റോമന്‍ സാമ്രാജ്യത്തിന്റെ പതനവും ആധുനിക ലോകത്തിന്റെ അവസാനവും

എഡ്വേര്‍ഡ് ഗിബ്ബണ്‍ (Edward Gibbon) പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ചരിത്രകാരന്‍ ആണ്.
The Decline and Fall of the Roman Empire അഥവാ റോമന്‍ സാമ്രാജ്യത്തിന്റെ ക്ഷയവും പതനവും എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകമാണ്.
 20 വര്‍ഷങ്ങളുടെ കഠിനമായ അദ്ധ്വാനത്തിന്റെ ഫലമായി ആര് വാല്യങ്ങളില്‍ ആയി ആണ് ഈ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്.
റോമന്‍ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും പതനവും, ആദിമ ക്രൈസ്തവ സഭയുടെ ചരിത്രം, റോമന്‍ സാമ്രാജ്യത്താല്‍ അംഗീകരിക്കപ്പെട്ടത്തിനുശേഷം ഉള്ള ക്രൈസ്തവ സഭാചരിത്രം, അന്നത്തെ യൂറോപ്പിന്റെ ചരിത്രം, തുടങ്ങി ബൈസാന്റിയം എന്ന കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തകര്ച്ചവരെയും ഉള്ള, 98 AD മുതല്‍ 1590 AD വരെയുള്ള ചരിത്രം ആണ് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.

ഗിബ്ബണ്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ 5 കാരണങ്ങള്‍ പറയുന്നുണ്ട്.
സാമ്രാജ്യങ്ങളുടെ തകര്‍ച്ചയുടെ മാതൃക ആയിട്ടാണ് ചരിത്രകാരന്മാര്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തെ കാണുന്നത്.
ഗിബ്ബണ്‍ ചൂണ്ടിക്കാണിച്ച കാരണങ്ങളുടെ ആവര്‍ത്തനം ചരിത്രകാരന്മാര്‍ നമ്മളുടെ ആധുനിക ലോകത്തില്‍ കാണുന്നു എന്നത് ഞെട്ടിക്കുന്ന സത്യം ആണ്.
അതുകൊണ്ട് തന്നെ നമ്മളുടെ ലോകം മറ്റൊരു പതനത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്നു എന്ന് അവര്‍ ഭയപ്പെടുന്നു.

ഇതാണ് ഈ സന്ദേശത്തിന്റെ മുഖ്യവിഷയം.

യേശു ക്രിസ്തു ജനിച്ചത്‌ റോമന്‍ സാമ്രാജ്യത്തിന്റെ പ്രതാപ കാലത്തായിരുന്നു.
യെഹൂദന്മാര്‍ താമസിച്ചിരുന്ന സ്ഥലമെല്ലാം റോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ആയിരുന്നു.
യേശു പറഞ്ഞിട്ടുള്ള പല ഉപകള്‍ക്കും പഠിപ്പിക്കലുകള്‍ക്കും യഹൂദ സാംസ്കാരിക പശ്ചാത്തലവും റോമന്‍ രാഷ്ട്രീയ പശ്ചാത്തലവും ആണ് ഉള്ളത്.
യേശുവിനെ ക്രൂശിച്ചു കൊന്നതും റോമന്‍ ഭരണകൂടം ആണ് എന്നതിനും പ്രാധാന്യം ഉണ്ട്.
ഈ ചരിത്ര പശ്ചാത്തലത്തില്‍ യേശു ജനിച്ചത്‌ യാദൃശ്ചികമോ സ്വഭാവികമോ ആയിരുന്നില്ല.

സര്‍വ്വ ലോകത്തിന്റെയും സൃഷ്ടാവായ ദൈവം റോമന്‍ സാമ്രാജ്യത്തിന്റെ ഉയര്‍ച്ച ഉള്‍പ്പടെഉള്ള ചരിത്ര സംഭവങ്ങളെ യേശുവിന്റെ ജനനത്തിനായി ക്രമീകരിക്കുക ആയിരുന്നു.

യേശു ജനിച്ചത്‌ ചരിത്രത്തിലെ ഏറ്റവും ശരിയായ സമയത്ത് ആയിരുന്നു.

 ഗലാത്യര്‍ക്ക് എഴുതിയ ലേഖനം 4-)൦ അദ്ധ്യായം 4-)൦ വാക്യത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു:

എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതും നിശ്ചയിക്കപ്പെട്ട സമയത്തും കാലത്തും ആണ് യേശു ജനിച്ചത്‌.
യേശുവിന്റെ ജനനത്തിനായി ദൈവം ലോക ചരിത്രത്തെ ക്രമീകരിക്കുകയും പുനര്‍ക്രമീകരിക്കുകയും ചെയ്തു.


നമ്മളുടെ ഈ സന്ദേശത്തില്‍ “നിശബ്ദ കാലഘട്ടം” അഥവാ silent years, റോമന്‍ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും പതനവും, പതനത്തിന്റെ 5 കാരണങ്ങള്‍, ആധുനിക ലോകത്തിന് സംഭവിക്കാനിരിക്കുന്ന പതനം എന്നിവയാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

നമ്മള്‍ക്ക് “നിശബ്ദ കാലഘട്ടത്തെ” കുറിച്ച് ചിന്തിച്ചുകൊണ്ട്‌ ആരംഭിക്കാം.


നിശബ്ദ കാലഘട്ടം

420 BC യോടെ, മലാഖി പ്രവാചകന്റെ പുസ്തകത്തോടെ പഴയനിയമ കാലഘട്ടം അവസാനിച്ചു.
ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യോഹന്നാന്‍ സ്നാപകന്റെ വരവോടെ പുതിയ നിയമ കാലഘട്ടം ആരംഭിച്ചു.
ഈ രണ്ടു കാലഘട്ടങ്ങള്‍ക്കും ഇടയില്‍ ഉള്ള 400 വര്‍ഷങ്ങളെ ആണ് നിശബ്ദ കാലഘട്ടം അഥവാ silent years എന്ന് വിളിക്കുന്നത്‌.
ഈ കാലഘട്ടത്തില്‍ യഹോവയായ ദൈവം യഹൂദ ജനത്തോട് യാതൊന്നും അരുളിചെയ്തില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുകൊണ്ടാണ് ഇതിനെ നിശബ്ദ കാലഘട്ടം എന്ന് വിളിക്കുന്നത്‌.


എന്നാല്‍ ഈ കാലഘട്ടത്തില്‍ ദൈവം നിഷ്ക്രിയനായിരിക്കുക ആയിരുന്നില്ല.
യേശുവിന്റെ ജനനത്തിനായി മാനവ ചരിത്രത്തെ ദൈവം ക്രമീകരിക്കുക ആയിരുന്നു.


മലാഖി പ്രവചനത്തോടെ പഴയനിയമ കാലം അവസാനിക്കുമ്പോള്‍ യിസ്രായേല്‍ ജനം ബാബിലോണിലെ പ്രവാസത്തില്‍ നിന്നും തിരികെ വന്നിരുന്നു.
എന്നാല്‍ അപ്പോഴും അവര്‍ മേദ്യ-പാർസ്യ സാമ്രാജ്യത്തിനു കീഴില്‍ ആയിരുന്നു.
യെരുശലേമില്‍ ദൈവാലയവും അഹരോണിന്റെ ക്രമപ്രകാരം ഉള്ള ആരാധനയും പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.
ലോകശക്തി കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് മാറികൊണ്ടിരുന്നു.
333 B.C. ല്‍ ഗ്രീക്കുകാരും 323 B.C. ല്‍ ഈജിപ്തുകാരും യിസ്രായേലിനെ ആക്രമിച്ചു കീഴടക്കി.


63 B.C. ല്‍ റോമന്‍ സാമ്രാജ്യം യിസ്രായേലിനെ ആക്രമിച്ച് കീഴടക്കി.
47 B.C. ല്‍ റോമന്‍ ചക്രവര്‍ത്തിയായ കൈസർ, ഏശാവിന്റെ വംശാവലിയില്‍ പെട്ട അന്റിപെറ്റര്‍ എന്ന വ്യക്തിയെ യഹൂദ ദേശത്തിന്റെ രാജാവായി നിയമിച്ചു.
പുതിയനിയമം ആരംഭിക്കുമ്പോള്‍ അന്റിപെറ്റരിന്റെ മകനായ മഹാനായ ഹെരോദ് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു രാജാവ്.


ഈ കാലഘട്ടത്തില്‍ അഹരോന്റെ ക്രമപ്രകാരം ഉള്ള പൌരോഹിത്യം ഇല്ലായിരുന്നു.
പൌരോഹിത്യം രാഷ്ട്രീയ അധികാരികളാല്‍ അവരുടെ താല്പര്യം അനുസരിച്ച് നിയമിക്കപ്പെടുന്നതും ചിലപ്പോള്‍ വില്‍ക്കപ്പെടുന്നതും ആയിരുന്നു.
തങ്ങളുടെ പുനസ്ഥാപനത്തിനായുള്ള എല്ലാ യത്നങ്ങളും പരാജയപ്പെട്ടതില്‍ യഹൂദന്മാര്‍ ദുഖിതര്‍ ആയിരുന്നു.
പ്രതീക്ഷ നഷ്പെട്ടവരായി, ഇനി വാഗ്ദത്ത പ്രകാരം വരുവാനുള്ള മശിഹക്കായി അവര്‍ കാത്തിരുന്നു.


ഈ കാലഘട്ടത്തില്‍ റോമിലെ ജാതീയ വിശ്വാസങ്ങളിലും ബഹുദൈവ വിശ്വാസങ്ങളിലും റോമന്‍ ജനത്തിനു തന്നെ താല്പര്യം കുറഞ്ഞു വന്നു.
കിഴക്കന്‍ രാജ്യങ്ങളില്‍ ആകട്ടെ, പുരാതനകാലത്തെ ബുദ്ധിയും ജ്ഞാനവും ജീര്ണ്ണിക്കുവാന്‍ തുടങ്ങിയിരുന്നു.
അവരും പുതിയ അറിവിനും വെളിപ്പാടുകള്‍ക്കും ആയി ആഗ്രഹിച്ചു.
ഈ സാഹചര്യത്തില്‍ ആണ് അവരിലെ പണ്ഡിതന്മാരില്‍ ചിലര്‍ നക്ഷത്രം കാണുകയും അതിനെ അനുഗമിച്ചു ശിശുവായിരുന്ന യേശുവിന്റെ അടുക്കല്‍ ബെതലഹേമില്‍ എത്തിയതും.


ചുരുക്കി പറഞ്ഞാല്‍ “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ” ഭൂമിയെലേക്ക് അയച്ചു.


യേശുവിന്റെ ജനനത്തോടെ ദൈവത്തിന്റെ മാനവരാശിയേക്കുറിച്ചുള്ള ദൈവത്തിന്റെ എല്ലാ പദ്ധതികളും അവസാനിച്ചില്ല.
നിശബ്ദ കാലഘട്ടത്തില്‍ ദൈവം ചെയ്തതുപോലെയുള്ള പ്രവൃത്തികള്‍ ദൈവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുക ആണ്.
ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ദൈവം ലോകത്തെ ക്രമീകരിച്ചുകൊണ്ടിരിക്കുക ആണ്.


നിരാശയിലേക്ക് വഴുതിപോയ നിശബ്ദ കാലഘട്ടത്തിലെ ലോകത്തിലേക്ക്‌ പ്രത്യാശയുമായി യേശു ജനിച്ചു.
അതിനു തുല്യമായ, നിരാശ നിറഞ്ഞതും പ്രത്യാശ നഷ്ടപ്പെട്ടതുമായ ഒരു കാലത്താണ് നമ്മള്‍ എന്ന് ജീവിക്കുന്നത്.
നമ്മളുടെ ഈ കാലഘട്ടത്തില്‍, യേശുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചും ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തെ കുറിച്ചും ഉള്ള ദൈവീക അരുളപ്പാടുകള്‍ നിവൃത്തിക്കുവാന്‍ ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക ആണ്.

യേശുവിന്റെ രണ്ടാമത്തെ വരവ് എങ്ങനെ, എപ്പോള്‍, സംഭവിക്കും എന്ന് നമുക്ക് അറിഞ്ഞുകൂടാ.
എന്നാല്‍ ലോകം അതിനായി ഒരുങ്ങുകുകയാണ്.
ഭൂതകാല ചരിത്രത്തില്‍ ദൈവം പ്രവര്ത്തിച്ചതുപോലെ ദൈവം വീണ്ടും പ്രവര്‍ത്തിക്കും.

റോമന്‍ സാമ്രാജ്യം

നിശബ്ദ കാലഘട്ടത്തെക്കുറിച്ച് അല്പമായി നമ്മള്‍ ചിന്തിച്ചു കഴിഞ്ഞുവല്ലോ.
ഇനി നമുക്ക് റോമന്‍ സാമ്രജ്യത്തെക്കുറിച്ചു ചില കാര്യങ്ങള്‍ ചിന്തിക്കാം.


ഇറ്റലിയില്‍ കാണപ്പെട്ടിരുന്ന ഒരു ചെറിയ നഗരം ആയിരുന്നു റോം.
അവിടെ 753 BC ല്‍ ഐതീഹപുരുഷന്‍ ആയ റോമുലസ് ഒരു രാജത്വം സ്ഥാപിച്ചു.
എന്നാല്‍ 509 BC ല്‍ റോം ഒരു റിപ്പബ്ലിക് ആയി മാറി.


ബി.സി. ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ സെനറ്റ് ചരിത്ര പുരുഷനായ ജൂലിയര്‍ സീസറിനെ റോമിന്റെ പരമാധികാരി ആയി നിയമിച്ചു.
നിര്‍ഭാഗ്യവശാല്‍ അധികം നാളുകള്‍ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരുവാന്‍ കഴിഞ്ഞില്ല.
44 BC ല്‍ ജൂലിയസ് സീസര്‍ കൊല്ലപ്പെട്ടതോടെ റോമില്‍ ആഭ്യന്തകലാപം പൊട്ടിപുറപ്പെട്ടു.
സീസറിന്റെ അനന്തരവനും പിന്ഗാമിയുമായിരുന്ന ഒക്ടേവിയന്‍ കലാപത്തെ അടിച്ചമര്‍ത്തുകയും രാജ്യത്തെ സുശക്തമാക്കുകയും ചെയ്തു.

അതിനാല്‍ 27 BC  ല്‍ റോമന്‍ സെനറ്റ് അദ്ദേഹത്തിനു സര്‍വാധികാരങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്റെ പേരിനോടൊപ്പം അഗസ്റ്റസ് എന്ന വിശേഷണം കൂടെ ചേര്‍ക്കുകയും ചെയ്തു.
അങ്ങനെ അദ്ദേഹം സീസര്‍ അഗസ്റ്റസ് ആയി.
ഇതോടെ റോമന്‍ റിപബ്ലിക് അവസാനിക്കുകയും റോമന്‍ സാമ്രാജ്യം ആരംഭിക്കുകയും ചെയ്തു.
റോമന്‍ സാമ്രാജ്യം ഏകദേശം 1,500 വര്‍ഷങ്ങള്‍ നീണ്ടുനിന്നു.


റോമന്‍ സാമ്രാജ്യം അതിന്റെ ഉച്ചകോടിയില്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, മധ്യകിഴക്കന്‍ ദേശങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്ന വിശാലമായ സാമ്രാജ്യം ആയിരുന്നു.
ഇന്നത്തെ ഇംഗ്ലണ്ട്, വെയ്ല്‍സ്, പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ആസ്ട്രിയ, സ്വിറ്റ്സര്‍ലാന്റ്, ലക്സെംബോര്‍ഗ്, ബെല്‍ജിയം, ജിബ്രാല്‍ടര്‍, റൊമാനിയ, മോള്‍ഡോവ, യുക്രൈന്‍ തുടങ്ങിയ യൂറോപ്പിയന്‍ രാജ്യങ്ങള്‍ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ലിബിയ, ടുനിഷീയ, അല്‍ജേറിയ, മൊറോക്കോ, ഈജിപ്റ്റ്‌, ബാല്‍ക്കന്‍സ് എന്നിവയും റോമിന്റെ ഭാഗങ്ങള്‍ ആയിരുന്നു.

