ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്

യോഹന്നാന്റെ സുവിശേഷം 16 ആം അദ്ധ്യായം 33 ആം വാക്യം ആധാരമാക്കി, ചില ആത്മീയ മര്‍മ്മങ്ങള്‍ ഗ്രഹിക്കുവാനാണ് നമ്മള്‍ ഇവിടെ ആഗ്രഹിക്കുന്നത്. വാക്യം ഇങ്ങനെയാണ്:

 

യോഹന്നാന്‍ 16: 33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യേശുക്രിസ്തുവിന്‍റെ ഭൌതീക ശുശ്രൂഷ്യയുടെ അന്ത്യത്തില്‍, അവന്‍ ശിഷ്യന്മാരൊട് പറഞ്ഞ, യാത്രാമൊഴിയുടെ അവസാന വാചകമാണ് ഇത്. അവന്‍ ശിഷ്യന്‍മാരുമൊത്ത് പെസഹ ആചരിച്ചതിന് ശേഷമാണ് സുദീര്‍ഘമായ യാത്രാമൊഴി പറഞ്ഞത്. അന്ത്യ യാത്രാമൊഴി വിശദമായി, യോഹന്നാന്‍ 13: 31 മുതല്‍ 16: 33 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നു നമ്മള്‍ മഹാപുരോഹിത പ്രാര്‍ത്ഥനയാണ് വായിക്കുന്നത്.

ഇതിന്റെ പശ്ചാത്തലം ഇതാണ്: പെസഹ അത്താഴ വേളയില്‍, യേശുക്രിസ്തു, വീഞ്ഞില്‍ മുക്കിയ അപ്പത്തിന്റെ ഒരു കഷണം, അവന്റെ ശിഷ്യന്‍ ആയിരുന്ന യൂദാ ഈസ്കര്യോത്താവിന് നല്കി. അവന്‍ അത് സ്വീകരിച്ചതിന് ശേഷം, യേശുവിനെ ഒറ്റിക്കൊടുക്കുവാനായി, മുഖ്യ പുരോഹിതന്മാരെ കാണുവാന്‍ പോയി. യൂദാ പോയിക്കഴിഞ്ഞപ്പോള്‍ യേശു അന്ത്യ യാത്രാമൊഴി പറഞ്ഞു തുടങ്ങി:

 

യോഹന്നാന്‍ 13: 31 അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു.

അന്ത്യയാത്രാമൊഴി പറയുക എന്നത് യിസ്രയേല്യ പിതാക്കന്മാരുടെ ഒരു കീഴ് വഴക്കം ആയിരുന്നു. മോശെയും, യാക്കോബും, യോശുവയും പറഞ്ഞ യാത്രാമൊഴികള്‍ അതിനു ഉദാഹരണം ആണ്. (ആവര്‍ത്തനപുസ്തകം 31-33, ഉല്‍പ്പത്തി 49, യോശുവ 23, 24). ഇവ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കൂടിയായിരുന്നു. യേശുവിന്‍റെ യാത്രാമൊഴി, അപ്പോള്‍ ശിഷ്യന്മാര്‍ അഭിമുഖീകരിച്ച സാഹചര്യത്തെക്കുറിച്ചുള്ളതാണ്. അതില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനവും ഉണ്ട്. അത് അപ്പോള്‍ അവന്റെ ചുറ്റും കൂടിനിന്ന ശിഷ്യന്മാര്‍ക്കും, ഭാവിയില്‍ അവന്റെ ശിഷ്യന്മാര്‍ ആകുവാന്‍ പോകുന്നവര്‍ക്കും ഉള്ള സന്ദേശം ആയിരുന്നു. അതിനാല്‍ ഇതിലെ ഓരോ വാക്കുകളും നമുക്കുള്ള സന്ദേശം കൂടിയാണ്. 

പ്രധാന പ്രസ്താവനകള്‍

പലവിധത്തിലുള്ള ആകുല ചിന്തകളാല്‍ ഭാരപ്പെട്ടിരുന്ന ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയും, ധൈര്യപ്പെടുത്തുകയും, പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യേശുവിന്‍റെ യാത്രാമൊഴിയുടെ ഉദ്ദേശ്യം. യേശുവിന്റെ സന്തോഷം നമ്മളില്‍ ഇരിക്കുവാനും നമ്മളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും വേണ്ടിയാണ് അവന്‍ ഇത് നമ്മളോട് സംസാരിച്ചത്. (15: 11). നമ്മള്‍ക്ക് അവനില്‍ സമാധാനം ഉണ്ടാകേണം എന്നു യേശു ആഗ്രഹിച്ചു. (16: 33).

അന്ത്യ യാത്രാമൊഴിയിലെ പ്രധാന പ്രസ്താവനകള്‍ ഇതൊക്കെയായിരുന്നു: യേശു ഈ ഭൂമിയിലെ ശുശ്രൂഷ അവസാനിപ്പിച്ച് പിതാവിന്റെ അടുക്കലേക്ക് തിരികെ പോകുകയാണ് (13: 33). അവന്‍ പിതാവായ ദൈവത്തിന്റെ അടുക്കല്‍ നിന്നും ലോകത്തിലേക്കു വന്നു, അവന്‍ തിരികെ പിതാവിന്റെ അടുക്കലേക്ക് പോകുന്നു. (16: 28). അതിനാല്‍, യേശു നമ്മളെ സ്നേഹിച്ചതുപോലെ നമ്മള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം. ഇങ്ങനെ നമ്മള്‍ യേശുവിന്റെ ശിഷ്യന്മാര്‍ ആണ് എന്നു ലോകം അറിയും. (13: 34,35).

സമീപ ഭാവിയിലും, വിദൂര ഭാവിയിലും ലോകത്തില്‍ സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങളാല്‍ ശിഷ്യന്മാരുടെയും നമ്മളുടെയും ഹൃദയം കലങ്ങിപ്പോകരുത്. നമ്മള്‍ യേശുവിലും ദൈവത്തിലും വിശ്വസിക്കേണം (14: 1). അവന്‍ നമുക്കായി സ്ഥലം ഒരുക്കുവാന്‍ പോയിരിക്കുന്നു. അവന്‍ പിതാവിന്റെ അടുക്കല്‍ നിന്ന് വീണ്ടും വന്നു നമ്മളെ അവനോടുകൂടെ ചേര്‍ക്കും. (14: 1-3). യേശുവിനെ കണ്ടവര്‍ പിതാവായ ദൈവത്തെയും കണ്ടിരിക്കുന്നു. കാരണം അവന്‍ പിതാവിലും പിതാവ് അവനിലും ആകുന്നു. (14: 9, 10). യേശുവിന്റെ നാമത്തില്‍ അവനോടു അപേക്ഷിക്കുന്നത് ഒക്കെയും അവന്‍ ചെയ്തുതരും (14: 13,14). പിതാവായ ദൈവം, യേശുവിന്റെ നാമത്തില്‍ പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ അവര്‍ക്കായി അയക്കും. പരിശുദ്ധാത്മാവ് സകവും നമ്മള്‍ക്ക് ഉപദേശിച്ചു തരുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യും (14: 16, 26).

ഒരുവന്‍ യേശുവിലും, യേശു അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും. യേശുവില്‍ വസിക്കാത്തവനെ പുറത്തുകളയും, അത് ഉണങ്ങുകയും തീയില്‍ വെന്തുപോകുകയും ചെയ്യും. (15: 5,6). നമ്മള്‍ യേശുവിലും യേശുവിന്റെ വചനം നമ്മളിലും വസിച്ചാല്‍, നമ്മള്‍ ഇച്ഛിക്കുന്നതെല്ലാം നമ്മള്‍ക്ക് കിട്ടും. (15: 7). നമ്മള്‍ യേശുവിനെ തിരഞ്ഞെടുതല്ല, യേശു നമ്മളെ തിരഞ്ഞെടുത്തതാണ്. (15: 16). നമ്മള്‍ ഈ ലോകത്തിന് ഉള്ളവര്‍ അല്ല എന്നതിനാല്‍ ലോകം നമ്മളെ പകെക്കും. ലോകം യേശുവിനെ ഉപദ്രവിച്ചതുപോലെ നമ്മളെയും ഉപദ്രവിക്കും (15: 19, 20). ഇതില്‍ നമ്മള്‍ ഇടറിപ്പോകരുത്. (16: 1).

നമ്മള്‍ ആരംഭത്തില്‍ വായിച്ച വാക്യത്തോടെ യാത്രാമൊഴി അവസാനിക്കുന്നു: “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (16: 33).

യേശുക്രിസ്തുവിന്റെ അന്ത്യ യാത്രാമൊഴി അവസാനിക്കുന്നത് മഹാപുരോഹിത പ്രാര്‍ത്ഥനയോടെയാണ്. അതിനു ശേഷം, യഹൂദ മതത്തിന്റെ മഹാപുരോഹിതന്റെയും റോമന്‍ ഭരണകൂടത്തിന്റെയും ചേവകരും പടയാളികളും അവനെ ഒരു കുറ്റവാളിയെ എന്നപോലെ പിടിച്ച് കൊണ്ടുപോയി. യേശുവിനെ അവര്‍ വിചാരണ ചെയ്യുകയും കുറ്റം ഒന്നും തെളിയിക്കുവാന്‍ കഴിഞ്ഞില്ല എങ്കിലും അവനെ ക്രൂശില്‍ തറച്ച് കൊല്ലുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ അന്ത്യ യാത്രാമൊഴിയെയും അതിന്റെ അവസാന വാക്യത്തെയും മനസ്സിലാക്കുവാന്‍.

ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്

നമ്മള്‍ ചിന്തയ്ക്കായി എടുത്തിരിക്കുന്ന വാക്യത്തില്‍ മൂന്ന് കാര്യങ്ങള്‍ യേശു പറയുന്നുണ്ട്. ഒന്ന്: ലോകത്തിൽ നമുക്ക് കഷ്ടം ഉണ്ടു. രണ്ടാമത്തെ കാര്യം: യേശു ലോകത്തെ ജയിച്ചിരിക്കുന്നു. മൂന്നാമതായി: നമ്മള്‍ ധൈര്യപ്പെടേണം; നമ്മള്‍ക്ക് യേശുവില്‍ സമാധാനം ഉണ്ടാകേണം. 

ഇതില്‍ യേശു പറഞ്ഞ ലോകത്തിലെ കഷ്ടം എന്താണ്? അവന്‍ പറഞ്ഞ ലോകത്തെ ജയിച്ച ജയം എന്താണ്? ഇതാണ് നമ്മള്‍ ഇവിടെ ചിന്തിക്കുന്ന പ്രധാന കാര്യങ്ങള്‍.

ലോകത്തില്‍ രോഗങ്ങളും, ദാരിദ്ര്യവും, സാമ്പത്തിക തകര്‍ച്ചയും, പരാജയങ്ങളും ഉണ്ട്. ഇത് രക്ഷിക്കപ്പെട്ട ദൈവജനത്തിന് മാത്രമുള്ളത് അല്ല, എല്ലാ മനുഷ്യര്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. യേശു പറഞ്ഞ ലോകത്തിലെ കഷ്ടത്തില്‍ ഇതെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൈവജനത്തിന് മാത്രം അഭിമുഖീകരിക്കേണ്ടിവരുന്ന ചില കഷ്ടം ഉണ്ട്.  അതിനെക്കുറിച്ചാണ് യേശു പറഞ്ഞത്: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു”.

യേശുക്രിസ്തുവിന്റെ അന്ത്യയാത്രാമൊഴി അവന്റെ ക്രൂശീകരണത്തിന്റെ ആമുഖം ആണ്. അതിനാല്‍ അവന്‍ പറഞ്ഞ കഷ്ടം ക്രൂശീകരണത്തിന്റെ അനുഭവം ആണ്. യേശുവും ലോകവും എപ്പോഴും രണ്ട് അതിരുകളില്‍ നിന്നിരുന്നു. യേശു ലോകത്തോടോ ലോകം യേശുവിനോടോ അനുരൂപപ്പെട്ടില്ല. ലോകം എപ്പോഴും അവനെ ശത്രുവായി കണ്ടു. ഇതാണ് യേശു പറഞ്ഞ ലോകത്തിലെ കഷ്ടം. 

യേശുവിന്റെ ശുശ്രൂഷാ കാലയളവില്‍ അവന്റെ ശിഷ്യന്‍ ആകുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന ചിലരെ നമുക്ക് കാണാം. ഇങ്ങനെ അവന്റെയടുക്കല്‍ വന്ന ഒരുവനെ അവന്‍ സ്വീകരിക്കാതെ നിരുല്‍സാഹപ്പെടുത്തുന്നത് മത്തായി 8: 19, 20 വാക്യങ്ങളില്‍ നമ്മള്‍ കാണുന്നു. യേശുവിന്റെ കാലത്ത്, റബ്ബിമാര്‍ അവരുടെ ശിഷ്യന്മാര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവരെ കൂടെ ചേര്‍ക്കുക പതിവായിരുന്നു. ഒരു റബ്ബിയുടെ ശിഷ്യന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ റബ്ബിയുടെ അടുക്കല്‍ ചെന്നു അവന്റെ ആഗ്രഹം അറിയിക്കേണം. റബ്ബി അവനെ നോക്കി, അവന്റെ കെട്ടും മട്ടും കണ്ടു മനസ്സിലാക്കി, ശിഷ്യന്‍ ആകുവാന്‍ യോഗ്യന്‍ എന്നു കണ്ടാല്‍ അവനെ കൂടെ ചേര്‍ക്കും. അതായത് ശിഷ്യന്മാര്‍ റബ്ബിമാരെ തിരഞ്ഞെടുക്കുകയും റബ്ബിമാര്‍ അവരെ യോഗ്യര്‍ എന്നു കണ്ടു സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ യേശു ശിഷ്യന്മാരെ സ്വീകരിച്ചത് അങ്ങനെ ആയിരുന്നില്ല. യേശു ശിഷ്യന്മാരെ തിരഞ്ഞെടുക്കുക ആയിരുന്നു. അവന്റെ ശിഷ്യന്‍ ആകുവാന്‍ ആഗ്രഹിച്ചു അവന്റെയടുക്കല്‍ വന്ന ആരെയും അവന്‍ ശിഷ്യന്മാര്‍ ആയി സ്വീകരിച്ചില്ല.

അങ്ങനെഉള്ള ഒരു സംഭവത്തെക്കുറിച്ചാണ് മത്തായി 8 ല്‍ നമ്മള്‍ വായിക്കുന്നത്. യേശു കഫര്‍ന്നഹൂമില്‍ നിന്നും ഗലീല കടലിനക്കരെയ്ക്കു പോകുവാന്‍ തയ്യാറെടുക്കുക ആയിരുന്നു. അപ്പോള്‍ ഒരു ശാസ്ത്രി അവന്റെ അടുക്കല്‍ വന്നു, യേശു എവിടെ പോയാലും അവനെ അനുഗമിക്കാം എന്നു പറഞ്ഞു. റബ്ബിയുടെ ശിഷ്യന്മാര്‍ അങ്ങനെയാണ്. അവര്‍ക്ക് ഒരു നിശ്ചിത പഠനശാലയില്ല. റബ്ബിമാര്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കും. ശിഷ്യന്മാര്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തും, ജീവിച്ചും, കണ്ടും കേട്ടും ന്യായപ്രമാണ വ്യാഖ്യാനങ്ങള്‍ പഠിക്കും. അതുകൊണ്ടാണ് ഈ ശാസ്ത്രിയും, യേശുവിനെ എല്ലായിടത്തും അനുഗമിക്കാം എന്നു പറഞ്ഞത്. എന്നാല്‍ യേശു അവനെ അതിനു അനുവദിച്ചില്ല.

 

മത്തായി 8: 20 യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.”

ഇതിന് ശേഷം ആ ശാസ്ത്രി യേശുവിനെ അനുഗമിച്ചതായി സുവിശേഷ ഗ്രന്ഥങ്ങള്‍ പറയുന്നില്ല. യേശുവിന്റെ മറുപടി അവനെ പ്രോല്‍സാഹിപ്പിച്ചില്ല എന്നു വേണം നമ്മള്‍ മനസ്സിലാക്കുവാന്‍.

യേശു ഇവിടെ എന്താണ് അര്‍ത്ഥമാക്കിയത്? യേശുക്രിസ്തു ജനിക്കുന്നത് യോസേഫ്, മറിയ എന്നിവരുടെ മകനായിട്ടാണ്. അവന്‍ താമസിച്ചിരുന്നത് അവരുടെ വീട്ടില്‍ ആണ്. ലൂക്കോസ് 2: 41, 42 വാക്യങ്ങളില്‍, 12 വയസ്സുള്ള യേശു അവന്റെ അമ്മയപ്പന്‍മാരുടെ കൂടെ യെരൂശലേമിലേക്ക് പെസഹ പെരുന്നാളിന് പോയതായി നമ്മള്‍ വായിക്കുന്നു. മത്തായി 12: 46 ലും മര്‍ക്കോസ് 3: 31 ലും ലൂക്കോസ് 8: 19 ലും യേശുവിന്റെ അമ്മയും സഹോദരങ്ങളും അവനെ കാണുവാന്‍ വരുന്നതായി രേഖപ്പെടുത്തിട്ടുണ്ട്. യേശുവിന്റെ ക്രൂശിന്റെ ചുവട്ടില്‍ അവന്റെ അമ്മ മറിയ നില്‍ക്കുന്നുണ്ടായിരുന്നു എന്ന് യോഹന്നാന്‍ 19: 25 ല്‍ പറയുന്നു. അപ്പോസ്തല പ്രവൃത്തികള്‍ 1: 14 ല്‍ “ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചുപോന്നു.” എന്നു നമ്മള്‍ വായിക്കുന്നു. “ഇവര്‍ എല്ലാവരും” എന്നത് യേശുവിന്റെ 11 ശിഷ്യന്മാരെക്കുറിച്ചാണ്. അതായത്, യേശുവിനെ ആരും അവന്‍ ജനിച്ച വീട്ടില്‍നിന്നും പുറത്താക്കിയില്ല. അവന് എപ്പോള്‍ വേണമെങ്കിലും അവന്റെ വീടില്‍ ചെന്ന് താമസിക്കാമായിരുന്നു. അവന്റെ അമ്മയപ്പന്മാരോ, സഹോദരങ്ങളോ അവനെ തള്ളിക്കളഞ്ഞില്ല. അവന്‍ ക്രൂശിക്കപ്പെട്ടതിന് ശേഷവും അവര്‍ അവനോടു ഒപ്പം നിന്നു. അപ്പോള്‍ യേശു, ശാസ്ത്രിയോട് പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്?

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ഒരുവന്‍ ഒരു റബ്ബിയുടെ ശിഷ്യന്‍ ആകുവാന്‍ ആഗ്രഹിച്ചിട്ട് റബ്ബിയുടെ അടുക്കല്‍ വന്നാല്‍, റബ്ബി അവനെ ശ്രദ്ധയോടെ പഠിക്കും. അവന്‍ അവന്റെ ശിഷ്യന്‍ ആകുവാന്‍ യോഗ്യനാണോ എന്നു വിലയിരുത്തും. യേശുവും ഈ ശാസ്ത്രിയുടെ ഹൃദയത്തിലേക്ക് നോക്കി. അവന്‍ ശിഷ്യന്‍ ആകുവാന്‍ യോഗ്യന്‍ അല്ല എന്നു കണ്ടു. അവന്റെ അയോഗ്യതയെ യേശു തുറന്നു കാണിച്ചു.

യേശു പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍, മറ്റൊരു അവസരത്തില്‍ യേശു ശിഷ്യന്മാരോട് പറഞ്ഞ വാക്കുകള്‍ സഹായിക്കും.  ഇത് മത്തായി 19: 27 മുതല്‍ 29 വരെ രേഖപ്പെടുത്തിയിരിക്കുന്നു. പത്രൊസ് യേശുവിനോടു ചോദിച്ചു, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും? ഇതിന് മറുപടിയായി യേശു മൂന്ന് കാര്യങ്ങള്‍ പറഞ്ഞു.

മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ, അവനെ അനുഗമിച്ചിരിക്കുന്ന ശിഷ്യന്മാര്‍, പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും. (മത്തായി 19: 28). യേശുവിന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും. അവൻ നിത്യജീവനെയും അവകാശമാക്കും. (മത്തായി 19: 29). ലൂക്കോസ് 18: 30 ല്‍ ദൈവരാജ്യം നിമിത്തം ഭൌതീക നന്മകളെ ഉപേക്ഷിക്കുന്നവര്‍ക്ക് “ഈ കാലത്തിൽ തന്നേ പല മടങ്ങായും” ലഭിക്കും എന്നും “വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും” പ്രാപിക്കും എന്നും പറയുന്നു. മര്‍ക്കോസ് 10: 30 ല്‍ ഉപേക്ഷിച്ച ഭൌതീക നന്മകള്‍ “ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ” നൂറു മടങ്ങ് തിരികെ ലഭിക്കും എന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഈ വാക്യം മനസ്സിലാക്കുന്നതില്‍ ചില പ്രശ്നനങ്ങള്‍ ഉണ്ട്. ഭൌതീക നന്മകളെ വിട്ടുകളയുന്നവര്‍ക്ക് എന്തെല്ലാം ലഭിക്കും എന്നാണ് യേശു പറയുന്നതു. യേശുവിന്റെ മറുപടിയില്‍ ഭാവിയില്‍ ദൈവരാജ്യത്തില്‍ മാത്രം ലഭ്യമാകുന്ന നന്മകള്‍ ഉണ്ട്. ഭൌതീക നന്മകള്‍ ഉണ്ട്. ഈ ലോകത്ത് അനുഭവിക്കുവാന്‍ ഇടയുള്ള ഉപദ്രവങ്ങളും ഉണ്ട്.

എന്നാല്‍ ലൂക്കോസ് 18: 29 ല്‍ വിട്ടുകളയേണ്ടുന്നവയുടെ കൂട്ടത്തില്‍ വീടും ഭാര്യയും, സഹോദരന്മാരും അമ്മയപ്പന്മാരും മക്കളും ഉണ്ട്. ഇതെല്ലാം ഈ ഭൂമിയില്‍ നൂറു മടങ്ങായി തിരികെ ലഭിക്കുമോ? ഇത് അസാധ്യമായതിനാല്‍ യേശു പറഞ്ഞതിന്റെ അര്‍ത്ഥം അങ്ങനെ ആകുവാന്‍ സാധ്യമല്ല. യേശു തിരികെ ലഭിക്കും എന്നു പറഞ്ഞ ഭൌതീക നന്മകള്‍ യാതൊന്നും ശിഷ്യന്മാരില്‍ ഒരാള്‍ പോലും ഈ ഭൂമിയില്‍ വച്ച് പ്രാപിച്ചില്ല. അതിനാല്‍, യേശുവിനെ അനുഗമിക്കുന്നവര്‍ ഭൌതീകതയോടുള്ള ബന്ധനങ്ങള്‍ ഉപേക്ഷിക്കേണം എന്ന സന്ദേശം ആയിരിക്കേണം യേശു പറഞ്ഞത്. നമുക്ക് ഈ ഭൂമിയില്‍ ആവശ്യമുള്ളതെല്ലാം, ആവശ്യമുള്ളപ്പോള്‍, ക്രിസ്തു കൂട്ടിച്ചേര്‍ത്തു നല്കും.

