ക്രിസ്തീയ വിശ്വാസികളും ശബ്ബത്തും

 എന്താണ് ശബ്ബത്ത്

 

“ഷിൻ-ബേത്ത്-താവ്” എന്ന മൂല പദത്തിൽ നിന്നും ഉളവായ ഒരു എബ്രായ പദമാണ് “ഷബാത്ത്” (Shin-Beit-Tav). ഈ വാക്ക് ഇംഗ്ലീഷിൽ “ശാബത്ത്” എന്നും മലയാളത്തില് “ശബ്ബത്ത്” എന്നും ആണ്. ഈ വാക്കിന്റെ അർത്ഥം, അവസാനിപ്പിക്കുക, നിറുത്തുക, വിശ്രമിക്കുക എന്നിങ്ങനെയാണ്. യഹൂദന്മാർക്ക് ശബ്ബത്ത്, ഓരോ ആഴ്ചയിലും ഏഴാമത്തെ ദിവസം ആണ്. അതായത് ഞായറാഴ്ച ആരംഭിക്കുന്ന ഒരു ആഴ്ചയിൽ ആറ് ദിവസങ്ങൾ പ്രവർത്തി ദിവസങ്ങൾ ആയിരിക്കും. ഏഴാമത്തെ ദിവസമായ ശനിയാഴ്ച യാതൊരു വേലയും ചെയ്യാത്ത വിശ്രമത്തിന്റെ ശബ്ബത്ത് ആയിരിക്കും. യഹൂദന്മാർ മാത്രമല്ല, ക്രൈസ്തവ വിശ്വാസികളിലെ ചില വിഭാഗക്കാരും ശബ്ബത്ത് ദിവത്തെ വിശ്രമത്തിന്റെ ദിവസമായി കരുതി, അന്നേ ദിവസം ദൈവത്തെ ആരാധിക്കുവാൻ മാത്രമായി മാറ്റിവയ്ക്കാറുണ്ട്. ചിലർ ഞായറാഴ്ച ദിവസത്തെ യാതൊരു വേലയും ചെയ്യാതെ ദൈവത്തെ ആരാധിക്കുവാനായി മാത്രം മാറ്റിവയ്ക്കുന്നു.  


യഹൂദന്മാരുടെ ശബ്ബത്ത് ആചാരത്തിൽ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങൾ ഉണ്ട്. ഒന്ന് “ഓർക്കുക” എന്നതും, രണ്ടാമത്തേത് “ആചരിക്കുക” എന്നതുമാണ്.

 


പുറപ്പാട് 20:8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.

 

ആവർത്തനപുസ്തകം 5:15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.

 

ശബ്ബത്തിന് മറ്റ് ചില പ്രാധാന്യം കൂടി ഉണ്ട്. അത് ദൈവവും യിസ്രായേല്യരും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം ആണ്. ശബ്ബത്ത് വിശുദ്ധ സഭായോഗം കൂടേണ്ടുന്ന ദിവസം ആണ്. ശബ്ബത്ത് ലംഘിക്കുന്ന യിസ്രായേല്യൻ മരണ ശിക്ഷ അനുഭവിക്കേണം.   

 

പുറപ്പാടു 31:12 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.

 

ലേവ്യപുസ്തകം 23:3 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.

 

പുറപ്പാട് 35:2 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.  

 

ചില ഒഴിവുകളോടെ, മനപ്പൂർവ്വമായി ചെയ്യുന്ന എല്ലാ വേലകളെയും ശബ്ബത്ത് ദിവസം യഹൂദ ന്യായപ്രമാണം വിലക്കുന്നു. വ്യക്തിപരമായി പ്രയോജനം ഉളവാക്കുന്ന ഒരു വേലയും ചെയ്യുവാൻ പാടില്ല. യഹൂദ റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് 39 വേലകൾ ശബ്ബത്ത് ദിവസം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.

 

ദൈവവും യിസ്രായേലും തമ്മിലുള്ള ഒരു അടയാളം.

 

ശബ്ബത്ത് ആചരിക്കുന്ന ക്രമം ഉൽപ്പത്തി 2:2 ൽ പറഞ്ഞിരിക്കുന്ന വിശ്രമത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്. ദൈവം സൃഷ്ടിപ്പിന്റെ സകല പ്രവർത്തികളും ആറ് ദിവസങ്ങൾകൊണ്ട് പൂർത്തീകരിച്ച ശേഷം ഏഴാം ദിവസം വിശ്രമിച്ചു. ഇത്, പുറപ്പാടു 20:8-11 വരെ ദൈവം യിസ്രായേൽ ജനത്തിന് നല്കുന്ന കൽപ്പനയുടെ നിഴൽ ആണ്. പുറപ്പാടു 20 ൽ വിവരിക്കുന്ന പത്ത് കൽപ്പനകളിൽ നാലത്തേതാണ് ശബ്ബത്ത് നാളിനെക്കുറിച്ച് ഉള്ളത്.

 

പുറപ്പാടു 20:8-11

8   ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.

9   ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.

10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.

11   ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

 

8 ആമത്തെ വാക്യം “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.” എന്നു കൽപ്പിക്കുന്നു. പത്ത് കൽപ്പനകളിൽ “ഓർക്ക” എന്നു പറയുന്ന ഏക കൽപ്പന ആണിത്. ഇതിന് രണ്ട് അർത്ഥങ്ങൾ ഉണ്ടാകാം. മുമ്പ് ദൈവം നല്കിയ ഒരു കൽപ്പനയെ ഓർക്കുവാൻ ഇവിടെ പറയുന്നതാകാം. പുറപ്പാടു പുസ്തകം 16 ആം അദ്ധ്യയത്തിൽ ഏഴാം ദിവസത്തെ വിശ്രമത്തേക്കുറിച്ച് ദൈവം കൽപ്പിക്കുന്നുണ്ട്. ഇത് യിസ്രായേൽ മരുഭൂമിയിൽ ആയിരുന്നപ്പോൾ മന്ന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു.

 

“ഓർക്ക” എന്ന വാക്ക് ദൈവം നല്കിയ കൽപ്പന അനുസരിക്കുന്നത് മറക്കരുത്, എപ്പോഴും ഓർക്കേണം എന്ന അർത്ഥത്തിലും ആയിരിക്കാം ഉപയോഗിച്ചിരിക്കുന്നത്. ഇതിന്, മുമ്പ് നല്കിയ കൽപ്പനയോട് യാതൊരു ബന്ധവും ഉണ്ടാകേണം എന്നില്ല. ശബ്ബത്ത് ആചരിക്കുവാൻ യിസ്രായേൽ ജനം ഉദാസീനത കാണിക്കരുത്.

 

പുറപ്പാടു 20:8 ലെ “ശുദ്ധീകരിപ്പാൻ” എന്നവാക്ക് എബ്രായ ഭാഷയിൽ കഡാഷ്” എന്നാണ് ( - kaw-dash'). ഈ വാക്കിന്റെ അർത്ഥം പവിത്രീകരിക്കുക, ശുദ്ധീകരിക്കുക, സമർപ്പിക്കുക, വിശുദ്ധമായിരിക്കുക, വേർപെട്ടിരിക്കുക എന്നിങ്ങനെയാണ്. “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക” എന്ന വാചകത്തിന്റെ അർത്ഥം, ശബ്ബത്ത് ദിവസത്തെ, ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ നിന്നും വിശുദ്ധീകരിച്ചു, വേർതിരിക്കുക എന്നാണ്. ശബ്ബത്ത് മറ്റ് ദിവസങ്ങളിൽ നിന്നും വ്യത്യസ്തം ആണ്. അത് ദൈവത്തിന് സമർപ്പിക്കപ്പെട്ട ദിവസം ആണ്.

പുറപ്പാടു 20:9 മുതൽ 11 വരെയുള്ള വാക്യങ്ങൾ ശബ്ബത്ത് എന്താണ് എന്നു നിർവചിക്കുന്നു. അത് എല്ലാ ഏഴാമത്തെ ദിവസമായ “ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു” എന്നു 10 ആം വാക്യം പറയുന്നു. അന്നേ ദിവസം യിസ്രായേല്യർ വേല ചെയ്യുന്നത് വിലക്കുന്നു. ശബ്ബത്ത് എന്നതിന്റെ നിഴൽ, ദൈവം ആറ് ദിവസങ്ങൾ കൊണ്ട് സകല സൃഷ്ടിയും പൂർത്തീകരിച്ചു ഏഴാം ദിവസം വിശ്രമിച്ചു എന്നതാണ് എന്നു 11 ആം വാക്യം പറയുന്നു.   

 

യിസ്രായേൽ, ശബ്ബത്തു ദിവസത്തെ വേർതിരിക്കുന്നത് പോലെ ദൈവം അവരെയും മറ്റ് ജാതീയ ജന സമൂഹകങ്ങളിൽ നിന്നും വേർതിരിച്ചു. അങ്ങനെ യഹോവ അവരെ ശുദ്ധീകരിക്കുന്ന ദൈവമാണ് എന്നു യിസ്രായേൽ അറിയും.    

 

ശബ്ബത്തും പുതിയ നിയമവും

 

മോശെയ്ക്ക് മുമ്പ് ശബ്ബത്ത് ആചരണം ഉണ്ടായിരുന്നില്ല

 

ഉൽപ്പത്തി പുസ്തകം 2:3 ൽ പറഞ്ഞിരിക്കുന്ന പ്രകാരം, ആറ് ദിവസത്തെ സകല സൃഷ്ടിപ്പിനും ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. ഇത് ശബ്ബത്ത് ദിനാചരണത്തിന്റെ നിഴൽ ആണ്. എന്നാൽ എല്ലാ ഏഴാമത്തെ ദിവസവും ശബ്ബത്ത് ആചരിക്കേണം എന്നു മോശെയ്ക്കു മുമ്പ് ഒരിക്കൽ പോലും ദൈവം ആരോടും കൽപ്പിച്ചിട്ടില്ല. ആദാം മുതൽ മോശെ വരെയുള്ള കാലത്ത് ആരും ശബ്ബത്ത് ആചരിച്ചിട്ടില്ല. യിസ്രായേൽ ജനം മിസ്രയീം വിട്ടു മരുഭൂമിയിൽ എത്തുന്നതിനു മുമ്പ് ആരും ശബ്ബത്ത് ആചരിച്ചതായി തിരുവെഴുത്തുകളിൽ രേഖയില്ല.

 

ഉൽപ്പത്തി 2:2 അനുസരിച്ച് സൃഷ്ടിപ്പിന്റെ “പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.” മനുഷ്യനെ സൃഷ്ടിച്ചത് ആറാമത്തെ ദിവസം ആണ്. എന്നാൽ ഏഴാം ദിവസം ആദാമും ഹവ്വയും വിശ്രമിച്ചതായി ഇവിടെ പറയുന്നില്ല. തുടർന്നു വരുന്ന എല്ലാ ഏഴാമത്തെ ദിവസവും യാതൊരു വേലയും ചെയ്യാതെ വിശ്രമിക്കേണം എന്നു ദൈവം അവരോട് കൽപ്പിച്ചതും ഇല്ല.

 

മോശെയുടെ കാലം ആയപ്പോൾ, സൃഷ്ടിപ്പിലെ ദിവസങ്ങളുടെ ക്രമീകരണത്തെയും, ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നതിനെയും ഒരു നിഴലായി ദൈവം ഉപയോഗിച്ചു. ഈ നിഴലിന്റെ പശ്ചാത്തലത്തിൽ ശബ്ബത്ത് ദിവസത്തെ വേർതിരിച്ച് ശുദ്ധീകരിക്കേണം എന്ന കൽപ്പന നല്കി. എന്നാൽ മുമ്പ് നിഴലായി ഒരു സംഭവം ഉണ്ടായിരുന്നു എന്നത് ആദിമുതൽ ശബ്ബത്ത് ആചാരിക്കുവാനുള്ള കൽപ്പന ഉണ്ടായിരുന്നു എന്നതിന്റെ തെളിവല്ല.

 

പത്ത് കൽപ്പനകൾ പുതിയ നിയമത്തിൽ   

 

പത്ത് കൽപ്പനകൾ പുതിയനിയമത്തിൽ വ്യത്യസ്ത രീതികളിൽ ആവർത്തിച്ചു പറയുന്നുണ്ട്. ക്രിസ്തീയ വിശ്വാസികൾ അനുസരിക്കേണ്ടതാണ് എന്ന രീതിയിൽ ആണ് അവയിൽ 9 കൽപ്പനകളും ആവർത്തിക്കപ്പെടുന്നത്. എന്നാൽ പത്ത് കൽപ്പനകളിൽ നാലാമത്തെ കൽപ്പന ആയ “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.” എന്നത് ഒരിടത്തുപോലും, വിശ്വാസികൾ അനുസരിക്കേണ്ടതാണ് എന്ന രീതിയിൽ എടുത്തു പറയുന്നില്ല.

 

യിസ്രായേൽ ജനത്തിന്നു പത്ത് കൽപ്പനകൾ ദൈവം നല്കിയത് എന്ത് ഉദ്ദേശ്യത്തോടെയും അർത്ഥത്തോടെയും ആണോ, അതേ ഉദ്ദേശ്യത്തോടെയും അർത്ഥത്തോടെയും ആണ് പുതിയനിയമത്തിൽ ഈ കൽപ്പനകൾ ആവർത്തിച്ചു പറയുന്നത്. അവ എല്ലാ ക്രിസ്തീയ വിശ്വാസികളും അനുസരിക്കുവാൻ ഉള്ളതാണ്. എന്നാൽ യേശുവോ, അപ്പൊസ്തലന്മാരോ ശബ്ബത്തിനെക്കുറിച്ചുള്ള കൽപ്പനയെ അതേ അർത്ഥത്തിൽ ആവർത്തിക്കുന്നില്ല. പുതിയ നിയമ സഭ ശബ്ബത്ത് ആചരിക്കേണം എന്നു യേശുവോ അപ്പൊസ്തലന്മാരോ പഠിപ്പിച്ചിട്ടില്ല. മാത്രവുമല്ല,യേശു ശബ്ബത്തിനെ പുനർ നിർവ്വചിക്കുകയും, “മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.” എന്നു വിളംബരം ചെയ്യുകയും ചെയ്തു. (മത്തായി 12:8)  

 

ശബ്ബത്ത് പുതിയനിയമത്തിൽ

 

ശബ്ബത്ത് ആചരിക്കേണം എന്നു പുതിയനിയമം പഠിപ്പിക്കുന്നില്ല എന്നു മാത്രമല്ല, അതിന് വ്യത്യസ്തമായ ഉപദേശങ്ങൾ അപ്പൊസ്തലന്മാരുടെ ലേഖനങ്ങളിൽ നമുക്ക് വായിക്കുവാൻ കഴിയും.

 

കൊലൊസ്സ്യർ 2:16-17

അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

 

ശബ്ബത്ത് ആചരണത്തിൽ നിന്നുമുള്ള നമ്മളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നിലധികം പ്രാവശ്യം പുതിയ നിയമത്തിൽ പറയുന്നുണ്ട്.

 

റോമർ 14:5-6

ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.


യേശുക്രിസ്തുവും ശബ്ബത്തും

 

ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു പ്രത്യക്ഷനായതായി രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ ദിവസവും ആഴവട്ടത്തിന്റെ ആദ്യ ദിവസം ആണ്.

 

യേശുക്രിസ്തു ഒരിക്കലും ശബ്ബത്ത് ആചരിക്കേണം എന്നു ആരോടും ഉപദേശിച്ചിട്ടില്ല. ശബ്ബത്ത് ദിവസം യേശു ചെയ്ത പല പ്രവർത്തികളും സുവിശേഷങ്ങളിൽ വിവരിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരിടത്തും ശബ്ബത്ത് ദിവസം യേശു വേല ചെയ്യാതെ വിശ്രമിച്ചതായി പറയുന്നില്ല. ശബ്ബത്ത് ദിവസത്തെ അവന്റെ പ്രവർത്തികളും പഠിപ്പിക്കലും എപ്പോഴും ഉൽപതിഷ്ണുവും, ഉദാരവും ആയിരുന്നു (liberal).

 

ഒരു ദിവസം യേശുക്രിസ്തുവും ശിഷ്യന്മാരും ഒരു വിളഭൂമിയിൽകൂടി പോകുക ആയിരുന്നു. അപ്പോൾ അവന്റെ ശിഷ്യന്മാർക്ക് വിശന്നു. അവർ കതിർ പറിച്ചു, കൈകൾ കൊണ്ടു തിരുമ്മിതിന്നു. ഇതിനെ ഒരു പ്രവർത്തിയായി പരീശന്മാർ കണ്ടു. അവർ ഉടൻ തന്നെ യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിനെ ബഹുമാനിക്കുന്നില്ല എന്ന കുറ്റം ആരോപിച്ചു.

 

എന്നാൽ യേശു ശിഷ്യന്മാരെ ശാസിച്ചില്ല. അവർ ചെയ്ത പ്രവർത്തിയെ അവൻ ന്യായീകരിച്ചു. അതിനായി യേശു പഴയനിയമ ഭാഗത്തുനിന്നും ഒരു സംഭവം ഉദ്ധരിച്ചു.

 

മർക്കോസ് 2:25-26  

അവൻ അവരോടു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?” അവ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.         

 

കാഴ്ചയപ്പം കഴിച്ചതിൽ ദാവീദും കൂട്ടരും പാപം ചെയ്തില്ല. വിളഭൂമിയിൽ കതിർ പറിച്ച് തിരുമ്മിതിന്നതിൽ യേശുവിന്റെ ശിഷ്യന്മാരും പാപം ചെയ്തിട്ടില്ല.

മറ്റൊരു ശബ്ബത്ത് ദിവസം യേശു പള്ളിയിൽ വച്ചു വരണ്ടകയ്യുള്ള ഒരു മനുഷ്യനെ സൌഖ്യമാക്കി. ഇവിടെയും യേശു നല്കിയ സന്ദേശം സമാനമാണ്.

 

മുപ്പത്തിയെട്ട് വർഷങ്ങൾ ആയി രോഗിയായി കിടന്നിരുന്ന ഒരു മനുഷ്യനെ യേശു സൌഖ്യമാക്കിയതും ഒരു ശബ്ബത്ത് ദിവസം ആണ്. അവനോടു യേശു പറഞ്ഞു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.”

(യോഹന്നാൻ 5:8). “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.” എന്നും നമ്മൾ വായിക്കുന്നു. കിടക്ക എടുത്തു നടക്കുന്നത് ശബ്ബത്ത് ദിവസം നിരോധിക്കപ്പെട്ടിരുന്ന ഒരു പ്രവർത്തിയായിരുന്നു. അതിനാൽ ഇവിടെയും യെഹൂദന്മാർ യേശുവിൽ ശബ്ബത്ത് ലംഘനം എന്ന കുറ്റം കണ്ടെത്തി.

 

യോഹന്നാൻ 5:17 ൽ യേശു പറയുന്നതിങ്ങനെയാണ്: “യേശു അവരോടു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.”

 

ഒരു രോഗിയായ മനുഷ്യനെ ശബ്ബത്ത് ദിവസം സൌഖ്യമാക്കിയതിലോ, അവൻ അന്നേ ദിവസം കിടക്ക എടുത്തു നടന്നതിലോ യേശു യാതൊരു ക്ഷമാപണവും നടത്തിയില്ല. മാത്രവുമല്ല ശബ്ബത്തിൽ അവൻ ചെയ്തതിനെ “പ്രവർത്തി” എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

 

ഈ സംഭവങ്ങളിൽ എല്ലാം യേശു വിനിമയം ചെയ്ത സന്ദേശം ഇതായിരുന്നു. ശബ്ബത്ത് മനുഷ്യർക്ക് നന്മയായി ദൈവം കൽപ്പിച്ചതാണ്, അത് അവർക്കു ഭാരമായി ഇരിക്കുവാൻ അല്ല. ശബ്ബത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം മനുഷ്യർക്ക് പ്രവർത്തികളിൽ നിന്നുമുള്ള വിശ്രമം ആണ്.

 

ഇത്കൂടാതെ യേശു മറ്റൊരു പ്രധാനപ്പെട്ട വിളംബരം കൂടി നടത്തിയിട്ടുണ്ട്.

 

മർക്കോസ് 2:27-28

പിന്നെ അവൻ അവരോടു: “മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു;” അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നു പറഞ്ഞു.

 

യേശുക്രിസ്തു ശബ്ബത്തിനും കർത്താവ് ആകുന്നു. അവനാണ് ശബ്ബത്ത് ഉണ്ടാക്കിയത്, യിസ്രായേല്യരൊട് ശബ്ബത്ത് വിശുദ്ധ ദിവസമായി ആചരിക്കുവാൻ കൽപ്പിച്ചത്. അതേ സൃഷ്ടികർത്താവും നിയമ കർത്താവുമായ യേശുക്രിസ്തു ശബ്ബത്തിനെ പുനർ വ്യാഖ്യാനിക്കുക ആണ്. ദൈവം എന്ത് ഉദ്ദേശിച്ചുവോ അതിൽ നിന്നും പരീശന്മാരുടെ വ്യാഖ്യാനങ്ങൾ അകന്നുമാറിയപ്പോൾ, നിയമ കർത്താവ് അതിന്റെ ശരിയായ വ്യാഖ്യാനത്തിലേക്ക് നമ്മളെ കൊണ്ടുപോകുക ആണ്. ശബ്ബത്ത് വിശ്രമത്തിന്റെ ദിവസം ആണ്. വിശ്രമം യേശുക്രിസ്തു നല്കുന്ന ആത്മീയ വിശ്രമം ആണ്. രോഗങ്ങളിൽ നിന്നും പാപത്തില് നിന്നും നിത്യമായ ഒരു വിശ്രമം യേശുക്രിസ്തുവിൽ നമുക്ക് ഉണ്ട്. ശബ്ബത്ത് ദിവസം ചെയ്യാതെ മാറ്റി വയ്ക്കുവാൻ കഴിയുന്ന കഴിയുന്ന പ്രവർത്തികൾ ആണ് യേശു ആവർത്തിച്ചു ചെയ്തുകൊണ്ടിരുന്നത്. കാരണം അവൻ ശബ്ബത്തിന്റെയും യജമാനൻ ആണ്.  

 

അപ്പൊസ്തലനായ പൌലൊസും ശബ്ബത്തും

 

അപ്പൊസ്തല പ്രവർത്തികളുടെ പുസ്തകം മുതൽ വെളിപ്പാടു പുസ്തകം വരെ, യഹൂദന്മാരുടെ ഇടയിൽ സുവിശേഷം അറിയിക്കുന്നതുമായി ബന്ധപ്പെട്ട് പല പാരാമർശങ്ങൾ ഉണ്ട്. ഇതിന്റെ പശ്ചാത്തലം ഏതാണ്ട് എല്ലായിപ്പോഴും ഒരു യഹൂദ സിനഗോഗ് ആയിരുന്നു. പൌലൊസ് സിനഗോഗിൽ പോയിരുന്നത് യേശുക്രിസ്തുവിനെ ആരാധിക്കുവാൻ വേണ്ടിയോ, ക്രിസ്തീയ വിശ്വാസികളെ പ്രബോധിപ്പിക്കുവാൻ വേണ്ടിയോ ആയിരുന്നില്ല. അവൻ യഹൂദ പള്ളികളിൽ പോയിരുന്നത് യഹൂദന്മാരോടും അവരോട് ചേർന്ന ജാതീയരായവരോടും യേശുവിന്റെ സുവിശേഷം അറിയിക്കുവാൻ വേണ്ടി ആയിരുന്നു.

 

അപ്പൊസ്തലനായ പൌലൊസ് അദ്ദേഹത്തിന്റെ ലേഖനത്തിൽ വിവിധ വിഷയങ്ങളിൽ ആദ്യകാല വിശ്വാസികൾക്ക് മർഗ്ഗ നിർദ്ദേശങ്ങൾ നല്കുന്നുണ്ട്. ദൈവരാജ്യത്തിൽ നിന്നും നമ്മളെ അകറ്റിക്കളയുന്ന പല പാപ പ്രവർത്തികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നുണ്ട്. എന്നാൽ ഒരിടത്തുപോലും ശബ്ബത്ത് ആചരിക്കേണം എന്നു അദ്ദേഹം പഠിപ്പിക്കുന്നില്ല.

 

യേശുവോ, പൌലൊസോ, മറ്റ് അപ്പൊസ്തലന്മാരോ ഒരിക്കലും ശബ്ബത്ത് ആചരിക്കേണം എന്നു ക്രിസ്തീയ വിശ്വാസികളോട് ഉപദേശിച്ചിട്ടില്ല.      

 

യെരൂശലേം കൌൺസിൽ

 

യെരൂശലേം കൌൺസിൽ എന്നു അറിയപ്പെടുന്ന അപ്പൊസ്തലന്മാരുടെ ആലോചനാ സമതി കൂടിയത് AD 50 ൽ ആണ്. ആദ്യ ക്രിസ്തീയ സഭയിൽ ഉപദേശങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടിയ പ്രഥമ സമതി ആണിത്. അവർ പ്രധാനമായും ഉപദേശ സംബന്ധമായ രണ്ട് വിഷയങ്ങൾ ആണ് ചർച്ച ചെയ്തു തീരുമാനം എടുത്തത്.


1.    യഹൂദന്മാർ അല്ലാത്ത ക്രിസ്തീയ വിശ്വാസികൾ പരിച്ഛേദന ഏൽക്കണമോ?

2.  യഹൂദ ഇതര ക്രിസ്തീയ വിശ്വാസികൾ മോശെയുടെ ന്യായപ്രമാണം അനുസരിക്കണമോ?

 

അവരുടെ ഇടയിൽ “വളരെ തർക്കം” ഉണ്ടായി എന്നു 6 ആം വാക്യത്തിൽ പറയുന്നു. സുദീർഘവും ചൂടേറിയ ചർച്ചകൾക്കും ശേഷം, അപ്പൊസ്തലനായ യാക്കോബ് അന്തിമ തീരുമാനം പ്രഖ്യാപിച്ചു. ഇതിനെ യാണ് “അപ്പൊസ്തല വിശ്വാസ പ്രഖ്യാപനം” എന്നു വിളിക്കുന്നത് (Apostolic Decree). അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങൾ ഇതെല്ലാം ആണ്: (13-21) 


1.    ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ അസഹ്യപ്പെടുത്തരുത്.

2.  ചില കാര്യങ്ങൾ വർജ്ജിച്ചിരിപ്പാൻ നമ്മൾ അവർക്ക് എഴുതേണം. അവർ വർജ്ജിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം ആണ്:

 

     I.   വിഗ്രഹ മാലിന്യങ്ങൾ

    II.   പരസംഗം

   III.   ശ്വാസം മുട്ടി ചത്തത്

  IV.   രക്തം

 

3.  എന്നാൽ യഹൂദന്മാർക്ക് പ്രത്യേക കത്തുകൾ എഴുതേണ്ടതില്ല. കാരണം മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നുണ്ട്. പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവരും ഉണ്ട്. യഹൂദന്മാർക്ക് മോശെയുടെ പ്രമാണങ്ങൾ അവരിൽ നിന്നും പഠിക്കാം. 

 

യെരൂശലേമിലെ കൌൺസിലിലെ അപ്പൊസ്തലന്മാരുടെ തീരുമാനങ്ങൾ, ക്രിസ്തീയ സഭയെ യഹൂദ വേരുകളിൽ നിന്നും അടർത്തിമാറ്റിയ ചരിത്രപരമായ പ്രഖ്യാപനമാണ്. അപ്പൊസ്തല വിശ്വാസ പ്രഖ്യാപനത്തിൽ ക്രിസ്തീയ വിശ്വാസികൾ, ആഴ്ചയിലെ ഏഴാം ദിവസം ശബ്ബത്ത് ദിവസമായി ആചരിക്കേണം എന്നു അവർ കൽപ്പിച്ചില്ല.

 

പുതിയനിയമ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, യേശുക്രിസ്തു തന്റെ ജീവിതത്തിലും ക്രൂശിലെ മരണത്തിലുമായി സകല ന്യായപ്രമാണങ്ങളും അവനിൽ വിശ്വസിക്കുന്നവർക്കായി നിവർത്തിച്ചു. അതിനാൽ അതിന് ശേഷം പുതിയ നിയമ സഭ, ആഴ്ചവട്ടത്തിന്റെ അവസാന ദിവസത്തെയോ, ആരംഭ ദിവസത്തെയോ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ദിവസത്തെയോ, ശബ്ബത്ത് ആയി വേർതിരിച്ച് ആചരിക്കേണം എന്ന കൽപ്പന ഉണ്ടായിട്ടില്ല.      

 

കർത്തൃദിവസം

 

AD 321 ൽ ആണ് ഞായറാഴ്ച പൊതു അവധി ദിവസമായി പുരാതന റോമൻ സാമ്രാജ്യത്തിൽ പ്രഖ്യാപിക്കപ്പെടുന്നത്. ഈ കൽപ്പന പുറപ്പെടുവിച്ചത് കോൺസ്റ്റാൻറ്റൈൻ ചക്രവർത്തി ആണ് (Constantine). “ബഹുമാന്യമായ ഞായറാഴ്ച ദിവസം പട്ടണത്തിൽ താമസിക്കുന്ന എല്ലാ നീതിപതിമാരും ജനങ്ങളും വിശ്രമിക്കുകയും, തൊഴിൽശാലകൾ അടച്ചിടുകയും ചെയ്യട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ കൽപ്പന. ഈ കൽപ്പനയിലൂടെ അദ്ദേഹം ശബ്ബത്ത് ദിവസത്തെ ശനിയാഴ്ചയിൽ നിന്നും ഞയറാഴ്ചയിലേക്ക് മാറ്റുക ആയിരുന്നില്ല. ഞായറാഴ്ചയെ അവധി ദിവസമായി തിരഞ്ഞെടുത്തത്, ക്രിസ്തീയ വിശ്വാസികൾ അന്നേ ദിവസം ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ച് കൂടാറുണ്ട് എന്നതിനാൽ ആയിരിക്കാം.

 

ഞായറാഴ്ച നമ്മളുടെ കർത്താവായ യേശുക്രിസ്തു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ ദിവസം ആണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പാണ് ക്രിസ്തീയ വിശ്വാസത്തെ മറ്റ് മത വിശ്വാസങ്ങളിൽ നിന്നും വേർതിരിച്ച് നിറുത്തുന്നത്. അതിനാൽ, യേശുക്രിസ്തുവിന്റെ ഉയിർപ്പ് മുതൽ, ക്രിസ്തീയ വിശ്വാസികൾ, പാപത്തിന്മേലും മരണത്തിന്മേലും ഉള്ള അവന്റെ ഉയിർപ്പ് ആഘോഷിക്കുവാനായി ഞായറാഴ്ച ദിവസം ഒരുമിച്ച് കൂടുന്നു.

 

അപ്പൊസ്തല പ്രവൃത്തികൾ 2:46 ൽ പറയുന്നത് ആദ്യ സഭ ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കുകയും ചെയ്തു എന്നാണ്.

 

തിരുവചനത്തിലും, ക്രിസ്തീയ സഭാ ചരിത്ര ഗ്രന്ഥങ്ങളിലും, ആദ്യ കാല സഭ ആഴ്ചവട്ടത്തിലെ ഒന്നാമത്തെ ദിവസമായ ഞായറാഴ്ചയാണ് ദൈവത്തെ ആരാധിക്കുവാനായി കൂടിവന്നിരുന്നത് എന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ശബ്ബത്തിനെ ശനിയാഴ്ചയിൽ നിന്നും ഞായാറാഴ്ചയിലേക്ക് മാറ്റിയില്ല. എന്നാൽ ഉയിർത്തെഴുന്നേറ്റ അവരുടെ കർത്താവിനെ, അവൻ ഉയിർത്തെഴുന്നേറ്റ ദിവസമായ ആഴ്ചവട്ടത്തിലെ ഒന്നാമത്തെ ദിവസം അവർ ആരാധിച്ചു. അപ്പൊസ്തല പ്രവൃത്തികൾ 2:46, 20:7, 1 കൊരിന്ത്യർ 16:2 എന്നീ വേദഭാഗങ്ങൾ ഇതിന് തെളിവുകൾ ആണ്.

 

അപ്പൊസ്തലനായ യോഹന്നാൻ ആഴ്ചയിലെ ഒന്നാമത്തെ ദിവസത്തെ കർത്തൃദിവസം എന്നാണ് വിളിച്ചത്.

 

ചുരുക്കി പറഞ്ഞാൽ, ആഴ്ചയിലെ ഒന്നാമത്തെ ദിവസത്തെ ദൈവത്തെ ആരാധിക്കുവാനായി ആദ്യ കാല സഭ തിരഞ്ഞെടുത്തത്, നമ്മളുടെ കർത്താവായ യേശുക്രിസ്തു അന്നാണ് ഉയിർത്തെഴുന്നേറ്റത് എന്നതുകൊണ്ടാണ്. അത് യേശുക്രിസ്തു മരണത്തിന്മേൽ ജയം നേടിയ ദിവസം ആണ്.


 

ആത്മീയ വിശ്രമം

 

നമ്മൾ മുമ്പ് ചിന്തിച്ചതുപോലെ സൃഷ്ടിപ്പിലെ ആറ് ദിവസത്തെ വേലയും ഏഴാമത്തെ ദിവസത്തെ വിശ്രമവും ആണ് ശബ്ബത്ത് പ്രമാണത്തിന്റെ മാതൃക. ദൈവം ആറ് ദിവസങ്ങൾ കൊണ്ട് “ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും” സൃഷ്ടിച്ചു. “താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.” യിസ്രായേൽ ജനത്തിനും ശബ്ബത്ത് എന്നാൽ, ആറ് ദിവസത്തെ വേലയ്ക്ക് ശേഷം, ഏഴാമത്തെ ദിവസത്തെ വിശ്രമം ആണ്. എന്നാൽ ശബ്ബത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം അടുത്ത ദിവസം യിസ്രായേല്യർ വീണ്ടും വേല ആരംഭിക്കേണം.

 

ശബ്ബത്ത് ആചാരണത്തിന്റെ വിവിധ ഘടകങ്ങൾ വരുവാനിരുന്ന മശീഹയിലേക്ക് വിരൽ ചൂണ്ടുന്നത് ആയിരുന്നു. തന്റെ ജനത്തിന് ഒരു സമ്പൂർണ്ണ വിശ്രമം നല്കുവാൻ മശീഹയ്ക്ക് കഴിയും. പഴയനിയമ കാലത്ത് ദൈവത്തിന് സ്വീകാര്യർ ആകുവാനായി യിസ്രായേൽ ജനം കഠിനമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അവരുടെ പ്രയത്നത്തിൽ, മോശെയുടെ ന്യായപ്രമാണത്തിലെ എല്ലാ കൽപ്പനകളും പാലിക്കുക എന്നത് പ്രധാനമായും ഉൾപ്പെട്ടിരുന്നു. എന്നാൽ ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരമനുസരിച്ച് ന്യായപ്രമാണങ്ങൾ പാലിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവരുടെ കുറവുകൾക്കും പാപങ്ങൾക്കും പരിഹാരമായി പലവിധത്തിലുള്ള യാഗങ്ങൾ ദൈവം കൽപ്പിച്ചു നല്കി. ഈ യാഗങ്ങൾ എല്ലാം താൽക്കാലികമായ ക്രമീകരണങ്ങൾ ആയിരുന്നു. യേശു ക്രിസ്തുവിന്റെ പാപ പരിഹാര യാഗത്തോളം വരെയേ പഴയനിയമ യാഗങ്ങൾക്ക് പ്രസക്തി ഉണ്ടായിരുന്നുള്ളൂ.

 

അവരുടെ യാഗങ്ങൾക്ക് എന്നന്നേക്കുമായുള്ള ഒരു പാപ പരിഹാരം വരുത്തുവാൻ കഴിഞ്ഞില്ല എന്നതിനാൽ അവർ യാഗങ്ങൾ ആവർത്തിച്ചു അർപ്പിക്കേണമായിരുന്നു. ഇതുപോലെ തന്നെ, അവർ ശബ്ബത്ത് ദിവസം സകല വേലയിൽ നിന്നും വിശ്രമിക്കുകയും, അടുത്ത ദിവസം വീണ്ടും വേല ആരംഭിക്കുകയും ചെയ്തു. അവരുടെ വിശ്രമം എന്നന്നേക്കുമുള്ള വിശ്രമം ആയില്ല.

 

യേശു ക്രിസ്തുവിന്റെ ക്രൂശിലെ, ഒരിക്കലായി, എന്നന്നേക്കുമായുള്ള, യാഗത്തിന്റെ നിഴലാണ് പഴയനിയമത്തിലെ എല്ലാ യാഗങ്ങളും. ക്രൂശിലെ യാഗത്തിന് ശേഷം യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരുന്നു എന്നത് വീണ്ടും യാഗം ആവർത്തിക്കേണ്ടതില്ല എന്നതിനെ സൂചിപ്പിക്കുന്നു. അവൻ സകലതും നിവർത്തിച്ചിരിക്കുന്നു.


എബ്രായർ 10:12-13

യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.

