ദൈവശാസ്ത്രപരമായ ഉടമ്പടികൾ (ഉടമ്പടിയുടെ ദൈവശാസ്ത്രം – രണ്ടാം ഭാഗം)

                                                    ദൈവശാസ്ത്രപരമായ ഉടമ്പടികൾ

(Theological covenant)

 

ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന വിഷയത്തെക്കുറിച്ചുള്ള പഠനത്തിന്റെ രണ്ടാമത്തെ ഭാഗമാണിത്. ഈ പഠനം  പഠനം മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ എന്താണ് ഉടമ്പടിയുടെ ദൈവശാസ്ത്രം, അതിന്റെ സ്വഭാവ വിശേഷങ്ങൾ, എന്താണ് ഉടമ്പടി, അതിന്റെ സ്വഭാവ വിശേഷങ്ങൾ, ഘടന, വ്യത്യസ്തങ്ങൾ ആയ ഉടമ്പടികൾ എന്നിവയാണ് ചർച്ച ചെയ്യുന്നത്.

 

നിങ്ങൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന, രണ്ടാമത്തെ ഭാഗത്ത്, ദൈവശാസ്ത്രപരമായ ഉടമ്പടികൾ എന്താണ് എന്നാണ് ചിന്തിക്കുന്നത്. അതിൽ, വീണ്ടെടുപ്പിന്റെ ഉടമ്പടി, പ്രവർത്തികളുടെ ഉടമ്പടി, കൃപയുടെ ഉടമ്പടി എന്നിവയെക്കുറിച്ചുള്ള വിശദീകരണം ആണുള്ളത്.

 

മൂന്നാമത്തെയും അവസാനത്തെയും ഭാഗത്ത്, വേദപുസ്തകത്തിലെ ഉടമ്പടികൾ ആണ് പഠന വിഷയം. അതിൽ, നോഹയുടെ ഉടമ്പടി, അബ്രാഹാമിന്റെ ഉടമ്പടി, മോശെയുടെ ഉടമ്പടി, ദാവീദിന്റെ ഉടമ്പടി, പുതിയ ഉടമ്പടി, എന്നിവയെക്കുറിച്ചുള്ള വിശദീകരണം ഉണ്ട്.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം മനസ്സിലാക്കാതെ ദൈവത്തിന്റെ മാനവർക്കായുള്ള വീണ്ടെടുപ്പ് പദ്ധതി ശരിയായി ഗ്രഹിക്കുവാൻ പ്രയാസമാണ്. അതിനാൽ ഉടമ്പടിയുടെ ദൈവശാസ്ത്രം എന്താണ് എന്നു മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ ഈ പഠനത്തിന്റെ മൂന്ന് ഭാഗങ്ങളും കേൾക്കുവാൻ ശ്രമിക്കുക.

 

ഇതിന്റെ നോട്ട്, ഇ-ബുക്ക് ആയി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. സൌജന്യമായി അയച്ചുതരുന്നതാണ്. Whatsapp no. 9961330751.     

 

നിങ്ങൾ ഇപ്പോൾ കേൾക്കുന്നത് ഈ പഠനത്തിന്റെ രണ്ടാമത്തെ ഭാഗം ആണ്.

 

ഇനി നമുക്ക് പഠനത്തിലേക്ക് പോകാം.

 


ആദാം, നോഹ, അബ്രാഹാം, മോശെ, ദാവീദ് എന്നിവരുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടികളെ “വേദപുസ്തക ഉടമ്പടികൾ” (Biblical Covenants) എന്നു വിളിക്കുന്നു. എന്നാൽ, ഇതിലുപരിയായി, വേദപുസ്തകത്തിലെ എല്ലാ ഉടമ്പടികളെയും ദൈവശാസ്തജ്ഞന്മാർ മൂന്നായി തിരിച്ചിട്ടുണ്ട്. ഇവയെയാണ് “ദൈവശാസ്ത്രപരമായ ഉടമ്പടി” (Theological covenant) എന്നു വിളിക്കുന്നത്.

 

ദൈവശാസ്ത്രപരമായ ഉടമ്പടികൾ അഥവാ Theological covenant, എന്നൊരു വാക്ക് വേദപുസ്തകത്തിൽ ഇല്ല. വേദപുസ്തകത്തിലെ ആത്മീയ മർമ്മങ്ങൾ വിശദീകരിക്കുവാൻ ദൈവശാസ്ത്രജ്ഞന്മാർ വേദപുസ്തകത്തിൽ എഴുതപ്പെടാത്ത വിവിധ പദങ്ങൾ ഉപയോഗിക്കാറുണ്ട്. ത്രിത്വം, തിയോഡെസി, ഹോമൂസിഓസ് എന്നീ പദങ്ങൾ ഉദാഹരണങ്ങൾ ആണ് (Trinity, Theodicy, and homoousios - the Father and Son being of the same essence). ഇതുപോലെയുള്ള ഒരു വാക്കാണ് “തിയോളോജിക്കൽ കവനന്റ്” അഥവാ “ദൈവശാസ്ത്രപരമായ ഉടമ്പടി” എന്നത്. ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടി ബന്ധത്തെ വിശദീകരിക്കുവാനാണ് ഈ പദം ഉപയോഗിക്കുന്നത്.

 

സൃഷ്ടി മുതൽ വീഴ്ചവരെയും, വീണ്ടെടുപ്പു മുതൽ അതിന്റെ നിവൃത്തിവരെയുമുള്ള മാനവരാശിയുടെ മുഴുവൻ ചരിത്രത്തെയും, ദൈവശാസ്ത്രജ്ഞന്മാർ, വിശാലവും എല്ലാറ്റിനും ഉപരിയുമായ മൂന്ന് ഉടമ്പടികൾക്ക് കീഴെയായി ക്രമീകരിക്കുന്നു. അവ ഇങ്ങനെയാണ്:

 

1.       വീണ്ടെടുപ്പിന്റെ ഉടമ്പടി (Covenant of Redemption)

2.     പ്രവർത്തികളുടെ ഉടമ്പടി (Covenant of works)

3.     കൃപയുടെ ഉടമ്പടി (The covenant of grace)

 

1.       വീണ്ടെടുപ്പിന്റെ ഉടമ്പടി (Covenant of Redemption)

 

വീണ്ടെടുപ്പിന്റെ ഉടമ്പടി രക്ഷയുടെ ഉടമ്പടി എന്നും അറിയപ്പെടുന്നു. ഇത് കാലങ്ങൾക്ക് മുമ്പേ, ദൈവീക ത്രിത്വത്തിനുള്ളിൽ ഉണ്ടായ ഒരു ഉടമ്പടി ആണ്. ഇതിന്റെ ഉദ്ദേശ്യം മാനവരാശിയുടെ രക്ഷയാണ്. കാലങ്ങൾക്ക് മുമ്പേ എന്നതിന് സമയം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് എന്നാണ് അർത്ഥം. ദൈവീക ത്രിത്വത്തിനുള്ളിൽ എന്നത് പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം എന്നിവർക്കിടയിൽ ഉണ്ടായത് എന്നുമാണ് അർത്ഥമാക്കുന്നത്.

 

ഇത് ഒരു “പാരിറ്റി ഉടമ്പടി” ആണ്. തുല്യർ ആയ മൂന്ന് വ്യക്തിത്വങ്ങൾക്കിടയിൽ രൂപപ്പെട്ടതാണ്. ഇത്തരം പാരിറ്റി ഉടമ്പടികളിൽ, ഉടമ്പടി ബന്ധം കടുംബപരവും സൌഹൃദവും ആണെങ്കിൽ, ഇതിലെ കക്ഷികളെ പിതാവ്, പുത്രൻ എന്നിങ്ങനെ വിളിക്കാറുണ്ട്.

 

അങ്ങനെ, വീണ്ടെടുപ്പിന്റെ ഉടമ്പടി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവർക്കിടയിൽ, സമയവും, ദേശവും, വസ്തുക്കളും ഉണ്ടാകുന്നതിനും മുമ്പേ ഉണ്ടായതാണ്. ഇതിന്റെ ഉദ്ദേശ്യം, വീണ്ടെടുക്കപ്പെടുന്ന മനുഷ്യരെ തിരഞ്ഞെടുക്കുക, അവരുടെ പാപ പരിഹാരം ക്രമീകരിക്കുക, തിരഞ്ഞടുക്കപ്പെട്ടവരെ നിത്യജീവനായി രക്ഷിക്കുക എന്നിവ ആയിരുന്നു. ദൈവത്തിന്റെ മഹത്വത്തിനായി, തിരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനത്തിന്റെ നിത്യമായ നന്മയ്ക്കായി, അവരെ വീണ്ടെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. ഈ വീണ്ടെടുപ്പ് പദ്ധതിയിൽ, തിരഞ്ഞെടുപ്പ്, പാപ പരിഹാരം, രക്ഷ എന്നിവ ഉണ്ട്.

 

നിത്യമായ ഈ ഉടമ്പടി പ്രകാരം, പിതാവായ ദൈവം, പുത്രന് ഒരു കൂട്ടം ജനത്തെ രക്ഷിക്കുവാനും വീണ്ടെടുക്കുവാനും ആയി നല്കുന്നു. ഇതിനായി പിതാവായ ദൈവം ഒരു കൂട്ടം ജനത്തെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നു. പുത്രൻ ഇവരെ, അവന്റെ ജീവിതം, മരണം, ഉയിർപ്പ് എന്നിവയിലൂടെ വീണ്ടെടുക്കുന്നു. പിതാവ് തിരഞ്ഞെടുത്തവരിൽ, പുത്രന്റെ വീണ്ടെടുപ്പു പ്രവർത്തി, പരിശുദ്ധാത്മാവ് പ്രാവർത്തികമാക്കുന്നു. ത്രിത്വത്തിലെ ഓരോ വ്യക്തിത്വങ്ങൾക്കും ഇങ്ങനെ പ്രത്യേക കർത്തവ്യങ്ങൾ ഉണ്ട് എങ്കിലും മനുഷ്യരുടെ വീണ്ടെടുപ്പു പദ്ധതിയിൽ എല്ലായിടത്തും എല്ലാ വ്യക്തിത്വങ്ങൾക്കും സാന്നിധ്യമുണ്ട്.

 

വീണ്ടെടുപ്പിന്റെ ഉടമ്പടിയെക്കുറിച്ച് വ്യക്തമായി നേരിട്ട് പറയുന്ന വാക്യങ്ങൾ വേദപുസ്തകത്തിൽ ഇല്ല. എന്നാൽ മാനവ രക്ഷയുടെ നിത്യമായ പദ്ധതിയെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നുണ്ട്. യേശുക്രിസ്തു എപ്പോഴും പിതാവിന്റെ ഇഷ്ടം ആണ് ചെയ്തിരുന്നത്. (യോഹന്നാൻ 5:43; 6:38-40; 17:3-12).

 

യോഹന്നാൻ 6:38-40

ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

  

തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ എന്നതാണ് ആദിമുതലുള്ള ദൈവീക പദ്ധതി. ദൈവത്തിന്റെ ഈ നിത്യമായ പദ്ധതിയെ വീണ്ടെടുപ്പിന്റെ ഉടമ്പടി ക്രമീകരിക്കുകയും, അത് ഉടമ്പടിയുടെ ഭാഷയിൽ വിശദീകരിക്കുകയും ചെയ്യുന്നു.  

 

എഫെസ്യർ 1:4 -7

നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

 

2 തെസ്സലൊനീക്യർ 2:13 ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

 

2 തിമൊഥെയൊസ് 1:9, 10

അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.

 

1 പത്രൊസ് 1:1, 2

യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

 

വീണ്ടെടുപ്പിന്റെ ഉടമ്പടിയെ പിന്താങ്ങുന്ന കൂടുതൽ വാക്യങ്ങൾ, സങ്കീർത്തനം 110, യെശയ്യാവ് 53, ഫിലിപ്പിയർ 2:5-11, വെളിപ്പാട് 5:9,10 എന്നിവിടങ്ങളിൽ വായിക്കാം.

 

വീണ്ടെടുപ്പിന്റെ ഉടമ്പടി, കൃപയുടെ ഉടമ്പടിയിൽ പ്രകടമാകുന്നുണ്ട്. കൃപയുടെ ഉടമ്പടി സാധ്യമാകുന്നത് നിത്യതയിൽ ഉണ്ടായ വീണ്ടെടുപ്പിന്റെ ഉടമ്പടി മൂലമാണ്.  

 

വീണ്ടെടുപ്പിന്റെ ഉടമ്പടി എന്ന ആശയത്തോട് ഭൂരിപക്ഷം ദൈവ ശാസ്ത്രജ്ഞന്മാർ യോജിക്കുന്നു എങ്കിലും, ത്രിത്വത്തിനുള്ളിൽ വീണ്ടെടുപ്പിന്റെ ഉടമ്പടി രൂപപ്പെട്ടു എന്നതിനോട് ചിലർ യോജിക്കുന്നില്ല.  

 

2.     പ്രവർത്തിയുടെ ഉടമ്പടി (Covenant of Works)

 

പ്രവർത്തിയുടെ ഉടമ്പടിയെ, ജീവന്റെ ഉടമ്പടി, സൃഷ്ടിയുടെ ഉടമ്പടി, ആദാമിന്റെ ഉടമ്പടി, എന്നിങ്ങനെയും വിളിക്കാറുണ്ട്. സകല മനുഷ്യരുടെയും സംയുക്ത ശിരസ്സ് (federal head) എന്ന നിലയിൽ ആദാമുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടിയാണ് “പ്രവർത്തിയുടെ ഉടമ്പടി” അഥവാ Covenant of Works. (റോമർ 5:12-21). അത് ദൈവവും ഒരു മനുഷ്യനും തമ്മിലുള്ള ഉടമ്പടി ആയിരുന്നില്ല, എല്ലാ മനുഷ്യരുമായുള്ള ഉടമ്പടി ആയിരുന്നു.

 

റോമർ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

 

ഉടമ്പടി എന്ന വാക്ക് ഉൽപ്പത്തി 1, 2 അദ്ധ്യായങ്ങളിൽ കാണുന്നില്ല. എന്നാൽ ഉടമ്പടിയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും ദൈവം ആദാമിനു നല്കിയ കൽപ്പനായിൽ ഉണ്ടായിരുന്നു.

 

ഉൽപ്പത്തി 2:16, 17

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.  

  

ഹോശേയ 6:7 ൽ പ്രവാചകൻ പ്രവർത്തിയുടെ ഉടമ്പടിയെ, അഥവാ ആദാമിന്റെ ഉടമ്പടിയെ, ലംഘിക്കപ്പെട്ട ഉടമ്പടി എന്നു വിശേഷിപ്പിക്കുന്നുണ്ട്.  

 

ഹോശേയ 6:7 എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.

 

ഈ വാക്യത്തിലെ “ആദാം” എന്നതിന്റെ എബ്രായ പദം ചില ഇംഗ്ലീഷ് പരിഭാഷകളിൽ “മനുഷ്യർ” (men - NKJV) എന്നാണ് എങ്കിലും അത് ശരിയായാണ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയരിക്കുന്നത്. (“'āām” in Hebrew). ഇംഗ്ലീഷിലെ NIV, NLT, എന്നിവയിൽ ആദാം എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. എബ്രായ ഭാഷയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ആദാം എന്ന വാക്കിന്, ആദ്യ മനുഷ്യനായിരുന്ന ആദാം, ഒരു മനുഷ്യൻ, മനുഷ്യവർഗ്ഗം എന്നിങ്ങനെ അർത്ഥം കൽപ്പിക്കാം. “നിയമം” എന്ന വാക്കിന്റെ എബ്രായ പദം “ബെറിത്”  എന്നതാണ് (berith). ഈ വാക്കിന്റെ അർത്ഥം ഉടമ്പടി എന്നാണ്.  

 

അങ്ങനെ ആയാൽ ഈ വാക്യം ഇപ്രകാരം ആയിരിക്കും:

 

ഹോശേയ 6:7 എന്നാൽ അവർ ആദാം എന്നപോലെ ഉടമ്പടിയെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.

 

ഇവിടെ ഹോശേയ ആദാമിന്റെ ഉടമ്പടിയെ ആയിരിക്കാം പരാമർശിക്കുന്നത്. എന്നാൽ ദൈവം ആദാമിനോട് പറഞ്ഞ കൽപ്പനയെ “ഉടമ്പടി” എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്ന ഒരേഒരു വാക്യം ഇതാണ്.

 

ദൈവവും ആദാമും തമ്മിലുള്ള ഉടമ്പടി, ദൈവം ആരംഭിച്ചതും, സകല മനുഷ്യരുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും, ജീവനുള്ള കാലത്തെല്ലാം നിലനിൽക്കുന്നതുമായ ഒരു ഉടമ്പടി ആണ്. അതിൽ പാലിക്കപ്പെടേണ്ട കടമകളും, അനുഗ്രങ്ങളും, ശാപങ്ങളും ഉണ്ട്. ദൈവത്തിന്റെ കൽപ്പനകൾ ലംഘിക്കാതെ ഇരുന്നാൽ ആദാമിന് ഉത്തമവും, നിത്യവുമായ ഒരു ജീവിതം ദൈവം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഉടമ്പടിയുടെ പ്രമാണങ്ങൾ ലംഘിച്ചാൽ മരണം ഉണ്ടാകുകയും ചെയ്യും.

 

നിർഭാഗ്യവശാൽ, സകല മനുഷ്യരുടെയും സംയുക്ത ശിരസ്സ് എന്ന നിലയിൽ ആദാം ദൈവീക ഉടമ്പടി ലംഘിച്ചു, അതിനാൽ വിനാശകരമായ പരിണതഫലം ഉണ്ടായി (ഉൽപ്പത്തി 3). അങ്ങനെ ആദാമും അവനിലൂടെ സകല മനുഷ്യരും നാശയോഗ്യരായി തീർന്നു. ആദാം, ദൈവത്തിന്റെ കൽപ്പന അനുസരിക്കുകയും, പാപം ചെയ്യാതെ ഇരിക്കുകയും ചെയ്തിരുന്നു എങ്കിൽ അവന്റെ അനുസരണം അവനും, അവനിലൂടെ സകല മനുഷ്യർക്കും നിത്യജീവനായി തീരുമായിരുന്നു. എന്നാൽ ആദാം ദൈവത്തെ അനുസരിക്കാതെ പാപം ചെയ്തതിനാൽ, അവന്റെ അനുസരണക്കേട് സകല മനുഷ്യരുടെമേലും കണക്കാക്കപ്പെട്ടു. അങ്ങനെ ആദാമിന്റെ സന്തതി പരമ്പരകൾ ആയ മനുഷ്യർ എല്ലാം പാപത്തിൽ ജനിക്കുകയും ദൈവത്തോട് അകലുകയും ചെയ്തു. എല്ലാ മനുഷ്യരും സമ്പൂർണ്ണമായി മലിനലമായി.

 

വീണ്ടെടുപ്പിന്റെ ചരിത്രം പഠിക്കുമ്പോൾ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതായി നമ്മൾ വായിക്കുന്ന ആദ്യത്തെ ഉടമ്പടിയാണ് പ്രവർത്തിയുടെ ഉടമ്പടി, അഥവാ ആദാമിന്റെ ഉടമ്പടി. ദൈവത്തിന്റെ ആദാമിനോടുള്ള കൽപ്പനയിൽ ഉടമ്പടിയുടെ ഭാഷ നമുക്ക് കാണാം. അനുസരണത്തിന്റെ പ്രതിഫലം നിത്യജീവനും, അനുസരണക്കേടിന്റെ ശിക്ഷ നിത്യമരണവും ആണ്. ഇത് ഉടമ്പടികളുടെ ഭാഷയാണ്.

 

പ്രവർത്തിയുടെ ഉടമ്പടി, കൃപയുടെ ഉടമ്പടിയെ കൂടുതൽ മനസ്സിലാക്കുവാൻ നമ്മളെ സഹായിക്കും.

 


കൃപയുടെ ഉടമ്പടി (Covenant of Grace)

 

കൃപയുടെ ഉടമ്പടി ഉൽപ്പത്തി 3 ആം അദ്ധ്യായം മുതൽ പുതിയനിയമം വരെ നമുക്ക് കാണാവുന്നതാണ്. ഇത് ദൈവം ആദ്യം പ്രഖ്യാപിക്കുന്നത് ഏദൻ തോട്ടത്തിൽ മനുഷ്യന്റെ വീഴ്ചയ്ക്ക് ശേഷം ആണ്. പിന്നീട് ഒരിക്കലും കൃപയുടെ ഉടമ്പടി ഇല്ലാതെയാകുകയോ, മാറ്റിവയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. അബ്രാഹാമുമായുള്ള ഉടമ്പടിയും കൃപയുടെ ഉടമ്പടി ആണ് എന്നാണ് ഉടമ്പടിയുടെ ദൈവശാസ്ത്രജ്ഞാന്മാർ കരുതുന്നത് (ഉൽപ്പത്തി 12, 15, 17). പുതിയ ഉടമ്പടി അഥവാ പുതിയനിയമം അബ്രാഹാമിന്റെ ഉടമ്പടിയുടെ ചുരുളഴിക്കലും, വെളിപ്പെടുത്തലും, നിർവഹണവും ആണ്.

 

കൃപയുടെ ഉടമ്പടിയെ അങ്ങനെ വിളിക്കുന്നത് അതിൽ യാതൊരു പ്രവർത്തികളും ഇല്ലാ എന്നതിനാൽ അല്ല. കൃപയുടെ ഉടമ്പടി ദൈവത്തിന്റെ മഹാകൃപയാൽ മാത്രം മനുഷ്യരുമായി ദൈവം സ്ഥാപിച്ച ഉടമ്പടി ആണ്. ദൂതന്മാരുടെ വീഴ്ചയ്ക്ക് ശേഷം അവരുടെ വീണ്ടെടുപ്പിനായി ദൈവം അവരുമായി ഒരു ഉടമ്പടി ചെയ്തില്ല. മനുഷ്യന്റെ വീഴ്ചയ്ക്ക് ശേഷം, അവരുടെ വീണ്ടെടുപ്പിനായി മറ്റൊരു ഉടമ്പടി ചെയ്യേണ്ട ബാധ്യത ദൈവത്തിന് ഇല്ല. മനുഷ്യനെ അവർ തിരഞ്ഞെടുത്ത പാപത്തിലും അതിന്റെ പരിണത ഫലമായ കഷ്ടത, മരണം എന്നിവയിലും ഉപേക്ഷിക്കാമായിരുന്നു. എന്നാൽ, ദൈവം അവന്റെ സർവ്വാധികാരത്തിൽ, അവന്റെ മഹാകൃപയാൽ, മനുഷ്യരോട് കൃപ കാണിക്കുവാനും, തിരഞ്ഞെടുത്തവരെ രക്ഷിക്കുവാനുമായി അവരുമായി ഒരു ഉടമ്പടി ചെയ്യുവാൻ തീരുമാനിച്ചു. ഈ ഉടമ്പടിയാണ് കൃപയുടെ ഉടമ്പടി.

