ഫലപ്രദമായ പ്രാർത്ഥന (effective prayer)

പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നൊന്നില്ല (effective prayer). നമ്മളുടെ എല്ലാ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു. എല്ലാ പ്രാർത്ഥനകൾക്കും ദൈവം മറുപടി നല്കുന്നു. ഈ മറുപടികൾ, ഉവ്വ്, ഇല്ല (അല്ല), കാത്തിരിക്കുക, അല്ലെങ്കിൽ ദൈവത്തിന് മറ്റൊരു പദ്ധതി ഉണ്ട്, എന്നിങ്ങനെ ആയിരിക്കും. ദൈവം പ്രാർത്ഥന കേൾക്കാതിരിക്കുകയോ, അതിന് മറുപടി നല്കാതിരിക്കുകയോ ചെയ്യില്ല. ദൈവം കേൾക്കുന്ന എല്ലാ പ്രാർത്ഥനകളും പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) ആണ്. അതിനാൽ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന (effective prayer) എന്നൊരു പ്രത്യേക പ്രാർത്ഥന ഇല്ല.

 

സങ്കീർത്തനങ്ങൾ 34:17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.  

 

1 യോഹന്നാൻ 5:14, 15

14   അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

15   നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.


നമ്മൾ ചോദിക്കുന്നതെല്ലാം, പ്രതീക്ഷിക്കുന്ന രീതിയിൽ, പ്രതീക്ഷിക്കുന്ന സമയത്ത് ലഭിക്കുന്നതിനെയല്ല പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ പ്രാർത്ഥന എന്നു വിളിക്കുന്നത്. ദൈവം നമ്മളുടെ പ്രാർഥന കേൾക്കുകയും അതിനോട് അവന്റെ ഹിത പ്രകാരം പ്രതികരിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ നമ്മളുടെ എല്ലാ പ്രാർത്ഥനകളും ഫലപ്രദമാണ്. എന്നാൽ എല്ലായിപ്പോഴും നമ്മളുടെ വിചാരങ്ങൾ ദൈവത്തിന്റെ വിചാരങ്ങൾ ആയിക്കൊള്ളേണം എന്നില്ല എന്നതിനാൽ, ഇല്ല (അല്ല) എന്ന മറുപടിയും, മറ്റൊരു പദ്ധതിയും ദൈവത്തിൽ നിന്നും ലഭിച്ചേക്കാം. ദൈവം കേൾക്കുകയും, ദൈവ ഹിതപ്രകാരം പ്രതികരിക്കുകയും ചെയ്യുന്നു എങ്കിൽ അതെല്ലാം പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ പ്രാർത്ഥന (effective prayer) ആണ്.

 

ഒരു പ്രാർത്ഥനയെ നമ്മൾ പര്യാപ്തമായ അല്ലെങ്കിൽ ഫലപ്രദമായ  പ്രാർത്ഥന എന്നു വിളിക്കുന്നുണ്ട് എങ്കിൽ, അത് ദൈവഹിതം നിറവേറ്റുവാനായി നമ്മളെ ശക്തീകരിച്ച പ്രാർത്ഥന ആണ്.

 

എന്നാൽ യാക്കോബിന്റെ ലേഖനത്തിൽ, 5:16 ൽ മലയാളത്തിൽ, “നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു” എന്നൊരു വാക്യം ഉണ്ട്. അത്, ഇംഗ്ലീഷിൽ, കിങ് ജയിംസ് വേർഷനിൽ (King James Version - KJV), “The effectual fervent prayer of a righteous man availeth much” എന്നാണ്. ഈ വാക്യത്തിൽ “effectual fervent prayer” എന്നൊരു പ്രയോഗം ഉണ്ട്. ഇത് ഫലപ്രദമായ പ്രാർത്ഥന, ഫലപ്രദമല്ലാത്ത പ്രാർത്ഥന, അല്ലെങ്കിൽ effective prayer, ineffective prayer എന്നിങ്ങനെ രണ്ട് വ്യത്യസ്തങ്ങൾ ആയ പ്രാർത്ഥന ഉണ്ട് എന്നു യാക്കോബ് പറയുകയാണോ എന്നൊരു സംശയം ഉണ്ടാകുവാൻ ഇടയാക്കിയിട്ടുണ്ട്.

അതിനാൽ, ഇതിനൊരു വിശദീകരണം നല്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഈ വാക്യത്തെ മാത്രം മനസ്സിലാക്കുവാനല്ല, യാക്കോബിന്റെ ലേഖനത്തെ മൊത്തമായി മനസ്സിലാക്കുവാൻ സഹായിക്കും എന്നു കരുതുന്നു.

 

യാക്കോബിന്റെ ലേഖനം യേശുക്രിസ്തുവിന്റെ അർദ്ധസഹോദരനും അപ്പൊസ്തലനുമായ യാക്കോബ് എഴുതിയതാണ്. അദ്ദേഹം ഇത് ചിതറിപ്പാർക്കുന്ന പന്ത്രണ്ടു യിസ്രായേൽ ഗോത്രങ്ങൾക്കും ആയി എഴുതിയതാണ്. (യാക്കോബ് 1:1). അതിനാൽ ഇതിനൊരു യഹൂദ പശ്ചാത്തലം ഉണ്ട്.

 

യാക്കോബിന്റെ ലേഖനം ആണ് ആദ്യം എഴുതപ്പെട്ട പുതിയനിയമ പുസ്തകം. ഇത് AD 44-49 നും ഇടയിൽ എഴുതപ്പെട്ടത് ആണ്. ഈ സമയത്ത് സഭയിൽ യഹൂദന്മാർ ആയിരുന്നു കൂടുതലും. ജാതികളുടെ ഇടയിലുള്ള സഭകൾ അധികം ആയിട്ടില്ല.

 

ക്രിസ്തീയ വിശ്വാസത്തിന്റെ ദൈവ ശാസ്ത്രം രൂപീകൃതമാകുന്നതിന് മുമ്പാണ് ഈ ലേഖനം എഴുതപ്പെട്ടത്. അതിനാൽ, യാക്കോബിന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പല ദൈവശാസ്ത്ര വീക്ഷണങ്ങളും അപ്പൊസ്തലനായ പൌലൊസിനെപ്പോലെയുള്ളവർ പറഞ്ഞിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി നമുക്ക് തോന്നാം. ചിലത് പൌലൊസ് പറഞ്ഞിരിക്കുന്നതിന് എതിരാണ് എന്നും തോന്നാം. ഉദാഹരണമായി:

 

റോമർ 4:3 ൽ പൌലൊസ് പറയുന്നു: “തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.

 

ഇവിടെ അദ്ദേഹം ഉൽപ്പത്തി 15:6 ആം വാക്യം എടുത്തുപറയുകയാണ്.

 

ഉൽപ്പത്തി 15:6 അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.

 

പൌലൊസ് വീണ്ടും ഗലാത്യർ 3:6 ൽ “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.” എന്നു പറയുന്നു.

 

അതായത് പൌലൊസ്, മനുഷ്യർ നീതീകരിക്കപ്പെടുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമാണ് എന്നാണ് പഠിപ്പിച്ചത്.

 

എന്നാൽ യാക്കോബ് 2: 21, 22 വാക്യങ്ങളിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.”

 

യാക്കോബിന്റെ ഈ വാചകം പൌലൊസിന്റെ ദൈവ ശാസത്രത്തിന് എതിരാണ് എന്നു നമുക്ക് തോന്നാം. പൌലൊസ് വിശ്വാസത്താൽ മാത്രം നീതീകരണം എന്നു പറയുമ്പോൾ യാക്കോബ് പ്രവർത്തിയോട് കൂടെയുള്ള വിശ്വാസത്താൽ നീതീകരണം എന്നു പറയുന്നു. ഇത് പരസ്പരം എതിരായ കാഴപ്പാടുകൾ ആണ് എന്നു നമുക്ക് തോന്നാം.