 

“ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നു” എന്നത് പാപ പരിഹാരത്തിനായി ചെയ്യേണ്ടുന്നതെല്ലാം നിവർത്തിച്ചതിന് ശേഷം ഉള്ള നിത്യമായ വിശ്രമം ആണ്. അവനിൽ വിശ്വസിക്കുന്നവരുടെ പാപ പരിഹാരത്തിനായി ഇനി യാതൊന്നും ചെയ്യുവാനില്ല. ഇന്ന്, യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെടുന്ന എല്ലാവരും അവന്റെ വിശ്രമത്തിൽ പ്രവേശിക്കുകയാണ്. അവരെ നീതീകരിക്കുവാനായി ന്യായപ്രമാണം പാലിക്കുന്നതിൽ നിന്നും എന്നന്നേക്കുമായി അവർ വിശ്രമിക്കുന്നു. ഇതാണ് ക്രിസ്തുവിൽ നമ്മൾ അനുഭവിക്കുന്ന ആത്മീയ വിശ്രമം.  

 

എബ്രായർ 4:1-10 വരെയുള്ള വാക്യങ്ങൾ പറയുന്നത് അനുസരിച്ചു, ആറ് ദിവസത്തെ സൃഷ്ടിപ്പിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നത്, യേശുക്രിസ്തുവിലുള്ള വിശ്വാസവും അവനോടുള്ള അനുസരണവും നിമിത്തം നമുക്ക് ലഭിക്കുന്ന ആത്മീയ വിശ്രമം ആണ്.

ക്രിസ്തുവിന്റെ ക്രൂശിലെ നിവർത്തിക്കപ്പെട്ട വിശ്രമത്തിൽ പ്രവേശിക്കുന്നില്ല എങ്കിൽ, നമ്മൾ ആത്മീയമായി മരിച്ചവർ ആകും.

 

ശബ്ബത്ത് യിസ്രായേൽ ജനത്തിന് എന്നന്നേക്കുമായുള്ള വിശ്രമം ആയിരുന്നില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷ നമ്മളുടെ ആത്മാവിന് നിത്യ വിശ്രമം ആണ്. യേശുവിൽ രക്ഷയ്ക്കായി വിശ്വസിക്കുന്ന ഒരുവൻ ദൈവ മുമ്പാകെയുള്ള നീതീകരണത്തിനായി പ്രവർത്തിക്കേണ്ടതില്ല. യേശുക്രിസ്തു ആണ് ഇന്ന് നമ്മളുടെ വിശ്രമം. അവൻ നമ്മളുടെ സകല പാപങ്ങൾക്കും പരിഹാരമായി ഒരിക്കലായി എന്നന്നേക്കുമായുള്ള യാഗം അർപ്പിച്ചു. അങ്ങനെ പാപ പരിഹാരത്തിനായി ന്യായപ്രമാണ പ്രകാരം ചെയ്യേണ്ടതെല്ലാം ചെയ്തു തീർത്തു.

 

ഉൽപ്പത്തി 2:3 ൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്: “ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” അതിനാൽ ഇന്ന് പുതിയ നിയമ വിശ്വാസികൾ യേശുക്രിസ്തുവിൽ അനുഭവിക്കുന്ന ആത്മീയ വിശ്രമം അനുഗ്രഹിക്കപ്പെട്ടതും, ശുദ്ധീകരിക്കപ്പെട്ടതും ആണ്.

 

അങ്ങനെ യേശുക്രിസ്തു നമ്മളുടെ ആത്മീയ വിശ്രമം ആയി. നമ്മൾ ക്രിസ്തുവിൽ, ആഴ്ചയിൽ ഒരു ദിവസം അല്ല, എല്ലാ ദിവസവും വിശ്രമിക്കുന്നു. ക്രിസ്തുവിൽ വിശ്രമിക്കുന്നതിന് പകരം, നമ്മളുടെ നീതീകരണത്തിനായി നമ്മൾ പ്രവർത്തിക്കുന്നു എങ്കിൽ, അതിന്റെ ഫലം ആത്മീയ മരണം ആണ്. ശബ്ബത്ത് ദിവസം വേലചെയ്യുന്ന യിസ്രായേല്യരെ കൊല്ലുവാൻ ദൈവം കൽപ്പിച്ചിരുന്നു എന്നത് ഇതിന്റെ നിഴൽ ആണ്. മരണ ശിക്ഷയുടെ ഉദ്ദേശ്യം, പ്രമാണ ലംഘകനെ ദൈവ ജനത്തിന്റെ ഇടയിൽ നിന്നും ഛേദിച്ചുകളയുക എന്നതാണ്.

 

അതിനാൽ ഒരിക്കൽ ക്രിസ്തുവിലുള്ള വിശ്വാസം മൂലം, അവനിൽ ആത്മീയ വിശ്രമത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ, നമ്മളുടെ നീതീകരണത്തിനായി യാതൊരു പ്രവർത്തിയും അനുവദനീയം അല്ല. ഈ പ്രമാണത്തെ ലംഘിച്ചാൽ അവനെ ദൈവ ജനത്തിന്റെ ഇടയിൽ നിന്നും ഛേദിച്ചുകളയും. യേശുക്രിസ്തുവിന്റെ ക്രൂശിൽ ഉള്ള പരമായാഗത്തിലുള്ള വിശ്വാസം മൂലം, അവനിൽ വിശ്രമിക്കാത്ത എല്ലാ അവിശ്വാസികളുടെയും അനുഭവം ഇതായിരിക്കും.

 

എങ്ങനെ ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കാം. 


ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുക എന്ന ചിന്ത എബ്രായർ 3-4 അദ്ധ്യായങ്ങളിൽ നമുക്ക് വായിക്കാവുന്നതാണ്. എബ്രായർ 3:7 മുതൽ, മരുഭൂമിയിലെ യിസ്രായേൽ ജനത്തിന്റെ യാത്രയിലൂടെ, എങ്ങനെ ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കാം എന്നു ലേഖന കർത്താവ് നമുക്ക് വിശദീകരിച്ചു നല്കുന്നു. കനാൻ ദേശം യിസ്രായേൽ ജനത്തിന് വിശ്രമത്തിന്റെ ദേശം ആയിരുന്നു. അവരുടെ എല്ലാ ശത്രുക്കളേയും പരാജയപ്പെടുത്തി, അവർക്ക് കനാൻ ദേശത്തിൽ സ്വസ്ഥമായി ജീവിക്കാം എന്നതായിരുന്നു വാഗ്ദത്തം. ദൈവത്തിലും അവന്റെ വാഗ്ദത്തത്തിലും പരിപൂർണ്ണമായി വിശ്വസിക്കുക എന്നത് മാത്രമായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്.

 

എന്നാൽ യിസ്രായേൽ ജനം മരുഭൂമിയിൽ യാത്ര ചെയ്യുമ്പോൾ തന്നെ അവരുടെ ഹൃദയം ദൈവത്തിന് നേരെ കഠിനമായി. അവർ ദൈവത്തോട് മൽസരിച്ചു. അതിനാൽ അവർ മരുഭൂമിയിൽ 40 വർഷങ്ങൾ അലഞ്ഞു നടന്നു. ദൈവം അവരെക്കുറിച്ചു ഇങ്ങനെ കൽപ്പിച്ചു:

 

എബ്രായർ 3:10-11

അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു; അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”

 

ഇവിടെ പറയുന്ന “സ്വസ്ഥത” കനാൻ ദേശമാണ്. ദൈവത്തോട് മൽസരിച്ച യിസ്രായേൽ ജനം കനാൻ ദേശം എന്ന സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല എന്നു അവൻ സത്യം ചെയ്തു. എന്നാൽ യോശുവയുടെ നേതൃത്വത്തിൽ അടുത്ത തലമുറ കനാൻ ദേശം കൈവശമാക്കി, അവിടെ താമസിച്ചു. ഇത് ഭൌതീക തലത്തിലുള്ള വിശ്രമം ആയിരുന്നു.

 

യേശു ക്രിസ്തുവിലുള്ള നിത്യമായ വിശ്രമത്തിന്റെ നിഴൽ ആയിരുന്നു പഴയനിയമത്തിലെ ശബ്ബത്ത്. അതിനാൽ അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കുന്നു എന്നു എബ്രായ ലേഖന കർത്താവ് നമ്മളെ ഓർമ്മിപ്പിക്കുന്നു.

 

എബ്രായർ 4:1 അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക.

 

ശേഷിച്ചിരിക്കുന്ന വാഗ്ദത്തം യേശുക്രിസ്തുവിലൂടെയുള്ള രക്ഷയാണ്. അവന് മാത്രമേ രക്ഷയിലൂടെ നിത്യമായ വിശ്രമം നല്കുവാൻ കഴിയൂ. അവൻ ചൊരിഞ്ഞ രക്തത്തിന് മാത്രമേ നമ്മളുടെ പാപത്തിന് പരിഹാരം വരുത്തുവാൻ കഴിയൂ. എന്നന്നേക്കുമായി പാപ പരിഹാരം ലഭിച്ചവർക്ക് മാത്രമേ തങ്ങളുടെ വേലയിൽ നിന്നും വിശ്രമിക്കുവാൻ കഴിയൂ. അതിനാൽ ആത്മീയ വിശ്രമം എന്നത് ആത്മീയ രക്ഷയാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസം ആണ് ദൈവത്തിന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുവാനുള്ള ഏക മാർഗ്ഗം.

 

ഈ വിശ്വാസത്തിന്റെ സവിശേഷത എന്താണ് എന്നു എബ്രായർ 4:10-13 വരെയുള്ള വാക്യങ്ങളിൽ രചയിതാവ് വിവരിക്കുന്നു. ദൈവത്തിന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുവാൻ ആവശ്യമായ വിശ്വാസം എന്നത്, നീതിക്കായുള്ള നമ്മളുടെ പ്രവർത്തികളിൽ നിന്നും വിശ്രമിക്കുക എന്നതാണ്. 


നമ്മൾക്ക് സ്വയം, നമ്മൾ ചെയ്യുന്ന ഏതെങ്കിലും പ്രവർത്തിയിലൂടെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുവാൻ സാദ്ധ്യമല്ല. ഇതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്. യേശു ക്രിസ്തു ക്രൂശിൽ ചെയ്തു തീർത്ത യാഗത്തിൽ ഉള്ള വിശ്വാസം മൂലവും ദൈവ ഹിതത്തോടുള്ള നമ്മളുടെ അനുസരണം നിമിത്തവും മാത്രമേ നമുക്ക് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുവാൻ കഴിയൂ.

 

അവിശ്വാസം നിമിത്തം വാഗ്ദത്ത ദേശം എന്ന സ്വസ്ഥതയിൽ പ്രവേശിക്കുവാൻ യിസ്രായേല്യർക്ക് കഴിഞ്ഞില്ല എങ്കിലും യേശുക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം ദൈവത്തിന്റെ നിത്യ സ്വസ്ഥതയിൽ പ്രവേശിക്കുവാൻ നമുക്ക് കഴിയുന്നു. ഈ വിശ്വാസമോ കൃപയാൽ ദൈവത്തിന്റെ ദാനമായി നമുക്ക് ലഭിച്ചതാകുന്നു.

 

ക്രിസ്തീയ ശബ്ബത്ത്

 

ശബ്ബത്ത് എന്നും എപ്പോഴും ആഴ്ചവട്ടത്തിലെ അവസാനത്തെ ദിവസം ആണ്. അത് നമ്മളുടെ ആഴ്ചയിൽ ശനിയാഴ്ച ദിവസം ആണ്. അത് ഒരിക്കലും ആരും, ഞായറാഴ്ചയിലേക്കൊ, മറ്റൊരു ദിവസത്തേക്കോ മാറ്റിയിട്ടില്ല.

 

ശബ്ബത്ത് ദൈവത്തെ ആരാധിക്കുവാനുള്ള ദിവസം ആണ് എന്നു വേദപുസ്തകത്തിൽ ഒരിടത്തും കൽപ്പന ഇല്ല. ശബ്ബത്ത്, ആറ് ദിവസത്തെ വേലയ്ക്ക് ശേഷം ഉള്ള, ഏഴാം ദിവസത്തെ വിശ്രമം ആണ്. അത് വിശ്രമത്തിന്റെ ദിവസം ആണ്.

 

ശബ്ബത്ത് മോശെയുടെ ന്യായപ്രമാണത്തിന്റെ ഭാഗം ആണ്. അത് യിസ്രായേൽ ജനത്തിന് നല്കപ്പെട്ട പ്രമാണം ആണ്. ശബ്ബത്ത് പുതിയനിയമ സഭയ്ക്ക് നല്കപ്പെട്ട പ്രമാണം അല്ല.

 

ഞായറാഴ്ച ക്രിസ്തീയ ശബ്ബത്ത് അല്ല. പുതിയനിയമത്തിൽ ഒരിടത്തും ഞായറാഴ്ചയെ ശബ്ബത്ത് ദിവസമായി വിശ്വാസികൾ വേർതിരിച്ച് ആചരിച്ചിട്ടില്ല. പുതിയ നിയമത്തിലെ കർത്തൃദിവസം ശബ്ബത്തിന്റെ പകരമോ, തുല്യമോ ആയ ദിവസം അല്ല.


പുതിയനിയമ കാലത്ത് ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച ആരാധനയ്ക്കായി കൂടിവന്നപ്പോഴും, യഹൂദന്മാരുടെ ഇടയിൽ ശബ്ബത്ത് ആചരണം ഉണ്ടായിരുന്നു. ശബ്ബത്തിനെ അങ്ങനെ തന്നെയാണ് യേശുവും അപ്പൊസ്തലന്മാരും കണ്ടിരുന്നത് .

 

യേശുക്രിസ്തു ഉയിരത്തെഴുന്നേറ്റത് ആഴ്ചവട്ടത്തിലെ ആദ്യ ദിവസം ആയതുകൊണ്ടാണ് ആദ്യ സഭാ നാളുകൾ മുതൽ ഇന്നേവരെ, ആ ദിവസം ആരാധനയ്ക്കായി വേർതിരിച്ചിരിക്കുന്നത്. യേശുവിന്റെ ഉയിർപ്പിനെ ഓർക്കുവാൻ ഞായറാഴ്ച ഒരുമിച്ച് കൂടുക എന്നത് ആദ്യ സഭാ വിശ്വാസികൾ ആരംഭിച്ച ഒരു രീതിയാണ്. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക ദിവസം ആരാധനയ്ക്കായി കൂടിവരേണം എന്നൊരു കൽപ്പന നമ്മളുടെ കർത്താവോ, അപ്പൊസ്തലന്മാരോ നല്കിയിട്ടില്ല. ഞായറാഴ്ച ദിവസത്തെ വിശ്രമത്തിന്റെ ദിവസം ആയി ആചരിക്കുവാനുള്ള കൽപ്പനയും പുതിയനിയമത്തിൽ ഇല്ല.

 

പാപ പരിഹാരത്തിനായും രക്ഷയ്ക്കായും, ആഴ്ചയിൽ ഒരു ദിവസത്തെ വേർതിരിച്ച് ആചരിക്കേണ്ട ആവശ്യം പുതിയനിയമ സഭയ്ക്ക് ഇല്ല. ദൈവ കൃപയാൽ വിശ്വാസം മൂലം ആണ് നമ്മൾ രക്ഷിക്കപ്പെട്ടിരിക്കുന്നതു എന്നു തിരുവെഴുത്ത് വ്യക്തമായി പറയുന്നു. യേശു ക്രിസ്തുവിന്റെ പരമ യാഗം, ഉയിർപ്പ് എന്നിവയിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും നിമിത്തം ആണ് നമ്മൾ രക്ഷിക്കപ്പെടുന്നത്. അതിൽ നമ്മളുടെ യാതൊരു നല്ല പ്രവർത്തിക്കും പങ്കില്ല.

 

യഹൂദന്മാരും, ജാതീയ വിശ്വാസത്തിൽ നിന്നും യഹൂദ വിശ്വാസത്തെ സ്വീകരിച്ചവരും യഹൂദ സിനഗോഗുകളിൽ ശബ്ബത്ത് ദിവസം കൂടിവന്നിരുന്നതായി അപ്പൊസ്തല പ്രവൃത്തികളിൽ പറയുന്നുണ്ട്. എന്നാൽ നമ്മളുടെ കർത്താവിനെ ഞായറാഴ്ച മാത്രമേ ആരാധിക്കാവൂ എന്നൊരു കൽപ്പന പുതിയനിയമത്തിൽ പറയുന്നില്ല. ഞായറാഴ്ച പുതിയ നിയമ സഭ ഒരുമിച്ച് കൂടുന്നതിന്റെ വിവരണം ഉണ്ട്. ഇത് ഒരു ചരിത്ര വിവരണം മാത്രമാണ്, അതുപോലെ അനുഷ്ഠിക്കുവാനുള്ള കൽപ്പന അല്ല.

 

വേല ചെയ്യുന്നത് വിലക്കിയിട്ടില്ല

 

വിശ്വാസികൾ ഒരുമിച്ച് കൂടി ദൈവത്തെ ആരാധിക്കുന്നത് ക്രിസ്തീയ ജീവിതത്തിൽ വളരെ പ്രധാനമാണ്. എന്നാൽ അത് ഏത് ദിവസം ആയിരിക്കേണം എന്നതിൽ യാതൊരു നിർബന്ധവും ഇല്ല. ഈ വിഷയം പുതിയനിയമത്തിൽ ചില വേദഭാഗങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്.

 

കൊലൊസ്സ്യർ 2:16-17

അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

 

റോമർ 14:5-6

ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു;

തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.

 

ശനിയാഴ്ചയോ, ഞായറാഴ്ചയോ യാതൊരു വേലയും ചെയ്യരുതു എന്നൊരു കൽപ്പന പുതിയനിയമ സഭയ്ക്ക് ഇല്ല. ഞായറാഴ്ച ജോലി ചെയ്യുന്നത് തിരുവെഴുത്തു എങ്ങും വിലക്കിയിട്ടില്ല. പ്രായോഗികമായി, ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർ, മറ്റ് അത്യാഹിത മേഖലകളിൽ ജോലിചെയ്യുന്നവർ, രാജ്യ സുരക്ഷ സംബന്ധിച്ച ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ, മുതലായവർ ഞായറാഴ്ച ജോലിചെയ്യുന്നുണ്ട്. അത് നമ്മളുടെ നന്മയയ്ക്കും, സുരക്ഷിതത്വത്തിനും വേണ്ടിയാണ്. അതിനായി നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു.

 

മത്തായി 12:12 എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു

 

എങ്കിലും, സാഹചര്യം തടസ്സമല്ലാത്ത സമയത്ത് എല്ലാം, എല്ലാ ക്രിസ്തീയ വിശ്വാസികളും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ച് കൂടിവരേണം. ഇത്തരം കൂടിവരവ് ക്രിസ്തീയ ജീവിതത്തിന്റെ ജീവനാണ്. അത് ദൈവത്തെ ആരാധിക്കുകയും അന്യോന്യം പ്രബോധിപ്പിക്കുകയും ചെയ്യുന്ന ദിവസമാണ്. ഈ ലോകത്തിൽ ദൈവരാജ്യത്തിന് യോഗ്യമായി ജീവിക്കുവാൻ നമുക്ക് ബലം നല്കുന്നത് വിശ്വാസികളുടെ കൂട്ടായ്മ ആണ്.



 

കോറം ഡെയോ

 

യേശു ക്രിസ്തുവിനെ മശീഹ ആയി സ്വീകരിച്ചു, അവനിൽ വിശ്വസിച്ചു രക്ഷ പ്രാപിച്ച യഹൂദ ക്രിസ്ത്യാനികളിൽ ചിലർ ഇന്നും ശബ്ബത്ത് ആചാരിക്കാറുണ്ട്. അവരുടെ യഹൂദ പശ്ചാത്തലം അനുസരിച്ച് ദൈവത്തെ ആരാധിക്കുവാനായി അവർ വേർതിരിച്ചിരിക്കുന്ന ദിവസം ആണിത്. യഹൂദന്മാർ അല്ലാത്ത ജാതീയരിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസികളിൽ ചിലരും ശനിയാഴ്ച ശബ്ബത്തായും, ദൈവത്തെ ആരാധിക്കുന്ന ദിവസം ആയും ആചരിക്കുന്നു.

ദൈവത്തെ ആരാധിക്കുവാനായി വേർതിരിക്കുന്ന ദിവസം ഏതായിരിക്കേണം എന്നത് പുതിയനിയമത്തിൽ നിർബന്ധമുള്ള വിഷയം അല്ല എന്നതിനാൽ, ചിലർ ശനിയാഴ്ച ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ച് കൂടുന്നതിൽ തെറ്റില്ല. എന്നാൽ അതിന്റെ ഉദ്ദേശ്യം, നമ്മളുടെ ഇത്തരം പ്രവർത്തിയിലൂടെ നീതീകരിക്കപ്പെടാം എന്നായിരിക്കരുത്. നീതീകരണത്തിനായി പ്രവർത്തികളിൽ ആശ്രയിക്കുമ്പോൾ, നമ്മൾ ക്രിസ്തുവിന്റെ വിശ്രമം എന്ന പ്രമാണത്തെ ലംഘിക്കുന്നവരായി മാറും. അതിന്റെ ശിക്ഷ ആത്മീയ മരണം ആണ്.

 

ആകയാൽ, പുതിയനിയമ വിശ്വാസികൾക്ക്, ശനിയാഴ്ചയോ, ഞായറാഴ്ചയോ, മറ്റേതെങ്കിലും ദിവസമോ, ദൈവത്തെ ആരാധിക്കുവാനും, പരസ്പരം പ്രബോധിപ്പിക്കുവാനുമായി ഒരുമിച്ച് കൂടുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. അന്ന് യാതൊരു വേലയും വിലക്കിയിട്ടും ഇല്ല.

 

ഏതെങ്കിലും ഒരുവന് ഏഴാമത്തെ ദിവസം അവന്റെ സകല ശാരീരിക വേലയിൽ നിന്നും വിശ്രമിച്ചു ശബ്ബത്ത് ആചരിക്കേണം എന്നു തോന്നിയാൽ അവൻ അങ്ങനെ ചെയ്തുകൊള്ളട്ടെ എന്നാണ് അപ്പൊസ്തലനായ പൌലൊസ് റോമർ 14:5 ൽ പറയുന്നത്. അത് അവന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പും, വിശ്വാസവും, ആത്മീയ സ്വാതന്ത്ര്യവും ആണ്. എന്നാൽ ഏഴാമത്തെ ദിവസത്തെ ശബ്ബത്ത് ആയി ആചാരിക്കാത്ത മറ്റൊരു ക്രിസ്തീയ വിശ്വാസിയെ, അതിന്റെ പേരിൽ വിധിക്കുവാൻ പാടില്ല. ശബ്ബത്ത് ആചരണം മൂലം ദൈവ മുമ്പാകെ അവൻ നീതീകരിക്കപ്പെടും എന്നും അവൻ കരുതരുത്.

 



No comments:

Post a Comment