ഉൽപ്പത്തിയിലെ സൃഷ്ടിപ്പും വ്യാഖ്യാനങ്ങളും

വേദപുസ്തകത്തിലെ ഉൽപ്പത്തി പുസ്തകത്തിൽ വിവരിക്കുന്ന സൃഷ്ടിപ്പിന്റെ വിവരണത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ നിലവിൽ ഉണ്ട്. അവയിൽ പ്രമുഖമായ നാല് വ്യാഖ്യാനങ്ങൾ ചുരുക്കമായി മനസ്സിലാക്കുക എന്നതാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം.

ശാസ്ത്രീയമായ, പ്രത്യേകിച്ച് ഭൂവിജ്ഞാനീയമായ (geological) കണ്ടെത്തെലുകൾ ഉൽപ്പത്തിയിലെ സൃഷ്ടിയുടെ വിവരണത്തോട് ചേർത്ത് വച്ച് വിശദീകരിക്കുക എന്നതാണ് വ്യത്യസ്തങ്ങൾ ആയ വ്യാഖ്യാനങ്ങളിൽ ഭൂരിപക്ഷവും ലക്ഷ്യം വയ്ക്കുന്നത്. ഭൂമിയ്ക്കു കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്നു ശാസ്ത്രം പറയുമ്പോൾ, ഭൂമിയ്ക്കു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമേ ഉള്ളൂ എന്നു യാഥാസ്ഥിതിക വേദപണ്ഡിതന്മാർ പറയുന്നു. അതിനാൽ ശാസ്ത്രീയമായ കണ്ടെത്തലുകളെ വേദപുസ്തകവുമായി ചേർത്തു കൊണ്ട് പോകുവാൻ പല സിദ്ധാന്തങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇത്തരം സിദ്ധാന്തങ്ങളെ പിന്താങ്ങുന്നവരുടെ കൂട്ടത്തിൽ, ചില വേദ പണ്ഡിതന്മാരും, വേദപുസ്തക വ്യാഖ്യാന ഗ്രന്ഥങ്ങളും, സെമിനാരികളും ഉണ്ട്. എന്നാൽ യാഥാസ്ഥിതിക ചിന്താഗതിയുള്ള വേദപണ്ഡിതന്മാർ ഇത്തരം സിദ്ധാന്തങ്ങളെ സ്വീകരിക്കുന്നില്ല. അവർ, ദൈവം ഈ പ്രപഞ്ചത്തെയും ഭൂമിയെയും 24 മണിക്കൂർ ദൈർഘ്യം ഉള്ള ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു എന്നും, ഭൂമിയ്ക്ക് 6000 മുതൽ 10000 വർഷങ്ങളുടെ മാത്രം പഴക്കമേ ഉള്ളൂ എന്നും വിശ്വസിക്കുന്നു. യാഥാസ്ഥിതിക വേദപണ്ഡിതന്മാർ ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിലെ സൃഷ്ടിയുടെ വിവരണം അക്ഷരാർത്ഥത്തിൽ വിശ്വസിക്കുന്നു.     

 

ഈ പഠനത്തിൽ നമ്മൾ നാല് സിദ്ധാന്തങ്ങളെയാണ് പഠിക്കുന്നത്. അവ ഇതെല്ലാം ആണ്:


1.       ഇടവേള സിദ്ധാന്തം, അഥവാ തകർച്ച-പുനർനിർമ്മാണം എന്ന സിദ്ധാന്തം (Gap Theory or the Ruin and Reconstruction Theory)

2.     പടിപടിയായി മുന്നേറുന്ന സൃഷടിപ്പ്, അഥവാ ദിവസം-യുഗം സൃഷടിപ്പ് (Progressive Creationism or Day-age Creationism)

3.     ദൈവ വിശ്വാസത്തിൽ അടിസ്ഥാനമായ പരിണാമ സിദ്ധാന്തം (Theistic Evolution)

4.     ഇളം പ്രായമുള്ള ഭൂമിയുടെ സൃഷടിപ്പ് (Young Earth Creationism)  

 


ഇടവേള സിദ്ധാന്തം

 

പ്രപഞ്ചത്തിന്റെ സൃഷ്ടിയെക്കുറിച്ച് വളരെ പ്രചാരത്തിലുള്ള ഒരു സിദ്ധാന്തം ആണ് ഇടവേള സിദ്ധാന്തം അഥവാ തകർച്ച-പുനർനിർമ്മാണം എന്ന സിദ്ധാന്തം (Gap Theory or Ruin and Reconstruction Theory). ഉൽപ്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തെ ഭൂവിജ്ഞാനീയമായ (geological) കണ്ടെത്തെലുകളുമായി പൊരുത്തപ്പെടുത്തുന്ന ഒരു സിദ്ധാന്തം ആണിത്. ഭൂമിയ്ക്കു കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന ശാസ്ത്രീയ കണ്ടെത്തലുകൾ ഉൾക്കൊള്ളുവാൻ ഇടവേള സിദ്ധാന്തം ശ്രമിക്കുന്നു.

 

ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞന്മാർ ഭൂമിയ്ക്കു 450 കോടി വർഷങ്ങളുടെ പഴക്കം ഉണ്ട് എന്ന കണക്ക് അവതരിപ്പിക്കുന്നത് 18 ആം നൂറ്റാണ്ടിൽ ആണ് (4.5 billion). ഈ കാലപഴക്കത്തെ ഉൾക്കൊള്ളുവാൻ ഇടവേള സിദ്ധാന്തക്കാർ, ഉൽപ്പത്തി 1:1 നും 1:2 നും ഇടയിൽ നിശ്ചിതമല്ലാത്ത വലിയ ഒരു ഇടവേള ഉണ്ട് എന്ന വ്യാഖ്യാനം മുന്നോട്ട് വച്ചു. ഈ സുദീർഘമായ ഇടവേളയിലാണ് ഭൂമി ഇന്നത്തെപ്പോലെ രൂപം കൊളളുന്നത്. ഇങ്ങനെ ഭൂവിജ്ഞാനീയ ശാസ്ത്രവും വേദപുസ്തകത്തിലെ ഉൽപ്പത്തിയുടെ വിവരണവും പൊരുത്തപ്പെടുന്നു.

 

ഇടവേള സിദ്ധാന്തത്തിന്റെ പ്രധാന വ്യാഖ്യാനങ്ങൾ ഇതെല്ലാം ആണ്:


1.       ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന സൃഷ്ടിയുടെ ചരിത്രം അക്ഷരാർത്ഥത്തിൽ തന്നെ അവർ വിശ്വസിക്കുന്നു. അവർ ചാൾസ് ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തത്തെ എതിർക്കുന്നു (Charles Robert Darwin, 12 February 1809, Shrewsbury, United Kingdom - 19 April 1882, Downe, United Kingdom).

2.     ഭൂമിയ്ക്കു കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്ന ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തോട് അവർ യോജിക്കുന്നു. ഭൂമിയ്ക്കു 6000 ൽ അധികം വർഷങ്ങളുടെ പഴക്കമേ ഉള്ളൂ എന്ന “ഇളം പ്രായമുള്ള ഭൂമിയുടെ ഉൽപ്പത്തി” എന്ന സിദ്ധാന്തത്തോട് അവർ വിയോജിക്കുന്നു. (Young Earth Creationism)

3.     ഭൂമിയിൽ കാണുന്ന പാറകളുടെ പാളികളും, മറ്റ് ഭൂവിജ്ഞാനീയ തെളിവുകളും, ഉൽപ്പത്തി 1:1 നും 1:2 നും ഇടയിൽ ഉള്ള ഒരു നിശ്ചിതമല്ലാത്ത ഇടവേളയെ കാണിക്കുന്നു.   

 

അവരുടെ സിദ്ധാന്തങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

 

ഇടവേള സിദ്ധാന്തം പറയുന്നത്, ഉൽപ്പത്തി 1:1 ലെ സൃഷ്ടിയുടെ വിവരണം ഈ പ്രപഞ്ചത്തിന്റെ ആരംഭം ആണ്. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.” എന്നാൽ അതിന് ശേഷം എന്തോ നാശം ഭൂമിയ്ക്ക് സംഭവിച്ചു. അതിനാൽ ദൈവം ഭൂമിയെ പുനസൃഷ്ടിച്ചു. ഉൽപ്പത്തി 1:2 ആം വാക്യം പറയുന്നത് പുനസൃഷ്ടിയ്ക്കു മുമ്പ് നാശത്തിൽ ആയിത്തീർന്ന ഭൂമിയുടെ ചരിത്രം ആണ്. “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു.” പഴയ ഭൂമിയുടെ പുനസൃഷ്ടി ആരംഭിക്കുന്നത് 3 ആം വാക്യത്തോടെ ആണ്. “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.”

 

ഉൽപ്പത്തി 1:1 ൽ പറയുന്നത്, കാലങ്ങൾക്ക് മുമ്പ് സംഭവിച്ച, സമ്പൂർണ്ണമായ, കുറ്റമറ്റ, ഉത്തമമായ ഒരു പ്രപഞ്ചത്തിന്റെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെ കുറിച്ചാണ്. സാത്താൻ പഴയ ഭൂമിയിൽ, ഏദെൻ തോട്ടം എന്നു വിളിക്കപ്പെടുന്ന ഒരു ഏതോ ഒരു സ്ഥലത്ത് താമസിച്ചിരുന്നു. ഈ പഴയ ഭൂമിയിൽ ധാരാളം ധാതു ലവണങ്ങളും, രത്നങ്ങളും ഉണ്ടായിരുന്നു. (യെഹേസ്കേൽ 28). ഇവിടെ സാത്താനെ കൂടാതെ ആത്മാവ് ഇല്ലാത്ത ചില മനുഷ്യ ജീവികളും താമസിച്ചിരുന്നു. ഏതോ ഒരു സമയത്ത്, സാത്താൻ ദൈവത്തോട് മൽസരിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്തു. അവൻ ദൈവത്തെപ്പോലെ ആകുവാൻ ആഗ്രഹിച്ചു (യെശയ്യാവ് 14). അങ്ങനെ സാത്താൻ കാരണം പാപം അന്നത്തെ ലോകത്തിൽ പ്രവേശിക്കുകയും ദൈവം ഭൂമിയെ ഒരു വലിയ ജല പ്രളയത്താൽ ശിക്ഷിക്കുകയും ചെയ്തു. ഈ ജലപ്രളയത്തെ “ലൂസിഫറിന്റെ ജലപ്രളയം” എന്നു വിളിക്കുന്നു. പ്രളയത്താൽ ശിക്ഷിക്കപ്പെട്ട് കിടന്ന ഭൂമിയെ കുറിച്ചാണ് നമ്മൾ ഉൽപ്പത്തി 1:2 ൽ വായിക്കുന്നത്. “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു.” സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടും ആ കാലങ്ങളിൽ ലഭ്യമായിരുന്നില്ല. അതിനാൽ ആഗോളമായി ഭൂമി മുഴുവൻ മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരുന്നു. ഇതിനെ ഹിമയുഗം എന്നു വിളിക്കുന്നു.           

 

ഇന്ന് ഭൂമിയിൽ നിന്നും കണ്ടെടുക്കുന്ന വൃക്ഷങ്ങളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയും അവശിഷ്ടങ്ങളും, അസ്ഥിപഞ്ജരങ്ങളും, പഴയ ഭൂമിയിൽ ജീവിച്ചിരുന്നതും, ലൂസിഫറിന്റെ ജലപ്രളയത്താൽ നശിച്ചുപോയതുമായ ജീവികളുടേത് ആണ്. എന്നാൽ അവയ്ക്ക് ഇന്ന് ജീവിച്ചിരിക്കുന്ന വൃക്ഷങ്ങളുമായോ, മൃഗങ്ങളുമായോ, മനുഷ്യരുമായോ, ജനിതക ബന്ധം ഇല്ല.

 

സമ്പൂർണ്ണതയും നാശവും

 

ഇടവേള സിദ്ധാന്തം അനുസരിച്ച് ഉൽപ്പത്തി 1:1 ലെ കുറ്റമറ്റ, ഉത്തമമായ ആകാശവും ഭൂമിയും, 1:2 ലെ പാഴായും ശൂന്യമായും തീർന്ന ഭൂമിയും തമ്മിൽ വൈപരീത്യം ഉണ്ട്. ദൈവം സൃഷ്ടിച്ചത് എല്ലാം മനോഹരവും, പൂർണ്ണവും, ഉത്തമവും ആയിരുന്നു. അതിൽ പാപത്തിന്റെയോ ജീർണ്ണതയുടെയോ യാതൊരു അംശവും ഇല്ലായിരുന്നു. ഉൽപ്പത്തി 1:1 നും 1:2 നും ഇടയിൽ ഒരു വലിയ തകർച്ച സംഭവിച്ചു. അതിനാൽ ഭൂമി താമസയോഗ്യമല്ലാത്ത, പാഴായ, ശൂന്യമായ ഒരു ഇടമായി മാറി. ഈ തകർച്ച ദൈവം ഭൂമിയെയും അതിൽ ഉണ്ടായിരുന്നവയെയും ശിക്ഷിച്ചതിനാൽ സംഭവിച്ചതാണ്. സാത്താന്റെയോ, പഴയ ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെയോ, ദൈവത്തോടുള്ള മൽസരം ആണ് ദൈവീക ശിക്ഷയുടെ കാരണം. ഭൂമിയെയും അതിൽ ജീവിച്ചിരുന്ന എല്ലാ ജീവികളെയും ദൈവം നശിപ്പിച്ചു. ഇന്ന് ഭൂവിജ്ഞാനിയ ശാസ്ത്രജ്ഞന്മാർ കണ്ടെടുക്കുന്ന പുരാതന അവശിഷ്ടങ്ങൾ പഴയ ഭൂമിയിൽ ജീവിച്ചിരുന്നതും ദൈവം നശിപ്പിച്ചതും ആയ ജീവികളുടേത് ആണ്. ഇതിൽ വൃക്ഷങ്ങളും, മൃഗങ്ങളും, മനുഷ്യരെ പോലെയുള്ള ജീവികളും ഉൾപ്പെടും. ഇവ നശിപ്പിക്കപ്പെടുകയും, ഭൂമി ജലപ്രളയത്താൽ മൂടപ്പെടുകയും ചെയ്തു. ഭൂമി ഈ അവസ്ഥയിൽ കോടിക്കണക്കിന് വർഷങ്ങൾ മാറ്റമില്ലാതെ കിടന്നു.

 

തകർച്ചയുടെ ഈ ദീർഘമായ കാലത്തിന് ശേഷമാണ് ദൈവം ഭൂമിയെ പുനർസൃഷ്ടിക്കുവാൻ ആരംഭിച്ചത്. തുടർച്ചയായ ആറ് ദിവസങ്ങൾകൊണ്ട് ദൈവം നശിച്ചുപോയ ഭൂമിയെ സമ്പൂർണ്ണവും ഉത്തമവും ആയ ഭൂമിയായി പുനർസൃഷ്ടിച്ചു. അതിനാൽ ഉൽപ്പത്തി 1 ൽ പറയുന്ന സൃഷ്ടി ഭൂമിയുടെ പുനർസൃഷ്ടി ആണ്, ആദ്യത്തെ സൃഷ്ടിയല്ല. പുനർസൃഷ്ടി 24 മണിക്കൂർ വീതം ദൈർഘ്യം ഉള്ള ആറ് ദിവസങ്ങൾകൊണ്ട് ദൈവം പൂർത്തീകരിച്ചു. അതിനാൽ, ഉൽപ്പത്തി 1 ൽ വിവരിക്കപ്പെടുന്നത്, സൃഷ്ടിപ്പ്, ദൈവീക ശിക്ഷാവിധി, നാശം, പുനർസൃഷ്ടി എന്നിവയുടെ ചരിത്രം ആണ്.

 

ഇടവേള സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ ചാൾസ് ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല. അവർ സൃഷ്ടിയെക്കുറിച്ചുള്ള വേദപുസ്തക വിവരണത്തിൽ വിശ്വസിക്കുന്നു. ഒപ്പം, ഭൂമിയ്ക്കു കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്ന ആധുനിക ശാസ്ത്രീയ തത്വത്തോടും അവർ യോജിക്കുന്നു. ഇടവേള സിദ്ധാന്തം വേദപുസ്തക വിവരണവും ശാസ്ത്രീയ കണക്കുകളും തമ്മിലുള്ള ഒരു അനുരഞ്ജനം സാധ്യമാക്കുന്നു. പുരാതന ജീവികളുടെ അവശിഷ്ടങ്ങളും അവയുടെ കാലപ്പഴക്കവും ഇടവേളയിൽ ഉൾക്കൊള്ളുന്നു.

 

ഇടവേള സിദ്ധാന്തത്തിന്റെ വക്താക്കൾ

 

അർമേനിയൻ ദൈവ ശാസ്ത്രജ്ഞൻ ആയിരുന്ന സൈമൺ എപ്പിസ്കോപ്പിയസ് എന്ന ഡച്ചുകാരൻ ആണ് 17 ആം നൂറ്റാണ്ടിൽ ആദ്യമായി ഇടവേള സിദ്ധാന്തം മുന്നോട്ട് വച്ചത് (Arminianism, Simon Episcopius (January 8, 1583, Amsterdam, Dutch Republic [now in the Netherlands] - died April 4, 1643, Amsterdam).

 

19 ആം നൂറ്റാണ്ടിൽ ഈ സിദ്ധാന്തത്തിന് അനുകൂലമായ വാദങ്ങളുമായി മുന്നോട്ട് വന്നത് തോമസ് ചാമേർസ് എന്ന സ്കോട്ടിഷ് ദൈവ ശാസ്ത്രജ്ഞൻ ആണ് (Thomas Chalmers, pron. Chahmerz - 1780-1847). അദ്ദേഹം ഫ്രീ സ്കോട്ടിഷ് ചർച്ച് ഓഫ് സ്കോട്ട്ലന്റ് സഭയുടെ സ്ഥാപകൻ ആണ് (Free Church of Scotland). 1814 ൽ ആണ് അദ്ദേഹത്തിന്റെ വാദങ്ങൾ മുന്നോട്ട് വച്ചത്. ഈ സിദ്ധാന്തം പ്രചാരം നേടുവാനുള്ള കാരണം, ആധുനിക ഭൂവിജ്ഞാനീയ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും ഭൂമിയ്ക്കു കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്ന ശാസ്ത്രീയ കണക്ക്കൂട്ടലുമാണ്.

 

ഇരുപതാം നൂറ്റാണ്ടിൽ ഇടവേള സിദ്ധാന്തത്തിന് പ്രചാരം നല്കിയത് സ്കോഫീൽഡ് റെഫറൻസ് ബൈബിൾ ആണ് (Scofield Reference Bible, revised edition known as Scofield Study Bible). ഇതിൽ ഉൽപ്പത്തി 1 ആം അദ്ധ്യായത്തിന്റെ വ്യാഖ്യാനത്തിൽ അടിക്കുറിപ്പായി ഇടവേള സിദ്ധാന്തം കൊടുത്തിട്ടുണ്ട്. അന്ന്, ആധുനിക ഭൂവിജ്ഞാനീയ ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന കണ്ടെത്തലുകളെ വേദപുസ്തകത്തിലെ സൃഷ്ടിയുടെ വിവരണവുമായി ചേർത്ത് വായിക്കുവാൻ വേദവിദ്യാർത്ഥികൾ പ്രയാസപ്പെടുന്ന കാലമായിരുന്നു. അതിനാൽ സ്കോഫീൽഡ് ലെ  വ്യാഖ്യാനം വേഗം പ്രചാരം നേടി. വെസ്റ്റ്മിൻസ്റ്റർ ലെ ഡീനും, ഭൂവിജ്ഞാനിയ ശാസ്ത്രജ്ഞനും, ദൈവ ശാസ്ത്രജ്ഞനും ആയിരുന്ന റവറന്റ്. വില്യം ബക്ലാൻഡ് ഇടവേള സിദ്ധാന്തത്തിന്റെ വക്താവായിരുന്നു (Rev. William Buckland, a geologist and Dean of Westminster, March 12, 1784, Axminster, Devonshire, England - August 15, 1856, London). ഡേക്സ് അന്നോട്ടേറ്റഡ് റഫറൻസ് ബൈബിൾ, ദി ന്യൂബെറി റഫറൻസ് ബൈബിൾ എന്നിവയിലും ഇടവേള സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Dake’s Annotated Reference Bible, and The Newberry Reference Bible).

 

തോമസ് ചാമേർസ് ന്റെ രചനകളിൽ ഇടവേള സിദ്ധാന്തത്തെക്കുറിച്ചുള്ള വിശദീകരണം കുറവാണ്. ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ കൂടുതലായി ലഭ്യമാകുന്നത് മറ്റ് ചില ചിന്തകന്മാരുടെ രചനകളിലൂടെ ആണ്. ഇതിൽ പ്രധാനി ആണ് 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞൻ ആയിരുന്ന ഹഗ് മില്ലർ (Hugh Miller, October 10, 1802, Cromarty, Cromarty shire, Scotland - died Dec. 24, 1856, Edinburgh). ഇദ്ദേഹം ഒരു എഴുത്തുകാരനും, നാടൻ കഥാകൃത്തും, ഒരു സുവിശേഷ വിഹിത സഭാവിഭാഗത്തിലെ അംഗവും ആയിരുന്നു (writer, folklorist and an evangelical Christian). 1849 ൽ പ്രസിദ്ധീകരിച്ച “സൃഷ്ടാവിന്റെ പാദ മുദ്രകൾ” എന്ന അദ്ദേഹത്തിന്റെ കൃതി വളരെ പ്രസിദ്ധമാണ് (Footprints of the Creator, 1849). അദ്ദേഹം ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തത്തെ നിരാകരിച്ചു. എന്നാൽ ഭൂമിയ്ക്കു കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്നും, ഭൂമിയിൽ പല വിധത്തിലുള്ള ജീവികൾ ഉണ്ടായിരുന്നു എന്നും അവയക്ക് വംശനാശം സംഭവിച്ചു എന്നും അദ്ദേഹം വിശ്വസിച്ചു. ഭൂവിജ്ഞാനിയ ശാസ്ത്രപരമായ ഒരു കാലത്തിന്റെ ചരിത്രം കൂടെ ഉൽപ്പത്തി 1 ആം അദ്ധ്യായത്തിൽ ഉണ്ട് എന്ന തോമസ് ചാമേർസ് ന്റെ വാദത്തെ മില്ലർ അംഗീകരിച്ചു. ഉൽപ്പത്തി ഒന്നാം അദ്ധ്യായത്തിൽ പറയുന്ന ദിവസം, 24 മണിക്കൂർ ദൈർഘ്യം ഉള്ള ദിവസം അല്ല എന്നും അത് ഒരു ദീർഘ കാലത്തെ അല്ലെങ്കിൽ യുഗത്തെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം വാദിച്ചു. വേദപുസ്തകത്തിൽ വിവരിക്കുന്ന നോഹയുടെ കാലത്തെ ജലപ്രളയം ഭൂമിയിൽ എല്ലായിടവും സംഭവിച്ചതല്ല എന്നും, അത് പ്രാദേശികമായി മദ്ധ്യ പൂർവ്വ പ്രദേശത്ത് മാത്രം ഉണ്ടായതാണ് എന്നും അദ്ദേഹം വാദിച്ചു.

 

19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജി. എച്ച്. പെംമ്പർ, അദ്ദേഹത്തിന്റെ, 1884 ൽ പ്രസിദ്ധീകരിച്ച “ഭൂമിയുടെ ആദ്യകാല യുഗങ്ങൾ” എന്ന പുസ്തകത്തിലൂടെ ഇടവേള സിദ്ധാന്തത്തെ പ്രചരിപ്പിച്ചു (George Hawkins Pember, Earth’s Earliest Ages, January 1, 1837 - 1837– January 1, 1910). പെംമ്പർ ഒരു ഇംഗ്ലീഷ് ദൈവ ശാസ്ത്രജ്ഞനും, പ്ലിമത്ത് ബ്രദ്രെൻ സഭാ വിശ്വാസിയും ആയിരുന്നു (Plymouth Brethren).

 

20 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർതർ സി. കസ്റ്റൻസ് അദ്ദേഹത്തിന്റെ “പാഴും ശൂന്യവും” എന്ന പുസ്തകത്തിൽ ഇടവേള സിദ്ധാന്തത്തെ സൈദ്ധാന്തികമായി പ്രതിരോധിക്കുന്നുണ്ട്. (Arthur C. Custance, Without Form and Void, 1970). കസ്റ്റൻസ്, കാനഡയിൽ ജീവിച്ചിരുന്ന ഒരു മനശാസ്ത്ര വിദഗ്ദ്ധനും, എഴുത്തുകാരനും ആയിരുന്നു.

 

സ്കോഫീൽഡ് റെഫറൻസ് ബൈബിൾ (Scofield Reference Bible, revised edition known as Scofield Study Bible), പുരാതന ജീവികളുടെ അവശിഷ്ടങ്ങളെ ആദിമ സൃഷ്ടിയുടെതാക്കി തീരുമാനിക്കുക, ശാസ്ത്രവും വേദപുസ്തകത്തിലെ ഉൽപ്പത്തി പുസ്തകത്തിൽ വിവരിക്കപ്പെടുന്ന പ്രപഞ്ചോത്പത്തിയും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതെയാക്കുക എന്നിവയെ ഇടവേള സിദ്ധാന്തത്തിന്റെ ലക്ഷ്യം ആയി അവതരിപ്പിക്കുന്നു. ഡേക്സ് അന്നോട്ടേറ്റഡ് റഫറൻസ് ബൈബിൾ (Dake’s Annotated Reference Bible) പറയുന്നത് ഇങ്ങനെയാണ്: മനുഷ്യർ ഭൂമിയുടെ പഴക്കത്തെക്കുറിച്ച് അന്തിമമായി ഒരു തീരുമാനത്തിൽ എത്തുകയും, 6000 വർഷങ്ങൾക്ക് മുകളിൽ ഉള്ള എല്ലാ കാലങ്ങളേയും ഉൽപ്പത്തി 1:1 നും 1:2 നും ഇടയിലുള്ള ഇടവേളയിൽ ആക്കുകയും ചെയ്താൽ, ഉൽപ്പത്തി പുസ്തകവും ശാസ്ത്രവും തമ്മിൽ യാതൊരു സംഘർഷവും ഉണ്ടാകുകയില്ല.

 

വ്യാഖ്യാനങ്ങൾ   

 

ഇടവേള സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ, അവരുടെ വാദങ്ങൾ ശരിയാണ് എന്നു തെളിയിക്കുവാനായി ചില വ്യാഖ്യാനങ്ങൾ മുന്നോട്ട് വയ്ക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട നാല് വ്യാഖ്യാനങ്ങൾ നമുക്ക് പരിശോധിക്കാം.

 

1.    ഉൽപ്പത്തി 1:2 ലെ സമ്യോജന പദം

 

എബ്രായ ഭാഷയിൽ ഉൽപ്പത്തി 1:2 ആരംഭിക്കുന്നത് “വ്ഔ” (Waw) എന്ന സമ്യോജന (conjunction) പദത്തോടെയാണ്. ഈ പദത്തിന്റെ അർത്ഥം “പക്ഷെ” എന്നാണ് (but). ഈ പദത്തിലൂടെ ഇതിന്റെ മൂല കൃതിയുടെ ഗ്രന്ഥകർത്താവ്, ഭൂമി പരിപ്പൂർണ്ണമായ അവസ്ഥയിൽ സൃഷ്ടിക്കപ്പെട്ടു എന്നും അതിന്ശേഷം എന്തോ നാശകരമായത് സംഭവിച്ചു എന്നും അങ്ങനെ ഭൂമി “പാഴായും ശൂന്യമായും” തീർന്നു എന്നുമാണ് അർത്ഥമാക്കുന്നത്.

 

ഉൽപ്പത്തി 1:1-2

1     ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

2    (പക്ഷെ) ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

 

Genesis 1:1-2 (KJV)

1        In the beginning God created the heaven and the earth.

2       And (but) the earth was without form, and void; and darkness was upon the face of the deep. And the Spirit of God moved upon the face of the waters.

 

Genesis 1:1-2 (NIV)

1        In the beginning God created the heavens and the earth.

2       Now (but) the earth was formless and empty, darkness was over the surface of the deep, and the Spirit of God was hovering over the waters.

 

Genesis 1:1-2 (NKJV)

1     In the beginning God created the heavens and the earth.

2    (but) The earth was without form, and void; and darkness was on the face of the deep. And the Spirit of God was hovering over the face of the waters.

 

2.   ഭൂമി “പാഴായും ശൂന്യമായും” തീർന്നു

 

ഉൽപ്പത്തി 1:2 ൽ നമ്മൾ വായിക്കുന്നത്, “ഭൂമി പാഴായും ശൂന്യമായും ഇരുന്നു” എന്നാണ് (The earth was without form, and void). “ആയും ഇരുന്നു” (was) എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഹ്ഹയാ” എന്നാണ് (hāyâ - haw-yaw). ഈ വാക്കിന് “ആയിത്തീർന്നു” എന്നും അർത്ഥം ഉണ്ട് (became or had become). ഈ അർത്ഥം ചേർത്തുവച്ചുകൊണ്ടു വായിച്ചാൽ ഉൽപ്പാത്തി 1:2 ഇപ്രകാരം ആയിരിക്കും.

 

ഉൽപ്പത്തി 1:2 (പക്ഷെ) ഭൂമി പാഴായും ശൂന്യമായും ആയിത്തീർന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

 

ഇതിന്റെ അർത്ഥം വ്യക്തമാണ്. ഭൂമി സൃഷ്ടിക്കപ്പെട്ടപ്പോൾ അത് സമ്പൂർണ്ണവും, കുറവില്ലാത്തതും, ഉത്തമവും ആയിരുന്നു. എന്നാൽ അതിന് ശേഷം എന്തോ നാശം സംഭവിച്ചതിനാൽ ഭൂമി പാഴും ശൂന്യവും ആയിത്തീർന്നു. പരിപൂർണ്ണമായിരുന്ന ഭൂമി, ശൂന്യവും, വിജനവും, താമസയോഗ്യമല്ലാത്തതും ആയിതീർന്നു.

 

ഉൽപ്പത്തി 2:7, 10, 3:22 എന്നിവിടങ്ങളിൽ “ഹ്ഹയാ” എന്ന എബ്രായ പദം ആയിത്തീർന്നു എന്ന അർത്ഥത്തിൽ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനാൽ “ഹ്ഹയാ” എന്ന എബ്രായ പദത്തിന്റെ “ആയിത്തീർന്നു” എന്ന പരിഭാഷ ഉൽപ്പത്തിയിൽ വിവരിക്കുന്ന സൃഷ്ടിയുടെ ചരിത്രത്തോടു യോജിക്കുന്നതാണ്.

 

“ഹ്ഹയാ” എന്ന പദം ഉൽപ്പത്തിയിലെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ 27 പ്രാവശ്യം കാണപ്പെടുന്നു. വേദപുസ്തകത്തിന്റെ ഗ്രീക്കിലേക്കുള്ള സെപ്റ്റാജിന്റ് പരിഭാഷയിൽ 20 പ്രാവശ്യം ഈ വാക്കിനെ “ആയിതീർന്നു” എന്നാണ് വിവർത്തനം ചെയ്തിട്ടുള്ളത്.

 

ഉൽപ്പത്തി 1:2 (പക്ഷെ) ഭൂമി പാഴായും ശൂന്യമായും ആയിത്തീർന്നു (hāyâ); ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

 

ഉൽപ്പത്തി 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു (hāyâ).

 

ഉൽപ്പത്തി 2:10 തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.

 

Genesis 2:10 Now a river went out of Eden to water the garden, and from there it parted and became (hāyâ) four riverheads.

 

ഉൽപ്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു (hāyâ); ....  

 

3.   വ്യർത്ഥമായിട്ടല്ല ഭൂമിയെ സൃഷ്ടിച്ചതു

 

യെശയ്യാവ് 45:18 ൽ പറയുന്നത് അനുസരിച്ച് ദൈവം ഭൂമിയെ സൃഷ്ടിച്ചത് വ്യർത്ഥമായിട്ടല്ല, പാർപ്പിനാണ്.

 

യെശയ്യാവ് 45:18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു - അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.      

 

ഇവിടെ “വ്യർത്ഥം” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് റ്റൊഹൂ” എന്നാണ് (tôû - to'-hoo). ഇതേ വാക്ക് തന്നെയാണ് ഉൽപ്പത്തി 1:2 ൽ “പാഴായും” എന്നു പറയുവാനും ഉപയോഗിച്ചിരിക്കുന്നത്.

 

ദൈവം ഭൂമിയെ സൃഷ്ടിച്ചത് വ്യർത്ഥമായിട്ടല്ല എങ്കിൽ, സൃഷ്ടിയ്ക്ക് ശേഷം ഭൂമി, ഉൽപ്പത്തി 1:2 ൽ പറയുന്ന “പാഴായും ശൂന്യമായും” ആയ അവസ്ഥയിലേക്ക് എത്തിച്ചേർന്നത് ആയിരിക്കാം. നാശകരമായ ഒന്നും സമ്പൂർണ്ണനായ ദൈവത്തിൽ നിന്നും പുറപ്പെട്ട് വരുകയില്ല. അതിനാൽ പാർപ്പിനായി സൃഷ്ടിക്കപ്പെട്ട ഉത്തമായ ഭൂമിയിൽ ദൈവീക ശിക്ഷ സംഭവിച്ചു എന്നു ന്യായമായും അനുമാനിക്കാം.

 

ഈ വാദത്തെ പിന്താങ്ങുവാൻ ഇടവേള സിദ്ധാന്തക്കാർ യെശയ്യാവ് 24 ലേയും യിരേമ്യാവ് 4 ലേയും ചില വാക്യങ്ങൾ ഉദ്ധരിക്കാറുണ്ട്.  

 

യെശയ്യാവ് 24:1 യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.

 

യിരേമ്യാവു 4:23-26 ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു. ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ ഒക്കെയും പറന്നു പോയിരുന്നു. ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായ്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.


4.   ഭൂമിയിലെ ആദ്യകാല ജീവികൾ

 

ഉൽപ്പത്തി 1:2 ൽ പറഞ്ഞിരിക്കുന്ന ഭൂമിയുടെ തകർച്ചയ്ക്ക് മുമ്പ് ഭൂമി എങ്ങനെ ആയിരുന്നു എന്നും അവിടെ താമസിച്ചിരുന്ന ജീവികൾ ആരെല്ലാം ആയിരുന്നു എന്നും യെഹേസ്കേൽ 28 ൽ വിവരിക്കുന്നു എന്നു ഇടവേള സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ അഭിപ്രായപ്പെടുന്നു. ആദ്യ ഭൂമിയിൽ ദൈവത്തിന്റെ തോട്ടമായ ഏദെൻ ൽ  സാത്താൻ അവന്റെ വീഴ്ചയ്ക്ക് മുമ്പ് താമസിച്ചിരുന്നു,

 

യെഹേസ്കേൽ 28:13-18 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു. നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.

 

ഈ വേദഭാഗം, ദൈവം സമ്പൂർണ്ണവും ഉത്തമവും ആയി സൃഷ്ടിച്ച ഭൂമിയുടെ ഒരു വർണ്ണന ആണ്.

 

ഇടവേള സിദ്ധാന്തത്തോടുള്ള വിയോജിപ്പുകൾ


1.    സഭയുടെ ചരിത്രപരമായ കാഴ്ചപ്പാട് അല്ല

 

അനേകം ക്രിസ്തീയ വിശ്വാസികൾ ഇടവേള സിദ്ധാന്തത്തെ സ്വീകരിക്കുന്നുണ്ട് എങ്കിലും യാഥാസ്ഥിതികരായ ദൈവശാസ്ത്രജ്ഞന്മാർ ഇതിനോട് യോജിക്കുന്നില്ല. അവരുടെ വിയോജിപ്പിന്റെ പ്രധാന കാരണം, ക്രിസ്തീയ സഭയുടെ പാരമ്പര്യ വിശ്വാസത്തോടു ഇടവേള സിദ്ധാന്തം ചേർന്നു പോകുന്നില്ല എന്നാണ്. യഹൂദ മതം, റോമൻ കത്തോലിക്ക സഭ, പ്രൊട്ടസ്റ്റന്റ് സഭകൾ, എന്നിവർ ഒന്നും ഈ സിദ്ധാന്തത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. സഭയുടെ ചരിത്രപരമായ കാഴ്ചപ്പാട്, ഉൽപ്പത്തി 1, 2 അദ്ധ്യായയങ്ങൾ ദൈവം ഈ പ്രപഞ്ചത്തെയും ഭൂമിയെയും അതിലുള്ള സകലത്തിനെയും സൃഷ്ടിച്ചതിന്റെ അക്ഷരാർത്ഥത്തിൽ ഉള്ള വിവരണം ആണ്, എന്നാണ്. ഇതാണ് ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടി. ഭൂമി പിന്നീട് തകർക്കപ്പെടുകയോ, പുനർ സൃഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഉൽപ്പത്തി 1:1 നും 1:2 നും ഇടയിൽ ഒരു ഇടവേള ഇല്ല. ഉൽപ്പത്തി 1:1 മുതൽ 1:5 വരെയുള്ള വിവരണം ഒന്നാമത്തെ ദിവസത്തെ സൃഷ്ടിയുടേതാണ്.

 

ഒരു പഴയ ഭൂമി ഉണ്ടായിരുന്നു എന്നും അതിനെ പുനസൃഷ്ടിച്ചാണ് ഇപ്പോഴത്തെ ഭൂമി ഉണ്ടായത് എന്നും നേരിട്ട് വ്യക്തമായി പറയുന്ന ഒരു വാക്യവും വേദപുസ്തകത്തിൽ ഇല്ല. ഉൽപ്പത്തി 2:2, 3 വാക്യങ്ങൾ 1 ആം അദ്ധ്യായത്തിന്റെ അവസാന ഭാഗമാണ്. അത് 1 ആം അദ്ധ്യയത്തിൽ പറയുന്ന സൃഷ്ടിയുടെ വിവരണത്തിന്റെ ഉപസംഹാരം ആണ്. എല്ലാ സൃഷ്ടികളും ആറ് ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത് എന്നു ഈ വാക്യങ്ങൾ പറയുന്നു. അതിന് മുമ്പ് ഒരു സൃഷ്ടിപ്പ് ഉണ്ടായിരുന്നതായി പറയുന്നില്ല. ഇതേ സത്യം പുറപ്പാട് 20:11 ലും നമുക്ക് വായിക്കാം.

 

ഉൽപ്പത്തി 2:2, 3

2    താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.

3    താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

 

പുറപ്പാട് 20:11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

  

ഈ വാക്യങ്ങൾ യഥാർത്ഥ സൃഷ്ടിപ്പിനെക്കുറിച്ചാണ് പറയുന്നത്, പുനർ സൃഷ്ടിപ്പിനെക്കുറിച്ചല്ല. ദൈവം ആകാശവും ഭൂമിയും അതിലുള്ള സകലതും ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചു.


2.   ഭൂമിയുടെമേലുള്ള ദൈവ ശിക്ഷയെക്കുറിച്ച് തെളിവില്ല

 

വീണുപോയ സാത്താന്റെമേലും അവനോടു കൂടെ ചേർന്ന ദൂതന്മാരുടെമേലും ദൈവ ശിക്ഷ ഉണ്ടായി എന്നു ദൈവ വചനത്തിൽ പറയുന്നുണ്ട്. ആദാമിന്റെ വീഴ്ചമൂലം ഭൂമിയുടെമേൽ ദൈവീക ശാപമുണ്ടായി എന്നും വചനം പറയുന്നു. നോഹയുടെ കാലത്ത് മനുഷ്യരുടെ പാപം പെരുകിയതിനാൽ ദൈവം ഒരു ജലപ്രളയത്താൽ സകല ജീവജാലങ്ങളെയും ഭൂമിയെയും ദൈവം ശിക്ഷിച്ചു. എന്നാൽ ഉൽപ്പത്തി 1:1 നും 1:2 നും ഇടയിൽ ഭൂമിയുടെ മേലോ, അന്ന് ജീവിച്ചിരുന്ന ജീവജാലങ്ങളുടെ മേലോ ദൈവീക ശിക്ഷ ഉണ്ടായതായി തിരുവെഴുത്തു പറയുന്നില്ല. സൃഷ്ടിപ്പിന്റെ ആരംഭത്തിനും, ആറാമത്തെ ദിവസം അത് പൂർത്തീകരിച്ചതിനും ഇടയിൽ ഒരു ദൈവ ശിക്ഷ ഭൂമിയുടെമേൽ ഉണ്ടായതായി നേരിട്ടോ, സൂചനയായോ പറയുന്ന രേഖയില്ല.


3.   ആദാമിന്റെ വീഴ്ചയ്ക്ക് മുമ്പ് മരണം ഇല്ല

 

ഇടവേള സിദ്ധാന്തം പറയുന്നത് ശരിയാണ് എങ്കിൽ, ഉൽപ്പത്തി 1:2 നു മുമ്പ് ഭൂമിയിൽ അനേകമായിരം ജീവജാലങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം ദൈവ ശിക്ഷയാൽ നശിച്ചുപൊയി. ഉൽപ്പത്തി 1:1 നും 1:2 നും ഇടയിലുള്ള ഇടവേളയിൽ ആണ് സാത്താനും പാപത്തിൽ വീണുപോയത്. അങ്ങനെയാണ് എങ്കിൽ, ആദാമിന്റെ പാപത്തിന് മുമ്പായി തന്നെ മരണം ഈ ലോകത്തിൽ ഉണ്ടായിരുന്നു എന്നു കരുതേണം. എന്നാൽ മരണം പാപത്തിന്റെ ഫലം ആണ് എന്നാണ് തിരുവചനം പറയുന്നത്. മനുഷ്യർ ദൈവത്തോട് മൽസരിക്കുവാൻ തുടങ്ങിയപ്പോൾ ആണ് പാപവും മരണവും ലോകത്തിൽ ഉണ്ടായത്. അല്ലെങ്കിൽ, ദൈവത്തോടുള്ള മൽസരം പാപമായി, അതിനാൽ മരണം ഉണ്ടായി. ആദമിന്റെയും ഹവ്വയുടെയും വീഴ്ചയ്ക്ക് മുമ്പ് പാപം ഉണ്ടായിരുന്നില്ല, അതിനാൽ മരണവും ഉണ്ടായിരുന്നില്ല.

 

റോമർ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

 

1 കൊരിന്ത്യർ 15:21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.

 

വീണ്ടെടുപ്പിനായി ഭൂമിയിലെ സകല സൃഷ്ടിയും ഞരങ്ങികൊണ്ടു കഴിയുന്നു എന്നും വേദപുസ്തകം പറയുന്നു.

 

റോമർ 8:20-22

20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;

21   മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.

22 സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.

 

മനുഷ്യരുടെ പാപം അവരുടെ മേൽ മാത്രമല്ല, സകല സൃഷ്ടിയുടെമേലും മരണത്തെ കൊണ്ടുവന്നു. വേദപുസ്തകം പറയുന്നത് അനുസരിച്ച്, സൃഷ്ടി മുഴുവനും “മായെക്കു കീഴ്പെട്ടിരിക്കുന്നു”. അതിന്റെ അർത്ഥം സൃഷ്ടി മായെക്കു ആയിട്ടല്ല സൃഷ്ടിക്കപ്പെട്ടത്, അതിനെ അങ്ങനെ കീഴ്പ്പെടുത്തിയിരിക്കുന്നതാണ്. (“മായെക്കു” – vanityKJV; futility – NKJV; God’s curse – NLT)


4.   “ആയും ഇരുന്നു”, “ആയിത്തീർന്നു”

 

ഉൽപ്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

 

“ആയും ഇരുന്നു” (was) എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഹ്ഹയാ” എന്നാണ് (hāyâ - haw-yaw). ഈ വാക്കിന്, ആയിരുന്നു, അങ്ങനെ സംഭവിച്ചു, ആയിത്തീർന്നു, എന്നിങ്ങനെ  അർത്ഥം ഉണ്ട് (became or had become). ഈ അർത്ഥം ചേർത്തുവച്ചുകൊണ്ടു വായിച്ചാൽ ഉൽപ്പത്തി 1:2 ഇപ്രകാരം ആയിരിക്കും.

 

ഉൽപ്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ആയി തീർന്നു;

 

ഇതിന്റെ അർത്ഥം, ഭൂയുടെ സൃഷ്ടിപ്പിൽ അത് ഉത്തമമായത് ആയിരുന്നു, എന്നാൽ പിന്നീട് എപ്പോഴോ സംഭവിച്ച ഒരു നാശം കാരണം അത് “പാഴായും ശൂന്യമായും ആയി തീർന്നു”.  

 

പഴയനിയമം ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയ സെപ്റ്റാജിന്റ് പരിഭാഷകർ ചില സന്ദർഭങ്ങളിൽ “ഹ്ഹയാ” എന്ന എബ്രായ പദത്തെ “ആയിത്തീർന്നു” എന്നു മൊഴിമാറ്റിയിട്ടുണ്ട്. എന്നാൽ ഉൽപ്പത്തി 1:2 ന്റെ പരിഭാഷയിൽ “ആയിരുന്നു” എന്നാണ് അവർ ഉപയോഗിച്ചത്. അതായത് അവർ ഈ വാക്യത്തെ “ഭൂമി പാഴായും ശൂന്യമായും ഇരുന്നു” എന്നാണ് മനസ്സിലാക്കിയത്.   


5.   പാഴായും ശൂന്യമായും ഇരുന്നു

 

ഉൽപ്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

 

ഈ വാക്യത്തിലെ “പാഴായും” എന്നത് ഒരു പ്രത്യേക രൂപവും ഇല്ലാത്ത അവസ്ഥ ആണ് (formless). “ശൂന്യമായും” എന്നത്, ഭൂമിയിൽ യാതൊന്നും ഉണ്ടായിരുന്നില്ല, എങ്ങും വിജനത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ആശയമാണ് വിനിമയം ചെയ്യുന്നത്. “പാഴായും ശൂന്യമായും” എന്ന വാക്കുകളിൽ ഒരു ദൈവീക ശിക്ഷ ഉണ്ടായതിന്റെ സൂചന ഇടവേള സിദ്ധാന്തക്കാർ കാണുന്നു. എന്നാൽ യാഥാസ്ഥിതികരായ ദൈവ ശാസ്ത്രജ്ഞന്മാർ ഈ വാക്കുകളിൽ ദൈവീക ശിക്ഷയുടെ സൂചന കാണുന്നില്ല. ഉൽപ്പത്തിയിലെ സൃഷ്ടിയുടെ വിവരണം ദൈവ ശിക്ഷയുടെ പശ്ചാത്തലം അല്ല. ഈ വാക്കുകൾ സൃഷ്ടിയുടെ അപൂർണ്ണ അവസ്ഥയാണ് കാണിക്കുന്നത്. ഭൂമി സൃഷ്ടിക്കപ്പെട്ട നാളിൽ, അതിൽ വെളിച്ചമോ, ജീവനുള്ള എന്തെങ്കിലുമോ ഉണ്ടായിരുന്നില്ല. അപ്പോൾ ഭൂമി വെള്ളം കൊണ്ട് മൂടപ്പെട്ടിരുന്നു, എങ്ങും ഉണങ്ങിയ നിലം ഉണ്ടായിരുന്നില്ല. ഭൂമിയ്ക്ക് ഒരു പ്രത്യേക രൂപമോ, അതിൽ യാതൊന്നുമോ ഉണ്ടായിരുന്നില്ല. അതിനാൽ അത് വിജനം ആയിരുന്നു.

 

ഉൽപ്പത്തി 1:1 സൃഷ്ടിയെക്കുറിച്ചുള്ള ഒരു പൊതുവായ പ്രസ്താവന ആണ്. സൃഷ്ടി ആരംഭിക്കുന്നത് “ആകാശവും ഭൂമിയും സൃഷ്‍ടിച്ചു”കൊണ്ടാണ്. ഉൽപ്പത്തി 1:2 മുതൽ 2:3 വരെയുള്ള വാക്യങ്ങൾ തുടർച്ചയായ സൃഷ്ടിയുടെ ചരിത്രമാണ്. “പാഴായും ശൂന്യമായും” ഇരുന്ന ഭൂമിയിൽ തുടങ്ങി മനുഷ്യന്റെ സൃഷ്ടിയിൽ അവസാനിക്കുന്ന പ്രക്രിയ ആണ് സൃഷ്ടി.


6.   വീണുപോയ ദൂതന്മാരുടെ മൽസരം

 

സാത്താനും, ഒരു കൂട്ടം ദൂതന്മാരും ദൈവത്തോട് മൽസരിച്ചതും അവർ സ്വർഗ്ഗത്തിൽ നിന്നും വീണുപോയതും എപ്പോഴാണ് എന്നു നമുക്ക് നിശ്ചയമില്ല. എന്നാൽ പത്രൊസ് 2:4, യൂദാ 6 എന്നീ വാക്യങ്ങളിൽ ദൂതന്മാരുടെ ദൈവത്തോടുള്ള മൽസരത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ അതിന്റെ സമയമോ, കാലമോ ഈ വാക്യങ്ങളിൽ പറയുന്നില്ല.  

 

2 പത്രൊസ് 2:4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും

 

യൂദാ 6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. 

 

ഒരു കൂട്ടം ദൂതന്മാരുടെ ദൈവത്തോടുള്ള മൽസരം യാഥാർത്ഥത്തിൽ സംഭവിച്ചതാണ്. എന്നാൽ അതിന്റെ സമയം തിരുവെഴുത്തുകളിൽ വ്യക്തമല്ല. അതിനാൽ ഈ സംഭവം ഉൽപ്പത്തി 2, 3 എന്നീ അദ്ധ്യായങ്ങൾക്കിടയിലുള്ള കാലത്ത് സംഭവിച്ചതാകാം എന്നു യാഥാസ്ഥിതികരായ വേദപണ്ഡിതന്മാർ വിശ്വസിക്കുന്നു. ദൂതന്മാരുടെ കലാപം കാരണം ഭൂമിയെ ദൈവം ശിക്ഷിച്ചു എന്നു പറയുന്ന വാക്യങ്ങളും വേദപുസ്തകത്തിൽ ഇല്ല.




 

പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ്

 

ഈ പ്രപഞ്ചത്തിന്റെ ദൈവീക സൃഷ്ടിപ്പിനെക്കുറിച്ചുള്ള മറ്റൊരു സിദ്ധാന്തം ആണ് പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ് അഥവാ Progressive Creationism എന്നത്. ഇതിനെ ദിവസം-യുഗം സൃഷ്ടിപ്പ് അഥവാ Day-age creationism എന്നും വിളിക്കാറുണ്ട്. ആധുനിക ശാസ്ത്രത്തെ വേദപുസ്തകവുമായി ചേർത്ത് കൊണ്ടുപോകുവാനാണ് ഈ സിദ്ധാന്തവും ശ്രമിക്കുന്നത്. സൃഷ്ടിപ്പിനെക്കുറിച്ചുള്ള പാരമ്പര്യ യാഥാസ്ഥിതിക വിശ്വാസം, 24 മണിക്കൂർ ദൈർഘ്യം ഉള്ള ആറ് ദിവസങ്ങൾകൊണ്ട് ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നാണ്. എന്നാൽ പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ് എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ ദൈവം സകലതും സൃഷ്ടിച്ചു എന്നു വിശ്വസിക്കുമ്പോൾ തന്നെ, അത് കോടിക്കണക്കിന് വർഷങ്ങൾകൊണ്ടാണ് സൃഷ്ടിച്ചത് എന്നു വാദിക്കുന്നു. ഈ സിദ്ധാന്തം ചാൾസ് ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തത്തിനും മുമ്പേ രൂപം കൊണ്ടതാണ്. ഡാർവിൻ ന്റെ സിദ്ധാന്തം 19 ആം നൂറ്റാണ്ടിൽ മാത്രമാണ് പ്രചാരം നേടിയത്.

 

ഉൽപ്പത്തിയിൽ ഒരു ദിവസം എന്നു പറയുന്നത് കോടിക്കണക്കിന് വർഷങ്ങൾ വരുന്ന ഒരു യുഗമാണ് എന്നു ഇവർ വാദിക്കുന്നു. അത് കൃത്യമായ വർഷങ്ങളുടെ ഒരു കാലം അല്ല. ഈ ദീർഘമായ ഓരോ യുഗത്തിലും ദൈവം പല പടിപടിയായ മുന്നേറ്റങ്ങളിലൂടെ സൃഷ്ടിപ്പ് നടത്തി.

 

ഈ ചിന്താഗതിക്കാരുടെ പ്രധാന വാദങ്ങൾ ഇതെല്ലാം ആണ്:


·       കോടിക്കണക്കിന് വർഷങ്ങളുടെ സ്വാഭാവികമായ പ്രവർത്തനത്തിലൂടെ, ഒരു വലിയ ശബ്ദ സ്ഫോടനത്തിലൂടെ ആണ് ദൈവം ക്ഷീരപഥങ്ങളെയും, നക്ഷത്രങ്ങളെയും സൃഷ്ടിച്ചത്.

·       നമ്മളുടെ പ്രപഞ്ചത്തിനും ഭൂമിയ്ക്കും കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.

·       ഉൽപ്പത്തിയിലെ ദിവസം എന്നത് അനേകം വർഷങ്ങളുടെ ഒരു യുഗമാണ്. ഓരോ യുഗവും കൃത്യമായി വേർതിരിക്കപ്പെട്ട കാലമല്ല. ഒരു യുഗം മറ്റൊന്നിലേക്ക് കവിഞ്ഞു കിടക്കുന്നുണ്ട് (overlapping periods).

·       മരണവും, രക്ത ചൊരിച്ചിലും സൃഷ്ടിയുടെ ആരംഭം മുതൽ നിലനിൽക്കുന്നു. അത് ആദാമിന്റെ പാപത്തിന്റെ അനന്തര ഫലം അല്ല. ഇങ്ങനെ, ജീവന്റെയും, മരണത്തിന്റെയും, നീണ്ട കാലത്തിന് ഒടുവിൽ ആണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്.

·       നോഹയുടെ കാലത്തെ ജല പ്രളയം പ്രാദേശികമായ ഒരു സംഭവം ആയിരുന്നു. ലോകത്തെല്ലായിടവും പ്രളയം ഉണ്ടായിട്ടില്ല. ഇതിന് ഭൂമിയുടെ മൊത്തം ഘടനയുടെമേൽ വ്യത്യാസങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടില്ല.  

     

പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ് എന്ന സിദ്ധാന്തം, നിരീശ്വര വാദത്തിൽ ഊന്നിയ പരിണാമ സിദ്ധാന്തത്തെയും, ദൈവവിശ്വാസത്തിൽ അടിസ്ഥാനമായ പരിണാമ സിദ്ധാന്തത്തെയും, ഇളം പ്രായമുള്ള ഭൂമിയുടെ ഉൽപ്പത്തി എന്ന സിദ്ധാന്തത്തെയും തള്ളിക്കളയുന്നു. എന്നാൽ, ഭൂമിയ്ക്കു ഇപ്പോൾ ഏകദേശം 450 കോടി വർഷങ്ങളുടെ പഴക്കം ഉണ്ട് എന്ന ആധുനിക ഭൂവിജ്ഞാനീയ ശാസ്ത്രത്തിന്റെ കണക്ക് അംഗീകരിക്കുന്നു.     

 

വേദപുസ്തകത്തിൽ തെറ്റുകളോ പിശകുകളോ ഇല്ല എന്നു ഇവർ സമ്മതിക്കുന്നു. ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിലെ സൃഷ്ടിപ്പിന്റെ വിവരണം ചരിത്രപരമായും ശാസ്ത്രീയമായും ശരിയാണ്. എന്നാൽ ഇവിടെ പറയുന്ന ഒരു ദിവസം എന്നത് കോടിക്കണക്കിന് വർഷങ്ങളുടെ ഒരു യുഗമാണ്. ഈ വ്യാഖ്യാനത്തെയാണ് ദിവസം-യുഗം സൃഷ്ടിപ്പ് എന്നു വിളിക്കുന്നത്. ഇവരിൽ അനേകർ, ഉൽപ്പത്തിയിലെ ഓരോ ദിവസത്തിനും ഒരു കൃത്യമായ ആരംഭവും അവസാനവും ഉണ്ട് എന്നും വിശ്വസിക്കുന്നു.

 

ശാസ്ത്രം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പല വർഗ്ഗത്തിലുള്ള ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലതിനു മനുഷ്യരോട് സാമ്യം ഉണ്ട്. അവയെ പൊതുവേ ഹോമിനൈഡ്സ് എന്നാണ് വിളിക്കുക (hominids). ഇത്തരം ഹോമിനൈഡ്സ് വംശത്തിൽപ്പെട്ട ജീവികൾ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്നും അവയക്ക് ആത്മാവ് ഉണ്ടായിരുന്നില്ല എന്നതിനാൽ അടിസ്ഥാനപരമായി അവ ജന്തുക്കൾ ആയിരുന്നു എന്നുമാണ് പടിപ്പാടിയായി മുന്നേറുന്ന സൃഷ്ടിപ്പ്  എന്ന സിദ്ധാന്തത്തിന്റെ പ്രചാരകർ പറയുന്നത്. നിത്യമായി ജീവിക്കുന്ന ആത്മാവ് എന്ന ദാനം ദൈവം ആദ്യ മനുഷ്യനായ ആദാമിന് മാത്രമേ നല്കിയിട്ടുള്ളൂ. ആദാം ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു. ഉൽപ്പത്തിയിലെ ആദ്യത്തെ ചില അദ്ധ്യായങ്ങൾ പതിനായിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ആണ് വിവരിക്കുന്നത്.

 

പാപത്താലുള്ള മനുഷ്യന്റെ വീഴ്ച അക്ഷരാർത്ഥത്തിൽ സംഭവിച്ച ഒരു ചരിത്ര സംഭവം ആണ് എന്നും അത് ഉൽപ്പത്തി 3 ആം അദ്ധ്യയത്തിൽ വിവരിക്കുന്നതുപോലെ സംഭവിച്ചു എന്നും ഇവർ വിശ്വസിക്കുന്നു. ഉൽപ്പത്തിയിലെ വംശാവലി പരിശോധിച്ചാൽ ആദാം ഏകദേശം 6000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു. എന്നാൽ ആദാം ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ് പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ്  എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ വാദിക്കുന്നത്. ഉൽപ്പത്തിയിൽ വിവരിക്കുന്ന വംശാവലിയിൽ ചില വിവരങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ടാകാം. ചില ഇടവേളകളും ഉണ്ടായിരിക്കുവാൻ സാദ്ധ്യത ഉണ്ട്. വംശാവലിയിൽ എല്ലാവരുടെയും പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

 

നോഹയുടെ കാലത്തെ ജലപ്രളയം ചരിത്രപരമായി സത്യമാണ് എന്നു ഇവർ വിശ്വസിക്കുന്നു എങ്കിലും അത് സർവ്വലൌകീകമായി, ഭൂമിയിൽ എല്ലായിടവും സംഭവിച്ചില്ല. അത് ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഭൂവിജ്ഞാനീയ ശാസ്ത്രവും ഭൂമിയിൽ എല്ലായിടത്തും ഒരു പോലെ, ഒരേ സമയത്ത് ഉണ്ടായ ഒരു ജലപ്രളയത്തെ പിന്താങ്ങുന്നില്ല. 

 

ഈ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ആരംഭത്തെക്കുറിച്ച് അറിവ് നല്കുവാൻ കഴിയുന്ന ശ്രോതസ്സുകൾ ആണ് വേദപുസ്തകവും, ഭൂവിജ്ഞാനീയ ശാസ്ത്രവും, ജ്യോതിശാസ്ത്രവും. ദൈവം നമുക്ക് അറിവ് നല്കുവാൻ രണ്ട് “പുസ്തകങ്ങൾ” എഴുതിയിട്ടുണ്ട്. അവ തിരുവെഴുത്തുകളും പ്രകൃതിയും ആണ്. ഈ രണ്ട് “പുസ്തകങ്ങളുടെയും” രചയിതാവ് ദൈവം ആണ് എന്നതിനാൽ ഇവയിൽ പറയുന്ന എല്ലാ കാര്യങ്ങളും, അവയെ ശരിയായയി വ്യാഖ്യാനിക്കുമ്പോൾ, പരസ്പരം യോജിക്കുന്നത് ആയിരിക്കേണം. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്ന ഗലീലിയോയും ഇതേ അഭിപ്രായക്കാരൻ ആയിരുന്നു. (Galileo Galilei - February 15, 1564, Pisa [Italy] - January 8, 1642, Arcetri, near Florence, an Italian natural philosopher, astronomer).

 

വിയോജിപ്പുകൾ

 

പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ് എന്ന സിദ്ധാന്തം വേദപുസ്തക വ്യാഖ്യാന ശാസ്ത്രം അനുസരിച്ച് നിലനിൽക്കുന്നതല്ല. അപ്പൊസ്തലന്മാരുടെ കാലം മുതൽ ഉള്ള സൃഷ്ടിപ്പിനെക്കുറിച്ചുള്ള വിശ്വാസത്തെ അത് ഖണ്ഡിക്കുന്നു. അതിനാൽ, യാഥാസ്ഥിതികരായുള്ള വേദപണ്ഡിതന്മാർ ആരും പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ് എന്ന സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ല.  

 

പത്ത് കല്പനകളിലെ നാലാമത്തെ കൽപ്പന സൃഷ്ടിപ്പിലെ ദിവസങ്ങളും ആഴ്ചകളും മനുഷ്യരുടെ ദിവസങ്ങളും ആഴ്ചകളും തന്നെയാണ് എന്നു വ്യക്തമാക്കുന്നുണ്ട്. അതിന്റെ ദൈർഘ്യം തുല്യമാണ്.

 

പുറപ്പാട് 20:8-11 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

 

കോടിക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന, രോഗം, മരണം, ക്ഷാമം, അഗ്നിപർവ്വതങ്ങൾ, പ്രകൃതി ക്ഷോഭം, കൊടുങ്കാറ്റ് മുതലായ വിപത്തുകളുടെ ഒരു കാലത്തിന് ശേഷമാണ് ആദാമിനെയും ഹവ്വയേയും സൃഷ്ടിച്ചത് എന്ന വാദം യാഥാസ്ഥിതിക വേദപണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. വിപത്തുകളാൽ ആദ്യ ഭൂമിയിൽ ജീവിച്ചിരുന്ന മൃഗങ്ങളും വൃക്ഷങ്ങളും നശിച്ചുപോയി എന്നതിനെയും അവർ സ്വീകരിക്കുന്നില്ല.

 

ആദാമിന്റെ വീഴ്ചയ്ക്ക് മുമ്പ് ഭൂമിയിൽ മരണം ഉണ്ടായിരുന്നു എന്ന വാദത്തോട് യാഥാസ്ഥിതിക വേദപണ്ഡിതന്മാർ വിയോജിക്കുന്നു. വേദപുസ്തകം പഠിപ്പിക്കുന്നത് അനുസരിച്ച്, പാപത്തിന്റെ ഫലമായാണ് ഭൂമിയിൽ മരണം ഉണ്ടായത്.

 

1 കൊരിന്ത്യർ 15:21-22 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.

 

റോമർ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

 

പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പ് എന്ന സിദ്ധാന്തത്തിന്റെ പ്രചാരകർ മുന്നോട്ട് വയ്ക്കുന്ന എല്ലാ തെളിവുകളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ ആണ്. അവ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല. കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്നു ശാസ്ത്രം കണ്ടെത്തിയിരിക്കുന്ന പഴയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ തമ്മിലും അനേകം വർഷങ്ങളുടെ അകലം ഉണ്ട്. അതിനാൽ ഇവയുടെ സൃഷ്ടിപ്പിന് ഇടയിൽ യുഗങ്ങളുടെ അകലം ഉണ്ടാകേണം. അതാണ് പടിപടിയായി മുന്നേറുന്ന സൃഷടിപ്പ് എന്ന സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന വാദം.

 

ഇവർ ഉൽപ്പത്തി 1 ആം അദ്ധ്യായത്തിൽ വിവരിക്കുന്ന സൃഷ്ടിപ്പിന്റെ ക്രമം അംഗീകരിക്കുന്നു. എന്നാൽ ഈ ക്രമം ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന പരിണാമത്തിന്റെ ക്രമവുമായി ചേർന്ന് പോകുന്നില്ല. ഉദാഹരണത്തിന്:

 

1.     ഉൽപ്പത്തി പുസ്തകത്തിലെ വിവരണം അനുസരിച്ച്, സസ്യങ്ങളും വൃക്ഷങ്ങളും സൃഷ്ടിക്കുന്നത് മൂന്നാം ദിവസം ആണ്. സൂര്യനേയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും സൃഷ്ടിക്കുന്നത് നാലാം ദിവസം ആണ്. പടിപടിയായി മുന്നേറുന്ന സൃഷടിപ്പ് എന്ന സിദ്ധാന്തം അനുസരിച്ച് സസ്യങ്ങളേയും വൃക്ഷങ്ങളെയും സൃഷ്ടിച്ചതിന് കോടിക്കണക്കിന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരിക്കേണം സൂര്യനേയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും സൃഷ്ടിച്ചത്. അതായത് സസ്യങ്ങളും വൃക്ഷങ്ങളും സൂര്യൻ ഇല്ലാതെ കോടിക്കണക്കിന് വർഷങ്ങൾ ഭൂമിയിൽ നിലനിന്നിരുന്നു എന്നത് പ്രയാസമുള്ള കാര്യമാണ്.

 

2.   ജലജന്തുക്കൾ, പക്ഷികൾ എന്നിവയെ സൃഷ്ടിക്കുന്നത് അഞ്ചാം ദിവസം ആണ്. ഭൂചര ജന്തുക്കളെ സൃഷ്ടിക്കുന്നതിന് മുമ്പ് അവയെ സൃഷ്ടിച്ചു. എന്നാൽ പുരാതന ജീവികളുടെ അവശിഷ്ടങ്ങളുടെ ശാസ്ത്രീയ വിശകലനത്തോട്  ഇത് യോജിക്കുന്നില്ല. ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തം അനുസരിച്ച്, പക്ഷികൾ ഭൂമിയിലെ ജീവ ജന്തുക്കളിൽ നിന്നുമാണ് പരിണമിച്ചു ഉണ്ടായത്.

 

റോമർ 8:20-22 വരെയുള്ള വാക്യങ്ങൾ പറയുന്നത് ഇങ്ങനെയാണ്:

 

റോമർ 8:20-22 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.

 

ഈ വാക്യത്തിൽ, സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലിനായി മായെക്കു കീഴപ്പെട്ടിരിക്കുന്നു എന്നു പറയുന്നു. “മായെക്കു” എന്നതിന്റെ ഗ്രീക്ക് പദം “മറ്റയാറ്റേസ്” എന്നാണ് (mataiotēs - mat-ah-yot'-ace). ഈ വാക്കിന്റെ അർത്ഥം, മായ, സത്യം ഇല്ലാത്തത്, സമുചിതം ഇല്ലാത്തത്, വിപരീതം, ധാർമ്മികമായി അധപ്പതിച്ചത്, ബലഹീനം എന്നിങ്ങനെ ആണ്. ഇതിന് “ക്ഷണികമായ” എന്ന അർത്ഥവും ഉണ്ട്. ഇതാണ് മലയാളത്തിൽ “മായെക്കു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ വാക്കിനെ “മായ” (vanity) എന്നു KJV യിലും “വ്യർത്ഥ്യമായത്” (futility) എന്നു NKJV ലും പരിഭാഷപ്പെടുത്തിയിരിക്കുന്നു.

 

സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിന്നും, ക്ഷണികമായ അവസ്ഥയ്ക്കും കീഴപ്പെട്ട് ഇരിക്കുന്നതു, അത് ആ അവസ്ഥ സ്വയം തിരഞ്ഞെടുത്തത് കൊണ്ടോ, അതിന്റെ സൃഷ്ടിയിലെ എന്തെങ്കിലും അപാകത കൊണ്ടോ അല്ല. അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തം അങ്ങനെ ആയതാണ്. ഈ കൽപ്പന ആദാമിന്റെ പാപത്താൽ ഉണ്ടായ ദൈവീക ശാപം ആണ്. അതിന്റെ അർത്ഥം ആദാമിന്റെ വീഴ്ചയ്ക്ക് മുമ്പ് ഭൂമിയിലെ ജീവജാലങ്ങളുടെ മേൽ പാപമോ, ശാപമോ, അതിന്റെ ശിക്ഷകളോ, മരണമോ ഉണ്ടായിരുന്നില്ല.




 

ദൈവ വിശ്വാസ പരിണാമ സിദ്ധാന്തം

 

ദൈവ വിശ്വാസ പരിണാമ സിദ്ധാന്തം അഥവാ Theistic Evolution, ഉൽപതിഷ്ണുവായ (ഉദാരമായ - liberal theologically) ദൈവശാസ്ത്രത്തിന്റെ ഭാഗമാണ്. ഇവർ പൊതുവേ ഉൽപ്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തെ നിരസിക്കുന്നു. സൃഷ്ടിപ്പിന്റെ തുടക്കമായ “വലിയ സ്പോടനം” (Big Bang) ആരംഭിച്ചത് ദൈവമാണ് എന്നും അതിന്ശേഷം സ്വാഭാവികമായ പരിണാമ പ്രക്രിയയിലൂടെ നടന്ന സൃഷ്ടിപ്പിൽ ദൈവത്തിന്റെ സജീവമായ ഇടപെടിൽ ഇല്ല എന്നും ആണ് ഇവരുടെ വാദം. സൃഷ്ടി തുടങ്ങി വയ്ക്കുകയും, ഇടയ്ക്കിടെ അതിൽ ഇടപെടുകയും മാത്രമേ ദൈവം ചെയ്തുള്ളൂ.

 

അമേരിക്കൻ സസ്യ ശാസ്ത്രജ്ഞനും, എഴുത്തുകാരനും, ആയിരുന്ന ആസാ ഗ്രേ എന്ന വ്യക്തിയാണ് ഈ സിദ്ധാന്തത്തെ ആദ്യം മുന്നോട്ട് വച്ചത് (Asa Gray, November 18, 1810, Sauquoit, New York, U.S.- January 30, 1888, Cambridge, Massachusetts). അദ്ദേഹം ജീവിവർഗങ്ങളുടെ ഉല്പത്തി എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ചാൾസ് ഡാർവിൻ ന്റെ സ്നേഹിതൻ ആയിരുന്നു (Charles Darwin, Origin of Species, 1859). ആസാ ഗ്രേ ഒരു തികഞ്ഞ ക്രിസ്തീയ ദൈവ വിശ്വാസി ആയിരുന്നു. എന്നാൽ സ്വാഭാവികമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയയിലൂടെ ആണ് ദൈവം പ്രകൃതിയെ മുന്നോട്ട് നയിക്കുന്നത് എന്നു അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തത്തെ പിന്താങ്ങുകയും ചെയ്തു. പുതിയ സൃഷ്ടികളും ജീവ വർഗ്ഗങ്ങളും ഉണ്ടാകുന്നത് സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെ ആണ് എന്നത് അദ്ദേഹം അംഗീകരിച്ചു എങ്കിലും പരിണാമത്തിന്റെ ഏക കാരണമായി സ്വാഭാവിക തിരഞ്ഞെടുപ്പിനെ അദ്ദേഹം കണ്ടില്ല. ജീവ വർഗ്ഗ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്, ഓരോ ജീവിയിലും അടങ്ങിയിരിക്കുന്ന ഒരു ശക്തി മൂലമാണ്. ഒരു ദൈവീക കർതൃത്വം ആണ് ഈ ശക്തി ജീവികളിൽ പകർന്നത്.     

 

ദൈവ വിശ്വാസ പരിണാമ സിദ്ധാന്തത്തെ “പരിണാമ സൃഷ്ടിപ്പ്” (Evolutionary creationism) എന്നും വിളിക്കാറുണ്ട്. സ്വാഭാവിക പ്രകൃതി നിയമങ്ങളിലൂടെയാണ് ദൈവം സൃഷ്ടിപ്പ് നടത്തിയത് എന്ന ചിന്തയാണ് ഇത്. ജൈവപരമായ പരിണാമത്തിലൂടെ ആണ് ദൈവം വൈവിധ്യമാർന്ന സൃഷ്ടികൾ നടത്തിയത് എന്നു ഈ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ വാദിക്കുന്നു. ഇളം പ്രായമുള്ള ഭൂമിയുടെ ഉൽപ്പത്തി എന്ന സിദ്ധാന്തത്തെ ഇവർ തിരസ്കരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ പല പ്രൊട്ടസ്റ്റന്റ് സെമിനാരികളിൽ ഈ സിദ്ധാന്തം പഠിപ്പിക്കുന്നുണ്ട്. ചില സുവിശേഷ വിഹിത സഭകളിലെ പ്രഭാഷകരും അധ്യാപകരും ഇതിൽ വിശ്വസിക്കുന്നുണ്ട്.

 

നിരീശ്വര വാദത്തിൽ അടിസ്ഥാനമായ പരിണാമ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ, ജീവനില്ലാത്ത വസ്തുക്കളിൽ നിന്നും സ്വാഭാവിക പ്രക്രിയയിലൂടെ ആണ് ഭൂമിയിൽ ജീവൻ ഉണ്ടായത് എന്നു വാദിക്കുന്നു. ഈ പ്രക്രിയയിൽ പ്രകൃതിയുടെ നിയമങ്ങൾ മാത്രമാണ് സ്വാധീനം ചെലുത്തിയത്. അതിൽ ദൈവീക ശക്തിയ്ക്ക് യാതൊരു പങ്കും ഇല്ല.

 

എന്നാൽ ദൈവ വിശ്വാസ പരിണാമ സിദ്ധാന്ത വാദികൾ ദൈവം ഉണ്ട് എന്നും, അദ്ദേഹത്തിന് സൃഷ്ടിയിൽ നേരിട്ട് പങ്ക് ഉണ്ട് എന്നും വിശ്വസിക്കുന്നു. ജീവൻ ഉണ്ടാകേണം എന്ന ലക്ഷ്യത്തോടെ ദൈവം പ്രകൃതി നിയമങ്ങളും, പരിണാമത്തിലെ ഘട്ടങ്ങളും നിയമിച്ചു. എന്നാൽ, സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ദൈവം സജീവമായ പങ്കാളിത്തത്തിൽ നിന്നും പിൻവാങ്ങി, സൃഷ്ടിപ്പിന്റെ മുന്നേറ്റത്തെ സ്വാഭാവിക തിരഞ്ഞെടുപ്പിനായി എൽപ്പിച്ചു കൊടുത്തു. ദൈവം എന്ത് പദ്ധതി ഇട്ടുവോ, അതുപോലെ സകലതും പരിണമിക്കുന്നതിനായി അനുവദിച്ചു. അങ്ങനെ ജീവനില്ലാത്ത വസ്തുക്കളിൽ നിന്നും ജീവൻ ഉടലെടുത്തു.

 

സൃഷ്ടിപ്പിന്റെ ഈ പരിണാമ പ്രക്രിയയിൽ, ജീവൻ ഉടലെടുക്കേണ്ടതിനായി, ദൈവം ഇടയ്ക്കിടെ അത്ഭുതകരമായ ഇടപെടലുകൾ നടത്തി. ആരംഭത്തിലെ ലളിതമായ ഘടനയിൽ നിന്നും ഇന്നത്തെ സങ്കീർണ്ണമായ ഘടനയിലേക്ക് ജീവനെ കൊണ്ടുവരുവാൻ ആവശ്യമായ ഇടപെടലുകൾ ദൈവത്തിൽ നിന്നും ഉണ്ടായി. പരിവർത്തനം, സ്വാഭാവിക തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം ദൈവത്തിന്റെ ഇടപെടൽ ഉണ്ട്.

 

ഭൂവിജ്ഞാനീയ ശാസ്ത്രം കണ്ടെടുത്ത ജൈവ അവശിഷ്ടങ്ങൾ കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉള്ളതാണ്. ഈ ജൈവ അവശിഷ്ടങ്ങളുടെ പ്രായം പരിശോധിക്കുമ്പോൾ, മനുഷ്യന് മുമ്പ് അനേകം വർഗ്ഗത്തിലുള്ള ജീവജന്തുക്കൾ ജീവിക്കുകയും, ഇല്ലാതാകുകയും ചെയ്തിരുന്നു എന്നു മനസ്സിലാക്കുവാൻ കഴിയും. ഇതിന്റെ അർത്ഥം ആദാമിന് മുമ്പ് ഈ ഭൂമിയിൽ, ജീവ ജന്തുക്കളുടെ ഇടയിൽ മരണം ഉണ്ടായിരുന്നു എന്നാണ്.

 

പടിപടിയായി മുന്നേറുന്ന സൃഷ്ടിപ്പിന്റെ സിദ്ധാന്തം പറയുന്നതുപോലെ, ഉൽപ്പത്തിയിലെ ഒരു ദിവസം കോടിക്കണക്കിന് വർഷങ്ങളുടെ ഒരു യുഗം ആയിരിക്കാം. ഒരു യുഗം എന്നത് നിശ്ചിതമല്ലാത്ത ഒരു സുദീർഘമായ കാലയളവ് ആണ്.

 

ചാൾസ് ഡാർവിൻ മുന്നോട്ട് വച്ച പരിണാമ പ്രക്രിയയുടെ ക്രമം ദൈവ വിശ്വാസ പരിണാമ സിദ്ധാന്ത വാദികളും അംഗീകരിക്കുന്നു. നക്ഷത്രങ്ങൾ, ക്ഷീരപഥം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നീ ക്രമത്തിലായിരിക്കാം പരിണാമം സംഭവിച്ചത്. എന്നാൽ ഉൽപ്പത്തി പുസ്തകത്തിലെ വിവരണവുമായി ഡാർവിൻ ന്റെ പരിണാമ ക്രമം ചേർന്നു പോകുന്നില്ല. ഉൽപ്പത്തിയിൽ പറയുന്നത് അനുസരിച്ച്, ദൈവം ആദ്യം സൃഷ്ടിച്ചത് ആകാശവും ഭൂമിയും ആണ്. നാലാം ദിവസം ആണ് സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ സൃഷ്ടിച്ചത്. ദൈവ വിശ്വാസ പരിണാമ സിദ്ധാന്ത വാദികൾ ഇതിനൊരു വിശദീകരണം നല്കുന്നുണ്ട്. അവരുടെ അഭിപ്രായം അനുസരിച്ച്, ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച ആദ്യ ദിവസം തന്നെ സൂര്യനേയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും സൃഷ്ടിച്ചിരുന്നു. എന്നാൽ അപ്പോഴത്തെ അന്തരീക്ഷം കാരണം അവയെ കാണുവാൻ കഴിഞ്ഞില്ല. നാലാമത്തെ ദിവസം മുതൽ ആണ് അവയെ കാണുവാൻ കഴിഞ്ഞത്.

 

അഞ്ചാമത്തെ ദിവസമാണ് പക്ഷികളെയും, ജല ജീവികളെയും സൃഷ്ടിച്ചത് എന്നു ഉൽപ്പത്തി വിവരിക്കുന്നു. ഭൂമിയിലെ ജന്തുക്കളെ സൃഷ്ടിച്ചത് ആറാമത്തെ ദിവസം ആണ്. എന്നാൽ ഡാർവിൻ പറയുന്നത് അനുസരിച്ച്, പക്ഷികൾ ഭൂമിയിലെ ജീവ ജന്തുക്കളിൽ നിന്നുമാണ് പരിണമിച്ചു ഉണ്ടായത്. ദൈവ വിശ്വാസ പരിണാമ സിദ്ധാന്ത വാദികൾ ഡാർവിൻ ന്റെ പരിണാമ ക്രമം ആണ് സ്വീകരിച്ചിട്ടുള്ളത്.

 

റോമൻ കത്തോലിക്കാ സഭയും ദൈവ വിശ്വാസ പരിണാമ സിദ്ധാന്തവും

 

റോമൻ കത്തോലിക്ക സഭ പരിണാമ സിദ്ധാന്തത്തെ ഒരു ശാസ്ത്രീയ അനുമാനം ആയി കാണുന്നു. ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തവും സഭയുടെ സൃഷ്ടിപ്പിന്റെ വിശ്വാസവും ചേർന്നു പോകാവുന്നതാണ് എന്നു പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ (Pope Pius XII) 1950 ൽ പ്രസ്താവിച്ചു. പരിണാമ സിദ്ധാന്തം ഒരു അനുമാനത്തേക്കാൾ ഉപരിയാണ് എന്നു ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1996 ൽ പറഞ്ഞു (Pope John Paul II - "more than a hypothesis"). ഫ്രാൻസിസ് മാർപ്പാപ്പയും (Pope Francis) ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തം യാഥാർഥ്യം ആണ് എന്നും എന്നാൽ അതിന്റെ പിന്നിൽ ഒരു ദൈവീക സൃഷ്ടി കർത്താവ് ഉണ്ട് എന്നും അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭ നിരീശ്വര വാദ പരിണാമ സിദ്ധാന്തത്തെ അനുകൂലിക്കുന്നില്ല.

 

സഭയുടെ നിലപാട് ഇതാണ്: വിവിധ വർഗ്ഗ, വംശത്തിലുള്ള ജീവികൾ, കാലക്രമേണ ഭൂമിയിൽ ഉടലെടുത്തു എന്നത് ശരിയാണ് എങ്കിൽ അത് ദൈവത്തിന്റെ പ്രചോദനത്തിനും, നിയന്ത്രണത്തിനും വിധേയമായാണ് സംഭവിച്ചത്. അതിനാൽ ദൈവമാണ് സകലത്തിന്റെയും സൃഷ്ടാവ്.

 

മുമ്പ് ഉണ്ടായിരുന്ന ജൈവഘടനകളിൽ നിന്നുമാകാം മനുഷ്യൻ ഉണ്ടായത്. അത് ദൈവത്തിന്റെ നിയന്ത്രണത്തിൽ സംഭവിച്ചതാണ്. എന്നാൽ ദൈവമാണ് മനുഷ്യന്റെ ആത്മാവിനെ സൃഷ്ടിച്ചത്. ആത്മാവു പരിണാമത്തിലൂടെ ഉടലെടുത്തത് അല്ല.

 

ഈ പ്രപഞ്ചത്തിന് അനന്തമായ പഴക്കം ഉണ്ട് എന്നു സഭ വിശ്വസിക്കുന്നില്ല. പ്രപഞ്ചം നിത്യത മുതൽ നിലവിൽ ഇല്ല. എന്നാൽ പ്രപഞ്ചം എത്ര വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നോ, അത് കോടിക്കണക്കിന് യുഗങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നോ സഭ കൃത്യമായി പറയുന്നില്ല.

 

ഇളം പ്രായമുള്ള ഭൂമിയുടെ ഉൽപ്പത്തി

 

ഇളം പ്രായമുള്ള ഭൂമിയുടെ ഉൽപ്പത്തി എന്ന സിദ്ധാന്തം, അഥവാ Young Earth Creationism, ഈ പ്രപഞ്ചത്തെയും അതിലുള്ള സകലത്തിനെയും, സ്വയംഭൂവായ ദൈവം, 24 മണിക്കൂർ ഉള്ള ആറ് ദിവസങ്ങൾകൊണ്ട്, ഏകദേശം 6000 മുതൽ 12,000 വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിച്ചതാണ് എന്നു വിശ്വസിക്കുന്നു. ക്രിസ്തീയ വിശ്വാസികളും, യഹൂദന്മാരും പൊതുവേ ഈ വിശ്വാസം പങ്കിടുന്നു. സൃഷ്ടിപ്പ് നടന്നത് ക്രിസ്തുവിന് മുമ്പ് ഏകദേശം 4000 മുതൽ 5000 വർഷങ്ങൾക്ക് മുമ്പാണ് എന്നായിരുന്നു 18 ആം നൂറ്റാണ്ട് വരെയുള്ള ക്രൈസ്തവ സഭയുടെ വിശ്വാസം.

 

നോഹയുടെ കാലത്തെ ജലപ്രളയം ആഗോളമായി സംഭവിച്ചതാണ്. അത് ഏകദേശം ക്രിസ്തുവിന് മുമ്പ് 2300 മുതൽ 3300 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചു. ഈ ജലപ്രളയത്താൽ ഭൂമിയുടെ ഘടനയ്ക്ക് വളരെയധികം വ്യത്യാസങ്ങൾ ഉണ്ടായി. നോഹയുടെ പെട്ടകത്തിന് വെളിയിൽ ആയിരുന്ന പക്ഷികളും, ഭൂചര ജന്തുക്കളും, ചില ജല ജീവികളും, വൃക്ഷങ്ങളും എല്ലാം പ്രളയത്താൽ നശിച്ചുപോയി. അവയുടെ അവശിഷ്ടങ്ങൾ ആണ് ഇന്ന് ഭൂവിജ്ഞാനിയ ശാസ്ത്രജ്ഞന്മാർ കണ്ടെടുക്കുന്നത്. ആഗോളമായി സംഭവിച്ച ജലപ്രളയം കൂടാതെ പല പ്രകൃതി ദൂരന്തങ്ങളും അതിന് മുമ്പും, ശേഷവും പ്രാദേശികമായി സംഭവിച്ചിട്ടുണ്ട്. ഇത് കാരണവും ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ ഭൂമിയിയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയിലെ പാറകളുടെ അടുക്കിനും മറ്റ് ഘടനകൾക്കും ഇതെല്ലാം മൂലം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

 

ഇളം പ്രായമുള്ള ഭൂമിയുടെ ഉൽപ്പത്തി എന്ന സിദ്ധാന്തത്തിന്റെ വാദങ്ങൾ ഇതെല്ലാം ആണ്:   

 

ഉൽപ്പത്തി പുസ്തകത്തിലെ ആദ്യ അധ്യായങ്ങളെ അക്ഷരാർത്ഥത്തിൽ വിശ്വസിക്കുന്നു. ഇവിടെ വിവരിക്കപ്പെടുന്ന സൃഷ്ടിപ്പിന്റെ വിശദാംശങ്ങൾ ചരിത്രമാണ്, അത് അന്യാപദേശകഥകളോ, സാദൃശ്യങ്ങളോ അല്ല (allegory, metaphor).

 

ദിവസം, സന്ധ്യ, ഉഷസ്, എന്നീ വാക്കുകളുടെ അർത്ഥം അക്ഷരാർത്ഥത്തിൽ ആണ് മനസ്സിലാക്കേണ്ടത്. ഇവ അടയാളങ്ങളൊ, സാദൃശ്യങ്ങളോ അല്ല (symbols, metaphors). ദിവസം എന്നതിന്റെ എബ്രായ പദം “യോമ്” എന്നാണ് (yômyome). പഴയനിയമത്തിൽ ഈ വാക്ക് 24 മണിക്കൂർ നീണ്ട ഒരു ദിവസത്തെ ആണ് സൂചിപ്പിക്കുന്നത്. ഇതേ അർത്ഥത്തിൽ ആണ് ഉൽപ്പത്തി 1:14 ലും ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.

 

ഉൽപ്പത്തി 1:14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;  

 

വെളിച്ചങ്ങളാൽ തിരിച്ചറിയപ്പെടുന്ന ദിവസം 24 മണിക്കൂർ ദർഘ്യം ഉള്ളതാണ്. സൃഷ്ടിപ്പിലെ ദിവസങ്ങളുടെ ദൈർഘ്യമാണ് യഹൂദന്മാരുടെ ആഴ്ചയിലെ ദിവസങ്ങളുടെ ദൈർഘ്യവും.

 

പുറപ്പാട് 20:9, 11

9    ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.

11    ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

 

സസ്യങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂചര ജന്തുക്കൾ എല്ലാം ഉൽപ്പത്തിയിൽ വിവരിക്കുന്ന ക്രമം അനുസരിച്ച് സൃഷ്ടിക്കപ്പെട്ടു.

 

റോമർ 5:12 ൽ പറയുന്നത്, “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” എന്നാണ്. അതിനാൽ മരണം ആദാമിന്റെ വീഴ്ചയ്ക്ക് മുമ്പ് ഭൂമിയിൽ ഉണ്ടായിരുന്നില്ല. മനുഷ്യൻ പാപത്തിൽ വീഴുന്നതിന് മുമ്പ്, ജീവികളോ, മനുഷ്യരോ മരിച്ചിരുന്നില്ല.

 

കോറം ഡെയോ

 

വേദപുസ്തകം, ആശ്രയിക്കാവുന്ന, പിശകുകൾ ഇല്ലാത്ത ഒരു സ്രോതസ്സ് ആണ്. അത് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന്റെ കൃത്യമായ വിവരണം നല്കുന്നു. ആധുനിക ശാസ്ത്രവുമായി വേദപുസ്തകം സംഘർഷത്തിൽ അല്ല. സംശയത്തിന് അധീനമായ ശാസ്ത്രീയ തെളിവുകളാൽ വേദപുസ്തകത്തിലെ ഒരു വാക്യം പോലും തെറ്റാണ് എന്നു തെളിയിക്കപ്പെട്ടിട്ടില്ല. തിരുവെഴുത്തുകളെക്കുറിച്ചുള്ള നമ്മളുടെ വ്യാഖ്യാനങ്ങൾക്ക് തെറ്റ് സംഭവിച്ചേക്കാം. എന്നാൽ ദൈവ വചനം ഒരിക്കലും തെറ്റാകുന്നില്ല. പ്രപഞ്ചത്തിന്റെ സൃഷ്ടാവ് നമുക്ക് നൽകിയിരിക്കുന്ന ജീവനുള്ള വചനം ആണ് തിരുവെഴുത്തുകൾ. സൃഷ്ടിയുടെ ഏക ദൃക്സാക്ഷി ദൈവം ആണ്. സൃഷ്ടിയെക്കുറിച്ചുള്ള അവന്റെ വിവരണത്തെ പരിണാമ സിദ്ധാന്തങ്ങൾക്ക് നിഷേധിക്കുവാൻ കഴിഞ്ഞിട്ടില്ല.

 



No comments:

Post a Comment