ആരാണ് ശമര്യാക്കാര്‍?

ആരാണ് ശമര്യാക്കാര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മള്‍ ഇവിടെ ചിന്തിക്കുവാന്‍ പോകുന്നത്. ശമര്യക്കാര്‍, ചരിത്രപരമായി, യിസ്രായേല്‍ വംശത്തിലെ പത്തു ഗോത്രങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഒരു പ്രത്യേക ജന സമൂഹമാണ്. ഇന്ന് എണ്ണത്തില്‍ കുറവാണ് എങ്കിലും, അവര്‍ ഇന്നത്തെ, പലസ്തീന്‍, യിസ്രായേല്‍ എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നു. ബ്രസീല്‍, ഇറ്റലി എന്നിവിടങ്ങളിലും ശമര്യാക്കാര്‍ ഉണ്ട്.

ശമര്യാക്കാരുടെ പ്രത്യേക ചരിത്രം ആരംഭിക്കുന്നത് സംയുക്ത യിസ്രയേലിന്റെ രാജാവായിരുന്ന ശലോമോന്‍റെ മകന്‍ രെഹബെയാം മിന്‍റെ കാലം മുതലാണ്. (Rehoboam).

1000 BC ല്‍ ദാവീദ് യിസ്രയേലിന്റെ രാജാവായി. അദ്ദേഹം യെരൂശലേമിനെ യിസ്രയേലിന്റെ തലസ്ഥാനം ആക്കി. 960 BC യില്‍ അദ്ദേഹത്തിന്റെ മകന്‍ ശലോമോന്‍ ആദ്യത്തെ യെരൂശലേം ദൈവാലയം പണിതു. ശലോമോന്‍ 926 നും 922 നും ഇടയ്ക്കുള്ള കാലത്ത് മരിച്ചു. അതിനു ശേഷം അവന്റെ മകനായ രെഹബെയാം (Rehoboam) രാജാവായി. എന്നാല്‍ യിസ്രായേല്‍ ഗോത്രങ്ങള്‍ തമ്മില്‍ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍, രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. നികുതിഭാരവും രാജ്യത്തിനുവേണ്ടിയുള്ള സൌജന്യ വേലയും ആയിരുന്നു മുഖ്യ തര്‍ക്ക വിഷയങ്ങള്‍. അന്നത്തെ സംയുക്ത യിസ്രായേല്‍ രാജ്യം, 930 BC ല്‍, വടക്ക് യിസ്രായേല്‍ എന്ന രാജ്യവും, തെക്ക് യെഹൂദ എന്ന രാജ്യവുമായി രണ്ടായി വിഭജിക്കപ്പെട്ടു. വടക്കന്‍ രാജ്യത്തിന്റെ തലസ്ഥാനം ശമര്യയും തെക്കന്‍ രാജ്യത്തിന്റെ തലസ്ഥാനം യെരൂശലേമും ആയിരുന്നു.

വടക്കന്‍ രാജ്യമായ യിസ്രയേലില്‍ പത്തു ഗോത്രങ്ങള്‍ ഉണ്ടായിരുന്നു. അവര്‍, ആശേര്‍, ദാന്‍, എഫ്രയീം, ഗാദ്, യിസ്സാഖാർ, മനശ്ശെ, നഫ്താലി, രൂബേൻ, ശിമെയോൻ, സെബൂലൂൻ എന്നിവര്‍ ആയിരുന്നു. ഈ പത്തു ഗോത്രങ്ങള്‍ വടക്കന്‍ രാജ്യമായ യിസ്രായേല്‍ രൂപീകരിച്ചപ്പോള്‍, രണ്ടു ഗോത്രങ്ങള്‍, യഹൂദയും, ബെന്യാമീനും  തെക്കന്‍ രാജ്യമായ യെഹൂദ രൂപീകരിച്ചു. രെഹബെയാം യഹൂദയുടേയും യൊരോബെയാം യിസ്രയേലിന്റെയും രാജാവായി (Rehoboam, Jeroboam).

അശ്ശൂര്‍ പ്രവാസം

ഈ രണ്ടു രാജ്യങ്ങളും അതിനുശേഷം ഏകദേശം 200 വര്‍ഷങ്ങള്‍ സുരക്ഷിതമായി തുടര്‍ന്നു. എന്നാല്‍ ബി‌സി 700 കളില്‍ അശ്ശൂര്‍ സാമ്രാജ്യം ശക്തി പ്രാപിച്ചു വന്നു. അശ്ശൂര്‍ ഇന്നത്തെ ഇറാഖിന്‍റെ വടക്കന്‍ പ്രദേശത്തുള്ള ഒരു രാജ്യം ആയിരുന്നു. അവര്‍ പല പ്രാവശ്യം യിസ്രായേലിനെയും യഹൂദയെയും ആക്രമിച്ചു.

ഏകദേശം 740 BC ല്‍ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസര്‍ യിസ്രായേലിനെ ആക്രമിച്ചു, ഗിലെയാദ്, ഗെലീല, നഫ്താലിദേശം എന്നിവ ഉള്‍പ്പെടെയുള്ള വലിയ ഒരു പ്രദേശം പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന യിസ്രയേല്‍യരെ പിടിച്ചുകൊണ്ടു പോയി, അശ്ശൂര്‍ രാജ്യത്ത് പാര്‍പ്പിച്ചു. (2 രാജാക്കന്മാര്‍ 15:29) തിഗ്ലത്ത്-പിലേസര്‍ ന്‍റെ ശേഷം ശൽമനേസെർ രാജാവായി. 735 BC അവന്‍ യിസ്രായേല്‍ രാജ്യത്തെ വീണ്ടും ആക്രമിച്ചു. അപ്പോള്‍ യിസ്രായേല്‍ ഭരിച്ചിരുന്ന ഹോശേയ ആയിരുന്നു. അദ്ദേഹമായിരുന്നു അവിടുത്തെ അവസാനത്തെ രാജാവ്. അവന്‍ അശ്ശൂര്‍ രാജാവിനു കപ്പം കൊടുക്കുവാന്‍ വിസമ്മതിച്ചതിനാല്‍, അവര്‍ യിസ്രായേല്‍ രാജ്യത്തെ ശേഷിച്ചിരുന്ന സ്ഥലത്തേയും പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന യിസ്രയേല്യരെ പിടിച്ചു ബന്ദികളാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. അശ്ശൂര്‍ രാജാവായ സര്‍ഗ്ഗോന്‍റെ കാലത്ത് യിസ്രായേലിനെ പൂര്‍ണ്ണമായും അവര്‍ കീഴടക്കി, അനേകമായിരം യിസ്രയേല്യരെ പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ടു പോയി, അവരെ അശ്ശൂരില്‍ പലസ്ഥങ്ങളിലും ആയി ചിതറി പാര്‍പ്പിച്ചു. (2 രാജാക്കന്മാര്‍ 17:6, 18:11).

അശ്ശൂര്‍ രാജ്യം പിടിച്ചുകൊണ്ടു പോകാത്ത ചുരുക്കം ചിലര്‍ യിസ്രായേല്‍ ദേശത്ത് യുദ്ധത്തിന് ശേഷവും ശേഷിച്ചിരുന്നു. അവര്‍ക്കിടയിലേക്ക് ജാതീയ മതവിശ്വാസം പുലര്‍ത്തിയിരുന്ന അശ്ശൂര്‍ ദേശനിവാസികള്‍ കുടിയേറി താമസിച്ചു. ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നീ അശൂര്‍ പ്രദേശങ്ങളില്‍ നിന്നും ആയിരുന്നു  അശ്ശൂര്‍ ജനത യിസ്രയേലിലേക്ക് കുടിയേറി താമസിച്ചത്. (Babylon, Cuthah, Ava, Hamath, and Sepharvaim).

ഈ സംഭവങ്ങള്‍ യിസ്രയേലില്‍ നടക്കുമ്പോള്‍, യഹൂദയില്‍ യെഹിസ്കീയാവു രാജാവായിരുന്നു. യിസ്രയേലില്‍ ചുരുക്കം യിസ്രയേല്യര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു അറിഞ്ഞ അവന്‍, പെസഹ ആചരിക്കേണ്ടതിന് അവരെ യെരൂശലേമിലേക്ക് ക്ഷണിച്ചുകൊണ്ടു കത്തെഴുതി. എന്നാല്‍, എഫ്രയീം, മനശ്ശെ, സെബൂലൂന്‍, യിസ്സാഖാര്‍ എന്നിവരില്‍ ഒരു വിഭാഗം അത് നിരസിച്ചു. മറ്റ് ചിലര്‍ അത് സ്വീകരിച്ചു. അവര്‍ ക്രമേണ യഹൂദയിലെ ജനത്തോട് ലയിച്ചു ചേര്‍ന്നു എന്നും അവരുടെ പ്രദേശം കൂടെ യഹൂദയോടു കൂട്ടിച്ചേര്‍ത്തു എന്നും ചില വേദ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.   

ക്രമേണ, യിസ്രായേല്‍ ദേശത്ത് ശേഷിച്ചിരുന്ന ചുരുക്കം യിസ്രയേല്യര്‍, അവിടേക്ക് അശ്ശൂരില്‍ നിന്നും കുയിടിയേറി താമസിച്ച ജാതീയ ജനങ്ങളുമായി ഇടകലര്‍ന്നു ജീവിക്കുകയും അവരെ വിവാഹം കഴിക്കുകയും, വിവാഹത്തിന് കൊടുക്കുകയും ചെയ്തു. അശൂര്‍ നിവാസികള്‍ അവരുടെ ജാതീയ ദേവന്മാരെ തുടര്‍ന്നും ആരാധിച്ചു, അവര്‍ യഹോവയെ ആരാധിച്ചില്ല. അതുകൊണ്ടു യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു. സിംഹങ്ങള്‍ അവരിൽ ചിലരെ കൊന്നുകളഞ്ഞു. അതിനാല്‍, അശൂര്‍ രാജ്യത്തില്‍ പ്രവാസികളായി കഴിഞ്ഞിരുന്ന യിസ്രയേല്യരില്‍ നിന്നും ലേവ്യ പുരോഹിതന്മാരെ അവിടെക്കു വരുത്തി. ലേവ്യര്‍ ബേഥേലിൽ പാർത്തു, യഹോവയെ ഭജിക്കേണ്ടുന്ന വിധം അവർക്കു ഉപദേശിച്ചുകൊടുത്തു. എങ്കിലും അശ്ശീരില്‍ നിന്നും വന്നവര്‍, അവരുടെ ദേവന്മാരെ ഉണ്ടാക്കി, അവര്‍ ജീവിച്ചിരുന്ന പട്ടണങ്ങളിൽ ശമർയ്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെ ശമര്യയില്‍ അവശേഷിച്ചിരുന്ന യിസ്രയേല്യര്‍ ജാതികളുമായി ഇടകലര്‍ന്നവര്‍ ആകുകയും അവരുടെ ഇടയില്‍ യഹൂദ വിശ്വാസവും ജാതീയതയും കൂടി കലര്‍ന്ന ഒരു മതവും ആരാധനയും ഉണ്ടാകുകയും ചെയ്തു. (2 രാജാക്കന്മാര്‍ 17: 24- 33).

അങ്ങനെ, 722 BC ആയപ്പോഴേക്കും, ശുദ്ധമായ യിസ്രായേല്‍ വംശം അവിടെ നിശ്ശേഷം ഇല്ലാതെ ആയി. അതിനാല്‍ യഹൂദന്മാര്‍ അവരെ പുറം ജാതീയരെപ്പോലെ അകറ്റി നിറുത്തി.

അശ്ശൂരിലേക്ക് ബന്ദികളായി പ്രവാസത്തിലേക്ക് പോയ യിസ്രായേല്‍ ഗോത്രങ്ങളില്‍ നിന്നും ആരും തിരികെ വന്നില്ല. അങ്ങനെ അവര്‍ നിശ്ശേഷം ഇല്ലാതെ ആയി. അതോടെ, യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി. അവരെ ഇന്നും കൃത്യമായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ആണ് നഷ്ടപ്പെട്ട പത്ത് ഗോത്രങ്ങള്‍ എന്നു വിളിക്കുന്നത്. 

എങ്കിലും ശമര്യാക്കാരുടെ ഇടയില്‍ യഹോവയെ ആരാധിക്കുന്നവര്‍ ഇല്ലാതായില്ല. അവര്‍ ദൈവത്തെ ആരാധിച്ചിരുന്നത് ഗെരിസീംപർവ്വതത്തില്‍ നിര്‍മ്മിച്ചിരുന്ന ആലയത്തില്‍ ആയിരുന്നു. അതിന് അവര്‍ പറയുന്ന ഒരു ചരിത്ര പശ്ചാത്തലം ഉണ്ട്.

ഗെരിസീമിലെ ആലയം

ശമര്യാക്കാര്‍, ആരാധനാലയത്തിന്റെ സ്ഥലത്തെക്കുറിച്ചുള്ള ആവര്‍ത്തനപുസ്തകം 12: 5 ആം വാക്യത്തിലെ പരമര്‍ശത്തെ ആധികാരികമായി കാണുന്നു. ഈ വാക്യം യഹൂദന്മാരുടെ പുസ്തകത്തിലും, നമ്മള്‍ ഉപയോഗിയ്ക്കുന്ന വേദപുസ്തകത്തിലും ഇങ്ങനെയാണ് നമ്മള്‍ വായിക്കുന്നത് 


ആവര്‍ത്തനപുസ്തകം 12:5 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ തിരുനിവാസ ദര്‍ശനത്തിന്നായി ചെല്ലേണം.

ഇത് ശമര്യാരുടെ ന്യായപ്രമാണ പുസ്തകത്തില്‍ അല്‍പ്പം വ്യത്യസ്തമായിട്ടാണ് കാണുന്നത്. യഹൂദ പുസ്തകത്തിലെ “തിരഞ്ഞെടുക്കുന്ന സ്ഥലത്തു” എന്നതിന് പകരം അവര്‍ വായിക്കുന്നത്, “തിരഞ്ഞെടുത്ത സ്ഥലത്തു” എന്നാണ്. അതായത് ദൈവം മോശെയുടെ കാലത്ത് തന്നെ, ആരാധനാലയത്തിന്റെ സ്ഥലം തിരഞ്ഞെടുത്തിരുന്നു എന്നു ശമര്യാക്കാര്‍ വിശ്വസിക്കുന്നു. എന്നാല്‍ യഹൂദന്മാര്‍, മോശെയുടെ കാലത്ത് ഈ തിരഞ്ഞെടുപ്പ് നടന്നില്ല എന്നും അത് ഭാവില്‍ ശലോമോന്റെ കാലത്ത് സംഭവിച്ചു എന്നും വിശ്വസിക്കുന്നു. ശലോമോന്റെ കാലത്തെ ആലയമോ, തിരഞ്ഞെടുപ്പോ ന്യായപ്രമാണ പുസ്തകങ്ങളില്‍ ഇല്ലാത്തതിനാല്‍ ശമര്യാക്കാര്‍ അതിനെ നിഷേധിക്കുന്നു.

യഹോവയായ ദൈവത്തെ ആരാധിക്കുന്ന ആലയം ഗെരിസീംപർവ്വതത്തില്‍ ആയിരിക്കേണം എന്നതിന്  ശമര്യാക്കാര്‍ നിരത്തുന്ന മറ്റ് വാദങ്ങള്‍ ഇതൊക്കെയാണ്:

ശമര്യാക്കാരുടെ വിശ്വാസമനുസരിച്ച്, ഗെരിസീംപർവ്വതം അതിപുരാതനമായ പര്‍വ്വതമാണ്. നോഹയുടെ കാലത്തെ പ്രളയത്തിനും അതിനെ കീഴ്പ്പെടുത്തുവാന്‍ കഴിഞ്ഞില്ല. നോഹയുടെ പെട്ടകം ആദ്യം ഉറച്ചത് ഈ പര്‍വ്വതത്തില്‍ ആണ്.

അബ്രഹാം കനാന്‍ ദേശത്തു എത്തിയതിന് ശേഷം ആദ്യം യാഗപീഠം പണിതത് ശെഖേമിലാണ്. അത് ഗെരിസീംപർവ്വതത്തിന്റെ താഴ് വരയാണ്. (ഉല്‍പ്പത്തി 12: 6, 7). ഉല്‍പ്പത്തി 33: 18-20 വരെയുള്ള വാക്യങ്ങള്‍ അനുസരിച്ചു, യാക്കോബ് ഇതേ സ്ഥലത്തു ഒരു യാഗപീഠം പണിതു യഹോവയെ ആരാധിച്ചിരുന്നു.

മോശെയുടെ നേതൃത്വത്തില്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ട യിസ്രായേല്‍ ജനം, യോശുവയുടെ കാലത്ത് കനാന്‍ ദേശത്തു എത്തി. അവിടെ അവര്‍ ഹായി പട്ടണം പിടിച്ചെടുത്തു. അതിന് ശേഷം, മുമ്പ് മോശെ കല്‍പ്പിച്ചത് അനുസരിച്ച്, അവര്‍ യഹോവെക്കു ഏബാൽ പർവ്വതത്തിൽ ഒരു യാഗപീഠം പണിതു. (യോശുവ 8: 30, 31). മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു യോശുവ അവിടെ യിസ്രായേൽ മക്കൾ കാൺകെ കല്ലുകളിൽ എഴുതി. എല്ലാ യിസ്രായേലും പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീം പർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽ പർവ്വതത്തിന്റെ വശത്തും നിന്നു. പുരോഹിതന്മാര്‍ സാക്ഷ്യപെട്ടകവുമായി താഴ് വരയില്‍, രണ്ടു പര്‍വ്വതങ്ങള്‍ക്കും ഇടയില്‍ നിന്നു. പര്‍വ്വതങ്ങളില്‍ നിന്നുകൊണ്ടു അവര്‍ യിസ്രായേല്‍ ജനത്തെ അനുഗ്രഹിച്ചു. (8:33). അതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണ വചനങ്ങളെല്ലാം വായിച്ചു. (8:34). ഇതില്‍ ഗെരിസീം പർവ്വതത്തിന്റെ വശത്തു നിന്നവര്‍ അനുഗ്രഹത്തിന്റെയും ഏബാല്‍ പര്‍വ്വതത്തിന്‍റെ വശത്ത് നിന്നവര്‍ ശാപത്തിന്റെയും പ്രമാണങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ ഗെരിസീംപർവ്വതം അനുഗ്രഹങ്ങളുടെ പര്‍വ്വതമായി അറിയപ്പെട്ടു.  ഗെരിസീംപർവ്വതം ഈ കാരണങ്ങളാല്‍ ശമര്യാക്കാര്‍ക്ക് വിശുദ്ധ സ്ഥലമായി. അതിനാല്‍ യഹോവയായ ദൈവത്തിന്റെ ആലയം പണിയേണ്ടത് ഗെരിസീംപർവ്വതത്തിലാണ് എന്നു ശമര്യാക്കാര്‍ വിശ്വസിക്കുന്നു.

വേദപുസ്തകത്തില്‍ ഒരിടത്തും ഗെരിസീം പര്‍വ്വതത്തില്‍ ഒരു ദൈവാലയം ഉണ്ടായിരുന്നതായി പറയുന്നില്ല. ആവര്‍ത്തനപുസ്തകം 27: 4 മുതല്‍ 6 വരെയുള്ള വാക്യങ്ങളില്‍, മരുഭൂമിയില്‍ ആയിരുന്ന യിസ്രായേല്‍ ജനം യോര്‍ദ്ദാന്‍ കടന്നു കനാന്‍ ദേശത്ത് എത്തുമ്പോള്‍, ഏബാൽ പർവ്വത്തിൽ കല്ലുകൊണ്ടു ഒരു യാഗപീഠം പണിത് അവിടെ യഹോവെക്കു ഹോമയാഗങ്ങൾ അർപ്പിക്കേണം എന്നു മോശെ കല്‍പ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പഴയനിയമത്തിന്റെ പഴയ ലാറ്റിന്‍ പരിഭാഷകളിലും, ചാവുകടലിന്റെ തീരത്തുള്ള ക്യുമ്രാന്‍ സമൂഹത്തിന്റെ പക്കല്‍ നിന്നും ലഭിച്ചിട്ടുള്ള ആവര്‍ത്തന പുസ്തകത്തിന്റെ ഭാഗങ്ങളിലും, ഗെരിസീംപർവ്വതമുകളില്‍ ലേവ്യര്‍ യാഗപീഠം പണിത്, യാഗം അര്‍പ്പിച്ചിരുന്നു എന്നു പറയുന്നുണ്ട്.

യെരൂശലേം ദൈവാലയത്തെക്കുറിച്ചുള്ള ശമര്യാക്കാരുടെ അഭിപ്രായം ഇതാണ്: ദൈവം തിരഞ്ഞെടുത്ത ആദ്യ പുരോഹിതന്‍ ലേവ്യ ഗോത്രക്കാരനായ അഹരോന്‍ ആയിരുന്നു. (ഉല്‍പ്പത്തി 28:1, സംഖ്യാപുസ്തകം 3:10). അവന്റെ പുത്രനായ എലെയാസാറിനും അവന്റെ മകനായ ഫീനെഹാസിനും അവന്റെ സന്തതിക്കും നിത്യ പൌരോഹിത്യം ലഭിച്ചു. (സംഖ്യാപുസ്തകം 25: 13). ഈഥാമാര്‍ അഹരോന്റെ ഇളയ പുത്രനായിരുന്നു. ഏലി പുരോഹിതന്‍ ഈഥാമാറിന്‍റെ വംശാവലിയില്‍ ജനിച്ച ആളാണ്. ഏലി പുരോഹിതന് ഗെരിസീമിലെ ആലയത്തില്‍ പൌരോഹിത്യം ലഭിക്കാതെ വന്നപ്പോള്‍, അദ്ദേഹം കുറെ അനുയായികളുമായി ശമര്യ വിടുകയും ശീലോവ് എന്ന സ്ഥലത്തു മറ്റൊരു താല്‍ക്കാലിക കൂടാരം പണിയുകയും ചെയ്തു. അവിടെ ഏലി പുരോഹിതനായി. ശീലോവിലെ കൂടാരം പിന്നീട് യെരൂശലേമിലേക്ക് മാറ്റി സ്ഥാപിച്ചു. അങ്ങനെയാണ് യെരൂശലേമില്‍ യഹൂദ ദൈവാലയം ഉണ്ടായത്. 

ആലയത്തിന്റെ സ്ഥാനം, ശമര്യയിലെ യിസ്രായേല്യരും യഹൂദന്മാരും തമ്മില്‍ ഉള്ള തര്‍ക്കത്തിന് കാരണമായി. BC 2 ആം നൂറ്റാണ്ടില്‍, യഹൂദയിലെ മക്കാബിയന്‍ വംശത്തിലെ യഹൂദ രാജാവായിരുന്ന ജോണ്‍ ഹൈര്‍കാനസ് (John Hyrcanus - reigned 135 104 BC), ഗെരിസീമിലെ ആലയത്തെ തകര്‍ത്തുകളഞ്ഞു. 

യഹൂദ ചരിത്രകാരനായ ജോസെഫസിന്റെ വിവരണ പ്രകാരം ഗെരിസീമില്‍ ആലയം ഉണ്ടായത് ഇങ്ങനെയാണ്: ബാബിലോണിയന്‍ പ്രവാസത്തിന് ശേഷം തിരികെയെത്തിയ യഹൂദന്മാര്‍ യെരൂശലേമിലെ ദൈവാലയം പുതുക്കിപ്പണിയുവാന്‍ ശ്രമിച്ചു. സെരുബ്ബാബേലും യേശുവയും അതിനു നേതൃത്വം നല്കി. (എസ്രാ 3:2). നെഹെമ്യാവിന്റെ കാലത്ത്, മുമ്പ് ഹിസ്കീയാവ് രാജാവു പണികഴിപ്പിച്ചതുപോലെ ആലയം പുതുക്കി പണിതു. യെരൂശലേമിന്റെ മതിലുകളും പുതുക്കി പണിതു. എന്നാല്‍ ശമര്യയുടെ ഗവര്‍ണര്‍ ആയിരുന്ന ഹോരോന്യനായ സന്‍ബല്ലത്ത് ആലയത്തിന്റെ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചു (Sanballat the Horonite). എങ്കിലും യഹൂദന്മാര്‍ പട്ടണത്തെയും ആലയത്തേയും പുതുക്കി പണിതു.

മഹാപുരോഹിതനായ എല്യാശീബിന്റെ മകന്‍ ആയ യോയാദയുടെ മകനായ മനശ്ശെ ഹോരോന്യനായ സന്‍ബല്ലത്തിന്റെ മരുമകന്‍ ആയിരുന്നു (നെഹെമ്യാവ് 13:28). നെഹെമ്യാവിന്‍റെ അസാന്നിദ്ധ്യത്തില്‍, മനശ്ശെ ആലയത്തിലെ പുരോഹിതന്‍ ആയി. എന്നാല്‍ നെഹെമ്യാവ് അവനെ ഓടിച്ചുകളഞ്ഞു. അതിനാല്‍ സന്‍ബല്ലത്ത് ഗെരിസീം പർവ്വതത്തില്‍ ഒരു ആലയം പണിയുകയും അവന്റെ മരുമകനായ മനശ്ശെയെ അവിടെ മഹാപുരോഹിതന്‍ ആക്കുകയും ചെയ്തു. അങ്ങനെ ഗെരിസീമിലെ ആലയം യെരൂശലേമിലെ ദൈവാലത്തിന് പകരമായി. ഇതാണ് ജോസെഫെസിന്‍റെ വിവരണം.

ശലോമോന്‍ രാജാവായിരിക്കുമ്പോള്‍ യെരൂശലേമില്‍ യഹോവയ്ക്ക് ആലയം പണിതു. അതിനെ ദൈവം, അവന്റെ ആലയമായി അംഗീകരിക്കുകയും ചെയ്തു എന്നു രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


1 രാജാക്കന്മാര്‍ 9: 3 യഹോവ അവനോടു (ശലോമോനോട്) അരുളിച്ചെയ്തതെന്തെന്നാല്‍: നീ എന്‍റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്‍റെ പ്രാര്‍ത്ഥനയും യാചനയും ഞാന്‍ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്‍റെ നാമം അതില്‍ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു;എന്‍റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.

എന്നാല്‍ ശമര്യാക്കാര്‍ ന്യായപ്രമാണ പുസ്തകങ്ങളെ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നതിനാല്‍, ശലോമോന്റെ ആലയത്തെ അവര്‍ അംഗീകരിക്കുന്നില്ല. 

യഹൂദന്മാര്‍ ശമര്യാക്കാരെയും അവരുടെ ഗെരിസീം പർവ്വതത്തില്‍ ഉള്ള ആലയത്തെയും അംഗീകരിക്കുന്നില്ല. അതിന് രാക്ഷ്ട്രീയവും മതപരവുമായ കാരണങ്ങള്‍ ഉണ്ട്. അതിനുള്ള രണ്ടു കാരണങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.

അശൂര്‍ രാജ്യത്തുനിന്നും കുടിയേറിപ്പര്‍ത്ത ജാതീയരുമായി തദ്ദേശീയര്‍ ആയ യിസ്രായേല്‍ ജനം കൂടികലര്‍ന്നതിനാല്‍ അവര്‍ക്ക് ശുദ്ധമായ യിസ്രായേല്‍ പരമ്പര്യം നഷ്ടമായി. നെഹെമ്യാവിന്റെ കാലത്ത് യെരൂശലേമിനെയും ആലയത്തെയും പുതിക്കി പണിതപ്പോള്‍, അതിനെ തടസ്സപ്പെടുത്തുവാന്‍ ശമര്യയുടെ ഗവര്‍ണര്‍ ആയ സന്‍ബല്ലത്ത് ശ്രമിച്ചു. യഹൂദയില്‍ കുറ്റവാളികളായും മത വിദ്ധ്വേഷികളായും പ്രഖ്യാപിക്കപ്പെടുന്നവര്‍ രക്ഷപെട്ടു താമസിക്കുന്നത് ശമര്യയില്‍ ആയിരുന്നു. ശമര്യ അവര്‍ക്ക് അഭയം നല്കി.

ന്യായപ്രമാണപുസ്തകങ്ങള്‍ ആയ തോറയുടെ യഥാര്‍ത്ഥ സൂക്ഷിപ്പുകാര്‍ തങ്ങള്‍ ആണ് എന്നു ശമര്യാക്കാര്‍ അവകാശപ്പെട്ടു. അവര്‍ എഫ്രയീം, മനശ്ശെ എന്നീ യിസ്രായേല്‍ ഗോത്രങ്ങളുടെ പിന്തുടര്‍ച്ചക്കാര്‍ ആണ്. അവരുടെ പക്കല്‍ ഉള്ള ന്യായപ്രമാണ പുസ്തകങ്ങള്‍ (മോശെ എഴുതിയ, വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍) ആണ് ഏറ്റവും ശരിയായ പതിപ്പുകള്‍ എന്ന് അവര്‍ വാദിച്ചു. അവര്‍ ഈ അഞ്ച് പുസ്തകങ്ങളെ മാത്രമേ തിരുവെഴുത്തുകളായി സ്വീകരിക്കുന്നുള്ളൂ. പ്രവാചകന്മാരുടെ പുസ്തകങ്ങളെയും മോശെയുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു. യെരൂശലേം ദൈവാലയവും ലേവ്യ പൌരോഹിത്യവും വ്യാജമാണ് എന്ന് ശമര്യാക്കാര്‍ കരുതി.

ഈ കാരണങ്ങളാല്‍, യഹൂദന്മാര്‍ ശമര്യയിലുള്ളവരെ വെറുത്തു. യഹൂദന് അവരുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടായിരുന്നില്ല. എന്നാല്‍ യേശു സമാധാനത്തിന്റെയും, രക്ഷയുടെയും ദൂതുമായി ശമര്യാക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു.

ശമര്യാക്കാരുടെ വിശ്വസം 5 കാര്യങ്ങളില്‍ അധിഷ്ഠിതം ആണ്. യഹോവ എന്ന ഏക ദൈവം മാത്രമേ ഉള്ളൂ. ദൈവത്തിന്റെ മുഖ്യ മദ്ധ്യസ്ഥന്‍ മോശെയാണ്. ന്യായപ്രമാണ പുസ്തകങ്ങള്‍ ആയ തോറയില്‍ മാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ. (Torah). ആരാധനാ കേന്ദ്രം ഗെരിസീം പർവ്വതത്തില്‍ ആണ്. മാശിഹ ഒരിക്കല്‍ പ്രത്യക്ഷനാകുകയും യിസ്രയേലിന്റെ ശത്രുക്കളായ ജാതികളോട് പ്രതികാരം ചെയ്യുകയും യിസ്രായേല്‍ രാജ്യം പുനസ്ഥാപിക്കുകയും ചെയ്യും. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍, പാപ പരിഹാര യാഗം, കൂടാരപ്പെരുന്നാള്‍, ശബ്ബത്ത് എന്നിവ വിശുദ്ധ ദിവസങ്ങള്‍ ആയി അവര്‍ ആചരിക്കുന്നു.

ശമര്യയില്‍ സുവിശേഷം അറിയിക്കുന്നത് വളരെ പ്രയാസമുള്ള കാര്യം ആയിരുന്നു അതിനാലായിരിക്കാം, ഒരിക്കല്‍ യേശു ശിഷ്യന്മാരോട്, ശമര്യരുടെ പട്ടണത്തില്‍ കടക്കരുത് എന്ന് പറഞ്ഞത്. (മത്തായി 10:5). എന്നാല്‍ ശമര്യര്‍ ദൈവരാജ്യത്തിന് വെളിയിലാണ് എന്ന് അതിനര്‍ത്ഥം ഇല്ല. യേശു അവരോടു സുവിശേഷം അറിയിക്കുകയും അവരെ സൌഖ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആപ്പൊസ്തല പ്രവൃത്തികള്‍ 1: 8 ല്‍ ശമര്യയിലും സുവിശേഷം അറിയിക്കുവാന്‍ യേശു കല്‍പ്പിക്കുന്നു. 8 ആം അദ്ധ്യായത്തില്‍ ഫിലിപ്പൊസ് ശമര്യയില്‍ സുവിശേഷം അറിയിക്കുന്നതായും അവിടെ വലിയ ഉണര്‍വ്വ് ഉണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വളരെകുറച്ചു ശമര്യാക്കാര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. 20 ആം നൂറ്റാണ്ടില്‍ അവര്‍ 200 പേരായി ചുരുങ്ങിയിരുന്നു. എന്നാല്‍ 2010 ലെ കണക്ക് അനുസരിച്ച് അവര്‍ 800 പേര്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ ഗെരിസീമീന് സമീപ പ്രദേശങ്ങളില്‍ ജീവിക്കുന്നു. സമീപകാലത്തായി, ശമര്യ സമൂഹത്തിനു വെളിയില്‍ നിന്നും വിവാഹം കഴിക്കുവാന്‍ പുരുഷന്‍മാര്‍ക്ക് അനുവാദം നല്കി. എന്നാല്‍ അവരുടെ സമൂഹത്തിനു വെളിയില്‍ നിന്നും വിവാഹം കഴിക്കുന്ന സ്ത്രീകളെ പിന്നീട് ശമര്യാക്കാര്‍ ആയി കണക്കാക്കിറില്ല.

ഇന്നത്തെ ശമര്യാക്കാര്‍ പഴയ എബ്രായ ഭാഷ ആരാധനയ്ക്കായി ഉപയോഗിക്കുന്നു. കൂടുതല്‍ ആളുകളും അറബി സംസാര ഭാഷയായി ഉപയോഗിക്കുന്നു. ആധുനിക എബ്രായ ഭാഷ സംസാരിക്കുന്നവരും ഇവര്‍ക്കിടയില്‍ ഉണ്ട്.

ആരാണ് ശമര്യാക്കാര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മള്‍ ഇതുവരെയും ചിന്തിച്ചത്. ഉത്തരം തൃപ്തികരം ആയിരുന്നു എന്നു വിശ്വസിക്കുന്നു.

ആദ്യമായി എന്റെ വീഡിയോ, ഓഡിയോ എന്നിവ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക്, നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുവാനായി, ഒന്നു രണ്ടു വാചകങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

 

No comments:

Post a Comment