പഴയ ഉടമ്പടി റദ്ദാക്കപ്പെട്ടോ, നിവൃത്തിക്കപ്പെട്ടോ?

വേദപുസ്തകത്തിലെ പഴയ നിയമപുസ്തകങ്ങളെക്കുറിച്ചും പഴയ ഉടമ്പടിയെക്കുറിച്ചും പര്യായങ്ങൾ പോലെ നമ്മൾ പറയാറുണ്ട് എങ്കിലും അവ ഒന്നല്ല. പഴയനിയമ ഭാഗത്ത് പഴയ ഉടമ്പടി ഉണ്ട്, എന്നാൽ അവിടെ പഴയ ഉടമ്പടി മാത്രമല്ല ഉള്ളത്. പഴയനിയമ ഭാഗത്ത്, സൃഷ്ടിയുടെ ചരിത്രം, ആദ്യ സുവിശേഷം, ഏദൻ തോട്ടത്തിലെ കൃപയുടെ വിളംബരം, നോഹയുടെ കാലത്തെ പ്രളയവും അവനുമായുള്ള ദൈവത്തിന്റെ ഉടമ്പടി, അബ്രാഹാമിന്റെ തിരഞ്ഞെടുപ്പ്, അബ്രാഹാമിന്റെ ഉടമ്പടി, യിസ്രായേൽ, യഹൂദന്മാർ, പുതിയ നിയമം എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്നിവ എല്ലാം ഉണ്ട്, യേശുക്രിസ്തുവിന്റെ ജീവിതം, മരണം എന്നിവയെക്കുറിച്ചും പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ചും ഉള്ള പ്രവചനങ്ങളും ഉണ്ട്. പഴയ നിയമ ഭാഗത്ത് വിവരിക്കപ്പെടുന്ന ഒന്നിലധികം ഉടമ്പടികളിൽ ഒന്നാണ് മോശെയുടെ ഉടമ്പടി അഥവാ പഴയ ഉടമ്പടി.

 

അതിനാൽ പഴയ ഉടമ്പടി റദ്ദാക്കപ്പെട്ടുവോ എന്ന ചോദ്യം നമ്മൾ ചർച്ച ചെയ്യുമ്പോൾ, അത് പഴയ നിയമ പുസ്തകങ്ങൾ റദ്ദാക്കപ്പെട്ടുവോ എന്നു ആകുന്നില്ല. പഴയനിയമത്തിലെയും പുതിയ നിയമത്തിലേയും പുസ്തകങ്ങൾ എല്ലാം ദൈവശ്വാസീയം ആണ്, അവ തെറ്റുകൾ ഇല്ലാത്തതും പരാജയപ്പെടാത്തതും ആണ്. ദൈവത്തിന്റെ മനുഷ്യർക്കായുള്ള വീണ്ടെടുപ്പു പദ്ധതിയെക്കുറിച്ചുള്ള, ആത്യന്തികമായ അടിസ്ഥാനമാണ് എല്ലാ തിരുവെഴുത്തുകളും. പഴയനിയമ തിരുവെഴുത്തുകൾ ദൈവത്തിന്റെ മനുഷ്യർക്കായുള്ള വീണ്ടെടുപ്പ് പദ്ധതിയുടെ കാലനുഗതമായ പുരോഗതിയുടെ ചരിത്രം ആണ്. നമുക്ക് പ്രബോധനങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും നല്കുവാൻ അവ അത്യാവശ്യമാണ്.

 


പഴയ ഉടമ്പടി

 

സീനായ് പർവ്വതത്തിൽ വച്ചു. ദൈവം യിസ്രായേൽ ജനവുമായി ചെയ്ത ഉടമ്പടിയെ ആണ് നമ്മൾ പഴയ ഉടമ്പടി എന്നു വിളിക്കുന്നത്. ഇതിനെ “മോശെയുടെ ഉടമ്പടി” എന്നും വിളിക്കാറുണ്ട്. ഈ ഉടമ്പടിയിൽ 613 പ്രമാണങ്ങൾ ഉണ്ട്. അവ, സാന്മാർഗ്ഗികവും, സാമൂഹികവും, മതാചാരപരമായതും ആയ നിയമങ്ങൾ ആണ്.  നമ്മൾ ഇവയെ പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളിൽ വായിക്കുന്നു. ഈ നിയമങ്ങളിൽ പത്ത് എണ്ണം ദൈവം സ്വന്ത കൈയ്യാൽ എഴുതിയതാണ്. അവയെ നമ്മൾ “പത്ത് കൽപ്പനകൾ” എന്നു വിളിക്കുന്നു. മോശെയുടെ ഉടമ്പടിയും, അതിലെ പ്രമാണങ്ങളെയും ആണ് നമ്മൾ “മോശയുടെ ന്യായപ്രമാണം”, അല്ലെങ്കിൽ “ന്യായപ്രമാണം” എന്നു മാത്രം വിളിക്കുന്നത്.

 

ദൈവം ഈ പ്രമാണങ്ങൾ യിസ്രായേൽ ജനത്തിന് നല്കിയത് അവരുടെ തെറ്റുകളിൽ അവരെ ശിക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല. യിസ്രായേൽ ദൈവത്തിന്റെ സ്വന്ത ജനവും, പ്രത്യേക സമ്പത്തും, രാജകീയ പുരോഹിത വർഗ്ഗവും ഒരു വിശുദ്ധ വംശവും ആയിരുന്നു.

 

പുറപ്പാട് 19:5, 6

ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.

 

ദൈവത്തിന് അവരെക്കുറിച്ചുള്ള ഉദ്ദേശ്യങ്ങൾക്ക് ഒത്തവണ്ണം അവർ ജീവിക്കുവാൻ വേണ്ടിയാണ് ദൈവം അവർക്ക് പ്രമാണങ്ങൾ നല്കിയത്. മോശെയുടെ ന്യായപ്രമാണം അവർക്ക് ഒരു അനുഗ്രഹം ആയിരിക്കേണം എന്നാണ് ദൈവം ആഗ്രഹിച്ചത്.

 

ആവർത്തന പുസ്തകം 10:12, 13

ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?

 

ആവർത്തന പുസ്തകം 5:29, 33

29 അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.

 

33 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.

 

സങ്കീർത്തനം 119, വേദപുസ്തകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അദ്ധ്യായം ആണ്. ഇതിൽ 176 വാക്യങ്ങൾ ഉണ്ട്. ഈ സങ്കീർത്തനത്തിന്റെ രചയിതാവ് ആരാണ് എന്നതിൽ നമുക്ക് തീർച്ചയില്ല. ദാവീദ്, എസ്രാ, ദാനിയേൽ, യിരെമ്യാവ്, എന്നിവരെ രചയിതാക്കൾ ആയി കണക്കാക്കുന്നു.

 

ഒരു ദൈവ പൈതൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളും, പീഡനങ്ങളും ആണ് ഇതിലെ ഇതിവൃത്തം. കഷ്ടതകളുടെ മദ്ധ്യത്തിലും, ദൈവ വചനം സകലത്തിനും മതിയായത് ആണ് എന്നാണ് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നത്. നമ്മൾ കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും, ദൈവത്തെയും, അവന് നമ്മൾക്കായുള്ള പദ്ധതികളെയും, നമുക്ക് പൂർണമായി ആശ്രയിക്കാം. നമുക്ക് ബുദ്ധി ഉപദേശിക്കുവാൻ, നീതിയിൽ നമ്മളെ നടത്തുവാൻ, എല്ലാ സൽപ്രവൃത്തികൾക്കുമായി നമ്മളെ പ്രാപ്തരാക്കുവാൻ ദൈവ വചനം മതിയായത് ആണ്. ദൈവ വചനം നമുക്ക് സംരക്ഷണവും, സ്വാതന്ത്ര്യവും, ജീവനും ആണ്.

 

സങ്കീർത്തനക്കാരാൻ ഇതെല്ലാം എഴുതുന്നതു ന്യായപ്രമാണത്തെക്കുറിച്ചാണ്, അദ്ദേഹം ഇവിടെ ന്യായപ്രമാണത്തെക്കുറിച്ച് പറയുവാൻ, ന്യായപ്രമാണം (119:1), സാക്ഷ്യങ്ങൾ (2), ചട്ടങ്ങൾ (4), കൽപ്പനകൾ (6), നിയമം (91), വിധികൾ (106), വചനം (9), എന്നിങ്ങനെ വ്യത്യസ്തങ്ങൾ ആയ പദങ്ങൾ ഉപയോഗിക്കുന്നു.      

 

119 ആം സങ്കീർത്തനം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

സങ്കീർത്തനം 119:1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.

 

സങ്കീർത്തനം 119: 97-106

നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.

 

ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം യിസ്രായേൽ ജനത്തെ മറ്റുള്ള രാജ്യങ്ങളിലെ ജനങ്ങളിൽ നിന്നും വേറിട്ട് നിറുത്തുക എന്നതായിരുന്നു.

 

ലേവ്യപുസ്തകം 19:2 നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.

 

ലേവ്യപുസ്തകം 20:8 എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

 

“ശുദ്ധീകരിക്കുക” എന്നത് ഒരു വിശുദ്ധ ഉദ്ദേശ്യത്തിനായി വേർതിരിക്കുക എന്നതാണ്. ഉദ്ദേശ്യം വിശുദ്ധമാണ് എന്നതിനാൽ യിസ്രായേൽ ജനം മറ്റ് രാജ്യങ്ങളിലെ ജനങ്ങളിൽ നിന്നും വ്യത്യസ്തർ ആയി വേർപ്പെട്ട്, വിശുദ്ധരായി ജീവിക്കേണം. ഈ വേർപാടിന് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ പ്രമാണങ്ങൾ അനുസരിക്കേണ്ടത് ആവശ്യമാണ്. ദൈവത്തിന്റെ വിശുദ്ധി എത്ര ശ്രേഷ്ഠമാണ് എന്നു ജാതീയ ജനങ്ങളുടെ മുന്നിൽ, യിസ്രായേൽ ജനത്തിലൂടെ വെളിപ്പെടുത്തുവാനും അവൻ ആഗ്രഹിച്ചു. യഹോവയായ ദൈവം ഏക, വിശുദ്ധ ദൈവമാണ്. ഇതിനായി, യിസ്രായേൽ എന്ന വേറിട്ട ജനം എന്ന കാഴ്ചപ്പാട് മോശെയുടെ ന്യായപ്രമാണത്തിന്റെ ദൈവീക ഉദ്ദേശ്യം ആയിരുന്നു.

 

പുറപ്പാട് 34:10 അതിന്നു അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സർവ്വജനത്തിന്നും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.

 

മോശെയുടെ ഉടമ്പടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം, മനുഷ്യർക്ക് രക്ഷ പ്രാപിക്കുവാൻ ഒരു രക്ഷകനെ ആവശ്യമുണ്ട് എന്നു ബോധ്യപ്പെടുത്തുക എന്നതാണ്. ദൈവീക വിശുദ്ധിയുടെ നിലവാരം എന്തായിരിക്കേണം എന്നു ന്യായപ്രമാണം പഠിപ്പിക്കുന്നു. അത് പാപവും, കുറ്റങ്ങളും, കുറവുകളും, എന്താണ് എന്നു പറയുന്നു. മനുഷ്യരോട് എത്തിച്ചേരുവാൻ കൽപ്പിക്കുന്ന ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരമാണ് മോശെയുടെ ന്യായപ്രമാണം.

 

റോമർ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

 

റോമർ 7:7 ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.  

 

ദൈവത്തിന്റെ വിശുദ്ധിക്ക് ഒത്തവണ്ണം ജീവിക്കുവാൻ മനുഷ്യർ പരാജയപ്പെടുന്ന ഇടങ്ങളെ ന്യായപ്രമാണം കാണിച്ചു തരുന്നു. നമ്മളുടെ പാപത്തേക്കുറിച്ചുള്ള ബോധ്യം നമ്മളെ നിസ്സഹായരും പരാജയപ്പെട്ടവരും ആയി മാറ്റുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ സുവിശേഷം, നമ്മൾ പ്രത്യാശ നഷ്ടപ്പെട്ടവരായി ജീവിക്കേണ്ടതില്ല എന്നു പറയുന്നു. ദൈവം തക്ക സമയത്ത് മനുഷ്യ ചരിത്രത്തിൽ ഇടപെട്ടിട്ടുണ്ട്. പാപത്തിൽ നിന്നും നമ്മളെ രക്ഷിക്കുന്ന ദൈവ കൃപ, യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരത്തിലെത്തുവാൻ നമ്മളെ പ്രാപ്തരാക്കുന്നു.

 

റോമർ 8:3-4

ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.

 

ഗലാത്യർ 3:24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.

 

എന്നാൽ, നിർഭാഗ്യവശാൽ, യിസ്രയേൽ ചരിത്രത്തിൽ, മിക്കപ്പോഴും, ന്യായപ്രമാണം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, പ്രയോഗിക്കപ്പെടുകയും ചെയ്തു. അവർ ന്യായപ്രമാണത്തിന് ഒത്തവണ്ണം ജീവിക്കുവാൻ പരാജയപ്പെട്ടു. യേശുക്രിസ്തുവിന്റെ കാലം ആയപ്പോഴേക്കും, മത നേതാക്കന്മാർ, ന്യായപ്രമാണങ്ങളെ കുഴഞ്ഞുമറിഞ്ഞ നിയമങ്ങളുടെ ഒരു ഭണ്ഡാരമായി മാറ്റി.

 

അതിനാൽ, ദൈവത്തിന്റെ പ്രമാണങ്ങൾ മനസ്സിലാക്കുവാൻ ഒരു പുതിയ രീതി യേശുക്രിസ്തു മുന്നോട്ട് വച്ചു. പ്രമാണങ്ങളുടെ യഥാർത്ഥ ദൈവീക ഉദ്ദേശ്യം എന്തായിരുന്നുവോ, അതിലേക്ക് ജനത്തെ തിരികെ കൊണ്ടുപോകുവാൻ യേശു ശ്രമിച്ചു. അവൻ പ്രമാണങ്ങൾക്ക് വിരുദ്ധമായി സംസാരിച്ചില്ല, എന്നാൽ അതിന്റെ ദുരുപയോഗങ്ങളെയും, അമിത പ്രയോഗങ്ങളെയും എതിർത്തു.

 

ക്രിസ്തീയ വിശ്വാസികൾ പഴയ ഉടമ്പടിയുടെ കീഴിൽ ആണോ?

 

“ക്രിസ്തീയ വിശ്വാസികൾ പഴയ ഉടമ്പടിയുടെ കീഴിൽ ആണോ” എന്ന ചോദ്യമാണ് ക്രിസ്തീയ സഭ ആദ്യമായി അഭിമുഖീകരിച്ച ഉപദേശ സംബന്ധിയായ ചോദ്യം. ഈ ചോദ്യമാണ് അപ്പൊസ്തല പ്രവൃത്തികൾ 15 ആം അദ്ധ്യായത്തിൽ യെരൂശലേമിൽ കൂടിയ ആദ്യത്തെ സഭാ കൌൺസിൽ ചർച്ച ചെയ്തത്. ഈ വിഷയം വിശദീകരിക്കുവാൻ ആണ് ഗലാത്യർക്കുള്ള ലേഖനം എഴുതപ്പെട്ടത്. എബ്രായ ലേഖനം, പഴയ ഉടമ്പടിയ്ക്ക് മേൽ പുതിയ ഉടമ്പടിയ്ക്കുള്ള അധീശത്വം (superiority) സ്ഥാപിക്കുന്നു. എങ്കിലും ഇന്നും ഈ ചോദ്യം ആവർത്തിക്കപ്പെടുന്നു.

 

“ക്രിസ്തീയ വിശ്വാസികൾ പഴയ ഉടമ്പടിയുടെ കീഴിൽ ആണോ” എന്ന ചോദ്യത്തിന്റെ ഉറച്ച ഉത്തരം “അല്ല” എന്നു തന്നെയാണ്. പുതിയ ഉടമ്പടി പ്രകാരം ആണ് നമ്മൾ ക്രിസ്തീയ വിശ്വാസികൾ ആയിരിക്കുന്നത്. എന്നാൽ യേശുക്രിസ്തു സ്ഥാപിച്ച പുതിയ ഉടമ്പടി പഴയ ഉടമ്പടിയെ റദ്ദാക്കിയിട്ടില്ല. പുതിയത്, എല്ലാ പഴയ ഉടമ്പടികളുടെയും കാലാനുഗതമായി പുരോഗമിച്ച വെളിപ്പാടും, നിവർത്തിയുമാണ്.

 

പഴയ ഉടമ്പടി, സീനായ് പർവ്വതത്തിൽ വച്ചു, ദൈവം യിസ്രായേൽ ജനവുമായി ഉറപ്പിച്ച ഉടമ്പടി ആണ്. അത് മോശെയിലൂടെ അവർക്ക് കൈമാറി ലഭിച്ചു. എന്നാൽ അത്, ഒരു സംയുക്ത ശിരസ്സ് എന്ന നിലയിൽ, മോശെയുമായി, യിസ്രായേൽ ജനത്തിന് വേണ്ടി ഉറപ്പിച്ച ഉടമ്പടി അല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മോശെ യിസ്രായേൽ ജനത്തിന്റെ പ്രതിനിധിയും പകരക്കാരനും എന്ന നിലയിൽ ദൈവവുമായി ഉറപ്പിച്ച ഉടമ്പടി അല്ല. ദൈവം നേരിട്ട് എല്ലാ യിസ്രായേൽ ജനവുമായി ഉടമ്പടി ഉറപ്പിക്കുക ആയിരുന്നു. അതൊരു ദേശീയ ഉടമ്പടി ആണ്. ഉടമ്പടി ഉറപ്പിക്കുന്നതിന് മുമ്പ്, മോശെ അതിലെ എല്ലാ പ്രമാണങ്ങളും ജനത്തെ വായിച്ചു കേൾപ്പിച്ചു, ജനം എല്ലാം “ആമേൻ” എന്നു പറഞ്ഞു അതിനെ സ്വീകരിച്ചു. അങ്ങനെയാണ് ഉടമ്പടി പ്രാവർത്തികമായത് (പുറപ്പാട് 24:1-11).

 

യോഹന്നാൻ 1:17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.

 

ഗലാത്യർ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.  

 

മോശെയുടെ ഉടമ്പടി യിസ്രായേൽ ജനവുമായി, അവർക്കുവേണ്ടി, ഉറപ്പിച്ച ഉടമ്പടി ആണ്, അത് ക്രിസ്തീയ വിശ്വാസികളുമായി ഉറപ്പിച്ചത് അല്ല. അത് യിസ്രായേൽ എന്ന രാജ്യത്തിനുവണ്ടി ഉള്ളതാണ്. യിസ്രായേൽ, മിസ്രയീം ദേശത്തുവച്ചു പെസഹാ ആചരിച്ചപ്പോൾ, ദൈവീക ഉടമ്പടി ബന്ധം ആരംഭിച്ചു, സീനായ് പർവ്വത്തിൽ വച്ചു, എല്ലാവിധ വിശദാംശങ്ങളോടെയും ഉറപ്പിച്ചു. ഉടമ്പടിയിൽ മാതാചാരപരവും, സാമൂഹികവും, രാക്ഷ്ട്രീയവും ആയ എല്ലാ പ്രമാണങ്ങളും ഉണ്ട്. മനാവ ചരിത്രത്തിലെ ഒരു പ്രതേക കാലഘട്ടത്തിൽ, ഒരു പ്രത്യേക രാജ്യത്തിലെ ജനങ്ങൾക്കുവേണ്ടി നല്കപ്പെട്ടതാണ് മോശെയുടെ ന്യായപ്രമാണങ്ങൾ.  

 

പുതിയനിയമത്തിൽ മോശെയുടെ ഉടമ്പടിയെ വ്യത്യസ്തങ്ങൾ ആയ രീതിയിൽ പരാമർശിക്കാറുണ്ട്. കാരണം മോശയുടെ ഉടമ്പടിയിൽ വ്യത്യസ്തങ്ങൾ ആയ നിയമങ്ങൾ ഉണ്ടായിരുന്നു. വിശുദ്ധി, സാമൂഹിക ജീവിതം, രാജ്യഭരണം, നീതി നിർവ്വഹണം എന്നിവയെക്കുറിച്ചെല്ലാം പ്രമാണങ്ങൾ ഉണ്ട്. വിശുദ്ധിയിലും, ദൈവത്തെ ആരാധിക്കുന്നതിലും, രാജ്യത്തിന്റെ ഭരണ സംവിധാനത്തിലും എല്ലാം യിസ്രായേൽ ജനം മറ്റ് രാജ്യങ്ങളിലെ ജനങ്ങളിൽ നിന്നും വേർപ്പെട്ടവർ ആയിരിക്കേണം. അവരുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും ദൈവം കൽപ്പിച്ചത് പ്രകാരം ആയിരിക്കേണം. ദൈവം നിയമിക്കുന്ന, അവന്റെ പ്രതിനിധികളാൽ, ദൈവം നേരിട്ട് ഭരിക്കുന്ന ഒരു രാജ്യം ആയിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.

 

റോമൻ കത്തോലിക്കാ സഭ, നവീകരണ സഭകൾ എന്നിങ്ങനെയുള്ള എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും, മോശെയുടെ ന്യായപ്രമാണത്തിന് മൂന്ന് ഭാഗങ്ങൾ ഉണ്ട് എന്നു വിശ്വസിക്കുന്നു. ഈ ഭാഗങ്ങളെ സന്മാർഗ്ഗീക നിയമങ്ങൾ, മതാചാര നിയമങ്ങൾ, സാമൂഹിക നിയമങ്ങൾ എന്നിങ്ങനെ വിളിക്കുന്നു. സാമൂഹിക നിയമങ്ങളെ നീതിനിർവ്വഹണ നിയമങ്ങൾ എന്നും വിളിക്കാറുണ്ട്. (moral law, the ceremonial law, and the civil (judicial) law). 1646 ലെ “വിശ്വാസത്തിന്റെ വെസ്റ്റ്മിൻസ്റ്റർ ഏറ്റുപറച്ചിൽ” ഈ വിഭജനത്തെ അംഗീകരിച്ചിട്ടുണ്ട് (Westminster Confession of Faith). പ്രമുഖ ദൈവ ശാസ്ത്രജ്ഞൻ ആയിരുന്ന സെന്റ്. തോമസ് അക്വിനാസും ഇതിനോട് യോജിക്കുന്നു (St. Thomas Aquinas).

 

സന്മാർഗ്ഗീക നിയമങ്ങൾ (Moral laws)

 

മോശെയുടെ ഉടമ്പടി മറ്റെല്ലാ ഉടമ്പടികളിൽ നിന്നും വ്യത്യസ്തവും വിഭിന്നവും ആണ്. അതിന്, അത് നിലവിൽ വരുന്നതിനു മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുമായോ, അതിന് ശേഷം പുതിയ ഉടമ്പടിയിൽ ആയിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല. മോശെയുടെ ന്യായപ്രമാണത്തിലെ എല്ലാ നിയമങ്ങളും പുതിയതായി കൊണ്ടുവന്നതും അല്ല. ഇതിലെ പല പ്രമാണങ്ങളും, അതിന് മുമ്പ് തന്നെ മനുഷ്യ മനസാക്ഷിയിൽ രേഖപ്പെടുത്തിയതാണ്. അത് സൃഷ്ടി മുതൽ മനുഷ്യരുടെ ഇടയിൽ നിലവിൽ ഉള്ളതാണ്. ഇവയെ ആണ് ദൈവത്തിന്റെ നിത്യമായ സാന്മാർഗ്ഗിക നിയമങ്ങൾ എന്നു വിളിക്കുന്നത് (moral laws). ഈ നിയമങ്ങളെ ദൈവം ക്രമാനുസരണം (regularise) ആക്കുകയും അവയെ നിശ്ചയമായും പാലിക്കുവാൻ തക്കവണ്ണം ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. മോശെയുടെ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന എല്ലാ സന്മാർഗ്ഗിക പ്രമാണങ്ങളുടെയും ചുരുക്കമാണ് പത്ത് കൽപ്പനകൾ. ഇതിനെ ന്യായപ്രമാണത്തിൽ വിശദമായി വിവരിക്കുന്നു.

 

ദൈവത്തിന്റെ സാന്മാർഗ്ഗിക നിയമങ്ങൾ സൃഷ്ടി മുതൽ മനുഷ്യ മനസാക്ഷിയിൽ രേഖപ്പെടുത്തപ്പെട്ടതാണ്. അത് ഒരിക്കലും ഇല്ലാതെ ആയിട്ടില്ല. അത് മോശെയുടെ ന്യായപ്രമാണത്തോടെ ആരംഭിച്ചതല്ല. അതിനാൽ, അത് ന്യായപ്രമാണത്തിന്റെ പ്രസക്തി ഇല്ലാതെയാകുന്നതോടെ നീങ്ങിപ്പോകുന്നില്ല. അതിനാൽ സാന്മാർഗ്ഗിക നിയമങ്ങൾ നിത്യതയോളം നിലനിൽക്കും.

 

ദൈവത്തിന്റെ സ്വന്ത ജനമായ യിസ്രായേൽ ജനം പാലിക്കേണ്ട ദൈവീക വിശുദ്ധിയുടെ വെളിപ്പാട് ആണ് സാന്മാർഗ്ഗിക നിയമങ്ങൾ. കുലപാതകം, മാതാപിതാക്കളെ നിന്ദിക്കുക, മോഷണം, പരസംഗം, അത്യാഗ്രഹം, എന്നിങ്ങനെയുള്ള പ്രവർത്തികളെ പത്ത് കൽപ്പനകൾ ലഭിക്കുന്നതിന് മുമ്പ് മുതലേ പാപമായി മനുഷ്യർ കരുതിയിരുന്നു. പത്ത് കല്പനകൾക്കും, ന്യായപ്രമാണത്തിനും മുമ്പും വിവാഹത്തിന്റെ സ്ഥിരത മാനിക്കപ്പെട്ടിരുന്നു. വിഗ്രഹ ആരാധനയ്ക്കും, ബഹുദൈവ ആരാധനയ്ക്കും എതിരായി ഏക ദൈവ ആരാധന എക്കാലത്തും നിലവിൽ ഉണ്ടായിരുന്നു. കയീൻ ഒരു കുലപാതകി എന്ന നിലയിൽ ശപിക്കപ്പെട്ടു. തന്റെ പിതാവിനെ മാനിക്കാതിരുന്ന നോഹയുടെ മകൻ ഹാം ശിക്ഷിക്കപ്പെട്ടു. റാഹേൽ ഒരു വിഗ്രഹ മോഷ്ടാവ് ആയിരുന്നു. അബ്രാഹാം കള്ളം പറഞ്ഞു. ലോത്തിന്റെ ഭാര്യ അത്യാഗ്രഹി ആയിരുന്നതിനാൽ ശിക്ഷിക്കപ്പെട്ടു. ഇവരുടെ ഇത്തരം പ്രവൃത്തികൾ ദൈവീക വിശുദ്ധിക്ക് യോജ്യം ആയിരുന്നില്ല.  

 

പത്ത് കല്പനകൾക്ക് മുമ്പ് സാന്മാർഗ്ഗിക നിയമങ്ങൾ ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ എഴുതിയിരുന്നു. മനുഷ്യർ സൃഷ്ടിക്കപ്പെട്ടപ്പോൾ തന്നെ ദൈവത്തിന്റെ വിശുദ്ധിയുടെ പ്രാമാണങ്ങൾ അവർ ഹൃദയത്തിൽ വഹിച്ചിരുന്നു. അതിനാൽ ആണ്, കുലപാതകം, മോഷണം, പരസംഗം, എന്നിങ്ങനെയുള്ള പ്രവർത്തികൾ പാപമാണ് എന്നു അവൻ മനസ്സിലാക്കിയത്. ഇത് ഒരു നൈസർഗ്ഗീകമായ സാന്മാർഗ്ഗിക ബോധം ആണ്.

 

ഉൽപ്പത്തി 1:26-27

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.  

 

റോമർ 2:14-15

ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

 

വിശ്വാസത്തിന്റെ വെസ്റ്റ്മിൻസ്റ്റർ ഏറ്റുപറച്ചിൽ” അനുസരിച്ച്, മോശെയുടെ ന്യായപ്രണത്തിലെ സാന്മാർഗ്ഗിക നിയമങ്ങളും, യേശുക്രിസ്തുവും, അപ്പൊസ്തലന്മാരും ആവർത്തിച്ചു പഠിപ്പിച്ച പ്രമാണങ്ങളും മാത്രമേ ഇന്ന് ക്രിസ്തീയ വിശ്വാസികൾക്ക് ബാധകമായുള്ളൂ. (Westminster Confession of Faith). മതാചാരങ്ങൾ, സാമൂഹിക നിയമങ്ങൾ, ശുദ്ധീകരണത്തിന്റെ പ്രമാണങ്ങൾ, ഉൽസവങ്ങൾ, ഭക്ഷണം, ലേവ്യ പൌരോഹിത്യം എന്നിങ്ങനെയുള്ള നിയമങ്ങൾ ഒന്നുകിൽ ഇന്ന് സാധുത ഉള്ളതല്ല, അല്ലെങ്കിൽ യേശുക്രിസ്തുവിൽ നിവൃത്തിക്കപ്പെട്ടു.

 

ദൈവത്തിന്റെ സാന്മാർഗ്ഗിക നിയമങ്ങൾ, അവന്റെ വിശുദ്ധിയുടെ വെളിപ്പെടുത്തലും പ്രമാണങ്ങളും ആയതിനാൽ, അവ നിത്യമാണ്. ഇവയെല്ലാം നിർബന്ധമായും എക്കാലത്തെയും മനുഷ്യർ പാലിക്കേണ്ടതാണ്. യേശുക്രിസ്തു ഈ പ്രമാണങ്ങളെ എല്ലാം സമ്പൂർണ്ണമായി അനുസരിച്ചു.

 

മതാചാര നിയമങ്ങൾ (Ceremonial laws)

 

മോശെയുടെ ഉടമ്പടിയിലെ മതാചാര നിയമങ്ങൾ, യാഗം, പൌരോഹിത്യം, ഉൽസവങ്ങൾ, ആചാര ശുദ്ധി, ശുദ്ധവും അശുദ്ധവും ആയ ഭക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ളതാണ്. യിസ്രായേൽ ജനം, സന്മാർഗ്ഗീക നിയമങ്ങൾ ലംഘിക്കുമ്പോൾ ഉണ്ടാകുന്ന പാപത്തിന് എങ്ങനെ പരിഹാരം ചെയ്തു, ദൈവത്തോട് നിരപ്പ് പ്രാപിക്കാം എന്നാണ് ഈ പ്രമാണങ്ങൾ പറയുന്നത്.

 

ഒരു പ്രത്യേക കാലഘട്ടത്തിൽ ദൈവത്തെ ആരാധിക്കുന്നത് എങ്ങനെ എന്നാണ് ഈ നിയമങ്ങൾ അനുശാസിക്കുന്നത്. യാഗങ്ങളിൽ, പക്ഷി, മൃഗം എന്നിവയെ കൊന്നു രക്തം ചൊരിയുന്ന യാഗങ്ങളും, മദ്ധ്യസ്ഥനായ പുരോഹിതനും ഉണ്ടായിരുന്നു. പാപ പരിഹാര യാഗങ്ങൾ, പാപ മോചനത്തിനായി ആവർത്തിച്ചു ചെയ്യേണ്ടിയിരുന്നു.

 

മോശെയുടെ ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന പാപ പരിഹാര യാഗങ്ങളുടെ പശ്ചാത്തലം ഇല്ലാതെ ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് പ്രസക്തിയില്ല. ഈ യാഗങ്ങൾ, ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തിന്റെ നിഴൽ ആയിരുന്നു. യേശുക്രിസ്തു എന്ന ദൈവത്തിന്റെ കുഞ്ഞാട്, തിരഞ്ഞെടുക്കപ്പെട്ട സകലരുടെയും പാപത്തിന് പരിഹാരമായി, ഒരിക്കലായി, യാഗമായി അർപ്പിക്കപ്പെട്ടു. അതിനാൽ മറ്റൊരു മൃഗബലിയോ, പാപ പരിഹാരയാഗമോ ആവർത്തിക്കേണ്ടതില്ല.

 

അതിനാൽ യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ, ന്യായപ്രമാണത്തിലെ മതാചാരങ്ങൾക്ക് പ്രസക്തി ഇല്ലാതെയായി. ഇനി രക്ഷയ്ക്ക് ന്യായപ്രമാണം ആവശ്യമില്ല. എന്നാൽ ന്യായപ്രമാണത്തിലെ ആചാരങ്ങളിലെ മർമ്മം ഇന്നും പ്രസക്തമാണ്. നമ്മളെ ജീവൻ ഉള്ള യാഗമായി അർപ്പിക്കുവാനാണ് അപ്പൊസ്തലനായ പൌലൊസ് നിർദ്ദേശിക്കുന്നത്.

 

റോമർ 12:1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.       

 

മോശെയുടെ ന്യായപ്രമാണത്തിലെ യാഗങ്ങൾ വരുവാനുള്ളതിന്റെ നിഴൽ ആയിരുന്നു എന്നും അതിന്റെ പൊരുൾ ക്രിസ്തു ആണ് എന്നും പൌലൊസ് പറയുന്നു.

 

കൊലൊസ്സ്യർ 2:16-17

അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

 

എബ്രായ ലേഖനം യേശുക്രിസ്തുവിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു പുസ്തകമാണ്. യേശുക്രിസ്തു എങ്ങനെയാണ് പഴയ യാഗങ്ങൾ അവന്റെ മരണത്തിൽ നിവൃത്തിച്ചത് എന്നു ഗ്രന്ഥകാരൻ വിവരിക്കുന്നു.

 

എബ്രായർ 7:26-27

ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.

 

യേശുക്രിസ്തുവിന്റെ ക്രൂശ് മരണം പരിപൂർണ്ണമായ ഒരു യാഗം ആയിരുന്നു. അവൻ എല്ലാ ന്യായപ്രമാണങ്ങളും പാലിച്ചുകൊണ്ട് ജീവിച്ചു. ഊനമില്ലാത്ത യാഗമൃഗം ആകുവാൻ തക്കവണ്ണം അവൻ പാപരഹിതനായി ജീവിച്ചു. അതിനാൽ അവന് സ്വന്ത പാപങ്ങൾക്കായി യാഗം അർപ്പിക്കേണ്ടി വന്നില്ല. അവന്റെ യാഗത്തിന് ശേഷം മറ്റൊരു യാഗവും ആവർത്തിക്കേണ്ട ആവശ്യമില്ല.

 

ക്രിസ്തീയ വിശ്വാസികൾ രക്ഷിക്കപ്പെടുന്നത് മൃഗങ്ങളുടെ യാഗത്താലോ, മറ്റേതെങ്കിലും ആചാരത്താലോ അല്ല. അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നത് യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം മാത്രമാണ്.  

 

റോമർ 10:4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.

 

ഗലാത്യർ 3:24-25

അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.

 

യേശുക്രിസ്തു എല്ലാ മതാചാര പ്രമാണങ്ങളും, അവന്റെ ജീവിതം, മരണം, എന്നിവയാൽ നിവൃത്തിച്ചു എന്നതിനാൽ, നമ്മൾ ഇനി ന്യായപ്രമാണത്തിന് കീഴിൽ ജീവിക്കുന്നില്ല. യേശുക്രിസ്തു പരിപൂർണ്ണനായ യാഗമൃഗവും, പരിപൂർണ്ണനായ മഹാപുരോഹിതനും ആണ്. നമ്മളുടെ രക്ഷയ്ക്ക് ഇനി മറ്റൊരു യാഗമോ, യാഗം ആവർത്തികേണ്ടതോ ഇല്ല. ക്രിസ്തു പാപ പരിഹാരത്തിനായി വേണ്ട എല്ലാ പ്രമാണങ്ങളും നിവൃത്തിച്ചു, സ്വർഗ്ഗീയ കൃപാസനത്തിലേക്ക് ഒരു പുതു വഴി നമുക്കായി തുറന്നു തന്നു.

 

എബ്രായർ 9: 11-12

ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

 

എബ്രായർ 10:19-22

അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.

 

സാമൂഹിക നിയമങ്ങൾ (Civil laws)

 

സാമൂഹിക നിയമങ്ങളെ നീതി നിർവ്വഹണ നിയമങ്ങൾ എന്നും വിളിക്കാം (civil or judicial laws). ഇവ മോശെയുടെ ന്യായപ്രമാണത്തോടെ മാത്രമേ നിലവിൽ വന്നുള്ളൂ. അത് താൽക്കാലികവും, യിസ്രായേൽ ജനം വാഗ്ദത്ത ദേശത്ത് ജീവിക്കുമ്പോൾ പാലിക്കേണ്ടവയും ആയിരുന്നു. (ആവർത്തന പുസ്തകം 24:10–11). ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴെയുള്ള യിസ്രായേൽ എന്ന രാജ്യത്തിനുവേണ്ടിയുള്ള നിയമങ്ങൾ ആയിരുന്നു അവയെല്ലാം. യുദ്ധം, ഭൂമിയുടെ ഉപയോഗം, വായ്പ വാങ്ങുക, കൊടുത്തു വീട്ടുക, മറ്റ് നീതിന്യായ പ്രമാണങ്ങൾ എന്നിവ ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത്.

 

ക്രിസ്തീയ വിശ്വാസികൾ, യിസ്രായേൽ എന്ന പ്രത്യേക വംശമോ, രാജ്യമൊ അല്ല. ക്രിസ്തുവിന്റെ സഭ, എല്ലാ, വംശങ്ങളിൽ നിന്നും, ഭാഷക്കാരിൽ നിന്നും, രാജ്യങ്ങളിൽ നിന്നും വിളിച്ച് ചേർക്കപ്പെട്ടവരുടെ കൂട്ടമാണ്.

 

വെളിപ്പാട് 7:9 ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.

 

ആധുനിക സമൂഹം, പഴയ യിസ്രായേൽ സമൂഹത്തിൽ നിന്നും വ്യത്യസ്തരാണ്.  പഴയ സാമൂഹിക, നീതിന്യായ വ്യവസ്ഥകൾ അതേപോലെ ഇന്ന് പാലിക്കുവാൻ സാദ്ധ്യമല്ല. അവ ക്രിസ്തീയ വിശ്വാസികൾക്ക് ബാധകമല്ല. അതിനാൽ പഴയ സാമൂഹിക പ്രമാണങ്ങൾ റദ്ദാക്കപ്പെട്ടു. എന്നാൽ ദൈവത്തിന്റെ വിശുദ്ധിയുടെയും, നീതിയുടെയും വെളിപ്പെടുത്തൽ എന്ന നിലയിൽ അവയ്ക്ക് ഇന്നും പ്രസക്തി ഉണ്ട്. അവ നമ്മൾക്ക് പ്രബോധനത്തിനായും മർഗ്ഗ നിർദ്ദേശത്തിനായും പ്രയോജനപ്പെടുന്നു.

 

യെരൂശലേമിലെ കൌൺസിൽ (Council of Jerusalem)

 

AD 50 ൽ യെരൂശലേമിൽ കൂടിയ കൌൺസിൽ ആണ് ക്രിസ്തീയ സഭയുടെ അടിസ്ഥാന ഉപദേശങ്ങൾ ആദ്യമായി ചർച്ച ചെയ്തത്. ഇതിൽ അപ്പൊസ്തലനായായ പത്രൊസും, യാക്കോബും, പൌലൊസും, ബർന്നബാസും, സഭയിലെ മൂപ്പന്മാരും പങ്കെടുത്തു. ഇതിന്റെ വിവരണം നമ്മൾ അപ്പൊസ്തല പ്രവൃത്തികൾ 15 ആം അദ്ധ്യായത്തിൽ വായിക്കുന്നു. അവർ അടിസ്ഥാന ഉപദേശ സംബന്ധമായ രണ്ട് കാര്യങ്ങൾ ആണ് ചർച്ച ചെയ്തത്.

 

1.     യഹൂദന്മാർ അല്ലാത്ത ക്രിസ്തീയ വിശ്വാസികൾ പരിച്ഛേദന ഏൽക്കണമോ?

2.   യഹൂദ ഇതര ക്രിസ്തീയ വിശ്വാസികൾ മോശെയുടെ ന്യായപ്രമാണം അനുസരിക്കണമോ?

 

അപ്പൊസ്തല പ്രവൃത്തികൾ 15:5, 6

എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു. ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. വളരെ തർക്കം ഉണ്ടയശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു:

 

വളരെ ഗൌരവമേറിയ ഒരു വിഷയം ആണ് കൌൺസിൽ ചർച്ച ചെയ്തത്. അബ്രാഹാമിന്റെ ഉടമ്പടിയുടെ നിത്യമായ അടയാളമാണ് പരിച്ഛേദന എന്നാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്. പരിച്ഛേദന കൂടാതെ അബ്രാഹാമിന്റെ വാഗ്ദത്തങ്ങൾക്ക് കൂട്ടവകാശികൾ ആകുവാൻ ആർക്കും കഴിയുക ഇല്ല എന്നു അവർ കരുതി. ദൈവം അബ്രഹാമിന് വാഗ്ദത്തം ചെയ്ത “സന്തതി” യേശുക്രിസ്തു ആണ്. അതിനാൽ അബ്രാഹാമിനോടുള്ള ദൈവീക വാഗ്ദത്തത്തിൽ പങ്കാളിയാകാതെ യേശുക്രിസ്തുവുമായി ഒരു ബന്ധവും സാദ്ധ്യമല്ല എന്നും അവർ വിശ്വസിച്ചു.

 

അവരുടെ ഇടയിൽ “വളരെ തർക്കം” ഉണ്ടായി എന്നു 6 ആം വാക്യത്തിൽ പറയുന്നു. അതിന്ശേഷം പത്രൊസ് എഴുന്നേറ്റ്, കൌൺസിലിന്റെ പരിഗണയ്ക്കായി അഞ്ച് കാര്യങ്ങൾ പറഞ്ഞു: (7-11)

1.       ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു ദൈവം നിശ്ചയിച്ചിരിക്കുന്നു.

2.     യഹൂദ ക്രിസ്ത്യാനികൾക്ക് എന്നപോലെ, യഹൂദ ഇതര ക്രിസ്തീയ വിശ്വാസികൾക്കും ദൈവം പരിശുദ്ധാത്മാവിനെ കൊടുത്തു.

3.     വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചു. എല്ലാവരും ഒരുപോലെ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം നിമിത്തം രക്ഷ പ്രാപിക്കുന്നു. അതിനാൽ യഹൂദനും, ജാതീയനും തമ്മിൽ ഒരു വ്യത്യാസവും ദൈവം വെച്ചിട്ടില്ല.

4.     മോശെയുടെ ന്യായപ്രമാണങ്ങൾ യഹൂദ പിതാക്കന്മാർക്കും, ജീവിച്ചിരിക്കുന്ന യഹൂദന്മാർക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ല.

5.     അതിനാൽ മോശെയുടെ ന്യായപ്രമാണങ്ങൾ യഹൂദ ഇതര ക്രിസ്തീയ വിശ്വാസികളുടെമേൽ വയ്ക്കുന്നത് ദൈവത്തെ പരീക്ഷിക്കുന്നതാണ്.

 

സുദീർഘവും ചൂടേറിയ ചർച്ചകൾക്കും ശേഷം, അപ്പൊസ്തലനായ യാക്കോബ് അന്തിമ തീരുമാനം പ്രഖ്യാപിച്ചു. ഇതിനെ യാണ് “അപ്പൊസ്തല വിശ്വാസ പ്രഖ്യാപനം” എന്നു വിളിക്കുന്നത് (Apostolic Decree). അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങൾ ഇതെല്ലാം ആണ്: (13-21)  

 1.     ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ അസഹ്യപ്പെടുത്തരുത്.

2.   ചില കാര്യങ്ങൾ വർജ്ജിച്ചിരിപ്പാൻ നമ്മൾ അവർക്ക് എഴുതേണം. അവർ വർജ്ജിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം ആണ്:

 

             I.   വിഗ്രഹ മാലിന്യങ്ങൾ

            II.   പരസംഗം

           III.   ശ്വാസം മുട്ടി ചത്തത്

         IV.   രക്തം

 

3.   എന്നാൽ യഹൂദന്മാർക്ക് പ്രത്യേക കത്തുകൾ എഴുതേണ്ടതില്ല. കാരണം മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നുണ്ട്. പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവരും ഉണ്ട്. യഹൂദന്മാർക്ക് മോശെയുടെ പ്രമാണങ്ങൾ അവരിൽ നിന്നും പഠിക്കാം. 

 

ഈ അപ്പൊസ്തല വിശ്വാസ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം നോഹയുടെ ഉടമ്പടി ആണ് എന്നാണ് സെന്റ്. അഗസറ്റീൻ ന്റെ വ്യാഖ്യാനം (St. Augustine). ആധുനിക ദൈവ ശാസ്ത്രഞ്ജന്മാർ, ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം ലേവ്യപുസ്തകം 17, 18 അദ്ധ്യായങ്ങളിലെ പ്രമാണങ്ങൾ ആണ് എന്നു കരുതുന്നു. എന്നാൽ അന്ന് യഹൂദ റബ്ബയിമാരുടെ ഇടയിൽ, നോഹയുടെ ഉടമ്പടിയെക്കുറിച്ച് നിലവിൽ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം അപ്പൊസ്തലന്മാർ ഇപ്രകാരം ഒരു തീരുമാനം എടുത്തത്.

 

യഹൂദ റബ്ബിമാരുടെ പഠിപ്പിക്കൽ അനുസരിച്ച് മോശെയുടെ ന്യായപ്രമാണങ്ങൾ യഹൂദന്മാർക്ക് വേണ്ടി മാത്രം ഉള്ളതാണ്. ഈ പ്രമാണങ്ങൾ യഹൂദ ഇതര ജനങ്ങൾക്ക് ബാധകം അല്ല. അതിനാൽ യഹൂദ ഇതര ക്രിസ്തീയ വിശ്വാസികൾക്കും മോശെയുടെ ന്യായപ്രമാണങ്ങൾ ബാധകം അല്ല.

 

എന്നാൽ നോഹയുടെ ഉടമ്പടി എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്. മോശെയുടെ ഉടമ്പടിയിൽ പത്ത് കൽപ്പനകൾ ഉള്ളതുപോലെ, നോഹയുടെ ഉടമ്പടിയിൽ ഏഴ് കൽപ്പനകൾ ഉണ്ട്. ബാബിലോണിയൻ താൽമഡ് അനുസരിച്ച് നോഹയുടെ ഉടമ്പടി, സർവ്വലൌകീകം ആണ് (Babylonian Talmud). അത് നോഹയും അവന്റെ സന്തതി പരമ്പരകളും ആയി ഉണ്ടാക്കിയത് ആണ് (ഉൽപ്പത്തി 9:1, 9). നോഹയുടെ പുത്രന്മാർ എന്നതും അവരുടെ സന്തതി എന്നതും സകല മനുഷ്യരും ആണ് എന്നു റബ്ബിമാർ വ്യാഖ്യാനിക്കുന്നു.

 

ബാബിലോണിയൻ താൽമഡ് ലെ വ്യാഖ്യാനം അനുസരിച്ച്, നോഹയുടെ ഉടമ്പടിയിലെ ഏഴ് കൽപ്പനകൾ ആദ്യം ലഭിച്ചത് ആദാമിനാണ്. അവയെ പിന്നീട് നോഹയ്ക്കും നല്കി. എന്നാൽ ഈ വ്യാഖ്യാനത്തിന് വേദപുസ്തകത്തിൽ എഴുതപ്പെട്ട തെളിവുകൾ ഇല്ല.

 

നോഹയുടെ ഉടമ്പടിയിലെ ഏഴ് കൽപ്പനകൾ ഇവയെല്ലാം ആണ്: 

   1.       വിഗ്രഹങ്ങളെ ആരാധിക്കരുത് (Not to worship idols)

2.     ദൈവത്തെ ശപിക്കരുത് (Not to curse God)

3.     കുലപാതകം അരുത് (Not to commit murder)

4.     പരസംഗം അരുത് (Not to commit adultery or sexual immorality)

5.     മോഷ്ടിക്കരുത് (Not to steal)

6.     ജീവൻഉള്ള ഒരു മൃഗത്തിൽ മാംസം പറിച്ച് തിന്നരുതു. (Not to eat flesh torn from a living animal)

7.     നീതിന്യായ കോടതികൾ സ്ഥാപിക്കേണം. (To establish courts of justice.)

 

ആധുനിക യഹൂദ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ യഹൂദ ഇതര മത വിശ്വാസികൾ യഹൂദ മതത്തിലേക്ക് പരിവർത്തനം ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ വരുവാനിരിക്കുന്ന ലോകത്തിൽ അവകാശം ഉണ്ടാകേണ്ടതിനായി അവർ നോഹയുടെ ഏഴ് കൽപ്പനകൾ പ്രമാണിക്കേണം (World to Come - Olam Ha-Ba). വരുവാനിരിക്കുന്ന ലോകമാണ് നീതിമാന്മാരുടെ പ്രതിഫലം. നോഹയുടെ കൽപ്പനകൾ പ്രമാണിച്ചു ജീവിക്കുന്ന യഹൂദ ഇതര ജനത്തെ “നീതിമാന്മാരായ ജാതീയർ” എന്നും “ലോകത്തിലെ ദൈവഭക്തിയുള്ള ജനം” എന്നും അവർ വിളിക്കുന്നു.  

 

യെരൂശലേമിലെ കൌൺസിലിലെ അപ്പൊസ്തലന്മാരുടെ തീരുമാനങ്ങൾ, ക്രിസ്തീയ സഭയെ യഹൂദ വേരുകളിൽ നിന്നും അടർത്തിമാറ്റിയ ചരിത്രപരമായ പ്രഖ്യാപനമാണ്.

 

ഭക്ഷണത്തെക്കുറിച്ചുള്ള പ്രമാണങ്ങൾ (Food laws)

 

ഭക്ഷണത്തെക്കുറിച്ചുള്ള പ്രമാണങ്ങൾ മതാചാര പ്രമാണങ്ങളുടെ ഭാഗമാണ്. ചില ഭക്ഷണങ്ങളെ ശുദ്ധമായും മറ്റ് ചിലതിനെ അശുദ്ധമായും പ്രമാണം വേർതിരിച്ചു.

 

യേശുക്രിസ്തു ജീവിച്ചിരുന്ന കാലത്ത് മോശെയുടെ ന്യായപ്രമാണം നിലവിൽ ഉണ്ടായിരുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭത്തിൽ തന്നെ, അവൻ ദൈവരാജ്യം വന്നിരിക്കുന്നു എന്നു പ്രഖ്യാപിച്ചു. അന്നുമുതൽ അവൻ ദൈവരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകൾ അനുസരിച്ചാണ് ജീവിച്ചതും, ശുശ്രൂഷകൾ ചെയ്തതും, ഉപദേശിച്ചതും. അതിനാൽ യേശുവും ശിഷ്യന്മാരും യഹൂദ മതാചാര പ്രമാണങ്ങൾ ലംഘിക്കുന്നു എന്ന കുറ്റം പരീശന്മാർ ഉന്നയിച്ചു. യേശു എപ്പോഴും അവന്റെ പ്രവൃത്തികളെയും ഉപദേശങ്ങളെയും പ്രതിരോധിക്കുകയും ചെയ്തു.

 

മർക്കോസ് 7:1-5, 14-15, 17-23     

1-5 യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു. പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു. അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

 

14-15 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: “എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു

 

17-23 അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. അവൻ അവരോടു: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?” അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു.

 

ഇവിടെ യഹൂദന്മാരുടെ ഭക്ഷണത്തെക്കുറിച്ചുള്ള നിയമങ്ങൾ എല്ലാം യേശു റദ്ദാക്കുക ആണ്.


 

നിവൃത്തിക്കപ്പെട്ടോ, നീക്കപ്പെട്ടോ?

 

മോശയുടെ ന്യായപ്രമാനത്തിലെ പത്ത് കല്പനകളുടെ ഒരു പുനർ വ്യാഖ്യാനംആണ് യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണം എന്നാണ് ഭൂരിപക്ഷം വേദപണ്ഡിതന്മാരും കരുതുന്നത്. ന്യായപ്രമാണത്തെ ദൈവരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകൾക്ക് അനുസൃതമായി വ്യാഖ്യാനിച്ചപ്പോൾ യേശു പറഞ്ഞു, അവൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിനായിട്ടല്ല, നിവർത്തിക്കുവാനാണ് വന്നത്. ഇതിന്റെ അർത്ഥം മോശെയുടെ ന്യായപ്രമാണങ്ങളും അതിലെ മതാചാരങ്ങളും ക്രിസ്തീയ സഭ അനുസരിക്കേണം എന്നല്ല. യേശുക്രിസ്തുവും അവന്റെ ശിഷ്യന്മാരും അവയിൽ പലതും അനുസരിച്ചില്ല.

 

ദൈവത്തിന്റെ പ്രമാണങ്ങൾ നിവർത്തിക്കുവാനാണ് യേശു വന്നത്. അവൻ ന്യായപ്രമാണങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നല്കി. അത് ശാസ്ത്രിമാരും, പരീശന്മാരും, സദൂക്യരും വ്യാഖ്യാനിച്ചതുപോലെ അല്ല. ദൈവം ന്യായപ്രമാണങ്ങളിലൂടെ എന്താണോ ഉദ്ദേശിച്ചത്, അത് യേശു വെളിപ്പെടുത്തി. ന്യായപ്രമാണത്തിന്റെ സാരാംശം ദൈവത്തിന്റെ വിശുദ്ധിയാണ്.      

 

മത്തായി 5:17 മുതൽ 19 വരെയുള്ള വാക്യങ്ങളിൽ പഴയനിയമ തിരുവെഴുത്തുകളുടെ ആറ് സവിശേഷതകൾ യേശുക്രിസ്തു ചൂണ്ടിക്കാണിക്കുന്നുണ്ട്. 

 

മത്തായി 5:17-19

ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

 

1.     തിരുവെഴുത്തുകൾ എഴുതപ്പെട്ടത് ഒരു ഉദ്ദേശ്യത്തോടെ ആണ് – അത് നിവർത്തിക്കപ്പെടുവാനാണ്.  

2.   തിരുവെഴുത്തുകളിലെ ഒരു ചെറിയ അക്ഷരമോ, അടയാളമോ പോലും സ്വർഗ്ഗീയ അധികാരത്താൽ ഉറപ്പിക്കപ്പെട്ടതാണ്. – അതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നിവർത്തിക്കപ്പെടും.

3.    യേശു ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നിവർത്തിക്കുവാനാണ് വന്നത് – യേശു അത് ചെയ്തു തീർത്തു.

4.   യേശു ന്യായപ്രമാണത്തെയോ, പ്രവാചകന്മാരെയോ നീക്കുവാൻ വന്നതല്ല – അവൻ അത് ചെയ്തില്ല.

5.   തിരുവെഴുത്തുകൾ നിത്യമാണ് – അത് ഈ സ്വാഭാവിക ലോകത്തെയും അതിജീവിക്കും.

6.   ന്യായപ്രമാണങ്ങൾ പഠിപ്പിക്കുവാനും അനുസരിക്കുവാനും ഉള്ളതാണ്.

 

യേശു ചെയ്തതും ചെയ്യാതിരുന്നതും ആയ കാര്യങ്ങൾ ഉണ്ട്. യേശു ന്യായപ്രമാണത്തെ നീക്കുന്നു എന്നു പരീശന്മാർ കുറ്റം ആരോപിച്ചു എങ്കിലും, അവൻ ന്യായപ്രമാണത്തെ നീക്കുവാൻ വന്നതല്ല. യേശുവിന്റെ ഉദ്ദേശ്യം ന്യായപ്രമാണത്തെ ലഘൂകരിക്കുകയോ, റദ്ദാക്കുകയോ, ഇല്ലാതെ ആക്കുകയോ, മൂല്യമില്ലാത്തത് ആക്കി തീർക്കുകയോ ആയിരുന്നില്ല. ന്യായപ്രമാണം അതിന്റെ ഉദ്ദേശ്യം നിവർത്തിക്കും. പ്രവാചകന്മാരുടെ അരുളപ്പാടുകൾ നിവർത്തിക്കപ്പെടും.

 

തിരുവെഴുത്തുകൾ നിത്യവും, ദൈവത്തിന്റെ പ്രമാണങ്ങൾ ആധികാരികം ആണ്. ന്യായപ്രമാണങ്ങളെ ശരിയായി പാലിക്കാത്തവരെ യേശു കുറ്റക്കാരായി കരുതി, അത് ശരിയായി പഠിപ്പിക്കുകയും, അനുസരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നവരെ അവൻ പ്രശംസിച്ചു.

 

മത്തായി 5:19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

 

യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിൽ ഉടനീളം തിരുവെഴുത്തുകളോടുള്ള അവന്റെ സമർപ്പണം കാണാം.

 

വള്ളിയും പുള്ളിയും ഒഴിഞ്ഞുപോകയില്ല

 

മത്തായി 5:18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

 

യേശു പറഞ്ഞു, തിരുവെഴുത്തുകൾ എല്ലാം നിവർത്തിയാകുന്നതുവരെ അതിലെ ഒരു ചെറിയ അക്ഷരമോ, അടയാളമോ, ഒഴിഞ്ഞുപോകുക ഇല്ല. അതായത് ന്യായപ്രമാണത്തിലെ എല്ലാ പ്രമാണങ്ങളുടെയും ഉദ്ദേശ്യം സമ്പൂർണ്ണമായി നിവർത്തിക്കപ്പെടും.  

 

നിവർത്തിയും നീക്കവും

 

മത്തായി 5:17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.

 

യേശുക്രിസ്തുവിന്റെ വരവിന്റെ ഉദ്ദേശ്യം, തിരുവെഴുത്തുകൾ ഉറപ്പിക്കുക, അതിനെ ഉൾക്കൊള്ളുക, സമ്പൂർണ്ണമായി നിവർത്തിക്കുക എന്നതായിരുന്നു. ന്യായപ്രമാണങ്ങളും, പ്രവാചകന്മാരും അവനെക്കുറിച്ചുള്ളതാണ്. ന്യായപ്രമാണം ആവശ്യപ്പെട്ടത് അവൻ നിവർത്തിച്ചു.

 

യേശുക്രിസ്തു എല്ലാ ന്യായപ്രമാണങ്ങളും പൂർണമായി പാലിച്ചു. ന്യായപ്രമാണം ആവശ്യപ്പെട്ട എല്ലാ ശിക്ഷയും അവൻ വഹിച്ചു. അതിനാൽ, യേശുവിന്റെ ക്രൂശ് മരണശേഷം ന്യായപ്രമാണം നീതികരിക്കപ്പെടുവാനുള്ള മാർഗ്ഗം അല്ലാതെയായി. നീതീകരണം യേശുവിന് ഉള്ളതാണ്, അവനിൽ വിശ്വസിക്കുന്ന എല്ലാവരിലും അത് കണക്കിടപ്പെടുന്നു.

 

റോമർ 10:4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.

 

യേശുക്രിസ്തു രണ്ട് വിധത്തിൽ ആണ് ന്യായപ്രമാണങ്ങളെ നിവർത്തിച്ചത്:

 

1.       ഒരു റബ്ബി എന്ന നിലയിൽ, അവൻ ന്യായപ്രമാണങ്ങളെ ശരിയായി പഠിപ്പിച്ചു (മത്തായി 22:35-40; മർക്കോസ് 1:44).

2.     യേശുക്രിസ്തു ന്യായപ്രമാണങ്ങളെ അനുസരിച്ച് ജീവിച്ചു (യോഹന്നാൻ 8:46, 1 പത്രൊസ് 2:22).

 

നീക്കേണ്ടതിന്നുഎന്നതിന്റെ ഗ്രീക്ക് വാക്ക് “കറ്റാലുഒ” എന്നാണ് (kataluo - kat-al-oo'-o). ഈ വാക്കിന്റെ അർത്ഥം “കെട്ട് അഴിക്കുക” എന്നാണ്. ഈ വാക്കിന്, വിയോജിപ്പിക്കുക, പൊളിക്കുക, നശിപ്പിക്കുക, ജീർണ്ണിക്കുക, ദ്രവിക്കുക, അലിഞ്ഞു ഇല്ലാതെ ആകുക, ഇല്ലാതെ ആകുക എന്നിങ്ങനെയും അർത്ഥങ്ങൾ ഉണ്ട്. കൂടാതെ പരാജയപ്പെടുക, മറിച്ചിടുക, സ്ഥാനഭ്രംശം സംഭവിക്കുക, മൂല്യം ഇല്ലാതെ ആകുക, ജയം ഇല്ലാതെ ആക്കുക, എന്നിങ്ങനെയും ഉള്ള ആശയങ്ങൾ ഈ വാക്കിൽ ഉണ്ട്. ഗ്രീക്ക് സാഹിത്യത്തിൽ, സ്ഥാപനങ്ങളേയും നിയമങ്ങളേയും പ്രബല്യമില്ലാത്തതാക്കി ദുർബലപ്പെടുത്തുന്നതിനെക്കുറിച്ച് പറയുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്.

 

“കറ്റാലുഒ” എന്ന വാക്ക് നമുക്ക് പുതിയനിയമത്തിൽ പതിനേഴ് പ്രാവശ്യം കാണാം. മഹാപുരോഹിതന്റെ വസതിയിൽ, യെരൂശലേമിലെ ന്യായാധിപ സംഘത്തിന് മുമ്പാകെ നടന്ന, യേശുക്രിസ്തുവിന്റെ വിചാരണ വേളയിൽ രണ്ട് കള്ള സാക്ഷികൾ അവന് എതിരായി മൊഴി നല്കി.

 

മത്തായി 26:61 ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.

 

ഇവിടെ “പൊളിച്ചു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന വാക്ക് “കറ്റാലുഒ” എന്നതാണ്. ഈ കള്ള സാക്ഷി പറഞ്ഞത് കൃത്യം ആയിരുന്നില്ല എങ്കിലും, യേശു പ്രവചിച്ചതുപോലെ യെരൂശലേം ദൈവാലയം AD 70 ൽ തകർക്കപ്പെട്ടു.

 

ഇതിനെക്കുറിച്ചുള്ള യേശുക്രിസ്തുവിന്റെ പ്രവചനം ഇങ്ങനെ ആയിരുന്നു:

 

മർക്കോസ് 13:2 യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.

 

Mark 13:2 And Jesus answered and said to him, "Do you see these great buildings? Not one stone shall be left upon another, that shall not be thrown down (kataluo)." (NKJV)

 

യേശു പറഞ്ഞത് ഒരു കല്ലിന്മേൽ മറ്റൊന്ന് ഇരിക്കാതെ വണ്ണം എല്ലാ കല്ലുകളും ഇടിച്ചു കളയും എന്നാണ്. ഈ വാക്യത്തിൽ “ഇടിച്ചുകളയും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “കറ്റാലുഒ” എന്ന വാക്കാണ്. ഇത് സമ്പൂർണ്ണ നാശം ആണ്.

 

2 കൊരിന്ത്യർ 5:1 ൽ, മരണ വേളയിൽ നമ്മളുടെ ശരീരത്തിന് എന്ത് സംഭവിക്കും എന്നു പറയുവാൻ അപ്പൊസ്തലനായ പൌലൊസ് “കറ്റാലുഒ” എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. നമ്മളുടെ ശരീരം “അഴിഞ്ഞു പോകും” എന്നാണ് അദ്ദേഹം പറയുന്നത്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുവാനായി ഒരു കൂടാരത്തെ അതിന്റെ ഓരോ ഭാഗങ്ങള്‍ ആയി അഴിക്കുന്നതിനെ ആണ് പൌലൊസ് ഈ വാക്ക്കൊണ്ട് സൂചിപ്പിക്കുന്നത്.

 

2 കൊരിന്ത്യർ 5:1  കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.

 

ഇവിടെ “അഴിഞ്ഞുപോയാൽ” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്നത് “കറ്റാലുഒ”എന്ന വാക്കാണ്. അതായത് “കറ്റാലുഒ” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം, “ഇല്ലാതെയാകത്തക്കവണ്ണം അഴിക്കുക” എന്നാണ്. 

 

യേശുക്രിസ്തു, ന്യായപ്രമാണം ഇല്ലാതെ ആകാത്തക്കവണ്ണം അഴിക്കുവാനോ, മറിച്ചിടുവാനോ, ജീർണ്ണിപ്പിക്കുവാനോ, മൂല്യം ഇല്ലാതെ ആക്കുവാനോ വന്നതല്ല.

 

മത്തായി 5:17 ൽ “നീക്കുക” എന്ന വാക്ക്, “നിവർത്തിക്കുക” എന്ന വാക്കിന് എതിരായി ആണ് യേശു ഉപയോഗിച്ചത്. യേശു വന്നത് “നീക്കുവാനല്ല നിവർത്തിപ്പാനത്രെ”.

 

നിവർത്തിക്കുക എന്നതിന്റെ ഗ്രീക്ക് വാക്ക് “പ്ലെറഒ” എന്നാണ് (plēroō - play-ro'-o) എന്നാണ്. ഈ വാക്കിന്റെ അർത്ഥം, നിവർത്തിക്കുക, നിറയ്ക്കുക, നിറഞ്ഞിരിക്കുക, പൂർണ്ണമാകുക, അവസാനിക്കുക എന്നിങ്ങനെ ആണ്.  

 

ന്യായപ്രണത്തിന്റെ ശത്രു ആയിട്ടല്ല യേശു ഈ ഭൂമിയിൽ വന്നത്. യേശു ന്യായപ്രമാണത്തെ ബഹുമാനിച്ചു, സ്നേഹിച്ചു, അനുസരിച്ചു. അതിനെ നിവർത്തിയിലേക്ക് കൊണ്ടുവന്നു. അവനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും അവനിൽ നിവർത്തിക്കപ്പെട്ടു.

 

ലൂക്കോസ് 24:44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു

 

യേശു എന്തിനാണോ ഈ ഭൂമിയിലേക്ക് വന്നത് അത് അവൻ നിറവേറ്റി. ന്യായപ്രമാണം നിവർത്തിക്കപ്പെട്ടു. അതിനാൽ ഇന്ന് ക്രിസ്തീയ വിശ്വാസികൾക്ക് ന്യായപ്രമാണം ഒരു നിർബന്ധ നിയമം അല്ല.

 

ഒന്നാം നൂറ്റാണ്ടിൽ, “നിവർത്തിക്കുക” എന്ന വാക്കിന് മറ്റൊരു അർത്ഥം കൂടി ഉണ്ടായിരുന്നു. ന്യായപ്രണങ്ങളെ, അത് മനുഷ്യർക്ക് അനുസരിക്കുവാൻ കഴിയുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിനെയും “നിവർത്തിക്കുക” എന്നു പറഞ്ഞിരുന്നു. ഈ അർത്ഥത്തിൽ ന്യായപ്രമാണത്തെ “നിവർത്തിക്കുക” എന്നതായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദ റബ്ബയിയുടെ ഉത്തരവാദിത്തം. ദൈവം ഉദ്ദേശിച്ച രീതിയിൽ അനുസരിക്കുവാൻ കഴിയാതെവണ്ണം  ന്യായപ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിനെ “നീക്കുക എന്നും പറഞ്ഞിരുന്നു.

 

ഈ വാക്യങ്ങളോടൊപ്പം നമ്മൾ വായിച്ചിരിക്കേണ്ട മറ്റൊരു വാക്യം കൂടി ഉണ്ട്.

 

എഫെസ്യർ 2:14-16

അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

 

ഈ വാക്യത്തിൽ അപ്പൊസ്തലനായ പൌലൊസ് പറയുന്നത് ഇങ്ങനെയാണ്: “ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം” യേശുക്രിസ്തു ക്രൂശിലെ മരണത്താൽ “നീക്കി” (abolishedNKJV & NKJV, ending – NLT, setting aside - NIV).

 

ഈ വാക്യത്തിൽ “നീക്കി” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം “കറ്റാർഗെഒ” എന്നതാണ് (katargeo - kat-arg-eh'-o). ഈ വാക്കിന്റെ അർത്ഥം, പ്രവർത്തന രഹിതമാക്കുക, നശിപ്പിക്കുക, അഴിക്കുക, അവസാനിപ്പിക്കുക, മോചിപ്പിക്കുക, എന്നിങ്ങനെ ആണ്. അക്ഷരാർത്ഥത്തിൽ ഈ വാക്കിന്റെ അർത്ഥം, ഒരുവനെ അല്ലെങ്കിൽ ഒരു വസ്തുവിനെ പ്രവർത്തനരഹിതമാക്കുക എന്നാണ്.  

 

ഈ വാക്യങ്ങളുടെ അർത്ഥം ന്യൂ ലിവിങ് ട്രാൻസ്ലേഷൻ, ന്യൂ ഇന്റർനാഷണൽ വേർഷൻ എന്നീ പരിഭാഷകളിൽ കൂടുതൽ വ്യക്തമാണ്. (New Living Translation, New International Version). ന്യൂ ലിവിങ് ട്രാൻസ്ലേഷൻ ൽ അവസാനിപ്പിക്കുക എന്ന വാക്കും, ന്യൂ ഇന്റർനാഷണൽ വേർഷൻ ൽ “ഒരു വശത്തേക്ക് മാറ്റിവയ്ക്കുക” എന്ന വാക്കും ആണ് ഉപയോഗിച്ചിരിക്കുന്നത് (ending, setting aside)  

 

Ephesians 2:14-15 (NLT)

For Christ himself has brought peace to us. He united Jews and Gentiles into one people when, in his own body on the cross, he broke down the wall of hostility that separated us. He did this by ending the system of law with its commandments and regulations. He made peace between Jews and Gentiles by creating in himself one new people from the two groups.

 

Ephesians 2:14-15 (NIV)

For he himself is our peace, who has made the two groups one and has destroyed the barrier, the dividing wall of hostility, by setting aside in his flesh the law with its commands and regulations. His purpose was to create in himself one new humanity out of the two, thus making peace,

 

റോമർ 7:2, 6, വാക്യങ്ങളിൽ “കറ്റാർഗെഒ” എന്ന വാക്ക് അപ്പൊസ്തലനായ പൌലൊസ് രണ്ട് പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഭർത്താവിന്റെ മരണം മൂലം സ്വതന്ത്ര ആകുന്ന ഭാര്യയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

 

റോമർ 7:2, 6

2    ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.

 

6    ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.

 

ഈ വാക്യങ്ങളിൽ “ഒഴിവുള്ളവളായി”, “ഒഴിവുള്ളവരായിരിക്കുന്നു” എന്നു പറയുവാൻ അപ്പൊസ്തലനായ പൌലൊസ് ഉപയോഗിച്ചിരിക്കുന്ന വാക്ക് “കറ്റാർഗെഒ” എന്നാണ്.

 

ഭർത്താവിനോടുള്ള ന്യായപ്രമാണത്താലുള്ള ബന്ധനത്തിൽ നിന്നും, ഭർത്താവ് മരിച്ചാൽ ഭാര്യ ഒഴിവുള്ളവളായി. അതുപോലെ നമ്മൾ ന്യായപ്രമാണത്തോട് മരിച്ചവർ ആകയാൽ, അതിൽ നിന്നും ഒഴിവുള്ളവർ ആകുന്നു.

 

മത്തായി 5:17-18 വാക്യങ്ങളും എഫെസ്യർ 2:15 ആം വാക്യവും ചേർത്ത് വായിച്ചാൽ നമുക്ക് ഇങ്ങനെ പറയാം: മോശെയുടെ ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം ഒരിക്കലും ഇല്ലാതെ ആയിട്ടില്ല. അത് നിത്യം ആയിരിക്കും. എന്നാൽ, നമ്മൾ അനുസരിക്കേണ്ടുന്ന നിയമങ്ങൾ എന്ന നിലയിൽ, നമ്മളുടെ കർത്താവിന്റെ ക്രൂശ് മരണത്താൽ, ന്യായപ്രമാണം നീങ്ങിപ്പോയി. 

 

പ്രവാചകന്മാരെ നിവർത്തിച്ചു (Fulfilled the prophets)

 

മത്തായി 5:17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.

 

പഴയനിയമ കാലത്ത് ദൈവം പ്രവാചകന്മാരിലൂടെ അരുളിച്ചെയ്ത സകലതും യേശുക്രിസ്തുവിൽ നിവർത്തിയായി. അവന്റെ ഒന്നാമത്തെ വരവിൽ നൂറു കണക്കിന് പ്രവചനങ്ങൾ നിവർത്തിക്കപ്പെട്ടു. ശേഷിച്ചവ അവനിൽ നിവർത്തിക്കപ്പെടും.

 

പ്രത്യേകം പരമാർശങ്ങൾ ഇല്ലാത്തവ ഉൾപ്പെടെ, എല്ലാ തിരുവെഴുത്തുകളും യേശുക്രിസ്തുവിനെക്കുറിച്ച് ഉള്ളതാണ്. മോശെ യേശുക്രിസ്തുവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്:

 

യോഹന്നാൻ 5:39, 46

39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

 

46 നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.

 

ലൂക്കോസ് 24:27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

 

പഴയനിയമത്തിലെ എല്ലാ വാഗ്ദത്തങ്ങളും യേശുക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ നമുക്ക് അവനെയും, ദൈവം ഉറപ്പുതന്ന എല്ലാ വാഗ്ദത്തങ്ങളും ഉണ്ട്.

 

2 കൊരിന്ത്യർ 1:20 ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.

 

മതാചാരങ്ങളും യാഗങ്ങളും (Ceremonies and sacrifices)

 

മോശയുടെ ഉടമ്പടിയിലെ മതാചാരങ്ങൾ, യാഗങ്ങൾ എന്നിവയെല്ലാം വരുവനുള്ള നന്മകളുടെ നിഴൽ മാത്രം ആയിരുന്നു, സാക്ഷാൽ സ്വരൂപം ആയിരുന്നില്ല.  

 

എബ്രായർ 10:1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.

 

സമാഗമന കൂടാരം കൈപ്പണിയായ വിശുദ്ധ മന്ദിരം ആയിരുന്നു. അത് സ്ഥിരം ആയിരുന്നില്ല. അത് വാസ്തവമായത്തിന്റെ പ്രതിബിംബം മാത്രം ആയിരുന്നു.

 

എബ്രായർ 9:24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.

  

ന്യായപ്രമാണത്തിന് ഒരു വിരാമം അതിൽ തന്നെ ഉണ്ടായിരുന്നു. ഒരു നവീകരണത്തിന്റെ കാലം വരെയേ അവയ്ക്ക് പ്രസക്തി ഉള്ളൂ.  

 

എബ്രായർ 9:10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.

 

ന്യായപ്രമാണങ്ങളുടെയും പ്രവാചകന്മാരുടെയും നിവർത്തിയിലൂടെ യേശുക്രിസ്തു നമ്മളുടെ നിത്യമായ രക്ഷ സാധ്യമാക്കി. യാഗം അർപ്പിക്കുവാനോ, അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനോ ഇന്ന് പുരോഹിതന്മാരുടെ ആവശ്യം ഇല്ല. (എബ്രായർ 10:8-14). യേശുക്രിസ്തു അത് നമുക്ക് വേണ്ടി ഒരിക്കലായി, എന്നന്നേക്കുമായി ചെയ്തു തീർത്തു. ദൈവ കൃപയാൽ, വിശ്വാസം മൂലം, നമ്മൾക്ക് ഇന്ന് ദൈവത്തോട് നിരപ്പ് ഉണ്ട്.

 

കൊലൊസ്സ്യർ 2:14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;

 

രക്തം ചൊരിഞ്ഞുള്ള യാഗങ്ങൾ യേശുക്രിസ്തു അവനിൽ നിവർത്തിച്ചു. അവയെല്ലാം ക്രിസ്തുവിലേക്ക് ചൂണ്ടുന്നത് ആയിരുന്നു. അവന്റെ ക്രൂശ് മരണം, അന്തിമമായ, ആവർത്തിക്കുവാൻ പാടില്ലാത്ത പാപ പരിഹാര യാഗം ആണ്.

 

എബ്രായർ 9:12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

 

ആരാധിക്കുന്നവർക്കും ആരാധിക്കപ്പെടുന്ന ദൈവത്തിനും ഇടയിൽ നിന്നിരുന്ന പൌരോഹിത്യം ഇല്ലാതെ ആയി.

 

എബ്രായർ 7:23, 24

23 മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.

24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.

 

ഇന്ന് ആരാധനയുടെ കേന്ദ്രം ഭൌതീകമായി നിർമ്മിച്ച ആലയം അല്ല, അത് ക്രിസ്തു ആണ്. അവനാണ് കൂടാരവും ആലയവും. ക്രിസ്തുവിൽ നമ്മൾ ദൈവത്തെ മുഖാമുഖം കണ്ടുമുട്ടുന്നു. അതിനാൽ ക്രിസ്തീയ വിശ്വാസികൾക്ക് ഈ ഭൂമിയിൽ, ഒരു പുണ്യ ആലയം ഇല്ല.

 

യോഹന്നാൻ 4:21, 23

21   യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.

 

23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.

 

യോഹന്നാൻ 2:19, 21

19   യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു.

 

21   അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.

 

മത്തായി 18:20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

 

കോറം ഡെയോ

 

നിവർത്തിച്ചു എന്നു പറഞ്ഞാൽ, യേശുക്രിസ്തു പുതിയ നിയമത്തിൽ, പഴയനിയമത്തെ സമ്പൂർണ്ണമായി പൂർത്തീകരിച്ചു എന്നാണ് അർത്ഥം. പഴയത് പുതിയതിൽ പൊരുളായി, സമ്പൂർണ്ണമായി വെളിപ്പെട്ടു. സീനായ് പർവ്വതത്തിൽ മോശെയക്ക് ലഭിച്ച വെളിപ്പാടുകൾ എല്ലാം പൂർണ്ണമായി. ക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവരിൽ പരിശുദ്ധാത്മാവിന്റെ പകർച്ചയോടെ ദൈവത്തിന്റെ സാന്മാർഗ്ഗിക നിയമങ്ങൾ ആലേഖനം ചെയ്യപ്പെട്ടു.

 

ഒരു പ്രത്യേക വംശം എന്ന നിലയിൽ യിസ്രായേൽ ജനം പാലിക്കേണ്ടുന്ന സാമൂഹിക നിയമങ്ങൾ ഇല്ലാതെ ആയി. ഇന്ന് ദൈവജനം, ഒരു പ്രത്യേക രാജ്യത്ത് താമസിക്കുന്ന, പ്രത്യേക വംശം അല്ല. അവർ ഈ ലോകത്ത് പരദേശികളും അന്യരും എന്നപോലെ, മറ്റ് എല്ലാ ജാതികൾക്കും ഇടയിൽ. എല്ലാ രാജ്യങ്ങളിലും ജീവിക്കുന്നു.

 

മശിഹായെക്കുറിച്ച് പ്രവാചകന്മാർ പറഞ്ഞതെല്ലാം യേശുക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടു. ദൈവത്തിന്റെ വിശുദ്ധിയുടെ നിലവാരം യേശുവിൽ വെളിപ്പെട്ടു. മതാചാരങ്ങൾ എല്ലാം പൂർണമായി പാലിക്കപ്പെട്ടു. അവന്റെ പാപ രഹിതമായ ജീവിതത്തിൽ എല്ലാ സന്മാർഗ്ഗീക നിയമങ്ങളും നിവർത്തിയായി. അവന്റെ ക്രൂശ് മരണം എന്ന യാഗത്തിൽ എല്ലാ യാഗങ്ങളും നിവർത്തിയായി.

 

യേശുക്രിസ്തു വന്നത്, ദൈവം അവന്റെ സ്വന്ത ജനത്തിന് നല്കിയ, ന്യായപ്രമാണത്തെയോ, പ്രവാചകന്മാരെയോ നിക്കുവാനല്ല, നിവർത്തിക്കുവാനാണ്. അങ്ങനെ ന്യായപ്രമാണത്തെ, പുതിയ ഉടമ്പടി പ്രകാരം ഉള്ള ക്രിസ്തീയ വിശ്വാസികളുടെ മേൽ, അധികാരമില്ലാത്തത് ആക്കി തീർത്തു.         

 



 

 

No comments:

Post a Comment