ആദ്യകാല ക്രൈസ്തവ സഭകള്‍ക്കു എന്തു സംഭവിച്ചു?

അപ്പോസ്തലന്മാരുടെ കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂപം കൊണ്ട ക്രിസ്തീയ സഭകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? അവ എത്രനാള്‍ സജീവമായി തുടര്‍ന്നു? അവ എത്രയെണ്ണം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്? എന്തുകൊണ്ടാണ് അവയില്‍ ചിലതെങ്കിലും അപ്രത്യക്ഷമായത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രത്തില്‍ നിന്നും കണ്ടുത്തുവാനുള്ള ഒരു ശ്രമമാണ് നമ്മള്‍ ഇവിടെ നടത്തുന്നത്.

ഇതൊരു വിശാലമായ പഠനം ആവശ്യമുള്ള വിഷയമാണ്. ആദ്യകാലത്ത് അഞ്ചു പാത്രിയര്‍കീസുകള്‍ നിലവിലിരുന്നു. അവ, റോം, കോന്‍സ്റ്റാന്‍റിനോപ്പിള്‍, അന്ത്യോക്യ, അലെക്സാണ്ഡ്രിയ, യെരൂശലേം എന്നിവ ആയിരുന്നു. ആദ്യകാലത്തെ സഭകളില്‍ വെളിപ്പാടു പുസ്തകത്തില്‍ പേര് പറയുന്ന ഏഴു സഭകളെക്കൂടെ ഉള്‍പ്പെടുത്താവുന്നതാണ്. അങ്ങനെ 12 സഭകളെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പഠിക്കുന്നത്. അതിനാല്‍ ഓരോ സഭയെക്കുറിച്ചും വളരെ ഹൃസ്വമായ ഒരു വിവരണം മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. ചരിത്രകാരന്‍മാരെയോ, വേദ പണ്ഡിതന്‍മാരെയോ ഇതിന്റെ കാഴ്ചക്കാരൊ, കേള്‍വിക്കാരോ, വായനക്കാരോ ആയി ഉന്നം വയ്ക്കുന്നില്ല. സാധാരണ ഒരു ക്രിസ്തീയ വിശ്വസിക്ക് അത്യാവശ്യം അറിയേണ്ടുന്ന കാര്യങ്ങള്‍ മാത്രമേ ഇവിടെ വിവരിക്കുന്നുള്ളൂ.  


ക്രിസ്തീയ സഭ ആരംഭിക്കുന്നത് യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷമുള്ള ആദ്യത്തെ പെന്തക്കോസ്ത് നാളില്‍ ആണ്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം
, ശിഷ്യന്മാര്‍, യെരൂശലേമില്‍ തന്നെ പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാവിനായി കാത്തിരുന്നു എന്നു അപ്പോസ്തല പ്രവൃത്തികളില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നു. പെന്തക്കോസ്ത് പെരുനാളിന്റെ ദിവസം പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നപ്പോള്‍, പത്രൊസിന്റെ നേതൃത്വത്തില്‍ അവര്‍ ജനത്തോട് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു. അത് കേട്ട 3000 പേര്‍ അന്ന് മനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. അങ്ങനെ ക്രിസ്തീയ സഭ രൂപീകൃതമായി. ഇത് ഏകദേശം 33 AD ല്‍ ആണ് സംഭവിച്ചത്.

അതിനുശേഷം യേശുവിന്റെ ശിഷ്യന്മാരും അന്നത്തെ ക്രൈസ്തവ വിശ്വാസികളും റോമന്‍ സാമ്രാജ്യത്തില്‍ അനേകം സ്ഥലങ്ങളിലേക്ക് ചിതറി പോയി താമസിച്ചു. അവര്‍ അവിടെയെല്ലാം സഭകള്‍ സ്ഥാപിച്ചു. ഇതില്‍ അപ്പോസ്തലന്മാര്‍ സ്ഥാപിച്ച സഭകള്‍ ഉണ്ട്, അവരുടെ ശിഷ്യന്മാര്‍ സ്ഥാപിച്ച സഭകള്‍ ഉണ്ട്, വിശ്വാസികള്‍ ആരംഭിച്ച സഭകളും ഉണ്ട്. ക്രൈസ്തവ സഭയുടെ ആദ്യകാലഘട്ടം, ഏകദേശം 4 ആം നൂറ്റാണ്ടുവരെ, കൊടിയ പീഡനങ്ങളുടേതായിരുന്നു. എങ്കിലും സഭ അതിനെ അതിജീവിച്ചു. 4 ആം നൂറ്റാണ്ടില്‍, റോമന്‍ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റാന്‍റൈന്‍ ക്രിസ്തീയ വിശ്വസം സ്വീകരിക്കുകയും, സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ പീഡനങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചു. വിവിധ സ്ഥലങ്ങളിലെ സഭകള്‍ ശക്തി പ്രാപിക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് പരക്കുകയും ചെയ്തു.

ആദ്യകാല ക്രിസ്തീയ വിശ്വാസികളില്‍ അനേകം വ്യാപരികള്‍ ഉണ്ടായിരുന്നു. അവര്‍ യൂറോപ്പിന്റെയും ഏഷ്യയുടെയും അതിര്‍ത്തി പ്രദേശങ്ങള്‍ ആയ ഏഷ്യ മൈനര്‍, ആഫ്രിക്ക, അറേബിയ, ബാല്‍ക്കന്‍സ് എന്നിവിടങ്ങളിലേക്കും മറ്റ് അനേകം സമീപ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. റോമന്‍ സാമ്രാജ്യം വിസ്തൃതിയില്‍ വിശാലമായിരുന്നു എന്നത് വിശ്വാസികള്‍ക്ക് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറി താമസിക്കുവാന്‍ സഹായമായി. അവര്‍ തല്‍ക്കാലികമായോ, സ്ഥിരമായോ താമസിച്ച ഇടങ്ങളില്‍, ക്രൈസ്തവ സഭകള്‍ സ്ഥാപിച്ചു. അങ്ങനെ ഏകദേശം 40 ക്രൈസ്തവ സമൂഹങ്ങള്‍ ഉടലെടുത്തു. വെളിപ്പാട് പുസ്തകത്തില്‍ പറയുന്ന ഏഷ്യാ മൈനര്‍ പ്രദേശങ്ങളിലെ ഏഴ് സഭകള്‍ ഇപ്രകാരം ഉടലെടുത്തതാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ക്രൈസ്തവ വിശ്വാസം റോം, അര്‍മേനിയ, ഗ്രീസ്, സിറിയ എന്നിവടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.      

എന്നാല്‍ പിന്നീട്, ആദ്യ കാല ക്രൈസ്തവ സഭകള്‍ ഉണ്ടായിരുന്ന ചില പ്രദേശങ്ങള്‍ പ്രകൃതി ദുരന്തത്താല്‍ തകര്‍ന്നുപോയി. ചില പട്ടണങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. 7 ആം നൂറ്റാണ്ട് ആയപ്പോഴേക്കും മുസ്ലീം സാമ്രാജ്യങ്ങള്‍ ക്രൈസ്ത പ്രദേശങ്ങളെ ആക്രമിക്കുകയും അവിടെയുള്ള ക്രൈസ്തവ സഭകളെ തകര്‍ക്കുകയും, വിശ്വാസികളെ കൊല്ലുകയും ചെയ്തു. അനേകം ക്രൈസ്തവ രാജ്യങ്ങളെ മുസ്ലീം സൈന്യം പിടിച്ചെടുത്തു. അങ്ങനെ വിവിധ കാരണങ്ങളാല്‍ പല പുരാതന ക്രൈസ്ത സഭകളും കാലക്രമേണ അപ്രത്യക്ഷമായി.

ഇതിന്റെ ചരിത്രം എന്താണ് എന്നും, ആദ്യകാലത്ത് ഉണ്ടായിരുന്ന ഏതെല്ലാം സഭകള്‍ അപ്രത്യക്ഷമായി എന്നും, ഏതെല്ലാം സഭകള്‍ പ്രതികൂലങ്ങളെ അതിജീവിച്ചു എന്നും ആണ് നമ്മള്‍ ഇവിടെ പരിശോധിക്കുന്നത്. നമുക്ക് നമ്മളുടെ പഠനം യെരൂശലേമില്‍ നിന്നും ആരംഭിക്കാം. 

യെരൂശലേമിലെ സഭ

യെരൂശലേമിലെ സഭയാണ് ആദ്യത്തെ ക്രൈസ്തവ സമൂഹം. പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മ പകര്‍ച്ചയ്ക്ക് ശേഷം ചില നാളുകള്‍ അപ്പോസ്തലന്‍മാര്‍ യെരൂശലേമില്‍ തന്നെ ഉണ്ടായിരുന്നു. യെരൂശലേമിലെ സഭയെ ആരംഭത്തില്‍, പത്രൊസ്, യേശുവിന്റെ അര്‍ദ്ധ-സഹോദരനായ യക്കോബ്, യോഹന്നാന്‍ എന്നിവര്‍ ആയിരുന്നു പരിപാലിച്ചിരുന്നത്. AD 41 മുതല്‍ 44 വരെ യെഹൂദ്യയുടെ രാജാവായിരുന്ന ഹെരോദ് (അഗ്രിപ്പാ ഒന്നാമന്‍) പത്രൊസിനെ വധിക്കും എന്നു ഭീഷണി മുഴക്കിയപ്പോള്‍, അദ്ദേഹം യെരൂശലേം വിട്ടുപോയി എന്നു കരുതപ്പെടുന്നു. അതിനുശേഷം യക്കോബ് സഭയെ നയിച്ചു. എന്നാല്‍ AD 62 ല്‍ അദ്ദേഹം കൊല്ലപ്പെട്ടു.

AD 66 മുതല്‍ 70 വരെയുണ്ടായ ആദ്യത്തെ യഹൂദ കലാപത്തിന്റെ അവസാനം, റോമാക്കാര്‍ യെരൂശലേം പട്ടണത്തെയും യഹൂദ ദൈവാലയത്തെയും തകര്‍ത്തു. അനേകം യഹൂദന്മാര്‍ കൊല്ലപ്പെട്ടു. എന്നാല്‍, അവിടെ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കലാപം തുടങ്ങുന്നതിന് മുമ്പായി തന്നെ, അവര്‍ യോര്‍ദ്ദാന്‍ നദിയുടെ മറുകരെയുള്ള പെല്ലാ എന്ന സ്ഥലത്തേക്ക് ഓടിപ്പോയി. (Pella).

കലാപം അവസാനിച്ചപ്പോള്‍ ക്രിസ്തീയ വിശ്വാസികള്‍ ദാവീദിന്റെ പട്ടണത്തിലേക്കു തിരികെ വന്നു. അവര്‍ സീയോന്‍ മലമുകളില്‍ താമസിച്ചു. റോമന്‍ സൈന്യത്തിന്റെ ആക്രമണം വലിയ തോതില്‍ അവിടെ ഉണ്ടായില്ല. അവിടെ ഒരു ചെറിയ ക്രിസ്തീയ ദൈവാലയവും ഉണ്ടായിരുന്നു. ഇവിടെയുള്ള ക്രിസ്തീയ സമൂഹത്തില്‍ ഗ്രീക്ക് ക്രിസ്തീയ വിശ്വാസികള്‍ ആയിരുന്നു യഹൂദന്മാരെക്കാള്‍ അധികം.

129 ല്‍ ഹെയ്ഡ്രിയെന്‍ (Hadrian - ˈheɪdriən) ചക്രവര്‍ത്തി യെരൂശലേമിനെ ഒരു റോമന്‍ പട്ടണമായി പുതുക്കി പണിയുകയും അതിനു ഏലിയാ കാപ്പിറ്റോളിന എന്നു പേര് ഇടുകയും ചെയ്തു. (Aelia Capitolina). യഹൂദ ദൈവാലയം നിന്നിരുന്ന  സ്ഥലത്ത്, ഹെയ്ഡ്രിയെന്‍, ജൂപ്പിറ്റര്‍ ദേവന്‍റെയും അദ്ദേഹത്തിന്റെയും  ഓരോ പ്രതിമകള്‍ സ്ഥാപിച്ചു.

74 മുതല്‍ 135 വരെ യെരൂശലേം സഭ ശക്തമായി തന്നെ നിലനിന്നു. 132 AD മുതല്‍ 135 AD വരെയുള്ള കാലയളവില്‍, സൈമണ്‍ ബാര്‍ കൊഖ്ബാ (Simon Bar Kokhba) എന്ന യഹൂദന്‍റെ നേതൃത്വത്തില്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ രണ്ടാമത്തെ കലാപം നടന്നു. കലാപം പരാജയപ്പെടുകയും ഹെയ്ഡ്രിയെന്‍ ചക്രവര്‍ത്തി യെരൂശലേമിനെ വീണ്ടും നശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം, എല്ലാ യഹൂദന്മാരും യെരൂശലേം വിട്ട് പോകേണം എന്നു ഹെയ്ഡ്രിയെന്‍ ചക്രവര്‍ത്തി കല്പ്പന ഇറക്കി. അതിനാല്‍ യഹൂദ ക്രൈസ്തവരും പട്ടണം വിട്ടു പോകേണ്ടി വന്നു. അപ്പോഴേക്കും സഭയില്‍ ഏകദേശം 14 ബിഷപ്പുമാര്‍ പരിപാലനം ചെയ്തു കഴിഞ്ഞിരുന്നു. അവരെല്ലാം യഹൂദന്മാര്‍ ആയിരുന്നു. എന്നാല്‍, അതിനുശേഷം യെരൂശലേം സഭയില്‍ ഗ്രീക്ക് ക്രൈസ്തവര്‍ ബിഷപ്പുമാര്‍ ആയി. അപ്പോള്‍ യെരൂശലേമിലെ ബിഷപ്പ് സിസേറിയയിലെ മെത്രപ്പോലീത്തയുടെ അധികാരത്തിന്‍ കീഴില്‍ ആയിരുന്നു. സിസേറിയ അന്ത്യോക്യയിലെ പാത്രിയര്‍ക്കീസിന്റെ കീഴിലും ആയിരുന്നു. (Metropolitans of Caesarea, Patriarchs of Antioch).

യെരൂശലേമിന്റെ തകര്‍ച്ച് ശേഷം, അവിടെയുള്ള സഭയുടെ പ്രാധാന്യം കുറഞ്ഞു വന്നു. എങ്കിലും ക്രിസ്തീയ വിശ്വാസം പലസ്തീന്‍റെയും ഗ്രീസിന്റെയും വിവിധ ഭാഗങ്ങളിലേക്ക് പരന്നു. ഇത് യെരൂശലേമിലെ സഭയില്‍ ഗ്രീക്ക് വിശ്വാസികള്‍ എണ്ണത്തില്‍ കൂടുവാന്‍ ഇടയാക്കി.

AD 312 ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്‍റൈന്‍ ക്രിസ്തീയ വിശ്വസം സ്വീകരിച്ചു. 313 ല്‍ റോമിന്റെ ഔദ്യോഗിക മതം ക്രിസ്തീയ വിശ്വാസമായി. 324 ല്‍ കോണ്‍സ്റ്റാന്‍റൈന്‍, യെരൂശലേമിന്റെ പേര് പുനസ്ഥാപിച്ചു. ഏകദേശം 326-328 കാലത്ത്, കോണ്‍സ്റ്റാന്‍റൈന്‍ ന്‍റെ മാതാവായിരുന്ന ഹെലെനായുടെ നേതൃത്വത്തില്‍ യെരൂശലേമിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിച്ചു. അതോടെ യെരൂശലേമിന്റെ പ്രാധാന്യം വീണ്ടും വര്‍ദ്ധിച്ചു. ഹെലെനാ, യെരൂശലേമിന്റെ ബിഷപ്പായിരുന്ന മകാരിയസ് ഒന്നാമന്റെ സഹായത്തോടെ, ഹെയ്ഡ്രിയെന്‍ പണികഴിപ്പിച്ചിരുന്ന വീനസ് ദേവിയുടെ ക്ഷേത്രം പൊളിച്ച് മാറ്റി (Helena, Macarius I). അവര്‍ അവിടെ യേശുക്രിസ്തുവിനെ ക്രൂശിച്ച ക്രൂശ് കണ്ടെടുത്തു എന്ന് അവകാശപ്പെട്ടു. അതോടെ യെരൂശലേം സഭ പഴയ പ്രാധാന്യത്തിലേക്ക് തിരികെ വന്നു. വിശുദ്ധ ഹെലെനാ ചാപ്പല്‍, അവരുടെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ചതാണ്.  

325 ല്‍ കൂടിയ നിഖ്യാ കൌണ്‍സില്‍ യെരൂശലേമിലെ സഭയെ ഒരു പാത്രിയര്‍ക്കീസായി പ്രഖ്യാപിച്ചു. 336 ല്‍ കോണ്‍സ്റ്റാന്‍റൈന്‍ ചക്രവര്‍ത്തി, പഴയ യെരൂശലേം പട്ടണത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത്, യേശുവിന്റെ ശവകുടീരത്തിലെ ആരാധനാലയം നിര്‍മ്മിച്ചു. (The Church of the Holy Sepulchre). എന്നാല്‍, പേര്‍ഷ്യന്‍ അധിനിവേശക്കാര്‍ 614 ല്‍ അതിനെ തീവച്ചു നശിപ്പിച്ചു. മോഡെസ്റ്റസ് യെരുശലേമിന്റെ പാത്രിയര്‍ക്കീസായിരുന്ന കാലത്ത് അതിനെ പുതുക്കി പണിതു (Modestus). 1009 സെപ്റ്റംബര്‍ 28 ആം തീയതി,  ഫാറ്റിമിഡ് മുസ്ലീം കാലിഫ ആയിരുന്ന അല്‍-ഹക്കിം ബി-അമര്‍ അള്ളാ, ഈ ക്രിസ്തീയ ദൈവാലയത്തെ വീണ്ടും തകര്‍ത്തു. (Fatimid Caliph Al-Hakim bi-Amr Allah). 1048 ല്‍ വീണ്ടും ബൈസാന്‍റിയം ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍റൈന്‍ ഒന്‍പത്താമന്‍ മോണോമാക്കസ് അതിനെ പുനര്‍ നിര്‍മ്മിച്ചു. (Constantine IX Monomachus). 12 ആം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ അതിനെ പുതിക്കി പണിതു. ഇപ്പൊഴും ഈ ആരാധനാലയം അവിടെ ഉണ്ട്. ഇപ്പോഴുള്ളത് 1810 മുതല്‍ ഉള്ള ആലയം ആണ്.

യെരൂശലേമിലെ ക്രിസ്തീയ വിശ്വാസികള്‍, അവിടെ ഉണ്ടായിരുന്ന വിശുദ്ധ സ്ഥലങ്ങളെ കാത്തു സൂക്ഷിക്കുവാനും പുതുക്കി പണിയുവാനും എപ്പോഴും ശ്രദ്ധാലുക്കള്‍ ആയിരുന്നു. അവിടെയ്ക്കുള്ള തീര്‍ത്ഥയാത്രകള്‍, ചില ഇടവേളകളില്‍ ഒഴികെയുള്ള അവസരങ്ങളില്‍, തുടര്‍ന്നുകൊണ്ടിരുന്നു. അതിനാല്‍ യെരൂശലേമില്‍ ഉണ്ടായിരുന്ന ക്രിസ്തീയ സഭ ഒരിയ്ക്കലും പൂര്‍ണ്ണമായും ഇല്ലാതായില്ല. ഇന്ന് യെരൂശലേമില്‍ പല ക്രൈസ്തവ ദൈവാലയങ്ങള്‍ ഉണ്ട്. ഗ്രീക്ക്, റോമന്‍, അര്‍മേനിയന്‍, കോപ്റ്റിക് എന്നീ വിഭാഗങ്ങള്‍ പരിപാലിക്കുന്ന ആലയങ്ങള്‍ അവിടെ ഉണ്ട്. യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങളില്‍ പുരാതനമായ ആലയങ്ങള്‍ ഉണ്ട്. അവ ക്രിസ്തീയ വിശ്വാസികള്‍ ഒരു തീര്‍ത്ഥാടന കേന്ദ്രം പോലെ കരുതുന്നു. ആലയങ്ങള്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നിയന്ത്രണത്തില്‍ ആണ്.

അന്ത്യോക്യയിലെ സഭ


അന്ത്യോക്യ ആദ്യകാലത്ത് ഒരു ഗ്രീക്ക് പട്ടണം ആയിരുന്നു. ഇന്ന് ഇത് തുര്‍ക്കിയുടെ ഭാഗം ആണ്. യെരൂശലേമിലെ സഭ കഴിഞ്ഞാല്‍, ക്രിസ്തീയ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് അന്ത്യോക്യായിലെ സഭയാണ്. അന്ത്യോക്യ റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പട്ടണം ആയിരുന്നു. അവിടെ ഏകദേശം അഞ്ചു ലക്ഷം പേര്‍ ജീവിച്ചിരുന്നു. യേശുവിനെ പിന്‍പറ്റുന്നവര്‍ക്ക് ആദ്യമായി “ക്രിസ്ത്യാനികള്‍” എന്നു പേര് ലഭിച്ചത് ഇവിടെവച്ചാണ്. അതിന് മുമ്പ് യേശുവില്‍ വിശ്വസിച്ചിരുന്നവരെ “മാര്‍ഗ്ഗത്തെ അനുഗമിക്കുന്നവര്‍” എന്നായിരുന്നു വിളിച്ചിരുന്നത്. (Followers of the Way). ഇത് “മാര്‍ഗ്ഗം കൂടിയവര്‍” എന്ന കേരളത്തിലെ ക്രൈസ്തവരുടെ ആദ്യകാല പേരിനു സമാനമായിരുന്നു.

അന്ത്യോക്യായിലെ സഭ പത്രൊസ് സ്ഥാപിച്ചതാണ് എന്നും അദ്ദേഹമാണ് ഒന്നാമത്തെ ബിഷപ്പ് എന്നും കരുതപ്പെടുന്നു. ബര്‍ണബാസ് ആയിരുന്നു മറ്റൊരു പ്രധാന സുവിശേഷകന്‍. എന്നാല്‍, വേദപുസ്തകത്തില്‍ അപ്പോസ്തലപ്രവര്‍ത്തികള്‍ 11: 19-26 വരെയുള്ള വിവരണം അനുസരിച്ച്, യെഹൂദ്യയില്‍ നിന്നും ചിതറിപ്പോയ യഹൂദ ക്രിസ്തീയ വിശ്വാസികള്‍ ആണ് അന്ത്യോക്യായില്‍ ആദ്യമായി സഭ ആരംഭിച്ചത്. സൈപ്രസ്, കൈറീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും അന്ത്യോക്യായില്‍ എത്തിച്ചേര്‍ന്നു (Cyprus, Cyrene). ഇവരോടൊപ്പം അന്ത്യോക്യായില്‍ ഉള്ള, യഹൂദന്മാര്‍ അല്ലാത്തവരും ക്രിസ്തുവില്‍ വിശ്വസിച്ചു സഭയോടു ചേര്‍ന്നു. ആദ്യം യഹൂദ മതത്തിലേക്ക് ചേര്‍ന്ന ഗ്രീക്കുകാര്‍ യേശുവില്‍ വിശ്വസിക്കുകയും സഭയോട് ചേരുകയും ചെയ്തു. ക്രമേണ മറ്റ് ജാതീയര്‍ സഭയോടു ചേര്‍ന്നു. അങ്ങനെ ആദ്യത്തെ യഹൂദന്മാരും ജാതീയരും കൂടെയുള്ള സഭ  അന്ത്യോക്യായില്‍ രൂപീകൃതമായി.

ആദ്യ നൂറ്റാണ്ടില്‍, റോമന്‍ സാമ്രാജ്യത്തിലെ സിറിയ എന്ന പ്രവിശ്യയില്‍ ആയിരുന്നു അന്ത്യോക്യ പട്ടണം. ഇപ്പോഴത്തെ തുര്‍ക്കിയില്‍ ഉള്ള അന്‍റാക്യ എന്ന സ്ഥലത്തിന് സമീപത്തുള്ള ചര്‍ച്ച് ഓഫ് സെന്‍റ് പീറ്റര്‍, പത്രൊസ് ആദ്യമായി സുവിശേഷം പ്രസംഗിച്ച സ്ഥലത്താണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു (Antakya, The Church of Saint Peter). ഗലാത്യര്‍ 2 ആം അദ്ധ്യത്തില്‍ പറയുന്ന പത്രൊസും പൌലൊസും തമ്മിലുണ്ടായ തര്‍ക്കം അന്ത്യോക്യായില്‍ വച്ചാണ് നടന്നത്. മത്തായിയുടെ സുവിശേഷം ഇവിടെ വച്ചായിരിക്കേണം എഴുതപ്പെട്ടത്. പൌലൊസ് മിഷനറി യാത്രകള്‍ ആരംഭിക്കുന്നത് അന്ത്യോക്യായില്‍ നിന്നാണ്. യഹൂദന്മാര്‍ അല്ലാത്തവരിലേക്ക് സുവിശേഷം വ്യാപിക്കുന്നത് അന്ത്യോക്യായില്‍ നിന്നായിരുന്നു.

സഭാപിതാവായ ഇഗ്നേഷിയസ് ഇവിടെയുള്ള സഭയുടെ മൂന്നാമത്തെ ബിഷപ്പായിരുന്നു (Ignatius of Antioch). മറ്റൊരു സഭാ പിതാവായിരുന്ന ക്രിസോസ്റ്റത്തിന്‍റെ ജന്മദേശം അന്ത്യോക്യ ആണ്. പ്രവാചകനായിരുന്ന അഗബസ് ജീവിച്ചിരുന്നതും അന്ത്യോക്യായില്‍ ആണ്.   

325 ല്‍ കൂടിയ നിഖ്യാ കൌണ്‍സില്‍ അന്ത്യോക്യയിലെ സഭയെ ഒരു സ്വതന്ത്ര പാത്രിയര്‍ക്കീസായി പ്രഖ്യാപിച്ചു. നാലാം നൂറ്റാണ്ടില്‍ അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസായിരുന്നു ഏറ്റവും മുതിര്‍ന്ന പാത്രിയര്‍ക്കീസ്. അദ്ദേഹത്തിന് വിശാലമായ ഒരു ഭരണ പ്രദേശം ഉണ്ടായിരുന്നു. അതില്‍ ഇപ്പോഴത്തെ തുര്‍ക്കി, ലെബനന്‍, ഇസ്രയേല്‍, സിറിയ, യോര്‍ദ്ദാന്‍, ഇറാഖ്, ഇറാന്‍ എന്നീ പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസിന്റെ പ്രാധാന്യം, രാക്ഷ്ട്രീയ കാരണങ്ങളാല്‍, വര്‍ദ്ധിച്ചു വന്നു. എങ്കിലും കിഴക്കന്‍ സഭകളില്‍ അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസിന്റെ സ്വാധീനം കുറഞ്ഞില്ല.

4 ആം നൂറ്റാണ്ടിലും 5 ആം നൂറ്റാണ്ടിലും അന്ത്യോക്യ പട്ടണം പുഷ്ടിപ്പെട്ടിരുന്നു. 5 ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേക്കും അന്ത്യോക്യായിലെ പാത്രിയര്‍ക്കീസിന്റെ പ്രധാന്യം കുറഞ്ഞു വന്നു. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് കിഴക്കന്‍ സഭകളുടെമേല്‍ പ്രഥമ സ്ഥാനം ആഗ്രഹിച്ചു. ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ രാക്ഷ്ട്രീയ ശക്തി അതിനു സഹായമായിരുന്നു. ക്രമേണ, അന്ത്യോക്യായിലെ സഭയെയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് നിയന്ത്രിക്കുവാന്‍ തുടങ്ങി. ആ കാലഘട്ടത്തില്‍ ചില വിരുദ്ധ ഉപദേശങ്ങള്‍ അന്ത്യോക്യായിലെ സഭയെ ആലോരസപ്പെടുത്തുകയും ചെയ്തു.

6 ആം നൂറ്റാണ്ടില്‍ പല പ്രകൃതി ക്ഷോഭങ്ങളും, നാശനഷ്ടങ്ങളും അന്ത്യോക്യ പട്ടണത്തില്‍ ഉണ്ടായി. അതില്‍നിന്നും പിന്നീട് ആ പട്ടണം കരകയറിയില്ല. 525 ല്‍ ഒരു വലിയ അഗ്നി ബാധ ഉണ്ടായി, 526 ലും 528 ലും ഭൂകമ്പം ഉണ്ടായി. 540 ലും 611 ലും അന്ത്യോക്യ പട്ടണത്തെ, സൊരാഷ്ട്രിയന്‍ മതക്കാരായ പേര്‍ഷ്യന്‍ സാമ്രാജ്യം പിടിച്ചടക്കി (Zoroastrian Persians). ഈ കാരണങ്ങളാല്‍ അന്ത്യോക്യായിലെ പാര്‍ത്രിയാര്‍ക്കീസിന്റെയും അന്ത്യോക്യായുടെ തന്നെയും പ്രധാന്യം മങ്ങുവാന്‍ തുടങ്ങി.

7 ആം നൂറ്റാണ്ടില്‍, കിഴക്കന്‍ പ്രദേശങ്ങളില്‍,  മുസ്ലീം അധിനിവേശം ആരംഭിച്ചു. അന്നുമുതല്‍ അന്ത്യോക്യ ഒരു യുദ്ധ ഭൂമിയായി മാറി. 637 ല്‍ അറബ് കാലിഫേറ്റ് അന്ത്യോക്യായെ പിടിച്ചടക്കി. അറബികളുടെ കീഴില്‍ അതൊരു അപ്രധാന പട്ടണമായി മാറി. 969 ല്‍ ബൈസാന്റൈന്‍ സാമ്രാജ്യം പട്ടണത്തെ തിരികെ പിടിച്ചു. (Byzantine empire). എന്നാല്‍ 1084 ല്‍ മുസ്ലീം സെല്‍ജൂക്ക് തുര്‍ക്കികള്‍ അന്ത്യോക്യായും സിറിയയും പിടിച്ചെടുത്തു (Seljuq Turks). 1098 ല്‍ കുരിശുയുദ്ധക്കാര്‍ വീണ്ടും അന്ത്യോക്യായെ തിരികെ പിടിച്ചു ക്രിസ്തീയ രാജ്യമാക്കി. 1149 ല്‍ നൂര്‍ അല്‍-ദിന്‍ (Nur al-Din) അന്ത്യോക്യായെയും, ദമാസ്കസിനെയും അദ്ദേഹത്തിന്റെ സാമ്രാജ്യത്തോട് കൂട്ടി ചേര്‍ത്തു. അങ്ങനെ 1150 ഓടെ ദമാസ്കസ് എന്ന രാജ്യം ഇല്ലാതെയായി. 1268 ല്‍ മറ്റൊരു മുസ്ലീം സാമ്രാജ്യമായിരുന്ന മാംലൂക്സ് (Mamlūks) വംശജര്‍ അന്ത്യോക്യായെ പിടിച്ചെടുത്ത് മുസ്ലീം രാജ്യമാക്കി. അവര്‍ ആ പട്ടണത്തെ നശിപ്പിക്കുകയും ചെയ്തു. 1517 ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ അതിനെ പിടിച്ചടക്കുമ്പോള്‍, അന്ത്യോക്യ ഒരു ചെറിയ ഗ്രാമം മാത്രം ആയിരുന്നു. (Ottoman Turks). ഒട്ടോമന്‍ മുസ്ലീം സാമ്രാജ്യത്തിന്റെ ആക്രമണം കാരണം പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം സിറിയയിലെ ദമാസ്കസിലേക്ക് മാറ്റി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ അന്ത്യോക്യ, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നു. യുദ്ധത്തിന് ശേഷം അന്ത്യോക്യ പ്രദേശം ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍ ഉള്ള സിറിയയുടെ ഭാഗമായി മാറി (Syria). 1939 ല്‍ ആ പ്രദേശം തുര്‍ക്കിയുടെ ഭാഗമായി.

ഇന്ന് അഞ്ച് ക്രിസ്തീയ വിഭാഗങ്ങള്‍ അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നുണ്ട്. അവ ഇതെല്ലാം ആണ്: സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, പൌരസ്ത്യ കത്തോലിക്ക സഭ (സിറിയക് കത്തോലിക്ക സഭ), മെല്‍കൈറ്റ് ഗ്രീക് കത്തോലിക്ക സഭ, മാരൊനൈറ്റ് സഭ, അന്ത്യോക്യായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ. (Syriac Orthodox Church, the Eastern Catholic churches (Syriac Catholic Church), the Melkite Greek Catholic Church, Maronite Church, Greek Orthodox Church of Antioch). റോമിലെ കത്തോലിക്ക സഭയുമായി ചേര്‍ന്ന് നിന്ന സിറിയയിലെ ക്രിസ്ത്യാനികള്‍ ആണ് കല്ദയര്‍ എന്നു അറിയപ്പെടുന്നത് (Chaldæans).

അലക്സാണ്ഡ്രിയ

നൈല്‍ നദിയുടെ തീരത്ത് അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച ഒരു പട്ടണമായിരുന്നു അലക്സാണ്ഡ്രിയ. പഴയനിയമത്തിന്റെ ഗ്രീക്കിലേക്കുള്ള സെപ്റ്റാജിന്‍റ് പരിഭാഷയുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത് ഇവിടെയാണ്. ഗണ്യമായ ഒരു കൂട്ടം യഹൂദന്മാര്‍ അലക്സാണ്ഡ്രിയയില്‍ താമസിച്ചിരുന്നു. അതില്‍ പ്രശസ്തനായിരുന്നു അലക്സാണ്ഡ്രിയയിലെ ഫിലൊ (Philo of Alexandria) എന്ന യഹൂദ തത്വചിന്തകന്‍. സഭാ പിതാക്കന്മാരായ ക്ലെമെന്‍റ്, ഒറിഗെന്‍, അത്താനാസിയുസ് എന്നിവരും മരുഭൂമിയിലെ പിതാക്കന്മാര്‍ എന്നു അറിയപ്പെട്ടിരുന്ന വിശ്വാസ സമൂഹവും ഇവിടെ ജീവിച്ചിരുന്നവര്‍ ആണ്. (Clement, Origen, Athanasius, Desert Fathers). സര്‍വ്വപരിത്യാഗികളായ സന്യാസ ജീവിതം എന്ന ആശയം ഉടലെടുത്തത് 3 ആം നൂറ്റാണ്ടില്‍ അലക്സാണ്ഡ്രിയയില്‍ നിന്നാണ്. 

നിഖ്യാ കൌണ്‍സില്‍ തീരുമാന പ്രകാരം അലക്സാണ്ഡ്രിയ ഒരു സ്വതന്ത്ര പാത്രിയാര്‍ക്കീസ് ആയി. ഈജിപ്റ്റ്, ലിബിയ, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശമായ പെന്‍റാപൊലിസ് എന്നിവയുടെമേല്‍ പരിപാലന അധികാരം പാത്രിയര്‍ക്കീസിന് ഉണ്ടായിരുന്നു. (Egypt, Libya, and Pentapolis (North Africa). കെയ്റോയില്‍ ആസ്ഥാനമുള്ള അലക്സാണ്ഡ്രിയയിലെ പാത്രിയാര്‍ക്കീസിനെ മാര്‍പ്പാപ്പ എന്നും വിളിക്കാറുണ്ട്.

അലക്സാണ്ഡ്രിയയിലെ സഭ സ്ഥാപിച്ചത് AD 49 ല്‍ വിശുദ്ധനായ മര്‍ക്കോസ് എന്ന സുവിശേഷകന്‍ ആണ് എന്നാണ് പരമ്പര്യ വിശ്വസം (Saint Mark the Evangelist).  മര്‍ക്കോസിന്റെ സുവിശേഷത്തിന്റെ രചയിതാവും ഇദ്ദേഹം തന്നെ ആയിരിക്കേണം. ആദ്യനൂറ്റാണ്ടില്‍ തന്നെ മര്‍ക്കോസ് ആഫ്രിക്കയില്‍ എത്തുകയും, ആ പ്രദേശങ്ങളില്‍ സുവിശേഷം വേഗം പരക്കുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടില്‍ ഈജിപ്റ്റിലെ ഉള്‍പ്രദേശങ്ങളിലെക്കും ക്രിസ്തീയ വിശ്വാസം പരന്നു. അവരുടെ പ്രാദേശിക ഭാഷയായിരുന്ന കോപ്റ്റിക് ഭാഷയിലെക്കു തിരുവചനം പരിഭാഷപ്പെടുത്തുകയും ചെയ്തു (Coptic language).

639 നും 646 നും ഇടയ്ക്കുള്ള കാലത്താണ് ഈജിപ്തിനെ മുസ്ലീം സൈന്യം ആക്രമിക്കുന്നത്. അതിനു നേതൃത്വം നല്കിയത് റഷീദുന്‍ കാലിഫേറ്റ് ആയിരുന്നു (Rashidun Caliphate). മുസ്ലീം അധിനിവേശത്തിന് മുമ്പ്, അലക്സാണ്ഡ്രിയ പട്ടണം, ബൈസാന്റൈന്‍ സാമ്രാജ്യത്തിന്റെ ഈജിപ്ത്യന്‍ പ്രവിശ്യയുടെ തലസ്ഥാനം ആയിരുന്നു. മുസ്ലിം അധിനിവേശത്തിന് ശേഷം ഉള്ള കോപ്റ്റിക് ക്രിസ്ത്യാനികളുടെ അനുഭവം സമ്മിശ്രമാണ്. ചിലപ്പോള്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും, ചിലപ്പോള്‍ അവര്‍ മത സഹിഷ്ണത അനുഭവിക്കുകയും ചെയ്തു.

645 ല്‍ ബൈസാന്‍റിയന്‍ സാമ്രാജ്യം, അലക്സാണ്ഡ്രിയയെ, മുസ്ലീം ഭരണത്തില്‍ നിന്നും തിരികെ പിടിച്ചു. എന്നാല്‍ അല്‍പ്പ നാളുകള്‍ക്ക് ശേഷം മുസ്ലീം സൈന്യം അതിനെ വീണ്ടും പിടിച്ചെടുത്തു. 654 ല്‍ ബൈസാന്റൈന്‍ സാമ്രാജ്യം വീണ്ടും അലക്സാഡ്രിയയെ തിരികെ പിടിക്കുവാന്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. അതോടെ ഈജിപ്തിന് ക്രിസ്തീയ സാമ്രാജ്യമായിരുന്ന ബൈസാന്റൈനുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

ഉമയ്യാദ് മുസ്ലീം രാജവംശത്തിന്റെ കാലത്ത്, മുസ്ലീം വിശ്വാസികളേക്കാള്‍ കൂടുതല്‍ നികുതി ക്രിസ്തീയ വിശ്വാസികള്‍ നാല്‍കേണം എന്നു നിയമം ഉണ്ടായിരുന്നു. ആ പ്രദേശങ്ങളില്‍ ഉള്ള മുസ്ലീം സൈന്യത്തിന് ആഹാരം നല്കേണ്ടുന്ന ബാധ്യതയും ക്രിസ്തീയ വിശ്വാസികള്‍ക്കായിരുന്നു. ക്രിസ്തീയ വ്യാപരികളെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്തു. അങ്ങനെ കോപ്റ്റിക് ക്രിസ്തീയ വിശ്വാസികളുടെ സാമ്പത്തിക ഭദ്രത തകര്‍ന്നു.

വര്‍ദ്ധിച്ച നികുതി അടച്ചാല്‍ ക്രൈസ്തവരെ സൈന്യത്തിന്റെ സേവനത്തില്‍ നിന്നും ഒഴിവാക്കാം എന്ന് നിയമം ഉണ്ടായി. അങ്ങനെ ഉള്ളവര്‍ക്ക് അവരുടെ മതവിശ്വാസം അനുസരിച്ചു ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും നല്കി. എന്നാല്‍ ഇത്തരം നികുതി ക്രിസ്ത്യാനികള്‍ക്ക് താങ്ങുവാന്‍ കഴിയുന്നതായിരുന്നില്ല. അതിനാല്‍ അവര്‍ മുസ്ലീം സൈന്യം കാണാതെ ഗുഹകളില്‍ ഒളിക്കുമായിരുന്നു എന്നു കോപ്റ്റിക് ബിഷപ്പ് ആയിരുന്ന ജോണ്‍ ഓഫ് നികിയു എഴുതിയിട്ടുണ്ട് (John of Nikiu). ചിലര്‍ അവരുടെ മക്കളെ വിറ്റു നികുതി നല്കുവാന്‍ ശ്രമിച്ചു.

തുടര്‍ന്നു വളരെയധികം പീഡനങ്ങള്‍ ഉണ്ടായി എങ്കിലും ക്രൈസ്തവ വിശ്വാസികള്‍ ഉറച്ചു നിന്നു. എന്നാല്‍ ക്രമേണ, അനേകം ക്രൈസ്തവര്‍, മുസ്ലീം മതത്തിലേക്ക് മാറി. അങ്ങനെ 12 ആം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ഒരിക്കല്‍ ക്രിസ്തീയ രാജ്യമായിരുന്ന ഈജിപ്ത്, ഒരു മുസ്ലീം രാജ്യമായി മാറി. എന്നാല്‍ ഇതുകൊണ്ടൊന്നും ക്രിസ്തീയ സഭ പൂര്‍ണ്ണമായും തകര്‍ന്നില്ല. എങ്കിലും വിശ്വാസികളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടായി.                

അലക്സാണ്ഡ്രിയയിലെ ഭൂരിപക്ഷം ആളുകളും കോപ്റ്റിക് ഭാഷയായിരുന്നു സംസാരിച്ചിരുന്നത്. കോപ്റ്റിക് ഭാഷ പുരാതനമായ ഈജിപ്ത്യന്‍ ഭാഷയാണ്. ഗ്രീക്ക് അക്ഷരമാലയാണ് എഴുതുവാന്‍ ഉപയോഗിക്കുന്നത്. കൊപ്റ്റിക് ഭാഷ AD 706 വരെ ആ പ്രദേശത്തെ സംസാരഭാഷയായിരുന്നു. കോപ്റ്റിക്ക് ഭാഷയോടൊപ്പം ഗ്രീക്ക് ഭാഷയും പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇസ്ലാം അധിനിവേശത്തിന് ശേഷം കുറെ കാലത്തേക്ക്, കോപ്റ്റിക്, ഗ്രീക്ക്, അറബ് എന്നീ ഭാഷകള്‍ അലക്സാണ്ഡ്രിയയില്‍ നിലനിന്നു. എന്നാല്‍ 11 ആം നൂറ്റാണ്ടിന് ശേഷം അറബ് ഭാഷ പ്രധാന ഭാഷയായി മാറി. ഇന്ന് കോപ്റ്റിക് സഭകളില്‍ അറബിയും കോപ്റ്റിക് ഭാഷയും ആരാധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

12 ആം നൂറ്റാണ്ടില്‍ സഭയുടെ ആസ്ഥാനം അലക്സാണ്ഡ്രിയയില്‍ നിന്നും ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയിലേക്ക് മാറ്റി (Cairo). അപ്പോഴേക്കും ക്രൈസ്തവര്‍ അവിടെ ഒരു ന്യൂനപക്ഷമായി മാറിക്കഴിഞ്ഞിരുന്നു. 2011 ലെ അറബ് വസന്തം എന്നു അറിയപ്പെടുന്ന ആഭ്യന്തര വിപ്ലവത്തിന് ശേഷം കോപ്റ്റിക് വിശ്വാസികള്‍ ഏറെ വിവേചനവും അക്രമവും അനുഭവിക്കുന്നു. 

ഇന്ന് ഈജിപ്തിലെ മൊത്തം ജനസംഖ്യയില്‍ 10 ശതമാനത്തിലധികം ക്രിസ്തീയ വിശ്വാസികള്‍ ഉണ്ട്. ഇതൊരു പൊതുവേയുള്ള കണക്കാണ്. ഇതില്‍ കൂടുതല്‍ ക്രിസ്തീയ വിശ്വാസികള്‍ ഉണ്ട് എന്നു കൊപ്റ്റിക് സഭ അവകാശപ്പെടുന്നുണ്ട്. ഇവരില്‍ ഓര്‍ത്തഡോക്സ്, കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ പെട്ടവര്‍ ഉണ്ട്. മത സ്വാതന്ത്ര്യം ഈജിപ്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും അത് നടപ്പാക്കുന്നതില്‍ വിവേചനം ഉണ്ട്. ഒരു ക്രിസ്തീയ വിശ്വസിക്ക് ഇസ്ലാം മതത്തിലേക്ക് മാറുവാന്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരു ഇസ്ലാം വിശ്വാസിക്ക് ക്രിസ്തുമതത്തിലേക്ക് മാറുവാന്‍ കഴിയും എങ്കിലും വളരെ പ്രയാസമാണ്. അതിനാല്‍ അവിടെ ക്രിസ്തീയ വിശ്വാസികളുടെ എണ്ണം കുറയുകയാണ്.     

ഇന്ന്, അലക്സാണ്ഡ്രിയയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അലക്സാണ്ഡ്രിയയിലെ പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭ, കോപ്റ്റിക് കത്തോലിക്ക സഭ എന്നീ മൂന്ന് സഭാ വിഭാഗങ്ങള്‍ ആദ്യകാല സഭയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു. (Coptic Orthodox Church of Alexandria, Eastern Orthodox Church of Alexandria, Coptic Catholic Church). അലക്സാണ്ഡ്രിയയിലെ പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭ, അലക്സാണ്ഡ്രിയയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ എന്നും അറിയപ്പെടുന്നു. (Greek Orthodox Church of Alexandria)


കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ

കിഴക്കന്‍ റോമന്‍ സാമ്രാജ്യമായിരുന്ന ബൈസാന്റിയത്തിന്റെ തലസ്ഥാനമായിരുന്നു കോണ്‍സ്റ്റാന്‍റിനോപ്പിള്‍. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ ഒരു എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസ് ആണ്. ബര്‍ത്തൊലോമ്യൂ ഒന്നാമന്‍ ആണ് ഇപ്പോഴത്തെ എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസ്. (Bartholomew I). അദ്ദേഹം 270 ആമത്തെ പാത്രിയര്‍ക്കീസാണ്. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ എല്ലാ ഓര്‍ത്തഡോക്സ് സഭകളുടെയും മാതൃ സഭയാണ്. വെളിപ്പാടു പുസ്തകത്തില്‍ പറയുന്ന ഏഴ് സഭകള്‍, 4 ആം നൂറ്റാണ്ടു മുതല്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസിന്റെ അധികാര പരിധിയില്‍ ആയിരുന്നു.

യഹൂദന്മാര്‍ അല്ലാത്തവരിലേക്ക് സുവിശേഷം എത്തിക്കുക എന്ന ദൌത്യത്തിന്റെ ആദ്യ ഭാഗം നിര്‍വഹിച്ചത് അപ്പൊസ്തലനായ പൌലൊസ് ആണ്. രണ്ടാം ഭാഗം നിര്‍വഹിച്ചത് കോണ്‍സ്റ്റാന്‍റിനോപ്പിലെ സഭയാണ് എന്നു പറയാം. 

AD 38 ല്‍, അപ്പൊസ്തലനായ അന്ത്രെയാസ് ആണ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ സ്ഥാപിച്ചത് എന്നാണ് പരമ്പര്യ വിശ്വസം. യോഹന്നാന്‍ 1: 40 അനുസരിച്ച്, അന്ത്രെയാസ് യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്‍ ആയിരുന്നു. അവനാണ് ആദ്യം യേശുവിനെ അനുഗമിച്ചതും, പത്രൊസിനെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരുന്നതും. അതിനാല്‍ ബൈസാന്റൈന്‍ സഭ, അന്ത്രെയാസിനെ “ആദ്യം വിളിക്കപ്പെട്ടവന്‍“ എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സഭ അന്ത്രെയാസ് സ്ഥാപിച്ചതാണ് എന്നത് ഒരു പരമ്പര്യ വിശ്വാസം മാത്രം ആണ്. അതിനു വേദപുസ്തകത്തിലോ, ചരിത്രത്തിലോ തെളിവുകള്‍ ഇല്ല.

അപ്പൊസ്തലനായ യോഹന്നാനും കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സുവിശേഷം അറിയിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് അന്ത്രെയാസിന്റെയും യോഹന്നാന്റെയും പിന്തുടര്‍ച്ച അവകാശപ്പെടുന്നു. AD 356 ല്‍ അപ്പൊസ്തലനായ അന്ത്രെയാസിന്റെ ഭൌതീക ശേഷിപ്പ് കോണ്‍സ്റ്റാന്‍റിനോപ്പിലേക്ക് കൊണ്ടുവരുകയും അതിനെ വിശുദ്ധ അപ്പോസ്തലന്മാരുടെ ദൈവാലയത്തില്‍ അടക്കുകയും ചെയ്തു (Church of the Holy Apostles).

കോണ്‍സ്റ്റാന്‍റൈന്‍ ചക്രവര്‍ത്തി സംയുക്ത റോമിന്റെ തലസ്ഥാനം കിഴക്കന്‍ ഗ്രീക്ക് പട്ടണമായിരുന്ന ബൈസാന്‍റിയത്തിലേക്ക് മാറ്റുന്നത് AD 330 ല്‍ ആണ് (Emperor Constantine the Great). അദ്ദേഹം ബൈസാന്‍റിയം പട്ടണത്തെ പുതിയ റോം എന്നു വിളിച്ചു (Nova Roma). ഒപ്പം തന്നെ പട്ടണത്തിന്റെ പേര് കോണ്‍സ്റ്റന്‍റിനോപ്പിള്‍ എന്നു പുനര്‍ നാമകരണം ചെയ്തു (Constantinople). ഇത് കോണ്സ്റ്റാന്‍റിനോപ്പിളിലെ സഭയുടെ പ്രധാന്യം വര്‍ദ്ധിക്കുവാന്‍ ഇടയാക്കി. ഇവിടെയുള്ള സഭയുടെ ബിഷപ്പ് സ്വതന്ത്രമായി അധികാരം വിനിയോഗിക്കുവാനും, ഗ്രീസ്, ഏഷ്യ മൈനര്‍, പോന്‍റസ്, ത്രേസ് എന്നിവിടങ്ങളിലെ സഭകളെ നിയന്ത്രിക്കുവാനും ശ്രമിച്ചു (Greece, Asia Minor, Pontus, and Thrace). 381 ലെ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ആദ്യത്തെ കൌണ്‍സിലില്‍ സഭയെ ഒരു സ്വതന്ത്ര പാത്രിയര്‍ക്കീസായി അംഗീകരിച്ചു. ഏകദേശം ആയിരം വര്‍ഷങ്ങളോളം കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ബൈസാന്‍റിയം സാമ്രാജ്യത്തിലെ സഭകളെ പരിപാലിച്ചിരുന്നു. ഹാഗിയ സോഫിയ എന്ന വിശുദ്ധ ദൈവാലയം ആയിരുന്നു സഭയുടെ കത്തീഡ്രല്‍ പള്ളി (Hagia Sophia – വിശുദ്ധ ജ്ഞാനം - Holy Wisdom).

പത്താം നൂറ്റാണ്ടു വരെ പടിഞ്ഞാറന്‍ റോമിലെ മാര്‍പ്പാപ്പയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസും തമ്മിലുള്ള ബന്ധം സഹവര്‍ത്തിത്തത്തോടെ ആയിരുന്നു. എന്നാല്‍ ചില വര്‍ഷങ്ങള്‍ ആയി ഉടലെടുത്ത, ഉപദേശവും, രാക്ഷ്ട്രീയവും, അധികാരവും സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍, 1054 ല്‍ ഇരു സഭകളും രണ്ട് വിഭാഗങ്ങള്‍ ആയി പിരിയുവാന്‍ ഇടയാക്കി. അങ്ങനെ പടിഞ്ഞാറന്‍ സഭ, റോമന്‍ കത്തോലിക്ക സഭയും കോണ്‍സ്റ്റന്‍റിനോപ്പിളിലെ സഭ, പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ആയി.

ഇതിന് ശേഷം, നാലാമത്തെ കുരിശുയുദ്ധകാലത്ത് വളരെ ദാരുണമായ ഒരു സംഭവം ഉണ്ടായി. നാലാമത്തെ കുരിശുയുദ്ധത്തിന്റെ പ്രഥമ ലക്ഷ്യം മുസ്ലീം അധികാര കേന്ദ്രമായിരുന്ന ഈജിപ്തിനെ കീഴടക്കുക ആയിരുന്നു. എന്നാല്‍, നിഭാഗ്യവശാല്‍, 1204 ഏപ്രില്‍ 12 ആം തീയതി, കുരിശുയുദ്ധക്കാര്‍ ക്രിസ്തീയ സാമ്രാജ്യമായിരുന്ന ബൈസാന്റിയത്തെ ആക്രമിച്ചു.

തുടര്‍ന്നു മൂന്ന് ദിവസങ്ങളോളം, പടിഞ്ഞാറന്‍ സൈന്യം, കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ കലാപവും കൊള്ളയും കൊലപാതകങ്ങളും നടത്തി. അനേകം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും പള്ളികള്‍ തകര്‍ക്കപ്പെട്ടുകയും ചെയ്തു. മനോഹരമായിരുന്ന ബൈസാന്‍റിയം പട്ടണത്തെ കുരിശുയുദ്ധക്കാര്‍ തകര്‍ക്കുകയും കൊള്ളചെയ്യുകയും ചെയ്തു. ബൈസാന്റിയത്തിലെ സമ്പത്തും പുരാവസ്തുക്കളും യൂറോപ്പിലേക്ക് കൊണ്ടുപോയി. കിഴക്കന്‍ ക്രിസ്തീയ സഭയുടെ വിശുദ്ധ ആരാധനാലയങ്ങള്‍ പോലും തകര്‍ക്കപ്പെടുകയോ കൊള്ള ചെയ്യപ്പെടുകയോ ചെയ്തു.

ബൈസാന്റിയത്തില്‍ നിന്നും അനേകര്‍ ഓടിപ്പോയി നിഖ്യാ പട്ടണത്തില്‍ അഭയം തേടി. അവര്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനം നിഖ്യായില്‍ സ്ഥാപിച്ചു. 1261 വരെ അത് അവിടെ തുടര്‍ന്നു. 1261 ല്‍ മീഖായേല്‍ എട്ടാമന്‍ പലേയോ ലോഗസ്, കോന്‍സ്റ്റാന്‍റിനോപ്പിളിനെ പടിഞ്ഞാറന്‍ കുരിശുയുദ്ധക്കാരില്‍ നിന്നും തിരികെ പിടിച്ചു (Michael VIII Palaeologus). എന്നാല്‍ കോന്‍സ്റ്റാന്‍റിനോപ്പിള്‍ പിന്നീട് ഒരിയ്ക്കലും പഴയ പ്രതാപത്തിലേക്ക് തിരികെ വന്നില്ല.

തുര്‍ക്കികളുടെ ആക്രമണത്തെ ചെറുക്കുവാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിന് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായം ആവശ്യമായി. അതിനാല്‍, ജോണ്‍ എട്ടാമന്‍ ചക്രവര്‍ത്തിയും, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസും, ഗ്രീക് സഭയിലെ ചില പുരോഹിതന്മാരും 1437 ല്‍ നടന്ന ഫ്ലോറന്‍സിലെ കൌണ്‍സിലില്‍ പങ്കെടുത്ത്, മാര്‍പ്പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചു. (John VIII, Council of Florence). റോമന്‍ കത്തോലിക്ക സഭയും കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുവാനും മാര്‍പ്പാപ്പയുടെ പരമാധികാരം അംഗീകരിക്കുവാനും അവര്‍ സമ്മതിച്ചു. ഇരു സഭാ വിഭാഗങ്ങളും യോജിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍, ഇതില്‍ വിയോജിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ വിട്ടുപിരിഞ്ഞു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിനു ശേഷം റഷ്യയിലെ മോസ്കോയിലെ സഭയെ “മൂന്നാമത്തെ റോം” എന്നും “പുതിയ റോം” എന്നും വിളിച്ചു (MoscowThird Rome, New Rome). 1589 ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ്, റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയെ ഒരു സ്വതന്ത്ര പാത്രിയാര്‍ക്കീസായി അംഗീകരിച്ചു. അങ്ങനെ റഷ്യയിലെ ഓര്‍ത്തഡോക്സ് സഭ, ലോകത്തിലെ ഏറ്റവും വലിയ പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയായി തീര്‍ന്നു.

1453 മെയ് 29 ആം തീയതി മെഹ് മെദ് സുല്‍ത്താന്‍ രണ്ടാമന്‍റെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ഒട്ടോമന്‍ സാമ്രാജ്യം പിടിച്ചെടുത്തു (Sultan Mehmed II). മുസ്ലീം സൈന്യം ഹാഗിയ സോഫിയ ദൈവാലയത്തെ ആക്രമിച്ചു. അവിടെ അഭയം തേടിയിരുന്ന ക്രിസ്ത്യാനികളില്‍ പുരുഷന്മാരെ അടിമകള്‍ ആക്കി വിറ്റു. പ്രായമായവരെയും രോഗികളെയും അംഗവൈകല്യം ഉള്ളവരെയും കൊന്നു. സ്ത്രീകളെ പീഡിപ്പിച്ചു അടിമകള്‍ ആക്കി.

1454 ല്‍ ഗെന്നഡിഒസ് രണ്ടാമന്‍ സ്കൊളാരിയോസ് നേ കോണ്‍സ്റ്റാണ്‍റ്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി ഒട്ടോമന്‍ ചക്രവര്‍ത്തി നിയമിച്ചു (Gennadius II Scholarius). ഒട്ടോമന്‍ സാമ്രാജ്യത്തില്‍ ഉള്ള എല്ലാ ഓര്‍ത്തഡോക്സ് സഭകളും പാത്രിയാര്‍ക്കീസിന്റെ അധികാരപരിധിയില്‍ ആക്കി. ഒട്ടോമന്‍ സാമ്രാജ്യക്കാര്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ പേര് ഈസ്താംബൂള്‍ എന്നാക്കി മാറ്റി (Istanbul).

ഒട്ടോമന്‍ സാമ്രാജ്യം ക്ഷീണിച്ചപ്പോള്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യൂമിനിക്കല്‍ പാത്രിയര്‍കീസിന്‍റെ കീഴില്‍ ഉണ്ടായിരുന്ന പല ഓര്‍ത്തഡോക്സ് സഭകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പിന്നീട് അവരുടെ മേല്‍ മുമ്പ് ഉണ്ടായിരുന്ന അധികാരം പാത്രിയര്‍ക്കീസിന് ഉണ്ടായില്ല. എങ്കിലും, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കീസ് പ്രധാന പാത്രിയര്‍ക്കീസായി ഇന്നും തുടരുന്നു.   

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധിനിവേശ കാലത്ത്, ക്രൈസ്തവര്‍ പലവിധത്തിലുള്ള പീഡനങ്ങളിലൂടെ കടന്നുപോയി. ക്രിസ്തീയ ദൈവാലയങ്ങള്‍, മുസ്ലീം മോസ്ക്കിനേക്കാള്‍ വലുതായിരിക്കരുത് എന്നു ഒട്ടോമന്‍ ഭരണകര്‍ത്താക്കള്‍ കല്‍പ്പനയിറക്കി. “വിശുദ്ധ അപ്പോസ്തലന്മാരുടെ ദൈവാലയം” പോലെയുള്ള ചില ദൈവാലയങ്ങള്‍ തുര്‍ക്കികള്‍ തകര്‍ത്തു. (Church of the Holy Apostles). ഹാഗിയ സോഫിയ ദൈവാലയം, ചോര ദൈവാലയം എന്നിവപ്പോലെയുള്ള ക്രൈസ്തവ ആലയങ്ങള്‍ മുസ്ലീം പള്ളികള്‍ ആക്കി മാറ്റി (Hagia Sophia and Chora Church in Constantinople). മറ്റ് ചില ദൈവാലയങ്ങള്‍ സൈനീക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. എന്നാല്‍ 19 ആം നൂറ്റാണ്ടില്‍ ചില ഇളവുകള്‍ ക്രൈസ്തവ സഭയ്ക്കു ലഭിച്ചു.   

1923 ഒക്റ്റോബര്‍ 29 ആം തീയതി, തുര്‍ക്കി ഒരു റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. തുര്‍ക്കിയിലെ ഗ്രീക്ക് ന്യൂനപക്ഷങ്ങളുടെ ആത്മീയ നേതാവായി പാത്രിയര്‍ക്കീസിനെ തുര്‍ക്കി ഗവണ്‍മെന്‍റ് അംഗീകരിച്ചു. അദ്ദേഹത്തെ ഗവര്‍ണ്‍മെന്‍റ് ഔദ്യോഗികമായി, “ഗ്രീക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ്” എന്നും “കോണ്‍സ്റ്റാന്‍റിനോപ്പിലെ റോമന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ്” എന്നും ആണ് വിളിക്കുന്നത്. എന്നാല്‍ അദ്ദേഹം തുര്‍ക്കിയിലെ ഗവര്‍ണ്‍മെന്‍റിന്റെ അധികാരത്തിന്‍ കീഴില്‍ ആയിരിയ്ക്കും എന്നാണ് നിയമം. പാത്രിയര്‍ക്കീസുമാര്‍ തുര്‍ക്കിയില്‍ ജനിച്ചവര്‍ ആയിരിക്കേണം എന്നും നിയമം ഉണ്ട്. തുര്‍ക്കിയില്‍ ജനിച്ച ഗ്രീക്കുകാര്‍ എണ്ണത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുക ആയതിനാല്‍, ഈ നിയമം സഭ അഭിമുഖീകരിക്കുന്ന ഒരു പരിമിതിയാണ്. എന്നാല്‍ 2004 ല്‍ ഇപ്പോഴത്തെ പാത്രിയര്‍ക്കീസായ ബര്‍ത്തൊലോമ്യൂ, തുര്‍ക്കി ഗവണ്‍മെന്‍റുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി, സഭയുടെ സിനഡില്‍ തുര്‍ക്കിയ്ക്ക് വെളിയിലുള്ള 6 ബിഷപ്പുമാരെ ഉള്‍പ്പെടുത്തുവാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. അവിടെ ഉണ്ടായിരുന്ന ഏക ദൈവശാസ്ത്ര പഠനശാലയായ ഹല്‍കിയിലെ ഓര്‍ത്തഡോക്സ് തിയൊളോജിക്കല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണ്‍മെന്‍റ് ഇപ്പൊഴും അനുവാദം നല്‍കിയിട്ടില്ല (Orthodox Theological School of Halki).

1586 മുതല്‍ എക്യൂമിനിക്കല്‍ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം, ഇസ്താന്‍ബൂളിലെ ഫാനാര്‍ ജില്ലയിലുള്ള, സെന്‍റ്. ജോര്‍ജ് ദൈവാലത്തിലാണ് (Phanar). ഇത് ഹാഗിയ സോഫിയ ദൈവാലയത്തെക്കാള്‍ ചെറിയ ഒരു ആലയം ആണ്. 1993 നും 2004 നും ഇടയില്‍ പല പ്രാവശ്യം പാത്രിയര്‍ക്കീസ് ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അവിടെയുള്ള പാത്രിയര്‍ക്കീസുമാരുടെ ശവകല്ലറകള്‍ പലപ്പോഴും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കോണ്‍സ്റ്റാന്‍റിനോപ്പിലെ പാത്രിയര്‍ക്കീസ് ഇപ്പൊഴും അവിടെ നിലനില്‍ക്കുന്നു.  

റോമിലെ സഭ

ക്രിസ്തുവിന് ശേഷമുള്ള ആദ്യ നൂറ്റാണ്ടുമുതല്‍ തന്നെ നിലനില്‍ക്കുന്ന ആഗോള സഭയാണ് റോമന്‍ കത്തോലിക്ക സഭ. ഇന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലും സഭയ്ക്ക് സാന്നിദ്ധ്യം ഉണ്ട്. അതിനാല്‍ ആദ്യകാല റോമന്‍ കത്തോലിക്ക സഭയ്ക്ക് എന്തു സംഭവിച്ചു എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ സഭയുടെ ചരിത്രം അധികം വിശദീകരിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല.

റോമിലെ ക്രിസ്തീയ സഭ, യേശുക്രിസ്തുവിന്‍റെ ശിഷ്യന്‍ ആയിരുന്ന വിശുദ്ധ പത്രൊസ്, അപ്പൊസ്തലനായ പൌലൊസ് എന്നിവര്‍ സ്ഥാപിച്ചതാണ് എന്നാണ് പാരമ്പര്യ വിശ്വസം. എന്നാല്‍ ഇതിന് യാതൊരു ചരിത്ര തെളിവുകളും ഇല്ല. പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, റോമിലെ സഭ അവിടെയുള്ള വിശ്വാസികള്‍ തന്നെ ആരംഭിച്ചതായിരിക്കേണം. റോമില്‍നിന്നും, പെന്തക്കോസ്ത് നാളില്‍ യെരൂശലേമിലേക്ക് പോയിരുന്ന യഹൂദന്മാര്‍ പത്രൊസിന്റെ പ്രസംഗം കേള്‍ക്കുകയും ക്രിസ്തീയ വിശ്വസം സ്വീകരിക്കുകയും ചെയ്തു. അവര്‍ തിരികെ വന്നു ആരംഭിച്ചതാണ് റോമിലെ സഭ. റോമിലെ സഭയില്‍ യഹൂദന്മാരും ജാതീയ വിശ്വാസത്തില്‍ നിന്നു രക്ഷിക്കപ്പെട്ടവരും ഉണ്ടായിരുന്നു. പിന്നീട് പത്രോസിനും പൌലൊസിനും ആ സഭയുമായി ബന്ധം ഉണ്ടായി. പത്രൊസ് റോമില്‍ താമസിച്ച് അവിടെയുള്ള സഭയ്ക്ക് നേതൃത്വം നല്കി എന്നതിന് ചരിത്ര തെളിവുകള്‍ ഇല്ലാ എങ്കിലും അതിന്റെ സാധ്യതകള്‍ തള്ളിക്കളയുവാന്‍ സാധ്യമല്ല.

പത്രൊസ് റോമിലെ സഭയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു എന്ന പാരമ്പര്യം ഉടലെടുത്തത് ഒന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മാത്രമാണ്. രണ്ടാം നൂറ്റാണ്ടില്‍ സിറിയയിലെ അന്ത്യോക്യയില്‍ ബിഷപ്പ് ആയിരുന്ന വിശുദ്ധനായ ഇഗ്നേഷ്യസ് (St. Ignatius) റോമിലെ സഭയ്ക്ക് എഴുതിയ ഒരു കത്തില്‍ ആണ് പത്രൊസ് റോമിലെ സഭയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു എന്ന പരാമര്‍ശം ആദ്യമായി കാണുന്നത്. ഈ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍, പത്രൊസ് റോമിലെ സഭയുടെയും അങ്ങനെ സകല ക്രിസ്തീയ സഭയുടെയും ആദ്യത്തെ മാര്‍പ്പാപ്പ ആയിരുന്നു എന്ന് കത്തോലിക്ക സഭ വിശ്വസിക്കുന്നു.

AD 325 ല്‍ കൂടിയ നിഖ്യാ കൌണ്‍സിലിന്റെ തീരുമാന പ്രാകാരം അംഗീകരിക്കപ്പെട്ട നാല് പാത്രിയര്‍ക്കീസുകളില്‍ ഒന്നായിരുന്നു റോമിലെ സഭ. എന്നാല്‍ റോമന്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, കിഴക്കന്‍ റോമിലെ കോണ്‍സ്റ്റാന്റ്റിനോപ്പിലെ സഭ കൂടുതല്‍ അധികാരം ഉള്ളതായി മാറി. ഇത് റോമിലെ സഭയും കോണ്‍സ്റ്റാന്റ്റിനോപ്പിലെ സഭയും തമ്മില്‍ ഭിന്നത ഉണ്ടാക്കി.

പടിഞ്ഞാറന്‍ റോമിലെ ജനങ്ങളുടെയും കിഴക്കന്‍ സാമ്രാജ്യത്തിലെ ജനങ്ങളുടെയും ചിന്താരീതികളില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. പടിഞ്ഞാറന്‍ റോമിലുള്ളവരെ, റോമന്‍ സംസ്കാരവും നിയമങ്ങളും സ്വാധീനിച്ചു. അതുകൂടാതെ, കാലാകാലങ്ങളില്‍ റോമന്‍ സാമ്രാജ്യം കീഴടക്കി, കൂട്ടി ചേര്‍ത്ത രാജ്യങ്ങളുടെയും ജനങ്ങളുടെയും, അവരുടെ മതങ്ങളുടെയും സംസ്കാരവും ഇടകലര്‍ന്നു. അവര്‍ ലാറ്റിന്‍ ഭാഷ സംസാരിച്ചു. കിഴക്കന്‍ സാമ്രാജ്യത്തിലെ ജനങ്ങള്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവര്‍ ആയിരുന്നു. അവരെ, ഗ്രീക്ക്, ഈജിപ്റ്റ്, യഹൂദ്യ എന്നിവിടങ്ങളിലെ തത്വചിന്തകള്‍ സ്വാധീനിച്ചിരുന്നു. ഇരുവശത്തും ഉള്ള ക്രിസ്തീയ വിശ്വാസികള്‍ അഭിമുഖീകരിച്ചത് വ്യത്യസ്തങ്ങള്‍ ആയ വെല്ലുവിളികള്‍ ആണ്. അവയ്ക്കെല്ലാം അവര്‍ വ്യത്യസ്തങ്ങള്‍ ആയ ഉത്തരം കണ്ടെത്തി.

ഇത്തരം സ്വാഭാവിക വിഭിന്നതയും ഉപദേശ വ്യത്യാസങ്ങളും, അധികാര തര്‍ക്കങ്ങളും കാരണം 1024 ല്‍ ക്രൈസ്തവ സഭ രണ്ടായി പിരിഞ്ഞു. പടിഞ്ഞാറു റോം കേന്ദ്രമാക്കി കത്തോലിക്ക സഭയും കിഴക്ക് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കേന്ദ്രമായി പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയും നിലവില്‍ വന്നു. പിന്നീട് രണ്ടു വിഭാഗങ്ങളും അതിന്റെതായ പാതകള്‍ പിന്തുടര്‍ന്നു വളര്‍ന്നു.

1096 മുതല്‍ 1291 വരെ മദ്ധ്യപൂര്‍വ്വ ദേശത്ത്, ക്രിസ്തീയ രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും തമ്മിലുണ്ടായ കുരിശുയുദ്ധങ്ങള്‍ക്കു നേതൃത്വം നല്കിയത്, റോമന്‍ കത്തോലിക്ക സഭയായിരുന്നു. യെരൂശലേം, കിഴക്കന്‍ ക്രിസ്തീയ രാജ്യങ്ങള്‍ എന്നിവയെ മുസ്ലീം അധിനിവേശത്തില്‍ നിന്നും തിരികെ പിടിക്കുക, സംരക്ഷിക്കുക എന്നിവയായിരുന്നു കുരിശുയുദ്ധങ്ങളുടെ ലക്ഷ്യം. എന്നാല്‍ യുദ്ധങ്ങള്‍ അന്ത്യത്തില്‍ പരാജായമായിരുന്നു.

16 ആം നൂറ്റാണ്ടില്‍ സഭയില്‍ ഉണ്ടായ വലിയ മാറ്റമാണ് നവീകരണ പ്രസ്ഥാനം (Reformation). നവീകരണ മുന്നേറ്റം സഭയെ, റോമന്‍ കത്തോലിക്ക സഭ എന്നും പ്രൊട്ടസ്റ്റന്‍റ് സഭയെന്നും രണ്ടായി വിഭജിച്ചു. എങ്കിലും റോമന്‍ കത്തോലിക്ക സഭ ഈ പിളര്‍പ്പിനെയും അതിജീവിച്ചു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ വിഭാഗം റോമന്‍ കത്തോലിക്ക സഭയാണ്. 2019 ലെ കണക്കുകള്‍ അനുസരിച്ച്, ലോകത്തെമ്പാടുമായി കത്തോലിക്ക സഭയ്ക്ക് 130 കോടി വിശ്വാസികള്‍ ഉണ്ട്. 1970 മുതല്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ചില രാജ്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജന്‍സിയാണ് കത്തോലിക്ക സഭ. ആരോഗ്യപരിപാലന രംഗത്തും കാരുണ്യ പ്രവാര്‍ത്തനങ്ങളിലും അവര്‍ തന്നെയാണ് മുന്നില്‍.

വെളിപ്പാടു പുസ്തകത്തിലെ ഏഴു സഭകള്‍

ഇനി നമുക്ക് അപ്പൊസ്തലനായ യോഹന്നാന്‍ എഴുതിയ വെളിപ്പാടു പുസ്തകത്തില്‍ പരമര്‍ശിക്കപ്പെടുന്ന ഏഴു സഭകളുടെ ചരിത്രം പരിശോധിക്കാം. ഈ ഏഴു സഭകള്‍ ഏഷ്യ മൈനര്‍ പ്രദേശങ്ങളില്‍ ഉള്ള സഭകള്‍ ആയിരുന്നു (Asia Minor). ഏഷ്യയുടെയും യൂറോപ്പിന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ ആണ് ഏഷ്യ മൈനര്‍ എന്നു അറിയപ്പെടുന്നത്. അത് ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമാണ് (Turkey). അവിടെ ഉണ്ടായിരുന്ന ഏഴു സഭകള്‍ ഇതെല്ലാം ആയിരുന്നു: എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ (Ephesus, Smyrna, Pergamum, Thyatira, Sardis, Philadelphia, Laodicea). ഈ സഭകള്‍ എല്ലാം അതതു പേരുകളില്‍ അറിയപ്പെട്ടിരുന്ന 7 പട്ടണങ്ങളിലെ, ആദ്യകാല പ്രാദേശിക സഭകള്‍ ആയിരുന്നു.

എഫെസൊസ് (Ephesus)

ഏഷ്യ മൈനര്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി, ഒരു നദീതടത്തില്‍ സ്ഥിതിചെയ്തിരുന്ന പ്രസിദ്ധമായ പട്ടണമായിരുന്നു എഫെസൊസ്. അത് ഏഷ്യ മൈനറിലേക്കുള്ള പ്രവേശനകവാടം ആയിരുന്നു. ഈ പട്ടണം സ്ഥിതിചെയ്തിരുന്ന പ്രദേശം ഇന്ന് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ആണ്. നദീ തീരത്തിന്റെ മാറ്റങ്ങള്‍ അനുസരിച്ച് ഈ പട്ടണം അഞ്ച് പ്രാവശ്യം അതിന്റെ തുറമുഖത്തോടൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട് എന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഈ പട്ടണത്തില്‍, അത് മൂന്നാമത് മാറ്റി സ്ഥാപിച്ചപ്പോള്‍, ഏകദേശം രണ്ടര ലക്ഷത്തോളം ആളുകള്‍ ജീവിച്ചിരുന്നു.

ദേവന്മാരുടെ മാതാവ് എന്ന് അറിയപ്പെട്ടിരുന്ന, ഡയാന അഥവാ അര്‍ത്തെമിസ് ദേവിയുടെ ആരാധനയുടെ കേന്ദ്രം ആയിരുന്നു ഈ പട്ടണം. BC 480 ല്‍ അര്‍ത്തെമിസ് ദേവിയുടെ ഒരു വലിയ ക്ഷേത്രം ഇവിടെ പണിതുയര്‍ത്തി. അത് അന്നത്തെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍  അര്‍ത്തെമിസ് ദേവിയെ ആരാധിക്കുവാനായി ഇവിടെ വരാറുണ്ടായിരുന്നു. ഈ ക്ഷേത്രം 263 AD ല്‍ നശിച്ചു. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും പുരാവസ്തുവായി അവിടെ ഉണ്ട്.

ഈ പട്ടണത്തില്‍ പ്രശസ്തമായ ഒരു പുസ്തകശാലയും ഒരു വൈദ്യ പഠന കേന്ദ്രവും ഉണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നതില്‍ മുന്നില്‍ നിന്നതിനാല്‍, രാഷ്ട്രീയമായി ശക്തരും റോമന്‍ ഭരണകൂടത്തിന്‍റെ ഇഷ്ടക്കാരും ആയിരുന്നു എഫസൊസുകാര്‍. അപ്പോസ്തലന്മാരായ പൌലോസിനും യോഹന്നാനും ഈ പട്ടണം സുപരിചിതം ആയിരുന്നു.

കഠിനാദ്ധ്വാനികളും മനക്കരുത്തുള്ളവരും ആയിരുന്നു എഫെസൊസിലെ ക്രിസ്തീയ വിശ്വാസികള്‍. അവര്‍ സത്യ വിശ്വാസത്തിന്റെ കാവല്കാര്‍ ആയിരുന്നു; ദുഷ്ടത പ്രവര്‍ത്തിക്കുന്നവരുമായി വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു. കഷ്ടതയില്‍ തളര്‍ന്നു പോകാതെ, അതീവ സഹിഷ്ണതയോടെ അവര്‍ ജീവിച്ചു. ഉപദ്രവങ്ങളില്‍ ആദ്യ സഭ തളര്‍ന്ന് പോയില്ല എങ്കിലും, ക്രമേണ ക്രിസ്തുവിനോടുള്ള സ്നേഹം വിട്ടുകളഞ്ഞു; എല്ലാം യാന്ത്രികവും പാരമ്പര്യവുമായി തീര്‍ന്നു.

എഫെസൊസില്‍ ആദ്യനൂറ്റാണ്ടില്‍ തന്നെ സുവിശേഷം എത്തി. അവിടെ അപ്പോസ്തലന്മാരായ പൌലൊസും യോഹന്നാനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. യേശുവിന്റെ അമ്മ മറിയയുടെ ഇഹലോക ജീവിതത്തിന്റെ അവസാന നാളുകള്‍ എഫെസൊസിലാണ് ചിലവഴിച്ചത്. AD 431 ല്‍ എഫെസൊസില്‍ ഉള്ള വിശുദ്ധ മറിയയുടെ ദൈവാലയത്തില്‍ കൂടിയ കൌണ്‍സിലാണ് കന്യകാമറിയം ദൈവ മാതാവാണ് എന്ന വിശ്വാസത്തെ അംഗീകരിച്ചത്. (Church of Saint Mary).

262 ല്‍ ഗോത്ത്സ് എന്ന വംശം എഫെസൊസിനെ ആക്രമിക്കുന്നത്തോടെ, പട്ടണത്തിന്റെ തകര്‍ച്ച ആരംഭിച്ചു. അവര്‍ പട്ടണത്തെയും അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രത്തേയും തകര്‍ത്തു. റോമന്‍ ചക്രവര്‍ത്തി തിയോഡോസിയൂസിന്റെ കാലത്ത്, അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രം പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു (Theodosius I – ഭരണം 379 to 395). അതിന്റെ അവശിഷ്ടങ്ങള്‍ ക്രിസ്തീയ ദൈവാലയം നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ചു. സ്ത്രീകളുടെയും മറ്റ് ജാതീയ മതങ്ങളുടെയും സ്വാതന്ത്ര്യവും അദ്ദേഹം നിയന്ത്രിച്ചു. ഇതോടെ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ ഇല്ലാതെയായി. തുറമുഖങ്ങളും ക്ഷയിക്കുവാന്‍ തുടങ്ങി.

 

6, 7 നൂറ്റാണ്ടുകളില്‍ ആ പ്രദേശത്ത് വലിയ ഭൂകമ്പങ്ങള്‍ ഉണ്ടായി. ഇത് പട്ടണത്തെ കൂടുതല്‍ ക്ഷയിപ്പിച്ചു. അതിന് ശേഷം അറബ് സാമ്രാജ്യങ്ങള്‍ പട്ടണത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. അതിനാല്‍ അവിടെ ഉള്ള ജനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് ഓടിപ്പോയി. 14 ആം നൂറ്റാണ്ടില്‍ എഫെസൊസ് സെല്‍ജൂക്ക് തുര്‍ക്കികളുടെ നിയന്ത്രണത്തില്‍ ആയി. 15 ആം നൂറ്റാണ്ടില്‍ ഒട്ടോമന്‍ സാമ്രാജ്യം എഫെസൊസിനെ പിടിച്ചെടുത്തു. പക്ഷേ എഫെസൊസ് അപ്പോഴേക്കും ഒരു തകര്‍ന്ന പട്ടണം ആയിരുന്നു. അതിനാല്‍ ഒട്ടോമന്‍ സുല്‍ത്താന്‍ അതിനെ പുനരുദ്ധരിക്കാതെ ഉപേക്ഷിക്കുക ആയിരുന്നു.

 

ഇന്ന് എഫെസൊസില്‍ ഒരു പട്ടണമില്ല. അതിനാല്‍ അവിടെ സഭയും ഇല്ല. ഇന്ന് ഇതൊരു പുരാവസ്തു ഗവേഷണ പ്രദേശം മാത്രാമാണ്.

സ്മുർന്നാ (Smyrna)

എഫെസൊസില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണമായിരുന്നു, സ്മൂര്‍ന്ന. ഈ സ്ഥലം ഇപ്പോള്‍ ഇസ്മര്‍ എന്ന് അറിയപ്പെടുന്ന തുറമുഖം ആണ്. അത് തുര്‍ക്കിയിലെ രണ്ടാമത്തെ വലിയ പട്ടണവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നും ആണ്. ഏഷ്യ മൈനറില്‍ പടിഞ്ഞാറ് ഭാഗത്തായുള്ള ഈ പട്ടണം വൈദ്യശാസ്ത്രത്തിനും മറ്റ് ശാസ്ത്രീയ പഠനങ്ങള്‍ക്കും പ്രശസ്തം ആയിരുന്നു. ഏകദേശം മൂന്നു നൂറ്റാണ്ടുകളോളം സ്മൂര്‍ന്നയുടെ പ്രശസ്തിയും പ്രാധാന്യവും നിലനിന്നിരുന്നു. നെമെസിസ് എന്ന ജാതീയ ദേവതയുടെ ആരാധനാ കേന്ദ്രം ആയിരുന്ന സ്മൂര്‍ന്ന, തുര്‍ക്കിയുടെ കടന്നാക്രമണത്തിന് ശേഷം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത അവസാനത്തെ പ്രദേശം ആയിരുന്നു. ഗ്രീക്കുകാരുടെയും റോമാക്കാരുടെയും അധിനിവേശ കാലത്ത് ഈ പട്ടണത്തില്‍ ഒരു ലക്ഷം പേര്‍ താമസിച്ചിരുന്നു.

സ്മൂര്‍ന്ന, അതി മനോഹരവും, സമ്പന്നവും ആയ പട്ടണം ആയിരുന്നു. റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നവരുടെ ഒരു കേന്ദ്രവും കൂടി ആയിരുന്നതിനാല്‍ റോമന്‍ സാമ്രാജ്യവുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയെ ആരാധിക്കുന്നവര്‍ക്ക് മാത്രമേ അന്ന് വോട്ട് ചെയ്യുവാനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ; അവര്‍ക്ക് മാത്രമേ വസ്തുവകകള്‍ സ്വന്തമാക്കുവാനും, ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുവാനും അവകാശം ഉണ്ടായിരുന്നുള്ളൂ. ചില സാഹചര്യങ്ങളില്‍, ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കാത്തവരെ രാജദ്രോഹികള്‍ ആയി കണക്കാക്കി പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കത്തവരുടെ മേല്‍, റോമന്‍ സാമ്രജ്യത്തിലെല്ലാം കൊടിയ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പലപ്പോഴും സാമ്പത്തികമായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. തൊഴില്‍ നഷ്ടപ്പെടുക, വരുമാന മാര്‍ഗ്ഗങ്ങള്‍ അടയുക, സമ്പത്ത് നഷ്ടപ്പെടുക എന്നിങ്ങനെ ഉള്ള പീഡനമാര്‍ഗ്ഗങ്ങള്‍ അന്നത്തെ അധികാരികള്‍ ക്രൈസ്തവര്‍ക്ക് എതിരെ ഉപയോഗിച്ചിരുന്നു. അതിനാല്‍ സ്മൂര്‍ന്നയിലെ സഭാ വിശ്വാസികള്‍ ഭൌതീകമായി ദരിദ്രര്‍ ആയിരുന്നു. എങ്കിലും അവര്‍ ആത്മീയമായി സമ്പന്നര്‍ ആയിരുന്നു.

എങ്ങനെയാണ് ക്രിസ്തീയ വിശ്വസം സ്മൂര്‍ന്നയില്‍ എത്തിയത് എന്നതിന് ആധികാരികമായ രേഖ ഒന്നും ഇല്ല. ഒരു പക്ഷേ അപ്പൊസ്തലനായ പൌലൊസ് ആയിരിക്കാം സുവിശേഷവുമായി ഇവിടെ എത്തിയത്. ഒന്നാം നൂറ്റാണ്ടിലെ സ്മൂര്‍ന്നയിലെ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് അധികം കാര്യങ്ങള്‍ ഇന്ന് ലഭ്യമല്ല. സ്മൂര്‍ന്നയില്‍ വലിയ ഒരു യഹൂദ പള്ളി ഉണ്ടായിരുന്നു എന്നു ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അവിടെ ഉണ്ടായിരുന്ന യഹൂദന്മാര്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍ ജാതീയരോടൊപ്പം കൂട്ടുനിന്നു. AD 155 ല്‍ സ്മൂര്‍ന്നയുടെ ബിഷപ്പായിരുന്ന പോളികാര്‍പ്പ് കൊല്ലപ്പെട്ടു (Polycarp). ഇതില്‍ യഹൂദന്‍മാര്‍ക്ക് പങ്കുണ്ടായിരുന്നു. വിശുദ്ധനായ ഐറേനിയസ് ജീവിച്ചിരുന്നതും സ്മൂര്‍ന്നയില്‍ ആയിരിക്കേണം (Saint Irenaeus).

AD 178 ല്‍ ഈ പട്ടണം ഒരു ഭൂകമ്പത്തില്‍ തകര്‍ന്നു. എന്നാല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഒറേലിയസ് അതിനെ പുതിക്കി പണിതു (Marcus Aurelius). 1084 ല്‍ സെല്‍ജൂക്ക് തുര്‍ക്കികള്‍ ഈ പട്ടണത്തെ ആക്രമിച്ചു പിടിച്ചടക്കി. എന്നാല്‍ 1222 ല്‍ നിഖ്യായിലെ ക്രിസ്തീയ ചക്രവര്‍ത്തി ആയിരുന്ന ജോണ്‍ മൂന്നാമന്‍ ഡൂക്കാസ് അതിനെ തിരികെ പിടിക്കുകയും പട്ടണത്ത പുതുക്കി പണിയുകയും ചെയ്തു (John III Doukas Vatatzes ഭരണം – 1222-1254). 1330 ല്‍ സ്മൂര്‍ന്ന മുസ്ലീം ഭരണത്തില്‍ ആയി. 1344 ഒക്ടോബര്‍ 28 ആം തീയതി കുരിശുയുദ്ധക്കാര്‍ സ്മൂര്‍ന്നയെ തുര്‍ക്കികളുടെ പക്കല്‍നിന്നും തിരികെ പിടിച്ചു.

1403 ല്‍ പേര്‍ഷ്യന്‍ മോങ്ഗോല്‍ രാജാവായിരുന്ന തിമൂര്‍ അതിനെ ആക്രമിച്ചു കീഴടക്കി (Timur- Mongol). എന്നാല്‍ അതികം നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ തുര്‍ക്കികള്‍ അതിനെ പിടിച്ചെടുക്കുകയും അതിനു ശേഷം അത് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. ഇന്ന് ഇതൊരു മുസ്ലീം വിശ്വാസികളുടെ പ്രദേശമാണ്.

സ്മൂര്‍ന്നയില്‍ ഇന്ന് സജീവമായി ക്രൈസ്തവ ആരാധന നടക്കുന്ന ഒരു ചെറിയ കൂടിവരവ് ഉണ്ട്.

പെർഗ്ഗമൊസ് (Pergamum)

ഏഷ്യാ മൈനര്‍ പ്രദേശത്ത്, സ്മൂര്‍ന്നയില്‍ നിന്നും 60 കിലോമീറ്റെര്‍ കഴിഞ്ഞ്, റോമിലെക്കുള്ള താപാല്‍ വഴിയില്‍ സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണം ആയിരുന്നു പെര്‍ഗ്ഗമൊസ്. അത്, പ്രശസ്തവും, കലാഭംഗി നിറഞ്ഞതും ആയിരുന്നു. ഇത്, റോമന്‍ സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു. ഇവിടെ അക്കാലത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ ആളുകള്‍ താമസിച്ചിരുന്നു. കിഴക്കന്‍ മെഡിറ്റെറെനിയന്‍ (mediterranean) രാജാക്കന്മാരെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നതില്‍, റോമന്‍ സാമ്രാജ്യത്തെ, പെര്‍ഗ്ഗമൊസുകാര്‍ വളരെ സഹായിച്ചിരുന്നു. അതിനാല്‍ സാമ്രാജ്യത്തിന്റെ പ്രത്യേകമായ പ്രീതി സമ്പാദിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. സൂര്യ ദേവനെ ആരാധിക്കുന്നവര്‍ ആയിരുന്നു അവിടുത്തെ നിവാസികള്‍. സിയൂസ് ദേവന്‍റെ വലിയ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നു.

ജാതീയ ആരാധനയുടെ സമ്മര്‍ദ്ദം എപ്പോഴും പെര്‍ഗ്ഗമൊസ് സഭയ്ക്ക് അനുഭവിക്കേണ്ടി വന്നു. എന്നിട്ടും, പ്രയാസമേറിയ ഘട്ടത്തിലും അവര്‍ ക്രിസ്തുവിന്റെ നാമം ഉപേക്ഷിച്ചുകളഞ്ഞില്ല. ഈ സഭയിലെ അന്തിപ്പാസ് ക്രിസ്തുവിന്റെ സാക്ഷിയും വിശ്വസ്തനുമായിരുന്നു. ക്രൈസ്തവ സഭയുടെ പാരമ്പര്യ വിശ്വാസം അനുസരിച്ച്, അന്തിപ്പാസ്, ഒരു വൈദ്യന്‍ ആയിരുന്നു. അവന്‍ രഹസ്യമായി ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതിനാല്‍ അവന്‍റെ കൂടെയുള്ള മറ്റ് വൈദ്യന്മാര്‍, റോമന്‍ ചക്രവര്‍ത്തിയായ സീസറിനോട് അവിശ്വസ്തത ഉള്ളവന്‍ ആണ് എന്ന രാജ്യദ്രോഹ കുറ്റം അവന്‍റെ മേല്‍ ചുമത്തി, അവനെ ഒറ്റിക്കൊടുത്തു. അങ്ങനെ അവനെ കൊന്നു. അവനെ ജീവനോടെയോ, മരിച്ചതിനു ശേഷമോ, ചെമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു കാളയുടെ വയറ്റില്‍ വയ്ക്കുകയും, അതിനെ ചുട്ടു പഴുത്ത് ചുവപ്പ് നിറം ആകുന്നതുവരെ ചൂടാക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്നു.

മറ്റ് പല സഭകള്‍ പോലെ, പെര്‍ഗ്ഗമൊസിലെ സഭയും അനവധി കഷ്ടതകള്‍ സഹിച്ചിരുന്നു. സഭയില്‍ ഉപദേശ പിശകുകളാലുള്ള വീഴ്ച ഉണ്ടായിരുന്നു എങ്കിലും സത്യസന്ധതയോടെ ജീവിച്ച ഒരു ചെറിയ കൂട്ടം അവിടെ ഉണ്ടായിരുന്നു.

AD 663 ല്‍ പെര്‍ഗ്ഗമൊസ് പട്ടണത്തെ അറബ് സൈന്യം ആക്രമിച്ച് പിടിച്ചെടുത്തു. 716 ല്‍ മറ്റൊരു മുസ്ലീം സൈന്യം പട്ടണത്തെ പിടിച്ചെടുത്തു. 1071 ല്‍ ബൈസാന്‍റിയം സാമ്രാജ്യം പട്ടണത്തെ തിരികെ പിടിച്ചു. 1204 ല്‍ കുരിശുയുദ്ധക്കാര്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ആക്രമിച്ചതിന് ശേഷം, പെര്‍ഗ്ഗമൊസ്, നിഖ്യാ സാമ്രാജ്യത്തിന്റെ ഭാഗം ആയി. 1300 ആയപ്പോഴേക്കും ഒട്ടോമന്‍ സാമ്രാജ്യം പെര്‍ഗ്ഗമൊസിനെ ആക്രമിച്ച് കീഴടക്കി. അങ്ങനെ അതൊരു മുസ്ലീം പ്രദേശമായി മാറി. വെളിപ്പാട് പുസ്തകത്തില്‍ പറയുന്ന സഭ ഇന്ന് അവിടെ ഇല്ല.

തുയഥൈര (Thyatira)

ലൈക്കസ് നദീതീരത്ത് സ്ഥിതിചെയ്തിരുന്ന, റോമന്‍ സാമ്രജ്യത്തിന്റെ ഭാഗമായ, സമ്പന്നമായ ഒരു പട്ടണം ആയിരുന്നു, തുയഥൈര. ഈ പട്ടണം സ്ഥിതിചെയ്തിരുന്ന പ്രദേശം ഇന്നത്തെ തുര്‍ക്കിയില്‍ ആണ്. സൂര്യദേവന്‍ ആയ അപ്പോളോ ആയിരുന്നു പട്ടണ നിവാസികളുടെ മുഖ്യ ദേവന്‍. ഈ പട്ടണം വ്യവസായങ്ങള്‍ക്ക് പ്രസിദ്ധം ആയിരുന്നു. തുണികള്‍ക്ക് നിറം നല്‍കുന്ന വ്യവസായം ആയിരുന്നു മുഖ്യം. പ്രത്യേകിച്ച്,  ധൂമ്രവര്‍ണ്ണം, രക്തവര്‍ണ്ണം എന്നീ നിറങ്ങള്‍ക്ക് ഇവിടം പ്രസിദ്ധം ആയിരുന്നു. അപ്പൊസ്തലനായ പൌലൊസും ശീലാസും, മൂന്നാമത്തെ സുവിശേഷ യാത്രയില്‍, ഈ പട്ടണം സന്ദര്‍ശിച്ചിട്ടുണ്ട്.  

തുയഥൈര എന്നത് ഈ പുരാതന പട്ടണത്തിന്റെ ഗ്രീക്ക് പേരാണ്. ഇന്ന് അത് അക്-ഹിസ്സാര്‍ എന്നു അറിയപ്പെടുന്ന തുര്‍ക്കിയിലെ ഒരു പട്ടണമാണ് (Ak-Hissar). പുരാതന തുയഥൈര ഇന്ന് ഇല്ല. അതിന്റെ ചില പുരാവസ്തുക്കള്‍ അക്-ഹിസ്സാര്‍ പട്ടണത്തില്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് യോഹന്നാന്റെ കാലത്ത് ഇങ്ങനെ ഒരു പട്ടണവും അവിടെ ഒരു ക്രിസ്തീയ സഭയും ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ആണ്. ഇന്ന് അവിടെ ക്രിസ്തീയ സഭ ഉള്ളതായി അറിവില്ല.    

സർദ്ദിസ് (Sardis)

സര്‍ദ്ദീസ് വളരെ ഭദ്രമായി പ്രതിരോധിക്കപ്പെട്ടിരുന്ന, പുരാതനവും സമ്പന്നവും ആയ ഒരു പട്ടണം ആയിരുന്നു. പുരാതന ലിഡിയ എന്ന രാജ്യത്തിന്‍റെ തലസ്ഥാനം കൂടി ആയിരുന്നു ഈ പട്ടണം.

സര്‍ദ്ദീസ് പട്ടണം, തുയഥൈരയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമാറി ഒരു മലമുകളില്‍ സ്ഥിതിചെയ്തിരുന്നു; അതിന്റെ അടിവാരത്തില്‍ അര്‍ത്തമീസ് ദേവിയുടെയും സീയൂസ് ദേവന്റെയും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അതിന്‍റെ സ്ഥാനവും, പ്രകൃതിയാല്‍ തന്നെ ലഭിച്ച സംരക്ഷണവും കാരണം അതിനെ ആര്‍ക്കും ആക്രമിച്ച് കീഴടക്കുവാന്‍ കഴിയുക ഇല്ല എന്ന് പട്ടണ നിവാസികള്‍ വിശ്വസിച്ചിരുന്നു. അവരുടെ ഈ അമിതമായ ആത്മവിശ്വാസം കാരണം, കാവല്‍ക്കാര്‍ പോലും എപ്പോഴും ജാഗരൂകര്‍ അല്ലായിരുന്നു. അതുകൊണ്ട് തന്നെ, വലിയ പ്രതിരോധം കൂടാതെ തന്നെ, ഈ പട്ടണത്തെ പാര്‍സി രാജാവായ കോരശും, ആന്‍റിഓക്കസും കീഴടക്കി.

2 ആം നൂറ്റാണ്ടില്‍ മെലിറ്റോ എന്ന പ്രശസ്തനായ ബിഷപ്പിന്റെ ആസ്ഥാനമായിരുന്നു സര്‍ദ്ദീസ് (Melito of Sardis). പുരാതന സര്‍ദ്ദീസ് പട്ടണം നിന്നിരുന്ന പ്രദേശം ഇപ്പോള്‍ തുര്‍ക്കിയില്‍ ആണ്. ഇവിടെനിന്നും ഒരു യഹൂദ സിനഗോഗിന്റെയും, ഒരു ജിംനേഷ്യത്തിന്റെയും പുരാവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.  

AD 17 ല്‍ ഒരു വലിയ ഭൂകമ്പം സര്‍ദ്ദീസ് പട്ടണത്തെ തകര്‍ത്തു. എന്നാല്‍ അതിനെ റോമന്‍ ചക്രവര്‍ത്തിയായ ടൈബേരിയസ് പുതുക്കി പണിതു (Tiberius). AD 615 ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യം സര്‍ദ്ദീസ് പട്ടണത്തെ ആക്രമിച്ചു. അപ്പോള്‍ അത് ബൈസാന്‍റിയം സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു. യുദ്ധത്തില്‍ ബൈസാന്‍റിയം ജയിച്ചു എങ്കിലും, പട്ടണത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. അതില്‍ നിന്നും ആ പട്ടണം ഒരിയ്ക്കലും കരകയറിയില്ല.

1071 ല്‍ സെല്‍ജൂക്ക് തുര്‍ക്കികളുടെ ആക്രമണം ഉണ്ടായി എങ്കിലും 1097 ല്‍ ബൈസാന്‍റിയം സൈന്യാധിപന്‍ ജോണ്‍ ഡുക്കാസ് അതിനെ തിരികെ പിടിച്ചു (John Doukas). 1204 ല്‍ കുരിശുയുദ്ധക്കാര്‍ കോണ്‍സ്റ്റന്‍റിനോപ്പിളിനെ ആക്രമിച്ചപ്പോള്‍, സര്‍ദ്ദീസ്, നിഖ്യാ സാമ്രാജ്യത്തിന്റെ ഭാഗമായി. 1261 ല്‍ ബൈസാന്റിയും ചക്രവര്‍ത്തിയായിരുന്ന മീഖായേല്‍ എട്ടാമന്‍ പലേയോ ലോഗസ് സിന്റെ നേതൃത്വത്തില്‍ കോന്‍സ്റ്റാന്‍റിനോപ്പിളിനെ പടിഞ്ഞാറന്‍ കുരിശുയുദ്ധക്കാരില്‍ നിന്നും തിരികെ പിടിച്ചു. (Michael VIII Palaeologus). എന്നാല്‍ അദ്ദേഹം സര്‍ദ്ദീസ് ഉള്‍പ്പെടെയുള്ള ഏഷ്യ മൈനര്‍ പ്രദേശത്തെ അവഗണിച്ചു. അതിന്റെ ഫലമായി, 1306 ല്‍ ആ പ്രദേശങ്ങള്‍ മുസ്ലീം ഭരണാധികാരിയായ ഘാസി എമീറിന്റെ നിയന്ത്രണത്തില്‍ ആയി (Ghazi emirs). 1402 ല്‍ ഈ പട്ടണത്തെ മോങ്ഗോല്‍ സൈന്യാധിപന്‍ തിമൂര്‍ പിടിച്ചെടുത്തു (Mongol, Timur). തിമൂര്‍ ഈ പട്ടണത്തെ തകര്‍ത്തു എന്നു കരുതപ്പെടുന്നു.

ഫിലദെൽഫ്യ (Philadelphia)

ഏഷ്യ മൈനര്‍ പ്രദേശത്തിലെ മറ്റൊരു പ്രമുഖ പട്ടണം ആയിരുന്നു, ഫിലദെൽഫ്യ. അത് റോമിലെക്കുള്ള തപാല്‍ വഴിയില്‍, സര്‍ദ്ദീസില്‍ നിന്നും 45 കിലോമീറ്റര്‍ കിഴക്കുമാറി, ഒരു മലഞ്ചരുവില്‍ സ്ഥിതിചെയ്തിരുന്നു. ഫിലദെൽഫ്യയിലെ സഭ ദൈവത്തിനായി ഉറച്ച് നിന്ന ഒരു സമൂഹം ആയിരുന്നു.

AD 17 ല്‍ ഈ പട്ടണവും ഭൂകമ്പത്തില്‍ തകര്‍ന്നു പോയി. എന്നാല്‍ ടൈബേരിയസ് ചക്രവര്‍ത്തി പട്ടണത്തെ പുതുക്കി പണിതു. റോമന്‍-ബൈസാന്‍റിയം കാലത്ത് ഫിലദെല്‍ഫ്യാ ഒരു പ്രധാന ക്രിസ്തീയ കേന്ദ്രം ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഓര്‍ത്തഡോക്സ് സഭകള്‍ ഇവിടെ ശക്തമായിരുന്നു.

6 ആം നൂറ്റാണ്ടില്‍ വളരെ സമ്പന്നമായ ഒരു പട്ടണം ആയിരുന്നു ഇത്. അതിനാല്‍ ഇതിനെ “ചെറിയ ഏതെന്‍സ്” എന്നു വിളിച്ചിരുന്നു (little Athens). ഈ പേരില്‍ നിന്നും ഈ പട്ടണത്തിലെ എല്ലാവരും ക്രൈസ്തവ വിശ്വാസികള്‍ ആയിരുന്നില്ല എന്നും ഗ്രഹിക്കാവുന്നതാണ്. 600 ല്‍ ഇവിടെ സെന്‍റ്. ജോണ്‍ ബസലിക്ക നിര്‍മ്മിക്കപ്പെട്ടു (Basilica of St. John). ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എങ്കിലും പുരാതന പട്ടണത്തിന്റെ അധികം അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.

ഫിലദെല്‍ഫ്യായില്‍ ബൈസാന്‍റിയം സാമ്രാജ്യത്തിനെതിരെ പല ആഭ്യന്തര കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1074 ലും 1093 ലും ല്‍ സെല്‍ജൂക്ക് തുര്‍ക്കികള്‍ പട്ടണത്തെ ആക്രമിച്ചു കീഴടക്കി. 1098 ലും 1190 ലും കുരിശുയുദ്ധക്കാര്‍ ഈ പട്ടണത്തെ മുസ്ലീം അധിനിവേശക്കാരില്‍ നിന്നും പിടിച്ചെടുത്തു. 1306 ലും 1324 ലും സെല്‍ജൂക്ക് തുര്‍ക്കികള്‍ അതിനെ ആക്രമിച്ചു കീഴടക്കി.

1390 ല്‍ ബയെസിദ് ഒന്നാമന്‍ എന്ന ഒട്ടോമന്‍ സുല്‍ത്താന്‍ ഫിലദെല്‍ഫ്യായെ പിടിച്ചെടുത്തു (Bayezid I - Ottoman Sultan). അതിന് ശേഷം 1403 ല്‍  തിമൂര്‍ അതിനെ പിടിച്ചെടുത്തു. 1919 മുതല്‍ 1922 വരെ ഉണ്ടായ ഗ്രീക്ക്-തുര്‍ക്കി യുദ്ധ കാലത്ത് ഫിലദെല്‍ഫ്യായില്‍ ഗ്രീക്ക് സൈന്യം ആധിപത്യം ഉറപ്പിച്ചിരുന്നു. 1922 ല്‍ പട്ടണം അഗ്നിക്ക് ഇരയായി.

ഫിലദെല്‍ഫ്യാ ഒരു പൌരസ്ത്യ ഓര്‍ത്തഡോക്സ് പ്രദേശം ആയിരുന്നു എങ്കിലും റോമന്‍ കത്തോലിക്ക സഭയ്ക്ക് പേരില്‍ ഒരു ബിഷപ്പ് ഉണ്ടായിരുന്നു. ഇന്ന് തുര്‍ക്കിയുടെ ഭാഗമായ ഈ പുരാതന പട്ടണത്തെ, അലസെഹിര്‍ എന്നാണ് വിളിക്കുന്നത് (Alasehir). ഇവിടെ ഇന്ന് ചില ക്രൈസ്തവ സഭകള്‍ ഉണ്ട്. എന്നാല്‍ വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സഭയുടെ തുടര്‍ച്ചയ്ക്കു തെളിവുകള്‍ ഇല്ല.  

ലവൊദിക്ക്യാ (Laodicea)

ഫ്രിജിയ എന്ന പ്രദേശത്ത്, ലൈകോസ് താഴ്‌വരയില്‍ സ്ഥിതിചെയ്തിരുന്ന അതിസമ്പന്നമായ ഒരു വ്യാവസായിക പട്ടണം ആയിരുന്നു  ലവൊദിക്ക്യാ. കൊലോസ്യയില്‍ നിന്നും പത്ത് മൈല്‍ പടിഞ്ഞാറ് മാറിയും ഹീരാപോളിസ് എന്ന പുരാതന പട്ടണത്തിന് തെക്കും, ഫിലദെൽഫ്യയില്‍ നിന്നും അറുപതു കിലോമീറ്റര്‍ തെക്ക് കിഴക്കും ആയി  ലവൊദിക്ക്യാ സ്ഥിതിചെയ്തിരുന്നു. അത് പ്രസിദ്ധമായ ഒരു ആരോഗ്യ സുഖവാസ കേന്ദ്രം ആയിരുന്നു. അവിടുത്തെ ചൂടുവെള്ളത്തിലെ കുളിയും, കണ്ണിനുള്ള ലേപവും, കറുത്ത കമ്പിളിയും വളരെ പ്രസിദ്ധം ആയിരുന്നു. ജാതീയ ദേവന്‍ ആയ സീയൂസിന്റെയും മറ്റ് ചില ജാതീയ ദേവന്മാരുടെയും ആരാധന അവിടെ നടന്നിരുന്നു. യഹൂദന്മാരുടെ ഒരു വലിയകൂട്ടം ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ അവര്‍ ഗ്രീക്ക് സംസ്കാരവും മതങ്ങളുമായും കൂടികലര്‍ന്നു ജീവിച്ചു. മൂന്നാം നൂറ്റാണ്ടിലെ ചില നാണയങ്ങളില്‍ നോഹയുടെ കാലത്തെ പ്രളയത്തെ കുറിച്ചുള്ള യഹൂദന്മാരുടെ വിശ്വാസവും ജാതീയ കാഴ്ചപ്പാടുകളും കൂടികലര്‍ന്ന ചിത്രങ്ങള്‍ പതിപ്പിചിരിക്കുന്നത് കാണാം. പൌലോസും തന്റെ കൂട്ടാളിയുമായ എപ്പഫ്രാസും ചേര്‍ന്നുള്ള പ്രവര്‍ത്തന ഫലമായി ആണ് അവിടെ ഒരു ക്രൈസ്തവ സഭ ഉണ്ടായത്.

ലവൊദിക്ക്യാ പട്ടണത്തിന് വളരെയധികം പ്രകൃതി വിഭവങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും വെള്ളം മലിനവും ധാതു ലവണങ്ങള്‍ അധികമായി നിറഞ്ഞതും ആയിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ലൈക്കസ് നദിയിലെ വെള്ളം കുടിക്കുവാന്‍ യോജ്യമാല്ലയിരുന്നതിനാല്‍, വളരെ ദൂരെ നിന്നും ടെറാകോട്ട പൈപ്പുകളിലൂടെ വെള്ളം കൊണ്ടുവരുമായിരുന്നു. ഹിരൊപൊളിസ് എന്ന പട്ടണത്തിലെ വെള്ളം ഇങ്ങനെ കൊണ്ടുവരാറുണ്ടായിരുന്നു എങ്കിലും അത് ലവൊദിക്ക്യായില്‍ എത്തുമ്പോഴേക്കും ശീതോഷണ അവസ്ഥയില്‍ ആകുമായിരുന്നു; അതില്‍ സള്‍ഫര്‍ പോലുള്ള രാസവസ്തുക്കളും കലരുമായിരുന്നു. കോലോസ്യ പട്ടണത്തിലും നല്ല തണുത്ത വെള്ളം ലഭിക്കുമായിരുന്നു. എന്നാല്‍ ഇതും ലവൊദിക്ക്യായില്‍ എത്തുമ്പോഴേക്കും ശീതോഷണ അവസ്ഥയില്‍ എത്തിച്ചേരും; വെള്ളത്തില്‍ മലിനവസ്തുക്കളും കൂടിച്ചേരും. അങ്ങനെ, ലവൊദിക്ക്യാകാര്‍ കുടിക്കുവാന്‍ ഉപയോഗിച്ചിരുന്ന വെള്ളം അരുചി ഉള്ളതും, ശീതോഷണമായതും ആയിരുന്നു.

ലവൊദിക്ക്യാ ഒരു ആരോഗ്യ സുഖവാസകേന്ദ്രം ആയിരുന്നു എന്ന് നമ്മള്‍ മുമ്പ് പറഞ്ഞുവല്ലോ. അവിടുത്തെ ചൂടുവെള്ളത്തിലുള്ള കുളി വളരെ പ്രസിദ്ധം ആയിരുന്നു. ഇതിനായി ചൂട് നഷ്ടപ്പെടാത്ത പൈപ്പുകളില്‍ ചൂട് വെള്ളം സുഖവാസ കേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ ശ്രമിച്ചിരുന്നു. എങ്കിലും, ദൂരം കാരണം, വെള്ളം ലക്ഷ്യ സ്ഥലത്ത് എത്തുമ്പോഴേക്കും ശീതോഷണമായി തീരും. അങ്ങനെ ലവൊദിക്ക്യാ സഭ “ശീതോഷണവാന്‍” ആയി.

ലവൊദിക്ക്യായില്‍ ഭൂരിപക്ഷവും യഹൂദന്മാര്‍ ആയിരുന്നു. അവര്‍ ബാബിലോണില്‍ നിന്നും തിരികെ വന്നവര്‍ ആയിരുന്നു. അപ്പൊസ്തലനായ പൌലൊസിന്റെ ശിഷ്യനായിരുന്ന എപ്പഫ്രാസ് ആയിരിക്കേണം ലവൊദിക്ക്യായില്‍ സഭ രൂപീകരിച്ചത് (Epaphras). തുടക്കത്തില്‍ ഇതൊരു യഹൂദ ക്രിസ്തീയ സഭ ആയിരുന്നു. പിന്നീട് യഹൂദന്മാര്‍ അല്ലാത്തവര്‍ സഭയില്‍ ചേര്‍ന്നു. ക്രമേണ സഭയിലെ യഹൂദ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു വന്നു.

റോമന്‍ ചക്രവര്‍ത്തിയായ ഡൊമിഷിയന്റെ കാലത്ത്, ഇവിടെയുള്ള യഹൂദന്മാരെ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു (Domitian – ഭരണം AD 81-96). തുടക്കത്തില്‍, ഈ ആനുകൂല്യം ക്രൈസ്തവര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ സഭയില്‍ യഹൂദന്മാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഈ അനുകൂല്യം എടുത്തുകളഞ്ഞു. അതിനാല്‍ പല ക്രൈസ്തവ വ്യാപരികളും ഒരു ഒത്തുതീര്‍പ്പിന് തയ്യാറായി. അവര്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നവരോടൊപ്പം കൂടി.  

എന്നാല്‍ ഈ പ്രതിസന്ധികളെയെല്ലാം മറികടന്നു സഭ അവിടെ സജീവമായി തുടര്‍ന്നു. ഡൊമിഷ്യന്‍റെ കാലശേഷം, ഇവിടെയുള്ള സഭ ഒരു ക്രിസ്തീയ ബിഷപ്പിന്റെ കീഴില്‍ ആയി. ഏഷ്യ മൈനര്‍ പ്രദേശത്തെ പല ക്രിസ്തീയ സഭകളും അപ്രത്യക്ഷമായിക്കഴിഞ്ഞും ലവൊദിക്ക്യാ സഭ ശക്തമായി നിന്നു. 4 ആം നൂറ്റാണ്ടില്‍ ഇവിടെവച്ച് ഒരു ക്രിസ്തീയ സഭാ കൌണ്‍സില്‍ കൂടുകയും ചെയ്തു (A.D. 363-64). ഇതില്‍ 30 ബിഷപ്പുമാര്‍ പങ്കെടുത്തു, 60 ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചു.  

ഏഷ്യാ മൈനര്‍ പ്രദേശത്ത് പൊതുവേ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. അതിനാല്‍ അവിടെയുള്ള കെട്ടിടങ്ങളും പട്ടണങ്ങളും പലപ്പോഴും തകരുകയും അതിനു ശേഷം അതിനെ പുതുക്കി പണിയുകയും ചെയ്യുമായിരുന്നു. 27 BC ല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായതായി പറയപ്പെടുന്നു. 60 AD യിലെ ഭൂകമ്പം ലവൊദിക്ക്യാ പട്ടണത്തെ തകര്‍ത്തു. അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു എങ്കിലും ലവൊദിക്ക്യായിലെ ജനങ്ങള്‍ അതിനെ നിരസിച്ചു. അവരുടെ സമ്പത്ത് കൊണ്ട് അവര്‍ പട്ടണത്തെ പുതുക്കി പണിതു. 7 ആം നൂറ്റാണ്ടുവരെ ലവൊദിക്ക്യാ പട്ടണം പ്രസിദ്ധമായിരുന്നു.  

602-610 കാലഘട്ടത്തില്‍ വീണ്ടും മറ്റൊരു ഭൂകമ്പത്തില്‍ പട്ടണം തകര്‍ന്നപ്പോള്‍, ജനങ്ങള്‍ അതിനെ ഉപേക്ഷിച്ചു പോയി എന്നു ചില പുരാവസ്തു ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ബൈസാന്റിയത്തിലെ ചില രേഖകളില്‍ 11, 12 നൂറ്റാണ്ടുകളില്‍ ലവൊദിക്ക്യാ പട്ടണം നിലവില്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1094 ല്‍ സെല്‍ജൂക്ക് തുര്‍ക്കികള്‍ അതിനെ കീഴടക്കി എന്നും 1119 ല്‍  റോമന്‍ ചക്രവര്‍ത്തി ജോണ്‍ രണ്ടാമന്‍ കൊമ്നെനോസ് ലവൊദിക്ക്യാ പട്ടണത്തെ സെല്‍ജൂക്ക് തുര്‍ക്കികളില്‍ നിന്നും തിരികെ പിടിച്ചു എന്നും രേഖകള്‍ ഉണ്ട് (John II Komnenos). 13 ആം നൂറ്റാണ്ടുവരെ അവിടെ ജനങ്ങള്‍ താമസിച്ചിരുന്നു എന്നു ബൈസാന്‍റിയം ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  തുര്‍ക്കികളുടെയും മോങ്ഗോല്‍ വംശജരുടെയും ആക്രമണത്തില്‍ ലവൊദിക്ക്യാ പട്ടണം പൂര്‍ണ്ണമായും തകര്‍ന്നു (Turks, Mongols).

ലവൊദിക്ക്യായിലെ ആദ്യത്തെ മൂന്നു ബിഷപ്പുമാര്‍ ആരായിരുന്നു എന്നു ഇന്ന് അറിവില്ല. അവിടെ ഉണ്ടായിരുന്ന ഒരു ബിഷപ്പിനെ AD 161 ല്‍ റോമാക്കാര്‍ കൊലചെയ്തു എന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. നാലാമത്തെ ബിഷപ്പ് ആയിരുന്ന സാഗരിസ് 166 ല്‍ രക്തസാക്ഷിയായി. ലവൊദിക്ക്യായിലെ അവസാനത്തെ ബിഷപ്പ് 1450 ല്‍ സേവനം അവസാനിപ്പിച്ചു. 

പുരാതന ലവൊദിക്ക്യാ പട്ടണം ഇന്ന് നിലവില്‍ ഇല്ല. ആ പട്ടണം നിന്നിരുന്ന സ്ഥലത്തു നിന്നും 20 ക്രിസ്തീയ ദൈവാലയങ്ങളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. 2010 ല്‍ “ലവൊദിക്ക്യായിലെ ദൈവാലയം” എന്നു അറിയപ്പെട്ടിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി (Church of Laodicea). ഇതാണ് ഇവിടെ കണ്ടെത്തിയ ക്രിസ്തീയ ആലയങ്ങളില്‍ ഏറ്റവും വലുത്. ഇതിന് 2000 സ്കയര്‍ മീറ്റര്‍ വലിപ്പമുണ്ടായിരുന്നു എന്നു അവര്‍ അഭിപ്രായപ്പെടുന്നു. 2016 മുതല്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

ലവൊദിക്ക്യാ ഇന്ന് തുര്‍ക്കി രാജ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെയുള്ള ജനങ്ങളില്‍ ക്രിസ്തീയ വിശ്വാസമുള്ളവര്‍ കുറവാണ്.

തുര്‍ക്കിയിലെ ക്രിസ്ത്യാനികള്‍ 

ആദ്യകാല സഭകളില്‍ പലതും ഇന്നത്തെ തുര്‍ക്കിയില്‍ ആണ് സ്ഥിതിചെയ്തിരുന്നത്. അതിനാല്‍ ഇന്ന് അവിടെയുള്ള ക്രിസ്തീയ സഭയെക്കുറിച്ച് ഒന്നു രണ്ട് വാചകങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു ഈ പഠനം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. പുരാതന ക്രിസ്തീയ സഭകള്‍ക്ക് ഇന്ന് എന്തു സംഭവിച്ചു എന്ന അന്വേഷണത്തിന് ഇതൊരു നല്ല ഉപസംഹാരമാകും എന്നു കരുതുന്നു.

ഒന്നാം നൂറ്റാണ്ട് മുതല്‍ തുര്‍ക്കിയില്‍ ക്രിസ്തീയ വിശ്വസികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവിടെ വളരെ കുറച്ചു ക്രിസ്ത്യാനികള്‍ മാത്രമേ ഉള്ളൂ. 1914 ല്‍ തുര്‍ക്കിയില്‍ 20 മുതല്‍ 25 ശതമാനം വരെ ക്രിസ്തീയ വിശ്വാസികള്‍ ഉണ്ടായിരുന്നു. 1927 ല്‍ അത് 3 മുതല്‍ 5.5 ശതമാനം വരെയായി കുറഞ്ഞു. ഇന്ന് അവിടെ 0.3 മുതല്‍ 0.4 ശതമാനം ക്രിസ്തീയ വിശ്വാസികളെ ഉള്ളൂ.  ഏകദേശം രണ്ടു ലക്ഷം മുതല്‍ മൂന്ന് ലക്ഷത്തി ഇരുപതിനായിരം ക്രിസ്ത്യാനികളെ ഇന്ന് തുര്‍ക്കിയില്‍ ഉള്ളൂ. ഇതില്‍ പൌരസ്ത്യ ഓര്‍ത്തഡോക്സ്, അന്ത്യോക്യന്‍ ഗ്രീക്ക്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, മോര്‍മോണ്‍സ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടും. തുര്‍ക്കി തത്വത്തില്‍ ഒരു മതേതര രാഷ്ട്രം ആണ് എങ്കിലും ക്രിസ്തീയ വിശ്വാസികള്‍ പലതരത്തിലുള്ള വിവേചനങ്ങളും പീഡനങ്ങളും അനുഭവിക്കുന്നുണ്ട്. പുരാതനമായ ചില ക്രിസ്തീയ ദൈവാലങ്ങള്‍ ഇപ്പൊഴും അവിടെ ഉണ്ട്. അതെല്ലാം മുഖ്യമായും സൂക്ഷിച്ചിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് വേണ്ടിയാണ്.

തുര്‍ക്കിയിലെ ഏറ്റവും വലിയ ക്രിസ്തീയ സമൂഹം ഇസ്താംബൂളില്‍ ആണ്. അത് പുരാതന കൊണ്‍സ്റ്റാന്‍റിനോപ്പിള്‍ ആയിരുന്നു. അവിടെയാണ് ഗ്രീക് ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനം. ഇവിടെ പ്രവര്‍ത്തിക്കുന്ന സജീവമായ  14 പള്ളികള്‍ ഇപ്പോള്‍ ഉണ്ട്. പത്രൊസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ചര്‍ച്ച് ഓഫ് പീറ്റര്‍ ഇവിടെ സ്ഥിതിചെയ്യുന്നു. തുര്‍ക്കിയിലാണ് പ്രശസ്തമായ ഹാഗിയ സോഫിയ ക്രിസ്തീയ ദൈവാലയം സ്ഥിതിചെയ്യുന്നത് (Hagia Sophia). ഇന്ന് ഈ പുരാതന ക്രൈസ്തവ ആലയം മുസ്ലീം ആധിപത്യത്തില്‍ ആണ്. ഇത് തുര്‍ക്കിയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ നേര്‍ ചിത്രം ആണ്.

ആദ്യകാല ക്രൈസ്തവ സഭകള്‍ക്ക് എന്തു സംഭവിച്ചു എന്ന ഒരു അന്വേഷണമായിന്നു നമ്മള്‍ ഇവിടെ നടത്തിയത്. ഇതൊരു ഹൃസ്വ വിവരണം മാത്രമായിരുന്നു. 

ഈ വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഇ-ബുക്കിന്‍റെ ഒരു കോപ്പി ലഭിക്കുവാൻ താല്പര്യമുള്ളവർക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

 ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!    

 

No comments:

Post a Comment