പെസഹ (പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ), കൂടാരപ്പെരുനാൾ, വാരോത്സവം, എന്നിവ യിസ്രായേല്യരുടെ പ്രധാനപ്പെട്ട മൂന്ന് ഉൽസവങ്ങൾ ആണ്. ഈ മൂന്ന് ഉൽസവ കാലത്ത്, എല്ലാ യിസ്രായേല്യ പുരുഷന്മാരും യെരൂശലേമിൽ ദൈവത്തിന്റെ ആലയത്തിൽ എത്തേണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. മിക്കവാറും പുരുഷന്മാർ മാത്രമല്ല, കുടുംബം മുഴുവൻ ഈ സമയത്ത് യെരൂശലേമിലേക്ക് പോകുക പതിവ് ഉണ്ടായിരുന്നു.
ആവർത്തനം 16:16
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും
ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ
യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.
പുറപ്പാട്
23:14-17
സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; .... വയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.
പുളിപ്പില്ലാത്ത
അപ്പത്തിന്റെ പെരുനാൾ (പെസഹ)
യിസ്രായേൽ ജനം, മിസ്രയീമിലെ അടിമത്വത്തിൽ നിന്നും വാഗ്ദത്ത
ദേശത്തിലെ സ്വാതന്ത്ര്യത്തിലേക്ക് പുറപ്പെട്ടത്തിന്റെ
ഓർമ്മയ്ക്കായാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അഥവാ പെസഹ ആചരിക്കുന്നത്.
പെസഹ അത്താഴം അഥവാ പെസഹ സെയ്ഡെർ (seider, SAY-der)
ഈ പെരുനാളിന്റെ പ്രധാന ഭാഗമാണ്. പെസഹ യിസ്രായേൽ രാജ്യത്ത് ഏഴു ദിവസം
നീണ്ടുനിൽക്കുന്ന ഉൽസവം ആണ്. യിസ്രായേൽ രാജ്യത്തിന് വെളിയിൽ താമസിക്കുന്നവർ ഇത്
എട്ട് ദിവസം ആചരിക്കാറുണ്ട്. ഒന്നാമത്തെയും അവസാനത്തെയും ദിവസങ്ങൾ പൊതു അവധി
ദിവസങ്ങൾ ആണ്. അന്ന് എല്ലാ യഹൂദ്യരും വേലചെയ്യാതെ ഇരിക്കും. ഇതിന് ഇടയ്ക്കുള്ള
ദിവസങ്ങൾ സാധാരണ പോലെയുള്ള, എന്നാൽ ഉൽസവത്തിന്റെ ദിവസങ്ങൾ ആയിരിക്കും.
യഹൂദന്മാരുടെ വേദപുസ്തക വ്യാഖ്യാന ഗ്രന്ഥം ആണ് “മിഡ്രാഷ്”
എന്നു അറിയപ്പെടുന്നത് (Midrash, Jewish Biblical exegesis). ഇതിൽ ഏഴു ദിവസത്തെ പെസഹ ആചാരണത്തിന് നൽകിയിരിക്കുന്ന വിശദീകരണം
ഇങ്ങനെയാണ്: യിസ്രായേൽ ജനം പെസഹ ദിവസം മിസ്രയീം വിട്ടു പുറപ്പെട്ടു എങ്കിലും, മിസ്രയീം
സൈന്യം അവരെ ഏഴു ദിവസങ്ങൾ, ചെങ്കടൽ വരെ പിന്തുടർന്നുകൊണ്ടിരുന്നു. പുറപ്പാടിന്റെ
ഏഴാമത്തെ ദിവസമാണ് അവർക്ക് ചെങ്കടൽ പിളർന്നു അക്കരെ എത്തുവാൻ കഴിഞ്ഞത്. അതിനാൽ
ഒന്നാമത്തെ ദിവസം തന്നെ പുറപ്പാട് ആരംഭിച്ചു എങ്കിലും ഏഴാമത്തെ ദിവസം ആണ് അത്
പൂർത്തീകരിച്ചത്. അതിനാൽ ഏഴു ദിവസങ്ങൾ പെസഹ പെരുന്നാൾ ആചരിക്കുന്നു.
യഹൂദ പാരമ്പര്യ വിശ്വാസം അനുസരിച്ച്, മിസ്രയീമിൽ നിന്നും
പുറപ്പെട്ട യിസ്രായേൽ ജനം ആദ്യത്തെ മുപ്പതു ദിവസങ്ങൾ പുളിപ്പില്ലാത്ത അപ്പം
ഭക്ഷിച്ചു. അതിന് ശേഷം മരുഭൂമിയിൽ അവർക്ക് മന്ന ഭക്ഷിക്കുവാൻ ലഭിച്ചു. ഇന്ന്
യഹൂദന്മാർ, പെരുന്നാളിന്റെ ഏഴു ദിവസങ്ങൾ പുളിപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നു. ഇത്
മിസ്രയീമിന്റെ ജീർണ്ണിച്ച സ്വാധീനങ്ങളെ ഉപേക്ഷിക്കുന്നു എന്നതിന്റെ അടയാളവും, മിസ്രയീമ്യ
ജീവിത രീതികളിൽ നിന്നും ഓടിപ്പോകുവാനുള്ള ആഹ്വാനവും ആണ്. മിസ്രയീമിൽ നിന്നും
പുറപ്പെടുമ്പോൾ, അവർ മുൻകൂട്ടി തയ്യാറാകാത്ത ഒരു യാത്ര ആരംഭിക്കുക ആയിരുന്നു.
അതിനാൽ വാഗ്ദത്ത ദേശത്തേക്കുള്ള വഴി മദ്ധ്യേ, അവരുടെ സകല ആവശ്യങ്ങൾക്കും,
സമ്പൂർണ്ണമായി ദൈവത്തിൽ ആശ്രയിച്ചു.
പെരുന്നാളിന്റെ ആദ്യ ദിനം സിനഗോഗിൽ (യഹൂദ പള്ളിയിൽ)
പ്രത്യേക മതപരമായ ആചാരങ്ങൾ ഉണ്ടായിരിക്കും. അവസാന ദിവസം യിസ്കർ (യിസ്കൊർ, Yizkor) എന്നു വിളിക്കപ്പെടുന്ന, മരിച്ചവരുടെ ബഹുമാനാർത്ഥമുള്ള പ്രത്യേക
പ്രാർത്ഥനയും നടത്തപ്പെടും.
വാരോത്സവം
വാരോത്സവം ഒരു കൊയ്ത്ത് ഉൽസവം ആണ്. ആദ്യഫല ഉത്സവ ദിവസം മുതൽ
ഏഴു ആഴ്ച കഴിഞ്ഞു, അൻപതാം ദിവസം ആണ് വാരോൽസവം ആചരിക്കുന്നത്. ഇതിനെ “അൻപത്” എന്ന അർത്ഥത്തിൽ പെന്തെക്കൊസ്ത് എന്നും വിളിക്കുന്നു. സീനായ് പർവ്വത
മുകളിൽ മോശെക്കു ന്യായപ്രമാണം നല്കിയത് പെന്തെക്കൊസ്ത് ദിവസമാണ് എന്നു യഹൂദന്മാർ
പാരമ്പര്യമായി വിശ്വസിക്കുന്നു. ഇത് ധാന്യ വിളകളുടെ കൊയ്ത്തിന്റെ സമാപന ഉൽസവം ആണ്.
ഈ അവസരത്തിൽ സമൃദ്ധമായ ഒരു വിളവെടുപ്പ് ലഭിച്ചതിനായി അവർ ദൈവത്തിന് നന്ദി
അർപ്പിക്കുന്നു.
വാരോത്സവത്തെ പുറപ്പാട് 23:16 ൽ കൊയ്ത്തുപെരുനാൾ എന്നും,
സംഖ്യാപുസ്തകം 28:26 ൽ “വാരോത്സവമായ ആദ്യഫലദിവസം” എന്നും വിളിക്കുന്നുണ്ട്. എന്നാൽ
ഇത് ലേവ്യ പുസ്തകം 23:9-14 വരെയും, ആവർത്തനം 26:1-11 വരെയും പറയുന്ന ആദ്യഫല
പെരുന്നാൾ അല്ല. കൃത്യമായ ഒരു ദിവസം ഇല്ലാത്ത ഒരേയൊരു യഹൂദ പെരുനാൾ ആണ് വാരോത്സവം.
ആദ്യഫല പെരുനാൾ കഴിഞ്ഞു, ഏഴാമത്തെ ശബ്ബത്തിന്റെ അടുത്ത ദിവസം എന്നതാണ് ഈ
പെരുനാളിന്റെ ദിവസം.
ലേവ്യപുസ്തകം
23:15, 16
ശബ്ബത്തിന്റെ
പിറ്റെന്നാൾ മുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി
ഏഴു ശബ്ബത്ത് തികയേണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി
യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം.
