വാഗ്ദത്ത ദേശവും അതിനോടനുബന്ധിച്ച അനുഗ്രഹങ്ങളും
ദേശത്തിലെ സ്വസ്ഥത എന്നതും യേശുക്രിസ്തു എന്ന ഏക വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത്
എങ്ങനെ ആണ് എന്നതാണ് ഇന്നത്തെ നമ്മളുടെ ചിന്താവിഷയം.
വാഗ്ദത്ത ദേശം എന്ന കനാന്‍ ദേശം ഒരു ചെറിയ
രാജ്യം ആയിരുന്നു.
ധാതുലവണങ്ങള്‍ കൊണ്ടോ ഭൂഗര്‍ഭ ലവണങ്ങള്‍ കൊണ്ടോ
സമ്പുഷ്ടം ആയിരുന്നില്ല.
ഭൂരിപക്ഷം പ്രദേശങ്ങളും വൃക്ഷങ്ങള്‍ പോലും ഇല്ലാത്ത
തരിശു ഭൂമി.
ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടിരുന്ന ദേശം.
എന്നാല്‍ ഈ ദേശം ചരിത്രപരമായും ആത്മീയമായും വളരെ
പ്രധാനപ്പെട്ട ദേശം ആണ്.
ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ നിത്യമായ
അവകാശത്തെയും വിശ്രമത്തേയും ആയിട്ടാണ് പുതിയ നിയമത്തില്‍ ഇതിനെ കാണുന്നത്.
ശ്വാശത അവകാശം
ദൈവം കനാന്‍ ദേശത്തെ അബ്രഹാമിന് ഒരു ശാശ്വതാവകാശമായിട്ടാണ് നല്‍കിയത്.
ഉല്‍പ്പത്തി 17: 8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ
കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു
ദൈവമായുമിരിക്കും.
എബ്രായ ഭാഷയില്‍ ശ്വാശതാവകാശം എന്നാല്‍
ഒരിക്കലും അവസാനിക്കാത്തത് എന്നാണ് അര്‍ത്ഥം.
നിത്യതയിലേക്ക് നീളുന്ന ഒരു സ്ഥിരമായ ദേശമാണ്
ദൈവം അബ്രഹാമിനും സന്തതിക്കും വാഗ്ദത്തം നല്‍കിയത്.
എന്നാല്‍ പുതിയ നിയമത്തില്‍ 2 പത്രോസ് 3: 11 ല്‍ ഈ ഭൂമി ഒക്കെയും അഴിഞ്ഞുപോകുകയും ആകാശം
ചുട്ടഴിയുകയും മൂല പദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യും എന്ന് പറയുന്നു.
പിന്നീട് ദൈവം പുതിയ ആകാശവും പുതിയ
ഭൂമിയും സൃഷ്ടിക്കും എന്നും
പറയുന്നുണ്ട്.
ഇവിടെ ഒരു
ചോദ്യം ഉയരുന്നുണ്ട്.
എങ്ങനെ ആണ്
ദൈവം അബ്രഹാമിന് നല്‍കിയ ശ്വാശത അവകാശം വെന്തെരിഞ്ഞു ഇല്ലാതാകുന്നത്?
കനാന്‍ ദേശവും
ഒരിക്കല്‍ അപ്രത്യക്ഷമാകുവാന്‍ ഉള്ളതാണെങ്കില്‍ ശ്വാശതം എന്നതിന്റെ അര്‍ത്ഥം
എന്താണ്?
വാഗ്ദത്ത ദേശം
എന്നത് ഭൌതീകതലത്തിനും അപ്പുറത്തുള്ള ഒരു നിത്യമായ ദേശത്തിന്റെ നിഴല്‍ ആണ്
എന്നതാണ് സത്യം.
അബ്രഹാം
ആത്മാവില്‍ ഇതു മനസ്സിലാക്കിയിരുന്നു എന്നുവേണം നമ്മള്‍ കരുതുവാന്‍.
അതുകൊണ്ടാണ്
കനാന്‍ ദേശത്ത് പരദേശിയെപ്പോലെ ഭൌതീക മണ്ഡലത്തിനും അപ്പുറത്തേക്ക് നോക്കികൊണ്ട്
അബ്രഹാം ജീവിച്ചത്.