 

തിരഞ്ഞടുക്കപ്പെട്ടവരെ രക്ഷിക്കുക എന്ന വാഗ്ദത്തമാണ് കൃപയുടെ ഉടമ്പടിയിൽ ഉള്ളത്. സംയുക്ത പദവിയിൽ ആയിരിക്കുന്ന മാതാപിതാക്കന്മാർ എന്ന നിലയിൽ, ദൈവം ആദാമിനും, ഹവ്വായ്ക്കും ഒരു വാഗ്ദത്തം നല്കി. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും എന്നതായിരുന്നു ആ വാഗ്ദത്തം. ഇതാണ് ചരിത്രപരമായി കൃപയുടെ ഉടമ്പടിയുടെ ആദ്യ പ്രഖ്യാപനം.  

 

ഉൽപ്പത്തി 3:15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.        

 

ഈ വാഗ്ദത്തത്തിലൂടെ രക്ഷ പ്രാപിക്കുവാൻ സ്ത്രീയുടെ സന്തതിയിൽ വിശ്വസിക്കുക എന്നതാണ് ചെയ്യേണ്ടത്. സ്ത്രീയുടെ സന്തതി എന്നത് യേശുക്രിസ്തു ആണ്. അവനിലൂടെ മാത്രമേ രക്ഷ സാധ്യമാകൂ. അവനിൽ ഉള്ള വിശ്വാസത്തിന് അനുസരണത്തിന്റെ ഫലം ഉണ്ടാകുന്നു.

 

പ്രവർത്തിയുടെ ഉടമ്പടി അഥവാ ആദാമിന്റെ ഉടമ്പടി, മറ്റെല്ലാ ഉടമ്പടിയ്ക്കും അടിസ്ഥാനമായ ഒരു ഉടമ്പടി ആണ്. അത് ഒരിക്കലും റദ്ദാക്കപ്പെടുകയോ, മാറ്റിവയ്ക്കപ്പെടുകയോ, അതിന് ഭേദഗതി വരുത്തുകയോ ചെയ്തിട്ടില്ല. കൃപയുടെ ഉടമ്പടി, ആദാമിന്റെ ഉടമ്പടിയെ ഇല്ലാതെയാക്കിയിട്ടില്ല. ഉടമ്പടികൾ ഒരിക്കലും റദ്ദാക്കപ്പെടുന്നില്ല. ദൈവം ആദാമിനോട് കൽപ്പിച്ച അനുസരണത്തിന്റെ പ്രവർത്തി, കൃപയുടെ ഉടമ്പടിയിലും ഉണ്ട്. എന്നാൽ പ്രവർത്തികൾ നമുക്ക് നിവർത്തിക്കുവാൻ സാദ്ധ്യമല്ല എന്നതിനാൽ, നമുക്ക് വേണ്ടി ദൈവം ക്രമീകരിച്ച മറ്റൊരുവൻ, നമ്മളുടെ കർത്താവായ യേശുക്രിസ്തു, പ്രവർത്തികളുടെ ഉടമ്പടിയിലെ എല്ലാ പ്രമാണങ്ങളും നിവർത്തിച്ചു. അവൻ ഒടുക്കത്തെ ആദാം” ആയി ദൈവം ആദാമിനോട് ആവശ്യപ്പെട്ട അനുസരണം നിവർത്തിച്ചു. (1 കൊരിന്ത്യർ 15:45). അതിനോടൊപ്പം, തിരഞ്ഞെടുക്കപ്പെട്ടവരുടെ പാപങ്ങൾക്ക് അവൻ രക്തം ചൊരിഞ്ഞു പരിഹാരം വരുത്തുകയും ചെയ്തു.

 

കൃപയുടെ ഉടമ്പടി നിബന്ധനകൾ ഇല്ലാതെ, ദൈവത്തിന്റെ മഹാകൃപയുടെ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്നതാണ്. വിശ്വാസം ഒരു നിബന്ധനയായി നമുക്ക് തോന്നാം എങ്കിലും, ഈ വിശ്വാസവും ദൈവം ദാനമായി നല്കുന്നതാണ്.

 

എഫെസ്യർ 2:8, 9

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

 

കൃപയുടെ ഉടമ്പടി യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ വാഗ്ദത്തം ചെയ്യുന്നു. യേശുക്രിസ്തു പകരക്കാനായ പ്രതിനിധി ആണ്. ഉടമ്പടിയുടെ പ്രവർത്തികൾ, അവൻ പ്രതിനിധാനം ചെയ്യുന്ന എല്ലാവർക്കുമായി യേശു നിവർത്തിച്ചിട്ടുണ്ട്. നീതീകരണത്തിനായുള്ളതും പാപത്തിന്റെ ശിക്ഷയും അവൻ ചെയ്തു തീർത്തു. അവന്റെ സജീവമായ അനുസരണം ഉടമ്പടിയുടെ പ്രവർത്തികളെയും, അവന്റെ നിഷ്ക്രിയമായ അനുസരണം പാപത്തിന്റെ ശിക്ഷയെയും നിവർത്തിച്ചു.

 

പ്രവർത്തിയുടെ ഉടമ്പടിയിൽ ആദാം ആയിരുന്നു സകല മനുഷ്യരുടെയും സംയുക്ത ശിരസ്സ്. കൃപയുടെ ഉടമ്പടിയിൽ യേശുക്രിസ്തു ആണ് അവനിൽ വിശ്വാസിക്കുന്നവരുടെ സംയുക്ത ശിരസ്സ്. നമ്മൾ ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ അവന്റെ സമ്പൂർണ്ണമായ നീതീകരണം ദൈവ മുമ്പാകെ നമ്മളിൽ കണക്കാക്കപ്പെടുകയാണ്. യേശുക്രിസ്തുവിന്റെ നീതീകരണം നമ്മളിൽ കണക്കാക്കിയാണ് ദൈവം നമ്മളെ നീതിമാന്മാർ എന്നു പ്രഖ്യാപിക്കുന്നത്. ദൈവം, യേശുക്രിസ്തു മുഖാന്തിരം, ഉടമ്പടിയുടെ പ്രവർത്തികൾ സമ്പൂർണ്ണമായി നമ്മൾ നിവർത്തിച്ചു എന്നു കണക്കാക്കുക ആണ്. അപ്രകാരം അനുസരണക്കേടിനാൽ ആദാമിന് നഷ്ടപ്പെട്ട നിത്യജീവൻ, ക്രിസ്തുവിന്റെ അനുസരണത്താൽ നമ്മൾ പ്രാപിക്കുന്നു.

 

കൃപയുടെ ഉടമ്പടിയിൽ, ദൈവം നമ്മളുടെ പാപങ്ങൾക്ക് പരിഹാരമായി തീരേണ്ടതിനായി ഒരു പകരക്കാരനെയും പ്രതിനിധിയെയും ക്രമീകരിക്കുന്നു. പാപം എന്നത് പ്രവർത്തിയുടെ ഉടമ്പടി ലംഘിക്കുന്നതാണ്. ആദാമിൽ, എല്ലാ മനുഷ്യരും, പ്രവർത്തിയുടെ ഉടമ്പടി പ്രകാരം ജീവിക്കുവാൻ പരാജയപ്പെട്ടതിനാൽ, എല്ലാവരും പാപികളായി കണക്കാക്കപ്പെടുന്നു. എന്നാൽ കൃപയുടെ ഉടമ്പടിയിൽ, രക്ഷയും നിത്യജീവനും, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവം സൌജന്യമായി നല്കുന്നു.

 

യേശുക്രിസ്തുവിന്റെ സമ്പൂർണ്ണമായ അനുസരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നമുക്ക് മത്തായി 3:15, റോമർ 5:12-21 എന്നീ വാക്യങ്ങളിൽ കാണാം. ക്രിസ്തുവിന്റെ നീതി നമ്മളിൽ കണക്കിടുന്നു എന്നു വ്യക്തമാക്കുന്ന വാക്യങ്ങൾ നമുക്ക് റോമർ 3:21-4:25, 2 കൊരിന്ത്യർ 5:21 എന്നീ വാക്യങ്ങളിൽ വായിക്കാം.

 

മാനവ ചരിത്രത്തിൽ, ദൈവം, തിരഞ്ഞെടുത്ത വ്യക്തികളുമായി കാലാകാലങ്ങളിൽ ഉണ്ടാക്കിയ ഉടമ്പടികൾ കൃപയുടെ ഉടമ്പടിയുടെ കാലനുഗതമായ പുരോഗതിയാണ്. ദൈവം, അബ്രാഹാമിന്റെയും അവന്റെ സന്തതികളുടെയും ദൈവം ആയിരിക്കും എന്ന വാഗ്ദത്തം കൃപയുടെ ഉടമ്പടിയുടെ തുടർച്ചയാണ്. നിത്യമായി വാഴുന്ന ഒരു രാജാവിനെ ദാവീദിന്റെ ഉടമ്പടിയിൽ വാഗ്ദത്തം ചെയ്യുന്നതും കൃപയുടെ ഉടമ്പടിയുടെ തുടർച്ചയായ വെളിപ്പെടുത്തൽ ആണ്.

 

കൃപയുടെ ഉടമ്പടി പഴയനിയമ കാലത്തും പ്രവർത്തിച്ചുകൊണ്ടിരുന്നു. പഴയനിയമ കാലത്തും, പുതിയനിയമ കാലത്തും പ്രവർത്തിക്കുന്ന കൃപയുടെ ഉടമ്പടി സാരാംശത്തിൽ ഒന്നുതന്നെയാണ്. എന്നാൽ അതിന്റെ നിർവ്വഹണത്തിൽ വ്യത്യാസം ഉണ്ട്.  മോശെയുടെ ഉടമ്പടിയിലെ ചില വ്യവസ്ഥകൾ പ്രവർത്തിയുടെ ഉടമ്പടിയുടെ പ്രയോഗം ആയിരുന്നു. ഈ പ്രമാണങ്ങളുടെ ലംഘനം യിസ്രായേൽ ജനത്തിനുമേൽ ദൈവീക ശിക്ഷ വരുത്തുകയും ചെയ്തു. എങ്കിലും ദൈവം എപ്പോഴും അവരോട് ക്ഷമയോടെ പ്രവർത്തിച്ചു എന്നും നമുക്ക് പഴയനിയമത്തിൽ കാണാം. പ്രവർത്തിയുടെ ഉടമ്പടിയിലെ പ്രമാണങ്ങൾ പ്രാവർത്തികമാക്കുന്നതിൽ കൃപയുടെ ഉടമ്പടി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 

പഴയനിയമത്തിലെ എല്ലാ ഉടമ്പടികളും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിലേക്കാണ് വിരൽചൂണ്ടുന്നത്. പഴയനിയമത്തിലെ യാഗങ്ങളും, ആചാരങ്ങളും, മഹാപുരോഹിതനായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷാ പ്രവർത്തിയിലേക്കാണ് വിരൽചൂണ്ടുന്നത്. (എബ്രായർ 8-10). അവിടെയും, ജനം രക്ഷിക്കപ്പെട്ടിരുന്നത് വരുവാനിരിക്കുന്ന രക്ഷകനിൽ ഉള്ള വിശ്വാസം മൂലം ആയിരുന്നു. സുവിശേഷത്തിൽ ജനം രക്ഷിക്കപ്പെടുന്നത് പ്രത്യക്ഷമായി കഴിഞ്ഞ യേശുക്രിസ്തു എന്ന ഏക രക്ഷകനിൽ ഉള്ള വിശ്വാസം മൂലം ആണ്. ഇതിനാൽ ആണ്, ഗിരി പ്രഭാഷണത്തിൽ യേശുക്രിസ്തു പറഞ്ഞത്, “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്തായി 5:17). എല്ലാ ന്യായപ്രമാണങ്ങളും യേശുക്രിസ്തുവിൽ നിവർത്തിക്കപ്പെട്ടു.

 

കൃപയുടെ ഉടമ്പടിയുടെ അന്തിമയായ ആവിഷ്കാരം ആണ് പുതിയനിയമം. ദൈവം അവന്റെ പ്രമാണങ്ങൾ, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ എഴുതുകയും, അവരുടെ പാപങ്ങൾ പൂർണ്ണമായി ക്ഷമിക്കുകയും ചെയ്തു.

 

നവീകരണ ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ കൃപയുടെ ഉടമ്പടി ഏകപക്ഷീയ ഉടമ്പടി ആണ്. യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം എന്ന പ്രമാണം, ഒരു ധാരണയും, സ്ഥിരീകരണവും ആണ് (assumptive and confirmatory). ഇവ പുതിയ നിയമ ഉടമ്പടി സ്വീകരിക്കുവാൻ ആവശ്യമായ കടമകൾ (duties) അല്ല.

 

ഉടമ്പടിയുടെ ദൈവശാസ്ത്രം തിരുവെഴുത്തിലെ എല്ലാ ഉടമ്പടികളെയും പ്രവർത്തികളുടെ ഉടമ്പടിയുടെയോ, കൃപയുടെ ഉടമ്പടിയുടെയോ വെളിപ്പെടുത്തൽ ആയി കാണുന്നു. വീണ്ടെടുപ്പിന്റെ ചരിത്രം, കൃപയുടെ ഉടമ്പടി, അതിന്റെ ആദ്യ ഘട്ടം മുതൽ യേശുക്രിസ്തുവിൽ സമ്പൂർണ്ണമായി നിവർത്തിക്കപ്പെടുന്നത് വരെയുള്ള കാലാനുഗതമായ വെളിപ്പെടൽ ആണ്.        

             

ഉടമ്പടിയുടെ ദൈവശാസ്ത്രം എന്ന പഠനത്തിന്റെ രണ്ടാമത്തെ ഭാഗം ഇവിടെ അവസാനിക്കുന്നു. ഒന്നാമത്തെയും, മൂന്നാമത്തെയും ഭാഗങ്ങൾ മറ്റ് രണ്ടു വീഡിയോകളിൽ ആയി ലഭ്യമാണ്. വീഡിയോ ചാനൽ, naphtalitribetv.com.


ഇതിന്റെ നോട്ട്, ഇ-ബുക്ക് ആയി ലഭ്യമാണ്. താല്പര്യം ഉള്ളവർ whatsapp ൽ ആവശ്യപ്പെടുക. സൌജന്യമായി അയച്ചുതരുന്നതാണ്. Whatsapp no. 9961330751.    



 

 

No comments:

Post a Comment