ദേഹം, ദേഹി, ആത്മാവ്

മനുഷ്യര്‍ ഒരു സമ്പൂര്‍ണ്ണ വ്യക്തി ആയിരിക്കുമ്പോള്‍ തന്നെ, അവനില്‍ ഒന്നിലധികം ഘടകങ്ങള്‍ ഒന്നായും, വിഭജിക്കുവാന്‍ കഴിയാത്തവണ്ണവും ചേര്‍ന്നിരിക്കുന്നു എന്നത് പുരാതന തത്വശാസ്ത്രത്തിന്റെയും ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ ആണ്. എന്നാല്‍, മനുഷന്‍ എന്ന വ്യക്തിയില്‍, എത്ര ഘടകങ്ങള്‍ ഉണ്ട്, അത് എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നതില്‍ തത്വചിന്തകരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ക്രിസ്തീയ ദൈവശാസ്ത്രഞ്ജന്‍മാരും ഈ വിഷയത്തില്‍ അടിസ്ഥാനമായി യോജിക്കുന്നു എങ്കിലും വിശദമായ വിവരണത്തില്‍ വ്യത്യസ്തര്‍ ആണ്.

മനുഷ്യനില്‍ പ്രഥമമായി രണ്ട് ഘടകങ്ങള്‍ ആണ് ഉള്ളത്. ഒന്നു മൂര്‍ത്തമായ ശരീരവും രണ്ടാമത്തേത് ദേഹി, ആത്മാവു എന്നിവ ഉള്‍ക്കൊള്ളുന്ന അമൂര്‍ത്തമായ ഘടകവും. മൂര്‍ത്തമായ ശരീരത്തെ, മറ്റ് മനുഷ്യര്‍ക്ക് കാണുവാനും സ്പര്‍ശിക്കുവാനും, കേള്‍ക്കുവാനും ഒക്കെ കഴിയും എങ്കിലും അമൂര്‍ത്തമായ ദേഹി-ആത്മാവ് എന്ന ഘടകത്തെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണുവാനോ, സ്പര്‍ശിക്കുവാനോ, കേള്‍ക്കുവാനോ കഴിയുക ഇല്ല. അമൂര്‍ത്തമായ ഘടകം, മൂര്‍ത്തമായതിലൂടെ മാത്രമേ ഈ ഭൌതീക ലോകത്ത് പ്രവര്‍ത്തിക്കുകയും പ്രകടമാകുകയും ചെയ്യുക ഉള്ളൂ. 

ഈ രണ്ടു മുഖ്യ ഘടകങ്ങളെക്കുറിച്ച്, പുരാതന യവന തത്വചിന്തകരിലും ക്രൈസ്തവ പണ്ഡിതരുടെ ഇടയിലും മൂന്നു വ്യതസ്തങ്ങള്‍ ആയ കാഴ്ചപ്പാടുകള്‍ ആണ് ഉള്ളത്. അത്, മോണിസം (Monism), ഡൈക്കോട്ടൊമിസം (Dichotomism), ട്രൈക്കോട്ടോമിസം (Trichotomism) എന്നീ പേരുകളില്‍ ആണ് അറിയപ്പെടുന്നത്.

ചിന്താധാരകളുടെ ചരിത്രം

ഈ മൂന്ന് കാഴ്ചപ്പാടുകളെയും അടുത്ത് മനസ്സിലാക്കുന്നതിന് മുമ്പായി, വ്യത്യസ്തങ്ങളായ ചിന്താധാരകള്‍ ഉടലെടുത്തത്തിന്റെ ചരിത്രം ഹൃസ്വമായി മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

പഴയനിയമ കാലം

മനുഷ്യന്റെ മൂന്ന് വ്യത്യസ്തങ്ങള്‍ ആയ ഘടകങ്ങളെക്കുറിച്ച് പറയുവാന്‍ പഴയനിയമത്തില്‍ മൂന്ന് എബ്രായ വാക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. അവ, ബാസാര്‍ (basar), നെഫെഷ് (nephesh), റുആക് (ruach) എന്നീ വാക്കുകള്‍ ആണ്.

ബാസാര്‍ (basar) എന്ന വാക്ക്, മനുഷ്യന്റെ ഭൌതീക ഘടകമായ ശരീരത്തെക്കുറിച്ച് പറയുന്നു. ഇതിന് മാസം (flesh), ശരീരം എന്നിങ്ങനെ ആണ് അര്‍ത്ഥം. ഈ വാക്ക് മുഖ്യമായും മനുഷ്യന്റെ ശരീരത്തിന്റെ ബലഹീനതയെ സൂചിപ്പിക്കുന്നു. നെഫെഷ് (nephesh) എന്ന വാക്ക് മനുഷ്യന്റെ ദേഹി അഥവാ പ്രാണന്‍ എന്ന ഘടകത്തെക്കുറിച്ച് പറയുന്നു. മനുഷ്യനെ ഒരു വ്യക്തി എന്ന നിലയില്‍ പറയുവാനും ഈ വാക്കാണ് ഉപയോഗിക്കുന്നത്. റുആക് (ruach) എന്ന വാക്ക് ആത്മാവിനെക്കുറിച്ച് പറയുന്നു. ഈ വാക്കിന്, കാറ്റ്, ശ്വാസം, ആത്മാവ് എന്നീ അര്‍ത്ഥങ്ങള്‍ സന്ദര്‍ഭം അനുസരിച്ച് ഉണ്ട്. പഴയനിയമത്തില്‍ ബാസാര്‍ (basar) എന്ന വാക്ക് 266 പ്രാവശ്യവും, നെഫെഷ് (nephesh) എന്നത് 754 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. റുആക് (ruach) എന്ന വാക്ക് 378 പ്രാവശ്യം കാണപ്പെടുന്നു. റുആക് (ruach) എല്ലായിടത്തും മനുഷ്യനില്‍ ഉള്ള ആത്മാവിനെ സൂചിപ്പിക്കുന്നില്ല. എങ്കിലും, മൊത്തം കാണുന്ന 378 പ്രാവശ്യത്തില്‍, 100 ഓളം അവസരങ്ങളില്‍ അത് മനുഷ്യനില്‍ ഉള്ള ആത്മാവിനെ സൂചിപ്പിക്കുന്നു.

പഴയനിയമ കാലത്ത് മനുഷ്യന്‍റെ ദേഹവും ദേഹിയും തമ്മിലും, ദേഹിയും ആത്മാവും തമ്മിലും ഉള്ള ബന്ധത്തെക്കുറിച്ച് അന്നത്തെ എബ്രായ, ഗ്രീക്ക് തത്വചിന്തകന്‍മാര്‍ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. അതിനാല്‍ ചിന്തകളുടെയും, വികാരങ്ങളുടെയും, തീരുമാനങ്ങളുടെയും ഒക്കെ ഇരിപ്പിടം, മനുഷ്യരിലെ വ്യത്യസ്തങ്ങള്‍ ആയ അവയവങ്ങളില്‍ ആണ് എന്നു അവര്‍ കരുതി. ഈ അവ്യക്തത ഇയ്യോബിന്റെ പുസ്തകത്തിലെ പല വാക്യങ്ങളിലും കാണാം. ഇയ്യോബ് 27: 3 എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ.”; ഇയ്യോബ് 32: 8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു.”; ഇയ്യോബ് 33: 4 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.ഈ വാക്യങ്ങളില്‍, മനുഷ്യന്‍റെ അമൂര്‍ത്തമായ ഘടകത്തെക്കുറിച്ചുള്ള പഴയനിയമ കാലത്തെ ചിന്തകരിലെ അവ്യക്തത കാണാം. പിന്നീട് അരിസ്റ്റോട്ടില്‍, പ്ലേറ്റോ (Plato and Aristotle) എന്നിവര്‍ ഇതിന് വ്യക്തത നല്കുവാന്‍ ശ്രമിച്ചു എങ്കിലും, അത് പൂര്‍ണ്ണമായില്ല. എങ്കിലും ഗ്രീക്ക് തത്വ ചിന്തകരുടെ തത്വങ്ങള്‍, പാരമ്പര്യമായി വേദപുസ്തക പണ്ഡിതന്മാരിലും തുടരുന്നുണ്ട്. 

ഇടക്കാലം

പഴയനിയമത്തിനും പുതിയനിയമത്തിനും ഇടയിലുള്ള കാലത്ത്, മനുഷ്യന്റെ ഘടകങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തത ഉണ്ടായി. ഗ്രീക്ക് തത്വചിന്തകര്‍ ഈ കലയാളവിലെ പണ്ഡിതന്മാരുടെ ചിന്തകളെ വളരെ സ്വാധീനിച്ചു. അവര്‍ മനുഷ്യനിലെ  മൂര്‍ത്തവും അമൂര്‍ത്തവും ആയ ഘടകങ്ങളെ തമ്മില്‍ വ്യക്തമായി വേര്‍തിരിക്കുകയും, ദേഹി അഥവാ പ്രാണന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വചിക്കുകയും ചെയ്തു. ഈ കാലയളവില്‍ ആണ് വേദപുസ്തകത്തിലെ പഴയനിയമ ഗ്രന്ഥങ്ങള്‍ ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. ഈ വിവര്‍ത്തനമാണ്, സെപ്റ്റാജിന്‍റ് പരിഭാഷ എന്ന് അറിയപ്പെടുന്നത്. (Septuagint). ഗ്രീക്ക് തത്വചിന്തകര്‍ രൂപപ്പെടുത്തിയ വാക്കുകളെ, സെപ്റ്റാജിന്‍റ് പരിഭാഷകര്‍ തിരുവചനം വിവര്‍ത്തനം ചെയ്യുവാന്‍ ഉപയോഗിച്ചു. അങ്ങനെ ആശയങ്ങളെ കൂടുതല്‍ വ്യക്തമായും കൃത്യമായും അവതരിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു.  

ഗ്രീക്ക് തത്വചിന്തകര്‍, പുതിയനിയമത്തില്‍ നമുക്ക് ലഭ്യമായിരിക്കുന്ന വെളിപ്പാടുകളിലേക്ക് എത്തിചേര്‍ന്നില്ല. എന്നാല്‍ അവര്‍ രൂപപ്പെടുത്തിയ വാക്കുകള്‍കൊണ്ട് കൂടുതല്‍ കൃത്യമായി ദൈവീക വെളിപ്പാടുകള്‍ അറിയിക്കുവാന്‍ പുതിയനിയമ എഴുത്തുകാര്‍ക്ക് കഴിഞ്ഞു. അപ്പൊസ്തലനായ പൌലൊസിനെപ്പോലെയുള്ളവര്‍ മനുഷ്യന്റെ ഘടകങ്ങളെക്കുറിച്ച് പറഞ്ഞത്, ഗ്രീക്കു ചിന്തകരില്‍ നിന്നും വ്യത്യസ്തമായിട്ടാണ്. അതിനാല്‍, ഗ്രീക്ക് ചിന്തകരുടെ വിശദീകരണവും പുതിയനിയമ വെളിപ്പാടുകളും വ്യത്യസ്തമാണ്.

പുതിയനിയമ കാലം

പുതിയനിയമ കാലം, ഗ്രീക്ക് ഭാഷയുടെ കാലമാണ്. ഭൂരിപക്ഷം പുസ്തകങ്ങളും ആദ്യമായി എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്. പഴയനിയമ രചയിതാക്കള്‍ മനുഷ്യന്‍റെ ഘടകങ്ങളെക്കുറിച്ച് പറയുവാന്‍ മൂന്നു എബ്രായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതുപോലെ, പുതിനിയമ എഴുത്തുകാരും, മനുഷന്റെ ഘടകങ്ങളെക്കുറിച്ച് പറയുവാന്‍ മൂന്നു ഗ്രീക്ക് വാക്കുകള്‍ ഉപയോഗിക്കുണ്ട്. ദേഹം എന്ന അര്‍ത്ഥത്തില്‍ പുതിയനിയമത്തില്‍ രണ്ടു വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്സ് (sarx) എന്ന വാക്ക് 151 പ്രാവശ്യവും സോമാ (söma) എന്ന വാക്ക് 129 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. സൈക്ക് (psychë) എന്ന വാക്ക് 105 പ്രാവശ്യം മനുഷ്യന്റെ ദേഹി അഥവാ പ്രാണനെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നു. ന്യൂമാ (pneuma) എന്ന വാക്ക് മൊത്തത്തില്‍ 385 പ്രാവശ്യം പുതിയനിയമത്തില്‍ കാണാം. ഇതില്‍ 80 പ്രാവശ്യം അത് മനുഷ്യന്റെ ആത്മാവിനെക്കുറിച്ച് പറയുവാന്‍ ആണ് ഉപയോഗിച്ചിട്ടുണ്ട്.

ആദ്യകാല സഭാ കാലം

ക്രിസ്തീയ സഭയുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍, മനുഷ്യന്‍, ദേഹം, ദേഹി, ആത്മാവു എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് എന്ന് ആദ്യകാല സഭാ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നു. ഐറേനിയസ്, റ്റാറ്റിയന്‍, മെലിറ്റോ, അലക്സാന്‍ഡ്രിയായിലെ ദിദിമസ്, ജസ്റ്റിന്‍ മാര്‍ട്ടിര്‍, അലക്സാന്‍ഡ്രിയായിലെ ക്ലെമെന്‍റ്, ഒറിഗെന്‍, നൈസ്സായിലെ ഗ്രിഗറി, കൈസര്യയിലേ ബാസില്‍ എന്നിവര്‍ ഈ കൂട്ടത്തില്‍ പെടുന്നു. (Irenaeus, Tatian, Melito, Didymus of Alexandria, Justin Martyr, Clement of Alexandria, Origen, Gregory of Nyssa, and Basil of Cesaraea).

നവീകരണ കാലം

നവീകരണ കാല വേദപണ്ഡിതന്മാര്‍, ദൈവത്തിന്റെ “പരമാധികാരപ്രകാരമുള്ള കൃപ “ എന്ന ആശയത്തോട്, ട്രൈക്കോട്ടോമിസം എന്ന ചിന്തയെ യോജിപ്പിച്ച് കൊണ്ടുപോകുവാന്‍ പ്രയാസപ്പെട്ടു. ഇതിന്റെ പിന്നില്‍ വിശുദ്ധനായ അഗസ്റ്റിന്റെ ആശയങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു. (St. Augustine). രക്ഷ “കൃപയാല്‍ മാത്രം “ എന്ന ഉപദേശം നവീകരണ ചിന്തകളുടെ അടിസ്ഥാനമാണ്. ദൈവകൃപ ഒരു മനുഷ്യനും തള്ളിക്കളയുവാനോ നിരസിക്കുവാനോ കഴിയുന്നതല്ല എന്നാണ് അഗസ്റ്റീന്‍ പഠിപ്പിച്ചത്. അഗസ്റ്റീന്‍, മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയേയോ, രക്ഷയില്‍ അവനുള്ള ഉത്തരവാദിത്തത്തെയോ അംഗീകരിച്ചില്ല. ഈ ചിന്തയാണ് നവീകരണ കാലത്തെ വേദപണ്ഡിതന്മാരെയും സ്വാധീനിച്ചത്. 

എന്നാല്‍ നവീകരണ നായകന്‍ ആയിരുന്ന മര്‍ട്ടിന്‍ ലൂഥറിന്‍റെ (Martin Luther) ചില എഴുത്തുകളില്‍ ട്രൈക്കോട്ടോമിസത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. ഒപ്പം തന്നെ, മനുഷ്യനില്‍ രണ്ടു ഘടകങ്ങള്‍ മാത്രമേ ഉള്ളൂ എന്നും ചില രചനകളില്‍ അദ്ദേഹം പറയുന്നുണ്ട്. മനുഷ്യനില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ട് എങ്കിലും അവ രണ്ടായി നിലനില്‍ക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ അക്കാലത്ത് ഈ വിഷയത്തില്‍ അവ്യക്ത നിലനിന്നിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കേണം.

പിന്നീട് വന്ന നവീകരണ വേദപണ്ഡിതന്മാരും മനുഷ്യനില്‍ മൂന്ന് ഘകങ്ങള്‍ ഉണ്ട് എന്നും, നിരസിക്കുവാന്‍ കഴിയാത്ത ദൈവകൃപ എന്നത് അതിനു എതിരല്ല എന്നും വാദിച്ചു. 19 ആം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍, വേദപണ്ഡിതന്‍മാര്‍ക്കിടയില്‍ ട്രൈക്കോട്ടോമിസത്തോട് വലിയ തല്‍പര്യം ഉണ്ടായി.

എന്താണ് ദേഹം, ദേഹി, ആത്മാവ്

ചരിത്ര പശ്ചാത്തലം ഇത്രയും മനസ്സിലാക്കിയതിന് ശേഷം, എന്താണ്, ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്ന് പദങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നു പഠിക്കാം.

ദേഹം (body)

ദേഹം എന്ന് പറയുവാന്‍, എബ്രായ ഭാഷയില്‍, ബാസാര്‍ (basar) എന്ന വാക്കും ഗ്രീക്ക് ഭാഷയില്‍, സോമ (σῶμα - soma), സര്‍ക്സ് (sarx) എന്നീ വാക്കുകളും ആണ് വേദപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കുകള്‍, മനുഷ്യന്റെ ഭൌതീക ഘടകമായ ശരീരത്തെക്കുറിച്ച് പറയുന്നു. അതിനാല്‍ ദേഹത്തെ നമുക്ക് ഇങ്ങനെ നിര്‍വചിക്കാം: ദേഹം എന്നത്, മനുഷ്യന്‍റെ ശാരീരികമായ, ഭൌതീകമായ, മൂര്‍ത്തമായ, പ്രത്യക്ഷമായ ഘടകം ആണ്. അതിനാല്‍ തന്നെ, ദേഹത്തിന്‍റെ അസ്തിത്വത്തെ ആര്‍ക്കും നിഷേധിക്കുവാനോ സംശയിക്കുവാനോ കഴിയുക ഇല്ല. ദേഹം ആണ് ഭൌതീക ലോകവുമായി ബന്ധപ്പെടുന്നതും, കാണപ്പെടുന്നതും, ഭൌതീകതയില്‍ പ്രവര്‍ത്തിക്കുന്നതും. ഈ ബന്ധം, കാഴ്ച, ഗന്ധം, കേള്‍വി, രുചി, സ്പര്‍ശനം, അല്ലെങ്കില്‍, കണ്ണ്, മൂക്ക്, ചെവി, വായ്, ത്വക്ക് എന്നീ ശരീരത്തിന്റെ അഞ്ചു ഇന്ദ്രീയങ്ങളിലൂടെ സാധ്യമാകുന്നു

ദേഹത്തിനും ദൈവവുമായുള്ള ബന്ധത്തില്‍ ആയിരിക്കുവാനും, ദൈവത്തെ ആരാധിക്കുന്നതില്‍ പങ്കാളിയാകുവാനും കഴിയും. ഹാനോക്ക് ദേഹത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ദൈവത്തോട് കൂടെ നടന്നത്. നമ്മളുടെ കര്‍ത്തവും നമ്മളെ രക്ഷിക്കുവാന്‍ മനുഷ്യ ദേഹം സ്വീകരിച്ചു. അതിനാല്‍ ദേഹത്തെ മൊത്തത്തില്‍ മലിനമായ ഒരു വസ്തുവായി കണക്കാക്കേണ്ടതില്ല.

ദേഹി (soul)

ഇനി നമുക്ക് ദേഹിയെക്കുറിച്ച് മനസ്സിലാക്കാം. ഗ്രീക്കു തത്വ ചിന്തകര്‍, ചലിക്കുന്ന വസ്തുക്കളെ രണ്ടായി തരം തിരിച്ചിരുന്നു. ഒന്നു, ഒരു ബാഹ്യ ശക്തിയാല്‍ ചലിക്കുന്നവ. പാറ പോലെ ജീവനില്ലാത്ത വസ്തുക്കള്‍ ഉദാഹരണമാണ്. രണ്ടാമത്തേത്, ബാഹ്യ ശക്തിയില്ലാതെ, സ്വതവേ ചലിക്കുന്നവ. സ്വതവേ ചലിക്കുന്നവയെ അവര്‍ ദേഹി (soul) എന്നു വിളിച്ചു. ഇതിനെക്കുറിച്ചുള്ള, ഗ്രീക്ക് തത്വ ചിന്തകരുടെ പഠിപ്പിക്കലുകള്‍, വേദപുസ്തക പണ്ഡിതന്മാരെയും സ്വാധീനിച്ചിട്ടുണ്ട്.   

നെഫെഷ് (nephesh) എന്ന എബ്രായ പദത്തെ ആണ്, വേദപുസ്തകത്തിലെ പഴയനിയമത്തില്‍ ദേഹി എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഈ വാക്കിന്റെ അര്‍ത്ഥം, “ശ്വാസം “, “ശ്വസിക്കുന്ന ജീവി “ എന്നിങ്ങനെ ആണ്. എബ്രായ ഭാഷയില്‍, ഇതൊരു അനശ്വരമായ ആത്മാവിനെയോ, മനുഷ്യന്റെ അരൂപമായ ഒരു ഘടകത്തേയോ അല്ല സൂചിപ്പിക്കുന്നത്. മരണത്തിന് ശേഷം ജീവിക്കുന്ന ഒരു ഘടകത്തെ ഇത് സൂചിപ്പിക്കുന്നില്ല. ഒരു മനുഷ്യനെ മൊത്തമായി പരാമര്‍ശിക്കുവാന്‍ ആണ് ഈ വാക്ക് എബ്രായ ഭാഷയില്‍ ഉപയോഗിച്ചിരുന്നത്. വേദപുസ്തകത്തിന്റെ ഗ്രീക്കിലേക്കുള്ള, സെപ്റ്റാജിന്‍റ് പരിഭാഷയില്‍, ഭൂരിപക്ഷം സ്ഥലങ്ങളിലും നെഫെഷ് എന്ന എബ്രായ വാക്കിന്, “സൈക്ക് “ (psyche - ψυχή) എന്ന ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. “സൈക്ക് “ (psyche) എന്നതും സൂക്കേ (psūchê) എന്നതും ഒരേ വാക്കാണ്. യോശുവയുടെ പുസ്തകത്തില്‍, ഇതേ അര്‍ത്ഥത്തില്‍, എമ്പ്നിയോന്‍ (empneon - ἔνμπεον) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കിന്റെയും അര്‍ത്ഥം, “ശ്വസിക്കുന്ന ജീവി “ (breathing being) എന്നാണ്. സൈക്ക് (psyche) എന്ന ഗ്രീക്കു വാക്കിന്റെ അര്‍ത്ഥം, ദേഹി അല്ലെങ്കില്‍ പ്രാണന്‍ എന്നാണ്. ഈ ഗ്രീക്ക് വാക്കിനെ വേദപുസ്തകത്തില്‍ ചിലയിടങ്ങളില്‍ മനസ്സ് എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പുരാതന ചിന്തയില്‍, നെഫെഷ് (nephesh) എന്ന എബ്രായ വാക്കിനും സൂക്കേ (psūchê) എന്ന ഗ്രീക്ക് വാക്കിനും അനശ്വരമായ ജീവി എന്ന് അര്‍ത്ഥമില്ല. എന്നാല്‍ പിന്നീട്, ബാബിലോണിയന്‍ പ്രവാസ കാലത്ത്, അരൂപിയും അനശ്വരവും ആയ ദേഹി എന്ന ആശയം എബ്രായര്‍ക്കിടയിലും പ്രചരിച്ചു. പേര്‍ഷ്യ, ഗ്രീക്ക് തത്വചിന്തകളുടെ സ്വാധീനത്തില്‍ ആയിരിക്കാം ഇത്തരം ഒരു ചിന്ത അവര്‍ക്കിടയില്‍ ഉടലെടുത്തത്.

പുരാതന ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോ യുടെ അഭിപ്രായത്തില്‍, ദേഹി, അദൃശ്യമായ ഒരു ഘടകമാണ്, അത് അനശ്വരമാണ്, അതിന് മരണത്തിന് ശേഷവും ജീവിതം ഉണ്ട്. ഈ ചിന്തായാണ് പിന്നീട് എബ്രായ ചിന്തകളേക്കാള്‍ പ്രബലമായത്. രണ്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ദേഹിയെക്കുറിച്ചുള്ള പുരാതന എബ്രായ ആശയത്തിന് പ്രചാരം കുറഞ്ഞുവന്നു. ക്രൈസ്ത ചിന്തകരില്‍ ഭൂരിപക്ഷവും ഗ്രീക്ക് ചിന്തയോട് ചേര്‍ന്ന രീതിയിലാണ് ദേഹിയെ മനസ്സിലാക്കിയത്. 3 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആദ്യകാല സഭാ പിതാവായിരുന്ന ഒറിഗെന്‍ (Origen) ദേഹി എന്ന ഘടകത്തിന് നിത്യതയും, ദൈവീകതയും ഉണ്ട് എന്നു പഠിപ്പിച്ചു. ദേഹിയ്ക്ക്, പുനര്‍ജന്‍മവും, മുന്‍ ജന്മവും ഉണ്ട് എന്നും ഒറിഗണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അഞ്ചാം എക്യൂമിനിക്കല്‍ കൌണ്‍സില്‍, ദേഹിയ്ക്ക്, പുനര്‍ജന്‍മവും, മുന്‍ ജന്മവും ഉണ്ട് എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ തള്ളികളഞ്ഞു. എങ്കിലും, ദേഹിയ്ക്ക് അനശ്വരത ഉണ്ട് എന്ന് മദ്ധ്യ കാലഘട്ടത്തിലെ പാശ്ചാത്യ, പൌരസ്ത്യ ക്രിസ്തീയ പണ്ഡിതന്മാര്‍ വിശ്വസിച്ചു. ഈ വിശ്വസം തന്നെയാണ് ആണ് നവീകരണ കാലത്ത് പ്രൊട്ടസ്റ്റന്‍റ് വിഭാഗം പിന്തുടര്‍ന്നത്.

ഉല്‍പ്പത്തി 2: 7 ല്‍മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” എന്ന് പറയുന്നിടത്ത്, ജീവനുള്ള എന്നതിന് ചെയ് (chay) എന്ന എബ്രായ വാക്കും, ദേഹി എന്നതിന് നെഫെഷ് (nephesh) എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്. “ചെയ് നെഫെഷ് (chay nephesh) എന്ന വാക്കു തന്നെ ആണ്, ഉല്‍പ്പത്തി 2: 19 ല്‍ “സകലജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി” എന്നതില്‍ “ജീവ ജന്തുക്കള്‍” എന്ന് പറയുവാനും ഉപയോഗിച്ചിരിക്കുന്നത്. 1 കൊരിന്ത്യര്‍ 15: 45 ആം വാക്യം ഇങ്ങനെ ആണ്: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ...”. ഇവിടെയും ജീവനുള്ള ദേഹി “ എന്ന് പറയുവാന്‍, സൂക്കേ (psūchê - സൈക്ക് (psyche)  എന്ന ഗ്രീക്ക് വാക്ക്, അതിന്റെ എബ്രായ പദത്തിന്റെ അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിന്റെ ഗ്രീക്കിലുള്ള സെപ്റ്റാജിന്‍റ് പരിഭാഷയിലെ പദ പ്രയോഗമാണ് പുതിയനിയമത്തില്‍ പരക്കെ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍, പുതിയനിയമത്തില്‍ നമ്മള്‍ വായിക്കുന്ന “സൈക്കെ “(psyche) എന്ന വാക്ക് എബ്രായ പദമായ നെഫെഷ് (nephesh) എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ വേണം നമ്മള്‍ മനസ്സിലാക്കുവാന്‍. അതായത്, പുതിയനിയമത്തിലെ ദേഹി എന്ന വാക്ക്, അദൃശ്യമായ ഒന്നിനെ സൂചിപ്പിക്കുന്നു. ഇതാണ് മനുഷ്യനെ ജീവനുള്ളവനാക്കി മാറ്റുന്നത്. അവനെ നിയന്ത്രിക്കുന്നതും, അവന് വ്യക്തിപരമായ സത്വത്തേയും സ്വഭാവ വിശേഷങ്ങളെയും നല്‍കുന്നതും ദേഹി ആണ്.

ദേഹിയിലേക്കുള്ള പ്രവേശനം, സങ്കല്‍പ്പങ്ങള്‍, മനസാക്ഷി, ഓര്‍മ്മ, യുക്തി, വികാരങ്ങള്‍ എന്നിവയിലൂടെ ആണ്. ആത്മാവ്, ബാഹ്യലോകത്തെക്കുറിച്ചുള്ള അറിവ് നേടുന്നത്, ദേഹിയിലൂടെ ആണ്. ദേഹി, മനുഷ്യന്റെ യുക്തിചിന്തകളും മനസ്സുമാണ്. ദേഹിയ്ക്ക് ബുദ്ധിയും, വികാരങ്ങളും, ഇശ്ചാ ശക്തിയും ഉണ്ട്.

നെഫെഷ് (nephesh) അല്ലെങ്കില്‍ സൂക്കേ (psūchê) എന്ന ഘടകം നശ്വരമാണ് എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. ഇത് ദൈവത്തില്‍ നിന്നും വന്നതായിരിക്കയാല്‍, മനുഷ്യന്റെ മരണത്തിങ്കല്‍, അത് തിരികെ ദൈവത്തിങ്കലേക്ക് പോകുന്നു എന്നും അതിനാല്‍ അനശ്വരമാണ് എന്നും അഭിപ്രായം ഉള്ളവരും ഉണ്ട്. ദേഹിയ്ക്ക് സ്വഭാവികമായ അനശ്വരത എന്നതിന് പകരം, ദൈവ കൃപയാല്‍ മാത്രം ലഭിക്കുന്ന അനശ്വരത എന്നൊരു ചിന്തയും പ്രൊട്ടസ്റ്റന്‍റ്, പൌരസ്ത്യ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇന്ന് ഉണ്ട്. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരും പരമ്പര്യ വിശ്വസം തന്നെ തുടരുന്നു. ഇത്, യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തോടെ ദേഹി അനശ്വരമായി തീര്‍ന്നു എന്നതാണ്.

ദേഹി എപ്പോള്‍, എങ്ങനെ സൃഷ്ടിക്കപ്പെട്ടു?

ആദ്യ മനുഷ്യനായ ആദമിന് എങ്ങനെ ആണ് ദേഹി ഉണ്ടായത്? ദേഹി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനസ്സിലാക്കിയാലേ, ദേഹി എന്താണ് എന്നു ശരിയായി മനസ്സിലാക്കുവാന്‍ കഴിയൂ.

ഉല്‍പ്പത്തി 2:7 ല്‍, മനുഷന്റെ സൃഷ്ടിയെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം (ജീവശ്വാസം – നെഷമ - neshamah) ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി (ചെയ് – chay - നെഫെഷ് - nephesh) തീർന്നു.” ജീവശ്വാസം എന്നതിന്റെ എബ്രായ പദമായ, നെഷമ (neshamah) എന്ന വാക്കിന്, ശ്വാസം, ദൈവീക ജ്ഞാനം, ബുദ്ധി, ഒരു ജീവനുള്ള ജീവി, ദേഹി, ആത്മാവ് എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്.   

ഇവിടെ നമ്മള്‍ നിലത്തിലെ പൊടികൊണ്ടു ഉണ്ടാക്കിയ, ജീവനില്ലാത്ത ആദാമിനെ ആദ്യം കാണുന്നു. അത് മണ്ണ് ആയതിനാല്‍, അപ്പോള്‍ അവന് മാസളമായ ഒരു ശരീരം ഇല്ലായിരുന്നു. ഈ മണ്ണ് കൊണ്ടുള്ള, ജീവനില്ലാത്ത രൂപത്തിലേക്കാണ് ദൈവം ജീവശ്വാസം ഊതിയത്. ദൈവത്തില്‍ നിന്നും അവനിലേക്ക് കടന്നത്, ദൈവത്തിന്റെ ജീവശ്വാസം ആണ്. എന്നാല്‍, ജീവശ്വാസത്തോടൊപ്പമോ, അതിനു മുമ്പോ, ശേഷമോ, ദൈവം ഒരു ദേഹിയെ അവന്റെ ശരീരത്തിലേക്ക് ഇട്ടതായി വേദപുസ്തകത്തില്‍ എവിടേയും പറയുന്നില്ല. ദേഹിയെ ദൈവം പ്രത്യേകം സൃഷ്ടിച്ചതായും പറയുന്നില്ല.

ദൈവത്തിന്റെ ജീവശ്വാസം മണ്ണ് കൊണ്ടുള്ള മനുഷ്യ രൂപത്തിലേക്ക് പ്രവേശിച്ചപ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിച്ചു. ഒന്നു മനുഷ്യന് മാസളമായ ഒരു ശരീരം ലഭിച്ചു. രണ്ട് അവന്‍ ജീവനുള്ള ദേഹി ആയി രൂപാന്തരപ്പെട്ടു. അതായത്, മണ്ണുകൊണ്ടുള്ള മനുഷ്യന്റെ ഉള്ളില്‍ ദേഹി മറ്റൊരു വസ്തുവായി സൃഷ്ടിക്കപ്പെടുകയോ, കയറിയിരിക്കുക ആയിരുന്നില്ല, ദൈവത്തിന്റെ ജീവശ്വാസത്താല്‍ മണ്ണുകൊണ്ടുള്ള മനുഷ്യന്‍ ജീവനുള്ള ദേഹി ആയി തീര്‍ന്നു. ഇവിടെ “ജീവനുള്ള ദേഹി” എന്ന പ്രയോഗം, മാസളമായ ശരീരവും, ഒരു സവിശേഷമായ വ്യക്തിത്വവും, ദൈവത്തിന്റെ ആത്മാവും ഉള്ള മനുഷ്യനെക്കുറിച്ച് മൊത്തമായി പറയുന്നു.

ഇവിടെയും വേദപുസ്തകത്തില്‍ എല്ലായിടത്തും, ജീവനുള്ള ദേഹി എന്നത് ജീവനുള്ള വ്യക്തി എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം, മനുഷ്യന് ജീവനുള്ള ദേഹി ഉണ്ട് എന്നല്ല, മനുഷ്യന്‍ ഒരു ജീവനുള്ള ദേഹി ആണ് എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. ദൈവത്തിന്റെ ജീവശ്വാസത്തിന്റെ സാന്നിധ്യം ആണ് മനുഷ്യനെ ഒരു ജീവനുള്ള ദേഹി ആക്കി മാറ്റിയത്. മറ്റൊരു രീതിയി പറഞ്ഞാല്‍, ദൈവം പകര്‍ന്നു നല്കിയ ആത്മാവ് ആണ് മനുഷ്യനെ ജീവനുള്ള ഒരു വ്യക്തിയായി തീര്‍ത്തത്. അതിനാല്‍ തന്നെ, ആത്മാവ് മനുഷ്യനെ വിട്ടു പിരിയുമ്പോള്‍, അവന്റെ ദേഹിയും വിട്ടുപിരിയും.

ഉല്‍പ്പത്തിയിലെ സൃഷ്ടിയിലെ, ഈ ആത്മീയ മര്‍മ്മം മനസ്സിലാക്കിയാല്‍, ദേഹി എന്താണ് എന്നും, ദേഹിയും ആത്മാവും തമ്മിലുള്ള വേരിപ്പിരിച്ചെടുക്കുവാന്‍ കഴിയാത്ത ബന്ധം എന്താണ് എന്നും നമുക്ക് വേഗത്തില്‍ ഗ്രഹിക്കുവാന്‍ കഴിയും. ദേഹി പുതിയതായി സൃഷ്ടിക്കപ്പെട്ടതല്ല എങ്കിലും അതിനു സ്വതന്ത്രമായ ഒരു വ്യക്തിത്വം ഉണ്ട്. ദേഹിയാണ് മനുഷ്യന് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തവും, സ്വതന്ത്രവുമായ വ്യക്തിത്വം നല്‍കുന്നത്. അതിന്, ആത്മാവിനോടും ദേഹത്തോടും ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കഴിയും.

ദേഹി എന്നത് ഓരോ വ്യക്തിയ്ക്കും പ്രത്യേകമായി ഉള്ളതാണ്. ഒരു വ്യക്തിയുടെ ദേഹി, മറ്റൊരു വ്യക്തിയുടെ ദേഹിയ്ക്ക് സമം ആകില്ല. ദേഹി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതല്ല, ആത്മാവിന്റെ സാന്നിധ്യത്താല്‍ ഉളവാക്കപ്പെട്ടതാണ്. ആത്മാവുമായി, വേര്‍തിരിക്കുവാന്‍ പ്രയാസമായ ഒരു ബന്ധത്തില്‍ ദേഹി ആയിരിക്കുന്നു. ദേഹി ആത്മാവുമായി വേര്‍പെട്ട രീതിയില്‍, അനശ്വരമല്ല, അതിനു ആത്മാവുമായി വേര്‍പെട്ട അവസ്ഥയിലുള്ള നിത്യതയില്ല. എന്നാല്‍ ദേഹിയും ആത്മാവും തമ്മിലുള്ള വേര്‍പെടുത്തുവാന്‍ കഴിയാത്ത അവസ്ഥയില്‍, ദേഹിയ്ക്ക് ആത്മാവിനോടൊപ്പം നിത്യത ഉണ്ട്.

ഇവിടെ മറ്റൊരു ചോദ്യം കൂടെ ഉയരുന്നുണ്ട്. ഇന്ന് ജനിക്കുന്ന ശിശുക്കളില്‍ ദേഹി എങ്ങനെ ഉണ്ടാകുന്നു? ഈ ചോദ്യത്തിന് ഒരു ഏക ഉത്തരം ഇല്ല. ദൈവം ഓരോ വ്യക്തിക്കും പ്രത്യേകമായി ദേഹിയെ സൃഷ്ടിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ദേഹി അവരുടെ മാതാപിതാക്കന്മാരില്‍ നിന്നും ലഭിക്കുന്നതാണ് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ദേഹി ഒരു ശിശു അവന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്നതിന് മുമ്പ് തന്നെ ഉണ്ട് എന്ന് കരുതുന്നവരും ഉണ്ട്. ഒരു ശിശുവിന് എപ്പോള്‍ ആണ് ദേഹി ഉണ്ടാകുന്നത് എന്നത് വ്യക്തയില്ലാത്ത കാര്യം ആണ്. ദേഹി ഒരുവന്റെ വ്യക്തിതമാണ് എന്ന് ഇവിടെ നമ്മള്‍ ഓര്‍ക്കേണം.

ആത്മാവ് (Spirit)

ദേഹിയെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയതിന് ശേഷം, ഇനി നമുക്ക് ആത്മാവിനെ കുറിച്ച് ചിന്തിക്കാം. ഇവിടെ നമ്മള്‍ ചിന്തിക്കുന്നത്, മനുഷ്യനില്‍ ഉള്ള, ദേഹം ദേഹി, ആത്മാവ് എന്നീ മൂന്ന് ഘടകങ്ങളില്‍ ഒന്നായ  ആത്മാവിനെക്കുറിച്ചാണ്. എബ്രായ ഭാഷയില്‍ റുആക് (ruach) എന്നാല്‍ ആത്മാവ് എന്നാണ് അര്‍ത്ഥം. റുആക് (ruach) എന്ന വാക്കിന്റെ അര്‍ത്ഥം “കാറ്റ്” (wind) എന്നാണ്. ഇതിനെ ഗ്രീക്കില്‍ “ന്യൂമ “ (pneuma, πνεῦμα) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഗ്രീക്കിലെ ഈ വാക്കിന്റെ അര്‍ത്ഥം “ശ്വാസം “ (breath) എന്നാണ്. ഇത് മനുഷ്യനില്‍ ഉള്ള ഒരു അരൂപിയും അമൂര്‍ത്തമായ ഘടകം ആണ്. ഇതേ എബ്രായ, ഗ്രീക്ക് വാക്കുകള്‍ തന്നെ ആണ് പരിശുദ്ധാത്മാവിനെക്കുറിച്ച് പറയുവാനും വേദപുസ്തകത്തില്‍  ഉപയോഗിച്ചിട്ടുണ്ട്.

സൈക്ക് (psyche) അല്ലെങ്കില്‍ സൂക്കേ (psuche) എന്ന വാക്ക് ദേഹിയെ സൂചിപ്പിക്കുന്നതാണ് എങ്കിലും, ന്യൂമ, സൈക്ക് (psyche)  എന്നീ ഗ്രീക്ക് വാക്കുകള്‍ പര്യായ പദങ്ങള്‍ പോലെ, ഒന്ന് ഒന്നിന് പകരമായി വേദപുസ്തകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ആത്മാവ് മനുഷ്യനിലെ ദൈവീക ഘടകമാണ്. മനുഷ്യന്‍ ദൈവത്തോട് ബന്ധപ്പെടുന്നത് ആത്മാവിലാണ്. അതുകൊണ്ടാണ് യേശു ശമര്യയിലെ സ്ത്രീയോട് ഇങ്ങനെ പറഞ്ഞത്: ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാന്‍ 4: 24). മരിക്കുമ്പോള്‍ അവനില്‍ ഉള്ള ആത്മാവ് അവന്റെ ശരീരത്തെ വിട്ട്, അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. ആത്മാവ് അനശ്വരമാണ്. അതിന് നിത്യത ഉണ്ട്.

ആത്മാവ് എന്ന വാക്ക് വേദപുസ്തകത്തില്‍ വ്യത്യസ്തങ്ങള്‍ ആയ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ആത്മാവ്, ദൈവീക ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് ആണ്. ഇതുകൂടാതെ മനുഷനിലെ മൂന്നാമത്തെ ഘടകവും ആത്മാവാണ്. ഇതിനെ മനുഷ്യനിലെ ആത്മാവ് എന്നോ മനുഷ്യാത്മാവ് എന്നോ വിളിക്കാം. ചില സ്ഥലങ്ങളില്‍ ദുരാത്മാകളെക്കുറിച്ച് പറയുവാനും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നമ്മള്‍ മനുഷ്യനിലെ മൂന്നാമത്തെ ഘടകമായ ആത്മാവിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ.

ആത്മാവില്‍ ഭൌതീകമായതോ മൂര്‍ത്തമായതോ ഒന്നുമില്ല. ആത്മാവു സ്വര്‍ഗ്ഗീയമായ ഘടകം ആണ്. റുആക് (ruach) ദൈവീകവും അമൂര്‍ത്തവും ആണ്. അതിന് ഒരു മനുഷ്യന്റെ വ്യക്തിത്വമായി ബന്ധമില്ലാത്തതിനാല്‍, അത് സാര്‍വ്വത്രികമാണ്. അത് ഒരു മനുഷ്യനിലേക്ക് ഇറങ്ങി വരുമ്പോള്‍, ശിംശോനില്‍ നമ്മള്‍ കാണുന്നതുപോലെയുള്ള വീര്യ പ്രവര്‍ത്തികള്‍ ഉണ്ടാകും. എലീയാവിന്റെ തീഷ്ണതയും, ശലോമോന്റെ ജ്ഞാനവും എല്ലാം റുആക് (ruach) ന്‍റെ സാന്നിധ്യത്താല്‍ ഉളവാകുന്നതാണ്. അത് മനുഷ്യരിലേക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നും പകരപ്പെടുന്നതാണ്. ആത്മാവിന്‍റെ സ്വഭാവ വിശേഷതകള്‍ വിശ്വസം, പ്രത്യാശ, ഭയഭക്തി, പ്രാര്‍ത്ഥന, ആരാധന എന്നിവയാണ്.

ആത്മാവ് എപ്പോഴും ദൈവവുമായുള്ള ബന്ധത്തില്‍, ജീവനുള്ളത് ആയിരിക്കേണം എന്നില്ല. ആദാം പാപത്തില്‍ വീണപ്പോള്‍ അവന്റെ ആത്മാവു, ദൈവവുമായുള്ള ബന്ധത്തില്‍, ജീവനില്ലാത്തതായി മാറി. അത് ദൈവത്തിനിന്നും അകന്നു, ദൈവത്തോട് മല്‍സരിക്കുന്നതായി മാറി. രക്ഷിക്കപ്പെടുമ്പോള്‍, ക്രിസ്തുവില്‍, ആത്മാവ് ദൈവത്തോട് നിരപ്പ് പ്രാപിക്കുന്നു. അത് വീണ്ടും ദൈവീക ബന്ധത്തില്‍ ജീവനുള്ളതായി മാറുന്നു. നമ്മള്‍ “മുമ്പെ ദുഷ്‌പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളും” ആയിരുന്നു എന്ന് പൌലൊസ് പറയുന്നത് ഈ അര്‍ത്ഥത്തില്‍ ആണ്. (കൊലൊസ്യര്‍ 1: 21)

മനുഷ്യര്‍ക്ക് ദേഹിയും ആത്മാവും ഉണ്ടോ?

മനുഷ്യരില്‍ ഒന്നിലധികം ഘടകം ഉണ്ട് എന്നും അവനില്‍ ദേഹിയും ആത്മാവും ഉണ്ട് എന്നുമുള്ള ക്രൈസ്ത വിശ്വാസത്തെ, അക്രൈസ്തവരായ തത്വചിന്തകരും യുക്തിവാദികളും അംഗീകരിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ മനുഷ്യരില്‍ അമൂര്‍ത്തമായതോ, അദൃശ്യമായതോ ആയ യാതൊരു ഘടകവും ഇല്ല. ഈ ലോകത്തിന് അപ്പുറം ഒരു ആത്മീയ ലോകം ഉണ്ട് എന്നു യുക്തിവാദികള്‍ കരുതുന്നില്ല. അവര്‍ ആത്മ മണ്ഡലത്തെയും ദൈവത്തെയും നിഷേധിക്കുന്നു. അവര്‍ക്ക് ദൈവമോ, ദൂതന്മാരോ, ഭൂതങ്ങളോ, പിശാചോ ഇല്ല. അതിനാല്‍ തന്നെ മനുഷ്യനില്‍ വ്യക്തമായി വേര്‍തിരിച്ച് കാണുവാന്‍ കഴിയുന്ന ഒരു ദേഹിയോ ആത്മാവോ ഇല്ല എന്നും യുക്തിവാദികള്‍ വാദിക്കുന്നു.

ഇവരുടെ പ്രശനം, മൂര്‍ത്തമായതും, ദൃശ്യമായതും, മനുഷ്യ യുക്തിക്ക് ഗ്രഹിക്കുവാന്‍ കഴിയുന്നതുമായ പ്രപഞ്ച സത്യങ്ങളെ മാത്രമേ ഇവര്‍ വിശ്വസിക്കുന്നുള്ളൂ എന്നതാണ്. എല്ലാം ശാസ്ത്രീയമായി, മനുഷ്യനാല്‍ തന്നെ തെളിയിക്കപ്പെടേണം എന്നു അവര്‍ക്ക് വാശിയുണ്ട്. എന്നാല്‍ ഈ പ്രപഞ്ചത്തില്‍, മനുഷ്യനു ഗ്രഹിക്കുവാനോ, വിശദീകരിക്കുവാനോ കഴിയാത്ത അനേകം സത്യങ്ങള്‍ ഉണ്ട്. ഇവയെ നമുക്ക് ആത്മീയ മര്‍മ്മങ്ങള്‍ എന്നു വിളിക്കാം. ഇത്തരത്തിലുള്ള ഒരു ആത്മീയ മര്‍മ്മം ആണ്, മനുഷ്യനില്‍ മൂര്‍ത്തവും അമൂര്‍ത്തവും ആയ ഘടകങ്ങള്‍ ഉണ്ട് എന്നത്. മനുഷ്യന്റെ ദേഹം അഥവാ ശരീരം മൂര്‍ത്തമാണ് എന്നതിനാല്‍, അത് വസ്തുനിഷ്ടാപരവും, ഇന്ദ്രീയങ്ങളാല്‍ അനുഭവിക്കുവാന്‍ കഴിയുന്നതുമാണ്. മനുഷ്യനിലെ അമൂര്‍ത്തമായ ഘടകത്തെ ഇന്ദ്രീയങ്ങളാല്‍ അനുഭവിക്കുവാന്‍ സാധ്യമല്ല.

മനുഷ്യനില്‍ ഉള്ള അമൂര്‍ത്ത ഘടകങ്ങള്‍ ആയ, ദേഹിയെയോ, ആത്മാവിനെയോ, നമുക്ക് ഭൌതീക തലത്തില്‍ കാണുവാന്‍ കഴിയുക ഇല്ല എന്നതിനാല്‍, അവയെക്കുറിച്ച് അറിയുവാന്‍, ആത്മമണ്ഡലത്തെ വിശദീകരിക്കുന്ന മറ്റൊരു സ്രോതസില്‍ നമ്മള്‍ ആശ്രയിച്ചേ മതിയാകൂ. ഇതിന് ഏറ്റവും യോജ്യവും വിശ്വസനീയവും തെറ്റുകൂടാത്തതും ആയ സ്രോതസാണ് വിശുദ്ധ വേദപുസ്തകം. 

മനുഷ്യനില്‍ മൂര്‍ത്തമായ ഘടകമായ ദേഹവും, അമൂര്‍ത്തമായ ഘടകമായ ദേഹിയും ആത്മാവും ഉണ്ട് എന്നും, അവ ദേഹത്തില്‍ നിന്നും വിഭിന്നമാണ് എന്നും, അവയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്നും വേദപുസ്തകം പഠിപ്പിക്കുന്നു. ചില വാക്യങ്ങള്‍ താഴെ കൊടുക്കുന്നു.  


1 കൊരിന്ത്യര്‍ 14:14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു (pneuma) പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.

 

റോമര്‍ 8:16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും (pneuma) നമ്മുടെ ആത്മാവോടുകൂടെ (pneuma) സാക്ഷ്യം പറയുന്നു.

 

അപ്പോസ്തല പ്രവൃത്തികള്‍ 7:59 കർത്താവായ യേശുവേ, എന്റെ ആത്മാവിനെ (pneuma)  കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.

മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്റെ ആത്മാവ്, ജീവനും ബോധവും ഉള്ളവനായി, ദൈവ സന്നിധിയിലേക്ക് പോകുന്നു. ജീവിച്ചിരിക്കുന്ന അവസ്ഥയെ, ശരീരത്തോടുകൂടെ ആയിരിക്കുന്ന അവസ്ഥയെന്നും മരിക്കുന്നതിനെ ശരീരം വിട്ടു ക്രിസ്തുവിനോട് കൂടെ ആയിരിക്കുന്ന അവസ്ഥയെന്നുമാണ് പൌലൊസ് വിശേഷിപ്പിച്ചത്.


ഫിലിപ്പിയര്‍ 1:23, 24

23  ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.

24 എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾ നിമിത്തം ഏറെ ആവശ്യം.

വെളിപ്പാട് പുസ്തകം 6 ആം അദ്ധ്യായത്തിലും 20 ആം അദ്ധ്യായത്തിലും നമ്മള്‍ മരിച്ചവരുടെ ആത്മാക്കളെ കാണുന്നുണ്ട്.

 

വെളിപ്പാട് 6:9, 10

   അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ (ദേഹി - psuche) ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു;

10   വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.


വെളിപ്പാട് 20:4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും (ദേഹി -psuche) ഞാൻ കണ്ടു.

ആദ്യമനുഷ്യര്‍ പാപത്തില്‍ വീഴുന്നതിന് മുമ്പ്, മനുഷ്യനിലുള്ള ആത്മാവിന് ദൈവവുമായി നിരന്തര ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ പാപത്തോടെ, സ്വര്‍ഗ്ഗവുമായുള്ള മനുഷ്യ ആത്മാവിന്റെ ബന്ധം സുഗമം അല്ലാതെയായി. അങ്ങനെ ആത്മാവ്, പാപത്താല്‍, ദൈവവുമായുള്ള ബന്ധത്തില്‍, നിര്‍ജ്ജീവ അവസ്ഥയില്‍ ആയി. വീണ്ടും ജനനം പ്രാപിക്കാത്ത എല്ലാ മനുഷ്യരിലും, അവരിലുള്ള ആത്മാവ്, ഈ അവസ്ഥയില്‍ തുടരുകയാണ്.  വീണ്ടും ജനനം പ്രാപിക്കുമ്പോള്‍, ആത്മാവ് വീണ്ടും ദൈവവുമായുള്ള ബന്ധത്തില്‍ പുതുജീവന്‍ പ്രാപിക്കുന്നു.

ആത്മാവ് വീണ്ടും ജനനം പ്രാപിക്കുന്നത് വരെ ദേഹി ദൈവത്തോട് ബന്ധമില്ലാതെ തുടരുന്നു. പരിശുദ്ധാത്മാവിനാല്‍ വീണ്ടും ജനിക്കാതെ മനുഷ്യനില്‍ ഉള്ള ആത്മാവിനോ ദേഹിയ്ക്കൊ, ദൈവത്തെ സ്നേഹിക്കുവാനോ, ദൈവീക കല്‍പ്പനകള്‍ ഇഷ്ടപ്പെടുവാനോ കഴിയുക ഇല്ല. ഒരു മനുഷ്യനു ഒരു പക്ഷേ, നിരാശയോ, ഭാരമോ, ഉണ്ടായേക്കാം; അവന്‍ ദുഖിതനായി നിലവിളിച്ചു കരഞ്ഞേക്കാം. എങ്കിലും, അവന്റെ ആത്മാവ് വീണ്ടും ജനനം പ്രാപിക്കുന്നത് വരെ അവന്‍ പാപത്തിന്റെ അവസ്ഥയില്‍, മരിച്ചവനെപ്പോലെ ജീവിക്കുന്നു. മനുഷ്യന്റെ പാപത്താല്‍ മലിനമായ അവസ്ഥയും അതില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ ദൈവ കൃപ ആവശ്യമാണ് എന്ന ചിന്തയും ഉണ്ടാകുമ്പോള്‍ മാത്രമേ അവന്‍ ദൈവത്തിങ്കലേക്ക് തിരിയുക ഉള്ളൂ.

 

യോഹന്നാന്‍ 3:6 “ജഡത്താൽ (sarx) ജനിച്ചതു ജഡം (sarx) ആകുന്നു; ആത്മാവിനാൽ (pneuma) ജനിച്ചതു ആത്മാവു (pneuma) ആകുന്നു.”

പിശാചിന്, രക്ഷിക്കപ്പെടാത്ത ഒരു മനുഷ്യന്‍റെ ആത്മാവിനെയും ദേഹിയെയും സ്വാധീനിക്കുവാന്‍ കഴിയും. മനുഷ്യന്റെ സങ്കല്‍പ്പങ്ങളെയും, ചിന്തകളെയും, വികാരങ്ങളെയും യുക്തിയെയും പിശാച് നിയന്ത്രിക്കുവാന്‍ ശ്രമിക്കും. ഒരു മനുഷ്യന്‍ ദൈവാത്മാവിന്റെ പ്രവര്‍ത്തനം ഇല്ലാത്ത എവിടെ പോകുന്നതിനെയും എന്തു ചെയ്യുന്നതിനെയും എന്തു ചിന്തിക്കുന്നതിനെയും പിശാച് എതിര്‍ക്കുന്നില്ല. പിശാച്, മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്യുന്നു. വികാരങ്ങളെ, തീവ്രമായ വൈകാരികതയിലേക്കും, കണ്ണുനീരിലേക്കും, ദയാവായ്പ്പിലേക്കും പിശാച് നയിക്കും. ഇവിടെ ഒന്നും ദൈവാത്മാവിന്റെ സാന്നിധ്യമില്ലായെങ്കില്‍ പിശാചിന് യാതൊരു വിരോധവും ഇല്ല. 

എന്നാല്‍ വീണ്ടും ജനനം പ്രാപിച്ച ആത്മാവിന്, ദൈവത്തിന്റെ ഹിതത്തിനോത്തവണ്ണം ദേഹിയെ നയിക്കുവാന്‍ കഴിയും. രക്ഷിക്കപ്പെട്ട ഒരു മനുഷ്യന്റെ ദേഹിയ്ക്ക്, പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യന്റെ ആത്മാവിന് വിധേയമായി ജീവിക്കുവാന്‍ കഴിയും.

ദേഹി, മനുഷ്യന്‍റെ വികാരങ്ങളുടെ ഇരിപ്പിടമാണ്. അതിനു സ്നേഹിക്കുവാനും വെറുക്കുവാനും കഴിയും എന്നും വേദപുസ്തകം പഠിപ്പിക്കുന്നു.

 

1 ശമുവേല്‍ 18:1…. യോനാഥാന്റെ മനസ്സു (ദേഹി - നെഫെഷ് - nephesh)  ദാവീദിന്റെ മനസ്സോടു (ദേഹി - നെഫെഷ് - nephesh)  പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ (ദേഹി - നെഫെഷ് - nephesh)  സ്നേഹിച്ചു. 

 

2 ശമുവേല്‍ 5:8 “അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽകൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. (“… that are hated of David's  soulKJVദേഹി - നെഫെഷ് - nephesh)


മോണിസം (Monism)

ഇത്രയും കാര്യങ്ങള്‍ പൊതുവേ മനസ്സിലാക്കികൊണ്ട്, മനുഷ്യന്റെ ഘടകങ്ങളെക്കുറിച്ചുള്ള വ്യത്യസ്തങ്ങള്‍ ആയ കാഴപ്പാടുകള്‍ എന്തെല്ലാം ആണ് എന്ന് തുടര്‍ന്നു ചിന്തിക്കാം. മനുഷ്യനില്‍ വ്യത്യസ്ത ഘടകങ്ങള്‍ ഉണ്ടോ, ഉണ്ട് എങ്കില്‍ എത്ര ഘടകങ്ങള്‍ ഉണ്ട്, എന്നിവയെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങള്‍, തത്വചിന്തകര്‍ക്കിടയിലും ക്രിസ്തീയ വേദപണ്ഡിതന്മാര്‍ക്കിടയിലും ഉണ്ട്. അതില്‍ പ്രധാനമായ മൂന്ന് ചിന്താധാരകള്‍ ഉണ്ട്. അവ, മോണിസം (Monism), ഡൈക്കോട്ടൊമിസം (Dichotomism), ട്രൈക്കോട്ടോമിസം (Trichotomism) എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

മോണിസം (Monism) എന്ന ചിന്താധാരയെ ഹോളിസം (holism) എന്നും വിളിക്കാറുണ്ട്. മോണിസം, മനുഷ്യനില്‍ വ്യത്യസ്തങ്ങള്‍ ആയ ഒന്നിലധികം ഘടകങ്ങള്‍ ഉണ്ട് എന്നു വിശ്വസിക്കുന്നില്ല. ഇതില്‍ വിശ്വസിക്കുന്നവരുടെ അഭിപ്രായത്തില്‍, മനുഷ്യന്‍ വേര്‍പിരിക്കുവാന്‍ സാധ്യമല്ലാത്ത, ഏക, സമ്പൂര്‍ണ്ണ ഘടകം ആണ്. അവന്‍ ഒന്നിലധികം ഭാഗങ്ങളുടെ സംയോജനം അല്ല. ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്നായോ, ദേഹം, ആത്മാവ് എന്നിങ്ങനെ രണ്ടായോ മനുഷ്യനെ വേര്‍പിരിക്കുവാന്‍ സാധ്യമല്ല. ദേഹം, ആത്മാവ് എന്നത് ഒരു ഏക മനുഷ്യന്റെ രണ്ടു ഭാവങ്ങള്‍ (two facets) മാത്രമാണ്. വേദപുസ്തകത്തിലെ ദേഹം, ദേഹി, ആത്മാവ് എന്നീ വാക്കുകള്‍ എല്ലാം പൂര്‍ണ്ണമായ വ്യക്തിയെക്കുറിച്ചോ അവന്റെ ജീവിതത്തെക്കുറിച്ചോ ആണ് പറയുന്നത്. എബ്രായ ചിന്തയെ ശരിയായി ഉള്‍ക്കൊള്ളുന്നത് മോണിസം ആണ് എന്നും ഇവര്‍ വാദിക്കുന്നു. ദേഹം, ആത്മാവ് എന്നത്, പ്ലേറ്റോയെപ്പോലെ ഉള്ള ഗ്രീക്ക് തത്വ ചിന്തകരുടെ തത്വം ആണ്.

ക്രിസ്തീയ വിശ്വാസികളുടെ പുനരുദ്ധാരണത്തില്‍ ഇവര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, മനുഷ്യന് അവന്റെ ശരീരത്തില്‍ നിന്നും അകന്നുമാറി ജീവിക്കുവാന്‍ കഴിയില്ല എന്ന് ഇവര്‍ കരുതുന്നു. മരണത്തിന് ശേഷം, അവന്റെ ദേഹിയ്ക്കൊ ആത്മാവിനോ ശരീരം കൂടാതെ ജീവിക്കുവാന്‍ കഴിയുക ഇല്ല. അതിനാല്‍, മരണത്തിന് ശേഷം മനുഷ്യന്റെ ആത്മാവ് ഉറങ്ങുന്നു എന്നാണ് അവരുടെ വിശ്വസം.

മോണിസത്തിന് (Monism) ക്രൈസ്തവ ദൈവശാസ്ത്രവുമായി ചേര്‍ന്ന് പോകുക പ്രയാസമാണ്. യുക്തി ചിന്തകരുടെ ഇടയില്‍ ഇതിന് വളരെ സ്വീകാര്യത ഉണ്ട്. എങ്കിലും, ഈ ചിന്തയെ പിന്താങ്ങുന്ന വേദപണ്ഡിതന്മാര്‍ ഉണ്ട്. സെവന്‍ത് ഡേ അഡ് വെന്‍റ്റിസ്റ്റ് (Seventh Day Adventist Church) സഭ ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.   

എന്നാല്‍ സുവിശേഷവിഹിത സഭകള്‍ ഈ ആശയത്തോട് യോജിക്കുന്നില്ല. മനുഷ്യന്റെ ദേഹിയും ആത്മാവും മരണത്തിന് ശേഷവും ജീവിക്കുന്നു എന്നതിന് ദൈവ വചനത്തില്‍ തെളിവുകള്‍ ഉണ്ട് എന്നാണ് സുവിശേഷ വിഹിത സഭകളുടെ വാദം. സങ്കീര്‍ത്തനം 31: 5 ലെ “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ (ruwach) ഭരമേല്പിക്കുന്നു “ എന്ന വാക്യവും, ലൂക്കോസ് 23: 43 ലെ യേശു മാനസാന്തരപ്പെട്ട കള്ളനോട് പറഞ്ഞ, “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും “ എന്ന വാക്യവും,  ലൂക്കോസ് 23: 46 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന, “പിതാവേ, ഞാൻ എന്റെ ആത്മാവിനെ (pneuma) തൃക്കയ്യിൽ ഏല്പിക്കുന്നു” എന്ന യേശുവിന്‍റെ വാക്കുകളും, മരണത്തിന് ശേഷം, മനുഷ്യന്റെ അമൂര്‍ത്തമായ ഘടകമായ ദേഹി-ആത്മാവ് എന്നിവ ജീവിക്കും എന്നതിന്റെ തെളിവാണ്.

ഡൈക്കോട്ടൊമിസം (Dichotomism)

രണ്ടാമത്തെ കാഴ്ചപ്പാട്, ഡൈക്കോട്ടൊമിസം (Dichotomism) ആണ്. ഇതിനെ ബൈപാര്‍ടൈറ്റ് (bipartite) സിദ്ധാന്തം എന്നും വിളിക്കാറുണ്ട്. മനുഷ്യനില്‍, ദേഹം, ദേഹി അല്ലെങ്കില്‍ ആത്മാവ്  എന്നീ രണ്ടു ഘടകങ്ങള്‍ മാത്രമേ ഉള്ളൂ എന്നും ദേഹിയും ആത്മാവും ഒന്നാണ് എന്നും ഇവര്‍ വിശ്വസിക്കുന്നു. ദേഹം എന്നത് മനുഷ്യന്‍റെ മാംസമായ ശരീരം ആണ്. ദേഹിയും ആത്മാവും ദൈവീകമാണ്. മനുഷ്യന്‍ മരിക്കുമ്പോള്‍, അവന്റെ ദേഹിയും ആത്മാവും ആയ ഘടകം അവന്റെ ശരീരത്തെ വിട്ട് പോകുന്നു. ഭാവിയില്‍, പുനരുദ്ധാരണത്തില്‍, ശരീരമെന്ന ഘടകവും ദേഹിയും ആത്മാവുമായ രണ്ടാമത്തെ ഘടകവും വീണ്ടും ഒന്നായി ചേരും. ഇതാണ് ഈ ചിന്തയുടെ ചുരുക്കം.

അതായത്, ഡൈക്കോട്ടൊമിസത്തില്‍ വിശ്വസിക്കുന്നവര്‍ മനുഷ്യന്റെ ശരീരവും ആത്മാവും തമ്മില്‍ ഒരു വേര്‍തിരിവ് വ്യക്തമായും വേദപുസ്തകം പഠിപ്പിക്കുന്നുണ്ട് എന്ന് സമ്മതിക്കുന്നു. അത് മനുഷ്യന്‍റെ മൂര്‍ത്തവും അമൂര്‍ത്തവും ആയ രണ്ടു ഘടകങ്ങള്‍ ആണ്. ദേഹി മനുഷ്യന്റെ വ്യത്യസ്ഥമായ ഒരു ഘടമല്ല, അത് ആത്മാവിന്റെ തന്നെ മറ്റൊരു പേരാണ്. മനുഷ്യനിലെ അമൂര്‍ത്തമായ ഘടകത്തെക്കുറിച്ച് പറയുവാന്‍, വേദപുസ്തകത്തില്‍ ദേഹി എന്ന വാക്കും ആത്മാവ് എന്ന വാക്കും ഒരുപോലെ, പര്യായ പദങ്ങള്‍ പോലെ ഉപയോഗിച്ചിട്ടുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ഇടങ്ങളില്‍, ദൈവത്തിന്റെ ആത്മാവ് എന്ന അര്‍ത്ഥത്തില്‍ എബ്രായ വാക്കായ റുആക് (ruach) എന്നും ഗ്രീക്ക് വാക്കായ ന്യൂമാ (pneuma) എന്നുമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ മനുഷ്യനിലെ ആത്മാവിനെക്കുറിച്ച്  പറയുന്ന ഇടത്തേല്ലാം ഈ വാക്കുകള്‍ മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്. 

ഇന്ന്, ആധുനിക വേദപണ്ഡിതന്മാരില്‍ ഭൂരിപക്ഷം പേരും ഈ കാഴ്ചപ്പാടില്‍ വിശ്വസിക്കുന്നവര്‍ ആണ്. ഈ കൂട്ടത്തില്‍ ബഹുമാന്യര്‍ ആയ ദൈവദാസന്‍മാര്‍ ഉണ്ട് എന്നതിനാല്‍, നമുക്ക് ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുവാന്‍ സാദ്ധ്യമല്ല. അതിനാല്‍ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി, അവര്‍ പ്രധാനമായും പറയുന്ന 5 കാരണങ്ങള്‍ എന്തൊക്കെയാണ് എന്നു നമുക്ക് നോക്കാം.


1.

വേദപുസ്തകം, ദേഹി എന്ന വാക്കും ആത്മാവു എന്ന എന്ന വാക്കും, പര്യായപദങ്ങള്‍ പോലെ, ഒന്നു ഒന്നിന് പകരമായി, പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഡൈക്കോട്ടൊമിസ്റ്റ്കളുടെ പ്രധാന വാദം. ദേഹി എന്നതിന്റെ എബ്രായ പദം നെഫെഷ് (nephesh) എന്നും ഗ്രീക്ക് പദം സൈക്ക് (psychē) എന്നുമാണ്. ആത്മാവിനെക്കുറിച്ച് പറയുന്ന എബ്രായ പദം, റുആക് (ruach) എന്നും ഗ്രീക്ക് പദം ന്യൂമാ (pneuma) എന്നുമാണ്. അതായത് പഴയനിയമത്തില്‍, ദേഹി എന്നു പറയുവാന്‍ നെഫെഷ് (nephesh) എന്ന വാക്കും പുതിയനിയമത്തില്‍ സൈക്ക് (psychē) എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്. സൈക്ക് (psychē) എന്നും സൂക്കെ (psuche) എന്നതും ഒരേ വാക്കാണ്; രണ്ടു രീതിയില്‍ പറയുന്നു എന്നേയുള്ളൂ. അതുപോലെ, ആത്മാവ് എന്നു പറയുവാന്‍, പഴയനിയമത്തില്‍, റുആക് (ruwach) എന്ന വാക്കും പുതിയനിയമത്തില്‍ ന്യൂമാ (pneuma) എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ആണ് ചില അവസരങ്ങളില്‍ പരസ്പരം പകരമായി, പര്യായപദങ്ങളെ പോലെ ഉപയോഗിച്ചിരിക്കുന്നത്.

 

മലയാള പദം

എബ്രായ പദം

ഗ്രീക്ക് പദം

 


 

ദേഹം. / ജഡം

ബാസാര്‍ (basar)

സോമ (σῶμα - soma) / സര്‍ക്സ് (sarx)

ദേഹി / പ്രാണന്‍

നെഫെഷ് (nephesh)

സൂക്കെ (psuche) / സൈക്ക് (psychē)

ആത്മാവ്

റുആക് (ruwach)

ന്യൂമാ (pneuma)

യോഹന്നാന്‍ 12: 27 ല്‍ “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു എന്ന് യേശു പറയുന്നതില്‍, “ഉള്ളം “ എന്നതിന്റെ ഗ്രീക്ക് വാക്ക് സൂക്കെ (psuche) എന്നതാണ്. യോഹന്നാന്‍ 13: 21 ല്‍ “ ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി” എന്നതില്‍ “ഉള്ളം” എന്നതിന്റെ ഗ്രീക്ക് പദം, ന്യൂമാ (pneuma) എന്നതുമാണ്. അതായത് ഒരേ കാര്യം പറയുവാന്‍ ദേഹി എന്നതിന്റെ ഗ്രീക്ക് പദം ഒരു സ്ഥലത്ത് ഉപയോഗിച്ചപ്പോള്‍, മറ്റൊരു സ്ഥലത്ത് ആത്മാവ് എന്നതിന്റെ ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 

ലൂക്കോസിന്റെ 1: 46, 47 വാക്യങ്ങള്‍ ഇങ്ങനെ ആണ്: “അപ്പോൾ മറിയ പറഞ്ഞതു: എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നുഎന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.” ഇവിടെ കര്‍ത്താവിനെ മഹിമപ്പെടുത്തുകയും ദൈവത്തില്‍ ഉല്ലസിക്കുകയും ചെയ്യുന്നത് മറിയയിലെ അമൂര്‍ത്തമായ ഒരേ ഘടകമാണ്. ഒരേ കാര്യം ആവര്‍ത്തിച്ചു പറയുന്നതു ഒരു എബ്രായ കാവ്യ ശൈലി ആണ്. ആവര്‍ത്തനത്തില്‍ ഒന്നിന്റെ പര്യായപദം മറ്റൊരിടത്ത് ഉപയോഗിക്കുകയും ആകാം. അതിനാല്‍, 46 ആം വാക്യത്തില്‍ “ഉള്ളം” എന്ന് പറയുവാന്‍, ദേഹി എന്ന അര്‍ത്ഥം വരുന്ന സൂക്കെ (psuche) എന്ന ഗ്രീക്ക് വാക്കും, 47 ആം വാക്യത്തില്‍, “ആത്മാവു “ എന്നതിന്, അതേ അര്‍ത്ഥം വരുന്ന ന്യൂമാ (pneuma) എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്.     

മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് പറയുവാന്‍ എബ്രായ ലേഖനം 12: 23 ല്‍ “ ... എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും “ എന്നയിടത്തും, 1 പത്രൊസ് 3: 19 ല്‍ “... തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. “ എന്നയിടത്തും “ആത്മാക്കള്‍ “ എന്ന് പറയുവാന്‍, അതേ അര്‍ത്ഥമുള്ള ന്യൂമാ (pneuma) എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍, വെളിപ്പാട് 6: 9 ല്‍ “… അറുക്കപ്പെട്ടവരുടെ ആത്മാക്കളെ (psuche) ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു; “ എന്നയിടത്തും, വെളിപ്പാടു 20: 4 ല്‍ “...നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും (psuche) ഞാൻ കണ്ടു. “ എന്നയിടത്തും “ആത്മാക്കളെ “ എന്ന് പറയുവാന്‍ ദേഹി എന്നതിന്റെ ഗ്രീക്ക് വാക്കായ സൂക്കെ (psuche) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.  

 

2.

 ഡൈക്കോട്ടൊമിസ്റ്റുകളുടെ രണ്ടാമത്തെ വാദം: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍, ഒന്നുകില്‍, അവന്റെ ദേഹി വിട്ടുമാറി എന്നും അല്ലെങ്കില്‍ ആത്മാവു വിട്ടുപിരിഞ്ഞു എന്നും ആണ് വേദപുസ്തകത്തില്‍ പറയുന്നത്. വേദപുസ്തകത്തില്‍ ഒരിടത്തുപോലും ദേഹിയും ആത്മാവും വിട്ടുപിരിഞ്ഞു എന്ന് ഒരുമിച്ച് പറയുന്നില്ല. ഇതിന് ഉദാഹരണമായി, മരണത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ദേഹി എന്ന വാക്കും ആത്മാവ് എന്ന വാക്കും പര്യായ പദങ്ങളെപ്പോലെ ഉപയോഗിക്കുന്ന ചില വാക്യങ്ങള്‍ അവര്‍ ഉദ്ധരിക്കാറുണ്ട്.

 

ഉല്‍പ്പത്തി 35: 18 “എന്നാൽ അവൾ (റാഹേൽ) മരിച്ചുപോയി; ജീവൻ (ദേഹി - nephesh) പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു “.

 

1 രാജാകന്‍മാര്‍ 17: 21 “പിന്നെ അവൻ (ഏലീയാവ്) കുട്ടിയുടെമേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ (ദേഹി - nephesh) അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.”

 

യെശയ്യാവു 53:12 “... അവൻ തന്റെ പ്രാണനെ (ദേഹി - nephesh) മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.”

 

ലൂക്കോസ് 12:20 “ മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ (ദേഹി - psuche) നിന്നോടു ചോദിക്കും.”

ഇവിടെയെല്ലാം മരണത്തെക്കുറിച്ച് പറയുമ്പോള്‍ ദേഹി എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് ചില അവസരങ്ങളില്‍ മരണത്തെക്കുറിച്ച് പറയുമ്പോള്‍, ആത്മാവ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

 

സങ്കീര്‍ത്തനങ്ങള്‍ 31: 5 “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ (റുആക് - ruwach) ഭരമേല്പിക്കുന്നു...”

 

സഭാപ്രസംഗി 12:7 “പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു (റുആക് - ruwach) അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.”

 

ലൂക്കോസ് 23:46 “ യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ (ന്യൂമാ - pneuma) തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു ... “

 

യോഹന്നാന്‍ 19: 30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.” (ന്യൂമാ - pneuma  - “gave up the ghost” KJV)

 

അപ്പോസ്തല പ്രവൃത്തികള്‍ 7:59 “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ (ന്യൂമാ - pneuma) കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.”  

 

3.

 ഡൈക്കോട്ടൊമിസ്റ്റുകളുടെ മൂന്നാമത്തെ വാദം, മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ ദേഹം-ദേഹി എന്നോ ദേഹം-ആത്മാവ് എന്നോ മാത്രമേ വേദപുസ്തകത്തില്‍ പറയുന്നുള്ളൂ. 

 

മത്തായി 10: 28 ദേഹിയെ (psuche) കൊല്ലുവാൻ കഴിയാതെ ദേഹത്തെ (soma) കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും (psuche and soma) നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.”

ഇവിടെ ദേഹി എന്ന മനുഷ്യന്റെ ഘടകം, അവന്റെ മരണത്തിന് ശേഷവും ജീവിക്കുന്ന ഒന്നായിട്ടാണ് യേശു പറയുന്നത്. അത് ആ വ്യക്തിയോ അയാളുടെ ജീവനോ അല്ല. മരിച്ചു കഴിഞ്ഞു ആ വ്യക്തി ജീവിച്ചിരിക്കുന്നില്ലല്ലോ. ആ മനുഷ്യന്റെ ഒരു ഘടകം അവന്റെ മരണത്തിന് ശേഷവും ജീവിക്കുന്നു. അതാണ് ദേഹി. മാത്രവുമല്ല, “ദേഹിയെയും ദേഹത്തെയും” എന്നു യേശു പറയുമ്പോള്‍, ആ വ്യക്തിയെക്കുറിച്ച് മൊത്തമായി പറയുക ആണ്. ഇവിടെ ആത്മാവ് എന്നു പ്രത്യേകം പറയുന്നുമില്ല. ദേഹി എന്ന വാക്ക്, മനുഷ്യന്റെ ഭൌതീകമല്ലാത്ത, അമൂര്‍ത്തമായ ഘടകത്തെക്കുറിച്ച് മൊത്തമായി പറയുവാന്‍ യേശു ഉപയോഗിക്കുക ആണ്.

ഇതുപോലെ തന്നെ, 1 കൊരിന്ത്യര്‍ 5 ആം അദ്ധ്യായത്തില്‍ പൌലൊസ്, മനുഷനെക്കുറിച്ച് ദേഹം - ആത്മാവ് എന്ന് മാത്രം പറയുന്നു.

 

1 കൊരിന്ത്യര്‍ 5:4, 5 “... നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ, ആത്മാവു (pneuma) കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി (സര്‍ക്സ് - sarx) സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു. “

ദേഹിയെക്കുറിച്ച് പൌലൊസ് യാതൊന്നും ഇവിടെ പറയുന്നില്ല. അവന്റെ ദേഹി രക്ഷിക്കപ്പെടുകയില്ല എന്നോ രക്ഷിക്കപ്പെടും എന്നോ പൌലൊസ് പറയുന്നില്ല. അവന്റെ അമൂര്‍ത്തമായ ഘടകത്തെക്കുറിച്ച് പറയുവാന്‍, ആത്മാവ് എന്ന പദം മാത്രമേ പൌലൊസ് ഉപയോഗിക്കുന്നുള്ളൂ.

ഒരു മനുഷനെക്കുറിച്ച് പറയുമ്പോള്‍, ദേഹി എന്നതിനെക്കുറിച്ച് പ്രത്യേകമായി പറയാതിരിക്കുന്ന ചില വാക്യങ്ങള്‍ കൂടി നമുക്ക് വായിയ്ക്കാം:

 

യക്കോബ് 2: 26 “ഇങ്ങനെ ആത്മാവില്ലാത്ത (pneuma) ശരീരം (soma) നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.”

 

1 കൊരിന്ത്യര്‍ 7: 34 “... വിവാഹം കഴിയാത്തവൾ ശരീരത്തിലും (soma) ആത്മാവിലും (pneuma) വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; ...

 

2 കൊരിന്ത്യര്‍ 7: 1 “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും (sarx) ആത്മാവിലെയും (pneuma) സകലകന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”

 

4.

 നാലാമതായി, ദേഹിയും ആത്മാവും ഒരുപോലെ പാപത്താല്‍ മലിനമായിത്തീരുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡൈക്കോട്ടൊമിസ്റ്റുകള്‍ വാദിക്കുന്നു.

 

1 പത്രൊസ് 1: 22 “എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ (ദേഹി - psuche) നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്നേഹിപ്പിൻ.”

ഇവിടെ “ആത്മാക്കളെ” എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത് ദേഹി എന്ന അര്‍ത്ഥമുള്ള സൂക്കെ (psuche)  എന്ന ഗ്രീക്ക് പദം ആണ്. അതിനാല്‍ ഈ വാക്യം ദേഹി പാപത്താല്‍ മലിനമാകുവാന്‍ സാധ്യതയുണ്ട് എന്ന ധ്വനി നല്കുന്നു.

നമ്മള്‍ മുമ്പ് വായിച്ച വാക്യങ്ങളില്‍, 2 കൊരിന്ത്യര്‍ 7: 1 ല്‍ “... നാം ജഡത്തിലെയും (sarx) ആത്മാവിലെയും (pneuma) സകലകന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” എന്ന് പൌലൊസ് പറയുമ്പോള്‍, ആത്മാവില്‍ കന്‍മഷം ഉണ്ടാകുവാന്‍ ഇടയുണ്ട് എന്ന ധ്വനിയാണ് നല്‍കുന്നത്. അതുപോലെ തന്നെ, 1 കൊരിന്ത്യര്‍ 7: 34 ല്‍ “... വിവാഹം കഴിയാത്തവൾ ശരീരത്തിലും (soma) ആത്മാവിലും (pneuma) വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; ... എന്ന വാക്യവും ആത്മാവില്‍ അശുദ്ധിയുണ്ടാകാം എന്ന ധ്വനി നല്കുന്നു.

ആത്മാവു പാപത്താല്‍ മലിനമാകുവാന്‍ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കുന്ന മറ്റ് ചില വാക്യങ്ങള്‍ കൂടി നമുക് വായിയ്ക്കാം:

 

ആവര്‍ത്തനപുസ്തകം 2:30 എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു (ആത്മാവ് - റുആക് - ruwach) കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.”

 

സങ്കീര്‍ത്തനങ്ങള്‍ 78:8 “തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്ത മനസ്സുള്ളോരു (ആത്മാവ് - റുആക് - ruwach) തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.”

 

സദൃശവാക്യങ്ങള്‍ 16:2 “മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ (റുആക് - ruwach) തൂക്കിനോക്കുന്നു.”

 

സദൃശവാക്യങ്ങള്‍ 16:32 “ ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ (he that ruleth his spirit   ruwach - KJV) പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.”

ഈ വാക്യങ്ങളില്‍ നിന്നും നമ്മള്‍ മനസിലാക്കുന്നത് ഇതാണ്: മനുഷ്യന്റെ ആത്മാവ് എന്ന അമൂര്‍ത്ത ഘടകത്തില്‍ ദേഹിയും ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ, ദേഹിയും ആത്മാവും ഒരുപോലെ പാപത്താല്‍ മലിനമാകുവാന്‍ സാധ്യതയുണ്ട്. അതായത് ആത്മാവും ദേഹിയും വേദപുസ്തകത്തില്‍ ഒന്നായതിനാലാണ് ആത്മാവ് പാപം ചെയ്യുന്നതായി പറയുന്നത്. 

 

5.

 ദേഹിയും ആത്മാവും ഒന്നാണ് എന്ന് തെളിയിക്കുവാനായുള്ള, ഡൈക്കോട്ടൊമിസ്റ്റുകളുടെ അഞ്ചാമത്തെ വാദം ഇതാണ്: ആത്മാവിന് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ദേഹിയ്ക്കും, ദേഹിയ്ക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ആത്മാവിനും ചെയ്യുവാന്‍ കഴിയും.

മനുഷ്യന്റെ ചിന്തകളും, സങ്കല്‍പ്പങ്ങളും, തീരുമാനങ്ങളും, വികാരങ്ങളും ദേഹിയുടെ മാത്രം ഭാഗമാണ് എന്ന ചിന്തയോട്  ഡൈക്കോട്ടൊമിസ്റ്റുകള്‍ യോജിക്കുന്നില്ല. കാരണം നമ്മളുടെ ആത്മാവിനും ചിന്തകളെയും, വികാരങ്ങളെയും, നിരൂപണങ്ങളെയും ഗ്രഹിക്കുവാനുള്ള കഴിവുണ്ട് എന്ന് വേദപുസ്തകം പറയുന്നു.

 

മര്‍ക്കോസ് 2: 8 ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ (ആത്മാവ് - pneuma) ഗ്രഹിച്ചു ...”


യോഹന്നാന്‍ 13: 21 ഇതു പറഞ്ഞിട്ടു യേശു ഉള്ളം (ആത്മാവ് - pneuma) കലങ്ങി ...”

 

അപ്പോസ്തലപ്രവൃത്തികള്‍ 17: 16 “അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു (ആത്മാവ് - ന്യൂമാ - pneuma) ചൂടുപിടിച്ചു.”

 

ഈ വാക്യങ്ങളില്‍, “ഉള്ളം”  എന്നതിനും മനസ്സ്“ എന്നതിനും ഉള്ള ഗ്രീക്ക് വാക്ക്, ആത്മാവ് എന്ന അര്‍ത്ഥം വരുന്ന ന്യൂമാ (pneuma) എന്ന പദമാണ്.

 

സദൃശവാക്യങ്ങള്‍ 17: 22 “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ (ആത്മാവ് – റുആക് - ruwach) അസ്ഥികളെ ഉണക്കുന്നു.”

ഇവിടെ മനസ്സ് എന്നതിന് ആത്മാവ് എന്ന അര്‍ത്ഥം വരുന്ന എബ്രായ പദമായ റുആക് (ruwach) ആണ് ഉപയോഗിച്ചിരിക്കുന്നത്. 

റോമര്‍ 8: 16 ല്‍ പൌലൊസ് പറയുന്നു: “നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും (pneuma) നമ്മുടെ ആത്മാവോടുകൂടെ (pneuma) സാക്ഷ്യം പറയുന്നു.” നമ്മളുടെ ആത്മാവ് ഈ സാക്ഷ്യം സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ദേഹിയെപ്പോലെതന്നെ, ആത്മാവിനും ഗ്രഹിക്കുവാനുള്ള കഴിവുണ്ട് എന്നു ഈ വാക്യം തെളിയിക്കുന്നു. ആത്മാവിന് നമ്മളുടെ ചിന്തകളെ ആഴത്തില്‍ അറിയുവാനുള്ള കഴിവുണ്ട്. ഇതിനെക്കുറിച്ചാണ് പൌലൊസ് 1 കൊരിന്ത്യര്‍ 2: 11 ല്‍ പറയുന്നത്: “മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ (pneuma) മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ (pneuma) ആരും ഗ്രഹിച്ചിട്ടില്ല.”

ഈ വാക്യത്തിന്റെ അര്‍ത്ഥം ഇങ്ങനെ ആണ്: മനുഷ്യനാത്മാവ് എന്നത് മനുഷ്യനിലുള്ള ഒരു ഘടകമായ ആത്മാവ് ആണ്. അത് മനുഷ്യന്റെ എല്ലാ ചിന്തകളും, നിരൂപണങ്ങളും വികാരങ്ങളും അറിയുന്നു. ദൈവാത്മാവ് എന്നത് പരിശുദ്ധാത്മാവ് ആണ്. അവന് ദൈവത്തിന്റെ ഹൃദയവിചാരങ്ങളെ അറിയുവാന്‍ കഴിയും. മനുഷ്യാത്മാവ് മനുഷ്യനില്‍ വസികുന്ന ആത്മാവും ദൈവാത്മാവ് ദൈവത്തില്‍ വസിക്കുന്ന ആത്മാവും ആണ്.

ഈ കാരണങ്ങളാല്‍, ദേഹിയും ആത്മാവും ഒന്നാണ് എന്നും അത് മനുഷ്യന്റെ അമൂര്‍ത്തമായ ഘടകമാണ് എന്നും, ഇവ തമ്മില്‍ വ്യത്യാസം ഉണ്ട് എന്നതിന് വ്യക്തമായ തെളിവുകള്‍ വേദപുസ്തകത്തില്‍ ഇല്ല എന്നും ഡൈക്കോട്ടൊമിസ്റ്റുകള്‍ വിശ്വസിക്കുന്നു.

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഇന്ന്, ഭൂരിപക്ഷം വേദ പണ്ഡിതന്മാരും ഈ ചിന്താഗതിയെ ആണ് പിന്താങ്ങുന്നത്.

ട്രൈക്കോട്ടോമിസം (Trichotomism)

മനുഷ്യനിലെ ഘടകങ്ങളെക്കുറിച്ചുള്ള, മൂന്നാമത്തെ കാഴ്ചപ്പാട് ആണ് ട്രൈക്കോട്ടോമിസം എന്ന് അറിയപ്പെടുന്നത്. ഇതിനെ ട്രൈപാര്‍ടൈറ്റ് (tripartite) സിദ്ധാന്തം എന്നും വിളിക്കാറുണ്ട്. മനുഷ്യന്‍, ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നു ഘടങ്ങള്‍ ചേര്‍ന്നതാണ് എന്നാണ് ഇതില്‍ വിശ്വസിക്കുന്നവരുടെ വാദം. ഇവര്‍ ദേഹിയും ആത്മാവും വേര്‍തിരിച്ചുകാണുവാന്‍ കഴിയുന്ന രണ്ടു ഘടകങ്ങള്‍ ആണ് എന്ന് വിശ്വസിക്കുന്നു. ഇതാണ് പരമ്പര്യ ക്രിസ്തീയ വിശ്വസം. ഈ ചിന്താധാരയില്‍ വിശ്വസിക്കുന്നവരില്‍, പാശ്ചാത്യരും, പൌരസ്ത്യരും, വിവിധ സഭാവിഭാഗത്തില്‍പ്പെട്ടവരും ആയ വേദപണ്ഡിതന്മാര്‍ ഉണ്ട്.

ഇവരുടെ വാദങ്ങള്‍ ഇവയെല്ലാം ആണ്: ആത്മാവ്, മനുഷ്യന്റെ പ്രകൃതിയിലെ, അരൂപിയായ, ഉന്നത ഘടകവും ദേഹി ഉന്നതമല്ലാത്ത ഘടകവുമാണ്. ആത്മാവില്‍, വിവേചനവും, ഉള്‍ക്കാഴ്ചയും, നിര്‍ണ്ണയവും, യുക്തിഭദ്രതയും ഉണ്ട്. ദേഹി ഒരുവന്‍റെ വ്യക്തി എന്ന സ്വത്വമാണ്. ദേഹിയില്‍ വികാരങ്ങളും, രൂപങ്ങളും, ഓര്‍മ്മയും, വ്യക്തിത്വവും ഉണ്ട്.

വേദപുസ്തകത്തിലെ മാര്‍മ്മികമായ സത്യങ്ങള്‍  കാലഗതമായി പടിപടിയായി വെളിപ്പെടുന്നതാണ്. ദൈവീക മര്‍മ്മങ്ങളുടെ വെളിപ്പെടല്‍, ഓരോ കാലത്തെയും വിശ്വാസത്തിന് സമാനമായിരിക്കും. ദൈവീക ത്രിത്വത്തെക്കുറിച്ചുള്ള വെളിപ്പാടും പഴയനിയമത്തില്‍ അവ്യക്തവും പുതിയ നിയമത്തില്‍ വ്യക്തവും ആണ്. ഇത് പടിപടിയായ കാലനുഗതമായ വെളിപ്പാടിന് ഉദാഹരണം ആണ്.

അതിനാല്‍, മനുഷ്യന്റെ മൂന്ന് ഘടകങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള വ്യക്തമായ വിശദീകരണം, പഴയനിയമത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നില്ല. അവിടെ ഈ ആശയം കാണാം എങ്കിലും കൂടുതല്‍ വ്യക്ത ഉണ്ടാകുന്നത് പുതിയനിയമത്തില്‍ ആണ്. മനുഷ്യനില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട് എന്നു പുതിയനിയമം വ്യക്തമായി പഠിപ്പിക്കുന്നു.

മനുഷ്യനില്‍, ദേഹം, ദേഹി (പ്രാണന്‍), ആത്മാവ് എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട് എന്നു മനസ്സിലാക്കാതെ, നിത്യതയെക്കുറിച്ചുള്ള ക്രിസ്തീയ വിശ്വസം ഗ്രഹിക്കുവാന്‍ പ്രയാസമാണ്. മനുഷ്യന്‍ മൂര്‍ത്തമായ ഒരു ജഡീക വസ്തു മാത്രമല്ല. മനുഷ്യനില്‍ നിത്യതയുള്ള, അമര്‍ത്യമായ ഒരു ഘടകം ഉണ്ട്. ദേഹിയും ആത്മാവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവ തമ്മില്‍ വേര്‍തിരിച്ച് വിശദീകരിക്കുക എന്നത് വളരെ പ്രയാസമാണ്. എങ്കിലും, ദേഹിയും ആത്മാവും രണ്ടാണ് എന്നു തന്നെ ആണ് വേദപുസ്തകം പഠിപ്പിക്കുന്നത്.

ട്രൈക്കോട്ടോമിസത്തെ അനുകൂലിക്കുന്നവര്‍ ദേഹിയ്ക്ക് പാപം ചെയ്യുവാന്‍ കഴിയും എന്നു സമ്മതിക്കുന്നു. കാരണം ദേഹിയില്‍ മനുഷ്യന്റെ ബുദ്ധിയും യുക്തിയും, വികാരങ്ങളും ഇശ്ചാശക്തിയും ഉണ്ട്. ദേഹിക്ക് ദേഹത്തെയോ, ആത്മാവിനെയോ അനുസരിച്ച് നടക്കുവാന്‍ കഴിയും. എന്നാല്‍, ആത്മാവ് ദേഹിയെക്കാള്‍ ഉന്നതമായ നിലയില്‍ ഉള്ളതാണ് എന്നും വിശുദ്ധമാണ് എന്നും അവര്‍ കരുതുന്നു. ഒരു മനുഷ്യന്റെ ആത്മാവ്, അവന്‍ വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ മാത്രമേ ജീവനുള്ളതായി തീരുന്നുള്ളൂ. വീണ്ടും ജനനം പ്രാപിക്കുമ്പോള്‍, ആത്മാവ് ആണ് വീണ്ടും ജനിക്കുന്നത്. ആത്മാവാണ് പുതിയ മനുഷ്യന്‍. അതിനാല്‍ ആത്മാവ് പാപത്തില്‍ നിന്നും സ്വതന്ത്രമാകുന്നു. വീണ്ടും ജനനം പ്രാപിച്ച ആത്മാവ്, പരിശുദ്ധാത്മായിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നു. ഇതാണ് ട്രൈക്കോട്ടോമിസ്റ്റുകളുടെ വാദം.

 

റോമര്‍ 8:10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.

മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണ് എന്നതുകൊണ്ടു തന്നെ അവനില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ട്. ഉല്‍പ്പത്തി 1: 26 ല്‍ ദൈവം പറയുന്നതിങ്ങനെ ആണ്: “ അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ...” ദൈവം ത്രിയേകനാണ് എന്നു നമുക്ക് അറിയാമല്ലോ. അപ്പൊസ്തലനായ പൌലൊസിന്റെ പ്രശസ്തമായ ആശീര്‍വാദത്തില്‍ ദൈവീക ത്രിത്വം വ്യക്തമായി കാണാം.

 

2 കൊരിന്ത്യര്‍ 13:14 “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.”

മത്തായി എഴുതിയ സുവിശേഷം 28: 19 ല്‍ നമ്മളുടെ കര്‍ത്താവ് നമ്മളോട് കല്‍പ്പിച്ച് നല്കിയ വലിയ ദൌത്യത്തില്‍, ദൈവീക ത്രിത്വത്തെ കാണാം. യേശു പറഞ്ഞത് ഇങ്ങനെ ആണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ”.

ദൈവീക ത്രിത്വത്താല്‍, ദൈവത്തിന്റെ, സ്വരൂപത്തിലും സാദൃശ്യപ്രകാരവും സൃഷ്ടിക്കപ്പെട്ട മനുഷ്യനിലും മൂന്ന് ഘടകങ്ങള്‍ കാണാം. അവന്റെ ആത്മീയ ഘടകം ശരീരത്തില്‍ നിന്നും തികച്ചും വിഭിന്നമാണ്.

മനുഷ്യനില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കുവാന്‍ ട്രൈക്കോട്ടോമിസ്റ്റുകള്‍ ഉപയോഗിയ്ക്കുന്ന ചില വാക്യങ്ങള്‍ ഇവയെല്ലാം ആണ്: 

 

ഉല്‍പ്പത്തി 2: 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം (നെഷമ - neshamah) ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി (നെഫെഷ് - nephesh).തീർന്നു.

മനുഷ്യനില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ട് എന്നു ഈ വാക്യം വ്യക്തമാക്കുന്നു. മനുഷ്യനെ ദൈവം നിലത്തെ പൊടിയില്‍ നിന്നു സൃഷ്ടിച്ചു എന്നത് ഭൌതീക ഘടകം ആണ്. അവന് ജീവന്‍ ലഭിച്ചത്, ദൈവം അവന്‍റെ മൂക്കില്‍ ജീവശ്വാസം (neshamah) ഊതിയപ്പോള്‍ ആണ്. ഇതിന്റെ അനന്തരഫലമായി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. (നെഫെഷ് - nephesh).

സദൃശവാക്യങ്ങള്‍ 20: 27 ല്‍ “മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം “ എന്ന് പറയുന്നിടത്ത് മനുഷ്യന്‍റെ ആത്മാവ് എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം നെഷമ (neshamah) എന്നതാണ്. ഇതേ എബ്രായ പദം തന്നെ ആണ് ഉല്‍പ്പത്തി 2: 7 ല്‍ “ജീവശ്വാസം “ എന്നതിനും ഉപയോഗിച്ചിരിക്കുന്നത്. ഈ സാമ്യത്തില്‍ നിന്നും, “മനുഷ്യന്‍റെ ആത്മാവ്” എന്നതും ദൈവം ആദാമില്‍ ഊതിയ “ജീവശ്വാസം “ എന്നതും ഒന്നുതന്നെയാണ് എന്ന് മനസ്സിലാക്കാം.

ട്രൈക്കോട്ടോമിസ്റ്റുകള്‍ അവരുടെ വാദത്തിന് പ്രധാന തെളിവായി ഉപയോഗിയ്ക്കുന്ന വാക്യമാണ് 1 തെസ്സലൊനീക്യര്‍ 5: 23. അത് ഇങ്ങനെ ആണ്:

 

1 തെസ്സലൊനീക്യര്‍ 5:23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

ഈ വാക്യത്തിലെ “മുഴുവനും “ (completely - NKJV),  “അശേഷം “ (wholeNKJV) എന്നീ വാക്കുകള്‍ ഈ മൂന്നു ഘടകങ്ങളുടെ പൂര്‍ണ്ണതയെ ആണ് കാണിക്കുന്നത്.

ഇവര്‍ ഉദ്ധരിക്കുന്ന മറ്റൊരു വേദഭാഗം, 1 കൊരിന്ത്യര്‍ 2: 14 മുതല്‍ 3: 2 വരെയുള്ള വാക്യങ്ങള്‍ ആണ്.

 

1 കൊരിന്ത്യര്‍ 2: 14 - 16

14   എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.

15   ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.

16   കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.

 

1 കൊരിന്ത്യര്‍ 3: 1, 2

    എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.

   ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.

ഈ വേദഭാഗത്ത് അപ്പൊസ്തലനായ പൌലൊസ്, കൊരിന്ത്യയിലെ സഭയിലുള്ള വിശ്വാസികളെ പ്രത്യേകമായും, എല്ലാ വിശ്വാസികളെ പൊതുവായും, മൂന്ന് വിഭാഗങ്ങള്‍ ആയി തിരിക്കുന്നു. അവര്‍, ആത്മികന്മാർ (pneumatikos2: 15; 3: 1), പ്രാകൃതമനുഷ്യൻ (psychikós2: 14), ജഡികന്മാര്‍ (sarkikós3: 1, 2) എന്നിവര്‍ ആണ്. ഈ മൂന്ന് കൂട്ടരെയും നിയന്ത്രിക്കുന്നത് അവരുടെ വ്യത്യസ്തങ്ങള്‍ ആയ ഘടകങ്ങള്‍ ആണ്. അത് ആത്മാവും, ദേഹിയും, ദേഹവും ആകുന്നു. ആത്മാവും ദേഹിയും ഒന്നാണ് എങ്കില്‍, പൌലൊസിന്റെ വാദം അര്‍ത്ഥശൂന്യമാകും.

ട്രൈക്കോട്ടോമിസത്തില്‍ വിശ്വസിക്കുന്നവര്‍ ഉദ്ധരിക്കുന്ന മറ്റൊരു വാക്യമാണ്, എബ്രായര്‍ 4: 12.


എബ്രായര്‍ 4: 12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.

ഈ വാക്യത്തില്‍ ദേഹി, അഥവാ പ്രാണന്‍, ആത്മാവ് എന്നിവ രണ്ടു ഘടകകങ്ങള്‍ ആണ് എന്ന് വ്യക്തമായി പറയുന്നു. ഇവിടെ പ്രാണന്‍ എന്ന് പറയുവാന്‍ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്, സൂക്കേ (psuche) എന്ന വാക്കാണ്. അതായത്, പ്രാണന്‍ എന്ന മലയാള പദം ദേഹി എന്നതിനെ കാണിക്കുന്നു. ദേഹി എന്നതിന്റെ എബ്രായ പദമായ നെഫെഷ് (nephesh) ന്‍റെ ഗ്രീക്ക് പദമാണ് സൂക്കേ (psūchê). 

ട്രൈക്കോട്ടോമിസം അനുസരിച്ചു, മനുഷ്യന്റെ ദേഹി അഥവാ പ്രാണനില്‍ അവന്റെ ബുദ്ധിയും, വികാരങ്ങളും, ഇശ്ചാ ശക്തിയും ഉണ്ട്. എല്ലാ മനുഷ്യര്‍ക്കും ദേഹി ഉണ്ട്. അതിനു ദൈവത്തിന്റെ ഹിതം പ്രവര്‍ത്തിക്കുവാനും അതിനെ എത്തുര്‍ത്തുകൊണ്ടു പാപം ചെയ്യുവാനും കഴിയും. ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം അതിനുണ്ട്.  

 

റോമര്‍ 7: 22, 23

22  ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

23  എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.

നമ്മളിലുള്ള, വീണ്ടും ജനനം പ്രാപിച്ച ആത്മാവു ആണ് ദൈവത്തെ ആരാധിക്കുന്നത്.

 

യോഹന്നാന്‍ 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

 

ഫിലിപ്പിയര്‍ 3:3 നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

നവീകരണ നായകരില്‍ പ്രമുഖനായിരുന്ന, മര്‍ട്ടിന്‍ ലൂഥര്‍, ലൂക്കോസിന്‍റെ സുവിശേഷത്തിന്റെ വ്യാഖ്യാനത്തില്‍, മനുഷ്യനില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.  ലൂക്കോസ് 1: 46-55 വരെയുള്ള, യേശുവിന്റെ അമ്മ മറിയയുടെ സ്തുതി വാചകങ്ങളെക്കുറിച്ച് പറയുമ്പോള്‍, ഒരു പഴയനിയമ ദൃഷ്ടാന്തത്തിലൂടെ, ദേഹം, ദേഹി, ആത്മാവ് എന്നിവയെ മര്‍ട്ടിന്‍ ലൂഥര്‍, വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെ ആണ്: മോശെയുടെ സമാഗമന കൂടാരത്തിന് മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അത് പ്രകാരം, വിശുദ്ധ സ്ഥലം, അതിവിശുദ്ധ സ്ഥലം എന്നിവ ആയിരുന്നു. അതിവിശുദ്ധ സ്ഥലം ദൈവത്തിന്റെ വാസസ്ഥലം ആയിരുന്നു. അവിടെ ദൈവത്തില്‍ നിന്നും പുറപ്പെടുന്ന വെളിച്ചമല്ലാതെ, മനുഷ്യനിര്‍മ്മിതമായ യാതൊരു പ്രകാശ സ്രോതസ്സും ഉണ്ടായിരുന്നില്ല. രണ്ടാമത്തേത്, വിശുദ്ധസ്ഥലം ആണ്. ഇവിടെ ഏഴു ശാഖകള്‍ ഉള്ള ഒരു നിലവിളക്ക് ഉണ്ടായിരുന്നു. അത് എപ്പോഴും കത്തികൊണ്ടിരുന്നു. മൂന്നാമത്തേത്, പ്രകാരം ആയിരുന്നു. അത് മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലമായിരുന്നു. അവിടെ സൂര്യന്‍റെ പ്രകാശം നേരിട്ട് പതിച്ചു. ഇതില്‍ ഒരു ക്രിസ്തീയ വിശ്വാസിയുടെ ശരീരത്തിലെ മൂന്നു ഘടകങ്ങളെ കാണാം. മനുഷ്യന്റെ ആത്മാവ്, അതിവിശുദ്ധ സ്ഥലമാണ്. അവിടെയുള്ള, വിശ്വാസത്തിന്‍റെ, ബാഹ്യമായ പ്രകാശമില്ലാത്ത അവസ്ഥയില്‍ ദൈവം വസിക്കുന്നു. അവിടെ ഉള്ളതൊന്നും മനുഷ്യന്‍ കാണുന്നില്ല, അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല. എങ്കിലും മനുഷ്യന്‍ അത് വിശ്വസിക്കുന്നു. വിശുദ്ധ സ്ഥലത്തു നിലവിളക്ക് ഉണ്ട്, അവിടെ വെളിച്ചം ഉണ്ട്. ഇത് മനുഷ്യന്റെ ദേഹിയെ അല്ലെങ്കില്‍ പ്രാണനെ സൂചിപ്പിക്കുന്നു. ഇവിടം, കാണപ്പെടുന്നതും മൂര്‍ത്തവും ആയ കാര്യങ്ങളെ ഗ്രഹിക്കുവാനുള്ള മനുഷ്യന്റെ കഴിവ്, യുക്തി, വിവേചനം, അറിവ് എന്നിവയുടെ ഇരിപ്പിടമാണ്. സമാഗമന കൂടാരത്തിന്റെ പ്രാകാരം, മനുഷ്യന്റെ ദേഹത്തെ സൂചിപ്പിക്കുന്നു. അത് എല്ലാവര്‍ക്കും തുറന്നു കിടക്കുന്നു. മനുഷ്യര്‍ക്ക് ഒരുവന്റെ പ്രവര്‍ത്തിയെയും ജീവിതരീതിയെയും കാണുവാന്‍ കഴിയും. ഇതായിരുന്നു മര്‍ട്ടിന്‍ ലൂതറിന്റെ വിശദീകരണം. 

സുവിശേഷവിഹിത സഭകള്‍ ട്രൈക്കോട്ടോമിസം ആണ് വിശ്വസികുന്നത് എങ്കിലും, വേദപണ്ഡിതന്‍മാര്‍ക്കിടയില്‍ ഇന്ന് ഇതിന് ഏറെ പിന്തുണയില്ല. ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമായി വിശദീകരിക്കുവാന്‍ ട്രൈക്കോട്ടോമിസത്തില്‍ വിശ്വസിക്കുന്നവര്‍ ഏറെ പാടുപെടുന്നുണ്ട്. വേദപുസ്തകത്തില്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല.

ട്രൈക്കോട്ടോമിസവും എതിര്‍ വാദങ്ങളും

മനുഷ്യരിലുള്ള ദേഹം, ദേഹി, ആത്മാവ് എന്നീ ഘടകങ്ങളെക്കുറിച്ചും, അവയെക്കുറിച്ചുള്ള വ്യത്യസ്തങ്ങള്‍ ആയ മൂന്ന് കാഴ്ചപ്പാടുകളും നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു. അതിനാല്‍ ഈ പഠനം ഇവിടെ അവസാനിപ്പിക്കാവുന്നതാണ്. എന്നാല്‍, നമ്മളുടെ അറിവിലേക്കായി, ഇതിനോടൊപ്പം ഒരു ഭാഗം കൂടി ചേര്‍ക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു. അത്, മനുഷ്യരില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട് എന്നു വിശ്വസിക്കുന്ന ട്രൈക്കോട്ടോമിസ്റ്റുകളുടെ വാദങ്ങളെ ഖണ്ഡിക്കുന്ന, മനുഷ്യരില്‍ രണ്ടു ഘടകങ്ങള്‍ മാത്രമേയുള്ളൂ എന്നു വിശ്വസിക്കുന്ന ഡൈക്കോട്ടൊമിസ്റ്റുകളുടെ വാദങ്ങളെക്കുറിച്ചുള്ള വിവരണം ആണ്.

നമ്മള്‍ ഇതുവരെ മനസ്സിലാക്കിയതുപോലെ, ട്രൈക്കോട്ടോമിസ്റ്റുകള്‍ മനുഷ്യനില്‍ വ്യത്യസ്തങ്ങളും വേര്‍തിരിക്കാവുന്നതുമായ, ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട് എന്നു വിശ്വസിക്കുന്നു. എന്നാല്‍ ഡൈക്കോട്ടൊമിസ്റ്റുകള്‍, മനുഷ്യനില്‍ മൂര്‍ത്തവും, അമൂര്‍ത്തവും ആയ രണ്ടു ഘടകങ്ങള്‍ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്നു. ഡൈക്കോട്ടൊമിസ്റ്റുകള്‍ക്ക് ദേഹി എന്നതും ആത്മാവ് എന്നതും ഒരേ ഘടകമാണ്; അവ ഒരേ ഘടകത്തിന്റെ രണ്ടു പര്യായപദങ്ങള്‍ മാത്രമാണ്.

ഇവര്‍ ഇരുവരുടെയും വാദങ്ങളും പ്രതിവാദങ്ങളും മനസ്സിലാക്കുവാനായി, ആദ്യം ട്രൈക്കോട്ടോമിസ്റ്റുകളുടെ വാദവും അതിനു ശേഷം അതിന് എതിരായി ഡൈക്കോട്ടൊമിസ്റ്റുകള്‍ നിരത്തുന്ന വാദവും നമുക്ക് പഠിക്കാം. ആവര്‍ത്തന വിരസത ഒഴിവാക്കാനായി, മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളും ആശയങ്ങളും വീണ്ടും വിശദമായി എടുത്ത് പറയുന്നില്ല. 

 

1.

 ട്രൈക്കോട്ടോമിസത്തില്‍ വിശ്വസിക്കുന്നവരുടെ പ്രധാന വാദം ഇതാണ്: 1 തെസ്സലൊനീക്യര്‍ 5:23 ല്‍ പൌലൊസ്, ദേഹം, ദേഹി, ആത്മാവ് എന്നീ മൂണ് ഘടകങ്ങളെക്കുറിച്ച് വേര്‍തിരിച്ച് പറയുന്നുണ്ട്. എന്നാല്‍ ഈ വാക്യം മനുഷ്യനില്‍ വേര്‍തിരിക്കുവാന്‍ കഴിയുന്ന മൂന്ന് ഘടകം ഉണ്ട് എന്ന് പറയുന്നില്ല എന്നാണ് ഡൈക്കോട്ടൊമിസ്റ്റുകളുടെ അഭിപ്രായം. “ആത്മാവും പ്രാണനും ദേഹവും “ എന്നത് മൂന്നു പ്രത്യേക വാക്കുകള്‍ അല്ല, അതൊരു ഏക പദസമുച്ചയം (phrase) ആണ്. ഈ പദസമുച്ചയം മനുഷ്യനെ മൊത്തമായി പരാമര്‍ശിക്കുന്നു. വേദപുസ്തകത്തില്‍, ഇതുപോലെ പര്യായപദങ്ങള്‍ ഒരുമിച്ച് ഉപയോഗിയ്ക്കുന്ന പദസമുച്ചയങ്ങള്‍, മറ്റ് സ്ഥലങ്ങളിലും കാണാവുന്നതാണ്. അതേ ശൈലി തന്നെ ആയിരിക്കാം പൌലൊസ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് യേശു പറഞ്ഞ ഒരു വാക്യം വായിയ്ക്കാം.

 

മത്തായി 22: 37 “യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും (ദേഹി - soul - psuche)  പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.”

ട്രൈക്കോട്ടോമിസ്റ്റുകളുടെ ശൈലി അനുസരിച്ച് ഈ വാക്യത്തെ വ്യാഖ്യാനിച്ചാല്‍, യേശു ഇവിടെ മൂന്നു ഘടകത്തെക്കുറിച്ച് പറയുന്നു എന്ന് പറയേണ്ടിവരും. അങ്ങനെ ആണ് എങ്കില്‍, ഹൃദയവും, ആത്മാവും മനസ്സും വ്യത്യസ്തങ്ങള്‍ ആയ മൂന്ന് ഘടകങ്ങള്‍ ആകും. “പൂർണ്ണാത്മാവോടും” എന്നത് ഗ്രീക്കില്‍ സൂക്കെ (ദേഹി - psuche) എന്നാണ്. അതിന്റെ അര്‍ത്ഥം ദേഹി അല്ലെങ്കില്‍ പ്രാണന്‍ എന്നാണ്. മനസ്സും ദേഹിയും ഒന്നാണ് എന്ന് ഇരുകൂട്ടരും സമ്മതിക്കുന്നുണ്ട്. അതിനാല്‍,പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ” എന്നു യേശു പറയുമ്പോള്‍, ദേഹിയെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കുകയാണ്.

മര്‍ക്കോസ് 12: 30 ല്‍ ഇതേ കാര്യം യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും (ദേഹി - soul - psuche)  പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം”. ഇവിടെ “പൂർണ്ണശക്തിയോടും കൂടെ” എന്നൊരു നാലാമതൊരു ഘടകത്തെക്കുറിച്ച് കൂടെ യേശു പറയുന്നു.

ഇതിനോടൊപ്പം ആത്മാവ് (pneuma), ദേഹം (soma) എന്നിവകൂടി കൂട്ടിയാല്‍ മനുഷ്യനില്‍ 6 ഘടകങ്ങള്‍ ഉണ്ട് എന്നു പറയേണ്ടി വരും. അതിനാല്‍, മനുഷ്യനെക്കുറിച്ചോ, അവനില്‍ ഉള്ള ഘടകകങ്ങളെക്കുറിച്ചോ പര്യായപദങ്ങള്‍ പോലെ അന്ന് ഉപയോഗിച്ചിരുന്ന വാക്കുകളെ യേശു ഒരുമിച്ച്, ആവര്‍ത്തിച്ച് പറയുന്നു എന്നു മനസ്സിലാക്കുന്നതാണ് ഏറെ ശരി. ഈ ആവര്‍ത്തനം, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുവാന്‍ വേണ്ടി ആയിരുന്നിരിക്കേണം. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം,” എന്നു യേശു പറഞ്ഞപ്പോള്‍, അവന്‍ ഒരു മനുഷ്യനെ മൊത്തമായി പരാമര്‍ശിക്കുക ആയിരുന്നു. യേശു പറഞ്ഞതിതാണ്: നമ്മള്‍, സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ ദൈവത്തെ സ്നേഹിക്കേണം.  

പൌലൊസ് 1 തെസ്സലൊനീക്യര്‍ 5: 23 ല്‍ വേര്‍തിരിക്കുവാന്‍ കഴിയുന്ന മൂന്നു ഘടകങ്ങള്‍ മനുഷ്യനില്‍ ഉണ്ട് എന്ന ധ്വനിയോടെ അല്ല ആ വാക്യം എഴുതിയത്. നമ്മളെ സമ്പൂര്‍ണ്ണമായും ദൈവം ശുദ്ധീകരിച്ച് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ, എന്നാണ് പൌലൊസ് പറയുന്നത്.

 

2.

 ട്രൈക്കോട്ടോമിസ്റ്റുകള്‍ അവരുടെ അഭിപ്രായം സാധൂകരിക്കുവാനായി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വാക്യം എബ്രായര്‍ 4: 12 ആണ്.  ഈ വാക്യത്തില്‍ ദൈവത്തിന്റെ വചനമെന്ന വാള്‍, പ്രാണനെയും, ആത്മാവിനെയും സന്ധിമജ്ജകളെയും ഹൃദയത്തിലെ ചിന്തനങ്ങളെകളെയും, ഭാവങ്ങളെയും വേറുവിടുവിക്കുകയും വിവേചിക്കുകയും ചെയ്യുന്നതാണ് എന്ന് പറയുന്നു. “പ്രാണനെയും ആത്മാവിനെയും “ എന്ന് രണ്ടായി പറയുന്നു. എന്നാല്‍ ഇതെല്ലാം മനുഷ്യന്റെ മൂന്ന് വിവിധ ഘടകങ്ങള്‍ അല്ല, ഒരു മനുഷ്യന്‍റെ ഗോചരമല്ലാത്ത ഘടകങ്ങള്‍ ആണ്. ഇവിടെ പ്രാണനെക്കുറിച്ചും ആത്മാവിനെക്കുറിച്ചും മാത്രമല്ല പറയുന്നത്. അദ്ദേഹം പറയുന്ന പട്ടികയില്‍, പ്രാണനും, ആത്മാവും, സന്ധിമജ്ജകളും, ഹൃദയത്തിലെ ചിന്തനങ്ങളും, ഭാവങ്ങളും ഉണ്ട്. ഇതെല്ലാം മനുഷ്യന്‍റെ വ്യത്യസ്തങ്ങള്‍ ആയ ഘടകങ്ങള്‍ അല്ല.

ഈ വാക്യത്തിന്റെ അര്‍ത്ഥം നമ്മള്‍ ഇങ്ങനെ ആണ് മനസ്സിലാക്കേണ്ടത്: ദൈവ വചനത്തിന്, പുറമെ കാണുന്നതു മാത്രമല്ല, മൂര്‍ത്തമോ, ഗോചരമോ അല്ലാത്ത മനുഷ്യന്റെ ഉള്ളത്തെകൂടെ വിവേചിക്കുവാന്‍ കഴിയും. അതായത്, ദേഹി, ആത്മാവ് എന്നിങ്ങനെഉള്ള രണ്ട് ഘടകങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കും ആന്തരിക മനുഷ്യനെക്കുറിച്ചുള്ളതാണ്.

 

3.

 1 കൊരിന്ത്യര്‍ 2: 14 മുതല്‍ 3: 2 വരെയുള്ള വേദഭാഗത്ത്, അപ്പൊസ്തലനായ പൌലൊസ്, കൊരിന്ത്യയിലെ സഭയിലുള്ള വിശ്വാസികളെ പ്രത്യേകമായും, എല്ലാ വിശ്വാസികളെയും പൊതുവായും, അവരുടെ ആത്മീയ ജീവതത്തിന്റെ അടിസ്ഥാനത്തില്‍, മൂന്നായി തരംതിരിക്കുന്നു. അവര്‍, ആത്മികന്മാർ (pneumatikos2: 15; 3: 1), പ്രാകൃതമനുഷ്യൻ (soulish - psychikós2: 14), ജഡികന്മാര്‍ (sarkikós - 3.1, 2) എന്നിവര്‍ ആണ്. ഈ മൂന്ന് കൂട്ടരെയും നിയന്ത്രിക്കുന്നത് അവരുടെ വ്യത്യസ്തങ്ങള്‍ ആയ ഘടകങ്ങള്‍ ആണ്. അത് ആത്മാവും, ദേഹിയും, ദേഹവും ആകുന്നു. ഇതാണ് ട്രൈക്കോട്ടോമിസ്റ്റുകളുടെ വാദം.  

ഈ വാക്യത്തെക്കുറിച്ചുള്ള ഡൈക്കോട്ടൊമിസ്റ്റുകളുടെ എതിര്‍ വാദം ഇങ്ങനെ ആണ്. കൊരിന്ത്യ സഭ സമ്മിശ്രമായ ഒരു സമൂഹം ആയിരുന്നു. അതിനാല്‍, പൌലൊസ് എഴുതിയിരിക്കുന്ന ഈ പട്ടികയില്‍ അക്രൈസ്തവര്‍ ഉണ്ടായിരുന്നിരിക്കാം. അവരെയാണ് ജഡീകന്‍മാര്‍ (sarkikós) എന്നു വിളിക്കുന്നത്. ഇവര്‍ മാനസാന്തരപ്പെടാത്തവര്‍ ആണ്. രണ്ടാമത്തെ കൂട്ടര്‍, മാനസാന്തരപ്പെട്ടു എന്നു അവകാശപ്പെടുന്ന, എന്നാല്‍ അക്രൈസ്തവരെപ്പോലെ ജീവിക്കുന്നവര്‍  ആണ്. അവര്‍ പ്രാകൃത മനുഷ്യര്‍ (soulish - psychikós) ആണ്. അവര്‍ വീണ്ടും ജനനം പ്രാപിച്ച ആത്മാവിന്റെ ഹിതത്തിന് വിധേയരായി ജീവിക്കുന്നില്ല. മൂന്നാമത്തെ കൂട്ടര്‍, വീണ്ടും ജനനം പ്രാപിച്ച ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവര്‍ ആണ് (pneumatikos).

പൌലൊസ് ഇവിടെ തീര്‍ച്ചയായും, പ്രാകൃതമനുഷ്യരെ (soulish - psychikós) ആത്മികന്മാരില്‍ (pneumatikos) നിന്നും വേര്‍തിരിക്കുന്നുണ്ട്. ആത്മീയര്‍ എന്നത്, പരിശുദ്ധാത്മാവിനാല്‍ സ്വാധീനിക്കപ്പെട്ട്, പരിശുദ്ധാത്മാവിനെ അനുസരിച്ച് ജീവിക്കുന്നവര്‍ ആണ്. അവര്‍ക്ക് ദൈവീക സത്യങ്ങള്‍ വെളിപ്പെട്ട് കിട്ടുന്നു. എന്നാല്‍, ഈ വേദഭാഗം, ക്രിസ്തീയ വിശ്വാസികള്‍ക്ക് ആത്മാവ് ഉണ്ട് എന്നും വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ആത്മാവ് ഇല്ലാ എന്നും പറയുന്നില്ല. വിശ്വാസികളുടെ ആത്മാവ് ജീവനുള്ളതായും, അവിശ്വാസിയുടെ ആത്മാവ് മരിച്ച അവസ്ഥയില്‍ ആയിരിക്കുന്നതായും ഈ വാക്യം പറയുന്നില്ല. ആത്മാവ് എല്ലാവരിലും ജീവനുള്ളതായിട്ടുണ്ട്. എന്നാല്‍ ദൈവവുമായ ബന്ധത്തില്‍, രക്ഷിക്കപ്പെടാത്തവരുടെ ആത്മാവ്, മല്‍സര സ്വഭാവത്തോടെ ആയിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍, വീണ്ടും ജനനം പ്രാപിക്കാത്തവരുടെ ആത്മാവ്, ദൈവത്തോട് മരിച്ച അവസ്ഥയില്‍ ആയിരിക്കുന്നു എന്നു പറയാം.

പൌലൊസ് ഇവിടെ മനുഷ്യന്റെ രണ്ടോ മൂന്നോ ഘടകത്തെക്കുറിച്ചല്ല പറയുന്നത്. അത് ഇവിടെ ചിന്താവിഷയം അല്ല. പരിശുദ്ധാത്മാവിന്റെ സ്വാധീനത്തില്‍ ഉള്ളവരെക്കുറിച്ചും, അല്ലാത്തവരെക്കുറിച്ചും ആണ് അദ്ദേഹം ഇവിടെ പറയുന്നത്. അദ്ദേഹം, ദേഹിയും ആത്മാവും തമ്മില്‍ വേര്‍തിരിച്ച് ഇവിടെ സംസാരിക്കുന്നില്ല. എങ്കിലും, കൊരിന്ത്യ സഭയിലെ ജനങ്ങളെ മൂന്നായി തരം തിരിക്കുമ്പോള്‍, ആത്മീയര്‍ക്കും, ജഡീകര്‍ക്കും ഇടയില്‍ ഒരു കൂട്ടര്‍ ഉണ്ട് എന്ന് പറയുന്നു. എന്നാല്‍ ദേഹിയും ആത്മാവും തമ്മിലുള്ള ഒരു വേര്‍തിരിവായി ഇതിനെ നിര്‍വചിക്കുവാന്‍ സാധ്യമല്ല. കാരണം അത്തരമൊരു ആശയത്തെ പിന്തുണയ്ക്കുന്ന ഒരു സന്ദര്‍ഭം അല്ല ഇത്. പൌലൊസിന്റെ ലേഖനങ്ങളില്‍ മനുഷനില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട് എന്ന് വ്യക്തമായി വേര്‍തിരിച്ച് പറയുന്ന മറ്റ് വാക്യങ്ങള്‍ കൂടി ലഭിച്ചാലെ നമുക്ക് ഇത്തരമൊരു വേര്‍തിരിവിനെ പിന്തുണയ്ക്കുവാന്‍ കഴിയൂ.


4.

 ഇനി ട്രൈക്കോട്ടോമിസ്റ്റുകള്‍ ഉദ്ധരിക്കുന്ന മറ്റൊരു വാക്യവും അതിന് ഡൈക്കോട്ടൊമിസ്റ്റുകള്‍ പറയുന്ന എതിര്‍ വാദവും നോക്കാം.

 

1 കൊരിന്ത്യര്‍ 14: 14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു (pneuma) പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ (understanding - nous) അഫലമായിരിക്കുന്നു.

ഇവിടെ പൌലൊസ്, ദേഹി, ആത്മാവ് എന്നിവയെ വ്യത്യസ്തമായി കാണുന്നു എന്ന് ട്രൈക്കോട്ടോമിസ്റ്റുകള്‍ വാദിക്കുന്നു. ആത്മാവും ബുദ്ധിയും രണ്ടു വ്യത്യസ്തങ്ങള്‍ ആയ കാര്യങ്ങള്‍ ചെയ്യുന്നു. ഇത്, മനുഷ്യന്റെ മനസ്സ്, അല്ലെങ്കില്‍ ബുദ്ധി, അവന്റെ ദേഹിയുടെ ഭാഗം ആണ് എന്നും ആത്മാവും, ദേഹിയും വ്യത്യസ്തങ്ങള്‍ ആയ രണ്ടു ഘടകങ്ങള്‍ ആകുന്നു എന്നും വ്യക്തമാക്കുന്നു.

എന്നാല്‍, ട്രൈക്കോട്ടോമിസ്റ്റുകളുടെ ഈ വാദഗതിയ്ക്ക് ചില പോരായ്മകള്‍ ഉണ്ട്. നമ്മള്‍ ഈ വാക്യത്തെ മനസ്സിലാക്കേണ്ടത് ഇങ്ങനെ ആണ്: പൌലൊസ് അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ആത്മാവിലാണ് പ്രാര്‍ത്ഥിക്കുന്നത്. അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് എന്താണ് എന്ന് ബുദ്ധികൊണ്ട് ഗ്രഹിക്കുന്നില്ല. അതായത് അദ്ദേഹത്തിലുള്ള അമൂര്‍ത്തമായ ഘടകത്തിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയും. എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്നു അദ്ദേഹം തന്നെ തിരിച്ചറിയേണം എന്നില്ല. എന്നാല്‍, പൌലൊസ് ദേഹിയെ ആത്മാവില്‍ നിന്നും വ്യത്യസ്തമായ ഘടകമായി കാണുന്നു എന്ന് ഇവിടെ പറയുന്നില്ല. ദേഹിയും ആത്മാവും രണ്ടാണ് എന്ന് അതിനാല്‍ തെളിയിക്കപ്പെടുന്നില്ല.

 

5.

 ട്രൈക്കോട്ടോമിസ്റ്റുകളുടെ മറ്റൊരു വാദം, വികാരങ്ങളും ചിന്തകളും അല്ലാതെയുള്ള കാര്യങ്ങളും നമുക്ക് അനുഭവിക്കുവാന്‍ കഴിയും എന്നതാണ്. ഉദാഹരണത്തിന്, രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക്, ദൈവത്തിന്റെ സാന്നിധ്യം, ദൈവത്തിന്റെ നിയോഗം, നടത്തിപ്പ് എന്നിവ അനുഭവിക്കുവാനും ഗ്രഹിക്കുവാനും കഴിയും. അത് പലപ്പോഴും സാധാരണമായ മാനുഷ ചിന്തകളില്‍ നിന്നും വിഭിന്നവും ആയിരിയ്ക്കും. ഒരു മനുഷ്യന്, ദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും ദൈവീക സാന്നിധ്യം അനുഭവിക്കുകയും ദൈവീക ആലോചനകള്‍ പ്രാപിക്കുകയും ചെയ്യാം. ദേഹിയില്‍ നിന്നും വ്യത്യസ്ഥമായ ഒരു ആത്മാവ് മനുഷ്യന് ഇല്ലാ എങ്കില്‍, മാനുഷ ചിന്തകളില്‍ നിന്നും വ്യത്യസ്ഥമായ ആലോചനകളും അനുഭവങ്ങളും ഉണ്ടാകുക സാധ്യമല്ല. 

ഇതിന് ഡൈക്കോട്ടൊമിസ്റ്റ്കളുടെ മറുപടി ഇങ്ങനെ ആണ്: ക്രിസ്തീയ വിശ്വാസികള്‍ക്ക് ആത്മീയ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നത് ശരിയാണ്. ദൈവത്തിന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുവാനും കഴിയും. ഇതേ ആത്മാവിന്റെ തലത്തില്‍ ചിലപ്പോള്‍ നമ്മള്‍ ഭാരപ്പെടുന്നവരും നിരാശപ്പെടുന്നവരും ആകാറുണ്ട്. ചിലപ്പോള്‍ പൈശാചിക സാന്നിധ്യവും പോരാട്ടവും അനുഭപ്പെടാറുണ്ട്. മിക്കപ്പോഴും, ഇത്തരം ആത്മീയ അനുഭവങ്ങള്‍, നമ്മളുടെ യുക്തിയ്ക്ക് വിശദീകരിക്കുവാന്‍ കഴിയാത്തതും ആണ്. ദൈവീകമായ അനുഭവങ്ങള്‍, ദേഹിയ്ക്കും ആത്മാവിനും ഒരുപോലെ അനുഭവിക്കുവാന്‍ കഴിയും. അതിനാല്‍, ആത്മീയ അനുഭവങ്ങള്‍, ദേഹിയും ആത്മാവും രണ്ടാണ് എന്നു അസന്നിഗ്ദമായി തെളിയിക്കുന്നില്ല.

 

6.

 ട്രൈക്കോട്ടോമിസ്റ്റുകളുടെ മറ്റൊരു വാദം, മൃഗങ്ങള്‍ക്ക് ദേഹി ഉണ്ട്, എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമേ ആത്മാവ് ഉള്ളൂ എന്നതാണ്. അവരുടെ അഭിപ്രായത്തില്‍ മൃഗങ്ങള്‍ക്ക് ആത്മാവ് ഇല്ലാ എന്നതാണ് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം.

ഇതിനെയും ഡൈക്കോട്ടൊമിസ്റ്റുകള്‍ ഖണ്ഡിക്കുന്നു. മനുഷ്യരുടെ ആത്മീയ കഴിവുകള്‍ ആണ് അവനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത്. ആത്മാവു ഉള്ളതുകൊണ്ടാണ് നമുക്ക് ആത്മാവായിരിക്കുന്ന, ദൈവത്തെ ആരാധിക്കുവാനും ദൈവീക ബന്ധത്തില്‍ ആയിരിക്കുവാനും കഴിയുന്നത്. എന്നാല്‍ നമ്മളുടെ ആത്മാവു ദേഹിയില്‍ നിന്നും വ്യത്യസ്തവും വേര്‍തിരിഞ്ഞതും ആയിരിക്കേണം എന്നില്ല. നമ്മളുടെ മനസ്സുകൊണ്ടു നമുക്ക് ദൈവത്തെ സ്നേഹിക്കുവാനും, അവന്റെ വചനത്തെ വായിച്ചു മനസ്സിലാക്കുവാനും, അത് ഗ്രഹിക്കുവാനും വിശ്വസിക്കുവാനും പ്രാര്‍ത്ഥിക്കുവാനും കഴിയും. മനസ്സ് ദേഹിയുടെ ഭാഗമാണ് എന്ന് ട്രൈക്കോട്ടോമിസ്റ്റുകള്‍ പറയുന്നുമുണ്ട്.

മനുഷ്യനു ആത്മാവിലും മനസ്സിലും ദൈവത്തോടുള്ള ബന്ധത്തില്‍ ആയിരിക്കുവാന്‍ കഴിയും. ഇത് മൃഗങ്ങള്‍ക്ക് അസാധ്യമാണ്. മനുഷ്യന്റെ ഈ സവിശേഷതയ്ക്ക് ഒരു പ്രത്യേക ഘടകം ആവശ്യമില്ല. നമ്മളുടെ ശരീരത്തിനും ദൈവവുമായുള്ള ബന്ധത്തില്‍ ആയിരിക്കുവാന്‍ കഴിയും. ശരീരത്തിനു ദൈവത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ട കാര്യമില്ല. മനുഷ്യന് മൊത്തമായി തന്നെ ദൈവത്തോട് ബന്ധപ്പെട്ടു നില്‍ക്കുവാന്‍ കഴിയും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം, ദൈവം മനുഷ്യന് നല്കിയിരിക്കുന്ന ആത്മീയ കഴിവുകള്‍ ആണ്. ഈ ആത്മീയ കഴിവുകള്‍, മനുഷ്യന്റെ ശരീരത്തിനും, മനസ്സിനും ആത്മവിനും ഉണ്ട്. അത് മൃഗങ്ങള്‍ക്ക് ഇല്ല.

മൃഗങ്ങള്‍ക്ക് ദേഹി ഉണ്ടോ എന്നത് നമ്മള്‍ ദേഹിയെ എങ്ങനെ നിര്‍വചിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ദേഹിയെ, ബുദ്ധി, മനസ്സ്, വികാരങ്ങള്‍, ഇശ്ചാശക്തി എന്നിങ്ങനെ ആണ് നമ്മള്‍ നിര്‍വചിക്കുന്നത് എങ്കില്‍, മൃഗങ്ങളില്‍ ഉന്നത ശ്രേണിയില്‍ ഉള്ളതിനെങ്കിലും ദേഹി ഉണ്ട് എന്ന് പറയേണ്ടിവരും. എന്നാല്‍, ദേഹിയും ആത്മാവും ഒന്നാണ് എന്നും, അത് മനുഷ്യന്‍റെ അമൂര്‍ത്തമായ ഘടകമാണ് എന്നും, അതിനു ദൈവത്തോട് ഉള്ള ബന്ധത്തില്‍ ആയിരിക്കുവാന്‍ കഴിയും എന്നും, അതിനു നിത്യത ഉണ്ട് എന്നും നിര്‍വചിച്ചാല്‍,  മൃഗങ്ങള്‍ക്ക് ദേഹിയോ, ആത്മാവോ ഇല്ലാ എന്ന് പറയേണ്ടിവരും.

ഇവിടെ മറ്റൊരു വിശദീകരണം കൂടെ ആവശ്യമാണ്. എബ്രായ ഭാഷയില്‍ ദേഹി എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന നെഫെഷ് (nephesh) എന്ന വാക്ക് മൃഗങ്ങളെക്കുറിച്ച് പറയുവാനും പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.  

 

ഉല്‍പ്പത്തി 1:21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും (ചെയ് - chay – ജീവ – nephesh - നെഫെഷ് ദേഹി -)  അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ....”

 

ഉല്‍പ്പത്തി 9:4 “പ്രാണനായിരിക്കുന്ന (ദേഹി - നെഫെഷ് - nephesh) രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.”

എന്നാല്‍ ഇവിടെയെല്ലാം നെഫെഷ് (nephesh)  എന്ന വാക്ക് ജീവന്‍, ജീവനുള്ള എന്നീ അര്‍ത്ഥത്തില്‍ മാത്രമാണു ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യന് ഉള്ളതുപോലെ മൃഗങ്ങള്‍ക്കും ദേഹി ഉണ്ട് എന്ന് ഇതിന് അര്‍ത്ഥമില്ല.

 

7.

 ട്രൈക്കോട്ടോമിസ്റ്റുകളുടെ മറ്റൊരു വാദം ഇങ്ങനെ ആണ്: നമ്മള്‍ വീണ്ടും ജനനം പ്രാപിക്കുമ്പോള്‍, ആത്മാവ് ജീവനുള്ളതായി തീരുന്നു. എല്ലാ മനുഷ്യര്‍ക്കും ദേഹി ഉണ്ട് എങ്കിലും വീണ്ടും ജനനം പ്രാപിച്ചവര്‍ക്ക് മാത്രമേ ജീവനുള്ള ആത്മാവു ഉള്ളൂ. ഇത് ദേഹിയും ആത്മാവും രണ്ടാണ് എന്നു കാണിക്കുന്നു. ഇതിനായി റോമര്‍ 8:10 ആം വാക്യം അവര്‍ എടുത്തുപറയുന്നു.  

 

റോമര്‍ 8: 10 “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും (പാപം നിമിത്തം മരിച്ചിരിക്കുന്നു എങ്കിലും) ആത്മാവു (pneuma) നീതിനിമിത്തം ജീവനാകുന്നു.”

ഈ വാദത്തിന് ഡൈക്കോട്ടൊമിസ്റ്റുകള്‍ പറയുന്ന മറുവാദം ഇങ്ങനെ ആണ്: അക്രൈസ്തവര്‍ക്കും അവിശ്വാസികള്‍ക്കും ആത്മാവു ഉണ്ട് എന്നു വേദപുസ്തകം പറയുന്നുണ്ട്. അതിനു ജീവനുമുണ്ട്. എന്നാല്‍ രക്ഷിക്കപ്പെടാത്തവരുടെ ഉള്ളിലെ ആത്മാവ് ദൈവത്തോട് മല്‍സരിക്കുന്നു. ഈ വാക്യങ്ങള്‍ ശ്രദ്ധിയ്ക്കുക:

 

ആവര്‍ത്തനപുസ്തകം 2:30 “എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു (ആത്മാവ് - റുആക് - ruwach) കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.”

 

ദാനിയേല്‍ 5: 20 “എന്നാൽ അവന്റെ (നെബൂഖദുനേസര്‍) ഹൃദയം ഗർവ്വിച്ചു, അവന്റെ മനസ്സു (ആത്മാവ് - റുആക് - ruwach - Aramaic) അഹങ്കാരത്താൽ കഠിനമായിപ്പോയശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു.”

 

സങ്കീര്‍ത്തനങ്ങള്‍ 78:8 “തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു (ആത്മാവ് - റുആക് - ruwach) തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.”

 

റോമര്‍ 8:10 ല്‍ “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ .... ആത്മാവു (pneuma) നീതിനിമിത്തം ജീവനാകുന്നു.” എന്നു പൌലൊസ് പറഞ്ഞപ്പോള്‍, ദൈവത്തോട് ജീവനുള്ളതാകുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതായത്, രക്ഷിക്കപ്പെടുന്നതിന് മുമ്പ് നമ്മളുടെ ആത്മാവ്, പൂര്‍ണ്ണമായും മരിച്ച അവസ്ഥയില്‍ ആയിരുന്നു എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. വീണ്ടും ജനനം പ്രാപിക്കുന്നതിന് മുമ്പ്, നമ്മളുടെ ആത്മാവ് ദൈവത്തോട് ബന്ധമില്ലാത്തതും, ദൈവത്തോട് മല്‍സരിക്കുന്നതും, ആ അര്‍ത്ഥത്തില്‍ ജീവന്‍ ഇല്ലാത്തതും ആയിരുന്നു. ഇതേ അര്‍ത്ഥത്തില്‍, വീണ്ടും ജനനത്തിന് മുമ്പ്, നമ്മള്‍ മൊത്തമായി, “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു” (എഫെസ്യര്‍ 2:1). എന്നാല്‍ വീണ്ടും ജനനം പ്രാപിച്ചപ്പോള്‍, … “ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ ...” ആയി. (റോമര്‍ 6:11). നമ്മളുടെ ഒരു ഘടകം മാത്രമല്ല ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ ആയിമാറിയത്, നമ്മള്‍ മൊത്തമായി പുതിയ സൃഷ്ടി ആയി തീര്‍ന്നു.

 

2 കൊരിന്ത്യര്‍ 5:17 “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.”  

ഈ കാരണങ്ങളാല്‍, ദേഹിയും ആത്മാവും ഒന്നുതന്നെ ആണ് എന്നു ഡൈക്കോട്ടൊമിസ്റ്റുകല്‍ വാദിക്കുന്നു. നമ്മളുടെ ശരീരവും ദേഹി-ആത്മാവും തമ്മില്‍ പര്‍സ്പരം വേര്‍തിരിക്കുവാനാകാത്ത ബന്ധമുണ്ട്. ഇവ തമ്മിലുള്ള ആശയവിനിമയം ശരീരത്തെയും ആത്മാവിനെയും സ്വാധീനിക്കുന്നുണ്ട്.

ഇതെല്ലാം ആണ് ട്രൈക്കോട്ടോമിസ്റ്റുകളുടെയും ഡൈക്കോട്ടൊമിസ്റ്റുകളുടെയും വാദങ്ങള്‍. ഈ വാദങ്ങളില്‍ ഞാന്‍ പക്ഷം പിടിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, ഇന്നത്തെ ദൈവശാസ്ത്രജ്ഞന്‍മാരില്‍ ഭൂരിപക്ഷവും മനുഷ്യനില്‍ രണ്ട് ഘടകങ്ങള്‍ മാത്രമേയുള്ളൂ എന്നു വിശ്വസിക്കുന്നവര്‍ ആണ്. അത് മൂര്‍ത്തവും അമൂര്‍ത്താവുമായ രണ്ട് ഘടകങ്ങള്‍ ആണ്. മൂര്‍ത്തമായത് ശരീരവും, അമൂര്‍ത്തമായത് ദേഹി-ആത്മാവ് എന്ന ഘടകവും ആണ്. ദേഹിയും ആത്മാവും ഒന്നുതന്നെയാണ് എന്നു അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ പരമ്പര്യ ക്രൈസ്തവ വിശ്വസം അനുസരിച്ച്, മനുഷ്യനില്‍ വേര്‍തിരികുവാന്‍ കഴിയുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. അവ, ദേഹം, ദേഹി, ആത്മാവ് എന്നിവയാണ്.

മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു?

ദേഹം, ദേഹി, ആത്മാവ് എന്നീ മനുഷ്യനിലെ ഘടകത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കേണം എങ്കില്‍, മരണാനന്തരം അവയ്ക്കു എന്തു സംഭവിക്കുന്നു എന്നുകൂടി അറിയേണ്ടതുണ്ട്. മനുഷ്യനില്‍ മൂന്നു ഘടകങ്ങള്‍ ഉണ്ടോ, രണ്ടേയുള്ളോ എന്ന വാദങ്ങള്‍ തീര്‍പ്പാക്കുവാനും ഈ അറിവ് ആവശ്യമാണ്. മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്റെ ദേഹി അഥവാ പ്രാണന്‍, മനുഷ്യ ശരീരത്തില്‍ നിന്നും വിഘടിക്കപ്പെടുന്നു എന്നാണ് പാരമ്പര്യ ക്രൈസ്ത വീക്ഷണം. അത് പിന്നീട്, പുനരുദ്ധാനത്തില്‍, യോജിക്കപ്പെടും. ദേഹിക്ക് നിത്യതയുണ്ട് എന്ന വിശ്വാസമാണ് നമ്മള്‍ ഇവിടെ കാണുന്നത്.

വെസ്റ്റ്മിന്‍സ്റ്റെര്‍ ഏറ്റുപറച്ചിലില്‍ 32 ആമത്തെ അദ്ധ്യായത്തില്‍, ഇങ്ങനെ ആണ് പറഞ്ഞിരിക്കുന്നത്: മനുഷ്യന്‍ മരിക്കുമ്പോള്‍, അവന്റെ ശരീരം പൊടിയിലേക്ക് തിരികെ പോകുന്നു. അത് ദ്രവിക്കുന്നു. എന്നാല്‍ അവരുടെ ദേഹി ഒരിയ്ക്കലും മരിക്കുന്നില്ല, ഉറങ്ങുന്നില്ല. അതിനു നിത്യമായ പ്രകൃതി ഉള്ളതിനാല്‍ അത് ഉടന്‍ തന്നെ, അതിനെ നല്കിയ ദൈവത്തിന്റെയടുക്കലേക്ക് തിരികെ പോകുന്നു. (Westminster Confession - chapter XXXII).

ദേഹിയും ആത്മാവും രണ്ടാണ് എങ്കില്‍, ആത്മാവ് വിശ്രമിക്കുന്ന ഒരു സ്ഥലവും ദേഹി വിശ്രമിക്കുന്ന മറ്റൊരു സ്ഥലവും ഉണ്ടായിരിക്കേണം. കാരണം അവയ്ക്കു രണ്ടിനും നിത്യത ഉണ്ട്. പുനരുദ്ധാനത്തില്‍ അവ വീണ്ടും ശരീരത്തോട് യോജിക്കേണ്ടതുമാണ്. അവ രണ്ടും ഒന്നാണ് എങ്കില്‍, ആത്മാവ് അതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. പുനരുദ്ധാനത്തിങ്കല്‍ ആത്മാവ് ശരീരത്തോട് വീണ്ടും യോജിക്കുന്നു. അങ്ങനെ ശരീരം വീണ്ടും ജീവനുള്ള ദേഹിയായി തീരും.

ദേഹം, ദേഹി ആത്മാവ് എന്നിങ്ങനെയുള്ള മനുഷ്യന്റെ മൂന്നു ഘടകത്തെക്കുറിച്ചുള്ള ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.     


തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ
online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക.

രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക. 

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാനും ഇതേ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഇ-ബുക്കുകള്‍, naphtalitribebooks.in എന്ന നമ്മളുടെ eStore ല്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാം. അവിടെ നിന്നും interactive catalogue ഉം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍, 9895524854 എന്ന ഫോണ്‍ നമ്പറില്‍ whatsapp ലൂടെ ആവശ്യപ്പെടാം.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!


No comments:

Post a Comment