യഹൂദ വാമൊഴി പാരമ്പര്യവും ക്രിസ്തീയ വിശ്വാസങ്ങളും

യഹൂദന്മാരുടെ ഇടയില്‍ വായ്‌ മൊഴിയാല്‍ പകരപ്പെട്ടിരുന്ന പ്രമാണങ്ങള്‍, ക്രിസ്തീയ പാരമ്പര്യങ്ങളുടെ പ്രസക്തി, പാരമ്പര്യങ്ങളെക്കുറിച്ചുള്ള പ്രോട്ടസ്റെന്റ്റ് സഭകളുടെ കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള വളരെ ഹൃസ്വമായ ഒരു ആമുഖം മാത്രം ആണ് ഈ സന്ദേശം.

 ഇതു വളരെ ഹൃസ്വമായ ഒരു സന്ദേശം ആയതിനാല്‍ കുറച്ച് വേദപുസ്തക വാക്യങ്ങളും ഉദാഹരണങ്ങളും മാത്രമേ ഇവിടെ പറയുന്നുള്ളൂ.

എന്നിരുന്നാലും ഇതു താങ്കള്‍ക്ക് അനുഗ്രഹം ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


യഹൂദ പ്രമാണങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ അവരുടെ രണ്ട്  പ്രമാണങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്.
ഒന്ന്: എഴുതപ്പെട്ട പ്രമാണം അഥവാ തനാക് (Tanach)
രണ്ടു: വാമൊഴിയാല്‍ പകര്‍ന്ന് ലഭിച്ച പ്രമാണം അഥവാ മിഷന (Mishna)
ഇവ രണ്ടും ദൈവം മോശക്ക് നേരിട്ട് നല്‍കിയതാണ് എന്ന് അവര്‍ വിശ്വസിക്കുന്നു.

എഴുതപ്പെട്ട പ്രമാണങ്ങള്‍ ആയ തനാക് (Tanach) ല്‍ അഞ്ച് പുസ്തകങ്ങള്‍ ആണ് ഉള്ളത്.
ഉല്‍പ്പത്തി, പുറപ്പാട്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവര്‍ത്തനപുസ്തകം എന്നിവ ആണ് അവ.

ദൈവം എഴുതപ്പെട്ട പ്രാമാണങ്ങളോട് ഒപ്പം വാമൊഴിയായുള്ള പ്രമാണങ്ങളും സീനായ് പര്‍വതത്തില്‍ വച്ചു മോശേക്ക് നല്‍കി എന്നത് യഹൂദ വിശ്വാസത്തിന്റെ അടിസ്ഥാനം ആണ്.
എഴുതപ്പെട്ട പ്രമാണങ്ങള്‍ എങ്ങനെ ആണ് പാലിക്കേണ്ടത് എന്ന് വിശദമായി ദൈവം മോശെയോടു വിവരിച്ചിരുന്നു.
സീനായി പര്‍വ്വതമുകളില്‍ വച്ചു ദൈവം പകല്‍ എഴുതപ്പെട്ട പ്രമാണങ്ങളും രാത്രിയില്‍ വാമൊഴിയാലുള്ള പ്രമാണങ്ങളും നല്‍കി എന്നും അങ്ങനെ ആണ് മോശെ രാത്രിയും പകലും തമ്മില്‍ വേര്‍തിരിച്ച് അറിഞ്ഞത് എന്നും അവര്‍ വിശ്വസിക്കുന്നു.

എന്താണ് വാമൊഴിയാലുള്ള പ്രമാണത്തിന്റെ ആവശ്യം?
യഹൂദന്മാര്‍ക്ക് വാമൊഴിയാലുള്ള പ്രമാണത്തിന്‍റെ ആവശ്യം എന്താണ്?
എഴുതപ്പെട്ട പ്രമാണങ്ങള്‍ സാങ്കേതികമായി മറവായതും അതിനാല്‍ വിശദീകരണം ആവശ്യം ഉള്ളതുമായിരുന്നു.
അവ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കേണം എങ്കില്‍ അതിനുതക്ക വിശദീകരണം ആവശ്യമായിരുന്നു.

നമ്മളുടെ ഈ പഠനം ഹൃസ്വമായ ഒരു ആമുഖം മാത്രം ആയതിനാല്‍ ഒരു ഉദാഹരണം മാത്രം ഞാന്‍ ഇവിടെ പറയട്ടെ.

എഴുതപ്പെട്ട പ്രമാണങ്ങളിലെ ചില നിയമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചാല്‍ അത് വളരെ ഗൌരവം ഉള്ള അധാര്‍മ്മിക പ്രവര്‍ത്തി ആയി മാറും.
അധാര്‍മ്മിക പ്രവര്‍ത്തികളെ ന്യായപ്രമാണം അനുവദിക്കുന്നില്ല എന്ന് ഓര്‍ക്കുക.
 പുറപ്പാട് പുസ്തകം 21: 24 ല്‍ “കണ്ണിന്നു പകരം കണ്ണു എന്ന പ്രമാണം നമ്മള്‍ വായിക്കുന്നു.
ഒരാള്‍ അബദ്ധത്തില്‍ മറ്റൊരു ആളിന്റെ കണ്ണിനു കേടു വരുത്തിയാല്‍ അയാളുടെ കണ്ണും നശിപ്പിക്കേണം എന്നാണ് ഈ പ്രമാണത്തിന്റെ അര്‍ത്ഥം എന്ന് നമുക്ക് ഒറ്റ വായനയില്‍ തോന്നും.
എന്നാല്‍ വാമൊഴിയാല് ലഭിച്ച പ്രമാണം ഇതിനൊരു വിശദീകരണം നല്‍കുന്നുണ്ട്.
കുറ്റം ചെയ്ത വ്യക്തി ഇരയായ വ്യക്തിക്ക് നഷ്ടത്തിന് തുല്യമായ വില നല്‍കിയാല്‍ മതിയാകും എന്ന് വാമൊഴി പ്രമാണം വിശദീകരിക്കുന്നു.
തുല്യമായ വില എന്ന ദൈവ പ്രമാണം ആണ് നമ്മള്‍ ഇവിടെ കാണുന്നത്; അതിലൂടെ നമ്മള്‍ ക്രിസ്തുവിലേക്ക് നടത്തപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ വാമൊഴിയാലുള്ള പ്രമാണം എഴുതപ്പെട്ട പ്രമാണങ്ങളെ വിശദീകരിക്കുകയും മനുഷ്യര്‍ക്ക്‌ അത് പാലിക്കുവാന്‍ തക്കവണ്ണം അതിനെ വ്യാഖ്യാനിക്കുകയും ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്യുന്നു.

ന്യായപ്രമാനങ്ങളെ മനസ്സിലാക്കുന്നതിനായി യഹൂദന്മാര്‍ വാമൊഴിയാലുള്ള പ്രമാണങ്ങളെ വളരെ അധികം ആശ്രയിച്ചിരുന്നു.
വാമൊഴിയാലുള്ള പ്രമാണങ്ങള്‍ കൂടാതെ ഭാവി തലമുറയ്ക്ക് ന്യായപ്രമാണങ്ങളെ മനസ്സിലാക്കുവാനോ അനുസരിക്കുവാണോ കഴിയുക ഇല്ല.
എന്നാല്‍ വാമൊഴിയാലുള്ള പ്രമാണങ്ങളെ ഒരിക്കലും പുതിയ പ്രമാണങ്ങള്‍ രൂപീകരിക്കുവാന്‍ അവര്‍ ഉപയോഗിച്ചിട്ടില്ല എന്നത് നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണം.

വാമൊഴിയാല്‍ ലഭിച്ച പ്രമാണങ്ങളുടെ ദൈവീക ശ്രോതസിലുള്ള വിശ്വാസം യഹൂദന്മാര്‍ക്ക് വളരെ പ്രധാപ്പെട്ടതാണ്..
വാമൊഴി പ്രമാണങ്ങള്‍ എഴുതപ്പെട്ട പ്രമാണങ്ങളുടെ പ്രായോഗികതയെ വിശദീകരിക്കുന്ന നിയപരമായ വ്യാഖ്യാനങ്ങള്‍ ആണ്.

 മിഷന (Mishna)
വാമൊഴി പ്രമാണങ്ങള്‍ വാമൊഴിയാല്‍ മാത്രം പകരപ്പെടെണ്ടാതാണ് എന്നായിരുന്നു അവരുടെ വിശ്വാസം.
അവ ഒരു ഗുരുവില്‍ നിന്നും ശിഷ്യനിലേക്ക് വാമൊഴിയാല്‍ പകരപ്പെട്ടിരുന്നു.
ശിഷ്യന് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഗുരുവിനോട് തന്നെ ചോദിച്ച് വ്യക്തത വരുത്തുവാനുള്ള അവസരം ഉണ്ടായിരുന്നു.
ഗുരു ആകട്ടെ, ഈ പ്രമാണങ്ങള്‍ വാമൊഴിയാല്‍ മാത്രം പകരപ്പെടുന്നു എന്നതിനാല്‍ തന്റെ ഗുരുവിന്‍റെ പക്കല്‍ നിന്നും കേട്ടതും മനസ്സിലാക്കിയതും അതുപോലെതന്നെ തന്റെ ശിഷ്യന് പകര്‍ന്നുകൊടുക്കുവാന്‍ ആത്മാര്‍ഥത കാണിച്ചു.
അങ്ങനെ വാമൊഴിയാലുള്ള പ്രമാണങ്ങള്‍ എപ്പോഴും അതിന്റെ ശ്രോതസ്സിനോട് വിശ്വസ്തതയും കൂറും പുലര്‍ത്തി.

യഹൂദ റബ്ബിമാര്‍ ഈ പ്രമാണങ്ങളെ എഴുതിവെക്കുവാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ പല ആഭ്യന്തര കലാപങ്ങളില്‍ ആയി അനേകം റബ്ബിമാര്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ എണ്ണം കുറഞ്ഞുവന്നു.
വളരെ അടിയന്തര ഘട്ടങ്ങളില്‍ വാമൊഴി പ്രമാണങ്ങള്‍ ഇല്ലാതെയാകുന്ന സാഹചര്യം ഉണ്ടായാല്‍ അവയെ എഴുതിവെക്കാം എന്ന് നിയമം ഉണ്ടായിരുന്നു.
അങ്ങനെ അവ എന്നന്നേക്കുമായി നഷപ്പെട്ടു പോകാതിരിക്കുവാനായി വാമൊഴി പ്രമാണങ്ങളെയും എഴുതി സൂക്ഷിക്കുവാന്‍ തീരുമാനിച്ചു.

200 AD ല്‍ Rabbi Judah the Prince എന്ന് അറിയപ്പെട്ടിരുന്ന റബ്ബി ഇതെല്ലാം എഴുതി സൂക്ഷിക്കുവാന്‍ തയ്യാറായി.
ആറു വലിയ വിഭാഗങ്ങളും അറുപത്തിമൂന്ന് ചെറിയ വിഭാഗങ്ങളുമായി അദ്ദേഹം രേഖപ്പെടുത്തിവെച്ച വാമൊഴി പ്രമാണങ്ങളെ ആണ് മിഷന (Mishna) എന്ന് വിളിക്കുന്നത്‌.

താല്‍മട് (Talmud)
റബ്ബി യൂദയുടെ മിഷന (Mishna) പിന്നീട് അനേകം തലമുറകളായി റബ്ബിമാര്‍ വീണ്ടും പഠിച്ചുകൊണ്ടിരുന്നു.
ഗെമാറാ (Gemara) എന്ന് അറിയപ്പെട്ടിരുന്ന ഇവരുടെ തുടര്‍ ചര്‍ച്ചകള്‍ ഏകദേശം 300 വര്‍ഷങ്ങളോളം തുടര്‍ന്നു.
ഇവരില്‍ ചില റബ്ബിമാര്‍ മിഷന (Mishna) യിന്മേലുള്ള അവരുടെ ചര്‍ച്ചകളും അതിലൂടെ ഊരിതിരിഞ്ഞു വന്ന തീരുമാനങ്ങളും എഴുതി വച്ചു.
ഇതിനെ ആണ് താല്‍മട് (Talmud) എന്ന് വിളിക്കുന്നത്‌.

ഈ വിശദീകരണങ്ങളുടെ പ്രധാന ഉദ്യേശ്യം മിഷനയെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്.
ഭിന്നാഭിപ്രായങ്ങള്‍

വാമൊഴി പ്രമാണങ്ങളെ ഗൌരവമായി കാണുന്നതിനോട് വിമുഖത ഉള്ളവരും യഹൂദ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.
അവര്‍ എഴുതപ്പെട്ട വചനത്തില്‍ മാത്രം വിശ്വസിക്കുകയും അവയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അനുസരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.
മറ്റൊരു വിഭാഗമായ സാദൂക്യര്‍ ആകട്ടെ എഴുതപ്പെട്ട വചനം അല്ലാത്തതൊന്നും അംഗീകരിച്ചില്ല.
അതേ കാരണം കൊണ്ട് തന്നെ സദൂക്യര്‍ നിത്യമായ ജീവനിലും മരിച്ചവരുടെ പുനരുദ്ധാനത്തിലും വിശ്വസിച്ചിരുന്നില്ല.
എന്നാല്‍ യേശുവിന്റെ കാലത്തെ പരീശന്മാര്‍ വാമൊഴി പ്രമാണങ്ങളില്‍ വിശ്വസിച്ചിരുന്നു..

യേശുവും യഹൂദ വാമൊഴി പ്രമാണങ്ങളും
ഇനി നമുക്ക് യേശു, മിഷന അഥവാ വാമൊഴി പ്രമാണങ്ങളെ എങ്ങനെ ആണ് സമീപിച്ചത് എന്ന് നോക്കാം.
യേശു തന്റെ പ്രസംഗങ്ങളില്‍ വാമൊഴി പ്രമാണങ്ങള്‍ എടുത്തു പറയുന്നുണ്ട്.
എന്നാല്‍ ദൈവ പ്രമാണങ്ങളുടെ അവസാന വാക്കായോ അടിസ്ഥാനമായോ എഴുതപെട്ട പ്രമാണങ്ങള്‍ക്ക് തുല്യമായോ യേശു അതിനെ അംഗീകരിച്ചില്ല എന്ന് വേണം നമ്മള്‍ മനസ്സിലാക്കുവാന്‍.
ഇതിന് മതിയായ കാരണങ്ങള്‍ ഉണ്ട്.

യേശുവിന്റെ കാലത്ത്, യഹൂദന്മാരുടെ വാമൊഴി പ്രമാണങ്ങളും വ്യാഖ്യാനങ്ങളും പ്രവര്‍ത്തിയാലുള്ള നീതീകരണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയിരുന്നു.
പരീശന്മാര്‍ ആയിരുന്നു അന്നത്തെ വ്യാഖ്യതാക്കാള്‍.
മനുഷ്യര്‍ ചെയ്യുവാന്‍ പാടില്ലാത്ത കാര്യങ്ങളുടെ നീണ്ട പട്ടിക തന്നെ അവര്‍ തയ്യാറാക്കി.
ഇതിലൂടെ ദൈവ പ്രമാണങ്ങളെ കൂടുതല്‍ ഉന്നതമാക്കുക ആണ് തങ്ങള്‍ ചെയ്യുന്നത് എന്ന ചിന്ത മനുഷ്യരുടെ ഹൃദയങ്ങളില്‍ ഉളവാക്കി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ദൈവ പ്രമാണങ്ങളെ ദുര്‍ബ്ബലപ്പെടുത്തുക ആണ് ചെയ്തത്.
ദൈവ പ്രമാണങ്ങളെ മനുഷ്യര്‍ക്ക്‌ പാലിക്കുവാന്‍ പ്രയാസമുള്ളതാക്കി തീര്‍ത്തു എന്നതുമാത്രം ആണ് അവരുടെ വ്യാഖ്യാനങ്ങളുടെ ഫലം.

പരീശന്മാരുടെ വ്യാഖ്യാനങ്ങളുടെ ഏറ്റവും വലിയ അപകടം അവ പ്രവര്‍ത്തിയാലുള്ള നീതീകരണം എന്ന തെറ്റായായ ചിന്തയിലേക്ക് മനുഷ്യരെ നയിക്കുകയും, യേശുവിന്റെ ഏക യാഗത്തില്‍ ഉള്ള വിശ്വാസം മൂലമുള്ള നീതീകരണം എന്നതിലേക്ക് വിരല്‍ ചൂണ്ടാതെ ഇരിക്കുകയും ചെയ്തു എന്നതാണ്.
അതുകൊണ്ട് യേശു അവയെ “നിങ്ങളുടെ സമ്പ്രദായം” എന്നും “മനുഷ്യരുടെ സമ്പ്രദായം” എന്നും വിളിച്ച് തള്ളികളഞ്ഞു. (Matt 15:1-9; Mark 7:1-23).
അങ്ങനെ മത്തായി 5-)൦ അദ്ധ്യായം മുതല്‍ 7-)൦ അദ്ധ്യായം വരെയുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണത്തില്‍ യേശു പരീശന്മാരുടെ ഉപദേശത്തേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഒരു വ്യാഖ്യാനത്തെ അവതരിപ്പിച്ചു.

സുവിശേഷവും വാമൊഴി വ്യാഖ്യാനവും

ഇനി നമുക്ക് ക്രിസ്തീയ പാരമ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.

ഒന്നാം നൂറ്റാണ്ടിലെ യഹൂദ സമൂഹത്തിന്‍റെ സംസ്കാരം വാമൊഴിയാല്‍ പ്രബലം ആയിരുന്നു.
വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ എഴുതുവാനും വായിക്കുവാനും അറിയാമായിരുന്നുള്ളൂ.
അതൊകൊണ്ട് എല്ലാ വിവരങ്ങളും വാമൊഴിയാല്‍ തന്നെ പകരപ്പെട്ടിരുന്നു.
അങ്ങനെ സുവിശേഷങ്ങള്‍ എഴുതുന്നതിന് മുമ്പും ശേഷവും ആദിമ ക്രൈസ്തവര്‍ വാമൊഴിയാല്‍ ലഭിച്ച വിവരങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

മനുഷ്യ പാരമ്പര്യങ്ങളും വാമൊഴിയാല്‍ പകരപ്പെടുന്ന വിവരങ്ങള്‍ക്കും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട് എന്നത് നമ്മള്‍ മറക്കരുത്.
ചരിത്ര സംഭവങ്ങളുമായോ എഴുതപ്പെട്ട ദൈവ വചനവുമായോ വലിയ ബന്ധമില്ലാതെതന്നെ മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങളെ ആണ് പാരമ്പര്യം എന്ന് വിളിക്കുന്നത്‌.
വാമൊഴി എന്നത് വിവരങ്ങളും വിശ്വാസങ്ങളും മനുഷ്യരുടെ ഇടയില്‍ പകരപ്പെടുവാന്‍ ഉപയോഗിക്കപ്പെടുന്ന ഒരു മാര്‍ഗ്ഗം ആണ്.

അതായത് വേദപുസ്തകത്തിലെ പല വിവരങ്ങളും ആദ്യം വാമൊഴിയാല്‍ പകരപ്പെട്ടിരുന്നവ ആണ്; എന്നാല്‍ അവ മാനുഷിക പാരമ്പര്യങ്ങള്‍ അല്ല.
വാമൊഴിയാല്‍ പകരപ്പെട്ടതോ, ദൃക്സാക്ഷികളുടെ സത്യസന്ധമായ വിവരണങ്ങള്‍ ആണ്.
മിക്ക അവസരങ്ങളിലും വേദപുസ്തക സംഭവങ്ങള്‍ അപ്പോള്‍ തന്നെ ഏതെങ്കിലും രീതിയില്‍ ഏതെങ്കിലും വ്യക്തികള്‍ എഴുതി രേഖപ്പെടുത്തിയിരുന്നു എന്നും നമ്മള്‍ മനസിലാക്കുന്നുണ്ട്.

വാമൊഴിയാല്‍ പകരപ്പെട്ടു ലഭിച്ച വിവരങ്ങള്‍ സുവിശേഷങ്ങള്‍ എഴുതുവാന്‍ ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍ സുവിശേഷങ്ങള്‍ മാനുഷിക പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതല്ല.
ലൂക്കോസിന്റെ സുവിശേഷം എഴുതുവാനുള്ള വിവരങ്ങള്‍ അദ്ദേഹം എങ്ങനെ ആണ് ശേഖരിച്ചത് എന്ന് ഒന്നാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.

ലൂക്കോസ് 1: 1 – 4
1        ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,
2        നമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,
3        നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
4        അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

ഈ വേദഭാഗത്തുനിന്നും സുവിശേഷം എഴുതിയവര്‍ എങ്ങനെ ആണ് വിവരങ്ങള്‍ ശേഖരിച്ചത് എന്നും എങ്ങനെ ആണ് അവയെ ഉപയോഗിച്ചത് എന്നും മനസ്സിലാക്കാം.
തന്‍ കേട്ട എല്ലാ കാര്യങ്ങളും വിവേചനം ഇല്ലാതെ എഴുതിവെക്കുക ആയിരുന്നില്ല; സകലതും സൂക്ഷമായി പരിശോധിച്ചതിനു ശേഷം പരിശുദ്ധാത്മ നിയോഗ പ്രകാരം അവയെ എഴുതി വെക്കുക ആയിരുന്നു.
ലൂക്കോസിന്റെ സുവിശേഷം സംഭവങ്ങളുടെ സത്യസന്ധമായ വിവരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു എന്ന് ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്.
തീര്‍ച്ചയായും, അദ്ദേഹം എഴുതിയ സുവിശേഷത്തിലെ പല ഭാഗങ്ങളും വാമൊഴിയാല്‍ ജനങ്ങളുടെ ഇടയില്‍ പകരപ്പെട്ടുകൊണ്ടിരിന്നുന്നത് തന്നെ ആണ്.
ലൂക്കൊസിനെക്കാള്‍ മുമ്പ് എഴുതിയ മര്‍ക്കോസിന്റെ സുവിശേഷത്തിലും പല സംഭവങ്ങളും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്.

വായിക്കുവാനും എഴുതുവാനും അറിയാവുന്നവര്‍ ചുരുക്കം ആയിരുന്ന ഒരു കാലത്ത് വാമൊഴിയാല്‍ പകരുന്ന വിവരങ്ങള്‍ കൃത്യത ഉള്ളതായിരിക്കുവാന്‍ ജനങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
ദൈവ വചനവും ക്രിസ്തീയ പാരമ്പര്യങ്ങളും

ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ വിശദീകരിക്കുപ്പെടുന്നത് പ്രധാനമായും രണ്ടു രീതീകളില്‍ ആണ്.

1.       കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുടെ പ്രമാണങ്ങള്‍

2.       പ്രോട്ടസ്റ്റെന്റ്റ് വിഭാഗങ്ങളുടെ പ്രമാണങ്ങള്‍.

എന്താണ് ഇവരുടെ വ്യത്യാസങ്ങള്‍ എന്ന് അല്‍പ്പമായി നമുക്ക് നോക്കാം.

1.       കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുടെ പ്രമാണങ്ങള്‍


കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുടെ പ്രമാണങ്ങള്‍ എങ്ങനെയാണ് പ്രോട്ടസ്റ്റെന്റ്റ് വിഭാഗങ്ങളുടെ പ്രമാണങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നത്?
കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍ പിന്തുടരുന്ന പാരമ്പര്യങ്ങള്‍ ആണ് ഈ വ്യത്യാസങ്ങള്‍.

ദൈവ വചനത്തെയും പാരമ്പര്യങ്ങളെയും തുല്യമായി കാണണമെന്നും അവ രണ്ടിനേയും ഒരു പോലെ സ്വീകരിക്കുകയും തുല്യ ആരാധനയോടെ ബഹുമാനിക്കുകയും ചെയ്യേണം എന്ന് കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍ പഠിപ്പിക്കുന്നു.
സഭാ വിശ്വാസം ദൈവ വചനത്തിലും പൂര്‍വികരുടെ പാരമ്പര്യങ്ങളിലും അടങ്ങിയിരിക്കുന്നു.
ശ്വാസത്തെ പഠിപ്പിക്കുവാനും നിലനിറുത്തുവാനും അവര്‍ മാനുഷിക പാരമ്പര്യങ്ങളെയും, ഐതീഹങ്ങളെയും, കഥകളെയും ഉപയോഗിക്കുന്നു.
അവരുടെ ദൈവ വിശ്വാസം ദൈവ വചനത്തില്‍ മാത്രം അടിസ്ഥാനമാക്കിയത് അല്ല.
ദൈവ വചനത്തോടൊപ്പം കത്തോലിക്കാ ഓര്‍ത്തഡോക്സ് സഭകളുടെ പാരമ്പര്യങ്ങളും വിശ്വാസികള്‍ പാലിക്കേണ്ടാതായിട്ടുണ്ട്.

മനുഷ്യരിലൂടെ ഏകദേശം 60 തലമുറകളിലായി പകര്‍ന്ന് ലഭിച്ചത് എന്ന് അവകാശപ്പെടുന്ന കത്തോലിക്കാ പാരമ്പര്യങ്ങള്‍ അവ്യക്തമായ വിശ്വാസ പ്രമാണങ്ങളുടെ കൂമ്പാരം ആണ്.
അവരുടെ പാരമ്പര്യങ്ങളുടെ ശ്രോതസ്സ് പോപ്പ്, ബിഷപ്പ് എന്നിവരുടെ പഠിപ്പിക്കലുകള്‍, ഒരു പുരോഹിതന്‍ ഞായറാഴ്ച സഭയില്‍ പറഞ്ഞ പ്രസംഗം, ഒരു കാത്തോലിക്കാ ദൈവ ശാസ്ത്രന്ജന്റെ കണ്ടെത്തലുകള്‍, ഏതെങ്കിലും ഒരു അമ്മയും കുഞ്ഞുങ്ങള്‍ക്കും ജപമാല പ്രാര്‍ത്ഥനാവേളയില്‍ ഉണ്ടായ അനുഭവങ്ങള്‍, ഒരു വിശ്വാസി പറഞ്ഞ ചില പ്രത്യേക അനുഭവങ്ങള്‍ എന്നിവ ആണ്.


2.       പ്രോട്ടസ്റ്റെന്റ്റ് വിഭാഗങ്ങളുടെ പ്രമാണങ്ങള്‍.


പ്രോട്ടസ്റ്റെന്റ്റ് സഭാ വിഭാഗങ്ങള്‍ ദൈവ വചനം മാത്രം എന്ന പ്രമാണത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു.
വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും കാര്യത്തില്‍ വേദപുസ്തകം മാത്രം ആണ് ആധികാരിക അടിസ്ഥാനം എന്ന് പ്രോട്ടസ്റ്റെന്റ്റ് വിഭാഗം ഉറച്ച് വിശ്വസിക്കുന്നു.
സഭാ നവീകരണക്കാര്‍ കാത്തോലിക്കാ സഭയില്‍ നിന്നും വിട്ടു മാറുവാനുള്ള മുഖ്യ കാരണം ഇതായിരുന്നു.


യേശുക്രിസ്തുവും അപ്പൊസ്തലന്മാരും യഹൂദന്മാരുടെ വാമൊഴി പ്രമാണങ്ങളില്‍ നിന്നും ഉദ്ദരണികള്‍ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍ രൂപീകരിക്കുവാനോ ഉറപ്പിക്കുവാനോ ആശ്രയിക്കുവാന്‍ യോഗ്യമായ ശ്രോതസ്സായി അവയെ ഉപയോഗിച്ചിട്ടില്ല.
ഇതു ദൈവ വചനം മാത്രം എന്ന കാഴ്ചപ്പാടിനെ ഉറപ്പിക്കുന്നു.


വേദപുതകം എഴുതപ്പെട്ട മൂല ഭാഷകളുടെ പഠനം, പുരാവസ്തു ഗവേഷകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചരിത്രം, ആദ്യ നൂറ്റാണ്ടിലെ ക്രൈസ്തവ വിശ്വാസികളുടെ എഴുത്തുകള്‍ എന്നിവയെ എല്ലാം വചനം പഠിക്കുവാനായി ഉപയോഗിക്കുന്നതില്‍ പ്രോട്ടസ്റ്റെന്റ്റ് വിഭാഗത്തിന് വിയോജിപ്പ് ഇല്ല.
എന്നാല്‍ മാനുഷിക പാരമ്പര്യങ്ങളെ ദൈവ വചനത്തിന് തുല്യമായി കാണുന്നതിനെ അവര്‍ എതിര്‍ക്കുന്നു.


ഉപസംഹാരം


നമ്മള്‍ ഇതുവരെയും യഹൂദ വാമൊഴി പ്രമാണങ്ങളെക്കുറിച്ചും, കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുടെ പ്രമാണങ്ങളെക്കുറിച്ചും, ദൈവ വചനത്തില്‍ മാത്രം അടിസ്ഥാനമായ ക്രിസ്തീയ വിഭാഗങ്ങളെക്കുറിച്ചും ചില വിവരങ്ങള്‍ പരാമര്‍ശിക്കുക ആയിരുന്നുവല്ലോ.


ഇതില്‍നിന്നും നമ്മള്‍ എത്തിച്ചേരെണ്ടുന്ന നിഗമനം എന്താണ്?


ശ്രദ്ധാപൂര്‍വം നമ്മള്‍ പഠിച്ചാല്‍, കത്തോലിക്കാ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളുടെ പാരമ്പര്യങ്ങള്‍ ദൈവ വചനത്തിന് തുല്യമല്ല എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അവരുടെ പാരമ്പര്യങ്ങളും വാദങ്ങളും ദൈവവചനത്തിന്‍റെ മുഖ്യ പഠിക്കലുകളില്‍ നിന്നും ജനങ്ങളെ അകറ്റുന്നതാണ്.
ഇവരുടെ പാരമ്പര്യങ്ങള്‍ യാതൊന്നും 2 തെസ്സലൊനീക്യര്‍ 2:15 ല്‍ പറഞ്ഞിരിക്കുന്ന അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകള്‍ അല്ല.  

2 തെസ്സലൊനീക്യര്‍ 2:15  ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.

ഇവിടെ “വാക്കിനാലോ” എന്ന് പറഞ്ഞിരിക്കുന്നത് വാമൊഴിയാല്‍ അപ്പോസ്തലന്മാര്‍ പകര്‍ന്ന് കൊടുത്ത ഉപദേശങ്ങള്‍ ആണ്.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, യേശുവും അപ്പൊസ്തലന്മാരും യഹൂദ വാമൊഴി പ്രമാണങ്ങളില്‍ നിന്നും ഉള്ള ഉദ്ദരണികള്‍ ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍ അവര്‍ ഒരിക്കലും വാമൊഴി പ്രമാണങ്ങളെ ഏതെങ്കിലുമൊരു ഉപദേശം സ്ഥപിക്കുവാനോ, പുനസ്ഥാപിക്കുവാനോ, വ്യത്യസപ്പെടുത്തുവാനോ ആയി ഉപയോഗിച്ചിട്ടില്ല.

എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാമാണ് എന്ന്   2 തിമൊഥെയൊസ് 3:16  ല്‍ പറയുന്നു.
അതുകൊണ്ട് തിരുവെഴുത്തിലെ എല്ലാ വാക്കുകളും ദൈവത്താല്‍ നിയോഗിക്കപ്പെട്ടതും ആണ്.
എഴുതപെട്ടിരിക്കുന്ന ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വാക്കുകളും ദൈവാത്മാവ് യുക്തവും സത്യവും എന്ന് സാക്ഷിക്കുന്നു.
വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം, യേശുവും അപ്പൊസ്തലന്മാരും ഉദ്ദരിച്ചിട്ടുള്ള യഹൂദ വാമൊഴി പ്രമാണങ്ങളും ദൈവത്തിന്റെ കൈഒപ്പ് ഉള്ളതാണ്.


ദൈവ വചനം ദൈവീക വെളിപ്പാടുകള്‍ ആണ്.
അവ വാസ്തവികവും മാറ്റമില്ലാത്തതും ആര്‍ക്കും എപ്പോഴും ലഭ്യവും ആണ്.
അതുകൊണ്ടാണ് വേദപുസ്തകത്തെ ദൈവ വചനം എന്ന് വിളിക്കുന്നത്‌ തന്നെ.

ഈ ഹൃസ്വ സന്ദേശം, ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഈ വിഷയത്തിലുള്ള ഒരു മുഖവുര മാത്രമേ ആകുന്നുള്ളൂ.
കര്‍ത്താവ് നിങ്ങളെ അനുഗ്രഹത്തോടെ നടത്തട്ടെ. ആമീന്‍.
No comments:

Post a Comment