യോബേല്‍ എന്ന എബ്രായ വാക്കിന്റെ അര്‍ത്ഥം “ആട്ടുകൊറ്റന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ കാഹളം” എന്നാണ്. (yowbel, yo-bale; ram’s horn trumpet). സാധാരണ കേള്‍ക്കാറുള്ള കാഹള ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹള ശബ്ദത്തെ ആണ് ഈ പദം സൂചിപ്പിക്കുന്നത്. യോബേല്‍ സംവത്സരത്തിന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന കാഹള ശബ്ദം ആണിത്.
ദൈവം യിസ്രായേലിന് നല്കിയ കല്പ്പന പ്രകാരം, എല്ലാ ഏഴാമത്തെ ദിവസവും ശബത്ത് ദിവസമാണ്. അന്ന് സാമാന്യ വേലകള്‍ യാതൊന്നും ചെയ്യുവാന്‍ പാടില്ല. ദേശത്തു വിതയും കൊയ്ത്തും പാടില്ല. അത് വിശ്രമത്തിന്റെ ദിവസം ആണ്.
എല്ലാ ഏഴാമത്തെ വര്‍ഷവും ശബത്ത് വര്‍ഷമാണ്. ആ വര്‍ഷം മുഴുവന്‍ ശബത്ത് ദിവസത്തെ പോലെ വിതയും കൊയ്ത്തും ഇല്ല. അത് ദേശത്തിന് വിശ്രമം ആണ്.
ഏഴു ശബത്തു വര്‍ഷങ്ങള്‍ 49 വര്‍ഷങ്ങള്‍ ആണ്. അടുത്ത വര്‍ഷം 50 ആമത്തെ വര്‍ഷം ആണ്. ഈ വര്‍ഷമാണ് യോബേല്‍ സംവല്‍സരമായി ആഘോഷിക്കപ്പെടുക. ഏഴാമത്തെ വര്‍ഷത്തെ ശബത്ത് പോലെ യോബേല്‍ സംവല്‍സരത്തിലും വിതയും കൊയ്ത്തും ഇല്ല. യോബേല്‍ സംവല്‍സരം വിടുതലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പിന്റെയും, പുനസ്ഥാപനത്തിന്റെയും വര്‍ഷം കൂടിയാണ്.
യോബേല്‍ സംവത്സരത്തിന്റെ നിവൃത്തി നമുക്ക് പുതിയ നിയമകാലത്ത് കാണാം. യേശുക്രിസ്തുവിന്റെ സുവിശേഷം യോബേല്‍ സംവല്‍സരത്തിന്റെ പ്രഖ്യാപനമാണ്. അതിന്റെ പൂര്‍ണത വരുവാനുള്ള നിത്യതയില്‍ ഉണ്ടാകും എന്ന് മനസ്സിലാക്കാം.
അടിമത്തവും വീണ്ടെടുപ്പും
യോബേല്‍ സംവല്‍സരം അടിമത്തത്തില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ ആഘോഷമാണ്. അടിമത്തവും വീണ്ടെടുപ്പും എന്നത് വേദപുസ്തകത്തിലെ ഒരു പ്രധാനപ്പെട്ട വിഷയം ആണ്. ഈ വിഷയം പഴയനിയമത്തില്‍ പല പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയമമാകട്ടെ അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പിന്റെ നിവൃത്തിയാണ്.
പഴയനിയമ കാലത്തെ വിശ്വാസികള്‍ക്കും, യേശുവിന്റെ കാലത്തെ ജനങ്ങള്‍ക്കും അപ്പൊസ്തലന്മാര്‍ക്കും അടിമത്തവും വീണ്ടെടുപ്പും സുപരിചിതം ആയിരുന്നു. അടിമത്തം അക്കാലത്ത് ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു; വീണ്ടെടുപ്പും സാധ്യമായിരുന്നു. യിസ്രായേലിന്റെ ചരിത്രത്തില്‍ അവര്‍ പലപ്പോഴും അടിമത്തത്തിലേക്കു പോയിട്ടുണ്ട്.
അടിമത്തവും വീണ്ടെടുപ്പും എന്നതിന്
മൂന്നു ഭാഗങ്ങള്‍ ഉണ്ട്:
1. സ്വന്ത ദേശത്തില്‍
നിന്നും പുറത്താക്കപ്പെട്ടോ, സ്വയം പുറത്തു
പോയോ അടിമത്തത്തില്‍ ആകുക.
2. അടിമത്തത്തില്‍നിന്നുമുള്ള
വീണ്ടെടുപ്പ്
3. ദേശത്തിന്റെ
പുനസ്ഥാപനം. സ്വന്ത ദേശത്തേക്കുള്ള മടങ്ങി വരവ്
നമുക്ക് ഈ മൂന്നു കാര്യങ്ങളും നമ്മള്‍
വ്യക്തമായി മനസ്സിലാക്കിയിരിക്കേണം.
1. സ്വന്ത ദേശത്തില്‍ പുറത്തായി അടിമത്തത്തില്‍ ആകുക.
അടിമത്വത്തിന്റെ ആദ്യത്തെ പടി, സ്വന്ത ദേശത്തു നിന്നും നിര്‍ബന്ധത്താലോ, സ്വന്ത തിരഞ്ഞെടുപ്പിനാലോ പുറത്താകുക എന്നതാണു. സ്വന്ത ദേശത്തിന് പുറത്തു എപ്പോഴും അടിമത്തം ആണ്. സ്വന്ത ദേശം നഷ്ടമാകുന്നതാണ് അടിമത്തം. ഇത് ആരംഭിക്കുന്നത് ഏദന്‍ തോട്ടത്തില്‍ ആണ്.
മനുഷ്യനു താമസിക്കുവാനായി ദൈവം നല്കിയ
ദേശം ആദ്യമായി നഷ്ടമാകുന്നത് ആദമിനും ഹവ്വയ്ക്കും ആണ്.
മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദന്‍
തോട്ടത്തിലാക്കി.
ഏദന്‍ തോട്ടം ഈ ഭൂമിയില്‍ തന്നെ ഒരു ഭൂപ്രദേശം വേര്‍തിരിച്ചു ഉണ്ടാക്കിയതാണ്. ഈ ഭൂമി മുഴുവന്‍ ദൈവത്തിന്റെതാണ് എങ്കിലും, ദൈവം കിഴക്ക് ഒരു ഭൂപ്രദേശം പ്രത്യേകമായി വേര്‍തിരിച്ചു. അവിടെ മനുഷ്യര്‍ക്കായി ഒരു തോട്ടം ഉണ്ടാക്കി. അതായിരുന്നു ഏദന്‍ തോട്ടം. അവിടെയാണ് ദൈവം മനുഷ്യനെ പാര്‍പ്പിച്ചത്.
ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ എല്ലാറ്റിനും അധികാരിയായിരുന്നു എങ്കിലും അവന് ഒരു പരിധിയും ഉണ്ടായിരുന്നു. എല്ലാം അവന്റെതാണ് എങ്കിലും എല്ലാം അവന്റെ സ്വന്തമായിരുന്നില്ല. തോട്ടത്തിന് ഒരു സര്‍വ്വാധികാരി ഉണ്ടായിരുന്നു. തോട്ടം ദൈവത്തിന്റേത് ആയിരുന്നു. തോട്ടത്തിന്റെ സര്‍വ്വാധികാരി, അതിനു ചില പ്രമാണങ്ങള്‍ വച്ചിരുന്നു. അതാണ് അവര്‍ ലംഘിച്ചതും. അത് പാപമായി മാറി. ദൈവത്തോടുള്ള മല്‍സരമായി മാറി.
അതിനാല്‍ അവര്‍ അവിടെനിന്നും പുറത്താക്കപ്പെട്ടു. അങ്ങനെ അവര്‍ക്ക് ആ ദേശം നഷ്ടമായി.
പാപം നിമിത്തം മനുഷ്യര്‍ പിശാചിന് അടിമയായി. അടിമത്തത്തിന്റെ ഫലമോ സ്വന്ത ദേശം നഷ്ട്ടപ്പെടുക എന്നതായിരുന്നു. ആദമിനും ഹവ്വയ്ക്കും അവരുടെ ദേശം നഷ്ടമായി.
അതിനുശേഷം മനുഷ്യന്റെ വീണ്ടെടുപ്പിനായുള്ള പദ്ധതി ദൈവം നടപ്പിലാക്കുവാന്‍ ആരംഭിച്ചു. അതിനായി ദൈവം വീണ്ടും ഒരു ദേശം, കനാന്‍ ദേശത്തെ, തനിക്കു സ്വന്തമായി തിരഞ്ഞെടുത്തു.
കനാന്‍ ദേശം
ദൈവം, തിരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ക്ക് പാര്‍ക്കുവാനായി കൊടുക്കുന്ന രണ്ടാമത്തെ ദേശമാണ് കനാന്‍. അത് അപ്പോള്‍ ജാതികല്‍ താമസിക്കുന്ന ദേശം ആയിരുന്നു.
മദ്ധ്യപൂര്‍വ ദേശത്തെ സമ്പന്നമായ ഒരു
രാജ്യം ആയിരുന്നു കനാന്‍. ഫെനീഷ്യയും കനാന്‍ ദേശത്തിന്റെ ഭാഗം ആയിരുന്നതിനാല്‍, ആ ദേശത്തെ മൊത്തമായി ഫെനീഷ്യ എന്നും വിളിക്കാറുണ്ടായിരുന്നു.
കനാന്‍ ദേശം ഫെനിഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു എന്നും ഫെനിഷ്യ തന്നെ
ആയിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.
ഇന്നത്തെ യിസ്രായേല്‍, പലസ്തീന്‍, ലെബനോന്‍, സിറിയ, യോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങള്‍ പഴയ കനാന്‍ ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ദൈവം കനാന്‍ ദേശം
തനിക്ക് സ്വന്തമായി തിരഞ്ഞെടുത്തു, തന്റെ സ്വന്ത
ജനത്തെ അവിടെ പര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഇവിടെയും ദേശം
ദൈവത്തിന്റെ സ്വന്തമാണ്. അവിടെ താമസിക്കുവാനുള്ള അവകാശമാണ് യിസ്രായേല്‍
ജനത്തിന് ലഭിച്ചത്.
ലേവ്യപുസ്തകം 25: 23 നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
പുറപ്പാട് 19: 5 ലും “ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.” എന്നു ദൈവം
യിസ്രായേല്‍ ജനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 39: 12 യഹോവേ, എന്റെ (ദാവീദ്) പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
കനാന്‍ ദേശം ദൈവം യിസ്രായേല്‍ ജനത്തിന് താമസിക്കുവാന്‍ കൊടുത്തപ്പോഴും, ദേശം ദൈവത്തിന്റേത് തന്നെയാണ്. അവിടെ, യഹോവയുടെ അടുക്കല്‍, പരദേശികളായി പാര്‍ക്കുവാനാണ് യിസ്രായേല്‍ ജനത്തിന് അനുവാദമുള്ളത്. വാഗ്ദത്ത ദേശത്തും അവര്‍ പരദേശികള്‍ ആണ് എന്നു അവര്‍ ഓര്‍ക്കേണം എന്നും ദൈവം ആഗ്രഹിച്ചു.
അബ്രഹാം ദേശം
വിടുന്നു
യിസ്രായേല്‍ ജനം കനാന്‍ ദേശം കൈവശമാക്കി താമസിക്കുന്നതിന് ഒരു പഴയ ചരിത്രം ഉണ്ട്. അത് അബ്രാഹാമില്‍ തുടങ്ങുന്ന ഒരു ദൈവീക വാഗ്ദത്തം ആണ്. ദൈവം അബ്രഹാമിനെ വിളിച്ച് അവന്റെ സ്വന്ത ദേശത്തില്‍ നിന്നും ബന്ധുമിത്രാദികളുടെ അടുക്കല്‍ നിന്നും മറ്റൊരു ദേശത്തിലേക്കു പുറപ്പെടുവാന്‍ ആവശ്യപ്പെടുന്നതു മുതല്‍ ആ ചരിത്രം ആരംഭിക്കുന്നു.
നമ്മള്‍ ഇവിടെ ഒരു കാര്യം
ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
സ്വന്ത ദേശത്തില്‍നിന്നും പോകുക എന്നാല്‍ അടിമത്തത്തിലേക്കു പോകുക എന്നാണ് അര്‍ത്ഥം. മറ്റൊരു ദേശത്ത് നമ്മള്‍ പരദേശികള്‍ ആണ്. പഴയനിയമ കാലത്ത്, സ്വന്ത ദേശം എന്നത് സംരക്ഷണവും അനുഗ്രഹങ്ങളും വിശ്രമവും ആയിരുന്നു.
ആരാണ് പരദേശികള്‍ക്ക് സംരക്ഷണം നല്കേണ്ടത്? ആ ദേശത്തിന്റെ ഉടമസ്ഥന്‍ ആണ്. കനാന്‍ ദേശത്തു അബ്രാഹാമും സന്തതി പരമ്പരകളും “പരദേശികളും വന്നു പാർക്കുന്നവരും” പോലെ താമസിച്ചു. അവര്‍ക്ക് അവിടെ സംരക്ഷണം നല്കിയത് ദേശത്തിന്റെ ഉടമസ്ഥന്‍ ആയ യഹോവയായ ദൈവം ആണ്.
അബ്രഹാം സ്വന്ത ദേശത്ത് നിന്നും
പുറപ്പെട്ടതും അടിമത്തത്തിലേക്കാണ്. അതായതു ദൈവം അബ്രഹാമിനെ
വിളിച്ചത് ദൈവത്തിന്റെ അടിമത്തത്തിലെക്കും
ദൈവത്തിന്റെ സ്വന്ത ദേശത്തിലേക്കും ആണ്. അവിടെ പരദേശികളായി പാര്‍ക്കുവാന്‍
ആണ്. ഇത് അബ്രഹാം മനസിലാക്കിയിരുന്നു.
അതുകൊണ്ടാണ് അബ്രാഹാമും യിസ്ഹാക്കും യാക്കോബും വാഗ്ദത്ത ദേശത്ത് പരദേശികളെപ്പോലെ
താമസിച്ചത്.
എബ്രായര്‍ 11: 9, 10
9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു
വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ
പാർത്തുകൊണ്ടു
10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
കനാന്‍ ദേശം അബ്രഹാമിനും അവന്റെ സന്തതിപരമ്പരകള്‍ക്കും അവകാശമായി നല്‍കാം എന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഇത് താമസിക്കുവാനുള്ള അവകാശമാണ്. ഉടമസ്ഥാവകാശമല്ല. ഉടമസ്ഥന്‍ യഹോവയായ ദൈവമാണ്.
യിസ്രായേല്‍ ജനത്തിന് അവരുടെ ദേശം,
ദൈവത്തിന്റെ വാഗ്ദത്ത പ്രകാരമുള്ള അവകാശം ആണ്; അത്
അവര്‍ക്ക് സംരക്ഷണവും സമാധാനവും വിശ്രമവും ആണ്. ദേശത്തില്‍ നിന്നും
പുറത്താക്കപ്പെടുക എന്നത് അടിമത്തം ആണ്.
യിസ്രായേല്‍ ജനത്തിനു ഇന്നും അവരുടെ
ദേശത്തോടുള്ള സ്നേഹത്തിന്റെ രഹസ്യം ഇതാണ്.
2. അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പ്
അടിമത്തത്തിന്റെയും വീണ്ടെടുപ്പിന്റെയും ചിത്രത്തിലെ രണ്ടാമത്തെ ഭാഗം വീണ്ടെടുപ്പു എന്നതാണ്.
അബ്രഹാമും, യിസഹാക്കീം, യാക്കോബും കനാന്‍ ദേശത്ത് താമസിച്ചു. എന്നാല്‍ ദേശം അവര്‍ അവകാശമായില്ല. അതിനു മറ്റൊരു കാലം ഉണ്ടായിരുന്നു. അത് മറ്റൊരു സംഭവുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു. അത് അമോര്യരുടെ പാപങ്ങള്‍ തികയുന്ന കാലമായിരുന്നു. അതിനായി ഇനിയും കാലങ്ങള്‍ മുന്നോട്ട് പോകേണ്ടിയിരുന്നു.
അമോര്യര്‍ കനാന്‍ ദേശത്തു താമസിച്ചിരുന്ന ഒരു ഗോത്ര വര്‍ഗ്ഗം ആയിരുന്നു. ദൈവം അബ്രാഹാമിനോടു അമോര്യരുടെ പാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, അവന്‍ കനാന്‍ ദേശത്തു താമസിച്ചിരുന്ന എല്ലാവരെയും ആണ് ഉദ്ദേശിച്ചിത്.
യാക്കോബിന്റെ കാലത്ത് ദേശത്തു വലിയ ക്ഷാമം ഉണ്ടായതിനാല്‍ അവര്‍ക്ക്, കനാന്‍ ദേശം വിട്ട് മിസ്രയീം ദേശത്ത് പോകേണ്ടതായി വന്നു. അത് നിര്‍ബന്ധത്താലും സ്വന്ത തിരഞ്ഞെടുപ്പിനാലും സംഭവിച്ചതാണ്. ക്ഷാമം അവരെ നിര്‍ബന്ധിച്ചു. യോസേഫിന്റെ ക്ഷണം അവര്‍ സ്വീകരിച്ചു. എന്നാല്‍ അവരെ ശത്രുക്കള്‍ ആരും സ്വന്ത ദേശത്തു നിന്നും ഓടിച്ചു വിട്ടതല്ല. ഇതില്‍ സ്വന്ത തിരഞ്ഞെടുപ്പും ഉണ്ട്. അങ്ങനെ അവര്‍ സ്വന്ത ദേശത്തുനിന്നും മാറ്റപ്പെട്ടു. ഫലമായി അടിമത്തത്തില്‍ ആയി. സ്വന്ത ദേശത്തിന് പുറത്ത് എപ്പോഴും അടിമത്തം ആണ് ഉള്ളത്.
ഇതിനു ശേഷമുള്ള ചരിത്രം ഒരു ജനതയുടെ വീണ്ടെടുപ്പിന്റെ കഥ ആണ്. 400 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍. അമോര്യരുടെ പാപം തകഞ്ഞു വന്നപ്പോള്‍, ദൈവം മാനവ ചരിത്രത്തില്‍ വീണ്ടും ഇടപെട്ടു. യഹോവയായ ദൈവം അവരെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നും വിടുവിച്ചു. അങ്ങനെ യിസ്രായേല്‍ ദൈവത്തിന്റെ സ്വന്തദേശമായ, അവര്‍ക്ക് അവകാശമായി ലഭിച്ച കനാന്‍ ദേശത്തിലേക്കു തിരികെ പോന്നു. അങ്ങനെ അടിമത്തത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പ് സാധ്യമായി. അതിന്റെ നിവൃത്തി സ്വന്ത ദേശത്തെ കൈവശമാക്കിയപ്പോള്‍ ഉണ്ടായി.
സത്യത്തില്‍ വീണ്ടെടുപ്പു എന്ന് പറഞ്ഞാല്‍ ഒരു യജമാനനില്‍ നിന്നും യഥാര്‍ത്ഥ യജമാനനിലെക്കുള്ള മാറ്റം ആണ്. അത് നമ്മളെ അടിമത്തത്തില്‍ വച്ചിരിക്കുന്ന യജമാനനില്‍ നിന്നും സ്വാതന്ത്ര്യം നല്‍കുന്ന യജമാനനിലേക്കുള്ള മാറ്റം ആണ്. ആദ്യ യജമാനന്‍ ക്രൂരനായിരുന്നു എങ്കില്‍ യഥാര്‍ത്ഥ യജമാനന്‍ സ്നേഹസമ്പന്നന്‍ ആണ്. യിസ്രായേല്‍ ജനം മിസ്രയീമിലെ അടിമത്തത്തില്‍ നിന്നും പുറപ്പെട്ട് ദൈവത്തിന്റെ അടിമത്തത്തില്‍ ആയി. യിസ്രായേല്‍ ജനത്തെ ദൈവം വിടുവിച്ചത് അവന്റെ അടിമകളായി ഇരിക്കുവാനാണ്.
അതുകൊണ്ടാണ് പഴയനിയമത്തില്‍ യിസ്രായേലിനെ കുറിച്ച് പറയുവാന്‍ കെട്ടപ്പെട്ട ദാസന്‍ എന്ന് അര്‍ത്ഥമുള്ള “എബെദ്” (ebed) എന്ന എബ്രായ പദം ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമ വിശ്വാസികളെക്കുറിച്ചു പറയുവാന്‍ അടിമ എന്ന അര്‍ത്ഥമുള്ള “ഡുലോസ്” (doulos)” എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ കെട്ടപ്പെട്ട ദാസന്‍ സ്വതന്ത്രനായ ദാസനുമാണ്. അവന്റെ അടിമത്വം അവന്‍ തന്നെ തിരഞ്ഞെടുത്തത് ആണ്.
യഥാര്‍ത്ഥത്തില്‍ വീണ്ടെടുപ്പു എന്നത് അടിമത്തത്തില്‍ നിന്നുള്ള മോചനം
അല്ല; ദുഷ്ടനായ യജമാനനില്‍ നിന്നും യഥാര്‍ത്ഥ
യജമാനനിലെക്കുള്ള മാറ്റം ആണ്.
ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.
3. ദേശത്തിന്റെ പുനസ്ഥാപനം
അടിമത്തം വീണ്ടെടുപ്പു എന്നതിന്റെ മൂന്നാമത്തെ ഭാഗം ദേശത്തിന്റെ പുനസ്ഥാപനം ആണ്.
ദേശം എന്നത് സംരക്ഷണവും അനുഗ്രഹവും വിശ്രമവും ആണ് എന്ന് നമ്മള്‍ ഇതിനോടകം കണ്ടു കഴിഞ്ഞല്ലോ. അതിനാല്‍, ദേശത്തിന്റെ പുനസ്ഥാപനം എന്നാല്‍ സംരക്ഷണത്തിന്റെയും അനുഗ്രഹത്തിന്റെയും വിശ്രമത്തിന്റെയും പുനസ്ഥാപനം ആണ്.
ദേശം എന്നത് സമ്പത്താണ്,
വെള്ളമാണ്, ആഹാരം ആണ്.
ദേശം വലിയവനായ ദൈവത്തിന്റെതായതിനാല്‍ അത് സംരക്ഷിത മേഖല ആണ്. ജനങ്ങള്‍ അവിടെ ഭയവും ക്ഷാമവും കൂടാതെ ജീവിച്ചു.
യിസ്രായേല്‍ ജനത്തെ ദൈവം സ്വന്തം ദേശത്തിലേക്ക്
മടക്കി കൊണ്ടുവന്നു; അവര്‍ അത് കൈവശമാക്കി.
യിസ്രായേലിലെ 12 ഗോത്രങ്ങള്‍ക്കുമായി ദേശത്തെ വിഭാഗിച്ചു നല്‍കുവാന്‍ ദൈവം
യോശുവയോടു കല്‍പ്പിച്ചു.
അങ്ങനെ ദേശം പുനസ്ഥാപിക്കപ്പെട്ടു.
യിസ്രായേല്‍ ദൈവത്തിന്റെ സ്വന്ത
ദേശത്തു വസിക്കുന്ന യഹോവയായ ദൈവത്തിന്റെ സ്വന്ത ജനം ആയിരുന്നു.
യിസ്രായേലിലെ 12 ഗോത്രങ്ങള്‍ക്കുമായി ദേശത്തെ വിഭാഗിച്ചു നല്‍കി എങ്കിലും
ദേശത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ദൈവം തന്നെ ആയിരുന്നു. അതുകൊണ്ട് ദൈവം ദേശത്തെക്കുറിച്ചു ചില നിയമങ്ങള്‍ കല്‍പ്പിച്ചു.
അതിലെ പ്രധാനപ്പെട്ട നിയമം, ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ഭാഗം മറ്റൊരാള്‍ക്ക്
എന്നന്നേക്കുമായി വില്‍ക്കുവാന്‍ പാടില്ല എന്നതായിരുന്നു.
ലേവ്യപുസ്തകം 25:23 നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
ശബ്ബത്ത് വര്‍ഷം
യഹോവയായ ദൈവം ആണ് ദേശത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍. മനുഷ്യര്‍ ദേശത്തിന്റെ കാര്യസ്ഥന്മാര്‍ മാത്രമാണ്. ദൈവത്തിന്റെ അധികാരം, പരമാധികാരവും, നിത്യവും, മാറ്റങ്ങള്‍ക്ക് വിധേയം അല്ലാത്തതും, സാര്‍വ്വലൌകീകവും ആണ്. അതിനാല്‍ മനുഷ്യന്റെ എല്ലാ വസ്തുവകകളും അവന്റെ ജീവിതം തന്നെയും അവന്റെ അധികാരത്തിന്‍കീഴില്‍ ആണ്. അതുകൊണ്ട് ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ട ആവശ്യമില്ലാത്ത യാതൊന്നും മനുഷ്യന് ഇല്ല. ശബത്ത് ദേശത്തെ ദൈവം വിശുദ്ധീകരിക്കുന്ന വര്‍ഷം ആണ്.
നമ്മള്‍ ആമുഖത്തില്‍ പറഞ്ഞതുപോലെ, ദൈവം എല്ലാ
ഏഴാമത്തെ വര്‍ഷത്തെയും ശബ്ബത്ത് അഥവാ വിശ്രമം ആയി വിശുദ്ധീകരിച്ചു. ഏഴാമത്തെ വര്‍ഷം ദേശത്തു
സാധാരണ പ്രവര്‍ത്തികള്‍ ദൈവം വിലക്കി. ശബ്ബത്ത് വര്‍ഷത്തില്‍ ഭൂമി വിതക്കാതെയും
കൊയ്യാതെയും ഇരിക്കേണം. ഇത് ദേശത്തിന് ശബത്ത് അഥവാ
വിശ്രമം ആയിരുന്നു.
ലേവ്യപുസ്തകം
25: 3 - 5
3 ആറു സംവത്സരം
നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ
മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.
4 ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള
ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ
നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.
5 നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.
ശബ്ബത്ത് വര്‍ഷം
ശബ്ബത്ത് വര്‍ഷം ആരംഭിക്കുന്നത് ആറാം വര്‍ഷം ശരത്ത് കാലത്തിലാണ്; അത് കൊയ്ത്തുകാലത്തിനുശേഷം ആണ്. നമ്മളുടെ autumn season അഥവാ സെപ്റ്റംബര്‍ മാസം ആണത്.
യഹൂദ കലണ്ടര്‍ ആരംഭിക്കുന്നത് നിസ്സാന്‍ മാസത്തോടെയാണ് (Nisan). അത് നമ്മളുടെ മാര്‍ച്ച്-ഏപ്രില്‍ മാസമാണ്.
എന്നാല്‍, ഏഴാം മാസമായ തിഷ്റി യില്‍ ആണ് പുതിയ വര്‍ഷം ആരംഭിക്കുന്നത് (Tishri or Tishrei). അത് നമ്മളുടെ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസം ആണ്. ഉദാഹരണത്തിന്, കലണ്ടറിലെ ആദ്യമാസം ആയ നിസാന്‍ മാസം 2022 ആയിരിക്കുമെങ്കിലും പുതിയ വര്‍ഷം ആരംഭിക്കുന്ന തിഷ്റി മുതല്‍ അത് 2023 ആകും. പിന്നീട് അടുത്ത വര്‍ഷം തിഷ്റി മാസം ആകുമ്പോഴേ അത് 2024 ആകൂ.
അതിനാല്‍ ശബത്ത് വര്‍ഷം ആരംഭിക്കുന്നത് തിഷ്റി മാസം, അഥവാ നമ്മളുടെ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസം ആണ്.
യഹൂദന്മാര്‍ അവസാനമായി ആചരിച്ച ശബത്ത് വര്‍ഷം 2021 സെപ്റ്റംബര്‍ 7 ആം തീയതി ആരംഭിച്ചു. അത് അവസാനിച്ചത് 2022 സെപ്റ്റംബര്‍ 26 ആം തീയതിയാണ്.
യഹൂദന്മാരുടെ വിതയുടെ കാലം ആരംഭിക്കുന്നത് കിസ്ലേവ് മാസമാണ്. അത് നമ്മളുടെ നവംബര്‍/ഡിസംബര്‍ മാസമാണ്. (Kislev - November/December). വിതയുടെ കാലം ഏകദേശം നാല് മാസങ്ങള്‍ തുടരും.
ആദ്യത്തെ വിളവെടുപ്പ് ചെറുചണത്തിന്റെയും, ബാര്‍ലിയുടെയും ആണ് (flax, barley). ഇത് നിസാന്‍ മാസം അഥവാ മാര്‍ച്ചില്‍-ഏപ്രില്‍ ല്‍ നടക്കും. ഇതേ സമയത്താണ് പെസഹ പെരുന്നാളും ആഘോഷിക്കപ്പെടുക.
സിവാന്‍ മാസം യഹൂദ കലണ്ടറിലെ മൂന്നാമത്തെ മാസം ആണ്. അത് നമ്മളുടെ മെയ്-ജൂണ്‍ മാസമാണ്. (Sivan) ഇത് ഗോതമ്പിന്‍റെ വിളവെടുപ്പ് സമയമാണ്.
തമുസ് മുതല്‍ എലുള്‍ മാസം വരെയുള്ള കാലം, അഥവാ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങള്‍ വേനല്‍ക്കാലം ആണ്. (Tamuz to Elul - June-August). ഈ സമയത്ത് വേനല്‍ക്കാല കൊയ്ത്ത് നടക്കും.
വിതയുടെയും കൊയ്ത്തിന്റെയും കാലം അവസാനിക്കുന്നത് തിഷ്റി അഥവാ സെപ്റ്റംബര്‍ മാസത്തിലാണ്. (Tishri or Tishrei - September).
ശബ്ബത്തു വര്‍ഷം എല്ലാ ഏഴാം വര്‍ഷമാണ്. അതിനാല്‍, ആറാമത്തെ വര്‍ഷത്തെ വിളവെടുപ്പ് ആ വര്‍ഷം ഏഴാം മാസത്തിനു മുമ്പ് അഥവാ സെപ്റ്റംബര്‍ മാസത്തിനു മുമ്പ് പൂര്‍ത്തിയാകും.
ആറാമത്തെ വര്‍ഷം കൊയ്ത്തിനുശേഷം അവര്‍ വിതക്കുക ഇല്ല. കാരണം വിത്ത് വിതയ്ക്കുന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആണ്. അതിനാല്‍ അടുത്ത വിതയുടെ സമയം വരുമ്പോഴേക്കും അത് ഏഴാം വര്‍ഷം ആയിരിയ്ക്കും. ഏഴാമത്തെ വര്‍ഷം വിതയോ കൊയ്ത്തോ ഇല്ല. ശബ്ബത്ത് ആരംഭിക്കുന്നത് ശരത് കാലത്ത് അഥവാ സെപ്റ്റംബര്‍ മാസത്തില്‍ ആയതിനാല്‍, എട്ടാം വര്‍ഷം ശരത്ത് കാലമാകുമ്പോഴേ ഒരു വര്‍ഷം തികയൂ. അതിമുമ്പായി കൊയ്ത്തുകാലം അവസാനിക്കേണം. അതിനാല്‍, എട്ടാമത്തെ വര്‍ഷത്തിലേ പിന്നീട് വിത്ത് വിതക്കുക ഉള്ളൂ. അതിന്റെ വിളവെടുപ്പ് അതേ വര്‍ഷം ശരത് കാലത്തിനു മുമ്പ് പൂര്‍ത്തിയാകും.
അതുകൊണ്ട് ആറാമത്തെ വര്‍ഷത്തെ വിളവെടുപ്പിനെ ദൈവം
സമൃദ്ധമായി അനുഗ്രഹിക്കും. ആറാമത്തെ വര്‍ഷത്തെ വിളവെടുപ്പുകൊണ്ടു, ആ വര്‍ഷവും, ഏഴാം വര്‍ഷവും, എട്ടാം വര്‍ഷത്തെ വിളവെടുപ്പ് വരെയും
അവര്‍ ജീവിക്കേണം. അതിനു ആവശ്യമായ വിളവ് ആറാമത്തെ വര്‍ഷം ലഭിക്കും. അതുകൊണ്ട് മൂന്ന്
വര്‍ഷങ്ങള്‍ സുഖമായി ജീവിക്കാം. മാത്രവുമല്ല ശബ്ബത്തു വര്‍ഷം താനേ വളരുന്നത് അവര്‍ക്ക്
ആഹാരമായി അനുഭവിക്കാം.
സംഖ്യാപുസ്തകം
25: 6, 7
6 ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം;
നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന
പരദേശിക്കും
7 നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.
യോബേല്‍ സംവത്സരം
യോബേല്‍ സംവത്സരം എല്ലാ അന്‍പതാമത്തെ വര്‍ഷത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു. രാജ്യത്തെ
എല്ലാ പ്രദേശങ്ങളിലും ഊതുന്ന ഒരു പ്രത്യേക കാഹള ശബ്ദത്തോടെ അത് ആരംഭിക്കുന്നു.
അതിനെക്കുറിച്ചുള്ള ദൈവീക അരുളപ്പാട് ഇങ്ങനെയായിരുന്നു:
ലേവ്യപുസ്തകം
25:
8 - 10
8 പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ
ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.
9 അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം
ധ്വനിപ്പിക്കേണം.
10 അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.
നമ്മള്‍ മുമ്പ് ചിന്തിച്ചതുപോലെ എല്ലാ ഏഴാം വര്‍ഷവും യിസ്രായേല്‍ ജനത്തിന് ശബത്ത് വര്‍ഷം ആണ്. അങ്ങനെ 7 ശബത്ത് വര്‍ഷം കൂടുമ്പോള്‍ അത് 49 വര്‍ഷങ്ങള്‍ ആകും. അതിന്റെ അടുത്ത വര്‍ഷം, അതായത് 50 ആമത്തെ വര്‍ഷമാണ് യോബേല്‍ സംവല്‍സരം.
പാപപരിഹാര ദിവസം പ്രത്യേകം
തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹളധ്വനി ദേശമെല്ലാം മുഴങ്ങും. അടിമകള്‍ സ്വതന്ത്രര്‍ ആകും. അവരുടെ എല്ലാ കടങ്ങളും റദ്ദാക്കപ്പെടും.
ദേശം അവകാശികള്‍ക്ക് തിരികെ ലഭിക്കും. യിസ്രായേല്‍ ദേശത്തെല്ലാം വിശ്രമം ഉണ്ടാകും.
തിഷ്റി അഥവാ സെപ്റ്റംബര്‍ മാസത്തില്‍ പാപ പരിഹാര ദിവസം അവസാനിക്കുമ്പോള്‍ കാഹളം ധ്വനിക്കും. (Tishri or Tishrei - September). അതോടുകൂടെ യോബേല്‍ സംവത്സരം ആരംഭിക്കും. അതായത് യിസ്രായേല്‍ ജനം ദൈവവുമായി നിരപ്പ് പ്രാപിച്ചുകഴിയുമ്പോള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കും.
യോബേല്‍ സംവത്സരത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു.
1.
ശബ്ബത്ത് അഥവാ ദേശത്തിന് വിശ്രമം (ലേവ്യപുസ്തകം 25: 1
- 22)
2. ദേശത്തിന്റെ പുനസ്ഥാപനം
(ലേവ്യപുസ്തകം
25: 23 - 38)
3. അടിമകളുടെ വീണ്ടെടുപ്പ് (ലേവ്യപുസ്തകം 25: 39 - 55)
എങ്ങനെ അടിമകള്‍ ആയിതീരുന്നു
യിസ്രായേല്‍ ജനം കനാന്‍ ദേശം അവകാശമാക്കി കഴിഞ്ഞപ്പോള്‍ അവരുടെ ഓരോ ഗോത്രത്തിനും ദേശം വിഭാഗിച്ചു കൊടുത്തു. എന്നാല്‍ അവര്‍ കുടിയാന്മാരെ പോലെ ദേശം കൈവശം വെച്ചു എന്നേയുള്ളൂ. അന്യര്‍ക്ക് ദേശം വില്‍ക്കുവാനുള്ള അവകാശം അവര്‍ക്ക് ഇല്ലായിരുന്നു.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യക്തികള്‍ക്ക് താല്‍ക്കാലികമായി ദേശം കൈമാറാമായിരുന്നു. ഒരുവന് സ്വയം മറ്റൊരുവന്റെ അടിമയായി തീരുകയും ചെയ്യാമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഏതു സമയത്തും തക്ക പരിഹാരം നല്‍കി ദേശം തിരികെ വാങ്ങുവാനും അടിമത്വത്തില്‍ നിന്നും മോചിതന്‍ ആകുവാനും അവര്‍ക്ക് കഴിയുമായിരുന്നു. അവര്‍ക്ക് ഒരു പരിഹാരം നല്‍കി ദേശം വാങ്ങുവാനും സ്വാതന്ത്ര്യം പ്രാപിക്കുവാനും കഴിഞ്ഞില്ലാ എങ്കിലും യോബേല്‍ സംവത്സരത്തിന്റെ വര്‍ഷം സ്വന്ത ദേശം എല്ലാവര്‍ക്കും മടക്കി ലഭിക്കും. എല്ലാ അടിമകളും സ്വതന്ത്രര്‍ ആകും. ഇതായിരുന്നു യോബേല്‍ സംവത്സരത്തിന്റെ നിയമങ്ങള്‍.
മൂന്ന് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തിയുടെ ദേശം മറ്റൊരാള്‍ക്ക് കൈമാറുകയോ അയാള്‍ തന്നെ അടിമത്തത്തില്‍ ആയിതീരുകയോ ചെയ്യാം. ദേശം നഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ തന്നെ അടിമത്തത്തില്‍ ആകുക എന്നാണ്. അത് അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും വിശ്രമത്തിന്റെയും നഷ്ടം ആണ്. അത് പ്രവസ കാലത്തിലെ അടിമത്തം ആണ്.
ലേവ്യപുസ്തകം 25 ആം
അദ്ധ്യായത്തില്‍ ഒരുവന് ദേശം നഷ്ടപ്പെടുവാനുള്ള മൂന്ന് സാഹചര്യങ്ങള്‍
വിവരിക്കുന്നുണ്ട്. അതിനെ, യിസ്രയേലില്‍ പതിവായിരുന്ന രീതിയ്ക്ക് അനുസരിച്ചു ഇങ്ങനെ
വിശദീകരിക്കാം:
1.
ഒരു വ്യക്തി അദ്ദേഹത്തിന്റെ കുറ്റം കൂടാതെ ദരിദ്രന്‍ ആയി
മാറുക
ഒരു കൃഷിക്കാരന്‍ വിതയ്ക്കുവാന്‍ വിത്ത്
വാങ്ങുവാനായി പണം കടം വാങ്ങി. എന്നാല്‍ ആ വര്‍ഷം അദ്ദേഹത്തിനു കടം വീട്ടുവാന്‍
കഴിയതക്കവണ്ണം വിളവ് ലഭിച്ചില്ല. അങ്ങനെ അദ്ദേഹം ദരിദ്രന്‍ ആയി മാറി. ഈ കടം
വീട്ടുവാനും അടുത്ത വിതക്കുള്ള വിത്ത് വാങ്ങുവാനുമായി അദ്ദേഹം തന്റെ ദേശത്തിന്റെ ഒരു ഭാഗം ധനികനായ ഒരാള്‍ക്ക്
അല്ലെങ്കില്‍ പണം കടം കൊടുക്കുന്നയാള്‍ക്ക് താല്‍ക്കാലികമായി കൈമാറുന്നു.
ഈ സാഹചര്യത്തില്‍ ഈ വിവരം അറിയുന്ന
കൃഷിക്കാരന്റെ അടുത്ത ബന്ധുവിന് ഒരു വീണ്ടെടുപ്പുകാരന്‍
എന്ന നിലയില്‍ അദ്ദേഹത്തെ സഹായിക്കുവാന്‍ കഴിയും. ഈ വീണ്ടെടുപ്പുകാരനായ ബന്ധുവിന്
കടം നല്‍കിയ വ്യക്തിക്ക് പരിഹാരം നല്‍കുകയും ദേശം വീണ്ടെടുക്കുകയും ചെയ്യാം. (ലേവ്യപുസ്തകം 25: 25). അടുത്ത യോബേല്‍ സംവത്സരം വരെ വീണ്ടെടുപ്പുകാരന്
ഈ ദേശം കൈവശം വെക്കാം.
കൃഷിക്കാരന് ആ വസ്തുവില്‍ കൃഷി ചെയ്യാം. യോബേല്‍
സംവത്സരത്തില്‍ ആ ദേശം കൃഷിക്കാരന് മടക്കി നല്‍കേണം.
2. രണ്ടാമത്തെ സാഹചര്യം അല്‍പ്പം ഗുരുതരം ആണ്. (ലേവ്യപുസ്തകം 25: 35 -38)
ഒരുവന്റെ ഭൂമിയുടെ ഒരു ഭാഗം ആദ്യം കടക്കാരന് കൈമാറി. എന്നാല്‍, ഒരു വീണ്ടുപ്പുകാരന്‍ എന്ന നിലയില്‍ ബന്ധുക്കള്‍ ആരും വന്നില്ല. അതിനാല്‍ കൃഷിക്കാരന്‍ വീണ്ടും പുറത്തു കടക്കുവാന്‍ കഴിയാതെ കടത്തില്‍ ആയി. അതുകൊണ്ട് കൃഷിക്കാരന്‍ തന്റെ ദേശമെല്ലാം പണം കടം നല്‍കിയ വ്യക്തിക്ക് കൈമാറി.
പണം കടം നല്‍കുന്നയാള്‍ കൃഷിക്കാരന് കൃഷി ചെയ്യുവാന്‍ ആവശ്യമായ പണം നല്‍കുകയും അദ്ദേഹത്തെ ഒരു കുടിയാന്‍ എന്ന നിലയില്‍ അവിടെ കൃഷി ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ പണം കടം നല്കിയ വ്യക്തി കൃഷിക്കാരനില്‍ നിന്നും പലിശ വാങ്ങുവാന്‍ പാടില്ല.
കൃഷിയില്‍നിന്നും ലഭിക്കുന്ന ലാഭംകൊണ്ട്
കൃഷിക്കാരന് തന്റെ കടം വീട്ടുവാനും ദേശം തിരികെ വാങ്ങുവാനും കഴിയും. കൃഷിക്കാരന് കടം
വീട്ടുവാന്‍ കഴിഞ്ഞില്ല എങ്കിലും, യോബേല്‍ സംവത്സരത്തില്‍ ദേശം യാതൊരു
ബാധ്യതയുമില്ലാതെ കൃഷിക്കാരന് തിരികെ കൊടുക്കേണം.
3. മൂന്നാമത്തെ സാഹചര്യം ഇവ രണ്ടിലും ഗൌരവമേറിയതാണ്.
ഇത്തരം സാഹചര്യത്തിന്റെ വിശദീകരണം നമുക്ക് ലേവ്യപുസ്തകം 25: 39 – 43 വരെയുള്ള വാക്യങ്ങളില്‍ വായിക്കാവുന്നതാണ്.
കൃഷിക്കാരന് കടം തിരികെ നല്‍കുവാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കുവാനുള്ള സാഹചര്യവും നഷ്ടപ്പെടുന്നു. അതുകൊണ്ട് കൃഷിക്കാരന്‍ തന്നെത്താന്‍ അടിമയായി വില്‍ക്കുന്നു. അങ്ങനെ അദ്ദേഹം പണം കടം കൊടുക്കുന്ന വ്യക്തിയുടെ അടിമയായി ആയി തീരുന്നു.
ഈ അവസ്ഥയില്‍ കൃഷിക്കാരന്‍ ജോലി ചെയ്യുന്നു എങ്കിലും കൂലി എല്ലാം കടം വീട്ടുവാനായി കണക്കിടുന്നു. എന്നാല്‍ യോബേല്‍ സംവത്സരത്തില്‍ കൃഷിക്കാരന് സ്വാതന്ത്ര്യം ലഭിക്കുകയും തന്റെ ദേശം യാതൊരു ബാധ്യതയും ഇല്ലാതെ തിരികെ ലഭിക്കുകയും ചെയ്യും. (ലേവ്യപുസ്തകം 25: 41)
നിയമങ്ങളുടെ ഉദ്യേശ്യം
എല്ലാ യിസ്രയെല്യനും ജന്മനാല്‍ സ്വതന്ത്രന്‍ ആണ്. എന്നാല്‍ അതെ സമയം എല്ലാ യിസ്രയെല്യനും ദൈവത്തിന്റെ അടിമ ആണ്. യിസ്രായേല്‍ ജനം ഒരിക്കലും എന്നന്നേക്കും മറ്റൊരു വ്യക്തിയുടെ അടിമ ആയിരിക്കുവാന്‍ പാടില്ല. ദൈവം അവരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും വീണ്ടെടുത്തത് അവന്റെ അടിമ ആയിരിക്കുവാന്‍ വേണ്ടി ആണ്. ഒരു അടിമക്ക് രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ കഴിയുക ഇല്ലല്ലോ. അതുകൊണ്ട് യിസ്രായേല്‍ ജനം മറ്റൊരാള്‍ക്ക് അടിമയായി തീരുക എന്നത് യോജ്യമല്ല.
അതുകൊണ്ട് അടിമയായി തന്നെത്തന്നെ വില്‍ക്കുന്ന വ്യക്തി ഒരു വീണ്ടെടുപ്പുവില വില നല്‍കി മോചിതന്‍ ആകേണം. അദ്ദേഹത്തിനു വീണ്ടെടുപ്പുവില പണമായോ ജോലിചെയ്തോ നല്‍കാവുന്നതാണ്.
അവര്‍ക്ക് സ്വയം ഒരു വീണ്ടെടുപ്പു വില നല്‍കുവാന്‍ കഴിയുന്നില്ല എങ്കിലും എല്ലാ എഴാം വര്‍ഷവും ആചരിക്കുന്ന ശബ്ബത്ത് വര്‍ഷത്തില്‍ അവര്‍ക്ക് പരിപൂര്‍ണ്ണ മോചനം ലഭിക്കും. യോബേല്‍ സംവല്‍സരമായ എല്ലാ അന്‍പതാമത്തെ വര്‍ഷത്തിലും എല്ലാ അടിമകള്‍ക്കും സ്വാതന്ത്ര്യവും ദേശത്തിന് വീണ്ടെടുപ്പും സൗജന്യമായി ലഭിക്കും.
ഒരു യിസ്രായേല്യനും സ്ഥിരമായി അടിമത്തത്തില്‍ തുടരുന്നില്ല എന്നത് യോബേല്‍ സംവത്സരം ഉറപ്പു നല്‍കുന്നു.
ശബ്ബത്ത് വര്‍ഷത്തിന്റെയും യോബേല്‍
സംവല്‍സരത്തിന്റെയും പ്രമാണങ്ങള്‍ ഏകദേശം ഒന്ന് തന്നെ ആണ്.
ആവര്‍ത്തനപുസ്തകം 15: 1, 2
1 ഏഴേഴു ആണ്ടു
കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.
2 വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം
അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ
കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.
