സ്ത്രീകളും മൂടുപടവും

സംസ്കാരമോ ഉപദേശമോ?

സ്ത്രീകള്‍ മൂടുപടം ധരിക്കുന്നതിനെക്കുറിച്ച്, അപ്പൊസ്തലനായ പൌലൊസ് എഴുതുന്നതു 1 കൊരിന്ത്യര്‍ 11: 2 മുതല്‍ 16 വരെയുള്ള വാക്യങ്ങളില്‍ ആണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ വേദപണ്ഡിതന്മാര്‍ വ്യത്യസ്തങ്ങള്‍ ആയ ചേരിയില്‍ നില്ക്കുന്നു. പൌലൊസ് പറയുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാദേശികമായി അന്നത്തെ കൊരിന്തിലേയും, അതേ സംസ്കാരം പങ്കുവെക്കുന്ന സമീപ പ്രദേശങ്ങളിലേയും സഭകള്‍ക്ക് മാത്രം ഉള്ളതായിരു എന്നു ഒരു കൂട്ടര്‍ വാദിക്കുന്നു. മറ്റൊരു കൂട്ടര്‍, പൌലൊസിന്റെ നിര്‍ദ്ദേശങ്ങള്‍ എക്കാലത്തെയും, എല്ലായിടത്തെയും ക്രൈസ്തവ സഭകള്‍ക്ക് ബാധകമായ ഉപദേശം ആയിരുന്നു എന്നു വിശ്വസിക്കുന്നു.

 

ഈ വിഷയത്തിന് രണ്ടു തലങ്ങള്‍ ഉണ്ട്. ഒന്നു പ്രദേശികമായ സംസ്കാരമാണ്. രണ്ടാമത് ആത്മീയ കാഴ്ചപ്പാട് ആണ്. പ്രദേശികമായ സംസ്കാരം ശിരോവസ്ത്രം ധരിക്കേണമോ എന്ന ചോദ്യവും ആത്മീയ കാഴ്ചപ്പാട്, സ്ത്രീ-പുരുഷ അധികാര ക്രമത്തിന്റെ പാലനവും അതിന്റെ ബാഹ്യമായ അടയാളവുമാണ്.  


ഇതൊരു സംസ്കാരം മാത്രമാണ് എങ്കില്‍ അതൊരു പ്രാദേശിക വിഷയമാണ്. ഓരോ സ്ഥലത്തുമുള്ള സഭകള്‍ക്ക്, അവരുടെ പ്രദേശത്തെ സംസ്കാരം അനുസരിച്ചു ഈ വിഷയത്തില്‍ തീരുമാനമെടുക്കാം. ഇതൊരു ആത്മീയ വിഷയമാണ് എങ്കില്‍, എല്ലാ പ്രദേശങ്ങളിലെയും, എല്ലാ കാലത്തെയും സഭകള്‍ള്ള പൌലൊസിന്റെ ഉപദേശമാണിത്.

 

ഈ വിഷയത്തെക്കുറിച്ച്, നൂറ്റാണ്ടുകളായി, വേദപുസ്തക പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടും ഒരു അന്തിമ വ്യാഖ്യാനത്തിലെത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. പൌലൊസ് പറയുന്ന വാദങ്ങള്‍, ഇന്ന് വായിക്കുമ്പോള്‍, അതില്‍ വ്യക്തതക്കുറവുണ്ട്. അത് ഒരു പക്ഷേ അന്നത്തെ വായനക്കാരില്‍ അവ്യക്തത ഉണ്ടാക്കികാണുകയില്ല. അവര്‍ക്ക് സുപരിചിതമായ ചിന്തകളും വാദങ്ങളും പൌലൊസ് വിശദീകരിച്ചിട്ടില്ല. എന്നാല്‍ അന്നത്തെ ജീവിത രീതികള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ പ്രയാസമുള്ള കാലത്തും ദേശത്തും, പൌലൊസിന്റെ ചില വാദങ്ങളില്‍ വ്യക്ത കാണുവാന്‍ കഴിയുന്നില്ല. കൂടാതെ, പ്രദേശങ്ങളും കാലവും, ജീവിത രീതികളും, വസ്ത്രധാരണ രീതികളും ഓരോ സ്ഥലത്തും, കാലഘട്ടത്തിലും മാറിവരുന്നതാണ്. ഇതിനെയെല്ലാം സംബോധന ചെയ്യുവാന്‍ പൌലൊസിന്റെ വാക്കുകള്‍ക്ക് കഴിയുന്നില്ല. അതിനാല്‍, കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ചുള്ള വ്യാഖ്യാനത്തിന്റെ ആവശ്യം ഉയരുന്നു. ശരിയായ വ്യാഖ്യനങ്ങള്‍, ദൈവ വചനത്തെ, പ്രായോഗിക ജീവിതത്തില്‍ എങ്ങനെ അനുസരിക്കാം എന്ന് നിര്‍ദ്ദേശിക്കുന്നു.

 

പൌലൊസ് സ്ത്രീകള്‍ മൂടുപടം ധരിക്കുന്നതിനെക്കുറിച്ച് പറയുന്ന, 1 കൊരിന്ത്യര്‍ 11: 2 മുതല്‍ 16 വരെയുള്ള വാക്യങ്ങളുടെ പഠനവേളയില്‍  ഉയരുന്ന ചോദ്യങ്ങള്‍ ഇതെല്ലാം ആണ്:  

1.        പൌലൊസ് ഈ വേദഭാഗത്ത് ഒരു പ്രാദേശിക സംസ്കാരത്തെക്കുറിച്ച് പറയുക ആയിരുന്നുവോ?

2.      സ്ത്രീകള്‍ ഏത് വസ്തുകൊണ്ടു (എന്ത് കൊണ്ട്) ശിരസ്സ് മൂടേണം? സ്കാര്‍ഫോ, തൊപ്പിയോ, അവര്‍ അപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തുമ്പോ, മറ്റെന്തെങ്കിലുമോ മൂടുപടമായി ധരിച്ചാല്‍ മതിയോ?

3.      പ്രവചിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും മാത്രം ശിരസ്സ് മൂടിയാല്‍ മതിയോ?

4.      സഭയ്ക്കുള്ളില്‍ മാത്രം ശിരോവസ്ത്രം ധരിച്ചാല്‍ മതിയോ അതോ, സഭയ്ക്ക് വെളിയിലും പ്രവചിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും മൂടുപടം ധരിക്കേണമോ?

 

ക്രമമായി വെളിപ്പെട്ടു വന്ന ഉപദേശങ്ങള്‍

ക്രിസ്തീയ സഭയുടെ ഉപദേശങ്ങള്‍ കാലനുഗതമായും, ക്രമമായും വെളിപ്പെട്ടു വന്നതാണ് (progressive revelation). എല്ലാ ഉപദേശങ്ങളും വെളിപ്പെട്ടതിന് ശേഷമല്ല സഭ ആരംഭിച്ചത്.

ദൈവ വചനവും ഉപദേശങ്ങളും പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലാത്ത ഒരു കാലത്താണ് ആദിമ സഭകള്‍ നിലനിന്നിരുന്നത്. അതിനാല്‍ അക്കാലഘട്ടത്തില്‍ പ്രവചനവും പ്രവചിക്കുന്നവരുടെ എണ്ണവും സഭയില്‍ കൂടുതല്‍ ആയിരുന്നു. അതെല്ലാം മിക്കപ്പോഴും ഉപദേശ സത്യങ്ങളെക്കുറിച്ചുള്ള വെളിപ്പാടുകള്‍ ആയിരുന്നു. പെന്തക്കോസ്ത് ദിവസം പത്രൊസ്, യോവേല്‍ പ്രവാചകന്റെ വചനങ്ങള്‍ക്ക് ഒരു പുതിയ വ്യാഖ്യാനം നല്‍കുന്നത് ഇതിന് ഉദാഹരണമാണ്. സാധാരണയായി, യഹൂദ റബ്ബിമാര്‍, യോവേലിന്റെ ഈ പ്രവചനത്തെ, മശീഹ യുഗത്തില്‍ നിവര്‍ത്തിക്കപ്പെടുന്ന ഒരു സംഭവമായിട്ടാണ് വ്യാഖ്യാനിച്ചിരുന്നത്. എന്നാല്‍ പെന്തെക്കോസ്ത് ദിവസം ആത്മപകര്‍ച്ച ഉണ്ടായപ്പോള്‍, ആ അനുഭവത്തെ യോവേല്‍ പ്രവാചകന്റെ പ്രവചന നിവര്‍ത്തിയാണ് എന്നു പത്രൊസ് വ്യാഖ്യാനിച്ചു.

പത്രൊസ് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ച് കൊര്‍ന്നേല്യോസിന്റെ ഭവനത്തില്‍ കൂടിയിരുന്നവരോട് പ്രസംഗിച്ചുകൊണ്ടിരിക്കെ, അവര്‍ എല്ലാവരുടെമേലും പരിശുദ്ധാത്മാവ് പകരപ്പെട്ടു (അപ്പോസ്തല പ്രവൃര്‍ത്തികള്‍ 10: 44). അപ്പോഴാണ് പത്രോസിനും അവന്റെ കൂടെവന്ന പരിച്ഛേദനക്കാരായ യഹൂദ വിശ്വാസികള്‍ക്കും, സകല ജാതികള്‍ക്കുമുള്ള രക്ഷ എന്ന മര്‍മ്മം മനസ്സിലായത്. പത്രൊസ് പ്രസംഗിച്ച രക്ഷ ജാതികള്‍ക്കും ഉള്ളതാണ്. അതിനാല്‍ അവരെ വെള്ളത്തില്‍ സ്നാനപ്പെടുത്തി സഭയോടു ചേര്‍ക്കാം. പരിശുദ്ധാത്മ പകര്‍ച്ചയ്ക്ക് സ്നാനം ഒരു നിബന്ധനയല്ല, യേശുവിലുള്ള വിശ്വാസമാണ് അടിസ്ഥാനം.

പിന്നേയും ചില നാളുകള്‍കൂടി കഴിഞ്ഞപ്പോള്‍ ആണ് ജാതികളില്‍ നിന്നും വിശ്വാസത്തിലേക്ക് വരുന്നവര്‍, യഹൂദ മതാചാരങ്ങള്‍ പാലിക്കേണ്ടതില്ല എന്ന ഉപദേശത്തില്‍ അപ്പോസ്തലന്മാര്‍ എത്തിച്ചേര്‍ന്നത് (അപ്പോസ്തല പ്രവൃത്തികള്‍ 15: 19, 20).

ഒറ്റപ്പെട്ട വേദഭാഗങ്ങള്‍

ഒരു വേദഭാഗത്തെ ഒറ്റയായി കണ്ടുകൊണ്ട് ഒരു ഉപദേശം സ്ഥാപിക്കുന്നതില്‍ അപാകതകള്‍ ഉണ്ട്. എല്ലാ വേദഭാഗങ്ങളും ഒരു ഉപദേശമെന്ന രീതിയില്‍ മറ്റ് തിരുവെഴുത്തുകളോട് എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. യേശുക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയും, അതിനു നിദാനമായ യേശുക്രിസ്തുവിന്റെ യാഗവും ആയി ബന്ധപ്പെടുത്തി മാത്രമേ ഏത് വചനവും നമ്മള്‍ മനസ്സിലാക്കാവൂ. അതായത് രക്ഷയുമായി ബന്ധപ്പെടുത്തി മാത്രമേ ശിരോവസ്ത്രം എന്ന വിഷയവും സഭയുടെ ഉപദേശമായി നിഷ്കര്‍ഷിക്കാവൂ.

വേദപുസ്തകത്തില്‍, സാധാരണയി ഒരു കാര്യത്തെക്കുറിച്ച് ഒരു പ്രാവശ്യം മാത്രം പറയുമ്പോള്‍, അതിനു ഒരു പ്രത്യേക സാഹചര്യവും പശ്ചാത്തലവും ഉണ്ടാകാറുണ്ട്. അത് പലപ്പോഴും എല്ലായിടത്തും, എപ്പോഴും, ഒരുപോലെ ബാധകമായ ഉപദേശം ആകേണമെന്നില്ല. കൊരിന്ത്യയിലെ സഭ പല രീതികളിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്ന ഒരു ആദിമ സഭയാണ് എന്നതും നമ്മള്‍ ഓര്‍ക്കേണം. ഉപദേശങ്ങളില്‍ അതിനു പക്വത കൈവന്നിട്ടില്ലായിരുന്നു.

അതിനാല്‍ മറ്റ് വചനങ്ങളിലെ ഉപദേശങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി, വേറിട്ട് നിറുത്തി ഇതിനെ പഠിക്കുന്നത് തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ ഇടയാക്കും.

സാന്ദര്‍ഭികവും സര്‍വ്വലൌകീകവും നിത്യവുമായ പ്രമാണങ്ങള്‍

വേദപുസ്തകത്തില്‍ സന്ദര്‍ഭികമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതും, എല്ലാ സഭകള്‍ക്കും എക്കാലത്തേക്കുമുള്ള ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ അടങ്ങിയതുമായ വേദഭാഗങ്ങളും ഉണ്ട്. ഇതിനെ വേര്‍തിരിച്ച് മനസ്സിലാക്കുവാന്‍ കഴിയേണം. ലൂക്കോസ് 9: 3 ല്‍ ശിഷ്യന്മാരെ ദൈവരാജ്യം പ്രസംഗിക്കുവാനായി സമീപ പ്രദേശങ്ങളിലേക്ക് അയച്ചപ്പോള്‍ യേശു അവരോട് പറഞ്ഞു:


ലൂക്കോസ് 9: 3 വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. 

എന്നാല്‍ ഈ വാക്യം എക്കാലത്തെയും സുവിശേഷ പ്രവര്‍ത്തകര്‍ക്കുള്ള കല്‍പ്പനയല്ല. സുവിശേഷം പ്രസംഗിക്കുന്നവര്‍ പണവും അപ്പവും കയ്യില്‍ കരുതരുത് എന്നുമല്ല. ഇത് സന്ദര്‍ഭികമായ നിര്‍ദ്ദേശം മാത്രമാണ്. ഇതില്‍ യേശുവിന് ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. ഇതേ കാര്യം ഏതെങ്കിലും വ്യക്തിയോട് ഇന്നും ദൈവത്തിന്നു പറയാം. എന്നാല്‍ ഇതൊരു പൊതുവായ കല്‍പ്പനയല്ല. മാത്രവുമല്ല, ലൂക്കോസ് 22: 35, 36 വാക്യങ്ങളില്‍ യേശു വ്യത്യസ്തമായി പഠിപ്പിക്കുന്നുണ്ട്.

 

ലൂക്കോസ് 22: 35, 36

35  പിന്നെ അവൻ അവരോടു: “ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ ” എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.

36  അവൻ അവരോടു: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. 

വേദപുസ്തകത്തിലെ എല്ലാ പുസ്തകങ്ങളെയും ഉപദേശങ്ങള്‍ ആയി വായിക്കരുത്. അതില്‍ ചരിത്രവും, കവിതകളും, സാഹിത്യവും, സാരോപദേശങ്ങളും പ്രവചനങ്ങളും ഉണ്ട്. ചില വേദഭാഗങ്ങള്‍ സംഭവങ്ങളുടെ വിവരണങ്ങളും, സന്ദര്‍ഭികവും ചരിത്രപരവുമായ നിര്‍ദ്ദേശങ്ങളുമാണ്. കൂട്ടത്തില്‍ എഴുത്തുകാരുടെ അഭിപ്രായങ്ങളും, അവര്‍ ഓരോ സംഭവങ്ങളെയും പ്രഭാഷണങ്ങളെയും എങ്ങനെ മനസ്സിലാക്കി എന്നതും ഉണ്ടാകും. അവയ്ക്കെല്ലാം പിന്നില്‍ ഒരു ദൈവീക പദ്ധതി ഉണ്ടാകും. എല്ലാറ്റിനെയും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

എന്നാല്‍, ഇതെല്ലാം ക്രിസ്തീയ സഭയ്ക്കുള്ള ഉപദേശങ്ങള്‍ അല്ല. സഭയ്ക്കുള്ള ഉപദേശങ്ങള്‍ പറയുന്ന പുസ്തകങ്ങളില്‍ നിന്നുമാത്രമേ പ്രമാണങ്ങള്‍ രൂപീകരിക്കാവൂ.

 

കൊരിന്ത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം ഏകദേശം AD 55 ല്‍ ആണ് എഴുതപ്പെട്ടത്.  അന്ന് കൊരിന്ത് പട്ടണത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ഒരു മര്യാദയെക്കുറിച്ചാണ് പൌലൊസ് ഇവിടെ പറയുന്നത്. അത് കൂടുതല്‍ സൂക്ഷ്മതയോടെ വിശദീകരിച്ചു പറയേണ്ടുന്ന കാര്യം ഇല്ലായിരുന്നു. അന്ന് അവിടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍, പ്രത്യേകിച്ചും ജാതീയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വേശ്യാവൃത്തിയില്‍ പെട്ടിരുന്നവര്‍ തല മൂടാതെയിരിക്കുക പതിവായിരുന്നു. അതിനാല്‍ മൂടപ്പെടാത്ത തല ഒരു ആക്ഷേപം ആയിരുന്നു.

 

യഹൂദന്മാരുടെ ഇടയിലും സ്ത്രീകള്‍ തലയില്‍ മൂടുപടം ധരിക്കുക പതിവായിരുന്നു. ഒരു യഹൂദ സ്ത്രീ മൂടുപടം ധരിച്ചുകൊണ്ടു മാത്രമേ പൊതുവായ ഇടങ്ങളില്‍ വരാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഗ്രീക്കില്‍ ഇത് പതിവായിരുന്നുവോ എന്നതിന് തീര്‍ച്ചയില്ല. കാരണം ഇതിന് ഓരോ കാലത്തും മാറ്റം വന്നിരുന്നു.

1 കൊരിന്ത്യര്‍ 11 ആം അദ്ധ്യായത്തിലെ പൌലൊസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും ചരിത്രപരവും സംസ്കാരികവുമായ പശ്ചാത്തലമുണ്ട്. എന്നാല്‍ അവിടെ ദൈവശാത്രപരമായ അംശവും കാണാവുന്നതാണ്. സൃഷ്ടിയുടെ ചരിത്രം ഉദ്ധരിക്കപ്പെടുന്നത് ദൈവശാസ്ത്രപരമായ അംശം നല്കുന്നു.

മൂടുപടം പഴയനിയമത്തില്‍

പഴയനിയമത്തില്‍, അഹരോനും മറ്റ് പുരോഹിതന്മാരും ആലയത്തില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ ശിരോവസ്ത്രം ധരിച്ചിരിക്കേണം എന്ന് ദൈവീക കല്പ്പനയുണ്ടായിരുന്നു. അവരെല്ലാം പുരുഷന്മാര്‍ ആയിരുന്നു. നസീര്‍ വ്രതം അനുഷ്ഠിക്കുന്നവരും തലമുടി നീട്ടി വളര്‍ത്തിയിരുന്നു. അത് പൌലൊസിന്റെ കാലത്തും പാലിക്കപ്പെട്ടിരുന്നു. പൌലൊസും, മതപരമായ കാരണങ്ങളാല്‍, തല മുടി നീട്ടി വളര്‍ത്തുകയോ ക്ഷൌരം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കേണം എന്നൊരു പ്രത്യേക നിയമം പഴയനിയമത്തില്‍ കാണുന്നില്ല. ശിരോവസ്ത്രം മാന്യതയുടെയും അമാന്യതയുടെയും അടയാളമായി, പ്രാദേശിക സംസ്കാരത്തിനൊത്തവണ്ണം പരാമര്‍ശിക്കപ്പെടുന്നുണ്ട്.

യിസ്ഹാക്കും റിബെക്കയും

ഉല്‍പ്പത്തി 24 ല്‍ യിസ്ഹാക്കും റിബെക്കയും ആദ്യമായി കണ്ടുമുട്ടുന്ന രംഗം വിശദീകരിക്കുന്നുണ്ട്. യിസ്ഹാക്ക് അപ്പോള്‍ ഒരു തുറന്ന സ്ഥലത്തു ഇരിക്കുകയായിരുന്നു. റിബെക്ക അവനെ കണ്ടപ്പോള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി എന്ന് 65 ആം വാക്യത്തില്‍ പറയുന്നു.

 

ഉല്‍പ്പത്തി 24: 65 അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.

ഇവിടെ മൂടുപടം എന്നതിന്റെ എബ്രായ പദം സഈഫ് (āʿîp̄ - tsaw-eef') എന്നതാണ്. ഈ വാക്കിന്റെ അര്‍ത്ഥം, പുറംകുപ്പായം, ഷാള്‍, മൂടുപടം എന്നിങ്ങനെയാണ് (wrapper, shawl, veil). അതിനാല്‍, ഇവിടെ പറയുന്ന, റിബെക്ക അവളെ മൂടിയ മൂടുപടം, ശിരോവസ്ത്രം ആയിരുന്നുവോ, അതോ ശരീരത്തെ മൊത്തം മൂടുന്ന നീളന്‍ കുപ്പായം പോലെയുള്ള ഒരു വസ്ത്രം ആയിരുന്നുവോ എന്നതിന് തീര്‍ച്ചയില്ല.അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി” എന്നത് അവളെ മൊത്തമായി മൂടി എന്നു വേണം മനസ്സിലാക്കുവാന്‍. “covered herself” എന്നാണ് ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

അവള്‍ ശിരോവസ്ത്രം ധരിക്കുക ആയിരുന്നു എങ്കില്‍, ഇത് അവള്‍ കന്യകയായ അവിവാഹിതയാണ് എന്നതിന്റെയോ, യിസ്ഹാക്ക് എന്ന തന്റെ വരന്റെ അധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നതിന്റെയോ അടയാളമായിരിക്കാം. ശരീരം മൊത്തം മൂടുന്ന നീളന്‍ വസ്ത്രമാണ് അവള്‍ ധരിച്ചത് എങ്കില്‍ അത് മിതത്വത്തിന്റെയും കന്യകാവസ്ഥയുടെയും അടയാളമായിരിക്കാം. ഇതിനെക്കുറിച്ച് നമുക്ക് തീര്‍ച്ചയില്ല.  

റിബെക്ക, മെസൊപ്പൊത്താമ്യായിലെ നാഹോരിന്റെ പട്ടണത്തില്‍ ആയിരുന്നു ജീവിച്ചിരുന്നത്. അവിടെ ഒരു കിണറിനരികെ വച്ചാണ്  അബ്രാഹാമിന്റെ ദാസനായ എലേസ്യര്‍ അവളെ കണ്ടുമുട്ടുന്നത്. അപ്പോള്‍ അവര്‍ മൂടുപടം ധരിച്ചിരുന്നതായി വേദപുസ്തകത്തില്‍ പറയുന്നില്ല. പിന്നീട് അവള്‍ എലേസ്യരിനൊപ്പം, യിസ്ഹാക്കിന്റെ അടുക്കലേക്ക് യാത്രചെയ്തപ്പോഴും മൂടുപടം ധരിച്ചിരുന്നതായി പറയുന്നില്ല. എന്നാല്‍ കനാന്‍ ദേശത്ത് എത്തിയപ്പോള്‍, യിസ്ഹാക്കിനെ കണ്ടപ്പോള്‍ അവള്‍ മൂടുപടം ധരിച്ചു. ഇതില്‍ നിന്നും രണ്ടു പ്രദേശത്തെ സംസ്കാരങ്ങള്‍ വ്യത്യസ്തമായിരുന്നു എന്ന് മനസ്സിലാക്കാം.

യഹൂദയും താമറും

മൂടുപടത്തേക്കുറിച്ചുള്ള മറ്റൊരു പരാമര്‍ശം നമ്മള്‍ പഴയനിയമത്തില്‍ കാണുന്നത്, ഉല്‍പ്പത്തി 38 ല്‍ ആണ്. ഇവിടെ യഹൂദയുടെ മരുമകളായ താമാറിന്റെ കഥയാണ് പറയുന്നത്. യഹൂദയുടെ ഭാര്യ ഒരു കനാന്യ സ്ത്രീ ആയിരുന്നു. അതിനാല്‍ താമാറും ഒരു കനാന്യ സ്ത്രീ ആയിരുന്നു എന്നു കരുതപ്പെടുന്നു. താമാര്‍ യഹൂദയുടെ ആദ്യജാതന്‍ ഏരിന്റെ ഭാര്യ ആയിരുന്നു. എന്നാല്‍ ഏരും അവന്റെ ഇളയ സഹോദരനായ ഓനാനും മരിച്ചുപോയി. അതിനാല്‍ അന്നത്തെ പ്രമാണമനുസരിച്ച്, യഹൂദയുടെ ഇളയ പുത്രനായ ശേലാ അവള്‍ക്ക് സന്തതിയെ ജനിപ്പിക്കേണം. എന്നാല്‍ താമാറുമായുള്ള ബന്ധം ഒരു പക്ഷേ തന്റെ മകന്റെ മരണത്തില്‍ കലാശിച്ചേക്കാം എന്നു ഭയന്ന യഹൂദ അവളെ അവളുടെ അപ്പന്റെയടുക്കല്‍, കനാന്‍ ദേശത്തേക്കു തിരികെ അയച്ചു.

ഒരിക്കല്‍, യഹൂദ ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരത്തിന് തിമ്നെ എന്ന കനാന്യ ദേശത്തുള്ള ഫെലിസ്ത്യ പട്ടണത്തിലേക്കു പോകുകയായിരുന്നു. ഇതിനെക്കുറിച്ച് താമാറിന് അറിവുകിട്ടി. അവള്‍ ഉടന്‍ തന്നെ വിധവയുടെ വസ്ത്രം മാറി, “ഒരു മൂടുപടം മൂടി പുതെച്ചു”, തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു.

 

ഉല്‍പ്പത്തി 38: 15 ല്‍ പറയുന്നു, “യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.”

14 ആം വാക്യത്തില്‍ താമാര്‍ “ഒരു മൂടുപടം മൂടി പുതെച്ചു”  എന്നു പറയുന്നിടത്ത് മൂടുപടം എന്നതിന് ഉപയോഗിച്ചിരിക്കുന്നത്, മുമ്പ് നമ്മള്‍ പറഞ്ഞ “സഈഫ്” എന്ന എബ്രായ പദമാണ്. (āʿîp̄ - tsaw-eef'). ഈ വാക്കിന്റെ അര്‍ത്ഥം, പുറംകുപ്പായം, ഷാള്‍, മൂടുപടം എന്നിങ്ങനെയാണ്. ഉല്‍പ്പത്തി 38: 15 ല്‍ “അവൾ മുഖം മൂടിയിരുന്നതു കൊണ്ടു” എന്നു പറയുന്നതിനാല്‍, അത് മുഖത്തേയും, ഭാഗികമായോ, പൂര്‍ണ്ണമായോ, മൂടിയിരുന്നു എന്നും മനസ്സിലാക്കാം.

ഇവിടെ മുഖം മൂടിയ മൂടുപടം ആ പ്രദേശത്തെ സംസ്കാരത്തില്‍ ഒരു വേശ്യയുടെ അടയാളമാണ്. ഇതൊരു പ്രാദേശിക സംസ്കാരത്തിന്റെ  രീതി ആയിരിക്കാം. കാരണം ചുറ്റിനുമുള്ള പ്രദേശങ്ങള്‍ എല്ലായിടത്തും ഇത് ഒരുപോലെ നമ്മള്‍ കാണുന്നില്ല.

ഉത്തമ ഗീതത്തിലെ ശൂലേംകാരത്തി

ഉത്തമഗീതം 5 ആം അദ്ധ്യായത്തില്‍ മൂടുപടത്തെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ട്.

 

ഉത്തമഗീതം 5: 7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവൽക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.

ഇവിടെ മൂടുപടം എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “റദീദ്” എന്ന വാക്കാണ് (î - raw-deed). ഇതിന്റെ അര്‍ത്ഥം പടര്‍ന്ന് കിടക്കുന്നത്, മൂടുപടം എന്നിങ്ങനെയാണ്. ഇവിടെ ഇത് പടന്നു കിടക്കുന്ന മൂടുപടം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. 

കാവൽക്കാർ അവളുടെ മൂടുപടം എടുത്തുകളഞ്ഞത് അവളെ അപമാനിക്കുന്ന പ്രവര്‍ത്തിയായിരുന്നു. യെരൂശലേമില്‍ അക്കാലത്ത് യുവതികള്‍ പൊതു ഇടങ്ങളില്‍ മൂടുപടം ധരിക്കാറുണ്ടായിരുന്നു എന്നും മൂടുപടം ഇല്ലാതിരിക്കുക എന്നത് അവഹേളനം ആയിരുന്നു എന്നും നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. 

ഈ ഉദാഹരണങ്ങളില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്: മൂടുപടം അല്ലെങ്കില്‍ സ്ത്രീകള്‍ ധരിച്ചിരുന്ന ശിരോവസ്ത്രം, ചില പ്രദേശങ്ങളിലും സംസ്കാരത്തിലും മാന്യതയും മറ്റൊന്നില്‍ അപമാനവും ആയിരുന്നു. അതിനാല്‍ ഇതിനെ പ്രാദേശിക സംസ്കാരവുമായി ചേര്‍ത്തു മാത്രമേ എപ്പോഴും വിശദീകരിക്കുവാന്‍ കഴിയൂ. മൂടുപടം എന്ന അടയാളം എല്ലാ പ്രദേശങ്ങളിലും, സംസ്കാരങ്ങളിലും ഒരേ അര്‍ത്ഥം നല്‍കുന്നില്ല. 

 

പുതിയനിയമ കാലം

പുതിയനിയമത്തില്‍ കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തില്‍ അല്ലാതെ മറ്റൊരിടത്തും ശിരോവസ്ത്രത്തെക്കുറിച്ച് പറയുന്നില്ല. അത് അന്നത്തെ കാലത്തെ, ഓരോ പ്രദേശത്തിന്റെയും സാധാരണ ജീവിത രീതികള്‍ അനുസരിച്ച് സഭയും മുന്നോട്ട് പോയതുകൊണ്ടോ, മറ്റൊരു പ്രാദേശിക സഭയിലും അതൊരു തര്‍ക്ക വിഷയമായി മാറാഞ്ഞതുകൊണ്ടോ ആകാം. 

പുതിയനിയമ കാലം റോമന്‍ സാമ്രാജ്യത്തിന്റെ കാലമാണ്. എന്നാല്‍ അതിനുമുമ്പ് ഉണ്ടായിരുന്ന ഗ്രീക്കു സാമ്രാജ്യം, അവരുടെ ഭാഷ, സംസ്കാരം, മതം, തത്വശാസ്ത്രം എന്നിവകൊണ്ടു, മധ്യപൂര്‍വ്വ പ്രദേശങ്ങളില്‍, വളരെ സ്വധീനം ചെലുത്തിയിരുന്നു. കൊരിന്ത് ഒരു ഗ്രീക്കു പട്ടണം ആയിരുന്നു. 

ഗ്രീക്ക്-റോമന്‍ പൌരന്‍മാര്‍ വ്യത്യസ്തങ്ങള്‍ ആയ വസ്ത്രധാരണ രീതികള്‍ പിന്തുടര്‍ന്നിരുന്നു. അവരുടെ ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്യുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും വ്യത്യസ്തമായ ആചാരങ്ങള്‍ ഉണ്ടായിരുന്നു. പൊതുവേ നീളന്‍ കുപ്പായങ്ങള്‍ ആണ് സ്ത്രീകളും പുരുഷന്മാരും ധരിച്ചിരുന്നത് എങ്കിലും അവരുടെ വസ്ത്രധാരണത്തില്‍, സ്ത്രീകളേയും പുരുഷന്മാരെയും തമ്മില്‍ തിരിച്ചറിയുവാന്‍ കഴിയുന്ന വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

ഗ്രീക്കു-റോമന്‍ ക്ഷേത്രങ്ങളില്‍ പുരുഷ പൂജാരിമാരും സ്ത്രീ പുരോഹിതകളും ഉണ്ടായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യഭിചാരവൃത്തിയും, അതിനായി സമര്‍പ്പിക്കപ്പെട്ട സ്ത്രീകളും ചില ഇടങ്ങളില്‍ ഉണ്ടായിരുന്നു. അത് അന്നത്തെ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട രീതിയായിരുന്നു.

റോമന്‍ സംസ്കാരമനുസരിച്ച് ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്ന പുരുഷന്മാര്‍ തലയില്‍ ശിരോവസ്ത്രം ധരിച്ചിക്കേണം. പുരുഷ പുരോഹിതന്മാര്‍ അവര്‍ ധരിച്ചിരിക്കുന്ന കുപ്പായത്തിന്റെ മുകള്‍ ഭാഗം തലയില്‍ വലിച്ചിടും. റോമന്‍ ചക്രവര്‍ത്തിമാരും ഇങ്ങനെ ചെയ്യുമായിരുന്നു. കാരണം അവരും ക്ഷേത്രങ്ങളില്‍ പൂജകള്‍ ചെയ്യുമായിരുന്നു. ശിരോവസ്ത്രം ധരിച്ചു പ്രാര്‍ത്ഥിക്കുന്ന അഗസ്റ്റസ് ചക്രവര്‍ത്തിയുടെ പ്രതിമകള്‍ റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്നും കണ്ടെത്തിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് സീസര്‍, റോമന്‍ മതത്തിന്റെയും അധിപതിയാണ് എന്നു ജനത്തെ ഓര്‍മ്മിപ്പിച്ചു.

സീസര്‍ ചക്രവര്‍ത്തിമാര്‍ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ, റോമന്‍ പൌരന്മാരും അവരെ അനുകരിച്ച്, ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കുവാന്‍ തുടങ്ങി. ചക്രവര്‍ത്തിയെ അനുകരിക്കുന്നത് അക്കാലത്ത് ഒരു സാമൂഹിക ബഹുമതി ആയിരുന്നു.

കൊരിന്ത് ഒരു ഗ്രീക്കു പട്ടണം ആയിരുന്നു എങ്കിലും അക്കാലത്ത് അത് റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു. അതിനാല്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കുന്ന റോമന്‍ ചക്രവര്‍ത്തിയെയും റോമന്‍ പൌരന്‍മാരെയും കൊരിന്തിലെ പുരുഷന്മാരും അനുകരിച്ചിട്ടുണ്ടാകേണം. എന്നാല്‍ മൂടുപടം അല്ലെങ്കില്‍ ശിരോവസ്ത്രം കൊരിന്തിലെ സമൂഹത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിയായിരുന്നു. ഒരു പുരുഷന്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍, അവന്‍ സ്രൈണഭാവം ധരിക്കുന്നു എന്ന ചിന്ത ഗ്രീക്കുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇത് സ്ത്രീ പുരുഷ വ്യത്യാസത്തെ ഇല്ലാതാക്കുന്നു എന്നും ഗ്രീക്കുകാര്‍ കരുതി. അതിനാല്‍ ഗ്രീക്ക്-റോമന്‍ സംസ്കാരങ്ങളുടെ ഒരു സംഘര്‍ഷം, ഇക്കാര്യത്തില്‍ കൊരിന്തില്‍ ഉണ്ടായിരുന്നു.

ഗ്രീക്ക്-റോമന്‍ സംസ്കാരത്തില്‍ വിവാഹിതയായ സ്ത്രീകള്‍ മൂടുപടം ധരിക്കേണമായിരുന്നു. അതായത് വിവാഹിതര്‍ ആയ സ്ത്രീകള്‍ മാത്രമേ ശിരോവസ്ത്രം ധരിക്കാറുണ്ടായിരുന്നുള്ളൂ. അത് മുഖത്തെ മൂടുന്ന വസ്ത്രമായിരുന്നില്ല. ശിരസ്സിനെ മാത്രം മൂടിയിരുന്നു. അവര്‍ വീടുകളില്‍ ശിരോവസ്ത്രം ധരിക്കാറില്ലായിരുന്നു. വീടിന് പുറത്തേക്ക് പോകുമ്പോള്‍ മാത്രമേ ശിരോവസ്ത്രം ധരിക്കാറുള്ളൂ. സാധാരണയായി പെണ്‍കുട്ടികള്‍ 14 മത്തെ വയസ്സില്‍ വിവാഹിതര്‍ ആകും. വിവാഹിതരാകുന്നതുവരെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കാറുണ്ടായിരുന്നില്ല. വിധവമാരും വേശ്യാവൃത്തിയില്‍ ജീവിക്കുന്നവരും ശിരോവസ്ത്രം ധരിക്കാറുണ്ടായിരുന്നില്ല.

അതിനാല്‍ ശിരോവസ്ത്രം, അക്കാലത്ത്, ഒരു സ്ത്രീ വിവാഹിത ആണ് എന്നും അവള്‍ ഭര്‍ത്താവിനോടു വിശ്വസ്തയായിരിക്കുന്നു എന്നതിന്റെയും ബാഹ്യമായ അടയാളം ആയിരുന്നു. അതൊരു മിതത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളം ആയിരുന്നു.

റോമാ സാമ്രാജ്യത്തിന് ചുറ്റുമുള്ള അപരിഷ്കൃതര്‍ ആയ ഗോത്ര വര്‍ഗ്ഗ സമൂഹങ്ങളിലെ പുരുഷന്മാര്‍ നീളമുള്ള മുടി ഉള്ളവര്‍ ആയിരുന്നു. റോമന്‍ സാമ്രാജ്യത്തിന് മുമ്പ് ഉണ്ടായിരുന്ന അസ്സീറിയന്‍ സാമ്രാജ്യത്തിലെ പുരുഷന്മാരും മുടി നീട്ടി വളര്‍ത്തിയിരുന്നു. എന്നാല്‍ ഇവരെല്ലാം ബാര്‍ബെറിയന്‍മാര്‍ അല്ലെങ്കില്‍ അപരിഷ്കൃതരും കിരാതന്മാരും ആണെന്നായിരുന്നു റോമാക്കാരുടെ ചിന്ത. അതിനാല്‍ നീളമുള്ള മുടിയുള്ള പുരുഷന്‍ അപരിഷ്കൃതരുടെ അടയാളമായി കരുതപ്പെട്ടു. 

റോമിലെ വനിതാ വിമോചന മുന്നേറ്റം

അപ്പോസ്തലന്മാരുടെ കാലത്ത്, റോമന്‍ സാമ്രാജ്യത്തില്‍ ചില വനിതാ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചരിത്രകാരന്‍മാര്‍ സാക്ഷിക്കുന്നു. റോം വളരെ സമ്പന്നമായ, അക്കാലത്തെ ഏറ്റവും പുരോഗിമിച്ച ഒരു നാഗരികത ആയിരുന്നു. ഇന്ന് ആധുനിക ലോകത്തില്‍ കാണുന്ന എല്ലാ സാമൂഹിക മുന്നേറ്റങ്ങളും, ദുഷ്ടതകളും, പാപങ്ങളും റോമിലും ഉണ്ടായിരുന്നു. അന്നത്തെ വനിതാ മുന്നേറ്റങ്ങളെ ചരിത്രകാരന്‍മാര്‍ “പുതിയ സ്ത്രീ” എന്നാണ് വിളിക്കുന്നത് (new women).

 

അന്നത്തെ വനിതാ മുന്നേറ്റക്കാര്‍ അവരുടെ മൂടുപടം വലിച്ചെറിയുകയും പുരുഷന്‍റേതുപോല്‍ മുടി കത്രിച്ചു നീളം കുറയ്ക്കുകയും പുരുഷനെപ്പോലെ വസ്ത്രധാരണം ചെയ്യുകയും ചെയ്തു. ഇന്നത്തെ വനിതാ മുന്നേറ്റക്കാരെ പോലെ തന്നെ, അവരും പുരുഷനോടു തുല്യത അവകാശപ്പെട്ടു. അവര്‍ പുരുഷനെപ്പോലെ ആകുവാന്‍ ശ്രമിച്ചു. വിവാഹത്തോടെ ഭര്‍ത്താവിന് കീഴ്പ്പെട്ടിരിക്കുവാന്‍ അവര്‍ വിസമ്മതിച്ചു. കുട്ടികളെ വളര്‍ത്തുന്നത് അവരുടെ മാത്രം ഉത്തരവാദിത്തമല്ല എന്ന് വാദിച്ചു. ഇന്ന് സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആവശ്യങ്ങളും അവരും മുന്നോട്ട് വച്ചു. അവര്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചു, അന്യപുരുഷന്‍മാരോടൊപ്പം വിവാഹം കൂടാതെ ജീവിച്ചു. പുരുഷന്മാരെപ്പോലെ വസ്ത്രം ധരിക്കുകയും തലമുടി കത്രിക്കുകയും ചെയ്തു. പുരുഷന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് വാദിച്ചു.

 

ഈ മുന്നേറ്റവും ആശയങ്ങളും കൊരിന്തിലെ ചില സ്ത്രീകളെയും സ്വാധീനിച്ചിട്ടുണ്ടാകാം. അതിനാല്‍ ഉടലെടുത്ത ആശയക്കുഴപ്പത്തില്‍ പൌലൊസിന്റെ ഉപദേശം അവിടുത്തെ സഭ ചോദിച്ചു. അതിനുള്ള മറുപടിയാണ് 1 കൊരിന്ത്യര്‍ 11 ആം അദ്ധ്യായം.

അന്നത്തെ വനിതാ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍, പൊതുവേദിയില്‍ ശിരോവസ്ത്രം ഇല്ലാതെ പ്രാര്‍ത്ഥിക്കുന്ന സ്ത്രീ, “പുതിയ സ്ത്രീ” മുന്നേറ്റത്തിന്റെ വ്യക്തവായി. ശിരോവസ്ത്രം ധരിക്കാത്ത വിവാഹിതയായ സ്ത്രീ, താന്‍ വിവാഹമോചിതയാണ് എന്നും അവള്‍ മറ്റൊരു പുരുഷനെ അന്വേഷിക്കുന്നു എന്നുമുള്ള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. അതിനാല്‍ പൌലൊസ് പറഞ്ഞു:

 

1 കൊരിന്തര്‍ 11: 4 മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

ഇത്രയും വിവരങ്ങളില്‍ നിന്നും പൌലൊസിന്റെ കാലത്തെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം മനസ്സിലാക്കുവാന്‍ കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. അപ്പോസ്തലന്മാര്‍ വ്യത്യസ്തങ്ങള്‍ ആയ പ്രദേശങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് ശുശ്രൂഷ ചെയ്തുപോന്നു. അവര്‍ സന്ദര്‍ശിച്ചിരുന്ന പ്രദേശങ്ങളില്‍ വ്യത്യസ്തമായ ഭാഷയും സംസ്കാരവും ഉണ്ടായിരുന്നു. അതിനാല്‍ വസ്ത്രധാരണം, ആഹാരം, എന്നിവയെക്കുറിച്ച് സര്‍വ്വലൌകീകമായ നിയമങ്ങള്‍ കല്‍പ്പിക്കുക സാധ്യമല്ലായിരുന്നു.

ഇനി വേദഭാഗത്തേക്കും, അതിന്റെ ദൈവശാസ്ത്രപരമായ വിശദീകരണത്തിലേക്കും പോകാം. 


ലേഖനത്തിന്റെ പശ്ചാത്തലം

 

പൌലൊസ് ഇങ്ങനെയൊരു ഉപദേശം കൊരിന്തിലെ സഭയ്ക്ക് നല്‍കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു? അദ്ദേഹം ഈ കത്ത് എഴുതുവാനുണ്ടായ സാഹചര്യവും അന്നത്തെ കൊരിന്തിലെ സാമൂഹിക പശ്ചാത്തലവും എന്തായിരുന്നു?  

 

അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യയിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയ രണ്ടു ലേഖനങ്ങള്‍ അല്ലെങ്കില്‍ എഴുത്തുകള്‍ ആണ് പുതിയനിയമത്തില്‍ ഉള്ളത്.

ഗ്രീസിലെ അഖായ പ്രവിശ്യയുടെ തലസ്ഥാനം ആയിരുന്നു കോരിന്ത് പട്ടണം. കൊരിന്ത് പുരാതന കാലം മുതല്‍ തന്നെ ഒരു സമ്പന്നമായ പട്ടണം ആയിരുന്നു. അവര്‍ ദുര്‍മ്മാര്‍ഗ്ഗ ജീവിതത്തിനു കുപ്രസിദ്ധര്‍ ആയിരുന്നു. കൊരിന്ത് പട്ടണത്തിന് രണ്ടു തുറമുഖങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇതൊരു വ്യാപാര കേന്ദ്രവും ഗ്രീക്ക് സൈന്യത്തിന്റെ താവളവും ആയിരുന്നു. വ്യാപാരത്തിലൂടെ പട്ടണക്കാര്‍ മഹാ സമ്പന്നര്‍ ആയിത്തീര്‍ന്നു. അതോടൊപ്പം ആര്‍ഭാടകരമായ ജീവിതത്തിനും, സകല തിന്‍മയ്ക്കും ഇവിടം കുപ്രസിദ്ധി ആര്‍ജ്ജിച്ചു. കായിക വിനോദങ്ങള്‍ക്കും പട്ടണം പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൌലൊസ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ കായിക വിനോദങ്ങളിലെ സംഭവങ്ങള്‍ ഉദാഹരണമായി ഉപയോഗിച്ചത്. 

അറിവിനും സാഹിത്യത്തിനും കലയ്ക്കും കൊരിന്തില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി വീനസ് ദേവത ആയിരുന്നു. വീനസ് ദേവിയുടെ ക്ഷേത്രത്തില്‍ 1000 സ്ത്രീകള്‍ പരസ്യ വേശ്യകളായിട്ടുണ്ടായിരുന്നു. ഇതിന് നിയപ്രകാരമുള്ള പരിരക്ഷ ഉണ്ടായിരുന്നു. ഇതെല്ലാം ആ പട്ടണത്തെ ദുര്‍മ്മാര്‍ഗ്ഗത്തിന്റെ കേന്ദ്രമാക്കി മാറ്റി. ഇത്തരം വേശ്യകള്‍, അവരുടെ സ്ഥാനത്തിന്റെ അടയാളമായി തല ക്ഷൌരം ചെയ്യുക പതിവായിരുന്നു.  

കൊരിന്തിലെ സഭയില്‍, പള്ളി പ്രമാണിയായ ക്രിസ്പൊസും കുടുംബവും പോലെ ചില യഹൂദന്മാര്‍ ഉണ്ടായിരുന്നു. (അപ്പോസ്തല പ്രവൃത്തികള്‍ 18: 8). എങ്കിലും കൂടുതല്‍ പേരും സാധാരണക്കാരായ കൊരിന്തിലെ ജാതീയര്‍ ആയിരുന്നു. കൊരിന്തിലെ ദുര്‍മ്മാര്‍ഗ്ഗ ജീവിതം സാധാരണമായിരുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നുമാണ് അവര്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത്. അതിനാല്‍ പഴയ ജീവിത ശൈലി ഒരു പാപമായി അവര്‍ കണ്ടില്ല. അതിനെ സാധാരണ ജീവിത രീതിയായി അവര്‍ കണ്ടു. അത് സഭയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. അതിനാല്‍, പൌലൊസിന് വളരെ കര്‍ശനമായ ഉപദേശങ്ങളും താക്കീതും നല്‍കേണ്ടിവന്നു. ഇതാണ് ലേഖനത്തിലെ വിഷയങ്ങള്‍.

പൌലൊസിന്റെ ലേഖനങ്ങള്‍, കൊരിന്തിലെ സഭ ചോദിച്ച ചില പ്രതേക വിഷയങ്ങള്‍ക്കുള്ള മറുപടിയാണ്. അതിനാലാണ്, 1 കൊരിന്ത്യര്‍ 7: 1 ല്‍ പൌലോസ് ഇങ്ങനെ എഴുതിയത്: “നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ”. ചുറ്റിനുമുള്ള സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍, ക്രിസ്തീയ വിശ്വാസ പ്രമാണങ്ങളെ എങ്ങനെ ജീവിതത്തില്‍ പാലിക്കേണം എന്നും സഭ എവിടെ നില്‍ക്കേണം എന്നുമായിരുന്നു കൊരിന്തിലെ സഭ പൌലൊസിനോട് ചോദിച്ചത്.


1 കൊരിന്ത്യര്‍ 11, 14 അദ്ധ്യായങ്ങളില്‍ നിന്നും, അന്നത്തെ കൊരിന്തിലെ സഭയില്‍, സഭയുടെ ആത്മീയ അധികാരത്തോടും അവരുടെ ഭര്‍ത്താക്കന്മാരോടും മല്‍സരിക്കുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍. അതുകൊണ്ടു അവരുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു ശിരോവസ്ത്രം ധരിക്കുക, സ്ത്രീകളുടെ മുടിയുടെ നീളം എന്നിവയെ കുറിച്ച് പൌലൊസിന് ഉപദേശിക്കേണ്ടി വന്നു. സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാര്‍ക്കും, സഭയിലെ അധികാരികള്‍ക്കും കീഴടങ്ങിയിരിക്കുക എന്നത് സാമൂഹികവും, സംസ്കാരികവും, ആത്മീയവും ആയ ആവശ്യമായിരുന്നു. അതിന്റെ അടയാളം ആയിരുന്നു സ്ത്രീകള്‍ ധരിച്ചിരുന്ന മൂടുപടം. എന്നാല്‍ കീഴടങ്ങിയിരികുക എന്നത് അടിമത്വ മനോഭാവത്തോടെയുള്ള കീഴടങ്ങല്‍ അല്ല, അതൊരു ഭരണപരമായ ക്രമീകരണം ആണ്. ഏകത്വവും സമത്വവും ഭാര്യ ഭര്‍ത്തൃ ബന്ധത്തിലുണ്ട്.

 

വേദഭാഗം – 1 കൊരിന്ത്യര്‍ 11: 2 - 16

 

സ്ത്രീകള്‍ മൂടുപടം ധരിക്കുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിക്കുന്ന, വേദപുസ്തകത്തിലെ ഏക വേദഭാഗമാണ് 1 കൊരിന്ത്യര്‍ 11 ആം അദ്ധ്യായം. ഈ വേദഭാഗം ഇങ്ങനെയാണ്:

 

1 കൊരിന്ത്യര്‍ 11: 2 – 16

   നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.

   എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

   മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.

   മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

   സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.

   പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

   പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.

   പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

10   ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

11    എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

12   സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.

13   നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?

14   പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും

15   സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

16   ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.

 

ഈ വേദഭാഗത്തെ വാക്യങ്ങളുടെ മലയാളത്തിലുള്ള വിവര്‍ത്തനത്തില്‍ ചില വാക്കുകള്‍ക്ക് കൃത്യത നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും മൂല ഭാഷയായ ഗ്രീക്കിലെ വാക്കുകളും കൂടെ ഇവിടെ പഠനവിധേയമാക്കുന്നുണ്ട്. 

1 കൊരിന്ത്യര്‍ 11: 2-16 വരെയുള്ള വേദഭാഗത്തിലെ മുഖ്യ വിഷയം സ്ത്രീകള്‍ മൂടുപടം ധരിക്കേണമോ വേണ്ടായോ എന്നതല്ല, സ്ത്രീ പുരുഷ ബന്ധത്തിലെ അധികാര ക്രമീകരണം ആണ്. എന്നാല്‍ മൂടുപടം, ഈ ക്രമീകരണത്തോടുള്ള സ്ത്രീകളുടെ മനോഭാവത്തിന്റെ അടയാളമായി ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പൌലൊസ് ഏല്‍പ്പിച്ച കല്‍പ്പനകള്‍

1 കൊരിന്ത്യര്‍ 11 ലെ രണ്ടാം വാക്യം ഇങ്ങനെയാണ്:

 

1 കൊരിന്ത്യര്‍ 11: നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു.

 

ഈ വാക്യത്തിലെ “കല്‍പ്പനകളെ “ എന്നത് ഇംഗ്ലീഷില്‍ “ordinances” എന്നും “traditions” എന്നുമാണ്. ഗ്രീക്കില്‍ “പാരഡോസിസ്” എന്ന വാക്കാണ് ഉപയോഗോച്ചിരിക്കുന്നത്. (paradosis - par-ad'-os-is). ഇതിന്റെ അര്‍ത്ഥം പകര്‍ന്നുതന്നത്, നടപടി ക്രമം, നിര്‍ദ്ദേശം, മതാചാരം, പാരമ്പര്യം എന്നിവയാണ് (transmission, a precept, ordinance, tradition). യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെക്കുറിച്ച് പറയുവാനും ഈ വാക്ക് ഉപയോഗിച്ചിരുന്നു.

 

അതിനാല്‍ പൌലൊസ് ഇവിടെ വാമൊഴിയാല്‍ പകര്‍ന്നു കൊടുത്ത പാരമ്പര്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്നു അനുമാനിക്കാം. ഇത് പൌലൊസ് അവരെ ഏല്‍പ്പിച്ച, ആ പ്രദേശങ്ങളില്‍ പാലിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു. ഇത്തരം പാരമ്പര്യങ്ങളെക്കുറിച്ചാണ് പൌലൊസ് തുടര്‍ന്നു എഴുതുന്നത്. പൌലൊസ് ഇവിടെ വാമൊഴിയാല്‍ പകര്‍ന്നു കൊടുത്ത പാരമ്പര്യങ്ങള്‍, സാര്‍വ്വലൌകീകമായി പ്രമാണിക്കപ്പെടുന്നതോ പ്രമാണിക്കപ്പെടേണ്ടതോ ആയ ഉപദേശങ്ങള്‍ ആയിരുന്നില്ല.

 

പ്രാർത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യുമ്പോള്‍

 

1 കൊരിന്ത്യര്‍ 11: 5 മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

 

ഇവിടെ മൂടുപടം എന്ന വിഷയം സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ടുന്ന രീതി എന്നതിലേക്ക് ചുരുങ്ങുന്നു. സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുമ്പോഴും പ്രവചിക്കുമ്പോഴും മൂടുപടം ധരിക്കേണം. അവര്‍  അവരുടെ സ്ഥാനത്തെക്കുറിച്ചും സഭയിലുള്ള അവരുടെ പങ്കും മനസ്സിലാക്കിയിരിക്കേണം. അത് കാത്ത് സൂക്ഷിക്കുകയും വേണം.

 

സഭയില്‍ സ്ത്രീകള്‍ക്ക് പ്രവചിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്നാണ് പൌലൊസിന്റെ വാക്കുകള്‍, അര്‍ത്ഥമാക്കുന്നത്. പ്രവചനങ്ങള്‍ അക്കാലത്ത് ദൈവരാജ്യത്തിന്റെ പ്രമാണങ്ങളുടെ വെളിപ്പാടുകള്‍ കൂടി ആയിരുന്നു. അപ്പോസ്തല പ്രവൃത്തികള്‍ 21: 9 ല്‍ ഫിലിപ്പൊസിന്റെ പെണ്‍മക്കള്‍ പ്രവചിച്ചുകൊണ്ടിരുന്നതായി പറയുന്നുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവചിക്കുവാന്‍ തടസ്സമില്ല.

 

എന്നാല്‍ മൂടുപടം ഇട്ടുകൊണ്ട് പ്രവചിക്കേണ്ടത് സഭായോഗങ്ങളില്‍ ആണോ, മറ്റേതെങ്കിലും സ്ഥലത്താണോ എന്നു പൌലൊസ് പറയുന്നില്ല. അത് സാമൂഹിക മര്യാദകള്‍ക്ക് അനുസരിച്ചാകാം. സ്ത്രീകള്‍ എപ്പോഴെല്ലാം മൂടുപടം ഇടേണമെന്ന് അക്കാലത്തെ സമൂഹത്തില്‍ ചില മര്യാദകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അത് പാലിക്കാം.

 

മുടി കത്രിക്കുക, ക്ഷൌരം ചെയ്യുക

 

1 കൊരിത്യര്‍ 11: 5, 6 വാക്യങ്ങളില്‍ തലമുടി കത്രിക്കുന്നതിനെക്കുറിച്ചും ക്ഷൌരം ചെയ്യുന്നതിനെക്കുറിച്ചും പൌലൊസ് പറയുന്നു. പൌലൊസ് ഇതിനെ മൂടുപടം ഇടുന്നതിനുള്ള ന്യായമായി അവതരിപ്പിക്കുകയാണ്.

 

1 കൊരിന്ത്യര്‍ 11: 5, 6

   മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

6    സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. 

 

മൂടുപടം ധരിക്കാത്ത സ്ത്രീ അവളുടെ തലയെ അപമാനിക്കുന്നു എന്നതിന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട്. ചില വേദ പണ്ഡിതന്മാര്‍ “തല” എന്നത് ഭര്‍ത്താവിനെക്കുറിച്ചാണ് എന്നു വാദിക്കുന്നു. ഒരു സ്ത്രീയ്ക്ക് ഭര്‍ത്താവ് ഉണ്ട് എങ്കില്‍ അവന്‍ അവളുടെ അധികാരി ആയിരിക്കുന്നു, അവന്‍ തല ആയിരിക്കുന്നു. എന്നാല്‍ ഈ വാദത്തില്‍ കാര്യം ഉണ്ട് എങ്കിലും അധികം പേരും ഇതിനോട് യോജിക്കുന്നില്ല.

“തല” എന്നതിന്റെ ഗ്രീക്ക് വാക്ക് കെഫാലെ എന്നതാണ് (kephalē - kef-al-ay). ഇത് മനുഷ്യരുടെ ശരീരത്തിലെ തല എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കാറുള്ളത്. അതിനാല്‍ പൌലൊസ് സ്ത്രീകള്‍ അവരുടെ ശരീരത്തിന്റെ ഭാഗമായ ശിരസ്സിനെ മൂടുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതു എന്നത് വ്യക്തമാണ്. 

 

5 ആം വാക്യത്തില്‍ മൂടുപടമില്ലാതെഎന്ന് പറയുവാന്‍ ഉപയോഗിച്ചിരികുന്ന ഗ്രീക്ക് വാക്ക് “അകറ്റാകലുപ്റ്റോസ്” എന്നതാണ്. (akatakalyptos - ak-at-ak-al'-oop-tos). ഈ വാക്കിന്റെ അര്‍ത്ഥം “മൂടപ്പെടാത്തത്” എന്നാണ് (not covered).   

 

ഈ വാക്യങ്ങളില്‍, മൂടുപടം ഇടുക എന്നതും തല ക്ഷൌരം ചെയ്യുക എന്നതും വിരുദ്ധമായ രണ്ടു അവസ്ഥയായി പൌലൊസ് അവതരിപ്പിക്കുകയാണ്. ഇവിടെ, “ക്ഷൌരം” എന്നു പറയുവാന്‍ പൌലൊസ് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം “സുറാഒ” എന്നതാണ് (xyraō - xoo-rah'-o). 6 ആം വാക്യത്തില്‍ “കത്രിക്കുക” എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു വാക്ക്, “കൈറോ” എന്നതാണ് (കിറോ - keirō - ki'-ro).

 

കത്രിക്കുക, ക്ഷൌരം ചെയ്യുക എന്നീ വാക്കുകള്‍ക്ക് രണ്ടു വ്യത്യസ്ത ഗ്രീക്ക് വാക്കുകള്‍ ആണ് പൌലൊസ് ഉപയോഗിച്ചിരിക്കുന്നത്. ഇത് രണ്ടു രീതി ആയിരുന്നു. കത്രിക്കുക എന്നത് മുടിയുടെ നീളം കുറയ്ക്കുന്നതും ക്ഷൌരം ചെയ്യുക എന്നത് മുടി മൊത്തമായി മാറ്റുന്നതും ആയിരുന്നു.

 

ഇവിടെ പൌലൊസ് പറയുന്നത്, മൂടുപടം ഇടുന്നില്ല എങ്കില്‍ അത് മുടി കത്രിക്കുകയോ, ക്ഷൌരം ചെയ്യുന്നതോ പോലെയാണ്. ഇത് കത്രിക്കുന്നതും ക്ഷൌരം ചെയ്യുന്നതും നല്ലതാണ് എന്ന അര്‍ത്ഥത്തില്‍ അല്ല പറയുന്നത്. ഇത് രണ്ടും കൊരിന്തില്‍ അപമാനമായിരുന്നു. മൂടുപടം ഇടാതെയിരിക്കുന്നത് മുടി കത്രിക്കുന്നതിനും ക്ഷൌരം ചെയ്യുന്നതിനും തുല്യമായിരുന്നു. അത് കൊരിന്തില്‍ അക്കാലത്ത് പരസംഗം ചെയ്തു ജീവിച്ചിരുന്ന സ്ത്രീകളുടെ അടയാളമായിരുന്നു. അതിനാല്‍ മുടി കത്രിക്കുവാനോ ക്ഷൌരം ചെയ്യിക്കുവാനോ സ്ത്രീയ്ക്ക് അപമാനം എങ്കില്‍ മൂടുപടം ഉപയോഗിക്കട്ടെ.

 

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നവര്‍ തല ക്ഷൌരം ചെയ്യാറുണ്ടായിരുന്നു എന്നു യഹൂദ ന്യായപ്രമാണത്തിന്റെ വ്യാഖ്യാനങ്ങളിലും, ആദ്യകാല ക്രിസ്തീയ പിതാക്കന്മാര്‍ ആയ ക്രിസോസ്റ്റം പോലെയുള്ളവരുടെ രചനകളിലും നമുക്ക് കാണാവുന്നതാണ് (Talmud, Chrysostom). ഗ്രീക്കു എഴുത്തുകാരനായിരുന്ന അരിസ്റ്റോഫേന്‍സ് ഉം ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട് (Aristophanes). 

 

ഇവിടെ പൌലൊസ് ഉദ്ദേശിക്കുന്ന മൂടുപടം മുഖത്തെ മൊത്തം മൂടുന്ന ഒന്നാണോ, അത് ശിരസ്സില്‍ മാത്രം മതിയോ, അത് തുണികൊണ്ട് ഉള്ളതായിരിക്കേണമോ, അതോ ഒരു അടയാളമായി എന്തെങ്കിലും കൊണ്ട് നിര്‍മ്മിച്ചത് ധരിച്ചാല്‍ മതിയോ എന്നൊന്നും വ്യക്തമല്ല. ഇതൊന്നും പൌലൊസ് വ്യക്തമായി പറയാഞ്ഞത്, അത് അന്നത്തെ സമൂഹത്തില്‍ പരക്കെ അറിവുള്ള കാര്യം ആയിരുന്നതിനാല്‍ ആണ്. മൂടുപടം എന്നു പറഞ്ഞാല്‍ എന്താണ് എന്നു അന്നത്തെ ജനങ്ങള്‍ക്ക് അറിയാമായിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന ഒരു രീതിയെക്കുറിച്ചാണ് പൌലൊസ് പറഞ്ഞത്. 

 

മനുഷ്യ സൃഷ്ടിയുടെ ചരിത്രം

 

പൌലൊസ് തന്റെ വാദത്തെ സാധൂകരിക്കുവാനായി മനുഷ്യ സൃഷ്ടിയുടെ ചരിത്രം എടുത്തു പറയുന്നു. സൃഷ്ടിയിലെ പുരുഷ-സ്ത്രീ അധികാര ക്രമീകരണം ദൈവത്താല്‍ സംഭവിച്ചതാണ് എന്നതിനാല്‍ അത് പാലിക്കപ്പെടേണം എന്നാണ് അദ്ദേഹം വാദിക്കുന്നത്.

 

1 കൊരിന്ത്യര്‍ 11: 7 - 9

7    പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

   പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.

   പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.

ഇതില്‍ പുരുഷ മേധാവിത്വമുള്ള ഒരു സമൂഹത്തിന്റെ ചിന്തകള്‍ ഉണ്ട് എന്നതില്‍ സംശയമില്ല. പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആണ് എങ്കിലും സ്ത്രീയ്ക്ക് അത് അവകാശപ്പെടുവാന്‍ കഴിയുകയില്ല എന്ന ധ്വനി പൌലൊസിന്റെ വാക്കുകളില്‍ ഉണ്ട്. ഒരു പക്ഷേ അദ്ദേഹം അങ്ങനെ ചിന്തിച്ചു കാണുകയില്ല. സ്ത്രീ-പുരുഷ അധികാര ശ്രേണിയെക്കുറിച്ച് പറയുക എന്നത് മാത്രമേ അദ്ദേഹം ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു അനുമാനിക്കാം. എന്നാല്‍, സൃഷ്ടിയുടെ ചരിത്രത്തിലേക്കുള്ള ശ്രദ്ധ തിരിക്കല്‍, വിഭിന്നമായ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്കുന്നു. അദ്ദേഹത്തിന്റെ വാദം തന്നെ ദുര്‍ബലമാകുകയും ചെയ്യുന്നു.

പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആയിരിക്കുമ്പോള്‍ സ്ത്രീ പുരുഷന്റെ തേജസ്സ് ആകുന്നു എന്ന വാദം ദൈവശാസ്ത്രപരമായി നിലനില്‍ക്കുന്നതല്ല. രണ്ടുപേരെയും ദൈവം അവന്റെ സ്വരൂപത്തില്‍, സാദൃശ്യപ്രകാരം സൃഷ്ടിച്ചു. അതിനാല്‍ രണ്ടു പേരുടെമേലും ദൈവ തേജസ്സ് ഉണ്ടായിരിക്കേണം. സ്ത്രീയുടെ തേജസ്സ് പുരുഷനില്‍ നിന്നും കടം കൊള്ളുന്നത് അല്ല. 

 

ഉല്‍പ്പത്തി 1: 26, 27 

26  അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. 

 

സൃഷ്ടിയില്‍ സ്ത്രീ-പുരുഷ ബന്ധം എങ്ങനെ നിര്‍വചിക്കപ്പെട്ടിരുന്നു എന്നു അതിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്. ഇത് വളരെ ലളിതമാണ് എന്നു ഉപരിവിപ്ലവമായി ചിന്തിക്കുന്നവര്‍ക്ക് തോന്നാം എങ്കിലും സ്ത്രീ-പുരുഷ ബന്ധം, സൃഷ്ടിയില്‍ വിവരിക്കുന്ന പ്രകാരം, വളരെ സങ്കീര്‍ണ്ണമാണ്.

 

ഉല്‍പ്പത്തി ഒന്നാം അദ്ധ്യായത്തില്‍,ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്നേ പറയുന്നുള്ളൂ (ഉല്‍പ്പത്തി 1: 27). എന്നാല്‍ രണ്ടാം അദ്ധ്യായത്തില്‍ മനുഷ്യ സൃഷ്ടിയുടെ ചരിത്രം കൂടുതല്‍ വിശദമായി പറയുന്നു.

 

ഉല്‍പ്പത്തി 2: 21 

21   ആകയാൽ യഹോവയായ ദൈവം മനുഷ്യനു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.

22  യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.

അങ്ങനെ ആദ്യം ആദാമും പിന്നെ ഹവ്വായും സൃഷ്ടിക്കപ്പെട്ടു. ഇവര്‍ ഒരേ ദിവസം തന്നെയായിരിക്കേണം സൃഷ്ടിക്കപ്പെട്ടത്. കാരണം 6 ആം ദിവസമാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. 6 ദിവസംകൊണ്ടു എല്ലാ സൃഷ്ടിയും ദൈവം പൂര്‍ത്തിയാക്കി, അവന്‍ “സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി” (ഉല്‍പ്പത്തി 2: 2). നിവൃത്തനായി” എന്നു പറഞ്ഞാല്‍, സൃഷ്ടി അവസാനിപ്പിച്ചു വിശ്രമിച്ചു എന്നാണ് അര്‍ത്ഥം. ഇതാണ് പൌലൊസ് ചൂണ്ടിക്കാണിക്കുന്ന സ്ത്രീ-പുരുഷ ബന്ധത്തിന്റെ ക്രമീകരണം.

ഹവ്വയെ ആദ്യമായി കണ്ടപ്പോള്‍, ആദാം പറഞ്ഞതിങ്ങനെയാണ്:

 

ഉല്‍പ്പത്തി 2: 2അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.

ഇത് ആദാമും ഹവ്വയും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു. ഹവ്വ, ആദാമിന്റെ ശരീരവും, രക്തവും അസ്ഥിയുമാണ്. അതായത് ഹവ്വ, ആദാം തന്നെയാണ്. അതുകൊണ്ടാണ് അടുത്ത വാക്യത്തില്‍ പറയുന്നത്:  

 

ഉല്‍പ്പത്തി 2: 24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

ആദാം, ഹവ്വ എന്നിവരുടെ സൃഷ്ടിയില്‍ ഒന്നാമത്, രണ്ടാമത് എന്നൊരു ക്രമം ഉള്ളപ്പോള്‍ തന്നെ അവര്‍ ഒന്നായിരുന്നു എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണം. ഈ അവസ്ഥ സൃഷ്ടിക്കുവാന്‍ വേണ്ടിയാണ് ദൈവം സ്ത്രീയെ, ആദാമിനെ സൃഷ്ടിച്ചതുപോലെ, മണ്ണുകൊണ്ടു പ്രത്യേകമായി സൃഷ്ടിക്കാഞ്ഞത്. ആദാമിനെ സൃഷ്ടിച്ചതുപോലെ, ഹവ്വയേയും മണ്ണുകൊണ്ട് സൃഷ്ടിച്ചിരുന്നു എങ്കില്‍, അവള്‍ സമ്പൂര്‍ണ്ണമായി മറ്റൊരു വ്യക്തിയായി മാറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ ആദാമിന്റെ തന്നെ ഒരു ഭാഗം, രൂപാന്തരപ്പെടുത്തി എടുത്ത വ്യക്തിയാണ്.  

ആദാം സമീപത്തില്ലാതിരുന്ന സമയത്താണ് ഹവ്വ പാമ്പിനോട് സംസാരിച്ചത് എന്നും അതുകൊണ്ടാണ് അവള്‍ പാപത്തില്‍ വേണുപോയത് എന്നും ചിലര്‍ പഠിപ്പിക്കാറുണ്ട്. ഇത് ഒരു പുരുഷ മേധാവിത്വ ചിന്തയാണ്. സ്ത്രീ എപ്പോഴും പുരുഷന് അടിമായായി ജീവിക്കേണം എന്നും, അവള്‍ക്ക് സ്വാതന്ത്ര്യം നല്കുവാന്‍ പാടില്ല എന്നും, സ്വാതന്ത്ര്യം നല്കിയാല്‍ ഉടന്‍ അവള്‍ പിശാചിനോട് സഖ്യം ചെയ്തുകളയും എന്നുമുള്ള ഒരു ചിന്തയാണ് ഇത്തരം പഠിപ്പിക്കല്‍ പകരുന്നത്. എന്നാല്‍ അങ്ങനെ ഒരു വിവരണം വേദപുസ്തകത്തില്‍ ഇല്ല. ആദാം ഇടത്തും വലത്തുമായി കാവല്‍ നിന്ന്, എപ്പോഴും കാത്ത് സൂക്ഷിക്കേണ്ടുന്ന വ്യക്തിയായിട്ടല്ല ഹവ്വ സൃഷ്ടിക്കപ്പെട്ടത്.

മനുഷ്യന്റെ പാപത്തിലേക്കുള്ള വീഴ്ചയുടെ ചരിത്രം ഉല്‍പ്പത്തി 3 ആം അദ്ധ്യായത്തിലാണ് വിവരിക്കപ്പെടുന്നത്.

 

ഉല്‍പ്പത്തി 3: 6 ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.

ഇവിടെ മലയാളത്തില്‍ ഒരു വാക്ക് വിട്ടുപോയിട്ടുണ്ട്. ഇംഗ്ലീഷില്‍ ഈ വാക്യം ഇങ്ങനെയാണ്:

 

Genesis 3: 6 When the woman saw that the fruit of the tree was good for food and pleasing to the eye, and also desirable for gaining wisdom, she took some and ate it. She also gave some to her husband, who was with her, and he ate it. (NIV)

“ഭര്‍ത്താവിനും കൊടുത്തു” എന്നത് ഇംഗ്ലീഷില്‍ “അവളോടുകൂടെ ഉണ്ടായിരുന്ന ഭര്‍ത്താവിനും കൊടുത്തു” എന്നാണ്. ഇത് ആദാം, ഹവ്വയോടൊപ്പം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. യഹൂദ പരമ്പര്യമനുസരിച്ചുള്ള വ്യാഖ്യാനത്തിലും, ഹവ്വ പാമ്പിനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ആദാമും അവിടെ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. 

എന്നാല്‍ ഹവ്വ പാമ്പിനോട് സംസാരിച്ചപ്പോള്‍ ആദാം അവിടെ ഇല്ലായിരുന്നു എന്നു പറയുന്നവര്‍ ഉണ്ട്. അതിനെ തെളിയിക്കുവാന്‍ യുക്തിയുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങള്‍ മാത്രമേയുള്ളൂ, വാക്യങ്ങളുടെ പിന്‍ബലം ഇല്ല.

1 തിമൊഥെയൊസ് 2: 14, റോമര്‍ 5: 12 എന്നീ വാക്യങ്ങള്‍ മനുഷ്യന്റെ വീഴ്ചയില്‍ രണ്ടുപേര്‍ക്കും ഉള്ള പങ്കിനെക്കുറിച്ചാണ് പറയുന്നത്. അത് ആദാമിന്റെ അസാന്നിധ്യത്തെക്കുറിച്ചോ, സാന്നിധ്യത്തെക്കുറിച്ചോ പറയുന്നില്ല.

 

1 തിമൊഥെയൊസ് 2: 14 ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.

 

റോമര്‍ 5: 12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

ഹവ്വ ആദാമിന്റെ ഒരു ആശ്രയ ജീവി ആയിരുന്നില്ല. അവള്‍ ഒരു സ്വതന്ത്രയായ വ്യക്തി തന്നെയായിരുന്നു. അവള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാനും, സൌഹൃദങ്ങള്‍ സ്ഥാപിക്കുവാനും, സംസാരിക്കുവാനും, ചിന്തിക്കുവാനും, തീരുമാനങ്ങള്‍ എടുക്കുവാനും, അത് നടപ്പിലാക്കുവാനും ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ്, അവള്‍, പാമ്പിനോട് സൌഹൃദം സ്ഥാപിച്ചതും, സംസാരിച്ചതും, ചിന്തിച്ചതും, തീരുമാനങ്ങള്‍ എടുത്തതും അത് നടപ്പാക്കിയതും. ഇതിന് ആദാമിന്റെ അനുവാദമോ, പിന്തുണയോ ആവശ്യമില്ലായിരുന്നു. ഹവ്വ പാമ്പിനോട് സംസാരിച്ചപ്പോള്‍ അവള്‍ പാപം ചെയ്തിരുന്നില്ല എന്നു കൂടി ഓര്‍ക്കേണം.

ഹവ്വയുടെ സ്വാതന്ത്ര്യം അവള്‍ വിനിയോഗിച്ചതിന്റെ പരിണിത ഫലമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അവള്‍ ഒരു സമ്പൂര്‍ണ്ണ സ്വതന്ത്ര വ്യക്തിയായിരുന്നു എന്നു മനസ്സിലാക്കുകയാണ്.

മറ്റൊരു വസ്തുത കൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഈ ഭൂമിയിലെ സകല ചരാചാരങ്ങള്‍ക്കും പേരിട്ടത് ആദാമാണ്. സ്ത്രീയ്ക്ക് നാരി എന്നും ഹവ്വാ എന്നും പേരിട്ടതും ആദാമാണ് (ഉല്‍പ്പത്തി 2: 23; 3: 20). പേരിടുക എന്നത് അധികാരത്തെ കാണിക്കുന്നു. അതുകൊണ്ടാണ്, “സകലജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി എന്നു പറഞ്ഞത്. (ഉല്‍പ്പത്തി 2: 19).

അപ്പോള്‍ സൃഷ്ടിയിലെ അധികാരത്തിന്റെ ക്രമീകരണം വളരെ സങ്കീര്‍ണ്ണമാണ് എന്നു നമ്മള്‍ ഗ്രഹിക്കുന്നു. ആദാമും ഹവ്വയും ഒന്നാണ്, എന്നാല്‍ അവര്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്രര്‍ ആയ രണ്ടു വ്യക്തികള്‍ ആണ്. എന്നാല്‍ ആദാമിനു അധികാരത്തില്‍ മേല്‍കൈ ഉണ്ടായിരുന്നു.

മനുഷ്യന്‍ പാപത്തില്‍ വീണത്തിന് ശേഷം, ഈ ക്രമീകരണത്തിന് ചില വ്യത്യാസങ്ങള്‍ ഉണ്ടായി. ആദാമിന്റെ അധികാരം കൂടുതല്‍ ദൃഢമാകുകയും ഹവ്വ ആദാമിനോടു വിധേയപ്പെട്ടിരിക്കുകയും ചെയ്യുന്ന രൂപത്തിലേക്ക് മാറി. ദൈവം ഹവ്വയോട് പറഞ്ഞു: “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്‍പ്പത്തി 3: 16). എന്നാല്‍ ഇത് സൃഷ്ടിയിലെ ക്രമീകരണം അല്ല, പാപത്തിന്റെ ശിക്ഷയായുള്ള ക്രമീകരണം ആണ്.

1 കൊരിന്ത്യര്‍ 11 ല്‍ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍, പൌലൊസ് ആശ്രയിക്കുന്നത്, സൃഷ്ടിയുടെ ചരിത്രമാണ്. അവിടെ കാണുന്ന അധികാര ശ്രേണിയെ ആണ് പൌലൊസ് സ്ത്രീ പുരുഷന് കീഴടങ്ങിയിരിക്കേണം എന്നു വാദിക്കുവാനായി ഉപയോഗിക്കുന്നത്. ഇതിന്, പൌലൊസ് ഉദ്ദേശിക്കുന്നതുപോലെ, അവന്റെ വാദത്തെ പിന്‍താങ്ങുവാനുള്ള ശക്തിയില്ല. ഒന്നാമത് ആദാമും പിന്നീട് ഹവ്വയും സൃഷ്ടിക്കപ്പെട്ടു എന്നത് മാത്രമേ പൌലൊസും പറയുന്നുള്ളൂ.


പൌലൊസിന്റെ കാലത്ത്, കൊരിന്ത് പോലെയുള്ള റോമന്‍, ഗ്രീക്ക് പ്രദേശങ്ങളില്‍, ഒരു സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ സമൂഹത്തില്‍ വരുക എന്നത്, അവള്‍ പുരുഷന്റെ മുഖ്യപദവിയെ നിഷേധിക്കുന്നു എന്നാണര്‍ത്ഥമാക്കുന്നത്. പുരുഷന്മാര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. മൂടുപടം ധരിക്കാത്ത സ്ത്രീ, അവള്‍ അധികാരത്തില്‍ പുരുഷന് സമമാണ് എന്ന വാദമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം മനോഭാവം പുരുഷന്മാരോടു മാത്രമല്ല ക്രിസ്തുവിനോടും കൂടെയുള്ള മല്‍സരമാണ് എന്നാണ് പൌലൊസ് അഭിപ്രായപ്പെട്ടത്. അതിനാല്‍, പൌലൊസിന്റെ കാലത്ത്, സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാതെ സഭയില്‍ വരുന്നത് ആത്മീയ അധികാരത്തോടുള്ള, മല്‍സരം ആയിരുന്നു.

പൌലൊസ്, മനുഷ്യന്റെ വീഴ്ചയ്ക്ക് ശേഷം രൂപപ്പെട്ട പുരുഷ മേധാവിത്വമുള്ള സമൂഹത്തിലെ അംഗമാണ്. അവിടെ സ്ത്രീ, പുരുഷന് കീഴടങ്ങിയിരിക്കേണം എന്നാണ് പ്രമാണം. അതിനു ചില ബാഹ്യമായ അടയാളങ്ങള്‍ ഓരോ സമൂഹത്തിലും ഉണ്ടായിരിക്കും. ഈ അടയാളങ്ങള്‍ സ്ത്രീയെയും പുരുഷനെയും അവരുടെ സ്ഥാനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കും.  

തേജസ്സും മാനവും

 

1 കൊരിന്ത്യര്‍ 11: 7 പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

 

ഈ വാക്യത്തില്‍, പൌലൊസ് സ്ത്രീ-പുരുഷ ബന്ധത്തിലേ അധികാര ക്രമീകരണത്തെക്കുറിച്ചാണ് പറയുന്നതു എന്നു അനുമാനിക്കുന്നതാണ് ശരി. സ്ത്രീ പുരുഷന്റെ തേജസ്സ് എന്നല്ല, മാനം ആകുന്നു എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.

 

ഈ വാക്യത്തില്‍, “തേജസ്സ്” എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം, “ഡോക്സാ” എന്നാതാണ്. (doxa - dox'-ah). ഇതിന്റെ അര്‍ത്ഥം തേജസ്സ്, ബഹുമാനം, മഹത്തായ, സ്തുതി, മാന്യത, ആരാധന എന്നിവയാണ് (glory, glorious, honour, praise, dignity, worship).

 

ഇതേ വാക്ക് തന്നെയാണ് 15 ആം വാക്യത്തിലും, “മാനം” എന്നു പറയുവാന്‍ പൌലൊസ് ഉപയോഗിച്ചിരിക്കുന്നത്.

 

1 കൊരിന്ത്യര്‍ 11: 15 സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം (ഡോക്സാ – doxa) ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

 

എന്നാല്‍, സ്ത്രീയുടെമേലുള്ള തേജസ്സ് അവള്‍ പുരുഷനില്‍ നിന്നും എടുക്കുന്നതല്ല. പുരുഷനും സ്ത്രീയും തേജസ്സ് ധരിക്കുന്നത് ദൈവത്തില്‍ നിന്നുമാണ്. അതുകൊണ്ടു 1 കൊരിന്ത്യ 11: 8 നെ നമ്മള്‍ ഇങ്ങനെവേണം മനസ്സിലാക്കുവാന്‍  

 

“പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ മാനം ആകുന്നു.”

 

സ്ത്രീ പുരുഷന്റെ മാനം ആയിരിക്കുവാന്‍, കൊരിന്തിലെ സമൂഹം പാലിക്കുന്ന മര്യാദകള്‍ എന്താണോ അത് സ്ത്രീകള്‍ അനുസരിച്ചിരിക്കേണം. അതിനെതിരായ പ്രവര്‍ത്തികള്‍ ആ സമൂഹത്തെയും, സ്ത്രീ-പുരുഷ അധികാര ക്രമീകരണത്തെയും വെല്ലുവിളിക്കുന്നതാണ്.

 

യഹൂദ പുരുഷന്മാര്‍ തലയില്‍ മൂടുപടം ഇടുന്ന രീതി 4 ആം നൂറ്റാണ്ടിലാണ് പ്രചാരത്തിലായത് എന്ന് കരുതുന്നു. എന്നാല്‍ ഒന്നാം നൂറ്റാണ്ടിലും യഹൂദ പുരുഷന്മാരില്‍ ചിലര്‍ തലയില്‍ മൂടുപടം ഇടുമായിരുന്നു. അതിനാല്‍ പൌലൊസിന്റെ നിര്‍ദ്ദേശങ്ങള്‍ കൊരിന്തില്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കിയത് എന്നത് തീര്‍ച്ചയില്ല. പൊതുവേ, പുരുഷന്മാര്‍ തലയില്‍ മൂടുപടം ഇടുന്നത് കൊരിന്തില്‍ മാനമായിരുന്നില്ല എന്ന് വേണം കരുതുവാന്‍.

 

ഇതും മൂടുപടത്തെക്കുറിച്ചുള്ള പൌലൊസിന്റെ വാദം പ്രദേശികവും സംസ്കാരികവുമായ ജീവിത രീതികളാല്‍ സ്വാധീനിക്കപ്പെട്ടത് ആയിരുന്നു എന്നതിന്റെ തെളിവാണ്.     

 

ദൈവദൂതന്മാരും സ്ത്രീകളും

1 കൊരിന്ത്യര്‍ 11: 10 ആം വാക്യത്തിന് പ്രത്യേകമായ ഒരു വിശദീകരണം ആവശ്യമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അതിനു തൃപ്തികരമായ ഒരു വ്യാഖ്യാനം നല്കുവാന്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിയുന്നില്ല. ഇതിനെക്കുറിച്ച് വ്യത്യസ്തങ്ങള്‍ ആയ നിഗമനങ്ങള്‍ ഉണ്ട്. പൌലൊസ് ഇതിനെക്കുറിച്ച്, ഇവിടെയോ, മറ്റ് എവിടെയെങ്കിലുമോ ഒരു വിശദീകരണം നല്‍കുന്നില്ല. അക്കാലത്ത് കൊരിന്തിലെ വിശ്വാസികള്‍ക്ക് പരിചിതമായ ഒരു കാര്യം പൌലൊസ് പറയുക ആയിരുന്നത് കൊണ്ടാകാം അദ്ദേഹമതിനൊരു വിശദീകരണം നല്‍കുവാന്‍ ശ്രമിക്കാതിരുന്നത്.   

 

1 കൊരിന്ത്യര്‍ 11: 10 ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.

ദൂതന്‍മാര്‍ക്ക് മനുഷ്യരുടെമേല്‍ അധികാരം ഉള്ളതായിട്ട് ദൈവ വചനം പറയുന്നില്ല. എന്നാല്‍ ദൈവം അവരെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാനുള്ള അധികാരം അവര്‍ക്ക് ഉണ്ടായിരിക്കും. ദൂതന്‍മാര്‍ സ്വര്‍ഗ്ഗീയ ജീവികള്‍ ആണ്. അവര്‍ക്കിടയില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല. അവര്‍ക്ക് മനുഷ്യര്‍ക്കുള്ള വികാരങ്ങള്‍ ഇല്ല. അവര്‍ വിവാഹം കഴിക്കുന്നില്ല. അവര്‍ മനുഷ്യരെപ്പോലെ തലമുറകളെ ജനിപ്പിക്കുകയോ, എണ്ണത്തില്‍ വര്‍ദ്ധിച്ചുവരുകയോ ചെയുന്നില്ല. അതിനാല്‍ അത്തരം ചിന്തകളില്‍ അടിസ്ഥാനമായി ഈ വാക്യത്തെ വ്യാഖ്യാനിക്കുവാന്‍ സാധ്യമല്ല. 

വേദപുസ്തകത്തില്‍ ദൈവ ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചിരുന്നു എന്ന് പറയുന്നില്ല. ന്യായാധിപന്‍മാരുടെ പുസ്തകം 13 ആം അദ്ധ്യായത്തില്‍ ഒരു സ്വര്‍ഗ്ഗീയ ദൂതന്‍ രണ്ടു പ്രാവശ്യം മാനോഹയുടെ ഭാര്യയ്ക്ക് പ്രത്യക്ഷന്‍ ആയി. ദൂതന്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് എവിടെ വച്ചാണ് എന്നു പറയുന്നില്ല. രണ്ടാമത് പ്രത്യക്ഷനാകുന്നത് അവള്‍ വയലില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു. അവിടെ അവള്‍ ശിരോവസ്ത്രം ധരിച്ചിരുന്നതായോ, ദൂതന്‍ പ്രത്യക്ഷനായപ്പോള്‍ മൂടുപടം ധരിക്കേണമെന്ന് പറഞ്ഞതായോ വായിക്കുന്നില്ല. ലൂക്കോസ് 1 ആം അദ്ധ്യായത്തില്‍ യേശുവിന്റെ അമ്മ മറിയ വീടിനുള്ളില്‍ ആയിരിക്കുമ്പോള്‍ ആണ് ദൂതന്‍ പ്രത്യക്ഷനാകുന്നത്. ഇവിടെയും മൂടുപടത്തിന്റെ കാര്യം പറയുന്നില്ല. അതിനാല്‍ ദൂതന്മാര്‍ പ്രത്യക്ഷരാകുമ്പോള്‍ സ്ത്രീകള്‍ മൂടുപടം ഇട്ടിരിക്കേണം എന്നൊരു പ്രമാണം ഉണ്ടായിരുന്നതായി പറയുക സാധ്യമല്ല.

വീടിന് വെളിയില്‍, പൊതു സ്ഥലങ്ങളില്‍ മൂടുപടം ധരിക്കേണം എന്ന രീതി ഉണ്ടായിരുന്നു എന്നു വാദിച്ചാല്‍ തന്നെ, വീടിനുള്ളില്‍ സ്ത്രീകള്‍ പൊതുവേ മൂടുപടം ഇടുകയില്ലായിരുന്നു. മറിയയ്ക്ക് വീടിനുള്ളില്‍ വച്ചാണ് ദൂതന്‍ പ്രത്യക്ഷനാകുന്നത് എന്നു പ്രത്യേകം പറയുന്നുണ്ട്.

 

നീട്ടിയ മുടിയും മൂടുപടവും

 

1 കൊരിന്ത്യര്‍ 11 ആം അദ്ധ്യായത്തിലെ ശിരോവസ്തത്തെക്കുറിച്ചുള്ള വേദഭാഗം പഠിക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 14, 15 വാക്യങ്ങള്‍ ആണ്. ഈ വാക്യങ്ങളുടെ പൊരുള്‍ തിരിച്ചറിയുവാന്‍ കഴിഞ്ഞാല്‍, മൂടുപടത്തെക്കുറിച്ചുള്ള പൌലൊസിന്റെ വാദം എന്തായിരുന്നു ഗ്രഹിക്കുവാന്‍ കഴിയും.   

 

1 കൊരിന്ത്യര്‍ 11: 14, 15

14   പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും

15   സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

 

15 ആം വാക്യത്തില്‍ പൌലൊസ് ചോദിക്കുന്നതിതാണ്: “പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ”. ഇവിടെ “പ്രകൃതി” എന്ന വാക്കിന് കൂടുതല്‍ വ്യക്തത ആവശ്യമുണ്ട്. “പ്രകൃതി” എന്നതുകൊണ്ടു പൌലൊസ് എന്താണ് അര്‍ത്ഥമാക്കുന്നത്? പുരുഷന് നീളമില്ലാത്ത മുടിയും സ്ത്രീയ്ക്ക് നീളമുള്ള മുടിയും ദൈവം സൃഷ്ടിയില്‍ തന്നെ നിയമിച്ചതാണ്, അതിനാല്‍ അതിനു ഇനിയും മാറ്റമുണ്ടാക്കുവാന്‍ സാധ്യമല്ല, എന്നാണോ പൌലൊസ് അര്‍ത്ഥമാക്കിയത്?

 

പൌലൊസ് ഉദ്ദേശിച്ച അര്‍ത്ഥം അങ്ങനെയാകുവാന്‍ തരമില്ല. കാരണം ജൈവശാത്രപരമായി, പുരുഷന്റെ മുടിയും നീളത്തില്‍ വളരാം, സ്ത്രീകളുടെ മുടിയ്ക്ക് നീളത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യാം. മുടിയുടെ വളര്‍ച്ചയില്‍ പുരുഷനും സ്ത്രീയ്ക്കും തമ്മില്‍ ജൈവശാസ്ത്രപരമായി വ്യത്യാസമില്ല. അതിനാല്‍ ഇതൊരു ദൈവ സൃഷ്ടിയിലെ നിയമമല്ല.

 

അതിനാല്‍ “പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ” എന്ന ചോദ്യത്തില്‍ പൌലൊസ് ഉദ്ദേശിച്ചത്, ആ പ്രദേശത്തിലെ സംസ്കാരം അങ്ങനെ പഠിപ്പിക്കുന്നില്ലയോ എന്നാണ്. പുരുഷനും സ്ത്രീയും മുടി നീട്ടി വളര്‍ത്തുന്നതില്‍ വ്യത്യസ്തങ്ങള്‍ ആയ രീതികള്‍ പ്രാദേശിക സംസ്കാരം നിഷ്കര്‍ഷിക്കുന്നുണ്ട്. അതിനാല്‍ പുരുഷന്‍ മുടി നീട്ടി വളര്‍ത്താതെയിരിക്കുകയും സ്ത്രീകള്‍ മുടി നീട്ടിവളര്‍ത്തുകയും വേണം എന്നാണ് ആ പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. 

 

15 ആം വാക്യത്തില്‍ പൌലൊസ് പറയുന്നു, സ്ത്രീകള്‍ മുടി നീട്ടിവളര്‍ത്തുന്നത് അവള്‍ക്ക് മാനം ആകുന്നു. അവളുടെ തലമുടി മൂടുപടത്തിന് പകരം നല്കിയിരിക്കുന്നു. ഇതിനാല്‍ സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തേണം എന്നു പഠിപ്പിക്കുന്ന സഭാ വിഭാഗങ്ങള്‍ ഉണ്ട്. അങ്ങനെയെങ്കില്‍, നീളമുള്ള മുടി സ്ത്രീയ്ക്ക് മൂടുപടത്തിന് പകരമാണ് എന്നതിനാല്‍ അവള്‍ അതിനുമീതെ ശിരോവസ്ത്രം ധരിക്കേണ്ടതുണ്ടോ?

 

ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുവാന്‍, 1 കൊരിന്ത്യര്‍ 11: 2-16 വരെയുള്ള ഭാഗത്ത്, മൂടുപടം എന്നു പറയുവാന്‍ പൌലൊസ് ഉപയോഗിയ്ക്കുന്ന ഗ്രീക്കു വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കേണം. ഇവിടെ വ്യത്യസ്തങ്ങള്‍ ആയ മൂന്നു വാക്കുകള്‍, “മൂടുപടമില്ലാതെ”, “മൂടുപടം” എന്നിവ പറയുവാന്‍ പൌലൊസ് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെയെല്ലാം അര്‍ത്ഥം ഒന്നല്ല.   

 

1 കൊരിന്ത്യര്‍ 11: 5, 6, 7, 13

   മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.

   സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.

   പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.

 

13   നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?

 

5 ആം വാക്യത്തില്‍ മൂടുപടമില്ലാതെഎന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് “അകറ്റാകലുപ്റ്റോസ്” എന്നതാണ്. (akatakalyptos - ak-at-ak-al'-oop-tos). ഈ വാക്ക് പുതിയനിയമത്തില്‍ രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ. അത് ഈ വേദഭാഗത്ത് 5 ആമത്തെയും 13 ആമത്തെയും വാക്യങ്ങളില്‍ ആണ്.

 

“മൂടുപടം” എന്നു പറയുവാന്‍ പൌലൊസ് ഉപയോഗികുന്ന ഗ്രീക്കു വാക്ക് “കറ്റാകലുപ്റ്റോ” എന്നതാണ് (katakalyptō - kat-ak-al-oop'-to). ഈ വാക്ക് ആത്മീയ അര്‍ത്ഥത്തിലാണ് പൌലൊസ് ഉപയോഗിക്കുന്നത്. ഈ ഗ്രീക്കു വാക്ക് പുതിയനിയമത്തില്‍ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. അത് എല്ലാം ഈ വേദഭാഗത്താണ്. 6 ആമത്തെ വാക്യത്തില്‍ രണ്ടു പ്രാവശ്യവും 7 മത്തെ വാക്യത്തില്‍ ഒരു പ്രാവശ്യവും കാണുന്നു. ഇവിടെ ഈ വാക്കുകള്‍, ഒരു അധികാരത്തിന് കീഴില്‍ ആയിരിക്കുന്നതിന്റെ അടയാളത്തെ സൂചിപ്പിക്കുന്നു.

 

15 ആം വാക്യത്തില്‍ മൂടുപടം എന്ന് പറയുവാന്‍ പൌലൊസ് ഉപയോഗിക്കുന്നത് മറ്റൊരു വാക്കാണ്.

 

1 കൊരിന്ത്യര്‍ 11: 15 സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?

 

ഇവിടെ പൌലൊസ് “മൂടുപടം” എന്നു പറയുവാന്‍ “പേരിബോളയന്‍” (peribolaion - per-ib-ol'-ah-yon ) എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് പുതിയനിയമത്തില്‍ രണ്ടു പ്രാവശ്യം മാത്രമേ കാണുന്നുള്ളൂ. അത് 1 കൊരിന്ത്യര്‍ 11: 15 ലും എബ്രായര്‍ 1: 12 ലും ആണ്.

 

എബ്രായര്‍ 1: 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.

പേരിബോളയന്‍ (peribolaion - per-ib-ol'-ah-yon ) എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം “ഉടുപ്പ്” എന്നാണ്. ഈ അര്‍ത്ഥത്തിലാണ് എബ്രായര്‍ 1: 12 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

അതിനാല്‍, പൌലൊസ് പറയുന്നത് നീളമുള്ള മുടി ഒരു സ്ത്രീയ്ക്ക് ഉടുപ്പു പോലെയാണ് എന്നാണ്.

6 ആം വാക്യത്തിലെ വാദം ഇതാണ്: മുടി കത്രിച്ചുകളയുന്നതും ക്ഷൌരം ചെയ്യുന്നതും സമൂഹത്തില്‍ അപമാനം ആണ് എന്നതിനാല്‍ അവള്‍ അങ്ങനെ ചെയ്യുന്നില്ല. അതുപോലെ ശിരോവസ്ത്രം ധരിക്കാതെയിരിക്കുന്നത് സഭയില്‍ അപമാനം ആയിരിക്കുന്നതിനാല്‍ അവള്‍ മൂടുപടം ഇടട്ടെ.

 

പുരുഷന്‍ മുടി നീട്ടി വളര്‍ത്തുന്നത് അപമാനം ആണ് എന്നത് കൊരിന്തിലെ സംസ്കാരത്തിന്റെ ഭാഗമാണ്. കൊരിന്തില്‍ പുരുഷന്‍ മൂടുപടം ധരിക്കുന്നത് അപമാനവും സ്ത്രീ അങ്ങനെ ചെയ്യുന്നത് മാനവും ആയിരുന്നു.

 

ഈ വാക്യങ്ങളില്‍ പുരുഷന്‍ മുടി നീട്ടിയാലുള്ള അവസ്ഥയും സ്ത്രീ മുടി നീട്ടിയാലുള്ള അവസ്ഥയും ഇടത്തും വലതുമായി രണ്ടു വശങ്ങളില്‍ വച്ചുകൊണ്ടു പൌലൊസ് സംസാരിക്കുകയാണ്. പുരുഷന്‍ മുടി നീട്ടുന്നത് അപമാനവും സ്ത്രീ മുടി നീട്ടുന്നത് മാനവും ആകുന്നു.

 

അതിനുശേഷം പൌലൊസ് പറയുന്നു, സ്ത്രീയ്ക്ക് നീളമുള്ള മുടി മൂടുപടത്തിന് പകരമായി ദൈവം നല്കിയിരിക്കുന്നു. അത് കത്രിച്ച് നീളം കുറയ്ക്കുവാന്‍ പാടില്ല. നീളമുള്ള മുടി സ്ത്രീയ്ക്ക് അഭിമാനം ആകുന്നു. ഇവിടെ പൌലൊസ് അര്‍ത്ഥമാക്കുന്നത്, കത്രിച്ച, നീളം കുറഞ്ഞ മുടി, മൂടാത്ത അല്ലെങ്കില്‍ മൂടുപടമിടാത്ത തലയ്ക്ക് തുല്യമാണ്. അതിനാല്‍ നീളമുള്ള മുടി മൂടുപടത്തിന് പകരമാകാം. നീളമുള്ള മുടിയുള്ള ഒരു സ്ത്രീ തലയില്‍ മൂടുപടം ഇടേണ്ട ആവശ്യമില്ല.

 

15 ആം വാക്യത്തിലെ “പകരം” എന്ന വാക്കിന്റെ ഗ്രീക്കു പദം “അന്‍റീ” എന്നതാണ് (antian-tee). ഈ വാക്കിന്റെ അര്‍ത്ഥം, പകരമായി, എതിരായി, (ഒരു കാര്യത്തിന്) മുമ്പ്, (ഒരു കാര്യത്തിന്) പകരമായി എന്നിങ്ങനെയാണ് (opposite to, before, instead of, in place of (something)). അതിനാല്‍ മലയാളം വിവര്‍ത്തനത്തിലെ, “സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു” എന്ന പരിഭാഷ കൃത്യമാണ്. ശിരോവസ്ത്രത്തിന് പകരമാണ് നീളമുള്ള മുടി.   

 

സ്ത്രീ മൂടുപടം ഇടുന്നില്ല എങ്കില്‍ അത് അവളുടെ തലമുടി കത്രിച്ചതിനോടും ക്ഷൌരം ചെയ്തതിനോടും സമമാണ് എന്നാണ് പൌലൊസ് പറഞ്ഞത്. അത് നീളമുള്ള തലമുടി അവള്‍ക്ക് മൂടുപടത്തിന് പകരം നല്കിയിരിക്കുന്നു എന്ന വാദത്തോട് ഒക്കുന്നു. അതിനാല്‍ നീളമുള്ള തലമുടിയുള്ളവള്‍ മൂടുപടം ധരിക്കേണ്ടതില്ല. നീളമുള്ള തലമുടി അവളുടെ സത്വത്തിന്റെ സവിശേഷതയുടെ അടയാളമാണ്.

 

പൌലൊസിന്റെ അഭിപ്രായത്തില്‍, ഒരു സ്ത്രീ പുരുഷനെപ്പോലെ, കത്രിച്ച, നീളം കുറഞ്ഞ മുടി ധരിക്കുവാന്‍ പാടില്ല. ഈ വാദത്തില്‍ കാണുന്നത്, ബാഹ്യമായ സ്ത്രീ-പുരുഷ വ്യത്യാസം നിലനിറുത്തേണം എന്ന ആശയമാണ്.  പുരുഷന്റെ നീളമുള്ള മുടിയും, സ്ത്രീകളുടെ കത്രിച്ച മുടിയും അപമാനമാകുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത് പറയുന്നത്.

 

തര്‍ക്കിക്കുവാനുള്ള മര്യാദ

 

16 ആം വാക്യം മറ്റൊരു ആശയം കൂടി ഈ വാദങ്ങളോട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

 

1 കൊരിന്ത്യര്‍ 11: 16 ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.

 

എന്താണ് ഇതിന്റെ അര്‍ത്ഥം? എല്ലാ പ്രദേശങ്ങളിലെയും ക്രിസ്തീയ വിശ്വാസികള്‍ എല്ലാ കാലത്തും വാദ പ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞിരിക്കേണം എന്നല്ല പൌലൊസ് ഇവിടെ പറയുന്നത്. കൊരിന്തിലെ ഒരു പ്രത്യേക വിഷയത്തില്‍ പൌലൊസ് തന്റെ തീര്‍പ്പ് കല്‍പ്പിച്ചു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു വ്യക്തിക്ക് ജീവിക്കേണം എന്നു ആഗ്രഹമുണ്ട് എങ്കില്‍, അത് ദൈവ സഭയ്ക്ക് അനുവദിക്കുവാന്‍ സാധ്യമല്ല. പൌലൊസ് പറഞ്ഞതിനോട് യോജിക്കാതെ ഒരുത്തന്‍ തര്‍ക്കിക്കുവാന്‍ ഭാവിച്ചാല്‍, അവന്‍ പറയുന്ന വാദങ്ങള്‍ അംഗീകരിക്കുവാന്‍ അദ്ദേഹത്തിനൊ സഭയ്ക്കൊ സാധ്യമല്ല. കാരണം സാമൂഹിക മര്യാദകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ദൈവസഭയ്ക്ക് പാലിക്കുവാന്‍ സാധ്യമല്ല. എപ്പോഴും, കഴിയുന്ന ഇടത്തോളം, പ്രാദേശിക സംസ്കാരത്തോട് ചേര്‍ന്ന് പോകുന്ന ഒരു രീതിയായിരുന്നു പൌലൊസ് സ്വീകരിച്ചിരുന്നത്.  

 

അതായത്, അദ്ദേഹം വ്യക്തമായി പറയുകയാണ്, സ്ത്രീകള്‍ മൂടുപടം ഇടേണം എന്നത് ദൈവ സഭയ്ക്ക് ഉള്ള നിര്‍ദ്ദേശമാണ്, അതിനു വിരുദ്ധമായ ആശയങ്ങള്‍ ദൈവ സഭയ്ക്ക് അംഗീകരിക്കുവാന്‍ സാധ്യമല്ല.

 

ഈ വാചകത്തില്‍, പൌലൊസ്, മൂടുപടത്തെ, കൊരിന്ത് എന്ന പ്രദേശത്തിന്റെ വിഷയത്തേക്കാള്‍ വിശാലമായി കണ്ടു എന്ന ധ്വനി ഉണ്ട്. അതിനാല്‍, അദ്ദേഹം മൂടുപടത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലായിടത്തെയും, എല്ലാക്കാലത്തെയും ദൈവസഭയ്ക്ക് ബാധകമായ പ്രമാണമാണ് എന്നു വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍, “ദൈവ സഭകള്‍ക്കുമില്ല” എന്നത് ലോകത്തിലെ എല്ലാ സഭകളെയു കുറിച്ചാണോ, അതോ അക്കാലത്തെ കൊരിന്തിലെയും സമാനമായ പ്രദേശങ്ങളിലെയും സഭകളെക്കുറിച്ചാണോ എന്നത് വ്യക്തമല്ല.

 

അത് കൊരിന്തിലെ സഭയില്‍ സ്ത്രീകള്‍ പാലിക്കേണ്ടുന്ന മര്യാദയുടെ അന്തിമ തീര്‍പ്പാണ് എന്നു മനസ്സിലാക്കുന്നതാണ് ഏറെ ശരി. കൊരിന്തിലെ സഭയ്ക്ക് മാത്രമല്ല, സമാന സാംസ്കാരിക പശ്ചാത്തലമുള്ള സഭകള്‍ ആ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. അവര്‍ക്കും പൌലൊസിന്റെ അഭിപ്രായത്തെ അന്തിമ തീര്‍പ്പായി സ്വീകരിക്കാം.

 

വ്യത്യസ്തങ്ങളായ സംസ്കാരവും മൂല്യങ്ങളും ഉള്ള പ്രദേശങ്ങളില്‍ ഇത് പാലിക്കുവാന്‍ സാധ്യമല്ല എന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം റോമന്‍ സാമ്രാജ്യത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച വ്യക്തിയാണ്. റോമന്‍-ഗ്രീക്ക്-യഹൂദ സംസ്കാരങ്ങളില്‍, ജീവിത രീതികള്‍ വ്യത്യസ്തമായിരുന്നു.

 

ലാറ്റിന്‍ (റോമന്‍) സംസ്കാരമുള്ള ഇടങ്ങളില്‍ ഇത് എങ്ങനെയാണ് നടപ്പാക്കിയത് എന്നു തീര്‍ച്ചയില്ല. റോമിലെ സംസ്കാരത്തില്‍, ക്ഷേത്രങ്ങളില്‍ പൂജചെയ്യുന്ന പുരുഷന്മാരെയും  ചക്രവര്‍ത്തിയെയും അനുകരിച്ചുകൊണ്ട് ശിരസ്സ് മൂടുന്ന രീതി പുരുഷന്മാര്‍ക്കിടയില്‍, അക്കാലത്ത് ഉണ്ടായിരുന്നു. ഇത് മുമ്പ് ചിന്തിച്ചുകഴിഞ്ഞ വിഷയമായതിനാല്‍ ആവര്‍ത്തിക്കുന്നില്ല.    

 

ദൈവശാസ്ത്രപരമായ വൈരുദ്ധ്യങ്ങള്‍

പൌലൊസ് സ്ത്രീകള്‍ മൂടുപടം ധരിക്കേണം എന്നാണ് ഉപദേശിച്ചത് എന്നു വ്യാഖ്യാനിക്കുമ്പോള്‍ ചില ദൈവശാസ്ത്രപരമായ വൈരുദ്ധ്യങ്ങള്‍ ഉയരുന്നുണ്ട്. 

സ്ത്രീകള്‍ മൂടുപടം ഇടേണം എങ്കില്‍ അവര്‍ പ്രവചിക്കുകയും വേണം. പ്രവചിക്കുന്നെങ്കില്‍ അവര്‍ പരിശുദ്ധാത്മാവിന്റെ മറ്റ് കൃപാവരങ്ങള്‍ കൂടി പ്രാപിക്കേണ്ടതല്ലേ. ഇത് കൃപാവരങ്ങള്‍ അപ്പോസ്തോലിക കാലത്തോടെ അവസാനിച്ചു എന്നു വിശ്വസിക്കുന്നവര്‍ എങ്ങനെ നടപ്പിലാക്കും?

മൂടുപടം പുരുഷന്മാരുടെ അധികാരത്തിന്റെയും, സ്ത്രീകള്‍ പുരുഷന് കീഴ്പ്പെട്ടിരിക്കുന്നു എന്നതിന്റെയും ബാഹ്യമായ അടയാളമാണ്. അതിനാല്‍ സ്ത്രീകള്‍ മൂടുപടം ധരിക്കേണം എന്ന നിര്‍ബന്ധം ബാഹ്യമായ അടയാളങ്ങളുടെ പ്രാധാന്യത്തിലേക്ക് സഭയെ നയിക്കും.


മൂടുപടം ഒരു ബാഹ്യമായ അടയാളമായി ഉപയോഗിക്കുമ്പോള്‍, അത് സ്ത്രീകളെ കീഴ്പ്പെട്ടിരിക്കേണ്ടവര്‍ മാത്രമായി അടയാളപ്പെടുത്തും. ഇത് സഭയില്‍ പുരുഷ മേധാവിത്വത്തിലേക്ക് അധികാര ക്രമത്തെ മാറ്റും എന്നതാണ്, അതിനോടു വിയോജിപ്പുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സാമൂഹിക പ്രശ്നം. 


പൌലൊസിന്റെ അഭിപ്രായത്തില്‍, തിരുവെഴുത്തുകള്‍ നിര്‍ദ്ദേശിക്കുന്ന അധികാരശ്രേണി സ്ത്രീകള്‍ ബഹുമാനിക്കേണം. അതിന്റെ പ്രദേശികമായതും സംസ്കാരികവുമായ അടയാളങ്ങള്‍ അവഗണിക്കരുത്. അധികാരശ്രേണി എന്നതും ശിരോവസ്ത്രം എന്നതും തമ്മില്‍ കൊരിന്തില്‍ ബന്ധമുണ്ട്. ഈ സാംസ്കാരിക പശ്ചാത്തലത്തില്‍ അതിനെ നിരസിച്ചുകൊണ്ടു ജീവിക്കുക എന്നത് അധികാരശ്രേണിയെ തന്നെ നിരസിക്കുകയും അതിനോട് മല്‍സരിക്കുകയും ചെയ്യുകയാണ്.

എന്നാല്‍ സംസ്കാരം മാറുകയും വേദപുസ്തകത്തില്‍ പറയുന്ന അധികാര ശ്രേണിയുടെ അടയാളങ്ങള്‍ സമൂഹത്തില്‍ വ്യത്യാസപ്പെടുകയും ചെയ്യുമ്പോള്‍, അതനുസരിച്ചുള്ള മാറ്റങ്ങള്‍ ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ പഴയ അടയാളങ്ങള്‍ അര്‍ത്ഥമില്ലാത്തത് ആയിത്തീരും.

 

സ്ത്രീകള്‍ സഭയില്‍ മിണ്ടാതിരിക്കട്ടെ

 

1 കൊരിന്ത്യര്‍ 11 ആം അദ്ധ്യായത്തിലെ മൂടുപടത്തെക്കുറിച്ചുള്ള പൌലൊസിന്റെ നിര്‍ദ്ദേശങ്ങളും, 1 കൊരിന്ത്യര്‍ 14, 1 തിമൊഥെയൊസ് 2 എന്നീ അദ്ധ്യായങ്ങളില്‍ പറയുന്ന ഉപദേശങ്ങളും തമ്മില്‍ പൊരുത്തപ്പെടുത്തുവാന്‍ പ്രയാസമാണ്.

 

1 കൊരിന്ത്യര്‍ 14: 34 വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല.

 

1 തിമൊഥെയൊസ് 2: 12 മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.

 

ഈ രണ്ടു വാക്യങ്ങള്‍ ചേര്‍ത്തു പഠിച്ചാല്‍, സഭയില്‍ സ്ത്രീകള്‍ മിണ്ടാതെയിരിക്കേണം. അവര്‍ക്ക് പ്രസംഗിക്കുവാനും, ഉപദേശം പഠിപ്പിക്കുവാനും, പുരുഷന്റെമേല്‍ അധികാരം നടത്തുവാനും അനുവാദമില്ല. എന്നാല്‍ അവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും പ്രവചിക്കുവാനും കഴിയുമോ എന്നതിന് ഇവിടെ വ്യക്തതയില്ല.

 

സഭയുടെ ആദ്യ നാളുകളില്‍, ഉപദേശങ്ങള്‍ അന്തിമമായി വെളിപ്പെട്ടുവരുകയോ, ക്രോഡീകരിക്കപ്പെടുകയോ ചെയ്തിട്ടില്ലായിരുന്നു. അത് ദൈവ സഭയുടെ ഉപദേശങ്ങള്‍ രൂപീകരിക്കപ്പെടുന്ന കാലമായിരുന്നു. അതുകൊണ്ടു, അന്ന് പ്രവചനം എന്നത് ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയായിരുന്നു. അതിനെ വിലക്കുവാന്‍ പൌലൊസിന് കഴിയുകയില്ല. പ്രവചനങ്ങള്‍ ദൈവീക വെളിപ്പാടും ഉപദേശങ്ങളും വ്യാഖ്യാനങ്ങളും ആയിരുന്നു. ഈ വെളിപ്പാടുകള്‍ സഭയുടെ ഉപദേശങ്ങള്‍ ആയി മാറുന്ന ആത്മീയ കാലഘട്ടം ആയിരുന്നു. അതിനാല്‍ പ്രവചനങ്ങളിലൂടെ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും സഭയെ അറിയിക്കാം എങ്കിലും, പ്രസംഗിക്കുവാനോ അതിലൂടെ സഭയെ ഉപദേശിക്കുവാനോ സ്ത്രീകള്‍ക്ക് അനുവാദമില്ല എന്നായിരിക്കാം പൌലൊസ് ഉദ്ദേശിച്ചത്.

 

“സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ എന്ന പ്രമാണം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയാണ് എങ്കില്‍, അവള്‍ മൂടുപടം ധരിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യേണമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.

 

എന്നാല്‍ ഇന്ന്, ദൈവ സഭയുടെ ഉപദേശങ്ങള്‍ എല്ലാം അന്തിമമായി വെളിപ്പെടുകയും രൂപീകരിക്കപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. ഇന്ന്, ദൈവ സഭയുടെ ഉപദേശങ്ങള്‍ വെളിപ്പെടുത്തുന്ന പ്രവചനങ്ങള്‍ക്ക് സാംഗത്യമില്ല. അതിനാല്‍ പൌലൊസ് കൊരിന്തിലെ സഭയ്ക്കും തിമൊഥെയൊസിനും എഴുതിയ, സ്ത്രീകള്‍ മിണ്ടാതിരിക്കട്ടെ എന്ന പ്രമാണത്തില്‍, ഇന്ന് സഭകളില്‍ കാണുന്ന പ്രവചനങ്ങള്‍ ഉള്‍പ്പെടില്ല.

 

ഇന്നത്തെ ക്രിസ്തീയ സഭകളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കുവാനും, പ്രവചിക്കുവാനും, ഉപദേശങ്ങള്‍ പഠിപ്പിക്കുവാനും അനുവാദം ഉണ്ട്. ചില സഭാ വിഭാഗങ്ങള്‍, സഭാ ശുശ്രൂഷകരായി സ്ത്രീകളെ നിയോഗിക്കുന്നു. ഇവിടെ, “സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ എന്ന പൌലൊസിന്റെ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. അത് പ്രദേശികവും സംസ്കാരികവുമായ വിഷയമായി കാണുന്നു.

 

അതുപോലെതന്നെ പ്രദേശികമായ ഒരു വിഷയമായിരുന്നു സ്ത്രീകള്‍ മൂടുപടം ധരിക്കുക എന്നത്. ഇങ്ങനെ ചിന്തിക്കുന്നത് ഏറെ ന്യായമാണ്.


ഉപസംഹാരം


ഈ പഠനത്തിന്റെ അവസാനത്തില്‍, 1 കൊരിത്യര്‍ 11 ആം അദ്ധ്യായത്തില്‍, പൌലൊസ് മൂടുപടത്തെക്കുറിച്ച് പറയുമ്പോള്‍, അവന്‍, ഒരു സര്‍വ്വലൌകീകവും, നിത്യവുമായ നിയമം സ്ഥാപിക്കുക ആയിരുന്നില്ല എന്ന നിഗമനത്തില്‍ നമ്മള്‍ എത്തിച്ചേരുകയാണ്. അവന്‍, കൊരിന്തിലെ ഒരു പ്രാദേശിക സംസ്കാരത്തെ സഭ സ്വീകരിക്കേണം എന്ന് ഉപദേശിക്കുക ആയിരുന്നു.

പൌലൊസ് ഇവിടെ പറയുന്ന വിഷയം സ്ത്രീ-പുരുഷ ബന്ധത്തിലേ അധികാര ക്രമീകരണത്തെക്കുറിച്ചാണ്. പൌലൊസിന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാകാലത്തേയും സഭകള്‍ക്കുള്ള ഉപദേശമായി കാണുവാന്‍ സാധ്യമല്ല. അത് ഇത്തരം വിഷയങ്ങളില്‍ സാധ്യമല്ല. എന്നാല്‍ ഇതില്‍ ദൈവീകമായ അര്‍ത്ഥം ഉണ്ട്. ദൈവീകമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന അധികാര ശ്രേണിയും അതിനെ ബഹുമാനിക്കേണ്ടുന്നതിന്റെ ആവശ്യകതയും പൌലൊസിന്റെ വാക്കുകളില്‍ ഉണ്ട്. അതിന്റെ അടയാളം പ്രധാനപ്പെട്ട വിഷയം അല്ല. പൌലൊസ് എക്കാലത്തെയും എല്ലായിടത്തേയും സഭകള്‍ക്കുള്ള ഒരു പ്രമാണം പഠിപ്പിക്കുകയല്ല.

 

സ്ത്രീകള്‍, പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍, പുരുഷന്‍മാര്‍ക്ക് കീഴടങ്ങിയിരിക്കുന്നു എന്നതിന് പലതരത്തിലുള്ള ബാഹ്യമായ അടയാളങ്ങള്‍ പൌലൊസിന്റെ കാലത്ത് വിവിധ സമൂഹകങ്ങളില്‍ ഉണ്ടായിരുന്നു. ഗ്രീക്-റോമന്‍ സാമ്രാജ്യങ്ങളുടെ കാലത്ത്, കൊരിന്തില്‍ സര്‍വ്വസാധാരമായ രീതി സ്ത്രീകള്‍ തലയില്‍ മൂടുപടം ധരിക്കുക എന്നതായിരുന്നു. ഇന്നും മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളിലും ചില പൌരസ്ത്യ രാജ്യങ്ങളിലും വിവാഹിതരായ സ്ത്രീകള്‍ മൂടുപടം ധരിക്കാറുണ്ട്. അന്യ പുരുഷന്മാരുടെ മുമ്പില്‍ നില്‍ക്കുമ്പോഴും, പൊതു സ്ഥലങ്ങളില്‍ വരുമ്പോഴും സ്ത്രീകള്‍ മൂടുപടം ധരിക്കാറുണ്ട്. ഈ മൂടുപടത്തിന്റെ രീതിയ്ക്ക് പ്രാദേശികമായി വ്യത്യാസങ്ങള്‍ ഉണ്ട്.  

 

പൌലൊസിന്റെ ലേഖനത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത്, കൊരിന്തിലെ സഭയില്‍ ചില സ്ത്രീകള്‍, അവിടുത്തെ ഈ ജീവിത രീതി പാലിക്കാതെയിരുന്നു എന്നാണ്. പ്രത്യേകിച്ച്, പ്രവചിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും. ദൈവത്തിന്റെ സ്ത്രീ-പുരുഷ സ്ഥാനങ്ങളെക്കുറിച്ചുള്ള ക്രമീകരണങ്ങളോട് മല്‍സരിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരമൊരു മല്‍സരമാണ് കൊരിന്ത് സഭയില്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

 

അതിനാല്‍, സ്ത്രീകള്‍ ദൈവീക ക്രമീകരണങ്ങളെ വെല്ലുവിളിക്കുന്നവര്‍ ആകരുതു എന്ന ഉപദേശമാണ് പൌലൊസ് നല്‍കുന്നത്. ഇതാണ് ഈ വാക്യങ്ങളില്‍ നിന്നും നമുക്ക് എത്തിച്ചേരാവുന്ന അന്തിമമായ നിഗമനം.

 

വസ്ത്ര ധാരണത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസം പാലിക്കുന്നത് നല്ലതാണ്. ദൈവം സൃഷ്ടിയില്‍ തന്നെ സ്ത്രീയെയും പുരുഷനെയും വ്യത്യസ്തങ്ങളായ വ്യക്തികളായിട്ടാണ് സൃഷ്ടിച്ചത്. വേദപുസ്തകാലത്ത്, മദ്ധ്യപൂര്‍വ്വ രാജ്യങ്ങളില്‍ എല്ലാം സ്ത്രീകളും പുരുഷന്മാരും നീളന്‍ കുപ്പായങ്ങള്‍ ആണ് ധരിച്ചിരുന്നത്. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ ചില അടയാളങ്ങളും ഉണ്ടായിരുന്നു. സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തുകയും, ചില പ്രദേശങ്ങളില്‍ മൂടുപടം ധരിക്കുകയും ചെയ്യുമായിരുന്നു. 

 

വസ്ത്രധാരണം എപ്പോഴും എവിടേയും, എല്ലാക്കാലത്തും പ്രദേശികമായ സംസ്കാരത്തിന്റെ ഭാഗമാണ്. അത് മിതത്വവും മാന്യവും ആയിരിക്കേണം എന്നല്ലാതെ അതിലുപരിയായ യാതൊരു ആത്മീയ പ്രാധാന്യവും അതിനില്ല.  

 

സ്ത്രീകള്‍ മൂടുപടം ധരിക്കേണം എന്ന ഉപദേശത്തെക്കുറിച്ചുള്ള, ഇന്നത്തെ കാലത്തെ ചോദ്യം ഇതാണ്. ശിരോവസ്ത്രം ധരിക്കാതെ സഭയില്‍ സ്ത്രീകള്‍ വരുന്നത് ആത്മീയ അധികാരത്തോടുള്ള മല്‍സരം ആകുമോ?

 

ഇന്നത്തെ ക്രൈസ്തവ സഭകളില്‍ പലതും, പ്രത്യേകിച്ചു പാശ്ചാത്യ രാജ്യങ്ങളിലെ സഭകള്‍, സ്ത്രീകള്‍ സഭയില്‍ മൂടുപടം ഇടേണം എന്നു നിര്‍ബന്ധിക്കുന്നില്ല. സഭയ്ക്ക് വെളിയില്‍ മൂടുപടം ധരിക്കുന്ന രീതിയും ആ സമൂഹകങ്ങളില്‍ ഇല്ല. എന്നാല്‍ പുരുഷന്റെ ആത്മീയ അധികാരത്തെ അവര്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അതായത് സ്ത്രീ-പുരുഷ വേര്‍തിരിവിനെയും പുരുഷന്റെ ആത്മീയ അധികാരത്തെയും അംഗീകരിക്കുന്നു എങ്കിലും അതിനൊരു ബാഹ്യമായ അടയാളം ഉണ്ടായിരിക്കേണം എന്നു നിഷ്കര്‍ഷിക്കുന്നില്ല. അവരുടെ സമൂഹത്തിലും അങ്ങനെയൊരു നിഷ്കര്‍ഷയില്ല.

 

സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുക എന്നതിന് ആത്മീയമായി യാതൊരു പ്രാധാന്യവും ഇല്ല. അതിനു രക്ഷയുമായോ, നീതീകരണവുമായി, വിശുദ്ധീകരണവുമായോ, തേജസ്കരണവുമായോ യാതൊരു ബന്ധവും ഇല്ല. അതിന് സംസ്കാരികമായ പ്രാധാന്യം മാത്രമേയുള്ളൂ.  

ഇന്ന് സ്ത്രീകള്‍ സഭയില്‍ ശിരോവസ്ത്രം ധരിക്കേണം എന്നു പൌലൊസിന്റെ വാക്കുകള്‍ നിഷ്കര്‍ഷിക്കുന്നില്ല എങ്കിലും ധരിക്കുവാന്‍ പാടില്ല എന്നും പറയുന്നില്ല. സംസ്കാരികമോ, പൌലൊസിന്റെ നിര്‍ദ്ദേശം അതേപോലെ പാലിക്കേണം എന്നു ആഗ്രഹിക്കുകയോ, ദൈവത്തിന്റെ അധികാര ശ്രേണിയുടെ അടയാളം ധരിക്കേണം എന്നു ചിന്തിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്നും മൂടുപടം ധരിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട്. അതിനെ ആരും വിമര്‍ശിക്കേണ്ടതില്ല. 

ഇന്നത്തെ ആധുനിക സമൂഹത്തില്‍, മൂടുപടം ഇടാത്ത സ്ത്രീ, വേദപുസ്തകം പഠിപ്പിക്കുന്ന അധികാരശ്രേണിയെ നിഷേധിക്കുന്നവള്‍ ആണ് എന്നു പറയുക സാധ്യമല്ല. മൂടുപടം ഇല്ലാത്തത് നിഷേധത്തിന്റെയോ മല്‍സരത്തിന്റെയോ അടയാളം അല്ല. ഇന്നത്തെ സമൂഹത്തില്‍ ശിരോവസ്ത്രം ആഡംബരത്തിന്റെയും ധനത്തിന്റെയും സൌന്ദര്യത്തിന്റെയും ഭാഗമാണ്. അതില്‍ യാതൊരു ആത്മീയ ഘടകവും ഇല്ല.

അവസാന വാക്ക്

വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം കഴിക്കാമോ എന്ന ചോദ്യം ചോദിച്ചപ്പോള്‍ പൌലൊസ് പറഞ്ഞതിങ്ങനെയാണ്:

 

1 കൊരിന്ത്യര്‍ 8: 8 … എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.

 

ഇതേ പ്രമാണം നമുക്ക് മൂടുപടത്തിന്റെ വിഷയത്തിലും പ്രയോഗിക്കാവുന്നതാണ്. മൂടുപടം ധരിച്ചാലും ധരിച്ചില്ല എങ്കിലും യാതൊന്നും ഇല്ല, അത് നമ്മളെ ദൈവത്തോട് അടുപ്പിക്കുന്നില്ല. മൂടുപടം ഇടാഞ്ഞാല്‍ നമുക്ക് നഷ്ടമില്ല, ഇട്ടാല്‍ ആദായവുമില്ല.

 


   

 

 

No comments:

Post a Comment