യേശുക്രിസ്തു ദൈവമാണോ? യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്നപ്പോള്‍ അവന്‍ ദൈവമായിരുന്നുവോ? യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യനായി ജനിക്കുന്നതിന് മുമ്പും അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന് ശേഷവും ദൈവമാണോ? ഈ ചോദ്യങ്ങള്‍ ആദ്യ നാളുകള്‍ മുതല്‍ ക്രിസ്തീയ വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ ആണ്. ഇതിന് അന്നുമുതല്‍ തന്നെ അവര്‍ മറുപടി നല്കുന്നുണ്ട്. എങ്കിലും ഇന്നും നിരീശ്വര വാദികളും, മറ്റ് മത വിശ്വാസികളും ഇതേ ചോദ്യം ഉയര്‍ത്തുന്നു. ഇന്ന്, ഉത്തരാധുനിക കാലത്ത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യവും ഇത് തന്നെയാണ്.
വേദപുസ്തകത്തില്‍ എവിടേയും, “ഞാന്‍ ദൈവമാണ്” എന്നോ “ഞാന്‍ ദൈവമല്ല” എന്നോ, അതേ വാക്കുകള്‍ തന്നെ ഉപയോഗിച്ച്, യേശു പറയുന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് യേശു ദൈവമല്ല എന്നതിന്റെ തെളിവല്ല. ഈ കാരണം കൊണ്ട്, യേശു ദൈവമല്ല എന്നു വാദിക്കുവാന്‍ തര്‍ക്ക ശാസ്ത്ര പ്രകാരം സാധ്യമല്ല. നിശബ്ദത ഒരു സത്യത്തെ ഇല്ലാതാക്കുന്നില്ല.
യേശുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും യഹൂദന്മാര്‍ ആയിരുന്നു. അവര്‍ കര്‍ശനമായും ഏക ദൈവ വിശ്വാസികള്‍ ആയിരുന്നു. എന്നാല്‍ യേശു ദൈവമാണ് എന്നു അവര്‍ വിശ്വസിച്ചിരുന്നു. യേശു ദൈവമാണ് എന്നു അവന്‍ അവകാശപ്പെട്ടിരുന്നു. അവനെ മറ്റുള്ളവര്‍ ദൈവം എന്നു വിളിച്ചിരുന്നു. അവന്‍ ദൈവമായി മനുഷ്യരുടെ ആരാധന സ്വീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യന്റെ പാപത്തിന് പരിഹാരമായ യാഗമായി തീരേണ്ടതിന്, അവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചു. അവന്‍ ഊനമില്ലാത്ത യാഗമൃഗവും, മനുഷ്യന്റെ പ്രതിനിധിയുമായി. അവന്‍ ഭൂമിയില്‍ ആയിരുന്നപ്പോഴും, അവന്‍ ത്രിയേക ദൈവത്തിന്റെ സാരാംശവും ദൈവവും ആയിരുന്നു.
യേശു ദൈവമാണ് എന്ന് പറഞ്ഞിരുന്നു
മത്തായി ഒഴികെ, മറ്റെല്ലാ സുവിശേഷ ഗ്രന്ഥങ്ങളും എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്. മത്തായി, അരാമ്യ ഭാഷയിലോ എബ്രായ ഭാഷയിലോ ആയിരിക്കേണം സുവിശേഷം എഴുതിയത് (Aramaic, Hebrew). അത് പിന്നീട് ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക ആയിരുന്നു. മത്തായി എഴുതിയ മൂല കൃതി ഇന്ന് നമുക്ക് ലഭ്യമല്ല. എന്നാല്‍, യേശുക്രിസ്തു സംസാരിച്ചത്, ഗലീയയിലെ സാധാരണക്കാരുടെ ഭാഷയായിരുന്ന അരാമ്യ ഭാഷയിലാണ്. അതായത്, യേശു പറഞ്ഞ അതേ ഭാഷയില്‍, അതേ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന കൃതികള്‍ ഇന്ന് ലഭ്യമല്ല. യേശുവിന്റെ വാക്കുകള്‍ എബ്രായ ഭാഷയിലേക്കൊ, ഗ്രീക്ക് ഭാഷയിലേക്കൊ പരിഭാഷപ്പെടുത്തിയാണ് സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ, അന്നത്തെ അരാമ്യ ഭാഷയിലെ വാക്കുകളുടെ കൃത്യത, ഭാഷാ ശൈലികൊണ്ടുള്ള ആശയ വിനിമയം, നാട്ടു ഭാഷാ പ്രയോഗങ്ങള്‍, എന്നിവ പരിഭാഷകളില്‍ കൃത്യമായിട്ടുണ്ടോ എന്നു സംശയമാണ്.
ഈ സാഹചര്യത്തില്‍ യേശു പറഞ്ഞ വാക്കുകള്‍ ഇന്ന് നമുക് ലഭ്യമായിരിക്കുന്ന മൂല കൃതികളില്‍ വായിക്കുക എന്നതാണു അത് മനസ്സിലാക്കുവാനുള്ള ഒരു മാര്‍ഗ്ഗം. യേശു ഒരു പ്രവര്‍ത്തി ചെയ്തപ്പോള്‍ അത് കണ്ടുകൊണ്ടിരുന്നവര്‍, അല്ലെങ്കില്‍ യേശു ഒരു കാര്യം പറഞ്ഞപ്പോള്‍, അത് കേട്ടവര്‍, അവന്റെ പ്രവര്‍ത്തികളും വാക്കുകളും എങ്ങനെ മനസ്സിലാക്കി എന്നതിലൂടെ നമുക്ക് കൃത്യമായ ആശയം ഗ്രഹിക്കാം. യേശുവിന്റെ പ്രവര്‍ത്തികള്‍ക്കും വാക്കുകള്‍ക്കുമുള്ള മറ്റുള്ളവരുടെ മറുപടി, പ്രതികരണം, അവര്‍ അതിനു ശേഷം എന്ത് ചെയ്തു എന്നിവ ആശയങ്ങളെ പുനസൃഷ്ടിക്കുവാന്‍ സഹായിക്കും.
ഇതിന് നല്ലയോരു ഉദാഹരണമാണ്,
യോഹന്നാന്‍ 10: 30. ഇവിടെ യേശു പറഞ്ഞതിങ്ങനെയാണ്:
യോഹന്നാന്‍
10: 30 ഞാനും പിതാവും ഒന്നാകുന്നു.
“ഒന്നാകുന്നു” എന്നതിന് യേശു
ഉപയോഗിച്ചിരിക്കുന്നത് “ഹൈസ്” എന്ന ഗ്രീക്ക് പദം ആണ് (heis – hice). ഈ ഗ്രീക്ക് പദത്തിന്റെ
അര്‍ത്ഥം 1 എന്ന സംഖ്യ ആണ്. 1 എന്ന സംഖ്യ ഉപയോഗിച്ചതിലൂടെ യേശു പറഞ്ഞത്, പിതാവായ
ദൈവവും പുത്രനും ഒന്നാണ് എന്നും പിതാവ് പുത്രനും, പുത്രന്‍ പിതാവും ആണ് എന്നും
ആണ്. യേശു ഇവിടെ ത്രിത്വം എന്ന ആശയം വ്യക്തമാക്കുക ആണ്. യേശുവിന്റെ വാക്കുകളോടുള്ള
കേള്‍വിക്കാരായ യഹൂദ മത പണ്ഡിതന്‍മാരുടെ പ്രതികരണം ഈ ആശയത്തെ കൂടുതല്‍
ഉറപ്പിക്കുന്നു. യേശു ദൈവമാണ് എന്ന് അവന്‍ പ്രഖ്യാപിക്കുക ആയിരുന്നു എന്നാണ് അവര്‍
മനസ്സിലാക്കിയത്. അതിനാല്‍ യേശു ഈ വാചകം പറഞ്ഞുകഴിഞ്ഞ ഉടനെ,
അത് കേട്ടുകൊണ്ട് നിന്ന യെഹൂദന്മാര്‍ അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ശ്രമിച്ചു
(10:31). അതിന്റെ കാരണം അവര്‍ പറഞ്ഞത് ഇങ്ങനെയാണ്:
യോഹന്നാന്‍
10: 33 യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം
നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ
നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
അവരുടെ പ്രതികരണം പഴയനിയമ പ്രമാണപ്രകാരം
ആയിരുന്നു.
ലേവ്യപുസ്തകം 24: 16 യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
“ഞാനും പിതാവും ഒന്നാകുന്നു.” എന്ന
യേശുവിന്റെ പ്രസ്താവന കേട്ട യഹൂദന്മാര്‍, അവന്‍ മനുഷ്യനായിരിക്കെ അവനെത്തന്നേ
ദൈവം ആക്കി എന്നാണ് മനസ്സിലാക്കിയത്. അവര്‍ മനസ്സിലാക്കിയത് തെറ്റാണ് എന്നോ,
യേശു ഉദ്ദേശിച്ചത് അങ്ങനെയല്ല എന്നോ യേശു പറഞ്ഞില്ല. എന്ന്
മാത്രമല്ല, അവന്‍ പറഞ്ഞത് ഒന്നുകൂടി വ്യക്തമാക്കി, ആവര്‍ത്തിച്ചു പറഞ്ഞു.
യോഹന്നാന്‍ 10: 37, 38
37 ഞാൻ എന്റെ
പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”.
ഈ വിശദീകരണത്തിലും യേശു പറയുന്നത്, “പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു” അറിയേണം എന്നാണ്. യേശു ദൈവമാണ് എന്നു അവന്‍ സ്വയം അവകാശപ്പെടുന്ന ഒരു അവസരമാണിത്. “ഞാനും പിതാവും ഒന്നാകുന്നു”, “പിതാവു എന്നിലും ഞാൻ പിതാവിലും” എന്നീ വാക്കുകള്‍ അവന്‍ ദൈവമാണ് എന്ന വ്യക്തമായ വാദമാണ്. ഇതിന് ശേഷവും യഹൂദന്മാര്‍ “അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി” എന്ന് നമ്മള്‍ 39 ആം വാക്യത്തില്‍ വായിക്കുന്നു.
ഇതുപോലെ, യേശു ദൈവമാണ്
എന്നു അവന്‍ അവകാശപ്പെട്ട ചില വേദഭാഗങ്ങള്‍
കൂടി ഉണ്ട്.
യോഹന്നാന്‍ 5: 17, 18
17 യേശു അവരോടു:
“എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും
പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
18 അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
ഇതിനോടൊപ്പം മറ്റൊരു വാക്യം കൂടെ ചേര്‍ത്തു
വായിക്കുന്നത് നല്ലതായിരിക്കും.
യോഹന്നാന്‍ 16: 15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
ഇവിടെ യേശു പിതാവായ ദൈവത്തിന്റെ പ്രവര്‍ത്തികളെയും
അവന്റെ പ്രവര്‍ത്തികളെയും ഒന്നായി പറയുകയാണ്. അവര്‍ തമ്മില്‍ വ്യത്യാസമില്ല. ഇത്
യഹൂദന്മാര്‍, അവന്‍ “തന്നെത്താൻ ദൈവത്തോടു സമമാക്കിയ”താണ് എന്ന്
മനസ്സിലാക്കി.
യോഹന്നാന്‍ 8: 58, 59
58 യേശു അവരോടു:
“ആമേൻ,
ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം
ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു.
59 അപ്പോൾ അവർ അവനെ
എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
യേശുവിന്റെ വാക്കുകള്‍ ഒരു പഴയനിയമ
വേദഭാഗത്തിന്‍റെ ഉദ്ധരണിയാണ്.
പുറപ്പാട് 3: 14, 15
14 അതിന്നു ദൈവം
മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ
എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം
എന്നു കല്പിച്ചു.
15 ദൈവം പിന്നെയും മോശെയോടു
അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ
ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ
ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു
എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
ഇവിടെ ദൈവം മോശെയ്ക്ക് അവനെതന്നെ
പരിചയപ്പെടുത്തുന്നത്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നു
പറഞ്ഞുകൊണ്ടാണ്. ഈ “ഞാന്‍” “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും
യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ” ആണ്. ഈ
ദൈവത്തെക്കുറിച്ചാണ് “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്ന് യേശു
പറഞ്ഞത്. 56 ആം വാക്യത്തില്‍ യേശു പറഞ്ഞതിങ്ങനെയാണ്:
യോഹന്നാന്‍
8:
56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു
ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു
ഉത്തരം പറഞ്ഞു.
Your father Abraham rejoiced as he looked forward to my coming. He saw it and was glad.” (NLT)
യേശുക്രിസ്തുവിന്റ മനുഷ്യാവതാരത്തെ
കുറിച്ചായിരിക്കാം അവന്‍ ഇവിടെ പറയുന്നതു. യേശുവിന്റെ ഒന്നാമത്തെ വരവ്
ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായിരുന്നു. അതിനായി മനുഷ്യരെ രക്ഷയിലേക്ക് വീണ്ടെടുക്കുന്നതിനായിരുന്നു.
ഈ ദിവസത്തെ കാണുവാന്‍ കാണുവാന്‍ അബ്രഹാം പ്രത്യാശിച്ചിരുന്നു. അബ്രഹാം അത്
വിശ്വാസത്താല്‍ കണ്ടു.
ഇവിടെ യേശു അവതരിപ്പിക്കുന്ന ഒരു ചിത്രം
ഉണ്ട്. ഒരുവന്‍ അവന്റെ ഒരു ബന്ധുവിന്റെയോ സ്നേഹിതന്റെയോ വരവിനായി വളരെ നാളുകളായി കാത്തിരിക്കുകയാണ്.
ദീര്‍ഘ നാളിലെ കാത്തിരിപ്പിന് ഒടുവില്‍, ബന്ധു/സ്നേഹിതന്‍
വരുന്നത് ദൂരെവച്ചു തന്നെ അവന്‍ കാണുന്നു. വരുന്നത് തന്റെ ബന്ധു/സ്നേഹിതന്‍ ആണ്
എന്നു മനസ്സിലാക്കുമ്പോള്‍, അവന്‍ സന്തോഷത്താല്‍
തുള്ളിച്ചാടുന്നു. അവന്‍, ദൂരെ കാണുന്ന ബന്ധു/സ്നേഹിതനെ കാണുവാനായി
ഉയരത്തിലേക്ക് ചാടി നോക്കുന്നു, കഴുത്ത് നീട്ടി ഉറ്റു
നോക്കുന്നു.
ഇപ്രകാരം, യേശുവിന്റെ
ഒന്നാമത്തെ വരവിന്റെ ദിവസത്തിനായി അബ്രഹാം പ്രത്യാശിക്കുകയും, അവന്റെ വരവ് വിശ്വാസത്താല്‍ കണ്ടപ്പോള്‍ ഉല്ലസിക്കുകയും ചെയ്തു.
ഈ വെളിപ്പാടു യേശു ദൈവമാണ് എന്നതിന്റെ
പ്രസ്താവനയാണ് എന്ന് അത് കേട്ടുകൊണ്ടിരുന്ന യഹൂദന്‍മാര്‍ക്ക് മനസ്സിലായി. അതിനാല്‍
അവനെ കൊല്ലുവാന്‍ അവര്‍ വീണ്ടും ശ്രമിച്ചു.
യോഹന്നാന്‍
8: 59 അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം
വിട്ടു പോയി.
യേശുക്രിസ്തു ക്രൂശിക്കുവാനായി
പിടിക്കപ്പെട്ട രാത്രിയില്‍ തന്നെ അവനെ മഹാപുരോഹിതന്‍
ആയ കയ്യഫാ വിചാരണ ചെയ്തു. കയ്യഫാവിന്റെ
വീട്ടില്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നു. അവര്‍ ആയിരുന്നു
ന്യായാധിപ സംഘം. ഇവിടെ യേശു,
ദാനിയേല്‍ 7: 13 ല്‍ പറയുന്ന ആകാശ മേഘങ്ങളോടെ വരുന്ന മനുഷ്യപുത്രന്‍ താന്‍ തന്നെ എന്നു
പ്രഖ്യാപിച്ചു. അതായത് യേശു മശിഹ ആണ് എന്നു വ്യക്തമായി അവകാശപ്പെട്ടു. ഇത് അവര്‍ക്ക്
ദൈവദൂഷണമായി തോന്നി. അതിനാല്‍ അവൻ
മരണയോഗ്യൻ എന്ന് അവര്‍ വിധിച്ചു.
മത്തായി 26:
63 - 66
63 യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും
അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ
ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
64 യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ
വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
65 ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം
പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം?
നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ:
66 നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു:
അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
“നീ
ദൈവപുത്രനായ ക്രിസ്തുതന്നേയോ” എന്ന മഹാപുരോഹിതന്റെ ചോദ്യത്തിന്, “ഞാൻ ആകുന്നു” എന്നാണ് യേശു മറുപടി പറഞ്ഞത്. കൂടാതെ അവന്‍ “സർവ്വശക്തന്റെ
വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും”
എന്നും യേശു പറഞ്ഞു. ഇത് ദൈവ ദൂഷണമായി ന്യായാധിപ സംഘം കണ്ടു. യേശു അവന്‍ ദൈവമാണ്
എന്നു അവകാശപ്പെടുകയാണ്. അതിനാല്‍ അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ വിധിച്ചു.
ഈ വേദഭാഗങ്ങളില്‍ നിന്നും,
യേശു ദൈവമാണ് എന്നു അവന്‍ പറഞ്ഞിരുന്നു എന്നും, അവന്‍ അങ്ങനെ
പറഞ്ഞു എന്ന് യഹൂദന്മാര്‍ മനസ്സിലാക്കി എന്നും നമുക്ക് ഗ്രഹിക്കാം. യേശു ദൈവമാണ്
എന്നു അവകാശപ്പെട്ടു, ഒരു മനുഷ്യന്‍ അങ്ങനെ അവകാശപ്പെടുന്നത്
യഹൂദ മത പ്രമാണത്തിന് എതിരായിരുന്നു. അത് ദൈവദൂഷണം ആയിരുന്നു. അതിനുള്ള ശിക്ഷ, ന്യായപ്രമാണ പ്രകാരം, അവനെ കല്ലെറിഞ്ഞു കൊല്ലുന്നത്
ആയിരുന്നു. അതിനാല്‍ അവര്‍ യേശുവിനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ഭാവിച്ചു (യോഹന്നാന്‍
10: 31, 39). യേശുവിനെ പിടിച്ച് അവനെ ക്രൂശിക്കുവാനായി റോമന്‍
ഭരണാധികാരിയുടെ പക്കല്‍ ഏല്‍പ്പിച്ചു. അവിടെയും യഹൂദന്മാരുടെ കുറ്റാരോപണം, യേശു ദൈവമാണ് എന്നു അവകാശപ്പെട്ടു എന്നതായിരുന്നു.
യോഹന്നാന്‍
19: 7 യെഹൂദന്മാർ അവനോടു (പീലാത്തൊസിനോട്): ഞങ്ങൾക്കു
ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ
ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
യേശുക്രിസ്തു,
യഹൂദയിലെ റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസിന്‍റെ മുന്നില്‍, വിചാരണ നേരിടുമ്പോള്‍ ആണ്, അവന്റെ ഭൌതീക ശുശ്രൂഷ
കാലയളവില്‍ അവസാനമായി ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അവിടെ അവന്‍
ദൈവരാജ്യത്തിന്റെ രാജാവാണ് എന്ന് റോമന്‍ ഭരണാധികാരിയുടെ മുമ്പാകെ പ്രഖ്യാപിച്ചു.
യോഹന്നാന്‍ 18: 33, 36 - 38
33 പീലാത്തൊസ്
പിന്നെയും ആസ്ഥാനത്തിൽ (സൈനീക താവളം - Praetorium) ചെന്നു
യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
36 എന്റെ രാജ്യം
ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ
യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ
രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
യേശു പറഞ്ഞത്, അവന്‍ രാജാവാണ്. അവന്‍ പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ രാജാവാണവന്‍. എന്നാല്‍ ദൈവരാജ്യം ഐഹികമല്ല. അതിനാല്‍ അവന്റെ രാജത്വവും ഐഹീകമല്ല. ഐഹീകമല്ലാത്ത ഒരു രാജ്യത്തിന്റെ രാജാവ് സ്വര്‍ഗ്ഗീയനും ദൈവവുമായിരിക്കേണം.
ഇതിനൊപ്പം യേശു ഒരു ദാര്‍ശനികമായ തത്വം
കൂടി പറഞ്ഞു: അവനാണ് പരമമായ സത്യം. അവന്‍ അതിനു സാക്ഷിയായി പീലാത്തൊസിന്‍റെ
മുന്നില്‍ നില്‍ക്കുന്നു. സത്യത്തിന്റെ സാക്ഷിയാകുവാനാണ് അവന്‍ ജനിച്ചത്. പരമമായ
സത്യം ദൈവമാണ്. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അതിനു സാക്ഷിയാകുവാന്‍ കഴിയുകയില്ല.
അതിനു സാക്ഷിയാകുവാന്‍ ജനിച്ച യേശു ദൈവമാണ്. പരമമായ സത്യം ദൈവമാണ്.
പഴയനിയമത്തിലെ ദൈവവും യേശുക്രിസ്തുവും
പഴയനിയമത്തില്‍ ദൈവത്തെക്കുറിച്ച് പറയുന്ന
വാക്യങ്ങള്‍, പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച്
പറയുവാനായി ഉദ്ധരിക്കുന്നുണ്ട്. ഇത് പുതിയനിയമ എഴുത്തുകാര്‍ പഴനിയമത്തിലെ ദൈവം
തന്നെയാണ് യേശുക്രിസ്തു എന്നു വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവാണ്.
സങ്കീര്‍ത്തനങ്ങള്‍
34:
8 യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ
ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
1 പത്രൊസ് 2: 3 മായമില്ലാത്ത പാൽ കുടിപ്പാൻ
വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
യെശയ്യാവു
8:
13 സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
1 പത്രൊസ് 3: 14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി
വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു;
എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി
വിശുദ്ധീകരിപ്പിൻ.
യെശയ്യാവ്
44:
6 യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ
വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം
അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ
ഒരു ദൈവവുമില്ല.
വെളിപ്പാട് 1: 17, 18
17 അവനെ
കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു:
ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും
ആകുന്നു.
18 ഞാൻ
മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും
ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും
താക്കോൽ എന്റെ കൈവശമുണ്ടു.
വെളിപ്പാട്
22:
13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും
ആകുന്നു.
പഴയനിയമ പ്രവചനത്തിലെ യഹോവയുടെ
അരുളപ്പാടുകള്‍ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ നിവര്‍ത്തിക്കപ്പെട്ടു
എന്നു പുതിയനിയമത്തില്‍ പറയുന്നു.
യെശയ്യാവ്
40:
3 കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി
ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
യോഹന്നാന്‍
1:
23 അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി
നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു
പറഞ്ഞു.
യെശയ്യാവു 43:
11, 12
11 ഞാൻ,
ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ
ഒരു രക്ഷിതാവുമില്ല.
12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും
കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ
എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.
അപ്പോസ്തല പ്രവൃത്തികള്‍ 1: 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി
ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ
അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
അപ്പോസ്തല പ്രവൃത്തികള്‍ 4:
12 മറ്റൊരുത്തനിലും
രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട
വേറൊരു നാമവും ഇല്ല.
യെശയ്യാവ് 9: 6, 7
6 നമുക്കു ഒരു
ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;
ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു
അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു,
സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
7 അവന്റെ
ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും
അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
ഈ വാക്യത്തിലെ “വീരനാം ദൈവം” എന്നയിടത്ത്
ദൈവം എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് “ഏല്‍” എന്നാണ് ('ēl – ale). ഈ വാക്കിന്റെ അര്‍ത്ഥം “ദൈവീകത്വമുള്ള വീരന്‍” എന്നാണ് (divine
hero - Brown-Driver-Briggs Lexicon). ഇത് ദൈവത്തെക്കുറിച്ച്
പറയുന്ന ഒരു വാക്കാണ്. “ഏലോഹീം” എന്ന എബ്രായ വാക്കിന്റെ ഏകവചനമോ ചുരുക്കമോ ആണിത് (Elohim). യെശയ്യാവു 9: 6 യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ കുറിച്ചുള്ള ഒരു
പഴയനിയമ പ്രവചനമാണ്. ഇവിടെ പറയുന്ന “വീരനാം ദൈവം” യേശുക്രിസ്തു ആണ്.
ലൂക്കോസ് 1: 31 – 33
31 (സ്വര്‍ഗ്ഗീയ
ദൂതന്‍ മറിയയോട്) നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു
യേശു എന്നു പേർ വിളിക്കേണം.
32 അവൻ വലിയവൻ
ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
33 അവൻ യാക്കോബുഗൃഹത്തിന്നു
എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം
ഉണ്ടാകയില്ല എന്നു പറഞ്ഞു.
പുതിയ നിയമത്തിലെ യേശു എന്ന ദൈവം
യേശുവും തോമസും
യേശുവിന്റെ ശിഷ്യന്മാര്‍ യേശുവിനെ ദൈവമായി
മനസ്സിലാക്കി വിശ്വസിച്ചിരുന്നു. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ശേഷം,
ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷനായ യേശുവിനെ, തോമസ് ദൈവം എന്നു
വിളിക്കുന്നത് അതിനുള്ള തെളിവാണ്.
ഉയിര്‍ത്തെഴുന്നേറ്റവനായ
യേശു ആദ്യം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് അവരോടുകൂടെ
ഉണ്ടായിരുന്നില്ല. ശിഷ്യന്മാര്‍ യേശുവിനെ കണ്ടു എന്ന് തോമസിനെ അറിയിച്ചു എങ്കിലും
തോമസ് അത് വിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല. “ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു
കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും
ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല” എന്നു തോമസ് അവരോടു പറഞ്ഞു. (യോഹന്നാന്‍ 20:
25). എട്ടു ദിവസം കഴിഞ്ഞശേഷം യേശു വീണ്ടും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷന്‍
ആയി. അപ്പോള്‍ തോമസ് അവരോടുകൂടെ ഉണ്ടായിരുന്നു. യേശു തോമസിനോട് പറഞ്ഞു:
യോഹന്നാന്‍
20: 27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ
കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക
എന്നു പറഞ്ഞു.
ഇതിനുള്ള തോമസിന്റെ പ്രതികരണമാണ് 28
ആമത്തെ വാക്യം.
യോഹന്നാന്‍ 20: 28 തോമാസ്
അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
John
20: 28 And Thomas answered and said to Him, “My Lord and my God!” (NKJV)
John
20: 28 Thomas said to him, “My Lord and my God!” (NIV)
ഈ
വാക്യത്തില്‍, ഉയിര്‍ത്തെഴുന്നേറ്റ
യേശുവിനെ കണ്ട തോമസ് അവനെ ആരാധിക്കുകയാണ്. ഇവിടെ “ദൈവവും”
എന്നതിന് ഗ്രീക്കില്‍ “തെയോസ്” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (Theos - theh'-os)
“ദൈവം”
എന്ന വാക്ക് വൃഥാ എടുക്കുവാന്‍ പാടില്ല എന്നായിരുന്നു യഹൂദ പ്രമാണം. “ദൈവം” എന്ന
വാക്ക് ദൈവത്തെ വിശുദ്ധിയോടെയും ബഹുമാനത്തോടെയും സംബോധന ചെയ്യുവാന്‍ മാത്രമേ
യഹൂദന്മാര്‍ ഉപയോഗിക്കാറുള്ളൂ. അബദ്ധത്തില്‍ ദൈവത്തിന്‍റെ നാമം വൃഥാ എടുത്താലോ
എന്ന് ഭയന്ന്, പ്രായോഗികമായി അവര്‍ ദൈവം എന്ന വാക്ക് ഉച്ചരിക്കാറെ ഇല്ല. തോമസ്
ഒരു യഹൂദന്‍ ആയിരുന്നു. ആരെയെങ്കിലും, ആരോടെങ്കിലും, ഏതെങ്കിലും സാഹചര്യത്തില്‍
പെട്ടന്നുണ്ടായ വികാരത്താല്‍ “എന്‍റെ ദൈവവും ആയുള്ളോവേ” എന്ന് അദ്ദേഹം പറയുക ഇല്ല.
മാത്രവുമല്ല, ദൈവനാമം വൃഥാ എടുത്താല്‍ യേശു അവനെ ശകാരിക്കുകയോ തിരുത്തുകയോ
ചെയ്യുമായിരുന്നു.
എന്നാല്‍, തോമസിന്‍റെ വാക്കുകളെ അവന്റെ വിശ്വാസത്തിന്റെ
പ്രഖ്യാപനമായിട്ടാണ് യേശു കണ്ടത്.
യോഹന്നാന്‍ 20: 29 യേശു അവനോടു: നീ
എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
യേശു
തോമസിന്‍റെ വാക്കുകളെ അവന്‍റെ വിശ്വാസ പ്രഖ്യാപനം ആയി സ്വീകരിച്ചു. യേശു ദൈവമാണ്
എന്നുള്ള അവന്‍റെ വിശ്വാസത്തെ യേശു അംഗീകരിച്ചു. യേശുവിനെ ദൈവമായി ഏറ്റുപറഞ്ഞ
തോമസിനെ യേശു ശാസിക്കുകയോ തിരുത്തുകയോ ചെയ്തില്ല.
യേശു ആരാധന സ്വീകരിച്ചു
നമ്മള്‍ മുമ്പ് കണ്ടതുപോലെ,
യഹൂദ മത ന്യായപ്രമാണം, ദൈവത്തിന്റെ നാമം വൃഥാ എടുക്കുന്നത്
മരണ ശിക്ഷയാല്‍ വിലക്കിയിരുന്നു. അവര്‍ ഒരു മനുഷ്യനെയും ദൈവമെന്ന് വിളിക്കുകയോ, ആരാധിക്കുകയോ ചെയ്യുകയില്ല. ദൈവമല്ലാതെ മറ്റാരെയും കുമ്പിട്ടു
നമസ്കരിക്കുകയില്ല. പുതിയനിയമത്തിലും ഈ പ്രമാണം നമുക്ക് ബാധകമാണ്. എന്നാല്‍ പല
അവസരത്തിലും മറ്റുള്ളവര്‍ യേശുവിനെ നമസ്കരിക്കുകയും, യേശു
ആരാധന സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. യേശു ദൈവമല്ലായിരുന്നു എങ്കില്‍, മറ്റുള്ളവര്‍ യേശുവിനെ ആരാധിക്കുകയോ, അവന്‍ ആരാധന
സ്വീകരിക്കുകയോ ചെയ്യുകയില്ലായിരുന്നു. ഇതിന് ഒരു ഉദാഹരണം നമുക്ക് വെളിപ്പാടു
പുസ്തകത്തില്‍ കാണാം.
വെളിപ്പാട്
19: 10 ഞാൻ (യോഹന്നാന്‍) അവനെ (സ്വര്‍ഗ്ഗീയ ദൂതനെ) നമസ്കരിക്കേണ്ടതിന്നു അവന്റെ
കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശുവിന്റെ
സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ
നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു
തന്നേ എന്നു പറഞ്ഞു.
അപ്പോസ്തലപ്രവൃത്തികള്‍ 14
ല്‍ ലൂസ്ത്ര എന്ന പട്ടണത്തില്‍ നടന്ന ഒരു സംഭവം വിവരിക്കപ്പെടുന്നുണ്ട് (Lystra
– a town in present day Turkey). ഇവിടെ പൌലൊസ് ഒരു മുടന്തനായ
മനുഷ്യനെ സൌഖ്യമാക്കി. ഇത് കണ്ട അവിടെയുള്ള ജനം പൌലൊസും കൂടെയുണ്ടായിരുന്ന ബര്‍ന്നബാസും
ദേവന്‍മാര്‍ ആണ് എന്നു തെറ്റിദ്ധരിച്ചു. പട്ടണത്തിലുണ്ടായിരുന്ന ഇന്ദ്ര
ക്ഷേത്രത്തിലെ പുരോഹിതന്റെ നേതൃത്വത്തില്‍ അവരെ ആരാധിക്കുവാനും അവര്‍ക്കായി യാഗം
അര്‍പ്പിക്കുവാനും ശ്രമിച്ചു. അപ്പോള്‍ പൌലൊസ് അവരെ വിലക്കി, അവരോട് പറഞ്ഞു:
അപ്പോസ്തലപ്രവൃത്തികള്‍
14:
15 പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു?
ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും
സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം
എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
ഇതെല്ലാം ആരാധന ദൈവത്തിന് മാത്രമുള്ളതാണ്
എന്ന യഹൂദ, ക്രൈസ്തവ വിശ്വാസത്തെ കാണിക്കുന്നു.
എന്നാല്‍ യേശു,
തന്റെ ശുശ്രൂഷാ കാലത്തും, ഉയിര്‍ത്തെഴുന്നേറ്റത്തിന് ശേഷവും, മറ്റുള്ളവരില്‍ നിന്നും ആരാധന സ്വീകരിച്ചു. ഇത് അവന്‍ ദൈവമാണ് എന്നതിനാല്‍
ആണ്.
മത്തായി
2: 11 (കിഴക്കുനിന്നു വിദ്വാന്മാർ) ആ വീട്ടിൽ ചെന്നു, ശിശുവിനെ
അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും
കാഴ്ചവെച്ചു.
മത്തായി
28: 9 എന്നാൽ യേശു അവരെ
(യേശുവിന്റെ കല്ലറ വിട്ടു തിരികെ പോകുന്ന സ്ത്രീകള്‍ - മഗ്ദലക്കാരത്തി മറിയയും
മറ്റെ മറിയയും) എതിരേറ്റു: “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ
നമസ്കരിച്ചു.
ഈ രണ്ടു വാക്യങ്ങളിലും “നമസ്കരിച്ചു”
എന്നതിന്റെ ഗ്രീക്ക് പദം, “പ്രാസ്-കുനെയോ” എന്നതാണ്. ഇതിന്റെ അര്‍ത്ഥം
ആരാധിക്കുക എന്നാണ് (proskyneō - pros-koo-neh'-o)
മത്തായി 14: 33;
മത്തായി 28: 17; ലൂക്കോസ് 24: 52;
യോഹന്നാന്‍ 9: 38 എന്നീ വേദഭാഗങ്ങളിലും ജനങ്ങള്‍ യേശുവിനെ നമസ്കരിച്ചതായും യേശു
അത് സ്വീകരിച്ചതായും എഴുതിയിട്ടുണ്ട്. നമസ്കരിക്കുന്നത് ആരാധന ആയിരുന്നു.
യേശു ദൂതന്മാരുടെയും മനുഷ്യരുടെയും ആരാധന
സ്വീകരിച്ചിരുന്നു എന്നതിന് തെളിവായി കൂടുതല്‍ വാക്യങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍
കഴിയും.
മത്തായി 8: 2 അപ്പോൾ ഒരു കുഷ്ഠരോഗി
വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
മത്തായി 9: 18 അവൻ ഇങ്ങനെ അവരോടു
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ
ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈവെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
യോഹന്നാന്‍ 9: 38 38 ഉടനെ അവൻ (കാഴ്ച
പ്രാപിച്ച മനുഷ്യന്‍): കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
മത്തായി 15: 25 എന്നാൽ അവൾ (ഒരു കനാന്യസ്ത്രീ ) വന്നു:
കർത്താവേ, എന്നെ സഹായിക്കേണമേ
എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
മത്തായി 28: 17 അവനെ (യേശുവിനെ)
കണ്ടപ്പോൾ അവർ (ശിഷ്യന്മാര്‍) നമസ്കരിച്ചു;
ചിലരോ സംശയിച്ചു.
എബ്രായര്‍ 1: 6 ആദ്യജാതനെ പിന്നെയും
ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ
നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
ദൈവവും യേശുവും
അപ്പോസ്തലപ്രവൃത്തികള്‍
16 ആം അദ്ധ്യായത്തില്‍
പൌലൊസിന്റെ മക്കെദോന്യ പ്രദേശത്തെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ വിവരണം വായിക്കാം. ഈ
പ്രദേശത്തെ ഒരു പ്രധാന പട്ടണമായിരുന്ന ഫിലിപ്പി എന്ന സ്ഥലത്തു പൌലൊസ് സുവിശേഷം
അറിയിച്ചത് കേട്ടാണ് ലുദിയ എന്ന സഹോദരി യേശുവിനെ സ്വീകരിക്കുന്നതും സ്നാനപ്പെട്ട്
സഭയോടു ചേരുന്നതും. ഇവിടെ താമസിക്കുന്ന അവസരത്തിലാണ്, വെളിച്ചപ്പാടത്തിയായ
ഒരു പെണ്‍കുട്ടിയിലുണ്ടായിരുന്ന ഭൂതത്തെ പൌലൊസ് ശാസിച്ച് പുറത്താക്കുന്നത്. ഈ
സംഭവം കാരണം, പൌലൊസും ശീലാസും കരാഹൃഹത്തില്‍
അടയ്ക്കപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ പൌലൊസും ശീലാസും പ്രാര്‍ത്ഥിച്ച്, ദൈവത്തെ പാടി സ്തുതിച്ചുകൊണ്ടിരിക്കെ, വലിയൊരു
ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ വാതില്‍ തുറന്നു.
കാരാഗൃഹപ്രമാണി വിറെച്ചുംകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു,
“യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു
ചെയ്യേണം എന്നു ചോദിച്ചു.” അതിനു അവര്‍ പറഞ്ഞ മറുപടി ഇതാണ്:
അപ്പോസ്തല പ്രവൃത്തികള്‍ 16: 31 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
പൌലൊസും
ശീലാസും അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും സുവിശേഷം അറിയിച്ചു. അങ്ങനെ
കാരാഗൃഹപ്രമാണിയും കുടുംബവും രക്ഷിക്കപ്പെട്ടു. ഇതിനെക്കുറിച്ച് 34 ആം വാക്യം പറയുന്നു:
അപ്പോസ്തലപ്രവൃത്തികള്‍ 16: 34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു
ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം
ആനന്ദിച്ചു.
ഇവിടെ
യേശുവില്‍ വിശ്വസിച്ചതും ദൈവത്തില്‍ വിശ്വസിച്ചതും ഒന്നുതന്നെയാണ്. യേശു
ദൈവമായതിനാല്‍ അവനിന്നുള്ള വിശ്വാസം ദൈവത്തിലുള്ള വിശ്വാസമാണ്.
ദൈവത്തിന്റെ
എല്ലാ സവിശേഷ ഗുണങ്ങളും യേശുക്രിസ്തുവിനുണ്ട്. അവന്‍ സര്‍വ്വവ്യാപിയാണ്. അവനാണ്
ലോകത്തെ സൃഷ്ടിച്ചത്. ദൂതന്മാരും അധികാരവും അവന് കീഴ്പ്പെട്ടിരിക്കുന്നു.
മത്തായി 18: 20 രണ്ടോ
മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും
ഞാൻ നിങ്ങളോടു പറയുന്നു.
എബ്രായര്‍ 1: 2 2 ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു
അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
എബ്രായര്‍ 1: 10 - 12
10 “കർത്താവേ, നീ
പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ
കൈകളുടെ പ്രവൃത്തി ആകുന്നു.
11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ
പഴകിപ്പോകും;
12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും;
വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ;
നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
1 പത്രൊസ് 3: 22 അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ
വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു
കീഴ്പെട്ടുമിരിക്കുന്നു.
അവന്‍
ദൈവത്തെപ്പോലെ പാപം ഇല്ലാത്തവന്‍ ആയിരുന്നു.
യോഹന്നാന്‍ 8: 46 നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം
വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ
വിശ്വസിക്കാത്തതു എന്തു?
2 കൊരിന്ത്യര്‍ 5: 21 പാപം അറിയാത്തവനെ, നാം
അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി
പാപം ആക്കി.
എബ്രായര്‍ 4: 15
നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി
പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
എബ്രായര്‍ 7: 26
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ,
പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ
ഉന്നതനായിത്തീർന്നവൻ;
യേശു
എപ്പോഴും ദൈവീക അധികാരത്തോടെ സംസാരിച്ചു, പഠിപ്പിച്ചു, കല്‍പ്പിച്ചു. പഴയനിയമ
പ്രവാചകന്മാരെപ്പോലെ യേശു ഒരിക്കലും “യഹോവ ഇപ്രകാരം അരുളിചെയ്യുന്നു” എന്ന
രീതിയില്‍ സംസാരിച്ചിട്ടില്ല.
യോഹന്നാന്‍ 5: 24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു
പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു;
അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു
കടന്നിരിക്കുന്നു.
യോഹന്നാന്‍ 10: 7 യേശു പിന്നെയും
അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ
ആകുന്നു.
മര്‍ക്കോസ് 13: 31 ആകാശവും ഭൂമിയും
ഒഴിഞ്ഞുപോകും; എന്റെ
വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
പൌലൊസിന്റെ കാഴ്ചപ്പാട്
ഇനി യേശുവിന്റെ ദൈവീകത്വത്തെക്കുറിച്ചുള്ള
പൌലൊസിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് നോക്കാം.
കൊലൊസ്സ്യര്‍ 2: 9, 10
9 അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി
വസിക്കുന്നതു.
10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ
പരിപൂർണ്ണരായിരിക്കുന്നു.
പൌലൊസ്
പറയുന്നതു, ദൈവത്തിന്റെ
സര്‍വ്വ സമ്പൂര്‍ന്നതയും മനുഷ്യനായി ഈ ഭൂമിയില്‍ വസിച്ചത് യേശുക്രിസ്തുവിലാണ്.
അവന്‍ എല്ലാ വാഴ്ചയ്ക്കും തലയായിരുന്നു. അവന് എല്ലാ സ്വര്‍ഗ്ഗീയ അധികാരങ്ങളും
ഉണ്ടായിരുന്നു. ഇത് യേശു ദൈവമാണ് എന്ന ശക്തമായ വാദമാണ്.
മഹാദൈവവും നമ്മുടെ
രക്ഷിതാവുമായ യേശുക്രിസ്തു
തീത്തൊസ് 2: 12, 13
12 നാം
ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ
യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു
13 ഭക്തികേടും
പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും
ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.
12 ആം വാക്യത്തില്‍ പറയുന്ന “മഹാദൈവവും”
“നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവും” എന്ന പദങ്ങള്‍ രണ്ടു വ്യാഖ്യാനങ്ങള്‍ക്ക്
ഇടയാക്കിയാക്കിയിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, “മഹാദൈവവും”
എന്നത് പിതാവായ ദൈവത്തെക്കുറിച്ചും, “രക്ഷിതാവായ
യേശുക്രിസ്തു” നമ്മളുടെ രക്ഷിതാവായി ഭൂമിയില്‍ ജനിച്ച യേശുവിനെക്കുറിച്ചുമാണ്
പറയുന്നത്. ഇതനുസരിച്ച്, യേശു ദൈവമല്ല,
രക്ഷിതാവായി പിതാവയച്ച ഒരുവന്‍ മാത്രമാണ്, എന്നാണ് അവരുടെ
വാദം. എന്നാല്‍ ഇതിനോട് ഭൂരിപക്ഷം വേദ പണ്ഡിതന്മാരും, ക്രൈസ്തവ
പരമ്പര്യ വിശ്വസവും യോജിക്കുന്നില്ല.
തീത്തൊസ് 2: 12, 13
വാക്യങ്ങളില്‍ പൌലൊസ് പറയുന്നതു നമ്മളുടെ ഭാഗ്യകരമായ പ്രത്യാശയായ
യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയെക്കുറിച്ചാണ്. ഇത് യേശുക്രിസ്തുവിന്റെ
രണ്ടാമത്തെ പ്രത്യക്ഷത ആണ്. ഈ പ്രത്യക്ഷതയില്‍ പിതാവായ ദൈവം പ്രത്യക്ഷനാകും എന്നു
പുതിയനിയമത്തില്‍ ഒരിടത്തും പറയുന്നില്ല. ഇത് യേശുക്രിസ്തുവിന്റെ മാത്രം
പ്രത്യക്ഷതയാണ്. ഈ പ്രത്യക്ഷതയ്ക്കായുള്ള ഭാഗ്യകരമായ പ്രത്യാശയാണ് “ഭക്തികേടും
പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും
ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു” നമ്മെ ശിക്ഷിച്ചുവളർത്തുന്നത്.
“പ്രത്യക്ഷതെക്കായിട്ടും” എന്ന് പറയുവാന്‍
ഉപയോഗിച്ചിരിക്കുന്നത് “എപ്പിഫാനൈയ” എന്ന ഗ്രീക്ക് വാക്കാണ് (epiphaneia -
ep-if-an'-i-ah). ഈ വാക്ക് ഗ്രീക്കു ദേവന്മാരുടെ മഹത്വരമായ
പ്രത്യക്ഷതയെക്കുറിച്ച് പറയുവാനാണ് ഗ്രീക്കു മതവിശ്വാസികള്‍ അക്കാലത്ത് പൊതുവേ ഉപയോഗിച്ചിരുന്നത്
(Thayer's Greek–English Lexicon - Joseph Henry
Thayer, American biblical scholar, 1828- 1901).
പുതിയനിയമത്തില്‍ “എപ്പിഫാനൈയ” എന്ന
വാക്ക് 6 പ്രാവശ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതെല്ലാം യേശുക്രിസ്തുവിന്റെ
പ്രത്യക്ഷതയെക്കുറിച്ച് പറയുന്നു. (2 തെസ്സലൊനീക്യര്‍ 2: 8;
1 തിമൊഥെയൊസ് 6: 13; 2 തിമൊഥെയൊസ് 1: 10; 2 തിമൊഥെയൊസ് 4: 1; 2 തിമൊഥെയൊസ് 4: 8; തീത്തൊസ് 2: 12). യേശുക്രിസ്തുവിന്റെ തേജസ്സുള്ള പ്രത്യക്ഷതയില്‍ പിതാവായ
ദൈവം പ്രത്യക്ഷപ്പെടുന്നില്ല. അതിനാല്‍ പൌലൊസ് പറയുന്നതു ഒരു വ്യക്തിയുടെ
പ്രത്യക്ഷതയെക്കുറിച്ചാണ്. അത് നമ്മളുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ
തേജസ്സുള്ള പ്രത്യക്ഷതയാണ്. അതിനാല്‍ യേശുക്രിസ്തു എന്ന ഒരുവനെയാണ് പൌലൊസ് ഇവിടെ “മഹാദൈവവും
നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്നു വിളിക്കുന്നത്.
യേശുക്രിസ്തു തന്റെ രണ്ടാമത്തെ പ്രത്യക്ഷതയെക്കുറിച്ച്
പറഞ്ഞപ്പോള്‍, അവനോടൊപ്പം പിതാവിന്റെ പ്രത്യക്ഷത ഉണ്ടാകും എന്നു
പറഞ്ഞില്ല. പിതാവിന്റെ മഹത്വം, പ്രത്യക്ഷനാകുന്ന യേശുവിന്
ഉണ്ടാകും എന്നു പറഞ്ഞിരുന്നു. ദൈവ മഹത്വം ത്രിയേക ദൈവത്തില്‍ മാത്രം
അടങ്ങിയിരിക്കുന്നതാണ്. അത് ഒരു സൃഷ്ടിക്കും പങ്കുവെക്കുവാന്‍ സാധ്യമല്ല. ആകയാല്‍, വീണ്ടും വരുന്ന യേശു ദൈവമായാണ് പ്രത്യക്ഷനാകുന്നത്.
മത്തായി 16: 27 മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ
തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും
അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.
ദൈവമേ, നിന്റെ ദൈവം
യേശുക്രിസ്തുവിന്റെ
ദൈവീകത്വം വെളിവാക്കുന്ന മറ്റൊരു വേദഭാഗം എബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഉണ്ട്:
എബ്രായര്‍ 1: 8, 9
8 പുത്രനോടോ:
“ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
9 നീ നീതിയെ ഇഷ്ടപ്പെടുകയും
ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം
നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു”
എന്നും
ഈ വാക്യം, കോരഹ് പുത്രന്മാര്‍, പ്രവാചനാത്മാവില്‍ എഴുതിയ ഒരു സങ്കീര്‍ത്തനത്തില്‍ നിന്നും
ഉദ്ധരിച്ചതാണ്.
സങ്കീര്‍ത്തനങ്ങള്‍ 45: 6, 7
6 ദൈവമേ,
നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7 നീ നീതിയെ
ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം,
നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി
നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
ഈ വാക്കുകള്‍ പിതാവായ ദൈവം
അരുളിചെയ്യുന്നതായിട്ടാണ് എബ്രായ ലേഖന കര്‍ത്തവും സങ്കീര്‍ത്തനം എഴുതിയ കോരഹ്
പുത്രന്മാരും പറയുന്നത്. ഇവിടെ പിതാവായ ദൈവം പുത്രനെ “ദൈവം” എന്ന് വിളിക്കുന്നു.
ഇത് ത്രിയേക ദൈവം എന്ന വിശ്വാസത്തിലേക്ക് നയിക്കുന്നു.
ത്രിയേക ദൈവം
ത്രിത്വ വിശ്വസം എന്താണ് എന്നു
മനസ്സിലാക്കാതെ യേശുക്രിസ്തുവിന്റെ ദൈവീകത്വം ഗ്രഹിക്കുവാന്‍ പ്രയാസമാണ്. ത്രിത്വം
എന്നാല്‍, ദൈവം ത്രീയേകനാണ് എന്ന വിശ്വാസമാണ്. ഇത് ക്രിസ്തീയ വിശ്വാസത്തിന്റെ
അടിസ്ഥാന പ്രമാണമാണ്. ഇത് ദൈവം ഏകനാണ് എന്നും എന്നാല്‍ അവനില്‍ വേര്‍തിരിക്കുവാന്‍
കഴിയുന്ന മൂന്നു ദൈവീക ആളത്വമുണ്ട് എന്നുമുള്ള വിശ്വാസമാണ്. പിതാവും, പിത്രനും, പരിശുദ്ധാത്മാവും ഒരു സാരാംശവും മൂന്നു
ആളത്വങ്ങളുമായി സ്ഥിതിചെയ്യുന്നു. ഇവര്‍ പ്രകൃതിയിലും സാരാംശത്തിലും (nature and essence) ഒന്നായിരിക്കുന്നതുപോലെ
ആളത്വങ്ങളില്‍ വേര്‍തിരിഞ്ഞ വ്യക്തിത്വം ഉള്ളവരും ആണ്. ഇവര്‍ ഏക ദൈവമായി, തുല്യതയില്‍, നിത്യമായി സ്ഥിതിചെയ്യുന്നു. ഇങ്ങനെ
സ്ഥിതിചെയ്യുന്ന ദൈവീകത്വത്തെയാണ് നമ്മള്‍ ത്രീയേക ദൈവം എന്നു വിളിക്കുന്നത്. ഏക
സാരാംശമായ ഏക ദൈവത്തിലെ രണ്ടാമത്തെ ആളത്വമായ ദൈവപുത്രനാണ് യേശുക്രിസ്തുവായി
ഭൂമിയില്‍ ജനിച്ചത്.
ത്രിത്വ വിശ്വാസത്തില്‍ മൂന്നു ദൈവങ്ങള്‍
ഇല്ല, ഒരേ സാരാംശത്തിലെ മൂന്നു ആളത്വങ്ങള്‍ മാത്രമേയുള്ളൂ. അതിനാല്‍ പിതാവ്
ദൈവമാണ്, പുത്രന്‍ ദൈവമാണ്,
പരിശുദ്ധാത്മാവ് ദൈവമാണ്. എന്നാല്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ ആളത്വങ്ങളില്‍ വ്യത്യസ്തര്‍ (വേര്‍തിരിഞ്ഞവര്‍)
ആണ്.
(“വേര്‍തിരിഞ്ഞവര്‍” എന്ന വാക്കിന് പകരം
അതേ ആശയം വരുന്ന മറ്റ് വാക്കുകളും ഉപയോഗിക്കാവുന്നതാണ്. ഇവിടെ “വേര്‍തിരിഞ്ഞവര്‍”
എന്നു പറയുന്നതു “വേര്‍പെട്ടവര്‍” എന്ന അര്‍ത്ഥത്തില്‍ അല്ല. വ്യത്യസ്തങ്ങളായ
ആളത്വമുള്ളവര്‍ എന്നര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.)
ദൈവം എന്നു പഴയനിയമത്തില്‍ പറയുമ്പോള്‍
അത് പിതാവായ ദൈവത്തെക്കുറിച്ചാണ് എന്നാണ് നമ്മളുടെ പൊതുവേയുള്ള ധാരണ. എന്നാല്‍,
ശരിയായി പറഞ്ഞാല്‍, അത് ത്രിയേക ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍
ആണ്. പുതിയനിയമത്തില്‍ ത്രിത്വത്തിലെ ഓരോ ആളത്വവും പ്രത്യേകമായ ദൌത്യം നിര്‍വഹിക്കുന്നത്
കാണാം.
എബ്രായര്‍ 1: 3 അവൻ
(യേശുക്രിസ്തു) അവന്റെ (പിതാവായ ദൈവത്തിന്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ
മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു
പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
Hebrews 1:3 who being the brightness of His glory and the
express image of His person, and upholding all things by the word of His power,
when He had by Himself purged our sins, sat down at the right hand of the
Majesty on high, (NKJV)
ഈ വാക്യത്തില്‍
“തത്വത്തിന്റെ” എന്ന വാക്കിന്റെ ഗ്രീക്ക് പദം “ഹുപ്പോസ്റ്റാസിസ്” എന്നാണ് (hypostasis
– hupostasis- hoop-os'-tas-is). ഈ വാക്ക് ദൈവീക ത്രിത്വത്തിലെ,
സാരാംശത്തെയും പ്രകൃതിയെയും സൂചിപ്പിക്കുന്നു (the
substantial quality, nature, of any person or thing – Thayer’s Greek Lexicon). ഈ സാരാംശമാണ് യേശുവില്‍ ഉള്ളത്. ഈ വാക്കിനെ പിന്നീട് ദൈവീക ത്രിത്വത്തിലെ
മൂന്നു ആളത്വങ്ങളുടെ വേര്‍തിരിവിനെ കാണിക്കുന്നതായി നിര്‍വചിക്കപ്പെട്ടു (distinctness
of the three persons). അങ്ങനെയാണ് “ആളത്വങ്ങള്‍” എന്ന വാക്ക് തന്നെ
രൂപപ്പെട്ടത്.
യേശുക്രിസ്തു രണ്ടു വ്യക്തികള്‍ അല്ല. ദൈവീകത്വവും മനുഷ്യത്വവും
അവനില്‍ ഒരേ സമയത്ത് ഉണ്ടായിരുന്നു. ഈ കാഴ്ചപ്പാടിനെയാണ് hypostatic
union എന്നു വിളിക്കുന്നത്. പൂര്‍ണ്ണ മനുഷ്യനായിരുന്ന യേശു, നിത്യമായ ദൈവീക സാരാംശത്തോട് ഏകത്വത്തില്‍ ആയിരുന്നു.
ദൈവം ത്രീയേകനല്ല എന്ന ഒരു വിപരീത
ഉപദേശമുണ്ട്. അതുകൂടി ഇവിടെ നമ്മള്‍ അറിഞ്ഞിരിക്കുന്നത് പ്രയോജനം ചെയ്യും. ഈ
വിപരീത ഉപദേശം മോഡലിസം എന്നും വണ്‍നെസ്സ് ദൈവശാസ്ത്രം എന്നും അറിയപ്പെടുന്നു. (modalism, Oneness theology). ഇവരുടെ അഭിപ്രായപ്രകാരം, ദൈവം പിതാവ്, പുത്രന്‍,
പരിശുദ്ധാത്മാവ് എന്നീ മൂന്നു ആളത്വങ്ങളില്‍ സ്ഥിതിചെയ്യുന്നില്ല. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നത് ഒരു ദൈവത്തിന്റെ പല
വെളിപ്പെടലിന്റെ മൂന്ന് സ്ഥാനങ്ങള്‍ ആണ് (modes of revelation). ഇതനുസരിച്ച്, ദൈവം ചിലപ്പോള്‍, പിതാവായും, മറ്റ് ചിലപ്പോള്‍ പുത്രനായും, മറ്റ് ചില അവസരങ്ങളില്‍ പരിശുദ്ധാത്മാവും വെളിപ്പെടുന്നു. പിതാവായ ദൈവവും
പുത്രനായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഒരു ആളത്വം തന്നെയാണ് എന്നു അവര്‍
വിശ്വസിക്കുന്നു. ഇതിന്റെ പോരായ്മ, പിതാവുള്ളപ്പോള്‍
പുത്രനില്ല, പുത്രനുള്ളപ്പോള്‍,
പിതാവും പരിശുദ്ധാത്മാവും ഇല്ല എന്നിങ്ങനെയുള്ള അവസ്ഥ ഉണ്ടാകുന്നു എന്നതാണ്.
എന്നാല്‍, ത്രിയേക ദൈവം എപ്പോഴും ദൈവമായി, മാറ്റങ്ങള്‍ കൂടാതെ നിലനില്‍ക്കുന്നു എന്നതിനാല്‍ ക്രൈസ്തവ
വേദപണ്ഡിതന്മാര്‍, മോഡലിസം എന്നും വണ്‍നെസ്സ് ദൈവശാസ്ത്രം
എന്നും അറിയപ്പെടുന്ന വിപരീത ഉപദേശത്തെ തള്ളിക്കളയുന്നു.
യേശുവിന്റെ ദൈവീകത്വം
യേശുവിന്റെ ദൈവീകത്വത്തെ കുറിച്ചുള്ള ദൈവശാസ്ത്രപരവും
തത്വ ശാസ്ത്രപരവും ആയ ഒരു വിശദീകരണം, യോഹന്നാന്റെ സുവിശേഷത്തില്‍
ലഭ്യമാണ്. യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത് നിത്യതയിലുള്ള യേശുവിന്റെ
ദൈവീകത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.
യോഹന്നാന്‍
1: 1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം
ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
യേശുക്രിസ്തുവിന്‍റെ ചരിത്രം ആരംഭിക്കുന്ന സമയം “ആദിയില്‍”
ആണ്. ഈ വാക്ക് ഉല്‍പ്പത്തി ഒന്നാം അദ്ധ്യായം ഒന്നാം വാക്യത്തിന്റെ പ്രതിധ്വനിയാണ്.
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”(ഉല്‍പ്പത്തി 1: 1). എന്നാല്‍
സൃഷ്ടിക്കും മുമ്പേയുള്ള സൃഷ്ടാവിന്‍റെ അസ്തിത്വത്തെ കുറിച്ചാണ് യോഹന്നാന്‍
പറയുന്നത്.
ഉല്‍പ്പത്തി പുസ്തകത്തില്‍,
പ്രപഞ്ചത്തിന്റെ ആരംഭം മുതല്‍ താഴേക്കുള്ള സംഭവങ്ങള്‍ വിശദീകരിക്കുമ്പോള്‍
യോഹന്നാന്‍ അതെ ചരിത്ര നിമിഷത്തിനും മുമ്പുള്ള പരമമായ സത്യമാണ്
വെളിപ്പെടുത്തുന്നത്. ഉല്‍പ്പത്തി പുസ്തകത്തിലെ “ആദിയില്‍” സമയവും സൃഷ്ടികളും
സൃഷ്ടിക്കപ്പെട്ടു. യോഹന്നാന്‍ പറയുന്ന “ആദിയില്‍”
സമയക്രമത്താല്‍ ബന്ധിക്കപ്പെടാത്ത നിത്യതയാണ്. അവിടെ വചനം ഉണ്ടായിരുന്നു. ആദിയില്‍,
സകല സൃഷ്ടിക്കും മുമ്പേ, “വചനം ഉണ്ടായിരുന്നു”. വചനം സൃഷ്ടിക്കപ്പെട്ടതല്ല, വചനം ഉണ്ടായിരുന്നു. വചനം ആരംഭം അല്ല; ആരംഭത്തിനും മുമ്പുള്ള പരമമായ
സത്യം ആണ്. വചനം
ഇല്ലാതിരുന്ന ഒരു കാലവും, അവസ്ഥയും ഉണ്ടായിട്ടില്ല. വചനം ദൈവം ആയിരുന്നു. അവന്‍
നിത്യമായി ഉണ്ടായിരുന്നു.
ഈ വാക്യത്തില്‍ “വചനം” എന്നു പറയുവാന്‍
യോഹന്നാന്‍ ഉപ്യോഗിക്കുന്ന ഗ്രീക്കു വാക്ക് “ലോഗോസ്” എന്നാണ് (logos - log'-os). ലോഗോസ് എന്ന വാക്കിന്, “ജീവനുള്ള
ഒരു ശബ്ദം പറയുന്ന, ഒരു ആശയം ഉള്‍ക്കൊള്ളുന്ന വചനം” എന്നാണ്
അര്‍ത്ഥം (a word, uttered by a living voice, embodies a conception or
idea). ലോഗോസ്, സംസാരിക്കുന്ന വ്യക്തിയുടെ
ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണമായ സന്ദേശമാണ്. ഗ്രീക്കുകാര്‍ ലോഗോസ് എന്ന
വാക്ക് കൊണ്ട് ഒരു വ്യക്തിയുടെ ജ്ഞാനം, യുക്തി, മനസ്സ്, ബുദ്ധി എന്നിവയെ പരാമര്‍ശിച്ചിരുന്നു.
ഗ്രീക്ക് തത്വ ശാസ്ത്രത്തില്‍ ഈ വാക്കിനു
ദാര്‍ശനികമായ അര്‍ത്ഥമുണ്ട്. തത്വ ചിന്തകനായിരുന്ന ഹെരാക്ലീറ്റസ്,
ഏകദേശം 600 BC ല്‍
ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് (Heraclitus). പ്രപഞ്ചത്തെ ഏകോപിക്കുന്ന പരമമായ യുക്തി, ജ്ഞാനം, പദ്ധതി, സംവിധാനം എന്നതിനെയാണ് അദ്ദേഹം ലോഗോസ്
എന്നു വിളിച്ചത്. (Cambridge Dictionary of
Philosophy, 2nd ed, Heraclitus,
1999).
പിന്നീട്, സിറ്റിയത്തിലെ സെനോ എന്ന തത്വ ചിന്തകന്‍റെ അനുയായികളായ സ്റ്റോയിക്ക്
ചിന്തകര്‍ ഇതിനെ വിശദീകരിച്ചു (Zeno of Citium – 334 – 262 BC). എല്ലാ യാഥാര്‍ത്ഥ്യങ്ങളിലും
വ്യാപിച്ചുകിടക്കുന്ന സജീവമായ യുക്തിയും, ജ്ഞാനവും, ആത്മീയ തത്വവും ആണ് ലോഗോസ് എന്നു അവര്‍ പഠിപ്പിച്ചു. അവര്‍ ലോഗോസിനെ, ദൈവം, പ്രകൃതി, ദിവ്യപരിപാലനം, പ്രപഞ്ചത്തിന്റെ ആത്മാവ് എന്നിങ്ങനെ വിശേഷിപ്പിച്ചു. ഇത്, പല പ്രാഥമികവും മൌലീകവും ആയ ലോഗോസ് അടങ്ങിയ പ്രാപഞ്ചികമായ ലോഗോസ് ആണ്.
അതായത് പല ദൈവങ്ങള്‍ അടങ്ങിയ പരമമായ ദൈവമാണ് ലോഗോസ്.
തകര്‍ക്കപ്പെട്ട നിലയിലുള്ള ഈ
ലോകത്തിലേക്ക് ക്രമം കൊണ്ടുവരുന്ന, ഈ ലോകത്തിന് അര്‍ത്ഥം കൊടുക്കുന്ന, ശക്തി
ആയിട്ടാണ് ഗ്രീക്ക് തത്വചിന്തകര്‍ ലോഗോസിനെ കണ്ടിരുന്നത്. ലോഗോസ് എന്ന ശക്തി ഈ
ലോകത്തെ പൂര്‍ണ്ണ ക്രമത്തിലാക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു എന്ന് അവര്‍
വിശ്വസിച്ചു. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന “പരമമായ ജ്ഞാനം” ആണ് ലോഗോസ്
എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്.
ഈ തത്വചിന്തകളുടെ ആശയമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ്
യോഹന്നാന്‍ എഴുതിയത്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹന്നാന്‍ 1: 1). അതായത്
യോഹന്നാന്‍ പറഞ്ഞതിതാണ്, സമയവും കാലവും സൃഷ്ടിക്കപ്പെടുന്നതിനും
മുമ്പേ, അനാദിയില്‍ ലോഗോസ് എന്ന ദൈവം ഉണ്ടായിരുന്നു. അത്
വചനമായിരുന്നു. ഈ വചനമാണ് യേശുക്രിസ്തുവായി ഭൂമിയില്‍ ജനിച്ചത്.
യോഹന്നാന്‍
1: 14 ആമത്തെ വാക്യത്തില്‍ പറയുന്നതിങ്ങനെയാണ്:
യോഹന്നാന്‍ 1: 14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ
പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ലോഗോസ്
എന്ന പരമമായ ദൈവത്തിന്‍റെ സജീവമായ യുക്തിയും,
ജ്ഞാനവും, ആത്മീയ തത്വവും, പ്രകൃതിയും, പ്രപഞ്ചത്തിന്റെ ആത്മാവും “ജഡമായി
തീര്‍ന്നു.” ലോഗോസ്, മൂര്‍ത്തമായി, ഭൌതീക അസ്തിത്വം ആയി, യേശുക്രിസ്തുവായി ജനിച്ചു. പരമമായ ദൈവം
ജഡമായി തീര്‍ന്നിരിക്കുന്നു. അവനാണ് യേശുക്രിസ്തു.
യേശുക്രിസ്തുവിന്റെ
നിത്യമായ അവസ്ഥയെക്കുറിച്ച് അപ്പൊസ്തലനായ പൌലൊസും എഴുതിയിട്ടുണ്ട്.
കൊലോസ്യര്‍ 1: 15 – 17
15 അവൻ അദൃശ്യനായ ദൈവത്തിന്റെ
പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
16 സ്വർഗ്ഗത്തിലുള്ളതും
ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ
വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു;
അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ;
അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
ഫിലിപ്പിയര്‍ 2: 6 - 8
യേശുക്രിസ്തുവിന്റെ ദൈവീകത്വം,
മനുഷത്വം എന്നീ വിഷയത്തില്‍ വ്യത്യസ്തങ്ങളായ പല അഭിപ്രായങ്ങള്‍ക്കും കാരണമായ ഒരു
വേദഭാഗമാണ് ഫിലിപ്പിയര്‍ 2: 6- 8 വരെയുള വാക്യങ്ങള്‍. യേശു ദൈവമാണ് എന്നും യേശു
ദൈവമല്ല, ദൈവം അയച്ച ഒരുവന്‍ മാത്രമാണു എന്നും വാദിക്കുന്ന
രണ്ടു കൂട്ടരും ഈ വേദഭാഗത്തെയാണ് അവരുടെ വാദം തെളിയിക്കുവാനായി ഉപയോഗിക്കുന്നത്.
അതിനാല്‍ ഈ വാക്യങ്ങളെ പ്രത്യേകമായി പഠിക്കുന്നത് നല്ലതായിരിക്കും.
ഫിലിപ്പിയര്‍ 2: 6 - 8
6 അവൻ
ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ
ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
8 തന്നെത്താൻ
ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ
മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
പൌലൊസ് ഇവിടെ യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചാണ്
പറയുന്നത്. എങ്ങനെയാണ് ദൈവത്തിന്റെ സാരാംശമായിരുന്ന ദൈവപുത്രന്‍ മനുഷ്യനായി തീര്‍ന്നത്?
ത്രിയേക ദൈവത്തില്‍ രണ്ടാമനായിരുന്ന ദൈവപുത്രന്‍, യേശു എന്ന
മനുഷ്യനായി ജനിച്ചപ്പോള്‍, അവന്‍ എന്തെല്ലാം ഉപേക്ഷിച്ചു, എന്തെല്ലാം ഉപേക്ഷിച്ചില്ല, എന്തെല്ലാം സ്വീകരിച്ചു, എന്തെല്ലാം സ്വീകരിച്ചില്ല. ഇതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ
യേശുവിന്റെ ദൈവീകത്വത്തെയും മനുഷത്വത്തെയും മനസ്സിലാക്കുവാന്‍ ആവശ്യമാണ്.
ഫിലിപ്പിയര്‍ 2: 6 ലെ “അവൻ ദൈവരൂപത്തിൽ ഇരിക്കെ” എന്ന വാചകത്തിലെ, “രൂപം” എന്ന പദത്തിന്റെ ഗ്രീക്കു വാക്ക് “മോര്‍ഫഒ” എന്നാണ് (morphoō
- mor-fo'-o – morphē – Biblical Greek). ഈ വാക്കിന്റെ
ലളിതമായ അര്‍ത്ഥം “നമ്മളുടെ കാഴയ്ക്ക് വിഷയീഭവിക്കുന്ന ബാഹ്യമായ രൂപം” എന്നാണ് (external
appearance, the form by which a person or thing strikes
the vision). ഇത് കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ രൂപ സാദൃശ്യം
ഉള്ളവരാണ് എന്നു പറയുന്നതുപോലെയാണ്. പിതാവായ ദൈവവും പുത്രനായ ദൈവവും രണ്ടു
ആളത്വങ്ങള്‍ ആയിരുന്നു എന്നും അവര്‍ വേര്‍തിരിച്ച ആളത്വങ്ങളായി സ്വര്‍ഗ്ഗീയ ദൂതന്‍മാര്‍ക്ക്
പ്രത്യക്ഷമായിരുന്നു എന്നും നമുക്ക് വ്യാഖ്യാനിക്കാം. ഇത് ദൈവത്തോടുള്ള
തുല്യതയെയും, സമാനതയെയും കാണിക്കുന്നു.
“മോര്‍ഫഒ” എന്ന വാക്കിന് സമാനമായ മറ്റൊരു
ഗ്രീക്ക് വാക്കാണ് “സ്കീമ” എന്നത് (schema - skhay'-mah). “സ്കീമ”
എന്ന വാക്കില്‍ നിന്നാണ് ഇഗ്ലീഷിലെ schematic എന്ന
പദമുണ്ടായത്. ഈ ഇഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം, ഒരു ആശയത്തെ
ലളിതമായി വിവരിക്കുന്ന ഒരു രൂപരേഖ, അടയാളങ്ങള്‍
എന്നിങ്ങനെയാണ് (a diagram or other representation which is symbolic and simplified). ഇത്
മാറ്റങ്ങള്‍ക്ക് വിധേയമാണ്, അല്ലെങ്കില്‍ മാറ്റങ്ങള്‍
സുഗമമാണ്.
“മോര്‍ഫഒ” ഒരുവന്റെ യഥാര്‍ത്ഥ, ആകമേയുള്ള
സാരാംശത്തിന്റെ ബാഹ്യമായ ആവിഷ്കരണം ആണ് (expression of the inner essence -
John W. Ritenbaugh - Forerunner Commentary).
അത് അവന്റെ അകമേയുള്ള വ്യക്തിത്വത്തിന്റെ രൂപമാണ്. അതില്‍ അവനെ തിരിച്ചറിയുവാന്‍
സഹായിക്കുന്ന മാറ്റമില്ലാത്ത ഒരു ഘടകം ഉണ്ട് (morphe represents true
identity, inner self). ദൈവപുത്രന്‍ “ദൈവരൂപത്തിൽ” ആയിരുന്നു എന്നു
പറയുമ്പോള്‍, അവനില്‍ ദൈവത്തിന്റെ സ്വത്വം അല്ലെങ്കില്‍
സാരാംശം ഉണ്ടായിരുന്നു എന്നാണ് അര്‍ത്ഥം. ഈ സാരാംശമാണ് അവന്റെ വ്യക്തിത്വം. ഈ
സാരാംശം മാറ്റമില്ലാത്തതാണ്. അതിനാല്‍ അവന്‍ ദൈവമായിരുന്നു.
എന്നാല്‍, മനുഷ്യര്‍ക്ക്
ഉള്ളതുപോലെ ഒരു രൂപം ദൈവീകത്വത്തിന് ഉണ്ടോ എന്നു തീര്‍ച്ചയില്ല. എങ്കിലും ത്രിയേക
ദൈവത്തിലെ ആളത്വങ്ങള്‍ക്ക് വേര്‍തിരിച്ചു അറിയുവാന്‍ കഴിയുന്ന ഒരു അന്യതയും
സ്വത്വവും ഉണ്ടായിരുന്നു എന്നു ചിന്തിക്കാം (identity and persona).
ദൈവരൂപം അവന്റെ ദൈവീക സാരാംശത്തിന്റെ
ബാഹ്യമായ ആവിഷ്കരണം ആയതിനാല്‍, അതിനെ ദൈവപുത്രന് ഉപേക്ഷിക്കുവാന്‍
സാധ്യമല്ല. ഇത് ദൈവീക ത്രിത്വത്തിലെ ആളത്വത്തിന്റെ സത്വമാണ്. എന്നാല്‍
ദൈവത്തോടുള്ള സമത്വത്തെ മുറുകെ പിടിക്കാതെ അവന്‍ മനുഷനോടു സമനായി ഭൂമിയില്‍
ജനിച്ചു. ഇതിന് ദൈവീകത്വത്തെ ഉപേക്ഷിച്ചു എന്നു അര്‍ത്ഥമില്ല.
മോര്‍ഫഒ, സ്കീമ എന്നീ
വാക്കുകള്‍, മറ്റൊരു രൂപത്തില്‍ നമുക്ക് റോമര്‍ 12: 2 ല്‍
കാണാം.
റോമര്‍
12:
2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള
ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
ഇവിടെ “അനുരൂപമാകാതെ” എന്നു പറയുവാന്‍
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം “സൂക്കേമാറ്റിഡ്സോ” എന്നാതാണ് (Syschēmatizō -
soos-khay-mat-id'-zo). ഇത് “സ്കീമ” എന്ന വാക്കിന്റെ ക്രിയാപദമാണ്. ഈ വാക്കിന്റെ അര്‍ത്ഥം, ഒരുവന്റെ മനസ്സും സ്വഭാവവും മറ്റൊരു രൂപത്തോടു സദൃശമാകുക (യോജിക്കുക)
എന്നാണ് (conform one's mind and character to
another's pattern). ഇത് ബാഹ്യമായ രീതികളോട് ചേര്‍ന്ന് പോകുന്നതിനെ
സൂചിപ്പിക്കുന്നു. ഈ പ്രക്രിയ സുഗമവും, മാറ്റങ്ങള്‍ക്ക്
വിധേയമാണ്.
“രൂപാന്തരപ്പെടുവിൻ” എന്നു പറയുവാന്‍
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “മെറ്റമോര്‍ഫഒ” എന്നതാണ്. (metamorphoō - met-am-or-fo'-o). ഇത് “മോര്‍ഫഒ” എന്ന വാക്കിന്റെ ക്രിയാപദമാണ്. ഈ വാക്കിന്റെ അര്‍ത്ഥം, പൂര്‍ണ്ണമായും മറ്റൊരു രൂപത്തിലേക്ക് മാറുക,
രൂപാന്തരം പ്രാപിക്കുക, തേജോരൂപം പ്രാപിക്കുക
എന്നിങ്ങനെയാണ്. ഇത് ഒരുവന്റെ ആകമേയുള്ള വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകത്തിന്
പോലും ഉണ്ടാകുന്ന മാറ്റമാണ്.
“സ്കീമ” എന്ന മാറ്റം പുറമെയുള്ള മാറ്റമാണ്,
അത് എപ്പോഴും സുഗമവും മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ “മോര്‍ഫഒ” എന്ന മാറ്റം
അത്ര എളുപ്പത്തില്‍ സാധ്യമല്ല. അതായത്, റോമര്‍ 12: 2 ല്‍ പറയുന്ന “അനുരൂപമാകാതെ” എന്നത് പുറമെയുള്ള,
എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായ രൂപ മാറ്റമാണ്. എന്നാല്‍ “രൂപാന്തരപ്പെടുവിൻ”
എന്നത് അകമേയുള്ള രൂപാന്തരമാണ്. ഇത് ദൈവത്താല്‍ സംഭവിക്കുന്ന രൂപാന്തരമാണ്.
മറുരൂപമലയില്‍ യേശുവിന്നുണ്ടായ
മാറ്റത്തെക്കുറിച്ച് പറയുവാന്‍ “മെറ്റമോര്‍ഫഒ” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. ഇവിടെ
യേശു എന്ന മനുഷ്യന്‍ സമ്പൂര്‍ണ്ണമായും ദൈവപുത്രനായി രൂപാന്തരം പ്രാപിച്ചു.
മത്തായി 17: 2, 3
2 അവരുടെ മുമ്പാകെ
രൂപാന്തരപ്പെട്ടു (മെറ്റമോര്‍ഫഒ), അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം
വെളിച്ചംപോലെ വെള്ളയായി തീർന്നു.
3 മോശെയും ഏലീയാവും അവനോടു
സംഭാഷിക്കുന്നതായി അവർ കണ്ടു.
ഫിലിപ്പിയര്‍ 2: 6 ലെ “അവൻ ദൈവരൂപത്തിൽ ഇരിക്കെ” എന്നത് ദൈവപുത്രന്‍,
ത്രിയേക ദൈവത്തിന്റെ സാരാംശത്തില്‍ തന്നെ ആയിരുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.
“അവന്‍ ദൈവമായിരിക്കെ” എന്ന് വായിക്കുന്നതില്‍ തെറ്റില്ല.
ഫിലിപ്പിയര്‍ 2: 6 ല്‍ “ദൈവത്തോടുള്ള സമത്വം മുറുകെ
പിടിച്ചു കൊള്ളേണം” എന്നു പറയുന്നിടത്തെ, “മുറുകെ പിടിച്ചു
കൊള്ളേണം” എന്നത്, “യാതൊരു കാരണവശാലും നഷ്ടപ്പെടാതെ
പിടിച്ചുകൊള്ളേണം” എന്ന അര്‍ത്ഥത്തിലാണ്. ദൈവത്തോടുള്ള സമത്വം, ത്രിയേക ദൈവത്തോടുള്ള സമത്വമാണ്. അതായത് ദൈവപുത്രന്‍ ദൈവത്തോടുള്ള സമത്വം
നഷ്ടപ്പെടാതെ പിടിച്ചുകൊള്ളേണം എന്ന നിര്‍ബന്ധം ഇല്ലാതെ “ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി”.
“സമത്വം” എന്നതിനിന്റെ ഗ്രീക്ക് വാക്ക്, “ഇസാസ്” എന്നാണ് (isos - ee'-sos). ഇതിന്റെ അര്‍ത്ഥം, അളവിലും, ഗുണത്തിലും,
തരത്തിലും തുല്യമായ അവസ്ഥ എന്നാണ് (state and condition, equal, in quantity
or quality, similar in amount and kind).
അതായത്, ദൈവീക ത്രിത്വത്തിലുള്ള,
വ്യാപ്തിയിലും, യോഗ്യതയിലും ഉള്ള തുല്യത മുറുകെ പിടിക്കാതെ, മനുഷ്യ സാദൃശ്യത്തിയായി ഭൂമിയില്‍ മനുഷ്യനായി ജനിച്ചു. (equal in
quantity or quality). ലളിതമായി പറഞ്ഞാല്‍, ദൈവത്തോടുള്ള
തുല്യത സ്വയം ഉപേക്ഷിച്ചിട്ടാണ് യേശു മനുഷ്യനായി ജനിച്ചത്. അതിനാല്‍ യേശു ഈ
ഭൂമിയില്‍ മനുഷ്യനായി ജീവിച്ചത് ദൈവത്തോടുള്ള തുല്യതയിലല്ല. അവന്‍ സമ്പൂര്‍ണ്ണ
മനുഷ്യന്‍ ആയിരുന്നു.
ഫിലിപ്പിയര്‍ 2: 7 ലെ ദാസരൂപം എടുത്തു എന്നത്, അവന്‍ എങ്ങനെയാണ്
ദൈവത്തോടുള്ള സമത്വം സ്വയം ഉപേക്ഷിച്ചത്, അല്ലെങ്കില്‍
തന്നെത്താന്‍ ഒഴിച്ചത് എന്നു വ്യക്തമാക്കുന്നു. “എടുത്തു” എന്നു പറയുവാന്‍
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “ലംബാനോ” എന്നാതാണ് (lambanō
- lam-ban'-o). ഈ വാക്കിന്റെ അര്‍ത്ഥം “ഒരു വ്യക്തിയേയോ, വസ്തുവിനെയോ, ഒരുവന് സ്വന്തമായി ഉപയോഗിക്കുവാനായി
എടുക്കുക എന്നാണ്” (to lay hold of any person or thing in order to use
it, take possession of to one's self). ഈ
വാക്കില്‍ ഒന്നിന് പകരമായി മറ്റൊന്നു കൈമാറി എടുത്തു എന്നു അര്‍ത്ഥമില്ല. അതിനാല്‍
ദൈവ പുത്രന്‍ ദൈവമായിരിക്കെതന്നെ, അവന്റെ ദൈവീകത്വത്തെ
ഉപേക്ഷിക്കാതെയാണ് മനുഷത്വം എടുത്തത്. അവന്‍ ദൈവമായിരിക്കെ തന്നെ, മനുഷത്വത്തെ സ്വീകരിച്ചു. അതൊരു കൈമാറ്റം ആയിരുന്നില്ല, കൂട്ടിച്ചേര്‍ക്കല്‍ ആയിരുന്നു. പിന്നീട് ഒരിയ്ക്കലും അവന്‍ മനുഷത്വം
ഉപേക്ഷിച്ചിട്ടുമില്ല.
ഫിലിപ്പിയര്‍ 2: 7, 8 വാക്യങ്ങളിലെ “മനുഷ്യസാദൃശ്യത്തിലായി
തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി” എന്നതിലെ “തന്നെത്താൻ ഒഴിച്ചു”
എന്നത് ദൈവീകത്വത്തെ ഉപേക്ഷിച്ചു എന്നല്ല മനസ്സിലാക്കേണ്ടത്. അവന്‍ മനുഷ്യനായി
രൂപമെടുത്തു “വേഷത്തിൽ മനുഷ്യനായി വിളങ്ങി” എന്നാണ് പൌലൊസ് പറയുന്നത്. ദൈവപുത്രന്‍
ഉപേക്ഷിച്ചത്, ദൈവത്തോടുള്ള സമത്വമാണ്. ദൈവരൂപത്തില്‍ അവന്‍
ആയിരുന്നു എന്നതിനെ, അവന്‍ മനുഷ്യ രൂപത്തില്‍ ജനിച്ചു
എന്നതിനോട് ചേര്‍ന്ന് മനസ്സിലാക്കേണം. യേശുക്രിസ്തുവിന്റെ അസ്തിത്വത്തിന്റെ ആരംഭം
അവന്‍ ഭൂമിയില്‍ ജനിച്ചപ്പോള്‍ മുതലല്ല. അവന്‍ അനാദികാലം മുതല്‍ ദൈവമാണ്. അവന്
എക്കാലവും ദൈവരൂപവും ദൈവസമത്വവും ഉണ്ടായിരുന്നു. അവന്‍ ദൈവരൂപം
നിലനിറുത്തികൊണ്ടാണ് മനുഷ്യരൂപം സ്വീകരിച്ചത്. ദൈവപുത്രന്‍ ഒരിയ്ക്കലും, ഒരു അവസരത്തിലും, ഒരു കാലയളവിലേക്കും ദൈവമല്ലാതെ
ഇരുന്നിട്ടില്ല.
എങ്ങനെയാണ് യേശു തന്നെത്താല്‍ ഒഴിച്ചത്? ഇതിനെക്കുറിച്ച്
പ്രധാനമായും രണ്ടു അഭിപ്രായങ്ങള്‍ ഉണ്ട്. ഒന്നു യേശു ദൈവത്തോടുള്ള സമത്വം
ഉപേക്ഷിച്ചപ്പോള്‍, അവന്‍ ദൈവീകത്വത്തിന്റെ പല സവിശേഷതകളും
ഉപേക്ഷിച്ചു. സര്‍വ്വവ്യാപി, സര്‍വ്വജ്ഞാനി, സര്‍വ്വ ശക്തന്‍ എന്നീ സവിശേഷതകള്‍ യേശു സ്വയം ഉപേക്ഷിച്ചു.
മറ്റൊരു ചിന്ത,
യേശു ദൈവത്തോടുള്ള സമത്വം ഉപേക്ഷിച്ചു എങ്കിലും അവന്‍ ദൈവമായി തന്നെ തുടര്‍ന്നു.
അതിനാല്‍, ദൈവീകത്വത്തോടൊപ്പം മനുഷത്വവും കൂട്ടിച്ചേര്‍ക്കുക
ആയിരുന്നു. ദൈവത്തെ ഒരിയ്ക്കലും ദൈവീകത്വം ഇല്ലാതെ കാണുവാന്‍ സാധ്യമല്ല.
ദൈവത്തിന്നു ചെറിയ ദൈവമാകുവാന്‍ കഴിയുകയില്ല. സര്‍വ്വശക്തനായ ദൈവത്തിന്നു ശക്തി
കുറഞ്ഞ ദൈവമാകുവാന്‍ സാധ്യമല്ല.
ഈ രണ്ടു വാദങ്ങളിലും ശരിയുണ്ട്. അതിനാല്‍
ഇതിനെ ഒന്നായി ചേര്‍ത്തു മനസ്സിലാക്കുന്നതാണ് നല്ലത്. യേശു മനുഷ്യനായി ഭൂമിയില്‍ ആയിരുന്നപ്പോള്‍ പല
ദൈവീക സവിശേഷതകളും, സ്വയം ഉപേക്ഷിക്കുകയോ, വേണ്ട എന്നു വയ്ക്കുകയോ, ഉപയോഗിക്കാതെ ഇരിക്കുകയോ
ചെയ്തു. എന്നാല്‍ അതിനാല്‍ അവന്‍ ദൈവമല്ലാതെ ഇരിക്കുകയോ,
ചെറിയ, ശക്തി കുറഞ്ഞ ദൈവമായി തീരുകയോ ചെയ്തില്ല. അവന്‍
ദൈവമായി തന്നെ തുടര്‍ന്നു. അവന്റെ ദൈവീകത്വത്തിനോടൊപ്പം അവന്‍ മനുഷത്വത്തെയും
കൂട്ടിച്ചേര്‍ത്തു.
യേശു മനുഷ്യനായി ജനിച്ചപ്പോള്‍,
ദൈവീകത്വത്തിന്റെ പല സവിശേഷതകളും ഉപേക്ഷിച്ചു എന്നതിന് പുതിയനിയമത്തില്‍ തെളിവുകള്‍
ഉണ്ട്. യേശു, മരുഭൂമിയിലെ പരീക്ഷ ജയിച്ചതും, തന്റെ ശുശ്രൂഷകള്‍ ചെയ്തതും, അത്ഭുതങ്ങളും
അടയാളങ്ങളും പ്രവര്‍ത്തിച്ചതും എല്ലാം പരിശുദ്ധാത്മ ശക്തിയില്‍ ആയിരുന്നു. അവന്‍
ഭൂമിയില്‍ ദൈവം തന്നെ ആയിരുന്നു എങ്കില്‍ അവന് പരിശുദ്ധാത്മ സ്നാനത്തിന്റെ ആവശ്യം
ഇല്ലായിരുന്നു. ത്രിയേക ദൈവത്തില്‍ ഒരു ആളത്വമായ ദൈവപുത്രന്,
അതേ ദൈവീകത്വത്തിലെ മറ്റൊരു ആളത്വമായ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ട
ആവശ്യമില്ല. ഭൂമിയില്‍ ജനിച്ച യേശു സമ്പൂര്‍ണ്ണമായും മനുഷ്യന്‍ ആയിരുന്നതിനാലാണ്
അവനില്‍ പരിശുദ്ധാത്മാവ് പകര്‍ന്നത്. പിശാചിനെ ജയിക്കുവാനും ശുശ്രൂഷകള്‍
ചെയ്യുവാനും യേശുവിന് ശക്തി ലഭിച്ചത് അവനില്‍ വസിച്ച പരിശുദ്ധാത്മായിനാല്‍ ആണ്. ഇത്
അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഒരു അടയാളവുമാണ്.
ഫിലിപ്പിയര്‍ 2: 8 ലെ “മനുഷ്യനായി വിളങ്ങി” എന്നത് ബാഹ്യമായ രൂപത്തില്‍ മനുഷ്യനായി
കാണപ്പെട്ടു എന്നല്ല. യേശു ഈ ഭൂമിയില്‍ സമ്പൂര്‍ണ്ണ മനുഷ്യന്‍ ആയിരുന്നു. യേശുക്രിസ്തുവിന്റെ
ജനനം മനുഷ്യ രൂപത്തിലുള്ള ദൈവത്തിന്റെ പ്രത്യക്ഷതയല്ല. മനുഷ്യനായുള്ള ജനനമാണ്.
പഴയനിയമത്തില്‍ സ്വര്‍ഗ്ഗീയ ദൂതന്മാര്‍
മനുഷ്യരുടെ വേഷത്തില്‍ പ്രത്യക്ഷരായിട്ടുണ്ട്. അതില്‍ ചില പ്രത്യക്ഷതകള്‍
ത്രിത്വത്തിലെ രണ്ടാമനായ ദൈവ പുത്രന്റെ മനുഷ്യ രൂപത്തിലുള്ള പ്രത്യക്ഷത ആയിരുന്നു
എന്നാണ് പൊതുവേ വേദ പണ്ഡിതന്മാരുടെ അഭിപ്രായം. അവിടെ ദൈവപുത്രന്‍ മനുഷ്യനായി
ജനിക്കുക ആയിരുന്നില്ല. അവന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷനായി എന്നേയുള്ളൂ.
എന്നാല്‍ യേശു, ദൈവപുത്രന്‍ മനുഷ്യനായി ജനിച്ചവന്‍ ആണ്. ഇതാണ്
ബാഹ്യരൂപത്തില്‍ മനുഷ്യനായി പ്രത്യക്ഷായി എന്നതും മനുഷ്യനായി ജനിച്ചു
എന്നതിനുമുള്ള വ്യത്യാസം.
ഫിലിപ്പിയര്‍ 2: 6 – 8 വരെയുള്ള വാക്യങ്ങളില്‍, പൌലൊസ് പറയുന്ന
കാര്യങ്ങളുടെ ചുരുക്കം ഇതെല്ലാമാണ്: ത്രിയേക ദൈവത്തിലെ പിതാവായ ദൈവവും, പുത്രനായ ദൈവവും, പരിശുദ്ധാത്മായ ദൈവവും വേര്‍തിരിച്ച
ആളത്വങ്ങളായി സ്വര്‍ഗ്ഗീയ ദൂതന്‍മാര്‍ക്ക് പ്രത്യക്ഷമായിരുന്നു. എന്നാല്‍, അവന്‍ ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം
നഷ്ടപ്പെടാതെ പിടിച്ചുകൊള്ളേണം എന്ന നിര്‍ബന്ധം ഇല്ലാതെ “ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി”. അവന്‍ ദൈവമായിരിക്കെ തന്നെ,
മനുഷത്വത്തെ സ്വീകരിച്ചു. അതൊരു കൈമാറ്റം ആയിരുന്നില്ല,
കൂട്ടിച്ചേര്‍ക്കല്‍ ആയിരുന്നു. പിന്നീട് ഒരിയ്ക്കലും അവന്‍ മനുഷത്വം
ഉപേക്ഷിച്ചിട്ടുമില്ല. യേശു മനുഷ്യനായി ഭൂമിയില്‍ ആയിരുന്നപ്പോള്‍ പല ദൈവീക
സവിശേഷതകളും, സ്വയം ഉപേക്ഷിക്കുകയോ,
വേണ്ട എന്നു വയ്ക്കുകയോ, ഉപയോഗിക്കാതെ ഇരിക്കുകയോ ചെയ്തു.
യേശു മനുഷ്യരൂപത്തില്‍ പ്രത്യക്ഷനായത് അല്ല, മനുഷ്യനായി
ജനിച്ചവന്‍ ആണ്. എന്നാല്‍ ഒരിയ്ക്കലും, ഒരു കാലത്തേക്കും
ദൈവപുത്രന്‍ ദൈവമല്ലാതെ ഇരുന്നില്ല.
ഒരു രാജാവു വേഷത്തില്‍ ദരിദ്രനായി
ജനങ്ങളുടെ ഇടയില്‍ താമസിച്ചാല്‍, അവന്‍ രാജാവും അതേ സമയം ദരിദ്രനായ ഒരു
പ്രജയും ആയിരിയ്ക്കും. എന്നാല്‍ അവന്‍ രാജാവിന്റെ സിംഹാസനവും അധികാരവും, സ്വയം മാറ്റി വച്ചിട്ടാണ് ദരിദ്രനായി ജീവിക്കുന്നത്. ദരിദ്രനായി
ജീവിക്കുമ്പോഴും അവര്‍ രാജകീയ ഭരണം നടത്തിയാല്‍ അവന്റെ ദരിദ്രനായ ജീവിതത്തിന് അര്‍ത്ഥമില്ല.
ദരിദ്രനായി ജീവിക്കുമ്പോള്‍ അവര്‍ പ്രജയും, പ്രജകളില്‍
ഏറ്റവും എളിയവനും ആയിരിയ്ക്കും. എന്നാല്‍ അതേ സമയം അവന്‍ രാജാവാണ്, അത് അവന് ഒരിയ്ക്കലും ഉപേക്ഷിക്കുവാനോ,
നഷ്ടപ്പെടുത്തുവാനോ കഴിയുകയില്ല.
സമ്പൂര്‍ണ്ണ ദൈവവും സമ്പൂര്‍ണ്ണ മനുഷ്യനും
ഒരേ സമയം ദൈവവും മനുഷ്യനുമായിരിക്കുന്ന
യേശുക്രിസ്തുവിന്റെ അവസ്ഥയെ ഗ്രീക്കില്‍ വിളിക്കുന്നത് “തെയാന്ത്രോപസ്”
എന്നാണ് (the·an·thro·pos - thēənˈthrōˌpäs). ഈ വാക്കിന്റെ അര്‍ത്ഥം “ദൈവ-മനുഷ്യന്‍” എന്നാണ് (God-man). ലാറ്റിന്‍ ഭാഷയില്‍ ഉപയോഗിയ്ക്കുന്ന വാക്ക് “ഡൂസ് ഹോമോ” എന്നതാണു (deus homo).
യേശുക്രിസ്തു ഒരേസ്മയം ദൈവവും മനുഷ്യനും
ആയിരുന്നു. ഇത് ഒരു വേദപുസ്തക സത്യമാണ്. എന്നാല്‍ ഇത് എങ്ങനെ മനസ്സിലാക്കുവാന്‍
കഴിയും. യേശു മനുഷ്യനായി ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവന്‍ എങ്ങനെയാണ് സമ്പൂര്‍ണ്ണ
ദൈവവും സമ്പൂര്‍ണ്ണ മനുഷ്യനും ആയിരുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ആണ് വേദ
പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത്. ഇത് വിവിധ സഭാ വിഭാഗങ്ങളും
അവരുടെ വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.
യേശു ജനിച്ചത് മനുഷ്യനായിട്ടാണൊ അതോ
ദൈവമായിട്ടാണൊ? യേശു ജനിച്ചപ്പോള്‍ അവനില്‍ ദൈവീക സാരാംശം ഒളിഞ്ഞു
കിടപ്പുണ്ടായിരുന്നുവോ? അതോ യേശു എന്ന മനുഷ്യനില്‍ ദൈവീക
സാരാംശം ഇല്ലായിരുന്നുവോ? നൂറ്റാണ്ടുകളായി ചര്‍ച്ച
ചെയ്തിട്ടും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു കാഴ്ചപ്പാടില്‍ എത്തുവാന്‍ കഴിയാത്ത
ഒരു വിഷയമാണ്. അതിനാല്‍, ഇവിടെയും ഒരു അന്തിമമായ വിധി
പറയുന്നില്ല. സാധ്യമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
സഭാ ചരിത്രത്തില്‍,
ക്രിസ്തീയ സഭയില്‍, ആദ്യകാലം മുതല്‍ തന്നെ, പല വിപരീത ഉപദേശങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതിനാല്‍ അടിസ്ഥാന ഉപദേശങ്ങള്‍ക്ക്
വിശദീകരണവും വ്യക്തതയും ഉണ്ടാകുവാന്‍ വേണ്ടിയാണ് AD 325 ല്‍
നിഖ്യാ എന്ന സ്ഥലത്തുവച്ച് ആദ്യത്തെ എക്യൂമിനിക്കല്‍ കൌണ്‍സില്‍ കൂടിയത്. ഇത് ഒരു
ആരംഭം മാത്രം ആയിരുന്നു. പിന്നീട് തുടര്‍ച്ചയായി പല കൌണ്‍സിലുകളും കൂടുകയും അതില്‍
ഉണ്ടായ ഗൌരവതരവും ചൂടേറിയതുമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അടിസ്ഥാന ഉപദേശങ്ങള്‍
രൂപീകരിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ഇത്തരം കൌണ്‍സിലുകളില്‍
തീരുമാനിച്ചു പ്രഖ്യാപിച്ചു എന്നതുകൊണ്ടു മാത്രം ഒരു ഉപദേശത്തെയും നമ്മള്‍
അടിസ്ഥാന ക്രിസ്തീയ വിശ്വാസമായി സ്വീകരിക്കേണ്ടതില്ല. അവരുടെ തീരുമാനങ്ങളും
പ്രഖ്യാപനങ്ങളും തിരുവെഴുത്തുകളിന്‍ പ്രകാരമാണോ എന്നു പരിശോധിച്ചു നോക്കി,
നമുക്ക് അവയെ സ്വീകരിക്കുകയോ, തള്ളുകയോ ചെയ്യാം. കൌണ്‍സിലുകളുടെ
തീരുമാനങ്ങളും പ്രഖ്യാപനങ്ങളും തിരുവചനത്തിന് തുല്യമോ,
തിരുവചനത്തിന്റെ ആധികാരികാരികത ഉള്ളതോ അല്ല. ദൈവ വചനത്തിനാണ് അന്തിമമായ അധികാരം.
യേശുക്രിസ്തുവിന്റെ ദൈവീകത്വത്തെ
കുറിച്ചുള്ള ഒരു വിശദീകരണം ഉണ്ടാകുന്നത് AD 451 ല്‍ കാല്‍സിഡോണില്‍
കൂടിയ കൌണ്‍സിലില്‍ ആണ് (Council of Chalcedon). ഈ കൌണ്‍സിലില്‍, ക്രിസ്തു ഒരേപോലെയും ഒരേ സമയത്തും, ദൈവീകത്വത്തില്‍
സമ്പൂര്‍ണ്ണനും മനുഷത്വത്തില്‍ സമ്പൂര്‍ണ്ണനും ആണ് എന്നും അവന്‍ പൂര്‍ണ്ണമായി
ദൈവവും മനുഷ്യനും ആണ് എന്നും പ്രഖ്യാപിച്ചു (the same perfect in divinity
and perfect in humanity, the same truly God and truly man). ഇത്
തിരുവചന സത്യത്തോട് ചേരുന്ന അടിസ്ഥാന ഉപദേശങ്ങളില്‍ ഒന്നായി ക്രൈസ്തവ സഭ
സ്വീകരിച്ചിട്ടുണ്ട്. കാല്‍സിഡോണിലെ കൌണ്‍സില്‍ ഇങ്ങനെ പ്രഖ്യാപിച്ചതുകൊണ്ടല്ല,
തിരുവചനം ഇതാണ് നമ്മളെ പഠിപ്പിക്കുന്നത് എന്നതുകൊണ്ടാണ് ഇത്
സത്യമായിരിക്കുന്നത്.
എന്നാല്‍ ഇത് വിശദീകരിക്കുന്നതില്‍ പല
അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. മനുഷ്യനു ഗ്രഹിക്കുവാന്‍ പ്രയാസമുള്ള ഒരു
ആത്മീയ മര്‍മ്മം ആയതിനാല്‍ ആണ് അത് വിശദീകരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസം
ഉണ്ടാകുന്നത്. യേശുക്രിസ്തു ഒരേ സമയം ദൈവവും മനുഷ്യനും ആയിരുന്നു എന്നു വിശ്വസിക്കുന്നവര്‍,
അതിന്റെ വിശദാംശങ്ങളില്‍ വ്യത്യാസപ്പെട്ടാലും, അടിസ്ഥാന
ഉപദേശത്തില്‍ നിന്നും വ്യതിചലിച്ചവര്‍ അല്ല. അതിനാല്‍ ഈ ഉപദേശത്തെ എങ്ങനെയാണ്
നമ്മള്‍ മനസ്സിലാക്കേണ്ടത് എന്നു നമുക്ക് നോക്കാം.
ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസം
അനുസരിച്ച്, യേശുക്രിസ്തു, എപ്പോഴും, നിത്യമായി ദൈവമായിരിക്കുന്നു. അവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചപ്പോഴും
ജീവിച്ചപ്പോഴും അവന്‍ ദൈവം ആയിരുന്നു. എന്നാല്‍ അവന്‍ ഭൂമിയില്‍ ജനിച്ചത് സമ്പൂര്‍ണ്ണമായും
മനുഷ്യനായാണ്. അവന്‍ ജീവിച്ചതും, ശുശ്രൂഷ ചെയ്തതും, മരിച്ചതും മനുഷ്യനായിട്ടാണ്. അവന്‍ ഉയിര്‍ത്തെഴുന്നേറ്റത് അവനില്‍ ഉള്ള
ദൈവീക ശക്തിയാല്‍ അല്ല. പിതാവായ ദൈവം അവനെ ഉയിര്‍പ്പിച്ചതാണ്. ഉയിര്‍ത്തെഴുന്നേറ്റ
യേശു രൂപാന്തരം പ്രാപിച്ച മനുഷ്യ ശരീരത്തോടെയാണ് ശിഷ്യന്‍മാര്‍ക്ക്
പ്രത്യക്ഷനായത്. എന്നാല്‍ അവന്‍ വീണ്ടും വരുന്നത് ദൈവമായിട്ടാണ്.
എന്നാല്‍, ഒരിയ്ക്കലും യേശുക്രിസ്തു
പകുതി ദൈവവും പകുതി മനുഷ്യനും ആയിരുന്നിട്ടില്ല. അവന്‍ അല്‍പ്പം ദൈവവും അധികം
മനുഷ്യനും ആയിരുന്നിട്ടില്ല. അവന്‍ അല്‍പ്പം മനുഷ്യനും അധികം ദൈവവും
ആയിരുന്നിട്ടില്ല. നിത്യമായി സ്ഥിതിചെയ്യുന്ന പാപരഹിതമായ സത്വത്തോട്, പാപമൊഴികെയുള്ള മാനുഷിക ശരീരം കൂടെ, പുത്രനായ ദൈവം
സ്വീകരിച്ചു. ഇതാണ് അവന്റെ മനുഷ്യാവതാരം. ഇത് ദൈവീകത്വത്തെ ഉപേക്ഷിച്ച്
മനുഷത്വത്തെ സ്വീകരിച്ചതല്ല, ദൈവീകത്വത്തോട് മനുഷത്വത്തെ കൂട്ടിചേര്‍ത്തതാണ്.
ഇതാണ് AD 451 ല്‍ കാല്‍സിഡോണില്‍ കൂടിയ കൌണ്‍സിലിലെ
പ്രഖ്യാപനത്തിന്റെ അര്‍ത്ഥം.
കഴിഞ്ഞ 200 ല്‍ അധികം വര്‍ഷങ്ങളായി,
ഈ ഉപദേശത്തെ കൂടുതല്‍ വ്യക്തമാക്കുവാന്‍ ദൈവ ശാസ്ത്രജ്ഞന്‍മാര്‍
ശ്രമിച്ചിട്ടുണ്ട്. കാല്‍സിഡോണിലെ കൌണ്‍സിലില്‍ പ്രഖ്യാപിച്ച ഉപദേശം ശരിയാണ്
എങ്കിലും അതിനെ വിശദീകരിച്ചതില്‍ വ്യക്തത പോരാ എന്ന അഭിപ്രായമാണ്
ഉടലെടുത്തിട്ടുള്ളത്.
കൌണ്‍സില്‍ പ്രഖ്യാപിച്ച ഒരു പ്രത്യേക ഉപദേശത്തെ
ആസ്പദമാക്കി നമുക്ക് ഈ വിഷയം പഠിക്കാം. യേശുവിന്റെ അമ്മ മറിയയെ ചില സഭാവിഭാഗങ്ങള്‍
ദൈവ മാതാവായി കരുതി ആരാധിക്കുന്നു. ദൈവ മാതാവ് എന്നു പറയുമ്പോള്‍,
അവളില്‍ ജനിച്ച ശിശു ദൈവമായിരുന്നു എന്നാണ് അര്‍ത്ഥം. മറിയ ഒരു മനുഷ്യ ശിശുവനല്ല
ജന്മം കൊടുത്തത്, ദൈവവും മനുഷ്യനും ഒന്നുചേര്‍ന്ന ഒരു
വിശുദ്ധ പ്രജയ്ക്കാണ് ജന്മം കൊടുത്തത്. യേശു എന്ന ശിശുവില്‍ ദൈവീക സാരാംശം ഒളിഞ്ഞു
കിടപ്പുണ്ടായിരുന്നതിനാല്‍ അവള്‍ ദൈവ മാതാവായി. ആരാധനയ്ക്ക് യോഗ്യയായി.
മാത്രവുമല്ല,
ചില സഭാ വിഭാഗങ്ങള്‍ക്കിടയില്‍, ശിശുവായിരുന്ന യേശു ചെയ്ത
അത്ഭുത പ്രവര്‍ത്തികളുടെ കഥകള്‍ ഉണ്ട്. ഇത്തരം കഥകള്‍ യാതൊന്നും വേദപുസ്തകത്തില്‍
രേഖപ്പെടുത്തിയിട്ടില്ല. യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്, അവന്‍ സ്നാനം സ്വീകരികുകയും, അതിനു ശേഷം
പരിശുദ്ധാത്മാവ് അവന്റെ മേല്‍ വസിക്കുകയും ചെയ്തതിന് ശേഷമാണ്. എന്നാല്‍ യേശുവില്‍
ദൈവീക സാരാംശം ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന സഭകള്‍ യേശു മനുഷ്യനായി
ജനിച്ചപ്പോഴും, അവന്‍ ശിശു ആയിരുന്നപ്പോഴും, അവനില്‍ ഉണ്ടായിരുന്ന ദൈവീകത്വം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു
വിശ്വസിക്കുന്നു.
ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വേണം
യേശു സമ്പൂര്‍ണ്ണ ദൈവവും സമ്പൂര്‍ണ്ണ മനുഷ്യനും ആയിരുന്നു എന്ന ദൈവശശാസ്ത്ര
വീക്ഷണത്തെ പഠിക്കുവാന്‍.
മറിയ ദൈവമാതാവ് എന്ന ഉപദേശം
അംഗീകരിക്കപ്പെട്ടത് AD 451 ലെ കാല്‍സിഡോണ്‍ കൌണ്‍സിലില്‍ ആണ് (Chalcedon - kal-si-don - AD 451 ഒക്റ്റോബര്‍ 8 - നവംബര്‍ 1). ഈ ഉപദേശത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്
റോമന്‍ സഭയിലെ ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് (Pope Leo I)
.
കിഴക്കന്‍ റോമന്‍
സാമ്രാജ്യത്തിലെ മാര്‍സിയന്‍ ചക്രവര്‍ത്തിയാണ് ഈ കൌണ്സില്‍ വിളിച്ച് ചേര്‍ത്തത്. ബിഷപ്പുമാരും അവരുടെ പ്രതിനിധികളുമായി ഏകദേശം 520 പേര്‍ ഈ
കൌണ്‍സിലില്‍ ഒത്തുകൂടി. അലെക്സാന്‍ഡ്രിയയിലെ വിശുദ്ധനായ സിറിള്‍, റോമിലെ ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പ എന്നിവര്‍ നെസ്റ്റോറിയസ് (Nestorius) എന്ന് അറിയപ്പെട്ടിരുന്ന വിരുദ്ധ ഉപദേശത്തെ ഖണ്ഡിച്ചുകൊണ്ട്
എഴുതിയ രണ്ടു കത്തുകളും കാല്‍സിഡോണിലെ കൌണ്‍സില്‍ അംഗീകരിച്ചു. ഈ കത്തുകളില്‍ പറയുന്നതിങ്ങനെ ആണ്:
യേശുക്രിസ്തുവിന് രണ്ടു പ്രകൃതി ഉണ്ടായിരുന്നു, ഒന്നു
മനുഷന്‍ എന്നതും മറ്റൊന്നു ദൈവം എന്നതും. ഈ രണ്ടു പ്രകൃതിയും ദൈവപുത്രന്‍ എന്ന ഒരു
വ്യക്തിയില്‍ സംയോജിച്ചിരുന്നു.
കാല്‍സിഡോണിലെ കൌണ്‍സിലിലെ പ്രധാന തീരുമാനങ്ങള്‍
ഇതൊക്കെ ആയിരുന്നു:
·
യേശുക്രിസ്തു സത്യ ദൈവമാണ്,
അവന്‍ ദൈവീകത്വത്തില്‍ സമ്പൂര്‍ണ്ണനാണ് (truly God, perfect
in Godhead).
·
അനാധികാലത്തിനും മുമ്പേ ദൈവപുത്രന്‍
ജനിപ്പിക്കപ്പെട്ടവന്‍ ആണ് ഉണ്ടാക്കപ്പെട്ടവന്‍ അല്ല (begotten of the
Father before the ages).
·
യേശു സമ്പൂര്‍ണ്ണമായും മനുഷ്യന്‍
ആയിരുന്നു (truly man, perfect in manhood),
·
അവന്‍ കന്യക മറിയമില്‍ ജനിച്ചു. (born of the
Virgin Mary)
·
യേശുക്രിസ്തു പാപം ഒഴികെ സകലത്തിലും നമുക്ക്
തുല്യനായി ജനിച്ചു (in all things like unto us, without sin).
·
യേശുവിന്റെ ദൈവീകത്വവും മനുഷത്വവും രണ്ടു
വ്യക്തികളിലായി വിഭജിക്കപ്പെട്ടില്ല (not parted or divided into two persons).
·
യേശുക്രിസ്തു ഒരു വ്യക്തിയും ഒരു
സാരാംശവുമാണ് (one person and one being)
·
അവന്റെ ദൈവീകത്വവും മനുഷത്വവും ഒന്നായി
ലയിച്ചു ചേര്‍ന്നില്ല. അത് രണ്ടു ആളത്വമായി തുടര്‍ന്നു. (Nor are his
deity and humanity to be blurred together).
·
ദൈവീകത്വത്തിന്റെയും മനുഷത്വത്തിന്റെയും
പ്രകൃതി (natures) അവനില്‍ നിന്നും എടുത്തുമാറ്റിയില്ല. രണ്ടു
പ്രകൃതിയുടെയും സവിശേഷത അവനില്‍ സംരക്ഷിക്കപ്പെടുകയും ഏകോപിക്കപ്പെടുകയും ചെയ്തു.
·
അങ്ങനെ
യേശുക്രിസ്തു രണ്ടു പ്രകൃതിയില്‍ കാണപ്പെടുന്നു. അത് ആശയക്കുഴപ്പമില്ലാതെയും, മാറ്റമില്ലാതെയും, വിഭജിക്കപ്പെടാതെയും, വേര്‍പെടാതെയും
കാണപ്പെടുന്നു. (Christ is made known in two natures, without confusion,
without change, without division, without separation.)
കണ്‍സിലിന്റെ ഈ പ്രഖ്യാപനത്തെ അന്ന് പല കിഴക്കന്‍ സഭകളും
തള്ളിക്കളഞ്ഞു. എങ്കിലും ഈ വ്യാഖ്യാനം
പടിഞ്ഞാറന്‍ സഭയില്‍ ശക്തി പ്രാപിച്ചു.
കഴിഞ്ഞ 200 ലധികം വര്‍ഷങ്ങളായി, ആധുനിക ദൈവ ശാസ്ത്രജ്ഞന്‍മാരും ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്.
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് കൌണ്‍സില്‍ പറഞ്ഞ കാര്യങ്ങള്‍ പര്‍പൂര്‍ണ്ണമോ
കുറവുകള്‍ ഇല്ലാത്തതോ അല്ല എന്നാണ് വേദ പണ്ഡിതന്മാരുടെ അഭിപ്രായം.
കാല്‍സിഡോണിലെ കൌണ്‍സിലിന് ശേഷം കൂടിയ കൌണ്‍സിലുകളെ ആഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭാ വിഭാഗങ്ങള്‍
ആധികാരികമായി കരുതുന്നില്ല. എഴുതപ്പെട്ട് നമുക്ക് ലഭിച്ചിരികുന്ന ദൈവ വചനമാണ് കൌണ്‍സില്‍
തീരുമാനങ്ങളെക്കാള്‍ ആധികാരികം എന്നു അവര്‍ കരുതുന്നു.
ഈ ചരിത്ര പശ്ചാത്തലം മനസ്സില്‍ വച്ചുകൊണ്ടു വേണം യേശു ജനിച്ചത്
ദൈവമായിട്ടാണൊ, എന്താണ്
യേശു സമ്പൂര്‍ണ്ണ ദൈവവും സമ്പൂര്‍ണ്ണ മനുഷ്യനും എന്നു പറഞ്ഞാല്‍ എന്നിവ
പഠിക്കുവാന്‍.
കാല്‍സിഡോണിലെ കൌണ്‍സിലിന്റെ
പ്രഖ്യാപനങ്ങളില്‍ പ്രധാനമായത്, യേശു ദൈവവും
മനുഷ്യനും ഒരേസമയം ഒരു വ്യക്തിയില്‍ ആയിരിക്കുന്നു എന്നതാണ്. യേശുവിന്റെ മനുഷ്യാവതാരത്തിലും, അവന്‍ ഭൂമിയില്‍ ദൈവവും മനുഷ്യനും ആയിരുന്നു. അതിനാല്‍ കൌണ്‍സിലില്‍
തന്നെ യേശുവിന്റെ അമ്മ മറിയ ദൈവമാതാവ് ആണ് എന്ന പ്രഖ്യാപനമുണ്ടായി. ഇത്, പിന്നീട് മറിയയുടെ പാപമില്ലാത്ത ജനനം എന്ന വിരുദ്ധ ഉപദേശത്തിന് കാരണമായി.
ക്രമേണ മറിയ മദ്ധ്യസ്ഥയും സഹരക്ഷകയുമായി.
എന്നാല്‍ ദൈവവചനം,
സുവിശേഷ ഗ്രന്ഥങ്ങളോ. ലേഖനങ്ങളോ, മറിയയില്‍ ജനിച്ച യേശു എന്ന
ശിശു ദൈവമായിരുന്നു എന്നു പറഞ്ഞിട്ടില്ല. മറിയയില്‍ ജനിക്കുന്നത് ദൈവം അല്ല. ദൈവീക
സാരാംശത്തിന് ഒരു മനുഷ്യസ്ത്രീയില്‍ ജനിക്കുക സാധ്യമല്ല. മറിയയില്‍ ജനിച്ചത് യേശു
എന്ന മനുഷ്യ ശിശുവാണ്. അവന്‍ ത്രിത്വത്തില്‍ രണ്ടാമനായ ദൈവപുത്രന്‍ മനുഷ്യനായി
ജനിച്ചതാണ്. യേശു മനുഷ്യനായി ജനിച്ചു എന്നാണ് അപ്പോസ്തലന്‍മാര്‍
പഠിപ്പിച്ചത്.
യേശു ഭൂമിയില്‍ ജനിച്ചപ്പോള്‍ അവന്‍
സമ്പൂര്‍ണ്ണ മനുഷ്യന്‍ ആയിരുന്നു. അതിനാല്‍, അവന്റെ മനുഷ ശരീരത്തില്‍
ദൈവീകത്വത്തിന്റെ സാരാംശം ഒളിപ്പിച്ചു വെച്ചിട്ടില്ലായിരുന്നു. ഇതിനെക്കുറിച്ചുള്ള
തിരുവെഴുത്തുകള്‍ ഇതെല്ലാം ആണ്:
ഗലാത്യര്‍
4: 4 എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു
ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
റോമര്‍
1: 5 ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു
ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു
ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും
എബ്രായര്‍
2: 9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും
അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും
അണിഞ്ഞവനായി നാം കാണുന്നു.
1
യോഹന്നാന്‍ 4: 2 ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ
വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും
ദൈവത്തിൽനിന്നുള്ളതു.
2 യോഹന്നാന്‍ 1: 7 യേശുക്രിസ്തുവിനെ ജഡത്തിൽ
വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും
ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും
ഇങ്ങനെയുള്ളവൻ ആകുന്നു.
എബ്രായര്‍
4:
15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ
കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു
തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
This
High Priest of ours understands our weaknesses, for he faced all of the same
testings we do, yet he did not sin. (NLT)
ഈ വാക്യത്തെ ഇങ്ങനെ വേണം നമ്മള്‍
മനസ്സിലാക്കുവാന്‍:
നമ്മളുടെ
മഹാപുരോഹിതന്‍ നമ്മളുടെ ബലഹീനതകളെ മനസ്സിലാക്കുന്നവനാണ്. കാരണം അവന്‍ നമ്മളെപ്പോലെ
എല്ലാ (അതേ) പരീക്ഷകളും അഭിമുഖീകരിച്ചിട്ടുണ്ട്. എങ്കിലും അവന്‍ പാപം
ചെയ്തില്ല.
അവന്‍ പാപം ചെയ്യാതിരുന്നത് അവനില്‍ പാപ
പ്രകൃതി ഇല്ലാതിരുന്നതിനാല്‍ ആണ്. ഇതിനോടൊപ്പം എബ്രായര്‍ 2: 17 കൂടി ചേര്‍ത്തു
വായിച്ചാല്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
എബ്രായര്‍
2:
17 അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ
കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ
സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
അതായത്, യേശു പാപം ഒഴികെ
സകലത്തിലും, മനുഷ്യരോടു സദൃശനായി,
മനുഷ്യനായി ജനിച്ചു. അവന്‍ മനുഷ്യനായി ജീവിച്ചു, മനുഷ്യനായി
മരിച്ചു. അവന്‍ മനുഷനായി അടക്കപ്പെട്ടു. എന്നാല്‍ ദൈവപുത്രനായി, ദൈവത്താല്‍ വീണ്ടും ജീവിക്കപ്പെട്ടു.
യേശുക്രിസ്തു നമുക് എല്ലാവര്‍ക്കും വേണ്ടി
പാപ യാഗമായി തീര്‍ന്നത്, നമുക്ക് സദൃശനായ ഒരു മനുഷ്യന്‍ എന്ന
നിലയിലാണ്. ദൈവത്തിന് മനുഷ്യര്‍ക്കുവേണ്ടി യാഗമായി തീരുക സാധ്യമല്ല. അതുകൊണ്ടാണ്
അവന് മനുഷ്യനായി ജനിക്കേണ്ടി വന്നത്.
1 തിമൊഥെയൊസ് 2: 5, 6
5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും
മദ്ധ്യസ്ഥനും ഒരുവൻ:
6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ
ക്രിസ്തുയേശു തന്നേ.
ഇവിടെ 6 ആം വാക്യത്തില്‍, “മറുവിലയായി” എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഇഗ്ലീഷ് വാക്ക് ransom
എന്നാണ്. ഇതിന്റെ അര്‍ത്ഥം പ്രായശ്ചിത്തം, മോചനദ്രവ്യം,
മറുവില, വീണ്ടെടുപ്പുദ്രവ്യം, എന്നിങ്ങനെയാണ്. ഇതിന്റെ ഗ്രീക്ക്
വാക്ക് “അന്‍റിലൂട്രോണ്‍” എന്നാണ് (antilytron - an-til'-oo-tron). ഈ വാക്കിന്റെ അര്‍ത്ഥം, “ഒരുവന്റെ മോചനത്തിനായും, അവന്റെ കൈമാറ്റത്തിനായും നല്‍കുന്ന വില” എന്നാണ് (what is given
in exchange for another as the price of his redemption). തടവിലാക്കപ്പെട്ട
ഒരു അടിമയുടെ മോചനത്തിനായി, അവന്റെ അടുത്ത ഒരു ബന്ധു, അവന് തുല്യമായ ഒരു വില, അവന്റെ അപ്പോഴത്തെ യജമാനന്
നല്കി, അവനെ വീണ്ടെടുക്കുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.
“അന്‍റി” എന്ന ഗ്രീക്കു വാക്ക് അതൊരു സാധാരണ മോചനദ്രവ്യം അല്ല എന്നു കാണിക്കുന്നു.
അതില്‍ “പരസ്പരവിനിമയം, അന്യോന്യം മാറുക” എന്നും “പരോക്ഷമായ
പ്രാധിനിധ്യം” എന്നുമുള്ള ആശയം ഉണ്ട് (reciprocity and vicarious
substitution). മനുഷ്യരായിരിക്കുന്ന നമുക്ക് തുല്യമായ ഒരു
വിലയാകുവാന്‍ മറ്റൊരു മനുഷ്യനുമാത്രമേ കഴിയൂ. നമ്മളുടെ പ്രതിനിധി ആകുവാനും മറ്റൊരു
മനുഷ്യനെ കഴിയൂ.
എന്നാല്‍ പാപ പരിഹാരം വരുത്തുവാന്‍
ഊനമില്ലാത്ത ഒരു മൃഗത്തിന്റെ യാഗത്തിന് മാത്രമേ കഴിയൂ. ഇത് രണ്ടും ഒരുവനില്‍
ഒത്തുവരേണ്ടതിനാണ് ദൈവപുത്രനായ യേശു പാപം ഒഴികെ സകലത്തിലും മനുഷ്യര്‍ക്ക്
തുല്യനായി ജനിച്ച്, ക്രൂശില്‍ യാഗമായി തീര്‍ന്നത്.
യേശു എന്തുകൊണ്ട് മനുഷ്യനായി
ജനിക്കേണ്ടിവന്നു എന്നു വിശദമാക്കുന്ന ഒരു വേദഭാഗമാണ് എബ്രായര്‍ 2: 9 - 18
എബ്രായര്‍ 2: 9 - 18
9 എങ്കിലും
ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു
താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി
നാം കാണുന്നു.
10 സകലത്തിന്നും
ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ
അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.
14 മക്കൾ
ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി
മരണത്തിന്റെ അധികാരിയായ പിശാചിനെ
15 തന്റെ
മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
16 ദൂതന്മാരെ
സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.
17 അതുകൊണ്ടു
ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ
വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു
സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
18 താൻ തന്നേ
പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ
കഴിവുള്ളവൻ ആകുന്നു.
യേശു സമ്പൂര്‍ണ്ണ മനുഷ്യന്‍
ആയിരുന്നു
യേശു തന്റെ ശുശ്രൂഷകള്‍ എല്ലാം ചെയ്തത്
പരിശുദ്ധാത്മാവിന്റെ ശക്തിയില്‍, പരിശുദ്ധാത്മാവിനാല്‍
ശാക്തീകരിക്കപ്പെട്ട ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആയിരുന്നു. അവന് ഒരു മനുഷ്യന്‍
എന്ന നിലയില്‍ വികാരങ്ങളും വിചാരങ്ങളും ഉണ്ടായിരുന്നു. ദൈവത്തിന്റെ പല സവിശേഷതകളും
അവന്‍ ഉപയോഗിക്കാതിരിക്കുകയോ, അവന്‍ മുറുകെ പിടിക്കാതെ
ഒഴിഞ്ഞു വെക്കുകയോ ചെയ്തിരുന്നു. ഇത് അവന്‍ മനുഷ്യനോടു സാദൃശ്യനാകുവാന്‍ വേണ്ടി
സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗമാണ്. ആരും അവനില്‍ നിന്നും ഒന്നും എടുത്തുമാറ്റിയതല്ല, അവന്‍ സ്വയം ഒഴിഞ്ഞുവച്ചതാണ്. അത് താല്‍ക്കാലികവും ആയിരുന്നു.
ഇത് തെളിയിക്കുന്ന ചില വാക്യങ്ങള്‍
ഇവയെല്ലാം ആണ്:
ലൂക്കോസ്
4: 1 1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു
അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം
പരീക്ഷിച്ചുകൊണ്ടിരുന്നു.
ലൂക്കോസ്
11: 20 20 എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ
ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
യേശുവിന് ഈ ഭൂമിയിലായിരുന്ന കാലയളവില്‍,
ദൈവം എന്ന നിലയിലുള്ള സര്‍വ്വജ്ഞാനം ഉണ്ടായിരുന്നില്ല. എന്നാല്‍ പരിശുദ്ധാത്മാവിന്റെ
നിറവിലുള്ള അറിവ് ഉണ്ടായിരുന്നു.
മത്തായി
24:
36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും
സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
ഇത് ദൈവപുത്രന്‍ എന്ന ത്രിത്വത്തിലെ
രണ്ടാമന് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ കാലം അറിയില്ല എന്നല്ല. യേശു
എന്ന സമ്പൂര്‍ണ്ണ മനുഷ്യന് അത് മറക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവില്‍
നിറഞ്ഞ യേശുവിനുപോലും രണ്ടാമത്തെ വരവിന്റെ കാലം മറക്കപ്പെട്ടിരിക്കുന്നു എങ്കില്‍
അത് ഒരു മനുഷ്യനും വെളിപ്പെട്ടു കിട്ടുകയില്ല. അതുകൊണ്ടാണ് യേശു പറഞ്ഞത്:
മര്‍ക്കോസ്
13:
33 ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ;
ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.
മത്തായി 21: 18, 19
18 രാവിലെ അവൻ
നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു,
19 അടുക്കെ
ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ
ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ
അത്തി ഉണങ്ങിപ്പോയി.
ഭൂമിയില്‍ ആയിരുന്ന യേശുക്രിസ്തുവിന് സര്‍വ്വജ്ഞാനാം
ഇല്ലായിരുന്നു എങ്കിലും പരിശുദ്ധാത്മ നിറവിനാല്‍ ആത്മ ജ്ഞാനം ഉണ്ടായിരുന്നു. ഇത്
അതുല്യവും ആയിരുന്നു.
യോഹന്നാന്‍
1:
48 നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു:
“ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ
കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു.
യോഹന്നാന്‍
5:
19 ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ,
ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു
സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം
പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.
യോഹന്നാന്‍ 9: 1, 2, 3
1 അവൻ
കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
2 അവന്റെ
ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം
ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.
3 അതിന്നു യേശു:
“അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി
അവങ്കൽ വെളിവാകേണ്ടതിന്നത്രേ.
യേശു എന്ന മനുഷ്യന്‍ ത്രിത്വത്തില്‍
ഒന്നാമനായ പിതാവായ ദൈവത്തെ പിതാവേ എന്ന് വിളിക്കുകയും,
പിതാവായ ദൈവത്തെ അങ്ങനെ തന്നെ വിളിക്കുവാനും സ്നേഹിക്കുവാനും ആരാധിക്കുവാനും
അനുസരിക്കുവാനും നമ്മളെ പഠിപ്പിക്കുകയും ചെയ്തു. യേശു എന്ന മനുഷ്യനും നമ്മളും
ഒരുപോലെ ദൈവത്തെ പിതാവേ എന്ന് വിളിക്കുന്നു. ഇതിലൂടെ പിതാവായ ദൈവവുമായുള്ള
മനുഷ്യന്റെ ബന്ധത്തെ യേശു പൊളിച്ചെഴുതി.
യേശു പലപ്പോഴും മനുഷ്യന്റെ ബലഹീനതയും
വികാരവും ഉള്ളവന്‍ ആയിരുന്നു.
ലൂക്കോസ്
19: 41 അവൻ നഗരത്തിന്നു (യെരൂശലേം) സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു
കരഞ്ഞു:
മത്തായി
21: 18 രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു
അത്തിവൃക്ഷം കണ്ടു,
യോഹന്നാന്‍
19: 28 അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു
തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
യേശു ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍
ആയിരുന്നതുകൊണ്ടാണ് അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത്. അവന്‍ ദൈവമായിരുന്നപ്പോഴും
ത്രിത്വത്തിലെ മൂന്നു ആളത്വങ്ങളും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നതായി
പഴയനിയമത്തില്‍ തെളിവുകള്‍ ഉണ്ട്.
പിതാവില്‍ നിന്നും കാണുകയും കേള്‍ക്കുകയും, ആത്മാവിന്റെ നിറവ്
നിലനിറുത്തുകയും ചെയ്യാതെ യേശു എന്ന മനുഷ്യനു യാതൊന്നും പ്രവര്‍ത്തിക്കുവാന്‍
സാധ്യമായിരുന്നില്ല.
യോഹന്നാന്‍ 12: 49, 50
49 ഞാൻ സ്വയമായി
സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു
പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
50 അവന്റെ കല്പന
നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു
പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
യേശുക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോള്‍
അവനിലെ ദൈവീകത്വം ക്രൂശിക്കപ്പെട്ടില്ല. ദൈവത്വത്തെ ക്രൂശീകരിക്കുവാന്‍ സാധ്യമല്ല.
ദൈവത്തെ കൊല്ലുവാനോ, ദൈവത്തിന്നു മരിക്കുവാനോ സാധ്യമല്ല. യേശു
എന്ന മനുഷ്യനാണ് ക്രൂശീകരിക്കപ്പെട്ടത്, അവനാണ്
കൊല്ലപ്പെട്ടത്.
ക്രൂശില്‍ മരിച്ച യേശു മൂന്നാം ദിവസം
ഉയിര്‍ത്തെഴുന്നേറ്റത്, അവന്റെ സ്വന്ത ദൈവീക ശക്തികൊണ്ടല്ല.
പിതാവായ ദൈവമാണ് അവനെ ഉയിര്‍പ്പിച്ചത്.
അപ്പോസ്തല പ്രവൃത്തികള്‍ 2: 23, 24
23 നസറായനായ
യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;
24 ദൈവമോ
മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു
അസാദ്ധ്യമായിരുന്നു.
അപ്പോസ്തല
പ്രവൃത്തികള്‍ 2: 32 ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ
യേശുക്രിസ്തു, നമുക്ക് തുല്യന്‍ ആയ മനുഷ്യന്‍ ആയിരുന്നില്ല. അവന്‍
മനുഷത്വം ഉപേക്ഷിച്ചില്ല, എന്നാല്‍ നമുക്ക് തുല്യന്‍
ആയിരുന്നില്ല. അവന്‍ ദൈവ-മനുഷ്യന്‍ ആയിരുന്നു. അവനില്‍ ദൈവീകത്വത്തോടൊപ്പം
മനുഷത്വവും കൂടെചേര്‍ന്നിരുന്നു. പിന്നീട് ഒരിയ്ക്കലും അവന്‍ മനുഷത്വത്തെ
ഉപേക്ഷിച്ചിട്ടില്ല.
എന്നാല്‍ യേശു സമ്പൂര്‍ണ്ണ മനുഷ്യനായി,
ഇഹലോക ശുശ്രൂഷകള്‍ ചെയ്തുകൊണ്ട് ജീവിച്ചപ്പോഴും അവന്‍ ദൈവമായിരുന്നു. അവന്‍
ഒരിയ്ക്കലും ത്രിയേക ദൈവത്തിന്റെ സാരാംശത്തില്‍ നിന്നും വേര്‍പെട്ട്
നിന്നിട്ടില്ല. അവന്‍ എന്നും എപ്പോഴും നിത്യമായ ദൈവമായിരുന്നു.
പുത്രനായ ദൈവം ഒരിയ്ക്കലും,
ഒരു അവസ്ഥയിലും, ഒരു സാഹചര്യത്തിലും,
ഒരു കാലത്തും ദൈവമല്ലാതെ ഇരുന്നിട്ടില്ല. ദൈവം ത്രിയേകനാണ്. അവന്റെ സാരാംശത്തില്‍
മൂന്നു ആളത്വങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പുത്രനായ ദൈവം. പുത്രന്‍ എപ്പോഴെങ്കിലും
ദൈവമല്ലാതെ ഇരുന്നാല്‍, അപ്പോള്‍ ത്രിയേക ദൈവം എന്ന
ദൈവീകത്വം അപൂര്‍ണ്ണമായി തീരും. ദൈവീകത്വം ഒരിയ്ക്കലും അപൂര്‍ണ്ണമായി
സ്ഥിതിചെയ്യാത്തതിനാല്‍ പുത്രന് ഒരിക്കലും ദൈവമല്ലാതെ ഇരിക്കുവാന്‍ സാധ്യമല്ല.
ഇതുപോലെതന്നെ,
ഒരിക്കല്‍ മനുഷ്യ ശരീരം സ്വീകരിച്ച യേശു പിന്നീട് ഒരിക്കലും മനുഷ്യനല്ലാതെ
ഇരുന്നിട്ടില്ല. അവന്‍ ഭൂമിയില്‍ മനുഷ്യനായി ജനിച്ചതിന് ശേഷം എപ്പോഴും ദൈവവും
മനുഷ്യനും ആയിരിക്കുന്നു. ഇതാണ് യേശു എന്ന ദൈവ-മനുഷ്യനെക്കുറിച്ചുള്ള ആത്മീയ മര്‍മ്മം.
ദൈവീക അധികാരം ഉപയോഗിച്ച
യേശു
എന്നാല്‍ അവന്‍,
ഭൂമിയില്‍ ആയിരിക്കുമ്പോള്‍ തന്നെ, അവന്റെ ദൈവീക അധികാരം
ഉപയോഗിച്ച രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ട്. ഒന്നു പാപങ്ങള്‍ മോചിച്ചുകൊടുക്കുക എന്നതും
മറ്റൊന്നു ശബ്ബത്തിനെ പുനര്‍വ്യഖ്യാനം ചെയ്യുക എന്നതുമായിരുന്നു. ഈ രണ്ടു
കാര്യങ്ങളും ദൈവത്തിന് മാത്രം ചെയ്യുവാന്‍ കഴിയുന്ന,
മനുഷ്യര്‍ക്ക് ചെയ്യുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ആയിരുന്നു. യേശു തന്റെ ദൈവീക
അധികാരം ഉപയോഗിച്ച് ഈ രണ്ട് കാര്യങ്ങളും നിര്‍വഹിച്ചു. ഇത് അവന്‍ ഭൂമിയില്‍
മനുഷ്യനായിരുന്നപ്പോഴും, അവന്‍ ത്രിത്വത്തില്‍ ദൈവമായിരുന്നു
എന്നതിന്റെ തെളിവാണ്.
മര്‍ക്കോസ് 2: 5- 11
5 യേശു അവരുടെ
വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: “മകനേ, നിന്റെ പാപങ്ങൾ
മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു.
6 അവിടെ ചില
ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
7 ദൈവം ഒരുവൻ
അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ
ചിന്തിച്ചുകൊണ്ടിരുന്നു.
10 “എന്നാൽ ഭൂമിയിൽ
പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു” —
അവൻ പക്ഷവാതക്കാരനോടു:
11 “എഴുന്നേറ്റു
കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
മറ്റൊരു അവസരത്തില്‍, യേശുവിന്റെ
കാല്‍ക്കല്‍ പരിമളതൈലം പൂശിയ, പാപിയായ ഒരു സ്ത്രീയുടെ
പാപത്തെ യേശു മോചിച്ചുകൊടുത്തു.
ലൂക്കോസ് 7: 48 – 50
48 പിന്നെ അവൻ
അവളോടു: “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു.
49 അവനോടു കൂടെ
പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
50 അവനോ സ്ത്രീയോടു:
“നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക” എന്നു
പറഞ്ഞു.
മത്തായി 12, മര്‍ക്കോസ് 2, ലൂക്കോസ് 6 ലും യേശു ശബ്ബത്ത്
നാളിനെക്കുറിച്ചുള്ള ദൈവീക കല്‍പ്പനയെ പുനര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. അതിനുള്ള
അധികാരം അവന് ഉണ്ട് എന്നും യേശു അവകാശപ്പെട്ടു. ശബ്ബത്ത് ആചരണം ദൈവം നേരിട്ടു
നല്കിയ കല്‍പ്പനയാണ്. അതിനെ പുനര്‍വ്യഖ്യാനം ചെയ്യുവാനോ മാറ്റുവാനോ ഉള്ള അധികാരം
ദൈവത്തിന്നു മാത്രമേയുള്ളൂ. ഈ അധികാരമാണ് യേശു ഉപയോഗിച്ചത്.
മത്തായി 12: 6, 8
6 എന്നാൽ
ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
8 മനുഷ്യപുത്രനോ ശബ്ബത്തിന്നു
കർത്താവാകുന്നു.
ശബ്ബത്ത്
ആചരിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടു കാര്യങ്ങള്‍ ആണ് യേശു ഇവിടെ പറയുന്നതു:
1.
യേശു യഹൂദ
ദൈവാലയത്തെക്കാള്‍ വലിയവന്‍ ആണ്.
2. അവന്‍ ശബ്ബത്തിന്നു കര്‍ത്തവാകുന്നു. അവന് ശബ്ബത്തിന്റെമേല്‍
അധികാരമുണ്ട്.
യഹൂദന്മാര്‍,
ഈ ഭൂമിയില്‍ അവരുടെ ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠമായി യാതൊന്നിനെയും
കണക്കാക്കിയിരുന്നില്ല. ദൈവാലയം യിസ്രായേല്‍ ജനവും യഹോവയായ ദൈവവും തമ്മില്‍
കണ്ടുമുട്ടുന്ന ഇടമാണ്. അവര്‍ക്ക് ദൈവത്തെ ആരാധിക്കുവാനുള്ള ഏക ഇടം ദൈവാലയം ആണ്.
ആലയത്തെക്കാള്‍ വലിയവനായി യഹോവയായ ദൈവം മാത്രമേ ഉള്ളൂ.
എന്നാല്‍ ഇവിടെ യേശുക്രിസ്തു,
അവന്‍ ദൈവാലയത്തെക്കാള്‍ വലിയവനാണ് എന്ന് അവകാശപ്പെടുന്നു. അതിന്റെ അര്‍ത്ഥം അവന്‍
ദൈവമാണ് എന്നാണ്.
മത്തായി 12: 8 ല്‍ യേശു മറ്റൊരു അവകാശവാദം
കൂടി നടത്തുണ്ട്. അവന്‍ പറഞ്ഞു: “മനുഷ്യപുത്രനോ
ശബ്ബത്തിന്നു കർത്താവാകുന്നു”. അതായത് യേശുവാണ് ശബ്ബത്ത് ദിവസത്തെ അപ്രകാരം
ആയിരിക്കുവാനായി കല്‍പ്പിച്ചത്. അവന്‍ ശബ്ബത്തിന്റെ സൃഷ്ടാവാണ്. അവന്‍ ശബത്ത്
ദിവസത്തിന്റെമേലും,
അതിന്റെ ആചാരത്തിന്മേലും അധികാരമുള്ള ദൈവമാണ്. അവന് അതിനെ തിരുത്തുവാനും, നീക്കികളയുവാനും, നിവര്‍ത്തിക്കുവാനും
അധികാരമുണ്ട്.
അതുകൊണ്ടു, മാര്‍ക്കോസ് 2: 27 ല്‍ യേശു പറഞ്ഞു: “മനുഷ്യൻ
ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ
ഉണ്ടായതു”. ശബ്ബത്ത് വിശ്രമത്തിന്റെ ദിവസമാണ്. അത് മനുഷ്യര്‍ക്കും
ഭൂമിയ്ക്കും വിശ്രമത്തിന്റെ ദിവസമാണ്.
യേശുവില്‍
ശബ്ബത്ത് നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അവന്‍ ശബ്ബത്തിനും മീതെയാണ്. പുതിയനിയമ
വിശ്വാസിയുടെ വിശ്രമമാണ് യേശു. വിശ്വാസികള്‍ യേശുവില്‍ വിശ്രമത്തിലേക്ക് കടന്നിരിക്കുന്നു.
ഇത് യേശുവിന്റെ ദൈവീകത്വത്തിന്റെ പ്രഖ്യാപനം കൂടിയാണ്.
മനുഷ്യ പുത്രന്‍ ദൈവപുത്രന്‍
യേശുക്രിസ്തു ഈ
ഭൂമിയിലായിരുന്നപ്പോള്‍ അവനെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ച രണ്ടു പദങ്ങളാണ് മനുഷ്യപുത്രന്‍, ദൈവപുത്രന്‍
എന്നിവ. ഈ രണ്ടു പദങ്ങളും യേശുവിനെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിട്ടുണ്ട്
എങ്കിലും ഇവ രണ്ടും തുല്യമല്ല.
മനുഷ്യപുത്രന്‍ എന്ന
പദം വ്യത്യസ്ത അര്‍ത്ഥത്തില്‍ വേദപുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബെന്‍-ആദം
എന്ന എബ്രായ പദവും ബാര്‍-ആദം എന്ന ഗ്രീക്ക് പദവും മനുഷ്യപുത്രന്‍ എന്ന് വിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ട്. വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍ ആയ, തോറ എന്ന
ഭാഗത്ത്, മനുഷ്യപുത്രന്‍ എന്ന പദം നൂറില്‍ അധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
യഹൂദന്മാര്‍ ഈ പദത്തെ, മനുഷ്യവര്‍ഗ്ഗത്തെ മൊത്തമായി
പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിരുന്നു. ദൈവത്തെ മനുഷ്യരില്‍ നിന്നും വ്യത്യസ്തനായി
നിറുത്തുവാന്‍ ഈ പദത്തിന് കഴിഞ്ഞിരുന്നു. ദൈവവുമായി തുലനം ചെയ്യുമ്പോള്‍ ഉള്ള
മനുഷ്യന്‍റെ ബലഹീനതയെ ഈ പദം അര്‍ത്ഥം ആക്കിയിരുന്നു.
സംഖ്യാപുസ്തകം
23:
19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ
അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ?
താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
ഈ വാക്യത്തില്‍, വ്യാജം പറയുകയും
അനുതപിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ നിന്നും, കല്‍പ്പിച്ചത് ചെയ്യുകയും,
അരുളിച്ചെയ്തത് നിവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവം വ്യത്യസ്തന്‍ ആയി നില്‍ക്കുന്നു.
യെഹെസ്കേലിന്റെ പുസ്തകത്തിലും ദാനിയേലിന്റെ പുസ്തകത്തിലും വ്യത്യസ്തങ്ങള്‍ ആയ രണ്ട്
അര്‍ത്ഥങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. പ്രവാചകനായ യെഹെസ്കേലിനെ ദൈവം 93
പ്രാവശ്യം മനുഷ്യപുത്രന്‍ എന്ന് വിളിക്കുന്നുണ്ട്. ഇവിടെ ഈ വാക്ക് യെഹെസ്കേലിന്റെ മനുഷ്യത്വത്തെ കാണിക്കുന്നു. ദൈവത്തിന്‍റെ
ഭയങ്കരത്തവും മനുഷ്യന്‍റെ മര്‍ത്യതയും തമ്മില്‍ ഇവിടെ തുലനം ചെയ്യപ്പെടുന്നു.
8 ആം സങ്കീര്‍ത്തനത്തില്‍ മുമ്പ് പറഞ്ഞതില്‍ നിന്നും
വ്യത്യസ്തം ആയ ഒരു അര്‍ത്ഥം ആണ് നമ്മള്‍ കാണുന്നത്.
സങ്കീര്‍ത്തനങ്ങള്‍ 8: 4-6
4 മർത്യനെ
നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ
സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
5 നീ അവനെ
ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും
അവനെ അണിയിച്ചിരിക്കുന്നു.
6 നിന്റെ
കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും
അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
സകലത്തിനെയും
സൃഷ്ടിച്ച ദൈവം മനുഷ്യപുത്രനെ ഗൌരമായി കാണുന്നു എന്നതില്‍ സങ്കീര്‍ത്തനക്കാരന്‍
അത്ഭുതപ്പെടുക ആണ്. ദൈവം, മനുഷ്യപുതനെ തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്നു. ദൈവത്തിന്‍റെ
സൃഷ്ടികള്‍ക്ക് മനുഷ്യപുത്രനെ അധിപതിയാക്കി,
സകലത്തെയും മനുഷ്യന്‍റെ കാൽകീഴെയാക്കിയിരിക്കുന്നു; ഈ വേദ ഭാഗത്ത് ആദമിനെയും ദൈവം അവനു സകല സൃഷ്ടികളിന്മേലും അധികാരം നല്‍കിയതിനെയും
ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇവിടെ മനുഷ്യപുത്രനെ, തേജസ്സും ബഹുമാനവും, അധികാരവും
ശക്തിയും ഉള്ളവനായി നമ്മള്‍ കാണുന്നു.
ഈ വാക്യങ്ങളില്‍ നിന്നും രണ്ടു ആശയങ്ങള്‍
നമുക്ക് ഗ്രഹിക്കാം. മനുഷ്യപുത്രന്‍ എന്ന പദം മനുഷ്യരുടെ ബലഹീനതയെ
സൂചിപ്പിക്കുന്നു. അത് ദൈവത്തിന്‍റെ തേജസ്സും ബഹുമാനവും അധികാരവും ഉള്ള സ്ഥാനത്തെ
സൂചിപ്പിക്കുന്നു.
ദൈവപുത്രന്‍ എന്നതിനേക്കാള്‍ അധികം യേശു
ഉപയോഗിച്ച പേര് മനുഷ്യപുത്രന്‍ എന്നാണ്. അക്കാലത്ത് യേശു മനുഷ്യന്‍ ആണ് എന്നതില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല എങ്കിലും
മനുഷ്യപുത്രന്‍ എന്ന് സ്വയം വിശേഷിപ്പിക്കുവാന്‍ യേശു ആവര്‍ത്തിച്ചു
ശ്രമിച്ചിരുന്നു. ഈ പദം മത്തായി എഴുതിയ സുവിശേഷത്തില്‍ 29 പ്രാവശ്യവും, മര്‍ക്കൊസില്‍
14 പ്രാവശ്യവും, ലൂക്കൊസില്‍ 26 പ്രാവശ്യവും യോഹന്നാനില്‍ 13 പ്രാവശ്യവും നമ്മള്‍
കാണുന്നു. എന്നാല്‍ പിന്നീട് ക്രിസ്തീയ സഭ യേശുവിനെ മനുഷ്യപുത്രന്‍ എന്ന്
വിളിച്ചിരുന്നതായി എങ്ങും കാണുന്നില്ല. യേശുവിന്‍റെ മരണ പുനരുദ്ധാരണത്തിന് ശേഷം
ക്രൈസ്തവര്‍ ഈ പദം യേശുവിനെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിട്ടില്ല.
എങ്കിലും,
സുവിശേഷങ്ങള്‍ക്ക് വെളിയില്‍ ചില സ്ഥലങ്ങളില്‍ മനുഷ്യപുത്രന്‍ എന്ന പദം
ഉപയോഗിച്ചിട്ടുണ്ട്.
അപ്പോസ്തലപ്രവര്‍ത്തികള്‍
7: 56 ല്‍ സ്തെഫാനോസ്
സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു
നില്ക്കുന്നതും കണ്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പാട് പുസ്തകത്തില്‍
രണ്ടു പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
വെളിപ്പാട്
1: 13 “... ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു
പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.”
വെളിപ്പാട്
14: 14 പിന്നെ ഞാൻ
വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ
പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.”
യേശു ചെയ്ത അത്ഭുതങ്ങളുമായും,
പ്രഭാഷണങ്ങളുമായും, സംഭവിക്കുവാനിരിക്കുന്ന മരണവുമായി ബന്ധപ്പെടുത്തിയും,
പാപമോചനത്തിന് മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് പറയുവാനും ശബ്ബത്തിന്റെ കര്‍ത്താവാണ്
യേശു ക്രിസ്തു എന്ന് പറയുവാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.
മനുഷ്യപുത്രന്‍ എന്ന പദം യേശു ആദ്യമായി
ഉപയോഗിച്ചത്, നിക്കോദേമൊസ് എന്ന യഹൂദ പള്ളി പ്രമാണിയുമായുള്ള സംഭാഷണത്തില്‍
ആയിരുന്നു.
യോഹന്നാന്‍ 3: 13, 14
13 സ്വർഗ്ഗത്തിൽനിന്നു
ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും
സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14 മോശെ
മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
പുതിയനിയമത്തില്‍
മനുഷ്യപുത്രന്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എബ്രായ തോറയിലെ അര്‍ത്ഥത്തില്‍
അല്ല. മനുഷ്യപുത്രന്‍ എന്ന പദം ദാനിയേലിന്റെ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന
അര്‍ത്ഥത്തിലാണ് യേശു ഉപയോഗിച്ചത്.
ദാനിയേല്‍ 7:
13, 14
13 രാത്രിദർശനങ്ങളിൽ
മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു;
അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ
അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
14 സകലവംശങ്ങളും
ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും
ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും
അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
ഇവിടെ മനുഷ്യപുത്രന്‍ എന്ന പദത്തിന്
രാജാധി രാജാവായി വരുവാനിരിക്കുന്ന മശിഹ എന്ന ആശയവും ഒപ്പം മനുഷ്യന്‍റെ വംശാവലിയും
അര്‍ത്ഥമാക്കുന്നുണ്ട്. ദാനിയേല്‍ കാണുന്ന മനുഷ്യപുത്രന്‍, സകലവംശങ്ങളും ജാതികളും
ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും പ്രാപിക്കുക ആണ്. ഇത്
ക്രിസ്തു സ്വര്‍ഗീയ മഹത്വത്തില്‍ പ്രത്യക്ഷന്‍ ആകുന്ന ചിത്രം ആണ്.
മനുഷ്യപുത്രന്‍ എന്ന് യേശു സ്വയം
പരിചയപ്പെടുത്തിയപ്പോള്‍, അദ്ദേഹം ദാനിയേലിന്റെ പ്രവചന നിവര്‍ത്തിയാണ് എന്ന് പറയുക
ആയിരുന്നു. ഈ മര്‍മ്മം അന്നത്തെ ന്യായപ്രമാണ പണ്ഡിതന്‍മാര്‍ക്ക് നന്നായി മനസ്സിലായി.
യേശു, അവന്‍ രാജാധിരാജാവായി വരുവാനിരുന്ന മശിഹ ആണ് എന്നും ദാനിയേലിന്റെ
പ്രവചനങ്ങള്‍ അവന്‍ നിവര്‍ത്തിക്കും എന്നും പ്രഖ്യാപിക്കുക ആണ് എന്നു അവര്‍
ഗ്രഹിച്ചു. എന്നാല്‍ മനുഷ്യനായ യേശുവിന് ദാനീയേലിന്റെ പ്രവചനത്തിലെ രാജാധി
രാജാവായി വരുവാനിരിക്കുന്ന മശിഹയാകുവാന്‍ കഴിയില്ല എന്നു യഹൂദ പണ്ഡിതന്മാര്‍
കരുതി. അവര്‍ യേശുവിന്റെ അവകാശ വാദത്തെ ദൈവദൂഷണമായി കണ്ടു.
യേശുക്രിസ്തുവിന്റെ കയ്യഫാവിന്റെ വീട്ടില്‍ വച്ചുള്ള
കുറ്റവിചാരണവേളയിലെ ചോദ്യവും ഉത്തരവും വായിച്ചാല്‍ ഇത് നമുക്ക് മനസ്സിലാകും.
മര്‍ക്കോസ് 14: 61 – 64
61 അവനോ
മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ
വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
62 ഞാൻ ആകുന്നു;
മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും
ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു
പറഞ്ഞു.
63 അപ്പോൾ മഹാപുരോഹിതൻ
വസ്ത്രം കീറി:
64 ഇനി
സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ
കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു.
അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
ദൈവപുത്രന്‍
ഇനി നമുക്ക് ദൈവപുത്രന്‍ എന്ന
പദത്തെക്കുറിച്ച് ചിന്തിക്കാം. പഴയനിയമത്തില്‍ ദൈവവുമായി സവിശേഷമായ ബന്ധങ്ങള്‍
ഉള്ളവരെ ദൈവപുത്രന്‍ എന്ന് വിളിച്ചിരുന്നതായി കാണുന്നുണ്ട്. ദൂതന്മാരെയും,
നീതീമാന്മാരായ മനുഷ്യരെയും, യിസ്രായേല്‍ രാജാക്കന്മാരെയും ദൈവപുത്രന്‍മാര്‍ എന്ന്
വിളിച്ചിട്ടുണ്ട്. ചില യഹൂദ രാജാക്കന്മാരും ദൈവപുത്രന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു (2 ശമുവേല്‍ 7: 14). എന്നാല്‍ യഹൂദ
രാജാക്കന്മാര്‍ പുരോഹിതന്മാരായി യാഗങ്ങള്‍ നടത്തുകയോ, ജനങ്ങളുടെ ആരാധന
സ്വീകരിക്കുകയോ ചെയ്തില്ല.
യേശുവിന്‍റെ ജനനവും
ശുശ്രൂഷകളും, ദിവ്യത്വം കല്‍പ്പിക്കപ്പെട്ട
റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്തായിരുന്നു. 42 BC യില്‍ ജൂലിയസ് സീസര്‍,
അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം, ദൈവമായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ
അദ്ദേഹത്തിന്‍റെ ദത്തുപുത്രന്‍ ആയിരുന്ന ഒക്ടവിയസ് അഗസ്റ്റസ് ദൈവപുത്രനായി.
പിന്നീട് അധികാരത്തില്‍ വന്ന റോമന്‍ ചക്രവര്‍ത്തി ടൈബീരിയസ് ദൈവപുത്രന്‍ എന്ന പേര്
സ്വീകരിച്ചു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് അധികാരത്തില്‍ ഇരുന്ന ഡോമീഷിയന്‍
ചക്രവര്‍ത്തിയെ യജമാനന്‍ എന്നും ദൈവം എന്നും വിളിച്ചിരുന്നു.
പുരാതന തത്വശാസ്ത്രത്തിലും മതങ്ങളിലും
പുത്രന്‍ എന്നത് പിതാവിന്റെ സകല സവിശേഷതകളും ഉള്ള വ്യക്തി എന്ന അര്‍ത്ഥമുണ്ട്. ഇത്
രണ്ടാമന്‍ എന്നല്ല, പിതാവിന്റെ സാരാംശം ഉള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ്
വേദപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ദൈവപുത്രന്‍, ത്രിത്വത്തിലെ പരിപാലന ക്രമീകരണത്തില്‍ രണ്ടാമന്‍ ആയിരിക്കുന്നു. ഇതിന്
തുല്യതയില്ല എന്ന അര്‍ത്ഥമില്ല. രണ്ടാമന്‍ എന്നത് പ്രവര്‍ത്തന ക്രമീകരണം
മാത്രമാണ്.
ദൈവപുത്രന്‍,
ദൈവത്തിന്റെ പുത്രന്മാര്‍ എന്നീ പദങ്ങള്‍ പഴയനിയമ പുസ്തകങ്ങളില്‍ കാണുന്നുണ്ട്.
എന്നാല്‍,
മനുഷ്യര്‍ക്ക് പുത്രന്മാര്‍ ജനിക്കുന്നതുപോലെ, ദൈവത്തിന് ജനിച്ച പുത്രന്മാര്‍
എന്ന അര്‍ത്ഥം അവിടെ എങ്ങും ഇല്ല. അത്തരം ഒരു കാഴ്ചപ്പാട് യാഹൂദന്മാര്‍ക്ക് അന്നും
ഇന്നും ഇല്ല. യിസ്രായേല്‍ ജനത്തെ മുഴുവന്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന്
വിളിക്കുന്ന അതെ ആശയത്തില്‍ തന്നെ ആണ് ദൈവപുത്രന്‍ എന്ന പദം അവിടെ ഉപയോഗിച്ചിരിക്കുന്നത്.
പഴയനിയമത്തില്‍ കാണുന്ന ദൈവപുത്രന്‍,
ദൈവപുത്രന്മാര്‍ എന്നീ പദങ്ങള്‍ യേശുവിനെക്കുറിച്ചോ ത്രിത്വം എന്ന ക്രിസ്തീയ
ഉപദേശത്തെക്കുറിച്ചോ പൊതുവേ പരാമര്‍ശിക്കുന്നില്ല. പുതിയനിയമത്തില്‍
ആദമിനെക്കുറിച്ചും യേശു ക്രിസ്തുവിനെക്കുറിച്ചും ദൈവപുത്രന്‍ എന്ന് പറയുന്നുണ്ട്;
യേശുവില്‍ വിശ്വസിക്കുന്നവരെ ദൈവമക്കള്‍ എന്നും വിളിക്കാറുണ്ട്.
യേശുവിനെ ദൈവപുത്രന്‍ എന്നു വിളിക്കുന്നത്,
മനുഷ്യര്‍ക്ക് പുത്രന്മാര്‍ ജനിക്കുന്നതുപോലെ, ദൈവത്തിന്നു
പുത്രന്‍ ജനിച്ചതുകൊണ്ടല്ല. ദൈവപുത്രന്‍ എന്നത് ഒരു ബന്ധത്തെയും ഉത്തരവാദിത്തത്തേയും
കടമയേയും പ്രവര്‍ത്തനങ്ങളെയും കാണിക്കുന്നു.
രണ്ടു വ്യത്യസ്തങ്ങള്‍ ആയ സന്ദര്‍ഭങ്ങളില്‍
ആകാശത്തുനിന്നും ഉണ്ടായ ദൈവശബ്ദം യേശുവിനെ ദൈവപുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.
മത്തായി 3: 16, 17
16 യേശു സ്നാനം
ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു
ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു;
17 ഇവൻ എന്റെ
പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു
സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
മത്തായി
17:
5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു;
മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ
ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു
ശബ്ദവും ഉണ്ടായി.
യേശു സ്വയം ദൈവപുത്രന്‍ എന്ന് അവകാശപ്പെടുകയും
മറ്റുള്ളവര്‍ അവനെ അങ്ങനെ വിളിക്കുകയും ചെയ്തിട്ടുണ്ട്. യേശുവിനെക്കുറിച്ച്
പറയുമ്പോള്‍ ഈ പദം യേശു മശിഹ ആണ് എന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട രാജാവാണ്
എന്നും അര്‍ത്ഥം ആക്കുന്നു.
ക്രിസ്തീയ
വിശ്വാസത്തില്‍,
എപ്പോഴും,
യേശുക്രിസ്തുവിനെയാണ് ദൈവപുത്രന്‍ എന്നു വിളിക്കുന്നത്. അത് പിതാവായ ദൈവത്തിന്‍റെ
പുത്രന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു. ദൈവപുത്രന്‍ എന്ന പദം
പുതിയനിയമത്തില്‍ 43 പ്രാവശ്യം നമ്മള്‍ കാണുന്നു; എല്ലായ്പ്പോഴും അത്
യേശുക്രിസ്തുവിനെ പരാമര്‍ശിക്കുന്നു. അതിന്റെ അര്‍ത്ഥം, യേശു ദൈവം ആണ് എന്നാണ്.
ദൈവവും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെയാണ് ഈ വാക്ക് കാണിക്കുന്നത്.
യേശു ദൈവ പുത്രന്‍ ആയിരുന്നു. ദൈവപുത്രന്‍
ദൈവമാണ്. ദൈവപുത്രന്‍ ദൈവത്തിന്‍റെ പ്രത്യക്ഷത ആണ്. യേശു ദൈവപുത്രന്‍ ആണ് എന്ന്
പറഞ്ഞാല്‍, അവന്‍ നിത്യമായി ദൈവത്തില്‍ നിന്നും പുറപ്പെട്ട് വന്നവന്‍ എന്നാണ് അര്‍ത്ഥം.
യേശു ത്രിത്വത്തിലെ രണ്ടാമനായ, ദൈവത്തിന്‍റെ എല്ലാ സവിശേഷതകളും ഉള്ള പുത്രനായ ദൈവം
ആണ്.
മനുഷ്യപുത്രന്‍ എന്ന പദം അവന്റെ
മനുഷ്യത്വത്തെയും ദൈവപുത്രന്‍ എന്ന പദം യേശുവിന്‍റെ ദൈവീകത്വത്തെയും
സൂചിപ്പിക്കുന്നു. ദൈവപുത്രന്‍ എന്ന ആശയം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന
ഉപദേശങ്ങളില്‍ പ്രധാനപ്പെട്ടത് ആയി തുടരുമ്പോഴും മനുഷ്യപുത്രന്‍ എന്ന ആശയത്തിന്
അത്തരമൊരു പ്രാധാന്യം ഇല്ല. യേശു നിത്യനായി
ദൈവപുത്രന്‍ ആണ്. ദൈവപുത്രന്‍ എന്നത് ഒരു പദവിയോ പേരോ മാത്രമല്ല. മനുഷ്യരെപ്പോലെ
ദൈവം ഒരു പുത്രന് ജന്മം നല്‍കി എന്നും അതിനു അര്‍ത്ഥം ഇല്ല.
ദൈവപുത്രന്‍
എന്നത് ക്രിസ്തുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. ഈ
ബന്ധത്തെ ഒരിക്കലും ക്രിസ്തുവിനും പിതാവായ ദൈവത്തിനും ഉപേക്ഷിക്കുവാന്‍
കഴിയാത്തതുകൊണ്ട്, അവര്‍ അത് ഒരു അവസരത്തിലും ഉപേക്ഷിച്ചിട്ടും ഇല്ല. മനുഷ്യരുടെ
പാപങ്ങള്‍ക്ക് പരിഹാരമായി ഏക യാഗമായി തീരുവാനായി തികച്ചും മനുഷ്യ പുത്രനായി
ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജനിച്ചു. അവന്‍ ഈ ഭൂമിയില്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍
ആയിരിക്കുമ്പോള്‍ തന്നെ, സ്വര്‍ഗ്ഗത്തില്‍ ദൈവപുത്രന്‍ ആയിരുന്നു. ദൈവപുത്രന്‍
എന്നത് ക്രിസ്തുവിന്റെ പിതാവായ ദൈവവുമായുള്ള നിത്യമായ ബന്ധം ആണ്.
ആദ്യജാതനും ജനിപ്പിക്കപ്പെട്ടവനും
രണ്ടു
വാക്കുകളുടെ അര്‍ത്ഥം കൂടി മനസ്സിലാക്കികൊണ്ടു ഈ പഠനം അവസാനിപ്പിക്കാം.
ആദ്യജാതന്‍
ഒന്നാമത്തെ പദം,
ആദ്യജാതന്‍ എന്നതാണ്. യേശുക്രിസ്തു ആദ്യാജാതനാണ് എന്നു പറഞ്ഞാല്‍, സകല സൃഷ്ടിക്കും മീതെ ഉള്ളവന്‍ എന്നാണ് അര്‍ത്ഥം. ഇത് അവന്റെ
അവകാശത്തെയും അധികാരത്തെയും ആണ് കാണിക്കുന്നത്. ആദ്യജാതന്‍ എന്നത് യേശുക്രിസ്തുവും
സൃഷ്ടികളും തമ്മിലുള്ള ബന്ധമാണ്.
കൊലൊസ്സ്യര്‍ 1: 15, 16
15 അവൻ
അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
16 സ്വർഗ്ഗത്തിലുള്ളതും
ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ
വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു;
അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
15 ആം
വാക്യത്തില്‍ യേശുവിനെ ആദ്യജാതന്‍ എന്നു വിളിക്കുന്നു. അത് എന്തുകൊണ്ടാണ് എന്നു 16
ആം വാക്യത്തില്‍ വിശദീകരിക്കുമുണ്ട്. സകലവും അവന്‍ മുഖാന്തരവും അവന്നായിട്ടും
സൃഷ്ടിക്കപ്പെട്ടു. അതിനാല്‍ സകല സൃഷ്ടിക്കും മുമ്പേ ഉണ്ടായിരുന്നു. ഈ അര്‍ത്ഥത്തിലാണ്
യേശുക്രിസ്തുവിനെ ആദ്യജാതന്‍ എന്നു വിളിക്കുന്നത്.
യേശു ഒന്നാമത്തെ
സൃഷ്ടിയല്ല. അവന്‍ സൃഷ്ടിക്കപ്പെട്ടവന്‍ അല്ല. അവന്‍ സകല സൃഷ്ടിയുടെയും മുഖന്തരമാണ്.
കൊലൊസ്സ്യര്‍
1: 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ
മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും
ആകുന്നു.
ഈ വാക്യത്തിലെ
“ആദ്യനായി” എന്നതിലും, മരിച്ചവരുടെ ഇടയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ
യേശു, ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്നിരിക്കുന്ന സകലര്‍ക്കും
ആദ്യനായി ഉയിര്‍ത്തെഴുന്നേറ്റു എന്ന അര്‍ത്ഥമാണ് ഉള്ളത്.
റോമര്‍ 8: 29 അവൻ മുന്നറിഞ്ഞവരെ
തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു
അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
ഈ വാക്യം
ആദ്യജാതന്‍ എന്ന ആശയത്തെ കൂടുതല്‍ വ്യക്തമാക്കുന്നു. നമ്മളെ ദൈവം തിരഞ്ഞെടുത്തത് യേശുക്രിസ്തുവിന്‍റെ
സ്വരൂപത്തോട് അനുരൂപരാകുവാനാണ്. അതായത് ക്രിസ്തുവിന്റെ ദൈവീക പ്രകൃതിയോടും ആത്മീയ
വിശുദ്ധിയോടും നമ്മള്‍ അനുരൂപകരാകും. അതാണ് ദൈവീക തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഈ
അര്‍ത്ഥത്തില്‍ ആണ് യേശു നമുക്ക് ആദ്യജാതന്‍ ആയിരിക്കുന്നത്.
ജനിപ്പിക്കപ്പെട്ടവന്‍
(begotten)
യേശുക്രിസ്തുവിനെക്കുറിച്ച്
പറയുന്ന മറ്റൊരു വാക്കാണ് “ജനിപ്പിക്കപ്പെട്ടവന്‍” എന്നത്. ഇതിന്റെ
ഇഗ്ലീഷിലുള്ള പദം begotten എന്നാണ്. യോഹന്നാന്റെ സുവിശേഷം 3:
16 ല്‍ “ഏകജാതനായ പുത്രനിൽ” എന്ന്
ഇഗ്ലീഷില്‍ പറയുന്നത് “his only begotten Son” എന്നാണ് (KJV). ഇഗ്ലീഷില്‍ ഉള്ള ഊ പദം വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
യോഹന്നാന്‍ 3: 16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ
പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യേശുവിന്റെ
സുവിശേഷത്തിന്റെ സത്ത യോഹന്നാന്‍ 3: 16 ആണ് എന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ഈ
വാക്യത്തില്‍ പറയുന്നതു അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍,
യേശു പിതാവായ ദൈവത്തിന്നു ജനിച്ച ഏക പുത്രന്‍ ആകും. ഇവിടെ ദൈവത്തിന്നു പുത്രനെ
ജനിപ്പിക്കുവാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നു. ദൈവം മറ്റൊരുവനില്‍ നിന്നും ജനിക്കുന്നവന്‍
ആണോ എന്നും അക്രൈസ്തവ വിമര്‍ശകര്‍ ചോദിക്കുന്നു.
“ഏകജാതനായ” എന്ന
വാക്കിന്റെ ഗ്രീക്ക് പദം “മൊനാഗനേസ്” എന്നാണ് (Monogenēs -
mon-og-en-ace'). ഈ വാക്ക് രണ്ടു
പദങ്ങളുടെ സംയുക്തമാണ്. “മോണോസ്” എന്ന പദത്തിന്റെ അര്‍ത്ഥം ഏകം, അത് മാത്രം എന്നിങ്ങനെയാണ് (monos - only). “കെനോസ്” എന്ന പദത്തിന്റെ അര്‍ത്ഥം “അതേ
വംശത്തിലുള്ളത്, അതേ തരത്തിലുള്ളത്” എന്നാണ് (kenos - kind of race). ഈ രണ്ടു പദങ്ങള്‍
സംയുക്തമാകുമ്പോള്‍ നമുക്ക് “മൊനാഗനേസ്” എന്ന വാക്ക് കിട്ടുന്നു (Monogenēs -
mon-og-en-ace'). ഈ സംയുക്തത്തിന്റെ അര്‍ത്ഥം, അതേ തരത്തിലുള്ള ഒരേയൊരുവന്‍, അതുല്യന്‍” എന്നിങ്ങനെയാണ്. (‘only
kind’ or ‘unique.’). ഇതാണ് യേശു “ഏകജാതനായ പുത്രന്‍” ആണ്
എന്നതിന്റെ അര്‍ത്ഥം.
ഇതേ
അര്‍ത്ഥത്തിലാണ് യോഹന്നാന്‍ 1: 14 ലും ഉപയോഗിച്ചിരിക്കുന്നത്.
യോഹന്നാന്‍ 1:
14 വചനം ജഡമായി തീർന്നു, കൃപയും സത്യവും
നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു
ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യേശു
നിത്യനല്ല എന്നോ, അവന്‍ ദൈവത്തിന്റെ ഒരു
സൃഷ്ടിയാണ് എന്നോ ഈ വാക്കിന് അര്‍ത്ഥമില്ല.
എബ്രായര്‍ 1: 5 “നീ എന്റെ പുത്രൻ;
ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു
പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും
വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
ഇത്
സങ്കീര്‍ത്തനങ്ങളില്‍ യേശുവിനെക്കുറിച്ചുള്ള ഒരു പ്രവചനത്തിന്റെ ഉദ്ധരണിയാണ്.
സങ്കീര്‍ത്തനങ്ങള്‍ 2: 7 ഞാൻ ഒരു നിർണ്ണയം
പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു
ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങളിലും
“ജനിപ്പിച്ചിരിക്കുന്നു” എന്നു പറയുവാന്‍ ഉപയോഗിച്ചിരികുന്ന ഇഗ്ലീഷ് വാക്ക് begotten എന്നാണ്. ഇതിന്റെ എബ്രായ പദം “യലാഡ്” എന്നാണ് (yālaḏ - yaw-lad'). ഇതിന് “പുറപ്പെടുവിക്കുക”
എന്നു അര്‍ത്ഥമുണ്ട് (bring forth). യഹൂദ പണ്ഡിതന്മാര്‍ “ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നതിനെ അക്ഷരാര്‍ത്ഥത്തില്‍
വ്യാഖ്യാനിച്ചിരുന്നില്ല. പിതാവായ ദൈവം പുത്രനെ ജനിപ്പിച്ചു എന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടില്ല.
ഇതിനെ ഒരു സാഹിത്യഭാഷയായി അവര്‍ വ്യാഖ്യാനിച്ചു. ഇത് ഒരു അടുത്ത, സുദൃഢമായ ബന്ധത്തെ കാണിക്കുന്നു എന്നുമാത്രമേ ഉള്ളൂ. അതാണ് “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും”
എന്നതുകൊണ്ടു അര്‍ത്ഥമാക്കുന്നത്.
എബ്രായ
ലേഖനത്തിന്റെ എഴുത്തുകാരന്‍ യേശുക്രിസ്തുവിന് ദൂതന്മാരെക്കാള്‍ ശ്രേഷ്ഠത
ഉണ്ടായിരുന്നു എന്നാണ് പറയുന്നതു. ഈ ശ്രേഷ്ഠത ദൈവപുത്രന്‍,
ദൂതന്‍മാര്‍ക്കും മുമ്പേയുള്ളവന്‍ ആയതിനാലാണ്. ദൈവപുത്രന്റെ മനുഷ്യ ശരീരത്തിലുള്ള
ജനനം ദൂതന്‍മാരിലും താഴ്ന്നവനായിട്ടായിരുന്നു. ഇത് മനുഷ്യന്റെ അവസ്ഥയാണ്.
എബ്രായര്‍
2: 9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും
അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും
അണിഞ്ഞവനായി നാം കാണുന്നു.
സങ്കീര്‍ത്തനങ്ങള്‍ 8: 4-6
4 മർത്യനെ
നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ
സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
5 നീ അവനെ ദൈവത്തെക്കാൾ
അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ
അണിയിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങളിലെ
“ദൈവത്തെക്കാൾ അല്പം മാത്രം” എന്നത് സ്വര്‍ഗ്ഗീയ ജീവികളേക്കാള്‍ അല്‍പ്പം മാത്രം
താഴ്ത്തി എന്നു വേണം മനസ്സിലാക്കുവാന്‍ (superhuman beings including God and
angels). ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ഏലോഹീം” എന്ന എബ്രായ പദത്തിന്
ദൈവം, ദൂതന്മാര്‍, ദേവന്‍മാര്‍, ഭരണാധികാരി, ന്യായാധിപതി, എന്നിങ്ങനെ
അര്‍ത്ഥമുണ്ട് ('ĕlōhîm -
el-o-heem'). പഴയനിയമത്തില്‍ പ്രധാനമായും ഈ വാക്ക് ഏക സത്യ
ദൈവത്തെക്കുറിച്ച് പറയുവാനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് അര്‍ത്ഥങ്ങളിലും
ചില ഇടങ്ങളില്‍ ഉപയോഗിച്ചിടുണ്ട്. (God, god, judge, angels). എബ്രായ
ലേഖത്തിന്റെ എഴുത്തുകാരന്‍ “ദൂതന്മാരെക്കാള്‍ അല്‍പ്പം മാത്രം താഴ്ത്തി” എന്ന അര്‍ത്ഥത്തിലാണ്
ഈ വാക്യം ഉദ്ധരിച്ചിരിക്കുന്നത്.
യേശുക്രിസ്തു
മനുഷ്യനായി ജനിച്ചത് ദൂതന്മാരെക്കാള്‍ അല്‍പ്പം താഴ്ന്നവനായാണ്. എന്നാല്‍ ത്രിയേക
ദൈവമെന്ന ഏക സാരാംശത്തിലെ ഒരു ആളത്വമായിരുന്ന ദൈവപുത്രന്‍ ദൂതന്മാരെക്കാള്‍
ശ്രേഷ്ഠനാണ്. കാരണം അവന്‍ ദൂതന്‍മാര്‍ക്കും മുമ്പേ ഉണ്ടായിരുന്നു. അവന്‍
മുഖാന്തിരമാണ് സകലവും സൃഷ്ടിക്കപ്പെട്ടത്.
ദൈവപുത്രന്‍
പിതാവായ ദൈവത്തില്‍ നിന്നും പുറപ്പെട്ട് വന്നവനാണ്. എന്നാല്‍ ഇതിന്റെ അര്‍ത്ഥം
ദൈവപുത്രന്‍ പിതാവായ ദൈവത്തിന്റെ സൃഷ്ടിയാണ് എന്നല്ല. പുത്രന്‍,
പിതാവിന്റെ അതേ തരത്തിലുള്ള ആളത്വമാണ് എന്നുമാത്രമേ ഇതിന് അര്‍ത്ഥമുള്ളൂ. ഇത്
പുത്രന്‍ ദൈവമാണ് എന്ന പ്രഖ്യാപനമാണ്. “ഏകജാതന്‍” എന്നത് പിതാവും പുത്രനും
തമ്മിലുള്ള വിഭജിക്കപ്പെടാത്ത ബന്ധത്തെ കാണിക്കുന്നു.
അവസാന വാക്ക്
നമ്മള്‍ ഇതുവരെ പറഞ്ഞതെല്ലാം
സംഗ്രഹമായി ആവര്‍ത്തിച്ചുകൊണ്ടു ഈ പഠനം അവസാനിപ്പിക്കാം. യേശുക്രിസ്തു
ദൈവമാണോ എന്നതായിരുന്നു നമ്മളുടെ വിഷയം. വേദപുസ്തകത്തില്‍ എവിടേയും,
“ഞാന്‍ ദൈവമാണ്” എന്നോ “ഞാന്‍ ദൈവമല്ല” എന്നോ, അതേ വാക്കുകള്‍
തന്നെ ഉപയോഗിച്ച്, യേശു പറയുന്നതായി രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ യേശു ദൈവമാണ് എന്നു അവകാശപ്പെട്ടിരുന്നു എന്നതിന് വേദപുസ്തകത്തില്‍
തെളിവുകള്‍ ഉണ്ട്. യേശുവിന്റെ പ്രവര്‍ത്തികള്‍ക്കും വാക്കുകള്‍ക്കുമുള്ള
മറ്റുള്ളവരുടെ മറുപടി, പ്രതികരണം, അവര്‍
അതിനു ശേഷം എന്ത് ചെയ്തു എന്നിവ യേശുവിന്റെ അവകാശവാദത്തിന് തെളിവാണ്.
പഴയനിയമത്തില്‍ ദൈവത്തെക്കുറിച്ച് പറയുന്ന
വാക്യങ്ങള്‍, പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച്
പറയുവാനായി ഉദ്ധരിക്കുന്നുണ്ട്. ഇത് പുതിയനിയമ എഴുത്തുകാര്‍ പഴനിയമത്തിലെ ദൈവം
തന്നെയാണ് യേശുക്രിസ്തു എന്നു വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവാണ്.
പുതിയനിയമത്തില്‍ യേശുവിന്റെ
ശിഷ്യനായിരുന്ന തോമസ് അവനെ ദൈവം എന്നു വിളിച്ചു. യേശു,
തന്റെ ശുശ്രൂഷാ കാലത്തും, ഉയിര്‍ത്തെഴുന്നേറ്റത്തിന് ശേഷവും, മറ്റുള്ളവരില്‍ നിന്നും ആരാധന സ്വീകരിച്ചു. പൌലൊസും യേശു ദൈവമാണ് എന്നു
എഴുതിയിട്ടുണ്ട്.
എന്നാല്‍ യേശു സമ്പൂര്‍ണ്ണ മനുഷ്യനായാണ് ഈ
ഭൂമിയില്‍ ജനിച്ചത്. അവന്‍ മനുഷ്യനായി ഭൂമിയില്‍ ആയിരുന്നപ്പോള്‍ പല ദൈവീക
സവിശേഷതകളും, സ്വയം ഉപേക്ഷിക്കുകയോ, വേണ്ട
എന്നു വയ്ക്കുകയോ, ഉപയോഗിക്കാതെ ഇരിക്കുകയോ ചെയ്തു. എങ്കിലും
യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, പാപം ക്ഷമിക്കുവാനും ശബ്ബത്തിനെ
തിരുത്തുവാനുമുള്ള ദൈവീക അധികാരം ഉപയോഗിച്ചിട്ടുണ്ട്.
മനുഷ്യപുത്രന്‍ എന്ന പദം അവന്റെ
മനുഷ്യത്വത്തെയും ദൈവപുത്രന്‍ എന്ന പദം യേശുവിന്‍റെ ദൈവീകത്വത്തെയും
സൂചിപ്പിക്കുന്നു. യേശുക്രിസ്തു ആദ്യാജാതനാണ് എന്നു പറഞ്ഞാല്‍,
സകല സൃഷ്ടിക്കും മീതെ അവനാണ് ഉള്ളത് എന്നാണ് അര്‍ത്ഥം.
No comments:
Post a Comment