കോറം ഡെയോ (Coram Deo)

ദി വൾഗേറ്റ്”, “ബിബ്ലിഅ വൾഗേറ്റ എന്നിങ്ങനെ അറിയപ്പെടുന്ന, വേദപുസ്തകത്തിന്റെ ലാറ്റിൻ വൾഗേറ്റ് പരിഭാഷ തയ്യാറാക്കിയത്, നാലാം നൂറ്റാണ്ടിൽ, വിശുദ്ധനായ ജെറോം എന്ന പണ്ഡിതനാണ് (The Vulgate, Biblia Vulgata, Latin Vulgate, St. Jerome).  സ്ട്രൈഡോണിലെ ജെറോം എന്നും അദ്ദേഹം അറിയപ്പെടുന്നു (Jerome of Stridon). അദ്ദേഹം റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും, വേദശാസ്ത്രജ്ഞനും, വിവർത്തകനും, ചരിത്രകാരനും ആയിരുന്നു. AD 347 ൽ ആണ് അദ്ദേഹം ജനിച്ചത്. ഏകദേശം 419/420 ൽ ഇന്നത്തെ പലസ്റ്റീനിലെ ബേത്ത്ളേഹെമിൽ വച്ച് അദ്ദേഹം മരിച്ചു.

 

AD 366 ഒക്റ്റോബർ മുതൽ 384 ഡിസംബർ 11 ആം തീയതി വരെ, റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പ ആയിരുന്ന ഡമാസൂസ് ഒന്നാമൻ ആണ് വേദപുസ്തക പരിഭാഷയക്കായി ജെറോമിനെ നിയോഗിക്കുന്നത് (Pope Damasus I / Damasus of Rome). അക്കാലത്ത് പല വിധത്തിലുള്ള ലാറ്റിൻ പരിഭാഷകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം കൃത്യത കുറവായിരുന്നു. അതിനാൽ സഭയിൽ എക്കാലവും ഔദ്യോഗികമായി ഉപയോഗിക്കുവാൻ കഴിയുന്ന, കൃത്യതയുള്ള ഒരു ലാറ്റിൻ പരിഭാഷ ആവശ്യമാണ് എന്നു മാർപ്പാപ്പയ്ക്ക് തോന്നി. അതിനായി ജെറോമിനെ നിയോഗിക്കുകയും ചെയ്തു.

 

AD 383 നും 404 നും ഇടയിലായി ജെറോം വേദപുസ്തകത്തെ ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹം സുവിശേഷങ്ങൾ ഗ്രീക്ക് ഭാഷയിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തി. ഒപ്പം അന്ന് നിലവിൽ ഉണ്ടായിരുന്ന സുവിശേഷത്തിന്റെ ചില വിവർത്തനങ്ങളിലെ തെറ്റുകൾ തിരുത്തുകയും ചെയ്തു. പഴയനിയമത്തെ എബ്രായ മൂലകൃതികളിൽ നിന്നും അദ്ദേഹം പരിഭാഷപ്പെടുത്തി. 406 ൽ ലാറ്റിൻ ഭാഷയിലേക്കുള്ള വേദപുസ്തകത്തിന്റെ വിവർത്തനം പൂർത്തിയായി. അദ്ദേഹം സാധാരണയായ ലാറ്റിൻ ഭാഷ ഉപയോഗിച്ചു എന്നതിനാൽ അദ്ദേഹത്തിന്റെ പരിഭാഷയെ “വൾഗേറ്റ്” എന്നാണ് അറിയപ്പെടുന്നത് (Vulgate). “വൾഗേറ്റ്” എന്നാൽ സാധാരണമായത് എന്നാണ് അർത്ഥം.

 

ഈ പരിഭാഷയിൽ, സങ്കീർത്തനം 55:13 ആം വാക്യത്തിൽ ആണ് “കോറം ഡെയോ” എന്ന വാക്ക് ഉള്ളത് (coram Deo). ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇംഗ്ലീഷ്, മലയാളം വിവർത്തനത്തിൽ ഇത് 56:13 ആം വാക്യമാണ്.

 

സങ്കീർത്തനം 56:13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

 

Psalm 56:13 For You have delivered my soul from death. Have You not kept my feet from falling, That I may walk before God In the light of the living? (NKJV)

 

Psalm 56:13 For you have rescued me from death; you have kept my feet from slipping. So now I can walk in your presence, O God, in your life-giving light. (NLT)

 

Psalm 55:13 (Jerome’s Latin Vulgate)

quia liberasti animam meam de morte et pedes meos de lapsu ut ambulem coram Deo in luce viventium (according to the Hebrews)

 

quoniam eripuisti animam meam de morte et pedes meos de lapsu ut placeam coram Deo in lumine viventium (according to the Septaugint, Greek)

 

Because thou hast delivered my soul from death, my feet from falling: that I may please in the sight of God, in the light of the living.

 

ഈ വാക്യത്തിൽ “ദൈവത്തിന്റെ മുമ്പാകെ” എന്നു പറയുവാൻ ലാറ്റിൻ ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദസമുച്ചയം ആണ് “കോറം ഡെയോ” (coram Deo). കോറം എന്ന വാക്കിന്റെ അർത്ഥം “മുഖത്തിന് മുമ്പാകെ” എന്നും ഡെയോ എന്ന വാക്കിന്റെ അർത്ഥം “ദൈവം” എന്നുമാണ്. കോറം ഡെയോ എന്ന പദസമുച്ചയത്തിന്റെ അർത്ഥം “ദൈവത്തിന്റെ മുഖത്തിന് മുമ്പാകെ” എന്നാണ്.

 

ഈ വാക്ക് ന്യൂ കിങ് ജെയിംസ് വേർഷനിൽ (NKJV)before God” എന്നും ന്യൂ ലിവിങ് ട്രാൻസ്ലേഷൻ ൽ (NLT) “presence, O God” എന്നുമാണ് വിവർത്തനം ചെയ്തിരിക്കുന്നത്. അതായത്, ദൈവ സാന്നിധ്യത്തിൽ, ദൈവ മുമ്പാകെ, ദൈവത്തിന്റെ മുഖത്തിന് മുമ്പാകെ, ദൈവത്തിന്റെ കാഴ്ചയ്ക്ക് മുമ്പാകെ, എപ്പോഴും ജീവിക്കുന്നതിനെയാണ് “കോറം ഡെയോ” എന്ന പദം അർത്ഥമാക്കുന്നത്.

 

ഇത്, ക്രിസ്തീയ വിശ്വാസത്തെ നിർവചിക്കുന്ന ഒരു പദസമുച്ചയമായി, നവീകരണ മുന്നേറ്റത്തിന്റെ മുൻനിരയിൽ നിന്നവരുടെ ഇടയിലും, നവീകരണ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയിലും വളരെ പ്രചാരത്തിൽ ഉള്ളതാണ്. (Reformation leaders, Reformed theologians). ഇന്ന് റോമൻ കത്തോലിക്കാ സഭയുൾപ്പെടെയുള്ള എല്ലാ ക്രൈസ്തവ സഭയും ഈ പദത്തെ ക്രിസ്തീയ വിശ്വാസത്തെ നിർവചിക്കുവാനായി ഉപയോഗിക്കുന്നു.

 

ആർ. സി. സ്പറൌൾ, അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു പ്രശസ്തനായ, അംഗീകരിക്കപ്പെട്ട, ഒരു ദൈവശാസ്ത്രജ്ഞൻ ആയിരുന്നു (Dr. Robert Charles Sproul, R.C. Sproul, 1939–2017). അദ്ദേഹം പ്രെസ്ബിറ്റേറിയൻ സഭയിലെ അംഗമായിരുന്നു (Presbyterian Church). അമേരിക്കയിൽ, ഫ്ലോറിഡയിലെ സാൻഫോഡ് എന്ന സ്ഥലത്തുള്ള “റിഫൊർമേഷൻ ബൈബിൾ കോളേജ്” ന്റെ സ്ഥാപകനും ആണ് (Florida, Florida, Reformation Bible College, Est. 2011).

 

ഒരിക്കൽ, അദ്ദേഹം പ്രഭാഷണം നടത്തിയ ഒരു കൊൺഫ്രെസിൽ വച്ച്, ഒരു വ്യവസായി, അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ചോദ്യം ഇതായിരുന്നു: “ക്രിസ്തീയ ജീവിതത്തിന്റെ യഥാർത്ഥ ആശയം എന്താണ്” (“What’s the big idea of the Christian life?”). ക്രിസ്തീയ ജീവിതത്തിന്റെ അർത്ഥവും, മറ്റ് എല്ലാറ്റിനും ഉപരിയായ ലക്ഷ്യവും എന്താണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ചോദ്യം ആത്മാർത്ഥതയോടെ ചോദിച്ചതാണ്. ഈ ചോദ്യത്തിന് ഉത്തരമായി ആർ. സി. സ്പറൌൾ ഒരു ലാറ്റിൻ പദസമുച്ചയം പറഞ്ഞു: “കോറം ഡെയോ”.

 

“കോറം ഡെയോ എന്നതാണ് ക്രിസ്തീയ ജീവിതത്തിന്റെ വലിയ ആശയം. ക്രിസ്തീയ ജീവിതത്തിന്റെ സാരാംശം കോറം ഡെയോ എന്ന വാക്കിൽ ഉണ്ട്” (“The big idea of the Christian life is coram Deo. Coram Deo captures the essence of the Christian life.” - R. C. Sproul)

 

ക്രിസ്തീയ ജീവിതം എന്തായിരിക്കേണം, എങ്ങനെ ആയിരിക്കേണം എന്നതിന്റെ ഒരു താത്വികമായ നിർവചനമായി കോറം ഡെയോ, ദൈവശാസ്ത്രത്തിൽ കരുതപ്പെടുന്നു. ജീവിതം മൊത്തമായി ദൈവത്തിനായുള്ളതാണ്, അത് ദൈവ മഹത്വത്തിനായി ജീവിക്കേണ്ടതാണ് എന്ന അർത്ഥത്തിൽ ആണ് വേദപണ്ഡിതന്മാർ ഈ പദത്തെ കാണുന്നത്. ഈ വാക്കിനെ ആർ. സി. സ്പറൌൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

 

കോറം ഡെയോ എന്നതിന്റെ അന്തസാരം “ഒരുവൻ ദൈവത്തിന്റെ സന്നിധിയിൽ, ദൈവത്തിന്റെ പരമാധികാരത്തിന് കീഴെ, ദൈവ മഹത്വത്തിനായി ജീവിക്കുക” എന്നതാണ്. ക്രിസ്തീയ ജീവിതം ഇങ്ങനെയായിരിക്കേണം എന്നും അത് മറ്റൊന്നും ആകരുത് എന്നുമാണ് ഈ വാക്ക് നിർവചിക്കുന്നത്.

 

കോറം ഡെയോ എന്നാൽ:

·       ദൈവ സാന്നിധ്യത്തിൽ, ദൈവ സന്നിധിയിൽ ജീവിക്കുക

·       ദൈവത്തിന്റെ അധികാരത്തിൻ കീഴെ ജീവിക്കുക

·       ദൈവ മഹത്വത്തിനായി ജീവിക്കുക

 

യാതൊരു അളവിലും വേർതിരിവ് ഇല്ല

 

എപ്പോഴും, എല്ലായിപ്പോഴും, ദൈവ സന്നിധിയിലും, ദൈവ സാന്നിധ്യത്തിലും, ജീവിക്കുക എന്നതാണ് വീണ്ടും ജനനം പ്രാപിച്ച ഓരോ ക്രിസ്ത്യാനിയുടെ ജീവിതം. അവർ ഒരിക്കലും, ഒരു അളവിലും ദൈവ സാന്നിധ്യത്തിന് വെളിയിൽ പോകുന്നില്ല. ജീവിതത്തെ ആത്മീയം, ഭൌതീകം എന്ന രീതിയിൽ അവർ വേർതിരിക്കുന്നില്ല. വീണ്ടും ജനനം പ്രാപിച്ചവന്റെ ജീവിതം എപ്പോഴും, എല്ലാ കാര്യത്തിലും, ആത്മീയം ആണ്, അത് മറ്റൊന്നും ഒരിക്കലും ആകുന്നില്ല.

