സഭ ദൃശ്യമോ മാര്‍മ്മികമോ?

 ക്രിസ്തീയ സഭയെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാഴ്ചപ്പാട് ആണ്, സഭ കാണപ്പെടുന്നതാണ് എന്നും അത് കാണപ്പെടാത്തതാണ് എന്നുമുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സഭയെക്കുറിച്ച് ദൃശ്യമായത് എന്നും അദൃശ്യമായതും മാര്‍മ്മികമായതും എന്നും ഉള്ള രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട്. വേദപുസ്തകത്തില്‍ ഒരിടത്തുപോലും ദൃശ്യമായ സഭഅദൃശ്യമായ സഭ എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ രക്ഷയേക്കുറിച്ചും തുടര്‍ന്നുള്ള വിശുദ്ധ ജീവിതത്തെക്കുറിച്ചും പഠിക്കുമ്പോള്‍, എന്താണ് സഭ എന്നൊരു ചോദ്യം ഉയര്‍ന്നു വരാറുണ്ട്. അതിനാല്‍ എന്താണ് ക്രിസ്തുവിന്റെ സത്യ സഭ എന്നും അത് ദൃശ്യമായതാണോ അതോ മാര്‍മ്മികമാണോ എന്നും അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. നമ്മള്‍ എവിടെയാണ് എന്നു സ്വയം പരിശോധിക്കുവാന്‍ ഇത് സഹായമാകും.   


പ്രാദേശിക സഭ
, സര്‍വ്വലൌകീക സഭ

സഭയെക്കുറിച്ചുള്ള മറ്റൊരു കാഴ്ചപ്പാട് ആണ്, പ്രാദേശിക സഭ, സര്‍വ്വലൌകീക സഭ എന്നത് (local and universal church). ഇതിന് ദൃശ്യമായ സഭ, അദൃശ്യമായ സഭ എന്നതിനോട് സാമ്യം തോന്നാം എങ്കിലും, ഇവ തമ്മില്‍ വ്യത്യാസം ഉണ്ട്.

 

·         പ്രാദേശിക സഭ ഒരു പ്രത്യേക പ്രദേശത്ത്, ഒരു കെട്ടിടത്തില്‍ കൂടിവരുന്ന ജനമാണ്. ഒരു പ്രദേശത്ത് കൂടിവരുന്ന വിശ്വാസികളുടെ കൂട്ടായ്മയെ സഭ എന്നു പുതിയനിയമത്തില്‍ വിളിക്കുന്നുണ്ട്.

·         സര്‍വ്വലൌകീക സഭയില്‍ ലോകത്ത് എല്ലായിടത്തും ഉള്ള എല്ലാ പ്രാദേശിക സഭകളും അതിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടും.

ഈ വിഭജനത്തെക്കുറിച്ചല്ല നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്. ഇവിടെ നമ്മള്‍ ദൃശ്യമായ സഭ, മാര്‍മ്മികമായതും അദൃശ്യമായതുമായ സഭ എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

എക്ലെസിയ (Gk.)

സഭ എന്ന വാക്കിന്റെ ഉല്‍ഭവവും അര്‍ത്ഥവും മനസ്സിലാക്കികൊണ്ടു നമുക്ക് ഈ പഠനം ആരംഭിക്കാം. സഭ എന്ന് പറയുവാന്‍ വേദപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു വാക്ക് “എക്ലെസിയ” എന്നതാണ് (ekklēsia). ഈ വാക്കിന്റെ അര്‍ത്ഥം വിളിക്കപ്പെട്ടവരുടെ കൂട്ടം എന്നാണ്. അത്, ഗ്രീക്കു ഭാഷയില്‍, വിളിച്ച് ചേര്‍ക്കപ്പെട്ട പ്രഭുക്കന്‍മാരുടെയോ, സൈന്യത്തിന്റെയോ, ജനങ്ങളുടെയോ കൂട്ടം ആകാം. അവരെ വിളിച്ച് ചേര്‍ക്കുന്നതിന്റെ ഉദ്ദേശ്യം നിയനിര്‍മ്മാണമോ, യുദ്ധത്തിന്നായുള്ള തയ്യാറെടുപ്പോ, എണ്ണം എടുക്കുന്നതോ ആകാം. ഇതൊരു രാക്ഷ്ട്രത്തെ സംബന്ധിക്കുന്ന കൂടിവരവാണ്.  

പഴയനിയമത്തിലെ “ക്വഹാല്‍” എന്ന എബ്രായ പദത്തെയാണ്, അതിന്റെ ഗ്രീക്കിലേക്കുള്ള സെപ്റ്റാജിന്‍റ് പരിഭാഷയില്‍ “എക്ലെസ്സിയ” എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത് (qahal). യിസ്രായേല്‍ ജനത്തിന്റെ കൂടിവരവിനെയാണ് “ക്വഹാല്‍” എന്നു വിളിച്ചത്(യോശുവ 22:12, ന്യായാധിപന്മാര്‍ 20:1). ഇതില്‍ ചില ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയിട്ടുണ്ട്.


·      യിസ്രായേല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആയിരുന്നു.

·      അവര്‍ യഹോവയായ ദൈവത്തിന്റെ നാമത്തില്‍ ആണ് കൂടിവന്നത്.

·      അവര്‍ യുദ്ധം ചെയ്യുവാനോ, ആരാധിക്കുവാനോ, ദൈവ ശബ്ദം കേള്‍ക്കുവാനോ ആണ്      ഒരുമിച്ച് കൂടിയത്. 

·      അവരുടെ കൂടിവരവിനെയാണ് “ക്വഹാല്‍”  അഥവാ സഭ എന്നു വിളിച്ചത്.

 

ചര്‍ച്ച് എന്ന ഇംഗ്ലീഷ് വാക്ക് കിര്‍കെ എന്ന ആംഗ്ലോ സാക്സണ്‍ പദത്തില്‍ ഉണ്ടായതാണ് എന്നു ചില ഭാഷ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാക്ക്, ലാറ്റിന്‍ പദമായ സിര്‍കസ്”, ഗ്രീക്ക് പദമായ കുക്ലോസ്”, എന്നീ വാക്കുകളോട് ബന്ധപ്പെട്ടിരിക്കുന്നു. “കുക്ലോസ്” എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം “വൃത്തം” എന്നാണ്. “സിര്‍കസ്” ആണ് ഇംഗ്ലീഷില്‍ “സര്‍ക്കസ്” ആയത്. സര്‍ക്കസില്‍ കാഴ്ചക്കാര്‍ വൃത്താകൃതിയില്‍ ആണല്ലോ ഇരിക്കുന്നത്.  (kirke, circus, kuklos). ആരാധനയ്ക്കായി ജനങ്ങള്‍ വൃത്താകൃതിയില്‍ ഇരുന്നതിനാല്‍ ആകാം അതിനെ പിന്നീട് ചര്‍ച്ച് എന്നു വിളിച്ചത്.

എന്നാല്‍ പഴയ ഇംഗ്ലീഷിലെ “സിറിസെ” എന്ന വാക്കിനാണ് ഇപ്പോഴത്തെ ഇംഗ്ലീഷിലെ “ചര്‍ച്ച്” (church) എന്ന പദത്തിനോടു കൂടുതല്‍ സാമ്യം. ഈ വാക്ക് പശ്ചിമ ജെര്‍മാനിക് ഭാഷയില്‍ “കിറിക” എന്നാണ്. ഈ വാക്ക് ഗ്രീക്കിലെ “കുറിയാകെ”, “കുരിഓസ്” എന്നീ പദങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ്. (church, cirice, kirika, kuriakē, kurios). ഈ വാക്കിന്റെ അര്‍ത്ഥം, ഭരണാധികാരിയുടേത്, പ്രഭുവിന്റേത്, കര്‍ത്താവിന്റേത് എന്നിങ്ങനെയാണ്. ഇത് രാജ്യത്തെ രാജാക്കന്മാരുടെ പേരില്‍ ജനങ്ങളോ, പ്രഭുക്കന്മാരോ, സൈന്യമോ കൂടിവരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗ്രീക്കിലെ “എക്ലെസിയ” എന്ന വാക്കും ചക്രവര്‍ത്തിയുടെ പേരിലുള്ള കൂടിവരവാണ്. അതായത്, “എക്ലെസിയ” “ചര്‍ച്ച്” എന്നീ വാക്കുകള്‍, കര്‍ത്താവിന്റെ കൂടിവരവ്, അല്ലെങ്കില്‍ ദൈവത്തിന്റെ കൂടിവരവ് എന്ന അര്‍ത്ഥത്തില്‍ ആയിരിക്കാം വേദപുസ്തകത്തില്‍ ഉപയോഗിച്ചത്.

4 ആം നൂറ്റാണ്ടില്‍, ക്രിസ്തീയ കൂടിവരവുകളെ “കുറിയാകോണ്‍” (kuriakon) എന്നു ഗ്രീക്കില്‍ വിളിച്ചിരുന്നു. ഇതിന്റെ അര്‍ത്ഥം, കര്‍ത്താവിന്റേത് എന്നായിരുന്നു. എന്നാല്‍ “എക്ലെസിയ”, “ബസിലിക്കെ” എന്നീ ഗ്രീക്ക് വാക്കുകള്‍ അന്ന് കൂടുതല്‍ പ്രചാരത്തില്‍ ആയിരുന്നു. “ബസിലിക്കെ” എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് “ബസലിക്ക” എന്ന ലാറ്റിന്‍ പദം ഉണ്ടായത്. (basilikē - basilica). “ബസലിക്ക” എന്നതിന്റെ അര്‍ത്ഥം രാജകീയം, രാജാവിനെ സംബന്ധിച്ചത് എന്നായിരുന്നു. അത് ജനങ്ങള്‍ കൂടിവരുന്ന, മേല്‍ക്കൂര ഉള്ള, ഒരു തുറന്ന കെട്ടിടം ആയിരുന്നു. ഇവിടെയാണ് നിയമപരമായ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്തിരുന്നത്. കോടതി കൂടിയിരുന്നതും ഇവിടെയാണ്. വ്യാപാര ഇടപാടുകളും ഇവിടെവച്ച് നടത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കാണാമായിരുന്നു. അത് റോമന്‍ സാമ്രാജ്യത്തിന്റെ സാന്നിധ്യത്തെയും അധികാരത്തെയും പ്രതിനിധീകരിച്ചു.

ദൃശ്യവും അദൃശ്യവും

കാണപ്പെടുന്ന സഭയെക്കുറിച്ച് ആദ്യമായി എഴുതിയത്, 107 AD യില്‍ അന്ത്യോക്യായിലെ സെന്‍റ് ഇഗ്നേഷിയസ് ആണ്.  അദ്ദേഹമാണ് ആദ്യമായി “കാതോലികം” എന്ന വാക്ക്കൊണ്ട് സഭയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം എഴുതിയതിങ്ങനെയാണ്: “യേശുക്രിസ്തു എവിടെയുണ്ടോ അവിടെ കാതോലിക്കാ സഭയുണ്ട് എന്നതുപോലെ, ബിഷപ്പ് എവിടെയുണ്ടോ അവിടെ ജനങ്ങളും ഉണ്ടായിരിക്കട്ടെ. (St. Ignatius of Antioch, also known as Ignatius Theophorus - died c. 110 AD).

ഇഗ്നേഷിയസിന്‍റെ അഭിപ്രായത്തില്‍ കാണപ്പെടുന്ന സഭ ബിഷപ്പിലും, അന്ത്യ അത്താഴ ശുശ്രൂഷയിലും കേന്ദ്രീകൃതമാണ്. സഭാ പിതാക്കന്മാര്‍ ആയ ഐറേനിയസ്, സൈപ്രിയന്‍ എന്നിവരെ പോലെയുള്ളവര്‍ കാണപ്പെടുന്ന സഭയ്ക്ക് വളരെ പ്രാധാന്യം നല്കി. (Irenaeus, Cyprian). അന്ന് ഉയര്‍ന്നു വന്ന വിരുദ്ധ ഉപദേശങ്ങളെ ഘണ്ഡിക്കുവാന്‍, അവര്‍ മുന്നോട്ട് വച്ച ഉപദേശങ്ങള്‍ ഇതെല്ലാം ആണ്:

 

1.        ദൃശ്യമായ സഭയും അദൃശ്യമായ സഭയും തമ്മില്‍ വ്യത്യാസമില്ല

2.      ക്രിസ്തു സ്ഥാപിച്ച സഭ ഇപ്പോള്‍ ഈ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും, മരിച്ചവരുടെ                 ആത്മാക്കളുടെ ശുദ്ധീകരണ സ്ഥലമായ പരിദീസയിലും കാണപ്പെടുന്നു.

3.      ദൃശ്യമായ സഭയും അദൃശ്യമായ സഭയും ഒന്നാണ്.

4.      അത് പരിശുദ്ധവും, കാതോലികവും അപ്പോസ്തോലികവും ആണ്. അതിനെ നമുക്ക്         കാണുവാന്‍ കഴിയില്ല.

5.      ഭൂമില്‍ ഇപ്പോള്‍ കാണപ്പെടുന്ന സഭയുടെ ആത്മീയ അനുഗ്രഹങ്ങളും നമുക് ദൃശ്യമല്ല.


ഇതെല്ലാം ആയിരുന്നു കാണപ്പെടുന്ന സഭയും അദൃശ്യമായ സഭയും ഒന്നാണ് എന്നു വിശ്വസിക്കുന്നവരുടെ വാദങ്ങള്‍.

എന്നാല്‍ തുടര്‍ന്നുള്ള കാലങ്ങളില്‍, സഭയെക്കുറിച്ച് രണ്ടു കാഴപ്പാടുകള്‍ ക്രിസ്തീയ ഗോളത്തില്‍ ഉയര്‍ന്നു വന്നു. അത് ദൃശ്യമായ സഭയും അദൃശ്യമായ സഭയും രണ്ടാണ് എന്നതാണ്. ഒന്നു കാണപ്പെടുന്ന സഭയും മറ്റൊന്നു മാര്‍മ്മികമായ കാണപ്പെടാത്ത സഭയും ആണ്.

ഈ ഭൂമിയില്‍ ഇന്ന് നമ്മള്‍ കാണുന്ന ക്രിസ്തീയ സഭ സത്യ സഭയാണോ? സംഘടനാ രൂപത്തില്‍ ഇന്ന് ഭൂമിയില്‍ കാണുന്ന ക്രിസ്തീയ സഭയില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാവരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമാണോ? ഇതാണ് നമ്മള്‍ ഇനി തുടര്‍ന്നു ചിന്തിക്കുവാന്‍ പോകുന്നത്.

ദൃശ്യമായ സഭ

കാണപ്പെടുന്ന സഭ എന്ന കാഴ്ചപ്പാട് 4 ആം നൂറ്റാണ്ടു മുതലാണ് ദൈവ ശാസ്ത്രജ്ഞന്‍മാരുടെ ഇടയില്‍ ചര്‍ച്ച ചെയ്യുവാന്‍ തടങ്ങിയത്. അന്ന് അത് പള്ളി കെട്ടിടത്തെയല്ല, ഒരു സഭാ വിഭാഗത്തില്‍ അംഗങ്ങള്‍ ആയിരുന്നവരെയാണ് സൂചിപ്പിച്ചിരുന്നത്.

ക്രിസ്തീയ വിശ്വാസികള്‍ എന്നു സ്വയം ഏറ്റുപറയുന്നവരുടെ കൂട്ടവും അതിന്റെ പ്രത്യക്ഷമായ അടയാളങ്ങളും പ്രകടനവും ആണ് ദൃശ്യമായ സഭ. അതില്‍ സഭാ വിഭാഗങ്ങള്‍ ഉണ്ട്, കെട്ടിടങ്ങളും, നേതൃത്വവും ഉണ്ട്. അതിനെ നയിക്കുവാന്‍ പുരോഹിതന്മാരും പാസ്റ്റര്‍മാരും, മൂപ്പന്മാരും ഉണ്ട്. പ്രസംഗം, കൂദാശ, ഗായക സംഘം, ശുശ്രൂഷകള്‍, സ്നാനം എന്നിങ്ങനെയുള്ള ആചാരങ്ങളും ഉണ്ട്. അതെല്ലാം, സകല മനുഷ്യര്‍ക്കും കാണാവുന്നതാണ്.

ഒരു വ്യക്തി ഒരു സഭാ വിഭാഗത്തിന്റെ പേര് എടുത്ത് പറയുമ്പോള്‍, അദ്ദേഹം ദൃശ്യമായ സഭയെക്കുറിച്ചാണ് പറയുന്നത്. ഒരു സഭാ വിഭാഗത്തില്‍ അംഗമായിരിക്കുന്നു എന്നതാണ് ദൃശ്യമായ സഭയുടെ ഭാഗമാകുവാനുള്ള എളുപ്പ വഴി.

ഓഗ്സ്ബര്‍ഗ് ഏറ്റുപറച്ചില്‍

നവീകരണ മുന്നേറ്റ കാലത്ത്, പടിഞ്ഞാറന്‍ റോമിന്റെ ചക്രവര്‍ത്തിയായിരുന്ന ചാള്‍സ് അഞ്ചാമന്‍, 1530 ല്‍, ജര്‍മ്മനിയിലെ ഒഗ്സ്ബര്‍ഗ് എന്ന സ്ഥലത്തു ഒരു ആലോചനാ യോഗം വിളിച്ച് ചേര്‍ത്തു.  ഇതില്‍, മര്‍ട്ടിന്‍ ലൂതറിന്റെ വിശ്വസ്തനായിരുന്ന ഫിലിപ്പ് മെലാഞ്ച്ത്തൊന്‍ എന്ന ജര്‍മ്മന്‍ പ്രഭുവും മറ്റ് ആറ് പ്രഭുക്കന്മാരും രണ്ടു പ്രവിശ്യാ പ്രതിനിധികളും ചേര്‍ന്ന് അവതരിപ്പിച്ച വിശ്വാസ പ്രഖ്യാപനമാണ്, “ഓഗ്സ്ബര്‍ഗ് ഏറ്റുപറച്ചില്‍”. (Charles V, Diet of Augsburg, Philipp Melanchthon, Augsburg Confession).

ഓഗ്സ്ബര്‍ഗ് ഏറ്റുപറച്ചില്‍, നവീകരണ മുന്നേറ്റത്തിലെ ഒരു പ്രധാന ചരിത്ര രേഖയാണ്. 1530 ജൂണ്‍ 25 ആം തീയതിയാണ് ഈ വിശ്വാസ പ്രഖ്യാപനം നടത്തിയത്. ഇതില്‍, സുവിശേഷം നിര്‍മ്മലമായി പഠിപ്പിക്കുകയും ആത്മീയ ശുശ്രൂഷകള്‍ ശരിയായി അനുഷ്ടിക്കപ്പെടുകയും ചെയ്യുന്ന വിശ്വാസികളുടെ കൂട്ടമാണ് ദൃശ്യമായ സഭ, എന്നു നിര്‍വചിക്കുന്നുണ്ട്.

റോമന്‍ കത്തോലിക്ക സഭയുടെ വിശ്വാസമനുസരിച്ച് ദൃശ്യമായ സഭയും അദൃശ്യമായ സഭയും ഒന്നാണ്. ദൃശ്യമായ സഭയാണ്  യഥാര്‍ത്ഥ ക്രിസ്തീയ സഭ. ക്രിസ്തു രൂപീകരിച്ച സമൂഹമാണ് ഇന്ന് ലോകത്തിലുള്ള കാണപ്പെടുന്ന ഏക സഭ. അത് റോമിലെ മാര്‍പ്പാപ്പായുടെ അധികാരത്തിന്‍ കീഴിലുള്ള കത്തോലിക്കാ സഭയാണ്. എന്നാല്‍ 20 ആം നൂറ്റാണ്ടില്‍ ഈ കാഴ്ചാപാടുകള്‍ക്ക് ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഭ ക്രിസ്തുവിന്റെ മാര്‍മ്മികമായ ശരീരത്തിന്റെ ഭാഗമാണ് എന്നു ഇന്ന് അവര്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥ സഭ കത്തോലിക്ക സഭയാണ് എന്നാ കാഴ്ചപ്പാടിന് വ്യത്യാസം വന്നിട്ടില്ല.  

 അദൃശ്യമായ സഭ

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നോവാഷിയണ്‍ എന്ന വേദ പണ്ഡിതന്റെ അഭിപ്രായത്തില്‍, സഭ വിശുദ്ധന്മാരുടെ കൂട്ടമാണ്, എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ അതില്‍ ചേരണമെന്നില്ല. (Novatian - 200–258).

പൌരസ്ത്യ ഓര്‍ത്തഡോക്സ് ദൈവ ശാസ്ത്രജ്ഞന്‍ ആയ വ്ലാഡിമിര്‍ ലോസ്സ്കി സഭയെ, കാണപ്പെടുന്നതും കാണപ്പെടാത്തതും എന്ന് രണ്ടായി തിരിക്കാവുന്നതാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കാണപ്പെടാത്തത് സ്വര്‍ഗ്ഗീയമായ സഭയാണ്. അതാണ് യഥാര്‍ത്ഥവും പൂര്‍ണ്ണവുമായ സഭ. ഭൂമിയില്‍ കാണപ്പെടുന്ന സഭ അപൂര്‍ണ്ണവും ആപേക്ഷികവുമാണ് എന്നും അദ്ദേഹം പറഞ്ഞു. (Vladimir Nikolaievich Lossky – 8 ജൂണ്‍ 1903 – 7 ഫെബ്രുവരി 1958).

അദൃശ്യമായ സഭ എന്ന ആത്മീയ മര്‍മ്മം വിശുദ്ധനായ അഗസ്റ്റീന്‍ രൂപപ്പെടുത്തിയതാണ്. അദ്ദേഹത്തെ ഗ്രീക്കു തത്വ ചിന്തകനായ പ്ലേറ്റോ യുടെ ചിന്തകള്‍ വളരെ സ്വാധീനിച്ചിരുന്നു എന്നു കരുതപ്പെടുന്നു. പ്ലേറ്റോയുടെ അഭിപ്രായ പ്രകാരം, സത്യമായ യാഥാര്‍ത്ഥ്യം അദൃശ്യമാണ്. കാണപ്പെടുന്നത്ത് കാണപ്പെടാത്തതിനെ പ്രഫലിപ്പിക്കുന്നു എങ്കില്‍, ആ പ്രതിഫലനം അപൂര്‍ണവും ഭാഗികവും ആയിരിയ്ക്കും. എന്നാല്‍ അഗസ്റ്റീന്  അദൃശ്യമായ സഭ എന്ന കാഴ്ചപ്പാട് ഇല്ലായിരുന്നു എന്നു വാദിക്കുന്നവരും ഉണ്ട്.

സെന്‍റ്. അഗസ്റ്റീന്‍, സഭയെ ഒരു മിശ്രിത സമൂഹമായിട്ടാണ് കണ്ടത്. അത് ദൃശ്യമായ സമൂഹമാണ്. ഇതില്‍ ഗോതമ്പും കളകളും ഉണ്ടായിരിക്കും. സംശുദ്ധമായ ഒരു സഭ ഈ ഭൂമിയില്‍ സാധ്യമല്ല എന്നു അദ്ദേഹം കരുതി. ക്രിസ്തുവിനെ സ്നേഹിക്കുന്നു എന്നു പറയുകയും ഹൃദയം കൊണ്ട് അവനോടു അകന്നിരിക്കുകയും ചെയ്യുന്നവര്‍ സഭയില്‍ എപ്പോഴും ഉണ്ടാകും.

നവീകരണ മുന്നേറ്റത്തിന്റെ കാലത്താണ് അദൃശ്യമായ സഭ എന്ന ചിന്തയ്ക്ക് പ്രചാരം ലഭിച്ചത്. കത്തോലിക്ക സഭ ദൃശ്യമായ സഭയാണ് എന്നു അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് ജീര്‍ണ്ണിച്ചതായി മാറി. എങ്കിലും അന്നത്തെ കത്തോലിക്ക സഭയ്ക്കുള്ളിലും ദൈവത്തോട് ആത്മ ബന്ധമുള്ളവര്‍ ഉണ്ടായിരുന്നു. കത്തോലിക്ക സഭകള്‍ക്ക് വെളിയിലും രക്ഷിക്കപ്പെട്ട ദൈവജനം ഉണ്ടായിരുന്നു.

നവീകരണ നായകന്‍ ആയിരുന്ന മര്‍ട്ടിന്‍ ലൂഥര്‍, ക്രിസ്തുവിന്റെ സഭ അദൃശ്യമാണ് എന്നു വിശ്വസിച്ചിരുന്നു. സഭയുടെ അധികാരം നമ്മള്‍ കാണുന്നത്, മനുഷ്യര്‍ രൂപപ്പെടുത്തിയ ക്രമീകരണങ്ങളില്‍ അല്ല, തിരുവെഴുത്തിലാണ്. യഥാര്‍ത്ഥ സത്യ സഭ കാണപ്പെടുന്ന സംഘടനകള്‍ അല്ല. സംഘടനകള്‍ ബലഹീനവും പാപ പങ്കിലവും ആണ്. എങ്കിലും, അത് വിശ്വസ്തതയോടെ ആയിരിക്കുന്നിടത്തോളം ദൈവം അതിലൂടെ പ്രവര്‍ത്തിക്കും.

ജോണ്‍ കാല്‍വിന്‍ മാര്‍മ്മികമായ സഭയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: അദൃശ്യമായ സഭ ദൈവ സന്നിധിയില്‍ ഉള്ള സഭയാണ്. കൃപയാല്‍ ദത്തടുക്കപ്പെട്ട ദൈവജനത്തിന് മാത്രമേ ദൈവ സന്നിധിയിലെ സഭയിലേക്ക് പ്രവേശനമുള്ളൂ. അവര്‍ പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു യേശുക്രിസ്തുവിന്റെ അവയവങ്ങള്‍ ആയി മാറിയവര്‍ ആണ്. ദൈവ സഭയില്‍, ലോകാരംഭം മുതല്‍ ജീവിച്ചിരുന്ന, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ഉണ്ടായിരിക്കും.

ജോണ്‍ വിക്ലിഫും തിരഞ്ഞെടുക്കപ്പെട്ടവരും മുന്‍ നിയമിക്കപ്പെട്ടവരുമായ ദൈവജനത്തിന്റെ കൂട്ടമാണ് അദൃശ്യമായ സഭ എന്നു വിശ്വസിച്ചിരുന്നു.

വേദപുസ്തകത്തില്‍ വേര്‍തിരിവ് ഉണ്ടോ? 

യോഹന്നാന്‍റെ സുവിശേഷം 4: 20 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന,  യേശുക്രിസ്തുവും ഒരു ശമര്യ സ്ത്രീയും തമ്മിലുള്ള സംഭാഷണത്തില്‍, ദൃശ്യമായ സഭയെ, അദൃശ്യമായതും മാര്‍മ്മികവുമായ സഭയില്‍ നിന്നും വേര്‍തിരിച്ച് കാണിക്കുന്നുണ്ട്. യേശു ക്രിസ്തു യഹൂദയില്‍ നിന്നും ഗലീലയിലേക്ക് പോകുന്ന വഴിമദ്ധ്യേ അവന്‍ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവിനരികെ യേശു ഇരുന്നു. അപ്പോള്‍, ഒരു ശമര്യ സ്ത്രീ വെള്ളം കോരുവാൻ വന്നു. യേശു അവളുമായി ഒരു സംഭാഷണം ആരംഭിച്ചു.

യേശു ഒരു യഹൂദനാണ് എന്ന് മനസ്സിലാക്കിയ ശമര്യ സ്ത്രീ, യഹൂദന്മാരും ശമര്യരും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയം യേശുവിനോടു ചോദിച്ചു:

 

യോഹന്നാന്‍ 4: 20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നുനമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.

അതിനു യേശുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:  

 

യോഹന്നാന്‍ 4: 21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേഎന്റെ വാക്കു വിശ്വസിക്കനിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.

യേശുവും ശമര്യക്കാരത്തിയും സംസാരിച്ചുകൊണ്ടിരുന്ന സ്ഥലത്തിന് സമീപമായിരുന്നു ഗെരിസീം പർവ്വതം. അത് ശെഖേമിന് സമീപമായിരുന്നു. ശെഖേം ഒരു താഴ് വര ആയിരുന്നു. അതിന്റെ തെക്ക് ഭാഗത്ത് ഗെരിസീം പർവ്വതവും വടക്ക് ഭാഗത്ത് ഏബാല്‍ പര്‍വ്വതവും ആയിരുന്നു. ഗെരിസീം പർവ്വതത്തില്‍ ആയിരുന്നു ശമര്യാക്കാരുടെ ദൈവാലായം. യേശുവിന്റെ കാലത്ത് അത് അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും അത് ആലയത്തിന്റെ സ്ഥലമായി, പുണ്യമായി ശമര്യാക്കാര്‍ കരുതിപ്പോന്നു. 

ശമര്യാക്കാരത്തി ഗെരിസീം പർവ്വതത്തിന്റെ പേര് പറയുന്നില്ല. ഈ പർവ്വതത്തിന്റെ പേര് പുതിയനിയമത്തില്‍ എങ്ങും പറയുന്നില്ല. എന്നാല്‍, “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു;” എന്ന ശമര്യാ സ്ത്രീയുടെ പ്രസ്താവന, ഗെരിസീം പർവ്വതത്തെക്കുറിച്ചും അവിടെ ഉണ്ടായിരുന്ന ആലയത്തെക്കുറിച്ചുമാണ്.

ദൈവലായത്തിന്റെയോ, ആരാധനയുടെയോ ഭൌതീക സ്ഥലം ഇനി പ്രധാനപ്പെട്ടതോ വിശുദ്ധമോ അല്ല, എന്നാണ് യേശു ശമര്യ സ്ത്രീയോട് പറഞ്ഞത്. കെട്ടിടങ്ങളും കൂടാരങ്ങളും, പര്‍വ്വതങ്ങളും എല്ലാം ക്രിസ്തു എന്ന ആത്മീയ മര്‍മ്മത്തിന്റെ നിഴല്‍ മാത്രം ആയിരുന്നു. യേശുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

 

യോഹന്നാന്‍ 4: 23, 24

23  സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നുഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.

24  ദൈവം ആത്മാവു ആകുന്നുഅവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” 

ശമര്യാ സ്ത്രീ കാണപ്പെടുന്ന സഭയെക്കുറിച്ചാണ് പറഞ്ഞത്. യേശു മാര്‍മ്മികമായ സഭയെക്കുറിച്ചും. കാണപ്പെടുന്ന സഭ എന്നതില്‍ നിന്നും ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭയിലേക്ക് ശമര്യാ സ്ത്രീയെ യേശു ക്ഷണിക്കുക ആണ്.

സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നുഇപ്പോൾ വന്നുമിരിക്കുന്നു.” എന്നാണ് യേശു പറഞ്ഞത്. അതായത് മാര്‍മ്മികമായ സഭ യേശുവില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് സഭയും ക്രിസ്തുവും ലോകത്തിന് വെളിപ്പെടുന്നത് രക്ഷിക്കപ്പെട്ട ദൈവജനത്തിലൂടെ ആണ്.

ഗോതമ്പും കളയും

എന്നാല്‍ വര്‍ത്തമാന കാലത്ത്, ഈ ഭൂമിയില്‍ ദൃശ്യമായ സഭയും അദൃശ്യമായ സഭയും കൂടികലര്‍ന്നാണ് നമ്മള്‍ കാണുന്നത്. അതിനെ വേര്‍തിരിച്ചറിയുവാന്‍ നമുക്ക് സാധ്യമല്ല. കാരണം എല്ലാ ദൃശ്യമായ സഭയിലും ദൈവത്തിന്റെ അദൃശ്യമായ സഭ ഉണ്ടായിരിക്കും. ഇത് വിശദീകരിക്കുന്ന ഒരു ഉപമ മത്തായി എഴുതിയ സുവിശേഷം 13: 24 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ യേശു പറയുന്നുണ്ട്.

“സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. എന്നു പറഞ്ഞുകൊണ്ടാണ് ഉപമ ആരംഭിക്കുന്നത്. ഈ മനുഷ്യന്‍ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നുഗോതമ്പിന്റെ ഇടയിൽ കള വിതെച്ചു. ക്രമേണ ഗോതമ്പും കളയും ഒരുപോലെ വളര്‍ന്ന് വന്നു. അപ്പോൾ ആ വീട്ടുടയവന്റെ ദാസന്മാർ വളരെ പ്രയാസത്തിലായി. അവര്‍ ഉടമസ്ഥന്റെ അടുക്കൽ ചെന്നു: യജമാനനേവയലിൽ നല്ല വിത്തല്ലയോ വിതെച്ചതുപിന്നെ കള എവിടെ നിന്നു വന്നു എന്നു ചോദിച്ചു. “ഇതു ശത്രു ചെയ്തതാകുന്നു”. എന്ന് ഉടമസ്ഥന്‍ മറുപടി നല്കി. കളകള്‍ എല്ലാം ഉടന്‍ തന്നെ പറിച്ചുകൂട്ടി തീയില്‍ ഇടുവാന്‍ വേലക്കാര്‍ തയ്യാറായി. എന്നാല്‍ വീട്ടുടമസ്ഥന്‍ അവരെ തടഞ്ഞു. “പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.” എന്നു അവന്‍ അവരെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍, രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെകൊയ്ത്തു കാലത്തു, ആദ്യം കള പറിച്ചുകൂട്ടി തീയില്‍ ചുടുകയും ഗോതമ്പ് കളപ്പുരയില്‍ കൂട്ടിവെക്കുകയും ചെയ്യാം. ഇതായിരുന്നു യജമാനന്റെ തീരുമാനം.

ഇതില്‍ നമ്മള്‍ ശ്രദ്ധിക്കുന്ന നാല് കാര്യങ്ങള്‍ ഉണ്ട്:

 

1.        യജമാനന്‍ നല്ല വിത്തുകളാണ് വിതച്ചത്.

2.      വിതയ്ക്കും കൊയ്ത്തിന്നുമിടയില്‍ ഒരു ഇടവേളയുണ്ട്. ഈ ഇടവേളയില്‍ വിത്തുകള്‍         വളരുകയും ഫലം പുറപ്പെടുവിക്കുകയും വേണം.

3.      ഈ ഇടവേളയില്‍ യജമാനന്റെയും ഗോതമ്പിന്‍റേയും ശത്രു, വയലില്‍ കളകള്‍ വിതച്ചു. അതിനാല്‍ ഗോതമ്പും കളകളും ഒരുപോലെ വളര്‍ന്ന് വന്നു. അവ തമ്മില്‍ തിരിച്ചറിയുവാന്‍ വളരെ പ്രയാസമായിരുന്നു. അതിനാല്‍ കളകളെ മാത്രമായി പിഴുതെടുത്ത് നശിപ്പിക്കുവാന്‍ കഴിയുമായിരുന്നില്ല. രണ്ടും ഒരേ വയലില്‍, ഒരുപോലെ പുഷ്ടിപ്പെട്ട് വളര്‍ന്നുവന്നു. രണ്ടും ഉടമസ്ഥനുമായുള്ള ബന്ധവും ഉടമസ്ഥന്‍ നല്‍കുന്ന അനുഗ്രഹങ്ങളും അവകാശപ്പെട്ടു.

4.      വിളവെടുപ്പിന്റെ ദിവസം വരുമ്പോള്‍ ഒരു വേര്‍തിരിവ് ഉണ്ടാകും കളകളെ പറിച്ചുകെട്ടി തീയില്‍ ഇട്ടു ചുട്ടുകളയും. നല്ല ഗോതമ്പ് മണികളെ യജമാനന്റെ ഭണ്ഡാരത്തില്‍ ശേഖരിച്ച് വയ്ക്കും.

ഇത് ഇന്ന് ഭൂമിയില്‍ കാണുന്ന ദൃശ്യമായ സഭയുടെ നല്ല ചിത്രമാണ്. ഇതില്‍ എന്താണ് അദൃശ്യ സഭയെന്നും പറയുന്നുണ്ട്. അവ തമ്മില്‍ തിരിച്ചറിയുവാനും വേര്‍തിരിക്കുവാനും നമുക്ക് ഇന്ന് പ്രയാസമാണ്.

ഞാൻ നിങ്ങളെ അറിഞ്ഞിട്ടില്ല

ഈ ചിന്തയ്ക്ക് ഊന്നല്‍ നല്‍കുന്ന, യേശു പറഞ്ഞ മറ്റൊരു വചനം മത്തായി 7: 22, 23 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

മത്തായി 7: 22, 23  

22  കർത്താവേകർത്താവേനിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 

23  അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ലഅധർമ്മം പ്രവർത്തിക്കുന്നവരേഎന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും. 

ഇവിടെ ദൃശ്യമായ സഭയിലെ എല്ലാവരും അദൃശ്യമായ സഭയില്‍ ഉള്‍പ്പെട്ടവര്‍ അല്ല എന്ന് യേശു വ്യക്തമാക്കുന്നു. അദൃശ്യമായ സഭയിലെ അംഗങ്ങള്‍ ദൃശ്യമായ സഭകളില്‍ അംഗങ്ങള്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കും എങ്കിലും ദൃശ്യമായ സഭയില്‍ ഉള്ള എല്ലാവരും അദൃശ്യമായ സഭയില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കേണമെന്നില്ല.

തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തോട് മാത്രമേ യേശു നിത്യമായൊരു ബന്ധത്തില്‍ ആയിരിക്കുന്നുള്ളൂ. “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്നതില്‍ നിന്നും ഒരിയ്ക്കലും യേശുക്രിസ്തുവിന് അവരുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല എന്നു വേണം നമ്മള്‍ മനസ്സിലാക്കേണ്ടത്. അറിയുക എന്നത് ബൌദ്ധിക തലത്തിലുള്ള അറിവല്ല. അതൊരു സുദൃഡമായ, അഗാധമായ, ആത്മീയ ബന്ധമാണ്. ഇവര്‍ ദൃശ്യമായ സഭയുടെ അംഗങ്ങള്‍ ആയിരുന്നു, എന്നാല്‍ ഒരിയ്ക്കലും ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭയുടെ ഭാഗം ആയിരുന്നില്ല.

അവര്‍ നമുക്കുള്ളവർ ആയിരുന്നില്ല

ദൃശ്യമായ സഭയും അദൃശ്യമായ സഭയും തമ്മിലുള്ള വേര്‍തിരിവ് വെളിപ്പെടുത്തുന്ന മറ്റൊരു വേദഭാഗമാണ്  യോഹന്നന്‍റെ ഒന്നാമത്തെ ലേഖനം 2 ആം അദ്ധ്യായം 18, 19, 20, 22 വാക്യങ്ങള്‍.

 

1 യോഹന്നാന്‍ 2: 18, 19, 20, 22

18 കുഞ്ഞുങ്ങളേഇതു അന്ത്യനാഴിക ആകുന്നുഎതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.

19   അവർ (അനേകം എതിർക്രിസ്തുക്കൾ) നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ലഅവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നുഎന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

20  നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.

 

22  യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നുപിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.

  

ഈ വാക്യങ്ങളില്‍ യോഹന്നാന്‍ സഭയോട് പറയുന്നതു ഇതെല്ലാം ആണ്:

 

·         മുമ്പ്, കാണപ്പെടുന്ന സഭയില്‍ ആയിരുന്ന അനേകര്‍, പിന്നീട് സഭ വിട്ടുപോയി, അവര്‍ എതിര്‍ക്രിസ്തുവിന്റെ ഉപദേശം പ്രചരിപ്പിക്കുന്നു. അവര്‍ യേശു, ക്രിസ്തുവല്ല എന്നു പഠിപ്പിക്കുകയും, പിതാവിനെയും പുത്രനെയും നിഷേധിക്കുകയും ചെയ്യുന്നു.

·         അവര്‍, മുമ്പ് കാണപ്പെടുന്ന സഭയില്‍ അംഗങ്ങള്‍ ആയിരുന്നു, എങ്കിലും അവര്‍ ഒരിയ്ക്കലും നമുക്കുള്ളവര്‍ ആയിരുന്നില്ല. അവര്‍ യേശുക്രിസ്തുവുമായി വിശ്വാസത്താല്‍ ചേര്‍ന്നവര്‍ ആയിരുന്നില്ല.

·         അവര്‍ ഗോതമ്പിനിടയിലെ കളകള്‍ ആയിരുന്നു. അവര്‍ കാണപ്പെടുന്ന സഭയിലെ അംഗങ്ങള്‍ ആയിരുന്നു എങ്കിലും, ഒരിയ്ക്കലും ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭയുടെ ഭാഗം ആയിരുന്നില്ല.

·         അവർ അദൃശ്യമായ സഭയുടെ ഭാഗം ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാർക്കുമായിരുന്നു.

ഈ വാക്യത്തിലെ “നമ്മളോടുകൂടെ”, നിങ്ങള്‍, എന്നീ പദങ്ങള്‍ ക്രിസ്തുവിന്റെ മാര്‍മ്മികമായ സത്യ സഭയെ പരമര്‍ശിക്കുന്നു. കാണപ്പെടുന്ന സഭയില്‍ നിന്നും വിട്ടുപോയവര്‍ ക്രിസ്തുവിന്റെ സത്യ സഭയുടെ ഭാഗമല്ല എന്നു പ്രസിദ്ധമാകേണ്ടിയിരുന്നു. അതിനാല്‍ അവര്‍ നമ്മളെ വിട്ടുപോയി. എന്നാല്‍ ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭയുടെ ഭാഗമായ “നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.” ക്രിസ്തുവിനാല്‍ അവന്റെ സഭയോടു ചേര്‍ക്കപ്പെട്ടവര്‍ ഒരിയ്ക്കലും മാര്‍മ്മികമായ സഭ വിട്ടു പോകില്ല എന്നഅര്‍ത്ഥവും ഇവിടെ വായിക്കാവുന്നതാണ്.

ഇതിന്റെയെല്ലാം അര്‍ത്ഥം, വര്‍ത്തമാന കാല സഭ രണ്ടു വിധത്തിലുള്ള ആളുകളുടെ കൂട്ടമാണ്. അതില്‍ ബാഹ്യമായ പ്രകടനത്തില്‍ ക്രിസ്ത്യാനികള്‍ ആയവര്‍ ഉണ്ട്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, കൃപയാലും ക്രിസ്തുവിലുള്ള വിശ്വാസത്താലും രക്ഷിക്കപ്പെട്ടവരും ഉണ്ട്. അതായത്, വര്‍ത്തമാന കാലത്ത്, മാര്‍മ്മികമായ സഭ, കാണപ്പെടുന്ന സഭയില്‍ മറഞ്ഞിരിക്കുന്നു.


കാതോലികവും അപ്പോസ്തലികവുമായ

ഏക വിശുദ്ധ സഭ

നിഖ്യാ വിശ്വാസപ്രമാണം അനുസരിച്ച്, ക്രിസ്തീയ സഭ, കാതോലികവും അപ്പോസ്തലികവും ആയ ഏക വിശുദ്ധ സഭയാണ്.

കാതോലികം എന്നതിന്റെ ഗ്രീക്ക് വാക്ക്, “കാതോലികോസ്” എന്നാണ് (katholikos). അതിന്റെ അര്‍ത്ഥം സാര്‍വ്വലൌകീകം എന്നാണ്.

അപ്പോസ്തലികം എന്നത് രണ്ടു വിധത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടുന്നു.

 

1.        കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകള്‍, അപ്പോസ്തലികം എന്നത് യേശുവിന്റെ ശിഷ്യന്മാരായ അപ്പോസ്തലന്മാരുടെ മാനുഷികമായ തുടര്‍ച്ചയായി കാണുന്നു.

2.      പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തില്‍, ഇത് അപ്പോസ്തലന്മാരുടെ ഉപദേശങ്ങളുടെ തുടര്‍ച്ചയാണ്. അപ്പോസ്തലന്മാര്‍ ഒരിടത്തും അവരുടെ മാനുഷികമായ തുടര്‍ച്ചയെക്കുറിച്ച് പറഞ്ഞിട്ടില്ല, എന്നാല്‍ ഉപദേശത്തെ മുറുകെ പിടിക്കേണം എന്നു പറഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രൊട്ടസ്റ്റന്‍റ് കാഴ്ചപ്പാടില്‍, ഏക വിശുദ്ധ സഭ, യേശുക്രിസ്തുവിന്റെ മാര്‍മ്മികമായ സഭയാണ്.  

റോമന്‍ കത്തോലിക്ക സഭ, പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ എന്നിവര്‍, അവരാണ് യേശുക്രിസ്തു സ്ഥാപിച്ച യഥാര്‍ത്ഥ സത്യ സഭ എന്നു അവകാശപ്പെടുന്നു. അവര്‍ ഉപദേശങ്ങളെയും കൂദാശകളെയും യേശുവും അപ്പോസ്തലന്മാരും പഠിപ്പിച്ചതുപോലെയും ആചരിച്ചതുപോലെയും ഇന്നും കാത്തു സൂക്ഷിക്കുന്നു എന്നു വാദിക്കുന്നു.

കത്തോലിക്ക സഭ, ക്രിസ്തുവിന്റെ ഏക സഭ അവരാണ് എന്നും മാര്‍പ്പാപ്പ, പത്രൊസിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആണ് എന്നും പഠിപ്പിക്കുന്നു. യേശുക്രിസ്തു പുതിയനിയമത്തിന്റെ എല്ലാ അനുഗ്രഹങ്ങളും, പത്രൊസ് ശിരസ്സായിരിക്കുന്ന അപ്പോസ്തലന്‍മാരുടെ പിന്തുടര്‍ച്ചയില്‍ മാത്രമായി ഭരമേല്‍പ്പിച്ചിരിക്കുന്നതിനാല്‍, കത്തോലിക്ക സഭയിലൂടെ മാത്രമേ രക്ഷയുടെ സമ്പൂര്‍ണ്ണത കൈവരിക്കുവാന്‍ കഴിയൂ എന്നും അവര്‍ വിശ്വസിക്കുന്നു.

പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍, യേശുക്രിസ്തുവും അപ്പോസ്തലന്മാരും സ്ഥാപിച്ച ഏക വിശുദ്ധ, കാതോലിക, അപ്പോസ്തോലിക സഭ, അവരാണ് എന്ന് വാദിക്കുന്നു. പെന്തക്കോസ്ത് ദിവസം പൂര്‍ണ്ണമായി നിലവില്‍ വന്ന, ചരിത്രപരവും മൌലീകവും ആയ സഭയാണത്. മറ്റ് സഭാ വിഭാഗങ്ങള്‍ അപൂര്‍ണ്ണമായി മാത്രം ഏക സത്യ സഭയോടു ചേര്‍ന്ന് നില്‍ക്കുന്നു. പ്രൊട്ടസ്റ്റന്‍റ് വിഭാഗം, ക്രിസ്തീയ സഭയല്ല, അവര്‍ ചില വിശ്വാസം മാത്രം പിന്‍പറ്റുന്ന സമൂഹങ്ങള്‍ മാത്രം ആണ്. ഇതെല്ലാമാണ് പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ വാദം.

കത്തോലിക്ക, ഓര്‍ത്തഡോക്സ് വിശ്വാസമനുസരിച്ച്, ക്രിസ്തു എന്ന ശിരസ്സിനെ സേവിക്കുവാനായി, വിശ്വാസത്താല്‍ പ്രത്യക്ഷത്തില്‍ ഒരുമിച്ചുകൂടുന്നവരാണ് ദൃശ്യമായ സഭ. അത് ലോകമെമ്പാടുമായി പരന്ന് കിടക്കുന്നു. പ്രാദേശികമായും ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ച് കൂടുന്നു. ഇത്തരം പ്രദേശിക കൂടിവരവുകള്‍ ഒരുമിച്ച് കൂടി നില്‍ക്കുന്നത് ദൃശ്യമായ സഭയാണ്. 

ഇവരുടെ പഠിപ്പിക്കല്‍ അനുസരിച്ച്, ദൃശ്യമായ സഭയും അദൃശ്യമായ സഭയും തമ്മില്‍ വേര്‍തിരിച്ചു കാണുന്നത് വിരുദ്ധ ഉപദേശമാണ്. അതിനെ അവര്‍ പാഷണ്ഡ ഉപദേശമായി പ്രഖ്യാപിച്ചിടുണ്ട്.

കത്തോലിക്ക വിശ്വസം അനുസരിച്ചു, ക്രിസ്തു സഭയുടെ അദൃശ്യനായ ശിരസ്സും മാര്‍പ്പാപ്പ സഭയുടെ ദൃശ്യമായ ശിരസ്സും ആണ്. എന്നാല്‍ കത്തോലിക്ക സഭ പഠിപ്പിക്കുന്ന കാണപ്പെടുന്ന തലവന്‍, കാണപ്പെടാത്ത തലവന്‍ എന്നീ വിഭജനം വേദപുസ്തകത്തില്‍ കാണുന്നില്ല.

ഒഗ്സ്ബര്‍ഗ് ഏറ്റുപറച്ചിലില്‍ പ്രൊട്ടസ്റ്റന്‍റ് സഭകള്‍, അവര്‍, യഥാര്‍ത്ഥ കാതോലികവും അപ്പോസ്തലികവും ആയ സഭയാണ് എന്നു പറയുന്നു. (Augsburg Confession). മറ്റ് സഭാ വിഭാഗങ്ങള്‍ തെറ്റുകള്‍ കൂട്ടികലര്‍ത്തി സുവിശേഷം പ്രസംഗിക്കുന്നു എങ്കിലും, അവിടെയും യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസികള്‍ ഉണ്ട് എന്നും അതില്‍ പറയുന്നു. ഒഗ്സ്ബര്‍ഗ് ഏറ്റുപറച്ചിലില്‍, ഏക വിശുദ്ധ സഭ നിത്യമായി തുടരുന്നതാണ് എന്നും പറയുന്നുണ്ട്. സഭ വിശുദ്ധന്മാരുടെ കൂട്ടമാണ്. അവിടെ സുവിശേഷം ശരിയായി പഠിപ്പിക്കുകയും ദിവ്യകര്‍മ്മങ്ങള്‍ ശരിയായി നിര്‍വഹിക്കപ്പെടുകയും വേണം. 

വിശ്വാസത്തിന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ ഏറ്റുപറച്ചില്‍

ഇംഗ്ലണ്ടിലെ നവീകരണമുന്നേറ്റത്തിന്റെ വിശ്വാസ പ്രഖ്യാപനമാണ്, “വിശ്വാസത്തിന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ ഏറ്റുപറച്ചില്‍” എന്നു അറിയപ്പെടുന്നത്. 1643 ല്‍ ഇംഗ്ലീഷ് പാര്‍ലമെന്റിന്റെ താല്പര്യ പ്രകാരം, വെസ്റ്റ്മിന്‍സ്റ്റര്‍ പള്ളിയില്‍ ഒരുമിച്ചുകൂടിയ വേദ പണ്ഡിതന്മാരുടെ ഒരു കൂട്ടം, അഞ്ചു വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്ക് ശേഷം പുറപ്പെടുവിച്ചതാണ് ഈ പ്രഖ്യാപനം. ഇത് എല്ലാ പ്രൊട്ടസ്റ്റന്‍റ് സഭകളും അംഗീകരിച്ച ഉപദേശങ്ങള്‍ ആണ്.

വിശ്വാസത്തിന്റെ വെസ്റ്റ് മിനിസ്റ്റര്‍ ഏറ്റുപറച്ചില്‍, 25 ആം അദ്ധ്യായം 1, 2 വകുപ്പുകളില്‍ സഭയെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്: കാതോലികം അല്ലെങ്കില്‍ സര്‍വ്വലൌകീക സഭ അദൃശ്യമാണ്. അതില്‍ മുമ്പ് ജീവിച്ചിരുന്നവരും, ഇപ്പോള്‍ ജീവിക്കുന്നവരും ഇനിയും ജനിക്കുവാന്‍ ഇരിക്കുന്നവരും ആയ, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും, ക്രിസ്തു എന്ന ശിരസ്സിന്റെ കീഴില്‍ ഒരുമിച്ച് ചേര്‍ക്കപ്പെടുന്നു. അത് ക്രിസ്തുവിന്റെ മണവാട്ടി സഭയും, ശരീരമാകുന്ന സഭയും, എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവും ആയിരിയ്ക്കും. (എഫെസ്യര്‍ 1:23).

വെസ്റ്റ്മിന്‍സ്റ്റര്‍ ഏറ്റുപറച്ചില്‍, 25 ആം അദ്ധ്യായത്തില്‍, 6 ആമത്തെ വകുപ്പില്‍, സഭയുടെ ശിരസ്സിനെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്: സഭയ്ക്ക് ക്രിസ്തു അല്ലാതെ മറ്റൊരു ശിരസ്സ് ഇല്ല. റോമിലെ മാര്‍പ്പാപ്പയ്ക്ക് ഒരു വിധത്തിലും സഭയുടെ തലവനാകുവാന്‍ സാധ്യമല്ല. സഭയില്‍, ദൈവത്തിനും ക്രിസ്തുവിനും മീതെ തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍നാശയോഗ്യനും അധർമ്മമൂർത്തിയുമായ എതിര്‍ ക്രിസ്തുവാണ്. (2 തെസ്സലൊനീക്യര്‍ 2: 3) (Westminster Confession of Faith, Chapter 25, "The Church", article 6: "There is no other head of the Church but the Lord Jesus Christ. Nor can the Pope of Rome, in any sense, be head thereof: but is that Antichrist, that man of sin, and son of perdition, that exalteth himself, in the Church, against Christ and all that is called God." ).

സഭയുടെ ശിരസ്സ് ക്രിസ്തു ആണ് എന്നു പുതിയനിയത്തില്‍ പറയുന്നു. കൊലൊസ്സ്യര്‍ 1: 1 ല്‍ “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു” എന്നു നമ്മള്‍ വായിക്കുന്നു. ഇതേ ആശയം എഫെസ്യര്‍ 1: 22; 4: 15; 5: 23 എന്നീ വാക്യങ്ങളിലും മറ്റ് പല വാക്യങ്ങളിലും നമുക്ക് കാണാം.

ദൃശ്യമായ സഭയെയും വെസ്റ്റ് മിനിസ്റ്റര്‍ ഏറ്റുപറച്ചിലില്‍ നിര്‍വച്ചിട്ടുണ്ട്. ദൃശ്യമായ സഭ, സുവിശേഷത്തിന് കീഴെ, കതോലികവും സര്‍വ്വലൌകീകവും ആയിരിയ്ക്കും. സുവിശേഷം, പഴയനിയമത്തിലേത് പോലെ ഒരു പ്രത്യേക രാജ്യത്തിന് മാത്രമുള്ളതല്ല. ക്രിസ്തീയ വിശ്വസം ഏറ്റുപറയുന്ന, ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങളും, അവരുടെ തലമുറകളും സഭയില്‍ ഉണ്ടായിരിക്കും. അത് യേശുക്രിസ്തുവിന്റെ ദൈവരാജ്യവും ദൈവത്തിന്റെ കുടുംബവും ആയിരിയ്ക്കും. എന്നാല്‍ ദൃശ്യമായ സഭയില്‍ അംഗമാകുക എന്നത് രക്ഷ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗമല്ല. രക്ഷ ദൈവകൃപയാല്‍, വിശ്വാസത്താല്‍ മാത്രം ലഭിക്കുന്നു.

സഭകളെ ഒന്നിച്ചു നിറുത്തുന്നത് ഏക വിശ്വാസമാണ്. ഭൂമിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ കാണപ്പെടുന്ന സഭയുടെ ക്രമീകരണം മാത്രമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും ഒരു കേന്ദ്രീകൃത ഭരണ സംവിധാനമോ നേതൃത്വമൊ ആവശ്യമില്ല. 

ദൃശ്യവും അദൃശ്യവുമായ സഭകള്‍

തമ്മിലുള്ള വ്യത്യാസങ്ങള്‍

വേദപുസ്തകത്തില്‍ ഒരു വിഭജനം കാണുന്നില്ല എങ്കിലും, ക്രിസ്തീയ സഭയ്ക്ക്, ദൃശ്യമായ സഭ എന്നും അദൃശ്യമായ സഭ എന്നും രണ്ടു പ്രത്യക്ഷത ഉണ്ട് എന്നു വേദപുസ്തക പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് രണ്ടും ഒന്നല്ല. ഒന്നു ഒന്നിന് പകരവും അല്ല. ദൃശ്യ സഭയും അദൃശ്യ സഭയും ഇപ്പോള്‍ നില്‍വില്‍ ഉണ്ട്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെ നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം. 

 

1.        ഈ ഭൂമിയില്‍, ക്രിസ്തീയ വിശ്വാസികള്‍ എന്നു സ്വയം ഏറ്റുപറയുന്നവരുടെ കൂട്ടവും, ഭരണ സംവിധാനങ്ങളും അടങ്ങിയതാണ് ദൃശ്യമായ സഭഅതിന് ദൃശ്യമായ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അത് എല്ലാവര്‍ക്കും കാണുവാന്‍ കഴിയുന്ന, പള്ളികെട്ടിടങ്ങളും, ആരാധനാ ആചാരങ്ങളും, ആഴ്ചതോറും കൂടിവരുന്ന ജനവും ആണ്. അതിനു അധികാരശ്രേണിയുള്ള മനുഷ്യരുടെ നേതൃത്വവും ഉണ്ട്. അവിടെ പുരോഹിതന്മാരോ സഭാ ശുശ്രൂഷകന്മാരോ ഉണ്ടാകും.

 

എന്നാല്‍ ദൃശ്യമായ അടയാളങ്ങള്‍ ഇല്ലാതായാല്‍ കാണപ്പെടുന്ന സഭ ഇല്ലാതാകും. ദൃശ്യമായ സഭ ഭൌമീകവും താല്‍കാലികവുമാണ്. ദൃശ്യമായതെല്ലാം നീങ്ങിപ്പോകും.

 

2.      ദൃശ്യമായ സഭ എപ്രകാരം പ്രവര്‍ത്തിക്കേണം എന്നതിന് ഒരു ഏക രൂപം ഇല്ല.  അവിടെയുള്ള ക്രിസ്തീയ വിശ്വാസികള്‍ക്ക്, പള്ളികളിലോ, വീടുകളിലോ, മറ്റ് ഏതെങ്കിലും കെട്ടിടങ്ങളിലോ, പാര്‍ക്കുകളിലോ, വിജനമായ സ്ഥലത്തോ ഒരുമിച്ച് കൂടാം. ആരാധന തികച്ചും ഔപചാരികമോ, അനൌപചാരികമോ ആകാം. പാട്ടുകള്‍ കീര്‍ത്തനങ്ങളോ, ഗീതങ്ങളോ ആകാം, സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാം. ദൃശ്യമായ സഭ ഏതെങ്കിലും ഒരു പ്രത്യേക പ്രാദേശികമോ, സംസ്കാരികമോ, പരമ്പര്യമോ ആയ രീതികള്‍ പാലിക്കേണം എന്നില്ല.

 

3.      ദൃശ്യമായ സഭയ്ക്ക് ലോകവുമായും അതിന്റെ ക്രമീകരണങ്ങളുമായും ചില വ്യത്യാസങ്ങള്‍ കണ്ടേക്കാം. അതിന്റെ ഭരണ സംവിധാനം പ്രത്യേകമാണ്. അതില്‍ അനുസരണവും, കല്‍പ്പനകളുടെ അനുഷ്ഠാനങ്ങളും, ആചാരങ്ങളും ഉണ്ട്. അവിടെ ദൈവ വചനം പ്രസംഗിക്കപ്പെടുന്നുണ്ട്. അതില്‍ അംഗങ്ങള്‍ ആയവര്‍, ദൃശ്യമായ സഭയുടെ പ്രമാണങ്ങള്‍ അനുസരിക്കുന്നു. അവര്‍ സാക്ഷ്യം പറയുകയും, സ്നാനപ്പെടുകയും, ആചാര അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുകയും, തിരുവത്താഴത്തില്‍ പങ്ക് ചേരുകയും ചെയ്യും. അവര്‍ പ്രാദേശിക സഭയുടെ അധികാരത്തെ അംഗീകരിച്ച് അതിനു കീഴെ ജീവിക്കുന്നു. അവര്‍ ദൃശ്യമായ സഭയുടെ എല്ലാ നന്മകളും അനുഭവിക്കുന്നു.

 

4.      ദൃശ്യമായ സഭയില്‍ രക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെടാത്തവരും കണ്ടേക്കാം. ക്രിസ്തുവിന്റെ അനുയായി എന്നു സ്വയം അവകാശപ്പെടുന്ന എല്ലാവര്‍ക്കും ദൃശ്യമായ സഭയില്‍ ചേരാം. എന്നാല്‍ ദൃശ്യമായ സഭയിലെ അംഗങ്ങള്‍ എല്ലാം സത്യത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ ആകണമെന്നില്ല. എല്ലാവരും ക്രിസ്തുവിന്റെ, കൃപയാലുള്ള രക്ഷ വിശ്വസം മൂലം പ്രാപിച്ചു എന്നോ, അവര്‍ ദൈവ സന്നിധിയില്‍ നീതീകരിക്കപ്പെട്ടവര്‍ ആണ് എന്നോ,  അവര്‍ വിശുദ്ധീകരണം എന്ന തുടര്‍ പ്രക്രിയയില്‍ ജീവിക്കുന്നു എന്നോ, നമുക്ക് പറയുവാന്‍ കഴിയുക ഇല്ല. അവര്‍ ബാഹ്യമായതിനെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ, ആന്തരികമായത് ദൈവ പ്രവൃത്തിയാണ്. അവര്‍ ദൈവകൃപയുടെ ഉടമ്പടിയുടെ ഭാഗം ആയിരിക്കേണം എന്നില്ല. അവരില്‍ പരിശുദ്ധാത്മാവിനാല്‍ പുനര്‍ജീവന്‍ ഉണ്ടായില്ല എങ്കില്‍ അവര്‍ അദൃശ്യമായതും മാര്‍മ്മികമായതുമായ ക്രിസ്തുവിന്റെ സഭയുടെ ഭാഗമാകില്ല.

 

ഒരു സഭയിലെ അംഗത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട എല്ലാവരും ദൃശ്യമായ സഭയിലെ അംഗങ്ങള്‍ ആണ്. അതില്‍ യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസികള്‍ ഉണ്ടാകാം, എന്നാല്‍ എല്ലാവരും യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്മാര്‍ ആകണമെന്നില്ല. ദൃശ്യമായ സഭ, സത്യ സഭയോ, അനുകരണമോ, വ്യാജമോ ആകാം. വേദപുസ്തകം പഠിപ്പിക്കുന്ന ഉപദേശങ്ങളോടുള്ള വിശ്വസ്തതയുടെ അടിസ്ഥാനത്തില്‍ അതിനെ സത്യ സഭ എന്നും വ്യാജമെന്നും തിരിച്ചറിയുവാന്‍ കഴിയും.

 

കാല്‍വിന്റെ അഭിപ്രായത്തില്‍  ദൃശ്യമായ സഭയില്‍ ക്രിസ്തുവിനോടു യാതൊരു ബന്ധവുമില്ലാത്ത, കപട ഭക്തിക്കാരായ അനേകര്‍ ഉണ്ടായിരിക്കും. അവര്‍ക്ക് ബാഹ്യ വേഷഭൂഷാദികള്‍ ഉണ്ടായേക്കാം എന്നാല്‍ ക്രിസ്തുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുക ഇല്ല.

 

5.      അദൃശ്യമായ സഭ, അല്ലെങ്കില്‍ ജയാളിയായ സഭ  എന്നത് ലോകാരംഭത്തിന് മുമ്പേ ദൈവം കൃപയാല്‍ തിരഞ്ഞെടുത്ത്, മുന്‍ നിയമിച്ച്, വിളിച്ച് ചേര്‍ത്ത രക്ഷിക്കപ്പെട്ട ദൈവജനത്തിന്റെ കൂട്ടമാണ്.

 

6.      അദൃശ്യമായ സഭ മാര്‍മ്മികമാണ്. അത് നിത്യമായ സഭയാണ്. അതിനെ ഇന്ന് ദൈവത്തിന് മാത്രമേ തിരിച്ചറിയുവാന്‍ കഴിയൂ. അതാണ് സത്യമായ സഭ. അതില്‍. ക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷിക്കപ്പെട്ടവരായി, ജീവിച്ചിരുന്നവരും, ജീവിച്ചിരിക്കുന്നവരും, ഭാവിയില്‍ ജീവിക്കുവാന്‍ പോകുന്നവരും ആയ മനുഷ്യരുടെ കൂട്ടമാണ് ഉള്ളത്.

 

ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ അദൃശ്യമായ സഭയോട് ചേരുവാന്‍ കഴിയൂ. അത് വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന്റെ കൂട്ടം ആണ്. അതൊരു ആത്മീയ കൂട്ടം ആണ്. അത് ക്രിസ്തുവിലുള്ള വിശ്വസം മൂലം, ദൈവ കൃപയാല്‍ വീണ്ടും ജനനം പ്രാപിച്ച്, രക്ഷിക്കപ്പെട്ട, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്താല്‍ പാപമോചനം പ്രാപിച്ച ക്രിസ്തീയ വിശ്വാസികളുടെ കൂട്ടമാണ്. അവര്‍, ദൈവ വചനം ജഡമായി തീര്‍ന്നതാണ് യേശുക്രിസ്തു എന്നു വിശ്വസിക്കുന്നു. ക്രിസ്തു സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി, ഒരു പ്രതിനിധിയും പകരക്കാരനുമായി ക്രൂശില്‍ മരിച്ചു എന്നും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു എന്നും, അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പാപമോചനവും, നീതീകരണവും, നിത്യജീവനും ലഭിക്കും എന്നും വിശ്വസിക്കുന്നു. ഇവരുടെ കൂട്ടമാണ് അദൃശ്യമായ സഭ.

 

7.       മാര്‍മ്മിക സഭയ്ക്ക് ഭൌതീക അടയാളങ്ങള്‍ ഇല്ല. പുതുക്കപ്പെട്ട ജീവിതമുള്ള ജനമാണ് മാര്‍മ്മികമായ സഭ. അവര്‍ ദൈവത്തോട് കൂടെ സഹവസിക്കുന്ന ജനമാണ്. അവര്‍ ഭൂമിയില്‍ കൂടിവരുന്ന ഇടം അവരുടെ ആത്മീയ ജീവിതത്തെ സ്വാധീനിക്കുന്നില്ല. അതിനാല്‍, പള്ളികളും, ഭരണ സംവിധാനങ്ങളും വ്യക്തികളും അല്ല സത്യ സഭയുടെ അടയാളങ്ങള്‍.

 

8.      ദൈവത്തിന്റെ മാര്‍മ്മികമായ സഭയില്‍ കാണപ്പെടുന്ന സഭയിലെ എല്ലാ അംഗങ്ങളും ഉണ്ടായിരിക്കേണമെന്നില്ല. ദൈവത്തിന്റെ അദൃശ്യമായ സഭയിലെ അംഗങ്ങള്‍ ഏതെങ്കിലും കാണപ്പെടുന്ന സഭയില്‍ ഉണ്ടായിരിക്കേണമെന്നും ഇല്ല.

 

9.      അദൃശ്യമായ സഭ, ദൈവത്തിന്നു മാത്രം അറിയാവുന്ന, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടമാണ്. അതില്‍ ആരെല്ലാം ഉള്‍പ്പെടും എന്നു ദൈവം മാത്രം അറിയുന്നു. കാലകാലങ്ങളിലായി, വിവിധ ദേശങ്ങളില്‍ നിന്നും, സമൂഹകങ്ങളില്‍ നിന്നും, പുതുക്കം പ്രാപിച്ച്, രക്ഷിക്കപ്പെട്ട് നിത്യമായി ക്രിസ്തുവിനോടു ചേരുന്നവരുടെ കൂട്ടമാണ്. അത് അത് ദൃശ്യമായ സഭയില്‍ നിന്നും വ്യത്യസ്ഥമാണ്. ദൃശ്യമായ സഭ സ്ഥാപനങ്ങള്‍ ആണ്. 

 

10.    ദൃശ്യമായതൊന്നും ഇല്ലായെങ്കിലും മാര്‍മ്മികമായ സഭ നിലനില്‍ക്കും. മാര്‍മ്മികമായ സഭ ഭൌമീകമല്ല, അത് ഈ ഭൂമിയില്‍ നിന്നുള്ളത് അല്ല. അത് നിത്യമാണ്.

 

അദൃശ്യമായ സഭ ഒരു കെട്ടിടമോ, സംഘടനയോ അല്ല. അത് സഭ പണിയപ്പെടുന്നത് കല്ലുകൊണ്ടും, പാറകൊണ്ടും തടികൊണ്ടും അല്ല. അദൃശ്യമായ സഭയുടെ അടിസ്ഥാനം ദൈവീക തിരഞ്ഞെടുപ്പും, മുന്‍ നിയമനവും, പരിശുദ്ധാത്മാവിലുള്ള രൂപാന്തരവും വീണ്ടും ജനനവും, നീതീകരണവും വിശുദ്ധീകരണവും ആണ്.


11.      അദൃശ്യമായ സഭയില്‍, സഭാ രജിസ്റ്റര്‍ ഇല്ല. അവിടെ യഥാര്‍ത്ഥമായും വീണ്ടും ജനനം പ്രാപിച്ച്, ആത്മാവില്‍ പുതുക്കവും, രക്ഷയും, നീതീകരണവും പ്രാപിച്ച എല്ലാവരും അംഗങ്ങള്‍ ആണ്. അത് അവര്‍ ഇപ്പോള്‍ വിശ്വാസത്താല്‍ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. 

 

12.    ക്രിസ്തുവിന്റെ അദൃശ്യമായ സഭ, കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാത്ത ശുദ്ധയും നിഷ്കളങ്കയുമായ സഭയാണ്. (എഫെസ്യര്‍ 5:27). കാരണം അതില്‍ തിരഞ്ഞെടുക്കപ്പെട്ടവരും വീണ്ടെടുക്കപ്പെട്ടവരും ആണ് ഉള്ളത്. യേശുക്രിസ്തു തന്റെ പാപ പരിഹാര യാഗത്തിലൂടെ അവരുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ആയിട്ടുണ്ട്. എന്നാല്‍ ദൃശ്യമായ സഭയില്‍ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരിക്കേണം എന്നില്ല എന്നതിനാല്‍, അതിന് ഇങ്ങനെ ഒരു അവസ്ഥ അവകാശപ്പെടുവാന്‍ സാദ്ധ്യമല്ല. 

 

13.    അദൃശ്യമായ സഭയുടെ ക്രമീകരണം ദൃശ്യമായ സഭയുടെതില്‍ നിന്നും വ്യത്യസ്ഥമാണ്. അദൃശ്യമായ സഭയില്‍ ദൈവവും, ക്രിസ്തുവും, വിശുദ്ധന്മാരും മാത്രമേയുള്ളൂ. അദൃശ്യമായ സഭ കാലങ്ങള്‍ക്ക് അനുസരിച്ചു മാറ്റങ്ങള്‍ക്ക് വിധേയമാകുന്നില്ല. അത് എന്നും എന്നേക്കും ഒന്നുതന്നെയാണ്.


14.    അദൃശ്യ സഭ ഒരു കൂട്ടം ആയിരിക്കുന്നതുപോലെ തന്നെ അത് ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുമാണ്. ഇവര്‍ ഒരുമിച്ച് കൂടുമ്പോള്‍ സഭായോഗം ആകും. എന്നാല്‍ സഭ അവസാനിക്കുകുന്നില്ല. അതിനാല്‍ പള്ളികളിലെ ആരാധന തീരുമ്പോള്‍ സഭ ഇല്ലാതെയാകുന്നില്ല. ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങള്‍, ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ എല്ലാം, ക്രിസ്തുവിന്റെ സഭയായി തന്നെ ഈ ഭൂമിയില്‍ ജീവിക്കുന്നു.

 

15.    മാര്‍മ്മികമായ ദൈവ സഭ, സമയം, കാലം, പ്രദേശം എന്നിവയ്ക്കു അധീതമാണ്. സഭ നിത്യമാണ്. അത് ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയും, ആദിമുതല്‍ നിത്യതവരെയും സത്യമായി നിലനില്‍ക്കുന്നു. ദൈവത്തിന്റെ ജനത്തിന് സ്ഥലമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ, കാലമോ ഇല്ല.


16.    അദൃശ്യമായ സഭ എന്നത്തിന് അദൃശ്യമായ വിശ്വാസികള്‍ എന്നു അര്‍ത്ഥമില്ല. ക്രിസ്തുവിന്റെ സഭ ഇപ്പോള്‍ കാണപ്പെടുന്നത് അല്ല എന്നാണതിന്റെ അര്‍ത്ഥം. ക്രിസ്തുവിന്റെ സഭയെ മനുഷന്റെ നേത്രങ്ങള്‍കൊണ്ടും ഭൌതീകമായ യാതൊന്നുകൊണ്ടും കാണുവാനോ, തിരിച്ചറിയുവാനോ സാധ്യമല്ല. അതായത് ദൈവ സഭ നമുക്ക് അദൃശ്യമാണ് എങ്കിലും ദൈവത്തിന് ദൃശ്യമാണ്. ദൈവത്തിന്, അവന്റെ ജനത്തിന്റെ ഹൃദയം അറിയുവാനും അവരെ തിരിച്ചറിയുവാനും, കൂട്ടിച്ചേര്‍ക്കുവാനും കഴിയും.

 

2 തിമൊഥെയൊസ് 2: 19 എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നുകർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

 

ഒരു വ്യക്തിയെ വിളിക്കുന്നതും വീണ്ടെടുപ്പ് അദ്ദേഹത്തില്‍ സാധ്യമാക്കുന്നതും പരിശുദ്ധാത്മാവ് ആണ് എന്നതിനാല്‍ അതിനെ നമുക്ക് കണ്ണുകള്‍ കൊണ്ട് കാണുവാന്‍ സാധ്യമല്ല. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രക്ഷിക്കപ്പെടുവാനാവശ്യമായ വിശ്വാസം നല്‍കുന്നതും പരിശുദ്ധാത്മാവ് ആണ്. എന്നാല്‍ പുതുക്കം പ്രാപിക്കാത്ത മതപ്രകാരമുള്ള ഭക്തിയുടെ വേഷം മാനുഷിക നേത്രങ്ങള്‍ക്ക് ഗോചരമാണ്. നമുക്ക് ഒരുവന്റെ ബാഹ്യമായ രൂപങ്ങളും, പ്രസ്താവനകളും, പ്രവൃത്തികളും കാണുവാന്‍ കഴിയും. എന്നാല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കൂട്ടത്തെ തിരിച്ചറിയുവാനോ കണ്ടെത്തുവാനോ നമുക്ക് മാനുഷിക നേത്രങ്ങള്‍കൊണ്ട് കഴിയില്ല.

 

ഒരു മനുഷ്യന്റെയും ഹൃദയ വിചാരങ്ങളെ പരിശോധിച്ച് മനസ്സിലാക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ക്രിസ്തുവുമായുള്ള അയാളുടെ ബന്ധത്തിന്റെ ആത്മാര്‍ത്ഥത പരിശുദ്ധാത്മാവിന് മാത്രമേ വിവേചിച്ചറിയുവാന്‍ കഴിയൂ.

 

17.    മാര്‍മ്മികമായ സഭ മാനുഷികമായ പരമ്പര്യപ്രകാരം തുടര്‍ച്ചയുള്ള കാണപ്പെടുന്ന ഒരു സഭയല്ല. ഇത്തരമൊരു സഭ യേശുക്രിസ്തു സ്ഥാപിച്ചു എന്നു പ്രൊട്ടസ്റ്റന്‍റ് സഭകള്‍ വിശ്വസിക്കുന്നില്ല. കത്തോലിക്ക സഭയുടെ പഠിപ്പിക്കലനുസരിച്ച്, ക്രിസ്തുവിന്റെ സഭ ദൃശ്യമായത് ആണെങ്കില്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍ ക്രിസ്തുവിന്റെ സഭ അല്ലാതെയാകും. എന്നാല്‍ ക്രിസ്തുവിന്റെ അദൃശ്യമായ സഭ ആദിമുതല്‍ തന്നെ ഉള്ളതാണ്. മാര്‍മ്മികമായ സഭ യേശുക്രിസ്തുവിനാല്‍ ആരംഭിച്ചതാണ്. അവന്‍ ഈ ഭൂമിയില്‍ ഉള്ളപ്പോള്‍ തന്നെ അതിന്റെ ആരംഭവും ഉണ്ടായി. അതിനു യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ഉപദേശങ്ങളുടെ പാരമ്പര്യവും തുടര്‍ച്ചയും ഉണ്ട്.

ദൈവത്തിന്നു വേര്‍തിരിവ് ഇല്ല

ദൃശ്യമായ സഭ, അദൃശ്യമായ സഭ എന്ന വേര്‍തിരിവ് ദൈവത്തിന്നു ഇല്ല. യഹോവയായ ദൈവം ഒരു സഭയെ മാത്രമേ തിരഞ്ഞെടുത്തുള്ളൂ, യേശു ക്രിസ്തുവിന് ഒരു സഭയെ ഉള്ളൂ. അതിനെ അവന്റെ ജനമെന്നും, മണവാട്ടി സഭയെന്നും, ശരീരമെന്നും വിളിക്കുന്നു. ക്രിസ്തുവിന്റെ സഭ മാത്രമേ ദൈവത്തിന്‍റെ സത്യ സഭയാകുന്നുള്ളൂ.

കാണപ്പെടുന്നത്, കാണപ്പെടാത്തത് എന്നീ പദങ്ങള്‍ ക്രിസ്തീയ സഭയുടെ രണ്ടു പ്രത്യക്ഷതകളെ സൂചിപ്പിക്കുന്നു. ഇതിന് സ്വര്‍ഗ്ഗത്തില്‍ ഒരു കൂട്ടരും ഭൂമിയില്‍ മറ്റൊരു കൂട്ടരും എന്ന അര്‍ത്ഥമില്ല. രക്ഷിക്കപ്പെട്ട എല്ലാ ദൈവജനവും ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭയുടെ അംഗങ്ങള്‍ ആണ്. അവര്‍ ജീവിച്ചിരുന്നവരോ, ജീവിച്ചിരിക്കുന്നവരോ, ഇനിയും ജനിക്കുവാനിരിക്കുന്നവരോ ആകാം. അവര്‍ ഇപ്പോള്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ജീവിച്ചിരിക്കുന്നവര്‍ ആകാം. ദൈവം ഇപ്പൊഴും, എപ്പോഴും സഭയെന്ന് വിളിക്കുന്നത് രക്ഷിക്കപ്പെട്ട ദൈവ ജനത്തെ മാത്രമേയുള്ളൂ.  അവര്‍ മാത്രമാണു ക്രിസ്തുവിന്റെ നിത്യമായ സഭ.

ക്രിസ്തു സ്ഥാപിച്ച സഭ 

യേശുക്രിസ്തു ഒരു സഭ സ്ഥാപിച്ചുവോ? അത് അദൃശ്യമായ സഭയോ ദൃശ്യമായ സഭയോ?

ക്രിസ്തു ഒരു ഭൌതീക സ്ഥാപനമായി അവന്റെ സഭയെ സ്ഥാപിച്ചിട്ടില്ല. അതിനൊരു കാണപ്പെടുന്ന രൂപമോ ഭരണ സംവിധാനമോ ക്രിസ്തു നിര്‍ദ്ദേശിച്ചിട്ടില്ല. അതൊരു ചരിത്രപരമായ അധികാര കേന്ദ്രം അല്ല. ക്രിസ്തുവിന്റെ സഭ ദൃശ്യമല്ലാത്തതിനാല്‍, ഉപദേശ വിഷയമോ സഭാ ഭരണമോ ആയ തര്‍ക്കങ്ങളില്‍ അതൊരു അധികാരി അല്ല. ഉപദേശങ്ങളുടെ അടിസ്ഥാനവും അധികാരിയും ദൈവ വചനം മാത്രമാണ്.

അപ്പോസ്തലപ്രവൃത്തികള്‍ 2 ആം അദ്ധ്യായത്തില്‍ അപ്പോസ്തലന്മാര്‍ പറയുന്ന ഉപദേശങ്ങളില്‍ എങ്ങും സഭയെക്കുറിച്ച് ഒരു സ്ഥാപനമായി പരാമര്‍ശിക്കുന്നില്ല.      

മത്തായി 16: 13 മുതല്‍ 19 വരെയുള്ള വാക്യങ്ങള്‍ ദൃശ്യമായ സഭയെ മനസ്സിലാക്കുവാന്‍ നമ്മളെ ഏറെ സഹായിക്കും. യേശു, ഹെരോദാ രാജാവിന്റെ മകനായ ഫിലിപ്പ് ഗവര്‍ണറായിരുന്ന കൈസര്യ എന്ന പ്രദേശത്ത് എത്തിയപ്പോള്‍, “തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു.” അവര്‍, ജനങ്ങളുടെ അഭിപ്രായങ്ങള്‍ എന്തൊക്കെയാണ് എന്നു മറുപടിയായി പറഞ്ഞു. “ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു”. അപ്പോള്‍ യേശു, “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു. അതിന് പത്രൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.” യേശു ഈ മറുപടി അംഗീകരിച്ച്. പത്രൊസിനോട് പറഞ്ഞു:

 

മത്തായി 16: 17 – 19

17   യേശു അവനോടു: “ബർയോനാ ശിമോനെനീ ഭാഗ്യവാൻജഡരക്തങ്ങൾ അല്ലസ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. 

18   നീ പത്രൊസ് ആകുന്നുഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയുംപാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. 

19   സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നുനീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കുംനീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

18 ആം വാക്യത്തില്‍ പാറ എന്ന വാക്ക് രണ്ടു പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മൂല ഭാഷയായ ഗ്രീക്കില്‍ ഇത് രണ്ട് വ്യത്യസ്തങ്ങള്‍ ആയ വാക്കുകള്‍ ആണ്. നീ പത്രൊസ് ആകുന്നു;” എന്നു പറഞ്ഞപ്പോള്‍ “പെട്രോസ്” എന്ന ഗ്രീക് വാക്കും, “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്നു പറഞ്ഞപ്പോള്‍ “പെട്ര” എന്ന ഗ്രീക്കു വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്. (petros, petra). ഇതില്‍ പെട്രോസ് എന്നാല്‍ ചെറിയ ഒരു പാറ കഷണമോ കല്ലോ ആണ്. എന്നാല്‍ പെട്ര ചലിപ്പിക്കുവാന്‍ കഴിയാത്ത ഒരു വലിയ പാറ ആണ്.

പത്രൊസിന്റെ ഗ്രീക്കിലുള്ള പേരാണ് പെട്രോസ് (petros). യേശു പറഞ്ഞതിന്റെ ആശയം ഇതാണ്: ഒരു ചെറിയ കല്ലായ പത്രൊസ്, യേശുക്രിസ്തു മശിഹ തന്നെയെന്ന സ്വര്‍ഗ്ഗീയ വെളിപ്പാടു സ്വീകരിച്ചു ഏറ്റുപറഞ്ഞിരിക്കുന്നു. ചെറിയ കല്ലുകള്‍ക്ക് ഒരു വലിയ നിര്‍മ്മിതിയുടെ അടിസ്ഥനമാകുവാന്‍ കഴിയുക ഇല്ല. വലിയ പാറകള്‍ക്ക് മാത്രമേ അടിസ്ഥാന ശിലയാകുവാന്‍ കഴിയൂ. യേശു ക്രിസ്തു ആണ് ആ വലിയ പാറയും അടിസ്ഥാനവും. യേശു എന്ന അടിസ്ഥാനത്തിന്മേല്‍ അവന്‍ സഭയെ പണിയും. പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല. 

ഇതിന്റെ അര്‍ത്ഥം, പത്രൊസ് ഏറ്റുപറഞ്ഞ ദൈവീക വെളിപ്പാടിന് യാതൊരു പ്രസക്തിയും ഇല്ല എന്നല്ല. പത്രൊസ് എന്തു പറഞ്ഞോ, അത് സ്വര്‍ഗ്ഗസ്ഥനായ ദൈവം അവന് വെളിപ്പെടുത്തികൊടുത്തതാണ്. അത് യേശുക്രിസ്തു ദൈവപുത്രനായ മശിഹ ആണ് എന്ന സത്യം ആണ്. ഈ വെളിപ്പാടിന്‍മേല്‍ ആണ് യേശുക്രിസ്തു പാപികളെ രക്ഷിക്കുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍, പത്രൊസ് ഏറ്റ് പറഞ്ഞ ദൈവീക വെളിപ്പാടും ക്രിസ്തുവും ഒന്നാണ്.     

“ഞാൻ എന്റെ സഭയെ പണിയും” എന്നു യേശു പറഞ്ഞപ്പോള്‍, അവനാണ് പണിയുന്നത്, മനുഷ്യര്‍ ആരുമല്ല എന്ന ധ്വനി ഉണ്ട്. അതിന്റെ പണി ആരംഭിച്ചിട്ട് അത് മറ്റുള്ളവരെ ഏല്‍പ്പിക്കും എന്നല്ല യേശു പറഞ്ഞത്, അവന്‍ അതിനെ പണിതുകൊണ്ടിരിക്കും.

ക്രിസ്തുവിന്റെ സഭ, അവന്‍ വിളിച്ച് ചേര്‍ക്കുന്നവരുടെ കൂട്ടമാണ്. (ekklasia). സഭയെ വിളിച്ച് ചേര്‍ക്കുന്നത് പത്രൊസ് അല്ല, ദൈവമാണ്. അത് ലോകസ്ഥാപനത്തിന് മുമ്പേയുള്ള തിരഞ്ഞെടുപ്പിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ജനമാണ്. പത്രൊസ് അതില്‍ ഒരു വ്യക്തി മാത്രമാണ്.

യേശു പണിയുന്ന സഭയ്ക്ക് മറ്റെല്ലാ കൂട്ടങ്ങളെക്കാളും അധികാരങ്ങളെക്കാളും ശക്തി ഉണ്ടായിരിക്കും. സഭ പാതാളത്തിന്റെ ഗോപുരങ്ങളെ ആക്രമിച്ചു കീഴടക്കും. ഈ ഗോപുരങ്ങള്‍ അഥവാ വാതിലുകള്‍ മനുഷ്യരെ പാതാളത്തിലേക്ക് പ്രവേശിപ്പിക്കുന്ന പ്രവേശന കവാടങ്ങള്‍ ആണ്. പാതാള സൈന്യം സഭയ്ക്ക് എതിരെ വരും എന്നല്ല യേശു പറഞ്ഞത്, പാതാളത്തിന്റെ കവാടത്തിന് ക്രിസ്തുവിന്റെ സഭയെ തടഞ്ഞു നിറുത്തുവാന്‍ കഴിയില്ല എന്നാണ് യേശു പറഞ്ഞത്. ഇത് പിശാച് അടിമത്തത്തില്‍ ബന്ധിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ ക്രിസ്തുവിന്റെ സഭ സ്വതന്ത്രര്‍ ആക്കും എന്ന ധ്വനിയാണ്. സഭ പാതാളത്തിന്റെ കവാടങ്ങളെ തകര്‍ക്കും, അനേകര്‍ സ്വതന്ത്രര്‍ ആകും. ഇത് തന്നെയാണ് പത്രൊസിന്റെ ജീവിതത്തിലും സംഭവിച്ചത്. ദൈവീക വെളിപ്പാടു പ്രാപിച്ചപ്പോള്‍, അവന്‍ പാതാളത്തിന്റെ ബന്ധനത്തില്‍ നിന്നും സ്വതന്ത്രന്‍ ആയി.

ക്രിസ്തു എന്ന പാറമേല്‍, അവന്‍ സ്ഥാപിച്ചതും, അവന്‍ പണിതുകൊണ്ടേയിരിക്കുന്നതും ആയ വീണ്ടെടുക്കപ്പെട്ടവരുടെ കൂട്ടമാണ്, ക്രിസ്തുവിന്റെ മാര്‍മ്മികമായ സഭ. 

യേശു പത്രൊസിനോട്, അവന്റെ സഭയെക്കുറിച്ച് പറയുമ്പോള്‍, ഈ ഭൂമിയില്‍ എങ്ങും പ്രാദേശിക സഭകള്‍ ഉണ്ടായിരുന്നില്ല. പഴയനിയമത്തില്‍ നിന്നും മോചിതമായ ഒരു പുതിനിയമ സഭ അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്നില്ല. യേശു ആണ് പുതിയനിയമ സഭ പണിയുവാന്‍ ആരംഭിച്ചത്. അവനാണ് ഇന്നും അതിനെ പണിതുകൊണ്ടിരിക്കുന്നത്.

സഭ എന്നു പറയുവാന്‍ യേശു ഉപയോഗിച്ച എക്ലേഷിയ എന്ന ഗ്രീക്ക് വാക്ക്, കേള്‍വിക്കാര്‍ക്ക് സുപരിചിതമായ ഒരു പദമായിരുന്നു. അതിന്റെ അര്‍ത്ഥം വിളിച്ച് കൂട്ടപ്പെട്ടവര്‍ എന്നും കൂടിവരവ് എന്നും ആയിരുന്നു. ഈ കൂടിവരവ് രാക്ഷ്ട്രീയമോ നിയമ പരിപാലനമോ, നിയമ നിര്‍മ്മാണത്തിനോ ആയിരുന്നു.

അതായത്, യേശു അവന്റെ സഭയെ പണിയും എന്നു പറഞ്ഞപ്പോള്‍ അത് ഒരു രാജ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെടുത്തിയാണ് അന്നത്തെ കേള്‍വിക്കാര്‍ മനസ്സിലാക്കിയത്. യേശു ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. ദൈവരാജ്യം, ദൈവത്തിന്‍റെ ഇഷ്ടവും അവന്റെ ഭരണവും ഈ ഭൂമിയില്‍ വരുന്നതാണ്. അതായത്, യേശു പറഞ്ഞ സഭ, ഞായറാഴ്ച തോറും ക്രിസ്തീയ വിശ്വാസികള്‍ ഒരു സ്ഥലത്തു കൂടിവരുന്നതിനെക്കുറിച്ചല്ല. എങ്കിലും, മാര്‍മ്മികമായി, ഈ കൂടിവരവില്‍, ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍, അത് ക്രിസ്തു പറഞ്ഞ സഭയാകും.  

ക്രിസ്തു ഒരു സഭയെ മാത്രമേ സ്ഥാപിച്ചുള്ളൂ എന്നത് തര്‍ക്ക രഹിതമായ സത്യമാണ്. ഈ സഭയ്ക്ക് ഇപ്പോള്‍ ഒരു അദൃശ്യമായ അവസ്ഥയും അദൃശ്യമായ അവസ്ഥയും ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട, വിശ്വാസത്താല്‍ ക്രിസ്തുവിനോട് ചേര്‍ന്നവരുടെ കൂട്ടമാണ് അദൃശ്യമായ സഭ. അദൃശ്യ സഭയാണ് സത്യവും നിത്യവുമായ സഭ.


തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ 
online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റുംമലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment