യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥന

യോഹന്നാന്‍ എഴുതിയ സുവിശേഷം 17 ആം അദ്ധ്യായത്തില്‍ യേശുക്രിസ്തുവിന്റെ ഒരു ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരണം ആര്‍ക്കും ലഭ്യമല്ല. എന്നാല്‍ ഇത് യേശു ഉറക്കെ പ്രാര്‍ത്ഥിച്ചതാണ്. അവന്റെ ശിഷ്യന്‍മാര്‍ അത് കേട്ടു, യോഹന്നാന്‍ അത് നമുക്കായി രേഖപ്പെടുത്തി. ഇതിനെ മഹാപുരോഹിത പ്രാര്‍ത്ഥന എന്നു നമ്മള്‍ വിളിക്കുന്നു.  

 

ശിഷ്യന്‍മാരുമൊത്ത് യേശുക്രിസ്തു അവസാനമായി പെസഹ ആചരിച്ചതിന് ശേഷവും,  യഹൂദ പുരോഹിതന്മാരുടെയും റോമാക്കാരുടെയും പടയാളികളാല്‍ പിടിക്കപ്പെടുന്നതിനും ഇടയില്‍ ആണ് യേശു ഈ പ്രാര്‍ത്ഥന പറഞ്ഞത്. കുറ്റവിചാരണയും, പീഡനങ്ങളും, ക്രൂശീകരണവും ഉയിര്‍പ്പും മുന്നില്‍ കണ്ടുകൊണ്ടാണ് യേശു ഇത് പറഞ്ഞത്. സകല മനുഷ്യരുടെയും പാപ പരിഹാരത്തിനായി, ഒരു യാഗമായി, യേശുക്രിസ്തു അവനെതന്നെ, ഏല്‍പ്പിച്ചുകൊടുക്കുകയാണ്. ഈ ശ്രേഷ്ടമായ ദൌത്യം ഏറ്റെടുക്കുവാനോ പൂര്‍ത്തീകരിക്കുവാനോ മനുഷ്യരില്‍ ആര്‍ക്കും കഴിയാതെ ഇരിക്കുന്നതിനാല്‍ ആണ്, ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി അവന്‍ ജനിക്കുന്നത്. പാപ പരിഹാര യാഗമായി തീരുവാനായി ജനിച്ചവന്‍ അതിലേക്കു സമീപിക്കുകയാണ്. ഇവിടെയാണ് യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയെ നമ്മള്‍ വായിക്കേണ്ടത്.

 


ഇതൊരു മാതൃകാ പ്രാര്‍ത്ഥനയല്ല. യേശുക്രിസ്തു പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കുവാന്‍ അവന്‍ ശിഷ്യന്മാരോടു പറയുന്നില്ല. കാരണം ഇത് അവന് മാത്രം പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ്. ഇത്, പിതാവായ ദൈവത്തിന് മുമ്പാകെ, ഒരു മഹാപുരോഹിതനായി, നിന്നുകൊണ്ടു, അവന്നുവേണ്ടിയും, ശിഷ്യന്‍മാര്‍ക്ക് വേണ്ടിയും, രക്ഷിക്കപ്പെടുന്ന സകല മനുഷ്യര്‍ക്ക് വേണ്ടിയും ഉള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണ്. മനുഷ്യര്‍ക്കും ദൈവത്തിനുമിടയില്‍ ഒരു മദ്ധ്യസ്ഥനെ നമുക്ക് ഉള്ളൂ. അത് യേശുക്രിസ്തുവാണ്.

 

യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥന ദൈവശാസ്ത്ര മര്‍മ്മങ്ങളാല്‍ സമൃദ്ധമാണ്. ഇതില്‍ പിതാവായാ ദൈവവും പുത്രനായ ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്റെ വെളിപ്പെടുത്തല്‍ കാണാം. രക്ഷയെന്താണ് എന്നും, യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യം എന്താണ് എന്നും ഇതില്‍ പറയുന്നുണ്ട്. പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും രക്ഷിക്കപ്പെട്ട ദൈവജനവും തമ്മിലുള്ള ആത്മീയ ബന്ധവും ഈ പ്രാര്‍ത്ഥനയില്‍ വിശദീകരിക്കുന്നുണ്ട്. എല്ലാറ്റിലും ഉപരിയായി, തന്റെ ഇഹലോക ശുശ്രൂഷകള്‍ അവസാനിക്കുവാന്‍ പോകുന്ന വേളയില്‍, യേശുക്രിസ്തുവിന്റെ ഹൃദയത്തിലൂടെ കടന്നുപോയ ആത്മഭാരത്തിന്റെയും, ഉല്‍കണ്ഠയുടെയും, കരുതലിന്റെയും രേഖകൂടിയാണിത്.  

യേശുക്രിസ്തു നമ്മളുടെ മഹാപുരോഹിതന്‍

യേശുക്രിസ്തു എങ്ങനെയാണ് നമ്മളുടെ മഹാപുരോഹിതന്‍ ആകുന്നത് എന്നു മനസ്സിലാക്കികൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം. സീനായ് പര്‍വ്വത മുകളില്‍, ദൈവം മോശെയിലൂടെ യിസ്രായേല്‍ ജനത്തിന് നല്കിയ ന്യായപ്രമാണങ്ങളുടെ പ്രധാന ഭാഗമായിരുന്നു പുരോഹിതന്‍മാരും പൌരോഹിത്യ ശുശ്രൂഷയും. അഹരോനും അവന്റെ മകനായ ഫീനെഹാസും അവന്റെ തലമുറയും പുരോഹിതന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ലേവ്യ ഗോത്രം മൊത്തത്തില്‍ പുരോഹിത വര്‍ഗ്ഗം ആയിരുന്നു. അഹരോന്‍റെ തലമുറയില്‍പെടാത്തവര്‍ ദൈവാലയത്തിലെ ശുശ്രൂഷകള്‍ ചെയ്തു. (പുറപ്പാടു 18,29; സംഖ്യാപുസ്തകം 3:5-10). മഹാപുരോഹിതന്റെ ജോലി യിസ്രായേല്‍ ജനത്തിനുവേണ്ടി ദൈവത്തോട് മദ്ധ്യസ്ഥത ചെയ്യുക എന്നതായിരുന്നു. യിസ്രായേല്‍ ജനത്തിന്റെ പാപ പരിഹാരത്തിനായുള്ള യാഗവും, യാഗ രക്തവും ദൈവ സന്നിധിയില്‍ അര്‍പ്പിക്കുന്നത് മഹാപുരോഹിതന്‍ ആയിരുന്നു. ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ അവന് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. അതും യാഗമൃഗത്തിന്റെ രക്തവുമായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. എന്നാല്‍ അവര്‍ അര്‍പ്പിച്ചിരുന്ന യാഗം ഒരിയ്ക്കലും എന്നന്നേക്കും ഉള്ള പാപ പരിഹാരം വരുത്തിയിരുന്നില്ല.

പഴയനിയമത്തിലെ മഹാപുരോഹിതന്‍ ലേവ്യഗോത്രത്തില്‍ ജനിച്ചവന്‍ ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു ലേവ്യഗോത്രത്തിലല്ല ജനിച്ചത്. മനുഷ്യന്‍ എന്ന നിലയില്‍, അവന്റെ വംശ പാരമ്പര്യം യഹൂദ ഗോത്രത്തില്‍ ആണ്. യേശു ഒരിക്കലും ഭൂമിയിലെ ഒരു ദൈവാലയത്തില്‍ ശുശ്രൂഷ ചെയ്തിട്ടില്ല. അവര്‍ മൃഗത്തെ പാപ പരിഹാരമായി യാഗം കഴിച്ചിട്ടില്ല. അതിനാല്‍ യേശുക്രിസ്തു, അഹരോന്റെ ക്രമപ്രകാരമുള്ള ഒരു മഹാ പുരോഹിതന്‍ ആയിരുന്നില്ല. അവന്‍ ന്യായപ്രമാണ പ്രകാരമുള്ള പൌരോഹിത്യത്തിന്റെ തുടര്‍ച്ച അല്ല. മഹാപുരോഹിതന്‍ എന്നതിന് അവന് മറ്റൊരു പിന്തുടര്‍ച്ചയാണ് ഉള്ളത്. 

ഇതിനെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം. പഴയനിയമ മഹാപുരോഹിതന്‍ യേശുക്രിസ്തുവിന്റെ ഒരു നിഴല്‍ മാത്രം ആയിരുന്നു. അതായത്, വരുവാനിരുന്ന പൊരുളിന്റെ നിഴലായിരുന്നു പഴയനിയമ മഹാപുരോഹിതന്‍. പൊരുളായ മഹാപുരോഹിതന്‍ യേശുക്രിസ്തു ആയിരുന്നു. ഇതിനെക്കുറിച്ച് എബ്രായ ലേഖനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ചില വാക്യങ്ങള്‍ വായിക്കാം.

 

എബ്രായര്‍ 6: 20 അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.

 

മൽക്കീസേദെക്കിനെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത് ഉല്‍പ്പത്തി പുസ്തകം 14 ആം അദ്ധ്യത്തില്‍ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ആണ്. ഒരു യുദ്ധത്തില്‍ വിജയിച്ച് തിരികെ വരുന്ന വഴിക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേം രാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുമായി എതിരേറ്റു ചെന്നു. മൽക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിച്ചു. അബ്രഹാം അവന് സകലത്തിലും ദശാംശം കൊടുത്തു. മൽക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുകയും അവനില്‍ നിന്നും ദശാംശം വാങ്ങിക്കുകയും ചെയ്തതില്‍ നിന്നും, മൽക്കീസേദെക്ക് അബ്രാഹാമിനെക്കാള്‍ ശ്രേഷ്ഠനും ആത്മീയ അധികാരിയും ആയിരുന്നു എന്നു മനസ്സിലാക്കാം. ഇത് അവന്റെ പൌരോഹിത്യത്തെ ഉറപ്പിക്കുന്നു. എബ്രായ ലേഖന രചയിതാവ് പറയുന്നത്, യേശുക്രിസ്തു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായിരിക്കുന്നു എന്നാണ്. അതായത് യേശുക്രിസ്തുവിന്റെ പൌരോഹിത്യം പിന്തുടര്‍ച്ചയായി ലഭിച്ചതല്ല, അധികാരത്താല്‍ ലഭിച്ചതാണ്. അഹരോന്റെ പൌരോഹിത്യം ലേവ്യഗോത്രത്തിന്റെ പിന്തുടര്‍ച്ച പ്രകാരം ആയിരുന്നു എങ്കില്‍ യേശുവിന്റെ പൌരോഹിത്യം രാജകീയമാണ്. ഇത് നമുക്ക് എബ്രായര്‍ 7: 15, 16, 17 വാക്യങ്ങളില്‍ കാണാം.  

 

എബ്രായര്‍ 7:15, 16, 17

15   ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ

16   മൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു.

17   നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.

 

എല്ലാ മഹാപുരോഹിതന്മാരും പാപ പരിഹാര യാഗം അര്‍പ്പിക്കുകയും മനുഷ്യര്‍ക്കായി ദൈവ സന്നിധിയില്‍ മദ്ധ്യസ്ഥത ചെയ്യുകയും വേണം. എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ ഒരു യാഗ പീഠത്തില്‍ ശുശ്രൂഷ ചെയ്യുകയോ, യാഗമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ യേശുക്രിസ്തു എവിടെയാണ് യാഗമര്‍പ്പിച്ചത്. ഇതിനുള്ള മറുപടി എബ്രായര്‍ 9: 11, 12 വാക്യങ്ങളില്‍ ഉണ്ട്.

 

എബ്രായര്‍ 9: 11, 12

11    ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ 

12   ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

പഴയനിയമത്തിലെ മഹാപുരോഹിതന്‍ ബലഹീനനും കുറവുള്ളവനും ആയിരുന്നു. അതിനാല്‍, ആദ്യം അവന്‍ തനിക്ക് തന്നെ പാപ പരിഹാര യാഗം അര്‍പ്പിക്കേണ്ടിയിരുന്നു. മാത്രവുമല്ല, അവന്‍ അര്‍പ്പിച്ചിരുന്ന യാഗങ്ങള്‍ എന്നന്നേക്കുമുള്ള വീണ്ടെടുപ്പ് സാധ്യമാക്കിയില്ല. അവന്‍ ആണ്ടുതോറും ആവര്‍ത്തിച്ചു യാഗമര്‍പ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ യേശുക്രിസ്തു, ഒരിക്കലായി, എന്നന്നേക്കുമായി, ഊനമില്ലാത്ത യാഗമായി തന്നെത്തന്നെ അര്‍പ്പിച്ചു, എന്നന്നേക്കുമുള്ള വീണ്ടെടുപ്പ് സാധ്യമാക്കി.

 

എബ്രായര്‍ 7: 23, 24

23 മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.

24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.

മറ്റ് അനേകം വാക്യങ്ങളിലൂടെ, എബ്രായ ലേഖനം യേശുക്രിസ്തു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഉള്ള പുതിയനിയമത്തിന്റെ മഹാപുരോഹിതന്‍ ആണ് എന്നു തെളിയിക്കുന്നു.

 


അന്ത്യ യാത്രാമൊഴി

യേശുക്രിസ്തു, ശിഷ്യന്‍മാരുമൊത്ത് പെസഹ ആചരിച്ചതിന് ശേഷം, സുദീര്‍ഘമായ ഒരു യാത്രാമൊഴി പറഞ്ഞു. ഇതും വളരെ വിശദമായി തന്നെ യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ 13: 31 മുതല്‍ 16: 33 വരെയുള്ള വാക്യങ്ങളില്‍ ആണ് നമ്മള്‍ ഈ പ്രഭാഷണം വായിക്കുന്നത്. അത്താഴ വേളയില്‍, യേശുക്രിസ്തു, വീഞ്ഞില്‍ മുക്കിയ അപ്പത്തിന്റെ കഷണം, അവന്റെ ശിഷ്യന്‍ ആയിരുന്ന യൂദാ ഈസ്കര്യോത്താവിന് നല്കുന്നു. അവന്‍ അത് സ്വീകരിച്ചതിന് ശേഷം, മുഖ്യ പുരോഹിതന്മാരെ കാണുവാന്‍, അവരെ വിട്ടുപോയി. അതിനു ശേഷം യേശു അന്ത്യ യാത്രാമൊഴി പറഞ്ഞു തുടങ്ങി: “അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;” (യോഹന്നാന്‍ 13: 31). പലവിധത്തിലുള്ള ആകുല ചിന്തകളാല്‍ ഭാരപ്പെട്ടിരുന്ന ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു, യാത്രാമൊഴിയുടെ ഉദ്ദേശ്യം.

യോഹന്നാന്‍ 13: 33, 34 വാക്യങ്ങളില്‍ യേശു പറഞ്ഞു: “കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.” അവന്റെ യാത്രാമൊഴി അവസാനിക്കുന്നത് ഇങ്ങനെയാണ്: “നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.” (യോഹന്നാന്‍ 16:33).    

യേശു അവനായി പ്രാര്‍ത്ഥിക്കുന്നു (17: 1-5)

 

ഈ പശ്ചാത്തലത്തില്‍ നിന്നും നമുക്ക് ഇനി യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയിലേക്ക് പോകാം. ഈ പ്രാര്‍ത്ഥനയെ, പഠനത്തിന്റെ സൌകര്യത്തിനായി, നമുക്ക് മൂന്നായി തിരിക്കാവുന്നതാണ്. ഒന്നാമത്തെ ഭാഗത്ത് യേശു അവനായി പ്രാര്‍ത്ഥിക്കുന്നു. രണ്ടാമത്തെ ഭാഗത്തില്‍ അവന്‍ ശിഷ്യന്മാര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. മൂന്നാമത്തെ ഭാഗത്ത് യേശു എല്ലാ യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

 

ഈ പ്രാര്‍ത്ഥന, ശിഷ്യന്മാരും നമ്മളും കേള്‍ക്കുകയും, വായിക്കുകയും, ഗ്രഹിക്കുകയും ചെയ്യേണം എന്നു യേശു ആഗ്രഹിച്ചു. 13 ആം വാക്യത്തില്‍ യേശു പറഞ്ഞു: “ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.” ഇത് ശിഷ്യന്മാരുടെ ആശ്വാസത്തിന്നും പ്രത്യാശയ്ക്കും സഹായമായിരുന്നു. ഇത് ഇന്ന് നമുക്കും പ്രത്യാശ നല്കുന്നു.

 

മഹാപുരോഹിത പ്രാര്‍ത്ഥനയുടെ ഒന്നാമത്തെഭാഗം, യേശു അവനായിതന്നെ പ്രാര്‍ത്ഥിക്കുന്നതാണ്. പഴയനിയമത്തിലെ മഹാപുരോഹിതന്‍, യഹോവയുടെ സന്നിധിയില്‍ ചെല്ലുന്നതിന് മുമ്പായി അവനെതന്നെ ശുദ്ധീകരിക്കുവാനായി യാഗം കഴിക്കുന്നതിനെ ഇത് ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ യേശു പാപമില്ലാത്തവന്‍ ആയിരുന്നതിനാല്‍ അവനെ ശുദ്ധീകരിക്കുവാനുള്ള മദ്ധ്യസ്ഥത ആവശ്യമില്ല. അതിനാല്‍ ഈ ഭാഗത്ത് യേശുക്രിസ്തു പിതാവായ ദൈവത്തിന്നു മഹത്വം കരേറ്റുകയും തന്നെ മഹത്വവല്‍ക്കരിക്കേണം എന്നു പിതാവിനോടു അപേക്ഷിക്കുകയും ചെയ്യുന്നു.

 

യേശു പ്രാര്‍ത്ഥന ആരംഭിക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, നാഴിക വന്നിരിക്കുന്നു;” (യോഹന്നാന്‍ 17:1). പിതാവേ എന്ന യേശുക്രിസ്തുവിന്റെ വിളി അന്നത്തെ യഹൂദ വിശ്വാസങ്ങളെ മാറ്റിമറിച്ചു. ഈ വാക്ക്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള അഗാധമായ ബന്ധത്തെ കാണിക്കുന്നു. ഇവിടെ ദൈവം പിതാവും യേശു പുത്രനും ആകുന്നു. ഇത് അവര്‍ തമ്മിലുള്ള ബന്ധത്തെ നമുക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കുന്ന പദങ്ങള്‍ ആണ്.

യഹൂദന്മാര്‍ ദൈവത്തെ ഭയപ്പെട്ടിരുന്നു. അതിനാല്‍ അവര്‍ ദൈവം എന്ന വാക്ക് പോലും ഉച്ചരിച്ചിരുന്നില്ല. ദൈവത്തെ പിതാവ് എന്നു വിളിക്കുക അവര്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുന്ന കാര്യം ആയിരുന്നില്ല. അവര്‍ ദൈവത്തിന്റെ സ്വന്ത ജനം ആണ് എന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ യേശു ഈ വിശ്വാസത്തെയെല്ലാം നിരാകരിക്കുന്നു. യേശു ദൈവത്തെ പിതാവേ എന്നു വിളിച്ചപ്പോള്‍, അവന് യഹൂദന്മാരെക്കാള്‍ കൂടുതല്‍ അടുത്ത, അഗാധമായ ഒരു ബന്ധം ദൈവവുമായിട്ടുണ്ട് എന്ന് തെളിയിക്കുന്നു. അബ്രഹാം, യാക്കോബ്, മോശെ, ദാവീദ് എന്നിവരെക്കാള്‍ സവിശേഷതയുള്ള ഒരു ബന്ധമാണത്. മാത്രവുമല്ല, യേശു ദൈവത്തെ പിതാവായി നമുക്ക് പരിച്ചപ്പെടുത്തുക കൂടിയാണ്. ഉയിര്‍ത്തെഴുന്നേറ്റ യേശു, മറിയയോടു പറഞ്ഞതിങ്ങനെ ആണ്: “... നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹന്നാന്‍ 20:17). ദൈവം യേശുവിന്റെയും നമ്മളുടെയും പിതാവാണ്. ഗലാത്യര്‍ക്കുള്ള ലേഖനം 4: 6 ല്‍ പൌലൊസ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: “നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.”

യേശു പ്രാര്‍ത്ഥിച്ചു തടങ്ങിയത്, “പിതാവേ, നാഴിക വന്നിരിക്കുന്നു;” എന്ന് പറഞ്ഞുകൊണ്ടാണ്. (17:1). ഇത് അവന്‍ സ്വയം പാപ പരിഹാര യാഗമായി തീരുവാനുള്ള നാഴികയാണ്. ഇത്, “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്ന യോഹന്നാന്‍ സ്നാപകന്റെ പ്രവചന നിവൃത്തിയുടെ സമയമാണ്. (യോഹന്നാന്‍ 1:29). ഈ നാഴിക, യേശുവിന്റെ കുറ്റവിചാരണയുടെയും, മരണത്തിന്റെയും, അടക്കത്തിന്റെയും, ഉയിര്‍പ്പിന്റെയും, സ്വര്‍ഗ്ഗാരോഹണത്തിന്റെയും സമയമാണ്. ഈ നാഴിക, ലോകാരംഭത്തിനും മുമ്പേ നിര്‍ണ്ണയിക്കപ്പെട്ടതാണ്. അവന്‍ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട് ആണ് (വെളിപ്പാടു 13:8).

സുവിശേഷങ്ങളില്‍ പലയിടത്തും, “എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു യേശു പറയുന്നത് നമ്മള്‍ വായിക്കുണ്ട്. (യോഹന്നാന്‍ 2: 4; 7:6). അത് അവന്‍ മഹത്വപ്പെടേണ്ട നാഴിക വന്നിട്ടില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ യേശു പറയുന്നു:നാഴിക വന്നിരിക്കുന്നു”. ഇത് പിതാവ് പുത്രനെ മഹത്വപ്പെടുത്തുകയും പുത്രന്‍ തന്റെ പ്രവര്‍ത്തിയുടെ നിവൃത്തിയിലൂടെ പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന നാഴികയാണ്. (17:1).

ഇവിടെ യേശുക്രിസ്തു ഉദ്ദേശിക്കുന്നത്, ക്രൂശിലെ മഹത്വത്തെക്കുറിച്ചാണ്. അവിടെയാണ് അവന്‍ പിതാവിനെയും പിതാവ് അവനെയും മഹത്വപ്പെടുത്തുന്നത്. മഹത്വം പ്രാപിക്കുവാനുള്ള ഇടവും മാര്‍ഗ്ഗവും ക്രൂശാണ്. അതിനാല്‍ പൌലൊസ് പറയുന്നു: “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.” (ഗലാത്യര്‍ 6:14). ക്രൂശു ഇല്ലാതെ യേശുക്രിസ്തുവിന്റെ ഇഹലോക ശുശ്രൂഷകള്‍ പൂര്‍ണ്ണമാകുന്നില്ല. ക്രൂശിലേക്കുള്ള യാത്രയാണ് അവന്റെ ജീവിത ലക്ഷ്യം. അത് പുതിയ ഉടമ്പടിയാണ്. അത് ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ്. ക്രൂശില്‍ മഹത്വപ്പെടാതെ, അവന്റെ യാതൊരു ഉപദേശത്തിനും, പ്രവര്‍ത്തികള്‍ക്കും അര്‍ത്ഥമുണ്ടാകുകയില്ല. സ്വര്‍ഗ്ഗീയ മഹത്വത്തിന്റെ പരമോന്നതി ക്രൂശിലാണ് നിവര്‍ത്തിക്കപ്പെടുന്നത്. ക്രിസ്തീയ വിശ്വാസികള്‍ക്കും ക്രൂശിലല്ലാതെ മറ്റൊരിടത്തും മഹത്വം ലഭിക്കുകയില്ല. 

ക്രിസ്തുവിന്റെ ക്രൂശ് മരണത്താല്‍ ലഭിച്ച പാപ മോചനത്തില്‍ വിശ്വസിക്കുകയും, ദൈവത്തിന്റെ മഹത്വത്തിനൊത്തവണ്ണം ജീവിക്കുകയും ചെയ്യുക എന്നതാണു നമ്മള്‍ പ്രാപിക്കുന്ന ദൈവീക മഹത്വം. ഇതിലൂടെ മാത്രമേ നമുക്ക് ക്രിസ്തുവിനെയും പിതാവായാ ദൈവത്തെയും മഹത്വപ്പെടുത്തുവാന്‍ കഴിയൂ. നമ്മളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുമ്പോള്‍ നമ്മള്‍ പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നു. പുത്രന്‍ ക്രൂശിലെ മരണത്തോളം അനുസരണയുള്ളവനായി പിതാവിനെ മഹത്വപ്പെടുത്തി. (ഫിലിപ്പിയര്‍ 2:8). അങ്ങനെ ദൈവം അബ്രാഹാമിന് കൊടുത്ത,നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും  എന്ന വാഗ്ദത്തം ക്രിസ്തു നിവര്‍ത്തിച്ചു. (ഉല്‍പ്പത്തി 22:18). ഇതിനുള്ള പൌലൊസിന്റെ വിശദീകരണം ഇങ്ങനെയാണ്: “ എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.”(ഗലാത്യര്‍ 3: 16).

യേശുക്രിസ്തുവിന്റെ പ്രാര്‍ത്ഥനയിലെ രണ്ടാമത്തെ വാക്യത്തില്‍ ഒരു ആത്മീയ മര്‍മ്മം അടങ്ങിയിട്ടുണ്ട്. യേശു പറഞ്ഞു: “നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകലജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ.” (17:2)   

സകല ജഡത്തിന്മേലും എന്ന വാക്യ സമുച്ചയത്തിന്, എബ്രായ ഭാഷയില്‍ സകല മനുഷ്യരുടെമേലും എന്ന അര്‍ത്ഥമാണ് ഉള്ളത്. ദൈവം സര്‍വ്വ ശക്തനും മനുഷ്യര്‍ ദൈവ മുമ്പാകെ അശക്തരും ആണ് എന്ന അര്‍ത്ഥത്തില്‍ ആണ് എബ്രായര്‍ ഈ വാക്കുകളെ ഉപയോഗിച്ചത്.

യേശുക്രിസ്തുവിന് സകല മനുഷ്യരുടെമേലും അവകാശമുണ്ട്. എന്നാല്‍ സകല മനുഷ്യര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കും എന്നു ഈ വാക്യം പറയുന്നില്ല. പിതാവായ ദൈവം പുത്രന് നല്‍കിയിട്ടുള്ളവര്‍ക്ക് എല്ലാം അവന്‍ നിത്യജീവനെ കൊടുക്കും. 

യോഹന്നാന്‍ 6: 37 ഉം 6: 44 ലും യേശു പറഞ്ഞ വാക്കുകള്‍ ഇതിനോട് ഒക്കുന്നു.

 

യോഹന്നാന്‍ 6: 37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.

 

യോഹന്നാന്‍ 6: 44 എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. 

അതായത്, യേശുക്രിസ്തു, എല്ലായിടത്തും സഞ്ചരിച്ച്, അവിടെ കണ്ടുമുട്ടിയ എല്ലാവര്‍ക്കും നിത്യജീവനെ കൊടുക്കുകയായിരുന്നില്ല. പിതാവ് അവനിലേക്ക് ആകര്‍ഷിച്ചതിനാല്‍ അവന്റെയടുക്കല്‍ വന്നവര്‍ക്ക് അവന്‍ നിത്യജീവനെ കൊടുത്തു. സകല ജഡത്തിന്മേലും അധികാരം ഉണ്ടായിട്ടും, പിതാവിന്റെ തിരഞ്ഞെടുപ്പിന് വിധേയമായാണ് പുത്രന്‍ പ്രവര്‍ത്തിച്ചത്. പിതാവിന്റെ സര്‍വ്വാധികാരം പുത്രന്‍ അംഗീകരിക്കുന്നു. പിതാവ് ചിലരെ, ലോകസ്ഥാപനത്തിനും മുമ്പേ തിരഞ്ഞെടുക്കുന്നു. പുത്രന്‍ അവര്‍ക്ക് നിത്യജീവന്‍ നല്കുന്നു. (എഫെസ്യര്‍ 1:4; 2 തെസ്സലൊനീക്യര്‍ 2: 13; 2 തിമൊഥെയൊസ് 1:9, 10).

മൂന്നാം വാക്യത്തില്‍ യേശു പ്രാര്‍ത്ഥിച്ച് പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അറിയുക എന്ന വാക്ക് ഒരു വിശേഷമായ അര്‍ത്ഥത്തില്‍ ആണ് വേദപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് ബൌദ്ധികമായ അറിവിനെ കുറിച്ചല്ല. നമ്മള്‍ ഒരു വ്യക്തിയേയോ, സ്ഥലത്തെയോ, വസ്തുവിനെയോ, കണ്ടും കേട്ടും, വായിച്ചും അറിയുന്നതിനെക്കുറിച്ചുമല്ല. വേദപുസ്തകത്തില്‍ അറിയുക എന്ന വാക്ക് അഗാധമായ, ആഴമുള്ള, ദൃഢമുള്ള, അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍, ഗബ്രിയേല്‍ ദൂതന്‍ മറിയയോടു യേശുവിന്റെ അത്ഭുത ജനനത്തെക്കുറിച്ച് അറിയിച്ചപ്പോള്‍, മറിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.” (ലൂക്കോസ് 1: 34). മത്തായി 7:23 ലും ലൂക്കോസ് 13:27 ലും മറ്റൊരു പ്രശസ്തമായ ഉപയോഗം കാണാം. അന്ത്യകാലത്ത് അനേകര്‍ യേശുവിന്റെ അടുക്കല്‍ വന്ന്,കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ” എന്നു പറയും.” എന്നാല്‍ അവരെയെല്ലാവരെയും യേശു സ്വീകരിക്കുകയില്ല. “അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” 

ഇവിടെ അറിയുക എന്ന പദം, അഗാധമായ, സുദീര്‍ഘമായ, ദൃഢമായ ഒരു ബന്ധത്തെയാണ് കാണിക്കുന്നത്. അതായത്, ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” എന്നു യേശു പറഞ്ഞപ്പോള്‍, അവന്‍ അര്‍ത്ഥമാക്കിയത് ഇതാണ്: യേശുക്രിസ്തുവുമായുള്ള ദൃഢമായ ബന്ധത്തിലൂടെ മാത്രമേ നമുക്ക് ദൈവവുമായി ആഴമുള്ള ഒരു ബന്ധത്തില്‍ ആയിരിക്കുവാന്‍ കഴിയൂ. ക്രിസ്തുവുമായുള്ള ബന്ധം, ദൈവവുമായുള്ള ബന്ധമാണ്. കാരണം, അവര്‍ ഒന്നാണ്. ലോക സ്ഥാപനത്തിനും മുമ്പേ രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മുന്‍ നിയമിക്കപ്പെട്ടവര്‍ക്കും മാത്രമേ ഇത്തരത്തിലുള്ള അഗാധമായ ബന്ധം ഉണ്ടായിരിക്കുക ഉള്ളൂ. (എഫെസ്യര്‍ 1: 4-6). 

തുടര്‍ന്നു യേശു പറഞ്ഞു: “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.” (17: 4). ഇത് യേശു പറയുന്ന ഒരു പ്രഖ്യാപനമാണ്. ക്രൂശിലെ മരണത്തോടെ മാത്രമേ യേശുവിന്റെ ഭൂമിയിലെ ദൌത്യം പൂര്‍ണ്ണമാകൂ. അതിനെ മുന്നില്‍ നിവര്‍ത്തിക്കപ്പെട്ടതായി കണ്ടുകൊണ്ടാണ് യേശു ഈ പ്രഖ്യാപനം നടത്തുന്നത്. യേശുവിന്റെ യാഗം പരാജയപ്പെടുകയില്ല എന്നു അവന് അറിയാമായിരുന്നു. യേശു ഇത് പറഞ്ഞ സമയം ആയപ്പോഴേക്കും, അവനെ ഒറ്റിക്കൊടുക്കുവാന്‍ യൂദാ ഈസ്കര്യോത്താവ് യഹൂദ പുരോഹിതന്മാര്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞിരുന്നു. എല്ലാം ക്രമീകരിക്കപ്പെട്ടു കഴിഞ്ഞു. യേശു അതിലേക്കു നടന്നടുക്കുയാണ്. അവന്‍ പിടിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, ക്രൂശിക്കപ്പെടുകയും ചെയ്യും. എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്യും എന്നും യേശുവിന് അറിയാമായിരുന്നു. അങ്ങനെ ദൌത്യം പൂര്‍ത്തീകരിക്കപ്പെടും. പിശാചുമായുള്ള യുദ്ധം ജയോല്‍സവത്തോടെ അവസാനിക്കും. ക്രൂശില്‍ ജയം ആഘോഷിക്കപ്പെടും. ഇതിന്റെ നിവര്‍ത്തിയെക്കുറിച്ച് പൌലൊസ് കൊലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്: “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” (കൊലൊസ്സ്യര്‍ 2:15).

യേശുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയുടെ ഒന്നാമത്തെ ഭാഗം അവസാനിക്കുന്നത്, അവനെ മഹത്വപ്പെടുത്തേണമെ എന്ന അപേക്ഷയോടെയാണ്. “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (17:5). ഒരു പുതിയ മഹത്വം യേശു ആവശ്യപ്പെടുകയല്ല, അവന്റെ മഹത്വത്തിലേക്ക് ഉള്ള മടക്കമാണിത്. ലോകാരംഭത്തിന് മുമ്പേ യേശുവിന് ഉണ്ടായിരുന്ന മഹത്വം അവന്‍ ദൈവ തുല്യനും, ദൈവവുമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന മഹത്വമാണ്. അത്, പുത്രന്‍ പിതാവിനോടൊപ്പം പങ്ക് വച്ചിരുന്ന മഹത്വമാണ്. അത് പിതാവിന്റെയും പുത്രന്റെയും മഹത്വമാണ്.

ഇതിനെക്കുറിച്ച് യോഹന്നാന്‍ തന്റെ സുവിശേഷത്തിന്റെ ആരംഭത്തില്‍ തന്നെ പറയുന്നുണ്ട്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (1: 1). “ വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (1: 14). വചനം ദൈവമായിരുന്നു. പിതാവിന്റെ തേജസ്സ് പുത്രന്റെ തേജസ്സ് ആയിരുന്നു. പിതാവും പുത്രനും ഒന്നായിരുന്നു. ഈ ആത്മീയ മര്‍മ്മം വായനക്കാരില്‍ എത്തിക്കുക എന്നതായിരുന്നു യോഹന്നാന്‍ സുവിശേഷ ഗ്രന്ഥം എഴുതിയതിന്റെ ഉദ്ദേശ്യം.

മഹത്വം എന്ന വാക്ക് ഈ ഭാഗത്ത് 5 പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പിതാവില്‍ നിന്നും വേറിട്ട് ഒരു മഹത്വം ലഭിക്കേണം എന്നല്ല യേശു പ്രാര്‍ത്ഥിച്ചത്. ദൈവ മഹത്വത്തിനായി അവനെ മഹത്വപ്പെടുത്തേണം എന്നാണ് യേശു പ്രാര്‍ത്ഥിച്ചത്. ക്രിസ്തുവിന്റെ ഇതേ മനോഭാവം ഉണ്ടായിരിക്കേണ്ടതിനായി നമുക്കും പ്രാര്‍ത്ഥിക്കാം.

 


ശിഷ്യന്മാര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു (17:6 -19)

മഹാപുരോഹിത പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ഭാഗത്ത് യേശുക്രിസ്തു ശിഷ്യന്മാര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഇത് 17: 6 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ യേശുവിന്റെ ചുറ്റിനും 11 ശിഷ്യന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൂദാ ഈസ്കര്യോത്താവ് അവരെ വിട്ട് പോയിരുന്നു. ഇവിടെ, മഹാപുരോഹിത പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം യേശു വ്യക്തമാക്കുന്നുണ്ട് : “ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.” (17:13)

6 ആം വാക്യം പറയുന്നു: “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.” നമുക്ക് 9 ആം വാക്യം കൂടി ചേര്‍ത്തു വായിയ്ക്കാം: “ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.”

യേശുക്രിസ്തു വിശ്വസ്തതയോടെ ദൈവത്തിന്റെ വചനം ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നുകൊടുത്തു. സത്യ ദൈവത്തെ യേശു അവര്‍ക്ക് വെളിപ്പെടുത്തികൊടുത്തു. അവര്‍ വചനത്തെ സ്വീകരിച്ചു. അങ്ങനെ അവര്‍ ദൈവത്തെ അറിഞ്ഞു, ദൈവവുമായി സഖിത്വം ഉള്ളവരായി. യേശുവിനെ പിതാവ് ലോകത്തിന്റെ രക്ഷിതാവായി അയച്ചതാണ് എന്നു അവര്‍ വിശ്വസിച്ചു.

യേശുക്രിസ്തുവിന് ഉള്ളതെല്ലാം പിതാവിന്റെതാണ്. പിതാവ് നല്‍കാത്തതൊന്നും യേശുവിനില്ല. അതിനാല്‍ പിതാവിനുള്ളതെല്ലാം യേശുവിന്റെതാണ്. ശിഷ്യന്മാരെയും പിതാവ് അവന് നല്‍കിയതാണ്. യേശു തന്റെ ഇംഗീതമനുസരിച്ച് തിരഞ്ഞെടുത്തതല്ല. അവരെ പിതാവായ ദൈവം തിരഞ്ഞെടുത്തതാണ്. “നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ” ആകുന്നു. 10 ആം വാക്യത്തില്‍,  പിതാവിന്റേത് എല്ലാം പുത്രന്‍റെതും പുത്രന്‍റേത് എല്ലാം പിതാവിന്‍റെതും ആകുന്നു എന്നും അതിനാല്‍ യേശു അവന്റെ ശിഷ്യന്മാരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു, എന്നും അവന്‍ പറയുന്നു. ഇത് പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും ഒന്നാണ് എന്ന് തെളിയിക്കുന്നു. വിശുദ്ധന്മാരുടെ തിരഞ്ഞെടുപ്പ് എന്ന ആത്മീയ മര്‍മ്മം യേശു ഇവിടെ വെളിപ്പെടുത്തുന്നു.

11 ആം വാക്യത്തില്‍ “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല” എന്ന് യേശു പറയുന്നു. അവന്‍ പിതാവിന്റെയടുക്കലേക്ക് തിരികെ പോകുകയാണ്. അന്നേവരെ ശിഷ്യന്‍മാര്‍ക്കിടയിലെ ഐക്യം യേശുവിന്റെ സാന്നിദ്ധ്യത്താല്‍ സുദൃഢം ആയിരുന്നു. യേശുവിന്റെ അസാന്നിദ്ധ്യത്തിലും അവരുടെ ഐക്യം കുറവില്ലാതെ തുടരേണം എന്ന് യേശു ആഗ്രഹിക്കുന്നു. ഈ ഐക്യത്തിന്റെ മാതൃക, പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെയാണ്. അതിനാല്‍ അവരുടെ ഐക്യം നഷ്ടപ്പെടാതെ അവരെ കാത്തുകൊള്ളേണം എന്ന് യേശു പ്രാര്‍ത്ഥിച്ചു.

ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്ന ആത്മീയ മര്‍മ്മം 12 ആം വാക്യത്തില്‍ തുടരുകയാണ്. ഒരു ഇടയന്റെ സാന്നിദ്ധ്യം ആടുകളുടെ ശത്രുക്കളായ വന്യമൃഗങ്ങളെ അകറ്റി നിറുത്തുന്നതുപോലെ, യേശുക്രിസ്തുവിന്റെ സാന്നിധ്യം, ദുഷ്ടനായ പിശാചിനെ അകറ്റി നിറുത്തി. ഇപ്പോള്‍ യേശു പിതാവിന്റെയടുക്കലേക്ക് തിരികെ പോകുകയാണ്. അതുകൊണ്ടു യേശു പ്രാര്‍ത്ഥിച്ചു: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (17:12). പിതാവ് യേശുവിന്റെ പക്കല്‍ ഏല്‍പ്പിച്ച ശിഷ്യന്മാരില്‍, യൂദാ ഈസ്കര്യോത്താവ് അല്ലാതെ മറ്റാരും നശിച്ചുപോയിട്ടില്ല.

ഈ വാക്യം, തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധന്മാരുടെ രക്ഷയുടെ ഭദ്രതയെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍, യേശുവിന്റെ കൂടെ നടന്നവര്‍ എല്ലാം രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരിക്കേണം എന്നില്ല എന്നും ഇവിടെ പറയുന്നുണ്ട്. യൂദായേ ദൈവം യേശുവിന്റെ ശിഷ്യന്മാരില്‍ ഒരുവനായി ചേര്‍ത്തത്, “തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു” ആയിരുന്നു എന്നും അവന്‍ നാശയോഗ്യന്‍ ആയിരുന്നു എന്നും അവന്‍ നശിച്ചുപോയി എന്നും യേശു പറയുന്നു. ഇതൊരു ഞെട്ടിക്കുന്ന സത്യമാണ് വെളിപ്പെടുത്തുന്നത്.

രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ രക്ഷാഭദ്രതയെക്കുറിച്ച് പറയുമ്പോള്‍ തന്നെ, ആള്‍കൂട്ടത്തില്‍ നാശയോഗ്യാന്‍മാരും ഉണ്ട് എന്നും പറയുന്നു. ചിലര്‍ നിത്യ രക്ഷയ്ക്ക് യോഗ്യന്‍മാര്‍ ആയിരിക്കുമ്പോള്‍ ചിലര്‍ നിത്യ നാശത്തിന് യോഗ്യന്‍മാര്‍ ആയിരിക്കുന്നു. ഇത് ആള്‍കൂട്ടത്തില്‍ ഉള്ളവരെല്ലാം രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരിക്കേണം എന്നില്ല എന്ന ആത്മീയ മര്‍മ്മം വെളിപ്പെടുത്തുന്നു.

എന്നാല്‍ യേശുവിന്റെ ശുശ്രൂഷാ കാലത്തെല്ലാം, അവനോടു കൂടെ നടന്നവരെ അവര്‍ ചേര്‍ത്തു പിടിച്ചു, അവരെ ദുഷ്ടനില്‍ നിന്നും രക്ഷിച്ചു. അവര്‍ക്കെല്ലാം നിത്യമായ രക്ഷ അവന്‍ വാഗ്ദത്തം ചെയ്തു. അവന്റെ വാഗ്ദത്തം നിയപരമായ ഒരു വാഗ്ദത്തമാണ്. 11 പേര്‍ അതിനെ സ്വീകരിച്ചപ്പോള്‍ ഒരുവന്‍ അതിനെ നിരാകരിച്ചു. നിരാകരിച്ചവന്‍ രക്ഷയ്ക്ക് പുറത്തായി. ഇതാണ് ഇവിടെ സംഭവിച്ചത്.

യൂദായുടെ നാശം അവന്‍ തിരഞ്ഞെടുത്തതാണ്. എല്ലാ ശിഷ്യന്മാര്‍ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. യേശു ആരുടേയും സ്വതന്ത്ര ഇശ്ചാശക്തിയെ തടയുന്നില്ല. “തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു” യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു എന്നു പറയുമ്പോള്‍ അത് നാശത്തിന്നായുള്ള മുന്‍നിയമനം അല്ല. അവന്റെ പ്രവര്‍ത്തി തിരുവെഴുത്തുകളെ നിവര്‍ത്തിച്ചു എന്നു മാത്രമേയുള്ളൂ. അവനില്‍ നിത്യ രക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു.  

ഇവിടെ യേശു പറഞ്ഞ ഒരു ഉപമയുടെ അവസാന വാചകം വളരെ പ്രസക്തമാകുന്നു. “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” മറ്റൊരു വേദഭാഗത്ത് നമ്മള്‍ വായിക്കുന്നതിങ്ങനെയാണ്:  

 

1 യോഹന്നാന്‍ 2: 19 അവർ (അനേകം എതിർക്രിസ്തുക്കൾ) നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

ഈ വാക്യത്തില്‍ യോഹന്നാന്‍ പറയുന്നതു ഇതാണ്: മുമ്പ്, ക്രിസ്തീയ വിശ്വാസികളുടെ കൂട്ടത്തില്‍ ആയിരുന്ന ചിലര്‍ വിശ്വാസത്തെ ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ അവര്‍ എതിര്‍ക്രിസ്തുവിന്റെ ഉപദേശം പ്രചരിപ്പിക്കുന്നു. കാരണം അവര്‍ ഒരിയ്ക്കലും യഥാര്‍ത്ഥ വിശ്വാസികള്‍ ആയിരുന്നില്ല. അവര്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു രക്ഷിക്കപ്പെട്ടവര്‍ ആയിരുന്നില്ല. അവർ രക്ഷിക്കപ്പെട്ടവര്‍ ആയിരുന്നു എങ്കില്‍ വിശ്വാസികളോടൊപ്പം നില്‍ക്കുമായിരുന്നു. അവര്‍ ഗോതമ്പിനിടയിലെ കളകള്‍ ആയിരുന്നു. അവര്‍ നിത്യ രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നില്ല.

യേശുക്രിസ്തുവിന്റെ ക്രൂശീകരത്തിന് ശേഷം ശിഷ്യന്മാര്‍ വിശ്വാസത്തില്‍ പതറിപ്പോയി. യേശുവിനെ പിടിച്ചപ്പോള്‍ തന്നെ അവര്‍ ഓടി പോയി. പത്രൊസ് യേശുവുമായുള്ള ബന്ധത്തെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു. അവര്‍ തിരികെ, തങ്ങളുടെ പഴയ ജോലിയായ മീന്‍ പിടുത്തത്തിലേക്ക് പോയി. എങ്കിലും അവരുടെ രക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ് നഷ്ടമായില്ല. യേശു അവരെ തേടി വന്നു. അവരെ വീണ്ടും അവന്റെ ശിഷ്യത്വത്തില്‍ പുനസ്ഥാപിച്ചു. എന്നാല്‍ യൂദായ്ക്ക് തിരികെ വരുവാനുള്ള മറ്റൊരു അവസരം ലഭിച്ചില്ല. ഇതാണ് യഥാര്‍ത്ഥ രക്ഷാ ഭദ്രത. വിളിക്കപ്പെടുന്നവരുടെയെല്ലാം രക്ഷ ഭദ്രമെന്നല്ല, തിരഞ്ഞെടുക്കപ്പെടുന്നവരുടെ രക്ഷയെ ദൈവം സൂക്ഷിയ്ക്കും എന്നതാണത്. 

യേശു ക്രൂശില്‍ മരിച്ചപ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് മരിക്കുന്നതു എന്നു അവന് വ്യക്തത ഉണ്ടായിരുന്നു. അവന്‍ ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയല്ല, അനേകര്‍ക്ക് വേണ്ടിയാണ് യാഗമായി തീര്‍ന്നത്. പെസഹാ അത്താഴ സമയത്ത്, വീഞ്ഞ് എടുത്തു അവന്‍ ശിഷ്യന്‍മാര്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞതിതാണ്: “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം;” (മത്തായി 26:28). അവന്റെ പാപ പരിഹാരം പരിമിതമായിരുന്നു, അതിന്റെ ശക്തി പരിമിതികള്‍ ഇല്ലാത്തതും ആയിരുന്നു. പിതാവായ ദൈവം നിത്യ രക്ഷയ്ക്കായി തിരഞ്ഞെടുത്ത് നിയമിച്ച എല്ലാവരെയും അവന്‍ രക്ഷിക്കും. അവരെ അവന്‍ കാത്ത് സൂക്ഷിക്കും.

അവന്റെ ക്രൂശീകരണത്തിന് ശേഷം, ശിഷ്യന്മാര്‍ അനുഭവിക്കുവാന്‍ പോകുന്ന കഷ്ടതകളെക്കുറിച്ച് യേശുവിന് അറിയാമായിരുന്നു. അവര്‍ക്ക് ലോകത്തിന്റെ മൂല്യ വ്യവസ്ഥയോട് ചേര്‍ന്ന് പോകുവാന്‍ കഴിയുക ഇല്ല. യേശുക്രിസ്തു പഠിപ്പിച്ചത്, ലോകത്തിന്‍റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു മൂല്യ വ്യവസ്ഥയാണ്. യേശു ലോകത്തിന്റെയോ, യഹൂദ മതത്തിന്റെയോ, പരമ്പര്യത്തിന്റെയോ മൂല്യ വ്യവസ്ഥകളെ അനുസരിച്ച് ജീവിച്ചില്ല. അവന്റെ മൂല്യങ്ങള്‍ക്ക് അനുസൃതമായി അവന്‍ ന്യായപ്രമാണങ്ങളെ പോലും പുനര്‍ വ്യാഖ്യാനിച്ചു. അതിനാല്‍ യഹൂദ മത മേലദ്ധ്യക്ഷന്മാര്‍ അവനെ എതിര്‍ത്തു. അവര്‍ യേശുവിനെ വെറുത്തു. ഇത് തന്നെയാണ് ഈ ലോകത്തില്‍ ശിഷ്യന്മാരെയും കാത്തിരിക്കുന്ന അനുഭവം. (17:14)

അതുകൊണ്ടു അവര്‍ ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ അവരെ സംരക്ഷിക്കേണം എന്നു യേശു പ്രാര്‍ത്ഥിച്ചു. എന്നാല്‍ അവരെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തുകൊള്ളേണമെന്നോ, അവരെ മറ്റ് ഏതെങ്കിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കേണം എന്നോ അല്ല യേശു പ്രാര്‍ത്ഥിച്ചത്. ദുഷ്ടനായ പിശാചിന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നായിരുന്നു അവന്റെ പ്രാര്‍ത്ഥന. (17:15). വരുവാനിരിക്കുന്ന കൊടിയ പീഡനകാലത്ത്, അവരുടെ വിശ്വസം നഷ്ടപ്പെടാതെ, അവര്‍ ലോകത്തില്‍ എല്ലായിടവും സുവിശേഷം അറിയിക്കുവാന്‍ തക്കവണ്ണം അവരെ കാത്തുകൊള്ളേണം. ലോകത്തിലെ കഷ്ടതകളില്‍ നിന്നും നമ്മള്‍ രക്ഷപെടും എന്നല്ല യേശു പഠിപ്പിച്ചത്, കഷ്ടതയില്‍ ദൈവം നമ്മെ കാക്കും എന്നാണ് അവന്‍ ഉറപ്പ് നല്കിയത്.

യേശുവിന്റെ അന്ത്യ യാത്രാമൊഴിയുടെ അവസാന വാക്ക് ഇങ്ങനെയായിരുന്നു: ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാന്‍ 16:33). ജയം യുദ്ധത്തില്‍ നിന്നും ഓടിപ്പോയി നേടുന്നതല്ല, അത് പോരാടി, ശത്രുവിനെ തോല്‍പ്പിച്ച് നേടുന്നതാണ്.

യേശു എപ്പോഴും ശിഷ്യന്മാരെ പിതാവായ ദൈവത്തോട് ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. അവന്‍ സ്വന്ത ഹിതപ്രകാരം പ്രവര്‍ത്തിക്കുകയല്ല. പിതാവ് അവനോടു പറയുന്നവ അവന്‍ ചെയ്യുന്നു എന്നു മാത്രം. യോഹന്നാന്‍ 5:19 ല്‍ യേശു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.” 

ശിഷ്യന്മാര്‍ ഈ ലോകത്തിന് ഉള്ളവര്‍ അല്ലാ എങ്കിലും, യേശു അവരെ ലോകത്തിലേക്ക് അയക്കുകയാണ്. ഇത് പിതാവ് യേശുവിനെ ലോകത്തിലേക്ക് അയച്ചതു പോലെയാണ്. ദൈവരാജ്യം പുനസ്ഥാപിക്കുവാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ തുടര്‍ച്ചയാണിത്. അതിനാല്‍ അവര്‍, ദൈവത്തിന്റെ സത്യ വചനത്താല്‍  വിശുദ്ധീകരിക്കപ്പെടേണം. വിശുദ്ധീകരണം അവര്‍ പ്രവര്‍ത്തികളാല്‍ നേടിയതല്ല, അത് യേശുക്രിസ്തുവിന്റെ വിശുദ്ധീകരണത്താല്‍ ലഭിച്ചതാണ്. അത് ദൈവത്തിന്റെയും യേശുവിന്റെയും ദാനമാണ്. അതാണ് യേശു പറഞ്ഞത്: “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. (17: 17, 18, 19).

ഒരു ക്രിസ്തീയ വിശ്വാസിക്ക് ആഗ്രഹിക്കുവാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു അവസ്ഥയാണ് വിശുദ്ധീകരണം. അത് ലോകത്തില്‍ നിന്ന് വ്യത്യസ്തര്‍ ആയിരിക്കുന്നത് മാത്രമല്ല. പരീശന്മാരെപ്പോലെ പ്രവര്‍ത്തികളില്‍ ഉള്ള വ്യത്യാസമോ, മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളാല്‍ ഉള്ള വേര്‍പാടൊ അല്ല. ലോക കാര്യങ്ങളില്‍ നിന്നും വേറിട്ട്, ഏകാന്തതയില്‍ ജീവിക്കുന്നതും അല്ല. ദൈവത്തിന്റെ വിശുദ്ധീകരണം മനുഷ്യര്‍ പ്രാപിക്കുമ്പോഴും, അവര്‍ ഈ ലോകത്തില്‍, ലോക കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് തന്നെ ജീവിക്കുന്നു. എന്നാല്‍ അവര്‍ ദൈവത്തിന്റെ വിശുദ്ധിക്ക് ഒത്തവണ്ണമുള്ള ഒരു വിശുദ്ധ ജീവിതം നയിക്കുന്നു. ഇത് ദൈവ വചനം എന്ന സത്യത്താല്‍ ജീവിക്കുന്നതാണ്.

ഈ ലോകത്തില്‍ ആയിരിക്കെ, എങ്ങനെ വിശുദ്ധ ജീവിതം നയിക്കാം എന്നതിന്റെ ഏറ്റവും നല്ല മാതൃക നമ്മളുടെ കര്‍ത്താവായ യേശുക്രിസ്തു ആണ്. അവന്‍ പാപികളോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. അവന്‍ കുഷ്ഠ രോഗികളെ തൊട്ട് സൌഖ്യമാക്കി. മത ന്യായപ്രമാണ പ്രകാരം അശുദ്ധയായ രക്ത സ്രാവക്കാരത്തി സ്ത്രീ അവന്റെ വസ്ത്രത്തില്‍ തൊട്ടു. ജാതീയനായ ഒരു റോമന്‍ സൈന്യാധിപന്റെ ദാസനെ അവന്‍ സൌഖ്യമാക്കി. കനാന്യ വംശത്തില്‍ പെട്ട ഒരു സ്ത്രീയുടെ മകളെ ഭൂതബാധയില്‍ നിന്നും വിടുവിച്ചു. മുമ്പ് പാപിനിയായിരുന്ന ഒരു സ്ത്രീ തലമുടികൊണ്ടു അവന്റെ കാല്‍ തുടെച്ചു ചുംബിച്ചു തൈലം പൂശി. (ലൂക്കോസ് 7: 38). പക്ഷേ ഇതൊന്നും അവനെ അശുദ്ധമാക്കിയില്ല. അവന്‍ പാപമില്ലാത്ത, ഊനമില്ലാത്ത ദൈവത്തിന്റെ കുഞ്ഞാടായിരുന്നു.

വിശുദ്ധി പാപത്തില്‍ നിന്നുള്ള വേര്‍പാട് ആണ്. വിശുദ്ധി യേശുക്രിസ്തുവില്‍ നിന്നും നമുക്ക് ലഭിക്കുന്നതാണ്. അത് അവന്റെ വിശുദ്ധി നമ്മളില്‍ പകരുന്നതാണ്. ക്രിസ്തുവിലുള്ള ഉള്ള വിശ്വാസം മൂലം, ദൈവ വചനത്താല്‍ നമ്മള്‍ വിശുദ്ധീകരിക്കപ്പെടുകയാണ്. അതൊരു തുടര്‍ പ്രക്രിയ ആണ്. അത് പരിശുദ്ധാത്മാവിന്റെ നമ്മളുടെ ജീവിതത്തിലുള്ള പ്രവര്‍ത്തന ഫലമാണ്.

എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു (17: 20-26)

യോഹന്നാന്‍ 17: 20-26 വരെയുള്ള വാക്യങ്ങള്‍ ആണ്, മഹാപുരോഹിത പ്രാര്‍ത്ഥനയുടെ മൂന്നാം ഭാഗം. ഇത് എല്ലാ വിശ്വാസികള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. വിശ്വാസികളില്‍ എന്നതില്‍, അപ്പോള്‍ യേശുവിന്റെ കൂടെ നിന്നിരുന്ന 11 ശിഷ്യന്മാരും, യേശുവില്‍ വിശ്വസിച്ച് അവനെ അനുഗമിച്ചിരുന്നവരും, ഭാവിയില്‍ അവരുടെ സാക്ഷ്യം കേട്ടു വിശ്വസിക്കുന്ന എല്ലാവരും ഉള്‍പ്പെടുന്നു. “ ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” എന്നാണ് യേശു പ്രാര്‍ത്ഥിച്ചത്. (17: 20)

യഥാര്‍ത്ഥത്തില്‍ യേശുവില്‍ വിശ്വസിക്കുന്നവരെ വിശ്വാസികള്‍ ആയിട്ടല്ല യേശു കാണുന്നത്. അവര്‍ എല്ലാവരും യേശുവിന്റെ ശിഷ്യന്മാര്‍ ആണ്. അതാണ് യേശു നമുക്ക് നല്കിയ ശ്രേഷ്ഠമായ കല്‍പ്പന.

 

മത്തായി 28: 19, 20

19   ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും

20  ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

ഇങ്ങനെ ചേര്‍ക്കപ്പെടുന്ന ശിഷ്യന്മാരുടെ സാക്ഷ്യത്തിലൂടെയാണ് ദൈവരാജ്യം പണിയപ്പെടുന്നത്. സാക്ഷ്യം അവരുടെ വാക്കുകള്‍ അല്ല, അവരുടെ ജീവിതമാണ്. യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാര്‍, വാക്കുകളിലൂടെയും, പ്രവര്‍ത്തികളിലൂടെയും, ജീവിത രീതികളിലൂടെയും ആണ് ഉപദേശങ്ങള്‍ പഠിപ്പിച്ചിരുന്നത്. യേശുവും നമ്മളെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിച്ചത് ജീവിതം കൊണ്ടാണ്. ഇങ്ങനെ വേണം നമ്മള്‍ യേശു പറഞ്ഞ വാക്കുകളെ മനസ്സിലാക്കുവാന്‍. നമ്മളുടെ സാക്ഷ്യം നമ്മളുടെ ജീവിതമാണ്.

ഈ ഭാഗത്തും യേശു വിശ്വാസികളുടെ ഐക്യതയെക്കുറിച്ച് വളരെയധികം പറയുന്നുണ്ട്. അവനില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും ഒന്നായിരിക്കേണം എന്നും അത് പിതാവ് പുത്രനിലും പുത്രന്‍ പിതാവിലും ആയിരിക്കുന്നതുപോലെ, വിശ്വാസികള്‍ പിതാവിലും പുത്രനിലും ഒന്നായിരിക്കേണം എന്നും യേശു പ്രാര്‍ത്ഥിച്ചു. (17:21). യേശുവും പിതാവായ ദൈവവും നിത്യമായി ഒന്നായിരിക്കുന്നു. അവരില്‍ ആയിരിക്കുന്ന വിശ്വാസികള്‍ അവരെപ്പോലെ ഒന്നായിത്തീരും. ഈ ആത്മീയ മര്‍മ്മം ത്രിത്വ വിശ്വാസത്തിന്റെ അടിസ്ഥാനം കൂടിയാണ്.

ഐക്യത എന്നതും ഏകത എന്നതും ഒന്നല്ല. ഐക്യത ഒന്നായിരിക്കുന്ന അവസ്ഥയാണ്. ഏകത ഒരുപോലെ ആയിരിക്കുന്ന അവസ്ഥയും. യേശു അവനില്‍ വിശ്വസിക്കുന്നവര്‍ ഏകതയുള്ളവര്‍ ആയിരിക്കേണം എന്നു പറയുന്നില്ല. അവര്‍ ഐക്യതയുള്ളവര്‍ ആയിരിക്കേണം എന്നാണ് പറയുന്നതു. യേശുവിന്റെ ശിഷ്യന്മാരില്‍ ഒരുവനായ ശീമോന്‍ എരിവുകാര്‍ എന്നു അറിയപ്പെട്ടിരുന്ന മത തീവ്രവാദികള്‍ ആയിരുന്നു. അവര്‍ റോമാക്കാരെയും അവരെ സഹായിച്ചിരുന്നവരെയും എതിര്‍ത്തു. എന്നാല്‍ ശിഷ്യന്മാരില്‍ ഒരുവന്‍, റോമാക്കാര്‍ക്കുവേണ്ടി നികുതി പിരിച്ചിരുന്ന മത്തായി ആയിരുന്നു. പത്രൊസും യാക്കോബും, യോഹന്നാനും ഒരേ സ്വഭാവക്കാര്‍ ആയിരുന്നില്ല. എന്നാല്‍ എല്ലാവരും ക്രിസ്തുവില്‍ ഐക്യതയില്‍ ആയിരുന്നു.

ഒരേപോലെ വസ്ത്രം ധരിക്കുകയും, സംസാരിക്കുകയും, ഒരേ ഭക്ഷണം കഴിക്കുകയും, എല്ലാം ഒരേപോലെ ചെയ്യുന്നതുമാണ് ഏകത. ഏകത ബാഹ്യമായ പ്രകടനങ്ങള്‍ ആണ്. ഇത് ഐക്യത അല്ല. വ്യത്യസ്തതയില്‍ ആണ് ഐക്യത ഉണ്ടാകുന്നത്. ഏകത മാനുഷികമാണ്. ഐക്യത ദൈവീകമാണ്. ഏകതയില്‍ ഐക്യത ഉണ്ടാകുകയില്ല. ഐക്യതയില്‍ മാത്രമേ ദൈവ സാന്നിധ്യം ഉണ്ടാകൂ.

23 ആം വാക്യത്തിലും ഐക്യതയുടെ ഇതേ ആശയം തുടരുന്നു. പിതാവ് പുത്രനെ സ്നേഹിക്കുന്നതുപോലെ നമ്മളെയും സ്നേഹിക്കുന്നു. ഈ സ്നേഹം നമ്മള്‍ ഐക്യതയില്‍ തികഞ്ഞവരായിരിക്കുന്നതിലൂടെ ലോകം അറിയേണം. (17:23). അതിനാല്‍ യേശുക്രിസ്തു അവന്റെ മഹത്വം നമ്മളുമായി പങ്കിടുന്നു. “നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു;” (17:22). ഈ മഹത്വം നമ്മളെ ദൈവത്തില്‍ ഒന്നാക്കുന്നു.

യെശയ്യാവു 42:8 ല്‍ ദൈവം തന്റെ മഹത്വം മറ്റ് ദേവന്മാരുമായി പങ്കുവെക്കില്ല എന്നു നമ്മള്‍ വായിക്കുന്നുണ്ട്. വാക്യം ഇങ്ങനെയാണ്: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” എന്നാല്‍ മഹാപുരോഹിത പ്രാര്‍ത്ഥനയില്‍ യേശു പറയുന്നതു, “നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു;” എന്നാണ്. (17:22). ഇത് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ അത്ഭുതവും അതിശയകരവുമായ സ്ഥാനമാണ്. യോഹന്നാന്‍ 17: 5, 22, 24 വാക്യങ്ങള്‍ യേശുക്രിസ്തുവിന്റെ ദൈവീകത്വത്തിന്റെ തെളിവുകള്‍ ആണ്. ലോകാരംഭത്തിനും മുമ്പേ അവന്‍ പിതാവിന്റെ മഹത്വത്തില്‍ ആയിരുന്നു. പിതാവിന്റെ മഹത്വം അവന്റെ മഹത്വം ആയിരുന്നു. കാരണം പിതാവും പുത്രനും ഒന്നായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ ആരംഭ വാചകം ഇതാണ്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.” (യോഹന്നാന്‍ 1: 1, 2)

പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനെ സ്നേഹിച്ചതുപോലെ നമ്മളെയും സ്നേഹിക്കുന്നു എന്നത് വളരെ ആശ്വാസം നല്‍കുന്ന വെളിപ്പാടു ആണ്. അത് യേശു നമ്മളില്‍ വസിക്കുന്നതിനാല്‍ ആണ്. യേശു മുഖാന്തിരം അല്ലാതെ യാതൊന്നും പിതാവായ ദൈവത്തില്‍ നിന്നും പ്രാപിക്കുവാന്‍ സാധ്യമല്ല.

24 ആം വാക്യത്തില്‍ യേശു മൂന്നു ആത്മീയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്നു. അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ പിതാവിനോടുകൂടെ ആയിരുന്നു. പിതാവ് ആദിമുതല്‍ അവനെ സ്നേഹിക്കുകയും അവന് മഹത്വം നല്കുകയും ചെയ്തു. യേശുവില്‍ വിശ്വസിക്കുന്നവര്‍ അവന്‍ ഇരിക്കുന്നിടത്ത് എന്നേക്കും വസിക്കും. നമ്മള്‍ പിതാവായാ ദൈവം യേശുവിന് നല്കിയ മഹത്വം നേരില്‍ കാണും. ഇതേ പ്രത്യാശയാണ് അപ്പൊസ്തലനായ പൌലൊസ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തിയത്:

 

ഫിലിപ്പിയര്‍ 1:23 ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.

യേശുക്രിസ്തു ക്രൂശില്‍ ആയിരുന്നപ്പോള്‍, അവന്റെ ഒരു വശത്ത് ക്രൂശിക്കപ്പെട്ടവനായി കിടന്ന ഒരു കള്ളന്‍ മാനസാന്തരപ്പെടുകയും അവന്റെ രാജത്വം അംഗീകരിക്കുകയും ചെയ്തു. അവന്‍ ഇങ്ങനെ വിളിച്ച് പറഞ്ഞു: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ”. അവനോട് യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23: 42, 43). ഈ വാഗ്ദത്തം ക്രൂശിലെ കള്ളനോട് മാത്രമുള്ളതല്ല, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. നമ്മള്‍ എല്ലാവരും യേശുവിനോടു കൂടെ അവന്റെ മഹത്വത്തില്‍ നിത്യമായി വസിക്കും.

25 ആം വാക്യത്തില്‍, “നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.” എന്നു യേശു പ്രാര്‍ത്ഥിക്കുന്നു. ലോകത്തില്‍ ഉള്ളവര്‍  യേശുവിനെ അറിയായ്കകൊണ്ടു അവര്‍ക്ക് പിതാവിനെ അറിയുവാനും കഴിയുന്നില്ല. അവര്‍ യേശുവിനെ സ്വീകരിക്കാഞ്ഞതിനാല്‍ ദൈവത്തെയും സ്വീകരിച്ചില്ല. അങ്ങനെ അവര്‍ക്ക് യേശുക്രിസ്തുവുമായും ദൈവവുമായും അടുത്ത ബന്ധം ഇല്ലാതെയായി.

മഹാപുരോഹിത പ്രാര്‍ത്ഥന അവസാനിക്കുന്നതിങ്ങനെയാണ്: നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (17:26). ഇവിടെ ദൈവത്തെക്കുറിച്ചുള്ള വെളിപ്പാടുകളുടെ തുടര്‍ച്ച നമ്മള്‍ കാണുന്നു. യേശു ദൈവത്തെ ഇനിയും തുടര്‍ച്ചയായി, നിത്യതയോളം വെളിപ്പെടുത്തിക്കൊണ്ടിരിക്കും. ദൈവത്തെക്കുറിച്ചുള്ള വെളിപ്പാടു അനന്തവും നിത്യവുമാണ്. ഇതിനാല്‍ ദൈവീക സ്നേഹം, ക്രിസ്തുവില്‍ ആയിരിക്കുന്നവരില്‍ നിത്യമായി വസിക്കും. ക്രിസ്തു നമ്മളില്‍ നിത്യമായി വസിക്കും.

ഉപസംഹാരം

യേശുക്രിസ്തുവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. മഹാപുരോഹിത പ്രാര്‍ത്ഥന, അവന്റെ ശിഷ്യന്മാര്‍ കേള്‍ക്കേണം എന്നു കരുതി ഉറക്കെ പറഞ്ഞ ഒരു പ്രാര്‍ത്ഥനയാണ്. അതിനാല്‍ ഇത് ശിഷ്യന്മാരെ ഏറെ ആശ്വസിപ്പിച്ചുകാണും. ഇന്ന് ഈ വേദഭാഗം നമ്മളെയും പ്രത്യാശയാല്‍ നിറയ്ക്കുന്നു.

ഇതില്‍ യേശുക്രിസ്തു, ദൈവ സ്നേഹം, രക്ഷയ്ക്കായുള്ള ദൈവീക തിരഞ്ഞെടുപ്പ്, രക്ഷാ ഭദ്രത, വിശ്വാസികളുടെ ഐക്യത, നമ്മളുടെ ഭാവി പ്രത്യാശ എന്നിവയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. യേശു ദൈവമാണ് എന്നു യോഹന്നാന്‍ സമര്‍ത്ഥിക്കുന്നതും ഇവിടെ കാണാം. നമ്മളുടെ ഈ ഭൂമിയിലെ ദൌത്യത്തെയും നമുക്ക് ആവശ്യമായ വിശുദ്ധീകരണത്തെയും കര്‍ത്താവ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്‍ 17: 13 ല്‍ യേശു പറഞ്ഞതുപോലെ,എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.”




No comments:

Post a Comment