യെഹൂദ റബ്ബിമാര്‍ വായ്മൊഴിയാലാണ് അവരുടെ ശിഷ്യന്മാരെ ന്യായപ്രമാണങ്ങളും വ്യാഖ്യാനങ്ങളും പഠിപ്പിച്ചിരുന്നത്. അതിനായി അവര്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന ചെറിയ കഥകള്‍ ഉപമകളായി ഉപയോഗിക്കുക പതിവായിരുന്നു. യേശുക്രിസ്തുവും ഇതുപോലെ ഉപമകളിലൂടെ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
ഉപമകള്‍ എല്ലാം, അതതു സമൂഹത്തില്‍ പ്രചാരത്തിലിരിക്കുന്ന ചെറിയ കഥകള്‍ ആണ്. ഇവയ്ക്ക് എല്ലാം ഒരു സാന്‍മാര്‍ഗ്ഗിക പാഠം ഉണ്ടായിരിക്കും. ഇത് പറഞ്ഞുകൊണ്ടായിരിക്കും ഉപമകള്‍ അവസാനിക്കുന്നത്. ഈ പാഠമാണ് ഉപമയുടെ സന്ദേശം. ഉപമയെ മനസ്സിലാക്കുവാന്‍, കഥയിലെ ഓരോ അംശത്തെയും വിശദമായി പരിശോധിക്കാറില്ല, അതിന്റെ സ്വഭാവികതയോ, പ്രയോഗികതയോ നോക്കാറില്ല. അത് വഹിക്കുന്ന മുഖ്യ സന്ദേശം കേള്‍വിക്കാരില്‍ കൃത്യമായി എത്തിക്കുവാന്‍ കഴിയുന്നുവെങ്കില്‍ അതൊരു വിജയകരമായ ഉപമായാണ്. ഉപമകളുടെ അവസാനത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവം ആണ് അതിന്റെ സന്ദേശത്തെ വെളിവാക്കുന്നത്.
ഒരു ഉപമ തന്നെ എല്ലാവരും ഒരുപോലെ പറയണമെന്നില്ല. അവരവര്‍ വിനിമയം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ചു അതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും. അതിനാല്‍ തന്നെ ഓരോരുത്തരും പറയുന്ന ഉപമകള്‍ ശ്രദ്ധയോടെ കേള്‍ക്കേണ്ടിയിരുന്നു. ഒരു ഉപമയ്ക്ക് തന്നെ വ്യത്യസ്തങ്ങളായ വിവരണങ്ങള്‍ ഉണ്ടായിരുന്നു.
യേശുക്രിസ്തു അവന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ അനേകം ഉപമകള്‍
പറഞ്ഞിട്ടുണ്ട്. ഒരു രീതിയില്‍ പറഞ്ഞാല്‍, ഏത് കാര്യവും ഒരു ഉപമയിലൂടെ കേള്‍വിക്കാരില്‍ എത്തിക്കുവാനാണ് അവന്‍
ശ്രമിച്ചത്. അതുകൊണ്ടാണ് മത്തായി പറഞ്ഞത്:
മത്തായി 13: 34 ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല
യേശുക്രിസ്തു
ഉപമകള്‍ ഉപയോഗിച്ചത് അവന്റെ സന്ദേശം ചിലരോട് വിനിമയം ചെയ്യുവാനും ചിലരില്‍ നിന്നും
അതിന്റെ മര്‍മ്മങ്ങള്‍ മറച്ചു പിടിക്കുവാനുമായിരുന്നു. അതായത് എല്ലാവരും കേള്‍ക്കും
എങ്കിലും തിരഞ്ഞെടുപ്പുള്ളവര്‍ മാത്രമേ ഗ്രഹിക്കുകയുള്ളൂ.
മത്തായി 13: 13 അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.
അതുകൊണ്ടാണ് ചില ഉപമകള്‍ക്ക് യേശു തന്നെ വിശദമായ വ്യാഖ്യാനങ്ങള്‍ പിന്നീട് പറയുന്നതു. വിതെയ്ക്കുന്നവന്റെ ഉപമ യേശു മത്തായി 13: 3-8 വരെയുള്ള വാക്യങ്ങളില്‍ പറയുന്നു. അത് ശിഷ്യന്‍മാര്‍ക്ക് പോലും അത്ര എളുപ്പം ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ യേശു അതിന്റെ ഒരു വിശദീകരണം അതേ അദ്ധ്യായം 18-23 വരെയുള്ള വാക്യങ്ങളില്‍ പറയുന്നുണ്ട്.
യേശുവിന്റെ
ഉപമകള്‍ സ്വര്‍ഗ്ഗീയ മര്‍മ്മങ്ങള്‍ ഉള്‍ക്കൊണ്ട ഭൌതീക കഥകള്‍ ആയിരുന്നു. അതിനെ
ഭൌതീക തലത്തില്‍ തന്നെ മനസ്സിലാക്കിയവര്‍ക്ക് അതിന്റെ ആത്മീയ തലം ഗ്രഹിക്കുവാന്‍
കഴിഞ്ഞില്ല. ആത്മീയ തലം മനസ്സിലാക്കുവാന്‍ തിരഞ്ഞെടുപ്പ് ലഭിച്ചവര്‍ക്കെ
കഴിഞ്ഞുള്ളൂ.
മത്തായി 13: 11 അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.
യേശുക്രിസ്തു
പറഞ്ഞ ഉപമകളില്‍ ഏറ്റവും പ്രശസ്തമായ ഉപമകള്‍, മുടിയനായ പുത്രന്റെ
ഉപമയും നല്ല ശമര്യാക്കാരന്റെ ഉപമയും ആണ്. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ
വരവിനെക്കുറിച്ചും അവന്‍ ചില ഉപമകള്‍ പറഞ്ഞിട്ടുണ്ട്. പത്തു കന്യകമാരുടെ ഉപമ ഇതില്‍
ഉള്‍പ്പെടുന്നു.
പത്തു കന്യകമാരുടെ ഉപമ
പത്തു
കന്യകമാരുടെ ഉപമ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് 25 ആം അദ്ധ്യായം 1-13
വരെയുള്ള വാക്യങ്ങളില്‍ ആണ്.
മത്തായി 25: 1 – 13
1 “സ്വർഗ്ഗരാജ്യം മണവാളനെ
എതിരേല്പാൻ വിളക്കു എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
2 അവരിൽ അഞ്ചുപേർ
ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
3 ബുദ്ധിയില്ലാത്തവർ വിളക്കു
എടുത്തപ്പോൾ എണ്ണ എടുത്തില്ല.
4 ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ
പാത്രത്തിൽ എണ്ണയും എടുത്തു.
5 പിന്നെ മണവാളൻ താമസിക്കുമ്പോൾ
എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
6 അർദ്ധരാത്രിക്കോ മണവാളൻ വരുന്നു;
അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
7 അപ്പോൾ കന്യകമാർ എല്ലാവരും
എഴന്നേറ്റു വിളക്കു തെളിയിച്ചു.
8 എന്നാൽ ബുദ്ധിയില്ലാത്തവർ
ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ
ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
9 ബുദ്ധിയുള്ളവർ: ഞങ്ങൾക്കും
നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി
വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10 അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ
വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു;
വാതിൽ അടയ്ക്കയും ചെയ്തു.
11 അതിന്റെ ശേഷം മറ്റെ കന്യകമാരും
വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു
പറഞ്ഞു.
