അവര്‍ എന്തുകൊണ്ട് യേശുവിനെ ക്രൂശിച്ചു?

ഈ സന്ദേശം ആരംഭിക്കുന്നതിനു മുമ്പായി ഒന്ന് രണ്ട് വാചകങ്ങള്‍ പ്രത്യേകം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട അബ്രഹാമിന്റെ വാഗ്ദത്ത സന്തതികള്‍ എന്ന നിലയില്‍ യിസ്രായേല്‍ ജനത്തെയും ആ രാജ്യത്തെയും ഞാന്‍ സ്നേഹിക്കുന്നു.
റോമന്‍ സംസ്കാരത്തിന്‍റെയും ജനതയുടെയും ചരിത്രപരമായ പ്രാധാന്യത്തെയും അഭിമാനത്തെയും ഞാന്‍ ബഹുമാനിക്കുന്നു.
ഈ സന്ദേശം യേശുവിന്‍റെ ക്രൂശുമരണവുമായി ബന്ധപ്പെട്ട, വേദപുസ്തകത്തില്‍ ലഭ്യമായ അറിവുകളുടെ ഒരു പുനര്‍ വായന ആണ്.
യിസ്രായേല്‍ ജനതയെയോ, റോമന്‍ ജനതതെയോ, ആ രാജ്യങ്ങളെയോ യാതൊരു വിധത്തിലും വേദനിപ്പിക്കുവാന്‍ ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നില്ല.
ലോകത്തിലെ സകല മാനവ ജാതിയുടെയും രക്ഷകനായ ക്രിസ്തുവിങ്കലേക്ക് മനുഷ്യരുടെ ശ്രദ്ധയെ തിരിക്കുക എന്നത് മാത്രമാണ് ഇതിന്‍റെ ലക്ഷ്യം.
ഇനി നമുക്ക് നമ്മളുടെ വിഷയത്തിലേക്ക് വരാം: അവര്‍ എന്തുകൊണ്ട് യേശുവിനെ ക്രൂശിച്ചു?

ഒരു കൂട്ടായ പ്രവര്‍ത്തനം
യേശു എന്തുകൊണ്ട് ക്രൂശില്‍ മരിക്കുവാനായി തന്നെ തന്നെ ഏല്‍പ്പിച്ചു കൊടുത്തു എന്ന് ചോദിച്ചാല്‍ നമുക്ക് എല്ലാവര്‍ക്കും ഉത്തരം അറിയാം.
സകല മനുഷ്യരുടെയും പാപ പരിഹാരത്തിനായി യേശു സ്വയം യാഗമായി തീരുക ആയിരുന്നു.
എന്നാല്‍ നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതല്ല.
യേശുവിനെ ക്രൂശിക്കുവാന്‍ അന്നത്തെ യഹൂദ മത നേതാക്കന്മാര്‍ക്കും റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തോസിനും ഉള്ള കാരണങ്ങള്‍ എന്തായിരുന്നു?
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യേശുവിനെ ക്രൂശിക്കുവാന്‍ അവരെ പ്രേരിപ്പിച്ച മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ എന്തായിരുന്നു?
ഇതേ കാരണങ്ങളുടെ ആത്മീയ മര്‍മ്മം എന്താണ്?
ഇതാണ് നമ്മള്‍ ഇവിടെ ചിന്തിക്കുവാന്‍ പോകുന്നത്.
 ആദ്യമായി ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നത്, യേശുവിന്‍റെ ക്രൂശീകരണം അന്നത്തെ യഹൂദ മത നേതാക്കന്മാരും റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തോസ് പ്രതിനിധാനം ചെയ്തിരുന്ന റോമന്‍ സാമ്രാജ്യവും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ ഒരു സംയുക്ത പ്രവര്‍ത്തനം ആയിരുന്നു എന്നാണ്.
എന്നാല്‍ അവര്‍ ഇതു മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പദ്ധതി അല്ലായിരുന്നു.
നീതിപീഠം മനപ്പൂര്‍വമായി നടപ്പാക്കിയ ദാരുണ കൊലപാതകത്തിന് നല്ല ഒരു ഉദാഹരണം ആണിത്.
ഒരു കുറ്റവാളിയെ ക്രൂശിക്കുക എന്ന ശിക്ഷ യഹൂദന്മാരുടെ പ്രമാണത്തില്‍ ഇല്ല.
യഹൂദ പ്രമാണം അനുസരിച്ച് ഒരു കുറ്റവാളിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ കല്ല്‌ എറിഞ്ഞു കൊല്ലുക എന്നതാണ്.
ക്രൂശിക്കുക എന്നത് റോമന്‍ സാമ്രാജ്യത്തിന്‍റെ നിയമം ആണ്.
അതുകൊണ്ടാണ് യഹൂദന്മാരാല്‍ യേശു കൊല്ലപ്പെടുകയും റോമാക്കാരാല്‍ യേശു ക്രൂശിക്കപ്പെടുകയും ആണ് ഉണ്ടായത് എന്ന് പറയുന്നത്.
 എന്തായിരുന്നു കാരണം?
 കാരണം – ഫലം അഥവാ cause and effect എന്നത് ഒരു സാര്‍വ്വലൌകീകമായ നിയമം ആണ്.
ഈ പ്രപഞ്ചത്തില്‍ ഉള്ളതിന്‍റെ എല്ലാം പിന്നില്‍ ഒരു കാരണം ഉണ്ട് എന്നും ആ കാരണത്തിന്‍റെ ഫലം ആണ് മനുഷ്യരും ഈ പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം എന്നും ഈ തത്വം പറയുന്നു.
എല്ലാ ഫലങ്ങള്‍ക്കും പിന്നില്‍ ഈ തത്വം ഉണ്ട് എന്നത് ശരിയാണ് താനും.
ഈ ഭൂമിയില്‍ കാണുന്ന, മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള സകലത്തിന്റെയും കാരണഭൂതന്‍ ദൈവം ആണ് എന്ന നമ്മളുടെ വിശ്വാസത്തെ ഈ തത്വം ഉറപ്പിക്കുന്നു.
 ഏതൊരു കുറ്റവാളിയെ എടുത്താലും, അയാള്‍ എത്ര ഭായങ്കരനായ കൊലപാതകി ആയിരുന്നാല്‍ പോലും ആയാള്‍ ചെയ്ത പ്രവര്‍ത്തിക്ക് ഒരു കാരണം ഉണ്ടാകും.
ഒരു പക്ഷെ ഒരാള്‍ ഒരു കൊലപാതകം നടത്തിയത് ഇരയോടുള്ള മുന്‍വൈരാഗ്യം നിമിത്തമോ, മോഷണശ്രമത്തിലോ, അഭിമാനം നിലനിറുത്തുവാനോ മറ്റ് ഏതെങ്കിലും കാരണത്താലോ ആകാം.  
ഇതു കണ്ടെത്താതെ വരുന്ന സന്ദര്‍ഭങ്ങള്‍ കുറ്റാന്വേഷകരെ കുഴപ്പിക്കാറുണ്ട്.
കുറ്റകൃത്യങ്ങളുടെ പിന്നിലുള്ള കാരണങ്ങള്‍ കുറ്റവാളിയെ കണ്ടെത്തുവാന്‍ സഹായവുമാണ്.
മദ്യത്തിനും മയക്കുമരുന്നിനും അടിമകള്‍ ആയിട്ടുള്ളവര്‍ക്കും തങ്ങളുടെതായ കാരണങ്ങളും ന്യായീകരണങ്ങളും പറയുവാന്‍ ഉണ്ടായിരിക്കും.
ജീവിത നിരാശയോ, ജീവിത്തത്തിലെ തകര്‍ച്ചയോ, ജീതിതത്തിലെ പരാജയങ്ങളോ, ഏകാന്തതയും ഒറ്റപ്പെടുത്തലുമോ, സാമ്പത്തിക തകര്‍ച്ചയോ, ബന്ധങ്ങളുടെ ശിഥിലീകരണമോ കാരണങ്ങള്‍ ആയി അവര്‍ ചൂണ്ടിക്കാണിച്ചെക്കാം.
മദ്യവും മയക്കുമരുന്നും ഇതിനൊന്നും പരിഹാരം അല്ല, എങ്കിലും അവര്‍ ഇതെല്ലാം കാരണങ്ങള്‍ ആയി ചൂണ്ടിക്കാണിച്ചേക്കാം.
 അതിന്‍റെ അര്‍ത്ഥം ഈ പ്രപഞ്ചത്തില്‍ കാണുന്ന എന്തിനും സംഭവിക്കുന്ന എല്ലാറ്റിനും ഒരു കാണണം ഉണ്ട്.
അതായത്, യേശുവിനെ യെഹൂദന്മാര്‍ കൊല്ലുവാന്‍ തീരുമാനിച്ചതിനും യേശുവിനെ ക്രൂശിക്കുവാന്‍ റോമന്‍ സാമ്രാജ്യം തീരുമാനിച്ചതിനും പിന്നില്‍ ഒരു കാരണം ഉണ്ട്.
 എന്തായിരുന്നു അവരുടെ കാരണങ്ങള്‍? അവരുടെ കാരണങ്ങള്‍ വ്യത്യസ്തം ആയിരുന്നുവോ?
ഈ കാരണങ്ങള്‍ക്ക് മാനവ രക്ഷയുടെ ചരിത്രത്തില്‍ എന്ത് പ്രാധാന്യം ആണ് ഉള്ളത്?
ഇവയാണ് നമ്മള്‍ ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
 യേശുവിനെ പിടിക്കുന്നു
 റോമന്‍ പടയാളികള്‍ യേശുവിനെ കുറ്റാരോപിതനായി പിടിക്കുന്നതില്‍ നിന്നും ആരംഭിക്കാം.
യേശുവിന്‍റെ കാലത്ത് യഹൂദ ദേശം റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗം ആയിരുന്നു എന്നും ഇവിടം  പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണര്‍ ആണ് ഭരിച്ചിരുന്നത് എന്നും നമ്മള്‍ക്ക് അറിയാമല്ലോ.
അക്കാലത്ത് പൌരോഹിത്യം അഹരോന്‍റെ ക്രമപ്രകാരം ഉള്ളത് ആയിരുന്നില്ല.
പൌരോഹിത്യം ഒരു രാഷ്ട്രീയ നിയമനം ആയിരുന്നു. യഥാര്‍തത്തില്‍, പണം വാങ്ങി വില്‍ക്കപ്പെടുക ആയിരുന്നു.
എന്ന് പറഞ്ഞാല്‍ യേശുവിന് എതിരായി പദ്ധതി തയ്യാറാക്കിയത് അഹരോന്‍റെ ക്രമപ്രകാരം ഉള്ള മത നേതൃത്വം അല്ലായിരുന്നു.
എന്നിരുന്നാലും അന്നത്തെ യഹൂദ മത നേതാക്കന്മാര്‍ ചില നാളുകള്‍ ആയി യേശുവിന് എതിരായി കുറ്റങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുക ആയിരുന്നു.
എന്നാല്‍ യേശുവിന് മരണം ശിക്ഷയായി വിധിക്കുവാന്‍ തക്ക തെളിവുകള്‍ അവര്‍ക്ക് ലഭിച്ചില്ല.
          മത്തായി 26: 59, 60 
59    മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
60    കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
 എന്നിട്ടും അവര്‍ കൊപാകുലരായി കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ യേശുവിനെ പിടിക്കുക ആയിരുന്നു.
കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ യേശുവിനെതിരെ കുറ്റങ്ങള്‍ അവര്‍ രൂപപ്പെടുത്തിയിരുന്നു; എന്നാല്‍ ന്യായപ്രമാണം അനുസരിച്ചുള്ള സാക്ഷികള്‍ ലഭിച്ചില്ല.

യോഹന്നാന്‍ 5:18  അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
ഇവയെല്ലാം അന്നത്തെ മതനെതാക്കന്മാര്‍ കണ്ടെത്തിയ കുറ്റങ്ങള്‍ ആണ്.
യേശു ദൈവത്തെ സ്വന്ത പിതാവ് എന്ന് വിളിച്ചു.
എന്ന് പറഞ്ഞാല്‍ യേശു ദൈവത്തിന്‍റെ പുത്രന്‍ ആണ് എന്ന് സ്വയം അവകാശപ്പെടുക ആണ്.
ഇതു യഹൂദ മത പ്രമാണിമാരെ മാത്രമല്ല റോമന്‍ സാമ്രാജ്യത്തെ തന്നെ അലോരസപ്പെടുത്തും എന്ന് അവര്‍ക്ക് അറിയാമായിരുന്നു.
രാഷ്ട്രീയമായി നിയമിക്കപ്പെട്ടിരുന്ന പുരോഹിതന്മാര്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ സ്തുതിപാഠകര്‍ ആകുക സ്വാഭാവികം മാത്രം ആണ്.
അക്കാലത്ത് റോമന്‍ സാമ്രാജ്യം വികസിപ്പെടുത്ത ഒരു സാമ്രാജ്യത്വ ദൈവശാസ്ത്രം തന്നെ ഉണ്ടായിരുന്നു.
ഈ സാമ്രാജ്യത്വ ദൈവശാസ്ത്ര പ്രകാരം സീസര്‍ അഗസ്റ്റസ് എന്ന ചക്രവര്‍ത്തി ദൈവത്തിന്‍റെ പുത്രനും ദൈവവും ആയി കണക്കാക്കപ്പെട്ടിരുന്നു.
സീസറിന്‍റെ പിന്‍ഗാമികള്‍ ആയ ചക്രവര്‍ത്തിമാരെയും ദൈവ പുത്രര്‍ എന്ന് വിളിച്ചിരിന്നു.
ദൈവപുത്രന്‍ എന്ന യേശുവിന്‍റെ അവകാശവാദം റോമന്‍ ഗവര്‍മെന്റിനെ ചൊടിപ്പിക്കുവാന്‍ മതിയായതാകും എന്ന് മതനേതാക്കള്‍ കരുതി.
 യേശു ദൈവപുത്രന്‍ ആണ് എന്നതും യേശു ദൈവം തന്നെ ആണ് എന്നതും ഒരു പരമ സത്യം ആണ്.
ഈ സത്യം ആണ് അവനില്‍ വിശ്വസിക്കുന്നവരുടെ അനുഗ്രഹത്തിന്റെ ശ്രോതസ്സ്.
 യേശു ശബ്ബത്ത് ലംഘിച്ചു എന്നത് യഹൂദ മത വിശ്വാസത്തിനെതിരായ കുറ്റവും, ദൈവപുത്രന്‍ എന്ന അവകാശവാദം യഹൂദ പ്രമാണത്തിനും റോമന്‍ സാമ്രാജ്യത്തിനും എതിരായ കുറ്റവും ആയി.
എന്നിട്ടും അവര്‍ യേശുവിനെ പരസ്യമായി പിടിച്ചില്ല.
കാരണം യേശുവിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉള്ളവര്‍ സമൂഹത്തില്‍ ഉണ്ടായിരുന്നു.
മാത്രവുമല്ല, യേശുവില്‍ വിശ്വസിക്കുന്ന ഒരു വലിയ ജനസമൂഹം എപ്പോഴും അവനെ അനുഗമിച്ചിരുന്നു.
പരസ്യമായി യേശുവിനെതിരെ കുറ്റം ചുമത്തുവാന്‍ സാക്ഷികളെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
 ലോക ചരിത്രത്തില്‍ ഇതുപോലെ അനീതി നിറഞ്ഞ കുറ്റാരോപണവും അറസ്റ്റും ശിക്ഷയും മറ്റൊരിക്കലും നമ്മള്‍ കാണുക ഇല്ല.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം ഒരു വക്തിയെ അറസ്റ്റ് ചെയ്യുവാന്‍.
എന്നാല്‍ യേശവിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ്, തെളിവുകളും സാക്ഷികളും അടിസ്ഥാനമാക്കി കുറ്റങ്ങള്‍ ആരോപിക്കുവാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.
ഇവിടെ നിരപരാധി ആയ ഒരു മനുഷ്യനെ കുറ്റകൃത്യങ്ങളുടെ തെളിവില്ലാതെ തന്നെ അറസ്റ്റ് ചെയ്യുക ആണ്.
ആദ്യം യേശുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് തെളിവുകള്‍ തയ്യാറാക്കുകയും ആണ് ഉണ്ടായത്.
 യേശുവിനെ അവര്‍ പിടിച്ച വിധം ആകട്ടെ, വളരെ നികൃഷ്ടമായി പോയി താനും.
ഒരു കലാപകാരിയെയോ, കൊള്ളക്കാരനെപ്പോലെയോ, ഒളിവില്‍ താമസിക്കുന്ന കൊടും കുറ്റവാളിയെ പോലെയോ ആണ് റോമന്‍ സാമ്രാജ്യത്തിന്‍റെ പടയാളികള്‍ യേശുവിനെ അറസ്റ്റ് ചെയ്തത്.
ഇതു യേശു ഒരു ഭീകര കുറ്റവാളിയാണ് എന്ന ധ്വനി ഉളവാക്കുവാന്‍ ഇടയായി.

മത്തായി 26 : 47  അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.

മത്തായി 26 : 55  ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
 യേശു ഒരു കള്ളനോ കൊള്ളക്കാരനോ, ഭീകര വാദിയോ, കലാപകാരിയോ ആയിരുന്നില്ല.
അവന്‍ കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ ഒരു യഹൂദ റബ്ബിയായി ന്യായപ്രമാണങ്ങളെ വ്യാഖ്യാനിച്ചും പഠിപ്പിച്ചും കൊണ്ട് യഹൂദ ദേശമെല്ലാം സഞ്ചരിച്ചുകൊണ്ടിയിരുന്നു.
യേശുവിനെ അറസ്റ്റ് ചെയ്ത രീതി തികച്ചും അനീതി ആയിരുന്നു.
 മഹാപുരോഹിതന്‍റെ മുമ്പാകെ നില്‍ക്കുന്ന യേശു
 ഇനി നമുക്ക് മഹാപുരോഹിതന്‍റെ മുമ്പാകെ നില്‍ക്കുന്ന യേശുവിനെക്കുറിച്ച് ചിന്തിക്കാം.
യഹൂദ മത പ്രമാണിമാര്‍ യേശുവിനെതിരെ കുറ്റം കണ്ടെത്തുക ആണ്.

മത്തായി 26 : 59 - 61
59    മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
60    കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
61    ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
 നമുക്ക് ഈ ആരോപണത്തിന്‍റെ സത്യത്തിലേക്ക് നോക്കാം.
യേശു ഇപ്രകാരം പറഞ്ഞത് യോഹന്നാന്‍റെ സുവിശേഷം 2-)൦ അദ്ധ്യായം 18 മുതല്‍ 22 വരെ ഉള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

യോഹന്നാന്‍ 2: 18 – 22
18    എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
19    യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
20    യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു.
21    അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
22    അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

ഈ വാക്യത്തിന്റെ സന്ദര്‍ഭം ഇതാണ്:
യേശു ദൈവാലയത്തിലെക്ക് പോകുകയും അവിടെ വാണിഭക്കാരെ കാണുകയും ചെയ്യുന്നു.
ഉടനെ ആലയത്തെക്കുരിച്ചുള്ള എരിവ് നിറഞ്ഞവനായി യേശു വാണിഭക്കാരെ ദൈവാലയത്തില്‍ നിന്നും പുറത്താക്കി.
ഇതു ചെയ്യുവാന്‍ യേശുവിന് അധികാരം ഉണ്ട് എന്നതിന് എന്ത് അടയാളം എന്ന യഹൂദന്മാരുടെ ചോദ്യത്തിന് യേശു നല്‍കുന്ന മറുപടി ആണ് മുകളില്‍ നമ്മള്‍ വായിച്ചത്.
 ഇവിടെ യേശു തന്റെ ക്രൂശുമരണത്തെ കുറിച്ചും ഉയിര്‍പ്പിനെ കുറിച്ചും ആണ് സംസാരിക്കുന്നത്.
ദൈവാലയത്തെ കുറിച്ചുള്ള അവന്റെ എരിവിനും ദൈവാലയം ശുദ്ധീകരിക്കുവാനുള്ള അവന്റെ അധികാരത്തിനും ഉള്ള അടയാളം അതായിരിക്കും എന്ന് യേശു പറഞ്ഞു.
 എന്നാല്‍ അന്നത്തെ അന്ധരായ മത നേതാക്കന്മാര്‍ക്ക് യേശുവിന്‍റെ ക്രൂശു മരണമോ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നതോ മനസ്സിലായില്ല.
അവര്‍ അത് യേശു യെരുശലേം ദൈവാലയത്തെ പോളിക്കും എന്നും വീണ്ടും അത് പണിയും എന്ന അവകാശവാദമായും വ്യാഖ്യാനിച്ചു.
യേശുവിന്റെ കാലത്തെ ദൈവലായം പുനര്‍ നിര്‍മ്മിച്ചത് മഹാനായ ഹെരോദ് എന്ന് അറിയപ്പെട്ടിരുന്ന റോമന്‍ ഭരണാധികാരി ആയിരുന്നു.
അത് തകര്‍ക്കും എന്ന് യേശു അവകാശപ്പെട്ടു എന്ന കുറ്റം റോമാക്കാരെയും യഹൂദന്മാരെയും ഒരുപോലെ ചൊടിപ്പിക്കും എന്ന് യഹൂദ മത പുരോഹിതന്മാര്‍ കരുതി.
 ഇനി നമുക്ക് മറ്റൊരു ആരോപണം കൂടി നോക്കാം.   
  
മത്തായി 26:  63 - 66
63    യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
64    യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
65    ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;
66    നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.

യേശുവില്‍ മരണ യോഗ്യമായ കുറ്റം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ വീണ്ടും ചോദിച്ചു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ?
യേശുവിന്‍റെ മറുപടി വ്യക്തം ആയിരുന്നു: ഞാൻ ആകുന്നു.
ഇതു ദൈവദൂഷണമായി അവര്‍ കണ്ടു; അവര്‍ നേരിട്ട് കേട്ടതിനാല്‍ ഇനി സാക്ഷികളുടെ ആവശ്യമില്ല എന്നും തീരുമാനിച്ചു.
യേശു മരണയോഗ്യന്‍ എന്ന് അവര്‍ വിധിച്ചു.
 ഇവിടെ യഹൂദ മത നേതാക്കന്മാര്‍ യേശുവിനെതിരെ മരണയോഗ്യമായ നാല് കുറ്റങ്ങള്‍ നിരത്തുകയാണ്:

1.    ദൈവദൂഷണം – അവന്‍ ദൈവത്തോട് തുല്യതയും ദൈവപുത്രന്‍ എന്നും ക്രിസ്തു ആണ് എന്നും അവകാശപ്പെട്ടു.
2.    ദൈവാലയം തകര്‍ക്കും എന്ന് അവകാശപ്പെട്ടു.
3.    മനുഷ്യരെ തെറ്റിച്ചുകളയുന്നു.
4.    ശബ്ബത്ത് ലംഘിച്ചു – അങ്ങനെ മോശെയുടെ ന്യായപ്രമാണത്തെ ലംഘിച്ചു.
 യേശു ന്യായപ്രമാണത്തെ ലംഘിച്ചുവോ?
 ഇനി നമുക്ക് യേശു ന്യായപ്രമാണങ്ങളെ ലംഘിച്ചു എന്ന ആരോപണത്തിന്റെ സത്യാവസ്ഥയിലേക്ക് നോക്കാം.
യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷാകാലം ഒരു യഹൂദ റബ്ബി  അഥവാ ഗുരു ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
യേശുവിനെ മറ്റുള്ളവര്‍ റബ്ബി എന്നും ഗുരു എന്നും വിളിച്ചിരുന്നു.
 റബ്ബിമാര്‍ രണ്ടു തരം ഉണ്ടായിരുന്നു.
ഒരു കൂട്ടര്‍ അന്നേവരെ സ്വീകാര്യമായിട്ടുള്ള ന്യായപ്രമാണ വ്യാഖ്യാനങ്ങള്‍ മാത്രം പഠിപ്പിക്കുന്നവര്‍ ആയിരുന്നു.
രണ്ടാമത്തെ കൂട്ടര്‍, എണ്ണത്തില്‍ കുറവായിരുന്നു.
അവര്‍ക്ക് ന്യായപ്രമാണത്തെ പുതിയതായി വ്യാഖ്യാനിക്കുവാന്‍ അധികാരം ഉണ്ടായിരുന്നു.
തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാനും അവര്‍ക്ക് അധികാരം ഉണ്ടായിരുന്നു.
ഒരിക്കല്‍ ഒരാള്‍ തന്റെ സഹോദരനുമായുള്ള തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ യേശുവിന്‍റെ അടുക്കല്‍ വന്നിരുന്നു എന്ന് ഇവിടെ ഓര്‍ക്കുമല്ലോ.
 യേശു ന്യായപ്രമാണങ്ങളെ വ്യാഖ്യാനിക്കുവാന്‍ അധികാരമുള്ള റബ്ബി ആയിരുന്നു.
നമുക്ക് ഒരു വേദഭാഗം വായിക്കാം:

മത്തായി 7:28, 29
28    ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29    അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

ന്യായപ്രമാണത്തിന്റെ നുകം (The yoke of Torah)

ഈ വാക്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ അതിന്‍റെ പശ്ചാത്തലം കൂടി നമ്മള്‍ മനസ്സിലക്കേണം.
എന്താണ് ന്യായപ്രമാണത്തിന്റെ നുകം എന്ന് നമുക്ക് ചിന്തിക്കാം.
അന്നത്തെ റബ്ബിമാര്‍ ന്യായപ്രമാണങ്ങളുടെ വ്യാഖ്യാനങ്ങളെ പഠിക്കുവാന്‍ ജനങ്ങളെ ക്ഷണിക്കുന്നതിനെ “ന്യായപ്രമാണത്തിന്റെ നുകം ഏല്‍ക്കുക” എന്നും “സ്വര്‍ഗരാജ്യത്തിന്റെ നുകം ഏല്‍ക്കുക” എന്നും പറയുമായിരുന്നു.

അധികാരം ഉള്ള റബ്ബിമാര്‍ക്ക് ന്യായപ്രമാണങ്ങളെ കുറിച്ച് പുതിയ വ്യഖ്യാനങ്ങള്‍ ഉണ്ടാകും.
ഇതിനു അധികാരം ഇല്ലാത്ത റബ്ബിമാര്‍, നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, നിലവില്‍ ഉള്ളതും സ്വീകരിക്കപെട്ടതുമായ വ്യാഖ്യാനങ്ങള്‍ പഠിപ്പിക്കും.
യേശു ന്യായപ്രമാനങ്ങളെ പുതിയതായി വ്യാഖ്യാനിക്കുവാന്‍ അധികാരം ഉള്ള റബ്ബി ആയിട്ടാണ് ശുശ്രൂഷ ചെയ്തിരുന്നത്.
ഈ അധികാരത്തെക്കുറിച്ചാണ് മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ പറയുന്നത്.

യേശുവിന്‍റെ വ്യാഖ്യാനങ്ങളുടെ പ്രത്യേകത എന്താണ് എന്ന് ഇനി വായിക്കുന്ന വാക്യത്തില്‍ പറയുന്നു.

മത്തായി 11: 29, 30
29    ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
30    എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

യേശു എന്ന റബ്ബിയുടെ വ്യാഖ്യാനങ്ങള്‍ മൃദുവും ലഘുവും ആണ് എന്ന് പറയുമ്പോള്‍ അത് അനുസരിക്കുവാന്‍ കൂടുതല്‍ എളുപ്പമാണ് എന്നല്ല; മനസ്സിലാക്കുവാന്‍ എളുപ്പമാണ് എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
കാരണം യേശുവിന്‍റെ വ്യാഖ്യാനങ്ങള്‍ കൂടുതല്‍ കര്‍ശനവും കഠിനവും ആയിരുന്നു.
അതുകൊണ്ടാണല്ലോ ഒരിക്കല്‍ യേശുവിനെ അനുഗമിച്ചവരില്‍ നല്ല ഒരു കൂട്ടം അവന്റെ ഉപദേശങ്ങള്‍ കഠിനം എന്ന് പറഞ്ഞ് അവനെ വിട്ടുപോയത്.
അത് കേള്‍വിക്കാര്‍ക്ക് മനസ്സിലാകുന്നതുപോലെ ലളിതമായി പറയുവാന്‍ യേശുവിന് കഴിഞ്ഞു.

യേശുവിന്റെ വ്യാഖ്യാനങ്ങള്‍ ന്യായപ്രമാണങ്ങളെ തകര്‍ക്കുന്നത് ആയിരുന്നില്ല; അവ ശരിയായ വ്യഖ്യാനങ്ങള്‍ തന്നെ ആയിരുന്നു.

ഒരു വാക്യം കൂടി വായിക്കാം:

മത്തായി 5: 17, 18
17    ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
18    സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
 ന്യായപ്രമാണത്തെ നിവര്‍ത്തിക്കുക എന്നതായിരുന്നു യേശുവിന്‍റെ കാലത്തെ റബ്ബിമാരുടെ പ്രധാന കടമ.
ന്യായപ്രമാണങ്ങളെ ശരിയായി അനുസരിക്കുന്നതിനു സാങ്കേതികമായി പറയുന്ന വാക്ക് ആണ് “നിവര്‍ത്തിക്കുക” എന്നത്.
ന്യായപ്രമാണത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അത് ദൈവം ആഗ്രഹിച്ചതുപോലെ ശരിയായി പാലിക്കുവാന്‍ കഴിയാത്തത് ആക്കി മാറ്റുകയും ചെയ്യുന്നതിനെ സാങ്കേതികമായി “നീക്കുക” എന്നും പറഞ്ഞിരുന്നു.
യേശു ന്യായപ്രമാണത്തെ നീക്കുവാനല്ല നിവര്‍ത്തിപ്പാനാണ് വന്നത്.
യേശു അതിനെ പൂര്‍ത്തീകരിക്കുകയും ഇങ്ങനെ അത് ശരിയായി പാലിക്കുവാന്‍ കഴിയും എന്ന് കാണിച്ചു തരുകയും ചെയ്തു.
യേശുവിന്‍റെ വ്യാഖ്യാനത്തിന്റെ പ്രത്യേകത, ന്യായപ്രമാനങ്ങളുടെ അക്ഷരത്തില്‍ നിന്നും അവ പാലിക്കുന്നതിലുള്ള ശരിയായ മനോഭാവത്തിലെക്കും ശരിയായ പ്രവര്‍ത്തികളിലെക്കും നമ്മളുടെ ശ്രദ്ധയെ തിരിച്ചു എന്നതാണ്.
സമൂഹത്തെ അസഹ്യപ്പെടുത്തിയ പഠിപ്പിക്കലുകള്‍
എന്നാല്‍ യേശുവിന്‍റെ പഠിപ്പിക്കലുകള്‍ പലതും അന്നത്തെ സമൂഹത്തെ അസഹ്യപ്പെടുത്തിയിരുന്നു.
യേശുവിനെ ഒരു ഭീഷിണി ആയി കണ്ടിരുന്നവരില്‍ പ്രധാനികള്‍ മത നേതാക്കന്മാര്‍ ആയിരുന്നു.
സത്യത്തില്‍ മതങ്ങളുടെ ആവശ്യത്തെ തന്നെ യേശു ചോദ്യം ചെയ്യുക ആയിരുന്നു.
മനുഷ്യരുടെ പാപത്തെ മോചിക്കുവാന്‍ തനിക്ക് അധികാരം ഉണ്ട് എന്ന യേശുവിന്‍റെ പ്രസ്താവന മത നേതാക്കന്മാരെ ഞെട്ടിക്കുന്നതായിരുന്നു.
ദൈവത്തിന്‍റെത് മാത്രമായ ഒരു സവിശേഷ അധികാരം ആണ് യേശു തനിക്കുണ്ട് എന്ന് അവകാശപ്പെട്ടത്.
മത നേതാക്കന്മാര്‍ അത് തങ്ങള്‍ക്ക് എതിരായ ഒരു ഭീഷിണി ആയി കണ്ടു.
യേശുവിനെപ്പോലെ ഉള്ള ഒരു സഞ്ചാര ഉപദേശിക്ക് പാപങ്ങളെ മോചിക്കുവാന്‍ അധികാരം ഉണ്ട് എങ്കില്‍, ഇനി ദൈവാലയത്തിലെ യാഗങ്ങള്‍ക്കു എന്ത് പ്രസക്തി?
അതായത് പൌരോഹിത്യ വര്‍ഗ്ഗത്തിന് തന്നെ പ്രസക്തി ഇല്ലാതാകില്ലേ എന്ന് അവര്‍ ഭയപ്പെട്ടു.
ഇതു ദൈവലായത്തിലെ വരുമാനത്തേയും പണവ്യാപാരികള്‍ക്കും വലിയ ഭീക്ഷിണി ആണ്.
മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന വാണിഭക്കാര്‍ക്ക് ഇതൊരു ഭീക്ഷിണി ആയി.
സാമ്പത്തിക വരുമാനത്തില്‍ ആണ് യേശു കത്തി വെക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കി.
ഞാന്‍ തന്നെ വഴി
യേശുവിന്റെ കാലത്തും മുമ്പും, വ്യത്യസ്തമായ ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളുമായി ജനകീയ മുന്നേറ്റങ്ങള്‍ ആരംഭിചിട്ടുള്ള റബ്ബിമാര്‍ അനേകര്‍ ഉണ്ടായിരുന്നു.
അവരെല്ലാം യാഹൂദന്മാര്‍ പ്രതീക്ഷിച്ചിരുന്ന മശിഹ ആണ് എന്ന് ജനം കരുതി.
എന്നാല്‍ അവരുടെ എല്ലാം മുന്നേറ്റങ്ങള്‍ ആള്‍ക്കൂട്ടം മാത്രമായി അവസാനിച്ചു.
യേശുവിന്‍റെ ഉപദേശങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇവരില്‍ നിന്നും പ്രത്യേകതകള്‍ ഉണ്ടായിരുന്നു.
യേശു വിളിച്ചു പറഞ്ഞു: ഞാനാണ് വഴി, യഹൂദ മതം അല്ല.

യോഹന്നാന്‍  14: 6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
ഇതു യഹൂദ മതത്തിന്‍റെ നാളിതുവരെയുള്ള പഠിപ്പിക്കലില്‍ നിന്നും വ്യത്യസ്തം ആയിരുന്നു.
യഹൂദ മതത്തിലെ അംഗത്വവും യഹൂദ സമൂഹത്തിലെ ജീവിതക്രമീകരണങ്ങളും പാലിച്ചാല്‍ ഒരു വിശുദ്ധ ജീവിതം നയിക്കുവാന്‍ കഴിയും എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.
മതത്തിലൂടെ ഉള്ള രക്ഷയില്‍ ആയിരുന്നു അവരുടെ ആശ്രയം.
എന്ത് അധികാരത്തില്‍ ആണ് യേശു ഇപ്രകാരമൊരു അവകാശവാദം ഉന്നയിക്കുന്നത്?
യേശു പറയുന്നത് അനുസരിക്കുവാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍, യഹൂദനായി ജീവിക്കുന്നതിന്‍റെ പ്രസക്തി ഇല്ലാതാകും.
യേശു പറയുന്നതനുസരിച്ച് ജീവിച്ചാല്‍ അവര്‍ യഹൂദന്മാര്‍ അല്ലതാകുകയും ചെയ്യും.
ഇതായിരുന്നു മത നേതാക്കന്മാരുടെ ഭയം.
ദൈവദൂഷകനെ കല്ലെറിഞ്ഞു കൊല്ലേണം
യഹൂദ ന്യായപ്രമാണം അനുസരിച്ച് യഹോവയുടെ നാമം ദുഷിക്കുന്നവനെ കല്ലെറിഞ്ഞു കൊല്ലേണം.
ഇതായിരുന്നു ന്യായപ്രമാണത്തിന്റെ ശിക്ഷ.
ലേവ്യപുസ്തകം 24: 16   യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം
യേശു തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു അവന്‍ മരണശിക്ഷക്ക്‌ യോഗ്യന്‍ എന്ന് യഹൂദ മതം വിധി എഴുതി.
മതനേതക്കന്മാരും ജനങ്ങളും പീലാത്തൊസിനൊട് ഇപ്രകാരം വിളിച്ചു പറഞ്ഞു:

യോഹന്നാന്‍ 19: 7  യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
യേശു ന്യായപ്രമാണം ലംഘിച്ച് ദൈവദൂഷണം പറഞ്ഞിരിക്കുന്നു.
ദൈവദൂഷണം പറഞ്ഞ യേശുവിനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ യഹൂദന്മാര്‍ക്ക് പ്രമാണം ഉണ്ട്.
പക്ഷെ അവര്‍ യേശുവിനെ കൊന്നില്ല.
യേശുവിനെ കൊല്ലുവാന്‍ റോമന്‍ ഭരണാധികാരിയെ ഏല്‍പ്പിക്കുക ആണ് അവര്‍ ചെയ്തത്.
എന്തുകൊണ്ട്?
യഹൂദന്മാര്‍ താമസിച്ചിരുന്ന ദേശം എല്ലാം അപ്പോള്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ കീഴില്‍ ആയിരുന്നു.
മരണ ശിക്ഷക്കുള്ള അധികാരം യഹൂദന്മാരില്‍ നിന്നും നീക്കി റോമന്‍ ഭരണകൂടം ഏറ്റെടുത്തിരുന്നു.
ഒരാളെ മരണ ശിക്ഷക്ക് വിധിക്കുവാനുള്ള അധികാരം റോമന്‍ ഭരണകൂടത്തിന് മാത്രം ആയിരുന്നു.
എന്നാല്‍ മതപരമായ കാര്യങ്ങളില്‍ മരണ ശിക്ഷ നടപ്പാക്കാനുള്ള അവകാശം അപ്പോഴും നിലനിന്നിരുന്നു.
ഇവിടെ യേശു ദൈവദൂഷണം പറഞ്ഞു എന്നത് യഹൂദ മതപ്രകാരമുള്ള കുറ്റം ആയതിനാല്‍ അവര്‍ക്ക് ന്യായപ്രമാണം അനുസരിച്ച് യേശുവിനെ കല്ലെറിഞ്ഞു കൊല്ലാമായിരുന്നു.
എന്നിട്ടും അവര്‍ തന്നെ യേശുവിനെ കൊല്ലാതിരുന്നത് എന്തുകൊണ്ടായിരിക്കേണം?
യേശുവിനെ റോമന്‍ ഭരണാധികാരിയായ പീലത്തൊസിന്‍റെ മുന്നില്‍ അവര്‍ നിറുത്തുന്നത് ഒരു മതവിധ്വേഷി എന്ന നിലയില്‍ മാത്രമല്ല.
യേശു റോമന്‍ സാമ്രാജ്യത്തിന്‍റെ ശത്രുവാണ് എന്ന ചിത്രമാണ് അവര്‍ ഭരണാധികാരിക്ക് നല്‍കുവാന്‍ ശ്രമിച്ചത്.
ഇതു ക്രൂശീകരണം എന്ന കടുത്ത ശിക്ഷയിലേക്ക്‌ നയിക്കും.
ഒരിക്കല്‍ യേശുവിനെ വിട്ടയക്കുവാന്‍ പീലത്തൊസ് ശ്രമിച്ചപ്പോള്‍, അങ്ങനെ ചെയ്‌താല്‍ അദ്ദേഹം റോമന്‍ ചക്രവര്‍ത്തി ആയ സീസരിന്‍റെ സ്നേഹിതന്‍ അല്ലതായിതീരും എന്ന് മത നേതാക്കന്മാര്‍ ഓര്‍മ്മിപ്പിച്ചു.
ഈ ആരോപണം പീലത്തൊസിനെ ഭയപ്പെടുത്തുവാന്‍ മതിയായത് ആയിരുന്നു.
യേശുവിനെ ക്രൂശിക്കുവാന്‍ എല്‍പ്പിക്കുവാന്‍ അവന്‍ തീരുമാനിച്ചു.
ക്രൂശിക്കപ്പെടെണം എന്ന വചന നിവര്‍ത്തി
യേശു ക്രൂശിക്കപ്പെടെണം എന്നത് ദൈവവചന നിവര്‍ത്തി ആയിരുന്നു.
അറിഞ്ഞോ അറിയാതെയോ തിരുവെഴുത്തുകളെ യഹൂദ ജനം നിവര്‍ത്തിക്കുക ആയിരുന്നു.
യേശു തന്‍റെ മരണവിധം മുന്‍കൂട്ടി ശിഷ്യന്മാരോട് പറഞ്ഞിരുന്നു.


മത്തായി 20: 18, 19
18  “നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
19  അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.
യഹൂദ ന്യായപ്രമാണം അനുസരിച്ച് യേശുവിനെ ശിക്ഷിക്കുവാന്‍ പീലാത്തൊസ് അവരെ അനുവദിച്ചിട്ടും റോമന്‍ നിയമം അനുസരിച്ചുള്ള ക്രൂശു മരണം തന്നെ യേശുവിന് ലഭിക്കേണം എന്ന് അവര്‍ ആഗ്രഹിച്ചു.
അത് റോമന്‍ ഭരണാധികാരി വിധിക്കേണം, റോമന്‍ ഭരണകൂടം നടപ്പക്കേണം.
ഇതായിരുന്നു അവരുടെ ഉദ്ദേശ്യം.
അതായത്, യഹൂദന്മാര്‍ യേശുവിനെ കുറ്റവാളിയായി നിറുത്തുകയും റോമന്‍ ഭരണകൂടം യേശുവിനെ ക്രൂശിക്കുകയും ആണ് ചെയ്തത്.
യേശു പീലാത്തൊസിനും റോമന്‍ നിയമത്തിനും മുന്നില്‍
ഇനി നമുക്ക് യേശുവിനെ പീലാത്തൊസിനും റോമന്‍ നിയമത്തിനും മുന്നില്‍ നില്‍ക്കുന്നത് കാണാം.
ഒരു മതവിധ്വേഷി എന്നത് റോമന്‍ നിയമം പരിഗണിച്ച വിഷയം അല്ല.
റോമന്‍ ഭാരണാധിപന്‍റെ മുന്നില്‍ യേശു നില്‍ക്കുന്നത് സാമ്രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച കലാപകാരി ആയിട്ടാണ്.

മത്തായി 27: 11   എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു
റോമാക്കാര്‍ യഹൂദ ദേശം ഭരിക്കുമ്പോള്‍ “യഹൂദന്മാരുടെ രാജാവ്” എന്നത് സാമ്രാജ്യത്വത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വ്യക്തി ആണ്.
അതുകൊണ്ട് തന്നെ അയാള്‍ രാജ്യദ്രോഹി ആണ്.
ഇതാണ് യഹൂദ മത നേതാക്കന്മാര്‍ ഉന്നം വച്ചതും.
എന്നാല്‍ പീലത്തൊസ് യേശുവിന്റെ അവകാശവാദത്തെ ഗൌരവമായി കണ്ടില്ല.
ഇന്നേവരെ യേശുവോ, അവന്റെ ശിഷ്യന്മാരോ റോമന്‍ സാമ്രാജ്യത്തിനെതിരെ യാതൊരു വിധ സായുധ കലാപങ്ങളും ഉണ്ടാക്കിട്ടില്ല.
റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപത്തിനായി യേശു ഒരിക്കല്‍ പോലും ആഹ്വാനം ചെയ്തിട്ടില്ല.
രോഗികളെ സൌഖ്യമാക്കുന്നതോ ഭൂതഗ്രസ്തരെ വിടുവിക്കുന്നതോ മറ്റ് അത്ഭുത പ്രവര്‍ത്തികളോ സാമ്രാജ്യത്തിനെതിരായ കലാപം അല്ല.
വെറും മതഭ്രാന്തന്മാര്‍ എന്ന് മാത്രമേ പീലാത്തൊസ് അവരെ കണക്കാക്കിയുള്ളൂ.
എന്നാല്‍ യേശുവിനെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതില്‍ യഹൂദന്മാര്‍ ശ്രദ്ധിച്ചു.

ലൂക്കോസ് 23: 2 ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി
സത്യത്തില്‍ യേശു കൈസര്‍ക്കു കരം കൊടുക്കണം എന്നാണ് പറഞ്ഞത്.
മാത്രവുമല്ല തനിക്കുവേണ്ടി കരം നല്‍കുകയും ചെയ്തു.
പീലാത്തൊസിന് ഇത് അറിയാമായിരുന്നതുകൊണ്ടാണോ എന്ന് നമുക്ക് തീര്‍ച്ചയില്ല, യേശു കുറ്റക്കാരന്‍ അല്ല എന്ന് തന്നെ പീലാത്തൊസ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
അന്നത്തെ ഗലീലയിലെ ഭരണാധികാരി ആയിരുന്ന ഹെരോദാ രാജാവും യേശുവിനെ വിസ്തരിച്ചു.
അവനില്‍ ക്രൂശിക്കപ്പെടുവാന്‍ തക്കവണ്ണം യാതൊരു രാജദ്രോഹ കുറ്റവും കണ്ടില്ല.
എന്നാല്‍ യേശുവിനെ വിടുവിക്കാന്‍ ജനം സമ്മതിക്കുക ഇല്ല എന്ന് മനസ്സിലായതുകൊണ്ടാകേണം പീലാത്തൊസ് തന്റെ കൈ കഴുകി യേശുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഒഴിഞ്ഞു.
അപ്പോള്‍ യഹൂദ ജനം പറഞ്ഞ വാക്കുകള്‍ പ്രധാനപ്പെട്ടതാണ്:

മത്തായി 27: 25 അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു
അങ്ങനെ യഹൂദ മത നേതാക്കന്മാരുടെയും ജനത്തിന്റെയും താല്പര്യം പോലെ ആകട്ടെ എന്ന് പീലാത്തൊസ് വിധിച്ചു.
ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു വസ്തുത ഉണ്ട്.
ന്യായപ്രമാണ പ്രകാരം ഒരുവനെ കൊല്ലുവാന്‍ മത നേതാക്കന്മാര്‍ തീരുമാനിച്ചാല്‍ അവര്‍ ജനത്തെ ഒരുമിച്ച് കൂട്ടി കുറ്റവാളിയെ കല്ലെറിഞ്ഞു കൊല്ലും.
ക്രൂശില്‍ തറച്ച് കൊല്ലുക എന്നത് ഒരു റോമന്‍ ശിക്ഷാരീതി ആയിരുന്നു.
ഈ ശിക്ഷ യേശുവില്‍ നടപ്പാക്കിയത് യഹൂദ ജനമല്ല, റോമന്‍ പടയാളികള്‍ ആയിരുന്നു.
റോമന്‍ സാമ്രാജ്യത്വത്തിനെതിരെ കലാപം ഉയര്‍ത്തിയ, സ്വയം രാജാവ് എന്ന് അവകാശപ്പെട്ട രാജദ്രോഹിയായ കുറ്റവാളി ആയിട്ടാണ് അവര്‍ യേശുവിനെ ക്രൂശിച്ചത്.
ഈ കുറ്റം അവര്‍ യേശുവിന്റെ ക്രൂശില്‍ എഴുതി വച്ചു.
രാജാവായ യേശു
യഹൂദന്മാരുടെ രാജാവ് എന്ന് അവകാശപ്പെട്ട യേശുവിന് റോമന്‍ പടയാളികള്‍ അതിനുള്ള ശിക്ഷ ആണ് നല്‍കിയത്.
അതുകൊണ്ടാണ് റോമന്‍ പടയാളികള്‍, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞ് അത് യേശുവിന്റെ ശിരസ്സില്‍ തറക്കുകയും, അവന്റെ വലങ്കയ്യിൽ, രാജാവിന്‍റെ ചെങ്കോലിനെ പരിഹാസരൂപേണ ഓര്‍മ്മിപ്പിക്കുന്ന ഒരു കോലും കൊടുക്കുകയും ചെയ്തത്.
മാത്രവുമല്ല, യേശു എന്ന രാജാവിനെ കൂടുതല്‍ പരിഹസിക്കുവാനായി അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു അവര്‍ പറഞ്ഞു.
യേശു സത്യത്തില്‍ രാജാവ് ആയിരുന്നുവോ? അതെ അവന്‍ രാജാവ് തന്നെ ആയിരുന്നു.
യേശു തന്നെ അത് സാക്ഷിക്കുന്നത് വായിക്കാം:

യോഹന്നാന്‍ 18: 36, 37
36    എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
37    പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
 ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ശുശ്രൂഷ ആരംഭിച്ച യേശു, താന്‍ രാജാവ് തന്നെ എന്ന് റോമന്‍ സാമ്രാജ്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് പറഞ്ഞുകൊണ്ട് തന്റെ ശുശ്രൂഷ അവസാനിപ്പിക്കുക ആണ്.
യേശു രാജാവായിരുന്നു, അവന്‍ രാജാവാണ്, യേശു ഇന്നും എന്നേക്കും രാജാവായിരിക്കും, അവന്‍റെ രാജത്വത്തിന് അവസാനം ഉണ്ടാകുകയുമില്ല.
 എന്നാല്‍ യേശു പീലാത്തൊസിന്‍റെ മുമ്പാകെ നില്‍ക്കുമ്പോള്‍, അവന്‍ സ്വന്ത ജനത്താല്‍ നിരസിക്കപ്പെട്ട ഒരു രാജാവായിരുന്നു.
യഹൂദന്മാര്‍ യേശു എന്ന രാജാവിനെ നിരസിച്ചു; റോമക്കാര്‍ യേശു എന്ന രാജാവിനെ നിരസിച്ചു.
സ്വന്ത ജനവും ജാതികളും ഒരുപോലെ യേശു എന്ന രാജാവിനെ നിരസിച്ചു.
യഹൂദന്മാര്‍ യേശുവിനെ നിരസിക്കുക മാത്രമല്ല, “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല” എന്ന് മഹാപുരോഹിതന്മാര്‍ വിളിച്ചു പറഞ്ഞതിലൂടെ ഒരു  ജാതീയ രാജാവിനെ സ്വീകരിക്കുകയും ചെയ്തു.
ഉപസംഹാരം
ഒരു വാക്യം കൂടെ വായിച്ചുകൊണ്ട് ഞാന്‍ ഇതു അവസാനിപ്പിക്കട്ടെ.

എബ്രായര്‍ 9: 16, 17
16  നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
17  മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല
യേശുവിന്‍റെ മരണത്തോടെ ഒരു പുതിയ ഉടമ്പടി നിലവില്‍ വന്നു.
ഈ പുതിയ ഉടമ്പടി ഉറപ്പിക്കുവാന്‍ യാഗമൃഗത്തിന്റെ മരണം ആവശ്യമായിരുന്നു.
കൃപയാല്‍ വിശ്വാസം മൂലം രക്ഷ എന്ന പുതിയ ഉടമ്പടി യേശുവിന്‍റെ മരണം എന്ന ഏക യാഗത്താല്‍ ഉറപ്പിക്കപ്പെട്ടു.
ഈ പുതിയ ഉടമ്പടി നമ്മളെ ദൈവ രാജ്യത്തിന്‌ അവകാശികള്‍ ആക്കി വച്ചുമിരിക്കുന്നു.
___________________

No comments:

Post a Comment