പഴയനിയമ പ്രവാചകന്മാരും, യേശുക്രിസ്തുവും, അവരുടെ ശുശ്രൂഷാ കാലയളവിൽ, മരിച്ചുപോയ ചിലരെ ജീവനിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ വിവരണങ്ങളിൽ എല്ലായിടത്തും, ഉയിർപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നില്ല എങ്കിലും, അവരുടെ ജീവനിലേക്ക് ഉള്ള മടങ്ങി വരവിനെ ഉയിർപ്പ് എന്നാണ് വേദപുസ്തകത്തിൽ പൊതുവേ പരാമർശിക്കുന്നത്. ഉദാഹരണത്തിന് യേശു യോഹന്നാന്റെ ശിഷ്യന്മാരോട് പറയുന്ന ഒരു വാചകം ലൂക്കോസ് 7:22 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
ലൂക്കോസ് 7:22
കുരുടർ കാണുന്നു; മുടന്തർ
നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ
ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം
അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ
ചെന്നു അറിയിപ്പിൻ.
ഇവിടെ “ഉയിർത്തെഴുന്നേല്ക്കുന്നു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന വാക്ക്, “എഗാരോ” എന്നാണ്. ഈ വാക്കിന്റെ അർത്ഥം, എഴുന്നേൽക്കുക, ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരണം എന്ന ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക, മരിച്ചവരെ ജീവനിലേക്ക് തിരികെ വിളിക്കുക, ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുക, എന്നിങ്ങനെയാണ് (egeirō, eg-i'-ro - to arouse, cause to rise, to arouse from the sleep of death, to recall the dead to life, to cause to rise from a seat or bed). ഇതേ ഗ്രീക്ക് വാക്ക് തന്നെയാണ് യേശുക്രിസ്തുവിന്റെ ഉയിർപ്പിനെക്കുറിച്ചും പറയുവാൻ ഉപയോഗിച്ചിട്ടുള്ളത്.
ലൂക്കോസ് 24:6
അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു (എഗാരോ, egeirō)
അതിനാൽ പൊതുവേ, മരണത്തിൽ നിന്നും ജീവനിലേക്ക് തിരികെ
വരുന്നതിനെ “ഉയിർപ്പ്” എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ മരണത്തിൽ
നിന്നും തിരികെ ജീവനിലേക്ക് വന്ന മനുഷ്യരുടെ ഉയിർപ്പും, മരിച്ചു അടക്കപ്പെട്ട
അവസ്ഥയിൽ നിന്നും മൂന്നാം ദിവസം തിരികെ ജീവനിലേക്ക് വന്ന യേശുക്രിസ്തുവിന്റെ
ഉയിർപ്പും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. യേശുക്രിസ്തുവിന്റെ ശുശ്രൂഷ കാലയളവിൽ, അവൻ
ജീവനിലേക്ക് തിരികെ കൊണ്ടുവന്ന മൂന്ന് പേരിൽ ലാസർ മാത്രമേ മൂന്ന് ദിവസങ്ങൾ
കല്ലറയിൽ കിടന്നുള്ളൂ. യായിറോസിന്റെ മകൾ മരിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ അവൾ
ജീവനിലേക്ക് തിരികെ വന്നു. വിധവയുടെ മകനും അധികം മണിക്കൂറുകൾ മരിച്ച അവസ്ഥയിൽ
ആയിരുന്നില്ല. കാരണം, യഹൂദ രീതി അനുസരിച്ചു, ശവശരീരം എത്രയും വേഗം അടക്കം
ചെയ്യുമായിരുന്നു. എന്നാൽ ലാസർ മരിച്ചു നാലാമത്തെ ദിവസം ആണ് അവനെ
ഉയിർപ്പിക്കുന്നത്.
എങ്കിലും, പഴയനിയമത്തിലും, പുതിയനിയമത്തിലും, മരണത്തിൽ
നിന്നും ജീവനിലേക്ക് തിരികെ വന്ന എല്ലാ മനുഷ്യരും, പിന്നീട് എല്ലാവരെയും പോലെ
മരിച്ചു. അവർക്ക് എല്ലാ മനുഷ്യരെയും പോലെയുള്ള ശാരീരിക മരണം ഉണ്ടായി. എന്നാൽ
യേശുക്രിസ്തു, ഉയിർത്തെഴുന്നേറ്റത്തിന് ശേഷം, അവൻ മരിച്ചിട്ടില്ല. യേശുക്രിസ്തു
മാത്രമേ ഒരിക്കൽ മരിക്കുകയും, അടക്കപ്പെടുകയും, ഉയിർക്കുകയും, പിന്നീട് നിത്യനായി
ജീവിക്കുകയും ചെയ്യുന്നുള്ളൂ.
അപ്പൊസ്തലനായ പൌലൊസ് കൊരിന്തിലെ വിശ്വാസികളെ
ഓർമ്മിപ്പിക്കുന്ന, അവൻ അവരെ അറിയിച്ച സുവിശേഷം സംക്ഷിപ്തമായി പറയുന്ന വേദഭാഗം ആണ്
1 കൊരിന്ത്യർ 15:3-7. ഇവിടെ അദ്ദേഹം മൂന്ന് സംഭവങ്ങളെ എടുത്തു പറയുന്നു:
യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു.
1 കൊരിന്ത്യർ
15:3-8
ക്രിസ്തു നമ്മുടെ
പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ
പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവർക്കും
പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി
ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു
പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു;
ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും
പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള
എനിക്കും പ്രത്യക്ഷനായി;
“തിരുവെഴുത്തുകളിൻ പ്രകാരം” എന്നു പൌലൊസ് പറയുന്നത് ഏത് വചനമാണ്
എന്നതിൽ കൃത്യതയില്ല. അദ്ദേഹം ഏതെങ്കിലും ഒരു പ്രത്യേക വേദഭാഗത്തെയല്ല പരാമർശിക്കുന്നത്.
കാരണം, പഴയനിയമത്തിൽ ഒന്നിലധികം വാക്യങ്ങൾ യേശുവിന്റെ ജനനം, ശുശ്രൂഷ, മരണം
എന്നിവയെക്കുറിച്ച് മുൻകൂട്ടി പറയുന്നുണ്ട്. സങ്കീർത്തനം 22:18, 16:10, യെശയ്യാവ്
53 എന്നിങ്ങനെയുള്ള ചില വാക്യങ്ങൾ യേശുവിന്റെ മരണത്തെക്കുറിച്ച് പറയുന്നു. യേശുക്രിസ്തു
തന്നെ അവന്റെ മരണം, അടക്കം, ഉയിർപ്പ് എന്നിവയെക്കുറിച്ച് പല അവസരങ്ങളിൽ പ്രവചിച്ചിട്ടുണ്ട്.
സങ്കീർത്തനം 22:18
എന്റെ വസ്ത്രം
അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
സങ്കീർത്തനം
16:10
നീ എന്റെ പ്രാണനെ
പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
യെശയ്യാവ്
53:8-10
അവൻ പീഡനത്താലും
ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ
ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു
എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
മത്തായി 20:17-19
യേശു
യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു
കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു: “നാം യെരൂശലേമിലേക്കു
പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും
ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവന്നു മരണശിക്ഷ
കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ
ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ
ഉയിർത്തെഴുന്നേല്ക്കും.”
ശരീരം മോഷ്ടിക്കപ്പെട്ടു
മത്തായി 28 ആം അദ്ധ്യായം ആരംഭിക്കുന്നത് യേശുക്രിസ്തുവിന്റെ
ഉയിർപ്പിനെക്കുറിച്ചുള്ള വിവരണത്തോടെയാണ്.
മത്തായി 28:1-4
ശബ്ബത്തു കഴിഞ്ഞു
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ
മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ
ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി
അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം
പോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു
മരിച്ചവരെപ്പോലെ ആയി.
ഈ വാക്യങ്ങൾ വായിച്ചാൽ, മഗ്ദലക്കാരത്തി മറിയയും മറ്റെ
മറിയയും കല്ലറ കാണ്മാൻ ചെന്നപ്പോൾ, പെട്ടന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി എന്നു
തോന്നും. എന്നാൽ ഇതിനെ മറിയയും കൂടെയുള്ളവരും കല്ലറ കാണുവാൻ പോയ ദിവസം
സംഭവിച്ചതായി മനസ്സിലാക്കുന്നതാണ് ശരി. അത് അവർ അവിടെ ചെല്ലുന്നതിന് മുമ്പ്
സംഭവിച്ച കാര്യങ്ങൾ ആണ്. അവർ കല്ലറയ്ക്കൽ പോയ ദിവസം ആണ് അത് നടന്നത്.
മറ്റ് സുവിശേഷ രചയിതാക്കൾ ഈ സംഭവത്തെ വിവരിക്കുന്നത്
ഇങ്ങനെയാണ്:
മർക്കോസ് 16:1-4
ശബ്ബത്തു
കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു
അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു
സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു
വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ലു
ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
ലൂക്കോസ് 24:1-3
അവർ ഒരുക്കിയ
സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി, കല്ലറയിൽ
നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ
ശരീരം കണ്ടില്ല.
യോഹന്നാൻ 20:1
ആഴ്ചവട്ടത്തിൽ
ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു
കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
വ്യത്യസ്തങ്ങൾ ആയ വിവരണങ്ങളിൽ നിന്നും നമ്മൾ
മനസ്സിലാക്കേണ്ടുന്നത് ഇതാണ്: യേശുക്രിസ്തുവിന്റെ ശരീരം അടക്കം ചെയ്ത ദിവസവും,
അതിന്ശേഷമുള്ള ദിവസങ്ങളിലും, മനുഷ്യർക്ക് കാണുവാനോ, കേൾക്കുവാനോ കഴിയുന്ന
യാതൊന്നും, കല്ലറയക്ക് വെളിയിൽ സംഭവിച്ചില്ല. എല്ലാം ശാന്തമായി പോയി. ശബ്ബത്ത്
കഴിഞ്ഞ ദിവസം, (ആഴ്ചവട്ടത്തിന്റെ ഒന്നാമത്തെ ദിവസം), പെട്ടെന്നു വലിയോരു ഭൂകമ്പം
ഉണ്ടായി;
കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലറയുടെ വാതിൽ അടച്ചിരുന്ന കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നു. അവന്റെ
രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.
കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത് എപ്പോൾ ആണ്, എങ്ങനെയാണ്
എന്നു സുവിശേഷകർ ആരും പറയുന്നില്ല. യേശുക്രിസ്തുവിന്റെ ഉയിർപ്പിന് യഥാർത്ഥത്തിൽ
ദൃക്സാക്ഷികൾ ഇല്ല. ഏറ്റവും അടുത്ത ദൃക്സാക്ഷികൾ കല്ലറയക്ക് കാവൽ നിന്ന പടയാളികൾ
ആണ്. അവർ, ഭൂകമ്പം ഉണ്ടാകുന്നത് അനുഭവിച്ചു. ഒരു സ്വർഗ്ഗീയ ദൂതനെ കണ്ടു. ദൂതൻ
കല്ലറയുടെ വാതിലിലെ കല്ല് ഉരുട്ടി മാറ്റി അതിൽ ഇരിക്കുന്നതും കണ്ടു. ഇതെല്ലാം
കണ്ടപ്പോൾ “കാവൽക്കാർ അവനെ (ദൂതനെ) കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
എന്നാൽ അവർ യേശു ഉയിർത്തെഴുന്നേൽക്കുന്നത് നേരിൽ കണ്ടില്ല.
അതിനാൽ യേശുക്രിസ്തു എപ്പോൾ, എങ്ങനെയാണ്
ഉയിർത്തെഴുന്നേറ്റത് എന്നു നമുക്ക് അറിഞ്ഞുകൂടാ. യേശു അത് ആരോടും
വിശദീകരിച്ചിട്ടില്ല. എത്ര മണിക്ക് അവൻ ഉയിർത്തെഴുന്നേറ്റു, അവൻ സ്വയം
എഴുന്നേൽക്കുക ആയിരുന്നുവോ, പിതാവായ ദൈവമോ, ദൂതന്മാരോ അവനെ എഴുന്നേൽക്കുവാൻ നേരിൽ
വന്നു സഹായിച്ചുവോ, അവൻ ആരുടെയെങ്കിലും ശബ്ദം കേട്ട് എഴുന്നേൽക്കുക ആയയിരുന്നുവോ,
അവന്റെ കൈപിടിച്ച് ആരെങ്കിലും എഴുന്നേൽപ്പിച്ചുവോ, പരിശുദ്ധാത്മാവിന്റെ ശക്തി
ഏതെങ്കിലും രൂപത്തിൽ ഇറങ്ങിവന്നു അവന്റെ മേൽ പതിച്ചുവോ? ഇതൊന്നും നമുക്ക്
അറിഞ്ഞുകൂടാ. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നുമാത്രം നമുക്ക് അറിയാം.