12 അതിന്നു അവൻ: ഞാൻ നിങ്ങളെ
അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
13 ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
ഉപമയുടെ ചുരുക്കം ഇങ്ങനെയാണ്: യഹൂദ വിവാഹത്തിന്‍റെ ആചാരങ്ങള്‍ ആണ് ഉപമയുടെ പശ്ചാത്തലം. പത്തു കന്യകമാര്‍ മണവാളനെ എതിരേല്‍ക്കുവാന്‍ വിളക്കുമായി പുറപ്പെട്ടു. എന്നാല്‍ അവരില്‍ അഞ്ചുപേര്‍ മാത്രമേ വിളക്കിലൊഴിക്കുവാനുള്ള എണ്ണ അധികമായി കരുതിയിരുന്നുള്ളൂ. എണ്ണ അധികമായി കരുതിയവരെ ബുദ്ധിയുള്ളവര്‍ എന്നും എണ്ണ അധികമായി കരുതാത്തവരെ ബുദ്ധിയില്ലാത്തവര്‍ എന്നും യേശു വിളിക്കുന്നു. കാരണം, മണവാളന്‍ എപ്പോഴാണ് വരുന്നത് എന്നു അവര്‍ക്ക് അറിയില്ല. അവന്‍ രാത്രിയില്‍ വന്നാല്‍, അവനെ എതിരേല്‍ക്കുവാനായി പോകുവാന്‍ അധികം എണ്ണ വേണ്ടിവരും. ഇത് മനസ്സിലാക്കി അധികം എണ്ണ എടുത്തവര്‍ തീര്‍ച്ചയായും ബുദ്ധിയുള്ളവര്‍ തന്നെയാണ്. ഈ സാധ്യതയെ മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും മതിയായ കരുതല്‍ എടുക്കാത്തവരെയും ബുദ്ധിയില്ലാത്തവര്‍ എന്നു വിളിക്കുന്നതില്‍ തെറ്റില്ല.
എന്നാല്‍ മണവാളന്‍ വരുവാന്‍ താമസിച്ചു. എന്തുകൊണ്ടാണ് മണവാളന്‍ വരുവാന്‍ താമസിച്ചത് എന്നു യേശു പറയുന്നില്ല. അത് ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ ആയിരിക്കാം യേശു അത് വിട്ടു കളഞ്ഞത്. അതിനാല്‍ നമ്മളും അതിനെ സങ്കല്‍പ്പിക്കേണ്ടതില്ല.
മണവാളന്‍ വരുവാന്‍ താമസിച്ചതിനാല്‍, മയക്കത്തിലായി. കുറെ കഴിഞ്ഞപ്പോള്‍ മണവാളന്‍ വരുന്നു എന്നു ജനം ആര്‍പ്പുവിളിച്ചു എല്ലാവരെയും അറിയിച്ചു. അപ്പോള്‍ കന്യകമാര്‍ ഉണര്‍ന്നു വിളക്കുകള്‍ തെളിയിച്ചു. എന്നാല്‍ എണ്ണ കുറവായിരുന്നതിനാല്‍, അഞ്ചു കന്യകമാരുടെ വിളക്കിലെ തീ കെട്ടുപോയി. അതിനാല്‍ അവര്‍ കുറെ എണ്ണ ബുദ്ധിയുള്ള കന്യകമാരോടു ചോദിച്ചു എങ്കിലും അവര്‍ കൊടുത്തില്ല. അവരുടെ പ്രവര്‍ത്തി ന്യായമായിരുന്നു. എല്ലാവയുംരുടെ വിളക്ക് അണഞ്ഞു പോകുന്നതിനെക്കാള്‍ നല്ലത് കുറെപ്പേരുടെയെങ്കിലും വിളക്ക് കത്തുന്നതാണ്. അവരുടെ എണ്ണ മറ്റുള്ളവര്‍ക്ക് കടം കൊടുക്കുവാന്‍ കഴിയുമോ എന്നതിലും സംശയം ഉണ്ട്.
ബുദ്ധിയില്ലാത്തവര്‍ വേഗം എണ്ണ മേടിക്കുവാനായി കച്ചവടക്കാരുടെ അടുക്കല്‍ പോയി. അന്നത്തെ യഹൂദ വിവാഹം ഒരു വലിയ ഉലസവം പോലെയാണ്. അതിനാല്‍ കച്ചവട സ്ഥാപനങ്ങള്‍ രാത്രിയിലും തുറന്നിരിക്കുവാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല, കച്ചവടക്കാര്‍ ഇവിടെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ അല്ല. ബുദ്ധിയില്ലാത്തവര്‍, തങ്ങളുടെ പക്കല്‍ എണ്ണ തീര്‍ന്നുപോയി എന്നു മനസ്സിലാക്കിയപ്പോഴേക്കും സമയം താമസിച്ചിരുന്നു. എങ്കിലും അത് ലഭിക്കുമോ എന്നൊരു ശ്രമം അവര്‍ നടത്തി. അവര്‍ക്ക് എണ്ണ ലഭിച്ചു, എന്നാല്‍ അത് താമസിച്ചു പോയി.
അവര്‍ എണ്ണ വാങ്ങുവാന്‍ പോയ ഇടവേളയില്‍, മണവാളന്‍ വന്നു, കാത്തിരുന്ന കന്യകമാരോടൊപ്പം അവന്‍ കല്യാണസദ്യക്കു പ്രവേശിച്ചു, വാതിൽ അടയ്ക്കയും ചെയ്തു. ഇവിടെയൊരു അന്തിമത്വമുണ്ട് (finality). ഇനി ആര്‍ക്കുവേണ്ടിയും, ഒരു കാരണവശാലും വാതില്‍ തുറക്കുകയില്ല. അങ്ങനെ എണ്ണ വാങ്ങുവാനായി പോയിരുന്ന ബുദ്ധിയില്ലാത്ത കന്യകമാര്‍ക്ക് കല്യാണ സദ്യ എന്നന്നേക്കുമായി നഷ്ടമായി.
എങ്കിലും അവര്‍ വാതില്‍ക്കല്‍ മുട്ടിവിളിച്ചു. അവരുടെ അവസ്ഥ അവര്‍ അറിയിച്ചു. എന്നാല്‍, മണവാളന്‍ അവരെ തള്ളിപ്പറഞ്ഞു, വാതില്‍ തുറക്കുവാന്‍ തയ്യാറായില്ല. ഉപമ മുഖ്യ സന്ദേശത്തോടെ അവസാനിക്കുന്നു: “ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” (മത്തായി 25:13).
ഉപമയുടെ പഠനം
എല്ലാ ഉപമകളും പഠിക്കേണ്ടുന്ന ചില രീതികള്‍ ഉണ്ട്. അതില്‍ പ്രധാനമായും നമ്മള്‍ ശ്രദ്ധിക്കേണ്ടത്, ഉപമകളെ ദൃഷ്ടാന്തരൂപമായ രീതിയില്‍ പഠിക്കുവാന്‍ ശ്രമിക്കരുത് എന്നതാണ് (allegorical). നിഴലും പൊരുളും എന്ന പഠന സമ്പ്രദായം ഉപമകളുടെ കാര്യത്തില്‍ ആവശ്യമില്ല. ഉപമകളുടെ എല്ലാ വിശദാംശങ്ങളുടെയും വ്യാഖ്യാനങ്ങള്‍ ആവശ്യമില്ല. ഉപമയില്‍ പറയാത്തത് സങ്കല്‍പ്പിക്കേണ്ടതും ഇല്ല.
ഉപമകളുടെ ആരംഭത്തിലും അവസാനത്തിലും പറയുന്ന വാചകങ്ങള്‍ ആണ് അതിന്റെ സാംഗത്യവും സന്ദേശവും (application and message). ബാക്കിയെല്ലാം കഥകള്‍ മാത്രമാണ്. അതിനെ രസകരവും ആകര്‍ഷവും ആക്കുവാന്‍ ഉപമകള്‍ പറയുന്ന വ്യക്തി ചില രീതികള്‍ ഉപയോഗിച്ചേക്കാം. അദ്ദേഹം ഉദ്ദേശിക്കുന്ന സന്ദേശത്തില്‍ എത്തുവാനായി, പ്രചാരത്തിലിരിക്കുന്ന ഉപമകള്‍ക്ക് ചില വ്യത്യാസങ്ങളും വരുത്തും.
പത്തു
കന്യകമാരുടെ ഉപമ മത്തായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇത് മത്തായി 24 ല്‍
യേശു ഒലിവുമലയില്‍ വച്ച് ശിഷ്യന്മാരോടു പറയുന്ന സുദീര്‍ഘമായ ഒരു സഭാഷണത്തിന്റെ
തുടര്‍ച്ചയാണ്. ഈ സംഭാഷണം മത്തായി 24: 3-44 വരെയും മര്‍ക്കോസ് 13:
3-33 വരെയും ലൂക്കോസ് 21: 7-36 വരെയും ഉള്ള വാക്യങ്ങളില്‍
രേഖപ്പെടുത്തിയിട്ടുണ്ട്. ശിഷ്യന്മാര്‍ യേശുവിനോട് അവന്റെ രണ്ടാമത്തെ വരവിനും
ലോകാവസാനത്തിനും ഉള്ള അടയാളം എന്തു എന്നു ചോദിച്ചു.
മത്തായി 24: 3 അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
ഇതിന്
മറുപടിയായി യേശു അന്ത്യകാലത്ത് ലോകത്ത് സംഭവിക്കുവാനിരിക്കുന്ന അനേകം കാര്യങ്ങള്‍
അവന്റെ വരവിന്റെ അടയാളമായി പറഞ്ഞു. എന്നാല്‍ ഇതൊന്നും കൃത്യമായ ദിവസമോ സമയമോ അല്ല
എന്നും യേശു പറഞ്ഞു.
മത്തായി 24: 33 അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
യേശു, അവന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചുള്ള
വിശദീകരണങ്ങള്‍ അവസാനിപ്പിക്കുന്നത് ഈ വാക്കുകളോടെയാണ്:
മത്തായി 24: 44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
എന്നാല്‍ യേശുവിന്റെ സംഭാഷണം ഇവിടെ അവസാനിക്കുന്നില്ല. അവന്‍ പ്രഭാഷണം തുടരുകയാണ്. നിനെക്കാത്ത നാഴികയില്‍ മനുഷ്യ പുത്രന്‍ വരും എന്നതിനാല്‍ ഒരുങ്ങിയിരിക്കേണം എന്നതാണു അവന്റെ തുടര്‍ന്നുള്ള സംഭാഷണത്തിലെ വിഷയം. അതിനായി അവന്‍ മൂന്നു ഉപമകള്‍ തുടര്‍ന്നു പറഞ്ഞു.
ആദ്യമായി, മത്തായി 24: 45 മുതല്‍ 51 വരെയുള്ള വാക്യങ്ങളില്‍ ദുഷ്ടനായ ഒരു ദാസന്റെ ഉപമ അവന്‍ പറഞ്ഞു. യജമാനന്‍ ദൂര ദേശത്തേക്കു യാത്രയായപ്പോള്‍ അവന്റെ വീട്ടിലെ കാര്യങ്ങള്‍ വിശ്വസ്തതയോടെ നോക്കുവാനും വീട്ടുകാര്‍ക്ക് തക്ക സമയത്ത് ഭക്ഷണം കൊടുക്കുവാനുമായി ഒരു ദാസനെ ചുമതലപ്പെടുത്തി. ഇവിടെ രണ്ടു ദാസന്മാരെക്കുറിച്ച് യേശു പറയുന്നുണ്ട്. രണ്ടു പേരും ഒരേ സമയം ആ വീട്ടില്‍ ഉണ്ടായിരുന്നവര്‍ അല്ല. രണ്ടു സ്വഭാവമുള്ള ദാസന്മാരെയും അവരുടെ വിശ്വസ്തതയെയും യേശു വിവരിക്കുകയാണ്.
ഒന്നാമത്തെ ദാസന്‍ ബുദ്ധിയുള്ള ദാസന്‍ ആയിരുന്നു. അവന്‍ യജമാനന്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെയും വിശ്വസ്തതയോടെയും ചെയ്തു. യജമാനന്‍ വന്നപ്പോള്‍ അവന് വലിയ പ്രതിഫലം ലഭിച്ചു. അവനെ, യജമാനന്നുള്ള സകലത്തിന്മേലും അധിപതിയാക്കി.
ഉപമയിലെ രണ്ടാമത്തെ ദാസന്‍ ദുഷ്ടനായിരുന്നു. യജമാനന്‍ തിരികെ വരുവാന്‍ അല്‍പ്പം കാലതാമസമുണ്ടായി. അവന്‍ കൂട്ടുദാസന്മാരോടു ക്രൂരമായി പെരുമാറി, മദ്യപാനികളുമായി ചേര്‍ന്ന് തിന്നും കുടിച്ചും ജീവിച്ചു. പക്ഷേ അവന്‍ “നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു”. ദാസന്‍ കുറ്റക്കാരന്‍ എന്നു യജമാനന്‍ കണ്ടു. അവനെ ദണ്ഡിപ്പിച്ചു. അവന് കരച്ചിലും പല്ലുകടിയും ഉണ്ടാകും”
ഇവിടെ കര്‍ത്താവിന്റെ വരവ് അപ്രതീക്ഷിതീതമായ സമയത്ത് ഉണ്ടാകും എന്നതിനാല്‍ ഒരുങ്ങിയിരിക്കേണം എന്ന സന്ദേശം യേശു നല്കുന്നു.
രണ്ടാമത്തെ ഉപമ പത്തു കന്യകമാരുടെ ഉപമയാണ്. മൂന്നാമത്തെ ഉപമ താലന്തുകളുടെ ഉപമായാണ്. ഇവിടെയും യജമാനന്‍ ദൂര ദേശത്തേക്ക് പോകുകയാണ്. പോകുന്നതിനു മുമ്പ് തന്റെ ദാസന്‍മാര്‍ക്ക് അവന്റെ സമ്പത്തിന്റെ ഒരു ഭാഗം വീതിച്ചു നല്കി. അവന്റെ അസാന്നിധ്യത്തില്‍ അവര്‍ അത് വ്യാപാരം ചെയ്തു വര്‍ദ്ധിപ്പിക്കേണം എന്നായിരുന്നു യജമാനന്റെ ഉദ്ദേശ്യം. യജമാനം വളരെ കാലത്തിനു ശേഷമാണ് തിരികെ വന്നത്. ഈ കാലയളവില്‍ ചില ദാസന്മാര്‍ അവന്‍ ഏല്‍പ്പിച്ച സമ്പത്തു വ്യാപാരം ചെയ്തു വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഒരുവന്‍ അത് വ്യാപാരം ചെയ്യുകയോ, വ്യാപാരം ചെയ്യുന്നവരെ ഏല്‍പ്പിക്കുകയോ, വര്‍ദ്ധിപ്പിക്കുകയോ ചെയ്തില്ല. യജമാനന്‍ എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കുന്ന അവസരത്തില്‍ സമ്പത്ത് വര്‍ദ്ധിപ്പിച്ചവര്‍ക്ക് നല്ല പ്രഫലവും സമ്പത്ത് വ്യാപാരം ചെയ്ത് വര്‍ദ്ധിപ്പിക്കാത്തവന് ശിക്ഷയും കൊടുത്തു.
ഈ ഉപമയില്‍ നിനച്ചിരിക്കാത്ത നാഴികയില്‍ തിരികെ വരുന്ന യജമാനനായി ഒരുങ്ങി കാത്തിരിക്കേണം എന്ന സന്ദേശമല്ല പറയുന്നത്. ഇവിടെ, യജമാനന്റെ മടങ്ങി വരവിന് ഇടയിലുള്ള കാലത്ത്, അവന്‍ ഏല്‍പ്പിച്ച സ്വര്‍ഗ്ഗരാജ്യത്തിന്റെ സമ്പത്തു വ്യാപാരം ചെയ്തു ദൈവരാജ്യത്തിനായി വര്‍ദ്ധിപ്പിക്കേണം എന്ന സന്ദേശമാണ്.
ഈ മൂന്നു ഉപമകള്‍ക്ക് ശേഷം യേശു തന്റെ സംഭാഷണം തുടരുകയാണ്. അതില്‍ ന്യായവിധിയെക്കുറിച്ചുള്ള വിവരണങ്ങള്‍ ആണ്. അന്ത്യകാലത്തു സംഭവിക്കുന്ന വേര്‍തിരിവിനെക്കുറിച്ചും യേശു പറയുന്നു. വേര്‍തിരിവ് എന്നു പറഞ്ഞാല്‍, എല്ലാവരെയും അവന്‍ സ്വീകരിക്കുകയില്ല എന്നാണ്.
31 ആം വാക്യത്തില്‍ യേശു പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.” സകല ജനസമൂഹകങ്ങളില്‍ നിന്നുള്ളവരേയും അവന്റെ മുന്നില്‍ ഒരുമിച്ച് കൂട്ടും. ഇവിടെ വേര്‍തിരിവും ന്യായവിധിയും ഉണ്ടാകും.
വേര്‍തിരിവിനെയും ന്യായവിധിയെയും കുറിച്ച് പറയുവാന്‍ യേശു ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്ന രീതി ഉദാഹരണമായി പറയുന്നു. അതിനുശേഷം യേശു ദൈവരാജ്യത്തിന്റെ ഒരു മൂല്യ വ്യവസ്ഥയെക്കുറിച്ച് പറയുന്നു. ഏറ്റവും ചെറിയ സഹോദരന്‍മാരില്‍ ഒരുവന് നമ്മള്‍ ചെയ്യുന്നതെല്ലാം യേശുവിന് ചെയ്തു എന്നു ദൈവരാജ്യത്തില്‍ ഗണിക്കപ്പെടും. ഏറ്റവും ചെറിയവരില്‍ ഒരുത്തന് ചെയ്യാഞ്ഞടത്തോളമെല്ലാം യേശുവിന് ചെയ്തില്ല എന്നും ഗണിക്കപ്പെടും.
46 ആം വാക്യത്തില്‍ യേശു പറഞ്ഞു: ചിലര്‍ “നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” ഇതോടെ സുദീര്‍ഘമായ ഒരു ഒലീവ് പ്രഭാഷണം അവസാനിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ പത്തു കന്യകമാരുടെ ഉപമയും പഠിക്കുവാന്‍.
പത്തു കന്യകമാരുടെ ഉപമ ആരംഭിക്കുന്നത് ഇങ്ങനെയാണ്: “സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.” ഈ വാചകത്തില്‍ നിന്നും രണ്ടു കാര്യങ്ങള്‍ നമ്മള്‍ ഗ്രഹിക്കേണം. ഒന്നു ഇത് പത്തു കന്യകമാരുടെ കഥയാണ്. അതായത് ബുദ്ധിയുള്ള അഞ്ചു പേരുടെമാത്രം കഥയല്ല. ബുദ്ധിയില്ലാത്ത അഞ്ചു പേരുടെയും കൂടെ കഥയാണ്. യഥാര്‍ത്ഥത്തില്‍ ഈ ഉപമയില്‍ കൂടുതല്‍ പങ്ക് ഉള്ളത് ബുദ്ധിയില്ലാത്ത കന്യകമാര്‍ക്കാണ്. അവരാണ് കേള്‍വിക്കാരിലേക്ക്, യേശു ഉദ്ദേശിച്ച സന്ദേശം എത്തിക്കുന്നത്.
ഏറ്റവും പ്രധാന കാര്യം ഈ ഉപമയുടെ സാംഗത്യമാണ്. ഇത് സ്വര്‍ഗ്ഗരാജ്യത്തിന്റെ മൂല്യ വ്യവസ്ഥിതിയെക്കുറിച്ചാണ് പറയുന്നത്. സ്വര്‍ഗ്ഗരാജ്യം യേശുവിന്റെ ആദ്യത്തെ വരവിങ്കല്‍ പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അതിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തി ഇനിയും ഉണ്ടാകുവാനിരിക്കുന്നതെ ഉള്ളൂ. അതിനെക്കുറിച്ചാണ് ഈ ഉപമ പറയുന്നത്.
ഉപമ യഹൂദ പശ്ചാത്തലത്തിലെ വിവാഹത്തിന്റെ ആചാരങ്ങള്‍ ആണ് പറയുന്നത്. എന്നാല്‍ വിവാഹത്തിലെ പ്രധാന കഥാപാത്രമായ വധു ഇവിടെ ഇല്ല. ഇവിടെ മണവാളനായി കാത്തിരിക്കുന്ന കന്യകമാര്‍ ആണ് കഥാപാത്രങ്ങള്‍. മണവാട്ടി വിനിമയം ചെയ്യേണ്ടുന്ന ആത്മീയ മര്‍മ്മം കന്യകമാര്‍ ആണ് ഇവിടെ അറിയിക്കുന്നത്. മണവാട്ടിയ്ക്ക് പകരമായി കന്യകമാരെ കാണേണം.
മണവാട്ടിയെക്കുറിച്ച് പറയാഞ്ഞത്, യേശു ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങളിലേക്ക് കേള്‍വിക്കാര്‍ പോകാതിരിക്കുവാന്‍ വേണ്ടിയായിരിക്കാം. അതിനാല്‍ മണവാട്ടി എവിടെ എന്ന ചോദ്യം ഈ ഉപമയില്‍ ഉദിക്കുന്നില്ല.
ഈ ഉപമ, യേശുവിന്റെ സുദീര്‍ഘമായ ഒരു സംഭാഷണത്തിന്റെ ഭാഗമാണ് എന്നു പറഞ്ഞു കഴിഞ്ഞല്ലോ. അവന്‍ ശിഷ്യന്മാരോടു പറഞ്ഞുകൊണ്ടിരുന്നത്, അവടെ രണ്ടാമത്തെ വരവിനും ലോകാവസാനത്തിനും ഉള്ള അടയാളങ്ങള്‍ ആണ്. ഈ ഉപ്മയ്ക്ക് ശേഷം യേശു പറയുന്നതും ഇതേ വിഷയത്തെക്കുറിച്ചാണ്. അതിനാല്‍ ഈ ഉപമയും അവന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചാണ് എന്നു ന്യായമായി ചിന്തിക്കാം.
ബുദ്ധിയില്ലാത്ത കന്യകമാര്‍, എണ്ണ വാങ്ങി തിരികെ വരുമ്പോഴേക്കും വിവാഹ സദ്യയുടെ വാതില്‍ അടച്ചിരുന്നു. അതിനാല്‍ അവര്‍ “കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.” ഇത് സാധാരണ ഒരു മണവാളനെ തൊഴിമാര്‍ വിളിക്കുന്ന രീതിയല്ല. ഇവിടെ മണവാളന്‍ വീണ്ടും വരുന്ന യേശുക്രിസ്തു ആകുകയാണ്. അതിനാല്‍ കന്യകമാരുടെ ഉപമ അവന്റെ രണ്ടാമത്തെ വരവിനെക്കുറിച്ച് നമ്മളോട് പറയുകയാണ്.
ആരാണ് കന്യകമാര്‍. ഇവര്‍ മണവാളന്‍റെയോ, മണവാട്ടിയുടെയോ സുഹൃത്തുക്കള്‍ ആകാം. അവര്‍ വിവാഹത്തിന്റെ ഭാഗമായ തൊഴിമാരാണ്. ഉപമയിലെ തൊഴിമാര്‍ മണവാളന്റെ കൂട്ടര്‍ ആണോ, മണവാട്ടിയുടെ തൊഴിമാര്‍ ആണോ എന്നു വ്യക്തമല്ല. യഹൂദ ആചാരത്തില്‍ രണ്ടിനും സാധ്യതയുണ്ട്.
വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് വരുന്ന മണവാളനെ വധുവിന്റെ തൊഴിമാര്‍ വഴിമദ്ധേ കണ്ടുമുട്ടി, എതിരേറ്റു മണവാട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. അതുപോലെ തന്നെ, മണവാട്ടിയെയും കൂട്ടി വരന്റെ വീട്ടിലേക്ക് വരുന്ന മണവാളനെയും മണവാട്ടിയെയും സ്വീകരിക്കുന്ന തോഴിമാരും ഉണ്ട്. ഇവരില്‍ ആരാണ് ഇവിടെ പറയുന്ന കന്യകമാര്‍ എന്നത് വ്യക്തമല്ല.
എന്നാല്‍ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവുമായി ബന്ധപ്പെടുത്തുമ്പോള്‍, ഈ ഉപമയില്‍, കന്യകമാര്‍ മണവാട്ടിയ്ക്ക് പകരമായി നില്‍ക്കുന്നു എന്നു പറയാം. അവരെയാണ് മണവാളന്‍ കൂട്ടിച്ചേര്‍ത്തു വിവാഹസദ്യയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍ ഇത് യേശു തന്റെ സഭയായ മണവാട്ടിയെ ചേര്‍ക്കുവാനായി വരുന്ന സന്ദര്‍ഭത്തെയാണ് കാണിക്കുന്നത്.
ഇവര്‍ എല്ലാവരും കന്യകമാര്‍ ആയിരുന്നു എന്നും, അവര്‍ മണവാളനായി കാത്തിരിക്കുന്നവര്‍ ആയിരുന്നു എന്നും അവരുടെ എല്ലാവരുടെയും കയ്യില്‍ വിളക്ക് ഉണ്ടായിരുന്നു എന്നും യേശു പറയുന്നുണ്ട്. അതായത് അവര്‍ പുറത്തുള്ളവര്‍ അല്ല, വിവാഹ പാര്‍ട്ടിയിലെ അംഗങ്ങള്‍ ആണ്. ഇവര്‍ സഭയ്ക്ക് ഉള്ളിലുള്ളവരുടെ പ്രതീകമാണ്. ഈ ഉപമ സുവിശേഷം സ്വീകരിക്കുന്നവരെകുറിച്ചും സ്വീകരിക്കാത്തവരെക്കുറിച്ചും ഉള്ളതല്ല. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ടു, ആത്മനിറവില്‍ ജീവിക്കുന്നു എന്നു അവകാശപ്പെടുന്ന വിശ്വാസികളെക്കുറിച്ചാണ്. ഇവരില്‍ ചിലരാണ് വിവാഹസദ്യയ്ക്ക് പ്രവേശനം ലഭിക്കാതെ പുറത്താകുവാന്‍ പോകുന്നത്.
ബാഹ്യമായ രൂപത്തിലും ഭാവത്തിലും ഇവര്‍ പത്തുപേരും ഒരുപോലെയായിരുന്നു. അവര്‍ എല്ലാവരും കന്യകമാര്‍ ആയിരുന്നു. പത്തുപേരുടെയും കൈയില്‍ വിളക്കും ഉണ്ടായിരുന്നു. അവര്‍ മണവാളനെ എതിരേല്‍ക്കുവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ ആയിരുന്നു. എന്നാല്‍ ആന്തരികമായി അവരില്‍ അഞ്ച് പേരുടെ തയ്യാറെടുപ്പില്‍ അപാകത ഉണ്ടായിരുന്നു.
ഉപമയുടെ തുടക്കത്തില്‍ തന്നെ ഇവരെ ബുദ്ധിയുള്ളവര്‍, ബുദ്ധിയില്ലാത്തവര്‍ എന്നു രണ്ടായി തിരിക്കുന്നതിനാല്‍, ഇവരുടെ ഭാവിയും രണ്ടു ദിശകളിലേക്കാണ് നീങ്ങുന്നത് എന്നു നമുക്ക് അനുമാനിക്കാം.
ഉപമ ആരംഭിക്കുന്നത് ഇങ്ങനെയാണ്:
മത്തായി 25:1 സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
“പുറപ്പെട്ട” എന്ന വാക്ക്, അവര്‍ മണവാളനെ എതിരേല്‍ക്കുവാനായി വീടിന് വെളിയില്‍ തുറസ്സായ ഒരു സ്ഥലത്തേക്ക് പോയി എന്ന അര്‍ത്ഥം നല്കുന്നു. അവര്‍ മണവാളന്‍ വരുന്ന വഴിയില്‍ അങ്ങോട്ട് ചെന്ന് അവനെ കണ്ടുമുട്ടി, അവനെ സ്വീകരിച്ച്, വിവാഹസദ്യയിലേക്ക് ഒരുമിച്ച് വരേണം. അവിടെ അവര്‍ വിവാഹസദ്യയിലേക്ക് പ്രവേശിക്കും. അതാണ് “എതിരേല്‍പ്പാന്‍” എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. ഇവിടെ “എതിരേല്‍പ്പാന്‍” എന്ന വാക്കിന്റെ ഗ്രീക്കിലെ പദം “അപ്പാന്‍റീസിസ്” എന്നതാണ് (Apantēsis - ap-an'-tay-sis). ഇതേ വാക്ക് തന്നെയാണ് 1 തെസ്സലൊനീക്യര്‍ 4: 17 ല്‍ “എതിരേല്പാൻ” എന്നു പറയുവാനും ഉപയോഗിക്കുന്നത്.
ഇവരുടെ കയ്യില്‍ വിളക്കുകള്‍ ഉണ്ടായിരുന്നു എന്നു യേശു പറയുന്നുണ്ട്. വിളക്കുകളും എണ്ണയും പലവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഉപമയിലെ എല്ലാ വിശദാംശങ്ങളെയും നിഴലും പൊരുളുമായി വ്യാഖ്യാനിക്കുന്ന രീതി ശരിയല്ല. അത് യേശു ഉദ്ദേശിക്കാത്ത പല വ്യാഖ്യാനങ്ങളിലേക്കും നമ്മളെ നയിക്കും.
വിളക്കും എണ്ണയും മണവാളനെ എതിരേല്‍ക്കുവാന്‍ അവര്‍ക്ക് അത്യാവശ്യം വേണ്ട ഒരു ഉപകരണമാണ്. അത് എപ്പോഴും തയ്യാറായി വയ്ക്കുക എന്നത് മണവാളനായി അവര്‍ തീഷണതയോടെ കാത്തിരിക്കുന്നു എന്നതിന്റെ അടയാളമാണ്. ഈ തയ്യാറെടുപ്പ്, പരിശുദ്ധാത്മ നിറവോ, വിശുദ്ധ ജീവിതമോ, വിശ്വാസമോ, സുവിശേഷീകരണമോ, ഇതെല്ലാം കൂടെയോ ആകാം. തയ്യാറെടുത്തു കാത്തിരുന്നു എന്ന ആശയമാണ് യേശു ഉദ്ദേശിച്ചത്.
ഈ തയ്യാറെടുപ്പിലും കാത്തിരിപ്പിന്റെ സത്യസന്ധതയിലുമാണ് ഉപമയുടെ മുഖ്യ ആശയം അടങ്ങിയിരിക്കുന്നത്. അതിനായി യേശു, വിളക്കും എണ്ണയുമായി കാത്തിരുന്ന പത്തു കന്യകാരെ രണ്ടായി തിരിക്കുന്നു. അഞ്ച് പേര്‍ ബുദ്ധിയുള്ളവരും അഞ്ച് പേര്‍ ബുദ്ധിയില്ലാത്തവരും ആയിരുന്നു. ബുദ്ധിയുള്ളവര്‍ വിളക്കും കുറെ എണ്ണ അധികമായും കരുതിയിരുന്നു. ബുദ്ധിയില്ലാത്തവര്‍ എണ്ണ അധികമായി കരുതിയിരുന്നില്ല.
അവര്‍ കരുതിയിരുന്ന വിളക്ക് നമ്മള്‍ ഇപ്പോള്‍ ചിത്രങ്ങളില്‍ കാണുന്നതുപോലെയുള്ള ചെറിയ വിളക്കുകള്‍ ആയിരുന്നില്ല. ചെറിയ തിരിയുള്ള വിളക്കുകള്‍ക്കു പ്രകാശം കുറവാണ്. അത് രാത്രിയില്‍ മണവാളനെ സ്വീകരിക്കുവാന്‍ പര്യാപ്തമല്ല. മാത്രവുമല്ല, വീടിന് വെളിയില്‍, തെരുവുകളില്‍, ചെറിയ തിരിയുള്ള വിളക്കുകള്‍ കെട്ടുപോകും. അതും ചടങ്ങിന് യോജ്യമല്ല.
അവര്‍ ഉപയോഗിച്ചിരുന്നത്, പന്തം പോലെയുള്ള വിളക്കുകള്‍ ആയിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. നീളമുള്ള ഒരു വടിയുടെ ഒരു അഗ്രത്തില്‍, ഒരു ചെറിയ ലോഹനിര്‍മ്മിതമായ പാത്രം ഉറപ്പിക്കും. അതില്‍ തീ കത്തുവാന്‍ ആവശ്യമായ തിരിയും ഉണ്ടായിരിക്കും. ഈ പാത്രത്തില്‍ എണ്ണ ഒഴിച്ചുകൊടുത്താന് തിരി കത്തിക്കുന്നത്. തിരി തന്നെ കത്തിപ്പോകാതെ ഇരിക്കേണ്ടതിനായി ഇടയ്ക്കിടെ പാത്രത്തില്‍ എണ്ണ ഒഴിച്ചുകൊടുക്കും. ഇതിന് നല്ല പ്രകാശം ഉണ്ടായിരിക്കും. അത് സാധാരണ ഉണ്ടാകുന്ന കാറ്റില്‍ കെട്ടുപോകുകയില്ല. ഇതാണ് കന്യകമാര്‍ കൈയില്‍ കരുതിയിരുന്നത്.
വിളക്കിന്റെ രൂപവും വലിപ്പവും ഉപമയുടെ വ്യാഖ്യാനത്തില്‍ പ്രധാന വിഷയമല്ല. എങ്കിലും വിളക്കില്‍ എണ്ണ എത്രമാത്രം ആവശ്യമായിരുന്നു എന്നതിന് ഒരു ധാരണ ഉണ്ടാകുവാന്‍ ഇത് സഹായിക്കും.
മുമ്പ് പറഞ്ഞതുപോലെ, വിളക്കിനെയും എണ്ണയേയും തീയേയും പല വിധത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. അത് എന്തായിരുന്നാലും, സാധരണയുണ്ടാകുന്ന കാറ്റില്‍ തീ കെട്ടുപോകാത്ത ഒരു വിളക്കായിരുന്നു കന്യകമാര്‍ കരുതിയിരുന്നത്. ഇതിനാണ് പ്രാധാന്യം.
5 ആം വാക്യത്തില്‍, “പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.” എന്നു യേശു പറയുന്നു. എന്തുകൊണ്ടാണ് മണവാളന്‍ വരുവാന്‍ താമസിച്ചത് എന്നു യേശു പറയുന്നില്ല. ഇതിന് അക്കാലത്ത് പല കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ അത് ഇവിടെ പ്രസക്തമല്ല. യേശു അതിനെക്കുറിച്ച് വിശദീകരിച്ചില്ല. അതിനാല്‍ നമ്മളും അതിനെ സങ്കല്‍പ്പിക്കേണ്ടതില്ല.
“മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി”. മണവാളനെ എതിരേല്‍ക്കുവാനായി വീടിന് പുറത്തേക്ക് പുറപ്പെട്ട കന്യകമാര്‍ ഒരു പൊതു സ്ഥലത്തു ഉറങ്ങി എന്നതിന് സ്വഭാവികതയില്ല. അതിനാല്‍ യേശു ഇവിടെ മണവാളന്റെ വരവ് കന്യകമാര്‍ പ്രതീക്ഷിച്ചതിലും താമസിച്ചു എന്നു പറയുക മാത്രമാണ്.
കന്യകമാര്‍ മയക്കം പിടിച്ച് ഉറങ്ങി
എന്നതിന് സാധ്യമായ ഒരു വ്യാഖ്യാനം ഉണ്ട്. മത്തായി 24: 37-39 വരെയുള്ള വാക്യങ്ങളില്‍,
യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ ലക്ഷണങ്ങള്‍ വിവരിക്കുമ്പോള്‍, അവന്‍ നോഹയുടെ കാലത്തെക്കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മത്തായി 24: 37-39
37 നോഹയുടെ കാലംപോലെ തന്നേ
മനുഷ്യപുത്രന്റെ വരവും ആകും
38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു
നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു
കൊടുത്തും പോന്നു;
39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
“അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു” എന്ന വാക്കുകള്‍ക്ക്, അന്നത്തെ ജനങ്ങള്‍ സാധാരണ ജീവിതം നയിച്ചുപോന്നു എന്ന ആശയമാണുള്ളത്. ഇതേ ആശയം തന്നെയായിരിക്കാം കന്യകമാരുടെ ഉപമയിലും യേശു കൊണ്ടുവരുന്നത്: “പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.”
ഇതില്‍ എന്തെങ്കിലും അപാകത ഉണ്ടായതായി ഇവിടെ പറയുന്നില്ല. കാരണം “അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി” ഉണ്ടായപ്പോള്‍ അവര്‍ പത്തുപേരും ഉണര്‍ന്നു. അവര്‍ വിളക്ക് തെളിയിച്ചു, മണവാളനെ എതിരേല്‍പ്പാന്‍ പുറപ്പെട്ടു.
ഇവിടെ അര്‍ദ്ധരാത്രി എന്നതുകൊണ്ടു യേശു
ഉദ്ദേശിക്കുന്നത് എന്താണ്? അര്‍ദ്ധരാത്രി എന്താണ് എന്ന് യേശു 24 ആം
അദ്ധ്യായത്തില്‍ വിവരിച്ച് പറഞ്ഞുകഴിഞ്ഞു. ഒന്നു രണ്ടു വാക്യങ്ങള്‍ നമുക്ക്
വായിയ്ക്കാം.
മത്തായി 24: 6-9
6 നിങ്ങൾ യുദ്ധങ്ങളെയും
യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ
സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും
ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
8 എങ്കിലും
ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
മത്തായി 25: 7 ആം വാക്യത്തില്‍, മണവാളന്‍ വരുന്നു എന്ന് ആര്‍പ്പുവിളി ഉണ്ടായപ്പോള്‍, “കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.” എന്നാണ് നമ്മള്‍ വായിക്കുന്നത്. അതിന്റെ അര്‍ത്ഥം പത്തുപേരുടെയും വിളക്കില്‍ എണ്ണ ഉണ്ടായിരുന്നു. അത് കത്തുകയും ചെയ്തു. എന്നാല്‍ ഇവിടെയുള്ള പ്രശ്നം എന്താണ് എന്നു അടുത്ത വാക്യം പറയുന്നു. ബുദ്ധിയില്ലാത്തവരുടെ വിളക്ക് കെട്ടുപോയി. അതില്‍ ഒഴിക്കുവാന്‍ അവരുടെ പക്കല്‍ അധികമായി എണ്ണ ഉണ്ടായിരുന്നില്ല. ഇത് തയ്യാറെടുപ്പിന്റെ ആത്മാര്‍ഥത ഇല്ലായ്മയെ കാണിക്കുന്നു.
വിളക്കില്‍ എണ്ണയില്ലാതെ മണവാളനെ എതിരേല്‍ക്കുവാന്‍ പോകുവാന്‍ സാധ്യമല്ല. അത് അവര്‍ വിവാഹ പാര്‍ട്ടിയിലെ അംഗമല്ല എന്നോ, വിവാഹ ആഘോഷത്തെ അലങ്കോലപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ആണ് എന്നോ തെറ്റിദ്ധാരണ പരത്തും. അതിനാല്‍ വിളക്കും എണ്ണയും മണവാളനെ സ്വീകരിക്കുവാന്‍ പോകുന്നവര്‍ക്ക് അത്യാവശ്യമാണ്.
ബുദ്ധിയില്ലാത്തവര്‍ കുറെ എണ്ണ
ബുദ്ധിയുള്ളവരോടു കടം ചോദിച്ചു. എന്നാല്‍ അവര്‍ എണ്ണ കടം കൊടുക്കുവാന്‍
തയ്യാറായില്ല. കാരണം, ഇപ്പോള്‍ മണവാളന്‍ വരുന്നു എന്ന ആര്‍പ്പുവിളി
ഉണ്ടായതെയുള്ളൂ. മണവാളന്‍ വന്നിട്ടില്ല. മണവാളന്‍ ഉടന്‍ വരും. മണവാളന്‍ വരുന്നു
എന്ന ആര്‍പ്പുവിളി ഒരു ആരംഭം മാത്രമേ ആകുന്നുള്ളൂ.
മത്തായി 24: 8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
ആര്‍പ്പ് വിളിക്കും മണവാളന്‍ പ്രത്യക്ഷനാകുന്നതിനും ഇടയില്‍ ഒരു ചെറിയ ഇടവേളയുണ്ട്. “അവനെ എതിരേല്പാൻ പുറപ്പെടുവിൻ” എന്നായിരുന്നു ആര്‍പ്പ് വിളി. ഈ വിളി, മയക്കത്തിലായിരിക്കുന്നവരെ വിളിച്ചുണര്‍ത്തുകയാണ്. പുറപ്പാടിന്റെ ഈ ഇടവേളയിലാണ് കന്യകമാര്‍ അവരുടെ വിളക്ക് തെളിയിച്ചത്. അപ്പോഴാണ് ബുദ്ധിയില്ലാത്തവരുടെ വിളക്ക് കെട്ടുപോയത്. അവരുടെ പക്കല്‍ അധികമായി എണ്ണയില്ല എന്നു അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ബുദ്ധിയുള്ളവരോടു എണ്ണ കടം ചോദിച്ചു. എന്നാല്‍ മണവാളന്റെ വരവിന് ഇനിയും സമയമുണ്ട് എന്നതിനാല്‍ എത്രനേരം വിളക്കുമായി പുറപ്പെട്ട്, വീടിന് വെളിയില്‍, പൊതു സ്ഥലത്ത്, നില്‍ക്കേണം എന്ന് തീര്‍ച്ചയില്ല.
മണവാളന്‍ വരുമ്പോഴേക്കും എല്ലാവരുടെയും
എണ്ണ തീര്‍ന്നു, എല്ലാവരുടെയും വിളക്ക് കെട്ടുപോകുന്നത് നല്ലതല്ല എന്ന് ബുദ്ധിയുള്ളവര്‍
അവരെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ബുദ്ധിയില്ലാത്തവര്‍ എണ്ണ വാങ്ങുവാനായി, വ്യാപരികളുടെ അടുക്കല്‍ പോയി. വേഗം എണ്ണ വാങ്ങികൊണ്ടു വന്ന്, വിവാഹ പാര്‍ട്ടിയോട് ചേരാം എന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. ഇതെല്ലാം, മണവാളന്‍ വരുന്നു എന്ന ആര്‍പ്പ് വിളിക്കും അവന്റെ പ്രത്യക്ഷതയ്ക്കും ഇടയില്‍
ഒരു ചെറിയ ഇടവേള ഉണ്ട് എന്നതിന്റെ തെളിവാണ്.
മത്തായി 24: 44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
മണവാളന്റെ വരവ് നിനച്ചിരിക്കാത്ത നാഴികയിലാന് സംഭവിക്കുന്നത്. അതുവരെ അവരുടെ വിളക്കില്‍ എണ്ണയുണ്ടാകേണം. എങ്കിലേ വിളക്ക് കത്തിനില്‍ക്കൂ. ബുദ്ധിയുള്ളവരുടെ വാദം ന്യായമാണ്.
എണ്ണ കടം വാങ്ങുവാനോ, കടം കൊടുക്കുവാനോ കഴിയുന്നതല്ല. അത് ഓരോരുത്തര്‍ കരുതേണ്ടതാണ്. അത് മണവാളന്‍ വരുന്നതുവരെയും അവരവരുടെ പക്കല്‍ ഉണ്ടായിരിക്കേണം. എങ്കിലേ വിളക്ക് കത്തിനില്‍ക്കൂ. ജ്വലിക്കുന്ന വിളക്കുള്ളവര്‍ക്ക് മാത്രമേ മണവാളനെ എതിരേല്‍ക്കുവാന്‍ കഴിയൂ, അവര്‍ മാത്രമേ വിവാഹസദ്യയില്‍ പ്രവേശിക്കൂ.
മണവാളന്‍ വരുന്നു എന്ന ആര്‍പ്പ് വിളി പത്തു കന്യകമാരും കേട്ടു, അവര്‍ ഉണര്‍ന്നു, വിളക്ക് തെളിയിച്ചു. ബുദ്ധിയുള്ളവര്‍ കയ്യില്‍ ഉണ്ടായിരുന്ന എണ്ണ പാത്രത്തില്‍ ഒഴിച്ച്, തിരികൊളുത്തി. ബുദ്ധിയില്ലാത്തവര്‍ കൈയില്‍ എണ്ണ കരുതിയിരുന്നില്ല എന്നതിനാല്‍, എണ്ണ ഒഴിക്കാതെ തിരികൊളുത്തി. ചിലപ്പോള്‍ അവരുടെ വിളക്ക് അല്‍പ്പനേരം കത്തിനിന്നിട്ടുണ്ടാകേണം. എന്നാല്‍ അത് കെട്ടുപോയി.
ഇവിടെയാണ് കന്യകമാര്‍ തമ്മിലുള്ള വ്യത്യാസം വെളിവായത്. അധികമായ എണ്ണ ഒരു കരുതലാണ്, അത് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ്. മണവാളന്‍ താമസിച്ചാലും വരും എന്ന പ്രത്യാശയാണ് എണ്ണയുടെ കരുതല്‍. അവന്‍ വരുമ്പോള്‍ എതിരേല്‍ക്കേണം, അവനോടു കൂടെ വിവാഹസദ്യയില്‍ പ്രവേശിക്കേണം എന്ന തീഷ്ണമായ ആഗ്രഹമാണ് അധികം എണ്ണ കരുതുന്നതിലൂടെ ബുദ്ധിയുള്ള കന്യകമാര്‍ പ്രകടിപ്പിക്കുന്നത്.
ബുദ്ധിയില്ലാത്തവര്‍ എണ്ണ വാങ്ങുവാന്‍ പോയപ്പോള്‍, മണവാളന്‍ വന്നു. അവന്‍ കത്തുന്ന വിളക്കുകള്‍ ഉണ്ടായിരുന്ന അഞ്ച് കന്യകാമാരോടൊപ്പം വിവാഹസദ്യയില്‍ പ്രവേശിച്ചു, വാതില്‍ അടച്ചു.
ഇതിന് ശേഷം സംഭവിച്ചതാണ് ഏറ്റവും ദാരുണമായ സംഭവം. ബുദ്ധിയില്ലാത്ത കന്യകമാര്‍, വേഗം വ്യാപരികളുടെ അടുക്കല്‍ പോയി എണ്ണ വാങ്ങിച്ചു. അവര്‍ വിളക്കില്‍ എണ്ണ നിറച്ചു. കത്തുന്ന വിളക്കുമായി അവര്‍ മണവാളന്‍റെ അടുക്കല്‍ വന്നു. പക്ഷേ അപ്പോഴേക്കും വിവാഹസദ്യയുടെ വാതില്‍ അടച്ചുകഴിഞ്ഞിരുന്നു.
അവര്‍ വാതില്‍ക്കല്‍ മുട്ടി വിളിച്ചു. “കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.” എന്നാല്‍ അടഞ്ഞ വാതില്‍ വീണ്ടും തുറക്കില്ല. മണവാളന്‍ അവരോടു “ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” അവര്‍ക്ക് ഇനി മറ്റൊരു അവസരം ലഭിക്കുകയില്ല.
ഇവിടെ നമ്മള്‍ ഓര്‍ക്കുന്ന മറ്റൊരു
വേദഭാഗം ഉണ്ട്.
മത്തായി 7: 22, 23
22 കര്‍ത്താവേ,
കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍
പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍
വളരെ വീര്യപ്രവൃത്തികള്‍ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍
എന്നോടു പറയും.
23 അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും.
അന്ത്യ ന്യായവിധിയുടെയും വേര്‍തിരിവിന്റെയും ദിവസം സംഭവിക്കുന്ന ദുരന്തമാണിത്. യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രവചിക്കുകയും, ഭൂതങ്ങളെ പുറത്താക്കുകയും, വളരെ വീര്യപ്രവര്‍ത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത ഒരു കൂട്ടര്‍ പോലും അന്ന് തിരസ്കരിക്കപ്പെടും. കാരണം യേശു അവരെ “ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല”. അവര്‍ അത് വരെ ചെയ്തതെല്ലാം അധര്‍മ്മം മാത്രമായിരുന്നു.
ബുദ്ധിയില്ലാത്ത കന്യകമാരും തള്ളപ്പെടുകയാണ്. അവര്‍ ഒരുങ്ങി കാത്തിരുന്നില്ല എന്നതാണ് അവരുടെ കുറ്റം. ഇവിടെ എന്താണ് ബുദ്ധി, എന്തല്ല ബുദ്ധി എന്ന ചിന്തകൂടി വരുന്നുണ്ട്. മണവാളന്‍ താമസിച്ചാലും വരും എന്നു പ്രതീക്ഷിച്ചുകൊണ്ടു കാത്തിരിക്കുന്നതാണ് ബുദ്ധി. അവന്‍ വരുമ്പോള്‍, തയ്യാറെടുക്കുവാന്‍ സമയമോ അവസരമോ ലഭിക്കുകയില്ല എന്നതിനാല്‍, എപ്പോഴും ഒരുങ്ങി കാത്തിരിക്കുന്നതാണ് ബുദ്ധി. ബാഹ്യമായ അടയാളങ്ങള്‍ അല്ല, ആന്തരികമായ ഒരുക്കമാണ് ആവശ്യം.
മത്തായി 24: 51 ആം വാക്യത്തില്‍ പറയുന്നതുപോലെ, ഇവര്‍ക്ക് “കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും”
മശിഹയുടെ വരവിനായി പ്രാര്‍ത്ഥിക്കുന്ന യഹൂദന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്: “മശീഹ വരുകയും, അവന്‍ മശീഹ യുഗം സ്ഥാപിക്കുകയും ചെയ്യും” ഇത് “ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു”, “അവന്‍ താമസിച്ചാലും ഞാന്‍ അവനായി കാത്തിരിക്കും”
യേശു, പത്തു കന്യകമാരുടെ ഉപമ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ആകയാൽ
നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” ഇതാണ് ഉപമായുടെ മുഖ്യ
സന്ദേശം.
No comments:
Post a Comment