കൂടാരപ്പെരുനാൾ
യിസ്രായേൽ ജനം എല്ലാ വർഷവും ആചരിക്കേണം എന്നു ദൈവം
കൽപ്പിച്ച ഏഴു പെരുനാളികളിൽ അവസാനത്തേത് ആണ് “കൂടാരപ്പെരുനാൾ”. ഇതിനെ പുറപ്പാട്
23:16 ൽ കായ്കനിപ്പെരുനാൾ എന്നും, ആവർത്തനം 16:13 ൽ കൂടാരപ്പെരുനാൾ എന്നും
വിളിക്കുന്നു. എബ്രായ കലണ്ടറിലെ ഏഴാമത്തെ മാസമായ “റ്റിഷ്റി” (Tishrei) മാസത്തിലെ 15 ആം തീയതി ആണ് ഈ പെരുനാൾ ആചരിക്കുന്നത്. ഇത് നമ്മളുടെ
സെപ്റ്റംബർ-ഒക്ടോബർ മാസം ആകും. പാപപരിഹാര ദിവസം കഴിഞ്ഞു അഞ്ച് ദിവസങ്ങൾ കഴിയുമ്പോൾ,
ശരത്കാലത്തിലെ വിളവെടുപ്പ് കഴിയുമ്പോൾ ഈ ഉൽസവം ആചരിക്കപ്പെടുന്നു.
കൂടാരപ്പെരുനാളിന്റെ ദിവസങ്ങളിൽ യിസ്രായേൽ ജനം എല്ലാം “കൂടാരങ്ങളിൽ
പാർക്കേണം” (ലേവ്യപുസ്തകം 23:33-43). യിസ്രായേൽ ജനം മിസ്രയീമിൽ നിന്നും മരുഭൂമി
വഴിയായി പുറപ്പെട്ട് പൊന്നപ്പോൾ, അവർ നാൽപ്പത് വർഷങ്ങൾ കൂടാരങ്ങളിൽ ആണ് താമസിച്ചിരുന്നത്.
കൂടാരപ്പെരുനാൾ ഇതിന്റെ ഓർമ്മ പുതുക്കുന്ന അവസരമാണ്. അവർ മരുഭൂമിയിലൂടെ യാത്ര
ചെയ്തപ്പോൾ, ദൈവത്തിന്റെ കരുതലും സംരക്ഷണവും അനുഭവിച്ചതുപോലെ, ഇപ്പോഴത്തെ വിളവെടുപ്പിലും
ദൈവത്തിന്റെ കരുതൽ അനുഭവിക്കുന്നു. അങ്ങനെ കൂടാരപ്പെരുനാൾ മിസ്രയീമിൽ നിന്നുള്ള
പുറപ്പാട് ഓർമ്മിപ്പിക്കുന്നു. പാപത്തിന്റെ അടിമത്വത്തിൽ നിന്നും ദൈവജനത്തെ
എന്നന്നേക്കുമായി വിടുവിക്കുന്ന മശീഹയെക്കുറിച്ചുള്ള പ്രത്യാശയും ഈ പെരുനാളിൽ
ഉണ്ട്.
വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പ്രധാന
സംഭവങ്ങൾക്ക് കൂടാരപ്പെരുനാളുമായി ബന്ധംഉണ്ട്. ശലോമോന്റെ ദൈവാലയം
സമർപ്പിക്കപ്പെട്ടത് കൂടാരപ്പെരുനാളിൽ ആണ് (1 രാജാക്കന്മാർ 8:2).
1 രാജാക്കന്മാർ
8:2 യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിൽ ശലോമോൻ
രാജാവിന്റെ അടുക്കൽ വന്നുകൂടി.
എബ്രായ കലണ്ടര്‍ ആരംഭിക്കുന്നത് നീസാൻ മാസത്തോടെയാണ് (Nisan). അത് നമ്മളുടെ മാര്‍ച്ച്-ഏപ്രില്‍ മാസമാണ്. കലണ്ടറിലെ ഏഴാമത്തെ മാസമാണ് “ഏഥാനീം”
(Ethanim) എന്നും “റ്റിഷ്റി” (Tishrei) എന്നും അറിയപ്പെടുന്നത്. മിസ്രയീമിൽ നിന്നുള്ള പുറപ്പാടിന്റെ കാലം മുതൽ
കണക്ക് കൂട്ടുമ്പോൾ ഇത് ഏഴാമത്തെ മാസമാണ്. അത് നമ്മളുടെ സെപ്റ്റംബര്‍-ഒക്ടോബര്‍
മാസം ആണ്. എന്നാൽ ഇത് പുതുവർഷ മാസമായി ആചരിക്കപ്പെടുന്നു.
ഉദാഹരണത്തിന്, കലണ്ടറിലെ ആദ്യമാസം ആയ നീസാൻ
മാസം 2024 ആയിരിക്കുമെങ്കിലും പുതിയ വര്‍ഷം ആരംഭിക്കുന്ന റ്റിഷ്റി മുതല്‍ അത് 2025
ആകും. പിന്നീട് അടുത്ത വര്‍ഷം റ്റിഷ്റി മാസം ആകുമ്പോഴേ അത് 2026 ആകൂ.
നീസാൻ (Nisan), ആബീബ് (Abib), എന്നീ പേരുകൾ ഒരേ മാസത്തിന്റെ പേരുകൾ ആണ്. ബാബേൽ പ്രവാസ കാലത്തിന് ശേഷമാണ്,
റ്റിഷ്റി, നിസ്സാന്‍ എന്നീ പേരുകൾ അതത്
മാസങ്ങൾക്ക് ഉപയോഗിക്കുവാൻ തുടങ്ങിയത്.
ബാബേൽ പ്രവാസത്തിന് ശേഷം യെരൂശലേമിൽ ആലയം
പുനർനിർമ്മിക്കുവാനായി തിരിച്ചുവന്ന യിസ്രായേൽ ജനം, യേശുവ, സെരുബ്ബാബേൽ എന്നിവരുടെ
നേതൃത്വത്തിൽ കൂടാരപ്പെരുനാൾ ആചരിച്ചു എന്നു എസ്രാ 3:4 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് കൂടാരപ്പെരുനാളിന്റെ ദിവസം പ്രവാസത്തിൽ നിന്നു തിരികെ വന്ന എല്ലാവരും
കൂടാരങ്ങൾ ഉണ്ടാക്കി അതിൽ പാർത്തു. ആദ്യദിവസം മുതൽ അവസാന ദിവസം വരെ ദിവസേന, എസ്രാ,
ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു (നെഹെമ്യാവ് 8:17, 18).
ഒരിക്കൽ, കൂടാരപ്പെരുനാളിന്റെ ദിവസം, യെഹൂദന്മാർ യേശുവിനെ കൊല്ലുവാൻ
അന്വേഷിച്ചതുകൊണ്ടു അവൻ യെരൂശലേമിലേക്ക് പോകാതെ ഗലീലയിൽ തന്നെ സഞ്ചരിച്ചു.
(യോഹന്നാൻ 7:1). എന്നാൽ അവന്റെ സഹോദരന്മാരും, ശിഷ്യന്മാരും പെരുനാളിന്നു പോയശേഷം
അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി. (7:10). ഉത്സവത്തിന്റെ
ഒടുക്കത്തെ നാളിൽ, ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ടു യേശു വിളിച്ചുപറഞ്ഞു:
യോഹന്നാൻ 7:37,
38
ഉത്സവത്തിന്റെ
മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ
അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു
തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
എല്ലാ യഹൂദ പെരുനാളുകൾക്കും മൂന്ന് ഭാവങ്ങൾ ഉണ്ട്:
1.
വർത്തമാന കാലത്ത് പെരുനാൾ ആചരിക്കുക
2.
ഭൂതകാലത്ത് ദൈവം അവർക്കു വേണ്ടി എന്ത്
ചെയ്തു എന്നു ഓർക്കുക
3.
ഭാവിയിലെ പ്രവചനപരമായ നിവർത്തിക്കായി
പ്രത്യാശിക്കുക.
മിസ്രയീമിൽ നിന്നുള്ള പുറപ്പാടിലേക്ക് പെസഹ തിരിഞ്ഞു
നോക്കുന്നു. സീനായ് ൽ വച്ചു ന്യായപ്രമാണം ലഭിച്ചതിനെ പെന്തെക്കൊസ്ത്
ഓർമ്മിപ്പിക്കുന്നു. ഇവയുടെ പ്രവചനപരമായ നിവർത്തി യേശുക്രിസ്തുവിന്റെ മരണം,
ഉയിർപ്പ്, സഭയുടെ ആരംഭം, എന്നിവയിൽ ഉണ്ടായി. കൂടാരപ്പെരുനാൾ മരുഭൂമിയിലെ ദൈവീക
കരുതൽ ഓർമ്മിപ്പിക്കുന്നു. ഭാവിയിൽ, സകല ദേശങ്ങളിലെയും ജനങ്ങൾ ദൈവത്തെ
ആരാധിക്കുവാനായി യെരൂശലേമിലേക്ക് ഒഴുകി എത്തുന്ന മശീഹ യുഗത്തെ കൂടാരപ്പെരുനാൾ
പ്രവചനപരമായി അറിയിക്കുന്നു.
പെസഹ അത്താഴം
പെസഹ അത്താഴത്തെ,
പെസഹ സെയ്ഡെർ (seider, SAY-der) എന്നാണ് വിളിക്കുക. സെയ്ഡെർ എന്ന വാക്കിന്റെ അർത്ഥം ക്രമം, നടപടിക്രമം എന്നിങ്ങനെയാണ്
(order, procedure). ഹഗ്ഗദ (Haggadah) എന്നു വിളിക്കപ്പെടുന്ന ഒരു പുസ്തകത്തിൽ പെസഹ അത്താഴത്തിന്റെ ക്രമം
രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് യഹൂദന്മാർ പെരുനാൾ ദിവസം അത്താഴം
ക്രമീകരിക്കുവാനയും, വായിക്കുവാനായും ഉപയോഗിക്കുന്നത്. ഹഗ്ഗദയിൽ, പെസഹ
അത്താഴത്തിന്റെ ചടങ്ങളുകളും, മിസ്രയീമിൽ നിന്നും പുറപ്പെട്ടത്തിന്റെ ചരിത്രവും, അത്താഴത്തിലെ
വിഭവങ്ങളും, അനുഗ്രഹ പ്രാർത്ഥനകളും, പാട്ടുകളും, ചോദ്യങ്ങളും അവയ്ക്കുള്ള
ഉത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം സൂര്യാസ്തമയത്തോടെ ആരംഭിക്കുന്നതായി
കണക്കാക്കപ്പെടുന്ന ഇടങ്ങളിൽ, യഹൂദ കലണ്ടറിലെ ഒന്നാമത്തെ മാസമായ നീസാൻ മാസം 15 ആം
തീയതിയുടെ ആരംഭത്തിൽ ആണ് പെസഹ അത്താഴം ക്രമീകരിക്കുന്നത്. ഇത് നമ്മളുടെ
മാർച്ച്-ഏപ്രിൽ മാസത്തിൽ ആയിരിക്കും. യിസ്രായേലിൽ പെസഹ പെരുനാൾ ഏഴു ദിവസങ്ങളും,
യിസ്രായേലിന് വെളിയിൽ അത് എട്ട് ദിവസങ്ങളും ആയിരിക്കും. പെസഹ പെരുനാൾ ഏഴു ദിവസങ്ങൾ
ആചരിക്കുന്ന ഇടങ്ങളിൽ, പെസഹ അത്താഴം ആദ്യത്തെ ദിവസം വൈകുന്നേരവും, പെരുനാൾ എട്ട് ദിവസങ്ങൾ
ആചരിക്കുന്ന ഇടങ്ങളിൽ, അത്താഴം ആദ്യത്തെ രണ്ട് ദിവസങ്ങൾ വൈകുന്നേരവും
ക്രമീകരിക്കും. അതായത് പെരുനാൾ ഏഴു ദിവസങ്ങൾ ആചരിക്കുന്ന ഇടങ്ങളിൽ നീസാൻ മാസം 15
ആം തീയതിയുടെ ആരംഭത്തിലും, പെരുനാൾ എട്ട് ദിവസങ്ങൾ ആചരിക്കുന്ന ഇടങ്ങളിൽ നീസാൻ
മാസം 15, 16 ദിവസങ്ങളുടെ ആരംഭത്തിലും ആചരിക്കും.
യിസ്രായേൽ ജനത്തിന്റെ മിസ്രയീമിലെ അടിമത്വത്തിൽ നിന്നുള്ള
പുറപ്പാടിനെയാണ് പെസഹ അത്താഴം ഓർമ്മിപ്പിക്കുന്നത്. ഇതിന്റെ ചരിത്രം തലമുറയായി
ആവർത്തിച്ചു പറയേണം എന്ന ദൈവീക കൽപ്പന അനുസരിച്ചാണ് ഈ പെരുനാൾ ആചരിക്കുന്നത്.
പുറപ്പാട് 13:8 ഞാൻ
മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം
ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം.
പുറപ്പാടിന്റെ ചരിത്രം പറയുക, നാല് കപ്പ് വീഞ്ഞു കുടിക്കുക,
“മാറ്റ്സ” എന്നു വിളിക്കുന്ന പുളിപ്പില്ലാത്ത പെസഹ അപ്പം കഴിക്കുക (matzah, matzo,
or maẓẓah), പ്രതിരൂപമായ ചില ആഹാരങ്ങൾ
കഴിക്കുക, സ്വതന്ത്ര്യത്തെ ഓർമ്മിക്കുന്ന വിധം ചാരി ഇരിക്കുക, എന്നിവ പെസഹ അത്താഴത്തിന്റെ
ചടങ്ങുകൾ ആണ്.
അവധികാല വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് എല്ലാ കുടുംബാഗങ്ങളും പെസഹ
അത്താഴത്തിൽ പങ്കെടുക്കുന്നത്. ഓരോ വ്യക്തിക്കും ആഹാരം കഴിക്കുവാനായി ഒരു പാത്രവും,
വീഞ്ഞു കൂടിക്കുവാനായി ഒരു കപ്പും ഉണ്ടായിരിക്കും. അത്താഴം ഒരുക്കിയിരിക്കുന്ന
മേശയുടെ തലപ്പത്ത്, ചെറിയ ഭാഗങ്ങൾ ആയി വേർതിരിച്ച ഒരു പ്രത്യേക പാത്രം
ഉണ്ടായിരിക്കും. ഇതിൽ ചില ഭക്ഷണങ്ങൾ പ്രതീകമായി വച്ചിരിക്കും. അത്താഴ സമയത്ത് ഈ
ഭക്ഷണങ്ങളെ കുറിച്ച് സംസാരിക്കുകയും, അവ കഴിക്കുകയും ചെയ്യും. ഇതിലെ ഓരോ ഭക്ഷണവും
പെസഹയുടെ ഓരോ ഭാവങ്ങളുടെ പ്രതീകമാണ്. ഇതിനെ സെയ്ഡെർ പാത്രം എന്നാണ് വിളിക്കുക.
സെയ്ഡെർ
പാത്രം
സെയ്ഡെർ പാത്രത്തിൽ ആറ്
ഭക്ഷണങ്ങൾ ഉണ്ടായിരിക്കും.
1.
മാരോർ (maror, mārôr)
എന്നു വിളിക്കപ്പെടുന്ന കൈപ്പുചീര,
യിസ്രായേൽ ജനം മിസ്രയീമിൽ അനുഭവിച്ച അടിമത്വത്തിന്റെയും, കഷ്ടതയുടെയും പ്രതീകമാണ്.
ഹോർസ്റാഡിഷ് (Horseradish) എന്നു വിളിക്കപ്പെടുന്ന ഒരു തരം
പച്ചക്കറിയുടെ വേരുകൾ ആണ് ഇതിനായി ഉപയോഗിക്കുക.
2.
ചേസെറെറ്റ് (Chazeret, chaz-eret) എന്നു വിളിക്കപ്പെടുന്ന കൈപ്പുചീര ആണ്
സെയ്ഡെർ പാത്രത്തിലെ രണ്ടാമത്തെ ഭക്ഷണം. ഇത് ലെറ്റൂസ് വർഗ്ഗത്തിൽ പ്പെട്ട ഒരു
പച്ചക്കറിയാണ്. ഇതും യിസ്രായേൽ ജനത്തിന്റെ മിസ്രയീമിലെ ജീവിതത്തെ
അനുസ്മരിപ്പിക്കുന്നു.
3.
ഖരോസെറ്റ് (Charoset, kharuset) ഫലങ്ങളും അതിന്റെ കുരുവും ചേർത്ത്
ഉണ്ടാക്കുന്ന, തവിട്ടു നിറത്തിലുള്ള, മധുരമുള്ള, കുഴമ്പ് രൂപത്തിലുള്ള ഒരു
മിശ്രിതം ആണ്. ഇത് യിസ്രായേൽ ജനം മിസ്രയീമിൽ ആയിരുന്നപ്പോൾ, അവിടെ വലിയ
ഭണ്ഡാരശാലകൾ നിർമ്മിക്കുവാനായി മണ്ണ് കുഴച്ച് ഇഷ്ടികകൾ ഉണ്ടാക്കിയതിനെ
ഓർമ്മിപ്പിക്കുന്നു.
4.
കർപാസ് (Karpas, CAR-pahs) കൈപ്പുചീര അല്ലാത്ത ഒരു പച്ചക്കറി ആണ്. ഇത് ഏതെങ്കിലും ഭക്ഷ്യയോഗ്യമായ
ഇലയോ, പച്ചക്കറിയോ, വേവിച്ച ഉരുളക്കിഴങ്ങോ ആകാം. ഇത് ഉപ്പ് വെള്ളം, വിനാഗിരി, അല്ലെങ്കിൽ “ഖരോസെറ്റ്” എന്നു വിളിക്കുന്ന
കുഴമ്പ് രൂപത്തിലുള്ള മിശ്രിതം എന്നിവയിൽ മുക്കി ഭക്ഷിക്കുന്നു.
5.
തീയിൽ ചുട്ട ആട്ടിൻകുട്ടിയുടെ മാംസം,
അല്ലെങ്കിൽ, ആടിന്റെ ഒരു എല്ല് സെയ്ഡെർ പാത്രത്തിൽ ഉണ്ടായിരിക്കും. ഇതിനെ “സ്രോഅ”
എന്നാണ് വിളിക്കുക (Zeroa, ZRO-ah). ഇത് യെരൂശലേം
ദൈവാലയത്തിൽ യാഗമായി അർപ്പിക്കപ്പെട്ട പെസഹ കുഞ്ഞാടിന്റെ പ്രതീകമാണ്. യാഗമൃഗത്തെ തീയിൽ
ചുട്ടു, അതിന്റെ മാസം പെസഹ അത്താഴത്തിന്റെ ഭാഗമായി ഭക്ഷിക്കുക പതിവായിരുന്നു.
6.
ഒരു പൊരിച്ച മുട്ട കൂടി സെയ്ഡെർ
പാത്രത്തിൽ ഉണ്ടായിരിക്കും. ഇതിനെ ബെറ്റ്സ എന്നാണ് വിളിക്കുക. ഇതും
ദൈവാലയത്തിലെ യാഗമൃഗത്തിന്റെ തീയിൽ ചുട്ട മാംസത്തെ ആണ് ഓർമ്മിപ്പിക്കുന്നത്.
മുകളിൽ പറഞ്ഞ ആറ് കാര്യങ്ങൾ സെയ്ഡെർ പാത്രത്തിൽ
ഉണ്ടായിരിക്കും. ഇവ കൂടാതെ, മേശപ്പുറത്ത് മറ്റ് മൂന്ന് ഭക്ഷ്യ വസ്തുക്കൾ കൂടി
വച്ചിരിക്കും. അവ ഇതെല്ലാം ആണ്:
1.
മൂന്ന് പുളിപ്പില്ലാത്ത പെസഹ അപ്പം. ഇതിനെ
“മാറ്റ്സ”
എന്നു വിളിക്കുന്നു. (matzah, matzo,
or maẓẓah,
plural - matzot). ഇതിനെ ഒരു
തുണികൊണ്ട് മൂടിയിരിക്കും.
2.
ഉപ്പ് വെള്ളം. ഇത് യിസ്രായേല്യർ മിസ്രയീമിൽ അടിമകൾ
ആയിരുന്നപ്പോൾ ഉള്ള അവരുടെ കണ്ണുനീരിനെ ഓർമ്മിപ്പിക്കുന്നു.
3.
ഏലിയാവിന്റെ കപ്പ്. ഇത് എലിയാവിന് എന്നു പറഞ്ഞു
വീഞ്ഞു ഒഴിച്ച് വയ്ക്കുവാനുള്ള കപ്പ് ആണ്. ഭാവിയിൽ വരുവാനുള്ള മശീഹയെക്കുറിച്ചും വിടുതലിനെക്കുറിച്ചും
ഉള്ള പ്രത്യാശയാണിത്.
ചിലർ മിർയ്യാം ന്റെ കപ്പ് (cup of Miriam, Kos
Miriam) എന്ന പേരിൽ വെള്ളം നിറച്ച ഒരു കപ്പ് കൂടി വയ്ക്കാറുണ്ട്. ഇത്
മോശെയുടെ സഹോദരി മിർയ്യാം മിന്റെ ഓർമ്മയ്ക്കായാണ്. പുറപ്പാടിന്റെ ചരിത്രത്തിൽ
ഇവർക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട്.
പെസഹ പെരുനാളിന്റെ എല്ലാ ദിവസങ്ങളിലും (ഏഴ്/എട്ട് ദിവസങ്ങൾ)
പുളിപ്പുള്ള ആഹാരം ഭക്ഷിക്കുവാൻ പാടില്ല എന്നു പ്രമാണം ഉണ്ട്. യാഥാസ്ഥിതിക
യഹൂദന്മാർ അവരുടെ വീടുകളിൽ യാതൊരു പുളിപ്പുള്ള ഭക്ഷണവും ഈ ദിവസങ്ങളിൽ
സൂക്ഷിക്കാറില്ല.
പെസഹ അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പക്കൽ ഹഗ്ഗദ
എന്ന പുസ്തകം ഉണ്ടായിരിക്കും. ഇരിക്കുന്ന കസേരയിൽ, ഇടയ്ക്കിടെ ചാരിയിരിക്കുവാനായി
ഒരു തലയിണ വച്ചിരിക്കും. അത്താഴത്തിന്റെ പല സന്ദർഭങ്ങളിലും അവർ തലയിണയിൽ ഇടതു
വശത്തേക്ക് ചാരി ഇരുന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. വീഞ്ഞു കുടിക്കുക, “ആഫികോമൻ” (Afikoman,
ah-fee-koh-muhn) എന്നു വിളിക്കുന്ന പെസഹ
അപ്പത്തിന്റെ അവസാന ഭാഗം ഭക്ഷിക്കുക, “കൊറേഹ് സാൻവിച്ച്” (korech sandwich) എന്നു വിളിക്കുന്ന ഭക്ഷണം കഴിക്കുക, എന്നീ സന്ദർഭങ്ങളിൽ എല്ലാം,
സ്വതന്ത്ര്യത്തിന്റെയും, വിശ്രമത്തിന്റെയും, സൂചകമായി അവർ ഇടതു വശത്തേക്ക് ചാരി
ഇരിക്കാറുണ്ട്.
നാല്
കപ്പ് വീഞ്ഞ്
പെസഹ
അത്താഴത്തിന്റെ ഭാഗമായി, ചില പ്രത്യേക സന്ദർഭങ്ങളിൽ ആയി, അതിൽ പങ്കെടുക്കുന്നവർ
നാല് കപ്പ് വീഞ്ഞ് കൂടിക്കാറുണ്ട്. ആദ്യത്തെ കപ്പ് വീഞ്ഞിനായി കുടുംബ നായകൻ ഒരു പ്രത്യേക
അനുഗ്രഹ പ്രാർത്ഥന പറയും. ഈ പ്രാർത്ഥനയെ “കിദ്ദിഷ്”
എന്നാണ് വിളിക്കുക (Kiddush). അതിന് ശേഷം അത് കുടിക്കും. മിസ്രയീമിൽ
നിന്നുള്ള പുറപ്പാടിന്റെ ചരിത്രം വിവരിക്കുന്ന സന്ദർഭത്തെ “മാഗ്ഗിദ്” (Maggid) എന്നാണ് വിളിക്കുക. ഈ അവസരത്തിൽ രണ്ടാമത്തെ കപ്പ് വീഞ്ഞു കുടിക്കും.
മൂന്നാമത്തെ കപ്പ് വീഞ്ഞു പെസഹ അത്താഴത്തിനു ശേഷം കുടിക്കും. നാലാമത്തെ കപ്പ്
വീഞ്ഞു, അവസാനത്തെ സ്തുതിയുടെ പ്രാർത്ഥനയായ “ഹലേൽ” (Hallel) പറയുമ്പോൾ
കുടിക്കും. 113 മുതൽ 118 വരെയുള്ള ആറ് സങ്കീർത്തനങ്ങൾ ആണ് “ഹലേൽ” എന്നു
അറിയപ്പെടുന്നത്.
പുറപ്പാടു 6:6, 7 വാക്യങ്ങളിൽ ദൈവം
പറയുന്ന നാല് വിടുതലിന്റെ വാഗ്ദത്തങ്ങളെ ആണ് നാല് വീഞ്ഞു കപ്പുകൾ സൂചിപ്പിക്കുന്നത്.
ഈ വാഗ്ദത്തങ്ങൾ ഇവയാണ്: നിങ്ങളെ ഉദ്ധരിക്കും (I will bring out), നിങ്ങളെ
വിടുവിക്കും (I will rescue), നിങ്ങളെ വീണ്ടെടുക്കും (I
will redeem), നിങ്ങളെ എനിക്കു ജനമാക്കിക്കൊള്ളും (I will
take you)
പുറപ്പാട്
6:6, 7
അതുകൊണ്ടു
നീ യിസ്രായേൽ മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ
നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽ നിന്നു
നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും
മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ
നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും.
മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ
ആകുന്നു എന്നു നിങ്ങൾ അറിയും.
പെസഹ അത്താഴത്തിന്റെ മേശപ്പുറത്ത്
അഞ്ചാമത് ഒരു കപ്പ് വീഞ്ഞു കൂടി ഉണ്ടാകാറുണ്ട്. ഇത് അത്താഴത്തിന്റെ ഭാഗമായി ആരും
കൂടിക്കാറില്ല. ഇതിനെ ഏലിയാവിന്റെ കപ്പ് എന്നാണ് വിളിക്കുന്നത്. പഴയനിയമ
പ്രവാചകനായ ഏലിയാവിന്റെ ആത്മാവ് പെസഹ ദിവസം അവരെ സന്ദർശിക്കും എന്നു അവർ വിശ്വസിക്കുന്നു.
ഇതിന് മശീഹയുടെ പ്രത്യക്ഷതയുമായി ബന്ധം ഉണ്ട്. അതിനാൽ ഇത് അന്തിമമായ വിടുതലിനെ
സൂചിപ്പിക്കുന്നു.
മലാഖി 4:
5, 6
യഹോവയുടെ
വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ
അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ
അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
പെസഹ
അത്താഴത്തിലെ പ്രമേയങ്ങൾ
അടിമത്വം, സ്വാതന്ത്ര്യം, എന്നിവ പെസഹ അത്താഴത്തിന്റെ
പ്രധാനപ്പെട്ട രണ്ട് പ്രമേയങ്ങൾ ആണ്. ഹഗ്ഗദയിൽ ഇങ്ങനെ ഒരു വാചകം ഉണ്ട്: “എല്ലാ
തലമുറയിലും, എല്ലാവരും, അവർ മിസ്രയീമിൽ നിന്നും പുറപ്പെട്ട് വന്നവരാണ് എന്നു സ്വയം
കരുതേണം.”
യഹൂദന്മാരുടെ ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയത്തോടെ
ആണ്, അവസാനിക്കുന്നത് അടുത്ത സൂര്യാസ്തമയത്തിലും. പുറപ്പാടു പുസ്തകത്തിലെ വിവരണം
അനുസരിച്ച് നീസാൻ മാസം 15 ആം തീയതിയുടെ ആരംഭത്തിൽ, അന്നേ ദിവസം വൈകുന്നേരം,
യിസ്രായേൽ ജനം മിസ്രയീമിൽ അടിമത്വത്തിൽ ആയിരുന്നു. എന്നാൽ അതേ ദിവസം രാത്രിയുടെ
പകുതിക്ക് ശേഷം അവർ സ്വതന്ത്രർ ആയി. അതായത് യഹൂദ കലണ്ടർ അനുസരിച്ച് അവർ ഒരേ ദിവസം
അടിമകളും സ്വതന്ത്രരും ആയിരുന്നു.
പുറപ്പാട്
12:3, 6
3 ... ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു
ഒരു ആട്ടിൻ കുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻ കുട്ടിയെ എടുക്കേണം.
6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ
സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
പുറപ്പാട്
12:30-31, 41-42, 51
30 ഫറവോനും അവന്റെ സകലഭൃത്യന്മാരും
സകല മിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ
വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും
ഉണ്ടായിരുന്നില്ല.
31 അപ്പോൾ അവൻ മോശെയെയും അഹരോനെയും
രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ
നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ
ആരാധിപ്പിൻ.
41 നാനൂറ്റി മുപ്പതു സംവത്സരം
കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ
ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.
42 യഹോവ അവരെ മിസ്രയീംദേശത്തുനിന്നു
പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു;
ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവെക്കു
പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
51 അന്നു തന്നേ യഹോവ യിസ്രായേൽമക്കളെ
ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.
സിനോപ്റ്റിക്ക് സുവിശേഷങ്ങൾ എന്നു അറിയപ്പെടുന്ന, മത്തായി,
മർക്കോസ്, ലൂക്കോസ്, എന്നിവയിൽ, യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് കഴിച്ച അവസാനത്തെ
അത്താഴം, പെസഹ അത്താഴമായിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. യഹൂദ പാരമ്പര്യം
അനുസരിച്ചുള്ള, പുളിപ്പില്ലാത്ത പെസഹ അപ്പം, വീഞ്ഞു എന്നിവ ആ അത്താഴത്തിൽ
ഉണ്ടായിരുന്നു. ഈ ഘടകങ്ങളെ യേശു പുതിയനിയമത്തിന്റെ പ്രതീകങ്ങൾ ആയി അവതരിപ്പിച്ചു.
പുളിപ്പില്ലാത്ത അപ്പം തകർക്കപ്പെടുന്ന അവന്റെ ശരീരത്തിന്റെ പ്രതീകവും, വീഞ്ഞു,
മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാര യാഗമായി ചൊരിയുന്ന അവന്റെ രക്തത്തിന്റെ പ്രതീകവും
ആയി.
പെസഹ അത്താഴത്തിലെ
15 ആചാരങ്ങൾ
1.
പെസഹ അത്താഴം ആരംഭിക്കുന്നത് “കെയ്ഡിഷ്” (Kadeish, KAY-dehsh) എന്നു വിളിക്കുന്ന ചടങ്ങോടെ ആണ്. ഇത്, വീഞ്ഞു
നിറച്ച ആദ്യത്തെ കപ്പിനെ അനുഗ്രഹിച്ചുകൊണ്ട്, ഗൃഹനാഥൻ പറയുന്ന, “കിദ്ദിഷ്” എന്നു
വിളിക്കുന്ന അനുഗ്രഹ പ്രാർത്ഥന ആണ് (Kiddush, kee-doosh / kid-ish). അദ്ദേഹത്തോടൊപ്പം, അത്താഴത്തിൽ
പങ്കെടുക്കുന്ന എല്ലാവരും ഈ പ്രാർത്ഥന പറയും. അപ്പോൾ ആരംഭിക്കുന്ന ദിവസത്തിന്റെ
വിശുദ്ധിയെ ഇതിൽ ഏറ്റുപറയും. പ്രാർത്ഥനയ്ക്ക് ശേഷം ഒന്നാമത്തെ കപ്പ് വീഞ്ഞു
കുടിക്കും.
2.
ആചാരപരമായി കൈകൾ കഴുകുന്നതിനെ “അർചാറ്റ്സ്”
എന്നാണ് വിളിക്കുക (ur'chatz, ur-chatz). ഈ
അവസരത്തിൽ പ്രത്യേക പ്രാർത്ഥന ഇല്ല. ഇത് കർപാസ് (Karpas, CAR-pahs) എന്ന കൈപ്പുചീര അല്ലാത്ത ഒരു പച്ചക്കറി കഴിക്കുന്നതിന് മുമ്പ്
ആചരിക്കുന്നു. യഹൂദ പാരമ്പര്യം അനുസരിച്ചു, പച്ചക്കറികളോ, പഴങ്ങളോ നനഞ്ഞു
ഇരിക്കുന്നു എങ്കിൽ, അത് കഴിക്കുവാനായി ഒരു ദ്രാവകത്തിൽ മുക്കുന്നതിന് മുമ്പ്,
കൈകൾ കഴുകിയിരിക്കേണം. എന്നാൽ, മറ്റ് അവസരങ്ങളിൽ, നനവില്ലാത്ത റൊട്ടിയോ, ഉണങ്ങിയ പഴങ്ങളോ,
പച്ചക്കറികളോ കഴിക്കുന്നതിന് മുമ്പ് കൈകൾ കഴുകിയിട്ടുണ്ട് എങ്കിൽ, അവർ വീണ്ടും
പഴങ്ങളും, പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് കൈകൾ കഴുകേണ്ടതില്ല.
3.
കർപാസ് (Karpas, CAR-pahs) എന്ന
കൈപ്പുചീര അല്ലാത്ത, ഭക്ഷ്യയോഗ്യമായ ഒരു തരം ഇല, ഉപ്പ് വെള്ളത്തിൽ മുക്കി
ഭക്ഷിക്കുന്നത് ആണ് മൂന്നാമത്തെ ചടങ്ങ്. ഈ പച്ചക്കറി യിസ്രായേല്യരുടെ വളരെ താഴ്ന്ന
അവസ്ഥയിൽ നിന്നുള്ള ആരംഭത്തെയും, ഉപ്പ് വെള്ളം മിസ്രയീമിലെ അടിമത്വത്തിന്റെ
നാളുകളിലെ അവരുടെ കണ്ണുനീരിനെയും സൂചിപ്പിക്കുന്നു.
ഭക്ഷ്യയോഗ്യമായ ഇലകൾ
വസന്തകാലത്തിന്റെയും പ്രതീകമാണ്. വസന്തം, പുനർജനനത്തിന്റെയും, പ്രതീക്ഷയുടെയും
കാലമാണ്. നാനൂറിലധികം വർഷങ്ങളുടെ അടിമത്വ ജീവിതത്തിന് ശേഷം, മിസ്രയീമിൽ
നിന്നുമുള്ള പുറപ്പാട്, യിസ്രായേൽ ജനത്തിന് ഒരു പുനർജനനവും, പുത്തൻ പ്രതീക്ഷയും
ആയിരുന്നു.
4.
നാലാമത്തെ ചടങ്ങിനെ വിളിക്കുന്നത് “യാഹാട്സ്”
എന്നാണ് (Yachatz (YAH-chahts).
പെസഹ
അത്താഴം ഒരുക്കിയിരിക്കുന്ന മേശപ്പുറത്ത് മൂന്ന് പുളിപ്പില്ലാത്ത പെസഹ അപ്പം,
ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കി, ഒരു തുണികൊണ്ട് മൂടി വച്ചിരിക്കും. ഇതിനെ
“മാറ്റ്സ” എന്നു വിളിക്കുന്നു. (matzah, matzo, or maẓẓah, plural -
matzot). ഈ അവസരത്തിൽ, ഈ മൂന്ന് അപ്പത്തിൽ മദ്ധ്യത്തിൽ
വച്ചിരിക്കുന്നത് എടുത്തു, അതിനെ കൈകൊണ്ട് രണ്ടായി മുറിക്കും. ഇതിനെ “കഷ്ടതയുടെ
അപ്പം” എന്നും വിളിക്കാറുണ്ട് (bread of affliction).
രണ്ടായി മുറിച്ച അപ്പത്തിന്റെ വലിയ ഭാഗം, അത്താഴത്തിനു ശേഷം, ഡെസെർട്ട് (dessert) പോലെ, കഴിക്കുവാനായി, ഒരു സ്ഥലത്ത് മറച്ചു വയ്ക്കും. ഇതിനെ “ആഫികോമൻ” (Afikoman,
ah-fee-koh-muhn) എന്നു വിളിക്കും. മുറിച്ച അപ്പത്തിന്റെ ചെറിയ ഭാഗം
അതേ സ്ഥലത്ത്, മറ്റ് രണ്ട് അപ്പത്തിന്റെയും മദ്ധ്യത്തിലേക്ക് തിരികെ വയ്ക്കും.
5.
പെസഹ അത്താഴത്തിലെ അഞ്ചാമത്തെ ചടങ്ങിനെ “മാഗിദ്”
(Magid, mah-gid) എന്നാണ് വിളിക്കുന്നത്. ഇത് യിസ്രായേൽ
ജനം മിസ്രയീമിലെ അടിമത്വത്തിൽ നിന്നും സ്വതന്ത്ര്യത്തിലേക്ക് പുറപ്പെട്ടത്തിന്റെ ചരിത്രം
പറയുന്ന അവസരമാണ്. ഇതിൽ, അത്താഴത്തിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ
വ്യക്തി ചോദിക്കുന്ന നാല് ചോദ്യങ്ങൾ ഉണ്ട്. പാരമ്പര്യമായി ചോദിക്കുന്ന ചോദ്യങ്ങളും
അതിനുള്ള ഉത്തരങ്ങളും ഹഗ്ഗദയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഗിദ് ന്റെ അവസാനം,
രണ്ടാമത്തെ കപ്പ് വീഞ്ഞിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും അത് കുടിക്കുകയും
ചെയ്യും.
യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങൾ, പിന്നീട് എഴുതി വച്ചിരിക്കുന്ന
പുസ്തകത്തെയാണ് “മിഷന” (Mishna) എന്നു വിളിക്കുന്നത്. ഈ പുസ്തകത്തിൽ പെസഹ
അത്താഴ സമയത്ത് ചോദിക്കുന്ന നാല് ചോദ്യങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യമായി
ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ആയിരിക്കും ചോദ്യങ്ങൾ വായിക്കുക. ചോദ്യങ്ങൾ
ചോദിക്കുവാൻ പ്രാപ്തിയുള്ള കുട്ടികൾ ഇല്ല എങ്കിൽ, ഗൃഹനാഥന്റെ ഭാര്യയോ, അത്താഴത്തിൽ
പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു വ്യക്തിയോ ചോദ്യങ്ങൾ വായിക്കും. ഒരുവൻ
ഏകനായിട്ടാണ് അത്താഴം കഴിക്കുന്നത് എങ്കിൽ, അദ്ദേഹം സ്വയം ചോദ്യങ്ങളും ഉത്തരങ്ങളും
വായിക്കും.
എബ്രായ ഭാഷയിലുള്ള ഈ നാല് ചോദ്യങ്ങളുടെ തലവാചകം ഇങ്ങനെയാണ്:
എന്തുകൊണ്ടാണ് ഈ രാത്രി മറ്റ് എല്ലാ രാത്രികളിൽ നിന്നും വിഭിന്നം ആയിരിക്കുന്നത്?.
ചോദ്യങ്ങൾ ഇതെല്ലാം ആണ്:
1.
വർഷത്തിലെ മറ്റ് എല്ലാ രാത്രികളിലും നമ്മൾ
പുളിച്ച മാവുകൊണ്ടു ഉണ്ടാക്കിയ അപ്പമാണ് ഭക്ഷിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് ഈ
രാത്രിയിൽ മാത്രം നമ്മൾ പുളിക്കാത്ത “മാറ്റ്സ” ഭക്ഷിക്കുന്നത്?
2.
മറ്റ് എല്ലാ രാത്രികളിലും നമ്മൾ
എല്ലാത്തരം പച്ചക്കറികളും ഭക്ഷിക്കും. എന്നാൽ എന്തുകൊണ്ടാണ് ഈ രാത്രിയിൽ നമ്മൾ
കൈപ്പുചീര മാത്രം ഭക്ഷിക്കുന്നത്?
3.
മറ്റ് എല്ലാ രാത്രികളിലും നമ്മൾ ഭക്ഷണം (ഉപ്പ്
വെള്ളത്തിലോ, ഖരോസെറ്റ് എന്നു വിളിക്കുന്ന മിശ്രിതത്തിലോ) ഒരു പ്രാവശ്യം പോലും
മുക്കാറില്ല. എന്നാൽ എന്തുകൊണ്ടാണ് ഈ രാത്രിയിൽ നമ്മൾ ഭക്ഷണം രണ്ട് പ്രാവശ്യം മുക്കുന്നത്?
4.
മറ്റ് എല്ലാ രാത്രികളിലും നമ്മൾ ആഹാരം
കഴിക്കുമ്പോൾ, നിവർന്നു ഇരിക്കുകയോ, ചാരി ഇരിക്കുകയോ ചെയ്യാറുണ്ട്. എന്തുകൊണ്ടാണ്
ഈ രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ചാരി ഇരിക്കുന്നതു?
യെരൂശലേമിലെ ദൈവാലയത്തിന്റെ തകർച്ചയ്ക്ക് മുമ്പ് നാലാമത്തെ
ചോദ്യം ഇതായിരുന്നില്ല. അത് ഇങ്ങനെ ആയിരുന്നു: “മറ്റ് എല്ലാ രാത്രികളിലും നമ്മൾ
തീയിൽ ചുട്ടതോ, പൊരിച്ചതോ, വേവിച്ചതോ ആയ മാസം ഭക്ഷിക്കുന്നു. എന്നാൽ ഈ രാത്രി
എന്തുകൊണ്ട് നമ്മൾ തീയിൽ ചുട്ട മാസം മാത്രം ഭക്ഷിക്കുന്നു?” ദൈവാലയത്തിന്റെ
തകർച്ചയോടെ പെസഹ യാഗ മൃഗം ഇല്ലാതെ ആയി. അതിനുശേഷം പെസഹ അത്താഴത്തിനു യാഗ
മൃഗത്തിന്റെ മാസം ഭക്ഷിക്കാറില്ല. അങ്ങനെ ഈ ചോദ്യത്തിന് പകരം, ചാരിയിരുന്നു ഭക്ഷണം
കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തി.
മദ്ധ്യകാലഘട്ടത്തിലെ “മിഷന”, “ഹഗ്ഗദ” എന്നിവയുടെ ചില
കൈയെഴുത്തു പ്രതികളിൽ മൂന്ന് ചോദ്യങ്ങൾ മാത്രമേ ഉള്ളൂ. ഹഗ്ഗദയുടെ ചില പതിപ്പുകളിൽ
രണ്ട് ചോദ്യങ്ങളും മറ്റ് ചിലതിൽ അഞ്ച് ചോദ്യങ്ങളും കാണാം. എന്നാൽ, ഇപ്പോൾ
യഹൂദന്മാർ ഉപയോഗിക്കുന്ന ഹഗ്ഗദയിൽ നാല് ചോദ്യങ്ങൾ ആണ് ഉള്ളത്.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഹഗ്ഗദയിൽ ഉണ്ട്. അവ
ഇങ്ങനെയാണ്:
1.
നമ്മളുടെ പിതാക്കന്മാർ മിസ്രയീമിൽ നിന്നും
വേഗത്തിൽ പുറപ്പെട്ടപ്പോൾ, അവർക്കു അപ്പത്തിന്റെ മാവു പുളിക്കുന്നത് വരെ കാത്തിരിക്കുവാൻ
സമയം ഇല്ലായിരുന്നു. അതിനാൽ അവർ പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു.
2.
നമ്മളുടെ പിതാക്കന്മാർ മിസ്രയീമിൽ
അനുഭവിച്ച കഷ്ടത നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് കൈപ്പുചീര.
3.
നമ്മൾ ഭക്ഷ്യയോഗ്യമായ ഇലകൾ ഉപ്പ്
വെള്ളത്തിൽ മുക്കുന്നത് മിസ്രയീമിൽ ആയിരുന്ന നമ്മളുടെ പിതാക്കന്മാരുടെ കണ്ണുനീരിനെ
ഓർക്കുവാനായിട്ടാണ്. രണ്ടാമത്തെ പ്രാവശ്യം കൈപ്പുചീര, “ഖരോസെറ്റ്” എന്നു
വിളിക്കുന്ന കുഴമ്പ് രൂപത്തിലുള്ള മധുരമുള്ള മിശ്രിതത്തിൽ മുക്കുന്നത് നമ്മളുടെ
കഷ്ടതകൾ മാറി ജീവിതം മധുരമുള്ളതായി എന്നതിന്റെ ഓർമ്മയ്ക്കായി ആണ്.
4.
പുരാതന കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ
ചാരിയിരിക്കുന്നത് സ്വതന്ത്രർ ആയ മനുഷ്യർ മാത്രം ആയിരുന്നു. അടിമകളും, ദാസന്മാരും
നിന്നുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നത്. നമ്മൾ ഇന്ന് സ്വതന്ത്രർ ആണ് എന്നു
ഓർക്കുവാനാണ് പെസഹ അത്താഴ സമയത്ത് ചാരിയിരിക്കുന്നത്.
6.
“മാറ്റ്സ” എന്ന പുളിപ്പില്ലാത്ത പെസഹ
അപ്പം കഴിക്കുന്നതിന് മുമ്പ്, കൈകൾ രണ്ടാമതും ആചാരപരമായി കഴുകുന്നതാണ് ആറാമത്തെ
ചടങ്ങ്. ഇതിനെ “രച്റ്റ്സ” (Rach'tzah) എന്നാണ് വിളിക്കുക. ഇവിടെ
ഒരു അനുഗ്രഹ പ്രാർത്ഥന പറയും.
7.
ഏഴാമത്തെ ചടങ്ങിനെ “ഹമോറ്റ്സി” എന്നാണ്
വിളിക്കുന്നത്. (Motzi or Hamotzi (ha-MOE-tzee). ഈ എബ്രായ
പദത്തിന്റെ അർത്ഥം, “ഉളവാക്കുന്നവൻ” എന്നാണ് (who brings forth). ഇത്, ആഹാരത്തിനായി ഉപയോഗിക്കുന്ന ധാന്യവിളകൾ ഭൂമിയിൽ നിന്നും
ലഭിച്ചതിനായി ദൈവത്തിന്നു സ്തോത്രം പറയുന്ന പ്രാർത്ഥന ആണ്. “മാറ്റ്സ”യുടെ
അനുഗ്രഹത്തിനായാണ് ഇത് പറയുന്നത്.
“ഹമോറ്റ്സി”
എന്ന പ്രാർത്ഥന ഇങ്ങനെയാണ്: “സർവ്വലോകത്തിന്റെയും അധികാരിയായ, ഭൂമിയിൽ നിന്നും
അപ്പത്തെ പുറപ്പെടുവിച്ച, ഞങ്ങളുടെ കർത്താവായ ദൈവമേ, നീ
വാഴ്ത്തപ്പെട്ടവൻ.” ചിലർ അപ്പത്തിന്മേൽ കൈകൾ വച്ചുകൊണ്ടും, മറ്റ് ചിലർ അപ്പത്തെ
അൽപ്പം ഉയർത്തിപ്പിടിച്ചുകൊണ്ടും ഈ പ്രാർത്ഥന പറയും.
8.
എട്ടാമത്തെ ചടങ്ങായി, കസേരയിൽ അൽപ്പം
ഇടതുവശത്തേക്ക് ചാരി ഇരുന്നുകൊണ്ട് “മാറ്റ്സ” എന്ന പെസഹ അപ്പം
കഴിക്കും (Matzah, matza-h, plural: matzot). യിസ്രായേൽ ജനം മിസ്രയീമിൽ നിന്നും പുറപ്പെട്ടപ്പോൾ കഴിച്ചതും, അവരോടൊപ്പം
എടുത്തുകൊണ്ട് പോയതുമായ പുളിപ്പില്ലാത്ത അപ്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അപ്പത്തെ
അനുഗ്രഹിക്കുന്ന പ്രത്യേക പ്രാർത്ഥന ഉണ്ട്. അതിന് ശേഷം അപ്പത്തിന്റെ ഒരു ചെറിയ
കഷണം എല്ലാവരും ഭക്ഷിക്കുന്നു.
പെസഹ
അത്താഴ സമയത്ത്, അടുക്കി വച്ചിരുന്ന മൂന്ന് പെസഹ അപ്പത്തിലെ ആദ്യത്തെയും
അവസാനത്തെയും അപ്പങ്ങളെ ഒരുമിച്ച് പിടിച്ചുകൊണ്ട്, അവ ഭക്ഷിക്കുന്നതിന് മുമ്പായി, ഒരു
പ്രാർത്ഥന കൂടി പറയാറുണ്ട്. അത് ഇങ്ങനെയാണ്: “സർവ്വലോകത്തിന്റെയും രാജാവായ
(അധികാരി ആയ), പെസഹ അപ്പം തന്നു ഞങ്ങളെ അനുഗ്രഹിച്ച, അപ്പം ഭക്ഷിക്കുവാനായി
ഞങ്ങളോടു കൽപ്പിച്ച, ദൈവമേ നീ വാഴ്ത്തപ്പെട്ടവൻ.”
9.
ഒൻപതാമത്തെ ചടങ്ങിനെ “മാരോർ” (maror, mārôr) എന്നാണ് വിളിക്കുക. ഇത് കൈപ്പുചീര ആണ്. സാധാരണയായി വേവിക്കാത്ത
ഹോർസ്റാഡിഷ് (Horseradish) എന്നു വിളിക്കപ്പെടുന്ന ഒരു തരം
പച്ചക്കറിയുടെ വേരുകളൊ, റൊമൈൻ ലെറ്റൂസ് (romaine lettuce) എന്ന
പച്ചക്കറിയോ ആണ് ഇതിനായി ഉപയോഗിക്കുക. ഇതിനായി ഒരു പ്രത്യേക പ്രാർത്ഥന പറയും.
അതിന് ശേഷം ഇത് ഭക്ഷിക്കും. ഇത് മിസ്രയീമിൽ അവർ അനുഭവിച്ച അടിമത്വത്തിന്റെ കൈപ്പ്
ഓർമ്മിപ്പിക്കുന്നു. ഈ പച്ചക്കറി , “ഖരോസെറ്റ്” (Charoset,
kharuset) എന്ന മധുരമുള്ള, കുഴമ്പ്
രൂപത്തിലുള്ള ഒരു മിശ്രിതത്തിൽ മുക്കി കഴിക്കുന്നു. ഈ
മിശ്രിതം യിസ്രായേൽ ജനം മിസ്രയീമിൽ ആയിരുന്നപ്പോൾ, അവിടെ
വലിയ ഭണ്ഡാരശാലകൾ നിർമ്മിക്കുവാനായി മണ്ണ് കുഴച്ച് ഇഷ്ടികകൾ ഉണ്ടാക്കിയതിന്റെ
പ്രതീകം ആണ്.
പെസഹ
അത്താഴത്തിന്റെ മേശപ്പുറത്ത് രണ്ട് തരത്തിലുള്ള കൈപ്പുചീര
ഉണ്ടായിരിക്കും. ഒന്നിനെ “മാരോർ” എന്നും മറ്റൊന്നിനെ “ചേസെറെറ്റ്” എന്നും
വിളിക്കും (maror, mārôr and chazeret, chaz-eret). “മാരോർ” എന്ന
കൈപ്പുചീരയെ ഒൻപതാമത്തെ ചടങ്ങിലും, “ചേസെറെറ്റ്” എന്ന
കൈപ്പുചീരയെ പത്താമത്തെ ചടങ്ങിനും ഉപയോഗിക്കും.
10. പത്താമത്തെ
ചടങ്ങ് ആയ “കൊറീച്ച്” ൽ (Koreich, KaoR-EH-SH) പുളിപ്പില്ലാത്ത
അപ്പം, കൈപ്പുചീര, “ഖരോസെറ്റ്” എന്ന മധുരമുള്ള, കുഴമ്പ് രൂപത്തിലുള്ള
ഒരു മിശ്രിതം എന്നിവ ഉപയോഗിച്ചു ഉണ്ടാക്കുന്ന സാൻവിച്ച് കഴിക്കുന്നു. റബ്ബി ഹിലെൽ
(Hillel) ന്റെ പാരമ്പര്യം അനുസരിച്ചു, പെസഹ യാഗ മൃഗത്തിന്റെ
മാസം, പുളിപ്പില്ലാത്ത അപ്പം, കൈപ്പുചീര എന്നിവ ഉപയോഗിച്ചാണ് സാൻവിച്ച്
ഉണ്ടാക്കേണ്ടതു. എന്നാൽ ദൈവാലയത്തിന്റെ തകർച്ചയ്ക്ക് ശേഷം പെസഹ യാഗം
ഇല്ലാത്തതിനാൽ, പെസഹ യാഗ മൃഗത്തിന്റെ മാസം ഇപ്പോൾ ഉപയോഗിക്കുന്നില്ല.
11. പതിനൊന്നാമത്തെ
ചടങ്ങിനെ എബ്രായ ഭാഷയിൽ വിളിക്കുന്നത് “ഷൊഹാൻ ആരഹ്” എന്നാണ്. (Shulchan Orech, SHOOL-khan AH-ruch). ഇത് പെരുനാളിന്റെ അത്താഴം
ആണ്. എന്തെല്ലാം ഭക്ഷിക്കാം എന്നതിന്, പുളിപ്പുള്ളതും, യഹൂദന്മാർക്കു നിഷിധവുമായ ആഹാരം
പാടില്ല എന്നതല്ലാതെ മറ്റ് പ്രത്യേക നിബന്ധനകൾ ഒന്നും ഇല്ല. ഈ അവസരത്തിൽ, സെയ്ഡെർ
പാത്രത്തിൽ വച്ചിരിക്കുന്ന പൊരിച്ച മുട്ട, ഉപ്പ് വെള്ളത്തിൽ മുക്കി അവർ
ഭക്ഷിക്കും. ഇതിനായി പ്രത്യേക പ്രാർത്ഥന ഇല്ല.
12.
“ആഫികോമൻ” (Afikoman,
ah-fee-koh-muhn) എന്നു വിളിക്കുന്ന പെസഹ അപ്പത്തിന്റെ അവസാന ഭാഗം,
ചാരി ഇരുന്നുകൊണ്ട്, ഭക്ഷിക്കുന്നതാണ് പന്ത്രണ്ടാമത്തെ ചടങ്ങ്. പെസഹ
അത്താഴത്തിന്റെ നാലാമത്തെ ചടങ്ങിൽ, “മാറ്റ്സ” എന്നു വിളിക്കുന്ന മൂന്ന് പെസഹ
അപ്പത്തിൽ ഒന്നിനെ രണ്ടായി മുറിച്ചു കിട്ടുന്നതിൽ വലിയ ഭാഗം, അത്താഴത്തിനു ശേഷം
ഡെസെർട്ട് (dessert) പോലെ കഴിക്കുവാനായി മാറ്റി
വയ്ക്കുന്നുണ്ട്. ഇതിനെയാണ് “ആഫികോമൻ” എന്നു വിളിക്കുന്നത്. ഇത് പെസഹ അത്താഴത്തിലെ
അവസാനത്തെ ആഹാരമാണ്.
യെരൂശലേമിലെ ആലയത്തിന്റെ തകർച്ചയ്ക്ക് മുമ്പ്, പെസഹ യാഗ മൃഗത്തിന്റെ
മാസത്തിന്റെ ഒരു ചെറിയ കഷണം ആയിരുന്നു, പെസഹ അത്താഴത്തിലെ അവസാന ഭക്ഷണം. എന്നാൽ
ആലയത്തിന്റെ തകർച്ചയ്ക്ക് ശേഷം, യാഗങ്ങൾ നടക്കുന്നില്ല എന്നതിനാൽ, മാറ്റി വച്ച പെസഹ
അപ്പമായ “ആഫികോമൻ” ആണ് അവസാന ഭക്ഷണം. അങ്ങനെ “ആഫികോമൻ” പെസഹ യാഗത്തെ
ഓർമ്മിപ്പിക്കുന്ന അപ്പം ആയി മാറി.
അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ചെറിയ കഷണം
അപ്പം കഴിക്കുവാൻ ലഭിക്കും. ഇത് കഴിച്ചതിനു ശേഷം, മറ്റ് യാതൊരു ആഹാരവും അന്ന്
രാത്രി കഴിക്കുവാൻ പാടില്ല. പെസഹ അത്താഴത്തിൽ നാല് കപ്പ് വീഞ്ഞു കുടിക്കുന്ന പതിവ്
ഉണ്ട്. ഇതിനോടകം രണ്ട് കപ്പ് വീഞ്ഞു കുടിച്ചു കഴിഞ്ഞു. “ആഫികോമൻ” എന്ന പെസഹ അപ്പം
കഴിച്ചതിനു ശേഷം, ശേഷിക്കുന്ന രണ്ട് കപ്പ് വീഞ്ഞു കുടിക്കാം. എന്നാൽ ഇതല്ലാതെ ലഹരിയുള്ള
മറ്റ് യാതൊന്നും കൂടിക്കുവാൻ പാടില്ല.
ആഴത്തിൽ ചിന്തിച്ചാൽ, “ആഫികോമൻ”, മാറ്റി വയ്ക്കപ്പെട്ടതും,
മറച്ചു വയ്ക്കപ്പെട്ടതും ആയ പെസഹ അപ്പം ആണ്. ഇത് മിസ്രയീമിൽ നിന്നുള്ള
സ്വതന്ത്ര്യത്തെ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ, വിടുതൽ ഇപ്പോഴും
പൂർണ്ണമായിട്ടില്ല എന്ന സന്ദേശവും നല്കുന്നു. മശീഹ വരുമ്പോൾ മാത്രമേ
യിസ്രായേലിന്റെ സമ്പൂർണ്ണമായ വിടുതൽ സാധ്യമാകൂ. പെസഹ അപ്പത്തിന്റെ ഒരു ഭാഗം
മുറിച്ചു മാറ്റി, മറച്ചു വയ്ക്കുന്നത്, യഥാർത്ഥവും, മെച്ചവുമായ വിടുതൽ ഇപ്പോഴും
മറഞ്ഞിരിക്കുന്നു, അത് ഇനിയും വെളിപ്പെടുവാൻ ഇരിക്കുന്നതെ ഉള്ളൂ എന്നതിന്റെ
സൂചനയാണ്.
യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് പെസഹ ആചരിച്ചപ്പോൾ, പെസഹ
യാഗ മൃഗത്തിന്റെ മാസം ലഭ്യമായിരുന്നു. പതിവ് അനുസരിച്ച് അവർ അത് ഭക്ഷിച്ചിട്ടുണ്ടാകേണം.
എന്നാൽ, മാറ്റിവയ്ക്കപ്പെട്ട അപ്പമായ “ആഫികോമൻ” ആണ് അവന്റെ ശരീരത്തിന്റെ പ്രതീകമായി
അവർക്കു വിഭാഗിച്ച് നല്കിയത്.
13.
ബറൂഖ് എന്നു വിളിക്കപ്പെടുന്ന
പതിമൂന്നാമത്തെ ചടങ്ങ്, ഭക്ഷണത്തിന് ശേഷമുള്ള അനുഗ്രഹ പ്രാർത്ഥന ആണ്. ഇത് പെസഹ
പെരുനാളിന് ദൈവത്തോട് നന്ദി പറയുന്ന പ്രാർത്ഥന കൂടി ആണ്. ഈ പ്രാർത്ഥനയ്ക്ക്
മുമ്പ്, മൂന്നാമത്തെ കപ്പ് വീഞ്ഞു ഒഴിക്കും. പ്രാർത്ഥനയ്ക്ക് ശേഷം ചാരി
ഇരുന്നുകൊണ്ട് വീഞ്ഞു കുടിക്കും. അതിന് ശേഷം നാലാമത്തെ കപ്പ് വീഞ്ഞു നിറയ്ക്കും.
ഒപ്പം, പ്രവാചകനായ എലിയാവിന് എന്നു പറഞ്ഞുകൊണ്ടു മാറ്റി വയ്ക്കുന്ന ഒരു കപ്പ്
വീഞ്ഞു കൂടി നിറച്ചു വയ്ക്കും.
ഈ അവസരത്തിൽ, അത്താഴത്തിൽ പങ്കെടുക്കുന്ന ഒരു വ്യക്തി, പെസഹ
അത്താഴം ഒരുക്കിയിരിക്കുന്ന മേശപ്പുറത്ത് വച്ചിരിക്കുന്ന, കത്തിച്ച ഒരു മെഴുകുതിരി
എടുത്തുകൊണ്ടു, പ്രവാചകനായ എലിയാവിന് വേണ്ടി വീടിന്റെ വാതിൽ തുറക്കും. ഏലിയാ
പ്രവചകൻ മശീഹയുടെ മുൻഗാമിയായി വരും എന്നു അവർ പാരമ്പര്യമായി വിശ്വസിക്കുന്നു.
മലാഖി 4:5, 6
യഹോവയുടെ വലുതും
ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ
വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ
ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
മത്തായി 17:10 ശിഷ്യന്മാർ
അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു
ചോദിച്ചു.
14.
ഹല്ലേൽ എന്നത് സ്തുതിയുടെ കീർത്തനങ്ങൾ ആണ്
(Hallel, hal-lel). ഇതാണ് പതിനാലാമത്തെ ചടങ്ങ്. ആദ്യത്തെ രണ്ട് സങ്കീർത്തനങ്ങൾ, 113, 114 എന്നീ
സങ്കീർത്തങ്ങൾ, എന്നിവ പെരുനാളിന്റെ അത്താഴത്തിനു മുമ്പ് ചൊല്ലും. 115 മുതൽ 118
വരെയുള്ള സങ്കീർത്തനങ്ങൾ ഈ അവസരത്തിൽ ചൊല്ലും. അതിന് ശേഷം 136 ആം സങ്കീർത്തനവും,
മറ്റൊരു സ്തുതി ഗീതവും പാടും. ശേഷം, മുന്തിരി ഫലത്തിന്റെ അനുഗ്രഹത്തിനായുള്ള
പ്രാർത്ഥനയോടെ നാലാമത്തെ കപ്പ് വീഞ്ഞു കുടിക്കും.
15.
“നിർസ” എന്നത് പെസഹ അത്താഴത്തിന്റെ
പതിനഞ്ചാമത്തെയും, അവസാനത്തെയും ചടങ്ങാണ്. ഈ വാക്കിന്റെ അർത്ഥം “സ്വീകരിച്ചു” എന്നാണ്
(accepted). പെസഹ അത്താഴം, അവർ അവരുടെ ബോധത്തിലേക്ക് ഒഴിവാക്കാൻ കഴിയാത്തവിധം
സമന്വയിപ്പിക്കുകയും, സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
“നിർസ” പെസഹ അത്താഴ ചടങ്ങിൽ അവസാനമായി പാടുന്ന ഒരു ഗാനം
ആണ്. അത്താഴം പൂർണ്ണമായി എന്നും, അടുത്ത വർഷം അവർ യെരൂശലേമിൽ വച്ച് പെസഹ ആചരിക്കും എന്നും ഇതിൽ പറയുന്നു. മശീഹ
അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രത്യക്ഷനാകും എന്ന പ്രത്യാശ ഈ ഗാനത്തിൽ ഉണ്ട്.
യെരൂശലേം, യിസ്രായേല്യർക്ക് വിശുദ്ധ പട്ടണം ആണ്. അത് ആത്മീയ
സമ്പൂർണ്ണതയുടെ പ്രതീകമാണ്. ഇപ്പോൾ അവർ യെരൂശലേമിന് വെളിയിൽ, അപൂർണ്ണമായ ഒരു
ലോകത്ത് ജീവിക്കുന്നു എങ്കിലും, അവർ ആത്മീയമായി സമ്പൂർണ്ണമായ ഒരു കാലത്തിനായി, ഒരു
പക്ഷെ അടുത്ത വർഷം സംഭവിച്ചേക്കാവുന്ന ഒരു സമ്പൂർണ്ണതയ്ക്കായി, പ്രത്യാശയോടെ
കാത്തിരിക്കുന്നു.
പെസഹ അത്താഴത്തിന്റെ അവസാനം, പാരമ്പര്യമായ പല ഗാനങ്ങൾ
പാടിയേക്കാം. ചില കഥകളും പറഞ്ഞേക്കാം. ഇവയെല്ലാം, മിസ്രയീമിൽ വച്ചു അവർ ആചരിച്ച പെസഹയുടെയും,
അതിന് ശേഷമുള്ള യിസ്രായേലിന്റെയും ചരിത്രവും വിവരിക്കുന്നത് ആയിരിക്കും.
യെരൂശലേമിലെ ദൈവാലയം അടുത്ത വർഷം പുനസൃഷ്ടിക്കപ്പെടും എന്ന പ്രാർത്ഥനയും ഗാനങ്ങളിൽ
ഉണ്ടാകും.
പെസഹ അത്താഴത്തിനു ശേഷം, ഉണർന്നിരിക്കുന്നവർ, അവർ
ഉറങ്ങുന്നതുവരെ, ഉത്തമ ഗീതം ഉറക്കെ വായിക്കുകയോ, “തോറ” (Torah) എന്നു വിളിക്കുന്ന ന്യായപ്രമാണ പുസ്തകങ്ങൾ പഠിക്കുകയോ, പുറപ്പാടിന്റെ
കഥകൾ പറഞ്ഞുകൊണ്ടിരിക്കുകയോ ചെയ്യും.
No comments:
Post a Comment