റോമാക്കാര്‍ മറ്റ് രാജ്യങ്ങളെയും ആക്രമിച്ചു കീഴടക്കിയിരുന്നു.

സാമ്രാജ്യത്തിന്റെ ആദ്യത്തെ രണ്ടു നൂറ്റാണ്ട് കാലം മുന്‍പില്ലാത്ത സമാധാനം റോമന്‍ സാമ്രാജ്യത്തില്‍ നിലനിന്നിരുന്നു.
ഇതിനെ പാക്സ് റൊമാന (Pax Romana) അല്ലങ്കില്‍ റോമന്‍ സമാധാനം എന്ന് വിളിച്ചിരുന്നു.

എന്നാല്‍ അഗസ്റ്റസിന്റെ എല്ലാ പിന്തുടര്‍ച്ചക്കാരും കാര്യപ്രാപ്തി ഉള്ളവര്‍ ആയിരുന്നില്ല.
അങ്ങനെ 293 AD ല്‍ ടെട്രാര്‍ക്കി (tetrarchy) എന്ന് അറിയപ്പെടുന്ന നാല് രാജാക്കന്മാര്‍ ചേര്‍ന്ന ഒരു ഭരണ സംവിധാനം നിലവില്‍ വന്നു.

ഇതു കുറച്ചുനാള്‍ ശരിയായി പ്രവര്‍ത്തിച്ചു എങ്കിലും അന്ത്യത്തില്‍ റോമന്‍ സാമ്രാജ്യം കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടു.


അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജെര്മാനിക് വിസിഗോത്ത്സ് (Germanic Visigoths) എന്ന വര്‍ഗ്ഗവും പിന്നീട് ജെര്മാനിക് വാണ്ടല്‍സ് (Germanic Vandals) എന്ന വര്‍ഗ്ഗവും റോമന്‍ സാമ്രാജ്യത്തെ ആക്രമിച്ചു.

476 AD സെപ്തംബര്‍ മാസത്തില്‍ റോമുലസ് അഗസ്റ്റലസ് (Romulus Augustulus) എന്ന റോമന്‍ ചക്രവര്‍ത്തിയെ ജെര്മാനിക് രാജാവായ ഒടോവാക്കര്‍ ആക്രമിച്ചു പരാജയപ്പെടുത്തി നിഷ്കാസനം ചെയ്തപ്പോള്‍ റോമന്‍ സാമ്രാജ്യം നിലംപതിച്ചു.

എന്നാലും പടിഞ്ഞാറന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷവും കിഴക്കന്‍ റോമന്‍ സാമ്രാജ്യമായ ബൈസാന്റൈന്‍ സാമ്രാജ്യം (Byzantine Empire) ആയിരം വര്‍ഷങ്ങളോളം ഒരു ക്രിസ്തീയ രാജ്യമായി ശക്തമായിത്തന്നെ നിലനിന്നു.

എന്നാല്‍ എ. ഡി. പതിനഞ്ചാം നൂറ്റാണ്ടില്‍ ഒട്ടോമാന്‍ സാമ്രാജ്യം (Ottoman Empire) കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോന്‍സ്ന്റൈനോപ്പിള്‍ നെ ആക്രമിച്ചു കീഴടക്കുകയും ആ നഗരത്തിന്റെ പേര് ഇസ്താന്ബൂള്‍ (Istanbul) എന്നാക്കി മാറ്റുകയും ചെയ്തു.

അങ്ങനെ 1453 AD ല്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യവും നിലംപതിച്ചു.

പുതിയ നിയമ കാലഘട്ടം

പുതിയ നിയമം ആരംഭിക്കുന്നത് മലാഖി പ്രവാചകന്റെ കാലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്താണ്.
റോമന്‍ സാമ്രാജ്യം ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി മാറി കഴിഞ്ഞിരുന്നു.
യഹൂദ ദേശം ഉള്‍പ്പെടെയുള്ള റോമന്‍ സാമ്രാജ്യത്തിലാകെ റോമന്‍ പടയാളികളുടെ സാന്നിധ്യം നിറഞ്ഞു നിന്നു.
ലോകത്തിന്റെ അധികാരകേന്ദ്രം കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യത്തിലേക്ക് മാറിക്കഴിഞ്ഞു.


യഹൂദ ദേശം ഭരിച്ചിരുന്നത് റോമന്‍ സാമ്രാജ്യം നിയമിച്ച ഒരു രാജാവാണ്.
അവന്‍ യാക്കോബിന്റെ പിന്തലമുറ അല്ല, മറിച്ച് ഏശാവിന്റെ പിന്തലമുറയില്‍ പെട്ട മഹാനായ ഹെരോദാവ് ആണ്.
മഹാപുരോഹിതന്‍ അഹരോന്റെ ക്രമ പ്രകാരം ഉള്ളവനല്ല, അത് ഒരു രാഷ്ട്രീയ നിയമനം ആയിക്കഴിഞ്ഞു.


പുതിയനിയമ കാലത്തിന്റെ പശ്ചാത്തലം റോമന്‍ സാമ്രാജ്യം ആണ്.
സീസര്‍ അഗസ്റ്റസ് ആയിരുന്നു റോമന്‍ ചക്രവര്‍ത്തി.
യേശുക്രിസ്തുവിന്റെ ജനനം ഇദ്ദേഹത്തിന്റെ കാലത്താണ് നടക്കുന്നത്.


അഗസ്റ്റസ് എന്ന വാക്കിന്റെ അര്‍ത്ഥം ആരാധ്യന്‍ എന്നാണ്.
ഈ വിശേഷണം സീസറിനു ദൈവീക പരിവേഷം നല്‍കുകയും ആരാധനാമൂര്‍ത്തി ആക്കുകയും ചെയ്തു.
അദ്ദേഹത്തെ റോമിന്റെയും ലോകത്തിന്റെതന്നെയും “രക്ഷിതാവ്” എന്നും “ദൈവപുത്രന്‍” എന്നും വിളിച്ചിരുന്നു.
അഗസ്റ്റസിന്റെ വീരപ്രവര്‍ത്തികളുടെ വര്‍ണനയെ “യുആന്‍ഗേലിഓണ്‍” (euangelion) എന്ന് ഗ്രീക്ക് ഭാഷയില്‍ വിശേഷിപ്പിച്ചിരുന്നു.
ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം “നല്ല വാര്‍ത്ത” അല്ലെങ്കില്‍ “സുവിശേഷം” എന്നാണ്.

യേശുവിന്റെ ജനനം

ഇനി നമുക്ക് ലൂക്കോസിന്റെ സുവിശേഷം 2-)൦ അദ്ധ്യായത്തിലുള്ള യേശുവിന്റെ ജനനത്തിന്റെ വിവരണം നോക്കാം.
ലൂക്കോസിന്റെ ഈ വിവരണം റോമന്‍ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആണ്.


ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു വേദഭാഗങ്ങള്‍ നമുക്ക് വായിക്കാം.
ഈ ഭാഗങ്ങളില്‍ യേശുവിനെക്കുറിച്ച് ദൈവത്തിന്റെ പുത്രന്‍ എന്നും രക്ഷകന്‍ എന്നും പറയുകയും സമാധാനം പ്രഖ്യാപിക്കുകയും ചെയ്യുന്നത് ദയവായി ശ്രദ്ധിച്ചാലും.

ലൂക്കോസ് 1:35  അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.


ലൂക്കോസ് 2: 11  കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.


ലൂക്കോസ് 2: 14  അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനംഎന്നു പറഞ്ഞു.

  
ബെതലഹേമില്‍ ജനിച്ച ഒരു ശിശു അഗസ്റ്റസ് ചക്രവര്‍ത്തിയുടെ അവകാശവാദങ്ങളെ തകര്‍ത്തുകളഞ്ഞു.
യേശു യഥാര്‍ത്ഥമായും ദൈവത്തിന്റെ പുത്രനായും ലോക രക്ഷിതാവായും സമാധാന പ്രഭുവായും ജനിച്ചിരിക്കുന്നു.
അഗസ്റ്റസ് ചക്രവര്‍ത്തിയുടെ എല്ലാ അവകാശവാദങ്ങളും വിലകുറഞ്ഞ അനുകരണം മാത്രമായി.

അഞ്ച് കാരണങ്ങള്‍

തുടക്കത്തില്‍ പറഞ്ഞതുപോലെ, ചരിത്രകാരനായ ഗിബ്ബണ്‍ അദ്ദേഹത്തിന്റെ ചരിതപ്രസിദ്ധമായ The Decline and Fall of the Roman Empire അഥവാ റോമന് സാമ്രാജ്യത്തിന്റെ ക്ഷയവും പതനവും എന്ന പുസ്തകത്തില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ അഞ്ചു കാരണങ്ങള്‍ പറയുന്നുണ്ട്.

നമ്മള്‍ ഇനി ഈ അഞ്ചു കാരണങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുക ആണ്.
നമ്മള്‍ മുന്നോട്ടു പോകുമ്പോള്‍ ആധുനികലോകത്തില്‍ നമ്മള്‍ ഇതേ കാര്യങ്ങള്‍ വീണ്ടും കാണുന്നത് താങ്കള്‍ ശ്രദ്ധിക്കേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

1.    വിവാഹമോചനത്തിന്റെ വര്‍ദ്ധനവ്

റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ ഒന്നാമത്തെ കാരണമായി ചരിത്രകാരനായ ഗിബ്ബണ്‍ ചൂണ്ടിക്കാണിക്കുന്നത് വിവാഹമോചനത്തിന്റെ വര്‍ദ്ധനവ്‌ ആയിരുന്നു.
റോമന്‍ സാമ്രാജ്യത്തിന്റെ അവസാന നാളുകളില്‍ വിവാഹമോചനത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി.
സമൂഹത്തിന്റെ അടിത്തറ ആയ കുടുംബത്തിന്റെ പവിത്രത അവര്‍ അവഗണിച്ചു.
കുടുംബങ്ങളുടെ തകര്‍ച്ച സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി.

വിവാഹ ബന്ധങ്ങളെയും കുടുംബങ്ങളെയും റോമക്കാര്‍ ബഹുമാനിച്ചിരുന്ന കാലത്ത് റോമന്‍ സാമ്രാജ്യം ശക്തി പ്രാപിച്ചു.
കുടുംബബന്ധങ്ങള്‍ തകരുവാന്‍ ആരംഭിച്ചപ്പോള്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനവും ആരംഭിച്ചു.


ചരിത്രം നമ്മളെ പഠിപ്പിക്കുന്ന ഒരു പാഠം ഇതാണ്:
ഒരു രാജ്യത്തിന്റെ ശക്തി അതിലെ കുടുംബബന്ധങ്ങളുടെ ശക്തി ആണ്.
കുടുംബം എന്ന ചട്ടകൂടിന്മേലാണ് രാജ്യം എന്ന മഹാ സൌധം പണിയപ്പെടുന്നത്.
അതുകൊണ്ട് കുടുംബത്തിന്റെ തകര്‍ച്ച രാജ്യങ്ങളുടെ തകര്‍ച്ച ആണ്.


അന്ന് ജീവിച്ചിരുന്ന റോമന്‍ തത്വചിന്തകന്‍ ആയ സെനേക്ക റോമന്‍ സാമ്രാജ്യം തകരും എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അദ്ദേഹം അതിനു കാരണമായി പറഞ്ഞത് കുടുംബങ്ങളുടെ തകര്‍ച്ച ആയിരുന്നു.
അദ്ദേഹം ഇപ്രകാരം പറഞ്ഞു: “റോമക്കാര്‍ വിവാഹമോചനത്തിനായി വിവാഹം കഴിക്കുന്നു; വിവാഹം കഴിക്കുവാനായി വിവാഹമോചനം നടത്തുന്നു.”
പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ അന്നത്തെ റോമന്‍ ജനത ഗൌരവമായെടുത്തില്ല.


റോമന്‍ സാമ്രാജ്യത്തിന്റെ നല്ല നാളുകളില്‍ വിവാഹബന്ധത്തില്‍ മാത്രമേ കുട്ടികള്‍ ജനിക്കുമായിരുന്നുള്ളൂ.
പിതാവ് കുടുബത്തിന്റെ കേന്ദ്രബിന്ദുവും അധികാരിയും ആയിരുന്നു.
അദ്ദേഹത്തിനു തന്റെ മക്കളെ ശരിയായ ജീവിത മാതൃകയിലൂടെ നേര്‍വഴിക്ക് നയിക്കുവാന്‍ ഉത്തരവാദിത്തം ഉണ്ടായിരുന്നു.


ദൈവം അന്നും ഇന്നും ഇതുതന്നെ ആണ് ആഗ്രഹിക്കുന്നത്.
കുടുംബം ഒന്നിച്ച് നില്‍ക്കേണം, ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു കുടുംബങ്ങളെ കെട്ടിപ്പടുക്കേണം.
വിവാഹത്തോടെ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഏക ദേഹമായി  ആയിത്തീരും.


ഇന്നത്തെ നമ്മളുടെ ആധുനിക സമൂഹത്തെപ്പോലെതന്നെ അന്നത്തെ റോമാക്കാരും വിവാഹബന്ധത്തിനും കുടുംബങ്ങള്‍ക്കും വിലനല്‍കാത്ത ഒരു പുത്തന്‍ സംസ്കാരത്തിലേക്ക് തിരിഞ്ഞു.
വിശാലവും ശക്തവും ആയിരുന്ന റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ പ്രധാന കാരണം ഇതായിരുന്നു എന്ന് ചരിത്രം വ്യക്തമായി പറയുന്നു.
നമ്മള്‍ ആധുനികര്‍ ഈ ചരിത്ര സത്യത്തെ നമ്മളുടെ നാശത്തിനായി അവഗണിക്കുക ആണ്.


റോമന്‍ തത്വചിന്തകന്‍ ആയ സെനേക്കയുടെ മുന്നറിയിപ്പ് ആധുനിക മനുഷ്യര്‍ക്കുംകൂടി ഉള്ളതാണ്.
ഇന്നു വിവാഹമോചനവും കുടുംബശ്ചിദ്രവും സാധാരണമാകുക ആണ്.
വളരുന്ന തലമുറ വ്യക്തിത്വ സ്വഭാവവും മൂല്യങ്ങളും ജീവിത ലക്ഷ്യങ്ങളും സാന്മാര്‍ഗ്ഗികതയും ആത്മനിയന്ത്രണവും കടപ്പാടുകളും ശീലിക്കുന്നത് കുടുംബത്തില്‍ നിന്നാണ് എന്ന് നമ്മള്‍ മറക്കുന്നു.
ആദ്യകാല റോമന്‍ ജനത ഇതു മനസ്സിലാക്കിയിരുന്നു; റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സുദൃഡമായ കുടുംബം സഹായമായിരുന്നു.
പക്ഷെ പിന്നീട് റോമന്‍ ജനത കുടുംബത്തെ മറക്കുകയും സാമ്രാജ്യം തകരുകയും ചെയ്തു.

2.  അത്യധികമായ നികുതി
റോമന്‍ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ കാരണമായി ഗിബ്ബണ്‍ ചൂണ്ടിക്കാണിക്കുന്നത് അത്യധികമായ നികുതി ആണ്.
ജനങ്ങള്‍ക്ക്‌ താങ്ങുവാന്‍ കഴിയാത്ത നികുതി സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ മറ്റൊരു കാരണം ആണ്.


യുദ്ധങ്ങളില്‍ നിന്നും ലഭിച്ചിരുന്ന കൊള്ളമുതല്‍ ആയിരുന്നു റോമന്‍ സാമ്രാജ്യത്തിന്റെ പ്രധാന വരുമാനം.
എന്നാല്‍ രണ്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും, യുദ്ധത്താല്‍ കൊള്ളചെയ്യുവാന്‍ സമ്പന്നമായ അതിര്‍ത്തി രാജ്യങ്ങള്‍ ശേഷിക്കാതെ വന്നപ്പോള്‍ ഈ വരുമാന മാര്‍ഗ്ഗം നിലച്ചു.
അതുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക നില പിടിച്ചുനിറുത്തുവാനായി റോമന്‍ നാണയത്തിന്റെ മൂല്യം വെട്ടികുറച്ചു.
നാണയപെരുപ്പം ആയിരുന്നു അതിന്റെ ഫലം.
ഒരിക്കല്‍ ശക്തമായിരുന്ന ദിനറിയാസ് എന്ന റോമന്‍ നാണയം മൂല്യമില്ലത്തതായി മാറി.
പടയാളികള്‍ അവരുടെ പ്രതിഫലമായി അത് സ്വീകരിക്കതെയായി.
നികുതി പിരിക്കുന്നവര്‍ പോലും അത് സ്വീകരിച്ചില്ല.
 

നികുതികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടേ ഇരുന്നു.
നികുതി അടക്കുവാനുള്ള പണത്തിനായി മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അടിമകള്‍ ആയി വില്‍ക്കുന്ന അവസ്ഥ ഉണ്ടായി.
നികുതി അടയ്ക്കാതിരുന്നാല്‍ കൊടിയ പീഡനവും ജീവനോടെ അഗ്നിക്ക് ഇരയാക്കുന്ന ശിക്ഷയും നിലവില്‍ വന്നു.
നികുതിപിരിവില്‍ വീഴ്ച വരുത്തുന്ന ചുങ്കക്കാര്‍ക്ക് മരണം വരെ ശിക്ഷയായി ലഭിക്കാമായിരുന്നു.

സ്വാഭാവികമായും ധനവാന്മാരും ദരിദ്രരും ഒരുപോലെ ഭാരത്തില്‍ ആയി.
റോമന്‍ സാമ്രാജ്യത്തിനു വെളിയിലുള്ള അതിര്‍ത്തി രാജ്യങ്ങളിലെ ബര്‍ബരന്മാര്‍ക്ക് ഈ നികുതി ഭാരത്തില്‍ നിന്നും തങ്ങളെ രക്ഷിക്കുവാന്‍ കഴിയും എന്ന് അവര്‍ പ്രതീക്ഷിച്ചു.
അങ്ങനെ റോമന്‍ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച ബര്‍ബരന്മാരെ റോമന്‍ ജനത തന്നെ സഹായിച്ചു.
അനേകം കൃഷിക്കാര്‍ അവരോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുക പോലും ഉണ്ടായി.
മറ്റ് അനേകര്‍ റോമന്‍ സാമ്രാജ്യം തന്നെ ഉപേക്ഷിച്ചു പോയി.


ആധുനിക ലോകവും സമാനമായ ഒരു കാലത്താണ് ജീവിക്കുന്നത്.
ഓരോ രാജ്യവും വ്യത്യസമില്ലാതെ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുക ആണ്.
ഭരണ സംവിധാനങ്ങളുടെയും ആഭ്യന്തര-ബാഹ്യ സുരക്ഷയുടെയും ചിലവ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇതിനായി നികുതിയും വര്‍ദ്ധിക്കുന്നു; അത് സാധാരണക്കാരന് താങ്ങുവാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞു.

3.  ജഡീക ആനന്ദത്തിനോടുള്ള അമിതമായ അഭിനിവേശം
മൂന്നാത്തെ കാരണം, ജഡീക ആനന്ദത്തിനോടുള്ള അമിതമായ അഭിനിവേശം ആണ്.
ഭ്രാന്തന്മാരായ ഭരണാധികാരികള്‍, ക്രൂരന്മാരായ പടയാളികള്‍, മൃഗീയ വിനോദങ്ങള്‍, ജഡീകവും ധൂര്‍ത്തും നിറഞ്ഞ ജീവിത ശൈലി – ഇവയെല്ലാം റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ കാരണങ്ങള്‍ ആണ്.
ജഡീകമായ ആനന്ദത്തിനായുള്ള അമിതാഭിനിവേശം പരക്കെ വ്യാപരിച്ചിരുന്നതിനാല്‍ വിനോദങ്ങള്‍ മൃഗീയമായി മാറി.
ഗ്ലാഡിയേറ്റര്‍ പോലുള്ള വിനോദങ്ങള്‍ (Gladiatorial Games) ഗവണ്മെന്റിന്റെ ഖജനാവ് ശൂന്യം ആക്കി.

തൊഴിലോ വരുമാനമോ ഇല്ലാത്ത ആയിരക്കണക്കിന് യുവക്കാള്‍ തെരുവില്‍ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യം റോമന്‍ സാമ്രാജ്യത്തില്‍ ഉണ്ടായി.
ഈ ജനക്കൂട്ടത്തിന്റെ ശ്രദ്ധയെ മറ്റ് എങ്ങോട്ടെങ്കിലും തിരിച്ചുവിടെണ്ടാതായി വന്നു.
അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആകര്‍ഷണീയമായ വിനോദങ്ങള്‍ ആയിരുന്നു.
അസഹിഷ്ണരായ ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിടുവാന്‍ റോമന്‍ ചക്രവര്‍ത്തിമാര്‍ ജനങ്ങള്‍ക്ക്‌ സൗജന്യമായി ഗവണ്മെന്റ് ചിലവില്‍ ആഹാരനല്‍കുകയും രഥഓട്ടം, ഗ്ലാഡിയേറ്റര്‍ പോലുള്ള കായിക വിനോദങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.
ഇതു തങ്ങള്‍ക്കു ബോധിച്ചതുപോലെ സാമ്രാജ്യം ഭരിക്കുവാന്‍ അവര്‍ക്ക് അവസരം നല്‍കി.

സമ്പന്നരായ റോമാക്കാരുടെ പോണ്ണത്തടി വലിയ ആരോഗ്യ പ്രശ്നം ആയിരുന്നു.
വിഭവസമൃദ്ധമായ വിരുന്നുകള്‍, വിനോദം, ശാരീരിക അദ്ധ്വാനത്തിന്റെ കുറവ് എന്നിവ ബഹുഭൂരിപക്ഷം സമ്പന്നരെയും പോണ്ണത്തടിയന്മാര്‍ ആക്കിമാറ്റി.
സമ്പന്നര്‍ വിരുന്നു കഴിക്കുമ്പോള്‍ പാവപ്പെട്ടവര്‍ പട്ടിണിയില്‍ കഴിഞ്ഞിരുന്നത് ഖേദകരമായ കാഴ്ച ആയിരുന്നു.
ഇതു കലാപത്തിലേക്ക് ജനങ്ങളെ നയിച്ചു.

അക്കാലത്തെ സമ്പന്നരായ റോമാക്കാര്‍ തങ്ങളുടെ ദേശത്തു കാണപ്പെടാത്ത പക്ഷികളേയും മൃഗങ്ങളെയും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുക പതിവുണ്ടായിരുന്നു.
ഇവയെ വളര്‍ത്തുകയോ സര്‍ക്കസ്സ് പോലുള്ള അവസരങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമായിരുന്നു.
ഇതു അവരുടെ ഒരു വിനോദം ആയിരുന്നു.
രാജാക്കന്മാര്‍ വലിയ തുക ചിലവഴിച്ചായിരുന്നു ഇവയെ ഇറക്കുമതി ചെയ്തിരുന്നത്.
താന്‍ ക്രമീകരിച്ച 26 സര്‍ക്കസ്സുകളിളായി പ്രദര്‍ശിപ്പിച്ച 3,500  ആഫ്രിക്കന്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് അഗസ്റ്റസ് ചക്രവര്‍ത്തി ഒരിക്കല്‍ പറയുക ഉണ്ടായി.
മൃഗങ്ങളോടുള്ള ക്രൂരത മറ്റു ചക്രവര്‍ത്തിമാരുടെ കാലത്ത് അധികം ആയിരുന്നു.
ഇതും രാജ്യത്തിന്റെ ഖജനാവ് ചോര്‍ത്തികൊണ്ടിരുന്നു.


നമ്മളുടെ ആധുനിക സമൂഹത്തിലേക്കു നോക്കൂ.
സന്തോഷത്തിന്റെ അളവുകോല്‍ ഇന്നു സമ്പന്നമായ വിരുന്നും ജഡീകമായ വിനോദവും അല്ലെ.
നമ്മള്‍ റോമാക്കാരെപ്പോലെ തന്നെ ക്രൂരതയും പൈശാചികതയും നിറഞ്ഞ വിനോദങ്ങള്‍ ആസ്വദിക്കുക ആണ്.
സിനിമയിലൂടെയും വീഡിയോകളിലൂടെയും നമ്മള്‍ പരസ്യമായി ക്രൂരത ആസ്വദിക്കുന്നു.

പതനത്തിലേക്ക് കൂപ്പുകുത്തിയ റോമന്‍ സാമ്രാജ്യത്തിന്റെ അതെ അവസ്ഥയില്‍ തന്നെ ആണ് ആധുനികരായ നമ്മള്‍ ഇപ്പോള്‍.

4.  രാജ്യത്തിന്‌ വഹിക്കുവാന്‍ കഴിയാത്ത സൈന്യം.

നാലാമത്തെ കാരണം, രാജ്യത്തിന്‌ വഹിക്കുവാന്‍ കഴിയാത്ത സൈനീക ചെലവ് ആയിരുന്നു.
സൈനീക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള അമിതമായ ചെലവ് റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ മറ്റൊരു കാരണം ആയിരുന്നു.
പാവങ്ങള്‍ക്ക് വീടുകള്‍ വെച്ചുകൊടുക്കുവാനും റോഡുകള്‍ നിര്‍മ്മിക്കുവാനും മറ്റു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുവാനുമുള്ള പണം സൈന്യത്തിനായി ചിലവഴിക്കേണ്ടി വന്നു.

“നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു എങ്കില്‍ യുദ്ധത്തിനായി ഒരുങ്ങുക” എന്നതായിരുന്നു റോമന്‍ തത്വം.
യുദ്ധങ്ങള്‍ ഇല്ലാത്ത സമാധാന കാലത്ത് ശക്തമായ ഒരു സൈന്യത്തെ ഒരുക്കിയെടുത്ത ഭാരണാധികാരി ആയിരുന്നു സീസര്‍ അഗസ്റ്റസ്.
അദ്ദേഹത്തിനു മുമ്പ് യുദ്ധസമയത്തെക്കായിരുന്നു സൈന്യത്തെ ഒരുക്കുന്നത്.
എന്നാല്‍ അഗസ്റ്റസ് ചരിത്രത്തില്‍ ആദ്യമായി സാമ്ര്യാജ്യത്തിന്റെ അതിരുകള്‍ സംരക്ഷിക്കുവാനായി ഒരു സൈന്യത്തെ ക്രമീകരിച്ചു.


റോമന്‍ റിപ്പബ്ലിക്കിലെ ആദ്യ നാളുകളില്‍ സൈന്യത്തിലെ പടയാളികള്‍ക്ക് പ്രതിഫലം നല്‍കേണ്ടിയിരുന്നില്ല എന്നതിനാല്‍ സൈനീക ചിലവുകള്‍ കുറവായിരുന്നു.
എന്നാല്‍ പിന്നീടു റോമന്‍ സാമ്രാജ്യത്തില്‍ ആഭ്യന്തര കലാപങ്ങള്‍ വര്‍ദ്ധിച്ചതോടെ സൈന്യത്തിന്റെ ആവശ്യം വര്‍ദ്ധിക്കുകയും പ്രതിഫലം നല്‍കി പടയാളികളെ ചേര്‍ക്കുകയും ചെയ്തു.
റോമന്‍ സാമ്രാജ്യത്തിനു പലപ്പോഴും കൂലിപടയളികളെ ആശ്രയിക്കേണ്ടതായി വന്നു.
മാത്രവുമല്ല പലപ്പോഴും അയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള ബര്ബ്ബരന്മാരെ റോമന്‍ സാമ്രാജ്യത്തിനായി പൊരുതുവാന്‍ കൂലിക്ക് എടുക്കുകയും ചെയ്തു.
കൂലിപടയാളികള്‍ എപ്പോഴും വിശ്വസ്തര്‍ ആയിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


റോമന്‍ സാമ്രാജ്യത്തിന്റെ വിപുലീകരണ നാളുകളില്‍ സൈന്യം ഒരു വരുമാന മാര്‍ഗ്ഗം ആയിരുന്നു.
ആക്രമിച്ചു തോല്‍പ്പിക്കപെടുന്ന രാജ്യം കൊള്ളചെയ്തു കൊള്ളമുതല്‍ തെരുവീഥികളില്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു.
എന്നാല്‍ റോമന്‍ സാമ്രാജ്യത്തിന്റെ വിപുലീകരണം അവസാനിച്ചപ്പോള്‍ ഈ വരുമാന മാര്‍ഗ്ഗം അവസാനിച്ചു.
അതിനുശേഷം സൈന്യത്തിന്റെ ചെലവ് രാജ്യത്തിന്‌ താങ്ങുവാന്‍ കഴിയാതവണ്ണം ഭീമമായി മാറി.


ഈ ചെലവ് താങ്ങുവാനായി രാജാക്കന്മാര്‍ നികുതി ഭീമമായി വര്‍ദ്ധിപ്പിച്ചു.
അങ്ങനെ സൈന്യത്തിന്റെ ചെലവിന്റെ ആളോഹരി ബാധ്യത വര്‍ദ്ധിച്ചു.
നികുതി ഭാരം മുഴുവന്‍ കൃഷിക്കാരും ചെറുകിട വ്യാപാരികളും വഹിക്കേണ്ടതായി വന്നു.
രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ന്നു.
ജനങ്ങള്‍ക്ക്‌ രാജ്യത്തിലുള്ള വിശ്വാസവും അഭിമാനവും ഇല്ലാതായി.
സൈന്യത്തിനും ജനങ്ങള്‍ക്കും ഒരുപോലെ രാജ്യത്തിനുവേണ്ടി ജീവിതം ഹോമിക്കുവാന്‍ താല്‍പ്പര്യം ഇല്ലാതായി.

ഇന്നത്തെ ആധുനിക ലോകവും ആഹാരത്തിനും വസ്ത്രത്തിനും പര്‍പ്പിടത്തിനും ചിലവഴിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് സൈനീക ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്നത്.
ഓരോ രാജ്യത്തിന്റെയും പൊതു ബെഡജറ്റിന്റെ ബഹുഭൂരിപക്ഷ ഭാഗവും സൈനീക ആവശ്യങ്ങള്‍ക്കുള്ളതാണ്.
ലോകത്തെ മുഴുവന്‍ അനേക പ്രാവശ്യം തകര്‍ക്കുവാനും ഇല്ലാതാക്കുവാനുമുള്ള ആയുധ ശേഖരങ്ങള്‍ ആണ് ഓരോ രാജ്യങ്ങളുടെയും പക്കല്‍ ഉള്ളത്.
രാജ്യങ്ങളുടെ ആയുധ ശേഖരം കാണുമ്പോള്‍ മനുഷ്യര്‍ക്ക്‌ ഭ്രാന്തായി മാറിയിരിക്കുന്നു എന്ന് തോന്നാറില്ലേ.
ലോകത്തിന്റെ ഇന്നത്തെ സാഹചര്യം ഇതു അനിവാര്യമാക്കി തീര്‍ത്തിരിക്കുന്നു എന്ന് നമ്മള്‍ സമ്മതിക്കെണ്ടിവരുന്നു.
ഒപ്പം തന്നെ, ഇതിനൊരു അവസാനം ഉണ്ടായില്ലെങ്കില്‍ നമ്മള്‍ സര്‍വ്വനാശത്തില്‍ കലാശിക്കും എന്നും നമ്മള്‍ സമ്മതിച്ചേ മതിയാകൂ.

5.  മതവിശ്വാസത്തിന്റെ തകര്‍ച്ച
ചരിത്രകാരന്‍ ഗിബ്ബണ്‍ എടുത്തുകാട്ടുന്ന റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ അഞ്ചാമത്തെ കാരണം മത വിശ്വാസത്തിന്റെ തകര്‍ച്ച ആണ്.
റോമാക്കാരുടെ ജീവിതം ക്രിസ്തുമതത്തിന് മുമ്പും മതവിശ്വാസവുമായി അടുത്ത ബന്ധമുള്ളത് ആയിരുന്നു.
പരമ്പരാഗത ജാതീയ വിശ്വാസത്തിലെ പുരോഹിതന്മാര്‍ മതവിശ്വാസത്തെ നിയന്ത്രിക്കുകയും റോമന്‍ സാമ്രാജ്യത്തിന്റെ ഭാവിയും യുദ്ധ തന്ത്രങ്ങളും പ്രവചിക്കുകയും ചെയ്തിരുന്നു.
റോമന്‍ ചക്രവര്‍ത്തിമാര്‍ ദൈവതുല്യരായി ആരാധിക്കപ്പെട്ടിരുന്നു.

എന്നാല്‍ സാമ്രാജ്യത്തിന്റെ അന്ത്യനാളുകളില്‍ മതത്തിന് മനുഷ്യരുടെ ജീവിതവുമായുള്ള ബന്ധം ഇല്ലാതാകുകയും മനുഷ്യരെ മുന്നോട്ടു നയിക്കുവാനുള്ള ശക്തി നഷ്ടമാകുകയും ചെയ്തു.
മതവിശ്വാസം എന്നത് ഒരു പ്രകടനം മാത്രം ആയിമാറി.
മതവിശ്വാസത്തിലുള്ള തകര്‍ച്ച പാരമ്പര്യ സാന്മാര്‍ഗ്ഗിക മൂല്യങ്ങളുടെ തകര്‍ച്ചയായി മാറി.
ഇതു മനുഷ്യ ജീവിതത്തെ തകര്‍ത്തുകളഞ്ഞു.
മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവന് യാതൊരു വിലയും ഇല്ലാതായി; രക്ത ചൊരിച്ചിലും ക്രൂരതയും വ്യാപകമായി.


റോമാക്കാരുടെ ആദര്‍ശങ്ങളും, സംസ്കാരവും, പാരമ്പര്യവും, സ്ഥാപനങ്ങളും എല്ലാം തകര്‍ന്നു.
അടിസ്ഥാന പ്രമാണങ്ങള്‍, നീതിയുടെ അളവുകോല്‍ എന്നിവയും ജീവിതത്തിലെ വിലയേറിയതും മൂല്യമുള്ളതുമായതെല്ലാം തകര്‍ന്നടിഞ്ഞു.
ശരി, തെറ്റ്, നല്ലത്, മോശമായത്, ആഗ്രഹിക്കേണ്ടതും ആഗ്രഹിക്കുവാന്‍ പാടില്ലാത്തതും,  എന്നിവയെക്കുറിച്ചെല്ലാം പുതിയ നിര്‍വചനങ്ങള്‍ ഉണ്ടായി.
പരസംഗവും വ്യഭിചാരവും പെരുകി.
ഗ്രീക്ക്, ഏഷ്യ എന്നിവടങ്ങളുമായുള്ള ബന്ധം കാരണം സ്വവര്‍ഗ ബന്ധങ്ങള്‍ റോമിലേക്കും എത്തി.
ദാരിദ്ര്യവും ഭീമമായ നികുതിയും കാരണം ശിശുക്കളുടെ കൊലപാതകം വര്‍ദ്ധിച്ചു.
മനുഷ്യന്‍ സ്വസ്നേഹികളും ദുഷ്ടന്മാരുമായി മാറി.


യുവാക്കള്‍ യുവതികളുടെ വസ്ത്രം അണിയുന്നതും യുവതികളെ പോലെ തലമുടി അലങ്കരിക്കുന്നതും അണിഞ്ഞോരുങ്ങുന്നതും പതിവ് കാഴ്ചയായി.
മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റം വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും റോമിലേക്ക് കൊണ്ടുവന്നു.


തങ്ങളുടെ സ്ത്രീധനത്തിന്മേല്‍ സ്ത്രീകള്‍ക്കായിരുന്നു സമ്പൂര്‍ണ്ണ അധികാരം.
അതിനാല്‍ തന്നെ അനേകര്‍ തങ്ങള്‍ക്കു ഹിതമാല്ലാത്ത ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയോ വിഷം നല്‍കി കൊല്ലുകയോ ചെയ്തു.
സാമ്രാജ്യത്തിന്റെ യുദ്ധങ്ങളുടെയും തിരക്കേറിയ നഗര ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ കുട്ടികള്‍ ആവശ്യമുണ്ടോ എന്ന് സ്ത്രീകള്‍ ചോദിക്കുവാന്‍ തുടങ്ങി.
ഫലമായി 160 AD യോടെ റോമന്‍ പൌരന്മാരുടെ സംഖ്യയില്‍ ഗണ്യമായ കുറവ് കണ്ടുതുടങ്ങി.
പഴതുപോലെ ഒരു സൈന്യത്തെ ഒരുക്കുക പ്രയാസമായി മാറി.


ക്രിസ്തുമതത്തിന്റെ സ്വാധീനം റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ കാരണങ്ങളില്‍ ഒന്നായി ചരിത്രകാരനായ് ഗിബ്ബണ്‍ കാണുന്നു.
എന്നാല്‍ സാമ്രാജ്യത്തിന്റെ പതനത്തില്‍ ക്രിസ്തീയ വിശ്വാസത്തിനു പങ്കില്ല.
അത് ഒരു പ്രധാനപ്പെട്ട കാരണം അല്ല.

പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തകര്ച്ചക്കുശേഷവും ആയിരം വര്‍ഷങ്ങള്‍ കൂടെ കിഴക്കന്‍ റോമന്‍ സാമ്രാജ്യമായ ബൈസാന്റൈന്‍ ശക്തമായ ഒരു ക്രിസ്തീയ രാജ്യമായി നിലനിന്നു.


ഈ സന്ദേശം കേള്‍ക്കുന്ന അവസരത്തില്‍ തന്നെ നമുക്ക് ചുറ്റും ഉള്ള ലോകത്തിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കുക.
ഇന്നത്തെ ലോകത്തില്‍ ജഡം ആത്മീയതയെ കീഴടിക്കഴിഞ്ഞു.
ജഡീകമോഹങ്ങളുടെ സംപ്തൃപ്തി ആണ് ആത്മാവിന്റെ രക്ഷയെക്കാള്‍ പ്രധാനമായി ആധുനിക മനുഷ്യന്‍ കാണുന്നത്.
ആത്മീയ ജീവിതത്തില്‍ നിന്നും ലൌകീക ജീവിതത്തിലേക്ക് മനുഷ്യരുടെ ശ്രദ്ധ മാറി കഴിഞ്ഞു.
ഇന്നു അസന്മാര്‍ഗ്ഗിക ജീവിത ശൈലി നിയമവിധേയമാക്കേണം എന്നവശ്യപ്പെടുന്ന സമരങ്ങള്‍ പരസ്യമായി തെരുവുകളില്‍ നടക്കുന്നു.
അധാര്‍മ്മികത ഇന്നത്തെ മനുഷ്യന്റെ പൌരാവകാശം ആണ്.


ആധുനിക ലോകത്തിന്റെ വീഴ്ചയും പതനവും
ഈ സന്ദേശം നമ്മള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് നമ്മള്‍ ഇന്ന് ജീവിക്കുന്ന ആധുനിക ലോകത്തിന്റെ വരുവാനിരിക്കുന്ന പതനത്തെ കുറിച്ച് കൂടി ചില വാക്കുകള്‍ പറഞ്ഞുകൊള്ളട്ടെ.

എല്ലാ ലോക സാമ്രാജ്യങ്ങളും തകരും.
ലോകത്തിന്റെ തകര്‍ച്ച തടയുവാന്‍ ആര്‍ക്കും കഴിയുക ഇല്ല.
എത്രമാത്രം സമ്പന്നവും ശക്തവും ആയാലും നമ്മളുടെ ലോകത്തിന്റെ അന്ത്യത്തില്‍ സകലതും വെന്തുരുകി ഇല്ലാതാകും എന്ന് പത്രോസ് അപ്പോസ്തോലന്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

2 പത്രോസ് 3:10 കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.


റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തില്‍ നിന്നും ചില പാഠം ഉള്കൊള്ളുവാന്‍ നമ്മള്‍ തയ്യറാണ് എങ്കില്‍ ആധുനിക ലോകത്തില്‍ തുല്യമായതും ആവര്‍ത്തിക്കപ്പെടുന്നതുമായ സംഭവങ്ങള്‍ കാണുവാന്‍ നമുക്ക് കഴിയും.
ചരിത്രം ആവര്‍ത്തിക്കപ്പെടുവാന്‍ സാദ്ധ്യതയുണ്ട് എന്നത് സത്യം ആണെങ്കില്‍ ഇനി എന്ത് സംഭവിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.


ഓര്‍ക്കുക, റോമന്‍ സാമ്രാജ്യം നിലംപതിച്ചത് ഒരു ദിവസം കൊണ്ടല്ല.
അത് സാവധാനം തകര്‍ന്നു പൂര്‍ണ്ണമായും ഇല്ലാതാകുക ആയിരുന്നു.


അന്നത്തെ ഭരണാധികാരികള്‍, സാമ്പത്തിക വിദഗ്ദര്‍, തത്വ ചിന്തകന്മാര്‍ എന്നിവരെല്ലാം റോമന്‍ സാമ്രാജ്യത്തെ രക്ഷിക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്തു.
അവര്‍ മുന്നോട്ടു വച്ച എല്ലാ ആശയങ്ങളും അന്ന് ആകര്‍ഷണീയമായി തോന്നി.
എന്നാല്‍ ജീര്‍ണിച്ച സമൂഹത്തെ പുനര്‍നിര്‍മ്മിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.


വേദപുസ്തകത്തില്‍ ദാനിയേല്‍ കണ്ട സ്വപ്നത്തിലെ മണ്ണും ഇരുമ്പും കലര്‍ന്ന സാമ്രാജ്യം ആണ് ഈ ആധുനിക ലോകം.
നമ്മള്‍ ഇപ്പോള്‍ ദൃശ്യനായ ഒരു ലോക ചക്രവര്‍ത്തിയെ കാണുന്നില്ലയിരിക്കാം.
എന്നാല്‍ ഈ ലോകത്തിനു അദൃശ്യനായ ഒരു ചക്രവര്‍ത്തി ഉണ്ട്.
അതുകൊണ്ടാണ് യേശുവിനെ പരീക്ഷിച്ച അവസരത്തില്‍ ഈ ലോകം മുഴുവനും സാത്താന്റെ അധികാരത്തിന്‍ കീഴില്‍ ആണ് എന്ന് പിശാച്ച് അവകാശപ്പെട്ടത്.


ഇന്നു ഈ ആധുനിക ലോകം ഒരു ആഗോള ഗ്രാമം ആയി മാറിയിരിക്കുന്നു.

ഒരു രാജ്യവും മറ്റൊരു രാജ്യത്തേയും ആശ്രയിക്കാതെ സ്വതന്ത്രയായി നില്‍ക്കുന്നില്ല.
സംസ്കാരങ്ങളുടെ ഒത്തുചേരല്‍, വ്യാപാരം, ജനാധിപത്യ ആശയങ്ങള്‍ എന്നിവ ഈ ലോകത്തെ ഏകലോകമാക്കി തീര്‍ത്തിരിക്കുന്നു.
ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും തകര്‍ച്ചയും മാറ്റ് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു.
സാങ്കേതിക വിദ്യകള്‍, യാത്രകള്‍, വേഗത, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ലോകരാജ്യങ്ങളെ ഒരുമിപ്പിചിരിക്കുക ആണ്.


ഇന്നു എത്തിച്ചേരുവാന്‍ കഴിയാത്ത ഒറ്റപ്പെട്ട രാജ്യങ്ങളോ ഭൂപ്രദേശങ്ങളോ ഇല്ല.
ഒരു രാജ്യവും ഒരു ജനതയും ഒറ്റക്കല്ല.
ഓരോ രാജ്യവും ഒരു വലിയ സാമ്രാജ്യത്തിലെ സ്വതന്ത്രമായ പ്രവിശ്യകള്‍ മാത്രമാണ്.


റോമന്‍ സാമ്രാജ്യത്തിന്റെ അവസാന നാളുകളില്‍ കണ്ട അതെ സംഭവങ്ങള്‍ ഇന്ന് നമ്മള്‍ ആധുനിക ലോകത്തില്‍ എല്ലായിടവും കാണുന്നു.
നമ്മളുടെ വിജയങ്ങള്‍ നമ്മളെ ധാരാളിത്തത്തിലെക്കും ജഡീക വിനോദങ്ങളിലേക്കും നയിക്കുന്നു.
നമ്മള്‍ കുട്ടികളുടെ ജനനം കുറച്ചുകൊണ്ട് കുടുംബങ്ങളെ ചെറുതാക്കുന്നു.
വിവാഹമോചനത്തിലൂടെ കുടുംബങ്ങളെ തകര്‍ക്കുന്നു.
നമ്മളുടെ കുട്ടികള്‍ ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അനാഥരായി വളരുന്നു.
ആധുനിക മനുഷ്യര്‍ വിശ്വസത്യാഗികളായി ദുഷ്ടതയെ പിന്തുടരുന്നു.
ജഡീകസംതൃപ്തി മാത്രമാണ് ഇന്ന് മഹാ ബഹുഭൂരിപക്ഷത്തിന്റെയും ജീവിത ലക്ഷ്യം.
ശരി, നീതി, നന്മ, ആരാധന എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു.


നമ്മള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും:
നമ്മളുടെ വിജയത്തിന്റെ സമയമാണ് ഏറ്റവും അപകടം പിടിച്ചത്.
സമ്പന്നതയുടെ മദ്ധ്യത്തിലും ഒരു രാജ്യം തകര്‍ച്ചയുടെ വിത്തുകള്‍ പാകുക ആയിരിക്കും.
ആഭ്യന്തരമായി തകര്‍ച്ച നേരിടാത്ത ഒരു വലിയ സാമ്രാജ്യത്തെ പുറമേ നിന്നുമാത്രം തകര്‍ക്കുവാന്‍ കഴിയുക ഇല്ല എന്ന് ചരിത്രം പറയുന്നു.
നമ്മളുടെ ലോകത്തിന്റെ ഭാവിയെക്കുറിച്ചറിയുവാന്‍ നമ്മളെ സഹായിക്കുന്ന ചൂണ്ടുപലകകള്‍ ആണ് ചരിത്രം എന്ന് നമ്മള്‍ മറക്കരുത്.


വിശുദ്ധ വേദപുസ്തകത്തിലെ ഒരു വാക്യം വായിച്ചുകൊണ്ട് ഈ സന്ദേശം അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ വേദഭാഗം വിശദീകരിക്കുവാന്‍ ഞാന്‍ സമയം എടുക്കുന്നില്ല.
നമ്മള്‍ ഇതുവരെ പഠിച്ചതെല്ലാം ഈ വേദഭാഗത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമല്ലോ.

2 തിമൊഥെയൊസ് 3:1-5
1  അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
2  മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3  വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
4  സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി
5  ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. 

ഈ സന്ദേശം താങ്കള്‍ക്ക് അനുഗ്രഹം ആയിരുന്നു എന്ന വിശ്വാസത്തോടെ ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment