ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു

1 കൊരിന്ത്യര്‍ 1 ആം അദ്ധ്യായം 22, 23 വാക്യങ്ങള്‍ പൌലൊസിന്റെ വളരെ പ്രശസ്തമായ ഒരു പ്രസ്താവനയാണ്. ഈ വാക്യങ്ങളെ, അത് എഴുതിയ സാമൂഹിക, ചരിത്ര പശ്ചാത്തലത്തില്‍ മനസ്സിലാക്കുവാനാണ് നമ്മള്‍ ഇവിടെ ഉദ്ദേശിക്കുന്നത്. വാക്യം ഇങ്ങനെയാണ്:

 

1 കൊരിന്ത്യര്‍ 1: 22, 23

22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

 

ഈ വാക്യം എന്തു അര്‍ത്ഥത്തില്‍ ആണ് പൌലൊസ് എഴുതിയത് എന്നു മനസ്സിലാക്കേണം എങ്കില്‍, അദ്ദേഹം കൊരിന്ത്യ സഭയ്ക്ക് എഴുതിയ  ലേഖനത്തിന്റെ പശ്ചാത്തലം കൂടി നമ്മള്‍ അറിഞ്ഞിരിക്കേണം. എന്തുകൊണ്ടാണ് പൌലൊസ് യഹൂദന്മാരെയും യവനന്മാരെയും ഒരു വശത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രിസ്തീയ സഭയെ മറുവശത്തും നിറുത്തിയത്? എന്തുകൊണ്ടാണ് യഹൂദന്‍മാര്‍ക്കും ഗ്രീക്കുകാര്‍ക്കും ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ കഴിയാതിരുന്നത്? വിശ്വാസത്തിന് തടസ്സമായ അവരുടെ പ്രശനങ്ങളും പ്രതിവിധിയും എന്താണ്? ഇതാണ് പൌലൊസ് ഈ രണ്ടു വാക്യങ്ങളിലൂടെ പറയുന്നത്.

ചരിത്ര പശ്ചാത്തലം

കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടു ലേഖനങ്ങളാണ് പുതിയനിയമത്തില്‍ ഉള്ളത്. അത് രണ്ടും അപ്പൊസ്തലനായ പൌലൊസ് എഴുതിയതാണ്. രണ്ടു ലേഖനങ്ങളും കൊരിന്തിലെ ക്രിസ്തീയ സഭയ്ക്കുള്ള എഴുത്തുകള്‍ ആയിരുന്നു.

ഗ്രീസിലെ അഖായ പ്രവിശ്യയുടെ തലസ്ഥാനം ആയിരുന്നു കോരിന്ത് പട്ടണം. കൊരിന്ത് പുരാതന കാലം മുതല്‍ തന്നെ ഒരു സമ്പന്നമായ പട്ടണം ആയിരുന്നു. അവര്‍ ദുര്‍മ്മാര്‍ഗ്ഗ ജീവിതത്തിനു കുപ്രസിദ്ധര്‍ ആയിരുന്നു. കൊരിന്ത് പട്ടണത്തിന് രണ്ടു തുറമുഖങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇതൊരു വ്യാപാര കേന്ദ്രവും ഗ്രീസിന്റെ സൈന്യത്തിന്റെ താവളവും ആയിരുന്നു. ഈ പട്ടണം ഒരു മലയുടെ താഴ് വാരത്തില്‍ ആണ് സ്ഥിതിചെയ്തിരുന്നത്. പട്ടണത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്തിരുന്ന മലയുടെ മുകളില്‍ ഒരു കോട്ട ഉണ്ടായിരുന്നു. 5 മൈലുകള്‍ ആയിരുന്നിരിക്കേണം ഈ പട്ടണത്തിന്‍റെ വിസ്തൃതി. പുരാതന കൊരിന്ത് പട്ടണത്തില്‍, 400 BC ല്‍ ഏകദേശം 90, 000 ജനങ്ങള്‍ താമസിച്ചിരുന്നു. വ്യാപാരം ആയിരുന്നു മുഖ്യ വരുമാന മാര്‍ഗ്ഗം. അതിലൂടെ പട്ടണക്കാര്‍ മഹാ സമ്പന്നര്‍ ആയിത്തീര്‍ന്നു. അതോടൊപ്പം ആര്‍ഭാടകരമായ ജീവിതത്തിനും, സകല തിന്‍മയ്ക്കും ഇവിടം കുപ്രസിദ്ധി ആര്‍ജ്ജിച്ചു. കായിക വിനോദങ്ങള്‍ക്കും പട്ടണം പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൌലൊസ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ കായിക വിനോദങ്ങളിലെ സംഭവങ്ങള്‍ ഉദാഹരണമായി ഉപയോഗിച്ചത്.  

അറിവിനും സാഹിത്യത്തിനും കലയ്ക്കും കൊരിന്തില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി വീനസ് ദേവത ആയിരുന്നു. ഈ ദേവത അവരുടെ പട്ടണത്തെ സംരക്ഷിക്കുന്നു എന്നായിരുന്നു അവരുടെ വിശ്വസം. വീനസ് ദേവിയുടെ ക്ഷേത്രത്തില്‍ 1000 സ്ത്രീകള്‍ പരസ്യ വേശ്യകളായിട്ടുണ്ടായിരുന്നു. ഇതിന് നിയപ്രകാരമുള്ള പരിരക്ഷ ഉണ്ടായിരുന്നു. ഇതെല്ലാം ആ പട്ടണത്തെ ദുര്‍മ്മാര്‍ഗ്ഗത്തിന്റെ കേന്ദ്രമാക്കി മാറ്റി.

AD 49 ലോ 50 ലോ ശൈത്യകാലത്താണ് അപ്പൊസ്തലനായ പൌലൊസ് കൊരിന്തില്‍ എത്തുന്നത്.

പൌലൊസ് കൊരിന്ത് പട്ടണം ആദ്യമായി സന്ദര്‍ശിക്കുന്നത് AD 52 ല്‍ ആയിരുന്നു എന്നും അഭിപ്രായം ഉണ്ട്. അദ്ദേഹം മക്കെദോന്യയില്‍ നിന്നും യെരൂശലേമിലേക്ക് പോകുന്ന മാര്‍ഗ്ഗ മദ്ധ്യേയാണ് കൊരിന്തില്‍ എത്തുന്നത്. ഏതെന്‍സില്‍ അഥവാ അഥേന പട്ടണത്തില്‍ (Athens) അദ്ദേഹം ചില നാളുകള്‍ ചിലവഴിച്ച് സുവിശേഷം അറിയിച്ചു എങ്കിലും അവിടെ ഒരു സഭ ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. (അപ്പോസ്തല പ്രവൃത്തികള്‍ 17). ആ കാലത്ത്, റോമന്‍ ചക്രവര്‍ത്തിയായ ക്ലൌദ്യൊസിന്‍റെ കല്‍പ്പനപ്രകാരം എല്ലാ യഹൂദന്മാരും റൊമാനഗരം  വിട്ടുപോയി. (Claudius). അതിനാല്‍ അക്വിലാസും അവന്റെ ഭാര്യ പ്രിസ്കില്ലയും റോമനഗരം വിട്ടു കൊരിന്തില്‍ എത്തി.

പൌലൊസ് അവിടെ എത്തിയപ്പോള്‍ ഇവരെ കണ്ടുമുട്ടി. (അപ്പോസ്തലപ്രവൃത്തികള്‍ 18:5). അവിടെ പൌലൊസ് അവരോട് ചേര്‍ന്ന് കൂടാരപ്പണി ചെയ്തു. ശേഷം സമയവും, ശബ്ബത്ത് ദിവസവും അവന്‍ യവനന്മാരോടും യഹൂദന്മാരോടും സുവിശേഷം അറിയിച്ചു. (18:4). ശീലാസും തിമൊഥെയൊസും കൂടെ കൊരിന്തില്‍ എത്തി പൌലൊസിനോട് ചേര്‍ന്നു. അവിടെ പൌലൊസ് ശക്തമായി സുവിശേഷ പ്രവര്‍ത്തനം നടത്തി. ആദ്യം യഹൂദരോടും പിന്നീട് യവനന്മാരോടും അദ്ദേഹം സുവിശേഷം അറിയിച്ചു. അങ്ങനെ “കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. (18:8). എല്ലാ തരത്തിലുമുള്ള ദുര്‍മ്മാര്‍ഗ്ഗങ്ങളുടെയും സമ്പന്നതയുടെയും ആര്‍ഭാടത്തിന്റെയും കേന്ദ്രമായിരുന്ന സ്ഥലത്തും ദൈവത്തിന്റെ കൃപയാല്‍ ക്രിസ്തീയ സഭകള്‍ സ്ഥാപിക്കപ്പെട്ടു എന്നത് സുവിശേഷത്തിന്റെ ശക്തിയെ കാണിക്കുന്നു.

കൊരിന്തിലെ  സഭയില്‍, പള്ളി പ്രമാണിയായ ക്രിസ്പൊസും കുടുംബവും പോലെ ചില യഹൂദന്മാര്‍ ഉണ്ടായിരുന്നു. (അപ്പോസ്തല പ്രവൃത്തികള്‍ 18:8). എങ്കിലും കൂടുതല്‍ പേരും സാധാരണക്കാരായ കൊരിന്തിലെ ജാതീയര്‍ ആയിരുന്നു. കൊരിന്തിലെ ദുര്‍മ്മാര്‍ഗ്ഗ ജീവിതം സാധാരണമായിരുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നുമാണ് അവര്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത്. പഴയ ജീവിത ശൈലി ഒരു പാപമായി അവര്‍ കണ്ടില്ല. അത് സഭയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. അതിനാല്‍, പൌലൊസിന് വളരെ കര്‍ശനമായ ഉപദേശങ്ങളും താക്കീതും നല്‍കേണ്ടിവന്നു. ഇതാണ് ലേഖനത്തിലെ വിഷയങ്ങള്‍.

ചുറ്റിനുമുള്ള സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍, വിശ്വാസ പ്രമാണങ്ങളെ എങ്ങനെ ജീവിതത്തില്‍ പാലിക്കേണം എന്നും സഭ എവിടെ നില്‍ക്കേണം എന്നുമായിരുന്നു കൊരിന്തിലെ സഭ പൌലൊസിനോട് ചോദിച്ചത്. ചില പ്രതേക വിഷയങ്ങള്‍ തന്നെ അവര്‍ പൌലൊസിനോട് ചോദിച്ചുകാണും. അതിനാലാണ്, 1 കൊരിന്ത്യര്‍ 7: 1 ല്‍ പൌലോസ് ഇങ്ങനെ എഴുതിയത്: “നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ”.

കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിനു മുമ്പ് പൌലൊസ് അവര്‍ക്ക് മറ്റൊരു ലേഖനം എഴുതിയിരുന്നു എന്നു 1 കൊരിന്ത്യര്‍ 5: 9 ല്‍ നിന്നും മനസ്സിലാക്കാം. പൌലൊസിന്റെ വാക്കുകള്‍ ഇതാണ്: “ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.” ഈ കത്തും എഫെസൊസില്‍ നിന്നായിരിക്കേണം അദ്ദേഹം എഴുതിയത്. എന്നാല്‍ ഈ ലേഖനത്തിലെ വിഷയങ്ങള്‍ നമുക്ക് ഇന്ന് ലഭ്യമല്ല. ഇന്ന് നമ്മള്‍ പുതിയനിയമത്തില്‍ കാണുന്ന കൊരിത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം AD 53 ലോ 54 ലോ 55 ലോ പൌലൊസ് എഫെസൊസില്‍ വച്ച് എഴുതിയതാണ്. കൊരിന്ത്യയിലെ സഭ അദ്ദേഹത്തോട് ചില വിഷയങ്ങളില്‍ ഉള്ള ഉപദേശം ചോദിച്ച് ഒരു കത്ത് എഴുതിയിട്ടുണ്ടാകേണം. ഇതിലെ ഇതിവൃത്തം, പൌലൊസ് അവര്‍ക്ക് അയച്ച ഒന്നാമത്തെ കത്തിനോടുള്ള അവരുടെ പ്രതികരണങ്ങളും അവര്‍ക്ക് കൂടുതല്‍ വ്യക്തത ആവശ്യമുള്ള വിഷയങ്ങളും ആയിരുന്നു. സഭയുടെ കത്തിനുള്ള മറുപടിയാണ് പുതിയനിയമത്തില്‍ ഇന്ന് നമ്മള്‍ കാണുന്ന കൊരിത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം.

കൊരിന്ത്യ സഭയുടെ കത്ത്, സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും ആയിരിക്കേണം പൌലൊസിന്റെ പക്കല്‍ എത്തിച്ചത്. (1 കൊരിന്ത്യര്‍ 16:17). കൊരിന്ത്യ സഭയിലെ ഉപദേശപരമായ പല ക്രമക്കേടുകളും അവര്‍ പൌലൊസിനെ നേരിട്ട് ധരിപ്പിച്ചു. ഇതിനെക്കുറിച്ച് 1 ആം അദ്ധ്യായം 11 ആം വാക്യത്തില്‍ പൌലൊസ് ഇങ്ങനെ എഴുതി: “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു.” ക്ലോവ കൊരിന്ത്യ സഭയിലെ വിശ്വാസിയായ ഒരു സഹോദരിയായിരുന്നു. അവരുടെ കുടുംബത്തിലെ അംഗങ്ങളില്‍ ആരോ സഭയിലെ പോരായ്മകളെകുറിച്ചു പൌലൊസിനെ ധരിപ്പിച്ചു. ഇതില്‍ അധികമായി ക്ലോവയെക്കുറിച്ച് നമുക്ക് അറിവില്ല. ചില വേദ പണ്ഡിതന്മാര്‍, സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും ക്ലോവയുടെ മക്കള്‍ ആയിരുന്നിരിക്കേണം എന്നും അല്ലെങ്കില്‍ അവരില്‍ ഒന്നോ രണ്ടോ പേര്‍ എങ്കിലും അവരുടെ കുടുംബത്തിലെ അംഗങ്ങള്‍ ആയിരുന്നിരിക്കേണം എന്നും പറയുന്നുണ്ട്. ക്ലോവയുടെ കുടുംബം വ്യാപരികള്‍ ആയിരുന്നു എന്നും അവര്‍ പൌലൊസ് അന്ന് താമസിച്ചിരുന്ന എഫെസൊസില്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി ചെന്നിരുന്നു എന്നും, കൊരിന്തിലെ സഭയുടെ കത്ത് പൌലൊസിനെ ലഭിക്കുന്നതിന് മുമ്പായി തന്നെ അവര്‍ ചില വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു എന്നും കരുതുന്നവര്‍ ഉണ്ട്. ഇതിനൊന്നിനും കൃത്യമായ തെളിവുകള്‍ ഇന്ന് നമുക്ക് ലഭ്യമല്ല.

കത്ത് എഴുതുക മാത്രമല്ലല്ല, കൊരിന്ത്യ സഭയിലെ അനിഷ്ട സംഭവങ്ങളെ നിയന്ത്രിക്കുവാനായി പൌലൊസ് തിമൊഥെയോസിനെ അവരുടെ അടുക്കലേക്ക് അയച്ചു. (1 കൊരിന്ത്യര്‍ 4: 17, 16: 10, 11). തിമൊഥെയോസിന്‍റെ സന്ദര്‍ശനത്തിന്റെ ഫലമെന്തായി എന്നു നമുക്ക് അറിഞ്ഞുകൂടാ. എങ്കിലും ഇത് അത്ര വിജയകരമായില്ല എന്നു വേണം കരുതുവാന്‍. കാരണം പെട്ടന്ന്, പൌലൊസ് കൊരിന്തിലെക്ക് രണ്ടാമത്തെ സന്ദര്‍ശനത്തിനായി പോകുന്നുണ്ട്. 2 കൊരിന്ത്യര്‍ 13: 1, 2 വാക്യങ്ങളില്‍ അവന്റെ രണ്ടാമത്തെയും മൂന്നാമത്തേയും സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നുണ്ട്. രണ്ടാമത്തെ സന്ദര്‍ശനത്തിന്റെ ഫലം പൌലൊസിന് തൃപ്തികരം ആയിരുന്നില്ല എന്ന് വേണം കരുതുവാന്‍. അതുകൊണ്ടായിരിക്കേണം അവന്‍ മറ്റൊരു കത്തുകൂടി അവര്‍ക്ക് എഴുതിയത്. ഇതാണ് കൊരിന്ത്യര്‍ക്കുള്ള രണ്ടാമത്തെ ലേഖനം. ഇത് അദ്ദേഹം തീത്തൊസിന്‍റെ പക്കല്‍ അവര്‍ക്ക് കൊടുത്തുവിട്ടു. ഈ എഴുത്ത്, “വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ” ആണ് പൌലൊസ് അവര്‍ക്ക് എഴുതുന്നതു എന്ന് 2 കൊരിന്ത്യര്‍ 2: 4 ല്‍ പറയുന്നുണ്ട്. പൌലൊസ് മക്കെദോന്യ പ്രദേശത്തുള്ള ഫിലിപ്പിയില്‍ താമസിക്കുമ്പോള്‍ ആയിരിക്കാം ഈ എഴുത്ത് കൊടുത്തയച്ചത്.

തീത്തൊസിന്‍റെ പക്കല്‍ കൊടുത്തുവിട്ട കത്തിന് നല്ല ഫലമുണ്ടായി. 2 കൊരിന്ത്യര്‍ 7: 8, 9 വാക്യങ്ങളില്‍ പൌലൊസിന്റെ കത്ത് കൊരിന്ത്യയിലെ വിശ്വാസികളെ മാനസാന്തരത്തിന്നായി ദുഖിപ്പിച്ചു എന്നു പറയുന്നു.

ഇതിന് ശേഷം പൌലൊസ് നാലാമതൊരു കത്തുകൂടി കൊരിന്ത്യര്‍ക്ക് എഴുതുന്നുണ്ട്. ഇതാണ് പുതിയനിയമത്തില്‍ കൊരിന്ത്യര്‍ക്കുള്ള രണ്ടാമത്തെ ലേഖനത്തിന്റെ ചില ഭാഗങ്ങള്‍. ഇത് AD 56 ല്‍ ആയിരിക്കാം എഴുതപ്പെട്ടത്.

ഇന്ന് നമ്മള്‍ പുതിയനിയമത്തില്‍ കാണുന്ന കൊരിന്ത്യര്‍ക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും ലേഖനങ്ങള്‍ ഈ ക്രമത്തില്‍ തന്നെയാണോ എഴുതപ്പെട്ടത് എന്നതില്‍ വിഭിന്ന അഭിപ്രായം ഉണ്ട്. ഒന്നാമത്തെ ലേഖനം ഒരു കത്ത് തന്നെയായിരുന്നു എന്നു പൊതുവേ സമ്മതിക്കുന്നു. എന്നാല്‍ രണ്ടാമത്തെ ലേഖനം മറ്റ് രണ്ടു കത്തുകളുടെ സമന്വയം ആണ് എന്നു കൂടുതല്‍ പേര്‍ വാദിക്കുന്നു. 2 കൊരിന്ത്യര്‍ 10 മുതല്‍ 13 വരെയുള്ള അദ്ധ്യായങ്ങള്‍ “വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ” പൌലൊസ് എഴുതിയതാണ്. എന്നാല്‍ 2 കൊരിന്ത്യര്‍ 1 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങള്‍ മറ്റൊരു കത്തിന്റെ ഭാഗമാണ്. 2 കൊരിന്ത്യര്‍ 10 മുതല്‍ 13 വരെയുള്ള അദ്ധ്യായങ്ങള്‍ പൌലൊസ് എഴുതിയതും നമ്മള്‍ക്കിപ്പോള്‍ ലഭ്യമല്ലാത്തതുമായ അഞ്ചാമതൊരു കത്തിന്റെ ഭാഗമാണ് എന്നൊരു ചിന്ത ഇപ്പോള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഇതൊരു ഊഹാപോഹം മാത്രമാണ്.

എഴുത്തുകളിലെ വിഷയങ്ങള്‍

റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആഴമുള്ള ദൈവശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍, കൊരിന്ത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം അവിടുത്തെ സഭ പൌലൊസിനോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിത്. അതില്‍ പ്രാദേശിക സഭ അഭിമുകീകരിച്ച വെല്ലുവിളികളെ, ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍, എങ്ങനെ അഭിമുഖീകരിക്കേണം എന്ന ഉപദേശങ്ങള്‍ ആണ് ഉള്ളത്.   

ഇതില്‍ പൌലൊസ് ഉപദേശങ്ങള്‍ നല്‍കുന്ന വിഷയങ്ങള്‍ ഇതെല്ലാം ആണ്. അപ്പോസ്തലന്മാരുടെ പേരില്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടതിനെ കുറിച്ച് 1 ആം അദ്ധ്യായം 12 ആം വാക്യത്തില്‍ പൌലൊസ് പറയുന്നുണ്ട്. നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.” (1:12). പൌലൊസ് ഈ ഭിന്നതയെ കര്‍ശനമായി ശാസിച്ചു. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു പൌലൊസ് ഉപദേശിച്ചു. (1: 31).

കൊരിന്ത് ഒരു യവന പ്രദേശം ആയിരുന്നതിനാല്‍, ഗ്രീക്കുകാരുടെ ബൌദ്ധീകമായ അറിവും, വാദങ്ങളും പ്രഭാഷണപാടവവും അവരെ സ്വാധീനിച്ചിട്ടുണ്ടായിരുന്നു. സഭയില്‍ ഇത്തരത്തിലുള്ള ചില വ്യാജ ഉപദേശകര്‍ എഴുന്നേറ്റു. അവര്‍ പൌലൊസിന്റെ അപ്പോസ്തോലികത്വത്തെ ചോദ്യം ചെയ്യുകയും അതിലൂടെ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ തള്ളിക്കളയുവാന്‍ സഭയെ പ്രേരിപ്പിക്കുകയും ചെയ്തു. അതിനാല്‍ പൌലൊസിന്റെ അപ്പോസ്തലികത്വത്തെ ന്യായീകരിക്കുകയും ഉപദേശങ്ങളെ സ്ഥിരീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമായി.

സഭയിലെ വിശ്വാസികള്‍ക്കിടയിലെ പരസംഗം പൌലൊസിന്റെ ലേഖനത്തില്‍ വിഷയമാകുന്നുണ്ട്. ഇതിനെ കൊരിന്ത്യയിലെ സമൂഹം തെറ്റായി കണ്ടിരുന്നില്ല. അതേ ചിന്ത സഭയിലും കടന്നുവന്നു. കൊരിന്ത്യ സഭയിലെ വിശ്വാസികളും ഒരു പരിധിവരെ, ജാതീയ മനുഷ്യരെപ്പോലെ ഭോഗാസക്തി ഉള്ളവരായിരുന്നു. വ്യാജ ഉപദേശകര്‍ അതിനെ ന്യായീകരിക്കുകയും ചെയ്തു. അവര്‍ ആത്മസംയമനം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ച് തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിച്ചു. അതിനാല്‍ പൌലൊസ്, തെറ്റുകാരനെ സഭയില്‍ നിന്നും നീക്കുവാന്‍, തന്റെ അപ്പോസ്തോലിക അധികാരം ഉപയോഗിച്ച് കല്‍പ്പിച്ചു. (5:4, 5). “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്നു പൌലൊസ് അവരെ ഉപദേശിച്ചു. (6:8-19).

വിശ്വാസികള്‍ക്കിടയിലെ കോടതി വ്യവഹാരങ്ങള്‍ ആയിരുന്നു മറ്റൊരു പ്രശ്നം. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി അവിശ്വാസികളുടെ കോടതിയെ അവര്‍ സമീപിച്ചു. ഇത് ക്രിസ്തീയ വിശ്വാസത്തെ തന്നെ ബലഹീനമാക്കി. പ്രശ്നങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ പരിഹരിക്കേണം എന്നു പൌലൊസ് ഉപദേശിച്ചു. (6:1-8).

ഇതെല്ലാം മറ്റുള്ളവരില്‍ നിന്നും അപ്പോസ്തലന്‍ കേട്ട് അറിഞ്ഞ വിഷയങ്ങള്‍ ആകാം. അവര്‍ പൌലൊസിന് അയച്ച കത്തില്‍ ചോദിച്ച വിഷയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഉണ്ട്. അവരുടെ ജീവിത സാഹചര്യത്തില്‍, വിവാഹ ജീവിതവും അതിന്റെ ഉത്തരവാദിത്തങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. ജാതികള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം വിശ്വാസികള്‍ക്ക് കഴിക്കാമോ എന്നത് മറ്റൊരു വിഷയം ആയിരുന്നു. 11: 3-15 വരെയുള്ള വാക്യങ്ങളില്‍, പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അധികാര ശ്രേണിയെക്കുറിച്ചും പൌലൊസ് സംസാരിക്കുന്നു. തിരുവത്താഴ ശുശ്രൂഷയെക്കുറിച്ചുള്ള ചില പ്രധാന പഠിപ്പിക്കലുകളും ഈ ലോഖനത്തില്‍ കാണാം. (11: 17-34). പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ ആണ് അദ്ദേഹം വിശദീകരിക്കുന്ന മറ്റൊരു വിഷയം. 1 കൊരിന്ത്യര്‍ 13 ആം അദ്ധ്യായത്തില്‍ സ്നേഹത്തെ കൃപാവരങ്ങള്‍ക്കും മീതെ ശ്രേഷ്ഠമായി അദ്ദേഹം സ്ഥാപിക്കുന്നു.

ലേഖനത്തിന്‍റെ അവസാന ഭാഗത്താണ് പൌലൊസ് മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ച് വിശദീകരിക്കുന്നത്. ഇത് നമ്മള്‍ക്ക് 15: 1 - 58 വരെയുള്ള വാക്യങ്ങളില്‍ വായിയ്ക്കാം. ഗ്രീക്കുകാരുടെ തത്വശാസ്ത്ര ചിന്തകള്‍ പൌലൊസിന്റെ പഠിപ്പിക്കലുകള്‍ക്ക് എതിരായിരുന്നു. ഗ്രീക്ക് തത്വ ചിന്തകര്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പൌലൊസിന്റെ പ്രസംഗം സ്വീകരിച്ചില്ല.

പുനരുദ്ധാനത്തെക്കുറിച്ചുള്ള ആശയകുഴപ്പം കൊരിന്ത്യ സഭയിലും ഉണ്ടായി. അതുകൊണ്ടാണ് ലേഖനത്തില്‍ പൌലൊസ് അവരോടു ചോദിച്ചത്: “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?” (15:12). മരിച്ചവരുടെ ശരീരത്തോടെയുള്ള പുനരുദ്ധാരണമാണ് ചോദ്യം ചെയ്യപ്പെട്ടത്. ശരീരത്തോടെയുള്ള ഉയിര്‍പ്പ് എന്നതിന് പകരം, മരിച്ചവരുടെ ആത്മാവിന്റെ, പാപത്തില്‍ നിന്നുള്ള ഉയിര്‍പ്പ് എന്ന പുതിയ ഉപദേശം കൊരിന്തിലെ വ്യാജ ഉപദേശകര്‍ പഠിപ്പിച്ചു. ഇത് സംഭവിച്ചു കഴിഞ്ഞു എന്നും അവര്‍ പഠിപ്പിച്ചു. ഇതിനെക്കുറിച്ചാണ് പൌലൊസ് 2 തിമൊഥെയൊസ് 2: 18 ല്‍ പറയുന്നത്: “ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.” മരിച്ചവര്‍ ഉയിര്‍ക്കും എന്നതിന്റെ നല്ല തെളിവ് നമ്മളുടെ കര്‍ത്താവിന്റെ പുനരുത്ഥാനം ആണ്. “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.” (1 കൊരിന്ത്യര്‍ 15:20)

1 കൊരിത്യര്‍ 16 ആം ആദ്ധ്യായത്തില്‍ മറ്റ്ചില വിഷയങ്ങള്‍ക്കൂടി ചര്‍ച്ച ചെയ്തുകൊണ്ട് പൌലൊസ് ലേഖനം അവസാനിപ്പിക്കുന്നു. ഇതാണ് കൊരിന്ത്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനത്തിന്‍റെ ഘടന. 

യഹൂദന്മാര്‍ അടയാളം ചോദിക്കുന്നു

ഇത്രയും ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയതിന് ശേഷം, നമുക്ക് ഇന്നത്തെ ചിന്തയിലേക്ക് പോകാം. നമ്മള്‍ ആദ്യം വായിച്ച വാക്യം ഇതാണ്:

 

1 കൊരിന്ത്യര്‍ 1: 22, 23

22 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;

പഴയനിയമ കാലം മുതല്‍, ആത്മീയ സത്യങ്ങള്‍ യഹൂദന്മാരെ ബോധ്യപ്പെടുത്തുവാന്‍ വളരെ പ്രയാസമായിരുന്നു. അവിശ്വാസവും, വിശ്വസിക്കുവാനുള്ള മടിയും, അവരുടെ പ്രകൃത്യാലുള്ള സ്വഭാവം ആയിരുന്നു. യഹോവയായ ദൈവമാണ് ഏക ദൈവം എന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും അവര്‍ വിശ്വസിച്ചു. ദൈവം അവരുടെ വിടുതലിനായി ഒരു മശിഹായേ അയക്കും എന്നു അവര്‍ പ്രതീക്ഷിച്ചു. യഹൂദ ചരിത്രത്തില്‍ ചില പ്രവാചകന്മാരും, റബ്ബിമാരും, രാജാക്കന്മാരും അവരാണ് മശിഹാ എന്നു അവകാശപ്പെട്ടിട്ടുണ്ട്. ചില രാജാക്കന്മാരെ മശിഹാ ആയി ജനം തെറ്റിദ്ധരിച്ചിട്ടുണ്ട്. കാരണം യഹൂദന് മശിഹാ ഒരു രാക്ഷ്ട്രീയ നേതാവാണ്. എന്നാല്‍ മുന്‍ കാല ചരിത്രത്തില്‍ മശിഹാ എന്നു അവകാശപ്പെട്ട ആര്‍ക്കും ശത്രുക്കളില്‍ നിന്നും യഹൂദര്‍ക്കു എന്നന്നേക്കുമായൊരു വിടുതല്‍ നല്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ ദൈവമാണ് എന്നോ മശിഹാ ആണ് എന്നോ ഉള്ള എല്ലാ അവകാശ വാദങ്ങളെയും അവര്‍ സംശയത്തോടെ വീക്ഷിച്ചു. വിശ്വാസത്തില്‍ അവര്‍ വഞ്ചിക്കപ്പെടുമോ എന്ന ഭയമായിരിക്കാം ഇതിന്റെ കാരണം.

അതിനാല്‍, യഹൂദന്മാര്‍ എപ്പോഴും അടയാളം അന്വേഷിക്കുന്നവര്‍ ആയിരുന്നു. അവരോടു സംസാരിക്കുവാന്‍ ദൈവം സീനായ് പര്‍വ്വതത്തില്‍ ഇറങ്ങി വന്നപ്പോള്‍, പര്‍വ്വതം മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. അവിടെ ഉച്ചത്തിലുള്ള കാഹളദ്ധ്വനി  ദീര്‍ഘമായി മുഴങ്ങി. ഇതിന്റെ മദ്ധ്യത്തില്‍ ദൈവം ഉച്ചത്തില്‍ മോശെയോട് സംസാരിച്ചു. ഇതുപോലെയുള്ള അടയാളങ്ങള്‍ വീണ്ടും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കും, അവന്‍ അയക്കുന്ന പ്രവാചകന്മാരുടെയും മശിഹായുടെയും വരവിനും അവര്‍ സ്വര്‍ഗ്ഗീയമായ അടയാളാങ്ങള്‍ അന്വേഷിച്ചു. അടയാളങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ദൈവത്തിന്റെ ആലോചനയോ, പ്രവര്‍ത്തികളോ ഏറ്റെടുക്കുവാന്‍ കഴിഞ്ഞില്ല.

അപ്പോസ്തല പ്രവര്‍ത്തികള്‍ 28 ല്‍ പൌലൊസ് റോമിലെ യഹൂദന്‍മാരെകുറിച്ച് പറയുന്നതിങ്ങനെയാണ്:

 

അപ്പോസ്തല പ്രവര്‍ത്തികള്‍ 28: 26, 27

26  നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും

27 ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.

യേശുക്രിസ്തു ദൈവരാജ്യം വന്നിരിക്കുന്നു എന്നു പ്രസ്താവനയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു എങ്കിലും അവന്‍ ഉപദേശിച്ച പുതിയ വിശ്വാസം അവര്‍ക്ക് സ്വീകരിക്കുവാന്‍ പ്രയാസമുള്ളതായി. യേശു ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍ വന്നതാണ് എങ്കില്‍ അവന്‍ യഹൂദന്മാരുടെ പ്രതീക്ഷയായ മശിഹാ ആയിരിക്കേണം.

യേശുക്രിസ്തു അവന്റെ ശുശ്രൂഷ നാളുകളില്‍ ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ എല്ലാം അവന്‍ മശിഹാ ആണ് എന്നതിന്റെ അടയാളങ്ങള്‍ ആയിരുന്നു. കാനാവില്‍ കല്യാണ വേളയില്‍ യേശു വെള്ളത്തെ വീഞ്ഞാക്കി. ഇതിനെക്കുറിച്ച് യോഹന്നാന്‍ 2: 11 ല്‍ എഴുതിയതിങ്ങനെയാണ്: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” 2: 23 ല്‍ അദ്ദേഹം വീണ്ടും എഴുതി: “പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.”

മത്തായി 3: 16, 17 വാക്യങ്ങളില്‍, യേശു സ്നാനം ഏറ്റതിന് ശേഷം വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍, സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി അവന്‍റെമേല്‍ വന്നു എന്നു പറയുന്നുണ്ട്. മാത്രവുമല്ല, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” ഇതൊരു പരസ്യമായ സംഭവം ആയിരുന്നു.

എന്നാല്‍ യഹൂദന്മാര്‍ അന്വേഷിച്ചത് യേശു അവര്‍ പ്രതീക്ഷിക്കുന്ന മശിഹായാണ് എന്നതിന്റെ അടയാളമാണ്. അവര്‍ പ്രതീക്ഷിക്കുന്ന മശിഹാ, അവരുടെ ശത്രുക്കളെ എന്നന്നേക്കുമായി തോല്‍പ്പിച്ചു, യഹൂദ ദേശത്തെ മോചിപ്പിക്കുകയും, ദൈവം അവരുടെ പിതാക്കന്‍മാര്‍ക്ക് വാഗ്ദത്തം ചെയ്ത ദേശം പിടിച്ചെടുക്കുകയും ചെയ്യുന്ന രാജാവായിരിക്കേണം. അവന്‍ സ്ഥിരമായ ഒരു രാജത്വം യെരൂശലേമില്‍ സ്ഥാപിക്കേണം. യേശു ചെയ്ത അത്ഭുതപ്രവര്‍ത്തികള്‍ ഒന്നും ഭൌതീകമായ ഒരു യഹൂദ രാജ്യം പുനസ്ഥാപിക്കും എന്നതിന്റെ അടയാളമായിരുന്നില്ല. യേശുവിന്റെ അത്ഭുത പ്രവര്‍ത്തികളില്‍ യഹൂദന്മാര്‍ ദൈവീക നിയമനം കണ്ടില്ല. മശിഹാ അസാധാരണമായ സ്വര്‍ഗ്ഗീയ അടയാളങ്ങളോടെ പ്രത്യക്ഷനാകേണം. അതിനാല്‍ അവര്‍ വീണ്ടും അടയാളം അന്വേഷിച്ചു.  

അതായത് അവര്‍ അന്വേഷിക്കുന്ന അടയാളം, ഭൌതീകമായ രാക്ഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന് യോജിച്ചതായിരിക്കേണം. അന്നത്തെ രാക്ഷ്ട്രീയ സാഹചര്യത്തില്‍, മശിഹാ റോമന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവന്‍ ആകേണം. എന്നാല്‍ യേശു അങ്ങനെ ചെയ്തില്ല. യേശുവിനെ ഒറ്റിക്കൊടുത്ത യൂദായും യേശുവില്‍ നിന്നും ഭൌതീക അധികാരത്തിന്റെ അടയാളം പ്രതീക്ഷിച്ചു കാണും. അവന്റെ പ്രതീക്ഷ നഷ്ടമായപ്പോള്‍ ആയിരിക്കാം അവന്‍ യേശുവിനെ ഒറ്റിക്കൊടുത്തത്. അതേ കാരണത്താല്‍ ആയിരിക്കാം യഹൂദന്മാരും യേശുവിനെ തള്ളിപ്പറഞ്ഞത്.

യഹൂദന്മാര്‍ യേശുവിനോടു അടയാളം ചോദിച്ചതായി സുവിശേഷങ്ങളില്‍ പറയുന്നുണ്ട്. മത്തായി 12: 38 ല്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട് ചോദിച്ചു: “ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു”. ഇതിന്റെ പശ്ചാത്തലവും യേശു പറഞ്ഞ മറുപടിയും മത്തായി 12: 22 മുതല്‍ 40 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചില യഹൂദന്മാര്‍ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവനെ സൌഖ്യമാക്കി; അവന് കാഴ്ചയും സംസാരിക്കുവാനും കേള്‍ക്കുവാനും ഉള്ള കഴിവും ലഭിച്ചു. ഇത് യേശു മശിഹാ ആണ് എന്നതിന്റെ അടയാളമായിരുന്നു. മശിഹാ അത്യപൂര്‍വ്വങ്ങള്‍ ആയ അടയാളങ്ങള്‍ പ്രവര്‍ത്തിച്ചു അവനെ ദൈവം അയച്ചതാണ് എന്നു വെളിപ്പെടുത്തും എന്നത് യഹൂദ പരമ്പര്യ വിശ്വാസമാണ്. അതിനാല്‍ ഇത് കണ്ടു നിന്ന ജനം യേശു ദാവീദ് പുത്രന്‍ തന്നെയോ എന്നു വിസ്മയിച്ചു. അതായത് യേശു മാശിഹാ തന്നെ എന്നു അവര്‍ വിശ്വസിച്ചു. എന്നാല്‍ പരീശന്മാര്‍ അതിനോടു യോജിച്ചില്ല. അതിനാല്‍ യേശു പിശാചിന്റെ ശക്തിയാല്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു അവര്‍ ആരോപിച്ചു. യേശു അവരുടെ ആരോപണങ്ങളെ നിരസിച്ചു. അവന്‍ ദൈവത്തിന്റെ ശക്തിയാല്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് യേശു പ്രഖ്യാപിച്ചു. മാത്രവുമല്ല ഏത് നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്ന് യേശു അവരെ ഓര്‍മ്മിപ്പിച്ചു. “അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. (മത്തായി 12: 38).

അതിനു യേശു പറഞ്ഞ മറുപടി ഇതാണ്:

 

മത്തായി 12: 39, 40

39  ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. 

40  യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. 

മത്തായി 16: 1 ലും പരീശന്മാരും സദൂക്യരും യേശുവിനോട് അടയാളം ചോദിക്കുന്നുണ്ട്. ഇവിടെ അവര്‍ ചോദിച്ചത്, ആകാശത്തു നിന്നു ഒരു അടയാളം കാണിച്ചുതരേണം എന്നാണ്. അവരോടും യേശു പറഞ്ഞു,യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല”. (16:4). മര്‍ക്കോസ് 8: 11 ല്‍ പരീശന്മാര്‍ ആകാശത്തു നിന്നു ഒരു അടയാളം ചോദിച്ചപ്പോള്‍, “ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നാണ് യേശു മറുപടി പറഞ്ഞത്. (8:12). ലൂക്കോസ് 11: 16 ല്‍ വിവരിക്കുന്ന സംഭവം മത്തായി 12 ല്‍ പറഞ്ഞിരിക്കുന്ന അതേ സംഭവം തന്നെ ആയിരിക്കേണം. യഹൂദന്മാരുടെ അടയാളത്തിനായുള്ള ചോദ്യവും യേശുവിന്റെ മറുപടിയും ഒന്നുതന്നെയാണ്.

യോഹന്നാന്‍ 2 ആം അദ്ധ്യായത്തിലും അടയാളമന്വേഷിക്കുന്ന യഹൂദന്മാരെ കാണാം. പെസഹ പെരുനാളിന്റെ സമീപ ദിവസം യേശു യെരൂശലേമിലേക്ക് പോയി. അവിടെ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും പൊൻവാണിഭക്കാരെയും കണ്ടു. യേശു അവരെ ആലയത്തില്‍ നിന്നും ഓടിച്ചുകളഞ്ഞു. അപ്പോള്‍ യെഹൂദന്മാർ “നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.”. യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. (2:19). യേശുവിന്റെ ഈ വാക്കുകളെ യോഹന്നാന്‍ വിശദീകരിക്കുന്നുണ്ട്: “അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. (2:21, 22).

മത്തായി, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളില്‍ യേശു നല്‍കുന്ന അടയാളം അവന്റെ മരണവും ഉയിര്‍പ്പും ആണ്. ഇത് ദൈവീകമായ, ദൈവത്താല്‍ മാത്രം സാദ്ധ്യകുന്ന അടയാളങ്ങള്‍ ആണ്. ഇത് തന്നെയാണ് പൌലൊസും യഹൂദന്‍മാര്‍ക്ക് നല്‍കുന്ന മറുപടി. “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. (1 കൊരിന്ത്യര്‍ 1: 23).

യേശുക്രിസ്തുവിന്റെ ഭൌതീക ദാരിദ്ര്യവും, കഷ്ടതയും, അവന്‍ അനുഭവിച്ച അപമാനവും നിന്ദയും യഹൂദന്മാര്‍ പ്രതീക്ഷിക്കുന്ന മശിഹായോട് ചേരുന്നതായിരുന്നില്ല. അവരുടെ മശിഹാ ജയാളിയായ ഒരു രാക്ഷ്ട്രീയ നേതാവാണ്. യഹൂദന്മാരുടെ മശിഹാ രാജാവാണ്. അവന്‍ അവരുടെ രാക്ഷ്ട്രീയ എതിരാളികളോട് യുദ്ധം ചെയ്തു, അവരെ തോല്‍പ്പിച്ച്, വാഗ്ദത്ത ദേശം തിരികെ പിടിച്ച് ഒരു യഹൂദ സാമ്രാജ്യം സ്ഥാപിക്കുന്നവനാണ്. അവനെ റോമന്‍ സൈന്യത്തിന് പിടിക്കുവാനോ, കാരാഗൃഹത്തില്‍ അടയ്ക്കുവാനോ, കൊല്ലുവാനോ സാദ്ധ്യമല്ല.

എന്നാല്‍ യേശു ബലഹീനനും, സൈന്യമില്ലാത്തവനും, യുദ്ധം ചെയ്യുവാന്‍ അറിയാത്തവനും ആയിരുന്നു. അവനെ റോമന്‍ സൈന്യം പിടിച്ചപ്പോള്‍, സ്വയം രക്ഷിക്കുവാന്‍ യേശുവിന് കഴിഞ്ഞില്ല. ശത്രുക്കള്‍ യേശുവിനെ അതി ക്രൂരമായി, നിന്ദ്യമായി ക്രൂശില്‍ തറച്ചു കൊന്നു. അവനെ ദൈവം ഉപേക്ഷിച്ചു കളഞ്ഞു എന്നു അവന്‍ ക്രൂശില്‍ കിടന്നപ്പോള്‍ വിളിച്ച് പറഞ്ഞു. അവന്‍ ദൈവത്തെ സ്വന്ത പിതാവ് എന്നു വിളിച്ച് എങ്കിലും, അവനെ റോമന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവം എത്തിയില്ല. അവന്റെ ശിഷ്യന്മാര്‍ അവനെ ഉപേക്ഷിച്ചു. ഒരു ശിഷ്യന്‍ തന്നെ അവനെ ഒറ്റിക്കൊടുത്തു. അവനെ റോമന്‍ പടയാളികള്‍ അടിച്ചു, മുള്‍കിരീടം അണിയിച്ചു, പരിഹസിച്ചു, വിചാരണ ചെയ്തു, ക്രൂശിച്ചു.

ഇത് യഹൂദന്‍മാര്‍ക്ക് ഒരു ഇടര്‍ച്ച കല്ലായി. അവര്‍ക്ക് യേശുവിനെ മശിഹാ ആയി സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല. യഹൂദന്മാരുടെ അവിശ്വാസമുള്ള കഠിന ഹൃദയം യേശുവിന്റെ മരണത്തെയും ഉയിര്‍പ്പിനെയും തള്ളിക്കളഞ്ഞു. അതിനാല്‍, യേശു പറഞ്ഞതുപോലെ, “ഈ തലമുറെക്കു അടയാളം ലഭിക്കയില്ല” (മര്‍ക്കോസ് 8: 12).

യവനന്മാർ ജ്ഞാനം അന്വേഷിക്കുന്നു

നമ്മള്‍ പഠനത്തിനായി എടുത്ത വാക്യത്തിലെ രണ്ടാമത്തെ ചിന്ത, “യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു എന്നതാണ്. (1 കൊരിന്ത്യര്‍ 1: 22).

യവനന്‍മാര്‍ തത്വ ജ്ഞാനത്തില്‍ പ്രസിദ്ധര്‍ ആയിരുന്നു. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, സിസെറോ, സെനെക്ക, എന്നിവര്‍ പ്രശസ്തരായ ഗ്രീക്കു തത്വ ചിന്തകര്‍ ആണ്. ജീവിതവും, മരണവും, അതിനുശേഷമുള്ള കാലവും വിശദീകരിക്കുവാന്‍ അവര്‍ വളരെ ശ്രമിച്ചിട്ടുണ്ട്.

പൌലൊസ് കൊരിന്തില്‍ എത്തുന്നതിന് മുമ്പ് മറ്റ് ചില ഗ്രീക്കു പ്രദേശങ്ങളില്‍ അവന്‍ സുവിശേഷം അറിയിച്ചിരുന്നു. ഫിലിപ്പിയില്‍ ലുദിയയും കുടുംബവും, കാരാഗൃഹ പ്രമാണിയും കുടുംബവും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടു. എങ്കിലും പൌലൊസിന് അവിടെ അധിക നാളുകള്‍ തമാസിക്കുവാന്‍ കഴിഞ്ഞില്ല. അവിടെ ജനം അവര്‍ക്കെതിരെ കലാപം ഉണ്ടാക്കി, പൌലൊസിനെയും ശീലാസിനെയും അടിച്ച് കാരാഗൃഹത്തില്‍ അടച്ചു. തെസ്സലൊനീക്കയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായി. എന്നാല്‍ അവിടെയുള്ള യഹൂദന്മാര്‍ ജനത്തെ കൂട്ടി പൌലൊസിനെതിരെ കലാപം ഉണ്ടാക്കി. ബെരോവെ യിലെ യഹൂദന്മാര്‍ ആദ്യം സുവിശേഷം സ്വീകരിച്ചു. എന്നാല്‍ തെസ്സലൊനീക്കയിലെ യഹൂദന്മാര്‍ അവിടെ എത്തി അവരെ കലക്കിക്കളഞ്ഞു. പൌലൊസിന്റെ അടുത്ത സന്ദര്‍ശന സ്ഥലം അഥേന അല്ലെങ്കില്‍ ഏതെന്‍സ് ആയിരുന്നു. ഇവിടെയും പൌലൊസിന്റെ പ്രസംഗം ചില ചലനങ്ങള്‍ ഉണ്ടാക്കി എങ്കിലും, അവര്‍ അദ്ദേഹത്തെ പരിഹസിച്ച് തള്ളിക്കളഞ്ഞു.

ഏതെന്‍സിലെ അനുഭവത്തെക്കുറിച്ചാണ് അപ്പോസ്തല പ്രവൃത്തികള്‍ 17 ആം അദ്ധ്യായത്തില്‍ പറയുന്നത്. അവിടെ മരിച്ചവരുടെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള പൌലൊസിന്റെ ഉപദേശങ്ങള്‍ ഗ്രീക്കു തത്വജ്ഞാനികള്‍ തള്ളിക്കളഞ്ഞു. “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു (17: 32). അവര്‍ മരിച്ചവര്‍ വീണ്ടും ജീവിക്കും എന്നു വിശ്വസിച്ചിരുന്നില്ല. ഇതിനാലാണ് 1 കൊരിത്യര്‍ 15 ആം അദ്ധ്യായത്തില്‍ മരിച്ചവരുടെ പുനരുദ്ധനത്തെക്കുറിച്ച് പൌലൊസ് വിശദമായി സംസാരിക്കുന്നത്.  

ഏതെന്‍സിന് ശേഷം, പൌലൊസിന്റെ അടുത്ത സന്ദര്‍ശന സ്ഥലമായിരുന്നു കൊരിന്ത്. ഏതെന്‍സിനെപ്പോലെ തത്വജ്ഞാനത്തിന്‍റെ കേന്ദ്രം ആയിരുന്നില്ല എങ്കിലും യവന തത്വ ജ്ഞാനം കൊരിന്തിനെയും ഏറെ സ്വാധീനിച്ചിരുന്നു. കൊരിന്തിലെ ബൌദ്ധീക ചിന്താമണ്ഡലം ഗ്രീക്ക്-റോമന്‍ ചിന്തകളുടെ സമ്മിശ്രം ആയിരുന്നു.

കൊരിന്ത് പട്ടണം തിന്‍മയ്ക്കും, സമ്പത്തിനും, തത്വ ജ്ഞാനത്തിനും പ്രസിദ്ധമായിരുന്നു. അധാര്‍മ്മിക ജീവിതം അവര്‍ക്ക് ജീവിത ശൈലി ആയിരുന്നു. അതിനു മുമ്പ് പൌലൊസ് സന്ദര്‍ശിച്ച ഗ്രീക്ക് പട്ടണങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അത്ര വിജയകരം ആയിരുന്നില്ല. അതിനാല്‍ വളരെ ഉല്‍കണ്‌ഠയോടെ ആണ് പൌലൊസ് കൊരിന്തില്‍ ചെന്നത്. “ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.” (1 കൊരിന്ത്യര്‍ 2: 3).

ഭൌതീക വസ്തുക്കള്‍ അശുദ്ധവും ആത്മീയമായവ നല്ലതും ആണ് എന്നു ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. (matter evil and spirit good). മനുഷ്യരുടെ ശരീരം ജന്മനാ, പ്രകൃത്യാ തിന്‍മയാണ് എന്നത് ഗ്രീക്കുകാരുടെ ഒരു തത്വശാസ്ത്രം ആയിരുന്നു, പാപത്തില്‍ നിന്നുള്ള ഒരു വേര്‍പാടൊ രക്ഷയോ ശരീരത്തിനു സാദ്ധ്യമല്ല. അതിനാല്‍ ശരീരത്തിന്റെ പാപത്തെ കുറ്റം വിധിക്കുവാന്‍ പാടില്ല. ഇതിനെക്കുറിച്ചാണ് പൌലൊസ് 1 കൊരിത്യര്‍ 6: 12-20 വരെയുള്ള വാക്യങ്ങളില്‍ പറയുന്നത്. പൌലൊസ് ശരീരത്തിന്റെ മഹത്വത്തെക്കുറിച്ച് അവിടെ പറയുന്നു. “ശരീരമോ ദുർന്നടപ്പിന്നല്ല കർത്താവിന്നത്രേ; കർത്താവു ശരീരത്തിന്നും” ; “നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ?”; “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം” ; “ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” എന്നിങ്ങനെ പൌലൊസ് വാദിക്കുന്നു. (6:13, 15, 19, 20).

യവനന്‍മാര്‍, സുവിശേഷത്തെ, വിഡ്ഡിത്തം നിറഞ്ഞ, ഭോഷത്തമായ ഒരു കെട്ടുകഥയായാണ് കണ്ടത്. അതില്‍ അവരുടെ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ദൈവം മനുഷ്യന്റെ ശരീരം സ്വീകരിച്ച് ഭൂമിയില്‍ ജനിക്കുക എന്നത് അവര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയാത്ത സംഭവം ആയിരുന്നു. കാരണം മനുഷ്യന്റെ ശരീരം തിന്‍മയും, ബലഹീനവും, നശ്വരവുമാണ്. ദൈവത്തിന്നു തിന്‍മയാകുവാനോ, ബലഹീനമാകുവാനോ, നശ്വരമാകുവാനോ കഴിയുക ഇല്ല. മനുഷ്യനു ഒരിയ്ക്കലും ദൈവത്തെ ഒരു കള്ളനെ എന്നപോലെ പിടിക്കുവാനോ, വിചാരണ ചെയ്യുവാനോ, ഉപദ്രവിക്കുവാനോ, കൊല്ലുവാനോ സാധ്യമല്ല. മനുഷ്യനായുള്ള ദൈവത്തിന്റെ അവതാരം അസാദ്ധ്യമാണ് എന്നു യവനന്‍മാര്‍ വാദിച്ചു.

മനുഷ്യന്റെ രക്ഷകനായി ജനിച്ചവന്റെ മരണം ആയിരുന്നു യവനന്‍മാര്‍ക്ക് ഏറ്റവും പ്രയാസമുള്ളതായി തോന്നിയത്. മനവരാശിയെ പാപത്തില്‍ നിന്നും രക്ഷിക്കുവാനായി ജനിച്ചവന്‍ മരിച്ചാല്‍ അവനിലൂടെ എങ്ങനെ രക്ഷയും നിത്യജീവനും ഉണ്ടാകും? ദൈവ പുത്രനായ ക്രിസ്തുവിന്റെ മരണം ഒരു ദൈവ ദൂഷണമായി അവര്‍ കരുതി. മനുഷ്യന്റെ ദാസ്യത്വവും ദൈവത്തിന്റെ സര്‍വ്വാധിപത്യവും; പാപമില്ലാത്ത അവസ്ഥയും, പാപത്തിന്റെ ശിക്ഷയും; മനുഷ്യന്റെ ദുരിതവും ദൈവീക മഹത്വവും -  ഇതെല്ലാം ഒരുമിച്ച് ചേരുകയില്ല എന്നു അവര്‍ വാദിച്ചു. റോമന്‍ ഭരണകൂടം ഒരു രാജ്യദ്രോഹിയെപ്പോലെ ക്രൂശില്‍ തറച്ച് കൊന്ന ഒരു മനുഷ്യനു നിത്യജീവന്‍ നല്കുവാന്‍ കഴിയും എന്നത് ഒരു വിഡ്ഡിത്തം നിറഞ്ഞ ആശയം ആണ്. പാപിയായ മനുഷ്യരെപ്പോലെ കഷ്ടത അനുഭവിച്ച ഒരുവന് ദൈവത്തിന്റെ മഹത്വത്തിലേക്ക് മനുഷ്യരെ ഉയര്‍ത്തുവാന്‍ കഴിയും എന്നത് ഭോഷ്ക്കാണ്.

അങ്ങനെയാണ് ക്രൂശിക്കപ്പെട്ട ക്രിസ്തു ജാതികൾക്കു ഭോഷത്വവുമായത്. (1 കൊരിന്ത്യര്‍ 1: 23, 24).

ഗ്രീക്കുകാര്‍ തത്വശാസ്ത്രാപരമായ വിശദീകരണം ആണ് ചോദിച്ചത്. അത് മനുഷ്യനു യുക്തി ഭദ്രം ആയിരിക്കേണം. എന്നാല്‍ യേശുക്രിസ്തു യാതൊന്നും വാദങ്ങളിലൂടെയോ തത്വജ്ഞാനത്തിന്റെയോ സഹായത്തോടെ തെളിയിക്കുവാന്‍ ശ്രമിച്ചിട്ടില്ല. പൌലൊസും മറ്റ് അപ്പോസ്തലന്മാരും അതിനു മുതിര്‍ന്നില്ല. യേശു ആവശ്യപ്പെടുന്നത് അവന്റെ വചനത്തില്‍ ഉള്ള വിശ്വാസമാണ്.

 

യോഹന്നാന്‍ 5: 24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. 

1 കൊരിന്ത്യര്‍ 1: 21 ല്‍ പൌലൊസ് പറഞ്ഞതും ഇതേ കാര്യം തന്നെയാണ്: “വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.”

അടയാളമന്വേഷിക്കുന്ന യഹൂദനും, തത്വജ്ഞാന പ്രകാരം യേശു മാശിഹാ ആണ് എന്നു തെളിയിക്കുവാന്‍ ആവശ്യപ്പെടുന്ന യവനന്‍മാര്‍ക്കും പൌലൊസ് നല്‍കുന്ന ഉത്തരം ഒന്നു തന്നെയാണ്: “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. (1 കൊരിന്ത്യര്‍ 1: 23)

ക്രൂശിക്കപ്പെട്ട ക്രിസ്തു

“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നത് ഒരു ബലഹീനമായ വാദമായിട്ടല്ല പൌലൊസ് പറയുന്നത്. ക്രൂശിക്കപ്പെട്ട ക്രിസ്തു ശക്തമായ ഒരു എതിര്‍ വാദമാണ്. ക്രൂശില്‍ മരിച്ചു, അടക്കം ചെയ്തു, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഒരു സ്വര്‍ഗ്ഗീയ അടയാളവും ബദല്‍ തത്വ ജ്ഞാനവും ആണ്. ഇത് വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമാണ്. (1 കൊരിന്ത്യര്‍ 1: 24). “ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.എന്നും പൌലൊസ് കൊരിന്തിലെ സഭയെ ഓര്‍മ്മിപ്പിച്ചു. (1 കൊരിന്ത്യര്‍ 1: 18). അവന്റെ വചനത്തിലുള്ള വിശ്വസം ആണ് യേശു ആവശ്യപ്പെട്ടത്. വിശ്വസിക്കുന്നവന്നു നിത്യജീവൻ ലഭിക്കും.

1 കൊരിന്ത്യര്‍ 1: 22, 23 വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുവാനാണ് നമ്മള്‍ ഇതുവരെ ശ്രമിച്ചത്. ഇത് നിങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു എന്നു വിശ്വസിച്ചുകൊണ്ട് ഈ പഠനം അവസാനിപ്പിക്കട്ടെ.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്. 

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment