യേശുക്രിസ്തു വീണ്ടും വരുമോ? ഈ ചോദ്യത്തിന് രണ്ടു ഉത്തരമേ ഉള്ളൂ. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വീണ്ടും വരും എന്നു മഹാഭൂരിപക്ഷം ക്രൈസ്തവരും വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ വീണ്ടും വരവ് എന്നത് ക്രൈസ്തവര്‍ മെനഞ്ഞെടുത്ത ഒരു കെട്ടുകഥയാണ് എന്നു യഹൂദന്മാരും ക്രൈസ്തവ വിരോധികളും വാദിക്കുന്നു. മശിഹാ രണ്ടു പ്രാവശ്യം വരും എന്നത് പഴയനിയമത്തില്‍ ഇല്ലാത്ത ഒരു ഉപദേശമാണ് എന്നാണ് യഹൂദന്മാരുടെ നിലപാട്. യേശുവിനെ അവര്‍ മശിഹയായി അഥവാ ക്രിസ്തുവായി അംഗീകരിച്ചിട്ടില്ല. അതിനാല്‍ മശീഹ ഒരു പ്രാവശ്യമേ വരൂ, അത് ഇതുവരെയും സംഭവിച്ചിട്ടില്ല എന്നു യഹൂദന്മാര്‍ കരുതുന്നു.
എന്നാല്‍ നൂറ്റാണ്ടുകളായുള്ള ക്രൈസ്തവ വിശ്വസം യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് സംഭവിച്ചു കഴിഞ്ഞു എന്നും ഇനിയും സമീപ ഭാവിയില്‍ അവന്‍ വീണ്ടും വരും എന്നാണ്. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെയാണ് അപ്പൊസ്തലനായ പൌലൊസ്, “ഭാഗ്യകരമായ പ്രത്യാശ” എന്നു വിളിക്കുന്നത്.
തീത്തൊസ് 2: 12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ….
എന്തുകൊണ്ടാണ് ക്രൈസ്തവര്‍ യേശു വീണ്ടും വരും എന്നു വിശ്വസിക്കുന്നതും പ്രത്യാശിക്കുന്നതും?
ഇതിനൊരു ഉത്തരം നല്‍കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് ബൌദ്ധീകമായ വാദങ്ങളിലൂടെ തെളിയിക്കുവാന്‍ സാധ്യമല്ല. അത് ദൈവവചനത്തിലൂടെ മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ. അതുപോലെ തന്നെ അവന്റെ രണ്ടാമത്തെ വരവും ദൈവവചനത്തിലൂടെ മാത്രമേ ഗ്രഹിക്കുവാന്‍ കഴിയൂ. അതിനായി മുഖ്യമായും നാല് കാര്യങ്ങളാണ് ഇവിടെ പഠനവിഷയമാക്കുന്നത്. അത് ഇതെല്ലാം ആണ്:
2.
യേശുവിന്റെ ഒന്നാമത്തെ വരവിന്റെ ഉദ്ദേശ്യം
എന്നതായിരുന്നു?
3.
യേശുക്രിസ്തു വീണ്ടും വരും എന്നു
വേദപുസ്തകത്തില്‍ പ്രവചിക്കപ്പെടുന്നുണ്ടോ?
4. അവന്റെ രണ്ടാമത്തെ വരവിന്റെ ഉദ്ദേശം എന്താണ്?
അതായത്, നമ്മള്‍ ഇവിടെ ഉപയോഗിയ്ക്കുന്ന തത്വം ഇതാണ്. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് വാഗ്ദത്തത്തങ്ങളുടെയും പ്രവചനങ്ങളുടെയും നിവര്‍ത്തി ആയിരുന്നു എങ്കില്‍, അവന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളും പ്രവചനങ്ങളും നിവര്‍ത്തിക്കപ്പെടും. ഒന്നാമത്തെ വരവിന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കപ്പെട്ടു എങ്കില്‍ രണ്ടാമത്തെ വരവിന്റെ ലക്ഷ്യവും നിവര്‍ത്തിക്കപ്പെടും.
യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ്
യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ്
എന്നതില്‍, അവന്റെ ജനനവും, ശുശ്രൂഷയും, മരണവും ഉള്‍പ്പെടുന്നു. പഠനത്തിന്റെ സൌകര്യാര്‍ത്ഥം, യേശുവിന്റെ ഒന്നാമത്തെ വരവിന്റെ വാഗ്ദത്തങ്ങളെയും പ്രവചനങ്ങളെയും ആദ്യം
മനസ്സിലാക്കുവാന്‍ ശ്രമിക്കാം. അവന്റെ ശുശ്രൂഷയും മരണവും രണ്ടാമതായി
പഠനവിധേയമാക്കാം.
അപ്പോസ്തനായ പത്രൊസ്, അവന്റെ
രണ്ടാമത്തെ പ്രസംഗത്തില്‍, പ്രവാചകന്മാര്‍ യേശുവിന്റെ
ഒന്നാമത്തെ വരവിനെക്കുറിച്ചും അവന്‍ ചെയ്തു തീര്‍ത്ത ശുശ്രൂഷകളെക്കുറിച്ചും
പ്രവചിച്ചിരുന്നു എന്ന സത്യം യഹൂദ ജനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
അപ്പോസ്തലപ്രവൃത്തികള്‍ 3: 24
അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു
പ്രസ്താവിച്ചു.
ഈ പ്രവചനങ്ങള്‍ക്ക് ഉപരിയായി,
അബ്രഹാം, യാക്കോബ്, മോശെ
എന്നിങ്ങനെയുള്ള ഗോത്ര പിതാക്കന്‍മാര്‍ക്ക് ദൈവം ഒരു രക്ഷകനെ വാഗ്ദത്തം
ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദത്തം ആദ്യം ലഭിക്കുന്നത് ആദാമിനും ഹവ്വായ്ക്കുമാണ്.
ഏദെന്‍ തോട്ടത്തില്‍, പാപം
ചെയ്ത മനുഷ്യരോടുള്ള ദൈവത്തിന്റെ ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍, അതില്‍നിന്നുള്ള വിടുതലും ദൈവം കൃപയാല്‍ പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യനു
ഇനി സ്വയം പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ കഴിയാത്തതിനാല്‍, പിശാചിനെ തകര്‍ക്കുന്ന ഒരു സന്തതിയെ ദൈവം വാഗ്ദത്തം ചെയ്തു. ഇത് ദൈവം
പാമ്പിന്‍റെ ശിക്ഷയായി, അതിനോടാണ് പറയുന്നത്.
ഉല്‍പ്പത്തി
3: 15 ഞാൻ നിനക്കും (പാമ്പിനും)
സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.
അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
ആദാമിന്റെയും ഹവ്വായുടെ സാന്നിധ്യത്തിലാണ്
ദൈവം ശിക്ഷകള്‍ എല്ലാം ഇവിടെ പ്രഖ്യാപിക്കുന്നത്. അതിനാല്‍ ഇത് ആദാമിനും
ഹവ്വായ്ക്കും ഒരു വിടുതലിന്റെ വാഗ്ദത്തവും പാമ്പിന് ശിക്ഷയുടെ മുന്നറിയിപ്പും ആണ്.
ദൈവത്തിന്റെ
ഈ പ്രവചനത്തെ “ആദ്യ സുവിശേഷം” എന്നാണ് വിളിക്കുന്നത് (proto-evangelium - first Gospel). യേശുക്രിസ്തു പിശാചിനെ തകര്‍ക്കുന്നതിനെക്കുറിച്ചാണ്
ദൈവം മുന്നറിയിച്ചത് എന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
ഇവിടെ
ദൈവം വാഗ്ദത്തം ചെയ്യുന്നത് പാമ്പിന്റെ തലയെ തകര്‍ക്കുന്ന ഒരു സന്തതിയെയാണ്. ഉല്‍പ്പത്തി
പുസ്തകത്തിലോ,
പഴയനിയമത്തിലെങ്ങുമോ, മനുഷ്യരെ വഞ്ചിച്ച പാമ്പ് പിശാച് ആണ്
എന്നു നേരിട്ട് പറയുന്നില്ല. എങ്കിലും, യെഹെസ്കേല്‍ 28: 13
ല്‍ പിശാചിനെക്കുറിച്ചുള്ള വിവരണത്തില്‍, “നീ ദൈവത്തിന്റെ
തോട്ടമായ ഏദെനില്‍ ആയിരുന്നു” എന്നു പറയുന്നുണ്ട്. അതിനാല്‍ ഏദെനിലെ പാമ്പ് പിശാച്
ആയിരുന്നു എന്ന ധാരണ പഴയനിയ കാലത്തും ഉണ്ടായിരുന്നുകാണേണം.
2
കൊരിന്ത്യര്‍ 11: 3 ലും “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ”
എന്നാണ് പൌലൊസ് എഴുതുന്നത്. പാമ്പ്
ഹവ്വായെ ഉപായത്താല്‍ ചതിച്ചതിനാലാണ് മനുഷ്യര്‍ പാപത്തിലും അതിന്റെ ശിക്ഷയിലും
വീണത്.
ഏദെനിനെ
പാമ്പ് പിശാച് ആണ് എന്നു വ്യക്തമായി പറയുന്നതു വെളിപ്പാടു പുസ്തകം 12: 9; 20: 2 എന്നീ വാക്യങ്ങളില്‍ ആണ്.
വെളിപ്പാട് 12: 9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും
സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ
തള്ളിക്കളഞ്ഞു.
വെളിപ്പാട് 20: 2 അവൻ പിശാചും
സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു
ചങ്ങലയിട്ടു.
ഏദെനില്‍
ദൈവം പിശാചിനോട് അവന്റെ ശിക്ഷ്യയെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും പറയുമ്പോള്‍
ആദാമിനും ഹവ്വയ്ക്കും അത് ശരിയായി ഗ്രഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് ഒരു
സന്തതി ജനിക്കും എന്നും അവന്‍ പാമ്പിന്റെ തലയെ തകര്‍ക്കും എന്നും അതോടെ അവര്‍ക്ക്
ദൈവ ശിക്ഷയില്‍ നിന്നും മോചനം ലഭിക്കും എന്നു മാത്രമേ അവര്‍ മനസ്സിലാക്കിയുള്ളൂ.
അതുകൊണ്ടാണ്, കയീന്‍ ജനിച്ചപ്പോള്‍, “യഹോവയാൽ
എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു” എന്ന് ഹവ്വ പറഞ്ഞത് (ഉല്‍പ്പത്തി 4:1). അവരുടെ
ആദ്യ സന്തതിയായ കയീന്‍ യഹോവ വാഗ്ദത്തം ചെയ്ത, പാമ്പിന്റെ തലയെ തകര്‍ക്കുന്ന
സന്തതിയാണ് എന്ന് അവര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ കയീന്‍ പാപത്തില്‍ വീണുപോയി.
അവന്‍ തന്റെ ഇളയ സഹോദരനായ ഹാബെലിനെ കൊന്നു. അതോടെ കയീന്‍ മാതാപിതാക്കളെ വിട്ടു
ഓടിപ്പോയി.
ഉല്‍പ്പത്തി 4: 25 ല്‍ പറയുന്ന പ്രകാരം,
ആദാമിനും ഹവ്വായ്ക്കും വീണ്ടും ഒരു മകന്‍ ജനിച്ചു. അപ്പോള്‍ ഹവ്വ, “കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു
പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.” ഇവിടെയും പാമ്പിന്റെ തല തകര്‍ക്കുന്ന
സന്തതി, അവര്‍ക്ക് ജനിക്കുന്ന പുത്രന്‍ ആണ് എന്ന പ്രതീക്ഷ
അവര്‍ വച്ചുപുലര്‍ത്തുകയാണ്.
എന്നാല്‍ ദൈവം വാഗ്ദത്തം ചെയ്ത മനുഷ്യന്റെ
സന്തതി, പിശാചിന്റെ തലയെ തകര്‍ക്കുന്ന യേശുക്രിസ്തു ആയിരുന്നു. ഇതിന്റെ നിവര്‍ത്തിയെക്കുറിച്ച്
പൌലൊസ് പറയുന്നതിങ്ങനെയാണ്:
കൊലൊസ്സ്യര്‍
2: 15 (യേശുക്രിസ്തു) വാഴ്ചകളെയും
അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ
പരസ്യമായ കാഴ്ചയാക്കി.
യേശുക്രിസ്തുവിനെക്കുറിച്ചുള്ള
വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം ഒരു വാഗ്ദത്തം ആയിരുന്നു. അത് ദൈവം മനുഷ്യര്‍ക്ക്
നല്‍കിയതാണ്. അത് യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവില്‍ ഭാഗികമായി നിവര്‍ത്തിച്ചു.
അബ്രാഹാമിനോടുള്ള വാഗ്ദത്തം
ദൈവരാജ്യത്തിന്റെ പുനസ്ഥാപനമാണ്
വേദപുസ്തകത്തിലെ മുഖ്യ വിഷയം. പുനസ്ഥാപനത്തിനുള്ള ദൈവീക പദ്ധതി പ്രവര്‍ത്തികമാകുന്നത്
അബ്രഹാം മുതലാണ്. അബ്രാഹാമില്‍ ആരംഭിക്കുന്ന ദൈവീക പദ്ധതിയ്ക്ക് ഒരു മുഖവുരയാണ്
അതിനുമുമ്പുള്ള സംഭവങ്ങള്‍. അവിടെ രക്ഷയുടെ വാഗ്ദത്തം ഉണ്ടെങ്കിലും,
പുനസ്ഥാപനത്തിന്റെ പദ്ധതി ആരംഭിച്ചത്, ദൈവം അബ്രാഹാമിനെ
തിരഞ്ഞെടുത്തതിലൂടെയാണ്.
ദൈവം അബ്രാഹാമിനോടു പറഞ്ഞു: “ഞാന്‍ നിന്നെ
വലിയൊരു ജാതിയാക്കും” (ഉല്‍പ്പത്തി 12: 2). എന്നു പറഞ്ഞാല്‍ ദൈവം അബ്രാഹാമിനെ ഒരു
വലിയ ഒരു ജന സമൂഹമാക്കി മാറ്റും. ഈ ജനസമൂഹം ദൈവരാജ്യത്തിന്റെ അവകാശികള്‍ ആകും.
ദൈവം തുടര്‍ന്നു പറഞ്ഞു: “നിന്നിൽ
ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്‍പ്പത്തി 12: 3).
ഈ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി
ദൈവം അബ്രാഹാമിന് ഒരു സന്തതിയെ വാഗ്ദത്തം ചെയ്തു. ഇതിനെ സന്തതികള്‍ എന്നു പറയാതെ,
സന്തതി എന്ന ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉല്‍പ്പത്തി
13: 16 ഞാൻ നിന്റെ
സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ
സന്തതിയെയും എണ്ണാം.
ഉല്‍പ്പത്തി 15: 5 പിന്നെ അവൻ അവനെ
പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക;
നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ
സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
ഉല്‍പ്പത്തി 13: 16 ലും 15: 5 ലും ആയി
ദൈവം അബ്രാഹാമിന് നല്കിയ വാഗ്ദത്തം ഒരേ സമയം ജഡപ്രകാരമുള്ളതും ആത്മീയവും
ആയിരുന്നു. ദൈവം അവന്, ഭൂമിയിലെ പൊടിപോലെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും
സന്തതിയെ നല്കാം എന്നാണ് പറഞ്ഞത്. ഇവിടെയെല്ലാം “സന്തതി” എന്ന ഏകവചനമാണ്
ഉപയോഗിച്ചിരിക്കുന്നത്. ഇത് അബ്രാഹാമിന്റെ സന്തതിയായ ഒരുവനെക്കുറിച്ച്
സൂചിപ്പിക്കുന്നു. അവനില്‍ ആണ് അനേകം സന്തതികള്‍ ജനിക്കുന്നത്.
ഗലാത്യര്‍
3: 16 എന്നാൽ അബ്രാഹാമിന്നും
അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു;
സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ
സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു
ക്രിസ്തു തന്നേ.
ഈ
വാഗ്ദത്തത്തിന്റെ നിവര്‍ത്തി യേശുക്രിസ്തുവിന്റെ കാലത്തോടെ ആരംഭിച്ചു എന്നാണ്
പത്രൊസ് പറയുന്നത്.
അപ്പോസ്തലപ്രവൃത്തികള്‍ 3: 25
ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം
അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും
പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
യാക്കോബിനോടുള്ള വാഗ്ദത്തം
അബ്രാഹാമിന്റെ
കൊച്ചുമകനായ യാക്കോബ് സ്വന്ത ഭവനത്തില്‍ നിന്നും ഹാരാനിലേക്കു
ഓടിപ്പോകുന്ന വഴിക്ക്, രാത്രിയില്‍, ഒരു
സ്ഥലത്ത് കിടന്നുറങ്ങി. അന്ന് രാത്രി അവന്‍ ഒരു സ്വര്‍ഗ്ഗീയ ദര്‍ശനം കണ്ടു. ദര്‍ശനത്തില്‍
ദൈവം അവനോടു അരുളിച്ചെയ്തു:
ഉല്‍പ്പത്തി 28: 14 നിന്റെ
സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും
വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ
സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
ഈ
വാഗ്ദത്തവും ഒരേ സമയവും ഭൌതീകവും ആത്മീയവും ആണ്. ഇത് ദൈവം അബ്രാഹാമിന് നല്കിയ
വാഗ്ദത്തത്തിന്റെ ആവര്‍ത്തനമാണ്. ഇവിടെയും “സന്തതി” എന്ന ഏകനെക്കുറിച്ചാണ്
പറയുന്നത്. ഇത് യേശുക്രിസ്തു എന്ന രക്ഷകനെക്കുറിച്ചാണ്.
മോശെയുടെ പ്രവചനം
അബ്രാഹാമിന്
ശേഷം, യേശുക്രിസ്തുവിനെക്കുറിച്ചുള്ള
ആദ്യത്തെ ശ്രദ്ധേയമായ പ്രവചനം ദൈവം മോശെയോട് അരുളിചെയ്യുന്നതാണ്.
ആവര്‍ത്തനപുസ്തകം
18: 15, 18, 19
15 നിന്റെ ദൈവമായ യഹോവ നിനക്കു
എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും;
അവന്റെ വചനം നിങ്ങൾ കേൾക്കേണം.
18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ
അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ
നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ
അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ
വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
ഇതിന്റെ
നിവര്‍ത്തി യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവില്‍ ഉണ്ടായതായി പത്രൊസ് പറയുന്നു:
അപ്പോസ്തലപ്രവൃത്തികള്‍
3: 22, 23
22 “ദൈവമായ കർത്താവു നിങ്ങളുടെ
സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും;
അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു
കേൾക്കേണം.
23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത
ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ.
ബേത്ലേഹെമില്‍ കന്യകയില്‍
ജനിക്കുന്ന യേശു
യേശുവിന്റെ
ഒന്നാമത്തെ വരവിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട രണ്ടു പ്രവചനങ്ങള്‍, അവന്‍ കന്യകയില്‍ ജനിക്കും എന്നതും അവന്റെ
ജനനം ബേത്ലേഹെമില്‍
ആയിരിയ്ക്കും എന്നതാണ്.
BC 8 ആം
നൂറ്റാണ്ടിന്റെ അവസാന കാലത്ത് യഹൂദയില്‍ ജീവിച്ചിരുന്ന ഒരു പ്രവാചകനായിരുന്നു
യെശയ്യാവ്. ആഹാസ് രാജാവിന്റെ കാലത്ത്,
അരാംരാജാവായ രെസീനും വടക്കന്‍ യിസ്രായേല്‍ രാജ്യത്തെ രാജാവായിരുന്ന രെമല്യാവിന്റെ
മകനായ പേക്കഹിനും യഹൂദ്യയ്ക്കെതിരെ യുദ്ധത്തിന് വന്നു (2 രാജാക്കന്മാര്‍ 15: 37; യെശയ്യാവ് 7: 1). യെശയ്യാവ് പ്രവാചകന്‍ യഹൂദ രാജാവായ ആഹാസിനെ കണ്ടു, ശത്രുക്കളുടെ ദുരാലോചന “അതു നടക്കയില്ല, സാധിക്കയുമില്ല”
എന്നു അറിയിച്ചു (7:7). ദൈവത്തിന്റെ ആലോചന വിശ്വസിക്കേണ്ടതിനായി “ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ
മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക” എന്നും പ്രവാചകന്‍ ആഹാസിനോട് പറഞ്ഞു
(7:11). എന്നാല്‍ ആഹാസ് മറുപടി പറഞ്ഞു: “ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.”
(7:12).
അപ്പോള്‍
യെശയ്യാവ് ദൈവത്തിന്റെ അടയാളം രാജാവിനെയും യഹൂദ ജനത്തെയും അറിയിച്ചു:
യെശയ്യാവ് 7: 14 അതുകൊണ്ടു കർത്താവു
തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
സുവിശേഷ
ഗ്രന്ഥകര്‍ത്താവായ മത്തായി,
ഈ പ്രവചനം യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായി 1:
22, 23
22 “കന്യക
ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള
ഇമ്മാനൂവേൽ എന്നു പേർവിളിക്കും”
23 എന്നു കർത്താവു പ്രവാചകൻമുഖാന്തരം
അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
യേശുവിന്റെ ഒന്നാമത്തെ വരവ്
ആരംഭിക്കുന്നത് അവന്‍ ഒരു കന്യകയായ യുവതിയില്‍ ഒരു മനുഷ്യനായി ജനിക്കുന്നതോടെയാണ്.
ഇത് ലോകചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചതും ഇനി സംഭവിക്കുവാന്‍
സാധ്യമല്ലാത്തതുമായ ഒരു സംഭവമാണ്. ഇത് ഭൌതീക തലത്തിലെ എല്ലാ തത്വ ശാസ്ത്രങ്ങള്‍ക്കും,
ജൈവശാസ്ത്ര നിയമങ്ങള്‍ക്കും എതിരായ ഒരു സംഭവമാണ്. അതിനാല്‍ ഇത് ദൈവത്താല്‍ മാത്രം
സംഭവിച്ചാണ്.
യേശുക്രിസ്തുവിന്റെ ജനനം ബേത്ലേഹെമില്‍ ആണ് എന്ന പ്രവചനം നമ്മള്‍
വായിക്കുന്നത് മീഖാ പ്രവാചകന്റെ പുസ്തകത്തിലാണ്.
മീഖാ
5: 2 നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ
യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ
എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം
പണ്ടേയുള്ളതും പുരാതനമായതും തന്നേ.
യേശുക്രിസ്തുവിന്റെ
ഒന്നാമത്തെ വരവിനെക്കുറിച്ചുള്ള അനേക പ്രവചനങ്ങള്‍ പഴയനിയമത്തില്‍ ഉണ്ട്. അതെല്ലാം
ഇവിടെ എടുത്തുപറയുവാന്‍ സാധ്യമല്ലല്ലോ. അതിനാല്‍ പഴയനിയമ പ്രവചനങ്ങളുടെ വിവരണം
ഇവിടെ ചുരുക്കുന്നു. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് ദൈവം തന്റെ ദാസന്‍മാര്‍ക്ക്
നല്കിയ വാഗ്ദത്തത്തിന്റെയും അരുളപ്പാടുകളുടെയും നിവര്‍ത്തി ആയിരുന്നു. അതിനാല്‍
അവന്റെ രണ്ടാമത്തെ വരവിനെക്കുറിച്ച് തിരുവെഴുത്തു വാഗ്ദത്തം നല്‍കുന്നുണ്ടെങ്കില്‍, ഒന്നാമത്തെ വരവ് നിവര്‍ത്തിക്കപ്പെട്ടതുപോലെ, രണ്ടാമത്തെ വരവും നിവര്‍ത്തിക്കപ്പെടും.
ഒന്നാമത്തെ വരവിന്റെ
ഉദ്ദേശ്യമെന്താണ്?
ദൈവവചനം
മനുഷ്യനായി ജനിച്ചതാണ് യേശുക്രിസ്തു എന്നാണ് വേദപുസ്തകം പറയുന്നത്. അതായത് ദൈവം
മനുഷ്യനായി അവതരിക്കുക ആയിരുന്നു. എന്തിനാണ് ദൈവം ഇങ്ങനെ ജനിച്ചത്? ഈ ജനനത്തിന്റെ ഉദ്ദേശ്യം യേശു നിവര്‍ത്തിച്ചുവോ?
ദൈവരാജ്യത്തിന്റെ ആരംഭം
യേശുക്രിസ്തു
ഈ ഭൂമിയിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത് ഗലീലയിലാണ്. അവന് വളരെ തിരക്കേറിയ ഒരു
ശുശ്രൂഷ അവിടെ ഉണ്ടായിരുന്നു. മര്‍ക്കോസിന്റെ വിവരണം അനുസരിച്ച്, “നാനാവ്യാധികളാൽ
വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും
പുറത്താക്കി;” (മര്‍ക്കോസ് 1: 34). അടുത്ത ദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോള്‍ തന്നെ അവന്‍ വിജനമായ ഒരു സ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു.
അവന്റെ ശിഷ്യന്മാര്‍ അവനെ അന്വേഷിച്ചു അവിടെ ചെന്നു, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു
എന്നു പറഞ്ഞു.” (1:37).
അതിനു യേശു മറുപടി പറഞ്ഞതിങ്ങനെയാണ്:
മര്‍ക്കോസ് 1: 38 അവൻ അവരോടു: “ഞാൻ
അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു
വന്നിരിക്കുന്നതു” എന്നു പറഞ്ഞു.
തുടര്‍ന്നു
39 ആം വാക്യത്തില്‍ യേശു ഗലീലയില്‍ ഉണ്ടായിരുന്ന യഹൂദ പള്ളികളില്‍ പ്രസംഗിക്കുകയും
ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു എന്നും പറയുന്നുണ്ട്.
യേശുവിന്റെ
ശുശ്രൂഷയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു രോഗസൌഖ്യം. എന്നാല്‍ അവന്റെ
വരവിന്റെ ഉദ്ദേശ്യം പ്രസംഗിക്കുക എന്നതായിരുന്നു. ഇവിടെ “പ്രസംഗിക്കുക” എന്ന
വാക്കിന്റെ ഗ്രീക്ക് പദം,
“കെരൂസോ” (kēryssō - kay-roos'-so) എന്നാണ്. ഈ വാക്കിന്റെ അര്‍ത്ഥം ഒരു രാജകീയ ദൂതന്‍ നടത്തുന്ന വിളംബരം
എന്നാണ്. അതായത്, കെരൂസോ, രാജാവു
ജനങ്ങളെ അറിയിക്കുന്ന ഒരു രാജകീയ വിളംബരം ആണ്. അത് രാജാവിനെയും രാജ്യത്തെയും സംബന്ധിച്ചുള്ളതാണ്.
എല്ലായിടത്തും ഈ രാജകീയ വിളംബരം അറിയിക്കുവാനാണ് യേശു വന്നത്. അതാണ് അവന്റെ
ഒന്നാമത്തെ വരവിന്റെ ഉദ്ദേശ്യം.
യേശുക്രിസ്തു തന്റെ
ശുശ്രൂഷക ആരംഭിക്കുന്നത് ഒരു രാജകീയ വിളംബരത്തോടെയാണ്. അവന്‍ തന്റെ ശുശ്രൂഷ
അവസാനിപ്പിക്കുന്നതും ഇതേ വിളംബരത്തോടെയാണ്.
മര്‍ക്കോസ് 1: 15
14 എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം
യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
15 “കാലം തികഞ്ഞു ദൈവരാജ്യം
സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ
വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
യേശുവിന്റെ
വിളംബരം ദൈവരാജ്യത്തിന്റെ നല്ല വര്‍ത്തമാനം ആയിരുന്നു. ഇതാ കാലസമ്പൂര്‍ണ്ണതയായി, ദൈവരാജ്യം വന്നിരിക്കുന്നു. അതിനാല്‍
മനസാന്തരപ്പെടേണം. ദൈവരാജ്യത്തിന്റെ നല്ല വിശേഷത്തില്‍ വിശ്വസിക്കേണം. ഇതായിരുന്നു
യേശു വിളംബരം ചെയ്ത നല്ല വര്‍ത്തമാനം.
യേശുക്രിസ്തു
ചെയ്ത എല്ലാ അത്ഭുതങ്ങളും അവന്‍ പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ
സാന്നിദ്ധ്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു. ഇതിന്റെ അര്‍ത്ഥം ദൈവരാജ്യം സമ്പൂര്‍ണ്ണമായി
നിവര്‍ത്തിയായി എന്നല്ല. ദൈവരാജ്യത്തിന്റെ ആരംഭം മാത്രമേ യേശുക്രിസ്തുവിന്റെ
ഒന്നാമത്തെ വരവോടെ സംഭവിച്ചിട്ടുള്ളൂ. ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ അവസാന
പ്രസ്താവനയില്‍ അവന്‍ ഈ സത്യം വ്യക്തമാക്കുന്നുണ്ട്.
യോഹന്നാന്‍
18: 36 എന്‍റെ രാജ്യം
ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം
ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്‍പ്പിക്കാതവണ്ണം എന്‍റെ ചേവകർ
പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
ഇവിടെ മലയാളത്തില്‍ ഒരു വാക്ക്
വിട്ടുപോയിട്ടുണ്ട്. “എന്നാല്‍ എന്‍റെ രാജ്യം ഇപ്പോള്‍ ഐഹികമല്ല” എന്നതാണ് ശരി.
“ഇപ്പോള്‍” എന്ന വാക്കിന് വളരെ പ്രാധാന്യം ഉണ്ട്. അത് ഭാവിയില്‍ നിവര്‍ത്തിയാകുവാനിരിക്കുന്ന
ദൈവരാജ്യത്തെ സൂചിപ്പിക്കുന്നു.
യോഹന്നാന്റെ ഒന്നാമത്തെ ലേഖനത്തില്‍ അവന്‍
പറയുന്നതു, നമ്മള്‍ ഇപ്പോള്‍ തന്നെ ദൈവമക്കള്‍ ആകുന്നു എങ്കിലും
നമ്മള്‍ ഭാവിയില്‍ യേശുവിനോടു സദൃശന്മാര്‍ ആകും എന്നാണ്. അത് അവന്‍
പ്രത്യക്ഷനാകുമ്പോള്‍ സമ്പൂര്‍ണ്ണമായി നിവര്‍ത്തിക്കപ്പെടും.
1 യോഹന്നാന്‍ 3: 2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും
എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ
തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
ദൈവരാജ്യത്തിന്റെ
സമ്പൂര്‍ണ്ണമായ പുനസ്ഥാപനത്തിന് ദൈവജനത്തിന്റെ വിമോചനവും പിശാചിന്‍റെ അന്തിമമായ
തകര്‍ച്ചയും സംഭവിക്കേണം. ദൈവജനമില്ലാത്തെ ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍
സാധ്യമല്ല. പാപത്തിന്റെ അടിമത്വത്തില്‍ നിന്നും അതിന്റെ ശിക്ഷയായ മരണത്തില്‍
നിന്നും ദൈവജനത്തെ വിടുവിക്കാതെ, അവരെ ദൈവരാജ്യത്തില്‍ ചേര്‍ക്കുവാന്‍ സാധ്യമല്ല. പിശാചിന്റെമേലുള്ള, ദൈവജനത്തിനുവേണ്ടിയുള്ള ജയമാണ് യേശുവിന്റെ ക്രൂശു മരണം. അത്
ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള ദൈവീക പദ്ധതിയുടെ മര്‍മ്മപ്രധാനമായ
സംഭവമാണ്.
യേശുക്രിസ്തു
ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ചെയ്ത ശുശ്രൂഷകള്‍ ഒരു വാചകത്തില്‍ അപ്പൊസ്തലനായ
പത്രൊസ് കൊർന്നേല്യൊസിന്റെ വീട്ടില്‍ പ്രസംഗിക്കവെ
പറയുന്നുണ്ട്.
അപ്പോസ്തലപ്രവൃത്തികള്‍ 10: 38 നസറായനായ
യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ
ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു
സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
യോഹന്നാന്‍
സുവിശേഷത്തില്‍, കാനാവിലെ
വിവാഹത്തില്‍ യേശു ചെയ്ത അത്ഭുതത്തെ വിവരിച്ചതിന് ശേഷം പറയുന്നതിങ്ങനെയാണ്:
യോഹന്നാന്‍ 2: 11 യേശു ഇതിനെ
അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
കാനാവില്‍
യേശു വെള്ളത്തെ വീഞ്ഞാക്കിയ സംഭവത്തോടെ, അവന്റെ ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചു. യേശു അവന്‍ മശീഹയാണ് എന്നു
വെളിപ്പെടുത്തി. അതിന്റെ അടയാളം ആയിരുന്നു യേശു ചെയ്ത അത്ഭുതം. മശീഹ
വന്നിരിക്കുന്നു എന്നു പറഞ്ഞാല്‍, ദൈവരാജ്യം വന്നിരിക്കുന്നു
എന്നാണ് അര്‍ത്ഥം. യേശു ചെയ്ത എല്ലാ അടയാളങ്ങളും ദൈവരാജ്യത്തിന്റെ
സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു.
യേശു ഭൂതങ്ങളുടെ
തലവനെകൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന് യഹൂദന്മാര്‍, കുറ്റപ്പെടുത്തി
സംസാരിച്ചപ്പോള്‍ യേശു അവരോടു മറുപടി പറഞ്ഞു:
മത്തായി 12: 28 ദൈവാത്മാവിനാൽ
ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ
വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
മാത്രവുമല്ല, യേശുചെയ്ത അത്ഭുതങ്ങള്‍
യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ നിവര്‍ത്തിയായിരുന്നു. മത്തായി
8 ആം അദ്ധ്യായത്തില്‍ വിവരിക്കുന്ന പ്രകാരം, യേശു പത്രോസിന്റെ വീട്
സന്ദര്‍ശിക്കുകയും അവിടെ പനി ആയി കിടന്നിരുന്ന പത്രോസിന്‍റെ അമ്മായിഅമ്മയെ സൌഖ്യമാക്കുകയും ചെയ്തു. ഈ അത്ഭുത രോഗശാന്തിയുടെ കഥ വളരെ
വേഗം ചുറ്റുപാടും പരന്നു. വൈക്കുന്നേരം
ആയപ്പോഴേക്കും പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. മറ്റ്
രോഗങ്ങളാല്‍ പ്രയാസപ്പെട്ടിരുന്നവരും യേശുവിന്‍റെ അടുക്കല്‍ വന്നു. യേശു
വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി. അപ്പോള്‍
മത്തായി യെശയ്യാവ് പ്രവാചകന്‍റെ പ്രവചനം ഓര്‍ത്തു.
മത്തായി
8:17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ
പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
യേശുക്രിസ്തുവിന്റെ ക്രൂശുമരണം
യേശുക്രിസ്തുവിന്റെ
ക്രൂശുമരണവും അതിന്റെ ആവശ്യകതയും ഉദ്ദേശ്യവും പഴയനിയമ പ്രവാചകന്‍മാര്‍ മുന്‍
കൂട്ടി പറഞ്ഞിട്ടുണ്ട്.
യേശുക്രിസ്തു
ഉയിര്‍ത്തെഴുന്നേറ്റ ദിവസം വൈകുന്നേരം, രണ്ടു ശിഷ്യന്മാര്‍ യെരൂശലേമില്‍ നിന്നും എമ്മവുസ്സ് എന്ന
ഗ്രാമത്തിലേക്ക് പോയി. ഉയിര്‍ത്തെഴുന്നേറ്റവനായ യേശു അവരോടൊപ്പം ചേര്‍ന്ന് നടന്നു.
എന്നാല്‍ അവര്‍ക്ക് അപ്പോള്‍ യേശുവിനെ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. അവര്‍ കഴിഞ്ഞ
മൂന്നു ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന സംഭവങ്ങള്‍ യേശുവിനോട് വിവരിച്ചു പറഞ്ഞു.
യേശു പിടിക്കപ്പെട്ടതും, ക്രൂശിക്കപ്പെട്ടതും, അടക്കം ചെയ്യപ്പെട്ടതും, അവന്‍ ഉയിര്‍ത്തെഴുന്നേറ്റു
എന്ന വര്‍ത്തമാനവും അവര്‍ യേശുവിനോടു പറഞ്ഞു. ഈ വിവരണമെല്ലാം കേട്ട യേശു, അവരുടെ ആശയക്കുഴപ്പവും നിരാശയും മാറുവാനായി അവരോടു പറഞ്ഞു:
ലൂക്കോസ്
24: 25, 26, 27
25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം
വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 ക്രിസ്തു ഇങ്ങനെ കഷ്ടം
അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു.
27 മോശെ തുടങ്ങി
സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു
വ്യാഖ്യാനിച്ചുകൊടുത്തു.
അതായത്, മോശെയും പ്രവാചകന്മാരും തിരുവെഴുത്തുകളും
പ്രവചിച്ച മശീഹയാണ് യേശു. അവന്‍ കഷ്ടം അനുഭവിച്ചിട്ടു മരിക്കേണ്ടത് ആവശ്യമാണ്
എന്ന് പഴയനിയമ പ്രവാചകന്മാര്‍ പ്രവച്ചിട്ടുണ്ട്.
ഇവിടെ
അബ്രാഹാമിലെക്കും യിസ്ഹാക്കിന്റെ യാഗത്തിലേക്കും തിരിഞ്ഞു നോക്കുന്നത്, യേശുക്രിസ്തുവിന്റെ ക്രൂശു മരണം എന്ന പാപ
പരിഹാര യാഗത്തിന്റെ മര്‍മ്മം മനസ്സിലാക്കുവാന്‍ നമ്മളെ ഏറെ സഹായിക്കും.
ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിലെ ഏറ്റവും
പ്രധാന സംഭവം അതിലെ പൌരന്മാരെ തീരഞ്ഞെടുത്ത്, പാപത്തിന്റെ
അടിമത്വത്തില്‍ നിന്നും വീണ്ടെടുത്ത്, അവരെ സ്വര്‍ഗ്ഗീയ
രാജ്യത്തില്‍ ചേര്‍ക്കുക എന്നതാണ്. ദൈവരാജ്യം നഷ്ടപ്പെട്ടത് ദൈവജനത്തിനാണ്. അതിനെ
പുനസ്ഥാപിക്കുന്നത് ദൈവജനത്തിന് വേണ്ടിയാണ്.
ദൈവജനത്തിന്റെ വീണ്ടെടുപ്പിനായി, ഒരു
പാപ പരിഹാരയാഗം നടക്കേണം. ഇതാണ് ദൈവം ഏദെന്‍ തോട്ടത്തില്‍ ആദമിനും ഹവ്വയ്ക്കും വാഗ്ദത്തം
ചെയ്തത്. ഇതിന്റെ ആത്മീയ മര്‍മ്മം വെളിപ്പെടുത്തന്ന ഒരു സംഭവം ആയിരുന്നു
അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ യാഗം. ഉല്‍പ്പത്തി 22 ആം അദ്ധ്യായം
ആരംഭിക്കുന്നത് “ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ” എന്നു
പറഞ്ഞുകൊണ്ടാണ്.
ഉല്‍പ്പത്തി 22: 2 അപ്പോൾ അവൻ (ദൈവം):
നിന്റെ മകനെ, നീ
സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു
ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ
ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
ഇവിടെ, “നിന്റെ ഏകജാതനായ യിസ്ഹാക്കിനെ” ഹോമയാഗം
കഴിക്കേണം എന്നാണ് ദൈവം പറഞ്ഞത്. ഇവിടെ കാണുന്ന “ഏകജാതന്‍” എന്ന വാക്ക് പ്രത്യേകം
ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്നതും
ദൈവത്തിന്റെ ഏകജാതന്‍ എന്നാണ്. .
യോഹന്നാന്‍ 3: 16 തന്റെ
ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ
പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ഈ
സംഭവം നടക്കുമ്പോള്‍ അബ്രാഹാമിന് യിശ്മായേല്‍ മകനായിട്ടു ഉണ്ടായിരുന്നു. സാറായുടെ
മരണ ശേഷം അബ്രഹാം കെതൂറാ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അവളിലും അബ്രാഹാമിന്
സന്തതികള്‍ ജനിച്ചു. എന്നാല്‍ ദൈവം അവരെ ആരെയും അബ്രാഹാമിനോടുള്ള ദൈവീക
വാഗ്ദാത്തിന്റെ അവകാശികളായി കണക്കാക്കിയില്ല. യിസ്ഹാക്ക് മാത്രമാണു ദൈവീക വാഗ്ദത്ത
പ്രകാരമുള്ള ഏക സന്തതി. ഇതാണ് ഏകജാതനായ യിസ്ഹാക്ക് എന്ന വിളിയില്‍
അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മം. ഇവിടെ, യിസ്ഹാക്കിന്റെ വംശാവലിയില്‍ തുടര്‍ന്നു ജനിച്ച സകല സന്തതികളും, ഏകജാതനായ യിസ്ഹക്കിലേക്ക് ചുരുങ്ങുകയാണ്.
അബ്രാഹാമിന്റെ
ഏകമകന്‍ ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിന്റെ നിഴലാണ്. ഇവന്‍ ഭാവിയില്‍
വരുവാനിരുന്ന യേശുവിന്റെ പ്രതീകമാണ്. ഈ മര്‍മ്മങ്ങള്‍ എല്ലാം അബ്രാഹാമിന്
ബോധ്യമുണ്ടായിരുന്നു എന്നു വേണം നമ്മള്‍ കരുതുവാന്‍.
അബ്രഹാം
യിസ്ഹാക്കിനെ യാഗം കഴിക്കുവാനായി മോരിയാ ദേശത്തുള്ള ഒരു മലമുകളിലേക്ക് പോകുന്ന
വഴിക്ക്, യിസ്ഹാക്ക് ചോദിച്ചു:
“തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി
എവിടെ” (ഉല്‍പ്പത്തി 22: 7). അതിനു അബ്രഹാം പറഞ്ഞ മറുപടി, അവന്റെ ആത്മീയ കാഴ്ചപ്പാടിനെ വെളിവാക്കുന്നതാണ്. അബ്രഹാം പറഞ്ഞു: “ദൈവം
തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ,
എന്നു അബ്രാഹാം പറഞ്ഞു.” (ഉല്‍പ്പത്തി 22:8). അബ്രഹാം ഇവിടെ തന്റെ
മകനോടു കള്ളം പറയുക ആയിരുന്നില്ല. അന്ധമായ ഒരു വിശ്വാസ പ്രഖ്യാപനം
നടത്തുകയായിരുന്നില്ല. അബ്രാഹാമിന് അറിയാമായിരുന്ന ഒരു ആത്മീയ മര്‍മ്മം അവന്‍
പറയുക ആയിരുന്നു.
അബ്രഹാം പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്:
“നിന്നില്‍ ഭൂമിയിലെ സകല
വംശങ്ങളും അനുഗ്രഹിക്കപ്പെടും.” എന്നുള്ള വാഗ്ദത്തം ഭൌതീകമല്ല. അത് ആത്മീയമാണ് (ഉല്‍പ്പത്തി 12:3). ഈ
വാഗ്ദത്ത നിവര്‍ത്തി, മനുഷ്യരുടെ പാപത്തില്‍ നിന്നുള്ള
വീണ്ടെടുപ്പിലൂടെ മാത്രമേ സാധ്യമാകൂ. അതിനായി ഒരു ഹോമയാഗം സംഭവിക്കേണം. അത്
മനുഷ്യര്‍ ക്രമീകരിക്കുന്നതല്ല, ദൈവത്താല്‍
ക്രമീകരിക്കുന്നത് ആയിരിയ്ക്കും. അതിനുള്ള ഊനമില്ലാത്ത ആട്ടിന്‍കുട്ടിയെ ദൈവം
കരുതും.
അബ്രഹാം
യിസ്ഹാക്കിനെ യാഗം കഴിക്കുന്നത് വരുവാനുള്ള ഒരു വലിയ യാഗത്തിന്റെ നിഴല്‍
മാത്രമായിരുന്നു. ഈ ആത്മീയ മര്‍മ്മം അബ്രാഹാമിന് അറിയാമായിരുന്നു.
എബ്രായര്‍
11: 17 – 19
17 വിശ്വാസത്താൽ അബ്രാഹാം താൻ
പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
18 യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ
നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ
കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
19 മരിച്ചവരുടെ ഇടയിൽനിന്നു
ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ
അവനെ തിരികെ പ്രാപിക്കയും ചെയ്തു.
ഈ വാക്യങ്ങളിലെ,
“ഏകജാതന്‍” മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തവന്‍ ആണ്. അവനാണ് യേശുക്രിസ്തു.
അതിനാലാണ് ഇവിടെ “തന്റെ ഏകജാതനെ അര്‍പ്പിച്ചു” എന്നു ഇവിടെ പറയുന്നത്. അബ്രഹാം
പറഞ്ഞതുപോലെ തന്നെ ദൈവം ഒരു ആട്ടിന്‍കുട്ടിയെ കരുതി. അത് യേശുക്രിസ്തുവാണ്.
അവനെക്കുറിച്ച് സ്നാപക യോഹന്നാന്‍ പറഞ്ഞ സാക്ഷ്യം ഇതാണ്:
യോഹന്നാന്‍
1: 29 പിറ്റെന്നാൾ യേശു തന്റെ
അടുക്കൽ വരുന്നതു അവൻ (യോഹന്നാന്‍ സ്നാപകന്‍) കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ
കുഞ്ഞാടു;
അതായത് യിസ്ഹക്കിന്റെ യാഗം നമ്മളുടെ കര്‍ത്താവായ
യേശുക്രിസ്തുവിന്റെ ഏക പാപ പരിഹാര യാഗത്തിന്റെ ഒരു നിഴല്‍ ആയിരുന്നു. അത്
യേശുക്രിസ്തുവില്‍ നിവര്‍ത്തിക്കപ്പെട്ടു.
യേശുവിന്റെ
ക്രൂശു മരണത്തെക്കുറിച്ചുള്ള, വ്യക്തവും സുദീര്‍ഘവുമായുള്ള ഒരു പ്രവചനം നമുക്ക് യെശയ്യാവ് 53 ല്‍
വായിയ്ക്കാം.
യെശയ്യാവ്
53: 3 - 6, 8, 10
3 അവൻ മനുഷ്യരാൽ
നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു;
അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു;
നാം അവനെ ആദരിച്ചതുമില്ല.
4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ
വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും
ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ
അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു;
നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ
അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
6 നാം എല്ലാവരും ആടുകളെപ്പോലെ
തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു
തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം
അവന്റെമേൽ ചുമത്തി.
8 അവൻ പീഡനത്താലും
ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ
ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു
ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
10 എന്നാൽ അവനെ തകർത്തുകളവാൻ
യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും
ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
ഈ
വേദഭാഗങ്ങളില്‍ യെശയ്യാവു വിവരിക്കുന്ന യഹോവയുടെ, കഷ്ടം അനുഭവിക്കുന്ന ദാസന്റെ അനുഭവങ്ങള്‍ ഇതെല്ലാം ആണ്:
1.
സ്വന്ത ജനം അവനെ തളിക്കളയും
2. ദണ്ഡനം സഹിക്കും
3. യിസ്രയേലിന്റെ
പാപത്തിന് പരിഹാരമായി മുറിവേല്‍ക്കും
4. യിസ്രയേലിന്റെ പാപത്തിന്റെ ശിക്ഷ
അവന്‍ വഹിക്കും
5. ജനത്തിന്റെ
പാപം കാരണം ജീവനുള്ളവരുടെ
ദേശത്തുനിന്നു അവൻ ഛേദിക്കപ്പെടും
6. അവന്റെ പ്രാണൻ ഒരു
അകൃത്യയാഗമായിത്തീരും
7.
യഹോവയുടെ
രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു അവന്‍ ജാതികൾക്കു പ്രകാശമായിരിക്കും
(യെശയ്യാവു 49: 6)
ഇതെല്ലാം
യേശുവിന്റെ ക്രൂശ് മരണത്തില്‍ നിറവേറി.
യേശുവിന്റെ
ക്രൂശു മരണത്താല്‍,
അവനില്‍ വിശ്വസിക്കുന്ന എല്ലാവരും പാപത്തില്‍ നിന്നും,
അതിന്റെ ശക്തിയില്‍ നിന്നും, അതിനാല്‍ ഉളവായ ശിക്ഷയില്‍
നിന്നും, മരണത്തില്‍ നിന്നും രക്ഷപ്രാപിച്ചിരിക്കുന്നു. ഇതിലേക്കാവശ്യമായ
പാപ പരിഹാരയാഗവും, പിശാചിനെയും ശക്തികളെയും തോല്‍പ്പിക്കുന്നതും
യേശു ഒന്നാമത്തെ വരവില്‍ ചെയ്തു തീര്‍ത്തു. യേശുവിന്റെ ക്രൂശു മരണം
ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന് ആവശ്യമാണ്. ക്രൂശിലെ യാഗത്തോടെ മാത്രമേ ഒരു
ജനതയെ വീണ്ടെടുക്കുവാനും ദൈവരാജ്യത്തില്‍ ആക്കുവാനും കഴിയൂ. മശിഹയുടെ പ്രധാന
ദൌത്യം ദൈവരാജ്യത്തിനായി ഒരു ജനതയെ വീണ്ടെടുക്കുക എന്നതാണു. ഇതാണ് യേശുവിന്റെ
ക്രൂശു മരണത്തിന്റെ പ്രാധാന്യം. യേശുവിന്റെ ഒന്നാമത്തെ വരവില്‍ അവന്‍ ഇത് ചെയ്തു
തീര്‍ത്തു.
യേശുക്രിസ്തുവിന്റെ
രണ്ടാമത്തെ വരവ്
യേശുക്രിസ്തുവിന്റെ
ഒന്നാമത്തെ വരവ് വാഗ്ദത്തങ്ങളുടെയും, പ്രവചനങ്ങളുടെയും നിവര്‍ത്തി ആയിരുന്നു എങ്കില്‍,
രണ്ടാമത്തെ വരവും അങ്ങനെ തന്നെ ആയിരിക്കേണം. ഒന്നാമത്തെ വരവിനെക്കുറിച്ചുള്ള
പ്രവചനങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടു എങ്കില്‍ രണ്ടാമത്തെ വരവിനെക്കുറിച്ചുള്ള
പ്രവചനങ്ങളും നിവര്‍ത്തിക്കപ്പെടും.
ദൈവീക
വെളിപ്പാടുകള്‍ അപൂര്‍വ്വവും അവ്യക്തവും ആയിരുന്ന പുരാതന കാലത്ത് ജീവിച്ചിരുന്ന
ഒരു വിശ്വാസ വീരന്‍ ആയിരുന്നു ഇയ്യോബ്. അവന്റെ കഷ്ടതയില്‍, സ്നേഹിതര്‍ അവനെ കുറ്റപ്പെടുത്തിയപ്പോള്‍ അവന്‍
അവരോടു അവന്റെ പ്രത്യാശയേക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്:
ഇയ്യോബ്
19: 25 – 27
25 എന്നെ വീണ്ടെടുക്കുന്നവൻ
ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
ഇത് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചുള്ള ഒരു
പ്രവചനമാണ്. യേശുക്രിസ്തു വീണ്ടും വരുമ്പോള്‍, പുനരുത്ഥാന ദിനത്തില്‍, അവനെ മുഖാമുഖം കാണും
എന്നുള്ള പ്രത്യാശയും പ്രവചനവുമാണ് ഇയ്യോബ് പങ്കുവയ്ക്കുന്നത്.
സെഖര്യാവ് 12 ആം അദ്ധ്യായത്തില്‍ മശീഹയുടെ
വരവിനെക്കുറിച്ചും അവന്‍ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നു ഭരണം
നടത്തുന്നതിനെക്കുറിച്ചുമുള്ള ഒരു പ്രവചനം രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തു
വീണ്ടും വരുമ്പോള്‍, അവന്‍ കുത്തി തുളയ്ക്കപ്പെട്ടവനാണ് എന്ന് കാണുന്ന
യിസ്രായേല്‍ ജനം വിഷാദിക്കുകയും വിലപ്പിക്കുകയും ചെയ്യും. ഇത് ഭാവിയില്‍ നിവര്‍ത്തിക്കപ്പെടുവാനുള്ള
പ്രവചനമാണ്.
സെഖര്യാവ്
12: 10 ഞാൻ
ദാവീദുഗൃഹത്തിന്മേലും യെരൂശലേം നിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും
ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു
വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു
വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.
ഇതേ
പ്രവചനം വെളിപ്പാടു പുസ്തകത്തില്‍ യോഹന്നാന്‍ ആവര്‍ത്തിച്ചു പറയുന്നു:
വെളിപ്പാട് 1: 7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും;
ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു,
ആമേൻ.
മലാഖി
3 ല്‍ യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്ന പ്രവചനവും അവന്റെ രണ്ടാമത്തെ
വരവിനെക്കുറിച്ചാണ്. യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് രക്ഷകനായിട്ടായിരുന്നു എങ്കില്‍, മലാഖി പ്രവചിക്കുന്നത് ന്യായാധിപനായി വീണ്ടും
വരുന്ന യേശുവിനെക്കുറിച്ചാണ്.
മലാഖി 3: 1, 2
1 .... നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന
നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ,
അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
2 എന്നാൽ അവൻ വരുന്ന ദിവസത്തെ
ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും?
അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ
ചാരവെള്ളംപോലെയും ആയിരിക്കും.
യേശുക്രിസ്തു
വീണ്ടും വരും എന്നു ക്രൈസ്തവര്‍ പ്രധാനമായും വിശ്വസിക്കുന്നത്, അവന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞ
പ്രവചനങ്ങള്‍ കാരണമാണ്. ഈ ലോകത്തിന് ഒരു
അന്ത്യമുണ്ടാകും എന്നും ആ നാളുകളില്‍ യേശുക്രിസ്തു വീണ്ടും വരും എന്നും അവന്‍
ഉറപ്പ് നല്കിയിട്ടുണ്ട്.
മത്തായി 24:
30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു
ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ
ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.
യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍,
ശിഷ്യന്‍മാര്‍ക്ക് രണ്ടു ദൂതന്മാര്‍ പ്രത്യക്ഷരായി. അവര്‍ ശിഷ്യന്മാരോട് ഭാവിയില്‍
സംഭവിക്കുവാനിര്‍ക്കുന്ന യേശുവിന്റെ മഹാ പ്രത്യക്ഷതയെക്കുറിച്ച് സാക്ഷ്യം പറഞ്ഞു:
അപ്പോസ്തല
പ്രവൃര്‍ത്തികളില്‍ 1: 11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു
നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം
ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ
വീണ്ടും വരും എന്നു പറഞ്ഞു.
യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവിനും സ്വര്‍ഗ്ഗാരോഹണത്തിനും
രണ്ടാമത്തെ വരവിനും ഇടയില്‍ ഒരു ഇടവേളയുണ്ടാകും എന്നും ശിഷ്യന്മാര്‍
മനസ്സിലാക്കിയിരുന്നു. ഇതിനെക്കുറിച്ച് പത്രൊസ് പ്രസംഗിച്ചതിങ്ങനെയാണ്:
അപ്പോസ്തല പ്രവൃത്തികള്‍ 3: 21 ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു
ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
ഈ ഇടവേളയെക്കുറിച്ച് യേശുക്രിസ്തുവും പറഞ്ഞിട്ടുണ്ട്.
അവന്‍ പറഞ്ഞ ദുഷ്ട ദാസന്റെ ഉപമയും, താലന്തുകളുടെ ഉപമയും ദൂരെ ദേശത്തേക്കു
പോകുന്ന ഒരു യജമാനന്‍റെ കഥയാണ്.
താലന്തുകളുടെ ഉപമ, ലൂക്കോസ് 19: 12 മുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് ആരംഭിക്കുന്നത് ഇങ്ങനെയാണ്: “കുലീനനായോരു മനുഷ്യൻ രാജത്വം
പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്രപോയി.” രാജത്വം പ്രാപിച്ചു
തിരികെ വരുവാനാണ് യജമാനന്‍ ദൂര ദേശത്തേക്ക് യാത്ര പോകുന്നത്. ഈ ഉപമ യേശു പറയുന്നത്,
“ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും” എന്നു ശിഷ്യന്‍മാര്‍ക്ക് തോന്നിയതിനാല്‍ ആണ്
എന്നും ലൂക്കോസ് പറയുന്നു. ഇവിടെ രണ്ടിടത്തും, യജമാനന്‍ വരുന്നതിന് ഒരു ഇടവേളയുണ്ട്. എങ്കിലും
അവന്‍ തിരികെ വരും എന്ന് വേലക്കാര്‍ക്ക് നിശ്ചയമുണ്ട്.
അന്ത്യകാലത്തിന്റെയും യേശുക്രിസ്തുവിന്റെ
രണ്ടാമത്തെ വരവിന്റെയും അടയാളങ്ങള്‍ വിവരിക്കുമ്പോള്‍,
യേശു ശിഷ്യന്മാരെ ഇങ്ങനെ ഓര്‍മ്മിപ്പിച്ചു:
മത്തായി 24: 33 അങ്ങനെ
നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു
അറിഞ്ഞുകൊൾവിൻ.
അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്, ശിഷ്യന്മാര്‍
ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നത് എപ്പോള്‍ ആണ് എന്നു യേശുവിനോടു ചോദിച്ചു. അപ്പോള്‍
യേശു അതിന്റെ സമയവും കാലവും പിതാവായ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ല എന്നു അവരോടു
പറഞ്ഞു.
അപ്പോസ്തല പ്രവൃത്തികള്‍ 1: 6, 7
6 ഒരുമിച്ചു
കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ
കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത
അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
അതിനാല്‍
യേശുക്രിസ്തു വീണ്ടും വരും എന്ന വിശ്വാസത്തോടെയും പ്രത്യാശയോടെയും, അവനില്‍ വിശ്വസിക്കുന്നവര്‍ ഒരുങ്ങി
കാത്തിരിക്കേണം എന്നാണ് യേശു ഉപദേശിച്ചത്.
മത്തായി
24: 36, 44
36 ആ നാളും നാഴികയും സംബന്ധിച്ചോ
എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ
അറിയുന്നില്ല.
44 അങ്ങനെ നിങ്ങൾ നിനെക്കാത്ത
നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
വെളിപ്പാട്
22: 20 ഇതു
സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ,
കർത്താവായ യേശുവേ, വരേണമേ,
ഈ
വാക്യത്തില്‍ “വേഗം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു വാക്ക്, “റ്റാഖ്ഹൂ” എന്നാണ്. (Tachy - takh-oo).
ഈ വാക്കിന്റെ അര്‍ത്ഥം, താമസം കൂടാതെ, അപ്രതീക്ഷിതമായി, വേഗം എന്നിങ്ങനെയാണ്. അതിനാല്‍, താമസം കൂടാതെ യേശു വരും എന്നു നമ്മള്‍ വിശ്വസിക്കുന്നു.
വീണ്ടും വരും എന്നു യേശു പറഞ്ഞിട്ടുള്ളതിനാല്‍, അവന്‍ വീണ്ടും വരും.
അവന്‍ മശീഹയായും രാജാവായും, ജയാളിയായും വീണ്ടും വരും.
അപ്പോള്‍ മശീഹയെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും നിവര്‍ത്തിക്കപ്പെടും. മശീഹയുടെ
എല്ലാ കര്‍ത്തവ്യങ്ങളും അവന്‍ ചെയ്തുതീര്‍ക്കും. ഇതാണ് ക്രിസ്തീയ പ്രത്യാശ.
യേശുക്രിസ്തുവിന്റെ
രണ്ടാമത്തെ വരവിന്റെ ഉദ്ദേശ്യം
എന്തിനാണ് യേശു വീണ്ടും വരുന്നത്? യേശുക്രിസ്തുവിന്റെ
ഒന്നാമത്തെ വരവിന് ഉദ്ദേശ്യം ഉണ്ടായിരുന്നു. അത് അവന്‍ നിവര്‍ത്തിച്ചു. അതിനാല്‍
തന്നെ രണ്ടാമത്തെ വരവിനും ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരിക്കും. അത് അവന്‍
സമ്പൂര്‍ണ്ണമായി നിവര്‍ത്തിക്കുകയും ചെയ്യും.
പഴയനിയമത്തില്‍, ജാതീയ വെളിപ്പാടുകാരന്‍ ആയിരുന്ന ബിലെയാം യിസ്രായേല്‍
ജനത്തെക്കുറിച്ചുള്ള ദൈവീക അരുളപ്പാടുകള്‍ അറിയിക്കുമ്പോള്‍, ദൈവത്തിന്റെ ആത്മാവിനാല്‍, അവന്‍ യേശുക്രിസ്തുവിനെക്കുറിച്ചും മുന്‍ കൂട്ടി പറയുന്നുണ്ട്.
സംഖ്യാപുസ്തകം 24: 17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ
അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു
നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും.
അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും
സംഹരിക്കയും ചെയ്യും.
ഇവിടെ
ബിലെയാം പറയുന്നത്,
വരുവാനിരിക്കുന്ന യേശുക്രിസ്തുവിനെ കുറിച്ചാണ്. അവന്‍ വരുവാന്‍ കാലമേറെയെടുക്കും.
അവന്‍ യാക്കോബിന്റെ നക്ഷത്രം ആയിരിയ്ക്കും. അവന്‍ യിസ്രയേലിന്റെ ചെങ്കോല്‍
ആയിരിയ്ക്കും. അതായത് അവന്‍ രാജാവായിരിക്കും. അവന്‍ യിസ്രയേലിന്റെ സകല
ശത്രുക്കളെയും സംഹരിക്കും.
യേശുക്രിസ്തു, യഹൂദന്മാര്‍ പഴയനിയമ കാലം മുതല്‍ പ്രത്യാശിക്കുന്ന
മശീഹയാണ് എന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്നു. എന്നാല്‍ യേശുവിന്റെ കാലത്ത് അവന്റെ
ശിഷ്യന്മാരും അവനില്‍ വിശ്വസിച്ച ഒരു ചെറിയകൂട്ടം യഹൂദന്മാരും അല്ലാതെ മറ്റാരും
യേശുവിനെ മശീഹയായി കണ്ടില്ല. അതിനുള്ള കാരണം, അവര്‍
പ്രതീക്ഷിക്കുന്ന മശീഹ വരുമ്പോള്‍ നിവര്‍ത്തിക്കേണ്ടുന്ന സംഭവങ്ങള്‍ യാതൊന്നും
യേശുവിന്റെ ശുശ്രൂഷയില്‍ നിവര്‍ത്തിക്കപ്പെട്ടില്ല. യാഥാസ്ഥിക യഹൂദ റബ്ബിമാരുടെ
അഭിപ്രായം അനുസരിച്ച് മശീഹ ഒരു രാജാവോ, പുരോഹിതനോ,
രണ്ടും കൂടെയോ ആയിരിയ്ക്കും. മശീഹയുഗം സ്ഥാപിക്കുക
എന്നത് മശീഹയുടെ പ്രധാന ദൌത്യമാണ്. മശീഹ
യുഗം യഹൂദന്‍മാര്‍ക്ക് ഈ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന രാജ്യമാണ്.
യേശുക്രിസ്തുവിന്റെ
ദൈവരാജ്യം ഭൌതീകമല്ല. അത് സ്വര്‍ഗ്ഗീയമായ ഒരു പട്ടണമാണ്. ഈ ആത്മീയ മര്‍മ്മം
ആബ്രഹാം, യിസ്ഹാക്ക്, യാക്കോബ് മുതലായ പിതാക്കന്‍മാര്‍ക്ക് അറിവുണ്ടായിരുന്നു.
എബ്രായര്‍ 11: 13, 14
13 ഇവർ (അബ്രഹാം, യിസ്ഹാക്ക്, യാക്കോബ്) എല്ലാവരും വാഗ്ദത്തനിവൃത്തി
പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും
പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.
14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം
അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
എന്നാല്‍
പിന്നീടുള്ള ചരിത്രത്തില്‍ യിസ്രായേല്‍ ജനത്തിന് ഈ കാഴ്ചപ്പാട് നഷ്ടപ്പെട്ടുപോയി.
അവര്‍ മശീഹയെ, ഭൌതീകമായ
യിസ്രായേല്‍ രാജ്യത്തിന്റെ രാജാവായി മാത്രം കണ്ടു.
എന്നാല്‍ ക്രൈസ്തവ വിശ്വാസത്തില്‍, യേശുവിന്റെ
ഒന്നാമത്തെ വരവില്‍, അവന്‍ ദൈവരാജ്യത്തിന്റെ ആരംഭം
പ്രഖ്യാപിക്കുകയും മനുഷ്യരെ പാപത്തില്‍ നിന്നും, അതിന്റെ
ശിക്ഷയില്‍ നിന്നും വീണ്ടെടുക്കുകയും ചെയ്തു. യേശുവിന്റെ മരണത്തെ ഒരു പാപ പരിഹാര
യാഗമായിട്ടാണ് ക്രിസ്തീയ വിശ്വാസികള്‍ കാണുന്നത്. അവന്‍ ഊനമില്ലാത്ത ഒരു യാഗമൃഗവും, യാഗമര്‍പ്പിക്കുന്ന പുരോഹിതനും ആയിരുന്നു. അവന്റെ ക്രൂശീകരണത്തിന് ശേഷം, യേശു എന്തിനാണ് സ്വര്‍ഗ്ഗാരോഹരണം ചെയ്തത് എന്ന് എബ്രായര്‍ക്കുള്ള
ലേഖനത്തില്‍ വെളിപ്പെടുത്തുന്നതിങ്ങനെയാണ്:
എബ്രായര്‍ 9: 11, 12
11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ
മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ
ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
12 ഒരു കൂടാരത്തിൽകൂടി
ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത
രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു
എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
മനുഷ്യന്റെ
കൈപ്പണിയല്ലാത്ത,
സ്വര്‍ഗ്ഗീയമായ വിശുദ്ധ മന്ദിരത്തിലെ കൃപാസനത്തില്‍ യേശു തന്റെ നിര്‍ദ്ദോഷവും
നിഷ്കളങ്കവുമായ രക്തം അര്‍പ്പിച്ചാണ്, നമ്മളുടെ വീണ്ടെടുപ്പ്
സാധ്യമാക്കിയത്. ഈ വീണ്ടെടുപ്പിന്റെ മര്‍മ്മം യഹൂദ മത പുരോഹിതന്‍മാര്‍ക്ക്
ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല.
ഇപ്രകാരം
സ്വന്ത രക്തത്താല്‍ വീണ്ടെടുത്ത ദൈവജനത്തെ ചേര്‍ക്കുവാനായി യേശു വീണ്ടും വരും
എന്നാണ് ക്രൈസ്തവ വിശ്വസം. യേശുക്രിസ്തു മശീഹയാണ്. അവന്റെ ഒന്നാമത്തെ വരവില്‍ മശീഹ
ചെയ്തുതീര്‍ക്കേണ്ടുന്ന എല്ലാ കാര്യങ്ങളും നിവര്‍ത്തിക്കപ്പെട്ടില്ല. അതിനാല്‍, ശേഷിക്കുന്നത് എല്ലാം നിവര്‍ത്തിക്കുവാന്‍ അവന്‍ രണ്ടാമത് വീണ്ടും
വരും.
യേശുക്രിസ്തുവിന്റെ
ഒന്നാമത്തെ വരവിന്റെയും രണ്ടാമത്തെ വരവിന്റെയും മുഖ്യ ഉദ്ദേശ്യം ഒന്നുതന്നെയാണ്.
അത് ദൈവരാജ്യം പുനസ്ഥാപിക്കുക എന്നതാണ്. ഒന്നാമത്തെ വരവില്‍ ദൈവരാജ്യം
ആരംഭിച്ചതായി വിളംബരം ചെയ്യുകയും, അതിലേക്കുള്ള ദൈവജനത്തെ തന്റെ സ്വന്ത രക്തത്താല്‍ വീണ്ടെടുക്കുകയും
ചെയ്തു. രണ്ടാമത്തെ വരവിങ്കല്‍, അവന്‍ വീണ്ടെടുത്ത ദൈവജനത്തെ
അവനോടുകൂടെ ഒരുമിച്ച് ചേര്‍ക്കുകയും, നിത്യമായ ദൈവരാജ്യം
സ്ഥാപിക്കുകയും ചെയ്യും.
യേശുക്രിസ്തുവിന്റെ
രണ്ടാമത്തെ വരവിങ്കല്‍,
അവന്‍ ദൈവജനത്തെ തന്നോടുകൂടെ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ച് അവന്‍
പ്രവചിച്ചതിങ്ങനെയാണ്:
മത്തായി
24: 30, 31
30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം
ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും
പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ
മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.
31 അവൻ തന്റെ ദൂതന്മാരെ മഹാ
കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ
ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
അപ്പോസ്തലനായ
പൌലൊസും ഈ മഹാ സംഭവത്തെക്കുറിച്ച് നമ്മളോട് മുന്‍ കൂട്ടി പറഞ്ഞിട്ടുണ്ട്.
1 കൊരിന്ത്യര്‍ 15: 52
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ
അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും
രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി
ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
1 തെസ്സലൊനീക്യര്‍
4: 16, 17
16 കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു
ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം
അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും;
ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
യേശു
ദൈവജനത്തെ കൂട്ടിച്ചേര്‍ക്കുന്നത് അവര്‍ നിത്യമായി ദൈവരാജ്യത്തില്‍
താമസിക്കുവാനാണ്. ഇതാണ് യോഹന്നാന്‍ വെളിപ്പാടില്‍ ദര്‍ശിക്കുന്നത്.
വെളിപ്പാടു
21: 2, 3
2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം
ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു,
ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ
കണ്ടു.
3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം
പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ
കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ
അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ
ഇരിക്കും.
ഈ
ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ പ്രത്യാശ.
ഇതിനെക്കുറിച്ച് പഴയനിയമത്തില്‍ യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്.
യെശയ്യാവ് 9: 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല;
ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ
എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും;
സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
യേശുക്രിസ്തു വീണ്ടും വരും
ഈ പഠനം ഇവിടെ ഇവിടെ അവസാനിപ്പിക്കട്ടെ.
യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവ് വാഗ്ദത്തങ്ങളുടെയും പ്രവചനങ്ങളുടെയും നിവര്‍ത്തിയായിരുന്നു. അവന്‍ ദൈവരാജ്യത്തിന്റെ പുനസ്ഥാപനം വിളമ്പരം ചെയ്തു. ദൈവജനത്തിന്റെ വീണ്ടെടുപ്പ് പാപ പരിഹാര യാഗത്തിലൂടെ സാധ്യമാക്കി. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ച് വാഗ്ദത്തങ്ങളും പ്രവചനങ്ങളും ഉണ്ട്. അതിനു ദൈവരാജ്യത്തിന്റെ നിത്യമായ പുനസ്ഥാനം എന്ന ലക്ഷ്യം ഉണ്ട്. വീണ്ടെടുക്കപ്പെട്ട ദൈവജനത്തെ കൂട്ടിച്ചേര്‍ക്കുക എന്ന ഉദ്ദേശ്യമുണ്ട്. ഒന്നാമത്തെ വരവിന്റെ എല്ലാ ഉദ്ദേശ്യങ്ങളും നിവര്‍ത്തിക്കപ്പെട്ടതുപോലെ, രണ്ടാമത്തെ വരവിങ്കലും അവന്‍ നമുക്ക് വാഗ്ദത്തം ചെയ്ത എല്ലാ കാര്യങ്ങളും നിവര്‍ത്തക്കപ്പെടും.
യേശുവിന്റെ ഒന്നാമത്തെ വരവ് വാഗ്ദത്തപ്രകാരവും പ്രവചനപ്രകാരവും നിവര്‍ത്തിക്കപ്പെട്ടു എങ്കില്‍, അവന്റെ രണ്ടാമത്തെ വരവും നിവര്‍ത്തിക്കപ്പെടും. അതാണ് നമ്മളുടെ നിശ്ചയം.
No comments:
Post a Comment