പുറപ്പാടു 21: 2 ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
എന്നാല്‍ യോബേല്‍ സംവത്സരത്തില്‍
അടിമകള്‍ സ്വതന്ത്രര്‍ ആക്കപ്പെടും എന്ന് മാത്രമല്ല വിറ്റുപോയ ദേശവും സൗജന്യമായി
തിരികെ ലഭിക്കും. അങ്ങനെ യോബേല്‍ സംവത്സരം അടിമകളുടെയും ദേശത്തിന്റെയും വീണ്ടെടുപ്പിന്റെയും
പുനസ്ഥാപനത്തിന്റെയും വര്‍ഷം കൂടി ആകുന്നു.
ലേവ്യപുസ്തകം 25: 13 ഇങ്ങനെയുള്ള യോബേൽസംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.
യോബേല്‍ സംവത്സരം എന്നത് വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും വലിയ ഒരു ചിത്രം ആണ്.
പുതിയ നിയമത്തിലുള്ള പ്രാധാന്യം
ഇവിടെ നിന്നും നമുക്ക് യോബേല്‍ സംവല്‍സരത്തിനു പുതിയനിയമത്തിലുള്ള പ്രധാന്യത്തിലേക്ക് പോകാം.
പഴനിയമ വെളിപ്പാടുകള്‍ക്കും പുതിയനിയമത്തിനും ഒരു തുടര്‍ച്ച ഉണ്ട്. വേദപുസ്തകം മുഴുവന്‍ ഒരേഒരു വിഷയമാണ് പറയുന്നത്: ദൈവരാജ്യത്തിന്റെ പുനസ്ഥാപനം. അതിനു ആദ്യം മാനവരാശിയുടെ വീണ്ടെടുപ്പ് സാധ്യമാകേണം. വേദപുസ്തകത്തില്‍ വിവരിക്കപ്പെടുന്ന സകല ദൈവീക പദ്ധതിയ്ക്കും പ്രമാണങ്ങള്‍ക്കും ഒരേഒരു ഉദ്ദേശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് യോബേല്‍ സംവത്സരം എന്ന ഈ പഴയനിയമ സംഭവത്തിനും പുതിയനിയമ കാലത്ത് എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരിക്കേണം.
പുതിയനിയമത്തിലേക്ക് വരുമ്പോള്‍, മശിഹാ തമ്പുരാന്റെ കാലത്തിന്റെ ഒരു നിഴല്‍ ആണ് യോബേല്‍ സംവത്സരം. യിസ്രായേല്‍ കാത്തിരുന്ന മശിഹ ആയ യേശു ക്രിസ്തുവില്‍ നിവൃത്തിക്കപ്പെടുന്ന വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും ആദ്യ മാതൃക ആണ് യോബേല്‍ സംവത്സരം.
തന്റെ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ യേശു ക്രിസ്തു ഈ സത്യം
വിളംബരം ചെയ്തു. യേശു നസ്രെത്തില്‍ ഒരു ശബത്ത് ദിവസം ഒരു യഹൂദ പള്ളിയില്‍ ചെന്നു.
അവിടെ ദൈവവചനം വായിക്കുവാനായി എഴുന്നേറ്റ് നിന്നു. ആലയ പ്രമാണിമാര്‍ അവന്
യെശയ്യാവ് പ്രവാചകന്റെ പുസ്തകം കൊടുത്തു. യേശു അത് വിടര്‍ത്തി ഇങ്ങനെ വായിച്ചു:
ലൂക്കോസ് 4: 18, 19
18 “ദരിദ്രന്മാരോടു സുവിശേഷം
അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു;
ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും
പീഡിതന്മാരെ വിടുവിച്ചയപ്പാനും
19 "കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
യേശു ഇവിടെ വായിക്കുന്നത് യെശയ്യാവ് 61: 1, 2 വാക്യങ്ങള്‍ ആണ്. ഈ വാക്യങ്ങള്‍ വായിച്ചതിനു ശേഷം യേശു പറഞ്ഞു, ഈ വചനം താന്‍ വായിച്ച് കേള്‍ക്കയാല്‍ അതിനു നിവൃത്തി വന്നിരിക്കുന്നു. യെശയ്യാവ് പ്രവാചകന്‍ പറഞ്ഞതിന് നിവൃത്തി ആകുന്നു എന്നത് യോബേല്‍ സംവത്സരം എന്ന നിഴലിന്റെ നിവൃത്തി ആണ്. അതാണ് കര്‍ത്താവിന്റെ പ്രസാദ വര്‍ഷം, അപ്പോഴാണ് ബദ്ധന്‍മാര്‍ വിടുവിക്കപ്പെടുന്നത്. മശിഹായുടെ കാലം പീഡിതന്മാര്‍ക്കും ബദ്ധന്മാർക്കും വിടുതലിന്റെ കാലം ആണ്.
അതായത് യേശു യോബേല്‍ സംവത്സരത്തിന്റെ ശുശ്രൂഷയില്‍ ആയിരുന്നു. മശിഹയുടെ കാലം യേശു ക്രിസ്തുവിന്റെ ആദ്യത്തെ വരവോടെ ആരംഭിച്ചു. (ലൂക്കോസ് 4: 21). അത് യേശുവിന്റെ രണ്ടാമത്തെ വരവോടെ പൂര്‍ത്തിയാകും. (യാക്കോബ് 5: 1-8; ലൂക്കോസ് 16: 19-31). അതോടെ ദൈവജനത്തിന്റെ നിത്യമായ ദേശം പുനസ്ഥാപിക്കപ്പെടും.
യോബേല്‍ സംവത്സരം യിസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍
നിന്നുള്ള വീണ്ടെടുപ്പിലേക്ക് പിന്നോട്ട് നോക്കുന്നു.
അതോടൊപ്പം തന്നെ മുന്നോട്ട്, നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു നോക്കുന്നു. (അപ്പോസ്തല പ്രവൃത്തികള്‍ 3: 21; 2 പത്രൊസ് 3: 13)
യേശുവിന്റെ ഗിരി പ്രഭാഷണം ആരംഭിക്കുന്നത് അവന്റെ അനുഗ്രഹപ്രഭാഷണത്തോടെയാണ്. യേശു വിളിച്ചുപറഞ്ഞു: ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ ഭാഗ്യവാന്മാര്‍; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. ഈ പ്രഖ്യാപനത്തില്‍ യോബേല്‍ സംവത്സരത്തിന്റെ സാരാംശം അടങ്ങിയിട്ടുണ്ട്.
യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ എന്ന ഉത്സവത്തിന്റെ അവസാന
ദിവസം യേശു സകല ജനത്തോടും വിളിച്ച് പറഞ്ഞതിങ്ങനെയാണ്:
യോഹന്നാന്‍
7: 37, 38
37 ഉത്സവത്തിന്റെ
മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ
അടുക്കൽ വന്നു കുടിക്കട്ടെ.
38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
ഏഴു ദിവസം കൂടാരപ്പെരുന്നാള്‍ ആചരിച്ച ജനത്തോട് എട്ടാമത്തെ ദിവസമാണ് യേശു ഇത് വിളിച്ച് പറയുന്നത്. ദേശത്തിന്റെ അനുഗ്രഹത്തിലും സമൃദ്ധമായ വിളവിലും അവര്‍ സന്തോഷിക്കുന്ന അവസരമാണിത്. അവര്‍ മിസ്രയീമില്‍ അടിമകള്‍ ആയിരുന്നു എന്നും അവരെ ദൈവം അവിടെ നിന്നും വിടുവിച്ചു എന്നും അവര്‍ ഓര്‍ക്കുന്ന അവസരമാണിത്. ഇത് അവരുടെ വീണ്ടെടുപ്പിന്റെയും സമൃദ്ധിയുടെയും വിശ്രമത്തിന്റെയും പുനസ്ഥാപനത്തിന്റെയും ആഘോഷമാണ്.
ദൈവം യിസ്രായേല്‍ ജനത്തോട് ആചരിക്കുവാന്‍ കല്‍പ്പിച്ച ഏഴു ഉല്‍സവങ്ങളില്‍
ഏഴാമത്തേത് ആണ് കൂടാരപ്പെരുന്നാള്‍. കൂടാരപ്പെരുന്നാള്‍
ആചരിക്കുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ്.
അതാണ് യിസ്രായേല്‍ ജനത്തിന്റെ പുതിയ വര്‍ഷത്തിന്റെ ആരംഭം. അത് കൊയ്ത്തു
കാലത്തിന്റെ അവസാനവും ആണ്.
ആവര്‍ത്തനപുസ്തകം 16: 13 കളത്തിലെ
ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുനാൾ
ആചരിക്കേണം.
കൂടാരപ്പെരുന്നാളിന്റെ വ്യവസ്ഥകള്‍ ലേവ്യപുസ്തകം
23: 34-43 വരെയുള്ള വാക്യങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അതിലെ പ്രധാന
വ്യവസ്ഥകള്‍ ഇതെല്ലാം ആയിരുന്നു:
ലേവ്യപുസ്തകം
23: 34-36, 39, 42, 43
34 .... ഏഴാം മാസം പതിനഞ്ചാം തിയ്യതിമുതൽ ഏഴു ദിവസം
യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു.
35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
36 ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; എട്ടാംദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവെക്കു
ദഹനയാഗവും അർപ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി
യഹോവെക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം
വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.
42 ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു
കൊണ്ടുവന്നപ്പോൾ
43 അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
കൂടാരപ്പെരുന്നാളിന്റെ മാസമാണ് യോബേല്‍ സംവല്‍സരത്തിന്റെ ആരംഭം. അതേ മാസത്തില്‍ നിന്നുകൊണ്ടു യേശു വിളിച്ച് പറഞ്ഞു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.” (യോഹന്നാന്‍ 7: 37). യോബേല്‍ സംവല്‍സരത്തിലെ വീണ്ടെടുപ്പ് ആണ് യേശു പ്രഖ്യാപിക്കുന്നത്. അത് അവനില്‍ നിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
ദാഹം, ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശമാണ് ദാഹിക്കുന്നവര്‍ക്ക് വെള്ളം കൊടുക്കുന്നതു. ദേശമാണ് അദ്ധ്വാനിക്കുന്നവര്‍ക്ക് വിശ്രമം കൊടുക്കുന്നത്. ദേശമാണ് വിശക്കുന്നവന് ആഹാരം കൊടുക്കുന്നത്. ദേശത്തിന്റെ സമൃദ്ധിയാണ് അവര്‍ കൂടാരപ്പെരുന്നാളില്‍ ആഘോഷിക്കുന്നത്. ആ ദേശത്തിന്റെ വിശ്രമവും പുനസ്ഥാപനവും ആണ് യോബേല്‍ സംവല്‍സരം. യേശു പറയുന്നു, അവനാണ് വിശ്രമം നല്‍കുന്ന ദേശം.
ദാഹിക്കുന്ന സകല ജനത്തെയും അവന്‍ തന്റെ അടുക്കലേക്ക് ക്ഷണിക്കുകയാണ്. അവര്‍ക്ക് ഇനി ഒരിക്കലും ദാഹിക്കാതവണ്ണം കുടിപ്പാന്‍ കൊടുക്കുവാന്‍ യേശുവിന് കഴിയും. മാത്രവുമല്ല, യേശുവില്‍ വിശ്വസിക്കുന്നവരില്‍നിന്നും ജീവന്റെ ഉറവ പുറപ്പെടുകയും ചെയ്യും.
ഇവിടെ യേശു യിസ്രായേല്‍ ജനത്തിന് കുടിപ്പാന്‍ ജലം നല്‍കുന്ന ദേശത്തിനു പകരമായി തന്നെത്തന്നെ നല്‍കുകയാണ്. യേശു ആണ് വാഗ്ദത്ത ദേശം. യോബേല്‍ സംവല്‍സരം യേശുവില്‍ നിവര്‍ത്തിക്കപ്പെടുകയാണ്.
പഴയനിയമ വിശുദ്ധര്‍ കനാന്‍ ദേശത്തെ ദൈവത്തിന്റെ സന്നിധ്യമുള്ളതും ദൈവീക അനുഗ്രഹമുള്ളതുമായ സവിശേഷ ദേശമായി കണ്ടിരുന്നു. പുതിയനിയമം നമ്മളെ പഠിപ്പിക്കുന്നത് ദൈവം വസിക്കുന്ന ദേശം, സംരക്ഷണവും അനുഗ്രഹവും വിശ്രമവും ഉള്ള ദേശം, ക്രിസ്തു ആണ് എന്നാണ്.
പഴയനിയമ വിശുദ്ധര്‍ ദൈവത്തിന്റെ ദേശത്തില്‍ ആയിരിക്കുന്നതില്‍ സന്തോഷിച്ചു; പുതിയ നിയമ വിശ്വാസികള്‍ ക്രിസ്തുവില്‍ ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നു.
ഇപ്പോള്‍ നമ്മള്‍ ആയിരിക്കുന്ന ക്രിസ്തീയ കാലം ഒരു നീണ്ട യോബേല്‍ സംവത്സരം ആണ്. കർത്താവിന്റെ പ്രസാദവർഷത്തിലെ അനുഗ്രഹങ്ങളും നന്മയും അനുഭവിച്ചുകൊണ്ടാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. സുവിശേഷം എന്നത് യോബേല്‍ സംവത്സരത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന കാഹളധ്വനി ആണ്.
യോബേല്‍ സംവത്സരവും അന്ത്യകാല നിവൃത്തിയും
യോബേല്‍ സംവല്‍സരത്തിന് ഒരു അന്ത്യകാല നിവൃത്തി
കൂടി ഉണ്ട്. നിത്യതയിലെ എന്നന്നെക്കുമുള്ള വിശ്രമത്തിന്റെ ചിത്രം കൂടി ആണ് യോബേല്‍
സംവത്സരം.
എബ്രായര്‍ 4: 9 ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
കനാന്‍ ദേശത്ത് ഒരു വിശ്രമ കാലം ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തിരുന്നു. എന്നാല്‍ ഈ വിശ്രമം പഴയനിയമ യിസ്രായേലിന് മാത്രം ഉള്ളതല്ല. എല്ലാ കാലത്തെയും ദൈവജനത്തിന് ഒരു വിശ്രമകാലം ദൈവം വാഗ്ദത്തം ചെയ്യുക ആണ്. അത് ഭൌതീക കനാന്‍ ദേശത്തെ താല്‍ക്കാലിക വിശ്രമം അല്ല, ദൈവം വാഗ്ദത്തം ചെയ്യുന്നത് നിത്യമായ ഒരു ആത്മീയ വിശ്രമം ആണ്. കനാനിലെ വിശ്രമവും ശബ്ബത്ത് നാളിലെ വിശ്രമവും വരുവാനിരിക്കുന്ന സ്വര്‍ഗീയമായത്തിന്റെ നിഴല്‍ മാത്രം ആയിരുന്നു.
ക്രിസ്തീയ യുഗത്തെ യോബേല്‍ സംവത്സരം എന്ന് വിളിക്കുന്നത് ശരിയാണ്. എന്നാല്‍ യോബേല്‍ സംവത്സരത്തിന്റെ പൂര്‍ണ്ണത ഇതുവരെയും വന്നിട്ടില്ല; അതിന്റെ ശ്രേഷ്ടമായ നിവൃത്തി ഇനിയും വരാനിരിക്കുന്നതെ ഉള്ളൂ. ദൈവപുത്രന്റെ രാജ്യം അതിന്റെ സകല മഹത്വത്തോടെ സ്ഥാപിക്കപ്പെടുമ്പോള്‍ മാത്രമേ യോബേല്‍ സംവത്സരത്തിന്റെ പൂര്‍ണ്ണത നിവൃത്തിയാകുക ഉളളൂ.
ഇനിയും മറ്റൊരു കാഹളധ്വനിയോടെ ഒരു അന്ത്യകാല യോബേല്‍
സംവത്സരം ആരംഭിക്കും. അതിനെക്കുറിച്ച് പൌലൊസ് പറയുന്നതിങ്ങനെയാണ്:
1 തെസ്സലൊനീക്യർ 4: 16, 17
16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ
ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും
ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു
ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ
ഇരിക്കും.
No comments:
Post a Comment