പഴയനിയമവും പുതിയ നിയമവും

വേദപുസ്തകം, പഴയനിയമം എന്നും പുതിയനിയമം എന്നുമുള്ള രണ്ടു ഭാഗങ്ങൾ ഉള്ള ഒരു പുസ്തകം ആണ്. ഇംഗ്ലീഷിൽ ഈ രണ്ട്  ഭാഗങ്ങളെ ഓൾഡ് ടെസ്റ്റമെന്റ് എന്നും ന്യൂ ടെസ്റ്റമെന്റ് എന്നുമാണ് വിളിക്കുന്നത് (Old Testament, New Testament). “ടെസ്റ്റമെന്റ്” എന്ന ഇംഗ്ലീഷ് വാക്ക്, “ടെസ്റ്റമെന്റം” എന്ന ലാറ്റിൻ പദത്തിൽ നിന്നുമുണ്ടായതാണ് (testamentum). ഈ വാക്കിന്റെ അർത്ഥം “ഉടമ്പടി” എന്നും “കരാർ” എന്നുമാണ്. വേദപുസ്തകം ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ച് പറയുന്ന പുസ്തകം ആണ്.

 

വേദപുസ്തകത്തിന്റെ ആദ്യ ഭാഗം, 39 പുസ്തകങ്ങൾ ഉള്ള പഴയനിയമമാണ്. രണ്ടാമത്തെ ഭാഗം 27 പുസ്തകങ്ങൾ ഉള്ള പുതിയനിയമമാണ്. ഈ രണ്ടു ഭാഗങ്ങളിലുമായി 66 പുസ്തകങ്ങൾ ഉണ്ട്. എല്ലാ പുസ്തകങ്ങളും ഒരു പുസ്തകമായി ഒത്തുചേരുന്നു എന്നതാണ് വേദപുസ്തകത്തിന്റെ പ്രത്യേകത.

 

ഗാഡബന്ധമുള്ള, ഏകീകൃതമായ ഒരു ഇതിവൃത്തമാണ് വേദപുസ്തകത്തിന് ഏകത നല്കുന്നത്. ഘട്ടം, ഘട്ടമായി, വെളിപ്പെടുന്ന, മനുഷ്യ വർഗത്തിന്റെ വീണ്ടെടുപ്പിന്റെ കഥയാണ്, എല്ലാ പുസ്തകങ്ങളിലെയും ഇതിവൃത്തം. ഇത് പ്രധാനമായും മൂന്ന് ഘട്ടങ്ങളായി വെളിപ്പെടുന്നു: മനുഷ്യന്റെ വീഴ്ച, വീണ്ടെടുപ്പ്, പൂർത്തീകരണം.       

 

പഴയ നിയമം

 

യഹൂദന്മാരുടെ വിശുദ്ധ ഗ്രന്ഥം ആയ പഴയ നിയമത്തെ, പരമ്പരാഗതമായി മൂന്നായി തിരിച്ചിട്ടുണ്ട്. അവയെ, തോറ, നെവീം, കെറ്റുവിം എന്നാണ് വിളിക്കുന്നത് (Torah, Nevi’im, Ketuvim). തോറയെ പെന്ററ്റൂക്ക് എന്നും നിയമങ്ങൾ എന്നും വിളിക്കാറുണ്ട് (Pentateuch). നെവീം, കെറ്റുവിം എന്നിവയെ യഥാക്രമം പ്രവാചകന്മാർ, രചനകൾ എന്നിങ്ങനെയും വിളിക്കാറുണ്ട്.

 e

മനുഷ്യ വർഗ്ഗത്തിന്റെ സൃഷ്ടിയുടെയും വീഴ്ചയുടെയും, ഭാവിയിൽ ഉണ്ടാകുവാനിരിക്കുന്ന വീണ്ടെടുപ്പിന്റെയും അതിന്റെ പൂർത്തീകരണത്തിന്റെയും ചരിത്രമാണ് പഴയനിയമത്തിൽ വായിക്കുന്നത്. ആദ്യത്തെ പുസ്തകമായ ഉൽപ്പത്തിയിലെ മുഖ്യ വിഷയം, മനുഷ്യരുടെ പാപത്തിൽ ഉള്ള വീഴ്ചയും, അത് മുഖാന്തരം സംഭവിച്ച ദൈവീക ബന്ധത്തിന്റെ തകർച്ചയും ആണ്.

 

ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യർ ആദാമും ഹവ്വായും ആയിരുന്നു. അവരുടെ ജീവൻ ദൈവത്തിൽ നിന്നും പകർന്നതാണ്. പരിപൂർണ്ണത ഉണ്ടായിരുന്ന ഏദൻ തോട്ടത്തിൽ അവർ ജീവിച്ചു. ഏദൻ എന്നത്, ഭൂമിയിൽ കിഴക്ക്, പ്രത്യേകമായി വേർതിരിക്കപ്പെട്ട ഒരു സ്ഥലം ആയിരുന്നു. അവർക്ക് ദൈവത്തോട് അഗാധമായ ബന്ധം ഉണ്ടായിരുന്നു. തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെ ഫലവും അവർക്ക് ഭക്ഷിക്കാം എങ്കിലും അതിൽ ഉണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നത് ദൈവം വിലക്കി. ദൈവം കല്പിച്ചത് ഇതാണ്:


ഉൽപ്പത്തി 2:17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.

 

എന്നാൽ നിർഭാഗ്യവശാൽ, അവർ പിശാചിനാൽ വഞ്ചിക്കപ്പെടുകയും, വിലക്കപ്പെട്ട ഫലം ഭക്ഷിക്കുകയും ചെയ്തു. കല്പന ലംഘനം ദൈവത്തോടുള്ള മൽസരം ആയതിനാൽ, അത് പാപം ആയി. ദൈവം ഭൂമിയെ ശപിച്ചു, ആദാമിനെയും ഹവ്വായേയും, തോട്ടത്തിന് വെളിയിൽ, ശപിക്കപ്പെട്ട ഭൂമിയിൽ ആക്കി.

 

പാപത്തിന്റെ ഫലമായി ആദാമും ഹവ്വായും ആത്മീയമായി ഉടൻതന്നെ മരിച്ചു, ശാരീരിക മരണവും അവരിൽ കടന്നു. ഈ സംഭവത്തെയാണ് മനുഷ്യ വർഗ്ഗത്തിന്റെ വീഴ്ച എന്നു വിളിക്കുന്നത്.

 

ഈ സംഭവത്തിന്റെ വിവരണത്തോടെ പഴയനിയമം അവസാനിക്കുന്നില്ല. ആദാമിനെയും ഹവ്വായേയും പുറത്താക്കുന്നതിന് മുമ്പായി, ഏദൻ തോട്ടത്തിൽ വച്ചുതന്നെ, മനുഷ്യരെ ദൈവത്തോട് വീണ്ടും നിരപ്പിക്കുന്നതിനായി, ഒരു വീണ്ടെടുപ്പ് പദ്ധതി ദൈവം പ്രഖ്യാപിച്ചു. അതിന് ശേഷം വിവരിക്കപ്പെടുന്ന ചരിത്രം, ദൈവീക വീണ്ടെടുപ്പ് പദ്ധതിയുടെ കാലാനുഗതമായ വെളിപ്പെടൽ ആണ്.      

 

ഉൽപ്പത്തി 12 ആം അദ്ധ്യായം മുതൽ ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതിയുടെ നിവൃത്തി ആരംഭിക്കുന്നു. ഈ ഉദ്ദേശ്യത്തിനായി ദൈവം, സന്തതി ഇല്ലാതിരുന്ന, വൃദ്ധനായ അബ്രാഹാമിനെ തിരഞ്ഞെടുത്തു വേർതിരിച്ചു. അവന്റെ സന്തതി പരമ്പരകൾ ആണ് പിന്നീട് യിസ്രായേൽ എന്നു അറിയപ്പെട്ടത്. ഒരു ഉടമ്പടിയിലൂടെ ദൈവം അവരുമായുള്ള അതുല്യമായ ബന്ധം ഉറപ്പിച്ചു. ദൈവം ഒരു വീണ്ടെടുപ്പുകാരനെയും, നിത്യമായ രാജത്വവും, അവന്റെ “സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്ന വാഗ്ദത്തവും നല്കി. (ഉൽപ്പത്തി 22:18).

 

യിസ്രായേൽ ജനം, ദൈവത്തിന്റെ നിലവാരത്തിനൊത്തവണ്ണം വിശുദ്ധ ജീവിതം നയിക്കുവാൻ ആവശ്യമായ പ്രമാണങ്ങൾ, അവൻ ഉടമ്പടിയിലൂടെ നല്കി. ചുറ്റിനുമുള്ള ജാതികളിൽ നിന്നും വേർപ്പെട്ട്, ഒരു വിശുദ്ധ ജീവിതം യിസ്രായേൽ നയിക്കേണം. പാപങ്ങളിൽ നിന്നും അവരെ ശുദ്ധീകരിക്കുവാനായി ദൈവം യാഗങ്ങളുടെ ക്രമീകരണം ഉണ്ടാക്കി. എന്നാൽ ഈ ക്രമീകരണങ്ങൾ താൽക്കാലികം മാത്രം ആയിരുന്നു. അതിനാൽ യാഗങ്ങൾ ആവർത്തിക്കേണ്ടിയിരുന്നു. പാപികളായ ജനത്തിന് ദൈവ സന്നിധിയിൽ പ്രവേശിക്കുവാൻ സാധ്യമല്ലാതിരുന്നതിനാൽ, അവന്റെ മുന്നിൽ ജനത്തെ പ്രതിനിധീകരിക്കുവാൻ പുരോഹിതന്മാരെയും ഏർപ്പെടുത്തി.  

 

പഴയ ഉടമ്പടിയിലെ നിയമങ്ങൾ രക്ഷയിലേക്കുള്ള മാർഗ്ഗം ആയിരുന്നില്ല. യിസ്രായേൽ ജനം ദൈവീക ഉടമ്പടിയോട് വിശ്വസ്തർ ആയിരുന്നില്ല. അതിനാൽ അവർ ദൈവീക ശിക്ഷാവിധിക്ക് വിധേയർ ആയി. യിസ്രായേൽ എന്ന ഏക രാജ്യം, ശലോമോൻ രാജാവിന്റെ മകനായ രെഹബെയാം (Rehoboam) ന്റെ കാലത്ത്   രണ്ടായി വിഭജിക്കപ്പെട്ടു. വടക്കൻ രാജ്യം യിസ്രായേൽ എന്നും തെക്കൻ രാജ്യം യഹൂദാ എന്നും അറിയപ്പെട്ടു. പിന്നീട് രണ്ടു രാജ്യത്തെയും ജനങ്ങൾ സ്വന്തം ദേശത്തിൽ നിന്നും മാറ്റപ്പെട്ടു, അന്യ രാജ്യത്ത് പ്രവാസത്തിൽ ജീവിച്ചു.

 

ബാബേൽ പ്രവാസത്തിന്റെ മുമ്പായി യഹൂദായിൽ ജീവിച്ചിരുന്ന യഹോവയുടെ ഒരു പ്രവാചകൻ ആയിരുന്നു യിരേമ്യാവ്. മാനസന്തരപ്പെടാത്ത യിസ്രായേൽ ജനത്തിന്റെ പാപം കാരണം അവരുടെമേൽ വലിയ നാശം ഉണ്ടാകും എന്നു അദ്ദേഹം പ്രവചിച്ചു. ഒപ്പം, ഒരു പുതിയ ഉടമ്പടി ദൈവം ചെയ്യുവാനിരിക്കുന്നു എന്നും അദ്ദേഹം പ്രവചിച്ചു.  

 

യിരേമ്യാവ് 31:31-34

ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.         

 

യിരേമ്യാവ് ഒരു പുതിയ ദൈവീക ഉടമ്പടി ഉണ്ടാകും എന്നും, യിസ്രായേൽ ജനം സ്വന്ത ദേശത്ത് പുനസ്ഥാപിക്കപ്പെടും എന്നും, അവരുടെ പാപങ്ങൾ എന്നന്നേക്കുമായി ക്ഷമിക്കപ്പെടും എന്നും പ്രവചിച്ചു. അന്നാളിൽ, ജനം ദൈവത്തെ നേരിട്ട് അറിയും, അവരുടെ ഹൃദയങ്ങളിൽ ദൈവീക പ്രമാണങ്ങൾ എഴുതപ്പെടും, അതിനാൽ അവർ ദൈവത്തെ അനുസരിച്ച് ജീവിക്കും.


 

പുതിയനിയമം

 

ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ള ദൈവജനത്തിന്റെ വീണ്ടെടുപ്പും, അതിന്റെ സമ്പൂർണ്ണ നിവർത്തിയും ആണ് പുതിയനിയമത്തിലെ ഇതിവൃത്തം. മനുഷ്യരുടെ പാപത്തിന് പരിഹാരമായി തീരുവാൻ, ദൈവം തന്നെ, ഭൂമിയിൽ, യേശു എന്നു പേരുള്ള ഒരു മനുഷ്യനായി ജനിച്ചു, എന്നന്നേക്കുമുള്ള പാപ പരിഹാരത്തിനായി മരിച്ചു. ദൈവകൃപയാൽ, തിരഞ്ഞെടുക്കപ്പെട്ടവർ, യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം വീണ്ടെടുക്കപ്പെടും എന്ന പുതിയ ഉടമ്പടി ദൈവം ഉറപ്പിച്ചു. യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലമുള്ള രക്ഷ യഹൂദനും, ജാതികൾക്കും ഒരു പോലെ ലഭ്യമായി. വീണ്ടെടുക്കപ്പെട്ടവർക്ക് ദൈവരാജ്യത്തിൽ നിത്യമായ ജീവിതം വാഗ്ദത്തമായി ലഭിച്ചു. ദൈവരാജ്യത്തിൽ, അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല(വെളിപ്പാട് 21:4, 5).  

