“ഉയിർപ്പിന്റെ ശക്തി” എന്നു കേൾക്കുമ്പോൾ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാനുള്ള അസാധാരണ ശക്തി എന്ന ചിന്തയാണ് നമ്മളുടെ മനസ്സിൽ പൊടുന്നനവേ ഉണ്ടാകുന്നത്. ഉയിർപ്പിന്റെ ശക്തി എന്ന വാക്ക്കൊണ്ടു നമ്മൾ സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്റെ ഉയിർപ്പാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും മരിച്ചുപോയ ചിലർ ജീവനിലേക്ക് തിരികെ വന്നിട്ടുണ്ട്. എന്നാൽ അവർ എല്ലാവരും, അവരുടെ ആയുസ്സിന്റെ അവസാനത്തിൽ മരിച്ചു. അവർ എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും യാത്രയായി. എന്നാൽ യേശുക്രിസ്തു മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റതിന് ശേഷം അവൻ പിന്നീട് ഒരിക്കലും മരിച്ചിട്ടില്ല. കാരണം അവൻ മരണത്തെ എന്നന്നേക്കുമായി തോൽപ്പിച്ചാണ് ഉയിർത്തെഴുന്നേറ്റത്. യേശുവിനെ ഉയിർപ്പിച്ച പരിശുദ്ധാത്മാവിന്റെ അതേ ശക്തിയേയാണ് നമ്മൾ ഉയിർപ്പിന്റെ ശക്തി എന്നു വിളിക്കുന്നത്.