 

എന്താണ് ഇത്തരം വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾക്ക് കാരണം. പൌലൊസ്, യാക്കോബിനെ എതിർക്കുകയാണോ, അതോ യാക്കോബ്, പൌലൊസിനെ എതിർക്കുക ആണോ? യാക്കോബിന്റെ ലേഖനമാണ് പുതിയ നിയമ പുസ്തകങ്ങളിൽ ആദ്യം എഴുതപ്പെട്ടത് എന്നതിനാൽ, യാക്കോബ്, പൌലൊസിനെ എതിർക്കുകയല്ല എന്നു തീർച്ചപ്പെടുത്താം. പൌലൊസ് ഒരിക്കലും യാക്കോബിനെ എതിർക്കുവാനായി ശ്രമിച്ചിട്ടില്ല.  

 

യാഥാർത്ഥത്തിൽ, യാക്കോബും, പൌലൊസും, അവർ എഴുതിയ ലേഖനങ്ങളില്‍, ഒരേ വിഷയമല്ല ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ അവര്‍ ഒരേ വിഷയത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നില്ല.

 

പുതിയനിയമത്തിലെ യാക്കോബിന്റെ ലേഖനത്തില്‍ ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. യാക്കോബിന്റെ ലേഖനം യഹൂദന്‍മാര്‍ക്ക് വേണ്ടി എഴുതപ്പെട്ട ഒരു ലേഖനമാണിത്. ഇതില്‍ പ്രായോഗികമായ ക്രിസ്തീയ വിശുദ്ധ ജീവിതമാണ് വിഷയം.

 

യാക്കോബിന്റെ ലേഖനം സുവിശേഷീകരണം ലക്ഷ്യമാക്കിയുള്ള ലേഖനം അല്ല. ക്രിസ്തീയ വിശ്വാസത്തിന്റെ ചില മൂലതത്ത്വങ്ങള്‍ ആണ് ലേഖനത്തിലെ വിഷയം. ദൈനംദിന ജീവിതത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണ് ഇതിലുള്ളത്. സമ്പത്തും, സമ്പന്നരുടെ സഭയിലുള്ള സ്ഥാനവും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സഭയുടെ പ്രവര്‍ത്തനങ്ങളിലും, രോഗ സൌഖ്യത്തിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഇതില്‍ ഊന്നി പറയുന്നുണ്ട്. എണ്ണ പൂശിയുള്ള അഭിഷേകവും, പാപങ്ങള്‍ ഏറ്റു പറയുന്നതും രോഗ സൌഖ്യത്തിന് സഹായമാകും എന്നും പറയുന്നു.

 

റോമര്‍ക്ക് എഴുതിയ ലേഖനത്തിലാണ് പ്രധാനമായും പൌലൊസ് വിശ്വസം മൂലം നീതീകരണം എന്ന ചിന്ത അവതരിക്കുന്നത്. ഇവിടെ പൌലൊസ് ന്യായപ്രമാണപ്രകാരമുള്ള പ്രവൃത്തിയെ ആണ്, നീതീകരണത്തിന് ഹേതുവല്ലാത്തതായി തള്ളിപ്പറയുന്നത്. യഹൂദന്മാരെയും ജാതികളെയും തമ്മില്‍ വേര്‍തിരിക്കുന്നത് ന്യായപ്രമാണമാണ്. ജാതികള്‍ ന്യായപ്രമാണ പ്രകാരമുള്ള പരിച്ഛേദനയോ, യഹൂദ രീതികള്‍ അനുസരിച്ചുള്ള ആഹാര ക്രമീകരണങ്ങളോ പാലിച്ചിരുന്നില്ല. എങ്കിലും ക്രിസ്തുവിലുള്ള വിശ്വസം മൂലം ജാതികളും നീതീകരിക്കപ്പെടുന്നു.

 

എന്നാല്‍, യാക്കോബ് വിശ്വാസത്തിന്റെയും രക്ഷയുടെയും ഫലമായുളവാകുന്ന പ്രവര്‍ത്തികളെക്കുറിച്ചാണ് എഴുതിയത്. രണ്ട് പേരുടെയും കേന്ദ്ര വിഷയം രണ്ടായതിനാൽ, അവരുടെ അഭിപ്രായങ്ങള്‍ ഒന്നായിരിക്കേണം എന്നില്ല.

 

അബ്രാഹാമിന്റെ വിശ്വാസത്തെ, വിശ്വാസത്താല്‍ നീതീകരണം എന്നതിന് ഉദാഹരണമായി പൌലൊസും അബ്രാഹാമിന്റെ ജീവിതത്തിലെ മറ്റൊരു സംഭവത്തെ, പ്രവര്‍ത്തികളാല്‍ ജീവിക്കുന്ന വിശ്വാസത്തിന് ഉദാഹരണമായി യക്കോബും ചൂണ്ടിക്കാണിക്കുന്നു.

 

പൌലൊസ് പരാമര്‍ശിക്കുന്നത്, ഉൽപ്പത്തി 15 ആം അദ്ധ്യായത്തിലെ സംഭവം ആണ്. ഇവിടെ ദൈവം അബ്രഹാമിന്, അവന്റെ “ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും” എന്നും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവന്റെ സന്തതികൾ ആകും എന്നു വാഗ്ദത്തം നല്കി. ഈ ദൈവീക അരുളപ്പാടിൽ അബ്രാഹാം വിശ്വസിച്ചു. ഇതിനെക്കുറിച്ചാണ് ഉല്‍പ്പത്തി 15:6 ൽ “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” എന്നു പറയുന്നത്. ഈ വാക്യമാണ് പൌലൊസ് റോമർ 4:3 ലും ഗലാത്യർ 3:6 ലും എടുത്തു പറയുന്നത്.

 

യാക്കോബ് പരാമര്‍ശിക്കുന്ന അബ്രാഹാമിന്റെ പ്രവൃത്തി ഉല്‍പ്പത്തി 22 ലെ യിസ് ഹാക്കിനെ യാഗമായി അര്‍പ്പിക്കുവാന്‍ കൊണ്ടുപോകുന്നതാണ്. ഉല്‍പ്പത്തി 22:12 ല്‍, “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു” എന്നാണ് അബ്രാഹാമിനെക്കുറിച്ച് പറയുന്നത്. അവിടെ വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ച് പറയുന്നുമില്ല.  യാക്കോബ് പറയുന്നത് ഇതാണ്:

 

യാക്കോബ് 2: 21, 22

21   നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?

22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.

 

ഇത്തരം ആശയ കുഴപ്പങ്ങൾ കാരണവും, മറ്റ് ചില കാരണങ്ങളാലും, യാക്കോബിന്റെ ലേഖനം പുതിയ നിയമ പുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നായിരുന്നു, നവീകരണ മുന്നേറ്റത്തിന്റെ, അഥവാ Reformation – ന്റെ നായകരിൽ പ്രമുഖനായിരുന്ന മാർട്ടിൻ ലൂഥർ ന്റെ അഭിപ്രായം. എന്നാൽ യഥാർത്ഥത്തിൽ യാക്കോബ്, പൌലൊസിന്റെ ദൈവ ശാസ്ത്രത്തെ ഹനിക്കുന്നില്ല എന്നും യാക്കോബ് പ്രായോഗികമായ ക്രിസ്തീയ വിശ്വാസത്തേക്കുറിച്ചാണ് പറയുന്നത് എന്നതും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ പുസ്തകം കൂടെ പുതിയനിയമത്തിൽ ഉൾക്കൊള്ളിച്ചു.

 

അതായത് യാക്കോബിന്റെ ലേഖനം ക്രിസ്തീയ ദൈവശാസ്ത്രം രൂപീകരിക്കുവാനായി ഉപയോഗിക്കാറില്ല. അല്ലെങ്കിൽ വളരെ ശ്രദ്ധയോടെ മാത്രമേ ഉപദേശങ്ങൾ രൂപീകരിക്കുവാനായി യാക്കോബിന്റെ ലേഖനം ഉപയോഗിക്കാറുള്ളൂ. എന്നാൽ പ്രായോഗിക ക്രിസ്തീയ ജീവിതത്തിന് നല്ല മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഉണ്ട്.

 

ഇത്രയും ഞാൻ പറഞ്ഞത് യാക്കോബിന്റെ ലേഖനത്തെ നമ്മൾ എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു ഏകദേശ ബോധ്യം ഉണ്ടാകുവാൻ വേണ്ടിയാണ്. ഇതെല്ലാം എപ്പോഴും മനസ്സിൽ വച്ചുകൊണ്ട് വേണം യാക്കോബിന്റെ ലേഖനം വായിക്കുവാൻ.

 

ഇനി നമുക്ക് ഫലപ്രദമായ പ്രാർത്ഥന അല്ലെങ്കിൽ effective prayer എന്ന വാക്കിലേക്ക് പോകാം. “എന്താണ് പ്രാർത്ഥന” എന്ന ബൈബിൾ ക്ലാസ്സിൽ നമ്മൾ പറഞ്ഞത് ഫലപ്രദമായ പ്രാർത്ഥന അല്ലെങ്കിൽ effective prayer എന്ന ഒരു പ്രത്യേക പ്രാർത്ഥന ഇല്ല എന്നാണ്. അങ്ങനെ പറഞ്ഞതിന്റെ വിശദീകരണം ആദ്യമേ പറഞ്ഞല്ലോ. അത് ആവർത്തിക്കുന്നില്ല.

 

എന്നാൽ യാക്കോബ് 5:16 ൽ, ഇംഗ്ലീഷിൽ effective prayer എന്ന ആശയം ഉണ്ട്. അത് എന്താണ് എന്നു നമുക്ക് നോക്കാം. വാക്യം ഇങ്ങനെയാണ്:

 

യാക്കോബ് 5:16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.

 

ഈ വാക്യത്തിലെ “ശ്രദ്ധയോടുകൂടിയ പ്രാർത്ഥന” എന്നതിന് ഇംഗ്ലീഷിൽ, കിങ് ജയിംസ് വേർഷനിൽ (King James Version - KJV) ഉപയോഗിച്ചിരിക്കുന്ന വാക്ക്, “effectual fervent prayer” എന്നാണ്.


James 5:16 Confess your faults one to another, and pray one for another, that ye may be healed. The effectual fervent prayer of a righteous man availeth much. (King James Version - KJV)


ഇതിലെ “effectual” എന്ന വാക്ക് ഫലപ്രദമായ പ്രാർത്ഥന അല്ലെങ്കിൽ effectual prayer എന്ന ആശയം നൽകുന്നില്ലേ എന്നതാണ് സംശയം. ഇവിടെ യാക്കോബ്, ഫലപ്രദമായ പ്രാർത്ഥനയും, ഫലപ്രദമല്ലാത്ത പ്രാർത്ഥനയും ഉണ്ട് എന്നാണോ പറയുന്നത്. അല്ലെങ്കിൽ effectual prayer ഉം ineffectual prayer ഉം ഉണ്ട് എന്നാണോ അദ്ദേഹം പറയുന്നത്? ഇതാണ് സംശയം.

 

ഇവിടെ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്, മലയാളത്തിലുള്ള പരിഭാഷയിൽ ഈ ആശയക്കുഴപ്പം ഇല്ല എന്നാണ്. അതായത് എല്ലാ പരിഭാഷയിലും ഈ ആശയകുഴപ്പം ഇല്ല. “ശ്രദ്ധയോടുകൂടിയ പ്രാർത്ഥന”യക്ക് ഫലം ഉണ്ടാകും എന്നേ യാക്കോബ് പറയുന്നുള്ളൂ. അതായത് ഇതിന്റെ സന്ദർഭത്തിൽ ചിന്തിച്ചാൽ, സഭയിലെ മൂപ്പന്മാർ, കർത്താവിന്റെ നാമത്തിൽ ഒരു രോഗിയെ എണ്ണ പൂശി ശ്രദ്ധയോടെ പ്രാർത്ഥിച്ചാൽ, അവന് സൌഖ്യം ഉണ്ടാകും. ഇതാണ് യാക്കോബ് പറയുന്നത്. അദ്ദേഹം effectual prayer എന്നും ineffectual prayer എന്നും ഉള്ള രണ്ട് വിധത്തിലുള്ള പ്രാർത്ഥന ഉണ്ട് എന്നു പറയുന്നില്ല. എന്നാൽ ശ്രദ്ധയോടെ പ്രാർത്ഥിക്കേണം എന്നു പറയുന്നുണ്ട്. അശ്രദ്ധമായ, ഒഴുക്കൻ മട്ടിലുള്ള, വിശ്വാസം കൂടാതെയുള്ള പ്രാർത്ഥനയ്ക്ക് രോഗസൌഖ്യം ഉളവാക്കുവാൻ കഴിയുക ഇല്ല. ഇതിൽ ആർക്കും വ്യത്യസ്തമായ അഭിപ്രായം ഇല്ല.

 

എങ്കിലും, “ശ്രദ്ധയോടുകൂടിയ പ്രാർത്ഥന” എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ എന്താണ് എന്നു നോക്കാം. നമ്മൾ മുമ്പ് പറഞ്ഞതുപോലെ ഇത് കിങ് ജയിംസ് വേർഷനിൽ (King James Version - KJV) “effectual fervent prayer” എന്നാണ്. “effectual fervent” എന്ന ഇംഗ്ലീഷ് പരിഭാഷയിൽ രണ്ട് വാക്ക് ഉണ്ട് എങ്കിലും, മൂല ഭാഷയായ ഗ്രീക്കിൽ ഇത് ഒരു വാക്കാണ്. “എനർഗെയോ” എന്നതാണ് ഗ്രീക്കിലെ വാക്ക്. (energeō - en-erg-eh'-o –). ഈ ഗ്രീക്ക് വാക്കിൽ effective എന്ന ആശയവും fervent എന്ന ആശയവും ഉണ്ട്. അതിനാൽ ആയിരിക്കാം ഇംഗ്ലീഷിൽ “effectual fervent” എന്നു പരിഭാഷപ്പെടുത്തിയത്. ഈ പരിഭാഷയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. 

 

“എനർഗെയോ” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇതെല്ലാം ആണ്: പ്രവര്‍ത്തകമായ, പ്രവർത്തിക്കുന്ന, ശക്തി പുറപ്പെടുവിക്കുന്ന, സഹായിക്കുന്ന, ഫലപ്രദമാകുന്ന, ഫലപ്രദമായി പ്രവർത്തിക്കുന്ന, തീക്ഷണമായ. ഈ അർത്ഥങ്ങളെ എല്ലാം ഉൾക്കൊള്ളുവാനാണ് ഇംഗ്ലീഷിൽ effectual fervent prayer” എന്നു പരിഭാഷപ്പെടുത്തിയത്. ഇതെല്ലാം മലയാളത്തിൽ ചുരുക്കി ഉൾക്കൊള്ളിച്ചിട്ടുണ്ട്, “ശ്രദ്ധയോടുകൂടിയ പ്രാർത്ഥന”.

 

ഗ്രീക്കിലെ “എനർഗെയോ” എന്ന വാക്കിന് ഇംഗ്ലീഷിലെ “എനർജി” (energy) അഥവാ ഊർജ്ജം എന്ന വാക്കിനോട് ഉച്ചാരണത്തിലും അർത്ഥത്തിലും സമാനതയുണ്ട്. അതായത്, പ്രാർത്ഥന ഊർജ്ജമുള്ളത് ആകേണം, അത് അലസമായത് ആകരുതു.

 

ഇതിൽ നിന്നും ചില പ്രത്യേക പ്രാർത്ഥനകൾ ഫലപ്രദമായി പ്രവർത്തിക്കുന്നതാണ് എന്നല്ല, ശ്രദ്ധയോടെയുള്ള എല്ലാ പ്രാർത്ഥനകളും ഫലപ്രദമായി പ്രവർത്തിക്കുന്നവയാണ് എന്നാണ് നമ്മൾ മനസ്സിലാകേണ്ടത്.  

 

effectual fervent” എന്ന വാക്ക് ഒരു പ്രത്യേക പ്രാർത്ഥനയെക്കുറിച്ചാണോ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചാണോ, പ്രാർത്ഥന ശക്തിയെ ഉളവാക്കും എന്നാണോ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചും വേദപണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങൾ ആയ പരിഭാഷകൾ ഇംഗ്ലീഷിൽ തന്നെയുണ്ട്. ചില പരിഭാഷകർ പ്രാർത്ഥന ശക്തമായ ഫലം ഉളവാക്കും എന്നാണ് യാക്കോബ് ഉദ്ദേശിച്ചത് എന്നാണ് വിശ്വസിക്കുന്നത്.

 

അതായത്, കിങ് ജയിംസ് വേർഷനിലെ വിവർത്തനം ശക്തിയോടെയും തീഷ്ണതയോടെയും പ്രാർത്ഥിച്ചാൽ ഫലം ലഭിക്കും എന്നു പറയുന്നു. എന്നാൽ മറ്റ് ചില പരിഭാഷകൾ ശ്രദ്ധയോടെ പ്രാർത്ഥിച്ചാൽ ശക്തമായ ഫലം ലഭിക്കും എന്നു പറയുന്നു.

 

ഇംഗ്ലീഷിലെ മറ്റ് ചില പരിഭാഷകൾ കൂടെ ഇവിടെ പറയാം.

 

ന്യൂ ഇന്റർ നാഷണൽ വേർഷനിൽ ഈ വാക്യം ഇങ്ങനെയാണ്: “The prayer of a righteous person is powerful and effective.” നീതിമാനായ ഒരുവന്റെ പ്രാർത്ഥന ശക്തവും ഫലപ്രദവും ആണ്. (New International Version – NIV)

 

ആംപ്ലിഫൈഡ് ബൈബിളിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്: “The heartfelt and persistent prayer of a righteous man (believer) can accomplish much [when put into action and made effective by God—it is dynamic and can have tremendous power]. ഒരു നീതിമാനായ വിശ്വാസിയുടെ ആത്മാർത്ഥതയോടെയും, സ്ഥിരവും ആയ പ്രാർത്ഥന, നേട്ടങ്ങൾ ഉണ്ടാക്കും. അതിനെ പ്രവർത്തികമാക്കുകയും, ദൈവം അതിനെ ഫലപ്രദമാക്കുകയും ചെയ്യുമ്പോൾ, അത് ചലനാത്മകവും, അതിശക്തി ഉള്ളതും ആകും. (Amplified Bible-AMP)


ന്യൂ ലിവിങ് ട്രാൻസലേഷൻ ൽ ഈ വാക്യം ഇങ്ങനെയാണ്: “The earnest prayer of a righteous person has great power and produces wonderful results.” നീതിമാനായ ഒരുവന്റെ വാസ്തവും അചഞ്ചലവും ആയ പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ട്. അതിന് അത്ഭുതകരമായ ഫലം ഉളവാക്കുവാൻ കഴിയും. (New Living Translation – NLT)

 

ഇത്രയും പഠിച്ചതിൽ നിന്നും നമുക്ക് ഒരു കാര്യം മനസിലാക്കാം. യാക്കോബ്, ഫലപ്രദമായ പ്രാർത്ഥന, അല്ലെങ്കിൽ, effectual prayer എന്നൊരു സവിശേഷ പ്രാർത്ഥന ഉണ്ട് എന്നല്ല പറഞ്ഞിരിക്കുന്നത്. സഭയിലെ മൂപ്പന്മാർ ശ്രദ്ധയോടെ പ്രാർത്ഥിച്ചാൽ രോഗി സൌഖ്യമാകും എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ.

 

ഇവിടെ യാക്കോബ് പ്രാർത്ഥനയാൽ എല്ലാ രോഗികളും സൌഖ്യമാകുമോ ഇല്ലയോ എന്ന വിഷയവും കൈകാര്യം ചെയ്യുന്നില്ല എന്നു കൂടി ഓർക്കേണം. അപ്പൊസ്തലന്മാരുടെ കാലത്തും അവർ പ്രാർത്ഥിച്ചപ്പോഴെല്ലാം എല്ലാ രോഗികളും സൌഖ്യം ആയിട്ടില്ല. പൌലൊസിന്റെ ജഡത്തിലെ ശൂലം നീങ്ങിപ്പോയില്ല. സഭ പ്രാർത്ഥിച്ചിട്ടും ഹെരോദാരാജാവു യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ടു കൊന്നു. (അപ്പൊസ്തല പ്രവൃത്തികൾ 12:2). പൌലൊസ്, “ത്രൊഫിമൊസിനെ ... മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.” (2 തിമൊഥെയൊസ് 4:20). എന്തുകൊണ്ട് രോഗികൾ സൌഖ്യം ആകുന്നു, എന്തുകൊണ്ട് സൌഖ്യം ആകുന്നില്ല എന്നത് യാക്കോബ് ഇവിടെ ചർച്ച ചെയ്യുന്നില്ല.

 

അവസാനമായി, ഒന്ന് രണ്ട് വാക്കുകൾ കൂടി പറയട്ടെ. നമ്മളുടെ പ്രാർത്ഥനയ്ക്ക്, അത് എത്ര ശ്രദ്ധയോടെ ആയിരുന്നാലും, ദൈവത്തിൽ നിന്നും യാതൊന്നും, അവന്റെ ഹിതത്തിന് വ്യത്യസ്തമായി പ്രാപിച്ചെടുക്കുവാൻ കഴിയുകയില്ല. കാരണം ദൈവം സർവ്വാധികാരിയാണ്. അവനെ നമ്മളുടെ പ്രാർത്ഥനയ്ക്ക് പോലും സ്വാധീനിക്കുവാൻ സാദ്ധ്യമല്ല. ദൈവം അവൻ നിശ്ചയിച്ചത് ചെയ്യുന്നു. അതുകൊണ്ടു നമ്മളുടെ പ്രാർത്ഥന ദൈവം കേൾക്കുകയും, അവൻ അതിന് അവന്റെ ഹിതപ്രകാരം മറുപടി നൽകുകയും ചെയ്യുന്നുണ്ട് എങ്കിൽ, നമ്മളുടെ എല്ലാ പ്രാർത്ഥനകളും ഫലപ്രദമായ പ്രാർത്ഥനകൾ അല്ലെങ്കിൽ effectual prayer ആണ്. ദൈവം കേൾക്കുന്നു, ദൈവം അവന് ഹിതകരമായ മറുപടി നല്കുന്നു എന്നതാണ് പ്രാർത്ഥനയെ ഫലപ്രദം ആക്കുന്നത്.

 

ഇത് നിങ്ങൾക്ക് അനുഗ്രഹമായി എന്നു കരുതുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
No comments:

Post a Comment