യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഈ ഭൂമിയിൽ പ്രത്യക്ഷനാകുന്ന ഒരു വ്യക്തിയെയാണ് എതിർക്രിസ്തു എന്നു വേദപുസ്തകം വിളിക്കുന്നത്. ഈ വ്യക്തി സാത്താൻ അല്ല, അവൻ സാത്താന്റെ ശക്തിയോടെയും അധികാര്യത്തോടെയും പ്രവർത്തിക്കുന്നവൻ ആണ്.
യോഹന്നാൻ ഈ വ്യക്തിയെ “എതിർക്രിസ്തു” എന്നും അപ്പൊസ്തലനായ
പൌലൊസ് ഈ വ്യക്തിയെ “നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ” എന്നും വിളിക്കുന്നു (1
യോഹന്നാൻ 2:18, 2 തെസ്സലൊനീക്യർ 2:3). “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ”
എഴുന്നേറ്റിരിക്കുന്നു എന്നും യോഹന്നാൻ പറയുന്നുണ്ട് (1 യോഹന്നാൻ 2:18). അതിനാൽ
എതിർ ക്രിസ്തു എന്ന വാക്ക്, പൊതുവേ അവന്റെ ആത്മാവ് ഉള്ള ഒരു വ്യക്തിയെയും, അന്ത്യ
നാളുകളിൽ വരുവാനിരിക്കുന്ന ഒരു വ്യക്തിയെയും സൂചിപ്പിക്കുന്നു എന്നു അനുമാനിക്കാം.
അന്ത്യ കാലത്ത് യേശുക്രിസ്തു എന്ന ഏക രാജാവിനാൽ ഈ ലോകം ഭരിക്കപ്പെടുന്നതിന് മുമ്പ്, എതിർ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന, സാത്താന്റെ ആത്മാവു ഉള്ള ഒരുവൻ അൽപ്പകാലത്തേക്ക് ലോകത്തെ ഭരിക്കും എന്നാണ് വേദപുസ്തകം പ്രവചിക്കുന്നത്.
അന്ത്യകാലത്ത് ഒരു എതിരാളി യിസ്രായേൽ ജനത്തിന് എതിരായി
എഴുന്നേൽക്കുമെന്നും അവൻ ദൈവ ജനത്തെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യും
എന്നും, എന്നാൽ മശീഹ പ്രത്യക്ഷനായി, ഈ എതിരാളിയെ തകർക്കും എന്നും ഉള്ള ഒരു
വിശ്വാസം യഹൂദന്മാർക്കിടയിൽ ഉണ്ടായിരുന്നു.
ക്രിസ്തു എന്നതിന്റെ ഗ്രീക്ക് വാക്ക്
ക്രിസ്റ്റോസ് എന്നാണ് (cristos).
ഇതിന്റെ എബ്രായ പദം മശീഹ എന്നാണ് (meshiach/messiah). അഭിഷിക്തൻ, മശീഹ, ക്രിസ്തു, എന്നിങ്ങനെയാണ് ഈ വാക്കുകളുടെ അർത്ഥം.
“എതിർക്രിസ്തു” എന്ന വാക്ക് നാല് പ്രാവശ്യം വേദപുസ്തകത്തിൽ
കാണാം. എല്ലാം യോഹന്നാന്റെ ലേഖനത്തിൽ ആണ്. (1 യോഹന്നാൻ 2:18; 1 യോഹന്നാൻ 2:22; 1
യോഹന്നാൻ 4:3; 2 യോഹന്നാൻ 1:7). ഇതിൽ 1 യോഹന്നാൻ 2:18 ൽ “എതിർക്രിസ്തു” എന്നും “എതിർക്രിസ്തുക്കൾ”
എന്നും പറയുന്നുണ്ട്. 4:3 ൽ “എതിർക്രിസ്തുവിന്റെ
ആത്മാവു” എന്നാണ് പറയുന്നത്.
1 യോഹന്നാൻ 2:18 കുഞ്ഞുങ്ങളേ, ഇതു
അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ
അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.
1 യോഹന്നാൻ 4:2,3
2 ദൈവാത്മാവിനെ
ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു
സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
3 യേശുവിനെ
സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ
ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ;
അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.
എതിർ ക്രിസ്തു എന്ന വാക്കിലെ
“എതിർ” എന്ന വാക്ക് ഗ്രീക്കിൽ “ആന്റി” എന്നാണ് (anti - an-tee). ഈ പദത്തിന് രണ്ട് അർത്ഥമുണ്ട്. “എതിരായത്” എന്നതാണ്
ഒരു അർത്ഥം (against). രണ്ടാമത്തെ അർത്ഥം,
“ഒന്നിന്റെ സ്ഥാനത്തുള്ള മറ്റൊന്ന്” എന്നാണ് (in place of).
അതായത് എതിർക്രിസ്തു ഒരേസമയം, യഥാർത്ഥ ക്രിസ്തുവിന് എതിരാണ്, അവൻ ക്രിസ്തുവിന്റെ സ്ഥാനം
അന്യായമായി കൈവശമാക്കുവാൻ ശ്രമിക്കുന്നവൻ ആണ്. എതിർ ക്രിസ്തുവിന്റെ ആത്മാവിന്റെ
സാന്നിദ്ധ്യം അന്ത്യകാലത്തിന്റെ സംശയരഹിതമായ ലക്ഷണമാണ്.
1 യോഹന്നാൻ 2:18, 4:2,
3 എന്നീ വാക്യങ്ങളിൽ “എതിർക്രിസ്തു വരുന്നു”, “അതു വരും എന്നു
നിങ്ങൾ കേട്ടിട്ടുണ്ടല്ലോ”, “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ
എഴുന്നേറ്റിരിക്കയാൽ”, “അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” എന്നിങ്ങനെ നമ്മൾ
വായിക്കുന്നു. ഇതിന്റെയെല്ലാം അർത്ഥം, “അനേകം എതിർക്രിസ്തുക്കൾ” ഇന്നേവരെയുള്ള
കാലയളവിൽ എഴുന്നേറ്റിട്ടുണ്ട്. എതിർ ക്രിസ്തുവിന്റെ ആത്മാവ് ഉള്ളവർ ഇപ്പോൾ തന്നെ
അനേകം വ്യക്തികളിലൂടെ ഈ ലോകത്തിൽ പ്രവർത്തിക്കുന്നു. ക്രിസ്തുവിനെതിരെയും, ക്രൈസ്തവ വിശ്വാസത്തിന് എതിരെയും,
പ്രവർത്തിക്കുന്നത് എപ്പോഴും എതിർക്രിസ്തുവിന്റെ ആത്മാവ് ആണ്. ഇത് പല
വ്യക്തികളിലൂടെ ദൈവസഭയ്ക്ക് എതിരായി പ്രവർത്തിച്ചിട്ടുണ്ട്. ക്രൈസ്തവ
സഭയ്ക്കുള്ളിൽ നിന്നുകൊണ്ടു അതിനെ തെറ്റിച്ച് കളയുവാനും ഇതേ ആത്മാവ്
പ്രവർത്തിച്ചിട്ടുണ്ട്. ഇതെല്ലാം ഒരേ ആത്മാവ് ആണ്. എന്നാൽ “എതിർ ക്രിസ്തു” എന്നു
വിളിക്കപ്പെടുന്ന ഏകൻ ഇതുവരെയും പ്രത്യക്ഷനായിട്ടില്ല. അവൻ അന്ത്യകാലത്ത്
പ്രത്യക്ഷപ്പെടുവാനുള്ള ഒരുവൻ ആണ്. അതായത്, എതിർക്രിസ്തു എന്ന ഒരുവൻ വരുന്നു, അവൻ വരും.
എതിർ ക്രിസ്തുവിന്റെ അടയാളങ്ങൾ
1 യോഹന്നാൻ 2:18 ൽ “എതിർക്രിസ്തു വരുന്നു” എന്നും “ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ
എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു” എന്നും പറഞ്ഞതിന്നു ശേഷം, 19 ആം
വാക്യത്തിൽ ഇപ്പോൾ എഴുന്നേറ്റയിരിക്കുന്ന “എതിർ ക്രിസ്തുക്കൾ” ആരാണ് എന്നു
യോഹന്നാൻ പറയുന്നു.
1 യോഹന്നാൻ 2:19 അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും
നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ
നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല
എന്നു പ്രസിദ്ധമാകേണ്ടതല്ലോ.
എതിർക്രിസ്തുക്കളെ തിരിച്ചറിയുവാനുള്ള
പ്രധാന അടയാളം, “അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു” എന്നതാണ്. അതായത്, എതിർ
ക്രിസ്തുക്കൾ ദൈവസഭയിൽ നിന്നുമാണ് പുറപ്പെട്ട് പോയത്. അവർ ദൃശ്യമായ ദൈവസഭയോടു ചേർന്ന്
നിന്നിരുന്നു എങ്കിലും, യാഥാർത്ഥത്തിൽ മാർമ്മികമായ സഭയുടെ ഭാഗം ആയിരുന്നില്ല. ഇപ്പോൾ
ദൃശ്യമായ സഭയുടെ ഭാഗമായി നിലക്കുന്ന എല്ലാവരും മാർമ്മികമായ ദൈവസഭയുടെ ഭാഗമല്ല.
ക്രൈസ്തവ സഭയുടെ ആദ്യ കാലങ്ങളിൽ, സഭയോട് ചേർന്ന്
നിൽക്കുകയും പിന്നീട് സഭയിൽ നിന്നും വേറിട്ട് പോകുകയും ചെയ്തിരുന്നവർ
ഉണ്ടായിരുന്നു. വേറിട്ട് പോയ പലരും സഭയെ ഉപദ്രവിക്കുന്നവരും ആയിത്തീർന്നു. അവർ
യഥാർത്ഥ വിശ്വാസികൾ ആയിരുന്നില്ല. അവർ വഞ്ചകർ ആയിരുന്നു. അവരെ എതിർ ക്രിസ്തുക്കൾ
എന്ന് സഭ കരുതിയിരുന്നു.
യേശുവിന്റെ ശിഷ്യന്മാരിൽ
ഒരുവനായിരുന്ന യൂദാ ഈസ്കര്യോത്താവ്
വരുവാനിരിക്കുന്ന എതിർക്രിസ്തുവിന്റെ ആത്മാവു ഉള്ളവൻ ആയിരുന്നു. അവൻ
യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. എന്നാൽ അവൻ അവർക്കുള്ളവൻ ആയിരുന്നില്ല.
അവർക്കുള്ളവൻ ആയിരുന്നു എങ്കിൽ, അവൻ അവരോടുകൂടെ പാർക്കുമായിരുന്നു. എന്നാൽ അവൻ
അവർക്കുള്ളവൻ ആയിരുന്നില്ല എന്നതിനാൽ, അവൻ അവരുടെ ഇടയിൽ നിന്നും പുറപ്പെട്ട് പോയി.
യേശു യൂദാ ഈസ്കര്യോത്താവ് നെക്കുറിച്ച് പറഞ്ഞത് ഇതാണ്:
യോഹന്നാൻ 17:12
അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ
കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
ഇത് തന്നെ ആയിരിക്കും “എതിർ ക്രിസ്തു” എന്ന ഏകന്റെയും
അടയാളം. അവൻ ക്രിസ്തുവിന്റെ സഭയോട്
ചേർന്ന് നിൽക്കുകയും പിന്നീട് അതിൽ നിന്നും പുറപ്പെട്ട് പോകുകയും ചെയ്യുന്നവൻ
ആയിരിക്കും. അതിനാൽ എതിർക്രിസ്തു ക്രൈസ്തവ സഭ എന്നു വിളിക്കപ്പെടുന്ന
ഒരു സമൂഹത്തിൽ നിന്നും പറപ്പെട്ടു വരുന്നവനോ, സഭയുടെ അംഗീകാരം ഉള്ളവനോ ആയിരിക്കും
എന്നു അനുമാനിക്കാം.
യോഹന്നാൻ തുടർന്ന് പറയുന്നു:
1
യോഹന്നാൻ 2:22, 23
22 യേശുവിനെ ക്രിസ്തുവല്ല എന്നു
നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും
പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
23 പുത്രനെ നിഷേധിക്കുന്നവന്നു
പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.
ഇത് എതിർ ക്രിസ്തുവിന്റെ
മറ്റൊരു അടയാളമാണ്. അവൻ ഏക സത്യ ദൈവത്തിൽ ഉള്ള, പിതാവായ ദൈവവും പുത്രനായ ദൈവവും
തമ്മിലുള്ള ബന്ധത്തെ നിരസിക്കും. യേശുക്രിസ്തു ദൈവണ് എന്നും യേശുക്രിസ്തു ഏക
ദൈവീകത്വത്തിന്റെ അടർത്തി മാറ്റുവാൻ കഴിയാത്ത ആളത്വമാണ് എന്നുമുള്ള സത്യത്തെ അവൻ
നിഷേധിക്കും. ഇത് തന്നെയാണ് 1 യോഹന്നാൻ 4:2 ലും പറയുന്നത്.
1 യോഹന്നാൻ 4:2 ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും
ദൈവത്തിൽനിന്നുള്ളതു.
അതായത്, യേശുക്രിസ്തുവിനെക്കുറിച്ചുള്ള തിരുവെഴുത്ത് അംഗീകരിക്കാത്ത എല്ലാ ആത്മാവും
എതിർ ക്രിസ്തുവിന്റെ ആത്മാവാണ്.
പൌലൊസിന്റെ
മുന്നറിയിപ്പുകൾ
എതിർ ക്രിസ്തുവിനെക്കുറിച്ച്
പൌലൊസ് സഭയ്ക്ക് നല്കുന്ന മുന്നറിയിപ്പുകൾ 2 തെസ്സലൊനീക്യർ 2 ആം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
3 ആം വാക്യത്തിൽ പൌലൊസ് എതിർക്രിസ്തുവിനെ “നാശയോഗ്യൻ” എന്നും
“അധർമ്മമൂർത്തിയുമായവൻ” എന്നുമാണ് വിളിക്കുന്നത്.
“നാശയോഗ്യൻ” എന്ന വാക്ക്
ഉപയോഗിച്ചാണ് യേശു, യൂദാ ഈസ്കര്യോത്താവിനെ വിശേഷിപ്പിച്ചത്. (യോഹന്നാൻ 17:12, the son of
perdition-NKJV) യൂദാ, എതിർക്രിസ്തുവിന്റെ ആത്മാവ് ഉള്ളവൻ
ആയിരുന്നു.
അധർമ്മമൂർത്തിയായവൻ വെളിപ്പെടുന്നതിന്
മുമ്പേ വിശ്വാസ ത്യാഗം സംഭവിക്കും എന്നും പൌലൊസ് 3 ആം വാക്യത്തിൽ പറയുന്നു.
2 തെസ്സലൊനീക്യർ 2:3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും
അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
“വിശ്വാസത്യാഗം” എന്നതിന്റെ
ഗ്രീക്ക് വാക്ക് “അപ്പോസ്റ്റസിയ”
എന്നാണ് (apostasia, ap-os-tas-ee'-ah). ഇത്, വെളിപ്പെട്ടുകിട്ടിയ ആത്മീയ
സത്യത്തിൽ നിന്നുമുള്ള മനപ്പൂർവ്വമായ വ്യതിചലനം ആണ്. അതായത് പൌലൊസ് ഇവിടെ
പറയുന്നത്, യേശുക്രിസ്തുവിലൂടെയും, അപ്പൊസ്തലന്മാരിലൂടെയും വെളിപ്പെട്ട് കിട്ടിയ
ആത്മീയ സത്യത്തിൽ നിന്നും ക്രിസ്തീയ സഭ വ്യതിചലിക്കുന്ന കാലം ഉണ്ടാകും എന്നാണ്.
അതിന് ശേഷം മാത്രമേ, “നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ” വെളിപ്പെടുകയുളളൂ. പിശാചിന്റെ
പ്രവർത്തനങ്ങളുടെ സുഗമമായ നീക്കത്തിന്റെ ശത്രു ദൈവ സഭയാണ്. അതിനാൽ സഭയെ
തെറ്റിച്ചുകളഞ്ഞെങ്കിൽ മാത്രമേ സാത്താന് അവന്റെ പദ്ധതി പ്രാവർത്തികമാക്കുവാൻ
കഴിയൂ.
അതിനാൽ പൌലൊസ് സഭയ്ക്ക്
നല്കുന്ന മുന്നറിയിപ്പ് ഇതാണ്: “ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു”. (2
തെസ്സലൊനീക്യർ 2:3). അതായത്, എതിർക്രിസ്തുവിന്റെ പ്രധാന ആയുധം വഞ്ചന ആയിരിക്കും.
അതിനാൽ വിശ്വാസ ത്യാഗം സംഭവിക്കും. അപ്പോൾ എതിർ ക്രിസ്തു വെളിപ്പെടും.
എതിർക്രിസ്തുവിനെക്കുറിച്ച്
പൌലൊസ് പറയുന്ന മറ്റൊരു അടയാളം അവൻ ദൈവമാണ് എന്നു അവകാശപ്പെടും എന്നാണ്.
2 തെസ്സലൊനീക്യർ 2:4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ
തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
ഈ വാക്യത്തിൽ പറയുന്ന ദൈവാലയം
ഏതാണ് എന്നതിൽ വേദപണ്ഡിതന്മാർക്കിടയിൽ തർക്കം ഉണ്ട്. ഇത് യെരൂശലേമിൽ, മുമ്പ്
ദൈവാലയം നിന്നിരുന്ന സ്ഥലത്ത്, വീണ്ടും പണിയുന്ന ആലയം ആകുവാനാണ് സാദ്ധ്യത.
മശീഹ വരുമ്പോൾ, അവൻ വീണ്ടും
ദൈവാലയം നിർമ്മിക്കും എന്നു വിശ്വസിക്കുന്ന യഹൂദന്മാർ ഉണ്ട്. ഇതിന് പിൻബലമായി
തിരുവെഴുത്തുകൾ ഇല്ല. എല്ലാ യഹൂദന്മാരും ഇങ്ങനെ വിശ്വസിക്കുന്നതും ഇല്ല. എന്നാൽ
ഇങ്ങനെയുള്ള ഒരു വിശ്വാസം ചില യഹൂദന്മാർക്കിടയിൽ ശക്തമാണ്. അതിനാൽ, ആലയം
നിർമ്മിച്ചു നല്കുന്നവനെ മശീഹ ആയി തെറ്റിദ്ധരിക്കുവാനുള്ള സാദ്ധ്യത ഏറെയാണ്.
എതിർ ക്രിസ്തു, സ്വയം ക്രിസ്തുവാണ് എന്ന് അവകാശപ്പെടുന്ന
വ്യക്തി ആയിരിക്കും എന്നു നമ്മളുടെ കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്.
മത്തായി
24:4,5
4
അതിന്നു
യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
5
ഞാൻ
ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
മത്തായി
24:23-26
23
അന്നു
ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല
അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
24
കള്ളക്രിസ്തുക്കളും
കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും
അത്ഭുതങ്ങളും കാണിക്കും.
25
ഓർത്തുകൊൾവിൻ; ഞാൻ
മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26
ആകയാൽ
നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു;
ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
എതിർക്രിസ്തു ഇപ്പോൾ എന്തുകൊണ്ട് വെളിപ്പെടുന്നില്ല എന്നാണ് 6
മുതൽ 8 വരെയുള്ള വാക്യങ്ങളിൽ പറയുന്നത്. 7 ആം വാക്യത്തിൽ “അധർമ്മത്തിന്റെ
മർമ്മം” ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്
എന്നു അദ്ദേഹം പറയുന്നു. ഇത് തന്നെയാണ് യോഹന്നാനും പറഞ്ഞത്, “അതു ഇപ്പോൾ തന്നേ
ലോകത്തിൽ ഉണ്ടു.” (1 യോഹന്നാൻ 4:3). എന്നാൽ, “തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക”
എന്നത് സംഭവിച്ചു കഴിഞ്ഞാൽ “അധർമ്മമൂർത്തി വെളിപ്പെട്ടുവരും” എന്നാണ് പൌലൊസ്
പറയുന്നത്. അതായത്, ഇപ്പോഴേ വ്യാപരിക്കുന്ന എതിർക്രിസ്തുവിന്റെ ആത്മാവും, ഭാവിയിൽ
വെളിപ്പെട്ടുവരുന്ന എതിർ ക്രിസ്തു എന്ന ഒരുവനും ഉണ്ട്.
2 തെസ്സലൊനീക്യർ 2:6-8
6
അവൻ
സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു
നിങ്ങൾ അറിയുന്നു.
7 അധർമ്മത്തിന്റെ മർമ്മം (the mystery of lawlessness) ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ
തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
8 അപ്പോൾ
അധർമ്മമൂർത്തി വെളിപ്പെട്ടുവരും; ....
എതിർ ക്രിസ്തു ഇപ്പോൾ വെളിപ്പെടാതെ “തടുക്കുന്നവൻ” ആരാണ്
എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ
അഭിപ്രായങ്ങൾ ഉണ്ട്. “ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു” എന്ന
വാക്യത്തിൽ അതൊരു വസ്തുവോ, പ്രസ്ഥാനമോ ആണ്. “ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു
നീങ്ങിപോക മാത്രം വേണം.” എന്ന വാക്യത്തിൽ തടുക്കുന്നവൻ ഒരു വ്യക്തിയാണ്.
2 Thessalonians
2:6,7 (NKJV)
6 And now you know what is restraining, that he
may be revealed in his own time.
7 For the mystery of lawlessness is already at
work; only He who now restrains will do so until He is taken out of the way.
ഇതിനെക്കുറിച്ചുള്ള ഏറ്റവും പ്രബലമായ അഭിപ്രായം, അത്
പരിശുദ്ധാത്മാവ് ആണ് എന്നതാണ്. സഭയാണ് എന്ന അഭിപ്രായവും പ്രബലമാണ്. എങ്ങനെയാണ്
പരിശുദ്ധാത്മാവ് “വഴിയിൽ നിന്ന് നീങ്ങിപ്പോക” എന്നത് നമുക്ക് വ്യക്തമല്ല.
പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം മനുഷ്യരുടെ ഇടയിൽ നിന്നും പൂർണമായി നീങ്ങിപ്പോകുന്നത്
ആകുവാൻ സാധ്യതയില്ല. സഭയും നീങ്ങിപ്പോകുന്നത് ആകുവാനും സാദ്ധ്യത ഇല്ല. എന്നാൽ
സഭയിൽ വിശ്വാസ ത്യാഗം സംഭവിച്ചിരിക്കും എന്നതിനാൽ അത് എതിർ ക്രിസ്തുവിനെ എതിർക്കുക
ഇല്ല. പരിശുദ്ധാത്മാവും സത്യ ദൈവ സഭയും ഇപ്പോൾ എതിർ ക്രിസ്തു വെളിപ്പെടുന്നതിനെ
തടയുന്നുണ്ട്. ഈ തടയൽ നീങ്ങിപ്പോകുമ്പോൾ എതിർ ക്രിസ്തു വെളിപ്പെടും. ഈ തടയൽ
നീങ്ങിപ്പോകുവാൻ, പരിശുദ്ധാത്മാവോ, സഭയോ ഈ ഭൂമിയിൽ നിന്നും മാറ്റപ്പെടേണം എന്നില്ല.
എതിർക്രിസ്തുവിന്റെ വരവിന്റെ
മറ്റൊരു അടയാളം 9 ആം വാക്യത്തിൽ പൌലൊസ് പറയുന്നതിങ്ങനെയാണ്. അവൻ “വ്യാജമായ
സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ” പ്രത്യക്ഷപ്പെടും.
2 തെസ്സലൊനീക്യർ 2:9 അധർമ്മമൂർത്തിയുടെ
പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ
സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ
ആയിരിക്കും;
എതിർ ക്രിസ്തുവിന്റെ പ്രത്യക്ഷത
വളരെയധികം അത്ഭുതങ്ങളോടെയും, അടയാളങ്ങളോടെയും ആയിരിക്കും. അതിനാൽ എല്ലാ
അത്ഭുതങ്ങളും ദൈവത്തിൽ നിന്നാകേണം എന്നില്ല എന്നു മനസ്സിലാക്കി, ക്രൈസ്തവ
വിശ്വാസികൾ ജാഗ്രതയോടെ ജീവിക്കേണം. എന്നാൽ ഈ അടയാളങ്ങളിൽ യഹൂദന്മാർ വീണുപോകും. അവർ
എതിർ ക്രിസ്തുവിനെ മശീഹ ആയി തെറ്റിദ്ധരിക്കും. യഹൂദന്മാരെക്കുറിച്ച്
യേശുക്രിസ്തുവും, പൌലൊസും, പറയുന്നത് അവർ അടയാളങ്ങൾ അന്വേഷിക്കുന്നവർ ആണ് എന്നാണ്.
അവർ മശീഹയുടെ വരവിന്റെ അടയാളങ്ങൾ അന്വേഷിക്കുന്നവർ ആണ്. അടയാളങ്ങൾ കാണാതെ അവർ
വിശ്വസിക്കുക ഇല്ല.
മത്തായി 12:38
അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ
ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം
പറഞ്ഞതു:
ലൂക്കോസ് 11:29
പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: “ഈ തലമുറ ദോഷമുള്ള
തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ
അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
1 കൊരിന്ത്യര്‍ 1: 22,23
22 യെഹൂദന്മാർ
അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
23 ഞങ്ങളോ
ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;
8 ആം വാക്യത്തിൽ, പൌലൊസ് എതിർ ക്രിസ്തുവിന്റെ
അന്ത്യത്തെക്കുറിച്ച് പറയുന്നു.
2 തെസ്സലൊനീക്യർ 2:8 അപ്പോൾ
അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ
ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
വെളിപ്പാടു പുസ്തകം
എതിർ ക്രിസ്തുവിനെക്കുറിച്ച്
കൂടുതൽ വിവരണങ്ങൾ നമുക്ക് വെളിപ്പാട് പുസ്തകത്തിൽ ലഭ്യമാണ്. സൂചനകൾ,
അടയാളങ്ങൾ, ചിത്രങ്ങൾ, അതിശോക്തികൾ, നിഗൂഡ പ്രസ്താവനകൾ, സംഖ്യകൾ, എന്നിവ
ഉപയോഗിച്ച് അമാനുഷിക മർമ്മങ്ങളെ വിവരിക്കുന്ന സാഹിത്യ രചനാ രീതിയാണ് യോഹന്നാൻ
വെളിപ്പാട് പുസ്തകം എഴുതുവാൻ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, ഈ പുസ്തകത്തെ
അക്ഷരാർത്ഥത്തിൽ അല്ല മനസ്സിലാക്കേണ്ടത്. അത് മനസ്സിലാക്കുവാൻ മറ്റ് വേദഭാഗങ്ങളോട്
ചേർന്നുള്ള വ്യാഖ്യാനങ്ങൾ ആവശ്യമാണ്.
വെളിപ്പാട് 13 ആം അദ്ധ്യായത്തിൽ രണ്ട് മൃഗങ്ങളെക്കുറിച്ചുള്ള
വിവരണം ഉണ്ട്. സമുദ്രത്തിൽ നിന്നു കയറുന്ന ഒരു മൃഗവും, ഭൂമിയിൽ നിന്നു കയറുന്ന
മറ്റൊരു മൃഗവും ആണിവ. ഇതിൽ ഒന്ന് ഒരു രകഷ്ട്രീയ നേതാവും, രണ്ടാമത്തേത് ഒരു മത
നേതാവും ആയിരിക്കുവാന് സാദ്ധ്യത എന്നാണ് പൊതുവേയുള്ള വ്യാഖ്യാനം. ഇതിലെ രാക്ഷ്ട്രീയ
നേതാവായിരിക്കും എതിർക്രിസ്തു.
വെളിപ്പാടു 13:1 അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു
രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ
കണ്ടു.
ഒന്നാമത്തെ മൃഗം സമുദ്രത്തിൽ
നിന്നും കയറിവരുന്നതാണ്. ഇതാണ് എതിർ ക്രിസ്തുവിന്റെ പ്രതീകം. യഹൂദ
വ്യാഖ്യാനം അനുസരിച്ച്, സമുദ്രം, നാശത്തിന്റെയും ആശയകുഴപ്പത്തിന്റെയും
അപകടത്തിന്റെയും പ്രതീകമാണ്. സമുദ്രം കുഴഞ്ഞുമറിഞ്ഞ ലോകത്തെ ആണ്
സൂചിപ്പിക്കുന്നത്. അതിനാൽ സമുദ്രത്തിൽ നിന്നും കയറിവരുന്ന മൃഗം സൂചിപ്പിക്കുന്നത്
ഒരു രാക്ഷ്ട്രീയ നേതാവിനെ ആയിരിക്കാം.
വെളിപ്പാടു 13:1 ലെ “മൃഗം”
എന്നതിന്റെ ഗ്രീക്ക് പദം “തെറിയോൺ” എന്നാണ് (thērion, thay-ree'-on). ഇതിന്റെ അർത്ഥം, വന്യമായ, ക്രൂരമായ, അപകടകാരിയായ, വിഷമുള്ള
മൃഗം, എന്നാണ്.
ഈ മൃഗത്തിന് “പത്തുകൊമ്പും
ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും”
ഉള്ളതായി യോഹന്നാൻ പറയുന്നു. ഒന്നിലധികം തലകൾ അതിന്റെ വന്യതയെ കാണിക്കുന്നു. ഇത്
പല മതങ്ങളുടെയോ, ഭരണ സംവിധാനങ്ങളുടെയോ സംയുകതമായ ഒരു ശിരസ്സ് എന്ന ആശയവും നല്കുന്നു.
വെളിപ്പാട് 13:2 ൽ മൃഗം “പുള്ളിപ്പുലിക്കു
സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു.”
എന്നു പറയുന്നു.
വെളിപ്പാടു 13:2 ഞാൻ കണ്ട മൃഗം
പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ
വായ് പോലെയും ആയിരുന്നു....
അതായത് ഒന്നിലധികം രാജ്യങ്ങളുടെ പിൻതുണ ഇതിനുണ്ട്. എന്നാൽ യഥാർത്ഥ ദൈവ സഭയ്ക്ക് ഒരു ശിരസ്സ്
മാത്രമേയുള്ളൂ എന്ന സത്യം നമ്മൾ ഇവിടെ ഓർക്കേണം. ദൈവ സഭയുടെ ശിരസ്സ് പല ചിന്താ
ധാരകളുടെ സംയുക്തമല്ല.
സമുദ്രത്തിൽ നിന്നും കയറിവരുന്ന
മൃഗം പത്ത് രാജാക്കന്മാരുടെ കൂട്ടായ്മയെ സൂചിപ്പിക്കുന്നു. 1 ആം വാക്യത്തിൽ
സമുദ്രത്തിൽ നിന്നും കയറിവന്ന മൃഗത്തിന് പത്ത് കൊമ്പുകൾ ഉണ്ട് എന്നു പറയുന്നു. 17
ആം അദ്ധ്യായത്തിൽ പത്ത് കൊമ്പ് പത്ത് രാജാക്കന്മാർ ആണ് എന്നു
വ്യാഖ്യാനിക്കപ്പെടുന്നു. അതിനാൽ, ഈ മൃഗം പത്ത് രാജാക്കന്മാരുടെ കൂട്ടായ്മ
ആയിരിക്കും.
വെളിപ്പാടു 17:12-14
3
അവൻ
എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും
ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ
ഇരിക്കുന്നതു ഞാൻ കണ്ടു.
12 നീ കണ്ട
പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ
ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു
നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
13 ഇവർ ഒരേ
അഭിപ്രായമുള്ളവർ; തങ്ങളുടെ
ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
“അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ
അധികാരവും കൊടുത്തു.” എന്നു 13:2 ൽ പറയുന്നു.
വെളിപ്പാടു 13:2 ... അതിന്നു
മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
മൃഗത്തിന് അധികാരം
കൊടുക്കുന്ന മഹാ സർപ്പം സാത്താൻ ആണ്. പിശാചിനെ പഴയ പാമ്പ് എന്നു വെളിപ്പാട്
പുസ്തകത്തിൽ തന്നെ വിശേഷിപ്പിക്കുന്നുണ്ട്.
വെളിപ്പാട് 12:9
ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ
ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
വെളിപ്പാട് 20:2
അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം
ആണ്ടേക്കു ചങ്ങലയിട്ടു.
എതിർ ക്രിസ്തു എന്ന ഭരണാധികാരിക്ക് സാത്താന്റെ അധികാരവും
ശക്തിയും, ഉണ്ടായിരിക്കും. അതിനാൽ അവന് ചില അമാനുഷികമായ കാര്യങ്ങൾ
പ്രവർത്തിക്കുവാൻ കഴിയും.
വെളിപ്പാടു 13:3,4
3
അതിന്റെ
തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ
മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു
വിസ്മയിച്ചു.
4
മൃഗത്തിന്നു
അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു
പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
“അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ
മരണകരമായ മുറിവു പൊറുത്തുപോയി;” എന്ന വാചകത്തെ
വേദപണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. മൃഗത്തിന് മാരകമായ അപകടമോ, രോഗമോ
സംഭവച്ചിട്ട് പിന്നീട് അത് സൌഖ്യമായി വരും. അല്ലെങ്കിൽ മൃഗം കൊല്ലപ്പെടുകയും
എന്നാൽ വീണ്ടും ജീവിച്ചു വരുകയും ചെയ്യും. ഇത് ഒരു മഹാ അത്ഭുതമായി മനുഷ്യർക്ക്
തോന്നും. 13 ആം വാക്യത്തിൽ “വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു” എന്നു
അവനെക്കുറിച്ച് പറയുന്നുണ്ട്. ഇത് അവൻ സർവ്വ മനുഷ്യർക്കും വിശ്വസിക്കുവാൻ കഴിയുന്ന
ഒരു അടയാളം പ്രവർത്തിക്കും എന്നാണ് അർത്ഥമാകുന്നത്.
“സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു” എന്നതിന്റെ
അർത്ഥം അപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും അവനെ അംഗീകരിക്കും എന്നതാണ്.
മനുഷ്യർ സാത്താനെയും, സാത്താൻ അധികാരം കൊടുത്ത മൃഗത്തെയും നമസ്കരിക്കും.
ഇവിടെ അധികാരം രണ്ട് വ്യക്തികളിൽ നിഷിപ്തമാകുന്നു. അധികാരം
നല്കിയ സാത്താനും അധികാരം കൈയ്യാളുന്ന മൃഗം എന്ന എതിർ ക്രിസ്തുവും. മൃഗം, അധികാരം
സാത്താനിൽ നിന്നു പ്രാപിക്കയും, സകല മനുഷ്യരുടെയും ആരാധന സാത്താനിലേക്ക് ഒഴുക്കുകയും
ചെയ്യുന്നു.
ഇവിടെ യഥാർത്ഥ ക്രിസ്തുവും എതിർ ക്രിസ്തുവും തമ്മിലുള്ള
വ്യത്യാസം കാണാം.
മത്തായി
4:8-11
8
പിന്നെ
പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല
രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
9
വീണു
എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
10
യേശു
അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ
ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു
എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
11
അപ്പോൾ
പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
സാത്താൻ അവന്റെ അധികാരം ഒരു പ്രതിപുരുഷൻ
എന്ന നിലയിൽ മറ്റൊരുവനെ എൽപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവനെ
ആരാധിക്കുവാൻ തക്കവണ്ണം എല്ലാ മനുഷ്യരേയും നിയന്ത്രിക്കുവാൻ ഒരു മനുഷ്യനെ പിശാച്
അന്വേഷിക്കുകയാണ്. അവന് ആവശ്യം സകല മനുഷ്യരുടെയും ആരാധനയാണ്.
എന്നാൽ, യഥാർത്ഥ ക്രിസ്തു
പിശാചിന്റെ ആവശ്യം നിരസിച്ചു, എതിർ ക്രിസ്തു അത് സ്വീകരിച്ചു.
ആരെല്ലാമാണ് എതിർ ക്രിസ്തുവിനെ
ആരാധിക്കുന്നത്? ലോക സ്ഥാപനത്തിന് മുമ്പേ യേശുക്രിസ്തുവിൽ രക്ഷയ്ക്കായി
തിരഞ്ഞെടുക്കപ്പെടാത്തവർ എല്ലാവരും എതിർക്രിസ്തുവിനെ ആരാധിക്കും.
വെളിപ്പാടു 13:8 ലോകസ്ഥാപനം
മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ
ഒക്കെയും അതിനെ നമസ്കരിക്കും.
എഫെസ്യർ
1:4-6
4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും
ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
5
തിരുഹിതത്തിന്റെ
പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
6
അവൻ
പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി
സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
മൃഗത്തിന്റെ അധികാരം
നാൽപ്പത്തിരണ്ട് മാസത്തേക്കായിരിക്കും. അത് മൂന്നര വർഷമാണ്.
വെളിപ്പാടു 13:5 വമ്പും ദൂഷണവും
സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം
പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
ആരാണ് എതിർക്രിസ്തുവിന് അധികാരം
നല്കിയത്, സാത്താനാണോ ദൈവമാണോ? 2 ആം വാക്യത്തിൽ “അതിന്നു
(മൃഗത്തിന്) മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.”
എന്നും, 4 ആം വാക്യത്തിൽ “മൃഗത്തിന്നു
അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു” എന്നും പറയുന്നു. അതിനാൽ
5 ആം വാക്യത്തിലും മൃഗത്തിന് അധികാരം കൊടുത്തത് സാത്താൻ തന്നെ ആയിരിക്കാം. എന്നാൽ
ദൈവമാണ് മൃഗത്തിന് അധികാരം കൊടുത്തത് എന്നൊരു അഭിപ്രായവും ഉണ്ട്. എല്ലാം,
എപ്പോഴും, ദൈവത്തിന്റെ അധികാരത്തിൽ ആയിരിക്കുന്നു എന്നതാണ് ഈ വാദത്തിന്റെ
അടിസ്ഥാനം.
ഭൂമിയിൽ നിന്നും
കയറുന്ന മറ്റൊരു മൃഗം
ഇതിന് ശേഷം യോഹന്നാൻ മറ്റൊരു
മൃഗത്തിന്റെ കാര്യം കൂടി പറയുന്നു.
വെളിപ്പാടു 13:11 മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു;
അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു.
ഒന്നാമത്തെ മൃഗം സമുദ്രത്തിൽ
നിന്നു കയറിവരുന്നത് ആയിരുന്നു. എന്നാൽ രണ്ടാമത്തെ മൃഗം ഭൂമിയിൽ നിന്ന്
കയറുന്നതായാണ് യോഹന്നാൻ കാണുന്നത്. ഇത് രണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്ന
വ്യത്യസ്തങ്ങൾ ആയ മൃഗങ്ങൾ ആണ്.
ഒന്നാമത്തെ മൃഗത്തെക്കുറിച്ച്
പറയുവാൻ ഉപയോഗിച്ച അതേ ഗ്രീക്ക് വാക്ക് തന്നെയാണ് ഇവിടെയും “മൃഗം” എന്നു പറയുവാൻ
ഉപയോഗിച്ചിരിക്കുന്നത്. ഈ ഗ്രീക്ക് വാക്ക്, “തെറിയോൺ” എന്നാണ് (thērion, thay-ree'-on). ഇതിന്റെ
അർത്ഥം, വന്യമായ, ക്രൂരമായ, അപകടകാരിയായ, വിഷമുള്ള മൃഗം, എന്നാണ്.
ഭൂമിയിൽ നിന്നും കയറി വരുന്ന
മൃഗം ഒരു ആത്മീയ പ്രസ്ഥാനത്തിന്റെയോ, മതത്തിന്റെയോ നായകൻ ആയിരിക്കാം എന്നു
കരുതപ്പെടുന്നു. ലോകത്തിൽ, മനുഷ്യരുടെമേൽ, നിരീശ്വര വാദത്തെക്കാളും, ഭൌതീക
വാദത്തെക്കളും കൂടുതൽ സ്വാധീനമുള്ളത് മതത്തിനാണ്. അതുകൊണ്ടാണ്, ഇന്ന് ലോക
നേതാക്കന്മാരും, ചിന്തകരും, മത നേതാക്കന്മാരും, ഒരു ഏക ലോക മതം രൂപീകരിക്കുവാൻ
ശ്രമിക്കുന്നത്. മതങ്ങളെ പൂർണമായി ഇല്ലാതാക്കുവാനല്ല, എല്ലാ മതങ്ങളെയും കൂട്ടി
യോജിപ്പിച്ചുകൊണ്ടുള്ള പുതിയ ഒരു മതത്തെ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നത്. ഒരു ഏക
ലോക മതത്തിന് ലോകത്തിലെ മുഴുവൻ ജനങ്ങളെയും ഒരു മത വിശ്വാസത്തിലേക്കും,
ആരാധനായിലേക്കും, ആരാധനാ മൂർത്തിയിലേക്കും കൊണ്ടുവരുവാൻ കഴിയും. ഇന്ന് ലോകത്തിലെ
പ്രധാന മതങ്ങൾ ഈ ഏക ലോക മതത്തിന്റെ നേതൃത്വത്തിൽ എത്തുവാൻ പരിശ്രമിക്കുന്നുണ്ട്.
ചില ക്രിസ്തീയ സഭാ വിഭാഗങ്ങളും, ഇസ്ലാം മതവും, ഹൈന്ദവ മതവും എല്ലാം ഇതിന്റെ
നേതൃത്വത്തിൽ എത്തുവാൻ ശ്രമിക്കുന്നു. ഏക ലോക
മതത്തിൽ യേശു ക്രിസ്തുവിന് ഒഴികെ മറ്റെല്ലാ ദേവന്മാർക്കും സ്ഥാനം ഉണ്ടായിരിക്കും.
യേശുക്രിസ്തുവിന്റെ സ്ഥാനം എതിർ ക്രിസ്തു ഏറ്റെടുക്കും. ഏക ലോക മത നേതാവിന് ലോകത്തെ നിയന്ത്രിക്കുവാൻ കഴിയുന്ന ചുരുങ്ങിയ ഒരു കാലം
ഉണ്ടാകും.
ഈ മൃഗത്തിന്നു “കുഞ്ഞാടിന്നുള്ളതുപോലെ
രണ്ടു കൊമ്പുണ്ടായിരുന്നു” എന്നും “അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു” എന്നും യോഹന്നാൻ
വിവരിക്കുന്നു. അതിനാൽ, ഈ മത നേതാവ് യേശുക്രിസ്തു ആണെന്നോ, അവൻ നയിക്കുന്ന മതം,
ക്രിസ്തുവിന്റെ സഭയാണെന്നോ ഉള്ള അവകാശവാദം ഉന്നയിക്കും. എന്നാൽ ഈ മൃഗം സാത്താന്റെ ഉപദേശങ്ങൾ
ആയിരിക്കും സംസാരിക്കുന്നത്.
ഭൂമിയിൽ നിന്നും കയറി വരുന്ന
മൃഗത്തിന്റെ പ്രവർത്തനം എന്തായിരിക്കും എന്നും യോഹന്നാൻ പറയുന്നുണ്ട്. ഒന്നാമത്തെ
മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കി, അതിനെ നമസ്കരിക്കുവാൻ മനുഷ്യരെ പ്രേരിപ്പിക്കുക
എന്നതാണ് ഇതിന്റെ മുഖ്യ ജോലി. ഈ മൃഗവും വലിയ അത്ഭുതങ്ങളും അടയാളങ്ങളും
പ്രവർത്തിക്കും. അത് ഒന്നാമത്തെ മൃഗത്തിന്റെ പ്രതിമയ്ക്ക് ആത്മാവിനെ കൊടുക്കും.
ഇത് ഏക ലോക മതം വാഗ്ദാനം ചെയ്യുന്ന ആത്മാവു ആയിരിക്കും. ഇതിൽ നിന്നെല്ലാം, ഭൂമിയിൽ
നിന്നും കയറിവരുന്ന മൃഗം ഒരു മത നേതാവാണ് എന്നു തീർച്ചയാക്കാം.
വെളിപ്പാട് 13:12-15
12
അതു
ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ
വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ
നമസ്കരിക്കുമാറാക്കുന്നു.
13
അതു
മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ
പ്രവൃത്തിക്കയും
14 മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം
കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച
മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു.
15
മൃഗത്തിന്റെ
പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു
മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.
ആദ്യത്തെ സമുദ്രത്തിൽ നിന്നും
കയറി വന്ന മൃഗത്തിന് അധികാരവും സിംഹാസനവും നല്കിയത് മഹാസർപ്പമാണ്. ഈ അധികാരവും
സിംഹാസനവും സാത്താന്റെതാണ്. രണ്ടാമത്തെ ഭൂമിയിൽ നിന്നും കയറി വന്ന മൃഗം “മഹാ
സർപ്പം എന്നപോലെ സംസാരിച്ചു”. ഇവയ്ക്ക് രണ്ടിനും അധികാരവും ശക്തിയും ലഭിക്കുന്നത്
സാത്താനിൽ നിന്നുമാണ്. അവർ അധികാരം പ്രയോഗിക്കുന്നത് സാത്താനുവേണ്ടിയാണ്.
ഇവിടെ നമ്മൾ ഒരു സാത്താന്യ ത്രിയേകത്വം
കാണുന്നു. മഹാ സർപ്പമെന്ന സാത്താൻ, സമുദ്രത്തിൽ നിന്നും കയറി വന്ന മൃഗം, ഭൂമിയിൽ
നിന്നും കയറി വന്ന മൃഗം.
അറുനൂറ്ററുപത്താറു
വെളിപ്പാട് 13:16 മുതൽ 18
വരെയുള്ള വാക്യങ്ങളിൽ, സകല മനുഷ്യരേയും എതിർ ക്രിസ്തുവിന്റെ അധികാരത്തിന് കീഴിലാക്കുവാൻ
ഒന്നാമത്തെയും രണ്ടാമത്തെയും മൃഗങ്ങൾ ശ്രമിക്കും എന്നു പറയുന്നു. എതിർക്രിസ്തു
എന്ന ഒന്നാമത്തെ മൃഗത്തെ ആരാധിക്കുന്നവരെ തിരിച്ചറിയുവാൻ കഴിയുന്ന ഒരു മുദ്ര അവൻ
നടപ്പിലാക്കും. മൃഗത്തിന്റെ പേരിനു തുല്യമായ ഒരു സംഖ്യ ഉണ്ടായിരിക്കും എന്നും അത്
ഒരു മനുഷ്യന്റെ സംഖ്യ ആയിരിക്കും എന്നും 18 ആം വാക്യത്തിൽ പറയുന്നു. ഈ സംഖ്യ
അറുനൂറ്ററുപത്താറു ആണ് എന്നും ഇവിടെ പറയുന്നുണ്ട്.
വെളിപ്പാടു 13:16-18
16 അതു
ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ
എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
17 മൃഗത്തിന്റെ
പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ
വഹിയാതെയും ആക്കുന്നു.
18 ഇവിടെ
ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു
മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
എന്താണ് ഈ സംഖ്യയുടെ അർത്ഥം?
അത് ഒരു മനുഷ്യന്റെ സംഖ്യയത്രെ എന്നു പറയുന്നതിന്റെ അർത്ഥമെന്നതാണ്?
എബ്രായ, ഗ്രീക്ക് ഭാഷയിൽ ഓരോ അക്ഷരങ്ങൾക്കും
ഒരു സംഖ്യാ മൂല്യം ഉണ്ട്. എബ്രായ ഭാഷയിൽ 22 അക്ഷരങ്ങൾ ആണ് ഉണ്ടായിരുന്നത്.
ആദ്യത്തെ ഒൻപത് അക്ഷരങ്ങൾക്ക് ഒന്ന് മുതൽ ഒൻപത് വരെയുള്ള സംഖ്യാ മൂല്യം
ആയിരിക്കും. അതിന് ശേഷം അത് 10, 20, 30,40,
എന്നിങ്ങനെ ആയിരിക്കും. 90 ന് ശേഷം 100, 200, 300, 400 എന്നിങ്ങനെ എണ്ണും. 400 ആണ്
എബ്രായ ഭാഷയിലെ അക്ഷരങ്ങൾക്ക് തുല്യമായ ഏറ്റവും വലിയ സംഖ്യ.
ക്ലാസ്സിക്കൽ (പ്രാചീനമായ)
ഗ്രീക്കിൽ 24 അക്ഷരങ്ങൾ ആണ് ഉണ്ടായിരുന്നത്. ഗ്രീക്കിലും ഓരോ അക്ഷരങ്ങൾക്കും
സംഖ്യകൾ ഉണ്ടായിരുന്നു. അക്ഷരങ്ങൾക്ക് സംഖ്യാ മൂല്യം നല്കുന്നത് BC 4 ആം നൂറ്റാണ്ടിൽ ആയിരിക്കേണം. അപ്പോൾ 24 അക്ഷരങ്ങളെ
മൂന്ന് കൂട്ടമായി തിരിച്ചു. ഓരോ കൂട്ടത്തിനും സംഖ്യാ മൂല്യം കൊടുത്തപ്പോൾ, അതിൽ
ഒരു അക്ഷരം കൂടി സംഖ്യാ മൂല്യം കൊടുക്കുവാനായി കൂട്ടിച്ചേർത്തു. 1 മുതൽ 9 വരെയുള്ള
അക്ഷരങ്ങൾക്ക് സംഖ്യ കൊടുത്തപ്പോൾ 6 ആമത്തെ സംഖ്യയക്ക് ഒരു അക്ഷരവും, തുടർന്ന് 90
എന്ന സംഖ്യയക്ക് ഒരു അക്ഷരവും 900 ന് മൂന്നാമത്തെ അക്ഷരവും കൊടുത്തു. അങ്ങനെ
മൊത്തം സംഖ്യാ മൂല്യം 900 ആയി.
6 മത്തെ അക്ഷരം “സ്റ്റിഗ്മ” (stigma) എന്നതാണ്. 90 ആമത്തെ അക്ഷരം
“കോപ്പ” എന്നതാണ് (Koppa). 900 എന്ന
സംഖ്യയുടെ അക്ഷരം “സാംമ്പൈ” (Sampi) എന്നതാണ്. ഇതെല്ലാം BC 6, 5
നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന, പുരാതന ഗ്രീക്ക് ഭാഷയിലെ
അക്ഷരങ്ങൾ ആണ്. ഇപ്പോൾ ഈ മൂന്ന് അക്ഷരങ്ങളെ സാധാരണയായി എഴുതുവാനായി
ഉപയോഗിക്കാറില്ല. അവ എഴുതുന്ന രീതിയ്ക്ക് ഇപ്പോൾ വ്യത്യാസങ്ങൾ ഉണ്ട്. യോഹന്നാൻ
വെളിപ്പാടു പുസ്തകം എഴുതുമ്പോൾ ഈ അക്ഷരങ്ങൾ എഴുത്തു ഭാഷയിൽ ഉപയോഗിച്ചിരുന്നില്ല.
അതിനാൽ അദ്ദേഹം 24 അക്ഷരങ്ങളെ മാത്രമേ ഗണിച്ചിരുന്നുള്ളൂ.
അതിനാൽ ഓരോ വാക്കുകൾക്കും,
പേരുകൾക്കും അതിന് തുല്യമായ ഒരു സംഖ്യ ഉണ്ടായിരിക്കും. വാക്കിലെയോ പേരുകളിലെയോ
അക്ഷരങ്ങളുടെ സംഖ്യകൾ നിരത്തി എഴുതുകയോ, കൂട്ടുകയോ ചെയ്താൽ അതിന്റെ സംഖ്യാ മൂല്യം
കണ്ടെത്തുവാൻ കഴിയും.
ഈ സംഖ്യാ മൂല്യങ്ങൾ അനുസരിച്ച്
യേശു എന്നു ഗ്രീക്കിൽ എഴുതിയാൽ അതിന്റെ മൂല്യം 888 ആണ്. എതിർ ക്രിസ്തുവിന്റെ പേര്
നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ അവന്റെ പേരിന്റെ മൂല്യം 666 ആണ് എന്നാണ് യോഹന്നാൻ
വെളിപ്പാട് പുസ്തകത്തിൽ പറയുന്നത്.
വേദപുസ്തകത്തിന്റെ ചില പുരാതന
ലാറ്റിൻ, അർമേനിയൻ പരിഭാഷകൾ, വടക്കൻ ആഫ്രിക്കയിൽ ഉപയോഗിക്കപ്പെട്ടിരുന്ന പരിഭാഷകൾ
എന്നിവയിൽ 666 എന്നതിന് പകരം 616 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു
പക്ഷെ വിവർത്തന സമയത്ത് ഉണ്ടായ പിശക് ആയിരിക്കാം.
666 എന്നത് നീറോ സീസർ എന്ന റോമൻ
ചക്രവർത്തിയുടെ പേരിന്റെ എബ്രായ ഭാഷയിലുള്ള സംഖ്യാ മൂല്യം ആണ് എന്നൊരു പ്രബലമായ
അഭിപ്രായം വേദ പണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്. ക്രിസ്തീയ വിശ്വാസികളെ വളരെയധികം
പീഡിപ്പിച്ചിരുന്ന നീറോ ചക്രവർത്തി 68 AD യിൽ ആണ് ആത്മഹത്യ ചെയ്യുന്നത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ല എന്നും
മരിച്ചാലും വീണ്ടും വരും എന്നുമൊരു വിശ്വാസം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.
നീറോയുടെ ആത്മാവ് ഉള്ളവൻ വീണ്ടും എതിർക്രിസ്തുവായി വരും എന്നു ആദ്യകാല സഭാ
വിശ്വാസികൾ പോലും കരുതിയിരുന്നു. അവന് ശേഷം പല വ്യക്തികളും അവർ നീറോ ചക്രവർത്തിയാണ്
എന്നു അവകാശപ്പെട്ടിട്ടുണ്ട്.
ആട്ടുകൊറ്റനും
കോലാട്ടുകൊറ്റനും
ദാനിയേൽ 8 ൽ ദാനിയേൽ കണ്ട മറ്റൊരു
ദർശനത്തിന്റെ വിവരണം ഉണ്ട്. ഇവിടെ അദ്ദേഹം ഒരു ആട്ടുകൊറ്റനെയും,
ഒരു കോലാട്ടുകൊറ്റനെയും ദർശനത്തിൽ കാണുന്നു.
ദാനിയേൽ 8:3 ഞാൻ തലപൊക്കിയപ്പോൾ, രണ്ടു കൊമ്പുള്ള
ഒരു ആട്ടുകൊറ്റൻ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകൾ
നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാൾ അധികം നീണ്ടതു;
അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
ഇതിന് ശേഷം ദാനീയൽ മറ്റൊരു കോലാട്ടുകൊറ്റനെ ദർശനത്തിൽ
കണ്ടു.
ദാനിയേൽ 8:5 ഞാൻ
നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്നു
നിലം തൊടാതെ സർവ്വ ഭൂതലത്തിലും കൂടിവന്നു; ആ
കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
ഒരു ദൂതൻ ദാനീയേലിന് ഈ ദർശനത്തെ വ്യാഖ്യാനിച്ചു
കൊടുക്കുന്നതിങ്ങനെയാണ്.
ദാനിയേൽ 8:20,
21
20 രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യ
രാജാക്കന്മാരെ കുറിക്കുന്നു.
21
പരുപരുത്ത
കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ
രാജാവും ആകുന്നു.
യവന രാജാവ് എന്നത് അലക്സാണ്ടർ
ചക്രവർത്തി ആയിരിക്കുവാണ് സാദ്ധ്യത. അദ്ദേഹത്തിന്റെ കീഴിൽ ഗ്രീക്ക് സാമ്രാജ്യം വിസ്തൃതമായി.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഗ്രീക്ക് സാമ്രാജ്യം പ്രധാനമായും നാല് രാജ്യങ്ങൾ
ആയി വിഭജിക്കപ്പെട്ടു.
ദാനിയേൽ 8:8 കോലാട്ടുകൊറ്റൻ
ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു
തകർന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ
ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
അലക്സാണ്ടർ ചക്രവർത്തിയുടെ
മരണത്തിന് ശേഷം ഉയർന്നു വന്ന നാല് രാജ്യങ്ങൾ ഇവ ആയിരുന്നു. ആന്റിഗോണസ് ന്റെ
കീഴിൽ മാസിഡോൺ എന്ന ഉത്തര യവന രാജ്യം, അറ്റാലിഡ്സ് ന്റെ കീഴിൽ തുർക്കിയിൽ പെർഗ്ഗമൊസ്,
സെലൂസിഡ് രാജ്യവംശജരുടെ നേതൃത്വത്തിൽ സിറിയ, റ്റോളമിയുടെ നേതൃത്വത്തിൽ ഈജിപ്ത്. (Macedon or northern Greece under Antigonus, Pergamum in Turkey under the
Attalids, Syria under the Seleucids and Egypt under the Ptolemy).
ദാനിയേൽ 8:9-11 വരെയുള്ള
വാക്യങ്ങൾ സൂചിപ്പിക്കുന്നത് ഈ നാല് രാജ്യങ്ങളിൽ നിന്നായിരിക്കാം എതിർ
ക്രിസ്തു വരുന്നത് എന്നാണ്.
ദാനിയേൽ 8:9-11
9
അവയിൽ
ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും
കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീർന്നു.
10
അതു
ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും
നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
11
അതു
സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള
നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
എന്നു പറഞ്ഞാൽ, നാലിൽ ഒരു രാജ്യം, തെക്ക്, കിഴക്ക്, മനോഹര
ദേശം എന്നിവ അല്ല. തെക്ക് ഈജിപ്ത്, കിഴക്ക് സിറിയ, മനോഹര ദേശം യിസ്രായേലും ആണ്.
ശേഷിക്കുന്ന രാജ്യം തുർക്കിയാണ്.
വെളിപ്പാട് പുസ്തകം 2:13 അനുസരിച്ച്, പെർഗ്ഗമൊസ് ആണ്
“സാത്താന്റെ സിംഹാസനം ഉള്ളേടം”. വെളിപ്പാട് 13:2 ൽ മഹാസർപ്പം അവന്റെ ശക്തിയും
സിംഹാസനവും മൃഗത്തിന്നു കൊടുത്തു എന്നും പറയുന്നു. ഈ രണ്ട് വാക്യങ്ങൾ ചേർത്ത് വായിച്ചാൽ, പിശാചിന്റെ സിംഹാസനം
ഉള്ളേടം പെർഗ്ഗമൊസ് ആണെന്ന് അനുമാനിക്കാം.
വെളിപ്പാടു 2:13
നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം
ഉള്ളേടം എന്നും ഞാൻ അറിയുന്നു; ....
വെളിപ്പാട് 13:2 ....
അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
യേശുക്രിസ്തുവിന് മുമ്പ് പെർഗ്ഗമൊസ്,
അലക്സാണ്ഡ്രിയയേക്കാൾ പ്രധാനപ്പെട്ടതോ, തത്തുല്യമായതോ ആയ ഒരു പട്ടണം ആയിരുന്നു.
സീയൂസ് ദേവന്റെ ആരാധന കേന്ദ്രം ആയിരുന്നു. സീയൂസ് ആണ് ഗ്രീക്ക്, റോമൻ ദേവന്മാരുടെ
ഇടയിലെ പ്രധാന ദേവൻ. റോമൻ മതത്തിൽ സീയൂസ്, ജൂപ്പിറ്റർ എന്നു അറിയപ്പെട്ടു.
പെർഗ്ഗമൊസ് ഒരു ഗ്രീക്ക് പട്ടണം ആയിരുന്നു. ഇവിടെ
ഉണ്ടായിരുന്ന സീയൂസ് ദേവന്റെ ക്ഷേത്രത്തിൽ, 140 അടി നീളവും, 100 അടി വീതിയും, 40
അടി ഉയരവും ഉള്ള ഒരു ബലിപീഠം ഉണ്ടായിരുന്നു. അതിൽ ഗ്രീക്ക് ഇതിഹാസത്തിൽ
വിവരിക്കുന്ന ദേവന്മാരുടെയും മല്ലന്മാരുടെയും യുദ്ധങ്ങൾ ചിത്രീകരിച്ചിരുന്നു. ഇത്
സാത്താന്റെ സിംഹാസനം ആയിരുന്നു.
പെർഗ്ഗമൊസ് ലെ മറ്റൊരു ആരാധന മൂർത്തി ആയിരുന്നു,
എസ്കുലെപിയസ് (Asclepius). ഇത് മരുന്നുകളുടെയും രോഗ സൌഖ്യത്തിന്റെയും
ദേവനാണ് എന്നു അവർ വിശ്വസിച്ചു. ഈ ദേവന്റെ ആരാധനയിൽ നിന്നുമാണ് റോമൻ
ചക്രവർത്തിമാരെ ദേവന്മാരായി കരുതി ആരാധിക്കുവാൻ തുടങ്ങിയത് എന്നു കരുതുന്നു.
ഇതെല്ലാം എതിർ ക്രിസ്തുവിന്റെ വെളിപ്പെടലിന്റെ പശ്ചാത്തലങ്ങൾ ആണ്.
പുരാതന പെർഗ്ഗമൊസ് എന്ന സ്ഥലം, ഇപ്പോൾ, തുർക്കിയിലെ ഇസ്മിഅ എന്ന
പ്രവിശ്യയിലെ ബെർഗാമ എന്ന പ്രദേശമാണ്. (Bergama, in the province of İzmir, Turkey).
എതിർ ക്രിസ്തു എവിടെ നിന്നു ഉയർന്നുവരും എന്നു നമുക്ക്
കൃത്യമായി പറയുവാൻ സാദ്ധ്യമല്ല. എന്നാൽ ഈ പ്രവചനം നമ്മൾക്ക് മനസിലാകുന്ന രീതിയിൽ
വ്യാഖ്യാനിച്ചാൽ, അത് തുർക്കിയും, പെർഗ്ഗമൊസ്
എന്ന പട്ടണവും ആണ് എന്നു പറയാം (Turkey, Pergamum). വെളിപ്പാട്
പുസ്തകം 2:12-17 വരെയുള്ള വാക്യങ്ങളിൽ, യോഹന്നാൻ സഭകളക്കുള്ള
ദൂത് നല്കുന്ന ഏഷ്യയിലെ 7 സഭകളിൽ ഒന്ന് പെർഗ്ഗമൊസിലെ സഭയാണ്. എന്നാൽ, എതിർക്രിസ്തു
കൃത്യമായും ഏത് പ്രദേശത്ത് നിന്നും വരും എന്നത് അനുമാനങ്ങൾ മാത്രമാണ്.
യവന സാമ്രാജ്യത്തിലെ അലക്സാണ്ടർ ചക്രവർത്തിയുടെ മരണ ശേഷം
ഉയർന്ന് വന്ന നാല് രാജ്യങ്ങളിൽ ഒന്നിൽ നിന്നും പറപ്പെടുന്നവൻ ഏറ്റവും വലുതായി
തീരും എന്നാണ് ദാനിയേൽ 8:9 ൽ
പറയുന്നത്. “അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള
നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.” എന്നു
11 ആം വാക്യം പറയുന്നു. ഇതിനെക്കുറിച്ച് ഗബ്രിയേൽ ദൂതൻ നല്കുന്ന വിശദീകരണം
ഇങ്ങനെയാണ്.
ദാനിയേൽ
8:22 -25
22
അതു (യവന
സാമ്രാജ്യം) തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ
ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
23
എന്നാൽ
അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും
ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
24
അവന്റെ
അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും
പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.
25
അവൻ
നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന
പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും
ചെയ്യും.
ഈ രാജാവിന്റെ അവസാനം “കൈ തൊടാതെ തകർന്നുപോകയും ചെയ്യും”
എന്നാണ് 25 ആം വാക്യത്തിൽ പറയുന്നത്. ഈ
വാക്യം ദാനിയേൽ 2:34 നെ ഓർമ്മിപ്പിക്കുന്നു. അവിടെ ദാനിയേൽ വിവരിക്കുന്ന
അഞ്ചാമത്തെ ഭരണ സംവിധാനം, ആധുനിക ലോകത്തിൽ പുനർജനിച്ചു വരുന്ന റോമൻ സാമ്രാജ്യമാണ്.
അതിന്റെ അവസാനം എന്തായിരിക്കും എന്നു അദ്ദേഹം പ്രവചിക്കുന്നു.
ദാനിയേൽ
2:34,35
34
തിരുമനസ്സുകൊണ്ടു
നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും
കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.
35
ഇരിമ്പും
കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ
പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ
പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു
മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
ദാനിയേൽ 2:44
ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും
നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു
ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും
തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
ഇവിടെ ദാനിയേൽ 7:4-7 വരെ വിവരിക്കുന്ന സമുദ്രത്തിൽ നിന്നും
കയറിവരുന്ന നാല് മഹാമൃഗങ്ങളെക്കുറിച്ചുള്ള ദർശനം കൂടി ചേർത്ത് വായിക്കുന്നത്
നല്ലതായിരിക്കും. ഈ നാല് മഹാ മൃഗങ്ങൾ സിംഹവും, കരടിയും, പുള്ളിപ്പുലിയും, “ഘോരവും
ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു” മൃഗവും ആയിരിരുന്നു. ഇവ നാല് രാജാക്കന്മാർ
ആകുന്നു എന്ന് ദാനിയേൽ 7:17 ൽ പറയുന്നു. ഈ പ്രവചനത്തെ ദാനിയേൽ 2 ആം അദ്ധ്യായത്തിൽ,
നെബൂഖദ്നേസർ കണ്ട ബിംബത്തിന് ദാനിയേൽ കൊടുത്ത വ്യാഖ്യാനവുമായി ചേർത്ത്
മനസ്സിലാക്കിയാൽ, ഈ മൃഗങ്ങൾ യഥാക്രമം, ബാബിലോണ്‍, മേദ്യ-പാർസ്യ, ഗ്രീക്ക്, റോമന്‍
സാമ്രാജ്യം എന്നീ സാമ്രാജ്യങ്ങൾ ആണ് എന്നു തിരിച്ചറിയുവാൻ കഴിയും.
ഈ നാല് സാമ്രാജ്യങ്ങളുടെ
കാലത്തെയാണ് യേശുക്രിസ്തു “ജാതികളുടെ കാലം” എന്നു വിശേഷിപ്പിച്ചത്.
ഈ കാലത്തിലെ അവസാനത്തെ ഭരണാധികാരി എതിർക്രിസ്തു ആയിരിക്കും.
ലൂക്കോസ് 21:24 അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ
സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ
യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
ദാനിയേൽ 7 ൽ വിവരിക്കുന്ന നാല് മൃഗങ്ങളിൽ നാലാമത്തെ
മൃഗത്തെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്.
ദാനിയേൽ
7:7,8
7 രാത്രിദർശനത്തിൽ
ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു
വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും
തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
8
ഞാൻ ആ
കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു
ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ
മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ
കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
ദാനിയേൽ
7:24 ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ
എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ
എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു
രാജാക്കന്മാരെ വീഴിച്ചുകളയും.
ദാനിയേൽ 7:7, 24 എന്നീ വാക്യങ്ങളിലെ നാലാമത്തെ മൃഗത്തിന്റെ
പത്ത് കൊമ്പുകൾ, റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം രൂപപ്പെട്ട പത്ത്
രാജ്യങ്ങളെ സൂചിപ്പിക്കുന്നു.
8 ആം വാക്യത്തിൽ പറയുന്ന പറിഞ്ഞു പോകുന്ന മൂന്ന് കൊമ്പുകൾ
ആധുനിക കാലത്ത് പുനർജനിക്കുന്ന റോമൻ സാമ്രാജ്യത്തിലെ മൂന്ന് രാജ്യങ്ങൾ ആണ് എന്നും,
എതിർ ക്രിസ്തു ആധുനിക റോമൻ കൂട്ടായ്മയിലെ മൂന്ന് രാജ്യങ്ങളെ നീക്കിക്കളയും എന്നും
വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത്, റോമൻ സാമ്രാജ്യത്തിൽ
നിന്നായിരിക്കും എതിർ ക്രിസ്തു എഴുന്നേൽക്കുന്നത് എന്നാണ്.
ദാനിയേൽ 7:25 ൽ പറയുന്നത് അനുസരിച്ച്, എതിർ
ക്രിസ്തു “അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും” ചെയ്യും. ഇത്
യിസ്രായേൽ ജനത്തിനെതിരെയുള്ള മഹാഉപദ്രവങ്ങൾ ആയിരിക്കും. “സമയങ്ങളെയും നിയമങ്ങളെയും
മാറ്റുവാൻ ശ്രമിക്കയും” ചെയ്യും എന്നത് യിസ്രായേലിന്റെ മതവിശ്വാസങ്ങളും, ആചാരങ്ങളും,
യാഗങ്ങളും ആയിരിക്കാം. എതിർ ക്രിസ്തു യഹൂദ ദൈവാലയത്തിലെ ആരാധന അവസാനിപ്പിക്കുകയും
സ്വയം ദൈവമായി പ്രഖ്യാപിക്കുകയും, അവന് ആരാധന ആവശ്യപ്പെടുകയും ചെയ്യും. അവന്റെ
ഭരണകാലം മൂന്നര വർഷങ്ങൾ ആയിരിക്കും എന്നും പറയുന്നുണ്ട്. ഇത് മഹാഉപദ്രവകാലമായ
മൂന്നര വർഷങ്ങൾ ആയിരിക്കാം.
ദാനിയേൽ
7:25 അവൻ അത്യുന്നതനായവന്നു വിരോധമായി
വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും
നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും
അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.
ഇതെല്ലാം നാലിൽ അവസാനത്തെ റോമൻ സാമ്രാജ്യത്തിൽ നിന്നുതന്നെ
എതിർ ക്രിസ്തു എഴുന്നേറ്റ് വരും എന്നതിന്റെ സൂചനയാണ്.
എതിർ ക്രിസ്തുവിന്റെ തന്ത്രം
എങ്ങനെ വിശ്വാസികൾ സാത്താന്റെയും എതിർ ക്രിസ്തുവിന്റെയും
തന്ത്രത്തിൽ അകപ്പെടും?
2
തെസ്സലൊനീക്യർ 2:9,10
9
അധർമ്മമൂർത്തിയുടെ
പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ
സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ
ആയിരിക്കും;
10
അവർ
രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ
ഭവിക്കും.
2
കൊരിന്ത്യർ 11:2,3
2 ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ
എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ
നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ
നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു
വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
എന്തുകൊണ്ടാണ്, “ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ
മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു
വഷളായി”പ്പോകുന്നത്?
2 കൊരിന്ത്യർ
11:4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ
നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു
സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.
2
കൊരിന്ത്യർ 11:13-15
13
ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ,
കപടവേലക്കാർ, ക്രിസ്തുവിന്റെ
അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല;
14
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം
ധരിക്കുന്നുവല്ലോ.
15
ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ
ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം
അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
യേശുക്രിസ്തുവും കപടവേലക്കാരെ
സൂക്ഷിക്കേണം എന്നു നമുക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട്.
മത്തായി 7:15 കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ
ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ
കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
മത്തായി 7:22-23
22
കർത്താവേ, കർത്താവേ,
നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ
പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും
ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
23
അന്നു
ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം
പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു
പറയും.
എതിർ ക്രിസ്തു, നിരീശ്വരവാദികൾ അല്ല. ജാതീയ വിശ്വാസത്തിൽ
ജീവിക്കുന്നവരും അല്ല. എതിർ ക്രിസ്തു, മറ്റൊരു യേശുവിനെ പ്രസംഗിക്കുന്നവരും വേറൊരു
ആത്മാവ് ഉള്ളവരും, കപട വേലക്കാരും, വെളിച്ച ദൂതന്റെ വേഷം ധരിക്കുന്നവരും ആണ്.
അവസാന വാക്ക്
ഇതിൽ നിന്നെല്ലാം നമ്മൾ മനസ്സിലാക്കുന്നത് എതിർ ക്രിസ്തു
പഴയ റോമൻ സാമ്രാജ്യത്തിൽ നിന്നും വരുന്ന, യഹൂദൻ അല്ലാത്ത ഒരു വ്യക്തി ആയിരിക്കും
എന്നാണ്. എതിർ ക്രിസ്തു, ആധുനിക കാലത്ത് വീണ്ടും ഉയർന്നു വരുന്ന റോമൻ
സാമ്രാജ്യത്തിന്റെ ഒരു പ്രദേശത്ത് നിന്നും വരുന്ന ലോക നേതാവ് ആയിരിക്കും. അവൻ ദൈവ
സഭയുടെ ഭാഗമായി അൽപ്പകാലം നിൽക്കുകയും പിന്നീട് നിർമ്മലമായ സുവിശേഷത്തിൽ നിന്നും
വേറിട്ട് പോകുകയും ചെയ്യും. അവൻ യഥാർത്ഥ സഭയാണ് എന്നോ, ക്രിസ്തു ആണ് എന്നോ
അവകാശപ്പെടും. അവൻ തന്ത്രങ്ങളിലൂടെ, ദൈവ വചനത്തിൽ കൃത്യമായ അറിവില്ലാത്ത
എല്ലാവരെയും വീഴ്ത്തും.
No comments:
Post a Comment