നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു

പഴയനിയമത്തിലെ യോസേഫ് ക്രിസ്തീയ വിശ്വാസികള്‍ക്ക് മുഖവുര ആവശ്യമുള്ള വ്യക്തിയല്ല. അദ്ദേഹം യിസ്രയേലിന്‍റെ പൂര്‍വ്വപിതാവായ യാക്കോബിന്റെ പ്രിയപ്പെട്ട മകന്‍ ആയിരുന്നു. വളരെ കഷ്ടങ്ങളിലൂടെ കടന്നുപോകുകയും, ദൈവം നല്കിയ ദര്‍ശനത്തില്‍ വിശ്വസിക്കുകയും, എക്കാലവും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്ത്, ദൈവീക വാഗ്ദത്തം കൈവശമാക്കിയ ഒരു മനുഷ്യനാണ് അദ്ദേഹം.

യോസേഫിന്റെ ജീവിതം ഒന്നിലധികം ആത്മീയ മര്‍മ്മങ്ങള്‍ പകര്‍ന്നുതരുന്ന ഒരു ചരിത്ര പാഠപുസ്തകം ആണ്. അതിലൂടെ ദ്രുതഗതിയിലുള്ള ഒരു യാത്രയാണ് നമ്മള്‍ ഇവിടെ നടത്തുന്നത്. ആരംഭമായി നമുക്ക് ഒരു വാക്യം വായിയ്ക്കാം:     


ഉല്‍പ്പത്തി 50: 19, 20

19   യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

20  നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

ഈ വാചകങ്ങളില്‍ യോസേഫ് തന്റെ ജീവിത കഥയും തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതിയും, അവന്റെ സഹോദരന്മാര്‍ അവനോടു ചെയ്ത ദുഷ്ടതയും ചുരുക്കി പറയുകയാണ്.

പഴയനിയമത്തിലെ പല വിശുദ്ധന്മാരും സംഭവങ്ങളും ഇന്നത്തെ ക്രിസ്തീയ വിശ്വാസിയുടെയും ക്രിസ്തീയ ജീവിതത്തിന്റെയും നിഴലാണ്. അബ്രാഹാമും യാക്കോബും, മോശെയും, യോശുവയും ഇത്തരത്തിലുള്ള നിഴലുകള്‍ ആണ്. മരുഭൂമിയും കനാന്‍ ദേശവും ക്രിസ്തീയ ജീവിതത്തിന്റെ നിഴലുകള്‍ ആണ്. ഈ ഗണത്തില്‍ പെടുന്ന ഒരു വ്യക്തിയാണ് യോസേഫും. എക്കാലത്തെയും ക്രിസ്തീയ വിശ്വാസികള്‍ പാലിക്കേണ്ടുന്ന വിശ്വാസവും പ്രത്യാശയും, സഹിഷ്ണതയും, താഴ്മയും, വിശുദ്ധ ജീവിതവും യോസേഫ് നമ്മളോട് പറയുന്നു.

യോസേഫ് എക്കാലത്തെയും രക്ഷിക്കപ്പെട്ട, വേര്‍പെട്ട ജീവിതം നയിക്കുന്ന, സ്വര്‍ഗ്ഗീയമായ ഒരു നഗരത്തിനായി കാത്ത് ജീവിക്കുന്ന, എല്ലാ ക്രിസ്തീയ വിശ്വാസികളുടെയും നിഴലാണ്. ഈ ചിന്തയോടെ നമ്മള്‍ യോസേഫിന്റെ ജീവിത ചരിത്രം പഠിച്ചാല്‍ അത് വ്യത്യസ്ഥമായ ആത്മീയ പാഠങ്ങള്‍ നമുക്ക് പകര്‍ന്നുനല്കും.

യോസേഫിന്റെ ജനനത്തെക്കുറിച്ച് പറയുന്നത് ഉല്‍പ്പത്തി 30 ല്‍ ആണ്. യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ആദ്യ പുത്രനാണ് യോസേഫ്. അവന്‍റെ ബാല്യകാലത്തെക്കുറിച്ച് യാതൊന്നും വേദപുസ്തകത്തില്‍ പറയുന്നില്ല. അവന്‍റെ ജീവചരിത്രം വേദപുസ്തകത്തില്‍ വിവരിക്കുവാന്‍ തുടങ്ങുന്നത് ഉല്‍പ്പത്തി 37: 2 ല്‍ ആണ്. “യോസേഫിന്നു പതിനേഴുവയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.” അടുത്ത വാക്യത്തില്‍ യോസേഫിന്റെമേലുള്ള ദൈവീക തിരഞ്ഞെടുപ്പ് വെളിപ്പെടുകയാണ്. “യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.”

ഈ വാക്കുകളോടെയാണ് യോസേഫിന്റെ ജീവിതം നമ്മള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നത്. കഥ ആരംഭിക്കുകയും അത് ഒരു സംഘര്‍ഷാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. യാക്കോബ് യോസഫിനെ മറ്റ് മക്കളേക്കാള്‍ “അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു;” (37:4). “അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.” ഇത് യോസേഫിന്റെ ജീവിതത്തിലെ കഷ്ടതയുടെ ഒരു നീണ്ട കാലഘട്ടത്തിന്റെ ആരംഭമായിരുന്നു.

യോസേഫിന്റെ ചരിത്രം ആരംഭിക്കുന്നത് വെറുപ്പിന്‍റെ അന്തരീക്ഷത്തില്‍ ആണ് എങ്കിലും അവന്റെ കഥ അവസാനിക്കുന്നത് ജയത്തോടെയാണ്. അതായത് യോസേഫ് പറഞ്ഞതുപോലെ, അവന്റെ സഹോദരങ്ങള്‍ അവന് ദോഷമായത് പ്രവര്‍ത്തിച്ചു, എന്നാല്‍ ദൈവമോ അതിനെ ഗുണമാക്കിത്തീർത്തു. ഇതാണ് നമ്മളുടെയും ക്രിസ്തീയ ജീവിതം. കഷ്ടതയിലും പീഡനങ്ങളിലും വെറുപ്പിന്റെ അന്തരീക്ഷത്തിലും ആരംഭിച്ച് ജയോല്‍സവത്തോടെ അവസാനിക്കുന്നതാണ് ക്രിസ്തീയ വിശ്വാസ ജീവിതം.

യോസേഫിന്റെ ജീവിചരിത്രം നമ്മള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നത് അവന്റെ അപ്പനായ യാക്കോബ് അവന് മനോഹരമായ വിവിധ നിറങ്ങളുള്ള ഒരു ഉടുപ്പ് നല്‍കുന്നതോടെയാണ്. യോസേഫിന്റെ നിലയങ്കി, അക്കാലത്തെ സാധാരണ വസ്ത്രമല്ല. അതായത് അത് വിശേഷമായി ഉണ്ടാക്കിയതോ ഉണ്ടാക്കിച്ചതോ ആണ്. ഇത് പല നിറത്തിലുള്ള നൂലോകളോ, തുണികളോ ചേര്‍ത്തു ഒരു പ്രത്യേക രീതിയില്‍ നിര്‍മ്മിച്ചതായിരിക്കേണം. ഇതിന് സവിശേഷമായ ഒരു രീതിയും ഉണ്ടായിരിക്കേണം. ചില നിറങ്ങള്‍ വളരെ വിലയേറിയതാണ്. അതിനാല്‍ ഇത് വിലയേറിയ ഒരു വസ്ത്രം ആയിരിക്കേണം. സാധാരണയായി, അക്കാലത്ത് ഒറ്റ നിറത്തില്‍ ഉള്ള, ശിരസ്സിലൂടെ താഴേക്കു ഇടുന്ന ഒരു വസ്ത്രമാണ് എല്ലാവരും ധരിച്ചിരുന്നത്. അതിനു നീളമുള്ള കൈകള്‍ ഉണ്ടാകാറില്ല. എന്നാല്‍ നിലയങ്കി അങ്ങനെയല്ല. അതിനു പല നിറങ്ങളും പ്രത്യേക രീതിയുമുണ്ട്.

ഇത്തരമൊരു ഉടുപ്പു യാക്കോബ് യോസേഫിന് നല്കിയപ്പോള്‍, അത് അക്കാലത്ത് പല അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ ഉള്ള ഒരു പ്രവര്‍ത്തിയായിരുന്നു. ഇതില്‍ യാക്കോബിന്റെ പ്രത്യേക സ്നേഹം മാത്രമല്ല ഉള്ളത്. നിലയങ്കി യോസേഫിനെ അവന്‍റെ സഹോദരന്മാരെക്കാള്‍ പ്രത്യേകതയുള്ളവനാക്കി. ഇതിലൂടെ യാക്കോബ് യോസേഫിന് ആദ്യ ജാതന്‍ എന്ന പദവി കല്‍പ്പിച്ച് നല്കി. യോസേഫ് പിതാവിന്റെ സ്വത്തിന്റെ ഇരട്ടി പങ്കിന് അവകാശിയായി. യാക്കോബിന്റെ മക്കളില്‍ അവന്‍ ആദ്യജാതന്‍ ആയിരുന്നില്ല എങ്കിലും, യാക്കോബിന് പ്രിയപ്പെട്ട ഭാര്യ റാഹേലില്‍ ജനിച്ച ആദ്യജാതന്‍ ആയിരുന്നു യോസേഫ്. 

യോസേഫ് ഒരു ക്രൈസ്തവ വിശ്വാസിയുടെ നിഴലായി നില്‍ക്കുമ്പോള്‍, നിലയങ്കി ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെയും നിയമനത്തെയും പരിശുദ്ധാത്മ അഭിഷേകത്തെയും കാണിക്കുന്നു. ഈ മര്‍മ്മം യോസേഫിന്റെ കഥയില്‍ പ്രധാനപ്പെട്ടതാണ്. ദൈവം ചിലരെ തള്ളിക്കളഞ്ഞു, മറ്റ് ചിലരെ തിരഞ്ഞെടുക്കുന്നു. ദൈവം തിരഞ്ഞെടുക്കുന്നവരെ സ്വര്‍ഗ്ഗീയ അവകാശത്തിന്നായും രക്ഷയ്കായും പരിശുദ്ധാത്മ അഭിഷേകത്തിനായും മുന്‍ നിയമിക്കുന്നു. ഇതാണ് അവന്റെ സഹോദര്‍ന്മാരെ അസഹ്യപ്പെടുത്തിയത്. അവര്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടിട്ടല്ല, അവര്‍ക്ക് ലഭിക്കാത്തത് യോസേഫിന് ലഭിച്ചതിനാല്‍ ആണ് അവര്‍ കോപിഷ്ടര്‍ ആയത്. ലോകത്തിലെ ജനത്തെ അസഹ്യപ്പെടുത്തുന്നതും, അവര്‍ ദൈവജനത്തെ വെറുക്കുന്നതും, അവര്‍ക്ക് ലഭിക്കാതിരിക്കുന്ന ദൈവീക തിരഞ്ഞെടുപ്പ് ദൈവജനത്തിന് ലഭിച്ചു എന്നതിനാലാണ്.

ഈ സംഭവത്തിന് ശേഷം യോസേഫ് രണ്ടു സ്വപ്നങ്ങള്‍ കാണുന്നു. അവന്‍റെ സ്വപ്നത്തിന്റെ വിവരണം ആരംഭിക്കുന്നത് ഈ വാക്കുകളോടെയാണ്: “യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.” ഒരു വയലിലെ കെട്ടിവച്ചിരിക്കുന്ന കറ്റകളെയാണ് യോസേഫ് ആദ്യം സ്വപ്നം കണ്ടത്. യോസേഫിന്റെ കറ്റ നിവര്‍ന്നു നിന്നതായും അവന്റെ സഹോദരന്മാരുടെ കറ്റകള്‍ അവന്റെ ചുറ്റിനും നിന്നു അവന്റെ കറ്റയെ നമസ്കരിച്ചതായും സ്വപ്നത്തില്‍ യോസേഫ് കണ്ടു. ഇതിന്റെ അര്‍ത്ഥം അവന്റെ സഹോദര്‍ന്‍മാര്‍ തന്നെ പറയുന്നു: “നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ”. (37: 8).

യോസേഫിന്റെ ഒന്നാമത്തെ സ്വപ്നത്തില്‍ അവന്റെ സഹോദരന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ രണ്ടാമത്തെ സ്വപ്നത്തില്‍ അവന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും യോസേഫിനെ നമസ്കരിക്കുന്ന കാഴ്ചയായിരുന്നു രണ്ടാമത്തെ സ്വപ്നം. ഇതിന്‍റെ അര്‍ത്ഥം യാക്കോബ് തന്നെ പറഞ്ഞു: “ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.” (37:10).

യോസേഫ് ഈ സ്വപ്നം കാണുന്നതിനു മുമ്പ് തന്നെ അവന്റെ മാതാവായ റാഹേല്‍ മരിച്ചു. അപ്പോള്‍ അവന്റെ അപ്പന്റെ ഭാര്യയായ ലേയ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ഈ സ്വപ്നത്തിന്റെ നിവര്‍ത്തി ഉണ്ടായത്തിന് മുമ്പേ ലേയയും മരിച്ചു പോയി. അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ അല്ല, അതിന്റെ പൊതുവായ അര്‍ത്ഥത്തില്‍ ആണ് ഈ സ്വപ്നം നിവര്‍ത്തിയായത്. അവന്‍ ഭൌതീക തലത്തില്‍, അവന്‍റെ സഹോദരന്മാക്കാളും  അപ്പനമ്മയെക്കാളും വലിയവനായി.

ഈ സ്വപ്നത്തോടെ യോസേഫിനെക്കുറിച്ച് ദൈവത്തിന്നു ചില പ്രത്യേക പദ്ധതികള്‍ ഉണ്ട് എന്നു സഹോദരന്മാരും അപ്പനായ യാക്കോബും മനസ്സിലാക്കി. 37: 11 ല്‍ വാക്യത്തില്‍ അവരുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്: “അവന്റെ സഹോദരന്മാർക്കു അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു.” അവന്റെ അപ്പന് സ്വപ്നങ്ങളില്‍ കാര്യം ഉണ്ട് എന്ന് തോന്നിയപ്പോള്‍, അവന്‍റെ സഹോദരന്മാര്‍ ദൈവീക നിയമനങ്ങളെ അംഗീകരിക്കുവാനും മാനിക്കുവാനും തയ്യാറായില്ല.

ദൈവീക നിയമനങ്ങള്‍ ശത്രുവിന്റെ പോരാട്ടം വര്‍ദ്ധിപ്പിക്കും. ഇതാണ് നമ്മള്‍ യോസേഫിന്റെ ജീവിതത്തില്‍ പിന്നീട് കാണുന്നത്.

അക്കാലത്ത് ഇടയന്‍മാര്‍ ആടുകളെ മേയ്ക്കുവാനായി വീട്ടില്‍ നിന്നും വളരെ ദൂരേക്ക് യാത്ര ചെയ്തിരുന്നു. ഒരു ഇടയന്റെ കീഴില്‍ നൂറിലധികമോ ആയിരത്തിലധികമോ ആടുകള്‍ ഉണ്ടായേക്കാം. യാക്കോബിന്റെ 10 മക്കളും ആടുകളെ മേയ്ക്കുവാനായി പോയിരുന്നു. അവന്റെ ഏറ്റവും ഇളയമകനായ ബെന്യാമീന്‍ അപ്പോള്‍ ഒരു കൊച്ചു കുട്ടി ആയിരുന്നതിനാല്‍ അവന്‍ ആടുകളുമായി പോയില്ല. യാക്കോബിന്റെ ഓരോ മക്കളുടെ കീഴിലും പ്രത്യേകമായി ആട്ടിന്‍ കൂട്ടം ഉണ്ടായിരുന്നുവോ എന്ന് നമുക്ക് തീര്‍ച്ചയില്ല.

ഏതായലും ഇത്രവും വലിയ കൂട്ടം ആടുകള്‍ക്ക് മേയ്ക്കുവാനുള്ള സ്ഥലവും വെള്ളവും കണ്ടെത്തുക വളരെ ശ്രമകരമായ ഒരു ജോലിയാണ്. അതിനാല്‍ ഇടയന്‍മാര്‍ ആടുകളുമായി ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക്  യാത്ര ചെയ്തുകൊണ്ടിരിക്കും. അവര്‍ ഒരിക്കല്‍ ആടുകളുമായി വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍, വളരെ നാളുകള്‍ക്ക് ശേഷം മാത്രമേ തിരികെ വരുകയുള്ളൂ. വഴിയാത്രക്കാരിലൂടെയോ, കച്ചവടക്കാരിലൂടെയോ ആണ് പലപ്പോഴും കുടുംബവുമായി ആശയ വിനിമയാം നടത്തുന്നത്.

ഈ സാഹചര്യത്തില്‍ ആണ് ആടുകളുമായി പോയ മക്കളുടെ വിവരങ്ങള്‍ അറിയുവാന്‍ യാക്കോബ് യോസേഫിനെ അയക്കുന്നത്. യോസേഫ് സഹോദരന്മാരെ അന്വേഷിച്ച് ശെഖേമില്‍ എത്തിയപ്പോള്‍ അവര്‍ അവിടെ നിന്നും ദോഥാന്‍ എന്ന സ്ഥലത്തേക്ക് പോയിരുന്നു. അതിനാല്‍ യോസേഫ് ദോഥാനിലേക്ക് പോയി. യോസേഫ് വരുന്നത് കണ്ട സഹോദരന്മാര്‍ അവനെ കൊല്ലുവാന്‍ ഗൂഡാലോചന നടത്തി. അവര്‍ പറഞ്ഞതിങ്ങനെയാണ്: അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.” (ഉല്‍പ്പത്തി 37:19, 20)

യോസേഫിന്റെ സഹോദരന്മാരെ ആലോരസപ്പെടുത്തുന്നത്, അവന്റെ സഹോദരങ്ങള്‍ അവനെ വണങ്ങുന്ന ഒരു ദിവസം വരും എന്ന യോസേഫിന്റെ സ്വപ്നം ആണ്. അതിനെ തകര്‍ക്കുവാനാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതാണ് യോസഫിന്റെ മുന്നിലുള്ള പോരാട്ടം. ദൈവം അവനോട് ചോദിക്കാതെ, അവന്റെ അനുവാദം കൂടാതെ, ദൈവത്തിന്റെ സര്‍വ്വാധികാരത്തില്‍ യോസേഫിനെക്കുറിച്ച് ഒരു പദ്ധതി തയ്യാറാക്കി പ്രഖ്യാപിക്കുന്നു. അത് യോസേഫിന്റെ പദ്ധതിയല്ല, ദൈവത്തിന്റെ പദ്ധതിയാണ് എന്നു മനസ്സിലാക്കി, അതിനോടു ചേര്‍ന്ന് നില്‍ക്കുകയാണ് അവന്റെ സഹോദരങ്ങള്‍ ചെയ്യേണ്ടത്. യോസേഫിനെക്കുറിച്ചുള്ള ദൈവീക പദ്ധതി അവര്‍ക്കും ഗുണകരകമാകും എന്ന് ചിന്തിക്കാതെ, അവര്‍ ദൈവത്തിന്റെ പദ്ധതിയെ തകര്‍ക്കുവാന്‍ ശ്രമിക്കുകയാണ്. അവരുടെ പോരാട്ടം യോസേഫിനോടല്ല, ദൈവത്തോടാണ്.   

ഇളയ സഹോദരനെ, ജേഷ്ഠ സഹോദരങ്ങളും മാതാപിതാക്കളും വന്ദിക്കുക എന്നത് മാനുഷികമായി ആലോരസപ്പെടുത്തുന്ന ഒരു സ്വപ്നം തന്നെയാണ്. എന്നാല്‍, ഒരു വ്യക്തിയെ ദൈവം തിരഞ്ഞെടുത്ത്, ഒരു പ്രത്യേക ദൌത്യത്തിനായി അഭിഷേകം ചെയ്തു കഴിഞ്ഞാല്‍, അവന്‍ ദൈവത്തിന്റെ അഭിഷിക്തനായി. അഭിഷിക്തന്‍ ഒരു പക്ഷേ നമ്മളുടെ സഹോദരനോ, സഹോദരിയോ, ഭാര്യയോ, ഭര്‍ത്തോവോ, അപ്പനോ മകനോ, മകളോ ആയിരിക്കാം. എന്നാല്‍, ദൈവത്തിന്നു അവന്‍ അഭിഷിക്തനാണ്. അഭിഷിക്തനെ നമ്മള്‍ അങ്ങനെ കാണുന്നില്ല എങ്കില്‍, നമ്മള്‍ ദൈവത്തിന്റെ അഭിഷേകത്തെയാണ് തിരസ്കരിക്കുന്നത്. അത് ദൈവീക പദ്ധതിയോടുള്ള മല്‍സരം ആണ്. ഇതാണ് യോസേഫിന്റെ സഹോദരങ്ങള്‍ ദൈവത്തോട് ചെയ്ത തെറ്റ്. യാക്കോബ് ആകട്ടെ, ദൈവത്തിന്റെ അഭിഷേകത്തെ തിരസ്കരിച്ചില്ല, അവന്‍ സംശയിച്ചു, എങ്കിലും എല്ലാം ഹൃദയത്തില്‍ സൂക്ഷിച്ചു വച്ചു.

ഉല്‍പ്പത്തി 41: 38 ല്‍ ഫറവോന്‍ യോസെഫിനെക്കുറിച്ച് ദൈവാത്മാവുള്ള മനുഷ്യന്‍ എന്നാണ് പറഞ്ഞത്.  അഭിഷിക്തര്‍ ദൈവാത്മാവുള്ള മനുഷ്യരാണ്. അവര്‍ ദൈവത്തിന് വിശേഷതയുള്ളവര്‍ ആണ്. അവര്‍ ആദ്യം ദൈവത്തിന്റെ അഭിഷിക്തര്‍ ആണ്. അതിനു ശേഷം മാത്രമേ അവര്‍ നമ്മളുടെ സഹോദരങ്ങളോ, മക്കളോ, ജീവിത പങ്കാളിയോ ആകുന്നുള്ളൂ. ഇതൊരു വലിയ ആത്മീയ മര്‍മ്മം ആണ്.

യോസേഫിനെ സഹോദരന്മാര്‍ വെള്ളമില്ലാത്ത ഒരു പൊട്ടക്കുഴിയില്‍ ഇട്ടു. പിന്നീട് അവര്‍ അവനെ അവിടെനിന്നും കയറ്റി, അതുവഴിപോയ യിശ്മായേല്യ കച്ചവടക്കാര്‍ക്ക് അടിമയായി വിറ്റു. അതിനു അവര്‍ക്ക് 20 വെള്ളികാശ് വിലയായി ലഭിച്ചു. യിശ്മായേല്യര്‍ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ സന്തതി പരമ്പരകള്‍ ആണ്. അതായത് ഒരു രീതിയില്‍ പറഞ്ഞാല്‍, അബ്രാഹാമിന്റെ കൊച്ചുമകന്റെ മകനായ യോസേഫിന്റെ സഹോദരങ്ങള്‍ ആണ് യിശ്മായേല്യര്‍. യിശ്മായേലും, യിസ്ഹാക്കും അബ്രാഹാമിന്റെ പുത്രന്മാര്‍ ആയിരുന്നു. എന്നാല്‍ യിസ്ഹാക്ക് അബ്രാഹാമിന് ദൈവം വാഗ്ദത്തം ചെയ്ത പുത്രനും യിശ്മായേല്‍ ജഡപ്രകാരം ജനിച്ച പുത്രനും ആയിരുന്നു. ഈ വ്യത്യാസം വലുതാണ്.

യിശ്മായേല്‍ കച്ചവടക്കാരന്‍ ആയപ്പോള്‍ യിസ്ഹാക്ക് ദൈവീക വാഗ്ദത്തങ്ങള്‍ പ്രാപിച്ചു. ഇന്നത്തെ ആത്മീയ ലോകത്തിലും നമുക്ക് ഈ രണ്ടു കൂട്ടരെയും ഒരുമിച്ച് കാണാം. ഒരു കൂട്ടര്‍ കച്ചവടക്കാര്‍ ആണ്. അവര്‍ വാഗ്ദത്ത സന്തതികളെ അടിമകളായി വിറ്റു ധനം സമ്പാധിക്കും. കച്ചവടക്കാരുടെ ലക്ഷ്യം, ധന സമ്പാധനം മാത്രമാണു.  ദൈവീക വാഗ്ദത്തങ്ങളോ, പദ്ധതിയോ അവര്‍ ഗൌരവമായി കാണുന്നില്ല. യോസേഫിനെ വിറ്റ സഹോദരങ്ങളും അവനെ അടിമയായി വാങ്ങിയ സഹോദരങ്ങളും തമ്മില്‍ കച്ചവടത്തില്‍ വലിയ ദൂരം ഇല്ല.

യോസേഫിനെ യിശ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റതിന് ശേഷം, അവന്റെ സഹോദരന്മാര്‍, ഒരു ആട്ടിന്‍ കുട്ടിയെ  കൊന്നു, യോസേഫിന്റെ മനോഹരമായ നിലയങ്കി അതിന്റെ രക്തത്തില്‍ മുക്കി, അത് യാക്കോബിന് കൊടുത്തയച്ചു. യാക്കോബ് രക്തത്തില്‍ മുങ്ങിയ വസ്ത്രം യോസേഫിന്റെതു തന്നെ എന്ന് തിരിച്ചറിഞ്ഞു. ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി” എന്ന് പറഞ്ഞ് യാക്കോബ് വിലപിച്ചു.”

ഇവിടെ യോസേഫിന്റെ സഹോദരന്മാര്‍ അവന്റെ മരണത്തിന്‍റെ തെളിവായി ഒരു അടയാളം കൊടുത്തയച്ചു. യോസേഫിന്റെ ജേഷ്ഠാവകാശവും, സ്വപ്നവും, ദൈവീക പദ്ധതിയും എല്ലാം തകര്‍ന്നതിന്റെ തെളിവാണ് രക്തത്തില്‍ മുങ്ങിയ അവന്റെ നിലയങ്കി. യോസേഫിന്റെ ദര്‍ശനം തകര്‍ന്നു എന്നു ശത്രുക്കള്‍ വെറുതെ പറയുക അല്ല, അവര്‍ക്ക് അതിനു തെളിവുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ യോസേഫിന്റെമേല്‍ ദൈവം പകര്‍ന്ന അഭിഷേകവും, അവനെക്കുറിച്ചുള്ള ദൈവീക പദ്ധതിയും ഒരിയ്ക്കലും ഇല്ലാതെയായില്ല. ഇത് നമ്മള്‍ മുമ്പ് വായിച്ച, യോസേഫിന്റെ വാക്കുകളില്‍ കാണാം: “നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ ..... അതിനെ ഗുണമാക്കിത്തീർത്തു.” (ഉല്‍പ്പത്തി 50: 20).

യോസേഫിനെ അടിമയായി വാങ്ങിയ യിശ്മായേല്യ കച്ചവടക്കാര്‍ അവനെ പോത്തീഫർ എന്ന മിസ്രയീമിലെ ഫറവോന്റെ ഉദ്യോഗസ്ഥന് അടിമയായി വിറ്റു. എന്നാല്‍ ദൈവം യോസേഫിനോട് കൂടെ ഉണ്ടായിരുന്നത് കൊണ്ട്, അവന് അവിടെ ഉയര്‍ച്ച ഉണ്ടായി. യോസേഫ് പോത്തീഫറിന്റെ വീട്ടിലെ ഗൃഹവിചാരകനായി. എന്നാല്‍ ഇവിടെയും അവന്റെ ദൈവത്തോടുള്ള വിശ്വസ്തതയും, വിശുദ്ധ ജീവിതവും ചോദ്യം ചെയ്യപ്പെട്ടു. അവന് ലഭിച്ച ദൈവീക നിയോഗത്തെ അവന്‍ ഉപേക്ഷിക്കുമോ എന്നതായിരുന്നു അവന് അഭിമുഖീകരിക്കേണ്ടിവന്ന പരീക്ഷ. എന്നാല്‍, ഇവിടെയും യോസേഫ് വിജയിച്ചു.

അവന്‍ പോത്തീഫറിന്റെ ഭാര്യയുടെ വശീകരണത്തെ ചെറുത്തുന്നിന്നു. അതിന്റെ ഫലം ഒരു പക്ഷേ കാരാഗൃഹമോ, മരണമോ ആകാം എന്ന് അവന് അറിയാമായിരുന്നു. എങ്കിലും യോസേഫ് പറഞ്ഞു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ”. അവന്റെ ഭയം ദൈവത്തോടുള്ള പാപമാണ്. അവന്റെ ലക്ഷ്യം ദൈവീക ദര്‍ശനത്തിന്റെ നിവര്‍ത്തിയാണ്.

ഇവിടെ ഒരിക്കല്‍ കൂടി യോസേഫിന്റെ വസ്ത്രം അവന് എതിരെ തെളിവായി. എന്നാല്‍ തെളിവുകള്‍ എപ്പോഴും കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ആകേണം എന്നില്ല. തെളിവുകള്‍ ചിലപ്പോഴെല്ലാം ദൈവത്തിന്റെ അഭിഷിക്തര്‍ക്കെതിരെയുള്ള പിശാചിന്‍റെ പോരാട്ടത്തിന്റെ അടയാളങ്ങള്‍ ആകാം. തെളിവുകള്‍ അവന്റെ മേലുള്ള ദൈവീക അഭിഷേകത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്. അവന്‍ ഇപ്പൊഴും ദൈവത്തോട് വിശ്വസ്തതയോടെ നില്ക്കുന്നു എന്ന് ചില തെളിവുകള്‍ പറയും.

പോത്തീഫറിന്റെ ഭാര്യ, യോസേഫിന്റെ വസ്ത്രം തെളിവായി ഉയര്‍ത്തിക്കാണിച്ചു. യോസേഫ് വിശ്വസ്തനല്ല. അവന്‍ അധര്‍മ്മിയാണ്. അവന്റെ മേല്‍ ദൈവീക അഭിഷേകം ഇല്ല. അവന്‍ ജഡാഭിലാഷത്തിനായി ദൈവീക നിയോഗത്തെ ഉപക്ഷിച്ചു. അവനെ കാരാഗൃഹത്തില്‍ അടക്കേണം. ഇനി അവന്‍ ഒരിക്കലും സ്വതന്ത്രനായി, കാരാഗൃഹത്തിന് വെളിയില്‍ വരരുത്. അവള്‍ തെളിവുകള്‍ക്ക് നല്കിയ വ്യാഖ്യാനം ഇതെല്ലാം ആണ്.

എന്നാല്‍ എല്ലാ തെളിവുകളും മനുഷ്യര്‍ വ്യാഖ്യാനിക്കുന്നതുപോലെ ദൈവം കാണണമെന്നില്ല. ദൈവം പറഞ്ഞു, പോത്തീഫറിന്റെ ഭാര്യ ഉയര്‍ത്തികാണിച്ച  യോസേഫിന്‍റെ വസ്ത്രം അവന്‍ ദൈവത്തോട് പാപം ചെയ്തിട്ടില്ല എന്നതിന്റെ തെളിവാണ്. അവന്‍ ദര്‍ശനത്തെ ഉപേക്ഷിക്കാത്തവന്‍ ആണ്. ജഡാഭിലാഷമല്ല, ദര്‍ശനത്തിന്റെ നിവര്‍ത്തിയാണ് അവന്റെ ലക്ഷ്യം. അവന്‍ പോകുന്നത് കാരാഗൃഹത്തിലേക്കല്ല, അവന്റെ ദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിലേക്കാണ്. അതിന്റെ മാര്‍ഗ്ഗത്തിലെ ഒരു തല്‍ക്കാലിക ഇടം മാത്രമാണു കാരാഗൃഹം.

യോസേഫിനെ സംരക്ഷിക്കുവാന്‍ ആരും ഉണ്ടായില്ല എന്ന് തോന്നുമാറു അവന്‍ കാരാഗൃഹത്തില്‍ കുറ്റവാളിയായി അടക്കപ്പെട്ടു. ഇവിടെയും അവന്‍ മരണത്തില്‍ നിന്നും രക്ഷ പ്രാപിച്ചു. കാരാഗൃഹത്തില്‍ അവന്‍ രണ്ടു വ്യക്തികളെ പരിച്ചയപ്പെട്ടു. അതോടെ അവന്റെ ദര്‍ശനത്തിന്റെ നിവര്‍ത്തിയിലേക്കുള്ള യാത്രയുടെ അവസാന ഘട്ടത്തിലേക്ക് യോസേഫ് കടന്നു. ഈ തടവുകാര്‍ രണ്ടു പേരും ഫറവോന്റെ വിശ്വസ്ത ദാസന്മാര്‍ ആയിരുന്നു. അവരില്‍ രാജാവിന് സംശയം തോന്നിയതിനാല്‍ അവരെ കാരാഗൃഹത്തില്‍ അടച്ചിരിക്കുകയാണ്. അവരില്‍ ഒരുവന്‍ രാജാവിന്റെ പാനപാത്ര വാഹകന്മാരുടെ പ്രമാണിയും മറ്റൊരുവന്‍ അപ്പക്കാരുടെ പ്രമാണിയും ആയിരുന്നു.  

രാജാവിന്റെ പാനപാത്ര വാഹകന്‍ എന്നതും അപ്പക്കാരന്‍ എന്നതും വളരെ ഉയര്‍ന്ന ജോലിയായിരുന്നു. രാജാവിന്റെ വിശ്വസ്തരെ മാത്രമേ ഈ സ്ഥാനങ്ങളില്‍ നിയമിക്കാറുണ്ടായിരുന്നുള്ളൂ. അവര്‍ രാജാവിന്റെ ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തമുള്ളവര്‍ ആയിരുന്നു. രാജാവിനെ കൊല്ലുവാന്‍ അകത്തോ പുറത്തോ ഉള്ള ശത്രുക്കള്‍ വിഷം കലര്‍ത്തിയ പാനീയവും ആഹാരവും നല്കാം. അതിനാല്‍ വയലിലെ കൃഷി മുതല്‍, ഭക്ഷണം രാജാവിന്റെയടുക്കല്‍ എത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും വളരെ സൂഷ്മതയോടെ സംരക്ഷിക്കപ്പെടേണം. ഇതില്‍ ജോലിചെയ്യുന്ന ഓരോരുത്തരും പ്രത്യേക നിരീക്ഷണത്തില്‍ ആയിരിക്കും. അവര്‍ രോഗികള്‍ ആയിരിക്കുമ്പോള്‍ രാജാവിന് ശുശ്രൂഷ ചെയ്യുവാന്‍ പാടില്ല. അവരുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ പോലും രാജാവിന് സംശയമുണ്ടാക്കാം. ദുഖമോ, ആകുലതയോ, ക്ഷീണമോ സംശയത്തിന് ഇടയാകും. ഉടന്‍ തന്നെ അവരെ കാരാഗൃഹത്തില്‍ അടക്കുകയോ കൊല്ലുകയോ ചെയ്യും. ഇതായിരുന്നു അന്നത്തെ രീതി. കാരണം രാജാവിന്റെ ജീവന്‍ ആണ് അപകടത്തില്‍ ആകുന്നത്.  

ഉല്‍പ്പത്തി 40 ആം അദ്ധ്യായത്തില്‍ യോസേഫ് ആദ്യമായി രണ്ടു സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നത് നമ്മള്‍ വായിക്കുന്നു. മുമ്പ് അവന്‍ കനാന്‍ ദേശത്ത് ആയിരുന്നപ്പോള്‍, അവന്‍ കണ്ട സ്വപ്നങ്ങളെ അവനല്ല വ്യാഖ്യാനിച്ചത്. ഒരു സ്വപ്നത്തെ അവന്റെ സഹോദരങ്ങളും രണ്ടാമത്തെ സ്വപ്നത്തെ അവന്റെ അപ്പനും വ്യാഖ്യാനിച്ചു. മിസ്രയീം ദേശത്തില്‍ എത്തിയ ശേഷം അവന്‍ സ്വപ്നം വ്യാഖ്യാനിക്കുന്നതും ആദ്യമായിട്ടാണ്. അത് അവന്‍ കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ ആണ്.

കാരാഗൃഹത്തില്‍ ആയിരുന്ന പാനപാത്രവാഹകനും അപ്പക്കാരനും വ്യത്യസ്തങ്ങള്‍ ആയ രണ്ടു സ്വപ്നങ്ങള്‍ കണ്ടു. പാനപാത്ര വാഹകന്‍ മൂന്ന് കൊമ്പുകള്‍ ഉള്ള ഒരു മുന്തിവള്ളി സ്വപ്നത്തില്‍ കണ്ടു. അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു. അവന്‍ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു. ഇതായിരുന്നു അവന്റെ സ്വപ്നം. “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ?” എന്ന മുഖവുരയോടെ യോസേഫ് അതിനെ വ്യാഖ്യാനിച്ചു. അവന്‍ പാനപാത്ര വാഹകനോടു പറഞ്ഞു: “മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.” തന്റെ വ്യാഖ്യത്തിന്റെ നിവര്‍ത്തിയില്‍ ഉറപ്പുള്ളതുകൊണ്ടു യോസേഫ് അവനോടു ഒരു അപേക്ഷകൂടി വച്ചു: “നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.

അപ്പക്കാരന്റെ സ്വപ്നവും അര്‍ത്ഥവും വിഭിന്നമായിരുന്നു. അവന്‍ തലയില്‍ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട ഇരിക്കുന്നത് കണ്ടു. മുകളിലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പമായിരുന്നു. പക്ഷേ പക്ഷികൾ ആ കൊട്ടയിൽനിന്നു അപ്പത്തെ തിന്നുകളഞ്ഞു എന്നു അവന്‍ സ്വപനം കണ്ടു. ഇതിനുള്ള യോസേഫിന്റെ വ്യാഖ്യാനം കൃത്യമായിരുന്നു എങ്കിലും ശുഭമായിരുന്നില്ല. യോസേഫ് പറഞ്ഞു: “മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും”.

മൂന്നാമത്തെ ദിവസം യോസേഫ് പറഞ്ഞതുപോലെ സംഭവിച്ചു. പാനപാത്രവാഹകന്‍ തിരികെ അതേ ജോലിയില്‍ പ്രവേശിച്ചു, അപ്പക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു.  എന്നാല്‍, ശുഭകാലം വരുമ്പോള്‍ അവനെ ഓര്‍ക്കേണമേ എന്ന യോസേഫിന്‍റെ അപേക്ഷ പാനപാത്ര വാഹകന്‍ മറന്നുപോയി. അല്ലെങ്കില്‍ അവന്‍ അത് ഓര്‍ക്കുവാന്‍ കാലമായിട്ടില്ലായിരുന്നു. 

