വേദപുസ്തകത്തിലെ ഉടമ്പടികൾ (ഉടമ്പടിയുടെ ദൈവശാസ്ത്രം – മൂന്നാം ഭാഗം)

 വേദപുസ്തകത്തിലെ ഉടമ്പടികൾ

(Biblical Covenants)

 ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന വിഷയത്തെക്കുറിച്ചുള്ള ഈ പഠനം മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ എന്താണ് ഉടമ്പടിയുടെ ദൈവശാസ്ത്രം, അതിന്റെ സ്വഭാവ വിശേഷങ്ങൾ, എന്താണ് ഉടമ്പടി, അതിന്റെ സ്വഭാവ വിശേഷങ്ങൾ, ഘടന, വ്യത്യസ്തങ്ങൾ ആയ ഉടമ്പടികൾ എന്നിവയാണ് ചർച്ച ചെയ്യുന്നത്.

 

രണ്ടാമത്തെ ഭാഗത്ത്, ദൈവശാസ്ത്രപരമായ ഉടമ്പടികൾ എന്താണ് എന്നാണ് ചിന്തിക്കുന്നത്. അതിൽ, വീണ്ടെടുപ്പിന്റെ ഉടമ്പടി, പ്രവർത്തികളുടെ ഉടമ്പടി, കൃപയുടെ ഉടമ്പടി എന്നിവയെക്കുറിച്ചുള്ള വിശദീകരണം ഉണ്ട്.

 

നിങ്ങൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഭാഗത്ത്, വേദപുസ്തകത്തിലെ ഉടമ്പടികൾ ആണ് പഠന വിഷയം. അതിൽ, നോഹയുടെ ഉടമ്പടി, അബ്രാഹാമിന്റെ ഉടമ്പടി, മോശെയുടെ ഉടമ്പടി, ദാവീദിന്റെ ഉടമ്പടി, പുതിയ ഉടമ്പടി, എന്നിവയെക്കുറിച്ചുള്ള വിശദീകരണം ഉണ്ട്.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം മനസ്സിലാക്കാതെ ദൈവത്തിന്റെ മാനവർക്കായുള്ള വീണ്ടെടുപ്പ് പദ്ധതി ശരിയായി ഗ്രഹിക്കുവാൻ പ്രയാസമാണ്. അതിനാൽ ഉടമ്പടിയുടെ ദൈവശാസ്ത്രം എന്താണ് എന്നു മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ ഈ പഠനത്തിന്റെ മൂന്ന് ഭാഗങ്ങളും കേൾക്കുവാൻ ശ്രമിക്കുക.

 

ഇതിന്റെ നോട്ട്, ഇ-ബുക്ക് ആയി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. സൌജന്യമായി അയച്ചുതരുന്നതാണ്. Whatsapp no. 9961330751.     

 

നിങ്ങൾ ഇപ്പോൾ കേൾക്കുന്നത് ഈ പഠനത്തിന്റെ മൂന്നാമത്തെ ഭാഗം ആണ്.

 

ഇനി നമുക്ക് പഠനത്തിലേക്ക് പോകാം.

 

വേദപുസ്തകത്തിൽ ഒന്നിലധികം ഉടമ്പടികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അഞ്ച് ഉടമ്പടികൾ ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതി മനസ്സിലാക്കുവാൻ പ്രധാനപ്പെട്ടവ ആണ്. ഇവ, നോഹയുടെ ഉടമ്പടി, അബ്രാഹാമിന്റെ ഉടമ്പടി, മോശെയുടെ ഉടമ്പടി, ദാവീദിന്റെ ഉടമ്പടി, പുതിയ ഉടമ്പടി, എന്നിവ ആണ്.   


1.       നോഹയുടെ ഉടമ്പടി

 

ഉൽപ്പത്തി 9 ആം അദ്ധ്യായത്തിൽ ആണ് നോഹയുടെ ഉടമ്പടി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ പ്രവർത്തികളുടെ ഉടമ്പടിയുടെ തുടർച്ച എന്ന രീതിയിൽ, “തുടർച്ചയുടെ ഉടമ്പടി” എന്നും വിളിക്കാറുണ്ട് (covenant of continuation). ഇത് ദൈവവും നോഹയും തമ്മിലും, സകല മനുഷ്യരുമായും, സകല ജീവജന്തുക്കളുമായയും തലമുറതലമുറയോളം സദാകാലത്തേക്കും ഉള്ള ഉടമ്പടി ആയിരുന്നു. ഇതിൽ ദൈവം, ഇനി ഒരിക്കലും ഭൂമിയെ വെള്ളം കൊണ്ട് നശിപ്പിക്കുകയില്ല എന്നു വാഗ്ദത്തം ചെയ്യുന്നു. മനുഷ്യവംശത്തിന്റെ പരിരക്ഷ ഇതിൽ വാഗ്ദത്തം ആണ്.

 

ഉൽപ്പത്തി 9:7-12

ആകയാൽ നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റുപെരുകുവിൻ. ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്: ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകല മൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു. പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്:

 

ഭൂമിയുടെ സൃഷ്ടിക്ക് മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിലേക്കുള്ള ഒരു തിരിഞ്ഞു പോക്ക് നമുക്ക് നോഹയുടെ കാലത്തുണ്ടായ പ്രളയത്തിൽ കാണാം. അവിടെ നിന്നും ഇപ്പോഴത്തെ ഭൂമി പുനസൃഷ്ടിക്കപ്പെടുകയാണ്. നോഹയുടെ ഉടമ്പടി, ഉൽപ്പത്തി 1:28 ൽ പറഞ്ഞിരിക്കുന്ന ഉടമ്പടിയുടെ ആവർത്തനമാണ്.

 

ഉൽപ്പത്തി 1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.

 

ഉൽപ്പത്തി 9:1, 2

ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകല മത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.

 

പ്രളയത്തിന്റെ വിവരണത്തിൽ, വെള്ളം ദൈവ ശിക്ഷയുടെ നിഴൽ ആണ്. അതിൽ നിന്നും രക്ഷപ്പെട്ട നോഹയുടെയും കുടുംബത്തിന്റെയും കഥ, ദൈവ ക്രോധത്തിൽ നിന്നുള്ള മനുഷ്യരുടെ രക്ഷയുടെ നിഴൽ ആണ്. ഈ സംഭവം അന്ത്യനാളിൽ സംഭവിക്കുവാനിരിക്കുന്ന ഭൂമിയുടെ നാശം, പുനർ സൃഷ്ടി എന്നിവയുടെയും നിഴൽ ആണ്.2.     അബ്രാഹാമിന്റെ ഉടമ്പടി

 

അബ്രാഹാമിന്റെ ഉടമ്പടിയെ വാഗ്ദത്തത്തിന്റെ ഉടമ്പടി എന്നും വിളിക്കാറുണ്ട് (covenant of promise). ഒരു കുടുംബത്തിലൂടെയും, അവരുടെ ഒരു സന്തിയിലൂടെയും സകല മനുഷ്യരെയും അനുഗ്രഹിക്കാം എന്നുള്ള ദൈവീക ഉടമ്പടി ആണിത്. ഉൽപ്പത്തി 12, 15, 17, റോമർ 4, ഗലാത്യർ 3:15-29 വരെയുള്ള വാക്യങ്ങൾ എന്നിവിടങ്ങളിൽ അബ്രാഹാമിന്റെ ഉടമ്പടി കാണാവുന്നതാണ്.  

 

ആദാമിന്റെ ഉടമ്പടിയും നോഹയുടെ ഉടമ്പടിയും സാർവ്വലൌകീകം ആയിരുന്നു എങ്കിൽ, അബ്രഹാമിന്റെ ഉടമ്പടി, അദ്ദേഹവുമായും, അദ്ദേഹത്തിന്റെ സന്തതി പരമ്പരകളുമായും മാത്രം ഉള്ളതാണ്. ഇതൊരു പരിമിതമായ ഉടമ്പടി ആണ്. തിരഞ്ഞെടുത്ത ഒരു കുടുംബവുമായി ദൈവം ഉണ്ടാക്കുന്ന ആദ്യത്തെ ഉടമ്പടി ആണ് അബ്രാഹാമിന്റെ ഉടമ്പടി. സകല മനുഷ്യരിൽ നിന്നുമുള്ള ഒരു കൂട്ടത്തിന്റെ തിരഞ്ഞെടുപ്പ് എന്ന ആശയം നമ്മൾ ഇവിടെ കാണുന്നു. ഇത് ദൈവീക വീണ്ടെടുപ്പ് പദ്ധതിയിലെ ഒരു പ്രധാന ദിശയാണ്.

 

അനേകം സന്തതികളെയും ദേശവും നല്കാം എന്നും, അവന്റെ പേർ വലുതാകും എന്നുമുള്ള വാഗ്ദത്തം ദൈവം അബ്രഹാമിന് നല്കി.

 

ഉൽപ്പത്തി 12: 2, 3

ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

 

എന്നാൽ വാഗ്ദത്തത്തിന്റെ പൂർത്തീകരണം അവന്റെ ആയുഷ്ക്കാലത്ത് ഉണ്ടാകുകയില്ല. എബ്രായർക്കുള്ള ലേഖനത്തിൽ ഇതിനെക്കുറിച്ചുള്ള വിശദീകരണം ഉണ്ട്.  

 

എബ്രായർ 11:9, 10

വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.    

 

അപ്പൊസ്തലനായ പൌലൊസ്, ദൈവം അബ്രഹാമിന് വാഗ്ദത്തം ചെയ്ത സന്തതി യേശുക്രിസ്തു ആണ് എന്നു വ്യാഖ്യാനിക്കുന്നു.

 

ഉൽപ്പത്തി 12:7 യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു (Hebrew - seed) ഞാൻ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു.

 

ഗലാത്യർ 3:16 എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.

 

ദൈവത്തിന്റെ വാഗ്ദത്തത്തിന് ഭാവിയിൽ നിവർത്തിക്കപ്പെടുന്ന ഒരു ഭാഗം ഉണ്ട് എന്നു അബ്രഹാമിന് അറിയാമായിരുന്നു എന്നാണ് എബ്രായ ലേഖനവും പൌലൊസിന്റെ വ്യാഖ്യാനവും പഠിപ്പിക്കുന്നത്. ഭാവിയിൽ പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ഒരു ആത്മീയ സന്തതിയെക്കുറിച്ചുള്ള അബ്രാഹാമിന്റെ പ്രത്യാശ യേശുക്രിസ്തുവും ഉറപ്പിക്കുന്നുണ്ട്. ഈ സന്തതി മുഖാന്തരം സകല മനുഷ്യരും അനുഗ്രഹിക്കപ്പെടും.

 

യോഹന്നാൻ 8:56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

 

അബ്രാഹാമിന്റെ ഉടമ്പടി, അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ശാരീരികവും, ആത്മീയവും ആയ സന്തതികൾക്കും മാത്രം ഉള്ളതാണ്. ഇത് ഒരു നിത്യമായ ഉടമ്പടി ആണ്. ഇത് മുമ്പ് ഉണ്ടായിരുന്ന യാതൊരു ഉടമ്പടിയേയും റദ്ദാക്കിയിട്ടില്ല. പിന്നീട് ഉണ്ടായ ഉടമ്പടികൾ ഇതിനെ റദ്ദാക്കുകയും ചെയ്തിട്ടില്ല. അബ്രാഹാം ഈ ഉടമ്പടിയെ വിശ്വാസത്താൽ സ്വീകരിക്കുക ആയിരുന്നു.

 

ഉൽപ്പത്തി 17:7 ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.

 

ഉൽപ്പത്തി 15:6 അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.

 

അബ്രാഹാമും കുടുംബവും ശരീരത്തിൽ സ്വീകരിച്ച പരിച്ഛേദന ഉടമ്പടിയുടെ ബാഹ്യമായ അടയാളം ആയിരുന്നു. ഇത് പിന്നീട് ഹൃദയത്തിന്റെ പരിച്ഛേദനയായി മാറി.

 

ഉൽപ്പത്തി 17:10 എനിക്കും നിങ്ങൾക്കും നിന്റെശേഷം നിന്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.

 

യിരേമ്യാവ് 4:4 യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.

 

ഫിലിപ്പിയർ 3:3 നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

 

അബ്രാഹാമിന്റെ ഉടമ്പടി നിത്യമായ ഉടമ്പടി ആയതിനാൽ, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ എല്ലാം അബ്രാഹാമിന്റെ സന്തതികൾ ആണ് എന്നും അതിനാൽ അവർ അബ്രഹാമിന്റെ ഉടമ്പടിയ്ക്ക് വിശ്വാസത്താൽ അവകാശികൾ ആണ് എന്നും അപ്പൊസ്തലനായ പൌലൊസ് വാദിക്കുന്നു.

 

ഗലാത്യർ 3:6-9

അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

 

ഗലാത്യർ 3:26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം അനുസരിച്ച്, ക്രിസ്തീയ സ്നാനം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഒരു ബാഹ്യമായ അടയാളം ആണ്. വിശ്വാസത്താൽ, നമ്മൾ അബ്രാഹാമിന്റെ ഉടമ്പടിയുടെ അവകാശികൾ ആണ്. അതിനാൽ ക്രിസ്തീയ സ്നാനം അബ്രാഹാമിന്റെ ഉടമ്പടിയുടെ പുതിയനിയമത്തിൽ ഉള്ള അടയാളം ആണ്.

 

ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

 

എന്നാൽ ഉടമ്പടികളുടെ അടിസ്ഥാനത്തെ വേദപുസ്തക വ്യാഖ്യാനത്തിനായി ഉപയോഗിയ്ക്കാത്ത, “ഡിസ്പെൻസേഷണലിസം” പോലെയുള്ള, ചിന്താധാരയിൽ വിശ്വസിക്കുന്നവർ, ജാതികൾ അബ്രാഹാമിന്റെ ഉടമ്പടിയെ അവകാശമാക്കും എന്നു പഠിപ്പിക്കുന്നില്ല. അവർ ക്രിസ്തീയ സ്നാനത്തിന് മറ്റൊരു വ്യാഖ്യാനം ആണ് നല്കുന്നത്.


3.     മോശെയുടെ ഉടമ്പടി

 

മോശെയുടെ ഉടമ്പടിയെ, പഴയനിയമ ഉടമ്പടി എന്നും, ന്യായപ്രമാണത്തിന്റെ ഉടമ്പടി എന്നും വിളിക്കാറുണ്ട്. ഇത് നമുക്ക് പുറപ്പാട് 19-24 വരെയുള്ള അദ്ധ്യായങ്ങളിലും, ആവർത്തന പുസ്തകത്തിലും വായിക്കാം. ദൈവം അബ്രഹാമിനോടു വാഗ്ദത്തം ചെയ്ത ദേശം, സന്തതി എന്നിവയുടെ ഭൌതീക തലത്തിലുള്ള നിവർത്തിയാണ് മോശെയുടെ ഉടമ്പടിയിൽ നമ്മൾ കാണുന്നത്. അതിനാൽ ആണ് ഇതിൽ വിശദമായ നിയമങ്ങളും, ആചാരങ്ങളും ഉള്ളത്.

 

മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേൽ ജനത്തെ മോചിപ്പിച്ചതിന് ശേഷം, കനാൻ ദേശത്തേക്കുള്ള അവരുടെ യാത്ര മദ്ധ്യേ, സീനായ് പർവ്വതത്തിൽ ഇറങ്ങിവന്ന ദൈവം, മോശെ മുഖാന്തിരം, സർവ്വ യിസ്രായേല്യരുമായി ഉറപ്പിക്കുന്ന ഉടമ്പടി ആണിത്. വാഗ്ദത്ത ഭൂമിയിൽ ഒരു രാജ്യം സ്ഥാപിച്ചു, ദൈവത്തിന്റെ വിശുദ്ധ ജനമായി ജീവിക്കുവാനുള്ള പ്രമാണങ്ങൾ ആണ് ദൈവം അവർക്ക് നല്കിയത്. ഈ പ്രമാണങ്ങൾ യിസ്രായേൽ ജനത്തെ, അവർക്കു ചുറ്റിനും അക്കാലത്ത് ജീവിച്ചിരുന്ന ജനവുമായി വേർതിരിച്ച് നിറുത്തി. യിസ്രായേൽ, ദൈവത്തിന്റെ പ്രത്യേക സമ്പത്തും, പുരോഹിത രാജത്വവും വിശുദ്ധജനവും ആയിരിക്കേണം എന്നായിരുന്നു ദൈവത്തിന്റെ കൽപ്പന. (പുറപ്പാട് 19:1-7). ഈ ഉടമ്പടി നിബന്ധനകളോട് കൂടിയത് ആയിരുന്നു. പ്രമാണങ്ങളുടെ ലംഘനങ്ങൾ ശാപവും, അനുസരണം അനുഗ്രഹങ്ങളും ക്ഷണിച്ചുവരുത്തും.

 

പഴയനിയമത്തിലെ അനുഗ്രഹങ്ങളും ശാപവും, യിസ്രായേൽ ജനത്തിന്റെയും യഹൂദ ജനത്തിന്റെയും പ്രവാസ ജീവിതം, പരീശന്മാരും യേശുക്രിസ്തുവും തമ്മിലുള്ള വാദപ്രദിവാദങ്ങൾ, പൌലൊസിന്റെ ന്യായപ്രമാണം, ദൈവ കൃപ എന്നിവയെക്കുറിച്ചുള്ള പഠിപ്പിക്കലുകൾ, എന്നിവയുടെ എല്ലാം അടിസ്ഥാനം മോശെയുടെ ഉടമ്പടി ആണ്.

 

മോശെയുടെ ഉടമ്പടിയുടെ കാലത്തും ജനം വീണ്ടെടുക്കപ്പെട്ടിരുന്നത്, കൃപയുടെ ഉടമ്പടിയുടെ കാലത്തും, മറ്റ് എല്ലാ കാലത്തും എന്നപോലെ, ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഉള്ള വിശ്വാസത്താൽ മാത്രം ആയിരുന്നു എന്നാണ് ഉടമ്പടിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നത്. എങ്കിലും, പൌലൊസ് ഗലാത്യർ 3:10-14 വരെയുള്ള വാക്യത്തിൽ പറയുന്നതുപോലെ, മോശെയുടെ ഉടമ്പടി, അത് പൂർണ്ണമായി പാലിക്കുന്ന എല്ലാവർക്കും നിത്യജീവൻ വാഗ്ദത്തം ചെയ്യുന്നുണ്ട്.

 

ഗലാത്യർ 3:11, 12

എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.

 

ലേവ്യപുസ്തകം 18:5 ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

     

എന്നാൽ പാപികളുടെ രക്ഷയുടെ മാർഗ്ഗമായി ദൈവം മോശെയുടെ ഉടമ്പടിയെ നല്കിയിട്ടില്ല. പകരം, ഉടമ്പടിയിലെ എല്ലാ പ്രമാണങ്ങളും അനുസരിച്ചുകൊണ്ടു, ദൈവത്തിന്റെ വിശുദ്ധിക്ക് ഒത്തവണ്ണം നമ്മൾക്ക് ജീവിക്കുവാൻ കഴിയുക ഇല്ല എന്ന സത്യം ആണ് ഈ ഉടമ്പടി നമ്മളെ ബോധ്യപ്പെടുത്തുന്നത്. അങ്ങനെ എല്ലാ പ്രമാണങ്ങളും സമ്പൂർണ്ണമായി പാലിക്കുന്ന ഒരു വാഗ്ദത്ത സന്തതിയിലേക്ക് ന്യായപ്രമാണം വിരൽ ചൂണ്ടുന്നു. പുതിയനിയമത്തിൽ, യേശുക്രിസ്തു, രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി,  പ്രവർത്തിയുടെ ഉടമ്പടിയിലെയും, മോശെയുടെ ഉടമ്പടിയിലെയും എല്ലാ പ്രമാണങ്ങളും, കുറവുകൾ കൂടാതെ അനുസരിച്ചു.

 

ഗലാത്യർ 3:19, 24-26

19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.

 

24-26 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

 

മോശെയുടെ ഉടമ്പടിയുടെ പ്രധാനപ്പെട്ട മൂന്ന് സ്വഭാവ വിശേഷങ്ങൾ ഇതെല്ലാം ആണ്:


1.       പ്രവർത്തിയുടെ ഉടമ്പടിയുടെ ആവർത്തനമാണ് മോശെയുടെ ഉടമ്പടി. അത് ശിക്ഷാവിധിയുടെയും, മരണത്തിന്റെയും ഉടമ്പടി ആണ്.

2.     അത് ഒരു രാജ്യത്തിലെ ജനങ്ങളുമായുള്ള ഉടമ്പടിയാണ്, ആ രാജ്യത്തിനും ജനങ്ങൾക്കും, അവരുടെ ദൈവീക പ്രമാണങ്ങളോടുള്ള അനുസരണം നിമിത്തം ലഭിക്കുന്ന അനുഗ്രഹങ്ങളും, ശാപങ്ങളും ആണ്. മോശെയുടെ ഉടമ്പടി പൂർണ്ണമായും നിയമപരമാണ്.

3.     ഒരു മദ്ധ്യസ്ഥനിലൂടെ സാധ്യമാകുന്ന രക്ഷയക്കായുള്ള പാപ പരിഹാര യാഗം എന്നതിന്റെ നിഴൽ ആണ് ഈ ഉടമ്പടിയിൽ വിവരിക്കപ്പെടുന്ന യാഗങ്ങൾ എല്ലാം.

 

എന്നാൽ, ചില നവീകരണ ദൈവ ശാസ്ത്രജ്ഞന്മാർ, മോശെയുടെ ഉടമ്പടി, ആദാമിന്റെ പ്രവർത്തിയുടെ ഉടമ്പടിയുടെ ആവർത്തനമാണ് എന്നു വിശ്വസിക്കുന്നില്ല.


4.     ദാവീദിന്റെ ഉടമ്പടി

 

ദാവീദിന്റെ ഉടമ്പടി, രാജത്വത്തിന്റെ ഉടമ്പടി എന്നും, രാജകീയ ഉടമ്പടി എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ ജനത്തിനായി ദൈവം വാഗ്ദത്തം ചെയ്ത എല്ലാ ഉറപ്പുകളും നിവർത്തിക്കുവാൻ, അബ്രാഹാമിന്റെ തലമുറയിൽപ്പെട്ട ഒരു കുടുംബത്തെ ദൈവം തിരഞ്ഞെടുക്കുന്നു. അങ്ങനെ യിസ്രായേലിന് രാജാവായി ഇരിക്കുവാൻ, യെഹൂദാ ഗോത്രത്തിൽപ്പെട്ട, ദാവീദിനെ ദൈവം തിരഞ്ഞെടുത്തു. അവന് നിത്യരാജ്യത്വം വാഗ്ദത്തം ചെയ്തു. അവന്റെ സന്തതി ദൈവാലയം നിർമ്മിക്കും എന്നും ഉറപ്പ് കൊടുത്തു. ഇതാണ് ദാവീദിന്റെ ഉടമ്പടി.  

 

2 ശമുവേൽ 7, 1 ദിനവൃത്താന്തം 17, സങ്കീർത്തനം 89 എന്നിവിടങ്ങളിൽ ദാവീദിന്റെ ഉടമ്പടി വായിക്കാം. ദാവീദിന്റെ വംശാവലിയിൽ ഒരു ഭവനം പണിയപ്പെടും എന്നും അവന്റെ രാജത്വം നിത്യമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തു.

 

2 ശമുവേൽ 7:12, 13, 16

12, 13 നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

16   നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

 

സങ്കീർത്തനം 89:3, 4

എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.

 

യേഹേസ്കേൽ പ്രവചകൻ ശുശ്രൂഷ ചെയ്തിരുന്നത് ബാബേൽ പ്രവാസ കാലത്താണ്. ദാവീദിന്റെ വംശാവലിയിൽ ഒരു രാജാവ് ഉണ്ടാകുമെന്നും, അവൻ യിസ്രായേലിനെ പുനസ്ഥാപിക്കും എന്നും, അവന്റെ കാലത്ത് നീതിയും സമാധാനവും ഉണ്ടാകും എന്നും യേഹേസ്കേൽ പ്രവചിച്ചു.  

 

യേഹേസ്കേൽ 37:24, 25

എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.

 

ഉൽപ്പത്തി 49:10 ലും ദാവീദിന്റെ സിംഹാസനം മറ്റ് രാജ്യങ്ങളുടെമേൽ ഉന്നതമായിരിക്കും എന്ന പരമാർശമുണ്ട്. യെശയ്യാവ് 53 ദാവീദിന്റെ സന്തതി, തിരഞ്ഞെടുക്കപ്പെട്ടവരുടെ പാപത്തിന് എങ്ങനെ പരാഹാരം വരുത്തും എന്നു വിശദീകരിക്കുന്നു.

 

ഉൽപ്പത്തി 49:10 അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും.

 

ദാവീദിന്റെ ഉടമ്പടിയിൽ, അവന്റെ സിംഹാസനത്തിൽ എന്നേക്കും വാഴുന്ന ഒരു സന്തതിയെ ദൈവം വാഗ്ദത്തം ചെയ്യുന്നു. ഈ ഉടമ്പടിയാണ് ഒരു മശീഹ വരും എന്ന യഹൂദന്മാരുടെ പ്രത്യാശയുടെ അടിസ്ഥാനം. ഈ ഉടമ്പടിയിൽ വാഗ്ദത്തം ചെയ്യപ്പെടയിരിക്കുന്ന സന്തതി യേശുക്രിസ്തു ആണ് എന്നും, അവനാണ് യഹൂദന്മാരുടെ ശരിയായ രാജാവ് എന്നുമാണ് സുവിശേഷം പറയുന്നത്.5.    പുതിയനിയമ ഉടമ്പടി

 

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുമായി, യേശുക്രിസ്തുവിൽ ദൈവം ചെയ്ത ഉടമ്പടിയാണ് പുതിയനിയമ ഉടമ്പടി.

എല്ലാ വേദപുസ്തക ഉടമ്പടികളും - പ്രവർത്തിയുടെ ഉടമ്പടിയും, കൃപയുടെ ഉടമ്പടിയും, പുതിയനിയമ ഉടമ്പടിയിൽ സമ്പൂർണ്ണമായി നിവർത്തിക്കപ്പെട്ടിരിക്കുന്നു.

 

പുതിയ നിയമ ഉടമ്പടി, യിരേമ്യാവ് 31 ആം അദ്ധ്യയത്തിൽ പ്രഖ്യാപിക്കപ്പെടുകയും, യേശുക്രിസ്തുവിന്റെ ജീവിതം, മരണം, ഉയിർപ്പ്, എന്നിവയോടെ ആരംഭിക്കപ്പെടുകയും, സഭയുടെ ശുശ്രൂഷകളിലൂടെ തുടരുകയും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ പൂർത്തീകരിക്കപ്പെടുകയും ചെയ്യും. ഇതോടെ ഈ ഭൂമിയിലെ മാനവരാശിയുടെ ചരിത്രം അവസാനിക്കും.

 

യിരേമ്യാവ് 31:31-34

ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.

 

ബാബേലിൽ പ്രവാസത്തിൽ ആയിരുന്ന യിസ്രായേൽ ജനത്തോട്, അവരുടെ പുനസ്ഥാപനത്തെക്കുറിച്ച്, ദൈവത്തിന്റെ ആലോചനകൾ അറിയിച്ചിരുന്ന ഒരു പ്രവാചകൻ ആയിരുന്നു യിരേമ്യാവ്. ദൈവം തിരഞ്ഞെടുക്കപ്പെട്ടവരുമായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുന്ന കാലത്തേക്കുറിച്ചും അവൻ പ്രവചിച്ചു. അത് യിസ്രായേൽ മുമ്പ് ലംഘിച്ച ഉടമ്പടി പോലെ ആയിരിക്കുക ഇല്ല. വരുവാനുള്ള ഉടമ്പടിയിൽ, പാപങ്ങളുടെ എന്നന്നേക്കുമായുള്ള പരിഹാരവും, ഹൃദയത്തിന്റെ ആന്തരികമായ പുതുക്കവും, ദൈവവുമായുള്ള ദൃഡവും അഗാധവുമായ ജ്ഞാനവും ഉണ്ടായിരിക്കും.

 

യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചപ്പോൾ, അവൻ പാനപാത്രം എടുത്ത്, അവന്റെ മരണം പുതിയ ഉടമ്പടിയുടെ ആരംഭം ആകും എന്നു പ്രഖ്യാപിച്ചു. ഇവിടെ യേശു ഉടമ്പടിയുടെ ഭാഷയാണ് ഉപയോഗിച്ചത്.  

 

ലൂക്കോസ് 22:19, 20

പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.

 

വേദപുസ്തകത്തിൽ ആദ്യം മുതൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ഉടമ്പടികളും പുതിയനിയമ ഉടമ്പടിയിൽ സമ്പൂർണ്ണമായി നിവർത്തിക്കപ്പെടുന്നു. ദൈവവും അവന്റെ ജനവും തമ്മിലുള്ള എല്ലാ ഉടമ്പടികളുടെയും വാഗ്ദത്തവും, ലക്ഷ്യവും, യേശുക്രിസ്തു നിവർത്തിച്ചു. പുതിയ ഉടമ്പടിയിൽ, മനുഷ്യരുടെ പാപങ്ങളുടെ പരിഹാരം യേശുക്രിസ്തുവിന്റെ ക്രൂശ് മരണം ആണ്. ഉടമ്പടി പ്രകാരമുള്ള അവന്റെ മദ്ധ്യസ്ഥത, ദൈവവുമായി നമുക്ക് നിത്യമായ ഒരു ബന്ധം സ്ഥാപിക്കുന്നു. യേശുക്രിസ്തു ചെയ്തു തീർത്ത പ്രവർത്തികളാൽ പുതിയനിയമം ആരംഭിച്ചു എങ്കിലും, അവന്റെ രണ്ടാമത്തെ വരവോടെ മാത്രമേ ഉടമ്പടിയുടെ സമ്പൂർണ്ണ നിവർത്തി ഉണ്ടാകൂ.

 

കോറം ഡെയോ

 

ഉടമ്പടികളുടെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഈ പഠനം അവസാനിപ്പിക്കുകയാണ്. ഉടമ്പടിയുടെ ദൈവ ശാസ്ത്രം എന്താണ്, അത് എങ്ങനെയാണ് വേദപുസ്തകത്തെ വ്യാഖ്യാനിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് നമ്മൾ ചിന്തിച്ചുകൊണ്ടിരുന്നത്. വേദപുസ്തകം ശരിയായി മനസ്സിലാക്കേണം എങ്കിൽ ഉടമ്പടികളെക്കുറിച്ചുള്ള വ്യക്തമായ അറിവ് ആവശ്യമാണ്. പഴയനിയമ ഉടമ്പടി ഭാവിയിൽ നിവർത്തിക്കപ്പെടേണ്ട വാഗ്ദത്തങ്ങൾ നല്കുന്നു. പുതിയനിയമ ഉടമ്പടി, പഴയനിയമ വാഗ്ദത്തങ്ങൾ എങ്ങനെയാണ് യേശുക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടത് എന്നു വിശദീകരിക്കുന്നു. യേശുക്രിസ്തുവിന്റെ, ജീവിതം, മരണം, ഉയിർപ്പ് എന്നിവയിലൂടെ പുതിയനിയമ ഉടമ്പടി ഉറപ്പിക്കപ്പെട്ടു.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന പഠനത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഭാഗങ്ങൾ മറ്റ് രണ്ടു വീഡിയോകളിൽ ആയി ലഭ്യമാണ്. വീഡിയോ ചാനൽ, naphtalitribetv.com.

 

ഇതിന്റെ നോട്ട്, ഇ-ബുക്ക് ആയി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. സൌജന്യമായി അയച്ചുതരുന്നതാണ്. Whatsapp no. 9961330751.     

 

 

 

No comments:

Post a Comment