സ്വതന്ത്ര അടിമ

നമ്മള്‍ യേശു ക്രിസ്തുവിന്റെ ദാസന്‍ അല്ലെങ്കില്‍ അടിമ എന്നാണല്ലോ വിളിക്കപ്പെടുന്നത്.
പുതിയ നിയമത്തില്‍ ദൈവത്തിന്റെ ദാസന്മാര്‍ എന്ന് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം “dulos”  എന്ന വാക്കാണ്‌.
“dulos” എന്ന വാക്കിന്റെ അര്‍ത്ഥം അടിമ എന്നാണ്.
ഉദാഹരണത്തിന് എഫേസ്യര്‍ 6: 6  -)൦ വാക്യത്തില്‍ “ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ” എന്നു പറയുന്നിടത്തു ഉപയോഗിച്ചിരിക്കുന്നത് “dulos”  എന്ന പദം അഥവാ അടിമ എന്ന വാക്ക് ആണ്.

നമ്മളെ എല്ലാ അടിമത്തത്തില്‍ നിന്നും ക്രിസ്തു സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു എന്ന് നമുക്ക് എല്ലാവര്ക്കും അറിയാമല്ലോ.
നമ്മള്‍ അടിമത്തത്തില്‍നിന്നും സ്വതന്ത്രര്‍ ആണ് എങ്കില്‍ എപ്പോള്‍, എങ്ങനെ നമ്മള്‍ ക്രിസ്തുവിന്റെ അടിമകള്‍ ആകും?

ഈ ദൈവവചന പഠനത്തിന്റെ ഉദ്യേശ്യം ക്രിസ്തുവിലുള്ള നമ്മളുടെ സ്ഥാനം എന്താണ് എന്ന് ചിന്തിക്കുക ആണ്.
അതിനായി ആവര്‍ത്തനപുസ്തകം 15: 12-18 വരെയുള്ള വാക്യങ്ങള്‍; പുറപ്പാടു 21: 1-11 വരെയുള്ള വാക്യങ്ങള്‍; ലേവ്യപുസ്തകം 25 -)൦ അധ്യായം എന്നിവയിലേക്ക് നമ്മളുടെ ശ്രദ്ധയെ തിരിക്കാം.

ഈ മൂന്നു വേദഭാഗങ്ങളും ശബ്ബത്ത് വര്‍ഷം, യോബേല്‍ സംവത്സരം, കടബാധ്യതകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും ഉള്ള സ്വാതന്ത്ര്യം എന്നിവയെ കുറിച്ചാണ് പറയുന്നത്.
ശബ്ബത്ത് വര്‍ഷത്തെക്കുരിച്ചുള്ള വിവരണം ഈ മൂന്നു ഭാഗത്തും നമുക്ക് കാണാം.
യോബേല്‍ സംവല്‍സരത്തെക്കുറിച്ചുള്ള വിവരണം ലേവ്യപുസ്തകം 25 -)൦ അദ്ധ്യായത്തിലും വായിക്കാം.
ഈ മൂന്നു വേദഭാഗങ്ങളെയും ഈ പഠനത്തിനായി ഒരുമിച്ചു കൊണ്ടുവരുക ആണ്.

യോബേല്‍ സംവല്‍സരത്തെക്കുരിച്ചുള്ള വിശദമായ ഒരു പഠനം നമ്മളുടെ മറ്റൊരു വീഡിയോയില്‍ ലഭ്യമാണ്.
The Jubilee Year എന്നാണ് ആ വീഡിയോയുടെ പേര്. അത് English ലും മലയാളത്തിലും നമ്മളുടെ വീഡിയോ ചാനല്‍ ആയ youtube.com/thenaphtalitribe ല്‍ ലഭ്യമാണ്.
താങ്കള്‍ ഈ വീഡിയോയുടെ ഒപ്പം തന്നെ അതുകൂടി കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അവിടെ വിശദമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ അതുപോലെ ആവര്‍ത്തിക്കുന്നില്ല.

ശബ്ബത്ത് വര്‍ഷം, യോബേല്‍ സംവത്സരം എന്നിവയെല്ലാം അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്ന വര്‍ഷങ്ങള്‍ ആണ്.
യോബേല്‍ സംവത്സരത്തില്‍ എല്ലാ കടബാധ്യതകളില്‍ നിന്നുമുള്ള വീണ്ടെടുപ്പു സാധ്യമാകുന്നു.
സുരക്ഷിതത്തവും അനുഗ്രഹവും വിശ്രമവുമായ ദേശത്തിന്റെ പുനസ്ഥാപനം കൂടി ആണ് യോബേല്‍ സംവത്സരം.
കടബാധ്യതകള്‍ റദ്ദാക്കുവാനും അടിമകള്‍ക്ക് വിമോചനം നല്‍കുവാനുമുള്ള അവസരമാണ് യോബേല്‍ സംവത്സരം.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു യിസ്രയെല്യന്‍ മറ്റൊരാളിന്റെ അടിമത്തത്തില്‍ ആയിത്തീരാം.
ഒരു കൃഷിക്കാരന്‍ അദ്ദേഹത്തിന്റെ വിളവെടുപ്പ് മോശമായാല്‍ സാമ്പത്തിക ബാധ്യതയില്‍  ആയേക്കാം.
കടം വാങ്ങിയ പണം തിരികെ നല്‍കുവാന്‍ കഴിയാതെ വന്നാല്‍ അദ്ദേഹത്തിന്റെ ദേശം പണം കടം തന്ന വ്യക്തിക്ക് വില്‍ക്കും.
അതിലും മോശമായ സാഹചര്യങ്ങളും ഉണ്ടായേക്കാം.
അദ്ദേഹത്തിന് കൃഷി ചെയ്യുവാന്‍ പണം ഇല്ല എന്ന് മാത്രമല്ല, തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ജീവിക്കുവനുള്ളതുപോലും ഇല്ലാത്ത അവസ്ഥ വന്നേക്കാം.
ഈ അവസരത്തില്‍ തന്നെ അടിമയായി വില്‍ക്കുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം അദ്ദേഹത്തിനു ഇല്ല.

അങ്ങനെ പാപ്പരായ ഒരു വ്യക്തി കടം വീട്ടുവാന്‍ തന്റെ വീടും ദേശവും തികയുന്നില്ല എന്ന് വരുമ്പോള്‍ തന്നെത്തന്നെയും കുടുംബത്തേയും അടിമകളായി വില്‍ക്കുന്നു.
കടം തന്റെ കഴിവിനും അപ്പുറത്താകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്.
പണം നല്‍കിയ വ്യക്തിക്ക് തന്റെ പണം തിരികെ ലഭിക്കാത്തതിനാല്‍ കടം വാങ്ങിയ വ്യക്തി അടിമയായി ജീവകാലം മുഴുവന്‍ ജീവിക്കേണ്ടാതായി വരും.
ഇങ്ങനെ ജീവിതകാലം മുഴുവന്‍ അടിമയായി ജീവിക്കെണ്ടാതായ അവസ്ഥ ഒഴിവാക്കുവാനായി കടം തിരികെ വീട്ടാതെ തന്നെ സ്വാതന്ത്ര്യം പ്രാപിക്കുവാനുള്ള ഒരു വ്യവസ്ഥ ദൈവീക പ്രമാണത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.
ഈ പ്രമാണം അനുസരിച്ച് അവര്‍ക്ക് സ്വാതത്ര്യം ലഭിക്കുകയും എല്ലാ കടങ്ങളും എന്നന്നേക്കുമായി റദ്ദാക്കപ്പെടുകയും ചെയ്യും.

എല്ലാ യിസ്രയെല്യനും ജന്മനാല്‍ സ്വതന്ത്രന്‍ ആണ്.
എന്നാല്‍ അതെ സമയം എല്ലാ യിസ്രയെല്യനും ദൈവത്തിന്റെ അടിമ ആണ്.
അതുകൊണ്ട് യിസ്രായേല്യരുടെ ഇടയില്‍ സ്ഥിരമായ അടിമത്തം ദൈവം നിരോധിച്ചിരിക്കുന്നു.
ഒരു അടിമക്ക് രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ കഴിയുക ഇല്ലല്ലോ.
അതുകൊണ്ട് അടിമയായി തന്നെത്തന്നെ വില്‍ക്കുന്ന വ്യക്തി ഒരു വീണ്ടെടുപ്പുവില വില നല്‍കി മോചിതന്‍ ആകേണം.
അദ്ദേഹത്തിനു വീണ്ടെടുപ്പുവില പണമായോ ജോലിചെയ്തോ നല്‍കാവുന്നതാണ്.

അവര്‍ക്ക് സ്വയം ഒരു വീണ്ടെടുപ്പു വില നല്‍കുവാന്‍ കഴിയുന്നില്ല എങ്കിലും, ആര് വര്‍ഷങ്ങള്‍ കഴിഞ്ഞോ, അല്ലെങ്കില്‍ എല്ലാ എഴാം വര്‍ഷവും ആചരിക്കുന്ന ശബ്ബത്ത് വര്‍ഷത്തിലോ അവര്‍ക്ക് പരിപൂര്‍ണ്ണ മോചനം ലഭിക്കും.
യോബേല്‍ സംവല്‍സരമായ എല്ലാ അന്‍പതാമത്തെ വര്‍ഷത്തിലും എല്ലാ അടിമകള്‍ക്കും സ്വാതന്ത്ര്യവും ദേശത്തിന് വീണ്ടെടുപ്പും സൗജന്യമായി ലഭിക്കും.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, എല്ലാ ഏഴാമത്തെ ദിവസവും ശബ്ബത്ത് ദിവസം ആയിരിക്കും.
സകല പ്രപഞ്ചത്തിന്റെയും സൃഷ്ടാവ് ദൈവം ആണെന്ന് നന്ദിയോടെ ഓര്‍ക്കുന്ന ദിവസം ആണത്.
അത് വിശ്രമത്തിന്റെ ദിവസം ആണ്.

എല്ലാ ഏഴാമത്തെ വര്‍ഷവും ശബ്ബത്ത് വര്‍ഷം ആയിരിക്കും.
ഇതും വിശ്രമത്തിന്റെ വര്‍ഷം ആണ്.
ഈ വര്‍ഷം മുഴുവന്‍ യിസ്രായേല്‍ ദേശം എല്ലാം കൃഷിചെയ്യാതെ തരിശായി കിടക്കേണം.

എല്ലാ അന്‍പതാമത്തെ വര്‍ഷം യോബേല്‍ സംവത്സരം ആയിരിക്കേണം.
ഇതു ഏഴു ശബ്ബത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആണ് സംഭവിക്കുക എന്ന് ഓര്‍ക്കുക.

പാപപരിഹാര യാഗത്തിന്റെ അന്ന്, യാഗത്തിന് ശേഷം യോബേല്‍ സംവത്സരം ആരംഭിച്ചു എന്ന് അറിയിക്കുന്ന ഒരു പ്രത്യേക കാഹളധ്വനി ദേശമെല്ലാം മുഴങ്ങും.
അതായത് ജനമെല്ലാം തങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായിട്ടുള്ളത്‌ ചെയ്തു കഴിയുമ്പോള്‍, ദൈവവുമായി നിരപ്പ് പ്രാപിച്ചുകഴിയുമ്പോള്‍ യോബേല്‍ സംവത്സരം ആരംഭിക്കും.
യോബേല്‍ സംവത്സരം സ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പിന്റെയും വര്‍ഷം ആണ്.

യോബേല്‍ സംവത്സരത്തില്‍ മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു:

1.   ദേശത്തിന് ശബ്ബത്ത് അഥവാ വിശ്രമം.
2.   അടിമത്തത്തില്‍നിന്നും വീണ്ടെടുപ്പ്.
3.   ദേശത്തിന്റെ പുനസ്ഥാപനം.

ഇവ കൂടാതെ ഒരു പ്രത്യേക കാര്യം കൂടി ശബ്ബത്ത് വര്‍ഷത്തിലും യോബേല്‍ സംവല്സരത്തിലും സംഭവിക്കാം.
ഇതു ആവര്‍ത്തനപുസ്തകം 15: 12-18 വരെയുള്ള വാക്യങ്ങളിലും പുറപ്പാട് പുസ്തകം 21: 1-11 വരെയുള്ള വാക്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നുണ്ട്.

വിശദമായ പഠനം

ഇവിടെ ഒരു യിസ്രയെല്യനായ പുരുഷനോ സ്ത്രീയോ അടിമത്തത്തില്‍ ആയിപോയി എന്ന സാഹചര്യത്തെക്കുറിച്ചാണ് പറയുന്നത്.
അതായത് ഇനി അവര്‍ക്ക് എന്താണ് സംഭവിക്കുന്നത്‌ എന്ന് നോക്കാം.
അവര്‍ കഴിഞ്ഞ ആറുവര്‍ഷങ്ങള്‍ ആയി അടിമകളായി ജോലി ചെയ്യുക ആയിരുന്നു.
എന്നാല്‍ ഏഴാമത്തെ വര്‍ഷം – അതായതു ശബ്ബത്ത് വര്ഷം – അവരെ സ്വതന്ത്രര്‍ ആയി വിടുന്നു.

ആവര്‍ത്തനപുസ്തകം 15:12  നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

ലേവ്യാപുസ്തകം 25 -)൦ അദ്ധ്യായത്തിലും അടിമകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നുണ്ട്.
അവിടെ യോബേല്‍ സംവത്സരത്തില്‍ നടക്കുന്ന അടിമകളുടെ സ്വാതന്ത്യ്രത്തെക്കുറിച്ച് പറയുന്നു.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ ഏഴ് ശബ്ബത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, എല്ലാ അന്‍പതാമത്തെ വര്‍ഷം യിസ്രായേലിന് യോബേല്‍ സംവത്സരം ആയിരിക്കും.
ശബ്ബത്ത്‌ വര്‍ഷത്തിന്റെയും യോബേല്‍ സംവല്‍സരത്തിന്റെയും പ്രമാണങ്ങള്‍ ഏകദേശം ഒന്ന് തന്നെ ആണ്.
യോബേല്‍ സംവത്സരത്തില്‍ അടിമകള്‍ സ്വതന്ത്രര്‍ ആക്കപ്പെടും എന്ന് മാത്രമല്ല വിറ്റുപോയ ദേശവും സൗജന്യമായി തിരികെ ലഭിക്കും.
അങ്ങനെ യോബേല്‍ സംവത്സരം അടിമകുളുടെയും ദേശത്തിന്റെയും വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും വര്‍ഷം കൂടി ആകുന്നു.

യോബേല്‍ സംവത്സരം എന്നത് വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും വലിയ ഒരു ചിത്രം ആണ്.
ശബ്ബത്ത് വര്‍ഷം സംഭവിക്കുന്നതെല്ലാം ജോബേല്‍ സംവല്‍സരത്തിലും സംഭവിക്കുന്നു എന്നതിനാല്‍ ശബ്ബത്ത് വര്‍ഷം അടിമകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത് യോബേല്‍ സംവല്സരത്തിലും സംഭവിക്കുന്നു എന്ന് നമുക്ക് ന്യായമായും വിശ്വസിക്കാം.

യിസ്രായേലില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അടിമത്തം ആറു വര്‍ഷങ്ങള്‍ ആണ്.
ഒരു ശബ്ബത്ത് വര്‍ഷത്തിനും അടുത്ത ശബ്ബത്ത് വര്‍ഷത്തിനും ഇടയില്‍ എപ്പോഴെങ്കിലും അടിമ ആകുന്ന ഒരു വ്യക്തിയുടെ അടിമത്തത്തിന്റെ കാലം ശബ്ബത്ത് വര്‍ഷത്തിനും അപ്പുറത്തേക്ക് നീണ്ടുപോകുവാന്‍ പാടില്ല.
അതിന്റെ അര്‍ത്ഥം ഒരു വ്യക്തി ഒരു ശബ്ബത്ത് വര്‍ഷം കഴിഞ്ഞ ഉടന്‍ അടിമ ആയാല്‍ അയാള്‍ ആറുവര്‍ഷങ്ങള്‍ അടിമ ആയി ജീവിക്കേണം.
എന്നാല്‍ ഒരുവന്‍ ഒരു ശബ്ബത്തിന് ശേഷം മൂന്നാമത്തെ വര്‍ഷത്തില്‍ അടിമ ആയാല്‍ അയാള്‍ മൂന്നു വര്‍ഷങ്ങള്‍ മാത്രമേ അടിമ ആയി ജീവിക്കുന്നുള്ളൂ.
ഒരു ശബ്ബത്തിന് ശേഷം അഞ്ചാമത്തെ വര്‍ഷം അടിമ ആകുന്ന വ്യക്തി ഒരു വര്‍ഷം  മാത്രമേ അടിമ ആയി ജീവിക്കുന്നുള്ളൂ.

അങ്ങനെ ശബ്ബത്ത് വര്‍ഷവും യോബേല്‍ സംവത്സരവും എല്ലാ അടിമകള്‍ക്കും വീണ്ടെടുപ്പിന്റെയും പുനസ്ഥാപനത്തിന്റെയും വര്‍ഷം ആയിരുന്നു.
അടിമകളെ സ്വതന്ത്രര്‍ ആക്കുമ്പോള്‍ അവരെ വെറുംകൈയോടെ വിടരുത് എന്നും ദൈവം കല്‍പ്പിച്ചിരുന്നു.
യജമാനന്‍ അദ്ദേഹത്തിന്റെ ആടുമാടുകളില്‍ നിന്നും, വിളവില്‍ നിന്നും, മുന്തിരിയുടെ ഫലത്തില്‍ നിന്നും ധാരാളമായി അടിമ ആയി ജീവിച്ചിരുന്ന വ്യക്തിക്ക് കൊടുത്ത് വിടേണം.

ഈജിപ്തില്‍ നിന്നും യിസ്രായേല്‍ ജനത്തെ വീണ്ടെടുത്ത് കനാന്‍ ദേശത്ത്‌ ആക്കിയത് യഹോവയായ ദൈവം ആയതിനാല്‍ അവര്‍ക്കായി പ്രമാണങ്ങള്‍ കല്‍പ്പിക്കുവാന്‍ ദൈവത്തിന് അവകാശം ഉണ്ടായിരുന്നു.
മിസ്രയെമ്യരില്‍ നിന്നും പൊന്നും വെള്ളിയും വാങ്ങി സമ്പന്നതയോടെ ആണ് യിസ്രായേല്‍ അടിമദേശം വിട്ട് പുറപ്പെട്ട് പോന്നത്.
അത് സാധ്യമാക്കിയ യഹോവയായ ദൈവത്തോട് അവര്‍ക്ക് നന്ദി ഉണ്ടായിരിക്കേണം.
അതുകൊണ്ട് ഒരു അടിമയും അവന്‍ സ്വതന്ത്രന്‍ ആക്കപ്പെടുമ്പോള്‍ വെറുംകൈയോടെ പോകുവാന്‍ പാടില്ല.

ആവര്‍ത്തനപുസ്തകം 15: 16 ല്‍ വീണ്ടെടുപ്പു പ്രക്രിയയിലെ ഒരു പ്രധാനപ്പെട്ട സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ അടിമകളുടെ യജമാനന്മാരെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
ഒന്ന് ക്രൂരനായ യജമാനനും മറ്റൊന്ന് സ്നേഹസമ്പന്നന്നായ യജമാനനും.

ക്രൂരനായ യജമാനന്‍ അടിമയോട് കഠിനമായി പെരുമാറും.
ക്രൂരനായ യജമാനന്റെ കീഴില്‍ അടിമയ്ക്ക് അരക്ഷിതാവസ്ഥയും ദാരിദ്ര്യവും വിശ്രമരാഹിത്യവും മാത്രമേ ഉള്ളൂ.
ക്രൂരനായ യജമാനന്റെ ഏക ലക്ഷ്യം മോഷ്ടിക്കുക കൊള്ളയടിക്കുക കൊല്ലുക എന്നത് മാത്രം ആണ്.
അയാളുടെ കീഴില്‍ അടിമ ആറു വര്‍ഷക്കാലം ജീവിച്ചു എന്നതുതന്നെ അതിശയമാണ്.

ഇവിടെ നിന്നും മുന്നോട്ടു പോകുന്നതിനുമുമ്പ് നമ്മള്‍ ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്.
വീണ്ടെടുപ്പു എന്നാല്‍ യജമാനന്മാരുടെ മാറ്റം ആണ്.
വീണ്ടെടുപ്പു എന്നാല്‍ ക്രൂരനായ ഒരു യജമാനന്റെ അടിമത്തത്തില്‍ നിന്നും സ്നേഹസമ്പന്നനായ ഒരു യജമാനന്റെ അടിമത്തത്തിലെക്കുള്ള മാറ്റം ആണ്.
അതുകൊണ്ടാണ് യിസ്രായേലിനെ ദൈവം, ദൈവത്തിന്റെ അടിമകള്‍ എന്ന് വിളിച്ചത്.

ലേവ്യപുസ്തകം 25: 55  യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ഈജിപ്തിലെ ക്രൂരന്മാരായ യജമാനന്മാരില്‍ നിന്നും യിസ്രായേല്‍ ജനത്തെ ദൈവം സ്നേഹസമ്പന്നനായ ദൈവത്തിന്റെ അടിമത്തത്തിലേക്കു വീണ്ടെടുക്കുക ആണ് ചെയ്തത്.
യജമാനന്മാരുടെ ഈ മാറ്റം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

രണ്ടാമതൊരു തരം യജമാനന്മാര്‍ ഉണ്ട് എന്ന് ഇതിനോടകം മനസ്സിലായി കാണുമല്ലോ.
സ്നേഹവാനായ ഈ യജമാനന്‍ അടിമകളെ സ്നേഹിക്കുകയും അവര്‍ക്കായി കരുതുകയും ചെയ്യും.
അവന്‍ തന്റെ അടിമകളെ, അടിമകളായിട്ടല്ല, മറിച്ച് സ്വതന്ത്രര്‍ ആയിട്ടാണ് കാണുന്നത്.
എന്ന് പറഞ്ഞാല്‍, ഒരുവന്‍ അടിമ ആണ് എങ്കിലും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നു.
ഇതു നമ്മളുടെ സ്നേഹവാനായ യജമാനനായ ക്രിസ്തുവുമായുള്ള നമ്മളുടെ ബന്ധത്തെ കാണിക്കുന്നു.

ശബ്ബത്ത് വര്‍ഷത്തിലും യോബേല്‍ സംവത്സരത്തിലും ഒരു അടിമയോട്‌ ഉള്ള ബന്ധത്തില്‍ ഉള്ള പ്രമാണങ്ങള്‍ രണ്ടു തരം യജമാനന്മാര്‍ക്കും ഒരുപോലെ ബാധകം ആണ്.
ശബ്ബത്ത് വര്‍ഷത്തിലും യോബേല്‍ സംവല്‍സരത്തിലും അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കും.
പാപപരിഹാര യാഗത്തിന്റെ ദിവസം പ്രത്യേകം തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു കാഹളധ്വനി ദേശമെല്ലാം മുഴങ്ങും.
അടിമകള്‍ നാളുകളായി കാത്തിരുന്ന സമയം ഇതാണ്; ഇതാണ് അവരുടെ സ്വാതന്ത്ര്യത്തിന്റെ മഹാധ്വനി.
അവരുടെ എല്ലാ കടങ്ങളും റദ്ദാക്കപ്പെട്ടു; അവരുടെ ദേശം തിരികെ ലഭിച്ചു; സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഈ ചരിത്ര നിമിഷത്തില്‍ മുകളില്‍ നമ്മള്‍ പറഞ്ഞ രണ്ടുതരം യജമാനന്മാരുടെ കീഴില്‍ ഉണ്ടായിരുന്ന അടിമകള്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഈ പഠനത്തിന്റെ കാതല്‍.
തീര്‍ച്ചയായും ക്രൂരനായ യജമാനന്റെ കീഴില്‍ ആയിരുന്ന അടിമ സന്തോഷത്താല്‍ തുള്ളിച്ചാടികൊണ്ട് സ്വാതന്ത്ര്യത്തിലേക്ക് ഓടി പോകും.
യജമാനനോട് നന്ദി പറയുവാനോ യാത്ര പറയുവാനോ പോലും അവന്‍ നിന്നു എന്ന് വരിക ഇല്ല.
അവന്‍ ഇനി ഒരിക്കലും മടങ്ങി വരുക ഇല്ല; അല്ലെങ്കില്‍ മടങ്ങി വരുവാന്‍ ആഗ്രഹിക്കുക ഇല്ല.

ഇതേ കാഹളധ്വനി കേട്ടപ്പോള്‍ സ്നേഹവാനായ രണ്ടാമത്തെ യജമാനനും തന്റെ അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
തന്റെ വിളവിന്റെയും കന്നുകാലികളുടെയും, മുന്തിരി ഫലത്തിന്റെയും ഒരു ഭാഗം നല്ല മനസ്സോടെ നല്‍കി അദ്ദേഹം അടിമകളെ യാത്ര ആക്കുക ആണ്.
യാതൊരു നിയന്ത്രണവും കൂടാതെ അദ്ദേഹം എല്ലാ അടിമകളെയും സ്വതന്ത്രര്‍ ആക്കി.

എന്നാല്‍ അടിമ അദ്ദേഹത്തെ വിട്ടുപോകുവാന്‍ തയ്യാറാകുന്നില്ല.
തന്റെ യജമാനനെ വിട്ട് പോകുവാന്‍ അടിമയ്ക്ക് താല്‍പ്പര്യം ഇല്ല.
തന്റെ യജമാനനെ അടിമ അത്ര അധികം സ്നേഹിക്കുന്നു.
ഇതിലും അധികം സംരക്ഷണവും കരുതലും മറ്റൊരിടത്തുനിന്നും അയാള്‍ അനുഭവിച്ചിട്ടില്ല.
അതുകൊണ്ട് തന്റെ യജമാനന്റെ അടുക്കല്‍ അടിമയായി തുടരുവാന്‍ അയാള്‍ തീരുമാനിക്കുന്നു.
അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അടിമ അദ്ദേഹത്തെ വിട്ട് പിരിയാതിരിക്കുന്നത്.

അങ്ങനെ ഒരു അടിമ തീരുമാനിക്കുന്നു എങ്കില്‍ യജമാനന്‍ അയാളെ എന്നന്നെക്കുമായുള്ള അടിമയായി സ്വീകരിക്കേണം.
യജമാനന്‍ അയാളുമായി ദൈവസന്നിധിയിലേക്ക് പോകേണം.

ആവര്‍ത്തനപുസ്തകം 15: 16, 17 
16  എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ
17 നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.

പുറപ്പാടു പുസ്തകം 21 -)൦ അദ്ധ്യായത്തില്‍ ഒരു കാര്യം കൂടി നമുക്ക് കാണാവുന്നതാണ്.
 
പുറപ്പാടു 21: 6   യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.

അവനെ എന്നന്നേക്കുമായി അടിമയായി പ്രഖ്യപിക്കുവന്നാവാനായി യജമാനന്‍ ദൈവത്തിന്റെ അനുവാദത്തിനും അനുഗ്രഹത്തിനുമായി ദൈവസന്നിധിയില്‍ നില്‍ക്കുക ആണ്.
ഇതു യജമാനനും അടിമയ്ക്കും ദൈവത്തിനും ഇടയിലുള്ള ഒരു ഉടമ്പടി ആണ്.

ഇവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
യജമാനന്‍ ഒരു സൂചി എടുത്തു അടിമയുടെ കാതു വീടിന്റെ വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം.

ഇതിന്റെ അര്‍ത്ഥം ഇതാണ്:

·         ഇനി മുതല്‍ ഈ അടിമ യജമാനന്റെ ഭവനവുമായി ബന്ധപ്പെട്ടിരിക്കും.
·         യജമാനന്റെ എല്ലാ കല്‍പ്പനകളും കേട്ടു ശരിയായി അനുസരിക്കുവാന്‍ അവന്‍ തയ്യറായിരിക്കേണം.
·         യജമാനനോടുള്ള സ്നേഹം കൊണ്ട് മാത്രം യജമാനന്റെ അടിമയായി ജീവിതകാലം മുഴുവന്‍ തുടരുവാന്‍ ഈ അടിമ സ്വയം തീരുമാനിച്ചിരിക്കുന്നു എന്നതിന് കാതിലെ അടയാളം സാക്ഷി ആയിരിക്കും.

വീടിന്റെ വാതിലിനോടു ചേര്‍ത്തു അടിമയുടെ കാത് കുത്തിതുളക്കുന്നത് അവന്‍ ഇനി മുതല്‍ ആ വീടിന്റെ ഒരു ഭാഗം തന്നെ ആയിരിക്കും എന്ന് കാണിക്കുന്നു.
അവനെ എന്നന്നേക്കുമായി ആ കുടുംബത്തിലേക്ക് ദത്തെടുക്കുക ആണ്.

ഗലാത്യര്‍ 6:17   ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.

ഒരു യജമാനനും അടിമയും തമ്മില്‍ ഇതിനേക്കാള്‍ ശ്രേഷ്ടമായ ഒരു ബന്ധം സാധ്യമല്ല.
ഇനി മുതല്‍ അയാള്‍ കടബാധ്യതയാല്‍  സ്വയം വിലക്കപ്പെട്ട ഒരു അടിമ അല്ല; പൂര്‍ണ്ണമനസ്സോടെ യജമാനന്റെ കര്‍ത്തൃത്വത്തിനു കീഴില്‍ സ്വയം ഏല്‍പ്പിച്ചു കൊടുത്ത ഒരു സ്വതന്ത്രനായ മനുഷ്യന്‍ ആണ്.
ഇനി അവന്‍ കടബാധ്യതയില്‍ അല്ല; വീണ്ടെടുപ്പും പുനസ്ഥാപനവും സംഭവിച്ചു കഴിഞ്ഞു.
എന്നാല്‍ എല്ലാം തന്റെ സ്നേഹവാനായ യജമാന്റെ സംരക്ഷണത്തിനും കരുതലിനുമായി സമര്‍പ്പിക്കുവാന്‍ അവന്‍ തീരുമാനിക്കുക ആണ്.
യജമാനന്റെ കര്‍ത്തൃത്വം ആണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന് അവന്‍ മനസ്സിലാക്കി.

അക്കാലത്ത് സ്വതന്ത്രനായ ഒരു അടിമക്ക് യജമാനന്റെ കുടുംബത്തില്‍ ഉന്നതമായ സ്ഥാനം വഹിക്കുവാനും ഒരു കുടുംബാംഗത്തെപ്പോലെ ജീവിക്കുവാനും കഴിയുമായിരുന്നു.
അവര്‍ക്ക് ലഘുവായ ജോലികള്‍ മാത്രമേ ഉണ്ടായിരിക്കുക ഉള്ളൂ.
അബ്രഹാമിന്റെ അടിമയായ എല്യേസർ ഇതിനൊരു ഉദാഹരണം ആണ്.

·         എല്യേസര്‍ അബ്രഹാമിന്റെ അടിമ ആയിരുന്നു.
·         അവന്‍ അബ്രഹാമിന്റെ കാര്യസ്ഥന്‍ ആയിരുന്നു.
·         അബ്രഹാമിന് മകന്‍ ഉണ്ടാകുന്നതിന് മുമ്പ് അബ്രഹാമിന്റെ സകല സമ്പത്തിനും അനന്തര അവകാശി എല്യേസര്‍ ആയിരുന്നു.
·         അബ്രഹാമിന്റെ ഏക മകന് ഒരു വധുവിനെ കണ്ടെത്തുക എന്ന ഉത്തരവാദിത്തം അവനെ ആണ് ഏല്‍പ്പിച്ചത്.
 
പുതിയ നിയമത്തിലുള്ള പ്രാധാന്യം

ഇനി നമുക്ക് പുതിയ നിയമ കാലത്തില്‍ ഇതിന്റെ പ്രസക്തിയെക്കുറിച്ചു ചിന്തിക്കാം.

1 കൊരിന്ത്യര്‍ 7: 22   ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.

അപ്പോസ്തലായ പൗലോസ്‌ പറയുന്നതിതാണ്: നമ്മള്‍ ക്രിസ്തുവില്‍ ഒരേ സമയം സ്വതന്ത്രരും അടിമകളും ആകുന്നു.
നമ്മള്‍ ഇതുവരെയും വിശദീകരിച്ച പഴയനിയമ പൊരുള്‍ പുതിയ നിയമത്തില്‍ എത്തുമ്പോഴും രണ്ടു തരം യജമാന്മാരെയും നമുക്ക് കാണുവാന്‍ കഴിയും.
ക്രൂരനായ ഒരു യജമാനനായ പിശാചിന് നമ്മള്‍ അടിമകളായി വിലക്കപ്പെട്ടവര്‍ ആയിരുന്നു.
പാപം ഒരു മനുഷ്യനും വീട്ടുവാന്‍ കഴിയാത്ത ഒരു വലിയ കടമായി നമ്മളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു.
നമ്മളുടെ സന്തോഷവും സമാധാനവും ബന്ധങ്ങളും ഭൌതീക നന്മകളും എല്ലാം ക്രൂരനായ യജമാനായ പിശാച്ച് മോഷ്ടിച്ചും കൊള്ളചെയ്തും കൊണ്ടുപോയി.
നമ്മള്‍ അടിമകളായി നാശത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
ആര് നമ്മളുടെ കടം വീട്ടും എന്ന് അറിയാതെ നമ്മള്‍ നിലവിളിച്ചുകൊണ്ട് ജീവിച്ചു.

അപ്പോള്‍ നമ്മളുടെ ഒരു അടുത്ത ബന്ധു, പാപം ഒഴികെ സകലത്തിലും നമുക്ക് തുല്യനായ ഒരുവന്‍ വന്നു നമ്മളുടെ കടമെല്ലാം വീട്ടുകയും നമ്മളുടെ വീണ്ടെടുപ്പും പുനസ്ഥാപനവും സാധ്യമാക്കിതരുകയും ചെയ്തു.
നമ്മളുടെ ആത്മാവിന്റെ വീണ്ടെടുപ്പുവില തന്റെ സ്വന്ത രക്തത്താല്‍ അവന്‍ നല്‍കി.

യേശു നമ്മളുടെ ശബ്ബത്ത് ആണ്; വീണ്ടെടുപ്പ് ആണ്; നമ്മളുടെ പുനസ്ഥാപനം ആണ്, നമ്മളുടെ വിശ്രമം ആണ്.
സുവിശേഷം തെളിവോടെ പ്രസംഗിക്കപ്പെടുമ്പോള്‍, ദൈവത്തിന്റെ പ്രസാദവര്‍ഷം, യോബേല്‍ സംവത്സരം ആരംഭിക്കുക ആയി.
ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഖ്യപിക്കപ്പെടുമ്പോള്‍ കടങ്ങളില്‍ നിന്നുള്ള വീണ്ടെടുപ്പും ആത്മാക്കളുടെ വിടുതലും ക്രിസ്തുവില്‍ വിശ്രമവും ഉണ്ടാകും.

യോബേല്‍ സംവത്സരത്തിന്റെ മഹാകാഹളധ്വനി സകല മാനവ ജാതികള്‍ക്കും സ്വാതന്ത്ര്യം ആണ്.
ക്രൂരനായ യജമാനനെ ഉപേക്ഷിച്ച് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് പോകുവാനുള്ള സമയം ആണത്.
അതാണ്‌ സുവിശേഷം അര്‍ത്ഥമാക്കുന്നത്.

രക്ഷിക്കപ്പെട്ട നമ്മള്‍ ഇവിടെ മറ്റൊരു സുപ്രധാന കാര്യം കൂടി കാണുന്നു.
സുവിശേഷം നമുക്ക് നല്‍കിയ സ്വാതന്ത്ര്യം, രഹസ്യമായതോ പരസ്യമായതോ ആയ യാതൊരു നിയന്ത്രണവും ഇല്ലാത്തതാണ് എന്ന് നമുക്ക് അറിയാം.
ഒപ്പം തന്നെ സ്നേഹ സമ്പന്നനായ നമ്മളുടെ പുതിയ യജമാനന്റെ കീഴില്‍ അടിമയായി ജീവിക്കുന്നതാണ് കൂടുതല്‍ അര്‍ത്ഥവത്തായ സ്വാതന്ത്ര്യം എന്നും നമ്മള്‍ മനസ്സിലാക്കുന്നു.
നമ്മളുടെ വീണ്ടെടുപ്പുകാരനായ ക്രിസ്തു നമ്മളെ സ്നേഹിക്കുന്ന, കരുതുന്ന യജമാനന്‍ ആണ്.

തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്.
യജമാനന്‍ യാതൊരു നിര്‍ബ്ബന്ധവും വെക്കുന്നില്ല.
എന്നിട്ടും സ്നേഹമാകുന്ന നമ്മളുടെ യജമാനന്റെ അടുക്കലേക്ക്‌ നമ്മള്‍ സ്വയം പോകുക ആണ്.
നമ്മള്‍ക്ക് അവനോടുള്ള സ്നേഹം നമ്മള്‍ ഏറ്റുപറയുന്നു; നമ്മള്‍ സ്വമനസ്സാലേ അവനോടൊപ്പം ചേരുന്നു.

അപ്പോള്‍ നമ്മളുടെ സ്നേഹമാകുന്ന യജമാനന്‍ നമ്മളെ സര്‍വ്വശക്തനായ ദൈവത്തിന്റെ മുമ്പാകെ നിറുത്തും.
നമ്മള്‍ യജമാന്റെ എന്നന്നെക്കുമുള്ള അടിമയായി പ്രഖ്യാപിക്കപ്പെടും.
നമ്മളുടെ ശരീരത്തില്‍ യജമാനന്‍ തന്റെ അടയാളം പതിക്കും.
അങ്ങനെ അത് ഇനി ഒരിക്കലും മറാത്ത ഒരു ബന്ധമായി തീരുന്നു.

അതുകൊണ്ട്, നമ്മള്‍ ക്രിസ്തുവിന്റെ സ്വതന്ത്ര അടിമകള്‍ ആണ്, നിര്‍ബ്ബന്ധത്താലോ ഭയത്താലോ അല്ല.
യേശുവിനു നമ്മള്‍ എന്തെങ്കിലും കടം വീട്ടുവാന്‍ ഉള്ളതുകൊണ്ട് അടിമകള്‍ ആയിരിക്കുന്നതല്ല.
നമ്മള്‍ക്ക് യേശുവിനോടുള്ള സ്നേഹം നിമിത്തം നമ്മള്‍ അവന്റെ അടിമകള്‍ ആയിരിക്കുന്നു.
അവന്റെ കര്‍ത്തൃത്തത്തിന്‍ കീഴിലുള്ള ജീവിതം സംരക്ഷണവും അനുഗ്രഹവും വിശ്രമവും നിറഞ്ഞതാണ്‌.
നമ്മള്‍ ക്രിസ്തുവിനു വില്‍ക്കപ്പെട്ടിരിക്കുക അല്ല; സ്വയം സമര്‍പ്പിക്കപ്പെട്ടിരിക്കുക ആണ്.
ഈ ലോകത്തില്‍ യേശുവിനെപോലെ സ്നേഹസമ്പന്നനായ ഒരു യജമാനനെ വേറെ കണ്ടെത്തുവാന്‍ കഴിയുക ഇല്ലാ എന്നതിനാല്‍ നമ്മള്‍ യേശുവിന്റെ അടിമയായി ജീവിക്കുന്നു.

ഒന്ന് രണ്ടു വാചകങ്ങള്‍ കൂടി പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ.

ഒരു സ്വതന്ത്ര അടിമ എന്ന നിലയില്‍ യേശുവിന്റെ അടയാളം നമ്മള്‍ വഹിക്കുന്നു.
ഇതു ഒരു അടിമക്ക് അഭിമാനം ആണ്.
നമ്മളെ കാണുന്നവര്‍ മനസ്സിലാക്കും, നല്ലവനായ സ്നേഹവാനായ ഒരു യജമാനന്റെ സ്വതന്ത്രനായ അടിമയാണ് നമ്മള്‍.
ഈ യജമാനന്റെ അടുക്കല്‍ നിന്നും വിട്ടുപോകുവാന്‍ ആരും ആഗ്രഹിക്കുന്നില്ല.
യജമാനന്റെ അടിമത്തം സാക്ഷാല്‍ സ്വാതന്ത്ര്യം ആണ്.

യജമാനന്റെ പ്രത്യേക അടയാളം നമ്മളുടെമേല്‍ ഉള്ളതിനാല്‍ നമ്മള്‍ യേശുവിന് ബഹുമാന്യമാകും വണ്ണം ജീവിക്കേണം.
നമ്മളുടെ ജീവിതം യേശുവിനെ ബഹുമാനിക്കുന്നതും യേശുവിന്റെ സാക്ഷ്യവും ആയിരിക്കേണം.
നമ്മളുടെ യജമാനന്‍ വിശുദ്ധന്‍ ആകയാല്‍ നമ്മളും വിശുദ്ധ ജീവിതം നയിക്കേണം.
നമ്മളുടെ യജമാനന്‍ സ്നേഹസമ്പന്നന്‍ ആയതിനാല്‍ നമ്മളും സ്നേഹസമ്പന്നര്‍ ആയിരിക്കേണം.
നമ്മളുടെ യജമാനന്‍ മറ്റുള്ളവര്‍ക്കായി കരുതുന്നവന്‍ ആകയാല്‍ നമ്മളും മറ്റുള്ളവരെ കരുതുന്നവര്‍ ആയിരിക്കേണം.

അതുകൊണ്ട് വിശുദ്ധവും സ്നേഹവും കരുതലും നിറഞ്ഞ ഒരു ജീവിതം നമുക്ക് നയിക്കാം.


No comments:

Post a Comment