വേദപുസ്തകത്തിലെ യെശയ്യാവ് പ്രവാചകന്‍റെ
പുസ്തകത്തില്‍ നിന്നും രണ്ട് വാക്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു ചെറിയ സന്ദേശം ആണിത്.
അതിനായി നമുക്ക് ആ വാക്യങ്ങള്‍ വായിക്കാം.
യെശയ്യാവ് 53: 4, 5
4 സാക്ഷാൽ
നമ്മുടെ
രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ
വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ
ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ
അവൻ
നമ്മുടെ
അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ
സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ
അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
യെശയ്യാവ്
53 -)൦ അദ്ധ്യായത്തിളെ ഈ വിവരണം യേശു ക്രിസ്തുവിന്‍റെ ക്രൂശ് മരണത്തെക്കുറിച്ചാണ്
എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
എന്നാല്‍
യാഹൂദന്മാര്‍ക്ക് ഈ വിവരണം തങ്ങളുടെ പ്രവാസ ജീവിതത്തെക്കുറിച്ചാണ് എന്ന അഭിപ്രായം
ഉണ്ട്.
സുവിശേഷ
ഗ്രന്ഥകര്‍ത്താവായ മത്തായിയും അപ്പോസ്തലനായ പത്രോസും ഈ വാക്യങ്ങള്‍ തങ്ങളുടെ
എഴുത്തുകളില്‍ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയും ക്രൂശീകരണവുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കുന്നുണ്ട്.
വാക്യങ്ങള്‍ മനസ്സിലാക്കുക
നമുക്ക് ഈ
വാക്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാം.
യെശയ്യാവ് 53: 4 സാക്ഷാൽ നമ്മുടെ
രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ
വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ
ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
‘സാക്ഷാല്‍’
എന്ന വാക്ക് തീര്‍ച്ചയായും, നിച്ശയമായും, ഉറപ്പായും, സത്യമായും എന്നിങ്ങനെ ഉള്ള
അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതു
അതിനുശേഷം പറയുന്ന കാര്യങ്ങളുടെ നിച്ശയത്തെ കാണിക്കുന്നു.
എബ്രായ
ഭാഷയില്‍ ശാരീരിക രോഗത്തിനും ആത്മീയ രോഗമായ പാപത്തിനും ഇടയില്‍ വലിയ വേര്‍തിരിവ്
ഇല്ലായിരുന്നു എന്ന് നമ്മള്‍ ഇവിടെ ഓര്‍ക്കേണം.
ശാരീരിക
രോഗം ആത്മീയ രോഗമായ പാപത്തിന്‍റെ ഫലമാണ് എന്ന് അവര്‍ വിശ്വസിച്ചു.
അതുകൊണ്ടാണ്
കുഷ്ടരോഗത്തെ പാപത്തിന്‍റെ ഫലമായി അവര്‍ കണ്ടിരുന്നത്.
ക്രൈസ്തവ
വേദപണ്ഡിതന്മാരും പഴയനിയമത്തിലെ കുഷ്ടരോഗത്തെ പാപത്തിന്‍റെ നിഴലായി തന്നെ ആണല്ലോ
കാണുന്നത്.
‘രോഗങ്ങളെ
അവൻ വഹിച്ചു’ എന്ന് പറയുമ്പോള്‍ രോഗത്തെ വഹിച്ചുകൊണ്ട് പോയി എന്നതും
‘വേദനകളെ അവൻ ചുമന്നു’ എന്ന് വായിക്കുമ്പോള്‍ അതിന്‍റെ
ഭാരത്തെക്കുറിച്ചും ആണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
അതായത് യേശുക്രിസ്തു
നമ്മളുടെ ഭാരമേറിയ പാപത്തെയും അതിന്റെ ശിക്ഷകളേയും, ഇനി ഒരിക്കലും നമുക്ക് എതിരായി
കണക്കിടാതവണ്ണം ദൂരേക്ക് വഹിച്ചുകൊണ്ട് പോയി.
സ്വാഭാവികമായും
ഈ വാക്യം വായിക്കുമ്പോള്‍ യഹൂദന്മാരുടെ പാപയാഗത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട
രണ്ടു കോലാടുകളെയും നമ്മള്‍ ഓര്‍ത്തുപോകും.
ലേവ്യപുസ്തകം
16-)൦ അദ്ധ്യായത്തില്‍ ആണ് പാപയാഗത്തിന്റെ ദിവസത്തെക്കുറിച്ച് നമ്മള്‍
വായിക്കുന്നത്.
മഹാപുരോഹിതന്
സമാഗമന കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാന്‍ അനുവാദം ഉള്ള ദിവസം
ആണത്.
മഹാപുരോഹിതന്‍
യിസ്രായേൽമക്കളുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെ വാങ്ങേണം.
അവൻ
ആ രണ്ടു
കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ
നിർത്തേണം.
പിന്നെ രണ്ടു
കോലാട്ടുകൊറ്റനും, യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു
ചീട്ടും ഇടേണം.
യഹോവെക്കുള്ള
ചീട്ടു വീണ കോലാട്ടുകൊറ്റനെ മഹാപുരോഹിതന്‍ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
അസസ്സേലിന്നു
ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, മരുഭൂമിയിലേക്കു
വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.
ജീവനോടിരിക്കുന്ന
കോലാട്ടുകൊറ്റന്റെ തലയിൽ മഹാപുരോഹിതന്‍ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ
എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ
തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു
അയക്കേണം.
കോലാട്ടുകൊറ്റൻ
അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ
കോലാട്ടുകൊറ്റനെ
മരുഭൂമിയിൽ വിടേണം.
ഈ
സംഭവങ്ങളിലേക്ക് നോക്കുക:
അസസ്സേലിന്നു
എന്ന് മാറ്റി നിറുത്തിയ കോലാട് യിസ്രായേല്‍ ജനത്തിലെ സകലരുടെയും പാപത്തെ
വഹിച്ചുകൊണ്ട്, ഇനി ഒരിക്കലും തിരികെ വരാതെവണ്ണം മരുഭൂമിയിലേക്ക് പോകുകയാണ്.
ഇതു
ക്രിസ്തുവിന്‍റെ യാഗത്തിന്റെ നിഴല്‍ ആണ്.
അതായത് അസസ്സേലിന്നു
എന്ന് മാറ്റി നിറുത്തിയ കോലാടിനെപ്പോലെ യേശു ക്രിസ്തു നമ്മളുടെ സകല പാപങ്ങളും
രോഗങ്ങളും വഹിച്ചുകൊണ്ടാണ് ക്രൂശില്‍ യാഗമായി തീര്‍ന്നത്.
‘സാക്ഷാല്‍’
എന്ന വാക്ക് അതിന്‍റെ ഉറപ്പിനെ കാണിക്കുന്നു.
ഈ ഉറപ്പോട്
കൂടി നമുക്ക് അടുത്ത വാക്യം വായിക്കാം.
യെശയ്യാവ് 53: 5 എന്നാൽ
അവൻ
നമ്മുടെ
അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ
സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ
അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക്
അപ്പുറം മശിഹ ശത്രുക്കളാല്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും എന്ന്
പ്രവാചകന്‍ കാണുക ആണ്.
യേശുക്രിസ്തു
നമ്മളുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും തകര്‍ന്നും ഇരിക്കുന്നു.
നമ്മളുടെ
രോഗ സൗഖ്യത്തിനായുള്ളത് യേശുവിന്‍റെ ശരീരത്തില്‍ ഏറ്റ അടിപ്പിണരുകളില്‍ പ്രവാചകന്‍
കാണുന്നു.
‘അവന്റെ അടിപ്പിണരുകളാൽ നമുക്കു
സൗഖ്യം വന്നുമിരിക്കുന്നു.’
യേശു
മുറിവേറ്റതും തകര്‍ന്നതും അവന്റെ ഭൌതീക ശരീരത്തില്‍ ആണ്.
യേശുവിന്‍റെ
ആത്മാവിനെ അടിക്കുവാണോ മുറിവേല്‍പ്പിക്കുവാനോ കൊല്ലുവാനോ റോമന്‍ പടയാളികള്‍ക്ക്
കഴിഞ്ഞില്ല.
ശത്രുക്കള്‍ക്ക്
അവന്റെ ശരീരത്തെ മാത്രമേ തകര്‍ക്കുവാന്‍ കഴിഞ്ഞുള്ളു.
എന്നാല്‍
പാപം എന്നത് ശാരീരികം അല്ല, മറിച്ച് ആത്മീകം ആണ് – പാപം ആത്മീയ തകര്‍ച്ച ആണ്.
യേശുവിന്‍റെ
പഠിപ്പിക്കലില്‍ മുഴുവന്‍, അവന്‍ പാപത്തിന്‍റെ ആത്മീയ വശത്തിലാണ് ഊന്നല്‍ നല്‍കിയത്
എന്ന് ഓര്‍ക്കുക.
വ്യഭിചാരം
പോലും നമ്മളുടെ മനസ്സുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തിയായി യേശു പഠിപ്പിച്ചു.
അതായത്,
മനസ്സുകൊണ്ട് ചെയ്യുന്ന പാപം ശരീരം കൊണ്ട് ചെയ്യുന്ന ലംഘനങ്ങളേക്കാള്‍ വിനാശകരം
ആണ്.
യേശു തന്റെ
ഭൌതീക ശരീരത്തില്‍ അനുഭവിച്ച തകര്‍ച്ച നമ്മളുടെ ലംഘനങ്ങള്‍ക്കും പാപത്തിനും
പരിഹാരം ആകുന്നതു, പാപം, രോഗം എന്നിവയെക്കുറിച്ചുള്ള യഹൂദ കാഴ്ചപ്പാട്
അനുസരിച്ചാണ്.
ഞാന്‍
ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ, എബ്രായര്‍ക്കു പാപം, രോഗം എന്നത് കാരണവും അതിന്റെ
ഫലവും ആയിരുന്നു.
അങ്ങനെ ഈ
വാക്യത്തില്‍ പാപത്തെയും രോഗത്തെയും ഒരുപോലെ പ്രവാചകന്‍ കാണുന്നു.
ആത്മീയ സൗഖ്യവും ഭൌതീക സൗഖ്യവും
യേശുവിന്റെ
കഷ്ടാനുഭാവങ്ങളെക്കുറിച്ച് പ്രവാചകന്‍ വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍
എന്തായിരുന്നു ഉണ്ടായിരുന്നത്?
യെശയ്യാവ്
പ്രവാചകന്‍ ആത്മീയ സൌഖ്യത്തെ കുറിച്ചു മാത്രമാണോ പറഞ്ഞത് അതോ ശാരീരിക സൌഖ്യവും
അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?
ഞാന്‍
മുമ്പ് പറഞ്ഞതുപോലെ യെശയ്യാവ് 53-)൦ അദ്ധ്യായം യേശുക്രിസ്തുവിന്‍റെ
കഷ്ടാനുഭവത്തെക്കുറിച്ചാണ് എന്നതിന്‍റെ ഉറപ്പ് ഈ വേദഭാഗങ്ങള്‍ സുവിശേഷ ഗ്രന്ഥകര്‍ത്താവായ
മത്തായിയും യേശുവിന്‍റെ ശിഷ്യനായ പത്രോസും യേശുവുമായി ബന്ധപ്പെടുത്തി തന്നെ
ഉദ്ധരിക്കുന്നുണ്ട് എന്നതാണ്.
മത്തായി 8:17
ല്‍
ശാരീരിക സൌഖ്യത്തെക്കുറിച്ച് പറയുവാനും പത്രോസ് അദ്ദേഹത്തിന്‍റെ ഒന്നാമത്തെ
ലേഖനത്തില്‍ 2-)൦ അദ്ധ്യായം 24-)൦ വാക്യത്തില്‍ ആത്മീയ സൌഖ്യത്തെക്കുറിച്ച്
പറയുവാനും ഈ വാക്യം ഉദ്ധരിക്കുന്നു.
നമുക്ക് ഈ
രണ്ടു വേദഭാഗങ്ങളും വായിക്കാം.
മത്തായി
8 ല്‍ യേശു പത്രോസിന്റെ വീട് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് നമ്മള്‍
വായിക്കുന്നു.
അപ്പോള്‍
പത്രോസിന്‍റെ അമ്മായിഅമ്മ പനി ആയി കിടക്കുക ആയിരുന്നു.
യേശു അവളെ സൌഖ്യം ആക്കി.
ഈ അത്ഭുത രോഗശാന്തിയുടെ കഥ വളരെ വേഗം ചുറ്റുപാടും പരന്നു.
വൈക്കുന്നേരം ആയപ്പോഴേക്കും പല
ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
മറ്റ്
രോഗങ്ങളാല്‍ പ്രയാസപ്പെട്ടിരുന്നവരും യേശുവിന്‍റെ അടുക്കല്‍ വന്നു.
യേശു വാക്കുകൊണ്ടു
ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി.
അപ്പോള്‍
മത്തായി യെശയ്യാവ് പ്രവാചകന്‍റെ പ്രവചനം ഓര്‍ത്തു.
മത്തായി 8:17 അവൻ നമ്മുടെ
ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു
നിവൃത്തിയാകുവാൻ തന്നേ.
തന്നെക്കുറിച്ചുള്ള
പ്രവചനം നിവര്‍ത്തി ആകേണം എന്ന ഉദ്യേശ്യത്തോടെ യേശു രോഗികളെ സൌഖ്യമാക്കി എന്നല്ല ഈ
വാക്യം പറയുന്നത്.
ഈ സംഭവത്തെ
മത്തായി പ്രവചനത്തിന്റെ നിവര്‍ത്തിയായി കണ്ടു.
കൂടുതല്‍
വിശദീകരണം കൂടാതെ തന്നെ, മത്തായി, ശാരീരിക രോഗ സൌഖ്യത്തെ പ്രവചന നിവര്‍ത്തിയായി
കണ്ടു എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
എന്നാല്‍ പത്രോസ്
അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ ആത്മീയ സൌഖ്യത്തെക്കുറിച്ചാണ് പറയുന്നത്.
1 പത്രോസ് 2: 24 നാം പാപം
സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ
ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ
അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.
യേശുക്രിസ്തു
നമ്മളുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശില്‍ കയറി എന്ന് പത്രോസ് വ്യക്തമായി
പറയുന്നു.
‘അവന്റെ
അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.’
ഇവിടെ
പത്രോസ് നമ്മളുടെ പാപത്തെയും ശിക്ഷയേയും യേശുവിന്റെ ശാരീരിക കഷ്ടതയുമായി
ബന്ധിപ്പിക്കുക ആണ്.
പാപം എന്ന ആത്മീയ
തകര്‍ച്ച ശാരീരിക ദണ്ഡനത്താല്‍ ശിക്ഷിക്കപ്പെടുകയാണ്.
അങ്ങനെ ഭൌതീക
സൌഖ്യം ആത്മീയ സൌഖ്യത്തില്‍ വെളിവാകുന്നു.
ആത്മീയ
സൌഖ്യം ഭൌതീക സൌഖ്യമായി തീരുന്നു.
ഇതില്‍ നിന്നെല്ലാം
നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
യേശു
ജനങ്ങളുടെ ശാരീരിക രോഗങ്ങളെ സൌഖ്യമാക്കിയപ്പോള്‍ യെശയ്യാവ് പ്രവാചകന്‍റെ വാക്കുകള്‍
നിവര്‍ത്തിയായി എന്ന് മത്തായിയും യേശു നമ്മളുടെ ആത്മീയ സൌഖ്യത്തിനായി ക്രൂശില്‍ മരിച്ചു
എന്ന് പത്രോസും പറയുന്നു.
അതിന്‍റെ
അര്‍ത്ഥം യേശുവിന്‍റെ കഷ്ടാനുഭവങ്ങളും ക്രൂശ് മരണവും നമുക്ക് ആത്മീയവും ഭൌതീകവും
ആയ സൌഖ്യം സാധ്യമാക്കി എന്നാണ്.
നമ്മള്‍
മുമ്പ് പറഞ്ഞതുപോലെ ആത്മീയ സൌഖ്യം ഭൌതീക സൌഖ്യവുമായി ചേര്‍ന്നിരിക്കുന്നു.
നമ്മള്‍ എന്തുകൊണ്ട് ഇപ്പോഴും രോഗികള്‍ ആകുന്നു?
എന്നാല്‍
ചില ക്രിസ്തീയ പ്രഭാഷകര്‍, യേശുവിന്‍റെ കഷ്ടാനുഭവത്തിലൂടെ, വിശ്വസിക്കുന്ന
എല്ലാവര്‍ക്കും പരിപൂര്‍ണ്ണ സൌഖ്യം വന്നിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
ഇപ്പോള്‍
തന്നെ നമുക്ക് പൂര്‍ണ്ണ സൌഖ്യം അനുഭവിക്കുവാന്‍ കഴിയും എന്നും ആര്‍ക്കെങ്കിലും അത്
അനുഭവിക്കുവാന്‍ കഴിയുന്നില്ലാ എങ്കില്‍ അത് വിശ്വാസത്താല്‍ അവകാശപ്പെടാത്തതുകൊണ്ടാണ്
എന്നും അവര്‍ പഠിപ്പിക്കുന്നു.
‘അവന്റെ
അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു’ എന്ന
വാക്യത്തിലെ ഭൂതകാലം ആണ് അവര്‍ മുഖ്യമായി ചൂണ്ടിക്കാണിക്കുന്നത്.
‘സൗഖ്യം
വന്നുമിരിക്കുന്നു’ എന്നത് ഭൂതകാലത്തില്‍ സംഭവിച്ചു കഴിഞ്ഞതായതിനാല്‍ ക്രിസ്തീയ
വിശ്വാസികള്‍ക്ക് ഇപ്പോള്‍ തന്നെ പരിപൂര്‍ണ്ണ സൌഖ്യം വന്നിരിക്കുന്നു എന്ന് അവര്‍
വിശ്വസിക്കുന്നു.
ഇതിനോടൊപ്പം
ചേര്‍ന്നുപോകേണ്ടുന്ന മറ്റൊരു വിശ്വാസം കൂടി ഉണ്ട്: യേശുവിന്‍റെ ക്രൂശുമരണത്തോടെ
പരിപൂര്‍ണ്ണ രക്ഷയും നമ്മള്‍ പ്രാപിച്ചിരിക്കുന്നു എന്നതാണത്.
ഓര്‍ക്കുക,
യേശു ക്രൂശില്‍ മരിച്ചതിലൂടെ നമുക്ക് രോഗ സൌഖ്യം ലഭിച്ചിരിക്കുന്നു എന്നത് സത്യം
തന്നെ ആണ്.
എന്നാല്‍,
ഭൌതീക സൌഖ്യം ഇപ്പോള്‍ ഒരു പൂര്‍ണ്ണമാക്കപ്പെട്ട പ്രവര്‍ത്തി അല്ല.
നമ്മള്‍ ഈ
ഭൂമിയില്‍ ജീവിക്കുമ്പോള്‍ രോഗത്താല്‍ ബാധിക്കപ്പെടാറുണ്ട് എന്നത് യാഥാര്‍ത്ഥ്യം
ആണ്.
അത്
വിശ്വാസത്താല്‍ രോഗസൌഖ്യം പ്രാപിച്ചെടുക്കാത്തതുകൊണ്ടോ സംശയിക്കുന്നതുകൊണ്ടോ അല്ല.
എന്നിരുന്നാലും,
പരിപൂര്‍ണ്ണ ഭൌതീക സൌഖ്യം വ്യക്തിപരമായി വാഗ്ദത്തമായി പ്രാപിച്ചു അനുഭവിക്കുന്നവര്‍
ഇന്നും നമ്മളുടെ ഇടയില്‍ അനേകര്‍ ഉണ്ട് എന്ന് നമ്മള്‍ മറക്കരുത്.
ഈ കാഴ്ചപ്പാടിന്റെ ന്യൂനത
യേശുവിന്റെ
ക്രൂശ് മരണത്തോടെ നമുക്ക് പരിപൂര്‍ണ്ണ രക്ഷയും ഭൌതീക സൌഖ്യവും ലഭിച്ചിരിക്കുന്നു
എന്ന അഭിപ്രായത്തിന്റെ ന്യൂനത എന്താണ്?
യെശയ്യാവ്
പ്രവാചകന്‍റെ പ്രവചനപ്രകാരം യേശു നമ്മളുടെ പാപത്തെയും രോഗത്തേയും വഹിച്ചുകൊണ്ട്
കഷ്ടം അനുഭവിച്ചു.
മരത്തില്‍
തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്ന പ്രമാണ പ്രകാരം യേശു നമുക്കുവേണ്ടി
ശാപമായി തീര്‍ന്നു, നമ്മെ അതില്‍ നിന്നും വിടുവിച്ചു.
പാപത്തിന്‍റെ
ശിക്ഷയില്‍ രോഗങ്ങളും ശാപങ്ങളും മരണവും ഉള്‍പ്പെടുന്നു.
ശാപം
എന്നത് ദാരിദ്ര്യം, സാമ്പത്തിക തകര്‍ച്ച, രോഗങ്ങള്‍ എന്നിങ്ങനെ നീളുന്ന ഒരു പട്ടിക
ആണ്.
പാപം
പരിപൂര്‍ണ്ണമായി മാറ്റപ്പെട്ടു കഴിഞ്ഞെങ്കില്‍ രോഗങ്ങളും ശാപങ്ങളും പൂര്‍ണ്ണമായും
മാറ്റപ്പെടെണം.
എന്നാല്‍
ഇതെല്ലാം പൂര്‍ണ്ണമായും മാറ്റപ്പെട്ടു കഴിഞ്ഞു എന്ന ആശയത്തോട് വെദപുസ്തകത്തിലും
ചരിത്രത്തിലും നമ്മള്‍ കാണുന്ന വിശുദ്ധന്മാരുടെ ജീവിതം ഒത്തുപോകുന്നില്ല.
അതിന്റെ
അര്‍ത്ഥം ‘സൗഖ്യം വന്നുമിരിക്കുന്നു’ എന്ന വാചകത്തിലെ ഭൂതകാലത്തെക്കുറിച്ചു
നമുക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ട് എന്നല്ലേ?
യേശു
നമ്മളുടെ പാപങ്ങള്‍ക്ക് പരിഹാരമായി ക്രൂശില്‍ മരിച്ചു എന്നതും അത് ഏകവും
ഒരിക്കലുമായി സംഭവിച്ചതാണ് എന്നതും സത്യം തന്നെ ആണ്.
നമ്മളുടെ
പാപങ്ങള്‍ക്കും രോഗങ്ങള്‍ക്കും ശാപങ്ങള്‍ക്കും പരിഹാരമായി
ചെയ്യേണ്ടിയിരുന്നതെല്ലാം യേശു ചെയ്തു കഴിഞ്ഞു.
അവന്‍റെ
യാഗം പൂര്‍ണ്ണവും മേലില്‍ ആവര്‍ത്തിക്കെണ്ടുന്ന ആവശ്യം ഇല്ലാത്തതുമാണ്.
ഇതിനോടൊപ്പം
തന്നെ, സമ്പൂര്‍ണ്ണമായ രക്ഷയും രോഗ
സൌഖ്യവും ശാപത്തില്‍ നിന്നുമുള്ള വിടുതലും എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ
ഇപ്പോള്‍ ലഭിക്കുന്ന വാഗ്ദത്തം അല്ല എന്നും നമ്മള്‍ മനസ്സിലാക്കേണം.
അതായത്
നമ്മളുടെ സമ്പൂര്‍ണ്ണമായ രക്ഷ ഇപ്പോള്‍ നമുക്ക് ലഭിച്ചിട്ടില്ല.
പാപം
എന്നത് യഥാര്‍ത്ഥത്തില്‍ നമ്മളുടെ ശരീരം കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തികള്‍ അല്ല,
പാപം നമ്മളുടെ ശരീരത്തിന്റെ പ്രകൃതി ആണ്.
പാപം
നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ ആണ്.
അതായത്
പാപം ഭൌതീകം എന്നതിനേക്കാള്‍ ആത്മീയം ആണ്.
അപ്പോസ്തലനായ
പൌലോസ് ഈ സത്യം വെളിപ്പെടുത്തുന്നുണ്ട്:
റോമര്‍ 7:
19, 20
19 ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത
തിന്മയത്രേ പ്രവർത്തിക്കുന്നതു.
20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ
പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
അതുകൊണ്ട്
രക്ഷ കാലാനുഗതമായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അനുഭവവും അവസ്ഥയും ആണ്.
അതായത് നമ്മള്‍
രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും.
ഇതുമായി
ബന്ധപ്പെട്ട് മൂന്നു വേദഭാഗങ്ങള്‍ നമുക്ക് വായിക്കാം.
എഫെസ്യര്‍ 2:8 കൃപയാലല്ലോ
നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും
നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
1 കൊരിന്ത്യര്‍ 1:18 ക്രൂശിന്റെ
വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ
ദൈവശക്തിയും ആകുന്നു.
1 കൊരിന്ത്യര്‍ 3:15 ഒരുത്തന്റെ
പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ
തീയിൽകൂടി എന്നപോലെ അത്രേ.
രക്ഷ
ഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒന്നാണ് എങ്കില്‍, രോഗ സൌഖ്യവും ശാപത്തില്‍
നിന്നുമുള്ള വിടുതലും ഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതാണ്.
അതിന്റെ
അര്‍ത്ഥം, നമ്മള്‍ക്ക് സൌഖ്യം വന്നു, സൌഖ്യമായിക്കൊണ്ടിരിക്കുന്നു, സൌഖ്യമാകും.
നമ്മള്‍
വിടുവിക്കപ്പെട്ടു, വിടുവിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, വിടുവിക്കപ്പെടും.
ഇപ്പോള്‍
നമ്മള്‍ അനുഭവിക്കുന്ന രക്ഷയും രോഗസൌഖ്യവും വിടുതലും ചെറിയ അളവില്‍ മാത്രം ആണ്.
വരുവാനിരിക്കുന്ന
പൂര്‍ണ്ണതയുടെ അല്പ്പമായ രുചി മാത്രം ആണത്.
ഇത്,
നമ്മള്‍ ഭാവിയില്‍ പൂര്‍ണ്ണമായും രക്ഷിക്കപ്പെടും, സൌഖ്യമാക്കപ്പെടും,
വിടുവിക്കപ്പെടും എന്നതിന്‍റെ ഉറപ്പാണ്.
ദൈവത്തിന്‍റെ
രക്ഷയും സൌഖ്യവും വിടുതലും പുനരുത്ഥാനത്തോടെ മാത്രമേ പൂര്‍ത്തിയാകൂ.
പുനരുത്ഥാനമാണ്
ഓരോ വിശ്വാസിയുടെയും ശ്രേഷ്ഠ പ്രത്യാശ.
അതുകൊണ്ട് ഇപ്പോള്‍
ഓരോ വിശ്വാസിയും ധൈര്യത്തോടെയും വിശ്വാസത്തോടെയും ദൈവത്തിന്‍റെ കൃപയാല്‍
ലഭിക്കുന്ന രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രാപിക്കുകയും വേണം.
ഇതു പൂര്‍ണ്ണമായതിന്
മുമ്പ് ലഭിക്കുന്ന വിടുതല്‍ ആണ്.
ഉപസംഹാരം
ഞാന്‍ ഈ
ഹൃസ്വ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
പാപിയുടെ
സൌഖ്യം അവനില്‍ നിന്നല്ല വരുന്നത്.
യേശുവിന്റെ
കഷ്ടനുഭവങ്ങളിലും ക്രൂശ് മരണത്തിലും ആണ് രക്ഷയും സൌഖ്യവും വിടുതലും
അടങ്ങിയിരിക്കുന്നത്.
യേശു തന്‍റെ
ശരീരത്തില്‍ ഏറ്റ അടിപ്പിണരുകളില്‍ നമുക്ക് രക്ഷയും സൌഖ്യവും വിടുതലും ഉണ്ട്.
No comments:
Post a Comment