ഒഴിഞ്ഞു കടന്നുവന്ന രക്ഷ

നമ്മള്‍ എങ്ങനെയാണ് രക്ഷിക്കപ്പെട്ടത്? ഉത്തരം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നമ്മളുടെ രക്ഷയുടെ സാക്ഷ്യം പറയുമ്പോള്‍ എല്ലാവരും രക്ഷയില്‍ നമ്മളുടെ പങ്ക് എന്തായിരുന്നു എന്നാണ് പറയുന്നത്.

രക്ഷയില്‍ നമുക്ക് ഉള്ള പങ്ക് പ്രധാനമാണ് എങ്കിലും വളരെ ചെറുതാണ്. നമ്മള്‍ രക്ഷിക്കപ്പെട്ടത്, നമ്മളുടെ ഏതെങ്കിലും നല്ല പ്രവൃത്തികള്‍ കൊണ്ടോ, ശുദ്ധ മനസ്സുകൊണ്ടോ, മഹിമകൊണ്ടോ അല്ല. നമുക്ക് എന്തെങ്കിലും വ്യക്തിപരമായ കഴിവുകള്‍ ഉള്ളതുകൊണ്ടു, അത് പ്രയോജനപ്പെടുത്തിക്കളയാം എന്നു വിചാരിച്ചു ദൈവം നമ്മളെ രക്ഷിച്ചതുമല്ല.

പിതാവായ ദൈവം, ലോകാരാംഭത്തിന് മുമ്പേ, ക്രിസ്തുയേശുവില്‍ നമ്മളെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുകയും മുന്‍ നിയമിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണു നമ്മള്‍ രക്ഷിക്കപ്പെട്ടത്.

 

എഫെസ്യര്‍ 2: 8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

ഈ പ്രക്രിയയില്‍ ദൈവം ചിലരെ ഒഴിഞ്ഞു കടന്നുപോയി നമ്മളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണു ഈ സന്ദേശത്തിന്റെ ഉദ്ദേശ്യം.


 പെസഹ

പെസഹ എന്ന വാക്ക് നമുക് സുപരിചിതമാണ്. പെസഹ  എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍, യിസ്രായേല്‍ ജനം  മിസ്രയീമില്‍ നിന്നും സ്വതന്ത്രര്‍ ആകുന്നതിന്റെ ചരിത്രം ഓര്‍ക്കും. അവര്‍ മിസ്രയീം വിട്ടുപോന്ന രാത്രി അവര്‍ ഒരു കുഞ്ഞാടിനെ കൊല്ലുകയും അതിന്റെ മാസം തീയില്‍ ചുട്ടു, പുളിപ്പില്ലാത്ത അപ്പത്തോടൊപ്പം ഭക്ഷിക്കുകയും ചെയ്തു. അവര്‍ കൊന്ന കുഞ്ഞാടിന്റെ രക്തം, അവരുടെ വീടുകളുടെ വാതിലിന്റെ കട്ടിള പടികളില്‍ തളിച്ചു, അതൊരു അടയാളമാക്കി. അന്ന് രാത്രി മിസ്രയീം ജനതയെ ബാധിച്ച കടിഞ്ഞൂല്‍ സംഹാരകന്‍, രക്തം തളിച്ച വീടുകളെ ഒഴിഞ്ഞുകടന്നുപോയി. ഇതാണ് പെസഹ.

ഈ ചരിത്രം നമുക്ക് അറിയാം. എന്നാല്‍ എന്താണ് കൃത്യമായും പെസഹ എന്നു പറഞ്ഞാല്‍?

സാങ്കേതികമായി, പെസഹ എന്ന വാക്ക്, പെസഹ കുഞ്ഞാടിനെയും, അപ്പത്തെയും ഉല്‍സവത്തെയും പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പെസഹ എന്നത് കൃത്യമായി പറഞ്ഞാല്‍, അത് നമ്മളുടെ രക്ഷയുമായി ബന്ധപ്പെട്ട ദൈവത്തിന്റെ ഒരു പ്രവര്‍ത്തിയാണ്.   

എബ്രായ ഭാഷയില്‍, പെസഹ എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്, “പെസാക്ഹ് ” എന്നതാണ് (pesa - peh'-sakh). ഈ വാക്കിന്റെ അര്‍ത്ഥം, “ഒഴിഞ്ഞു കടന്നു പോകുക” (പുറപ്പാടു 12: 13, 23 - pretermission, pass over) എന്നാണ്. ഒരു കൂട്ടം മനുഷ്യരില്‍, ചിലരെ ഒഴിഞ്ഞു കടന്നുപോയി, മറ്റ് ചിലരിലേക്ക് എത്തിച്ചേരുക എന്നാണ് ഇതിന്റെ അര്‍ത്ഥം.

 

പുറപ്പാടു 12: 13, 23

13   നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

 

23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.

ഈ അര്‍ത്ഥം ഉണ്ടാകുവാനുള്ള കാരണം പുറപ്പാടു പുസ്തകം 12 ആം അദ്ധ്യാത്തിലെ ചരിത്ര സംഭവമാണ്. ഈ സംഭവം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട് എങ്കിലും അല്പ്പം വിശദമായി ഒന്നുകൂടി മനസ്സിലാക്കാം.

യിസ്രായേല്‍ ജനം 430 വര്‍ഷങ്ങളായി മിസ്രയീം ദേശത്ത്, പ്രവാസത്തില്‍ താമസിക്കുക ആയിരുന്നു. ദൈവം അവര്‍ക്കായി, അവരുടെ പിതാക്കന്മാരായ അബ്രാഹാമിനോടും, യിസ്ഹാക്കിനോടും, യാക്കോബിനോടും വാഗ്ദത്തം ചെയ്ത ദേശം, കനാന്‍ ദേശമാണ്. അത് ചെങ്കടലിനും, മരുഭൂമിക്കും അക്കരെയുള്ള യോര്‍ദ്ദാന്‍ നദിയുടെ തീരപ്രദേശങ്ങള്‍ ആണ്. അബ്രഹാം അവിടെയെത്തി ദേശം വിലയ്ക്ക് വാങ്ങി, താമസിച്ചിരുന്നു. യിസ്ഹാക്ക് ജനിക്കുന്നത് കനാന്‍ ദേശത്താണ്. യാക്കോബും അവന്റെ 12 പുത്രന്മാരും, ഒരു പുത്രിയും ജനിക്കുന്നത് കനാന്‍ ദേശത്താണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍, യാക്കോബിന്നും സന്തതികള്‍ക്കും കനാന്‍ ദേശം വിട്ടു, മിസ്രയീം എന്ന അന്യദേശത്ത് കുടിയേറി താമസിക്കേണ്ടി വന്നു.

മിസ്രയീമില്‍ അവര്‍ 430 വര്‍ഷങ്ങള്‍ താമസിച്ചു (പുറപ്പാടു 12: 40, 41). എഴുപത് പേരാണ് മിസ്രയീമിലേക്ക് കുടിയേറിയത് (ഉല്‍പ്പത്തി 46: 27, പുറപ്പാടു 1: 1, 5, ആവര്‍ത്തനപുസ്തകം 10: 22). എന്നാല്‍ അവര്‍ മൊത്തത്തില്‍ അതിലും കൂടുതല്‍ കാണുവാന്‍ സാധ്യതയുണ്ട്. അതിനാലാണ് അപ്പോസ്തല പ്രവൃത്തികള്‍ 7: 14 ല്‍ സ്തെഫാനോസ്, മിസ്രയീമിലേക്ക് കുടിയേറിയവര്‍ 75 പേരായിരുന്നു എന്ന് പറയുന്നതു. സ്തെഫാനോസിന്റെ കണക്കില്‍ യാക്കോബിന്റെ മക്കളുടെ ഭാര്യമാരോ, കൊച്ചുമക്കളോ കണ്ടേക്കാം.

ഈ ചെറിയ കൂട്ടം ജനം മിസ്രയീം ദേശത്തു വച്ച് വര്‍ദ്ധിച്ചു, പെരുകി, ഒരു വലിയ ജന സമൂഹമായി മാറി. മിസ്രയീം വിട്ടു പോകുമ്പോള്‍, “യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാർ” ഉണ്ടായിരുന്നു (പുറപ്പാടു 12: 37). ഈ എണ്ണത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടില്ല.

ഇവര്‍ മിസ്രയീമില്‍ ആയിരുന്ന കാലത്തെല്ലാം അവിടെ അടിമകള്‍ ആയിരുന്നില്ല. യോസേഫ് ജീവനോടെ ഇരുന്ന കാലത്തും, യോസേഫ് ചെയ്ത നന്മകള്‍ ഓര്‍ത്തിരുന്ന രാജാക്കന്മാരുടെ കാലത്തും അവര്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് മിസ്രയീം രാജ്യത്തിലെ ഗോശെൻദേശം താമസിക്കുവാന്‍ ലഭിച്ചു. അവിടെ അവര്‍ ആട്ടിടയന്‍മാര്‍ ആയി സുഖമായി ജീവിച്ചു.

“യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.” (പുറപ്പാടു 1:6). “ അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.” അദ്ദേഹത്തിന് ന്യായമായ ഒരു ഭയം ഉണ്ടായി. യിസ്രായേല്‍ ജനം എണ്ണത്തില്‍ വളരെ പെരുകി. അവര്‍ മിസ്രയീം രാജ്യത്തിന് തന്നെ ഒരു ഭീഷണിയായി തീര്‍ന്നേക്കാം. ശത്രുക്കള്‍ മിസ്രയീമിനെ ആക്രമിച്ചാല്‍, യിസ്രായേല്‍ ചിലപ്പോള്‍ അവരുടെ പക്ഷം ചേര്‍ന്ന് മിസ്രയീമിനെ ആക്രമിച്ചേക്കാം. അല്ലെങ്കില്‍ അവര്‍ പാര്‍ക്കുന്ന ദേശം തന്നെ അവര്‍ ഒരു രാജ്യമായി പ്രഖ്യാപിച്ചേക്കാം. ഇതെല്ലാം അക്കാലത്ത് സംഭവിക്കുന്നത് ആയിരുന്നു. അതിനാല്‍ യിസ്രായേല്‍ ജനത്തിന് ചിന്തിക്കുവാനോ, സംഘടിക്കുവാനോ അവസരം ഉണ്ടാകാതെയിരിക്കേണ്ടതിന്, അവരെ അടിമകളാക്കി, കഠിനമായ വേല ചെയ്യിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.

 


ഇവിടെ യിസ്രയേല്യരുടെ കഷ്ടതയുടെ നാളുകള്‍ ആരംഭിച്ചു. അടിമത്വ വേല അതികഠിനമായപ്പോള്‍ അവര്‍ യഹോവയായ ദൈവത്തോട് നിലവിളിച്ചു.

 

പുറപ്പാടു 2: 23 - 25 

23 ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.

24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.

25 ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.

 

യിസ്രായേല്‍ ജനത്തിന്റെ വിടുതലിന് കരണമായത് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഉള്ള ദൈവത്തിന്റെ ഉടമ്പടിയാണ്. അതിനാല്‍, അവര്‍ നിലവിളിച്ചപ്പോള്‍, ദൈവം അവരുടെ അവസ്ഥ കണ്ടു, മനസ്സിലാക്കി, അതിനു മറുപടി അയച്ചു.  

ദൈവം അബ്രാഹാമിന് കൊടുത്ത വാഗ്ദത്തം ഇങ്ങനെയായിരുന്നു:

 

ഉല്‍പ്പത്തി 15: 13 - 21  

13   അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.

14   എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

 

16   നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.

 

18   അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,

19   കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,

20  പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ,

21   കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

ഈ വാഗ്ദത്തം ദൈവം ഓര്‍ത്തു, അതിന്റെ നിവര്‍ത്തിയുടെ കാലമായി. അതിനാല്‍ യിസ്രയേല്യരെ പ്രവാസത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും വിടുവിക്കുവാന്‍ ദൈവം തീരുമാനിച്ചു. അതിനായി അവന്‍ ലേവ്യ ഗോത്രത്തില്‍ പിറന്ന മോശെ എന്ന ഒരുവനെ തിരഞ്ഞെടുത്തു. അവനിലൂടെ പല അത്ഭുത പ്രവര്‍ത്തികളും ദൈവം മിസ്രയീമില്‍ പ്രവര്‍ത്തിച്ചു, ജനത്തെ സ്വതന്ത്രര്‍ ആക്കുവാന്‍ മിസ്രയീം രാജാവിനെയും, ജനത്തെയും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇതില്‍ അവസാനത്തെ സമ്മര്‍ദ്ദമായിരുന്നു ആദ്യാജാതന്‍മാരുടെ മരണം.

 

പുറപ്പാടു 11: 1, 4, 5

   മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും.

   അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീം ദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.

എന്നാല്‍ ഈ കടിഞ്ഞൂല്‍ സംഹാരത്തില്‍ നിന്നും യിസ്രായേല്‍ ജനതയെ രക്ഷിക്കുവാന്‍ ദൈവം തീരുമാനിച്ചു. സംഹാരവും വിടുതലും ഒരേ രാത്രിയില്‍ സംഭവിക്കുവാന്‍ പോകുകയാണ്. ഒരു കൂട്ടര്‍ സംഹരിക്കപ്പെടുമ്പോള്‍, മറ്റൊരു കൂട്ടര്‍ വിടുതല്‍ പ്രാപിക്കുന്നു. ഇതാണ് പെസഹ ദിവസം സംഭവിച്ചത്.

പെസഹ സംഹാരത്തിന്റെയും വിടുതലിന്റെയും ദിവസമാണ്. അത് തിരഞ്ഞെടുക്കപ്പെട്ടവരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്ന ദിവസമാണ്.

ഇത് പുതിയനിയമത്തിലെ രക്ഷയുടെ ഒരു നിഴലാണ്. ഒരു കൂട്ടര്‍ തഴയപ്പെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ വിടുവിക്കപ്പെടും.  

 

യിസ്രായേല്‍ ജനത്തെ, മിസ്രയീമ്യരില്‍ നിന്നും വേര്‍തിരിച്ചു നിറുത്തുവാനും, കടിഞ്ഞൂല്‍ സംഹാരകനില്‍ നിന്നും രക്ഷിക്കുവാനുമായി, ഒരു പ്രത്യേക പദ്ധതി ദൈവം തയ്യാറാക്കി.

 

ഇതിന് മുമ്പ് ദൈവം മിസ്രയീമില്‍ പല ബാധകളും അയച്ചിരുന്നു. അതിന്റെയും ഉദ്ദേശ്യം മിസ്രയീമിന്‍റെമേലുള്ള ദൈവ ശിക്ഷയായിരുന്നു. യിസ്രായേല്‍ ജനത്തെ പീഡിപ്പിക്കുന്ന ജാതിയെ ദൈവം ന്യായം വിധിക്കും എന്നത് അബ്രാഹാമിനോടുള്ള ദൈവീക വാഗ്ദത്തത്തിന്റെ ഭാഗമാണ് (ഉല്‍പ്പത്തി 15: 14)  

 

ദൈവം മിസ്രയീമില്‍ അയച്ച ബാധകളില്‍ നിന്നും യിസ്രായേല്‍ ജനത്തെ വേര്‍തിരിച്ച് നിറുത്തിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതിനായി പ്രത്യേക പദ്ധതികള്‍ ഒന്നും ദൈവം മുന്നോട്ട് വച്ചില്ല. 

 

പുറപ്പാടു 8: 22, 23

22  ഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും.

23  എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും.

 

എന്നാല്‍ കടിഞ്ഞൂല്‍ സംഹാരം അങ്ങനെയായിരുന്നില്ല. കാരണം ഇത് ഒരേ സമയം രക്ഷയും ശിക്ഷയുമാണ്. ഇത് ദൈവജനത്തിന്റെ രക്ഷയും മറ്റൊരു കൂട്ടം ജനതയുടെ സംഹാരവുമാണ്. ഇത് രക്ഷയുടെയും ന്യായവിധിയുടെയും നിഴലാണ്. ഇവിടെ സംഹാരകന്‍ ആരെയെല്ലാം ഒഴിഞ്ഞു കടന്നുപോന്നുവോ അവര്‍ രക്ഷ പ്രാപിക്കും, അല്ലാത്തവര്‍ ബാധിക്കപ്പെടും. 

 

രക്ഷയ്ക്കായി ഇവിടെ യിസ്രായേല്‍ ജനത്തിന് ചിലത് ചെയ്യുവാന്‍ ഉണ്ടായിരുന്നു. അവര്‍ പുതിയ ഒരു പ്രമാണം പഠിക്കുകയും പ്രവര്‍ത്തികമാക്കുകയും വേണം. കാരണം ഇത് പുതിയനിയമത്തില്‍ വെളിപ്പെടുവാനിരുന്ന രക്ഷാ പദ്ധതിയുടെ നിഴലാണ്.

 

കടിഞ്ഞൂല്‍ സംഹാരം നടപ്പിലാക്കുവാനുള്ള ദൈവീക പദ്ധതി ഇങ്ങനെയായിരുന്നു:

 

പുറപ്പാടു 12: 12

 12  ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു

 

എന്നാല്‍ യിസ്രായേല്‍ ജനത്തിന്റെ വിടുതലിനായി ദൈവം മറ്റൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഈ പദ്ധതിയാണ്, “പെസാക്ഹ് ” അഥവാ പെസഹ എന്നു അറിയപ്പെടുന്നത്. (pesa - peh'-sakh).  ഈ പദ്ധതി “ഒഴിഞ്ഞു കടന്നുപോകുക” എന്നതാണ്. 

 

പുറപ്പാടു 12: 13, 23

 13 നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

 

23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.

 

യിസ്രായേല്‍ ജനത്തെ കടിഞ്ഞൂല്‍ സംഹാരത്തില്‍ നിന്നും വിടുവിച്ച ദൈവീക പദ്ധതിയാണ് പെസഹ. പെസഹ രാത്രിയില്‍ സംഭവിച്ചത്, സംഹാരകന്‍ ചിലരെ ഒഴിഞ്ഞു കടന്നുപോയി എന്നതാണ്. ഈ കടന്നുപോക്കല്‍ ആണ് യിസ്രായേല്‍ ജനത്തെ സംഹാരത്തില്‍ നിന്നും വിടുവിച്ചത്.

 

ഇവിടെ ഒന്നു രണ്ടു കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചാലെ, സംഹാരകന്റെ കടന്നുപോക്കലിന്റെ പ്രാധാന്യം മനസ്സിലാകൂ. ദൈവം പറഞ്ഞതിങ്ങനെയാണ്:

 

സംഹാരകന്‍ മിസ്രയീം ദേശത്തുകൂടി സഞ്ചരിച്ച്, ആ രാജ്യത്തുള്ള മനുഷ്യന്റെയും, മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും. ഇതില്‍ യിസ്രായേല്യന്‍ എന്നോ മിസ്രയീമ്യന്‍ എന്നോ വേര്‍തിരിവില്ല. ആ രാജ്യത്തുള്ള സകല മനുഷ്യരുടെയും, മൃഗത്തിന്റെയും കടിഞ്ഞൂലിനെ സംഹരിക്കും.

 

സംഹാരകന്‍ യിസ്രായേല്‍ ജനത്തെ, കടിഞ്ഞൂല്‍ സംഹാരത്തില്‍ നിന്നും ഒഴിവാക്കി, കടന്നുപോകും.

 

എന്നാല്‍ ഇത് മറ്റ് ബാധകള്‍ ഉണ്ടായപ്പോഴുള്ള വേര്‍തിരിവല്ല. അവിടെ യിസ്രായേല്‍ ജനം പര്‍ത്തിരുന്ന ദേശത്തെ ബാധകളില്‍ നിന്നും വേര്‍തിരിച്ചു. അവിടെ ബാധകള്‍ കടന്നു കടന്നുപോകുകയല്ല ചെയ്തത്, ബാധകള്‍ വരാതെ ദേശത്തെ വേര്‍തിരിക്കുകയാണ് ചെയ്തത്. ബാധകള്‍ ഗോശെൻ ദേശത്തുകൂടെ പോയില്ല.

 

 

 

പുറപ്പാടു 9: 4, 26

4    യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.

 

26  യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.

 

എന്നാല്‍ കടിഞ്ഞൂല്‍ സംഹാരകന്‍ ഒഴിഞ്ഞു കടന്നുപോകേണമെങ്കില്‍, അറുക്കപ്പെട്ട പെസഹ കുഞ്ഞാടിന്റെ രക്തം അവരുടെ വീടുകളുടെ വാതിലിന്റെ കട്ടളക്കാള്‍ രണ്ടിന്‍മേലും കുറുമ്പടിമേലും പുരട്ടേണം (പുറപ്പാടു 12:7). സംഹാരകന്‍ രക്തം കാണുമ്പോള്‍ അവരെ ഒഴിഞ്ഞു കടന്നുപോകും (പുറപ്പാടു 12: 13).     

അടിമത്വത്തില്‍ നിന്നുള്ള വിടുതല്‍, രക്ഷയാണ്. അത് വീണ്ടെടുപ്പാണ്. രക്ഷ സംഹാരത്തില്‍ നിന്നുള്ള വേര്‍തിരിവല്ല, അത് സംഹാരകന്‍ നമ്മളെ കടന്നുപോകുന്നതാണ്. ഇതിന് ദൈവകൃപയും, വിശ്വാസവും, വിശ്വാസത്തിന്റെ പ്രവര്‍ത്തിയും ആവശ്യമാണ്. 

യിസ്രായേല്‍ തിരഞ്ഞെടുക്കപ്പെട്ട ജനം

നമ്മള്‍ രക്ഷിക്കപ്പെടുമ്പോള്‍, നമുക്ക് ലഭിച്ച ദൈവകൃപയാല്‍, വിശ്വസം മൂലം, നമ്മള്‍ രക്ഷയെ സ്വീകരിക്കുകയാണ്. ദൈവകൃപയോടും, ദൈവം ദാനമായി നല്കിയ വിശ്വാസത്തോടും നമ്മള്‍ അനുകൂലമായി പ്രതികരിക്കുകയാണ്. എന്നാല്‍, നമ്മളുടെ അനുകൂല പ്രതികരണത്തിന് മുമ്പ്, രക്ഷയ്ക്കായി നമ്മളെ തിരഞ്ഞെടുത്ത ഒരു ദൈവ പ്രവൃത്തിയുണ്ട്. ഇത് നമ്മള്‍ക്ക് യിസ്രയേല്യരുടെ വിടുതലിലും കാണാം.     

യിസ്രായേല്‍ ജനം അബ്രഹാം മുഖാന്തിരം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ദൈവജനമാണ്. അതാണ് ഇത്ര വലിയ വീണ്ടെടുപ്പ് ലഭിക്കുവാനുള്ള യിസ്രായേലിന്‍റെ അര്‍ഹത. ദൈവീക തിരഞ്ഞെടുപ്പ് ഒന്നുകൊണ്ടു മാത്രമാണ്, മിസ്രയീമിലെ ജനത്തെ സംഹാരകനില്‍ നിന്നും വിടുവിക്കാതെ, യിസ്രയേല്യരെ മാത്രം വിടുവിച്ചത്.

 

ആവര്‍ത്തനപുസ്തകം 7: 6 നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

 

യെശയ്യാവ് 44: 1, 2

1     ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക.

2    നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.

 

ആവര്‍ത്തനപുസ്തകം 7: 7, 8

7   നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.

 

യിസ്രയേല്യരെ ദൈവം അബ്രാഹാമില്‍ തിരഞ്ഞെടുത്തതാണ്. എങ്ങനെയാണ് അബ്രാഹാമിനെ തിരഞ്ഞെടുത്തത്? അതിന്റെ യാതൊരു മാനദണ്ഡവും ദൈവം വെളിപ്പെടുത്തിയിട്ടില്ല. നമ്മളുടെ അറിവനുസരിച്ച്, ദൈവ കൃപയാല്‍ ദൈവം അബ്രാഹാമിനെ തിരഞ്ഞെടുത്തു, അവനിലൂടെ അവന്റെ സന്തതികളെ അവന്റെ സ്വന്തജനമായി തിരഞ്ഞെടുത്തു.

 

ദൈവം നോഹയെ തിരഞ്ഞെടുത്തത്തിനും അബ്രാഹാമിനെ തിരഞ്ഞെടുത്തത്തിനും, യാക്കോബിനെ തിരഞ്ഞെടുത്തത്തിനും യാതൊരു കാരണവും പറയുന്നില്ല. ദൈവീക തിരഞ്ഞെടുപ്പ് എല്ലാം കൃപയാല്‍ മാത്രമാണ്.

 

ഉല്‍പ്പത്തി 6: 8, 9

   എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.

   നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.

 

ഉല്‍പ്പത്തി 12: യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.

 

ഉല്‍പ്പത്തി 15: 6 അവൻ (അബ്രഹാം) യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.

 

 

ഉല്‍പ്പത്തി 25: 22, 23

22 അവളുടെ (റിബെക്കാ) ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.

23 യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.

 

മലാഖി 1: 2, 3

2    ... ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

3    എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.

 

റോമര്‍ 9: 11 - 13

11    കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻപ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:

12   മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.

13   ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

 

അതായത്, ദൈവം യിസ്രായേലിനെ സംഹാരകനില്‍ നിന്നും വിടുവിക്കുവാനുള്ള കാരണം, അവര്‍ അബ്രാഹാമില്‍, ദൈവത്തിന്റെ സ്വന്തജനമായി തിരഞ്ഞെടുക്കപ്പെട്ട ജനം ആയിരുന്നു എന്നതിനാലാണ്. ഈ തിരഞ്ഞെടുപ്പ് ദൈവം, അവന്റെ വലിയ കൃപയാല്‍ ചെയ്താണ്, അതില്‍ ആരുടേയും പ്രവര്‍ത്തി കാരണമല്ല.

 

തിരഞ്ഞെടുത്ത ദൈവജനത്തെ വിടുവിക്കുവാന്‍ ദൈവം ക്രമീകരിച്ച പദ്ധതിയാണ് പെസഹ. അത് “ഒഴിഞ്ഞു കടന്നു പോകുക” എന്നതാണ്. ദൈവത്തിന്റെ സംഹാരകന്‍, തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തെ ഒഴിഞ്ഞ് കടന്നുപോയി, ദൈവത്തിന്നു കരുണ തോന്നാത്ത, തിരഞ്ഞെടുപ്പ് പ്രാപിക്കാത്ത മിസ്രയീമ്യരുടെ ഇടയിലെ ആദ്യാജാതന്‍മാരെ സംഹരിച്ചു.

 

പുതിയനിയമം

 

പുതിയനിയമത്തില്‍, നമ്മളുടെ വീണ്ടെടുപ്പും രക്ഷയുമായുള്ള ബന്ധത്തില്‍, ദൈവീക തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രധാനപ്പെട്ട വിഷയമാണ്. നമ്മളുടെ കര്‍ത്താവ് അവന്റെ ഒന്നാമത്തെ വരവിന്റെ ഉദ്ദേശ്യം ഇങ്ങനെയാണ് വ്യക്തമാക്കിയത്:

 

യോഹന്നാന്‍ 12: 47, 48 

47  എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. 

48  എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. 

 

യോഹന്നാന്‍ 3: 16 – 18

16   തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

17   ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

18   അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

 

ലൂക്കോസ് 19: 10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.

 

തിരഞ്ഞു” എന്നത് ഇംഗ്ലീഷില്‍ seek എന്നും ഗ്രീക്കില്‍സെറ്റെഓ” എന്നുമാണ് (Strong's G2212 - zēteō - dzay-teh'-o - to seek in order to find). ഈ വാക്കുകളുടെ അര്‍ത്ഥം “കണ്ടെത്തുവാനായി അന്വേഷിക്കുക” എന്നാണ്. അതായത് യേശു മനുഷ്യരുടെ ഇടയില്‍ അന്വേഷിച്ച് ചിലരെ കണ്ടെത്തി രക്ഷിക്കുവാനാണ് വന്നത്.

 

ആരെയാണ് യേശുക്രിസ്തു തിരയുന്നത്? എന്തിനാണ് അവന്‍ തിരയുന്നത്? എന്തുകൊണ്ടാണ്, അന്വേഷിച്ച് തിരയാതെ എല്ലാ മനുഷ്യരെയും രക്ഷിക്കാത്തത്?

 

ആരെയാണ് യേശുക്രിസ്തു വീണ്ടെടുക്കുന്നത്? എന്താണ് ഇവരുടെ യോഗ്യത? വീണ്ടെടുക്കപ്പെടേണ്ട ജനത്തെ എങ്ങനെയാണ് കണ്ടെത്തുന്നത്? ഈ ആത്മീയ മര്‍മ്മം നമ്മളുടെ രക്ഷയുടെ ശ്രേഷ്ഠതയെ വെളിവാക്കുന്നതാണ്.

 

യേശു അന്വേഷിക്കുന്നത് രക്ഷയ്ക്കായുള്ള വിളിയും തിരഞ്ഞെടുപ്പും ഉള്ളവരെയാണ്.

 

1 കൊരിന്ത്യര്‍ 1: 26 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

 

ഇവിടെ “വിളിയെ നോക്കുവിന്‍” എന്നു പറയുന്നതു സുവിശേഷ വേലയ്ക്കായുള്ള ചിലരുടെ വിളിയെക്കുറിച്ചല്ല, രക്ഷയ്ക്കായുള്ള ദൈവജനത്തിന്റെ വിളിയെക്കുറിച്ചാണ്. ലോകത്തില്‍ നിന്നും വിളിച്ച് വേര്‍തിരിക്കപ്പെട്ടവരായ ദൈവജനത്തെക്കുറിച്ചാണ് പൌലൊസ് പറയുന്നത്.

 

കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനം അവിടെയുള്ള സഭയ്ക്ക് എഴുതിയതാണ്.

 

കൊരിന്ത്യര്‍ 1: 1, 2

1     ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,

2    ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;

 

2 പത്രൊസ് 1: 10 അതുകൊണ്ടു സഹോദരന്മാരേ,

നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.

 

ആര്‍ക്കാണ് പത്രൊസ് ലേഖനങ്ങള്‍ എഴുതിയത്?

 

2 പത്രൊസ് 1: 1 യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:

 

2 പത്രൊസ് 3: 1 പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ.

 

1 പത്രൊസ് 1: 1, 2

1     യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും

2    പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

 

പത്രൊസ് ലേഖനമെഴുന്നത്, “ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം”, “നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽലഭിച്ചവര്‍ക്കാണ്. “പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു” “യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി” വിളിക്കപ്പെട്ട “വൃതന്മാരുമായവർക്കു എഴുതുന്നതു”.

 

ഇങ്ങനെയുള്ള വിശുദ്ധജനത്തിനോടാണ്, അവരുടെ വിളിയും തിരഞ്ഞെടുപ്പും അവര്‍ ഉറപ്പാക്കുവാന്‍ പത്രൊസ് പ്രബോധിപ്പിക്കുന്നത്. അങ്ങനെ ഉറപ്പാക്കിയാല്‍,നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2 പത്രൊസ് 1: 11).

 

അതായത് പൌലൊസും, പത്രൊസും പറയുന്ന വിളി, ദൈവജനത്തിന്‍റെ രക്ഷയിലേക്കുള്ള വിളിയാണ്. 

 

1 കൊരിന്ത്യര്‍ 1: 26, 2 പത്രൊസ് 1: 10 എന്നീ വാക്യങ്ങളിലെ ല്‍ വിളി” എന്നത് ഗ്രീക്കില്‍ “ക്ലെസിസ്” എന്നാണ് (Strong's G2821 - Klēsis - klay'-sis - a call, invitation). ഈ വാക്കിന്റെ അര്‍ത്ഥം, വിളി, ക്ഷണം, ഒരു വിരുന്നിനായുള്ള ക്ഷണം എന്നിങ്ങനെയാണ്.

 

വിളിക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ കൂടെയാണ്.

 

2 പത്രൊസ് 1: 10 അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.

 

വിളിക്കപ്പെട്ടവര്‍ എല്ലാവരും തിരഞ്ഞെടുക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും വിളിക്കപ്പെട്ടവര്‍ ആണ്.

 

മത്തായി 22: 14 വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”

 

(വിളിക്കപ്പെട്ടവർ - ക്ലെറ്റൊസ്  - Strong's G2822 - Klētos - klay-tosadjective of G2821 - Klēsis - klay'-s - called, invited (to a banquet)

 

പഴയനിയമ സംഭവത്തില്‍ നിന്നും പുതിയനിയമത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ കാണുന്ന പ്രധാന വ്യത്യാസമിതാണ്: “ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. മനുഷ്യ സമൂഹത്തില്‍ നിന്നും, ദൈവത്താല്‍ വിളിക്കപ്പെട്ടവരേയും തിരഞ്ഞെടുക്കപ്പെട്ടവരെയും അന്വേഷിച്ചു കണ്ടെത്തി രക്ഷിക്കുവാനാണ് യേശു വന്നത്. അങ്ങനെ പിതാവായ ദൈവത്താല്‍, യേശുക്രിസ്തു മുഖാന്തിരം, വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും, നമ്മളുടെ കര്‍ത്താവ് അന്വേഷിച്ചു കണ്ടെത്തിയവരുമാണ് ദൈവജനം.

 

എന്തുകൊണ്ട് നമ്മളെ വിളിച്ചു? എന്തുകൊണ്ട് നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടു? എപ്പോള്‍ നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടു? ആരാണ് നമ്മളെ തിരഞ്ഞെടുത്തത്?

 

എഫെസ്യര്‍ 1: 4 -6

   നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും

   തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

   അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

 

ഇവിടെ തിരഞ്ഞെടുക്കുകയും” എന്നു പറയുവാന്‍ ഗ്രീക്കില്‍ “എക്ളെഗോമഇ” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (Strong's G1586 - eklegomai  - ek-leg'-om-ahee – choosing one out of many, i.e. Jesus choosing his disciples). ഈ വാക്കിന്റെ അര്‍ത്ഥം, അനേകരില്‍ നിന്നും ഒരുവനെ തിരഞ്ഞെടുക്കുക എന്നാണ്.

 

യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തത് ഇതിനൊരു ഉദാഹരണമാണ്. കടപ്പുറത്ത് മീന്‍പിടുത്തക്കാര്‍ അനേകര്‍ ഉണ്ടായിരുന്നു. നികുതി പിരിക്കുന്നവര്‍ അനേകര്‍ ഉണ്ടായിരുന്നു. യഹൂദ റബ്ബിമാരുടെ ശിഷ്യന്മാര്‍ അനേകര്‍ ഉണ്ടായിരുന്നു. ഗലീലയില്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കുന്ന എരിവുകാര്‍ അനേകര്‍ ഉണ്ടായിരുന്നു. പരീശന്മാരില്‍ ഭക്തര്‍ അനേകര്‍ ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തില്‍ പല ശതാധിപന്‍മാര്‍ ഉണ്ടായിരുന്നു. അവരില്‍ ചിലരെ ദൈവം, ലോകസ്ഥാപനത്തിന് മുമ്പേ, ക്രിസ്തുയേശുവില്‍ തിരഞ്ഞെടുത്തു. രക്ഷയ്ക്കായി മുന്‍ നിയമിച്ചു.