മത്തായി 28:2 ൽ പറയുന്ന പെട്ടന്ന് ഉണ്ടായ വലിയ ഭൂകമ്പ സമയത്തായിരിക്കാം യേശു ഉയിർത്തെഴുന്നേറ്റത്.
എന്നാൽ ഇതൊരു അനുമാനം മാത്രമാണ്. ഇതിന്റെ സമയവും ആരും രേഖപ്പെടുത്തിയിട്ടില്ല.
ഇതിനുള്ള കാരണം, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത്
അടച്ചിട്ടിരുന്ന ഒരു കല്ലറയക്ക് ഉള്ളിൽ ആണ്. അവിടെ എപ്പോൾ, എന്തെല്ലാം നടന്നു
എന്നു പുറത്ത് നിന്ന ആരും കണ്ടിട്ടില്ല. അവൻ കല്ലറയക്ക് വെളിയിലേക്ക് പോകുന്നതും
ആരും കണ്ടിട്ടില്ല.
സ്വർഗ്ഗീയ ദൂതൻ എന്തിനാണ് കല്ലറയുടെ വാതിൽക്കൽ വച്ചിരുന്ന കല്ല്
ഉരുട്ടിമാറ്റി വാതിൽ തുറന്നത്? കല്ലറയക്ക് ഉള്ളിൽ നിന്നും പുറത്തേക്ക് പോകുവാൻ ഉയിർത്തെഴുന്നേറ്റ
യേശുവിന് വാതിൽക്കലിലെ കല്ല് മാറ്റേണ്ടതില്ല. അവന് അടച്ചിട്ടിരിക്കുന്ന
മുറിക്കുള്ളിൽ, വാതിൽ തുറക്കാതെ തന്നെ പ്രത്യക്ഷനാകുവാൻ കഴിയും (യോഹന്നാൻ 20:19).
അതിനാൽ ദൂതൻ കല്ലറയുടെ വാതിൽ തുറന്നത് യേശുവിന് പുറത്തു ഇറങ്ങുവാൻ വേണ്ടി
ആയിരുന്നില്ല. മനുഷ്യർക്ക് അകത്തേക്ക് പ്രവേശിക്കുവാൻ വേണ്ടി ആയിരുന്നു.
തുറക്കപ്പെട്ട ശൂന്യമായ കല്ലറ, യേശു കല്ലറയിൽ ഇല്ല എന്നു മനസ്സിലാക്കുവാനായി, ഇന്നും മനുഷ്യരെ അകത്തേക്ക് ക്ഷണിക്കുന്നു.
കല്ലറയ്ക്കൽ കാവൽക്കാർ ഉള്ളപ്പോൾ തന്നെ സ്വർഗ്ഗീയ ദൂതന്മാർ
പ്രത്യക്ഷരായി. അവർ കല്ലറയുടെ വാതിലിലെ കല്ല് ഉരുട്ടി മാറ്റി. ഒരുവൻ അതിൻമേൽ
ഇരുന്നു. എന്നാൽ യേശു ഉയിർത്തെഴുന്നേറ്റു എന്ന സത്യം അവർ കാവൽക്കാരോട് വിളംബരം
ചെയ്തില്ല. “കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.”
(മത്തായി 28:4). ഇതല്ലാതെ അവർ യേശുവിനെ കണ്ടതായിട്ടോ, കല്ലറയക്ക് ഉള്ളിൽ
പ്രവേശിച്ചതായിട്ടോ പറയുന്നില്ല. പെട്ടന്ന് ഉണ്ടായ ഭൂകമ്പം, സ്വർഗ്ഗീയ ദൂതന്മാരുടെ
പ്രത്യക്ഷത, ദൂതൻ വാതിൽക്കലിലെ കല്ല് ഉരുട്ടി മാറ്റിയത്, ദൂതന്മാരുടെ മിന്നലിന്നു
ഒത്ത രൂപം, ഹിമം പോലെ വെളുത്ത ഉടുപ്പു എന്നിവ കാണുകയും കേൾക്കുകയും ചെയ്ത
കാവൽക്കാർ പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി. അതിനാൽ അവർ കല്ലറ വിട്ടു
ഓടിപ്പോയിക്കാണും. (മത്തായി 28:1-4).
യേശുവിന്റെ കല്ലറയക്ക് കാവൽ നിന്നിരുന്ന കാവൽക്കാർ ഓടിപ്പോയി
എന്നു നേരിട്ട് പറയുന്ന വാക്യം ഇല്ല. കല്ലറയ്ക്കൽ എത്തിയ സ്ത്രീകൾ കാവൽക്കാരെ
അവിടെ കണ്ടില്ല. ഇത് അവർ ഭയന്ന് ഓടിപ്പോയത് കൊണ്ടാകാം. അല്ലെങ്കിൽ അവരുടെ ജോലിയുടെ
സമയം കഴിഞ്ഞു എന്നത് കൊണ്ടു ആകാം. മത്തായി 27:64 ൽ പറയുന്നത് അനുസരിച്ചു, മൂന്നാം
നാൾ വരെയെ കാവൽക്കാരെ നിറുത്തുവാനും, കല്ലറ ഉറപ്പിക്കുവാനും പീലാത്തൊസ് കൽപ്പിച്ചുള്ളൂ.
സ്ത്രീകൾ വരുമ്പോൾ, അവിടെ തുറന്ന ഒരു കല്ലറ കണ്ടു, കാവൽക്കാരും,
റോമൻ മുദ്രയും ഇല്ലായിരുന്നു. പകരം രണ്ട് സ്വർഗ്ഗീയ ദൂതന്മാർ മാത്രം അവിടെ
ഉണ്ടായിരുന്നു.
യേശുവിന്റെ കല്ലറയ്ക്കൽ ചെന്ന സ്ത്രീകൾ ആരൊക്കെ ആയിരുന്നു? നാല്
സുവിശേഷങ്ങളിലെ വിവരണം അനുസരിച്ചു നാല് സ്ത്രീകൾ യേശുവിന്റെ കല്ലറയിൽ
ചെന്നിരുന്നു. അവർ, മഗ്ദലക്കാരത്തി
മറിയ (മത്തായി 28:1), യോഹന്നാ (ലൂക്കോസ് 24:10), യാക്കോബിന്റെ അമ്മ മറിയ (മർക്കോസ് 16:1), ശലോമ
(മർക്കോസ് 16:1), എന്നിവർ ആയിരുന്നു. എന്നാൽ ലൂക്കോസ് 23:54
ൽ “ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും” യേശുവിനെ അടക്കം ചെയ്തപ്പോൾ
കല്ലറയ്ക്കൽ ഉണ്ടായിരുന്നു എന്നു പറയുന്നുണ്ട്. “അവർ ഒരുക്കിയ സുഗന്ധവർഗ്ഗം
എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി” എന്നാണ് 24:1
ൽ പറയുന്നത്. 24:10 ൽ യേശു ഉയിർത്തെഴുന്നേറ്റു എന്ന വിവരം “അവരോടുകൂടെയുള്ള മറ്റു
സ്ത്രീകളും” അപ്പൊസ്തലന്മാരോട് പറഞ്ഞു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ലൂക്കോസ് 24:9-10
(സ്ത്രീകൾ) കല്ലറ
വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. അവർ
ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ
അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു
അപ്പൊസ്തലന്മാരോടു പറഞ്ഞു.
ഇതിൽ നിന്നും യേശുവിന്റെ കല്ലറയിലേക്ക്, സുവിശേഷങ്ങളിൽ പേര്
പറഞ്ഞിരിക്കുന്നവർ കൂടാതെ “അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും” ഉണ്ടായിരുന്നു
എന്നു അനുമാനിക്കാം.
യേശുവിന്റെ കല്ലറയ്ക്കൽ എത്ര ദൂതന്മാർ ഉണ്ടായിരുന്നു? മത്തായി
“കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു” എന്നു മാത്രമേ പറയുന്നുള്ളൂ.
ഈ ദൂതൻ “കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.” (28:2). 28:5 ആം വാക്യത്തിൽ
“ദൂതൻ സ്ത്രീകളോടു” എന്നു പറയുന്നു. അതായത് മത്തായി ഒരു ദൂതന്റെ കാര്യമേ
പറയുന്നുള്ളൂ. മർക്കോസ് 16:5 ൽ “അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി
ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.” ഇവിടെയും
ഒരു ദൂതനെ ഉള്ളൂ. ലൂക്കോസ് 24:4 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:
“അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു
പുരുഷന്മാർ അരികെ (കല്ലറയക്ക് അകത്തു) നില്ക്കുന്നതു കണ്ടു.”
ഇവിടെ രണ്ട് ദൂതന്മാർ ഉണ്ട്. യോഹന്നാൻ ദൂതന്മാരുടെ കാര്യം പറയുന്നില്ല. ഈ
വിവരണങ്ങളിൽ നിന്നും യേശു ഉയിർത്തെഴുന്നേറ്റ കല്ലറയക്ക് അകത്തും പുറത്തുമായി
കുറഞ്ഞത് രണ്ട് ദൂതന്മാർ ഉണ്ടായിരുന്നു. കല്ലറയക്ക് വെളിയിൽ വാതിലായി
ഉപയോഗിച്ചിരുന്ന കല്ലിന്മേൽ ഇരുന്നിരുന്ന ദൂതൻ മറ്റൊരുവൻ ആണ് എന്നു കരുതിയാൽ,
അവിടെ മൊത്തം മൂന്ന് ദൂതന്മാർ ഉണ്ടായിരുന്നു.
മത്തായി 28:5-7 ൽ പറയുന്ന ദൂതൻ, കല്ലു ഉരുട്ടിനീക്കി
അതിന്മേൽ ഇരുന്നിരുന്ന സ്വർഗ്ഗീയ ദൂതൻ ആണോ, അതോ കല്ലറയക്ക്ഉള്ളിൽ ഉണ്ടായിരുന്ന
ദൂതൻ ആണോ എന്നു പ്രത്യേകം പറയുന്നില്ല. മർക്കോസിലെ ദൂതൻ കല്ലറെക്കകത്തു
ഉണ്ടായിരുന്നവൻ ആയിരുന്നു. ലൂക്കോസിലെ ദൂതന്മാരും കല്ലറയക്ക് അകത്തു
ഉണ്ടായിരുന്നവർ ആണ്. അതിനാൽ മത്തായിയും പരാമർശിക്കുന്ന ദൂതൻ ആദ്യം കല്ലറയുടെ
വാതിലായിരുന്ന കല്ലിൽ ഇരുന്നതും പിന്നീട് കല്ലറയക്ക് അകത്തു കണ്ടതും ആയ ദൂതൻ
ആയിരിക്കേണം.
യേശുക്രിസ്തു ഉയിർത്തെഴുന്നേൽക്കുന്നത് ആരും നേരിൽ
കണ്ടിട്ടില്ല. അത് ആദ്യം പ്രഖ്യാപിക്കപ്പെടുക ആയിരുന്നു. പ്രഖ്യാപിക്കപ്പെട്ട
സത്യം തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്. അതിനാൽ, ഉയിർത്തെഴുന്നേറ്റ യേശു പലർക്കും
പ്രത്യക്ഷനായി. യേശുവിന്റെ ഉയിർപ്പ് ആദ്യം പ്രഖ്യാപിച്ചത് സ്വർഗ്ഗീയ ദൂതന്മാർ ആണ്.
അവർ കല്ലറയ്ക്കൽ ചെന്ന സ്ത്രീകളോട് ആണ് ഉയിർപ്പിന്റെ സുവിശേഷം അറിയിച്ചത്.
മത്തായി 28:5-7
ദൂതൻ
സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ
അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല;
താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ
കിടന്ന സ്ഥലം വന്നുകാണ്മിൻ, അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു
വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു
മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും;
ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
മർക്കോസ് 16:6-7
അവൻ അവരോടു:
ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ
അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. നിങ്ങൾ പോയി
അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു
എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും
എന്നു പറവിൻ എന്നു പറഞ്ഞു.
ലൂക്കോസ് 24:5-7
ഭയപ്പെട്ടു മുഖം
കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ
അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല
ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ
തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു
ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു
ഓർത്തുകൊൾവിൻ എന്നു പറഞ്ഞു.
സകല മനുഷ്യരോടും സ്വർഗ്ഗീയ ദൂതന്മാർ ഒരു വെല്ലുവിളി
നടത്തുകയാണ്: യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു, അവന്റെ ശരീരം കല്ലറയിൽ
ഇല്ല. സംശയിക്കുന്നവർക്ക് അവന്റെ ശരീരം കിടത്തിയിരുന്ന സ്ഥലം വന്നു കാണാം. കല്ലറ
എല്ലാവർക്കുമായി തുറന്നിരിക്കുന്നു. ശൂന്യമായ കല്ലറയാണ് യേശു ഉയിർത്തെഴുന്നേറ്റു
എന്നതിന്റെ ശക്തമായ തെളിവ്.
ദൂതന്മാർ സ്ത്രീകളോട് യേശു എപ്പോൾ, എങ്ങനെ ഉയിർത്തെഴുന്നേറ്റു എന്നു വിശദീകരിച്ചില്ല. അവർ പറഞ്ഞത് ഇതെല്ലാം ആണ്:
· ഭയപ്പെടേണ്ടാ
(മത്തായി 28:5), ഭ്രമിക്കേണ്ടാ (മർക്കോസ് 16:6)
· ക്രൂശിക്കപ്പെട്ട
യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു അറിയുന്നു (മത്തായി 28:5, മർക്കോസ് 16:6)
· നിങ്ങൾ
ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
(ലൂക്കോസ് 24:5).
· അവൻ
ഇവിടെ ഇല്ല (മത്തായി 28:6, മർക്കോസ് 16:6, ലൂക്കോസ് 24:6).
· താൻ
പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു (മത്തായി 28:6, മർക്കോസ് 16:6, ലൂക്കോസ് 24:6).
· അവൻ
കിടന്ന സ്ഥലം വന്നുകാണ്മിൻ (മത്തായി 28:6), അവനെ വെച്ച സ്ഥലം ഇതാ (മർക്കോസ് 16:6)
· അവൻ
മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ
ശിഷ്യന്മാരോടു പറവിൻ (മത്തായി 28:7)
· അവൻ
നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു (മത്തായി 28:7, മർക്കോസ് 16:7
· അവിടെ
നിങ്ങൾ അവനെ കാണും (മത്തായി 28:7), “അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ
കാണും” (മർക്കോസ് 16:7).
· മുമ്പെ
ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ
കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു
പറഞ്ഞതു ഓർത്തുകൊൾവിൻ (ലൂക്കോസ് 24:7)
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു സ്വർഗീയ ദൂതന്മാർ സ്ത്രീകളെ അറിയിക്കുകയും, അതിന്റെ തെളിവായി ശൂന്യമായ കല്ലറ കാണുവാൻ അവരെ ക്ഷണിക്കുകയും ചെയ്തു. അവർ പറഞ്ഞത് ഇങ്ങനെയാണ്: യേശു കല്ലറയിൽ ഇല്ല (മത്തായി 28:6, മർക്കോസ് 16:6, ലൂക്കോസ് 24:6). അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. (മത്തായി 28:6, മർക്കോസ് 16:6, ലൂക്കോസ് 24:6). അത് മാത്രമല്ല, യേശു ഇപ്പോൾ ജീവനോടെ ഇരിക്കുന്നു – “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?” (ലൂക്കോസ് 24:5).
അതായത് യേശുക്രിസ്തു മരിച്ചവരിൽ നിന്നും
ഉയിർത്തെഴുന്നേറ്റയിരിക്കുന്നു. അവൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നു. അവന്റെ കല്ലറ
ശൂന്യമാണ്. അവൻ ഇനി ഒരിക്കലും മരിച്ചവരുടെ ഇടയിൽ കാണുകയില്ല, അവന്റെ കല്ലറയിൽ ഇനി
അവനെ ഒരിക്കലും കാണുവാൻ കഴിയുക ഇല്ല. തെളിവിനായി, അവന്റെ കല്ലറ കാണുവാനായി
അകത്തേക്ക് ചെല്ലാം.
എന്തിന് വേണ്ടിയാണ് യേശുവിന്റെ കല്ലറയുടെ വാതിൽക്കലെ കല്ല്
ദൂതൻ ഉരുട്ടിമാറ്റിയത്? അത് ഉയിർത്തെഴുന്നേറ്റ യേശുവിന് പുറത്തേക്ക്
പോകുവാനായിരുന്നില്ല. ഭൌതീക വസ്തുക്കൾ യേശുവിന്റെ ഉയിർത്തെഴുന്നേറ്റ ശരീരത്തിന്
ഒരു തടസ്സം ആയിരുന്നില്ല. വാതിൽ തുറക്കാതെ തന്നെ യേശുവിന്റെ ശരീരത്തിന് കല്ലറയിൽ
നിന്നും പുറത്തേക്ക് പോകാമായിരുന്നു. യേശുവിന്റെ കല്ലറ തുറന്നത്, അവന് പുറത്തേക്ക്
പോകുവാനുള്ള വഴി തുറക്കുവാൻ ആയിരുന്നില്ല. യേശു അവിടെ ഇല്ല എന്ന സത്യം സകല
മനുഷ്യരെയും അറിയിക്കുവാനാണ്. അവന്റെ ശൂന്യമായ കല്ലറ സകല മനുഷ്യർക്കും കണ്ടു
വിശ്വസിക്കുവാൻ വേണ്ടിയായിരുന്നു. അത് യേശു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ
നിഷേധിക്കപ്പെടാനാവാത്ത തെളിവാണ്. യേശുവിന്റെ ഉയിർപ്പ് ശിഷ്യന്മാർ പറഞ്ഞു
ഉണ്ടാക്കിയ ഒരു സങ്കൽപ്പിക കഥയല്ല. സകല മനുഷ്യർക്കും, നേരിൽ പോയി കണ്ടു,
പരിശോധിച്ച് മനസ്സിലാക്കാവുന്ന ഒരു സത്യമാണ്.
യേശുവിന്റെ കല്ലറയിൽ ആരൊക്കെയാണ് ആദ്യം പ്രവേശിച്ചത്?
ആരെങ്കിലും കല്ലറയിൽ പ്രവേശിച്ചതായി മത്തായിയും, മർക്കൊസും പറയുന്നില്ല. ലൂക്കോസ്,
“പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി
മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു
മടങ്ങിപ്പോന്നു” എന്നു രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കോസ് 24:12). എന്നാൽ
യോഹന്നാൻ കൂടുതൽ വിശദമായ ഒരു വിവരണം നല്കുന്നുണ്ട് (യോഹന്നാൻ 20:3-8). പത്രൊസും
യോഹന്നാനും, കല്ലറെക്കൽ ചെന്നു. യോഹന്നാൻ ആദ്യം കല്ലെറക്കൽ എത്തി. അവൻ അകത്തു
പ്രവേശിക്കാതെ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി യേശുക്രിസ്തുവിന്റെ ശരീരം
മൂടിയിരുന്ന ശീലകൾ കിടക്കുന്നതു കണ്ടു. പത്രോസാണ് ആദ്യം കല്ലറയക്ക് ഉള്ളിൽ
പ്രവേശിച്ചത്. പിന്നീട് യോഹന്നാനും അകത്തു ചെന്നു. അവർ ദൂതന്മാരെ കണ്ടതായി
രേഖപ്പെടുത്തിയിട്ടില്ല. അവർ കല്ലറയക്ക്ഉള്ളിൽ, യേശുവിന്റെ ശരീരം കിടത്തിയിരുന്ന
ഇടത്ത്, അവന്റെ ശരീരം പൊതിഞ്ഞിരുന്ന വസ്ത്രം മാത്രം കണ്ടു.
യോഹന്നാൻ 20:7
ശീലകൾ
കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്നറൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു
ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.
ഈ വാക്യത്തിന് ഒരു വിശദീകരണം ആവശ്യമാണ്. യേശുക്രിസ്തു
ലാസറിനെ ഉയിർപ്പിച്ച അവസരത്തിൽ, കല്ലറയിൽ നിന്നും പുറത്തേക്ക് വന്ന ലാസറിന്റെ
ശരീരം മുഴുവൻ ശീലകളാൽ ചുറ്റിയിരുന്നു എന്നു നമ്മൾ വായിക്കുന്നുണ്ട്.
യോഹന്നാൻ 11 :44
മരിച്ചവൻ
പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം
റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ
പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
ഇത് യഹൂദന്മാരുടെ ശവസംസ്കാര രീതിയെ കാണിക്കുന്നു. ഒരുവൻ
മരിക്കുമ്പോൾ, ആദ്യം, അവന്റെ ശരീരം കഴുകി, സുഗന്ധ ദ്രവ്യങ്ങൾ പൂശുക എന്നതാണ്
യേശുവിന്റെ കാലത്തെ യഹൂദ പാരമ്പര്യം. അതിന് ശേഷം അവന്റെ ശരീരം ഒരു വെളുത്ത
ചണത്തുണി (linen) കൊണ്ടു ചുറ്റി പൊതിയും, മുഖം മറ്റൊരു തുണികൊണ്ട്
മൂടും. കൈകളും കാലുകളും ഒരു ചെറിയ തുണികഷണം കൊണ്ടു കെട്ടും. യേശുക്രിസ്തുവിന്റെ
ശരീരവും ഇങ്ങനെയാണ് കല്ലറയിൽ അടക്കിയിരുന്നത്.
ഈ വാക്യത്തിൽ “അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും”
എന്നതിലെ “ശീല” എന്നതിന്റെ ഗ്രീക്ക് വാക്ക്, “കയറിഅ”എന്നാണ് (keiria,
ki-ree'-ah). ഈ വാക്കിന്റെ അർത്ഥം, ശവക്കച്ച, ശവശരീരത്തെ
പൊതിയുവാനുള്ള നീളമുള്ള തുണി എന്നിങ്ങനെയാണ്. (graveclothes,
a band for tying up a corpse after it has been swathed in linen). ശരീരത്തെ ഒരു വെളുത്ത ചണവസ്ത്രംകൊണ്ടു (linen) പൊതിഞ്ഞതിന്
ശേഷമാണ് ഈ തുണികൊണ്ട് ചുറ്റി പൊതിയുന്നത്. “മുഖം റൂമാൽകൊണ്ടു
മൂടിയുമിരുന്നു” എന്നതിലെ “റൂമാൽ” എന്ന വാക്ക് ഗ്രീക്കിൽ,
“സുഡാരിഓൺ” എന്നാണ് (soudarion, soo-dar'-ee-on). ഈ വാക്കിന്റെ അർത്ഥം, തൂവാല, ഉറുമാൽ, ശരീരത്തിലെ വിയർപ്പ്
തുടയ്ക്കുവാനുള്ള തുണി, ശവശരീരത്തിന്റെ മുഖവും, ശിരസ്സും മൂടുവാനുള്ള തുണി
എന്നിങ്ങനെയാണ് (handkerchief, cloth for wiping
perspiration from the face and for cleaning the nose and also used in swathing
the head of a corpse). അപ്പൊസ്തല പ്രവൃത്തി 19:12 ൽ പൌലൊസ്
എഫെസോസിൽ ആയിരുന്നപ്പോൾ, അവനെ ശരീരത്തികിടന്നിരുന്ന റൂമാലും ഉത്തരീയവും
രോഗികളുടെമേൽ കൊണ്ടുചെന്നിടുകയും, അവർ സൌഖ്യം പ്രാപിക്കുകയും ചെയ്തു എന്നു
രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 19:12
അവന്റെ
മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ
വിട്ടുമാറുകയും ദുരാത്മാക്കൾ പുപ്പെടുകയും ചെയ്തു.
ഈ വാക്യത്തിൽ “റൂമാലും” എന്നതിന് ഉപയോഗിച്ചിരിക്കുന്ന
ഗ്രീക്ക് പദം “സുഡാരിഓൺ” എന്നാണ് (soudarion, soo-dar'-ee-on). അതിനാൽ ഈ വാക്ക് മരിച്ചവരുടെ ശിരസ്സ് മൂടുന്ന വസ്ത്രത്തെ മാത്രമല്ല
അർത്ഥമാക്കുന്നത് എന്നും, അത് പൊതുവേ ശരീരത്തിലെയും, മുഖത്തെയും വിയർപ്പ്
തുടയ്ക്കുവാനായി ഉപയോഗിച്ചിരുന്ന തൂവാല ആണ് എന്നും മനസ്സിലാക്കാം. “ഉത്തരീയവും”
എന്ന വാക്കിന്റെ ഗ്രീക്ക് “സിമികിൻതിഓൺ” എന്നാണ് (simikinthion,
sim-ee-kin'-thee-on). ഈ വാക്കിന്റെ അർത്ഥം, മേൽവസ്ത്രം എന്നാണ് (a
narrow apron). ഇത് സാധാരണയായി ജോലിചെയ്യുന്നവർ അവരുടെ വസ്ത്രം
അഴുക്കാകാതെ ഇരിക്കുവാൻ, ധരിക്കുന്ന മേൽവസ്ത്രം ആണ്.
യോഹന്നാൻ 11:44 ൽ പറയുന്ന പ്രകാരം, മരണത്തിൽ നിന്നും
ജീവനിലേക്ക് തിരികെ വന്ന ലാസറിന്റെ ശരീരം ഒരു നീളമുള്ള തുണി കൊണ്ടു ചുറ്റി
പൊതിഞ്ഞിരുന്നു. ശിരസ്സ് ഒരു തുവാലകൊണ്ട് മൂടിയിരുന്നു. അവന്റെ കൈകളും കാലുകളും,
തുണികൊണ്ട് കെട്ടിയിരുന്നു. ഇതൊന്നും സ്വയം അഴിച്ചുമാറ്റുവാൻ ലാസറിന് കഴിഞ്ഞില്ല.
അതിനാൽ അത് അഴിച്ചുമാറ്റുവാൻ യേശു മറ്റുള്ളവരോട് കൽപ്പിച്ചു.
ക്രൂശിൽ മരിച്ച യേശുക്രിസ്തുവിന്റെ ശരീരവും ഇതുപോലെ തന്നെ
ആയിരിക്കേണം കല്ലറയിൽ അടക്കിയത്. അവൻ ഉയിർത്തെഴുന്നേറ്റപ്പോൾ, അവന്റെ ശരീരത്തെ
ചുറ്റി പൊതിഞ്ഞിരുന്ന വസ്ത്രങ്ങൾ അവിടെ ശേഷിച്ചു. ഈ വസ്ത്രങ്ങളുടെ കിടപ്പിന് ഒരു
പ്രത്യേകത ഉണ്ടായിരുന്നു. പത്രൊസും യോഹന്നാനും കല്ലറയിൽ പ്രവേശിച്ചപ്പോൾ കണ്ടത്
ഇതാണ്:
യോഹന്നാൻ 20:7
ശീലകൾ
കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു
ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.
യേശുക്രിസ്തുവിന്റെ ശീലകളാൽ പൊതിഞ്ഞ ശരീരം കിടന്നിരുന്ന
ഇടത്ത്, ശീലകൾ മാത്രം കണ്ടു. ശരീരത്തെ ചുറ്റി പൊതിഞ്ഞിരുന്ന ഈ ശീലകളെ സ്വയം
അഴിച്ചുമാറ്റുവാൻ ഒരുവന് കഴിയില്ല. അത് മറ്റൊരാൾ അഴിച്ചുമാറ്റിയെങ്കിൽ മാത്രമേ
അതിനുള്ളിലെ ശരീരത്തെ പുറത്തെടുക്കുവാൻ കഴിയൂ. യേശുവിന്റെ ശരീരം ശിഷ്യന്മാർ
മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു എങ്കിൽ, അവർ ശീലകൾ അഴിക്കേണ്ട കാര്യവും
ഇല്ലായിരുന്നു. അതിനാൽ ശീലകൾ കല്ലറയിൽ ശേഷിച്ചു എന്നതിൽ നിന്നും, യേശുവിന്റെ
ശരീരം, ശീലകൾ അഴിക്കാതെതന്നെ, അതിൽ നിന്നും പുറത്തേക്ക് പോകുകയോ,
അപ്രത്യക്ഷമാകുകയോ ചെയ്തു എന്നു തീർച്ചയാക്കാം. അതായത്, ഉയിർത്തെഴുന്നേറ്റ
യേശുവിന്, ഭൌതീക വസ്തുക്കൾക്കിടയിലൂടെയോ, അതിനെ ഭേദിച്ചുകൊണ്ടോ സഞ്ചരിക്കുവാൻ
കഴിയുമായിരുന്നു. യേശുക്രിസ്തു പിന്നീട് ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്നത്, അവർ
വാതിൽ അടച്ചിട്ട ഒരു മുറിയിൽ ഇരിക്കുമ്പോഴാണ്. വാതിൽ തുറക്കാതെതന്നെ യേശു ആ
മുറിയിൽ അവർക്കു പ്രത്യക്ഷനായി.
യോഹന്നാൻ 20:19
ആഴ്ചവട്ടത്തിന്റെ
ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന
സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ
നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
യേശുക്രിസ്തുവിന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ, ശരീരത്തെ
ചുറ്റിയിരുന്ന ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി
വെച്ചിരിക്കുന്നതും കണ്ടു. ഇത്, വളരെ ശ്രദ്ധയോടെ റൂമാൽ ചുരുട്ടി വച്ചിരുന്നു എന്നു
വേണം മനസ്സിലാക്കുവാൻ. അത് മറ്റ് വസ്ത്രങ്ങളോടുകൂടെ അല്ലായിരുന്നു.
യോഹന്നാൻ 20:7 ലെ “അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ
ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു”
എന്നതിലെ “ചുരുട്ടി” എന്നതിന്റെ ഗ്രീക്ക് പദം, “എൻറ്റുലീസോ” എന്നാണ് (entylissō,
en-too-lis'-so) ഈ വാക്കിന്റെ അർത്ഥം ചുരുട്ടി വയ്ക്കുക, ചുറ്റി
വയ്ക്കുക, എന്നിങ്ങനെയാണ് (to roll up, wrap together).
യോഹന്നാൻ 20:9 ൽ പറയുന്നതിങ്ങനെയാണ്, “അവൻ മരിച്ചവരിൽ
നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ
അറിഞ്ഞില്ല.” ഈ വാചകം എഴുത്തുകാരന്റെ അഭിപ്രായ പ്രകടനം ആണ്. യേശുക്രിസ്തു അവന്റെ
ശുശ്രൂഷ കാലത്ത്, അവന്റെ മരണത്തെക്കുറിച്ചും ഉയിർപ്പിനെക്കുറിച്ചും
പറഞ്ഞിട്ടുണ്ട്.
യോഹന്നാൻ 2:19-22
യേശു അവരോടു: “ഈ
മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും”
എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു
പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ
എന്നു ചോദിച്ചു. അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു. അവൻ
ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു
തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
മർക്കോസ് 9:31-32
അവൻ തന്റെ
ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ
അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ
ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
ലൂക്കോസ് 18:31-34
അനന്തരം അവൻ
പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു
പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്കു
ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും മൂന്നാം
നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു. അവരോ ഇതു ഒന്നും
ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
എന്നാൽ യേശു എന്ന മശീഹയുടെ മരണം അവർക്ക്
സ്വീകാര്യമായിരുന്നില്ല. അതിനാൽ അതിനെ അക്ഷരാർത്ഥത്തിൽ വിശ്വസിക്കുവാൻ ശിഷ്യന്മാർ
തയ്യാറായില്ല. അവർ അത് ഗ്രഹിച്ചില്ല. അതുകൊണ്ടാണ് ലൂക്കോസ് 24:12 ൽ പറയുന്നത്,
“എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി
മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു
മടങ്ങിപ്പോന്നു.” യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു
എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല (യോഹന്നാൻ 20:9).
കല്ലറയ്ക്കൽ വന്ന ശിഷ്യന്മാർ, യേശു ഉയിർത്തെഴുന്നേറ്റു
എന്നു വിശ്വസിച്ചില്ല. അവർ ആശ്ചര്യപ്പെട്ടു കല്ലറയിൽ നിന്നു മടങ്ങിപ്പോയി എന്നാണ്
ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് (ലൂക്കോസ് 24:12). യേശു ജീവനോടിരിക്കുന്നു
എന്നും മഗദലക്കാരത്തി മറിയ, യേശുവിനെ ജീവിച്ചിരിക്കുന്നവനായി കണ്ടു എന്നും കേട്ടിട്ടും
അവർ വിശ്വസിച്ചില്ല (മർക്കോസ് 16:11). അവിശ്വാസത്തോടെ ശിഷ്യന്മാർ വീട്ടിലേക്കു
മടങ്ങിപ്പോയി (യോഹന്നാൻ 20:10).
ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ആദ്യം പ്രത്യക്ഷനായത്
മഗദലക്കാരത്തി മറിയെക്കു ആയിരുന്നു.
മർക്കോസ് 16:9
അവൻ
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ
പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
ഈ സംഭവത്തെ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് അൽപ്പം
വ്യത്യസ്തമായിട്ടാണ്.
മത്തായി 28:8-9
അങ്ങനെ അവർ
വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു
അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു: “നിങ്ങൾക്കു വന്ദനം” എന്നു
പറഞ്ഞു;
അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
മത്തായി പറയുന്നത് അനുസരിച്ചു, യേശു പ്രത്യക്ഷനായത്
കല്ലറയ്ക്കൽ ചെന്ന സ്ത്രീകൾക്ക് ആണ്. 28:1 ൽ “മഗ്ദലക്കാരത്തി മറിയയും മറ്റെ
മറിയയും കല്ലറ കാണ്മാൻ ചെന്നു.” എന്നു പറയുന്നു. അതിൽ നിന്നും മറിയ എന്ന പേരുണ്ടായിരുന്ന
രണ്ട് സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായി. മത്തായി 27:56 അനുസരിച്ചു, “മറ്റെ മറിയ”
എന്നത് യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ ആയിരിക്കേണം. എന്നാൽ മർക്കോസ്
മഗദലക്കാരത്തി മറിയെക്കു യേശു പ്രത്യക്ഷനായി എന്നു മാത്രമേ പറയുന്നുള്ളൂ. ലൂക്കോസ്,
സ്ത്രീകൾക്കൊ മറിയക്കോ യേശു പ്രത്യക്ഷനായ ചരിത്രം പറയുന്നില്ല.
യോഹന്നാൻ ഈ സംഭവം കൂടുതൽ വ്യക്തമായി വിവരിക്കുന്നു. 20:10
ൽ, “അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.” എന്നു അദ്ദേഹം എഴുതി. ഇവരുടെ
കൂട്ടത്തിൽ സ്ത്രീകളും തിരികെ പോയിട്ടുണ്ടാകാം. എന്നാൽ ഒരാൾ മാത്രം അവിടെ നിന്നു.
അത് മറിയ ആയിരുന്നു. 20 ആം അദ്ധ്യായത്തിന്റെ ആരംഭം മുതൽ യോഹന്നാൻ
മഗ്ദലക്കാരത്തി മറിയയിൽ ആണ് ശ്രദ്ധ വച്ചിരിക്കുന്നത്. അതിനാൽ 11 ആം വാക്യത്തിൽ
പറയുന്ന മറിയ, മഗ്ദലക്കാരത്തി മറിയ ആയിരിക്കാം. അവൾ മാത്രം തിരികെ പോകാതെ “കല്ലെറക്കൽ
പുറത്തു കരഞ്ഞുകൊണ്ടു നിന്നു” (യോഹന്നാൻ 20:11). ഇടയ്ക്കിടെ അവൾ കല്ലറയിലേക്ക്
കുനിഞ്ഞുനോക്കുന്നുണ്ട്. അവിടെ അവൾ വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ യേശുവിന്റെ
ശരീരം വച്ച സ്ഥലത്ത്, തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു. അവർ അവളോടു,
കരയുന്നതു എന്തു എന്നു ചോദിച്ചു. യേശുവിന്റെ ശരീരം കല്ലറയിൽ ഇല്ല എന്നു
മനസ്സിലാക്കിയ മറിയ, അത് ആരോ എടുത്തുകൊണ്ടു പോയി എന്നാണ് ചിന്തിച്ചത്. ഈ ചിന്ത അവൾ
ദൂതന്മാരോടു പറഞ്ഞു.
ഇത് പറഞ്ഞിട്ട് അവൾ തിരിഞ്ഞു നോക്കി. യേശു അവിടെ
നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അവൾ ആദ്യം അവനെ തിരിച്ചറിഞ്ഞില്ല. അവൻ തോട്ടക്കാരൻ
ആയിരിക്കാം എന്നു മറിയ ചിന്തിച്ചു. യേശു അവളോടു, അവൾ കരയുന്നത് എന്ത് എന്നും, ആരെ
തിരയുന്നു എന്നും ചോദിച്ചു. ഇതിന് മറിയ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “നീ അവനെ
എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ
അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം” (യോഹന്നാൻ 20:15). അവൾ അന്വേഷിച്ചത് യേശുവിന്റെ
ശവശരീരത്തെയാണ്. യേശു ഉയിർത്തെഴുന്നേറ്റു എന്നത് അവൾക്ക് ഇതുവരെയും വിശ്വസിക്കുവാൻ
കഴിഞ്ഞിട്ടില്ല.
മർക്കോസ് 16:1 ൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ
മറിയയും ശലോമയും കല്ലറയ്ക്കൽ ചെന്നു എന്നു പറയുന്നു. 16:5 ൽ അവർ കല്ലറയക്ക്
അകത്തു കടന്നു എന്നും, വെള്ള നിലയങ്കി ധരിച്ച ഒരു ദൂതനെ കണ്ടു എന്നും പറയുന്നു. ഈ
ദൂതൻ അവരോട്, “ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ
ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല” എന്നു അറിയിച്ചു (16:6).
“അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി” എന്നും മർക്കോസ്
രേഖപ്പെടുത്തിയിരിക്കുന്നു (16:8).
ഗലീലയിൽ നിന്നു യേശുവിനോടു കൂടെ പോന്ന സ്ത്രീകൾ ആഴ്ചവട്ടത്തിന്റെ
ഒന്നാം ദിവസം അതികാലത്തു കല്ലറയ്ക്കൽ ചെന്നു എന്നു ലൂക്കോസ് പറയുന്നു (ലൂക്കോസ്
23:54, 24:1). അവർ കല്ലറയക്ക് അകത്തു കടന്നു (24:3). മിന്നുന്ന വസ്ത്രം ധരിച്ച
രണ്ടു ദൂതന്മാർ അവരോടു: “നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു
എന്തു? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു അറിയിച്ചു (24:5-6).
മത്തായി 28:1 ൽ “ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം
ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ
ചെന്നു.” എന്നു പറയുന്നു. അവിടെ അവർ കണ്ട ദൂതൻ അവരോട് പറഞ്ഞു, “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട
യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ
ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ” (28:5-6).
കല്ലറയ്ക്കൽ ചെന്ന സ്ത്രീകൾ, യേശു ഉയിർത്തെഴുന്നേറ്റു എന്നു
ദൂതന്മാർ പറയുന്നത് കേട്ടപ്പോൾ, മഹാ സന്തോഷത്തോടെ കല്ലറ വിട്ടു ശിഷ്യന്മാരുടെ
അടുക്കലേക്ക് ഓടിപ്പോയി എന്നാണ് മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യേശു
അവർക്ക് പ്രത്യക്ഷനായി എന്നും അദ്ദേഹം എഴുതിയിട്ടുണ്ട് (28:8). “അവർ അടുത്തുചെന്നു
അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.” (28:9)
സുവിശേഷ രചയിതാക്കളുടെ വിവരണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്
എങ്കിലും, മറിയ ആണ് കല്ലറയുടെ അടുക്കൽ കരഞ്ഞുകൊണ്ട് നിന്നിരുന്നത് എന്നു
അനുമാനിക്കാം. അപ്പോഴാണ് യേശു അവൾക്ക് പ്രത്യക്ഷനായത്. അങ്ങനെയാണ് എങ്കിൽ, യേശു
ഉയിർത്തെഴുന്നേറ്റു എന്ന ദൂതന്മാരുടെ അറിയിപ്പ് മറിയക്ക് വിശ്വസിക്കുവാൻ
കഴിഞ്ഞില്ല. യേശുവിന്റെ ശരീരം കല്ലറയിൽ ഇല്ല എന്നു അവൾ സാക്ഷിക്കുന്നു, എന്നാൽ
മരണത്തിൽ നിന്നും അവൻ ഉയിർത്തെഴുന്നേറ്റു എന്നു അവൾ വിശ്വസിച്ചില്ല. എങ്കിലും യേശു
അവൾക്ക് പ്രത്യക്ഷനായി. യേശു അവളുടെ പേര് വിളിച്ചപ്പോൾ, അത് യേശു തന്നെയെന്ന് അവൾ
തിരിച്ചറിഞ്ഞു.
ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ആദ്യമായി ആർക്കാണ്
പ്രത്യക്ഷനായത്? മത്തായി 27:56, 28:1, 28:8-9 എന്നീ വാക്യങ്ങൾ അനുസരിച്ചു യേശു
ആദ്യം പ്രത്യക്ഷനായത് മഗ്ദലക്കാരത്തി മറിയയ്ക്കും, യാക്കോബിന്റെയും യോസെയുടെയും
അമ്മയായ മറിയക്കും ആണ്. മർക്കോസ് 16:9 അനുസരിച്ചു, “അവൻ (യേശുക്രിസ്തു)
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ
പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” ലൂക്കോസ് യേശു
സ്ത്രീകൾക്ക് പ്രത്യക്ഷനായതായി പറയുന്നില്ല. യോഹന്നാൻ, യേശു, മഗ്ദലക്കാരത്തി
മറിയക്ക് പ്രത്യക്ഷനായതിന്റെ ചരിത്രം മാത്രമേ പറയുന്നുള്ളൂ.
മത്തായിയുടെ വിവരണം അനുസരിച്ചു, മഗ്ദലക്കാരത്തി മറിയയും,
യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും, കല്ലറയ്ക്കൽ ദൂതന്മാരെ കണ്ടതിനു
ശേഷം “വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ
ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി.” (മത്തായി 28:8). മർക്കോസും ഈ വിവരം ശരി
വയ്ക്കുന്നു. “അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി”
(മർക്കോസ് 16:8). എന്നാൽ മർക്കോസ് 16:9 ഉം, യോഹന്നാൻ 20:11 ഉം പറയുന്നത്
അനുസരിച്ചു മഗ്ദലക്കാരത്തി മറിയ അവിടെ തന്നെ നിന്നു. അവൾക്ക് യേശു ആദ്യം
പ്രത്യക്ഷനായി (മർക്കോസ് 16:9, യോഹന്നാൻ 20:14).
മത്തായിയുടെ വിവരണം അനുസരിച്ചു, യേശുക്രിസ്തു മഗ്ദലക്കാരത്തി മറിയക്കും, യാക്കോബിന്റെയും
യോസെയുടെയും അമ്മയായ മറിയക്കും പ്രത്യക്ഷനായപ്പോൾ, അവർ “അടുത്തുചെന്നു അവന്റെ
കാൽ പിടിച്ചു അവനെ നമസ്കരിച്ചു.” (മത്തായി 28:9). യോഹന്നാൻ 20:17 അനുസരിച്ചു,
യേശു മഗ്ദലക്കാരത്തി മറിയക്ക് പ്രത്യക്ഷനായപ്പോൾ, യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല” എന്നു പറഞ്ഞു.
മത്തായി 28:9
“നിങ്ങൾക്കു
വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു
അവനെ നമസ്കരിച്ചു.
മത്തായി 28:9 ലെ “അവന്റെ കാൽ പിടിച്ചു” എന്ന വാക്കുകളിലെ, “പിടിച്ചു”
എന്നതിന്റെ ഗ്രീക്ക് പദം “ക്രാറ്റെഒ” എന്നാണ് (krateō, krat-eh'-o).
ഈ വാക്കിന്റെ അർത്ഥം, “മുറുകെ പടിക്കുക”
എന്നാണ്. ഇത് ഒരു കാര്യം നഷ്ടപ്പെടു പോകാതെ, വിട്ടുപോകാതെ മുറുകെ
പിടിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് (to hold fast, i.e. not discard or
let go). അതായത് അവർ യേശുവിന്റെ കാലിൽ തൊടുക ആയിരുന്നില്ല, അവനെ
മുറുകെ പിടിക്കുക ആയിരുന്നു.
യോഹന്നാൻ 20:17
.... യേശു
അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ
കയറിപ്പോയില്ല;
യോഹന്നാൻ 20:17 ലെ “എന്നെ തൊടരുതു” എന്നതിലെ “തൊടരുതു” എന്ന
വാക്കിന്റെ ഗ്രീക്ക് പദം “ഹാപ്റ്റൊമയി” എന്നതാണ് (haptomai,
hap'-tom-ahee). ഈ വാക്കിന്റെ അർത്ഥം, ബന്ധിക്കുക,
പറ്റിപ്പിടിക്കുക, മുറുകെപ്പിടിക്കുക, തൊടുക എന്നിങ്ങനെയാണ് (to fasten
one's self to, adhere to, cling to, to touch).
അതായത് യേശു മറിയയോട് പറഞ്ഞത്, അവനെ തൊടരുതു എന്നല്ല, അവനെ
വിടാതെ മുറുകെ പിടിക്കരുത്, കാരണം അവൻ അതുവരെയും പിതാവിന്റെ അടുക്കൽ
കയറിപ്പോയില്ല.
ഈ സംഭവം, ഉയിർത്തെഴുന്നേറ്റ യേശുവിന് ഒരു ശരീരം
ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നു. അത് മനുഷ്യർക്ക് മുറുകെ പടിക്കുവാൻ
കഴിയുന്ന അസ്ഥിയും മാംസവും ഉള്ള ശരീരം ആയിരുന്നു. അവൻ മരിച്ച ഒരുവന്റെ ആത്മാവു
മാത്രം ആയിരുന്നില്ല.
മറിയക്ക് പ്രത്യക്ഷനായ യേശു അവൾക്ക് ഒരു ദൌത്യവും കൊടുത്തു.
മത്തായി 28:10
യേശു അവരോടു:
“ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ
പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.
മർക്കോസ്,
മഗ്ദലക്കാരത്തി മറിയ “ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും
കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.” എന്നു പറയുന്നു (16:10). യേശു മറിയക്ക്
പ്രതീക്ഷമാകുന്നതിന്റെ വിവരണം ലൂക്കോസ് നൽകുന്നില്ല. അതിനാൽ അവൻ അവളെ ഒരു ദൌത്യം ഏൽപ്പിക്കുന്നതായും
പറയുന്നില്ല. എന്നാൽ കല്ലറയിൽ നിന്നും തിരികെപ്പോയ സ്ത്രീകൾ, “പതിനൊരുവർ മുതലായ
എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.” എന്നു പറയുന്നുണ്ട്. (ലൂക്കോസ് 24:9). യോഹന്നാനും, അവൻ ഉയിർത്തെഴുന്നേറ്റ
വിവരം ശിഷ്യന്മാരെ അറിയിക്കുവാനുള്ള ദൌത്യം, യേശു, മറിയയെ എൽപ്പിച്ചു എന്നു പറയുന്നുണ്ട്
(യോഹന്നാൻ 20:17,18).
യോഹന്നാൻ 20:17
.... എങ്കിലും നീ
എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ
ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക
എന്നു പറഞ്ഞു.
ഈ സംഭവങ്ങൾക്ക് ശേഷം, മറ്റൊന്നിലേക്ക് മത്തായിയുടെ വിവരണം
പോകുന്നു. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസം, അവന്റെ കല്ലറയ്ക്ക് കാവൽനിന്ന
പടയാളികളിൽ ചിലർ സംഭവിച്ചതു എല്ലാം യഹൂദ മഹാപുരോഹിതന്മാരോടു അറിയിച്ചു. അവർ
“പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; അവന്റെ ശിഷ്യന്മാർ
രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.” എന്നു
അവരോട് കൽപ്പിച്ചു. (മത്തായി 28:11-15). ഈ സങ്കൽപ്പിക കഥ അവർ പ്രചരിപ്പിക്കുവാൻ
ശ്രമിച്ചു. മത്തായി സുവിശേഷം എഴുതുന്ന കാലത്തും, ഈ കഥ യെഹൂദന്മാരുടെ ഇടയിൽ
പ്രചാരത്തിൽ ഉണ്ടായിരുന്നു.
മത്തായി 28:11-15
അവർ (സ്ത്രീകൾ)
പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം
മഹാപുരോഹിതന്മാരോടു അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി
ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;
അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി
എന്നു പറവിൻ. വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ
സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവർ പണം വാങ്ങി
ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ
പരക്കെ നടപ്പായിരിക്കുന്നു.