 

പഴയനിയമത്തിലെ എല്ലാ വാഗ്ദാനങ്ങളും എങ്ങനെയാണ് യേശുക്രിസ്തുവിൽ നിവർത്തിയായത് എന്നാണ് പുതിയനിയമം വിശദീകരിക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതം, മരണം, ഉയിർപ്പ് എന്നിവയിലൂടെ പഴയനിയമം സമ്പൂർണ്ണമായി നിവർത്തിക്കപ്പെട്ടു.

 

വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടതും, പരിശുദ്ധാത്മാവിനാൽ ശാക്തീകരിക്കപ്പെടുകയും ചെയ്ത പ്രമാണങ്ങൾ ആണ് പുതിയനിയ ഉടമ്പടിയെ ഭരിക്കുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപം ഒരിക്കലായും, എന്നന്നേക്കുമായും, ക്രൂശ് മരണം എന്ന യാഗത്തിലൂടെ ക്ഷമിക്കപ്പെടുകയും, നീക്കം ചെയ്യപ്പെടുകയും ചെയ്തു. പാപ പരിഹാരത്തിനായി ആവർത്തിക്കപ്പെടുന്ന യാഗങ്ങൾ പുതിയ ഉടമ്പടി ആവശ്യപ്പെടുന്നില്ല. യേശുക്രിസ്തു ആണ് ഏക പുരോഹിതനും, യാഗമൃഗവും. അവന്റെ ക്രൂശീകരണം ആണ് പാപ പരിഹാര യാഗം. ദൈവത്തിന്റെ സ്വന്ത ജനത്തിന് ദൈവവുമായി നേരിട്ടുള്ള, ഗാഡമായ, ബന്ധവും, ദൈവ സന്നിധിയിലേക്ക് പ്രവേശനവും ഉണ്ട്.           

  

എന്താണ് വ്യത്യാസങ്ങൾ?

 

ഒരു ഇതിവൃത്തം വിവരിക്കുന്ന ഒരു ഗ്രന്ഥമാണ് വേദപുസ്തകം. എങ്കിലും അതിലെ രണ്ടു ഭാഗങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഈ വ്യത്യാസങ്ങൾ വൈരുദ്ധ്യം അല്ല. അവ പരസ്പര പൂരകങ്ങൾ ആണ്. ഇവ തമ്മിലുള്ള ശ്രദ്ധേയമായ ചില വ്യത്യാസങ്ങൾ ഇതെല്ലാം ആണ്:

 

പഴയനിയമം, ദൈവീക വീണ്ടെടുപ്പ് പദ്ധതിയുടെ അടിസ്ഥാനം ആണ്, പുതിയനിയമം അതിന്റെ വെളിപ്പെടലും, നിർവഹണവും, സമ്പൂർണ്ണ നിവർത്തിയും ആണ്. പഴയനിയമ പ്രമാണങ്ങൾ പുതിയനിയമ സത്യത്തിന്റെ ദൃഷ്ടാന്തങ്ങൾ ആണ്. വീണ്ടെടുപ്പിനെക്കുറിച്ചുള്ള പഴയനിയമത്തിലെ എല്ലാ പ്രവചനങ്ങളും പുതിയനിയമത്തിൽ നിവർത്തിക്കപ്പെടുന്നു.       

 

പഴയനിയമം പ്രധാനമായും പാപത്തിനെതിരായ ദൈവ ക്രോധവും, അൽപ്പമായി ദൈവ കൃപയും വിവരിക്കുമ്പോൾ, പുതിയനിയമം പ്രധാനമായും പാപികളോടുള്ള ദൈവ കൃപയും, അൽപ്പമായി ദൈവ ക്രോധവും വിവരിക്കുന്നു.

 

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേലിന്റെ ചരിത്രം പഴയനിയമം വിവരിക്കുന്നു. പുതിയനിയമം യേശുക്രിസ്തു എന്ന ഏക വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ ഉടമ്പടിയിലെ സഭ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട, വീണ്ടെടുക്കപ്പെട്ട, ജനം ആണ്.

 

പാപം കാരണം, മനുഷ്യന് എങ്ങനെയാണ് പറുദീസ നഷ്ടപ്പെട്ടത് എന്നും, അവർ എങ്ങനെയാണ് ദൈവത്തിൽ നിന്നും അകന്നുപോയത് എന്നും പഴയനിയമം പറയുന്നു. യേശുക്രിസ്തുവിലൂടെ എങ്ങനെ പറുദീസ വീണ്ടും പ്രാപിക്കാം എന്നും ദൈവവുമായുള്ള ഗാഢമായ ബന്ധത്തിലേക്ക് എങ്ങനെ വീണ്ടും പ്രവേശിക്കാം എന്നും പുതിയനിയമം പറയുന്നു.

 

വരുവാനിരിക്കുന്ന മശിഹായും അവന്റെ ജീവിതവും പഴയനിയമം വിവരിക്കുന്നു. പുതിയനിയമം വെളിപ്പെട്ട മശിഹായുടെ ജീവിതവും, യാഗവും വിവരിക്കുന്നു. പുതിയനിയമത്തിലെ ലേഖനങ്ങൾ മശിഹായുടെ ജീവത്തെ വ്യാഖ്യാനിക്കുകയും, നമ്മൾ അദ്ദേഹത്തോട് എങ്ങനെ പ്രതികരിക്കേണം എന്നു പഠിപ്പിക്കുകയും ചെയ്യുന്നു.

 

പഴയനിയമം ന്യായപ്രമാണങ്ങളുടെ വിവരണം ആണ്. പുതിയനിയമം യേശു എന്ന മശിഹാ എങ്ങനെയാണ് ന്യായപ്രമാണത്തെ നിവർത്തിച്ചത് എന്നു വിവരിക്കുന്നു. പഴയനിയമത്തിലെ ഭൌതീക അനുഗ്രഹങ്ങൾ പുതിയനിയമത്തിൽ ആത്മീയ അനുഗ്രഹങ്ങൾക്ക് വഴിമാറി.

 

പാപത്തെ ശിക്ഷിക്കുന്ന, എന്നാൽ പാപ പരിഹാര യാഗത്തിലൂടെ പാപികളെ രക്ഷിക്കുന്ന, നീതിമാനും, കൃപാലുവുമായ വിശുദ്ധ ദൈവം, രണ്ടു ഭാഗങ്ങളിലും വെളിപ്പെടുന്നു. എങ്ങനെയാണ് മനുഷ്യർ വിശ്വാസം മൂലം ദൈവത്തോട് അടുത്ത് ചെല്ലേണ്ടത് എന്നാണ് എല്ലായിടത്തും വിവരിക്കപ്പെടുന്നത്.

 

പൊരുത്തപ്പെടൽ

 

പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും യുക്തിഭദ്രമായ പൊരുത്തപ്പെടൽ, മൂന്ന് മാർഗ്ഗങ്ങളിലൂടെ വിശദീകരിക്കുവാൻ കഴിയും. അവ, വാഗ്ദത്തം-നിവർത്തി, വേദപുസ്തകത്തിലെ ഉടമ്പടികൾ, സൂചകോപദേശം അഥവാ നിഴലും പൊരുളും, എന്നിവ ആണ് (Promise - fulfilment, Biblical covenants, and typology).

 

വാഗ്ദത്തം-നിവർത്തി (Promisefulfilment)

 

വാഗ്ദത്തം-നിവർത്തി എന്ന രീതിയിൽ വേദപുസ്തകത്തെ പഠിക്കുമ്പോൾ, പഴയനിയമത്തിലെ എല്ലാ ദൈവീക വാഗ്ദത്തങ്ങളും പുതിയനിയമത്തിൽ നിവർത്തിക്കപ്പെടുകയോ, ക്രിസ്തുവിന്റെ സഭയിലൂടെ നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയോ, ഭാവിയിൽ ക്രിസ്തുവിൽ നിവർത്തിക്കപ്പെടുകയോ ചെയ്യും എന്നു മനസ്സിലാക്കാം.

 

മത്തായിയുടെ സുവിശേഷം ഈ രീതിയിൽ ആണ് എഴുതപ്പെട്ടിരിക്കുന്നത്. യേശുക്രിസ്തുവിൽ പഴയനിയമ വാഗ്ദത്തങ്ങൾ എങ്ങനെ നിവർത്തിക്കപ്പെട്ടു എന്നു അദ്ദേഹം വിശദീകരിക്കുന്നു.

 

അപ്പൊസ്തല പ്രവൃത്തികൾ 13 ആം അദ്ധ്യായത്തിൽ ലൂക്കോസ്, പൌലൊസിന്റെ ആദ്യ പ്രസംഗം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

 

അപ്പൊസ്തല പ്രവൃത്തികൾ 13:32, 33

ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

 

അപ്പൊസ്തലന്മാർ ജനത്തെ അറിയിച്ച സുവിശേഷം പഴയനിയമത്തിൽ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദത്തത്തിന്റെ നിവർത്തി ആയിരുന്നു.

 

2 കൊരിന്ത്യർ 1:20 ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.

 

യേശുക്രിസ്തുവിന്റെ സുവിശേഷം പുതിയ ഒരു പ്രമാണം അല്ല എന്നു പൌലൊസ് ഗലാത്യർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു. കാരണം ദൈവം ഇതേ സുവിശേഷം അബ്രാഹാമിനെ അറിയിച്ചിരുന്നു.

 

ഗലാത്യർ 3:8 എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.   

 

വേദപുസ്തകത്തിലെ ഉടമ്പടികൾ (Biblical covenants)

 

വേദപുസ്തകത്തിന്റെ നിർമ്മിതിയുടെ നട്ടെല്ല് ആണ് ഉടമ്പടികൾ. വേദപുസ്തകത്തിന്, നാനാത്വത്തിൽ ഏകത നല്കുന്നത് ഉടമ്പടികൾ ആണ്. വേദപുസ്തകത്തിൽ പ്രധാനമായും അഞ്ച് ഉടമ്പടികൾ ആണ് ഉള്ളത്. ഇവയെല്ലാം യേശുക്രിസ്തു ഉറപ്പിച്ച പുതിയ ഉടമ്പടിയിലേക്ക് നമ്മളെ നയിക്കുന്നു.

 

ആവർത്തന പുസ്തകത്തിൽ പുതിയ ഉടമ്പടിയെക്കുറിച്ചുള്ള പ്രത്യാശ മോശെ പ്രവചിക്കുന്നുണ്ട്.

 

ആവർത്തനപുസ്തകം 18:15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

 

ആവർത്തനപുസ്തകം 30:6 നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.

 

യിരേമ്യാവ് 31:31 മുതൽ 34 വരെയുള്ള വാക്യങ്ങളിൽ പുതിയ ഉടമ്പടിയെ പ്രവചകൻ അവതരിപ്പിക്കുന്നുണ്ട്. യെശയ്യാവ്, യോവേൽ, സെഖര്യാവ്, എന്നീ പ്രവാചകന്മാരും പുതിയ ഉടമ്പടി പ്രവച്ചിട്ടുണ്ട്.

 

യേശുക്രിസ്തു പുതിയ ഉടമ്പടിയും അതിന്റെ എല്ലാ പ്രമാണങ്ങളും, അത് എങ്ങനെ സമ്പൂർണ്ണമായി നിവർത്തിക്കപ്പെടും എന്നും പ്രഖ്യാപിച്ചു. അവന്റെ പ്രഖ്യാപനത്തോടെ പുതിയ ഉടമ്പടി ആരംഭിക്കപ്പെട്ടു (inaugurated). യേശുക്രിസ്തുവിന്റെ കാലത്ത് പഴയനിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ യേശുക്രിസ്തു പ്രസംഗിച്ചതും, ജീവിച്ചതും, പ്രവർത്തിച്ചതും, അവൻ പ്രഖ്യാപിച്ചു കഴിഞ്ഞ പുതിയ ഉടമ്പടി പ്രകാരം ആണ്.    

 

സൂചകോപദേശം (നിഴലും പൊരുളും - type and antitype)

 

സൂചകോപദേശം അഥവാ നിഴലും പൊരുളും എന്നത് വേദപുസ്തകത്തിലെ സംഭവങ്ങളുടെയും വ്യക്തികളുടെയും സാമ്യ പഠനമാണ്. പഴയനിയമ കാലത്തിന്റെ ചരിത്രത്തിൽ കാണുന്ന, പുതിയനിയമത്തിൽ യേശുക്രിസ്തുവിലും അവന്റെ സഭയിലും നിവർത്തിക്കപ്പെട്ടിരിക്കുന്നതോ, നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതോ, ഭാവിയിൽ നിവർത്തിക്കപ്പെടുന്നതോ ആയ വ്യക്തികൾ, സംഭവങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ആണ് നിഴൽ ആയി കാണുന്നത്. പഴയനിയമത്തിൽ നിഴൽ ആയിരിക്കുന്നവയെ നിവർത്തിക്കുന്ന പുതിയനിയമത്തിലെ വ്യക്തികൾ, സംഭവങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ആണ് പൊരുൾ ആയി കാണുന്നത്. ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതി ഇത്തരം നിഴലും പൊരുളുമായി വെളിപ്പെട്ടുവരുന്നു.

 

സൂചകോപദേശം അഥവാ നിഴലും പൊരുളും പഴയനിയമത്തിനും പുതിയ നിയമത്തിന്നും ഒരുപോലെ ബാധകമാക്കാവുന്ന ഒരു വ്യാഖ്യാന രീതിയാണ്. ആദ്യം കാണുന്ന നിഴലിനോട് പിന്നീട് കാണുന്ന പൊരുൾ ചേർന്നുവരുന്നു. ഉദാഹരണത്തിന്, ആദാം, യേശുക്രിസ്തുവിന്റെ നിഴലാണ്. സമാഗമന കൂടാരം സ്വർഗ്ഗീയ കൂടാരത്തിന്റെയും, നോഹയും കുടുംബവും വെള്ളത്തിലൂടെ രക്ഷ പ്രാപിച്ചത് ക്രിസ്തീയ സ്നാനത്തിന്റെയും നിഴൽ ആണ്.

 

പഴയനിയമത്തിൽ നിഴലായി കാണുന്നതെല്ലാം ക്രിസ്തുവിലേക്കും അവന്റെ സഭയിലേക്കും വിരൽചൂണ്ടുന്നതാണ്. ക്രിസ്തു ആണ് എല്ലാറ്റിന്റെയും സാരാംശം.

 

കൊലൊസ്സ്യർ 2:16, 17

അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.

 

എബ്രായർ 10:1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.

 

പഴയനിയമം വായിക്കേണ്ടത് എങ്ങനെ?

 

യേശുക്രിസ്തുവും, അപ്പൊസ്തലന്മാരും പഴയനിയമത്തെ എങ്ങനെ വായിച്ചുവോ, അതാണ്, അത് വായിച്ചു ഗ്രഹിക്കുവാനുള്ള ശരിയായ രീതി. അപ്പൊസ്തലന്മാർ പഴയനിയമത്തെ വിശുദ്ധ തിരുവെഴുത്തുകൾ ആയി വായിച്ചു. പുതിയനിയമ സഭയ്ക്ക് ഉള്ള മാർഗ്ഗനിർദ്ദേശങ്ങളും, മുന്നറിയിപ്പുകളും പഴയനിയമത്തിൽ കാണുന്നു എന്നു അവർ വിശദീകരിച്ചു.

 

1 കൊരിന്ത്യർ 10:11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധി ഉപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.  

 

റോമർ 15:4 എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.

 

2 തിമൊഥെയൊസ് 3:15-17

നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

 

ഇതിന്റെ അർത്ഥം, പഠനം, ശാസനം, ഗുണീകരണം, നീതിയിൽ ഉള്ള പരിശീലനം, എന്നിവയ്ക്കു പഴയനിയമം വളരെ പ്രധാനപ്പെട്ടതാണ്. അത് ക്രിസ്തുവിനെയും, അവന്റെ നിവർത്തിക്കപ്പെട്ട പ്രവർത്തികളെയും വെളിപ്പെടുത്തുന്നു.

 

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസം രണ്ടു ശിഷ്യന്മാർ യെരൂശലേമിൽ നിന്നും എമ്മവൂസ്സ് എന്ന ഗ്രാമത്തിലേക്ക് പോയി. വഴിമദ്ധ്യേ ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു അവരോട് കൂടെ ചേർന്ന് നടന്നു. ശിഷ്യന്മാർ യേശുവിന്റെ മരണം, ഉയിർപ്പിനെക്കുറിച്ചുള്ള വർത്തമാനം എന്നിവയാൽ വളരെ നിരാശരും, ആശയക്കുഴപ്പത്തിലും ആയിരുന്നു. യേശുക്രിസ്തു അവരുടെ അവിശ്വാസത്തെ ശാസിച്ചു, പഴയനിയമ പുസ്തകങ്ങൾ എങ്ങനെ വായിക്കേണം എന്നു പറഞ്ഞുകൊടുത്തു.  

 

ലൂക്കോസ് 24:26, 27

ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു. മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

 

ഇവിടെ യേശു എങ്ങനെയാണ് പഴയനിയമ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചത് എന്നു ലൂക്കോസ് പറയുന്നു. അവൻ അതിനെ യിസ്രായേൽ ജനത്തിനുവേണ്ടി മാത്രം ഉള്ള ഒരു പുസ്തകമായി കണ്ടില്ല. പഴയനിയമത്തെ യേശുവിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഏകീകൃതമായ സാക്ഷ്യമായിട്ടാണ് അതിനെ വായിച്ചത്.

 

അതേ ദിവസം യെരൂശലേമിൽ ആയിരുന്ന ശിഷ്യന്മാർക്ക് യേശു വീണ്ടും പ്രത്യക്ഷനായി. അവൻ അവരോട് പറഞ്ഞു:

 

ലൂക്കോസ് 24:44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു

 

പഴയനിയമത്തിലെ എല്ലാ പുസ്തകങ്ങളും, ന്യായപ്രമാണങ്ങൾ, പ്രവചന പുസ്തകങ്ങൾ, സങ്കീർത്തനം ഉൾപ്പെടെയുള്ള മറ്റ് രചനകൾ എന്നിവയെല്ലാം യേശുവിനെക്കുറിച്ചാണ് പറയുന്നത്.

 

യേശുക്രിസ്തു പഴയനിയമത്തെ റദ്ദാക്കപ്പെട്ട പുസ്തകങ്ങൾ ആയി കണ്ടില്ല. അവയെല്ലാം യേശുക്രിസ്തുവിൽ നിവർത്തിയായി എന്നാണ് അവൻ സാക്ഷിച്ചത്.

 

പഴനിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോൾ, അപ്പൊസ്തലനായ പൌലൊസ് ആവർത്തിച്ചു ചോദിച്ച ഒരു ചോദ്യം ഉണ്ട്, “തിരുവെഴുത്തു എന്തു പറയുന്നു”. ഇത് തന്നെ ആയിരിക്കേണം നമ്മളുടെയും പ്രമാണം. പുതിയനിയമം പഴയനിയമത്തേക്കുറിച്ച് എന്ത് പറയുന്നു.  

 

റോമർ 4:3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.

 

ഗലാത്യർ 4:30 തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.

 

മോശെയും പ്രവാചകന്മാരും യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്നു എന്നാണ് യോഹന്നാൻ 1:45 ൽ ഫിലിപ്പോസ്, നഥനയേലിനോട് പറയുന്നത്. 

 

യോഹന്നാൻ 1:45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.

 

മറ്റ് ചില പഴയനിയമ തിരുവെഴുത്തുകളും യേശുവിനെക്കുറിച്ചാണ് പറയുന്നത് എന്നു യേശുക്രിസ്തു തന്നെ സാക്ഷിക്കുന്നുണ്ട്.

 

യോഹന്നാൻ 5:39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

 

യോഹന്നാൻ 5:46 നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.

 

യോഹന്നാൻ 12:41 യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.

 

അപ്പൊസ്തല പ്രവൃത്തികൾ 2 ആം അദ്ധ്യായത്തിൽ ദാവീദിന്റെ ഒരു പ്രവചനം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെക്കുറിച്ചാണ് എന്നു പത്രൊസ് വ്യാഖ്യാനിക്കുന്നു.

 

സങ്കീർത്തനം 16:10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.

 

അപ്പൊസ്തല പ്രവൃത്തികൾ 2:31 അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു (ദാവീദ്) പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:

 

പഴയനിയമ പ്രവാചകന്മാർ യിസ്രായേൽ പിതാക്കന്മാരോടു യേശുക്രിസ്തുവിനെക്കുറിച്ച് അറിയിച്ചിരുന്നു എന്നു എബ്രായ ലേഖന രചയിതാവ് സാക്ഷ്യം പറയുന്നു.

 

എബ്രായർ 1:1, 2

ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.   

 

യേശുക്രിസ്തു എന്ന മശിഹാ വരും എന്നും അവൻ തന്റെ ജനത്തിന് രക്ഷ സാധ്യമാക്കും എന്നും യിസ്രായേലിലെ എല്ലാ പ്രവാചകന്മാരും വിശ്വസിച്ചിരുന്നു എന്നാണ് ഈ വാക്യങ്ങൾ സാക്ഷിക്കുന്നത്. ഈ സത്യം പത്രൊസ്, ഒന്നാം ലേഖനം 10 മുതൽ 12 വരെയുള്ള വാക്യങ്ങളിൽ പറയുന്നു.  

 

1 പത്രൊസ് 1:10-12

നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.

 

പഴയനിയമത്തിന്റെ ലക്ഷ്യം യേശുക്രിസ്തു ആണ്. യേശുവിനെകൂടാതെ പഴയനിയമം അപൂർണ്ണമാണ്.

 

കോറം ഡെയോ

 

പഴയനിയമം പുരാതന ചരിത്രം പറയുന്ന ഒരു കാലഹരണപ്പെട്ട ഗ്രന്ഥമല്ല. അത് പുതിയtyuനിയമം പോലെതന്നെ പുതിയതാണ്. പഴയനിയമം അടിസ്ഥാനമാണ്, അതിനെകൂടാതെ പുതിയനിയമത്തെ ഗ്രഹിക്കുവാൻ സാദ്ധ്യമല്ല. രണ്ടു ഭാഗങ്ങളും പരസ്പര പൂരകങ്ങളായി സ്ഥിതിചെയ്യുന്നു. പുതിയതിനെ വിശദീകരിക്കുവാൻ നമുക്ക് പഴയത് ആവശ്യമാണ്, പഴയതിലെ ആത്മീയ മർമ്മങ്ങൾ ഗ്രഹിക്കുവാൻ പുതിയത് അത്യാവശ്യമാണ്.

 



No comments:

Post a Comment