സൃഷ്ടിപ്പിലെ ദൈവീക കരുതൽ

 ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങൾ

 

വേദപുസ്തകത്തിൽ, ഉൽപ്പത്തി പുസ്തകത്തിൽ വിവരിക്കുന്ന സൃഷ്ടിപ്പിന്റെ ചരിത്രം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പ്രധാനമാണ്. ദൈവമാണ് ഈ പ്രപഞ്ചവും അതിലെ സകലവും സൃഷ്ടിച്ചത് എന്നു ഉറപ്പിച്ചു പറയുന്ന ഒരു വിവരണം ആണിത്. ദൈവം സൃഷ്ടിപ്പ് നടത്തിയപ്പോൾ അതിന്റെ ദൃക്സാക്ഷിയായി അവനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെയാണ് സൃഷ്ടിപ്പ് നടന്നത് എന്നു വിവരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ വിവരിക്കപ്പെടുന്നതുപോലെ ആണ് ദൈവം സകലതും സൃഷ്ടിച്ചത്.

 

ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ സൃഷ്ടിയുടെ രണ്ട് വിവരണങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തെ വിവരണം ഉൽപ്പത്തി 1:1 ആം വാക്യം മുതൽ ഉൽപ്പത്തി 2:3 ആം വാക്യം വരെ നീളുന്നു. രണ്ടാമത്തെ വിവരണം ഉൽപ്പത്തി 2:4 ആം വാക്യം മുതൽ മാത്രമേ ആരംഭിക്കുന്നുള്ളൂ. ഒന്നാമത്തെ വിവരണം ഒന്നാം അദ്ധ്യായം മുതൽ രണ്ടാം അദ്ധ്യായം 3 ആം വാക്യം വരെ നീണ്ടത് ഈ വിവരണം എഴുതിയ വ്യക്തിയുടെ ശ്രദ്ധക്കുറവ് കൊണ്ടല്ല.

 

വേദപുസ്തകത്തിലെ പുസ്തകങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയപ്പോൾ, അതിനെ അദ്ധ്യായങ്ങൾ, വാക്യങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിഭജനങ്ങൾ ഉണ്ടായത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. മൂല കൃതികളിൽ, വിരാമചിഹ്നങ്ങളോ, ഖണ്ഡികകളായ വിഭജനമോ, വാക്കുകൾക്ക് ഇടയിൽ സ്ഥലമോ ഇല്ലായിരുന്നു. അതിനാൽ തിരുവെഴുത്തുകൾ പൊതുവേദികളിൽ വായിക്കുവാനായി, അതിനെ അദ്ധ്യായങ്ങൾ ആയി വിഭജിക്കുവാനുള്ള ശ്രമം ശാസ്ത്രിമാർ 4 നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു.

 


എന്നാൽ പുതിയനിയമത്തിലെ പുസ്തകങ്ങളിലെ അദ്ധ്യായങ്ങൾ വേർതിരിക്കുന്നത് ഏകദേശം 13 ആം നൂറ്റാണ്ടിൽ ആണ്. 1205 ൽ സ്റ്റീഫൻ ലാങ്ടൺ എന്ന വ്യക്തി, ലാറ്റിൻ ഭാഷയിലുള്ള പുതിയനിയമത്തിൽ ആണ് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന രീതിയിലുള്ള അദ്ധ്യായങ്ങൾ ക്രമീകരിച്ചത്. (Stephen Langton, 1150 - 9, 1228). ഇദ്ദേഹം 1207 ജൂൺ 27 ആം തീയതി മുതൽ 1228 ജൂലൈ 9 ൽ മരിക്കുന്നത് വരെ, ഇംഗ്ലണ്ടിലെ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയി ശുശ്രൂഷ ചെയ്തു. 1180 മുതൽ ഏകദേശം 20 വർഷങ്ങൾ അദ്ദേഹം പാരീസ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് (University of Paris).

 

1551 ൽ ആണ് ആദ്യമായി വാക്യങ്ങൾ തിരിച്ചുള്ള പുതിയനിയമം പ്രസിദ്ധീകരിച്ചത്. പാരീസിൽ ജീവിച്ചിരുന്ന, അച്ചടിശാല നടത്തിയിരുന്ന, റോബെർട്ട് സ്റ്റീഫാനസ് എന്ന വ്യക്തിയാണ് വാക്യങ്ങളായി തിരിച്ച ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലുളള പുതിയനിയമത്തിന്റെ പതിപ്പ് പ്രസിദ്ധീകരിച്ചത് (Robert Estienne or Robert Stephanus). ഈ ക്രമീകരണം ആണ് ഇന്നും നമ്മൾ ഉപയോഗിക്കുന്നത്.

 

എബ്രായ ഭാഷയിലുള്ള പഴയനിയമത്തെ വാക്യങ്ങൾ ആയി ക്രമീകരിച്ചത്, AD 1448 ൽ ഒരു യഹൂദ റബ്ബി ആയിരുന്ന നാഥൻ ആണ് (Nathan). 1555 ൽ നാഥൻ ന്റെ വാക്യങ്ങളുടെ ക്രമീകരണം ഉപയോഗിച്ച്, റോബെർട്ട് സ്റ്റീഫാനസ് പഴയനിയമവും പ്രസിദ്ധീകരിച്ചു.

 

1382 ൽ പ്രസിദ്ധീകരിച്ച വൈക്ലിഫ്സ് ബൈബിൾ (Wycliffe's Bible) ആണ് ആദ്യമായി ഇംഗ്ലീഷിൽ അദ്ധ്യായങ്ങൾ തിരിച്ചുള്ള ക്രമീകരണം ഉപയോഗിച്ചത്. അദ്ധ്യായങ്ങളും വാക്യങ്ങളും തരിച്ച ആദ്യത്തെ ഇംഗ്ലീഷ് വേദപുസ്തകം 1560 ൽ പ്രസിദ്ധീകരിച്ച ജനീവ ബൈബിൾ ആണ്. അതിന് ശേഷം എല്ലാ വേദപുസ്തക പരിഭാഷകളും ഈ ക്രമീകരണം ഉപയോഗിക്കുന്നു.

 

അദ്ധ്യായങ്ങളുടെയും വാക്യങ്ങളുടെയും വേർത്തിരിവ് പിഴവുകൾ ഇല്ലാത്തതല്ല. ചില വാക്യങ്ങൾ അത് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്ന അദ്ധ്യായത്തിൽ അല്ല വരേണ്ടത്. അത് അതിന് മുമ്പുള്ള അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് വരേണ്ടതാണ്.

 

ഒരു ഉദാഹരണം ആണ് ഉൽപ്പത്തി 1 ആം അദ്ധ്യായത്തിന്റെയും രണ്ടാം അദ്ധ്യായത്തിന്റെയും തിരിവ്. ഉൽപ്പത്തിയുടെ രണ്ട് വിവരണങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

ഉൽപ്പത്തി 1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

 

ഉൽപ്പത്തി 2:4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.

 

ഉൽപ്പത്തി 2:4 ലെ “ഉൽപ്പത്തി വിവരം” എന്നത് NKJV ൽ ചരിത്രം (history) എന്നും KJV ൽ തലമുറകൾ (generations) എന്നും ആണ്. എബ്രായ ഭാഷയിൽ അത്, “റ്റൊലെടോഫ്” (tôlô - to-led-aw') എന്നാണ്. ഈ വാക്കിന്റെ അർത്ഥം, വംശജർ, സന്തതിപരമ്പര, ഫലം, നടപടിക്രമം, തലമുറകൾ, ഉൽപ്പത്തി, വംശാവലി, (descendants, results, proceedings, generations, genealogies) എന്നിങ്ങനെയാണ്. അതായത് ഉൽപ്പത്തി രണ്ടാം അദ്ധ്യായം പറയുന്നത് ഒരു വംശത്തിന്റെ, തലമുറകളുടെ ചരിത്രം ആണ്.

 

ഉൽപ്പത്തി 1 ആം അദ്ധ്യായം ആറ് ദിവസത്തെ സൃഷ്ടിയുടെ ക്രമമായ ചരിത്രവും ഏഴാം ദിവസത്തെ വിശ്രമത്തിന്റെ വിവരവും ആണ്. ആറാമത്തെ ദിവസത്തെ സൃഷ്ടിയുടെ ഉന്നതി മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യരെ സൃഷ്ടിക്കുക എന്നതായായിരുന്നു ദൈവത്തിന്റെ സൃഷ്ടിയുടെ പരമ ലക്ഷ്യം. സൃഷ്ടിയുടെ ആറ് ദിവസങ്ങളിൽ, ആറാമത്തെ ദിവസത്തെ ചരിത്രം മാത്രമേ ഉൽപ്പത്തി 2 വിവരിക്കുന്നുള്ളൂ. അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനുഷ്യരുടെ സൃഷ്ടിയുടെ വിവരണത്തിൽ ആണ്.

 

വിമർശനങ്ങൾ

 

എങ്കിലും, വിമർശന കാഴ്ചപ്പാടോടെ വേദപുസ്തകം വായിക്കുന്നവർ ഈ രണ്ട് അദ്ധ്യായങ്ങൾ തമ്മിൽ ചില പൊരുത്തക്കേടുകൾ ഉണ്ട് എന്നു ചൂണ്ടിക്കാണിക്കാറുണ്ട്.

 

ഉൽപതിഷ്ണുക്കൾ ആയ ദൈവശാസ്ത്രഞ്ജൻമാരും (Liberal theologians) വിമർശകരും വാദിക്കുന്നത് ഇങ്ങനെയാണ്: ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ രണ്ട് വ്യത്യസ്ത വിവരണങ്ങൾ ആണ് ഉള്ളത്. ഇവയുടെ എഴുത്തുകാർ രണ്ട് വ്യക്തികൾ ആണ്. വിവരണങ്ങൾ പലയിടത്തും പരസ്പര വിരുദ്ധവും ആണ്.

 

ഇവരുടെ മറ്റ് വാദങ്ങൾ ഇങ്ങനെയാണ്: വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ (Pentateuch) മോശെ മാത്രം എഴുതിയതല്ല, മറ്റ് ചില എഴുത്തുകാരുടെ രചനകളും ഇതിൽ ഉണ്ട്. ഈ രചനകളെ പിന്നീട് ഏതോ സംശോധനകൻ (redactor) ഒരുമിച്ച് ചേർക്കുക ആയിരുന്നു. ഒരു രചനയെ അത് പ്രസിദ്ധീകരണ യോഗ്യമായ രീതിയിൽ ക്രമീകരിക്കുന്ന വ്യക്തിയാണ് സംശോധനകൻ എന്നു അറിയപ്പെടുന്നത്. അദ്ദേഹം യഥാർത്ഥ രചനയിൽ നിന്നും ചില വാക്കുകളെയോ, വാചകങ്ങളെയോ എടുത്തുമാറ്റിയേക്കാം. കൂടുതൽ വ്യക്തതക്കായി ചില മാറ്റങ്ങളും വരുത്തിയേക്കാം. ചില ആശയങ്ങളെ ഗൂഡമായി വയ്ക്കുവാനും ചിലപ്പോൾ അദ്ദേഹം ശ്രമിക്കും.

 

ഉൽപതിഷ്ണുക്കൾ ആയ ദൈവശാസ്ത്രഞ്ജൻമാരും (Liberal theologians) വിമർശകരും, വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് രചനകളുടെ എഴുത്തുകാരെ അല്ലെങ്കില് ശ്രോതസ്സുകളെ, ജെ, ഇ, പി, ഡി, എന്നിങ്ങനെ വിളിക്കാറുണ്ട് (J, E, P, D). ചില പണ്ഡിതന്മാർ ഇതിനെ വീണ്ടും ജെ1, ജെ2 എന്നിങ്ങനെ വിഭജിക്കാറുണ്ട് (J1, J2).

 

“ജെ” എന്നത് യഹോവ എന്നതിനെ സൂചിപ്പിക്കുന്നു. യഹോവ എന്നത് ഈ രചനകളിൽ ദൈവത്തിനായി ഉപയോഗിക്കപ്പെടുന്ന പേരാണ്.  

“ഇ”   എന്നത് ഏലോഹീം എന്ന ദൈവീക നാമത്തെ സൂചിപ്പിക്കുന്നു. ഈ ഭാഗങ്ങളിൽ ഏലോഹീം എന്ന പേര് പ്രധാനമായി കാണുന്നു.    

“പി”   എന്നത് പൌരോഹിത്യ രീതികളെ സൂചിപ്പിക്കുന്നു.

“ഡി” എന്നത് ആവർത്തന രചനകളുടെ എഴുത്തുകാരെ അല്ലെങ്കില് സ്രോതസ്സിനെ സൂചിപ്പിക്കുന്നു.   

 

ഈ സിദ്ധാന്തം “ഡോക്കുമെന്ററി ഹൈപ്പോതീസിസ്” എന്നു അറിയപ്പെടുന്നു (Documentary Hypothesis). ജീൻ ആസ്ട്രക് എന്ന ഫ്രഞ്ച് വൈദ്യൻ ആണ് 19 ആം നൂറ്റാണ്ടിൽ ഈ സിദ്ധാന്തം മുന്നോട്ട് വച്ചത് (March 19, 1684, Sauve, France—May 5, 1766, Paris). ആസ്ട്രക് ന് ഒരു യഹൂദ കുടുംബ പശ്ചാത്തലം ഉണ്ട്. അദ്ദേഹം യഥാർത്ഥത്തിൽ വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളുടെ രചയിതാവ് മോശെയാണ് എന്നത് നിഷേധിച്ചിട്ടില്ല. എന്നാൽ മോശെ വിവിധ മൂല സ്രോതസ്സുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഒരുമിച്ച് ചേർത്തു എഴുതുക ആയിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഈ വാദം വേദപുസ്തകത്തെ വിമർശനാത്മകമായി വായിക്കുന്ന രീതിയ്ക്ക് ആരംഭം കുറിച്ചു.

 

ഉൽപ്പത്തി 1 ഉം 2 ഉം രണ്ട് വ്യത്യസ്തങ്ങൾ ആയ വിവരണങ്ങൾ ആണ് എന്ന സിദ്ധാന്തം അനുസരിച്ച്, ഒന്നാം അദ്ധ്യായം പൌരോഹിത്യ പാരമ്പര്യം പേറുന്ന രചനയാണ്. രണ്ടാം അദ്ധ്യായം “ജെ” അഥവാ യഹോവ പാരമ്പര്യം പേറുന്നു. വ്യത്യസ്തങ്ങൾ ആയ രചനാ രീതി, ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സൃഷ്ടിയുടെ ക്രമം, എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് ഈ വാദം മുന്നോട്ട് വയ്ക്കുന്നത്. 

 

രചന ശൈലി, വിശാലത, രൂപീകരണം

(Style, scope, and organization)

 

ഈ രണ്ട് അദ്ധ്യായങ്ങളുടെയും വിവരണത്തിന് വ്യത്യസ്തങ്ങൾ ആയ രചന ശൈലി, വിശാലത, രൂപീകരണ വ്യവസ്ഥകൾ എന്നിവ ഉണ്ട്. ഒന്നാമത്തെ അദ്ധ്യായം, ആകാശം, ഭൂമി, സർവ്വ പ്രപഞ്ചം എന്നിവയെയും അവയിലുള്ള ജീവനില്ലാത്തവയും ജീവനുള്ളവയും ആയ സകലത്തിനെയും, ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്നതിന്റെ ചരിത്രം ആണ്. ആറാമത്തെ ദിവസം ദൈവം സ്വരൂപത്തിൽ അവന്റെ സാദൃശ്യപ്രകാരം മനുഷ്യനെ സൃഷ്ടിച്ചു. അന്നുതന്നേ, മനുഷ്യനെ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അധിപതിയാക്കി നിയമിച്ചു.

 

സൃഷ്ടിപ്പിന്റെ ഉന്നതി (climax) ഏഴാം ദിവസമാണ്. അന്ന് ദൈവം യാതൊന്നും സൃഷ്ടിച്ചില്ല, അവൻ സകല വേലകളും തികച്ചു, വിശ്രമിച്ചു. വേദപുസ്തകത്തിൽ മലയാളത്തിൽ ഉൽപ്പത്തി 2:2 ൽ “താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.” എന്നാണ് പറയുന്നത്. ഇവിടെ നിവൃത്തനായി” എന്നതിന്റെ അർത്ഥം “വിശ്രമിച്ചു”പ്രവർത്തി അവസാനിപ്പിച്ചു” (rested, ceased) എന്നിങ്ങനെയാണ്.

 

രണ്ടാമത്തെ വിവരണം ഉൽപ്പത്തി 2:4 ആം വാക്യം മുതൽ ആണ് ആരംഭിക്കുന്നത്. അത് ഏദൻ തോട്ടത്തിന്റെയും അതിൽ താമസിച്ചിരുന്ന മനുഷ്യരുടെയും കഥയാണ്. ഇതിലെ കേന്ദ്ര കഥാപാത്രം മനുഷ്യർ ആണ്. മറ്റെല്ലാ സൃഷ്ടികളും മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ധ്വനിയാണ് നമ്മൾക്ക് ഇവിടെ ലഭിക്കുക.

 

ദൈവത്തിന്റെ നാമം

 

ദൈവം എന്നു പറയുവാൻ എബ്രായ ഭാഷയിൽ പൊതുവേ ഉപയോഗിക്കുന്ന വാക്കാണ് ഏലോഹീം ('ĕlōhîm - el-o-heem'). ഈ പദമാണ് ഉൽപ്പത്തി 1 ൽ പരക്കെ ഉപയോഗിച്ചിരിക്കുന്നത്. ഉൽപ്പത്തി 2:4 മുതൽ 3:24 വരെ വിവരിക്കപ്പെടുന്ന ഏദൻ തോട്ടത്തിലെ സംഭവങ്ങളുടെ വിവരണത്തിൽ യഹോവ ഏലോഹീം എന്ന പദസമുശ്ചയം ആണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ എന്നത് ദൈവത്തിന്റെ യിസ്രായേൽ ജനവുമായുള്ള ഉടമ്പടി നാമം ആണ്.

 

സസ്യങ്ങളും മൃഗങ്ങളും

 

ഉൽപ്പത്തി 1 ലെ വിവരണം അനുസരിച്ച് മൃഗങ്ങളും, മനുഷ്യരും സൃഷ്ടിക്കപ്പെട്ടത് ആറാമത്തെ ദിവസം ആണ്. എന്നാൽ 2 ആം അദ്ധ്യായത്തിലെ വിവരണം വായിക്കുമ്പോൾ, മനുഷ്യർ മൃഗങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നുണ്ട്. ഉൽപ്പത്തി 1:11 ൽ സസ്യങ്ങൾ മൂന്നാം ദിവസം സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്നു. ഉൽപ്പത്തി 2:5 ൽ മനുഷ്യർക്ക് മുമ്പ് സസ്യങ്ങൾ ഇല്ലായിരുന്നു എന്നു പറയുന്നു.

 

ഉൽപ്പത്തി 1:11-12  

11   ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

12 ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.

13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.

 

ഉൽപ്പത്തി 2:4-5 

4   യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.

5    യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.

 

സൃഷ്ടിപ്പിന്റെ രണ്ടാമത്തെ വിവരണം ആരംഭിക്കുന്നത് ഉൽപ്പത്തി 2:4 ൽ ആണ്. ഇതു ആരംഭിക്കുന്നത് ഇങ്ങനെയാണ്: “യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം”. “ഉൽപത്തി വിവരം” എന്നത് വംശാവലി (generations) എന്നാണ് King James Version, English Standard Version, എന്നിവയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ” എന്നാണ് വാചകം ആരംഭിക്കുന്നത്. 5 മത്തെ വാക്യവും അതേ ദിവസത്തേക്കുറിച്ച് തന്നെയാണ് പറയുന്നത്. അതായത് “യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ” ഭൂമിയിൽ “വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല”, “ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല”, “മനുഷ്യനും ഉണ്ടായിരുന്നില്ല”.

 

ഉൽപ്പത്തി 1, 2 എന്നീ അദ്ധ്യായങ്ങൾ സൃഷ്ടിപ്പിന്റെ രണ്ട് വ്യത്യസ്തങ്ങൾ ആയ വിവരണങ്ങൾ ആണ് എങ്കിലും ഇവ തമ്മിൽ യാതൊരു വൈരുദ്ധ്യം ഇല്ല. എന്നാൽ ഉൽപ്പത്തി 2 ക്രമമായ ഒരു വിവരണം അല്ല. ഇത് ഏദൻ തോട്ടത്തിന്റെയും മനുഷ്യരുടെ സൃഷ്ടിയുടെയും ചരിത്രം ആണ്. അതിനാൽ ഉൽപ്പത്തി 1 ൽ വിവരിക്കുന്ന എല്ലാ സംഭവങ്ങളും അതേ ക്രമത്തിൽ 2 ആം അദ്ധ്യയത്തിൽ വിവരിക്കപ്പെടുന്നില്ല. ആറാമത്തെ ദിവസം ദൈവം മൃഗങ്ങളെ സൃഷ്ടിക്കുകയും അതിന്ശേഷം മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്തു. അന്നുതന്നേ എല്ലാ മൃഗങ്ങളെയും മനുഷ്യരുടെ മുന്നിൽ വരുത്തി, മനുഷ്യർ അവയ്ക്ക് പേരിട്ടു.

 

ചുരുക്കിപ്പറഞ്ഞാൽ, ഉൽപ്പത്തി 1 ൽ സൃഷ്ടിപ്പിന്റെ ക്രമമായ ചരിത്രവും, ഉൽപ്പത്തി 2 ൽ അതിലെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളും ആണ് വിവരിക്കപ്പെടുന്നത്. ഈ രണ്ട് വിവരണങ്ങളും വ്യത്യസ്തമായ രചനാ ശൈലിയിൽ ആണ് എഴുതപ്പെട്ടിരിക്കുന്നത്.  

 

ഉൽപ്പത്തി 1 ൽ വിവരിക്കപ്പെടുന്ന സൃഷ്ടിയുടെ ക്രമം ഇങ്ങനെയാണ്:

 

ഒന്നാം ദിവസം:

ആകാശവും (shaw-mah'-yim – heavens, visible universe) ഭൂമിയും, വെളിച്ചവും സൃഷ്ടിച്ചു, വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.

രണ്ടാം ദിവസം:

വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം (rāqîaʿ - raw-kee'-ah, expanse, firmament, വിശാലത, അന്തരീക്ഷം, വായുമണ്ഡലം, നഭോമണ്ഡലം, ആകാശം) ഉണ്ടാക്കി, വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു.

മൂന്നാം ദിവസം:

ഉണങ്ങിയ നിലം, സമുദ്രം, പുല്ലും വിത്തുള്ള സസ്യങ്ങളും, വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും സൃഷ്ടിച്ചു.

നാലാം ദിവസം:

ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും സൃഷ്ടിച്ചു.

അഞ്ചാം ദിവസം:

ജലജീവികൾ, പക്ഷികൾ, എന്നിവയെ സൃഷ്ടിച്ചു.

ആറാം ദിവസം:

ഭൂമിയിൽ ജീവിക്കുന്ന ജീവജന്തുക്കൾ, മനുഷ്യർ എന്നിവരെ സൃഷ്ടിച്ചു.

ഏഴാം ദിവസം:

സകല സൃഷ്ടികളും അവസാനിപ്പിച്ച്, ദൈവം വിശ്രമിച്ചു.

 

സൃഷ്ടിപ്പിന്റെ ലക്ഷ്യം

 

ഉൽപ്പത്തി 2:2-3

2    താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.

3    താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

 

ഈ വാക്യങ്ങളിലെ “നിവൃത്തനായി” എന്ന വാക്കിനെ, “സകല സൃഷ്ടികളും പൂർത്തീകരിച്ച് വിശ്രമിച്ചു” എന്നു വേണം മനസിലാക്കുവാൻ. ഈ വാക്ക് ഇംഗ്ലീഷിൽ വിശ്രമിച്ചു (rested) എന്നാണ്. അതായത് ദൈവം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചതെല്ലാം സൃഷ്ടിച്ചതിനു ശേഷം, സൃഷ്ടിപ്പ് അവസാനിപ്പിച്ചു അവൻ ഏഴാം ദിവസം വിശ്രമിച്ചു. ഏഴാം ദിവസം ദൈവം യാതൊന്നും സൃഷ്ടിച്ചില്ല. ദൈവം വിശ്രമിച്ചത്, അവൻ ക്ഷീണിതൻ ആയതുകൊണ്ടോ, അവന് ഉന്മേഷം വീണ്ടെടുക്കേണം എന്നതുകൊണ്ടോ അല്ല. ദൈവം ഒരിക്കലും ക്ഷീണിതൻ ആകുന്നില്ല.

 

സങ്കീർത്തനം 121:3-4

3    നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

4   യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

 

ഉൽപ്പത്തി 2:2, 3 വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “നിവൃത്തനായി” എന്ന വാക്കിന്റെ എബ്രായ പദം “ഷവയാത്”  (šāa - shaw-bath') എന്നാണ്. ഈ മൂല വാക്കിൽ നിന്നാണ് “ശബ്ബത്ത്” എന്ന പദം ഉണ്ടായത്. ഈ എബ്രായ വാക്കിന്റെ അർത്ഥം, വിരാമം, ഇടവേള, അവസാനിപ്പിക്കുക, വിശ്രമിക്കുക, എന്നിങ്ങനെ ആണ് (intermission, to cease or rest from labour). മൂന്നാമത്തെ വാക്യം പറയുന്നത്, “സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു” എന്നാണ്. അതിന്റെ അർത്ഥം ദൈവം സകല സൃഷ്ടി കർമ്മങ്ങളും ആറ് ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ചു. ഏഴാമത്തെ ദിവസം സൃഷ്ടി കർമ്മങ്ങൾ അവസാനിപ്പിച്ചു, വിശ്രമിച്ചു. വിശ്രമം, എല്ലാ സൃഷ്ടികളും പൂർത്തീകരിച്ച ശേഷമാണ്. യാതൊന്നും ഇനി സൃഷ്ടിക്കുവാനില്ല. സൃഷ്ടിക്കുവാൻ മറന്നുപോയ യാതൊന്നും ഇല്ല. ഇതു സൃഷ്ടിപ്പ് പൂർത്തീകരിച്ചു എന്നതിന്റെ സ്വർഗ്ഗീയമായ പ്രഖ്യാപനം ആണ്.

 

ഇതിന്റെ അർത്ഥം, ഇനി യാതൊന്നും ദൈവത്തിന് പുതിയതായി സൃഷ്ടിക്കുവാൻ കഴിയുക ഇല്ല എന്നല്ല. ദൈവം എന്ത് സൃഷ്ടിക്കേണം എന്നു ഉദ്ദേശിച്ചുവോ, അത് അവൻ പരിപൂർണ്ണതയോടെ സൃഷ്ടിച്ചു കഴിഞ്ഞു. അങ്ങനെ സൃഷ്ടിപ്പ് പൂർത്തീകരിച്ചു. അതിനോട് കൂടെ യാതൊന്നും കൂടുതലായി ചേർക്കുവാൻ ഇല്ല. ഒന്നും എടുത്തുമാറ്റുവാനും ഇല്ല. കുറവുള്ളതോ, സമ്പൂർണ്ണമല്ലാത്തതോ ആയ യാതൊന്നും ഇല്ല. അവൻ സൃഷ്ടിച്ച എല്ലാറ്റിനെയും അവൻ “എത്രയും നല്ലത് എന്നു കണ്ടു”.  

 

ഉൽപ്പത്തി 1:31 താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.   

 

ദൈവത്തിന്റെ അവസാനത്തെ സൃഷ്ടി മനുഷ്യർ ആയിരുന്നു. എന്തുകൊണ്ടാണ് ദൈവം അതിന്ശേഷം മറ്റൊരു ജീവിയെക്കൂടെ സൃഷ്ടിക്കാതിരുന്നത്? ഈ പ്രപഞ്ചത്തിന്റെ സൃഷടിയ്ക്ക് പിന്നിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? എന്തിനാണ് അവൻ ഈ പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചത്?

 

ഇതിന്നുള്ള വളരെ ലളിതമായ ഒരു ഉത്തരം ഇങ്ങനെ ആയിരിക്കും: ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു, അതിന്ശേഷം വെളിച്ചം സൃഷ്ടിച്ചു, ഇങ്ങനെ ഓരോ കാര്യങ്ങൾ കൂടുതൽ മെച്ചമായി സൃഷ്ടിച്ചു. അവസാനം സൃഷ്ടിക്ക് ഒരു പോരായ്മ ഉണ്ട് എന്നു തോന്നിയതിനാൽ, മറ്റ് സൃഷ്ടികളെ നോക്കി പരിപാലിക്കുവാൻ മനുഷ്യനെ കൂടെ ദൈവം സൃഷ്ടിച്ചു.

 

ഈ ഉത്തരം പറയുന്നത് ദൈവം പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതെ ഓരോ കാര്യങ്ങൾ സൃഷ്ടിക്കുക ആയിരുന്നു എന്നാണ്. അത് ശരിയല്ല, ദൈവം സകലതും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് സൃഷ്ടിപ്പ് നടത്തിയത്.  

 

സൃഷ്ടിയുടെ അവസരത്തിൽ പറയുന്ന “നല്ലത് എന്നു ദൈവം കണ്ടു”, “എത്രയും നല്ലത് എന്നു കണ്ടു” എന്നീ വാക്കുകൾ, സൃഷ്ടിയുടെ മനോഹാരിതയെക്കുറിച്ചല്ല, ഓരോ സൃഷ്ടിയുടെയും പിന്നിൽ ദൈവത്തിനുള്ള ഉദ്ദേശ്യത്തിന്റെ പൂർണ്ണത ആണ് അർത്ഥമാക്കുന്നത്. ദൈവം സകലതിനെയും സൃഷ്ടിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. അതിന്റെ മനോഹാരിത, സൃഷ്ടികർത്താവിൽ നിന്നും ലഭിച്ച സ്വാഭാവികമായ പ്രത്യേകത മാത്രമാണ്. മനോഹാരിത നോക്കി നല്ലത് എന്നോ, എത്രയും നല്ലത് എന്നോ പറയേണ്ടതില്ല. കാരണം മനോഹരം അല്ലാത്തതൊന്നും ദൈവത്തിൽ നിന്നും പുറപ്പെടുക ഇല്ല.

 

അതായത് ദൈവം നല്ലത്, എത്രയും നല്ലത് എന്നു പറയുന്നത് സൃഷ്ടിയുടെ പ്രവർത്തനാത്മകതയുടെ ഗുണകരമായ നന്മ (qualitative goodness of functionality) യെ വിലയിരുത്തിയാണ്. അതായത് ഒരു സൃഷ്ടിയെ ദൈവം എന്ത് ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചുവോ, ആ ഉദ്ദേശ്യം അത് നിവർത്തിക്കുന്നുണ്ട് എന്നു കണ്ടാണ് ദൈവം നല്ലത്, എത്രയും നല്ലത് എന്നു പറഞ്ഞത്. പൊതുവേ വിശാല അർത്ഥത്തിൽ പറഞ്ഞാൽ, ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായിട്ടാണ് ദൈവം സകലത്തിനെയും സൃഷ്ടിച്ചത്. ഇതിൽ മനുഷ്യന്റെ സൃഷ്ടിപ്പിന് ഒരു പ്രത്യേകത ഉണ്ട്.

 

സൃഷ്ടിപ്പിലുള്ള ദൈവീക ഉദ്ദേശ്യം

 

എന്തിനാണ് ദൈവം ഈ പ്രപഞ്ചത്തെയും, അതിലുള്ള ജീവനില്ലാത്തതും, ജീവനുള്ളതുമായ സകലത്തിനെയും, മനുഷ്യനെയും സൃഷ്ടിച്ചത് എന്നു നേരിട്ട്, വ്യക്തമായി പറയുന്ന വാക്യങ്ങൾ വേദപുസ്തകത്തിൽ ഇല്ല. അതിനാൽ ഇതെല്ലാം സൃഷ്ടിക്കുവാൻ ദൈവം അവന്റെ സർവ്വാധികാരത്തിൽ തീരുമാനിക്കുക ആയിരുന്നു എന്നു നമുക്ക് കരുതാം. സൃഷ്ടിയുടെ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുവാൻ ദൈവത്തിന് കൂട്ടായി മറ്റാരും ഉണ്ടായിരുന്നില്ല, അവൻ ആരുമായും ചർച്ച ചെയ്തിട്ടുമില്ല. ദൈവം ആരോടും അഭിപ്രായം ചോദിക്കുകയോ, മറ്റൊരാളിന്റെ പദ്ധതി ഭാഗികമായിപ്പോലും സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അവന്റെ പ്രവർത്തികൾ ആരോടും വിശദീകരിക്കാനുള്ള ബാധ്യതയും ദൈവത്തിന് ഇല്ല. സൃഷ്ടി നടത്തുവാൻ തീരുമാനിച്ചത് ദൈവമാണ്, അത് അവന്റെ നന്മയ്ക്കായാണ്, അവന്റെ മാത്രം നന്മയ്ക്കായാണ്. ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സകലത്തിന്റെയും, മനുഷ്യരുടെയും സൃഷ്ടിയുടെ നന്മ ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്.  

 

കൊലൊസ്സ്യർ 1:16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ (യേശുക്രിസ്തു) മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

 

റോമർ 11:36 സകലവും അവനിൽ (ദൈവം) നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.

 

സകലവും ദൈവ മഹത്വത്തിനായി സൃഷ്ടിക്കപ്പെട്ടു എന്നത് ശരിയാണ്. സകലതും ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു.

 

സങ്കീർത്തനം 19:1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

 

എന്നാൽ ഈ പ്രപച്ചത്തിന്റെ സൃഷ്ടികൊണ്ടു ദൈവത്തിന്റെ മഹത്വം വർദ്ധിക്കുകയോ, സൃഷ്ടി കൂടാതെ ഇരുന്നാൽ മഹത്വം കുറയുകയോ ഇല്ല. ദൈവം എപ്പോഴും മഹത്വവാനാണ്.

 

ഇയ്യോബിന്റെ പുസ്തകത്തിൽ 38 ആം അദ്ധ്യയത്തിൽ ദൈവം ഇയ്യോബിന്നും സുഹൃത്തുക്കൾക്കും പ്രത്യക്ഷപ്പെടുകയും അവരോട് സൃഷ്ടിയെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്.

 

ഇയ്യോബ് 38:4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.

 

ഇയ്യോബ് 38:7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?

 

ഇയ്യോബ് 40:2 ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.

 

ഇയ്യോബ് 41:11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?

 

ദൈവത്തിന്റെ ഈ ചോദ്യങ്ങൾക്കൊന്നും ഇയ്യോബിന് മറുപടി പറയുവാൻ കഴിഞ്ഞില്ല. അതിനാൽ അവൻ ഇങ്ങനെ പറഞ്ഞു:

 

ഇയ്യോബ് 42:1-3

1     അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:

2    നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.

3    അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.

 

സൃഷ്ടിപ്പിലെ ദൈവീക സർവ്വാധികാരം ഇയ്യോബും സ്നേഹിതരും മനസ്സിലാക്കുക എന്നതായിരുന്നു ഈ ചോദ്യങ്ങളിലൂടെ ദൈവം ലക്ഷ്യമിട്ടത്. ചോദ്യങ്ങൾക്ക് അവരോ, ദൈവമോ മറുപടി നല്കിയില്ല. ദൈവത്തിന്റെ പ്രവർത്തികൾക്ക് വിശദീകരണം നല്കുക ദൈവത്തിന്റെ രീതി അല്ല. 

 

സൃഷ്ടിപ്പിന്റെ ദൈവീക ലക്ഷ്യം എന്തായിരുന്നു എന്നു നേരിട്ട് പറയുന്നില്ല എങ്കിലും, അത് മനസ്സിലാക്കുവാൻ തിരുവെഴുത്തുകൾ നമ്മളെ സഹായിക്കും.

 

ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചത്, മനുഷ്യരെ സൃഷ്ടിക്കുക, അവരെ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയിൽ ആക്കി വയ്ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. മനുഷ്യർ ദൈവത്തിന്റെ കാര്യസ്ഥന്മാർ ആയി ഈ ഭൂമിയിൽ നിത്യമായി ജീവിക്കേണം.

 

ദൈവം മനുഷ്യനെ സൃഷ്ടിക്കുവാൻ തീരുമാനിച്ചത്, ആറാമത്തെ ദിവസം ഭൂചരജന്തുക്കളെ സൃഷ്ടിച്ചതിന് ശേഷമല്ല. ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനം ഇടുന്നതിനും, കാലങ്ങൾക്കും മുമ്പേ ദൈവം മനുഷ്യരെ സൃഷ്ടിക്കുവാൻ തീരുമാനിച്ചിരുന്നു.  

 

സകല ജലജന്തുക്കൾ, പറവജാതി, കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ഭൂചരജന്തുക്കൾ എന്നിവയെ എല്ലാം ദൈവം കൽപ്പിച്ചു ഉണ്ടാക്കി. എന്നാൽ മനുഷ്യനെ മാത്രം, അവന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും സൃഷ്ടിച്ചു. കാരണം മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരുന്നു സൃഷ്ടിപ്പിന്റെ ലക്ഷ്യം. ഇന്ന് മനുഷ്യർക്ക് പാപം കാരണം ദൈവീക തേജസ്സ് ഇല്ലാതെ ആയിപ്പോയി എങ്കിലും, മനുഷ്യർ മാത്രമേ ഭാവിയിൽ വീണ്ടും ദൈവത്തോട് സാദൃശ്യം പ്രാപിക്കുക ഉള്ളൂ.

 

1 യോഹന്നാൻ 3:2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

 

റോമർ 8:29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

 

1 കൊരിന്ത്യർ 15:49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

 

ഫിലിപ്പിയർ 3:21 അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

 

കൊലൊസ്സ്യർ 3:4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.

 

ദൈവം മനുഷ്യരെ ദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ത്തി സൃഷ്ടിച്ചു. എന്നാൽ മഹത്വവും ബഹുമാനവും നല്കി.

 

സങ്കീർത്തനം 8:5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

 

അനേകം പുത്രന്മാരെയും പുത്രിമാരെയും മഹത്വത്തിലേക്ക് കൊണ്ടിവരേണ്ടതിനായി ദൈവം മനുഷ്യരെ സൃഷ്ടിച്ചു.

 

എബ്രായർ 2:10 സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.

 

ഈ വാക്യങ്ങൾ എല്ലാം പറയുന്നത്, സൃഷ്ടിപ്പിന്റെ ദൈവീക ഉദ്ദേശ്യം, അവന്റെ സ്വരൂപത്തിലും, സാദൃശ്യപ്രകാരവും മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരുന്നു. ഈ അവസ്ഥയിൽ മനുഷ്യൻ നിത്യനായി ജീവിക്കേണം എന്നും ദൈവം ആഗ്രഹിച്ചു. ഇപ്പോൾ മനുഷ്യർ പാപത്താൽ വീണുപോയ അവസ്ഥയിൽ ആണ് എങ്കിലും ഭാവിയിൽ അവൻ ദൈവീക പദ്ധതിക്ക് ഒത്തവണ്ണം ദൈവത്തിന്റെ സ്വരൂപത്തിലും, സാദൃശ്യപ്രകാരവും നിത്യമായി ജീവിക്കും.

 

ദൈവം മനുഷ്യനെ അവന്റെ സ്വന്തജനവും പ്രത്യേക സമ്പത്തും ആയിരിക്കുവാനാണ് സൃഷ്ടിച്ചത്.  

 

1 പത്രൊസ് 2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.   

 

ഈ “സ്വന്തജനം” നിത്യമായി ക്രിസ്തുവിനോടുകൂടെ ആയിരിക്കേണ്ടതിനായി വീണ്ടും ചേർക്കപ്പെടും.

 

1 തെസ്സലൊനീക്യർ 4:16,17

16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.

17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

  

ലോകസ്ഥാപനത്തിന്നു മുമ്പെ

 

എഫെസ്യർ 1:4-6

4   നാം തന്റെ (ദൈവത്തിന്റെ) സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ (ദൈവം) ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ (യേശുക്രിസ്തുവിൽ) തിരഞ്ഞെടുക്കയും

5    തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

6   അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

 

ഈ വാക്യം സൂചിപ്പിക്കുന്ന “ലോകസ്ഥാപനത്തിന്നു മുമ്പെ” എന്നതു സമയവും, കാലവും സൃഷ്ടിക്കപ്പെടുന്നതിനും മുമ്പ് നിത്യതയിൽ എപ്പോഴോ ആണ്. ദൈവം മനുഷ്യനെ സൃഷ്ടിക്കുവാൻ തീരുമാനിച്ചത് ഈ പ്രപഞ്ചത്തിന് അടിസ്ഥാനം ഇടുന്നതിന് മുമ്പ് ആണ്. ഈ ചരിത്രാധീത കാലത്ത് ദൈവം അനേകം മനുഷ്യരെ ക്രിസ്തുവിൽ വിശുദ്ധരും, നിഷ്കളങ്കരും ആയിരിക്കേണ്ടതിനായി തിരഞ്ഞെടുത്തു. അവരെ പുത്രന്മാർ ആകേണ്ടതിനായി ദൈവത്തിന്റെ ഹിതപ്രകാരം യേശുക്രിസ്തുവിൽ ദത്തെടുത്തു.

 

2 തെസ്സലൊനീക്യർ 2:13 ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

 

വെളിപ്പാട് 13:8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.

 

ചരിത്രാരാധീത കാലത്ത് എപ്പോഴോ ദൈവം മനുഷ്യനെ സൃഷ്ടിക്കുവാൻ തീരുമാനിച്ചു എന്നും അതിന് ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നും ഈ വാക്യങ്ങൾ പറയുന്നു. മനുഷ്യന് നിത്യമായി ജീവിക്കുവാൻ യോജ്യമായ ഒരു ആവാസവ്യവസ്ഥയായാണ് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ദൈവത്തിന്റെ മനുഷ്യനോടുള്ള സ്നേഹം ഈ പ്രപഞ്ചത്തിന്റെ മനോഹാരിത വെളിവാക്കുന്നു. ജീവനുള്ളതും അല്ലാത്തതുമായ ഈ പ്രപഞ്ചത്തിലെ സകലതും മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ ആണ്. മനുഷ്യന് സുഖമായി നിത്യമായി ജീവിക്കുവാനാവശ്യമായ സകലതും സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതും അവനെ ഈ ഭൂമിയിൽ ആക്കിവച്ചതും.

 

സങ്കീർത്തനം 8:3-6

3    നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

4   മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

5    നീ അവനെ ദൈവത്തെക്കാൾ (angelsNKJV) അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

6   നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

 

5 ആം വാക്യത്തിലെ “ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി” എന്നത് “ദൂതന്മാരെക്കാൾ (angels) അൽപ്പം മാത്രം താഴ്ത്തി” എന്നാണ് KJV, NKJV, NIV എന്നിവയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ New Living Translation, Amplified Bible (AMP) എന്നിവയിൽ “ദൈവം” (God) എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ വാക്കിന്റെ എബ്രായ പദം ഏലോഹീം എന്നാണ് ('ĕlōhîm - el-o-heem'). ഏലോഹീം എന്നത് ദൈവത്തെക്കുറിച്ച് പൊതുവേ പറയുവാൻ ഉപയോഗിക്കുന്ന വാക്കാണ്. ഈ വാക്കിന്റെ അർത്ഥം, ദൈവം, ദേവന്മാർ, ദൂതന്മാർ എന്നിങ്ങനെയാണ്. യഹൂദ പാരമ്പര്യം അനുസരിച്ച് സങ്കീർത്തനം 8:5 ൽ ദൂതന്മാരെക്കാൾ (angels) അൽപ്പം മാത്രം താഴ്ത്തി” എന്നതാണ് ശരി.

 

ഈ വാക്യം എബ്രായ ലേഖനത്തിൽ എടുത്ത് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:    

 

എബ്രായർ 2:6,7

 6 എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

7    നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,

 

7 ആം വാക്യത്തിൽ “ദൂതന്മാരെക്കാൾ” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “ആംഗലോസ്” എന്നാണ് (angelos - ang'-el-os). ഈ വാക്കിന്റെ അർത്ഥം ദൂതന്മാർ, ദൂത് വാഹകൻ, എന്നിങ്ങനെയാണ്.

 

“മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു?” എന്നത് മനുഷ്യൻ നിസ്സാരൻ ആണ് എന്നു പറയുവാനല്ല ദാവീദ് എഴുതിയത്. ആകാശത്തെക്കാളും, ചന്ദ്രനെക്കാളും, നക്ഷത്രങ്ങളെക്കാളും, ശ്രേഷ്ഠതയുള്ളവനായി ദൈവം മനുഷ്യനെ കാണുന്നു. അതായത്, മറ്റ് സൃഷ്ടികളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യൻ നിസ്സാരൻ ആണ് എന്നു തോന്നും എങ്കിലും ദൈവം അവനെ ശ്രേഷ്ഠനായി കാണുന്നു. അതുകൊണ്ടാണ് അവനെ തേജസ്സും ബഹുമാനവും അണിയിച്ച്, ദൈവത്തിന്റെ കൈകളുടെ പ്രവൃത്തികൾക്കു മനുഷ്യനെ അധിപതി ആക്കിവച്ചത്.

 

സങ്കീർത്തനം 8:6 ആം വാക്യം ഉൽപ്പത്തി 1:26, 28; 2:19 എന്നീ വാക്യങ്ങളുടെ പ്രതിധ്വനി ആണ്. 

 

സങ്കീർത്തനം 8:6 നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

 

ഉൽപ്പത്തി 1:26, 28

26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

 

28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.

 

ഉൽപ്പത്തി 2:19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവയ്ക്ക് എന്തു പേരിടുമെന്നു കാൺമാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്ക് പേരായി;

 

ദൈവത്തിന്റെ കരുതൽ

 

ഇനി നമുക്ക് സൃഷ്ടിയുടെ ചരിത്രത്തിലൂടെ ഒരിക്കൽകൂടി കടന്നുപോകാം. ദൈവം, ഈ പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനും മുമ്പേ, അവന്റെ സർവ്വാധികാരത്താൽ ഉള്ള ഇച്ഛാശക്തിയിൽ, മനുഷ്യനെ സൃഷ്ടിക്കുവാൻ തീരുമാനിച്ചു. മനുഷ്യർ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” ആയിരിക്കേണം എന്നും ദൈവം തീരുമാനിച്ചു. അവർ ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുന്നവർ ആയിരിക്കേണം. മനുഷ്യരെ താമസിപ്പിക്കുവാൻ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയായി അവൻ ഈ പ്രപഞ്ചത്തെയും, അതിൽ ഭൂമിയെയും, അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചു.

 

അതായത്, മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പേ, അവന് നിത്യമായി ജീവിക്കുവാൻ ആവശ്യമായതെല്ലാം ദൈവം സൃഷ്ടിച്ചു. അവയുടെ നിത്യമായ സംരക്ഷണത്തിനും പരിപാലനത്തിനും, വർദ്ധനയ്ക്കും ആവശ്യമായ നിയമങ്ങളും ദൈവം കൽപ്പിച്ചാക്കി. മനുഷ്യനെ സൃഷ്ടിച്ചതിന് ശേഷം അവന് ജീവിക്കുവാൻ യോജ്യമായ ഒരു ആവാസവ്യവസ്ഥ ദൈവം സൃഷ്ടിക്കുക ആയിരുന്നില്ല. മനുഷടെ സൃഷ്ടിക്ക് ശേഷമല്ല ദൈവം സൂര്യനേയും, ചന്ദ്രനെയും, വെള്ളത്തേയും, സസ്യങ്ങളേയും, ജീവികളെയും, സൃഷ്ടിച്ചത്. ഇതെല്ലാം മനുഷ്യന് ജീവിക്കുവാൻ ആവശ്യമാണ് എന്നു അറിഞ്ഞ ദൈവം, അതെല്ലാം മുൻകൂട്ടി കരുതി. മനുഷ്യന് ജീവിക്കുവാൻ ആവശ്യമായതെല്ലാം ഒരുക്കിയ ഒരു ഭൂമിയിൽ ആണ് ദൈവം അവനെ സൃഷ്ടിച്ചു ആക്കിവച്ചത്. ഇവയുടെമേൽ മനുഷ്യന് അധികാരവും കൊടുത്തു.

 

“യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.” എന്നതിന്റെ അർത്ഥം മനുഷ്യന് ജീവിക്കുവാൻ ആവശ്യമായ ആവാസ വ്യവസ്ഥയുടെ കരുതലും സൂക്ഷിപ്പും മനുഷ്യന്റെ ഉത്തരവാദിത്തമായി. (ഉൽപ്പത്തി 2:15)

 

അനുഭവ അവകാശക്കാരെ (beneficiaries) സൃഷ്ടിക്കുന്നതിന് മുമ്പേ കരുതലിനെ ദൈവം സൃഷ്ടിച്ചു (provision). മനുഷ്യന്റെ സൃഷ്ടിക്കും മുമ്പേ ദൈവത്തിന്റെ കരുതൽ ഉണ്ടായി. ഇതു തന്നെയാണ് ഇന്നും ദൈവീക കരുതലിന്റെ രീതി. നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും മുമ്പേ നമുക്ക് ജീവിക്കുവാൻ ആവശ്യമായതെല്ലാം ദൈവം കരുതിയിട്ടുണ്ട്. നമ്മൾ ചോദിക്കുന്നതിനും മുമ്പേ അവൻ സകലതും കരുതി വച്ചിട്ടുണ്ട്.

 

ദൈവം ഏഴാം ദിവസം വിശ്രമിച്ചത്, മനുഷ്യന് നിത്യമായി ജീവിക്കുവാൻ ആവശ്യമായത് എല്ലാം അവൻ മുൻകൂട്ടി കരുതി വച്ചിട്ടുണ്ട് എന്നതിനാൽ ആണ്. മനുഷ്യന്റെ വാസത്തിനായി യാതൊന്നും കൂടുതലായി സൃഷ്ടിക്കേണ്ടതില്ല. ഏഴാമത്തെ ദിവസത്തെ വിശ്രമം ദൈവത്തിന്റെ കരുതലിനെക്കുറിച്ച് പറയുന്ന ദിവസം ആണ്. വിശ്രമം എന്നത് ദൈവം കരുതിയിട്ടുണ്ട് എന്ന സന്ദേശമാണ്.

 

ദൈവം നിഷ്ക്രിയനല്ല

 

വിശ്രമം എന്നത് ദൈവം നിഷ്ക്രിയനാണ് എന്നു അർത്ഥമാക്കുന്നില്ല. ഇന്നും ദൈവം സജീവമായി ഈ ലോകത്തിൽ ഇടപെടുകയും, നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. എല്ലാം അവന്റെ സജീവമായ അധികാരത്തിൻ കീഴെയാണ്. ഇത് ലോക ചരിത്രം പഠിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

 

ഇയ്യോബ് 7:17-18 (ഇയ്യോബ് പറഞ്ഞു) മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും അവനെ രാവിലെതോറും സന്ദർശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവൻ എന്തുള്ളു?

 

സങ്കീർത്തനം 91:10-11 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;

 

റോമർ 8:28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

 

എബ്രായർ 1:3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും

 

ദൈവം വിശ്രമിച്ചു എന്നതിന്റെ അർത്ഥം, സകലതും കരുതിയിട്ടുണ്ട് എന്നാണ്.

 

ശബ്ബത്തും ദൈവത്തിന്റെ കരുതലും

 

നമുക്ക് ഉൽപ്പത്തി 2:2-3 വാക്യങ്ങൾ ഒരിക്കൽ കൂടി വായിക്കാം.

 

ഉൽപ്പത്തി 2:2-3 താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

 

നമ്മൾ മുകളിൽ വിവരിച്ചതുപോലെ ഉൽപ്പത്തി 2:2, 3 വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “നിവൃത്തനായി” എന്ന വാക്കിന്റെ എബ്രായ പദം “ഷവയാത്”  (šāa - shaw-bath') എന്നാണ്. ഈ മൂല വാക്കിൽ നിന്നാണ് “ശബ്ബത്ത്” എന്ന പദം ഉണ്ടായത്. ഈ എബ്രായ വാക്കിന്റെ അർത്ഥം, വിരാമം, ഇടവേള, അവസാനിപ്പിക്കുക, വിശ്രമിക്കുക, എന്നിങ്ങനെ ആണ് (intermission, to cease or rest from labour). ഇതേ വാക്കിന്റെ ശബ്ബത്ത് എന്ന രൂപം നമുക്ക് ലേവ്യപുസ്തകം 25 ലും മറ്റ് പല വേദഭാഗങ്ങളിലും കാണാം.

  

ലേവ്യപുസ്തകം 25:2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.

 

ഇവിടെ ശബ്ബത്ത് എന്ന വാക്കിന്റെ എബ്രായ പദം “ഷബാത്ത്” എന്നാണ് (šabā - shab-bawth'). ഇത് ഉൽപ്പത്തി 2:2 ലേ “ഷവയാത്” എന്ന മൂല പദത്തിന്റെ മറ്റൊരു രൂപമാണ്. അതിനാൽ അർത്ഥം ഒന്നുതന്നെയാണ്.  

 

പുതിയനിയമത്തിൽ ശബ്ബത്ത് എന്ന വാക്കിന്റെ മൂല യവന പദം “സാബറ്റോൺ” എന്നാണ് (sabaton - sab'-bat-on). ഇത് “ഷബാത്ത്” എന്ന എബ്രായ പദത്തിൽ നിന്നും രൂപം കൊണ്ട ഗ്രീക്ക് വാക്കാണ്. അതിനാൽ അർത്ഥ വ്യത്യാസം ഇല്ല.

 

മത്തായി 12:8 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.”

 

ശബ്ബത്തും യിസ്രായേല്യരും

 

മോശെയുടെ ന്യായപ്രമാണം ശബ്ബത്ത് ദിവസം യാതൊരു ജോലിയും ചെയ്യുവാൻ യിസ്രായേലിയരെ അനുവദിച്ചിരുന്നില്ല.

 

പുറപ്പാട് 20:10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.

 

ഇതിന്റെ അർത്ഥം ശബ്ബത്ത് ദിവസം ദൈവത്തിന്റെ ഉറപ്പുള്ള കരുതലിനാൽ തന്റെ സ്വന്ത ജനത്തെ ദൈവം പരിപാലിക്കുന്ന ദിവസം ആണ്. ശബ്ബത്ത്, ജനം അവരുടെ ആവശ്യങ്ങൾക്കായി ദൈവത്തിൽ സമ്പൂർണ്ണമായി ആശ്രയിക്കുന്ന ദിവസമാണ്. ദൈവം, ആറാം ദിവസം തന്നെ, ഏഴാമത്തെ വിശ്രമത്തിന്റെ ദിവസത്തിനായി കരുതിയിട്ടുണ്ട്.

 

ഭൌതീക നന്മകൾക്ക് ഉപരിയായി, മനുഷ്യർക്ക് നിത്യമായി ജീവിക്കുവാൻ ആവശ്യമായതെല്ലാം ദൈവം മുന്നമേ കരുതിയിട്ടുണ്ട് എന്ന പ്രത്യാശയും വിശ്വാസവും ശബ്ബത്തിൽ ഉണ്ട്. ദൈവത്തിന്റെ കരുതൽ ഭൌതീക ആവശ്യങ്ങൾക്കായി മാത്രമല്ല, നിത്യതയിലുള്ള ജീവിതത്തിനായും കൂടെയാണ്.

 

പുറപ്പാടു 16 ആം അദ്ധ്യായത്തിൽ, മിസ്രയീമിൽ നിന്നും പുറപ്പെട്ട യിസ്രായേൽ ജനം ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ എത്തിച്ചേരുന്നു. അത് അവരുടെ പുറപ്പാടിന്റെ രണ്ടാം മാസം പതിനഞ്ചാം തിയ്യതി ആയിരുന്നു. അവർ യാത്ര പുറപ്പെട്ടപ്പോൾ കൈയ്യിൽ കരുതിയിരുന്ന ആഹാര സാധനങ്ങൾ എല്ലാം അപ്പോഴേക്കും തീർന്നുപോയി. തുടർന്നു അവർ മരുഭൂമിയുടെ ഉള്ളിലേക്ക് പ്രവേശിക്കുക ആണ്. അതിനാൽ, മരുഭൂമിയിൽ ആഹാരം ലഭിക്കാതെ അവർ മരിച്ചുപോകും എന്നു അവർ ഭയപ്പെട്ടു. അവർ മോശെയയ്ക്കും അഹരോനും എതിരെ കലാപം ഉണ്ടാക്കി.

 

അപ്പോൾ ദൈവം മോശെയക്ക് പ്രത്യക്ഷനായി, അവർക്കു ആകാശത്തുനിന്നു നിന്നും അപ്പം നല്കും എന്നു പറഞ്ഞു. ആഴ്ചയുടെ ആറ് ദിവസവും, ഓരോ ദിവസത്തേക്ക് ആവശ്യമായ അപ്പം അവർ ശേഖരിക്കേണം. ആറാമത്തെ ദിവസം രണ്ട് ദിവസത്തേക്കുള്ള അപ്പം ശേഖരിക്കേണം. കാരണം ഏഴാമത്തെ ദിവസം വിശ്രമത്തിന്റെ ശബ്ബത്ത് ദിവസം ആണ്. അത് ആറാം ദിവസത്തെ ദൈവീക കരുതൽ അനുഭവിക്കേണ്ട ദിവസം ആണ്.       

 

പുറപ്പാട് 16:4-5 അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കി ക്കൊള്ളേണം. എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.

 

ഏഴാമത്തെ ദിവസം വിശ്രമത്തിന്റെ ശബ്ബത്ത് ദിവസംആണ്. അന്ന് യിസ്രായേൽ ജനം ദൈവത്തിന്റെ കരുതലിൽ ജീവിക്കുന്ന ദിവസം ആണ്. ദൈവം ഏഴാം ദിവസത്തേക്ക് ആവശ്യമായതെല്ലാം ആറാം ദിവസം തന്നെ കരുതി വയ്ക്കുന്നു.

 

എല്ലാ ഏഴാമത്തെ ദിവസം ശബ്ബത്ത് ദിവസം ആയിരിക്കുന്നതുപോലെ, എല്ലാ ഏഴാമത്തെ വർഷവും ശബ്ബത്ത് വർഷം ആയിരിക്കേണം എന്നും ദൈവം യിസ്രായേൽ ജനത്തോട് കൽപ്പിച്ചിരുന്നു. ശബ്ബത്ത് വർഷം വിതയും കൊയ്ത്തും ഉണ്ടായിരുന്നില്ല. ഈ വർഷം, വയലിൽ സ്വാഭാവികമായി മുളച്ചുവരുന്ന സസ്യങ്ങളുടെ ഫലം അവർക്ക് ഭക്ഷിക്കാം, എന്നാൽ അവ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുവാൻ പാടില്ല. എല്ലാ വയലുകളും, സമ്പന്നനും, ദരിദ്രനും, സ്വദേശിക്കും, പരദേശിക്കും, മൃഗങ്ങൾക്കും, പക്ഷികൾക്കും ഒരുപോലെ തുറന്നിരിക്കും. അവിടെ വളരുന്നതെല്ലാം എല്ലാവർക്കും ഭക്ഷണമായിരിക്കും.

 

ലേവ്യ പുസ്തകം 25:1-7

1     യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: ശബ്ബത്തു ആചരിക്കേണം.

2    നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.

3    ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.

4   ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

5    നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.

6   ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും

7    നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.

   

ആറാമത്തെ വർഷത്തെ വിളവെടുപ്പ്, ഏഴാമത്തെയും, എട്ടാമത്തെ വർഷത്തെ വിളവെടുപ്പ് വരെയുള്ള കാലത്തെയും ആവശ്യങ്ങൾക്ക് പര്യാപ്തമായിരുന്നു.

 

യോബേൽ സംവൽസരത്തിലും ഈ പ്രമാണങ്ങൾ ബാധകമായിരുന്നു. യോബേൽ സംവൽസരം എല്ലാ അൻപതാം വർഷം ആയിരുന്നു.

 

ലേവ്യപുസ്തകം 25:11-12 അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു. അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.

 

ലേവ്യപുസ്തകം 25:20-22 എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കിൽ ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും. എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.

 

ക്രമമായ വിതയും കൊയ്ത്തും ഇല്ലാതെതന്നെ തന്റെ ജനത്തിനായി കരുതുവാൻ ദൈവത്തിന് കഴിയും. അവന്റെ കരുതൽ മുൻകൂട്ടിയുള്ള കരുതൽ ആണ്. ആറാമത്തെ വർഷം മൂന്നിരട്ടി വിളവ് ദൈവം നല്കുന്നു. അത് അടുത്ത മൂന്ന് വർഷത്തേക്ക് ആവശ്യമായതാണ്.

 

യോബേൽ സംവൽസരം എല്ലാ അൻപതാമത്തെ വർഷമാണ്. അത് ഒരു ശബ്ബത്ത് വർഷമാണ്. അതിനാൽ ആ വർഷം യിസ്രായേൽ ജനത്തിന് വിതയ്ക്കുവാനും കൊയ്യുവാനും അനുവാദം ഇല്ല. ഒരു ശബ്ബത്ത് വർഷം ആരംഭിക്കുന്നത് ശരൽ കാലത്താണ് (autumn). യോബേൽ സംവൽസരം ആഘോഷിക്കുമ്പോൾ, ഏഴാമത്തെയും, എട്ടാമത്തെയും വർഷങ്ങളിൽ വിതയും കൊയ്ത്തും ഇല്ല. അതായത് 49 ആമത്തെ വർഷവും 50 ആമത്തെ വർഷവും വിതയും കൊയ്ത്തും ഇല്ല. ആറാമത്തെ വർഷത്തിലെ വിളവെടുപ്പ് പ്രധാനമായും നടക്കുന്നത് ഏഴാമത്തെ മാസത്തിൽ ആണ്. ഇത് അടുത്ത മൂന്ന് വർഷത്തേക്ക്, ഒൻപതാമത്തെ വർഷത്തെ (51 ആമത്തെ വർഷം) വിളവെടുപ്പ് വരെ പര്യാപ്തമാണ്.

 

ദൈവത്തിന്റെ അത്ഭുതകരമായ മുൻ കരുതൽ അനുഭവിക്കുന്ന വിശ്രമത്തിന്റെ കാലമാണ് ശബ്ബത്ത് വർഷം. ഇതിനാൽ ആണ് നമ്മളുടെ കർത്താവ് നാളെയെക്കുറിച്ചോർത്ത് നമ്മൾ ആകുലപ്പെടേണ്ടതില്ല എന്നു പറഞ്ഞത്.  

 

മത്തായി 6:25-34

25 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?

26 ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

27 വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

28 ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.

29 എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

30 ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.

32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

34 അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”

 

ലൂക്കോസ് 12:22-31

22 അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: “ആകയാൽ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

23 ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ.

24 കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!

25 പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

26 ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?

27 താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂൽക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

28 ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം?

29 എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.

30 ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.

31 അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും.

 

കോറം ഡെയോ

 

ദൈവം നമ്മളുടെ ഭൌതീക ആവശ്യങ്ങൾക്കായി മാത്രമല്ല കരുതിയിട്ടുള്ളത്, അവൻ നമ്മളുടെ ആത്മീയ രക്ഷയ്ക്കായും മുൻ കൂട്ടി കരുതിയിട്ടുണ്ട്. മനുഷ്യരുടെ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ മുൻകരുതൽ ആണ് യേശുക്രിസ്തു. ലോക സ്ഥാപനത്തിനും മുമ്പേ, ദൈവം യേശുക്രിസ്തുവിനെ നമ്മളുടെ രക്ഷയ്ക്കായി മുൻ നിയമിച്ചിരുന്നു.

 

വെളിപ്പാട് 13:8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും. 

 

ഉടമ്പടിയുടെ ദൈവശാസ്ത്രത്തെ പിന്താങ്ങുന്ന ദൈവശാസ്ത്രജ്ഞന്മാർ മൂന്ന് ദൈവശാസ്ത്രപരമായ ഉടമ്പടികളെക്കുറിച്ച് പഠിപ്പിക്കാറുണ്ട് (theological covenants). അവ, വീണ്ടെടുപ്പിന്റെ ഉടമ്പടി, പ്രവർത്തികളുടെ ഉടമ്പടി, കൃപയുടെ ഉടമ്പടി എന്നിവയാണ് (Covenant of Redemption, the Covenant of Works, and the Covenant of Grace). വീണ്ടെടുപ്പിന്റെ ഉടമ്പടി കാലങ്ങൾക്ക് മുമ്പേ, ദൈവീക ത്രിത്വത്തിനുള്ളിൽ ഉണ്ടായ ഒരു ഉടമ്പടി ആണ്. ഇതിന്റെ ഉദ്ദേശ്യം മാനവരാശിയുടെ രക്ഷയാണ്. കാലങ്ങൾക്ക് മുമ്പേ എന്നതിന് സമയം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് എന്നാണ് അർത്ഥം. ദൈവീക ത്രിത്വത്തിനുള്ളിൽ എന്നത് പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം എന്നിവർക്കിടയിൽ ഉണ്ടായത് എന്നുമാണ് അർത്ഥമാക്കുന്നത്.

 

വീണ്ടെടുപ്പിന്റെ ഉടമ്പടിയുടെ ഉദ്ദേശ്യം, വീണ്ടെടുക്കപ്പെടുന്ന മനുഷ്യരെ തിരഞ്ഞെടുക്കുക, അവരുടെ പാപ പരിഹാരം ക്രമീകരിക്കുക, തിരഞ്ഞടുക്കപ്പെട്ടവരെ നിത്യജീവനായി രക്ഷിക്കുക എന്നിവ ആയിരുന്നു. ദൈവത്തിന്റെ മഹത്വത്തിനായി, തിരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനത്തിന്റെ നിത്യമായ നന്മയ്ക്കായി, അവരെ വീണ്ടെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. ഈ വീണ്ടെടുപ്പ് പദ്ധതിയിൽ, തിരഞ്ഞെടുപ്പ്, പാപ പരിഹാരം, രക്ഷ എന്നിവ ഉണ്ട്.

 

നിത്യമായ ഈ ഉടമ്പടി പ്രകാരം, പിതാവായ ദൈവം, പുത്രന് ഒരു കൂട്ടം ജനത്തെ രക്ഷിക്കുവാനും വീണ്ടെടുക്കുവാനും ആയി നല്കുന്നു. ഇതിനായി പിതാവായ ദൈവം ഒരു കൂട്ടം ജനത്തെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നു. പുത്രൻ ഇവരെ, അവന്റെ ജീവിതം, മരണം, ഉയിർപ്പ് എന്നിവയിലൂടെ വീണ്ടെടുക്കുന്നു. പിതാവ് തിരഞ്ഞെടുത്തവരിൽ, പുത്രന്റെ വീണ്ടെടുപ്പു പ്രവർത്തി, പരിശുദ്ധാത്മാവ് പ്രാവർത്തികമാക്കുന്നു. ത്രിത്വത്തിലെ ഓരോ വ്യക്തിത്വങ്ങൾക്കും ഇങ്ങനെ പ്രത്യേക കർത്തവ്യങ്ങൾ ഉണ്ട് എങ്കിലും മനുഷ്യരുടെ വീണ്ടെടുപ്പു പദ്ധതിയിൽ എല്ലായിടത്തും എല്ലാ ദൈവീക വ്യക്തിത്വങ്ങൾക്കും സജ്ജീവമായ പങ്ക് ഉണ്ട്.

 

മനുഷ്യന്റെ വീണ്ടെടുപ്പു പദ്ധതി, മനുഷ്യനെ സൃഷ്ടിച്ചതിന് ശേഷമൊ, മനുഷ്യൻ പാപത്തിൽ വീണത്തിന് ശേഷമോ തയ്യാറാക്കിയതല്ല, ലോകത്തിന് അടിസ്ഥാനം ഇടുന്നതിന് മുമ്പേ ത്രിയേക ദൈവം നിശ്ചയിച്ചതാണ്.

 

എഫെസ്യർ 1:4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ (പിതാവായ ദൈവം) ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും

 

എഫെസ്യർ 3:11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയ പ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.

 

റോമർ 3: 25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,

 

എബ്രായർ 10: 4-5 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.

 

സങ്കീർത്തനം 40:6,7 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;

 


No comments:

Post a Comment