ഭൌതീക അനുഗ്രഹങ്ങളുടെ ദൈവീക ഉദ്ദേശ്യം

ഈ സന്ദേശം ഒരു വേദശാസ്ത്രപരമായ ചര്‍ച്ച അല്ല.
നമ്മളുടെ ദൈനംദിന പ്രായോഗിക ജീവിതവുമായി ബന്ധപെട്ട ഒരു വിഷയത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
വേദപുസ്തക മര്‍മ്മങ്ങളെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ എക്കാലത്തേയും രീതി.
കഷ്ട്ടപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന മനുഷ്യരുടെ രോദനം കേള്‍ക്കാതെ എനിക്ക് സംസാരിക്കുവാന്‍ കഴിയുക ഇല്ല.

നമുക്ക് ഈ സന്ദേശം ഒരു ചെറിയ ചോദ്യത്തോടെ ആരംഭിക്കാം.
ദൈവം നമ്മളെ ഭൌതീകമായി അനുഗ്രഹിക്കുമോ?
“നിശ്ചയമായും” എന്നതായിരിക്കും ഒരു സാധാരണ വിശ്വാസിയുടെ മറുപടി.
നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന നാളുകളില്‍ ദൈവം നമ്മളെ ഭൌതീകമായി അനുഗ്രഹിക്കും.
നമ്മളുടെ ചുറ്റും നമ്മള്‍ കാണുന്ന ഒരു യാഥാര്‍ത്ഥ്യം ആണ് ഭൌതീക നന്മകള്‍.

നമ്മള്‍ക്ക് വീടും ആഹാരവും വസ്ത്രവും ഉണ്ടോ; എങ്കില്‍ നമ്മള്‍ ഭൌതീകമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
സഭകളിലും കൂട്ടായ്മകളിലും നമ്മള്‍ പറയുന്ന സാക്ഷ്യം എല്ലാം ഭൌതീക അനുഗ്രഹത്തിനെക്കുറിച്ചുള്ളതാണ്.
നമ്മളുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ എല്ലാം ഭൌതീക നന്മകള്‍ക്ക് വേണ്ടി ആണ്.

എന്തിനാണ് ദൈവം നമ്മളെ ഭൌതീകമായി അനുഗ്രഹിക്കുന്നത്?
നമ്മള്‍ക്ക് ലഭിക്കുന്ന ഭൌതീക അനുഗ്രഹങ്ങളുടെ ദൈവീക ഉദ്ദേശ്യം എന്താണ്?
അതാണ്‌ നമ്മള്‍ ഈ വീഡിയോ ല്‍ ചിന്തിക്കുന്നത്.

നമ്മള്‍ മുന്നോട്ടു നീങ്ങുന്നതിനു മുമ്പേ എന്താണ് ഭൌതീക അനുഗ്രഹങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മനുഷ്യന്‍ ദേഹം ദേഹി ആത്മാവ് എന്നീ മൂന്നു ഘടകങ്ങള്‍ ചേര്‍ന്ന ഒരു വ്യക്തി ആണ് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ.
ഇതു നമ്മളുടെ ഇപ്പോഴത്തെ ചിന്തവിഷയമല്ല, എങ്കിലും നമ്മളുടെ മനസ്സില്‍ ഈ ചിന്ത ഉള്ളത് നന്നായിരിക്കും.

നമ്മള്‍ എല്ലാവരും ഇപ്പോള്‍ ജീവിക്കുന്നത് ഭൌതീക ലോകത്തിലാണ്, ആത്മീയ ലോകത്തില്‍ അല്ല.
നമ്മളുടെ ദേഹിയും ആത്മാവും നമ്മളുടെ ദേഹത്തില്‍ അഥവാ ജഡത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു.
നമ്മളുടെ ജഡീക ശരീരത്തിന് ആത്മീയ മണ്ഡലത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുക ഇല്ല.
നമ്മള്‍ക്ക് വ്യക്തിപരമായി ചില ആത്മീയ അനുഭവങ്ങള്‍ ഉണ്ടായേക്കാം എങ്കിലും നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം നമുക്ക് ഭൌതീക മണ്ഡലത്തിലും ആത്മീയ മണ്ഡലത്തിലും ഒരേ സമയത്ത് ആയിരിക്കുക സാധ്യമല്ല.

നമ്മള്‍ ഒരു മനുഷ്യനെ കാണുമ്പോള്‍ അയാളുടെ ഭൌതീക ശരീരത്തെ ആണ് കാണുന്നത്.
അദ്ദേഹത്തെ കൂടുതല്‍ അടുത്തു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളിലുള്ള മനുഷ്യനെ കൂടെ മറ്റൊരു തലത്തില്‍ നമ്മള്‍ അറിയുന്നു.
എന്നാല്‍ നമുക്ക് ഒരിക്കലും അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള ആത്മാവിനെ കാണുവാനോ മനസ്സിലാക്കുവാനോ കഴിയുക ഇല്ല.
ആത്മാവിന്റെ ഫലങ്ങളിലൂടെ നമുക്ക് അദ്ദേഹത്തിന്റെ ആത്മാവിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ കഴിയും.

അതിന്റെ അര്‍ത്ഥം, നമുക്ക് ഒരു വ്യക്തിയുടെ ശരീരം കാണുവാന്‍ കഴിയും എങ്കിലും അദ്ദേഹത്തിന്റെ ദേഹിയേയോ ആത്മാവിനെയോ കാണുവാന്‍ കഴിയുക ഇല്ല.
എങ്കിലും ഈ മൂന്നു ഘടകങ്ങള്‍ ഉള്ള വ്യക്തി ആയി ആണ് മനുഷ്യന്‍ ഈ ഭൌതീക ഭൂമിയില്‍ ജീവിക്കുന്നത്.

അതുകൊണ്ട് മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന കാലത്തെല്ലാം അവന്റെ എല്ലാ അനുഭവങ്ങളും ഈ മൂന്നു ഘടകങ്ങളെയും അനുകൂലമോ, പ്രതികൂലമോ ആയി ബാധിക്കുന്നു.
ഈ ഭൂമിയിലെ അനുഗ്രഹങ്ങളോ നാശങ്ങളോ അവന്റെ ആത്മാവിനെ ബാധിക്കുന്നില്ലായിരിക്കാം.
എന്നാല്‍ സ്വര്‍ഗീയമായ സമാധാനം മനുഷ്യന്റെ ആത്മാവ് ഈ ഭൂമിയില്‍ വച്ചുതന്നെ അനുഭവിക്കുന്നുണ്ട്.

ഭൌതീക അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്നും ലഭിക്കുന്നതാണ് എങ്കില്‍ അത് നമ്മളുടെ ആത്മാവിനെയും തണുപ്പിക്കും.
പാപവും ലോക ഇംമ്പങ്ങളും ജഡീക മോഹങ്ങളും ആത്മീയ സമാധാനത്തെ കെടുത്തിക്കളയുകയും ചെയ്യും.

ആദമും ഹവ്വയും പാപം ചെയ്തപ്പോള്‍ അവരുടെ ആത്മാവിന് മരണം ഉണ്ടായി എന്ന് നമ്മള്‍ വിശ്വസിക്കുന്നണ്ടല്ലോ.
അതിന്റെ അര്‍ത്ഥം നമ്മള്‍ ഭൌതീക ലോകത്ത് ജീവിക്കുമ്പോള്‍ തന്നെ നമ്മളുടെ ആതമാവിനെ മരിപ്പിക്കുവാനും ജീവിപ്പിക്കുവാനും കഴിയും.

മനുഷ്യന്റെ രണ്ടാമത്തെ ഘടകമായ ദേഹി അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നമ്മളുടെ ജീവിതത്തില്‍ ഇന്നേവരെ കടന്നുപോയ അനുഭവങ്ങള്‍ നമ്മളുടെ വ്യക്തിത്വത്തെ പണിയുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നമ്മള്‍ ഇപ്പോള്‍ ആരാണോ, അത് നമ്മള്‍ ഇന്നേവരെ കടന്നുപോയ അനുഭവങ്ങളുടെ അനന്തര ഫലം ആണ്.
അതിന്റെ അര്‍ത്ഥം ഭൌതീകമായവ നമ്മളുടെ ദേഹിയെയും സ്വാധീനിക്കുന്നുണ്ട്.

നമ്മള്‍ പറഞ്ഞുകൊണ്ട് വരുന്നത് ഇതാണ്:
നമ്മള്‍ ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ അനുഭവിക്കുന്ന എല്ലാ ഭൌതീക നന്മകളും തകര്‍ച്ചയും നമ്മളുടെ ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നു ഘടകങ്ങളെയും സ്വാധീനിക്കും.
ചില ഭൌതീക അനുഭവങ്ങള്‍ നമ്മളുടെ ദേഹത്തെ മാത്രമേ ബാധിക്കുന്നുള്ളൂ; ചിലത് നമ്മളുടെ ദേഹിയെകൂടെ സ്വാധീനിക്കും; മറ്റു ചിലത് നമ്മളുടെ ആത്മാവിനെയും സ്വാധീനിക്കും.

ഞാന്‍ ഇവിടെ മറ്റൊരു ചോദ്യം കൂടെ ചോദിക്കട്ടെ?
ദൈവം നമുക്ക് നല്‍കുന്ന ഭൌതീക അനുഗ്രഹങ്ങള്‍ക്കും ലോകം നമുക്ക് നല്‍കുന്ന ഭൌതീക അനുഗ്രഹങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്.
നമ്മളുടെ ദേഹം ദേഹി ആത്മാവ് എന്നീ മൂന്നു ഘടകങ്ങളെയും സ്വാധീനിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവത്തില്‍ നിന്നുള്ളതാണ്.
നമ്മളുടെ ദേഹത്തെ മാത്രം ബാധിക്കുന്ന അനുഗ്രഹങ്ങള്‍ ലോകത്തില്‍ നിന്നും ഉള്ളതാണ്.
നമ്മളുടെ ദേഹത്തെയും ദേഹിയെയും മാത്രം സ്വാധീനിക്കുന്ന അനുഗ്രഹങ്ങളും ലോകത്തില്‍നിന്നും ഉള്ളതാണ്.
നമ്മളുടെ ആത്മാവിനെകൂടെ സ്വാധീനിക്കുന്ന ഭൌതീക അനുഗ്രഹങ്ങള്‍ എല്ലാം ദൈവത്തില്‍ നിന്നും ഉള്ളതാണ്; അത് നമ്മളുടെ ദേഹത്തിനും ദേഹിക്കും ആത്മാവിനും ഒരുപോലെ നന്മ ആയിരിക്കും.
നമ്മളുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതെല്ലാം ഈ ലോകത്തില്‍ നിന്നും ഉള്ളതായിരിക്കും; അത് നമ്മളുടെ ദേഹത്തെയും ദേഹിയെയും കൂടെ മുറിപ്പെടുത്തും.

നമ്മള്‍ പറഞ്ഞുകൊണ്ട് വരുന്നത് ഇത്രമാത്രം:
നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ദൈവീക അനുഗ്രഹങ്ങളും ഭൌതീകം ആണ്.
ഇതില്‍ ചിലത് നമ്മളുടെ ആത്മീയ ജീവിതത്തെ കൂടെ സ്വാധീനിക്കുന്നതാണ്.
പലതിനും ആത്മവിനുമേല്‍ യാതൊരു സ്വാധീനവും ഇല്ല.
സമാധാനം, ശാരീരിക സൗഖ്യം, സമ്പത്ത്, വസ്തുവകകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഭൌതീക അനുഗ്രഹങ്ങള്‍.

നമ്മളുടെ ഭൌതീക അനുഗ്രഹങ്ങള്‍ ദൈവത്തില്‍ നിന്നുള്ളതാണോ എന്ന് മനസ്സിലാക്കുവാനുള്ള അളവുകോല്‍ ഇതാണ്: നമ്മളുടെ ആത്മീയ ജീവിതത്തെ ത്വരിതപ്പെടുത്തുന്നതെല്ലാം ദൈവത്തില്‍ നിന്നുള്ളതും; ആത്മീയ ജീവിതത്തെ ക്ഷീണിപ്പിക്കുന്നതെല്ലാം ലോകത്തില്‍ നിന്നുള്ളതുമാണ്.

ഒരു ചോദ്യത്തിനു കൂടി മറുപടി പറഞ്ഞുകൊണ്ട് നമുക്ക് തുടരാം.
ദൈവം എപ്പോഴും മനുഷ്യരെ ഭൌതീക നന്മകളാല്‍ അനുഗ്രഹിക്കുമോ? ഇല്ല എന്നാണു ഉത്തരം.
മനുഷ്യന്‍ ആഗ്രഹിക്കുന്ന സമയത്തും രീതിയിലും സ്ഥലത്തും ദൈവം അനുഗ്രഹങ്ങള്‍ നല്‍കി എന്ന് വരുകയില്ല.
എന്നാല്‍ ഇവിടെ നമ്മള്‍ ചിന്തിക്കുന്ന വിഷയം ഇതല്ലാത്തതുകൊണ്ട് വിശദീകരിക്കുന്നില്ല.
‘ഭൌതീക അനുഗ്രഹങ്ങളുടെ ദൈവീക ഉദ്ദേശ്യം’ എന്നതാണ് നമ്മളുടെ ഇന്നത്തെ ചിന്താവിഷയം.

നമ്മള്‍ ഇതുവരെയും പറഞ്ഞ തത്വങ്ങള്‍ താങ്കള്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു.
നമ്മള്‍ ഇനി ചിന്തിക്കുന്നതെല്ലാം ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.
ഈ തത്വങ്ങള്‍ എല്ലാം നമ്മളുടെ ഇഹലോക ജീവിതത്തില്‍ മാതമേ പ്രസക്തം ആയിരിക്കുന്നുള്ളൂ.

ഇനി നമുക്ക് നമ്മളുടെ പ്രധാനപ്പെട്ട വിഷയത്തിലേക്ക് കടക്കാം.
നമ്മള്‍ ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ദൈവം നമ്മളെ ഭൌതീകമായി അനുഗ്രഹിക്കുന്നതിനു എന്തെങ്കിലും ദൈവീക ഉദ്ദേശ്യം ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്.
വ്യക്തമായ ഉദ്ദേശ്യം അല്ലെങ്കില്‍ ലക്‌ഷ്യം കൂടാതെ ദൈവം യാതൊന്നും ചെയ്യുക ഇല്ല.
എങ്കില്‍ അവ എന്താണ്? ദൈവീക ഉദ്ദേശ്യങ്ങള്‍ നമുക്ക് ഓരോന്നായി നോക്കാം.
ഈ വിഷയത്തില്‍ ഒരു പരിപൂര്‍ണ്ണ പഠനം ഇവിടെ സാദ്ധ്യമല്ല എന്ന് ചിന്തിക്കാവുന്നതേയുള്ളല്ലോ.
മറ്റു ദൈവദാസന്മാര്‍ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും മനസ്സിലക്കേണം എന്ന് ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.
ഞാന്‍ ഇവിടെ 4 ദൈവീക ഉദ്ദേശ്യങ്ങള്‍ വിവരിക്കുവാന്‍ ആഗ്രഹിക്കുന്നു.

1.   ദൈവ കൃപയോടും രക്ഷയോടും മനുഷ്യ ഹൃദയത്തെ അനുകൂലമാക്കുക

ഇത് മനസ്സിലാക്കുവാന്‍ ദൈവ കൃപ, രക്ഷ എന്നിവയെക്കുറിച്ച് ഒരു ധാരണ ആവശ്യം ആണ്.
എന്നാല്‍ ഈ വീഡിയോ ദൈവകൃപയെക്കുറിച്ചോ രക്ഷയെക്കുറിച്ചോ അല്ല എന്നതിനാല്‍ അത് ഇവിടെ വിശദീകരിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല.
നമ്മളുടെ video channel ആയ youtube.com/thenaphtalitribe ല്‍ ദൈവ കൃപയെക്കുറിച്ചുള്ള ഒരു വീഡിയോ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
ദയവായി അതുകൂടി ഇതോടൊപ്പം കാണുക.

ദൈവ കൃപയെ മനുഷ്യര്‍ക്ക്‌ നിരസിക്കുവാന്‍ കഴിയും, കാരണം മനുഷ്യര്‍ക്ക്‌ സ്വതന്ത്ര ഇശ്ചാശക്തി ഉണ്ട്.
നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയാല്‍ നമുക്ക് ദൈവ കൃപയെ സ്വീകരിക്കുവാനും നിരസിക്കുവാനും കഴിയും.
ദൈവ കൃപയും രക്ഷയും നിയമപരമായ വാഗ്ദാനങ്ങള്‍ ആണ്, വിശ്വാസത്താല്‍ മാത്രം സ്വന്തമാകുവാന്‍ കഴിയുന്ന ദൈവീക വാഗ്ദാനങ്ങള്‍ ആണ്.

ദൈവം കൃപയാല്‍ വിശ്വാസം മൂലമുള്ള രക്ഷ നമുക്ക് വാഗ്ദാനം ചെയ്യുക ആണ്.
നമുക്ക് പുറംതിരിഞ്ഞു പോകുവാനും അത് സ്വീകരിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
എന്നാല്‍ ദൈവം നങ്ങളെ മുന്നമേ കണ്ടിരിക്കുന്നു എങ്കില്‍ നമ്മള്‍ ദൈവകൃപയെ സ്വീകരിക്കുവാന്‍ തക്കവണ്ണം ദൈവം നമ്മളുടെ ഹൃദയത്തെ ഒരുക്കും.
ഇതൊരു ദൈവശാസ്ത്രപരമായ ചര്‍ച്ചയുടെ വിഷയം ആണ്.
ഇവിടെ നമ്മള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.

മനുഷ്യന് പ്രകൃത്യാ ദൈവകൃപയോട് അനുകൂലമായ മനോഭാവം ഇല്ല.
മനുഷന്റെ സ്വാഭാവികമായ താല്പര്യം പാപത്തോട് ആണ്.

പഴയനിയമത്തില്‍ നോഹ ദൈവ കൃപയെ അന്വേഷിച്ച് കണ്ടെത്തിയ ഒരു മനുഷ്യന്‍ ആയിരുന്നു.

ഉല്‍പ്പത്തി 6:8  എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.

“ലഭിച്ചു” എന്നതിന് എബ്രായ ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ഒരു ക്രിയാ പദം ആണ്.
അതായാത് അതില്‍ ഒരു ക്രിയ ഉണ്ട് എന്ന് അര്‍ത്ഥം.
എന്ന് പറഞ്ഞാല്‍, ദൈവത്തിന്റെ കൃപ നോഹക്ക് ലഭിച്ചത് അദ്ദേഹം അത് അന്വേഷിച്ചു കൊണ്ടിരിന്നപ്പോള്‍ ആണ്.
ദൈവത്തിന്റെ കൃപ എല്ലാവര്ക്കും എപ്പോഴും ലഭ്യമാണ്; അത് ആര്‍ക്കും മറഞ്ഞിക്കുന്നില്ല.
എന്നാല്‍ നമ്മള്‍ അതിനെ കണ്ടെത്തേണം എന്നാണ് ഇതിന്റെ അര്‍ത്ഥം.

എന്നാല്‍ നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ മനുഷ്യന്‍ ഒരിക്കലും പ്രകൃത്യാ ദൈവകൃപ അന്വേഷിക്കുന്നവന്‍ അല്ല.

ഉല്‍പ്പത്തി 8:21 യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കയില്ല.

ഈ വാക്യത്തില്‍ മനുഷ്യന് പാപത്തോടുള്ള ചായ് വിനെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്നറിവ് രേഖപ്പെടുത്തിയിരിക്കുന്നു.
അതിന്റെ അര്‍ത്ഥം മനുഷ്യന്‍ ഒരിക്കലും ദൈവകൃപയോട് അനുകൂലമായി പ്രതികരിക്കുക ഇല്ല എന്നാണ്.
അതിനാല്‍ മനുഷ്യന്റെ ഹൃദയത്തെ ദൈവകൃപ സ്വീകരിക്കുവാന്‍ തക്കവണ്ണം ഒരുക്കേണ്ടി ഇരിക്കുന്നു.
ഈ ഉദ്ദേശ്യത്തിനായി ദൈവം ഭൌതീക അനുഗ്രഹങ്ങളെ ഉപയോഗിച്ചേക്കാം.

ഇവിടെ ഒരു കാര്യം ചേര്‍ത്തു പറയട്ടെ: ദൈവം എപ്പോഴും ഇതേ ഉദ്ദേശ്യത്തിനായി ഭൌതീക അനുഗ്രഹങ്ങളെ ഉപയോഗിക്കേണം എന്നില്ല.
എന്നാല്‍ ഭൌതീക അനുഗ്രഹങ്ങള്‍ മനുഷ്യന് നല്‍കുന്നതിനുള്ള ഒരു ദൈവീക ഉദ്ദേശ്യം ഇതാണ്.

ഉദാഹരണത്തിന്: വലിയ കടഭാരത്തില്‍ ആയിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ അത്ഭുതകരമായി ഒരു വിടുതല്‍ ഉണ്ടാകുന്നു.
രോഗിയായ ഒരു വ്യക്തിയുടെ രോഗം ദൈവം അത്ഭുതകരമായി സൌഖ്യമാക്കുന്നു.
സമാധാനമില്ലാതെ അലയുന്ന ഒരു വ്യക്തിയിലേക്ക് ദൈവീക സമാധാനം നിറയുന്നു.
ഇതെല്ലാം ഒരു മനുഷ്യനെ ദൈവീകകൃപയെ സ്വീകരിക്കുവാനായി ഒരുക്കിയേക്കാം.

അപ്പോസ്തല പ്രവര്‍ത്തികള്‍ 3 -ഉം 4 –ഉം അദ്ധ്യായങ്ങളില്‍ അയ്യായിരം പേരെ ക്രിസ്തുവിലെക്ക് ആകര്‍ഷിച്ച ഒരു അത്ഭുത രോഗശാന്തിയെ കുറിച്ച് വിവരിക്കുന്നുണ്ട്.
പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പോകുന്ന വഴിക്ക് ഒരു മുടന്തനായ മനുഷ്യന്‍ ഭിക്ഷ യാചിച്ചുകൊണ്ടു ഇരിക്കുന്നത് കണ്ടു.
ഒരു ചെറിയ സംഭാഷണത്തിന് ശേഷം യേശുവിന്റെ നാമത്തില്‍ അവര്‍ അദ്ദേഹത്തെ സൌഖ്യമാക്കി.
ഈ മനുഷ്യന്‍ അപ്പൊസ്തലന്മാരുടെ കൂടെ ദൈവലയത്തിലേക്ക് തുള്ളിച്ചാടികൊണ്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടും പ്രവേശിച്ചു.
ഇതു കാണുകയും കേള്‍ക്കുകയും ചെയ്ത അനേകര്‍ ശിഷ്യന്മാരുടെ അടുക്കല്‍ കൂടി.
യേശുവിന്റെ സുവിശേഷം പറയുവാന്‍ അപ്പോസ്തലന്മാര്‍ക്ക്‌ ഇതു നല്ല അവസരം ഒരുക്കി.
സുവിശേഷം കേട്ട ജനത്തില്‍ അനേകര്‍ ഒരുക്കപ്പെട്ടവര്‍ ആയിരുന്നു എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.
അവരെ ഒരുക്കിയതാകട്ടെ മുടന്തനായ മനുഷ്യന് ലഭിച്ച രോഗശാന്തിയും.
മതനേതാക്കള്‍ കൊപാകുലര്‍ ആയി എങ്കിലും, അന്ന് അയ്യായിരം പേര്‍ യേശുവിനെ സ്വീകരിക്കുകയും സഭയോട് ചേരുകയും ചെയ്തു.

ഇതു ദൈവ കൃപയോട് അനുകൂലമായി പ്രതികരിക്കുവാന്‍ മനുഷ്യരെ ഒരുക്കുവാനായി ദൈവം ഭൌതീക അനുഗഹങ്ങളെ ഉപയോഗിക്കുന്നതിന്റെ നല്ല ഉദാഹരണം ആണ്.

2.   നമ്മളെക്കുറിച്ചുള്ള ദൈവീക പദ്ധതിക്കായി നമ്മളെ അനുഗ്രഹിക്കുന്നു.

നമ്മള്‍ ഓരോരുത്തരെക്കുരിച്ചും ദൈവത്തിന് ഒരു പദ്ധതി ഉണ്ട്.
നമ്മള്‍ എന്നാണ് രക്ഷിക്കപ്പെട്ടത്‌ എന്ന് ഓര്‍ത്തു നോക്കുക.
അത് ഒരു പക്ഷെ ചില ദിവസങ്ങള്‍ക്കോ, ആഴ്ചകള്‍ക്കോ, മാസങ്ങള്‍ക്കോ മുമ്പായിരിക്കാം.
നമ്മളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം നമ്മള്‍ രക്ഷിക്കപ്പെട്ട നിമിഷം ആണ്.
നമ്മളുടെ പാപങ്ങള്‍ എല്ലാം മായ്ക്കപ്പെട്ടു, ഒരു നവജാത ശിശുവിനെപ്പോലെ നമ്മള്‍ പുതിയതായി തീര്‍ന്നു.
നമ്മള്‍ ശുദ്ധരും നിഷ്കളങ്കരും ആയി നില്‍ക്കുകയാണ്.

ഇനി ചിന്തിക്കുക: ആ നിമിഷം ആയിരുന്നില്ലേ ദൈവത്തിന് നമ്മളുടെ ആത്മാവിനെ ഈ ഭൂമിയില്‍ നിന്നും തിരികെ വിളിക്കുവാനുള്ള ഏറ്റവും നല്ല സമയം?
തുടര്‍ന്ന് ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും, വീണ്ടും ജനനം പ്രാപിച്ച ഒരുവന് കഠിനവും മലിനമാകുവാന്‍ സദ്ധ്യതയുള്ളതും ആണ് എന്ന് ദൈവത്തിനു അറിയാമായിരുന്നില്ലേ?
എന്നിട്ടും, നമ്മള്‍ രക്ഷിക്കപ്പെട്ട അതേ നിമിഷം നമ്മളുടെ ആതമാവിനെ തരികെ വിളിക്കുവാന്‍ ദൈവം ആഗ്രഹിച്ചില്ല.
പകരം, ഈ ഭൂമിയില്‍ തന്നെ ചില വര്‍ഷങ്ങള്‍ കൂടി ജീവിക്കുവാന്‍ ദൈവം നമ്മളെ അനുവദിച്ചിരിക്കുക ആണ്.

എന്തിന്? കാരണം നമ്മളിലൂടെ ചെയ്തു തീര്‍ക്കുവാന്‍ ദൈവം ആഗ്രഹിക്കുന്ന ഒരു പദ്ധതി ഉണ്ട്.
നമ്മളെക്കുറിച്ചുള്ള ദൈവീക പദ്ധതി പൂര്‍ത്തീകരിക്കേണം എങ്കില്‍ നമ്മളും അതെ ഉദ്ദേശ്യത്തോടെ ജീവിക്കേണം.
ഇങ്ങനെ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ജീവിക്കുവാന്‍ ആവശ്യമായ ഭൌതീക അനുഗ്രഹങ്ങള്‍ ദൈവം നമുക്ക് സമയാസമയത്ത് നല്‍കും.

ദൈവത്തിന്റെ ദാസന്മാര്‍ക്ക് എല്ലായ്പ്പോഴും ഭൌതീക അനുഗ്രഹങ്ങള്‍ ദൈവം നല്‍കികൊണ്ടിരുന്നു എന്ന് ഇതിനു അര്‍ത്ഥം ഇല്ല.
സുവിശേഷം നിമിത്തം അനേകം കഷ്ടങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോയ ദൈവദാസന്മാര്‍ ഉണ്ട്.
സത്യത്തില്‍ ഒരു മരുഭൂപ്രയാണ കാലമില്ലാതെ കനാന്‍ ദേശമില്ല.
മനുഷ്യന്‍ ആഗ്രഹിക്കുന്നതെല്ലാം, അവന്‍ ആഗ്രഹിക്കുന്ന സമയത്തും, സ്ഥലത്തും, രീതിയിലും ദൈവം നല്‍കിയെന്ന് വരികയില്ല.

ഒരു തോട്ടില്‍നിന്നും വെള്ളം കുടിച്ചും കാക്കയില്‍ നിന്നും ആഹാരം സ്വീകരിച്ചും ചില നാളുകള്‍ ജീവിക്കേണ്ട സ്ഥിതി ഏലിയാവ് എന്ന പ്രവാചകന് ഉണ്ടായി.
തന്റെ സ്വന്ത രാജ്യത്തില്‍ നിന്നും ജാതീയമായ അന്യദേശത്തിലേക്ക് ഓടിപ്പോകേണ്ടി വന്നു.
അവിടെ മരിക്കുവാന്‍ തീരുമാനിച്ചിരുന്ന ഒരു വിധവയുടെ അവസാനത്തെ അപ്പം ചോദിച്ചുവാങ്ങി കഴിക്കേണ്ടാതായി വന്നു.
എന്നാല്‍ ഇതെല്ലാം പിന്നത്തേതില്‍ നന്മക്കായി തീര്‍ന്നു.

റോമര്‍ 8:28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

ഏലിയാവിന്റെ ഈ ചരിത്രം നമുക്ക് രണ്ടു രീതിയില്‍, positive ആയും negative ആയും നോക്കിക്കാണുവാന്‍ കഴിയും.

ആദ്യം നമുക്ക് ഈ സംഭവങ്ങളെ negative ആയി നോക്കാം.
സാധുവായ ഈ ദൈവദാസന്‍ ദൈവം തന്നോട് കല്‍പ്പിച്ചപ്രകാരം ദേശത്തു ക്ഷാമം ഉണ്ടാകും എന്ന് രാജാവിനോട് പ്രവചിച്ചു പറഞ്ഞു.
പ്രവചനം സത്യമായി സംഭവിച്ചു, എന്നാല്‍ പ്രവാചകന്‍ കഷ്ടതയില്‍ ആയി.
കഴിക്കുവാന്‍ ആഹരമില്ലാതെ വലഞ്ഞു.
അതുകൊണ്ട് ദൂരെ ഒരു തോടിന്റെ കരയിലേക്ക് അദ്ദേഹം ഓടി പോയി, അവിടെ ചില നാളുകള്‍ താമസിച്ചു.
അവിടെ ഒരു വൃത്തികെട്ട തോട്ടില്‍ നിന്ന് വെള്ളം കുടിച്ചും വൃത്തിഹീനയായ ഒരു കാക്കയുടെ ചുണ്ടില്‍ നിന്നും ആഹാരം എടുത്തും അദ്ദേഹം ജീവിച്ചു.
ഇതും അല്പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തീര്‍ന്നു.
അതുകൊണ്ട് അദ്ദേഹം സമീപത്തെ ജാതീയ രാജ്യത്തിലേക്ക് ഓടിപ്പോയി.
അവിടെ മരിക്കുവാന്‍ തീരുമാനിച്ചിരുന്ന ഒരു വിധവയുടെ അവസാനത്തെ അപ്പം ചോദിച്ചു വാങ്ങി കഴിച്ചു.
ഈ കഥ തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ പുറപ്പെട്ട ദൈവദാസന്റെ കഷ്ടത വെളിവാക്കുന്നു.

ഇതേ കഥ നമുക്ക് positive ആയും ചിന്തിക്കാം.
ശക്തനായ ഏലിയാവ് എന്ന ദൈവദാസന്‍ ദൈവീക നിയോഗപ്രകാരം രാജാവിന്റെ മുന്നില്‍ ദൈവീക അരുളപ്പാട് അറിയിച്ചു.
അദ്ദേഹം അറിയിച്ച പ്രവചന പ്രകാരം ദേശത്തു കടുത്ത ക്ഷാമം ഉണ്ടായി.
അദ്ദേഹം ദൂരേക്ക്‌ ഓടിപ്പോയി ഒരു തോടിന്റെ കരയില്‍ ചില നാളുകള്‍ താമസിച്ചു.
അവിടെ അത്ഭുതകരമായി ദൈവം വെള്ളത്തിനായി ഒരു അരുവിയെ ക്രമീകരിച്ചു.
കൃത്യ സമയങ്ങളില്‍ രാജാവിന്റെ തീന്മേശയില്‍നിന്നും ആഹാരം ഒരു മലങ്കാക്ക അദ്ദേഹത്തിനു എത്തിച്ചു കൊടുത്തു.
പിന്നീട് ക്ഷാമം വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം സമീപത്തുള്ള ഒരു ജാതീയ രാജ്യത്തിലേക്ക് ഓടിപ്പോയി.
അവിടെ അവസാനത്തെ അപ്പം കഴിച്ചതിനുശേഷം മരിക്കുവാന്‍ തീരുമാനിച്ചിരുന്ന ഒരു വിധവയെ അദ്ദേഹം കണ്ടുമുട്ടി.
ആ വിധവയുടെ ജീവിതത്തില്‍ അദ്ദേഹം ഒരു അത്ഭുതം പ്രവര്‍ത്തിച്ചു.
ആ അത്ഭുതത്തിന്റെ നന്മ അനുഭവിച്ചുകൊണ്ട്‌ അദ്ദേഹം അവിടെ പാര്‍ത്തു.
തക്ക സമയമായപ്പോള്‍ ദൈവം അദ്ദേഹത്തെ സ്വന്ത ദേശത്തിലേക്കു മടക്കികൊണ്ട്‌ പോയി.
ഇതൊരു ദൈവീക കരുതല്‍ വെളിപ്പെടുന്ന ചരിത്ര സംഭവം ആണ്.

മുകളില്‍ നമ്മള്‍ വായിച്ച രണ്ടു കഥകളും ഒന്നുതന്നെയും സത്യവും ആണ്.
നമ്മള്‍ ഒരേ സംഭവത്തെ രണ്ടു വീക്ഷണകോണിലൂടെ കണ്ടു എന്ന് മാത്രം.
ഇതില്‍ ഏറ്റവും നല്ല കഥ രണ്ടു കഥകളുടെയും സംയുക്തം ആണ്.

ദൈവദാസന്മാര്‍ക്ക് കഷ്ടത ഉണ്ട്; ഒപ്പം ദൈവത്തിന്റെ അത്ഭുതകരമായ ക്രമീകരണവും ഉണ്ട്.
അതുകൊണ്ട് നമ്മളുടെ ജീവിതത്തില്‍ ഒരു അനുഗ്രഹം ലഭിക്കുമ്പോള്‍ പ്രയാസമേറിയ സമയങ്ങളും വരാം എന്നും, പ്രയാസങ്ങള്‍ പെരുകുമ്പോള്‍ ദൈവീക അനുഗ്രഹം അടുത്തുതന്നെ ഉണ്ട് എന്നും നമ്മള്‍ ചിന്തിക്കേണം.

യേശുവിനെ റോമന്‍ പടയാളികള്‍ അറസ്റ്റ് ചെയ്യുമ്പോള്‍, തുന്നലില്ലാതെ നെയ്തെടുത്ത ഒരു മനോഹരവും വിലകൂടിയതുമായ വസ്ത്രമായിരുന്നു യേശു ധരിച്ചിരുന്നത്.
അതുകൊണ്ടാണ് അത് വിഭജിക്കാതെ ഒരാള്‍ എടുക്കുവാന്‍ ക്രൂശിന്റെ ചുവട്ടില്‍ പടയാളികള്‍ ചീട്ടിട്ടത്.
ഇത്ര മനോഹരവും വിലകൂടിയതുമായ വസ്ത്രം ധരിച്ചിരിക്കെ തന്നെയാണ് യേശു അറസ്റ്റ് ചെയ്യപ്പെടുന്നതും തുടര്‍ന്ന് ക്രൂശിക്കപ്പെടുന്നതും.
അതിന്റെ അര്‍ത്ഥം ഭൌതീക അനുഗ്രഹങ്ങള്‍ സുവിശേഷത്തിന് വേണ്ടിയുള്ള കഷ്ടതയില്‍ നിന്നുമുള്ള മോചന മാര്‍ഗ്ഗം അല്ല എന്നാണ്.

നമ്മളുടെ ഇന്നത്തെ ചിന്താവിഷയം ദൈവദാസന്മാരെ ഭൌതീകമായി ദൈവം അനുഗഹിക്കുമോ ഇല്ലയോ എന്നതല്ലല്ലോ.
അനുഗ്രഹത്തിന്റെ ദൈവീക ഉദ്ദേശ്യം ആണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

ഞാന്‍ ഇപ്പോള്‍ നിങ്ങളോട് internet ലൂടെയും ദൃശ്യമാദ്ധ്യമങ്ങളിലൂടെയും ആണ് സംസാരിക്കുന്നത്.
നിങ്ങള്‍ ഈ വീഡിയോ internet ലൂടെയോ ദൃശ്യമാദ്ധ്യമങ്ങളിലൂടെയോ ആണ് കാണുന്നതും കേള്‍ക്കുന്നതും.
ഇതു ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ഒരു ഭൌതീക അനുഗ്രഹം ആണ്.
internet ലൂടെയും ടെലിവിഷനിലൂടെയും പ്രസംഗിച്ചുകൊണ്ടു ദൈവം ഭൌതീകമായി അനുഗ്രഹിക്കില്ല എന്ന് പറയുവാന്‍ കഴിയുക ഇല്ലല്ലോ.

ദൈവം നമുക്ക് ആരോഗ്യവും, സമ്പത്തും, സമാധാനവും നല്‍കിയിട്ടില്ലേ.
ഇതെല്ലാം ദൈവ രാജ്യത്തിന്റെ കെട്ടുപണിക്കായി ദൈവം നമ്മള്‍ക്ക് നല്‍കിയിരിക്കുന്നതാണ്.
നമ്മള്‍ അനുഗ്രഹങ്ങളെ അതിനായി ഉപയോഗിക്കേണം.
ദൈവരാജ്യത്തിനായി കഷ്ടം സഹിക്കേണ്ടാതിനായി നമ്മളെ ബലപ്പെടുത്തുവാന്‍ ഭൌതീക അനുഗ്രഹങ്ങള്‍ക്ക് കഴിയും.

നമ്മളുടെ വീട്, കാറുകള്‍, പണം, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഭ, കൃഷിയിടം, വിദ്യാഭ്യാസം, അങ്ങനെ നമുക്കുള്ള എല്ലാ ഭൌതീക അനുഗ്രഹള്‍ക്ക് പിന്നിലും ഒരു ദൈവീക പദ്ധതി ഉണ്ട്.
ദൈവീക പദ്ധതി എന്താണ് എന്ന് അന്വേഷിച്ചു കണ്ടെത്തി അതിനായി സകലതും വിനിയോഗിക്കുക എന്നത് നമ്മളുടെ ഉത്തരവാദിത്തമാണ്.
ഇതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ നമ്മളെക്കുറിച്ചുള്ള ദൈവീക പദ്ധതി നിവൃത്തിക്കാതെ പോകും.

3.   ജാതികളുടെ ഇടയില്‍ തന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

ജാതീയ ജനസമൂഹങ്ങളുടെ ഇടയില്‍ തന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്.
എന്തുകൊണ്ട്? അന്ത്യനാശത്തിനായി വിധിക്കപ്പെട്ടിരിക്കുന്ന ജാതീയ സമൂഹങ്ങളെക്കുറിച്ചു ദൈവം എന്തിനാണ് ചിന്തിക്കുന്നത്?

നമുക്ക് ചുറ്റും ഉള്ള ജാതീയ സമൂഹത്തിലേക്ക് കണ്ണോടിക്കാം.
നമ്മള്‍ എന്താണ് കാണുന്നത്?
ഇന്നു ജാതീയ വിശ്വാസങ്ങളും ആരാധനയും വ്യപകമായികൊണ്ടിരിക്കുന്നു.
ജാതീയ ആരാധനയുടെ പ്രചാരകന്മാര്‍ നിശബ്ധമായും ചിലപ്പോള്‍ ആക്രമണത്തോടെയും ഉയര്‍ത്തുന്ന ഒരു ചോദ്യം ഉണ്ട്:
യഹോവയായ ദൈവത്തിനും ക്രിസ്തു എന്ന ഏക രക്ഷകനും എന്ത് പ്രത്യേകത ആണ് ഉള്ളത്.
ഈ ചോദ്യത്തിന് മറുപടി ഉണ്ടായേ പറ്റൂ; ഒളിച്ചോട്ടം ദൈവത്തിന്റെ രീതി അല്ല.

ഈ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആണ് പഴയനിയമ വിശ്വാസികള്‍ കടന്നുപോയതും പുതിയനിയമ വിശ്വാസികള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതും.
ജാതീയ ജന സമൂഹകങ്ങളുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ദൈവം തന്റെ മഹത്വം ഭൂമിയില്‍ വെളിപ്പെടുത്തുന്നത്.
ദൈവം ഇപ്രകാരം ഉല്‍പ്പത്തിയിലും പുറപ്പാടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശിംശോനിലൂടെയും ഗിദയോനിലൂടെയും ദൈവം തന്റെ മഹത്വം വെളിപ്പെടുത്തി.
തന്റെ രാജ്യത്തിന്റെ വിശുദ്ധി ദാവീദിന്റെ ഭരണകാലത്തും സമ്പന്നത ശലോമോന്റെ കാലത്തും ദൈവം വെളിപ്പെടുത്തി.
ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതി ക്രിസ്തുവില്‍ വെളിപ്പെട്ടു; ഒരിക്കലായി ഏകയാഗം പാപത്തിന് പരിഹാരമായി നല്‍കി, റോമന്‍ സാമ്രാജ്യത്തിന്റെ മുദ്രയെ പൊട്ടിച്ചുകൊണ്ടു യേശു ആദ്യ ഫലമായി ഉയിര്‍ത്തെഴുന്നേറ്റു; അനേകര്‍ കാണ്കെ സ്വര്‍ഗ്ഗാരോഹണം ചെയ്തു.
ഇവിടെ എല്ലാം ദൈവം തന്റെ മഹത്വം വെളിപ്പെടുത്തി.
ഒരു ജാതീയ ശക്തിക്കും ദൈവത്തിന്റെ പ്രവര്‍ത്തികളെ തടയുവാന്‍ കഴിഞ്ഞില്ല.
മാനവ ചരിത്രത്തിലെ എല്ലാ ദൈവീക ഇടപെടലുകളും ദൈവത്തിന്റെ മഹത്വം ഭൂമിയില്‍ വെളിപ്പെടുത്തുന്നതായിരുന്നു.

ദൈവത്തിനു ഒരിക്കലും ജാതീയ സമൂഹത്തിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ കഴിയുക ഇല്ല എന്ന് ഓര്‍ക്കുക.
ജാതീയത നിറഞ്ഞ ലോകത്ത് ദൈവീക മഹത്വം ദൈവജനത്തിലൂടെ മാത്രമേ വെളിപ്പെടുക ഉള്ളൂ.
അതുകൊണ്ടാണ്, യിസ്രായേല്‍ ജനത്തെ വീണ്ടെടുക്കുകയും, തന്റെ സ്വന്ത ജനമാക്കി തീര്‍ക്കുകയും, തന്റെ നിയമങ്ങളും ദേശവും നല്‍കി സ്വര്‍ഗീയ രാജത്വത്തിന് കീഴാക്കുകയും ചെയ്തത്.

ഇന്ന് ക്രിസ്തീയ വിശാസികള്‍ ആകുന്ന നമ്മള്‍ ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലെ പൌരന്മാര്‍ ആണ്.
നമ്മള്‍ എങ്ങനെ ആണ് ഇന്ന് ജീവിക്കുന്നത് എന്നാണ് ചിന്തിക്കേണ്ടുന്ന വിഷയം.
ദൈവരാജ്യത്തിന്റെ മഹത്വം വെളിപ്പെടുത്തികൊണ്ടാണോ അതോ ദൈവരാജ്യത്തിന് ക്ഷീണം വരുത്തികൊണ്ടാണോ നമ്മള്‍ ഇന്നു ജീവിക്കുന്നത്.

മത്തായി 5:16 അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

നമ്മള്‍ ഇവിടെ പറയുന്ന ഭൌതീക അനുഗ്രഹങ്ങളില്‍ സമ്പത്തും, ആരോഗ്യവും, സമാധാനവും ഉണ്ട് എന്ന് പ്രത്യേകം ഓര്‍ക്കുക.
ഇതെല്ലാം നമ്മള്‍ ഭൌതീക മണ്ഡലത്തില്‍ തന്നെ അനുഭവിക്കുന്നതാണ്.
ഭൌതീക അനുഗ്രഹങ്ങള്‍ എന്ന് നമ്മള്‍ പറയുമ്പോള്‍ വസ്തുവകകള്‍ മാത്രമല്ല എന്ന് മറക്കരുത്.
ചില വിശ്വാസികള്‍ ദൈവീക അനുഗ്രഹങ്ങള്‍ എന്നാല്‍ വസ്തുവകകള്‍ മാത്രമാണ് എന്ന ചിന്തയിലേക്ക് വഴുതിവീണ് പോയിട്ടുണ്ട് എന്നതുകൊണ്ടാണ് ഞാന്‍ ഇത് ആവര്‍ത്തിക്കുന്നത്.
ഇത്തരം ചിന്തകളെ വിമര്‍ശിക്കുന്ന മറ്റു ചിലര്‍ ആകട്ടെ ദൈവീക അനുഗ്രഹത്തില്‍ വസ്തുവകകള്‍ ഒട്ടുമേ ഇല്ല എന്നും അവയില്‍ ആത്മീയ അനുഗ്രഹങ്ങള്‍ മാത്രമേ ഉള്ളൂ എന്ന മറ്റൊരു അബദ്ധത്തില്‍ വീണു പോകുന്നു.
തെറ്റായ തീവ്ര നിലപാടുകളോട് വിയോജിക്കുമ്പോള്‍ തന്നെ ദൈവത്തിന്റെ സൌഖ്യമാക്കുന്നതും വിടുവിക്കുന്നതും ആയ ശക്തിയേയും അധികാരത്തേയും ചോദ്യം ചെയ്യുവാനും പാടില്ല.
ഒരു പകര്‍പ്പ്‌ അഥവാ duplicate ഉണ്ട് എന്നത് യഥാര്‍ത്ഥമായാത് ഉണ്ട് എന്നതിന്റെ തീര്‍ച്ച ആണ്.
പകര്‍പ്പ് കണ്ടു പേടിച്ച് യഥാര്‍ത്ഥമായതിനെ ഉപേക്ഷിക്കരുത്.

വസ്തുവകകള്‍ എല്ലായ്പ്പോഴും ദൈവത്തിന്റെ കൃപയുടെ അടയാളം അല്ല.
സമാധാനവും ആരോഗ്യവും ഇല്ലാതെ വസ്തുവകകള്‍ മാത്രം കൂട്ടിവക്കുന്നത് ദൈവീക അനുഗ്രഹത്തിന്റെ ലക്ഷണം അല്ല.
ദൈവം നല്‍കുന്ന ഭൌതീക അനുഗ്രഹത്തില്‍ വസ്തുക്കള്‍ മാത്രമല്ല ഉള്ളത്; എന്നാല്‍ വസ്തുവകകളും ഉണ്ട്.
കാരണം ദൈവം നല്‍കുന്ന അനുഗ്രഹങ്ങള്‍ നമ്മളുടെ ദേഹം ദേഹി ആത്മാവ് എന്നീ മൂന്നു ഘടകങ്ങള്‍ക്കും ഉള്ളതാണ്.
ദൈവത്തിനു മനുഷ്യന്‍ ദേഹം, ദേഹി, ആത്മാവ് എന്നിവ ഒരിമിച്ചു ചേര്‍ന്ന വ്യക്തി ആണ്.

നമ്മള്‍ ക്രിസ്തുവിനും അവന്റെ രാജ്യത്തിനും വേണ്ടി ആണ് ജീവിക്കുന്നത്.
നമ്മള്‍ക്ക് ഭവിക്കുന്നതെല്ലാം ദൈവരാജ്യത്തിന്റെ മഹത്വത്തിനായി ഭവിക്കേണം.
നമ്മളുടെ ജീവിതവും നമ്മളുടെ സ്വത്തും നമ്മളുടെ എല്ലാ അനുഭവങ്ങളും ദൈവത്തിന്റെ മഹത്വത്തിനായും ദൈവീക മഹത്വത്തിന് മാത്രമായും തീരേണം.

മറ്റൊരുവന്റെ കഷ്ടത കണ്ടുകൊണ്ട് ഒരു വ്യക്തി മനസന്തരപ്പെടുന്നത് യേശുവിന്റെ ക്രൂശീകരണ വേളയില്‍ മാത്രം ആണ്.
ക്രൂശിലെ കള്ളന്മാരില്‍ ഒരുവന്‍, കണ്ടാല്‍ മനുഷ്യന്‍ അല്ല എന്ന് തോന്നുമായിരുന്ന യേശുവിനെ നോക്കി അവനില്‍ ഉള്ള വിശ്വാസം ഏറ്റുപറഞ്ഞു.
മറ്റൊരുവന്റെ ജീവിതത്തിലെ തകര്‍ച്ച കണ്ടുകൊണ്ട് മറ്റൊരു വ്യക്തി രക്ഷിപ്പെട്ട മറ്റൊരു അനുഭവും ഇല്ല.
എന്നാല്‍ ഇവിടെയും കള്ളന്‍ ഏറ്റുപറഞ്ഞ വിശ്വാസം, യേശു രാജത്വം പ്രാപിച്ചു വരുമ്പോള്‍ അവനെ കൂടെ ഓര്‍ക്കേണമേ എന്നാണ്.
യേശുവിന്റെ ജീവിതം ഈ ക്രൂശില്‍ അവസാനിക്കുന്നില്ല എന്നും അവന്‍ രാജത്വം പ്രാപിച്ചു രാജാധിരജാവായി വീണ്ടും വരും എന്ന മഹത്തായ വിശ്വാസമാണ് അവനു രക്ഷക്ക് കാരണമായത്‌.

നമ്മളുടെ സഭയിലും മറ്റു കൂട്ടായ്മകളിലും നമ്മള്‍ കേള്‍ക്കുന്ന സാക്ഷ്യം ഓര്‍ത്തുനോക്കൂ.
ഒരു ക്യാന്‍സര്‍ രോഗിയെയോ കടഭാരത്താല്‍ തകര്‍ന്ന ഒരു വ്യക്തിയെയോ കണ്ടപ്പോള്‍ യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു എന്നൊരു സാക്ഷ്യം നമ്മള്‍ ഇന്നേ വരെ കേട്ടിട്ടുണ്ടോ?
യേശു ഒരു വ്യക്തിയെ അത്ഭുതകരമായി സൌഖ്യമാക്കി, കടഭാരത്തില്‍ നിന്നും വിടുവിച്ചു, പൈശാചിക ബന്ധനത്തില്‍ നിന്നും വിടുവിച്ചു, എന്നിങ്ങനെ ഉള്ള അനുഭവങ്ങള്‍ ആണ് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ചിട്ടുള്ളത്.

ഇതാണ് നമ്മളുടെ ജീവിതത്തിലെ ഭൌതീക അനുഗ്രഹങ്ങളുടെ ദൈവീക ഉദ്ദേശ്യം.
നമ്മള്‍ ഒരു അനുഗ്രഹം അനുഭവിക്കുമ്പോള്‍, അത് നമ്മളെ തന്നെയും മറ്റുള്ളവരെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതായിരിക്കേണം എന്ന് എപ്പോഴും ഓര്‍ക്കുക.

ഭൌതീക അനുഗ്രഹങ്ങള്‍ ഈ ഭൌതീക ലോകത്ത് ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു.
സ്വര്‍ഗ്ഗവും ഭൂമിയും എല്ലാം ദൈവത്തിന്റെ മഹത്വം കൊണ്ട് നിറക്കുവാന്‍ ദൈവത്തിനു കഴിയും എങ്കിലും ഭൌതീക തലത്തില്‍ അത് വെളിപ്പെടുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക്‌ അത് അനുഭവിക്കുവാന്‍ കഴിയൂ.

നമുക്ക് ഇപ്രകാരം ഉള്ള ഒരു മനോഭാവം ഉണ്ട് എങ്കില്‍, ദൈവം നമുക്ക് നല്‍കുന്ന ഭൌതീക അനുഗ്രഹങ്ങളെക്കുറിച്ചുള്ള നമ്മളുടെ എല്ലാ സംശയങ്ങളും നീങ്ങി പോകും.

ദൈവം നമുക്ക് നല്‍കുന്ന എല്ലാ ഭൌതീക അനുഗ്രഹങ്ങല്‍ക്കായും നമുക്ക് ദൈവത്തെ സ്തുതിക്കാം.
നമ്മളുടെ ഭൌതീക അനുഗ്രഹങ്ങള്‍ നമ്മളെയും മറ്റുള്ളവരെയും ക്രിസ്തുവിനോട് അടുപ്പിക്കുന്നതിനാല്‍ നമുക്ക് ദൈവത്തെ സ്തുതിക്കാം.
നമ്മളുടെ ജീവിതത്തിലെ ഭൌതീക അനുഗ്രഹങ്ങള്‍ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതിനാല്‍ നമുക്ക് ദൈവത്തെ സ്തുതിക്കാം.
                                                                                          

4.   ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി ദൈവം നമ്മളെ അനുഗഹിക്കുന്നു.

നമ്മളുടെ ഭൌതീക നന്മകള്‍ക്ക് ദൈവരാജ്യത്തിന്റെ വര്‍ധനവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ?
ദൈവരാജ്യം പഴയനിയമത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ടതും പുതിയ നിയമത്തില്‍ ആരംഭിക്കപ്പെട്ടതും അന്ത്യകാലത്ത് നിവൃത്തിക്കപ്പെടുന്നതുമാണ്.
നിത്യത ഒരു ആത്മീയ അനുഭവം ആണ്; അവിടെ ഭൌതീകമായ യാതൊന്നിനും സ്ഥാനമില്ല.
നിത്യതയില്‍ ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി യാതൊന്നും ചെയ്യേണ്ടതില്ല.

എന്നാല്‍ നമ്മള്‍ ഇതുവരെയും നിവൃത്തിക്കപ്പെട്ട ദൈവരാജ്യത്തില്‍ പ്രവേശിച്ചിട്ടില്ല.
നമ്മള്‍ ഇപ്പോഴും ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍ ആണ്.
ഈ ദൈവരാജ്യത്തിന്റെ സ്വാധീനം ഭൂമിയില്‍ വര്‍ധിച്ചു വരേണം.
അതിനായി നിയോഗോക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ സ്ഥനാപതികള്‍ ആണ് നമ്മള്‍.

നമ്മള്‍ രഹസ്യമായി സൂക്ഷിച്ച് വെക്കേണ്ടുന്ന ഒരു നിധി അല്ല ദൈവരാജ്യം.
അതിനെ ജാതീയ ജന സമൂഹകങ്ങളുടെ മദ്ധ്യേ ഉയര്‍ത്തെണ്ടതുണ്ട്.
അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കിടുകയും വേണം.

മത്തായി 5:15  വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. 

നമ്മള്‍ മറ്റുള്ളവരുമായി രക്ഷയുടെ സുവിശേഷം പങ്കിടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന രക്ഷയുടെ സന്തോഷം ആണ് പങ്കിടുന്നത്.

നമ്മളുടെ ഭൌതീക അനുഗ്രഹങ്ങള്‍ക്ക് ദൈവരാജ്യത്തിന്റെ വര്‍ധനവുമായി എന്താണ് ബന്ധം?

ഇവിടെ നമ്മള്‍ ഇതുവരെ ചിന്തിച്ച എല്ലാ കാര്യങ്ങളും ഒന്നുകൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.
നമ്മള്‍ ചിന്തിച്ചതെല്ലാം ഭാതീക നന്മകളെക്കുറിച്ചും അതിന്റെ പിന്നിലുള്ള ദൈവീക ഉദ്ദേശ്യത്തെക്കുറിച്ചും ആണ്.
ചുരുക്കി പറഞ്ഞാല്‍ നമ്മളുടെ ഭൌതീക അനുഗ്രഹങ്ങളെക്കുറിച്ചുള്ള ദൈവീക ഉദ്ദേശ്യം ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി അത് ഉപയോഗിക്കപ്പെടെണം എന്നാണ്.

എന്ന് പറഞ്ഞാല്‍, നമ്മളുടെ ആരോഗ്യം, സമ്പത്ത്, വസ്തുവകകള്‍, സമാധാനം എന്നിവയെല്ലാം ദൈവരാജ്യത്തിനായി ഉപയോഗിക്കുവാനാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്.

ഇവയെല്ലാം ഈ ഭൂമിയില്‍ നമ്മള്‍ അനുഭവിക്കുന്നതാണ് എന്നതിനാല്‍ അവയെല്ലാം ഭൌതീകം ആണ്.
എല്ലാ ഭൌതീക നന്മകളും വ്യാപാരം ചെയ്യുവാന്‍ കഴിയും.
അങ്ങനെ നമ്മളുടെ ആരോഗ്യത്തെ ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി ഉപയോഗിക്കുവാന്‍ കഴിയും.
ദൈവരാജ്യത്തിന്റെ വിസ്തൃതിക്ക് വളരെ പ്രയോജനപ്പെടുന്ന ഒന്നാണ് നമ്മളുടെ സമ്പത്ത്.

അന്ത്യകലത്ത് നിവൃത്തിക്കപ്പെടുന്ന ദൈവരാജ്യത്തില്‍ ഈ ഭൂമിയിലുള്ളതുപോലെ ഭൌതീക നന്മകള്‍ കാണുക ഇല്ല.
അവിടെ നമ്മള്‍ രോഗങ്ങള്‍ ഇല്ലാത്ത ദൈവീക ആരോഗ്യം അനുഭവിക്കും.
അതായത്, രോഗം, സൌഖ്യം എന്നീ വാക്കുകള്‍ക്കു അവിടെ കാര്യമില്ല.
സമ്പത്ത് അര്‍ത്ഥശൂന്യമായിരിക്കും, കാരണം നമ്മള്‍ ദൈവരാജ്യം തന്നെ കൈവശമാക്കുക ആണ്.
നമുക്ക് ജഡശരീരം ഇല്ലാത്തതിനാല്‍ വസ്തുവകകളുടെ ആവശ്യവും ഉണ്ടായിരിക്കുക ഇല്ല.
സകല ബുദ്ധിയേയും കവിയുന്ന സമാധാനം അതിന്റെ പൂര്‍ണ്ണതയില്‍ നമ്മള്‍ അനുഭവിക്കും.

അതിന്റെ അര്‍ത്ഥം, നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ ഭൌതീക നന്മകളും ഇഹലോക ജീവിതത്തിന് വേണ്ടി മാത്രം ഉള്ളതാണ്.
ഈ ജീവിതത്തിനും ഭൌതീക അനുഗ്രഹങ്ങള്‍ക്കും ഒരു ദൈവീക ഉദ്ദേശ്യം ഉണ്ട് താനും.
പല ക്രൈസ്തവ വിശ്വാസികളും വിയോജിക്കുന്ന ഇടമാണിത്.
അവരുടെ വിയോജിപ്പിന്റെ കാരണം വ്യക്തമാണ്:
ദൈവരാജ്യത്തിന്റെ വ്യപ്തിക്കായി തങ്ങളുടെ ഭൌതീക നന്മകളെ വിട്ടുകൊടുക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യം ഇല്ല.
ഭൌതീക അനുഗ്രഹങ്ങള്‍ ദൈവത്തില്‍ നിന്നുള്ളതല്ല എന്ന വാദം പ്രശനം പരിഹരിക്കുക ഇല്ല.
ഭൌതീക അനുഗ്രഹങ്ങളുടെ ഉടമസ്ഥാവകാശം നമ്മള്‍ കൈവിടുക എന്നതാണ് പരിഹാര മാര്‍ഗ്ഗം.
എല്ലാ ഭൌതീക നന്മകളുടെയും ഉടമസ്ഥന്‍ നമ്മള്‍ അല്ല; അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ദൈവം ആണ്.
നമ്മള്‍ അവയുടെ കാര്യസ്ഥന്മാര്‍ മാത്രം ആണ്.

1 ദിനവൃത്താന്തം 29: 14 എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
    
തന്റെ സമ്പത്തില്‍ അല്‍പ്പം നമ്മളെ ഏല്‍പ്പിക്കുവാന്‍ ദൈവത്തിനു പ്രസാദം തോന്നിയതോര്‍ത്തു നമുക്ക് ദൈവത്തെ സ്തുതിക്കാം.
ഇനി നമ്മള്‍ നമ്മളുടെ പക്കലുള്ള അനുഗ്രഹങ്ങളെ ദൈവരാജ്യ മഹത്വത്തിനായി ഉപയോഗിക്കുക ആണ് ചെയ്യേണ്ടത്.
ദൈവരാജ്യം വളരേണം; നമ്മളും നമ്മളുടെ കൈവശമുള്ള ഭൌതീക നന്മകളും ചെറുതാകേണം. 

ഒരു വിശ്വസ്തനായ കാര്യസ്ഥനു താന്‍ കൈകാര്യം ചെയ്യുന്ന വസ്തുവകകള്‍ തന്റെതല്ല, മറിച്ച് തന്റെ യജമാനന്റെതാണ് എന്ന് അറിയാം.
നല്ല കാര്യസ്ഥന്‍ യജമാനന്റെ പദ്ധതി നിവര്‍ത്തിക്കെണ്ടാതിനായി പ്രവര്‍ത്തിക്കുന്നു.
തന്നെ ഏല്‍പ്പിച്ചിരിക്കുന്ന സമ്പത്തിനെക്കുറിച്ചു അവന്‍ വിശ്വസ്തന്‍ ആയിരിക്കും.
നല്ല കാര്യസ്ഥന്‍ ബുദ്ധിയോടെ തന്റെ യജമാനന്റെ സമ്പത്ത് വ്യാപാരം ചെയ്യും.

താങ്കള്‍ക്ക് ക്രിസ്തീയ കാര്യസ്ഥന്‍ എന്ന വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹം ഉണ്ട് എങ്കില്‍, ദയവായി youtube.com/thenaphtalitribe എന്ന എന്റെ വീഡിയോ ചാനല്‍ സന്ദര്‍ശിക്കുക.
അവിടെ ഈ വിഷയത്തെക്കുറിച്ചുള്ള വീഡിയോ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
പ്രായോഗിക ക്രിസ്തീയ ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ച ആയിരുന്നു ഇത്.

ദൈവത്തില്‍നിന്നും ലഭിച്ച ദാനം; ജാതീയ ജനസമൂഹത്തില്‍ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന നന്മകള്‍; ദൈവത്തിന്റെ ഉദ്ദേശ്യ നിവൃത്തിക്കായുള്ള നന്മകള്‍ എന്നിങ്ങനെ നമ്മളുടെ എല്ലാ ഭൌതീക അനുഗ്രഹങ്ങളേയും നോക്കികാണുന്നത് എത്ര സന്തോഷമായിരിക്കും.
വിരക്തി ഒരു ക്രിസ്തീയ മാര്‍ഗ്ഗം അല്ല.
ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുക ആണ് ദൈവീക ഉദ്ദേശ്യം.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


No comments:

Post a Comment