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത യെരൂശലേമിൽ
പടരുന്ന സമയത്ത് യഹൂദ മഹാപുരോഹിതന്മാർ, ഉയിർപ്പിന്റെ കഥയെ മറച്ചു വയ്ക്കുവാൻ
ശ്രമിച്ചു. എന്നാൽ യേശു മരിച്ചു, അടക്കപ്പെട്ടു, എന്നതിനെ മറച്ചു വയ്ക്കുവാൻ
ശ്രമിച്ചില്ല. യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, എന്നാൽ അവൻ
ഉയിർത്തെഴുന്നേറ്റിട്ടില്ല എന്നതായിരുന്നു അവരുടെ വാദം. യേശുവിന്റെ ശവശരീരം
നഷ്ടമായിയിരിക്കുന്നു എന്നും അവർ സമ്മതിച്ചു. ഉയിർപ്പ്, അവന്റെ ശിഷ്യന്മാർ
കെട്ടിച്ചമച്ച ഒരു സങ്കൽപ്പിക കഥയാണ് എന്നു പ്രചരിപ്പിക്കുവാൻ മഹാപുരോതിന്മാരും
മൂപ്പന്മാരും ശ്രമിച്ചു.
എന്നാൽ മഹാപുരോഹിതന്മാരുടെ ഈ കഥയ്ക്ക് ദീർഘനാൾ ആയുസ്സ്
ഉണ്ടായില്ല. അവർക്ക് മരിച്ചുപോയ യേശുക്രിസ്തുവിന്റെ ശരീരം ഇതുവരെയും കണ്ടെടുത്തു
പൊതുജനങ്ങളുടെ മുന്നിൽ വയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. അധികാരവും, പടയാളികളും
ഉണ്ടായിരുന്നിട്ടും അവർക്ക് അവരുടെ കഥയ്ക്ക് വേണ്ട തെളിവുകൾ നല്കുവാൻ കഴിഞ്ഞില്ല.
യേശുവിന്റെ ഉയിർപ്പിന്റെ തെളിവ് ഒരു വെല്ലുവിളിയാണ്. സ്വർഗ്ഗീയ
ദൂതന്മാരുടെ പ്രഖ്യാപനം ഇതായിരുന്നു, “അവൻ ഇവിടെ ഇല്ല; താൻ
പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം
വന്നുകാണ്മിൻ”. ഈ പ്രഖ്യാപനത്തെ തകർക്കുവാൻ പര്യാപ്തമായ ഒരു തെളിവും ഇന്നേവരെ
ആർക്കും മുന്നോട്ട് വയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. ചരിത്രത്തിൽ ഇന്നേവരെ ആർക്കും
യേശുവിന്റെ ശരീരം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. യേശു ഉയിർത്തെഴുന്നേറ്റു എന്ന
സത്യം ഇന്നും നിലനിൽക്കുന്നു.
സുവിശേഷ രചയിതാക്കൾ, തുടർന്നു യേശു ശിഷ്യന്മാർക്കും, മറ്റു
പലർക്കും പ്രത്യക്ഷനായതിന്റെ ചരിത്രം രേഖപ്പെടുത്തുന്നു. മറ്റാരും
രേഖപ്പെടുത്താത്ത ഒരു സംഭവം ലൂക്കോസ് വിവരിക്കുന്നുണ്ട്. ലൂക്കോസ് 24:13 മുതൽ 33
ആം വാക്യം വരെ, യേശു ഉയിർത്തെഴുന്നേറ്റ അന്ന്തന്നെ രണ്ടുപേർക്ക് അവൻ പ്രത്യക്ഷനാകുന്നതിന്റെ
വിവരണം ഉണ്ട്. 9 ആം വാക്യത്തിൽ, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന വിവരം,
കല്ലറയ്ക്കൽ ചെന്ന സ്ത്രീകൾ, “കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.” എന്നു
ലൂക്കോസ് പറയുന്നു. ഇതിൽ, “മുതലായ എല്ലാവരോടും” എന്ന കൂട്ടത്തിൽ ഉള്ളവരാണ് ഇവർ.
അതായത് ഇവർ യേശുവിന്റെ 11 ശിഷ്യന്മാരിൽ രണ്ട്പേർ ആയിരുന്നില്ല. എന്നാൽ അവരോടൊപ്പം
ഉണ്ടായിരുന്നവർ ആണ്. അപ്പൊസ്തലന്മാരോ കൂടെ ഉണ്ടായിരുന്നവരോ സ്ത്രീകൾ പറഞ്ഞതൊന്നും
വിശ്വസിച്ചില്ല, അവർക്കു അതെല്ലാം വെറും കഥപോലെ തോന്നി.
ലൂക്കൊസ് 24:13-14
അന്നു തന്നേ
അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന
ഗ്രാമത്തിലേക്കു പോകയിൽ ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ
സംസാരിച്ചുകൊണ്ടിരുന്നു.
അന്ന് തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക
ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു യാത്രചെയ്തു. എമ്മവുസ്സ് ലേക്ക് പോയവർ
ആരൊക്കെയാണ് എന്നു നമുക്ക് കൃത്യമായി അറിയില്ല. അവർ യേശുവിന്റെ 11 ശിഷ്യന്മാരിൽ
ഉൾപ്പെട്ടവർ ആയിരുന്നില്ല. അവരിൽ ഒരാളുടെ പേര് ക്ളെയൊപ്പാവ് എന്നാണ് എന്നു 24:18 ൽ
പറയുന്നുണ്ട്. രണ്ടാമന്റെ പേര് ലൂക്കോസ് പറയുന്നില്ല. അന്നത്തെ എമ്മവുസ്സ് എന്ന
സ്ഥലം ഏതായിരുന്നു എന്നു കൃത്യതയില്ല. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ആദ്യകാല
കൈയെഴുത്തുപ്രതികളിൽ രണ്ടെണ്ണം എമ്മവുസ് യെരുശലേമിന് സമീപം ആണ് എന്നു
പരാമർശിക്കുന്നു. ഒരു കൈയെഴുത്തുപ്രതി ദൂരം 7 മൈൽ ആണെന്ന് അവകാശപ്പെടുന്നു, മറ്റൊന്ന് 19 മൈൽ ആണെന്ന് അവകാശപ്പെടുന്നു.
യഹൂദ ചരിത്രകാരൻ ആയ ജൊസിഫസ്, “യഹൂദ യുദ്ധങ്ങൾ”
എന്ന ചരിത്ര പുസ്തകത്തിൽ യെരൂശലേമിൽ നിന്നും മൂന്നര മൈൽ ദൂരെയുള്ള (ഏകദേശം 6
കിലോമീറ്റർ) “അമ്മവൂസ്” എന്നൊരു സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട് (Josephus, Jewish War, Ammaous/Emmaus). ഇവിടെ റോമൻ സൈന്യം
തമ്പ് അടിച്ചിരുന്നു. എന്നാൽ, “യഹൂദ പുരാതനത്വങ്ങള്‍” എന്ന ഗ്രന്ഥത്തിൽ അദ്ദേഹം
ഏകദേശം 19 മൈൽ ദൂരെയുള്ള എമ്മവുസ് നിക്കോപോളിസ് എന്ന സ്ഥലത്തെക്കുറിച്ച് പറയുന്നു
(Jewish Antiquities, Emmaus Nicopolis). ഇതിൽ ഏത് സ്ഥലമാണ് ലൂക്കോസ് “എമ്മവുസ്സ്” എന്നു പരാമർശിക്കുന്നത് എന്നു തീർച്ചയില്ല.
വ്യത്യസ്ത പാരമ്പര്യങ്ങൾ അനുസരിച്ചു, എമ്മവുസ് യെരുശലേമിന്
പടിഞ്ഞാറുള്ള ഒരു സ്ഥലം ആയിരിക്കേണം. ഇവിടെ രണ്ട് ഗ്രാമങ്ങൾ യെരൂശലേമിൽ നിന്നും ഏകദേശം
7 മൈൽ ദൂരെ ഉണ്ട്. അവ അബു ഘോഷ്, എൽ-കുബൈബെഹ് എന്നിവയാണ്(Abu
Ghosh, el-Qubeibeh). ഇവയിൽ ഏതെങ്കിലും ഒന്ന് യേശുവിന്റെ കാലത്തെ
എമ്മവുസ് ആയിരിക്കാം എന്നു കരുതപ്പെടുന്നു. എന്നാൽ, എമ്മവുസ് നിക്കോപോളിസ് എന്ന
സ്ഥലത്തെക്കുറിച്ചും ഇതേ അവകാശവാദം ഉണ്ട് (Emmaus Nicopolis).
എമ്മവുസിലേക്ക് പോയവർ അതിരാവിലെ യാത്ര തിരിച്ചിട്ടില്ല. യേശുക്രിസ്തുവിന്റെ
ഉയിർപ്പിന്റെ വർത്തമാനം കേട്ടതിന് ശേഷമാണ് അവർ യാത്ര തിരിച്ചത്. എന്നാൽ സന്ധ്യ
ആകുന്നതിന് മുമ്പേ അവർ എമ്മവൂസിൽ എത്തി. അപ്പോൾ തന്നെ
അവർ തിരികെ യെരൂശലേമിലേക്ക് പോയി. അന്ന്തന്നെ, സൂര്യൻ അസ്തമിക്കുന്നതിന് മുമ്പേ അവർ
യെരൂശലേമിൽ തിരികെ എത്തിച്ചേർന്നു എന്നു അനുമാനിക്കാം. അതിനാൽ എമ്മവൂസ് എന്ന
ഗ്രാമം യെരൂശലേമിൽ നിന്നും വളരെ ദൂരെ ആയിരിക്കുക ഇല്ല.
അവരുടെ യാത്രാ മദ്ധ്യേ, വഴിയിൽ, യേശു അവരോടൊപ്പം ചേർന്നു.
എന്നാൽ അവർ യേശുവിനെ തിരിച്ചറിഞ്ഞില്ല. യേശുക്രിസ്തുവിന്റെ ക്രൂശികരണത്താലും,
സ്ത്രീകളുടെ വർത്തമാനത്താലും അവർ നിരാശരും, ഭയചകിതരും, ആശയക്കുഴപ്പത്തിലും
ആയിരുന്നു. യേശുക്രിസ്തു, യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു അവർ
ആശിച്ചിരുന്നു. എന്നാൽ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണശിക്ഷയക്ക് വിധിച്ചു,
ക്രൂശിച്ചു. ഇന്ന് മൂന്നാം നാൾ ആയപ്പോൾ രാവിലെ ചില സ്ത്രീകൾ കല്ലറെക്കൽ പോയി
അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരെ
കണ്ടു എന്നു പറഞ്ഞു അവരെ ഭ്രമിപ്പിച്ചു. ശിഷ്യന്മാരുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ
ചെന്നു, അവന്റെ ശരീരം കണ്ടില്ലതാനും. (24:20-24). അവരുടെ വിവരണം കേട്ട
യേശുക്രിസ്തു, മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും അവനെക്കുറിച്ചുള്ളത്
അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു മഹത്വത്തിൽ
കടക്കേണ്ടതാകുന്നു എന്നു പറഞ്ഞു (24:25-27). “നേരം വൈകി അസ്തമിപ്പാറായ”പ്പോൾ അവർ
എമ്മവുസ്സ് ഗ്രാമത്തിൽ എത്തി. യേശു അവരുമായി ഭക്ഷണത്തിന്നു ഇരുന്നു. അവൻ അപ്പം
എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവർ
യേശുവിനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി (24:30-31).
ലൂക്കോസ് 24:31
ഉടനെ അവരുടെ
കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
ഈ വാക്യത്തിലെ “അറിഞ്ഞു” എന്നതിന്റെ ഗ്രീക്ക് പദം
“എപ്പിഗിനൊസ്കോ” എന്നാണ് (epiginōskō, ep-ig-in-oce'-ko). ഈ വാക്കിന്റെ
അർത്ഥം, ആഴത്തിൽ അറിയുക, കൃത്യമായി അറിയുക, തിരിച്ചറിയുക എന്നിങ്ങനെയാണ് (to
become thoroughly acquainted with, to know accurately, to
recognise). അതായത് അവർ യേശുവിനെ തിരിച്ചറിയുക മാത്രമല്ല, അവനെ
ആഴത്തിൽ അറിയുകയും ചെയ്തു. ആഴത്തിൽ അറിഞ്ഞു എന്നത് ആത്മാവിനാൽ ഉണ്ടാകുന്ന ഒരു
ബന്ധമാണ്.
അവർ യേശുവിനെ അറിഞ്ഞപ്പോൾ, ഉടൻ യേശു അവർക്ക്
അപ്രത്യക്ഷനായി. അവർ ഉടൻ തന്നെ യെരൂശലേമിലേക്ക് തിരികെ ചെന്നു. അവരുടെ വഴിയിൽ
സംഭവിച്ചതും, യേശു അപ്പം നുറുക്കുകയിൽ അവർക്ക് അവനെ അറിയുവാൻ കഴിഞ്ഞതും അവർ
അപ്പൊസ്തലന്മാരോട് വിവരിച്ചു പറഞ്ഞു. എന്നാൽ 34 ആം വാക്യം പറയുന്നത് അനുസരിച്ചു,
അവർ തിരികെ എത്തുന്നതിനു മുമ്പ് തന്നെ യേശു ശിമോന്നു പ്രത്യക്ഷനായി. അതിനാൽ യേശു
വാസ്തവമായി ഉയിർത്തെഴുന്നേറ്റു എന്നു അവർക്ക് തീർച്ചയായി.
മർക്കോസ് 16:12-13 വാക്യങ്ങളിൽ “രണ്ടുപേർ നാട്ടിലേക്കു
പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.” എന്നു പറയുന്നുണ്ട്.
എന്നാൽ, ഇവർ എമ്മവുസ്സ് ലേക്ക് പോയ രണ്ടു പേർ തന്നെയാണോ എന്നു നിശ്ചയമില്ല. കാരണം,
13 ആം വാക്യം പറയുന്നു, “അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ
വാക്കും അവർ വിശ്വസിച്ചില്ല.” ലൂക്കോസിന്റെ വിവരണത്തിൽ എമ്മവുസ്സ് നിന്നും അവർ
തിരികെ വരുന്നതിനു മുമ്പേ യേശു ശിമോന്നു പ്രത്യക്ഷനായി. അതിനാൽ “കർത്താവു
വാസ്തവമായി ഉയിർത്തെഴുന്നേറ്റു” എന്നു 11 ശിഷ്യന്മാർക്കും നിശ്ചയമായി (ലൂക്കോസ്
24:33-34).
ഇതിന് ശേഷം യേശു അപ്പൊസ്തലന്മാർക്ക് ഒന്നിലധികം പ്രാവശ്യം
പ്രത്യക്ഷനായി. മത്തായി യേശുവിന്റെ പ്രത്യക്ഷതയുടെ കൂടുതൽ വിവരണം നൽകുന്നില്ല. അവൻ
ഗലീലയിൽ പതിനൊന്നു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി എന്നു മാത്രം പറയുന്നു. ശ്രേഷ്ഠ
ദൌത്യം യേശു ശിഷ്യന്മാരെ എൽപ്പിക്കുന്നതിനെക്കുറിച്ച് മത്തായി
രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായി 28:16-20
എന്നാൽ പതിനൊന്നു
ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി. അവനെ കണ്ടപ്പോൾ
അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു:
“സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ
നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു
ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും
ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും
നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
മർക്കോസ്, യേശു മഗദലക്കാരത്തി മറിയെക്കും, നാട്ടിലേക്ക് പോയ
രണ്ടു പേർക്കും പ്രത്യക്ഷനായതിനെക്കുറിച്ച് പറയുന്നു. (16:9, 12). ശേഷം ശിഷ്യന്മാർ
ഭക്ഷണത്തിന്നിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി (16:14). 15 മുതലുള്ള
വാക്യങ്ങളിൽ യേശു ശ്രേഷ്ഠ ദൌത്യം അവരെ എൽപ്പിക്കുന്നു.
മർക്കോസ് 16:15-18
പിന്നെ അവൻ
അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം
പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ
ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ
അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു
കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ
കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.
മർക്കോസ് 16:19 ആം വാക്യത്തിൽ യേശു സ്വർഗ്ഗത്തിലേക്ക്
എടുക്കപ്പെട്ടു എന്നു അദ്ദേഹം രേഖപ്പെടുത്തി.
മർക്കോസ് 16:19
ഇങ്ങനെ കർത്താവായ
യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ
വലത്തുഭാഗത്തു ഇരുന്നു.
20 ആമത്തെ വാക്യത്തിൽ, ശിഷ്യന്മാർ “പുറപ്പെട്ടു എല്ലാടത്തും
പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന
അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.” എന്നു പറഞ്ഞുകൊണ്ടു മർക്കോസ് സുവിശേഷം
അവസാനിപ്പിക്കുന്നു.
ലൂക്കോസ് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ കൂടുതൽ
വിവരണങ്ങൾ നല്കുന്നുണ്ട്. എമ്മവുസ്സ് ലേക്ക് പോയ രണ്ടു പേർക്ക് യേശു
പ്രത്യക്ഷനായതിന്റെ വിവരണം ലൂക്കോസ് മാത്രമേ നല്കുന്നുള്ളൂ. 24:34 ആം വാക്യത്തിൽ
ശിമോന്നു പ്രത്യക്ഷനായി എന്നു പറയുന്നു. പത്രോസിന് മാത്രമായി യേശു
പ്രത്യക്ഷനായതിനെക്കുറിച്ച് മറ്റ് സുവിശേഷകർ പറയുന്നില്ല. 36 ആം വാക്യത്തിൽ “അവർ
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: “നിങ്ങൾക്കു സമാധാനം
എന്നു പറഞ്ഞു”. എന്നാൽ അത് യേശുവിന്റെ ആത്മാവ് മാത്രമോ എന്നു ശിഷ്യന്മാർ
സംശയിച്ചു. 37 ആം വാക്യത്തിലെ “ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി” എന്ന
വാചകത്തിലെ “ഭൂതം” എന്നതിന്റെ ഗ്രീക്ക് പദം, “ന്യൂമ” എന്നാണ് (Pneuma, pnyoo'-mah). ഈ വാക്കാണ് പരിശുദ്ധാത്മാവ് എന്നു
പറയുവാൻ ഉപയോഗിക്കുന്നത്. ഇതിന് ഒരു മനുഷ്യന്റെ ശരീരത്തെ വിട്ടുപോയ ആത്മാവ് എന്നും
അർത്ഥം ഉണ്ട്. മറ്റ് അർത്ഥങ്ങൾ ഇതെല്ലാം ആണ്: ദുരാത്മാവ്, കാറ്റ്, മൂക്കിൽ നിന്നും
പുറത്തേക്ക് വരുന്ന ശ്വാസം. (Holy Spirit, the third person of the triune
God, a human soul that has left the body, evil spirits inhabiting the bodies of
men, wind, breath of nostrils or mouth). ഇവിടെ യേശുവിന്റെ ശരീരം
വിട്ട് വന്ന അവന്റെ ആത്മാവ് ആണ് അവർക്ക് പ്രത്യക്ഷനായിരിക്കുന്നത് എന്നാണ്
ശിഷ്യന്മാർ കരുതിയത്.
എന്നാൽ ഉയിർത്തെഴുന്നേറ്റ യേശു ആത്മാവ് മാത്രം
ആയിരുന്നില്ല. അവന് ഒരു ശരീരം ഉണ്ടായിരുന്നു. അവൻ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന
ശരീരത്തോട് കൂടിയാണ് യേശു ഉയിർത്തെഴുന്നേറ്റത്. മത്തായി 28:6 ൽ ദൂതൻ മഗ്ദലക്കാരത്തി മറിയയോടും, യാക്കോബിന്റെയും
യോസെയുടെയും അമ്മയായ മറിയയോടും പറഞ്ഞത്, “അവൻ ഇവിടെ ഇല്ല; താൻ
പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം
വന്നുകാണ്മിൻ” എന്നാണ്. യേശുവിന്റെ ശരീരം കല്ലറയിൽ ഇല്ല. ശൂന്യമായി കിടക്കുന്ന
കല്ലറ കണ്ടു വിശ്വസിക്കുവാനാണ് ദൂതന്മാർ അവരെ ക്ഷണിക്കുന്നത്.
മർക്കോസ് 16:6 ൽ ദൂതൻ പറയുന്നത്, “അവൻ ഉയിർത്തെഴുന്നേറ്റു; അവൻ
ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.” എന്നാണ്. മഹാപുരോഹിതന്മാരും,
മൂപ്പന്മാരുടെയും പ്രശ്നം, യേശുവിന്റെ ശരീരം
കല്ലറയിൽ ഇല്ല എന്നതായിരുന്നു (മത്തായി 28:13). യോഹന്നാൻ 20:7 ൽ പത്രൊസും, യോഹന്നാനും യേശുവിന്റെ കല്ലറയിൽ നോക്കിയപ്പോൾ അവിടെ “ശീലകൾ കിടക്കുന്നതും
അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു
ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.” അവന്റെ ശരീരം കണ്ടില്ല. അവിടെ
കരഞ്ഞുകൊണ്ടിരുന്ന മഗ്ദലക്കാരത്തി മറിയയുടെ ആകുലത, “എന്റെ
കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു
ഞാൻ അറിയുന്നില്ല” എന്നതായിരുന്നു. (യോഹന്നാൻ 20:13).
യേശു ഉയിർത്തെഴുന്നേറ്റപ്പോൾ, അവന്റെ ശരീരം വച്ചിരുന്ന
കല്ലറയും, ശരീരത്തെ ചുറ്റിയിരുന്ന ശീലകളും മാത്രമേ ഉപേക്ഷിച്ചുള്ളൂ. അവന്റെ
ശരീരത്തെ അവർ ഉപേക്ഷിച്ചില്ല. എന്നാൽ, ഉയിർത്തെഴുന്നേറ്റ യേശു പിന്നീട് ഭൌതീക
ജീവിതത്തിലേക്ക് തിരികെ വന്നില്ല. അവൻ മുമ്പ് ചെയ്തിരുന്നത് പൊലെ രോഗികളെ
സൌഖ്യമാക്കുകയോ, സുവിശേഷം പ്രസംഗിക്കുകയോ ചെയ്തില്ല. അവൻ തിരഞ്ഞെടുത്ത ചിലർക്ക്
പ്രത്യക്ഷനായി, അവൻ ഉയിർഴുന്നേറ്റയിരിക്കുന്നു എന്നു അറിയിച്ചു.
ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിന് ചില പ്രത്യേകതകൾ
ഉണ്ടായിരുന്നു. അവന് പ്രത്യക്ഷനാകുവാനും, അപ്രത്യക്ഷനാകുവാനും കഴിയുമായിരുന്നു.
അവൻ മുമ്പ് പഠിപ്പിച്ചതും, ചെയ്തതുമായ കാര്യങ്ങൾ അവന് ഓർമ്മയുണ്ടായിരുന്നു. അവൻ
പഴയനിയമ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചു. മനുഷ്യരോട് ഒപ്പം നടന്നു. അപ്പം നുറുക്കി
കൊടുത്തു (ലൂക്കോസ് 24:13-30). അവൻ അടച്ചിട്ട മുറിയ്ക്ക് ഉള്ളിൽ പ്രത്യക്ഷനായി,
മനുഷ്യർ ഭക്ഷിക്കുന്ന ആഹാരം കഴിച്ചു (ലൂക്കോസ് 24:36-43). എന്നാൽ അവന് അസ്ഥിയും,
മാസവും ഉണ്ടായിരുന്നു (ലൂക്കോസ് 24:39). അവൻ സ്വർഗ്ഗത്തിലേക്ക് കയറിപ്പോയി.
ലൂക്കോസ് 24:47-48 വാക്യങ്ങളിൽ ശ്രേഷ്ഠ ദൌത്യം യേശു
ശിഷ്യന്മാരെ അറിയിക്കുന്നു. അതിന് ശേഷം പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തത്തെ അവരുടെ മേൽ
അയക്കാം എന്നു ഉറപ്പ് നല്കുന്നു. അതു പ്രാപിക്കുന്നത് വരെ യെരൂശലേമിൽ തന്നെ താമസിക്കുവാനും
യേശു ശിഷ്യന്മാരോടു കൽപ്പിച്ചു (24:49).
യോഹന്നാൻ 20 ൽ യേശു ശിഷ്യന്മാർക്ക് രണ്ടു പ്രാവശ്യം
പ്രത്യക്ഷനായതിന്റെ വിവരണം ഉണ്ട്. യേശു ഉയിർത്തെഴുന്നേറ്റ അതേ ദിവസം സന്ധ്യ
ആയപ്പോൾ ശിഷ്യന്മാർ യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ച് ഒരു മുറിയിൽ ഇരിക്കുക
ആയിരുന്നു. യേശു അവരുടെ മദ്ധ്യത്തിൽ പ്രത്യക്ഷനായി, “നിങ്ങൾക്കു സമാധാനം” എന്നു
അവരോടു പറഞ്ഞു (20:21). യേശു ശരീരത്തോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു
എന്നതിന്റെ തെളിവായി അവൻ “കയ്യും വിലാപ്പുറവും അവരെ കാണിച്ചു” (20:20). ഇവിടെയും
ഒരു വാചകത്തിൽ യേശു ശിഷ്യന്മാരെ ശ്രേഷ്ഠ ദൌത്യവുമായി അയക്കുന്നത് വായിക്കാം, “പിതാവു
എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു”. “ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ
ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.” എന്നു പറഞ്ഞു (20:22).
23 ആം വാക്യത്തിൽ യേശു ശിഷ്യന്മാരോടു പറഞ്ഞു: “ആരുടെ
പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ
പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു.” ഇതിനെ ശിഷ്യന്മാർക്കും,
ശേഷം പ്രത്യേകമായി നിയോഗിക്കപ്പെട്ട ക്രൈസ്തവ പുരോഹിതന്മാർക്കും, ഒരു മനുഷ്യന്റെ
പാപത്തെ മോചിപ്പിക്കുവാനും, നിലനിർത്തുവാനും അധികാരമുണ്ട് എന്ന രീതിയിൽ
വ്യാഖ്യാനിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ പാപമോചനത്തിനായുള്ള കുമ്പസാരം
പോലെയുള്ള കൂദാശകൾ സഭയിൽ ക്രമീകരിക്കുകയും ചെയ്യാറുണ്ട്.
ഈ വാക്യത്തിന്റെ ശരിയായ അർത്ഥം എന്തായിരിക്കും?
യേശുക്രിസ്തുവിൽ വിശ്വസിച്ചു, അവനെ കർത്താവും രക്ഷിതാവും ആയി സ്വീകരിക്കുന്ന ഏവനും,
ദൈവ കൃപയാൽ, വിശ്വാസം മൂലം, പാപമോചനം ഉണ്ട് എന്നതാണ് സുവിശേഷത്തിന്റെ കാതൽ. കൊർന്നേല്യൊസിന്റെ
വീട്ടിൽ സുവിശേഷം പ്രസംഗിക്കവേ അപ്പൊസ്തലനായ പത്രൊസ് പറഞ്ഞത് ഇങ്ങനെയാണ്:
അപ്പൊസ്തലന്മാരുടെ
പ്രവൃത്തികൾ 10:43
അവനിൽ
വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല
പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
ഇതേ അർത്ഥം നല്കുന്ന മറ്റ് ചില വാക്യങ്ങൾ കൂടി ഉണ്ട്:
1 യോഹന്നാൻ 5:4-5
ദൈവത്തിൽനിന്നു
ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ
നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു
ലോകത്തെ ജയിക്കുന്നവൻ?
ലൂക്കോസ് 5:20
അവരുടെ വിശ്വാസം
കണ്ടിട്ടു. അവൻ: “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു”
എന്നു പറഞ്ഞു.
കൊലൊസ്സ്യർ
2:13-14
അതിക്രമങ്ങളിലും
നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ
ജീവിപ്പിച്ചു; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച
ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ
തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നത് മാത്രം ആണ് മനുഷ്യരുടെ
പാപങ്ങളെ മോചിക്കുന്ന ഏക മാർഗ്ഗം എന്നു ഈ വാക്യങ്ങൾ എല്ലാം പറയുന്നു. നമുക്ക്
യേശുക്രിസ്തുവിൽ സത്യമായ വിശ്വാസം ഉണ്ട് എങ്കിൽ, മറ്റാർക്കും നമ്മളുടെ പാപങ്ങൾ
ക്ഷമിക്കപ്പെട്ടോ, ഇല്ലയോ എന്നു തീരുമാനിക്കുവാൻ അധികാരം ഇല്ല.
ദൈവത്തിന് മാത്രമേ മനുഷ്യരുടെ പാപങ്ങൾ മോചിക്കുവാൻ അധികാരം
ഉള്ളൂ. യേശു ദൈവം ആയിരിക്കെ ആണ് അവൻ പാപങ്ങളെ മോചിക്കുന്നത്. ഈ അധികാരം
യേശുക്രിസ്തു ശിഷ്യന്മാർക്ക് നല്കിയിട്ടില്ല. പുതിയനിയമത്തിൽ ഒരിടത്തുപോലും
ശിഷ്യന്മാർ മനുഷ്യരുടെ ആരുടെയെങ്കിലും പാപത്തെ മോചിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.
മനുഷ്യർക്ക് ആർക്കെങ്കിലും അതിന് അധികാരം ഉണ്ട് എന്നു അവർ പഠിപ്പിച്ചിട്ടില്ല.
അതിനാൽ, യോഹന്നാൻ 20:23 ആം വാക്യത്തിന്റെ അർത്ഥം നമ്മൾ
വായിക്കുന്നത് പോലെ അല്ല. അത് മനസ്സിലാക്കുവാൻ അതിന് മുമ്പ് യേശു പറഞ്ഞ കാര്യങ്ങൾ
എന്തായിരുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.
യോഹന്നാൻ
20:21-23
യേശു പിന്നെയും
അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും
നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു:
പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു
മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ
അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
യേശു ശിഷ്യന്മാരെ രക്ഷയുടെ സുവിശേഷം അറിയിക്കുവാനായി
അയക്കുകയാണ്. പരിശുദ്ധാത്മാവിന്റെ ഒരു അളവിലുള്ള പകർച്ച അവൻ അവരുടെ മേൽ പകർന്നു.
ആത്മാവിന്റെ ശക്തിയോടെയാണ് അവർ സുവിശേഷം അറിയിക്കുവാനായി പോകുന്നത്. അതിനാൽ
മനുഷ്യരുടെ പാപങ്ങൾ യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസത്തോടെ
മോചിക്കപ്പെട്ടിരിക്കുന്നു എന്നു അവർക്ക് പ്രസംഗിക്കാം. വിശ്വസിക്കാഞ്ഞാൽ അവരുടെ
പാപങ്ങൾ അവരുടെമേൽ മോചിക്കപ്പെടാതെ നിലനിൽക്കും.
യോഹന്നാൻ 3:36
പുത്രനിൽ
വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ
അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ
വസിക്കുന്നതേയുള്ള.
യോഹന്നാൻ 8:23-24
അവൻ അവരോടു:
“നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ
നിന്നുള്ളവനല്ല. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു
പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ
നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു.
ഇതാണ് സുവിശേഷം. ഇതാണ് യേശു ശിഷ്യന്മാരെ ഭരമേളപ്പിച്ച
ശ്രേഷ്ഠ ദൌത്യം.
യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട ഈ അവസരത്തിൽ,
ശിഷ്യന്മാരിൽ ഒരുവൻ ആയ തോമസ് അവരുടെ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് ശിഷ്യന്മാർ
തോമസിനോട്, അവർ യേശുവിനെ കണ്ടു എന്നു പറഞ്ഞു. എന്നാൽ തോമസ് അത് വിശ്വസിക്കുവാൻ
തയ്യാറായില്ല. അവന് യേശുവിനെ നേരിൽ കാണേണം, യേശുവിനെ തൊട്ട് അറിയേണം.
യോഹന്നാൻ 20:25
മറ്റേ ശിഷ്യന്മാർ
അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു
കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും
ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
തോമസ് ഇങ്ങനെ പറഞ്ഞത് യേശുവിന്റെ അസാന്നിദ്ധ്യത്തിൽ ആണ്.
എന്നാൽ ഉയിർത്തെഴുന്നറ്റ യേശുവിന് അവന്റെ അസാന്നിദ്ധ്യത്തിൽ സംസാരിക്കുന്നത് പോലും
അറിയുവാൻ കഴിയുമായിരുന്നു. മനുഷ്യന്റെ ഹൃദയ വിചാരങ്ങളെ അറിയുവാൻ കഴിയുമായിരുന്നു.
ഏഴു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തോമസും മറ്റ് ശിഷ്യന്മാരും
ഒരുമിച്ച് മുറിയ്ക്ക് അകത്തു വാതിൽ അടച്ചു കൂടിയിരിക്കുക ആയിരുന്നു. അത് മുമ്പ്
അവർ ഇരുന്നിരുന്ന മുറിയിൽ തന്നെ ആയിരിക്കാം. വാതിൽ അടച്ചിരിക്കെ തന്നെ യേശു
അവർക്ക് വീണ്ടും പ്രത്യക്ഷനായി, “നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.” (20:26).
യേശു തോമസിനോട് അവന്റെ കൈകളിലെയും വിലാപ്പുറത്തെയും
മുറിവുകളിൽ വിരൽ തൊട്ട്, അവൻ ക്രൂശിക്കപ്പെട്ട യേശു തന്നെയെന്ന് മനസ്സിലാക്കുവാൻ ആവശ്യപ്പെട്ടു.
എന്നാൽ തോമസ് അങ്ങനെ ചെയ്തതായി ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. പകരം അവൻ, “എന്റെ
കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു പറഞ്ഞു യേശുവിൽ വിശ്വസിച്ചു.
യോഹന്നാൻ 21 ആം അദ്ധ്യയത്തിൽ യേശുക്രിസ്തുവിന്റെ ഒരു
പ്രത്യക്ഷതയുടെ ചരിത്രം കൂടി യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അദ്ധ്യായം
ആരംഭിക്കുന്നത് ഇങ്ങനെയാണ്, “അതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടൽക്കരയിൽ
വെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം
ആയിരുന്നു”. തിബെര്യാസ് എന്നത് ഗലീല കടൽ ആണ്. പത്രൊസും മറ്റ് ചില ശിഷ്യന്മാരും മീൻ
പിടിപ്പാൻ പോയി. ആരൊക്കെ പത്രൊസിനോടൊപ്പം ഉണ്ടായിരുന്നു എന്നു യോഹന്നാൻ
പറയുന്നുണ്ട്. അവർ തോമസ്, നഥനയേൽ, യാക്കോബ്, യോഹന്നാൻ എന്നിവരും ശിഷ്യന്മാരിൽ
പേര് പറയാത്ത വേറെ രണ്ടു പേരും ആയിരുന്നു. അവർ രാത്രി മുഴുവൻ മീൻ പിടിക്കുവാൻ
ശ്രമിച്ചിട്ടും, ഒന്നും ലഭിച്ചില്ല. അതിരാവിലെ യേശു കടൽ കരയിൽ പ്രത്യക്ഷനായി.
പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ എന്നു യേശു അവരോട് പറഞ്ഞു. അവർ അങ്ങനെ ചെയ്തു, വലിയ
കൂട്ടം മീനുകളെ ലഭിച്ചു. അവർ കരയിൽ ചെന്നപ്പോൾ, തീക്കനലും അതിന്മേൽ മീൻ
വെച്ചിരിക്കുന്നതും അപ്പവും കണ്ടു. അത് യേശു അവർക്ക് വേണ്ടി കരുതിവച്ച പ്രാതൽ
ആയിരുന്നു. 13 ആം വാക്യത്തിൽ യോഹന്നാൻ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്, “യേശു
മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കു
പ്രത്യക്ഷനായി.”
ഇവിടെ യേശു ഉയിർത്തെഴുന്നേറ്റത്തിന്റെ ചരിത്രം സുവിശേഷകർ
അവസാനിപ്പിക്കുന്നു. എന്നാൽ അപ്പൊസ്തലനായ പൌലൊസ് “അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം
സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ
ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.”
എന്നു പറയുന്നു (1 കൊരിന്ത്യർ 15:6). കൂടാതെ “എല്ലാവർക്കും ഒടുവിൽ
അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി” എന്നു കൂട്ടിച്ചേർക്കുന്നു.
ഇവിടെ നമുക്ക് യേശുവിന്റെ ഉയിർപ്പിന്റെ ചരിത്രം
അവസാനിപ്പിക്കാം. ശേഷമുള്ളത് ഉയിർപ്പിന് ശേഷമുള്ള ചരിത്രം ആണ്.
No comments:
Post a Comment