 

യോഹന്നാന്‍ 17: 6  നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

 

നമ്മളുടെ രക്ഷയുടെ കാരണം ലോകസ്ഥാപനത്തിന് മുമ്പേ യേശുക്രിസ്തുവില്‍ പിതാവായ ദൈവം നമ്മളെ തിരഞ്ഞെടുത്തതാണ്. നമ്മളുടെ രക്ഷ പെട്ടന്നു ഒരു ദിവസം സംഭവിച്ചതല്ല. അത് നമ്മള്‍, ദൈവ കൃപയോട് അനുകൂലമായി പ്രതികരിച്ചപ്പോള്‍, പെട്ടന്ന് സംഭവിച്ചതല്ല. രക്ഷ നമ്മള്‍ തിരഞ്ഞെടുത്തതല്ല. നമ്മളുടെ രക്ഷ ഒരു ദീര്‍ഘകാല ദൈവീക  പദ്ധതി ആണ്. നമ്മളുടെ രക്ഷയുടെ പദ്ധതി ആരംഭിക്കുന്നത് ലോകാരാംഭത്തിന് മുമ്പ് ആണ്. അത് പൂര്‍ണ്ണമാകുന്നത് നിത്യയില്‍ ആണ്.

 

നമ്മളല്ല രക്ഷ തിരഞ്ഞെടുത്തത്, നമ്മളല്ല യേശുക്രിസ്തുവിനെ തിരഞ്ഞെടുത്തത്. ദൈവവും നമ്മളുടെ കര്‍ത്താവും നമ്മളെ തിരഞ്ഞെടുത്തതാണ്.

 

യോഹന്നാന്‍ 15: 16 നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു,

 

എങ്ങനെ നമ്മള്‍ രക്ഷിക്കപ്പെട്ടു? ഇതിനുള്ള ഏറ്റവും നല്ല വിശദീകരണം, അപ്പൊസ്തലനായ പൌലൊസ് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വാക്യം ആണ്:

 

എഫെസ്യര്‍ 2: 8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

   ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

 

പൌലൊസ് പറയുന്നതു ഇതാണ്: നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവ കൃപയാല്‍ മാത്രം ആണ്. നമ്മളുടെ വിശ്വസം ആണ് രക്ഷയിലേക്ക് നമ്മളെ പ്രവേശിപ്പിച്ചത്. ദൈവ കൃപയും വിശ്വാസവും ദൈവത്തിന്റെ ദാനമാണ്. ഈ ദാനം ലഭിക്കുവാന്‍ നമ്മളുടെ ഒരു പ്രവര്‍ത്തിയും മേന്‍മകളും കാരണമല്ല. സകലതും ദൈവകൃപ മാത്രം ആണ്.

 

ഈ സന്ദേശം ഒരു ചോദ്യത്തോടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മളുടെ രക്ഷ, ലോകസ്ഥാപനത്തിന് മുമ്പേയുള്ള തിരഞ്ഞെടുപ്പിനാല്‍ സംഭവിച്ചതാണ് എങ്കില്‍, തിരഞ്ഞെടുപ്പ് ലഭിക്കാത്തവരെ ദൈവം തള്ളിക്കളഞ്ഞത് എന്തുകൊണ്ട്? എന്തുകൊണ്ട് ദൈവം ചിലരെ നിത്യ ശിക്ഷയ്കായി തള്ളിക്കളയുന്നു?

 

ദൈവം നമ്മളെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുകയും, മുന്‍ നിയമിക്കുകയും ചെയ്തു എന്നു പറയുമ്പോള്‍, ചിലരെ ശിക്ഷയ്ക്കായി മുന്‍ നിയമിച്ചു എന്നു വരുന്നില്ലേ? അങ്ങനെ എങ്കില്‍, ദൈവം ആരെയെങ്കിലും നരകത്തിനായി മുന്‍നിയമിക്കുന്നുണ്ടോ? ഉത്തരം, ദൈവം ആരെയും നരകത്തിനായി മുന്‍നിയമിക്കുന്നില്ല എന്നാണ്. നമ്മളെ രക്ഷയ്ക്കായി തിരഞ്ഞെടുത്തു എന്നേയുള്ളൂ. അതായത് ചിലരെ രക്ഷയ്ക്കായി ദൈവം തിരഞ്ഞെടുത്തില്ല. അവരെ ഒഴിഞ്ഞു കടന്നുപോയി, നമ്മളെ തിരഞ്ഞെടുത്തു.

 

പുതിയനിയമത്തിലെ ഒന്നുരണ്ട് വേദഭാഗം പഠിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും.

 

റോമര്‍ 3: 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

 

യോഹന്നാന്‍ 3: 18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

 

റോമര്‍ 9: 23, 24

23  യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ

24  തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?

 

ഗ്രീക്ക് ഭാഷയിലെ വ്യാകരണം അനുസരിച്ച് ഈ വാക്യം (റോമര്‍ 9: 23, 24) വായിച്ചാലെ നമുക്ക് ഇതിന്റെ അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയൂ. നമ്മളുടെ ഭാഷയിലും ഇംഗ്ലീഷിലും ഉള്ളതുപോലെ തന്നെ, ഗ്രീക്കിലും, കര്‍ത്തരിപ്രയോഗം (Active voice) ഉം, കര്‍മ്മണിപ്രയോഗം (Passive voice) ഉം ഉണ്ട്. കര്‍ത്തരി പ്രയോഗം ഉള്ള വാചകങ്ങളില്‍, കര്‍മ്മം ചെയ്യുന്ന വ്യക്തിക്കായിരിക്കും പ്രാധാന്യം. അതിനാല്‍ ഇതിനെ, സകര്‍മ്മകപ്രയോഗം എന്നും വിളിക്കുന്നു. കര്‍മ്മണി പ്രയോഗം ഉള്ള വാചകത്തില്‍ കര്‍മ്മത്തിന് ആണ് പ്രാധാന്യം, അത് പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് അല്ല. മുകളില്‍ പറഞ്ഞ വാക്യങ്ങളിലെ 24 ആം വാക്യത്തില്‍ “നാശയോഗ്യമായ കോപപാത്രങ്ങളെ” എന്നത് ഒരു കര്‍മ്മണി പ്രയോഗം ആണ്. അതായത്, പാത്രങ്ങള്‍ നാശയോഗ്യമായത് ആരെങ്കിലും അതിനെ നാശയോഗ്യമാക്കിയത് കൊണ്ടാണ് എന്നു പറയുന്നില്ല. അത് നാശയോഗ്യമായി തീര്‍ന്നു എന്നു മാത്രം പറയുന്നു.  എന്നാല്‍, 23 ആം വാക്യത്തില്‍, മുന്നൊരുക്കിയ കരുണാപാത്രങ്ങളായ” എന്നത് ഒരു കര്‍ത്തരി പ്രയോഗമാണ്. ഇവിടെ കര്‍മ്മം ചെയ്ത ആളിന് പ്രാധാന്യമുണ്ട്. അയാള്‍ ചെയ്ത പ്രവര്‍ത്തി ആണ്, പാത്രങ്ങളെ കരുണാപാത്രങ്ങള്‍ ആയി മുന്നൊരുക്കി എന്നത്. പൌലൊസിന്റെ വാദം ഇതാണ്, ചിലരെ ദൈവതേജസ്സിനായി ദൈവം മുന്‍ നിയമിക്കുകയും, മുന്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ നാശത്തിലേക്ക് പോകുന്നതില്‍ ദൈവത്തിന് സജീവമായ പങ്ക് ഇല്ല, അത് അവരുടെ തിരഞ്ഞെടുപ്പ് മാത്രം ആണ്. ദൈവം ചിലരെ നിത്യജീവനിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ, ദൈവം ആരെയും നാശത്തിനായി മുന്‍നിയമിക്കുന്നില്ല.

 

യേശുക്രിസ്തു ചെയ്ത ആദ്യത്തെ അത്ഭുതപ്രവര്‍ത്തിയില്‍ നിന്നും നമുക്ക് ഇതിനൊരു വിശദീകരണം കണ്ടെത്തുവാന്‍ കഴിയും. യേശുവും ശിഷ്യന്മാരും കാനാ എന്ന സ്ഥലത്തു ഒരു വിവാഹത്തിന് സംബന്ധിച്ചു. അവിടെ അപ്രതീക്ഷിതമായി വീഞ്ഞ് തീര്‍ന്നുപോയി. അവിടെ, വീടിന് വെളിയില്‍, ശുദ്ധീകരണത്തിനായി ഉപയോഗിച്ചിരുന്ന, വെള്ളം കോരിവയ്ക്കുന്ന ആറ് കല്‍പാത്രങ്ങള്‍ ഉണ്ടായിരുന്നു. പൊടി നിറഞ്ഞ വഴികളിലൂടെ നടന്നു വരുന്ന അതിഥികള്‍ക്ക് കാലുകള്‍ കഴുകുവാനും, ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകള്‍ ശുദ്ധമാക്കുവാനും, പാത്രങ്ങള്‍ കഴുകുവാനും ഉള്ള വെള്ളമായിരുന്നു ആ കല്‍പാത്രങ്ങളില്‍ ശേഖരിക്കുക. ഇതിനായി വലിയായ കല്‍പാത്രങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. യേശു ശുശ്രൂഷക്കാരോട് കല്‍പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുവാന്‍ ആവശ്യപ്പെട്ടു. അവന്‍ വെള്ളത്തെ ഏറ്റവും നല്ല വീഞ്ഞാക്കിമാറ്റി.

 

ഇവിടെ കല്‍പാത്രങ്ങള്‍ യേശു വീടിന് വെളിയില്‍ ഉപേക്ഷിച്ചതല്ല. അത് അങ്ങനെ അവിടെ കിടക്കുകയായിരുന്നു. അത് മാനിക്കപ്പെടുന്ന പാത്രങ്ങള്‍ ആകാതിരുന്നത് യേശു അതിനെ തള്ളിക്കളഞ്ഞതുകൊണ്ടല്ല. എന്നാല്‍ യേശു ഒരു കാര്യം ചെയ്തു. യേശു അതിനെ ഏറ്റവും നല്ല വീഞ്ഞുകൊണ്ടു നിറച്ചു. അതിനെ മാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറ്റി.

 

ഇതാണ് പുതിയനിയമത്തിലെ രക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ്. 

  

പുതിയനിയമത്തില്‍, കൃപായുഗത്തില്‍, ലോകത്തിലൂടെ കടന്നുപോകുന്നത് സംഹാരകനല്ല, രക്ഷനായ യേശുക്രിസ്തുവാണ്. യേശു ആരെയും വിധിക്കുന്നില്ല, ചിലരെ വീണ്ടെടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍, രക്ഷയ്ക്കായുള്ള ദൈവ കൃപ, തിരഞ്ഞെടുക്കപ്പെടാത്തവരെ “ഒഴിഞ്ഞു കടന്നു പോയി, രക്ഷിക്കപ്പെട്ട നമ്മളിലേക്ക് എത്തി. അതിനു കാരണമോ, ദൈവത്തിന്നു നമ്മളോട് കരുണ തോന്നി എന്നു മാത്രം.

 

റോമര്‍ 9: 15 എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും”

 


 

No comments:

Post a Comment