 

ഒരു ക്രിസ്തീയ വിശ്വാസി ചെയ്യുന്നതെല്ലാം ആത്മീയമാണ്. അവൻ എപ്പോഴും ആത്മീയതയിൽ ജീവിക്കുന്നു. അവൻ ചിന്തിക്കുന്നതും സംസാരിക്കുന്നതും ആത്മീയമാണ്. എല്ലാം ആത്മീയമാണ്, യാതൊന്നും ഭൌതീകം അല്ല.    

 

യിസ്രയേലിന്റെ രാജാവായിരുന്നപ്പോൾ ദാവീദ് ഒരു ആത്മീയൻ ആയിരുന്നു. അവൻ ഒരു ആട്ടിടയൻ ആയിരുന്നപ്പോഴും അതേ അളവിൽ ആത്മീയൻ ആയിരുന്നു. യേശുക്രിസ്തു അവന്റെ ഭൌതീക ജീവിത കാലത്തെല്ലാം ഒരേ അളവിൽ തികഞ്ഞ ആത്മീയൻ ആയിരുന്നു. അവന്റെ ആത്മീയതയുടെ അളവിന് യാതൊരു കാലത്തും വ്യത്യാസം വന്നിട്ടില്ല. യേശു, ശിശു ആയിരുന്നപ്പോഴും, യോസെഫിന്റെ പണിശാലയിൽ അവനെ സഹായിച്ചുകൊണ്ടിരുന്നപ്പോഴും, ഭൌതീക ശുശ്രൂഷ കാലത്തും, ഗെത്ത്ശെമന തോട്ടത്തിൽ പ്രാർത്ഥനയിൽ ആയിരുന്നപ്പോഴും, ക്രൂശിൽ കിടന്നപ്പോഴും അവന്റെ ആത്മീയതയുടെ അളവിന് യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. യേശുവിന്റെ ആത്മീയത ഒരേ അളവിലും, വിശ്വസ്തതയിലും, തീഷ്ണതയോടെയും എപ്പോഴും, എല്ലായിടത്തും ആയിരുന്നു.

 

മാനസാന്തരത്തിന് ശേഷമുള്ള പൌലൊസ് ഒരിക്കലും ആത്മീയത വിട്ടു പുറത്തേക്ക് പോയിട്ടില്ല. ദൈവ സാന്നിദ്ധ്യം വിട്ടു അവൻ ഒരിക്കലും ചിന്തിക്കുകയോ, സംസാരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ദൈവരാജ്യം അല്ലാതെ, താൽക്കാലികമോ, സ്ഥിരമോ ആയ മറ്റൊരു ലക്ഷ്യത്തോടെയും പൌലൊസ് ഒരിക്കലും ജീവിച്ചിട്ടില്ല.

 

അതായത് കോറം ഡെയോ എന്നത്, യാതൊരു സാഹചര്യത്തിലും, യാതൊരു അളവിലും ദൈവ സന്നിധിയിൽ നിന്നും വേർതിരിയാത്ത ജീവിതമാണ്.    


 

ദൈവ സാന്നിധ്യത്തിൽ

 

നമ്മളുടെ ജീവിത കാലം എല്ലാം, ഓരോ നിമിഷവും, ദൈവ സന്നിധിയിൽ ജീവിക്കുക എന്നു പറഞ്ഞാൽ യാഥാർത്ഥത്തിൽ എന്താണ്? അത് ഈ ലോകത്തിലും, നിത്യതയിലും, ദൈവത്തിന്റെ മുമ്പാകെ, അവന്റെ സാന്നിധ്യം സദാ അറിഞ്ഞുകൊണ്ട്, ദൈവവുമായുള്ള ഒരു കൂട്ടായ്മയിൽ, ജീവിക്കുന്നതാണ്. നമ്മളുടെ ജീവിതം ഈ ലോകത്തിലെ ജീവിതം കൊണ്ട് അവസാനിക്കുന്നില്ല. അത് നിത്യതയിൽ തുടരുന്ന ജീവിതമാണ്.

 

ദൈവ സാന്നിധ്യത്തെക്കുറിച്ച് നമ്മൾ ചിന്തിക്കുമ്പോൾ, പ്രഥമമായി നമ്മൾ മനസ്സിലാക്കേണ്ടത്, അത് ഏതെങ്കിലും വ്യക്തിക്ക് ചില പ്രത്യേക അവസരത്തിൽ ഉണ്ടായ അനുഭമല്ല. ദൈവ സാന്നിദ്ധ്യം ഇലക്ട്രിക് ഷോക്കോ, തീവ്രമായ തണുപ്പപ്പോ, വിറയലോ, ശരീരത്തിലൂടെ കടന്നുപോകുന്ന തീവ്രമായ ചൂടോ, ഒന്നുമല്ല. ചില വ്യക്തികൾ ഇങ്ങനെയുള്ള അനുഭവങ്ങൾ അവർക്ക് ഉണ്ടായി എന്നു പറയാറുണ്ട്. അതിനെ ഇവിടെ എതിർക്കുന്നില്ല എങ്കിലും, ദൈവ സാന്നിദ്ധ്യം ഇതൊന്നും അല്ല. യഥാർത്ഥ ദൈവ സാന്നിധ്യം അതിന്റെ പ്രകൃതത്തിലും, അനുഭവത്തിലും, കാഴ്ചയിലും, സാരാംശത്തിലും, ഭയങ്കരം (awesome) ആണ്. ദൈവസാന്നിദ്ധ്യം എപ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ ഭയങ്കര സാന്നിധ്യമാണ് (awesome presence of an Almighty God).

 

യാക്കോബിന്റെ സ്വപ്നം

 

ഗോത്രപിതാവായ അബ്രാഹാമിന്റെ കൊച്ചുമകൻ ആണ് യാക്കോബ്. യിസ്രായേൽ ഗോത്രം പന്ത്രണ്ടും യാക്കോബിന്റെ സന്തതികളുടെ പിന്തുടർച്ചയാണ്. ഒരിക്കൽ യാക്കോബ് അവന്റെ ബേർ-ശേബയിൽ ഉള്ള വീട്ടിൽ നിന്നും, പദ്ദൻ-അരാമിൽ ഉള്ള അവന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ വീട്ടിലേക്ക് യാത്ര പോയി. യാത്രാമദ്ധ്യേ രാത്രിയിൽ ഒരു തുറന്ന സ്ഥലത്ത്, ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായി വച്ച് കിടന്നുറങ്ങി. അപ്പോൾ ആ സ്ഥലത്തിന്റെ പേര് ലൂസ് എന്നായിരുന്നു. പിന്നീട് ആ സ്ഥലം ബേഥേൽ എന്നു അറിയപ്പെട്ടു.

 

ഇവിടെ കിടന്നുള്ള ഉറക്കത്തിൽ യാക്കോബ് ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ അവൻ സ്വർഗത്തോളം എത്തുന്ന, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു ഗോവേണിയും, ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതും, അതിന്മീതെ യഹോവ നിന്ന് അവനോടു, അബ്രാഹാമിനോടുള്ള ദൈവീക വാഗ്ദത്തം വീണ്ടും അരുളിചെയ്യുന്നതും കാണുകയും കേൾക്കുകയും ചെയ്തു. (ഉൽപ്പത്തി 28:12-15). ഉറക്കത്തിൽ നിന്നും ഉണർന്ന യാക്കോബ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

 

ഉൽപ്പത്തി 28:16, 17

16   അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു.

17   അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ വാതിൽ തന്നെ എന്നു പറഞ്ഞു.

 

Genesis 28:16, 17

16   Then Jacob awoke from his sleep and said, "Surely the LORD is in this place, and I did not know it."

17   And he was afraid and said, "How awesome is this place! This is none other than the house of God, and this is the gate of heaven!"

 

ഉറക്കത്തിൽ അതിശയകരമായ ഒരു സ്വപ്നം കാണുകയും, പെട്ടന്ന് ഉണരുകയും ചെയ്യുന്ന വ്യക്തി പറയുന്ന വാക്കുകൾ, അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രതികരണം ആണ്. അത് അദ്ദേഹം കണ്ടതിന്റെയും കേട്ടത്തിന്റെയും ശരിയായ വിവരണവും അതിനോടുള്ള സത്യസന്ധമായ പ്രതികരണവും ആണ്. യാക്കോബ് പറഞ്ഞ വാക്ക് ഇതാണ്:

1.       ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ വാതിൽ തന്നെ

2.     ഈ സ്ഥലം എത്ര ഭയങ്കരം! ("How awesome is this place!”)   

 

അതായത് ദൈവത്തിന്റെ ആലയം, സ്വർഗ്ഗം, ദൈവത്തിന്റെ സാന്നിദ്ധ്യം, ഭയങ്കരം തന്നെ. “ഭയങ്കരം” എന്ന വാക്കല്ലാതെ മറ്റൊന്നുകൊണ്ടും ദൈവ സാന്നിദ്ധ്യത്തെ വിശേഷിപ്പിക്കുവാൻ യാക്കോബിന് കഴിഞ്ഞില്ല.

 

ഭയങ്കരമായ ദൈവ സാന്നിദ്ധ്യം

 

അപ്പൊസ്തലനായ പൌലൊസ് 1 തിമൊഥെയൊസ് 6 ൽ ദൈവ സാന്നിദ്ധ്യത്തെ ‘അടുത്തുകൂടാത്ത വെളിച്ചം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

 

1 തിമൊഥെയൊസ് 6:15, 16

15   ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും

16   താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

 

അടുത്തുകൂടാത്ത വെളിച്ചത്തിൽഎന്നു പറയുവാൻ ന്യൂ കിങ് ജെയിംസ് വേർഷനിൽ (NKJV) ഉപയോഗിച്ചിരിക്കുന്ന വാക്ക്, “unapproachable light” എന്നാണ്. ന്യൂ ലിവിങ് ട്രാൻസ്ലേഷൻ ൽ (NLT) ഉപയോഗിച്ചിരിക്കുന്ന വാക്ക് “light so brilliant that no human can approach him.” എന്നാണ്.

 

അതായത് പൌലൊസ് ദൈവത്തിന്റെ സാന്നിധ്യത്തെ ഇങ്ങനെയാണ് വിവരിക്കുന്നത്:

 

ഒരു മനുഷ്യനും അടുത്തുകൂടാത്ത, അത്യുജ്ജ്വലമായ, തോജോമയമായ, ഭയങ്കരമായ വെളിച്ചത്തിൽ ആണ് ദൈവം വസിക്കുന്നത്. മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ ആണ് ദൈവം (“whom no man has seen or can see” – NKJV). ഒരു മനുഷ്യന്റെയും കണ്ണുകൾ അവനെ കണ്ടിട്ടില്ല, കാണ്മാൻ കഴിയുകയും ഇല്ല. (“No human eye has ever seen him, nor ever will” - NLT).

 

ദൈവവും അവന്റെ ഭയങ്കര സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മോശെ ദൈവത്തിന്റെ മഹത്വം കാണുവാൻ അപേക്ഷിച്ചപ്പോൾ ആണ് ദൈവം ഇങ്ങനെ പറഞ്ഞത്:

 

പുറപ്പാട് 33:18, 20

18   അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

 

20 ആം വാക്യത്തിൽ ദൈവം പറഞ്ഞത് “ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” എന്നാണ്. പാപിയായ, പാപത്താൽ മലിനപ്പെട്ട ഒരു മനുഷ്യനും, അതേ അവസ്ഥയിൽ ദൈവത്തിന്റെ മഹത്വം ദർശിച്ചു ജീവിക്കുവാൻ സാദ്ധ്യമല്ല.

 

എന്നാൽ വേദപുസ്തകത്തിൽ, ദൈവത്തെ കണ്ടു എന്നു ഏറ്റു പറഞ്ഞ ചില മനുഷ്യർ പിന്നെയും ജീവിച്ചിരുന്നിട്ടുണ്ട്.  

 

പുറപ്പാട് പുസ്തകം 19 ആം അദ്ധ്യായത്തിൽ ആണ്, ദൈവം, ഒരു ജനസമൂഹം അല്ലെങ്കിൽ ഒരു രാജ്യം എന്ന നിലയിൽ യിസ്രായേൽ ജനത്തിന് ആദ്യമായി പ്രത്യക്ഷനാകുന്നത്. ഇതൊരു വ്യക്തിപരമായ പ്രത്യക്ഷപ്പെടൽ അല്ല. ഒരു ജനസമൂഹത്തിന് ദൈവം പ്രത്യക്ഷൻ ആയതാണ്. ഇത് സംഭവിക്കുന്നത്, മിസ്രയീമിൽ നിന്നും കനാൻ ദേശത്തേക്കുള്ള അവരുടെ യാത്രാ മദ്ധ്യേ, സീനായ് മരുഭൂമിയിൽ വച്ചാണ്. അവർ മിസ്രയീമിൽ നിന്നും യാത്ര പുറപ്പെട്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ, അവർ സീനായ് ൽ എത്തി. ഇവിടെ ഒരു പർവ്വതമുകളിൽ, യിസ്രായേൽ ജനവുമായി ഒരു ഉടമ്പടി ചെയ്യുവാൻ ദൈവം പ്രത്യക്ഷനായി.

 

പുറപ്പാട് 19:16, 18

16   മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.

 

18   യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

 

പുറപ്പാട് 20:18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.

 

19:18 പറയുന്നത്, “യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ” എന്നാണ്. അതായത്, ദൈവം തീയാൽ മൂടപ്പെട്ടവനായി സീനായ് പർവ്വതത്തിൽ ഇറങ്ങി. 20:18 ആം വാക്യത്തിൽ “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു എന്നാണ് നമ്മൾ വായിക്കുന്നത്. അതായത് ജനം ദൈവത്തെയോ, അവന്റെ ഭയങ്കരമായ മഹത്വമോ നേരിൽ ദർശിച്ചില്ല. അവർ ദൈവത്തിന്റെ സാന്നിദ്ധ്യം ഇറങ്ങിവന്നപ്പോൾ ഉണ്ടായ ഭയങ്കരമായ കാഴ്ചകൾ ആണ് കണ്ടത്.  

 

ഉൽപ്പത്തി 32 ൽ യാക്കോബ് ഒരു പുരുഷനുമായി ഉഷസ്സാകുവോളം മല്ലുപിടിച്ചതിന്റെ ചരിത്രം ഉണ്ട്. ഈ പുരുഷൻ ഉഷസ്സിൽ യാക്കോബിനെ വിട്ടു പോയപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്:

 

ഉൽപ്പത്തി 32:30 ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.

 

ഇവിടെ യാക്കോബ് യാഥാർത്ഥത്തിൽ കണ്ടത്, ഒരു പുരുഷനായി വെളിപ്പെട്ട ദൈവത്തെയാണ്. അവൻ ദൈവത്തെ, അവന്റെ ഭയങ്കര തേജസ്സിൽ നേരിൽ കാണുക ആയിരുന്നില്ല.

 

യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു എന്നു പറയുന്ന ചില വാക്യങ്ങളും വേദപുസ്തകത്തിൽ ഉണ്ട്.

 

പുറപ്പാട് 33:11 ൽ “ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു.” എന്നു നമ്മൾ വായിക്കുന്നു.

 

സംഖ്യാപുസ്തകം 12:8 അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?

 

ആവർത്തന പുസ്തകം 34:12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.

 

ദൈവം മോശെയോടു അഭിമുഖമായി അരുളിച്ചെയ്തു, അഭിമുഖമായി അറിഞ്ഞു എന്നതെല്ലാം, ദൈവം മോശെയും നമ്മിലുള്ള ബന്ധത്തിന്റെ ആഴവും, അടുപ്പവും കാണിക്കുന്ന വാക്കുകൾ ആണ്. മനുഷ്യർ മുഖാമുഖമായി സംസാരിക്കുന്നതുപോലെയുള്ള അനുഭവത്തെക്കുറിച്ചല്ല ഈ വാക്കുകൾ പറയുന്നത്.

 

ദൈവത്തിനു മനുഷ്യൻറെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്പത്തെ വിളിക്കുന്നത്, “മാനവീകരണം” എന്നാണ് (anthropomorphism). ഇത് ദൈവം മനുഷ്യനെപ്പോലെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പ്രതികരിക്കുകയും ചെയ്യുന്നു എന്ന സങ്കൽപ്പം ആണ്. മനുഷ്യനെപ്പോലെ ദൈവത്തിന് ഒരു ശരീരം ഉണ്ട് എന്നും, അവയവങ്ങൾ ഉണ്ട് എന്നും സങ്കൽപ്പിക്കുന്നു. ഈ സങ്കൽപ്പം ദൈവത്തെക്കുറിച്ച് പറയുവാൻ, വേദപുസ്തകത്തിലെ എഴുത്തുകാരും ഉപയോഗിച്ചിട്ടുണ്ട്. ഇതെല്ലാം ഒരു രൂപകം എന്ന രീതിയിലും വേദപുസ്തതകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. എഴുത്തുകാരുടെ ലക്ഷ്യം മനുഷ്യർക്ക് ഗ്രഹിക്കുവാൻ കഴിയുന്ന രീതിയിൽ ദൈവത്തെക്കുറിച്ചും, ദൈവ പ്രവർത്തിയെക്കുറിച്ചും മനുഷ്യരോട് സംസാരിക്കുക എന്നതാണ്.

 

അതിനാൽ, ദൈവത്തിന്റെ മുഖം, കൈകൾ, കാലുകൾ, പിൻഭാഗം എന്നീ പദങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടതില്ല. ഒരു മനുഷ്യന് ദൈവത്തിന്റെ സന്നിധിയിൽ ലഭിക്കാവുന്ന ഏറ്റവും സാമീപ്യമുള്ള സ്ഥാനം മോശെയക്ക് ലഭിച്ചിരുന്നു. ഒരു മനുഷ്യൻ അവന്റെ ആത്മാർത്ഥ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ, ദൈവം മോശെയോട് സംസാരിച്ചു.

 

“യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു.” എന്നു പറയുന്ന, പുറപ്പാട് 33 ആം അദ്ധ്യായത്തിൽ 18 ആം വാക്യത്തിൽ, “നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ” എന്നു മോശെ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. അതിന്റെ അർത്ഥം മോശെ അന്നേവരെ ദൈവത്തിന്റെ ഭയങ്കരമായ തേജസ്സ് നേരിൽ കണ്ടിട്ടില്ല എന്നാണ്. ദൈവം മോശയുടെ ഈ അപേക്ഷയെ നിരസിച്ചു. “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു” എന്നു ദൈവം അരുളിച്ചെയ്തു (പുറപ്പാട് 33:20).

 

പുറപ്പാട് 33:21-23

21   ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം.

22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.

23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

 

“പിൻഭാഗം”, “മുഖം” എന്നീ പദങ്ങൾ ദൈവത്തിന്റെ തേജസ്സിനെക്കുറിച്ച് പറയുന്നിടത്താണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം ആത്മാവ് ആയതിനാൽ അവന്റെ തേജസ്സ് സ്പർശനവിധേയം അല്ല (intangible). അതിനാൽ ഈ വാക്കുകൾ, ദൈവത്തിന്റെ തേജസ്സിന്റെ വിവിധ അളവുകളെക്കുറിച്ച് പറയുന്നു എന്നു നമ്മൾ ഗ്രഹിക്കേണം. 22 ആം വാക്യത്തിൽ പറയുന്ന ദൈവത്തിന്റെ കൈ എന്നത്, അവന്റെ സംരക്ഷണത്തെ ആണ് സൂചിപ്പിക്കുന്നത്.

 

അതായത്, “ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” എന്നു ദൈവം അരുളിച്ചെയ്തപ്പോൾ, അവൻ ഉദ്ദേശിച്ചത്, പാപിയായ ഒരു മനുഷ്യനും ദൈവത്തിന്റെ ഭയങ്കര തേജസ്സിൽ ജീവനോടെ നിലക്കുവാൻ കഴിയില്ല എന്നാണ്  (പുറപ്പാട് 33:20). എന്നാൽ പുതിയനിയമത്തിന്റെ പഠിപ്പിക്കൽ അനുസരിച്ച്, ആത്മീയമായി വീണ്ടും ജനിച്ച ഒരുവന് ദൈവത്തിന്റെ സന്നിധിയിൽ പ്രവേശിക്കുവാൻ കഴിയും. കാരണം യേശുക്രിസ്തു സ്വന്ത രക്തത്താൽ വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു, നമ്മളുടെ എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.   

 

എബ്രായർ 9:12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

 

എബ്രായർ 10:19-22

19   അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,

20 തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു

21   ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു

22 നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.

           

പ്രവാചകനായ ഏലീയാവ്

 

1 രാജാക്കന്മാർ 19 ആം അദ്ധ്യായത്തിൽ, ദൈവം ഏലിയാവ് പ്രവാചകന് പ്രത്യക്ഷനാകുന്നതിന്റെ വിവരണം ഉണ്ട്. ഒരു രാത്രി മുമ്പാണ് ആണ് ഏലിയാവിന്റെ നേതൃത്വത്തിൽ 450 ബാലിന്റെ പ്രവാചകന്മാരെ, കർമ്മേൽപർവ്വതത്തിന്റെ താഴ്വരയിൽ, കീശോൻ തോട്ടിന്നരികെവച്ച് വെട്ടിക്കൊന്നുകളഞ്ഞത്.

 

ഇതിന്റെ സന്ദർഭം ഇതാണ്: യിസ്രായേലിന്റെ രാജാവായിരുന്ന ആഹാബ് നോട് ഏലിയാവ്, എല്ലാ യിസ്രായേൽ ജനത്തെയും, ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തുവാൻ ആവശ്യപ്പെട്ടു (1 രാജാക്കന്മാർ 18:19). രണ്ട് കാളയെ യാഗമായി അർപ്പിക്കുവാൻ കൊണ്ടുവരുവാനും ഏലിയാവ് പറഞ്ഞു. ഒന്നിനെ ബാലിന്റെ പ്രവാചകന്മാർ യാഗം അർപ്പിക്കട്ടെ, മറ്റൊന്നിനെ ഏലിയാവും യാഗം അർപ്പിക്കും. രണ്ടിനേയും തീ ഇടാതെ വിറകിണമേൽ വെക്കേണം. ബാലിന്റെ പ്രവാചകന്മാർ വിളിച്ചപേക്ഷിക്കുന്ന ദേവൻ ആകാശത്തുനിന്നും തീ ഇറക്കി യാഗമൃഗത്തെ ദഹിപ്പിക്കേണം. അതുപോലെതന്നെ ഏലിയാവ് വിളിച്ചപേക്ഷിക്കുന്ന യഹോവയായ ദൈവം തീ ഇറക്കും. ഇങ്ങനെ തീ ഇറക്കുന്ന ദൈവം സത്യ ദൈവം ആയിരിക്കും. ഇതായിരുന്നു ഏലിയാവിന്റെ വെല്ലുവിളി.

 

ഇവിടെ, ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും നാനൂറു അശേരാപ്രവാചകന്മാരെയും കൂട്ടിവരുത്തുവാൻ ഏലിയാവ് ആവശ്യപ്പെട്ടു എങ്കിലും ബാലിന്റെ 450 പ്രവാചകന്മാർ മാത്രമേ കൂടിവന്നുള്ളൂ. 18:22 ആം വാക്യത്തിൽ ഏലിയാവ് പറയുന്നതിങ്ങനെയാണ്:

 

1 രാജാക്കന്മാർ 18:22 പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.

 

വീണ്ടും 18:40 ൽ ഏലിയാവ് പ്രവാചകൻ പറയുന്നു:

 

1 രാജാക്കന്മാർ 18:40 ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.  

 

ഈ രണ്ട് വാക്യത്തിലും ബാലിന്റെ 450 പ്രവാചകന്മാരെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. അതിനാൽ ഈ സംഭവത്തിൽ, ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാർ ആരും പങ്കെടുത്തില്ല. അവരെ ഏലിയാവ് കൊന്നതുമില്ല.

 

കർമ്മേൽപർവ്വതത്തിൽ സംഭവിച്ചതും, ബാലിന്റെ പ്രവാചകന്മാരെ ഏലിയാവ് കൊന്നതും, ആഹാബ് രാജാവ്, അദ്ദേഹത്തിന്റെ ഭാര്യ ഈസേബെലിനെ അറിയിച്ചു (1 രാജാക്കന്മാർ 19:1). അവർ ഏലിയാവിനോട് പ്രതികാരം ചെയ്യും എന്നു പ്രതിജ്ഞ എടുത്തു.

 

1 രാജാക്കന്മാർ 19:2 ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.

 

ഇതറിഞ്ഞ ഏലിയാവ് “ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ” ലേക്ക് ഓടിപ്പോയി. (19:3). അവിടെ നിന്നു വീണ്ടും മുന്നോട്ട് പോയി, “മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു” (19:4). അവിടെ ഒരു ദൂതൻ അവന് “കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും” രണ്ട് പ്രാവശ്യം കൊടുത്തു. ഏലിയാവ് വീണ്ടും മുന്നോട്ട് പോയി, “നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.” (19:8). അവിടെ അവൻ ഒരു ഗുഹയിൽ രാത്രി വിശ്രമിച്ചു. അപ്പോൾ യഹോവയുടെ അരുളപ്പാടു ഉണ്ടായി (19:9).

 

1 രാജാക്കന്മാർ 19:11-13

11    നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.

12   ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.

13   ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.

 

“കാറ്റിൽ യഹോവ ഇല്ലായിരുന്നു”, “ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു”, “തീയിലും യഹോവ ഇല്ലായിരുന്നു” എന്നീ പദങ്ങൾ സൂചിപ്പിക്കുന്നത്, കാറ്റിലൂടെയോ, ഭൂകമ്പത്തിലൂടെയോ, തീയിലൂടെയോ യഹോവയായ ദൈവം പ്രത്യക്ഷനാകുകയോ, സംസാരിക്കുകയോ ചെയ്തില്ല എന്നാണ്. ഏലിയാവിനോട് “ഒരു മൃദുസ്വരം” ത്തിൽ ദൈവം സംസാരിച്ചു.  

 

11 ആം വാക്യം പറയുന്നു: “അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു”. ദൈവത്തിന്റെ ഭയങ്കര സാന്നിദ്ധ്യം കടന്നുപോയപ്പോൾ, ശക്തിയുള്ള കൊടുംകാറ്റ് ഉണ്ടായി. ഈ കാറ്റ് ദൈവത്തിന്റെ മുമ്പാകെ “പർവ്വതങ്ങളെ കീറി പാറകളെ തകർത്തു”.

 

11 ആം വാക്യത്തിൽ “നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്ക” എന്നാണ് ദൈവം അരുളിച്ചെയ്തതു. “യഹോവയുടെ മുമ്പാകെ” എന്നതിന്റെ ലാറ്റിൻ വൾഗേറ്റ് പരിഭാഷ, കോറം ഡൊമിനോ” എന്നാണ് (Latin vulgate, coram Domino). “യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി” എന്നു പറയുന്നയിടത്തെ “യഹോവയുടെ മുമ്പിൽ” എന്നത് ലാറ്റിൻ പരിഭാഷയിൽ “ആന്റി ഡൊമിനം” എന്നാണ് (ante Dominum).

 

“കോറം” എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം, മുഖാമുഖം, സന്നിധിയിൽ, സാന്നിധ്യത്തിൽ, മുമ്പാകെ, എന്നിങ്ങനെയാണ്. “ആന്റി” എന്ന പദത്തിന്റെ അർത്ഥം, മുമ്പാകെ, മുമ്പേ, മുമ്പ് വന്ന, മുമ്പിൽ, സാന്നിധ്യത്തിൽ, കാണാവുന്ന ഇടത്ത് എന്നിങ്ങനെ ആണ് (before, preceding, in front of, in the presence of, in view).

 

“മുമ്പാകെ” എന്നതിന്റെ എബ്രായ വാക്ക് “പനീം” എന്നാണ് (paniym, pānîm - paw-neem). ഈ വാക്കിന്റെ അർത്ഥവും “കോറം” എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥവും ഒന്നുതന്നെയാണ്.

 

“ഡൊമിനോ” എന്ന ലാറ്റിൻ വാക്കും “ഡൊമിനം” എന്ന വാക്കും “ഡൊമിനസ്” എന്ന വാക്കിൽ നിന്നും രൂപമെടുത്തതാണ്. ഈ വാക്കിന്റെ അർത്ഥം, യജമാനൻ, ഉടമസ്ഥൻ, പ്രഭു എന്നിവയാണ് (owner, master, or Lord).

 

അതിനാൽ, 11 ആം വാക്യത്തിന്റെ അർത്ഥം ഇങ്ങനെ ആയിരിക്കേണം:

 

1 രാജാക്കന്മാർ 19:11 നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ നിൽക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ സാന്നിധ്യത്തിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; ....


യഹോവയുടെ സാന്നിദ്ധ്യത്തിൽ വലിയ കൊടുങ്കാറ്റും ഭൂകമ്പവും, തീയും ഉണ്ടായി. എന്നാൽ ഇതിൽ ഒന്നും ദൈവം ഇല്ലായിരുന്നു. അതായത് ഇവിടെ ദൈവം ഏലിയാവിന് പ്രത്യക്ഷനായില്ല. ദൈവത്തിന്റെ സാന്നിദ്ധ്യം ഹോരേബ് പർവ്വതത്തിൽ ഇറങ്ങിവന്നു. ദൈവത്തിന്റെ സാന്നിധ്യത്തിൽ വലിയ കൊടുംങ്കാറ്റ് ഉണ്ടായി, അതിൽ പർവ്വതങ്ങൾ കീറി മുറിഞ്ഞു, പാറകൾ തകർന്നു.

 

ഇത് ദൈവത്തിന്റെ ഭയങ്കരമായ സാന്നിധ്യമാണ്. ഇതിന്റെ ഭയങ്കരത്വം ഏലിയാവിന്റെ പ്രതികരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

 

1 രാജാക്കന്മാർ 19:13 ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.     

 

ദൈവ സാന്നിദ്ധ്യത്തെ അവന്റെ കണ്ണുകൾ കൊണ്ട് നോക്കുവാൻ ഏലിയാവ് ഭയപ്പെട്ടു. അതിനാൽ അവൻ “തന്റെ പുതപ്പുകൊണ്ടു മുഖം മൂടി”.

 

ഏലിയാവിന്റെ പുതപ്പിന് ഒരു പ്രത്യേകത ഉണ്ട്. അത് ഒരു പ്രവാചകന്റെ അഭിഷേകത്തിന്റെ അടയാളമായ പുതപ്പാണ്. ഈ പുതപ്പിനെക്കുറിച്ച് രാജാക്കന്മാരുടെ പുസ്തകങ്ങളിൽ മൂന്ന് പ്രാവശ്യം പറയുന്നുണ്ട്. ഒന്ന്, 1 രാജാക്കന്മാർ 19:13 ൽ പറയുന്ന സന്ദർഭം ആണ്. ദൈവ സാന്നിദ്ധ്യത്തെ നോക്കുവാൻ ഏലിയാവ് ഭയപ്പെട്ടതിനാൽ അവൻ “തന്റെ പുതപ്പുകൊണ്ടു മുഖം മൂടി”.

 

രണ്ടാമത് എലീശയുടെ അഭിഷേകത്തിന്റെ സന്ദർഭം ആണ്.

 

1 രാജാക്കന്മാർ 19:19 അങ്ങനെ അവൻ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു.

 

ഏലിയാവിന്റെ ഇതേ പുതപ്പാണ്, അവൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടപ്പോൾ, എലീശയ്ക്ക് വീണുകിട്ടിയത്.

 

2 രാജാക്കന്മാർ 2:13 പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.

 

ഏലിയാവിന്റെ പുതപ്പ്, അവന്റെ പ്രവാചക അഭിഷേകത്തിന്റെ പുതപ്പായിരുന്നു. അവൻ ദൈവ സാന്നിധ്യത്തിൽ നിന്നപ്പോൾ, അവന്റെ മുഖം മൂടിയത്, അഭിഷേകത്തിന്റെ പുതപ്പ് കൊണ്ടാണ്. ഏലിയാവിനെപ്പോലെ അഭിഷേകം ഉള്ള ഒരു പ്രവാചകന് പോലും ദൈവ സാന്നിധ്യത്തിൽ മുഖം മൂടാതെ നിൽക്കുവാൻ കഴിഞ്ഞില്ല. കാരണം ദൈവ സാന്നിദ്ധ്യം അത്രമാത്രം ഭയങ്കരമാണ്.

 

യെശയ്യാവ് പ്രവാചകന്റെ ദർശനം

 

ദൈവ സാന്നിധ്യത്തിന്റെ ഭയങ്കരത്വം വെളിവാക്കുന്ന മറ്റൊരു വിവരണം നമുക്ക് യെശയ്യാവ് 6 ൽ വിവരിക്കുന്ന ദർശനത്തിൽ വായിക്കാവുന്നതാണ്.

 

യെശയ്യാവ് 6:1-4

1     ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.

2    സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.

3    ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.

4    അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.

 

ദൈവം ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു യെശയ്യാവ് ഒരു ദർശനത്തിൽ കണ്ടു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. “മന്ദിരം” എന്നതിന്റെ എബ്രായ പദം “ഹെകൽ” എന്നാണ് (āl, hay-kawl'). ഈ വാക്കിന്റെ അർത്ഥം ഒരു വലിയ, വിശാലമായ കെട്ടിടം, കൊട്ടാരം, മന്ദിരം എന്നിങ്ങനെയാണ്. അതായത്, ദൈവം ഒരു വലിയ, വിശാലമായ കൊട്ടാരത്തിലോ, മന്ദിരത്തിലോ ഇരിക്കുന്നതായി യെശയ്യാവ് പ്രവാചകൻ ദർശനത്തിൽ കണ്ടു.

 

ദൈവത്തിന്റെ ദൂതന്മാർ ആയ സാറാഫുകൾ അവന്നു ചുറ്റും നിന്നു. അവർക്ക് ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു. അതുകൊണ്ടു അവർ അവരുടെ മുഖവും, കാലുകളും മൂടി. മുഖവും, കാലുകളും എന്നത് അവരുടെ ശരീരത്തെ മുഴുവനും സൂചിപ്പിക്കുന്നു. അതായത്, സാറാഫുകൾ അവരുടെ ശരീരം മുഴുവൻ ചിറകുകൾ കൊണ്ട് മൂടി. അവർ ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ മന്ദിരത്തിന്റെ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ടു നിറഞ്ഞു.

 

ഈ ദർശനം കണ്ട യെശയ്യാവിന്, അവന്റെ പാപത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധം വന്നു. പാപ ബോധത്താൽ അവൻ വിളിച്ചു പറഞ്ഞു:

 

യെശയ്യാവ് 6:5 അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.

 

ഇതാണ് ദൈവത്തിന്റെ ഭയങ്കര സാന്നിദ്ധ്യം. സദാ ദൈവ സന്നിധിയിൽ നിൽക്കുന്ന ദൂതന്മാർ ആയ സാറാഫുകൾ പോലും അവരുടെ മുഖം ഉൾപ്പെടെ ശരീരം മുഴുവൻ, ചിറകുകൾ കൊണ്ട് മൂടുന്നു. ദൈവ സാന്നിധ്യത്തിൽ ദൂതന്മാർ എപ്പോഴും “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു ആർത്ത് പറയുന്നു. ദൈവ സാന്നിധ്യത്തിൽ പാപത്തിന്റെ അവസ്ഥയിൽ ജീവിക്കുന്ന മനുഷ്യന് അവന്റെ അശുദ്ധിയെക്കുറിച്ച് ബോധം ഉണ്ടാകുന്നു.

 

യോഹന്നാന്റെ സ്വർഗ്ഗീയ ദർശനം

 

വെളിപ്പാട് പസൂതകം 1 മുതൽ 3 വരെയുള്ള അദ്ധ്യായങ്ങളിൽ കർത്താവിന്റെ പ്രത്യക്ഷതയും, അവൻ യോഹന്നാനെ എൽപ്പിച്ച ഏഴ് സഭകളക്കുള്ള ദൂതും നമ്മൾ വായിക്കുന്നു. ഈ ഏഴ് സഭകൾ, റോമൻ സാമ്രാജ്യത്തിന്റെ പ്രവിശ്യകളായ പശ്ചിമ ഏഷ്യൻ പ്രദേശങ്ങളിലെ സഭകൾ ആയിരുന്നു. ഇതിന് ശേഷം യോഹന്നാൻ കാണുന്ന സ്വർഗ്ഗീയ ദർശനം വിവരിക്കപ്പെടുന്നു. അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടോ അതോ ആത്മാവിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടോ എന്നതിൽ തീർച്ചയില്ല. ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്:

 

വെളിപ്പാട് 4:2 ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.

 

ഈ സ്വർഗ്ഗീയ ദർശനത്തിൽ “സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു” അദ്ദേഹം കണ്ടു. അവിടെ കാഹളനാദംപോലെ ഒരു ശബ്ദം സംസാരിച്ചു കേട്ടു. “ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം” (വെളിപ്പാട് 4:1).

 

അദ്ദേഹം കണ്ട ദർശനത്തിന്റെ വിവരണം തുടരുന്നതിങ്ങനെയാണ്: അദ്ദേഹം “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (4:2). സിംഹാസനത്തിൽ “ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു” (4:3, jasper and sardius stones).

 

വിവിധ നിറങ്ങൾ ഉപയോഗിച്ചാണ് യോഹന്നാൻ സിംഹാസനത്തിൽ ഇരിക്കുന്നവനെയും, സിംഹാസനത്തെയും ചുറ്റുപാടുകളെയും വിവരിക്കുന്നത്. സൂര്യകാന്തം (jasper) സ്ഫടികസ്വച്ഛതയുള്ളതാണ് എന്നു വെളിപ്പാട് 21:11 ൽ പറയുന്നുണ്ട് (clear as crystal). അത് സൂര്യപ്രകാശത്തെ കടത്തിവിടുന്നത് ആയിരുന്നു.

 

വെളിപ്പാട് 21:11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.


Revelation 21:11 having the glory of God. Her light was like a most precious stone, like a jasper stone, clear as crystal. (NKJV).

 

പത്മരാഗം (sardius) തീപോലെ ജ്വലിക്കുന്ന ചുവന്ന നിറത്തിലുള്ള രത്നം ആണ്. “സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു” യോഹന്നാൻ കണ്ടു (emerald). ഇത് ഒരു മഴവില്ലാണ്. അതിന് കടുത്ത പച്ചനിറത്തിലുള്ള പ്രകാശം ഉണ്ടായിരുന്നു.

 

ഈ വിവരണങ്ങൾ ദൈവ സാന്നിധ്യത്തിന്റെ തിളക്കവും, ദൈവ മഹത്വത്തിന്റെ ഉജ്ജ്വലതയും സൂചിപ്പിക്കുന്നു.         

 

യോഹന്നാന്റെ ദർശനം തുടരുന്നു. അവന്റെ സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനത്തേയും, അതിൽ വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരേയും കണ്ടു. അവരുടെ തലയിൽ പൊൻകിരീടം ഉണ്ടായിരുന്നു (4:4). വെളിപ്പാടു 21:12, 14 വാക്യങ്ങൾ അനുസരിച്ച്, ഈ ഇരുപത്തിനാലു മൂപ്പന്മാർ, യിസ്രയേലിലെ പന്ത്രണ്ട് ഗോത്ര പിതാക്കന്മാരും പന്ത്രണ്ട് അപ്പൊസ്തലന്മാരും ആകുവാനാണ് സാദ്ധ്യത.

 

വെളിപ്പാട് 21:12, 14

12   അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.

 

14   നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.

 

യോഹന്നാൻ കണ്ട ഇരുപത്തിനാലു മൂപ്പന്മാർ, പഴയനിയമ കാലത്തെയും പുതിയ നിയമ കാലത്തെയും സകല വിശുദ്ധന്മാരെയും പ്രതിനിധീകരിക്കുന്നു. അതായത്, ദൈവത്തിന്റെ ചുറ്റിനുമായി, സകല മനുഷ്യരിലുമായി രക്ഷിക്കപ്പെട്ട വിശുദ്ധന്മാർ നിൽക്കുകയാണ്. ഇവർ ഇരുപത്തിനാലു പേരും വെള്ളയുടുപ്പു ധരിച്ചിരുന്നു, അവർ തലയിൽ പൊൻകിരീടം ധരിച്ചിരുന്നു (4:4).

 

യോഹന്നാൻ ദർശനത്തിൽ കണ്ട സിംഹാസനത്തിൽ നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെട്ടു (4:5). ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരുന്നു. “ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ” പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.

 

“സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ” (4:6). “കണ്ണാടിക്കടൽ” എന്നത് സ്പടികം പോലെ തെളിഞ്ഞത് ആയിരിക്കാം. ഇത് ദൈവ സന്നിധിയുടെ മനോഹാരിതയും, മഹത്വവും, രാജകീയതയും വെളിവാക്കുന്ന വർണ്ണനയാണ്.

 

 സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികളേയും യോഹന്നാൻ കണ്ടു (4:6).  അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു (4:6). ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം (4:7).

നാലു ജീവികൾക്കും ഒരോന്നിന്നു ആറാറു ചിറകും ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരുന്നു (4:8). അവർ രാത്രിയും പകലും, “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. (4:8). സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും, ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു (4:9,10). കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു ഇരുപത്തിനാല് മൂപ്പന്മാരും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടു.

 

ഇതാണ് യോഹന്നാൻ വിവരിക്കുന്ന അതിഭയങ്കരമായ ദൈവ സാന്നിദ്ധ്യം. ദൈവം സർവ്വാധികാരിയും സകല മഹത്വത്തിന്നും യോഗ്യനായവനും ആണ്.

 

അപ്പൊസ്തല പ്രവൃത്തികളിലെ ദൈവ സാന്നിദ്ധ്യം

 

പുതിയനിയമത്തിലും, ദൈവ സാന്നിദ്ധ്യം പരിശുദ്ധാത്മാവിൽ ഇറങ്ങിവന്നപ്പോൾ, ഭയങ്കരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

 

പെന്തെക്കോസ്ത് ഉൽസവത്തിന്റെ ദിവസം ശിഷ്യന്മാരും കൂടെയുള്ളവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. അപ്പോഴാണ് അവരുടെമേൽ പരിശുദ്ധാത്മ സ്നാനം ഉണ്ടാകുന്നത്. ഇതിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്:

 

അപ്പൊസ്തല പ്രവൃത്തികൾ 2:2, 3

2    പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

3    അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

 

ദൈവത്തിന്റെ മഹാ സാന്നിദ്ധ്യം അവരുടെമേൽ ഇറങ്ങി വന്നപ്പോൾ അവർ കേൾക്കുകയും കാണുകയും ചെയ്ത സംഭവങ്ങൾ ആണ് ഇവിടെ വിവരിക്കപ്പെടുന്നത്.

 

·       കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നും ഒരു മുഴക്കം ഉണ്ടായി.

·       അവർ ഇരുന്നിരുന്ന വീട് മുഴുവൻ ഈ ശബ്ദം കൊണ്ട് നിറെച്ചു. അതായത്, ആ വീട് മുഴുവൻ ആ ശബ്ദം തിങ്ങി നിറഞ്ഞു നിന്നു.

·       അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി.

·       ഈ നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

 

ഇതിന് സമാനമായ അനുഭവങ്ങൾ അക്കാലത്ത് വീണ്ടും ഉണ്ടായി. പത്രൊസും യോഹന്നാനും ദൈവാലയ ഗോപുരത്തിനരികെ ഭിക്ഷ യാചിച്ചു കൊണ്ട് ഇരുന്ന മുടന്തനായ ഒരാളെ, യേശുവിന്റെ നാമത്തിൽ സൌഖ്യമാക്കി (അപ്പൊസ്തല പ്രവൃത്തികൾ 3:1-8). ഇത് അവിടെ വലിയ കോലാഹലം സൃഷ്ടിച്ചു. അതിനാൽ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും, പത്രൊസിനെയും യോഹന്നാനെയും പിടിച്ചു തടവിലാക്കി. പിറ്റെന്നാൾ യെരൂശലേമിലെ ന്യായാധിപസംഘം അവരെ ചോദ്യം ചെയ്തു, ഇനി ഒരു മനുഷ്യനോടും യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്നു തർജ്ജനം ചെയ്തു, അവരെ വിട്ടയച്ചു. അവർ കൂട്ടു വിശ്വസികളുടെ അടുക്കൽ ചെന്നു, അവരോട് കൂടെ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു (4:23, 24). അപ്പോൾ ദൈവത്തിന്റെ ഭയങ്കര സാന്നിദ്ധ്യം പരിശുദ്ധാത്മാവിൽ അവരുടെമേൽ ഇറങ്ങി വന്നു.

 

അപ്പൊസ്തല പ്രവൃത്തികൾ 4:31  ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.  

 

·       അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി

·       എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. 

 

യേശുവിന്റെ നാമത്തിൽ ഇനി ആരോടും സംസാരിക്കരുത് എന്നു ന്യായാധിപ സംഘത്തിന്റെ തർജ്ജനം ഉണ്ടായിരുന്നു എങ്കിലും, ദൈവ സാന്നിദ്ധ്യം അവരുടെമേൽ വന്നപ്പോൾ, അധികാരികളുടെ കൽപ്പനയെ തിരസ്കരിച്ചുകൊണ്ടു ദൈവ വചനം പ്രസ്താവിക്കുവാൻ അവർക്ക് ധൈര്യം ലഭിച്ചു.

 

ഇതാണ് ദൈവത്തിന്റെ ഭയങ്കരമായ സാന്നിധ്യത്തിൽ ആയിരിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം.

 


മനപ്പൂർവമായ ഏൽപ്പിച്ചുകൊടുക്കൽ

 

ഒരു ക്രിസ്തീയ വിശ്വാസി എപ്പോഴും ദൈവത്തിന്റെ ഭയങ്കര സാന്നിധ്യത്തിൽ ആണ്. എന്നാൽ അത് ദൈവം എപ്പോഴും അവന്റെ ജീവിതത്തിലേക്ക്, രഹസ്യമായി ഉറ്റുനോക്കികൊണ്ടിരിക്കുന്നതിനാൽ അല്ല. ദൈവ സന്നിധിയിൽ ആയിരിക്കുക എന്നത്, നമ്മൾ മനപ്പൂർവ്വമായി, സ്വന്ത ഇഷ്ടത്താൽ, അവന്റെ സന്നിധി വിട്ടുമാറാതെ ഇരിക്കുന്നതാണ്. അതൊരു സ്വമനസ്സാലേയുള്ള സമർപ്പണം ആണ്. അതൊരു നിഷ്ക്രിയമായ പ്രവർത്തിയല്ല, സജീവമായ പങ്കെടുക്കൽ ആണ്. (Being in the presence of God is an active and willing submission to His presence).

 

കാണാമറയത്തുള്ള ഏതോ ഒരു ലോകത്തിൽ ഇരുന്നുകൊണ്ട്, ഒരു ചെറിയ ദ്വാരത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന ഒരു വ്യക്തിയല്ല ദൈവം. ദൈവം സർവ്വജ്ഞാനിയാണ്. അവന് ഒന്നും മറഞ്ഞിരിക്കുന്നില്ല. അവൻ നമ്മളെ കരുതുകയും, സംരക്ഷിക്കുകയും ചെയ്യുന്നു. ഈ അർത്ഥത്തിലാണ് ദൈവത്തിന്റെ കണ്ണുകൾ എപ്പോഴും നമ്മളുടെമേൽ ഉണ്ട് എന്നു പറയുന്നത്. അവന്റെ കരുതലിന്റെ ദൃഷ്ടി നമ്മളുടെ ജീവിതത്തിന്മേലുള്ള കടന്നുകയറ്റമോ, ശല്യപ്പെടുത്തുന്ന ഇടപെടലോ അല്ല. അവന്റെ സർവ്വജ്ഞാനം ഉറ്റുനോക്കൽ അല്ല, ദൈവത്തിന്റെ സവിശേഷ ഗുണമാണ്. അവൻ ദൈവമായതിനാൽ സർവ്വജ്ഞാനിയാണ്.  

 

ദൈവത്തിന്റെ സർവ്വജ്ഞാനം, സർവ്വവ്യാപിത്വം, എന്നിവയെക്കുറിച്ച്, 139 ആം സങ്കീർത്തനത്തിലും മറ്റ് വേദഭാഗങ്ങളിലും നമുക്ക് വായിക്കാവുന്നതാണ് (omniscience, omnipresent). ദൈവം സർവ്വവ്യാപി ആണ് എന്നു പറഞ്ഞാൽ, അവൻ സ്വർഗ്ഗത്തിലും ഈ പ്രപഞ്ചത്തിലും എല്ലായിടത്തും സന്നിഹിതൻ ആണ് എന്നാണ് അർത്ഥം. അതായത്, രക്ഷിക്കപ്പെട്ട ദൈവജനം താമസിക്കുന്ന സ്ഥലങ്ങളിലും, അവിശ്വാസികൾ താമസിക്കുന്ന സ്ഥലങ്ങളിലും, നിരീശ്വരവാദികൾ താമസിക്കുന്ന സ്ഥലത്തും ദൈവത്തിന്റെ സന്നിധ്യം ഉണ്ട്. ദൈവം സർവ്വജ്ഞാനിയാണ്. അവന് സ്വർഗ്ഗത്തിലും, ഈ പ്രപഞ്ചത്തിലും, സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കുവാൻ പോകുന്നതും എല്ലാം അറിയാം. ദൈവത്തിന്റെ സർവ്വജ്ഞാനത്തിന് ഭൂത, വർത്തമാന, ഭാവി കാല വ്യത്യാസമില്ല. അതിനർത്ഥം, രക്ഷിക്കപ്പെട്ട ദൈവ ജനത്തിന്റെ ജീവിതത്തെക്കുറിച്ചും, അവിശ്വാസികളുടെയും, നിരീശ്വരവാദികളുടെയും ജീവിതത്തെക്കുറിച്ചും ദൈവത്തിന് സകലതും അറിയാം.

 

എന്നാൽ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുക എന്നത് വ്യത്യസ്തമായ ഒരു അനുഭവം ആണ്. അത് ദൈവത്തിന്റെ മുഖ സാന്നിധ്യത്തിൽ ഉള്ള, നമ്മളുടെ, സജീവമായ, സ്വമനസ്സാലേയുള്ള, പങ്കെടുക്കലും സമർപ്പണവും ആണ്. (It is a willing and active presence before the face of God).

 

ഒരുവൻ ദൈവ സാന്നിധ്യത്തിൽ എപ്പോഴും ആയിരിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അവൻ ദൈവ സന്നിധിയിൽ നിൽക്കുന്നത്. സ്വർഗ്ഗത്തിലും, ഭൂമിയിലും ഉള്ള സകലത്തിനെക്കാളും വിലയേറിയതായി, ദൈവസാന്നിധ്യത്തെ കാണുന്നതുകൊണ്ടാണ് അവൻ ദൈവ സന്നിധിയിൽ സ്വമനസ്സാലെ നിൽക്കുന്നത്. അവന് മറ്റൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടല്ല, മറ്റെല്ലാറ്റിനെക്കാളും നല്ലത് ദൈവ സാന്നിധ്യമാണ് എന്നതിനാൽ ആണ് സജീവമായി അവിടെ ആയിരിക്കുന്നത്.

 

“കോറം” എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം, മുഖാമുഖം, സാന്നിധ്യത്തിൽ, മുമ്പ് എന്നിങ്ങനെയാണ് എന്ന് നമ്മൾ മുമ്പ് പറഞ്ഞല്ലോ. “മുഖാമുഖം” എന്നു പറഞ്ഞാൽ, ദൈവത്തിന് കാണുവാൻ കഴിയുന്ന രീതിയിൽ, അവന്റെ മുഖത്തിന്നും ദൃഷ്ടിക്കും നേരെ നിൽക്കുന്നതാണ്. ഒരുവനിലേക്ക് തിരിക്കുവാനും, അവനിൽ നിന്നും തിരിഞ്ഞു മറ്റൊരിടത്തേക്ക് നോക്കുവാനും കഴിയുന്ന ഒരു അവയവം എന്ന രീതിയിലാണ് “മുഖം” എന്ന വാക്ക് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. അതായത്, ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്ന ഒരുവനിലേക്ക് ദൈവം അവന്റെ മുഖത്തെ തിരിക്കുന്നു, ദൈവം അവനെ കാണുന്നു. ദൈവത്തിന് കാണുവാൻ തക്കവണ്ണം അവന്റെ മുഖത്തിന് നേരെ ഒരുവൻ നിലക്കുന്നു.  

 

അതായത്, ഒരു ക്രിസ്തീയ വിശ്വാസി എപ്പോഴും ദൈവ സന്നിധിയിൽ നിലക്കുന്നു. ദൈവം, അവന്റെ മുഖത്തെ ദൈവജനത്തിന് നേരെ തിരിക്കുന്നു. ദൈവം, അവന്റെ സാന്നിധ്യത്തിൽ എപ്പോഴും നിൽക്കുന്നവനായി ഒരുവനെ കാണുന്നു.

 

ദൈവം എപ്പോഴും ഒരുവനെ ഉറ്റുനോക്കുന്നു എന്നല്ല, ഒരു ക്രിസ്തീയ വിശ്വാസി, സജീവമായി, സ്വമനസ്സാലെ, ദൈവത്തിന്റെ മുഖത്തിന് മുന്നിൽ നിൽക്കുന്നു എന്നതാണ് കോറം ഡെയോ. അവൻ ഒരിക്കലും ദൈവസന്നിധി വിട്ടുപോകുന്നില്ല.

 

യഹോവയുടെ സാന്നിധ്യം നല്ലത് എന്നു രുചിച്ചറിഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു ദാവീദ് (സങ്കീർത്തനം 34:8). ദൈവ സന്നിധിയിൽ എപ്പോഴും ആയിരിക്കുവാൻ അവൻ ആഗ്രഹിച്ചു. അത് ആരും നിർബന്ധിച്ചിട്ടല്ല. ദൈവം അവനെ ഉറ്റുനോക്കികൊണ്ടു ഇരുന്നതിനാൽ അവൻ ദൈവ സന്നിധിയിൽ നിന്നതല്ല. അവൻ ദൈവത്തിന്റെ മുഖത്തിന് നേരെ എപ്പോഴും നിൽക്കുവാൻ ആഗ്രഹിച്ചു. അവൻ ദൈവത്തെ ഏറെ സ്നേഹിച്ചതിനാൽ, സ്വർഗ്ഗത്തിലും, ഭൂമിയിലും ഉള്ള സകലതിനെക്കാളും വിലയേറിയതായി അവൻ ദൈവ സാന്നിദ്ധ്യത്തെ കണ്ടു.

 

സങ്കീർത്തനം 26:8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.

 

സങ്കീർത്തനം 27:4 ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.  

 

സങ്കീർത്തനം 65:4 നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും. 

 

സങ്കീർത്തനം 84:10 നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.

 

“കോറം ഡെയോ” എന്നത്, ഒരിക്കലും, ഒരു നിമിഷാർദ്ധം പോലും, വിട്ടുമാറാതെ എപ്പോഴും ദൈവത്തിന്റെ ഭയങ്കര സാന്നിധ്യത്തിൽ ആയിരിക്കുക എന്നതാണ്. ഒരു ക്രിസ്തീയ വിശ്വാസി എപ്പോഴും ഇങ്ങനെ ആയിരിക്കുന്നു. ഇത് സജീവമായി, സ്വന്ത ഇഷ്ടത്താൽ, ദൈവ സാന്നിധ്യത്തിൽ ആയിരിക്കുന്ന അനുഭവം ആണ്. അതിനാൽ അവൻ സംസാരിക്കുന്നതും, ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും എല്ലാം ദൈവ സാന്നിധ്യത്തിൽ നിന്നുകൊണ്ടാണ്. ഒരിക്കൽ പോലും അവൻ ദൈവ സന്നിധി വിട്ടു പോകുന്നില്ല. അവന്റെ ജീവിതത്തിൽ ആത്മീയം ഭൌതീകം എന്ന വേർതിരിവ് ഒരു അളവിലും ഇല്ല.

 

ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴെ

 

ദൈവ സാന്നിദ്ധ്യത്തെ തിരിച്ചറിയുക എന്നത് ദൈവത്തിന്റെ സർവ്വാധികാരത്തെ ഗാഡമായി അറിയുക എന്നതാണ്. ദൈവ സാന്നിധ്യത്തിൽ ആയിരിക്കുക എന്നത് ദൈവത്തിന്റെ സർവ്വാധികാരത്തിൻ കീഴെ എപ്പോഴും ജീവിക്കുക എന്നതാണ്. അത്, ദൈവം, ദൈവമാണ് എങ്കിൽ അവൻ സർവ്വാധികാരിയുമാണ് എന്ന മനസ്സിലാക്കലും സ്വീകാര്യവും ആണ്.

 

ദൈവത്തിന്റെ സർവ്വാധികാരത്തിൽ ജീവിക്കുക എന്നത്, ഒരുവന്റെ ജീവിതത്തിൽ ദൈവീക സർവ്വാധികാരത്തിൽ ഉള്ള ദൈവത്തിന്റെ ഇടപെടലിനെ എപ്പോഴും അറിഞ്ഞുകൊണ്ട്, അതിനുവിധേയമായി ജീവിക്കുക എന്നതാണ്. ദൈവം ഒരുവന്റെ ജീവിതത്തിൽ, പാപക്ഷമയായി, മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള ശക്തിയായി, ശാരീരികവും, മാനസികവും, ആത്മീയവും ആയ സൌഖ്യമായി, ശാക്തീകരണമായി, ബലമായി – അങ്ങനെ ദൈവത്തിന്റെ സ്വന്ത ഹിതപ്രകാരവും, നിത്യമായ പദ്ധതിപ്രകാരവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. രക്ഷ “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം” ആണ്.

 

വെളിപ്പാട് 7:10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.    

 

പൌലൊസും ദൈവത്തിന്റെ സർവ്വാധികാരവും

 

പൌലൊസ്, ദമസ്കൊസ് എന്ന പട്ടണത്തിലേക്ക് പോകുന്ന വഴിയിൽ, അവൻ യേശുക്രിസ്തുവിന്റെ മഹത്വമേറിയ തേജസ്സിനെ അഭിമുഖീകരിച്ചു.

 

അപ്പൊസ്തല പ്രവൃത്തികൾ 9:3 അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

 

അപ്പൊസ്തല പ്രവൃത്തികൾ 26:13 രാജാവേ (അഗരിപ്പാ രാജാവ്), നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.

 

ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം പൌലൊസ് കേട്ടു. പെട്ടന്നുള്ള അവന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു: “നീ ആരാകുന്നു, കർത്താവേ” (9:5). ആരാണ് അവനോടു സംസാരിക്കുന്നത് എന്നു പൌലൊസ് അപ്പോൾ തിരിച്ചറിഞ്ഞില്ല. എന്നാൽ അവൻ ആരായിരുന്നാലും, ആ വ്യക്തിക്ക് അവന്റെമേൽ സർവ്വാധികാരം ഉണ്ട് എന്നു പൌലൊസ് തിരിച്ചറിഞ്ഞു. പൌലൊസിനോടു അനുവാദം ചോദിക്കാതെ, യേശുക്രിസ്തു അവന്റെ ജീവിതത്തിൽ ഇടപ്പെടുകയാണ്.  

 

അപ്പൊസ്തല പ്രവൃത്തികൾ 9:3-6

3    അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

4    അവൻ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

5    നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.

6    നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.

 

ഈ വാക്യങ്ങളിൽ, മലയാളത്തിൽ, 5, 6 വാക്യങ്ങളിൽ ചില വാചകങ്ങൾ നഷ്ടമായിട്ടുണ്ട്. ഇംഗ്ലീഷിൽ ഈ വാക്യങ്ങൾ ഇങ്ങനെയാണ്:

 

Acts 9:5, 6 (NKJV)

5    And he said, "Who are You, Lord?" Then the Lord said, "I am Jesus, whom you are persecuting. It is hard for you to kick against the goads."

6    So he, trembling and astonished, said, "Lord, what do You want me to do?" Then the Lord said to him, "Arise and go into the city, and you will be told what you must do."

 

അതായത് 5 ആം വാക്യത്തിൽ, “മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു” എന്ന വാചകവും, 6 ആം വാക്യത്തിൽ, “ഭയന്ന് വിറച്ച്കൊണ്ടും, അമ്പരപ്പോടെയും, കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു നീ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. അപ്പോൾ കർത്താവു അവനോട്”, എന്ന വാചകവും മലയാളത്തിൽ നഷ്ടമായിട്ടുണ്ട്.

 

എന്നാൽ ഈ വാക്കുകൾ അപ്പൊസ്തല പ്രവൃത്തികൾ 22:10, 26:14

 

അപ്പൊസ്ത പ്രവൃത്തികൾ 22:6-10 (പൌലൊസ് അവന്റെ അവസാനത്തെ യെരൂശലേം സന്ദർശന വേളയിൽ,  ജനത്തോട് സംസാരിച്ചു)

6    അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോൾ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.

7    ഞാൻ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

8    കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്നു അവൻ എന്നോടു പറഞ്ഞു.

9    എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.

10   കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.

 

അപ്പൊസ്തല പ്രവൃത്തികൾ 26:13-15

13   രാജാവേ, (അഗ്രിപ്പാ) നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.

14   ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.

15   നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;

 

“ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി” (9:3), എന്നതും “നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.” (26:13). എന്നതും യേശുക്രിസ്തുവിന്റെ തേജസ്സ് ഏറിയ പ്രത്യക്ഷതയാണ്. ഈ പ്രകാശം സ്വർഗ്ഗത്തിൽ നിന്നുമാണ് വന്നത്. യേശുക്രിസ്തു പൌലൊസിനോടു അവന്റെ സ്വർഗ്ഗീയ തേജസ്സിൽ സംസാരിക്കുക ആയിരുന്നു. അവന്റെ സ്വർഗ്ഗീയ തേജസ്സ്, അവന്റെ ഭയങ്കരമായ സാന്നിധ്യമാണ്. ഈ സാന്നിധ്യത്തിൽ നിന്നപ്പോൾ പൌലൊസിന് ദൈവത്തിന്റെ സർവ്വാധികാരത്തെ ഗ്രഹിക്കുവാനും അംഗീകരിക്കുവാനും കഴിഞ്ഞു. ഈ മനസ്സിലാക്കലിൽ നിന്നുകൊണ്ടാണ് പൌലൊസ് ചോദിക്കുന്നത്, “നീ ആരാകുന്നു, കർത്താവേ”. അതിന് ശേഷം അവൻ പറഞ്ഞു: “കർത്താവേ ഞാൻ എന്തു ചെയ്യേണം”. ഇതു സ്വന്തം ഇച്ഛയാലുള്ള, യേശുവിന്റെ സർവ്വാധികാരത്തിന് കീഴടങ്ങൽ ആണ്.

 

യേശുവിന്റെ സർവ്വാധികാരത്തിന്, സജീവമായ, സ്വന്തം ഇച്ഛയാലുള്ള, കീഴടങ്ങൽ ആണ് ദൈവം ആഗ്രഹിക്കുന്നത്.

 

ഈ കീഴടങ്ങൽ ദൈവം ശിക്ഷിക്കും എന്ന ഭയത്താൽ ഉളവാകുന്നത് അല്ല. അത് ദൈവത്തെക്കാൾ വലിയവനോ, തുല്യനോ, ചെറിയവനോ, ആയ മറ്റ് യാതൊരു അധികാരവും സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ല എന്നു സമ്മതിക്കുക ആണ്. സകല സൃഷ്ടികളുടെ മേലും സർവ്വാധികാരി ദൈവമാണ്, ദൈവം മാത്രം ആണ്. ഇത് ദൈവത്തിന് ബഹുമാനം അർപ്പിക്കുക എന്നതാണ് മനുഷ്യരുടെ ജീവിതത്തിലെ പരമമായ ലക്ഷ്യം എന്ന തിരിച്ചറിയൽ ആണ്. നമ്മളുടെ ജീവീതം ദൈവമുമ്പാകെ അർപ്പിക്കുന്ന ജീവനുള്ള യാഗം ആയിരിക്കേണം. അത് ദൈവത്തോടുള്ള ആരാധനയുടെയും, നന്ദിയുടെയും  പ്രകാശനം ആയിരിക്കേണം.

 

ഒരു അളവിലും വേർതിരിവ് ഇല്ല 

 

“കോറം ഡെയോ”, ആത്മീയം, ഭൌതീകം എന്ന രീതിയിൽ, ഒരു അളവിലും വേർതിരിവ് ഇല്ലാത്ത അനുഭവം ആണ്. അത് ഒരു സമഗ്രമായ ജീവിതമാണ്. ദൈവത്തിന്റെ സർവ്വാധികാരത്തിൻ കീഴെ ജീവിക്കുക എന്നത്, എന്നും എപ്പോഴും ദൈവത്തിന്റെ അധികാരത്തിന് കീഴെ ജീവിക്കുക എന്നതാണ്. ക്രിസ്തീയ ജീവിതത്തെ ഒരിക്കലും, ഭൌതീകം, ആത്മീയം എന്ന രീതിയിൽ വേർതിരിക്കുവാൻ സാധ്യമല്ല. ക്രിസ്തീയ ജീവിതം എന്നും എപ്പോഴും ആത്മീയം ആണ്.  

 

“കോറം ഡെയോ” ദൈവ സാന്നിധ്യത്തിൽ എപ്പോഴും ജീവിക്കുക എന്നതാണ്. അത് ദൈവവുമായി എപ്പോഴും ഒരു ആത്മ ബന്ധത്തിൽ ആയിരിക്കുന്നതാണ്. അത് നമ്മളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും, അംശങ്ങളും ദൈവവുമായുള്ള ബന്ധത്തിൽ സമന്വയിപ്പിക്കുക (integrate) എന്നതാണ്. അത് സമ്പൂർണ്ണതയുടെ ജീവിതമാണ്. ദൈവവുമായി ഐക്യതയിലും, അനുരൂപമായും, ജീവിക്കുന്നതാണ്.

 

നമ്മളുടെ എല്ലാ നിമിഷങ്ങളുടെയും, ഓരോ ശ്വാസത്തിന്റെയും, എല്ലാ ബന്ധങ്ങളുടെയും, എല്ലാ ചിന്തകളുടെയും, എല്ലാ പ്രവർത്തികളുടെയും അധികാരി ദൈവം ആണ്. നമ്മളുടെ ജീവിതത്തെ യാതൊരു അളവിലും രണ്ടായി വേർതിരിക്കുവാൻ ഒരിക്കലും സാദ്ധ്യമല്ല.

 

മത്തായി 6:24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.

 

ദൈവത്തിന്റെ സർവ്വാധികാരത്തിൻ കീഴിൽ ജീവിക്കുക എന്നത് അവന്റെ അടിമയായി ജീവിക്കുക എന്നതാണ്.

 

·       ഒരു അടിമയ്ക്ക് യാതൊന്നും സ്വന്തമായി ഇല്ല. എന്നാൽ അവന്റെ യജമാനന് ഉള്ളതെല്ലാം അവന്റേത് ആണ്.

·       അടിമ സ്വതന്ത്രൻ അല്ല. അവന്റെ യജമാനൻ സ്വതന്ത്രൻ ആണ്. യജമാനന്റെ സ്വാതന്ത്ര്യം അവന്റെ സ്വാതന്ത്ര്യം ആണ്.

·       അടിമ സ്വയം ചിന്തിക്കേണ്ടതില്ല, അവന്റെ യജമാനൻ അവനായി ചിന്തിക്കുന്നുണ്ട്.

·       അടിമ അവന്റെ ഭാവിയെക്കുറിച്ചോ, ആവശ്യങ്ങളെക്കുറിച്ചോ ഓർത്ത് ആകുലപ്പെടാറില്ല. അവന്റെ യജമാനൻ അവനായി കരുതും. യജമാനൻ തക്ക സമയത്ത് എല്ലാം നല്കും.

·       അടിമ യാതൊന്നും സ്വന്ത ഇഷ്ട പ്രകാരം ചെയ്യാറില്ല. അവന്റെ യജമാനൻ കൽപ്പിക്കുന്നത് മാത്രം അവൻ ചെയ്യുന്നു.

·       അടിമ എപ്പോഴും അവന്റെ യജമാനന്റെ വീട്ടിൽ താമസിക്കുന്നു.

·       അടിമ എപ്പോഴും, ഓരോ നിമിഷവും, യജമാനന്റെ അടിമയാണ്. അവൻ ഒരിക്കലും, ഒരു നിമിഷാർത്ഥം പോലും യജമാനന്റെ അടിമ അല്ലാതെ ഇരിക്കുന്നില്ല.

·       യജമാനന്റെ കർത്തൃത്വത്തിന് കീഴിൽ അവൻ സ്വാതന്ത്ര്യം അനുഭവിക്കുന്നു.   

 

യേശുവിൽ വസിക്കുക (abide in Christ)

 

നമ്മൾ മുമ്പ് പറഞ്ഞതുപോലെ ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴിൽ ആയിരിക്കുക എന്നത്, അവൻ ശിക്ഷിക്കും എന്ന ഭയത്താലുള്ള കീഴടങ്ങൽ അല്ല. അത്, സജീവമായ, സ്വന്ത ഇച്ഛയാൽ, ദൈവത്തിന്റെ സർവ്വാധികാരത്തിൻ കീഴിൽ ആയിരിക്കുക എന്നതാണ്.

 

ദൈവത്തിന്റെ സർവ്വാധികാരത്തിൻ കീഴിൽ ആയിരിക്കുക എന്നത്, അവനിൽ വസിക്കുന്ന അനുഭവം ആണ്.യേശുവിൽ വസിക്കുക” എന്ന വാക്കാണ്, “അധികാരത്തിന് കീഴടങ്ങി ജീവിക്കുക” എന്ന വാക്കിനെക്കാൾ കൂടുതൽ ആശയ സമ്പുഷ്ടം. ഒരു വിശ്വാസിയും യേശുക്രിസ്തുവും തമ്മിലുള്ള ശരിയായ ബന്ധത്തെകുറിച്ച് പറയുവാൻ “വസിക്കുക” എന്ന വാക്ക് യോഹന്നാൻ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.       

 

യോഹന്നാൻ 6:56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.

 

യോഹന്നാൻ 8:31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,

 

John 8:31 Then Jesus said to those Jews who believed Him, "If you abide in My word, you are My disciples indeed.

 

1 യോഹന്നാൻ 2:6 അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു.

 

1 യോഹന്നാൻ 3:6 അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

 

1 യോഹന്നാൻ 3:24 അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.

 

1 യോഹന്നാൻ 4:12, 13

12   ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

13   നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.

 

2 യോഹന്നാൻ 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

 

2 John 1:9 Whoever transgresses and does not abide in the doctrine of Christ does not have God. He who abides in the doctrine of Christ has both the Father and the Son.

 

യോഹന്നാൻ 15 ൽ പറയുന്നത്, നമ്മൾ യേശുക്രിസ്തുവിൽ വസിച്ചാൽ നമുക്ക് ജീവനും ചൈതന്യവും ലഭിക്കും എന്നാണ്. ഈ വാക്യത്തിന്റെ സന്ദർഭം, യേശുക്രിസ്തു പറഞ്ഞ ഏഴാമത്തെ “ഞാൻ ആകുന്നു” പ്രസ്താവനയാണ്. 15 ആം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 15:1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.

 

തുടർന്ന് യേശുക്രിസ്തു പറഞ്ഞു:

 

യോഹന്നാൻ 15:4-7, 10

4    എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.

5    ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

6    എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു;

7    അതു വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.

 

10   ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.

 

“വസിക്കുക” എന്നതിന്റെ ഗ്രീക്ക് വാക്ക് “മെനോ” എന്നാണ് (meno - men'-o). ഈ വാക്കിന്റെ അർത്ഥം, തൽക്കാലവാസം, കാത്തുനിൽക്കുക, സന്നിഹിതൻ ആയിരിക്കുക, വിട്ടുമാറാതെ ഇരിക്കുക, നശിക്കാതെ ഇരിക്കുക, ഉറച്ചു നിൽക്കുക, എന്നിങ്ങനെയാണ് (to sojourn or tarry in a place, to continue to be present, not to depart, not to perish, and to endure).

 

ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ഈ ഗ്രീക്ക് വാക്കിന്റെ അർത്ഥം, അതിജീവിക്കുക, ജീവിക്കുക, മറ്റൊന്നോ, വ്യത്യസ്തമോ ആകാതെ ഒന്നായിരിക്കുക, എന്നിങ്ങനെയാണ് (to survive, live, and remain as one and not to become another or different).

 

അതായത് യേശുക്രിസ്തുവിൽ വസിക്കുക എന്നത്, മറ്റൊന്നോ, വ്യത്യസ്തമോ ആകാതെ, യേശുക്രിസ്തുവിൽ ഒന്നായി, അവന്റെ സന്നിധിയിൽ എപ്പോഴും ആയിരിക്കുക എന്നതാണ്.

 

യേശുക്രിസ്തു നമ്മളിലും, നമ്മൾ അവനിലും വസിക്കുക എന്നത് നമ്മളുടെ ജീവനും ചൈതന്യത്തിനുമായി എപ്പോഴും അവനെ ആശ്രയിക്കുക എന്നതാണ്. മറ്റൊരു ഇടത്തുനിന്നും നമുക്ക് ജീവൻ ലഭിക്കില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മളുടെ ജീവനും ചൈതന്യവും നമ്മളുടേത് അല്ല, യേശുക്രിസ്തുവിന്റേതാണ്. യേശുവിൽ വസിക്കുന്നതിനാൽ, അത് നമുക്ക് അവനിൽ നിന്നും ലഭിക്കുന്നത് ആണ്.

 

യേശുവിൽ വസിക്കുക എന്നത്, ദിനംതോറും, അവനുമായി ഒരു വ്യക്തിപരമായ ബന്ധത്തിൽ ആയിരിക്കുക എന്നതാണ്. അതിൽ വിശ്വാസവും, പ്രാർത്ഥനയും, അനുസരണവും, സന്തോഷവും ഉണ്ട്. യേശുവിൽ വസിക്കുന്നവർ, അവന്റെ വചനത്താലും, അവന്റെ ഹിതത്താൽ നയിക്കപ്പെടുന്ന ഇച്ഛയാലും,  അവനോടു അനുരൂപർ ആയി രൂപാന്തരപ്പെടും.

 

ദൈവ നാമ മഹത്വത്തിനായി

 

അഞ്ച് സോളാസ് (Five Solas)

 

നവീകരണ മുന്നേറ്റത്തിന്റെ (Reformation) കാലം മുതൽ പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളിൽ പ്രചാരത്തിൽ ഇരിക്കുന്ന അഞ്ച് ലാറ്റിൻ വാക്കുകൾ ആണ് “സോളാസ്” എന്നു അറിയപ്പെടുന്നത്. “സോള” എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം, “മാത്രം” എന്നാണ്. ഈ വാക്കുകൾ കൊണ്ടാണ്, റോമൻ കത്തോലിക്ക സഭയും നവീകരണ മുന്നേറ്റക്കാരും തമ്മിലുള്ള വ്യത്യാസങ്ങളെ നിർവചിച്ചിരുന്നത്. അവ ഇതെല്ലാം ആണ്:

 

1.       ദൈവ വചനം മാത്രം (Sola Scriptura - Scripture alone)

2.     ദൈവ കൃപ മാത്രം (Sola Gratia - Grace alone)

3.     വിശ്വാസം മാത്രം (Sola Fide - Faith alone)

4.     ക്രിസ്തു മാത്രം (Solus Christus - Christ alone)

5.     ദൈവ മഹത്വത്തിനായി മാത്രം (Soli Deo Gloria - Glory to God alone)

 

ഇതിൽ അഞ്ചാമത്തെ പദം, “ദൈവ മഹത്വത്തിനായി മാത്രം” എന്നതാണ്. രക്ഷ ദൈവത്തിന്റെ മാത്രം പ്രവർത്തിയാണ്, അത് അവന്റെ മഹത്വത്തിനായി മാത്രം ഉള്ളതാണ്. ഒരു ക്രിസ്തീയ വിശ്വാസിയും അവന്റെ രക്ഷയ്ക്കായി യാതൊന്നും ചെയ്യുന്നില്ല. അതിനാൽ എല്ലാ മഹത്വവും ദൈവത്തിന് മാത്രം ഉള്ളതാണ്.

 

ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കുക എന്നതാണ് നമ്മളുടെ ജീവിതത്തിന്റെ മൊത്തമായ സത്ത. ജീവിതത്തിന്റെ ആരംഭവും, തുടർച്ചയും, അവസാനവും ദൈവ മഹത്വത്തിനായി മാത്രം ഉള്ളതാണ്. ദൈവ മഹത്വം മാത്രമാണ് നമ്മളുടെ ജീവിതത്തിന്റെ ഏക ലക്ഷ്യം.

 

യേശുക്രിസ്തു തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നതും (ഫിലിപ്പിയർ 2:8), ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തതും (അപ്പൊസ്തല പ്രവൃത്തികൾ 2:33) ദൈവ മഹത്വത്തിനായി ആയിരുന്നു. അഭക്തരും മൽസരികളും ആയിരുന്ന മനുഷ്യർക്ക്, “കൃപയും കനിവും സമാധാനവും” (2 യോഹന്നാൻ 1:3) വാഗ്ദത്തം ചെയ്തതും ദൈവ മഹത്വത്തിനായി മാത്രമാണ്. രക്ഷയും, നീതീകരണവും വിശ്വാസത്താൽ മാത്രം നമുക്ക് ലഭിച്ചതും ദൈവ മഹത്വത്തിനായി മാത്രം ആണ്. പരിശുദ്ധാത്മാവിൽ പ്രചോദിതമായി, തിരുവചനം എഴുതപ്പെട്ടതും ദൈവ മഹത്വത്തിനായി മാത്രമാണ്.

 

1 കൊരിന്ത്യർ 10:31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.

 

നമ്മളുടെ പാപത്തിൽ നിന്നും നമ്മളെ രക്ഷിച്ചത് ദൈവം മാത്രമാണ് എന്നതിനാൽ, എല്ലാ മഹത്വത്തിനും, സ്തുതികൾക്കും യോഗ്യൻ അവൻ മാത്രമാണ്.   

 

തീത്തൊസ് 3:5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.

 

യെശയ്യാവ് 43:7 എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.

 

സങ്കീർത്തനം 115:1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

 

ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് അവന്റെ മഹത്വത്തിനായി ആണ്. അതിനാൽ നമ്മൾ ദൈവത്തിനായി, അവന്റെ മഹത്വത്തിനായി ജീവിക്കേണം. നമ്മൾ നമ്മൾക്കായി മാത്രം ജീവിക്കുന്നില്ല, മറ്റുള്ളവരുടെ അംഗീകാരത്തിനായും, പ്രശംസയ്ക്കായും  ജീവിക്കുന്നില്ല. ജീവിക്കുന്നത് ദൈവത്തിനായി, അവന്റെ മഹത്വത്തിനായി മാത്രമാണ്.

 

ഗലാത്യർ 1:10 ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.

 

നമ്മൾ ദൈവ മഹത്വത്തിനായി, ദൈവ മഹത്വത്തിനായി മാത്രം ജീവിക്കേണം എന്നാണ് “കോറം ഡെയോ” അർത്ഥമാക്കുന്നത്.

 

കോറം ഡെയോ

 

സങ്കീർത്തനം 56:13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

 

“കോറം ഡെയോ” എന്നത് ഒരുവന്റെ ജീവിതം മുഴുവൻ, ദൈവ സന്നിധിയിൽ, ദൈവീക അധികാരത്തിന് കീഴെ, ദൈവ മഹത്വത്തിനായി ജീവിക്കുക എന്നതാണ്. (“To live coram Deo is to live one’s entire life in the presence of God, under the authority of God, to the glory of God.” - R.C. Sproul).

  

No comments:

Post a Comment