എബ്രായര്‍ 11: 9, 10
9 വിശ്വാസത്താൽ
അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു
കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
10 ദൈവം ശില്പിയായി നിർമ്മിച്ചതും
അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
ശ്വാശത ദേശം
എന്ന അനുഗ്രഹത്തിന്റെ അര്‍ത്ഥം അബ്രഹാമിന് നല്ലതുപോലെ മനസ്സിലായിരുന്നു.
കനാന്‍ ദേശം
വലിയ ഒരു അനുഗ്രഹത്തിന്റെ നിഴല്‍ മാത്രം ആയിരുന്നു.
അത്
വരുവാനിരിക്കുന്ന മശിഹയുടെ നിഴല്‍ ആയിരുന്നു.
അദ്ദേഹത്തിന്
പരിശുദ്ധാത്മാവില്‍ കാലത്തിനും അപ്പുറത്ത് യേശു ക്രിസ്തുവിന്റെ വരവ് കാണുവാന്‍
കഴിഞ്ഞു.
വാഗ്ദത്ത ദേശം
എന്നാല്‍ പരിപൂര്‍ണ്ണ സമാധാനവും സ്വസ്ഥതയും ആണ് എന്ന് അബ്രഹാം ഗ്രഹിച്ചു.
ഈ വിശ്രമ സ്ഥലം
യേശുക്രിസ്തു തന്നെ എന്നും അദ്ദേഹം കണ്ടു.
വാഗ്ദത്ത ദേശം
പഴനിയമത്തില്‍
പൊതുവേയും ആവര്‍ത്തനപുസ്തകത്തില്‍ പ്രത്യേകിച്ചും യിസ്രായേലിന്റെ അനുഗ്രഹങ്ങളെ
വിശ്രമം അഥവാ സ്വസ്ഥത എന്നും ശാപത്തെ വിശ്രമമില്ലാത്ത അഥവാ സ്വസ്ഥത ഇല്ലാത്ത അവസ്ഥ
എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
സ്വസ്ഥത വാഗ്ദത്ത
ദേശത്തുമാത്രമേ ലഭിക്കുക ഉള്ളൂ, വാഗ്ദത്ത ദേശത്തിന് വെളിയില്‍ സ്വസ്ഥത ഇല്ല.
കനാന്‍ ദേശം
കൈവശം ആക്കും എന്ന വാഗ്ദത്തം അബ്രാഹമിനോട് ദൈവം ആവര്‍ത്തിച്ചു പറയുന്നുണ്ട്.
അബ്രഹാമിന്റെ
സന്തതിയിലൂടെ ലോകരാജ്യങ്ങള്‍ അനുഗ്രഹിക്കപ്പെടും എന്നും ദൈവം പറയുന്നു.
ഇതേ വാഗ്ദത്തം
യിസ്ഹാക്കിനോടും യാക്കോബിനോടും ദൈവം ആവര്‍ത്തിച്ചു പറഞ്ഞു.
വാഗ്ദത്ത
പ്രകാരം യിസ്രായേല്‍ വാഗ്ദത്ത ദേശത്തു യോശുവയുടെ നേതൃത്വത്തില്‍ പ്രവേശിക്കുകയും
ദേശത്തെ കൈവശമാക്കി അത് പന്ത്രണ്ടു ഗോത്രങ്ങള്‍ക്കുമായി വിഭജിക്കുകയും ചെയ്തു.
വാഗ്ദത്ത ദേശം,
യിസ്രായേല്‍ ദേശം കൈവശം ആക്കുന്നത്, അവരുടെ പ്രവാസം എന്നിവയാണ് പഴയനിയമത്തിലെ
പ്രധാന വിഷയങ്ങള്‍.
സകലവംശങ്ങളും
അബ്രഹമിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദത്തത്തെ സുവിശേഷം എന്നാണു
പുതിയ നിയമത്തില്‍ വിളിക്കുന്നത്.
ഗലാത്യര്‍ 3: 8 എന്നാൽ ദൈവം
വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി
അറിയിച്ചു.
കനാന്‍ ദേശം
എല്ലാം അബ്രഹാമിന് വാഗ്ദത്തമായി നല്‍കി.
അപ്പോള്‍ അത്
അബ്രഹാമിന് ആവശ്യമുള്ളതിലും വലുതായിരുന്നു.
എന്നിട്ടും
യാതൊന്നും തന്റെ ജീവിതകാലത്ത് കൈവശമാക്കുവാന്‍ കഴിഞ്ഞില്ല.
അതിന്റെ അര്‍ത്ഥം
ദേശം എന്നത് അതിന്റെ ഭൌതീക തലത്തിനും അപ്പുറത്തുള്ള മറ്റെന്തോ ആണ് എന്നതാണ്.
ദേശം എന്നത്
വിശുദ്ധന്മാരുടെ നിത്യ അവകാശമായ സ്വസ്ഥതയെ അഥവാ വിശ്രമത്തെ കാണിക്കുന്നു.
അബ്രഹാമിന്
ലഭിച്ച ദേശത്തെക്കുറിച്ചുള്ള വാഗ്ദത്തം ഒരേ സമയം ഭൌതീകവും ആത്മീയവും ആയിരുന്നു.
അബ്രഹാമിന്റെ
സന്തതി ഭൌതീകതലത്തില്‍ കനാന്‍ ദേശം കൈവശമാക്കി; ഒപ്പം തന്നെ അബ്രഹാം ഭൌതീകമല്ലാത്ത
സ്വര്‍ഗീയമായ ഒരു പട്ടണത്തെ പ്രത്യാശയോടെ നോക്കി ജീവിച്ചു.
വാഗ്ദത്ത ദേശമായ ക്രിസ്തു
യേശു ആണ് യഥാര്‍ത്ഥ
വാഗ്ദത്ത ദേശം.
പഴയനിയമത്തിലെ
ദേശം എന്ന വാഗ്ദത്തം പുതിയനിയമത്തില്‍ യേശുക്രിസ്തുവില്‍ നിവൃത്തിക്കപ്പെട്ടു.
ഒരു ക്രൈസ്തവ
വിശ്വാസിയെ സംബധിച്ചിടത്തോളം മരുഭൂപ്രയാണം അവസാനിപ്പിച്ച് വിശ്വാസത്താല്‍
ക്രിസ്തുവില്‍ സമാധാനത്തോടെയും സ്വസ്ഥതയോടെയും ജീവിക്കുന്നതിന്റെ നിഴല്‍ ആണ് കനാന്‍
ദേശം എന്ന വാഗ്ദത്തം.
ഒരു ക്രിസ്തീയ
വിശ്വാസിയുടെ വിശ്വാസ ജീവിതത്തിലേക്കുള്ള കാലാനുഗതമായ യാത്രയെ ആണ് മരുഭൂപ്രയാണം
കാണിക്കുന്നത്.
കനാന്‍ ദേശം
ദൈവരാജ്യത്തിന്റെ നിഴല്‍ ആണ്.
അത് ക്രിസ്തു
കൈവശം ആക്കിയ ആത്മീയ ദേശം ആണ്.
ദേശത്തെക്കുറിച്ചുള്ള
വാഗ്ദത്തങ്ങളെ പുതിയ നിയമം പുനര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്.
പുതിയ
നിയമത്തില്‍ അബ്രഹാമിന്റെ സന്തതി എന്നത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍
ആയിമാറുന്നു.
റോമര്‍ 9: 8 അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല
ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം
ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
പുതിയനിയമ
കാലത്ത് “യിസ്രായേല്‍” എന്ന പേര് അക്ഷരാര്‍ത്ഥത്തില്‍ ഉള്ള യാക്കോബിന്റെ സന്തതികളെ
അല്ല ക്രിസ്തുവില്‍ വിശ്വസമര്‍പ്പിചിരിക്കുന്ന എല്ലാവരെയും കുറിച്ചുള്ളതാണ്.
അങ്ങനെ “യിസ്രായേല്‍”
എന്നതില്‍ വിശ്വാസത്താല്‍ വാഗ്ദത്തത്തിനു കൂട്ടവകാശികള്‍ ആയ എല്ലാവരും ഉള്‍പ്പെടുന്നു.
അങ്ങനെ
വാഗ്ദത്ത ദേശം എന്നത് എല്ലാ വിശുദ്ധന്മാര്‍ക്കുമുള്ള നിത്യമായ അവാകാശമായി മാറി.
ഇനി നമുക്ക്,
വാഗ്ദത്ത ദേശം യേശു ക്രിസ്തുവില്‍ തന്നെ നിവൃത്തി ആയി എന്ന് പറഞ്ഞിരിക്കുന്ന ചില
വേദഭാങ്ങള്‍ വായിക്കാം.
യേശുവും നഥനയേലും
യോഹന്നാന്‍ 1 :51 ല്‍ യേശു നഥനയേലിനോട് പറയുന്ന വാക്യം വായിക്കാം.
യോഹന്നാന്‍ 1 :51 “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ
ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും അവനോടു പറഞ്ഞു.
ഇവിടെ യേശു ഉല്‍പ്പത്തി പുസ്തകം 28 -)൦ അദ്ധ്യായത്തില്‍ വിവരിക്കപ്പെടുന്ന യാക്കോബിന്റെ
സ്വപ്നത്തെയാണ് പരാമര്‍ശിക്കുന്നത്.
യാക്കോബ് തന്റെ
പിതാവിനെ വഞ്ചിച്ച് സഹോദരനായ ഏശാവിന് ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ കൈവശമാക്കിയതിനുശേഷം സഹോദരന്റെ
ക്രോധത്തെ ഭയന്ന് വീടുവിട്ടു ഓടിപോകുക ആണ്.
വഴിമദ്ധ്യേ
ബെഥേല്‍ എന്ന സ്ഥലത്ത് ഒരു വനത്തില്‍ അവന്‍ കിടന്നു ഉറങ്ങുന്നു.
അപ്പോള്‍ അവന്‍
ഒരു സ്വപ്നം കണ്ടു.
സ്വപ്നത്തില്‍ സ്വര്‍ഗ്ഗത്തോളം
എത്തുന്ന ഒരു ഗോവേണിയും അതില്‍കൂടി ദൈവത്തിന്റെ ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും
ചെയ്യുന്നതും കണ്ടു.
അതെ
സ്വപ്നത്തില്‍ തന്നെ അവന്‍ കിടന്നുറങ്ങിയിരുന്ന ദേശം അവനും സന്തതിക്കും അവകാശമായി
നല്‍കും എന്ന വാഗ്ദത്തവും ലഭിച്ചു.
ദേശം എന്ന
വാഗ്ദത്തം സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന ഗോവേണിയുമായി
ബന്ധപ്പെട്ടിരുന്നു.
ഗോവേണി ദേശത്തെ
സ്വര്‍ഗീയ പദ്ധതിയുമായി ബന്ധിപ്പിക്കുക ആണ്.
യാക്കോബിനും
സന്തതിക്കും ദേശം അവകാശമായി നല്‍കാം എന്നതായിരുന്നു വാഗ്ദത്തം.
മാത്രവുമല്ല, ഈ
ദേശം ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഗോവേണിയുടെ സ്ഥലം കൂടെ ആകുന്നു.
വാഗ്ദത്ത
ദേശത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം നമ്മള്‍ ഇവിടെ കാണുന്നു.
ദൈവദൂതന്മാര്‍
കയറുകയും ഇറങ്ങുകയും ചെയ്യുന്നത് നീ കാണും എന്നാണ് യേശു നഥനയേലിനോട്
പറഞ്ഞത്.
അതിന്റെ അര്‍ത്ഥം
ദേശം എന്ന വാഗ്ദത്തം യേശുവിലേക്ക് മാറുകയും യേശുവില്‍ അത് നിവൃത്തിക്കുകയും
ചെയ്തിരിക്കുന്നു എന്നാണു.
ഇപ്പോള്‍
ബെഥേല്‍ എന്ന സ്ഥലത്തിനല്ല ക്രിസ്തു എന്ന വ്യക്തിക്കാണ് പ്രാധാന്യം.
യേശുവില്‍
നമ്മള്‍ ദൈവത്തിന്റെ ആലയത്തെയും സ്വര്‍ഗ്ഗത്തിന്റെ വാതിലിനേയും കാണുന്നു.
മനുഷ്യപുത്രന്‍
ഉള്ള ഇടത്ത് സ്വര്‍ഗ്ഗം തുറന്നിരിക്കുകയും ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും
ചെയ്യും.
ഇങ്ങനെ സ്വര്‍ഗ്ഗവും
ഭൂമിയും ആയുള്ള ബന്ധം സാധ്യമാകും.
പുതിയ
നിയമത്തില്‍ ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ദേശം യേശുക്രിസ്തു ആണ്.
ഉത്സവത്തിന്റെ ഒടുക്കത്തെ നാള്‍
യോഹന്നാന്‍ 7: 37, 38
37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ
യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ
എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു
തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
കുടിക്കുവാനുള്ള
വെള്ളം നല്‍കേണ്ടത് ദേശം ആണ്.
യിസ്രായേല്‍
ദേശത്തു കടുത്ത ജലക്ഷാമം ഉണ്ടായിരുന്നു.
യേശു ഇവിടെ
അവരുടെ ദാഹം തീര്‍ക്കുവാനാവശ്യമായ ജലം നല്‍കാം എന്ന് വാഗ്ദത്തം ചെയ്യുന്നു.
ദേശം എന്നതിനെ
ആത്മീയ അര്‍ത്ഥത്തില്‍ കാണുവാനുള്ള ഒരു ആഹ്വാനം ആണിത്.
ക്രിസ്തു എന്ന
മശിഹ ദേശം ആകുമ്പോള്‍ അവന്‍ നല്‍കുന്ന ജലം പരിശുദ്ധാത്മാവ് ആകുന്നു.
നിലങ്ങളെ വിട്ടുകളയുക
മറ്റൊരു സന്ദര്‍ഭത്തില്‍
യേശു നിലങ്ങളെ അല്ലെങ്കില്‍ കൃഷിഭൂമിയെ ഉപേക്ഷിക്കുന്നതിനെ കുറിച്ച്
സംസാരിക്കുന്നു.
നിലങ്ങളെ
വിട്ടുകളയുക എന്നത് യിസ്രായേല്‍ ജനത്തിന് ചിന്തിക്കുവാന്‍ പോലും കഴിയുന്ന
കാര്യമല്ലായിരുന്നു.
എന്നാല്‍
നിലങ്ങളെ വിട്ടുകളയുന്നവര്‍ക്ക് യേശു ഒരു അനുഗ്രഹം തന്നെ പ്രഖ്യാപിച്ചു.
മത്തായി 19: 29
എന്റെ നാമംനിമിത്തം വീടുകളെയോ
സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു
കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.
പഴയനിയമ
കാലത്ത് ദൈവം തന്റെ ജനത്തെ അനുഗ്രഹിച്ചിരുന്ന ഒരു മാദ്ധ്യമം ആയിരുന്നു കൃഷി നിലം
എന്നത്.
നിലങ്ങള്‍ ഒരു
യിസ്രയെല്യന്‍ ഒരിക്കലും നഷ്ടപ്പെടുത്തുവാന്‍ പാടില്ല, അവന്‍ അത് തലമുറയായി കൈവശം
വെച്ചിരിക്കേണം.
എന്നാല്‍ യേശു
പറഞ്ഞു, അവന്റെ നാമത്തില്‍ നിലം വിട്ടുകളയേണ്ടിവന്നാലും അവര്‍ക്ക് അനുഗ്രഹം
ലഭിക്കും.
ഭൌതീകമായ
നിലങ്ങള്‍ യേശുവിന്റെ നാമം നിമിത്തം വിട്ടുകളയുന്നവര്‍ക്ക് നിത്യമായ ജീവിതം
അവകാശമായി ലഭിക്കും.
കാരണം നിലം യേശുവില്‍
നിവൃത്തിയായി.
ദേശം സ്വസ്ഥത അഥവാ വിശ്രമം ആണ്.
നാല്‍പ്പത് വര്‍ഷങ്ങളുടെ
അലച്ചിലിനു ശേഷം യിസ്രായേലിന് ലഭിച്ച വാഗ്ദത്ത ദേശം അവര്‍ക്ക് “സ്വസ്ഥത” ആയിരുന്നു.
എന്നാല്‍
എബ്രര്‍ 4:
8 ല്‍ വാഗ്ദത്ത ദേശം കൈവശമാക്കി
എങ്കിലും യോശുവയ്ക്ക് അവര്‍ക്ക് സ്വസ്ഥത നല്‍കുവാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നു.
മറ്റൊരു
രീതിയില്‍ പറഞ്ഞാല്‍ ദേശം കൈവശമാക്കിയതിനുശേഷവും യഥാര്‍ത്ഥമായ “സ്വസ്ഥത” പിന്നെയും
ലഭിക്കേണ്ടിയിരിക്കുന്നു.
വിശ്രമത്തിന്റെ
ദിവസമായ ശബ്ബത്തും യിസ്രായേല്‍ കൈവശമാക്കിയ ദേശവും ക്രിസ്തുവില്‍ നമ്മള്‍
കൈവശമാക്കുന്ന “സ്വസ്ഥത”യുടെ നിഴല്‍ മാത്രം ആണ്.
മോശെയുടെ
കീഴില്‍ മരുഭൂമിയില്‍ ആയിരുന്ന യിസ്രായേല്‍ ജനം വാഗ്ദത്ത ദേശത്തു ഒരു സ്വസ്ഥത
ലഭിക്കും എന്ന് പ്രതീക്ഷിച്ചു.
നമ്മള്‍ക്കുള്ള
വഗ്ദത്തമോ വിശ്വാസത്താല്‍ നമ്മള്‍ ക്രിസ്തുവില്‍ പ്രാപിക്കെണ്ടുന്ന “സ്വസ്ഥത” ആണ്.
എബ്രയാര്‍ 4:1 അവന്റെ സ്വസ്ഥതയിൽ
പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു
ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക.
പത്ത് കല്‍പ്പനകളില്‍
നാലാമത്തെ കല്‍പ്പന ശബ്ബത്ത് എന്ന സ്വസ്ഥതയെക്കുറിച്ചു പറയുന്നു.
ശബ്ബത്തിനെ സ്വസ്ഥത ആയി കാണേണ്ടുന്നതിന്
രേഖപ്പെടുത്തിയിരിക്കുന്ന കാരണം പുറപ്പാടു പുസ്തകത്തിലും ആവര്‍ത്തനപുസ്തകത്തിലും
വ്യത്യസ്തമാണ്.
ആവര്‍ത്തനപുസ്തകം 5: 15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും
അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും
പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു
ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
ആവര്‍ത്തനപുസ്തകത്തില്‍ ശബ്ബത്ത് ദിവസം സ്വസ്ഥതയായി
ആചരിപ്പാന്‍ ഉള്ള കാരണമായി പറയുന്നത് യിസ്രായേല്‍ ജനത്തെ ഈജിപ്തിലെ അടിമത്തത്തില്‍
നിന്നും വിടുവിക്കുകയും അവര്‍ക്ക് സ്വസ്ഥത ലഭിക്കുവാനായി വാഗ്ദത്ത ദേശം അവകാശമായി
നല്‍കുകയും ചെയ്തു എന്നതാണ്.
ഈജിപ്തിലെ അടിമത്തം സ്വസ്ഥത ഇല്ലാത്ത ജീവിതവും
വാഗ്ദത്ത ദേശം സ്വസ്ഥതയുമാണ്.
ക്രിസ്തുവിലെ സ്വസ്ഥത എന്നത് പാപത്തിന്റെ
അടിമത്തത്തില്‍നിന്നുള്ള സ്വാതന്ത്ര്യം ആണ്.
എല്ലാ പാപ പ്രവൃത്തികളില്‍ നിന്നുമുള്ള സ്വസ്ഥത
ക്രിസ്തുവില്‍ അനുഭവിക്കുന്നു.
പപവുമായുള്ള പോരാട്ടം ഒരു ക്രിസ്തീയ
വിശ്വാസിയുടെ ജീവിതത്തില്‍ തുടരും എങ്കിലും പാപത്തിന്റെ അടിമത്തം
അവസാനിച്ചിരിക്കുന്നു.
ഒരു ക്രിസ്തീയ വിശ്വാസിയുടെ സ്വഭാവം അതനുസരിച്ച്
തീര്‍ച്ചയായും മാറെണ്ടാതാണ്.
അങ്ങനെ, യിസ്രായേല്‍ ജനത്തിനു വാഗ്ദത്ത ദേശത്ത്
ലഭിക്കേണ്ടിയിരുന്ന സ്വസ്ഥത ക്രിസ്തുവില്‍ പുതിയനിയമ വിശ്വാസികള്‍ക്ക് ലഭിക്കുന്ന
സ്വസ്ഥത ആണ്.
അതുകൊണ്ടാണ് എബ്രായര്‍
4:8 ല്‍ മറ്റൊരു
സ്വസ്ഥതയെക്കുരിച്ചു പറയുന്നത്.
എബ്രായര്‍ 4:8 യോശുവ അവർക്കു
സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ
കല്പിക്കയില്ലായിരുന്നു;
ദേശവുമായും സ്വസ്ഥതയുമായും ബന്ധപ്പെട്ടു യേശു
ഇപ്രകാരം പറഞ്ഞു:
മത്തായി 11:28 അദ്ധ്വാനിക്കുന്നവരും
ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
യഹൂദന്മാര്‍ വഗ്ദത്തഭൂയില്‍ ജീവിച്ചു എങ്കിലും
സ്വസ്ഥത അനുഭവിക്കുന്നില്ലായിരുന്നു.
ഈ സാഹചര്യത്തില്‍ യേശു അവര്‍ക്ക് സ്വസ്ഥത
വാഗ്ദാനം ചെയ്യുക ആണ്.
യേശു വാഗ്ദാനം ചെയ്യുന്ന സ്വസ്ഥത ദേശം അല്ല;
യിസ്രായേലിന്റെ മശിഹ ആയിരിക്കുന്ന ക്രിസ്തുവിനെ തന്നെ ആണ്.
ഇപ്പോള്‍ സ്വസ്ഥത എന്നത് ഏതെങ്കിലും ഒരു ഭൌതീക ദേശത്തുനിന്നും
ലഭിക്കുന്നത് അല്ല, അത് ക്രിസ്തുവില്‍ മാത്രം ലഭിക്കുന്ന ഒന്നാണ്.
ഇവിടെ നമുക്ക് അനുഗ്രഹമായ ഒരു ഉപദേശം ഉണ്ട്.
യോശുവ യിസ്രായേല്‍ ജനത്തെ തങ്ങള്‍ക്കു സ്വസ്ഥത
ലഭിക്കും എന്ന പ്രതീക്ഷയോടെ കനാന്‍ ദേശത്തേക്ക് നടത്തി.
എന്നാല്‍ ഈ സ്വസ്ഥത അധികനാള്‍ നിലനിന്നില്ല.
യിസ്രായേല്‍ ജനം ദൈവത്തോട് മത്സരിച്ചപ്പോള്‍
എല്ലാം ജാതീയ രാജ്യങ്ങള്‍ അവരെ ആക്രമിച്ച് പരാജയപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴും പ്രവാസത്തിലും അടിമത്തത്തിലും
ആയിത്തീര്‍ന്നിട്ടുണ്ട്.
ഇതിനെല്ലാം കാരണം, വാഗ്ദത്ത ദേശം എന്നത്
നിത്യമായ സ്വസ്ഥതയുടെ ഒരു നിഴല്‍ മാത്രം ആണ് എന്നതാണ്.
അന്ത്യകാല വാഗ്ദത്തം
യോഹന്നാന്‍ 14 ല്‍ തന്റെ വിശുദ്ധന്മാര്‍ക്കായി ഒരു ദേശം ഒരുക്കുവാന്‍ പോകുന്നു എന്ന് യേശു
പറയുന്നുണ്ട്.
യോഹന്നാന്‍ 14: 2, 3
2 എന്റെ
പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ
നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
3 ഞാൻ പോയി
നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന
ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ
ചേർത്തുകൊള്ളും
യേശു ഒരുക്കുന്ന സ്ഥലം വിശുദ്ധന്മാരുടെ നിത്യമായ
അവകാശം ആണ്.
അതിനു അബ്രഹാമിന് വാഗ്ദത്തം ചെയ്ത ദേശത്തോട്
സാമ്യം ഉണ്ട്.
സ്ഥലം ഒരുക്കുന്നു എന്നതില്‍ വിശുദ്ധന്മാരെ
ഒരുക്കുന്നു എന്നതും ഉള്‍പ്പെടുന്നു.
അതു തന്നെ ആണ് യിസ്രായേല്‍ ജനത്തിനും മരുഭൂയില്‍
കടന്നുപോകേണ്ടി വന്നത്.
കനാന്‍ ദേശത്ത് എത്തിയതിനു ശേഷവും ദേശം
കൈവശമാക്കുവാന്‍ അവര്‍ക്ക് പോരാടേണ്ടി വന്നു.
ദേശത്തിന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുന്നതിന്
മുമ്പ് അവര്‍ ഒരുക്കപ്പെട്ടു.
ഉപസംഹാരം
യിസ്രായേലിന്റെ മശിഹ ആയ യേശുക്രിസ്തു വന്നു
കഴിഞ്ഞു.
ദൈവം വസിക്കുന്ന ദേശം ഇപ്പോള്‍ യേശു ക്രിസ്തു
തന്നെ ആണ്.
അത് ഒരു ഭൌതീക ദേശമോ, ആലയമോ, കൂടാരമോ അല്ല.
ഭൌതീക തലത്തിലെ വിശുദ്ധമായ ദേശം എന്നതിന്
ഇപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ല.
പഴയ നിയമ കാലത്ത് അനുഗ്രഹം, വിശുദ്ധി,
വാഗ്ദത്തം, അവകാശം എന്നിവയെല്ലാം ഒരു ഭൌതീക ദേശവുമായി ബന്ധപ്പെട്ടിരുന്നു.
പുതിയ നിയമത്തില്‍ ഇവയൊന്നും യിസ്രായേല്യര്‍
ഇന്ന് താമസിക്കുന്ന ദേശവുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടില്ല.
അതിനു കാരണം ദേശത്തിന്റെ വിശുദ്ധിയും ദേശവുമായി
ബന്ധപ്പെടുത്തി പഴയനിയമത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം ക്രിസ്തുവില്‍
നിവൃത്തിക്കപ്പെട്ടു എന്നതാണ്.
ഇന്നു വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന എല്ലാ
സ്ഥലവും ക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യത്താല്‍ വിശുദ്ധമാണ്.
വിശ്വസിക്കുന്നവര്‍ തന്റെ നാമത്തില്‍
കൂടിവരുന്നിടത്തോക്കെയും യേശുവിന്റെ സാന്നിദ്ധ്യം ഉണ്ടാകും എന്ന വാഗ്ദത്തം പഴയ
നിയകാലത്തെ ദേശമെന്ന വാഗ്ദത്തത്തെ സാര്വ്വലൌകീകം ആകിയിരിക്കുന്നു.
ഇപ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ ഭൂമിയില്‍
എല്ലായിടവും ഉണ്ട് എന്നതിനാല്‍ ക്രിസ്തുവിന്റെ വിശുദ്ധി അവരുടെ ഇടയില്‍ തന്നെ
ഉണ്ട്.
ദൈവത്തിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും ഉള്ള ഒരു
സവിശേഷ സ്ഥലം ആയി പഴയനിയമ വിശ്വാസികള്‍ കനാന്‍ ദേശത്തെ കണ്ടു.
എന്നാല്‍ ദൈവത്തിന്റെ ആലയവും, സംരക്ഷണവും
സമാധാനവും അനുഗ്രഹവും ഉള്ള ദേശം എന്നതും ക്രിസ്തു മാത്രം എന്ന് പുതിയ നിയമം
പഠിപ്പിക്കുന്നു.
പഴയ നിയമ വിശ്വാസികള്‍ ഒരു ഭൌതീക ദേശത്തില്‍
ആശ്രയിച്ചപ്പോള്‍ പുതിയ നിയമ വിശ്വാസികള്‍ ക്രിസ്തുവില്‍ ആയിരിക്കുന്നതില്‍
സന്തോഷിക്കുന്നു.
No comments:
Post a Comment