കുരിശുയുദ്ധങ്ങള്‍

 റോമന്‍ ചരിത്ര പശ്ചാത്തലം

1096 മുതല്‍ 1291 വരെ മദ്ധ്യപൂര്‍വ്വ ദേശത്ത്, ക്രിസ്തീയ രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങള്‍ എന്നു അറിയപ്പെടുന്നത്. കുരിശുയുദ്ധങ്ങള്‍ പടിഞ്ഞാറന്‍ ക്രിസ്തീയ സഭയും മുസ്ലീം അധിനിവേശക്കാരും തമ്മില്‍ ഉണ്ടായതാണ്. യെരൂശലേം, കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നിവയെ മുസ്ലീം അധിനിവേശത്തില്‍ നിന്നും തിരികെ പിടിക്കുക, സംരക്ഷിക്കുക എന്നിവയായിരുന്നു കുരിശുയുദ്ധങ്ങളുടെ ലക്ഷ്യം. അതിനാല്‍, എന്താണ് പടിഞ്ഞാറന്‍ സഭ എന്നും എന്താണ് കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നും ഉള്ള അറിവ് നമുക്ക് ഇവിടെ ആവശ്യമാണ്.

 


യേശുക്രിസ്തു ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്ത ദേശമായിരുന്ന യഹൂദ, റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു. അന്ന് റോമന്‍ സാമ്രാജ്യം ഏക സാമ്രാജ്യം ആയിരുന്നു. റോമന്‍ സാമ്രാജ്യം അതിവിസ്തൃതം ആയിരുന്നതിനാല്‍ AD 285 ല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി (Emperor Diocletian), റോമന്‍ സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു. പിന്നീട് പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യം കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെയും (Constantine) കിഴക്കന്‍ റോമന്‍ സാമ്രാജ്യം ലൈസിനസ് ചക്രവര്‍ത്തിയുടെയും (Licinus) കീഴില്‍ ആയി. പിന്നീട് കോണ്‍സ്റ്റാന്‍റൈന്‍ കിഴക്കന്‍ റോമിനെ ആക്രമിക്കുകയും റോമന്‍ സാമ്രാജ്യത്തെ വീണ്ടും ഒന്നാക്കുകയും ചെയ്തു.

313 ല്‍ കോണ്‍സ്റ്റാന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. പിന്നീട്, കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, സാമ്രാജ്യത്തിന്റെ തലസ്ഥാനം പടിഞ്ഞാറന്‍ റോമില്‍ നിന്നും കിഴക്കന്‍ റോമിലെ ബൈസാന്‍റിയം (Byzantium) എന്ന പട്ടണത്തിലേക്ക് മാറ്റി. റോം ലാറ്റിന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമായിരുന്നു എങ്കില്‍ ബൈസാന്‍റിയം ഗ്രീക്ക് ഭാഷാ പ്രദേശം ആയിരുന്നു. അദ്ദേഹം ബൈസാന്‍റിയം പട്ടണത്തെ, കോന്‍സ്റ്റാന്റിനോപ്പിള്‍ (Constantinople) എന്ന് പുനര്‍ നാമകരണം ചെയ്തു.

395 ല്‍ വീണ്ടും സംയുക്ത റോമന്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറന്‍ സാമ്രാജ്യം, “വിശുദ്ധ റോമന്‍ സാമ്രാജ്യം” എന്നും കിഴക്കന്‍ സാമ്രാജ്യം, “ബൈസാന്റൈന്‍ സാമ്രാജ്യം” എന്നും അറിയപ്പെട്ടു. (Holy Roman Empire and Byzantine Empire). ഇവരുടെ തലസ്ഥാനം റോമും, കോന്‍സ്റ്റാന്റിനോപ്പിളും ആയിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ ആശയപരവും സാസ്കാരികവും, ഭാഷാപരവുമായ വ്യത്യാസത്താലും, അധികാര തര്‍ക്കങ്ങളാലും, 1054 ല്‍ ക്രിസ്തീയ സഭ രണ്ടായി പിളര്‍ന്നു. പടിഞ്ഞാറന്‍ വിഭാഗം റോമില്‍, മാര്‍പ്പാപ്പയുടെ കീഴില്‍ കത്തോലിക്ക സഭ എന്നും കിഴക്കന്‍ വിഭാഗം കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്റെ കീഴില്‍ ഓര്‍ത്തഡോക്സ് സഭ എന്നും അറിയപ്പെട്ടു. ഈ ചരിത്ര പശ്ചാത്തലത്തില്‍ ആണ് കുരിശുയുദ്ധങ്ങള്‍ നടക്കുന്നത്.

കുരിശുയുദ്ധങ്ങളുടെ ചരിത്ര പശ്ചാത്തലം

കുരിശുയുദ്ധങ്ങള്‍ ആരംഭിക്കുന്നത് 11 ആം നൂറ്റാണ്ടില്‍ ആണ്. കുരിശുയുദ്ധം എന്ന വാക്ക് ഒന്നാമത്തെ കുരിശുയുദ്ധ കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. അന്ന് “തീര്‍ത്ഥയാത്ര” എന്നും അതിന്റെ ചുരുക്കമായി “യാത്ര” എന്നും ആണ് യുദ്ധത്തിന് പുറപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നത്. 12 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ, “കുരിശിനാല്‍ സമ്മതപത്രം നല്കിയ വ്യക്തി” എന്ന അര്‍ത്ഥത്തില്‍ യുദ്ധത്തില്‍ പങ്കെടുത്തവരെ ക്രൂസേഡര്‍ (one signed by the crossCrusader) എന്നു അറിയപ്പെടുവാന്‍ തുടങ്ങി. 17 ആം നൂറ്റാണ്ടില്‍ ആണ് ഇന്ന് നമ്മള്‍ ഉപയോഗിയ്ക്കുന്ന ക്രൂസേഡ് (crusade) എന്ന വാക്ക് പ്രചാരത്തില്‍ ആയത്.

 

കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങളുടെമേലുള്ള മുസ്ലീം സാമ്രാജ്യങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നതായിരുന്നു കുരിശുയുദ്ധങ്ങളുടെ പ്രഥമ ലക്ഷ്യം. ക്രിസ്തീയ വിശ്വാസികളും മുസ്ലീം വിശ്വാസികളും ഒരുപോലെ വിശുദ്ധ ദേശമായി കരുതിയിരുന്ന യെരൂശലേമിനെയു, മുമ്പ് ക്രിസ്തീയ പ്രദേശങ്ങള്‍ ആയിരുന്ന മദ്ധ്യപൂര്‍വ്വ പ്രദേശങ്ങളേയും മുസ്ലീം അധിനിവേശക്കാരില്‍ നിന്നും തിരിച്ചു പിടിക്കുക, അക്രൈസ്തവ (pagan) പ്രദേശങ്ങളെ പിടിച്ചെടുക്കുക എന്നിവയും ഉദ്ദേശ്യങ്ങള്‍ ആയിരുന്നു. ഇതിനോടൊപ്പം വിഭാഗീയമായി പ്രവര്‍ത്തിച്ച ക്രിസ്തീയ പ്രസ്ഥാനങ്ങളോടും വിരുദ്ധ ഉപദേശങ്ങള്‍ പിന്തുടര്‍ന്നിരുന്ന പ്രാദേശിക സഭകളോടും ചെറിയ യുദ്ധങ്ങള്‍ ഉണ്ടായി. 1096 മുതല്‍ 1291 വരെയുള്ള കാലഘട്ടത്തില്‍, എട്ട് പ്രധാനപ്പെട്ട കുരിശുയുദ്ധങ്ങള്‍ ആണ് നടന്നിട്ടുള്ളത്. അതില്‍ പങ്കെടുത്തവര്‍, ഈ യുദ്ധങ്ങളെ വിശുദ്ധ യുദ്ധമായും, അതില്‍ പങ്കെടുക്കുന്നത് പാപ പരിഹാരത്തിനുള്ള പ്രായശ്ചിത്തമായും കരുതിയിരുന്നു.

കുരിശുയുദ്ധങ്ങളുടെ കാരണം

മദ്ധ്യപൂര്‍വ്വ ക്രിസ്തീയ രാജ്യങ്ങളിലേക്കുള്ള മുസ്ലീം ആക്രമണവും കടന്നുകയറ്റം ആരംഭിക്കുന്നത് 8 ആം നൂറ്റാണ്ടില്‍ ആണ്. ആദ്യകാലങ്ങളില്‍, സിറിയ, പലസ്തീന്‍ എന്നിവിടങ്ങളില്‍ വലിയ ആക്രമണങ്ങള്‍ ഉണ്ടായില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള ദൂരമായിരിക്കാം അതിനുള്ള കാരണം. എന്നാല്‍ പിന്നീട് ഈ രാജ്യങ്ങളെയും മുസ്ലീം സൈന്യം ആക്രമിച്ച് കീഴടക്കി.

AD 976 ജനുവരി 10 ആം തീയതി, ബാസില്‍ രണ്ടാമന്‍ ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി. (Basil II – ഭരണം: 976 ജനുവരി 10 – 1025 ഡിസംബര്‍ 15). അദ്ദേഹം സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കുന്നതില്‍ ഉല്‍സാഹിച്ചു. 1025 ആയപ്പോഴേക്കും കിഴക്കന്‍ ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ അതിരുകള്‍ കിഴക്കോട്ട് ഇറാന്‍ വരെ നീണ്ടു. ബള്‍ഗേറിയ, തെക്കന്‍ ഇറ്റലി എന്നിവിടങ്ങള്‍ എല്ലാം സാമ്രാജ്യത്തിന് കീഴില്‍ ആയി.


എന്നാല്‍, ഇറ്റലിയിലെ നോര്‍മന്‍ വംശജര്‍, സെര്‍ബുകള്‍, സെല്‍ജൂക്ക് തുര്‍ക്കികള്‍ എന്നിവരും മറ്റ് അയല്‍ രാജ്യങ്ങളും ബൈസാന്റിയും സാമ്രാജ്യത്തോട് കലഹിച്ചുകൊണ്ടിരുന്നു. (Normans in Italy, Pechenegs, Serbs, Cumans, Seljuk Turks). മദ്ധ്യ കിഴക്കന്‍ പ്രദേശങ്ങളില്‍ 10 ആം നൂറ്റാണ്ടു മുതല്‍ തന്നെ സെല്‍ജൂക്ക് തുര്‍ക്കികള്‍ കുടിയേറി പാര്‍ത്തിരുന്നു. സെല്‍ജൂക്ക് തുര്‍ക്കികള്‍ മദ്ധ്യ ഏഷ്യയിലെ ഒരു ഗോത്രവര്‍ഗ്ഗം ആയിരുന്നു. അവര്‍ ഇസ്ലാം മതത്തെ സ്വീകരിക്കുകയും, ഇറാനിലേക്ക് കുടിയേറി താമസിക്കുകയും ചെയ്തു. പിന്നീട് അവര്‍, ഒരു ശക്തിയായി മാറുകയും, ഇറാന്‍, ഇറാഖ്, അതിനോടനുബന്ധിച്ച കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവ പിടിച്ചടക്കി ഭരണം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ, ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ പല പ്രദേശങ്ങളും, സെല്‍ജൂക്ക് മുസ്ലീം സാമ്രാജ്യം (Seljuk Empire) പിടിച്ചെടുത്തു. തുടര്‍ന്നു അവിടെ വലിയ നാശങ്ങളും ആഭ്യന്തര കലാപങ്ങളും ഉണ്ടായി.

11 ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് സെല്‍ജൂക് തുര്‍ക്കികള്‍, അബ്ബാസിദ് കാലിഫിന്റെ കൈയ്യില്‍ നിന്നും  ഈജിപ്തിന്റെ ഭരണം കൈവശമാക്കി. (Seljuq Turks, Abbāsid caliphs). സെല്‍ജൂക്കുകാര്‍ ഈജിപ്തിലെ ഫാറ്റിമിഡ്സ് രാജവംശത്തിന് എതിരായിരുന്നു. (Fatimids). ഫാറ്റിമിഡ്സ് രാജവംശം ഷിയാ മുസ്ലീങ്ങളും സെല്‍ജൂക്ക് വംശജര്‍ സുന്നി മുസ്ലീങ്ങളും ആയിരുന്നു. അവര്‍ അനാറ്റോളിയ, ബൈസാന്റൈന്‍ അര്‍മേനിയ എന്നീ പ്രദേശങ്ങളെയും ആക്രമിച്ചു. 1071 ല്‍ അന്ന് ബൈസാന്റൈന്‍ ചക്രവര്‍ത്തി ആയിരുന്ന റോമാനോസ് നാലാമന്‍ (Romanos IV Diogenes) സെല്‍ജൂക്കിന്റെ ആക്രമണത്തെ ചെറുക്കുവാന്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. അദ്ദേഹത്തെ മാന്‍സികേര്‍ട് (Manzikert) എന്ന സ്ഥലത്തു വച്ച് സെല്‍ജൂക്ക് സൈന്യം തടവിലാക്കി. അങ്ങനെ ഏഷ്യ മൈനര്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം മുഴുവന്‍ തുര്‍ക്കികളുടെ അധിനിവേശത്തിന് കീഴില്‍ ആയി. (Asia Minor).


1081 ല്‍ അലെക്സിയസ് കൊംനേനസ് (Alexius I Comnenus – ഭരണം: 1081 to 1118) എന്ന ഗ്രീക്ക് ക്രിസ്തീയ സൈന്യാധിപന്‍ ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ ശേഷിച്ചിരുന്ന പ്രദേശങ്ങളെ അദ്ദേഹം സംരക്ഷിച്ചു കാത്തു.

എന്നാല്‍, സെല്‍ജൂക് അധിനിവേശം തുടര്‍ന്നുകൊണ്ടിരുന്നു. 1085 ല്‍ അവര്‍ അന്ത്യോക്യായും സിറിയയും പിടിച്ചടക്കി. അന്ന് അന്ത്യോക്യ ഒരു ക്രിസ്തീയ പാത്രിയര്‍ക്കീസ് ആയിരുന്നു. അന്ത്യോക്യ നഷ്ടമായത് ബൈസാന്റൈന്‍ സാമ്രാജ്യത്തിന് ഏറ്റ ഒരു തിരിച്ചടി ആയിരുന്നു. 11 ആം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, അന്നത്തെ ക്രിസ്തീയ രാജ്യങ്ങളുടെ മൂന്നില്‍ രണ്ട് പ്രദേശങ്ങള്‍ മുസ്ലീം അധിനിവേശക്കാര്‍ കീഴടക്കി.

1087 ല്‍ അന്ന്, യെരൂശലേം ഭരിച്ചിരുന്ന ഫാറ്റിമിഡ് കാലിഫേറ്റ് (Fatimid Caliphate) എന്ന മുസ്ലീം രാജവംശത്തില്‍ നിന്നും, തുര്‍ക്കിയിലെ ഒരു സെല്‍ജൂക്ക് യുദ്ധ പ്രഭുവായിരുന്ന അറ്റ്സിസ് (Turkish warlord Atsiz) യെരൂശലേമിനെ പിടിച്ചെടുത്തു. അറ്റ്സിസ്, സിറിയ, പലസ്തീന്‍ എന്നിവിടങ്ങള്‍ സെല്‍ജൂക്ക് സാമ്രാജ്യത്തോട് ചേര്‍ത്തു. അന്‍റോളിയ, നിഖ്യാ എന്നീ പ്രദേശങ്ങളും സെല്‍ജൂക്ക്കാര്‍ക്ക് കീഴടങ്ങി. (Syria, Palestine, Anatolia, Nicea). ക്രമേണ സെല്‍ജൂക്ക് സൈന്യം ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്‍റിനോപ്പിളിന് സമീപമെത്തി.

സെല്‍ജൂക്ക് സാമ്രാജ്യത്തിന് യഹൂദന്മാരോടൊ ക്രിസ്തീയ വിശ്വാസികളോടെ അനുഭാവം ഉണ്ടായിരുന്നില്ല. അവര്‍ യെരൂശലേമിലേക്ക് വിശുദ്ധ തീര്‍ത്ഥാടനത്തിന് പോയ ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിച്ചു. ഇതുപോലെയുള്ള രാക്ഷ്ട്രീയവും മതപരവുമായ സംഭവങ്ങള്‍ കുരിശുദ്ധത്തിന് കാരണമായി.

സെല്‍ജൂക്ക് സൈന്യം കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ആക്രമിക്കുവാന്‍ പദ്ധതി ഇട്ടു. ഈ അപകട അവസ്ഥയില്‍, 1095 ല്‍ ബൈസാന്‍റിയം ചക്രവര്‍ത്തി ആയിരുന്ന അലെക്സിയസ് കൊംനെനസ്, അന്നത്തെ കത്തോലിക്ക സഭയുടെ മാര്‍പ്പാപ്പ ആയിരുന്ന അര്‍ബന്‍ രണ്ടാമന്‍റെ അടുക്കല്‍ സൈനീക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദൂതന്മാരെ അയച്ചു. (Pope Urban II – ഭരണം: 1088-1099). 1054 ലെ വലിയ പിളര്‍പ്പിന് ശേഷം, പടിഞ്ഞാറന്‍ ക്രിസ്തീയ സഭയും കിഴക്കന്‍ സഭയും തമ്മിലുള്ള ബന്ധത്തില്‍ സൌഹാര്‍ദ്ദപരമായ അന്തരീക്ഷം പതുക്കെ രൂപപ്പെടുകയായിരുന്നു. ഇത് അലെക്സിയസിന്റെ അപേക്ഷയോട് മാര്‍പ്പാപ്പ അനുകൂലമായി പ്രതികരിക്കുവാന്‍ കാരണമായി. സൈന്യത്തെ അയച്ച് ബൈസാന്‍റിയം സാമ്രാജ്യത്തെ സഹായിച്ചാല്‍, ഇരു സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പര്‍ഹരിക്കുവാന്‍ എളുപ്പമാകും എന്ന് മാര്‍പ്പാപ്പ പ്രതീക്ഷിച്ചു. ആഗോള ക്രൈസ്തവ സഭയുടെ ഏക അദ്ധ്യക്ഷന്‍ മാര്‍പ്പാപ്പ തന്നെ ആണ് എന്ന് തെളിയിക്കുവാനും ഈ അവസരം സഹായിക്കും എന്നും അദ്ദേഹം കരുതി. യെരൂശലേം നഗരത്തെയും, യേശുക്രിസ്തുവിന്റെ ശവശരീരം വെച്ചതെന്ന് കരുതപ്പെടുന്ന സ്ഥലവും മറ്റ് പുണ്യ സ്ഥലങ്ങളും മുസ്ലീം നിയന്ത്രണത്തില്‍ നിന്നും തിരിച്ചു പിടിക്കുവാനുള്ള നല്ല അവസരമായും അദ്ദേഹം അതിനെ കണ്ടു.

1095 നവംബര്‍ മാസം 18 ആം തീയതി, തെക്കന്‍ ഫ്രാന്‍സില്‍, ക്ലെര്‍മോണ്ടിലെ കൌണ്‍സില്‍ (Council of Clermont) എന്നു അറിയപ്പെടുന്ന ആലോചനായോഗം മാര്‍പ്പാപ്പ  വിളിച്ച് ചേര്‍ത്തു. അതില്‍ തെക്കന്‍ ഫ്രാന്‍സിലെ ബിഷപ്പുമാരും, വടക്കന്‍ ഫ്രാന്‍സില്‍ നിന്നും മറ്റ് ഇടങ്ങളില്‍ നിന്നും സഭയുടെ ചില പ്രതിനിധികളും പങ്കെടുത്തു.

ഈ കൌണ്‍സിലില്‍, മുസ്ലീം അധിനിവേശക്കാരോട് യുദ്ധം ചെയ്യുവാനും വിശുദ്ധ ദേശം അവരില്‍ നിന്നും പിടിച്ചെടുക്കുവാനും പടിഞ്ഞാറന്‍ റോമിലെ ക്രിസ്തീയ വിശ്വാസികളെ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

കൌണ്‍സിലിനോട് അനുബന്ധിച്ച്, ഒരു വലിയ ജനകൂട്ടത്തെ അര്‍ബന്‍ മാര്‍പ്പാപ്പ അഭിസംബോധന ചെയ്തു. അദ്ദേഹം ഒരു ഫ്രെഞ്ച്കാരന്‍ ആയിരുന്നു. മുസ്ലീം അധിനിവേശക്കാരില്‍ നിന്നും കിഴക്കന്‍ സഭകള്‍ അനുഭവിക്കുന്ന പീഡനങ്ങളും, യെരൂശലേമിലേക്കുള്ള തീര്‍ത്ഥാടന യാത്രക്കാരെ മുസ്ലീം തുര്‍ക്കികള്‍ ശല്യപ്പെടുത്തുന്നതും, യെരൂശലേമിലുള്ള വിശുദ്ധ സ്ഥലങ്ങളെ അശുദ്ധമാക്കുന്നതും അദ്ദേഹം വിവരിച്ചു.

മാര്‍പ്പാപ്പ മുന്നോട്ട് വച്ച പ്രചോദനങ്ങള്‍ ഇവയായിരുന്നു: ക്രിസ്തീയ വിശ്വാസത്തെയും യെരൂശലേമില്‍ ഉള്ള വിശ്വാസികളെയും ആണ് അവര്‍ സംരക്ഷിക്കുന്നത്. അതിനാല്‍, യുദ്ധത്തില്‍ പങ്കെടുക്കുന്നത് പാപ ക്ഷമയ്ക്കും സ്വര്‍ഗീയ പ്രവേശനത്തിനും ഉള്ള മാര്‍ഗ്ഗമായി മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാനും ധീരോദാത്തത (chivalry) പ്രകടമാക്കുവാനും, സത്യത്തിനും ശരിയായതിനുമായി യുദ്ധം ചെയ്യുവാനും ഉള്ള അവസരമായിരുന്നു അത്. യുദ്ധത്തില്‍ വിജയിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും, ഭൂമിയും ബഹുമാനങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. വിശുദ്ധ നഗരത്തെ നേരില്‍ പോയി കാണുവാനുള്ള പുണ്യ അവസരമായിരിക്കും അത്. അതിനാല്‍ കുരിശുയുദ്ധം ഒരു തീര്‍ത്ഥാടനം കൂടിയാണ്.

അദ്ദേഹത്തിന്റെ പ്രബോധനത്തോട്, പ്രതീക്ഷിച്ചതിലധികം അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായി. “ദൈവം അത് ആഗ്രഹിക്കുന്നു” (Deus le volt - God wills it) എന്ന വാക്കുകള്‍കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി. മാര്‍പ്പാപ്പ യൂറോപ്പില്‍ എല്ലായിടവും പ്രതിനിധികളെ അയച്ച്, പടിഞ്ഞാറന്‍ ഫ്യൂഡല്‍ പ്രഭുക്കന്മാരെയും സൈന്യത്തെയും യുദ്ധത്തിനായി കൂട്ടി. അര്‍ബന്‍ മാര്‍പ്പാപ്പയുടെ ആഹ്വാനം, സൈന്യവും, സമൂഹത്തിലെ ഉന്നതരും, സാധാരണക്കാരും ഒരുപോലെ ആവേശത്തോടെ ഏറ്റെടുത്തു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കുരിശുയുദ്ധത്തിലേക്ക് വലിയ തോതില്‍ സൈന്യത്തെ ശേഖരിച്ചു. കുരിശുയുദ്ധത്തിനായി സൈന്യത്തില്‍ ചേര്‍ന്ന എല്ലാവരും കുരിശിന്റെ അടയാളം ധരിച്ചിരുന്നു. 

യുദ്ധത്തില്‍ പങ്കെടുത്ത പടയാളികളില്‍ ഭൂരിപക്ഷവും അവരുടെ ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ കല്‍പ്പന അനുസരിക്കുക മാത്രമാണു ചെയ്തത് എന്നു ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. അവരില്‍ ചിലര്‍ കടവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരും ആയിരുന്നു. ചിലര്‍ക്ക് സുഭിഷമായ ആഹാരവും പടയാളി എന്ന മാന്യതയും മാത്രം മതിയായിരുന്നു.

കുരിശുയുദ്ധത്തിന്റെ പിന്നില്‍ ചരിത്രകാരന്‍മാര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു ആത്മീയ പ്രചോദനവും ഉണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിനും മരണത്തിനും ശേഷം ആയിരം വര്‍ഷങ്ങള്‍ AD 1000 ആണ്ടോടെ തികഞ്ഞു എന്നും അതിനാല്‍ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ഉടന്‍ ഉണ്ടാകും എന്നും അന്നത്തെ അന്ത്യകാല പ്രഭാഷകര്‍ പ്രബോധിപ്പിച്ചു. 1000 ആണ്ടോടെ യേശുക്രിസ്തുവിന്റെ ജനനത്തിനും, 1033 ഓടെ ക്രിസ്തുവിന്റെ ക്രൂശീകരണത്തിനും ശേഷമുള്ള ആയിരം വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അതിനാല്‍ വിശ്വസ്തരായ ക്രിസ്തീയ വിശ്വാസികള്‍ യെരൂശലേമിലേക്ക് തീര്‍ഥയാത്രയായി പോകേണം എന്നും അവിടെ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കേണം എന്നും പ്രബോധകര്‍ പ്രചരിപ്പിച്ചു. അതിനാല്‍ യെരൂശലേമിലേക്കുള്ള തീര്‍ത്ഥയാത്രക്കാരുടെ എണ്ണം വളരെകൂടി. അവരുടെ യാത്രയ്ക്ക് ഉണ്ടായേക്കാവുന്ന ചെറിയ തടസ്സങ്ങള്‍ പോലും വളരെ വൈകാരികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി.

പീപ്പിള്‍സ് ക്രൂസേഡ്

ഒന്നാമത്തെ കുരിശുയുദ്ധത്തിന്നായുള്ള തയ്യാറെടുപ്പുകള്‍ നടക്കവേയാണ്  “പീപ്പിള്‍സ് ക്രൂസെഡ്” എന്ന് അറിയപ്പെടുന്ന സാധാരണക്കാരുടെ മുന്നേറ്റം ഉണ്ടായത്. (People’s Crusade). ഇതിന് നേതൃത്വം നല്കിയത്, പീറ്റര്‍ ദി ഹെര്‍മിറ്റ് എന്ന ആത്മീയ പ്രഭാഷകനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന വാള്‍ട്ടര്‍ സാന്‍സ് അവോറും ആയിരുന്നു. (Peter the Hermit, Walter Sans Avoir). ഇതൊരു ക്രമീകരണമില്ലാത്ത സാധാരണക്കാരുടെ ആള്‍കൂട്ടം ആയിരുന്നു. യെരൂശലേം ആയിരുന്നു അവരുടെ ലക്ഷ്യം. ഇവര്‍ ജര്‍മ്മനിയില്‍ നിന്നും പുറപ്പെട്ട്, യെരൂശലേമിലേക്കുള്ള യാത്രാ മദ്ധ്യേ, കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ എത്തി. അവിടെ ബൈസാന്‍റിയം ചക്രവര്‍ത്തിയായിരുന്ന അലെക്സിയസ് അവരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഉടന്‍ തന്നെ യെരൂശലേമിലേക്ക് പോകാതെ, സൈന്യം വരുന്നതുവരെ കാത്തിരിക്കേണം എന്നു ചക്രവര്‍ത്തി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഒരു സൈന്യത്തിന്റെ ക്രമീകരണമോ അച്ചടക്കാമോ ഈ ജനകൂട്ടത്തിന് ഇല്ലായിരുന്നു. അതിനാല്‍ അവരെ അടക്കി നിറുത്തുക പ്രയാസമായി. അതിനാല്‍ 1096 ആഗസ്റ്റ് 6 ആം തീയതി, അവരെ ബോസ്പൊറസ് (Bosporus) കടലിടുക്കിന്റെ അക്കരെയ്ക്ക് കടത്തി. പീറ്റര്‍ കൂടുതല്‍ സഹായം ശേഖരിക്കുന്നതിനായി കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ താമസിച്ചു. ബോസ്പൊറസില്‍ ഈ ജനകൂട്ടത്തെ തുര്‍ക്കികള്‍ ആക്രമിക്കുകയും എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു.

ഇതൊരു വിഡ്‌ഢിത്തമായി നമുക്ക് തോന്നാം. എങ്കിലും, കുരിശുയുദ്ധം അന്നത്തെ ക്രിസ്തീയ വിശ്വാസികളില്‍ എത്ര വലിയ ആവേശം നിറച്ചു എന്നതിന് ഈ സംഭവം ഒരു ദൃഷ്ടാന്തം ആണ്.

കുരിശുയുദ്ധത്തിന്റെ വാര്‍ത്തകളില്‍ വേദനയുളവാക്കുന്ന മറ്റ് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജര്‍മ്മനിയില്‍ പീറ്റര്‍ ദി ഹെര്‍മിറ്റ് നടത്തിയ പ്രബോധനങ്ങള്‍ മറ്റു ചില കൂട്ടങ്ങളെയും എഴുന്നേല്‍പ്പിച്ചു. ഇതില്‍ കുപ്രസിദ്ധനായ ഒരു വ്യക്തിയായിരുന്നു കൌണ്ട് എമികൊ (Count Emicho). 1096 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റെനിഷ് എന്ന പട്ടണത്തില്‍ യഹൂദന്‍മാര്‍ക്ക് നേരെ വലിയ ആക്രമണം ഉണ്ടായി. (Rhenish). ഒന്നുകില്‍ മതം മാറുക, അല്ലെങ്കില്‍ മരിക്കുക എന്നതായിരുന്നു എമികോയുടെ ആവശ്യം. എന്നാല്‍ യഹൂദന്മാര്‍ അവരുടെ വിശ്വസം ഉപേക്ഷിക്കാതെ മരിക്കുവാന്‍ തയ്യാറായി. ഇത് വലിയ കൂടക്കൊലയ്ക്കും യഹൂദന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം വഷളാകുവാനും കാരണമായി. ഇതിനെ പിന്നീട്  ക്രിസ്തീയ വിശ്വാസികള്‍ തന്നെ തള്ളിപ്പറഞ്ഞു. 

 

ഒന്നാമത്തെ കുരിശുയുദ്ധം

 ഒന്നാമത്തെ കുരിശുയുദ്ധം നടക്കുന്നത്, AD 1096 മുതല്‍ 1099 വരെയാണ്. സെയിന്‍റ് ഗിലെസിലെ റെയ്മൊണ്ട്, ബൊയിലോണിലെ ഗോഡ് റേ, വെര്‍മാണ്ടോസിലെ ഹഗ്, ഒട്രാന്‍റോ യിലെ ബൊഹെമോണ്ട്, ഫ്ലാന്‍ഡേര്‍സിലെ റോബര്‍ട്ട് എന്നിവരാണ് ഒന്നാമത്തെ കുരിശുയുദ്ധം നയിച്ചത്. ഇവരുടെ നേതൃത്വത്തില്‍ നാല് സൈന്യങ്ങള്‍ രൂപീകരിച്ചു. ഇവര്‍ 1096 ല്‍ ബൈസാന്റിയത്തില്‍ നിന്നും യുദ്ധത്തിനായി പുറപ്പെട്ടു. (Raymond of Saint-Gilles, Godrey of Bouillon, Hugh of Vermandois, Bohemond of Otranto, Robert of Flanders).

1096 ല്‍, ഫ്രാന്‍സിലെ രാജാവായിരുന്ന ഫിലിപ്പ് ഒന്നാമന്റെ സഹോദരനായ വെര്‍മാണ്ടോസിലെ ഹഗിന്റെ (Hugh of Vermandois) നേതൃത്വത്തില്‍ ഒരു ചെറിയ സൈന്യം യെരൂശലേമിലേക്ക് പുറപ്പെട്ടു. എങ്കിലും അവര്‍ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടു. അവരുടെ കപ്പല്‍ തകരുകയും സൈന്യത്തിന് നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. അതിനുശേഷം ആഗസ്റ്റ് മാസത്തില്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം 4 സൈന്യം യെരൂശലേമിലേക്ക് പുറപ്പെട്ടു. ആദ്യ സൈന്യം 1096 ഡിസംബര്‍ 23 ആം തീയതി കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ എത്തിച്ചേര്‍ന്നു. ശേഷം മറ്റുള്ളവരും അവിടെ എത്തി.

കുരിശുയുദ്ധത്തിനുള്ള നാല് സൈന്യവും കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ എത്തിയപ്പോള്‍, ബൈസാന്റൈന്‍ ചക്രവര്‍ത്തി ആയിരുന്ന അലെക്സിയസ്, സൈന്യാധിപന്മാരോട് ഒരു പ്രതിജ്ഞ ആവശ്യപ്പെട്ടു. സൈന്യം അലെക്സിയസിനോട് കൂറുള്ളവര്‍ ആയിരിക്കാം എന്നും തുര്‍ക്കികളുടെ കയ്യില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥലങ്ങളുടെ മേലും, അവര്‍ പിടിച്ചെടുക്കുന്ന മറ്റ് പ്രദേശങ്ങളുടെമേലും അലെക്സിയസിനായിരിക്കും അധികാരം എന്നും സൈന്യം ഉറപ്പ് നല്‍കേണം എന്ന് ചക്രവര്‍ത്തി ആവശ്യപ്പെട്ടു. എന്നാല്‍, ഒട്രാന്‍റോയിലെ ബൊഹെമോണ്ട് ഒഴികെ മറ്റാരും ചക്രവര്‍ത്തിയുടെ ആവശ്യം അംഗീകരിച്ചില്ല. (Bohemond of Otranto).

നിഖ്യാ, അനാറ്റോളിയ, അന്ത്യോക്യ

1097 മെയ് മാസത്തില്‍ ല്‍ കുരിശുയുദ്ധക്കാരും ബൈസന്‍റിയന്‍ സൈന്യവും, അനാറ്റോളിയയിലെ (Anatolia) സെല്‍ജൂക്ക് വംശജരുടെ (Seljuks) തലസ്ഥാനമായിരുന്ന നിഖ്യാ പട്ടണം ആക്രമിച്ചു. (Nicaea). ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഈ പട്ടണം, മുമ്പ് ബൈസാന്‍റിയം സാമ്രാജ്യത്തില്‍ ആയിരുന്നു. ജൂണ്‍ 19 നു നിഖ്യാ പട്ടണം അവര്‍ തിരിച്ചു പിടിച്ചു. 

അവിടെ നിന്നും കുരിശുയുദ്ധക്കാര്‍, ജൂണ്‍ 26 നു  അന്ത്യോക്യയിലേക്ക് പോയി (Antioch). അന്ത്യോക്യയും ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രദേശം ആയിരുന്നു. എന്നാല്‍ 1084 മുതല്‍ അത് മുസ്ലീം നിയന്ത്രണത്തില്‍ ആയി. യാത്രാമദ്ധ്യേ, ജൂലൈയില്‍ 1 ആം തീയതി  അനാറ്റോളിയ (Anatolia) യില്‍ വച്ച് തുര്‍ക്കികളുമായി ഏറ്റുമുട്ടി, അവരെ തോല്പ്പിച്ചു, അനറ്റോളിയ പിടിച്ചെടുത്തു. അന്ത്യോക്യായെ പിടിച്ചടക്കുവാനുള്ള പോരാട്ടം കഠിനം ആയിരുന്നു. അതിനാല്‍ സൈന്യത്തില്‍ ചിലര്‍ തിരികെ പോയി. ബൈസന്‍റിയന്‍ ചക്രവര്‍ത്തിയായിരുന്ന അലെക്സിയാസ് പോലും പിന്തിരിഞ്ഞു. അങ്ങനെ കുരിശുയുദ്ധക്കാര്‍ അദ്ദേഹത്തോട് ഉള്ള കൂറ് ഉപേക്ഷിച്ചു.

1097 ഒക്ടോബര്‍ 20 ആം തീയതി  കുരിശുയുദ്ധക്കാര്‍ അന്ത്യോക്യായുടെ സമീപത്ത് എത്തി, അവര്‍ അന്ത്യോക്യ യ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. തുടര്‍ന്നുണ്ടായ യുദ്ധം 8 മാസങ്ങള്‍ നീണ്ടു. കുരിശുയുദ്ധക്കാരുടെ നേതാവായിരുന്ന ബോഹെമൊണ്ട് (Bohemond) സന്ധി സംഭാഷണത്തിന് തയ്യാറായിരുന്നു എങ്കിലും അന്ത്യോക്യായിലെ മുസ്ലിം ഭരണ നേതൃത്വം അതിനു തയ്യാറായില്ല.

കഠിനമായ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍, 1098 ജൂണ്‍ 3 ആം തീയതി, ബോഹെമൊണ്ട് ന്റെ നേതൃത്വത്തിലുള്ള സൈന്യം പട്ടണത്തില്‍ പ്രവേശിക്കുകയും അതിനെ പിടിച്ചെടുക്കുകയും ചെയ്തു. പോരാട്ടത്തില്‍ അനേകം മുസ്ലീം വിശ്വാസികള്‍ കൊല്ലപ്പെട്ടു. കൂട്ടത്തില്‍ ക്രിസ്തീയവിശ്വാസികളും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

അന്ത്യോക്യയില്‍ വീണ്ടും ക്രിസ്തീയ ഭരണം സ്ഥാപിച്ചു. തുര്‍ക്കികള്‍ വീണ്ടും പട്ടണത്തെ ആക്രമിച്ചു, എങ്കിലും അന്തിമ വിജയം കുരിശുയുദ്ധക്കാര്‍ക്ക് തന്നെ ലഭിച്ചു. യേശുക്രിസ്തു ക്രൂശില്‍ കിടക്കുമ്പോള്‍ അവനെ ഒരു റോമന്‍ പടയാളി ഒരു കുന്തം കൊണ്ട് കുത്തിയതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുന്തം (Holy Lance) അന്ത്യോക്യായില്‍ കണ്ടെത്തിയതായി കുരിശുയുദ്ധക്കാര്‍ അവകാശപ്പെട്ടു.

എന്നാല്‍, അന്ത്യോക്യായുടെ ഭാവിയെക്കുറിച്ച് കുരിശുയുദ്ധക്കാര്‍ക്കിടയില്‍ വലിയ തര്‍ക്കം ഉണ്ടായി. എങ്കിലും 1099 ജനുവരി 13 ആം തീയതി, അവര്‍ യെരൂശലേമിലേക്ക് പുറപ്പെട്ടു. ബോഹെമോണ്ട് യെരൂശലേമിലേക്ക് പോകാതെ അന്ത്യോക്യായില്‍ തന്നെ താമസിച്ചു. ഇത് സൈന്യത്തെ ക്ഷയിപ്പിച്ചു.    

യെരൂശലേം പിടിച്ചടക്കുന്നു

അന്ത്യോക്യ പിടിച്ചെടുത്തതിനു ശേഷം കുരിശുയുദ്ധക്കാര്‍ യെരൂശലേമിലേക്ക് യാത്ര ചെയ്തു. അന്ന്, ഈജിപ്ത്യന്‍ ഫാറ്റിമിഡ്സ് രാജവംശം യെരൂശലേമിനെ സെല്‍ജൂക്സ് തുര്‍ക്കികളില്‍ നിന്നും തിരികെ പിടിച്ചിരുന്നു. അതിനാല്‍ കുരിശുയുദ്ധക്കാരുടെ പോരാട്ടം സെല്‍ജൂക്ക് തുര്‍ക്കികളില്‍ നിന്നും ഈജിപ്ത്യന്‍ ഫാറ്റിമിഡ്സ് രാജവംശത്തിന് എതിരായി മാറി. (Fatimids). 1099 ജൂണ്‍ 7 ആം തീയതി, യെരൂശലേമിനെതിരെ അഞ്ചു ആഴ്ചയോളം നീണ്ട ഉപരോധം ആരംഭിച്ചു. അതിന്റെ ഫലമായി 1099 ജൂലൈ 15 ആം തീയതി യെരൂശലേമിലെ മുസ്ലീം ഗവര്‍ണര്‍ കീഴടങ്ങി. കുരിശുയുദ്ധ സൈന്യത്തിന്റെ അധിപന്‍ ആയിരുന്ന ഫ്ലാന്‍ഡേര്‍സിലെ റോബര്‍ട്ട് അവിടെയുണ്ടായിരുന്ന ജനങ്ങള്‍ക്ക് സംരക്ഷണം വാഗ്ദത്തം ചെയ്തിരുന്നു എങ്കിലും വിജയശ്രീലാളിതര്‍ ആയ സൈന്യം അനേകം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നുകളഞ്ഞു. (Robert of Flanders).

യെരൂശലേമിലെ, മുസ്ലീം പുണ്യ സ്ഥലമായ “ഡോം ഓഫ് ദി റോക്ക്” (Dome of the Rock), യിസ്രായേല്‍ രാജാവായ ശലോമോന്‍ രാജാവു പണികഴിപ്പിച്ച യഹൂദ ദൈവാലയമാണ് എന്നു കുരിശുയുദ്ധക്കാര്‍ വിശ്വസിച്ചു. അഖ്സാ മോസ്ക്കിനെ (Aqsa mosque) അവര്‍ ഒരു കൊട്ടാരവും അനുബന്ധ ഇടവുമായി മാറ്റി.

കുരിശുയുദ്ധക്കാര്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളില്‍ പടിഞ്ഞാറന്‍ റോമിനോടു കൂറുള്ള ക്രിസ്തീയ സഭകള്‍ സ്ഥാപിച്ചു. ഇത് ലാറ്റിന്‍ സഭകള്‍ എന്നു ചരിത്രത്തില്‍ അറിയപ്പെട്ടു. യെരൂശലേമില്‍ അവര്‍ 15 ദൈവാലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ, “ചര്‍ച്ച് ഓഫ് നേറ്റിവിറ്റി” എന്ന് അറിയപ്പെടുന്ന ബേത്ത്ലേഹെമിലെ ദൈവാലയം 1110 ല്‍ പാശ്ചാത്യ ക്രിസ്തീയ ബിഷപ്പിന്റെ ഭദ്രാസനമായി. (Church of the Nativity in Bethlehem)


അവര്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ക്രിസ്തീയ ഭരണം സംരക്ഷിക്കുന്നതിനായി, അവിടങ്ങളില്‍ വലുതും ചെറുതുമായ രാജ്യങ്ങള്‍ രൂപീകരിച്ചു. കിങ്ങ്ഡം ഓഫ് ജെറുശലേം, കൌണ്ടി ഓഫ് എഡേസ്സാ, കൌണ്ടി ഓഫ് ട്രിപ്പോലി, പ്രിന്‍സിപ്പാലിറ്റി ഓഫ് ആന്റിഓക് എന്നിവ ഉദാഹരണങ്ങള്‍ ആണ്. (Kingdom of Jerusalem, County of Edessa, County of Tripoli, and Principality of Antioch). ഈ പ്രവിശ്യകളെ പൊതുവേ, കിഴക്കന്‍ ലാറ്റിന്‍ രാജ്യങ്ങള്‍ എന്നും ഔട്രിമെര്‍ എന്നും വിളിച്ചു. (Latin East / Outremer). 1291 വരെ കുരിശുയുദ്ധക്കര്‍ ഈ രാജ്യങ്ങള്‍ ഭരിച്ചു.

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരം ഈ പ്രദേശങ്ങളിലൂടെ സുഗമമായി. ഇത് വ്യാപരികളെ കുരിശുദ്ധത്തിലേക്ക് ആകര്‍ഷിച്ചു. വെനീസ്, പിസ, ഗിനോവ, മാര്‍സെല്ലേ എന്നിവിടങ്ങളിലേക്ക് വ്യാപാരം വ്യാപിച്ചു. (Venice, Pisa, Genoa, and Marseille). ഈ പ്രദേശങ്ങളില്‍ പുതിയ സൈന്യം രൂപീകരിക്കപ്പെട്ടു. അവര്‍ തന്ത്രപ്രധാനമായ കോട്ടകളെയും, തീര്‍ത്ഥാടന യാത്ര ചെയ്യുന്ന വിശ്വാസികളെയും സംരക്ഷിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഈ രാജ്യങ്ങളില്‍, ആവശ്യമുള്ളത്ര സൈന്യം ഇല്ലായിരുന്നു. ഒപ്പം അവിടെയുള്ള ഫ്യൂഡല്‍ പ്രഭുക്കന്‍മാര്‍ക്കിടയില്‍ കലഹവും ഉണ്ടായി. ഇത് പിന്നീടുള്ള പരാജായത്തിന് കാരണമായി.

 

അങ്ങനെ മൂന്നു വര്‍ഷങ്ങളുടെ പോരാട്ടത്തിന് ഒടുവില്‍, കുരിശുയുദ്ധക്കാര്‍ വിജയം കണ്ടു. ദൈവം അവര്‍ക്ക് വിജയം നല്കി എന്നു അവര്‍ വിശ്വസിച്ചു. ഈ വിശ്വാസം ഭാവിയിലെ യുദ്ധങ്ങള്‍ തുടരുവാന്‍ അവരെ പ്രോല്‍സാഹിപ്പിച്ചു.

 

കുരിശുയുദ്ധം ഒരു തീര്‍ത്ഥാടന യാത്ര കൂടി ആയിരുന്നു. അത് പൂര്‍ത്തീകരിച്ചതിനാല്‍, അനേകര്‍ അവരുടെ വീടുകളിലേക്ക് തിരികെ പോയി. ഒരു ചെറിയ കൂട്ടം യെരൂശലേമില്‍ ശേഷിച്ചു. ആദ്യ നാളുകളില്‍ വിശുദ്ധ നഗരത്തിന്റെ ഭരണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായി. ചിലര്‍ അവിടെ ഒരു സഭാപരമായ ഭരണം സ്ഥാപിക്കേണം എന്നു അഭിപ്രായപ്പെട്ടു. എങ്കിലും പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കപ്പെട്ടു. യെരൂശലേമിന്റെ അധികാരിയായി ഗോഡ്ഫ്രെ തിരഞ്ഞെടുക്കപ്പെട്ടു. (Godfrey). രാജാവ്, ചക്രവര്‍ത്തി എന്നീ പേരിനു പകരം, “വിശുദ്ധ ശവകുടീരത്തിന്റെ രക്ഷകന്‍” (Defender of the Holy Sepulchre) എന്ന പേരില്‍ ആദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ സഹോദരന്‍ ബാള്‍ഡ് വിന്‍ അധികാരമേറ്റു (Baldwin). ബാള്‍ഡ് വിന്‍, രാജാവ് എന്ന പേര് സ്വീകരിക്കുകയും, യെരൂശലേമില്‍ ഫ്യൂഡല്‍ സമ്പ്രദായത്തില്‍ അധിഷ്ഠിതിമായ ഒരു രാജകീയ ഭരണം ഉണ്ടാകുകയും ചെയ്തു.

 

കൂടുതല്‍ ക്രിസ്തീയ പ്രദേശങ്ങള്‍ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ 1101 ല്‍ പാസ്ക്കല്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ഒരു കുരിശുയുദ്ധം നടത്തിയെങ്കിലും അത് ഏഷ്യ മൈനര്‍ (Asia Minor) പ്രദേശങ്ങളില്‍ പരാജയപ്പെട്ടു. എന്നാല്‍ യെരൂശലേമിലെ ബാള്‍ഡ് വിന്‍ രാജാവ് അതിരുകള്‍ വിശാലമാക്കിക്കൊണ്ടിരുന്നു.


രണ്ടാമത്തെ കുരിശുയുദ്ധം

രണ്ടാമത്തെ കുരിശുയുദ്ധം നടന്നത് 1147 മുതല്‍ 1149 വരെ, ഫ്രാന്‍സിന്റെ രാജാവായിരുന്ന ലൂയിസ് ഏഴാമന്‍, ജര്‍മ്മനിയുടെ ചക്രവര്‍ത്തി ആയിരുന്ന കോണ്‍റാഡ് മൂന്നാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു. (King Louis VII of France and King Conrad III of Germany,)

 

ഏകദേശം 1130 വരെ, കുരിശുയുദ്ധക്കര്‍ സ്ഥാപിച്ച രാജ്യങ്ങള്‍ സുരക്ഷിതമായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ മുസ്ലീം സൈന്യം അവരുടെ വിശുദ്ധ യുദ്ധത്തിന് തയ്യാറെടുക്കുക ആയിരുന്നു. അവര്‍ ക്രിസ്ത്യാനികളെ പൊതുവേ ഫ്രാങ്ക്സ് (Franks) എന്നു വിളിച്ചു. അങ്ങനെ വീണ്ടും മുസ്ലീം പോരാട്ടം ആരംഭിച്ചു. ഫലമായി 1144 നവംബര്‍ 28 ആം തീയതി, സെല്‍ജൂക്ക് സൈന്യാധിപനായിരുന്ന, ഇറാഖിലെ മോസുള്‍ എന്ന പ്രദേശത്തിന്റെ ഗവര്‍ണര്‍ ഇമാദ്-അദ്-ദിന്‍ സാന്‍ഗി, എഡേസ്സ എന്ന ക്രിസ്തീയ രാജ്യത്തെ പിടിച്ചെടുത്തു. (Mosul in Iraq; Imad ad-Din Zangi, Edessa). അവിടെയുള്ള ക്രിസ്തീയ വിശ്വാസികളെ അടിമകളാക്കി. അങ്ങനെ കുരിശുയുദ്ധക്കാര്‍ക്ക് ഒരു രാജ്യം നഷ്ടപ്പെട്ടു.

 

1146 ല്‍ സാന്‍ഗിയുടെ മരണശേഷം, അദ്ദേഹത്തിന്റെ മകന്‍, നൂര്‍ അല്‍-ദിന്‍ (Nur ad-Din / Nur al-Din) അവിടെ ഭരണാധികാരിയായി. അദ്ദേഹം, ക്രിസ്തീയ രാജ്യങ്ങള്‍ക്കെതിരെ ഒരു വിശുദ്ധ യുദ്ധത്തിനായി എല്ലാ മുസ്ലീം രാജ്യങ്ങളെയും ആഹ്വാനം ചെയ്തു.

എഡേസ്സ പട്ടണം പ്രതിരോധത്തില്‍ ദുര്‍ബലം ആയിരുന്നു. എങ്കിലും അതിന്റെ പതനം പാശ്ചാത്യ-പൌരസ്ത്യ ക്രിസ്തീയ വിശ്വാസികള്‍ക്ക് ഒരു ഞെട്ടല്‍ ആയിരുന്നു. അതിനാല്‍ അവര്‍ യുജീന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ സഹായം തേടി. (Eugene III). അദ്ദേഹം, 1145 ഡിസംബര്‍ 1 ആം തീയതി, രണ്ടാമത്തെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. ഇവിടെയും കുരിശുയുദ്ധം ഒരു പുണ്യ പ്രവര്‍ത്തിയായും, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളുടെ ഉറപ്പായും പ്രഖ്യാപിക്കപ്പെട്ടു.


രണ്ടാമത്തെ കുരിശുയുദ്ധത്തിനായും സാധാരണക്കാര്‍ തയ്യാറയെങ്കിലും, ഇത് കൂടുതല്‍ ക്രമീകൃതമായിരുന്നു. ഒന്നാമത്തെ കുരിശുയുദ്ധത്തിന് വിശുദ്ധ സ്ഥലമായ യെരൂശലേം പിടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കില്‍, രണ്ടാമത്തെ കുരിശുയുദ്ധത്തിന് മൂന്ന് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഏഡേസ്സ പട്ടണത്തെ തിരികെ പിടിക്കുക, സ്പെയിനിലെ മുസ്ലീം അധിനിവേശത്തെ തുരത്തുക, ബാല്‍ട്ടിക് കടല്‍ തീരത്ത് താമസിക്കുന്ന വെന്‍ഡ്സ്  എന്ന അക്രൈസ്തവ ജനത്തോട് പൊരുതുക എന്നിവയായിരുന്നു അത്. (Baltic Sea, the pagan Wends).

 

1147 മെയ് മാസത്തില്‍, ജര്‍മ്മനിയുടെ ചക്രവര്‍ത്തി ആയിരുന്ന കോണ്‍റാഡ്, ജര്‍മ്മന്‍ പ്രഭുക്കന്മാര്‍, പോളണ്ടിലെയും ബോഹെമിയായിലെയും (Poland, Bohemia) രാജാക്കന്മാര്‍, എന്നിവര്‍ യാത്ര തിരിച്ച്, സെപ്തംബറില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിളില്‍ എത്തി.

 

എന്നാല്‍ അന്നത്തെ ബൈസാന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന മനുവേല്‍ കൊംനേനസ് (Manuel Comnenus) ന് രണ്ടാമതൊരു കുരിശുയുദ്ധത്തോട് തല്‍പര്യം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വിദേശ നയതന്ത്ര ബന്ധങ്ങളെ കുരിശുയുദ്ധം തകര്‍ക്കും എന്ന് അദ്ദേഹം കരുതി. ബൈസാന്‍റിയം ജര്‍മ്മനി, വെനീസ്, മാര്‍പ്പാപ്പ എന്നിവരുമായി അദ്ദേഹം സൌഹൃദത്തില്‍ ആയിരുന്നു. ഈ കൂട്ടുകെട്ട് നോര്‍മന്‍ വംശജരെ എതിര്‍ക്കുവാന്‍ ആവശ്യമായിരുന്നു. അതുപോലെ, തുര്‍ക്കിയുടെ സുല്‍ത്താന്‍ ആയിരുന്ന റൂം (Rūm) ആയും 1146 ല്‍ അദ്ദേഹം ഒരു സമാധാന സന്ധിയില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്‍ പ്രകാരം, തുര്‍ക്കികള്‍ ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ ഏഷ്യയിലുള്ള പ്രവിശ്യകള്‍ ആക്രമിക്കാതെയിരുന്നു. എന്നാല്‍ ഈ സന്ധിയെ പടിഞ്ഞാറന്‍ ക്രിസ്തീയ വിശ്വാസികള്‍, കിഴക്കന്‍ വിശ്വാസികളുടെ വിശ്വാസത്യാഗം ആയിട്ടാണ് കണ്ടത്. അതിനാല്‍ ഇരുവര്‍ക്കും ഇടയില്‍ പരസ്പര വിശ്വസം നഷ്ടമായി.    

 

കോണ്‍റാഡിന്റെ സൈന്യം അച്ചടക്കമില്ലാത്ത കൂട്ടം ആയിരുന്നു. ഏഷ്യ മൈനര്‍ പ്രദേശത്തിന്റെ തീര പ്രദേശത്തുകൂടെ യാത്രചെയ്യുവാന്‍ കൊംനേനസ് ഉപദേശിച്ചു. എന്നാല്‍ അത് വകവെയ്ക്കാതെ കോണ്‍റാഡ് സൈന്യത്തെ അനാറ്റോളിയയിലേക്ക് നേരിട്ട് നയിച്ചു. ഈ മുന്നേറ്റം വലിയ പരാജയമായി. 1147 ല്‍ നിഖ്യാ പട്ടണത്തിന്റെ സമീപ പ്രദേശമായിരുന്ന ഡോറിലേയും എന്ന സ്ഥലത്ത് വച്ച്, കോണ്‍റാഡിന്റെ സൈന്യത്തെ തുര്‍ക്കി മുസ്ലീം പട കൊന്നൊടുക്കി (Dorylaeum). ഡോറിലേയും എന്ന സ്ഥലം ഒന്നാമത്തെ കുരിശുയുദ്ധത്തില്‍ അവര്‍ക്ക് വലിയ വിജയം നല്കിയ ഒരു പട്ടണം ആയിരുന്നു. കോണ്‍റാഡിന്റെ സൈന്യത്തില്‍ ശേഷിച്ചിരുന്നവര്‍ നിഖ്യാ പട്ടണത്തിലേക്ക് പിന്മാറി.

 

1147 ഒക്ടോബര്‍ മാസത്തില്‍, ഫ്രാന്‍സിന്റെ രാജാവായിരുന്ന ലൂയിസ് ഏഴാമന്‍ (Louis VII), സൈന്യവുമായി കോണ്സ്റ്റാന്‍റിനോപ്പിളില്‍ എത്തി. നവംബര്‍ മാസത്തില്‍ അവര്‍ നിഖ്യായില്‍ എത്തി. തുടര്‍ന്നു, ലൂയിസും കോണ്‍റാഡും സംയുക്തമായി തീരപ്രദേശത്തുകൂടെ യാത്ര ചെയ്ത്, എഫെസൊസില്‍ എത്തി. (Ephesus). എന്നാല്‍ കോണ്‍റാഡിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹം കോണ്സ്റ്റാന്‍റിനോപ്പിലേക്ക് പോയി. ആരോഗ്യം വീണ്ടെടുത്തത്തിന് ശേഷം അദ്ദേഹം 1148 ഏപ്രിലില്‍, കപ്പല്‍ മാര്‍ഗ്ഗം, ആക്കര്‍ എന്ന തീരപ്രദേശത്തേക്ക് പോയി. (Acre - ɑːkər).

 

ഡിസംബര്‍ 24 ആം തീയതി, എഫെസൊസില്‍, കുരിശുയുദ്ധക്കാര്‍  സെല്‍ജൂക്ക് തുര്‍ക്കികളെ തോല്‍പ്പിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, മിയാന്‍ഡര്‍ (Meander) എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തിലും അവര്‍ വിജയിച്ചു. എന്നാല്‍ 1148 ജനുവരി 6 ആം തീയതിയിലെ, മൌണ്ട് കാഡ്മസ് (Mount Cadmus) എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തില്‍ കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടു. അവര്‍ക്ക് വലിയ നഷ്ടം ഉണ്ടായി. അതിനാല്‍ അവര്‍ നിരാശരായി അന്ത്യോക്യായിലേക്ക് യാത്രതിരിച്ചു. സൈന്യത്തിലെ വലിയ ഒരു വിഭാഗം, തുര്‍ക്കികളുമായുണ്ടായ പോരാട്ടത്തില്‍ നഷ്ടമായി.


എഡേസ്സ പട്ടണത്തെ തിരികെ പിടിക്കുക പ്രയാസയമായ കാര്യം ആയിരുന്നു. സാന്‍ഗി എന്ന മുസ്ലീം ഭരണാധികാരിയുടെ മകനായിരുന്ന നൂര്‍-അല്‍-ദിന്‍ ആയിരുന്നു അപ്പോള്‍ അവിടെ ഭരിച്ചിരുന്നത്. (Zangī, Nūr al-Dīn). അദ്ദേഹം എഡേസ്സ പട്ടണത്തിലെ ക്രിസ്തീയ വിശ്വാസികളെ മുഴുവന്‍ കൊന്നൊടുക്കിയിരുന്നു. അന്ത്യോക്യായുടെ ഭരണാധികാരി ആയിരുന്ന പ്രിന്‍സ് റെയ്മണ്ട്,  നൂര്‍-അല്‍-ദിന്‍ ന്‍റെ ഭരണ കേന്ദ്രമായ അലെപ്പോയെ ആക്രമിക്കുവാന്‍ തയ്യാറായിരുന്നു എങ്കിലും ലൂയിസ് അതിനു തയ്യാറാകാതെ യെരൂശലേമിലേക്ക് പോയി. (Prince Raymond, Aleppo).

 

യെരൂശലേമില്‍, ഫ്രാന്‍സിന്റെ രാജാവ് ലൂയിസും, ജര്‍മ്മനിയുടെ ചക്രവര്‍ത്തി കോണ്‍റാഡും, ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാരും ചേര്‍ന്ന് ഒരു യുദ്ധ പദ്ധതി തയ്യാറാക്കി. എല്ലാവരുടെയും ശേഷിച്ച സൈന്യത്തെ ഒരുമിച്ച് കൂട്ടി. അത് ഏകദേശം 50,000 പേര്‍ ഉണ്ടായിരുന്നു. കുരിശുയുദ്ധത്തിലെ ഏറ്റവും വലിയ സൈന്യം ആയിരുന്നു അത്.

എഡേസ്സ എന്ന പ്രദേശത്തെ തിരികെ പിടിക്കേണം എന്ന ഉദ്ദേശ്യത്തോടെ അവര്‍ 1148 മാര്‍ച്ച് 19 ആം തീയതി അന്ത്യോക്യായില്‍ എത്തി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അവരുടെ പദ്ധതികള്‍ക്ക് മാറ്റം വരുത്തി. അവര്‍ ദമാസ്കസ് ആക്രമിക്കുവാന്‍ തീരുമാനിച്ചു. 1148 ജൂലൈ 24 മുതല്‍ 28 വരെ ദമാസ്കസിനെ, 5 ദിവസങ്ങള്‍ ഉപരോധിച്ചു എങ്കിലും അത് വിജയിച്ചില്ല. യെരൂശലേമിലെ പ്രഭുക്കന്മാര്‍ സൈനീക പിന്തുണ പിന്‍വലിക്കുകയും ചെയ്തു.  


ദമാസ്കസിലെ രാജാവായിരുന്ന ഉനൂര്‍ (Unur), എഡേസ്സയുടെ രാജാവായിരുന്ന നൂര്‍-അല്‍-ദിന്‍ (Nūr al-Dīn) ന്‍റെ സഹായം തേടി. നൂര്‍-അല്‍-ദിന്‍റെ സൈന്യം വരുന്നത് അറിഞ്ഞ കുരിശുയുദ്ധക്കാര്‍, ജൂലൈ 28 ആം തീയതി, യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. കുരിശുയുദ്ധക്കാര്‍ക്ക് അതൊരു നാണംകെട്ട പരാജയം ആയിരുന്നു. അവരുടെ ഇടയിലെ തര്‍ക്കങ്ങളും യോജിപ്പില്ലായ്മയും ആയിരുന്നു പ്രധാന പരാജയ കാരണങ്ങള്‍.  

ദമാസ്കസിന്റെ പരാജയത്തിന് മുമ്പ് തന്നെ മുസ്ലീം ശക്തികള്‍ ഒരുമിക്കുവാന്‍ തുടങ്ങിയിരുന്നു. അവര്‍ സലാ-അല്‍-ദിന്‍ (Salah al-Din – സലാദിന്‍ - Saladin) എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍, 1187 ഒക്ടോബറില്‍ യെരൂശലേമിനെ വീണ്ടും പിടിച്ചെടുത്തു. 1149 ല്‍ നൂര്‍ അല്‍-ദിന്‍ (Nur al-Din) അന്ത്യോക്യായെയും, ദമാസ്കസിനെയും അദ്ദേഹത്തിന്റെ സാമ്രാജ്യത്തോട് കൂട്ടി ചേര്‍ത്തു. 1150 ഓടെ ദമാസ്കസ് എന്ന രാജ്യം ഇല്ലാതെയായി.

ഫ്രാന്‍സിലെ സൈന്യവും ജര്‍മ്മന്‍ സൈന്യവും പരസ്പരം വഞ്ചിച്ചു എന്നു രണ്ടുകൂട്ടരും വിശ്വസിച്ചു. ഇരുവര്‍ക്കും ഇടയില്‍ അവിശ്വാസം വളര്‍ന്ന് വന്നു. ബൈസാന്‍റിയം ചക്രവര്‍ത്തിയായിരുന്ന മനുവേലിന്റെ, മുസ്ലീം ഭരണാധികാരികളുമായി ഉണ്ടായിരുന്ന ചില സന്ധികളെ ഫ്രെഞ്ച് സൈന്യം തെറ്റിദ്ധരിച്ചു. ബൈസാന്‍റിയം വേണ്ടവിധം ഫ്രെഞ്ച് സൈന്യത്തെ സഹായിച്ചില്ല എന്ന ധാരണയും ഉണ്ടായി. മനുവേല്‍ കുരിശുയുദ്ധക്കാരെ ബലഹീനമാക്കുവാന്‍ ശ്രമിക്കുകയാണ് എന്നൊരു ചിന്ത ലൂയിസ് രാജാവിന് തന്നെ ഉണ്ടായി. അതിനാല്‍ ഫ്രെഞ്ച് സൈന്യം പലപ്പോഴും ബൈസാന്റിയത്തിലെ ക്രിസ്ത്യാനികളെ തന്നെ ആക്രമിച്ചു. അങ്ങനെ ബൈസാന്‍റ്റിയത്തെ കുരിശുയുദ്ധകാരില്‍ നിന്നും സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം മനുവേലിന് ഉണ്ടായി.

 

ദമാസ്കസിലെ പരാജയത്തിന് ശേഷം, ജര്‍മ്മന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍റാഡ് കോണ്സ്റ്റാന്‍റിനോപ്പിളിലേക്ക് തിരികെ പോയി. അവിടെ അദ്ദേഹം മനുവേലിനോടൊപ്പം ചേര്‍ന്ന്, സിസിലിയിലെ റോഗര്‍ രാജാവിനെതിരെ യുദ്ധം ചെയ്യുവാന്‍ തീരുമാനിച്ചു. (Roger of Sicily).

 

എന്നാല്‍, ഫ്രാന്‍സിലെ ചക്രവര്‍ത്തിയായിരുന്ന ലൂയിസ്, ബൈസാന്‍റിയം ചക്രവര്‍ത്തിയുടെ നിസ്സഹകരണം പരാജയത്തിന്റെ കാരണമായി കണ്ടു. അദ്ദേഹം സിസിലിയിലെ റോഗര്‍ നല്കിയ കപ്പലില്‍ ഫ്രാന്‍സിലേക്ക് തിരികെപോയി. ബൈസാന്‍റിയം സാമ്രാജ്യത്തിനെതിരെ ഒരു കുരിശുയുദ്ധം ആവശ്യമാണ് എന്നു അദ്ദേഹം കരുതി. എന്നാല്‍ മാര്‍പ്പാപ്പ ഇതിനോട് യോജിച്ചില്ല. അതിനാല്‍ അത് നടപ്പായില്ല. എങ്കിലും, ബൈസാന്‍റിയം കുരിശുയുദ്ധക്കാര്‍ക്ക് അനുകൂലമല്ല എന്ന ചിന്ത യൂറോപ്പിലാകെ പരന്നു.

 

രണ്ടാമത്തെ കുരിശുയുദ്ധം വളരെ പ്രതീക്ഷയോടെ ആരംഭിച്ചു എങ്കിലും പരാജയപ്പെട്ടു. അതിന്റെ പരാജയം വലിയ നിരാശ ഉണ്ടാക്കി. യൂറോപ്പിന്റെ പാപം കാരണമാണ് യുദ്ധങ്ങള്‍ പരാജയപ്പെട്ടത് എന്നു ക്രിസ്തീയ പ്രഭാഷകര്‍ പ്രബോധിപ്പിച്ചു. അതിനാല്‍ പാപത്തില്‍ നിന്നുള്ള ഒരു ശുദ്ധീകരണം ആവശ്യമാണ് എന്ന ചിന്ത വളര്‍ന്നു. അതേ സമയം, കുരിശുയുദ്ധക്കാരുടെ പരാജയം മുസ്ലീം രാജാക്കന്മാരില്‍ വലിയ ഉണര്‍വ്വ് ഉണ്ടാക്കി.  

മൂന്നാമത്തെ കുരിശുയുദ്ധം 

മൂന്നാമത്തെ കുരിശുയുദ്ധം നടന്നത് 1189 മുതല്‍ 1192 വരെയായിരുന്നു. രണ്ടാമത്തെ കുരിശുയുദ്ധത്തിന് ശേഷം, അവര്‍ സ്ഥാപിച്ച യെരൂശലേം എന്ന രാജ്യത്തില്‍ രണ്ടു ശക്തരായ ഭരണാധികാരികള്‍ ഉണ്ടായി. 1143 മുതല്‍ 62 വരെ ബാള്‍ഡ് വിന്‍ മൂന്നാമനും 1163 മുതല്‍ 74 വരെ അമാല്‍റിക് ഒന്നാമനും യെരൂശലേം രാജ്യം ഭരിച്ചു. (Baldwin III, Amalric I). 1153 ല്‍ ബാള്‍ഡ് വിന്‍, അസ്കലോണ്‍ പ്രദേശത്തെ കൂടെ പിടിച്ചടക്കി. (Ascalon). എന്നാല്‍ അടുത്ത വര്‍ഷം, നൂര്‍ അല്‍-ദിന്‍ ദമാസ്കസ് പിടിച്ചെടുത്തപ്പോള്‍ ഈ പ്രദേശത്തിന്മേലുള്ള അധികാരം ബാള്‍ഡ് വിന് നഷ്ടമായി.

യെരൂശലേം രാജ്യത്തിലെ കുരിശുയുദ്ധക്കാര്‍ പലപ്രാവശ്യം ഈജിപ്തിനെ കീഴടക്കുവാന്‍ ശ്രമിച്ചു. 1160-61 ല്‍ ഈജിപ്തിലെ ഫാറ്റിമിഡ് കാലിഫേറ്റ് രാജവംശത്തില്‍ ആഭ്യന്തര പ്രശനങ്ങള്‍ ഉണ്ടായി. അതില്‍ സിറിയയിലെ മുസ്ലീംങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു. ഈ അവസരത്തില്‍, 1164 ല്‍ നൂര്‍ അല്‍-ദിന്‍ ഒരു സൈന്യത്തെ ഈജിപ്തിലെക്ക് അയച്ചു. ഇതില്‍ അപകടം മണത്ത യെരൂശലേമിലെ രാജാവായിരുന്ന അമാല്‍റിക് അതില്‍ ഇടപ്പെടുവാന്‍ തീരുമാനിച്ചു. എങ്കിലും ആദ്യം രണ്ടു സൈന്യവും പിന്മാറി. എന്നാല്‍ 1168 ല്‍ വീണ്ടും യുദ്ധമുണ്ടായി. 

അതിനാല്‍, ഈജിപ്തിനെതിരെ യുദ്ധം ചെയ്യുവാന്‍ ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ സഹായം ആവശ്യമാണ് എന്ന തോന്നല്‍ യെരൂശലേം രാജാവായിരുന്ന അമാല്‍റിക് നു ഉണ്ടായി. അദ്ദേഹം ആര്‍ച്ച് ബിഷപ്പ് വില്യം ഓഫ് ടൈര്‍ (Archbishop William of Tyre) നെ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് പ്രതിനിധിയായി അയച്ചു. എന്നാല്‍ ഈ ദൌത്യത്തിന്റെ ഫലം അറിയുന്നതിന് മുമ്പേ, 1168 ല്‍ അമാല്‍റിക് ഈജിപ്തിലേക്ക് യുദ്ധത്തിന് പോയി. യുദ്ധം പരാജയപ്പെട്ടു. നൂര്‍ അല്‍-ദിന്‍ ന്റെ സൈന്യം, സൈന്യാധിപന്‍ ഷിര്‍ക്കു വിന്റെയും അദ്ദേഹത്തിന്റെ അനിന്തിരവന്‍ സലാദിന്‍ ന്റെയും നേതൃത്വത്തില്‍ 1169 ല്‍ കൈറോ പട്ടണത്തെ കീഴടക്കി. (Nur al-Din, Shīrkūh, Saladin, Cairo). 1169 ല്‍ ബൈസാന്റൈന്‍ സൈന്യം, യെരൂശലേമിന്റെ സൈന്യത്തെ സഹായിക്കുവാന്‍ എത്തിച്ചെര്‍ന്നു. എന്നാല്‍ യെരൂശലേമിലെ സൈന്യവും ബൈസാന്റൈന്‍ സൈന്യവും യുദ്ധത്തില്‍ നിന്നും പിന്മാറി. പരാജയത്തിന് അവര്‍ ഇരുവരും പരസ്പരം പഴിചാരി.

നൂര്‍ അല്‍-ദിന്‍ ന്റെ സൈന്യാധിപന്‍ ഷിര്‍ക്കു, ഈജിപ്തിനെ പിടിച്ചെടുത്തതോടെ ഫാറ്റിമിഡ് കാലിഫേറ്റ് അവസാനിച്ചു. 1169 മെയ് മാസത്തില്‍ ഷിര്‍ക്കു മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ സലാദിന്‍ അധികാരം ഏറ്റെടുത്തു. (Saladin). 1174 ല്‍ അമാല്‍റിക് ഉം നൂര്‍ ആല്‍-ദിനും മരിച്ചു.

1176 ല്‍ ഐക്കോണിയത്തിലെ സെല്‍ജൂക്ക് തുര്‍ക്കികള്‍ ബൈസാന്‍റിയം ചക്രവര്‍ത്തിയായിരുന്ന മനുവേല്‍ കൊംനേനസ് നെ  ഒരു പ്രാദേശിക യുദ്ധത്തില്‍ തോല്‍പ്പിച്ചു. (Iconium). മനുവേല്‍ 1180 ല്‍ മരിച്ചു. അതോടെ ബൈസാന്‍റിയവും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള സഹകരണം അനിശ്ചിതത്തില്‍ ആയി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, മുസ്ലിം ഭരണാധികാരിയായിരുന്ന സലാദിന്‍, അലെപ്പോ പട്ടണം (Saladin, Aleppo) പിടിച്ചെടുത്തു. എന്നാല്‍ 1185 ല്‍ തല്‍ക്കാല യുദ്ധവിരാമം പ്രഖ്യാപിച്ച്, അദ്ദേഹം ഈജിപ്തിലേക്ക് തിരികെ പോയി.

യെരൂശലേം രാജ്യത്തില്‍ അമാല്‍റിക് നു ശേഷം അദ്ദേഹത്തിന്റെ മകന്‍ ബാള്‍ഡ് വിന്‍ നാലാമന്‍, 13 ആം വയസ്സില്‍ രാജാവായി. ആദ്ദേഹത്തിന്റെ കാലത്ത്, രാജകുടുംബത്തിലും പ്രഭുക്കന്മാരുടെ ഇടയിലും കലഹവും ചേരിതിരിവും ഉണ്ടായി. ഇതില്‍ അലെക്സാണ്ടര്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഇടപെടല്‍ ഉണ്ടായെങ്കിലും അത് ദുര്‍ബലം ആയിരുന്നു. (Pope Alexander III). കുഷ്ഠരോഗത്താല്‍ പ്രയാസപ്പെട്ടിരുന്ന ബാള്‍ഡ് വിന്‍ നാലാമന്‍, 1185 മാര്‍ച്ചില്‍ മരിച്ചു.

ബാള്‍ഡ് വിന്‍ നാലാമന്റെ മരണശേഷം, അദ്ദേഹത്തിന്റെ സഹോദരിയുടെ മകന്‍ ബാള്‍ഡ് വിന്‍ അഞ്ചാമന്‍ രാജാവായി. എന്നാല്‍, അദ്ദേഹത്തിന് പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നു എന്നതിനാല്‍, ട്രിപ്പോളിയിലെ റെയ്മോണ്ട് റീജന്‍റ് ആയി. (Raymond of Tripoli). ബാള്‍ഡ് വിന്‍ അഞ്ചാമന്‍ 1186 ല്‍ മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അമ്മ സിബില്‍ രാജഭരണം ഏറ്റെടുത്തു. അവര്‍ അവരുടെ ഭര്‍ത്താവ് ഗൈ ഓഫ് ലൂസിഗ്നന്‍ നെ രാജാവായി നിയമിച്ചു. (Sibyl, Guy of Lusignan).

തുടര്‍ന്നു ആഭ്യന്തര കലാപം ഉണ്ടായി. കലാപത്തിനിടെ മുസ്ലീം യാത്രക്കാരുടെ ഒരു കൂട്ടം ആക്രമിക്കപ്പെട്ടു. അതിനാല്‍, ഈജിപ്തിലെ മുസ്ലീം ഭരണാധികാരിയായിരുന്ന സലാദിന്‍ യെരൂശലേം രാജ്യത്തിനെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു. 1187 ല്‍ അദ്ദേഹം യോര്‍ദ്ദാന്‍ കടന്നു. കുരിശുയുദ്ധക്കാര്‍ 20,000 സൈന്യത്തെ ക്രമീകരിച്ചു. അതില്‍ 1200 പേര്‍ ശക്തമായ ആയുധങ്ങള്‍ വഹിക്കുന്നവര്‍ ആയിരുന്നു. സലാദിന് 30,000 പടയാളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ പകുതിയും കാലാള്‍ പട ആയിരുന്നു.

ജൂലൈ 2 ആം തീയതി, സലാദിന്‍ റ്റൈബേരിയസിലേക്കുള്ള വഴി ഉപരോധിച്ചു. (Tiberias) അദ്ദേഹം ഒരു ചെറിയ സൈന്യത്തെ ആ പട്ടണം ആക്രമിക്കുവാന്‍ അയച്ചു. എന്നാല്‍, ഇതൊരു കെണിയാണ് എന്നു മനസ്സിലാക്കിയ റെയ്മോണ്ട്, അവിടേക്ക് സൈന്യത്തെ അയക്കരുത് എന്നു യെരൂശലേം രാജാവിനോടു ഉപദേശിച്ചു. എങ്കിലും, മറ്റ് പ്രഭുക്കന്മാര്‍ രാജാവിന്റെ മനസ്സ് മാറ്റി. ഇത് കുരിശുയുദ്ധക്കരുടെ സൈന്യത്തിന്റെ നാശത്തില്‍ കലാശിച്ചു. ജൂലൈ 4 ആം തീയതി, സലാദിന്റെ സൈന്യം അവരെ ആക്രമിച്ചു, അവര്‍ പരാജയപ്പെട്ടു. പടയാളികളില്‍ പലരും കൊല്ലപ്പെടുകയോ തടവുകരായി പിടിക്കപ്പെടുകയോ ചെയ്തു. റെയ്മോണ്ടും മറ്റ് ചില പ്രഭുക്കന്മാരും രക്ഷപെട്ടു. യെരൂശലേം രാജാവിനെ സലാദിന്‍ കൊന്നില്ല, എങ്കിലും മറ്റ് ചില പ്രഭുക്കന്മാരെയും സൈന്യത്തെയും കൊന്നു. കാലാള്‍ പടയിലെ അംഗങ്ങളെ അടിമകളായി വിറ്റു. അങ്ങനെ യെരൂശലേം രാജ്യത്തിലെ സൈന്യം മുഴുവനും നശിപ്പിക്കപ്പെട്ടു. മാത്രവുമല്ല, യെരൂശലേമില്‍ ഉണ്ടായിരുന്ന യേശുക്രിസ്തുവിന്റെ കുരിശിന്റെ ശേഷിപ്പ് (True Cross), സലാദിന്‍ ദമാസ്കസിലേക്ക് കൊണ്ടുപോകുകയും അത് അവിടെ, അവരുടെ ജയത്തിന്റെ അടയാളമായി, തലകീഴായി തെരുവുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 


റ്റൈബേരിയസ് പിടിച്ചെടുത്തത്തിന് ശേഷം സലാദിന്‍, ആക്കര്‍ എന്ന തീരപ്രദേശം കൈവശമാക്കി. (Acre - ɑːkər). 1187 സെപ്റ്റംബര്‍ ആയപ്പോഴേക്കും യെരൂശലേം രാജ്യത്തിലെ പ്രധാനപ്പെട്ട എല്ലാ പട്ടണങ്ങളും സലാദിന്‍ പിടിച്ചെടുത്തു. അതേ വര്‍ഷം സലാദിന്‍ യെരൂശലേം രാജ്യത്തെ ആക്രമിക്കുകയും കുരിശുയുദ്ധക്കരുടെ സൈന്യത്തെ ഹാറ്റിന്‍ എന്ന സ്ഥലത്തുവച്ച് തോല്‍പ്പിക്കുകയും ചെയ്തു. (battle of Hattin). ഒക്ടോബര്‍ 2 ആം തീയതി, യെരൂശലേം നഗരവും സലാദിന് കീഴടങ്ങി. ഒരു മോചനദ്രവ്യം കൊടുക്കുന്നവരെ പട്ടണം വിട്ടു പോകുവാന്‍ സലാദിന്‍ അനുവദിച്ചു എങ്കിലും, സാധാരണക്കാര്‍ക്ക് അത് നല്കുവാന്‍ കഴിഞ്ഞില്ല. അവിടെ താമസിച്ചിരുന്നവരില്‍ അനേകം സിറിയന്‍, ഗ്രീക്ക് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. അനേകര്‍ അടിമകളായി വില്‍ക്കപ്പെട്ടു. കുറച്ചു യഹൂദന്മാരെ അവിടെ തുടര്‍ന്നും താമസിക്കുവാന്‍ സലാദിന്‍ അനുവദിച്ചു.

സലാദിന്റെ തുടര്‍ന്നുള്ള ആക്രമണത്തില്‍ മറ്റ് പ്രദേശങ്ങളും മുസ്ലീം ഭരണത്തിന്‍ കീഴില്‍ ആയി. അന്ത്യോക്യ, ട്രിപ്പൊളി, സൈപ്രസ് എന്നീ സ്ഥലങ്ങള്‍ അവര്‍ പിടിച്ചെടുത്തു. അതോടെ ആ പട്ടണങ്ങളുടെ പ്രധാന്യം തന്നെ ഇല്ലാതെയായി. അങ്ങനെ 90 ല്‍ അധികം വര്‍ഷങ്ങളായി യെരൂശലേമില്‍ ഉണ്ടായിരുന്ന ക്രിസ്തീയ ഭരണം ഇല്ലാതെയായി. യെരൂശലേമിന്റെ ഈ പതനം മൂന്നാമത്തെ കുരിശുയുദ്ധത്തിന് കാരണമായി.

 

അര്‍ബന്‍ മൂന്നാമന്‍ മാര്‍പ്പാപ്പ യെരൂശലേമിന്റെ പതനത്തില്‍ ദുഖിതനായാണ് മരിച്ചത് എന്നു ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി ഗ്രെഗറി എട്ടാമന്‍ മാര്‍പ്പാപ്പ, 1187 ഒക്ടോബര്‍ 29 ആം തീയതി, മൂന്നാമതൊരു കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തു. (Gregory VIII). യുദ്ധത്തിന്റെ വിജയത്തിനായി അദ്ദേഹം ഉപവാസവും അനുതാപവും പ്രാര്‍ത്ഥനയും പ്രഖ്യാപിച്ചു.

 

മൂന്നാമത്തെ കുരിശുയുദ്ധത്തെ നയിച്ചിരുന്നത്, ജര്‍മ്മന്‍ രാജാവും റോമന്‍ ചക്രവര്‍ത്തിയും ആയിരുന്ന ഫ്രെഡെറിക് ബാര്‍ബറൊസ്സാ, ഫ്രാന്‍സിന്റെ അഗസ്റ്റസ് ആയിരുന്ന ഫിലിപ്പ് രണ്ടാമന്‍, ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് ദി ലയണ്‍ ഹാര്‍ട്ട് എന്നു അറിയപ്പെട്ടിരുന്ന റിച്ചാര്‍ഡ് ഒന്നാമന്‍ എന്നിവര്‍ ആയിരുന്നു. (Holy Roman emperor Frederick Barbarossa, Phillip II Augustus of France, Richard I - Richard the Lionheart of England). രാജാക്കന്മാരുടെ നേരിടുള്ള സാന്നിധ്യം കാരണം, മൂന്നാമത്തെ കുരിശുയുദ്ധം “രാജാക്കന്മാരുടെ കുരിശുയുദ്ധം” എന്നും അറിയപ്പെടുന്നു. (the Kings' Crusade). ഫ്രെഡെറിക് ബാര്‍ബറൊസ്സാ പല സൈനീക മുന്നേറ്റങ്ങളും ഉണ്ടാക്കി, സലാദിന്റെ സൈന്യത്തിന് തിരിച്ചടികള്‍ നല്കി. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, 1190 ജൂണില്‍, ബാര്‍ബറൊസ്സാ, അദ്ദേഹത്തിന്റെ സൈന്യം സിറിയയില്‍ എത്തുന്നതിന് മുമ്പ്, അനറ്റോളിയയില്‍ വച്ച് ഒരു നദിയില്‍ മുങ്ങി മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, അനേകം ജര്‍മ്മന്‍, റോമന്‍ പടയാളികള്‍ തിരികെ പോയി. 

 

1191 ജൂലൈയില്‍ ആക്കര്‍ എന്ന തീരപ്രദേശം റിച്ചാര്‍ഡിന്റെ സൈന്യം കൈവശമാക്കി. (Acre - ɑːkər). അതിനു മുമ്പായി തന്നെ സൈപ്രസ് അദ്ദേഹം പിടിച്ചെടുത്തിരുന്നു. 1191 സെപ്റ്റംബര്‍ മാസത്തില്‍  അദ്ദേഹത്തിന്റെ സൈന്യം അര്‍സുഫ് എന്ന സ്ഥലത്തുവച്ചുണ്ടായ യുദ്ധത്തില്‍ സലാദിനെ പരാജയപ്പെടുത്തി. (Arsuf) അങ്ങനെ ജാഫാ പട്ടണത്തെ തിരിച്ചുപിടിച്ചു. (Jaffa). ജാഫ പിടിച്ചെടുത്തത്തിന് ശേഷം റിച്ചാര്‍ഡ്, അസ്കലോണ്‍ കീഴടക്കി. (Ascalon). ഇവിടെയെല്ലാം ക്രിസ്തീയ ഭരണം പുനസ്ഥാപിച്ചതിന് ശേഷം റിച്ചാര്‍ഡ് യെരൂശലേമിലേക്ക് പോയി. എന്നാല്‍ യെരൂശലേം പട്ടണം പിടിച്ചടക്കുക ദുഷ്കരമായിരിക്കും എന്നും, ഒരിക്കല്‍ പിടിച്ചടക്കിയാല്‍ തന്നെയും സലാദിന്റെ സൈന്യം അതിനെ തിരിച്ചു പിടിക്കുവാനുള്ള സാധ്യത ഉണ്ട് എന്നും റിച്ചാര്‍ഡ് കണക്ക് കൂട്ടി. അതിനാല്‍ പട്ടണത്തിന് ഉപരോധം ഏര്‍പ്പെടുത്താതെ, സലാദിനുമായി സന്ധി ചെയ്യുവാന്‍ തീരുമാനിച്ചു.

 അങ്ങനെ,  1192 സെപ്തംബര്‍ 2 ആം തീയതി, റിച്ചാര്‍ഡും, സലാദിനും, മൂന്നു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന, ഒരു സമാധാന സന്ധി ചെയ്തു. അതിന്‍ പ്രകാരം യെരൂശലേം രാജ്യം പുനസ്ഥാപിച്ചു. എന്നാല്‍ അതില്‍ യെരൂശലേം പട്ടണം ഉള്‍പ്പെട്ടില്ല. സമാധാന സന്ധിയിലെ മറ്റ് വ്യവസ്ഥകള്‍ ഇതെല്ലാം ആയിരുന്നു: ജാഫ പട്ടണം ക്രിസ്ത്യാനികളുടെ കൈവശം തുടരും. അസ്കലോണ്‍ പട്ടണത്തെ സലാദിന് തിരികെ കൊടുക്കും. ഈ ഉടമ്പടി അനുസരിച്ചു ക്രിസ്തീയ വിശ്വാസികളെ യെരൂശലേമില്‍ പ്രവേശിക്കുവാന്‍ സലാദിന്‍ അനുവദിച്ചു. യേശുക്രിസ്തുവിന്റെ ക്രൂശിന്റെ ശേഷിപ്പ് തിരികെ നല്കുവാനും തടവുകരായ ക്രിസ്തീയ വിശ്വാസികളെ മോചിപ്പിക്കുവാനും സലാദിന്‍ സമ്മതിച്ചു. ആക്കര്‍ എന്ന തീരപ്രദേശം റിച്ചാര്‍ഡ് കൈവശം വച്ചു. എന്നാല്‍ സന്ധിയിലെ വ്യവസ്ഥകള്‍ എല്ലാം കൃത്യമായി പാലിക്കപ്പെട്ടില്ല.

ഒക്ടോബര്‍ 9 ആം തീയതി റിച്ചാര്‍ഡ് യെരൂശലേമില്‍ നിന്നും തിരികെ പോയി. ആക്കര്‍ പ്രദേശം പിന്നീടുള്ള കുരിശുയുദ്ധങ്ങള്‍ക്ക് താവളമായി. സലാദിന്‍ യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് യെരൂശലേമില്‍ പ്രവേശിക്കുവാനുള്ള അനുമതി നല്കി. ഓടിപ്പോയ യഹൂദന്മാരെ പട്ടണത്തിലെക് തിരികെ വിളിക്കുകയും ചെയ്തു.

   

അങ്ങനെ മൂന്നാമത്തെ കുരിശുയുദ്ധം അവസാനിച്ചു. യെരൂശലേം രാജ്യത്തെ പൂര്‍ണ്ണമായും ക്രിസ്തീയ രാജ്യമായി പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞില്ല. ഈ പരാജയം ഒഴിച്ചാല്‍, മൂന്നാമത്തെ കുരിശുയുദ്ധം വിജയമായിരുന്നു. സലാദിന്റെ മുന്നേറ്റത്തെ തടയുവാന്‍ ഈ യുദ്ധത്തിന് കഴിഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് വീണ്ടും ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞു.    

നാലാമത്തെ കുരിശുയുദ്ധം

നാലാമത്തെ കുരിശുയുദ്ധം ആരംഭിക്കുന്നത് 1202 ലും അവസാനിക്കുന്നത് 1204 ലും ആയിരുന്നു. മൂന്നാമത്തെ കുരിശുയുദ്ധക്കാര്‍ തിരികെപോയതിന് ശേഷം 1193 മാര്‍ച്ച് 3 നു സലാദിന്‍ മരിച്ചു. സലാദിന്‍ തുടങ്ങിവച്ച സമാധാന സന്ധി തുടരുവാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ സമ്മതിച്ചു. അത് 13 ആം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങള്‍ വരെ നീണ്ടുനിന്നു. യുദ്ധവിരാമം രണ്ടുകൂട്ടര്‍ക്കും പ്രയോജനമായിരുന്നു. കുരിശുയുദ്ധക്കാര്‍ ആക്കര്‍ തീരപ്രദേശം കേന്ദ്രമാക്കി രണ്ടാമതൊരു യെരൂശലേം രാജ്യം രൂപീകരിച്ചു. 

നാലാമത്തെ കുരിശുയുദ്ധം മുതല്‍ അവസാനത്തെ കുരിശുയുദ്ധം വരെയുള്ള ചരിത്രം നിറം മങ്ങിയതാണ്. 1198 ല്‍ ആണ് നാലാം കുരിശുയുദ്ധത്തിന് ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പ്പാപ്പ ആഹ്വാനം നല്കിയത്. (Pope Innocent III). നാലാമത്തെ കുരിശുയുദ്ധത്തിന് നേതൃത്വം നല്കിയത്, പ്രധാനമായും ഫ്രാന്‍സിലെയും വെനീസിലെയും ഫ്യൂഡല്‍ പ്രഭുക്കന്‍മാരായിരുന്നു. നാലാമത്തെ കുരിശുയുദ്ധത്തിന്റെ പ്രഥമ ലക്ഷ്യം മുസ്ലീം അധികാര കേന്ദ്രമായിരുന്ന ഈജിപ്തിനെ കീഴടക്കുക ആയിരുന്നു. എന്നാല്‍, നിഭാഗ്യവശാല്‍, അവര്‍ ഈജിപ്തിനെ ആക്രമിക്കാതെ, ക്രിസ്തീയ സാമ്രാജ്യമായിരുന്ന ബൈസാന്റിയത്തെ ആക്രമിച്ചു.

അന്നത്തെ ഏറ്റവും വലിയ ക്രിസ്തീയ സാമ്രാജ്യം ബൈസാന്‍റിയം ആയിരുന്നു. അതിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ആയിരുന്നു ഏറ്റവും വലിയ ക്രിസ്തീയ പട്ടണം. എന്നാല്‍, നാലാമത്തെ കുരിശുയുദ്ധക്കാര്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ആക്രമിച്ചു. മാര്‍പ്പാപ്പായുടെ അതിമോഹവും വെനീസിലെ പ്രഭുക്കന്മാരുടെ അത്യാഗ്രഹവും അതിനു കാരണമായി പറയപ്പെടുന്നു. ഏകദേശം ഒരു നൂറ്റാണ്ടായി, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ബൈസാന്‍റിയം സാമ്രാജ്യത്തെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. കുരിശുയുദ്ധങ്ങളില്‍ ബൈസാന്‍റിയം വഞ്ചനാപരമായി പ്രവര്‍ത്തിച്ചു എന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പരാതി ഉണ്ടായിരുന്നു. ബൈസാന്‍റിയന്‍ ചക്രവര്‍ത്തിക്ക് മുസ്ലീം രാജാക്കന്മാരുമായി സമാധാന സന്ധികള്‍ ഉണ്ടായിരുന്നു. ഇതെല്ലാം കാരണം, ഓരോ കുരിശുയുദ്ധം കഴിയുമ്പോഴും, പടിഞ്ഞാറന്‍ രാജ്യങ്ങളും ബൈസാന്‍റിയവും തമ്മിലുള്ള ബന്ധം വഷളായികൊണ്ടിരുന്നു.

ഈ അവസരത്തില്‍, ബൈസാന്‍റിയം സാമ്രാജ്യത്തില്‍ രാജകീയ പിന്തുടര്‍ച്ചയെ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതില്‍ ഇടപ്പെടുവാന്‍ യൂറോപ്പിയന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. ബൈസാന്‍റിയം ചക്രവര്‍ത്തിയായിരുന്ന അലക്സിയസ് മൂന്നാമാനെ (Alexius III), യൂറോപ്പിലെ രാജ്യങ്ങളുടെ പദ്ധതി പ്രകാരം, നീക്കം ചെയ്തു. കുരിശുയുദ്ധക്കാര്‍ കോണ്‍സ്റ്റാന്‍റിനോപ്പിലേക്ക് പ്രവേശിച്ചപ്പോള്‍ അലെക്സിയസ് മൂന്നാമന്‍ ഓടി രക്ഷപെട്ടു. 1203 ല്‍ അദ്ദേഹത്തിന്റെ അനന്തരവന്‍ അലെക്സിയസ് നാലാമന്‍ ചക്രവര്‍ത്തിയായി. (Alexius IV). പുതിയ ചക്രവര്‍ത്തി, ബൈസാന്‍റിയത്തിലെ ഓര്‍ത്തഡോക്സ് സഭയെ റോമിലെ മാര്‍പ്പാപ്പയുടെ കീഴിലാക്കുവാന്‍ ശ്രമിച്ചു. അതിന്റെ ഫലമായുണ്ടായ എതിര്‍പ്പുകളാലും, കൊട്ടാരത്തിനുള്ളിലെ കലാപത്താലും, 1204 ജനുവരിയില്‍ ല്‍ അലെക്സിയസ് നാലാമന്‍ കൊല്ലപ്പെട്ടു. ഇതില്‍ നിരാശരായ കുരിശുയുദ്ധക്കാര്‍, അതേ വര്‍ഷം ഏപ്രില്‍ 12 ആം തീയതി കോണ്‍സ്റ്റാന്‍റിനോപ്പിളിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പരാജയപ്പെട്ടു. എന്നാല്‍, ബൈസാന്‍റിയം സാമ്രാജ്യത്തിലെ എല്ലാ പ്രദേശങ്ങളും കുരിശുയുദ്ധക്കാര്‍ക്ക് പിടിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല.

തുടര്‍ന്നു മൂന്ന് ദിവസങ്ങളോളം, പടിഞ്ഞാറന്‍ സൈന്യം, കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കലാപവും കൊള്ളയും കൊലപാതകങ്ങളും നടത്തി. അനേകം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും പള്ളികള്‍ തകര്‍ക്കപ്പെട്ടുകയും ചെയ്തു. മനോഹരമായിരുന്ന ബൈസാന്‍റിയം പട്ടണത്തെ കുരിശുയുദ്ധക്കാര്‍ തകര്‍ത്തു. ബൈസാന്‍റിയം സാമ്രാജ്യത്തെ വെനീസും, ഫ്രെഞ്ചുകാരും, മറ്റ് കുരിശുയുദ്ധക്കാരും കൊള്ളചെയ്തു. ബൈസാന്റിയത്തിലെ സമ്പത്തും പുരാവസ്തുക്കളും യൂറോപ്പിലേക്ക് കൊണ്ടുപോയി. കിഴക്കന്‍ ക്രിസ്തീയ സഭയുടെ വിശുദ്ധ ആരാധനാലയങ്ങള്‍ പോലും തകര്‍ക്കപ്പെടുകയോ കൊള്ള ചെയ്യപ്പെടുകയോ ചെയ്തു. അങ്ങനെ കോന്‍സ്റ്റാന്‍റിനോപ്പിള്‍ പട്ടണത്തിന്റെ എല്ലാ പ്രതാപവും നഷ്ടപ്പെട്ടു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ഗ്രീക്ക്- കിഴക്കന്‍ ക്രിസ്തീയ സംസ്കാരം ഓര്‍മ്മയായി മാറി.

എന്നാല്‍, ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പ്പാപ്പ ഈ സംഭവങ്ങളില്‍ ദുഖിതന്‍ ആയിരുന്നു എന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. ഇതോടെ നാലാമത്തെ കുരിശുയുദ്ധം അവസാനിച്ചു.  

കോന്‍സ്റ്റാന്‍റിനോപ്പിളിനെ കീഴടക്കിയതിന് ശേഷം, മുന്‍ തീരുമാന പ്രകാരം, വെനീസിലെ 6 പ്രഭുക്കന്മാരും ഫ്രാന്‍സിലെ 6 പ്രഭുക്കന്മാരും ചേര്‍ന്ന് ഒരു ചക്രവര്‍ത്തിയെ തിരഞ്ഞെടുത്തു. അദ്ദേഹം ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ നാലില്‍ ഒരു ഭാഗത്തിന്റെ ചക്രവര്‍ത്തിയായി. ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ ശേഷിച്ച നാലില്‍ മൂന്ന് ഭാഗങ്ങള്‍ വിഭജിക്കപ്പെട്ടു. ഹാഗിയ സോഫിയ (Hagia Sophia) ദൈവാലയം ഒരു പാത്രിയര്‍ക്കീസിന്റെ കീഴില്‍ ആക്കി. ഇതനുസരിച്ച്, ബാള്‍ഡ് വിന്‍ ഓഫ് ഫ്ലാന്‍ഡേഴേസ് ചക്രവര്‍ത്തിയായി തിരഞ്ഞെടുക്കപ്പെട്ടു. (Baldwin of Flanders). വെനീസുകാരനായ തോമസ് മൊറോസിനി പാത്രിയര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. (Thomas Morosini).

എന്നാല്‍, ബൈസാന്റിയത്തിലെ ലാറ്റിന്‍ ഭരണം ഉറപ്പുള്ളത് ആയിരുന്നില്ല. കുരിശുയുദ്ധക്കാര്‍ക്ക്, നിഖ്യാ, ബള്‍ഗേറിയ പോലെയുള്ള പ്രദേശങ്ങള്‍ കീഴടക്കുവാന്‍ കഴിഞ്ഞില്ല. നിഖ്യായില്‍ മീഖായേല്‍ എട്ടാമന്‍ പലേയോ ലോഗസ് സിന്റെ നേതൃത്വത്തില്‍ രാജകീയ ഭരണം തുടര്‍ന്നു. (Michael VIII Palaeologus). 1261 ല്‍ മീഖായേല്‍ കോന്‍സ്റ്റാന്‍റിനോപ്പിളിനെ പടിഞ്ഞാറന്‍ കുരിശുയുദ്ധക്കാരില്‍ നിന്നും തിരികെ പിടിച്ചു. എന്നാല്‍ കോന്‍സ്റ്റാന്‍റിനോപ്പിള്‍ പിന്നീട് ഒരിയ്ക്കലും പഴയ പ്രതാപത്തിലേക്ക് തിരികെ വന്നില്ല.

 കോന്‍സ്റ്റാന്‍റിനോപ്പിളിനെ പിടിച്ചെടുക്കുന്നത് കുരിശുയുദ്ധത്തിന് സഹായമാകും എന്ന ചിന്ത വലിയ തെറ്റായിപ്പോയി. കോണ്‍സ്റ്റാന്‍റിനോപ്പിളിന്റെ തകര്‍ച്ചയോടെ, കുരിശുയുദ്ധങ്ങളുടെ ഭാവി അനിശ്ചിതത്തില്‍ ആയി. ബൈസാന്‍റിയം സാമ്രാജ്യവും കിഴക്കന്‍ ക്രിസ്തീയ സംസ്കാരവും തകര്‍ത്തു എന്നതിനപ്പുറം കുരിശുയുദ്ധക്കാര്‍ ഒന്നും നേടിയില്ല. അവരുടെ ലക്ഷ്യമായിരുന്ന യെരൂശലേം അവര്‍ക്ക് അന്യമായി തന്നെ തുടര്‍ന്നു.

പടിഞ്ഞാറന്‍ ലാറ്റിന്‍ ക്രിസ്തീയ രാജ്യങ്ങള്‍ ബൈസാന്‍റിയത്തിലെ ഗ്രീക്ക് ക്രിസ്തീയ വിശ്വാസികളെ വഞ്ചിച്ചു എന്ന ചിന്ത, പടിഞ്ഞാറന്‍ സഭയും കിഴക്കന്‍ സഭയും തമ്മിലുണ്ടായിരുന്ന പിളര്‍പ്പിന് ആഴം കൂട്ടി. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഈ വഞ്ചന കിഴക്കന്‍ സഭ ഒരിയ്ക്കലും മറന്നില്ല. ഇതോടെ, പടിഞ്ഞാറന്‍ റോമിലെ കത്തോലിക്ക സഭയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയ്ക്കും ഇടയില്‍ 1054 ല്‍ ഉണ്ടായ വലിയ പിളര്‍പ്പ് പൂര്‍ണ്ണമായി.  

കുട്ടികളുടെ കുരിശുയുദ്ധം

കുരിശുയുദ്ധത്തിന്റെ ആദര്‍ശങ്ങള്‍ സാധാരണക്കാരായ ജനങ്ങളെ വളരെ സ്വാധീനിച്ചിരുന്നു. അതിനാല്‍ കുരിശുയുദ്ധങ്ങള്‍ ഓരോന്നും പരാജയപ്പെടുന്നത് അവരെ നിരാശരാക്കി. യെരൂശലേമിനേയും യേശുക്രിസ്തുവിന്റെ കുരിശിന്റെ ശേഷിപ്പിനെയും (True Cross) വീണ്ടെടുക്കുവാന്‍ കഴിയാത്തതില്‍ ക്രിസ്തീയ വിശ്വാസികള്‍ അസ്വസ്ഥര്‍ ആയി. അവരുടെ വിശ്വാസത്തിന്റെ തീഷ്ണതയും നിരാശയും കാരണം ബഹുജന മുന്നേറ്റങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായി. അപ്രകാരം, 1212 ല്‍ ഉണ്ടായ ഒരു ജനമുന്നേറ്റത്തെയാണ് “കുട്ടികളുടെ കുരിശുയുദ്ധം” എന്നു വിളിക്കുന്നത്. (Children’s Crusade). ഇത് മറ്റൊരു കുരിശുയുദ്ധം ആയിരുന്നില്ല. ഇതില്‍ കുട്ടികളുടെ സൈന്യവും ഉണ്ടായിരുന്നില്ല. മാര്‍പ്പാപ്പയോ മറ്റ് അധികാരികള്‍ ആരെങ്കിലുമോ ഇങ്ങനെ ഒരു മുന്നേറ്റത്തിന് ആഹ്വാനം ചെയ്തില്ല.

കുട്ടികളും, കൌമാരപ്രായക്കാരും സ്ത്രീകളും, വൃദ്ധരും, സാധുക്കളും, പള്ളിയിലെ സാധുക്കളായ പുരോഹിതന്മാരും, മോഷ്ടാക്കളും അടങ്ങുന്ന ഒരു സമ്മിശ്ര ജനകൂട്ടം, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ റൈന്‍ലാന്‍ഡില്‍ (Rhineland) നിന്നും ഇറ്റലിയിലേക്ക് നടന്നു പോയതിനെയാണ് ആണ് “കുട്ടികളുടെ കുരിശുയുദ്ധം” എന്നു വിളിക്കുന്നത്. അതിനു നേതൃത്വം നല്കിയ നിക്കോളാസ് (Nicholas) എന്ന യുവാവ്, ഈ ജനവുമായി വിശുദ്ധ ദേശത്തിലേക്കു പോകുവാന്‍ ദൈവം തന്നോടു നിര്‍ദ്ദേശിച്ചു എന്ന് അവകാശപ്പെട്ടു. യെരൂശലേമിനെ മുസ്ലീം അധിനിവേശത്തില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ജനസമൂഹം മെഡിറ്റെറേനിയന്‍ കടല്‍ തീരത്ത് എത്തുമ്പോള്‍ ദൈവം കടലിലെ വെള്ളത്തെ വറ്റിക്കും എന്നും, അതിന്റെ മദ്ധ്യത്തിലൂടെ അവര്‍ക്ക് പലസ്തീനിലേക്ക് പോകാം എന്നും നിക്കോളാസ് വിശ്വസിച്ചു. (Mediterranean). അവര്‍ കടന്നുപോയ പട്ടണങ്ങളില്‍ എല്ലാം അവരെ സാധാരണ ജനങ്ങള്‍ പ്രശംസിച്ചു. എന്നാല്‍ വിദ്യാസമ്പന്നര്‍ ആയ പുരോഹിതന്മാര്‍ ഇതിനെ ശുദ്ധ ഭ്രാന്തായി കണ്ടു.

വഴിമദ്ധ്യേ, കഠിനമായ ചൂടും യാത്രാക്ലേശവും കാരണം പലരും ഇതില്‍ നിന്നും തിരികെ പോയി. 1212 ജൂലൈ മാസത്തില്‍ നിക്കോളാസും ജനവും ആല്‍പ്സ് കടന്നു ഇറ്റലിയില്‍ പ്രവേശിച്ചു. (Alps, Italy). ആഗസ്റ്റ് മാസം അവര്‍ മെഡിറ്റെറേനിയന്‍ കടലിന്റെ തീരത്ത് എത്തിയെങ്കിലും, അവര്‍ പ്രതീക്ഷിച്ചതുപോലെ സമുദ്രം രണ്ടായി വിഭജിക്കപ്പെട്ടില്ല. ഇവിടെ നിന്നും കൂടുതല്‍ പേര്‍ തിരികെ പോയി. ശേഷിച്ചിരുന്നവര്‍ റോമിലേക്ക് യാത്ര ചെയ്തു. അവര്‍ ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പ്പാപ്പയെ കണ്ടു. മാര്‍പ്പാപ്പ അവരുടെ തീഷ്ണതയെ പ്രശംസിച്ചു. അവരുടെ പ്രതിജ്ഞയില്‍ നിന്നും അവരെ വിടുവിച്ചു. അതിനുശേഷം നിക്കോളാസിന് എന്തു സംഭവിച്ചു എന്നു അറിയില്ല. അദ്ദേഹം അഞ്ചാമത്തെ കുരിശുയുദ്ധത്തില്‍ പങ്കെടുത്തു എന്നും ഇറ്റലിയില്‍ വച്ച് മരിച്ചു എന്നും പറയപ്പെടുന്നു.

അഞ്ചാമത്തെ കുരിശുയുദ്ധം 

അഞ്ചാമത്തെ കുരിശുയുദ്ധം 1217 ല്‍ ആരംഭിച്ച് 1221 ല്‍ അവസാനിച്ചു. അഞ്ചാമത്തെ കുരിശുയുദ്ധം മുതല്‍ തുടര്‍ന്നുണ്ടായ കുരിശുയുദ്ധങ്ങള്‍ ഒന്നും വിജയിച്ചില്ല.

നാലാമത്തെ കുരിശുയുദ്ധം യാതൊരു നേട്ടവും ഉണ്ടാക്കിയില്ല എങ്കിലും, ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പ്പാപ്പ, അഞ്ചാമതൊരു കുരിശുയുദ്ധത്തിനായി ക്രിസ്തീയ രാജ്യങ്ങളെ ആഹ്വാനം ചെയ്തു. യെരൂശലേമില്‍ പാശ്ചാത്യ സഭയുടെ ഭരണം ഉണ്ടാകേണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ 1213 ല്‍ അഞ്ചാമത്തെ കുരിശുയുദ്ധത്തിനായുള്ള ആഹ്വാനം ഉണ്ടായി. കഴിഞ്ഞ കുരിശുയുദ്ധങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ടുകൊണ്ട്, വളരെ വിശദമായ തയ്യാറെടുപ്പുകള്‍ ഇതിനായി നടത്തി. എന്നാല്‍, യുദ്ധം തുടങ്ങുന്നതിന് മുമ്പേ, 1216 ല്‍ മാര്‍പ്പാപ്പ മരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അധികാരം ഏറ്റ ഹോണോറിയസ് മൂന്നാമന്‍ മാര്‍പ്പാപ്പ അഞ്ചാം കുരിശുയുദ്ധത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. (Honorius III). അഞ്ചാമത്തെ കുരിശുയുദ്ധം മാര്‍പ്പാപ്പയുടെ നേതൃത്വത്തിലായിരിക്കും എന്നു തീരുമാനിച്ചു.              

ഹംഗറിയിലെ ആന്‍ഡ്രൂ രണ്ടാമന്‍, ഫ്രാന്‍സിലെ പ്രഭുവായിരുന്ന ജോണ്‍ ഓഫ് ബ്രൈന്നെ എന്നിവര്‍ ആയിരുന്നു അഞ്ചാം കുരിശുയുദ്ധത്തിലെ സൈന്യത്തെ നയിച്ചത്. (Andrew II of Hungary, French count John of Brienne). അപ്പോള്‍ യെരൂശലേം അയ്യൂബിദ് എന്ന മുസ്ലീം രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്നു. (Ayyubid dynasty). 1217 ല്‍ ഹംഗറിയിലെ ആന്‍ഡ്രൂ രണ്ടാമന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം, ആക്കര്‍ എന്ന തീരപ്രദേശത്തു എത്തി. എന്നാല്‍ അധിക നേട്ടമൊന്നും ഉണ്ടാക്കാതെ അദ്ദേഹ, 1218 ല്‍ തിരികെ പോയി. 

യെരൂശലേമിനെ തിരികെപ്പിടിക്കുവാനുള്ള ഏറ്റവും നല്ല തന്ത്രം, ആദ്യം ഈജിപ്തിനെ ആക്രമിക്കുക എന്നതായിരിക്കും എന്നു കുരിശുയുദ്ധക്കാര്‍ കണക്കുകൂട്ടി. കുരിശുയുദ്ധക്കാര്‍ ഈജിപ്തിനെ കടലില്‍നിന്നും കരയില്‍ നിന്നും ആക്രമിച്ചു. 1218 ആഗസ്റ്റില്‍ നൈല്‍ തീരത്തുള്ള ഡമേറ്റ പ്രദേശത്തെ ഒരു കോട്ട അവര്‍ കീഴടക്കി. (Nile, Damietta). സെപ്റ്റംബറില്‍, മാര്‍പ്പാപ്പായുടെ പ്രതിനിധി ആയി കര്‍ദ്ദിനാള്‍ പെലാജിയസ് (Cardinal-Legate Pelagius) ഒരു കൂട്ടം ഫ്രെഞ്ച് സൈനീകരുമായി എത്തി, കുരിശുയുദ്ധക്കാരോടൊപ്പം ചേര്‍ന്നു. അഞ്ചാമത്തെ കുരിശുയുദ്ധം മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ആണ് നടക്കുന്നതു എന്നു പെലാജിയസ് വാദിച്ചു. അതിനാല്‍ അദ്ദേഹം ജോണ്‍ ഓഫ് ബ്രൈന്നെയുടെ അഭിപ്രായങ്ങളെ പലപ്പോഴും തിരസ്കരിക്കുകയും ചെയ്തു. ഇത് കുരിശുയുദ്ധത്തിന്റെ തോല്‍വിക്ക് ഇടയാക്കി.   

 1219 ഫെബ്രുവരിയില്‍, ഈജിപ്തുകാര്‍, കുരിശുയുദ്ധക്കാരുമായി ഒരു സമാധാന സന്ധി ചെയ്യുവാന്‍ തയ്യാറായി. അവര്‍ യെരൂശലേമിനെയും ക്രിസ്തുവിന്റെ കുരിശിന്റെ ശേഷിപ്പിനെയും തിരികെ കൊടുക്കുവാന്‍ സമ്മതിച്ചു. എങ്കിലും കുരിശുയുദ്ധക്കാര്‍ക്കിടയില്‍ ഇതിനെക്കുറിച്ച് ഏക അഭിപ്രായം ഉണ്ടായില്ല. ജോണ്‍ അത് സ്വീകരിക്കുവാന്‍ തയ്യാറായി എങ്കിലും പെലാജിയസ് യുദ്ധം മുന്നോട്ട് കൊണ്ടുപോകുവാന്‍ തീരുമാനിച്ചു. അതിനാല്‍ അവര്‍ യുദ്ധം തുടര്‍ന്നു. അങ്ങനെ 1219 നവംബര്‍ 5 ആം തീയതി ഡമേറ്റ പ്രദേശത്തെ അവര്‍ പൂര്‍ണ്ണമായും കീഴടക്കി. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കുരിശുയുദ്ധക്കാര്‍ക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല.  

1221 ജൂലൈയില്‍ പെലാജിയസ് കെയ്റോയിലേക്ക് പുറപ്പെട്ടുവാന്‍ സൈന്യത്തോട് ആജ്ഞാപ്പിച്ചു. ആഗസ്റ്റില്‍, അവര്‍, മണ്‍സൂറ എന്ന സ്ഥലത്തു വച്ച് സലാദിന്റെ അനന്തരവന്‍ ആയിരുന്ന അല്‍-മാലിക്ക് അല്‍- കാമില്‍ നോട് ഏറ്റുമുട്ടി. (Battle of Mansourah, Al-Malik al-Kamil). അവിടെ കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടു. അവര്‍ പിടിച്ചെടുത്ത ഡമേറ്റ പ്രദേശത്തെ ഉപേക്ഷിച്ചിട്ട് അവര്‍ക്ക് തിരികെ പോകേണ്ടി വന്നു. കുരിശുയുദ്ധക്കാര്‍ക്ക് ഇതൊരു കയ്പ്പേറിയ അനുഭവം ആയിരുന്നു.

ആറാത്തെ കുരിശുയുദ്ധം

ആറാമത്തെ കുരിശുയുദ്ധം 1228 - 29 കാലത്തായിരുന്നു. വിശുദ്ധ റോമന്‍ സാമ്രാജ്യത്തിന്റെ (Holy Roman Empire) ചക്രവര്‍ത്തിയായിരുന്ന ഫ്രെഡെറിക് രണ്ടാമന്‍ ആണ് ആറാമത്തെ കുരിശുയുദ്ധം നയിച്ചത്. (Emperor Frederick II) യുദ്ധങ്ങള്‍ക്ക് നേടുവാന്‍ കഴിയാതിരുന്നത്, നയതന്ത്ര ചര്‍ച്ചകള്‍ നേടിയെടുക്കുന്ന കാഴ്ചയായിരുന്നു ആറാമത്തെ കുരിശുയുദ്ധത്തില്‍ കണ്ടത്. 

അഞ്ചാമത്തെ കുരിശുയുദ്ധത്തില്‍ ഫ്രെഡെറിക് രണ്ടാമന്‍ സജീവമായി പങ്കെടുത്തില്ല എന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനാല്‍ ആറാമത്തെ കുരിശുയുദ്ധത്തില്‍ അദ്ദേഹം സജീവമായി. ഫ്രെഡെറിക് രണ്ടാമന്റെ സൈന്യം 1227 ല്‍ യുദ്ധത്തിനായി പുറപ്പെട്ടു എങ്കിലും രോഗം കാരണം അദ്ദേഹത്തിന് അവരോടൊപ്പം പോകുവാന്‍ കഴിഞ്ഞില്ല. ഇതില്‍ അന്നത്തെ ഗ്രെഗറി ഒന്‍പതാമന്‍ മാര്‍പ്പാപ്പ അസ്വസ്ഥനായി. (Gregory IX). അദ്ദേഹം ഫ്രെഡെറിക്കിനെ സഭാ ഭ്രഷ്ടനാക്കി. എങ്കിലും ഫ്രെഡെറിക് യുദ്ധത്തില്‍ പങ്കെടുത്തു.   

അതേ അവസരത്തില്‍, ഈജിപ്തിലെയും സിറിയയിലെയും സുല്‍ത്താന്‍ ആയിരുന്ന അല്‍-മാലിക് അല്‍-കാമില്‍ (al-Malik al-Kāmil) അദ്ദേഹത്തിന്റെ പ്രതിനിധികളെ, യുദ്ധം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഫ്രെഡെറിക്കിന്റെ അടുക്കല്‍ അയച്ചു. അല്‍-കാമില്‍ അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുക ആയിരുന്നു. ദമാസ്കസില്‍ വിമതര്‍ കലാപം ഉണ്ടാക്കികൊണ്ടിരുന്നു. (Damascus). യെരൂശലേമിന്, മതപരമായ പ്രധാന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യെരൂശലേം സാമ്പത്തികമായോ, രാക്ഷ്ട്രീയമായോ പ്രയോജനമുള്ള പ്രദേശം ആയിരുന്നില്ല. അതിനാല്‍ കുരിശുയുദ്ധക്കാരുമായി യുദ്ധം ചെയ്ത് നഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നതിനെക്കാള്‍ നല്ലത്, യെരൂശലേം വിട്ടുകൊടുക്കുന്നതാണ് എന്ന് അല്‍-കാമില്‍ കരുതി.

ഫ്രെഡെറിക് രണ്ടാമന്‍ 1228 ല്‍ യുദ്ധത്തിനായി പുറപ്പെട്ടു, ജൂലൈ 21 ആം തീയതി സൈപ്രസില്‍ എത്തി. (Cyprus). അവിടെ നിന്നും അദ്ദേഹം ആക്കര്‍ എന്ന പ്രദേശത്തേക്ക് പോയി. (Acre). അവിടെ വച്ച് അദ്ദേഹം അല്‍-കാമിലുമായുള്ള സന്ധി സംഭാഷണങ്ങള്‍ വീണ്ടും ആരംഭിച്ചു. ഫലമായി, 1229 ല്‍ കുരിശുയുദ്ധത്തിന്റെ ചരിത്രത്തില്‍ സമാനതയില്ലാത്ത ഒരു സമാധാന സന്ധി അവര്‍ക്കിടയില്‍ ഉണ്ടായി.

യെരൂശലേമിന്റെയും ബേത്ത്ലേഹെമിന്‍റെയും, മറ്റ് ചില പ്രദേശങ്ങളുടെയും നിയന്ത്രണം കുരിശുയുദ്ധക്കാര്‍ക്ക് ലഭിച്ചു. ടെമ്പിള്‍ മൌണ്ടില്‍ ഉണ്ടായിരുന്ന “ഡോം ഓഫ് ദി റോക്ക്”, “അഖ്സ മോസ്ക്” എന്നിവ മുസ്ലീം നിയന്ത്രണത്തില്‍ തുടര്‍ന്നു. (Dome of the Rock, Aqā Mosque). അവിടേക്ക് സുഗമമായ മുസ്ലീം തീര്‍ത്ഥാടനം അനുവദിക്കപ്പെട്ടു. യെരൂശലേം പട്ടണത്തിലുള്ള എല്ലാ മുസ്ലീം വിശ്വാസികളും സംരക്ഷിക്കപ്പെടുകയും അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് അവകാശമായിരിക്കുകയും ചെയ്യും എന്ന് വ്യവസ്ഥ ചെയ്തു. മുസ്ലീം വിശ്വാസമനുസരിച്ചുള്ള നിയമങ്ങള്‍ അവര്‍ക്കിടയില്‍ നടപ്പാക്കുവാന്‍ മുസ്ലീം ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.

ഈ സമാധാന സന്ധി 10 വര്‍ഷങ്ങളോളം നിലനിന്നു. അതിനുശേഷം മുസ്ലീം സാമ്രാജ്യത്വ ശക്തികള്‍ യെരൂശലേമിനെ വീണ്ടും അവരുടെ നിയന്ത്രണത്തിലാക്കി. 

എന്നാല്‍ യെരൂശലേമിലെ പ്രഭുക്കന്മാര്‍ ഫ്രെഡെറിക്കിനെ അംഗീകരിച്ചില്ല. അവിടെയുള്ള പുരോഹിതന്മാരും അദ്ദേഹത്തെ പിന്തുണച്ചില്ല. ഫ്രെഡെറിക്കിന്‍റെ മേലുണ്ടായിരുന്ന, മാര്‍പ്പാപ്പ കല്‍പ്പിച്ച സഭാ ഭ്രഷ്ട് അപ്പോഴും നിലവിലുണ്ടായിരുന്നു. അതിനാല്‍ യെരൂശലേം രാജ്യത്ത് അദ്ദേഹത്തിന് മതാചാരപ്രകാരമുള്ള വിലക്ക് ഏര്‍പ്പെടുത്തി. പുരോഹിതന്മാര്‍ ആരും അദ്ദേഹത്തെ സ്വീകരിക്കുന്നതിലോ, സ്ഥാനാരോഹണത്തിനോ പങ്കെടുത്തില്ല. അതിനാല്‍ അദ്ദേഹം സ്വയം ഒരു കിരീടം ശിരസ്സിവച്ചു, പടയാളികള്‍ മറ്റ് ചടങ്ങുകള്‍ വായിച്ചു. അതിനു ശേഷം, അദ്ദേഹം യെരൂശലേം രാജ്യം പ്രതിനിധികളെ ഏല്‍പ്പിച്ചിട്ട്, വേഗം യൂറോപ്പിലേക്ക് തിരികെ പോയി. അവിടെ സാന്‍ ജെര്‍മാനോ എന്ന സ്ഥലത്തു വച്ച്, 1230 ജൂലൈ 23 ആം തീയതി,  മാര്‍പ്പാപ്പയുമായി വീണ്ടും സമാധാന ബന്ധത്തില്‍ ആയി. (San Germano). അദ്ദേഹത്തിന്റെ മേലുള്ള സഭാ ഭ്രഷ്ട് മാര്‍പ്പാപ്പ പിന്‍വലിച്ചു. യെരൂശലേമിലുള്ള മത ഭ്രഷ്ട് പിന്‍വലിക്കുവാന്‍ മാര്‍പ്പാപ്പ അവിടെയുള പുരോഹിതന്മാരൊട് ആവശ്യപ്പെട്ടു.  

ഫ്രെഡെറിക്കിന്‍റെ അഭാവത്തില്‍, യെരൂശലേമിലെ പ്രഭുക്കന്മാര്‍ കലാപങ്ങള്‍ ഉണ്ടാക്കി. ഇതിന്റെ ഫലമായി യെരൂശലേമില്‍ പ്രഭുക്കന്മാരുടെ ഒരു ഭരണ സംവിധാനം നിലവില്‍ വന്നു. എന്നാല്‍ ഇത് യെരൂശലേം രാജ്യത്തിന്റെ പതനത്തിന് കാരണമായി.

മുസ്ലീം സാമ്രാജ്യത്വ ശക്തികള്‍ വളര്‍ന്ന് വന്നുകൊണ്ടിരുന്നു. ഫ്രെഡെറിക്കും അല്‍-കാമിലും തമ്മിലുണ്ടാക്കിയ സമാധാന സന്ധി, 1239 ല്‍ അവസാനിച്ചു. അതിനുശേഷം ശക്തമായ പ്രതിരോധങ്ങളില്ലാത്ത യെരൂശലേമിനെ മുസ്ലീം സാമ്രാജ്യത്തിന് വീണ്ടും പിടിച്ചെടുക്കുവാന്‍ കഴിഞ്ഞു.

ഏഴാമത്തെ കുരിശുയുദ്ധം 

ഏഴാമത്തെ കുരിശുയുദ്ധം 1248 മുതല്‍ 1254 വരെയായിരുന്നു. ഇതിനെ പ്രധാനമായും പിന്താങ്ങിയിരുന്നത് ഫ്രാന്‍സിലെ ലൂയിസ് ഒന്‍പതാമന്‍ രാജാവായിരുന്നു. (King Louis IX). ലൂയിസ് ഒരു തികഞ്ഞ ദൈവ വിശ്വാസിയും ധൈര്യശാലിയായ ഒരു യോദ്ധവും ആയിരുന്നു. 1297 ല്‍ ഇദ്ദേഹത്തെ കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. അതിനാല്‍ ഈ യുദ്ധത്തെ വിശുദ്ധനായ ലൂയിസിന്റെ കുരിശുയുദ്ധം എന്നും വിളിക്കാറുണ്ട്.   

1245 ല്‍ ഇന്നസെന്‍റ് നാലാമന്‍ മാര്‍പ്പാപ്പ, ലൈഓണ്‍സ് എന്ന സ്ഥലത്തു ഒരു കൌണ്‍സില്‍ വിളിച്ചുചേര്‍ത്തു. (Pope Innocent IV, Lyons). സഭയ്ക്ക് ആഭ്യന്തരമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ഉണ്ടായിരുന്നു. എങ്കിലും ഈ കൌണ്‍സിലില്‍, ഫ്രാന്‍സിലെ ലൂയിസ് ഒന്‍പതാമന്‍ രാജാവു, ഏഴാമതൊരു കുരിശുയുദ്ധത്തിന് തയ്യാറാണ് എന്നു പ്രഖ്യാപിച്ചു. ഇതിനെ മാര്‍പ്പാപ്പ പിന്താങ്ങി.

തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹം യുദ്ധ സന്നാഹങ്ങള്‍ നടത്തി. 1248 ആഗസ്റ്റ് മാസത്തില്‍ അദ്ദേഹം യുദ്ധത്തിനായി പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ പത്നിയും, രണ്ട് സഹോദരന്മാരും  ഫ്രാന്‍സിലെ പ്രഭുക്കന്‍മാരും ഇംഗ്ലണ്ടില്‍ നിന്നും വന്ന ഒരു ചെറിയ സൈന്യവും ഉണ്ടായിരുന്നു. ഏകദേശം 15,000 പടയാളികള്‍ ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ സൈന്യം.

ഇവര്‍, സെപ്തംബറില്‍ സൈപ്രസില്‍ എത്തി, ഈജിപ്തിനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു. (Cyprus). 1249 മെയ് മാസത്തില്‍ അവര്‍ ഈജിപ്തിലെക്ക് പുറപ്പെട്ടു. ജൂണില്‍ ഡമേറ്റ പ്രദേശത്തെ വീണ്ടും കുരിശുയുദ്ധക്കാര്‍ കൈവശമാക്കി. (Damietta). മറ്റ് ചില പട്ടണങ്ങള്‍ കൂടി അവര്‍ പിടിച്ചെടുത്തു.

എന്നാല്‍ പിന്നീട് അവര്‍ക്ക് വിജയകരമായി മുന്നേറുവാന്‍ കഴിഞ്ഞില്ല. ഡമേറ്റയിലൂടെ ഭക്ഷണവും കൂടുതല്‍ ഫ്രെഞ്ച് സൈന്യവും എത്തുന്നത് മുസ്ലീം സൈന്യം തടഞ്ഞു. അതിനാല്‍, ക്ഷാമവും രോഗവും ലൂയിസിന്റെ സൈന്യത്തെ പ്രയാസപ്പെടുത്തി. എന്നാല്‍ ലൂയിസ് പിന്‍മാറുവാന്‍ തയ്യാറായില്ല. എങ്കിലും യുദ്ധം പരാജയപ്പെട്ടു. മുസ്ലീം സൈന്യം ലൂയിസിനെയും പടയാളികളെയും തടവുകാരായി പിടിച്ചു. സാധാരണക്കാരായ പടയാളികളെ മുസ്ലീം സൈന്യം കൊന്നു. രാജാവിനെയും പ്രഭുക്കന്മാരെയും മോചന ദ്രവ്യത്തിനായി ജീവനോടെ സൂക്ഷിച്ചു. 1250 മെയ് മാസം 6 ആം തീയതി, ലൂയിസ് രാജാവും പ്രഭുക്കന്മാരും സ്വതന്ത്രര്‍ ആയി. കുരിശുയുദ്ധക്കാര്‍, അവര്‍ പിടിച്ചെടുത്ത ഡമേറ്റ പ്രദേശത്തെ ഈജിപ്തുകാര്‍ക്ക് തിരികെ കൊടുത്തു.

1254 ഏപ്രിലില്‍ ലൂയിസ് ഫ്രാന്‍സില്‍ തിരികെയെത്തി. എന്നെങ്കിലും ഒരിക്കല്‍ യെരൂശലേം തിരികെ പിടിക്കുവാന്‍ കഴിയും എന്നു അദ്ദേഹം പ്രത്യാശിച്ചു.

ഏഴാമത്തെ കുരിശുയുദ്ധത്തിലും ആവര്‍ത്തിക്കപ്പെട്ടത് പഴയ തെറ്റുകള്‍ തന്നെയാണ്. അതിന് പഴയ അനുഭവങ്ങള്‍ തന്നെ ഉണ്ടായി. ഈജിപ്തിനെ ആക്രമിക്കുക എന്നത് കുരിശുയുദ്ധക്കരുടെ ആവര്‍ത്തിക്കപ്പെട്ട തന്ത്രം ആയിരുന്നു. ഇതില്‍ പരാജയപ്പെട്ടു എങ്കിലും ലൂയിസ് രാജാവ് യെരൂശലേമിനെ പിടിച്ചെടുക്കുക എന്ന സ്വപ്നം ഉപേക്ഷിച്ചില്ല. അദ്ദേഹം എട്ടാമത്തെ കുരിശുയുദ്ധത്തിലും പങ്കെടുത്തു.

ഏട്ടാമത്തെ കുരിശുയുദ്ധം

എട്ടാമത്തെയും അവസാനത്തെയും കുരിശുയുദ്ധം 1270 ല്‍ നടന്നു. 1258 ല്‍ മൊങ്ങോള്‍സ് എന്ന അറിയപ്പെട്ടിരുന്ന ഒരു കൂട്ടര്‍ ബാഗ്ദാദ് പിടിച്ചെടുത്തതോടെ, ഈജിപ്തിലെ അബ്ബാസിദ് കാലിഫേറ്റിന്റെ ഭരണകാലം അവസാനിച്ചു. (Mongol, Abbāsid caliphate). എന്നാല്‍ 1260 ല്‍ മാംലൂക് സുല്‍ത്താന്‍, സിറിയയില്‍ വച്ചുണ്ടായ ഒരു യുദ്ധത്തില്‍, മൊങ്ങോള്‍സിനെ പരാജയപ്പെടുത്തി. (Mamlūk sultan). ബെയ്ബാര്‍സ് ആയിരുന്നു ആദ്യത്തെ മാംലൂക് സുല്‍ത്താന്‍. (Baybars). അദ്ദേഹംനിഷ്ഠൂരനായ ഒരു ഭരണാധികാരി ആയിരുന്നു.

1277 ല്‍ ബെയ്ബാര്‍സ് മരിച്ചു. കുരിശുയുദ്ധക്കരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന എല്ലാ ക്രിസ്തീയ രാജ്യങ്ങളെയും പിടിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എങ്കിലും, ക്രിസ്തീയ രാജ്യങ്ങളുടെ എണ്ണം കുറയ്ക്കുവാനും, ബലഹീനമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. തീരപ്രദേശത്തുള്ള ചില ചെറിയ ക്രിസ്തീയ രാജ്യങ്ങള്‍ മാത്രം ശേഷിച്ചു. അദ്ദേഹം ആക്രമിച്ചു കീഴടക്കിയ ക്രിസ്തീയ രാജ്യങ്ങളിലെ സാധാരണക്കാരായ ക്രിസ്ത്യാനികളെ മുഴുവന്‍, മുസ്ലീം സൈന്യം കൊന്നൊടുക്കി. 1265 ല്‍ സിസേറിയ, ഹൈഫാ, അര്‍സുഫ് എന്നീ സ്ഥലങ്ങള്‍ അദ്ദേഹം പിടിച്ചെടുത്തു. (Caesarea, Haifa, and Arsuf). അടുത്ത വര്‍ഷം ഗലീലി, സിസിലിയന്‍ അര്‍മേനിയ എന്നീ സ്ഥലങ്ങളേയും പിടിച്ചെടുത്തു. (Galilee, Cilician Armenia). 1268 ല്‍ അന്ത്യോക്യായെ കീഴടക്കുകയും അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികളെ എല്ലാം കൊല്ലുകയും ചെയ്തു. 

ഇത്തരം മുസ്ലീം യുദ്ധ മുന്നേറ്റങ്ങളെ ചെറുക്കുവാന്‍ കിഴക്കന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍, പടിഞ്ഞാറന്‍ ക്രിസ്തീയ രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഫ്രാന്‍സിലെ ലൂയിസ് ഒന്‍പതാമന്‍ രാജാവ് ഒരിക്കല്‍ കൂടെ യുദ്ധത്തിന് ഒരുങ്ങി. (King Louis IX). എന്നാല്‍ അദ്ദേഹം നയിച്ച എട്ടാമത്തെ കുരിശുയുദ്ധം കിഴക്കന്‍ രാജ്യങ്ങളില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ സൈന്യം ആദ്യം വടക്കന്‍ ആഫ്രിക്കയിലെ ടൂണിസിലേക്ക് പോയി. (Tunis). 1268 ല്‍ അദ്ദേഹം കോണ്‍റാഡിന്‍ എന്ന രാജാവിനെ തോല്‍പ്പിച്ചു. (Conradin). എന്നാല്‍ 1270 ആഗസ്റ്റ് മാസം 25 ആം തീയതി, ടുനീസില്‍ വച്ച്, ലൂയിസും അദ്ദേഹത്തിന്റെ മകന്‍ ജോണ്‍ ട്രിസ്റ്റന്‍ ഉം രോഗബാധിതരായി മരിച്ചു. (John Tristan). 

അങ്ങനെ എട്ടാമത്തെ കുരിശുയുദ്ധവും അവസാനിച്ചു. യുദ്ധങ്ങള്‍ രണ്ടും പരാജയപ്പെട്ടു എങ്കിലും, ലൂയിസ് ഒന്‍പതാമന്‍ രാജാവ് ജനങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരി ആയിരുന്നു, ക്രിസ്തീയ വിശ്വാസികള്‍ അന്നും ഇന്നും അദ്ദേഹത്തെ ക്രിസ്തുവിന്റെ ഒരു നിസ്വാര്‍ത്ഥ യോദ്ധാവായി കാണുന്നു.

കുരിശുയുദ്ധങ്ങള്‍ അവസാനിക്കുന്നു

13 ആം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും കുരിശുയുദ്ധം വളരെ ചെലവേറിയതായി മാറി. സാമ്പത്തിക ബാധ്യത കാരണം ഫ്യൂഡല്‍ പ്രഭുക്കന്‍മാര്‍ക്ക് യുദ്ധങ്ങള്‍ താങ്ങുവാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് രാജാക്കന്മാരുടെ സഹായം ആവശ്യമായി വന്നു. അങ്ങനെ രാജാക്കന്മാരുടെ സൈന്യം കൂടുതല്‍ പ്രധാന്യം നേടി. പടയാളികളില്‍ ഭൂരിപക്ഷവും പ്രതിഫലത്തിനായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു.

കിഴക്കന്‍ രാജ്യങ്ങളില്‍ കുരിശുയുദ്ധക്കാര്‍ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളില്‍ മിക്കപ്പോഴും അവിടുത്തെ ഭരണാധികാരികള്‍ രാജ്യത്തു ഉണ്ടായിരുന്നില്ല. അവരുടെ പ്രതിനിധികള്‍ ആയിരുന്നു ഭരണം നടത്തിയിരുന്നത്. ഇത് അവിടെ അസ്ഥിരതയും പ്രഭുക്കന്‍മാര്‍ക്കിടയില്‍ കലഹവും ഉണ്ടാക്കി. 1243 മുതല്‍ പ്രഭുക്കന്മാര്‍ തിരഞ്ഞെടുക്കുന്ന ഒരു ഭരണാധികാരിയായിരുന്നു യെരൂശലേം ഭരിച്ചിരുന്നത്. 1285 ല്‍ അവര്‍ സൈപ്രസിലെ ഹെന്‍റി രണ്ടാമനെ ഭരണാധികാരിയായി തിരഞ്ഞെടുത്തു. (Henry II of Cyprus). എന്നാല്‍ യെരൂശലേമിലെ പ്രഭുക്കന്‍മാര്‍ക്കിടയില്‍ അച്ചടക്കവും ഐക്യതയും ഇല്ലായിരുന്നു. അതിനാല്‍ കുരിശുയുദ്ധക്കാര്‍ സ്ഥാപിച്ച രാജ്യങ്ങള്‍ ക്രമേണ ശിഥിലമാകുവാന്‍ തുടങ്ങി.

അങ്ങനെ 1289 ല്‍ ട്രിപ്പൊളി പട്ടണത്തെ മുസ്ലീം സൈന്യം പിടിച്ചെടുത്തു. 1291 ല്‍, കുരിശുയുദ്ധക്കരുടെ ശക്തികേന്ദ്രവും അവസാന രാജ്യവും ആയിരുന്ന ആക്കര്‍ (Acre) മാംലൂക് സുല്‍ത്താനെറ്റ് പിടിച്ചടക്കി. അവര്‍ അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികളെ കൊന്നു, അവശേഷിച്ചവരെ അടിമകള്‍ ആക്കി. ആക്കര്‍ പട്ടണത്തെയും അവിടെ ഉണ്ടായിരുന്ന കോട്ടകളെയും തകര്‍ത്തു. ഇതോടെ കുരിശുയുദ്ധങ്ങള്‍ അവസാനിച്ചു. മദ്ധ്യ പൂര്‍വ്വദേശത്തിലെ കുരിശുയുദ്ധക്കാരുടെ നിയന്ത്രണവും ഇതോടെ അവസാനിച്ചു.

ഇതിനുശേഷവും യെരൂശലേമിനെ തിരികെ പിടിക്കുവാന്‍ കുരിശുയുദ്ധങ്ങള്‍ക്ക് ആഹ്വാനം ഉണ്ടായി എങ്കിലും, ആരും അതിനു പുറപ്പെട്ടില്ല. നിക്കോളാസ് നാലാമന്‍ മാര്‍പ്പാപ്പ കുരിശുയുദ്ധങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ക്രമീകരിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ ശത്രുതയുണ്ടായി. 1337 ല്‍ “നൂറു വര്‍ഷങ്ങളുടെ യുദ്ധം” എന്നു അറിയപ്പെടുന്ന ചരിത്ര പ്രസിദ്ധ യുദ്ധം അവര്‍ക്കിടയില്‍ ഉണ്ടായി. (Hundred Years of War). ഫൂഡല്‍ പ്രഭുക്കന്മാരെക്കാള്‍ രാജാക്കന്മാരുടെ അധികാരം വര്‍ദ്ധിച്ചു വന്നു. മാര്‍പ്പാപ്പയ്ക്കൊ സഭയ്ക്കൊ വലിയ യുദ്ധങ്ങള്‍ ക്രമീകരിക്കുവാന്‍ കഴിഞ്ഞില്ല.


1365 ല്‍ സൈപ്രസിലെ രാജാവായിരുന്ന പീറ്റര്‍ ഒന്നാമന്‍ അലെക്സാണ്ഡ്രിയ പിടിച്ചെടുത്തു. ആ പ്രദേശത്തെ കൊള്ള ചെയ്ത് വലിയ സമ്പത്ത് സൈപ്രസിലേക്ക് കൊണ്ടുപോയി. യുദ്ധം തുടരേണം എന്നു പീറ്റര്‍ ആഗ്രഹിച്ചു എങ്കിലും യൂറോപ്പിലെ ക്രിസ്തീയ രാജ്യങ്ങള്‍ സഹായിക്കുവാന്‍ തയ്യാറായില്ല. അദ്ദേഹം 1369 ല്‍ കൊല്ലപ്പെടുകയും, സൈപ്രസ് മുസ്ലീം രാജ്യങ്ങളുമായി ഒരു സമാധാന സന്ധി ഉണ്ടാക്കുകയും ചെയ്തു. സൈപ്രസിലെ ഗ്രീക്കുകാര്‍ എന്നും പടിഞ്ഞാറന്‍ ലാറ്റിന്‍ സഭയുടെ രീതികളെയും ഉപദേശങ്ങളെയും എതിര്‍ത്തിരുന്നു. ഇത് 16 ആം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ ആ രാജ്യം പിടിച്ചടക്കുന്നത് വരെ തുടര്‍ന്നു.

 

ഇതേ കാലഘട്ടത്തില്‍, ഒട്ടോമന്‍ തുര്‍ക്കികള്‍ അവരുടെ സാമ്രാജ്യം കിഴക്കന്‍ മേഖലകളില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ ബൈസാന്‍റിയം രാജ്യത്തില്‍ ശ്രദ്ധ ചെലുത്തി. 1348 ല്‍ ബൈസാന്റിയത്തില്‍ ആഭ്യന്തര കലാപം ഉണ്ടായി. അതിനാല്‍, അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ജോണ്‍ കാന്‍റാകുസെനസ്, സാമ്രാജ്യത്തിന്റെ പ്രദേശത്തുകൂടെ ഗ്രീക്കിലേക്ക് പോകുവാന്‍ തുര്‍ക്കികളെ അനുവദിച്ചു. (John Cantacuzenus). അതുവരെ, തുര്‍ക്കികള്‍ യൂറോപ്പിലേക്ക് പ്രവേശിക്കാതെ തടഞ്ഞു നിറുത്തിയത് ബൈസാന്‍റിയം ആയിരുന്നു. അവര്‍ക്ക് തുറന്നു കിട്ടിയ വാതിലിലൂടെ തുര്‍ക്കികള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പ്രവേശിച്ചു. 14 ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അവര്‍ ബള്‍ഗേറിയയും ഗ്രീക്കിന്റെ പല പ്രദേശങ്ങളും കീഴടക്കി, കോണ്‍സ്റ്റാന്‍റിനോപ്പിളിനെ വളഞ്ഞു. (Bulgaria, Greece, Constantinople). അങ്ങനെ തുര്‍ക്കികള്‍ യൂറോപ്പിയന്‍ രാജ്യങ്ങളും പിടിച്ചെടുക്കുവാന്‍ തുടങ്ങി. യൂറോപ്പ് മുഴുവന്‍ തുര്‍ക്കികളുടെ നിയന്ത്രണത്തില്‍ ആകുമോ എന്നു അവര്‍ ഭയപ്പെട്ടു. യൂറോപ്പിയന്‍ രാജാക്കന്മാര്‍, അവരുടെ രാജ്യങ്ങളെ തുര്‍ക്കികളില്‍ നിന്നും സംരക്ഷിക്കുവാന്‍ ശ്രമിച്ചു. അവര്‍ കുരിശുയുദ്ധത്തെയും യെരൂശലേമിനെയും, കിഴക്കന്‍ ക്രിസ്തീയ വിശ്വാസികളെയും മറന്നു.


കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തുര്‍ക്കികള്‍ക്കെതിരെ പോരാടികൊണ്ടിരുന്നു. എന്നാല്‍ അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായം ആവശ്യമായിരുന്നു. അതിനാല്‍, ജോണ്‍ എട്ടാമന്‍ ചക്രവര്‍ത്തിയും, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസും, ഗ്രീക് സഭയിലെ ചില പുരോഹിതന്മാരും 1437 ല്‍ നടന്ന ഫ്ലോറന്‍സിലെ കൌണ്‍സിലില്‍ പങ്കെടുത്ത്, സഹായം അഭ്യര്‍ത്ഥിച്ചു. (John VIII, Council of Florence). റോമന്‍ കത്തോലിക്ക സഭയും കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുവാനും മാര്‍പ്പാപ്പയുടെ പരമാധികാരം അംഗീകരിക്കുവാനും അവര്‍ സമ്മതിച്ചു. ഇരു സഭാ വിഭാഗങ്ങളും യോജിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ ക്രിസ്തീയ വിശ്വാസികള്‍ റോമിന്റെ അധികാരത്തെ അംഗീകരിച്ചില്ല.


എങ്കിലും കൌണ്‍സിലിന് ശേഷം, യുജെനിയസ് നാലാമന്‍ മാര്‍പ്പാപ്പ കോണ്‍സ്റ്റാന്‍റിനോപ്പിളിനെ സൈനീകമായി സഹായിക്കുവാന്‍ തീരുമാനിച്ചു. (Pope Eugenius IV). പോളണ്ട്, ഹംഗറി, ട്രാന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്നും സൈന്യത്തെ ഒരുമിച്ചുകൂട്ടി കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് പുറപ്പെട്ടു. എങ്കിലും, അവരുടെ ദൌത്യം പരാജയപ്പെട്ടു. 9 വര്‍ഷങ്ങള്‍ക്ക് ശേഷം, കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സൈനീകര്‍ മെഹ് മെദ് രണ്ടാമന്‍ എന്ന സുല്‍ത്താന്‍റെ നേതൃത്വത്തില്‍ പിടിച്ചടക്കി. (Sultan Mehmed II ).


കുരിശുയുദ്ധങ്ങള്‍ എന്ന ആശയം പൂര്‍ണ്ണമായി അവസാനിക്കുന്നത് 16 ആം നൂറ്റാണ്ടില്‍ ആണ്. യൂറോപ്പില്‍ പൊതുവേ ഉണ്ടായ മാറ്റങ്ങളും സഭയ്ക്കുള്ളില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്‍റ് നവീകരണ മുന്നേറ്റവും അതിനു കാരണം ആയി. (Protestant Reformation). മര്‍ട്ടിന്‍ ലൂഥറിനെ പോലെയുള്ള നവീകരണ നേതാക്കന്മാര്‍ കുരിശുയുദ്ധത്തെ തള്ളിപറഞ്ഞു. (Martin Luther). മാര്‍പ്പാപ്പയുടെ അധികാര മോഹമായി മാത്രമേ അവര്‍ അതിനെ കണ്ടുള്ളൂ. കുരിശുയുദ്ധത്തില്‍ പങ്കെടുത്താല്‍ പാപമോചനം ലഭിക്കും എന്ന ആശയത്തെയും നവീകരണക്കാര്‍ തള്ളി.   

 

കുരിശുയുദ്ധങ്ങളുടെ അനന്തര ഫലം

 

കുരിശുയുദ്ധങ്ങള്‍ മൊത്തത്തില്‍ ഒരു വിജയം ആയിരുന്നില്ല എങ്കിലും അതിനു ചരിത്രപരമായ നേട്ടങ്ങളും ഉണ്ട്. ഇന്നത്തെ ലോകക്രമം തന്നെ കുരിശുയുദ്ധങ്ങളുടെ ഫലമായി രൂപപ്പെട്ടതാണ്. മുസ്ലീം അധിനിവേശത്തെ ചെറുക്കുവാനും യൂറോപ്പിനെ സംരക്ഷിക്കുവാനും കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ഒപ്പം മുസ്ലീം ലോകവുമായുള്ള വ്യപാരവും സംസാരിക ബന്ധങ്ങളും യൂറോപ്പിന് ഗുണം ചെയ്തു. കുരിശുയുദ്ധങ്ങള്‍ക്ക് ശേഷം, വിദേശ രാജ്യങ്ങളിലേക്കുള്ള സഞ്ചാരങ്ങളിലും, പഠനങ്ങളിലും ഉള്ള താല്‍പര്യം യൂറോപ്പില്‍ എറിവന്നു. ഈ താല്പര്യങ്ങള്‍ ആകാം പിന്നീട് നവോത്ഥാന പ്രസ്ഥാനത്തിലേക്ക് നയിച്ചത്.  

 

എന്നാല്‍ ബൈസാന്‍റിയം സാമ്രാജ്യമോ കോണ്സ്റ്റാന്‍റിനോപ്പിള്‍ നഗരമോ പിന്നീട് ഒരിയ്ക്കലും അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വന്നില്ല. പടിഞ്ഞാറന്‍ കത്തോലിക്ക സഭയും കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുണ്ടായാ വലിയ പിളര്‍പ്പും ഇന്നേവരെ ഇല്ലാതായിട്ടില്ല.

 

കുരിശുയുദ്ധക്കര്‍ അനേകം മുസ്ലീം വിശ്വാസികളെയും യഹൂദന്മാരെയും അക്രൈസ്തവരെയും കൊലപ്പെടുത്തിയതിനാല്‍, മുസ്ലീം രാജ്യങ്ങള്‍ അവരെ അക്രമകാരികള്‍ ആയി കണ്ടു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് വിശ്വാസികളെ പോലും കൊല്ലുവാനും, പള്ളികള്‍ നശിപ്പിക്കുവാനും അവര്‍ മടിച്ചില്ല. എന്നാല്‍ മുസ്ലീം സൈന്യവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമായി പെരുമാറിയിട്ടില്ല. കൊള്ളയും കൊലയും അവരുടെയും ശൈലി ആയിരുന്നു.

 

കുരിശുയുദ്ധം എന്ന വാക്ക് ഇന്ന് ഒരു ചരിത്ര സംഭവത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. ഇന്ന് ഇതൊരു മതപരമായ പദം മാത്രമല്ല. ഈ വാക്ക് ഒരു രൂപകമായി മാറിയിരിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള അടങ്ങാത്ത പോരാട്ടത്തെക്കുറിച്ച് പറയുവാന്‍ “കുരിശുയുദ്ധം” എന്ന വാക്ക് ഇന്ന് പൊതുവേ ഉപയോഗിക്കുന്നു. ഇതായിരിക്കാം കുരിശുയുദ്ധങ്ങളുടെ ഏറ്റവും വലിയ സംഭാവന.



മദ്ധ്യകാലഘട്ടത്തില്‍ മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ നടന്ന കുരിശുയുദ്ധങ്ങളെ കുറിച്ചുള്ള ഈ ഹൃസ്വ വിവരണം ഇവിടെ അവസാനിപ്പിക്കട്ടെ. കുരിശുയുദ്ധങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‍പര്യം ഉണ്ട് എങ്കില്‍
, ഈ വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഇ-ബുക്കിന്‍റെ ഒരു കോപ്പി whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇ-ബുക്ക് സ്റ്റോറില്‍ നിന്നും interactive catalogue ഉം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.  

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment