“ഉയിർപ്പിന്റെ ശക്തി” എന്നു കേൾക്കുമ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാനുള്ള അസാധാരണ ശക്തി എന്ന ചിന്തയാണ് നമ്മളുടെ മനസ്സിൽ പൊടുന്നനവേ ഉണ്ടാകുന്നത്. ഉയിർപ്പിന്റെ ശക്തി എന്ന വാക്ക്കൊണ്ടു നമ്മൾ സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്റെ ഉയിർപ്പാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും മരിച്ചുപോയ ചിലർ ജീവനിലേക്ക് തിരികെ വന്നിട്ടുണ്ട്. എന്നാൽ അവർ എല്ലാവരും, അവരുടെ ആയുസ്സിന്റെ അവസാനത്തിൽ മരിച്ചു. അവർ എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും യാത്രയായി. എന്നാൽ യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റതിന് ശേഷം അവൻ പിന്നീട് ഒരിക്കലും മരിച്ചിട്ടില്ല. കാരണം അവൻ മരണത്തെ എന്നന്നേക്കുമായി തോൽപ്പിച്ചാണ് ഉയിർത്തെഴുന്നേറ്റത്. യേശുവിനെ ഉയിർപ്പിച്ച പരിശുദ്ധാത്മാവിന്റെ അതേ ശക്തിയേയാണ് നമ്മൾ ഉയിർപ്പിന്റെ ശക്തി എന്നു വിളിക്കുന്നത്.
ഫിലിപ്പിയർ 3:10-11
അവനിൽ
ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ
കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും
മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ
നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.
എഫെസ്യർ 1:19-20
വിശ്വസിക്കുന്ന
നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ
അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. അങ്ങനെ
അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ
മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും
ഈ ഉയിർപ്പിന്റെ ശക്തി നമ്മളുടെ ഉള്ളിൽ പകർന്നിട്ടുണ്ടോ?
എന്തിന് വേണ്ടിയാണ് ഈ ശക്തി നമ്മളിൽ പകർന്നിരിക്കുന്നത്? ഇതാണ് നമ്മൾ ഇവിടെ
ചിന്തിക്കുന്നത്. അതിനായി അപ്പൊസ്തലനായ പൌലൊസ് റോമർക്ക് എഴുതിയ ലേഖനം 6 ആം
അദ്ധ്യായത്തിലെ ചില വാക്യങ്ങൾ ഇവിടെ പഠന വിധേയമാക്കുകയാണ്.
പശ്ചാത്തലം
റോമർ 6 ആം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്
അതിന്റെ പശ്ചാത്തലം അൽപ്പം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. റോമർ 4 ആം
അദ്ധ്യായത്തിലെ വിഷയം വിശ്വാസത്താലുള്ള നീതീകരണം എന്നതായിരുന്നു. അബ്രാഹാം
ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതീയായി കണക്കിട്ടു (ഉൽപ്പത്തി 15:6).
അബ്രഹാമിന്റെ ദൈവത്തിലുള്ള വിശ്വാസം പങ്കിടുന്ന എല്ലാവരും വിശ്വാസത്താൽ
നീതീകരിക്കപ്പെടുന്നു എന്നും പൌലൊസ് എഴുതി (റോമർ 4:23, 24). യേശുക്രിസ്തുവിലും, അവനെ മരണത്തിന്
എൽപ്പിച്ചു തരുകയും, ഉയിർപ്പിക്കുകയും ചെയ്ത ദൈവത്തിലും ഉള്ള
വിശ്വാസത്താൽ നീതീകരണം നമുക്കും കണക്കിട്ടു ലഭിക്കും. നീതീകരണത്തിന് പ്രവർത്തികൾ
കാരണം അല്ല.
റോമർ 4:22-25
അതുകൊണ്ടു അതു
(ദൈവത്തിലുള്ള വിശ്വാസം) അവന്നു (അബ്രഹാമിന്) നീതിയായി കണക്കിട്ടു. അവന്നു
കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ
വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും
നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ
മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ
തന്നേ.
5 ആം അദ്ധ്യായം ആരംഭിക്കുന്നത്, നീതീകരണത്തിന്റെ അനുഗ്രഹങ്ങൾ
എന്തെല്ലാം ആണ് എന്നു പറഞ്ഞുകൊണ്ടാണ്. ഇതിന്റെ ഒരു പട്ടിക വിശദീകരിച്ചതിന് ശേഷം, 5:12
ൽ അദ്ദേഹം മറ്റൊരു വിഷയത്തിലേക്ക് കടന്നു.
റോമർ 5:12
അതുകൊണ്ടു
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം
ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
5:13 മുതലുള്ള വാക്യങ്ങളിൽ ന്യായപ്രമാണം, ദൈവകൃപ, നീതീകരണം എന്നീ
വിഷയങ്ങളിലേക്ക് പൌലൊസ് കടക്കുന്നു.
റോമർ 5:13-14
പാപമോ
ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം
ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. എങ്കിലും വരുവാനുള്ളവന്റെ
പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം
മുതൽ മോശെവരെ വാണിരുന്നു.
ഈ വാക്യം വിശദീകരിക്കുന്ന അവസരത്തിൽ പൌലൊസ് ഇങ്ങനെ ഒരു
പ്രസ്താവന നടത്തി.
റോമർ 5:20-21
എന്നാൽ ലംഘനം
പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം
പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ
കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.
“പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന, തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടം നല്കും എന്നു
പൌലൊസിന് അപ്പോൾ തന്നെ തോന്നിയിരുന്നുവോ എന്നു നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ
അദ്ദേഹത്തിന്റെ തുടർന്നുള്ള വാക്കുകൾ ഇത്തരം ഒരു ചിന്തയക്ക് കാരണം ആകുന്നുണ്ട്. 6
ആം അദ്ധ്യായം 1 ആം വാക്യത്തിൽ അദ്ദേഹം ഒരു ചോദ്യം ചോദിക്കുന്നു, “ആകയാൽ നാം എന്തു
പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക
എന്നോ?” ഉത്തരവും അതേ വാക്യത്തിൽ അദ്ദേഹം പറയുന്നു,
“ഒരുനാളും അരുതു.” തുടർന്നു അദ്ദേഹം, പാപത്തിന്റെ വാഴ്ച, ദൈവകൃപയുടെ വാഴ്ച
എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു. ദൈവകൃപയിൽ ആയിരിക്കുന്നവർക്ക് ഉയിർപ്പിന്റെ
ശക്തിയാൽ പാപത്തിന്റെ വാഴ്ചകൂടാതെ ജീവിക്കുവാൻ കഴിയും എന്നു അദ്ദേഹം പറയുന്നു.
1 പത്രൊസ് 2:24
നാം പാപം
സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ
പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ
നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.
പൌലൊസിന്റെ ഈ വാദങ്ങൾ വ്യക്തമായി മനസ്സിലാക്കേണം എങ്കിൽ,
അതിന്റെ പശ്ചാത്തലം കൂടുതൽ വിശദമായി അറിയേണ്ടതുണ്ട്.
ന്യായപ്രമാണവും പാപവും
റോമർ 4:15 ൽ പൌലൊസ്
എഴുതിയത് ഇങ്ങനെയാണ്:
റോമർ 4:15
ന്യായപ്രമാണമോ
കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.
ന്യായപ്രമാണം ദൈവ കോപത്തിന് കാരണം ആകുന്നു. ന്യായപ്രമാണം ഇല്ലാത്ത
ഇടത്ത് പ്രമാണ ലംഘനം ഇല്ല. ഇതിന്റെ അർത്ഥം ന്യായപ്രമാണം ഇല്ലാത്ത ഇടത്ത് പാപം ഇല്ല
എന്നല്ല. പ്രമാണം ഇല്ലാത്തതിനാൽ അതിന്റെ ലംഘനം ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ,
പ്രമാണ ലംഘനം എന്ന രീതിയിൽ പാപം ഇല്ല. എന്നാൽ ആദാമിന്റെ പാപം സകല മനുഷ്യരിലും
ഉണ്ടായിരുന്നു.
ഈ വാദത്തെ അദ്ദേഹം റോമർ 5:13 ൽ കൂടുതൽ വിശദമാക്കുന്നു.
റോമർ 5:13-14
പാപമോ
ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം
ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല (imputed, KJV).
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം
ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
കണക്കിടുക
ഈ വാക്യത്തിലെ “കണക്കിടുന്നില്ല” എന്നതിന്
ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “എലൊഗെഒ” എന്നതാണ് (ellogeō,
el-log-eh'-o). ഈ വാക്കിന്റെ അർത്ഥം, ഒരുവന്റെ കണക്കിൽ പെടുത്തുക,
കണക്കാക്കുക, എണ്ണുക, ഗണിക്കുക, ചുമത്തുക, എന്നിങ്ങനെയാണ് (set to one's
account, to reckon in, impute).
“കണക്കിടുക” എന്നതിന് ഇംഗ്ലീഷിൽ imputation എന്നാണ് പറയുക (KJV). ഇംഗ്ലീഷ് സ്റ്റാഡേർഡ് വെർഷൻ ൽ
ഉപയോഗിച്ചിരിക്കുന്ന വാക്ക് counted എന്നാണ് (English
Standard Version, ESV). ഇതൊരു ദൈവശാസ്ത്രപരമായ വാക്കാണ്. ഇതിന്റെ
അർത്ഥം അല്ല, നിർവചനം ആണ് നമ്മൾ പരിഗണിക്കേണ്ടത്. ഒരു വ്യക്തിയുടെ കണക്കിലേക്ക് എന്തെങ്കിലും
നിക്ഷേപം ആയി കണക്കിടുന്നതിനെയാണ്, അല്ലെങ്കിൽ എഴുതിചേർക്കുന്നതിനെയാണ്, ഇവിടെ
കണക്കിടുക, ഗണിക്കുക എന്നീ അർത്ഥത്തിൽ imputation എന്നു
പറയുന്നത്. അത് യാഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയുടെ കണക്കിൽ ഉള്ളതാണ്. അത് അവിടെ
നിന്നും നമ്മളുടെ കണക്കിലേക്ക് എഴുതിചേർക്കുക ആണ്.
ഈ വാക്ക് ക്രിസ്തീയ ദൈവശാസ്ത്രത്തിൽ രക്ഷയുമായി
ബന്ധപ്പെട്ട് ആണ് ഉപയോഗിക്കാറുള്ളത്. ഇതൊരു നിയമപരവും, കോടതി വ്യവഹാരവുമായി
ബന്ധപ്പെട്ടതുമായ വാക്കാണ്. ഇതിൽ പരസ്പരം നടക്കുന്ന ഒരു കൈമാറ്റം ഉണ്ട്. നമ്മളുടെ
പാപങ്ങൾ യേശുക്രിസ്തുവിലേക്ക് കൈമാറ്റപ്പെടുകയും, യേശുവിന്റെ നീതീ
രക്ഷിക്കപ്പെടുന്നവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. അതായത്,
നമ്മളുടെ പാപങ്ങൾ യേശുക്രിസ്തുവിന്റെ കണക്കിലാകുകയും, യേശുവിന്റെ നീതീ
രക്ഷിക്കപ്പെടുന്നവരുടെ കണക്കിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു. പാപങ്ങൾ
നമ്മളുടെതും, നീതീ യേശുക്രിസ്തുവിന്റെതുമാണ്. അടിസ്ഥാന പരമായി യേശു പാപിയായില്ല,
എന്നതു പോലെ നമ്മൾ നീതീമാൻമാർ ആയി മാറിയില്ല. എന്നാൽ യേശുവിന്റെ നീതീ നമ്മളിൽ
കണക്കിട്ടത് കാരണം നമ്മളെ ദൈവം നീതീമാന്മാർ എന്നു പ്രഖ്യാപിക്കുന്നു.
1 പത്രൊസ് 2:22
അവൻ പാപം
ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
1 യോഹന്നാൻ 3:5
പാപങ്ങളെ
നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ
പാപം ഇല്ല.
ഇത്തരം രണ്ട് കണക്കിടലിനെക്കുറിച്ച് വേദപുസ്തകത്തിൽ
പറയുന്നുണ്ട്.
ഒന്ന്: ആദാമിന്റെ പാപം സകല മനുഷ്യരിലും കണക്കിടപ്പെട്ടു.
രണ്ട്: യേശുക്രിസ്തുവിന്റെ നീതി രക്ഷിക്കപ്പെടുന്നവരിൽ
കണക്കിടപ്പെടുന്നു. ഈ പ്രക്രിയയിൽ, യേശുവിൽ വിശ്വസിക്കുന്നവരുടെ പാപം യേശുവിന്റെ
കണക്കിൽപ്പെടുത്തുകയും ചെയ്യുന്നു.
“കണക്കിടുക” എന്ന പ്രക്രിയയിൽ, നമ്മളുടെ സമ്പൂർണ്ണനും,
ഉൂനമില്ലാത്തവനും ആയ പ്രതിനിധിയും പകരക്കാരനും ആയ വ്യക്തിയുടെ നീതീയുള്ള
പ്രവർത്തികൾ, അവനിൽ വിശ്വസിക്കുന്ന വിശ്വാസത്താൽ, നമ്മൾക്ക് നന്മയായി തീരുന്നു. ദൈവീക
കൽപ്പനകളുടെ സമ്പൂർണ്ണ അനുസരണം, ദൈവവും മനുഷ്യരുമായി സമാധാനത്തിൽ എത്തുവാൻ ആവശ്യം
ആയിരുന്നു. എന്നാൽ മനുഷ്യർക്ക് അത് അസാദ്ധ്യം ആയിരുന്നു. അതിനാൽ യേശു എന്ന ഏക
പ്രതിനിധി മനുഷ്യർക്ക് വേണ്ടി, സകല ദൈവീക കൽപ്പനകളും അനുസരിച്ചു, ന്യായപ്രമാണം
നിവർത്തിച്ചു. യേശുവിന്റെ അനുസരണം അവനിൽ വിശ്വസിക്കുന്നവരിൽ കണക്കിട്ടു. അങ്ങനെ
രക്ഷിക്കപ്പെടുന്ന എല്ലാവർക്കും ദൈവത്തോട് സമാധാനം ഉണ്ടായി, അവർ
നീതീകരിക്കപ്പെട്ടു. യേശുക്രിസ്തുവിന്റെ സജീവ അനുസരണം (active obedience) സമ്പൂർണ്ണ നീതീ സാധ്യമാക്കി. അവന്റെ നിഷ്ക്രിയമായ അനുസരണം (passive
obedience) മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരമായി ക്രൂശിൽ സ്വയം
യാഗമായി.
മരണം ആദാമിന് ശേഷം
റോമർ 5:13-14
പാപമോ
ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം
ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല (imputed, KJV).
എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം
ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
ഈ വാക്യങ്ങളിൽ പൌലൊസ് പറയുന്നത്, മരണം ആദാമിന് ശേഷവും
ലോകത്ത് വാണിരുന്നു എന്നാണ്. അതിന് കാരണം പാപം ആയിരുന്നു. ആദാമിനു ശേഷം
ന്യായപ്രമാണം വരെ പാപം മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു. അത് അവന്റെ പ്രകൃതി
ആയിരുന്നു. ഈ കാലയളവിൽ ന്യായപ്രമാണം ഇല്ലായിരുന്നു. അതിനാൽ അവർ ചെയ്ത പാപ
പ്രവർത്തികളെ പ്രമാണ ലംഘനമായി കണക്കിടുന്നില്ല. കാരണം അവർ ന്യായപ്രമാണത്തെ
ലംഘിച്ചില്ല. എന്നാൽ അവർ പാപത്തിൽ ജീവിച്ചു എന്നതിനും, അവർ പാപികൾ ആയിരുന്നു
എന്നതിനും മാറ്റം ഉണ്ടാകുന്നില്ല. കാരണം പാപം അവരുടെ പ്രകൃതിയിൽ ഉണ്ടായിരുന്നു.
അതിനാൽ മരണം ആദാം മുതൽ മോശെ വരെ ഉള്ളവരുടെമേലും വാണു.
ഏറ്റവും
അധികമായി
റോമർ 5:15-17
എന്നാൽ
ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ
ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ
കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി
ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ
കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ
ഹേതുവായിത്തീർന്നു. കൃപാവരമോ അനേക
ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു. ഏകന്റെ
ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും
സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
റോമർ 5:15-19 വരെയുള്ള വേദഭാഗത്ത് എഴുതിയിരിക്കുന്ന “അധികം
കവിഞ്ഞിരിക്കുന്നു” (15), “അനേക ലംഘനങ്ങളെ” (16), “അധികമായി ജീവനിൽ വാഴും” (17),
എന്നീ വാക്കുകൾ യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം ആവർത്തിക്കപ്പെടേണ്ടതില്ല എന്ന
ആശയം നല്കുന്നു. അവന്റെ മരണം ഒരിക്കലായി അർപ്പിക്കപ്പെട്ട ഏക യാഗം ആണ്. അത് സകല
പാപങ്ങളെയും മോചിപ്പിക്കുന്നതാണ്. യേശുക്രിസ്തുവിന്റെ യാഗം അവനിൽ വിശ്വസിക്കുന്ന
എല്ലാവർക്കും, അവരുടെ എല്ലാ പാപങ്ങളും മോചിക്കുവാൻ പര്യാപ്തം ആണ്.
കൃപ വർദ്ധിച്ചു
റോമർ 5:20-21
എന്നാൽ ലംഘനം
പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം
പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ
കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.
5:20 ൽ ദൈവം യിസ്രായേൽ ജനത്തിന് ന്യായപ്രമാണം നല്കിയപ്പോൾ
എന്ത് സംഭവിച്ചു എന്നു പൌലൊസ് പറയുന്നു. അത് മനുഷ്യന്റെ പാപ പ്രവർത്തികളെ എങ്ങനെ
ബാധിച്ചു? ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം ലംഘനം
വർദ്ധിപ്പിക്കുക എന്നത് ആയിരുന്നില്ല. എന്നാൽ ന്യായപ്രമാണം മനുഷ്യരും ദൈവവും
തമ്മിലുള്ള ബന്ധത്തെ കൂടുതൽ മോശമാക്കി. പ്രകൃത്യാ പാപികൾ ആയിരുന്ന മനുഷ്യർ കൽപ്പന
ലംഘകർ ആയി മാറി. ഈ അർത്ഥത്തിൽ പാപം പെരുകി. ന്യായപ്രമാണത്തിന് ശേഷം മനുഷ്യർ
എണ്ണത്തിലും, അളവിലും കൂടുതൽ പാപം ചെയ്തു എന്നു ഈ വാക്യം അർത്ഥമാക്കുന്നില്ല.
മനുഷ്യരുടെ പാപ പ്രവൃത്തികളെ, അവർക്ക് എതിരായി കണക്കിടുവാൻ തുടങ്ങി.
20 ആം വാക്യത്തിൽ “പാപം പെരുകിയേടത്തു കൃപ അത്യന്തം
വർദ്ധിച്ചു” എന്നാണ് പൌലൊസ് പറയുന്നത്. ന്യായപ്രമാണം
കാരണം കണക്കിടുന്ന ലംഘനങ്ങൾ പെരുകിയപ്പോൾ, പാപത്തെ അഴിച്ചുകളയുവാൻ തക്കവണ്ണം
ദൈവ കൃപ വർദ്ധിച്ചു വന്നു. എന്നാൽ പാപം വർദ്ധിക്കുന്ന ഇടത്തെല്ലാം ദൈവ കൃപയും
വർദ്ധിച്ചു വരും എന്ന് ഈ വാക്യത്തിന്
അർത്ഥമില്ല. ദൈവകൃപ എത്രമാത്രം വലിയ പാപത്തെയും നീക്കിക്കളയുവാൻ മതിയായത് ആണ്. പാപം
പെരുകിയപ്പോൾ അതിനെ നീക്കുവാൻ മതിയാകുംവണ്ണം ദൈവകൃപ വെളിപ്പെട്ടു.
പാപം
മരണത്താൽ വാഴുന്നു
റോമർ 5:21
പാപം മരണത്താൽ
വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ
നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.
റോമർ 5:14 ൽ “എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ
ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ
വാണിരുന്നു.” എന്നു നമ്മൾ വായിക്കുന്നു. “വാണിരുന്നു” എന്നതിന്റെ ഗ്രീക്ക് പദം, “ബാസിലൂഒ”
എന്നാണ് (basileuō, bas-il-yoo'-o). ഈ
വാക്കിന്റെ അർത്ഥം, ഒരു രാജാവിന്റെ അധികാരം ഉപയോഗിച്ച് ഭരിക്കുക, എന്നാണ് (to
be king, to exercise kingly power, to reign). ഇവിടെ മരണം
മനുഷ്യരിൽ ഒരു രാജാവിനെപ്പോൾ ആധിപത്യത്തോടെ വാഴുന്നു എന്ന ആശയമാണ് ഉള്ളത്. 5:21 ലെ
“വാണതുപോല”, “വാഴേണ്ടതിന്നു” എന്നീ വാക്കുകൾക്കും ഉപയോഗിച്ചിരിക്കുന്നത് ഇതേ
ഗ്രീക്ക് വാക്ക് തന്നെയാണ്.
എന്നാൽ, 21 ആം വാക്യത്തിൽ, പാപം ആണ് മരണത്താൽ വാഴുന്നത്
എന്നു പൌലൊസ് വ്യക്തമാക്കുന്നു. അതായത് യഥാർത്ഥ ആധിപത്യം
പാപത്തിനാണ്. അവൻ മരണത്തിലൂടെ മനുഷ്യരുടെ മേൽ വാഴുന്നു. അത് കൊണ്ടു തന്നെ,
പാപത്തെയാണ് നീക്കേണ്ടത്. പാപം നീങ്ങിപ്പോകുമ്പോൾ മരണം ഇല്ലാതെയാകും.
പാപം-മരണം
എന്നിവയക്ക് സമാന്തരമായി പൌലൊസ് ദൈവകൃപ-നീതീകരണം എന്നിവയെ അവതരിപ്പിക്കുന്നു. ഇവിടെ
പാപമാണ് യഥാർത്ഥത്തിൽ വാഴുന്നത്. പാപം മരണത്തിലൂടെ വാഴുന്നു. അതുപോലെ തന്നെ രക്ഷിക്കപ്പെട്ട
ഒരുവനിൽ യഥാർത്ഥത്തിൽ വാഴുന്നത് ദൈവകൃപയാണ്. ദൈവകൃപ നീതീയാൽ വാഴുന്നു. പാപത്തിന്
പകരം ദൈവകൃപയും, മരണത്തിന് പകരം നീതീയും നിൽക്കുന്നു. നീതി നിത്യജീവനിലേക്ക്
നയിക്കുന്നു. ഇതെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം
സംഭവിക്കുന്നു. പാപത്തിന്റെ വാഴ്ചയ്ക്ക് ദൈവകൃപയെക്കാൾ അധികാരം ഉണ്ടാകുകയില്ല.
പാപത്തിന്മേലും മരണത്തിന്മേലും വാഴുവാൻ ദൈവകൃപയ്ക്ക് അധികാരം ഉണ്ട്.
അതുകൊണ്ടാണ്, “പാപം പെരുകിയേടത്തു കൃപ
അത്യന്തം വർദ്ധിച്ചു.” എന്നു പറഞ്ഞിരിക്കുന്നത് (റോമർ 5:20). നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം
ദൈവകൃപ നീതിയാൽ നിത്യജീവന്നായി വാഴും. അങ്ങനെ മരണത്തെ എന്നന്നേക്കുമായി
കീഴ്പ്പെടുത്തി, യേശുക്രിസ്തുവിൽ ഉള്ളവർ നിത്യമായി ജീവിക്കും.
20, 21 വാക്യങ്ങൾ ഒരുമിച്ച് ചേർത്ത് വായിക്കേണ്ടത് ആണ്.
“എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.” എന്നു 20 ആം വാക്യത്തിൽ
പൌലൊസ് എഴുതി. 21 ആം വാക്യത്തിൽ, “പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ
കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.”
എന്നു അദ്ദേഹം അതിനൊരു വിശദീകരണവും നല്കി. അതായത്, പാപത്തിന്റെ വാഴ്ച
അവസാനിപ്പിച്ച് ദൈവ കൃപയുടെ വാഴ്ച നടപ്പിലാക്കേണ്ടതിന് തക്കവണ്ണം കൃപ അത്യന്തം
വർദ്ധിച്ചു.
പെരുകുന്ന കൃപ
ഇതിന് ശേഷം പൌലൊസ് വളരെ പ്രസക്തമായ ഒരു ചോദ്യം മുന്നോട്ട്
വച്ചു. ഇത് 5:20 ആം വാക്യത്തിനുള്ള വിശദീകരണമാണ്.
റോമർ 5:20
എന്നാൽ ലംഘനം
പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം
പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.
റോമർ 6:1-2
ആകയാൽ നാം എന്തു
പറയേണ്ടു?
കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു. പാപസംബന്ധമായി മരിച്ചവരായ
നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
5:20 ൽ “പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു”
എന്നു പൌലൊസ് പറഞ്ഞതിന്റെ അർത്ഥം, കൃപ പെരുകും എന്ന ഉദ്ദേശ്യത്തോടെയോ,
ലക്ഷ്യത്തോടെയോ, പ്രതീക്ഷയോടെയോ, പാപം ചെയ്തുകൊണ്ടിരിക്കുക എന്നല്ല. അങ്ങനെ
ചിന്തിക്കുന്നതിനോടും, പ്രവർത്തിക്കുന്നതിനോടും ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം
“ഒരുനാളും അരുതു” എന്നാണ്. ഇത് പാപം ചെയ്യുന്നതിന് യാതൊരു ഒഴിവും ഇല്ല എന്ന അർത്ഥം
നല്കുന്നു.
എന്തുകൊണ്ട് ദൈവകൃപ ലഭിച്ച, രക്ഷിക്കപ്പെട്ട, ദൈവം ജനം പാപം
ചെയ്യുവാൻ പാടില്ല. അതാണ് 6:2 ആം വാക്യത്തിൽ അദ്ദേഹം ചുരുക്കമായി പറഞ്ഞത്: “പാപസംബന്ധമായി
മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?” അതായത് രക്ഷിക്കപ്പെട്ട
ദൈവജനം പാപം സംബന്ധമായി മരിച്ചിരിക്കുന്നു. പാപവുമായുള്ള നമ്മളുടെ ബന്ധം
മരിച്ചിരിക്കുന്നു. മരണം ഒരു അന്തിമത്വം ആണ്. മരിച്ചവർ ആരും പഴയ ജീവിതം
തുടരുന്നില്ല. അതിനാൽ നമുക്ക് പാപം ചെയ്ത് ജീവിക്കുവാൻ സാദ്ധ്യമല്ല.
ഇവിടെ പൌലൊസ് സൂചിപ്പിക്കുന്ന മരണം സാധാരണ മരണം അല്ല. അത്
ക്രൂശിലെ മരണം ആണ്. യേശുക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു മരിച്ചു, അടക്കം
ചെയ്യപ്പെടുന്നതാണ്.
ക്രൂശ്
എന്ന കൊലപാതക രീതി
മത്തായി 16:24
പിന്നെ യേശു
ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ
ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
ഈ വാക്യം യേശു പറയുന്നത്, അവന്റെ ക്രൂശീകരണത്തിന് മുമ്പ്
ആണ്. അതിനാൽ, “ക്രൂശ്” എന്ന വാക്കിന്, യേശുവിന്റെ ക്രൂശ് മരണത്തിന് മുമ്പ് എന്ത്
അർത്ഥവും, ആശയവും ആണ് ഉണ്ടായിരുന്നത്, അതാണ് ഇവിടെ യേശു ഉദ്ദേശിച്ചത്. ഈ വാക്യത്തിൽ
പറയുന്ന “ക്രൂശ്” എന്ന പദത്തിന്, യേശു യാഗമായി തീർന്ന ഇടം എന്ന അർത്ഥം ഇല്ല.
യേശു ഈ വാക്യം പറഞ്ഞ സന്ദർഭത്തിൽ, ക്രൂശ് ഏറ്റവും ക്രൂരമായ
ഒരു കൊലപാതക രീതിയുടെ ഇടം ആയിരുന്നു. യേശുവിന്റെ
കാലത്ത് റോമൻ സാമ്രാജ്യം ക്രൂശീകരണത്തെ ഏറ്റവും കഠിനമായ ശിക്ഷയായി
ഉപയോഗിച്ചിരുന്നു. അത് വളരെയധികം വേദനയും, നിന്ദയും പരിഹാസവും നിറഞ്ഞതും ക്രമേണയും സാവധാനവും ഉള്ള മരണം ആയിരുന്നു.
ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന പൊതുവായ സ്ഥലങ്ങള്‍ക്ക് സമീപം ഉള്ള കുന്നുകള്‍ക്ക്
മുകളില്‍ സകലരും കാണുവാന്‍ തക്കവണ്ണം ആയിരുന്നു ക്രൂശീകരണം നടപ്പാക്കിയിരുന്നത്. മരണം 6
മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ നീണ്ടു പോയേക്കാം.
വളരെ താഴ്ന്ന
നിലവാരത്തിലുള്ള കുറ്റവാളികള്‍, കുറ്റം ചെയ്ത പടയാളികള്‍, രാജ്യ ദ്രോഹികള്‍
എന്നിവരെ ആയിരുന്നു ക്രൂശീകരിച്ചിരുന്നത്. യജമാനന്‍മാരെ വിട്ട് ഓടി പോയി
കുറ്റകൃത്യം ചെയ്യുന്ന അടിമകള്‍, യജമാനന്‍മാരുടെ കുതിരകളെ
മോഷ്ടിക്കുന്ന അടിമകള്‍, എന്നിവര്‍ താഴ്ന്ന നിലവാരത്തില്‍
ഉള്ള കുറ്റകൃത്യം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ടിരുന്നു. റോമന്‍ സാമ്രാജ്യത്തിന്
എതിരെയുള്ള ലഹളയും പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹം ആയിരുന്നു. രാജ്യദ്രോഹികള്‍ക്കുള്ള
ശിക്ഷ എപ്പോഴും ക്രൂശീകരണം ആയിരുന്നു. ക്രൂശിക്കപ്പെടുന്നവൻ നിശ്ചയമായും ഈ
കൂട്ടത്തിൽ ഒരുവൻ ആയിരിക്കും.
ക്രൂശിക്കപ്പെടുന്ന
വ്യക്തിയുടെ മരണത്തിന് ശേഷവും ചില ദിവസങ്ങള്‍ അവന്റെ ശരീരം ക്രൂശില്‍ തന്നെ
വെച്ചേക്കും. കഴുകന്‍മാര്‍ കൊത്തിപ്പറിക്കുന്ന ശരീരത്തിന്റെ ഭീകര കാഴ്ച, മറ്റുള്ളവര്‍ക്ക് ഒരു പാഠം ആയിരിക്കേണം. അതിനുശേഷം ശേഷിക്കുന്ന
ശരീരഭാഗങ്ങള്‍ സമീപത്തുള്ള ഏതെങ്കിലും കുഴിയില്‍ എറിഞ്ഞുകളയും.
ക്രൂശിക്കപ്പെടുന്നവന് മാന്യമായ ഒരു ശവസംസ്കാരം പോലും നല്‍കുകയില്ല. അന്നത്തെ
കാലത്ത്, മാന്യമായ ശവസംസ്കാരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുവാന്‍
ഇടയുള്ള മാന്യമായ സ്വീകരണത്തിന് ആവശ്യമാണ് എന്നു അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍
ക്രൂശിക്കപ്പെടുന്നവന്, ഈ ഭൂമിയില്‍ മാന്യമായ ശവസംസ്കാരവും
സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്വീകരണവും നിഷേധിക്കപ്പെടുക ആണ്. അവന്‍ ഭൂമിയിലും
സ്വര്‍ഗ്ഗത്തിലും ശപിക്കപ്പെട്ടവന്‍ ആണ്.
ഇത്തരം അനുഭവങ്ങൾ ആണ് “ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ”
എന്നു യേശു പറഞ്ഞപ്പോൾ അർത്ഥമാക്കിയത്. ഇതിൽ, മാന്യവും, മഹത്വവും, പവിത്രവും ആയ
യാതൊന്നും ഇല്ല. ഇതിൽ ലോകത്തിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും കഠിനമായ ക്രൂരതയും,
വേദനയും, നിന്ദയും, തിരസ്കരണവും മാത്രമേ ഉള്ളൂ.
യേശുക്രിസ്തു ക്രൂശിൽ അനുഭവിച്ചത് ഇതെല്ലാം ആയിരുന്നു. യേശുവിനോടൊപ്പം
ക്രൂശിക്കപ്പെടുന്നവന്റെയും അനുഭവങ്ങൾ ഇതെല്ലാം ആണ്. ഇതെല്ലാം അനുഭവിച്ചവൻ ആണ് യേശുവിനോടൊപ്പം
ക്രൂശിക്കപ്പെട്ടവൻ.
ക്രിസ്തീയ
സ്നാനം
യേശുവിനോടൊപ്പം ക്രൂശിക്കപ്പെടുന്ന മനുഷ്യന്റെ ആത്മീയ
അവസ്ഥയെ വിശദീകരിക്കുവാനായി സ്നാനത്തിൽ മാർമ്മികമായി എന്താണ് സംഭവിക്കുന്നത് എന്നു
പൌലൊസ് വിവരിക്കുന്നു.
റോമർ 6:3-4
അല്ല, യേശുക്രിസ്തുവിനോടു
ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം
ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം
അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു;
ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ
നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
ക്രിസ്തീയസ്നാനം യേശുക്രിസ്തുവിനോട് ചേരുവാനുള്ള ഒരു
കർമ്മമാണ് എന്നു പൌലൊസ് പറയുന്നു. എങ്ങനെയാണ് നമ്മൾ ക്രിസ്തുവിനോടു ചേരുക എന്നും
അദ്ദേഹം പറയുന്നു. യേശുക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികൾ ആകുന്നവർ ആണ് അവനോടു
ചേരുന്നവർ. ആരാണ് യേശുവിന്റെ മരണത്തിൽ പങ്കാളികൾ ആകുന്നവർ. യേശുവിനോടുകൂടെ ക്രൂശിൽ
തറക്കപ്പെട്ടു മരിക്കുന്നവർ ആണ് അവന്റെ മരണത്തിൽ പങ്കാളികൾ ആകുന്നത്.
ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികൾ ആകുവാനായിട്ടാണ് നമ്മൾ
സ്നാനം ഏൽക്കുന്നതു. അങ്ങനെ അവന്റെ മരണത്തിൽ സ്നാനത്താൽ പങ്കാളികൾ ആയിതീർന്നപ്പോൾ,
അവനോടു കൂടെ കുഴിച്ചിടപ്പെട്ടു. അതായത് സ്നാനപ്പെടുന്ന എല്ലാവരും യേശുവിനോടു കൂടെ
മരിച്ചു, അടക്കപ്പെടുന്നു. മരണം, അടക്കം എന്നിവ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ
അന്തിമത്വം (finality) ആണ്. ഇനി ആ മനുഷ്യൻ ജീവിക്കുന്നില്ല. അവൻ
അടക്കപ്പെട്ടു കഴിയുമ്പോൾ അവൻ ജീവനോടെയോ, അല്ലാതെയോ, ഈ ഭൂമിയുടെ മുഖത്ത്
ഇരിക്കുന്നില്ല. അവനെക്കുറിച്ചുള്ള ഓർമ്മ കൂടി മാഞ്ഞു പോകുന്നു. ഇനി ഒരിക്കലും അവൻ
തിരികെ വരുകയില്ല. അതായത് സ്നാനപ്പെടുമ്പോൾ പാപിയായ മനുഷ്യൻ ക്രിസ്തുവിനോടു കൂടെ
മരിച്ചു, അടക്കപ്പെട്ടു. പാപിയായ മനുഷ്യൻ ഇനി ഒരിക്കലും ജീവിക്കുന്നില്ല, തിരികെ
വരുന്നുമില്ല.
ക്രിസ്തുവിനോടു കൂടെയുള്ള മരണം, അടക്കം എന്നിവ, പാപത്തിന്റെ
വാഴ്ചയെ അവസാനിപ്പിക്കുന്നു. പാപത്തിന്റെ ഇശ്ചയെ അനുസരിക്കുക
എന്നതിൽ നിന്നും നമ്മൾ സ്വതന്ത്രർ ആകുന്നു.
അതിന് ശേഷം സ്നാനപ്പെടുന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റം
എന്താണ് എന്നു 4 ആം വാക്യത്തിൽ പറയുന്നു. “ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ
മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു
തന്നേ.” മരിച്ചു, അടക്കം ചെയ്യപ്പെട്ട യേശുക്രിസ്തു, പിതാവായ ദൈവത്തിന്റെ മഹിമയാൽ
ഉയിർത്തെഴുന്നേറ്റു. അതുപോലെ, സ്നാനത്തിൽ യേശുവിനോടൊപ്പം മരിച്ചു അടക്കപ്പെടുന്ന
വ്യക്തിയും, ദൈവത്തിന്റെ മഹിമയാൽ ഒരു പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേൽക്കുന്നു.
അതിന് ശേഷം അവൻ, പഴയ മരിച്ചു അടക്കപ്പെട്ട മനുഷ്യൻ ആയിട്ടല്ല, പുതിയ മനുഷ്യനായി
ജീവിക്കുന്നു. ഇത് നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കെ തന്നെ സംഭവിക്കുന്നു.
പൌലൊസ് ഇതുവരെ പറഞ്ഞ വാദം ഇതാണ്. ക്രിസ്തുവിനോടു കൂടെ
മരിച്ചു, അടക്കപ്പെട്ടു, ഉയിർക്കപ്പെട്ടവർ ഇനി പാപത്തിന്റെ വാഴ്ചയിൽ
ജീവിക്കുന്നില്ല. ഈ അനുഭവത്തിന്റെ ഒരു സാദൃശ്യമാണ് സ്നാനം.
വീണ്ടും ജനനം
ഈ
അനുഭവത്തെക്കുറിച്ച് യേശുക്രിസ്തു നിക്കോദേമൊസിനോട് പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു:
യോഹന്നാന്‍ 3:3
യേശു അവനോടു: “ആമേൻ,
ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു
ഉത്തരം പറഞ്ഞു.
ഇവിടെ
ഉപയോഗിച്ചിരിക്കുന്ന ‘ജനനം’ എന്ന വാക്കിന്റെ ഗ്രീക്ക് പദം “ഗെനാഒ” (gennao, ghen-nah'-o) എന്നാണ്. ‘വീണ്ടും’ എന്നതിന് “ആനൊതൻ” (anothen, an'-o-then) എന്ന
ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നു.
“ഗെനാഒ” എന്ന ഗ്രീക്ക്
പദത്തിന്, പുനര്‍ജ്ജീവിപ്പിക്കുക, എന്നും “ആനൊതൻ” എന്ന പദത്തിന്,
വീണ്ടും, ഉയരത്തില്‍ നിന്നും, പുതിയതായി,
എന്നും ആണ് അര്‍ത്ഥം. മനുഷ്യന്‍റെ വീണ്ടുപ്പുമായുള്ള ബന്ധത്തില്‍ ഈ അര്‍ത്ഥങ്ങള്‍
എല്ലാം യോജിക്കുന്നതാണ്. അങ്ങനെ ‘വീണ്ടും ജനിക്കുക’ എന്ന പദസമുച്ചയത്തിന്
‘പുതിയതായി ജനിക്കുക’ എന്നും ‘ഉയരത്തില്‍ നിന്നും ജനിക്കുക’ എന്നും അര്‍ത്ഥം
ഉണ്ടാകുന്നു. അതിനാല്‍ ‘ഉയരത്തില്‍ നിന്നും ജനിക്കുക’ എന്ന അര്‍ത്ഥമാണ് കൂടുതല്‍
സമ്പുഷ്ടം എന്ന് കരുതുന്ന വേദ പണ്ഡിതന്മാര്‍ ഉണ്ട്. ഒരു മനുഷ്യന്‍ വീണ്ടും
ജനിക്കുന്നത് ഉയരത്തില്‍ നിന്നും പരിശുദ്ധാത്മാവിനാല്‍ ആണ്.
യേശുവിനോടുകൂടെ
മരിച്ചു, അടക്കപ്പെട്ടു, ഉയിർത്ത് ഏഴുന്നേൽക്കുന്നവൻ ഉയരത്തിൽ നിന്നും
പരിശുദ്ധാത്മാവിനാൽ ജനിച്ചവൻ ആകുന്നു.
പുനരുത്ഥാനത്തിന്റെ
സാദൃശ്യം
6:5 മുതൽ 7 വരെയുള്ള വാക്യങ്ങളിലും ഇതേ വിഷയം തുടരുകയാണ്.
റോമർ 6:5-7
അവന്റെ
മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ
സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം
പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ
ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം
പ്രാപിച്ചിരിക്കുന്നു.
ക്രിസ്തുവിനോടുകൂടെ മരിച്ച ഒരുവന്റെ, പഴയ പാപിയായ മനുഷ്യൻ
ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു. അതിനാൽ അവന്റെ പാപശരീരത്തിന് നീക്കം
വന്നു. ഇങ്ങനെ മരിച്ചു, അടക്കം ചെയ്യപ്പെട്ടു, ഉയിർത്തെഴുന്നേറ്റിരിക്കുന്നവർ
പാപത്തിന്റെ ആധിപത്യത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. മരിച്ചവർ ആരും
പിന്നീട് പാപം ചെയ്യുന്നില്ല.
6 ആം വാക്യത്തിലെ “പാപശരീരത്തിന്നു” എന്നതിന് മനുഷ്യന്റെ
ഭൌതീക ശരീരം പാപം ആണ് എന്നോ, അത് തിന്മയാണ് എന്നോ അർത്ഥമില്ല. ശരീരം ദൈവത്തിന്റെ
ദാനം ആണ് എന്നും, അതിനാൽ ദൈവീകം ആണ് എന്നും ആണ് യഹൂദ കാഴ്ചപ്പാട്. അതിനാൽ ശരീരത്തെ
മുറിപ്പെടുത്തുന്നതോ, ദോഷം വരുത്തുന്നതോ ആയ യാതൊന്നും അവർ ചെയ്യുക ഇല്ല. എന്നാൽ
യവന, റോമൻ ചിന്ത ഇങ്ങനെ ആയിരുന്നില്ല. അവർ ശരീരത്തെ തിന്മയായും ആത്മാവിനെ വിശുദ്ധമായും
കണ്ടു. അതിനാൽ ശരീരം ഉപേക്ഷിച്ചു ആത്മാവ് വിട്ടു പോകുന്ന മരണത്തെ യവന, റോമൻ
ചിന്തകർ സ്വാതന്ത്ര്യവും വിടുതലും ആയി കണ്ടു.
എന്നാൽ യഹൂദ കാഴ്ചപ്പാട് ആണ് പൌലൊസ് പഠിപ്പിച്ചത്. ഇത് 1
കൊരിന്ത്യർ 6:18-20 വാക്യങ്ങളിൽ വായിക്കാം.
1 കൊരിന്ത്യർ
6:18-20
.... മനുഷ്യൻ
ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ
സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു. ദൈവത്തിന്റെ ദാനമായി നിങ്ങളിൽ
ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ
വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
അതുകൊണ്ടു, റോമർ 6:6 ആം വാക്യത്തിലെ “പാപശരീരത്തിന്നു”
എന്നതിന് പാപം വാഴുന്ന അല്ലെങ്കിൽ പാപത്തിന്റെ ആധിപത്യത്തിൽ ആയിരിക്കുന്ന ശരീരം
എന്നാണ് അർത്ഥം. ഈ പാപശരീരം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു. അതിനാൽ അതിന്
നീക്കം വന്നു. ഇനി അത് ഇല്ല. അതിനാൽ പുതിയമനുഷ്യൻ പാപത്തിന്റെ ആധിപത്യത്തിൽ
നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവൻ ആണ്.
5 ആം വാക്യത്തിൽ ഈ അനുഭവങ്ങളുടെ അനന്തര ഫലം എന്തായിരിക്കും
എന്നു പൌലൊസ് പറയുന്നു. സ്നാനം എന്ന യേശുക്രിസ്തുവിന്റെ മരണത്തിന്റെ
സാദൃശ്യത്തോടു ഏകീഭവിച്ചവർ വർത്തമാന കാലത്തും, ഭാവിയിലും അവന്റെ
പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. അവർക്ക് പാപത്താലുള്ള മരണത്തിൽ
നിന്നും സ്വാതന്ത്ര്യവും, എന്നന്നേക്കുമുള്ള ഒരു പുനരുത്ഥാനവും ലഭിക്കും. ഇത്
വർത്തമാന കാലത്ത് നമ്മൾ ആയിരിക്കുന്നതും, ഭാവിയിൽ സംഭവിക്കേണ്ടതും ആണ്.
നമ്മൾ ഇപ്പോൾ ആയിരിക്കുന്ന ആത്മീയ അവസ്ഥയെക്കുറിച്ച് റോമർ
6:4 ൽ പൌലൊസ് എഴുതി:
റോമർ 6:4
അങ്ങനെ നാം
അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു
മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ
പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
റോമർ 6:5 ൽ ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന ഒരു ആത്മീയ
മാറ്റത്തെക്കുറിച്ച് അദ്ദേഹം എഴുതി:
റോമർ 6:5
അവന്റെ
മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ
സാദൃശ്യത്തോടും ഏകീഭവിക്കും.
തുടർച്ചയായി എഴുതിയിരിക്കുന്ന ഈ രണ്ട് വാക്യങ്ങൾ ഒരുമിച്ച്
വായിച്ചാൽ നമുക്ക് ഒരു ആത്മീയ മർമ്മം മനസ്സിലാകും. ക്രിസ്തുവിനോടുകൂടെ
ഉയിർത്തെഴുന്നേൽക്കുക എന്നതിന്, ഇപ്പോൾ, എന്നും ഭാവിയിൽ എന്നും രണ്ട് അവസ്ഥകൾ
ഉണ്ട്. സ്നാനത്തിൽ ക്രിസ്തുവിനോടുകൂടെ മരിച്ചു അടക്കപ്പെട്ടവർ, ക്രിസ്തുവിനോടുകൂടെ
ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അവർ ഇപ്പോൾ ജീവന്റെ പുതുക്കത്തിൽ നടക്കുന്നു.
പാപത്തിന്റെ ആധിപത്യത്തിൽ ആയിരുന്ന പഴയ മനുഷ്യൻ മരിച്ചുപോയി. അവൻ ഇനി ഇല്ല. ഇപ്പോൾ
ജീവിക്കുന്നത് ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റ പുതിയ മനുഷ്യൻ ആണ്. അവന് ഉയിർത്തെഴുന്നേറ്റ
ക്രിസ്തുവിനോടു സാദൃശ്യം ഉണ്ട്. അവനിൽ ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും
ഉയിർപ്പിച്ച അതേ ആത്മാവും ശക്തിയും ഉണ്ട്.
ഒപ്പം, ക്രിസ്തുവിന്റെ മരണത്തോട് ഏകീഭവിച്ച്,
രക്ഷിക്കപ്പെട്ട ദൈവജനം ഭാവിയിൽ, യേശുക്രിസ്തുവിന്റെ വരവിങ്കൽ, മരിച്ചവരിൽ നിന്നും
ഉയിർത്തെഴുന്നേൽക്കും. അന്ന് നമ്മളുടെ മർത്യശരീരം പുനരുത്ഥാനം പ്രാപിച്ച
യേശുവിന്റെ ശരീരത്തോട് ഏകീഭവിക്കും. ആത്മീയമായി ക്രിസ്തുവിൽ മരിച്ചു
ഉയിർത്തെഴുന്നേറ്റ നമ്മൾ ഇപ്പോൾ പുതിയ സൃഷ്ടികളായി ജീവിക്കുന്നു. ഭാവിയിൽ
ഇപ്പോഴുള്ള നമ്മളുടെ ഭൌതീക ശരീരത്തിന് ഒരു പുനരുത്ഥാനം ഉണ്ടാകും. അപ്പോൾ നമ്മൾ
പുനരുത്ഥാനം പ്രാപിച്ച യേശുവിനെപ്പോലെയാകും.
പാപത്തിന്റെ ആധിപത്യത്തിൽ ആയിരുന്ന പഴയ മനുഷ്യൻ മരിച്ചു,
അടക്കപ്പെട്ടു. ജീവന്റെ പുതുക്കത്തിൽ നടക്കുന്ന പുതിയ മനുഷ്യൻ ക്രിസ്തുവിന്റെ
ഉയിർപ്പിന്റെ ശക്തിയോടെ ഉയിർത്തെഴുന്നേറ്റു. ആയതിനാൽ, കൃപ പെരുകേണ്ടതിന്നു പാപം
ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു അസാദ്ധ്യം ആണ്. പാപസംബന്ധമായി മരിച്ചവർക്ക് ഇനി
പാപത്തിൽ ജീവിക്കുവാൻ സാദ്ധ്യമല്ല (6:1-2).
ഗലാത്യർ 2:20
ഞാൻ
ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു
ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ
ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ
ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
പാപത്തിന്റെ ആധിപത്യം
പാപം, രക്ഷിക്കപ്പെട്ട ഒരുവനെ, ഒരു യജമാനനെപ്പോലെ
നിയന്ത്രിക്കുന്നില്ല. അതിനാൽ പാപം അവനിൽ വാഴുന്നില്ല.
റോമർ 6:10-11
അവൻ മരിച്ചതു
പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ
ദൈവത്തിന്നു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു
ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ
യേശുക്രിസ്തു നിത്യമായി ജീവിക്കുന്നു. അവൻ ജീവിക്കുന്നത് ദൈവ മഹത്വത്തിനായി ആണ്.
അതുപോലെ തന്നെ, രക്ഷിക്കപ്പെട്ട ദൈവജനം, പാപ സംബന്ധമായി ഒരിക്കലായി മരിച്ചവർ എന്നു
സ്വയം എണ്ണണം. ജീവിക്കുന്നതോ, ക്രിസ്തുയേശുവിൽ ദൈവത്തിന് വേണ്ടി ആയിരിക്കേണം.
2 കൊരിന്ത്യർ
5:17
ഒരുത്തൻ
ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി,
ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
6:12-13 വാക്യങ്ങളിൽ പൌലൊസ് അതിന് മുമ്പ് പറഞ്ഞ വാദങ്ങൾക്ക്
ഒരു പ്രബോധനത്തോടെ ഉപസംഹാരം പറയുന്നു.
റോമർ 6:12-13
ആകയാൽ പാപം
നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു.
നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ
ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.
ക്രിസ്തുവിനോടുകൂടെ, മരിച്ചു, അടക്കം ചെയ്യപ്പെട്ടു,
ഉയിർത്തെഴുന്നേവർ ആയ നമ്മളിൽ പാപം ഇനി ഒരു യജമാനന്റെ അധികാരത്തോടെ വാഴരുത്. ഇത്
രക്ഷിക്കപ്പെട്ട ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിനുള്ള മാർഗ്ഗം,
നമ്മളുടെ മർത്യശരീരത്തിൽ പാപത്തിന്റെ മോഹങ്ങളെ അനുസരിക്കാതിരിക്കുക എന്നതാണ്.
നമ്മളുടെ ശരീര അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി ഉപയോഗിക്കുവാൻ പാപത്തെ അനുവദിക്കരുത്.
ക്രിസ്തുവിനോടു കൂടെ മരിച്ചിട്ടു, അവനോടു കൂടെ ഉയിർത്തെഴുന്നേറ്റ്
ജീവിക്കുന്നവരായി നമ്മളെ ദൈവത്തിന് സമർപ്പിക്കേണം. നമ്മളുടെ അവയവങ്ങളെ നീതിയുടെ
ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിക്കേണം.
ഉയിർപ്പിന്റെ ശക്തി
ഇവിടെ ഒരു ചോദ്യം ഉയരുന്നു. രക്ഷിക്കപ്പെട്ട ദൈവജനം പാപ
സംബന്ധമായി ക്രിസ്തുവിനോടൊപ്പം മരിച്ചു, പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേറ്റു എന്ന്
പൌലൊസ് മുമ്പ് പറഞ്ഞു. ഇങ്ങനെ പാപ സംബന്ധമായി മരിച്ച ഒരുവൻ വീണ്ടും പാപം ചെയ്യുവാൻ
സാദ്ധ്യത ഉണ്ടോ? വീണ്ടും ജനനം പ്രാപിച്ച ഒരുവന്റെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി
പാപത്തിന്നു സമർപ്പിക്കപ്പെടുവാൻ സാദ്ധ്യത ഉണ്ടോ?
നമ്മൾ ക്രിസ്തുവിനോടൊപ്പം മരിച്ചു, അടക്കപ്പെട്ടു,
ഉയിർത്തെഴുന്നേറ്റപ്പോൾ, നമ്മളിൽ ഉള്ള പാപത്തിന്റെ വാഴ്ച അല്ലെങ്കിൽ അധികാരം
ഇല്ലാതെയായി. ഇനി പാപം നമ്മളുടെ മേൽ വാഴുന്നില്ല. എന്നാൽ പാപത്തോടുള്ള ചായ് വ്
നമ്മളുടെ ഭൌതീക ശരീരത്തിൽ തുടർന്നും ഉണ്ടാകാം. നമ്മൾ ഇനി പാപത്തിന് അടിമകൾ അല്ല,
എങ്കിലും പാപം ചെയ്യുവാൻ കഴിയും. കാരണം നമ്മളുടെ ശരീരം ഇപ്പോഴും ആദാമിന്റെ
പാപത്തിന്റെ ഫലമായി സമ്പൂർണ്ണമായി മലിനമാണ് (depraved). അതുകൊണ്ടാണ് “പാപം
നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും
അരുതു.” എന്നു പൌലൊസ് ഉപദേശിക്കുന്നത് (റോമർ 6:12).
അതിനാൽ നമ്മൾ പാപത്തോട് എപ്പോഴും ഒരു പൊരാട്ടത്തിൽ
ആയിരിക്കേണം. പാപത്തിന് നമ്മളുടെ മേൽ വാഴ്ചയില്ല എന്നതിനാൽ പാപം ചെയ്യുവാൻ നമ്മൾ
നിർബന്ധിതർ അല്ല. നമുക്ക് പാപത്തെ എതിർത്തു പരാജയപ്പെടുത്തുവാൻ കഴിയും. രക്ഷിക്കപ്പെടുന്നതിന്
മുമ്പ്, പാപത്തിന്റെ ആധിപത്യത്തെ എതിർത്തു തോൽപ്പിക്കുവാനുള്ള ശേഷി നമുക്ക്
ഇല്ലായിരുന്നു. കാരണം നമ്മൾ പാപത്തിന്റെ ആധിപത്യത്തിൽ ആയിരുന്നു. എന്നാൽ വീണ്ടും
ജനനം പ്രാപിച്ചവൻ ഉയരത്തിൽ നിന്നും ജനിച്ചവൻ ആണ്. അവൻ യേശുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റവൻ
ആണ്. അവനിൽ ഉയിർപ്പിന്റെ ശക്തി ഉണ്ട്. ഉയിർപ്പിന്റെ ശക്തി നമ്മൾ ഉപയോഗിക്കേണ്ടത്
പാപത്തോട് പൊരാടി അതിനെ ജയിക്കുവാനാണ്.
യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ ശക്തി, നമ്മളുടെ മേലുള്ള
പാപത്തിന്റെ വാഴ്ച അവസാനിപ്പിച്ചു, നമ്മളെ പാപത്തിന്റെ അധികാരത്തിൽ നിന്നും
സ്വതന്ത്രർ ആക്കി. അതിനാൽ ഇപ്പോൾ നമ്മൾ പാപത്തോട് പൊരാടുവാൻ തക്കവണ്ണം ശക്തർ
ആയിരിക്കുന്നു. അതിനാൽ രക്ഷിക്കപ്പെട്ട ജനം പാപത്തോടുള്ള പൊരാട്ടം തുടരുന്ന
കാലമെല്ലാം അവർ പാപം ചെയ്യാതെ ജീവിക്കുവാൻ കഴിയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ,
രക്ഷിക്കപ്പെട്ടവർ, അവർ തിരഞ്ഞെടുക്കുന്നു എങ്കിൽ മാത്രമേ പാപം ചെയ്യുന്നുള്ളൂ.
അതിനാൽ പൌലൊസ് 6:12-13 വാക്യങ്ങളിൽ ഇങ്ങനെ എഴുതി, “ആകയാൽ
പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ
അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ
മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും
ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.” ഇത് നമ്മൾക്ക് എങ്ങനെ ചെയ്യുവാൻ കഴിയും? നമ്മൾ
എപ്പോഴും, പാപത്തിന് മരിച്ചവർ ആണ് എന്നും ഉയിർപ്പിന്റെ ശക്തിയിൽ ജീവിക്കുന്നവർ ആണ്
എന്നും സ്വയം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണം. അതിനാൽ നമ്മൾ, ഇപ്പോൾ നമ്മളുടെമേൽ
അധികാരം ഇല്ലാത്ത പാപവുമായി ഒരു പൊരാട്ടത്തിൽ ആണ്. ഉയിർപ്പിന്റെ ശക്തി പാപത്തോട്
പൊരാടുവാനും, എതിർത്തു തോൽപ്പിക്കുവാനും നമ്മളെ ശക്തർ ആക്കും. ഉയിർപ്പിന്റെ ശക്തി
ഉപയോഗിക്കേണ്ടത് പാപത്തോട് പൊരാടുവാൻ ആണ്. പാപത്തെ ജയിക്കുവാനാണ് ഉയിർപ്പിന്റെ
ശക്തി നമ്മളുടെ മേൽ പകർന്നിരിക്കുന്നത്.
No comments:
Post a Comment