 

മത്തായി 6: 33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

ഭൌതീക നന്മകള്‍ ഉപേക്ഷിച്ചിട്ട് യേശുവിനെ അനുഗമിക്കുക എന്ന ആശയം യേശു പലപ്പോഴും ആവര്‍ത്തിച്ചു ഉപദേശിക്കുന്നത് കാണാം. ഒരിക്കല്‍ ഒരു ധനവാനായ യുവാവ് യേശുവിനെ കാണുവാനും നീതീകരിക്കപ്പെടുവാനുമായി അവന്റെയടുക്കല്‍ വന്നു. (മത്തായി 19: 16). “ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം” എന്നതായിരുന്നു അവന്റെ ചോദ്യം. യേശു അവന്റെ ഹൃദയത്തിലേക്ക് നോക്കി, അവനോടു പറഞ്ഞു: “നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.” ഇതാണ് യേശുവിന്റെ ശിഷ്യന്‍ ആകുവാന്‍ അത്യാവശ്യം വേണ്ട യോഗ്യത. അത് ഭൌതീകമായ നന്മകള്‍ നമ്മളെ ബന്ധിക്കാത്ത അവസ്ഥയാണ്.

നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ആശയങ്ങളെ എല്ലാം ഒരുമിച്ച് കൂട്ടിവായിച്ചാല്‍ അത് ഇങ്ങനെയിരിക്കും. യേശുവിനെ അനുഗമിക്കുവാന്‍ ഇശ്ചിച്ച ശാസ്ത്രിയോട് യേശു പറഞ്ഞു, കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു. എന്നാല്‍ അവന് തലചയിക്കുവാന്‍ ഇടം പോലും ഇല്ല. യേശു ശിഷ്യന്മാരോട് പറഞ്ഞു, ദൈവരാജ്യം നിമിത്തം വീടും ഭാര്യയും, സഹോദരന്മാരും അമ്മയപ്പന്മാരും മക്കളും എല്ലാം വിട്ടുകളയേണം. യേശു ധനവാനായ യുവാവിനോട് പറഞ്ഞു: നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കേണം. ഇതിന്റെയെല്ലാം അര്‍ത്ഥം, ലോകത്തോടും അതിന്‍റെ സമ്പത്തിനോടും മഹത്വത്തോടും ഉള്ള ബന്ധനം ഉപേക്ഷിക്കുന്നവന് മാത്രമേ യേശുവിന്റെ ശിഷ്യന്‍ ആകുവാന്‍ കഴിയൂ.

ഇതിന് യേശുവിന് അവന്റെതായ ഒരു കാരണം ഉണ്ട്. മത്തായി 6: 24 ല്‍ യേശു പറഞ്ഞു:  രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” ഇതിന് തൊട്ട് മുമ്പായി, മത്തായി 6: 21 ല്‍ യേശു പറഞ്ഞു: “നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.”

നമ്മളുടെ ഹൃദയം എപ്പോഴും ദൈവരാജ്യത്തില്‍ ആയിരിക്കേണം എന്നും നമ്മള്‍ യേശുവിനെ മാത്രമേ യജമാനനായി സേവിക്കാവൂ എന്നും ഉള്ള ആശയമാണ് അവന്‍ ഇവിടെ നല്‍കുന്നത്. ലോകം നമ്മളെ ഭരിക്കുന്ന അവസ്ഥയില്‍ നിന്നും യേശു നമ്മളെ ഭരിക്കുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറേണം. ഭൌതീകതയുടെ ബന്ധനത്തില്‍ നിന്നും നമ്മള്‍ സ്വതന്ത്രര്‍ ആകേണം. ഇവിടെയാണ് നമ്മളുടെ ഈ ലോകത്തിലെ കഷ്ടതയുടെ ആരംഭം. ഇവിടെയാണ് യേശുവിനോടൊപ്പം ഉള്ള നമ്മളുടെ യാത്ര ആരംഭിക്കേണ്ടത്.


യേശുവിനോടൊപ്പമുള്ള യാത്ര ലോകപ്രകാരം കഷ്ടതയുടെ യാത്രയാണ്. അതിന്റെ ആദ്യത്തെ പടി
, ലോകത്തിന്റെ മഹത്വവുമായുള്ള നമ്മളുടെ ബന്ധനം ഉപേക്ഷിക്കുക എന്നതാണ്. അതിനു ശേഷം യേശു നമുക്ക് ആവശ്യമുള്ള ഭൌതീക നന്മകള്‍ നല്‍കിയേക്കാം. എന്നാല്‍ അതൊന്നും നമ്മളുടെ ജീവിതത്തെ ഈ ലോകവുമായി ബന്ധിക്കുന്നില്ല. നമ്മള്‍ ദൈവരാജ്യം നിമിത്തം അതെല്ലാം ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ സകലതും ദൈവരാജ്യം മാത്രമാണ്. അവിടെയാണ് നമ്മളുടെ നിക്ഷേപം.   

പൌലൊസ് റോമില്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍, അവന്‍ ഫിലിപ്പിയിലെ സഭയ്ക്ക് ഇങ്ങനെ എഴുതി:

 

ഫിലിപ്പിയര്‍ 3: 7, 8

   എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.

   അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

ഭൌതീക നന്മകള്‍ ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ച ശിഷ്യന്‍മാര്‍ക്കോ, പൌലൊസിനോ, ഉപേക്ഷിച്ചത് എന്തെങ്കിലും തിരികെ ലഭിച്ചതായി നമുക്ക് അറിവില്ല. അവര്‍ അത് ആഗ്രഹിച്ചിരുന്നുമില്ല. മാത്രവുമല്ല, അവര്‍ക്ക് വലിയ പീഡനങ്ങള്‍ ഭാവിയില്‍ ഉണ്ടാകും എന്നാണ് യേശു അവരോടു പറഞ്ഞത്.

യേശുക്രിസ്തുവിന്റെ ശുശ്രൂഷയിലെ ആദ്യകാലത്ത് അവന്‍ പറഞ്ഞ അനുഗ്രഹ പ്രഭാഷണത്തില്‍ പരമര്‍ശിക്കപ്പെടുന്നവര്‍ ഭൌതീകതയില്‍ സമ്പന്നരല്ല (മത്തായി 5: 3-11). അവര്‍ ദരിദ്രരും, ദുഖിക്കുന്നവരും, നീതി നിഷേധിക്കപ്പെട്ടവരും, നീതി നിമിത്തം ഉപദ്രവിക്കപ്പെട്ടവരും, ആയിരുന്നു. മാത്രവുമല്ല അവിടെ യേശു തുടര്‍ച്ചയായി പറയുന്ന വാക്കുകളില്‍ വരുവാനിരിക്കുന്ന കഷ്ടതയുടെ സൂചനയുണ്ട്. മത്തായി 5: 11 ആം വാക്യത്തില്‍ യേശു പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ. ഇവിടെ ഈ ഭൂമിയിലെ ഉപദ്രവങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കും എന്നാണ് യേശു പറയുന്നത്. മാത്രവുമല്ല, നമ്മള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന പ്രവാചകന്മാരെയും ഈ ലോകം ഉപദ്രവിച്ചിരുന്നു എന്ന് യേശു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. അതുമാത്രമേ നമ്മള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.

അവന്റെ അന്ത്യ യാത്രാമൊഴിയില്‍, യോഹന്നാന്‍ 15: 18 മുതല്‍ 21 വരെയുള്ള വാക്യങ്ങളില്‍ ഈ ലോകത്തുനിന്നും നമ്മള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് യേശു വീണ്ടും പറയുന്നു. ലോകം യേശുക്രിസ്തുവിനെ സ്വീകരിച്ചില്ല, അവനെ പകെച്ചു, അവനെ ഉപദ്രവിച്ചു. ദാസന്മാര്‍ യജമാനന് ലഭിച്ചതിനെക്കാള്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ ഈ ലോകത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ട. അതായത്, ലോകം നമ്മളെ സ്വീകരിക്കില്ല, അത് നമ്മളെ പകെക്കും, ഉപദ്രവിക്കും. 21 ആം വാക്യത്തില്‍ യേശു പറയുന്നു: “എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.”

മത്തായി 10: 22 ല്‍ യേശു ഇതേ കാര്യം പറഞ്ഞിട്ടുണ്ട്: “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.” 25 ആം വാക്യത്തില്‍ യേശു തുടര്‍ന്നു പറഞ്ഞു: “അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?”. മത്തായി 10: 17, 18 വാക്യങ്ങളില്‍ യേശു പറഞ്ഞു: “മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും .... യോഹന്നാന്‍ 16: 2 ല്‍ യേശുവിന്റെ വാക്കുകള്‍ നമ്മള്‍ വായിക്കുന്നതിങ്ങനെയാണ്: “അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.”

അന്ത്യകാലത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പറയുമ്പോള്‍ യേശു പറയുന്നതിങ്ങനെയാണ്:

   

മത്തായി 24: 9, 10

   അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. 

10   പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും 

 

ലൂക്കോസ് 21: 12 ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. 

 

ലൂക്കോസ് 21: 16, 17

16   എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. 

17   എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. 

നമ്മളുടെ വിശ്വാസ ജീവിതത്തില്‍ നമ്മളെ കാത്തിരിക്കുന്ന അനുഭവങ്ങളെക്കുറിച്ച് യേശു പറഞ്ഞത് ഇതെല്ലാമാണ്. ഇതിനെയാണ് യേശു ലോകത്തില്‍ നിങ്ങള്‍ക്ക് കഷ്ടം ഉണ്ട് എന്നു പറഞ്ഞത്. അപ്പോസ്തലന്മാരുടെയും ആദ്യകാല പിതാക്കന്മാരുടെയും അനുഭവങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍, അവര്‍ക്ക് ഇതിലും വലിയ മാന്യതയോ ഭൌതീക നന്‍മകളോ ലഭിച്ചില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. അപ്പൊസ്തലനായ പൌലൊസ് തന്റെ അനുഭവങ്ങളെ ചുരുക്കമായി പറയുന്നതിങ്ങനെയാണ്:

 

2 കൊരിന്ത്യര്‍ 11: 23 – 28

23  ... ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

24  യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു;

25  മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

26  ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ള സഹോദരന്മാരാലുള്ള ആപത്തു;

27  അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത

28  എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.

ആദ്യ സഭയിലെ സ്തെഫാനൊസ് മുതല്‍ ഇന്നേവരെയും വിശ്വാസത്തിനായി ലോകത്താല്‍ കൊല്ലപ്പെടുന്ന അനേകം രക്തസാക്ഷികളുടെ ചരിത്രമാണ് ക്രിസ്തുവിന്റെ സഭയ്ക്ക് ഉള്ളത്.  

യേശു, “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു” എന്നു പറഞ്ഞത് അവന്റെ അന്ത്യയാത്രാമൊഴിയില്‍ ആയിരുന്നു എന്ന് നമ്മള്‍ പറഞ്ഞല്ലോ. അവന്‍ ശിഷ്യന്‍മാരുമൊത്ത് അവസാനത്തെ പെസഹ ആചരിച്ചതിനും, അവനെ ഒറ്റിക്കൊടുത്ത യൂദാ ഈസ്കര്യോത്താവ് അവനെ വിട്ടുപോയതിനും ശേഷം, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ, പരീശന്മാര്‍ എന്നവർ അയച്ച ചേവകരും റോമന്‍ പടയാളികളും അടങ്ങുന്ന ഒരു സംഘം വാളും വടികളുമായി വന്നു അവനെ പിടിച്ചു. അതിന് മുമ്പാണ് യേശു അന്ത്യ യാത്രാമൊഴി പറഞ്ഞത്. (മത്തായി 26: 47, മര്‍ക്കോസ് 14:43, യോഹന്നാന്‍ 18:3). അവനെ പിടിക്കുവാനായി പടയാളികള്‍ വന്നപ്പോള്‍ യേശു അവരോടു ചോദിച്ചു:

 

മത്തായി 26: 55 ... “ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.

ഒരു കൊടും ക്രൂരനും കലാപകാരിയുമായ രാജദ്രോഹിയെ പിടിക്കുന്നതുപോലെ അവര്‍ യേശുവിനെ പിടിച്ചുകൊണ്ടു പോയി. പുരോഹിതന്മാരും റോമന്‍ ഗവര്‍ണറും അവനെ മാറിമാറി വിചാരണ ചെയ്തു. യഹൂദ ന്യായപ്രമാണത്തിലെയോ നീതിശാസ്ത്രത്തിലെയോ യാതൊരു നീതിയും അവന് ലഭിച്ചില്ല. റോമന്‍ ഭരണകൂടം അവനില്‍ കൊല്ലുവാന്‍ തക്കവണ്ണം ഉള്ള യാതൊരു കുറ്റവും കണ്ടില്ല. എങ്കിലും അവനെ ഒരു മത വിരുദ്ധനും രാജദ്രോഹിയും, കലാപകാരിയും എന്നതുപോലെ ക്രൂശിച്ചു.

മര്‍ക്കോസ് 14 ല്‍ മഹാപുരോഹിതന്റെ അരമനയില്‍ അവന്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ യേശുവിന് ഉണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. യേശു, അവന്‍ ദൈവത്തിന്റെ പുത്രനായ ക്രിസ്തു തന്നെ എന്ന് ഏറ്റു പറഞ്ഞു എന്നതായിരുന്നു പുരോഹിതന്മാരുടെ സംഘം കണ്ടെത്തിയ കുറ്റം. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു. 65 ആം വാക്യം പറയുന്നു: “ ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.” റോമന്‍ ഗവര്‍ണര്‍ ആയ പീലാത്തൊസ് യേശുവില്‍ ഒരു കുറ്റവും കണ്ടെത്തിയില്ല. എങ്കിലും യഹൂദന്മാരെ പ്രീതിപ്പെടുത്തുവാന്‍, യേശുവിനെ ക്രൂശിക്കുവാന്‍ വിധിച്ചു. അപ്പോള്‍ പടയാളികള്‍ യേശുവിനെ  രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.

ഇതിനെക്കുറിച്ചെല്ലാമാണ് അന്ത്യ യാത്രാമൊഴിയില്‍ യേശു പറഞ്ഞത്: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു”. ഉണ്ടായേക്കാം എന്നല്ല ഉണ്ട് എന്നാണ് യേശു പറഞ്ഞത്. അപ്പോസ്തലന്മാരും, ആദ്യ കാല സഭാ പിതാക്കന്മാരും ലോകത്തിന്റെ പീഡനങ്ങളിലൂടെ കടന്നുപോയവര്‍ ആണ്. അവര്‍ ലോകത്തില്‍ ഭൌതീക നന്മകള്‍ ആഗ്രഹിച്ചില്ല, അവര്‍ക്ക് അത് ലഭിച്ചതും ഇല്ല. ശിഷ്യന്‍ ഗുരുവിന് മീതെ ആയിരിക്കുന്നില്ല എന്നതിനാല്‍ നമ്മള്‍ക്കും ഈ ലോകം കരുതി വച്ചിരിക്കുന്നത് കഷ്ടത തന്നെയാണ്. കൂടുതല്‍ നന്‍മയൊന്നും ലോകത്തില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു

യോഹന്നാന്‍ 16: 33 ആം വാക്യത്തിലെ “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു എന്ന പ്രസ്താവനയെക്കുറിച്ചുള്ള പഠനം ഇവിടെ അവസാനിപ്പിച്ചിട്ടു നമുക്ക് “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന വാക്കുകളിലേക്ക് പോകാം. യേശു പറഞ്ഞു, ലോകത്തില്‍ നമുക്ക് കഷ്ടം ഉണ്ട്, എന്നാല്‍, അവന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”. ഇതൊരു സന്തോഷ വാര്‍ത്തയാണ്.

എന്തു ജയത്തെക്കുറിച്ചാണ് യേശു ഇവിടെ പറയുന്നത്? അവന്‍ ജയിച്ച ജയം എന്തായിരുന്നു? യേശു ഈ ലോകത്തില്‍ യാതൊരു ഭൌതീക സമ്പത്തും നേടിയില്ല. അവന്‍ നിലങ്ങളോ കളപ്പുരകളോ കൂട്ടിവച്ചില്ല. അവന്‍ മണിമാളികകള്‍ പണിതില്ല. അവന്‍ ഭൌതീക തലത്തില്‍ യുദ്ധങ്ങള്‍ ചെയ്തില്ല. അവന്‍ രാജാക്കന്മാരെ തോല്‍പ്പിക്കുകയോ രാജ്യങ്ങളെ പിടിച്ചടക്കുകയോ ചെയ്തില്ല. അവന്‍ മതമോ തത്വ സംഹിതകളോ ആരംഭിച്ചില്ല. അപ്പോള്‍ അവന്‍ എന്ത് ജയം ആണ് നേടിയത്? ഇതിനെക്കുറിച്ച് ഇനി നമുക്ക് ചിന്തിക്കാം.

സ്നാപക യോഹന്നാനാല്‍ സ്നാനം സ്വീകരിച്ചതിന് ശേഷം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേക്ക് നടത്തി (മത്തായി 4: 1). മരുഭൂമിയില്‍ യേശു നാല്‍പ്പതു രാവും പകലും ഉപവസിച്ചു. അതിനുശേഷം പിശാച് അവനെ മൂന്ന് പ്രാവശ്യം പരീക്ഷിച്ചു. എല്ലാ പരീക്ഷയിലും യേശു പിശാചിനെ പരാജയപ്പെടുത്തി.

പിശാച് യേശുവിനെ പരീക്ഷിച്ചതില്‍ ഒന്നിനെക്കുറിച്ച് മാത്രം നമുക്ക് ഇവിടെ നോക്കാം. മത്തായിയുടെ വിവരണത്തില്‍ ഇത് മൂന്നാമത്തെ പരീക്ഷയാണ്. ലൂക്കോസ് അത് രണ്ടാമത്തേത് ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മര്‍ക്കോസ് പരീക്ഷകളുടെ വിശദാംശങ്ങള്‍ പറയുന്നില്ല. മത്തായി 4: 8 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ ആണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. പിശാചു യേശുവിനെ ഏറ്റവും ഉയർന്നോരു മലയുടെ മുകളിലേക്ക് കൊണ്ടുപോയി. അവിടെ നിന്നുകൊണ്ട്  ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും യേശുവിനെ കാണിച്ചു. അതിന് ശേഷം, പിശാചിന്‍റെ മുന്നില്‍ കുമ്പിട്ടു നമസ്കരിച്ചാൽ ഇതൊക്കെയും അവന്‍ യേശുവിന് നല്കാം എന്നു പറഞ്ഞു. എന്നാല്‍ യേശു അവന്റെ പരീക്ഷയില്‍ വീണില്ല. അവന്‍ പിശാചിനോട്: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. ഇതോടെ പിശാചു എല്ലാ പരീക്ഷകളും അവസാനിപ്പിച്ച് അവനെ വിട്ടുപോയി. ലൂക്കോസ് 4: 14 ല്‍ പറയുന്നു: “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.”

ഈ പരീക്ഷയ്ക്ക് മറ്റ് രണ്ടു പരീക്ഷകളില്‍ നിന്നും ഒരു വ്യത്യാസം ഉണ്ട്. ഒന്നാമത്തെ പരീക്ഷ, കല്ല് അപ്പമായി തീരുവാന്‍ കല്‍പ്പിക്കുക എന്നതായിരുന്നു. ഇത് നാല്‍പ്പതു ദിവസം ഉപവാസമിരുന്ന യേശുവിന് ശക്തമായ ഒരു പ്രലോഭനം ആയിരുന്നു. രണ്ടാമത്തെ പരീക്ഷ, വിശുദ്ധ ദൈവാലയത്തിന്റെ അഗ്രത്തില്‍ നിന്നും താഴോട്ട് ചാടുക എന്നതായിരുന്നു. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അപകടം ഉണ്ടാകാതെ അവനെ താങ്ങിക്കൊള്ളും എന്ന് പിശാച് പറഞ്ഞു. എന്നാല്‍ യേശു ഈ രണ്ടു പരീക്ഷകളിലും പിശാചിന്റെ പ്രലോഭനത്തില്‍ വീണില്ല.

ഇത് രണ്ടും വ്യക്തിപരമായതും പരിമിതവുമായ പരീക്ഷകള്‍ ആയിരുന്നു. എന്നാല്‍ മൂന്നാമത്തെ പരീക്ഷ, വിശാലവും ആകര്‍ഷണീയവും ആയിരുന്നു. ദൈവരാജ്യം പുനസ്ഥാപിക്കുവാനായി വന്ന യേശുവിന് അതിനൊരു കുറുക്ക് വഴിയിയായിരുന്നു. പിശാചിന്‍റെ വാഗ്ദത്തം ഈ ലോകത്തെ തന്നെ നല്കാം എന്നായിരുന്നു. അവന്‍ ലോകത്തിന്റെ സമ്പത്തും, അധികാരവും, മഹത്വവും എല്ലാമാണ് വാഗ്ദത്തം ചെയ്തത്. യേശു തള്ളിക്കളഞ്ഞത്, അതുതന്നെയാണ്. അവന്‍ ലോകത്തെയും, അതിന്റെ സമ്പത്തിനെയും, ലോകം നല്‍കുന്ന മഹത്വത്തെയും തള്ളിക്കളഞ്ഞു. യേശു ലോകം നല്‍കുന്ന പീഡനങ്ങളെ തിരഞ്ഞെടുത്തു. അതിനാല്‍, അവന്‍ പരീക്ഷകളെ ജയിച്ചു. ഇതാണ് “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. അത് ലോകത്തെ ജയിച്ച ജയം ആണ്.

ഈ ലോകത്തിന്റെ വ്യവസ്ഥകളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന പിശാചിനെയാണ് യേശു തോല്‍പ്പിച്ചത്. അവന്‍ ജയിച്ചത് പിശാചിനെയും അവന്റെ സകല പ്രലോഭനങ്ങളെയും ആണ്. യേശു ജയിച്ചത് അവന്നുവേണ്ടി മാത്രമല്ല, അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്. യേശു ജയിച്ചതിനാല്‍ അവനില്‍ വിശ്വസിക്കുന്ന നമുക്കും അതേ ജയം ഉണ്ട്. അതുകൊണ്ടാണ് പൌലൊസ് ഗലാത്യര്‍ 5:24 ല്‍ പറയുന്നത്: “ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.”

ഈ സംഭവത്തിന് ശേഷം പിന്നീട് എപ്പോഴെങ്കിലും പിശാച് യേശുവിനെ പരീക്ഷിച്ചതായി നമ്മള്‍ പുതിയനിയമത്തില്‍ വായിക്കുന്നില്ല. എന്നാല്‍ മരുഭൂമിയിലെ പരീക്ഷയോടെ യേശുവിന്റെ ജയം പൂര്‍ണ്ണമായതും ഇല്ല. ലോകവുമായും പിശാചുമായുള്ള അവന്റെ പോരാട്ടം ക്രൂശ് വരെ തുടര്‍ന്നു.

യേശു ഈ ഭൂമിയില്‍ വന്നത് ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍ വേണ്ടിയായിരുന്നു. അതിനായി അവന് ദൈവരാജ്യത്തെ വീണ്ടെടുക്കേണം. ദൈവരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകള്‍ അടങ്ങുന്ന പുതിയ ഉടമ്പടി സ്ഥിരമാക്കേണം. ഒരു ഉടമ്പടി ഉറപ്പാക്കുന്നത് രക്തത്താല്‍ ആണ്. ഇതാണ് യേശു തിരുവത്താഴ സമയത്ത് പറയുന്നതും: “ ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം (മത്തായി 26: 28). അതിനാല്‍, പുതിയ നിയമം ഉറപ്പിക്കുവാന്‍ യേശുവിന്റെ മരണം അനിവാര്യമായിരുന്നു. ഫിലിപ്പിയര്‍ 2: 8 ല്‍ അവന്‍ “മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” എന്നു പറയുന്നതു അവന്റെ മരണത്തിന്റെ അനിവാര്യതയെ കാണിക്കുന്നു.

യേശു അവന്റെ ശുശ്രൂഷയുടെ ആരംഭകാലം മുതല്‍ അവന്റെ മരണത്തേകുറിച്ച് ശിഷ്യന്മാരൊട് സംസാരിക്കുന്നുണ്ട്.

 

മര്‍ക്കോസ് 9: 31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.

 

ലൂക്കോസ് 9: 22  “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം” എന്നു പറഞ്ഞു.

എന്നാല്‍ യേശുവിന്റെ ക്രൂശിലെ മരണം ഒരു പരാജയമായിരുന്നില്ല, അത് യുദ്ധത്തിലെ വിജയം ആയിരുന്നു. അവന്‍ അവന്റെ വരവിന്റെ ഉദ്ദേശ്യം നിവൃത്തിച്ചു. അവന്‍ ദൈവരാജ്യം വീണ്ടെടുത്തു. അവന്‍ പുതിയ നിയമം സ്ഥാപിച്ചു. ഈ സത്യം അപ്പൊസ്തലനായ പത്രൊസ് പെന്തക്കോസ്ത് നാളില്‍ സകല ജനത്തോടും വിളിച്ച് പറഞ്ഞു:

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

ഇതേ വെളിപ്പാട് ആണ് പൌലൊസ് കൊലൊസ്യര്‍ക്ക് ഉള്ള ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്.  

 

കൊലൊസ്സ്യര്‍ 2: 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

 

യോഹന്നാന്‍ 16: 33 ല്‍ “ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു യേശു പറഞ്ഞപ്പോള്‍ അവന്‍ അര്‍ത്ഥമാക്കിയത് അവന്‍ പിശാചിനെ ജയിച്ച ജയത്തെക്കുറിച്ചാണ്. അതിന്റെ നിവൃത്തിയോ ക്രൂശിലെ മരണത്തില്‍ ആയിരുന്നു. മറ്റൊരു ജയവും യേശുവിന് അവകാശപ്പെടുവാന്‍ ഇല്ലായിരുന്നു. ലോകത്തില്‍ നമുക്ക് ഉണ്ടാകുവാന്‍ ഇടയുള്ള കഷ്ടങ്ങളുടെ പരിഹാരം യേശു ലോകത്തിന്റെമേല്‍ നേടിയ ജയം ആണ്. അത് ഭൌതീക വസ്തുവകകളുടെ സമ്പാദ്യമല്ല. യേശുവിന്റെ ജയം ഭൌതീകതയുടെ നിരാസം ആണ്. യേശുവിന്റെ ജയം പിശാചുമായുള്ള ആത്മീയ പോരാട്ടത്തിലെ അന്തിമ ജയം ആണ്. ഈ ജയം ആണ് അവന്‍ ശിഷ്യന്മാര്‍ക്കും നമ്മള്‍ക്ക് എല്ലാവര്‍ക്കും വാഗ്ദത്തം ചെയ്തത്. 

യേശുവിന്റെ ജയത്തിലുള്ള നമ്മളുടെ പങ്ക് എന്താണ് എന്ന് പൌലൊസ് 2 കൊരിന്ത്യര്‍ 2: 14 ല്‍ വ്യക്തമാക്കുന്നുണ്ട്. 

 

2 കൊരിന്ത്യര്‍ 2: 14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.

കൊലൊസ്സ്യര്‍ 2: 15 ല്‍ പൌലൊസ് അവകാശപ്പെട്ടത്, യേശു, ക്രൂശില്‍ ഒരു ജയോല്‍സവം ആരംഭിച്ചു എന്നാണ്. ഇതേ ജയോല്‍സവത്തെക്കുറിച്ചാണ് 2 കൊരിന്ത്യര്‍ 2: 14 ലും പൌലൊസ് പറയുന്നത്. ഇത് അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. ഒരു വിദേശ ശത്രു രാജ്യത്തെ ആക്രമിച്ചു കീഴടക്കി, അവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത്, ശത്രു രാജാക്കന്മാരെയും സൈന്യത്തെയും പിടിച്ചുകൊണ്ടു റോമിലേക്ക് തിരികെ വരുന്ന റോമന്‍ സൈനീക മേധാവിക്ക്, റോമന്‍ ഗവര്‍ണ്‍മെന്‍റ് നല്‍കുന്ന ബഹുമതിയാണ് ജയോല്‍സവം. ഇത് ഒരു ദിവസമോ ചില ദിവസങ്ങളോ നീണ്ടു നില്‍ക്കുന്ന ജയത്തിന്റെ ഉല്‍സവം ആണ്. ഈ ഉല്‍സവത്തില്‍ റോമിലെ എല്ലാ പൌരന്മാരും പങ്കെടുക്കുന്നു. കാരണം, അവരുടെ സൈന്യാധിപന്റെ ജയം അവരുടെ ജയമാണ്. അത് റോമിന് ജയത്തിന്റെ ഉല്‍സവമാണ്.

ഇപ്രകാരമുള്ള ഒരു ജയോല്‍സവമാണ് യേശു ക്രൂശില്‍ ആരംഭിച്ചത്. അത് ഇന്നും തുടരുകയാണ്. അവന്റെ ക്രൂശു മരണത്താല്‍ വീണ്ടെടുപ്പ് ലഭിച്ച എല്ലാവരും ഈ ജയോല്‍സവത്തില്‍ പങ്കാളികള്‍ ആണ്. അതിനാല്‍ പൌലൊസ് പറഞ്ഞു: ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിന്നു സ്തോത്രം.

ഈ വാക്കുകളെ, അത് എഴുതിയ പൌലൊസിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാലെ നമുക്ക് ഇതിന്റെ ആത്മീയ അര്‍ത്ഥം മനസ്സിലാകൂ. പൌലൊസിന്റെ ജീവിതത്തില്‍ എവിടെയാണ് ജയം ഉണ്ടായത്? എവിടെയാണ് അദ്ദേഹം ജയോല്‍സവം ആഘോഷിച്ചത്? പൌലൊസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മളുടെ മനസ്സില്‍ അവന്‍ അനുഭവിച്ച കഷ്ടതകള്‍ ആണ് ഓര്‍മ്മയില്‍ വരുന്നത്. 2 കൊരിന്ത്യര്‍ 11: 23 – 28 വരെയുള്ള വാക്യങ്ങളില്‍ നിന്നും അദ്ദേഹം അനുഭവിച്ച കഷ്ടതകളുടെ ഒരു വിവരണം നമ്മള്‍ വായിച്ചുകഴിഞ്ഞു. അതില്‍ അദ്ദേഹം അടി, കല്ലേറ്, കപ്പല്‍ച്ചേതം, ആപത്തുകള്‍, ഉറക്കിളപ്പു, പൈദാഹം, പട്ടിണി, ശീതം, നഗ്നത എന്നിങ്ങനെയുള്ള അനുഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. പുതിയനിയമത്തില്‍, ക്രിസ്തുനിമിത്തം അധികം പ്രാവശ്യം കാരാഗൃഹത്തില്‍ കിടന്നതും അദ്ദേഹം ആയിരിക്കാം. അവസാനം താന്‍ സുവിശേഷം നിമിത്തം കൊല്ലപ്പെടുകയും ചെയ്തു. ഈ പൌലൊസ് എന്തു ജയമാണ് നേടിയത്? എന്തു ജയോല്‍സവം ആണ് ആഘോഷിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പൌലൊസ് സ്വയം ഒരു ജയവും നേടിയില്ല. യേശുക്രിസ്തു നേടിയ ജയമാണ് പൌലൊസും നേടിയത്. യേശുവിന്റെ ജയോല്‍സവത്തില്‍ പൌലൊസ് പങ്കാളിയാകുക ആയിരുന്നു. യേശു ജയിച്ച ജയമോ, അത് ലോകത്തിന്‍റെമേലും പിശാചിന്‍റെമേലും ഉള്ള ജയമാണ്.

അതായത് യേശു,ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോള്‍ അത് പൈശാചിക പോരാട്ടങ്ങളെയും പ്രലോഭനങ്ങളെയും ജയിച്ചു എന്നാണ് അവന്‍ അര്‍ത്ഥമാക്കിയത്. ഈ ജയമാണ് യേശു ശിഷ്യന്മാര്‍ക്കും നമ്മള്‍ക്കും കൈമാറിത്തന്നത്.

പൌലൊസ് പറഞ്ഞത് ക്രിസ്തുവില്‍ അവന്‍ എപ്പോഴും ജയോത്സവമായി ജീവിക്കുന്നു എന്നാണ്. അതായത്, നമ്മള്‍ക്ക് സ്വയം ലോകത്തെയോ, പിശാചിനെയോ, പാപത്തെയോ, പ്രലോഭനങ്ങളെയോ ജയിക്കുവാന്‍ സാധ്യമല്ല. ക്രിസ്തു ഇവയെ ജയിച്ചു എന്നതില്‍ ആശ്രയിക്കുന്നതാണ് നമ്മളുടെ ജയം. ജയിച്ചത് ക്രിസ്തു ആണ്, നമ്മള്‍ അവന്റെ ജയോല്‍സവത്തില്‍ പങ്കാളികള്‍ ആകുന്നു എന്നേയുള്ളൂ. അതിനാല്‍ നമ്മള്‍ ജയിച്ചോ തോറ്റോ എന്ന ചിന്താഭാരം നമുക്ക് ഇല്ല. ക്രിസ്തുവില്‍ ഉള്ളവര്‍ എല്ലാം ജയിച്ചിരിക്കുന്നു. ഇന്ന് നമുക്ക് ഏതെങ്കിലും വിധത്തില്‍ ജയോല്‍സവം ആചരിക്കുവാന്‍ ഉണ്ടെങ്കില്‍ അത് ക്രിസ്തു ലോകത്തെ ജയിച്ച ജയം മാത്രമാണ്.  

എന്തുകൊണ്ട് നമ്മള്‍ ഈ ലോകത്തെ ജയിക്കേണം എന്നു യേശു അന്ത്യ യാത്രാമൊഴിയില്‍ പറയുന്നുണ്ട്:

 

യോഹന്നാന്‍ 15: 19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.

യേശു നമ്മളെ തിരഞ്ഞെടുത്തതിനാല്‍, നമ്മള്‍ ലോകക്കാര്‍ അല്ലാതെയായി മാറി. അതിനാല്‍ ലോകം നമ്മളെ പകെയ്ക്കും. നമുക്ക് ഇനി ഒരിയ്ക്കലും ലോകത്തോട് അനുരൂപരായി ജീവിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ ലോകത്തെ ജയിക്കുക എന്നത് നമ്മളുടെ മുന്നിലുള്ള ഒരു തിരഞ്ഞെടുപ്പ് അല്ല. അത് അനിവാര്യതയാണ്. നമ്മള്‍ ലോകത്തെ ജയിച്ചേ മതിയാകൂ.

ഇവിടെയാണ് യേശുവിന്റെ ജയത്തിന്റെ പ്രധാന്യം വെളിവാകുന്നത്. നമുക്ക് സ്വയം ലോകത്തെ ജയിക്കുവാന്‍ സാധ്യമല്ല, എന്നാല്‍ നമ്മള്‍ ലോകത്തെ ജയിച്ചേ മതിയാകൂ. അതിനാല്‍ യേശു, നമ്മളെപ്പോലെയുള്ള ജഡത്തില്‍ ജനിച്ച്, നമ്മള്‍ക്ക് വേണ്ടി പിശാചിനോടു പോരാടി, ലോകത്തെ ജയിച്ചു. അവന്‍ നമ്മള്‍ക്ക് വേണ്ടി ജയിച്ച ജയം നമ്മളുടേത് ആയിമാറി. വിശ്വസിക്കുന്ന ഏവര്‍ക്കും ഈ ജയത്തില്‍ പങ്കാളികള്‍ ആകാം.  

ധൈര്യപ്പെടുവിൻ

നമ്മളുടെ ചിന്തയ്ക്ക് ആധാരമായ വാക്യത്തിലെ മൂന്നാമത്തെ ഭാഗം ഇതാണ്: “എങ്കിലും ധൈര്യപ്പെടുവിൻ”. “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു”. (യോഹന്നാന്‍ 16: 33). ഇതിനെക്കുറിച്ച് അധികം വിശദീകരിക്കാതെ ഈ സന്ദേശം അവസാനിപ്പിക്കുകയാണ്. യേശു പിശാചിനെയും ലോകത്തെയും ജയിച്ചതിനാല്‍, ലോകം നമ്മളെയും പരാജയപ്പെടുത്തുകയില്ല. അതിനാല്‍ നമുക്ക് ധൈര്യപ്പെടാം. എന്നാല്‍ ഈ ലോകത്ത് നമുക്ക് കഷ്ടം ഉണ്ട്. അത് നമ്മളെ ക്ഷീണിപ്പിക്കാതെ ഇരിക്കുവാനും, യേശുവില്‍ സമാധാനം ഉണ്ടാകുവാനും വേണ്ടി അവന്‍ ഇതെല്ലാം നമ്മളോട് മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.  

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.


തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ
online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment