നീനെവേ പട്ടണത്തിന്റെ തകര്‍ച്ച: ഒരു മുന്നറിയിപ്പ്

ദൈവവും മനുഷ്യരും ഈ ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടു പ്രധാന ചിന്തകള്‍ ഉണ്ട്. ഒന്നു, സൃഷ്ടിയ്ക്കു ശേഷം ദൈവം സ്വര്‍ഗ്ഗത്തിലേക്ക്, അവന്റെ വാസ സ്ഥലത്തേക്ക് കയറിപ്പോയെന്നും അതിനു ശേഷം മനുഷ്യരുടെ ദൈനം ദിന ജീവിതത്തില്‍ അവന്‍ ഇടപെടുന്നില്ല എന്നതുമാണ്. ദൈവം ഈ ലോകത്തിന്റെ ഭാവി എന്തായിരിക്കും എന്നു നിര്‍ണ്ണയിച്ചു കഴിഞ്ഞു. അത് അതിന്‍പ്രകാരം മുന്നോട്ടു പോയിക്കൊള്ളും. ദൈവം നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ അവസാനിക്കുകയും ചെയ്യും. ഈ ചിന്ത പുരാതന ജാതീയ വിശ്വാസികളുടെ ഇടയില്‍ ഉണ്ടായിരുന്നു. യഹൂദന്മാരുടെ ഇടയിലെ സദൂക്യരും ഇതേ വിശ്വാസക്കാര്‍ ആയിരുന്നു. എന്നാല്‍ യഹൂദ പരീശന്മാര്‍ മറ്റൊരു വിശ്വസം പുലര്‍ത്തിയിരുന്നു. മനുഷ്യര്‍ക്ക് സ്വന്ത തീരുമാനങ്ങള്‍ എടുക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും, സകലതും എപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണ് എന്നു അവര്‍ വിശ്വസിച്ചു. ദൈവം കാഴ്ചക്കാരനെപ്പോലെ ദൂരെ എവിടെയോ മാറി നില്‍ക്കുകയല്ലഅവന്‍ മനുഷ്യന്റെ ചരിത്രത്തില്‍ ഇപ്പൊഴും സദാ ഇടപെട്ടുകൊണ്ടിരിക്കുന്നു.


ദാനിയേല്‍ 2: 21, 22 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നതിങ്ങനെയാണ്: “അവൻ (ദൈവം) കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നുഅവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നുഅവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നുഅവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നുവെളിച്ചം അവനോടുകൂടെ വസിക്കുന്നു.”

വേദപുസ്തകത്തില്‍ മനുഷ്യന്‍റെ ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍ ദൈവം നേരിട്ടു ഇടപെട്ട അനേകം അവസരങ്ങളെക്കുറിച്ച് പറയുന്നുണ്ട്. രാജ്യങ്ങളുടെയും അവിടെയുള്ള ജനങ്ങളുടെയും ജീവിതത്തില്‍, അവരുടെ ദുഷ്ടത നിമിത്തം, ദൈവം ഇടപെട്ട ചില പ്രത്യേക സംഭവങ്ങള്‍ ഉണ്ട്. അവ യഥാര്‍ത്ഥമായും സംഭവിച്ചിരുന്നു എന്ന് ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും, നരവംശ ശാസ്ത്രജ്ഞന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് നീനെവേ പട്ടണത്തിന്റെ തകര്‍ച്ച. ലോക ചരിത്രത്തില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതിനാല്‍, നീനെവേയുടെ തകര്‍ച്ചയില്‍ നിന്നും ഇന്നത്തെ ലോകത്തിന് പഠിക്കുവാന്‍ ചില പാഠങ്ങള്‍ ഉണ്ട്. ഇന്ന് നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്, എന്തായിരിക്കും ഈ ലോകത്തിന്റെ ഭാവി, ദൈവം എപ്പോള്‍, എങ്ങനെ നമ്മളുടെ ലോകത്തില്‍ ഇടപെടും എന്നെല്ലാം നീനെവേയുടെയും, അതിനു മുമ്പ് തകര്‍ന്നുപോയ ചില പുരാതന പട്ടണങ്ങളുടെയും ചരിത്രം നമ്മളോട് പറഞ്ഞുതരും.

നീനെവേ പട്ടണം അല്ല ലോക ചരിത്രത്തില്‍ ആദ്യമായി ദൈവീക ഇടപെടലിനാല്‍ തകര്‍ന്നു പോകുന്നത്. എന്നാല്‍ ഈ പഠനത്തില്‍  നീനെവേയുടെ ചരിത്രത്തില്‍ മാത്രമേ നമ്മളുടെ ചിന്തകളെ കേന്ദ്രീകരിക്കുന്നുള്ളൂ. നീനെവേയുടെ തകര്‍ച്ചയിലും അതിനു മുമ്പ് സംഭവിച്ച ചില പട്ടണങ്ങളുടെ തകര്‍ച്ചയിലും ദൈവം ഇടപെടാനുള്ള കാരണം ഒന്നുതന്നെയാണ്. അതിനാല്‍ നീനെവേയുടെ തകര്‍ച്ചയെ ദൈവത്തിന്റെ ന്യായവിധിയുടെ അടയാളമായും ക്രമമായും കരുതാം.

നോഹയുടെ കാലത്ത്, ദൈവം ഇടപ്പെടുവാനുള്ള കാരണം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചുഅതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയുംമനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേഅവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. (ഉല്‍പ്പത്തി 6: 5-7). “എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായിഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കിഅതു വഷളായി എന്നു കണ്ടുസകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.” (ഉല്‍പ്പത്തി 6: 11,12). അതിനാല്‍, “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നുഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നുഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.” എന്നു ദൈവം നോഹയോടു കല്‍പ്പിച്ചു. (6: 13). അങ്ങനെ മഹാപ്രളയമുണ്ടായി, പെട്ടകത്തില്‍ കയറിയ നോഹയുടെ കുടുംബവും ജീവജാലങ്ങളും ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു. പ്രളയത്തിന് ശേഷം അന്നത്തെ ഭൂമിയുടെ ഘടന തന്നെ മാറി. 

ലോകത്തെ ന്യായം വിധിക്കുന്നതിന് ദൈവത്തിന് അവന്റെ നീതിയുടെ ഒരു ക്രമം ഉണ്ട്. അതില്‍ മുന്നറിയിപ്പും, രക്ഷപ്പെടുവാനുള്ള  അവസരവും, വിചാരണയും, അന്തിമ വിധിയും, ശിക്ഷ നടപ്പാക്കലും ഉണ്ട്. മനുഷ്യര്‍ ദൈവത്തെ ഉപേക്ഷിച്ച്, ദുഷ്ടത പ്രവര്‍ത്തിക്കുകയും അവരുടെ ദുഷ്ടത ദൈവ സന്നിധിയില്‍ ശിക്ഷിക്കപ്പെടുവാന്‍ തക്കവണം കഠിനമാകുകയും ചെയ്യുമ്പോള്‍ മാത്രമാണു ദൈവം ന്യായവിധിയുമായി ഇടപെടുന്നത്. തന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആയ ദാസന്‍മാരിലൂടെ, വരുവാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്കുകയും മനസാന്തരപ്പെടുവാന്‍ അവസരം നല്കുകയും ചെയ്യും. ശേഷം, കാലത്തിന്റെ തികവില്‍, ദൈവം മനുഷ്യരുടെമേല്‍ ന്യായവിധി അയക്കുന്നു. ലോകം തകരുകയും, അതിന്റെ ഘടനയ്ക്കും ക്രമത്തിനും വ്യത്യാസം സംഭവിച്ചിട്ട് പുതിയ ഒന്നു രൂപപ്പെടുകയും ചെയ്യും.  

ഇത്തരം ദൈവീക ഇടപെടലിന്റെ കാല സമ്പൂര്‍ണ്ണത എപ്പോള്‍ ആണ് എന്ന് വ്യക്തമാക്കുന്ന ഒരു വാക്യം ദൈവം അബ്രാഹാമിനോടു പറയുണ്ട്. അബ്രാഹാമിന്റെ തലമുറ മിസ്രയീമില്‍ പ്രവാസികള്‍ ആയി കഴിയേണ്ടി വരും എന്നും നാലാം തലമുറ കനാന്‍ ദേശത്തേക്ക് തിരികെ വന്ന് ദേശം കൈവശമാക്കി അവിടെ താമസിക്കും എന്നും ദൈവം അവന് വാഗ്ദത്തം കൊടുത്തു. അത് എപ്പോള്‍ എങ്ങനെ സംഭവിക്കും? ദൈവം അബ്രാഹാമിനോട് സംസാരിക്കുമ്പോള്‍ കനാന്‍ ദേശത്ത് ഒരു ജനത താമസിച്ചിരുന്നു. അവരെ യാതൊരു കാരണവും കൂടാതെ, അനീതിയോടെ ഒരു വംശഹത്യ നടത്തിയിട്ടല്ല ദൈവം യിസ്രായേലിന് ആ ദേശം കൊടുക്കുന്നത്. കാനാന്യരെ നശിപ്പിക്കുവാന്‍ ദൈവത്തിന് മതിയായ കാരണം ഉണ്ടായിരുന്നു. ദൈവം പറഞ്ഞതിങ്ങനെയാണ്: “നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരുംഅമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.” (ഉല്‍പ്പത്തി 15:16).

ഈ ക്രമം നമുക്ക് സൊദോം ഗൊമോര പട്ടണങ്ങളുടെ കാര്യത്തിലും കാണാം. ദൈവം അബ്രാഹാമിനോട് പറഞ്ഞു: “സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.” (ഉല്‍പ്പത്തി 18: 20). ലോത്തിന് പ്രത്യക്ഷപ്പെട്ട ദൂതന്മാര്‍, അവനോടു പറയുന്നതിങ്ങനെയാണ്: “ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായി തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.” (19:13).  

ദൈവ നീതിയുടെ ഇതേ ക്രമത്തില്‍, അതിന്റെ അവസാനത്തെ ഘട്ടത്തില്‍ ആണ് ഇന്ന് നമ്മള്‍ ജീവിക്കുന്ന ലോകവും എത്തിയിരിക്കുന്നത്. ഈ ലോകത്തിന്റെ അന്തിമ തകര്‍ച്ചയും മറ്റൊരു ആത്മീയ ലോകത്തിന്റെ രൂപീകരണവും ദൈവം അവന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്‍മാരിലൂടെ ലോകത്തെ  അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആത്മീയ മര്‍മ്മമാണ് ഇവിടെ നമ്മള്‍ പഠിക്കുന്നത്. അതിനു അടിസ്ഥാനമായി, ലോകചരിത്രത്തെ വ്യത്യാസപ്പെടുത്തിയ നീനെവേ പട്ടണത്തിന്റെ തകര്‍ച്ചയുടെ ചരിത്രം നമ്മള്‍ തിരഞ്ഞെടുക്കുന്നു.

നീനെവേ

ടൈഗ്രീസ് നദിയുടെ കിഴക്കന്‍ തീരത്ത്, മെസൊപ്പൊത്താമ്യ എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന അശ്ശൂര്‍ സാമ്രാജ്യത്തിലെ ഏറ്റവും പുരാതനവും ജനനിബിഡവുമായ ഒരു പട്ടണമായിരുന്നു നീനെവേ. (Nineveh, Tigris River). ഇന്നത്തെ ഇറാഖിലെ, വടക്കന്‍ പ്രദേശമായ മോസൂള്‍ എന്ന സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ ആയിരുന്നു പുരാതനമായ പട്ടണം സ്ഥിതിചെയ്തിരുന്നത്. നീനെവേ നവ-അശ്ശൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. (Upper Mesopotamia, Mosul, Iraq, Neo-Assyrian Empire). ഇന്ന് നീനെവേ എന്നത് മോസൂളിലെ ഒരു  പ്രദേശത്തിന്റെ പേരാണ്.

ഏകദേശം 50 വര്‍ഷങ്ങളോളം നീനെവേ ലോകത്തിലെ ഏറ്റവും വലിയ പട്ടണമായി നിലനിന്നു. നീനെവേ വളരെ സമ്പന്നമായ ഒരു വ്യാപാര പട്ടണം ആയിരുന്നു. ഈ പട്ടണത്തെക്കുറിച്ചുള്ള വിവരങ്ങള്‍, വേദപുസ്തത്തിന് വെളിയില്‍, ചില ചരിത്ര രേഖകളില്‍ ഉണ്ട്. അതിലെല്ലാം നീനെവേയെക്കുറിച്ച് എതിരായ അഭിപ്രായങ്ങള്‍ ഉണ്ട്. ക്രിസ്തീയ കാലത്ത് ഇവിടെ ഒരു ബിഷപ്പിന്റെ ആസ്ഥാനം ഉണ്ടായിരുന്നു.

6000 BC മുതല്‍ ഈ പ്രദേശത്ത് ജനങ്ങള്‍ താമസിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 3000 BC ആയപ്പോഴേക്കും ഇസ്താര്‍ ദേവിയുടെ ആരാധന കേന്ദ്രമായി നീനെവേ അറിയപ്പെട്ടു. നീനെവേ എന്ന പേരിന്റെ അര്‍ത്ഥം തന്നെ “ദേവതയുടെ ഭവനം” എന്നോ “ഇസ്താറിന്‍റെ ഭവനം” എന്നോ ആയിരിക്കേണം. ("House of the Goddess" or "House of Ishtar").

ഈ പട്ടണം അശ്ശൂര്‍ സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത് BC 1813 നും 1791 നും ഇടയില്‍, ഷമാഷി അഡാഡ് ഒന്നാമന്‍ എന്ന അശ്ശൂര്‍ രാജാവിന്റെ കാലത്ത് ആയിരിക്കേണം. (Shamashi Adad I). അദ്ദേഹം അമോർയ്യരെ അവിടെ നിന്നും ഓടിച്ചു കളഞ്ഞാണ് നീനെവേയെ പിടിച്ചെടുത്തത്. ഷമാഷി അഡാഡ് ഒന്നാമന്റെ മരണശേഷം. BC 1792 നും 1750 ഇടയില്‍, ബാബിലോണിയന്‍ രാജാവായിരുന്ന ഹമ്മുറാബിയുടെ കാലത്ത്, അമോർയ്യര്‍ നീനെവേ വീണ്ടും പിടിച്ചെടുത്തു. (King Hammurabi of Babylon). ഹമ്മുറാബിയുടെ മരണശേഷം, BC 1726 നും 1691 നും ഇടയില്‍, അശ്ശൂര്‍ സാമ്രാജ്യം, ആദാസി എന്ന രാജാവിന്റെ നേതൃത്വത്തില്‍, നീനെവേ പട്ടണത്തെ തിരികെ പിടിച്ചു. (Adasi). BC 1274 മുതല്‍ 1245 വരെ അശ്ശൂര്‍ സാമ്രാജ്യം ഭരിച്ചിരുന്ന ശൽമനേസെർ രാജാവു നീനെവേയില്‍ ഒരു കൊട്ടാരവും ജാതീയ ക്ഷേത്രവും, പട്ടണത്തിന് ചുറ്റുമതിലും നിര്‍മ്മിച്ചു. (Shalmaneser). BC 10 ആം നൂറ്റാണ്ടില്‍ നവ-അശ്ശൂര്‍ സാമ്രാജ്യം നിലവില്‍ വന്നു. 8, 7 നൂറ്റാണ്ടുകളില്‍ നീനെവേ അഭിവൃദ്ധിയുടെ ഉന്നതിയില്‍ എത്തി.


നീനെവേ പട്ടണം അഭിവൃദ്ധി പ്രാപിക്കുന്നത് BC 705 നും 681 നും സൻഹേരീബ് എന്ന അശൂര്‍ രാജാവിന്റെ കാലത്താണ് (Sennacherib). സൻഹേരീബ്, സര്‍ഗോണ്‍ രണ്ടാമന്‍ എന്ന അശ്ശൂര്‍ രാജാവിന്റെ മകന്‍ ആയിരുന്നു. (King Sargon II). സൻഹേരീബിന് പിതാവുമായി അകല്‍ച്ച ഉണ്ടായിരുന്നു. അതിനാല്‍, 705 BC ല്‍ സര്‍ഗോണ്‍ മരിച്ചു കഴിഞ്ഞപ്പോള്‍, പിതാവ് നിര്‍മ്മിച്ച കൊട്ടാരത്തില്‍ താമസിക്കാതെ, സൻഹേരീബ് നീനെവേ പട്ടണത്തില്‍ താമസമാക്കി. അദ്ദേഹം അതിന്റെ അതിരുകളെ വിശാലമാക്കി, അതിനെ അശ്ശൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന പട്ടണമാക്കി. പട്ടണത്തിന് ചുറ്റും 15 വാതിലുകള്‍ ഉള്ള വലിയ മതിലുകള്‍ പണിതു. പട്ടണത്തില്‍ ഉദ്ദ്യാനങ്ങളും, കുളങ്ങളും, കൃഷിയിടങ്ങളും, ജലസേചന മാര്‍ഗ്ഗങ്ങളും, കനാലുകളും ഉണ്ടാക്കി. അങ്ങനെ പട്ടണം വളരെ അഭിവൃദ്ധിപ്പെട്ടു. അദ്ദേഹത്തിന്റെ കൊട്ടാരത്തിന് 80 മുറികള്‍ ഉണ്ടായിരുന്നു. അദ്ദേഹം കൊട്ടാരത്തെ, അതിന് തുല്യമായ മറ്റൊന്നില്ല എന്ന അര്‍ത്ഥത്തില്‍ “പ്രതിയോഗി ഇല്ലാത്ത കൊട്ടാരം” എന്നു വിളിച്ചു. അശ്ശൂര്‍ സാമ്രാജ്യത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നീനെവേയിലേക്ക് കുടിയേറി താമസിച്ചു. നീനെവേ അശ്ശൂര്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രം കൂടിയായിരുന്നു.

 

യെശയ്യാ പ്രവാചകന്റെ കാലത്തും ഹെസേകിയ രാജാവിന്റെ കാലത്തും നേനെവേ ഭരിച്ചിരുന്നത് സൻഹേരീബ് ആയിരുന്നു. (King Sennacherib, Isaiah, King Hezekiah).  

സൻഹേരീബ് രാജാവു തന്റെ രണ്ടു പുത്രന്മാരാല്‍ നീനെവേയില്‍ വച്ച് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ഏസെർ-ഹദ്ദോൻ രാജാവായി. (Esarhaddon – രാജഭരണം: 681-669 BC). ഈജിപ്തുമായുള്ള ഒരു യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അതിനു ശേഷം അദ്ദേഹത്തിന്റെ മാതാവ് സകുറ്റു രാഞ്ജിയായി (Zakutu). 668 ല്‍ അവര്‍ രാജഭരണം അവരുടെ മകന്‍ അഷുര്‍ബാനിപ്പാല്‍ നെ ഏല്‍പ്പിച്ചു. (Ashurbanipal - രാജഭരണം: 668-627 BCE). അദ്ദേഹത്തിന്റെ കാലത്ത് നീനെവേ പട്ടണം കൂടുതല്‍ അഭിവൃദ്ധിപ്പെട്ടു. അവിടെ, അന്നത്തെ രീതിയില്‍ ഒരു പുസ്തകശാല ഉണ്ടാക്കി. അന്ന് ചെളികൊണ്ടു ഉണ്ടാക്കിയ പലകകളില്‍ ആണ് രചനകള്‍ എഴുതി സൂക്ഷിച്ചിരുന്നത്. അത്തരം 30,000 പലകകള്‍ ആ പുസ്തകശാലയില്‍ ഉണ്ടായിരുന്നു. ഇത് മെസൊപ്പൊത്താമ്യയിലെ അക്കാലത്തെ രചനകള്‍ ആയിരുന്നു. നീനെവേ വളരെ മനോഹരവും സമ്പന്നവും ആയ പട്ടണമായി. കലയും ശാസ്ത്രവും, വാസ്തുവിദ്യയും വളര്‍ന്നു. സൈന്യബലത്തിലും അവര്‍ ശക്തരായി. നീനെവേ പട്ടണവും അതിന്റെ മഹത്വവും എന്നന്നേക്കും നിലനില്ക്കും എന്നു അവര്‍ കരുതി.

പുരാവസ്തു ഗവേഷണം

നീനെവേ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ അനേകം വര്‍ഷങ്ങള്‍ മണ്ണിനടിയില്‍ മറഞ്ഞു കിടന്നു. യോനയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വലിയ ജനസംഖ്യയും പട്ടണത്തിന്റെ വലിപ്പവും കാരണം, നീനെവേ പട്ടണത്തിന്റെ കഥ ഒരു ഐതീഹം മാത്രമാണു എന്നു അനേകം ചരിത്രകാരന്‍മാര്‍ കരുതി. യോനാ പ്രവാചകന്റെ പുസ്തകം 4: 11 ല്‍ പറയുന്നത് “ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേ” എന്നാണ്. പുരാതനമായ പട്ടണത്തിന് ഇതൊരു വലിയ ജനസംഖ്യമാണ്. യോനാ 3: 3 ല്‍ അതിന്റെ വലിപ്പത്തെക്കുറിച്ച് പറയുന്നതു: “നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.” എന്നുമാണ്. എന്നാല്‍ നീനെവേ ഒരു പട്ടണം ആയിരുന്നില്ല. അത് ഒരു പ്രധാന പട്ടണവും അതിനോടു അനുബന്ധിച്ച് ചില ചെറിയ പട്ടണങ്ങളും ഉണ്ടായിരുന്നു. രെഹോബത്ത്കാലഹ്, രേസെൻ എന്നിവ നീനെവേയുടെ ഉപ പട്ടണങ്ങള്‍ ആയിരുന്നു.

മദ്ധ്യകാലഘട്ടത്തില്‍ നീനെവേ പട്ടണത്തിന്റെ സ്ഥാനത്തെക്കുറിച്ച് അന്നത്തെ ചരിത്രകാരന്‍മാര്‍ക്കും സഞ്ചാരികള്‍ക്കും അറിവുണ്ടായിരുന്നു. ടുഡെല യിലെ ബഞ്ചമിന്‍ ഈ പ്രദേശം AD 1170 ല്‍ സന്ദര്‍ശിച്ചതായി പറയുന്നുണ്ട്. അതിന് ശേഷം മറ്റൊരു സഞ്ചാരിയും ചരിത്രകാരനുമായിരുന്ന റെഗെന്‍സ്ബര്‍ഗിലെ പെറ്റാക്കിയ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. (Benjamin of Tudela, Petachiah of Regensburg). ഡാനിഷ് സഞ്ചാരിയായിരുന്ന കാര്‍സ്റ്റെന്‍ നെബൂര്‍ 1761-67 കാലത്ത് ഇവിടം സന്ദര്‍ശിച്ചിരുന്നു (Carsten Niebuhr). അവിടെ നുനിയ എന്ന സ്ഥലവും മുസ്ലീം മോസ്ക്കും, യോനാ പ്രവാചകന്റെ ശവകുടീരവും അദ്ദേഹം സന്ദര്‍ശിച്ചു. (Nunia). നുനിയ എന്നത് നിനെവെയുടെ പേരാണ്.

AD 1820 ല്‍ ക്ലോഡിയസ് ജെ. റിച്ച് എന്ന പുരാവസ്തു ഗവേഷകന്‍, ആദ്യമായി, നീനെവേ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. അതിനു ശേഷം ഫെലിക്സ് ജോണ്‍സ് എന്ന ഗവേഷകന്‍ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. (Claudius J. Rich, Felix Jones). AD 1842 ല്‍ ഫ്രെഞ്ചുകാരന്‍ ആയ, മോസൂളിലെ കൌണ്‍സല്‍ ജനറല്‍ ആയിരുന്ന, പോള്‍ എമിലെ ബോട്ട, സര്‍ഗോണ്‍ രണ്ടാമന്റെ കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തി.

AD 1846 ലും 1847 ലുമായി ബ്രിട്ടീഷ് നയതന്ത്രഞന്‍ ആയിരുന്ന ഓസ്റ്റെന്‍ ഹെന്‍റി ലയാര്‍ഡ് എന്ന പുരാവസ്തു ഗവേഷകന്‍ പുരാതന നീനെവേ രാജാവായിരുന്ന സൻഹേരീബിന്റെ കൊട്ടാരം കണ്ടെടുത്തു. (Sir Austen Henry Layard). അദ്ദേഹം സൻഹേരീബിന്റെ കൊട്ടാരം കണ്ടെടുത്തു. അതിന് 71 മുറികള്‍ ഉണ്ടായിരുന്നു. അഷുര്‍ബാനിപ്പാലിന്റെ പുസ്തകശാലയിലെ 22000 ചെളികൊണ്ടുള്ള പലകകളും അദ്ദേഹം കണ്ടെടുത്തു. ലയാര്‍ഡ് കണ്ടെടുത്ത പല പുരാവസ്തുക്കളും ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഉണ്ട്. ഉത്ഘനനം കാംമ്പെല്‍ തോംസണ്‍, ജോര്‍ജ് സ്മിത് എന്നിവര്‍ തുടര്‍ന്നു. അവര്‍ കണ്ടെടുത്ത പുരാവസ്തുക്കള്‍ പുരാവസ്തു ശേഖരണം നടത്തുന്നവരുടെയും, യൂറോപ്പിലെ മ്യൂസിയങ്ങളിലും ഉണ്ട്. ഇതെല്ലാം നീനെവേ പട്ടണം ഒരു ഐതീഹം അല്ല എന്നും അത് ഒരു പുരാതന സമ്പന്ന പട്ടണമാണ് എന്നും തെളിയിക്കുന്നു.  

CE 602 മുതല്‍ 628 വരെ നടന്ന ബൈസാന്റൈന്‍ -സസ്സാനിഡ് യുദ്ധത്തോടെ പട്ടണത്തിന്റെ ഒരു ഭാഗം ബൈസാന്റൈന്‍ ഭരണത്തിന്‍ കീഴില്‍ ആയി. (Byzantine-Sassanid War). ഈ പ്രദേശം പിന്നീട്, 637 CE ല്‍ മിസ്ലീം ഭരണത്തിലായി. അക്കാലത്ത്, മെസൊപ്പൊത്താമ്യയിലെ പല പട്ടണങ്ങളെയും അവയുടെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തുവാന്‍ കഴിഞ്ഞു എങ്കിലും നീനെവേ പട്ടണത്തിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

യോനാ പ്രവാചകന്‍

വേദപുസ്തകത്തില്‍ നീനെവേ പട്ടണം അറിയപ്പെടുന്നത് യോനാ പ്രവാചകനിലൂടെയാണ്. പഴയനിയമത്തിലെ 12 ചെറിയ പ്രവാചകന്‍മാരില്‍ അഞ്ചാമന്‍ ആണ് യോനാ. യോനായുടെ പിതാവിന്റെ പേര് അമിത്ഥാ എന്നായിരുന്നു. അദ്ദേഹത്തിന്റെ ദേശം, വടക്കന്‍ രാജ്യമായിരുന്ന യിസ്രായേലിലെ ഗലീല പ്രദേശത്തെ, നസറെത്തിന് സമീപമുള്ള ഗത്ത്-ഹേഫര്‍ ആയിരുന്നു (Amittai, Gath-hepher). (2 രാജാക്കന്മാര്‍ 14: 25).

അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ചരിത്രം, 4 അദ്ധ്യായങ്ങള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിത ചരിത്രം അല്ല. അദ്ദേഹത്തിന്റെ ശുശ്രൂഷയിലെ ഒരു സംഭവം മാത്രമേ ഇവിടെ കാണുന്നുള്ളൂ. അത് നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവചനവും ശേഷമുണ്ടായ സംഭവങ്ങളും ആണ്. അതിനാല്‍ ഇതിനെ നീനെവേയുടെ ചരിത്രത്തിലെ ഒരു ഘട്ടം മാത്രം രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമായി കരുതാം. നീനെവേ പട്ടണത്തിന്റെ ശേഷമുള്ള ചരിത്രം നമുക്ക് നഹൂം പ്രവാചകന്റെ പുസ്തകത്തിലും വായിക്കാവുന്നതാണ്. ഇതിലാണ് പട്ടണത്തിന്റെ പതനം വിവരിക്കപ്പെടുന്നത്.

യേശുക്രിസ്തു തന്റെ ഭൌതീക ശുശ്രൂഷയില്‍ പേര് എടുത്തുപറയുന്ന 4 പഴയനിയമ പ്രവാചകന്മാരില്‍ ഒരുവനാണ് യോനാ. (യെശയ്യാവ്, ദാനിയേല്‍, സെഖര്യാവു, യോനാ). യേശുക്രിസ്തു താന്‍ മാശിഹാ ആണ് എന്നതിന്റെ അടയാളമായി പറയുന്നത് യോനാ മല്‍സ്യത്തിനുള്ളില്‍ ഇരുന്ന ചരിത്രം ആണ്. യോനയെ യേശുവിന്റെ തന്നെ ഒരു നിഴലായി ഇവിടെ നമുക്ക് കാണാം.

മത്തായി എഴുതിയ സുവിശേഷത്തിലും ലൂക്കോസിലും (11:32) യോനയെക്കുറിച്ച് പരമര്‍ശമുണ്ട്. മത്തായി 12 ആം അദ്ധ്യായത്തില്‍ യേശു ആണ് യോനയെക്കുറിച്ച് പറയുന്നത്. ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട്: ഗുരോനീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അതിനു യേശു ഉത്തരം പറഞ്ഞതിങ്ങനെയാണ്:

 

മത്തായി 12: 39, 40

39 “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നുയോനാ പ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. 

40 യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. 

അപ്പോക്രിഫ പുസ്തകങ്ങളില്‍ ഒന്നായാ തോബിത്ത് ന്‍റെ പുസ്തകത്തിലും നീനെവേയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. സിറിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍, യോനാ പ്രവാചകന്‍ മല്‍സ്യത്തിന്റെ വയറ്റില്‍ ആയിരുന്ന മൂന്ന് ദിവസത്തെ ഓര്‍മ്മിച്ചുകൊണ്ടു നോമ്പും പ്രാര്‍ത്ഥനയും നടത്താറുണ്ട്.

ബാബിലോണിയ പ്രവാസത്തിന് ശേഷം യഹൂദന്മാരുടെ ഇടയില്‍ വളരെ ശക്തമായ ഒരു ദേശീയത വികാരം വളര്‍ന്ന് വന്നു. അവര്‍ വിശേഷപ്പെട്ടതും പ്രത്യേകമായതുമായ ഒരു വംശമാണ് എന്നു യഹൂദന്മാര്‍ കരുതി. അതിനാല്‍ യഹൂദന്മാര്‍ അല്ലാത്തവരുടെ ഭാവിയെക്കുറിച്ച് അവര്‍ ഭാരപ്പെട്ടില്ല. യഹൂദന്മാര്‍ അല്ലാത്തവരെയെല്ലാം ജാതീയര്‍ എന്ന പൊതു പേര് വിളിച്ചിരുന്നു. ദൈവത്തില്‍ നിന്നുള്ള രക്ഷ ജാതീയര്‍ക്ക് ലഭിക്കും എന്ന ചിന്ത അവര്‍ക്കില്ലായിരുന്നു. എന്നാല്‍, യോനയുടെ പുസ്തകത്തില്‍ ദൈവം വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നതാണ് വിവരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ വിവരണത്തില്‍ ഒരു സത്യസന്ധത ഉണ്ട്. 

 

യോനായുടെ പ്രവചനത്തിന്‍റെ ചരിത്ര പശ്ചാത്തലം

 

യോനാ പ്രവാചകന്‍ ശുശ്രൂഷ ചെയ്തത്, ഏകദേശം BC 8 ആം നൂറ്റാണ്ടില്‍, BC 800 നും 750 നും ഇടയില്‍ ആയിരിക്കേണം. യോനാ പ്രവാചകന്‍ നീനെവേ പട്ടണത്തോട് പ്രവചിക്കുന്നത് ഏകദേശം 760 BC ല്‍ ആയിരിക്കേണം. 783 BC യോടെ അശ്ശൂര്‍ സാമ്രാജ്യത്തില്‍ ക്ഷതം ഉണ്ടാകുവാന്‍ തുടങ്ങി. എന്നാല്‍ 863 BC യിലാണ് യോനാ പ്രവചിച്ചത് എന്നും 713 BC ല്‍ നഹൂം വീണ്ടും പ്രവചിച്ചു എന്നും കരുതുന്നവര്‍ ഉണ്ട്.

 

BC 793 മുതല്‍ 753 വരെ വടക്കന്‍ രാജ്യമായ യിസ്രായേല്‍ ഭരിച്ചിരുന്നത് യൊരോബെയാം രണ്ടാമാന്‍ ആയിരുന്നു. (King Jeroboam II, 2 രാജാക്കന്മാര്‍ 14: 23). അദ്ദേഹം യിസ്രയേലിന്റെ അതിരുകള്‍ വിശാലമാക്കി. ഇതിനെക്കുറിച്ച് 2 രാജാക്കന്മാര്‍ 14: 25 ല്‍ നമ്മള്‍ വായിക്കുന്നു: “ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.” അങ്ങനെ യോനാ പ്രവാചകന്‍ യിസ്രയേല്യരുടെ ഇടയില്‍ പ്രിയപ്പെട്ടവനും പ്രശസ്തനുമായി. അതിരുകള്‍ വിശാലമായതോടെ യിസ്രയേലില്‍ സമൃദ്ധിയും സമാധാനവും ഉണ്ടായി. അന്ന് ഭൌതീക സമൃദ്ധി ദൈവീക പ്രസാദത്തിന്റെ അടയാളമായി കരുതിയിരുന്നു. ആമോസും ഹോശയായും യോനയുടെ സമകാലീനര്‍ ആയിരുന്നു. ഭൌതീക സമൃദ്ധിയുടെ അപകടത്തെക്കുറിച്ച് അവര്‍ യിസ്രായേലിന് മുന്നറിയിപ്പ് നല്കി.

 

എന്നാല്‍ അക്കാലത്ത്, യിസ്രായേലിന് കിഴക്ക് അശ്ശൂര്‍ രാജ്യം ഒരു ഭീഷണി ആയി ഉയര്‍ന്നുവന്നു. യോനാ നീനെവേയോട് പ്രവചിക്കുമ്പോള്‍ അശ്ശൂര്‍ സാമ്രാജ്യം ഭരിച്ചിരുന്നത് അഷുര്‍ദാന്‍ മൂന്നാമന്‍ എന്ന രാജാവായിരുന്നു (Ashur-dan III - ഭരണകാലം 772-754 BC). അശ്ശൂര്‍ അവരുടെ അതിരുകള്‍ വിശാലമാക്കിക്കൊണ്ടിരുന്നു. BC 9 ആം നൂറ്റാണ്ട് ആയപ്പോള്‍ അവരുടെ പടിഞ്ഞാറു ഭാഗത്തുള്ള യിസ്രായേല്‍ രാജ്യത്തെ അവര്‍ ലക്ഷ്യം വച്ചു. അവര്‍ തുടര്‍ച്ചയായി യിസ്രായേല്‍ രാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നു. ഇതിനാല്‍ ഒന്നുകില്‍ നീനെവേക്കാര്‍ മാനസാന്തരപ്പെടുക അല്ലെങ്കില്‍ തകരുക എന്നത് യിസ്രായേല്‍ ആഗ്രഹിച്ചു. ഈ പശ്ചാത്തലത്തില്‍ ആണ് യോനാ അവരോടു പ്രവചിക്കുന്നത്.

 

യോനാ പ്രവാചകന്റെ കാലത്തിനു മുമ്പും ശേഷവും അശ്ശൂര്‍ സാമ്രാജ്യവും അതിന്റെ തലസ്ഥാനമായിരുന്ന നീനെവേ പട്ടണവും യിസ്രായേല്‍ രാജ്യത്തിന് വലിയ ഭീഷണി ആയിരുന്നു. അശ്ശൂര്‍ രാജാവായിരുന്ന ശൽമനേസെർ മൂന്നാമന്‍ 9 ആം നൂറ്റാണ്ടില്‍ യിസ്രായേലിനെയും യഹൂദ്യയെയും ആക്രമിച്ചു (Shalmaneser III). എന്നാല്‍ BC 810- മുതല്‍ 783 വരെ അശ്ശൂര്‍ ഭരിച്ചിരുന്ന അദാദ്-നിരാരി മൂന്നാമന്‍റെ കാലത്ത് അശ്ശൂരിന്റെ പ്രതാപം കുറഞ്ഞു (Adad-nirari III). അശ്ശൂരിലെ വിവിധ പട്ടണങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അവരുടെ പ്രദേശങ്ങളെ നിയന്ത്രിച്ചു. അതിനാല്‍ ആണ് യോനാ 3: 6 ല്‍ “നീനെവേ രാജാവ്” എന്നു പറയുന്നത്.

 

ആ കാലയളവില്‍ യിസ്രായേലിന് വലിയ ആശ്വാസം ഉണ്ടായി. ഈ ചരിത്ര പശ്ചാത്തലത്തില്‍ ആണ് യോനായുടെ പുസ്തകത്തിലെ സംഭവങ്ങള്‍ നടക്കുന്നത്.

 

അശ്ശൂര്‍ ജാതീയ ദേവന്മാരെ ആരാധിക്കുന്ന രാജ്യം എന്നത് ആയിരുന്നില്ല യിസ്രയേലിന്റെ പ്രശ്നം. അവര്‍ ദുഷ്ടത നിറഞ്ഞവരും ക്രൂരന്മാരും ആയിരുന്നു. അക്കാലത്തെ ഏറ്റവും ശക്തമായ യുദ്ധ രഥങ്ങള്‍ അശ്ശൂരിന് ഉണ്ടായിരുന്നു. ഒരു രാജ്യം പരാജയപ്പെട്ടാല്‍, അശ്ശൂര്‍ സൈന്യം അവിടെയുള്ള ജനത്തെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന എതിര്‍ രാജ്യത്തിലെ പ്രഭുക്കന്മാരെ വളരെ മൃഗീയമായി കൊല്ലുക അശ്ശൂരിന്‍റെ രീതി ആയിരുന്നു അശ്ശൂര്‍, അവര്‍ പിടിക്കുന്ന യുദ്ധ തടവുകാരുടെ നാക്ക് പിഴുത്തെടുക്കുകയും, അവരെ അശ്ശൂരിലെ ദേവന്മാരുടെ കല്ലുകള്‍ കൊണ്ടുള്ള പ്രതിമകളില്‍ അടിച്ച് കൊല്ലുകയും ചെയ്യുമായിരുന്നു. പിടിക്കപ്പെടുന്നവരുടെ ശരീരം, അവര്‍ക്ക് ജീവന്‍ ഉള്ളപ്പോള്‍ തന്നെ പല കഷണങ്ങള്‍ ആയി മുറിച്ച് മാറ്റി കൊല്ലുക അശ്ശൂരിന്റെ ക്രൂര രീതി ആയിരുന്നു. തടവുകാരുടെ ത്വക്ക് ഉരിഞ്ഞെടുക്കുക, അവരുടെ കൈകളും, കാലുകളും മൂഖും വെട്ടിക്കളയുക, കണ്ണുകള്‍ ചൂഴ്ന്ന് എടുക്കുക എന്നിങ്ങനെയുള്ള ക്രൂരതകള്‍ അശ്ശൂര്‍കാര്‍ ചെയ്തു. പിടിച്ചെടുത്ത പട്ടണങ്ങളില്‍, അവിടുത്തെ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സൈന്യത്തിന്റെയും ശിരസ്സ് ഒരു നീളന്‍ കമ്പില്‍ ഉയര്‍ത്തി കെട്ടി, പരസ്യമായി ദിവസങ്ങളോളം പ്രദര്‍ശിപ്പിക്കുമായിരുന്നു. പരാജയപ്പെടുന്ന രാജ്യത്തെ ജനങ്ങളെ പിടിച്ചു അശ്ശൂരിലേക്ക് കൊണ്ടുപോകും. അവരുടെ കീഴ്ചൂണ്ടില്‍ കിഴിച്ച് മീന്‍ ചൂണ്ടകള്‍ ഘടിപ്പിക്കും. അതില്‍ ചരട് കെട്ടി വലിച്ചുകൊണ്ട് അവരെ അശ്ശൂരിലേക്ക് കൊണ്ടുപോകും. അവിടെ അവരെ ശിരസ്സ് ഛേദിച്ച് കൊല്ലുകയോ അടിമകള്‍ ആയി വില്‍ക്കുകയോ ചെയ്യും.

നീനെവേ പട്ടണത്തെ പാപവും അക്രമവും ക്രൂരതയും നിറഞ്ഞ ഒരു പട്ടണമായിട്ടാണ് വേദപുസ്തകത്തില്‍ പറയുന്നത്. അവര്‍ വ്യാജ ദേവന്മാരെ ആരാധിച്ചിരുന്നു. അവര്‍ യിസ്രയേലിന്റെയും യഹൂദയുടെയും ശത്രുക്കള്‍ ആയിരുന്നു. ചില പണ്ഡിതന്മാര്‍, യോനയുടെ അഞ്ച് സഹോദരങ്ങളെ നീനെവേക്കാര്‍ യുദ്ധത്തില്‍ കൊന്നിട്ടുണ്ട് എന്നു പറയുന്നു. നഹൂം 3:1 ല്‍  “രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം!” എന്നാണ് നീനെവേയെക്കുറിച്ച് പറയുന്നത്. ഇതിനാല്‍, അശ്ശൂരിന്റെ നാശം, യിസ്രയേല്യരും അയല്‍ രാജ്യങ്ങളും ഏറെ ആഗ്രഹിച്ചിരുന്നു.

വേദപുസ്തകത്തിലെ നീനെവേ

വേദപുസ്തകത്തില്‍ നീനെവേ പട്ടണം ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത് ഉല്‍പ്പത്തി 10: 11 ല്‍ ആണ് : “ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേരെഹോബത്ത് പട്ടണംകാലഹ്, നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.” (ഉല്‍പ്പത്തി 10:11, 12).

ഉല്‍പ്പത്തി 10 ആം അദ്ധ്യായത്തിലെ വിവരണം അനുസരിച്ച്, മഹാ പ്രളയത്തിന് ശേഷം, നോഹയുടെ പെട്ടകം ഇന്നത്തെ തുര്‍ക്കിയില്‍ ഉള്ള അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചു. അവിടെ നിന്നും നോഹയുടെ മൂന്നു പുത്രന്മാര്‍, ശേംഹാംയാഫെത്ത് എന്നിവര്‍ പലഭാഗത്തേക്ക് പലായനം ചെയ്ത് അവിടെ പട്ടണങ്ങള്‍ സ്ഥാപിച്ചു. 5 ആം വാക്യം പറയുന്നതു: “ ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.” യാഫെത്ത് വടക്കോട്ടു മാറി, പിന്നീട് പലസ്തീന്‍ ആയി മാറിയ പ്രദേശത്തിന്റെ വടക്കും, വടക്ക് പടിഞ്ഞാറുമായി പട്ടണം സ്ഥാപിച്ചു. അവിടെ നിന്നും അവര്‍ ഏഷ്യ മൈനര്‍ ഭാഗത്തേക്കും ഗ്രീക്കിലേക്കും പടര്‍ന്നു.   

ഹാമിന്റെ തലമുറ മദ്ധ്യപൂര്‍വ്വ ദേശത്തേക്ക് പോയി. യിസ്രായേല്‍ വാഗ്ദത്തദേശം പിടിച്ചടക്കുന്നതിന് മുമ്പ്, ഇവര്‍ അവിടെ താമസിച്ചിരുന്നു അവര്‍ കിഴക്കോട്ട് മെസൊപ്പൊത്താമ്യയുടെ ചില ഭാഗങ്ങളിലേക്കും, തെക്കോട്ട് ഈജിപ്ത് വരെയും പടിഞ്ഞാറോട്ട് ചെങ്കടല്‍ വരെയും പരന്നു.

ശേമിന്‍റെ തലമുറയിലാണ് അബ്രാഹാമും യിസ്രായേല്‍ ജനവും ജനിക്കുന്നത്. അവരും മെസൊപ്പൊത്താമ്യയുടെ ചില ഭാഗങ്ങള്‍ പാര്‍പ്പിടമാക്കി. അവിടെ നിന്നും തെക്കോട്ട് അറേബ്യ യിലേക്കും വ്യാപിച്ചു. ഇവര്‍, അരരാത്തിന്റെ കിഴക്കുള്ള മലനിരകളിലും, മെസൊപ്പൊത്താമ്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള മസിയൂസ് പര്‍വ്വത പ്രദേശങ്ങളിലും, അര്‍മേനിയയുടെ കിഴക്കുള്ള സഫീര്‍സ് എന്ന മലനിരകളിലും മേദ്യ പ്രദേശങ്ങളിലും ആയിരിക്കേണം കുടിയേറി താമസിച്ചത്. (Mount Masius, on the west in Mesopotamia, and the mountains of the Saphirs on the east in Armenia, or of the Tapyrs farther on in Media).

നോഹയുടെ രണ്ടാമത്തെ പുത്രനായ ഹാമിന്റെ പുത്രന്‍ കൂശിന്റെ മകന്‍ ആയിരുന്നു നിമ്രോദ്. നിമ്രോദ് ഭൂമിയിലെ ആദ്യ വീരനും നായാട്ടുകാരനും ആയിരുന്നു. ഇവനാണ് ആദ്യമായി ശിനാര്‍ ദേശത്ത് രാജ്യം സ്ഥാപിക്കുന്നത് (10:8,9, 10). പുരാതന ചരിത്ര വിവരണങ്ങള്‍ അനുസരിച്ചു നിമ്രോദ് ഒരു ഏകാധിപതിയായ രാജാവ് ആയിരുന്നു. മെസൊപ്പൊത്താമ്യ എന്ന പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് ആയിരുന്നിരിക്കേണം ശിനാര്‍ എന്ന സ്ഥലം. ഇവിടെയാണ് പിന്നീട് ബാബേല്‍ ഗോപുരം പണിയുന്നത്. ശിനാര്‍ ല്‍ നിന്നും നിമ്രോദിന്റെ രാജ്യം നീനെവേ പ്രദേശത്തിലേക്ക് വളര്‍ന്നു. (Shinar, Mesopotamia, Babel).

വേദപുസ്തകത്തിന്റെ King James Version എന്ന പരിഭാഷയിലും മലയാള പരിഭാഷയിലും, : “ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേരെഹോബത്ത് പട്ടണംകാലഹ്, നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.” (ഉല്‍പ്പത്തി 10:11, 12) എന്നാണ് നമ്മള്‍ വായിക്കുന്നത്. ഇത് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ട് നീനെവേ പട്ടണം സ്ഥാപിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നാണ് വേദപണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത്. ഇംഗ്ലീഷിലെ പല പരിഭാഷകളിലും “അവന്‍ അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ പണിതു” എന്നു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. (he (Nimrod) went to Assyria and built Nineveh – NKJV).

എന്നാല്‍, നിമ്രോദ് അല്ല, അശ്ശൂര്‍ എന്നു പേരുള്ള ഒരാളാണ് നീനെവേ പട്ടണം സ്ഥാപിച്ചത് എന്നു ഒരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചാവുകടല്‍ തീരത്ത് നിന്നും കണ്ടെടുത്ത ക്യുമ്രാന്‍ സമൂഹത്തിന്റെ രചനകളിലും യഹൂദ ചരിത്രകാരനായ ജോസെഫസ് ഫ്ലെവിയസിന്റെ രചനയിലും, ചില വേദപുസ്തക തര്‍ജ്ജമകളിലും അശ്ശൂര്‍ എന്നൊരു വ്യക്തിയാണ് നീനെവേ പണിതത് എന്നു പറയുന്നുണ്ട്. (Dead Sea Scrolls, Qumran, Ashur). ഉല്‍പ്പത്തി 10: 22 ല്‍ “ ശേമിന്റെ പുത്രന്മാർ: ഏലാംഅശ്ശൂർഅർപ്പക്ഷാദ്ലൂദ്അരാം.” എന്ന് പറയുന്നുണ്ട്. എന്നാല്‍ ശേമിന്റെ പുത്രനായ അശ്ശൂര്‍ ആണോ നീനെവേ പണിതത് എന്ന് തീര്‍ച്ചയില്ല. കാരണം ഉല്‍പ്പത്തി 10: 8 മുതല്‍ 10 വരെയുള്ള വാക്യങ്ങള്‍ നിമ്രോദിനെ കുറിച്ചാണ് പറയുന്നത്. അതിനാല്‍ തുടര്‍ച്ചയായി 11, 12 വാക്യങ്ങളില്‍ പറയുന്ന, ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ പണിതു.” എന്നത് നിമ്രോദിനെക്കുറിച്ചാണ് എന്നു ഭൂരിപക്ഷം പണ്ഡിതന്മാരും കരുതുന്നു.

മലാഖി 5: 6 ല്‍ അശ്ശൂര്‍ രാജ്യത്തെ നിമ്രോദ് ദേശം എന്ന് വിളിക്കുന്നുണ്ട്. നീനെവേ എന്ന പേര് രൂപപ്പെട്ടത് നിമ്രോദിന്റെ പേരില്‍നി ന്നോ, അവന്റെ മകനായ നിനസ് ന്റെ പേരില്‍നിന്നോ ആയിരിക്കാം. ഒരുപക്ഷേ നിമ്രോദും നിനസും ഒരുവ്യക്തി തന്നെ ആയിരുന്നിരിക്കാം. (Nimrod, Ninus). അതിനാല്‍, നിമ്രോദ് പുറപ്പെട്ട് അശ്ശൂര്‍ പ്രദേശത്ത് പോയി, നീനെവേ പട്ടണം സ്ഥാപിച്ചു എന്നു വേണം മനസ്സിലാക്കുവാന്‍.

നീനെവേ പട്ടണത്തിന്റെ ചരിത്രം വേദപുസ്തകത്തില്‍ കൂടുതലായി വിവരിച്ചിരിക്കുന്നത് യോനാ പ്രവാചകന്റെ പുസ്തകത്തില്‍ ആണ്. നീനെവേ പട്ടണത്തിന്റെ ആസന്നമായ നാശത്തെക്കുറിച്ച് പ്രവചിക്കുവാന്‍ ദൈവം യോനാ പ്രവാചകനോടു ആവശ്യപ്പെട്ടു. അതിന്റെ കാരണം, “അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.” എന്നാണ് ദൈവം പറഞ്ഞത്. ഈ ദുഷ്ടതയുടെ കൂടുതല്‍ വിവരണം യോനയുടെ പുസ്തകത്തില്‍ ഇല്ല. ഈ പട്ടണം നശിച്ചുപോകേണം എന്നു യോനായും ആഗ്രഹിച്ചു. അതിനാല്‍ അവിടെക്കു പോയി ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുവാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. ഒരു പക്ഷേ അവര്‍ മാനസാന്തരപ്പെടുകയും ദൈവം അതിനെ നശിപ്പിക്കാതെ ഇരിക്കുകയും ചെയ്യുമോ എന്നു അദ്ദേഹം ചിന്തിച്ചുകാണും. അതിനാല്‍, അവന്‍ യാഫോവ് എന്ന തുറമുഖത്ത് ചെന്ന്, മറ്റൊരു പട്ടണമായ തർശീശിലേക്കു പോകുന്ന ഒരു കപ്പലില്‍ കയറി.

യോനായുടെ ജന്മ ദേശമായിരുന്ന ഗാത്ത്-ഹെഫേര്‍ ല്‍ നിന്നും 500 മൈലുകള്‍ അകലെയായിരുന്നു നീനെവേ. എന്നാല്‍, യോനാ ഓടിപ്പോകുവാന്‍ ശ്രമിച്ച തര്‍ശീശ് പട്ടണം 2500 മൈലുകള്‍ അകലെയായിരുന്നു. (Tarshish). ഇത് യിസ്രായേല്‍ നീനെവേക്കാരെ എത്രമാത്രം വെറുത്തിരുന്നു എന്നത് കാണിക്കുന്നു. യിസ്രയേലിന്റെ കാഴ്ചപ്പാടില്‍, നീനെവേക്കാര്‍ വെറുക്കപ്പെടേണ്ടവരും നശിപ്പിക്കപ്പെടേണ്ടവരും ആയിരുന്നു. അശ്ശൂരുമായി യുദ്ധമുണ്ടായാല്‍ ദൈവം യിസ്രായേലിന് ജയം നല്കും എന്നു അവര്‍ വിശ്വസിച്ചു. ദൈവം യിസ്രയേലിനോടു മാത്രമേ കൃപ കാണിക്കൂ, അവര്‍ മാത്രമേ തിരഞ്ഞെടുക്കപ്പെട്ട ജനമായി ഉള്ളൂ എന്നു യിസ്രയേല്യരും യഹൂദ്യരും വിശ്വസിച്ചിരുന്നു.

എന്നാല്‍ യഹോവ സമുദ്രത്തില്‍ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു, വലിയ തിരമാലകള്‍ ഉണ്ടായി. കപ്പല്‍ മുങ്ങുവാന്‍ തുടങ്ങി. കപ്പലിലെ ജോലിക്കാര്‍ എത്ര ശ്രമിച്ചിട്ടും കപ്പലിനെ രക്ഷിക്കുവാന്‍ കഴിയുന്നില്ല എന്നു അവര്‍ക്ക് തോന്നി. അതിനാല്‍, അത് ദൈവകോപം ആണ് എന്നു അവര്‍ തിരിച്ചറിഞ്ഞു, അതിന്റെ കാരണക്കാരനെ കണ്ടെത്തുവാന്‍ അവര്‍ ചീട്ടിട്ടു. ചീട്ട് യോനായ്ക്ക് വീണു. അപ്പോള്‍ യോനാ തന്റെ അനുസരണക്കേടിന്റെ ചരിത്രം തുറന്ന് പറഞ്ഞു. ഈ പ്രശ്നത്തിന് പരിഹാരം അവനെ കടലില്‍ എറിഞ്ഞുകളയുന്നതാണ് എന്നും അവന്‍ അറിയിച്ചു. മനസ്സില്ലാമനസ്സോടെ അവര്‍ യോനായെ കടലില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍, കൊടുങ്കാറ്റ് അടങ്ങി, സമുദ്രം ശാന്തമായി. 

യഹോവ കല്‍പ്പിച്ചാക്കിയ ഒരു മഹാ മല്‍സ്യം കടലിലേക്ക് വീണ യോനായെ വിഴുങ്ങി. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു. മല്‍സ്യത്തിന്റെ വയറ്റില്‍ കിടന്നുകൊണ്ടു യോനാ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ദൈവഹിതം ചെയ്യുവാനായി വീണ്ടും സമര്‍പ്പിച്ചു. ദൈവം മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ നീനെവേ പട്ടണത്തിന്റെ തീരത്ത് ഛർദ്ദിച്ചു. യോനാ പട്ടണത്തില്‍ പ്രവേശിച്ച്, ദൈവത്തിന്റെ ആലോചന വിളിച്ചുപറഞ്ഞു: “ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.” (യോനാ 3:4).

എന്നാല്‍ യോനാ ഭയപ്പെട്ടതുപോലെ, നീനെവേക്കാര്‍ ഉടന്‍ തന്നെ ഒരു ഉപവാസം പ്രഖ്യാപിച്ചു. അവര്‍ മാനസാന്തരപ്പെട്ടു, തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗവും സാഹസവും ഉപേക്ഷിച്ചു. അതിനാല്‍ ദൈവം അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു. അവരുടെമേല്‍ അനര്‍ത്ഥം ഒന്നും വരുത്തിയില്ല.

നീനെവേക്കാരുടെ മനസാന്തരവും ദൈവത്തിന്‍റെ അനുതപനവും യോനായ്ക്ക് അനിഷ്ടമായി, അവന് ദേഷ്യം വന്നു. എന്നാല്‍ യഹോവ അവനോട്: നീ കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.” (യോനാ 4: 11). ഈ വാക്യത്തോടെ യോനാ പ്രവാചകന്റെ പുസ്തകം അവസാനിക്കുന്നു.

 

യോനായുടെ കാലത്ത്, അശ്ശൂരില്‍ 763 ല്‍ ഒരു സൂര്യ ഗ്രഹണവും ക്ഷാമവും ഉണ്ടായതായി എന്ന് ചരിത്ര രേഖയുണ്ട്. ഇതും നീനെവേക്കാരുടെ മനം മാറ്റത്തിന് കാരണമായിരിക്കാം.

നഹൂം


എന്നാല്‍, നീനെവേക്കാരുടെ ഈ മനം മാറ്റം അധിക വര്‍ഷങ്ങള്‍ നീണ്ടു നിന്നില്ല. അതിനാല്‍ ദൈവത്തിന്റെ ന്യായവിധി അവരുടെ മേല്‍ വരുകതന്നെ ഉണ്ടായി. ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അവരെ മേദ്യരും, ബാബിലോണിയരും സഖ്യ കക്ഷികളും ചേര്‍ന്ന് ആക്രമിച്ചു തകര്‍ത്തു.

 

നീനെവേയുടെ തകര്‍ച്ചയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നഹൂംസെഫന്യാവു എന്നിവരുടെ പുസ്തകത്തില്‍ കാണാം. (Nahum, Zephaniah). യോനായുടെ പുസ്തകത്തിലെ സംഭവങ്ങള്‍ക്കും 150 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച കാര്യങ്ങള്‍ ആണ് നഹൂം പ്രവചിച്ചത്.  നീനെവേ അക്കാലത്തും അശ്ശൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. അതിന്റെ പതനം അപ്രതീക്ഷിതിവും, പൊടുന്നനെ ഉണ്ടായതും, ദാരുണവും ആയിരുന്നു. ഇത് ദൈവത്താല്‍ സംഭവിച്ചു എന്നു വേദപുസ്തകം പറയുന്നു.

നഹൂം എന്ന പുസ്തകം എഴുതിയത് പ്രവാചകന്‍ തന്നെ ആയിരിക്കുവാനാണ് സാധ്യത. യഹൂദ രാജ്യത്തിലെ എല്‍ക്കൊശ് എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ ജന്മദേശം. (Elkosh)എല്‍ക്കൊശ് എന്ന സ്ഥലം എവിടെയായിരുന്നു എന്നു ഇന്ന് നമുക്ക് നിശ്ചയം ഇല്ല. ഇത് ഇന്നത്തെ കഫര്‍ന്നഹൂം ആണ് എന്നു കരുതപ്പെടുന്നു. (Capernaum). കഫര്‍ന്നഹൂം എന്ന പേരിന്റെ അര്‍ത്ഥം “നഹൂമിന്റെ ഗ്രാമം” എന്നാണ്. (the village of Nahum). ഇത് ഗലീലയുടെ കടല്‍ തീരമാണ്.

നഹൂം പ്രവചന പുസ്തകം BC 663 നും 612 നും ഇടയില്‍ ആയിരിക്കേണം എഴുതപ്പെട്ടത്. നഹൂം 3: 8-10 വരെ പറഞ്ഞിരിക്കുന്ന നോ-അമ്മോന്‍ (No-Ammon) ഈജിപ്തിലെ ഒരു പട്ടണമായിരുന്നു. അതിനു തെബെസ് എന്നും പേരുണ്ട് (Thebes). നൈല്‍ നദിയുടെ രണ്ടു ശാഖകള്‍ അതിന്റെ അതിര്‍ത്തികള്‍ ആയിരുന്നു (Adam Clarke)നൈല്‍ നദിയെ ഈജിപ്തുകാര്‍ സമുദ്രം എന്നും വിളിച്ചിരുന്നു. നോ-അമ്മോന്‍ എന്ന തെബേസ് പട്ടണം 663 ല്‍ തകര്‍ന്നു. നഹൂം പ്രവാചകന്റെ കാലമായപ്പോഴേക്കും അതിനെ ബാബിലോണ്‍ സൈന്യം തകര്‍ത്തിരുന്നു. ഇതിന്റെ തകര്‍ച്ചയാണ് 8 ആം വാക്യത്തില്‍ നഹൂം പരമര്‍ഷിക്കുന്നത്: “നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ?”.  

612 BC ല്‍ ബാബിലോണ്‍ സഖ്യം അശ്ശൂര്‍ സാമ്രാജ്യത്തെ തകര്‍ക്കുന്നതിന് തൊട്ട് മുമ്പായിരിക്കേണം നഹൂം പ്രവാചകന്‍റെ ശുശ്രൂഷാ കാലം. അശ്ശൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനാമായിരുന്ന നീനെവേ പട്ടണത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് നഹൂം പ്രവചന പുസ്തകത്തിന്റെ മുഖ്യ വിഷയം. അന്ന് ലോകത്തിന്റെ വാണിജ്യ കേന്ദ്രം ആയിരുന്നു നീനെവേ. വളരെ വിശാലവും, സമ്പന്നമായ ഒരു പട്ടണം ആയിരുന്നു. എന്നാല്‍ നഹൂം ഇതിനെ വിശേഷിപ്പിക്കുന്നത്, “രക്തപാതകങ്ങളുടെ പട്ടണം” എന്നും “വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നുകവര്‍ച്ച വിട്ടുപോകുന്നതുമില്ല.” എന്നുമാണ്. നീനെവേയുടെയും അശ്ശൂരിന്റെയും നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നഹൂം പുസ്തകത്തിലെ വിഷയം. ദൈവത്തിന്റെ ന്യായവിധി നിനെവെക്കാരുടെമേല്‍ ഉണ്ടാകുവാന്‍ പോകുന്നു എന്നു നഹൂം പ്രവചിച്ചു.

യഹൂദ ചരിത്രകാരനായ ജൊസേഫെസിന്‍റെ അഭിപ്രായത്തില്‍ നഹൂം ജീവിച്ചിരുന്നത് യോഥാം രാജാവായിരിക്കുമ്പോള്‍ ആണ്. എന്നാല്‍ നഹൂം, യോഥാമിന് ശേഷം രാജാവായ  ആഹാസ് രാജാവിന്റെ ആദ്യകാലത്തില്‍ യഹൂദ്യയില്‍ ജീവിച്ചിരുന്നു എന്നു മറ്റ് പണ്ഡിതര്‍ കരുതുന്നു. (Josephus, Jotham, Ahaz). എന്നാല്‍ ചിലര്‍ ആഹാസിന്റെ മകനായ ഹിസ്കീയാവിന്റെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പറയുന്നു. (Hezekiah). BC 8 ആം നൂറ്റാണ്ടില്‍ ആണ് നഹൂം ജീവിച്ചിരുന്നത് എന്നതില്‍ പൊതുവേ തര്‍ക്കമില്ല. അശ്ശൂര്‍ രാജാവായിരുന്ന സൻഹേരീബ് ന്റെ നേതൃത്വത്തില്‍ യഹൂദയ്ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ശത്രുക്കള്‍ പരാജയപ്പെടുന്നത് നഹൂം കണ്ടുകാണും. അദ്ദേഹം യെരൂശലേമില്‍ താമസിച്ചുകൊണ്ടായിരിക്കാം ഈ പ്രവചന പുസ്തകം എഴുതിയത്.   

നഹൂമിന്റെ പ്രവചനം യോനയുടെ പ്രവചനത്തില്‍ നിന്നും വ്യത്യസ്തം ആണ്. നഹൂം പ്രവചിച്ചത് നീനെവേയ്ക്ക് ഒരു മുന്നറിയിപ്പായോ, മനസാന്തരപ്പെടുവാനുള്ള ക്ഷണമായിട്ടോ അല്ല. ദുഷ്ടത വിട്ടുമാറേണം എന്നും അല്ലെങ്കില്‍ യഹോവ അവരെ നശിപ്പിക്കും എന്നു യോനായിലൂടെ 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. യോനായുടെ കാലത്ത് അവര്‍ മനസാന്തരപ്പെട്ടു എങ്കിലും വീണ്ടും അവര്‍ ദൈവത്തിന്റെ മുന്നറിയിപ്പുകളെ മറന്നു, ദുഷ്ടതയിലേക്കും ദുര്‍മാര്‍ഗ്ഗത്തിലേക്കും തിരിഞ്ഞു. അതിനാല്‍ നഹൂം, മുന്നറിയിപ്പ് നല്‍കുന്നില്ല. മാനസാന്തരപ്പെടുവാനുള്ള അവസരവും അല്ല. ഇത് വരുവാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് മാത്രമാണ്.

സംഭവിക്കുവാനിരിക്കുന്ന തകര്‍ച്ചയെ ദൈവീക ന്യായവിധിയായാണ് നഹൂം പ്രവാചകകന്‍ കാണുന്നത്. അത് ദൈവത്തെ അറിയാത്ത, ദുഷ്ടതയും ക്രൂരതയും നിറഞ്ഞ, ദൈവത്തിന്റെ സ്വന്ത ജനത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെമേലുള്ള ദൈവീക ന്യായവിധിയാണ്. അശ്ശൂരിന്റെ ആക്രമണത്തെ ഭയന്നു കഴിയുന്ന യഹൂദ്യ ജനത്തെ ആശ്വസിപ്പിക്കുകയാണ് നഹൂം ചെയ്യുന്നത്. നീനെവേ പട്ടണത്തെ ദൈവം ന്യായം വിധിക്കുവാന്‍ പോകുന്നു. അവരുടെ തകര്‍ച്ച ആസന്നമായിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്ന നീനെവേയുടെയും അശ്ശൂരിന്റെയും ചരിത്രത്തെ പ്രവചനങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാലെ നമുക്ക് ദൈവത്തിന്‍റെ ന്യായവിധി വിശ്വസ്വനീയമായി മനസ്സിലാക്കുവാന്‍ കഴിയൂ. അതിനാല്‍, ചരിത്രകാരന്‍മാര്‍, യോനായ്ക്ക് ശേഷം നീനെവേയില്‍ സംഭവിച്ചത് എന്തെല്ലാമാണ് എന്ന്  രേഖപ്പെടുത്തിയിരിക്കുന്നത് നോക്കാം.

യോനായുടെ കാലത്തിനു ശേഷം, 745 മുതല്‍ 727 വരെ അശ്ശൂരിനെ ഭരിച്ചിരുന്നത് ടിഗ്ലത്-പിലേസെര്‍ മൂന്നാമന്‍ ആയിരുന്നു (Tiglath-Pileser III). അദ്ദേഹത്തിന്റെ കാലത്ത് അശൂര്‍ വീണ്ടും ശക്തിപ്പെട്ടു. 733 ല്‍ അശ്ശൂര്‍ യിസ്രായേലിനെ ആക്രമിച്ചു. 722 BC ല്‍ ശൽമനേസെർ അഞ്ചാമന്‍ വടക്കന്‍ രാജ്യമായ യിസ്രായേലിനെ കീഴടക്കി (Shalmaneser V). അദ്ദേഹത്തിന് ശേഷം രാജാവായ സര്‍ഗോണ്‍, 27,290 യിസ്രായേല്യരെ അശ്ശൂരിലേക്ക് പിടിച്ചുകൊണ്ടുപോയി. അവരുടെ ദേശത്ത് ചിതറി പാര്‍പ്പിച്ചു. അങ്ങനെ 100 വര്‍ഷത്തോളം യിസ്രായേലിലെ 10 ഗോത്രങ്ങള്‍ അശ്ശൂര്‍ രാജ്യത്തു അടിമകളായി താമസിച്ചു. അശ്ശൂര്‍കാര്‍ യഹൂദ്യയെയും ആക്രമിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

627 ല്‍ അഷുര്‍ബാനിപ്പാല്‍ മരിച്ചു. അദ്ദേഹത്തിന് മരണശേഷം, പുത്രന്മാര്‍ തമ്മില്‍ അധികാര തര്‍ക്കം ഉണ്ടായി (Ashurbanipal). വളരെ വിസ്തൃതമായ അശ്ശൂര്‍ സാമ്രാജ്യം ഒരു സ്ഥലത്തുനിന്നും ഒരാള്‍ക്ക് ഭരിക്കുവാന്‍ പ്രയാസമുള്ളത് ആയി മാറി. പല പ്രദേശങ്ങളിലും ആഭ്യന്തര കലാപം ഉണ്ടാക്കി. അശ്ശൂര്‍ സൈന്യം വളരെ ക്രൂരന്‍മാര്‍ ആയിരുന്നു. അവരെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നതുപോലെ വെറുക്കുകയും ചെയ്തിരുന്നു. അതിനാല്‍ അവസരം ലഭിച്ചപ്പോള്‍, ജനങ്ങള്‍ പ്രതികാര മനോഭാവത്തോടെ സൈന്യത്തിനെതിരെ കലാപങ്ങള്‍ ഉണ്ടാക്കി. 7 ആം നൂറ്റാണ്ടിന്റെ അവസാന ഭാഗമായപ്പോഴേക്കും സാമ്രാജ്യത്തിന്റെ എല്ലാ ഭാഗത്തും കലാപങ്ങള്‍ ഉണ്ടായി. കലാപങ്ങള്‍ അശ്ശൂര്‍ സാമ്രാജ്യത്തെ ബലഹീനമാക്കി.  

ഈ സാഹചര്യം മുതലെടുത്ത്, BC 625 ല്‍ പേര്‍ഷ്യ, ബാബിലോണ്‍, മേദ്യ, സ്കിത്തിയന്‍സ്, സിമ്മേറിയന്‍സ്, കല്ദയര്‍ എന്നിവര്‍ അശ്ശൂര്‍ സാമ്രാജ്യത്തെ ആക്രമിക്കുവാന്‍ തുടങ്ങി. (Persians, Babylonians, Medes, Scythians, Cimmerians, Chaldeans).

19 ആം നൂറ്റാണ്ടില്‍ കണ്ടെത്തിയ ചില ശിലാഫലകങ്ങളില്‍ നിനെവേയുടെ പതനം വിശദീകരിച്ചിട്ടുണ്ട്. അതില്‍ അശ്ശൂര്‍-ബാബിലോണ്‍ യുദ്ധം ഏകദേശം 12 വര്‍ഷങ്ങള്‍ നീണ്ടുനിന്നു എന്ന് പറയുന്നുണ്ട്. 10 ആമത്തെ വര്‍ഷത്തില്‍ നാബോപോളാസ്സര്‍  (Nabopolassar) എന്ന ബാബിലോണിയന്‍ രാജാവിന്റെ നേതൃത്വത്തില്‍, BC 616 ല്‍, ബാബിലോണിയയ്ക്ക് ആദ്യ വിജയം ഉണ്ടായി. എന്നാല്‍ അടുത്തവര്‍ഷം, അശ്ശൂര്‍ സൈന്യം ബാബിലോണിയ സൈന്യത്തെ ആക്രമിച്ചു തുരത്തി. എങ്കിലും യുദ്ധം തുടര്‍ന്നു. അതിനുശേഷം ബാബിലോണിയ, മേദ്യ, പേര്‍ഷ്യ, സിമ്മെറിയന്‍സ്, സ്കിത്തിയന്‍സ് എന്നിവരുമായി ചേര്‍ന്ന് സഖ്യ സേന ഉണ്ടാക്കി. (Medes, Persians, Cimmerians and Scythians).

BC 612, ആഗസ്റ്റ് മാസത്തില്‍ ബാബിലോണ്‍ സൈന്യം, മേദ്യ രാജാവായ സൈക്സാരെസിന്റെ സഹായത്തോടെ, മൂന്നു മാസത്തെ ഉപരോധത്തിന് ശേഷം, ഏകദേശം 750 ഹെക്റ്റര്‍ വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന നീനെവേ പട്ടണം പിടിച്ചെടുത്തു. അത് അക്കാലത്തെ ഏറ്റവും വലിയ സമ്പന്ന പട്ടണം ആയിരുന്നു. അവര്‍ പട്ടണത്തെ കൊള്ളചെയ്ത്, തീവച്ചു നശിപ്പിക്കുകയും ചെയ്തു. (Median king Cyaxares). പട്ടണത്തിന്റെ നല്ല ഒരു ഭാഗം പൂര്‍ണ്ണമായും നശിച്ചു. അവര്‍ ജനങ്ങളെ കൂട്ടത്തോടെ കൊന്നു. അശ്ശൂര്‍ രാജാവായിരുന്ന സിന്‍-ഷാര്‍-ഇഷ്കുന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു (Assyrian King Sin-shar-ishkun). അദ്ദേഹം സ്വയം തീവച്ച് മരിക്കുക ആയിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ സഹോദരന്‍ അഷുര്‍-ഉബാലിറ്റ് രണ്ടാമന്‍ (Ashur-uballit II) നീനെവേയില്‍ നിന്നും രക്ഷപ്പെട്ടു. അഷുര്‍ അശ്ശൂരിന്റെ രാജാവായി, ഹരാന്‍ (Harran) എന്ന സ്ഥലത്തു അശ്ശൂര്‍ സാമ്രാജ്യത്തിന് പുതിയ തലസ്ഥാനം സ്ഥാപിച്ചു. അദ്ദേഹം കീഴടങ്ങുവാന്‍ വിസമ്മതിച്ചു. അതിനാല്‍, നിനെവേയുടെ പതനത്തിന് ശേഷം വീണ്ടും 3 വര്‍ഷങ്ങള്‍ കൂടി യുദ്ധം തുടര്‍ന്നു. ഇതില്‍ അശ്ശൂര്‍ സൈന്യം പൂര്‍ണ്ണമായി പരാജയപ്പെട്ടു. ബാബിലോണും  സഖ്യ കക്ഷികളും അശ്ശൂര്‍ സാമ്രാജ്യത്തെ വിഭജിച്ചെടുത്തു. 609 ല്‍ ഹാരാന്‍ പട്ടണം സഖ്യ സേന പിടിച്ചെടുത്തു. അതോടെ യുദ്ധം അവസാനിച്ചു. അശ്ശൂര്‍ സാമ്രാജ്യം പൂര്‍ണ്ണമായും അവസാനിച്ചു. അഷുര്‍-ഉബാലിറ്റ് രണ്ടാമന് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. അദ്ദേഹം യുദ്ധത്തില്‍ കൊല്ലപ്പെട്ടുകാണും.

ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിസിലിയിലെ ഡിഒഡോറസ് എന്ന ഗ്രീക്ക് ചരിത്രകാരന്റെ വിവരണത്തില്‍ റ്റൈഗ്രിസ് നദി കരകവിഞ്ഞു ഒഴുകിയതായും പട്ടണത്തില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായതും രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം നീനെവേ പട്ടണത്തെ പൂര്‍ണ്ണമായും മൂടിക്കളഞ്ഞു എന്ന് കരുതുന്നു. (Diodorus Siculus or Diodorus of Sicily, an ancient Greek historian). ഇത് നഹൂം പ്രവചിച്ചതിന്റെ നിവൃത്തിയാണ്: “നദികളുടെ ചീപ്പുകൾ തുറക്കുന്നുരാജമന്ദിരം അഴിഞ്ഞു പോകുന്നു.” (2:6)

നീനെവേയുടെ തകര്‍ച്ചയ്ക്ക് ശേഷം ആ പട്ടണം ജനവാസമില്ലാതെ കിടന്നു. ക്രമേണ അത് പൂര്‍ണ്ണമായും മണ്ണിനടിയില്‍ ആയി. മദ്ധ്യകാലഘട്ടത്തില്‍ അതിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. 13 ആം നൂറ്റാണ്ടില്‍ അതിനെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. 

നഹൂം ന്‍റെ പ്രവചനങ്ങള്‍

ഇനി നമുക്ക് നഹൂം പ്രവാചകന്‍റെ നീനെവേയെകുറിച്ചുള്ള പ്രവചനത്തിലേക്ക് പോകാം. “നീനെവേയെക്കുറിച്ചുള്ള പ്രവാചകംഎൽക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം.” എന്ന് പറഞ്ഞുകൊണ്ടാണ് നഹൂം എന്ന പ്രവചന പുസ്തകം ആരംഭിക്കുന്നത്. (നഹൂം 1: 1). തുടര്‍ന്നു അദ്ദേഹം അശ്ശൂരിനോട് ഇങ്ങനെ വിളിച്ച് പറഞ്ഞു: (1: 11-14). “യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂർണ്ണശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവർ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും.” “.... നിന്റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ലകൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്നു ഞാൻ ഛേദിച്ചുകളയുംനീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.”

നീനെവേയുടെ തകര്‍ച്ചയെ നഹൂം കാണുന്നതിങ്ങനെയാണ്: “അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നുഹൃദയം ഉരുകിപ്പോകുന്നുമുഴങ്കാൽ ആടുന്നുഎല്ലാ അരകളിലും അതിവേദന ഉണ്ടുഎല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.” (2: 10). ഞാൻ നിന്റെ നേരെ വരുംഞാൻ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കുംനിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരുംഞാൻ നിന്റെ ഇരയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുംനിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” (2:13). “കുതിരകയറുന്ന കുതിരച്ചേവകർജ്വലിക്കുന്ന വാൾമിന്നുന്ന കുന്തംഅനേക നിഹതന്മാർഅനവധി ശവങ്ങൾപിണങ്ങൾക്കു കണക്കില്ലഅവർ പിണങ്ങൾ തടഞ്ഞു വീഴുന്നു. (3: 3).

നഹൂം 3:7 ല്‍ പ്രവാചകന്‍ ചോദിക്കുന്നത് ഇങ്ങനെയാണ്: “അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നുആർ അവളോടു സഹതാപം കാണിക്കുംഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.” അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ അവസാന വാക്കുകള്‍ ഇതായിരുന്നു: “നിന്റെ കേടിന്നു ഉപശാന്തി ഇല്ലനിന്റെ മുറിവു വിഷമമാകുന്നുനിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടുംആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?” (3: 19).

സെഫന്യാവ്

നഹൂം പ്രവചിച്ചത് BC 7 ആം നൂറ്റാണ്ടില്‍ ആണ്. ഏകദേശം ഇതേ കാലത്തുതന്നെയാണ് സെഫന്യാവ്, യിരെമ്യാവ് എന്നിവരും ശുശ്രൂഷ ചെയ്തിരുന്നത് (Zephaniah and Jeremiah). നഹൂം പ്രവാചകന് ശേഷം നീനെവേയുടെ തകര്‍ച്ച സെഫന്യാവ് പ്രവാചകനും പ്രവചിച്ചു. സെഫന്യാവ് 2: 13 ല്‍ ഇങ്ങനെ നമ്മള്‍ വായിക്കുന്നു: അവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കുംനീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.”

നീനെവേ നല്‍കുന്ന മുന്നറിയിപ്പ് 

“യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.” എങ്കിലും ദൈവം പാപത്തെ എക്കാലത്തും ക്ഷമിക്കുന്നില്ല എന്നും ദൈവം തന്റെ സ്വന്ത ജനത്തെ കരുതുന്നു എന്നുമുള്ള ഒരു സന്ദേശം നമുക്ക് നീനെവേ പട്ടണത്തിന്റെ തകര്‍ച്ചയുടെ ചരിത്രത്തില്‍ നിന്നും ലഭിക്കുന്നു. (സംഖ്യാപുസ്തകം 14:17; സങ്കീര്‍ത്തനങ്ങള്‍ 145 : 8). മനസാന്തരപ്പെടാത്ത ലോകത്തെ ദൈവം നിശ്ചയമായും തുടച്ചു നീക്കും എന്ന മുന്നറിയിപ്പ് നീനെവേ നല്കുന്നു.  

നീനെവേ പട്ടണത്തിന്റെ തകര്‍ച്ച ലോക ചരിത്രത്തില്‍ ഒരു ഒറ്റപ്പെട്ട സംഭവം അല്ല. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഇതിന് മുമ്പും, ദൈവം പാപം നിറഞ്ഞ ദേശങ്ങളെ ന്യായം വിധിച്ചിട്ടുണ്ട്. അവ ഭൂമിയുടെ മുഖത്തുനിന്നും തുടച്ചു നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ലോക ചരിത്രത്തില്‍ ആവര്‍ത്തിച്ച് സംഭവിക്കുന്ന ദൈവീക ഇടപെടലുകള്‍ ഇന്ന് നമുക്ക് ഒരു മുന്നറിയിപ്പ് നല്കുന്നുണ്ട്. അത് നമ്മള്‍ കാണാതെ പോകരുത്.

പുരാവസ്തു ഗവേഷകര്‍ നീനെവേ പട്ടണം നിന്ന സ്ഥലം ഉല്‍ഖനനം ചെയ്ത് അവിടെ ഉണ്ടായിരുന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അവര്‍ നീനെവേ ഒരു അഭിവൃദ്ധി പ്രാപിച്ച, സമ്പന്നമായ പട്ടണമായിരുന്നു എന്നും അതിന്റെ മനോഹാരിതയും വലിപ്പവും, സാംസ്കാരികതയും എല്ലാം വിവരിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചോ, സന്‍മാര്‍ഗ്ഗിക ജീവിതത്തെക്കുറിച്ചോ പുരാവസ്തു ഗവേഷകര്‍ സംസാരിക്കുന്നില്ല. അത് അവരുടെ വിഷയമല്ല. എന്നാല്‍ വേദപുസ്തകം നീനെവേക്കാരുടെ ദുഷ്ടത നിറഞ്ഞ ജീവിതത്തെ തുറന്നുകാട്ടുന്നു.

നീനെവേയുടെ ചരിത്രത്തില്‍ ആധുനിക ലോകത്തിന്റെ ജീവിതം നമുക്ക് കാണുവാന്‍ കഴിയും. ഇന്നത്തെ നമ്മളുടെ ലോകത്തെപ്പോലെതന്നെ, അന്ന് നീനെവേ ഒരു മഹാ പട്ടണം ആയിരുന്നു. സമൃദ്ധിയില്‍ അവര്‍ അതുല്യര്‍ ആയിരുന്നു. സൈന്യബലത്തിലും ആയുധ ബലത്തിലും അവര്‍ അജയ്യര്‍ ആയിരുന്നു. സംസ്കാരത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതീവ ദുഷ്ടന്മാരും, ക്രൂരന്മാരും, പാപം നിറഞ്ഞ ജീവിതം നയിക്കുന്നവരും ആയിരുന്നു.

ഇന്നത്തെ ആധുനിക ലോകത്തില്‍  നമ്മള്‍ ശാസ്ത്രത്തിലും, സാങ്കേതിക മികവിലും, മാനവികതയിലും പ്രശംസിക്കുന്നു. എന്നാല്‍ ലോകത്ത് ദുഷ്ടതയും അധര്‍മ്മവും പെരുകുന്നു. അതിനെ ഇല്ലാതാക്കുവാന്‍ ആര്‍ക്കും കഴിയുന്നില്ല. പാപം ഇന്നത്തെ പുതിയ സംസ്കാരത്തിന്റെ ജീവിത ശൈലിയായി തീര്‍ന്നിരിക്കുന്നു. മാനവികതയാണ് ഇന്നത്തെ മതം. അത് പാപത്തെ അംഗീകരിക്കുക എന്നതായി മാറിയിരിക്കുന്നു. നീനെവേക്കാര്‍ ദൈവത്തെ വെല്ലുവിളിച്ചതുപോലെ, ഇന്നത്തെ മനുഷ്യരും ദൈവത്തെ വെല്ലുവിളിക്കുകയാണ്.

എന്നാല്‍ ദൈവം നമുക്ക് ന്യായവിധിയുടെ മുന്നറിയിപ്പ് നല്കുന്നുണ്ട്. അമോർയ്യരുടെ അക്രമം തികയുന്നതുവരെ യിസ്രായേല്‍ ജനം പ്രവാസത്തില്‍ കഴിഞ്ഞു എന്നതുപോലെ, ആധുനിക മനുഷ്യന്റെ ദുഷ്ടത തികയുന്നതുവരെ ദൈവം അവന്റെ ന്യായവിധി നീട്ടിവച്ചിരിക്കുന്നു എന്നേയുള്ളൂ. ദൈവം പ്രമാണങ്ങള്‍ നല്‍കാതെ ലഘനം ആരോപിക്കുന്നില്ല. മുന്നറിയിപ്പ് നാല്‍കാതെ നശിപ്പിക്കുന്നില്ല. മനസാന്തരപ്പെടുവാന്‍ കാലം നാല്‍കാതെ ആരെയും ശിക്ഷിക്കുന്നതുമില്ല. അതുകൊണ്ടു ദൈവം പറയുന്നു: ഇപ്പോൾ ആകുന്നു സുപ്രസാദകാലംഇപ്പോൾ ആകുന്നു രക്ഷാദിവസം.” (2 കൊരിന്ത്യര്‍ 6:2). പത്രൊസ് 3: 9 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെയാണ്:  “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”

ഈ ലോകത്തിന് എന്തു സംഭവിക്കും എന്നും നമ്മളോട് ദൈവം മുന്നമേ പറയുന്നുണ്ട്:

 

പത്രൊസ് 3: 10 കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകുംമൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.

11 ആം വാക്യത്തില്‍ ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു” കാത്തിരിക്കുന്നു എന്നും പത്രൊസ് പ്രവചിക്കുന്നു. സൊദോം ഗൊമോരയെക്കുറിച്ചും അമോർയ്യരെക്കുറിച്ചും മറ്റ് ചില പട്ടണങ്ങളെക്കുറിച്ചും ദൈവം അരുളിച്ചെയ്തത് സംഭവിച്ചു എങ്കില്‍, ഈ ലോകത്തെക്കുറിച്ച് ദൈവം അരുളിച്ചെയ്തത് സംഭവിക്കും. പാപത്തിന്റെ പെരുപ്പം കാല സമ്പൂര്‍ണ്ണതയെ വിളിച്ചറിയിക്കുന്നു.

വേദപുസ്തകത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങള്‍ വായിച്ചുകൊണ്ടു ഈ പഠനം നിറുത്തട്ടെ:

 

വെളിപ്പാട് 22: 20, 21

20  ഇതു സാക്ഷീകരിക്കുന്നവൻ: അതേഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നുആമേൻകർത്താവായ യേശുവേവരേണമേ,

21   കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെആമേൻ.

 

ലളിതവും ഹൃസ്വവുമായ ഈ പഠനത്തിലൂടെ നീനെവേ പട്ടണത്തിന്റെ തകര്‍ച്ച നമുക്ക് നല്‍കുന്ന ദൈവീക മുന്നറിയിപ്പ് മനസ്സിലാക്കുവാന്‍ കഴിഞ്ഞു എന്ന് വിശ്വസിച്ചുകൊണ്ടു ഇത് ഇവിടെ അവസാനിപ്പിക്കട്ടെ. 


നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുവാനായി
, ഒന്നു രണ്ടു വാചകങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റുംമലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment