ദൈവരാജ്യത്തിന്‍റെ മുന്‍ഗണന

നമ്മളുടെ ജീവിതത്തില്‍ സകലതിനും മീതെ ദൈവരാജ്യം ആയിരിക്കെണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്നതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും ആണ് ഈ സന്ദേശത്തില്‍ നമ്മള്‍ ചിന്തിക്കുന്നത്.
നമ്മളുടെ ഈ ആധുനിക ലോകം ജീവിതവിജയം എന്ന സങ്കല്‍പ്പത്താല്‍ ബാധിക്കപ്പെട്ടു കഴിയുക ആണ്.
വിജയം എന്നത് ഒരു സങ്കല്പം മാത്രമാണ് എന്ന് നമ്മള്‍ അറിയുന്നു എങ്കിലും ജീവിതവിജയത്തിനായി നമ്മള്‍ അനുനിമിഷം പോരാടിക്കൊണ്ടിരിക്കുക ആണ്.
ഇന്ന് അനേകം പ്രചോതാത്മക പ്രഭാഷകന്മാരും വ്യാവസായിക മേഘലകളിലെ പരിശീലകരും നമ്മളെ ഉപദേശിക്കുന്ന ഒരു കാര്യം ഉണ്ട്:
നമ്മളുടെ ജീവിത ലക്ഷ്യങ്ങളുടെയും താല്‍പ്പര്യങ്ങളുടെയും മുന്‍ഗണന നിശ്ചയിക്കുവാന്‍ കഴിഞ്ഞാല്‍ നമുക്ക് നമ്മളുടെ സമയത്തെയും ഉത്തരവാദിത്തങ്ങളെയും കൂടുതല്‍ ബുദ്ധിയോടെയും സമര്‍ത്ഥമായും കൈകാര്യം ചെയ്യുവാന്‍ കഴിയും.
ഇതു നമ്മളെ വിജയത്തിലേക്ക് നയിക്കും എന്ന് അവര്‍ ഉറപ്പു പറയുന്നു.
ഇങ്ങനെ നമ്മളുടെ തല്പര്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും മുന്‍ഗണന ക്രമീകരിക്കുവാനായി നമ്മളെ സഹായിക്കുന്ന ധാരാളം പുസ്തകങ്ങളും ലഭ്യമാണ്.
നമ്മളുടെ ആരോഗ്യം സമ്പത്ത്, സമയം എന്നിങ്ങനെയുള്ള ശ്രോതസുകളെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ സഹായിക്കും എന്നാണവയുടെ അവകാശവാദം.
പ്രഭാഷകരും പരിശീലകരും പുസ്തകങ്ങളും നമ്മളുടെ തല്പര്യങ്ങളെയും പ്രതിബദ്ധതകളെയും മുന്‍ഗണനാ ക്രമത്തില്‍ ക്രമീകരിക്കുവാന്‍ നമ്മളെ ഉപദേശിക്കുന്നു.

ഏറ്റവും പ്രാധാന്യമുള്ളവയും പെട്ടന്ന് ചെയ്തു തീര്‍ക്കെണ്ടവയും, തക്ക സമയത്ത് ചെയ്തുതീര്‍ക്കുന്നതിനു, നമ്മളുടെ തല്പര്യങ്ങളെയും പ്രതിബദ്ധതകളെയും മുന്‍ഗണനാ ക്രമത്തില്‍ ക്രമീകരിക്കുന്നത് അനുചിതം ആണ് എന്നത് ശരിയാണ്.
കാര്യങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ ക്രമീകരിമ്പോള്‍ തന്നെ അവയെല്ലാം ചിലപ്പോള്‍ നമുക്ക് ചെയ്തു തീര്‍ക്കുവാന്‍ കഴിയുകയില്ല എന്ന് നമ്മള്‍ സമ്മതിക്കുക കൂടി ആണ്.
നമ്മളുടെ പട്ടികയില്‍ അവസാനമെത്തുന്നത്‌ ചിലപ്പോള്‍ ചെയ്ത് തീര്‍ക്കാതെ പോയാലും അതോര്‍ത്തു നമ്മള്‍ ദുഖിക്കാതെ ഇരിക്കുവാന്‍ ഇതു സഹായിക്കും.
സ്വാഭാവികമായും മുന്‍ഗണനാ പട്ടികയില്‍ അവസാനമെത്തുന്നത്‌ നമുക്ക് പ്രാധാന്യം കുറഞ്ഞത്‌ ആയിരിക്കുമല്ലോ.
അതുകൊണ്ട് തന്നെ അവ സമയക്കുറവിനാല്‍ ചെയ്തീര്‍ക്കാതെ പോയേക്കാം.


സത്യത്തില്‍ നമുക്ക് എല്ലാവര്ക്കും ഒരു മുന്‍ഗണനാ പട്ടിക ഉണ്ട്.
എന്നാല്‍ പലപ്പോഴും അവ അവ്യക്തവും ആവശ്യമില്ലത്തവകൊണ്ട് നിറഞ്ഞതും ആയിരിക്കും.
നമ്മളുടെ സമയത്തില്‍ അധികവും നമുക്ക് ആവശ്യമില്ലാത്തവ ചെയ്തും ആവശ്യമില്ലാത്ത ഇടങ്ങളില്‍ പോയും നമ്മള്‍ നഷ്ടപ്പെടുത്തുക ആണ്.
ആധുനിക മനുഷ്യരില്‍ അധികവും ജീവിത വിജയം എന്ന സങ്കല്‍പ്പത്തിനു പിന്നാലെ ലക്ഷ്യമില്ലാതെ ആര്‍ത്തിയോടെ പാഞ്ഞു നടക്കുക ആണ്
ഇതുകൊണ്ടായിരിക്കാം മരുന്നുകളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു തലമുറ ആയി നമ്മളെ സമൂഹിക ശാസ്‌ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്.
ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ആയവയെ വേര്‍തിരിച്ചു കാണാനും ആവശ്യമില്ലാത്തവയെ പുറംതള്ളാനും നമുക്ക് കഴിഞ്ഞാല്‍ നമ്മളുടെ ജീവിതത്തില്‍ മൂല്യമുള്ളവയ്ക്ക് മുന്‍ഗണന നല്‍കുവാന്‍ കഴിയും.
എന്നാല്‍ പലരുടെയും ജീവിതത്തെ തന്നെ നിര്‍വചിക്കുന്നത് മൂല്യമുള്ള യാതൊന്നും ഇല്ലാത്ത ഒരു മുന്‍ഗണനാ പട്ടിക ആണ്.
ഇതു നമ്മളുടെ ജീവിതത്തെ തന്നെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുക ആണ്.

നമ്മളുടെ താല്പര്യങ്ങളേയും പ്രതിബദ്ധതകളെയും ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ക്ക് ഒത്തവണ്ണം ഒരു മുന്‍ഗണനാ പട്ടികയില്‍ ക്രമപ്പെടുത്തെണ്ടതിന്‍റെ ആവശ്യകതയെകുറിച്ച്‌ യേശു ക്രിസ്തു ഉപദേശിച്ചിട്ടുണ്ട്.
നമ്മളുടെ മുന്‍ഗണനാ പട്ടികയില്‍ ഏറ്റവും മുകളില്‍ അവന്റെ രാജ്യവും നീതിയും ആയിരിക്കേണം എന്ന് യേശു നമ്മളെ പഠിപ്പിക്കുന്നു.
അത് മാത്രമല്ല, മറ്റെല്ലാം നമ്മള്‍ മറക്കേണം എന്നും യേശു ഉപദേശിക്കുന്നു.
അതിന്റെ അര്‍ത്ഥം നമ്മളുടെ മുന്‍ഗണനാ പട്ടികയില്‍ രണ്ടാമതൊരു കാര്യം ഇല്ല എന്നാണ്.
 നമ്മളുടെ മുന്‍ഗണനയില്‍ ദൈവരാജ്യവും അതിന്റെ നീതിയും ആണ് എങ്കില്‍ നമ്മളുടെ മറ്റു ആവശ്യങ്ങള്‍ എല്ലാം നമുക്ക് കിട്ടും എന്നാണ് യേശു ഉറപ്പു നല്‍കുന്നത്.

മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
ദൈവരാജ്യം

വേദപുസ്തകത്തില്‍, മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളില്‍ ഏകദേശം 80 പ്രാവശ്യം ദൈവരാജ്യത്തെക്കുറിച്ചു പറയുന്നുണ്ട്.
നമ്മള്‍ അത് എണ്ണുന്ന രീതിക്കനുസരിച്ച് ചിലപ്പോള്‍ വ്യത്യാസങ്ങള്‍ വന്നേക്കാം.
മത്തായി എഴുതിയ സുവിശേഷത്തില്‍ മാത്രം 30 പ്രാവശ്യം ദൈവരാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്.
ഇതില്‍ നിന്നും ദൈവരാജ്യം എന്നത് യേശുവിന് എത്രമാത്രം പ്രധാനപ്പെട്ട വിഷയം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ദൈവരാജ്യം എന്നത് ദൈവത്തിന്റെ പ്രമാണങ്ങളെയും ഭരണത്തെയും ആണ് സൂചിപ്പിക്കുന്നത്.
ദൈവരാജ്യം എന്നത് ദൈവത്തിന്റെ സര്‍വ്വാധിപത്യം ആണ്; അത് ദൈവത്തിന്റെ പരമാധികരത്തേയും രാജകീയതയേയും നമ്മള്‍ അംഗീകരിക്കുക ആണ്.
ദൈവത്തിന്‍റെ സര്‍വ്വാധികാരത്തിന് നമ്മള്‍ കീഴ്പ്പെടുകയാണ്.

എന്ന് പറഞ്ഞാല്‍, ശക്തിയും അധികാരവും ഉള്ളവനായി രാജാവായിരിക്കുന്നത് ദൈവം മാത്രം ആണ്.
അതായത്, നമ്മള്‍ അല്ല അധികാരത്തില്‍ ഇരിക്കുന്നത്.
യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന, രക്ഷാനിര്‍ണ്ണയം പ്രാപിച്ച എല്ലാവരെയും ദൈവരാജ്യത്തില്‍ ആക്കിവെച്ചിരിക്കുക ആണ്.

കൊലോസ്യര്‍ 1:13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.

ദൈവരാജ്യത്തിന്റെ മുന്‍ഗണന

എന്താണ് ദൈവരാജ്യത്തിന്റെ മുന്‍ഗണനയുടെ അളവുകോല്‍?
എപ്പോഴും ദൈവരാജ്യം എന്ന ചിന്ത മുന്നില്‍ വച്ചുകൊണ്ട് മാത്രമേ നമ്മള്‍ ജീവിതത്തില്‍ എന്തും ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാവൂ എന്നാണ് ദൈവരാജ്യത്തിന്റെ മുന്‍ഗണന നമ്മളോട് ആവശ്യപ്പെടുന്നത്.

ദൈവരാജ്യ സംബന്ധമായ വിശ്വാസത്തില്‍ അധിഷ്ടിതമായാണ് ദൈവരാജ്യത്തിന്റെ മുന്‍ഗണന ക്രമീകരിക്കുന്നത്.

ഈ പ്രപഞ്ചത്തില്‍ കാണുന്നതിന്‍റെയും കാണപ്പെടാത്തതിന്‍റെയും സകലത്തിന്റെയും കര്‍ത്താവും ദൈവവും യേശു ആണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് ദൈവരാജ്യത്തില്‍ ആക്കപ്പെട്ടിരിക്കുന്ന നമ്മള്‍, ദൈവത്തിനും, യേശുവിനും, യേശുവിന്റെ കര്‍തൃത്തത്തിനും എതിരായുള്ള സകലതിനേയും കീഴ്പ്പെടുത്തുകയോ നമ്മളുടെ ജീവിതത്തില്‍ നിന്നും തള്ളികളയുകയോ വേണം.

യേശുവിനെ രക്ഷിതാവും കര്‍ത്താവും ആയി സ്വീകരിക്കുമ്പോള്‍ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവീക ഭരണം അഥവാ ദൈവരാജ്യം വന്നുകഴിഞ്ഞു എന്ന് നമ്മള്‍ വിശ്വസിക്കുന്നു.

നമ്മളുടെ ജീവിതത്തിലെ രാജാവായി യേശുവിനെ നമ്മള്‍ സ്വീകരിക്കുകയും ഓരോ നിമിഷവും ദൈവീക വാഗ്ദത്തങ്ങളോടും കല്‍പ്പനകളോടും അനുകൂലമായി പ്രതികരിക്കുകയും വേണം.

നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്നത് യേശുവിനാല്‍ ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍ ആണ് എന്നും; ദൈവരാജ്യം അതിന്‍റെ പൂര്‍ണ്ണതയില്‍ വേഗം സ്ഥാപിക്കപ്പെടും എന്നും യേശുവിന്റെ രാജത്വത്തിനെതിരായത് എല്ലാം അപ്പോള്‍ എന്നന്നേക്കുമായി ഇല്ലാതാകും എന്നും നമ്മള്‍ വിശ്വസിക്കുന്നു.

ദൈവരാജ്യത്തെ മുന്‍ഗണനയില്‍ ഒന്നമാതാക്കുവാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ എപ്പോഴും നമ്മളോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.

ഞാന്‍ സ്വീകരിക്കുന്ന ഈ തിരഞ്ഞെടുപ്പ് ക്രിസ്തു എന്ന രാജാവിനും അവന്റെ കല്‍പ്പനകള്‍ക്കും കീഴ്പ്പെട്ടിരിക്കുന്ന ഒന്നാണോ?
അതോ ഇതു എന്‍റെ വ്യക്തിപരമായ ശക്തിയേയും കഴിവിനേയും പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണോ?

എന്‍റെ ഈ തിരഞ്ഞെടുപ്പ് ദൈവരാജ്യത്തിന്റെ വിസ്തൃതിക്ക് സഹായമാകുമോ? അതോ തടസ്സം ആകുമോ?

ഈ തീരുമാനത്തിലൂടെ യേശു രാജാവാണ് എന്ന എന്‍റെ വിശ്വാസം മറ്റുള്ളവര്‍ക്ക്കൂടി അറിയുവാന്‍ കഴിയുമോ?
അതോ, ഇതു ബലഹീനത, ഭയം, സംശയം എന്നിവയ്ക്ക് എന്‍റെമേലുള്ള ആധിപത്യം വെളിവക്കുകയെ ഉള്ളോ?

ഈ തീരുമാനം എന്‍റെ രാജാവായ യേശു നിശ്ചയമായും അധികാരത്തോടെയും, ശക്തിയോടെയും വേഗത്തില്‍ വരും എന്ന വിശ്വാസം വെളിവാക്കുന്നുണ്ടോ?
അതോ, യേശുവിന്റെ രണ്ടാമത്തെ വരവ് എന്നത് എനിക്കൊരു ദൈവശാസ്ത്രപരമായ തര്‍ക്ക വിഷയം മാത്രമാണ് എന്ന സന്ദേശം ആണോ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്?

ഇത്തരം ചോദ്യങ്ങളുടെയും അതിന്റെ ശരിയായ ഉത്തരങ്ങളുടെയും അടിസ്ഥാനത്തില്‍ വേണം ദൈവരാജ്യത്തിന്‍റെ മുന്‍ഗണന നിശ്ചയിക്കേണ്ടത്.

മുന്‍ഗണന തയ്യാറാക്കുക
ശരിയായ മുന്‍ഗണനാ പട്ടിക ഉണ്ടാക്കുക എന്നത് വേദപുസ്തകം പഠിപ്പിക്കുന്ന ഒരു ശീലം ആണ്.
അത് ആത്മീയ വിജത്തിനും ഭൌതീക വിജയത്തിനും ഏറെ അത്യാവശ്യം ആണ്.

നമ്മളുടെ മുന്‍ഗണനകള്‍ ശരിയായ രീതിയില്‍ ക്രമീകരിക്കേണം എന്നും അവയെ അത്യുല്‍സഹത്തോടെ അനുധാവനം ചെയ്ത് വിജത്തിലേക്ക് എത്തിച്ചേരണം എന്നുമാണ് ദൈവവചനം നമ്മളെ ഉപദേശിക്കുന്നത്.
ദൈവ വചനത്തിനു മാത്രമേ ശരിയായ രീതിയില്‍ മുന്‍ഗണനകള്‍ ക്രമീകരിക്കുവാന്‍ നമ്മളെ സഹായിക്കുവാന്‍ കഴിയുക ഉള്ളൂ.

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മുന്‍ഗണനകളില്‍ നിന്നും വിഭിന്നം ആയിരിക്കും ഒരു അവിശ്വാസിയുടെ ജീവിതത്തിലെ മുന്‍ഗണനകള്‍.
ഒരു അവിശ്വാസി ഭൌതീക വസ്തുവകകള്‍ക്കായി പരക്കം പായുമ്പോള്‍ ആത്മീയനായ ഒരു ക്രിസ്ത്യാനി നിത്യജീവനായുള്ളത് അന്വേഷിക്കുന്നു.
അതിന്റെ കാരണം, ആദ്യത്തെ കൂട്ടരുടെ ഹൃദയം ഈ ലോകത്തിലും രണ്ടാമത്തെ കൂട്ടരുടെ ഹൃദയം സ്വര്‍ഗത്തിലും ആയിരിക്കുന്നു എന്നതാണ്.

നമ്മള്‍ ഇന്ന് ജീവിക്കുന്നത് ക്രൂശിനും കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനും ഇടയില്‍ ആണ്.
നമ്മള്‍ ക്രിസ്തുവിനും ദൈവരാജ്യത്തിനും സ്ഥാനാധിപതികള്‍ ആയി ഇവിടെ ജീവിക്കുന്നു.
സത്യത്തില്‍ നമ്മള്‍ ഇന്ന് യേശുവിനാല്‍ ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍ ആണ് ജീവിക്കുന്നത്.

ദൈവരാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ നമ്മളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും വലിയ വ്യത്യാസം ഉണ്ടാകും.
നമ്മളുടെ ഹൃദയവും, കൂറും, കടപ്പാടും, ആഗ്രഹങ്ങളും എല്ലാം വ്യത്യസ്തം ആകും.
ഈ മാറ്റങ്ങള്‍ നമ്മളുടെ ജീവിതത്തിലെ മുന്‍ഗണനകള്‍ക്ക് അടിസ്ഥാനപരമായി തന്നെ വലിയ വ്യത്യാസം വരുത്തും.

എന്നിരുന്നാലും പ്രായോഗിക ജീവിതത്തില്‍ നമ്മളില്‍ അധികം പേരും ദൈവരാജ്യത്തിന്‍റെ പ്രമാണങ്ങള്‍ക്ക് അനുസരിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതില്‍ പരാജയപ്പെടുകയാണ്.     
അതുകൊണ്ട്, എന്താണ് ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്നും, എങ്ങനെ നമുക്ക് അത് ക്രമീകരിക്കുവാന്‍ കഴിയും എന്നും പഠിക്കേണ്ടിയിരിക്കുന്നു.

യേശുവിന്റെ ഗിരിപ്രഭാഷണം

ഇനി നമുക്ക് യേശുവിന്‍റെ ഗിരിപ്രഭാഷണത്തിലേക്ക് പോകാം.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ദൈവരാജ്യം ആയിരുന്നു യേശുവിന്‍റെ പ്രഭാഷണങ്ങളിലെ മുഖ്യവിഷയം.
മറ്റുള്ള എല്ലാ വിഷയങ്ങളെക്കാളും ദൈവരാജ്യത്തിന് യേശു വളരെ പ്രാധാന്യം നല്‍കി.

യേശുവിന്റെ പ്രശസ്തമായ ഗിരിപ്രഭാഷണത്തില്‍ ദൈവരാജ്യത്തിന് അനുയോജ്യമായ ജീവിതത്തിനുവേണ്ടി പൂര്‍ണ്ണമായ സമര്‍പ്പണം ആവശ്യമാണ്‌ എന്ന് യേശു പഠിപ്പിക്കുന്നു.
യേശുവിന്റെ ഗിരിപ്രഭാഷണം മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ദൈവരാജ്യം എന്നത് നമ്മളുടെ ജീവിതത്തില്‍ മുഖ്യവും ആദ്യത്തേതും ആയിരിക്കേണം എന്ന് യേശു പറഞ്ഞത് മത്തായി 6:31-33 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മത്തായി 6:31-33
31    ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
32     ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
33     മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

ഇവിടെ തിന്നുക, കുടിക്കുക എന്നതിലേക്ക് യേശു അവന്‍റെ കല്പനയെ ചുരുക്കുക അല്ല  ചെയ്യുന്നത്; അവ ഈ ഭൂമിയിലെ നമ്മളുടെ എല്ലാ ആകാംഷകളെയും വ്യാകുലതകളെയും  കാണിക്കുന്നു.
അതൊരു ഭാഷാ ശൈലി ആണ്.

നമ്മള്‍ ഒരു മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ ഏറ്റവും ആദ്യം വരുന്നത് നമ്മള്‍ കൂടുതല്‍ വ്യകുലപ്പെടുന്ന വിഷയം ആയിരിക്കും.
അതിനെ നമ്മള്‍ അത്യാവശ്യമായും വേഗത്തില്‍ സംഭാവിക്കെണ്ടാതായും കരുതുന്നു.

അതുകൊണ്ട് ദൈവരാജ്യവും അതിന്റെ നീതിയും നമ്മളുടെ മുന്‍ഗണനാ പട്ടികയില്‍ ആദ്യവും എല്ലമായും വരേണം എന്ന് യേശു ആഗ്രഹിക്കുന്നു.
ദൈവരാജ്യം നമ്മളുടെ മുന്‍ഗണനയില്‍ ഒന്നാമത്തേത് ആണ് എങ്കില്‍ രണ്ടാമതായി മറ്റൊന്ന് വരേണ്ട സാഹചര്യം ഉണ്ടാകില്ല എന്ന് യേശു ഉറപ്പു പറയുന്നു.
കാരണം ദൈവരാജ്യത്തെ ഒന്നാമതായി മുന്‍ഗണന ചെയ്യുമ്പോള്‍ അതോടുകൂടെ സകലതും ദൈവം നമുക്ക് നല്കിതരുന്നു.

ദൈവരാജ്യത്തിലുള്ളവര്‍ എന്ന നിലയില്‍ നമ്മള്‍ എപ്പോഴും അതിന്റെ മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കേണ്ടവര്‍ ആണ്.
ദൈവരാജ്യം സംബന്ധിച്ച് ഏക മനസ്സുള്ളവര്‍ ആയി നമ്മള്‍ ജീവിക്കേണം എന്നാണ് യേശു ആഗ്രഹിക്കുന്നത്.
അപ്പോള്‍ മറ്റുള്ളതെല്ലാം തിളക്കം കുറഞ്ഞതായി തീരും.

മാര്‍ത്തയും മറിയയും

യേശുവിന്‍റെ വിശ്വസ്ത അനുയായികള്‍ ആയിരുന്ന മാര്‍ത്തയുടെയും മറിയയുടെയും ചരിത്രം നമുക്ക് സുപരിചിതം ആണല്ലോ.
യേശു ഒരിക്കല്‍ അവരുടെ വീട്ടില്‍ സന്ദര്‍ശകന്‍ ആയി എത്തി.
അവര്‍ രണ്ടുപേരും അവരവരുടെ മുന്‍ഗണന അനുസരിച്ച് യേശുവിനെ പരിചരിക്കുവാനുള്ള തിരക്കിലും ആയി.
മാര്‍ത്ത ആഹാരം ഉണ്ടാക്കുന്നതിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിച്ചപ്പോള്‍ മറിയ യേശുവിന്‍റെ പാദപീഠത്തില്‍ ഇരുന്നു വചനം കേള്‍ക്കുവാന്‍ താല്പര്യം കാണിച്ചു.
കുറെ കഴിഞ്ഞപ്പോള്‍ ക്ഷീണിച്ച മാര്‍ത്ത യേശുവിന്റെ അടുക്കല്‍ പരാതിയുമായി വന്നു.
മറിയയോട് അവളെ സഹായിക്കുവാന്‍ ഉപദേശിക്കേണം എന്നായിരുന്നു മാര്‍ത്തയുടെ ആവശ്യം.
യേശു അപ്രതീക്ഷിതമായ ഒരു മറുപടി ആണ് നല്‍കിയത്:

ലൂക്കോസ് 10:41,42
41     കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
42     എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

മാര്‍ത്ത തീര്‍ച്ചയായും നല്ലകാര്യം ആണ് ചെയ്തത്, യേശു അതിനെ ചെറുതായി കാണുക ആയിരുന്നില്ല.
മറ്റുള്ളവരെ ശുശ്രൂഷിക്കുക എന്നത് വേദപുസ്തകം പ്രകീര്‍ത്തിക്കുന്ന ഒരു പ്രവത്തി ആണ്.
വിരുന്നുകാര്‍ക്കു ആഹാരം നല്‍കുക എന്നത് നല്ലത് തന്നെ ആണ്.
എന്നാല്‍ യേശു ഇവിടെ ദൈവരാജ്യത്തിന്‍റെ മുന്‍ഗണനയെ ക്കുറിച്ച് ഒരു പാഠം നല്‍കുക ആണ്.
ദൈവരാജ്യത്തിന്റെ ആശ്ചര്യകരമായ ഒരു സത്യം എന്നത്, ഒരിക്കല്‍ നമ്മള്‍ അത് കൈവശം ആക്കിയാല്‍ ആരും അതിനെ എടുത്തുകൊണ്ടു പോകുക ഇല്ല എന്നതാണ്.

എന്താണ് മുന്‍ഗണന

വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിന് ശരിയായ രീതിയില്‍ നമ്മളുടെ മുന്‍ഗണനകള്‍ ക്രമീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യം ആണ്.
ആദ്യം വരേണ്ടതിനെ ഒന്നാമതായി പട്ടികയില്‍ ചേര്‍ക്കുക എന്നതാണത്.

ദൈവരാജ്യത്തെ ഇപ്രകാരം നമ്മളുടെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതായി ചേര്‍ക്കുന്നതിനെക്കുറിച്ച് വേദപുസ്തകം നമ്മളെ പല അവസരങ്ങളിലും ആയി പഠിപ്പിക്കുന്നുണ്ട്.

പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ തന്നെ അനുഗമിക്കുവാനായി യേശു വിളിക്കുന്നത്‌ നമ്മള്‍ സണ്ടേസ്കൂളില്‍ പഠിക്കുന്ന കഥ ആണ്.
നമ്മള്‍ പലപ്പോഴും ഈ കഥ ആവര്‍ത്തിച്ച് പറയാറുണ്ട്‌ എങ്കിലും, അതിലെ പ്രധാനപ്പെട്ട പാഠം നമ്മള്‍ ശ്രദ്ധിക്കാറില്ല.
യേശു അവരെ വിളിച്ചപ്പോള്‍ അവര്‍ വള്ളവും വലയും തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ചിട്ടാണ് യേശുവിനെ അനുഗമിച്ചത്.
അതായത്, അവരുടെ വിലയേറിയ വള്ളമോ, ഭാവില്‍ ലഭിച്ചേക്കാവുന്ന സമ്പന്നമായ മറ്റൊരു മീന്‍ പിടിത്തമോ, സാമ്പത്തിക ഉന്നതിയോ, കുടുംബത്തിന്‍റെ ആവശ്യങ്ങളോ യാതൊന്നും അവര്‍ ദൈവരാജ്യത്തെക്കാള്‍ വലുതായി കണ്ടില്ല.
അവര്‍ക്ക് ആവശ്യമുള്ളതെല്ലാം പിന്നാലെ ലഭിക്കും എന്ന് മാത്രം അവര്‍ വിശ്വസിച്ചു.

യേശുവിന്‍റെ വിളി സ്വീകരിക്കുവാന്‍ കഴിയാതെ പോയ ചിലരുടെ കഥയും വേദപുസ്തകം പറയുന്നുണ്ട്.

ലൂക്കോസിന്‍റെ സുവിശേഷം 18 -)൦ അദ്ധ്യായം 18 മുതല്‍ 23 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ സമ്പന്നനായ ഒരു യുവാവിന്‍റെ കഥ വായിക്കുന്നുണ്ട്.
അദ്ദേഹം നീതീകരിക്കപ്പെടെണം എന്ന ആഗ്രഹത്തോടെ ആണ് യേശുവിന്‍റെ അടുക്കല്‍ വന്നത്.
അന്നത്തെ യഹൂദ മതത്തിന്‍റെ പ്രമാണങ്ങളും വിശ്വാസങ്ങളും അനുസരിച്ച് നീതിയോടെ ജീവിക്കുന്ന ഒരു വ്യക്തി ആയിരുന്നു അദ്ദേഹം.
മോശെയുടെ ന്യായപ്രമാണങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലു ആയിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്‍റെ മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവരാജ്യം അവകാശമായി നല്‍കുവാന്‍ യേശു തയ്യാറായില്ല.
യേശു അവന്റെ ജീവതത്തെക്കുറിച്ചൊരു  മുന്‍ഗണനാ പട്ടിക തയ്യാറാക്കുവാന്‍ പറഞ്ഞു.

അവന്‍റെ എല്ലാ സ്വത്തുക്കളും വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തതിനു ശേഷം തന്നെ അനുഗമിക്കുക എന്നതായിരുന്നു യേശുവിന്‍റെ ഉപദേശം.
ഇവിടെ ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്താണ് എന്ന് യേശു പഠിപ്പിക്കുക ആണ്.

സമ്പത്തോ, ആരോഗ്യമോ, വസ്തുവകകളോ, കൃഷി ഇടങ്ങളോ, വീടോ, മാതാപിതാക്കന്മാരോ, സഹോദരങ്ങളോ, മറ്റ് യാതൊന്നും നമ്മളുടെ മുന്‍ഗണനാ പട്ടികയില്‍ ഒന്നമാതായിരിക്കരുത്.
നമ്മളുടെ മുന്‍ഗണനയില്‍  ഒന്നാമതായി ദൈവരാജ്യവും, ദൈവരാജ്യം മാത്രവും ആയിരിക്കേണം.
നിര്‍ഭാഗ്യവശാല്‍ ഈ യുവാവ് യേശുവിന്റെ നിര്‍ദ്ദേശം പോലെ ദൈവരാജ്യത്തെ മുന്‍ഗണനയില്‍ കൊണ്ടുവരുവാന്‍ പരാജയപ്പെട്ടു; അദ്ദേഹം നിരാശനായി മടങ്ങി പോയി.

ഇദ്ദേഹം നിരാശനായി, മടങ്ങി പോകുന്നത് കണ്ടപ്പോള്‍ “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!” എന്ന് യേശു സകല ജനത്തോടുമായി പറഞ്ഞു.
എന്നാല്‍ യേശു ഇവിടെ ധനവാന്മാര്‍ക്ക് എന്നന്നേക്കുമായി ദൈവരാജ്യം അടയ്ക്കുക ആയിരുന്നില്ല.

ഈ ദുരന്ത കഥയ്ക്ക്‌ തൊട്ടു ശേഷം ലൂക്കോസ് മറ്റൊരു ധനവാന്‍റെ അത്ഭുതകരമായ മാനസന്തരത്തെക്കുറിച്ചു വിവരിക്കുന്നു.
നമ്മള്‍ മുകളില്‍ പറഞ്ഞ കഥയിലെ യുവാവ് മതപരമായി നീതിയോടെ ജീവിക്കുന്നവന്‍ ആയിരുന്നു എങ്കില്‍ രണ്ടാമത്തെ കഥയിലെ മനുഷ്യന്‍ ഒരു പാപിയും സമൂഹത്തില്‍ ഭ്രഷ്ട് കല്‍പ്പിക്ക്പ്പെട്ടവനും ആയിരുന്നു.
അത് സക്കായിയുടെ മാനസാന്തരത്തിന്റെ കഥ ആണ്.

ഈ സംഭവം ലൂക്കോസിന്‍റെ സുവിശേഷം 19-)൦ അദ്ധ്യായത്തില്‍ 1 മുതല്‍ 10 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സക്കായി ധനികനായ ഒരു മനുഷ്യനും, റോമന്‍ സാമ്രാജ്യത്തിന് വേണ്ടി നികുതി പിരിക്കുന്ന ചുങ്കക്കാരുടെ ഒരു കൂട്ടത്തിന്‍റെ മുഖ്യനും ആയിരുന്നു.
അദ്ദേഹത്തിന്‍റെ ജോലി തീര്‍ച്ചയായും അത്ര മാന്യം ആയിരുന്നില്ല.
അത് അഴിമതിയും അനീതിയും നിറഞ്ഞതും സ്വന്തം യഹൂദ ജനത്തെ ഒറ്റികൊടുക്കുന്നതിനു തുല്യവും ആയിരുന്നു.
അതുകൊണ്ട് അദ്ദേഹം ഒരേസമയം പാപിയും സാമൂഹികമായി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട വ്യക്തിയും ആയിരുന്നു.
യേശു ആ വഴിക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനു യേശുവിനെ കാണണം എന്ന് ആഗ്രഹം ഉണ്ടായത് തന്നെ ആശ്ചര്യം ആണ്.

യേശുവിനെ ഒന്ന് കാണണം എന്ന് മാത്രം ആഗ്രഹിച്ചിരുന്ന സക്കായിക്ക് താന്‍ ആഗ്രഹിച്ചതിലും അധികമാണ് ലഭിച്ചത്.
യേശു അവനുവേണ്ടി നിന്നു; യേശുവിനോട് ഒപ്പമുള്ള സഹവര്‍ത്തിത്തം വാഗ്ദാനം ചെയ്തു; അവന്‍റെ വീട്ടില്‍ താമസിക്കാം എന്ന് യേശു ഉറപ്പ് നല്‍കി.
ഇതു സക്കായിയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.

തന്‍റെ ജീവിതത്തിലെ മുന്‍ഗണനകളെ ആകെ മാറ്റി എഴുതുവാന്‍ സക്കായി തീരുമാനിച്ചു.
മുന്‍ഗണനാ പട്ടികയില്‍ ദൈവരാജ്യത്തെ ഒന്നാമതായും ദൈവരാജ്യത്തെ മാത്രമായും രേഖപ്പെടുത്തുവാന്‍ അവന്‍ തീരുമാനിച്ചു.
ദൈവരാജ്യം നമ്മളുടെ മുന്‍ഗണനാ പട്ടികയില്‍ എപ്പോഴെല്ലാം ഒന്നാമതായി എത്തുന്നുവോ അപ്പോഴെല്ലാം മറ്റെല്ലാ കാര്യങ്ങളും അപ്രസക്തം ആകും.
സക്കായി തന്‍റെ സ്വത്ത് മുഴുവന്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുവാന്‍ തീരുമാനിച്ചു.
തന്റെ ജീവിതത്തിലെ ദ്രവ്യാഗ്രഹവും ലോക ഇമ്പങ്ങളും ഇനി വേണ്ട എന്ന തീരുമാനം അവന്‍ ഉറക്കെ പ്രഖ്യാപിച്ചു.

നമ്മള്‍ ദൈവരാജ്യത്തെ മുന്‍ഗണനാ പട്ടികയില്‍ ഒന്നമാതാക്കുമ്പോള്‍ സംഭവിക്കുന്നത്‌ ഇതാണ്.

ഞാന്‍ ഇവിടെ വ്യത്യസ്തങ്ങളായ പല സംഭവങ്ങള്‍ ആകെ കൂട്ടിക്കുഴച്ചു പറയുക ആണ് എന്ന് എനിക്ക് തോന്നുന്നു.
ഞാന്‍ ഇങ്ങനെ ചെയ്യുന്നത് നമ്മള്‍ പറഞ്ഞുവരുന്ന കാര്യത്തിന്‍റെ കേന്ദ്രത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ തിരിക്കുവാനാണ്.

ഇനി നമുക്ക് മറ്റൊരു വ്യക്തിയെ കൂടെ പരിചയപ്പെടാം.
ഇദ്ദേഹം ദൈവരാജ്യത്തെ ഒന്നാമത്തെ മുന്‍ഗണന ആയി കാണുവാന്‍ പരാജയപ്പെട്ട ഒരു വ്യക്തി ആണ്.
ഈ ചെറിയ സംഭവം ലൂക്കോസിന്‍റെ സുവിശേഷം 9: 59, 60 എന്നീ വാക്യങ്ങളില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇദ്ദേഹം യേശുവിനെ പൂര്‍ണ്ണ സമയവും അനുഗമിക്കുവാന്‍ തയ്യാറായിരുന്നു എന്ന് പറയുന്നു.
എന്നാല്‍ തന്റെ പിതാവിന്‍റെ മരണം, ശവസംസ്കാരം എന്നിവ കഴിയുന്നതു വരെ അതിന് അവധി വേണം എന്നതാണ് അദ്ദേഹത്തിന്‍റെ നിബന്ധന.
യേശു ഈ ആവശ്യത്തെ നിരസിച്ചു.

ലൂക്കോസ് 9:59, 60
59  വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
60  അവൻ അവനോടു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.

ഇവിടെ എന്താണ് യേശു അര്‍ത്ഥം ആക്കുന്നത്?
വാര്‍ദ്ധിക്യത്തില്‍ ആയിരിക്കുന്ന പിതാവിനെ ശുശ്രൂഷിക്കുക, അദ്ദേഹത്തിന്‍റെ മരണശേഷം ശവസംസ്കാര ശുശ്രൂഷകള്‍ ചെയ്യുക എന്നിവയെല്ലാം ഒരു മകന്‍ ചെയ്യേണ്ടുന്ന അത്യാവശ്യ കാര്യങ്ങള്‍ ആയിട്ടാണ് യഹൂദന്മാര്‍ കരുതിയിരുന്നത്.
ന്യായപ്രമാണം പഠിക്കുവാന്‍ സമയം കണ്ടെത്തുക എന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് പിതാവിന്റെ ശവസംസ്കാരം എന്നത്.
നാസീര്‍ വൃതക്കാരും പുരോഹിതന്മാരും മാത്രമേ ഈ കാര്യത്തില്‍ ഒഴിവ് അനുഭവിച്ചിരുന്നുള്ളൂ.
അതിന്റെ അര്‍ത്ഥം യേശു ദൈവരാജ്യത്തെ നാസീര്‍ വൃതത്തോടും പൌരോഹിത്യത്തോടും തുലനം ചെയ്യുക ആയിരുന്നു എന്നല്ലേ.
ഒരു പക്ഷെ യേശു ഉദ്ദേശിച്ചത്, ദൈവരാജ്യം, നാസീര്‍ വൃതത്തെക്കാളും പൌരോഹിത്യ ശുശ്രൂഷകളെക്കാളും വലുതാണ്‌ എന്നായിരിക്കാം.

ഇതു ദൈവരാജ്യത്തിന്‍റെ മുന്‍ഗണന ഒന്നാമതും അത് മാത്രവും ആയിരിക്കേണം എന്നതിന്‍റെ നല്ല ഉദാഹരണം ആണ്.

ദൈവരാജ്യത്തിന്‍റെ മുന്‍ഗണന

ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്ന് പറഞ്ഞാല്‍ എന്താണ്?
ദൈവരാജ്യത്തിന്‍റെ മുന്‍ഗണന ഒരു ബഹുവചനമല്ല, ഏകവചനം ആണ്.
അതായത്, ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ദൈവരാജ്യത്തെ മുന്‍ഗണനയില്‍ ഒന്നമാതാക്കുക എന്ന് പറഞ്ഞാല്‍ മറ്റ് യാതൊരു പരിഗണനയും ശേഷിക്കുന്നില്ല എന്നാണ്.
രണ്ടാമത്തേതും മൂന്നമെത്തെതും ആയി യാതൊന്നും ചേര്‍ക്കുവാന്‍ കഴിയുക ഇല്ല.
അത് ദൈവരാജ്യം ഒന്നാമതും ദൈവരാജ്യം മാത്രവും ആണ്.

ഈ ആശയം നമ്മളിലേക്ക് പകരുവാന്‍ യേശു രണ്ടു ചെറിയ ഉപമകള്‍ പറയുന്നുണ്ട്.
ഒന്ന് ഒരു നിധിയെക്കുറിച്ചും മറ്റൊന്ന് വിലയേറിയ മുത്തിനെ കുറിച്ചും ആണ്.
നമുക്ക് അതൊന്ന് വായിക്കാം:

മത്തായി 13: 44 - 46
44  സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
45  പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
46  അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

ഒരു മനുഷ്യന്‍ ഒരു വയലില്‍ മറഞ്ഞിരുന്ന നിധി കണ്ടെത്തി.
അദ്ദേഹം തന്‍റെ വീട്ടിലേക്കു പോയി, തന്‍റെ സമ്പത്ത് മുഴുവന്‍ സമാഹരിച്ചു; തന്റെ വസ്തുവകകള്‍ എല്ലാം വിറ്റ്, പണം ഉണ്ടാക്കി ആ വയല്‍ വാങ്ങി.
അങ്ങനെ അദ്ദേഹം ആ നിധി സ്വന്തം ആക്കി.

രണ്ടാമത്തെ ഉപമയില്‍, ഒരു വ്യാപാരി മനോഹരമായ മുത്ത് അന്വേഷിക്കുക ആയിരുന്നു.
അദ്ദേഹം വിലയേറിയ ഒരു മുത്ത് കണ്ടെത്തി.
അദ്ദേഹവും തന്‍റെ വീട്ടിലേക്കു പോയി, തന്‍റെ സമ്പത്ത് മുഴുവന്‍ സമാഹരിച്ചു; തന്‍റെ വസ്തുവകകള്‍ എല്ലാം വിറ്റ്, പണം ഉണ്ടാക്കി ആ മുത്ത് വാങ്ങി.

മറഞ്ഞിരുന്ന നിധിയും വിലയേറിയ മുത്തും ദൈവരാജ്യത്തെ ആണ് കാണിക്കുന്നത്.
രണ്ട് ഉപമകളും ആരംഭിക്കുന്നത് സ്വർഗ്ഗരാജ്യം ഇതിനോട് സദൃശം എന്ന് പറഞ്ഞുകൊണ്ടാണ്.
അതുകൊണ്ട് ഈ ഉപമകള്‍ ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുന്നു എന്ന് ന്യായമായും ചിന്തിക്കാം.

നിധി മറഞ്ഞിരുന്നു; വ്യാപാരി മനോഹരങ്ങളായ മുത്തുകള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.
ഇതു ദൈവരാജ്യത്തിന്‍റെ ഒരു മര്‍മ്മം വെളിപ്പെടുത്തുന്നു.
ദൈവരാജ്യം എന്നത് പെട്ടന്ന് ഒരുവന്‍റെ മുന്നില്‍ അത്ഭുതകരമായി പ്രത്യക്ഷപ്പെടുന്ന ഒന്നല്ല.
മനുഷ്യന്‍ അത് അന്വേഷിച്ച് കണ്ടെത്തെണം.
അതായാത് ദൈവരാജ്യം കണ്ടെത്തുന്നതില്‍ മനുഷ്യന്‍റെ ഒരു ഭാഗം കൂടി ഉണ്ട് എന്നര്‍ത്ഥം.

രണ്ട് ഉപമകളിലും അവര്‍ക്ക് ഉള്ളതെല്ലാം വിറ്റ് പണം ഉണ്ടാക്കി ആണ് വയലും മുത്തും അവര്‍ വാങ്ങിയത്.
വയലും മുത്തും വാങ്ങിയതിനുശേഷം അവരുടെ പക്കല്‍ വാങ്ങിയ വയലും മുത്തും അല്ലാതെ മറ്റൊന്നും ശേഷിച്ചില്ല.
അതായത്, ദൈവരാജ്യം ഒന്നാമതും ദൈവരാജ്യം മാത്രവും ആയിരുന്നു.

അപ്പോസ്തലന്മാര്‍ ദൈവരാജ്യത്തെ ഇങ്ങനെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തിയവര്‍ ആണ്.  

നമുക്ക് ലൂക്കോസിന്‍റെ സുവിശേഷം 18-)൦ അദ്ധ്യായത്തിലേക്ക് വീണ്ടും പോകാം.
നീതീകരിക്കപെടുവനായി യേശുവിന്റെ അടുക്കല്‍ വന്ന ധനികനായ യുവാവിന്‍റെ കഥ നമ്മള്‍ ഇവിടെ കണ്ടു കഴിഞ്ഞു.
എന്നാല്‍ ദൈവരാജ്യത്തിന്‍റെ നിലവാരത്തിലേക്ക് ഉയരുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
കാരണം യേശു അവനോട് ദൈവരാജ്യത്തെ മുന്‍ഗണനാ പട്ടികയില്‍ ഒന്നമാതാക്കുവാന്‍ ഉപദേശിച്ചു.
ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്നാല്‍ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചിട്ട് യേശുവിനെ അനുഗമിക്കുക എന്നതാണ് എന്ന് മനസ്സിലാക്കിയ യുവാവ്‌ അതീവ ദുഖത്തോടെ മടങ്ങി പോയി.
അവന്‍ ദൈവരാജ്യം സംബന്ധിച്ചു പരാജിതനായി മടങ്ങിപോയപ്പോള്‍, ധനവാന്മാര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് കഠിനം എന്ന് യേശു പ്രസ്താവിച്ചു.

ഇതില്‍ നിന്നും ദൈവരാജ്യത്തിന്‍റെ മുന്‍ഗണനയെക്കുറിച്ച് ശിഷ്യന്മാര്‍ക്ക് ആവശ്യമായ ഉപദേശം ലഭിച്ചു.
അവര്‍ ഉടന്‍തന്നെ തങ്ങള്‍ ഉള്ളതെല്ലാം ഉപേഷിച്ചിട്ടു യേശുവിനെ അനുഗമിക്കുക ആണ് എന്ന സത്യം ഓര്‍മ്മിപ്പിച്ചു.
ഒരു നല്ല പ്രതിഫലം അവര്‍ക്ക് ലഭിക്കും എന്ന് യേശു മറുപടിയും നല്‍കി.
നമുക്ക് യേശുവിന്‍റെ മറുപടി വായിക്കാം:

ലൂക്കോസ് 18: 29, 30
29  യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
30  ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.

ഏതോ നിശ്ചയമില്ലാത്ത ഭാവിയില്‍ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ചാണോ യേശു സംസാരിക്കുന്നത്?
യേശുവിന്‍റെ കാലത്ത്, ഒരു റബ്ബിയെ അനുഗമിക്കുന്ന ശിഷ്യന്‍ തന്റെ വീടും, മാതാപിതാക്കന്മാരെയും, സഹോദരങ്ങളെയും, തനിക്കുള്ളതൊക്കെയും ഉപേക്ഷിച്ചിട്ടാണ് ഗുരുവിനെ അനുഗമിക്കുന്നത്.
ഈ ശിഷ്യന്‍ ഗുരു സഞ്ചരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഒപ്പം സഞ്ചരിക്കുകയും, തന്റെ ഗുരു പറയുന്ന ഓരോ വാക്കില്‍ നിന്നും പഠിക്കുകയും, ഗുരുവിനെ നോക്കി ജീവിത ശൈലി പഠിക്കുകയും ചെയ്യും.
ശിഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും തന്നെപോലെ ആയി എന്ന് ഗുരുവിനു വിശ്വാസം വന്നാല്‍ സ്വതന്ത്രനായി ശുശ്രൂഷ ചെയ്യുവാന്‍ അവനെ ഗുരു അധികാരപ്പെടുത്തും.
അതിനു ശേഷം അവന്‍ ആഗ്രഹിക്കുന്നു എങ്കില്‍ തന്റെ വീട്ടിലേക്ക് മടങ്ങി പോകാം,
അവിടെ താന്‍ ആഗ്രഹിക്കുന്നതുപോലെ താമസിച്ചതിനു ശേഷം തന്റെ ശുശ്രൂകള്‍ ഗുരുവില്‍നിന്നും കേട്ടും കണ്ടും പഠിച്ചതുപോലെ ചെയ്യാം.
ഇതായിരുന്നു അക്കാലത്തെ സാമൂഹികവും മതപരവുമായ പശ്ചാത്തലം.

യേശു തന്റെ ശിഷ്യന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് നിശ്ചയമില്ലാത്ത ഭാവിയില്‍ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ചല്ല.
അത് എല്ലാ ശിഷ്യന്മാര്‍ക്കുന്‍ ഉറപ്പായും ലഭിക്കുന്ന പ്രതിഫലം ആണ്.
യേശു ഉറപ്പുനല്‍കുന്ന പ്രതിഫലത്തിന് ഒരു പ്രത്യേകത ഉണ്ട്: അത് ഉപേക്ഷിച്ചതിന്‍റെ പല മടങ്ങാണ്.
ഇതാണ് ദൈവരാജ്യത്തിന്‍റെ മുന്‍ഗണനയുടെ പ്രതിഫലം.

നമ്മള്‍ ഇതുവരെ പറഞ്ഞത്‌ ഇതാണ്:
ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്നാല്‍, ദൈവരാജ്യം ഒന്നാമതും ദൈവരാജ്യം മാത്രവും ആയിരിക്കുക എന്നതാണ്.
മുന്‍ഗണനാ പട്ടികയില്‍ രണ്ടാമതായോ മൂന്നാമതായോ മറ്റൊന്നില്ല.
ദൈവരാജ്യത്തിന്‍റെ മുന്‍ഗണന ക്രമീകരിച്ചതിനു ശേഷം നമ്മള്‍ മറ്റ് യാതൊന്നിനെയും കുറിച്ച് പ്രയസപ്പെടുകയോ, വ്യകുലപ്പെടുകയോ ചെയ്യുന്നില്ല.
അതോടുകൂടി നമുക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും എന്നാണ് യേശു ഉറപ്പു നല്‍കുന്നത്. 

ദൈവരാജ്യത്തിന്റെ മുന്‍ഗണന ദൈവീക നിയമനം അല്ല

ദൈവരാജ്യത്തിന്റെ മുന്‍ഗണന എന്നത് പൂര്‍ണ്ണസമയ സുവിശേഷവേലക്കായുള്ള നിയമനമല്ല എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണം.
ഇതു മനസിലാക്കുവാനായി നമുക്ക് ഒരു സംഭവം കൂടി വേദപുസ്തകത്തില്‍ നിന്നും നോക്കാം.
ഇവിടെ യേശുവിനെ പൂര്‍ണ്ണസമയം അനുഗമിക്കുവാന്‍ ഒരു മനുഷ്യന്‍ തയ്യാറായി വരുന്നത് കാണാം.
എന്നാല്‍ യേശു ഈ മനുഷ്യനെ അതിനായി അനുവദിച്ചില്ല.
ഇതു ഗദരദേശത്തെ ഭൂതഗ്രസ്തനായിരുന്ന മനുഷ്യന്‍റെ കഥ ആണ്.
മര്‍ക്കോസിന്‍റെ സുവിശേഷം 5-)൦ അദ്ധ്യായം 1 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.
ആറായിരത്തില്‍ അധികം ഭൂതങ്ങള്‍ ഈ മനുഷ്യനില്‍ കുടിയിരുന്നു എന്ന് വേണം നമ്മള്‍ മനസ്സിലാക്കുവാന്‍.
ഇദ്ദേഹം ഭൂതങ്ങളാല്‍ വളരെ പീഡനം സഹിച്ചിരുന്ന വ്യക്തി ആയിരുന്നു.
യേശു എല്ലാ ഭൂതങ്ങളെയും അവനില്‍ നിന്നും പുറത്താക്കി, അവനെ സൌഖ്യമാക്കി.
ഈ അത്ഭുത സൌഖ്യം പെട്ടന്ന് ഒരു തീരുമാനത്തിലേക്ക് അവനെ നയിച്ചു.
തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചിട്ട് യേശുവിന്‍റെ ശിഷ്യനായി അവനെ അനുഗമിക്കുവാന്‍ ഈ മനുഷ്യന്‍ ആഗ്രഹിച്ചു.
എന്നാല്‍ യേശു അവന്റെ ആഗ്രഹം അംഗീകരിച്ചില്ല.
പകരം സ്വന്തം ദേശത്ത്‌ തനിക്ക് ലഭിച്ച വിടുതലിനെക്കുറിച്ച് സകലരെയും അറിയിക്കുക എന്ന നിയോഗം യേശു നല്‍കി.
അത് അനുസരിച്ച ആ മനുഷ്യന്‍ ആ ദേശമെല്ലാം തനിക്ക് ലഭിച്ച വിടുതല്‍ പ്രസിദ്ധമാക്കുകയും ചെയ്തു.

ദൈവരാജ്യത്തിന്‍റെ മുന്‍ഗണനയെക്കുറിച്ച് പഠിക്കുമ്പോള്‍ ഇതൊരു പ്രത്യേകത ഉള്ള കഥ ആയി നമുക്ക് തോന്നിയേക്കാം.
ഈ മനുഷ്യന് ദൈവരാജ്യത്തെ തന്റെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതും ദൈവരാജ്യം മാത്രമായും ക്രമീകരിക്കേണം എന്ന് ആഗ്രഹമുണ്ടായി.
എന്നാല്‍ യേശു എന്താണ് ചെയ്തത്?
ദൈവരാജ്യത്തെ രണ്ടാമത്തേത് ആക്കിവെക്കുവാന്‍ ആണോ അവനോട് പറഞ്ഞത്?
ഒരിക്കലും അല്ല; സ്വന്തം ദേശത്ത്‌ ദൈവത്തിന്‍റെ മഹത്വം അറിയിച്ചുകൊണ്ട്‌ ദൈവരാജ്യത്തിന് ഒത്തവണ്ണം ജീവിക്കുവാന്‍ ആണ് യേശു അവനോട് പറഞ്ഞത്.
അതിന്റെ അര്‍ത്ഥം, അവന്റെ മുന്‍ഗണനാ പട്ടികയില്‍ ദൈവരാജ്യം ഒന്നാമത്തേതും അത് മാത്രവും ആയിരിക്കേണം.
എന്നാല്‍, യേശുവിന്‍റെ പൂര്‍ണ്ണസമയ ശിഷ്യന്‍ ആകുവാനുള്ള ദൈവീക വിളി അവന് ഇല്ല.

ഇതില്‍ നിന്നും നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
ദൈവരാജ്യത്തിന്‍റെ മുന്‍ഗണന എന്നത് പൂര്‍ണ്ണ സമയ സുവിശേഷ വേലയ്ക്കുള്ള നിയമനം അല്ല.
പൂര്‍ണ്ണ സമയ സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിക്കുന്നത്‌ നമ്മളുടെ ജീവിതത്തിലെ ഒരു അത്ഭുത വിടുതല്‍ കാരണം അല്ല.
തുടര്‍ച്ചയായിണ്ടായിരുന്ന ദൈവീക വിളി നമ്മള്‍ ഗൌനിക്കാതെ പോയപ്പോള്‍, നമുക്ക് ലഭിച്ച വിടുതല്‍ ഒരു തീരുമാനമെടുക്കുവാന്‍ നമ്മളെ സഹായിച്ചു എന്ന് വന്നേക്കാം.
എന്നാല്‍ വിടുതല്‍ കാരണമല്ല നമ്മള്‍ പൂര്‍ണ്ണ സമയ സുവിശേഷവേലക്കായി ഇറങ്ങിത്തിരിക്കുന്നത്‌. 
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മള്‍ സ്വയം എടുക്കുന്ന തീരുമാനം അല്ല പൂര്‍ണ്ണ സമയ സുവിശേഷവേല.
സുവിശേഷവേലയ്ക്കായുള്ള വിളി ഒരു ദൈവീക നിയമനം ആണ്.
ആ ദൈവീക നിയമനം ലഭിച്ചവര്‍ ആണ് പൂര്‍ണ്ണസമയ സുവിശേഷവേലക്കാര്‍.
ദൈവീക നിയമനത്തില്‍ ഇവയെല്ലാം ആണ് ഉള്‍പ്പെട്ടിരിക്കുന്നത്:

എഫെസ്യര്‍ 4:11 അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

നമ്മള്‍ എല്ലാവരും യേശുക്രിസ്തുവിന്‍റെയും ദൈവരാജ്യത്തിന്‍റെയും സാക്ഷികള്‍ ആണ്.
വീണ്ടും ജനനം പ്രാപിച്ച എല്ലാ വിശ്വാസികളും ഇപ്പോള്‍ യേശുവിനാല്‍ ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍ ആണ്.
അതുകൊണ്ട് തന്നെ ദൈവരാജ്യത്തിന്‍റെ സാക്ഷികളും ആണ്,
അതൊരു പ്രത്യേക പദവി അല്ലാത്തതിനാല്‍ വേറെ ദൈവീക നിയമനം ആവശ്യമില്ല.
യഥാര്‍ത്ഥത്തില്‍ ഭാഗികമായ സുവിശേഷവേലക്കാര്‍ എന്ന ഒന്നില്ല.
ഒന്നുകില്‍ ഒരു വ്യക്തി ദൈവീക നിയോഗപ്രകാരം പൂര്‍ണ്ണസമയ സുവിശേഷകന്‍ ആണ് അല്ലെങ്കില്‍ മറ്റെല്ലാവരെയും പോലെ യേശുക്രിസ്തുവിന്‍റെയും ദൈവരജ്യത്തിന്‍റെയും സാക്ഷി ആണ്.

എങ്ങനെ ദൈവരാജ്യത്തിന്‍റെ മുന്‍ഗണന നിര്‍ണ്ണയിക്കാം?

എങ്ങനെ നമുക്ക് ദൈവരാജ്യത്തിന്‍റെ മുന്‍ഗണന നിര്‍ണ്ണയിക്കാം?
ദൈവരാജ്യത്തെ നമ്മളുടെ ജീവിതത്തില്‍ എപ്പോഴും എല്ലായിടത്തും സാക്ഷിക്കുക എന്നതിലൂടെ ദൈവരാജ്യത്തെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതായും അത് മാത്രമായും നിര്‍ണ്ണയിക്കാവുന്നതാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മളുടെ ജീവിതം തന്നെ ദൈവരാജ്യവും അത് മാത്രവും ആയിരിക്കേണം.
രാത്രിയും പകലും ഭേദം ഇല്ലാതെയും, സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും ദൈവരാജ്യത്തിന് ഒത്തവണ്ണം ജീവിക്കുക എന്നതിലൂടെ മാത്രമേ നമുക്ക് ദൈവരാജ്യത്തെ മുന്‍ഗണനയില്‍ ഒന്നാമതായി നിര്‍ണ്ണയിക്കുവാന്‍ കഴിയൂ.

ദൈവരാജ്യത്തിന് ഒത്തവണ്ണം ജീവിക്കുക എന്നാല്‍ എല്ലായിടത്തും എപ്പോഴും എല്ലാ കാര്യങ്ങളിലും ദൈവരാജ്യം മാത്രം ഉണ്ടായിരിക്കുക എന്നതാണ്.
നമ്മളുടെ ചിന്തകളിലും, വാക്കുകളിലും, പ്രവൃര്‍ത്തികളിലും ദൈവരാജ്യം മാത്രമേ ഉണ്ടാകാവുള്ളൂ.

നമ്മളുടെ ജീവിതത്തിലെ സകലതും ദൈവരാജ്യത്തിന്‍റെ വിസ്തൃതിക്കായി മാത്രം ഉള്ളതാകുമ്പോള്‍ നമ്മള്‍ ദൈവരാജ്യത്തെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതായും എല്ലാമായും നിര്‍ണ്ണയിച്ചിരിക്കുന്നു എന്ന് പറയുവാന്‍ കഴിയും.
ദൈവരാജ്യത്തിന് ദോഷമുള്ള യാതൊന്നും നമ്മളുടെ ജീവിതത്തില്‍ വാക്കാലോ പ്രവൃത്തിയാലോ ഉണ്ടാകുവാന്‍ പാടില്ല.

ഇങ്ങനെ ദൈവരാജ്യത്തിന്റെ മുന്‍ഗണന നിര്‍ണ്ണയിക്കുവാന്‍ നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഒരിക്കലും പിന്നോട്ട് പോകുക സാധ്യമല്ല.
ക്രിസ്തുവിനെ അനുഗമിക്കുവാന്‍ ഒരിക്കല്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും പുറകോട്ട് പോകുക സാദ്ധ്യമല്ല.

ലൂക്കോസ് 9: 62 യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

അതുകൊണ്ട് നമ്മള്‍ നമ്മളോട് തന്നെ സത്യസന്ധത ഉള്ളവര്‍ ആകാം.
നമുക്ക് നമ്മളോട് തന്നെ ചോദിക്കാം:
നമ്മളുടെ ജീവിതത്തില്‍ ദൈവരാജ്യത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടോ; അതോ ജീവിതത്തിന്‍റെ മറ്റ് പ്രതാപങ്ങള്‍ക്കാണോ മുന്‍‌തൂക്കം?
ദൈവരാജ്യം മുന്‍ഗണനയില്‍ ഒന്നാമതും അത് മാത്രവും അല്ല എങ്കില്‍ ഇപ്പോള്‍ തന്നെ ഒരു തീരുമാനം എടുക്കുക.
ദൈവരാജ്യത്തിന്‍റെ മുന്‍ഗണന ഒന്നമാത്തെതായും അത് മാത്രമായും നിശ്ചയിക്കുക.
ദൈവരാജ്യത്തിന് ഒത്തവണ്ണം ഉള്ള അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം നയിക്കുക.


No comments:

Post a Comment