നവീകരണ മുന്നേറ്റം

പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തീയ സഭയില്‍ ഉണ്ടായ ആത്മീയ മുന്നേറ്റമാണ് നവീകരണ പ്രസ്ഥാനം, അഥവാ, Reformation എന്നു ഏറിയപ്പെടുന്നത്. 1517 ല്‍ ആരംഭിച്ച ഈ മുന്നേറ്റത്തിന്റെ മുന്നണി പോരാളികള്‍ മര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലി എന്നിവര്‍ ആയിരുന്നു. (Martin Luther, John Calvin, Huldrych Zwingli). അന്നത്തെ കത്തോലിക്ക സഭയോട് വിയോജിച്ച്, പ്രൊട്ടസ്റ്റന്‍റ് എന്ന് ഇന്ന് അറിയപ്പെടുന്ന പ്രത്യേക ക്രിസ്തീയ വിഭാഗം രൂപപ്പെടുന്നത് ഈ മുന്നേറ്റത്തോടെ ആണ്. ഇത് പാശ്ചാത്യ രാജ്യങ്ങളിലും ലോകത്താകെമാനവും, രാക്ഷ്ട്രീയവും, മതപരവും, സാംസ്കാരികവും, സാമ്പത്തികവും, തത്വ ശാസ്ത്രാപരവുമായ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അതുകൊണ്ടു തന്നെ, ലോക ചരിത്രത്തെ ഗതി തിരിച്ചുവിട്ട ഒരു മുന്നേറ്റമാണിത്.  

 
ചരിത്ര പശ്ചാത്തലം

നവീകരണ മുന്നേറ്റത്തിന്റെ പ്രധാന മുദ്രാവാക്യം സഭയുടെ ശുദ്ധീകരണവും വേദപുസ്തക സത്യങ്ങളിലേക്കുള്ള മടക്കവും ആയിരുന്നു. ഈ ചിന്ത മര്‍ട്ടിന്‍ ലൂതര്‍ അല്ല ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്. 1130 കളില്‍ അര്‍നോള്‍ഡ് ബ്രെസിയ എന്ന ഇറ്റാലിയന്‍ കത്തോലിക്ക പുരോഹിതന്‍ ആണ് സഭയ്ക്കുള്ളില്‍ നവീകരണം ഉണ്ടാകേണം എന്നു ആദ്യമായി അഭിപ്രായപ്പെട്ടത് (Arnold of Brescia, canon regular). അദ്ദേഹം, ദാരിദ്ര്യം വൃതമായി സ്വീകരിക്കുകയും സഭ ഭൌതീക സമ്പത്ത് ഉപേക്ഷിക്കേണം എന്നു ഉപദേശിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തെ 3 പ്രാവശ്യം കത്തോലിക്ക സഭ നാടുകടത്തുകയും, പിന്നീട് അദ്ദേഹത്തെ തൂക്കിക്കൊല്ലുകയും ചെയ്തു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ശവശരീരം അഗ്നിക്ക് ഇരയാക്കി.

അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം പറഞ്ഞ ആശയങ്ങള്‍ക്ക് വലിയ അംഗീകാരം ലഭിച്ചില്ല എങ്കിലും അത് പിന്നീട് പല നവീകരണ മുന്നേറ്റങ്ങളെയും സ്വാധീനിച്ചു. പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റക്കാര്‍ അദ്ദേഹത്തെ നവീകരണ പ്രസ്ഥാനത്തിന്റെ ആദ്യത്തെ പോരാളിയായി കാണുന്നു.

1374 ല്‍  സിയെനായിലെ കാതറിന്‍ എന്ന കന്യാസ്ത്രീ, കുറെ അനുയായികളുമായി, വടക്കന്‍, മദ്ധ്യ ഇറ്റലിയില്‍ എല്ലായിടവും സഞ്ചരിച്ച്, കത്തോലിക്ക സഭയില്‍ ഒരു ആത്മീയ നവീകരണത്തിനായി പ്രവര്‍ത്തിച്ചു. (Catherine of Siena). സഭയിലും പൌരോഹിത്വത്തിലും ആത്മീയ ശുദ്ധീകരണം ആവശ്യപ്പെട്ടുകൊണ്ട്, അവര്‍ അന്നത്തെ മാര്‍പ്പാപ്പ ആയിരുന്ന ഗ്രിഗറി പതിനൊന്നാമന് കത്തുകള്‍ അയക്കുമായിരുന്നു (Pope Gregory XI).

അതിനു ശേഷവും കത്തോലിക്ക സഭയിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പ്രതികരണങ്ങളും നവീകരണ ശ്രമങ്ങളും ഉണ്ടായി. അസ്സീസിയിലെ വിശുദ്ധനായ ഫ്രാന്‍സിസ്, വാല്‍ഡെന്‍സിയന്‍സ് എന്ന ക്രൈസ്തവ  വിഭാഗത്തിന്റെ സ്ഥാപകനായ പീറ്റര്‍ വാള്‍ഡോ, ജാന്‍ ഹസ്, ജോണ്‍ വിക്ലിഫ്, ബ്രെസ്കിയയിലെ അര്‍നോള്‍ഡ്, പീറ്റര്‍ ചെല്‍സിക്കി, ഗിരോലാമോ സവോനാറോള എന്നിവര്‍ നവീകരണ ആശയങ്ങള്‍ മുന്നോട്ട് വച്ചവര്‍ ആണ് (St. Francis of Assisi, Peter Waldo - founder of the Waldensians, Jan Hus, John Wycliffe, Arnold of Brescia, Peter Chelčický, and Girolamo Savonarola). 16 ആം നൂറ്റാണ്ടില്‍ റൊട്ടെര്‍ഡാമിലെ ഇറാസ്മസ് എന്ന കത്തോലിക്ക പണ്ഡിതന്‍ സഭയില്‍ ഒരു നവീകരണം ഉണ്ടാക്കുവാന്‍ ശ്രമിച്ചു. (Erasmus of Rotterdam). നവീകരണ ആശയങ്ങള്‍ ഹിപ്പോയിലെ വിശുദ്ധനായ അഗസ്റ്റീന്‍ ന്‍റെ ചിന്തകളുടെ തുടര്‍ച്ചയാണ്. മര്‍ട്ടിന്‍ ലൂഥറും കാല്‍വിനും അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ 14 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ജോണ്‍ വിക്ലിഫിനെ മത തത്വ ശാസ്ത്രത്തിന്‍റെ സന്ധ്യാ നക്ഷത്രം എന്നും, നവീകരണ മുന്നേറ്റത്തിന്റെ പ്രഭാത നക്ഷത്രം എന്നുമാണ് വിളിക്കുന്നത്. (John Wycliffe, evening star, morning star). ജാന്‍ ഹസ്, ബോഹെമിയ എന്ന രാജ്യത്താണ് ജീവിച്ചിരുന്നത് (Jan Hus, Crown of Bohemian). അദ്ദേഹം മാതൃഭാഷയില്‍ ഉള്ള ആരാധന ക്രമത്തേയും, പുരോഹിതന്മാര്‍ വിവാഹിതര്‍ ആകുന്നതിനെയും അനുകൂലിച്ചു. അദ്ദേഹം പാപക്ഷമയുടെ സാക്ഷ്യപത്രത്തെയും (indulgences) ആത്മാക്കളുടെ ശുദ്ധീകരണ സ്ഥലം എന്ന പഠിപ്പിക്കലിനെയും നിഷേധിച്ചു. 1414 മുതല്‍ 1417 വരെ കൂടിയ കൌണ്‍സിലില്‍ ഓഫ് കോണ്‍സ്റ്റന്‍സ് , ജാന്‍ ഹസിനെ കുറ്റക്കാരന്‍ എന്നു വിധിക്കുകയും അദ്ദേഹത്തെ തീവച്ച് കൊല്ലുകയും ചെയ്തു (Council of Constance).

എന്നാല്‍, അദ്ദേഹത്തിന്റെ ആശയങ്ങളെ ബോഹെമിയ എന്ന രാജ്യം, 1436, 1485 എന്നീ വര്‍ഷങ്ങളില്‍ ഉണ്ടായ സമാധാന സന്ധികള്‍ പ്രകാരം, ഔദ്യോഗികമായി അംഗീകരിക്കയും സഹിഷ്ണത പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹം നേതൃത്വം കൊടുത്ത മുന്നേറ്റത്തെ ഉട്രാക്വിസിറ്റ് ഹുസ്സിറ്റിസം എന്നാണ് അവിടെ അറിയപ്പെട്ടിരുന്നത്. (Utraquist Hussitism). എന്നാല്‍ മറ്റുള്ളവരുടെ ആശയങ്ങളെ രാജ്യം എതിര്‍ത്തുകൊണ്ടിരുന്നു. റോമന്‍ കത്തോലിക്ക സഭയുടെ വിശ്വസം രാജ്യത്തിന്റെ വിശ്വാസമായി തുടര്‍ന്നുകൊണ്ടേയിരുന്നു. മൊറാവിയ എന്ന സ്വതന്ത്ര ഭരണ പ്രദേശത്തും ജാന്‍ ഹസ്സിന്റെ ആശയങ്ങള്‍ ആഴത്തില്‍ പരന്നിരുന്നു. (Moravia). 15 ആം നൂറ്റാണ്ടില്‍ മൊറാവിയയില്‍, ജാന്‍ ഹസിന്റെ പ്രവര്‍ത്തന ഫലമായി  സ്ഥാപിക്കപ്പെട്ട സഭയാണ് ഏറ്റവും പഴയ പ്രൊട്ടസ്ന്‍റന്‍റ് സഭ (Moravian Church).            

16 ആം നൂറ്റാണ്ടിലാണ്, മര്‍ട്ടിന്‍ ലൂതര്‍ നവീകരണ ആശയങ്ങളെ ശക്തമായ ഒരു ജനകീയ മുന്നേറ്റമായി മാറ്റിയത് (Martin Luther). ലൂതര്‍ 1517 ഒക്ടോബര്‍ 31 ആം തീയതി, ജര്‍മ്മനിയിലെ വിറ്റെന്‍ബെര്‍ഗിലെ കാസില്‍ ചര്‍ച്ചിന്‍റെ വാതിലില്‍ 95 ഉപദേശ വ്യത്യാസങ്ങള്‍ അടങ്ങിയ ഒരു പട്ടിക ആണിയടിച്ച് പതിപ്പിച്ചു. (Castle Church, Wittenberg, Germany). ഈ പട്ടികയിലെ വാദങ്ങള്‍ കത്തോലിക്ക സഭയുടെ പാപക്ഷയുടെ ചീട്ടിനെയും മറ്റ് ഉപദേശങ്ങളെയും ചോദ്യം ചെയ്തു. കത്തോലിക്ക സഭ, “സകല വിശുദ്ധന്മാരുടെയും ദിവസ”മായി ആചരിക്കുന്ന ദിവസം ആയിരുന്നു അത്. (All Saints’ Day). ഇതാണ് നവീകരണ മുന്നേത്തത്തിന്റെ ചരിത്രാരംഭം.  

1529 ലെ സ്പെയെര്‍ ആലോചനായോഗം മര്‍ട്ടിന്‍ ലൂതറിന്റെ ഉപദേശങ്ങളെ വിരുദ്ധ ഉപദേശങ്ങളായി പ്രഖ്യാപിച്ചു. (Diet of Speyer). എന്നാല്‍ ഈ തീരുമാനത്തെ വിശുദ്ധ റോമന്‍ സാമ്രാജ്യത്തിലെ 6 പ്രഭുക്കന്മാരും 14 സ്വതന്ത്ര ഭരണ പ്രദേശങ്ങളിലെ ഭരണാധിപന്‍മാരും എതിര്‍ത്തു (Holy Roman Empire). ഈ സംഭവത്തില്‍ നിന്നുമാണ് പ്രൊട്ടസ്റ്റന്‍റന്‍റ് എന്ന പേര്, നവീകരണ മുന്നേറ്റത്തിന് ലഭിച്ചത് (Protestant). ആദ്യം ഇതൊരു രാക്ഷ്ട്രീയ വിശേഷണം ആയിരുന്നു. പിന്നീട് ഈ വാക്കിന്, നവീകരണ ആശയങ്ങളെ അനുകൂലിക്കുന്നവര്‍ എന്ന വിശാലമായ അര്‍ത്ഥം ഉണ്ടായി.

നവീകരണ മുന്നേറ്റക്കാരെ ആദ്യ നാളുകളില്‍, ഇവാഞ്ചലിക്കല്‍ (evangelical) എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിച്ചത്. ക്രമേണ അവര്‍ പ്രൊട്ടസ്റ്റന്‍റ് എന്നു അറിയപ്പെടുവാന്‍ തുടങ്ങി. മര്‍ട്ടിന്‍ ലൂതറിന് ക്രിസ്റ്റ്യന്‍, ഇവാഞ്ചലിക്കല്‍ എന്നീ വാക്കുകളോടായിരുന്നു യോജിപ്പ്. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നവീകരണക്കാര്‍, റിഫോംഡ് (reformed) എന്നു അറിയപ്പെട്ടു. അവര്‍ കാല്‍വിന്റെ ആശയങ്ങളെ പിന്തുടരുന്നവര്‍ ആയിരുന്നു. 

അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം

1500 ഓടെ അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തമാണ് നവീകരണ ആശയങ്ങള്‍ വേഗത്തില്‍ പരക്കുവാന്‍ സഹായിച്ചത്. പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ അച്ചടിച്ച ലഘുലേഖകളും പുസ്തകങ്ങളും ധാരളമായി അച്ചടിച്ച് വിതരണം ചെയ്യുവാന്‍ കഴിഞ്ഞു. 1530 ആയപ്പോഴേക്കും 10,000 പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഏകദേശം 100 ലക്ഷം കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടു. ഇതില്‍ രേഖാ ചിത്രങ്ങളും ഉണ്ടായിരുന്നു. മര്‍ട്ടിന്‍ ലൂതറിന്റെ, ജര്‍മ്മന്‍ ഭാഷയിലുള്ള പുതിയ നിയമ വിവര്‍ത്തനം 1522 ലും വേദപുസ്തകം മൊത്തമായി 1534 ലും പ്രസിദ്ധീകരിച്ചു.

അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം വേദപുസ്തകത്തിന്റെ വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ വേഗത്തില്‍ പ്രചരിക്കുവാന്‍ സഹായിച്ചു. അന്നേ വരെ ലാറ്റിന്‍ ഭാഷയില്‍ മാത്രമായിരുന്നു വേദപുസ്തകം ലഭ്യമായിരുന്നത്. ഇത്, സഭയുടെ പാരമ്പര്യത്തെ ഉപേക്ഷിച്ചിട്ട്, വേദപുസ്തകത്തെ ആത്മീയ ജീവിതത്തിന്റെ മാര്‍ഗ്ഗദര്‍ശിനിയായി സ്വീകരിക്കുവാന്‍ ജനങ്ങളെ സഹായിച്ചു. പാപക്ഷമ ദൈവത്തില്‍ നിന്നും മാനസാന്തരത്തിലൂടെയും വിശ്വാസത്തിലൂടെയും മാത്രമേ ലഭിക്കൂ എന്നു ജനം തിരിച്ചറിഞ്ഞു. മനുഷ്യനും ദൈവത്തിനുമിടയില്‍ സഭയുടെ മധ്യസ്ഥം എന്ന ആശയം ചോദ്യം ചെയ്യപ്പെട്ടു. പാപത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്രാപിക്കുവാന്‍ സഭ പാപക്ഷമയുടെ സാക്ഷ്യപത്രം (indulgence) നല്‍കിയിരുന്നതിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. പാപക്ഷമയെ വില്‍ക്കുവാനും വാങ്ങിക്കുവാനും കഴിയുന്നതല്ല എന്നു ലൂതര്‍ പഠിപ്പിച്ചു. രക്ഷ ദൈവത്തിന്റെ ദാനമാണ്. അത് വിശ്വസം മൂലം പ്രാപിക്കേണം.

നവീകരണ മുന്നേറ്റത്തിന്റെ കാരണങ്ങള്‍

15 ആം നൂറ്റാണ്ടു വരെയുള്ള കത്തോലിക്ക സഭയുടെ ചരിത്ര പശ്ചാത്തലവും ചില നൂറ്റാണ്ടുകള്‍ ആയി രൂപപ്പെട്ട നവീകരണ ആശയങ്ങളും കാരണമാണ് നവീകരണ മുന്നേറ്റം ഉണ്ടായത്. ക്രിസ്തുവിന്നു ശേഷമുള്ള ആദ്യ നൂറ്റാണ്ടുകളില്‍ സഭ ക്രൂരമായ പീഡനങ്ങളിലൂടെ കടന്നു പോയി എങ്കിലും 4 ആം നൂറ്റാണ്ടുമുതല്‍, സഭ രാക്ഷ്ട്രീയ അധികാരവും, സാമ്പത്തിക സമൃദ്ധിയും അനുഭവിക്കുവാന്‍ തുടങ്ങി. ഇത് ക്രമേണ സഭയിലെ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് ഇടിവുണ്ടാക്കി.

കത്തോലിക്ക രാജ്യങ്ങള്‍ക്കെതിരായ മുസ്ലീം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ആക്രമണം പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റത്തെ എതിര്‍ക്കുന്നതില്‍ നിന്നും കത്തോലിക്ക സഭയുടെ ശ്രദ്ധ തിരിച്ചു. യൂറോപ്പിലെ പല രാജ്യങ്ങളും ഭരണ പ്രദേശങ്ങളും കൂടുതല്‍ സ്വതന്ത്രവും കരുത്തും ഉള്ളതായി മാറി. ഇതില്‍ പലതും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങളെ സ്വീകരിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും നവീകരണ ആശയങ്ങള്‍ ചുറ്റിനുമുള്ള രാജ്യങ്ങളിലേക്ക് പരക്കുവാന്‍ തുടങ്ങി. പല സര്‍വ്വകലാശാലകളും വിവിധ ആശയങ്ങളെ ഉള്‍ക്കൊള്ളുവാന്‍ തുടങ്ങിയതും നവീകരണ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തുവാന്‍ ഇടയാക്കി.

കത്തോലിക്ക പുരോഹിതന്മാര്‍ പൊതുവേ ലാറ്റിന്‍ ഭാഷ സംസാരിക്കുന്നവര്‍ ആയിരുന്നു. അവരില്‍ പലരും സ്വന്ത ദേശത്ത് ആയിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ സാധാരണ മനുഷ്യരില്‍ നിന്നും അകന്നു ജീവിച്ചു. പുരോഹിതന്മാരുടെ അധികാര ദുര്‍വിനിയോഗവും ആര്‍ഭാടപൂര്‍വ്വമായ ജീവിതവും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. രാജാക്കന്മാര്‍ക്കും ജന്‍മിത്വ പ്രഭുക്കന്മാര്‍ക്കും, രാക്ഷ്ട്രീയ കാര്യങ്ങളില്‍ സഭ ഇടപെടുന്നത് അലോരസമുണ്ടാക്കി.  കത്തോലിക്ക സഭയുടെ, ആരാധന, കുര്‍ബാന, തിരുവത്താഴ ശുശ്രൂഷ എന്നിവയെല്ലാം ലാറ്റിന്‍ ഭാഷയില്‍ മാത്രം ആയിരുന്നു. അതിനാല്‍ കുര്‍ബാന എന്താണ് എന്നു ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വേദപുസ്തകം ലാറ്റിന്‍ ഭാഷയില്‍ മാത്രമേ ലഭ്യമായിരുന്നു. കത്തോലിക്ക സഭയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആയിരുന്നു വേദപുസ്തകത്തിന്റെ കോപ്പികള്‍ ഉണ്ടാക്കിയിരുന്നതും വിതരണം ചെയ്തിരുന്നതും.

മദ്ധ്യ കാലഘട്ടം മുതല്‍ കത്തോലിക്ക സഭയില്‍ നിലവിലിരുന്ന, പാപക്ഷമയ്ക്കുയുടെ ചീട്ടിന്റെ വില്‍പ്പന വ്യാപകമായത് നവീകരണ മുന്നേറ്റം ഉണ്ടാകുവാനുള്ള ഒരു കാരണമാണ് (sale of indulgences). 15 ആം നൂറ്റാണ്ടില്‍ സിക്സ്റ്റസ് നാലാമന്‍ മാര്‍പ്പാപ്പാ മരിച്ചവര്‍ക്കുവേണ്ടിയുള്ള പാപക്ഷമയുടെ സാക്ഷ്യപ പുറത്തിറക്കി (Pope Sixtus IV - 1471–1484). 1515 ല്‍ റോമിലെ വിശുദ്ധ പത്രൊസിന്റെ ബസിലിക്ക പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തിനായി ധനം സമാഹരിക്കേണ്ടതിന്, മാര്‍പ്പാപ്പാ വീണ്ടും പാപക്ഷമയുടെ ചീട്ട് പുറത്തിറക്കി (St. Peter's Basilica, Rome). ജര്‍മ്മനിയില്‍ എത്തിയ പുരോഹിതന്മാര്‍, ഈ ചീട്ട്, ശുദ്ധീകരണ സ്ഥലത്തുനിന്നും മരിച്ചവരുടെ ആത്മാക്കളെ വിടുവിക്കും എന്നു പ്രസംഗിച്ചു. ഇതെല്ലാം സഭയ്ക്ക് ഒരു വരുമാന മാര്‍ഗ്ഗമായിട്ടാണ് കണ്ടിരുന്നത്. ഇതിനാല്‍ ഒരു മനുഷ്യനും പാപ ക്ഷമ പ്രാപിക്കുവാന്‍ സാധ്യമല്ല. ഇത് വ്യാജമായ സുരക്ഷിതാ ബോധം ഉണ്ടാക്കി. സമ്പന്നര്‍ക്ക് എത്ര പാപം ചെയ്താലും പാപക്ഷമയുടെ ചീട്ട് വാങ്ങി സ്വര്‍ഗ്ഗത്തില്‍ എത്താം എന്ന ചിന്ത ഉണ്ടായി.

സഭകളിലെ പല സ്ഥാന മാനങ്ങളും അര്‍ഹതപ്പെട്ടവര്‍ക്കായിരുന്നില്ല ലഭിച്ചിരുന്നത്. ദൈവ ശാസ്ത്രപരമായ അറിവ് ഇല്ലായെങ്കിലും പണം നല്കിയാല്‍ ഉന്നത സ്ഥാനത്ത് എത്താമായിരുന്നു. ഇവര്‍ക്ക് തിരുവെഴുത്തിനെ കുറിച്ചുള്ള ശരിയായ അറിവില്ലാത്തതിനാല്‍, ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ളതുപോലെ ദൈവ വചനത്തെ വ്യാഖ്യാനിച്ചു.

എന്നാല്‍ നവീകരണ മുന്നേറ്റം പ്രധാനമായും ഉപദേശപരവും ദൈവശാസ്ത്രപരമായ വ്യത്യാസങ്ങളില്‍ അടിസ്ഥാനവും ആയിരുന്നു. വേദപുസ്തകം പ്രാദേശിക ഭാഷകളില്‍ ലഭ്യമല്ല എന്നതിനെ അവര്‍ പ്രധാനമായും എതിര്‍ത്തു. അത് പകര്‍ത്തി എഴുത്തുന്നതിലോ അച്ചടിയിലോ സഭയുടെ നിയന്ത്രണം ആവശ്യമില്ല. ദൈവവചനം എല്ലാവര്‍ക്കും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലഭിക്കേണം.

പാപക്ഷമയുടെ സാക്ഷ്യപത്രത്തിന്റെ വില്‍പ്പനയെ ലൂതര്‍ എതിര്‍ത്തു. തിരുവത്താഴം, സ്നാനം എന്നിവയെക്കുറിച്ചുള്ള കത്തോലിക്ക സഭയുടെ പഠിപ്പിക്കലുകളും ചോദ്യം ചെയ്യപ്പെട്ടു. ഇത് കത്തോലിക്ക സഭയില്‍ അന്ന് നിലവില്‍ ഉണ്ടായിരുന്ന മറ്റ് തെറ്റായ ആചാരങ്ങളെയും ചോദ്യം ചെയ്യുവാന്‍ യൂറോപ്പിലെ ജനത്തെ പ്രേരിപ്പിച്ചു.

നവീകരണ മുന്നേറ്റത്തിന് 1525 വരെ രാജ്യങ്ങളുടെയോ ഭരണകര്‍ത്താക്കളുടെയോ ഔദ്യോഗിക പിന്തുണ ലഭിച്ചിരുന്നില്ല. ചില പട്ടണങ്ങളില്‍ പ്രാദേശിക വിശ്വാസികള്‍ ആണ് നവീകരണ സഭകള്‍ ആരംഭിച്ചത്. ഇതിന് ചില പ്രഭുക്കന്മാരുടെ പിന്തുണയും ഉണ്ടായിരുന്നു.

ജര്‍മ്മനിയും മാര്‍ട്ടിന്‍ ലൂഥറും

മര്‍ട്ടിന്‍ ലൂതര്‍ ഒരു കത്തോലിക്ക പുരോഹിതനും ജര്‍മ്മനിയിലെ വിറ്റെന്‍ബര്‍ഗ് യൂണിവേര്‍സിറ്റിയിലെ അദ്ധ്യാപകനും ആയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം കത്തോലിക്ക സഭയ്ക്കുള്ളിലെ ഒരു ആത്മീയ നവീകരണം ആയിരുന്നു. സഭയിലെ വിരുദ്ധ ഉപദേശങ്ങളും ജീര്‍ണ്ണതകളും കണ്ട മാര്‍ട്ടിന്‍ ലൂതര്‍ അതിനെതിരെ പ്രതികരിക്കുവാന്‍ തീരുമാനിച്ചു. 1517 ഒക്ടോബര്‍ 31 ആം തീയതി, 95 ഉപദേശ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു അദ്ദേഹം ഒരു കത്ത് അവിടുത്തെ ആര്‍ച്ച് ബിഷപ്പിന് അയച്ചു. അന്നേ ദിവസം തന്നെ അദ്ദേഹം കത്തിന്റെ ഒരു പകര്‍പ്പ്  വിറ്റന്‍ബര്‍ഗ്ഗിലെ കാസില്‍ പള്ളിയുടെ വാതിലില്‍ ആണിയടിച്ച് പതിച്ചു (Wittenberg, Castle Church).  

സഭ വിശദമായി ചര്‍ച്ച ചെയ്യേണം എന്നു അദ്ദേഹം ആഗ്രഹിച്ച വിഷയങ്ങള്‍ ആയിരുന്നു ഇതില്‍. കൂടുതലും പാപക്ഷയുടെ ചീട്ടിനെ കുറിച്ചായിരുന്നു. പണം കൊണ്ട് പാപ ക്ഷമ നേടാം എന്ന ആശയം തെറ്റാണ് എന്നും അത് യഥാര്‍ത്ഥ മാനസാന്തരത്തില്‍ നിന്നും മനുഷ്യരെ അകറ്റിക്കളയും എന്നും അദ്ദേഹം വാദിച്ചു.   

ലൂതര്‍ മാര്‍പ്പാപ്പയെ എതിര്‍ത്തില്ല. എന്നാല്‍ സഭയിലെ മൂല്യ ചുതികളെ എതിര്‍ത്തു. മറ്റ് പുരോഹിതന്മാരുടെ ദുഷ്ചെയ്തികളെ യും എതിര്‍ത്തു. എന്നാല്‍ മാര്‍പ്പാപ്പ എല്ലാറ്റിന്റെയും തലവന്‍ ആയിരിക്കുകയാല്‍ അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ലൂതര്‍ എഴുതി പ്രസിദ്ധീകരിച്ച 95 വിഷയങ്ങള്‍ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ തന്നെ, മറ്റുള്ളവര്‍ പകര്‍ത്തുകയും അതിന്റെ കോപ്പികള്‍ അച്ചടിച്ച് ജര്‍മ്മനിയിലും മറ്റ് രാജ്യങ്ങളിലും വിതരണം ചെയ്യുകയും ചെയ്തു. അതോടെ കൂടുതല്‍ ദൈവശാസ്ത്ര പണ്ഡിതന്മാര്‍ നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുവാന്‍ തുടങ്ങി. 1520 ആയപ്പോഴേക്കും നവീകരണ മുന്നേറ്റം ജര്‍മ്മനിയില്‍ വളരെ ശക്തി പ്രാപിച്ചു. കത്തോലിക്ക സഭ ഈ ആശയങ്ങളുടെ പ്രചാരണം തടയുവാന്‍ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. അങ്ങനെ ലൂതര്‍ മാര്‍പ്പാപ്പയുടെ ശത്രുവായി.

ലൂതറിന്റെ ആശങ്ങള്‍ മതപരവും രാക്ഷ്ട്രീയവുമായ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കി. 1520 ജൂണ്‍ മാസത്തില്‍ ലിയോ പത്താമന്‍ മാര്‍പ്പാപ്പ ലൂതറിന്റെ 41 വിശ്വാസപ്രമാണങ്ങളെ തള്ളിക്കളഞ്ഞു. (Pope Leo X) എങ്കിലും ലൂതറിന് മാനസാന്തരപ്പെടുവാന്‍ സമയം നല്കി. എന്നാല്‍ മാര്‍പ്പാപ്പയുടെ കല്‍പ്പനയെ ലൂതര്‍ പരസ്യമായി തീവച്ചു കത്തിച്ചു. മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തിരുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല. അതിനാല്‍ 1521 ജനുവരി 3 ആം തീയതി റോമന്‍ കത്തോലിക്ക സഭയില്‍ നിന്നും ലൂതറിനെ സഭാ ഭ്രഷ്ടനാക്കി. സക്സോണിയിലെ എലകറ്റര്‍ ഫ്രെഡെറിക് മൂന്നാമന്‍ ദി വൈസ് ലൂതറിനെ സംരക്ഷിച്ചില്ലായിരുന്നു എങ്കില്‍ രാജാവു അദ്ദേഹത്തെ പിടിച്ച് കൊല്ലുമായിരുന്നു (Elector Frederick III the Wise of Saxony). രാജാവ് സംരക്ഷണം നല്കിയാല്‍ ലൂതര്‍ വിചാരണയ്ക്കായി ഹാജരാകും എന്ന് ഫ്രെഡെറിക് വാക്ക് കൊടുത്തു. അങ്ങനെ 1521 ഏപ്രില്‍ മാസത്തില്‍ ജര്‍മ്മനിയിലെ വോംസ് എന്ന സ്ഥലത്തു ചാള്‍സ് അഞ്ചാമന്‍ രാജാവു വിളിച്ച് കൂട്ടിയ ഡയറ്റ് ഓഫ് വോംസ് എന്ന കോടതിയില്‍ ലൂതര്‍ ഹാജരായി (Diet of Worms). ഇതൊരു രാക്ഷ്ട്രീയ സമതി ആയിരുന്നു. ഈ യോഗത്തില്‍ മര്‍ട്ടിന്‍ ലൂതറിനെ, പാഷണ്ഡനും, ദൈവ വിരോധിയും ആയി വിചാരണ ചെയ്തു.

വിചാരണ വേളയില്‍, വേദപുസ്തകത്തില്‍ നിന്നും തെളിവുകള്‍ നല്കിയാല്‍, തന്റെ ആശയങ്ങളെ ഉപേക്ഷിക്കാം എന്നു ലൂതര്‍ പറഞ്ഞു. ലൂതറിന്റെ പ്രശസ്തമായ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു: “ഇതാ ഞാന്‍ ഇവിടെ നില്ക്കുന്നു; എനിക്കു മറ്റൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല.” (“Here I stand; I can do no other.”). ഇതോടെ യോഗത്തില്‍ വലിയ ആശയക്കുഴപ്പം ഉണ്ടായി. രാജാവ് കോടതി പിരിച്ചുവിട്ടു. എന്നാല്‍ പിന്നീട് കോടതിയിലെ എല്ലാ അംഗങ്ങളുടെയും അനുമതി ഇല്ലാതെ, ലൂതറിന്റെ പുസ്തകങ്ങളെ രാജ്യത്ത് നിരോധിച്ചുകൊണ്ടു ഉത്തരവിറക്കി (Edict of Worms). ലൂതറിനെ രാജ്യത്തിന്റെ ശത്രുവും പാഷണ്ഡനും ആയി പ്രഖ്യാപിച്ചു. അദ്ദേഹത്തെ പിടിച്ച് രാജാവിനെ ഏല്‍പ്പിക്കേണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു എങ്കിലും അത് കര്‍ശനമായി നടപ്പിലാക്കിയില്ല. എങ്കിലും ലൂതറിന്റെ സഞ്ചാര സ്വാതന്ത്ര്യം അതോടെ ഇല്ലാതെയായി. ലൂതര്‍ ഉടന്‍ തന്നെ വോംസ് വിട്ട്, ഐസെനാര്‍ക് എന്ന സ്ഥലത്തിന് സമീപമുള്ള വാര്‍ട്ബര്‍ഗ് എന്ന സ്ഥലത്ത് ചെന്നു താമസിച്ചു (Eisenach, Wartburg). 

അവിടെ, സാക്സോണിയിലെ ഇലക്ടര്‍ ഫ്രെഡെറിക് ദി വൈസ് ലൂതറിനെ സംരക്ഷിച്ചു. (Elector of Saxony, Frederick the Wise). അതിനാല്‍ അദ്ദേഹത്തിന് ജീവാപായം ഉണ്ടായില്ല. അദ്ദേഹത്തിന്റെ സംരക്ഷണയില്‍ ലൂതര്‍ വേദപുസ്തകം ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ലൂതറിന് മുമ്പ് ഉണ്ടായിരുന്ന നവീകരണ ചിന്താഗതിക്കാര്‍, കത്തോലിക്ക സഭയിലെ ദുര്‍മാര്‍ഗ്ഗങ്ങളെ വിമര്‍ശിച്ചപ്പോള്‍, ലൂതര്‍ അതിന്റെ വേരുകള്‍ തന്നെ പുറത്തുകൊണ്ടുവന്നു. ലൂതര്‍ അന്നത്തെ സഭയിലെ ദൈവശാസ്ത്രപരമായ പിഴവുകളെ ചൂണ്ടികാണിച്ച്, അതിനെ തിരുത്തുവാന്‍ ആവശ്യപ്പെട്ടു.

ജര്‍മ്മനിയില്‍ ആരംഭിച്ച നവീകരണ മുന്നേറ്റം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. നവീകരണം, ഫ്രാന്‍സ്, സ്വിറ്റ്സ്വര്‍ലാന്‍ഡ്, സ്കോട്ട്ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലാത്വിയ, എസ്റ്റോണിയ, ഐസ് ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. നവീകരണ സഭകള്‍ക്ക് ജോണ്‍ കാല്‍വിന്‍, ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലി, ജോണ്‍ നോക്സ്, എന്നിവര്‍ നേതൃത്വം നല്കി. (John Calvin, Huldrych Zwingli and John Knox).

ഡച്ചി ഓഫ് പ്രൂസ്സിയ എന്ന സ്വതന്ത്ര ഭരണ പ്രദേശമാണ് ആദ്യമായി നവീകരണ മുന്നേറ്റത്തെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യം. 1525 ല്‍  പ്രൂസ്സിയയിലെ ഡ്യൂക്ക് ആയിരുന്ന ആല്‍ബെര്‍ട് ഇവാഞ്ചലിക്കല്‍ വിശ്വാസത്തെ സ്വീകരിക്കുന്നതായി തുറന്നു പ്രഖ്യാപിച്ചു. (Duchy of Prussia, Duke Albert. ഇതിനുശേഷം മറ്റ് പല സ്വതന്ത്ര ഭരണ പ്രദേശങ്ങളും നവീകരണ വിശ്വാസത്തെ ഔദ്യോഗികമായി സ്വീകരിച്ചു. അതില്‍ പ്രധാനപ്പെട്ടവ, ലാന്‍ഡ് ഗ്രാവിയറ്റ് ഓഫ് ഹെസ്സെ (1526), ലൂതറിന്റെ ജന്മ നാടായ ഇലക്റ്ററേറ്റ് ഓഫ് സക്സോണി (1527), ഇലക്റ്ററല്‍ പാലാട്ടിനേറ്റ് (1530), ഡച്ചി ഓഫ് വിറ്റെംബര്‍ഗ് (1534) എന്നിവ ആയിരുന്നു. (Landgraviate of Hesse, Electorate of Saxony, Electoral Palatinate, Duchy of Württemberg).


സ്വിറ്റ്സര്‍ലന്‍ഡും ജോണ്‍ കാല്‍വിനും

1519 ല്‍ ആണ് ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലിയുടെ നേതൃത്വത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നവീകരണം ആരംഭിക്കുന്നത് (Ulrich Zwingli or Huldrych Zwingli). സ്വീങ്ഗ്ലി സ്വിറ്റ്സര്‍ലാന്‍ഡ് ലെ സൂറിച്ചില്‍ ജീവിച്ചിരുന്ന ഒരു കത്തോലിക്ക മത പണ്ഡിതനും പ്രഭാഷകനും ആയിരുന്നു (Zurich). അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി സൂറിച്ചില്‍ ഒരു മതാധിഷ്ഠിത ഭരണം രൂപപ്പെട്ടു.  

മര്‍ട്ടിന്‍ ലൂതരും ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലിയും തമ്മില്‍ ഉപദേശങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ടായിരുന്നു. രാക്ഷ്ട്രീയമായി സ്വിറ്റ്സര്‍ലാന്‍ഡ് ഉം ജര്‍മ്മനിയും സൌഹൃദത്തില്‍ ആയിരുന്നുമില്ല. എന്നാല്‍ ഇരുവരും യോജിച്ച് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ഗുണകരമാകും എന്നു മനസ്സിലാക്കിയ ജര്‍മ്മനിയിലെ പ്രിന്‍സ് ഫിലിപ്പ് ഓഫ് ഹെസ്സെ 1529 ല്‍ മര്‍ട്ടിന്‍ ലൂതറും ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലിയും തമ്മില്‍ ഒരു കൂടികാഴ്ച ക്രമീകരിച്ചു. (Prince Philip of Hesse). ഇത് കൊളോക്വി ഓഫ് മാര്‍ബര്‍ഗ് എന്നാണ് അറിയപ്പെടുന്നത്. (Colloquy of Marburg). വിശ്വാസത്താല്‍ നീതീകരണം എന്നതില്‍ ഇരുവരും യോജിച്ചപ്പോള്‍ തിരുവത്താഴ ശുശ്രൂഷയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. വസ്തുമാറ്റം എന്ന കത്തോലിക്ക വിശ്വാസത്തെ ലൂതര്‍ തള്ളിപ്പറഞ്ഞു എങ്കിലും, ക്രിസ്തു സര്‍വ്വവ്യാപി ആയതിനാല്‍ തിരുവത്താഴത്തിലെ അപ്പത്തിലും വീഞ്ഞിലും അവന്‍ ഉണ്ട് എന്നു ലൂതര്‍ വിശ്വസിച്ചു. എന്നാല്‍ അപ്പത്തിലും വീഞ്ഞിലും ആത്മീയമായ സാന്നിധ്യം മാത്രമേയുള്ളൂ എന്നു സ്വീങ്ഗ്ലി വാദിച്ചു. അപ്പവും വീഞ്ഞും പ്രതീകങ്ങള്‍ മാത്രമാണ് എന്നും ശുശ്രൂഷ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുന്നതാണ് എന്നും സ്വീങ്ഗ്ലി വിശ്വസിച്ചു. അതിനാല്‍ ഈ കണ്ടുമുട്ടല്‍ വിജയകരമായി അവസാനിച്ചില്ല. എങ്കിലും സ്വീങ്ഗ്ലി പ്രവര്‍ത്തങ്ങള്‍ ശക്തമായി തുടര്‍ന്നു. 

ജോണ്‍ കാല്‍വിനും ജനീവയും

ഒരു ഫ്രെഞ്ച് അഭിഭാഷകന്‍ ആയിരുന്ന ജോണ്‍ കാല്‍വിന്‍ നവീകരണ മുന്നേറ്റത്തിന്റെ നായകന്മാരില്‍ പ്രമുഖനായിരുന്നു. നവീകരണ മുന്നേറ്റത്തിന്  ഉപദേശപരമായ വിശദീകരണം നല്കിയത് ജോണ്‍ കാല്‍വിന്‍ ആണ് എന്നു പറയാം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിവിധ രാജ്യങ്ങളിലെ മുന്നേറ്റങ്ങളെ ഒരുമിപ്പിച്ചു നിറുത്തി.

കാല്‍വിന്‍ ഫ്രാന്‍സില്‍ ആയിരിക്കുമ്പോള്‍, 1536 ല്‍ “ക്രിസ്തീയ മതത്തിന്റെ സ്ഥാപനങ്ങള്‍” എന്ന കൃതി പ്രസിദ്ധീകരിച്ചു (Institutes of the Christian Religion). ഇതായിരുന്നു നവീകരണ മുന്നേറ്റത്തിന്റെ ദൈവശാസ്ത്രപരമായ ആദ്യത്തെ രചന. എന്നാല്‍ അതിന്റെ പ്രസിദ്ധീകരണത്തിന് ശേഷം അദ്ദേഹത്തിന് ഒളിവില്‍ പേകേണ്ടി വന്നിരുന്നു. 1541 ല്‍ അദ്ദേഹം ജനീവയില്‍ അഭയം തേടി.

അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ച ജനീവ ഒരു മതാധിപത്യ സന്‍മാര്‍ഗ്ഗിക രാജ്യമായി തീര്‍ന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും ഓടിപ്പോരുന്ന നവീന ആശയക്കാര്‍ ജനീവയില്‍ അഭയം തേടി. 1559 ല്‍ ജനീവ അക്കാദമി ആരംഭിച്ചു. ജനീവ പ്രൊട്ടസ്റ്റന്‍റിസത്തിന്റെ തലസ്ഥാനം ആയി മാറി. മറ്റ് യൂറോപ്പിയന്‍ രാജ്യങ്ങളില്‍ നിന്നും രക്ഷപെട്ടു വന്ന പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളെ അവര്‍ സ്വീകരിച്ചു. അവരെ കാല്‍വിന്റെ ഉപദേശങ്ങള്‍ പഠിപ്പിച്ചു. അവരെ മിഷണറിമാരായി പല സ്ഥലങ്ങളിലേക്കും അയച്ചു. കാല്‍വിന്‍റെ ആശയങ്ങള്‍ സ്കോട്ട്ലാന്‍ഡ്, ഫ്രാന്‍സ്, ട്രാന്‍സില്‍വാനിയ എന്നീ രാജ്യങ്ങളിലേക്ക് വേഗം പരന്നു. (Scotland, France, Transylvania).  

അങ്ങനെ, 1560 ല്‍ ജോണ്‍ നോക്സിന്റെ നേതൃത്വത്തില്‍ സ്കോട്ട്ലാന്‍ഡ് ല്‍ നവീകരണ സഭകള്‍ രൂപപ്പെട്ടു. (John Knox). ഒരു ഇംഗ്ലീഷ് കവിയത്രിയും വിവര്‍ത്തകയുമായിരുന്ന ആനി ലോക്ക്, കാല്‍വിന്റെ രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. (Anne Locke). 1563 ല്‍ കാല്‍വിന്‍ മരിച്ചു. എന്നാല്‍ 17 ആം നൂറ്റാണ്ടായപ്പോഴേക്കും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കോണ്സ്റ്റാന്‍റിനോപ്പിളില്‍ വരെ എത്തിയിരുന്നു. (Constantinople).

ലൂതറും കാല്‍വിനും തമ്മിലും ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. മുന്‍ നിയമനം, തിരുവത്താഴ ശുശ്രൂഷ എന്നിവയില്‍ അവരുടെ അഭിപ്രായങ്ങള്‍ വിഭിന്നം ആയിരുന്നു. അതിനാല്‍ ആശയപരമായി സംഘര്‍ഷം അവര്‍ക്കിടയില്‍ നിലനിന്നിരുന്നു.  

നവീകരണവും ഇംഗ്ലണ്ടും

നവീകരണ മുന്നേറ്റത്തില്‍ ഇംഗ്ലണ്ടിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിലെ നവീകരണത്തിന് രാക്ഷ്ട്രീയവും മതപരവുമായ പശ്ചാത്തലം ഉണ്ട്. അവിടുത്തെ രാജാവായിരുന്ന ഹെന്‍റി എട്ടാമന് ആണ്മക്കള്‍ ഇല്ലായിരുന്നു. അടുത്ത രാജാവാകുവാന്‍ ഒരു മകനെ വേണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹത്തിന്റെ ഭാര്യ അരഗോനിലെ കാതറിനുമായുള്ള വിവാഹ മോചനത്തിന് അദ്ദേഹം ശ്രമിച്ചു എങ്കിലും ക്ലെമെന്‍റ് ഏഴാമന്‍ മാര്‍പ്പാപ്പ അതിനെ എതിര്‍ത്തു. (Henry VIII, Pope Clement VII, Catherine of Aragon). അതിനാല്‍ അദ്ദേഹത്തിന് പുനര്‍വിവാഹം നടത്തുവാന്‍ കഴിഞ്ഞില്ല. 1533 ല്‍ അദ്ദേഹം ആനി ബോളിന്‍ നെ രഹസ്യമായ ചടങ്ങിലൂടെ വിവാഹം കഴിച്ചു (Anne Boleyn). 1534 ല്‍ ഇംഗളണ്ടിലെ ക്രൈസ്തവ സഭയുടെ പരമാധികാരിയായി രാജാവു സ്വയം പ്രഖ്യാപിച്ചു ("the only Supreme Head on earth of the Church of England"). അങ്ങനെ റോമില്‍ നിന്നും സ്വതന്ത്രമായ ആംഗ്ലിക്കന്‍ സഭ രൂപീകൃതമായി (Anglican church).

ഇക്കാരണങ്ങളാല്‍, 1535 ആഗസ്റ്റ് മാസം 30 ആം തീയതി ഹെന്‍റി എട്ടാമന്‍ രാജാവിനെ സഭാ ഭ്രഷ്ടനാക്കുവാന്‍ പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പ കല്പ്പന ഇറക്കി. എങ്കിലും, ഹെന്‍റി മനസാന്തരപ്പെട്ടു കാതറിനെ വീണ്ടും സ്വീകരിക്കും എന്ന് മാര്‍പ്പാപ്പ പ്രതീക്ഷിച്ചു. അതിനാല്‍ സഭാ ഭ്രഷ്ട് നടപ്പാക്കിയില്ല. എന്നാല്‍ ഹെന്‍റിയ്ക്കു മാറ്റമൊന്നും ഉണ്ടാകാതെ ഇരുന്നപ്പോള്‍ 1538 ഡിസംബര്‍ 17 ആം തീയതി അദ്ദേഹത്തെ ഔദ്യോഗികമായി സഭാ ഭ്രഷ്ടനാക്കി.  

1535 നും 1540 നു ഇടയില്‍ തോമസ് ക്രോംവെല്‍ ന്‍റെ ഉപദേശപ്രകാരം, കത്തോലിക്ക സന്യാസ മഠങ്ങളെ പിരിച്ചുവിട്ടു (Thomas Cromwell). ഏകദേശം 800 ഓളം സന്യാസ മഠങ്ങളെ പിടിച്ചെടുത്തു. അവയുടെ സ്വത്തുക്കള്‍ രാജാവും പ്രഭുക്കന്മാരും കരസ്ഥമാക്കി. വിശുദ്ധന്മാരുടെ രൂപകൂടുകളും നീക്കം ചെയ്തു. ഹെന്‍റിയുടെ ഇത്തരം നടപടികളെ തോമസ് മൂര്‍, കര്‍ദിനാള്‍ ജോണ്‍ ഫിഷര്‍ എന്നിവര്‍ എതിര്‍ത്തു. അവരെ രാജാവു കൊന്നുകളഞ്ഞു (Thomas More, Cardinal John Fisher).

എല്ലാ പള്ളികളിലും വേദപുസ്തകത്തിന്റെ ഒരു പതിപ്പ് ഉണ്ടായിരിക്കേണം എന്ന് കല്‍പ്പന ഇറക്കി. 1539 ല്‍, രാജാവിന്റെ അംഗീകാരത്തോടെ, വേദപുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ഹെന്‍റിയുടെ കത്തോലിക്ക സഭയ്ക്ക് എതിരായ അക്രമങ്ങള്‍ സാധാരണക്കാരുടെ ഇടയില്‍ അസംതൃപ്തി ഉണ്ടാക്കി. അതിനാല്‍ 1536 ല്‍, പില്‍ഗ്രീം ഓഫ് ഗ്രേസ് എന്ന് അറിയപ്പെടുന്ന കലാപം ഉണ്ടായി (Pilgrimage of Grace). തീവ്ര സ്വാഭമുള്ള നവീകരണക്കാരും ഹെന്‍റിയുടെ നടപടികളില്‍ തൃപ്തര്‍ ആയില്ല.

ഹെന്‍റി ഒരിക്കലും വ്യക്തിപരമായി പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തെ സ്വീകരിച്ചിരുന്നില്ല എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. മാത്രവുമല്ല, അദ്ദേഹത്തിന്റെ അവസാന നാളുകളില്‍, 1539 ല്‍ അദ്ദേഹം കത്തോലിക്ക സഭയ്ക്ക് അനുകൂലമായി 6 കല്‍പ്പനകള്‍ ഇറക്കി. അതിനെ തുടര്‍ന്നു പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടു. ചിലരെ അഗ്നിക്ക് ഇരയാക്കി.

എഡ്വേര്‍ഡ് ആറാമന്‍

1547 ജനുവരി 28 ആം തീയതി ഹെന്‍റി രാജാവു മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ എഡ്വേര്‍ഡ് ആറാമന്‍, 9 ആം വയസ്സില്‍ ഇംഗ്ലണ്ടിലെ രാജാവായി (Edward VI’). അദ്ദേഹത്തിന്റെ ഉപദേശകരായ ഡ്യൂക് ഓഫ് സോമെര്‍സെറ്റ്, ഡ്യൂക്ക് ഓഫ് നോര്‍ത്തംബര്‍ലാന്‍ഡ് എന്നിവരിലൂടെ അദ്ദേഹം രാജ്യം ഭരിച്ചു (Duke of Somerset, Duke of Northumberland). എഡ്വേര്‍ഡിന്റെ അദ്ധ്യാപകര്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ ആയിരുന്നു. അതിനാല്‍ അദ്ദേഹം ഒരു തികഞ്ഞ പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയായി വളര്‍ന്ന് വന്നു. അദ്ദേഹത്തിന്റെ കാലത്ത് കാല്‍വിന്റെ ഉപദേശങ്ങള്‍ക്കു ഇംഗ്ലണ്ടില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായി.

അദ്ദേഹത്തിന്റെ കാലത്ത്, പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ലാറ്റിന്‍ ഭാഷയിലുള്ള കത്തോലിക്ക കുര്‍ബാന ക്രമം ഉപേക്ഷിച്ചു. പൊതുവായ പ്രാര്‍ത്ഥനാ പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു (Book of Common Prayer). പുരോഹിതന്മാരെ വിവാഹിതരാകുവാന്‍ അനുവദിച്ചു. വിശുദ്ധന്മാരുടെ രൂപങ്ങള്‍ നീക്കം ചെയ്തു. പള്ളികളുടെ ഭിത്തികളില്‍ ആലേഖനം ചെയ്തിരുന്ന ചിത്രങ്ങള്‍ മായിച്ചു കളഞ്ഞു. പുരോഹിതന്മാരുടെ കുപ്പായം ലളിതമാക്കി. കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച അള്‍ത്താരകള്‍ക്ക് പകരം പള്ളികളില്‍ തടികൊണ്ട് നിര്‍മ്മിച്ച തിരുവത്താഴ മേശകള്‍ സ്ഥാപിച്ചു. പ്രൊട്ടസ്റ്റന്‍റ് മിഷണറിമാര്‍ രാജ്യത്തെല്ലാം സഞ്ചരിച്ച്, പുതിയ വിശ്വസം പ്രചരിപ്പിച്ചു. അവര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച വേദപുസ്തകം വിതരണം ചെയ്തു. നവീകരണത്തെ എതിര്‍ത്ത കത്തോലിക്ക ബിഷപ്പുമാരെ ലണ്ടന്‍ ടവറില്‍ തുറുങ്കില്‍ അടച്ചു. (Tower of London). 

മേരി രാജ്ഞി

എഡ്വേര്‍ഡ് 6 വര്‍ഷം മാത്രമേ രാജ്യം ഭരിച്ചുള്ളൂ. 1553 ജൂലൈ 6 ആം തീയതി, 15 ആം വയസ്സില്‍ അദ്ദേഹം മരിച്ചു. ശേഷം രാജ്ഞിയായ മേരി ഒന്നാമതിന്റെ കാലത്ത് രാജ്യം കത്തോലിക്ക വിശ്വാസത്തിലേക്ക് തിരിഞ്ഞു (Queen Mary I). മാര്‍പ്പാപ്പയുടെ ഉപദേശകന്‍ ആയിരുന്ന കര്‍ദിനാള്‍ പോളിനെ കാന്‍റര്‍ബറിയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 1554 ല്‍ ഇംഗ്ലണ്ട് വീണ്ടും ഔദ്യോഗികമായി റോമിനോടു ചേര്‍ന്നു. മാര്‍പ്പാപ്പ സഭയുടെ ഏക പരമാധ്യക്ഷന്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. ലാറ്റിന്‍ ഭാഷയിലുള്ള കത്തോലിക്ക കുര്‍ബാന ക്രമം തിരികെയെത്തി. ഒരു ഉറച്ച കത്തോലിക്ക വിശ്വാസിയായിരുന്ന സ്പെയിനിലെ ഫിലിപ്പ് രാജകുമാരനെ മേരി വിവാഹം കഴിച്ചു (Prince Philip of Spain). കത്തോലിക്ക വിശ്വസം സ്വീകരിക്കാതെയിരുന്ന 300 ലധികം പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളെ തീവച്ച് കൊന്നു. എന്നാല്‍ ഇത് ജനങ്ങളെ കത്തോലിക്ക വിശ്വാസത്തിന് എതിരാക്കി.

എലിസബത്ത് ഒന്നാമത് രാജ്ഞി

1559 ല്‍ എലിസബത്ത് ഒന്നാമത് രാജ്ഞി ആയി (Queen Elizabeth I). പിന്നീട് 44 വര്‍ഷങ്ങള്‍ അവര്‍ രാജ്യം ഭരിച്ചു. അക്കാലത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്, കത്തോലിക്ക സഭയ്ക്കും കാല്‍വിനിസത്തിനും ഇടയിലുള്ള ഒരു മദ്ധ്യമാര്‍ഗ്ഗം സ്വീകരിച്ചു. അവര്‍ കത്തോലിക്കാരെയും പ്രൊട്ടസ്റ്റന്‍റുകാരെയും ഒരുപോലെ പ്രീതിപ്പെടുത്തുവാന്‍ ശ്രമിച്ചു. എങ്കിലും സഭ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തോട് കൂടുതല്‍ അടുത്തുനിന്നു. ഇംഗ്ലണ്ടിലെ സഭയുടെ സുപ്രീം ഗവര്‍ണര്‍ ആയി രാജ്ഞി പ്രഖ്യാപിക്കപ്പെട്ടു (Supreme Governor). സഭയുടെ തലവന്‍ എന്ന പേര് അവര്‍ സ്വീകരിച്ചില്ല. ആരാധനയും വേദപുസ്തകവും ഇംഗ്ലീഷില്‍ തന്നെ ആയിരുന്നു.

കത്തോലിക്ക സഭയുടെ പല രീതികളും ഇംഗ്ലണ്ടിലെ സഭ സ്വീകരിച്ചു (Church of England). സഭയില്‍ പ്രത്യേക കുപ്പായമണിഞ്ഞ, പട്ടത്വം ഉള്ള പുരോഹിതന്മാരും, ബിഷപ്പുമാരും, അലങ്കാരങ്ങളും, സംഗീതവും അംഗീകരിക്കപ്പെട്ടു. പ്രാദേശിക ഭാഷയില്‍ പൊതുവായ ആരാധന ക്രമം പുതിയതായി ക്രമീകരിച്ചു (Book of Common Prayer). അത് ലാറ്റിന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്തു. ക്രിസ്തു തിരുവത്താഴ ശുശ്രൂഷയിലെ അപ്പത്തിലും വീഞ്ഞിലും സന്നിഹിതന്‍ ആണ് എന്നു പ്രാര്‍ഥനാ പുസ്തകത്തില്‍ എഴുതി ചേര്‍ത്തു. ഇതെല്ലാം കത്തോലിക്ക-പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളുടെ മദ്ധ്യേയുള്ള ഒരു മാര്‍ഗ്ഗമായിരുന്നു.

എന്നാല്‍, 1559 ലെ രാജകീയ കല്പ്പന എല്ലാവരോടും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ലെ ആരാധനയില്‍ പങ്കെടുക്കുവാനും പൊതു പ്രാര്‍ത്ഥനാ പുസ്തകം ഉപയോഗിക്കുവാനും ആവശ്യപ്പെട്ടു. ആരാധനയ്ക്ക് പങ്കെടുക്കാതിരുന്ന പ്യൂരിറ്റന്‍, കത്തോലിക്ക വിശ്വാസികളെ കഠിനമായി ശിക്ഷിച്ചു.

ആദ്യ കാലയളവില്‍ എലിസബത്ത് രാജ്ഞി കത്തോലിക്ക വിശ്വാസികളോട് സഹിഷ്ണത കാണിച്ചു എങ്കിലും അവസാന നാളുകളില്‍ അവര്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തോട് കൂടുതല്‍ അടുത്തു. 1570 ല്‍ മാര്‍പ്പാപ്പ അവരെ സഭാ ഭ്രഷ്ടയാക്കി. അവര്‍ക്കെതിരെ കത്തോലിക്ക വിശ്വാസികള്‍ ഗൂഡമായ പദ്ധതികള്‍ തയ്യാറാക്കി, അവരെ കൊല്ലുവാന്‍ ശ്രമിച്ചു. ഇതെല്ലാം വ്യത്യസ്തമായി ചിന്തിക്കുവാന്‍ അവരെ പ്രേരിപ്പിച്ചു. അതിനുശേഷം രഹസ്യമായി കത്തോലിക്ക ആരാധന നടത്തിയിരുന്നവരെ പിടിച്ച് കൊന്നു. എലിസബത്തിന്റെ ഭരണത്തിന്റെ അവസാനമായപ്പോഴേക്കും ഇംഗ്ലണ്ട് ശക്തമായ ഒരു പ്രൊട്ടസ്റ്റന്‍റ് രാജ്യമായി മാറിക്കഴിഞ്ഞിരുന്നു.

അവര്‍ക്ക് ശേഷം രാജാവായ ജെയിംസ് ഒന്നാമന്‍ ഒരു പ്രൊട്ടസ്റ്റന്‍റ് വിശ്വാസി ആയിരുന്നു. അദ്ദേഹവും തുടക്കത്തില്‍ കത്തോലിക്ക വിശ്വാസികളോട് സഹിഷ്ണത പ്രകടിപ്പിച്ചു. എന്നാല്‍ ഗണ്‍ പൌഡര്‍ പ്ലോട്ട് എന്ന് അറിയപ്പെടുന്ന ഗൂഡാലോചനയിലൂടെ അദ്ദേഹത്തെ വധിക്കുവാന്‍ കത്തോലിക്കര്‍ ശ്രമിച്ചു (Gunpowder Plot). അതിനാല്‍ അദ്ദേഹം അവര്‍ക്കെതിരെ പല നിയമങ്ങളും പ്രഖ്യാപിച്ചു.

ചാള്‍സ് ഒന്നാമന്‍ രാജാവ് ഒരു പ്രൊട്ടസ്റ്റന്‍റ് വിശ്വാസി ആയിരുന്നു. അദ്ദേഹം അര്‍മീനിയന്‍ ആശയങ്ങളോട് തല്‍പര്യം ഉള്ള വ്യക്തി ആയിരുന്നു. അദ്ദേഹത്തിന് ശേഷം ഒളിവര്‍ ക്രോംവെല്‍ അധികാരത്തില്‍ വന്നു (Oliver Cromwell). അദ്ദേഹം തീവ്ര സ്വഭാവവുമുള്ള പ്യൂരിറ്റന്‍ ആശയങ്ങള്‍ ഉള്ള വ്യക്തി ആയിരുന്നു (Puritan). അദ്ദേഹത്തിന് ശേഷം അധികാരത്തില്‍ വന്ന ചാള്‍സ് രണ്ടാമന്‍ രാജാവും ജയിംസ് രണ്ടാമന്‍ രാജാവും കത്തോലിക്ക വിശ്വാസികള്‍ ആയിരുന്നു. വില്യം മൂന്നാമന്‍ രാജാവ് പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയും കാല്‍വിന്റെ ആശയങ്ങളെ അനുകൂലിക്കുന്നവനും ആയിരുന്നു.   

ഇംഗ്ലണ്ടിലെ നവീകരണ മുന്നേറ്റത്തിന് അതിന്റെതായ ഒരു തനത് ശൈലി ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ എക്കാലവും പൌരോഹിത്യത്തിനെതിരായ ഒരു വികാരം ഉണ്ടായിരുന്നു. മര്‍ട്ടിന്‍ ലൂതറിന് മുമ്പ് തന്നെ ഇംഗ്ലണ്ടില്‍, ജോണ്‍ വിക്ലിഫിന്റെ നേതൃത്വത്തില്‍ ലോല്ലാര്‍ഡ്സ് പോലെയുള്ള ആത്മീയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് (John Wycliffe, Lollards). ഇംഗ്ലണ്ടിലെ നവീകരണ മുന്നേറ്റത്തിന്റെ ആരംഭ കാരണം തികച്ചും രാക്ഷ്ട്രീയം ആയിരുന്നു എന്നതും ഒരു വ്യത്യസ്തത ആണ്. മര്‍ട്ടിന്‍ ലൂതറിനെ വിമര്‍ശിക്കുന്ന ഒരു പുസ്തകം ഹെന്‍റി എട്ടാമന്‍ രാജാവു എഴുതിയിട്ടുണ്ട് എന്നും കരുതപ്പെടുന്നു.   

ജോണ്‍ നോക്സും സ്കോട്ട്ലാന്‍ഡ് ഉം

ജോണ്‍ നോക്സ്, ജോണ്‍ കാല്‍വിന്റെ ചിന്താധാരകള്‍ പിന്തുടര്‍ന്നിരുന്ന ഒരു നവീകരണ മുന്നണി പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ ദേശം സ്കോട്ട്ലാന്‍ഡ് ആയിരുന്നു. (John Knox, Scotland). അദ്ദേഹമാണ് പ്രെസ്ബിറ്റേറിയന്‍ സഭകള്‍ക്ക് തുടക്കമിട്ടത്. ഈ മുന്നേറ്റങ്ങള്‍ ആണ് പിന്നീട് ഇംഗ്ലണ്ടും സ്കോട്ട്ലാന്‍ഡ് ഉം ഒരുമിച്ച് ചേരുവാന്‍ കാരണമായത്.

സ്കോട്ട്ലാന്‍ഡ് ന്‍റെ അന്നത്തെ റീജന്‍റ് ആയിരുന്ന മേരി ഓഫ് ഗൈസ് ന്‍റെ നേതൃത്വത്തില്‍ ഫ്രാന്‍സിന്റെ ആധിപത്യത്തിനെതിരായി ഒരു കലാപം ഉണ്ടാകുകയും സ്കോട്ട് ലാന്‍ഡ് ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമാകുകയും ചെയ്തു (Mary of Guise). ഇതാണ് നവീകര മുന്നേറ്റത്തിന് സഹായകമായ രാക്ഷ്ട്രീയ സംഭവം. 1560 ല്‍ മാര്‍പ്പാപ്പയുടെ അപ്രമാദിത്തത്തെയും കത്തോലിക്ക വിശ്വാസമനുസരിച്ചുള്ള കുര്‍ബാനകളും സ്കോട്ട് ലാന്‍ഡ് ഉപേക്ഷിക്കുകയും പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തെ സ്വീകരിക്കുകയും ചെയ്തു.

ഫ്രാന്‍സ്

മര്‍ട്ടിന്‍ ലൂതറിന്റെയും ജോണ്‍ കാല്‍വിന്റെയും കാലത്തിനും മുമ്പേ വാല്‍ഡെന്‍സിയന്‍സ് എന്ന ആത്മീയ മുന്നേറ്റം ഉണ്ടായ നാടാണ് ഫ്രാന്‍സ് (Waldensians). പ്രൊട്ടസ്റ്റന്‍റ് വിശ്വസം അവിടെ എത്തുന്നത് ജര്‍മ്മനിയില്‍ നിന്നാണ്. നവീകരണ വിശ്വാസികളെ ഫ്രാന്‍സില്‍ ഹുഗെനോട്ട്സ് എന്നായിരുന്നു വിളിച്ചിരുന്നത് (Huguenots).

1515 മുതല്‍ 1547 വരെ ഫ്രാന്‍സില്‍ രാജാവായിരുന്ന ഫ്രാന്‍സിസ് ഒന്നാമന്‍ ഒരു കത്തോലിക്ക വിശ്വാസിയായിരുന്നു (Francis I). അദ്ദേഹത്തിന് നവീകരണത്തില്‍ താല്പര്യമില്ലായിരുന്നു. എങ്കിലും പ്രൊട്ടസ്റ്റന്‍റ്കാരോട് ആദ്യം സഹിഷ്ണതാ മനോഭാവം പുലര്‍ത്തി. എന്നാല്‍ അഫയര്‍ ഓഫ് പ്ലക്കാര്‍ഡ് എന്നു അറിയപ്പെടുന്ന കലാപത്തിന് ശേഷം (Affair of the Placards) അദ്ദേഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടായി. ക്രമേണ ആത്മീയ വിഷയങ്ങള്‍ രാക്ഷ്ട്രീയ വിഷയങ്ങള്‍ ആയി മാറി. അതിനാല്‍ നവീകരണ മുന്നേറ്റത്തെ രാജാവിന്റെ ഭരണ സ്ഥിരതയ്ക്ക് ഒരു വെല്ലുവിളിയായി അദ്ദേഹം കണ്ടു.

അതിനുശേഷം പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ക്കെതിരെ വലിയ പീഡനങ്ങള്‍ ഉണ്ടായി. അനേകര്‍ കൊല്ലപ്പെട്ടു.  ഈ കാലത്താണ് ജോണ്‍ കാല്‍വിന്‍ ഫ്രാന്‍സില്‍ നിന്നും ഓടി രക്ഷപ്പെടുന്നത്. അദ്ദേഹം ആദ്യം 1535 ല്‍ ബാസേല്‍ എന്ന സ്ഥലത്തും പിന്നീട് 1536 ല്‍ ജനീവയിലും അഭയം തേടി. ജനീവയിലെ സുരക്ഷിതത്വത്തില്‍ ഇരുന്നുകൊണ്ടു കാല്‍വിന്‍ ഫ്രാന്‍സിലെ നവീകരണ മുന്നേറ്റത്തിന് പിന്തുണ നല്കി.

1547 ല്‍ ഹെന്‍റി രണ്ടാമന്‍ ഫ്രാന്‍സില്‍ രാജാവായി. അദ്ദേഹത്തിന്റെ കാലത്ത് പീഡനങ്ങള്‍ വര്‍ദ്ധിച്ചു.  പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നപ്പോള്‍, പ്രത്യേക കോടതികള്‍ സ്ഥാപിച്ച് അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. എങ്കിലും കാല്‍വിന്റെ ചിന്തകള്‍ക്ക് അനുസൃതമായ അനേകം സഭകള്‍ ഫ്രാന്‍സില്‍ ഉണ്ടായി. ക്രമേണ പല പ്രഭുക്കന്മാരും നവീകരണ വിശ്വസം സ്വീകരിച്ചപ്പോള്‍ ഈ മുന്നേറ്റത്തിന് രാക്ഷ്ട്രീയ ബന്ധം ഉണ്ടായി ഇത് വാര്‍സ് ഓഫ് റിലിജിയണ്‍ എന്ന ആഭ്യന്തര കലാപത്തിന് കാരണമായി (Wars of Religion).

ഹെന്‍റി രണ്ടാമന്‍ 1559 ല്‍ മരിച്ചു. അതിനുശേഷം കുറെ കാലത്തേക്ക് ഫ്രാന്‍സില്‍ ശക്തമായ ഭരണം ഉണ്ടായില്ല. ഇത് കൂടുതല്‍ കലാപങ്ങള്‍ക്ക് സാഹചര്യമൊരുക്കി. 1572 ആഗസ്റ്റ് മാസത്തില്‍ വിശുദ്ധ ബര്‍ത്തോലോമ്യൂവിന്റെ  ദിനത്തില്‍ കത്തോലിക്ക വിശ്വാസികള്‍, ഏകദേശം മുപ്പത്തിനായിരം മുതല്‍ ഒരു ലക്ഷം വരെ പ്രൊട്ടസ്റ്റന്‍റുകാരെ ഫ്രാന്‍സില്‍ എല്ലായിടത്തുമായി വധിച്ചു. (St. Bartholomew's Day massacre). ഹെന്‍റി നാലാമന്‍ രാജാവ്, 1598 ല്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളോട് സഹിഷ്ണത പ്രഖ്യാപിച്ചതോടെ കലാപങ്ങള്‍ അടങ്ങി (Edict of Nantes). എന്നാല്‍ തുടര്‍ന്നും കത്തോലിക്ക വിശ്വസം രാജ്യത്തിന്റെ ഔദ്യോഗിക മതമായി തുടര്‍ന്നു.

ക്രമേണ ഫ്രാന്‍സില്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളുടെ എണ്ണം കുറഞ്ഞു വന്നു. ലൂയിസ് പതിനാലമാണ്‍ രാജാവ് 1685 ല്‍ സഹിഷ്ണതാ വിളംബരം റദ്ദുചെയ്തു (Edict of Fontainebleau). 17 ആം നൂറ്റാണ്ടു ആയപ്പോഴേക്കും അനേകം പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ ഫ്രാന്‍സില്‍ നിന്നും ഓടിപ്പോയി മറ്റ് രാജ്യങ്ങളില്‍ അഭയം പ്രാപിച്ചു. അവര്‍ ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്, പ്രൂസ്സിയ, സ്വിറ്റ്സര്‍ലാന്ഡ്, ഇംഗ്ലണ്ട്, ഡച്ച് കോളനികള്‍ എന്നിവയിലേക്ക് കുടിയേറി (England, the Netherlands, Prussia, Switzerland, and the English and Dutch overseas colonies). എങ്കിലും ഒരു ചെറിയ കൂട്ടം പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍, അല്‍സാക് പോലെയുള്ള, ഫ്രാന്‍സിന്റെ ചില പ്രദേശങ്ങളില്‍ ജീവിച്ചു (Alsace).

അമേരിക്കയും നവീകരണ മുന്നേറ്റവും

വടക്കന്‍ അമേരിക്കന്‍ കോളനികളുടെ രൂപീകരണത്തില്‍ നവീകരണ മുന്നേറ്റത്തിന് വലിയ പങ്ക് ഉണ്ട്.  1534 ല്‍ ഇംഗ്ലഡിലെ ഹെന്‍റി എട്ടാമന്‍ രാജാവ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചത് മുതല്‍ അനേക വര്‍ഷങ്ങള്‍ ഇംഗ്ലണ്ടില്‍ മത പീഡനവും അസ്ഥിരതയും നിലനിന്നു. എലിസബത്ത് രാജ്ഞിയുടെ കാലത്താണ് അതിനൊരു ശാന്തത ഉണ്ടായത്. എന്നാല്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ എല്ലാവരും എലിസബത്ത് രാജ്ഞിയുടെ സമവായ സിദ്ധാന്തത്തോട് യോജിച്ചില്ല. വേദപുസ്തകത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന നവീകരണം സഭയ്ക്കുള്ളില്‍ ഉണ്ടാകേണം എന്നു അവര്‍ ആഗ്രഹിച്ചു. അതിനാല്‍ അവര്‍ ഇംഗ്ലണ്ടിനെ ഉപേക്ഷിക്കുവാനും അവരുടെ വിശ്വാസമനുസരിച്ചുള്ള ക്രൈസ്തവ സഭ രൂപീകരിക്കുവാനും തീരുമാനിച്ചു. ഈ ആശയക്കാര്‍ പ്യൂരിറ്റന്‍ (Puritan) എന്നു അറിയപ്പെട്ടു.  

16 ആം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ ആരംഭിച്ച പ്യൂരിറ്റന്‍ പ്രസ്ഥാനം, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ നവീകരിക്കുവാന്‍ ഉദ്ദേശിച്ചുള്ളത് ആയിരുന്നു. അവര്‍ ജോണ്‍ കാല്‍വിന്റെ ആശയങ്ങള്‍ പിന്തുടര്‍ന്നു. എലിസബത്ത് രാജ്ഞി കത്തോലിക്ക സഭയുടെയും പ്രൊട്ടസ്റ്റന്‍റ് സഭയുടെ മദ്ധ്യേയുള്ള ഒരു പാത തിരഞ്ഞെടുത്തതാണ് പ്യൂരിറ്റന്‍ മുന്നേറ്റം ഉണ്ടാകുവാനുള്ള കാരണം. ജോണ്‍ കാല്‍വിന്റെ ഉപദേശങ്ങളോട് ചേര്‍ന്ന ഒരു പ്രൊട്ടസ്റ്റന്‍റ് സഭ എന്നതായിരുന്നു പ്യൂരിറ്റന്‍ വിശ്വാസികളുടെ ലക്ഷ്യം. അവര്‍ ആഭരണം ധരിക്കാറില്ലായിരുന്നു. പ്രത്യേകമായ പൌരോഹിത്വ വര്‍ഗ്ഗത്തെയും, അവരുടെ വസ്ത്രങ്ങളെയും, സംഗീത ഉപകരണങ്ങളെയും അവര്‍ ഉപേക്ഷിച്ചു. മത കോടതികളെ അവര്‍ അംഗീകരിച്ചില്ല. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതു പ്രാര്‍ത്ഥനാ പുസ്തകത്തെ അവര്‍ തള്ളിക്കളഞ്ഞു. അങ്ങനെ അവര്‍ എലിസബത്ത് രാജ്ഞി രൂപം കൊടുത്ത സഭയ്ക്ക് എതിരായി. അവര്‍ സ്വന്തമായി സഭകള്‍ക്ക് രൂപം കൊടുത്തു.

എന്നാല്‍ ഇംഗ്ലണ്ടില്‍ പ്യൂരിറ്റന്‍ വിശ്വാസികള്‍ക്ക് വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അതിനാല്‍ ഒരു കൂട്ടം പ്യൂരിറ്റന്‍ വിശ്വാസികള്‍, 1607 ലോ 1609 ലോ, നെതര്‍ലാന്‍ഡ് ല്‍ ഉള്ള ഹോളണ്ട് എന്ന സ്ഥലത്തേക്ക് കുടിയേറി. എന്നാല്‍ ദാരിദ്ര്യം കാരണം ഈ ഉദ്യമം വിജയിച്ചില്ല. അവരുടെ മക്കള്‍ ഡച്ച് സംസ്കാരത്തിലേക്ക് ചായുന്നതായും അവര്‍ കണ്ടു. അതിനാല്‍ അവരില്‍ പലരും ഇംഗ്ലണ്ടിലേക്ക് തിരികെ പോയി.

1620 ല്‍ പ്യൂരിറ്റന്‍ വിശ്വാസികള്‍ രണ്ടാമതൊരു കുടിയേറ്റ ശ്രമം നടത്തി. അവര്‍ കടല്‍ മാര്‍ഗ്ഗം യാത്ര ചെയ്ത് അമേരിക്കയിലെ മാസച്ചൂസെറ്റ്സിലെ പ്ലീമൊത്ത് എന്ന സ്ഥലത്തു എത്തി (Massachusetts, Plymouth). അവര്‍ അവിടെ, ബോസ്റ്റണ്‍ എന്ന സ്ഥലത്ത് ബേ കോളനി എന്ന പേരില്‍ ഒരു കുടിയേറ്റം സ്ഥാപിച്ചു. (Boston, Bay Colony). ഇവര്‍ ചരിത്രത്തില്‍ “തീര്‍ത്ഥാടകര്‍” എന്നു അറിയപ്പെടുന്നു (Pilgrims). ഇവരാണ് അമേരിക്കയിലെ ആദ്യത്തെ പ്യൂരിറ്റന്‍ കുടിയേറ്റക്കാര്‍. ഇവരുടെ കുടിയേറ്റം ലോക ചരിത്രത്തെ സ്വാധീനിച്ച ഒരു സംഭവം ആണ്. മനുഷ്യര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഇവര്‍ അവകാശപ്പെട്ടത്. ഇത് ലോകത്തിന് ഒരു പുതിയ സന്ദേശം നല്കി.  

1620 ല്‍ ഇംഗ്ലണ്ടിലെ രാജാവ് അവരുടെ കോളനിയെ അംഗീകരിക്കുകയും ഇംഗ്ലണ്ടിലെ വ്യാപരി വ്യവസായികളുമായി കച്ചവടത്തില്‍ ഏര്‍പ്പെടുവാന്‍ അനുവദിക്കുകയും ചെയ്തു. അക്കാലത്ത്, അമേരിക്ക ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലുള്ള ഒരു കോളനി ആയിരുന്നു.

എന്നാല്‍, അഭിപ്രായ വ്യത്യാസമുള്ളവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന രീതി പ്യൂരിറ്റന്‍സും പിന്തുടര്‍ന്നു എന്നത് ഒരു വൈപരീത്യം ആണ്. പ്രത്യേകിച്ച് ക്വാക്കര്‍ എന്ന വിഭാഗത്തില്‍ പെട്ട അനേകരെ അവര്‍ കൊന്നു. മേരി ഡയര്‍ നെ ബോസ്റ്റണില്‍ വച്ച് വധിച്ചു. ആനീ ഹച്ചിന്‍സന്‍ നെ റോഡ്സ് ദ്വീപിലേക്ക് നാടുകടത്തി (Quaker, Mary Dyer, Anne Hutchinson). 1661 ല്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ചാള്‍സ് രണ്ടാമന്‍, ക്വാക്കര്‍ വിശ്വാസികളെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും നിരോധിക്കുന്നത് വരെ ഇത് തുടര്‍ന്നു. പ്യൂരിറ്റന്‍സ് വിശ്വാസികള്‍ കത്തോലിക്ക സഭയോടും അസഹിഷ്ണത ഉള്ളവര്‍ ആയിരുന്നു. 1647 ല്‍ റോമന്‍ കത്തോലിക്ക ജെസ്വൂട്ട് പുരോഹിതന്മാര്‍ മാസച്ചൂസെറ്റ്സില്‍ പ്രവേശിക്കുന്നത് അവിടെയുള്ള പ്യൂരിറ്റന്‍ ഭരണകൂടം വിലക്കി. കത്തോലിക്ക വിശ്വാസിയാണ് എന്നു സംശയിക്കുന്നവരെ അവരുടെ കോളനിയില്‍ നിന്നും നാടുകടത്തി. അവര്‍ വീണ്ടും പ്യൂരിറ്റന്‍ കോളനിയില്‍ പ്രവേശിച്ചാല്‍, മരണ ശിക്ഷ നല്കി. 

1659 മുതല്‍ ക്രിസ്തുമസ് പോലെയുള്ള എല്ലാ ആഘോഷങ്ങളെയും അവര്‍ വിലക്കി. 1681 ല്‍ ഇംഗ്ലണ്ടിലെ രാജാവ് നിയമിച്ച ഗവര്‍ണര്‍ എഡ്മണ്ട് ആന്‍ഡ്രോസ് ഈ വിലക്കിനെ റദ്ദുചെയ്തു. എന്നാല്‍ 19 ആം നൂറ്റാണ്ടിന്റെ മദ്ധ്യ കാലത്ത് മാത്രമേ ക്രിസ്തുമസ് ആഘോഷങ്ങള്‍ ബോസ്റ്റണ്‍ പ്രദേശത്ത് പ്രചാരത്തില്‍ ആയുള്ളൂ.

തീവ്ര നവീകരണ മുന്നേറ്റങ്ങള്‍

നവീകരണ മുന്നേറ്റങ്ങള്‍ക്ക് തീവ്രത പോരാ എന്ന് ഉള്‍ഡ്രിച്ച് സ്വീങ്ഗ്ലിയുടെ അനുയായികളില്‍ ചിലര്‍ക്ക് തോന്നി. അവര്‍ കൂടുതല്‍ തീവ്രമായ ആശയങ്ങളിലേക്ക് കടന്നു. അങ്ങനെ അനാബപ്തിസ്റ്റ് എന്ന വിഭാഗം രൂപപ്പെട്ടു. (Anabaptists). മറ്റ് ചില ചിന്താ ധാരകളും അക്കാലത്ത് രൂപപ്പെട്ടിരുന്നു.

ഇവര്‍ക്ക് കത്തോലിക്ക സഭയില്‍ നിന്നും പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ നിന്നും ഒരു പോലെ, വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. എങ്കിലും ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കി, സഭകള്‍ സ്ഥാപിച്ചു. 1527 ലെ ശ്ലെതീം ഏറ്റുപറച്ചിലില്‍ അവരുടെ വിശ്വാസങ്ങള്‍ പ്രഖ്യാപിച്ചു. (Schleitheim Confession).

അവര്‍ വിശ്വാസികളുടെ മുതിര്‍ന്ന സ്നാനത്തില്‍ വിശ്വസിച്ചു. കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയായി തിരുവത്താഴ ശുശ്രൂഷയെ വ്യാഖ്യാനിച്ചു. തിരുവെഴുത്തുകളെ, വിശ്വാസ പ്രമാണങ്ങളുടെയും, ആചാരങ്ങളുടെയും, ജീവിതത്തിന്റെയും ഏക അടിസ്ഥാനമായി കരുതി. പുതിയനിയമത്തിനും യേശുവിന്റെ ഗിരി പ്രഭാഷണത്തിനും പ്രധാന്യം നല്കി. വേദപുസ്തകത്തെ ജനങ്ങള്‍ക്ക് വ്യാഖ്യാനിച്ചു കൊടുത്തു. ലോകവും ദൈവരാജ്യവും രണ്ടാണ് എന്നും ലോകത്തില്‍ നിന്നും വേര്‍പാട് വേണമെന്നും അവര്‍ വാദിച്ചു. സഹിഷ്ണത, കൂട്ടായ്മ, കീഴടങ്ങിയിരിക്കുക, സ്വതന്ത്ര ഇശ്ചാ ശക്തി, മാതൃകാപരമായ ജീവിതം, ക്രിസ്തുവിന്റെ ശിഷ്വത്വം എന്നിവയില്‍ വിശ്വസിച്ചു. ശപഥങ്ങള്‍ ചെയ്യുന്നത് ഉപേക്ഷിച്ചു. എന്നാല്‍ ഇവര്‍ എണ്ണത്തില്‍ കുറവായിരുന്നു. 

അനാബാപ്തിസ്റ്റ് കാര്‍ ഉപദേശങ്ങളെ മാത്രമല്ല മനുഷ്യരുടെ ജീവിതത്തെയും ശുദ്ധീകരിക്കേണം എന്നു വിശ്വസിച്ചു. അതിനാല്‍ രാജ്യങ്ങള്‍ രാക്ഷ്ട്രീയമായി സഭയെ പിന്താങ്ങുകയോ അംഗീകരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതില്ല. ദൈവ സഭ ദൃശ്യമല്ല, അദൃശ്യമാണ്. ക്രിസ്തീയ വിശ്വസം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ വിശ്വാസമാണ്. അത് നിര്‍ബന്ധത്താലോ, പ്രലോഭനത്താലോ, രാജ്യങ്ങളുടെ ഭരണ സംവിധാനം ഉപയോഗിച്ചോ ഒരുവനില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ശിശു സ്നാനത്തെ അവര്‍ അസാധുവായി കണ്ടു എതിര്‍ത്തു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെയാണ് സ്നാനപ്പെടുത്തേണ്ടത് എന്നു അവര്‍ പഠിപ്പിച്ചു.    

നവീകരണ മുന്നേറ്റത്തിന്റെ ഉപദേശങ്ങള്‍

കത്തോലിക്ക സഭയും നവീകരണ മുന്നേറ്റവും തമ്മിലുള്ള പ്രധാന വ്യത്യാസം തിരുവത്താഴ ശുശ്രൂഷയുമായി ബന്ധപ്പെട്ടതാണ്. ശുശ്രൂഷയ്ക്ക് ഉപയോഗിയ്ക്കുന്ന അപ്പവും വീഞ്ഞും, അതിനായി വേര്‍തിരിക്കുന്നതോടെ, യഥാര്‍ത്ഥമായും യേശുക്രിസ്തുവിന്റെ ശരീരവും രക്തവും ആയി മാറുന്നു എന്നാണ് കത്തോലിക്ക സഭയുടെ ഉപദേശം. എന്നാല്‍ അതിനു വസ്തുമാറ്റം സംഭവിക്കാതെ, അപ്പവും വീഞ്ഞുമായി തുടരുന്നു എന്നാണ് നവീകരണ വിശ്വാസികളുടെ അഭിപ്രായം. ഇതില്‍ തന്നെ നവീകരണക്കാര്‍ക്കിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്.  

നവീകരണ മുന്നേറ്റത്തിന്റെ അടിസ്ഥാന ഉപദേശങ്ങളെ 5 എണ്ണമായി ചുരുക്കാം. അത്, സോള സ്ക്രിപ്ച്ചുറ, സോള ഫിഡെ, സോള ഗ്രേഷിയ, സോളസ് ക്രിസ്റ്റസ്, സോളി ഡിയോ ഗ്ലോറിയ എന്നിവയാണ്. (Sola scriptura, Sola fide, Sola gratia, Solus Christus/ solo Christo, Soli Deo Gloria). സോള എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം, “അത് മാത്രം” എന്നാണ്.  അതായത്, തിരുവെഴുത്ത് മാത്രം, വിശ്വാസം മാത്രം, കൃപയാല്‍ മാത്രം, ക്രിസ്തുവിലൂടെ മാത്രം, മഹത്വം ദൈവത്തിന്നു മാത്രം. ഓരോ സോളയും പ്രധാനപ്പെട്ട ഒരു ഉപദേശത്തെക്കുറിച്ചാണ് പറയുന്നത്. അത് ഓരോന്നും കത്തോലിക്ക സഭയുടെ ഓരോ ഉപദേശങ്ങളെ ഘണ്ഡിക്കുകയും ചെയ്യുന്നു. അതായത്, പാരമ്പര്യങ്ങള്‍ അല്ല ശരി തിരുവെഴുത്ത് മാത്രമാണ്, രക്ഷ പ്രവര്‍ത്തിയാല്‍ അല്ല വിശ്വാസത്താല്‍ മാത്രമാണ്,  രക്ഷ അര്‍ഹതയാല്‍ അല്ല ദൈവ കൃപയാല്‍ മാത്രമാണ്, മദ്ധ്യസ്ഥന്‍മാരിലൂടെ അല്ല ക്രിസ്തുവിലൂടെ മാത്രമാണ്, എല്ലാ മഹത്വവും ആരാധനയും ദൈവത്തിന്നു മാത്രമുള്ളതാണ്.    

പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റക്കാരുടെ രചനകളില്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു പട്ടികയായി ഈ അഞ്ച് ഉപദേശങ്ങളെ തയ്യാറാക്കിയത് 20 ആം നൂറ്റാണ്ടില്‍ ആണ്.

സോള സ്ക്രിപ്ച്ചുറ

സോള സ്ക്രിപ്ച്ചുറ എന്നത് വേദപുസ്തകത്തെ അല്ലാതെ മറ്റൊന്നിനെയും, വിശ്വാസങ്ങള്‍ക്കോ, ആരാധനായ്ക്കൊ, ആചാരങ്ങള്‍ക്കൊ അടിസ്ഥാനമാക്കുന്നതിനെ തള്ളിപ്പറയുന്നു. സഭയുടെ പാരമ്പര്യങ്ങള്‍ അനുസരിച്ചല്ല ഉപദേശങ്ങള്‍ രൂപീകരിക്കേണ്ടത്. തിരുവെഴുത്തുകളെ തിരുവെഴുത്തുകള്‍ കൊണ്ട് തന്നെ വ്യാഖ്യാനിക്കേണം. എല്ലാ തിരുവെഴുത്തും ദൈവശ്വാസിയമാണ്. (God-breathed – NIV - 2 തിമൊഥെയൊസ് 3: 16). ജോണ്‍ വെസ്ലിയും ഇതേ ആശയം ഉള്ള വ്യക്തി ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കാഴപ്പാടിന് ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. സഭയുടെ പാരമ്പര്യങ്ങളെയും, അനുഭവങ്ങളെയും, യുക്തിയെയും ഉപദേശങ്ങള്‍ രൂപീകരിക്കുവാന്‍ ഉപയോഗിക്കാം എങ്കിലും അതെല്ലാം തിരുവെഴുത്തിന് താഴെ മാത്രം ആയിരിക്കേണം എന്നായിരുന്നു ജോണ്‍ വെസ്ലിയുടെ അഭിപ്രായം. മെത്തോഡിസ്റ്റ് സഭ ഈ ആശയം ആണ് പിന്തുടരുന്നത് (Methodist Church). കത്തോലിക്ക സഭ വേദപുസ്തകത്തിന്റെ ലാറ്റിന്‍ പരിഭാഷയെ മുഖ്യമായി കണ്ടപ്പോള്‍, പ്രൊട്ടസ്റ്റന്‍റ്കാര്‍ എബ്രായ ഗ്രീക്ക് ഭാഷകളില്‍ ഉള്ള മൂല കൃതിയെ അടിസ്ഥാനമായി കണ്ടു.

സോള ഫിഡെ

സോള ഫിഡെ, ഒരു മനുഷ്യന്‍ രക്ഷ പ്രാപിക്കുന്നത് പ്രവര്‍ത്തികളാല്‍ അല്ല, വിശ്വാസത്താല്‍ മാത്രം ആണ് എന്നു പറയുന്നു. മനുഷ്യര്‍ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെടുകയല്ല, നീതീകരിക്കപ്പെട്ടവരായി ദൈവം പ്രഖ്യാപിക്കുകയാണ്. ഇതിനെ വിശ്വാസത്താല്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. നല്ല പ്രവര്‍ത്തികള്‍ രക്ഷിക്കപ്പെട്ടു എന്നതിന്റെ അടയാളങ്ങള്‍ ആണ്, രക്ഷയ്ക്ക് കാരണമാകുന്നില്ല. വിശ്വസം നീതീകരണത്തേയും നല്ല പ്രവര്‍ത്തികളെയും ഉളവാക്കുന്നു. അത് തിരിച്ച് സംഭവിക്കുന്നില്ല. വിശ്വാസത്താല്‍ മാത്രം നീതീകരണം എന്നത് നവീകരണ മുന്നേറ്റത്തിന്റെ പ്രധാന ഉപദേശമാണ്. അതിനാലാണ്, വിശ്വസം മാത്രം എന്ന കാഴപ്പാടിനാല്‍ സഭ നിലനില്‍ക്കും എന്നും അല്ലായെങ്കില്‍ സഭ വീണുപോകുമെന്നും ലൂതര്‍ അഭിപ്രായപ്പെട്ടത്.

കത്തോലിക്ക സഭയുടെ ഉപദേശം, ഒരു വ്യക്തിയുടെ വിശ്വാസവും നല്ല പ്രവര്‍ത്തികളും നീതീകരണത്തെ ഉളവാക്കുന്നു എന്നാണ്. അവരുടെ ഉപദേശം യക്കോബ് 2: 14-17 വരെയുള വാക്യങ്ങളെ അടിസ്ഥാനമാക്കിയാണ്. വെസ്ലിയുടെയും അര്‍മീനിയന്റെയും കാഴ്ചപ്പാട് കത്തോലിക്ക സഭയുടെ ഉപദേശത്തോട് ആണ് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. അവര്‍ വിശ്വാസവും, ദയ, ഭക്തി എന്നിവയാല്‍ ഉളവാകുന്ന പ്രവര്‍ത്തികളും രക്ഷയ്ക്ക് കാരണമാകും എന്നു കരുതി. എന്നാല്‍ വിശ്വസം രക്ഷയ്ക്ക് അനിവാര്യമാണ് എങ്കിലും നല്ല പ്രവര്‍ത്തികള്‍ അതിനു അവസരം ലഭിക്കും എങ്കില്‍ മാത്രം മതിയാകും എന്നും മെത്തോഡിസ്റ്റ് സഭ വിശദീകരിക്കുന്നു. ഇതില്‍ നവീകരണ മുന്നേറ്റക്കാരുടെ വിശ്വസം മാത്രം എന്ന ഉപദേശമാണ് തിരുവെഴുത്തുകളോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നത്.

നീതീകരണത്തെക്കുറിച്ചും നവീകരണക്കാര്‍ക്കും കത്തോലിക്ക സഭയ്ക്കും വ്യത്യസ്ഥമായ കാഴ്ചപ്പാടുകള്‍ ആണ് ഉള്ളത്. പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രത്തില്‍, നീതീകരണം എന്നത് യേശുക്രിസ്തുവിന്റെ നീതി രക്ഷിക്കപ്പെടുന്ന മനുഷ്യരില്‍ കണക്കിടുന്നതാണ്. നീതീകരണത്താല്‍ ഒരു വ്യക്തി പാപി അല്ലാതെയാകുക അല്ല, നീതിമാനാണ് എന്നു ക്രിസ്തുവിന്റെ നീതിയാല്‍ പ്രഖ്യാപിക്കുകയാണ്. അതായത്, രക്ഷയ്ക്ക് ശേഷവും, ഒരു വ്യക്തി, ഒരേ സമയം, പാപിയായും നീതീകരിക്കപ്പെട്ടവനായും തുടരുന്നു. എന്നാല്‍ കത്തോലിക്ക വിശ്വാസമനുസരിച്ച്, നീതീകരണം എന്നാല്‍, ദൈവത്തിന്റെ ജീവന്‍ ഒരു വ്യക്തിയിലേക്ക് പകരുന്നതാണ്. അത് അവനെ പാപത്തില്‍ നിന്നും കഴുകി ശുദ്ധീകരിച്ചു, ദൈവത്തിന്റെ മകനും മകളും ആക്കി മാറ്റുന്നു. അതായത്, കത്തോലിക്ക സഭയ്ക്ക് നീതീകരണം ഒരു പ്രഖ്യാപനം മാത്രമല്ല, അത് ഒരു വ്യക്തിയുടെ ആത്മാവിന്‍റെ സമ്പൂര്‍ണ്ണ നീതീകരണമാണ്.  

ഇതിനെക്കുറിച്ച്, മര്‍ട്ടിന്‍ ലൂതര്‍ പറഞ്ഞതിങ്ങനെയാണ്: മനസാന്തരപ്പെടുവീന്‍ എന്നു നമ്മളുടെ കര്‍ത്താവ് വിളിച്ച് പറഞ്ഞപ്പോള്‍, മനുഷ്യന്റെ ജീവിതം മുഴുവന്‍, എക്കാലവും മനസാന്തരത്തിന്റെ അനുഭവത്തില്‍ ആയിരിക്കേണം എന്നാണ് ഉദ്ദേശിച്ചത് (മത്തായി 4:17). ഇതാണ് അപ്പോസ്തല പ്രവൃത്തികള്‍ 14: 22 ലും അവര്‍ ഉപദേശിക്കുന്നത്: “വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.” രക്ഷ ഒരു തുടര്‍ പ്രക്രിയ ആണ്. വ്യാജമായ സുരക്ഷിതാ ബോധം തെറ്റാണ്.

രക്ഷയുടെ തുടര്‍ പ്രക്രിയയില്‍, നല്ല പ്രവര്‍ത്തികള്‍ രക്ഷയ്ക്ക് കാരണമാകുന്നുവോ അതോ നല്ല പ്രവര്‍ത്തികള്‍ രക്ഷയുടെ ഫലമാണോ എന്നതാണു കത്തോലിക്ക വിശ്വാസവും നവീകരണ വിശ്വാസവും തമ്മിലുള്ള വ്യത്യാസം.

എങ്ങനെയാണ് ഒരു വ്യക്തിക്ക് നീതീകരണം ലഭിക്കുക? ഒരു ശിശുവിനെ സ്നാനപ്പെടുത്തുമ്പോള്‍ ആ പ്രവര്‍ത്തിയാല്‍ അവന് ദൈവ കൃപയാലുള്ള നീതീകരണം ലഭിക്കുന്നു എന്നു കത്തോലിക്ക സഭ പഠിപ്പിക്കുന്നു. ഇവിടെ പക്വമായ വിശ്വസം ആവശ്യമില്ല. ശിശുക്കള്‍ ആദ്യ പാപത്തില്‍ നിന്നും രകഷപ്രാപിക്കുന്നു. സ്നാനപ്പെടുന്ന മുതിര്‍ന്ന ഒരു വ്യക്തി എല്ലാ പാപത്തില്‍ നിന്നും രക്ഷ പ്രാപിക്കുന്നു.

മര്‍ട്ടിന്‍ ലൂതറും സ്നാനം ദൈവത്തിന്റെ പ്രവര്‍ത്തിയാണ് എന്നും, ക്രിസ്തുവിന്റെ മരണത്താല്‍ നേടിയതും ഉയിര്‍പ്പിനാല്‍ ഉറപ്പിച്ചതുമായ പാപ ക്ഷമയും രക്ഷയും അതില്‍ വിശ്വസിച്ചു സ്നാനപ്പെടുന്ന വ്യക്തിക്ക് ലഭിക്കുന്നു എന്നും പഠിപ്പിച്ചു. ക്രിസ്തുവിന്റെ മരണവും ഉയിര്‍പ്പും സ്നാനത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ് എന്നു സ്നാനപ്പെടുന്ന വ്യക്തി വിശ്വസിക്കേണം. ശിശുക്കളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരെ സ്നാനപ്പെടുത്തുവാന്‍ സാധ്യമല്ല. എന്നാല്‍, അവന്‍ പിന്നീട് വിശ്വാസവും രക്ഷയും പ്രാപിക്കും എന്നു പ്രത്യാശിച്ചുകൊണ്ടു, യേശുക്രിസ്തുവിന്റെ കല്‍പ്പന അനുസരിച്ച്, അവനെ സ്നാനപ്പെടുത്താം എന്നു ലൂതര്‍ പറഞ്ഞു. അതായത് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, ക്രിസ്തുവിന്റെ കല്‍പ്പനയുടെ അടിസ്ഥാനത്തില്‍ ആണ് ശിശുക്കളെ സ്നാനപ്പെടുത്തേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ലൂതര്‍ ശിശു സ്നാനത്തെ അനുകൂലിച്ചിരുന്നു.  

നവീകരണ മുന്നേറ്റത്തിലെ കൂടുതല്‍ തീവ്രമായ കാഴ്ചപ്പാടുള്ളവര്‍, ഒരു വ്യക്തി വിശ്വാസത്താല്‍ രക്ഷയെ സ്വീകരിച്ചു കഴിയുമ്പോള്‍ മാത്രമേ അവനെ സ്നാനപ്പെടുത്താവൂ എന്നു വാദിച്ചു. അവര്‍ ശിശു സ്നാനത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.  

കൃപയാല്‍ മാത്രം

സോള ഗ്രേഷിയ  അഥവാ കൃപയാല്‍ മാത്രം എന്ന ഉപദേശം രക്ഷയില്‍ പ്രവര്‍ത്തികളുടെ ആവശ്യത്തെ നിരാകരിക്കുന്നു. രക്ഷ ദൈവത്തില്‍ നിന്നും അവന്റെ കൃപയാല്‍ മാത്രം നമുക്ക് ലഭിക്കുന്നു. അത് അനര്‍ഹമായ ദാനമാണ്. കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍റ് സഭകളും, രക്ഷ ദൈവത്തിന്റെ പ്രവര്‍ത്തിയാണ് എന്നും അത് കൃപയാല്‍ ലഭിക്കുന്നു എന്നും വിശ്വസിക്കുന്നു. എന്നാല്‍, രക്ഷയില്‍ മനുഷ്യന്റെ നല്ല പ്രവര്‍ത്തികള്‍ക്ക് കൂടി സ്ഥാനം ഉണ്ട് എന്നു കത്തോലിക്ക സഭ വിശ്വസിക്കുന്നു. നല്ല പ്രവര്‍ത്തികള്‍ കൃപയുടെ വര്‍ദ്ധനവിനെ സഹായിക്കുന്നു എന്നു അവര്‍ കരുതുന്നു. എന്നാല്‍, ദൈവം അവന്റെ ഹിതപ്രകാരം മാത്രം സാദ്ധ്യമാക്കുന്നതാണ് രക്ഷ എന്നു പ്രൊട്ടസ്റ്റന്‍റ് സഭകള്‍ വിശ്വസിക്കുന്നു. അതില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്ക് ഒരു സ്ഥാനവും, പങ്കും ഇല്ല. രക്ഷയുടെ ഉത്തരവാദിത്തം പാപിയില്‍ നിക്ഷിപ്തമായിരിക്കുന്നില്ല. പ്രവര്‍ത്തികളാല്‍ രക്ഷയെയോ ദൈവകൃപയെയോ വര്‍ദ്ധിപ്പിക്കുവാന്‍ സാധ്യമല്ല.

അര്‍മേനിയന്‍ ദൈവശാസ്ത്രം ഈ വിഷയത്തില്‍ സമ്മിശ്രമാണ് (Arminianism). പ്രൊട്ടസ്റ്റന്‍റ്കാരെപ്പോലെ, രക്ഷ ദൈവ കൃപയാല്‍ ലഭിക്കുന്നു എന്നും അത് അര്‍ഹതയില്ലാത്ത ദാനം ആണ് എന്നും അവര്‍ പറയുന്നു. എന്നാല്‍, മുന്നമേ ലഭിക്കുന്ന ദൈവ കൃപയാല്‍, പരിശുദ്ധാത്മാവിന്റെ സഹായത്താല്‍, ഒരു വ്യക്തി സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുന്നു (prevenient grace). മുന്നമേ ലഭിക്കുന്ന ദൈവകൃപ സകല മനുഷ്യര്‍ക്കും ലഭിക്കുന്നു എന്നും അര്‍മീനിയന്‍ ദൈവശാസ്ത്രം പറയുന്നു. ഇവിടെ മനുഷ്യന്റെ പങ്ക് ഇല്ലാതെയാകുന്നില്ല.

ക്രിസ്തു മാത്രം

ക്രിസ്തു മാത്രം എന്ന നവീകരണ ഉപദേശം, മറ്റ് എല്ലാ മദ്ധ്യസ്ഥന്‍മാരുടെയും പൌരോഹിത്യ വര്‍ഗ്ഗത്തിന്റെയും ആചാരങ്ങളുടെയും അനിവാര്യത നിരാകരിക്കുന്നു. ദൈവവും അനുഷ്യനും ഇടയില്‍ ക്രിസ്തു എന്ന ഏക മദ്ധ്യസ്ഥന്‍ മാത്രമേ ഉള്ളൂ.

അത്യാവശ്യവും ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളിലും ഒരു വ്യക്തിയെ, പുരോഹിതന്‍ അല്ലാത്ത ഒരു വിശ്വസിക്ക് സ്നാനപ്പെടുത്തുവാന്‍ കഴിയും എന്നു കത്തോലിക്ക സഭ പഠിപ്പിക്കുന്നുണ്ട്. വിവാഹ ശുശ്രൂഷയിലെ കാര്‍മ്മികര്‍ വിവാഹം കഴിക്കുന്ന വധൂ വരന്മാരാണ് എന്നും പുരോഹിതന്‍ അതിന്റെ സാക്ഷി മാത്രമാണ് എന്നും അവര്‍ വിശ്വസിക്കുന്നു. മറ്റ് എല്ലാ കൂദാശകളും കര്‍മ്മങ്ങളും ഒരു ബിഷപ്പോ, പട്ടത്വം ലഭിച്ച ഒരു പുരോഹിതനോ നിര്‍വ്വഹിക്കേണം.

എന്നാല്‍, സ്നാനപ്പെട്ട എല്ലാ വിശ്വാസികളുടെയും പൌരോഹിത്വം എന്ന ഉപദേശമാണ് മാര്‍ട്ടിന്‍ ലൂതര്‍ പഠിപ്പിപ്പിച്ചത്. ഇത് പിന്നീട് നവീകരണക്കാര്‍, എല്ലാ വിശ്വാസികളുടെയും പൌരോഹിത്യം എന്ന് വ്യത്യാസപ്പെടുത്തി. ഇത് ചിലരെ സഭയെ നയിക്കുവാനായി നിയോഗിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നില്ല. ഇവര്‍ക്ക് ചില ആത്മീയ അധികാരങ്ങള്‍ ഉണ്ടായിരിക്കും എന്നും ലൂതര്‍ പഠിപ്പിച്ചു. മനസാന്തരപ്പെട്ട ഒരു വ്യക്തിയോട്, നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്ന ദൈവ വചനം പറയുവാന്‍ സഭാ ശുശ്രൂകന് അധികാരം ഉണ്ട് എങ്കിലും, രക്ഷ ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള കൈമാറ്റമാണ്. അതില്‍ മറ്റൊരു മനുഷ്യന് സ്ഥാനമോ, കാര്യമോ ഇല്ല. ഇതായിരുന്നു ലൂതറിന്റെ കാഴ്ചപ്പാട്.

രക്ഷിക്കപ്പെടുവാന്‍ സഭാ ശുശ്രൂഷകന്‍റെയോ മറ്റൊരു വ്യക്തിയോടെയോ പ്രഖ്യാപനമോ അംഗീകാരമോ ആവശ്യമില്ല എന്നതാണു പിന്നീട് നവീകരണ മുന്നേറ്റത്തില്‍ രൂപപ്പെട്ട ദൈവ ശാസ്ത്രം. രക്ഷ, മാനസാന്തരപ്പെടുന്ന വ്യക്തി ദൈവത്തില്‍നിന്നും പ്രാപിക്കുന്നതാണ്. ഒരുവന്‍ രക്ഷിക്കപ്പെട്ടു എന്ന് പ്രഖ്യാപിക്കുന്നത് ദൈവമാണ്. ഇവിടെ മറ്റൊരു മനുഷ്യന്റെ ആവശ്യമില്ല.

മഹത്വം ദൈവത്തിന്നു മാത്രം

നവീകരണ മുന്നേറ്റത്തിന്റെ അഞ്ചാമത്തെ അടിസ്ഥാന ഉപദേശമാണ്, മഹത്വം ദൈവത്തിന്നു മാത്രം എന്നത്.  ഇത് കത്തോലിക്ക സഭയിലെ വിശുദ്ധന്മാരെയും യേശുവിന്റെ അമ്മ മറിയമിനെയും, ദൂതന്മാരെയും വണങ്ങുന്നതിനെയും ആരാധിക്കുന്നതിനെയും എതിര്‍ക്കുന്നു. രക്ഷ ദൈവകൃപയാല്‍ ദൈവത്തില്‍ നിന്നും മാത്രം വരുന്നതാകയാല്‍, മഹത്വവും ദൈവത്തിന്നു മാത്രം ഉള്ളതായിരിക്കേണം. അതിനാല്‍, മനുഷ്യരെ വിശുദ്ധരായി പ്രഖ്യാപിച്ചു, അവരെ വണങ്ങുന്നത് പ്രൊട്ടസ്റ്റന്‍റ് സഭകള്‍ എതിര്‍ക്കുന്നു. 

ട്രെന്‍റിലെ കൌന്‍സിലും എതിര്‍ നവീകരണവും

നവീകരണ മുന്നേറ്റത്തോട് കത്തോലിക്ക സഭ പ്രതികരിച്ചത് വളരെ സാവധാനത്തില്‍ ആണ്. അവരുടെ വാദങ്ങള്‍ക്ക് കത്തോലിക്ക സഭ മറുപടി നല്‍കുന്നത് ട്രെന്‍റിലെ കൌന്‍സിലില്‍ ആണ് (The Council of Trent). പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയാണ് 1545 ല്‍ കൌണ്‍സില്‍ ഓഫ് ട്രെന്‍ഡ് വിളിച്ച് കൂട്ടിയത്. ഈ കൌണ്‍സില്‍ ഇടവിട്ട് 1563 വരെ കൂടിവന്നു. ഇതില്‍ പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റക്കാര്‍ക്കുള്ള കത്തോലിക്ക സഭയുടെ എതിര്‍ വാദങ്ങള്‍ രൂപപ്പെടുത്തി. കത്തോലിക്ക സഭയെ ചില കാര്യങ്ങളില്‍ ശുദ്ധീകരിക്കുകയും ചെയ്തു. ഇതാണ് ആധുനിക കത്തോലിക്ക സഭയ്ക്ക് രൂപവും ഭാവവും നല്കിയത്.

നവീകരണ മുന്നേറ്റക്കാരുടെ, ദൈവ വചനം മാത്രം, വിശ്വസം മാത്രം, ദൈവ കൃപ മാത്രം എന്നിങ്ങനെയുള്ള ആശയങ്ങളെ കൌണ്‍സില്‍ തള്ളിക്കളഞ്ഞു. ലാറ്റിന്‍ ഭാഷയിലുള്ളല്ല വേദപുസ്തകത്തിന്റെ പ്രാമുഖ്യം വീണ്ടും അംഗീകരിക്കപ്പെട്ടു. പുരോഹിതന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാനും കൌണ്‍സിലില്‍ തീരുമാനമായി. സഭയ്ക്ക് ഉള്ളില്‍ തന്നെ ചില അച്ചടക്ക നടപടികള്‍ ഉണ്ടായി. പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തിന് മാറ്റമുണ്ടായില്ല. പുരോഹിതന്മാര്‍ ദൈവ വചനം പഠിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണം എന്നു നിര്‍ദ്ദേശിച്ചു. ആര്‍ഭാടമായ ജീവിതത്തെയും സാമ്പത്തിക അച്ചടക്കമില്ലായ്മയെയും കൌണ്‍സില്‍ തള്ളിപ്പറഞ്ഞു. എന്നാല്‍ സഭയില്‍ സമ്പൂര്‍ണ്ണ ശുദ്ധീകരണം ഉണ്ടായില്ല. നവീകരണക്കാരുടെ പുസ്തകങ്ങളെ മാര്‍പ്പാപ്പ നിരോധിച്ചു. 

നവീകര മുന്നേറ്റത്തെ ചെറുക്കുവാനായി ആരംഭിച്ച മുന്നേറ്റമാണ് എതിര്‍-നവീകരണം (Counter-Reformation). പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയാണ് എതിര്‍-നവീകരണ മുന്നേറ്റവും ആരംഭിച്ചത് എന്നു കരുതപ്പെടുന്നു (ഭരണം 1534–49). ജെസ്യൂട്ട് പുരോഹിതന്മാരും അവിലയിലെ തെരെസ എന്ന ആത്മീയ പ്രസ്ഥാനവും ഇതിന് നേതൃത്വം നല്കി (Society of Jesus or Jesuits, Teresa of Ávila). പാപക്ഷമയുടെ ചീട്ട്, സ്പെയിനിലും, റോമിലും പുനര്‍ ക്രമീകരിച്ചു. സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങള്‍ ആയിരുന്നു എതിര്‍-നവീകരണത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.

നവീകരത്തിന്റെ ശേഷിപ്പ്

16 ആം നൂറ്റാണ്ടിന്റെ മദ്ധ്യ കാലമായപ്പോഴേക്കും യൂറോപ്പിലാകെ നവീകരണ മുന്നേറ്റം വ്യാപിച്ചിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ തീവ്രമായ നവീകന മുന്നേറ്റങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിന്നു വേരുകള്‍ ഉറപ്പിക്കുവാന്‍ കഴിഞ്ഞില്ല. അയര്‍ലന്‍ഡ് ഒഴികെയുള്ള വടക്കന്‍ യൂറോപ്പ് പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തെ സ്വീകരിച്ചു. തെക്കന്‍ യൂറോപ്പ് മുഖ്യമായും കത്തോലിക്ക വിശ്വാസത്തോട് ചേര്‍ന്ന് നിന്നു. ഇവിടെയെല്ലാം ചെറിയ കൂട്ടങ്ങള്‍ മുഖ്യധാരയില്‍ നിന്നും വേറിട്ട് നിന്നിരുന്നു. അവര്‍ എപ്പോഴും പീഡനം അനുഭവിച്ചു. ചില കൂട്ടങ്ങള്‍ രഹസ്യ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളായി ജീവിച്ചു.

ബൌദ്ധീകവും, സാംസ്കാരികവും, സാമ്പത്തികവും കലാപരവുമായ രംഗങ്ങളില്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വസം വലിയ സംഭവനകള്‍ നല്കിയിട്ടുണ്ട്. വേദപുസ്തകം പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അത് എല്ലാവര്‍ക്കും പ്രാപ്യമാകുകയും ചെയ്തു. പള്ളികളിലെ ആരാധന പ്രാദേശിക ഭാഷയിലായി. കത്തോലിക്ക സഭ കൊണ്ടുവന്ന പാപക്ഷമയുടെ ചീട്ടിന്‍റെ വില്‍പ്പന ക്രമേണ അവസാനിച്ചു.

സ്വന്ത ഭാഷയില്‍ വേദപുസ്തകം ലഭിച്ചപ്പോള്‍ ജനങ്ങള്‍ അത് വായിക്കുവാന്‍ തുടങ്ങി. തല്‍ഫലമായി കത്തോലിക്ക സഭയില്‍ അടിഞ്ഞുകൂടിയ വിരുദ്ധ ഉപദേശങ്ങളെയും ജീര്‍ണ്ണതകളെയും അവര്‍ തിരിച്ചറിഞ്ഞു. കത്തോലിക്ക സഭയില്‍ തുടര്‍ന്നു ജീവിച്ചവര്‍ പോലും ലൂതറിന്റെ ആശയങ്ങളോട് യോജിച്ചു.

സഭയില്‍ മാത്രമല്ല മാറ്റങ്ങള്‍ ഉണ്ടായത്. രാക്ഷ്ട്രീയ തലത്തിലും നവീകരണ മുന്നേറ്റം മാറ്റങ്ങള്‍ ഉണ്ടാക്കി. സാധാരണക്കാര്‍ അവരുടെ യജമാനന്മാരെയും രാക്ഷ്ട്രീയ നേതാക്കന്മാരെയും ചോദ്യം ചെയ്യാതെ അനുസരിക്കുന്നതില്‍ മാറ്റം വന്നു. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. ഭരണകര്‍ത്താക്കള്‍ പറയുന്നതെല്ലാം വിശ്വസിക്കുന്ന രീതിയ്ക്ക് വ്യത്യാസം വന്നു. കൃഷിക്കാര്‍, ജന്‍മിത്വ പ്രഭുക്കന്‍മാര്‍ക്ക് എതിരെ തുല്യതയ്ക്കായി കലാപം ഉണ്ടാക്കി. ദൈവത്തിന്‍റെ മുന്നില്‍ അവര്‍ തുല്യര്‍ ആണ് എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.

യൂറോപ്പിലെ പല രാജ്യങ്ങളും ഔദ്യോഗിക മതമായി പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തെ സ്വീകരിച്ചു. അതിനാല്‍ രാക്ഷ്ട്രീയമായ ചേരിതിരിവ് ഉണ്ടായി. ഇത് മതത്തിന്റെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാകുവാന്‍ ഇടയാക്കി. ജര്‍മ്മനിയില്‍ 40 ശതമാനത്തോളം ജനങ്ങള്‍ യുദ്ധങ്ങളിലും ആഭ്യന്തര കലാപങ്ങളിലും മരിച്ചു. മദ്ധ്യ യൂറോപ്പില്‍, 1618 മുതല്‍ 1648 വരെ, 30 വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധം ഉണ്ടായി (Thirty Years’ War). ഇതില്‍ 80 ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാകേണം. 1648 ല്‍ ഉണ്ടായ വെസ്റ്റ്ഫാലിയ സന്ധിയില്‍ ആണ് യുദ്ധങ്ങള്‍ക്ക് അവസാനമുണ്ടായത് (Treaty of Westphalia).

1555 ലെ ഒഗ്സ്ബര്‍ഗ്ഗിലെ സമാധാന സന്ധി യുദ്ധങ്ങള്‍ക്ക് ഒരു ഇടവേള ഉണ്ടാക്കി (Peace of Augsburg). ഈ ഉടമ്പടി പ്രകാരം പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്ക വിശ്വാസികള്‍ക്ക് അവരവരുടെ വിശ്വാസവുമായി ജീവിക്കുവാന്‍ സ്വാതന്ത്ര്യം ലഭിച്ചു. അതതു പ്രദേശങ്ങളിലെ ഔദ്യോഗിക മതത്തെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ജര്‍മ്മന്‍ പ്രഭുക്കന്‍മാര്‍ക്ക് ലഭിച്ചു. എന്നാല്‍ ദീര്‍ഘ കാലയളവില്‍ ഈ ഉടമ്പടിയ്ക്ക് ക്ഷതം ഉണ്ടായി. സ്പെയിനും, ഇറ്റലിയും പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളെ അവിടെ ജീവിക്കുവാന്‍ അനുവദിച്ചില്ല. പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങള്‍ കത്തോലിക്ക വിശ്വാസികളെയും അകറ്റി നിറുത്തി. എന്നാല്‍ അമേരിക്കന്‍ വിപ്ലത്തോടെ മത സ്വാതന്ത്ര്യം എന്ന ആശയം ലോകത്ത് പരന്നു.

1555 ലെ  ആഗ്സ്ബര്‍ഗിലെ സമാധാന ഉടമ്പടിയോടെ നവീകരണ മുന്നേറ്റം അവസാനിച്ചു എന്നു ചില ചരിത്രകാരന്‍മാര്‍ കരുതുന്നു. (Peace of Augsburg). ചിലര്‍ കത്തോലിക്ക സഭ എതിര്‍-നവീകരണം ആരംഭിച്ചതോടെയാണ് പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റം അവസാനിച്ചത് എന്ന് വാദിക്കുന്നു. ഇനിയും മൂന്നാമതൊരു കൂട്ടര്‍, 1648 ലെ വെസ്റ്റ് ഫാലിയ യിലെ സമാധാന ഉടമ്പടിയോടെയാണ് പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റം അവസാനിച്ചത് എന്ന് വിശ്വസിക്കുന്നു (Peace of Westphalia). എന്നാല്‍, രണ്ടാം വത്തിക്കാന്‍ കൌസിലില്‍ എതിര്‍-നവീകരണ പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തതോടെയാണ് ഈ മുന്നേറ്റങ്ങള്‍ അവസാനിച്ചത് എന്നാണ് കത്തോലിക്ക സഭയുടെ വാദം.

പിന്നീട്, നവീകരണ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സഭകള്‍ പല വിഭാഗങ്ങള്‍ ആയി പിരിഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മുഖ്യമായും കത്തോലിക്ക സഭയോട് ചേര്‍ന്ന് നില്‍ക്കുന്നവ ആയിരുന്നു. എങ്കിലും ക്രമേണ അവിടെയും പ്രൊട്ടസ്റ്റന്‍റ് സഭകള്‍ സ്ഥാപിക്കപ്പെട്ടു.

ഇന്ന് ആഗോള ക്രിസ്തീയ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് പ്രൊട്ടസ്റ്റന്‍റ്കാര്‍. ലോകത്തിലുള്ള മൊത്തം ക്രൈസ്തവ വിശ്വാസികളില്‍ 37 ശതമാനത്തിലധികം പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ ആണ്. കത്തോലിക്ക സഭയിലെ ചില വിരുദ്ധ ഉപദേശങ്ങളോടും, മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തോടും പ്രൊട്ടസന്‍റന്‍റ് വിഭാഗത്തിന് പൊതുവേ വിയോജിപ്പാണ് ഉള്ളത്. പ്രവര്‍ത്തിയാലുള്ള രക്ഷ എന്ന കത്തോലിക്ക വിശ്വാസത്തെ പ്രൊട്ടസ്റ്റന്‍റ്കാര്‍ എതിര്‍ക്കുന്നു. വിശ്വാസികളുടെ പൌരോഹിത്യം, കൃപയാലും വിശ്വാസത്താലും ഉള്ള രക്ഷ, വേദപുസ്തകത്തിന്റെ ആധികാരികത എന്നിവയില്‍ അവര്‍ ഏക അഭിപ്രായക്കാര്‍ ആണ്. എന്നാല്‍ കൂദാശകളുടെ എണ്ണം, തിരുവത്താഴ ശുശ്രൂഷയിലെ വീഞ്ഞും അപ്പവും സമ്പന്ധിച്ച ഉപദേശങ്ങള്‍, അപ്പോസ്തലിക പിന്തുടര്‍ച്ച, സഭാ ഭരണം എന്നിവയില്‍ അവര്‍ക്കിടയില്‍ ഏക അഭിപ്രായം ഇല്ല.  

കത്തോലിക്ക സഭയ്ക്ക് ഉള്ളതുപോലെയുള്ള ഏക അധികാര കേന്ദ്രം പ്രൊട്ടസ്റ്റന്‍റ് സഭകള്‍ക്കില്ല. അതിനാല്‍ ദൈവശാസ്ത്രപരമായി വ്യത്യസ്തങ്ങള്‍ ആയ ചിന്താ ധാരകള്‍ അവര്‍ക്കിടയില്‍ ഉണ്ട്. കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകള്‍, “കാണപ്പെടുന്ന സഭ” (visible Church) എന്ന ആശയവും അത് അവരുടെ സഭയാണ് എന്ന ചിന്തയും വച്ച് പുലര്‍ത്തുന്നു. എന്നാല്‍ പ്രൊട്ടസ്റ്റാന്‍റ്കാര്‍ അദൃശ്യമായ, മാര്‍മ്മികമായ സഭ എന്ന കാഴ്ചപ്പാടില്‍ ആണ്. അതായത്, ഈ ഭൂമിയിലെ ഒരു സംഘടനയും അല്ല ക്രിസ്തുവിന്റെ സഭ. ക്രിസ്തുവിന്റെ സഭ അവന്റെ ശരീരമാകുന്ന, കാണപ്പെടാത്ത, മാര്‍മ്മികമായ സഭയാണ്. അതിനാല്‍. ലോകത്തിലെ സംഘടനകളുടെ, തങ്ങളാണ് യഥാര്‍ത്ഥ സഭ എന്ന വാദങ്ങളെ അവര്‍ തള്ളിക്കളയുന്നു.

വര്‍ത്തമാന കാലത്ത് കത്തോലിക്ക നവീകരണ സഭകള്‍ തമ്മില്‍ കാര്യമായ സംഘര്‍ഷം ഇല്ല. കാരണം മത നിരപേക്ഷ സമൂഹം അവര്‍ക്കിരുവരുടെയും പൊതു ശത്രുവായി ശക്തി പ്രാപിച്ചു വരുന്നു. സഭകളും ആന്തരിക വിഭാഗങ്ങളും തമ്മില്‍ മല്‍സരിക്കേണ്ടുന്ന കാലമല്ല ഇത്. ദൈവ നിഷേധത്തെ ഒന്നിച്ചു നിന്നു എതിര്‍ക്കേണ്ടുന്ന കാലമാണിത്.

യഥാര്‍ത്ഥത്തില്‍ നവീകരണ മുന്നേറ്റം ഇന്നും തുടരുകയാണ്. നവീകരണം ഒരിക്കല്‍ മാത്രം ഉണ്ടായ ഒരു സംഭവം അല്ല. അതൊരു തുടര്‍ പ്രക്രിയയാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സഭ സംഘടനകളും പ്രസ്ഥാനങ്ങളും ആയി മാറുമ്പോള്‍ അത് ദ്രവിക്കുവാനും അതിനു മൂല്യ ശോഷണം സംഭവിക്കുവാനും തുടങ്ങും എന്നത് ചരിത്രമാണ്. അതുകൊണ്ടു തന്നെ നവീകരണ മുന്നേറ്റങ്ങളും അവസാനിക്കാതെ തുടര്‍ന്നുകൊണ്ടീയിരിക്കും. അത് ജീവനുള്ള സത്യ സഭ ഭൂമിയില്‍ ഉണ്ടായിരിക്കേണ്ടതിന് ആവശ്യമാണ്.  

നവീകരണ മുന്നേറ്റത്തെക്കുറിച്ചുള്ള ഹൃസ്വമായ ഈ ചരിത്ര വിവരണം ഇവിടെ അവസാനിപ്പിക്കട്ടെ. അതിനു മുമ്പായി, നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.

ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 


No comments:

Post a Comment