എലീശയുടെ അഭിഷേകം

ശലോമോന്‍ രാജാവിന്റെ മകനായ രേഹബെയാം സംയുക്ത യിസ്രയേലിന്റെ അവസാനത്തെ രാജാവായിരുന്നു. അവന്റെ കാലത്ത്, രാജ്യം രണ്ടായി പിളര്‍ന്ന്. യിസ്രായേലിലെ പത്തു ഗോത്രങ്ങള്‍ വടക്ക് യിസ്രായേല്‍ എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചു. യഹൂദ ഗോത്രവും ബെന്യാമീന്‍ ഗോത്രവും തെക്ക് യഹൂദ രാജ്യവും സ്ഥാപിച്ചു. ഇതില്‍ വടക്കന്‍ യിസ്രായേല്‍ രാജ്യത്ത് ജീവിച്ചിരുന്ന രണ്ട് പ്രവാചകന്മാര്‍ ആയിരുന്നു ഏലിയാവും അവന്റെ ശിഷ്യനായ എലീശയും. അവര്‍ ജീവിച്ച ചരിത്ര ഘട്ടത്തില്‍, ദുഷ്കരമായ പ്രവാചക ശുശ്രൂഷ നിര്‍വഹിച്ചവര്‍ ആണിവര്‍. ധീരതയും അസാധാരണമായ ദൈവീക അഭിഷേകവും ആയിരുന്നു അവരുടെ പ്രത്യേകതകള്‍. ഇവരില്‍ എലീശയുടെമേലുള്ള അഭിഷേകത്തിന്റെ ചരിത്രമാണ് നമ്മള്‍ ഈ സന്ദേശത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നത്. എങ്കിലും നമ്മളുടെ പഠനം ഏലീയാവില്‍ തുടങ്ങി നമുക്ക് എലീശയിലേക്ക് പോകുക ആയിരിയ്ക്കും.

ആരംഭമായി നമുക്ക് എലീശയുടെ മരണശേഷം സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ച് വേദപുസ്തകത്തില്‍ നിന്നും വായിയ്ക്കാം.

 

2 രാജാക്കന്മാര്‍ 13: 20, 21   

20  എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.

21   ചിലർ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.

ഈ സംഭവം നടക്കുന്ന കാലത്ത്, യേഹൂവിന്റെ മകനായ യെഹോവാഹാസ് ആയിരുന്നു യിസ്രായേലിലെ രാജാവ്. യെഹോവാഹാസ് യഹോവയെ ആരാധിക്കുന്നതില്‍ വിശ്വസ്തന്‍ ആയിരുന്നില്ല. അവന്‍ യിസ്രായേല്‍ ജനത്തെയും യഹോവയില്‍നിന്നും അകറ്റി, ജാതീയ ദേവന്മാരെ ആരാധിക്കുന്നവരാക്കി. അതിനാല്‍, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാം രാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും ഏല്‍പ്പിച്ചുകൊടുത്തു. അവന് ശേഷം യെഹോവാഹാസിന്റെ മകനായ യോവാശ് രാജാവായി. അവന്‍ 11 വര്‍ഷം യിസ്രായേലിന് രാജാവായിരുന്നു. അതില്‍ മൂന്ന് വര്‍ഷങ്ങള്‍ തന്റെ പിതാവിനോടൊപ്പം രാജ്യധികാരം പങ്കിടുക ആയിരുന്നു. അവനും പിതാവിന്റെ പാപങ്ങള്‍ വിട്ടുമാറിയില്ല. യിസ്രായേല്‍ ജനവും ജാതീയ ദേവന്മാരെ ഉപേക്ഷിച്ചില്ല.

എങ്കിലും, യഹോവെക്കു യിസ്രായേല്‍ ജനത്തോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമം നിമിത്തം അവൻ അവരെ കടാക്ഷിച്ചു. യിസ്രായേലില്‍ യെഹോവാഹാസ് രാജാവായിരുന്ന കാലത്ത്, അരാം രാജാവായ ഹസായേൽ ചില യിസ്രായേല്‍ പട്ടങ്ങളെ യുദ്ധത്തിൽ പിടിച്ചിരുന്നു. യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേല്‍ രാജാവായപ്പോള്‍, അരാം രാജ്യത്ത് ഹസായേലിന്റെ മകനായ ബെന്‍-ഹദദ് രാജാവായി. അപ്പോള്‍ യോവാശ് അരാം രാജ്യത്തോട് യുദ്ധംചെയ്ത്, അവര്‍ മുമ്പ് പിടിച്ചെടുത്ത യിസ്രായേല്‍ പട്ടണങ്ങളെ തിരിച്ചു പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ്, അരാം രാജാവായിരുന്ന ബെൻ-ഹദദിനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ തിരിച്ചു പിടിക്കുകയും ചെയ്തു.

യോവാശ്, അരാമ്യരൊട് യുദ്ധത്തിന് പോകുന്നതിനു മുമ്പ് ആയിരിക്കേണം എലീശാ പ്രവാചകന്‍ മരിക്കുന്നത്. എലീശാ മരിക്കുന്നത്, മരണ ഹേതുകമായ രോഗം പിടിച്ചായിരുന്നു എന്ന് 2 രാജാക്കന്മാര്‍ 13: 14 ല്‍ നിന്നും നമുക്ക് അനുമാനിക്കാം. ആ അവസരത്തില്‍ യിസ്രായേല്‍ രാജാവായ യോവാശ്, എലീശയെ സന്ദര്‍ശിച്ചു. അപ്പോള്‍, യോവാശ് യുദ്ധത്തില്‍ 3 പ്രാവശ്യം അരാമ്യരെ തോല്‍പ്പിക്കും എന്നും എന്നാല്‍ അവരെ നിശ്ശേഷം സംഹരിക്കുകയില്ല എന്നും പ്രവാചകന്‍ പറഞ്ഞു. 2 രാജാക്കന്മാര്‍ 13: 20 ല്‍ “എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ എലീശ രോഗത്തെ തുടര്‍ന്നാണ് മരിച്ചത് എന്ന് ചിന്തിക്കാം.

ഇവിടെ നമ്മളുടെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നേക്കാം. ഏലിയാവിന്‍റെ മറ്റ് ശിഷ്യന്മാരെക്കാള്‍ ഇരട്ടി പങ്ക് അഭിഷേകം പ്രാപിച്ച എലീശ എന്തുകൊണ്ട് രോഗബാധിതന്‍ ആയി മരിച്ചു. ഇതിനുള്ള ഉത്തരം, ദൈവീക അഭിഷേകവും ഒരു മനുഷ്യന്റെ ഭൌതീക അവസ്ഥയുമായി യാതൊരു ബന്ധവും ഇല്ല, എന്നതാണ്. പാപം ഒഴികെ യാതൊന്നും ദൈവീക അഭിഷേകത്തിന്റെ പകര്‍ച്ചയ്ക്കൊ, പ്രവര്‍ത്തനത്തിനൊ തടസ്സമല്ല. കാരണം, അഭിഷേഷേകം ദൈവത്തിന്റേതാണ്. അഭിഷേകം ഒരു മനുഷ്യന്റെ സ്വകാര്യ സ്വത്തല്ല. അത് ദൈവത്തില്‍ നിന്നു പുറപ്പെടുന്നതും, ദൈവ ഹിതപ്രകാരം, ദൈവം ഉപയോഗിക്കുന്നതുമാണ്. ഏലീയാവോ, എലീശയോ, അവര്‍ക്കിഷ്ടമുള്ളത്, ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുക ആയിരുന്നില്ല. ദൈവം പറയാത്തത് ഒന്നും ഏലീയാവ് പറഞ്ഞില്ല. ദൈവം ആഗ്രഹിക്കാത്തതൊന്നും എലീശ പ്രവര്‍ത്തിച്ചില്ല. അവരില്‍ ദൈവം ആക്കിവെച്ച ദൈവ ശക്തി, ദൈവം അവന്റെ ഹിതപ്രകാരം ഉപയോഗിക്കുക ആയിരുന്നു. എലീശയുടെ സ്വയം സൌഖ്യത്തിനായല്ല, ദൈവത്തിന്‍റെ പദ്ധതികളുടെ നിവര്‍ത്തിക്കായാണ് എലീശയെ അഭിഷേകം ചെയ്തത്. എലീശാ ദൈവീക അഭിഷേകത്തിനായി ആഗ്രഹിച്ചതും സ്വയം സൌഖ്യമാകുവാനോ, സമ്പന്നന്‍ ആകുവാനോ, പ്രശസ്തന്‍ ആകുവാനോ ആയിരുന്നില്ല. ദൈവീക പദ്ധതിയുടെ ഭാഗമാകുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.

ദൈവീക അഭിഷേകത്തില്‍, അഭിഷിക്തന്‍റെ സൌഖ്യവും ഭൌതീക നന്മകളും, വിടുതലും എല്ലാം ഉണ്ട് എങ്കിലും അതിന്റെ പ്രഥമ ഉദ്ദേശ്യം പ്രത്യേകമായ ദൈവീക പദ്ധതിയാണ്. പൊതുവേ, ദൈവീക അഭിഷേകം, ജനത്തെ ദൈവത്തിങ്കലേക്കു തിരിക്കുവാനാണ്. അതിനായാണ് ദൈവം എലീയാവിനെയും എലീശയയെയും തിരഞ്ഞെടുത്തതും ഉപയോഗിച്ചതും. അഭിഷേകം മനുഷ്യന്റെ ഭൌതീക അവസ്ഥയുമായല്ല ദൈവീക പദ്ധതികളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

അതിനാല്‍, ഒരു അഭിഷിക്തന്റെ ജീവിതത്തിലെ അവസ്ഥകള്‍ അവന്റെമേലുള്ള അഭിഷേകത്തിന്റെ അളവിന്റെ പ്രത്യക്ഷത അല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു അഭിഷിക്തന്‍ രോഗിയോ, ദരിദ്രനോ, അടിമയോ, ധനവാനോ ആകാം. അവന്‍ സ്വതന്ത്രനോ, കാരാഗ്രഹത്തിലോ, സാമ്പത്തിക തകര്‍ച്ചയിലോ ആകാം. അവന്റെ മരണം, രോഗത്താലോ, അപകടത്താലോ, വര്‍ദ്ധിക്യ സഹജമായ ക്ഷീണത്താലോ, പെട്ടന്നു സംഭവിക്കുന്നതോ ആകാം. അതൊന്നും അവന്റെ അഭിഷേകത്തിന്റെ അളവുകോല്‍ അല്ല. കാരണം, അഭിഷേകം ഒരിയ്ക്കലും മനുഷ്യന്റെ സ്വന്തമല്ല, അത് മനുഷ്യന്റെ അവസ്ഥയനുസരിച്ച് പകരപ്പെട്ടതും അല്ല. അഭിഷേകം ദൈവത്തില്‍ നിന്നും വരുന്നതും, ദൈവത്തിന്റെതുമാണ്. അതിനു മനുഷ്യന്റെ ജീവിത അവസ്ഥയുമായി ബന്ധമില്ല.

ഇതിനെക്കുറിച്ചാണ് പൌലൊസ് പറയുന്നത്:

 

2 കൊരിന്ത്യര്‍ 4: 7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.”

“മണ്‍പാത്രങ്ങളില്‍” എന്ന് പറയുമ്പോള്‍, അതിന്റെ ബലഹീനത ആണ് പൌലൊസ് ഉദ്ദേശിക്കുന്നത്. മണ്‍പാത്രം ഏത് സമയത്തും തകരാം. പാത്രമല്ല ശക്തമായത്, പരിശുദ്ധാത്മാവ് ആണ്. ദൈവത്തിന്റെ അഭിഷേകമാണ് ശക്തം. നമ്മള്‍ ബലഹീനവും ഏതുനിമിഷം തകര്‍ന്നു പോകുന്നതുമാണ്. അഭിഷേകം പകര്‍ന്നിരിക്കുന്നതിനാല്‍, നമ്മളുടെ ശരീരം എന്ന മണ്‍പാത്രങ്ങള്‍ ബലമുള്ളതായി മാറുന്നു എന്ന് പൌലൊസ് ഇവിടെ പറയുന്നില്ല. അഭിഷേകം പകരപ്പെട്ടിരിക്കുമ്പോഴും നമ്മള്‍ അമാനുഷര്‍ ആകുന്നില്ല, ദൈവീക അഭിഷേകം ശക്തമായി പ്രവര്‍ത്തിക്കുന്നു എന്നു മാത്രം.

ഏലിയാവിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അവന്‍, രാജാവിന്റെയും ബാലിന്റെ പ്രവാചകന്മാരുടെയും മുന്നില്‍ നിന്നുകൊണ്ട് അവരുടെ ജാതീയ ദേവനെ വെല്ലുവിളിച്ചു. അവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവയായ ദൈവം ആകാശത്തു നിന്നും തീ ഇറക്കി യാഗത്തെ ദഹിപ്പിച്ചു. ബാലിന്റെ പ്രവാചകന്മാരെ 850 പേരെ അവന്‍ കൊന്നുകളഞ്ഞു. എന്നാല്‍, അന്നുതന്നെ, ഈസേബെലിന്റെ ഭീഷണിയുടെ മുന്നില്‍ ഭയന്ന് ഓടി ഒളിച്ചു. ഈസേബേലിന്റെ കൈയ്യാല്‍ കൊല്ലപ്പെടുമോ എന്ന് ഭയന്ന ഏലീയാവു, ദൈവത്തോട് അവന്റെ ജീവനെ എടുത്തുകൊള്ളുവാനായി അപേക്ഷിച്ചു. (1 രാജാക്കന്മാര്‍ 19:4). അവന്‍ ഒരു ബലഹീന നനുഷ്യനെപ്പോലെ നിരാശന്‍ ആയി.

ദൈവീക അഭിഷേകം ഏലീയാവു എന്ന ദൈവദാസനെ ശക്തനാക്കി. എന്നാല്‍ ഏലീയാവു എന്ന മനുഷ്യന്‍ സാധാരണക്കാരനായി തന്നെ തുടര്‍ന്നു. യക്കോബ് അപ്പോസ്തലന്‍ ഇതിന് അടിവരയിടുന്നു: ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു” (യാക്കോബ് 5: 17).

എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചെയ്യുന്നത് എന്നു അപ്പൊസ്തലനായ പൌലൊസ് 1 കൊരിന്ത്യര്‍ 1: 26 മുതല്‍ 31 വരെയുള്ള വാക്യങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്. പൌലൊസ് പറയുന്ന പ്രധാന മര്‍മ്മം 29 ആം വാക്യമാണ്: “ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.” അതിനായി “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.അതിനാല്‍ അന്നത്തെ ക്രൈസ്തവരുടെ ഇടയില്‍, “ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.” (1 കൊരിന്ത്യര്‍ 1: 26).

ദൈവത്തിന് അഭിഷേകം പകരുവാന്‍ ജ്ഞാനികളെയോ, ബലവാന്മാരെയോ, ലോകപ്രകാരം ബുദ്ധിമാന്മാരെയോ, സമ്പന്നരെയോ, ഉന്നതസ്ഥാനീയരെയോ ആവശ്യമില്ല. കാരണം, ലോകപ്രകാരമുള്ള ബുദ്ധിഹീനരില്‍, ദൈവത്തിന്‍റെ ജ്ഞാനം വെളിപ്പെടുമ്പോള്‍, അതില്‍ ഒരു മനുഷ്യനും പ്രശംസിക്കുകയില്ല. ലോകത്തില്‍ ബലഹീനരെ ദൈവം ശക്തരാക്കി മാറ്റുമ്പോള്‍, സകല മഹത്വവും ദൈവത്തിന് ലഭിക്കുന്നു. മാത്രവുമല്ല, ലോകത്തിന്റെ ജ്ഞാനത്തെക്കാളും ബലത്തേക്കാളും ഉന്നതസ്ഥാനങ്ങളെക്കാളും ശ്രേഷ്ഠം ദൈവത്തിന്‍റെ അഭിഷേകമാണ് എന്നും വെളിപ്പെടുന്നു. ഇതിനാല്‍ ആണ് ദൈവം സാധാരണക്കാരായ മനുഷ്യരെ അവന്റെ വലിയ പ്രവര്‍ത്തികള്‍ക്കായി അഭിഷേകം ചെയ്യുന്നത്.

ഇതിന്റെ അര്‍ത്ഥം ഒന്നുകൂടി പറഞ്ഞാല്‍, ദൈവീക അഭിഷേകം, മനുഷ്യന്റെ ബുദ്ധിയോ, സമ്പത്തോ, ജ്ഞാനമോ ആയി ബന്ധപ്പെട്ടിരിക്കുന്നില്ല. അഭിഷിക്തന് രോഗം വന്നാലും, അവന്‍ ദരിദ്രന്‍ ആയി മാറിയാലും, അവന് അപകടം സംഭവിച്ചാലും, അവന്‍ കാരാഗൃഹത്തിലോ, അടിമത്വത്തിലോ ആയാലും, ദൈവീക അഭിഷേകത്തിന് മാറ്റമില്ല. ഇതാണ് എലീശയുടെ ജീവിതാന്ത്യത്തിലെ രോഗാവസ്ഥയില്‍ നിന്നും നമ്മള്‍ പഠിക്കേണ്ട പാഠം.

ഇതില്‍നിന്നും നമ്മള്‍ ഉള്‍ക്കൊള്ളേണ്ട ഒരു പാഠം കൂടി ഉണ്ട്. ദൈവത്തിന് ആരെയും, എത്ര ബലഹീനനെയും അഭിഷേകം ചെയ്യുവാനും അവന്റെ പ്രവാചകന്‍ ആക്കുവാനും കഴിയും. പ്രവാചകന്‍ എന്ന വാക്ക്, പ്രവചനങ്ങള്‍ പറയുന്ന വ്യക്തി എന്ന ചുരുങ്ങിയ നിലയിലല്ല നമ്മള്‍ മനസ്സിലാക്കേണ്ടത്. പ്രവാചകന്‍, ദൈവത്തിന്‍റെ ആലോചനകള്‍ രാജാക്കന്മാരെ അറിയിക്കുന്നവന്‍ ആണ്, പ്രവാചകന്റെ വാക്കില്‍ മഞ്ഞും മഴയും നിന്നുപോകും, അവന്‍ വീണ്ടും പ്രാര്‍ത്ഥിക്കുമ്പോള്‍, ആകാശം മഴയ്ക്കായി തുറക്കും. പ്രവാചകന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നു തീ ഇറങ്ങും. അവന്‍ ബാലിന്റെ ആരാധനയെ ദേശത്ത് നിന്നും നിശ്ശേഷം തുടച്ചുകളയും. പ്രവാചകന്‍ രാജാക്കന്മാരെ അഭിഷേകം ചെയ്തു നിയമിക്കും, അവന്‍ കുഷ്ഠരോഗികളെ സൌഖ്യമാക്കും, മരിച്ചവരെ ഉയിര്‍പ്പിക്കും, അവന്‍ ദൈവത്തിന്നായി വീര്യപ്രവര്‍ത്തികളെ ചെയ്യും. ഇതാണ് പഴയനിയമത്തില്‍ നമ്മള്‍ കാണുന്ന പ്രവാചകന്‍.

ഇങ്ങനെ ഉള്ള പ്രവാചകന്മാരെ അഭിഷേകം ചെയ്യുവാന്‍ ദൈവം സാധാരണക്കാരെ അന്വേഷിക്കുന്നു. ബലഹീനരേയും ജ്ഞാനമില്ലാത്തവരെയും, ദരിദ്രരെയും അന്വേഷിക്കുന്നു. അതായത് ഇന്ന് ദൈവം നമ്മളെ ഓരോരുത്തരേയും അവന്റെ അഭിഷിക്തരാകുവാന്‍ വിളിക്കുകയാണ്. ദൈവീക അഭിഷേകം സ്വീകരിക്കുവാന്‍, ലോകത്തിന്റെ ജ്ഞാനമോ, സ്ഥാനമോ, സമ്പത്തോ, കുലീനതയോ ആവശ്യമില്ല. ദൈവഹിതം പ്രവര്‍ത്തിക്കുവാനുള്ള ആഗ്രഹവും സമര്‍പ്പണവും മാത്രം മതിയാകും. 1 കൊരിന്ത്യര്‍ 1: 26 ല്‍ പൌലൊസ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.”

പഴയനിയമ പ്രവാചകനായ ആമോസ് തന്നെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്: “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു” (ആമോസ് 7: 14,15)

നമുക്ക് എലീശയിലേക്ക് തിരികെ വരാം. എലീശ മരിച്ചതിന്റെ പിറ്റേ ആണ്ടില്‍ മോവാബ്യരുടെ പടക്കൂട്ടങ്ങൾ യിസ്രായേല്‍ ദേശത്തെ ആക്രമിച്ചു. ചിലര്‍ മരിച്ച ഒരു മനുഷ്യനെ അടക്കം ചെയ്യുവാന്‍ ശ്രമിക്കുക ആയിരുന്നു. അപ്പോഴാണ് അവര്‍ മോവാബ്യ പടക്കൂട്ടങ്ങള്‍ വരുന്നത് കണ്ടത്. അവര്‍ ഭയന്നു. അവര്‍ മരിച്ചവന്റെ ശവശരീരം എലീശയുടെ കല്ലറയില്‍ ഇട്ടിട്ട് ഓടിപ്പോകുവാന്‍ ശ്രമിച്ചു.

ഇതില്‍ ചെറിയ ആശയക്കുഴപ്പം ഇന്നത്തെ വായനക്കാര്‍ക്ക് ഉണ്ടായേക്കാം. ഇന്നത്തെ നമ്മളുടെ കല്ലറകള്‍ പോലെയുള്ളവ ആയിരുന്നില്ല, എലീശയുടെ കാലത്തുണ്ടായിരുന്നത്. സുവിശേഷത്തില്‍, ലാസറിനെ അടക്കിയ കല്ലറ തുറക്കുന്നതും, യേശുവിന്റെ കല്ലറ ഒരു കല്ല് ഉരുട്ടി വച്ച് അടച്ചിരുന്നതും, കല്ല് മാറ്റിയപ്പോള്‍, ശിഷ്യന്മാര്‍ അതിനുള്ളില്‍ കയറിയതും നമ്മള്‍ വായിക്കുന്നു. എലീശയുടെ കാലത്തുള്ള കല്ലറകളും ഒരു പക്ഷേ ഒരു വലിയ കല്ല് ഉരുട്ടി വച്ച് അടച്ച ഒരു ഗുഹ പോലെയുള്ളത് ആയിരുന്നിരിക്കാം. നമുക്ക് അതില്‍ വ്യക്തതയില്ല. എലീശയുടെ കല്ലറ വേഗം തുറക്കുവാന്‍ കഴിയുന്നതും സമീപത്ത് ആയിരുന്നതിനാലും ആയിരിക്കേണം, ശവശരീരവുമായി വന്നവര്‍ അത് എലീശയുടെ കല്ലറയില്‍ ഇട്ടത്.  

എലീശാ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. അതിനാല്‍ കല്ലറയില്‍ പ്രവാചകന്റെ അസ്ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, മരിച്ചവന്റെ ശരീരം, എലീശായുടെ അസ്ഥികളെ തോട്ടപ്പോള്‍, ആ ശരീരം ജീവന്‍ പ്രാപിച്ചു. അവന്‍ എഴുന്നേറ്റ് നിന്നു. ഇതാണ് ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ എലീശയല്ല അത്ഭുതം പ്രവര്‍ത്തിക്കുന്നത്. എലീശയുടെ മേലുള്ള അഭിഷേകം ആണ് അത്ഭുതത്തിന് കാരണം. ദൈവമാണ് ഇവിടെ അത്ഭുതം പ്രവര്‍ത്തിച്ചത്. അഭിഷേകം ദൈവത്തിന്റേതാണ്, ദൈവം അവന്റെ പദ്ധതികളുടെ നിവര്‍ത്തിക്കായി അതിനെ ഉപയോഗിക്കുന്നു. ഇതിന് നല്ല ഒരു ഉദാഹരണം ആണ് ഈ സംഭവം. പഴയനിയമത്തിലെ ചരിത്രം നമുക്ക് ദൃഷ്ടാന്തത്തിന്നായി എഴുതപ്പെട്ടുമിരിക്കുന്നു.

അപ്പോസ്തലപ്രവൃര്‍ത്തികള്‍ 5 ആം അദ്ധ്യായത്തില്‍ പത്രോസിലൂടെ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നമ്മള്‍ വായിക്കുന്നു. 15, 16 വാക്യങ്ങള്‍ പറയുന്നു: “രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.... അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.” ഇവിടെ അപ്പൊസ്തലനായ പത്രൊസിന്റെ നിഴല്‍ വീണാല്‍ സൌഖ്യം ഉണ്ടാകും എന്നല്ല, അവന്റെ നിഴല്‍ വീഴുന്ന ദൂരത്തില്‍ ആയിരിക്കുന്ന രോഗികള്‍ പോലും സൌഖ്യമായി എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. നിഴല്‍ എന്നത് ദൂരത്തെയാണ് കാണിക്കുന്നത്. അപ്പോസ്തലന്‍ നടന്നു പോകുമ്പോള്‍ അവന്റെ സമീപത്ത് നില്‍ക്കുന്ന രോഗികള്‍ പോലും സൌഖ്യമാകുമായിരുന്നു. അശുദ്ധാത്മാവ് ബാധിച്ചവര്‍ വിടുതല്‍ പ്രാപിച്ചു. ഇവിടെ പത്രോസല്ല അത്ഭുതങ്ങള്‍ ചെയ്തത്, അവനിലുള്ള ദൈവീക അഭിഷേകത്താല്‍ അത്ഭുതങ്ങള്‍ നടക്കുക ആയിരുന്നു. ദൈവമാണ് അഭിഷേകത്തിന്റെ ഉടയവന്‍ എന്നു ഇവിടെ വ്യക്തമാകുന്നു.

അപ്പോസ്തലപ്രവൃത്തികളിലെ തന്നെ മറ്റൊരു വേദഭാഗം കൂടെ നമുക്ക് നോക്കാം. അപ്പോസ്തലപ്രവൃത്തികള്‍ 19: 1 ല്‍ “ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ” ചെയ്തു എന്നു നമ്മള്‍ വായിക്കുന്നു. ദൈവമാണ് വീര്യപ്രവൃത്തികള്‍ ചെയ്തത് എന്നു എഴുത്തുകാരനായ ലൂക്കോസ് പ്രത്യേകം പറയുന്നതു ശ്രദ്ധിക്കുക. ഈ വീര്യപ്രവൃത്തികളുടെ ഒരു ഉദാഹരണം 12 ആം വാക്യത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. “അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.” അതായത് പൌലൊസ് ഉപയോഗിച്ചിരുന്ന മേല്‍വസ്ത്രങ്ങളില്‍ ചിലത് എടുത്തുകൊണ്ട് പോയി, രോഗികളുടെമേലും ദുരാത്മാക്കള്‍ ബാധിച്ചിരുന്നവരുടെമേലും ഇട്ടു. അത് ഒരു പക്ഷേ പൌലൊസിന് നേരിട്ട് പോയി പ്രാര്‍ത്ഥിക്കുവാന്‍ കഴിയാഞ്ഞതിനാലോ, മറ്റ് അസൌകര്യങ്ങളാലോ, അന്നത്തെ വിശ്വാസികളുടെ വിശ്വാസവീര്യത്താലോ ആയിരിക്കാം അങ്ങനെ ചെയ്തത്. അവിടെയും ദൈവപ്രവര്‍ത്തി വെളിപ്പെട്ടു. രോഗികള്‍ സൌഖ്യമായി, ദുരാത്മാക്കള്‍ വിട്ടുപോയി. ഇവിടെയും പൌലൊസിന്റെ അസാന്നിധ്യവും, ദൈവീക അഭിഷേകത്തിന്റെ സാന്നിദ്ധ്യവും നമ്മള്‍ കാണുന്നു.

എലീശാ പ്രവാചകന്റെ അഭിഷേകത്തിന്റെ പ്രത്യേകത മനസ്സിലാക്കുവാന്‍, അതിന്റെ ചരിത്രം ഏലീയാവ്  പ്രവാചകനില്‍ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഏലീയാവ് പ്രവാചകന്റെ പുതപ്പ് എലീശയുടെമേല്‍ വീണത് മുതല്‍ ആണ് എലീശയുടെ പ്രവാചക ചരിത്രം ആരംഭിക്കുന്നത്.

യാതൊരു വംശാവലിയോ, മുന്‍ ചരിത്രമോ പറയാതെയാണ് ഏലീയാവിനെ വേദപുസ്തകം അവതരിപ്പിക്കുന്നത്. 1 രാജാക്കന്മാര്‍ 17: 1 ല്‍ “എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു ആഹാബിനോടു” എന്നു പറഞ്ഞുകൊണ്ടു അവന്റെ ജീവചരിത്രം ആരംഭിക്കുക ആണ്. ഇതിന്റെ ചരിത്ര പശ്ചാത്തലം, യിസ്രായേല്‍ ജനതയുടെ വിശ്വാസത്യാഗം ആണ്. അപ്പോള്‍ യിസ്രായേല്‍ ഭരിച്ചിരുന്നത് ആഹാബ് എന്ന രാജാവായിരുന്നു. ആഹാബ് യിസ്രായേലിനെ 22 വര്‍ഷങ്ങള്‍ ഭരിച്ചു. ആഹാബ് യഹോവയെ ഭയപ്പെടാതെ, അവനെ മാത്രം ആരാധിക്കാതെ, യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു. അവന്‍ സീദോന്യ രാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി സ്വീകരിച്ചു. അവന്‍ ബാലിനെ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു. അതിനായി അവന്‍ ശമര്യയില്‍ ബാലിന് ഒരു ക്ഷേത്രവും, ബലിപീഠവും, അശേരാപ്രതിഷ്ഠയും ഉണ്ടാക്കി. അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം അധികം ദോഷം പ്രവർത്തിച്ചു. രാജാവിനോടൊപ്പം എല്ലാ യിസ്രയേല്യരും ബാലിനെ ആരാധിക്കുന്നവര്‍ ആയി മാറി.

രാജാവിന്റെ പിന്‍ബലത്തോടെയുള്ള വിശ്വാസത്യാഗത്തിന്റെ ഈ കാലത്താണ് ഏലീയാവ് പ്രത്യക്ഷനാകുന്നത്. അവന്‍ ആഹാബിനെ നേരിട്ട് കണ്ട് യഹോവയുടെ അരുളപ്പാടുകള്‍ അറിയിച്ചു: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല”. ഏലീയാവു പറഞ്ഞതുപോലെതന്നെ മൂന്നര വര്‍ഷക്കാലം ദേശത്ത് മഴപെയ്തില്ല. ദേശം ക്ഷാമത്താല്‍ വലഞ്ഞു. എന്നാല്‍ മൂന്നര വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, എലിയാവ് വീണ്ടും ആഹാബ് രാജാവിന് പ്രത്യക്ഷനായി. ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും അശേരാ ദേവിയുടെ നാനൂറ് പ്രവാചകന്മാരെയും, യിസ്രായേല്‍ ജനത്തെയും കർമ്മേൽ പർവ്വതത്തിൽ കൂട്ടിവരുത്തുവാന്‍ അവന്‍ ആവശ്യപ്പെട്ടു. ആഹാബ് അങ്ങനെ ചെയ്തു.

ആരാണ് യഥാര്‍ത്ഥ ദൈവം എന്ന് ഒരു പരസ്യമായ അടയാളത്തിലൂടെ തെളിയിക്കുവാന്‍ ഏലീയാവു ബാലിന്റെ പ്രവാചകന്മാരെ വെല്ലുവിളിച്ചു. “യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ” എന്നു അവന്‍ ജനത്തോട് വിളിച്ച് പറഞ്ഞു.

യഹോവയായ ദൈവമാണ് ഏക സത്യ ദൈവം എന്ന് തെളിയിക്കുവാന്‍, ഏലീയാവ് ഒരു പദ്ധതി പ്രഖ്യാപിച്ചു. അദ്ദേഹത്തിനും ബാലിന്റെ പ്രവാചകന്‍മാര്‍ക്കും ഓരോ കാളയെ യാഗമൃഗമായി നല്‍കട്ടെ. ഒരു കാളയെ ബാലിന്റെയും അശേരാ ദേവിയുടെയും പ്രവാചകന്മാര്‍ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ. മറ്റേ കാളയെ ഏലീയാവ് ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം. ബാലിന്റെ പ്രവാചകന്മാര്‍ അവരുടെ ദേവനെ വിളിച്ചപേക്ഷിക്കട്ടെ. ഏലീയാവ് യഹോവയെ വിളിച്ചപേക്ഷിക്കും. ആരാണോ ആകാശത്തുനിന്നും തീയിറക്കി യാഗത്തെ ദഹിപ്പിക്കുന്നത്, അവന്‍ സത്യ ദൈവം ആയിരിക്കും.

ബാല്‍ എന്ന ജാതീയ ദേവന്‍, ആകാശത്തിന്റെയും കൊടുങ്കാറ്റിന്റെയും അഗ്നിയുടെയും ദേവനാണ് എന്ന് അവന്റെ പ്രവാചകന്മാര്‍ വിശ്വസിച്ചിരുന്നു. അവര്‍ രാവിലെ മുതല്‍ ഉച്ചതിരിഞ്ഞു മൂന്ന് മണിവരെ, ബാലിനെ വിളിച്ച് അപേക്ഷിച്ചു. എന്നാല്‍ ആകാശത്തു നിന്നും തീയിറങ്ങിയില്ല, ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല.

അപ്പോൾ ഏലീയാവ് മുന്നോട്ട് വന്നു. അവന്‍ യിസ്രായേല്‍ ജനത്തെ അടുക്കല്‍ വിളിച്ചു. ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി, യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു. മൂന്ന് മണി കഴിഞ്ഞപ്പോള്‍, ഏലീയാവ്  പ്രവാചകൻ അടുത്തുചെന്നു പ്രാര്‍ത്ഥിച്ചു: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ” ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം എന്നു ഏറ്റുപറഞ്ഞു.

അതിനുശേഷം, ഏലീയാവും യിസ്രായേല്‍ ജനവും, ബാലിന്റെ പ്രവാചകന്മാരെ പിടിച്ചു, താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു. ശേഷം ദേശത്ത് മഴ പെയ്തു.

ഇതുപോലെയുള്ള ഒരു ദൈവീക പ്രവൃത്തി, മറ്റൊരു പ്രവാചകനാല്‍ സംഭവിച്ചതായി, വേദപുസ്തകത്തില്‍ വേറെ രേഖപ്പെടുത്തിയിട്ടില്ല. മറ്റാരും ഇതിന് തുല്യമായ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ ഇതിന് ശേഷം ഏലീയാവ് അനുഭവിച്ച ഏകാന്തതയും ഭയവും അവനെ വീണ്ടും ഒരു സാധാരണക്കാരനായ മനുഷ്യനാക്കി മാറ്റി.

ബാലിന്റെയും അശേരാ ദേവിയുടെയും പ്രവാചകന്മാരെ ഏലീയാവ് കൊന്നു എന്ന് ഈസേബെല്‍ അറിഞ്ഞപ്പോള്‍, അവള്‍ ഏലീയാവിനെയും അടുത്ത ദിവസം കൊല്ലും എന്ന് ഭീഷണി മുഴക്കി. ഇതില്‍ ഏലിയാവ് ഭയപ്പെട്ടു. അവന്‍ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ഒരു ചൂരച്ചെടിയുടെ തണലില്‍  കിടന്നു ഉറങ്ങി. അവന്‍ മരിക്കുവാന്‍ ആഗ്രഹിച്ചു. അവിടെ യഹോവയായ ദൈവം അവന് പ്രത്യക്ഷന്‍ ആയി. ദൈവം ഏലീയാവിനെ മൂന്ന് ദൌത്യങ്ങള്‍ ഏല്‍പ്പിച്ചു. ഹസായേലിനെ അരാം രാജ്യത്തിന് രാജാവയിട്ട് അഭിഷേകം ചെയ്യുക, നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യുക, എലീശയെ, ഏലീയാവിന്  പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്യുക.

ഈ മൂന്നു ദൌത്യങ്ങളെയും നമ്മള്‍ പിന്തുടരുന്നില്ല. നമുക്ക് എലീശയുടെ അഭിഷേകത്തിലേക്ക് പോകാം. ഏലീയാവിന് ലഭിച്ച ദൈവീക ദൌത്യത്തില്‍ ആദ്യം പൂര്‍ത്തീകരിച്ചത്, എലീശയുടെ അഭിഷേകം ആയിരുന്നു. ഏലീയാവ്, എലീശയെ കാണുമ്പോള്‍, അവന്‍ വയലില്‍ ഉഴുന്നുകൊണ്ടിരിക്കുക ആയിരുന്നു. ഏലീയാവ് അവന്റെ അടുക്കല്‍ ചെന്നു, അവന്റെ പുതപ്പ് എലീശയുടെ മേല്‍ ഇട്ടു.

 

എലീശ പ്രവാചകനായി അഭിഷേകം ചെയ്യപ്പെടുന്നത്, യിസ്രായേല്‍ ചരിത്രത്തിലെ വളരെ ദുര്‍ഘടമായ സമയത്തായിരുന്നു. ആഹാബ് രാജാവു അവന്റെ കാലത്തെല്ലാം ജാതീയ ആരാധനയെ പ്രോല്‍സാഹിപ്പിച്ചിരുന്നു. ആഹാബിന് ശേഷം അവന്റെ മകനായ അഹസ്യാവ് രാജാവായി. എന്നാല്‍ ആഹാബോ അവന്റെ മകനോ യഹോവയുടെ വഴിയില്‍ നടന്നില്ല. അവര്‍ ജാതീയ ദേവന്മാരെ ആരാധിക്കുകയും ജനങ്ങളെ അതിലേക്കു നടത്തുകയും ചെയ്തു. യഹോവയുടെ ദേശത്ത് അവര്‍ ജാതീയ ദേവന്മാരുടെ ക്ഷേത്രങ്ങളെ പണിയുകയും വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നര വര്‍ഷക്കാലത്തെ ക്ഷമമോ, കര്‍മ്മേല്‍ പര്‍വ്വതത്തിന് മുകളിലെ യാഗമോ ഒന്നും യിസ്രായേല്‍ ജനത്തിന്റെ ആത്മീയ അവസ്ഥയെ ദീഘനാളത്തേക്ക് മാറ്റിയില്ല. രാജാവ് ജാതീയ ദേവന്മാരെ ഉപേക്ഷിച്ചില്ല, ജനവും രാജാവിന്റെ വഴിയിലൂടെ തന്നെ യാത്ര ചെയ്തു. ഇതായിരുന്നു ഏലീയാവിന്റെയും എലീശയുടെയും കാലത്തെ യിസ്രായേല്‍ രാജ്യത്തിന്റെ സ്ഥിതി. വളരെ പ്രതികൂലമായ ഒരു സാഹചര്യം ആയിരുന്നു അത്. ഈ സാഹചര്യത്തില്‍ ആണ് എലീശാ പ്രവാചകനായി അഭിഷേകം ചെയ്യപ്പെടുന്നത്.

 

ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഏകദേശം 856 BC ല്‍ ആയിരിക്കേണം ഏലിയാവ് എലീശയെ കണ്ടുമുട്ടുന്നത്. അപ്പോള്‍ എലീശയ്ക്ക് 20 വയസ്സ് പ്രമായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഏലിയാവ് എലീശയേ കാണുമ്പോള്‍, എലീശ അവന്റെ കൃഷിയിടത്തില്‍ നിലം ഉഴുതുക ആയിരുന്നു. അവന്റെ നിലത്തില്‍ ഒരേ സമയം 12 നുകം കാളകള്‍ ഉഴുന്നുകൊണ്ടിരുന്നു എന്നു വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ രീതിയനുസരിച്ച്, സമ്പന്നരായ കൃഷിക്കാര്‍ പോലും, അവരുടെ വേലക്കാരോടൊപ്പം, കൃഷിയിടങ്ങളില്‍ ജോലിചെയ്യും. അതുകൊണ്ടാണ് 11 നുകത്തെയും നിയന്ത്രിച്ചിരുന്നത് വേലക്കാര്‍ ആയിരുന്നു എങ്കിലും 12 ആമത്തെ നുകം എലീശ തന്നെ നിയന്ത്രിച്ചിരുന്നത്.  

 

ഇതില്‍ നിന്നും എലീശയുടെ കൃഷിയിടത്തിന്റെ വിസ്തൃതിയും അവന്റെ സമ്പത്തും എത്രമാത്രം ഉണ്ട് എന്നു മനസ്സിലാക്കാം. തീര്‍ച്ചയായും എലീശ സമ്പന്നനായ ഒരു യുവാവ് ആയിരുന്നു. അവന്‍ അതെല്ലാം ഉപേക്ഷിച്ചിട്ടാണ് ദൈവ വിളിയോട് അനുകൂലമായി പ്രതികരിച്ചത്.

 

എലീശയെകണ്ടപ്പോള്‍, “ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെമേൽ ഇട്ടു.” (1 രാജാക്കന്മാര്‍ 19: 19). വേദപുസ്തകത്തില്‍, ഒരു പ്രവാചകന്‍ തന്റെ പിന്‍ഗാമിയായി മാറ്റൊരുവനെ അഭിഷേകം ചെയ്യുന്നത്, ഇവിടെ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. അതിനാല്‍ പ്രവാചകന്റെ പുതപ്പ് ഇടുന്നത് അന്നത്തെ രീതി ആയിരുന്നിരിക്കാം.

 

ഏലീയാവിന്റെ പുതപ്പ് അവന്റെമേല്‍ ഇട്ടു എന്നത് ഒരു സാധാരണ രീതി മാത്രമായിരുന്നില്ല. അത് അഭിഷേകത്തിന്റെയും അധികാരത്തിന്റെയും പിന്തുടര്‍ച്ചയുടെയും അടയാളമായിരുന്നു. പുതപ്പ് കൈമാറ്റം ചെയ്തപ്പോള്‍ അഭിഷേകത്തിന്റെയും ആത്മീയ അധികാരത്തിന്റെയും പകര്‍ച്ച നടന്നു. അതിലുപരിയായി, ഏലീയാവ് എലീശയെ അടുത്ത പിന്‍ഗാമിയായി തിരഞ്ഞെടുക്കുക ആയിരുന്നു. ഏലീയാവിന് മറ്റ് ചില പ്രവാചക ശിഷ്യന്മാരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ആര്‍ക്കും അവന്റെ പുതപ്പ് കൈമാറി കിട്ടിയില്ല. അവര്‍ പ്രവാചകന്മാരായി ശുശ്രൂഷ ചെയ്തു. എന്നാല്‍ അവര്‍ ആരും ഏലീയാവിന്റെ പിന്‍ഗാമി ആയില്ല. പുതപ്പിന്റെ കൈമാറ്റം അഭിഷേകത്തിന്റെ പകര്‍ച്ച മാത്രമല്ല, ശുശ്രൂഷയുടെ പിന്‍തുടര്‍ച്ചയും ആണ്. ഏലീയാവു സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതിന് ശേഷം ഇതേ പുതപ്പിന് എലീശാ മാത്രമേ അവകാശി ആയുള്ളൂ.

എലീശയുടെ അഭിഷേകത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട്. ഏലീയാവു എങ്ങനെ ആണ് പ്രവാചക ശുശ്രൂഷയില്‍ ആയത് എന്നു നമുക്ക് അറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ജീവിത ചരിത്രം നമുക്ക് പൂര്‍ണ്ണമായി അറിഞ്ഞുകൂടാ. മോശെയെ ദൈവം വിളിക്കുന്നത് മുള്‍പ്പടര്‍പ്പിന്റെ നടുവില്‍ അഗ്നിജ്വാലയില്‍ അവന് പ്രത്യക്ഷനായാണ്. ദൈവം അവനോടു നേരിട്ട് സംസാരിച്ചു, അവനെ ഒരു ദൈവീക ദൌത്യം ഏല്‍പ്പിച്ചു. (ഉല്‍പ്പത്തി 3: 2-4). യെഹെസ്കേല്‍ പുരോഹിതന്, കെബാർ നദീതീരത്തുവെച്ചു, സ്വര്‍ഗ്ഗം തുറന്ന് ദിവ്യ ദര്‍ശനങ്ങള്‍ ലഭിച്ചു, യഹോവയുടെ അരുളപ്പാടു ഉണ്ടായി, യഹോവയുടെ കയ്യും അവന്റെമേൽ വന്നു. അദ്ദേഹം പ്രവാചകനായി അരുളപ്പാടുകളെ അറിയിച്ചു. എന്നാല്‍ എലീശയ്ക്ക് ഇത്തരം യാതൊരു അനുഭവവും ഉണ്ടായില്ല. അദ്ദേഹത്തെ മറ്റൊരു പ്രവാചകന്‍ അഭിഷേകം ചെയ്യുകയും, പിന്‍തുടര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഏലീയാവു തന്നെ അഭിഷേകം ചെയ്തത് ദൈവത്തിന്റെ ആലോചനപ്രകാരം ആയിരുന്നു എന്നു എലീശാ പിന്നീട് മനസ്സിലാക്കികാണും. എന്നാല്‍ അവന്റെ മേല്‍ ഏലീയാവു പുതപ്പ് ഇടുമ്പോള്‍, അതിന്റെ പിന്നിലെ കഥകള്‍ അവന്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍, എലീയാവിന്റെ പുതപ്പ് തന്റെമേല്‍ ഇടുക എന്നതിന്റെ അര്‍ത്ഥം അവന് നല്ലതുപോലെ അറിയാമായിരുന്നു. ദൈവീക അഭിഷേകത്തിന്റെ പകര്‍ച്ച അവന് തിരിച്ചറിയുവാന്‍ കഴിഞ്ഞു. ദൈവം അവനെ വലിയ ഒരു ശുശ്രൂഷയ്ക്കായി വിളിക്കുന്നു എന്നു അവന്‍ മനസ്സിലാക്കി. ഉടന്‍ തന്നെ അവന്‍ ദൈവീക വിളിയോട് അനുകൂലമായി പ്രതികരിച്ചു. അവന്‍ എലീയാവിന്റെ ശിഷ്യന്‍ ആയി.  

ഈ ഭാഗം നമ്മളോട് പറയുന്ന ഒരു സന്ദേശമുണ്ട്. ദൈവീക വിളി എപ്പോഴും എല്ലാവരുടെയും ജീവിതത്തില്‍ ഒരുപോലെ അല്ല. ദൈവീക വിളി ഭൌതീക അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുന്നതിനെക്കാള്‍ നല്ലത്, ആത്മാവില്‍ അനുഭവിച്ചറിയുന്നതാണ്. ദൈവം നമ്മളെ തിരഞ്ഞെടുത്ത് ഒരു ദൌത്യം ഏല്‍പ്പിച്ചിരിക്കുന്നു എന്ന ആത്മാവിലുള്ള വെളിപ്പാടും ഉറപ്പുമാണ് പ്രാപിക്കേണ്ടത്. അതിനാല്‍, വലിയ ദര്‍ശങ്ങള്‍ ലഭിച്ചില്ല എന്നതുകൊണ്ടും പ്രത്യേക അനുഭവങ്ങള്‍ ഉണ്ടായില്ല എന്നതുകൊണ്ടും ദൈവീക വിളി നമ്മളുടെമേല്‍ ഇല്ല എന്നു ചിന്തിക്കയുമരുത്. അഭിഷേകത്തിന്റെ പുതപ്പ് നമ്മളുടെമേല്‍ വീഴുമ്പോള്‍, അത് നമ്മള്‍ ആത്മാവില്‍ ഗ്രഹിക്കുകയാണ് ചെയ്യുന്നത്. പിന്നെ ദൈവീക പദ്ധതിയുടെ നിവര്‍ത്തിക്കായുള്ള പുറപ്പെടല്‍ ആയി.

ഏലീയാവിന്റെ പുതപ്പ് വീണപ്പോള്‍, എലീശയുടെ മേല്‍, അഭിഷേകവും, അധികാരവും പിന്‍തുടര്‍ച്ചയും ഉണ്ടായി. എന്നാല്‍ അവന്‍ ഉടന്‍ തന്നെ, ഏലീയാവിന് പകരമായി പ്രവാചകനായി ശുശ്രൂഷ ചെയ്യുവാന്‍ തുടങ്ങിയില്ല. ഒരു പക്ഷേ മറ്റു പ്രവാചക ശിഷ്യന്മാരെപ്പോലെ അവനും പ്രവചനങ്ങള്‍ അറിയിച്ചിരുന്നിരിക്കാം. 1 രാജാക്കന്മാര്‍ 20: 13 ല്‍ ആഹാബിനോടു ദൂത് അറിയിക്കുന്ന ഒരു പ്രവാചകനെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ അവന്റെ പേര് പറയുന്നില്ല. ഇദ്ദേഹം, ഒരു പക്ഷേ, ഏലീയാവിന്റെ ശിഷ്യഗണത്തില്‍ പെട്ട ഒരുവന്‍ ആയിരിക്കാം. ഇതുപോലെ എലീശയും പ്രവചനങ്ങള്‍ അറിയിച്ചിട്ടുണ്ടാകാം. എന്നാല്‍ അവന്‍ ഉടന്‍ തന്നെ ഏലീയാവിന്റെ പകരക്കാരന്‍ ആയില്ല.

തുടര്‍ന്നു എലീശാ 4 വര്‍ഷങ്ങള്‍, ഏലീയാവിന്റെ ശിഷ്യന്‍ ആയി തുടര്‍ന്നു. 2 രാജാക്കന്മാര്‍ 2 ആം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെ ആണ്: “യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടുകൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു.” ഏലീയാവിന്റെ ഭൌതീക ജീവിതത്തിന്റെ അവസാന നാളുകളെക്കുറിച്ചാണ് ഈ അദ്ധ്യായം പറയുന്നത്. ഇവിടെ നമ്മള്‍ ഏലീയാവു എടുക്കപ്പെടുന്നതും എലീശാ അവന്റെ പിന്തുടര്‍ച്ചക്കാരന്‍ ആകുന്നതും കാണുന്നു.

ഏലീയാവിന് ഒന്നിലധികം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ആരും ഏലീയാവിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആയില്ല. എന്താണ് എലീശയേ അവന്റെ യജമാനായ പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരന്‍ ആക്കിയത് എന്നാണ് ഇവിടെ വിവരിക്കുന്നത്.

താന്‍ എടുക്കപ്പെടുവാന്‍ പോകുകയാണ് എന്നു ഏലീയാവിന് മുന്നമേ അറിവുണ്ടായിരുന്നു എന്നു വേണം കരുതുവാന്‍. അതിനായി അവന്‍ ബേഥേലിലേക്ക് പോകുവാന്‍ തെരുമാനിച്ചപ്പോള്‍, അവന്റെ ശിഷ്യന്മാരോട് ഗില്‍ഗാലില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എലീശാ എലീയാവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു. അവര്‍ യാത്ര ചെയ്ത് യോര്‍ദ്ദാന്‍ നദിയുടെ കരയില്‍ നിന്നു. ഇനി യോര്‍ദ്ദാന്‍ കടന്ന് അക്കരെയ്ക്ക് പോകേണം. അവിടെ വച്ച്, ഏലീയാവു സ്വര്‍ഗ്ഗത്തിലേക് എടുക്കപ്പെടും. ഏലീയാവു തന്റെ പുതപ്പ് എടുത്തു, വെള്ളത്തിന്മേല്‍ അടിച്ചു. വെള്ളം രണ്ടായി പിളര്‍ന്നു. അവര്‍ യോര്‍ദ്ദാന്‍ കടന്ന് അക്കരെ എത്തി. മറ്റ് പ്രവാചകന്‍ ശിഷ്യന്മാര്‍ എല്ലാവരും യോര്‍ദ്ദാന്‍ നദിയുടെ അപ്പുറം നിന്നു.

യോര്‍ദ്ദാനിന് അക്കരെ, ഏലിയാവും എലീശയും മാത്രമായപ്പോള്‍, ഏലീയാവു അവനോടു ചോദിച്ചു: “ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം?”. തന്റെ പിന്‍ഗാമിയായി, ദൈവം തിരഞ്ഞെടുത്ത പ്രവാചകനാണ് എലീശാ എന്നു ഏലീയാവിന് അറിയാമായിരുന്നു. ദൈവം ഏലീയാവിനോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.” (1 രാജാക്കന്മാര്‍ 19:16). അതുകൊണ്ടാണ്, അഭിഷേകത്തിന്റെയും അധികാരത്തിന്റെയും തുടര്‍ച്ചയുടെയും കൈമാറ്റത്തിന്റെ അടയാളമായി, പ്രവാചകന്റെ പുതപ്പ് എലീശയുടെമേല്‍ ഇട്ടത്. ഇനി, അതിലധികമായി എലീശാ എന്താണ് ആഗ്രഹിക്കുന്നത്? ഇതാണ് ഏലീയാവു ചോദിച്ചത്. അതിനുള്ള എലീശയുടെ മറുപടി നമ്മള്‍ ശ്രദ്ധയോടെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണം. എലീശ ഒരേഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ: “നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.” (2 രാജാക്കന്മാര്‍ 2: 9)

ഇതാണ് നമ്മളുടെ ഈ സന്ദേശത്തിന്റെ പ്രധാന ഭാഗം. ഇതിലേക്ക് വരുവാനാണ് നമ്മള്‍ ഇത്രയും ചരിത്രം പറഞ്ഞത്. അതിനാല്‍ എന്താണ് എലീശ ആവശ്യപ്പെട്ടത് എന്നു വ്യക്തമായി മനസ്സിലാക്കാം.

സാധാരണയായി, എലീശ ആവശ്യപ്പെട്ടത്, എലീയാവിന്റെമേലുള്ള അഭിഷേകത്തിന്റെ ഇരട്ടി പങ്ക് ആണ് എന്നാണ് നമ്മളുടെ ധാരണ. എന്നാല്‍ അത് അത്ര കൃത്യമായ വ്യാഖ്യാനമല്ല. എലീശ ആവശ്യപ്പെട്ടത് ഇരട്ടി പങ്ക് ആണ് എന്നാല്‍ അത് ഏലീയാവിന്റെമേലുള്ള അഭിഷേകത്തിന്റെ ഇരട്ടി പങ്ക് അല്ല.

“ഇരട്ടി പങ്ക്” എന്ന മലയാളം പദ സമുച്ചയത്തിലെ “ഇരട്ടി” എന്ന വാക്കിന്റെ എബ്രായ ഭാഷയിലുള്ള പദം, “ഷെനായീം” (sh@nayim,  shen-ah'-yim) എന്നതാണ്. ഈ വാക്കിന്റെ അര്‍ത്ഥം “രണ്ടു പങ്ക്” അല്ലെങ്കില്‍ “രണ്ടു ഭാഗം” എന്നാണ്. ആവര്‍ത്തനപുസ്തകം 27: 17 ല്‍ ഒരു പിതാവിന്റെ ആദ്യജാതന് രണ്ടു പങ്ക് കൊടുക്കേണം എന്നും അത് ജേഷ്ഠാവകാശം ആണ് എന്നും പറയുന്നുണ്ട്. ഇവിടെയും, രണ്ടു പങ്ക് എന്നു പറയുവാന്‍ “ഷെനായീം” എന്ന എബ്രായ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഒരു പിതാവ് തന്റെ സ്വത്ത് മക്കള്‍ക്കായി വീതം വെയ്ക്കുമ്പോള്‍, ആദ്യജാതനായ മകന് രണ്ട് പങ്ക് കൊടുക്കേണം. വ്യക്തമായി പറഞ്ഞാല്‍: ഒരു പിതാവിന് 4 ആണ്മക്കള്‍ ഉണ്ട് എങ്കില്‍ അദ്ദേഹത്തിന്റെ സ്വത്ത് 5 ആയി വിഭജിക്കേണം. ഓരോ പങ്ക് 3 മക്കള്‍ക്കും ആദ്യജാതന് രണ്ടു പങ്കും കൊടുക്കേണം. ഇതാണ് എലീശ എലീയാവിനോട് ആവശ്യപ്പെട്ടത്. അവന്‍ ആവശ്യപ്പെട്ടത് എലീയാവിന്റെമേലുള്ള അഭിഷേകത്തിന്റെ ഇരട്ടി പങ്കല്ല. ഏലീയാവില്‍ നിന്നും അവന്റെ പ്രവാചക ശിഷ്യന്മാരുടെമേല്‍ പകരപ്പെട്ടിരുന്ന  അഭിഷേകത്തിന്റെ രണ്ട് പങ്ക് ആണ് എലീശ ആവശ്യപ്പെട്ടത്. ഒരു പക്ഷേ ഫലത്തില്‍ ഇത് രണ്ടും ഒന്നായിരിക്കാം എങ്കിലും അര്‍ത്ഥത്തില്‍ വ്യത്യാസം ഉണ്ട്.

ആദ്യജാതനായ ഒരു പുത്രന് ഇരട്ടി പങ്ക് ലഭിച്ചാല്‍, മറ്റുള്ളവരെക്കാള്‍ അവന് ഭൌതീക സമ്പത്തു കൂടുതല്‍ ഉണ്ടാകും. എന്നാല്‍ ഇരട്ടി പങ്കിന് പഴയനിയമ കാലത്ത് കൂടുതല്‍ പ്രസക്തി ഉണ്ടായിരുന്നു. അത് ജേഷ്ഠാവകാശവും, പിതാവിന്റെ പിന്തുടര്‍ച്ചയും ആണ്. എന്നാല്‍ എലീശാ രണ്ട് പങ്ക് അഭിഷേകം ചോദിച്ചത് ഭൌതീകമായ യാതൊരു നേട്ടത്തിനും വേണ്ടി ആയിരുന്നില്ല. അവന്‍ ആത്മീയ ശുശ്രൂഷകള്‍ ആണ് ലക്ഷ്യമിട്ടത്. ഇത് അവന്റെ ജീവിതം പഠിച്ചാല്‍ മനസ്സിലാകും.

ഏലീയാവിന് ശേഷം അവന്റെ ശിഷ്യന്മാര്‍ എല്ലാവരും എലീശയുടെ ശിഷ്യന്മാരായി തുടര്‍ന്നു എന്നതിന് തെളിവൊന്നും ഇല്ല. അങ്ങനെ ഒരു പതിവ് അന്നുണ്ടായിരുന്നതായും നമുക്ക് അറിവില്ല. അതിനാല്‍, മറ്റ് പ്രവാചകന്മാരുടെമേലുള്ള ജേഷ്ഠാവകാശമോ നേതൃത്വമൊ എലീശ ലക്ഷ്യം വെച്ചിരിക്കില്ല. ഭൌതീക സമ്പത്തും എലീശയുടെ ലക്ഷ്യം ആയിരുന്നില്ല. അരാം രാജ്യത്തിന്റെ സേനാപതി ആയിരുന്ന നയമാന്‍ എലീശയുടെ അടുക്കലാണ് കുഷ്ടരോഗം സൌഖ്യമാകുവാനായി വന്നത്. അവന്റെ രോഗം സൌഖ്യമായപ്പോള്‍, സ്വര്‍ണവും വെള്ളിയും പ്രവാചകന് സമ്മാനമായി കൊടുക്കുവാന്‍ നയമാന്‍ തയ്യാറായി. എന്നാല്‍ അതില്‍ ഒന്നുപോലും എലീശ പ്രവാചകന്‍ സ്വീകരിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ യഹോവയുടെ പ്രവാചകന്മാര്‍ പ്രയാസമേറിയ ശുശ്രൂഷയാണ് ചെയ്തു പോന്നത്. രാജാവോ, ജനങ്ങളോ യഹോവയെ ആരാധിച്ചിരുന്നില്ല. അതിനാല്‍ ലോകപ്രകാരമുള്ള മാന്യത അവര്‍ക്ക് ആഗ്രഹിക്കുവാനില്ല. അതായത് എലീശ ഇരട്ടി പങ്ക് ചോദിച്ചത്, ലോകത്തിലെ പ്രതാപത്തിനോ, പ്രശസ്തിക്കോ വേണ്ടി ആയിരുന്നില്ല. അവന്‍ യിസ്രായേല്‍ ജനത്തെ യഹോവയിങ്കലേക്കു തിരിക്കുവാന്‍ ആഗ്രഹിച്ചു. അതിനു അവന് ഇരട്ടി പങ്ക് അഭിഷേകം ആവശ്യമാണ്.

ഈ ഇരട്ടി പങ്ക് അഭിഷേകത്തിന് മറ്റൊരു വശം കൂടി ഉണ്ട്. എലീയാവിന്റെ പുതപ്പ് എലീശയുടെ മേല്‍ വീണപ്പോള്‍ അവന് പ്രവാചകന്റെ അഭിഷേകത്തിന്റെ ആദ്യത്തെ പങ്ക് ലഭിച്ചതാണ്. എല്ലാ പ്രവാചക ശിഷ്യന്മാരുടെ മേലും ആത്മാവിന്റെ ഒരു പങ്ക് ഉണ്ട്. എന്നാല്‍, ഇപ്പോള്‍ എലീശ ചോദിക്കുന്നത് രണ്ടാമതൊരു അഭിഷേകമാണ്. ഒന്നാമത്തെ അഭിഷേകത്തില്‍ അവന്‍ തൃപ്തനല്ല, അവന് രണ്ടാമതൊരു അഭിഷേകം കൂടി വേണം. അവന് അഭിഷേകത്തിന്റെ രണ്ട് പങ്ക് വേണം.

ഏലീയാവു സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. അവന്റെ പുതപ്പ് നിലത്തു വീണു. എലശാ അത് എടുത്തു. അവന് ഇരട്ടി പങ്ക് അഭിഷേകം ലഭിച്ചു. അവന്‍ രണ്ടാമതൊരു അഭിഷേകം കൂടെ പ്രാപിച്ചു. എലീശയുടെ അഭിഷേകത്തിന് ഒരിയ്ക്കലും അസാരണമായ കാഴകളോ, ശബ്ദങ്ങളോ, സംഭവങ്ങളോ ഉണ്ടായിട്ടില്ല. ഇവിടെയും അങ്ങനെ ഒന്നും സംഭവിച്ചില്ല. അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഏലിയാ പ്രവാചകന്റെ പുതപ്പ് എടുത്തു, അവന്‍ ആഗ്രഹിച്ചതുപോലെ ഇരട്ടി പങ്ക് ലഭിച്ചു. ഈ ഇരട്ടി പങ്ക് അഭിഷേകമാണ് അവന്റെ മരണശേഷം, ഏകദേശം ഒരു വര്‍ഷത്തിന് ശേഷവും, അവന്റെ അസ്ഥിയില്‍ നിന്നും പകരപ്പെട്ടത്. ഈ അഭിഷേകമാണ് അവന്റെ അസ്ഥിയെ തൊട്ട ശവശരീരത്തെ ജീവനുള്ളതാക്കി ഉയിര്‍പ്പിച്ചത്.

നമ്മള്‍ ഈ സന്ദേശത്തിന്റെ അവസാന ഭാഗത്തേക്ക് എത്തിനില്‍ക്കുകയാണ്. എന്തിനാണ് എലീശ ഇരട്ടി പങ്ക് ചോദിച്ചത്? അവന്റെ യജമാനനായിരുന്ന ഏലീയാവു ചെയ്തതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ അവന്‍ ആഗ്രഹിച്ചത് കൊണ്ടാണോ? അതേ എന്നൊരു സൂചന എലീശയോ, വേദപുസ്തകമോ നല്‍കുന്നില്ല. ഒരു പക്ഷേ, വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതപ്രവര്‍ത്തികളുടെ എണ്ണത്തില്‍ കൂടുതല്‍ എലീശയുടെ പ്രവര്‍ത്തികള്‍ ആയിരിക്കാം. അത് ഏലീയവും എലീശയും തമ്മില്‍, ശുശ്രൂഷയില്‍ ഉള്ള വ്യത്യാസം കാരണമാണ്. ഏലീയാവു മിക്കപ്പെഴും ഏകാന്തതയില്‍ കഴിഞ്ഞപ്പോള്‍, എലീശ എപ്പോഴും സമൂഹത്തില്‍, രാജാക്കന്മാരോടും, ജനങ്ങളോടും കൂടെ കഴിഞ്ഞു. അതിനാല്‍ തന്നെ അവരുടെ ശുശ്രൂഷകള്‍ തമ്മിലുള്ള ഒരു തരതമ്യം ശരിയായ രീതിയല്ല. എലീശാ ഏലീയാവിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്തു എന്നത് നമ്മളുടെ അനുമാനങ്ങള്‍ മാത്രമാണ്. കര്‍മ്മേല്‍ പര്‍വ്വതമുകളിലെ ഏലീയാവിന്റെ ശുശ്രൂഷയെക്കാള്‍ വലിയതായി ആരും പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍, എന്തിനാണ് എലീശ ഇരട്ടി പങ്ക് ചോദിച്ചതും പ്രാപിച്ചതും എന്നതിന് പ്രാധാന്യമുണ്ട്.

ആത്മീയമായി, ഏലീയാവിന്റെ കാലത്തേക്കാള്‍ ഒട്ടും മെച്ചമായിരുന്നില്ല എലീശയുടെയും കാലം. യിസ്രയേലിന്റെ രാജാക്കന്മാര്‍ യഹോവയെ വിട്ട് അകന്ന്, ജാതീയ ദേവന്മാരെ ആരാധിക്കുന്നവരായി തുടര്‍ന്നു. ആഹാബ് രാജാവിനെയും അവന്റെ കുടുംബത്തെയും നീക്കിക്കളഞ്ഞതിന് ശേഷം, യിസ്രയേലിന്റെ രാജാവായി ദൈവം അഭിഷേകം ചെയ്ത് നിയമിച്ച യേഹൂ പോലും “യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല”. (2 രാജാക്കന്മാര്‍ 10: 31). യിസ്രായേല്‍ പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയെ ആരാധിക്കും എന്നു യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു അത്. ഈ കാലത്ത് ശുശ്രൂഷചെയ്യുവാന്‍ എലീശയ്ക്ക് ഇരട്ടി പങ്ക് അഭിഷേകം ആവശ്യമുണ്ട്. യിസ്രായേല്‍ ജനത്തെ യഹോവയിങ്കലേക്കു തിരിക്കുവാന്‍ ഏലീയാവിന്റെ മറ്റ് ശിഷ്യന്‍മാര്‍ക്ക് ലഭിച്ച ആത്മാവിന്റെ രണ്ടു പങ്ക് അവന് ആവശ്യമുണ്ട്. അതാണ് അവന്‍ ചോദിച്ചതും പ്രാപിച്ചതും.  

നമ്മള്‍ ഇത്രയും വിശദമായി പറഞ്ഞ ചരിത്രത്തിന്റെ ചുരുക്കം ഇതാണ്: ഒന്നു: യഹോവയുടെ പ്രവാചകന്‍ യഹോവയുടെ ദൂതുകള്‍ രാജാക്കന്മാരെയും ജനത്തെയും രാജ്യങ്ങളെയും അറിയിക്കുന്നവന്‍ ആണ്. മാത്രമല്ല, അവന്‍ യഹോവയ്ക്ക് വേണ്ടി വീര്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ ആണ്. രാജാക്കന്‍മാരുടെയും ജനങ്ങളുടെയും  ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കുന്നവന്‍ ആണ്. രണ്ട്: എലീശയെ ഏലീയാവു പ്രവാചകനായി അഭിഷേകം ചെയ്യുന്ന കാലം, യിസ്രായേല്‍ ജനം യഹോവയില്‍ നിന്നും അകന്നുമാറി, ജാതീയ ദേവന്മാരെ ആരാധിച്ചിരുന്ന കാലമായിരുന്നു. യഹോവയുടെ പ്രവാചകന്മാരെ യിസ്രയേലിന്റെ രാജാക്കന്മാര്‍ തന്നെ കൊന്നുകൊണ്ടിരുന്ന കാലം. യഹോവയുടെ പ്രവാചകന്‍മാര്‍ക്ക് ദുഷ്കരമായ ഒരു സമയം ആയിരുന്നു അത്. മൂന്ന്: ദൈവം സാധാരണക്കാരെയാണ് അവനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനായി തിരഞ്ഞെടുക്കുന്നത്. ഈ ലോകത്തിന്റെ ജ്ഞാനമോ, പ്രതാപമോ, പ്രശസ്തിയോ, സാമ്പത്തോ അതിനു ആവശ്യമില്ല. ഏലീയാവിന് മറ്റ് പ്രവാചക ശിഷ്യന്മാര്‍ ഉള്ളപ്പോള്‍ ആണ് എലീശയെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുവാന്‍ ദൈവം കല്‍പ്പിച്ചത്. നാല്: ദൈവീക തിരഞ്ഞെടുപ്പ് ആത്മാവിലാണ് എലീശാ ഗ്രഹിച്ചത്. അതിനു ദര്‍ശങ്ങളോ, വലിയ സ്വപ്നങ്ങളോ, ശബ്ദമോ യാതൊന്നും അകമ്പടിയായി ഉണ്ടായിരുന്നില്ല. ഓരോ വ്യക്തിയെയും ദൈവം പ്രത്യേകമായ രീതിയിലാണ് തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും. അഞ്ച്: അവന്‍ ആയിരുന്ന പ്രതികൂല സാഹചര്യത്തെ തിരിച്ചറിഞ്ഞ എലീശാ, യിസ്രായേല്‍ ജനത്തെ യഹോവയിങ്കലേക്ക് തിരിക്കുവാന്‍, ഇരട്ടി പങ്ക് ആത്മാവിനെ ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞു. അവന്‍ ഒന്നാമത്തെ അഭിഷേകത്തില്‍ സംതൃപ്തന്‍ ആയില്ല. അവന്‍ രണ്ടാമതൊരു അഭിഷേകം കൂടെ ചോദിച്ചു. അവന്‍ അത് പ്രാപിച്ചു.

ഈ അഞ്ച് കാര്യങ്ങളും ഇന്ന്, വര്‍ത്തമാനകാലത്ത് നമ്മളുമായി ഏറെ ബദ്ധപ്പെട്ടിരിക്കുന്നു. നമ്മള്‍ ഇന്ന് ജീവിക്കുന്നതു ഒരു ദുര്‍ഘട സമയത്താണ്. എലീശയുടെ കാലത്തെ രാജകന്മാരെപ്പോലെ, ഇന്നത്തെ രാജ്യങ്ങളുടെ തലവന്‍മാര്‍ യഹോവയായ സത്യദൈവത്തെ ഉപേക്ഷിച്ചവര്‍ ആണ്. രാജ്യങ്ങളുടെയും അതിന്റെ തലവന്‍മാരുടെയും എണ്ണം എടുത്തു നോക്കിയാല്‍ ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്നവര്‍ ഒരു കൈയ്യിലെ വിരലുകള്‍ കൊണ്ട് എണ്ണുവാന്‍ കഴിയുന്ന അത്രയും പോലും ഇല്ല. ആധുനിക കാലത്തെ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ദൈവത്തെ ആവശ്യമില്ല. ഒരു കാലത്ത് സുവിശേഷ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന, മിഷണറിമാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്ന രാജ്യങ്ങള്‍ ഇന്ന് സുവിശേഷത്തിന്നു വിലക്ക് കല്‍പ്പിച്ചിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നതില്‍ സുവിശേഷം പറയുവാനുള്ള സ്വാതന്ത്ര്യം ഒഴികെ മറ്റെല്ലാം ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യമെന്നാല്‍, സുവിശേഷത്തെയും ക്രിസ്തുവിനെയും അവഹേളിക്കുക എന്നതായി മാറിയിരിക്കുന്നു. ഇന്ന് ലോകത്തില്‍ ഓരോ ദിവസവും അനേകം ക്രൈസ്തവര്‍ അവരുടെ വിശ്വസം മൂലം കൊല്ലപ്പെടുന്നു. എന്നാല്‍ അതൊന്നും വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ല. ഒരു ലോക നേതാവും ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തില്‍ വിലപിക്കുന്നില്ല. നമ്മള്‍ ഇന്ന് ജീവിക്കുന്നതു, ലോക ചരിത്രത്തിലെ ദുര്‍ഘടം നിറഞ്ഞ ഒരു കാലത്താണ്. അതിനാല്‍, ഇന്ന് എലീശയെപ്പോലെയുള്ള പ്രവാചകന്മാരെ യഹോവയ്ക്ക് ആവശ്യമുണ്ട്. യഹോവയുടെ ദൂത് അറിയിക്കുവാന്‍, ദൈവത്തിന്നായി വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍, രാജ്യങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കുവാന്‍ പ്രവാചകന്മാരെ ആവശ്യമുണ്ട്.

അതിനായുള്ള, ദൈവീക വിളി നമ്മള്‍ ഓരോരുത്തരുടെയുംമേലുണ്ട്. അതിനായി ഇനി ദര്‍ശനങ്ങളോ, ഭയങ്കര ശബ്ദങ്ങളോ ആവശ്യമില്ല. പരിശുദ്ധാത്മാവ് നമ്മളെ വിളിക്കുമ്പോള്‍ അനുകൂലമായി പ്രതികരിച്ചാല്‍ മാത്രം മതിയാകും. ഇത് ദുര്‍ഘടകാലമാണ്. അതിനാല്‍ ഇരട്ടി പങ്ക് അഭിഷേകം നമുക്ക് ആവശ്യമുണ്ട്. നമുക്ക് രണ്ടാമതൊരു അഭിഷേകം കൂടി ആവശ്യമാണ്. 1 കൊരിന്ത്യര്‍ 1: 26 ല്‍ പൌലൊസ് പറയുന്നതു പ്രകാരം,  “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ”.

ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ. അതിനു മുമ്പ് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.

ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment