എന്താണ് ആത്മീയ യുദ്ധം?
സാത്താന്യ ശക്തികളുമായുള്ള നിരന്തരമായ പോരാട്ടത്തെയാണ്
ആത്മീയ യുദ്ധം എന്നു വിളിക്കുന്നത്. ഇതിൽ ഒരു വശത്ത് ദൈവവും, സ്വർഗ്ഗീയ
ദൂതന്മാരുടെ സൈന്യവും നിൽക്കുമ്പോൾ, മറുവശത്ത് സാത്താനും, അവന്റെ സൈന്യവും നിൽക്കുന്നു.
സാത്താന്യ സൈന്യം സ്വർഗ്ഗത്തിൽ നിന്നും വീണുപോയ ദൂതന്മാരുടെ കൂട്ടം ആണ്. ഈ യുദ്ധം
മനുഷ്യരുടെ ജീവിതത്തെയും, ഭൌതീക മണ്ഡലത്തെയും സ്വാധീനിക്കുന്നു. അതിനാൽ ഇത്
മനുഷ്യർക്ക് പ്രധാനപ്പെട്ടതായി തീരുന്നു.
എല്ലാ സത്യവും സമാന്തരം ആണ് എന്നും ഈ ഭൂമിയിലെ എല്ലാ സത്യങ്ങള്‍ക്കും സമാന്തരമായ ഒന്ന് ആത്മമണ്ഡലത്തില്‍ സംഭവിക്കുന്നുണ്ട് എന്നുമുള്ള ചിന്ത ആത്മീയ യുദ്ധത്തിന്റെ അടിസ്ഥാനം ആണ്. എല്ലാം ആത്മമണ്ഡലത്തില്‍ സംഭവിക്കുകയും, അതിന് സമാന്തരമായത് ഭൌതീകമണ്ഡലത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ആത്മമണ്ഡലത്തില്‍ സംഭവിക്കാതെ യാതൊന്നും ഈ ഭൂമിയില്‍ സംഭവിക്കുന്നില്ല. ആത്മമണ്ഡലത്തിലെ സത്യം കൂടാതെ ഈ ഭൂമിയില്‍ യാതൊന്നിനും നിലനില്‍പ്പില്ല. സത്യം ആത്മമണ്ഡലത്തിലും അതിന്റെ പ്രതിഫലനം ഈ ഭൂമിയിലും സംഭവിക്കുന്നു. ആത്മ മണ്ഡലത്തിലെ യുദ്ധം ജയിക്കാതെ ഭൌതീക മണ്ഡലത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാദ്ധ്യമല്ല.
ഭൌതീക മണ്ഡലത്തിൽ സംഭവിക്കുന്നവയ്ക്ക് ഭൌതീക നിയമങ്ങൾ
ബാധകമാണ്. ആത്മ മണ്ഡലത്തിൽ സംഭവിക്കുന്നതിന് ആത്മ മണ്ഡലത്തിലെ നിയമങ്ങൾ ആണ്
ബാധകമായിരിക്കുന്നത്. ആത്മീയ നിയമങ്ങൾ ആത്മ മണ്ഡലത്തിലും, ഭൌതീക മണ്ഡലത്തിലും
ഒരുപോലെ ബാധകം ആണ്. അത് നിത്യവും, മാറ്റമില്ലാത്തതും, ദൈവീകവും ആണ്.
എല്ലാ സത്യവും സമാന്തരം ആണ് എന്നതിന്, യേശുക്രിസ്തുവിന്റെ
ക്രൂശ് മരണത്തെക്കുറിച്ചുള്ള പൌലൊസിന്റെ വെളിപ്പാട് ഒരു ഉദാഹരണം ആണ്. യഹൂദ
മഹാപുരോഹിതന്മാരുടെയും, റോമൻ സൈന്യത്തിന്റെയും പടയാളികളാൽ പിടിക്കപ്പെട്ടവനായി,
ക്രൂശിൽ കൊല്ലപ്പെട്ട ഒരു യേശുവിനെയാണ് ഭൌതീക തലത്തിൽ മനുഷ്യർ കാണുന്നത്. യേശു
മശീഹയാണ് എന്ന വാദം യഹൂദന്മാർ പൊതുവേ വിശ്വസിച്ചില്ല. അവൻ ഒരു ദൈവദൂഷകൻ ആണ് എന്നു
ആരോപിച്ചു യഹൂദന്മാർ അവനെ കൊന്നു. യേശു നിരപരാധിയാണ് എന്നു പ്രഖ്യാപിച്ചതിന് ശേഷം,
റോമൻ ഭരണകൂടം അവനെ ഒരു രാജ്യദ്രോഹിയെപ്പോലെ ക്രൂശിച്ചു. ക്രൂശ് വളരെ നിന്ദ്യമായ
ഒരു ശിക്ഷാ രീതിയായിരുന്നു. ദയനീയമായി, നിന്ദിതനായി, ഏറ്റവും ഭയാനകമായ രാജ്യദ്രോഹ
കുറ്റം ചുമത്തപ്പെട്ടവനായി, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു. അക്കാലത്ത്
മനുഷ്യർക്ക് ചിന്തിക്കുവാൻ കഴിയുന്ന ഏറ്റവും ക്രൂരമായ ശിക്ഷ യേശുവിന് ലഭിച്ചു.
ഇതാണ് ഭൌതീക തലത്തിൽ മനുഷ്യർ കാണുന്നത്.
എന്നാൽ യേശുവിന്റെ ക്രൂശ് മരണത്തേക്കുറിച്ച് അപ്പൊസ്തലനായ
പൌലൊസ്, ദൈവീക വെളിപ്പാടിൽ പ്രാപിച്ച സത്യം ഇങ്ങനെ ആയിരുന്നില്ല.
കൊലൊസ്സ്യർ
2:14-15
അതിക്രമങ്ങൾ
ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന
കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം
കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
പൌലൊസ് പറയുന്നത് ഇതെല്ലാം ആണ്:
1. ദൈവത്തിന് മനുഷ്യരോട് കൃപ തോന്നുവാൻ
പ്രതികൂലമായിരുന്ന ഒരു കയ്യെഴുത്തു യേശു മായിച്ചു ക്രൂശിൽ തറെച്ചു, മനുഷ്യരുടെയും
ദൈവത്തിന്റെയും ഇടയിൽ നിന്നും നീക്കിക്കളഞ്ഞു. മനുഷ്യരും ദൈവവും
തമ്മിലുണ്ടായിരുന്ന ശത്രുത്വം ഇല്ലാതെയാക്കി.
2. സാത്താന്യ വാഴ്ചകളെയും അധികാരങ്ങളെയും
ആയുധവർഗ്ഗം വെപ്പിച്ചു, അവരെ സമ്പൂർണ്ണമായി പരാജയപ്പെടുത്തി.
3. സാത്താന്യ ശക്തികളുടെ മേൽ ക്രൂശിൽ
ജയത്തിന്റെ ഉൽസവം ആഘോഷിച്ചു.
4. സാത്താന്യ ശക്തികൾ എന്നന്നേക്കുമായി
പരാജയപ്പെട്ടിരിക്കുന്നു എന്നു സകല മനുഷ്യർക്കും പരസ്യമായ കാഴ്ചയാക്കി.
യേശുക്രിസ്തുവിന്റെ ക്രൂശ് മരണം വിവരിക്കുന്ന സുവിശേഷകർ
ഇങ്ങനെയൊരു സംഭവം ക്രൂശിൽ നടന്നതായി പറഞ്ഞിട്ടില്ല. അവർ ഭൌതീക തലത്തിൽ എല്ലാ
മനുഷ്യരും കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ ആണ് വിവരിച്ചത്. എന്നാൽ ആത്മ
മണ്ഡലത്തിൽ ഇതിന് സമാന്തരമായും സത്യമായും മറ്റ് ചില ഭയങ്കര സംഭവങ്ങൾ
നടക്കുന്നുണ്ടായിരുന്നു. അത് മാനുഷിക ദൃഷ്ടികളാൽ ദർശിക്കുവാൻ കഴിയുന്നത് അല്ല.
അതിനാൽ അപ്പൊസ്തലനായ പൌലൊസ് അത് ആത്മ ദൃഷ്ടിയാൽ കണ്ടു, ഗ്രഹിച്ചു, നമ്മളോട്
വിവരിച്ചിരിക്കുന്നു.
യേശുക്രിസ്തുവിന്റെ മരണത്തിന് ശേഷം, ആത്മ മണ്ഡലത്തിലും,
ഭൌതീക മണ്ഡലത്തിലും, സംഭവിച്ചതും, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയതെല്ലാം,
യേശുക്രിസ്തുവിന്റെ ക്രൂശ് മരണം ആത്മ മണ്ഡലത്തിൽ എന്തായിരുന്നു എന്നതിനെ
അടിസ്ഥാനമാക്കിയാണ്. യേശുക്രിസ്തുവിന്റെ ക്രൂശ് മരണം ഭൌതീക മണ്ഡലത്തിൽ
സംഭവിച്ചതുപോലെ മാത്രം ആണ് എങ്കിൽ, യേശു പ്രസംഗിച്ച സുവിശേഷം ഒരു പരാജയപ്പെട്ട
മുന്നേറ്റമായി, അതോടെ അവസാനിച്ചെനെ. എന്നാൽ ആത്മ മണ്ഡലത്തിൽ സംഭവിച്ചത് ആണ് സത്യം
എന്നതിനാൽ, അവിടെ ഉണ്ടായ ജയോൽസവം ആത്മ മണ്ഡലത്തിലേയും, ഭൌതീക മണ്ഡലത്തിലേയും സകല
കാര്യങ്ങളെയും നിയന്ത്രിക്കുന്നു. ഈ ലോകത്തിന്റെ അന്ത്യവും, വിശ്വാസികളുടെ
നിത്യതയും തീരുമാനിക്കപ്പെടുന്നത് യേശുവിന്റെ ക്രൂശ് മരണം ആത്മ മണ്ഡലത്തിൽ
എന്തായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്.
ആത്മ മണ്ഡലത്തിലെ യുദ്ധം യാഥാർത്ഥ്യം ആണോ?
ആത്മ മണ്ഡലത്തിൽ വസിക്കുന്ന സാത്താന്യ ശക്തികളുമായി നമുക്ക്
പോരാട്ടം ഉണ്ട് എന്നു വേദപുസ്തകം പഠിപ്പിക്കുന്നു. ആത്മീയ യുദ്ധത്തിൽ
ഉപയോഗിക്കപ്പെടുന്ന ആയുധങ്ങൾ ഭൌതീക തലത്തിൽ ഉപയോഗിക്കപ്പെടുന്നത് അല്ല എന്നും ദൈവ
വചനം പറയുന്നു.
എഫെസ്യർ 6:12
നമുക്കു
പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും
അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ
ദുഷ്ടാത്മസേനയോടും അത്രേ.
കൊലൊസ്സ്യർ 1:13
നമ്മെ ഇരുട്ടിന്റെ
അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ
രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം
ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
യാക്കോബ് 4:7
ആകയാൽ നിങ്ങൾ
ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ
അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
1 പത്രൊസ് 5:8
നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ;
നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ
വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
2 കൊരിന്ത്യർ
10:3-4
ഞങ്ങൾ ജഡത്തിൽ
സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ
ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ
ശക്തിയുള്ളവ തന്നേ.
എഫെസ്യർ 6:13-18
അതുകൊണ്ടു നിങ്ങൾ
ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും
കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരെക്കു
സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം
കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും
കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന
ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകലപ്രാർത്ഥനയാലും
യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു
സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
ഈ വാക്യങ്ങൾ എല്ലാം ഒരു ആത്മീയ യുദ്ധത്തെക്കുറിച്ച്
സൂചിപ്പിക്കുന്നു. അത് യഥാർത്ഥത്തിൽ സാത്താനും ദൈവവും തമ്മിലുള്ള പോരാട്ടം ആണ്. എന്നാൽ ഇതിൽ മനുഷ്യർ ഒരു
പങ്കാളിയാണ്. കാരണം ഈ യുദ്ധം മനുഷ്യരുടെ ആത്മാക്കൾക്ക് വേണ്ടിയുള്ള പോരാട്ടം ആണ്.
ലൂക്കോസ് 22:31-32
ശിമോനേ, ശിമോനെ,
സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. ഞാനോ
നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ
ഉറപ്പിച്ചുകൊൾക.
ഇത് ഭൌതീക മണ്ഡലത്തിൽ സംഭവിച്ചതല്ല. പത്രൊസ് ഇങ്ങനെയൊരു
സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നു എന്നും, അതിൽ
യേശുക്രിസ്തു സാത്താനെ പരാജയപ്പെടുത്തി, പത്രോസിന്റെ വിശ്വാസത്തെ സൂക്ഷിച്ചു
എന്നും, ക്രിസ്തു വെളിപ്പെടുത്തി.
ആത്മീയ യുദ്ധത്തിന്റെ തലങ്ങൾ
ഒരു ക്രിസ്തീയ വിശ്വാസിയുടെ ആത്മീയ യുദ്ധത്തിന് രണ്ടു
തലമുണ്ട്. യുദ്ധം, ആത്മ മണ്ഡലത്തിലും, ഭൌതീക തലത്തിലും സംഭവിക്കുന്നു.
ആത്മീയ യുദ്ധം ഭൌതീക തലത്തിൽ, പാപത്തൊടുള്ള പോരാട്ടം ആണ്.
അത് പാപത്തെ എതിർത്തു നിൽക്കുന്നതാണ്. പോരാട്ടം, ലോകത്തോടും അതിന്റെ മോഹത്തോടും,
പ്രതാപത്തോടും ആണ്. ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തെയും, ആരാധനയെയും,
സമർപ്പണത്തെയും ചെറുക്കുന്ന എല്ലാറ്റിനോടും ഒരു ക്രിസ്തീയ വിശ്വാസിക്ക് ആത്മീയ
യുദ്ധം ഉണ്ട്.
2 കൊരിന്ത്യർ
10:5-6
അവയാൽ ഞങ്ങൾ
സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും
ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള
അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, നിങ്ങളുടെ അനുസരണം
തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ
ഒരുങ്ങിയുമിരിക്കുന്നു.
ആത്മീയ യുദ്ധം എപ്പോഴും പിശാചിന് എതിരെയാണ്. അത് ദൈവത്തോട്
അല്ല,
ദൈവത്തിൽ നിന്നും എന്തെങ്കിലും പോരാടി വാങ്ങുവാൻ അല്ല. ഒരു
ക്രിസ്തീയ വിശ്വാസിക്ക് ദൈവം നല്കുന്നതും, നല്കിയിരിക്കുന്നതും ആയ
പ്രാർത്ഥനയ്ക്കുള്ള മറുപടികൾ, പിശാചും അവന്റെ സൈന്യവും
തടഞ്ഞു വയ്ക്കാതെ നേടിയെടുക്കേണ്ടതിനായി, സാത്താന്യ
ശക്തികളുമായി നടത്തുന്ന പോരാട്ടം ആണ്. ഒരു വിശ്വാസിയുടെമേലും, ദേശത്തിന്റെ മേലും, ഈ ലോകത്തിന്റെമേലും, പിശാച് ചെലുത്തുവാൻ ശ്രമിക്കുന്ന അധികാരത്തോടുള്ള എതിർത്തു നിൽപ്പാണ്.
അതിനാൽ ഭൌതീക മണ്ഡലത്തിൽ ഒരു വിശ്വാസി പിശാചിനെ എതിർത്തു
നിൽക്കുന്നതുപോലെ തന്നെ, അവനെ ആത്മ മണ്ഡലത്തിലും എതിർത്തു നിൽക്കേണം. മറ്റൊരു
രീതിയിൽ പറഞ്ഞാൽ, ആത്മ മണ്ഡലത്തിൽ പിശാചിനോടു പോരാടി ജയിക്കാതെ ഭൌതീക മണ്ഡലത്തിൽ
അവനെ തോൽപ്പിക്കുവാൻ കഴിയുക ഇല്ല. കാരണം ആത്മ മണ്ഡലത്തിൽ സംഭവിക്കുന്നതാണ് സത്യം,
ഭൌതീക മണ്ഡലത്തിൽ നമ്മൾ കാണുന്നത് അതിന്റെ പ്രതിഫലനം മാത്രമാണ്. ഭൌതീക തലത്തിൽ
പാപത്തോടും പിശാചിനോടും എതിർത്തു നിൽക്കുന്നതും, ആത്മീയ മണ്ഡലത്തിലെ പോരാട്ടം
ആണ്.
ആത്മീയ യുദ്ധം മനുഷദൃഷ്ടികൾക്ക് ഗോചരീഭവിക്കാത്ത ആത്മ
മണ്ഡലത്തിലാണ് സംഭവിക്കുന്നത്. പോരാട്ടം ജഡരക്തങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന
മനുഷ്യരോട് അല്ല. ആത്മീയ ജീവികളോട് ആണ്. ആത്മീയ യുദ്ധം സാത്താന്യ ശക്തികൾക്ക് എതിരെയാണ്.
കാരണം അവർ ഭൌതീക മണ്ഡലത്തിൽ, മനുഷ്യരുടെമേലും, ദേശങ്ങളുടെ മേലും, ലോകത്തിന്റെ
ക്രമീകരണത്തിന്റെ മേലും അധികാരം ചെലുത്തുവാൻ ശ്രമിക്കുന്നു. പുതിയനിയമത്തിൽ
യേശുക്രിസ്തു സാത്താനെ മൂന്ന് പ്രാവശ്യം ഈ ലോകത്തിന്റെ പ്രഭു എന്നു
വിളിക്കുന്നുണ്ട്.
യോഹന്നാൻ 12:31
ഇപ്പോൾ ഈ
ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ
പുറത്തു തള്ളിക്കളയും.
യോഹന്നാൻ 14:30
ഞാൻ ഇനി
നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
യോഹന്നാൻ 16:11
നീതിയെക്കുറിച്ചും
ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
എഫെസ്യർ 2:1-10
അതിക്രമങ്ങളാലും
പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പെ ഈ
ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ
ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
പാർസിരാജ്യത്തിന്റെ
പ്രഭു
ആത്മീയ യുദ്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ദാനിയേൽ 10 ആം
അദ്ധ്യായത്തിൽ വിവരിക്കുന്ന സംഭവം ആണ്. ദാനിയേലിന്റെ പ്രാർത്ഥനയ്ക്കുള്ള മറുപടിയുമായി വരുന്നത് ഒരു സ്വർഗ്ഗീയ ദൂതൻ ആണ്.
12-13 വാക്യങ്ങളിൽ “പാർസിരാജ്യത്തിന്റെ പ്രഭു”, “പാർസിരാജാക്കന്മാരോടുകൂടെ”
എന്നിങ്ങനെയും, 20 ആം വാക്യത്തിൽ “യവന പ്രഭു” എന്നിങ്ങനെയും പറയുന്നുണ്ട്. കൂടാതെ,
13 ആം വാക്യത്തിൽ, “പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ” എന്നും സ്വർഗ്ഗീയ
ദൂതൻ പറയുന്നു. ഇതെല്ലാം ഇവിടെ വിവരിക്കുന്ന പോരാട്ടം ആത്മീയ ജീവികൾ തമ്മിലാണ്
എന്നും, എന്നാൽ അതിൽ മനുഷ്യർ പങ്കാളികൾ ആണ് എന്നും വ്യക്തമാക്കുന്നു.
ദാനിയേൽ 10:12-13
അവൻ എന്നോടു
പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ
തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ
താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യ ദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു;
നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു. പാർസി രാജ്യത്തിന്റെ
പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും
പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസി
രാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
ദാനിയേൽ 10:20
അതിന്നു അവൻ
എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ
അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസി പ്രഭുവിനോടു യുദ്ധംചെയ്‍വാൻ
മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
ചരിത്ര പശ്ചാത്തലം
ദാനീയേലിന്റെ പുസ്തകത്തിന്റെ ചരിത്ര പശ്ചാത്തലം യഹൂദ
ജനത്തിന്റെ ബാബേൽ പ്രവാസകാലം ആണ്. ദാനീയേലിന്റെ പുസ്തകത്തിന്റെ ആദ്യ വാക്യം
അതിന്റെ ചരിത്ര പശ്ചാത്തലം വ്യക്തമാക്കുന്നതാണ്. അത് ഇങ്ങനെയാണ്:
ദാനിയേൽ 1:1
യെഹൂദാ രാജാവായ
യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ
യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.
ബാബേൽ രാജാവായ നെബൂഖദ്നേസർ യഹൂദയെ ആക്രമിച്ചു കീഴടക്കിയതിന്റെ
ചരിത്രമാണ് ദാനിയേൽ സൂചിപ്പിക്കുന്നത്. നെബൂഖദ്നേസർ യെരൂശലേമിനെ കീഴടക്കി, ദൈവാലയത്തിലെ
ചില പാത്രങ്ങൾ അവന്റെ രാജ്യത്തിലേക്ക് എടുത്തുകൊണ്ടു പോയി. അവയെ ശിനാർദേശത്തു
(ബാബേൽ) ബാബേലിലെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു. അത് കൂടാതെ,
“അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ
സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ” യഹൂദ
യുവാക്കളെയും മറ്റ് ചിലരെയും ബാബേലിലേക്ക് പിടിച്ചുകൊണ്ട് പോയി. ഇങ്ങനെ
നെബൂഖദ്നേസർ പിടിച്ചുകൊണ്ടു പോയവരിൽ ദാനിയേൽ ഉം ഉണ്ടായിരുന്നു.
ബാബേൽ പട്ടണം യൂഫ്രട്ടീസ് നദിയുടെ തീരത്ത്
സ്ഥിചെയ്തിരുന്നു. ബാബേൽ പട്ടണത്തിന്റെ മറ്റൊരു പേര് ആയിരുന്നു, ശിനാർദേശം (Shinar). അത് കിഴക്കന്‍ രാജ്യങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്നു. ബാബേൽ പട്ടണത്തെ
വേദപുസ്തകത്തില്‍ “സ്വര്‍ണ്ണ നഗരം” എന്ന് വിളിക്കുന്നുണ്ട്. (യെശയ്യാവ് 14:4).
നെബൂഖദുനേസ്സര്‍ രണ്ടാമൻ രാജാവ് ഈ പട്ടണത്തെ ഒരു മഹാ സാമ്രജ്യമാക്കി മാറ്റി.
യെശയ്യാവ് 14:4
നീ
ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി!
സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
ബാബേലിന്റെ ചരിത്രം
ബാബേൽ രാജാവായിരുന്ന നബോപൊലാസ്സർ ന് ശേഷം അദ്ദേഹത്തിന്റെ
മകൻ നെബൂഖദ്നേസർ രണ്ടാമൻ, ബി. സി. 605 ൽ, ബാബേലിന്റെ രാജാവായി (Nabopolassar, ഭരണം, ബി. സി. 626-605, Nebuchadnezzar II).
നെബൂഖദുനേസ്സര്‍ രണ്ടാമൻ രാജാവ്, ബി. സി. 605 മുതല്‍ 562
വരെ, 43 വർഷങ്ങൾ, ബാബേൽ സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തി ആയിരുന്നു. ബാബേൽ
സാമ്രാജ്യത്തിന്റെ പുനസ്ഥാപനം, യഹൂദ രാജ്യത്തിന് വളരെ
പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. ബി. സി. 609 മുതൽ യഹൂദ, ഈജിപ്തിന്
കപ്പം കൊടുക്കുന്ന ആശ്രിത രാജ്യം ആയിരുന്നു. ബി. സി. 605 ൽ ബാബേൽ, ഈജിപ്തിനെ
പരാജയപ്പെടുത്തിയത്തിന് ശേഷം, യഹൂദ, ബാബേലിന് കപ്പം
കൊടുക്കുന്ന ആശ്രിത രാജ്യമായി. മാറി.
ബി. സി. 605 ൽ, യഹൂദ, എഫ്രയീം, ഫെനീഷ്യ, അരാമ്യർ എന്നിവർ ബാബേലിന് എതിരെ കലാപം
ഉണ്ടാക്കി (Judah, Ephraim, Phoenicians, Arameans). അക്കാലത്ത്
യെഹോയാക്കീം ആയിരുന്നു യഹൂദയുടെ രാജാവ് (Jehoiakim, the king of Judah, ഭരണം - ബി. സി. 609-598). നെബൂഖദ്നേസർ ഈ കലാപത്തെ പരാജയപ്പെടുത്തി,
യഹൂദയിൽ നിന്നും ജനസംഖ്യയുടെ വലിയ ഒരു ഭാഗത്തെ ബാബേലിലേക്ക്
പ്രവാസികൾ ആയി പിടിച്ചുകൊണ്ട് പോയി (ബി. സി. 605). ഈ
യുദ്ധത്തിൽ യെഹോയാക്കീം കൊല്ലപ്പെട്ടു എന്നു കരുതുന്നു. അവന്റെ മരണത്തിന് ശേഷം,
യെഹോയാക്കീം ന്റെ മകൻ യെഹോയാഖീൻ യഹൂദയുടെ രാജാവായി (Jehoiachin). എന്നാൽ യെഹോയാഖീൻ മൂന്ന് മാസം മാത്രമേ രാജാവായി ഇരുന്നുള്ളൂ.
ബാബേലിന്റെ അധിനിവേശത്തിനും കപ്പം കൊടുക്കുന്നതിനും എതിരെ, ബി.
സി. 597 ൽ യെഹൂദാരാജാവായ യെഹോയാഖീൻ, ബാബേൽ രാജാവിനെതിരെ
കലാപം ഉണ്ടാക്കി (Jehoiachin). അതിനാൽ, അതേ വർഷം, നെബൂഖദ്നേസർ യഹൂദയെ ആക്രമിച്ചു, കലാപത്തെ
പരാജയപ്പെടുത്തി. യെഹോയാഖീനെയും, അവന്റെ അമ്മയേയും, അവന്റെ ഭൃത്യന്മാരേയും, യഹൂദ പ്രഭുക്കന്മാരേയും,
ഷണ്ഡന്മാരേയും ബാബേലിലേക്ക് പിടിച്ചുകൊണ്ട്പോയി. നെബൂഖദ്നേസർ,
സിദെക്കീയാവുവിനെ യഹൂദയിലെ ഒരു പാവ
രാജാവാക്കി (Zedekiah, puppet king).
അതിന് ശേഷം യഹൂദ രാജാവായ സിദെക്കീയാവുവിന്റെ കാലത്ത്, ബാബേലിനെതിരെ,
വീണ്ടും ഒരു കലാപം ഉണ്ടായി. ഇതിനെതിരെ, ബി.
സി. 589 ഡിസംബര്‍ മാസം, ബാബേല്‍ സൈന്യം യഹൂദയെ ആക്രമിച്ചു.
ഇത് ഉപരോധവും യുദ്ധവുമായി 30 മാസങ്ങള്‍ നീണ്ടുനിന്നു. ബി. സി. 586 ല്‍ ബാബേല്‍
സൈന്യം യഹൂദയെ കീഴടക്കി, യെരൂശലേം പട്ടണത്തെയും
ദൈവാലയത്തെയും തകര്‍ത്തു. ബാബേൽ സൈന്യം അനേകം യഹൂദന്മാരെ ബാബേലിലേക്ക്
പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.
യഹൂദന്മാര്‍ ബാബേൽ പ്രവാസത്തിലേക്ക് പോയത് ഒരു
പ്രാവശ്യമായിട്ടല്ല എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. യഹൂദയില്‍ ബാബേലിനെതിരെ
കലാപങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാം അവര്‍ അതിനെ അടിച്ചമര്‍ത്തുകയും, കുറെ
യഹൂദന്മാരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. യഹൂദന്മാരെ മൊത്തമായി ഒരുകാലത്തും
ബാബേലിലേക്ക് കൊണ്ടുപോയതും ഇല്ല. ബാബേലിലേക്ക്, പതിനായിരം
പേരെ മാത്രമേ നാടുകടത്തി ഉള്ളൂ എന്നും, യഹൂദയിലെ, കഴിവും, നിപുണതയും ഉള്ളവരെയും, പുരോഹിതന്മാരെയും സമ്പന്നരേയും മാത്രമേ ബാബേലിലേക്ക് കൊണ്ടുപോയുള്ളൂ എന്നും ചരിത്രകാരന്‍മാര്‍
അഭിപ്രായപ്പെടുന്നു.
ബി. സി. 597 ല്‍ ആണ് ആദ്യമായി യഹൂദന്മാരെ
ബാബേലിലേക്ക് പിടിച്ചുകൊണ്ടു പോകുന്നത് എന്നാണ് മിക്ക പണ്ഡിതന്മാരുടെയും
അഭിപ്രായം. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവരും ഉണ്ട്. യിരെമ്യാവു
29:10 ല്‍ പറയുന്നത് അനുസരിച്ചു അവര്‍ 70 വര്‍ഷങ്ങള്‍ ബാബേലിൽ ആയിരുന്നു. അതിനാല്‍
ചില പണ്ഡിതന്മാർ, പ്രവാസ ജീവിതം ബി. സി. 608 മുതല്‍ 538 വരെ
ആയിരുന്നു എന്നും, മറ്റ് ചിലര്‍ ബി. സി. 586 മുതല്‍, രണ്ടാമത്തെ ദൈവാലയം യെരൂശലേമില്‍ പ്രതിഷ്ഠിച്ച 516 വരെ ആയിരുന്നു എന്നും
അഭിപ്രായപ്പെടുന്നു.
യിരെമ്യാവു 29:10
യഹോവ ഇപ്രകാരം
അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു
ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ
നിവർത്തിക്കയുള്ളു.
ദാനിയേൽ
ദാനിയേലിന്റെ ശുശ്രൂഷയുടെ ആരംഭ കാലം പറഞ്ഞുകൊണ്ടാണ് പുസ്തകം
ആരംഭിക്കുന്നത്. ദാനിയേലിന്റെ കാലത്തിന്റെ അവസാനം ദാനിയേൽ 1:21 ആം വാക്യത്തിൽ
പറയുന്നുണ്ട്.
ദാനിയേൽ 1:1
യെഹൂദാരാജാവായ
യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ
യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.
ദാനിയേൽ 1:21
ദാനീയേലോ കോരെശ്‌രാജാവിന്റെ
ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.
ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ദാനിയേലിന്റെ ശുശ്രൂഷാ കാലം
ബി. സി. 605 മുതൽ 539/538 വരെ ആയിരുന്നു എന്നു മനസ്സിലാക്കാം. അദ്ദേഹം,
പ്രവാചകന്മാരായ യിരേമ്യാവു, യേഹേസ്കേൽ, എന്നിവരുടെ സമകാലീനൻ ആയിരുന്നു (Jeremiah, Ezekiel), നെബൂഖദ്നേസർ
രാജാവ്, പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ടു പോയ യഹൂദന്മാരിൽ
ഒരാളായിരുന്നു ദാനിയേല്‍ (ബി. സി. 605). ദാനിയേലിന് ബാബേലിലെ
കൊട്ടാരത്തില്‍ പ്രത്യേക വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചു. നെബൂഖദ്നേസർ രാജാവിന്‍റെ
സ്വപ്നം വ്യാഖ്യാനിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ഉപദേഷ്ടാവായും
പ്രവാചകനായും ദാനിയേല്‍ മാറി.
വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ദാനിയേൽ
ബാബേലിലേക്ക് പ്രവാസത്തിൽ പോയത്, ബി. സി. 605 ൽ,
അദ്ദേഹത്തിന്റെ 17 ആം വയസ്സിൽ ആയിരുന്നിരിക്കേണം. ഒരു പക്ഷെ അദ്ദേഹം പ്രവാസത്തിൽ
പോയപ്പോൾ ഒന്നോ രണ്ടോ വയസ്സ് കൂടി ഇളപ്പമോ കൂടുതലോ ആയിരുന്നിരിക്കാം. ഈ കണക്ക്
വച്ചു കൂട്ടിയാൽ, ദാനിയേൽ എന്ന പുസ്തകം എഴുതുമ്പോൾ അദ്ദേഹത്തിന്
85 നും 90 നും ഇടയിൽ പ്രായമുണ്ടായിരുന്നു.
പാർസി സാമ്രാജ്യം
ബാബേൽ, ലൂദ്യ, ഈജിപ്റ്റ്, മേദ്യ എന്നിവ അക്കാലത്തു മദ്ധ്യപൂര്‍വ്വ ദേശത്തെ വലിയ രാജ്യങ്ങള്‍
ആയിരുന്നു (Lydia, Egypt,
Media). മേദ്യ രാജ്യത്തെ മാത്രമായി
വലിപ്പം കൊണ്ട് ഒരു സാമ്രാജ്യമായി കണക്കാക്കിയിരുന്നു. മേദ്യ രാജ്യത്തിന്‍റെ
ഘടകമായ ഇറാനിലെ ആറ് ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരു രാജ്യം ആയിരുന്നു പാര്‍സ്യ.
ഇവരെല്ലാം മേദ്യ രാജ്യത്തിന് കപ്പം കൊടുക്കേണമായിരുന്നു. ബി. സി. 559 ല്‍ കോരേശ്
രാജാവ് പാർസി രാജ്യത്തിന്റെ അധികാരത്തില്‍ വന്നു. ബി. സി. 553 ല്‍ അദ്ദേഹം മറ്റ്
ഗോത്ര വര്‍ഗ്ഗക്കാരെ ഒരുമിച്ചുകൂട്ടി മേദ്യ രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കി.
അങ്ങനെ പാര്‍സ്യ രാജ്യങ്ങളുടെ കൂട്ടായ്മ മേദ്യ രാജ്യത്തെ ബി. സി. 550 ല്‍
പിടിച്ചടക്കി. കോരേശും കൂട്ടരും മേദ്യ രാജ്യത്തിന്‍റെ നിയന്ത്രണത്തിന്‍
കീഴിലുണ്ടായിരുന്ന എല്ലാ രാജ്യങ്ങളുടെയും അധികാരം പിടിച്ചെടുത്തു. അങ്ങനെ
മേദ്യ-പാര്‍സി സാമ്രാജ്യം ഉടലെടുത്തു.
കോരേശ് മേദ്യ-പാര്‍സ്യ സാമ്രാജ്യത്തെ വിശാലമാക്കി. ബി. സി.
539 ല്‍,
ബാബേൽ രാജാവായിരുന്ന ബേൽശസ്സറിന്റെ കാലത്ത്, കോരേശ്
ബാബേൽ സാമ്രാജ്യം പിടിച്ചെടുത്തു. അങ്ങനെ യഹൂദ, മേദ്യ-പാർസി
സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയി. കോരെശ് ഒരു ബഹുദൈവ വിശ്വാസി ആയിരുന്നതിനാല്‍,
അവന്‍ യഹോവയായ ദൈവത്തെ ആരാധിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല.
അതിനാല്‍, യെരൂശലേം ദൈവാലയം പുതിക്കി പണിയുവാന്‍ യഹൂദന്‍മാര്‍ക്ക്
അവന്‍ അധികാരം നല്കി. പ്രവാസത്തിലുള്ളവര്‍ക്ക്
ആലയത്തിന്റെ പണിക്കായി തിരികെ പോകുവാനും അവന്‍ സ്വാതന്ത്ര്യം നല്കി. ഇത്
നെബൂഖദുനേസർ രാജാവു യെരൂശലേം ദൈവാലയത്തെ തകര്‍ത്തത്തിന്, ഏകദേശം
50 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചു.
ബി. സി. 529 ൽ, കോരെശ് ന്റെ മരണത്തിന് ഒരു വർഷം മുമ്പ്,
അദ്ദേഹത്തിന്റെ മകൻ കാംബിസെസ് രണ്ടാമനെ ബാബേലിന്റെ രാജാവാക്കി ഉയർത്തി (Cambyses II). സാമ്രാജ്യത്തിന്റെ മൊത്തം ചക്രവർത്തിയായി കോരെശ് തുടർന്നു. തുടർന്നു
ദാർയ്യാവേശ് ഒന്നാമൻ പാർസി സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായി (ഭരണം -
ബി. സി. സെപ്റ്റംബർ 522 – ഒക്ടോബർ 486).
ഗ്രീക്ക് (യവന) രാജാവായ, മഹാനായ അലക്സാണ്ടർ
ചക്രവർത്തി, ബി. സി. 333 ൽ ബാബേലിനെ കീഴടക്കി (Alexander
the Great). അദ്ദേഹം ബി. സി. 323 ൽ മരിക്കുന്നതു ഇവിടെ വച്ചാണ്.
ബാബേൽ ചക്രവർത്തിയായ നെബൂഖദ്നേസർ രണ്ടാമൻ, പാർസി
ചക്രവർത്തിമാരായ കോരെശ്, ദാർയ്യാവേശ് ഒന്നാമൻ, എന്നിവരുടെ കാലത്ത് ദാനിയേൽ ബാബേലിൽ
ഉണ്ടായിരുന്നു. അവരുടെ ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന് പ്രമുഖ സ്ഥാനവും
ഉണ്ടായിരുന്നു എന്നു കരുതാം.
ദാനിയേൽ 10 ആം അദ്ധ്യായം
കോരെശ് ബാബേലിനെ പടിച്ചടക്കിയ ശേഷം, ദാർയ്യാവേശ്
എന്നൊരാളിനെ, ബാബേലിന്റെ പ്രാദേശിക ഭരണകർത്താവായി നിയമിച്ചു (ദാനിയേൽ 9:1). രണ്ടു
കൊല്ലം കഴിഞ്ഞപ്പോൾ കോരെശ് തന്നെ ബാബേലിന്റെ ഭരണം ഏറ്റെടുത്തു (ദാനിയേൽ 10:1).
ദാനിയേൽ 9:1-2
കല്ദയ
രാജ്യത്തിന്നു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ
ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ, അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ,
ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു
തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു
കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.
ദാനിയേൽ 9 ആം അദ്ധ്യായത്തിലെ സംഭവങ്ങൾ നടക്കുന്നത് ദാർയ്യാവേശ്
ന്റെ ഭരണത്തിന്റെ ഒന്നാമത്തെ വർഷമാണ്. “യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു
സംവത്സരംകൊണ്ടു തീരും” എന്നുള്ള യിരെമ്യാവ് പ്രവാചകന്റെ പ്രവചന പ്രകാരം യഹൂദന്മാരുടെ
ബാബേൽ പ്രവാസ കാലം അവസാനിക്കാറായി എന്നു ദാനിയേൽ കണക്ക് കൂട്ടി (യിരേമ്യാവു 25: 11, 12;
29: 10-14). ഇതിനെക്കുറിച്ച് കൂടുതൽ വെളിപ്പാടിനായി ദാനിയേൽ
പ്രാർത്ഥനയിൽ ഇരുന്നു. യിരെമ്യാവിന്റെ പ്രവചനത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചു
നൽകേണ്ടതിന് ഗബ്രിയേൽ ദൂതൻ, അവന്റെ യാചനകളുടെ ആരംഭത്തിങ്കൽ
തന്നേ പ്രത്യക്ഷനായി. ഗബ്രിയേൽ ദൂതൻ 70 ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം
അറിയിച്ചു. അത് മശീഹയുടെ വരവിനെക്കുറിച്ച് ആയിരുന്നു.
ദാനിയേൽ 9: 23-24
നീ ഏറ്റവും
പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു
അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം
ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക. അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ
മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും
ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും
തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം
നിയമിച്ചിരിക്കുന്നു.
ദാനിയേൽ 10 ആം അദ്ധ്യായത്തിന്റെ സംഭവങ്ങൾ നടക്കുന്നത്
കോരെശ് രാജാവിന്റെ കാലത്താണ്.
ദാനിയേൽ 10:1
പാർസിരാജാവായ
കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത് ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം
വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു.
“പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ” എന്നത് ബി. സി. 536 ആണ്. രണ്ടു വർഷം മുമ്പ് ആണ് കോരെശ്, യഹൂദന്മാർക്കു
യെരൂശലേമിലേക്ക് തിരികെ പോകുവാനുള്ള അനുവാദം നല്കിയത്. എന്നാൽ അക്കാലത്ത് തിരികെ
പോയ യഹൂദരുടെ കൂട്ടത്തിൽ ദാനിയേൽ പോയില്ല. മറ്റ് ചില യഹൂദന്മാരും അപ്പോൾ തിരികെ
പോയില്ല. ബി. സി. 458 ൽ എസ്രായുടെ നേതൃത്വത്തിലും, ബി. സി.
445 ൽ നെഹെമ്യാവ് ന്റെ നേതൃത്വത്തിലും യഹൂദന്മാർ യെരൂശലേമിലേക്ക് തിരികെ പോയി. ഇതോടെയാണ്
ബാബേൽ പ്രവാസം പൂർണ്ണമായും അവസാനിച്ചത്.
ബി. സി. 539 ൽ ആണ് ബാബേൽ കോരെശിന്റെ ഭരണത്തിൽ ആകുന്നത്.
അതിന് ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞു, മൂന്നാമത്തെ വർഷം, അതായത് ബി. സി. 536 ൽ ആണ്
ദാനിയേൽ 10 ആം അദ്ധ്യായത്തിലെ സംഭവങ്ങൾ നടക്കുന്നത്. അപ്പോഴേക്കും ബാബേൽ
പ്രവാസത്തിൽ നിന്നും യെരൂശലേമിലേക്ക് തിരികെപോയ യഹൂദന്മാരുടെ ഒന്നാമത്തെ കൂട്ടം,
സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ പോയിക്കഴിഞ്ഞു.
ദാനിയേൽ 10:1
പാർസിരാജാവായ
കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത് ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം
വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു.
ദാനിയേലിന്റെ പ്രവചനങ്ങളുടെ അവസാന ഭാഗം ആണ് 10 ആം അദ്ധ്യായം
മുതൽ വിവരിക്കപ്പെടുന്നത്. ഇതിൽ ആത്മ മണ്ഡലത്തിൽ സംഭവിക്കുന്ന ആത്മീയ
പോരാട്ടത്തിന്റെ വെളിപ്പെടുത്തൽ ഉണ്ട്. ഈ പോരാട്ടങ്ങൾ ഭൌതീക തലത്തിലെ സംഭവങ്ങളെ
എങ്ങനെ ബാധിക്കുന്നു എന്നും വിവരിക്കുന്നു.
“ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു” എന്നാണ് 10:1 ൽ
പറഞ്ഞിരിക്കുന്നത്. അതായത് ഒരു ആത്മീയ മർമ്മം ദാനീയേലിന് വ്യക്തമായി മനസ്സിലായി. ഈ
ദർശനം ആയിരിക്കാം 11 ആം അദ്ധ്യായത്തിൽ വിവരിക്കുന്നത്. എന്നാൽ അത് “സത്യവും
മഹാകഷ്ടമുള്ളതും ആയിരുന്നു” എന്നു അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതിനെക്കുറിച്ച്
കൂടുതൽ ഗ്രഹിക്കുവാൻ അദ്ദേഹം ശ്രദ്ധയോടെ ദിവസങ്ങൾ ചിലവഴിച്ചു. ദർശനത്തിൽ ഗ്രഹിച്ച
“മഹാകഷ്ടം” കാരണം ആയിരിക്കാം, ദാനിയേൽ “മൂന്നു ആഴ്ചവട്ടം മുഴുവനും
ദുഃഖിച്ചുകൊണ്ടിരുന്നു”. ഈ കാലയളവിൽ അദ്ദേഹം “സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും
വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.”
(ദാനിയേൽ 10:2-3). അതായത് ദാനിയേൽ പശ്ചാത്താപത്തോടെ ദൈവ സന്നിധിയിൽ വേറിട്ട്
ഇരുന്നു. അതിന്റെ അടയാളമായി അവൻ “സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും
ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.”
മൂന്ന് ആഴ്ചവട്ടം കഴിഞ്ഞു, “ഒന്നാം മാസം ഇരുപത്തുനാലാം
തിയ്യതി” ദാനിയേൽ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കുമ്പോൾ (standing –
ESV), ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച
കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു (ദാനിയേൽ 10:4-5, Tigris
River, linen, Uphaz). “ഊഫാസ്” എന്നത് അക്കാലത്ത് ശുദ്ധമായ തങ്കത്തിന് പേരുകേട്ട ഒരു സ്ഥലം ആയിരിക്കേണം.
ഇവിടെ ദാനിയേൽ കാണുന്ന “പുരുഷൻ” ആരാണ് എന്നതിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ
ഉണ്ട്. 9 ആം അദ്ധ്യായത്തിൽ ദാനിയേൽ കാണുന്നത് ഗബ്രീയേൽ ദൂതനെയാണ് എന്നു
പറയുന്നുണ്ട് (9:27). എന്നാൽ 10 അദ്ധ്യായത്തിൽ കാണുന്ന “പുരുഷൻ” ആരാണ് എന്നു
പറയുന്നില്ല. ദാനിയേൽ 10:11 ആം വാക്യത്തിൽ അവൻ സ്വയം പരിചയപ്പെടുത്തുമ്പോഴും, “ഞാൻ
ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു” എന്നല്ലാതെ അവന്റെ
വ്യക്തിത്വത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ല.
അതിനാൽ ഇത് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയാണ് എന്ന ഒരു
അഭിപ്രായം ഉണ്ട്. 10:5-6 വാക്യങ്ങളിലെ വർണ്ണന ഒരു സ്വർഗ്ഗീയ ദൂതനെക്കാൾ
ക്രിസ്തുവിനാണ് ചേരുന്നത് എന്നു ചിലർ കരുതുന്നു. എന്നാൽ, “പാർസിരാജ്യത്തിന്റെ
പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു” എന്നത് യേശുക്രിസ്തുവിന്റെ
അധികാരത്തിനോട് ചേരുന്നില്ല. സാത്താന്യ ശക്തികളെ തോൽപ്പിക്കുവാൻ ക്രിസ്തുവിന്
മീഖായേൽ ദൂതന്റെ സഹായം ആവശ്യമില്ല. അതിനാൽ ദാനിയേൽ കണ്ട പുരുഷൻ ഒരു ഉന്നതനായ
സ്വർഗ്ഗീയ ദൂതൻ ആയിരിക്കുവാനാണ് സാദ്ധ്യത. സാധാരണയായി സ്വർഗ്ഗീയ സന്ദേശങ്ങൾ
മനുഷ്യരോട് അറിയിക്കുന്നത് ഗബ്രീയേൽ ദൂതൻ ആണ്. ദാനിയേൽ 9 ആം അദ്ധ്യായത്തിലും
ഗബ്രീയേൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനാൽ ഇവിടെയും ഗബ്രീയേൽ തന്നെയാണ്
പ്രത്യക്ഷമായത് എന്നു കരുതുന്നവരും ഉണ്ട്.
അതിനാൽ, ദാനിയേൽ കണ്ട ദൂതൻ ആരാണ് എന്നതിനെകുറിച്ച് അഭിപ്രായ
വ്യത്യാസങ്ങൾ നിലവിൽ ഉണ്ട് എങ്കിലും, ഇവിടെ തുടർന്നുള്ള പഠനത്തിൽ അദ്ദേഹം ഗബ്രിയേൽ
ദൂതൻ ആണ് എന്ന അനുമാനത്തിലാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
ദാനിയേൽ 10:12-13 വാക്യങ്ങളിൽ അവന്റെ വരവിന്റെ ഉദ്ദേശ്യം
അവൻ വെളിപ്പെടുത്തുന്നു.
ദാനിയേൽ 10:12-13
അവൻ എന്നോടു
പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ
തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ
താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു;
നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു. പാർസി രാജ്യത്തിന്റെ
പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും
പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസി
രാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
ഇത് ആത്മ മണ്ഡലത്തിൽ നടക്കുന്ന ഒരു ആത്മീയ യുദ്ധത്തിന്റെ
വിവരണം ആണ്. ദാനിയേൽ വേറിട്ട് ഇരിക്കുവാൻ തുടങ്ങിയ ആദ്യ ദിവസം തന്നെ, ദൈവം അവന്റെ
പ്രാർത്ഥന കേട്ടു, ഗബ്രിയേൽ ദൂതന്റെ പക്കൽ പ്രാർത്ഥനയ്ക്ക് മറുപടി കൊടുത്തുവിട്ടു.
ദാനിയേൽ 9:23 ലും ദാനിയേലിന്റെ “യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു,”
എന്നു നമ്മൾ വായിക്കുന്നു. അത് ഉടൻ തന്നെ ദാനീയേലിനെ സ്വർഗ്ഗീയ ദൂതനായ ഗബ്രീയേൽ
അറിയിച്ചു. അതിനാൽ അവിടെ പ്രാർത്ഥനക്കുള്ള മറുപടി താമസിക്കുന്നില്ല. എന്നാൽ 10 ആം
അദ്ധ്യായത്തിൽ പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുവാൻ ദാനിയേൽ 21 ദിവസം
കാത്തിരിക്കേണ്ടി വന്നു. അതിന്റെ കാരണമാണ് ദാനിയേൽ 10:12-13 വാക്യങ്ങളിൽ, ഗബ്രിയേൽ
ദൂതൻ വിശദീകരിക്കുന്നത്.
ദാനിയേലിന്റെ പ്രാർത്ഥനയക്ക് മറുപടിയുമായി വന്ന ദൂതനെ, 21
ദിവസങ്ങൾ, “പാർസി രാജ്യത്തിന്റെ പ്രഭു” തടഞ്ഞു നിറുത്തി. 21 ആം ദിവസം ആയിരിക്കേണം,
സ്വർഗ്ഗത്തിലെ പ്രധാന ദൂതൻ ആയ മീഖായേൽ, ഗബ്രിയേൽ ദൂതനെ സഹായിക്കുവാൻ എത്തി. അപ്പോൾ
അവൻ, മീഖായേൽ ദൂതനെ “പാർസി രാജാക്കന്മാരോടുകൂടെ” അവിടെ വിട്ടേച്ചു, ദാനീയേലിന്റെ
മറുപടി അവനെ അറിയിക്കുവാനായി വന്നു. ഇവിടെ 13 ആം വാക്യത്തിൽ, “പാർസി രാജ്യത്തിന്റെ
പ്രഭു” എന്നു ഏകവചനത്തിലും “പാർസി രാജാക്കന്മാരോടുകൂടെ” എന്നു ബഹുവചനത്തിലും
പറയുന്നു. ഇവർ സ്വർഗ്ഗീയ മണ്ഡലത്തിലെ ആത്മീയ ജീവികൾ ആയിരിക്കാം (The prince of
the kingdom of Persia, kings of Persia).
ദൂത് അറിയിച്ചതിനു ശേഷം സ്വർഗ്ഗീയ ദൂതൻ എന്ത് ചെയ്യും
എന്നും അവൻ ദാനീയേലിനെ അറിയിക്കുന്നുണ്ട്.
ദാനിയേൽ 10:20
അതിന്നു അവൻ
എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ
അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്‍വാൻ
മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
കൂടാതെ ഈ ദൂതൻ, “നിങ്ങളുടെ പ്രഭുവായ മീഖായേൽ” എന്നു പറഞ്ഞു
മീഖായേൽ ദൂതനെ പരിചയപ്പെടുത്തുമുണ്ട് (10:21). അതായത് ഗബ്രിയേൽ ദൂതനെ കൂടെ
കൂട്ടിയാൽ ഇവിടെ നാല് ആത്മീയ ജീവികളെ പരിചയപ്പെടുത്തുന്നു.
ഒന്ന് -
പാർസിരാജ്യത്തിന്റെ പ്രഭു
രണ്ടു -
പാർസിരാജാക്കന്മാർ
മൂന്ന് – മീഖായേൽ
ദൂതൻ - യിസ്രായേലിന്റെ പ്രഭു
നാല് - യവന പ്രഭു
ദാനിയേൽ വിവരിക്കുന്ന സംഭവം നടക്കുന്നത്, കോരെശ് രാജാവിന്റെ
കാലത്താണ്. അദ്ദേഹമാണ് മേദ്യ-പാർസി സാമ്രാജ്യത്തിന്റെ ഒന്നാമത്തെ രാജാവ്. അതിനാൽ
“പാർസി രാജാക്കന്മാർ” എന്നത് അദ്ദേഹത്തിന് ശേഷം വരുന്ന രാജാക്കന്മാർ ആയിരിക്കാം. കോരെശിന്റെ
കാലത്ത് ഉള്ള “പാർസി രാജ്യത്തിന്റെ പ്രഭു”വിനെപ്പോലെയുള്ള ആത്മീയ ജീവികൾ
അദ്ദേഹത്തിന് ശേഷം വരുന്ന രാജാക്കന്മാരുടെ കാലത്തും ഉണ്ടായിരിക്കും. അവർ
ആയിരിക്കാം “പാർസി രാജാക്കന്മാർ”. എന്നാൽ അവർ ഭാവിയിൽ വരുവാനിരിക്കുന്നതെയുളളൂ എന്നതിനാൽ,
ദാനിയേൽ 10:13 ൽ പറയുന്ന “പാർസി രാജാക്കന്മാർ”, “പാർസി രാജ്യത്തിന്റെ
പ്രഭു”വിനെപ്പോലെയുള്ള ആത്മീയ ജീവികൾ ആയിരിക്കേണം.
എന്നാൽ ഇതിന് മറ്റൊരു വിശദീകരണം കൂടിയുണ്ട്. “പാർസി രാജ്യത്തിന്റെ
പ്രഭു” വും, “പാർസി രാജാക്കന്മാർ”ഉം ഒരേ സമയം പരാമർശിക്കപ്പെട്ടിരിക്കുന്നു.
പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം ഗബ്രിയേൽ ദൂതനോടു എതിർത്തു നിന്നതും,
അവനെ സഹായിക്കുവാൻ മീഖായേൽ ദൂതൻ വന്നതും, ഗബ്രിയേൽ, മീഖായേലിനെ പാർസി രാജാക്കന്മാരോടുകൂടെ
അവിടെ വിട്ടേച്ചു പൊന്നതും ഒരേ സംഭവം തന്നെയാണ്. അതിനാൽ “പാർസി രാജ്യത്തിന്റെ
പ്രഭു”വിനെ സഹായിക്കുന്ന ഒരുകൂട്ടം ആത്മീയ ജീവികൾ ആയിരിക്കാം “പാർസി രാജാക്കന്മാർ”
എന്നതും. അവർ കോരെശ് രാജാവിന്റെ കാലത്തു തന്നെ പാർസി രാജ്യത്തിന് മേൽ നിയന്ത്രണം
ചെലുത്തുന്ന സാത്താന്യ ശക്തികൾ ആയിരിക്കാം.
പാർസിരാജ്യത്തിന്റെ പ്രഭു
ഇനി, ആരാണ് “പാർസി രാജ്യത്തിന്റെ പ്രഭു” എന്നു മനസിലാക്കാം.
“പാർസി രാജ്യത്തിന്റെ പ്രഭു” സ്വർഗ്ഗീയ ദൂതനോടു എതിർത്തു നിന്നത് ഈ ഭൂമിയൽ
സംഭവിച്ച കാര്യം അല്ല. “പാർസി രാജ്യത്തിന്റെ പ്രഭു”, “പാർസി രാജാക്കന്മാർ” എന്നീ
പ്രയോഗങ്ങൾ മനുഷ്യരെക്കുറിച്ച് അല്ല. ദാനിയേലിന്റെ പ്രാർത്ഥനയ്ക്കുള്ള
മറുപടിയുമായി വന്ന സ്വർഗ്ഗീയ ദൂതനെ ഭൂമിയിൽ മനുഷ്യർ ആരും എതിർത്തു നിന്നതായി
പറയുന്നില്ല. മനുഷ്യർക്ക് ദൂതന്മാരുടെ ദൌത്യത്തെ എതിർത്തു നിൽക്കുവാൻ സാദ്ധ്യമല്ല.
ഈ സംഭവത്തിന്റെ വിവരണങ്ങൾ ഭൌതീക മണ്ഡലത്തിൽ വച്ച് നടക്കുവാൻ സാധ്യതയുള്ളത് അല്ല.
അതിനാൽ ഇത് ആത്മ മണ്ഡലത്തിൽ എവിടെയോ വച്ച് നടന്ന സംഭവം ആണ്.
ആത്മ മണ്ഡലത്തിൽ വച്ചു സംഭവിക്കുന്ന കാര്യങ്ങളിൽ സജീവമായി പങ്കാളികൾ
ആകുന്നത് അവിടെ പ്രവേശിക്കുവാൻ കഴിയുന്നവർ ആണ്. അതിനാൽ ഈ സംഭവത്തിലെ
വ്യക്തിത്വങ്ങൾ എല്ലാം ആത്മീയ ജീവികൾ ആണ്.
“പാർസി രാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു
എതിർത്തുനിന്നു” എന്നതിൽ നിന്നും പാർസി രാജ്യത്തിന്റെ പ്രഭു
ദൈവത്തിനും, സ്വർഗ്ഗീയ ദൂതന്മാർക്കും എതിരെ നിൽക്കുന്ന ഒരു ആത്മീയ ജീവി ആണ് എന്നു
മനസ്സിലാക്കാം. (ദാനിയേൽ
10:13). അതിനാൽ അത് “അന്ധകാരത്തിന്റെ ലോകാധിപതികളും” “സ്വർല്ലോകങ്ങളിലെ
ദുഷ്ടാത്മസേനയും: ആണ് (എഫെസ്യർ 6:12). “പാർസിരാജ്യത്തിന്റെ
പ്രഭു”, “പാർസി രാജാക്കന്മാർ” എന്നിവർ പിശാചിനോടൊപ്പം സ്വർഗ്ഗത്തിൽ നിന്നും
വീണുപോയ ദൂതന്മാരിൽ ഒരുവനോ, ഒരു കൂട്ടമോ ആണ്. വീണുപോയ ദൂതന്മാരെക്കുറിച്ചുള്ള
പരാമർശങ്ങൾ വേദപുസ്തകത്തിൽ ഉണ്ട്.
യെശയ്യാവ് 14:12
അരുണോദയപുത്രനായ
ശുക്രാ,
നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ,
നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
ലൂക്കോസ് 10:18
അവൻ അവരോടു:
“സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.
വെളിപ്പാടു 12:4
അതിന്റെ
(മഹാസർപ്പം) വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി
ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു.
വെളിപ്പാടു 12:9
ഭൂതലത്തെ മുഴുവൻ
തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു
തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
“പാർസി രാജ്യത്തിന്റെ പ്രഭു”, “പാർസി രാജാക്കന്മാർ” എന്നീ
വാക്കുകളിലെ, പ്രഭു, രാജാക്കന്മാർ എന്നീ പദങ്ങൾ രാജകീയ അധികാരത്തെ
സൂചിപ്പിക്കുന്നു. അതായത് ഇവർക്ക് ആ പ്രദേശത്തിന്റെമേൽ രാജകീയ അധികാരങ്ങൾ
ഉണ്ടായിരുന്നു. “പാർസി രാജ്യത്തിന്റെ” എന്ന വാക്കിൽ നിന്നും അവരുടെ അധികാരം ഭൌതീക
തലത്തിലെ ഒരു പ്രത്യേക പ്രദേശത്തിന്റെമേൽ ഉള്ളത് ആയിരുന്നു എന്നു മനസ്സിലാക്കാം. ഇത്തരം
ദുഷ്ടാത്മ സേനയ്ക്ക്, ഭൌതീക തലത്തിലെ ഒരു പ്രത്യേക പ്രദേശത്തേക്ക് പ്രവേശിക്കുന്നതിൽ
നിന്നും, അവിടെ താമസിക്കുന്ന മനുഷ്യരോട് സംവാദിക്കുന്നതിൽ നിന്നും സ്വർഗ്ഗത്തിലെ
ദൂതന്മാരെപ്പോലും തടയുവാൻ കഴിയുമായിരുന്നു. എന്നാൽ, ഇതിനെ പോരാട്ടങ്ങളിലൂടെ
മറികടക്കുവാൻ, ദൂതന്മാർക്ക്
കഴിയുമായിരുന്നു. ഭൌതീക തലത്തിലെ ഒരു പ്രത്യേക പ്രദേശത്തിന്റെയോ, അവിടെ
താമസിക്കുന്ന ജനത്തിന്റെയോ മേൽ അധികാരം ഉള്ള സ്വർഗ്ഗീയ ദൂതന്മാർ ഉണ്ടായിരുന്നു
എന്നു ദാനിയേൽ 10:21 ആം വാക്യത്തിൽ പറയുന്നുണ്ട്. ഇവിടെ ഗബ്രിയേൽ “നിങ്ങളുടെ
പ്രഭുവായ മീഖായേൽ” എന്നു ദാനീയേലിനോടു ദൂതൻ പറയുന്നുണ്ട്. ഇതിൽ നിന്നും മീഖായേൽ, യിസ്രായേലിന്റെ
മേൽ അധികാരമുള്ള ഒരു സ്വർഗ്ഗീയ ദൂതൻ ആയിരുന്നു എന്നു അനുമാനിക്കാം.
ദാനിയേൽ 10:21
എന്നാൽ
സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ
മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.
“പാർസി രാജ്യത്തിന്റെ പ്രഭു”, “പാർസി രാജാക്കന്മാർ” എന്നീ
വാക്കുകളിൽ നിന്നും സാത്താന്യ ശക്തികൾക്ക് ഇടയിൽ അധികാര ശ്രേണിയും,
വിഭജിക്കപ്പെട്ട ഉത്തരവാദിത്തങ്ങളും ഉണ്ട് എന്നും കരുതാം. സ്വർഗ്ഗീയ ദൂതന്മാർക്ക്
ഇടയിലും അധികാര ശ്രേണിയുണ്ട് എന്നു പുതിയനിയമത്തിലെ വിവധ ഭാഗങ്ങളിൽ നിന്നും
അനുമാനിക്കാവുന്നതാണ്. യൂദാ 1:9 ല്‍ “പ്രധാന ദൂതനായ മിഖായേല്‍” എന്നു
പറയുന്നുണ്ട്. ദാനിയേല്‍ 10:13 ല്‍ മീഖായേലിനെ “പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തന്‍”
എന്നു വിളിക്കുന്നു. വെളിപ്പാടു 12:7 ല്‍ മീഖായേലും അവന്റെ ദൂതന്മാരും മഹാസര്‍പ്പത്തോടു
പടവെട്ടി ജയിക്കുന്നതായി വിവരിക്കപ്പെടുന്നു. 1 തെസ്സലൊനീക്യര്‍ 4:16 ല്‍ “കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു
ഇറങ്ങിവരികയും” ചെയ്യും എന്നു പറയുന്നു. എന്നാല്‍ ഇത് മീഖായേല്‍ ആണ് എന്നു പൌലൊസ്
പ്രത്യേകം പറയുന്നില്ല. മീഖായേലിനെ കൂടാതെ മറ്റൊരു പ്രധാന ദൂതന്‍ സ്വര്‍ഗ്ഗത്തില്‍
ഉണ്ടോ എന്നു നമുക്ക് നിശ്ചയമില്ല.
സാറാഫുകൾ ദൈവ
സന്നിധിയിൽ നിൽക്കുവാനായി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ദൂതന്മാർ ആണ് (seraph, യെശയ്യാവു 6:1-2). ഗബ്രിയേല്‍ ദൂതന്‍
എപ്പോഴും ദൈവത്തിന്റെ സന്ദേശവാഹകനായാണ് പ്രത്യക്ഷനാകുന്നത്. കെരൂബുകൾ ഒരു വിഭാഗം
സ്വർഗീയ ദൂതന്മാർ ആണ്. അവർക്ക് ദൈവം ഏല്‍പ്പിക്കുന്ന പ്രത്യേക ഉത്തരവാദിത്തങ്ങളും
ജോലികളും ഉണ്ട്. പാപം ചെയ്ത മനുഷ്യനെ ദൈവം ഏദന്‍ തോട്ടത്തില്‍ നിന്നും
ഇറക്കിക്കളഞ്ഞതിന് ശേഷം, “ജീവന്റെ
വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ
തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്‍പ്പത്തി
3:24). യെഹെസ്കേല്‍ ന്റെ
വിവരണത്തില്‍ ദൈവത്തിന്റെ സിംഹാസനം കെരൂബുകള്‍ക്ക് മീതെ സ്ഥാപിച്ചിരിക്കുന്നു.
“അവൻ കെരൂബിനെ വാഹനമാക്കി പറന്നു;” എന്നു സങ്കീര്‍ത്തനം 18:10 ല്‍ പറയുന്നു. യെഹെസ്കേല്‍ 28:11-19 വരെയുള്ള
സോര്‍ രാജാവിനെക്കുറിച്ചുള്ള വിലാപം, സാത്താന്റെ
വീഴ്ചയെക്കുറിച്ചാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതില്‍ 14 ആം വാക്യത്തില്‍, സാത്താന്‍, വീഴ്ചയ്ക്ക് മുമ്പ്, ഒരു കെരൂബ് ആയിരുന്നു എന്നു പറയുന്നുണ്ട്.
യെഹെസ്കേല്‍ 28:14
നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ
ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ
സഞ്ചരിച്ചുപോന്നു.
സ്വർഗ്ഗീയ ദൂതന്മാർക്ക് ഇടയിൽ ഉള്ളതുപോലെയോ, വ്യത്യസ്തമായോ
ഉള്ള അധികാര ശ്രേണിയും, ഉത്തരവാദിത്തങ്ങളുടെ വിഭജനവും വീണുപോയ ദൂതന്മാർക്ക്
ഇടയിലും ഉണ്ട് എന്നു ന്യായമായും അനുമാനിക്കാം. ദാനിയേലിന്റെ 10 ൽ പാർസി
രാജ്യത്തിന് മേൽ അധികാരം ഉള്ള ഒരു കൂട്ടം ദുഷ്ടാത്മാസേനയുണ്ടായിരുന്നു എന്നു
ഗ്രഹിക്കാം. ദാനിയേൽ 10:13 ൽ ആദ്യം ഒരുവനെക്കുറിച്ചും, പിന്നീട് ഒരു കൂട്ടത്തെക്കുറിച്ചും
പറയുന്നു.
ദാനിയേൽ 10:13 ൽ “പാർസി രാജ്യത്തിന്റെ പ്രഭു”, “പാർസി രാജാക്കന്മാരോടുകൂടെ”
എന്നത് ഒന്നിലധികം സാത്താന്യ ശക്തികളെക്കുറിച്ച് ആണ് പറയുന്നത് എങ്കിൽ, പാർസി രാജ്യത്തിന്റെ
പ്രഭു”, അപ്പോൾ രാജ്യം ഭരിച്ചിരുന്ന കോരെശ് ന്റെ കാലത്ത് പാർസി രാജ്യത്തിന്റെമേൽ
അധികാരം ഉണ്ടായിരുന്ന ദുഷ്ട ദൂതൻ ആണ്. “പാർസിരാജാക്കന്മാരോടുകൂടെ” എന്നത് കോരെശ്
ന് ശേഷം വരുവാനിരിക്കുന്ന രാജാക്കന്മാരുടെ കാലത്ത് പാർസി രാജ്യത്തിന് മേൽ
അധികാരമുള്ള ദുഷ്ടദൂതന്മാർ ആണ്. ഒരു പക്ഷെ, “പാർസി രാജാക്കന്മാരോടുകൂടെ” എന്നത്
പാർസി സാമ്രാജ്യത്തിന് മേൽ അധികാരമുള്ള ഒരു കൂട്ടം ദുഷ്ടാത്മ സേന അല്ലെങ്കിൽ
ദുഷ്ടദൂതന്മാരുടെ ഒരു കൂട്ടം ആകാം. അതിൽ പ്രധാനിയെ “പാർസി രാജ്യത്തിന്റെ പ്രഭു”
എന്നു വിളിച്ചത് ആകാം.
ദൈവത്തിന്റെ ദൂതനെ “പാർസി രാജ്യത്തിന്റെ പ്രഭു” 21 ദിവസങ്ങൾ
തടഞ്ഞു നിറുത്തി എന്നാണ് ദാനിയേൽ 10:12-13 വാക്യങ്ങളിൽ നിന്നും നമ്മൾ
മനസ്സിലാക്കുന്നത്. സ്വർഗ്ഗീയ ദൂതന്മാർ ശക്തന്മാർ ആണ്. എങ്കിലും അവർ “പാർസി രാജ്യത്തിന്റെ
പ്രഭു” എന്ന ദുഷ്ട ദൂതനെ കൊല്ലുന്നില്ല. മീഖായേൽ വന്നിട്ടും, സാത്താന്യ സൈന്യത്തെ
അവർ കൊല്ലുകയോ, ഓടിച്ചുകളയുകയോ ചെയ്യുന്നില്ല. സ്വർഗ്ഗീയ ദൂതന്മാർ ശക്തരാണ്
അവർക്ക് മനുഷ്യരുടെ സൈന്യത്തെ തകർക്കുവാനുള്ള ശക്തിയുണ്ട്. യഹൂദയെ
ആക്രമിക്കുവാനായി വന്ന അശ്ശൂർ പാളയത്തിലെ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം പേരെ ഒരു
സ്വർഗ്ഗീയ ദൂതൻ ഏകനായി കൊന്നു എന്നു 2 രാജാക്കന്മാർ 19:35 ൽ നമ്മൾ വായിക്കുന്നുണ്ട്.
2 രാജാക്കന്മാർ 19:35
അന്നു രാത്രി
യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർ പാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ
കൊന്നു;
ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു
കണ്ടു.
എന്നാൽ ഗബ്രിയേലോ, മീഖായേലോ, “പാർസി രാജ്യത്തിന്റെ പ്രഭു”
വിനെയോ, “പാർസി രാജാക്കന്മാ”രേയോ കൊല്ലുകയോ, നശിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ
ദാനിയേനിലുള്ള മറുപടി തടസ്സം നീക്കി എത്തിച്ചു കൊടുക്കുക മാത്രം ചെയ്യുന്നു. അതായത്
ദൈവ പ്രവർത്തിയെ തടസ്സം ചെയ്യുവാനുള്ള സാത്താന്റെ ശ്രമത്തെ സ്വർഗ്ഗീയ ദൂതന്മാർ
പരാജയപ്പെടുത്തി. അവർ ദൈവീക വിടുതലിനെ സ്വതന്ത്രമാക്കി. പ്രാർത്ഥനയ്ക്ക് ഉള്ള
മറുപടി ദാനീയേലിന് കൊടുത്തതിന് ശേഷം ഗബ്രിയേൽ ദൂതൻ തിരികെ വീണ്ടും “പാർസി രാജ്യത്തിന്റെ
പ്രഭു” വിന്റെയും മീഖായേൽ ദൂതന്റേയും അടുക്കൽ പോകും എന്നു പറയുന്നുണ്ട്. എന്നാൽ
ദുഷ്ടദൂതനെ ഇല്ലാതെയാക്കും എന്നോ, എന്നന്നേക്കുമായി തോൽപ്പിക്കും എന്നോ
പറയുന്നില്ല. “പാർസി രാജ്യത്തിന്റെ പ്രഭു” വിന് സ്വർഗ്ഗീയ ദൂതന്മാരെ
പരാജയപ്പെടുത്തുവാനും കഴിയില്ല. എന്നാൽ ഈ പോരാട്ടം തുടരും എന്ന സൂചനയും ഗബ്രിയേൽ
ദൂതൻ നല്കുന്നുണ്ട്. “പാർസി രാജ്യത്തിന്റെ പ്രഭു”വിന് ശേഷം വരുന്ന യവന
പ്രഭുവിനോടും പോരാട്ടം ഉണ്ട് എന്നു ഗബ്രിയേൽ സൂചിപ്പിക്കുന്നുണ്ട്.
ദാനിയേൽ 10:20
അതിന്നു അവൻ
എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ
അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്‍വാൻ
മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
“ഞാൻ ഇപ്പോൾ പാർസി പ്രഭുവിനോടു യുദ്ധംചെയ്‍വാൻ
മടങ്ങിപ്പോകും” എന്ന വാക്യത്തിൽ നിന്നും, “പാർസി രാജ്യത്തിന്റെ പ്രഭു” വിനോട്
മീഖായേൽ ദൂതൻ പോരാടി അവനെ തോൽപ്പിച്ചു എന്നന്നേക്കുമായി ഇല്ലാതെയാക്കുക ഇല്ല എന്നു
ഗ്രഹിക്കാം. ദാനിയേലിന്റെ മറുപടി അവന്റെ അടുക്കൽ എത്തുന്നതുവരെയും, ശേഷം ഗബ്രിയേൽ
ദൂതൻ തിരികെ ചെല്ലുന്നതുവരെയും, മീഖായേൽ സാത്താന്യ പ്രഭുവിനെ തടഞ്ഞു നിറുത്തി.
എന്നാൽ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. ഗബ്രിയേൽ ദൂതൻ ദാനീയേലിന് മറുപടി
എത്തിച്ചുകൊടുത്തത്തിന് ശേഷം, വീണ്ടും ഈ പോരാട്ടത്തിൽ ചേരുവാൻ തിരികെ പോകുന്നു.
എന്തുകൊണ്ടാണ് ഗബ്രിയേലോ, മീഖായേലോ, സാത്താന്യ ശക്തികളെ
നശിപ്പിക്കാതെ ഇരുന്നതു? യൂദാ എഴുതിയ ലേഖനത്തിലെ ഒരു വാക്യം ഈ വിഷയത്തിൽ നമുക്ക്
ഒരു സൂചന നല്കുന്നുണ്ട്.
യൂദാ 1:9
എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു
തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ
ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
അതായത് സാത്താനെ സമ്പൂർണ്ണമായി നശിപ്പിക്കുവാനുള്ള അധികാരം
ദൂതന്മാർക്കില്ല. അവരെ നശിപ്പിക്കുവാനുള്ള സമയം ആയിട്ടില്ല. വീണുപോയ ദൂതന്മാർ
അന്ത്യമായി ശിക്ഷിക്കപ്പെടുന്ന സമയം ഭാവിയിൽ വരുന്നതേയുള്ളൂ. അത് അന്ത്യ ന്യായവിധി
സമയമാണ്.
വെളിപ്പാട് 20:10
അവരെ (സാത്താനാൽ
വശീകരിക്കപ്പെട്ട ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികൾ) വഞ്ചിച്ച പിശാചിനെ മൃഗവും
കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ
എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
എന്നാൽ സ്വർഗ്ഗീയ ദൂതന്മാരും സാത്താന്യ ദൂതന്മാരും തമ്മിൽ
ആത്മ മണ്ഡലത്തിൽ യുദ്ധം നടക്കും. ഈ യുദ്ധം ആണ് ദാനിയേൽ 10 ൽ വിവരിക്കപ്പെടുന്നത്.
“പാർസി രാജ്യത്തിന്റെ പ്രഭു” വീണുപോയ ദൂതന്മാരിൽ ഒരുവൻ ആണ്.
അവൻ സാത്താന്റെ സേനയിലെ പ്രമുഖനായ ഒരു ദൂതൻ ആയിരിക്കേണം (prince of Persia). പാർസി രാജ്യത്തെ ആത്മ മണ്ഡലത്തിൽ നിയന്ത്രിക്കുന്നത് അവൻ ആണ്. അതിനാൽ ആണ്
അവനെ “പ്രഭു” (prince) എന്നു വിളിക്കുന്നത്.
യവന പ്രഭു
ദാനിയേൽ 10:20 ൽ “ഞാൻ പുറപ്പെട്ട ശേഷമോ, യവന
പ്രഭു വരും.” എന്ന പ്രസ്താവനയിൽ നിന്നും യവന സാമ്രാജ്യത്തിനെയും നിയന്ത്രിക്കുന്ന
ഒരു സാത്താന്യ പ്രഭു ഉണ്ട് എന്നു മനസിലാക്കാം. “നിങ്ങളുടെ പ്രഭുവായ മീഖായേൽ” എന്നു
ദാനീയേലിനോടു പറയുന്ന വാക്യത്തിൽ നിന്നും യിസ്രായേലിനെയും പരിപാലിക്കുന്ന,
ദൈവത്താൽ നിയമിതനായ ഒരു സ്വർഗ്ഗീയ ദൂതൻ ഉണ്ട് എന്നു അനുമാനിക്കാം (10:21). ഇത്
മീഖായേൽ ദൂതൻ ആണ്.
“പാർസി രാജ്യത്തിന്റെ പ്രഭു” വിന് ശേഷം “യവന പ്രഭു വരും”
എന്നു പറയുന്നത്, ആത്മ മണ്ഡലത്തിലെ പോരാട്ടം നിരന്തരം ഉള്ളതാണ്, അല്ലെങ്കിൽ
തുടരുന്നതാണ് എന്നു അർത്ഥമാക്കുന്നു. പാർസി സാമ്രാജ്യത്തിന് ശേഷം ബാബേലിനെ
കീഴ്പ്പെടുത്തിയത് ഗ്രീക്ക് സാമ്രാജ്യം ആണ്. മഹാനായ അലക്സാണ്ടർ ആയിരുന്നു ഗ്രീക്ക്
സാമ്രാജ്യത്തിന്റെ ചക്രവർത്തി. ബാബേൽ, ഗ്രീക്ക് സാമ്രാജ്യത്തിന് കീഴിൽ ആയപ്പോൾ,
യിസ്രായേലും, യഹൂദയും ഗ്രീക്ക്കാരുടെ അധീനതയിൽ ആയി.
പഴയ പാർസ്യ സാമ്രാജ്യം ഇറാനിൽ നിന്നും ഉദയം ചെയ്തതാണ്.
“പാർസി രാജ്യത്തിന്റെ പ്രഭു” ഇറാന്റെമേൽ അധികാരമുള്ള സാത്താന്യ ദൂതൻ ആണ്.
ദാനിയേലിന്റെ കാലത്ത് “പാർസി രാജ്യത്തിന്റെ പ്രഭു” യിസ്രായേലിന് എതിരായിരുന്നു.
ഇന്നും ഇറാൻ യിസ്രായേലിനെ എതിരാണ്. അതായത് ആത്മീയ യുദ്ധം, സാത്താനും കൂട്ടരും
സമ്പൂർണ്ണമായി നശിപ്പിക്കപ്പെടുന്നതുവരെ തുടരും.
പ്രാദേശിക അധികാര
ശക്തികൾ
2 രാജാക്കന്മാര്‍ 5: 17
അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു അടിയന്നു
തരുവിക്കേണമേ; അടിയൻ ഇനി
യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
നയമാന്‍ അരാം രാജ്യത്തിലെ സേനാപതി ആയിരുന്നു. അവന്‍
യുദ്ധവീരന്‍ ആയിരുന്നു എങ്കിലും, കുഷ്ഠരോഗി ആയിരുന്നു. അവൻ യിസ്രായേലിലെ
പ്രവാചകനായ എലീശയുടെ അടുക്കൽ സൌഖ്യത്തിനായി വന്നു. പ്രവാചകൻ പറഞ്ഞത് അനുസരിച്ചു,
യോര്‍ദ്ദാന്‍ നദിയില്‍ ഏഴു പ്രാവശ്യം കുളിച്ചു. അവന് സൌഖ്യം വന്നു.
അതിനാൽ, യഹോവയായ ദൈവത്തെ മാത്രമേ ഇനി ആരാധിക്കൂ എന്നു നയമാൻ
തീരുമാനിച്ചു. അവൻ തിരികെ എലീശയുടെ അടുക്കല്‍ ചെന്നു, രണ്ടു കാര്യങ്ങള്‍
ആവശ്യപ്പെട്ടു. അരാം രാജാവു അവന്റെ
ദേവനായ രിമ്മോന്റെ ക്ഷേത്രത്തിൽ പോകുമ്പോള്‍ നയമാനും സേനാനായകന്‍ ആയതിനാല്‍ കൂടെ
പോകേണം. രാജാവു ദേവനെ നമസ്കരിക്കുമ്പോള്‍ നയമാനും നമസ്കരിക്കേണം എന്നതാണു ചട്ടം.
യഹോവ ഈ കാര്യം ക്ഷമിക്കുമാറാകട്ടെ എന്ന പ്രാർത്ഥന നയമാന്‍ എലീശയുടെ മുമ്പാകെ
വെച്ചു. എലീശാ ഇത് അനുവദിച്ചുകൊടുത്തു. അവന്റെ രണ്ടാമത്തെ ആവശ്യമാണ് 2
രാജാക്കന്മാര്‍ 5:17 ൽ പറയുന്നത്.
നയമാൻ പറയുന്നത്
ഇതാണ്: അവന് യിസ്രായേലിലെ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു വേണം. അവൻ ഇനി
യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
യഹോവക്കുള്ള
ഹോമയാഗത്തിനും, ഹനനയാഗത്തിനും, യിസ്രായേലിലെ മണ്ണുമായി എന്താണ് ബന്ധം?
നയമാൻ അരാം
രാജ്യത്തെ സേനാധിപന്‍ ആയിരുന്നതിനാല്‍, യിസ്രയേലില്‍ ജീവിക്കുവാന്‍ കഴിയില്ല. അവൻ യഹൂദൻ ആയിരുന്നില്ല. അവന്
അവന്റെ രാജ്യത്തേക്ക് തിരികെ പോകേണം. യിസ്രായേലിനെ അവന് അവന്റെ രാജ്യത്തിലേക്ക്
കൊണ്ടുപോകുവാന്‍ കഴിയുക ഇല്ല. കുറച്ചു മണ്ണ് മാത്രമേ കൊണ്ടുപോകുവാന്‍ കഴിയൂ.
അന്നത്തെ പൊതുവായ വിശ്വാസം അനുസരിച്ചു, ദേവന്മാർക്ക്
രാജ്യങ്ങളുടെ മേൽ, പ്രാദേശികമായി അധികാരം ഉണ്ട്. അവരെ ആരാധിച്ചിരുന്നത് അവരുടെ
അധികാരത്തിന് കീഴിൽ ഉള്ള ദേശത്ത് ആയിരുന്നു. യിസ്രായേല്‍, യഹോവയായ ദൈവത്തിന്‍റെ ഭൂപ്രദേശവും, അരാം രാജ്യം
അവരുടെ ദേവനായ രിമ്മോന്‍റെ ഭൂപ്രദേശവും ആണ്. ഇരുവര്‍ക്കും അവരുടെ ദേശത്തിന്മേല്‍
അധികാരം ഉണ്ട്. ഇവര്‍ തമ്മില്‍ പോരാട്ടവും ഉണ്ട്. അതിനാല്‍ അരാം രാജ്യത്ത് യഹോവയയെ
ആരാധിക്കുവാന്‍ സാധ്യമല്ല. യഹോവയുടെ ദേശത്തിലെ മണ്ണ് വിശുദ്ധമായ മണ്ണ് ആണ്. അവിടെ
മാത്രമേ യഹോവയെ ആരാധിക്കാവൂ. അതുകൊണ്ടാണ് യഹോവയുടെ ദേശമായ യിസ്രായേലിലെ മണ്ണ്
നയമാന്‍ ആവശ്യപ്പെടുന്നതും കൊണ്ടുപോകുന്നതും. വിശുദ്ധ ഭൂമി എന്നത് യഹൂദാ
ദൈവശാസ്ത്രത്തിലെ പ്രധാനപ്പെട്ട കാഴ്ചപ്പാട് ആണ്. യഹോവയുടെ സാന്നിധ്യം ഉള്ള ദേശം
വിശുദ്ധമാണ്. ഇതാണ് നയമാന്റെ വാക്കുകളിലെ ആശയം.
ഭൂമി എല്ലാം
അതിന്റെ സൃഷ്ടാവായ ദൈവത്തിന്റേതാണ്. എങ്കിലും, യിസ്രായേലിന് അതിരുകൾ ഉള്ള ഒരു
പ്രത്യേക ഭൂപ്രദേശം ഉണ്ടായിരുന്നു. ദൈവം അബ്രാഹാമിനെ വിളിച്ച് ഒരു പ്രത്യേക
മനുഷ്യ വംശത്തെ തന്നെ രൂപീകരിച്ചു. അവര്‍ക്ക് ഒരു പ്രത്യേക ഭൂപ്രദേശം വാഗ്ദത്തമായി
നല്കി. അതിന് അതിരുകളും ദൈവം പ്രഖ്യാപിച്ചു. അങ്ങനെ യിസ്രായേല്‍ ദേശം വിശുദ്ധ
ദേശമായി മാറി. ഈ ദേശത്ത് മാത്രമേ യഹോവയായ ദൈവത്തിന് യാഗം അർപ്പിക്കുവാൻ
കഴിയൂ.
അബ്രഹാം കനാന്‍
ദേശത്തു എത്തിയ ശേഷം അവന്‍ താമസിച്ച രണ്ടു ഇടത്തും യാഗപീഠം പണിതു യഹോവയെ
ആരാധിച്ചു. ദേശത്തു ക്ഷാമം ഉണ്ടായപ്പോള്‍ അബ്രഹാം മിസ്ര്യയീമിലേക്ക് പോയി അവിടെ
അല്‍പ്പനാളുകള്‍ താമസിച്ചു. എന്നാല്‍
മിസ്രയീമില്‍ അവന്‍ യാഗ പീഠം പണിത് ദൈവത്തെ ആരാധിച്ചില്ല. മിസ്രയീമില്‍ ആയിരുന്ന
കാലത്ത് അബ്രാഹാമിന് ദൈവവുമായി യാതൊരു ആശയ വിനിമയവും ഉണ്ടായില്ല. കാരണം മിസ്രയീം
ദേശം യഹോവയായ ദൈവത്തിന്റെ വിശുദ്ധ ദേശം ആയിരുന്നില്ല.
യാക്കോബ് തന്റെ
വീട്ടില്‍ നിന്നു ഓടിപ്പോയപ്പോള്‍, യാത്രാ മദ്ധ്യേ, സൂര്യൻ അസ്തമിക്കകൊണ്ടു ഒരു
സ്ഥലത്ത് രാത്രിയില്‍ താമസിച്ചു. ഉറക്കത്തില്‍ അവൻ ഒരു ഗോവണിയും, അതില്‍ ദൈവത്തിന്റെ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും സ്വപ്നം
കണ്ടു. യാക്കോബ് ഉറക്കം ഉണര്‍ന്നപ്പോള്‍ പറഞ്ഞത് ഇങ്ങനെ ആണ്: “യഹോവ ഈ സ്ഥലത്തുണ്ടു
സത്യം; ഞാനോ അതു അറിഞ്ഞില്ല”. “ഇതു ദൈവത്തിന്റെ ആലയമല്ലാതെ
മറ്റൊന്നല്ല”. (ഉല്‍പ്പത്തി 28: 16,17). ഇവിടെയും നമുക്ക്, ദൈവത്തിന്നായി വേര്‍തിരിക്കപ്പെട്ട ഒരു സ്ഥലം എന്ന ആശയം കാണാം.
ഈ കാഴ്ചപ്പാട് നമ്മള്‍ സങ്കീര്‍ത്തനം 137 ല്‍ കാണുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലം, യിസ്രായേല്യരെ ബാബേലിലേക്ക് അടിമകളായായി
പിടിച്ചുകൊണ്ട് പോയ കാലമാണ്. ബാബേൽ നിവാസികള്‍ സീയോൻഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. എന്നാല്‍
4 ആം വാക്യം പറയുന്നു: “ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?”
സങ്കീര്‍ത്തനം
137:1-4
ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിന്റെ
നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. ഞങ്ങളെ
ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു
ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ
യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
ഇതായിരുന്നു യിസ്രയേല്യരുടെ ദൈവശാസ്ത്രം. ഈ ദൈവ ശാസ്ത്രം
അനുസരിച്ച് യിസ്രായേല്‍ ദേശത്തല്ലാതെ മറ്റൊരിടത്തും യഹോവയ്ക്ക് യാഗം കഴിക്കുവാനോ
യഹോവയെ ആരാധിക്കുവാനോ അവര്‍ക്ക് കഴിയുമായിരുന്നില്ല.
ഈ ആശയത്തിന്റെ
അടിസ്ഥാനം ലേവ്യപുസ്തകം 25:23 ൽ നമുക്ക് വായിക്കാം.
ലേവ്യപുസ്തകം
25:23
നിലം ജന്മം
വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ
എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ
അതായത് ദൈവം യിസ്രായേല്‍ ജനത്തിന് വീതം വച്ച് കൊടുത്ത ദേശം,
അവരുടേതാണ് എന്നു ചിന്തിച്ച് മറ്റുള്ളവര്‍ക്ക് വില്‍ക്കരുത്. യിസ്രായേല്‍ ദേശം
യഹോവയായ ദൈവത്തിന്റെ ദേശം ആണ്. അത് അവന്‍ ജാതികളില്‍ നിന്നും വേര്‍തിരിച്ച വിശുദ്ധ
ദേശം ആണ്.
പ്രാദേശികമായി
അതിര്‍ നിശ്ചയിക്കപ്പെട്ട ദേശങ്ങളില്‍ യഹോവയ്ക്കും ജാതീയ ദേവന്മാര്‍ക്കും വേര്‍തിരിച്ച
അധികാര മണ്ഡലം ഉണ്ട് എന്ന് അക്കാലത്ത് യിസ്രയേല്യരും ജാതീയരും ഒരുപോലെ
വിശ്വസിച്ചിരുന്നു. ഇത് ഒരു കാലഘട്ടത്തിലെ കാഴ്ചപ്പാടും ഒരു ചരിത്ര സംഭവവും ആത്മീയ
മര്‍മ്മവും ആണ്.ദേശങ്ങളുടെ മേൽ അധികാരം സ്ഥാപിക്കുവാൻ ഇന്നും സാത്താന്യ ശക്തികൾ
ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ആത്മീയ യുദ്ധവും
വിശ്വാസികളും
പുതിയനിയമ ക്രിസ്തീയ വിശ്വാസികൾക്കു ആത്മീയ യുദ്ധത്തിൽ പങ്കുണ്ടോ?
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടത് ആണ്.
ദാനിയേലിന്റെ അനുഭവത്തിൽ, 21 ദിവസങ്ങൾ ദാനിയേൽ തുടർച്ചയായി
പ്രാർത്ഥിച്ചുകൊണ്ടിരുന്നു. “പ്രാർത്ഥിച്ചു” എന്ന വാക്ക് അവിടെ ഉപയോഗിച്ചിട്ടില്ല.
എന്നാൽ “ദർശനത്തിന്നു ശ്രദ്ധവെച്ചു”, “മൂന്നു ആഴ്ചവട്ടം മുഴുവനും
ദുഃഖിച്ചുകൊണ്ടിരുന്നു”, “സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ
ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല”, “നിന്റെ ദൈവത്തിന്റെ മുമ്പാകെ
നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസം മുതൽ”, എന്നീ വാക്കുകൾ
അവൻ പ്രാർത്ഥനയിൽ ജാഗരിച്ചുകൊണ്ടിരുന്നു എന്നതിന്റെ തെളിവാണ് (ദാനിയേൽ 10:1-3, 12).
ദാനിയേൽ പശ്ചാത്താപത്തോടെ ദൈവ സന്നിധിയിൽ ഇരുന്നു. ദാനീയേലിന്നു വെളിപ്പെട്ട കാര്യത്തെക്കുറിച്ചുള്ള
ദർശനത്തിന്നു അവൻ ശ്രദ്ധവെച്ചു. ദാനിയേൽ നിരന്തരമായ, എരിവോടെയുള്ള പ്രാർത്ഥനയിൽ,
ആത്മീയ പോരാട്ടത്തിൽ പങ്കാളി ആയി.
എന്നാൽ ആത്മീയ യുദ്ധത്തിലെ പുതിയനിയമ വിശ്വാസിയുടെ പങ്ക്
അൽപ്പം വ്യത്യസ്തമാണ്. കാരണം യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്താൽ ആണ് ഒരുവൻ
വിശ്വാസി ആകുന്നത്. യേശുക്രിസ്തു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം ആണ്
രക്ഷയിലേക്ക് നടത്തിയത്. ക്രിസ്തുവിന്റെ ക്രൂശ് മരണം ആണ് രക്ഷ സാധ്യമാക്കിയത്. യേശുക്രിസ്തുവിന്റെ
ക്രൂശ് മരണം ഭൌതീക തലത്തിൽ എന്തായിരുന്നു എന്നതല്ല, അത് ആത്മ മണ്ഡലത്തിൽ
എന്തായിരുന്നു എന്നതാണ് ആത്മീയ യുദ്ധത്തിൽ ഗണിക്കപ്പെടുക. ക്രിസ്തുവിന്റെ ക്രൂശ്
മരണത്തിൽ ആത്മ മണ്ഡലത്തിൽ എന്താണ് സംഭവിച്ചത്, അതിന്റെ പരിണത ഫലമായി ക്രിസ്തുവിനും
അവനിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുന്ന മനുഷ്യർക്കും എന്ത് ലഭിക്കുന്നു എന്നതിന്റെ
അടിസ്ഥാനത്തിൽ ആണ് ഒരു ക്രിസ്തീയ വിശ്വാസിയുടെ, ആത്മീയ യുദ്ധത്തിലെ പങ്ക് നിർണയിക്കപ്പെടുന്നത്.
ഇത് വിശദീകരിക്കുന്ന ഒന്നിലധികം വേദഭാഗങ്ങൾ ഉണ്ട്.
കൊലൊസ്സ്യർ
2:14-15
അതിക്രമങ്ങൾ
ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന
കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം
കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
പൌലൊസ് പറയുന്നത് ഇതെല്ലാം ആണ്:
1.
ദൈവത്തിന് മനുഷ്യരോട് കൃപ തോന്നുവാൻ
പ്രതികൂലമായിരുന്ന ഒരു കയ്യെഴുത്തു യേശു ക്രൂശിൽ മായിച്ചു തറെച്ചു, മനുഷ്യരുടെയും
ദൈവത്തിന്റെയും ഇടയിൽ നിന്നും നീക്കിക്കളഞ്ഞു. ദൈവവും ക്രിസ്തുവിൽ
വിശ്വസിക്കുന്ന മനുഷ്യരും തമ്മിൽ നിരപ്പ് പ്രാപിച്ചു.
2.
സാത്താന്യ വാഴ്ചകളെയും അധികാരങ്ങളെയും
ആയുധവർഗ്ഗം വെപ്പിച്ചു, അവരെ സമ്പൂർണ്ണമായി പരാജയപ്പെടുത്തി.
3.
സാത്താന്യ ശക്തികളുടെ മേൽ ക്രൂശിൽ
ജയത്തിന്റെ ഉൽസവം ആഘോഷിച്ചു.
4.
സാത്താന്യ ശക്തികൾ എന്നന്നേക്കുമായി
പരാജയപ്പെട്ടിരിക്കുന്നു എന്നു സകല മനുഷ്യർക്കും പരസ്യമായ കാഴ്ചയാക്കി.
ആയതിനാൽ, ക്രിസ്തുവിൽ വിശ്വസിച്ച് രക്ഷ പ്രാപിച്ച ഒരു
വിശ്വാസിയെ സംബന്ധിച്ചിടത്തോളം, അവനും ദൈവവും തമ്മിൽ ഇപ്പോൾ ശത്രുത ഇല്ല. യേശുക്രിസ്തു
സാത്താന്യ ശക്തികളെ പരാജയപ്പെടുത്തി, അവരുടെ ആയുധങ്ങൾ പിടിച്ചെടുത്തു. ക്രൂശിൽ
യേശുക്രിസ്തു ആഘോഷിച്ച ജയോൽസവത്തിൽ വിശ്വാസിയും പങ്കാളിയാണ്. ക്രിസ്തു
ജയിച്ചതിനാൽ, ഓരോ രക്ഷിക്കപ്പെട്ട വിശ്വാസിയും സാത്താന്യ ശക്തികളെ
ജയിച്ചിരിക്കുന്നു.
ദാനിയേൽ ജയിക്കുവാനിരുന്ന ഒരു യുദ്ധത്തിന്റെ നിഷ്ക്രിയ
പങ്കാളി ആയിരുന്നു എങ്കിൽ പുതിയനിയമ വിശ്വാസി, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ജയിച്ചു
കഴിഞ്ഞ ഒരു യുദ്ധത്തിലെ സജീവ പങ്കാളി ആണ്. പുതിയനിയമ വിശ്വാസി യുദ്ധം
ജയിക്കുവാനായി പോരാടുന്നവൻ അല്ല, ജയത്തിൽ നിന്നും ജയത്തിലേക്ക് മുന്നേറുന്നവൻ ആണ്.
ഒരു ക്രിസ്തീയ വിശ്വാസി വിജയിക്കുവാനായി യുദ്ധം ചെയ്യുന്നവർ അല്ല, ജയത്തിൽ
നിന്നുകൊണ്ടു യുദ്ധം ചെയ്യുന്നവർ ആണ്. അവൻ ക്രിസ്തുവിൽ സാത്താന്റെമേലുള്ള ജയത്തെ ആഘോഷിക്കുകയും,
ഉറപ്പിക്കുകയും ആണ് ചെയ്യുന്നത്. ഇത് ആത്മീയ യുദ്ധത്തിലെ ഒരു പ്രധാന തത്വം ആണ്.
ക്രൂശിൽ സാത്താന്റെമേൽ ജയം ഘോഷിച്ച യേശുക്രിസ്തുവിന്റെ
ഇപ്പോഴത്തെ സ്ഥാനത്തേകുറിച്ച് യേശുവും, അപ്പൊസ്തലനായ പൌലൊസും പറയുന്നത്
ഇങ്ങനെയാണ്.
മത്തായി
28:18
യേശു
അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു
നല്കപ്പെട്ടിരിക്കുന്നു.
എഫെസ്യർ 1:21
സ്വർഗ്ഗത്തിൽ
തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും
കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല
നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
വിശ്വാസികളുടെ അധികാരം
സാത്താന്യ ശക്തികളെ പരാജയപ്പെടുത്തിയ യേശുക്രിസ്തുവിനാലാണ്
ക്രിസ്തീയ വിശ്വാസികൾ ആത്മീയ അധികാരം ഉപയോഗിക്കുന്നത്. അവന് “സ്വർഗ്ഗത്തിലും
ഭൂമിയിലും സകല അധികാരവും” ഉണ്ട്. “ഞാനോ ലോകാവസാനത്തോളം എല്ലാനാളും
നിങ്ങളോടുകൂടെ ഉണ്ടു” എന്നു യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഇതിന്റെ അർത്ഥം,
ക്രിസ്തുവിന്റെ സാന്നിധ്യവും, ശക്തിയും, ലോകാവസാനത്തോളം നമ്മളോട് കൂടെ ഉണ്ട്,
എന്നാണ്.
മത്തായി
28:18-20
യേശു
അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു
നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും
പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു
കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും
ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും
നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
ഒരു ക്രിസ്തീയ വിശ്വാസി ആത്മീയ യുദ്ധത്തിൽ ഏർപ്പെടുന്നത്,
ഒരു രാജാവിന്റെ കൽപ്പന പ്രകാരം, അവന്റെ അധികാരത്തിൽ, ഒരു യുദ്ധത്തിൽ ഒരു പടയാളി
ശത്രുവിനോട് പോരാടുന്നത് പോലെയാണ്. കാരണം ക്രിസ്തു ക്രൂശിൽ നേടിയ ജയവും, സാത്താന്യ
ശക്തികളുടെ മേൽ നേടിയ അധികാരവും, അവൻ സഭയ്ക്ക് നല്കിയിരിക്കുന്നു. “സർവ്വവും
അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി”, അവനെ സഭയ്ക്ക്
നല്കിയിരിക്കുന്നു. സാത്താന്യ ശക്തികളുടെമേൽ അധികാരം ഉള്ള യേശുവിന്റെ നാമത്തിൽ ആണ്
ഒരു ക്രിസ്തീയ വിശ്വാസി ദുഷ്ട സേനകളോട് യുദ്ധം ചെയ്യുന്നത്. എന്നാൽ യേശുവിനെ
കൂടാതെ ഒരുവനും സാത്താന്യ സൈന്യത്തിനുമേൽ അധികാരം ഇല്ല.
എഫെസ്യർ 1:20-23
അങ്ങനെ അവൻ
ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ
തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും
കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല
നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ
സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ
നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
യേശുക്രിസ്തുവിന്റെ ഭൌതീക ശുശ്രൂഷ കാലയളവിൽ തന്നെ, ഭൂതങ്ങളെ
ശാസിച്ചു പുറത്താക്കുവാൻ അവൻ ശിഷ്യന്മാർക്ക് അധികാരം നല്കിയിരുന്നു. അവർക്ക്
ഭൂതങ്ങളെ പുറത്താക്കുവാനും കഴിഞ്ഞു. യേശുവിന്റെ ഉയിർപ്പിന് ശേഷം, ഈ അധികാരം
അപ്പൊസ്തലന്മാർ സാത്താന്യ ശക്തികൾക്ക് എതിരെ ഉപയോഗിക്കുകയും ചെയ്തു.
ലൂക്കോസ് 9:1-2
അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവർക്കു
ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം
വരുത്തുവാനും അവരെ അയച്ചു ....
മർക്കോസ് 6:7
അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു
അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
മർക്കോസ് 6:12-13
അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; വളരെ ഭൂതങ്ങളെ
പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
മർക്കോസ് 16:17
വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ
പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:18
ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള
ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു
കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:7
അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു
പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:7
ൽ പറയുന്ന കാര്യങ്ങൾ ഫിലിപ്പൊസിന്റെ ശുശ്രൂഷയിൽ ശമര്യ പട്ടണത്തിൽ സംഭവിച്ചതാണ്.
ഫിലിപ്പൊസ്, യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നില്ല. അവൻ
യെരൂശലേമിലെ സഭയിൽ ശുശ്രൂഷിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട ഒരുവൻ ആയിരുന്നു
(അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 6:5). ശമര്യ പട്ടണം യഹൂദയിലെ ഒരു പട്ടണം
ആയിരുന്നില്ല. യഹൂദന്മാർ ജാതികളായി കരുതിയിരുന്നവർ താമസിച്ചിരുന്ന ഒരു പട്ടണം
ആയിരുന്നു. ഇതിൽ നിന്നും സാത്താന്യ ശക്തികളുടെമേൽ വിശ്വാസികൾക്ക് ആത്മീയ അധികാരം
ഉണ്ട് എന്നു തീർച്ചയാക്കാം.
എങ്ങനെ യുദ്ധത്തിൽ
പങ്കെടുക്കാം
പ്രാർത്ഥനയിൽ പോരാടുക
പ്രാർത്ഥനയിൽ പോരാടുക എന്നത് മറുപടി ലഭിക്കും വരെ
തീക്ഷണമായി പ്രാർത്ഥനയിൽ തുടരുക എന്നതാണ്. അത് സുസ്ഥിരമായ പ്രാർത്ഥനയാണ്.
പ്രാർത്ഥന ശക്തമായ ഒരു എതിർത്തു നിൽപ്പാണ്.
ദാനിയേൽ കാണിച്ചു തന്ന മാതൃകയാണ് പ്രാർത്ഥന. അദ്ദേഹം, “ആ
കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു” പ്രാർത്ഥിച്ചുകൊണ്ടിരുന്നു (ദാനിയേൽ
10:1). “നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും
മനസ്സുവെച്ച ആദ്യ ദിവസം മുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു” എന്നാണ് ഗബ്രിയേൽ
ദൂതൻ അറിയിച്ചത്. എന്നാൽ ദാനീയേലിന് ആദ്യ ദിവസം തന്നെ മറുപടി ലഭിച്ചില്ല. ആത്മ
മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പ്രാർത്ഥനയുമായി ഒരു ദൂതൻ പുറപ്പെട്ടിട്ടുണ്ട് എന്നോ, ആ
സ്വർഗ്ഗീയ ദൂതനെ “പാർസി രാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം” തടഞ്ഞു നിറുത്തി
എന്നോ ദാനിയേൽ അറിയുന്നില്ല. എന്നിരുന്നാലും, അദ്ദേഹം മറുപടി ലഭിക്കുന്നത് വരെ പ്രാർത്ഥനയിൽ
തുടർന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥന 21 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് അതിന് മറുപടി
ലഭിച്ചത്. ഇതാണ് ദാനിയേൽ കാണിച്ചു തന്ന മാതൃക.
കൊലൊസ്സ്യർ 4:12
നിങ്ങളിൽ
ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ
തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു
അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.
ഈ വാക്യത്തിലെ “പോരാടുന്നു” എന്നതിന്റെ ഗ്രീക്ക് വാക്ക്,
“ആഗോനീഡ്സോമഇ” എന്നാണ് (agōnizomai, ag-o-nid'-zom-ahee, Strong's G75).
ഇതിന്റെ അർത്ഥം, എതിരിടുക, പോരാടുക, മല്ലടിക്കുക,
എന്നിങ്ങനെയാണ് (to contend, fight, struggle).
സാത്താന്യ ശക്തികളുമായുള്ള യുദ്ധത്തിൽ പ്രാർത്ഥന ശക്തമായ
ഒരു ആയുധം ആണ്.
മറ്റുള്ളവർ എഴുതി തയ്യാറാക്കിയ പ്രാർത്ഥന ആവർത്തിച്ചു
ചൊല്ലുന്നത് പ്രാർത്ഥനയിലുള്ള പോരാട്ടം അല്ല. ഗിരി പ്രഭാഷണത്തിൽ പ്രാർത്ഥനയ്ക്ക്
രണ്ടു നിർദ്ദേശങ്ങൾ യേശുക്രിസ്തു നല്കുന്നുണ്ട്. രഹസ്യമായി പ്രാർത്ഥിക്കുക,
അർത്ഥശൂന്യമായ വാക്കുകൾ ഉപയോഗിക്കാതെ ഇരിക്കുക.
മത്തായി 6:6-8
നീയോ
പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ
പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു
പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. അവരോടു
തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ
യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
പ്രാർത്ഥന നമ്മളുടെ ഇഷ്ടം നടക്കുവാനുള്ള പ്രഖ്യാപനങ്ങൾ
അല്ല, ദൈവ ഇഷ്ടം നടക്കുവാനുള്ള സമർപ്പണം ആണ്.
മത്തായി
6:10
നിന്റെ രാജ്യം
വരേണമേ;
നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
പ്രാർത്ഥന എപ്പോഴും ദൈവത്തോട് ആണ്. ഒരിക്കലും അത്
പിശാചിനോടു സംസാരിക്കുന്നില്ല. യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തോട് ആണ്
നമ്മൾ അപേക്ഷിക്കുന്നത്.
എതിർത്ത് നിൽക്കുക
പിശാചിനെ തോൽപ്പിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം
അവനെ എതിർത്തു നിൽക്കുക എന്നതാണ്. എതിർത്തു നിൽക്കുന്നത്, യേശുക്രിസ്തു നമുക്ക്
വേണ്ടി ക്രൂശിൽ എന്ത് ചെയ്തിരിക്കുന്നു എന്ന സത്യത്തിൽ ഉറച്ചാണ്. യേശുക്രിസ്തു
പരാജയപ്പെടുത്തി, നിരായുധൻ ആക്കിയ സാത്താന്യ സൈന്യത്തിന് ഇനി ഒരു ക്രിസ്തീയ
വിശ്വാസിയുടെ മേൽ യാതൊരു അധികാരവും ഇല്ല. ഈ “വിശ്വാസത്തിൽ സ്ഥിരതള്ളവരായി അവനോടു
എതിർത്തു നില്പിൻ.” എന്നാണ് പത്രൊസ് ഉപദേശിക്കുന്നത്. ദൈവ സന്നിധിയിൽ നമുക്ക് ഉള്ള
രക്ഷയും നീതീകരണവും ആണ് നമ്മളുടെ ബലം. അതിലുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമേ
ആത്മീയ യുദ്ധത്തിൽ പോരാടുവാൻ കഴിയൂ. അതിനെ ബലഹീനമാക്കുന്ന ഏത് പ്രവർത്തിയും,
ചിന്തയും നമ്മളെ പരാജയപ്പെടുത്തും.
1 പത്രൊസ് 5:8-9
നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ;
നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ
വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള
സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു
വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
പിശാചും സൈന്യവും നമുക്ക് ചുറ്റിനും എല്ലായിടത്തും ഉണ്ട്.
അവൻ “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.”
ഇതാണ് നമ്മളുടെ സാഹചര്യം. ഇത് ഏതെങ്കിലും ഒരു ബലഹീന വിശ്വാസിയുടെ അവസ്ഥയല്ല. എല്ലാ
വിശ്വാസികളുടെയും സാഹചര്യം ആണ്. അതിനാൽ, രണ്ടു കാര്യങ്ങൾ ആണ് നമ്മൾ ചെയ്യേണ്ടതായി
പത്രൊസ് പറയുന്നത്. ഒന്ന്, “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി” നിൽക്കുക. രണ്ടു,
അവനോടു എതിർത്തു നില്പിൻ. എഫെസ്യർ 6:11 ലും പറയുന്നത് ഇതേ കാര്യം തന്നെയാണ്.
“പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ
സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.”
കർത്താവിന്റെ അമിത ബലം
കർത്താവിലും, അവന്റെ അമിത ബലത്തിലും ശക്തിപ്പെടേണം. ആത്മീയ
യുദ്ധത്തിന്റെ മർമ്മം “കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.”
എന്നതാണ്.
എഫെസ്യർ
6:10-11
ഒടുവിൽ
കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു
എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
യേശുവിക്രിസ്തുവിന്റെ നാമം ഏത് മനുഷ്യനും പിശാചിന് എതിരെ
ഉപയോഗിക്കുവാൻ കഴിയുന്ന ഒരു രഹസ്യ ആയുധം അല്ല. അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ
19:13-16 വരെയുള്ള വാക്യങ്ങളിൽ, ചില മന്ത്രവാദികൾ യേശുക്രിസ്തുവിന്റെ നാമത്തിൽ ദുരാത്മാവിനെ
ശാസിക്കുവാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വിവരണം ഉണ്ട്.
അപ്പൊസ്തലന്മാരുടെ
പ്രവർത്തികൾ 19:13-16
എന്നാൽ
ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൌലൊസ് പ്രസംഗിക്കുന്ന
യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം
ചൊല്ലുവാൻ തുനിഞ്ഞു. ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു
പുത്രന്മാർ ആയിരുന്നു. ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൌലൊസിനെയും
പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു. പിന്നെ
ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ
നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
ഇവിടെ നമ്മൾ കാണുന്നത് നാടോടികളായി ജീവിക്കുന്ന ചില യഹൂദ
മന്ത്രവാദികളെയാണ്. അവർ “പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ” എന്നു പറഞ്ഞു
ദുരാത്മാവിനെ പുറത്താക്കുവാൻ തുനിഞ്ഞു. അവർ പറഞ്ഞതില് വളരെ വ്യക്തത ഉണ്ടായിരുന്നു.
ഏതെങ്കിലും യേശുവിന്റെ നാമത്തിലല്ല, പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ
ആണ് അവർ പിശാചിനോടു കൽപ്പിച്ചത്. എന്നാൽ യേശുക്രിസ്തുവിന്റെ നാമം ഉപയോഗിക്കുവാൻ
അവർക്ക് അധികാരം ഇല്ലായിരുന്നു. അവർക്ക് യേശുക്രിസ്തുവുമായി യാതൊരു ബന്ധവും
ഇല്ലായിരുന്നു. അതിനാൽ “ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും
കീഴടക്കി” ജയിച്ചു.
എന്നാൽ യേശുക്രിസ്തുവിന്റെ നാമത്തിൽ ദുരാത്മാക്കളെ
അപ്പൊസ്തലന്മാർ ശാസിച്ചു പുറത്താക്കി. അവരെ ആരെയും ദൂരാത്മാക്കൾ തിരിച്ചു
ആക്രമിച്ചു കീഴ്പ്പെടുത്തിയതായി ചരിത്ര രേഖയില്ല.
സാത്താന്യ സൈന്യത്തിന് എതിരെ യുദ്ധം ചെയ്യുമ്പോൾ,
നമ്മൾ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം
ധരിച്ചുകൊൾവിൻ.” എന്നു പൌലൊസ് ഉപദേശിക്കുന്നത് ഈ സാഹചര്യത്തിൽ ആണ്. അതായത് ആത്മീയ
യുദ്ധം നമ്മൾ നമ്മളുടെ ബലത്തിൽ പോരാടുന്ന യുദ്ധം അല്ല. അത് ക്രിസ്തു ക്രൂശിൽ
പിശാചിന്റെമേൽ നേടിയ ജയത്തിലും, ദൈവം കൽപ്പിച്ചു നല്കിയ സർവ്വായുധവർഗ്ഗം ധരിച്ചും
ചെയ്യേണ്ടതാണ്. കാരണം നമ്മൾ യുദ്ധം ചെയ്യുന്നത് നമ്മളെക്കാൾ ശക്തന്മാരായ സാത്താന്യ
ശക്തികളോടും സാമ്രാജ്യത്തോടും ആണ്. അവർ ആത്മീയ ജീവികളും, നമ്മൾ ഭൌതീക ജീവികളും
ആണ്. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽക്കേണം. അതിനായി സർവ്വയുധങ്ങൾ
ധരിക്കേണം. സർവ്വായുധങ്ങൾ എന്തെല്ലാം ആണ് എന്നു പൌലൊസ് തുടർന്നു പറയുന്നു.
എഫെസ്യർ 6:13-18
അതുകൊണ്ടു നിങ്ങൾ
ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും
കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരെക്കു
സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു
ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച
എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും
കൈക്കൊൾവിൻ. സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും
അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ
പൂർണ്ണസ്ഥിരത കാണിപ്പിൻ.
ഇവിടെ 14-മുതൽ 17a വരെയുള്ള വാക്യങ്ങളിൽ
പറയുന്നത് എല്ലാം ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന കവചങ്ങൾ ആണ്. ഇതിൽ കവചം,
ചെരിപ്പ്, പരിച, ശിരസ്ത്രം, എന്നിവയെല്ലാം “ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും
കെടുക്കുവാന്തക്കതായ” പ്രതിരോധത്തിന്റെ കവചങ്ങൾ ആണ്. എന്നാൽ 17b, ൽ ആക്രമിക്കുവാൻ ഉപയോഗിക്കുന്ന ഏക ആയുധത്തെക്കുറിച്ച് പറയുന്നു. ആത്മീയ
യുദ്ധത്തിന്റെ മാർഗ്ഗം പ്രാർത്ഥനയാണ് എന്നു 18 ആം വാക്യം പറയുന്നു. അതായത്, ദൈവത്തിന്റെ
വചനം എന്ന ആത്മാവിന്റെ വാൾ ആണ് ആക്രമിക്കുവാനുള്ള ഏക ആയുധം, പ്രാർത്ഥനയാണ് പിശാചിനെതിരെയുള്ള
പോരാട്ടം.
വചനം എന്ന ആത്മാവിന്റെ വാൾ
പിശാചിനോട് എതിർത്തു നിൽക്കുന്നതിൽ ഏറ്റവും നല്ല ഉദാഹരണം
യേശുക്രിസ്തു ആണ്. യോഹന്നാൻ സ്നാപകന്റെ കീഴിൽ സ്നാനം സ്വീകരിച്ച ശേഷം, യേശു
വിജനമായ ഒരു പ്രദേശത്തേക്ക് പോയി. അവിടെ അവൻ 40 രാവും പകലും ഉപവസിച്ചു. ശേഷം പിശാചിനാൽ
പരീക്ഷിക്കപ്പെട്ടു (മത്തായി 4:1-3). ലൂക്കോസ് 4:1 ൽ പറയുന്നത്, “പിശാചു അവനെ
നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” എന്നാണ്. എന്നാൽ മൂന്ന് പരീക്ഷകൾ മാത്രമേ
മത്തായി രേഖപ്പെടുത്തിയിട്ടുള്ളൂ (മത്തായി 4:1-11).
യേശുക്രിസ്തു നേരിട്ട പരീക്ഷയിൽ, പിശാച് അവനെ നേരിട്ട് പ്രലോഭിപ്പിക്കുക
ആയിരുന്നു. അത്, ഒരു വിജനമായ പ്രദേശത്ത്, മറ്റാരുടെയും സാമീപ്യമോ, സഹായമോ ഇല്ലാത്ത
സാഹചര്യത്തിലുള്ള നേരിട്ടുള്ള ആക്രമണം ആയിരുന്നു. യേശു, എല്ലാ പരീക്ഷകളെയും ദൈവ
വചനം എന്ന ആത്മീയ വാൾ ഉപയോഗിച്ചാണ് പരാജയപ്പെടുത്തിയത്. “എന്നു എഴുതിയിരിക്കുന്നു”
എന്നതാണ് യേശു ആവർത്തിച്ചു പറഞ്ഞ വാചകം. ദൈവ വചനം പിശാചിനെ പരാജയപ്പെടുത്തുകയും,
അത് ഏറ്റുപറയുന്നവനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ആണ് സങ്കീർത്തനക്കാരൻ
ഇങ്ങനെ എഴുതിയത്, “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ
സംഗ്രഹിക്കുന്നു.” (സങ്കീർത്തനം 119:11).
മത്തായി 4:4
അതിന്നു അവൻ:
“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന
സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
മത്തായി 4:7
യേശു അവനോടു:
“നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു
പറഞ്ഞു.
മത്തായി 4:10
യേശു അവനോടു:
“സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ
കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു
എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
തെറ്റിദ്ധാരണകൾ
ആത്മീയ യുദ്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മൂന്ന് തെറ്റുകൾ
സംഭവിക്കാറുണ്ട്.
ഒന്ന്: ആത്മീയ യുദ്ധം ദൈവവും വിശ്വാസിയും തമ്മിലുള്ളതല്ല. അത്
ദൈവത്തിൽ നിന്നും എന്തെങ്കിലും പിടിച്ചു വാങ്ങിക്കുവാനുള്ള പോരാട്ടം അല്ല. ആത്മീയ
യുദ്ധം ദൈവവും പിശാചും തമ്മിലുള്ള, മനുഷ്യരുടെ ആത്മാവിനായുള്ള പോരാട്ടം ആണ്. ദൈവം
മനുഷ്യർക്ക് നല്കുന്ന ആത്മീയവും, ഭൌതീകവും ആയ അനുഗ്രഹങ്ങൾ തടയുക എന്നത് പിശാചിന്റെ
പ്രവർത്തിയാണ്. ഇവിടെയാണ് മനുഷ്യർ ആത്മീയ യുദ്ധത്തിൽ പങ്കാളി ആകുന്നത്.
രണ്ട്: ആത്മീയ യുദ്ധത്തിന് കൊടുക്കുന്ന പ്രാധാന്യം അമിതം
ആകരുതു. എല്ലാ പാപ പ്രവർത്തികളും, പ്രലോഭനങ്ങളും, സംഘർഷങ്ങളും, പ്രശ്നങ്ങളും,
കഷ്ടതകളും പോരാടി ജയിക്കേണ്ടുന്ന യുദ്ധങ്ങളാണ്. എന്നാൽ നമ്മൾ നേരിടുന്ന എല്ലാ
രോഗങ്ങളും, സാമ്പത്തിക പ്രതിസന്ധികളും, പ്രശ്നങ്ങളും ആത്മീയ പോരാട്ടത്തിന്റെ ഫലം
ആകേണം എന്നില്ല. ചിലത് നമ്മളുടെ അശ്രദ്ധകൊണ്ടു സംഭവിക്കുന്ന പ്രതിസന്ധികൾ ആകാം.
നമ്മൾ ദൈവത്തിന്റെ ആലോചനയെ ബൌദ്ധികമായി ചിന്തിച്ചു തള്ളികളഞ്ഞത് ആകാം. പാപത്താൽ
ശപിക്കപ്പെട്ട ഈ ഭൂമിയിൽ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകൾ ആകാം. നമ്മളുടെ വീഴ്ചകൾ ദൈവ
സന്നിധിയിൽ താഴ്ത്തി ഏൽപ്പിച്ചു, ക്രമീകരണം പ്രാപിച്ചു, അതിനെ അതിജീവിക്കേണം. അതിനായി
ദൈവം നമ്മളെ ബലപ്പെടുത്തും.
യേശുക്രിസ്തുവും ശിഷ്യന്മാരും ചില അവസരങ്ങളിൽ പിശാചിനെ
ശാസിച്ചു പുറത്താക്കി. മറ്റ് ചില അവസരങ്ങളിൽ, പിശാചിന്റെ പോരാട്ടത്തെക്കുറിച്ച്
പറയാതെ രോഗികളെ സൌഖ്യമാക്കി. അതിനാൽ നമ്മൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രതികൂലങ്ങളും
ശാസിച്ചു പുറത്തേക്കേണ്ടുന്ന പോരാട്ടം അല്ല. നമ്മൾ പാപത്തോടു എതിർത്തു
നിൽക്കേണ്ടുന്ന അവസരങ്ങളിൽ അങ്ങനെ ചെയ്യേണം.
മൂന്ന്: വേദപുസ്തകം നമ്മൾക്ക് ഒരു ആത്മീയ യുദ്ധം ഉണ്ട്
എന്നും അതിലെ ശത്രു സാത്താന്യ സൈന്യം ആണ് എന്നും പറയുന്നുണ്ട് എങ്കിലും, ചിലർ
അതിനെ പൂർണ്ണമായും അവഗണിക്കുന്നു. ഇത് ശരിയായ രീതിയല്ല. നമ്മൾ
അവഗണിക്കുന്നതുകൊണ്ടു സാത്താന്യ ശക്തികളുടെ പോരാട്ടം ഇല്ലാതെയാകുന്നില്ല. പോരാട്ടം,
പോരാടി ജയിക്കുന്നതുവരെയും ശത്രു നമ്മളുടെ മേൽ ജയിച്ചുകൊണ്ടിരിക്കും.
_________________

No comments:
Post a Comment