യോസേഫ് തുടര്‍ന്നു രണ്ടു വര്‍ഷം കൂടി തടവറയില്‍ കിടന്നു. അപ്പോള്‍ അവന്റെ ദര്‍ശനത്തിന്റെ നിവര്‍ത്തിയുടെ കാലമായി. മിസ്രയീം രാജാവായ ഫറവോന്‍ രണ്ടു സ്വപ്നങ്ങള്‍ തുടര്‍ച്ചയായി കണ്ടു. ഫറവോന്‍ നദീ തീരത്ത് നില്‍ക്കുകയായിരുന്നു.  അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കള്‍ നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അവയുടെ പിന്നാലെ നദിയില്‍ നിന്നും കയറി വന്ന, മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശുക്കള്‍ ആദ്യത്തെ ഏഴു പുഷ്ടിയുള്ള പശുക്കളെ തിന്നുകളഞ്ഞു. ഏഴു പുഷ്ടിയുള്ള പശുക്കളെ തിന്നിട്ടും അവയുടെ വയറു നിറയുകയോ, അവ പുഷ്ടിപ്പെടുകയോ ചെയ്തില്ല.

ഫറവോന്റെ രണ്ടാമത്തെ സ്വപ്നം ഇങ്ങനെയായിരുന്നു: പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങിവന്നു. അതിന് ശേഷം നേർത്തും കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു.

സ്വപ്നങ്ങള്‍ ഫറവോനെ വല്ലാതെ ഭാരപ്പെടുത്തി. കാരണം, പൂര്‍വ്വപിതാക്കന്മാരോ ദേവന്മാരോ ഭാവിയില്‍ സംഭവിക്കാനിരിക്കുന്നത് സ്വപ്നങ്ങളിലൂടെ വെളിപ്പെടുത്തും എന്നായിരുന്നു അവരുടെ വിശ്വസം. രാജാവു കാണുന്ന സ്വപ്നങ്ങള്‍ രാജ്യത്തെ മൊത്തമായി ബാധിക്കുന്നതാണ്. അതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാതെ അതിനൊരു പരിഹാരം കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ചേ മതിയാകൂ.

നിര്‍ഭാഗ്യവശാല്‍, ഫറവോന്റെ രാജ്യത്തിലെ മന്ത്രവാദികള്‍ക്കും ജ്ഞാനികള്‍ക്കും സ്വപ്നം വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞില്ല. ഈ അവസരത്തില്‍, പാനപാത്ര വാഹകന്‍ യോസേഫിനെ ഓര്‍ത്തു, വിവരം രാജാവിനെ ധരിപ്പിച്ചു.

ഉടനെ ഫറവോൻ യോസേഫിനെ വിളിപ്പിച്ചു. യോസേഫിന്റെ വ്യാഖ്യാനം അവന്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്: “ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും”. “താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.”

അതായത് സ്വപ്നത്തിന്റെ വ്യാഖ്യാനം ഫറവോന്റെ ദേവന്‍മാരിലല്ല, യഹോവയായ ദൈവത്തില്‍ ആണ് ഉള്ളത്. സ്വപ്നത്തില്‍ കണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ പോകുന്നത് മിസ്രയീമിലെ ദേവന്‍മാര്‍ അല്ല, യഹോവയായ ദൈവം ആണ്. അവന്‍ അത് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.

യോസേഫിന്റെ വ്യാഖ്യാനത്തിന്റെ സംഗ്രഹം ഇതാണ്: ഫറവോന്‍ കണ്ട രണ്ടു സ്വപ്നങ്ങളുടെയും അര്‍ത്ഥം ഒന്നുതന്നെയാണ്. മിസ്രയീം ദേശത്ത് സുഭിക്ഷമായ ഏഴു വര്‍ഷം ഉണ്ടാകും. അതിന് ശേഷം, ഈ സുഭിഷത മറന്നുപോകാത്തക്കവണ്ണം കഠിനമായ ക്ഷാമം ഏഴ് വര്‍ഷം ഉണ്ടാകും. ഇത് ദൈവം മാറ്റമില്ലാതെ പ്രവര്‍ത്തിക്കും.    

രാജ്യത്തു സംഭവിക്കുവാനിരിക്കുന്ന ശുഭവും അശുഭവുമായ കാര്യങ്ങള്‍ മുങ്കൂട്ടി പ്രവചിക്കുന്നവര്‍ ഏറെ ബഹുമാനിക്കപ്പെടുന്ന കാലമായിരുന്നു അത്. ഓരോ രാജാവിനും മന്ത്രവാദികളുടെയും ദര്‍ശനക്കാരുടെയും ലക്ഷണ വിദ്യക്കാരുടെയും ഒരു സംഘം തന്നെ ഉണ്ടായിരിക്കും. ഇവര്‍ക്ക് രാജാവിലും ഭരണത്തിലും വളരെ സ്വാധീനവും ഉണ്ടായിരിക്കും. ഇവരില്‍ അസാധാരണ പ്രതിഭയുള്ളവരെ രാജ്യത്തെ ഉന്നത അധികാരങ്ങളില്‍ നിയമിക്കുക പതിവായിരുന്നു.

എന്നാല്‍ യോസേഫ് സ്വപനത്തെ വ്യാഖ്യാനിക്കുക മാത്രമല്ല അനര്‍ത്ഥ ദിവസങ്ങളെ മറികടക്കുവാനുള്ള പദ്ധതിയും രാജാവിന് ഉപദേശിച്ചു കൊടുത്തു. യോസേഫ് പറഞ്ഞു: വിവേകവും ജ്ഞാനവുമുള്ള ഒരുവനെ മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം. ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു വര്‍ഷം മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു ഫറവോന്റെ അധീനത്തിൽ സൂക്ഷിച്ചുവെക്കേണം. എന്നാൽ ക്ഷാമം കൊണ്ടു രാജ്യം നശിക്കയില്ല.

സ്വപ്നം വ്യാഖ്യാനിക്കുവാനുള്ള യോസേഫിന്റെ കഴിവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജ്ഞാനം കൂടി ഫറവോന്‍ തിരിച്ചറിഞ്ഞു. അവന്‍ യോസേഫിനെ രാജ്യത്തിലെ രണ്ടാമനായി നിയമിച്ചു. ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു. മുദ്രമോതിരം രാജാവിന്നുവേണ്ടി കല്‍പ്പനകള്‍ ഇറക്കുവാനുള്ള അധികാരമാണ്. അങ്ങനെ യോസേഫ് മിസ്രയീം ദേശത്തിനൊക്കെയും മേലധികാരിയായി.

എന്നാല്‍, ഇത് യോസേഫിന്റെ സ്വപനത്തിന്റെ നിവര്‍ത്തിയല്ല. അതിനു ഇനിയും കാലങ്ങള്‍ മുന്നോട്ട് പോകേണ്ടിയിരുന്നു. യോസേഫ് പറഞ്ഞതുപോലെ സമൃദ്ധിയും ക്ഷാമവും മിസ്രയീമിലും സമീപ ദേശങ്ങളിലും ഉണ്ടായി. എന്നാല്‍ മിസ്രയീമില്‍ ധാരാളം ധാന്യം ഉണ്ടായിരുന്നു. അതിനാല്‍, സകലദേശക്കാരും ധാന്യം വാങ്ങുവാന്‍  മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

ഈ സാഹചര്യത്തില്‍ ആണ് യോസേഫിന്റെ സഹോദരന്മാര്‍ ധാന്യം വാങ്ങുവാന്‍ മിസ്രയീമില്‍ വരുന്നത്. അവരെ യോസേഫ് തിരിച്ചറിഞ്ഞു എങ്കിലും അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. സഹോദരന്മാര്‍ യോസേഫിനെ മറന്നു, അവന്റെ സ്വപ്നത്തെ മറന്നു. അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അവനെ അടിമയാക്കി വിറ്റു. അവന്റെ സ്വപ്നത്തെ കൊന്നുകളഞ്ഞു എന്നു അവര്‍ കരുതി. എന്നാല്‍ യോസേഫും അവന്റെ സ്വപ്നവും ജീവിച്ചിരിക്കുന്നു. അതിന്റെ നിവര്‍ത്തി ഉല്‍പ്പത്തി 43 ല്‍ നമ്മള്‍ വായിക്കുന്നു: 

 

ഉല്‍പ്പത്തി 43: 26 യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

യോസേഫ് കണ്ട ഒന്നാമത്തെ സ്വപ്നം ഇവിടെ നിവര്‍ത്തിക്കപ്പെട്ടു. അവന്റെ സഹോദരന്മാര്‍ അവനെ വണങ്ങി.

 

ഉല്‍പ്പത്തി 37: 7 നാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

യോസേഫിന്റെ സ്വപ്നം നിമിത്തം അവനെ ദ്വേഷിച്ച സഹോദരങ്ങള്‍ അതേ സ്വപ്നത്തിന്റെ നിവര്‍ത്തി നിമിത്തം അവനെ നമസ്കരിച്ചു. യോസേഫ് അവരുടെ രാജാവായി. ചില സംഭവങ്ങള്‍ക്ക് ശേഷം യോസേഫ് തന്നെത്തന്നെ അവര്‍ക്ക് വെളിപ്പെടുത്തി. അപ്പോള്‍ അവന്‍ പറഞ്ഞ വാചകം ശ്രദ്ധേയമാണ്:

 

ഉല്‍പ്പത്തി 45: 3, 4

   യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; ….  

   .... നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.

യോസേഫ്, അവന്റെ പിതാവായ യാക്കോബിനെയും അവന്റെ സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും കുഞ്ഞുകുട്ടികളെയും മിസ്രയീമില്‍ കൊണ്ടുവന്നു, ഗോശെൻദേശത്തു പാര്‍പ്പിച്ചു. അപ്പോള്‍ യാക്കോബിന് 130 വയസ്സ് പ്രായമായിരുന്നു. അവന്‍ മിസ്രയീം ദേശത്ത് 17 വര്‍ഷങ്ങള്‍ കൂടെ ജീവിച്ചിരുന്നു. 147 ആം വയസ്സില്‍ യാക്കോബ് മരിച്ചു.

യക്കോബ് മരിക്കുന്നതിന് മുമ്പ് അവന്‍ 12 മക്കളെയും അരികെ വിളിച്ച്, അവരോടുള്ള അവസാനത്തെ ദൂത് പറഞ്ഞു. ഗോത്ര പിതാക്കന്മാര്‍ മരിക്കുന്നതിന് മുമ്പ് പറയുന്ന ഇത്തരം അനുഗ്രഹ പ്രഭാഷണങ്ങള്‍ പ്രവചനാത്മകം ആണ് എന്നു വിശ്വസിച്ചിരുന്നു. യോസേഫ് പിതാവിന്റെ അനുഗ്രഹത്തിനായി തന്റെ രണ്ടു മക്കളുമായി ചെന്നു. അപ്പോള്‍, യോസേഫിന്‍റെ രണ്ടു പുത്രന്മാരെയും, യാക്കോബ് അവന്റെ സന്തതികള്‍ ആയി എടുത്തു. അവരെ യാക്കോബിന്റെ ഭാര്യമാരുടെ സന്തതികളെപ്പോലെ കണക്കാക്കി. അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെയും എഫ്രയീമും യാക്കോബിന്റെ സന്തതികളെപ്പോലെ യിസ്രയേലില്‍ അവകാശം പ്രാപിച്ചു.

യക്കോബ് മറ്റ് സന്തതികളെ അനുഗ്രഹിച്ചതുപോലെ യോസേഫിനെയാണ് അനുഗ്രഹിക്കേണ്ടത്. യോസേഫിന്റെ പേരില്‍ ഒരു ഗോത്രവും യിസ്രായേല്‍ ദേശത്തു അവകാശവും ഉണ്ടാകേണം. എന്നാല്‍ യോസേഫിന്റെ പേരില്‍ ഒരു ഗോത്രം ഉണ്ടായില്ല. മനശ്ശെയുടെയും എഫ്രയീമിന്റെയും പേരില്‍ രണ്ടു ഗോത്രങ്ങള്‍ ഉണ്ടായി. അങ്ങനെ യോസേഫ് സഹോദരന്മാരുടെ പങ്കിനെക്കാള്‍, ഇരട്ടി പങ്കിന് അവകാശിയായി. അവന്‍ ആദ്യ ജാതന്‍ ആയി തീര്‍ന്നു. യാക്കോബ് യോസേഫിന് ഒരു നിലയങ്കി കൊടുത്തപ്പോള്‍ അത് അവനെ ആദ്യാജാതനായി കണക്കാക്കുന്നതിന്റെ അടയാളം ആയിരുന്നു. അതാണ് സഹോദരങ്ങള്‍ നശിപ്പിച്ചത്. അതോടെ യോസേഫിന്റെ ആദ്യജാതന്‍ എന്ന അവകാശവാദം ഇല്ലാതെയായി എന്നു സഹോദരങ്ങള്‍ കരുതി. എന്നാല്‍ ദൈവം യാക്കോബിലൂടെ അത് നിവര്‍ത്തിക്കുക തന്നെ ചെയ്തു.

യാക്കോബിന്റെ മരണശേഷം യോസേഫിന്റെ സഹോദരന്മാര്‍ അവനെ ഏറെ ഭയപ്പെട്ടു. അവര്‍ യോസേഫിനോട് ചെയ്ത സകലദോഷത്തിന്നും അവരോട് പ്രതികാരം ചെയ്യും എന്നു അവര്‍ ഭയപ്പെട്ടു. അതിനാല്‍ അവര്‍ ചെയ്ത ദോഷം ക്ഷമിക്കേണം എന്നു യോസേഫിനോട് അപേക്ഷിച്ചു, അവന്റെ മുമ്പാകെ വീണു, അവരെ അവന്റെ അടിമകള്‍ ആയി സ്വയം കൊടുത്തു.

എന്നാല്‍ യോസേഫ് അവരോട് പ്രതികാരം ചെയ്തില്ല. അവന്റെ ആദ്യജാതനായ മനശ്ശെ ജനിച്ചപ്പോള്‍ യോസേഫ് പറഞ്ഞ വാചകം ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്:

 

ഉല്‍പ്പത്തി 41: 51 എന്റെ സകലകഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.

ദൈവം അവന് ഉയര്‍ച്ച നല്കിയപ്പോള്‍, അവന്റെ കഷ്ടതകള്‍ എല്ലാം അതിലേക്കുള്ള വഴികള്‍ ആയിരുന്നു എന്നു യോസേഫ് തിരിച്ചറിഞ്ഞു. അതിനാല്‍ അവന്‍ സകല കഷ്ടതകളും, അവന്റെ സഹോദരന്മാര്‍ അവനോടു ചെയ്തതും എല്ലാം മറക്കുവാന്‍ തയ്യാറായി. അവന്‍ സഹോദരങ്ങളോടുള്ള വിദ്വേഷം ഉപേക്ഷിച്ചു. ഇത് യോസേഫിന്റെ ജീവിതത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടുന്ന ശ്രേഷ്ഠമായ ഒരു പാഠമാണ്. ഈ അവസരത്തില്‍ യോസേഫ് അവന്റെ സഹോദരന്‍മാരൊട് പറഞ്ഞ മറുപടിയാണ് നമ്മള്‍ ഈ സന്ദേശത്തിന്റെ ആദ്യം വായിച്ചത്:

 

ഉല്‍പ്പത്തി 50: 19, 20

19   യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?

20  നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

ഇവിടെ യോസേഫ് മൂന്നു കാര്യങ്ങള്‍ സഹോദരന്മാരെ ഓര്‍മ്മിപ്പിക്കുന്നു. ഒന്നു, ശിക്ഷയും പ്രതികാരവും എന്നും എപ്പോഴും ദൈവത്തിന്റേതാണ്. അവന്‍ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നില്ല. രണ്ടാമത്, അവന്റെ സഹോദരന്മാര്‍ മനപ്പൂര്‍വ്വമായി, അവന് ദോഷം ഉണ്ടാകേണം എന്നു ചിന്തിച്ച് പ്രവര്‍ത്തിച്ചു. മൂന്നാമത്, ദൈവം അവരുടെ ദോഷ പ്രവര്‍ത്തികളെ യോസേഫിന് ഗുണമാക്കിത്തീര്‍ത്തു.

ഇവിടെ അവന്റെ സഹോദരന്മാരുടെ പ്രവര്‍ത്തികളെ യോസേഫ് ന്യായീകരിക്കുന്നില്ല. ദൈവം അവരെകൊണ്ടു അങ്ങനെ ചെയ്യിച്ചു എന്നു യോസേഫ് പറയുന്നില്ല. അവരുടെ പ്രവര്‍ത്തികളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണ്. അവരുടെ സ്വന്തഹിതം അനുസരിച്ചുള്ള അവരുടെ തിരഞ്ഞെടുപ്പായിരുന്നു യോസേഫിനെ തകര്‍ക്കുക എന്നത്. അതാണ് യോസേഫ് അവരെ ഓര്‍മ്മിപ്പിക്കുന്നത്.

നമുക്ക് തിരഞ്ഞെടുപ്പിനുള്ള സ്വതന്ത്ര ഇശ്ചാശക്തി ഉണ്ട് എന്നാണ് ഈ വാക്യം നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. നമ്മളുടെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നമുക്ക് ഒരിയ്ക്കലും ഒഴിഞ്ഞു നില്‍ക്കുവാന്‍ സാധ്യമല്ല.

ഈ സന്ദേശം ചുരുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യോസേഫിന്റെ ജീവിത ചരിത്രത്തെ നമ്മള്‍ അടുത്തു നിന്നു മനസ്സിലാക്കുകയായിരുന്നു. ചില സംഭവങ്ങളെയും വാചകങ്ങളെയും നമ്മള്‍ വിശകലനം ചെയ്തു മനസ്സിലാക്കി. എന്നാല്‍ യോസേഫിന്റെ ജീവിതത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടുന്ന പ്രധാന പാഠം ഇതൊന്നുമല്ല. യോസേഫ് മിസ്രയീമിലെ രണ്ടാമന്‍ ആയപ്പോള്‍ അവന്റെ സ്വപ്നം നിവര്‍ത്തിയായി. എന്നാല്‍ യോസേഫിന് മറ്റൊരു സ്വര്‍ഗ്ഗീയ ദര്‍ശനം കൂടി ഉണ്ടായിരുന്നു. അത് അവന്റെ ഇഹലോക ജീവിത കാലത്ത് നിവര്‍ത്തിയായില്ല.

യോസേഫ് 110 വര്‍ഷം ജീവിച്ചിരുന്നു. അവന്‍ മരിക്കുന്നതിന് മുമ്പേ അവന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞ വാക്കുകളില്‍ അവന്റെ സ്വര്‍ഗ്ഗീയ ദര്‍ശനം ഉണ്ട്.

 

ഉല്‍പ്പത്തി 50: 24, 25

24  അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

25  ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.

യോസഫ് പറഞ്ഞതിതാണ്. മിസ്രയീമില്‍ അവന് ലഭിക്കാവുന്ന എല്ലാ ഭൌതീക മഹത്വവും ഉണ്ട്. എന്നാല്‍  മിസ്രയീം അവന്റെ വാഗ്ദത്ത ദേശം അല്ല. അവിടെ അവന്‍ പ്രവാസത്തില്‍ പരദേശിയായി ജീവിച്ചു. ഇപ്പോള്‍ അവന്റെ പരദേശ പ്രയാണകാലം അവസാനിക്കുകയാണ്. അവന്‍ അന്യദേശത്തു വച്ച് മരിക്കുകയാണ്. എന്നാല്‍  അവനൊരു സ്വര്‍ഗ്ഗീയ ദര്‍ശനമുണ്ട്. അത് യിസ്രയേല്യര്‍ ഒരിക്കല്‍, ഈ പരദേശം വിട്ടു ദൈവം വാഗ്ദത്തം ചെയ്ത ദേശത്തേക്ക് പോയി, അതിനെ കൈവശമാക്കി, അവിടെ സ്ഥിരമായി പാര്‍ക്കും എന്നതാണ്. മിസ്രയീമിനെയും അവിടെ ലഭിച്ച മഹത്വത്തെയും യോസേഫ് താല്‍ക്കാലികമായി കണ്ടു. അവന്റെ നിത്യത വാഗ്ദത്ത ദേശത്താണ് എന്നു അവന്‍ ഏറ്റുപറഞ്ഞു. അതിനാല്‍ അവന്റെ ശരീരം പോലും മിസ്രയീമില്‍ അടക്കരുത്. അത് വാഗ്ദത്ത ദേശത്തു മാത്രമേ അടക്കം ചെയ്യാവുള്ളൂ. 

അതിനാല്‍ യോസേഫിന്‍റെ മരണ ശേഷം, സഹോദരന്മാര്‍ അവന്റെ ശരീരം “സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽവെച്ചു.” എന്നാണ് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

യോസേഫിന് മാത്രമല്ല ഇങ്ങനെയൊരു സ്വര്‍ഗ്ഗീയ കാഴ്ചപ്പാട് ഉണ്ടായിരുന്നത്. അവന്റെ പിതാക്കന്മാരായ, അബ്രാഹാമിന്നും, യാക്കോബിനും, അവനും ഒരേ കാഴ്ചപ്പാട് തന്നെയാണ് ഉണ്ടായിരുന്നത്. അബ്രാഹാമിനെക്കുറിച്ചും യാക്കോബിനെക്കുറിച്ചും എബ്രായ ലേഖനത്തില്‍ നമ്മള്‍ വായിക്കുന്നതിങ്ങനെയാണ്:

 

എബ്രായര്‍ 11: 9, 10, 13

9    വിശ്വാസത്താൽ അവൻ (അബ്രഹാം) വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

10   ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

 

13   ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.

ഇതാണ് യോസേഫിന്റെ ജീവിതത്തിലെ ശ്രേഷ്ഠമായ ദര്‍ശനം. ഈ ദര്‍ശനത്തിന്റെ ഭൌതീകമായ നിവര്‍ത്തി പിന്നീട് ഉണ്ടായി. യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും സ്വതന്ത്രര്‍ ആയി വാഗ്ദത്ത ദേശത്തേക്ക് പുറപ്പെട്ടപ്പോള്‍ അവര്‍ യോസേഫിന്റെ അസ്ഥികള്‍ കൂടെ എടുത്തുകൊണ്ടു പോയി. അത് അവര്‍ വാഗ്ദത്ത ദേശത്ത്, ശെഖേമിൽ, അടക്കം ചെയ്തു. അവന്റെ ദര്‍ശനത്തിന്റെ ആത്മീയ നിവര്‍ത്തി ഇനി സംഭവിക്കുവാനിരിക്കുന്നതെ ഉള്ളൂ. അവന്‍ “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ” നഗരം കൈവശമാക്കുമ്പോള്‍ മാത്രമേ അത് നിവര്‍ത്തിയാകൂ.

യോസേഫിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.

നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുവാനായി, ഒന്നു രണ്ടു വാചകങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment