുണ്ട്. ഇതിൽ ഒന്നാമത്തെ ഘട്ടത്തിൽ “വരുവാനിരിക്കുന്ന പ്രഭു” പ്രത്യക്ഷനാകും. അവന്‍ യിസ്രായേലും മറ്റ് രാജ്യങ്ങളുമായും ഒരു ഉടമ്പടി ചെയ്യും (Then he shall confirm a covenant with many for one weekNKJV). ഉടമ്പടി 7 വര്‍ഷത്തേക്ക് ഉള്ളതായിരിക്കും (ദാനിയേല്‍ 9: 27).

 

“ആഴ്ചവട്ടത്തിന്റെ മദ്ധ്യേ” എന്നത്, അവസാനത്തെ 7 ഏഴു വർഷങ്ങളുടെ മദ്ധ്യേ ആയിരിക്കേണം. അത് 7 ൽ ആദ്യത്തെ മൂന്നര വർഷം കഴിയുമ്പോൾ ആകേണം. അപ്പോൾ, “അവൻ (എതിർ ക്രിസ്തു) ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിക്കളയും”. അവന്‍ വിശുദ്ധ സ്ഥലത്ത് ശൂന്യമാക്കുന്ന മ്ളേച്ഛത സ്ഥാപിക്കും (ദാനിയേല്‍ 9: 27; മത്തായി 24: 15). അന്ത്യത്തില്‍ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തി ശൂന്യമാക്കുന്നവന്റെമേൽ ചൊരിയും.

 

ദാനിയേൽ 9: 27 ൽ “മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും;” എന്നും പറയുന്നുണ്ട്. ഇത് തീർച്ചയായും എതിർ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമാണ്. “ചിറക്” അതിന്റെ വേഗത്തെയും കഠിനതയേയും കാണിക്കുന്നു.

 

മത്തായി 24: 15 ൽ യേശുക്രിസ്തു ഇതേ പ്രവചനം ആവർത്തിക്കുണ്ട്. 

 

മത്തായി 24: 15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -   

 

മത്തായി 24: 21  ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.   

 

ഇത് മഹാ ഉപദ്രവകാലമായിരിക്കും. എതിർ  ക്രിസ്തു  “നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം” മാത്രമേ ഭരണം നടത്തുകയുള്ളൂ.

 

ദാനിയേൽ 9: 27 ... നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.

 

Daniel 9: 27 … Even until the consummation, which is determined, Is poured out on the desolate." (NKJV)

 

… until the end that is decreed is poured out on him. (NIV)

 

എതിർ ക്രിസ്തുവിന്റെ ഭരണകാലവും അവന്റെ അന്ത്യവും ദൈവം നിശ്ചയിച്ചു കഴിഞ്ഞു. 

 

 (ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക)

 

വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ

 

ദാനിയേലിന്റെ 70 ആഴ്ചവട്ടത്തെക്കുറിച്ച് വ്യത്യസ്തങ്ങൾ ആയ വ്യാഖ്യാനങ്ങൾ വേദ പണ്ഡിതന്മാർക്കിടയിൽ ഉണ്ട്. അവയിൽ ചിലത് നമ്മളുടെ അറിവിലേക്കായി ഇവിടെ വിവരിക്കുന്നു.

 

നിരൂപണപരമായ പാണ്ഡിത്യം (critical scholarship view)

 

നിരൂപണപരമായ പാണ്ഡിത്യം ഉയർന്ന് വന്നത് 19 ആം നൂറ്റാണ്ടിന്റെ അവസാനവും 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആണ്. അത്ഭുതങ്ങൾ, പ്രവചനങ്ങൾ എന്നിവയെ സംശയ ദൃഷ്ടിയാ വീക്ഷിക്കുന്നവർ ആണിവർ. വേദപുസ്തകത്തിലെ ചില പുസ്തകങ്ങൾ എഴുതിയവർ, പാരമ്പര്യമായി വിശ്വസിക്കപ്പെടുന്ന എഴുത്തുകാർ അല്ല എന്നും അവർ കരുതുന്നു. വേദപുസ്തകം ദൈവത്തിന്റെ ആധികാരികവും വിശ്വസനീയവുമായ വെളിപ്പാടുകൾ ആണ് എന്നു ഇവർ കരുതുന്നില്ല. മാനുഷിക എഴുത്തുകാരുടെ രചനകളായേ അവർ വേദപുസ്തകത്തെ കാണുന്നുള്ളൂ.

 

അതിനാൽ ദാനിയേലിന്റെ പുസ്തകം BC 2 ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് എഴുതപ്പെട്ടതാണ് എന്നും, ഇതിന്റെ എഴുത്തുകാരൻ, അജ്ഞാതനായ ഒരു യഹൂദൻ ആണ് എന്നും ഇവർ വാദിക്കുന്നു. യഹൂദ്യയും, അന്നത്തെ സെലൂസിഡ് സാമ്രാജ്യവുമായുള്ള സംഘർഷത്തിന് ഒരു ദൈവശാസ്ത്രപരമായ വിശദീകരണം നല്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ കാലത്ത്, സെലൂസിഡ് സാമ്രാജ്യത്തിന്റെ ചക്രവർത്തി, അന്‍റിഒക്കസ് നാലാമന്‍ എപ്പിഫാനെസ് (Antiochus IV Epiphanes) ആയിരുന്നു.

 

എന്നാൽ യേശുക്രിസ്തു ദാനിയേൽ പ്രവചനത്തെക്കുറിച്ച് പറഞ്ഞത് ഈ വാദങ്ങളോട് ചേരുന്നില്ല. ദാനിയേൽ തന്നെയാണ് ഈ പ്രവചന പുസ്തകം എഴുതിയത് എന്ന സൂചനയാണ് യേശു ക്രിസ്തു നല്കുന്നത്. ഇവരുടെ വാദങ്ങളോട് ഭൂരിപക്ഷം ക്രിസ്തീയ വേദ പണ്ഡിതന്മാരും യോജിക്കുന്നതുമില്ല. 

 

മത്തായി 24: 15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -

 

ദാനിയേലിന്റെ പ്രവചനത്തിന്റെ വിഷയം ദൈവരാജ്യത്തിന്റെ പുനസ്ഥാപനമാണ്. 167 BC അന്‍റിഒക്കസ് നാലാമന്‍ എപ്പിഫാനെസ് (Antiochus IV Epiphanes) ന്റെ നേതൃത്വത്തിൽ ദൈവാലയത്തിന് നേരെയുണ്ടായ ആക്രമണം, ഈ വിശാല ചരിത്രത്തിലെ വളരെ ചെറിയ ഒരു സംഭവമാണ്. നിരൂപണപരമായ പാണ്ഡിത്യം, ദാനിയേലിന്റെ പ്രവചനത്തെ മൊത്തമായി ഉൾക്കൊള്ളുവാനും വിശദീകരിക്കുവാനും പരാജയപ്പെടുന്നു. അതിനാൽ ഭൂരിപക്ഷം വേദ പണ്ഡിതന്മാരും ഈ കാഴ്ചപ്പാടിനെ തള്ളിക്കളയുന്നു.

 

ചരിത്രപരമായ മശീഹ കാഴ്ചപ്പാട് (historical messianic view)

 

ദാനിയേലിന്റെ 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള മറ്റൊരു കാഴ്ചപ്പാട് ആണ്, ചരിത്രപരമായ മശീഹ കാഴ്ചപ്പാട് എന്നു അറിയപ്പെടുന്നത്. ഇതിന് അനേകം വേദ പണ്ഡിതന്മാർക്കിടയിൽ പിൻതുണ ഉണ്ട്. ജോൺ കാൽവിൻ, മാർട്ടിൻ ലൂഥർ എന്നിവരെപ്പോലെയുള്ള നവീകരണ നായകന്മാർ, ചില കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നു എങ്കിലും, പൊതുവേ ഈ കാഴ്ചപ്പാടിനോട് ചേർന്നു നിന്നു. (John Calvin, Martin Luther)

 

ഈ കാഴ്ചപ്പാടിൽ വിശ്വസിക്കുന്നവർ, ദാനിയേലിന്റെ പുസ്തകത്തിന്റെ ദൈവീകത അംഗീകരിക്കുന്നു. ഇവർ, 70 ആഴവട്ടത്തെ 7 വർഷങ്ങൾ വീതമുള്ള 70 ഘട്ടമായി കാണുന്നു (seventy sets of seven years).

 

ദാനിയേൽ 9: 2 ... യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.

 

യിരെമ്യാവ് 29: 10 ൽ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു.”

 

ഇവിടെ രണ്ടിടത്തും 70 എന്നത് ഒരു കാലഘട്ടമായിട്ടാണ് പറയുന്നത്.

 

 ചരിത്രപരമായ മശീഹ കാഴ്ചപ്പാടിൽ വിശ്വസിക്കുന്നവർ, ഗബ്രിയേൽ ദൂതൻ അറിയിച്ച പ്രവചനം യേശുക്രിസ്തുവിന്റെ വരവിനെയും, ദൈവ രാജ്യത്തിന്റെ പുനസ്ഥാപനത്തേയും കുറിച്ചുള്ളതാണ് എന്നു കരുതുന്നു. ഇതിൽ പറയുന്ന കാലഘട്ടത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വർഷങ്ങൾ പറയപ്പെടുന്നുണ്ട്. പാര്‍സി രാജാവായിരുന്ന കോരെശ് 538 BC ൽ യെരൂശലേം ദൈവാലയം പുതുക്കിപ്പണിയുവാൻ പുറപ്പെടുവിച്ച കല്പനയോടെയോ, 445 BCനെഹെമ്യാവിന്റെ കാലത്ത്, അർത്ഥഹ് ശഷ്ടാവ് (Artaxerxes Longimanus) യെരൂശലേം പട്ടണത്തെ പുതുക്കി പണിയുവാന്‍ പുറപ്പെടുവിച്ച കല്‍പ്പനയോടെയോ, 70 ആഴ്ചവട്ടം ആരംഭിച്ചു. 70 AD ൽ, റോമൻ സൈന്യാധിപൻ ആയിരുന്ന ടൈറ്റസിന്റെ നേതൃത്വത്തിൽ, യെരൂശലേം ദൈവാലയം തകർന്നത്തോടെയോ, മറ്റൊരു റോമൻ സൈന്യാധിപൻ ആയിരുന്ന ഹാഡ്രിയൻ ന്റെ നേതൃത്വത്തിൽ, 135 AD ൽ യെരൂശലേം പട്ടണം തകർന്നതോടെയോ, ഈ കാലഘട്ടം അവസാനിച്ചു എന്നു കരുതുന്നു (Titus, Hadrian).  

 

ഈ വ്യാഖ്യാനത്തിന്റെ കേന്ദ്രബിന്ദു യേശുക്രിസ്തുവിന്റെ വരവും, പുതിയ ഉടമ്പടിയുടെ സ്ഥാപനവും ആണ്. ഇതാണ് ഈ വ്യാഖ്യാനത്തിന്റെ ശക്തി. എന്നാൽ 490 വർഷങ്ങളെ അക്ഷരാർത്ഥത്തിൽ എടുക്കുമ്പോൾ, യഥാർത്ഥ ചരിത്ര സംഭവങ്ങളുമായി, അതിനെ ചേർത്ത് നിറുത്തുവാൻ, ഈ കാഴ്ചപ്പാടിൽ പ്രയാസമാണ്.    

 

ദൃഷ്‌ടാന്തമായ മശീഹ കാഴ്ചപ്പാട് (symbolic messianic)

 

വർത്തമാന കാലത്തെ, സുവിശേഷ വിഹിത സഭകളിലെ വലിയ ഒരു കൂട്ടം വേദ പണ്ഡിതന്മാരുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ഒരു ചിന്തയാണ്, “ദൃഷ്‌ടാന്തമായ മശീഹ കാഴ്ചപ്പാട്” എന്നത്. പ്രെസ്ബിറ്റേറിയൻ, ബാപ്റ്റിസ്റ്റ്, ലൂഥറൻ, എന്നീ സഭകളിലെയും, മറ്റ് ചില സുവിശേഷ വിഹിത സഭകളിലെ ചില വേദ പണ്ഡിതന്മാർ, 70 ആഴ്ചവട്ടത്തെ അക്ഷരാർത്ഥത്തിൽ 490 വർഷങ്ങളായി കണക്കാക്കുന്നില്ല (Presbyterian, Baptist, Lutheran, Evangelical scholars). ദാനിയേലിന്റെ പ്രവചന പുസ്തകം ദൈവീക വെളിപ്പാടുകൾ ആണ് എന്നും അത് വിശ്വസ്വനീയം ആണ് എന്നും അവർ കരുതുന്നു. യേശുക്രിസ്തുവിന്റെ രക്ഷാകരമായ യാഗം എന്നതിലേക്കാണ് ഈ പ്രവചനങ്ങൾ വിരൽ ചൂണ്ടുന്നത് എന്നാണ് അവരുടെ വാദം.

 

ഈ പ്രവചനത്തിന്റെ ഉദ്ദേശ്യങ്ങൾ ആയ 6 കാര്യങ്ങളും യേശുക്രിസ്തുവിൽ നിവർത്തിയായി.

 

ദാനിയേല്‍ 9: 24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.

 

ദാനിയേൽ 9: 26, 27 വാക്യങ്ങൾ ഒരേ കാലഘട്ടത്തിലെ ഒരേ സംഭവങ്ങളുടെ വ്യത്യസ്തമായ വിശദീകരണങ്ങൾ ആണ്. ഇവയെല്ലാം 62 ആഴവട്ടം കഴിയുമ്പോൾ സംഭവിക്കുന്നതാണ്.  

 

ദാനിയേല്‍ 9: 26, 27

26  അറുപത്തുരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

27  അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.

 

“അഭിഷിക്തൻ ഛേദിക്കപ്പെടും” എന്നത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ സൂചിപ്പിക്കുന്നു. “നിയമത്തെ കഠിനമാക്കും” എന്നതിനെ ഒരു ഉടമ്പടി ഉറപ്പോടെ സ്ഥാപിക്കും എന്നു മനസ്സിലാക്കേണം. (confirm a covenant – NKJV; a strong covenant – English Standard Version; a firm covenant – American Standard Version). ഇത് യേശുക്രിസ്തുവിന്റെ പരമായാഗത്തോടെ നിലവിൽ വരുന്ന പുതിയ ഉടമ്പടിയാണ്.  ഇവിടെ യിസ്രായേൽ ജനതയ്ക്കും പുതിയനിയമ സഭയ്ക്കും തമ്മിൽ വ്യത്യാസം പറയുന്നില്ല. അതിനാൽ, ഈ പ്രവചനങ്ങൾ ക്രിസ്തീയ സഭയ്ക്കും ഉള്ളതാണ്.  

 

27 ആം വാക്യത്തിന്റെ രണ്ടാം ഭാഗത്തെ പ്രവചനങ്ങൾ, യെരൂശലേമിന്റെ തകർച്ചയ്ക്ക് ശേഷം, തുടർച്ചയായി സംഭവിക്കുന്നതാണ്.  

 

ദാനിയേൽ 9: 27 ... ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.

 

ഇവിടെ പ്രവചിക്കപ്പെടുന്ന സംഘർഷം ദൈവജനവും ദൈവത്തിന്റെ ശത്രുക്കളും തമ്മിലുള്ള സംഘർഷമാണ്. ഇത് പുതിയനിയമ സഭായുഗത്തിൽ  സംഭവിക്കുന്നു. 26 ആം വാക്യത്തിലെ, “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും;” എന്നതിലെ പ്രഭു യേശുക്രിസ്തുവാണ് എന്നു ഇവർ വാദിക്കുന്നു. കാരണം യേശുക്രിസ്തുവിന്റെ വരവോടെ യെരൂശലേമിലെ മനുഷ്യ നിർമ്മിതമായ ആലയത്തിന്റെയും യാഗങ്ങളുടെയും ആവശ്യകത ഇല്ലാതെയായി. യേശുവിനെ യഹൂദന്മാർ തിരസ്കരിച്ചതിന്റെ പരിണിത ഫലമാണ് ദൈവാലയത്തിന്റെയും പട്ടണത്തിന്റെയും തകർച്ച. യേശുക്രിസ്തു തന്നെ ഇതിനെ വിശേഷിപ്പിച്ചത്, “ആ നാളുകൾ പ്രതികാരകാലം ആകുന്നു” എന്നാണ് (ലൂക്കോസ് 21: 22). ഇത് 70 AD ൽ റോമൻ സൈന്യത്തിന്റെ ആക്രമണത്തോടെ നിവർത്തിയായി.

 

ദാനിയേൽ 9: 27 ൽ പറയുന്ന “മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും” എന്നത് എതിർ ക്രിസ്തുവിനെക്കുറിച്ചാണ് എന്നു പൊതുവേ അഭിപ്രായമുണ്ട്. ഗ്രീക്ക് ഭരണാധികാരിയായിരുന്ന അന്റിഓക്കസ് നാലാമൻ എപ്പിഫാനെസ് എതിർ ക്രിസ്തുവിന്റെ നിഴലാണ് എന്നും പൊതുവേ സമ്മതിക്കുന്നുണ്ട് (Antiochus Epiphanes). റോമൻ സൈന്യാധിപൻ ആയിരുന്ന ടൈറ്റസ് നെയും എതിർ ക്രിസ്തുവിന്റെ മറ്റൊരു പ്രതീകമായി കാണുന്നു.

 

ദായിനയേൽ 9: 27 നു യേശുക്രിസ്തു നല്കിയ വ്യാഖ്യാനം ഇവിടെ പ്രധാനപ്പെട്ടതാണ്. ഇത് യെരൂശലേമിന്റെ തകർച്ചയെക്കുറിച്ചുള്ളതാണ്.   

 

മത്തായി 24: 15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -   

 

ദാനിയേൽ 9: 27 ലെ “നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.” എന്ന വാക്യത്തിൽ, എതിർ ക്രിസ്തുവിന്റെ അന്ത്യവും പ്രവചിക്കപ്പെടുന്നു. 

 

യുഗങ്ങളെ അടിസ്ഥാനമായുള്ള കാഴ്ചപ്പാട് (dispensational view)

 

19 ആം നൂറ്റാണ്ടിലാണ് വേദപുസ്തക ചരിത്രത്തെ വ്യത്യസ്തങ്ങളായ യുഗങ്ങളായി തിരിച്ച് പഠിക്കുന്ന രീതി ഉടലെടുത്തത്. അത് 20 ആം നൂറ്റാണ്ടിൽ വളരെ പ്രചാരം നേടി. എങ്കിലും ഇന്ന് പ്രമുഖ വേദപണ്ഡിതന്മാരിൽ അധികം പേരും, വേദപുസ്തകത്തെ വ്യാഖ്യാനിക്കുവാനായി, ഈ രീതിയെ ആശ്രയിക്കുന്നില്ല. ഇതിനെ ഇംഗ്ലീഷിൽ ഡിസ്പെൻസെഷണലിസം എന്നാണ് വിളിക്കുന്നത് (dispensationalism).

 

ഡിസ്പെൻസെഷണലിസത്തിൽ വിശ്വസിക്കുന്നവർ ദാനിയേൽ പ്രവചന പുസ്തകത്തെ ദൈവീക വെളിപ്പാടായി കാണുന്നു. ദാനിയേൽ 9: 24-27 വരെയുള്ള വാക്യങ്ങളെ അവർ, മനുഷ്യരുടെയും ഈ ലോകത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ദൈവീക പദ്ധതിയുടെ സമയ സൂചികയായി കാണുന്നു. യിസ്രായേലും, പുതിയനിയമ സഭയും തമ്മിൽ ദൈവീക പദ്ധതിയിൽ വ്യത്യാസമുണ്ട് എന്നു അവർ കരുതുന്നു. അവർയ്ക്കിരുവർക്കും പ്രത്യേക ദൈവീക പദ്ധതികൾ ആണ് ഉള്ളത്. പഴയനിയമ വാഗ്ദത്തങ്ങളുടെ നിവർത്തി പുതിയ നിയമ സഭയിൽ കാണേണ്ടതില്ല. ഒരു വാചകത്തിന്റെ അനന്വവാക്യം പോലെ (parenthesis), പഴയ നിയമ സഭയോട്, പുതിയനിയമ സഭയെ കൂട്ടിച്ചേർത്തിരിക്കുന്നു. യേശുക്രിസ്തുവിനെ യിസ്രായേൽ ജനം നിരസിച്ചപ്പോൾ ആണ് ഈ കൂട്ടിച്ചേർക്കൽ ഉണ്ടായത്. 

 

ദാനിയേലിന്റെ 70 ആഴവട്ടത്തിലെ 69 ആഴ്ചവട്ടത്തിനും അവസാനത്തെ ഒരു ആഴ്ചവട്ടത്തിനും ഇടയിൽ ഒരു ഇടവേള ഉണ്ട് എന്നു ഡിസ്പെൻസെഷണലിസത്തിൽ വിശ്വസിക്കുന്നവർ വാദിക്കുന്നു. ഇ കാലയളവ് പുതിയനിയമ സഭയുടേതാണ്. ജാതികൾ സഭയോട് ചേർക്കപ്പെടുന്ന കാലയളവാണിത്. ഈ സമയ പരിധിയുടെ അവസാനത്തിൽ, യേശുക്രിസ്തുവിന്റെ ഒന്നാമത്തെ മടങ്ങി വരവ് ഉണ്ടാകും. അത് രഹസ്യ വരവായിരിക്കും. യേശുക്രിസ്തു മദ്ധ്യാകാശത്തിൽ വരുകയും, പുതിയനിയമ സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെടുകയും ചെയ്യും. ഇതിനെ ഉൽപ്രാപണം എന്നു വിളിക്കുന്നു. യേശു ക്രിസ്തുവിന്റെ വീണ്ടും വരവിന് രണ്ട് ഘട്ടങ്ങൾ ഉണ്ട് എന്നും, ഇത് ഒന്നാമത്തെയും രഹസ്യമായുമുള്ള വരവാണ് എന്നും അവർ വിശ്വസിക്കുന്നു. 

 

പുതിയനിയമ സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടത്തിന് ശേഷം, ദാനിയേലിന്റെ 70 ആഴ്ചവട്ടത്തിലെ അവസാനത്തെ 7 വർഷങ്ങൾ ആരംഭിക്കും. ഇത് എതിർ ക്രിസ്തുവിന്റെയും, മഹാ ഉപദ്രവത്തിന്റെയും കാലമായിരിക്കും. ഈ കാലം, അക്ഷരാർത്ഥത്തിൽ 7 വർഷങ്ങൾ ആയിരിക്കും. ഈ കാലത്തിന്റെ ആരംഭത്തിങ്കൽ, എതിർ ക്രിസ്തു, യിസ്രായേലുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടും. ഈ ഉടമ്പടി, മൂന്നര വർഷം കഴിയുമ്പോൾ ലംഘിക്കപ്പെടും. ഇത് മഹാ ഉപദ്രവ കാലത്തിന്റെ ആരംഭം ആകും. ഇതെല്ലാം ആണ് ഡിസ്പെൻസെഷണലിസത്തിൽ വിശ്വസിക്കുന്നവരുടെ വാദങ്ങൾ.

 

ഡിസ്പെൻസെഷണൽ  കാഴ്ചപ്പാടിൽ പഴയനിയമ സഭയെയും പുതിയ നിയമ സഭയെയും പരസ്പര ബന്ധമില്ലാത്ത ഭാഗങ്ങളായി വേർതിരിച്ചു നിറുത്തുന്നു. ഇത് ഈ കാഴ്ചപ്പാടിന്റെ കുറവാണ്. ഈ വേർതിരിവ്  കാരണം, പഴയ നിയമ പ്രവചനങ്ങളുടെ നിവർത്തി അവഗണിക്കപ്പെടുന്നു.

 

വ്യാഖ്യാനങ്ങളിലെ പൊരുത്തക്കേടുകൾ

 

ദാനിയേലിന്റെ 70 ആഴവട്ടത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ വ്യത്യസ്തങ്ങളായി നിലവിൽ ഉള്ളതിനാൽ, ഇതിനെയെല്ലാം നമ്മൾ സഹിഷ്ണതയോടെ സമീപിക്കേണ്ടിയിരിക്കുന്നു. പ്രവചനത്തിൽ തന്നെ എല്ലാ വിശദീകരണവും ലഭ്യമല്ല. ചില കാഴപ്പാടുകൾ, പാണ്ഡിത്യമുള്ളതാണ് എങ്കിലും ദൈവീക വെളിപ്പാട് എന്ന നിലയിൽ നീതി പുലർത്തുന്നില്ല.

 

വിവിധ വ്യാഖ്യാനങ്ങളിലെ ചില പൊരുത്തക്കേടുകൾ ഇതെല്ലാമാണ്: ദാനിയേലിന്റെ പ്രവചനത്തിന്റെ കേന്ദ്ര വിഷയം യിസ്രായേൽ ജനത്തിന്റെ ഭാവിയാണ്. “നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.” എന്നാണ് ഗബ്രിയേൽ ദൂതൻ പറഞ്ഞത് (ദാനിയേല്‍ 9: 24). ഈ പ്രവചന കാലത്തിന്റെ അവസാന ഘട്ടത്തിൽ പുതിയ നിയമ സഭാ കാലവും കയറിവരുന്നു. പഴയനിയമ സഭയേയും പുതിയനിയമ സഭയെയും, വ്യത്യസ്തങ്ങൾ ആയ രണ്ട് സംവിധാനങ്ങളായി ഇവിടെ കാണുന്നില്ല. പുതിയനിയമ സഭയെ, പഴയനിയമ സഭയുടെ സ്വാഭാവികമായ തുടർച്ചയായി ഈ പ്രവചനത്തിൽ കാണുന്നു.

 

69 വർഷങ്ങൾക്കും അവസാനത്തെ 7 വർഷങ്ങൾക്കും ഇടയിൽ ഒരു ഇടവേള ഉണ്ട് എന്നു ഗബ്രിയേൽ ദൂതൻ സൂചിപ്പിക്കുന്നില്ല. യെരൂശലേം ദൈവാലയത്തിന്റെയോ, പട്ടണത്തിന്റെയോ തകർച്ചയല്ല പ്രവചനത്തിലെ മുഖ്യ വിഷയം. പ്രവചനം മുഖ്യമായി കാണുന്നത് പുതിയ ഉടമ്പടിയുടെ സ്ഥാപനവും ദൈവരാജ്യത്തിന്റെ പുനസ്ഥാപനവും ആണ്. ഇത് യേശു ക്രിസ്തുവിലാണ് നിവർത്തിക്കപ്പെടുന്നത്. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവിങ്കൽ തന്നെ ദൈവരാജ്യം ആരംഭിക്കപ്പെട്ട് കഴിഞ്ഞു. ഇന്ന് നമ്മൾ, ഈ ദൈവരാജ്യത്തിന്റെ സമ്പൂർണ്ണ നിവർത്തിക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നു. അപ്പോൾ ദൈവത്തിന്റെ സകല ശത്രുക്കളും ഇല്ലാതെയാക്കപ്പെടും.

 

യേശുക്രിസ്തു പുതിയ “അതിപരിശുദ്ധമായതിനെ” ആയതിനാൽ, ഇനി ആലയത്തിന്റെ ആവശ്യമില്ല. (ദാനിയേൽ 9: 24). ദൈവജനം ഇപ്പോൾ ഭൌതീകമായ ഒരു പട്ടണത്തിൽ തമസിക്കുന്നില്ല. അവർ സർവ്വലൌകീകമായ ദൈവ സഭയുടെ ഭാഗമാണ്. അതിനാൽ യെരൂശലേം പട്ടണത്തിന്റെയോ, അവിടെ ഉണ്ടായിരുന്ന യഹൂദ ദൈവാലയത്തിന്റെയോ പുനസ്ഥാപനം പുതിയനിയമ സഭയുടെ വിഷയമല്ല.   

 

ദൃഷ്‌ടാന്തമായ മശീഹ കാഴ്ചപ്പാട്, ഗബ്രിയേൽ ദൂതൻ അറിയിച്ച പ്രവചനത്തെ, ദാനിയേലിന്റെ പുസ്തകത്തിലെ പ്രധാന വിഷയത്തോട് കൂടുതൽ ചേർത്ത് നിറുത്തുന്നു. (symbolic messianic). ദൈവത്തിന്റെ സർവ്വാധികാത്തോടെയുള്ള ഭരണം, യെരൂശലേം ദൈവാലയത്തിന്റെ തകർച്ച, ദൈവരാജ്യത്തിന്റെ പുനസ്ഥാപനം എന്നിവയാണ് ഈ പ്രവചന പുസ്തകത്തിലെ പ്രധാന വിഷയങ്ങൾ. 

 

യോബേല്‍ സംവത്സരവും 70 ആഴ്ചവട്ടവും

 

ദാനിയേലിന്റെ 70 ആഴ്ചവട്ടത്തിന്, അക്ഷരാർത്ഥത്തിൽ ഉള്ള അർത്ഥത്തിന് ഉപരിയായി ഒരു അടയാളം എന്ന നിലയിൽ പ്രധാന്യമുണ്ടോ? ഉണ്ട് എന്നു വിശ്വസിക്കുന്ന വേദ പണ്ഡിതന്മാർ ഉണ്ട്. പഴയനിയമത്തിൽ, ലേവ്യപുസ്തകം 25 ആം അദ്ധ്യായത്തിൽ വിവരിക്കുന്ന യോബേൽ സംവൽസരവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരമൊരു വിശദീകരണം നല്കുന്നത്.

 

ദാനിയേലിന്റെ 70 ആഴ്ചവട്ടം 490 വർഷങ്ങൾ ആണ്. അത് 49 വർഷങ്ങളുടെ 10 മടങ്ങാണ്. 49 വർഷങ്ങൾ 10 പ്രാവശ്യം കൂടുമ്പോൾ, അത് 490 വർഷങ്ങൾ ആകും. ഇതാണ് 70 ആഴ്ചവട്ടത്തെ യോബേൽ സംവൽസരവുമായി ബന്ധപ്പെടുത്തുന്നത്.

 

യോബേല്‍ അഥവാ Jubilee എന്നത് ഒരു പുരാതനമായ വാക്ക് ആണ്. യോബേല്‍ എന്നതിന്റെ എബ്രായ പദം “റ്റെറൂഅ” (t@ruw`ah - ter-oo-aw) എന്ന വാക്കാണ്‌. കാഹളത്തിന്റെ ശബ്ദത്തില്‍നിന്നും ഉരുവായ ഒരു പദം ആണിത്. സാധാരണ കേള്‍ക്കാറുള്ള കാഹള ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹള ശബ്ദത്തെ ആണ് ഈ പദം സൂചിപ്പിക്കുന്നത്. യോബേല്‍ സംവത്സരത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന കാഹള ശബ്ദം ആണിത്. യോബേല്‍ സംവത്സരം എന്നത് വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും വലിയ ഒരു ചിത്രം ആണ്.

 

യിസ്രായേലിൽ, യോബേല്‍ സംവത്സരം എല്ലാ അന്‍പതാമത്തെ വര്‍ഷത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഊതുന്ന കാഹള ശബ്ദത്തോടെ അത് ആരംഭിക്കുന്നു.

 

ലേവ്യപുസ്തകം 25: 9  അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം. 

 

പാപപരിഹാര യാഗത്തിന്റെ ദിവസം അവസാനിക്കുമ്പോള്‍, യാഗത്തിന് ശേഷം, യോബേല്‍ സംവത്സരം ആരംഭിച്ചതായി അറിയിക്കുന്ന പ്രത്യേക കാഹളധ്വനി ദേശമെല്ലാം മുഴങ്ങും. യോബേല്‍ സംവത്സരം സ്വതന്ത്ര്യത്തിന്റെ വർഷമാണ്. അത് സകല അടിമകൾക്കും, പണയത്തിൽ ആയിപ്പോയ ദേശത്തിനും സ്വതന്ത്ര്യമാണ്. അതായത് ജനമെല്ലാം തങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായിട്ടുള്ളത്‌ ചെയ്തു കഴിയുമ്പോള്‍, അവർ ദൈവവുമായി നിരപ്പ് പ്രാപിക്കുന്നു. അതിന് ശേഷം യോബേല്‍ സംവത്സരം ആരംഭിക്കും. യോബേല്‍ സംവത്സരം സ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പിന്റെയും വര്‍ഷം ആണ്.

 

എല്ലാ ഏഴാമത്തെ ദിവസവും യിസ്രായേൽ ദേശത്ത് ശബ്ബത്ത് ദിവസം ആയിരിക്കും. സകല പ്രപഞ്ചത്തിന്റെയും സൃഷ്ടാവ് ദൈവം ആണെന്ന് നന്ദിയോടെ ഓര്‍ക്കുന്ന ദിവസം ആണത്. അത് വിശ്രമത്തിന്റെ ദിവസം ആണ്.

 

എല്ലാ ഏഴാമത്തെ വര്‍ഷവും ശബ്ബത്ത് വര്‍ഷം ആയിരിക്കും. ഇതും വിശ്രമത്തിന്റെ വര്‍ഷം ആണ്.

ഈ വര്‍ഷം മുഴുവന്‍ യിസ്രായേല്‍ ദേശം എല്ലാം കൃഷിചെയ്യാതെ തരിശായി കിടക്കേണം. ഏഴു ശബ്ബത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന അന്‍പതാമത്തെ വര്‍ഷമാണ് യോബേല്‍ സംവത്സരം.

 

എല്ലാ ഏഴാമത്തെ ദിവസം     - ശബ്ബത്ത് ദിവസം

എല്ലാ ഏഴാമത്തെ വർഷം      - ശബ്ബത്ത് വർഷം

എല്ലാ 49 മത്തെ വർഷം         - ശബ്ബത്ത് വർഷം

എല്ലാ 50 ആമത്തെ വർഷം   - യോബേല്‍ സംവത്സരം.

 

യോബേല്‍ സംവത്സരത്തില്‍ അടിമകള്‍ സ്വതന്ത്രര്‍ ആക്കപ്പെടും എന്ന് മാത്രമല്ല പണയപ്പെടുത്തിയ ദേശവും സൗജന്യമായി തിരികെ ലഭിക്കും. യോബേല്‍ സംവത്സരം, അടിമകളുടെയും ദേശത്തിന്റെയും, വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും വര്‍ഷമാണ്.

 

ക്രിസ്തീയ യുഗത്തെ യോബേല്‍ സംവത്സരം എന്ന് വിളിക്കാം എങ്കിലും, യോബേല്‍ സംവത്സരത്തിന്റെ പൂര്‍ണ്ണത ഇതുവരെയും വന്നിട്ടില്ല; അതിന്റെ ശ്രേഷ്ടമായ നിവൃത്തി ഇനിയും വരാനിരിക്കുന്നതെ ഉള്ളൂ. ദൈവരാജ്യം അതിന്റെ സകല മഹത്വത്തോടെ സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രമേ യോബേല്‍ സംവത്സരത്തിന്റെ പൂര്‍ണ്ണത നിവൃത്തിയാകുക ഉളളൂ.

 

ഇനിയും മറ്റൊരു കാഹളധ്വനിയോടെ ഒരു അന്ത്യകാല യോബേല്‍ സംവത്സരം ആരംഭിക്കും.

 

1 തെസ്സലൊനീക്യർ 4: 16, 17

16   കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

17   പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

 

അവസാന വാക്ക്

 

ദാനിയേലിന്റെ 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം കൃത്യവും വിശദവുമാണ്. എങ്കിലും അത് വളരെ സങ്കീർണ്ണമാണ്. അതിനാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ വേദപുസ്തക പണ്ഡിതന്മാർക്കിടയിൽ ഉണ്ട്. ഈ പ്രവചനങ്ങളിൽ നിന്നും, ലോക ചരിത്ര സംഭവങ്ങളെ നിയന്ത്രിക്കുന്ന ഒരു സമയക്രമീകരണം ദൈവത്തിന് ഉണ്ട് എന്ന് മനസ്സിലാക്കാം. ദൈവത്തിന് ആരംഭത്തിങ്കൽ തന്നെ സകലതിന്റെയും അവസാനവും അറിയാം. 

 

യെശയ്യാവ് 46: 10 ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.

 

70 ആഴ്ചവട്ടം എന്നത് ദൈവീക പദ്ധതിയിൽ അക്ഷരാർത്ഥത്തിൽ 490 വർഷങ്ങൾ ആയിരിക്കേണം എന്നില്ല. ഈ സംഖ്യ ഒരു സൂചനയോ, അടയാളമോ ആകാം (symbol). ഇത് മനുഷ്യരുടെ പാപ പരിഹാരത്തിനായി ദൈവം ക്രമീകരിക്കുന്ന യാഗം സംഭവിക്കേണ്ടുന്ന കാലമാണ്. അതിലൂടെ നിത്യമായ നീതി ഉളവാകേണം. ഈ നിത്യമായ നീതി, അപൂർണ്ണമായി എങ്കിലും, ഇന്ന് നമ്മൾ ദൈവാത്മാവിന്റെ സാന്നിധ്യത്തിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അനുഭവിക്കുന്നു. നമ്മൾ ഇനി പാപം ചെയ്യാതെ ഇരിക്കേണ്ടതിന്, നമ്മളെ ചേർത്തുകൊള്ളുവാൻ യേശുക്രിസ്തു വീണ്ടും വരും. അതാണ് നമ്മളുടെ വലിയ പ്രപ്രത്യാശ.

 

വെളിപ്പാട് 22: 7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു. 

 

ഈ കാലയളവിൽ എന്തെല്ലാം സംഭവിക്കും എന്നതിനെക്കുറിച്ച് ഗബ്രിയേൽ ദൂതൻ പറയുന്നത് ഇതൊക്കെയാണ്:

 

1.       യുദ്ധങ്ങളും ശൂന്യങ്ങളും ഉണ്ടാകും (ദാനിയേൽ 9: 26)

2.     എതിർ ക്രിസ്തു, യിസ്രായേൽ ജനവുമായി ഒരു ഉടമ്പടി ഉറപ്പിക്കും (ദാനിയേൽ 9: 27). ഇത് യേശുക്രിസ്തു അവന്റെ ക്രൂശ് മരണത്തിലൂടെ ഉറപ്പിച്ച പുതിയനിയമ ഉടമ്പടിയാണ് എന്നും അഭിപ്രായമുണ്ട്.

3.     എന്നാൽ ആഴ്ചവട്ടത്തിന്റെ മദ്ധ്യേ എതിർ ക്രിസ്തു ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും. ഇത് യേശു ക്രിസ്തുവിന്റെ ഏകയാഗത്തോടെ, യെരൂശലേമിലെ ആലയത്തിന്റെ പ്രസക്തിയും, യാഗങ്ങളും അവസാനിച്ചതിനെ സൂചിപ്പിക്കുന്നു എന്നു വിശ്വസിക്കുന്നവർ ഉണ്ട്.   

4.     യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ എതിർ ക്രിസ്തുവിന്റെ ഭരണത്തിന് സമാപ്തി ഉണ്ടാകും.

 

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് വേദ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് മഹാ ഉപദ്രവ കാലത്തിന് മുമ്പ് ഉണ്ടാകും എന്നും, യേശുക്രിസ്തുവിന്റെ വരവ് മഹാ ഉപദ്രവ കാലത്തിന് ശേഷമേ ഉണ്ടാകൂ എന്നുമുള്ള രണ്ട് പ്രബല അഭിപ്രായങ്ങൾ നിലവിൽ ഉണ്ട്.

 

ആദ്യത്തേ കൂട്ടർ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് രണ്ട് ഘട്ടങ്ങൾ ഉണ്ടാകും എന്നു വാദിക്കുന്ന. മഹാ ഉപദ്രവ കാലത്തിന് മുമ്പ് ഒരു രഹസ്യ വരവും, മഹാ ഉപദ്രവ കാലത്തിന് ശേഷം ഒരു പരസ്യ വരവും. രഹസ്യ വരവിങ്കൽ, പുതിയനിയമ സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെടും. പരസ്യ വരവോടെ എതിർ ക്രിസ്തുവിന്റെ ഭരണം അവസാനിക്കും.

 

എന്നാൽ, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് ഒരു ഘട്ടം മാത്രമേയുള്ളൂ എന്നു വിശ്വസിക്കുന്ന ബഹുമാന്യരായ ദൈവദാസന്മാർ ഉണ്ട്. അവർ രഹസ്യ വരവ് എന്ന ആശയത്തെ തള്ളുന്നു. യേശുക്രിസ്തു രണ്ടാമത് വരുമ്പോൾ, പുതിയനിയമ സഭ മദ്ധ്യകാശത്തിലേക്ക് എടുക്കപ്പെടുകയും, അവർ അവിടെ യേശുവിനെ കണ്ടുമുട്ടി, അവനെ സ്വീകരിച്ചുകൊണ്ട് ഭൂമിയിലേക്ക് മടങ്ങി വരുകയും ചെയ്യും. എതിർ ക്രിസ്തുവിന്റെ ഭരണം അതോടെ അവസാനിക്കും.

 

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എപ്പോൾ സംഭവിക്കും എന്നു വേദപുസ്തകത്തിൽ എങ്ങും കൃത്യമായി പറയുന്നില്ല. അത് നമ്മൾ കണക്കുകൂട്ടരുത് എന്നു യേശു പറഞ്ഞിട്ടുണ്ട്. അത് പിതാവായ ദൈവത്തിന് മാത്രമറിയാവുന്ന ഒരു ദിവസമാണ്.

 

മത്തായി 24: 36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

 

മർക്കോസ് 13: 32, 33

32 ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.

33 ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ.

 

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എപ്പോൾ സംഭവിക്കും എന്നു കണക്ക് കൂട്ടുന്നതിന് പകരം, അവന്റെ വരവിനായി നമ്മളെ തന്നെ ഒരുക്കി കാത്തിരിക്കുകയാണ് വേണ്ടത്. അതാണ് യേശു നല്കുന്ന കൽപ്പന. കാല സമ്പൂർണ്ണതയിൽ യേശു ആദ്യം വന്നതുപോലെ, കാല സമ്പൂർണ്ണതയിൽ അവൻ വീണ്ടും വരും.

 



No comments:

Post a Comment