യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യന്‍ ആയിരുന്ന അപ്പൊസ്തലനായ യോഹന്നാന്‍, യേശു പറഞ്ഞ “ഞാന്‍ ആകുന്നു” എന്ന പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ മാത്രമേ ഈ പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. അത് ഒരു പക്ഷേ യോഹന്നാന്‍ സുവിശേഷം എഴുതിയത്, മറ്റുള്ളവരെക്കാള്‍ വ്യത്യസ്തം ആയ ഉദ്ദേശ്യത്തോടെ ആയിരുന്നത് കൊണ്ട് ആകാം. യേശു ആരാണ് എന്നാണ് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുവാന്‍ ശ്രമിക്കുന്നത്. യോഹന്നാന്റെ സുവിശേഷം ഏത് പ്രദേശത്തുള്ള സമൂഹത്തെയാണ് വായനക്കാരായി കണ്ടത് എന്നു നമുക്ക് നിശ്ചയമില്ല. അതിനാല്‍, അത് എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ് എന്നു കരുതപ്പെടുന്നു. ക്രിസ്തീയ വിശ്വാസികളെ അവരുടെ വിശ്വാസത്തിലും ജീവിതത്തിലും ഉറച്ചുനില്‍ക്കുവാന്‍ സഹായിക്കുക എന്നതായിരുന്നിരിക്കാം യോഹന്നാന്‍റെ ഉദ്ദേശ്യം. അതിനെക്കുറിച്ച്, യോഹന്നാന്‍ 20: 31 ല്‍ അദ്ദേഹം പറയുന്നതിങ്ങനെ ആണ്: “ എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള ഗ്രീക്ക് ചിന്തകരുടെ ചോദ്യങ്ങള്‍ക്ക്, യേശു ദൈവം തന്നെ എന്ന് വ്യക്തമായി മറുപടി നല്കുക എന്നതും യോഹന്നാന്‍റെ ഉദ്ദേശ്യം ആയിരുന്നിരിക്കാം.
യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാന്‍ ആകുന്നു”
എന്ന പ്രസ്താവനകള്‍ ആണ് യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴ്, യഹൂദന്‍മാര്‍ക്ക് ഒരു പൂര്‍ണ്ണ
സംഖ്യമാണ്. അതിനാല്‍ അതില്‍ സമ്പൂര്‍ണ്ണത കാണുന്നവര്‍ ഉണ്ട്. ഈ പ്രസ്താവനകള്‍
രേഖപ്പെടുത്തുന്നതിലൂടെ, യഹൂദന്മാരുടെ പഴയനിയമത്തിലുള്ള
വിശ്വാസവുമായും അവിടെ മറഞ്ഞിരിക്കുന്ന ആത്മീയ മര്‍മ്മങ്ങളുമായും
യേശുക്രിസ്തുവിനെയും പുതിയനിയമ വെളിപ്പാടുകളെയും ബന്ധിപ്പിക്കുവാനാണ് യോഹന്നാന്‍
ശ്രമിക്കുന്നത്.
യേശുക്രിസ്തു എപ്പോഴും ഉപമകളിലൂടെയും
രൂപകങ്ങളിലൂടെയും അലങ്കാരങ്ങളിലൂടെയും ആണ് സംസാരിച്ചത്. അത് അവന്‍ ഉദ്ദേശിച്ച
ആത്മീയ മര്‍മ്മങ്ങള്‍ കൃത്യമായും ലളിതമായും കേള്‍വിക്കരുടെ ഹൃദയങ്ങളില്‍
എത്തിക്കുക എന്നതിനായിരുന്നു. യേശു എപ്പോഴും ദൈവരാജ്യത്തെക്കുറിച്ചാണ്
സംസാരിച്ചത്. ദൈവരാജ്യം വെളിപ്പെടുത്തുവാനാണ് അവന്‍ വന്നത്. ദൈവരാജ്യം
വീണ്ടെടുക്കുവാന്‍ ആണ് അവന്‍ ജനിച്ചത്. അതിനാല്‍ യേശുക്രിസ്തു പറഞ്ഞ, “ഞാന്‍ ആകുന്നു” എന്ന പ്രസ്താവനകളും
ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ ആണ് വെളിപ്പെടുത്തുന്നത്.
“ഞാന്‍ ആകുന്നു”
എന്ന അവകാശവാദം ഗ്രീക്ക് മതത്തിലും കാണാവുന്നതാണ്. അത് ഗ്രീക്ക് ദേവന്മാരുടെയോ
ദൈവീകത്വത്തിന്റെയോ അവകാശവാദം ആയിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ്, യോഹന്നാന്‍ യേശുക്രിസ്തു പറഞ്ഞ, “ഞാന്‍ ആകുന്നു” എന്ന പ്രസ്താവനകള്‍ അവതരിപ്പിക്കുന്നത്. ഗ്രീക്
ദേവന്മാരുടെ അവകാശവാദവും സാക്ഷാല്‍ ദൈവമായിരിക്കുന്ന യേശുക്രിസ്തുവിന്റെ
പ്രസ്താവനകളും തമ്മിലുള്ള വൈപരീത്യം ആണ് യോഹന്നാന്‍ ചൂണ്ടിക്കാണിക്കുന്നത്. ആരാണ്
സത്യ ദൈവം, ഗ്രീക്ക് ദേവന്മാരോ അതോ സാക്ഷാല്‍ ദൈവ പുത്രന്‍
ആയിരികുന്ന യേശുക്രിസ്തുവോ? ഇതാണ് യോഹന്നാന്‍ പറയുവാന്‍
ശ്രമിക്കുന്നത്.
ഗ്രീക്ക് ഭാഷയില്‍
ഈഗോ എയ്മി (ego eimi)
എന്ന വാക്കിന്റെ അര്‍ത്ഥം, “അത് ഞാന്‍ ആകുന്നു” എന്നാണ്. അത്
ഒരു വ്യക്തിയെ തിരിച്ചറിയുവാനായി പറയുന്ന പദം ആയിരുന്നു. ഒപ്പം തന്നെ, “അത് ഞാന്‍ തന്നെ ആണ്” എന്നും, “ഞാന്‍ മാത്രമാണ്”
എന്നും ഉറപ്പിച്ച് പറയുവാനും ഇതേ പദം ഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നു. ഈ അര്‍ത്ഥം
യേശുക്രിസ്തു പറഞ്ഞ “ഞാന്‍ ആകുന്നു” പ്രസ്താവനകളിലും കാണാം. “ഞാന്‍ ആകുന്നു”
എന്നത്, ഞാന്‍ അല്ലാതെ മറ്റാരും ഇല്ല എന്ന ധ്വനി നല്കുന്നു.
മറ്റൊരു ദേവന്‍റെയോ, മനുഷ്യന്‍റെയോ അവകാശവാദങ്ങളെ അത്
റദ്ദാക്കുന്നു.
അതായത്, യേശുക്രിസ്തു പറഞ്ഞ “ഞാന്‍ ആകുന്നു”
പ്രസ്താവനകള്‍ അവന്‍ ദൈവമാണ് എന്ന് വ്യക്തമാക്കുകയാണ്. ഈ പ്രസ്താവനകള്‍ക്ക് എല്ലാം
പൊതുവായ ചില രീതികള്‍ ഉണ്ട്. ഇതെല്ലാം അലങ്കാരികമായി രൂപകങ്ങള്‍ ആണ്. ഈ
രൂപകങ്ങളിലെ പ്രധാന ബിന്ദു യേശുക്രിസ്തു ആണ്. ഈ പ്രസ്താവനകള്‍ക്ക് ശേഷം, യേശുക്രിസ്തു അതിനൊരു വിശദീകരണം കൂടി നല്കുന്നുണ്ട്. അത്, യേശു ഉദ്ദേശിച്ച ആത്മീയ മര്‍മ്മം എന്താണ് എന്ന് കൃത്യമായി പറയുന്നു.
മറ്റ് വ്യാഖ്യാനങ്ങള്‍ക്കൊ തെറ്റിദ്ധാരണകള്‍ക്കൊ അതില്‍ ഇടം ഇല്ല. ഇതിനോടൊപ്പമോ, മുമ്പോ, ശേഷമോ, ഒരു അത്ഭുത
പ്രവൃത്തി ഉണ്ടായിരിക്കും. അതായത് പ്രസ്താവനകള്‍ക്ക് ഒരു അത്ഭുത പ്രവര്‍ത്തിയുടെ പശ്ചാത്തലം
ഉണ്ടായിരിക്കും. ഇത് പ്രസ്താവനകളെ കൂടുതല്‍ വ്യക്തത ഉള്ളതാക്കുന്നു. പ്രസ്താവനകള്‍
അത്ഭുത പ്രവൃത്തികളുടെ ആത്മീയ മര്‍മ്മവും, അത്ഭുത പ്രവര്‍ത്തികള്‍
പ്രസ്താവനയുടെ മര്‍മ്മവും വെളിപ്പെടുത്തുന്നു.
“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”
വേദപുസ്തകത്തിലെ
ആദ്യത്തെ “ഞാന്‍ ആകുന്നു” എന്ന പ്രസ്താവന നമ്മള്‍ വായിക്കുന്നത് പുറപ്പാടു 3:14 ല്‍
ആണ്. അവിടെ യഹോവയായ ദൈവം മോശെയെ കണ്ടുമുട്ടുകയാണ്. ദൈവം സ്വയം
പരിചയപ്പെടുത്തുന്നത്,
“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്ന് പറഞ്ഞാണ്. 400 ല്‍ അധികം വര്‍ഷങ്ങളായി
മിസ്രയീമില്‍ അടിമത്വത്തില്‍ ആയിരുന്ന യിസ്രായേല്‍ ജനത്തെ വിടുവിക്കുവാനായി ദൈവം
മോശെയെ നിയമിക്കുന്നതാണ് സന്ദര്‍ഭം. എന്നാല്‍ യിസ്രായേല്‍ ജനത്തിന്റെ അടുക്കല്‍
മേശെ ചെന്നിട്ട്, വാഗ്ദത്ത ദേശത്തെക്കുറിച്ചോ, ദൈവം പ്രത്യക്ഷമായതിനെക്കുറിച്ചോ, ദൈവം അവരെ
വിടുവിക്കുവാന്‍ പോകുന്നു എന്നോ പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. മോശെ ആരെയാണ്
കണ്ടത്, ആരാണ് മോശെയോട് സംസാരിച്ചത് എന്ന് അവന്‍ ജനത്തോട്
പറയേണ്ടിവരും. അതിനാല്‍ മോശെ കണ്ട ദൈവത്തിന്റെ നാമം എന്തു എന്ന് യിസ്രായേല്‍ ജനം
ചോദിച്ചാല്‍ അതിനു എന്തു മറുപടി പറയേണം എന്ന് അവന്‍ ദൈവത്തോട് ചോദിച്ചു.
ഇത് വളരെ രസകരമായ
ഒരു ചോദ്യമാണ്. ദൈവത്തിന്റെ നാമം എന്തു എന്നു മോശെ ചോദിച്ചു എന്നു പറയുമ്പോള്‍, അതുവരെ മോശെയ്ക്ക് പോലും
ദൈവത്തിന്റെ നാമം എന്തു എന്നു അറിയുക ഇല്ലായിരുന്നു എന്നു വ്യക്തമാണ്. അതുവരെ ഒരു
പേരില്‍ അറിയപ്പെടാതെ ഇരുന്ന ദൈവത്തിന് ഒരു നാമം ഉണ്ടായിരിക്കും എന്നു മോശെ
ചിന്തിച്ചു. യിസ്രായേല്‍ ജനവും അന്നുവരെ അവരുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ നാമം
എന്ത് എന്നു അറിഞ്ഞിട്ടില്ല. എങ്കിലും അവര്‍ അത് മോശെയോട് ചോദിച്ചേക്കാം എന്ന്
മോശെ ചിന്തിച്ചു. എന്തുകൊണ്ടാണ് മേശെ ഇങ്ങനെ ചിന്തിച്ചത്?
മോശെയുടെ
കാലമായപ്പോഴേക്കും,
യിസ്രായേല്‍ ജനം നാനൂറില്‍ അധികം വര്‍ഷങ്ങള്‍ ആയി മിസ്രയീമില്‍ അടിമകളായി
ജീവിക്കുക ആയിരുന്നു. മിസ്രയീമിലേക്ക് കുടിയേറി താമസിച്ച അവരുടെ പൂര്‍വ്വ
പിതാക്കന്മാരും അവരുടെ തലമുറയും മരിച്ചു കഴിഞ്ഞു. മിസ്രയീമിലെ ദേവന്‍മാരില്‍
നിന്നും വ്യത്യസ്തന്‍ ആയ ഒരു ദൈവമാണ് അവരുടെ പിതാക്കന്മാരുടെ ദൈവം എന്ന് അവര്‍ക്കറിയാം.
എന്നാല്‍ ആ ദൈവത്തിന്റെ പേര് അവര്‍ക്ക് അറിയില്ല. ആദ്യ തലമുറകള്‍ മരിച്ചു
കഴിഞ്ഞപ്പോള്‍, യിസ്രയേലില്‍ ചിലരെങ്കിലും മിസ്രയീമ്യ ദേവന്‍മാരെയും, അവരുടെ പിതാക്കന്മാരുടെ ദൈവത്തോടൊപ്പം ആരാധിച്ചിരുന്നു എന്നതിന്
വേദപുസ്തകത്തില്‍ തെളിവുകള്‍ ഉണ്ട്. മിസ്രയീമില്‍ അനേകം ദേവന്‍മാര്‍ ഉണ്ടായിരുന്നു
എങ്കിലും, അവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പേരുകള്‍
ഉണ്ടായിരുന്നു. മിസ്രയീമ്യ ദേവന്‍മാര്‍ക്ക് പ്രത്യേകം രൂപങ്ങളും ഉണ്ടായിരുന്നു.
അവരുടെ ദേവന്മാരെ അവര്‍ ജീവജാലങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും പേരിലും
രൂപത്തിലും ആരാധിച്ചു. ഈ പശ്ചാത്തലത്തില്‍ ജനിച്ച്, ജീവിച്ച്
വന്ന മോശെയും യിസ്രായേല്‍ ജനവും, അവരുടെ പിതാക്കന്മാരുടെ
ദൈവത്തിനും ഒരു പേരുണ്ടായിരിക്കും എന്ന് ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്.
അതാണ് മോശെ ദൈവത്തോട് ചോദിച്ചതും, യിസ്രായേല്‍ ജനം ചോദിക്കും
എന്ന് പ്രതീക്ഷിച്ചതും.
എന്നാല്‍ സര്‍വ്വശക്തനായ
സാക്ഷാല്‍ ദൈവത്തിന് ഒരു പേരിന്റെ ആവശ്യമില്ലായിരുന്നു. പേര് ഒരു വ്യക്തിയെ
മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ച് കാണിക്കുവാന്‍ ഉള്ളതാണ്. എന്നാല്‍ ദൈവം ഒരാള്‍
മാത്രമേ ഉള്ളൂ. അദ്ദേഹത്തെ വേര്‍തിരിച്ച് കാണിക്കുവാന്‍, മറ്റൊരാള്‍ ദൈവമായി ഇല്ല. ദൈവത്തിന്
പേരിന്റെ ആവശ്യമില്ല. കാരണം ദൈവം, ദൈവം ആണ്. അവന്‍ മാത്രമാണ്
ദൈവം. അതിനാല്‍ ദൈവം ഇങ്ങനെ മറുപടി പറഞ്ഞു:
പുറപ്പാടു 3: 14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
ഇവിടെ “ഞാന്‍ ആകുന്നു” എന്നതാണു ദൈവത്തിന്റെ നാമം. ഈ നാമത്തില്‍, ദൈവത്തിന്‍റെ എല്ലാ, ആത്മീയ മര്‍മ്മവും, സ്വഭാവ വിശേഷങ്ങളും, സത്വവും, അസ്തിത്വവും അടങ്ങിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് നമ്മള്‍ അറിയേണ്ടതെല്ലാം ഈ നാമത്തില്‍ അടങ്ങിയിട്ടുണ്ട്.
കത്തോലിക്ക സഭാ വിശ്വാസികള്‍ ഉപയോഗിക്കുന്ന വള്‍ഗേറ്റ് പരിഭാഷയില്‍ (Vulgate translation) “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നാണ് നമ്മള്‍ വായിക്കുന്നത്. എന്നാല്‍ സെപ്റ്റാജിന്‍റ് ഗ്രീക്ക് പരിഭാഷയില്‍ (Septuagint Greek translation) “ഇപ്പോള്‍ അസ്തിത്വമുള്ളവന്‍ ആയ ഞാന്‍ ആകുന്നു” എന്ന അര്‍ത്ഥമുള്ള പദങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. (“I am he who exists). ഇതിനെ “ഞാന്‍ ആരായിരിക്കുമോ, അത് ഞാന്‍ ആയിരിയ്ക്കും” എന്നും വിവര്‍ത്തനം ചെയ്യാം. (I will be what I will be). ഈ അര്‍ത്ഥങ്ങളുടെ അടിസ്ഥാനത്തില്‍, ദൈവം മോശെയോട് പറഞ്ഞതിനെ ഇങ്ങനെ മനസ്സിലാക്കാം. അവന്‍ അബ്രാഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമാണ്. അവന്‍ പിതാക്കന്മാരുടെ ദൈവമായിരുന്നതുപോലെ, മാറ്റമില്ലാതെ, യിസ്രായേല്‍ ജനത്തിന്റെയും ദൈവമായിരിക്കും. വാഗ്ദത്ത ദേശം ദൈവം അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വാഗ്ദത്തം ചെയ്തതാണ്. അതേ ദേശം ഇപ്പോള്‍ യിസ്രായേല്‍ ജനത്തിന്നും വാഗ്ദത്തം ചെയ്യുകയാണ്. അവന്‍ വാഗ്ദത്തത്തെ നിവര്‍ത്തിക്കുന്ന ദൈവം ആണ്.
എന്നാല്‍, ദൈവം “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നു പറഞ്ഞപ്പോള്‍ അതില്‍ വാഗ്ദത്തങ്ങളുടെ നിവര്‍ത്തി മാത്രമല്ല ഉണ്ടായിരുന്നത്. മിസ്രയീമ്യ ദേവന്‍മാര്‍ക്ക് ഉള്ളതുപോലെയുള്ള ഒരു പേരില്‍ ഒതുങ്ങി നില്‍ക്കുവാന്‍ ദൈവത്തിന് കഴിയുകയില്ല. അവന്‍ ജാതീയ ദേവന്‍മാരെപ്പോലെയുള്ള മറ്റൊരു ദൈവമല്ല. അവന്‍ മിസ്രയീമ്യ ദേവന്‍മാര്‍ക്ക് തുല്യനല്ല. ദൈവത്തെ ജാതീയ ദേവന്മാരുമായി തുലനം ചെയ്യുവാന്‍ കഴിയുകയില്ല. അവന്‍ മിസ്രയീമ്യ ദേവന്മാരുടെ ശത്രു അല്ല. മിസ്രയീമ്യ ദേവന്മാരെ അവന്‍ വെല്ലുവിളിക്കുന്നില്ല, അവരോടു ദൈവം മല്‍സരിക്കുന്നതും ഇല്ല. കാരണം, അവന്‍ മാത്രമാണ് ഏക സത്യ ദൈവം. മിസ്രയീമ്യ ദേവന്‍മാര്‍ മനുഷ്യരുടെ സങ്കല്‍പ്പങ്ങളും, കൈപ്പണിയും, വ്യാജവും ആണ്. ദൈവം നിത്യനായി വസിക്കുന്ന ദൈവമാണ്. അവന് സമയമോ, കാലങ്ങളോ ഇല്ല. അവന് ആരംഭവും അവസാനവും ഇല്ല. അവന്‍ സൃഷ്ടിക്കപ്പെട്ടത് അല്ല, അവനാണ് സകലതും സൃഷ്ടിച്ചത്. അവന്‍ നിത്യതയാണ്. അതിനാല്‍ അവന്‍ എപ്പോഴും, “ആകുന്നവന്‍” ആണ്. അവന്‍ “ഞാന്‍ ആകുന്നു” എന്നതാണ്.
യേശുക്രിസ്തുവിന് മുമ്പ്, ഗ്രീക്ക് തത്വ ചിന്തകന്‍ ആയിരുന്ന പ്ലേറ്റോ അദ്ദേഹത്തിന്റെ പാര്‍മെനൈഡ്സ് എന്ന കൃതിയില്‍ ദൈവത്തെക്കുറിച്ച് ചില പരമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. (Parmenides). ദൈവത്തിന്റെ പ്രകൃതിയെ ശരിയായി വെളിപ്പെടുത്തുവാന്‍ യാതൊന്നിനാലും കഴിയുക ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പേരും അവന് നല്കുവാന്‍ കഴിയുക ഇല്ല എന്നും അദ്ദേഹം പറഞ്ഞു. പ്ലേറ്റോയുടെ അഭിപ്രായം കൂടി പരിഗണിച്ചാല്‍, മോശെയ്ക്ക് വെളിപ്പെട്ട ദൈവം, സ്വയംഭൂവാണ്, സ്വയം നിലനില്‍ക്കുന്നതാണ്, നിത്യമാണ്, മനുഷ്യനു പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയാത്തവനാണ്.
ദൈവം മോശെയോട് പറഞ്ഞ അതേ വാക്കുകള്‍ യേശു തന്നെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചപ്പോള്‍, അവന്‍ ദൈവമാണ് എന്നും ദൈവ തുല്യന്‍ ആണ് എന്നും അവകാശപ്പെടുക ആയിരുന്നു. യേശുക്രിസ്തു ആണ് ആരംഭവും, ഇപ്പോഴുള്ളതും, അവസാനവും. അവനാണ് യിസ്രയേല്യരുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം. അവരെ മിസ്രയീമിലെ അടിമത്വത്തില്‍ നിന്നും വിടുവിച്ചത് ക്രിസ്തു ആണ്. അവന് മാത്രമേ യിസ്രയേല്യരെ പാപത്തില്‍ നിന്നും പിശാചില്‍ നിന്നും വിടുവിക്കുവാന്‍ കഴിയൂ. അവന്‍ മാത്രമാണ് സത്യ ദൈവം.
യേശുക്രിസ്തു, “ഞാന്‍ ആകുന്നു” എന്നു പറഞ്ഞപ്പോള്‍, അവന്‍ വര്‍ത്തമാന കാലത്തില്‍ ആണ് സംസാരിച്ചത്. അവന്‍ ആയിരുന്നു എന്നോ, അവന്‍ ആയിരിയ്ക്കും എന്നോ അല്ല യേശു പറഞ്ഞത്. “ഞാന്‍ ആകുന്നു” എന്നാണ് അവന്‍ പറഞ്ഞത്. വര്‍ത്തമാനകാലം അവരുടെ ചുറ്റിനുമുള്ള, അവര്‍ അപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ കാലമാണ്. അതിനെ നിഷേധിക്കുവാന്‍ സാധ്യമല്ല. ഭൂതകാലത്തെയും വര്‍ത്തമാന കാലത്തെയും ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ല. ഭൂതകാലം സംഭവിച്ചു കഴിഞ്ഞതാണ്. അതിനെ മാറ്റുവാന്‍ സാധ്യമല്ല. അതിനെ നിഷേധിക്കുന്നതില്‍ അര്‍ത്ഥവുമില്ല. വര്‍ത്തമാന കാലം യാഥാര്‍ഥ്യങ്ങള്‍ ആണ്. അതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. അതിനോടു മല്‍സരിക്കുവാനും കഴിയുക ഇല്ല. അതിനെ വ്യത്യാസപ്പെടുത്തുവാനും കഴിയുക ഇല്ല. ഭാവി കാലം ഇനിയും സംഭവിച്ചിട്ടില്ലാത്ത കാലമാണ്. അതിനെകുറിച്ചു മനുഷ്യനു നിശ്ചയമില്ല. അതിനാല്‍, അതിനെ നിഷേധിക്കുകയോ, വ്യത്യസ്തമായി നിര്‍വചിക്കുകയോ ആകാം. നമ്മളുടെ പ്രാര്‍ഥനകള്‍ക്ക് ഭൂതകാലത്തെയോ, വര്‍ത്തമാന കാലത്തെയോ മാറ്റുവാന്‍ കഴിയുക ഇല്ല. പ്രാര്‍ഥനകള്‍ക്ക് ഭാവി കാലത്തെ മാത്രമേ മാറ്റുവാന്‍ കഴിയൂ.
എന്നാല്‍ യേശു ഭൂതകാലമോ, ഭാവി കാലമോ ഉപയോഗിച്ചില്ല. കാരണം അവന് ഭൂതകാലവും ഭാവി കാലവും ഇല്ല. അവന് എല്ലാം വര്‍ത്തമാന കാലമാണ്. അവന്‍ നിത്യത ആണ്. ഈ ആത്മീയ മര്‍മ്മം ജനത്തെ അറിയിക്കുക എന്നതായിരുന്നു, യേശു പറഞ്ഞ “ഞാന്‍ ആകുന്നു” എന്ന പ്രസ്താവനയുടെ ലക്ഷ്യം.
1. ഞാൻ ജീവന്റെ അപ്പം ആകുന്നു
യേശു പറഞ്ഞ ആദ്യത്തെ “ഞാന്‍ ആകുന്നു” പ്രസ്താവന യോഹന്നാന്‍ 6:35 ല്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാക്യം ഇങ്ങനെയാണ്:
യേശു അവരോടു പറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.
ഇതേ വാചകം യേശുക്രിസ്തു, അതേ അദ്ധ്യായം 48 ആം വാക്യത്തിലും 58 ആം വാക്യത്തിലും ആവര്‍ത്തിക്കുന്നുണ്ട്. അയ്യായിരത്തിലധികം പേരെ അപ്പവും മീനും കൊടുത്ത് തൃപ്തിപ്പെടുത്തിയതിന് ശേഷമാണ് യേശുക്രിസ്തു ഈ പ്രസ്താവന പറയുന്നത്. അതിന്‍റെ പശ്ചാത്തലം ഇങ്ങനെ ആയിരുന്നു.
ഗലീല കടലിന് സമീപത്തുള്ള ഒരു ചെറിയ കുന്നിന് മുകളില്‍ നിന്നുകൊണ്ടു യേശു ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ജനങ്ങനെ പഠിപ്പിക്കുക ആയിരുന്നു. അയ്യായിരത്തിലധികം പുരുഷന്മാര്‍ തന്നെ അവിടെ കൂടിയിരുന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും വേറെ ഉണ്ടായിരുന്നു. യേശുവിന്റെ പ്രഭാഷണം അവസാനിച്ചപ്പോള്‍, ജനത്തിന് ആഹാരം കൊടുക്കേണം എന്നു അവന്‍ ആഗ്രഹിച്ചു. അവരുടെ ഇടയില്‍ ഒരു കുട്ടിയുടെ കൈയ്യില്‍, അഞ്ചു അപ്പവും രണ്ട് മീനും ഉണ്ടായിരുന്നു. മറ്റാരുടെയും കൈയ്യില്‍ യാതൊന്നും ഉണ്ടായിരുന്നില്ല എന്നോ യേശു ക്രിസ്തു ഈ അപ്പത്തെയും മീനിനെയും മാത്രമേ ഉപയോഗിച്ചുള്ളൂ എന്നോ അനുമാനിക്കാം. യേശുക്രിസ്തു, ഈ അപ്പത്തെയും മീനിനെയും വാഴ്ത്തി, അനുഗ്രഹിച്ചു ശിഷ്യന്മാരുടെ പക്കല്‍ ഏല്‍പ്പിച്ചു. എല്ലാവര്‍ക്കും കൊടുവാന്‍ കല്‍പ്പിച്ചു. ശിഷ്യന്മാര്‍ ഓരോരുത്തര്‍ക്ക് കൊടുക്കുന്തോറും, അപ്പവും മീനും വര്‍ദ്ധിച്ചു വന്നു. അങ്ങനെ എല്ലാവരും ഭക്ഷിച്ചു തൃപ്തരായതിന് ശേഷം പന്ത്രണ്ടു കോട്ട അപ്പവും മീനും ശേഷിച്ചു.
ഈ അത്ഭുത പ്രവര്‍ത്തിക്ക് ശേഷം യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയിലെ, കഫർന്നഹൂം എന്ന സ്ഥലത്തേക്ക് പോയി. അടുത്ത ദിവസം അനേകം ജനങ്ങള്‍ യേശുവിനെ കാണുവാനായി ഗലീലയില്‍ നിന്നും കഫർന്നഹൂമില്‍ ചെന്നു. യേശു ഇവരോട് ദൈവരാജ്യത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. അവന്‍ അവരോടു പറഞ്ഞു, അവന്‍ ചെയ്ത അത്ഭുത പ്രവര്‍ത്തിയെ, അവന്‍ മശിഹയാണ് എന്നതിന്റെ അടയാളമായി മനസ്സിലാക്കിയതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്, അവര്‍ യേശുവിനെ അന്വേഷിച്ച് കഫർന്നഹൂമിലും ചെന്നത്.
യേശു പറഞ്ഞത് ഇതാണ്. അവന്‍ ചെയ്ത എല്ലാ അത്ഭുതങ്ങളും ഒരു അടയാളമാണ്. അവന്‍ വലിയ ഒരു കൂട്ടം ജനത്തെ ഒന്നുമില്ലായ്കയില്‍ നിന്നും ഭക്ഷണം നല്കി പോഷിപ്പിച്ചതും ഒരു അടയാളമാണ്. അത് അവര്‍ക്ക്, അങ്ങനെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും യേശു അത് വിശദീകരിച്ച് കൊടുത്തു.
മുഖവുരയായി യേശു പറഞ്ഞു: നശിച്ചുപോകുന്ന ഭൌതീകമായ ആഹാരത്തിനെ ലക്ഷ്യമാക്കാതെ, എന്നേക്കും നിലനില്‍ക്കുന്ന ആത്മീയ ആഹാരത്തിനായി അവര്‍ ആഗ്രഹിക്കേണം. ഈ ആത്മീയ ആഹാരം യേശുക്രിസ്തു അവര്‍ക്ക് നല്കും. അതിനായി പിതാവായ ദൈവം അവനെ മുദ്രയിട്ടിരിക്കുന്നു. (യോഹന്നാന്‍ 6: 16, 27). അതിനാല്‍ യേശുവിന് മാത്രമേ ആത്മീയ ആഹാരം നല്കുവാന്‍ കഴിയൂ.
ഉടന്‍ തന്നെ, യേശുവിനെ കേട്ടുകൊണ്ടിരുന്ന യഹൂദ ജനം, പഴയനിയമത്തിലെ ഒരു സംഭവം ഓര്‍ത്തു. മരുഭൂമിയില്‍ അവരുടെ പിതാക്കന്മാര്‍ 40 വര്‍ഷങ്ങള്‍ അലഞ്ഞ് നടന്നപ്പോള്‍, ദൈവം അവര്‍ക്ക്, ആകാശത്ത് നിന്നും ആഹാരം പൊഴിച്ചു കൊടുത്തു. അവര്‍ അതിനെ മന്ന എന്നു വിളിച്ചു. മന്ന സ്വര്‍ഗ്ഗീയ ആഹാരം ആയിരുന്നു. അത് മരുഭൂമി യാത്രയില്‍, യിസ്രായേല്‍ ജനത്തെ പോഷിപ്പിച്ചു, ശക്തരാക്കി, സൌഖ്യമാക്കി നടത്തി. അവര്‍ വാഗ്ദത്ത ദേശത്ത് എത്തുന്നതുവരെ അവര്‍ക്ക് സ്വര്‍ഗ്ഗം മന്ന കൊടുത്തുകൊണ്ടിരുന്നു. ജനം ഈ സംഭവം ഓര്‍ത്തു. അവര്‍ ഇത് ഓര്‍ക്കേണം എന്നു യേശുവും ആഗ്രഹിച്ചു.
യേശു, മരുഭൂമിയിലെ മന്നയുടെ ആത്മീയ മര്‍മ്മം അവര്‍ക്ക് വിശദീകരിച്ച് കൊടുത്തു. മരുഭൂമിലെ യിസ്രായേല്‍ ജനത്തിന് മന്ന നല്കിയത് മോശെയല്ല, സ്വര്‍ഗ്ഗത്തിലെ ദൈവമാണ്. മന്ന ഭൌതീക ആഹാരമല്ല, സ്വര്‍ഗ്ഗീയമായ ആഹാരമാണ്. അത് ഉല്‍പ്പാദിപ്പിക്കപ്പെട്ടത് സ്വര്‍ഗ്ഗത്തില്‍ ആണ്. ദൈവമാണ് അതിന്റെയും സൃഷ്ടികര്‍ത്താവ്. മന്ന, വരുവാനിരുന്ന ആത്മീയ ആഹാരത്തിന്റെ ഒരു നിഴല്‍ ആയിരുന്നു. അതിന്റെ പൊരുള്‍ യേശുക്രിസ്തുവില്‍ വെളിപ്പെട്ടിരിക്കുന്നു. മന്ന യിസ്രായേല്‍ ജനത്തിന് ജീവനായി തീര്‍ന്നതുപോലെ, യേശുക്രിസ്തു എന്ന പുതിയനിയമ മന്ന, ലോകത്തിലെ സകലജനത്തിനും ജീവനാണ്. കാരണം, മരുഭൂമിയില്‍ ദൈവം നല്കിയ അതേ മന്നയാണ് ഇന്ന് യേശുക്രിസ്തുവായി അവതരിച്ചിരിക്കുന്നത്. യേശുവാണ് മരുഭൂമിയിലെ മന്ന, യേശുവാണ് പുതിയനിയമ കാലത്തിലെ മന്ന. മരുഭൂമിയില്‍ മന്ന ഭൌതീക തലത്തില്‍ ജീവന്‍ നല്‍കിയെങ്കില്‍, യേശുക്രിസ്തു ആത്മീയ തലത്തില്‍ നിത്യമായ ജീവന്‍ നല്കും.
അതിനാല്‍ യേശു പറഞ്ഞു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല”.
യേശുവിന്റെ
ഈ പ്രസ്താവനയോട് യഹൂദന്മാര്‍ യോജിച്ചില്ല. അവര്‍ ഇതിനെ ദൈവദൂഷണമായി കണ്ടു. സ്വര്‍ഗ്ഗവുമായോ, സ്വര്‍ഗ്ഗത്തിലെ എന്തെങ്കിലും വസ്തുക്കളുമായോ, ദൈവവുമായോ ഒരു മനുഷ്യന്‍ തുലനം ചെയ്യപ്പെടുന്നത് ദൈവദൂഷണം ആണ്. എന്നാല്‍
യേശു, അവന്‍ പറഞ്ഞത് സത്യമായിരിക്കയാല്‍, അതിനെ വിശദീകരിക്കുവാന്‍ ശ്രമിച്ചു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
നിത്യ ജീവന്‍ ലഭിക്കും. കാരണം, അവന്‍ ജീവന്റെ അപ്പം ആകുന്നു.
(6:48). മരുഭൂമിയില്‍ മന്ന ഭക്ഷിച്ച അവരുടെ പൂര്‍വ്വ പിതാക്കന്മാര്‍ പിന്നീട്
മരിച്ചുപോയെങ്കില്‍, യേശുവില്‍ വിശ്വസികുന്നവര്‍ നിത്യമായി
ജീവിക്കും.
യോഹന്നാന്‍ 6:51 സ്വർഗ്ഗത്തിൽനിന്നു
ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ
എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന
അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.”
മാനവരാശി ഇന്ന്
ജീവനായി വിശന്നും ദാഹിച്ചും കഴിയുകയാണ്. അവര്‍ അവരുടെ ആത്മീയ വിശപ്പിനെയും
ദാഹത്തെയും ശമിപ്പിക്കുവാനായി ഓടിനടക്കുകയാണ്. മനുഷ്യന്റെ ഉള്ളില്‍ ഒരു ശൂന്യത
എപ്പോഴും ഉണ്ട്. അത് ആത്മീയ മന്നകൊണ്ടു മാത്രമേ നിറയ്ക്കുവാന്‍ കഴിയൂ. യേശുവിന്
മാത്രമേ ഈ ആത്മീയ ആഹാരം നല്കുവാന്‍ കഴിയൂ. കാരണം യേശു ആണ് ജീവന്‍ നല്‍കുന്ന അപ്പം, അവന്‍ മാത്രമാണു നിത്യജീവന്‍ നല്‍കുന്ന
അപ്പം.
2.
ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു
യേശു പറഞ്ഞ
രണ്ടാമത്തെ “ഞാന്‍ ആകുന്നു” പ്രസ്താവന യോഹന്നാന്‍ 8: 12 ല്‍
രേഖപ്പെടുത്തിയിരിക്കുന്നു.
യോഹന്നാന്‍ 8: 12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
ഒരു ദിവസം അതിരാവിലെ യേശുക്രിസ്തു ദൈവാലയത്തില്‍ ചെന്നു, അവന്റെയടുക്കല്‍ വന്നവരോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും കൂടെ ചേര്‍ന്ന് ഒരു വ്യഭിചാരിണിയായ സ്ത്രീയെ യേശുവിന്റെയടുക്കല്‍ കൊണ്ടുവന്നു. യേശുക്രിസ്തു ഒരു യഹൂദ റബ്ബിയായി ശുശ്രൂഷ ചെയ്യുക ആയിരുന്നതിനാല്‍, മതാചാരപ്രകാരമുള്ള ശിക്ഷ വിധിക്കുവാന്‍ അധികാരം ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ യേശുവിന്റെ അടുക്കല്‍ ഈ സ്ത്രീയുമായി വന്നു, മോശെയുടെ ന്യായപ്രമാണ പ്രകാരം അവളെ കല്ലെറിഞ്ഞു കൊല്ലേണം എന്നു വാദിച്ചു. യേശു ഇവള്‍ക്ക് ശിക്ഷ കല്‍പ്പിക്കേണം എന്നായിരുന്നു അവരുടെ ആവശ്യം. യേശു മോശെയുടെ ന്യായപ്രമാണം തെറ്റാണ് എന്ന് പറഞ്ഞില്ല. അതിനെ തിരുത്തുവാനും യേശു ശ്രമിച്ചില്ല. എന്നാല്‍ യേശു അതിലെ ശിക്ഷ നടപ്പാകേണ്ടവര്‍ക്കുള്ള യോഗ്യതയെക്കുറിച്ച് ഒരു വ്യാഖ്യാനം നടത്തി. യേശുക്രിസ്തു ന്യായപ്രമാണത്തെ പുതിയതായി വ്യാഖ്യാനിക്കുക ആയിരുന്നു. ഈ സ്ത്രീ ചെയ്ത പാപം മരണയോഗ്യം തന്നെയാണ്. എന്നാല്‍, പാപം ഇല്ലാത്തവര്‍ വേണം ആദ്യം അവളെ കല്ലെറിയുവാന്‍. യഹൂദന്മാര്‍ ഈ വിധിയില്‍ പകച്ചുപോയി, അവര്‍ ആരും അവളെ കല്ലെറിയാതെ തിരിച്ചുപോയി. യഥാര്‍ത്ഥത്തില്‍, യേശു പറഞ്ഞ ശിക്ഷാവിധി അനുസരിച്ച്, അവളെ കല്ലെറിയുവാന്‍ യോഗ്യത ഉണ്ടായിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു: അത് യേശുവായിരുന്നു. എന്നാല്‍ അദ്ദേഹം അവളെ കല്ലെറിഞ്ഞില്ല. പകരം, “പോക, ഇനി പാപം ചെയ്യരുതു” എന്ന ഉപദേശം നല്കി അവളെ സ്വതന്ത്രയായി വിട്ടു.
ഈ സംഭവത്തിന് ശേഷം 12 ആം വാക്യത്തില്‍ യേശു പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും”. പാപത്തിന്റെ അന്ധകാരത്തില്‍ ജീവിക്കുന്നവര്‍ക്ക് യേശു ജീവന്റെ പ്രകാശമാണ്. പാപത്തിന്റെ ശിക്ഷാവിധിയില്‍, ശാപത്തിനും, നിത്യമായ മരണത്തിനും വിധിക്കപ്പെട്ടിരിക്കുന്നവര്‍ക്ക്, യേശു നിത്യ പ്രകാശവും സ്വാതന്ത്ര്യവും ആണ്. അവന്‍ പാപികള്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, നിന്ദിക്കപ്പെട്ടവര്‍ക്കും, ശപിക്കപ്പെട്ടവര്‍ക്കും, വിധിക്കപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, അനാഥര്‍ക്കും, പരദേശിയ്ക്കും, വിധവയ്ക്കും ജീവന്‍റെ നിത്യപ്രകാശമാണ്. അവന്റെ പ്രകാശം അവരില്‍ വസിക്കും. അവര്‍ വെളിച്ചമായി തീരും.
ഇതേ പ്രസ്താവന യേശുക്രിസ്തു യോഹന്നാന്‍ 9 ലും ആവര്‍ത്തിക്കുന്നുണ്ട്. യേശുവും ശിഷ്യന്മാരും ദൈവാലയം വിട്ടു പോകുമ്പോള്‍, അവര്‍ ഒരു കുരുടനായ മനുഷ്യനെ കണ്ടു. അവന്‍ ജനനം മുതല്‍ കുരുടന്‍ ആയിരുന്നു. യഹൂദന്മാരുടെ വിശ്വസം അനുസരിച്ചു അന്ധത, കുഷ്ടം, അതുപോലെയുള്ള ചില രോഗങ്ങള്‍ പാപത്തിന്റെ ഫലമായിട്ട് ഉണ്ടാകുന്നതാണ്. ഒന്നുകില്‍ ആ രോഗി പാപം ചെയ്തിട്ടുണ്ടാകേണം, അല്ലെങ്കില്‍ അവന്റെ മാതാപിതാക്കന്മാര്‍ പാപം ചെയ്തിട്ടുണ്ടായിരിക്കേണം. യേശുവിന്റെ ശിഷ്യന്മാരും യഹൂദന്മാര്‍ ആയിരുന്നതിനാല്‍ അവരും ഈ വിശ്വസം പങ്കിട്ടിരുന്നു. അതിനാല്‍ അവര്‍ യേശുവിനോടു ചോദിച്ചു, ഇവന്‍ കുരുടന്‍ ആയിരിക്കുന്നത് അവന്റെ പാപം നിമിത്തമാണോ ആണോ അവന്റെ മാതാപിതാക്കന്മാര്‍ പാപം ചെയ്തതിനാല്‍ ആണോ. അവന്‍ ജനനം മുതല്‍ കുരുടന്‍ ആയിരുന്നതിനാല്‍ അത് അവന്റെ പാപം നിമിത്തമല്ല. അപ്പോള്‍ അവന്റെ അന്ധത അവന്റെ മാതാപിതാക്കന്മാരുടെ പാപം നിമിത്തം ആയിരിക്കേണം.
എന്നാല്‍ യേശു ഈ പരമ്പര്യ വിശ്വസത്തെ പിന്തുണച്ചില്ല. യേശു പറഞ്ഞു, അവനോ അവന്റെ മാതാപിതാക്കന്മാരോ പാപികള്‍ ആയതുകൊണ്ടല്ല അവന്‍ കുരുടന്‍ ആയിരിക്കുന്നത്, “ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.” അതായത് യേശു അപ്പോള്‍ അവനെ സൌഖ്യമാകുവാന്‍ പോകുകയാണ്. അവന്റെ അത്ഭുതകരമായ സൌഖ്യം ഒരു ദൈവപ്രവര്‍ത്തിയാണ്. അതൊരു അടയാളമാണ്. അത് വെളിപ്പെടുവാനുള്ള അവസരത്തിനായിട്ടാണ് അവന്‍ ഇപ്പോള്‍ കുരുടന്‍ ആയിരിക്കുന്നത്.
ഇവിടെയും യേശുക്രിസ്തു ന്യായപ്രമാണങ്ങളെയും യഹൂദ വിശ്വാസങ്ങളെയും പുനര്‍ വ്യാഖ്യാനം ചെയ്യുകയാണ്. യഹൂദന്മാര്‍ അതുവരെയും മനസ്സിലാക്കിയിരിക്കുന്നതിനും അപ്പുറം ചില ആത്മീയ മര്‍മ്മങ്ങള്‍ കൂടി ഉണ്ട്. അതാണ് യേശുക്രിസ്തുവില്‍ വെളിപ്പെടുന്നത്.
അതിനുശേഷം യേശു പറഞ്ഞു, ആര്‍ക്കും ഒന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത രാത്രി വരുന്നു. എന്നാല്‍ യേശു ഈ ലോകത്തില്‍ ഇരിക്കുമ്പോള്‍, രാത്രി ആകുകയില്ല. കാരണം അവന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു. (9:5). ഇത് പറഞ്ഞിട്ട് യേശു അവനെ സൌഖ്യമാക്കി, അവന് കാഴ്ച ലഭിച്ചു, അവന്‍ പ്രകാശത്തിലേക്ക് നടത്തപ്പെട്ടു.
ലോകം പാപിയെന്നും അതിനാല്‍ ശപിക്കപ്പെട്ടവന്‍ എന്നും വിധിച്ചിരുന്ന ഈ കുരുടനെയും അവന്റെ മാതാപിതാക്കളെയും യേശു വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കൊണ്ടുവന്നു. യേശു ലോകത്തിന്റെ വെളിച്ചമാണ്, അവന്‍ മാത്രമാണു ലോകത്തിന്റെ വെളിച്ചം. അവനിലൂടെ അല്ലാതെ ആരും വെളിച്ചത്തില്‍ നടക്കുന്നില്ല. യേശു ഇല്ലായെങ്കില്‍ സകലതും അന്ധകാരം മാത്രമായിരിക്കും.
3. ഞാൻ വാതിൽ ആകുന്നു
“ഞാൻ വാതിൽ ആകുന്നു” എന്നതാണ് യേശുക്രിസ്തു പറഞ്ഞ മൂന്നാമത്തെ “ഞാന്‍ ആകുന്നു” പ്രസ്താവന. ഇത് നമുക്ക് യോഹന്നാന്‍ 10:9 ല്‍ വായിക്കാം. ഇതിലെ വാതില്‍ എന്നതിന് ഒരു പ്രത്യേക അര്‍ത്ഥം ഉണ്ട്. 7 ആം വാക്യത്തില്‍ യേശു പറഞ്ഞു: “ആടുകളുടെ വാതിൽ ഞാൻ ആകുന്നു.” ഇതില്‍ നിന്നും, യേശു ഉദ്ദേശിച്ചത്, ആട്ടിന്‍ തൊഴുത്തിന്റെ വാതിലിനെക്കുറിച്ചാണ് എന്നു മനസ്സിലാക്കാം. പകല്‍ സമയത്തെ മേച്ചിലിന് ശേഷം, വൈകുന്നേരം ആടുകളെ കൂട്ടമായി സൂക്ഷിയ്ക്കുന്ന ഇടമാണിത്. അതിനു മേല്‍ക്കൂര ഉണ്ടായിരിക്കുകയില്ല, എന്നാല്‍ ചുറ്റിനും, കല്ലുകള്‍കൊണ്ടോ, മരത്തടികള്‍ കൊണ്ടോ ഉണ്ടാക്കിയ സുരക്ഷിതമായ ഒരു വേലി ഉണ്ടായിരിക്കും. ഇതിന് ഒരു പ്രവേശന കവാടം മാത്രമേ ഉണ്ടായിരിക്കുക ഉള്ളൂ. അത് അടയ്ക്കുവാനുള്ള വാതില്‍ പാളികള്‍ ഉണ്ടായിരിക്കുക ഇല്ല. ആട്ടിടയന്‍ ഈ പ്രവേശന കവാടത്തിന് കുറുകെ കിടക്കും. അങ്ങനെ അവന്‍ അതിന്റെ വാതില്‍ ആകും. ഇടയന്‍ കവാടത്തില്‍ കിടക്കുന്നിടത്തോളം ആരും തൊഴുത്തിനുള്ളിലേക്ക് കയറുകയില്ല, ആരും പുറത്തേക്ക് പോകുകയില്ല. ചെന്നായ്ക്കള്‍ പോലെയുള്ള വന്യമൃഗങ്ങളില്‍ നിന്നും ആടുകള്‍ സുരക്ഷിതര്‍ ആയിരിയ്ക്കും.
ആടുകളുടെ തൊഴുത്തിന് ഒരു പ്രവേശനകവാടവും, അതിനെ കാക്കുന്ന ഒരു വാതിലും മാത്രമേ ഉണ്ടാകൂ. യേശു ആണ് ആ വാതില്‍. യേശു മാത്രമാണ് ആടുകളുടെ തൊഴുത്തിന്റെ വാതില്‍. അതിലൂടെ കടന്നു അകത്തു പോകുന്നവന്‍ സുരക്ഷിതന്‍ ആയിരിയ്ക്കും.
എന്നാല്‍, ആടുകളുടെ ശത്രുക്കളായ ചെന്നായ്ക്കളും മറ്റ് വന്യ ജീവികളും ഈ തൊഴുത്തിനുള്ളില്‍ കടക്കുവാന്‍ ശ്രമിക്കും. അവര്‍ക്ക് വാതിലൂടെ പ്രവേശിക്കുവാന്‍ സാധ്യമല്ല, കാരണം ഇടയന്‍ അതിന്റെ വാതില്‍ ആയിരിക്കുന്നു. ഇടയന്‍ ആടുകളുടെ ശത്രുക്കളെ അകത്തേക്ക് കടത്തിവിടുകയില്ല. അതിനാല്‍, ശത്രുക്കള്‍ തൊഴുത്തിന്റെ വേലിയ്ക്ക് മുകളിലൂടെയോ, വേലിയെ തകര്‍ത്തുകൊണ്ടോ, വേലിയില്‍ വിള്ളലുകള്‍ ഉണ്ടാക്കികൊണ്ടോ അകത്തു കടക്കുവാന്‍ ശ്രമിക്കും. യേശു പറഞ്ഞു, തൊഴുത്തിന്റെ വാതിലിലൂടെ അകത്തു കടക്കാതെ, വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ അകത്ത് കടക്കുന്നവര്‍ എല്ലാം കള്ളനും കവര്‍ച്ചക്കാരനും ആകുന്നു. കള്ളന്‍ വരുന്നത്, മോഷ്ടിക്കുവാനും, കൊല്ലുവാനും, മുടിക്കുവാനും ആണ്. ആടുകള്‍ക്ക് സമൃദ്ധിയായി ജീവന്‍ നല്കുവാന്‍ യേശുവിന് മാത്രമേ കഴിയൂ.
യേശു ആടുകളുടെ തൊഴുത്തിന്റെ വാതില്‍ ആയിരിക്കുന്നതിനാല്‍, അവനിലൂടെ തൊഴുത്തിലേക്ക് കടക്കുന്നവന്‍ എല്ലാം രക്ഷിക്കപ്പെടും. ഒരു തൊഴുത്തിന് ഒരു വാതില്‍ മാത്രമേ ഉള്ളൂ എന്നതുപോലെ, രക്ഷ പ്രാപിക്കുവാന്‍ ഒരു വാതില്‍ മാത്രമേയുള്ളൂ. യേശുവില്‍ അല്ലാതെ മറ്റൊരുവനിലും രക്ഷയില്ല. ദൈവരാജ്യത്തിലേക്കുള്ള ഏക വാതില്‍ യേശുക്രിസ്തു ആണ്.
4. ഞാൻ നല്ല ഇടയൻ ആകുന്നു
യോഹന്നാന്‍ 10 ആം അദ്ധ്യായം 11 ആം വാക്യത്തില്‍ യേശു പറഞ്ഞ നാലാമത്തെ “ഞാന്‍ ആകുന്നു” പ്രസ്താവന രേഖപ്പെടുത്തിയിട്ടുണ്ട്. യേശു പറഞ്ഞു: “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” ഇത് “ഞാൻ വാതിൽ ആകുന്നു” എന്ന മൂന്നാമത്തെ പ്രസ്താവനയുടെ തുടര്‍ച്ചയാണ്.
“ഞാൻ നല്ല ഇടയൻ ആകുന്നു” എന്നു പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത് എന്താണ് എന്നു അവന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. “നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” ഒരു ഇടയന് ആടുകളുമായി ബന്ധപ്പെട്ട് പല ഉത്തരവാദിത്തങ്ങളും ഉണ്ട്. ആടുകളെ പരിപാലിക്കുക, അവയ്ക്കു നല്ല ആഹാരവും വെള്ളവും സുരക്ഷിതമായ സ്ഥലത്തു കൊടുക്കുക, അവരെ രാത്രിയിലും പകലും സംരക്ഷിക്കുക, അവയുടെ രോമം കത്രിക്കുക, അത് വില്‍ക്കുക എന്നിങ്ങനെ പല ഉത്തരവാദിത്തങ്ങളും ഒരു ഇടയന് ഉണ്ട്. എന്നാല്‍ യേശു ഇവിടെ ഊന്നല്‍ നല്‍കുന്നത്, അവയ്ക്കു ആഹാരം കൊടുക്കുന്നതിനെക്കുറിച്ചല്ല, അവരെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആടുകളെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുവാന്‍ ഇടയന് തന്റെ ജീവനെ തന്നെ അപായപ്പെടുത്തേണ്ടി വന്നേക്കാം. നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
പഴയനിയമത്തിലെ ചില വേദഭാഗങ്ങള്‍, യേശു പറഞ്ഞ മര്‍മ്മം വ്യക്തമായി മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കും. ദാവീദിന്റെ പ്രശസ്തമായ 23 ആം സങ്കീര്‍ത്തനം ആരംഭിക്കുന്നത്, യഹോവ എന്‍റെ ഇടയാനാകുന്നു എന്നു പറഞ്ഞുകൊണ്ടാണ്. തുടര്‍ന്നു, ഒരു ഇടയന്‍ ആടുകള്‍ക്ക് ആവശ്യമായ ആഹാരവും വെള്ളവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒരുക്കുന്നതും ആടുകളെ അതിലേക്കു നയിക്കുന്നതും വിവരിക്കുന്നു. സങ്കീര്‍ത്തനം തുടരുമ്പോള്‍, ഇടയന്‍ ആടുകള്‍ക്ക്, ശത്രുക്കളില്‍ നിന്നും നല്‍കുന്ന സംരക്ഷണത്തെക്കുറിച്ച് ദാവീദ് പറയുന്നു. ഇടയന്റെ സാന്നിധ്യം ആടുകള്‍ക്ക് സംരക്ഷണവും ആശ്വാസവും ആണ്.
80 ആം സങ്കീര്‍ത്തനം ആസാഫ് എഴുതിയതാണ്. അത് തുടങ്ങുന്നത് ഇങ്ങനെ ആണ്: “ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.” ഇവിടെ ആസാഫ് ഓര്‍മ്മിക്കുന്നത്, മിസ്രയീമില്‍ നിന്നുള്ള യിസ്രയേലിന്റെ പുറപ്പാടും മരുഭൂമിയിലൂടെയുള്ള യാത്രയും ആണ്. ദൈവമാണ് അവരെ മിസ്രയീമ്യ അടിമത്വത്തില്‍ നിന്നും വിടുവിച്ചതും, മരുഭൂമിയില്‍ സംരക്ഷിച്ചതും, ശത്രുക്കളുടെ മേല്‍ ജയം നല്‍കിയതും, വാഗ്ദത്ത ദേശം അവകാശമായി നല്‍കിയതും എന്നു അദ്ദേഹം ഓര്‍ക്കുന്നു. ഒരു ഇടയന്‍ ആടുകളെ പരിപാലിക്കുന്നതുപോലെ ദൈവം യിസ്രായേല്‍ ജനത്തെ നയിച്ചു. ആടുകളും ഇടയനും എന്ന ചിത്രം യിസ്രായേല്‍ ജനത്തിന്റെ ചരിത്രവുമായി എത്രമാത്രം ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് ഈ സങ്കീര്‍ത്തനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
ഈ ചരിത്രം യിസ്രയേല്യരുടെ മനസ്സില്‍ എപ്പോഴും പച്ചയായി നിന്നു. അതിനാല്‍ ഒരു വ്യക്തി, അവന്‍ നല്ല ഇടയാനാണ് എന്ന് അവകാശപ്പെടുമ്പോള്‍, അവന്‍ സ്വയം ദൈവത്തോട് തുലനം ചെയ്യുകയാണോ എന്ന് അവര്‍ ചിന്തിക്കും. യഥാര്‍ത്ഥത്തില്‍ യേശു അത് തന്നെയാണ് പറഞ്ഞതും. യിസ്രയേല്‍യരെ മിസ്രയീമ്യ അടിമത്വത്തില്‍ നിന്നും വിടുവിച്ച നല്ല ഇടയന്‍ അവനാണ്. അവര്‍ക്ക് ശത്രുക്കളുമെല്‍ ജയം നല്കിയ നല്ല ഇടയന്‍ യേശുവാണ്. ദൈവരാജ്യം അവകാശമായി നല്‍കുന്ന നല്ല ഇടയന്‍ യേശു തന്നെ ആണ്. യേശു മാത്രമാണു നല്ല ഇടയന്‍.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, യേശു ഭൌതീകമായ അടിമത്വത്തില്‍ നിന്നുള്ള വിടുതലിനെക്കുറിച്ചോ, ആഹാരത്തെക്കുറിച്ചോ, വസ്തുവകകളെക്കുറിച്ചോ, ഈ ലോകത്തിലെ ശത്രുക്കളുടെ മേലുള്ള ജയത്തെക്കുറിച്ചോ അല്ല ഇവിടെ പറഞ്ഞത്. യേശു ആത്മീയ വിടുതലിനെക്കുറിച്ചും, ആത്മീയ ആഹാരത്തെക്കുറിച്ചും, പിശാചിന്‍റെമേലും പാപത്തിന്റെമേലുമുള്ള ജയത്തെക്കുറിച്ചും, വരുവാനുള്ള നിത്യമായ ദൈവരാജ്യത്തെക്കുറിച്ചും ആണ് പറഞ്ഞത്. ഇതെല്ലാം നല്‍കുന്ന നല്ല ഇടയാനാണ് യേശുക്രിസ്തു. അതുകൊണ്ടുതന്നെയാണ് നല്ല ഇടയന്‍ ആരാണ് എന്ന് കൂടി യേശു പറഞ്ഞത്. “നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.”
ഇത് മനസ്സിലാക്കുവാന്‍ ദാവീദ് അവന്റെ ജീവിതത്തില്‍ നിന്നും വിവരിക്കുന്ന ഒരു അനുഭവം സഹായകരമാകും. ശൌല്‍ രാജാവിന്റെ കാലത്ത്, ഒരു ഫെലിസ്ത്യ മല്ലന്‍ യിസ്രായേല്‍ ജനത്തെ വെല്ലുവിളിച്ചു. യുദ്ധഭൂമിയില്‍ ദാവീദും എത്തി. അന്ന് അവന്‍ അവന്റെ പിതാവിന്റെ ആടുകളെ മേയിക്കുന്ന ഒരു ഇടയന്‍ ആയിരുന്നു. ശൌല്‍ രാജാവും യിസ്രായേല്‍ യോദ്ധാക്കളും ഭയന്ന് ഓടി ഒളിച്ചപ്പോള്‍, ഫെലിസ്ത്യ മല്ലനെ നേരിടുവാന്‍ ദാവീദ് തയ്യാറായി. ദാവീദിന് യുദ്ധം ചെയ്ത എന്തെങ്കിലും മുന്‍ പരിചയം ഉണ്ടോ എന്ന് ശൌല്‍ രാജാവു അന്വേഷിച്ചു. അപ്പോള്‍ ദാവീദ് അവന്റെ ജീവിതത്തിലെ ഒരു അനുഭവം വിവരിച്ചു. ദാവീദിന്റെ വിവരണം 1 ശമുവേല്‍ 17: 34-36 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദാവീദ് ഒരിക്കല്‍ അവന്റെ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുക ആയിരുന്നു. അപ്പോള്‍ ഒരു സിംഹം വന്നു, കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍ കുട്ടിയെ പിടിച്ചുകൊണ്ടു പോയി. എന്നാല്‍ ദാവീദ് ആ സിന്‍ഹത്തെ പിന്തുടര്‍ന്ന്, അതിന്റെ വായില്‍ നിന്ന് ആട്ടിന്‍ കുട്ടിയെ വിടുവിച്ചു. അപ്പോള്‍ ആ സിംഹം ദാവീദിന്റെ നേരെ ചെന്നു. അവന്റെ ജീവന്‍ അപകടത്തില്‍ ആയി. എങ്കിലും അവന്‍ സിംഹത്തെ അടിച്ചു കൊന്നു. ഇതുപോലെ മറ്റൊരു സംഭവവും മറ്റൊരിക്കല്‍ ഉണ്ടായി. അപ്പോള്‍ ഒരു കരടി ഒരു ആടിനെ പിടിച്ചുകൊണ്ട് പോയി. ദാവീദ് തന്റെ ജീവന്‍ വകവയ്ക്കാതെ അതിന്റെ പുറകെ പോയി, ആടിനെ രക്ഷിച്ചു.
ദാവീദ് നല്ല ഇടയന്‍ ആയിരുന്നു. അവന്‍ അവന്റെ ജീവനെ ആടുകള്‍ക്ക് വേണ്ടി നല്കുവാന്‍ തയ്യാറായിരുന്നു. അവന്‍ അവന്റെ അപ്പന്റെ ആടുകളെ ശത്രുക്കളുടെ കൈയ്യില്‍ നിന്നും വിടുവിച്ച്, സംരക്ഷിച്ചു.
യോഹന്നാന്‍ 10:12 ല്‍ നല്ല ഇടയനും കൂലിക്കാരനായ ഇടയനും തമ്മിലുള്ള വൈപരീത്യം യേശു വ്യക്തമാക്കുന്നുണ്ട്. കൂലിക്കാരന്‍ ആടുകളുടെ ഉടമസ്ഥന്‍ അല്ല. അവന്‍ അവന്റെ പിതാവിന്റെ ആടുകളെ പരിപാലിക്കുന്നവന്‍ അല്ല. അവന്‍ ദിവസ വേതനത്തിനായി ജോലിചെയ്യുന്ന കൂലിക്കാരന്‍ മാത്രമാണ്. അതിനാല്‍ അവന് ആടുകളെക്കുറിച്ച് ഉത്തരവാദിത്തമില്ല. ചെന്നായ്ക്കളോ, മറ്റ് വന്യ മൃഗങ്ങളോ ആടുകളെ പിടിക്കുവാന്‍ വന്നാല്‍, അവര്‍ അവന്റെ ജീവന്‍ രക്ഷിക്കുവാനായി, ആടുകളെ ഉപേക്ഷിച്ചിട്ട്, ഓടി പോകും. ചെന്നായ്ക്കള്‍ ആടുകളെ കൊല്ലുകയും ശേഷമുള്ളവയെ ചിതറിക്കുകയും ചെയ്യും.
യേശു നല്ല ഇടയന്‍ ആണ്. അവന്‍ അവന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ആടുകളെ പരിപാലിക്കുന്ന വിശ്വസ്തനായ ഇടയന്‍ ആണ്. ആടുകളുടെ ജീവന്‍ രക്ഷിക്കുവാനായി, സ്വന്ത ജീവനെ ത്യജിക്കുന്നവനാണ് യേശു എന്ന നല്ല ഇടയന്‍. കൂലിക്കാരന്‍ ആടുകളെകൊണ്ട് ജീവിക്കുമ്പോള്‍, നല്ല ഇടയന്‍ ആടുകള്‍ക്കായി സ്വന്ത ജീവനെ കൊടുക്കുന്നു. യേശു അല്ലാതെ മറ്റൊരു നല്ല ഇടയന്‍ ഇല്ല.
5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു
യേശു പറഞ്ഞ അഞ്ചാമത്തെ “ഞാന്‍ ആകുന്നു” പ്രസ്താവന, “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു” എന്നതാണ്. ഇത് നമ്മള്‍ യോഹന്നാന്‍ 11: 25 ല്‍ വായിക്കുന്നു.
ലാസറിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിക്കുന്നതിന് തൊട്ട് മുമ്പാണ് യേശു ഈ പ്രസ്താവന പറയുന്നത്. അവന്‍ പുനരുദ്ധനവും ജീവനും ആണ് എന്നു യേശു അവകാശപ്പെട്ടു, അവന്‍ ലാസറിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിക്കുകയും ചെയ്തു.
ലാസര്‍ മരിച്ചിട്ട് നാല് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്, യേശു ബേഥാന്യയിലെ ലാസറിന്റെ വീട്ടില്‍ എത്തിയത്. അവനെ ഒരു കല്ലറയില്‍ അടക്കം ചെയ്തിരുന്നു. എന്നിട്ടും ലാസര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നു യേശു, അവന്റെ സഹോദരി മാര്‍ത്തയ്ക്ക് ഉറപ്പ് നല്കി. എന്നാല്‍ യേശു, അന്ത്യനാളിലെ മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചാണ് പറയുന്നത് എന്നു മാര്‍ത്ത കരുതി. അപ്പോള്‍ യേശു അവളുടെ ചിന്തയെ തിരുത്തികൊണ്ട് പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു”. ഇത് പറഞ്ഞതിന് ശേഷം യേശു ലാസറിനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചു.
അനേകം യഹൂദന്മാര്‍ ഈ സംഭവം മുഴുവന്‍ കാണുകയും യേശുവിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതില്‍ ശാസ്ത്രിമാരും പരീശന്മാരും ഉണ്ടായിരുന്നു. യഹൂദന്മാര്‍കിടയില്‍ വിദ്യാസമ്പന്നരായ ഒരു കൂട്ടര്‍ ആയിരുന്നു ശാസ്ത്രിമാര്‍. അവര്‍ ആയിരുന്നു തിരുവചനത്തിന്റെ പുതിയ പകര്‍പ്പുകള്‍ എഴുതി ഉണ്ടാക്കിയിരുന്നത്. അതിനാല്‍ അവര്‍ക്ക് പഴയനിയമം മുഴുവന്‍ നല്ലതുപോലെ അറിയാമായിരുന്നു. എന്നാല്‍ അവര്‍ മരിച്ചവരുടെ പുനരുത്ഥാരണത്തിലോ, മരണാനന്തര ജീവിതത്തിലോ വിശ്വസിച്ചിരുന്നില്ല. മരണത്തോടെ മനുഷ്യജീവിതം അവസാനിച്ചു എന്നായിരുന്നു അവരുടെ വിശ്വസം. യഹൂദന്മാരുടെ കൂട്ടത്തിലെ പരീശന്മാര്‍ എന്ന വിഭാഗം, മരിച്ചവരുടെ പുനരുത്ഥാരണത്തിലും, മരണാനന്തര ജീവിതത്തിലും വിശ്വസിച്ചിരുന്നു. ഈ രണ്ടു കൂട്ടരും കേള്‍ക്കെയാണ് യേശു പറഞ്ഞത്: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല” (11: 25, 26). ഇത് പറയുക മാത്രമല്ല, അത് സത്യമാണ് എന്നു യേശു തെളിയിക്കുകയും ചെയ്തു. അവന്‍ ലാസറിനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചു. യേശു പുനരുത്ഥാനമാണ്, നിത്യ ജീവന്‍ ആണ്. അവനില്‍ വിശ്വസിക്കുന്നവര്‍ ഈ ഭൂമിയില്‍ വച്ച് മരിച്ചാലും നിത്യമായി ജീവിക്കും.
6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു
യേശുക്രിസ്തു പറഞ്ഞ ആറാമത്തെ പ്രസ്താവന യോഹന്നാന്‍ 14:6 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” ഈ പ്രസ്താവനയുടെ പശ്ചാത്തലം ഇങ്ങനെ ആണ്.
തന്റെ പിതാവായ ദൈവത്തിന്‍റെയടുക്കല്‍, സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോകുവാനുള്ള സമയം സമീപിച്ചിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോട് പറഞ്ഞു. അത് കേട്ട അവര്‍ ആശയക്കുഴപ്പത്തില്‍ ആയി. യേശു, യഹൂദന്മാരുടെ ശത്രുക്കളെ തോല്‍പ്പിച്ച്, ഒരു യഹൂദ രാജ്യം സ്ഥാപിക്കും എന്നാണ് അവര്‍ കരുതിയിരുന്നത്. ഇപ്പോള്‍ അവന്‍ പറയുന്നു അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോകുകയാണ് എന്നു. അവര്‍ നിരാശരും ദുഖിതരും ആയി. അതിനാല്‍ അവരെ ആശ്വസിപ്പിക്കുവാന്‍ യേശു ചില ആത്മീയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തി. യേശു അവര്‍ക്കായി ഒരു സ്ഥലം ഒരുക്കുവാന്‍ പോകുകയാണ്. സ്ഥലം ഒരുക്കിയാല്‍, അവന്‍ വീണ്ടും വരും, അവരെ കൂട്ടികൊണ്ടു പോകും. പിന്നെ അവര്‍ യേശു വസിക്കുന്ന ഇടത്തു, അവനോടൊപ്പം നിത്യമായി വസിക്കും. അതിനാല്‍ അവരുടെ ഹൃദയം കലങ്ങിപ്പോകരുതു, അവര്‍ നിരാശപ്പെടരുത്.
ഇതിന് ശേഷം യേശു പറഞ്ഞു, “ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.” ഇത് അവരുടെ ആശയക്കുഴപ്പത്തെ വര്‍ദ്ധിപ്പിച്ചു. അതിനാല്‍ യേശുവിന്റെ ശിഷ്യനായിരുന്ന തോമസ് അവനോടു പറഞ്ഞു: “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു.” ഇതിന് മറുപടിയായിട്ടാണ് യേശു പറഞ്ഞത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു”. യേശു എവിടെക്ക് പോകുന്നുവോ, അവിടെയ്ക്കുള്ള വഴിയും അവന്‍ തന്നെയാണ്. അവന്‍ അവന്റെ പിതാവായ ദൈവത്തിന്റെ അടുക്കലേക്കാണ് പോകുന്നത്. അവിടെക്കുള്ള ഏക വഴി യേശു മാത്രം ആണ്. യേശു “മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല”.
യഹൂദ മതവും അതിന്റെ പ്രമാണങ്ങളും ആചാരങ്ങളും ആണ് രക്ഷയിലേക്കുള്ള ഏകവഴി എന്നായിരുന്നു യഹൂദന്മാരുടെ വിശ്വസം. അതിനാല്‍ യഹൂദന്‍ അല്ലാത്തവര്‍ എല്ലാം നരകത്തിനായി നിയമിക്കപ്പെട്ടിരിക്കുന്നവര്‍ ആണ്. ഈ വിശ്വാസമുള്ള യഹൂദന്മാരോടാണ് യേശു പറയുന്നത്, അവന്‍ മാത്രമാണ് ദൈവരാജ്യത്തിലേക്കുള്ള ഏക വഴി. മതം ഒരു വഴി അല്ല, ആചാരങ്ങള്‍ ഒരു വഴി അല്ല. യേശു മാത്രമാണ് വഴി. യേശുവല്ലാതെ മറ്റൊരു വഴിയും ഇല്ല.
രക്ഷിക്കപ്പെടുവാനും ദൈവരാജ്യം അവകാശമാക്കുവാനും മനുഷ്യര്‍ക്ക് അനേകം വഴികള്‍ ഇല്ല. രക്ഷയിലേക്ക് അനേകം വഴികള്‍ ഇല്ല. രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന് കീഴില്‍ ഭൂമിയ്ക്ക് മീതെ ഒരു വഴി മാത്രമേ ഉള്ളൂ, അത് യേശുക്രിസ്തു മാത്രമാണ്. ഇപ്പോള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷയും നിത്യജീവനും പ്രാപിക്കും.
7. ഞാന്‍ സാക്ഷാല്‍ മുന്തിവള്ളി ആകുന്നു
യേശു പറഞ്ഞ ഏഴാമത്തെ “ഞാന്‍ ആകുന്നു” പ്രസ്താവന യോഹന്നാന്‍ 15: 1 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “ഞാന്‍ സാക്ഷാല്‍ മുന്തിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു.” ഈ പ്രസ്താവന നമ്മളും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. തുടര്‍ന്നു നമ്മള്‍ എങ്ങനെയാണ് ക്രിസ്തുവിലും വിശ്വാസത്തിലും നിലനില്‍ക്കുന്നത് എന്നും, നമ്മളും ക്രിസ്തുവും തമ്മിലുള്ള ബന്ധം സുദൃഡമാണ് എന്നതിന്റെ തെളിവെന്താണ് എന്നും യേശു പറയുന്നുണ്ട്.
യേശു മുന്തിരിവള്ളിയാണ്. നമ്മള്‍ അതിനോടു ചേര്‍ന്ന് നിന്നു വളരുന്ന ശാഖകള്‍ ആണ്. ചേര്‍ന്ന് വളരുന്ന ശാഖകള്‍ ഫലം കായ്ക്കുന്നു.
യേശുവിന്റെ ഈ പ്രസ്താവനയില്‍ നിന്നും മൂന്ന് കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണം. ഒന്നു, യേശു ആണ് മുന്തിരിവള്ളി. അവനാണ് തായ് വൃക്ഷം. നമ്മള്‍ ആ മുന്തിരിവള്ളിയില്‍ ചേര്‍ന്ന് വളരുന്ന ശാഖകള്‍ ആണ്. ഒരു ശാഖയും അതിന്റെ തായ് വൃക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാതെ ജീവിക്കുകയില്ല. ജീവന്‍ തായ് വൃക്ഷത്തിലാണ്. അവിടെനിന്നുമാണ് ശാഖകള്‍ക്ക് ജീവന്‍ ലഭിക്കുന്നത്. അതിനാല്‍ ഒരു ശാഖയും സ്വയമേ ജീവിക്കുന്നില്ല. രണ്ടാമത്, തായ് വൃക്ഷത്തില്‍ നിന്നും ഒരു ശാഖ അടര്‍ന്ന് മാറിയാല്‍ അതിനു ജീവന്‍ ഇല്ലാതെയായി, ഉണങ്ങിപ്പോകും. ഉണങ്ങിപ്പോയ ശാഖകള്‍ തീയില്‍ ഇടുവാന്‍ മാത്രമേ ഉപകരിക്കൂ. അത് തീയില്‍ വെന്ത് ചാരമായി തീരും. മൂന്നാമത്, മുന്തിരിവള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശാഖകള്‍ ഫലം കായ്ക്കുന്നു. ഫലമില്ലാത്ത ശാഖകള്‍ തായ് വൃക്ഷത്തോട് ചേര്‍ന്ന് നില്‍ക്കാത്തവയാണ്. മുന്തിവള്ളിയോട് ചേര്‍ന്ന് നില്‍ക്കാതെ ശാഖകള്‍ക്ക് ഫലം കായ്ക്കുവാന്‍ സാധ്യമല്ല. കാരണം ഫലം ശാഖയുടെതല്ല, അത് മുന്തിരിവള്ളിയുടെതാണ്. ഫലം കൊണ്ട് വൃക്ഷത്തെയാണ് തിരിച്ചറിയുന്നത്, ശാഖയെ അല്ല. ഫലം ശാഖയുടെ വ്യക്തിത്വം അല്ല, അത് വൃക്ഷത്തിന്റെ സത്വം ആണ്. മാത്രവുമല്ല, ശാഖകള്‍ മുന്തിരിവള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്നുവെങ്കില്‍ അത് ഫലം കായ്ക്കുന്നവ ആയിരിക്കേണം. ഫലമില്ലാത്ത ശാഖകളെ ഛേദിച്ചു കളയും. (15:2).
രണ്ടു പ്രസ്താവനകള്‍
യേശുക്രിസ്തു പറഞ്ഞ ഏഴ് “ഞാന്‍ ആകുന്നു” പ്രസ്താവനകള്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു. ഇവ മാത്രമേ രൂപകങ്ങളായി “ഞാന്‍ ആകുന്നു” എന്നു യേശു പറഞ്ഞിട്ടിള്ളൂ. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിന്റെ സത്വത്തെക്കുറിച്ച് മറ്റ് രണ്ടു പ്രസ്താവനകള്‍ കൂടി ഉണ്ട്. അത് യേശു ആരാണ് എന്നു പറയുകയാണ്. അതുകൂടി വായിച്ചുകൊണ്ടു നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.
യോഹന്നാന്‍ 8:58 ല്‍ യേശു യഹൂദന്മാരോടു ഇങ്ങനെ പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ”. (“... before Abraham was, I AM” - NKJV). അബ്രാഹാമിനെക്കുറിച്ച് പറയുവാന്‍ ഭൂതകാലവും യേശുവിനെക്കുറിച്ച് പറയുവാന്‍ വര്‍ത്തമാന കാലവുമാണ് യേശു ഉപയോഗിച്ചത്. ഇവിടെ യേശു അവന്‍ അനാദിയായ ദൈവം തന്നെയാണ് എന്ന് പറയുകയാണ്. ഇത് ദൈവദൂഷണമാണ് എന്ന് ചിന്തിച്ച യഹൂദന്മാര്‍ ഉടനെ അവനെ കൊല്ലുവാന്‍ കല്ലുകള്‍ എടുത്തു. എന്നാല്‍ യേശു മറഞ്ഞു ദൈവാലയം വിട്ടുപോയി.
മറ്റൊരു പ്രസ്താവന, പുരോഹിതന്മാരുടെയും റോമാക്കാരുടെയും പടയാളികള്‍ യേശുവിനെ പിടിക്കുവാന്‍ ഗെത്ത്ശെമന തോട്ടത്തില്‍ വന്നപ്പോള്‍, യേശു അവരോട് പറഞ്ഞതാണ്. യേശു അവരോട് ചോദിച്ചു, “നിങ്ങൾ ആരെ തിരയുന്നു”. നസറായനായ യേശുവിനെ ആണ് അവര്‍ അന്വേഷിക്കുന്നത് എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു പറഞ്ഞു: “അതു ഞാൻ തന്നേ” (“I am He” - യോഹന്നാന്‍ 18:5). യേശു ഇത് പറഞ്ഞപ്പോള്‍ ഒരു അസാധാരണ സംഭവം ഉണ്ടായി. പടയാളികള്‍ പുറകോട്ടുമാറി, അവര്‍ നിലത്തുവീണു. യേശുവിന്റെ, “അത് ഞാന്‍ തന്നെ” എന്ന പ്രസ്താവന, യഹോവയായ ദൈവം മോശെയോടു പറഞ്ഞ “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്ന പ്രസ്താവനയുടെ ആവര്‍ത്തനമാണ്. അവര്‍ പിടിക്കുവാന്‍ പോകുന്നത് ഒരു മനുഷ്യനെ അല്ല, യിസ്രയേലിന്റെ ദൈവത്തെയാണ്. ദൈവത്തെ പിടിക്കുവാന്‍ ഒരു മനുഷ്യനും കഴിയുകയില്ല. എന്നാല്‍ അവര്‍ യേശുവിനെ അറസ്റ്റ് ചെയ്തു. കാരണം, യേശു തന്നെത്തന്നെ, പിടിക്കപ്പെടുവാനും, വിചാരണ ചെയ്യപ്പെടുവാനും, ക്രൂശിക്കപ്പെടുവാനും ഏല്‍പ്പിച്ചുകൊടുക്കുക ആയിരുന്നു.
യേശുക്രിസ്തുവിന്റെ “ഞാന്‍ ആകുന്നു” പ്രസ്താവനകള്‍ എല്ലാം, അവന്‍ ദൈവമാണ് എന്നും അവന്‍ മാത്രമാണ് ദൈവം എന്നും തെളിയിക്കുന്നത് ആയിരുന്നു. യേശു പഴയനിയമത്തിലെ ആത്മീയ മര്‍മ്മങ്ങളുടെ നിവൃത്തിയായിരുന്നു.
ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. അതിനു മുമ്പായി,
ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍
naphtalitribetv.com
എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com
എന്ന ചാനലും സന്ദര്‍ശിക്കുക.
രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, ഈ-ബുക്കായി നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെല്ലാം naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ സൌജന്യമായി ലഭ്യമാണ്. ഇ-ബുക്കുകള്‍ vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതല്ലങ്കില്‍, ഈ-ബുക്കിന്റെ പേര് whatsapp ല്‍ അയച്ചുതന്നും അതിന്റെ ഒരു കോപ്പി ആവശ്യപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: 9895524854
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ
എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment